പത്രവാര്‍ത്തകള്‍ 10-02-081. ആണവകരാര്‍: വീണ്ടും അമേരിക്കന്‍ സമ്മര്‍ദം
ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഇപ്പോള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇനിയൊരിക്കലും ഇന്ത്യക്ക് അതിന് അവസരം കിട്ടില്ലെന്ന് അമേരിക്കയുടെ ഭീഷണി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡാണ് സമ്മര്‍ദ്ദതന്ത്രം ആവര്‍ത്തിച്ചത്.

ഇപ്പോള്‍ കരാര്‍ നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നിബന്ധനകള്‍ക്ക് ഇന്ത്യ വിധേയമാകേണ്ടിവരും. കരാര്‍ ഉടന്‍ നടപ്പാക്കിയാല്‍ സിവില്‍ ആണവോര്‍ജരംഗത്തെ പ്രധാന കേന്ദ്രമായി ഇന്ത്യക്ക് മാറാം. അമേരിക്കയില്‍ ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ കാലത്ത് കരാര്‍ നടപ്പാക്കിയില്ലെങ്കില്‍ പിന്നീട് ഇത്തരമൊരു കരാര്‍ ഇന്ത്യക്ക് ലഭിക്കില്ല. ഡെമോക്രാറ്റുകളോ റിപ്പബ്ളിക്കന്‍ പാര്‍ടിക്കാരോ 2010നുമുമ്പ് ഇത്തരമൊരു കരാര്‍ ഇന്ത്യയുമായി ഒപ്പുവയ്ക്കാന്‍ സമ്മതിക്കില്ല. കരാര്‍ പുനഃപരിശോധിക്കണമെങ്കില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിരവധി പ്രക്രിയകളിലൂടെ കടന്നുപോകേണ്ടിവരും. നിരവധി മാറ്റങ്ങളും വേണ്ടിവരും. കരാറിനോട് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ടികളുടെ പ്രതികരണങ്ങള്‍ വിചിത്രമാണ്. പരമാധികാര രാഷ്ട്രമായ ഇന്ത്യക്ക് അണുശക്തി പരീക്ഷണം എപ്പോള്‍ വേണമെങ്കിലും നടത്താം- സിഎന്‍എന്‍-ഐബിഎന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മുള്‍ഫോര്‍ഡ് പറഞ്ഞു.

ആണവ വിതരണ രാഷ്ട്രങ്ങളുടെ അനുമതി ഇന്ത്യക്ക് ലഭിക്കും. എന്നാല്‍, അത് എളുപ്പമല്ല. അമേരിക്ക അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കയാണ്. ഇന്ത്യയെ കടുത്ത നിബന്ധനകളില്‍നിന്ന് ഒഴിവാക്കാന്‍ അമേരിക്ക ശ്രമം നടത്തുകയാണ്. ഇത് ഫലം കാണണമെങ്കില്‍ രാഷ്ട്രീയ ഊര്‍ജംകൂടി ആവശ്യമാണ്.

എന്തുകൊണ്ടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും ഇന്ത്യയുമായുള്ള സുരക്ഷാ മാനദണ്ഡകരാറിന് അന്തിമരൂപമാകാത്തതെന്ന് മനസ്സിലാകുന്നില്ല.

ആണവകരാര്‍വഴി ഏഷ്യയിലെ തങ്ങളുടെ സഖ്യരാഷ്ട്രമായി ഇന്ത്യയെ മാറ്റാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന സിപിഐ എമ്മിന്റെയും ഇടതു പാര്‍ടികളുടെയും ആരോപണം പച്ചക്കള്ളമാണെന്ന് മുള്‍ഫോര്‍ഡ് പറഞ്ഞു. ലോകത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യയെ മാറ്റാന്‍ അമേരിക്ക സഹായംചെയ്യുന്നുവെന്നേയുള്ളൂ. സിപിഐ എമ്മിന്റെ ആശങ്കകള്‍ മാറ്റാന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കാണാനും തയ്യാറാണെന്ന് മുള്‍ഫോര്‍ഡ് പറഞ്ഞു. ഇറാന്‍ പൈപ്പ്ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍നിന്ന് ഇന്ത്യയെ അമേരിക്ക തടഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, ആണവകരാറിന്റെ കാര്യത്തില്‍ ഇന്ത്യ സമയം പാഴാക്കുകയാണന്ന് അമേരിക്കന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി നിക്കോളാസ് ബേണ്‍സ് പറഞ്ഞു. കരാറില്‍ അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാന്‍ ഈ വര്‍ഷംതന്നെ ഇന്ത്യക്ക് കഴിയും. അമേരിക്കയില്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്നു. കരാറുമായി ബന്ധപ്പെട്ട് ഇനിയുള്ള കാര്യങ്ങള്‍ വേഗത്തിലാകണമെന്നും അതിനായി ഇന്ത്യന്‍സര്‍ക്കാര്‍ ശ്രമിക്കണമെന്നും ബേണ്‍സ് ആവശ്യപ്പെട്ടു. അടുത്തിടെ സ്ഥാനമൊഴിയുന്നതിനുമുമ്പ് താന്‍ ഇന്ത്യ് സന്ദര്‍ശിക്കുമെന്നു ബേണ്‍സ് പറഞ്ഞു.

2. ഭരണനടപടികളിലെ സങ്കീര്‍ണത ഒഴിവാക്കും: മുഖ്യമന്ത്രി
കോഴിക്കോട്: ഭരണനടപടികളിലെ സങ്കീര്‍ണതയും തട്ടുകളുടെ എണ്ണവും കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നൂറ് രൂപയുടെ ആനുകൂല്യം കിട്ടാന്‍ അഞ്ഞൂറ് രൂപ യാത്രച്ചെലവു വരുന്ന അവസ്ഥയുണ്ടാകരുത്.

നവീകരിച്ച കോഴിക്കോട് കലക്ടറേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ ജീവിതം സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പുനാടയില്‍ കുരുങ്ങി മുരടിച്ചുപോകരുത്. സാങ്കേതികവിദ്യ കൊണ്ടുമാത്രം കാര്യമില്ല. അതുപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതയും പ്രധാനമാണ്. സിവില്‍സര്‍വീസ് കാര്യക്ഷമവും അഴിമതി മുക്തവുമാക്കിയാലേ ജനങ്ങള്‍ക്ക് നീതി ലഭിക്കൂ. അതോടൊപ്പം ഭരണപരിഷ്കാരവും അനിവാര്യമാണ്.

ഭരണസംവിധാനത്തില്‍ ഇപ്പോള്‍ ഒട്ടനേകം തട്ടുകളാണ്. ഒരു കാര്യത്തിന് അഞ്ചോ ആറോ ഓഫീസുകളില്‍ പത്തോ പതിനഞ്ചോ സെക്ഷനുകളില്‍ ഫയലുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയുണ്ട്. അതില്‍ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന് പനി പിടിച്ചാല്‍ അപേക്ഷകന്‍ കാത്തുകെട്ടി കിടക്കേണ്ടി വരുന്നു. ഇതിനെല്ലാം മാറ്റം വേണം.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസപദ്ധതികള്‍ പെട്ടെന്ന് നടപ്പാക്കി ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ജീവനക്കാര്‍ ഉത്സാഹിക്കണം. ആനുകൂല്യം എങ്ങനെ നല്‍കാതിരിക്കാമെന്നല്ല, അര്‍ഹതപ്പെട്ടതാണെങ്കില്‍ അതെങ്ങനെ നല്‍കാമെന്നാണ് ചിന്തിക്കേണ്ടത്. ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നേടുന്നതിനുള്ള ശ്രമങ്ങള്‍പോലെ ഇക്കാര്യത്തിലും ഉത്സാഹവും ജാഗ്രതയും വേണം.

ജനങ്ങള്‍ എതിരായാല്‍ സിവില്‍സര്‍വീസ് തന്നെ തകരുമെന്നും ജോലിക്ക് ഭീഷണിയാകുമെന്നും ജീവനക്കാര്‍ക്ക് ബോധ്യമുണ്ടാകണം. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍സര്‍വീസിനായി സര്‍ക്കാര്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

3. ഭൂമി ഏറ്റെടുക്കാന്‍ ഇനി പ്രത്യേക പാക്കേജ്: മന്ത്രി കെ പി രാജേന്ദ്രന്‍
കണ്ണൂര്‍: സമഗ്ര സാമൂഹ്യ സുരക്ഷാ- പുനരധിവാസ പാക്കേജോടെയേ കേരളത്തില്‍ ഇനി പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് റെവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍. ഇതുസംബന്ധിച്ച് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്‍ നിയമമാകുന്നതോടെ സംസ്ഥാനത്തും ഫലപ്രദമായി നടപ്പാക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു പാക്കേജിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ കേരള റെവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഭൂപരിഷ്കരണവും പുതിയ പ്രശ്നങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂപരിഷ്കരണ നിയമം പാസായി 37 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് വലിയ പോരായ്മയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടുമായാണ് മുന്നോട്ടുപോകുന്നത്.

മൂന്നാറില്‍ ടാറ്റയുടെ അനധികൃത ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ആകെയുള്ള 29 ബ്ളോക്കുകളില്‍ 27 എണ്ണത്തില്‍ സര്‍വേ പൂര്‍ത്തിയാക്കി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ആക്ഷേപങ്ങള്‍ പരിശോധിച്ച് കുറച്ചുദിവസത്തിനകം അന്തിമ വിജ്ഞാപനമുണ്ടാകും. ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ അനധികൃതമായി കൈവശം വെച്ച ഭൂമി കണ്ടെത്തി തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നു. നാല്‍പതിനായിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനാണ് ഒന്നാമത്തെ പരിഗണന. രാജ്യത്ത് മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കും. ഇതോടൊപ്പം ഒരു തുണ്ട് ഭൂമിയില്ലാത്ത മറ്റു ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും.

ഭൂപരിഷ്കരണ നിയമംപോലെ കേരള നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമവും രാജ്യത്തുതന്നെ രജതരേഖയാകുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരമൊരു നിയമം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ല. യുഡിഎഫ് സര്‍ക്കാര്‍ റെവന്യൂ- സര്‍വേ വകുപ്പുകളിലായി 1800 തസ്തിക നിര്‍ത്തലാക്കിയതിന് ന്യായീകരണമില്ല. ഇക്കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് ഗൌരവമായി പരിശോധിച്ചു വരികയാണ്. ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകണം. രണ്ടായിരത്തോളം കണ്ടിന്‍ജന്റ് ജീവനക്കാരുടെ ദൈന്യത പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചുവരികയാണ്.

സ്വാഗതസംഘം ചെയര്‍മാന്‍ പള്ളിപ്രം ബാലന്‍ അധ്യക്ഷനായിരുന്നു. ജോയിന്റ് കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ് പ്രകാശ് വിഷയം അവതരിപ്പിച്ചു. ആര്‍ സുഖലാല്‍ സ്വാഗതവും എം ടി സുരേഷ് ചന്ദ്രബോസ് നന്ദിയും പറഞ്ഞു.

4. ബിഎസ്എന്‍എല്‍ ഇന്‍ഷുറന്‍സ്: സ്വകാര്യകമ്പനിയെ ഒഴിവാക്കുക
തിരു: ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്നതിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലൈന്‍സ് ഇന്‍ഷുറന്‍സിനെ ഏല്‍പ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ബിഎസ്എന്‍എല്‍ എംപ്ളോയീസ് യൂണിയന്‍ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ സമ്പത്ത് സ്വകാര്യകമ്പനികളിലേക്കു കൈമാറ്റംചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ പരിണതഫലം. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാര്‍ ഉണ്ടാക്കുന്നതിനു പകരം സ്വകാര്യകമ്പനികളെ ആശ്രയിക്കുന്നതിനുപിന്നില്‍ ദുരൂഹതയുണ്ട്. മാരകമായ അപകടമോ, മരണമോ സംഭവിച്ചാല്‍ മാത്രമാണ് ഈ ഇന്‍ഷുറന്‍സ് തുക ലഭ്യമാകുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ളെയിമുകള്‍ പരിഹരിക്കുന്നതിന് കാലതാമസമെടുക്കുകയോ നല്‍കാതിരിക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണ്. അത്തരം ഘട്ടത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോ പൊതുമേഖലാ കമ്പനികള്‍ക്കോ കഴിയാറുമില്ല. ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ക്ളെയിമുകള്‍ പരിഹരിക്കുകയുള്ളൂ.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്തുന്നതിനു പകരം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയ ഇത്തരം പദ്ധതികള്‍ ഉപയോക്താക്കള്‍ക്ക് ഗുണത്തേക്കാളേറെ ദോഷംചെയ്യുമെന്നു മാത്രമല്ല, തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനുള്ള മറയായി ബിഎസ്എന്‍എല്ലുമായുള്ള ബന്ധം ഇത്തരം കമ്പനികള്‍ ഉപയോഗിക്കുകയുംചെയ്യും. ഉപയോക്താക്കളില്‍നിന്ന് തുക ഈടാക്കാതെ ബിഎസ്എന്‍എല്‍തന്നെയാണ് പ്രീമിയം നല്‍കുന്നത്. സ്വാഭാവികമായും പ്രതിമാസം നല്ലതുക ബിഎസ്എന്‍എല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കേണ്ടിവരും. പൊതുമേഖലാ സ്ഥാപനങ്ങളുമായി പദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെടുമ്പോഴാണ് ബിഎസ്എന്‍എല്‍ ഇത്തരം നീക്കം നടത്തിയിരിക്കുന്നത്. ബിഎസ്എന്‍എല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് ബജാജ് അലൈന്‍സിനെ ഒഴിവാക്കി പൊതുമേഖലാ കമ്പനികളുമായി കരാര്‍ ഉണ്ടാക്കണമെന്ന് സംഘടന മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.

5. കാര്‍ഷിക വളര്‍ച്ചനിരക്ക് കുറയാന്‍ കാരണം സര്‍ക്കാര്‍ നയം: എം എസ് സ്വാമിനാഥന്‍
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക വളര്‍ച്ചനിരക്ക് കുറയാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് പ്രശസ്ത കാര്‍ഷികശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്‍ പറഞ്ഞു. നടപ്പ് സാമ്പത്തികവര്‍ഷം കാര്‍ഷികവളര്‍ച്ചാനിരക്ക് 2.6 ശതമാനമായിരിക്കുമെന്ന സൂചനയെക്കുറിച്ച് പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷികമേഖലക്ക് ഊര്‍ജ്ജം നല്‍കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പാക്കേജുകള്‍ ഫലം നല്‍കുന്നില്ലെന്നാണ് ഇത് കാട്ടുന്നത്. കാര്‍ഷികമേഖലക്കായി സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാള്‍ കുറഞ്ഞ വളര്‍ച്ചാനിരക്കായിരിക്കും ഇക്കൊല്ലമെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.

രാജ്യത്തെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എം എസ് സ്വാമിനാഥന്‍ അധ്യക്ഷനായുള്ള കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കാര്‍ഷിക മേഖലക്കുള്ള ഗവണ്‍മെന്റിന്റെ നിക്ഷേപം വര്‍ധിപ്പിക്കുക, ശരിയായ സംഭരണനയം പ്രഖ്യാപിച്ച് ഫലപ്രദമായ സംഭരണ സംവിധാനം ഏര്‍പ്പെടുത്തുക, നാല് ശതമാനം പലിശനിരക്കില്‍ കാര്‍ഷികവായ്പ അനുവദിക്കുക, ഭക്ഷ്യധാന്യോല്‍പ്പാദനത്തിന് പ്രത്യേക ആനുകൂല്യം നല്‍കുക, കൃഷിഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് മാറ്റുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങി വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ ഒറ്റപ്പെട്ട പാക്കേജുകള്‍ പ്രഖ്യാപിച്ചതല്ലാതെ എം എസ് സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ കേന്ദ്രം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സ്വാമിനാഥന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

6. എണ്ണവില 10 വര്‍ഷത്തിനകം യൂറോയില്‍: ഒപെക്
ലണ്ടന്‍: പത്തു വര്‍ഷത്തിനകം എണ്ണ ഇടപാട് ഡോളറില്‍നിന്ന് യൂറോയിലേക്ക് മാറ്റുമെന്ന് എണ്ണ ഉല്‍പ്പാദക-കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് വ്യക്തമാക്കി. ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മിഡില്‍ ഈസ്റ് ഇക്കണോമിക് ഡൈജസ്റ് വാരികയോട് ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബദ്രി പറഞ്ഞതാണിത്.

എണ്ണ ഇടപാട് ഡോളറില്‍ നടത്തുന്നതിനാല്‍ ഏഴുവര്‍ഷമായി വരുമാനത്തില്‍ ഭീമമായ ഇടിവ് അനുഭവിക്കുന്ന അംഗരാജ്യങ്ങളില്‍നിന്ന് ഒപെക്കിനുമേല്‍ ശക്തമായ സമ്മര്‍ദമുണ്ടെന്ന് അല്‍ ബദ്രി പറഞ്ഞു. ഇക്കാലയളവില്‍ യൂറോയുമായുള്ള വിനിമയത്തില്‍ ഡോളറിന്റെ മൂല്യം 44 ശതമാനമാണ് ഇടിഞ്ഞത്. എണ്ണ ഇടപാട് യൂറോയിലേക്കു മാറ്റിയാല്‍ അമേരിക്കയുടെ ലോകമേധാവിത്വത്തിന് അന്ത്യമാകും.

ഇതിനിടെ എണ്ണ വിലക്കയറ്റം തടയാന്‍ ഉല്‍പ്പാദനം കൂട്ടാന്‍ ജപ്പാനില്‍ യോഗം ചേര്‍ന്ന ജി-7 രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരും കേന്ദ്രബാങ്ക് തലവന്മാരും ഒപെക് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അമേരിക്കന്‍ ഭവനനിര്‍മാണരംഗത്തെ തകര്‍ച്ചമൂലമുള്ള ആഗോള സാമ്പത്തികപ്രതിസന്ധി കൂടുതല്‍ വഷളായേക്കുമെന്നും വികസിതരാജ്യങ്ങളുടെ കൂട്ടായ്മ യോഗശേഷം പുറത്തുവിട്ട കമ്യൂണിക്കെയില്‍ മുന്നറിയിപ്പ് നല്‍കി.1. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ അന്വേഷണത്തിനു മന്ത്രിയുടെ ശിപാര്‍ശ
തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ ശിപാര്‍ശ ചെയ്തു.

ശബരിമല മാളികപ്പുറത്തെ നാഗരുടേയും മറ്റ് ഉപദേവതകളുടേയും തറകളില്‍ ചരട് ജപിച്ചു നല്‍കുന്ന ഉപശാന്തിക്കാരുടെ നിയമനത്തിന് പണം പറ്റിയെന്നതാണ് ദേവസ്വം അംഗങ്ങള്‍ക്കെതിരേ യുള്ള ആരോപണം. ഇതുസംബന്ധിച്ച് ഉപശാന്തിമാര്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് സി.കെ ഗുപ്തന് വിജിലന്‍സ് എസ്. പി കത്തു നല്‍കി. സി.കെ ഗു പ്തന്‍ കത്ത് മന്ത്രിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് ശിപാര്‍ശ.

ദളിത് വിഭാഗക്കാരനായതിനാലാണ് തനിക്കെതിരേ മന്ത്രി അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതെന്ന് ദേവസ്വം ബോര്‍ഡംഗവും മുന്‍ എം.എല്‍.എയുമായ നാരായണന്‍ പ്രതികരിച്ചു.

2. ഉച്ചക്കഞ്ഞി വിതരണത്തിന് വിഷാംശം കലര്‍ന്ന അരി
കോട്ടയം: കീടനാശിനി കലര്‍ന്നു കാലപ്പഴക്കം ചെന്ന റേഷനരി ഉച്ചക്കഞ്ഞിക്ക് സ്കൂളുകളില്‍ വ്യാപകമായി വിതരണം ചെയ്യുന്നു. എഫ്.സി.ഐ ഗോഡൌണുകളില്‍ എലി, കീടം എന്നിവയെ കൊല്ലാന്‍ അലൂമിനിയം ഫോസ്ഫേറ്റ് ഉള്‍പ്പെടെയുള്ള വിഷമാണ് അരിച്ചാക്കുകളില്‍ പ്രയോഗി ക്കുന്നത്.

കോട്ടയത്തെ മൂന്നു സ്കൂളുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യ വിഷബാധയ്ക്കു കാരണമായത് അരിയിലെ പൂപ്പലും കീടനാശിനിയുടെ അംശവുമാണെന്ന് ഭക്ഷ്യ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് എല്ലാ സ്കൂളുകളിലും ഉച്ചക്കഞ്ഞിക്ക് സ്റ്റോക്കുള്ള അരി സിവില്‍ സപ്ളൈസിനോട് തിരികെയടുക്കാന്‍ ഉത്തരവാ യിട്ടുണ്ട്.

ആയിരം ചാക്ക് അരിയില്‍ മൂന്നോ നാലോ ചാക്കുകളില്‍നിന്നുള്ള സാമ്പിള്‍ ശേഖരിച്ചാണ് സിവില്‍ സപ്ളൈസ് വകുപ്പ് എഫ്.സി.ഐ ഗോഡൌണുകളില്‍ പരിശോധന നടത്തുന്നത്. കൈവെള്ളയില്‍ നിരത്തി അരിയുടെ നിറവും മണവും പരിശോധിക്കുന്നതല്ലാതെ ലാബുകളില്‍ ഒരിടത്തും പരിശോധനയില്ല .ആന്ധ്ര,തമിഴ് നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നു തന്നെ കീടനാശിനി കലര്‍ന്ന അരി കേരളത്തിലെത്തുന്നുണ്ട്. കേരളത്തിലെത്തിയാല്‍ എഫ്.സി.ഐ ഗോഡൌണുകളിലും എലിക്കെതിരേ മാരക വിഷപ്രയോഗമുണ്ട്.

നെല്ല് പുഴുങ്ങി അരിയാക്കുന്ന മില്ലുകളിലെ ശുചിത്വക്കുറവും വിഷബാധയ്ക്ക് കാരണമാകുന്നു.

ഒരേ പാത്രത്തില്‍ ദിവസങ്ങള്‍ പഴകിയ വെള്ളത്തില്‍ നിരവധി ആവര്‍ത്തി നെല്ല് പുഴുങ്ങുന്നത് പൂപ്പല്‍ബാധയ്ക്ക് ഇടയാ ക്കുന്നു.അന്യസംസ്ഥാനങ്ങളില്‍ മാസങ്ങളോളം അരി തുറസായി ഗോഡൌണുകളില്‍ കിടന്നശേഷമാണ് ചാക്കില്‍ നിറയ്ക്കുന്നത്.

അരിയുമായി കേരളത്തിലെത്തുന്ന വാഗണുകളില്‍ നായ,എലി എന്നിവയുടെ ജഡം കാണപ്പെട്ട സംഭവങ്ങള്‍ സാധാരണം. കേരളത്തില്‍ എഫ്.സി.ഐ ഗോഡൌണുകളില്‍ മാത്രമാണ് പൊതുവിതരണ വകുപ്പിന്റെ സാമ്പിള്‍ പരിശോധന നടക്കുന്നത്. ആരോഗ്യവകുപ്പ് ഇക്കാര്യം ശ്രദ്ധിക്കാറേയില്ല.പൊതുവിതരണത്തിനെ ത്തുന്നതിനുമുന്‍പ് സിവില്‍ സപ്ളൈസ് ഗോഡൌണുകളിലും മാവേലി സ്റ്റോറുകളിലും അരി സാമ്പിള്‍ പരിശോധിക്കാന്‍ നടപടിയുണ്ടാകാതെ ഭക്ഷ്യവിഷബാധയ്ക്ക് അറുതിയുണ്ടാവില്ല.

അരി ഉപയോഗിക്കരുത്

കോട്ടയം: ജില്ലയിലെ എല്ലാ സ്കൂളുകളിലും അവസാന ഗഡുവിലെ അരി ഉപയോഗിച്ച് ഫെബ്രുവരി 11 മുതല്‍ ഉച്ചഭക്ഷണം കൊടുക്കരുതെന്നും മിച്ചമുള്ള അരി സിവില്‍ സപ്ളൈസില്‍ കൊണ്ടുവന്ന് മാറ്റിവാങ്ങണമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ വി.കെ. സരളമ്മ അറിയിച്ചു.

3. ആശുപത്രി സാധനങ്ങള്‍ കടത്തുന്നു; ആലപ്പുഴ മെഡി. കോളജില്‍ വകുപ്പുതല അന്വേഷണം
ആലപ്പുഴ: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ബിനാമി പേരുകളിലുള്ള ലാബുകളിലേക്കും മെഡിക്കല്‍ ഷോപ്പുകളിലേക്കും ആശുപത്രിയില്‍ നിന്നു സാധനങ്ങള്‍ കടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പു തലവന്‍ അന്വേഷണം നടത്തുന്നു.

കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്നു വന്‍തോതില്‍ കാര്‍ഡിയോഗ്രാഫ് പേപ്പര്‍ സ്വകാര്യലാബിലേക്കു പോകുന്നതായി ഇവിടുത്തെ ജീവനക്കാര്‍ വകുപ്പുതലവനു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

പുതുതായി നഗരത്തില്‍ ആരംഭിച്ച ലാബിലേക്ക് രോഗികളെ നിര്‍ബന്ധപൂര്‍വം അയക്കുകയാണെന്നും മറ്റുലാബുകളില്‍ നിന്ന് ടെസ്റ്റു നടത്തുന്നത് തൃപ്തികരമല്ലെന്നു ഡോക്ടര്‍ അഭിപ്രായപ്പെടുന്നതും ഏറെ പരാതികള്‍ക്കു വഴിവച്ചിരുന്നു.

4. ദീപിക വാര്‍ത്ത തുണയായി; രാധാകൃഷ്ണപ്പണിക്കരെ രക്ഷിക്കാന്‍ കോടതിയുത്തരവ്
അമ്പലപ്പുഴ: ദീപിക വാര്‍ത്ത തുണയായപ്പോള്‍ ഏകാന്തതയുടെ തടവറയില്‍ നിന്ന് രാധാകൃഷ്ണപ്പണിക്കരെ രക്ഷിക്കാന്‍ കോടതിയുത്തരവായി.

വര്‍ഷങ്ങളായി ഇഴജന്തുക്കളുടേയും ചിതല്‍പ്പുറ്റുകളുടേയും ഇടയില്‍ കഴിയുന്ന രാധാകൃഷ്ണപ്പണിക്കരുടെ ദുസ്ഥിതിയെക്കുറിച്ചു ജനുവരി അഞ്ചിനു ദീപിക പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും മുസ്ലിം യൂത്ത് ഓര്‍ഗനേസേഷന്‍ ജില്ലാ പ്രസിഡന്റുമായ എസ്. നിസാമുദ്ദീന്‍, അമ്പലപ്പുഴ താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറ്റി മുമ്പാകെ പരാതി നല്‍കിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര പോലീസിന്റെ സഹായത്തോടെ അടിയന്തര വൈദ്യപരിശോധനയും സംരക്ഷണവും ഇയാള്‍ക്കു നല്‍കാന്‍ എതിര്‍ കക്ഷിയായ ജ്യേഷ്ഠന് ആലപ്പുഴ സബ്ജഡ്ജ് പഞ്ചാപ കേശന്‍ നിര്‍ദേശം നല്‍കി.

5. ഗാര്‍ഹിക പീഡന വിരുദ്ധ നിയമം പുരുഷ പീഡനമാകരുതെന്ന് കോടതി
കൊച്ചി: ഗാര്‍ഹിക പീഡനം തടയുന്നതിനുള്ള നിയമം പുരുഷ പീഡനമാകരുതെന്ന് കോടതി. ഉദയംപേരൂര്‍ അംബേദ്ക്കര്‍ റോഡില്‍ പാലത്തിങ്കല്‍ ഹണി ജേക്കബ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചെറിയാന്‍ കെ.കുര്യാക്കോസ് ഇങ്ങനെ പറഞ്ഞത്.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എക്സിക്യൂട്ടീവായ ഹണി ഭര്‍ത്താവ് കാക്കനാട് സ്വദേശി ഷെല്ലി ജോസിനെതിരേ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ ഈ പരാമര്‍ശത്തിന് കാരണമായത്. 1995-ല്‍ വിവാഹിതയായ ഹണിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരം ശാരീരിക-മാനസിക പീഡനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കോടതിയില്‍ ഹണി പരാതി നല്‍കിയത്.

ഹണിക്കെതിരേ തെളിവ് കോടതിയില്‍ ഹാജരാക്കിയതോടെ പരാതിയില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്ന് കാണിച്ച് പരാതിക്കാരി പിന്മാറുകയായിരുന്നു.

തങ്ങളുടെ കുട്ടിയെയും ഭര്‍ത്താവ് ബലമായി പിടിച്ചു വച്ചിരിക്കുകയാണെന്നും ഒരുമിച്ചെടുത്ത വിവാഹ മോചന നടപടിയില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയ ഭര്‍ത്താവ് തന്റെ സമ്പാദ്യമുപയോഗിച്ച് വാങ്ങിയ കാറും വീടും കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനെതിരേ മനപ്പൂര്‍വം കെട്ടിച്ചമച്ചതാണ് ഹണിയുടെ പരാതിയെന്ന് കണ്െടത്തിയ കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹണിയുടെ ദുര്‍നടപടികള്‍ മറച്ചു വയ്ക്കാനുള്ളതായിരുന്നു കേസ് എന്ന നിഗമനത്തിലുമെത്തി.

കേസ് തള്ളിക്കൊണ്ട് കോടതി രൂക്ഷമായ പരാമര്‍ശങ്ങളാണ് ഹണിക്കെതിരേ നടത്തിയത്. ധര്‍മ വിരുദ്ധമായ ജീവിതം നയിക്കുന്ന സ്ത്രീകള്‍ വക്രബുദ്ധിയോടെയും ദുഷ്ടലാക്കോടെയും ഗാര്‍ഹിക പീഡന നിയമം ഉപയോഗപ്പെടുത്തുന്നുണ്െടന്ന് കോടതി പറഞ്ഞു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് പൊതു നന്മയ്ക്ക് അത്യാവശ്യമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കാന്‍ വകുപ്പില്ലെന്നത് ദുഃഖകരമാണെന്ന് പരാമര്‍ശിച്ച കോടതി പുരുഷ പീഡനത്തിന്റെ മികച്ച ഉദാഹരണമാണ് ഹണിയുടെ കേസ് എന്നു പറഞ്ഞുകൊണ്ടാണ് ഹര്‍ജി തള്ളിയത്.

6. ഐസ്ക്രീം കേസ്: കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
ന്യൂഡല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരേ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതികളെ വെറുതേവിട്ടതിനെതിരേ അന്വേഷി പ്രസിഡന്റ് കെ. അജിത നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നു സുപ്രീം കോടതിയുടെ ആവശ്യപ്രകാരമാണു സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അജിതയുടെ ഹര്‍ജി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കിട്ടിയതിനു ശേഷം പരിഗണിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. 1996-ല്‍ കോഴിക്കോട് മഹല്‍ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടന്നിരുന്നുവെന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു.

ഇതിനെതിരേ അജിതയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

എസ്ക്രീം കേസില്‍ പുനര്‍വിചാരണ വേണ്െടന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബി.എന്‍. അഗര്‍വാള്‍, എസ്.എന്‍. സാംഗ്വി എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

7. പുതുമയുടെ പുതുവഴി തേടി എക്സീഡ്
ഇരുചക്രവാഹന വിപണിയില്‍ പുതുമകള്‍ അവതരിപ്പിക്കുന്നതില്‍ ബജാജ് എന്നും ഒരുപിടി മുന്നിലാണ്. ഇപ്പോഴിതാ വിപണിയില്‍ ഇന്നു നിലവിലുള്ളതില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുമായി ബജാജിന്റെ എക്സീഡ് 125 എന്ന മോഡല്‍ വിപണിയില്‍ ചലനം സൃഷ്ടിക്കുന്നു. കരുത്തു കൂടുമ്പോള്‍ മൈലേജ് കുറയുമെന്ന തത്വത്തിനു വിരുദ്ധമായി കരുത്തും മൈലേജും സംയോജിപ്പിച്ച പുതിയ സാങ്കേതിക വിദ്യയുമായിട്ടാണ് എക്സീഡിന്റെ വരവ്. ഇതിന്റെ ടെസ്റ്റ് ഡ്രൈവ് നടത്തി നോക്കിയാല്‍ സാധാരണക്കാരന്റെ മനസു നിറയും. ഡി.ടി.എസ് -ഐ (ഡിജിറ്റല്‍ ട്വിന്‍ സ്പാര്‍ക്ക് സ്വിര്‍ള്‍ ഇന്‍ഡക്ഷന്‍) സാങ്കേതിക വിദ്യ ഇന്ത്യയില്‍ ആദ്യമായി ബൈക്കുകളില്‍ പരീക്ഷിച്ച ബജാജ് അത് ഒന്നുകൂടി വികസിപ്പിച്ചെടുത്ത് ഇന്ധനക്ഷമത കൂടുതലാക്കാന്‍ വേണ്ടി ടി.ഡി.എസ്-എസ്ഐ എന്ന സാങ്കേതികവിദ്യയുമായിട്ടാണ് എക്സീഡിന്റെ വരവ്. സാധാരണ ബൈക്കുകളില്‍ ഒറ്റ സ്പാര്‍ക്ക് പ്ളഗാണുള്ളതെങ്കില്‍ ഇതിന് ഇരട്ട സ്പാര്‍ക്ക് പ്ളഗുകളാണുള്ളത്. ഇത് ഇന്ധനം പൂര്‍ണമായി കത്തുന്നതിനും വേഗത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഇന്ധനക്ഷമത നല്‍കുന്നതിനുമൊക്കെ കാരണമാകുന്നു. ഇതിനുള്ളിലുള്ള ഇന്റലിജന്റ് ഡിജിറ്റല്‍ മൈക്രോപ്രോസസര്‍ ആണ് ഈ എന്‍ജിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. മൈലേജ് കൂടുതല്‍ നല്കുന്ന ബൈക്കുകള്‍ പല കമ്പനികളും രംഗത്തിറക്കിയിട്ടുണ്െടങ്കിലും ക്ളിക്കു ചെയ്തിട്ടില്ല.

ലിറ്ററിന് 109 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജെങ്കിലും ഏതു പരിതസ്ഥിതിയിലും 70 കിലോമീറ്ററിനു മുകളില്‍ മൈലേജ് ലഭിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. കരുത്തിനൊപ്പം മൈലേജും ലഭിക്കുമെന്നതു കൊണ്ടാവണം വിപണിയില്‍ എക്സീഡ് ചുവടുറപ്പിച്ചു കഴിഞ്ഞു. ഇതിന്റെ 125 സി.സി എന്‍ജിന് 9.53 @7000 ആര്‍.പി.എം ആണ് ഇതിന്റെ കരുത്ത്.

ടോര്‍ക്ക് 10.85 എന്‍.എം @5000 ആര്‍.പി.എം. വീല്‍ബേസ് 1275 മി.മീറ്റര്‍. ഇതേ നിരയിലുള്ള ബൈക്കുകളില്‍ ആദ്യമായി സ്പീഡും കിലോമീറ്ററും ഒക്കെ കാണിക്കാന്‍ എല്‍.സി.ഡി സ്ക്രീനാണുള്ളത്. ഫ്യൂവല്‍ ലെവല്‍ ഇന്‍ഡിക്കേറ്ററും ലോ ബാറ്ററി ഇന്‍ഡിക്കേറ്ററുമൊക്കെ ഡിജിറ്റല്‍ ഡിസ്പ്ളേ തന്നെ. പിന്നിലെ ടെയില്‍ ലാമ്പില്‍ ഉള്ളത് എല്‍.ഇ.ഡി ബള്‍ബുകളാണ്. കുറഞ്ഞ വൈദ്യുതി ഉപയോഗവും ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നുള്ളതുമൊക്കെയാണ് ഇതിന്റെ സവിശേഷതകള്‍. സാധാരണ ബൈക്കുകളേക്കാള്‍ അല്പം വലിപ്പമുള്ള ഹെഡ്ലാമ്പുകളാണ് ഇതിനുള്ളത്. കിക്ക് സ്റ്റാര്‍ട്ട് മോഡലും ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് മോഡലും വിപണിയിലുണ്ട്. കിക്ക് സ്റ്റാര്‍ട്ട് മോഡലിന് കൊച്ചിയില്‍ 39,000 രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡലിന് 41,000 രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. മൈലേജ് കൂടുതല്‍ നല്കുന്ന ഇരുചക്രവാഹനങ്ങളെ സാധാരണ പിടികൂടുന്ന പരാധീനതകള്‍ മറികടക്കാന്‍ ബജാജിന്റെ എക്സീഡിനാകുമോയെന്ന ആകാംക്ഷയിലാണ് വാഹനപ്രേമികള്‍.1. വല്ലാര്‍പാടം: പ്രശ്നം വഷളാക്കരുതെന്ന് ഹൈക്കോടതി; നഷ്ടപരിഹാരം 13നകം നല്‍കണം
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള നാലുവരിപ്പാതക്കുവേണ്ടി ഭൂമി ഏറ്റെടുത്തവര്‍ക്ക് ഈമാസം 13 നകം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

നഷ്ടപരിഹാരം വിതരണം ചെയ്ത് കാര്യങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ പ്രശ്നം വഷളാക്കാതിരിക്കാന്‍ കലക്ടറെ ഉപദേശിക്കണമെന്ന് ഗവ. പ്ലീഡറോട് കോടതി വാക്കാല്‍ ആവശ്യപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഹാജരാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക നേരിട്ട് കൈമാറണമെന്ന് ലാന്റ് അക്വിസിഷന്‍ ഓഫീസറോട് കോടതി ആവശ്യപ്പെട്ടു. രേഖകള്‍ സമര്‍പ്പിക്കാനും ഹാജരാകാനും കഴിയാത്തവരുടെ നഷ്ടപരിഹാരത്തുക 13ന് ഉച്ചക്ക് മൂന്നിന് എറണാകുളം സബ്കോടതിയില്‍ കെട്ടിവെക്കണമെന്നും നിര്‍ദേശമുണ്ട്.

ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് കലക്ടറേയും റവന്യൂ ഉദ്യോഗസ്ഥരേയും തടയണമെന്നാവശ്യപ്പെട്ട് മൂലമ്പിള്ളി പനയ്ക്കല്‍ സെലസ്റ്റിനും മറ്റ് എട്ടുപേരുമാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയും പുനരധിവാസപദ്ധതി ആവിഷ്കരിക്കാതെയും ജനങ്ങളെ തെരുവില്‍ ഇറക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നഷ്ടപരിഹാരത്തുക തീരുമാനിക്കുകയും തുക കോടതിയില്‍ കെട്ടിവെക്കുകയും ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും യഥാര്‍ഥത്തില്‍ തുക കെട്ടിവെച്ചിട്ടില്ലെന്ന് ഗവ. പ്ലീഡര്‍ കോടതിയില്‍ സമ്മതിച്ചു. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി തീരുമാനിച്ച നഷ്ടപരിഹാരത്തുക നല്‍കാന്‍ തയാറാണെന്നതിനാലാണ് നേരത്തേ നിശ്ചയിച്ച തുക കെട്ടിവെക്കാതിരുന്നതെന്നായിരുന്നു ഗവ. പ്ലീഡറുടെ വിശദീകരണം. എന്നാല്‍, ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി മുന്നോട്ടുവെച്ച സ്കീം പ്രകാരമുള്ള ആനുകൂല്യം ആവശ്യമില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ മനഃപൂര്‍വം കോടതിയില്‍ കെട്ടിവെക്കാതിരുന്നതാണെന്നും അഭിഭാഷകന്‍ കുറ്റപ്പെടുത്തി. തുക കെട്ടിവെക്കാത്തതിന്റെ കാരണങ്ങള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരോ അവര്‍ ചുമതലപ്പെടുത്തുന്നവരോ രേഖകളുമായി ഹാജരായാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

ഹരജിക്കാരന്റെ എടുത്തുകൊണ്ടുപോയ വസ്തുവകകള്‍ ഇന്ന് വൈകുന്നേരം അഞ്ചിനകം മടക്കി നല്‍കണമെന്നും ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍ നിര്‍ദേശിച്ചു. ഹരജി വീണ്ടും 14^ന് പരിഗണിക്കും.

2. എച്ച്.എം.ടി:15ന് തീരുമാനം; ചീഫ്സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം: വിവാദ എച്ച്.എം.ടി ഭൂമി ഇടപാട് പരിശോധിച്ച ചീഫ്സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കൈമാറി. ഭൂപരിഷ്കരണ നിയമ പരിധിയില്‍പെടുന്ന ഭൂമിയായതിനാല്‍ ഇടപാടുകള്‍ നിയമാനുസൃതമല്ല്ലെന്നും പോക്കുവരവ് റദ്ദാക്കി ഭൂമി തിരിച്ചെടുക്കണമെന്നും നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് 15 ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ചീഫ്സെക്രട്ടറി പി.ജെ. തോമസ്, നിയമസെക്രട്ടറി പി.എസ്. ഗോപിനാഥ് എന്നിവരാണ് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി രാവിലെ 11.45ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഭൂമി ഇടപാട് നിയമാനുസൃതമാണെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമുള്ള വ്യവസായ^റവന്യു മന്ത്രിമാരുടെ വാദഗതികള്‍ക്ക് കനത്ത തിരിച്ചടിയാണ് വ്യവസായ^നിയമ^ഐടി^രജിസ്ട്രേഷന്‍^റവന്യു സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ട്. ഭൂമി ഇടപാട് സുതാര്യമായിരുന്നില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ ഭിന്നതക്ക് വഴിയൊരുക്കുമെന്നും സൂചനയുണ്ട്.

സമിതി അഞ്ച് തവണ യോഗം ചേര്‍ന്നെങ്കിലും വ്യവസായ^രജിസ്ട്രേഷന്‍ സെക്രട്ടറിമാര്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങളെ തുടര്‍ന്ന്് അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചവരെ ഒമ്പതു മണിക്കൂര്‍ യോഗം ചേര്‍ന്നാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. പോക്കുവരവ് റദ്ദാക്കണമെന്ന് മറ്റംഗങ്ങള്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടപ്പോഴും വ്യവസായ സെക്രട്ടറി യോജിച്ചിരുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് വ്യവസായ സെക്രട്ടറിയുടെ അംഗീകാരത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എച്ച്.എം.ടിക്ക് പൂര്‍ണ ക്രയവിക്രയാധികാരം നല്‍കി 1972ല്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ഈ ഇടപാടുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവുകള്‍ നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു വ്യവസായ സെക്രട്ടറിയുടെ വാദം. കോവളം ഹോട്ടല്‍ വില്‍പനയില്‍ സര്‍ക്കാറിനുണ്ടായ പരാജയം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് കോടതിയില്‍ പോയാല്‍ ഭൂമി തിരിച്ച് നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കോവളം ഹോട്ടല്‍ വില്‍പനയില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാറിന് 10000 രൂപ പിഴയടക്കേണ്ടി വന്നിരുന്നു. 1963 മുതലുള്ള രേഖകള്‍ പരിശോധിച്ച സമിതി അഡ്വക്കറ്റ് ജനറലിന്റെയും നിയമ സെക്രട്ടറിയുടെയും അഭിപ്രായം ആരായുകയും ചെയ്തു.

ഭൂമി ഇടപാട് വിവാദമായ സാഹചര്യത്തില്‍ കേരളത്തിലെ വ്യവസായ അന്തരീക്ഷം തകരാതിരിക്കാന്‍ ഫലപ്രദമായ നടപടിവേണമെന്നും ശാസ്ത്രീയ സംവിധാനത്തിലൂടെ നയം രൂപവത്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എച്ച്.എം.ടിക്ക് നല്‍കിയ പട്ടയത്തിന്റെ രേഖകളിലുള്ള പോരായ്മകള്‍ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എച്ച്.എം.ടി ഭൂമിയുടെ പോക്കുവരവ് റദ്ദാക്കി ഭൂമി ഏറ്റെടുക്കണമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ നിര്‍ദേശം. എച്ച്.എം.ടിക്ക് നല്‍കിയ ഭൂമിയില്‍ ഒരുതുണ്ട് പോലും വില്‍ക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് നിയമസെക്രട്ടറിയും ചൂണ്ടിക്കാട്ടി. എച്ച്.എം.ടി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് റവന്യു, നിയമസെക്രട്ടറിമാര്‍ മുഖ്യമന്ത്രിക്ക് പ്രത്യേക റിപ്പോര്‍ട്ട് നല്‍കുമെന്നും സൂചനയുണ്ട്.

അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നും ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയുടെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം പ്രതികരിക്കാമെന്നും വ്യവസായ മന്ത്രി എളമരം കരീംവ്യക്തമാക്കി

3. പോക്കുവരവ് റദ്ദാക്കാന്‍ നിയമതടസ്സമില്ലെന്ന് വിദഗ്ധര്‍
കൊച്ചി: വിവാദമായ എച്ച്.എം.ടി ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാനുള്ള ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ ശിപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാറിന് തടസ്സമില്ലെന്ന് നിയമ വൃത്തങ്ങള്‍. ഹൈക്കോടതിയില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നിലവിലെ പൊതുതാല്‍പര്യ ഹരജികള്‍ ശിപാര്‍ശ നടപ്പാക്കുന്നതിന് തടസ്സമാവുമോയെന്ന് ചില കേന്ദ്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതിയുടെ ഉത്തരവുകളൊന്നും നിലവിലില്ലാത്ത സാഹചര്യത്തില്‍ നേരത്തേ പറ്റിയ തെറ്റ് തിരുത്തുന്നതിന് സര്‍ക്കാറിന് നിയമപരമായ വിലക്കുകള്‍ ഇല്ലെന്നാണ് വിലയിരുത്തുന്നത്.

മെര്‍ക്കിസ്റ്റണ്‍ ഇടപാടുമായി സമാനതയുള്ളതാണ് എച്ച്.എം.ടി ഭൂമി വിവാദവും. മെര്‍ക്കിസ്റ്റണില്‍ ഒരിക്കല്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി കണ്ടെത്തിയ സ്ഥലം പിന്നീട് ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി കസ്റ്റോഡിയന്‍ ഉത്തരവിറക്കുകയായിരുന്നു. ഈ നടപടി തെറ്റാണെന്ന നിലപാടായിരുന്നു സര്‍ക്കാറിന്റേത്. ഈ വിഷയത്തിലും പൊതുതാല്‍പര്യ ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. തെറ്റായ ഉത്തരവ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് അനുവദിക്കുകയായിരുന്നു. ഏകപക്ഷീയമായി എച്ച്.എം.ടി ഭൂമി ഇടപാടില്‍ പോക്കുവരവ് റദ്ദാക്കാന്‍ സര്‍ക്കാറിനാകുന്നില്ലെങ്കില്‍ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കാന്‍ കഴിയും.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഏകകണ്ഠമായല്ല ഭൂമിയുടെ പോക്കുവരവ് റദ്ദാക്കണമെന്ന ശിപാര്‍ശ മുന്നോട്ടുവെച്ചിട്ടുള്ളത്. തീരുമാനത്തിലെത്തും മുമ്പ് ഔദ്യോഗികമായി ആരില്‍ നിന്നും സമിതി നിയമോപദേശം തേടിയിട്ടുമില്ല. എന്നാല്‍, അംഗങ്ങള്‍ സ്വന്തം നിലയില്‍ നിയമപരമായ സംശയങ്ങള്‍ക്ക് മറുപടി പല കേന്ദ്രങ്ങളില്‍ നിന്നായി തേടിയ ശേഷമാണ് തീരുമാനത്തില്‍ എത്തിയതെന്നാണ് സൂചന.

എച്ച്.എം.ടിയുടെ ഭൂമിയിന്മേലുള്ള അവകാശം അംഗീകരിക്കാന്‍ തയാറായ നിയമ വിദഗ്ധര്‍ പോലും മന്ത്രിതല യോഗം പോക്കുവരവ് നടത്താന്‍ നിര്‍ദേശിച്ച നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. നടപടി ക്രമങ്ങളുടെ ലംഘനം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന നിയമോപദേശവും സര്‍ക്കാറിന്റെ മുന്നിലുണ്ട്.

4. നെല്‍വയല്‍ സംരക്ഷണ ബില്ലില്‍ കലക്ടറുടെ അധികാരം കുറക്കും
ന്യൂദല്‍ഹി: അഞ്ചു മാസം മുമ്പ് അവതരിപ്പിച്ച കേരള നെല്‍വയല്‍^നീര്‍ത്തട സംരക്ഷണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കും. പാടവും നീര്‍ത്തടവും നികത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ബില്ലില്‍ നല്‍കിയ അമിതാധികാരം കുറക്കും. ശിക്ഷാ വ്യവസ്ഥകള്‍ കര്‍ഷകര്‍ക്ക് എതിരാകാത്ത വിധം ഭേദഗതിയിലൂടെ വ്യക്തത കൈവരുത്തും.

റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ ദല്‍ഹിയിലെത്തിയ സെലക്ട് കമ്മിറ്റി അംഗങ്ങളാണ് ഈ സൂചന നല്‍കിയത്. ബില്ലിന് മുന്‍കാല പ്രാബല്യം നല്‍കണമോ എന്ന കാര്യത്തില്‍ വിദഗ്ധ ഉപദേശം തേടുമെന്ന് അവര്‍ പറഞ്ഞു. ബില്ലിലെ ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച്, പാടവും നീര്‍ത്തടവും നികത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനും, നികത്തിയ ഭൂമി പഴയപടിയാക്കാന്‍ ചെലവഴിക്കുന്ന തുക ഉടമസ്ഥനില്‍നിന്ന് ഈടാക്കാനും കലക്ടര്‍ക്ക് അധികാരമുണ്ട്. ഇത് അമിതാധികാരമാണെന്ന ആക്ഷേപം സമിതിക്ക് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.

5. മദ്യലോബിക്ക് വേണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തി
ന്യൂദല്‍ഹി: ബീവറേജസ് കോര്‍പറേഷന് മദ്യം വിതരണം ചെയ്യുമ്പോള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജിന്റെ പേരില്‍ മദ്യകമ്പനികളും സര്‍ക്കാറും തമ്മിലുള്ള കേസില്‍ കമ്പനികളെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം തിരുത്തി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സമര്‍പ്പിച്ച സത്യവാങ്മൂലമാണ് മന്ത്രിസഭാ തീരുമാനപ്രകാരം മാറ്റിയത്.

കോര്‍പറേഷന് മദ്യം വിതരണം ചെയ്യുന്ന കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ കെയ്സിന് രണ്ടുമുതല്‍ അഞ്ചുരൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് എതിരെ മദ്യക്കമ്പനികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിപ്പോയിരുന്നു. ഇതിനെതിരെ മദ്യകമ്പനികള്‍ നല്‍കിയ അപ്പീലില്‍ കോര്‍പറേഷന്റെ ചില്ലറ വില്‍പന ശാലകളിലും എത്തിയാലേ വില്‍പന പൂര്‍ത്തിയാകൂ എന്ന നിലപാടാണ് കഴിഞ്ഞ സര്‍ക്കാര്‍ എടുത്തത്. അതുമാറ്റി മദ്യം കോര്‍പറേഷന് കമ്പനികള്‍ നല്‍കുമ്പോള്‍തന്നെ വില്‍പന പൂര്‍ത്തിയായെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ തിരുത്തിയത്.

മുന്‍ സത്യവാങ്മൂലത്തിന് കടകവിരുദ്ധമായ ഈ നിലപാട് വിജയിച്ചാല്‍ 2001 മുതല്‍ സര്‍ക്കാര്‍ സര്‍വീസ് ചാര്‍ജിനത്തില്‍ ഈടാക്കിയ 65 കോടി രൂപ തിരിച്ചുനല്‍കേണ്ടിവരും.

കോര്‍പറേഷന്‍ സ്റ്റോറുകളില്‍ മദ്യം സൂക്ഷിക്കുന്നതിന്റെയും വാഹനങ്ങളില്‍ ചില്ലറ വില്‍പന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന്റെയും പ്രദര്‍ശിപ്പിക്കുന്നതിന്റെയും ചെലവുകള്‍ കണക്കാക്കി സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. കോര്‍പറേഷനും കമ്പനികളും തമ്മില്‍ ആണ്ടുതോറുമുണ്ടാക്കുന്ന കരാറില്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നത് പ്രത്യേകം ഉള്‍പ്പെടുത്താറുണ്ട്. ഇക്കാലമത്രയും മദ്യകമ്പനികള്‍ സര്‍വീസ് ചാര്‍ജ് നല്‍കിവരികയുമാണ്.

എന്നാല്‍ ഈ കരാറിന് വിരുദ്ധമായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരേ സര്‍ക്കാറിനും കോര്‍പറേഷനും എതിരായി മദ്യകമ്പനികള്‍ ഹൈക്കോടതയില്‍ ഹരജി നല്‍കുകയായിരുന്നു.ഹൈക്കോടതി ഹരജി തള്ളി. അതിനെതിരേയുള്ള അപ്പീലിലാണ് സംസ്ഥാന സര്‍ക്കാറിന്റെയും ബിവറേജസ് കോര്‍പറേഷന്റെയും ഭാഗം ദുര്‍ബലമാക്കുന്ന പുതിയ സത്യവാങ്മൂലം.

മദ്യം ബിവറേജസ് കോര്‍പറേഷന് കമ്പനികള്‍ നല്‍കുമ്പോള്‍ തന്നെ വില്‍പന നടപടി പൂര്‍ത്തിയായെന്നാണ് സര്‍ക്കാറിന്റെ പുതിയ വാദം. ഇത് മദ്യകമ്പനികളുടെ വാദമാണ്. സര്‍ക്കാര്‍ അത് സമ്മതിക്കുന്നതോടെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനുള്ള നിയമപരമായ സാധ്യത ഇല്ലാതാകും. സുപ്രീം കോടതി ഉത്തരവ് ബിവറേജസ് കോര്‍പറേഷനും സര്‍ക്കാറിനും എതിരായാല്‍ 2001 മുതല്‍ സര്‍വീസ് ചാര്‍ജായി ഈടാക്കിയ 65 കോടിയിലേറെ രൂപ മദ്യകമ്പനികള്‍ക്ക് തിരിച്ചു നല്‍കേണ്ടിവരും. മാത്രമല്ല കോടികള്‍ വരുന്ന ഈ വരുമാനം വരും വര്‍ഷങ്ങളില്‍ ഇല്ലാതാകുകയും ചെയ്യും.

6. വരള്‍ച്ച തുടങ്ങി; പ്രളയക്കെടുതിക്ക് സഹായം തേടി മന്ത്രി ദല്‍ഹിയില്‍
ന്യൂദല്‍ഹി: ജലക്ഷാമത്തില്‍ നിന്ന് വരള്‍ച്ചയിലേക്ക് കേരളം നീങ്ങുന്നതിനിടയില്‍, കഴിഞ്ഞ കൊല്ലത്തെ കാലവര്‍ഷക്കെടുതിക്ക് സഹായം തേടി റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ ദല്‍ഹിയില്‍. ഇനിയെങ്കിലും കേന്ദ്രസഹായം അനുവദിച്ചു തരണമെന്ന് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെ കണ്ട് മന്ത്രി അഭ്യര്‍ഥിച്ചു.
എന്നാല്‍, അനുഭാവപൂര്‍വം പരിഗണിക്കാമെന്ന പതിവു പല്ലവിയാണ് മന്ത്രിക്ക് ലഭിച്ചത്. അതേസമയം, ദുരിതാശ്വാസ കരുതല്‍ നിധിയില്‍ നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതത്തില്‍ 138 കോടി മുന്‍കൂറായി അനുവദിക്കാമെന്ന് വാഗ്ദാനമുണ്ട്.

കെടുതി പഠിക്കാന്‍ കേരളത്തിലെ ജില്ലകള്‍ തോറും ചുറ്റിയടിച്ച് 10 അംഗ കേന്ദ്രസംഘം മടങ്ങിയിട്ട് മാസം എട്ടു കഴിഞ്ഞു. എന്നാല്‍ സൂക്ഷ്മപരിശോധന കഴിഞ്ഞ് കേന്ദ്രസംഘത്തിന്റെ ശിപാര്‍ശ കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് എത്തിയിട്ടില്ല. ഇതിനകം ശിപാര്‍ശ കേന്ദ്രത്തിലെ അഞ്ച് സമിതികളിലൂടെ കടന്നു പോയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ മന്ത്രിസഭ തുക എന്ന് അനുവദിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കഴിഞ്ഞ കാലവര്‍ഷത്തിലെ നഷ്ടം കേരളത്തിന്റെ കണക്കു പ്രകാരം 1,500 കോടി രൂപയാണ്. അതത്രയും കിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് ആദ്യം ചോദിച്ചത് 562 കോടി. പിന്നീട് കണക്ക് പുതുക്കി കൂട്ടി ചോദിച്ചത് 650 കോടി. രണ്ടു നഷ്ടക്കണക്കും പരിശോധിച്ച് കേന്ദ്രം ഉടനടി അനുവദിച്ചത് 50 കോടി. ബാക്കി കേന്ദ്രസംഘത്തിന്റെ പഠനശേഷം എന്നായിരുന്നു മുഖ്യമന്ത്രി അടക്കം സമ്മര്‍ദം മുറുക്കിയപ്പോള്‍ കിട്ടിയ വാഗ്ദാനം. മാസം പലതു കഴിഞ്ഞപ്പോള്‍, കേന്ദ്രസംഘത്തെ ജില്ലകള്‍ തോറും കൊണ്ടുനടന്നതു തന്നെ നഷ്ടക്കച്ചവടമായോ എന്ന സംശയമാണ് സര്‍ക്കാരിന് ഇപ്പോള്‍.

കഴിഞ്ഞ കൊല്ലത്തെ മാത്രമല്ല, 2005ലെ കാലവര്‍ഷ കെടുതിയുടെ സഹായവും കേരളത്തിന് ലഭിച്ചിട്ടില്ല എന്നിടത്താണ് കേന്ദ്രത്തിന്റെ അവഗണനയുടെയും സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയും ഒന്നുകൂടി വ്യക്തമാവുന്നത്. 2005ലെ കെടുതിക്കാര്യത്തില്‍ കുറ്റം പ്രധാനമായും സംസ്ഥാന സര്‍ക്കാരിന്റേതായിരുന്നു. നിശ്ചിത മാനദണ്ഡ പ്രകാരം, നിശ്ചിത മാതൃകയില്‍ വേണം കെടുതി സഹായത്തിന് അപേക്ഷിക്കാന്‍. കേരളം നല്‍കിയ അപേക്ഷയില്‍ തുകയിലൊഴിച്ച് ഒന്നിനുമുണ്ടായിരുന്നില്ല നിശ്ചയം എന്നാണ് കേന്ദ്രം വിധിയെഴുതിയത്. പിന്നീട് പുതുക്കി അപേക്ഷ നല്‍കി. ആ അപേക്ഷയും കണ്ടെടുക്കണമെന്ന് റവന്യൂ മന്ത്രി ഇന്നലെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെ കണ്ടപ്പോള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

7. വിദേശ വിമാന സര്‍വീസ് ; പ്രവാസികളില്‍ പ്രതീക്ഷയും ആഹ്ലാദവും
അബൂദബി: കരിപ്പൂര്‍ സെക്ടറിലേക്ക് വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്ന വാര്‍ത്ത മലബാര്‍ പ്രദേശത്തുനിന്നുള്ള പ്രവാസികളില്‍ പ്രതീക്ഷയുണര്‍ത്തി.

കഴിഞ്ഞദിവസങ്ങളില്‍ മലയാളികള്‍ ഒത്തുകൂടിയിടത്തെല്ലാം കോഴിക്കോട്ടേക്കുള്ള വിമാന സര്‍വീസുകളെ പറ്റി തന്നെയായിരുന്നു ചര്‍ച്ച. വാരാന്ത്യ അവധി ദിനമായ ഇന്നലെ പ്രവാസികള്‍ ഒത്തുകൂടിയ സ്ഥലങ്ങളിലെല്ലാം പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത് കരിപ്പൂര്‍ സര്‍വീസിനെ കുറിച്ച് തന്നെയായിരുന്നു.

അതോടൊപ്പം തന്നെ കേരളത്തില്‍നിന്നും ജനപ്രതിനിധികളായ പാര്‍ലമെന്റിലേക്ക് പോകുന്ന എം.പിമാരെയും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരെയും പരാമര്‍ശിക്കാനും പ്രവാസി മലയാളികള്‍ മറന്നില്ല. പലരുടെയും അഭിപ്രായത്തില്‍ കേരള എം.പിമാരും കേന്ദ്രമന്ത്രിമാരും സ്വന്തം സംസ്ഥാനത്തിന്റെ കാര്യത്തില്‍ ഇതര സംസ്ഥാന പ്രതിനിധികളെയും മന്ത്രിമാരെയും അപേക്ഷിച്ച് ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതികരിച്ചത്. ഉത്തരേന്ത്യന്‍ ലോബിയുടെ ‘പാര’ ഇപ്പോഴും തള്ളിക്കളയാന്‍ കഴിയില്ലെന്നും ചിലര്‍ പ്രതികരിച്ചു.
കുടുംബിനികളിലും കുട്ടികളിലുമാണ് വിദേശ സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് ആഹ്ലാദം അധികമുള്ളത്.

സ്കൂള്‍ വേനലവധിയോടെ കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് ചാര്‍ജ് ക്രമാതീതമായി വര്‍ധിക്കുകയും ടിക്കറ്റിന് ദൌര്‍ലഭ്യം നേരിടുകയുമാണ് പതിവ്. അതിനാല്‍ വര്‍ധിച്ച യാത്രാ ചെലവ് താങ്ങാനാവാതെ വര്‍ഷങ്ങളായി ബന്ധുക്കളെ കാണാന്‍ കഴിയാതെ ഇവിടെത്തന്നെ തങ്ങാന്‍ നിര്‍ബന്ധിതരായ കുടുംബങ്ങള്‍ ഒട്ടനവധിയാണ്. കുട്ടികളുടെ സ്കൂള്‍ ഫീസും താമസവാടകയും കുതിച്ചുയര്‍ന്ന അവശ്യ സാധനങ്ങളുടെ വിലക്കുമപ്പുറം നാട്ടിലേക്കുള്ള യാത്രകൂടി വര്‍ഷത്തില്‍ ചിന്തിക്കാന്‍ ഇവരില്‍ പലര്‍ക്കും സാധിക്കുന്നില്ല.

അതിനാല്‍ കോഴിക്കോട്ടേക്കുള്ള യാത്രാനിരക്ക് ഇളവ് പ്രവാസി സമൂഹത്തിന്റെ ദീര്‍ഘനാളായുള്ള സ്വപ്ന സാക്ഷാത്കാരമാണ്. കോഴിക്കോട്ടേക്ക് നേരിട്ട് അബൂദബി കേന്ദ്രമായുള്ള ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കുന്നുണ്ടെന്ന വാര്‍ത്ത യു.എ.ഇ. സ്വദേശിയെ അറിയിച്ചപ്പോഴും അദ്ദേഹത്തിനും ഏറെ ആഹ്ലാദം, ‘കാലികൂത്ത് ഹുല്‍വ ഖല്ലാബ’ (കോഴിക്കോട് അതിമനോഹരം) അദ്ദേഹം പറഞ്ഞു. ഒപ്പം ഒരു നിര്‍ദേശവും. വിദേശികള്‍ക്കുള്ള സുരക്ഷയില്‍ കുറച്ചുകൂടി കണിശത പുലര്‍ത്തിയെങ്കില്‍!

8. ഗള്‍ഫ് കറന്‍സികളുടെ മൂല്യമുയര്‍ത്താന്‍ രഹസ്യ പഠനം നടക്കുന്നതായി റിപ്പോര്‍ട്ട്
റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സിളുടെ മൂല്യം ഉയര്‍ത്താന്‍ പഠനം നടക്കുന്നതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് വളരെ രഹസ്യമായി നടക്കുന്ന ഈ പഠനത്തെക്കുറിച്ച് ഗള്‍ഫ് സാമ്പത്തിക വൃത്തത്തിലുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
നാണയപ്പെരുപ്പം തടയാനും വിലക്കയറ്റത്തിന് അറുതി വരുത്താനും കറന്‍സികളുടെ വിനിമയ മൂല്യം വര്‍ധിപ്പിക്കുക അനിവാര്യമാണെന്നാണ് ചില ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. ഡോളറിന്റെ റെക്കോര്‍ഡ് വിലയിടിവും ഈ മൂല്യത്തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്.

എന്നാല്‍ ഡോളറിന്റെ വിലയിടിവ് താല്‍ക്കാലികമായ പ്രതിഭാസം മാത്രമാണെന്നും അതിനാല്‍ തന്നെ നിലവിലുള്ള സാഹചര്യത്തില്‍ മൂല്യവ്യത്യാസം വരുത്തേണ്ടതില്ലെന്നും ചില രാജ്യങ്ങള്‍ക്ക് അഭിപ്രായമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ കറന്‍സികള്‍ക്ക് 1986ന് ശേഷം ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണ് ലഭിക്കുന്നതെന്നതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇറക്കുമതിയെ അവലംബിക്കുന്ന ഈ രാജ്യങ്ങളില്‍ സാധനങ്ങളുടെ വിലയില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിരുന്നു. ജനങ്ങളുടെ ജീവിത നിലവാരവും കെട്ടിട വാടകയും ഉയരാനും അതുമുഖേന നാണയപ്പെരുപ്പം വര്‍ധിക്കാനും ഇത് കാരണമായി. കഴിഞ്ഞ മാസങ്ങളില്‍ ഏറ്റവും കൂടിയ നാണയപ്പെരുപ്പം രേഖപ്പെടുത്തിയ ഗള്‍ഫ് രാജ്യങ്ങള്‍ പലിശ നിരക്ക് കുറക്കുന്നതിനെക്കുറിച്ചും ആലോചിച്ചുവരികയാണ്.

പ്രവാസി ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സംഖ്യയില്‍ ഗണ്യമായ കുറവ് വരാനും കറന്‍സികളുടെ മൂല്യക്കുറവ് കാരണമായിരുന്നു.
ദിര്‍ഹമിന്റെ വിനിമയ മൂല്യം വര്‍ധിപ്പിക്കാന്‍ യു.എ.ഇ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പ്രായോഗിക രംഗത്ത് അനുകൂലമായ നീക്കങ്ങളുണ്ടായിട്ടില്ല. അതോടൊപ്പം ഡോളറുമായുള്ള വിനിമയബന്ധം വേര്‍പെടുത്തില്ലെന്ന് ചില ഗള്‍ഫ് രാജ്യങ്ങള്‍ ഇതിന് മുമ്പ് തുറന്നടിച്ചത് കറന്‍സികളുടെ മൂല്യം കൂടുതല്‍ താഴോട്ട് പോകാന്‍ കാരണമാവുകയും ചെയ്തിരുന്നു.


name=”വൈദ്യൂതി:സര്‍ച്ചാര്‍ജ് ഇൌടാക്കാന്‍ നീക്കം”>
1. വൈദ്യൂതി:സര്‍ച്ചാര്‍ജ് ഇൌടാക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തു പവര്‍ കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കണമെങ്കില്‍ വിലകൂടിയ താപവൈദ്യുതിയെ കൂടുതലായി ആശ്രയിക്കുകയും അതിന്റെ നഷ്ടം നികത്താന്‍ ഉപയോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കുകയും ചെയ്യേണ്ടിവരുമെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ ബോര്‍ഡ് നിര്‍ദേശം. ഇത് അനുവദിക്കാന്‍ കമ്മിഷന്‍ തയാറായാല്‍ മേയ് മാസം വരെ യൂണിറ്റിന് 50 പൈസ മുതല്‍ ഒരു രൂപ വരെ സര്‍ചാര്‍ജ് ഈടാക്കേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി നില മോശമായതിനാല്‍ ഇനി കൂടുതല്‍ കേന്ദ്ര വൈദ്യുതി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ കായംകുളം, ബിഎസ്ഇഎസ് നിലയങ്ങളില്‍ നിന്നു കൂടുതല്‍ താപവൈദ്യുതി ഉല്‍പാദിപ്പിച്ചു കേരളത്തിലെ വൈദ്യുതി കമ്മി നികത്താന്‍ അനുവദിക്കണമെന്നാണു റഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുമൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം നികത്തിക്കൊടുക്കണമെന്നും കമ്മിഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതിനു സര്‍ചാര്‍ജ് ചുമത്തണമെന്നു ബോര്‍ഡ് വ്യക്തമായി ആവശ്യപ്പെട്ടാല്‍ ഉപയോക്താക്കളുടെ കൂടി അഭിപ്രായം അറിഞ്ഞശേഷം അനുമതി നല്‍കാമെന്ന നിലപാടിലാണു വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കായംകുളത്തും ബിഎസ്ഇഎസ് നിലയത്തിലും ഉല്‍പാദിപ്പിക്കുന്ന കറന്റിനു യൂണിറ്റിന് എട്ടര രൂപ വിലവരും. പ്രസരണ നഷ്ടവും വിതരണച്ചെലവും കൂടി ചേര്‍ക്കുമ്പോള്‍ ഇതു 11 രൂപയാകും.ഈയിനത്തില്‍ ബോര്‍ഡിനു പ്രതിദിനം നാലരക്കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. ഈ നഷ്ടം സഹിച്ചു ബോര്‍ഡിനു മുന്നോട്ടുപോകാനാവില്ല. ഇതു നികത്തുന്നതിനു മേയ് വരെ സര്‍ചാര്‍ജ് ചുമത്തണമെന്നും അല്ലെങ്കില്‍ വേനല്‍ക്കാലം കഴിയുന്നതുവരെ പവര്‍ കട്ടും ലോഡ് ഷെഡിങ്ങും സഹിക്കേണ്ടിവരുമെന്നും ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ഇപ്പോള്‍ 4.6 കോടി യൂണിറ്റാണ്. അടുത്ത മാസം ഇത് 4.9 കോടിയിലെത്താം. സംസ്ഥാനത്തെ നിലയങ്ങളില്‍ ഉല്‍പാദിപ്പിക്കുന്നതും കേന്ദ്ര വൈദ്യുതിയും ചേര്‍ത്താല്‍ 4.4 കോടി യൂണിറ്റേ വരൂ. അതേസമയം, കായംകുളത്തു നിന്നും ബിഎസ്ഇഎസ് നിലയത്തില്‍ നിന്നുമായി 60 ലക്ഷം യൂണിറ്റ് താപവൈദ്യുതി ഉല്‍പാദിപ്പിക്കാം.

വേനല്‍ക്കാലത്തെ ആവശ്യത്തിന് ഇതു ധാരാളം മതി. പക്ഷേ നാലരക്കോടി രൂപയുടെ അധികബാധ്യത സഹിച്ച് ഈ വൈദ്യുതി വിതരണം ചെയ്താല്‍ ബോര്‍ഡ് സാമ്പത്തികമായി തകരുമെന്ന് അധികൃതര്‍ പറയുന്നു. ജലവൈദ്യുതിയുടെ ഉല്‍പാദനം ഇനിയും വര്‍ധിപ്പിച്ചാല്‍ ഡാമുകളിലെ വെള്ളം വറ്റും.

കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ ഇനി കുറവു വരുത്താതിരിക്കാനുള്ള കഠിനശ്രമത്തിലാണു സര്‍ക്കാര്‍. ഈ പശ്ചാത്തലത്തില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി വൈദ്യുതി വിലവര്‍ധനയുടെ അധികഭാരം ജനങ്ങളില്‍ ചുമത്തണമോ അതോ പവര്‍ കട്ടും ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തി വിലവര്‍ധന ഒഴിവാക്കണമോയെന്ന ആലോചനയിലാണു സര്‍ക്കാര്‍. സംസ്ഥാനം പവര്‍കട്ടിന്റെ വക്കിലാണെന്ന അധികൃതരുടെ പ്രസ്താവനകള്‍ ഇതിനുള്ള പശ്ചാത്തലമൊരുക്കലാണ്.
name=”മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍”>
2. മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍
തിരുവല്ല: മാരാമണ്‍ കണ്‍വന്‍ഷന്റെ 113-ാമത് സമ്മേളനം പമ്പാനദിയുടെ മണല്‍പ്പുറത്ത് ഇന്ന് 2.30ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാമെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ഡോ. മിറോണ്‍ എസ്. ആസ്ബെര്‍ഗര്‍ (യുഎസ്എ) മുഖ്യസന്ദേശം നല്‍കും. ബിഷപ് പ്രഫ. മാക് ജെ. മസാംഗോ (സൌത്ത് ആഫ്രിക്ക), റവ. ചാള്‍സ് പ്രൈസ് (കാനഡ) എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകര്‍. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10.30നും ഉച്ചയ്ക്കു 2.30നും വൈകിട്ട് 6.30നും ആണു പൊതുയോഗങ്ങള്‍. 17ന് ഉച്ചകഴിഞ്ഞുള്ള സമ്മേളനത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും. സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നടത്തും. കണ്‍വന്‍ഷന്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
name=”ലങ്കയുമായി സമഗ്രകരാര്‍ ഉണ്ടായാല്‍ കുരുമുളക് വിലത്തകര്‍ച്ച”>
3. ലങ്കയുമായി സമഗ്രകരാര്‍ ഉണ്ടായാല്‍ കുരുമുളക് വിലത്തകര്‍ച്ച
ന്യൂഡല്‍ഹി: കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ക്കു ഭീഷണിയുയര്‍ത്തി ശ്രീലങ്കയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനുള്ള (സിഇപിഎ) നീക്കം അന്തിമഘട്ടത്തിലേക്ക്. നാളെ കൊളംബോയിലെത്തുന്ന കേന്ദ്ര വാണിജ്യ സഹമന്ത്രി ജയറാം രമേശ് ഇതുസംബന്ധിച്ചു ശ്രീലങ്കന്‍ അധികൃതരുമായി ചര്‍ച്ചനടത്തും. കരാറുണ്ടാക്കാന്‍ 2005 മുതല്‍ പതിനൊന്നുവട്ടം ചര്‍ച്ചനടന്നു.

കേരളത്തിലെ കര്‍ഷകരുടെ താല്‍പര്യം കണക്കിലെടുത്തു മാത്രമേ കരാറിലെത്തുകയുള്ളൂ എന്നു കേന്ദ്രം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ആഭ്യന്തര കുരുമുളകുവിലയെ സമഗ്ര കരാര്‍ ദോഷകരമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാറും മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വിലയിരുത്തുന്നുണ്ട്.

സമഗ്ര കരാര്‍ വരുന്നതോടെ കുരുമുളകിനും മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ക്കും വിലത്തകര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. കൂടുതല്‍ സാമ്പത്തിക പങ്കാളിത്തം വരുമ്പോള്‍ വ്യാപാര കരാറുകള്‍ കൂടുതല്‍ ഉദാരവല്‍ക്കരിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്.സ്വതന്ത്ര വ്യാപാര കരാറില്‍ കുരുമുളക് ഇറക്കുമതിക്ക് അളവു നിയന്ത്രണംപോലുള്ള നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും അവ ഫലപ്രദമല്ലെന്നാണ് കയറ്റുമതി വൃത്തങ്ങളുടെ സ്ഥിരം പരാതി.

ശ്രീലങ്കന്‍ കുരുമുളകിനു 2500 ടണ്‍ എന്ന അളവു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മൂല്യവര്‍ധിത കയറ്റുമതി യൂണിറ്റുകള്‍ക്കായി മുന്‍കൂര്‍ ലൈസന്‍സ് വഴി കുരുമുളകു വന്‍തോതില്‍ ഇറക്കുമതി നടക്കുന്നുണ്ട്. നൂറുശതമാനം കയറ്റുമതി ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കേണ്ട ഇത്തരം സംസ്കരണ ശാലകളില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ആഭ്യന്തര വിപണിയില്‍ എത്താതിരിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ യൂണിറ്റുകള്‍ ആഭ്യന്തര കുരുമുളക് ഉപയോഗപ്പെടുത്താത്തതിനാല്‍ കേരളത്തിനു നേട്ടവുമില്ല.

ഈ സാഹചര്യത്തില്‍ സമഗ്ര സാമ്പത്തിക കരാര്‍ വരുന്നത് ആഭ്യന്തര കുരുമുളകു മേഖലയെ ബാധിക്കും.ഉഭയകക്ഷി നിക്ഷേപ സാധ്യതകളും ടൂറിസം – സേവന മേഖലകളിലെ കൂടുതല്‍ മെച്ചപ്പെട്ട സഹകരണവും വിലയിരുത്തിയാണ് ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പരിഷ്കരിച്ചു സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിനുള്ള കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം തുനിയുന്നത്. ഉഭയകക്ഷി നിക്ഷേപ സാധ്യത വര്‍ധിക്കുമ്പോള്‍ ശ്രീലങ്ക കേന്ദ്രമാക്കി സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധന സംസ്കരണശാലകള്‍ ആരംഭിക്കുന്നതും ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നതും ഭീഷണിയാവും.

മറ്റു രാജ്യങ്ങളില്‍നിന്നുള്ള കുരുമുളകും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ശ്രീലങ്കവഴി ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സുഗന്ധവ്യഞ്ജന കൃഷിയില്ലാത്ത രാജ്യങ്ങളില്‍നിന്നുപോലും ഇപ്പോള്‍ത്തന്നെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.സമഗ്ര പങ്കാളിത്ത കരാര്‍ വരുന്നതിനു മുന്നോടിയായി കേരളത്തിലെ വിളകളെ അതെങ്ങനെ ബാധിക്കുമെന്നു പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍ കൊച്ചിയിലെത്തി കയറ്റുമതിക്കാരുമായും മറ്റു ബന്ധപ്പെട്ടവരുമായും ചര്‍ച്ചനടത്തിയിരുന്നു.

ശ്രീലങ്കയില്‍ വന്‍കിട നിക്ഷേപ സാധ്യത ആരാഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധികളടക്കമുള്ള സംഘം നാളെമുതല്‍ മൂന്നുദിവസത്തെ ചര്‍ച്ചകള്‍ക്കു കൊളംബോയിലെത്തുന്നത്. ശ്രീലങ്കന്‍ നിക്ഷേപ വികസന മന്ത്രിയുമായും നിക്ഷേപ ബോര്‍ഡ് അധികൃതരുമായും ചര്‍ച്ചനടത്തും. നിര്‍മാണ – ടൂറിസം – സേവന മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ സഹായകമാവുന്ന വിധത്തിലാണ് സമഗ്ര കരാറുമായി ഇരുരാജ്യങ്ങളും മുന്നോട്ടു പോകുന്നത്.

പതിനൊന്നുവട്ടം ചര്‍ച്ച നടന്നുകഴിഞ്ഞിരിക്കെ അന്തിമ കരാര്‍ വൈകാനിടയില്ലെന്നാണു സൂചന. സ്വതന്ത്ര വ്യാപാര കരാറിന്റെ അവലോകന ചര്‍ച്ചയില്‍ കൂടുതല്‍ ഉദാരമായ സ്വതന്ത്ര വ്യാപാരം വേണമെന്നു ശ്രീലങ്കന്‍ അധികൃതരില്‍നിന്നു സമ്മര്‍ദം ഉയരാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ വ്യവസ്ഥകളില്‍ നേരിയ മയപ്പെടുത്തല്‍ ഉണ്ടായാല്‍പോലും അതു കേരളത്തെ ബാധിക്കുമെന്നാണു വിലയിരുത്തല്‍.
name=”മറവു ചെയ്യാന്‍ സ്ഥലമില്ല; ആദിവാസി യുവാവിന്റെ ജഡം വഴിയരികില്‍”>
4. മറവു ചെയ്യാന്‍ സ്ഥലമില്ല; ആദിവാസി യുവാവിന്റെ ജഡം വഴിയരികില്‍
ഇരിട്ടി: തൂങ്ങി മരിച്ച ആദിവാസിയുടെ ജഡം മറവു ചെയ്യാനിടമില്ലാതെ വഴിയരികില്‍ ഉപേക്ഷിച്ചു. പടിയൂര്‍ പഞ്ചായത്തിലെ ചടച്ചിക്കുണ്ടം ആദിവാസി കോളനിയിലെ ചീറങ്ങോട് ജയന്റെ(32) മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കോളനിക്കു സമീപം വഴിയരികില്‍ ഉപേക്ഷിച്ചത്. രാവിലെയാണു ജയനെ ഭാര്യവീടിനു സമീപം മരിച്ച നിലയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വൈകിട്ട് നാലോടെ മൃതദേഹം കോളനിയില്‍ എത്തിച്ചു. ഇവിടെ പൊതുശ്മശാനമോ ജയനു സ്വന്തമായി സ്ഥലമോ ഇല്ലാത്തതിനാല്‍ സംസ്കാരം നടത്താനായില്ല. കോളനിയില്‍ മറ്റ് ആദിവാസികളുടെ പറമ്പില്‍ മൃതദേഹം മറവു ചെയ്യാന്‍ അനുവദിച്ചതുമില്ല. തുടര്‍ന്നാണു മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചത്. രാത്രിയിലും ഇതു നീക്കിയിട്ടില്ല. ആംബുലന്‍സ് വാടകയും പോസ്റ്റ്മോര്‍ട്ടത്തിനുള്ള ചെലവും പൊലീസാണു വഹിച്ചത്. ആദിവാസി ക്ഷേമ വകുപ്പോ പഞ്ചായത്ത് അധികൃതരോ സ്ഥലത്തേക്കു തിരിഞ്ഞു നോക്കിയില്ല. ജയന്റെ ഭാര്യ: മിനി. മൂന്നു മക്കളുണ്ട്.
name=”പ്രതികളെ രക്ഷിക്കാന്‍ പൊലീസിനെ ആക്രമിച്ചു; വെടിവയ്പില്‍ ഒരാള്‍ക്ക് പരുക്ക്”>
5. പ്രതികളെ രക്ഷിക്കാന്‍ പൊലീസിനെ ആക്രമിച്ചു; വെടിവയ്പില്‍ ഒരാള്‍ക്ക് പരുക്ക്
മംഗലാപുരം: പുലിത്തോലുമായി അറസ്റ്റിലായവരുമായി മടങ്ങുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ ഒരു സംഘം നടത്തിയ അക്രമത്തില്‍ രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പില്‍ ബന്ത്വാള്‍ മാര്‍ജെ സ്വദേശി ഷംസുദ്ദീ(32)ന് പരുക്കേറ്റു. ബന്ത്വാളിനടുത്ത് മഹിന്തലയിലാണ് സംഭവം. പുലിത്തോല്‍ വില്‍പനയ്ക്കായി ഒരു സംഘം കാറിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരം ഡിസിഐബി എസ്ഐ:പി.ഡി.നാഗരാജിന്റെ നേതൃത്വത്തിലുള്ള സംഘം ബന്ത്വാളിനടുത്ത വൊഗയില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കാസര്‍കോട് ആദൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ മുഹമ്മദ് താജുദ്ദീന്‍ (38), മുല്‍ക്കി സ്വദേശി കരീം (41) എന്നിവരെ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു പുലിത്തോലുകളും പൊലീസ് കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. ഇവരുമായി മടങ്ങുമ്പോള്‍ മഹിന്തലയില്‍ ബൈക്കിലും ബസിലുമായി എത്തിയ മുപ്പതോളം പേരടങ്ങുന്ന സംഘം പൊലീസിനെ വടിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പൊലീസ് സംഘത്തിലെ വസന്ത്, നാഗേന്ദ്ര എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കാണ് പരുക്കേറ്റത്. അക്രമികളില്‍ നിന്നു രക്ഷ നേടാന്‍ പൊലീസ് സംഘത്തിലെ പരമേശ്വര എന്ന കോണ്‍സ്റ്റബിള്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു വെടിവയ്ക്കുകയായിരുന്നു ‘5ന്ന് ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട് എന്‍.സതീഷ് കുമാര്‍ പറഞ്ഞു. വെടിവയ്പില്‍ ഷംസുദ്ദീന് പരുക്കേറ്റു. പുലിത്തോല്‍ വില്‍പന നടത്താന്‍ വന്ന സംഘത്തിലെ ഇഖ്ബാല്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. മുഹമ്മദ് താജുദ്ദീന്‍, കരീം എന്നിവരെ ബല്‍ത്തങ്ങാടി പൊലീസിന് കൈമാറി. പൊലീസിന് നേരെ അക്രമം നടത്തിയ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ബന്ത്വാള്‍ റൂറല്‍ പൊലീസ് കേസെടുത്തു.
name=”ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണം: ശാസ്ത്ര സാഹിത്യ പരിഷത് “>
6. ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണം: ശാസ്ത്ര സാഹിത്യ പരിഷത്
തൃശൂര്‍: ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്നും ഭൂമിയുടെ വിനിയോഗവും ക്രയവിക്രയവും സാമൂഹിക നിയന്ത്രണത്തിനു വിധേയമാക്കണമെന്നും ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭൂമിയോ, ഭൂവിഭവങ്ങളോ ലാഭം കൊയ്യാനുള്ള നിക്ഷേപപാത്രമായി മാറാന്‍ പാടില്ല. കേരളത്തില്‍ ഭൂമി പരിമിതവും ആവശ്യം അധികവുമായ സാഹചര്യത്തില്‍ സാമൂഹിക നിയന്ത്രണമില്ലെങ്കില്‍ ഭൂമി ഒരുപിടി സമ്പന്നരുടെ ആഡംബരവസ്തു മാത്രമായി മാറും. കൃഷിഭൂമി മാത്രമല്ല, പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആവാസ കേന്ദ്രങ്ങള്‍ പോലും കമ്പോളവല്‍ക്കരിക്കപ്പെടും.

സ്വകാര്യ ഉടമസ്ഥത എന്നത് ഭൂമി നിശ്ചിത രീതിയില്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് മാത്രമായി പരിമിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പരിഷത് പ്രസിഡന്റായി പ്രഫ. ടി.പി. കുഞ്ഞിക്കണ്ണനെയും ജനറല്‍ സെക്രട്ടറിയായി വി. വിനോദിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡോ. ആര്‍.ബി. രാജലക്ഷ്മി, ഡോ. എന്‍.കെ. ശശിധരന്‍ പിള്ള (വൈസ് പ്രസി), സി.പി. സുരേഷ് ബാബു, ടി.പി. ശ്രീശങ്കര്‍, പി.വി. വിനോദ്(സെക്ര), പി. മുരളീധരന്‍ (ട്രഷറര്‍).
name=”സാമ്പത്തിക മാന്ദ്യം: സമ്പന്നരാജ്യങ്ങള്‍ക്ക് ഉത്കണ്ഠ”>
7. സാമ്പത്തിക മാന്ദ്യം: സമ്പന്നരാജ്യങ്ങള്‍ക്ക് ഉത്കണ്ഠ
ടോക്കിയോ: അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ മാന്ദ്യം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് ജി-7 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം വിലയിരുത്തി.

കഴിഞ്ഞ ഒക്ടോബറില്‍ ജി-7 സമ്മേളനം നടന്നപ്പോള്‍ കണക്കുകൂട്ടിയതിനെക്കാള്‍ വളര്‍ച്ചസാധ്യത കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞേക്കുമെന്നും യുഎസ്, കാനഡ, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങളിലും വ്യത്യസ്ത തോതില്‍ താല്‍ക്കാലികമായി മാന്ദ്യം അനുഭവപ്പെടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
name=”കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച നിലനിര്‍ത്തും:ചിദംബരം”>
8. കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച നിലനിര്‍ത്തും:ചിദംബരം
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയില്‍ അടുത്ത 10 മുതല്‍ 20 വര്‍ഷക്കാലത്തേക്കു നാലു ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ച ഉറപ്പാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നു കേന്ദ്ര ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുരടിക്കുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ സംഘടന (സിഎസ്ഒ) വെളിപ്പെടുത്തിയതിനു പിന്നാലെയാണു മന്ത്രിയുടെ പ്രഖ്യാപനം.

രാജ്യത്തു ലഭ്യമായ വിഭവങ്ങളില്‍ കൃഷിക്ക് ആദ്യ അവകാശം ഉറപ്പു വരുത്തിയാവും ഈ നേട്ടം കൈവരിക്കുകയെന്നും നബാര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ചിദംബരം വിശദീകരിച്ചു. കൃഷി ഒഴികെ യുള്ള മേഖലകള്‍ക്കെല്ലാം കാത്തിരിക്കാനാവും. എന്നാല്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെ ന്നു മന്ത്രി വ്യക്തമാക്കി.

കാര്‍ഷിക മേഖലയ്ക്കായി ടെക്നോളജി ഫണ്ട് രൂപീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാഹ്യ സ്വാധീനങ്ങള്‍ എന്തൊക്കെയുണ്ടായാലും ഉചിതമായ ഇടപെടലിലൂടെയും സാങ്കേതിക വിദ്യയിലൂടെയും കൃഷിയില്‍ നാലു ശതമാനത്തി ലേറെ വളര്‍ച്ച നേടാനാവുമെന്നു മന്ത്രി കരുതുന്നു.

മൊത്തം ആഭ്യന്തര ഉല്‍പാദനം(ജിഡിപി) സംബന്ധിച്ചു സിഎസ്ഒയുടെ പ്രവചനങ്ങള്‍ പരാമര്‍ശിച്ചു കാര്‍ഷിക മേഖലയുടെ പ്രകടനം ഈ കണക്കുകൂട്ടലുകളെ അപേക്ഷിച്ചു കൂടുതലാവുമെന്നു ചിദംബരം ആവര്‍ത്തിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.8% വളര്‍ച്ച കൈവരിച്ച രാജ്യത്തെ കാര്‍ഷിക മേഖലയുടെ ഇക്കൊല്ലത്തെ വളര്‍ച്ച 2.6 ശതമാനത്തില്‍ ഒതുങ്ങുമെന്നായിരുന്നു സിഎസ് ഒയുടെ പ്രവചനം.

ചോളത്തിന്റെയും സോയാബീനിന്റെയും ഉല്‍പാദനം ഇക്കൊല്ലം റെക്കോര്‍ഡ് ആവുമെന്നു കൃഷി മന്ത്രാലയം അറിയിച്ച കാര്യം ചിദംബരം വെളിപ്പെടുത്തി. സിഎസ്ഒയുടെ കണക്കുകൂട്ടലില്‍ ഈ നേട്ടം ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ അന്തിമ കണക്കെടുപ്പില്‍ കാ ര്‍ഷികമേഖല മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
name=”കാര്‍ഷിക സബ്സിഡി: കരാറിന്റെ കരടിലും യുഎസ് പിടിവാശി”>
9. കാര്‍ഷിക സബ്സിഡി: കരാറിന്റെ കരടിലും യുഎസ് പിടിവാശി
ന്യൂഡല്‍ഹി: സന്തുലിത വ്യാപാരത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള കാര്‍ഷിക സബ്സിഡികള്‍ സമയബന്ധിതമായി വെട്ടിക്കുറയ്ക്കണ മെന്ന നിലപാടില്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ഉറച്ചു നില്‍ക്കെ, ലോക വ്യാപാര സംഘടന (ഡബ്ള്യുടിഒ) പുതുക്കിയ കരട് കാര്‍ഷിക കരാര്‍ വ്യവസ്ഥകള്‍ പുറത്തിറക്കി.

യുഎസ് നല്‍കിവരുന്ന കാര്‍ഷിക സബ്സിഡിയില്‍ അരലക്ഷത്തോളം കോടി രൂപയുടെ കുറവു വരുത്തുമെന്നതടക്കമുള്ള കരടിലെ നിര്‍ദേശങ്ങള്‍ ഇന്ത്യ വിശദമായി പഠിച്ചുവരികയാണ്. സബ്സിഡി പൂര്‍ണമായി എടുത്തു കളയണമെന്നാണു വികസ്വര രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ സബ്സിഡി അറുപത്തയ്യായിരത്തോളം കോടി രൂപയാക്കാമെന്നു മാത്രമാണു യുഎസ് വാഗ്ദാനം. ഈ കീറാമുട്ടിയില്‍ തട്ടിയാണു ദോഹ വട്ട വികസന ഉച്ചകോടിയില്‍ തുടങ്ങി ഹോങ്കോങ് ഉച്ചകോടി വരെയുള്ള ചര്‍ച്ചകള്‍ അലസിയത്.

ദോഹ വികസന അജന്‍ഡ നടപ്പാക്കാനുള്ള അവസാന അവസരമായ ഈ വര്‍ഷം അവസാനത്തോടെ വ്യാപാര ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാ നിരിക്കെയാണു നിലപാടില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കിക്കൊണ്ടു കരട് കാര്‍ഷിക നിര്‍ദേശങ്ങള്‍ കഴിഞ്ഞദിവസം ലോക വ്യാപാരസംഘടന ജനീവയില്‍ പ്രസിദ്ധീകരിച്ചത്. വികസിതരാജ്യങ്ങളിലെ സബ്സിഡി വ്യവസ്ഥയില്‍ ഗണ്യമായ മാറ്റം വരുത്താന്‍ പര്യാപ്തമായ നിര്‍ദേശങ്ങള്‍ 65 പേജുള്ള കരടില്‍ ഉള്‍പ്പെടുത്തിയിട്ടു ണ്ടോ എന്നാണ് ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങള്‍ പരിശോധി ക്കുന്നത്.

വികസ്വര രാജ്യങ്ങളെ കുപ്പിയിലിറക്കുന്ന നിര്‍ദേശങ്ങളുണ്ടാകുമെന്നും ആശങ്കയുണ്ട്. സബ്സിഡി കുറയ്ക്കാമെന്ന വാഗ്ദാനത്തെ വികസ്വര രാജ്യങ്ങളില്‍ കൂടുതല്‍ വിപണി തുറന്നുതരണമെന്ന ബാധ്യതയുമായി കൂട്ടിയിണക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കേണ്ടതു ണ്ട്.

അതുകൊണ്ടുതന്നെ പുതിയ കരട് വിശദമായി പഠിച്ചുവരികയാണെ ന്നും നാളെ ഇതേപ്പറ്റി അഭിപ്രായം പറയാനാവുമെന്നു കരുതുന്നെന്നു മാണു കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയത്.

ദോഹ ഉച്ചകോടി നിര്‍ണായകഘട്ടത്തിലാണെന്നായിരുന്നു കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥ് കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടത്. നാമമാത്ര കര്‍ഷകരുടെ ജീവിതസുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുത്ത് വികസ്വര രാജ്യങ്ങളുടെ ആശങ്ക നീക്കിയില്ലെങ്കില്‍ ഉച്ചകോടിയില്‍ അഭിപ്രായസമന്വയം പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആഗോളതലത്തിലുള്ള കരാറുകളില്‍ വിപണികളില്‍ പ്രവേശിക്കാനുള്ള അവകാശത്തെയും കാര്‍ഷിക മേഖലയിലെ സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിനെയും തുല്യപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന നിലപാടിലാണു യുഎസ് അധികൃതര്‍.

ഇന്ത്യയും ബ്രസീലും പോലുള്ള വലിയ വികസ്വര രാജ്യങ്ങളിലെ വിപണികളില്‍ സ്വതന്ത്ര പ്രവര്‍ത്തനത്തിനുള്ള അവകാശമാണു യുഎസും മറ്റു സമ്പന്ന രാഷ്ട്രങ്ങളും ലക്ഷ്യമിടുന്നത്.

2001ല്‍ തുടങ്ങിയ ദോഹ ഉച്ചകോടിയിലെ ചര്‍ച്ചകള്‍ 2004ല്‍ പൂ ര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നത്. പക്ഷേ, അഭിപ്രായഭിന്നതകളെ തുടര്‍ന്നു പലകുറി മുടങ്ങിയ ചര്‍ച്ചകള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രമാണു പുനരാരംഭിച്ചത്. ഇക്കൊല്ലം അവസാനത്തോടെയെങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
name=”സ്രോതസില്‍ പിടിക്കുന്ന നികുതിക്കു പ്രാധാന്യമേറെ”>
10. സ്രോതസില്‍ പിടിക്കുന്ന നികുതിക്കു പ്രാധാന്യമേറെ
സ്വന്തം വരുമാനത്തിന്‍ മേല്‍ ആദായനികുതി അടയ്ക്കുന്നതോളം തന്നെ പ്രാധാന്യം നേടിയിരിക്കുകയാണ് മറ്റുള്ളവര്‍ക്കു നല്‍കുന്ന ചില പ്രത്യേക തരം പ്രതിഫലത്തില്‍ നിന്നു സ്രോതസില്‍ ആദായനികുതി (ടിഡിഎസ്) പിടികൂടുകയെന്നതിന്. 192 മുതല്‍ 196ഡി വരെയുള്ള വകുപ്പുകള്‍ പ്രകാരം ശമ്പളം, പലിശ, കമ്മിഷന്‍ ബ്രോക്കറേജ്, സമ്മാനങ്ങള്‍, കരാര്‍ പണിക്കാര്‍ക്കുള്ള പ്രതിഫലം, പ്രഫഷനല്‍ ഫീസ്, ടെക്നീഷ്യന്‍മാര്‍ക്കു ന ല്‍കുന്ന ഫീസ്, വാടക തുടങ്ങി സ്രോതസില്‍ ആദായ നികുതി പിടിക്കാന്‍ ബാധ്യതയുള്ള ചെലവുകള്‍ പലതുണ്ട്.

പ്രവാസികള്‍ (നോണ്‍ റസിഡന്റുകള്‍ക്ക്) നല്‍കുന്ന സംഖ്യകളില്‍ നിന്നും സ്രോതസില്‍ നികുതി പിടിക്കേണ്ടതുണ്ട്. സ്രോതസില്‍ ആദായനികുതി പിടിക്കണമെന്നു മാത്രമല്ല അതു നിശ്ചിത സമയ ത്തിനുള്ളില്‍ സര്‍ക്കാരിലേക്ക് അടയ്ക്കുകയും വേണം. സ്രോതസില്‍ നികുതി പിടിക്കുന്നവര്‍ ആദായനികുതി നിയമപ്രകാരം ടാന്‍ നമ്പറിന് അപേക്ഷിക്കേണ്ടതും റിട്ടേണ്‍ സമര്‍പിക്കേണ്ടതുമാണ്. സ്രോതസില്‍ നികുതി പിടിക്കാതിരിക്കുകയോ, പിടിച്ച നികുതി കൃത്യസമയത്ത് അടയ്ക്കാതിരിക്കുകയോ ചെയ്താ ല്‍ കഠിന പിഴയാണു വ്യവസ്ഥ ചെയ്തിരിക്കുന്നത്.

201(1എ) വകുപ്പ് പ്രകാരം സ്രോതസില്‍ അടയ്ക്കേണ്ടതായുള്ള നികുതിക്കു 12% ആണ് പ്രതിവര്‍ഷ പലിശ ഇൌടാക്കുക. 271സി വകുപ്പ് പ്രകാരം സ്രോതസില്‍ നികുതി പിടിച്ച അടയ്ക്കാത്തതിനു നികുതിക്കു തുല്യ സംഖ്യ പിഴയായി ചുമത്താം. കൂടാതെ 276ബി വകുപ്പു പ്രകാരം സ്രോതസില്‍ നികുതി പിടിക്കാ ന്‍ ബാധ്യസ്ഥനായ വ്യക്തിയെ മൂന്നു മാസം മുതല്‍ ഏഴു വര്‍ഷം വരെ കഠിന തടവിനും പിഴയ്ക്കും ശിക്ഷിക്കാം. (പ്രോസിക്യൂഷന്‍) പിഴയും പലിശയും മാത്രമല്ല ഉള്ളത്. 40(എ) (1എ) വകുപ്പ് പ്രകാരം ചെലവില്‍ നിന്നും സ്രോതസില്‍ നികുതി പിടിച്ച് ആ വര്‍ഷം തന്നെ അടച്ചില്ലെങ്കില്‍ ആ വര്‍ഷത്തെ ചെലവായി അനുവദിക്കുന്നതല്ല. എപ്പോഴാണോ സ്രോതസില്‍ പിടിച്ച നികുതി അടയ്ക്കുന്നത് ആ വര്‍ഷത്തില്‍ മാത്രമേ ചെലവായി അനുവദിക്കുകയുള്ളൂ.

278ബി വകുപ്പു പ്രകാരം കമ്പനിയാണു കുറ്റക്കാരനെങ്കില്‍ കമ്പനിയുടെ നി ര്‍വഹണത്തിനു ചുമതലപ്പെട്ട അധികാരികള്‍ക്കെതിരെ അതായത് ഡയറക്ടര്‍, മാനേജര്‍, സെക്രട്ടറി, മറ്റ് ഒാഫിസര്‍ (പാര്‍ട്നര്‍ ഷിപ്പാണെ ങ്കില്‍ പാര്‍ട്നര്‍) എന്നിവര്‍ക്കെതിരെയും നടപടി എടുക്കാം. 279(1) വകുപ്പ് പ്രകാരം ചീഫ് കമ്മിഷണറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ 276ബി വകുപ്പു പ്രകാരം പ്രോസിക്യൂഷ ന്‍ നടപടി സ്വീകരിക്കാന്‍ പാടുള്ളൂ. (2008) 297 ഐടിആര്‍ 310 ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഗുപ്ത ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേസിലെ ബോംബെ ഹൈക്കോടതിയുടെ വിധി പ്രോസിക്യൂഷന്‍ വിഷയത്തിലുള്ളതാണ്.

കമ്പനി സ്രോതസില്‍ നികുതി പിടിച്ചിരുന്നു എന്നാല്‍ സര്‍ക്കാരിലേക്ക് അടയ്ക്കാതെ കൈവശം സൂക്ഷിക്കുകയുണ്ടായി. നികുതി വകുപ്പില്‍ നിന്നു നോട്ടീസ് ലഭിച്ച ശേഷം അതായത് നാലു വര്‍ഷം 11 മാസം 24 ദിവസത്തിനു ശേഷം മാത്രമാണ് സംഖ്യ അടച്ചത്. 276ബി, 278ബി വകുപ്പ് പ്രകാരം കമ്പനിക്കും ചുമതലപ്പെട്ടവര്‍ക്കും എതിരെ പ്രോസിക്യൂഷന് നികുതിവകുപ്പ് പരാതി നല്‍കി.

എന്നാല്‍ അഡീഷനല്‍ ചീഫ് മെട്രോപോലിറ്റന്‍ മജിസ്ട്രേട്ട് പ്രോസിക്യൂഷനില്‍ നിന്നു മുക്തമാക്കി. ട്രയല്‍ കോടതിയുടെ അഭിപ്രായപ്രകാരം പ്രോസിക്യൂഷന്‍ നടപടി തുടങ്ങാന്‍ 10 വര്‍ഷത്തെ താമസം ഉണ്ടായി എന്നും പ്രോസിക്യൂഷന്‍ നടപടിക്കു മുന്‍പു പ്രതിക്കു നോട്ടീസ് നല്‍കിയിരുന്നില്ല, പ്രതിക്കു തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കേണ്ടതായിരുന്നു അപ്രകാരം നല്‍കാത്തപക്ഷം പ്രോസിക്യൂഷന്‍ നിലനില്‍ക്കുകയില്ല എന്നും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ വിധി പ്രകാരം ആദായ നികുതി നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതി നായി നോട്ടീസ് വേണമെന്നു നിയമത്തില്‍ നിബന്ധനയില്ല പ്രോസിക്യൂഷന് സമയപരിധിയും ഇല്ലെന്നു കോടതി അഭിപ്രായപ്പെട്ടു. കമ്പനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഗൌരവമേറിതാണ്. സ്രോതസില്‍ പിടിച്ച നികുതി കണക്കു പരിശോധിച്ചപ്പോള്‍ മാത്രമേ അടച്ചുള്ളൂ, നാലു വര്‍ഷം 11 മാസത്തെ താമസമുണ്ടായി. കുറ്റം ‘തുടരുന്ന കുറ്റം

(continuing offence) എന്ന വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പ്രോസിക്യൂഷനില്‍ നിന്നും പ്രതികളെ മുക്തമാക്കിയ നടപടി ശരിയല്ലെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷ ന്‍ നടപടി സ്വീകരിക്കാന്‍ മജിസ് ട്രേട്ടിനു കേസ് തിരിച്ചയയ്ക്കുകയാണു കോടതി ചെയ്തത്. ഇൌ കേസില്‍ പ്രതികള്‍ക്ക് 279(2) വകുപ്പു പ്രകാരം കുറ്റം കോമ്പൌണ്ട് ചെയ്യാന്‍ കമ്മിഷണര്‍ക്ക് അപേക്ഷിക്കാമെന്നു കോടതി ചൂണ്ടിക്കാട്ടി.

ചുരുക്കത്തില്‍ സ്രോതസില്‍ ആദായ നികുതി പിടിക്കാത്തതും സമയത്തിനുള്ളില്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നതും പിഴയും പലിശയും മാത്രമല്ല തടവുശിക്ഷയ്ക്കു വരെ കാരണമായേക്കാം. 273ബി വകുപ്പ് പ്രകാരം മതിയായ കാരണമുണ്ടെന്നു ബോധിപ്പിച്ചാല്‍ 271സി വകുപ്പ് പ്രകാരമുള്ള പിഴ ചുമത്താന്‍ പാടില്ല. അതുപോലെതന്നെ 278 എഎ വകുപ്പ് പ്രകാരം നിയമ വീഴ്ചയ്ക്കു മതിയായ കാരണമുണ്ടെന്നു തെളിയിച്ചാല്‍ 276ബി വകുപ്പ് പ്രകാരമുള്ള പ്രോസിക്യൂഷന്‍ പാടില്ല എന്നും നിയമമുള്ള കാര്യം ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )