പത്രവാര്‍ത്തകള്‍ 15-02-08

 നെല്ലുസംഭരണത്തിന് സപ്ളൈകോയുടെ കണ്‍ട്രോള്‍റൂം
ഗര്‍ഭിണിയായ വീട്ടമ്മ മകളുടെ കണ്‍മുന്നില്‍ വെട്ടേറ്റു മരിച്ചു;
പെട്രോളിന് രണ്ട് രൂപ കൂട്ടി; ഡീസലിന് ഒരു രൂപയും
പെട്രോള്‍-ഡീസല്‍ വിലവര്‍ധന ഇടതു പാര്‍ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്
പെട്രോള്‍വിലയില്‍ 52 ശതമാനം നികുതി
മണ്ഡലപുനര്‍നിര്‍ണയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക്
വാലന്റൈന്‍ ആഘോഷത്തിനെതിരെ ശിവസേന
ഹൈഡ്ആക്ട് അംഗീകരിച്ചില്ലെങ്കില്‍ സഹകരണമില്ല: അമേരിക്ക
ഒറ്റപ്പെടുന്ന ആര്‍എസ്എസ് വിലപിക്കുന്ന മാതൃഭൂമി
വിജയന്‍ വീണ്ടും വിജയി
താരം വി.എസ് തന്നെ
അണുബാധ: കോഴിക്കോട്ട് രണ്ട് കുട്ടികള്‍ മരിച്ചു

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. നെല്ലുസംഭരണത്തിന് സപ്ളൈകോയുടെ കണ്‍ട്രോള്‍റൂം
കൊച്ചി: നെല്ലുസംഭരണം കൂടുതല്‍ കാര്യക്ഷമമാക്കാനും കര്‍ഷകരെ സഹായിക്കുന്നതിനുമായി സപ്ളൈകോ കണ്‍ട്രോള്‍റൂം തുറന്നു. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പരാതികളും സംശയങ്ങളും അഭിപ്രായങ്ങളും കണ്‍ട്രോള്‍റൂമിലെ 9446400441 എന്ന നമ്പരില്‍ അറിയിക്കാം.

രണ്ടാം വിളയായ പുഞ്ചക്കൃഷിയുടെ നെല്ലുസംഭരണം ജനുവരി അവസാനത്തോടെ ആരംഭിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരി മധ്യത്തോടെയാണ് സംഭരണം ആരംഭിക്കാറ്. വിവിധ താലൂക്കുകളില്‍നിന്ന് ഇതുവരെ 2000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. സംഭരിച്ച് 10 ദിവസത്തിനുള്ളില്‍ തുക കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടില്‍ എത്തിക്കുന്നുണ്ട്. ഇതുവരെ ഒരുകോടി രൂപ കര്‍ഷകര്‍ക്ക് കൈമാറി.രജിസ്റ്റര്‍ചെയ്ത കര്‍ഷകര്‍ കൊയ്ത്തുകഴിഞ്ഞാലുടന്‍ അപേക്ഷയില്‍ നിഷ്കര്‍ഷിച്ച ഗുണനിലവാരത്തില്‍ നെല്ല് തയ്യാറാക്കി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാരെ അറിയിക്കണം. നെല്ല് ഏറ്റെടുക്കുന്നതുവരെ ഗുണനിലവാരം നിലനിര്‍ത്തണം. നെല്ലെടുക്കാന്‍ കാലതാമസം വരുന്നുവെങ്കില്‍ കണ്‍ട്രോള്‍റൂമിലും നെല്ലുസംഭരണ ഉദ്യോഗസ്ഥരെയും കര്‍ഷകര്‍ക്ക് നേരിട്ട് അറിയിക്കാം.

കണ്‍ട്രോള്‍റൂം നമ്പരുകള്‍ ഇനിപ്പറയുന്നു.

കുട്ടനാട് (9446569901, 9446569902), അമ്പലപ്പുഴ (9446569907), മാവേലിക്കര (9446569908), ചങ്ങനാശേരി (9446569909), കോട്ടയം (9446569904), തൃശൂര്‍, പൊന്നാനി (9446488820), പാലക്കാട്, ഒറ്റപ്പാലം (9446569910).

2. ഗര്‍ഭിണിയായ വീട്ടമ്മ മകളുടെ കണ്‍മുന്നില്‍ വെട്ടേറ്റു മരിച്ചു;
കാലടി: ഗര്‍ഭിണിയായ വീട്ടമ്മ മകളുടെ കണ്‍മുന്നില്‍ വെട്ടേറ്റ് മരിച്ചു. ശ്രീഭൂതപുരം കടവിലാന്‍ വീട്ടില്‍ ജബ്ബാറിന്റെ ഭാര്യ നിസ (ഹയറുന്നീസ-32) യാണ് വ്യാഴാഴ്ച രാവിലെ മകളെ സ്കൂള്‍ ബസ്സില്‍ കയറ്റിവിടാന്‍ നില്‍ക്കുമ്പോള്‍ ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. സംഭവത്തിനുശേഷം നിസയുടെ ഭര്‍തൃസഹോദരന്‍ അലി (44) കൊടുവാളുമായി പൊലീസില്‍ കീഴടങ്ങി. നിസയെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ഏഴാംക്ളാസ് വിദ്യാര്‍ഥിനി മകള്‍ സുറുമിക്കും പരിക്കുണ്ട്. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.

വീടിനുസമീപമുള്ള എരയാമ്പൂര്‍ മഹാദേവ ക്ഷേത്രത്തിനടുത്ത് റോഡരികില്‍ മകളെ സ്കൂളിലയക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ അലി കൊടുവാള്‍ കൊണ്ട് തുരുതുരെ വെട്ടുകയായിരുന്നു. കഴുത്തില്‍ എട്ട് മുറിവുണ്ട്. കൈപ്പത്തി അറ്റുതൂങ്ങാറായ നിലയിലാണ്. തടയാന്‍ വന്ന സുറുമിയെ തള്ളിവീഴ്ത്തിയശേഷമായിരുന്നു ആക്രമണം. ചോരയില്‍ കുളിച്ചുകിടന്ന നിസയെ നാട്ടുകാര്‍ ആദ്യം കാഞ്ഞൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അങ്കമാലി എല്‍എഫ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കബറടക്കി. ശ്രീഭൂതപുരം കോട്ടപ്പുറത്ത് വീട്ടില്‍ കുഞ്ഞുമുഹമ്മദ്-സുബൈദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അജി (ദുബായ്), ഹാഷിം, ഫാസില. ഭര്‍ത്താവ് ജബ്ബാര്‍ ലോറി ഡ്രൈവറാണ്.

നാലുദിവസം മുമ്പ് കൊലയ്ക്ക് തയ്യാറെടുപ്പ് നടത്തിയിരുന്നതായും നാലടി നീളമുള്ള കൊടുവാള്‍ തൃശൂരില്‍നിന്നാണ് വാങ്ങിയതെന്നും അലി പൊലീസിനോടു പറഞ്ഞു. ആലുവ ഡിവൈഎസ്പി പി എന്‍ ഉണ്ണിരാജ, ചെങ്ങമനാട് സിഐ എം സുകുമാരന്‍, കാലടി എസ്ഐ ടോമി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗവും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

കാഞ്ഞൂര്‍ വിമല ആശുപത്രിയില്‍നിന്ന് നിസയെ അങ്കമാലിക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. പതിനഞ്ചോളം പേര്‍ ആശുപത്രിയുടെ അത്യാഹിതവിഭാഗവും റിസപ്ഷനും തല്ലിത്തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് കാഞ്ഞൂരില്‍ വ്യാഴാഴ്ച വൈകിട്ട് ഹര്‍ത്താല്‍ ആചരിച്ചു. ആശുപത്രി ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പൌരസമിതി ആവശ്യപ്പെട്ടു.

3. പെട്രോളിന് രണ്ട് രൂപ കൂട്ടി; ഡീസലിന് ഒരു രൂപയും
ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും കൂട്ടി. വര്‍ധന വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് പെട്രോളിയം മന്ത്രി മുരളി ദിയോറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വില വര്‍ധനക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ പ്രഖ്യാപിച്ചു. ഇടതുപക്ഷ നിര്‍ദേശം പുര്‍ണമായും തിരസ്കരിച്ച് ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാന്‍ സിപിഐ എം പോളിറ്റ്ബ്യൂറോ മുഴുവന്‍ ഘടകങ്ങളെയും ആഹ്വാനം ചെയ്തു.

എണ്ണക്കമ്പനികള്‍ക്ക് 840 കോടി രൂപയുടെ അധികവരുമാനമുണ്ടാക്കുന്നതാണ് വിലവര്‍ധന. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതുമൂലം പൊതുമേഖലാ എണ്ണക്കമ്പനികള്‍ നേരിടുന്ന നഷ്ടത്തിന്റെ പകുതിയിലധികം നികത്താന്‍ ഗവണ്‍മെന്റ് എണ്ണ ബോണ്ടുകളിറക്കും. ഇതുവരെ നഷ്ടത്തിന്റെ 42.7 ശതമാനമാണ് ബോണ്ടുകളിറക്കി ഗവണ്‍മെന്റ് നികത്തിയിരുന്നത്. ഇത് 57 ശതമാനമായി വര്‍ധിപ്പിക്കും. 33 ശതമാനം നഷ്ടം ഒഎന്‍ജിസി, ഗെയില്‍, മറ്റ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ എന്നിവ ചേര്‍ന്ന് ഏറ്റെടുക്കും.

ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലവര്‍ധന മൂലമാണ് ഇവിടെയും വര്‍ധന വേണ്ടിവന്നതെന്നും വര്‍ധന നാമമാത്രമാണെന്നും മന്ത്രി പറഞ്ഞു. ഇനിയും വില വര്‍ധിപ്പിക്കാതിരുന്നാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലേക്ക് പോകും. ഇടതു പാര്‍ടികള്‍ ഇത് മനസ്സിലാക്കി വിലവര്‍ധനയുമായി സഹകരിക്കണമെന്നും സാധാരണക്കാരെ മുന്നില്‍ക്കണ്ടാണ് പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതലസമിതിയില്‍ വിലവര്‍ധനയെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടായി. നികുതി കുറച്ച് വിലവര്‍ധന ഒഴിവാക്കണമെന്നാണ് പെട്രോളിയം മന്ത്രി മുരളി ദിയോറ ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് ഒരുതരത്തിലുള്ള നികുതിയിളവും പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി പി ചിദംബരം വാശിപിടിച്ചു. വില വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം മന്ത്രിതല സമിതി കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിക്ക് നല്‍കി. രാഷ്ട്രീയകാര്യ സമിതി ഇത് അംഗീകരിച്ചു.

2006 ജൂണിലാണ് ഇതിനുമുമ്പ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത്. അന്ന് അന്താരാഷ്ട്രവിപണിയില്‍ ഒരു ബാരല്‍ ക്രൂഡോയിലിന് 67 ഡോളറായിരുന്നു വില. അതിനുശേഷം വില 100 ഡോളര്‍ വരെയായി ഉയര്‍ന്നു. ഇപ്പോള്‍ 92 ഡോളറാണ് വില. പാചകവാതകത്തിന്റെ വില ഇതിനുമുമ്പ് 2004 നവംബറിലാണ് 20 രൂപ കൂട്ടിയത്. മണ്ണെണ്ണയുടെ വില 2002നുശേഷം വര്‍ധിപ്പിച്ചിട്ടില്ല.

4. പെട്രോള്‍-ഡീസല്‍ വിലവര്‍ധന ഇടതു പാര്‍ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്
ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി ഇടതുപക്ഷ പാര്‍ടികള്‍ രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കും. പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ സമരത്തിന് നേതൃത്വംനല്‍കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയും സമരം പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര വിലവര്‍ധനയുടെ പേരുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വരുത്തിയ വിലവര്‍ധന തീര്‍ത്തും അനാവശ്യമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വിലവര്‍ധനയ്ക്കുപകരം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടനയില്‍ മാറ്റംവരുത്തണമെന്ന ആവശ്യമാണ് ഇടതുപക്ഷപാര്‍ടികള്‍ ആവശ്യപ്പെട്ടിരുന്നത്. പരോക്ഷ നികുതിഘടന പുനഃസംഘടിപ്പിക്കുകയും വിലയ്ക്കനുസരിച്ച് നികുതിയും വര്‍ധിക്കുന്ന നികുതിസംവിധാനം എടുത്തുകളയുകയും വേണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. എണ്ണസെസ് വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കായി വിലസ്ഥിരതാ നിധി രൂപീകരിക്കണമെന്ന ആവശ്യവും ഇടതുപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ചിരുന്നു. വിലവര്‍ധനയ്ക്കൊപ്പം സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിച്ച അധികവരുമാനം പെട്രോളിയം കമ്പനികള്‍ക്ക് മടക്കിക്കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ ഇപ്പോഴത്തെ വിലവര്‍ധന ഒഴിവാക്കാമായിരുന്നു.

അവശ്യവസ്തുക്കളുടെ വിലവര്‍ധന മൂലം ജനങ്ങള്‍ അങ്ങേയറ്റം ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വീണ്ടും പെട്രോളിയംവില വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു- പിബി പ്രസ്താവനയില്‍ പറഞ്ഞു.

വിലവര്‍ധനയിലൂടെ ദരിദ്രജനവിഭാഗങ്ങള്‍ക്ക് പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാരെന്ന് സീതാറാം യെച്ചൂരി വാര്‍ത്താലേഖകരോട് പറഞ്ഞു. തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നേരത്തെ പെട്രോളിന് നാലും ഡീസിലിന് രണ്ടും രൂപ വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇത്തവണയും അതേ രീതിയില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പെട്രോളിന് 17ഉം ഡീസലിന് 12ഉം രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രം ആദ്യം ആലോചിച്ചിരുന്നത്. ഇടതുപക്ഷ പാര്‍ടികളുടെ സമ്മര്‍ദം കാരണം മാത്രമാണ് ഇപ്പോള്‍ യഥാക്രമം രണ്ടും ഒന്നും രൂപ വച്ച് വിലകൂട്ടിയിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനവും സര്‍ക്കാര്‍ പിന്‍വലിക്കണം. അതല്ലെങ്കില്‍ സര്‍ക്കാരിന് കടുത്ത പ്രക്ഷോഭം നേരിടേണ്ടിവരും- യെച്ചൂരി പറഞ്ഞു.

സിപിഐ, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ളോക്ക് എന്നീ ഇടതുപക്ഷ പാര്‍ടികളും വിലവര്‍ധനയെ നിശിതമായി വിമര്‍ശിച്ചു. വിലവര്‍ധനയെ ശക്തമായി എതിര്‍ക്കുകയാണെന്നും രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ ദേശീയസെക്രട്ടറി ഡി രാജ പറഞ്ഞു. ജനങ്ങളെ വഞ്ചിച്ചിരിക്കയാണ് യുപിഎ സര്‍ക്കാരെന്ന് ആര്‍എസ്പി നേതാവ് അബനിറോയ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിലക്കയറ്റം രൂക്ഷമാക്കുമെന്ന് ബിജെപി പ്രസിഡന്റ് രാജ്നാഥ് സിങ് പറഞ്ഞു. സാധാരണക്കാരെയാകും തീരുമാനം ഏറ്റവുമധികം ബാധിക്കുകയെന്നും വെള്ളിയാഴ്ച മുതല്‍ തന്നെ ബിജെപി പ്രക്ഷോഭമാരംഭിക്കുമെന്നും രാജ്നാഥ് സിങ് അറിയിച്ചു.

5. പെട്രോള്‍വിലയില്‍ 52 ശതമാനം നികുതി
ന്യൂഡല്‍ഹി: പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും വിലകുറച്ച് പെട്രോള്‍ വില്‍ക്കാന്‍ കഴിയുന്നതെങ്ങനെ? വ്യാഴാഴ്ചവരെ ഡല്‍ഹിയില്‍ 43.52 രൂപയ്ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിച്ചിരുന്നത്. വെള്ളിയാഴ്ചമുതല്‍ 45.52 രൂപയായി. അയല്‍രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും നേപ്പാളിലും ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ ലഭിക്കും.

ഇന്ത്യന്‍രൂപ അടിസ്ഥാനമാക്കി കണക്കാക്കിയാല്‍ പാകിസ്ഥാനില്‍ 39, ബംഗ്ളാദേശില്‍ 35.80, ശ്രീലങ്കയില്‍ 39.40 രൂപയുമാണ് പെട്രോളിന് വില. ഫിലിപ്പീന്‍സില്‍ 32.50 രൂപയും തായ്ലന്‍ഡില്‍ 30.57 രൂപയും. ഈ രാജ്യങ്ങളൊന്നും പെട്രോളിയം ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമല്ല. ഇറക്കുമതിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാല്‍, നികുതി വളരെക്കുറച്ചു മാത്രം ഈടാക്കി ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നു.

ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന് നല്‍കുന്ന വിലയില്‍ 52 ശതമാനവും നികുതികളാണ്. ഡീസല്‍വിലയില്‍ 31 ശതമാനമാണ് നികുതിപങ്ക്. പാകിസ്ഥാനില്‍ പെട്രോളിന് നികുതി 39 ശതമാനം മാത്രമാണ്. അമേരിക്കയില്‍ 18 ശതമാനം.

ഇന്ത്യയില്‍ പെട്രോളിനു നല്‍കുന്ന വിലയില്‍ 22.50 രൂപയാണ് നികുതി. എക്സൈസ് നികുതി, വില്‍പ്പന നികുതി എന്നിവയും സര്‍ച്ചാര്‍ജുമടക്കം വിലയുടെ പകുതി വിഴുങ്ങുകയാണ്.

ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നാലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഗവണ്‍മെന്റിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ നികുതി കുറച്ചാല്‍ മാത്രം മതി. ഖജനാവിന് അല്‍പ്പം നഷ്ടം സംഭവിക്കുമെങ്കിലും വിലക്കയറ്റവും അതുമൂലമുള്ള മറ്റു നഷ്ടവും കുറയ്ക്കാന്‍ ഇതുമൂലം കഴിയും. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെടുന്നത് നികുതി കുറച്ച് വില കുറയ്ക്കണമെന്നാണ്. എന്നാല്‍, സാധാരണക്കാരെ പിഴിയുക, വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ സഹായിക്കുക എന്ന നിലപാടുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ ആശ്വാസം ജനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറല്ല. ഇതാണ് പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തില്‍ കലാശിച്ചത്.

പെട്രോളിന് മുംബൈയില്‍ 48.39 രൂപയില്‍നിന്ന് 50.36 രൂപയായും ചെന്നൈയില്‍ 47.44 രൂപയില്‍നിന്ന് 50 രൂപയായും കൊല്‍ക്കത്തയില്‍ 47 രൂപയില്‍നിന്ന് 49 രൂപയായും വില വര്‍ധിക്കും.

ഡീസലിന് ഡല്‍ഹിയില്‍ 30.38 രൂപയില്‍നിന്ന് 31.38 രൂപയായി വില കൂടും. മുംബൈയില്‍ 35 രൂപയില്‍നിന്ന് 36 ആയും ചെന്നൈയില്‍ 33.30 രൂപയില്‍നിന്ന് 35.30 രൂപയായും കൊല്‍ക്കത്തയില്‍ 32.87 രൂപയില്‍നിന്ന് 35 ആയും വില വര്‍ധിക്കും.

6. മണ്ഡലപുനര്‍നിര്‍ണയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ 24 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭ-ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള മണ്ഡലപുനര്‍നിര്‍ണയ കമീഷന്റെ റിപ്പോര്‍ട്ടിന് കേന്ദ്രമന്ത്രിസഭ അന്തിമ അംഗീകാരം നല്‍കി. റിപ്പോര്‍ട്ട് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അടുത്തുതന്നെ അയച്ചുകൊടുക്കും. രാഷ്ട്രപതിയുടെ വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ പുനര്‍നിര്‍ണയം നടപ്പില്‍വരും.

വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മണ്ഡലപുനര്‍നിര്‍ണയ കമീഷന്റെ റിപ്പോര്‍ട്ടിന് അന്തിമ അംഗീകാരം നല്‍കിയത്. മണ്ഡലപുനര്‍നിര്‍ണയം നടപ്പില്‍വരുത്തുന്നതിനുള്ള തീയതി നിശ്ചയിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1976 ലെ മണ്ഡലപുനര്‍നിര്‍ണയ ഉത്തരവ് അസാധുവാക്കാനും പുതിയ തീരുമാനം നടപ്പില്‍വരുത്തുന്നതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതിചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ നടപ്പാകുന്നതോടെ പുതിയ മണ്ഡലപുനര്‍നിര്‍ണയം നടപ്പില്‍വരുമെന്ന് ദാസ്മുന്‍ഷി പറഞ്ഞു. 23ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുര, മേഘാലയ സംസ്ഥാനങ്ങളൊഴികെ തുടര്‍ന്നു വരുന്ന എല്ലാ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാകും നടക്കുക.

കേരളത്തില്‍ എല്ലാ ജില്ലയുടെയും പേരില്‍ ലോക്സഭാ മണ്ഡലങ്ങള്‍ നിലവില്‍ വരും എന്നതാണ് പുനര്‍നിര്‍ണയത്തിന്റെ പ്രത്യേകത. പുതുതായി വയനാട്, മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളുടെ പേരില്‍ മണ്ഡലങ്ങള്‍ നിലവില്‍ വരും. മൂവാറ്റുപുഴ മണ്ഡലം ഇല്ലാതാകും. പല ലോക്സഭാ മണ്ഡലത്തിന്റെയും പേരു മാറും. എന്നാല്‍, ഇരുപത് ലോക്സഭാ മണ്ഡലവും 140 നിയമസഭാ മണ്ഡലവും എന്നതില്‍ മാറ്റമൊന്നും വരില്ല.

7. വാലന്റൈന്‍ ആഘോഷത്തിനെതിരെ ശിവസേന
ന്യൂഡല്‍ഹി: വാലന്റൈന്‍ ദിനാഘോഷങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ശിവസേനക്കാര്‍ റോഡ് ഉപരോധിച്ചു. വാലന്റൈന്‍ കാര്‍ഡുകളും സമ്മാനങ്ങളും കത്തിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാര്‍ക്കുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, കോളേജുകള്‍, യൂണിവേഴ്സിറ്റി ക്യാമ്പസ് തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വാലന്റൈന്‍ ദിനം ആഘോഷിക്കുന്ന കമിതാക്കളെ കണ്ടാല്‍ മര്‍ദിക്കുമെന്ന് ലഖ്നൌവില്‍ ശിവസേനാ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ശിവസേനയുടെ വിദ്യാര്‍ഥിവിഭാഗം കോളേജുകളില്‍ പ്രതിഷേധ പ്രകടനം നടത്തി.

അതിനിടെ ഇന്‍ഡോറില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോസാപുഷ്പങ്ങള്‍ കൈമാറി ദിനം ആഘോഷിച്ചു.

ഇന്ത്യന്‍ സംസ്കാരവുമായി ഒരു തരത്തിലും യോജിക്കാത്തതിനാല്‍ വാലന്റൈന്‍ ദിനത്തോടുള്ള എതിര്‍പ്പ് തുടരുമെന്ന് ശിവസേനാ തലവന്‍ ബാല്‍ താക്കറെ പറഞ്ഞു.

8. ഹൈഡ്ആക്ട് അംഗീകരിച്ചില്ലെങ്കില്‍ സഹകരണമില്ല: അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യ ആണവോര്‍ജ വിതരണ ഗ്രൂപ്പുമായുണ്ടാക്കുന്ന കരാര്‍ അനുവദിക്കണമെങ്കില്‍ ഹൈഡ്് ആക്ടില്‍ നിലയുറപ്പിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്.

അമേരിക്കന്‍ വിദേശകാര്യസമിതിയുമായി ചര്‍ച്ച നടത്തുകയായിരുന്നു അവര്‍. ഇന്തോ-യുഎസ് ആണവകരാറില്‍ ഹൈഡ് ആക്ട് സുപ്രധാനമാണ്. ഈ ആക്ട് പ്രകാരമുളള നിയമത്തിനാണ് അമേരിക്ക അംഗീകാരം നല്‍കുക. അതില്‍ വിട്ടുവീഴ്ചയില്ല. ഇന്ത്യയും ഈ ആക്ടില്‍ സ്ഥിരമായി നില്‍ക്കണം.

ഇത് അംഗീകരിച്ചില്ലെങ്കില്‍ ആണവവിതരണ ഗ്രൂപ്പില്‍ ഇന്ത്യക്ക് ഒരു സഹകരണവും നല്‍കില്ല-റൈസ് പറഞ്ഞു.

9. ഒറ്റപ്പെടുന്ന ആര്‍എസ്എസ് വിലപിക്കുന്ന മാതൃഭൂമി
മാതൃഭൂമി ദിനപത്രത്തില്‍ ‘ആര്‍എസ്എസിന്റെ പുതിയ പരിവാര്‍ സംസ്കാരം’ (ഫെബ്രുവരി 6) എന്ന ലേഖനം വായിച്ചു. ഗുജറാത്ത് കലാപം നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ശിക്ഷിച്ചുകൊണ്ടുള്ള ചില കോടതിവിധികള്‍ ഉണ്ടാവുകയും, അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ‘ഇന്ത്യന്‍ നരേന്ദ്രമോഡി’യാകാന്‍ തക്കവിധത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ശക്തമായ പ്രസ്താവനകളും പ്രചാരണങ്ങളുമായി അദ്വാനിയും കൂട്ടരും രംഗത്തുവരികയും, കേരളത്തില്‍ അങ്ങോളമിങ്ങോളം പൊലീസുകാരും സിപിഐ എം പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ആര്‍എസ്എസ് തങ്ങളുടെ കൊലക്കത്തിക്ക് ഇരയാക്കിക്കൊണ്ടിരിക്കുന്നതുമായ സമകാലികസാഹചര്യത്തില്‍, സ്വാഭാവികമായും ഈ ലേഖനത്തോട് പ്രതിഷേധിക്കാതെ വയ്യ.

സമകാലികസാഹചര്യത്തില്‍ ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളോ അതിന്റെ ഫാസിസ്റ് സംസ്കാരമോ ആയിരുന്നില്ല ലേഖനത്തിലെ വിഷയം. മറിച്ച് ആര്‍എസ്എസിനും അതിന്റെ പോഷകസംഘടനകള്‍ക്കും കേരളത്തില്‍ സ്വാധീനം നഷ്ടപ്പെടുന്നതിനെക്കുറിച്ച് വിലപിക്കുകയാണ് ലേഖകന്‍. ഇത്തരത്തില്‍ ഒരു ലേഖനം എഴുതാനും അത് പ്രസിദ്ധീകരണത്തിനു നല്‍കാനും അതിന്റെ ലേഖകന് അവകാശമുണ്ടെന്നത് അംഗീകരിക്കുന്നു. എന്നാല്‍, തങ്ങളുടെ മുന്‍തലമുറ ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തതിന്റെ കഥ കിട്ടാവുന്ന സ്ഥലങ്ങളിലെല്ലാം വിളിച്ചു പറയുന്ന മാതൃഭൂമി ദിനപത്രം ഇത് പ്രസിദ്ധീകരിക്കുന്നത് എന്ത് നിഷ്പക്ഷതയുടെ പേരിലാണ്?

മുഹമ്മദലി ജിന്നയുടെ മുസ്ളിം ലീഗിന് എന്നതുപോലെ വി ഡി സവര്‍ക്കറുടെ ഹിന്ദുമഹാസഭയ്ക്കും ഇന്ത്യാ വിഭജനത്തില്‍ തുല്യമായ പങ്കുണ്ടായിരുന്നു എന്നത് ചരിത്രം രേഖപ്പെടുത്തിയതാണ്. ഖിലാഫത്ത്-നിസ്സഹകരണ സമരസാഹചര്യത്തില്‍ ഇന്ത്യയിലെ മുസല്‍മാനും ഹിന്ദുവും ഒരേമനസ്സോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരത്തിനിറങ്ങിയ കാലമാണ് ഈ രണ്ടു വര്‍ഗീയസംഘടനകളും ഏറ്റവും നിര്‍ജീവമായ കാലമെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ നിര്‍ജീവാവസ്ഥയില്‍നിന്ന് രണ്ടു സംഘടനയും പിന്നീട് ഉണര്‍ന്നെണീറ്റതാകട്ടെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വര്‍ഗീയസംഘട്ടനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ടാണ്. ഇത്തരത്തില്‍ ഇന്ന് ആര്‍എസ്എസിന്റെ ഉണര്‍വ് മാതൃഭൂമി ആഗ്രഹിക്കുന്നെങ്കില്‍ ഇവിടെ വര്‍ഗീയസംഘട്ടനങ്ങള്‍ ഉണ്ടാകാന്‍ അവര്‍ ആഗ്രഹിക്കുന്നെന്നുതന്നെയാണ് അര്‍ഥം.

ലേഖനത്തിന്റെ ഒരു ഭാഗം ഇപ്രകാരം പറയുന്നു “ഏറ്റവും ഒടുവിലിതാ ആര്‍എസ്എസ് നേതൃത്വം കൈവച്ചിരിക്കുന്നത് ബിജെപിയിലാണ്…” ബിജെപി ഒരു സ്വതന്ത്ര രാഷ്ട്രീയ പാര്‍ടിയാണെന്ന് അവകാശപ്പെടുന്നവരുടെ വക്കാലത്തു പിടിക്കുകയാണ് ഇവിടെ മാതൃഭൂമിചെയ്യുന്നത്. എന്നാല്‍, യാഥാര്‍ഥ്യമെന്താണ്. ഹിന്ദുമഹാസഭയില്‍നിന്നു പൊട്ടിമുളച്ച ആര്‍എസ്എസിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് 1930ല്‍ “ഒശിറൌമിെേ ശ വേല ഹമിറ ീള ഒശിറൌ മിറ ളീൃലശഴിലൃ മൃല ംവീഹഹ്യ ൌയീൃറശിമലേറ ീ വേല ഒശിറൌ ിമശീിേ” എന്ന് പ്രഖ്യാപിച്ച എം എസ് ഗോള്‍വര്‍ക്കറുടെ അതേ ലക്ഷ്യമാണ് ബിജെപി ഉള്‍പ്പെടെയുള്ള ആര്‍എസ്എസിന്റെ ഓരോ പോഷകസംഘടനയും അവയുടെ പ്രവര്‍ത്തനരംഗത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി അവര്‍ ആദ്യംതന്നെ വകവരുത്തിയതാകട്ടെ മഹാത്മാഗാന്ധിയെയും. യാഥാര്‍ഥ്യങ്ങള്‍ ഇതായിരിക്കെ, ആര്‍എസ്എസിനുവേണ്ടി ഇന്ന് മാതൃഭൂമി തൂലിക ചലിപ്പിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.

1. വിജയന്‍ വീണ്ടും വിജയി
കോട്ടയം: പിണറായി വിജയന്‍ നാലാം തവണയും സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്. കേരളത്തില്‍ പാര്‍ട്ടി ജന്മംകൊണ്ട പിണറായിയുടെ മണ്ണില്‍നിന്നാണ് വിജയന്റെ പ്രവേശം. നാലുതവണ സി.പി.എം സംസ്ഥാന സെക്രട്ടറി യായി വരുന്ന ആദ്യത്തെയാളെന്ന ബഹുമതിയും വിജയനു സ്വന്തം.

1998-ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ആദ്യമായി പിണറായി സംസ്ഥാന സെക്രട്ടറിയാകുന്നത്. ജില്ലാതലം മുതല്‍ ചടയന്റെ പിന്‍മുറക്കാരനായിരുന്നു പിണറായി എന്നതും യാദൃശ്ചികം.

സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് പിണറായി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകു ന്നത്. ചടയന്‍ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

2002-ല്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്ക പ്പെട്ട വിജയന്‍ അക്കാലത്ത് കടു ത്ത വി.എസ് പക്ഷക്കാരനായിരുന്നു. വി.എസിനൊപ്പം ഉറച്ചുനിന്ന വിജയന്‍ പിന്നീട് വി.എസിനെ വെട്ടിനിരത്തി പാര്‍ട്ടിയുടെ ആധിപത്യം പാറിച്ചെന്നതു കൌതുകം. വ്യക്തി പരമായ നേട്ടങ്ങളെ അവഗണിച്ചും തന്റേതായ നിലപാടുകളില്‍ ഉറച്ചുനിന്നിരുന്ന പിണറായി വിജയന്‍ തീപ്പൊരി പ്രസംഗത്തിലൂടെയാണ് വേദികളില്‍ നിറഞ്ഞുനിന്നത്.

1944 മാര്‍ച്ച് 21-ന് മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും 14-ാമത്തെ മകനായി വിജയന്‍ ജനിച്ചു. 14-ല്‍ മൂന്നുപേര്‍ മാത്രമാണ് ജീവിച്ചത്. പിണറായി ശാരദാവിലാസം എല്‍.പി സ്കൂളിലും പെരളശേരി ഗവണ്‍മെന്റ് ഹൈസ്കൂളിലും തലശേരി ബ്രണ്ണന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. വിജയന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

1965-ല്‍ പി.ആര്‍ കുറുപ്പിനെതിരേ നടത്തിയ തീപ്പൊരി പ്രസംഗത്തിലൂടെയാണ് പൊതുവേദിയില്‍ അരങ്ങേറ്റം കുറിച്ചത്. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്‍ പ്രസിഡന്റുമായി. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

നാലുതവണ എംഎല്‍എ സ്ഥാനം അലങ്കരിച്ച വിജയന്‍ 1970-ല്‍ 26-ാം വയസില്‍ കൂത്തുപറമ്പില്‍നിന്നാണ് ആദ്യം തെരഞ്ഞെടുക്ക പ്പെട്ടത്. 96-ല്‍ പയ്യന്നൂരില്‍നിന്നും വിജയിച്ച വിജയന്‍ 98 വരെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി. 2002-ല്‍ പോളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു പിണറായി. വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് വിദേശ കമ്പനിയായ ലാവ്ലിന്‍ ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളുടെ കനല്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഒരു വിവാദത്തിന്റെ ചൂടാറുംമുമ്പേ അടുത്ത വിവാദം വിജയനെത്തേടിയെത്തിയിരുന്നു.

ലാവ്ലിന്‍ പ്രശ്നം തെളിഞ്ഞും മറഞ്ഞും മാറിമാറിനിന്നിരുന്ന കാലത്താണ് സിന്‍ഡിക്കറ്റ് വാര്‍ത്തകളുടെ പേരില്‍ പല പത്രമാധ്യമങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് വിവാദമായത്. കഴിഞ്ഞ വര്‍ഷം ഭാര്യ കമലയുമൊത്തുള്ള യാത്രയ്ക്കിടെ ചെന്നൈ വിമാനത്താവളത്തില്‍വച്ച് വിജയന്റെ ബാഗില്‍നിന്നു വെടിയുണ്ട കണ്െടത്തിയത് വിവാദങ്ങള്‍ക്കിടയാക്കി. ഈ വിവാദം അവസാനിക്കുന്നതിനുമുമ്പുതന്നെ സ്വാശ്രയ വിദ്യാഭ്യാസം സംബന്ധിച്ചുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ക്രൈസ്തവ-ഹൈന്ദവ മാനേജ്മെന്റുകളുമായി അഭിപ്രായവ്യത്യാസമുണ്ടാകുകയും അത് പിന്നീട് വിവാദത്തിന്റെ കൊടുമുടിയിലെത്തുകയും ചെയ്തു.

ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കെതിരേ നികൃഷ്ട ജീവിയെന്നും ‘അഭിവന്ദ്യനെന്നും’ ആക്ഷേപിച്ചത് ക്രൈസ്തവസമൂഹത്തിലെ ന്നല്ല, സാംസ്കാരിക കേരളത്തി ലാകമാനം ശക്തമായ എതിര്‍പ്പുണ്ടാക്കി. ഗ്രൂപ്പിസത്തിന്റെ പേരിലുണ്ടായ തമ്മില്‍ത്തല്ലുമൂലം കഴിഞ്ഞ വര്‍ഷം പിണറായിയെയും വി.എസിനെയും പോളിറ്റ്ബ്യൂറോയി ല്‍ നിന്നു സസ്പെന്‍ഡു ചെയ്തു. അടുത്തയിടെയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. ഇന്ന് സംസ്ഥാന സി.പി.എമ്മിന്റെ പൂര്‍ണ ആധിപത്യം ഈ 64കാരന്റെ കൈകളിലാണ്.

2. താരം വി.എസ് തന്നെ
കോട്ടയം: ആര്‍പ്പുവിളികളും ആരവങ്ങളുമായി അണികള്‍ എതിരേറ്റത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ. ഇന്നലെ സമാപിച്ച സംസ്ഥാനസമ്മേളന തെരഞ്ഞെടുപ്പിനുശേഷം നേതാക്കള്‍ ഒന്നടങ്കം മാമന്‍മാപ്പിള ഹാളില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴും അണികള്‍ മുദ്രാവാക്യം മുഴക്കിയത് വി.എസിനു മാത്രം. പി.ബി അംഗങ്ങളായ അഞ്ചുപേര്‍ പങ്കെടുത്ത നാഗമ്പടത്തെ സമ്മേളനവേദിയില്‍ അവസാനമെത്തിയ വി.എസിനെ ഹര്‍ഷാരവത്തോടെയാണ് ജനം എതിരേറ്റത്. പ്രകാശ് കാരാട്ടിന്റെയും പിണറായി വിജയന്റേയും പ്രസംഗങ്ങളില്‍ വി.എസിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മാത്രമാണ് ജനക്കൂട്ടത്തിനിടയില്‍നിന്നു കൈയടിയുണ്ടായത്. സമ്മേളനത്തില്‍ മൂന്നാമനായി പ്രസംഗിക്കാന്‍ വി.എസ് എഴുന്നേറ്റപ്പോള്‍ ചാറ്റല്‍മഴ ആരംഭിച്ചിരുന്നു. എന്നാല്‍ മഴ അവഗണിച്ചും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വി.എസ് അനുകൂല മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ഇവരെ നിയന്ത്രിക്കാന്‍ റെഡ് വോളണ്ടിയേഴ്സ് പരിശ്രമിക്കുന്നുമുണ്ടായിരുന്നു. വി.എസിന്റെ ഓരോവാക്കും ആര്‍പ്പുവിളികളോടെയാണ് ജനം എതിരേറ്റത്.

3. അണുബാധ: കോഴിക്കോട്ട് രണ്ട് കുട്ടികള്‍ മരിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് ദിവസത്തിനിടെ രണ്ടു കുട്ടികള്‍ അണുബാധയേറ്റു മരിച്ചു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നു മാസം പ്രായമുളള കുട്ടികളാണ് മരിച്ചത്.

കര്‍ണാടക ബാവലി കടകത്തില്‍ എത്തപ്പയുടെ മകള്‍ ഗീത, വയനാട് നെല്ലിയേരി കുന്ന് രഘുനാഥ് പത്മിനി ദമ്പതികളുടെ ആണ്‍കുട്ടി എന്നിവരാണ് മരിച്ചത്. കുട്ടികള്‍ക്ക് ആശുപത്രിയില്‍ വച്ചാ ണോ അണുബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ 11-നാണ് കര്‍ണാടക സ്വദേശികള്‍ കുട്ടിയുമായി ചികിത്സയ്ക്കെത്തിയിരുന്നത്. അണുബാധ മൂലം 13ന് കുട്ടി മരിക്കുകയായിരുന്നു.

4. സമ്മേളനത്തിന് പൊടിച്ചത് 25 കോടി
മാന്നാര്‍: സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം വരെ പൂര്‍ത്തിയായപ്പോള്‍ പൊടിഞ്ഞത് 25 കോടി രൂപ. സെപ്റ്റംബറില്‍ സംസ്ഥാനത്ത് ആരംഭിച്ച ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ കോട്ടയത്ത് ഇന്നലെ സമാപിച്ച സംസ്ഥാ ന സമ്മേളനം വരെ പൂര്‍ത്തിയായപ്പോഴാണ് 25 കോടിയോളം രൂപ ചെലവായിരിക്കുന്നത്. പാര്‍ട്ടിയുടെ കമ്മിറ്റികളില്‍ ഔദ്യോഗികമായി അവതരിപ്പിച്ച കണക്കിലാണ് ഇരുപത്തിയഞ്ച് കോടി യോളം ചെലവുള്ളത്. എന്നാല്‍ യഥാര്‍ഥ ചെലവുകള്‍ ഇതിലേറെ വരുമെന്നാണ് സൂചന.

സംസ്ഥാനത്ത് സി.പി.എമ്മിന് 24,414 ബ്രാഞ്ചുകളാണ് ഉള്ളത്. ഒരു ബ്രാഞ്ച് സമ്മേളനത്തിന് ശരാശരി മൂവായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെയാണ് ചെലവായത്. ഇത്തരത്തില്‍ മുഴുവന്‍ ബ്രാഞ്ച് സമ്മേളനങ്ങളും പൂര്‍ത്തിയായപ്പോള്‍ ഏഴരക്കോടി മുതല്‍ 12 കോടി രൂപ വരെയാണ് ചെലവായത്.

1682 ലോക്കല്‍ കമ്മിറ്റികളാണ് സി.പി.എമ്മിന് സംസ്ഥാനത്ത് ഉള്ളത്. ഒരു സമ്മേളനത്തിന് പതിനയ്യായിരം രൂപ മുതല്‍ ഇരുപത്തിയയ്യായിരം രൂപ വരെയാണ് ചെലവായത്. ഇത്തരത്തില്‍ മുഴുവന്‍ സമ്മേളനങ്ങളും പൂര്‍ത്തിയായ പ്പാള്‍ രണ്ടര മുതല്‍ നാലു കോടിവരെയാണ് ചെലവായത്.

ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ് ഒരു ഏരിയ സമ്മേളനത്തിനായി ചെലവഴിച്ചത്. സംസ്ഥാനത്ത് 182 ഏരിയ കമ്മിറ്റികളാണ് ഉള്ളത്. ഇതനുസരിച്ച് ശരാശരി രണ്േടകാല്‍ മുതല്‍ മൂന്നര കോടി രൂപ വരെയാണ് ചെ ലവാക്കിയിരിക്കുന്നത്.

സമ്മേളനം ജില്ലാ തലത്തില്‍ എത്തിയപ്പോള്‍ അഞ്ചു മുതല്‍ പത്തുലക്ഷം രൂപ വരെയാണ് ചെലവായിരിക്കുന്നത്. പതിനാല് ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു കോടിക്കും പതിനാലു കോടിക്കും ഇടയിലാണ് ചെലവായ തുക. സംസ്ഥാന സമ്മേളനത്തി ല്‍ ഒരു കോടി യോളം രൂപ ചെലവായ താ യാണ് അനൌദ്യോഗിക കണക്ക്. മൊത്തത്തില്‍ 25 കോടിയോളം ചെലവായതാ യാ ണ് കണക്കാക്കുന്നത്.

കൊടി തോരണങ്ങള്‍, ആര്‍ച്ചുകള്‍, ബാനറുകള്‍, കട്ടൌട്ടുകള്‍, അനൌണ്‍സ്മെന്റുകള്‍ എന്നിവയുടെ ചെലവുകള്‍ കൂടാതെ പ്രതിനിധികള്‍ക്കുള്ള ഭക്ഷണം, ബാഗ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ എന്നിവയെല്ലാം ഈ ചെലവിനങ്ങളില്‍ ഉള്‍പ്പെടും.

ബ്രാഞ്ച് തലം മുതല്‍ വിഭവസമൃദ്ധമായ ഭക്ഷണങ്ങളോടുകൂടിയാണ് സമ്മേളനങ്ങള്‍ നടന്നത്. ചെലവിനായു ള്ള കോടികള്‍ കണ്െടത്തിയത് പാ ര്‍ട്ടി അംഗങ്ങളില്‍നിന്നു പിരിച്ചെടുത്ത നിശ്ചിത തുക കൂടാതെ ബക്കറ്റ് പിരിവിലൂടെയും പൊതു പിരിവിലൂടെയും ഭരണസ്വാധീനമുപയോഗിച്ചുള്ള മറ്റ് പിരിവിലൂടെയുമാണ്.

5. സെമസ്റ്റര്‍ മാറി ചോദ്യം; വിദ്യാര്‍ഥികള്‍ കുഴങ്ങി
തൊടുപുഴ: എം.ജി. സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.എ. ഇംഗ്ളീഷ് പരീക്ഷയില്‍ ഭൂരിഭാഗവും സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങള്‍. ബുധനാഴ്ച നടന്ന ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് കോളോണിയസത്തില്‍ 40-ല്‍ 27 മാര്‍ക്കിനു സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളായിരുന്നു.

1911-ലെ പാര്‍ലമെന്ററി റിഫോംസ്, രണ്ടാം ലോകമഹായുദ്ധം, പോസ്റ്റ് വാര്‍ പീരിഡിലെ ഡീ കോള നൈസേഷന്‍ തുടങ്ങി നാലാം സെമസ്റ്റര്‍ സിലബസിലെ ചോദ്യങ്ങളായിരുന്നു ഭൂരിഭാഗവും.

ഉപന്യാസ വിഭാഗത്തില്‍ അഞ്ചില്‍ മൂന്നും ഓപ്ഷന്‍ ഉള്‍പ്പെടെ സിലബസിനു പുറത്തുനിന്നായിരുന്നു. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയ്ക്കു പരാതി നല്‍കി.

6. മന്ത്രിസഭായോഗം ഇന്ന്: എച്ച്.എം.ടി റിപ്പോര്‍ട്ട് പരിശോധിക്കും
തിരുവനന്തപുരം: എച്ച്.എം.ടി ഭൂമി പോക്കുവരവു റദ്ദാക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതലസമിതിയുടെ ശിപാര്‍ശ ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. മുഖ്യമന്ത്രി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടു യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

പോക്കുവരവ് റദ്ദാക്കണമെന്നു സി.പി.എയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഇന്നത്തെ മന്ത്രിസഭായോഗത്തിലും സി.പി.ഐ മന്ത്രിമാര്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്.

ജൂണ്‍ ആറിന് വ്യവസായമന്ത്രിയുടെ ചേംബറില്‍ റവന്യൂമന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് പോക്കുവരവ് വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ശക്തമായൊരു തീരുമാനം എടുക്കാനുള്ള സാധ്യത വിരളമാണ്. വ്യവസായമന്ത്രി എളമരം കരീമിന് പാര്‍ട്ടി ശക്തമായ പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ അതിനെതിരായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളില്ല.

7. വ്യാജ തീവ്രവാദി ആക്രമണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ വ്യാജ തീവ്രവാദി ആക്രമണവും രാസായുധാക്രമണവും നടന്നു. ദൂരന്ത നിരരണ രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികള്‍ അടിയന്തര സന്ദര്‍ഭങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു എന്നു മനസിലാക്കാനായി ദേശിയ ദുരന്തനിവാരണ അഥോറിറ്റിയാണ് (എന്‍. ഡി. എം.എ)വ്യാജ ആക്രമണങ്ങള്‍ സൃഷ്ടിച്ചത്.

ഇന്നലെ പുലര്‍ച്ചെ 6.15ന് രാജീവ് ചൌക്കില്‍ ഭീകര അക്രമണവും, ചൌരി ബസാറില്‍ വിഷവാത പ്രയോഗവും റിഥാലയിലെ പാര്‍ക്കിംഗ് ഏരിയായില്‍ ബോംബ് സ്ഫോടനവുമാണ് ഒരേ സമയം നടത്തിയത്. ശാസ്ത്രി പാര്‍ക്കിലെ ട്രെയിന്‍ ഡിപ്പോയില്‍ ബോംബു ഭീഷണിയും ഉണ്ടായി.

8. പ്രസവാനുകൂല്യം 1000 രൂപയാക്കി
ന്യൂഡല്‍ഹി: ജോലിയുള്ള സ്ത്രീകളുടെ പ്രസവാനുകൂല്യം ഇരുനൂറ്റമ്പതില്‍ നിന്ന് ആയിരം രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

നിലവിലെ സാമ്പത്തികാവസ്ഥയില്‍ ഇരുനൂറ്റമ്പതു രൂപയെന്നതു തുച്ഛമായ തുകയാണെന്നു കണ്ടാണ് ആനുകൂല്യം ഉയര്‍ത്തുന്നതെന്ന് കേന്ദ്രമന്ത്രി പി.ആര്‍. ദാസ്മുന്‍ഷി അറിയിച്ചു.

1. സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ മാര്‍ഗരേഖ
കോട്ടയം: സര്‍ക്കാറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ അടിയന്തര മാര്‍ഗരേഖ തയാറാക്കാന്‍ സി.പി.എം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. സര്‍ക്കാറിന്റെ 21 മാസത്തെ പ്രവര്‍ത്തനത്തില്‍ തിരുത്തേണ്ട പോരായ്മകളുണ്ടെന്ന് സമ്മേളനം വിലയിരുത്തി.

രണ്ടുദിവസം നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമഗ്ര മാര്‍ഗരേഖ തയാറാക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു. ഇതോടെ സര്‍ക്കാറിനെ പാര്‍ട്ടിക്ക് അധീനമാക്കുക എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന നേതൃത്വം എത്തുകയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ ഒത്തൊരുമയില്ലെന്നും മുഖ്യമന്ത്രി ഒറ്റയാനായാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ ഔദ്യോഗികപക്ഷ പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു. രണ്ടുവര്‍ഷത്തെ അനുഭവ പാഠമുള്‍ക്കൊണ്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും സമഗ്ര മാര്‍ഗരേഖ അടിയന്തരമായി തയാറാക്കേണ്ടതുണ്ടെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരിപാടി കാര്യക്ഷമമായും യോജിപ്പോടെയും സമയബന്ധിതമായും നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സമ്മേളനം ഉറപ്പുനല്‍കുന്നു. പോരായ്മ മനസ്സിലാക്കി, ദൌര്‍ബല്യങ്ങള്‍ തിരുത്തി കൂടുതല്‍ കാര്യക്ഷമവും ജനക്ഷേമകരവുമായ വികസനോന്മുഖ നയം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് സമ്മേളനം ഉറപ്പു നല്‍കുന്നുവെന്നും പ്രമേയം പറയുന്നു. വകുപ്പുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പ്രമേയം മൂന്നാര്‍ ഒഴിപ്പിക്കലിനെക്കുറിച്ച് മൌനം പാലിക്കുന്നു.

എച്ച്.എം.ടി ഭൂമി വിവാദം പോലുള്ളവയുടെ ലക്ഷ്യം നിക്ഷേപകരെ അകറ്റലാണ്. സംസ്ഥാനത്ത് മുതല്‍ മുടക്കാന്‍ നിരവധി നിക്ഷേപകര്‍ മുന്നോട്ടുവന്നിട്ടുണ്ട്. സംസ്ഥാന താല്‍പര്യം സംരക്ഷിച്ച് ഈ നിക്ഷേപങ്ങള്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം. നിക്ഷേപകരെ അകറ്റും വിധം വിവാദ പുകമറ സൃഷ്ടിക്കുന്നത് വികസനത്തിന് അനുഗുണമല്ല. നിക്ഷേപ സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഏവരും സഹകരിക്കണം.

നിയമം ലംഘിച്ച് കുറുക്കുവഴികളിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭൂ മാഫിയയെപ്പോലുള്ള സംഘങ്ങള്‍ സജീവമാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. സ്ഥാപിത താല്‍പര്യക്കാരും ജാതി^മത ശക്തികളും ചേര്‍ന്ന് രണ്ടാം വിമോചന സമരത്തെ ക്കുറിച്ച് സ്വപ്നം കാണുകയാണ്.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമാന്തരമായി സര്‍ക്കാര്‍ വകുപ്പുകള്‍ പരിപാടി ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു. അടുത്ത വര്‍ഷം ജൂണിനുള്ളില്‍ പദ്ധതിരേഖക്ക് അംഗീകാരം നല്‍കി നിര്‍വഹണം ആരംഭിക്കും.

ദിവസക്കൂലി അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിച്ചും ആവശ്യത്തിന് അധ്യാപകരില്ലാതെയും നടക്കുന്ന സ്കൂളുകളും കോളജുകളും കോഴ്സുകളും എന്ന അരാജകാവസഥ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ആരോഗ്യമേഖലയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച, സ്വകാര്യ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്ക് പകരം പൊതു ആരോഗ്യ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് പദ്ധതി പ്രാവര്‍ത്തികമാക്കണം. ഇത് എല്ലാ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കണം. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിക്കണം. കെ. ഡബ്ലിയു.എക്കും കെ.എസ്.ആര്‍.ടി.സിക്കും സമഗ്ര പുനരുദ്ധാരണ പാക്കേജുകള്‍ക്ക് രൂപം നല്‍കണം. മില്‍മയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ വില ഉറപ്പുവരുത്തണം. അവരുടെ ക്ഷേമനിധിയിലേക്ക് സര്‍ക്കാറും അംശാദായം നല്‍കണം.

തീരദേശത്തെ പശ്ചാത്തല സൌകര്യ വികസനത്തിന് മുന്തിയ പരിഗണ നല്‍കണം. റേഷന്‍ ക്വാട്ട പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. ക്ഷേമ^പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാത്ത തൊഴിലാളി വിഭാഗങ്ങള്‍ക്ക് പുതിയ ക്ഷേമനിധി നിയമം ഏര്‍പ്പെടുത്തണം. തെഴില്‍ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വകീരിക്കണം.

നിക്ഷേപം ആകര്‍ഷിക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ബദല്‍ സമീപനം ഏറ്റവും നന്നായി പ്രതിഫലിക്കുന്നതാണ് സ്മാര്‍ട്ട് സിറ്റി പ്രോജക്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

2. വി.എസിനെ മല്‍സരിപ്പിച്ചത് ജനാഭിലാഷം മാനിച്ച് : കാരാട്ട്
കോട്ടയം: പൊതുജനാഭിലാഷവും പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായവും മാനിച്ചാണ് വി.എസ.് അച്യുതാനന്ദനെ നിയമസഭാ സ്ഥാനാര്‍ഥിയാക്കിയതെന്ന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ഇക്കാര്യത്തില്‍ അച്യുതാനന്ദന്റെ ആഗ്രഹമല്ല പോളിറ്റ് ബ്യൂറോയുടെ മുന്നില്‍ വന്നത്. ആ പ്രചാരണം തെറ്റാണ്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയുടെ മറുപടിയിലാണ് കാരാട്ട് ഇങ്ങനെ പറഞ്ഞത്.

കേരളത്തിലെ പാര്‍ട്ടിയുടെ പ്രശ്നം പരസ്പര വിശ്വാസമില്ലായ്മയാണ്. കേരള ഘടകത്തിലെ വിഭാഗീയത ഈ സമ്മേളനത്തോടെ തുടച്ചുനീക്കപ്പെടണം. അതിന് നേതാക്കള്‍ തമ്മില്‍ പരസ്പര വിശ്വാസം വേണം.

വിഭാഗീയതക്കെതിരെ കേന്ദ്ര നേതൃത്വം ശക്തമായി പ്രതികരിക്കും. മലപ്പുറം സമ്മേളനത്തില്‍ 12 പേരുടെ എതിര്‍ പാനല്‍ മല്‍സരിച്ചത് വിഭാഗീയതയായിരുന്നു. ആ വിഭാഗീയതയെ അത്ര ഗൌരവത്തോടെയല്ല കേന്ദ്ര നേതൃത്വം കണ്ടത്. മല്‍സരിച്ചവര്‍ക്ക് തെറ്റുതിരുത്താന്‍ കേന്ദ്ര നേതൃത്വം അവസരം നല്‍കി. ഗൌരവത്തോടെ ഇതിനെ കണ്ടിരുന്നെങ്കില്‍ വിഭാഗീയത മൂര്‍ഛിക്കുമായിരുന്നു. മലപ്പുറത്ത് ബദല്‍ പാനലില്‍ മല്‍സരിച്ചവരെ പുറത്താക്കാതിരുന്നതിനെതിരെ ചര്‍ച്ചയിലുയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് കാരാട്ട് ഇത് പറഞ്ഞത്.

പാര്‍ലമെന്ററി വ്യാമോഹമാണ് വിഭാഗീയതക്ക് കാരണമാകുന്നത്. ഇക്കാര്യം ഇ.എം.എസ് നമ്പൂതിരിപ്പാടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവായിരിക്കേ വി.എസ്.അച്യുതാനന്ദന്‍ മുന്‍കൈയെടുത്ത് നടത്തിയ സമരങ്ങളോടും പ്രവര്‍ത്തനങ്ങളോടും ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മതിപ്പുണ്ടായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ടിരുന്നുവെന്നും കാരാട്ട് പറഞ്ഞു. പോളിറ്റ് ബ്യൂറോക്കെതിരായ പരാമര്‍ശങ്ങളെ അദ്ദേഹം ഖണ്ഡിക്കുകയും നിഷേധിക്കുകയും ചെയ്തു.

3. മൂലമ്പിള്ളിയില്‍ മനുഷ്യാവകാശ ലംഘനം നടന്നെന്ന് കമീഷന്‍
കൊച്ചി: മൂലമ്പിള്ളിയില്‍ മനുഷ്യാവകശ ലംഘനം നടന്നതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എന്‍. ദിനകര്‍. ഇന്നലെ വൈകുന്നേരം മൂലമ്പിള്ളി സന്ദര്‍ശിച്ച് തെളിവെടുത്ത കമീഷന്‍ വിവരങ്ങള്‍ ലഭ്യമാക്കാത്തതിന്റെ പേരില്‍ റവന്യൂ ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. വല്ലാര്‍പാടം കണ്ടെയ്നര്‍ പദ്ധതിയുടെ നാലുവരിപ്പാതക്ക് വേണ്ടി മൂലമ്പിള്ളിയില്‍ നടന്ന കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് അധികൃതരില്‍ നിന്നുണ്ടായ മുഴുവന്‍ നടപടികളും ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ഈമാസം 27^ന് മുമ്പ് സമര്‍പ്പിക്കാന്‍ കമീഷന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

എ.ഡി.എ എ.ജെ. തങ്കപ്പന്‍, ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ തഹസില്‍ദാര്‍ സുശീലാ ജേക്കബ് എന്നിവരാണ് കമീഷന് മുന്നില്‍ ഹാജരായത്. കമീഷന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാനാവാതെ ഉദ്യോഗസ്ഥര്‍ വിയര്‍ത്തു. പുനരധിവാസം നടപ്പാക്കിയ ശേഷമാണോ കുടിയൊഴിപ്പിച്ചതെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ നിരത്തിയ മുടന്തന്‍ ന്യായങ്ങളെ കമീഷന്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. ജനങ്ങളുടെ ഭൂമി വികസനത്തിന് വേണ്ടി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കി ഭൂമി നല്‍കണമെന്നും ഇത് മൂലമ്പിള്ളിയില്‍ നടന്നില്ലെന്നും കമീഷന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എത്ര വീടുകള്‍ക്ക് നോട്ടീസ് നല്‍കിയെന്ന കമീഷന്റെ ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് ഉദ്യോഗസ്ഥര്‍ നിരത്തിയത്. സ്പെഷല്‍ തഹസില്‍ദാര്‍ 17 വീടുകള്‍ എന്നുപറഞ്ഞപ്പോള്‍ 24 വീടുകള്‍ എന്നായിരുന്നു എ.ഡി.എമ്മിന്റെ മറുപടി. പുനരധിവാസം സംബന്ധിച്ച ഫയലുകള്‍ കമീഷന്‍ ചോദിച്ചെങ്കിലും കൊണ്ടുവന്നിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രദേശവാസികളെ പോലിസ് കൈയേറ്റം ചെയ്തെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ ഒരു കോണ്‍സ്റ്റബിള്‍ പോലും തെളിവെടുപ്പിന് ഹാജരാകാത്തത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ജസ്റ്റിസ് ദിനകര്‍ ചൂണ്ടിക്കാട്ടി.

4. ബഹിഷ്കരണം ശക്തം; സ്പെന്‍സറിന്റെ മൂന്ന് ഷോറൂമുകള്‍ പൂട്ടി
പെരിന്തല്‍മണ്ണ: തദ്ദേശീയരുടെ ബഹിഷ്കരണങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനാവാതെ ചില്ലറ വില്‍പന മേഖലയില്‍ കുത്തകയുറപ്പിക്കാനിറങ്ങിയ സ്പെന്‍സേഴ്സിന്റെ മൂന്ന് ഷോറൂമുകള്‍ അടച്ചുപൂട്ടി. പെരിന്തല്‍മണ്ണ, ഗുരുവായൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഷോറൂമുകളാണ് പൂട്ടിയത്. പ്രതീക്ഷിച്ച വിറ്റുവരവില്ലാത്തതാണ് പൂട്ടാന്‍ കാരണം.

കേരളത്തില്‍ 40ല്‍പരം ഷോറൂമുകളാണ് സ്പെന്‍സേഴ്സ് തുറന്നത്. പ്രതിമാസ ചെലവും വിറ്റുവരും യോജിച്ചുപോകാത്തതാണ് കേന്ദ്രങ്ങള്‍ പൂട്ടാന്‍ കാരണം. ആദ്യം ഷോറൂമിനുനേരെ കണ്ണടച്ച പെരിന്തല്‍മണ്ണയിലെ ഇടതുഭരണത്തിലുള്ള നഗരസഭ വിവിധ സംഘടനകളില്‍നിന്നുയര്‍ന്ന ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് 2007 ജൂലൈയില്‍ സ്പെന്‍സര്‍ ഷോറൂം അടച്ചുപൂട്ടാന്‍ തീരുമാനിച്ച് നഗരകാര്യ ഡയറക്ടറെ വിവരമറിയിച്ചിരുന്നു. സമരങ്ങളും എതിര്‍പ്പും ശക്തിയായി തുടര്‍ന്നതോടെ ഷോറൂം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭ സ്പെന്‍സര്‍ ലൈസന്‍സിക്ക് നോട്ടീസയച്ചു. എന്നാല്‍ ഇതിനെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിന് അപ്പീല്‍ നല്‍കി തുടര്‍പ്രവര്‍ത്തനത്തിന് സ്പെന്‍സര്‍ അനുമതി വാങ്ങുകയായിരുന്നു.

മോഹിപ്പിക്കുന്ന പരസ്യങ്ങളും ആനുകൂല്യങ്ങളും നല്‍കിയിട്ടും ഉപഭോക്താക്കള്‍ വിട്ടുനിന്നതാണ് വിറ്റുവരവ് ഇടിയാന്‍ കാരണം. പെരിന്തല്‍മണ്ണയിലെ ഷോറൂം മഞ്ചേരിയിലേക്ക് മാറ്റാനാണ് തീരുമാനം. മഞ്ചേരി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍പുതിയ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനമുണ്ടെന്ന് സ്പെന്‍സര്‍ പ്രതിനിധികള്‍ അറിയിച്ചു. ഫെബ്രുവരി ഒന്നു മുതലാണ് കൊയിലാണ്ടിയിലെ കേന്ദ്രം അടച്ചുപൂട്ടിയത്. ഗുരുവായൂര്‍ പടിഞ്ഞാറേ നടക്കലെ സ്പെന്‍സര്‍ ഷോറൂം ഇതേ കാരണങ്ങള്‍കൊണ്ടുതന്നെയാണ് പൂട്ടിയത്.

വന്‍ നഗരങ്ങളില്‍ വിജയം കണ്ടശേഷം സ്പെന്‍സര്‍ കേരളത്തിന്റെ ഇടത്തരം നഗരങ്ങളിലേക്ക് കടന്നുകയറുകയായിരുന്നു. ചില്ലറ വില്‍പ്പന മേഖലയില്‍ സ്പെന്‍സറടക്കം ബഹുരാഷ്ട്ര കുത്തകകള്‍ കടന്നുകയറിയതിനെതിരെ വ്യാപാരി വ്യവസായി സംഘടനകള്‍, സോളിഡാരിറ്റി, ഇടത് യുവജന സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പല ഘട്ടങ്ങളിലായി വന്‍ പ്രക്ഷോഭങ്ങളാണ് നടന്നത്.
2007 ഏപ്രിലിലാണ് പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്‍വശം റോയല്‍ പ്ലാസ ബില്‍ഡിംഗില്‍ സ്പെന്‍സര്‍ തുറന്നത്. ആദ്യ മാസങ്ങളില്‍ പ്രചാരണക്കുറവുകൊണ്ട് വ്യാപാരംനടക്കുന്നില്ലെന്നായിരുന്നു വിലയിരുത്തല്‍.

ഇടത്തരം നഗരങ്ങളില്‍നിന്ന് പിന്തിരിയുന്നതോടൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രം തുറക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നതായി സൂചനയുണ്ട്.

5. പൊതിച്ച തേങ്ങക്ക് താങ്ങുവില പരിഗണനയില്‍
ന്യൂദല്‍ഹി: പൊതിച്ച നാളികേരത്തിന് കേന്ദ്രസര്‍ക്കാര്‍ വൈകാതെ കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചേക്കും. ക്വിന്റലിന് 1,000 രൂപയാണ് പരിഗണനയില്‍. ഇപ്പോള്‍ മില്‍കൊപ്രക്കും ഉണ്ട കൊപ്രക്കും മാത്രമാണ് കുറഞ്ഞ താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. കേരകര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ നീക്കം.

ഈ മാസം 19ന് കൃഷി മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ പൊതിച്ച നാളികേരത്തിന് മിനിമം താങ്ങുവില നിശ്ചയിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറഞ്ഞു. കൊപ്ര സംഭരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ (നാഫെഡ്) ക്വിന്റലിന് 1,000 രൂപ മിനിമം താങ്ങുവില ശിപാര്‍ശ ചെയ്തതായി മാനേജിംഗ് ഡയറക്ടര്‍ യു.കെ.എസ് ചൌഹാന്‍ പറഞ്ഞു. പൊതിച്ച തേങ്ങ സംഭരിക്കുന്നതിന് കര്‍മപദ്ധതി 10 ദിവസത്തിനകം തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.

മില്‍ കൊപ്രയുടെയും ഉണ്ട കൊപ്രയുടെയും മിനിമം താങ്ങുവില സര്‍ക്കാര്‍ കഴിഞ്ഞ മാസം നാമമാത്രമായി വര്‍ധിപ്പിച്ചിരുന്നു. ക്വിന്റലിന് 40 രൂപയാണ് കൂട്ടിയത്. അതനുസരിച്ച് മില്‍ കൊപ്രക്ക് ക്വിന്റലിന് 3,660 രൂപയും ഉണ്ട കൊപ്രക്ക് 3,910 രൂപയുമാണ് താങ്ങുവില. എന്നാല്‍ കൊപ്രയാക്കിയല്ല നാളികേരം വില്‍ക്കുന്നതെന്നിരിക്കെ, കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ല. ഈ സാഹചര്യത്തിലാണ് പൊതിച്ച നാളികേരത്തിന് താങ്ങുവില നല്‍കാന്‍ നീക്കം. പൊതിച്ച തേങ്ങ സംഭരിക്കാന്‍ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളോട് നാഫെഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. വിലത്തകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിന് കേന്ദ്ര നിര്‍ദേശ പ്രകാരം കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ കൊല്ലം 45,000 ടണ്‍ കൊപ്രയാണ് നാഫെഡ് സംഭരിച്ചത്.

6. ഭൂപരിഷ്കരണം പഠിക്കാന്‍ സമിതി; മിച്ചഭൂമി പരിഗണനാ വിഷയം
ന്യൂദല്‍ഹി: ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുന്നതു സംബന്ധിച്ച് വിശദ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി.

മിച്ചഭൂമിവിതരണമുള്‍പ്പെടെ ഭൂപരിധി നിര്‍ണയവുമായി ബന്ധപ്പെട്ട് സമഗ്രമായ വിശകലനം നടത്താനുള്ള നിര്‍ദേശവും സമിതിക്ക് നല്‍കിയിട്ടുണ്ട്. ഗ്രാമവികസന മന്ത്രി രഘുവംശ് പ്രസാദ് അധ്യക്ഷനായ 20 അംഗ സമിതിയെയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. അന്തിമ ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് സംസ്ഥാനങ്ങളുമായി സമിതി കൂടിയാലോചന നടത്തും. ആവശ്യമെങ്കില്‍ ഉപസമിതി രൂപവത്കരിക്കുന്ന കാര്യം സമിതിക്ക് തീരുമാനിക്കാം. ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമിതിക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായി ഭൂപരിഷ്കരണങ്ങള്‍ക്കായുള്ള ദേശീയ സമിതിയും രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏഴു കേന്ദ്ര മന്ത്രിമാരും കേരളം ഉള്‍പെപടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരും സമിതിയിലുണ്ടാകും. ഏകതാ പരിഷത്ത് നേതാവും മലയാളിയുമായ പി.വി. രാജഗോപാലുള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും അംഗങ്ങളായിരിക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. ആദിവാസികളും കര്‍ഷകരുമായ ദരിദ്രര്‍ക്ക് ഭൂമി നല്‍കാന്‍ ദേശീയതലത്തില്‍ കമീഷന്‍ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഏകതാ പരിഷത്ത് നടത്തിയ ജനാദേശ് പദയാത്രയുടെ സമാപനത്തില്‍ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിദഗ്ധ സമിതി രൂപവത്കരിക്കുമെന്ന് ഗ്രാമവികസന മന്ത്രി രഘുവംശ് പ്രസാദ് അറിയിച്ചിരുന്നു.

സര്‍ക്കാര്‍ കൈവശമുള്ള തരിശുഭൂമി ഏതെല്ലാമെന്ന് കണ്ടെത്തി വികസിപ്പിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് സുഗമമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, പൊതു മുതലില്‍ ദരിദ്രര്‍ക്ക് അര്‍ഹമായ പങ്കാളിത്തം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, സ്ത്രീകള്‍ക്ക് ഭൂമിയില്‍ മതിയായ പരിഗണന നല്‍കുന്നതിനാവശ്യമായ നടപടികള്‍ പരിശോധിക്കുക തുടങ്ങിയവയും സമിതിയുടെ പരിഗണനാ വിഷയങ്ങളാണ്.

7. വിദേശികള്‍ക്ക് സ്മാര്‍ട്ട് ഐ.ഡി കാര്‍ഡ് വര്‍ഷാവസാനം
ദോഹ: രാജ്യത്തെ പ്രവാസികള്‍ക്ക് വിവിധോദ്ദേശ്യ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഈവര്‍ഷം അവസാനത്തോടെ വിതരണം ചെയ്തുതുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഐ.ടി വകുപ്പ് ഡയറക്ടര്‍ കേണല്‍ സാലിഹ് ഖമീസ് ഗാനിം അല്‍കുബൈസി അറിയിച്ചു. സ്വദേശികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ചെന്നും ഇതുവരെ എണ്ണായിരത്തോളം കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞെന്നും തന്റെ ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്തെയും വിദേശത്തെയും പ്രമുഖ ഐ.ടി കമ്പനികളുമായി സഹകരിച്ച് നടപ്പാക്കുന്ന ഇത് 25 മില്യന്‍ റിയാലിന്റെ പദ്ധതിയാണ്. തിരിച്ചറിയല്‍ കാര്‍ഡ്, ഇ^ഗേറ്റ് കാര്‍ഡ്, ഓണ്‍ലൈനിലൂടെയുള്ള രജിസ്റ്റേര്‍ഡ് ഒപ്പ് എന്നീ സവിശേഷതകളാണ് സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റസിഡന്‍സ് പെര്‍മിറ്റ്, എക്സിറ്റ് പെര്‍മിറ്റ്, വിസ, എമിഗ്രേഷന്‍, ട്രാഫിക് തുടങ്ങി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും പലപ്പോഴും വീട്ടിലിരുന്നുതന്നെയും ചെയ്യാന്‍ സ്മാര്‍ട്ട് ഐ.ഡി കാര്‍ഡിലൂടെ സാധിക്കും. ദോഹ അന്തര്‍ദേശീയ വിമാനത്താവളത്തിലെ ഇ-ഗേറ്റില്‍ സ്മാര്‍ട്ട് ഐ.ഡി കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വളരെ നേരത്തെയെത്തി ദീര്‍ഘനേരം ക്യൂനില്‍ക്കേണ്ട ആവശ്യം വരില്ല.

വിവിധ സൈറ്റുകള്‍ ഏകീകരിച്ച് പുതുതായി നടപ്പില്‍വരുത്തിയ ഇ-ഗവണ്‍മെന്റ് പോര്‍ട്ടലിലെ സേവനങ്ങള്‍ വളരെ വേഗം സാധ്യമാക്കാന്‍ സ്മാര്‍ട്ട് കാര്‍ഡ് സഹായിക്കും. സ്മാര്‍ട്ട് കാര്‍ഡിന് നിശ്ചിത ഫീസ് ഈടാക്കുമെന്നും പുതിയ സേവനങ്ങള്‍ ചേര്‍ക്കാന്‍ പ്രത്യേകം പണമടക്കണമെന്നും അല്‍കുബൈസി വ്യക്തമാക്കി. സാധാരണ ഐ.ഡി കാര്‍ഡുകളുടേതുപോലെയായിരിക്കും കാലാവധി.

അപേക്ഷിച്ചാല്‍ ഒരു മണിക്കൂര്‍കൊണ്ട് കാര്‍ഡ് തയാറാകും. വിരലടയാളം, കണ്ണിന്റെ പ്രത്യേകത തുടങ്ങി ഓരോരുത്തരുടെയും വ്യക്തിപരമായ വിവരങ്ങള്‍ കാര്‍ഡില്‍ കയറ്റുന്നതാണ് സ്മാര്‍ട്ട് കാര്‍ഡ് നടപ്പാക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി.

രാജ്യത്തെ എല്ലാ ജനങ്ങളുടെയും ഇത്തരം വിവരങ്ങള്‍ ശേഖരിച്ചുവെക്കാവുന്ന ബയോമെട്രിക് എന്‍റോള്‍മെന്റ് കിയോസ്കും അനുബന്ധ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് കാര്‍ഡിനായി വ്യക്തികളുടെ ഇത്തരം പരിശോധനകള്‍ നടത്താന്‍ സിറ്റി സെന്റര്‍ തുടങ്ങിയ പ്രധാന മാളുകളില്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഖത്തരികള്‍ക്ക് ഇ-പാസ്പോര്‍ട്ട് മെയ് മുതല്‍ നല്‍കുമെന്നും കേണല്‍ അല്‍കുബൈസി പറഞ്ഞു.

1. പിണറായി പൊട്ടിത്തെറിച്ചു; സമാപനത്തില്‍ അടി
കോട്ടയം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം സംഘര്‍ഷത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരും റെഡ് വോളന്റിയര്‍മാരും തമ്മിലടിച്ചു. കനത്ത മഴയും സംഘര്‍ഷവുംമൂലം സമ്മേളനം പൂര്‍ത്തിയാക്കാനാവാതെ പിരിഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം അലങ്കോലപ്പെടുന്നതു ചരിത്രത്തിലാദ്യമാണ്.

സംഭവം സംബന്ധിച്ചു കോട്ടയം വാഴൂര്‍ പുളിക്കല്‍ക്കവല സ്വദേശിയായ യുവാവിനെ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റ അഞ്ചുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി എത്തിയിരുന്നു.

CPM State Conference :: In Depth >>

മുഖ്യമന്ത്രി വി.എസ്. പ്രസംഗിക്കുമ്പോഴാണു സംഭവങ്ങളുടെ തുടക്കം. പ്രസംഗം തുടങ്ങി ഏറെ വൈകാതെ മഴയും തുടങ്ങി. ഇതോടെ നെഹ്റു സ്റ്റേഡിയം നിറഞ്ഞുനിന്ന പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഒഴിഞ്ഞുപോയി. ഒരുസംഘം ആവേശത്താല്‍ മുദ്രാവാക്യം വിളിച്ചു കൊടികള്‍ വീശി. ചിലര്‍ വി.എസിന്റെ കട്ടൌട്ടുകള്‍ ഏന്തിയിരുന്നു. പ്രവര്‍ത്തകരുടെ ആവേശം ഉള്‍ക്കൊണ്ട്, മഴ വകവയ്ക്കാതെ ഭരണനേട്ടങ്ങളെക്കുറിച്ചു വി.എസ്. പ്രസംഗം തുടരുമ്പോള്‍ പ്രവര്‍ത്തകരില്‍ ചിലര്‍ ആകാശത്തേക്കു കുപ്പികള്‍ വലിച്ചെറിഞ്ഞു. ഒരുസംഘം മുദ്രാവാക്യം മുഴക്കി വേദിക്കു മുന്നിലുമെത്തി. ഇതിനിടെ, മഴ ശക്തമായതോടെ വി.എസ്. പ്രസംഗം നിര്‍ത്തുകയാണെന്നറിയിച്ചു.

വി.എസ്. വേദി വിട്ടതോടെ മഴയത്തു പ്രസംഗപീഠത്തിലെത്തിയ പിണറായി വിജയന്‍ മൈക്കിലൂടെ പൊട്ടിത്തെറിക്കുകയായിരുന്നു:

‘ഇവിടെ നടക്കുന്നത് ഉഷ ഉതുപ്പിന്റെ ഗാനമേളയല്ല. ഇതു സിപിഎമ്മിന്റെ സമ്മേളനമാണ്. സാധാരണഗതിയില്‍ പാലിക്കേണ്ട മര്യാദകള്‍ കാണിച്ചിട്ടില്ല. എന്തു തോന്ന്യാസവും നടത്തേണ്ടവരല്ല പാര്‍ട്ടി സഖാക്കള്‍. സമ്മേളനം അലങ്കോലപ്പെടുത്തുകയല്ലേ നിങ്ങള്‍ ചെയ്തത്? കുറച്ചു വഷളന്മാര്‍ കൂടി വഷളത്തരമാണു കാണിച്ചത്. പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണിത്. എന്തു തോന്ന്യാസവും കാണിക്കാമെന്നാണോ? ഇവിടെ ആദരണീയനായ വി.എസ്. പ്രസംഗിക്കുമ്പോള്‍ സംസാരത്തിനു തടസ്സമുണ്ടാക്കുകയല്ലേ ചെയ്തത്? കള്ളുകുടിയന്റെ ആവേശമല്ല, കമ്യൂണിസ്റ്റുകാരന്റെ ആവേശമാണു കാണിക്കേണ്ടത്; അകത്തുള്ള കള്ളിനെ പുറത്തെടുക്കലല്ല. ഇങ്ങനെയാണോ സമ്മേളനം നടത്തേണ്ടത്? ബഹളംവയ്ക്കലാണോ ഇതിന്റെ രീതി? പത്തുപതിനഞ്ച് ആളുകള്‍ വന്ന് എന്തു തോന്ന്യാസവും കാണിക്കാമെന്നാണോ? നിങ്ങള്‍ക്ക് എന്ത് അസംബന്ധവും കാണിക്കാനുള്ള വേദിയാണോ കമ്യൂണിസ്റ്റുകാരന്റെ ഈ വേദി? വി.എസ്. പ്രസംഗിക്കുമ്പോള്‍ ഒരാള്‍ കുപ്പിയെടുത്തു വേദിയിലേക്കെറിഞ്ഞു.

അച്ചടക്കമാണോ ഇത്? അകത്തെ കള്ളിന്റെ വീര്യം പുറത്തുകാണിക്കരുത്. ഇങ്ങനെയൊരു സമ്മേളനമാകുമ്പോള്‍ പല തരക്കാര്‍ കടന്നുവരും. അവരെ നിയന്ത്രിക്കേണ്ടതു വോളന്റിയര്‍മാരാണ്. അണിഞ്ഞിരിക്കുന്ന ഡ്രസിന്റെ അന്തസ്സ് വോളന്റിയര്‍മാര്‍ കാണിക്കണം. നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്. ഇവിടെ മറ്റു സഖാക്കള്‍ക്കു പ്രസംഗിക്കാനുള്ള സാഹചര്യമില്ല. അതുകൊണ്ട് യോഗം ഇവിടെ നിര്‍ത്തുകയാണ് – പിണറായിയുടെ ശാസന കടുത്ത ശബ്ദത്തിലായിരുന്നു.

പിണറായിയുടെ ശാസനയ്ക്കിടെ റെഡ് വോളന്റിയര്‍മാര്‍ വേദിക്കു താഴെ ബഹളമുണ്ടാക്കിയവരെ കൈകാര്യം ചെയ്തു. പ്രവര്‍ത്തകരെ അടിക്കുകയും തള്ളിമാറ്റുകയും ചെയ്തപ്പോള്‍ തിരിച്ചും അടിവീണു. കൊടിക്കമ്പുകൊണ്ടാണു പ്രവര്‍ത്തര്‍ക്ക് അടിയേറ്റത്. വേദിക്കു താഴെ സംഘര്‍ഷം അരങ്ങേറുമ്പോള്‍ നേതാക്കള്‍ വേദിവിട്ടു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തേ പോയിരുന്നു. പിബി അംഗങ്ങളായ ആര്‍. ഉമാനാഥ്, എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരും സി.എസ്. സുജാത എംപി അടക്കമുള്ള നേതാക്കളും വേദിയില്‍ നിന്നിറങ്ങി.

ഇതിനിടെ, വേദിയിലെ വൈദ്യുതി ബന്ധമറ്റു. അതിനുശേഷമാണു കോട്ടയത്തെ നേതാക്കളോടൊപ്പം പിണറായി വിജയന്‍ വേദിയില്‍ നിന്നു പോയത്. സമ്മേളനം അലങ്കോലപ്പെട്ടതോടെ നന്ദിപ്രകാശനം പോലും നടത്താന്‍ കഴിയാതെ പിരിയുകയായിരുന്നു.

പൊതുസമ്മേളനത്തിന്റെ തുടക്കംമുതല്‍ വി.എസ്. അച്യുതാനന്ദന്റെ പേരു മൈക്കിലൂടെ കേട്ടപ്പോഴെല്ലാം സ്റ്റേഡിയത്തില്‍ ഒരുവിഭാഗം ഇളകിമറിയുകയായിരുന്നു. സ്വാഗതപ്രസംഗത്തിലും പ്രകാശ് കാരാട്ടിന്റെയും പിണറായിയുടെയും പ്രസംഗങ്ങളിലും വി.എസിന്റെ പേരു പറഞ്ഞപ്പോള്‍ കൂറ്റന്‍ കരഘോഷവുമുയര്‍ന്നു. വി.എസ്. പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ആവേശം അണപൊട്ടി. പ്രവര്‍ത്തകര്‍ വേദിക്കു മുന്നിലേക്ക് ഇരച്ചെത്തി. ആവേശം ഏറ്റുവാങ്ങിയ നിലയില്‍ വി.എസും പ്രസംഗിച്ചു.
വി.എസിന്റെ പ്രസംഗം അഞ്ചു മിനിറ്റ് പിന്നിട്ടപ്പോഴേക്കും മഴയെത്തി. തുടര്‍ന്നായിരുന്നു ബഹളവും സംഘര്‍ഷവും. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇടപെട്ടില്ല. വേദിയിലുള്ള നേതാക്കളുടെ സുരക്ഷ മാത്രമേ പൊലീസ് നോക്കിയുള്ളൂ.

2. കോഴിക്കോട് ഐഐഎമ്മിന് എതിരായ പരാതിക്കാരനു കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വിമര്‍ശനം
ന്യൂഡല്‍ഹി: കോഴിക്കോട് ഐഐഎമ്മിനെതിരെ പരാതിയുമായെത്തിയ വിദ്യാര്‍ഥിക്കു കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വിമര്‍ശനം. സ്ഥാപനത്തിലെ ഒരു വിസിറ്റിങ് അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയമേത്, അദ്ദേഹത്തിന്റെ സ്ഥിരം ജോലിയെന്ത്, സ്ഥാപനത്തിന്റെ ഫണ്ടിങ് എങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ 48 മണിക്കൂറിനകം വിവരം നല്‍കണമെന്നാവശ്യപ്പെട്ടു സമീപിച്ച ഡല്‍ഹി സ്വദേശി രവികുമാറിന്റെ നടപടി വിചിത്രമാണെന്നു കമ്മിഷന്‍ നിരീക്ഷിച്ചു.വിവരം തേടുന്നയാളിന്റെയോ മറ്റാരുടെയെങ്കിലുമോ ജീവനോ സ്വാതന്ത്യ്രത്തിനോ ഭീഷണിയുള്ളപ്പോഴാണു 48 മണിക്കൂറിനകം വിവരം തേടേണ്ടത്.

നിര്‍ദിഷ്ട സമയത്തിനകം വിവരം ലഭിക്കാതെ വന്നപ്പോള്‍ സ്ഥാപനത്തിലെ തന്നെ ഉന്നതസമിതിയെ പരാതിക്കാരന്‍ സമീപിച്ചില്ല. സ്ഥാപനത്തെ അപമാനിക്കാനും അനാവശ്യ സമ്മര്‍ദത്തിലകപ്പെടുത്താനുമാണു പരാതിക്കാരന്റെ ശ്രമമെന്നു കമ്മിഷണര്‍ ഒ.പി. കേസരിവാള്‍ നിരീക്ഷിച്ചു. വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു 34 അപേക്ഷകളാണു പിജി ഡിപ്ലോമ വിദ്യാര്‍ഥിയായ രവികുമാര്‍ സമര്‍പ്പിച്ചിരുന്നത്.

3. പുനര്‍നിര്‍ണയം: പല പ്രമുഖര്‍ക്കും കുത്തക മണ്ഡലങ്ങള്‍ നഷ്ടമാകും
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു. രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അനുമതി നല്‍കി ഗസറ്റ് വിജ്ഞാപനം വരുന്നതോടെ പുനര്‍നിര്‍ണയം നിയമമാകും; അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ ലോക്സഭാ – നിയമസഭാ മണ്ഡല ഭൂപടം മാറുകയും ചെയ്യും. പല പ്രബല രാഷ്ട്രീയ നേതാക്കളുടെയും കുത്തക മണ്ഡലങ്ങള്‍ നഷ്ടപ്പെടുന്നതോടെ രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റം വരും.

ഇതിനിടെ, പുനര്‍നിര്‍ണയം നടപ്പാകുന്നതുവരെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു വൈകിക്കുന്നതിനെക്കുറിച്ചു യുപിഎയും പ്രതിപക്ഷ സഖ്യമായ എന്‍ഡിഎയുമായി ചര്‍ച്ചനടക്കുകയാണ്. കര്‍ണാടകയ്ക്കു പിന്നാലെ മധ്യപ്രദേശ്, ഡല്‍ഹി, ജമ്മു-കശ്മീര്‍, ഛത്തീസ്ഗഡ് നിയമസഭകളിലേക്കും ഈ വര്‍ഷമാണു തിരഞ്ഞെടുപ്പ്.

ജനസംഖ്യയ്ക്ക് ആനുപാതികമായാണ് ജസ്റ്റിസ് കുല്‍ദീപ് സിങ് അധ്യക്ഷനായ പുനര്‍നിര്‍ണയ കമ്മിഷന്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചത്. അടുത്ത പൊതുതിരഞ്ഞെടുപ്പ് പുതുക്കിയ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. മണ്ഡല പുനര്‍നിര്‍ണയ റിപ്പോര്‍ട്ട് ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ചിരുന്നു. അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ 19 ലോക്സഭാ മണ്ഡലങ്ങളില്‍ മാത്രമാണു പുനര്‍നിര്‍ണയം തല്‍ക്കാലം മാറ്റിവച്ചിരിക്കുന്നത്. 2001ലെ ജനസംഖ്യാ കണക്കെടുപ്പു സംബന്ധിച്ച തര്‍ക്കം കാരണമാണിത്.

തങ്ങള്‍ക്കു പ്രാമുഖ്യമുള്ള മണ്ഡലങ്ങളില്‍ മാറ്റം വരുന്നതു ജയസാധ്യതയെ സ്വാധീനിക്കുമെന്നതിനാല്‍ ഭരണപക്ഷത്തെ ആര്‍ജെഡി അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍, കമ്മിഷന്‍ ശുപാര്‍ശകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ത്തന്നെ പ്രാബല്യത്തില്‍ വരുത്തണമെന്നായിരുന്നു എന്‍സിപി, ഡിഎംകെ, ഇടതു കക്ഷികള്‍ എന്നിവയുടെ നിലപാട്. പുനര്‍നിര്‍ണയം ചെയ്ത മണ്ഡലങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംവരണ മണ്ഡലങ്ങളിലും മാറ്റം വരുന്നതോടെ പല പ്രബല രാഷ്ട്രീയ നേതാക്കള്‍ക്കും തങ്ങളുടെ കുത്തക മണ്ഡലങ്ങള്‍ വിട്ടു മറ്റിടങ്ങളില്‍ ശക്തി പരീക്ഷിക്കേണ്ടിവരും. സംവരണ മണ്ഡലങ്ങളുടെ എണ്ണവും വര്‍ധിക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി ശിവ്രാജ് പാട്ടീലിന്റെ ലത്തൂര്‍ (മഹാരാഷ്ട്ര) പട്ടികജാതി സംവരണ മണ്ഡലമാകും. സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് പത്തുതവണ തന്നെ ലോക്സഭയിലെത്തിച്ച ബോല്‍പൂര്‍ (ബംഗാള്‍) വിട്ടുകൊടുക്കേണ്ടിവരും. യുപിയില്‍ രാജ് ബബ്ബര്‍ (ആഗ്ര), ജിതിന്‍ പ്രസാദ (ഷാജഹാന്‍പൂര്‍) എന്നീ എംപിമാര്‍ക്കും ഇതുതന്നെ സ്ഥിതി. ആര്‍ജെഡി ശക്തികേന്ദ്രമായ പട്ന രണ്ടായി മുറിയും – പാടലീപുത്രയും പട്നാസാഹിബും. ലാലുപ്രസാദ് യാദവിന്റെ ഭാര്യാസഹോദരന്‍ സാധു യാദവിനു പുതിയ മണ്ഡലം കണ്ടെത്തണം. അദ്ദേഹത്തിന്റെ മണ്ഡലമായ ഗോപാല്‍ഗഞ്ച് പട്ടികജാതി സംവരണമാകും.

4. ലാലു വിരുദ്ധ പ്രതിഷേധം: അക്രമത്തില്‍ റിസര്‍വേഷന്‍ മുടങ്ങി
ബാംഗൂര്‍: റയില്‍വേ നിയമനങ്ങളിലെ സംവരണം സംബന്ധിച്ചു മന്ത്രി ലാലു പ്രസാദ് യാദവ് കന്നഡിഗര്‍ക്കെതിരെ നടത്തിയതെന്നു പറയപ്പെടുന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം വ്യാപകമാകുന്നു. ഇന്നലെ ബാംഗൂര്‍ നഗരമധ്യത്തിലെ കന്റോണ്‍മെന്റ് സ്റ്റേഷനിലെ റിസര്‍വേഷന്‍ കൌണ്ടര്‍ കര്‍ണാടക രക്ഷണവേദി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കോറമംഗലയിലെ റിസര്‍വേഷന്‍ കൌണ്ടറിനു നേരെയും ആക്രമണമുണ്ടായി.

കൌണ്ടറുകളുടെ പുനര്‍നിര്‍മാണം കഴിയും വരെ ഇനി ഇവിടെ റിസര്‍വേഷന്‍ ഉണ്ടാകില്ല. സാധാരണ വന്‍ തിരക്കുണ്ടാകാറുള്ള കൌണ്ടറുകളാണു കന്റോണ്‍മെന്റ് സ്റ്റേഷനിലേത്. വേനലവധി വരുന്നതിനാല്‍ പതിവില്‍ കവിഞ്ഞ തിരക്കുമുണ്ട്. കൌണ്ടറുകള്‍ അടച്ചതോടെ ആയിരക്കണക്കിനു യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നഗരത്തിലെ മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സാധാരണ നിലയില്‍ തിരക്കു കുറവായ എംജി റോഡ് റിസര്‍വേഷന്‍ കൌണ്ടറില്‍ ഇന്നലെ ഇതുമൂലം വന്‍ തിരക്കായിരുന്നു.

ലാലുവിരുദ്ധ മുദ്രാവാക്യം മുഴക്കിയാണു കന്നഡ രക്ഷണവേദി പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയത്. കണ്ണാടിമറകളും കംപ്യൂട്ടര്‍ ഡിസ്പ്ളേകളും മറ്റും തല്ലിത്തകര്‍ത്തു. റിസര്‍വേഷന്‍ സംവിധാനവും ഇതുമൂലം താറുമാറായി. യാത്രക്കാരുടെ വിശ്രമസ്ഥലത്തെ ഫര്‍ണിച്ചറും മറ്റും തകര്‍ക്കപ്പെട്ടു. അക്രമികളെ പിന്തുടര്‍ന്ന പൊലീസ് പത്തോളം പേരെ പിടികൂടി. ബുധനാഴ്ച രക്ഷണവേദി പ്രവര്‍ത്തകര്‍ മജസ്റ്റിക്കിലുള്ള റയില്‍വേ ബാംഗൂര്‍ ഡിവിഷനല്‍ ഓഫിസ് ആക്രമിക്കുകയും ഡിവിഷനല്‍ മാനേജരുടെ കാര്യാലയം തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇൌ സംഭവത്തില്‍ രക്ഷണവേദിയുടെ മൂന്നു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ ഇനിയും പിടികൂടാനുണ്ട്.

ലാലു മാപ്പു പറയും വരെ പ്രക്ഷോഭം തുടരുമെന്നു കന്നഡ രക്ഷണ വേദി പ്രസിഡന്റ് നാരായണ ഗൌഡ അറിയിച്ചു. ഷിമോഗ, ബല്‍ഗാം, ചാമരാജ്നഗര്‍, ഗദഗ് എന്നിവിടങ്ങളിലും ലാലുവിനെതിരെ വ്യാപകമായ പ്രതിഷേധ പ്രകടനമുണ്ടായി. ചാമരാജ്നഗറില്‍ ലാലുവിന്റെ ശവകുടീരമൊരുക്കിയായിരുന്നു പ്രകടനം. പലയിടത്തും കോലവും കത്തിച്ചു.

5. 15,200 കോടി ഡോളര്‍ പാക്കേജിനു ബുഷിന്റെ അംഗീകാരം
വാഷിങ്ടണ്‍: ഭവന വായ്പാ പ്രതിസന്ധിയെത്തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 15,200 കോടി ഡോളറിന്റെ (ആറു ലക്ഷത്തോളം കോടി രൂപ) സാമ്പത്തിക പാക്കേജ് അടങ്ങുന്ന ബില്ലില്‍ (ഇക്കണോമിക് സ്റ്റിമുലസ് ആക്ട് 2008) യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ഒപ്പിട്ടു.

പാക്കേജ് പ്രകാരം ആദായനികുതിദായകരും പാവപ്പെട്ടവരുമായ 13 കോടി അമേരിക്കന്‍ പൌരന്‍മാര്‍ക്ക് ഇൌ മേയ് മുതല്‍ ടാക്സ് റിബേറ്റ് ചെക്കുകള്‍ ലഭിക്കും. പുതിയ പ്ലാന്റുകളിലും യന്ത്രസാമഗ്രികളിലും മൂലധനം മുടക്കുന്ന വ്യവസായ – ബിസിനസ് സ്ഥാപനങ്ങള്‍ക്കു നിശ്ചിത കാലയളവിലേക്കു നികുതി അവധിക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്.

യുഎസ് സമ്പദ് വ്യവസ്ഥയുടെ ഭാവിയില്‍ അമേരിക്കന്‍ പൌരന്‍മാര്‍ക്കു കടുത്ത ആശങ്കയുണ്ട്. തുടര്‍ച്ചയായ ആറു വര്‍ഷത്തെ വളര്‍ച്ചയ്ക്കുശേഷം സാമ്പത്തികരംഗം ഇപ്പോള്‍ തളര്‍ച്ചയിലാണ്. ഇൌ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കു കരുത്തു പകരും. അമേരിക്കന്‍ പൌരന്‍മാരുടെ കയ്യില്‍ കൂടുതല്‍ പണമെത്തും – ഡമോക്രാറ്റ് നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലില്‍ ഒപ്പിട്ട ശേഷം ബുഷ് അറിയിച്ചു.

സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ അമിതവും വൈകാരികവുമായ പ്രതികരണം പാടില്ലെന്നു ബുഷ് പറഞ്ഞു. വാഷിങ്ടണ്‍ ഡിസിയിലിരുന്നു ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ ബുദ്ധികൊണ്ടു മാത്രമല്ല അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഇത്രയും വളര്‍ന്നത്. അത് അമേരിക്കന്‍ ജനതയുടെ കൂട്ടായ ബുദ്ധിയും പ്രവര്‍ത്തനവുംകൊണ്ടാണ്.

സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകള്‍ക്കു പുറമേ കോര്‍പറേറ്റ് സാമ്പത്തിക കുംഭകോണങ്ങള്‍, ഭീകരാക്രമണം, ആഗോള യുദ്ധങ്ങള്‍ എന്നിവയെയൊക്കെ അതിജീവിച്ചാണു യുഎസ് സമ്പദ് വ്യവസ്ഥ വളര്‍ന്നത്. ഇനിയും വന്‍തോതില്‍ വളരാനുള്ള ശക്തി അതിനുണ്ടെന്നു ബുഷ് ചൂണ്ടിക്കാട്ടി.

6. സമാധാനത്തെക്കാള്‍ സൈന്യത്തിന് 228 ഇരട്ടി ചെലവ്
വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേനയ്ക്കായി ചെലവഴിച്ചതിനെക്കാള്‍ 228 ഇരട്ടി തുക സൈനികാവശ്യങ്ങള്‍ക്കായി ലോക രാഷ്ട്രങ്ങള്‍ ചെലവിട്ടതായി വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ലോകത്തിന്റെ സൈനിക ബജറ്റ് 2006ല്‍ 1,23,200 കോടി ഡോളറായിരുന്നു. 2007 ജൂലൈ മുതല്‍ 2008 ജൂണ്‍ വരെ സമാധാന സേനയുടെ ചെലവ് 700 കോടി ഡോളറാകുമെന്നാണു സൂചന. മുന്‍വര്‍ഷം ഇത് 560 കോടി ഡോളര്‍ മാത്രമായിരുന്നു.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w