പത്രവാര്‍ത്തകള്‍ 09-02-081. കൂടുതല്‍ റേഷനരി ഇല്ല
ന്യൂദല്‍ഹി: കേരളത്തിന്റെ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കപ്പെടില്ല. അടുത്ത ഒരു കൊല്ലത്തേക്കു കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇപ്പോഴത്തെ അളവില്‍ റേഷനരി വിഹിതം തുടര്‍ന്നും നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും കണ്ട് വിഹിതം കൂട്ടാന്‍ സമ്മര്‍ദം ചെലുത്തിയതിന് തൊട്ടുപിന്നാലെയാണ് തിരിച്ചടി.

അതേസമയം, ഉല്‍സവ സീസണ്‍ പ്രമാണിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്ക് കേരളത്തിന് 10,000 ടണ്‍ വീതം അരി അധികമായി അനുവദിച്ചു.

അടുത്ത സാമ്പത്തിക വര്‍ഷം വിവിധ സംസ്ഥാനങ്ങളിലെ ദാരിദ്യ്രരേഖക്കു മുകളിലുള്ള (എ.പി.എല്‍) കുടുംബങ്ങള്‍ക്ക് അരി, ഗോതമ്പ് വിഹിതം 85 ലക്ഷം ടണ്ണായി നിജപ്പെടുത്താനാണ് സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി തീരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ സംസ്ഥാനങ്ങള്‍ എ.പി.എല്‍ ക്വാട്ടയില്‍ വാങ്ങിയ വിഹിതം അതേപടി നിലനിര്‍ത്തുകയായിരുന്നു.

അനുവദിച്ചതില്‍ കുറഞ്ഞ അളവില്‍ എ.പി.എല്‍ അരി വാങ്ങിയ കേരളത്തിന് അതുകൊണ്ടു തന്നെ, മുന്‍കൊല്ലം വാങ്ങിയ അരി മാത്രമാണ് കിട്ടുക. മറ്റേതെങ്കിലും സംസ്ഥാനം നിശ്ചിത അളവില്‍ കുറച്ചു വാങ്ങിയാല്‍, ബാക്കി വരുന്ന അരി ഏതു സംസ്ഥാനത്തേക്ക് തിരിച്ചുവിടണമെന്ന് കേന്ദ്രത്തിന് തീരുമാനിക്കാമെന്നു മാത്രം. എന്നാല്‍, എല്ലാ സംസ്ഥാനങ്ങളും കൂടുതല്‍ റേഷനരി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു വിഹിതം കേരളത്തിന് കിട്ടാന്‍ സാധ്യത വിരളമാണ്.

കേരളത്തിന്റെ എ.പി.എല്‍ റേഷനരി വിഹിതം 1.13 ലക്ഷം ടണ്ണില്‍നിന്ന് 21,334 ടണ്ണായി വെട്ടിക്കുറച്ചത് കഴിഞ്ഞ വര്‍ഷമാണ്. അനുവദിച്ച വിഹിതം കേരളം വാങ്ങുന്നില്ല എന്ന പേരിലായിരുന്നു ഇത്.

എന്നാല്‍, പൊതു വിപണിയില്‍ അരിവില കുതിച്ചുയര്‍ന്നതോടെയാണ് റേഷനരിക്ക് ആവശ്യം വര്‍ധിച്ചത്. ഇപ്പോള്‍ കിട്ടുന്ന വിഹിതം കൊണ്ട് എ.പി.എല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഒന്നിന് 4.20 കിലോ അരി മാത്രമാണ് നല്‍കാന്‍ കഴിയുന്നത്. പഴയ തോതില്‍ അരി നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാറിന് പരിഗണിക്കാമെന്ന വാഗ്ദാനം മാത്രമാണ് കിട്ടിയത്.

പ്രണബ് മുഖര്‍ജി അധ്യക്ഷനായ മന്ത്രിതല സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനമെന്ന് ധനമന്ത്രി പി. ചിദംബരം വിശദീകരിച്ചു. റേഷന്‍ കടകള്‍ക്ക് കേന്ദ്രം നല്‍കുന്ന അരിയുടെ വിലയിലും മാറ്റം വരുത്തിയിട്ടില്ല.

അനുവദിക്കുന്ന മൊത്തം വിഹിതം ഉപയോഗിച്ച് ഓരോ കാര്‍ഡുടമക്കും എത്ര അളവില്‍ അരി നല്‍കണമെന്ന കാര്യം അതതു സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

ബി.പി.എല്‍, അന്ത്യോദയ അന്ന യോജന പദ്ധതി പ്രകാരമുള്ള അരി വിഹിതത്തിലും മാറ്റം വരുത്തേണ്ടെന്ന് മന്ത്രിസഭാ സമിതി യോഗം തീരുമാനിച്ചു. പ്രതിമാസം 35 കിലോയെന്ന കണക്കിലാണ് ഈ വിഭാഗത്തില്‍ അരി അനുവദിക്കുന്നത്.

ഈസ്റ്റര്‍, ആറ്റുകാല്‍ പൊങ്കാല എന്നിവ പ്രമാണിച്ചാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്ക് 20,000 ടണ്‍ അരി ഭക്ഷ്യ^പൊതുവിതരണ മന്ത്രാലയം അനുവദിച്ചത്. ഉല്‍സവകാലങ്ങളിലേക്ക് അധികവിഹിതം അനുവദിക്കുക പതിവാണ്.

2. അനീതിക്കെതിരെ രോഷമിരമ്പി
കൊച്ചി: മൂലമ്പിള്ളിയിലെ ബലപ്രയോഗത്തിലൂടെയുള്ള കുടിയൊഴിപ്പിക്കലിനെതിരെ ഇരമ്പുന്ന ജനരോഷം വിളിച്ചറിയിച്ച് കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധമാര്‍ച്ച് നടന്നു.

മാര്‍ച്ച് ഹൈക്കോടതി കവലയില്‍ വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു. മേനക ജംഗ്ഷന് സമീപം മാര്‍ച്ച് പോലിസ് തടഞ്ഞതിനെത്തുടര്‍ന്ന് അരിയും കലവും വിറകുമായെത്തിയ ജനങ്ങള്‍ റോഡരികില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. തങ്ങളെ തെരുവാധാരമാക്കിയ അധികൃതരുടെ ക്രൂരതയില്‍ പ്രതിഷേധിച്ചായിരുന്നു വഴിയരികിലുള്ള കഞ്ഞിവെപ്പ്. കുടിയൊഴിപ്പിക്കല്‍ ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കിയ മുളവുകാട് സ്വദേശി പ്രിന്‍സി ആന്റണിയുടെ മാതാവ് റോസിലി സമരസമിതി പ്രവര്‍ത്തകര്‍ കൂട്ടിയ അടുപ്പില്‍ തീ പകര്‍ന്ന് സമരം ഉദ്ഘാടനം ചെയ്തു. പിറന്ന മണ്ണും വിയര്‍പ്പൊഴുക്കി കെട്ടിപ്പൊക്കിയ വീടും നഷ്ടപ്പെട്ട തങ്ങള്‍ കലക്ടറുടെ വീട്ടില്‍ താമസിക്കാന്‍ പോവുകയാണെന്നും തങ്ങളെ തടയാന്‍ ഒരു ശക്തിക്കുമാവില്ലെന്നുമുള്ള റോസിലിയുടെ വാക്കുകള്‍ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ ഏറ്റുവാങ്ങി. ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്ന നടപടിയല്ല മൂലമ്പിള്ളിയില്‍ നടന്നതെന്ന് വി.എം. സുധീരന്‍ പറഞ്ഞു. വല്ലാര്‍പാടം പദ്ധതി ആവശ്യമാണെങ്കിലും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം നല്‍കാത്ത സര്‍ക്കാര്‍ നടപടി ക്രൂരതയാണെന്നും സുധീരന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങള്‍ക്ക് കേറിക്കിടക്കാന്‍ ഇടമില്ലാതാക്കിയ കലക്ടറോട് ‘അരുത് കാട്ടാളാ’ എന്ന് പറയാന്‍ സാംസ്കാരിക കേരളം തയാറാകണമെന്ന് തുടര്‍ന്ന് സംസാരിച്ച സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.

ന്യായമായ പുനരധിവാസം ഉറപ്പുവരുത്തുന്നതുവരെ അനിശ്ചിതകാല സമരം നടത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ പറഞ്ഞു. പന്തലിന്റെ കാല്‍നാട്ടല്‍ പ്രൊഫ. സാറാ ജോസഫ് നിര്‍വഹിച്ചു. ബിഷപ്പ് ജോസഫ് കാരിക്കാശേരി, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എസ്.എം. സൈനുദ്ദീന്‍, ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, പോള്‍ മണവാളന്‍, ഡോ. ആസാദ്, ടി.എല്‍. സന്തോഷ് (അധിനിവേശ പ്രതിരോധ സമിതി), എസ്.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം പി.എം. ദിനേശന്‍, ഫാ. സംഗീത്, അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ സെക്രട്ടറി കെ.കെ. ശോഭ, കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കളായ ജസ്റ്റിന്‍ തോമസ്, ഹാഷിം ചേന്ദാമ്പിള്ളി, സെലസ്റ്റിന്‍ മാസ്റ്റര്‍, വി.പി. വില്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

3. വിറ്റൊഴിയല്‍ തുടരുന്നു
മുംബൈ: ഓഹരി വിപണിയില്‍ വിറ്റൊഴിയല്‍ തുടര്‍ന്ന ഇന്നലെ മുംബൈ സൂചിക 612.56 പോയന്റ് കൂടി നഷ്ടമാക്കി. വിദേശവിപണികളില്‍ ‘കരടി’കള്‍ പിടിമുറുക്കുന്നതിന്റെ സൂചന ലഭിച്ചതോടെ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്കൊപ്പം തദ്ദേശധനകാര്യ സ്ഥാപനങ്ങളും വിറ്റഴിക്കല്‍ നടത്തുകയായിരുന്നു. നിര്‍ണായകമായ 18000 പോയന്റിലും താഴേക്ക് പോയ മുംബൈ സൂചിക 17526.93ലാണ് ക്ലോസ് ചെയ്തത്. 189.30 പോയന്റ് താഴ്ന്ന നിഫ്റ്റി 5133.25ലും ഇടപാടുകള്‍ അവസാനിപ്പിച്ചു.

ഇന്ത്യന്‍ വിപണിയില്‍ പണലഭ്യത ഉയര്‍ന്നിട്ടും വില്‍പന ശക്തമായത് നിക്ഷേപകരെ അമ്പരപ്പിച്ചിട്ടുണ്ട്.

മുന്‍നിര ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എല്‍.ആന്റ് ടി, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഒ.എന്‍.ജി.സി, ഗെയില്‍, നാല്‍ക്കോ, ഹിന്റാല്‍ക്കോ, സെയില്‍, ടാറ്റാ സ്റ്റീല്‍, സത്യം, വിപ്രോ, ടി.സി.എസ് എന്നീ ഓഹരികള്‍ കനത്ത തകര്‍ച്ചയാണ് നേരിട്ടത്. സെന്‍സെക്സ് ഓഹരികളില്‍ എ.സി.സി മാത്രമാണ് നേട്ടമുണ്ടാക്കിയത്. 1.03 ശതമാനം ഉയര്‍ന്ന എ.സി.സി 772.70 രൂപയിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്.

2007^2008 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.7 ശതമാനം മാത്രമായിരിക്കുമെന്ന സി.എസ്.ഒയുടെ റിപ്പോര്‍ട്ടും ഓഹരി വിപണിയിലെ വില്‍പന സമ്മര്‍ദത്തിന് കാരണമായി. 2006^2007ല്‍ 96 ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക മേഖല രേഖപ്പെടുത്തിയത്.1. മില്‍മ പാല്‍ ലിറ്ററിന് രണ്ടു രൂപ കൂടും
കൊച്ചി: ചൊവ്വാഴ്ച മില്‍മ പാല്‍ ലിറ്ററിന് രണ്ടു രൂപ വര്‍ധിക്കും. ഇതില്‍ ഒന്നര രൂപ ക്ഷീരകര്‍ഷകന് ലഭിക്കും. തൈരിനും ലിറ്ററിന് രണ്ടു രൂപ വര്‍ധിച്ച് 24 രൂപയാവും. ഇതോടെ ദിവസം ആറു ലക്ഷത്തോളം വരുന്ന മില്‍മയുടെ നഷ്ടത്തില്‍ ക്രമാനുഗതമായ കുറവുണ്ടാവുമെന്ന് ചെയര്‍മാന്‍ ടി.പി. ഗോപാലക്കുറുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ മില്‍മയുടെ അരലിറ്റര്‍ കവറുകളുടെ വില മഞ്ഞ-9.50, നീല-9.50, പിങ്ക്-10.50 എന്ന ക്രമത്തില്‍ വര്‍ധിക്കും. തിരുവനന്തപുരത്തു മാത്രം വിതരണം ചെയ്യുന്ന കൊഴുപ്പ് വളരെ കൂടുതലുള്ള റിച്ച് പാലിന് (പച്ച) – 11 രൂപയാകും. പാലിലെ കൊഴുപ്പ് വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വിവിധ നിറത്തിലുള്ള അരലിറ്റര്‍ കവറുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഇവയ്ക്കു പുറമെ മില്‍മ ജേഴ്സി സുപ്പീരിയര്‍ എന്ന പേരില്‍ 400 എംഎല്‍ വീതമുള്ള കൊഴുപ്പു കൂടുതലുള്ള പാല്‍ 8.50 രൂപയ്ക്ക് എറണാകുളം ഡയറിയില്‍ നിന്ന് ഇന്നു വിപണനം തുടങ്ങും. അളവു കുറച്ചതിലൂടെ 50,000 കവര്‍ അധികമായി വിപണിയിലെത്തിക്കാന്‍ എറണാകുളം ഡയറിക്ക് കഴിയും. ഇനി ഒരു ലിറ്റര്‍ വില്‍ക്കുമ്പോള്‍ എജന്റിന് ലഭിക്കുന്ന കമ്മീഷന്‍ നാലു ശതമാനമാണ്. സൊസൈറ്റികള്‍ക്ക് അഞ്ച് പൈസ, മില്‍മയ്ക്ക് 28 പൈസ, ക്ഷേമനിധിക്ക് ഒന്‍പത് പൈസ ക്രമത്തില്‍ ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ പട്ജോഷി പറഞ്ഞു.

പാല്‍വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാനാണ് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും. ഇന്നലെ മന്ത്രി സി. ദിവാകരനുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന അന്തിമ തീരുമാനമുണ്ടായത്.

2. കേരളത്തിനു 138 കോടിയുടെ പ്രളയ ദുരിതാശ്വാസം
ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് അടിയന്തര നിധിയില്‍ നിന്നു 138 കോടി രൂപ നല്‍കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ഉറപ്പുനല്‍കി. കഴിഞ്ഞ മഴക്കാലത്തുണ്ടായ കെടുതികള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയോടെ പാട്ടീലുമായി റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണയായത്.

സൂനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടിരൂപ നല്‍കും. ദുരന്തനിവാരണ മുന്നൊരുക്ക പദ്ധതികള്‍ നടപ്പാക്കുന്നതിലെ പുരോഗതിയനുസരിച്ചു സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും പാട്ടീല്‍ ഉറപ്പുനല്‍കി.

കഴിഞ്ഞ ജൂലൈയില്‍ തന്നെ കേരളത്തില്‍ നിന്നു പത്തംഗ പ്രതിനിധി സംഘമെത്തി പ്രളയദുരിതങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍, അടിയന്തര നിധിയില്‍ നിന്ന് 50 കോടിരൂപ മാത്രമാണ് അനുവദിച്ചത്. കാലാവസ്ഥാ ദുരിതാശ്വാസ നിധിയില്‍ നിന്നു തുക അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.

3. കുട്ടനാട് പാക്കേജ്: കേന്ദ്ര മന്ത്രിസഭ അനുമതി ഉടന്‍
ന്യൂഡല്‍ഹി: കുട്ടനാട് – ഓണാട്ടുകര മേഖലയുടെ പാരിസ്ഥിതിക, കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ഡോ. എം.എസ്. സ്വാമിനാഥന്‍ ശുപാര്‍ശ ചെയ്ത 1840 കോടിയുടെ പദ്ധതിക്കു വൈകാതെ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കും. പദ്ധതിക്കു നേരത്തേ കേന്ദ്ര കൃഷിമന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു.

പദ്ധതി നിര്‍ദേശത്തിന്മേല്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ചേര്‍ത്തു കൃഷിമന്ത്രാലയം അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കു രണ്ടാഴ്ചയ്ക്കുള്ളില്‍ വിടുമെന്ന് അറിയുന്നു. അടിയന്തര ധനസഹായമായി കൃഷിമന്ത്രാലയം 50 കോടി അനുവദിച്ചിരുന്നു. എന്നാല്‍, ഇതു വിതരണം ചെയ്തിട്ടില്ല. മന്ത്രിസഭാ തീരുമാനം വൈകുന്നതു കൊണ്ടാണിത്. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന മുറയ്ക്കു ധനസഹായം ലഭിക്കും.

4. ‘പവര്‍ കട്ട്’ ഒഴിവാക്കാന്‍ പടം പിടിക്കുന്നു
തൊടുപുഴ: വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനു മെഗാ സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണ പരിപാടിക്ക് വൈദ്യുതി വകുപ്പ് ഒരുങ്ങുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മെഗാ താരങ്ങള്‍ അഭിനയിക്കുന്ന ന്യൂസ് റീലുകള്‍ ടിവിയില്‍ നല്‍കുന്നതോടൊപ്പം സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ക്യാംപയിനുകള്‍ നടത്തും.

പ്രമുഖ സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പരിപാടിയുടെ തിരക്കഥ ഗാനരചയിതാവ് കൂടിയായ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. വിജയകുമാറാണ്. പ്രാരംഭ ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി. ഇന്ന് ടിവി ഓപ്പറേറ്റേഴ്സുമായി മന്ത്രി എ.കെ. ബാലന്‍ ചര്‍ച്ച നടത്തും.

ചെറിയ ശ്രദ്ധമൂലം ലഭിക്കുന്ന വന്‍ലാഭത്തെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുകയാണു ലക്ഷ്യം. പ്രചാരണ പരിപാടിയുടെ രണ്ടാംഘട്ടം സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരിക്കും.

സ്കൂളുകളിലെ അസംബ്ളികളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, സബ് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യവും പ്രായോഗിക മാര്‍ഗങ്ങളും വിവരിക്കും.

അശ്രദ്ധമൂലമുള്ള പാഴ്ചെലവ് ഒഴിവാക്കുകയാണു ലക്ഷ്യം. കൂടാതെ കുടുംബശ്രീ പോലുള്ള സംഘടനകളുടെ സഹായത്തോടെ മറ്റ് സ്ഥാപനങ്ങളിലും വൈദ്യുതി ലാഭിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ എത്തിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യും.

വൈദ്യുതി ബോര്‍ഡിന്റെ പുതിയ നേതൃത്വമാണ് വ്യത്യസ്തമായ പ്രചാരണ പരിപാടിയുടെ പിന്നില്‍. അധിക ഉപഭോഗം നടക്കുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിനം ശരാശരി 49 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യമായി വരുമെന്നാണു നിഗമനം. ആറു ദശലക്ഷം യൂണിറ്റ് അധികം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ സ്ഥാപിത ശേഷിയില്‍ 400 മെഗാവാട്ടിന്റെ കുറവ് വന്നേക്കും. ഇതില്‍ 200 മെഗാവാട്ട് കമ്മി പ്രചാരണ പരിപാടിയിലൂടെ നികത്താമെന്നാണ് ബോര്‍ഡിന്റെ ലക്ഷ്യം.

5. ഭൂമി വില്‍പന: പ്ലോട്ട് ഇങ്ങനെ
2005 ഒക്ടോബര്‍ 29: ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ് പത്രങ്ങളില്‍ 70 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ എച്ച്എംടി പരസ്യം.

2006 നവംബര്‍ 16: എച്ച്എംടിയില്‍ നിന്ന് ബ്ളൂ സ്റ്റാര്‍ റിയല്‍റ്റേഴ്സ് ഭൂമി റജിസ്റ്റര്‍ ചെയ്തുവാങ്ങുന്നു.

2006 നവംബര്‍ 11: ഭൂമി വില്‍പ്പന വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് എറണാകുളം ജില്ലാ കലക്ടറുടെ കത്ത് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്.

2006 ഡിസംബര്‍ 29: നോട്ടീസ് പോലും നല്‍കാതെ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യുപ്രിന്‍സിപ്പല്‍ സെക്രട്ടറി.

2007 ജനുവരി 12: ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം എച്ച്എംടി വിറ്റ 70 ഏക്കര്‍ തിരിച്ചുപിടിക്കണമെന്നു നിയമസെക്രട്ടറിയും.

2007 ഫെബ്രുവരി 03: പോക്കുവരവിനായി എറണാകുളം കലക്ടര്‍ക്ക് ബ്ളൂ സ്റ്റാറിന്റെ കത്ത്.

2007 ഫെബ്രുവരി 10, 2007 മെയ് 03: മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ബ്ളൂ സ്റ്റാറിന്റെ കത്ത്.

2007 ജൂണ്‍ 06: എച്ച്എംടിയിലെ തൊഴില്‍പ്രശ്നം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വ്യവസായമന്ത്രി എളമരം കരീം റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം. 30 ഏക്കര്‍ ഭൂമി സൊസൈറ്റിക്ക് നല്‍കുമെന്ന വ്യവസ്ഥയില്‍ ബ്ളൂ സ്റ്റാറിന് വില്‍ക്കാന്‍ അനുമതി. പോക്കുവരവിനു ശുപാര്‍ശ.

2007 ജൂലൈ 13: പോക്കുവരവു ചെയ്ത് ബ്ളൂ സ്റ്റാര്‍ നികുതി ഒടുക്കുന്നു.

2007 സെപ്റ്റംബര്‍ 12: മാസ്കറ്റ് ഹോട്ടലില്‍ ബ്ളൂ സ്റ്റാര്‍ അധികൃതരും വ്യവസായ മന്ത്രിയും തമ്മിലുള്ള യോഗം. 70 % ഐടി വ്യവസായത്തിന് ഉപയോഗിക്കും എന്ന് ബ്ളൂ സ്റ്റാര്‍.

2007 ഡിസംബര്‍ 15: തറക്കല്ലിടല്‍ ചടങ്ങിനു മുഖ്യമന്ത്രിയെ ക്ഷണിക്കുന്നു.

2008 ജനുവരി 18: പദ്ധതിയെക്കുറിച്ചു സംശയങ്ങളുണ്ടെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി തറക്കല്ലിടല്‍ ചടങ്ങില്‍ നിന്നു വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുന്നു.

2008 ജനുവരി 19: കളമശേരിയിലെ തറക്കല്ലിടല്‍ ചടങ്ങില്‍, മന്ത്രി എളമരം കരീം മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നു. ഫിഷറിസ് മന്ത്രി എസ്.ശര്‍മയും യോഗത്തില്‍ പങ്കെടുത്തു.

2008 ജനുവരി 30: ഭൂമി വില്‍പ്പന അന്വേഷിക്കാന്‍ മന്ത്രിസഭ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുന്നു. അതേ ദിവസം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അന്വേഷണവും പ്രഖ്യാപിക്കുന്നു.

2008 ജനുവരി 31: വിവാദ ഭൂമി പോക്കുവരവ് റദ്ദാക്കി തിരിച്ചുപിടിക്കണമെന്ന് സിപിഐ.

2008 ഫെബ്രുവരി 07: മൂന്നു ദിവസത്തെ തുടര്‍ച്ചയായ യോഗങ്ങള്‍ക്കും നാലാം ദിനം ഒന്‍പതു മണിക്കൂര്‍ നീണ്ട മാരത്തണ്‍ യോഗത്തിനും ശേഷം ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നു. പോക്കുവരവ് റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ ശുപാര്‍ശ. വ്യവസായ വകുപ്പിന്റെ എതിര്‍പ്പ് റിപ്പോര്‍ട്ടില്‍ വ്യക്തം.

2008 ഫെബ്രുവരി 08: ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് കൈമാറുന്നു.

6. യാഥാര്‍ഥ്യങ്ങളെ സമകാലിക മാധ്യമങ്ങള്‍ മാറ്റിനിര്‍ത്തുന്നു: ഡോ. സീമ
കോട്ടയം: വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ സമകാലിക മാധ്യമങ്ങള്‍ മാറ്റിനിര്‍ത്തുകയാണെന്ന് ഏഷ്യന്‍ ഏജ് ദിനപ്പത്രത്തിന്റെ റെസിഡന്റ് എഡിറ്റര്‍ ഡോ. സീമ മുസ്തഫ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പണ്ടൊക്കെ ഒരു മാധ്യമപ്രവര്‍ത്തകന്‍ രാജ്യതാല്‍പര്യത്തിന് അനുസരിച്ച് രൂപപ്പെട്ടിരുന്നു. തൊണ്ണൂറുകളില്‍ ഈ ധാരണ തിരുത്തപ്പെട്ടു. രാജ്യത്തു നടക്കുന്ന സംഭവങ്ങളുടെ പൊതുവായ ചിത്രം ലഭിക്കാത്ത അവസ്ഥ വന്നു.

CPM State Conference :: In Depth

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ചാനലുകളുടെ വരവോടെ ദുര്‍ബലപ്പെട്ടു. ശക്തമായ സാമ്പത്തിക ശക്തികളുടെ കടന്നുകയറ്റം ഈ മേഖലയിലുണ്ടായി. വിപണിക്കുവേണ്ടി രൂപകല്‍പന ചെയ്യപ്പെടുന്ന വസ്തുവായി മാധ്യമം മാറി. മാധ്യമം, വന്‍കിട സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എന്നിവയുടെ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ പത്രാധിപന്മാരും പത്രപ്രവര്‍ത്തകരും അവഗണിക്കപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം ലോകവ്യാപകമാണെന്നു സെമിനാറില്‍ പങ്കെടുത്ത ഡോ. സെബാസ്റ്റ്യന്‍ പോള്‍ എംപി പറഞ്ഞു. ചാനലുകളുടെ വരവോടെ അനാവശ്യ വിവാദങ്ങള്‍ പ്രാധാന്യം നേടുകയാണ്. വിവാദമല്ല സംവാദമാണു വേണ്ടത്. മാധ്യമ പ്രഭുക്കള്‍ മാധ്യമ തത്വങ്ങള്‍ ആവിഷ്കരിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. പത്രാധിപന്മാര്‍ക്കോ പത്രപ്രവര്‍ത്തകര്‍ക്കോ ഇക്കാര്യത്തില്‍ ബന്ധമില്ല. മറ്റെന്തു നഷ്ടപ്പെട്ടാലും വിശ്വാസ്യത നഷ്ടപ്പെടാതെ നോക്കാന്‍ മാധ്യമങ്ങള്‍ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ മലപ്പുറം സമ്മേളനത്തിനു മുന്‍പ് വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ ആ വിഷയങ്ങളെല്ലാം വിട്ട് ഭൂമാഫിയ, വലതുപക്ഷ പരിഷ്കരണം തുടങ്ങിയ കാര്യങ്ങളില്‍ പിടിച്ച് വേറൊരന്തരീക്ഷം സൃഷ്ടിക്കുകയാണന്നു പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി പറഞ്ഞു.

ഉത്തരേന്ത്യന്‍ മാധ്യമങ്ങളെ അപേക്ഷിച്ച് വര്‍ഗീയ വികാരം ഉണ്ടാക്കുന്ന സംഭവങ്ങളില്‍ കര്‍ശന നിയന്ത്രണം പാലിച്ച് വാര്‍ത്തകള്‍ നല്‍കുന്നവയാണു കേരളത്തിലെ മാധ്യമങ്ങളെന്നു സെമിനാറില്‍ പങ്കെടുത്ത മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറും കേരള പ്രസ് അക്കാദമി ചെയര്‍മാനുമായ തോമസ് ജേക്കബ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒാരോ ജാതിക്കും പത്രമുണ്ടായിരുന്ന നാടായിരുന്നു കേരളം. 2008ല്‍ എത്തിനില്‍ക്കുമ്പോള്‍ ശുഭസൂചകമായ അവസ്ഥയാണുള്ളത്. പക്ഷപാതിത്വത്തെപ്പറ്റിയായിരുന്നു അടുത്ത കാലംവരെ പ്രധാന ആക്ഷേപം. എല്ലാ മാധ്യമങ്ങള്‍ക്കും പക്ഷപാതിത്വമുണ്ട് എന്ന് വ്യക്തമായപ്പോള്‍ ആ ആക്ഷേപം കെട്ടടങ്ങി.

പത്രങ്ങളുടെ വിശ്വാസ്യതയെപ്പറ്റി വിമര്‍ശിക്കുന്നവര്‍ നമ്മുടെ സാംസ്കാരിക നായകരുടെ വിശ്വാസ്യതയിലെ ചോര്‍ച്ച എന്തുകൊണ്ട് ചര്‍ച്ചചെയ്തില്ല. വിശ്വാസ്യത കുറയുന്നു എന്ന ആരോപണത്തിനു മറുപടിയാണു മലയാള പത്രങ്ങളുടെ പ്രചാരത്തിലുണ്ടായ വര്‍ധന. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മുഖ്യപത്രങ്ങളുടെയെല്ലാം പ്രചാരം വര്‍ധിച്ചു. നമുക്കിഷ്ടമല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ മാത്രം വിശ്വാസ്യതയെപ്പറ്റി എന്തിനു പറയണം – തോമസ് ജേക്കബ് പറഞ്ഞു.

നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സമൂഹത്തിന്റെ മനസ്സിലേക്കു കുത്തിവയ്ക്കാനാണു മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നു കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പ്രധാന പത്രങ്ങളുടെ സാറ്റലൈറ്റ് പ്രസിദ്ധീകരണങ്ങളായിട്ടാണു കൊച്ചു മാസികകള്‍ പ്രവര്‍ത്തിക്കുന്നത്. പത്രങ്ങളുടെ നിലവാരം കുറച്ചാല്‍ മാത്രമേ പ്രചാരം കൂടുകയുള്ളൂവെന്ന വിചിത്രമായ ആപ്തവാക്യം മാധ്യമരംഗത്ത് നിലവില്‍ വന്നിരിക്കുകയാണ് – ബ്രിട്ടാസ് പറഞ്ഞു.

ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.വി. ദക്ഷിണാമൂര്‍ത്തി, റെസിഡന്റ് എഡിറ്റര്‍ പി. രാജീവ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, കെ.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

7. കോടതിച്ചെലവ്: സിവില്‍ കോടതിക്ക് അധികാരമില്ല
കൊച്ചി: കോടതിച്ചെലവു നല്‍കാനുള്ള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കി കിട്ടണമെന്ന ഹര്‍ജികള്‍ പരിഗണിക്കാന്‍ സിവില്‍ കോടതികള്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമെ സിവില്‍ കോടതി ഇത്തരം ഹര്‍ജി പരിഗണിക്കേണ്ടതുള്ളൂ. കേബിള്‍ ടിവി സര്‍വീസുമായി ബന്ധപ്പെട്ട ഉപഭോക്തൃ തര്‍ക്കം ഹൈക്കോടതി വരെ എത്തിയപ്പോള്‍ കേബിള്‍ ഓപ്പറേറ്ററായ തിരൂര്‍ സ്വദേശി മനോജ് എതിര്‍കക്ഷിക്കു കോടതിച്ചെലവു നല്‍കണമെന്നു വിധി വന്നു. ഇതു നടപ്പാക്കി കിട്ടാന്‍ എതിര്‍ കക്ഷി പരപ്പനങ്ങാടി മുന്‍സിഫ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടിയതിനെതിരെയാണു മനോജ് കോടതിയിലെത്തിയത്.

സിവില്‍ കോടതിക്ക് അതിന് അധികാരമില്ലെന്നും, എന്നാല്‍ ഹൈക്കോടതിയില്‍ നിക്ഷിപ്തമായ അധികാരം വച്ച് ഈ കേസ് പരിഗണിക്കാന്‍ നിര്‍ദേശിക്കുകയാണെന്നും ജസ്റ്റിസ് കെ. ടി. ശങ്കരന്‍ വ്യക്തമാക്കി. ആറു മാസത്തിനകം ഈ ആവശ്യത്തിനു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടാല്‍ നിയമാനുസൃതം പരിഗണിച്ചു തീരുമാനം ഹൈക്കോടതിയെ അറിയിക്കണം.

8. ബസുമതി ഇതര അരി കയറ്റുമതിക്കു വിലക്ക്
ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ അരിലഭ്യത ഉറപ്പുവരുത്താനും അരിവില കുറയ്ക്കാനുമായി ബസുമതി ഇതര അരി ഇനങ്ങളുടെ കയറ്റുമതിക്കു കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. 2007 ഒക്ടോബറില്‍ ഭാഗികമായ വിലക്കു നിലവില്‍ വന്നിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിലെ വിലക്കിനു മുന്‍പുണ്ടാക്കിയ കരാര്‍പ്രകാരം ലെറ്റര്‍ ഒാഫ് ക്രെഡിറ്റ് അടിസ്ഥാനത്തില്‍ കയറ്റുമതി നടക്കുന്നുണ്ടായിരുന്നു. ഇൌ ജനുവരി 25ന് ആയിരുന്നു ഇതിന് ഒൌദ്യോഗികമായ അനുമതിയും നല്‍കിയത്. പക്ഷേ, അതിനു കൂടിയാണ് ഇപ്പോള്‍ ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് ഫോറിന്‍ ട്രേഡിന്റെ വിലക്ക്. ആഭ്യന്തര വിപണിയില്‍ അരി ലഭ്യത ഉറപ്പാക്കാനായി അരിയുടെ കയറ്റുമതിവില ടണ്ണിന് 500 ഡോളര്‍ (20,000 രൂപ) എന്ന ഉയര്‍ന്ന നിരക്കും നിശ്ചയിച്ചിരുന്നതാണ്.

കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു ബസുമതി ഇതര ഇനങ്ങളുടെ കയറ്റുമതി നിര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി ശുപാര്‍ശ ചെയ്തതും മന്ത്രിസഭ അതംഗീകരിച്ചതും. ജനുവരിയിലെ ഇളവിനുശേഷം ഇന്ത്യയില്‍ നിന്നു കൊമോറോസ്, മഡഗാസ്കര്‍, മൌറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് 84,000 ടണ്‍ അരി കയറ്റിയയച്ചിരുന്നു.

ബസുമതി ഇതര അരികളൊന്നും ഇനി കയറ്റിയയയ്ക്കാനാകാത്ത സാഹചര്യത്തില്‍ റേഷന്‍ കടകള്‍, സര്‍ക്കാര്‍ വക കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, സര്‍ക്കാരിന്റെ ദാരിദ്യ്രനിര്‍മാര്‍ജന – തൊഴിലുറപ്പു പദ്ധതികള്‍ എന്നിവയ്ക്കു വേണ്ടി അരിസംഭരണം എളുപ്പമായേക്കും.

9. ഇറക്കുമതി കുറയ്ക്കാന്‍ പെട്രോളില്‍ എതനോള്‍ അംശം ഇരട്ടിയാക്കുന്നു
ബാംഗൂര്‍: ഒക്ടോബറോടെ പെട്രോളില്‍ കലര്‍ത്തുന്ന എതനോളിന്റെ അളവ് ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. എതനോളിന്റെ അളവ് 10 % വരെയാക്കിയാല്‍ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കാമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്റ ചൂണ്ടിക്കാട്ടി.

പെട്രോളിയം വിലവര്‍ധന സംബന്ധിച്ച് മന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി അടുത്തയാഴ്ച തീരുമാനമെടുത്തേക്കുമെന്ന് അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു. സമിതി കഴിഞ്ഞ മാസം രണ്ടു തവണ യോഗം ചേര്‍ന്നിരുന്നു.

വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇടതു പാര്‍ട്ടികള്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും തീരുമാനമെടുക്കുന്നതു സംബന്ധിച്ചു സര്‍ക്കാരിനു മുന്നില്‍ സമയക്രമമൊന്നും വച്ചിട്ടില്ല.

10. കര്‍ഷക യൂണിയന്‍ പ്രതിഷേധിച്ചു
കോട്ടയം: ഭക്ഷ്യോല്‍പാദനം കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള ആയിരക്കണക്കിനേക്കര്‍ കൃഷിഭൂമി തൊഴില്‍ അവസരം സൃഷ്ടിക്കാനെന്ന വ്യാജേന റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്കു വില്‍ക്കുന്ന സംസ്ഥാന ഗവണ്‍മെന്റ് നീക്കത്തില്‍ കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഭക്ഷ്യവിഭവങ്ങള്‍ ഉല്‍പാദിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w