പത്രവാര്‍ത്തകള്‍ 11-02-08


1. കാസര്‍കോട്ടെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ദളിതര്‍ക്ക് അയിത്തം
കാസര്‍കോട്:കാസര്‍കോട് അതിര്‍ത്തി പ്രദേശത്തെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ദളിതര്‍ക്ക് ഇന്നും അയിത്തം. ജോലിയെടുക്കുന്ന വീടുകളില്‍ പാളയില്‍ ഭക്ഷണം കൊടുക്കുന്നതും മുറ്റത്തിനിപ്പുറം പ്രവേശിപ്പിക്കാത്ത പ്രാകൃതരീതികളും ഇപ്പോഴും തുടരുന്നു.

വിവേചനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനയായ ജില്ലാ മൊഗേര്‍ സമുദായസംഘം കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കി. നീര്‍ച്ചാലില്‍ സംഘടിപ്പിച്ച പരിപാടിക്ക് അയ്യപ്പഭജനമന്ദിരത്തില്‍ നിന്ന് പാത്രങ്ങള്‍ നിഷേധിച്ചെന്നും ഇത് തങ്ങള്‍ ദളിതരായതുകൊണ്ടാണെന്നും സംഘം പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം പരാതിയില്‍ പറഞ്ഞു.

ഡിസംബര്‍ 30നാണ് മൊഗേര്‍ സമുദായസംഘം എസ്എസ്എല്‍സി അവാര്‍ഡ് വിതരണച്ചടങ്ങ് സംഘടിപ്പിച്ചത്. ആയിരത്തിലധികം സമുദായാംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ഭക്ഷണം പാചകംചെയ്യാനുള്ള പാത്രത്തിനാണ് സമീപത്തെ അയ്യപ്പഭജനമന്ദിരത്തെ സമീപിച്ചത്. ബിജെപി പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലുള്ള മന്ദിരം പാത്രങ്ങള്‍ നിഷേധിച്ചെന്നും ദളിതരായ തങ്ങള്‍ക്ക് പീടികയില്‍നിന്ന് സാധനങ്ങള്‍ തരുന്നത് വിലക്കിയെന്നും പരാതിയില്‍ പറഞ്ഞു.

നീര്‍ച്ചാല്‍, ബദിയഡുക്ക, മഞ്ചേശ്വരം ഭാഗങ്ങളില്‍ ദളിതര്‍ക്കെതിരെ വിവേചനം രൂക്ഷമാണ്. മെഗേര്‍, പാക്കുട, നല്‍ക്കദായ, മാതികര്‍, ബൈര, കൊറഗ തുടങ്ങിയ സമുദായങ്ങള്‍ക്ക് ചില സ്ഥലങ്ങളില്‍ പരസ്യമായി നടക്കാന്‍ പോലുമാകില്ല. സവര്‍ണസമുദായങ്ങളുടെ അമ്പലങ്ങളിലും ഇവര്‍ക്ക് പ്രവേശനമില്ല. നീര്‍ച്ചാലിലെ മുഖാരി സമുദായത്തിന്റെ മെനസിനപ്പാറ അമ്പലത്തില്‍ ദളിതര്‍ക്ക് ഇന്നും പ്രവേശനമില്ല.

ദളിതരുടെ സാമീപ്യംമൂലം ജോലിസ്ഥലത്ത് കുടിക്കാനുള്ള വെള്ളമടക്കം പ്രത്യേകം കൊണ്ടുപോയി ഭക്ഷണം പാകംചെയ്തുകഴിക്കുന്ന സമുദായക്കാരുമുണ്ട്. സവര്‍ണരുടെ വീടുകളില്‍ ജോലിചെയ്യുന്ന ദളിതര്‍ ഭക്ഷണത്തിന് പാളപ്പാത്രമുണ്ടാക്കി പ്രത്യേകം കഴിക്കണം. ഗ്ളാസില്‍ വെള്ളം കുടിച്ചാല്‍ കഴുകി പാത്രം കമിഴ്ത്തിവയ്ക്കുന്ന രീതി അതിര്‍ത്തിപ്രദേശങ്ങളില്‍ വ്യാപകമാണെന്ന് രാമപ്പ മഞ്ചേശ്വരം പറഞ്ഞു. ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും ശക്തമായ സ്വാധീനമുള്ള ഇത്തരം മേഖലയില്‍ പ്രതിഷേധിച്ചാല്‍ ഒറ്റപ്പെടുത്തി ജീവിതം തകര്‍ക്കുന്ന അവസ്ഥയാണെന്നും രാമപ്പ പറഞ്ഞു.

2. കയറ്റുമതിയില്‍ കേരളത്തിന് 900 കോടി നഷ്ടം
കൊച്ചി: രൂപയുമായുള്ള വിനിമയനിരക്കില്‍ ഡോളറിനുണ്ടായ വിലയിടിവ് സമുദ്രോല്‍പ്പന്ന-സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തില്‍ സംസ്ഥാനത്തിന് 900 കോടിയോളം രൂപയുടെ നഷ്ടം. 45 രൂപയിലേറെയുണ്ടായിരുന്ന ഡോളറിന്റെ മൂല്യം 37ലേക്ക് താഴ്ന്നതുമൂലം സമുദ്രോല്‍പ്പന്ന കയറ്റുമതിവരുമാനത്തില്‍ 600 കോടിയും സുഗന്ധവ്യഞ്ജന കയറ്റുമതിവരുമാനത്തില്‍ 300 കോടിയുടെയും നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ഡോളറിന്റെ വിനിമയമൂല്യം ഇടിയുന്നത് കശുവണ്ടിവ്യവസായത്തിലും ആശങ്ക സൃഷ്ടിച്ചിരിക്കയാണ്.

2006 ഏപ്രില്‍മുതല്‍ ഡിസംബര്‍വരെ 2,68,120 മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതിചെയ്തത്. ഇതിലൂടെ ലഭിച്ച വരുമാനം 2575 കോടി രൂപ. ഈ വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതിയുടെ അളവില്‍ ഗണ്യമായ വര്‍ധനയുണ്ടായി. 3,18,635 ടണ്‍. ഇതില്‍നിന്നു ലഭിച്ച വരുമാനമാകട്ടെ 3155 കോടിയും. മുന്‍വര്‍ഷത്തെ കണക്കനുസരിച്ച് വരുമാനത്തില്‍ മുന്നൂറിലേറെ കോടി രൂപയുടെ കുറവ്.

സമുദ്രോല്‍പ്പന്ന കയറ്റുമതിവരുമാനവും കുറഞ്ഞു. 2007-08 സാമ്പത്തികവര്‍ഷത്തില്‍ ഡിസംബര്‍വരെ 3,92,939 ടണ്‍ സമുദ്രോല്‍പ്പന്നങ്ങളാണ് കയറ്റുമതിചെയ്തത്. ഇതുവഴി ലഭിച്ചത് 5701.42 കോടി രൂപ. 14.80 ശതമാനം വരുമാനനഷ്ടം ഉണ്ടായതായി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ)യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 600 കോടിയിലേറെ രൂപയുടെ കുറവ്.

കശുവണ്ടിവ്യവസായത്തിലാകട്ടെ മുടക്കുമുതലിന്റെ 15 ശതമാനംവരെ ഇതിനകം നഷ്ടമായെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. കയറ്റുമതി ഇന്‍സന്റീവ് മൂന്നു ശതമാനമായി ഉയര്‍ത്തണമെന്ന് കാപ്പെക്സ് ചെയര്‍മാന്‍ ബി തുളസീധരക്കുറുപ്പ് പറഞ്ഞു.

3. ശാസ്ത്രവും വിഭവങ്ങളും ജനനന്മയ്ക്ക് ഉപയോഗപ്പെടുത്തും: പരിഷത്ത്
തൃശൂര്‍: വിഭവങ്ങളും ശാസ്ത്രവും ജനനന്മയ്ക്കായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല വീണു. ‘ഭാവികേരളത്തിന്റെ അവകാശ പ്രഖ്യാപന രേഖ’യിലാണ് ഇക്കാര്യം പറയുന്നത്. ആഴത്തിലുള്ള ജനാധിപത്യബോധവും മതേതര- ശാസ്ത്രീയ ബോധവല്‍ക്കരണവും ജനങ്ങളിലെത്തിക്കാനുള്ള ആശയപ്രചാരണത്തിനാകും അടുത്ത ഒരു വര്‍ഷം ഊന്നല്‍ നല്‍കുക. മൂന്നുദിവസമായി തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് ‘ഭാവികേരള രേഖ’ക്ക് രൂപം നല്‍കിയത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനതക്ക് പോരാടാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ക്ക് പരിഷത്ത് രൂപം നല്‍കുമെന്ന് അവകാശരേഖ അവതരിപ്പിച്ച് ഡോ. കെ എന്‍ ഗണേഷ് പറഞ്ഞു. ശാസ്ത്രം വരേണ്യവര്‍ഗത്തിന്റെ കുത്തകയാക്കി നിലനിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കാന്‍ നേതൃത്വം നല്‍കും. ഉല്‍പ്പാദനവ്യവസ്ഥയില്‍നിന്ന് പിന്നോക്കം പോകുന്ന കേരളത്തില്‍ അധ്വാനവും തൊഴിലും തിരിച്ചുപിടിക്കാനുള്ള നീക്കം ശക്തമാക്കും. ദാരിദ്യ്രവല്‍ക്കരണത്തിന്റെ തീവ്രത കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന തീരദേശ-ആദിവാസി-സ്ത്രീസമൂഹങ്ങളെ ഉല്‍പ്പാദനപ്രക്രിയയുടെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കും. ഗതാഗത, ഊര്‍ജമേഖലകളിലെ പശ്ചാത്തലസൌകര്യങ്ങളും ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരികമേഖലകളിലെ മാനവികമൂല്യങ്ങളും വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും. വന്‍കിട വ്യവസായങ്ങള്‍ക്കു പകരം ജനങ്ങളെയാകെ അഭിസംബോധന ചെയ്യുന്ന ചെറുകിട ഉല്‍പ്പാദന സംരംഭങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള രീതിക്ക് പ്രചാരണം നല്‍കുമെന്നും രേഖയില്‍ പറഞ്ഞു.

ജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന സ്ത്രീകളുടെ പല വിധത്തിലുമുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും വര്‍ത്തമാനകാല സ്ഥിതിയെക്കുറിച്ചും പരിഷത്ത് നടത്തിവരുന്ന സംസ്ഥാനതല പഠന സര്‍വേ പൂര്‍ത്തിയാക്കി മാര്‍ച്ച് എട്ടിന് റിപ്പോര്‍ട്ട് പുറത്തിറക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയല്ല പരിഷത്തിന്റെ ലക്ഷ്യമെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം ദീര്‍ഘകാല ഊര്‍ജപ്രതിസന്ധി പരിഹരിക്കുന്ന പദ്ധതികളാണ് കേരളത്തിനാവശ്യമെന്നും സംസ്ഥാന കമ്മിറ്റിയംഗം ഡോ. ആര്‍ വി ജി മേനോന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, ജനറല്‍ സെക്രട്ടറി വി വിനോദ്, ആര്‍ ബി രാജലക്ഷ്മി, പി എസ് രാജശേഖരന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, സി എം മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

4. കേരളത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണം സാമുദായിക ശക്തികള്‍: കെ എന്‍ പണിക്കര്‍
തൃശൂര്‍: വര്‍ത്തമാനകേരളത്തിന്റെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണം മത-സാമുദായിക സംഘടനകളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളാണെന്ന് പ്രമുഖ ചരിത്രകാരനും ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാനുമായ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. മതങ്ങളും സാമുദായിക സംഘടനകളും കച്ചവടച്ചരക്കുകളായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 45-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം വിലപേശല്‍ നടത്തുകയും തീര്‍ഥാടനവിനോദ സഞ്ചാരം സൃഷ്ടിക്കുകയുമാണ്. ഈ സ്വഭാവം മാറ്റിയെടുക്കല്‍ ശ്രമകരമാണ്. വികസനത്തിന് ജനകീയസ്വഭാവമുണ്ടായില്ലെങ്കില്‍ ആത്യന്തിക ഫലമുണ്ടാകില്ലെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു. കേരളത്തിലെ ഭരണരീതികള്‍ മാറണം. ഭരണരംഗത്തെ പ്രശ്നങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ മാത്രം പഴി പറഞ്ഞിട്ട് കാര്യമില്ല. കോളനിവാഴ്ചയെ പിന്തുടര്‍ന്നുവന്ന ഭരണവ്യവസ്ഥയുടെ ഭാഗമാണ് ഇപ്പോഴും ഉദ്യോഗസ്ഥവൃന്ദം. ഈ രീതി മാറിയേ പറ്റൂ. കേരളം സാംസ്കാരികമായി പിന്നോട്ടടി നേരിടുന്ന സംസ്ഥാനമായി മാറുകയാണ്. വളര്‍ച്ചയെ പിറകോട്ടു വലിക്കുന്ന ഘടകങ്ങള്‍ക്ക് കൂടുതല്‍ മേല്‍ക്കൈ ലഭിക്കുന്നതാണിതിനു കാരണം.

സംസ്ഥാനം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം സ്ത്രീകളുടെ തൊഴിലില്ലായ്മയും നഷ്ടപ്പെടുന്ന സ്വാതന്ത്യ്രവുമാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളില്‍ വര്‍ധിക്കുമ്പോള്‍ കേരളത്തില്‍ കുറയുകയാണ്്. ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ ഉല്‍പ്പാദനവ്യവസ്ഥയുടെ ഭാഗമാക്കാതെ വികസനം സാധ്യമാകില്ല. പൊതുരംഗത്തെ ശുചിത്വവല്‍ക്കരണമാണ് പ്രതിദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നം. പൊതുശുചിത്വമെന്നത് നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ സാധ്യമാകൂ. കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ഏറ്റെടുക്കാനുള്ള ആര്‍ജവമാണ് പരിഷത്ത് കാണിക്കേണ്ടതെന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു.

5. ആര്‍എംഎസിന് വിട, ഇനി എംബിഎ
കാസര്‍കോട്: ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള റെയില്‍വെ മെയില്‍സര്‍വീസ് (ആര്‍എംഎസ്) ഇല്ലാതാകുന്നു; ഇനി മെയില്‍ ബിസിനസ് ആം (എംബിഎ). കേന്ദ്രസര്‍ക്കാര്‍ സേവനമേഖലയില്‍നിന്ന്പിന്തിരിയുന്നതിന്റെ ഭാഗമായി മറ്റെല്ലാ മേഖലയിലും നടപ്പാക്കുന്ന ലാഭാധിഷ്ഠിത ബിസിനസ് തപാല്‍ മേഖലയിലും പ്രാവര്‍ത്തികമാക്കുകയാണ്. മാര്‍ച്ച് ഒന്നുമുതലാണ് ആര്‍എംഎസിന് പകരം എംബിഎ നിലവില്‍ വരിക. തപാല്‍ മേഖലയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഈ തീരുമാനം നടപ്പാക്കാന്‍ കേന്ദ്ര വാര്‍ത്താവിനിമയ ഐടി മന്ത്രാലയം ജനുവരി 30 നാണ് ഉത്തരവിറക്കിയത്.

കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ റെയില്‍വെ മെയില്‍ സര്‍വീസുകള്‍ മാറ്റാന്‍ ആര്‍എംഎസ് ഡിവിഷനുകള്‍ക്കും സര്‍ക്കിളുകള്‍ക്കും നിര്‍ദേശം നല്‍കി. നോട്ടീസ് ബോഡുകള്‍, സ്റ്റാമ്പ്, സീല്‍ ഉള്‍പ്പെടെയുള്ളവ മാറ്റാനാണ് നിര്‍ദേശം. ആര്‍എംഎസ് ഡിവിഷനുകളും സര്‍ക്കിളുകളും മെയില്‍ ബിസിനസ് ഡിവിഷനുകളും സര്‍ക്കിളുകളുമാകും. മെയില്‍ ഓഫീസുകളെ മെയില്‍ ബിസിനസ് സെന്ററുകളാക്കും. തപാല്‍മേഖലയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി പുതിയ തീരുമാനം മാറുമെന്നാണ് ഈ രംഗത്തെ ജീവനക്കാര്‍ പറയുന്നത്.

ഇന്ത്യയില്‍ തപാല്‍ സര്‍വീസ് കാര്യക്ഷമമായി നിലനില്‍ക്കുന്നത് ആര്‍എംഎസിനെ അടിസ്ഥാനപ്പെടുത്തിയാണ്. ദീര്‍ഘദൂര തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകാന്‍ തപാല്‍വകുപ്പ് ആശ്രയിക്കുന്നത് റെയില്‍വെയെയാണ്. റെയില്‍വെയും സേവനം ഒഴിവാക്കി ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ആര്‍എംഎസിനെയുംഇല്ലാതാക്കി. ദീര്‍ഘദൂര ട്രെയിനുകളില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകാന്‍ കുറഞ്ഞ വാടകക്ക് (ഹോളോ ചാര്‍ജ്) പ്രത്യേക കോച്ചുകള്‍ നിലവിലുണ്ട്. വിവിധ കേന്ദ്രങ്ങളില്‍നിന്ന് മെയിലുകള്‍ ശേഖരിച്ച് വിതരണം ചെയ്താണ് സംസ്ഥാനങ്ങളിലെ തപാല്‍ ഉരുപ്പടികള്‍ അവകാശികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചിരുന്നത്. ആര്‍എംഎസ് കോച്ചുകളുടെ വാടക റെയില്‍വെ അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചത് തപാല്‍ വകുപ്പിന് വന്‍ ബാധ്യതവരുത്തി. റെയില്‍വെസ്റ്റേഷന്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍എംഎസ് ഓഫീസുകളുടെ വാടകയും കുത്തനെ വര്‍ധിപ്പിച്ചു. ഘട്ടംഘട്ടമായി ഓഫീസുകള്‍ ഒഴിഞ്ഞുകൊടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍എംഎസ് കോച്ചുകളുടെ വാടക വര്‍ധിപ്പിച്ചതോടെ കേരളത്തില്‍ റെയില്‍വെ മെയില്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. റെയില്‍വെ മെയില്‍ സര്‍വീസിന് തപാല്‍ വകുപ്പിന്റെ കേരള സര്‍ക്കിള്‍ വര്‍ഷം അഞ്ചുകോടിയോളം രൂപയാണ് വാടക നല്‍കിയിരുന്നത്. വര്‍ധിപ്പിച്ച വാടക താങ്ങാനാകാത്തതിനാല്‍ മലബാര്‍ എക്സ്പ്രസിലെ ആര്‍എംഎസ് കോച്ച് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. നിലവില്‍ തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ മലബാര്‍ എക്സ്പ്രസ്, മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിനുമാണ് ആര്‍എംഎസുള്ളത്. ചെന്നൈ-മംഗലാപുരം റൂട്ടില്‍ വെസ്റ്റ്കോസ്റ്റ്, മെയില്‍ എന്നീ വണ്ടികള്‍ക്ക് ആര്‍എംഎസുണ്ട്. ഇതിലും ഒരു ട്രെയിനില്‍നിന്ന് ആര്‍എംഎസ് ഒഴിവാക്കും.

അടുത്ത സാമ്പത്തിക വര്‍ഷത്തോടെ തപാല്‍ മേഖലക്കുള്ള സബ്സിഡി മുഴുവന്‍ നിര്‍ത്തലാക്കാനും ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ആയിരം കോടി രൂപ സബ്സിഡി നല്‍കിയാണ് തപാല്‍ വകുപ്പ് സേവനമേഖലയായി നിലകൊള്ളുന്നത്. സബ്സിഡി നിര്‍ത്തലാക്കുന്നതോടെ തപാല്‍ ചാര്‍ജ് കുത്തനെ വര്‍ധിപ്പിക്കേണ്ടിവരും. പുതിയ തീരുമാനത്തില്‍ ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്.

6. ഇറാനെ ഒഴിവാക്കി തുര്‍ക്കി പൈപ്പ്ലൈന്‍
ന്യൂഡല്‍ഹി: ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ പൈപ്പ്ലൈനിന് പകരം അമേരിക്കന്‍ സുഹൃത്തായ തുര്‍ക്കി പുതിയ പൈപ്പ്ലൈന്‍ പദ്ധതിയുമായി രംഗത്ത്. മധ്യേഷ്യയില്‍നിന്നും കൊക്കേഷ്യയില്‍നിന്നും ഇന്ത്യയിലേക്ക് എണ്ണ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണിത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച തുര്‍ക്കി വിദേശമന്ത്രി അലി ബബാകാനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഈ നിര്‍ദേശത്തെക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

മധ്യേഷ്യന്‍ രാജ്യങ്ങളായ കസാഖ്സ്ഥാന്‍, അസര്‍ബൈജാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളില്‍നിന്ന് തുര്‍ക്കിയിലെ പൈപ്പ്ലൈന്‍ വഴി എണ്ണ സിഹാന്‍ തുറമുഖത്തെത്തിക്കും. അവിടെ നിന്ന് വന്‍ ടാങ്കറുകളില്‍ മധ്യധരണ്യാഴിയിലൂടെ ഇസ്രയേലിലെ ആഷ്കലോണ്‍ എയ്ലാറ്റ് പൈപ്പ്ലൈനില്‍ എത്തിക്കും. തുടര്‍ന്ന് അക്ബ കടലിടുക്കിലൂടെ ടാങ്കറുകളിലാക്കി ഇന്ത്യയിലേക്കും. തിരക്കേറിയ സൂയസ് കനാലിനെ ഒഴിവാക്കി എണ്ണ ഇതുവഴി ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നതാണ് ഈ പാതയുടെ മെച്ചമെന്ന് തുര്‍ക്കി വിശദീകരിക്കുന്നു.

ഇറാനുമായുള്ള പൈപ്പ് ലൈന്‍ ബന്ധത്തെ അമേരിക്ക പരസ്യമായി എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ അതില്‍നിന്ന് പിന്‍വാങ്ങിയ മട്ടാണ്. ഇറാന്‍ പെട്രോളിയംമന്ത്രി വിളിച്ചു ചേര്‍ത്ത ത്രിരാഷ്ട്ര മന്ത്രിതല യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് അമേരിക്കന്‍ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള തുര്‍ക്കിയും ഇസ്രയേലും പുതിയ പദ്ധതിയുമായി രംഗത്തു വന്നിട്ടുള്ളത്. ഈ പാതയില്‍ ഉപയോഗിക്കുന്ന പൈപ്പ് ലൈനുകള്‍ നിലവില്‍ ഉള്ളതിനാല്‍ ഇന്ത്യ സമ്മതം മൂളുന്നപക്ഷം എണ്ണക്കടത്ത് ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും തുര്‍ക്കി അവകാശപ്പെടുന്നു.

7. ബാങ്ക് ലയനം: നിയമ നിര്‍മാണത്തിന് ശ്രമം
ന്യൂഡല്‍ഹി: അസോസിയേറ്റ് ബാങ്കുകളെ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ബജറ്റ് സമ്മേളനത്തില്‍ സജീവമാക്കും. ഏഴ് അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിനു മുന്നോടിയായി സ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയുടെ ലയനം സാധ്യമാക്കുന്നതിനുള്ള നിയമനിര്‍മാണമായിരിക്കും ആദ്യം നടത്തുക.

സൌരാഷ്ട്രയുടെ ലയനം സംബന്ധിച്ച അനുഭവങ്ങളില്‍നിന്നാകും മറ്റ് ബാങ്കുകളുടെ ലയന നടപടികള്‍ തീരുമാനിക്കുകയെന്ന് സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ പി ഭട്ട് പറഞ്ഞു. ജീവനക്കാരുടെയും രാഷ്ട്രീയ പാര്‍ടികളുടെയും പ്രതികരണം പരിഗണിക്കും. ഫലം നല്ലതാണെങ്കില്‍ ലയന നടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

ലയനത്തിനുശേഷം പിരിച്ചുവിടലുണ്ടാകില്ലെന്ന് ചെയര്‍മാന്‍ പറയുന്നു. എന്നാല്‍, വ്യാപകമായ അഴിച്ചുപണിയും സ്ഥലംമാറ്റവും ഉണ്ടാകുമെന്നു സൂചനയുണ്ട്.

ഇതിനിടെ സ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയുടെ ലയനം പൂര്‍ത്തിയാക്കാനാവശ്യമായ നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം കേന്ദ്രമന്ത്രിസഭ സജീവമായി ചര്‍ച്ചചെയ്തു. എന്നാല്‍, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 25ന് ആരംഭിക്കാനിരിക്കെ ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇറക്കുന്നത് അനൌചിത്യമാകുമെന്നും പിന്നീട് ബില്ലായി പാര്‍ലമെന്റില്‍ വന്നാല്‍ ഇടതു പാര്‍ടികളുടെ പിന്തുണ കിട്ടാതെവരുമെന്നുമുള്ള അഭിപ്രായം മന്ത്രിസഭാംഗങ്ങളില്‍ത്തന്നെയുണ്ടായി. ബജറ്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ടുവന്ന് നിയമമാക്കാനായിരിക്കും ഗവണ്‍മെന്റ് ശ്രമിക്കുക.

അസോസിയേറ്റ് ബാങ്കുകളില്‍ ഏറ്റവും ചെറുതായ സൌരാഷ്ട്ര ബാങ്കിലെ ജീവനക്കാരെ വലിയതോതില്‍ മാറ്റാതെതന്നെ ലയനം നടപ്പാക്കാനാകും. എന്നാല്‍, മറ്റ് അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ അനുഭവം ഇതാകണമെന്നില്ല.

സ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സൌരാഷ്ട്ര എന്നീ ബാങ്കുകളുടെ പൂര്‍ണമായ ഉടമസ്ഥത ഇപ്പോള്‍ത്തന്നെ എസ്ബിഐക്കാണ്. സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ എസ്ബിഐയുടെ ഓഹരികളുടെ പങ്ക് 76 ശതമാനമാണ്.

സ്വകാര്യബാങ്കുകളുടെ കടന്നുവരവോടെ ബാങ്കിങ് മേഖലയിലെ മത്സരം ശക്തമായതിനാലാണ് ലയനത്തിന് ശ്രമിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അസോസിയേറ്റ് ബാങ്കുകളെ ഒന്നാക്കി അതിനെ വിഴുങ്ങാന്‍ വിദേശമൂലധനശക്തികള്‍ക്ക് അവസരമൊരുക്കുകയാണ് ധനമന്ത്രി ചിദംബരത്തിന്റെ ശ്രമമെന്ന് ബാങ്ക് ജീവനക്കാരും ഇടതുപക്ഷ പാര്‍ടികളും പറയുന്നു. ഗ്രാമീണമേഖലയില്‍ ഇന്നുള്ള ബാങ്കിങ് സേവനം കുറയാനിടയാക്കുംവിധം ശാഖകള്‍ അടച്ചുപൂട്ടുമെന്നും ലയനം ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുമെന്നുമുള്ള വിമര്‍ശനത്തെ നേരിടാന്‍ ഗവണ്‍മെന്റിന് കഴിയുന്നില്ല.

ബാങ്ക് ലയന നീക്കത്തിനെതിരെ ജനുവരി 25ന് ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്കിയിരുന്നു. 25നും 26നും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

8. രാജ്യസഭയില്‍ അറുപതോളം അംഗങ്ങള്‍ വിരമിക്കുന്നു
ന്യൂഡല്‍ഹി: ഒട്ടേറെ പ്രമുഖരടക്കം അറുപതോളം പേര്‍ അടുത്തുതന്നെ രാജ്യസഭയില്‍നിന്ന് വിരമിക്കും. കേന്ദ്രമന്ത്രിമാരായ മുരളി ദേവ്റ, പ്രിഥ്വിരാജ് ചൌഹാന്‍, പ്രേംചന്ദ്ഗുപ്ത, സുബ്ബിരാമി റെഡ്ഡി, ജി കെ വാസന്‍, സുരേഷ് പച്ചൌരി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. ഒഴിവു വരുന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈയാഴ്ച തെരഞ്ഞെടുപ്പുകമീഷന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

മലയാളിയായ പി സി അലക്സാണ്ടറാണ് വിരമിക്കുന്ന മറ്റൊരു പ്രമുഖന്‍. മുന്‍ കേന്ദ്രമന്ത്രിമാരായ നട്വര്‍ സിങ്, കേശുഭായ് പട്ടേല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോട്ടിലാല്‍ വോറ, ജനാര്‍ദന്‍ പൂജാരി ചലച്ചിത്ര താരവും ബിജെപി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ, ഫോര്‍വേഡ് ബ്ളോക്ക് നേതാവ് ദേവബ്രത ബിശ്വാസ്, മദ്യവ്യവസായി വിജയ്മല്യ എന്നിവരും വിരമിക്കുകയാണ്.

മഹാരാഷ്ട്രയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വിരമിക്കുന്നത്- ഏഴ്. തമിഴ്നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും ആറുപേര്‍ വീതം സ്ഥാനമൊഴിയും. ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് അഞ്ചുപേര്‍ വീതവും ഒറീസ, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് നാലുപേര്‍ വീതവും സ്ഥാനമൊഴിയും.

നട്വര്‍ സിങ്, കേശുഭായ് പട്ടേല്‍ എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കുറവാണ്. മോഡിക്കെതിരെ വിമതശബ്ദവുമായി രംഗത്തുവന്ന കേശുഭായ് ഇപ്പോള്‍ ബിജെപിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. രാജസ്ഥാനില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച നട്വറിനെ ഇനി രാജസ്ഥാനില്‍നിന്ന് ആരും പിന്തുണയ്ക്കാന്‍ സാധ്യതയില്ല.

കര്‍ണാടകത്തില്‍നിന്ന് സ്വതന്ത്രനായി ജയിച്ച മല്യ മഹാരാഷ്ട്രയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് അഭ്യൂഹമുണ്ട്. എന്‍സിപി മല്യക്ക് സീറ്റ് വാഗ്ദാനംചെയ്തതായാണ് സൂചന.1. ആറര മാര്‍ക്കു വാങ്ങിയാല്‍ എസ്.എസ്.എല്‍.സി ജയിക്കാം !
കട്ടപ്പന: ഓരോ വിഷയത്തിനും ആറര മാര്‍ക്കു വാങ്ങിയാല്‍ ഇത്തവണ എസ്.എസ്.എല്‍.സി ജയിക്കാം. പുതിയ പാഠ്യപദ്ധതി അനുസരിച്ചാണിത്. ആകെ 50 മാര്‍ക്കുള്ള മലയാളം, ഹിന്ദി, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങള്‍ക്കുള്ള എഴുത്തു പരീക്ഷയില്‍ കുറഞ്ഞത് ആറര മാ ര്‍ക്കെങ്കിലും നേടിയാല്‍ മതി. ഓ രാ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് ജയിക്കാം. അമ്പതില്‍ പത്തുമാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിനും 40 മാര്‍ക്ക് എഴുത്തു പരീക്ഷ യ്ക്കുമാണ്. മൂല്യനിര്‍ണയത്തിന് കുറഞ്ഞത്

എട്ടു മാര്‍ക്കെങ്കിലും നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 50 മാര്‍ക്കിന്റെ ചോദ്യത്തിന് സി.ഇക്ക് (നിരന്തര മൂല്യനിര്‍ണയം) എട്ട് മാര്‍ക്ക് ലഭിക്കുന്ന കുട്ടി എഴുത്തിന് ആറര മാര്‍ക്ക് വാങ്ങിയാല്‍ ആകെ 15 മാര്‍ക്ക് ലഭിക്കും. (അരമാര്‍ക്ക് ഒന്നായി കണക്കാക്കും).

നൂറുമാര്‍ക്കുള്ള കണക്ക്, ഇംഗ്ളീഷ്, സാമൂഹ്യപാഠം എന്നിവയ്ക്ക് 20 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിനാണ്. കുറഞ്ഞത് 18 മാര്‍ക്കെങ്കിലും ഇതിനും നല്‍കണം. ഈ വിഷയങ്ങള്‍ക്ക് 11.5 മാര്‍ക്ക് വാങ്ങിയാല്‍ 18 മാര്‍ക്ക് സി.ഇയും ചേര്‍ത്ത് ജയിക്കാം.

എസ്.എസ്.എല്‍.സിക്ക് നൂറുശതമാനം വിജയം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സി.ഇ മാര്‍ക്ക് മുഴുവനായി നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

കുട്ടികളെ മുഴുവന്‍ വിജയിപ്പിക്കുന്ന പദ്ധതി അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുമെന്ന അഭിപ്രായം ഉണ്െടങ്കിലും പുറത്തുപറയാന്‍ അധ്യാപകര്‍ തയാറാകുന്നില്ല.

എഴുത്തുപരീക്ഷകളില്‍ ആറരമാര്‍ക്കും 12 മാര്‍ക്കും വാങ്ങാന്‍ കുറുക്കുവഴിയും നടപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ തവണ എസ്.എസ്.എല്‍.സിക്ക് 30 ശതമാനത്തില്‍ താഴെ വിജയമുള്ള സ്കൂളുകളെ ‘അഡോപ്റ്റഡ്’ സ്കൂളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുത്തെ കുട്ടികള്‍ക്കായി ‘ചങ്ങാതി’ എന്നു പേരുള്ള കുറുക്കുവഴി പുസ്തകം ഇറക്കിയിട്ടുണ്ട്.

ചങ്ങാതിയില്‍നിന്നും 20 മാര്‍ക്കിന്റെയെങ്കിലും ചോദ്യമുണ്ടാകും. ‘ചങ്ങാതി’ അഡോപ്റ്റഡ് അല്ലാത്ത സ്കൂളുകളിലും എത്തിക്കുമെന്ന രഹസ്യനിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ 104 അഡോപ്റ്റഡ് സ്കൂളുകളില്‍ 100 സ്കൂളുകള്‍ സര്‍ക്കാര്‍ സ്കൂളുകളുമാണ്.

2. വലിയവരുടെ ലോകത്ത് ചെറിയവന്‍ താരമായി
കൊച്ചി: വലിയവരുടെ ലോകത്ത് ഗിന്നസ് പക്രു താരമായി. പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന കുഞ്ഞുണ്ണി കവിതയെ അനുസ്മരിപ്പിക്കും വിധം നേട്ടങ്ങള്‍ കൊയ്തെടുത്ത ഉണ്ടപ്പക്രു ഉയരമുള്ളവരുടെ സംഘടനയായ ടോള്‍ മെന്‍ അസോസിയേഷന്റെ വാര്‍ഷിക ചടങ്ങിനെത്തിയപ്പോള്‍ സദസിലിരുന്നവരുടെ മനസിലും ഉന്നത സ്ഥാനം നേടി.

ഇന്നലെ കൊച്ചി പാലാരിവട്ടം വ്യാപാരഭവനില്‍ നടന്ന ടോള്‍ മെന്‍ അസോസിയേഷന്റെ എട്ടാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഉണ്ടപ്പക്രുവെന്ന ഗിന്നസ് പക്രു. പ്രശസ്ത പത്രപ്രവര്‍ത്തക ലീലാ മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഉയരം കുറഞ്ഞവരെ ശാരീരിക വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഇവരുടെ ദുരിതങ്ങള്‍ പറയുവാനുമുള്ള കടമ മാധ്യമങ്ങള്‍ക്കുണ്െടന്നും അവര്‍ പറഞ്ഞു.

സമ്മേളനത്തില്‍ ടോള്‍ മെന്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടൈഗ്രിസ് ആന്റണി അധ്യക്ഷനായിരുന്നു. ജനസേവ ശിശുഭവന്‍ ഡയറക്ടറും കേരള സ്മോള്‍ മെന്‍ അസോസിയേഷന്‍ സ്റ്റേറ്റ് പ്രസിഡന്റുമായ ജോസ് മാവേലി, ടോള്‍ മെന്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ലൈജു പുത്തന്‍വേലിക്കര എന്നിവര്‍ പ്രസംഗിച്ചു.

3. ജ്യേഷ്ഠത്തിയുടെ കതിര്‍മണ്ഡപത്തില്‍ അനുജത്തി സുമംഗലിയായി
ഹരിപ്പാട്: വധു കാമുകനെ വിവാഹം ചെയ്തതിനെത്തുടര്‍ന്ന് അതേ മണ്ഡപത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ അനുജത്തിയുടെ വിവാഹം മുറച്ചെറുക്കനുമായി നടത്തി. ഹരിപ്പാടു മുട്ടം സ്വദേശിയായ യുവതിയുടെ വിവാഹമാണ് ഇന്നലെ ഉച്ചയ്ക്ക് പള്ളിപ്പാട് ശ്രീമണക്കാട് ദേവീക്ഷേത്രത്തില്‍ നടത്താനിരുന്നത്.

എന്നാല്‍, വധു ശനിയാഴ്ച ബ്യൂട്ടിപാര്‍ലറില്‍ പോകാനെന്ന വ്യാജേന ഇറങ്ങി കാമുകനൊപ്പം പോകുകകായിരുന്നു. തുടര്‍ന്നു നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരനുമായി അനുജത്തിയുടെ വിവാഹം നടത്താന്‍ ആലോചിച്ചെങ്കിലും വരന്‍ ഒരുക്കമായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വധുവിന്റെ അനുജത്തിയും അമ്മാവന്റെ മകനുമായുള്ള വിവാഹം നടത്തിയത്.

4. ഇന്റര്‍നെറ്റ് കേബിളുകള്‍ പുനസ്ഥാപിച്ചു
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലും ഇ ന്ത്യയുള്‍പ്പെടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഇന്റര്‍നെറ്റ് ബന്ധം താറുമാറാക്കിയ കേബിള്‍ തകരാര്‍ പരിഹരിച്ചു. ഈജിപ്റ്റിന്റെ വടക്കന്‍ തീരത്തു സമുദ്രത്തിനടിയിലൂടെയുള്ള മൂന്നു കേബിളുകളാണു രണ്ടാഴ്ച മുമ്പു മുറിഞ്ഞത്.

തൊട്ടു പിന്നാലെ ദുബായിക്കും ഒമാനുമിടയിലുള്ള ഒരു കേബിളും മുറിഞ്ഞു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും ഫ്ളാഗ് ടെലികോം പ്രസ്താവനയില്‍ അറിയിച്ചു.

5. പഞ്ചസാര കയറ്റുമതി 300 കോടി ടണ്ണായി ഉയര്‍ന്നേക്കും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പഞ്ചസാര കയറ്റുമതി 2007-08 സീസണില്‍ മുന്നൂറുകോടി ടണ്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തെ പിന്നിടുമെന്ന് ഈയിടെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനുവരിയോടെ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാരയുടെ കയറ്റുമതി 100 കോടി ടണ്‍ പിന്നിട്ടുകഴിഞ്ഞു. പഞ്ചസാര ഉത്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കുന്ന പഞ്ചസാരയ്ക്ക് വിദേശ വിപണികളില്‍ ആവശ്യം വര്‍ധിച്ചതാണ് ഇത്തരത്തിലൊരു കയറ്റുമതി നേട്ടം കൈവരിക്കുവാനാകുന്ന പ്രതീക്ഷനല്‍കുന്നത്.

ഒക്ടോബറില്‍ ആരംഭിച്ച് സെപ്റ്റംബറില്‍ അവസാനിക്കുന്ന പഞ്ചസാരയുടെ വിളവെടുപ്പ് കാലത്തില്‍ 2006-07 ല്‍ 108 കോടി ടണ്‍ പഞ്ചസാരയാണ് വിദേശവിപണികളിലേക്ക് കയറ്റി അയച്ചത്. 2006-07 ല്‍ നിലവില്‍ വന്ന മൂന്നുമാസക്കാലത്തെ കയറ്റി അയയ്ക്കല്‍ നിരോധനത്തെതുടര്‍ന്നാണ് ആ വര്‍ഷം പഞ്ചസാരക്കയറ്റുമതി കുറഞ്ഞതെതന്നും ഈ വര്‍ഷം സാഹചര്യങ്ങള്‍ പൊതുവേ അനുകൂലമായതിനാല്‍ സ്വാഭാവികമായും വര്‍ധനയുണ്ടാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ചൈന, ഗള്‍ഫ് രാജ്യങ്ങള്‍, ഇന്തോനേഷ്യ, ബംഗ്ളാദേശ്, പടിഞ്ഞാറന്‍ ആഫ്രിക്ക, ഇറാന്‍, ഇറാഖ്, ഈജിപ്റ്റ്, യമന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും പഞ്ചസാര കയറ്റുമതി ചെയ്തുവരുന്നത്. ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമായ ബ്രസീല്‍ വിതരണം നടത്തുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കു ചരക്കുനീക്കത്തിലുള്ള ആനുകൂല്യങ്ങള്‍ മുതലാക്കിക്കൊണ്ട് ഇന്ത്യ പ്രവേശിച്ചുകഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

6. ആര്‍പിഎല്‍ ഇന്ന് വിപണിയിലിറങ്ങുന്നു
മുംബൈ: പ്രാഥമിക ഓഹരി വില്പന (ഐപിഒ) യില്‍ ചരിത്രം സൃഷ്ടിച്ച റിലയന്‍സ് പവര്‍ ലിമിറ്റഡ് (ആര്‍പിഎല്‍) ഇന്ന് വിപണിയിലിറങ്ങും. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയുടെ ഫലമായി ആഗോള വിപണികള്‍ നേരിടുന്ന തകര്‍ച്ച ഇന്ത്യന്‍ വിപണിയെയും സ്വാധിനിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് ആര്‍പിഎല്ലിന്റെ വിപണിയിലേക്കുള്ള അരങ്ങേറ്റം. കഴി ഞ്ഞ മാസം നടന്ന ഐപിഒ യിലൂടെ റിലയന്‍സ് – ധിരുഭായി അംബാനി (ആര്‍-എഡിഎ) ഗ്രൂപ്പില്‍പ്പെട്ട ആര്‍പിഎല്‍ 11,500 കോടി രൂപയാണ് സമാഹരിച്ചത്. 100 ശതമാനം ബുക്ക് ബില്‍ഡിംഗ് വ്യവസ്ഥയിലുള്ള ഐപിഒയില്‍ വില നിലവാരത്തിന്റെ ഉയര്‍ന്ന പരിധിയായ 450 രൂപ നിരക്കിലായിരുന്നു ഓഹരി വില് പന. ചെറുകിട നിക്ഷേ പകര്‍ക്കായുള്ള ഓഹരി വിലയില്‍ 20 രൂപ ഇളവും അനുവദിച്ചിരുന്നു. എന്നാല്‍ വിപണിയില്‍ ഇപ്പോഴുള്ള സാഹചര്യം പരിഗണിക്കുമ്പോള്‍ ഇഷ്യു വിലയ്ക്കു മുകളില്‍ അരങ്ങേറാന്‍ ആര്‍പിഎല്ലിനു കഴിയുമോ എന്ന ആശങ്ക ശക്തമാണ്.

പ്രീമിയത്തോടെയാണ് ആര്‍പിഎല്‍ വിപണിയില്‍ അരങ്ങേറുന്നതെങ്കില്‍ നിക്ഷേപകര്‍ ഉടനടി ഓഹരി വിറ്റ് ലാഭമെടുക്കാന്‍ മുതിരുമെന്നും ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആഴ്ച ഐപിഒ കളുമായി വിപണിയിലെത്തിയ വോക്ക് ഹാര്‍ട് ഹോസ്പിറ്റല്‍സ് ലിമിറ്റഡും എമാര്‍ എംജിഎഫ് ലാന്‍ഡും നിക്ഷേപ പിന്തുണ നേടാന്‍ കഴിയാതെ ഓഹരി വില്പന പിന്‍വലിച്ചിരുന്നു.

7. ഉരുളക്കിഴങ്ങ് ഉത്പാദനം 4.5 ശതമാനം വര്‍ധിക്കും
മുംബൈ: 2007-08 വര്‍ഷം രാജ്യത്തെ ഉരുളക്കിഴങ്ങിന്റെ ഉത്പാദനം മുന്‍ വര്‍ഷത്തേതില്‍ നിന്നും 4.5 ശതമാനത്തിന്റെ വര്‍ധന കൈവരിക്കുമെന്ന് നാഷണല്‍ ഹോട്ടികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഫൌണ്േടഷന്‍ അഡീഷണല്‍ ഡയറക്ടര്‍ സതീഷ് ഭോണ്െട അറിയിച്ചു.

ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്ന സംസ്ഥാനങ്ങള്‍ ഈവര്‍ഷം കൂടുതല്‍ ഭൂമിയില്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ അതിശൈത്യം മൂലം ഉരുളക്കിഴങ്ങ് കൃഷിക്ക് നാശം ഉണ്ടായെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനത്തില്‍ വര്‍ധന ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണക്കുകള്‍ സൂചിപ്പിക്കുന്നതു പ്രകാരം മുന്‍ വര്‍ഷത്തേതില്‍ നിന്നും 4.5 ശതമാനത്തിന്റെ വര്‍ധനയോടെ ഉത്പാദനം 282 ലക്ഷം ടണ്ണായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

8. പുതിയ സിഎഫ്എല്ലുകളുമായി സൂര്യ റോഷ്നി
കൊച്ചി: ലൈറ്റ് നിര്‍മാണ മേഖലയിലെ പ്രമുഖരായ സൂര്യ റോഷ്നി പുതിയ കോംപാക്ട് ഫ്ളൂറസെന്റ് ലാമ്പുകളും (സി.എഫ്.എല്‍), ഫ്ളൂറസെന്റ് ട്യൂബ് ലാമ്പുകളും (എഫ്.ടി.എല്‍) പുറത്തിറക്കി. അത്യാധുനിക നിര്‍മാണ കേന്ദ്രത്തിലാണ് മികച്ച ഗുണമേന്മ നല്‍കുന്ന സി.എഫ്.എല്ലുകള്‍ നിര്‍മിച്ചിട്ടുള്ളത്.

സി.എഫ്.എല്‍ നിര്‍മാണത്തിനായി ഹംഗേറിയന്‍ കമ്പനിയായ ജി.ഇയുമായി സഹകരിച്ച് പുതിയ സംവിധാനം കമ്പനി തയാറാക്കുന്നുണ്ട്.1. ഇന്ധന വിലയില്‍ സെസ് ചുമത്തി റോഡ് സുരക്ഷാ നിധി
ന്യൂദല്‍ഹി: ഇന്ധനവിലയില്‍ ഒരു രൂപയുടെ വര്‍ധന വരുത്തി റോഡ് സുരക്ഷക്ക് വേണ്ടി കേന്ദ്രഗവണ്‍മെന്റ് നിധിയുണ്ടാക്കുന്നു. റോഡ് സുരക്ഷാ സെസ് ആയാണ് ഒരു രൂപ ഇന്ധനവിലക്കൊപ്പം ശേഖരിക്കുക. പാര്‍ലമെന്ററി റോഡ് സുരക്ഷാ ബില്ലിന്റെ കരടില്‍ ഇതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷക്ക് കര്‍ക്കശ നിയമങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം റോഡ് സുരക്ഷാ ബില്‍ കൊണ്ടുവരുന്നത്. ഇതിന്റെ കരട് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി പരിശോധന പൂര്‍ത്തിയാക്കി വരുന്ന ബജറ്റ് സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

സംസ്ഥാന തലത്തില്‍ റോഡ് സുരക്ഷാ ബോര്‍ഡ് രൂപവത്കരിക്കാനും നിര്‍ദിഷ്ട ബില്ലില്‍ വ്യവസ്ഥയുണ്ട്. റോഡുകളുടെ രൂപകല്‍പന, വിശദാംശങ്ങള്‍, പരിശീലന പരിപാടികള്‍, സുരക്ഷാപരമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സഹായം എന്നിവ ഈ ബോര്‍ഡുകളുടെ പരിധിയില്‍ കൊണ്ടുവരും. നേരത്തേ വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം കേന്ദ്രം തേടിയിരുന്നു.

ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്ക് കഠിന തടവ്, ഉയര്‍ന്ന പിഴ, മദ്യപിച്ചു വാഹനമോടിച്ച് പിടികൂടിയാല്‍ ഉടനടി ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങി കര്‍ക്കശ വ്യവസ്ഥകളോടെ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാനും ഉദ്ദേശ്യമുണ്ട്.

വൃക്ക വാണിഭ സംഭവങ്ങള്‍ മുന്‍നിര്‍ത്തി സ്വകാര്യ ക്ലിനിക്കുകളെ നിയന്ത്രിക്കുന്നതിന് ബില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ നടപടിയെടുത്തുവരികയാണ്. ദല്‍ഹിയിലെ പ്രമാദമായ വൃക്കവാണിഭ സംഭവത്തോടെയാണ് അനധികൃത ക്ലിനിക്കുകളെ നിയന്ത്രിക്കുന്ന നിയമനിര്‍മാണ നടപടിക്ക് ചൂടുപിടിച്ചത്. ക്ലിനിക്കല്‍ സ്ഥാപന ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്. അത് ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി അന്‍പുമണി രാമദാസ് ദല്‍ഹിയില്‍ പറഞ്ഞു.

രാജ്യത്തെ പൊതു^സ്വകാര്യ ക്ലിനിക്കുകളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. സേവന നിലവാരം മെച്ചപ്പെടുത്തുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

2. സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറ്റം; സമ്മേളനഗതി കേന്ദ്ര നേതൃത്വം നിയന്ത്രിക്കും
തിരുവനന്തപുരം: താഴേത്തട്ടില്‍ വീറും വാശിയും മുറ്റിനിന്നെങ്കിലും സി.പി.എം ഇന്ന് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത് ശാന്തതയോടെയാണ്. കീഴ്ഘടകങ്ങളില്‍ ഏറെ പരാതി ഉണ്ടായെങ്കിലും സമ്മേളനവും തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മറ്റൊരുപാര്‍ട്ടിക്കും അവകാശപ്പെടാനാവാത്ത വിധം അടിമുടി അഴിച്ചുപണിത് പ്രവര്‍ത്തന സജ്ജമാക്കി പാര്‍ട്ടി നല്‍കുന്ന സന്ദേശം വ്യക്തമാണ്. പാര്‍ട്ടി തളരില്ല. പിളരില്ല. ആരെയും പുറത്താക്കുകയുമില്ല.

അഭിപ്രായ ഭിന്നത കാട്ടുന്നവരെ ഉന്മൂലനം ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുന്ന രീതിയില്‍നിന്ന് പാര്‍ട്ടി മാറിക്കഴിഞ്ഞു. പാര്‍ട്ടിയില്‍ വോട്ടെടുപ്പു പോലും ഉണ്ടാകരുതെന്ന് കരുതിയിരുന്ന പഴയ കാലഘട്ടത്തില്‍നിന്ന് വോട്ടെടുപ്പാകാമെന്ന അവസ്ഥയും കടന്നാണ് എല്ലാവരെയും ഉള്‍ക്കൊള്ളാമെന്ന നിലയിലേക്ക് പാര്‍ട്ടിവന്നത്. രണ്ടു ഗ്രൂപ്പുണ്ടായാല്‍ ഒന്നിനെ പുറത്താക്കുക എന്നതായിരുന്നു കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ പാര്‍ട്ടി ശീലിച്ചുവന്നത്. എം.വി. രാഘവനും കെ.ആര്‍. ഗൌരിയമ്മയുമൊക്കെ അങ്ങനെ പുറത്തായവരാണ്. അതുകൊണ്ടു പ്രയോജനമില്ലെന്ന് നേതൃത്വം മനസ്സിലാക്കിക്കഴിഞ്ഞു. ഗ്രൂപ്പിനെ മാത്രമേ പുറത്താക്കാനാകുന്നുള്ളൂ. അഭിപ്രായങ്ങളെയും അതുയര്‍ത്തുന്ന പ്രശ്നങ്ങളെയും പുറത്താക്കാനാകുന്നില്ല. രാഘവനും ഗൌരിയമ്മയും പുറത്തുപോയിട്ടും അവരുയര്‍ത്തിയ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയും അതില്‍ ചിലത് പാര്‍ട്ടിയുടെ നയമായി മാറുകയും ചെയ്തതാണ് ചരിത്രം. അതിനാല്‍ ഇക്കുറി ഒരുവോട്ടെടുപ്പിനുപോലും ഇട നല്‍കാന്‍ കേന്ദ്രനേതൃത്വം സമ്മതിക്കില്ലെന്നാണു സൂചന. പൂര്‍ണ സമവായത്തിനാണ് നീക്കം. അതിനാല്‍ സംസ്ഥാന സമിതിയിലേക്കുള്ള പാനല്‍ ദല്‍ഹിയില്‍ തയാറാകും.അത് എല്ലാവരെയും കൊണ്ട് അംഗീകരിപ്പിക്കും. ഗ്രൂപ്പിസം മറികടക്കാന്‍ അതാണു നല്ല വഴിയെന്ന് കേന്ദ്രനേതൃത്വം ചിന്തിക്കുന്നു.
മലപ്പുറത്തു സംഭവിച്ചതുപോലെ വോട്ടെടുപ്പിലേക്കോ പൊട്ടിത്തെറിയിലേക്കോ നയിക്കുന്ന കാര്യങ്ങള്‍ അനുവദിക്കില്ലെന്ന നിര്‍ബന്ധ ബുദ്ധി കേന്ദ്രനേതൃത്വത്തിനുണ്ട്. വിഭാഗീയതക്കെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം സമ്മേളനത്തിന്റെ പുനരാവര്‍ത്തനത്തിലൂടെ പോളിറ്റ് ബ്യൂറോ വ്യക്തമാക്കി കഴിഞ്ഞു.

മലപ്പുറത്തുനിന്ന് വ്യത്യസ്തമായി ഗ്രൂപ്പ് ബലാബലത്തിലും ഏറെമാറ്റമുണ്ട്. വി.എസ് പക്ഷത്തിന് പഴയ ആത്മവിശ്വാസമോ സംഘബലമോ ഇല്ല. ‘നിര്‍ണായക ന്യൂനപക്ഷ’ പദവിപോലും അവകാശപ്പെടാനില്ലാത്ത വിധം ഗ്രൂപ്പ് ശോഷിച്ചിട്ടുണ്ട്. അതുകൊണ്ട് ഔദ്യോഗികപക്ഷത്തോട് കേന്ദ്ര നേതൃത്വത്തിന് പ്രത്യേക വിധേയത്വമോ മമതയോ ഉണ്ടെന്നുകരുതാനുമാവില്ല. അങ്ങനെയൊരു മമതയില്ലെന്ന് പ്രകടമാക്കാനാണ് തിരുവനന്തപുരം സമ്മേളനം വീണ്ടും നടത്തിച്ചത്. വി.എസ് പക്ഷത്തോട് സഹാനുഭൂതിയും അവര്‍ക്കില്ല.
ഇപ്പോള്‍ സംസ്ഥാന സമിതിയില്‍ 20ഓളം അംഗങ്ങളേ വി.എസ് പക്ഷത്തിനുള്ളൂ. അതിലുള്‍പ്പെട്ട ചിലര്‍ക്ക് പ്രായാധിക്യം ബാധിച്ചതുകൊണ്ട് സംസ്ഥാന സമിതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. അതിലുപരി ഒരു വെട്ടിക്കുറവ് ഉണ്ടാകാനിടയില്ലെന്നാണ് സൂചന. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ കേന്ദ്രനേതൃത്വത്തിന്റെ മനസ്സിലുള്ളത് വ്യക്തമാകും. അതനുസരിച്ചായിരിക്കും സമ്മേളനം പൂര്‍ത്തിയാകുക.

3. സിബി മാത്യു വധശ്രമം: എസ്.പിക്കെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സിബി മാത്യുവിനെ വധിക്കാന്‍ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഗൂഢാലോചന നടത്തിയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എസ്.പിക്കെതിരെ നടപടി വേണമെന്ന റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തി. സുരക്ഷാവിഭാഗം എസ്.പിയായ കെ.കെ. ജോഷ്വക്കെതിരെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം വ്യക്തമായ തെളിവുകളോടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ആഭ്യന്തരവകുപ്പ് തള്ളിയത്.

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ സിബി മാത്യുവിന്റെ സഹായി എസ്.പി കെ.കെ. ജോഷ്വയായിരുന്നു. മണിച്ചന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ സഹ തടവുകാരനായ സുരേന്ദ്രന് പണം വാഗ്ദാനം ചെയ്ത് സിബി മാത്യുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.

പ്രതിഭാഗം അഭിഭാഷകന്‍ എം.എസ്. ഫൈസിയുമായി എസ്.പി മൊബൈലില്‍ 49 തവണ ബന്ധപ്പെട്ടതിന്റെ രേഖകളും ഇവരുടെ സംസാരം ശ്രവിച്ച ഡിവൈ.എസ്.പിയുടെ മൊഴിയും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍ ടീം തലവന്‍ കെ.ബി. ബാലചന്ദ്രന്‍ ക്രൈംസ് ഡി.ഐ.ജി ഹരിനാഥ്മിശ്രക്കും എ.ഡി.ജി.പി രാജന്‍ മധേക്കര്‍ക്കും പിന്നീട് ഡി.ജി.പിക്കും നല്‍കിയിരുന്നു.
ചില ദിവസങ്ങളില്‍ രണ്ട് മുതല്‍ ആറ് തവണ വരെ ബന്ധപ്പെട്ടതിന്റെ രേഖയുമുണ്ട്. 2007 മെയ് 28 മുതല്‍ ജൂണ്‍ എട്ട് വരെ 15 കോളുകളും ജൂണ്‍ 16 മുതല്‍ ജൂലൈ 17 വരെ 18 കോളുകളും ജൂലൈ 18 മുതല്‍ ഒക്ടോബര്‍ 19 വരെ 16 കോളുകളും വിളിച്ചിരുന്നു. കോടതികളില്‍ വിചാരണ നടന്ന ദിവസങ്ങളില്‍ രാവിലെ 6.30നും കോടതി നടപടി അവസാനിച്ച ഉച്ചയ്ക്ക് 1.30നും രാത്രി 7.30നും എട്ടിനും ഒമ്പത് മണിക്കും 40 മുതല്‍ 50 മിനിട്ട് വരെ നീളുന്ന കോളുകള്‍ വിളിച്ചതായി രേഖയിലുണ്ട്.

കോടതി ആവശ്യപ്പെട്ട ചില രേഖകളുമായി പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ്.പി ബാലചന്ദ്രന്‍ ഹാജരായ 2007 ജൂലൈ 17ന് ഉച്ചയ്ക്ക് പ്രതിഭാഗം അഭിഭാഷകന്റെ ഫോണ്‍ സംഭാഷണം അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പിയായ കെ.വി. മോഹന്‍ദാസ് കേട്ടതോടെയാണ് ജോഷ്വയെ നിരീക്ഷിക്കാന്‍ രഹസ്യതീരുമാനമെടുത്തത്. പ്രതിഭാഗം അഭിഭാഷകന്‍ ഫൈസി കോടതിക്ക് പുറത്ത് വരാന്തയില്‍നിന്ന് എസ്.പിയോട് പറഞ്ഞ വാക്കുകള്‍ ഡിവൈ.എസ്.പി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘റിക്കോര്‍ഡ്സ് എല്ലാം ഡി.ഐ.ജിയുടെ ഓഫീസിലുണ്ടല്ലെ’ എന്ന് പറഞ്ഞത് താന്‍ കേട്ടെന്നും മോഹന്‍ദാസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട് പരിശോധിച്ച ഡി.ഐ.ജിയും എ.ഡി.ജി.പിയും ജോഷ്വക്കെതിരെ കര്‍ശന നടപടി ശിപാര്‍ശ ചെയ്തു. ഇത് അംഗീകരിച്ച ഡി.ജി.പി റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ആഭ്യന്തരവകുപ്പ് തുടര്‍ നടപടിക്കായി ഫയല്‍ ആഭ്യന്തരമന്ത്രി വഴി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടില്ല. ഐ.പി.എസ് ഉദ്യോഗസ്ഥനായ ജോഷ്വക്കെതിരെ നടപടി എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. സി.പി.എമ്മിലെയും ഇടതുമുന്നണിയിലെ ചില ഉന്നത നേതാക്കളുടെ അടുത്ത സുഹൃത്തായ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തില്‍ ശക്തമായ സമ്മര്‍ദവും ഉണ്ടത്രെ.
അതിനിടെ ബി.എസ്.എന്‍.എല്ലിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് എസ്.പി ബാലചന്ദ്രനും ബില്‍ നല്‍കിയ ബി.എസ്.എന്‍.എല്ലിനുമെതിരെ എസ്.പി ജോഷ്വ പരാതി നല്‍കി. തന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണം ചോര്‍ത്താനും കോള്‍ വിവരങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതിയില്ലാതെ ശേഖരിക്കാനും ക്രൈംബ്രാഞ്ച് എസ്.പി ശ്രമിച്ചെന്നാണ് ജോഷ്വ ഡി.ജി.പിക്ക് പരാതി നല്‍കിയത്. ജനുവരി 18ന് നല്‍കിയ പരാതിയില്‍ ഇതുവരെ ഡി.ജി.പി നടപടി എടുത്തിട്ടില്ല. ഐ.പി.എസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ബാലചന്ദ്രനും താനുമായുള്ള കേസുകളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നും ജോഷ്വയുടെ പരാതിയിലുണ്ട്.

എന്നാല്‍ ജോഷ്വയുടെ വാദം അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് ശേഖരിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ഇത് മേലധികാരികളുടെ അനുമതിയോടെയാണെന്നും എസ്.പി ബാലചന്ദ്രന്‍ മാധ്യമത്തോട് പറഞ്ഞു. സംസ്ഥാനത്തെ രണ്ട് പ്രമുഖ ഐ.ജിമാരും ഒരു എസ്.പിയും ഈ കേസ് ഇല്ലാതാക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും ക്രൈംബ്രാഞ്ച് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.

4. സിമന്റിന്റെ മറവില്‍ കടത്തിയത് 31ലോഡ് സ്പിരിറ്റ്; കരാറുകാരന് പങ്കെന്ന് സൂചന
പാലക്കാട്: ഒരുവര്‍ഷത്തിനുള്ളില്‍ വാളയാര്‍ ചെക്ക്പോസ്റ്റിലെ ഗ്രീന്‍ചാനല്‍ സംവിധാനം വഴി ഒരേ സ്റ്റോക്കിസ്റ്റ് മുഖേന സംസ്ഥാനത്തേക്ക് 31 ലോഡ് സ്പിരിറ്റ് എത്തിയതിന്റെ വ്യക്തമായ സൂചന പ്രത്യേക അന്വേഷണം നടത്തുന്ന എക്സൈസ് സംഘത്തിന് ലഭിച്ചു. വ്യാജപ്പേരില്‍ കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളയിലുള്ള സ്ഥാപനത്തിന്റെ പേരില്‍ മലബാര്‍ സിമന്റ്സില്‍നിന്ന് 11 മാസത്തിനുള്ളില്‍ കയറ്റിയ 31 ലോഡ് സിമന്റ് തമിഴ്നാട്ടില്‍ വിറ്റഴിക്കുകയും ഇത്രയും സ്പിരിറ്റ് ലോറികള്‍ സംസ്ഥാനത്തെത്തുകയും ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. മലബാര്‍ സിമന്റ്സിന്റെ അംഗീകൃത ട്രാന്‍സ്പോര്‍ട്ടിംഗ് ലൈസന്‍സിയായ കോഴിക്കോട്ടെ ടി.പി. യാക്കൂബിന് സംഭവത്തില്‍ പങ്കുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ യാക്കൂബിനെ വീണ്ടും ചോദ്യം ചെയ്യും.

ഇന്നലെ അറസ്റ്റിലായ സ്റ്റോക്കിസ്റ്റ് അനീസുറഹ്മാന്‍, ലോറി കമീഷന്‍ ഏജന്റ് റഫീഖ് എന്നിവരുടെ മൊഴിയിലാണ് യാക്കൂബിന്റെ സ്ഥാപനത്തിന് സംഭവവുമായുള്ള ബന്ധത്തെപ്പറ്റി സൂചന. ലോറിക്കച്ചവടവും കമീഷന്‍ ഏജന്‍സിയുമായി പാലക്കാട്ട് പ്രവര്‍ത്തിക്കുന്ന റഫീഖിന്റെ ലോറി അനീസുറഹ്മാനുവേണ്ടി ഏര്‍പ്പാടാക്കി കൊടുത്തത് യാക്കൂബിന്റെ സ്ഥാപനമായ എക്സ്പര്‍ട്ട്ലൈന്‍ എന്റര്‍പ്രൈസസാണ്. സിമന്റ് ഫാക്ടറിയില്‍നിന്ന് ചരക്കുകടത്താന്‍ റഫീഖിന് ലൈസന്‍സില്ല. ഫാക്ടറിയിലെ രേഖകള്‍ പ്രകാരം സ്റ്റോക്കിസ്റ്റ് അനീസുറഹ്മാന്റെ ചെര്‍ക്കളയിലുള്ള സ്ഥാപനത്തിന്റെ പേര് കെ.കെ. ട്രേഡേഴ്സ് എന്നാണ്. എന്നാല്‍, ഇങ്ങനെയൊരു സ്ഥാപനം അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

അതേസമയം, 31 ലോഡ് സിമന്റ് 11 മാസത്തിനുള്ളില്‍ ഈ സ്ഥാപനത്തിലേക്ക് മാത്രം കയറ്റിപ്പോയിട്ടുണ്ട്. യാക്കൂബിന്റെ സ്ഥാപനം ഇത്രയും സിമന്റ് കാസര്‍കോട്ട് എത്തിച്ചുവെന്ന് രേഖകള്‍ ഉണ്ടെങ്കിലും ഒരുചാക്ക് പോലും എത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഫാക്ടറിയില്‍നിന്ന് സിമന്റുമായി കോയമ്പത്തൂരിനടുത്തുള്ള കേന്ദ്രത്തില്‍ ലോറി എത്തുകയും അതേ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. സിമന്റ് തമിഴ്നാട്ടില്‍ അനധികൃതമായി വിറ്റഴിച്ചിട്ടുമുണ്ട്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് മലബാര്‍ സിമന്റ്സിന്റെ സ്റ്റോക്കിസ്റ്റായി അനീസുറഹ്മാന്‍ നിയമിക്കപ്പെടുന്നത്. കയറ്റിപ്പോവുന്ന സിമന്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്ന രീതി ഫാക്ടറി അധികൃതര്‍ക്ക് ഇല്ലത്രെ.

സ്റ്റോക്കിസ്റ്റിന്റെ സ്ഥാപനത്തില്‍ ചരക്ക് എത്തിക്കാനുള്ള കടത്തുകൂലി സഹിതമാണ് സിമന്റിനായി ഇന്റന്റ് ഫാക്ടറിയില്‍ എത്തുന്നത്. അംഗീകൃത കടത്തുകാര്‍ക്കുള്ള ചാര്‍ജ് ഫാക്ടറി അധികൃതരാണ് നല്‍കുക. ഏജന്റ് മുഖേന ഏര്‍പ്പാടാക്കിയ ലോറികളിലാണ് കൂടുതല്‍ ലോഡ് പോയിട്ടുള്ളത്. എക്സ്പര്‍ട്ട് ലൈന്‍ വഴിയല്ലാതെ ഇത് നടക്കില്ല. കര്‍ണാടകയില്‍നിന്ന് കോയമ്പത്തൂരിനടുത്തുള്ള കേന്ദ്രത്തില്‍ എത്തുന്ന സ്പിരിറ്റാണ് കേരളത്തിലെ ആവശ്യക്കാര്‍ക്ക് കയറ്റിവിടുന്നത്. കഴിഞ്ഞമാസം 24ന് സ്പിരിറ്റ് ലോറിയോടൊപ്പം പിടിയിലായ ദിബിന്‍മാത്യൂ എന്ന ഡ്രൈവര്‍ക്ക് സ്പിരിറ്റ് കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. ആലുവ, പട്ടാമ്പി, മണ്ണുത്തി, തൃപ്രയാര്‍ എന്നീ സ്ഥലങ്ങളില്‍ റോഡരികില്‍ ലോറിനിറുത്തി മടങ്ങുക എന്ന നിര്‍ദേശമാണ് പലപ്പോഴും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുകയത്രെ. 24ന് അനീസുറഹ്മാനുവേണ്ടി കയറ്റിപ്പോയ സിമന്റ് പിടികൂടിയെങ്കിലും ലോറി ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഡ്രൈവര്‍ അശോകനും ഒളിവിലാണ്. കോയമ്പത്തൂരിനടുത്ത ചെട്ടിപ്പാളയത്തെ രണ്ട് സിമന്റ് വ്യാപാര ഏജന്‍സികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

5. ഉസാമയും മുല്ല ഉമറും പാക്കിസ്ഥാനില്‍ ഉണ്ടെന്ന് അമേരിക്ക; ഇല്ലെന്ന് പാക്കിസ്ഥാന്‍
വാഷിംഗ്ടണ്‍: ഉസാമ ബിന്‍ലാദിന്‍, മുല്ല ഉമര്‍ എന്നീ അല്‍ഖാഇദ താലിബാന്‍ നേതാക്കള്‍ പാക് മണ്ണില്‍ ഒളിവുവാസം തുടരുന്നതായി അമേരിക്ക. എന്നാല്‍ ഇക്കാര്യം വ്യക്തമായി നിഷേധിച്ച പാക് വിദേശമന്ത്രാലയം അമേരിക്കന്‍ പ്രസ്താവന പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് കുറ്റപ്പെടുത്തി.

താലിബാന്റെ ചില നേതാക്കള്‍ പാക്കിസ്ഥാനിലെ ക്വറ്റ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉസാമയും അല്‍സവാഹിരിയും മറ്റും പാക്കിസ്ഥാന്റെ ഗിരിവര്‍ഗ മേലയിലാണ് കഴിയുന്നതെന്നും ഇന്നലെ പ്രമുഖ യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്.

താലിബാന്‍^അല്‍ഖാഇദ നേതാക്കള്‍ പാക്കിസ്ഥാനിലെ ഒളിത്താവളങ്ങളിലിരുന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കി വരികയാണെന്ന് ഈ ഉദ്യോഗസ്ഥാന്‍ അവകാശപ്പെടുന്നു.
താലിബാന്‍^അല്‍ഖാഇദ നേതാക്കളുടെ താവളങ്ങളെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം യു.എസ് ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനെ അറിയിക്കുകയാണ് വേണ്ടതെന്ന് വാര്‍ത്ത നിഷേധിക്കെ പാക് വിദേശകാര്യ വക്താവ് മുഹമ്മദ് സാദിഖ് വ്യക്തമാക്കി.

6. നാണ്യപെരുപ്പം നേരിടാന്‍ ഡോളര്‍ കൈവെടിയണമെന്ന ആവശ്യം ശക്തം
ദുബൈ: ഡോളറുമായുള്ള വിധേയത്വം ഉപേക്ഷിക്കാന്‍ യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കു മേല്‍ വീണ്ടും സമ്മര്‍ദം. ശക്തമായ നടപടികള്‍ക്കിടയിലും നാണ്യപെരുപ്പം ഭീതിദമായ അവസ്ഥയില്‍ തുടരുന്നതാണ് യൂറോ ഉള്‍പ്പെടെ ബദല്‍ കറന്‍സികളിലേക്ക് വഴിമാറാന്‍ പ്രേരണയായിരിക്കുന്നത്. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ കുറച്ചു കൂടി സമയമെടുക്കുമെന്ന നിലപാടാണ് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ പൊതുവേദിയായ ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബദ്രി ഇന്നലെ വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഇല്ലാത്ത വിധം മിക്ക ഗള്‍ഫ് രാജ്യങ്ങളില്‍ നാണ്യപെരുപ്പം ശക്തമായി തുടരുകയാണ്. എണ്ണവിപണിയിലെ വിലവര്‍ധന ഉള്‍പ്പെടെ അനുകൂല ഘടകങ്ങള്‍ പലതുണ്ടായിട്ടും ഡോളര്‍ വിധേയത്വം കാരണം അതിന്റെ ഗുണഫലം ഗള്‍ഫിന് നഷ്ടപ്പെടുകയാണ്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ വാണിജ്യ^വ്യവസായ രംഗത്തെ തന്നെ അത് പിടിച്ചുലച്ചേക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചും വിപണിയില്‍ ഇടപെട്ടും അധികകാലം വെല്ലുവിളി മറികടക്കാന്‍ കഴിയണമെന്നില്ലെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. യു.എ.ഇ, സൌദി എന്നിവക്കു പുറമെ ഒമാനും ഇന്നലെ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്താന്‍ തീരുമാനിച്ചു. ഗോതമ്പ് ഉള്‍പ്പെടെ ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി കൂട്ടാനും വാടക വര്‍ധന കര്‍ശനമായി തടയാനും ഒമാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാതൃക മറ്റു ഗള്‍ഫ് രാജ്യങ്ങളും അവലംബിച്ചേക്കുമെന്നാണ് സൂചന. ബഹ്റൈന്‍ നേരത്തെ തന്നെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഉയര്‍ന്ന തുക സബ്സിഡി നല്‍കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ധന ഉള്‍പ്പെടെ ശക്തമായ നടപടികള്‍ക്ക് പ്രേരിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. നിര്‍മാണ മേഖലയിലെ നിരവധി കമ്പനികള്‍ ശമ്പള വര്‍ധന സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിനു നല്‍കിയ ഉറപ്പുകള്‍ ഇനിയും പാലിച്ചിട്ടില്ല.

എണ്ണ കയറ്റുമതി രാജ്യങ്ങളെന്ന നിലക്ക് ഡോളര്‍ വിധേയത്വം അവസാനിപ്പിക്കുക മാത്രമാണ് പ്രധാനം. ഇറാനും വെനിസ്വലയും മറ്റു കറന്‍സികളിലേക്ക് ഇതിനകം മാറിക്കഴിഞ്ഞു. ഡോളര്‍ തകര്‍ച്ച കാരണം എണ്ണ കയറ്റുമതി രാജ്യങ്ങളുടെ വാങ്ങല്‍ശേഷി ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഡോളറില്‍ നിന്ന് പിന്‍വാങ്ങാതെ രക്ഷയില്ലെന്നു വന്നതോടെ യൂറോയിലേക്ക് മാറാന്‍ തത്വത്തില്‍ ഒപെക് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് കുറച്ചു കൂടി കാലതാമസം വേണ്ടി വരുമെന്ന് ഒപെക് നേതൃത്വം വ്യക്തമാക്കി. പിന്നിട്ട അഞ്ചു പതിറ്റാണ്ടുകളായി ഡോളറിന്റെ മേധാവിത്തം തുടരുകയാണെങ്കിലും അതിനെ മറികടക്കുമാറ് യൂറോ കരുത്ത് തെളിയിച്ചിരിക്കെ, വഴിമാറ്റം അനിവാര്യമാണെന്ന സൂചനയാണ് ഒപെക് സെക്രട്ടറി ജനറല്‍ നല്‍കുന്നത്. ഡോളറിനെ കൈവിടണമെന്ന ശക്തമായ ആവശ്യമാണ് വാണിജ്യ^വ്യവസായ മേഖലയില്‍ നിന്നും ഉയര്‍ന്നു വന്നിരിക്കുന്നത്.

7. ഇന്റര്‍നെറ്റ് ഫോണ്‍: പരിശോധനക്ക് കൂടുതല്‍ സംഘങ്ങള്‍
കുവൈത്ത് സിറ്റി: ഇന്റര്‍നെറ്റ് ഫോണ്‍ കേന്ദ്രങ്ങള്‍ കണ്ടെത്തി പൂട്ടിക്കുന്നതിനുള്ള നടപടി ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വ്യാപകമായി റെയ്ഡ് സംഘടിപ്പിക്കുന്നതിനായി പുതുതായി 40 അംഗ സംഘത്തെ തെരഞ്ഞെടുത്തു.

നേരെത്ത രൂപവത്കരിച്ച 13 അംഗ സംഘത്തിന് പുറമെയാണ് കൂടുതല്‍ പേരെ ഇന്റര്‍നെറ്റ് ഫോണ്‍ കേന്ദ്രങ്ങള്‍ കണ്ടെത്തി റെയ്ഡ് നടത്താന്‍ മാത്രമായുള്ള സംഘത്തിലേക്ക് നിയോഗിക്കുന്നത്. പ്രത്യേക സംഘങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നേരത്തെ നടത്തിയ റെയ്ഡ് ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സംഘങ്ങളെ റെയ്ഡിന് നിയോഗിക്കുന്നതെന്ന് ടെലികമ്മ്യൂണികേഷന്‍ നിരീക്ഷണ വിഭാഗം മേധാവി നാസര്‍ അല്‍ കിന്ദരി പറഞ്ഞു.

നിയമപരമല്ലാത്ത രൂപത്തില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഫോന്‍ കേന്ദ്രങ്ങള്‍ തുടച്ചുനീക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. റെയ്ഡ് വ്യാപകമാക്കാനും പിടികൂടപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ടെലികമ്യൂണിക്കേഷന്‍ അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ ഉസൈമി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതുതായി രൂപവത്കരിച്ച പിരിശോധകസംഘം രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും മുക്കുമൂലകളില്‍ പോലിസിന്റെ സഹായത്തോടെ പരിശോധന നടത്തും. പരിശോധനയില്‍ പിടികൂടപ്പെടുന്നവരെ നാടുകടത്തുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കും.

രാജ്യത്തെ എല്ലാ ഗവണ്‍ണറേറ്റുകളിലും ഇന്റര്‍നെറ്റ് ഫോണ്‍ വ്യാപകമാണന്നാണ് മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അശ്ലീല വെബ് സൈറ്റുകള്‍ക്കെതിരായ നടപടിയും മന്ത്രാലയം കര്‍ശനമാക്കിയതായി നാസര്‍ അല്‍ കിന്ദരി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മാത്രം ഇത്തരത്തിലുള്ള 56 വെബ് സൈറ്റുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഇന്റര്‍നെറ്റ് ഫോണ്‍ തടയുന്നതിനും അശ്ലീല വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനും ടെലികോം കമ്പനികളുടെ സഹകരണം ലഭ്യമാക്കാന്‍ നടപടിയെടുത്തതായും നാസര്‍ അല്‍ കിന്ദരി തുടര്‍ന്നു.

8. തുര്‍ക്കി: വിദ്യാര്‍ഥിനികള്‍ക്കിനി ശിരോവസ്ത്രം ധരിക്കാം
അങ്കാറ: മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സര്‍വകലാശാലകളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിരോധം തുര്‍ക്കി പാര്‍ലമെന്റ് നീക്കി. ഇന്നലെ പാര്‍ലമെന്റില്‍ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 103നെതിരെ 411 വോട്ടുകള്‍ക്കാണ് ഇത് സംബന്ധിച്ച ഭരണഘടനാ ഭേദഗതി പാസായത്. ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പിലും ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു.

ശിരോവസ്ത്ര നിരോധം നീങ്ങിയതില്‍ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി ജനാധിപത്യത്തിന്റെയും നീതിയുടെയും വിജയമാണിതെന്ന് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥിനികള്‍ക്ക് നാളെ മുതല്‍ ശിരോവസ്ത്രം ധരിച്ചു തുടങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഭേദഗതിയെ എതിര്‍ക്കുന്ന തീവ്രമതേതരവാദികള്‍ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. ശിരോവസ്ത്ര നിരോധം നീക്കിയതിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സി.എച്ച്.പി മുന്നറിയിപ്പ് നല്‍കി.

9. തുര്‍ക്കി ഭരണഘടനാ പരിഷ്കാരം മുസ്ലിം ലോകം സ്വാഗതം ചെയ്തു
റിയാദ്: തുര്‍ക്കി വിദ്യാര്‍ഥിനികള്‍ക്ക് സര്‍വകലാശാലകളില്‍ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാന്‍ അനുമതി നല്‍കി മന്ത്രിസഭ ഇന്നലെ അംഗീകരിച്ച ഭരണഘടനാ ഭേദഗതി മുസ്ലിം ലോകം സ്വാഗതം ചെയ്തു. അറബ് ലോകത്തെ വിവിധ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

13 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷം 550ല്‍ 403 വോട്ടിനാണ് തുര്‍ക്കി പാര്‍ലമെന്റ് ഭരണഘടനാ ഭേദഗതി അംഗീകരിച്ചത്. ഭരണഘടനാ ഭേദഗതിയിലൂടെ രണ്ട് സുപ്രധാന തീരുമാനങ്ങളാണ് രാജ്യത്ത് നടപ്പാക്കുക. രാഷ്ട്രം നല്‍കുന്ന എല്ലാ സേവനങ്ങളിലും, പ്രത്യേകിച്ച് സാമൂഹിക സേവനങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഭേദഗതിയിലൂടെ തുല്യ പരിഗണന ലഭിക്കും. ഏതെങ്കിലും കാരണത്താല്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം ആര്‍ക്കും നിഷേധിക്കരുതെന്നും ഭേദഗതിയില്‍ പറയുന്നു.

1980ലെ പട്ടാള വിപ്ലവത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ നിലവില്‍വന്ന നിയമങ്ങളാണ് ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ ഇന്നലെ നടന്ന ഭരണഘടനാ ഭേദഗതിയിലൂടെ മാറ്റി എഴുതുന്നത്. തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗാന്‍ മന്ത്രിസഭയുടെ തീരുമാനം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. ജനാധിപത്യത്തിന്റെ വിജയം എന്നാണ് പ്രധാനമന്ത്രി ഭരണഘടനാ ഭേദഗതിക്കുള്ള അംഗീകാരത്തെ വിശേഷിപ്പിച്ചത്. പ്രസിഡന്റ് അബ്ദുല്ല ഗുല്ലിന്റെ അംഗീകാരത്തോടെ പുതിയ നിയമം തുര്‍ക്കിയില്‍ പ്രാബല്യത്തില്‍ വരുമെന്നും ഉര്‍ദുഗാന്‍ അറിയിച്ചു.

ജനസംഖ്യയില്‍ 99 ശതമാനം മുസ്ലിംകളുള്ള തുര്‍ക്കിയിലെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ ഹാജരാകാന്‍ വിലക്കുള്ളത് മുസ്ലിം ലോകത്ത് വന്‍ അമര്‍ഷത്തിന് കാരണമാക്കിയിരുന്നു. തുര്‍ക്കികത്തും പുറത്തുമുള്ള ഇസ്ലാമിസ്റ്റുകള്‍ ഇതിനെതിരെ വിവിധ രൂപത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, തുര്‍ക്കിയിലെ മതേതര വാദികള്‍ ഇന്നലെ മന്ത്രിസഭ അംഗീകരിച്ച ഭരണഘടനാ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. തുര്‍ക്കിയില്‍ മതേതരത്വം നിലനില്‍ക്കുകതന്നെ ചെയ്യുമെന്ന മുദ്രാവാക്യവുമായി മതേതരവാദികള്‍ തെരുവിലിറങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w