പത്രവാര്‍ത്തകള്‍ 14-02-08

 ചിത്രത്തിന് കടപ്പാട്

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. വികസനത്തിന് കര്‍മപരിപാടി സര്‍ക്കാരിന് മാര്‍ഗരേഖ
കോട്ടയം: എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് ഐശ്വര്യസമ്പൂര്‍ണമായ കേരളം സൃഷ്ടിക്കുന്നതിന് കര്‍മപരിപാടി നടപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാനസമ്മേളനം പ്രഖ്യാപിച്ചു. കാര്യക്ഷമമായും സമയബന്ധിതമായും യോജിപ്പോടെയും ഈ പരിപാടി നടപ്പാക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ അനുഭവം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വികസനത്തിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും സമഗ്രമായ മാര്‍ഗരേഖ അടിയന്തരമായി തയ്യാറാക്കാനും സമ്മേളനം തീരുമാനിച്ചു.

ജനപക്ഷത്തുനിന്ന് ബദല്‍നയങ്ങള്‍ മുന്നോട്ടുവച്ച് സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ വിറളിപൂണ്ട സ്ഥാപിതതാല്‍പ്പര്യക്കാരും ജാതിമതശക്തികളും രണ്ടാം വിമോചനസമരം സ്വപ്നംകാണുകയാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സമഗ്രപുരോഗതിക്കും സാംസ്കാരികമുന്നേറ്റത്തിനും തടസ്സം സൃഷ്ടിക്കുന്ന ഈ നീക്കം പ്രതിരോധിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും രംഗത്തുവരണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു. കേരളത്തെ പുറകോട്ടുവലിക്കാന്‍ ഈ പിന്തിരിപ്പന്‍ ശക്തികളെ അനുവദിക്കില്ലെന്ന് സമ്മേളനം പ്രഖ്യാപിച്ചു. 21 മാസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെങ്കിലും തിരുത്തേണ്ട പല പോരായ്മകളുമുണ്ട്. ദൌര്‍ബല്യങ്ങള്‍ തിരുത്തി കൂടുതല്‍ കാര്യക്ഷമവും ജനക്ഷേമകരവുമായ വികസനോന്മുഖ നയം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് സമ്മേളനം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഡോ. ടി എം തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്.

ധനകാര്യമേഖലയില്‍ ഇടതുപക്ഷ ബദല്‍ സമീപനത്തിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. രണ്ടുവര്‍ഷത്തിനുള്ളില്‍ റെവന്യുവരുമാനം ഗണ്യമായി ഉയര്‍ത്തുന്നതിനും കമ്മി കുറയ്ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. 2010ഓടെ ദൈനംദിന ചെലവുകള്‍ക്ക് വായ്പയെടുക്കേണ്ട ആവശ്യമില്ലാതെവരും. വിദേശ വായ്പകളെ കൂടുതല്‍ ആശ്രയിക്കണമെന്ന നിലപാട് തിരുത്തി ധനകാര്യമേഖലയില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്യ്രം നല്‍കണം.

കെടുകാര്യസ്ഥതയും അഴിമതിയും ഇല്ലാതാക്കി ജനസേവകരെന്ന മനോഭാവം ഉള്‍ക്കൊള്ളാനും അഴിമതിവിമുക്തമായ സിവില്‍സര്‍വീസ് സൃഷ്ടിക്കുന്നതിനും സമ്മേളനം ജീവനക്കാരെ ആഹ്വാനംചെയ്തു. നായനാര്‍ സര്‍ക്കാരിന്റെകാലത്ത് മുന്നോട്ടുവച്ച ഭരണപരിഷ്കാര നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണം.

സംസ്ഥാനത്തിന്റെ വികസനത്തിന് നിക്ഷേപസൌഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും സഹകരിക്കണം. ആഗോളവല്‍ക്കരണത്തിന്റെയും മറ്റും സ്വാധീനത്തില്‍ നിയമംലംഘിച്ച് കുറുക്കുവഴികളിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയയെപ്പോലുള്ള സംഘങ്ങള്‍ക്കെതിരെ കര്‍ശനനിലപാട് സ്വീകരിക്കണം. വിവാദങ്ങളുടെ പുകമറസൃഷ്ടിച്ച് നേട്ടങ്ങള്‍ മറച്ചുപിടിക്കുന്നതിനുള്ള നിക്ഷിപ്ത താല്‍പ്പര്യം ഒരളവുവരെ വിജയിച്ചിട്ടുണ്ട്. എച്ച്എംടി ഭൂമി വിവാദത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. കേരളത്തിലെ നിക്ഷേപകരെ അകറ്റുന്നതിനായി ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വികസനവിരുദ്ധ താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണം.

സംസ്ഥാനത്ത് നിക്ഷേപസൌഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് സമേളനം അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് മുതല്‍മുടക്കാന്‍ ധാരാളം നിക്ഷേപകര്‍ മുന്നോട്ടുവന്നിട്ടുണ്ട്. സംസ്ഥാന താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ച് നിക്ഷേപങ്ങള്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കണം.നിലവിലുള്ള അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് തീര്‍പ്പാക്കണം. നിക്ഷേപകരെ അകറ്റുംവിധം വിവാദപുകമറ സൃഷ്ടിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് അനുഗുണമല്ലെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

പരിമിതികള്‍ക്കുള്ളില്‍നിന്ന് ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം ഉയര്‍ന്ന് ഇടതുപക്ഷ ബദലുകള്‍ പ്രായോഗികമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷിക-വ്യാവസായിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലും ക്രമസമാധാനപാലനത്തിലും മറ്റും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ സര്‍ക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.

2. ഭൂമിവില്‍പ്പന അംഗീകരിച്ച് കേന്ദ്രമന്ത്രിയുടെ കത്ത്
തിരു: കളമശേരിയിലെ 70 ഏക്കര്‍ ഭൂമി വിറ്റതു സംബന്ധിച്ച് എച്ച്എംടിയുടെ നിലപാട് അംഗീകരിച്ച് കേന്ദ്ര വന്‍കിട വ്യവസായ-പൊതുമേഖലാ മന്ത്രി സന്തോഷ് മോഹന്‍ദേവ് വ്യവസായമന്ത്രി എളമരം കരീമിന് കത്തയച്ചു.

ഭൂമിവില്‍പ്പനയെക്കുറിച്ച് കേന്ദ്രഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ക്രമക്കേടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എളമരം കരീം സന്തോഷ് മോഹന്‍ദേവിന് എഴുതിയിരുന്നു. ഇതിനുള്ള മറുപടിയായാണ് എച്ച്എംടിയുടെ നിലപാടുകള്‍ ശരിവച്ച് കേന്ദ്രമന്ത്രി കത്തയച്ചത്.

ഭൂമിവില്‍പ്പന ന്യായീകരിച്ച് എച്ച്എംടി മാനേജ്മെന്റ് പുറപ്പെടുവിച്ച പത്രക്കുറിപ്പു സഹിതമാണ് കേന്ദ്രമന്ത്രി സംസ്ഥാനത്തിന് മറുപടി അയച്ചത്. സംസ്ഥാനം ആരാഞ്ഞ കാര്യങ്ങള്‍ക്ക് ഈ പത്രക്കുറിപ്പ് വ്യക്തമായ ഉത്തരമാകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. തങ്ങള്‍ക്ക് സ്വതന്ത്രമായ ക്രയവിക്രയാവകാശമുള്ള ഭൂമിയാണ് വിറ്റതെന്നും നടപടിക്രമങ്ങള്‍ പാലിച്ച് കേന്ദ്രാനുമതിയോടെയാണ് വില്‍പ്പനയെന്നും എച്ച്എംടി പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ഭൂപരിഷ്കരണനിയമത്തിന്റെ പരിധിയില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ 100 ഏക്കറില്‍നിന്നാണ് വിറ്റത്. 1973ല്‍ സ്വതന്ത്ര ക്രയവിക്രയാവകാശത്തോടെ തങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടുണ്ടെന്നും എച്ച്എംടി അവകാശപ്പെട്ടിരുന്നു.

ബാധ്യത തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റിയോട 2004ല്‍ യൂക്കോബാങ്കില്‍നിന്ന്് വായ്പ എടുത്തതായും ഒരുവര്‍ഷത്തിനകം അധികഭൂമി വിറ്റ് വായ്പ തിരിച്ചടയ്ക്കുമെന്ന ഉറപ്പിലാണ് കേന്ദ്രം ഗ്യാരന്റി നിന്നതെന്നും എച്ച്എംടി കത്തില്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നെന്ന നിലയിലാണ് സന്തോഷ് മോഹന്‍ ദേവിന്റെ മറുപടി.

3.  ബെന്‍സിയോട് ചാനലുകളുടെ ക്രൂരത
തിരു: എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എച്ച്ഐവി ബാധിതയായ പെണ്‍കുട്ടി ബെന്‍സി മരിച്ചതായി ടിവി ചാനലുകളില്‍ ഫ്ളാഷ്. എയ്ഡ്സ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതോടെ അനാഥരായി കേരളത്തിന്റെ കണ്ണു നനയിച്ച ബെന്‍സിയോടും ബെന്‍സനോടും ഇവരുടെ ഏക ആശ്രയമായ അമ്മൂമ്മയോടുമാണ് ദൃശ്യമാധ്യമങ്ങള്‍ ബുധനാഴ്ച ഈ ക്രൂരത കാണിച്ചത്.

രാവിലെ പതിനൊന്നരയോടെയാണ് ബെന്‍സി മരിച്ചതായി ഒരു ചാനലില്‍ ഫ്ളാഷ് വന്നത്. പിന്നാലെ മറ്റ് ചാനലുകളും ഏറ്റുപിടിച്ചു. ആവേശം കയറി ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ലൈവ് നല്‍കാനും മടിച്ചില്ല. ‘എസ്്എടി ആശുപത്രിയില്‍ അല്‍പ്പംമുമ്പാണ് ബെന്‍സി മരിച്ചത്’ എന്നായിരുന്നു ലൈവ്. ചാനല്‍ പ്രതിനിധികളും ഫേട്ടോഗ്രാഫര്‍മാരും എസ്എടിയിലേക്കു കുതിച്ചു. എന്നാല്‍, ബെന്‍സി അമ്മൂമ്മയ്ക്കും ബെന്‍സനുമൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.

‘മരണവാര്‍ത്ത’ നല്‍കി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരണവിവരം ആശുപത്രി അധികൃതര്‍ നിഷേധിച്ചെന്നായിരുന്നു ഒരു ചാനലിലെ ഫ്ളാഷ് പ്രയോഗം. തങ്ങളുടെ ക്രൂരത ആശുപത്രി അധികൃതരുടെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു ശ്രമം.

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി അധികൃതര്‍ പത്രസമ്മേളനം വിളിച്ച് ബെന്‍സിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. ദിവസവും ബെന്‍സിയുടെ ആരോഗ്യനിലയെക്കുറിച്ച് പത്രക്കുറിപ്പ് ഇറക്കാമെന്ന് പ്രോജക്ട് ഡയറക്ടറും ആരോഗ്യവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുമായ ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. ഒമ്പതു മാസംകൊണ്ട് ബെന്‍സിയുടെ ഭാരം 26 കിലോയില്‍നിന്ന് 16 കിലോയായി കുറഞ്ഞതാണ് ഡോക്ടര്‍മാരെ കുഴക്കുന്നത്. ആന്റി റിട്രോവൈറല്‍ ചികിത്സ ഫലപ്രദമാകുന്നുണ്ടോ എന്നറിയാന്‍ രക്തസാമ്പിള്‍ വിദഗ്ധപരിശോധനയ്ക്ക് ചെന്നൈയിലേക്കും മുംബൈയിലേക്കും അയച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഫലം ലഭിക്കും. പിന്നീടേ വിദഗ്ധചികിത്സ തീരുമാനിക്കാനാകൂ. പന്ത്രണ്ടുകാരിയായ ബെന്‍സിക്ക് മറ്റു രോഗങ്ങളൊന്നുമില്ലെന്ന് ശിശുരോഗവിഭാഗം മേധാവി പ്രൊഫ. ലളിത കൈലാസ് പറഞ്ഞു.

ബെന്‍സി വല്ലാതെ നിരാശയായതിനാല്‍ കൌണ്‍സലിങ് നല്‍കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ഭക്ഷണം കഴിക്കാന്‍ തുടങ്ങി. വീട്ടിലേക്കു പോകണമെന്നാണ് ബെന്‍സിയും മുത്തശ്ശിയും പറയുന്നത്. 2003 മുതല്‍ കുട്ടികള്‍ എസ്എടിയില്‍ ചികിത്സയിലാണ്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് 2004 മുതല്‍ കുട്ടികള്‍ക്കായി മാസം 5000 രൂപയുടെ പോഷകാഹാരം നല്‍കുന്നുണ്ട്. മരുന്ന് സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്നു. കൊല്ലം കലക്ടര്‍ ഇടപെട്ട് കുട്ടികളെ നോക്കാന്‍ ഹോംനേഴ്സിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ വാഹനത്തിലാണ് ആശുപത്രിയിലേക്കു കൊണ്ടുവരുന്നത്. എല്ലാ പോഷകങ്ങളുമടങ്ങിയ ഭക്ഷണവും വാങ്ങിക്കൊടുക്കുന്നുണ്ട്.

എസ്എടി സൂപ്രണ്ട് സുല്‍ഫിക്കര്‍, ആന്റി റിട്രോവൈറല്‍ ചികിത്സ നോഡല്‍ ഓഫീസര്‍ പ്രൊഫ. ജയകുമാര്‍, ഡോ. റീത്താ ക്രോസ്, ടി വി വേലായുധന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

4. പാലിന്റെ വര്‍ധിപ്പിച്ച വിലയില്‍ പകുതി ക്ഷീരകര്‍ഷകന്
തിരു: പാലിന്റെ വര്‍ധിപ്പിച്ച വിലയില്‍ പകുതി കര്‍ഷകര്‍ക്ക് നല്‍കും. വര്‍ധിപ്പിച്ച രണ്ടുരൂപയില്‍ ഒരുരൂപ ക്ഷീരകര്‍ഷകന് നേരിട്ട് നല്‍കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. അവശേഷിക്കുന്ന ഒരു രൂപയില്‍ 50 പൈസ പാലിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സഹകരണസംഘങ്ങള്‍ 0.05 രൂപ, ഏജന്റ് കമീഷന്‍ 0.06 രൂപ, ക്ഷേമനിധി 0.09 രൂപ, മില്‍മ 0.30 ക്രമത്തിലാണ് വിഭജനം നടത്തിയിട്ടുള്ളത്. വര്‍ധിപ്പിച്ച വിലയില്‍ ഒരു രൂപ പാലിന്റെ പരിശോധന കൂടാതെ ക്ഷീരകര്‍ഷകന് നല്‍കണം. ഇപ്രകാരം ഏതെങ്കിലും സഹകരണസംഘം ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാതെവന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും.

ഈ ആനുകൂല്യം ക്ഷീരകര്‍ഷകന് ലഭ്യമാക്കാന്‍ ജില്ലകളിലെ ഡെയറി ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അര്‍ഹതപ്പെട്ട വിഹിതം ക്ഷീരകര്‍ഷകന് ലഭിക്കാതെ വന്നാല്‍ ഡെയറി ഡയറക്ടറെ വിവരമറിയിക്കണം. ഫോണ്‍: 0471-2445799, 9447477799.

5. പൊലീസ്സ്റ്റേഷനില്‍ യുവാവ്
മരിച്ച കേസില്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം
കൊച്ചി: കീഴ്വായ്പുര്‍ പൊലീസ്സ്റ്റേഷനില്‍ യുവാവ് മരിച്ച കേസില്‍ സിബിഐ അന്വേഷണത്തിനും ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. 1999 ജൂണ്‍ 30ന് മല്ലപ്പള്ളി സ്വദേശി മോഹനന്‍ മരിച്ച സംഭവത്തിലാണ് ജസ്റ്റിസ് എ കെ ബഷീറിന്റെ ഉത്തരവ്. മാല മോഷണം ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കസ്റ്റഡിയിലെടുത്തത് ജൂണ്‍ 29നാണ്.

കസ്റ്റഡിമരണത്തിന് സര്‍ക്കാരില്‍നിന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരവും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മോഹനന്റെ ഭാര്യ ശ്രീദേവി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസന്വേഷണം സിബിഐ 6 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും നഷ്ടപരിഹാരത്തുക ഒമ്പതു ശതമാനം പലിശയടക്കം നല്‍കണമന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പൊലീസിന്റെയും, കസ്റ്റഡിമരണത്തെക്കുറച്ച് മജിസ്ട്രേട്ടും നടത്തിയ അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി. കേസ്ഡയറിയും അനുബന്ധ രേഖകളും പരിശോധിച്ചപ്പോള്‍ അപാകത കണ്ടെത്തിയെന്നും കോടതി പറഞ്ഞു.

6. അധ്യാപക നിയമനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം: സുപ്രീംകോടതി
ന്യൂഡല്‍ഹി: അധ്യാപക നിയമനകാര്യത്തില്‍ വ്യവസ്ഥകള്‍ നിശ്ചയിച്ച് നിയമം കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് എല്ലാ സ്വാതന്ത്യ്രവുമുണ്ടെന്ന് സുപ്രീംകോടതി. അതേപോലെ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാനും അംഗീകാരം എടുത്തുകളയാനും സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. സര്‍ക്കാരെടുക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ കോടതികള്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഒരു ഉത്തരവിനെത്തുടര്‍ന്ന് ജോലി നഷ്ടമായ അധ്യാപിക സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ എച്ച് കെ സേമ, മാര്‍ക്കണ്ഡേയ കട്ജു എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അധ്യാപക നിയമനകാര്യത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ചട്ടങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. എന്‍സിടിഇക്ക് നിശ്ചയിക്കുന്ന മാനദണ്ഡങ്ങളേക്കാള്‍ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തിനാണ് അധികാരം. എന്‍സിടിഇക്ക് ഇത് മറികടക്കാനാവില്ല- കോടതി പറഞ്ഞു.

കേരളത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകനിയമനം പിഎസ്സി ലിസ്റ്റില്‍നിന്ന് വേണമെന്ന് കെഇആര്‍ പരിഷ്കരണ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ള പശ്ചാത്തലത്തില്‍ സുപ്രീംകോടതി വിധിക്ക് ഏറെ പ്രസക്തിയുണ്ട്.

7. യാത്രക്കൂലി ഉയര്‍ത്തില്ല ജനപ്രിയ ബജറ്റിന് ലാലു ഒരുങ്ങുന്നു
ന്യൂഡല്‍ഹി: യാത്രനിരക്കുകള്‍ ഉയര്‍ത്താതെയും ഉയര്‍ന്ന ക്ളാസുകളിലെ നിരക്കുകള്‍ യുക്തിസഹമാക്കിയും റെയില്‍വെ ബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രി ലാലുപ്രസാദ് യാദവ് തയ്യാറെടുക്കുന്നു. ട്രെയിനുകളിലെയും റെയില്‍വെ സ്റ്റേഷനുകളിലെയും സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സാധാരണ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൌകര്യങ്ങള്‍ നല്‍കാനുമായിരിക്കും ഊന്നല്‍.

വിമാന സര്‍വീസുകളുമായി മത്സരിക്കാന്‍ സെക്കന്‍ഡ് ക്ളാസ് എസി നിരക്കുകളില്‍ കുറവ് വരുത്തിയേക്കും. സ്ളീപ്പര്‍ ക്ളാസ്, ഓര്‍ഡിനറി പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് അല്ലാത്ത എക്സ്പ്രസ് ട്രെയിന്‍ എന്നിവയുടെ നിരക്കുകളിലും നാമമാത്രമായ കുറവുണ്ടായേക്കും.

റെയില്‍വെയുടെ നടത്തിപ്പുചെലവില്‍ 18 ശതമാനം ഇന്ധനത്തിനുള്ളതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ നിരക്കുകള്‍ കുറയ്ക്കാനിടയില്ല. എന്നാല്‍, ഫെബ്രുവരി 26നു മുമ്പ് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള സാധ്യത കുറവാണ്.

2006-07 സാമ്പത്തികവര്‍ഷം റെയില്‍വെ 20000 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു. നിരക്കുകളില്‍ വര്‍ധന വരുത്താതെയാണ് ഈ നേട്ടമുണ്ടാക്കിയത്. സെക്കന്‍ഡ് എസി, ഫസ്റ്റ് എസി എന്നീ ക്ളാസുകളില്‍നിന്നുള്ള വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ചരക്കുഗതാഗതത്തിലൂടെ നേടിയ അധികവരുമാനം കൊണ്ടാണ്.

സെക്കന്‍ഡ് എസി, ഫസ്റ്റ് എസി നിരക്കുകള്‍ വിമാന യാത്രക്കൂലിയേക്കാള്‍ കുറച്ചാല്‍മാത്രമേ ഈ ക്ളാസുകളില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്ന് റെയില്‍വെ കരുതുന്നു. അതനുസരിച്ചുള്ള നിരക്ക് ക്രമീകരണമാവും ഉണ്ടാവുക.

ചരക്കുഗതാഗതത്തിനുള്ള രണ്ട് അതിവേഗ ഇടനാഴികള്‍, അതിവേഗ യാത്രാ ട്രെയിനുകള്‍ക്കുവേണ്ടിയുള്ള പ്രത്യേക പാത എന്നിവയ്ക്കായി തുക നീക്കിവയ്ക്കും. അതിവേഗ ഇടനാഴികള്‍ക്കുള്ള അനുമതി സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി നല്‍കിയിട്ടുണ്ട്.

കേരളത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ച കോച്ച്ഫാക്ടറിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള തുക അനുവദിച്ചേക്കും. പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്തുതന്നെ കോച്ച്ഫാക്ടറി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് റെയില്‍വെ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള ഗേജുമാറ്റ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍ഗണന നല്‍കും. പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ക്കും മുന്‍ഗണനയുണ്ട്. പുതിയ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നതിനേക്കാള്‍ പാതകളുടെ ഗേജുമാറ്റം, ഇരട്ടിപ്പിക്കല്‍ എന്നീ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ബജറ്റില്‍ മുന്‍ഗണനയുണ്ടാവുക. സര്‍വെ പൂര്‍ത്തിയായ ചില റൂട്ടുകളില്‍ പാതനിര്‍മാണത്തിന് അനുമതി നല്‍കും.

പ്ളാറ്റ്ഫോമുകളുടെ ഉയരം വര്‍ധിപ്പിക്കല്‍, ജനറല്‍ കോച്ചുകളില്‍ കുഷ്യനുള്ള സീറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കും കൂടുതല്‍ തുക അനുവദിക്കും.

8. ബ്രിട്ടനും മാപ്പ് പറയണമെന്ന് ആവശ്യം മണ്ണിന്റെ ഉടമകളേ മാപ്പ് …
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മാറിമാറി വന്ന വെള്ളക്കാരുടെ സര്‍ക്കാരുകള്‍ ആദിമനിവാസികളോട് കാണിച്ച ക്രൂരതകള്‍ക്ക് പ്രധാനമന്ത്രി കെവിന്‍ റഡ് മൂന്നുവട്ടം ക്ഷമാപണം നടത്തി. പാര്‍ലമെന്റിന്റെ പ്രതിനിധിസഭയില്‍ സന്ദര്‍ശക ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ ആദിമനിവാസികളെ നോക്കി റഡ് ക്ഷമാപണം നടത്തിയപ്പോള്‍ സഭ ഒന്നടങ്കം എഴുന്നേറ്റുനിന്ന് ഹര്‍ഷാരവം മുഴക്കി.

പ്രധാനമന്ത്രി എന്ന നിലയിലും ഓസ്ട്രേലിയന്‍ സര്‍ക്കാരിനുവേണ്ടിയും പാര്‍ലമെന്റിനുവേണ്ടിയും ക്ഷമാപണം നടത്തിയ റഡ് രാജ്യത്തിന്റെ ആത്മാവിനുമേലുള്ള വലിയ കറ നീക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി പ്രഖ്യാപിച്ചു.

1910 മുതല്‍ 1970 വരെയുള്ള കാലത്ത് ആദിമനിവാസികളെ രക്ഷിക്കാനും പൊതുസമൂഹത്തില്‍ ലയിപ്പിക്കാനുമെന്ന പേരില്‍ സര്‍ക്കാര്‍ അച്ഛനമ്മമാരില്‍നിന്ന് പിടിച്ചുപറിച്ച് അനാഥാലയങ്ങളിലും ‘രക്ഷാ’കേന്ദ്രങ്ങളിലും അടച്ചവരും പിന്മുറക്കാരുമാണ് ഇതിനു സാക്ഷിയാകാന്‍ സഭയില്‍ എത്തിയത്. ആദിമനിവാസികളില്‍ പ്പെട്ട ഒരു ലക്ഷത്തോളം കുഞ്ഞുങ്ങളെയാണ് സര്‍ക്കാര്‍ ഉറ്റവരില്‍നിന്ന് തട്ടിയെടുത്തത്. ‘കവര്‍ന്നെടുക്കപ്പെട്ട തലമുറ’ എന്നാണ് അവര്‍ അറിയപ്പെടുന്നത്.

ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ക്ഷമാപണത്തോടെ ബ്രിട്ടനും ക്ഷമാപണം നടത്തണമെന്ന ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ആദിമനിവാസികളില്‍പ്പെട്ട കുഞ്ഞുങ്ങളെ ബന്ധുക്കളില്‍നിന്ന് കവര്‍ന്നെടുക്കുന്നതിലേക്കു നയിച്ച നയങ്ങള്‍ക്കു പിന്നില്‍ ബ്രിട്ടനായിരുന്നതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാരും മാപ്പ് പറയണമെന്ന് പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനായ ജെഫ്രി റോബര്‍ട്സണ്‍ പറഞ്ഞു. 18-ാം നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടന്‍ ഓസ്ട്രേലിയയില്‍ കൊളോണിയല്‍ വാഴ്ച ആരംഭിച്ചപ്പോള്‍ പത്തു ലക്ഷത്തോളം ആദിമനിവാസികളാണ് അവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ അവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെയാണ്.

9. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ – വി എസ് അച്യുതാനന്ദന്‍
ലോകത്തിലെതന്നെ ഏറ്റവും പ്രശസ്തവും പുരാതനവുമായ സസ്യശാസ്ത്രഗ്രന്ഥം കേരളവുമായി ബന്ധപ്പെട്ടാണല്ലോ ഉണ്ടായത്. ഔഷധസസ്യങ്ങളുടെ കാര്യത്തില്‍ അതിസമ്പന്നമായ കേരളം നൂറ്റാണ്ടുകള്‍ക്കപ്പുറം മുതലേ ലോകശ്രദ്ധയാകര്‍ഷിച്ചു. ഇട്ടി അച്ചുതന്‍ എന്ന മഹാനായ നാട്ടുവൈദ്യന്‍ തയ്യാറാക്കിയ സസ്യശാസ്ത്രഗ്രന്ഥമാണ് ഡച്ച് സസ്യശാസ്ത്രജ്ഞനായ വാന്‍ റീഡിന്റെ നേതൃത്വത്തില്‍ പരിഷ്കരിച്ച് എഡിറ്റ് ചെയ്ത് ഹോര്‍ത്തുസ് മലബറിക്കൂസ് എന്ന പേരില്‍ പന്ത്രണ്ട് വാള്യങ്ങളായി പ്രസിദ്ധപ്പെടുത്തിയത്. 1698 മുതല്‍ 1703 വരെയുള്ള കാല്‍നൂറ്റാണ്ടുകൊണ്ടാണ് മലയാളികളും മറുനാട്ടുകാരുമായ നൂറോളം വിദഗ്ധര്‍ ചേര്‍ന്ന് ആ മഹാഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്. ഇന്നും ലോകത്തെങ്ങുമുള്ള സസ്യശാസ്ത്രപഠിതാക്കള്‍ വിസ്മയാദരങ്ങളോടെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥം.

കോഴിക്കോടിനടുത്ത് ഒളവണ്ണയിലെ പൊക്കുന്നില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കഴിഞ്ഞ ദിവസം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇതോടനുബന്ധിച്ച് ബയോഡൈവേഴ്സിറ്റി ഇന്ത്യ എന്ന പേരിലുള്ള ഒരു പ്രദര്‍ശനവും ഉണ്ടായി. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മഹാനായ ഇട്ടി അച്ചുതന്റെ ഒരു സ്മാരകവും അന്ന് ഞാന്‍ ഉദ്ഘാടനംചെയ്തു. ഗാര്‍ഡനിലെ ഔഷധസസ്യ ഉദ്യാനത്തിനാണ് ഇട്ടി അച്ചുതന്റെ പേരിട്ടിരിക്കുന്നത്.

സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതിവകുപ്പിന്റെ നിയന്ത്രണത്തില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സൊസൈറ്റിയാണ് പൊക്കുന്നിലെ അതിവിശാലമായ ഉദ്യാനം നടത്തുന്നത്. 1996 ലാണ് ആരംഭിച്ചതെങ്കിലും ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ മാത്രമാണ്. കോഴിക്കോട് നഗരത്തില്‍നിന്നും പത്ത് കിലോമീറ്ററോളം അപ്പുറത്ത് പന്തീരാങ്കാവില്‍നിന്നും അല്‍പ്പം യാത്ര ചെയ്താല്‍ പൊക്കുന്നിലെത്താം. വിശാലമായ നെല്‍പ്പാടത്തോട് ചേര്‍ന്ന് ഒരു കുന്ന്. നാല്‍പ്പത് ഏക്കറോളമുള്ള ഈ കുന്നിലാണ് കേരളത്തിലെ രണ്ടാമത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി ചെയര്‍മാനായ ഇരുപത്തിരണ്ടംഗ ഗവേണിങ് ബോഡിയാണ് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ പാകത്തില്‍ സജ്ജീകരിക്കണമെന്ന് കഴിഞ്ഞ വര്‍ഷത്തെ ഗവേണിങ് ബോഡി യോഗമാണ് തീരുമാനിച്ചത്. 1991 ല്‍ സ്ഥലം അക്വയര്‍ചെയ്യുകയും 96 ല്‍ ഗാര്‍ഡന്‍ ആരംഭിക്കുകയും ചെയ്തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ല എന്ന വിമര്‍ശനമുണ്ടായിരുന്നു. ശാസ്ത്രപഠനത്തിനും ശാസ്ത്ര ടൂറിസത്തിനും അനന്തസാധ്യതയുള്ളതാണ് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്ന് മനസ്സിലാക്കി ബജറ്റില്‍ തുക വകയിരുത്താനോ കൂടുതല്‍ ഗ്രാന്റ് നല്‍കാനോ തയ്യാറായിരുന്നില്ല. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ നല്‍കുന്ന ചെറിയ ഗ്രാന്റുപയോഗിച്ച് സൊസൈറ്റിതന്നെയാണ് ഗാര്‍ഡന്‍ നടത്തിപ്പോന്നത്. ഗാര്‍ഡന്‍ ഉദ്ദേശിച്ച രീതിയില്‍ വികസിപ്പിക്കണമെങ്കില്‍ അടുത്ത അഞ്ചു കൊല്ലംകൊണ്ട് നാലു കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നും കൂടുതല്‍ തസ്തികകള്‍ അനുവദിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് ക്രമത്തില്‍ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ബൊട്ടാണിക്കല്‍ ഗാര്‍ഡനായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനെ മാറ്റണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ തുടക്കമാണിപ്പോള്‍ നടന്നുകഴിഞ്ഞത്.

മന്ത്രി എളമരം കരീം, ശാസ്ത്രസാങ്കേതിക വകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറികൂടിയായ ഡോ. ഇ പി യശോധരന്‍ എന്നിവരോടൊപ്പം ഗാര്‍ഡനിലെ വിവിധ സെക്ഷനുകള്‍ കണ്ടു. ഉഷ്ണമേഖലാ പ്രദേശത്തെ ശുദ്ധജലസസ്യമായ ആമ്പല്‍ശേഖരമാണ് ഗാര്‍ഡനിലെ പ്രധാന ആകര്‍ഷണം. പുഷ്പിക്കുന്ന ജലസസ്യങ്ങളില്‍ ഏറ്റവും പുരാതന സസ്യമാണ് ആമ്പല്‍ എന്ന് യശോധരന്‍ വിശദീകരിച്ചു. രാജ്യത്തിന്റെ വിവിധ ‘ഭാഗങ്ങളില്‍നിന്ന് കൊണ്ടുവന്ന വിവിധ വര്‍ണങ്ങളിലുള്ള ആമ്പലുകള്‍ വെവ്വേറെ ഇവിടെ വളര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആമ്പല്‍ ശേഖരമാണത്രേ ഇത്. ജലസസ്യങ്ങള്‍ക്കായി ഒരു കണ്‍സര്‍വേറ്ററിയും നേഴ്സറിയും ഇവിടെയുണ്ട്. അക്വാട്ടിക് നേഴ്സറിയില്‍ പ്രത്യേകം സജ്ജമാക്കിയ പാത്രങ്ങളില്‍ ശുദ്ധജലത്തില്‍ രാജ്യത്തിന്റെ വിവിധ ‘ഭാഗങ്ങളില്‍നിന്നുള്ള ജലസസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സഞ്ജീവനി, സര്‍പ്പഗന്ധ എന്നീ പേരിലാണ് ഔഷധത്തോട്ടങ്ങള്‍. 15 ഏക്കര്‍ സ്ഥലത്ത് സജ്ജീകരിച്ചിരിക്കുകയാണിത്. മുന്നൂറ്റിമുപ്പതിലധികം ഔഷധസസ്യങ്ങളാണ് സഞ്ജീവനിയിലുള്ളത്. സര്‍പ്പഗന്ധ എന്ന ഔഷധ നേഴ്സറിയില്‍ പതിനായിരത്തോളം ഔഷധത്തൈകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു. ബോധി എന്ന പേരില്‍ പുരാണത്തില്‍ പരാമര്‍ശിക്കപ്പെട്ട മരങ്ങള്‍, ജനകീയ എന്ന പേരില്‍ വംശനാശഭീഷണിയിലുള്ള മരങ്ങള്‍ എന്നിവയുടെ ശേഖരമുണ്ട്. നാടന്‍ വകഭേദങ്ങള്‍ക്ക് പ്രത്യേക വിഭാഗംതന്നെയുണ്ട്. മുല്ല, ബിഗോണിയ വകഭേദങ്ങള്‍, മലബാറിക്കൂസില്‍ പരാമര്‍ശിച്ചിട്ടുള്ള അപൂര്‍വ സസ്യങ്ങള്‍, പാറക്കെട്ടുകളിലെ കള്ളിച്ചെടിത്തോട്ടം, സ്കൂള്‍ കോളേജ് സിലബസില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള മ്യൂസിയം, ജലസസ്യങ്ങളുടെ ഹെര്‍ബേറിയം, നല്ലൊരു ലൈബ്രറി, സുസജ്ജമായ ഗവേഷണ ലബോറട്ടറി എന്നിവയെല്ലാം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുണ്ട്.

കേരളത്തിന്റെ പൊതുസമ്പത്തായ വനം, തണ്ണീര്‍ത്തടങ്ങള്‍, നാടന്‍ വിത്തുകള്‍, മറ്റു നാടന്‍ ജനുസ്സുകള്‍ എന്നിവയൊക്കെ സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ വികസനവും അത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതും. ഏതൊരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെയും പ്രാഥമികലക്ഷ്യം ഓരോ പ്രദേശത്തെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യങ്ങളെ സംരക്ഷിക്കുക എന്നതാണ്.

രാജ്യത്തെ നൂറില്‍പ്പരം വരുന്ന മറ്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍നിന്ന് വ്യത്യസ്തമായി കോഴിക്കോട്ടെ ഗാര്‍ഡന്‍ ജലസസ്യങ്ങളിലാണ് പഠനം നടത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ജലസസ്യങ്ങളില്‍ ഗവേഷണം നടത്തുകയും, അവയെ സംരക്ഷിക്കുകയുംചെയ്യുന്ന രാജ്യത്തെ ഏറ്റവും പ്രധാന സ്ഥാപനമെന്ന പ്രശസ്തി നേടാന്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സാധിച്ചു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ആമ്പല്‍ ശേഖരമുള്ള ഗാര്‍ഡന്‍ എന്ന പ്രശസ്തിയും ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡനുണ്ട്. തരിശായി കിടന്ന 14 ഏക്കര്‍ ചതുപ്പുനിലംകൂടി ചേര്‍ന്നതാണ് ഗാര്‍ഡന്‍. തരിശായികിടന്ന ചതുപ്പ് ഇന്ന് അപൂര്‍വ ജലസസ്യങ്ങളുടെ ആവാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ബാക്കിയുള്ള സ്ഥലത്ത് പരമ്പരാഗത നെല്ലിനങ്ങള്‍ കൃഷിചെയ്യുന്നു.

മറ്റു രാജ്യങ്ങളില്‍നിന്നുപോലും അനേകം ശാസ്ത്രജ്ഞര്‍ ഇന്ന് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുംമാത്രം പ്രവേശനം അനുവദിച്ചിരുന്ന ഈ ഗവേഷണ-പഠന സ്ഥാപനത്തെക്കുറിച്ച് ഇവിടത്തെ സാധാരണക്കാര്‍ വേണ്ടത്ര ബോധവാന്മാരായിരുന്നില്ല. അതുകൊണ്ടാണ് ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്കുകൂടി തുറന്നുകൊടുക്കണമെന്ന് നിര്‍ദേശിച്ചത്.

ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കേരളത്തിന്റെ തനതായ സസ്യവൈവിധ്യത്തെക്കുറിച്ച് മനസ്സിലാക്കാനും, നേരില്‍ കാണാനും സൌകര്യമൊരുങ്ങിയിരിക്കുന്നു. ഇനി വിദ്യാര്‍ഥികളും, വിദേശികളടക്കമുള്ള ടൂറിസ്റുകളും ഇവിടേക്ക് ആകര്‍ഷിക്കപ്പെടും.

വനസംരക്ഷണത്തെക്കുറിച്ചും വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തു ജാലങ്ങളെക്കുറിച്ചും വിലപിച്ചതുകൊണ്ടു കാര്യമില്ല. സുദൃഢമായ തീരുമാനങ്ങളെടുത്ത് ഈ തലമുറയുടെയും വരും തലമുറയുടെയും സ്വത്തായ ഈ പ്രകൃതിയും ജൈവസമ്പത്തും സംരക്ഷിക്കേണ്ടതുണ്ട്. അതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും ജൈവ വൈവിധ്യ സമ്പുഷ്ടമായ സഹ്യസാനുക്കളില്‍ കാണുന്ന സസ്യജനുസ്സുകളില്‍ മൂന്നിലൊന്ന് ലോകത്ത് മറ്റെവിടെയും കാണാത്തവയാണ്. ഇന്ത്യന്‍ ‘ഭരണഘടന 48-ാം വകുപ്പുപ്രകാരം രാജ്യത്തെ പുഴയും കാടും വന്യമൃഗങ്ങളും പ്രകൃതിസമ്പത്തും പരിസ്ഥിതിയും പൊതുമുതലായി സംരക്ഷിക്കാനുള്ള ബാധ്യത ‘ഭരണകൂടത്തിനാണ്. ഇക്കാര്യത്തില്‍ മുമ്പ് കടുത്ത വീഴ്ചയുണ്ടായി. അതിന്റെ ഫലം സമൂഹമാകെ അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍, പ്രകൃതിസമ്പത്തും വനവും നദികളുമെല്ലാം സംരക്ഷിക്കാന്‍ ശക്തമായ നടപടികളാണ് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മൂന്നാര്‍ ഒരു ഉദാഹരണംമാത്രം.

സൈലന്റ്വാലിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും സംശയങ്ങളും ഉയര്‍ന്നുവന്നതാണ്. നമ്മുടെ രാജ്യത്തെ ഉഷ്ണമേഖലാ നിത്യഹരിത മഴക്കാടുകളില്‍ അവശേഷിക്കുന്ന ഏറ്റവും വലിയ വനമാണ് സൈലന്റ്വാലി. ശാന്തതയുടെ ഈ തീരത്തിന് കരുത്തുറ്റ ഒരു സംരക്ഷണവലയം തീര്‍ക്കാന്‍ സൈലന്റ് വാലി ബഫര്‍സോണ്‍ പ്രഖ്യാപനത്തിലൂടെ നമുക്കു കഴിഞ്ഞു. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍മാത്രം പൂക്കുന്ന കുറിഞ്ഞി ലോകത്തിനുതന്നെ വിസ്മയമാണ്. കുറിഞ്ഞി വളരുന്ന ആയിരക്കണക്കിന് ഏക്കര്‍ പ്രദേശമാകെ കുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ തുടങ്ങിയതും ഇപ്പോഴത്തെ സര്‍ക്കാരാണ്.

കേരളത്തില്‍ പാടങ്ങള്‍ നികത്തുന്ന പ്രവണത അവസാനിച്ചിട്ടില്ല. കുന്നിടിച്ചുകൊണ്ടുവന്ന് പാടവും നീര്‍ത്തടങ്ങളും നികത്തുന്ന പ്രവണത ഇപ്പോഴുമുണ്ട്. ഇടനാടന്‍ കുന്നുകള്‍ അപ്രത്യക്ഷമാകുന്നതോടെ അവിടെ നിലനിന്നിരുന്ന ജൈവ ജനുസ്സുകളും അപ്രത്യക്ഷമാവും. ഇടനാടന്‍ കുന്നുകളുടെ സംരക്ഷണത്തിന് ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വയലുകളുടെയും നീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിന് നിയമം പ്രാബല്യത്തില്‍ വരാന്‍ പോവുകയാണ്. നിയമംകൊണ്ടുമാത്രം പ്രകൃതിയെയും സസ്യജാലങ്ങളെയും സംരക്ഷിക്കാനാവില്ല. ജനകീയ ബോധവല്‍ക്കരണമാണ് പ്രധാനം.

നമ്മുടെ നാടിന്റെ പ്രകൃതിയെപ്പറ്റി, സസ്യ-ജന്തുജാലങ്ങളെക്കുറിച്ച് ഇവിടത്തെ ജനങ്ങളെല്ലാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സാക്ഷരതക്കൊപ്പംതന്നെ പ്രധാനമാണ് പരിസരസാക്ഷരതയും. നാടിന്റെ നിലനില്‍പ്പിന് അത് അനിവാര്യമാണ്. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും അവിടെ നടക്കുന്ന പ്രദര്‍ശനവും ആ പ്രവര്‍ത്തനത്തിന്റെ ഒരു ചുവടുവയ്പാണ്. കൂടുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ നമ്മുടെ സംസ്ഥാനത്ത് ആരംഭിക്കേണ്ടതുണ്ട്. മലമ്പുഴ, പെരുവണ്ണാമൂഴി, പഴശ്ശി തുടങ്ങി നമ്മുടെ മിക്ക ഡാമുകളോടും അനുബന്ധിച്ച് ഉദ്യാനങ്ങളുണ്ട്. ആ ഉദ്യാനങ്ങളെല്ലാം വിപുലപ്പെടുത്തുകയും കൂടുതല്‍ ഉദ്യാനങ്ങള്‍ തുടങ്ങുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഗവേഷണപഠനങ്ങള്‍ക്കൊപ്പം ടൂറിസത്തിന്റെ ‘ഭാഗമായും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളും ഉദ്യാനങ്ങളും ഉപയോഗപ്പെടുത്താനാവും.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w