പത്രവാര്‍ത്തകള്‍ 08-02-081. ദേശീയ കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിക്കണം
ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കടാശ്വാസ കമീഷന് സമാനമായി ദേശീയ കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിക്കണമെന്ന് യുപിഎ സര്‍ക്കാരിനോട് ഇടതുപക്ഷം ആവശ്യപ്പെട്ടു. അടുത്ത ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷികപ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കുന്ന നടപടികള്‍ക്കായിരിക്കണം ബജറ്റില്‍ ഊന്നല്‍ നല്‍കേണ്ടത്. ദേശീയ പൊതുമിനിമം പരിപാടിയിലെ നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് പ്രാമുഖ്യവും നല്‍കണം. ചെറുകിട കര്‍ഷകരുടെ കാര്‍ഷികകടം എഴുതിത്തള്ളണം- കാരാട്ട് ആവശ്യപ്പെട്ടു.


കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇടതുപാര്‍ടികളുടെ നിര്‍ദേശങ്ങള്‍
പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജനറല്‍
സെക്രട്ടറി പ്രകാശ് കാരാട്ട് സംസാരിക്കുന്നു. ഫോര്‍വേഡ് ബ്ളോക്ക്
ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, സിപിഐ ജനറല്‍ സെക്രട്ടറി
എ ബി ബര്‍ദന്‍, ആര്‍എസ്പി സെക്രട്ടറി അബനി റോയ,് സിപിഐ
സെക്രട്ടറി ഡി രാജ എന്നിവര്‍ സമീപം

2008-09 വര്‍ഷത്തെ കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇടത്പാര്‍ടികളുടെ നിര്‍ദേശങ്ങള്‍ പുറത്തിറക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കാരാട്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, സെക്രട്ടറി ഡി രാജ, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍എസ്പി സെക്രട്ടറി അബനി റോയ് എന്നിവരും പങ്കെടുത്തു. ബജറ്റ് തുക എങ്ങനെ ചെലവാക്കണമെന്നതിനെക്കുറിച്ച് 13 നിര്‍ദേശങ്ങളും വരുമാനം കണ്ടെത്തുന്നതിനെകുറിച്ച് അഞ്ച് നിര്‍ദേശങ്ങളുമാണ് ഇടതുപക്ഷം മുന്നോട്ടുവച്ചത്.

ദേശീയ കാര്‍ഷിക കമീഷന്റെ ശുപാര്‍ശ പ്രകാരം കാര്‍ഷികവായ്പ്പക്കുള്ള പലിശ നാല് ശതമാനമായി കുറയ്ക്കണം. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സബ്സിഡി വര്‍ധിപ്പിച്ച് ഭക്ഷ്യധാന്യസംഭരണം കൂട്ടണം. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കണം. വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ക്ക് കുടുതല്‍ വിഹിതം നല്‍കണം. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സമഗ്രമായ സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിക്കണം. തൊഴിലുറപ്പുപദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണം. ഐസിഡിഎസിനുള്ള ബജറ്റ് വകയിരുത്തല്‍ മൂന്നിരട്ടിയാക്കണം.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള തീരുമാനം ബജറ്റിലുണ്ടാകണം. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലകളിലെ എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക വിദ്യാലയങ്ങളും എല്ലാ ബ്ളോക്കുകളിലും താമസസൌകര്യത്തോടുകൂടിയ പെണ്‍കുട്ടികള്‍ക്കായുള്ള സ്കൂളുകളും ആരംഭിക്കണം. ചെറുകിട വ്യവസായമേഖലയ്ക്ക് കൂടുതല്‍ ധനസഹായം അനുവദിക്കണം. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ലഘുസമ്പാദ്യ വായ്പകള്‍ക്കുള്ള പലിശനിരക്ക് കുറയ്ക്കണം.

കേന്ദ്രപദ്ധതികള്‍ക്കായി അറുപതിനായിരം കോടിരൂപ കൂടുതല്‍ അനുവദിക്കണം. വികസനത്തെ തടയുന്ന ധനഉത്തരവാദിത്ത- ബജറ്റ് മാനേജ്മെന്റ് നിയമത്തിലെ (എഫ്ആര്‍ബിഎം ആക്ട്) വ്യവസ്ഥകള്‍ എടുത്തുകളയണം. വരുമാന കമ്മി പൂജ്യമാക്കണമെന്ന നിര്‍ദേശത്തില്‍ മാറ്റംവരുത്തണം. പ്രത്യേക സാമ്പത്തികമേഖലയുടെ പേരില്‍ നല്‍കുന്ന നികുതി ഇളവുകള്‍ നീതീകരിക്കാനാകാത്തതാണ്. ഇവ എടുത്തുകളയണമെന്ന വാണിജ്യമന്ത്രാലയ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ നിര്‍ദേശം ഉള്‍ക്കൊണ്ട് സെസ് ആക്ടില്‍ മാറ്റംവരുത്തണം. ദീര്‍ഘകാല മൂലധനആദായ നികുതി വീണ്ടും ഏര്‍പ്പെടുത്തണം. ഹ്രസ്വകാല മൂലധന ആദായനികുതിയും ഓഹരി കൈമാറ്റ നികുതിയും വര്‍ധിപ്പിക്കണം. ആഗോള സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാനും ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടം നിയന്ത്രിക്കാനും ഇത് ഉപകരിക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനുപകരം നികുതിഘടനയില്‍ മാറ്റംവരുത്തുകയാണ് വേണ്ടതെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടുവര്‍ഷമായി ധനമന്ത്രി ചിദംബരം ബജറ്റിനുമുമ്പായി ഇടതുപക്ഷവുമായി ചര്‍ച്ചചെയ്യുന്ന രീതി ഉപേക്ഷിച്ചിരിക്കയാണ്. അതുകൊണ്ടാണ് ഇടതുപക്ഷപാര്‍ടികള്‍ നിര്‍ദേശങ്ങള്‍ പരസ്യപ്പെടുത്തുന്നതെന്നും ഇത് ധനമന്ത്രാലയത്തിന് കൈമാറുമെന്നും കാരാട്ട് അറിയിച്ച

2. കേരളത്തിന് 20,000 ടണ്‍ അരി
ന്യൂഡല്‍ഹി: കേരളത്തിന് 20,000 ടണ്‍ അരികൂടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്സവസീസണും അരിവില വര്‍ധനയും പരിഗണിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 10,000 ടണ്‍ വീതം അരി അധിക വിഹിതമായി നല്‍കും. ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ളവര്‍ക്കു നല്‍കുന്ന നിരക്കിലാണ് അരി അനുവദിച്ചത്.

കേരളത്തിലെ റേഷനരി വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഭക്ഷ്യമന്ത്രി സി ദിവാകരനും സംസ്ഥാന എംപിമാരും ബുധനാഴ്ച കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിനെ കണ്ടിരുന്നു. തുടര്‍ന്ന്, വെട്ടിക്കുറച്ച അരിവിഹിതത്തില്‍ 20 ശതമാനം പുനഃസ്ഥാപിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. ഇതിനു പുറമെ ഈസ്റ്റര്‍, ആറ്റുകാല്‍ പൊങ്കാല എന്നീ ഉത്സവങ്ങള്‍ പ്രമാണിച്ച് സ്പെഷ്യല്‍ ക്വാട്ടയില്‍ കേരളത്തിന് അരി അനുവദിക്കാമെന്നും ഉറപ്പ് നല്‍കി.

കേരളത്തിനുള്ള അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് അരിലഭ്യത കുറഞ്ഞ് വില ഉയര്‍ന്നു. തുടര്‍ന്ന് പലവട്ടം അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കൃഷിമന്ത്രിയെ കണ്ടത്. ക്വാട്ട വര്‍ധിപ്പിച്ചതിനു പുറമെ ആന്ധ്ര, ഛത്തിസ്ഗഢ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് എഫ്സിഐ വഴി അരി സംഭരിച്ച് കേരളത്തിനു നല്‍കുന്നത് പരിഗണിക്കാമെന്നും കൃഷിമന്ത്രി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിന് ഹൈദരാബാദില്‍ നടക്കുന്ന ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറിമാരുടെ യോഗം ഇക്കാര്യം പരിഗണിക്കും. കഴിഞ്ഞ ഏപ്രില്‍ മുതല്‍ കേരളത്തിന്റെ എപിഎല്‍ അരിവിഹിതം 1,13,420 ടണ്ണില്‍നിന്ന് 21,334 ടണ്ണായി വെട്ടിക്കുറച്ചിരുന്നു.

3. ഫാക്ടിന് 200 കോടിയുടെ അടിയന്തര സഹായം
ന്യൂഡല്‍ഹി: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് 200 കോടി രൂപ അടിയന്തര സഹായം അനുവദിച്ചു. കേന്ദ്ര രാസ-വള മന്ത്രാലയം ശുപാര്‍ശചെയ്ത്, സെക്രട്ടറിമാരുടെ കമ്മിറ്റി അംഗീകരിച്ച സഹായധനത്തിനാണ് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കിയത്.

രണ്ടു വര്‍ഷത്തെ നഷ്ടം കണക്കാക്കിയാണ് 200 കോടി രൂപയുടെ സഹായം നിശ്ചയിച്ചിട്ടുള്ളത്. 2008 മാര്‍ച്ചില്‍ പുനരവലോകന യോഗം ചേര്‍ന്ന് കൂടുതല്‍ സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കും. എല്‍എന്‍ജി ലഭ്യമാകുന്നതുവരെ ഫാക്ട് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനാണ് പദ്ധതിയിതര ഇടക്കാലസഹായം നല്‍കുന്നതെന്ന് സാമ്പത്തികകാര്യ സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കവെ ധനമന്ത്രി പി ചിദംബരം പറഞ്ഞു.

ഫാക്ടിന്റെ നഷ്ടം നികത്താനും പുനരുദ്ധാരണത്തിന് വഴിയൊരുക്കാനും ഇത് സഹായിക്കുമെന്ന് ചിദംബരം വിശ്വാസം പ്രകടിപ്പിച്ചു. 2008 മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കാനുള്ള സഹായമാണ് നല്‍കുന്നത്. അപ്പോഴേക്കും പുതുക്കിയ രാസവളനയം നിലവില്‍ വരും. മാത്രമല്ല, താരിഫ് കമീഷന്റെ ശുപാര്‍ശകളും നടപ്പാക്കിത്തുടങ്ങും-ചിദംബരം പറഞ്ഞു.

ഇടക്കാലാശ്വാസം കാലതാമസം കൂടാതെ നല്‍കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എംപിമാരും ബുധനാഴ്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. 138 ദിവസമായി സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാരസമരത്തിന്റെ വിജയംകൂടിയാണ് കേന്ദ്ര തീരുമാനം.

4. ക്ഷാമത്തിനു പരിഹാരം ഡബിള്‍ ടോണ്‍ഡ് പാല്‍
തൃശൂര്‍: കൊഴുപ്പ് കുറച്ച ‘ഡബിള്‍ ടോണ്‍ഡ് പാല്‍’ വിപണിയിലില്ലാത്തത് കേരളത്തില്‍മാത്രം. മില്‍മ ഇപ്പോള്‍ നല്‍കുന്ന ടോണ്‍ഡ് പാലിനുപകരം ഡബിള്‍ ടോണ്‍ഡ് പാല്‍ ഇറക്കിയാല്‍ 20 മുതല്‍ 30 ശതമാനംവരെ കൂടുതല്‍ പാല്‍ വിപണനംചെയ്യാനാകുമെന്ന് വെറ്ററിനറി വിദഗ്ധര്‍ പറയുന്നു. കേരളം നേരിടുന്ന പാല്‍ ക്ഷാമത്തിന് ചെറിയതോതിലെങ്കിലും പരിഹാരമുണ്ടാകുമെന്നതാണ് നേട്ടം.

ടോണ്‍ഡ് പാലിന്റെ കൊഴുപ്പ് (ഫാറ്റ്) മൂന്നു ശതമാനവും കൊഴുപ്പിതര ഖരപദാര്‍ഥങ്ങള്‍ (എസ്എന്‍എഫ്) എട്ടു ശതമാനവുമാണ്. ഡബിള്‍ ടോണ്‍ഡിന്റെ കൊഴുപ്പ് ഒന്നര ശതമാനമാണ്. സ്കിംഡ് മില്‍ക് പൌഡര്‍ കൂട്ടിച്ചേര്‍ത്തുള്ള പ്രകിയവഴിയാണ് കൊഴുപ്പ് കുറയ്ക്കുന്നത്. മൂന്നരമുതല്‍ അഞ്ചു ശതമാനംവരെ കൊഴുപ്പുള്ള പാലാണ് കേരളത്തില്‍ ലഭ്യമാകുന്നത്. ടോണിങിലൂടെയാണ് ഇതു കുറയ്ക്കുന്നത്. ഒരു ലിറ്റര്‍ പാല്‍ ഒന്നരശതമാനം കൊഴുപ്പുള്ളതാക്കിയാല്‍ അളവ് 1.2 മുതല്‍ 1.3 ലിറ്റര്‍വരെയാകും. ഗുണമേന്മയില്‍ കാര്യമായ കുറവുമുണ്ടാകില്ല. എന്നാല്‍, വിലയില്‍ ലിറ്ററിന് രണ്ടു രൂപ കുറയും. കേരളത്തിന്റെ പാല്‍ ഉപയോഗത്തില്‍ 75 ശതമാനവും ചായയോ കാപ്പിയോ ഉണ്ടാക്കാനാണെന്നതിനാല്‍ ഡബിള്‍ ടോണ്‍ഡ് പാല്‍ വ്യാപകമാക്കാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെടുന്നു.

മറ്റു പല സംസ്ഥാനത്തും മില്‍മപോലുള്ള പ്രസ്ഥാനങ്ങള്‍ ഡബിള്‍ ടോണ്‍ഡ് പാല്‍ വിപണിയിലിറക്കുന്നുണ്ട്. ഇതിനു നല്ല മാര്‍ക്കറ്റുമുണ്ട്. നാഷണല്‍ ഡെയറി ഡെവലപ്മെന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ച ഏതാനും സംസ്ഥാനങ്ങളിലെ ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ് പാല്‍വില യഥാക്രമം ഇപ്രകാരം: ഗുജറാത്ത്- 19 രൂപ, 16 രൂപ, മധ്യപ്രദേശ് 18, 16, മഹാരാഷ്ട്ര 18, 15, പശ്ചിമ ബംഗാള്‍ 18, 17, ഹരിയാന 19, 17, തമിഴ്നാട് 16, 14, കര്‍ണാടകം 15, 12. കേരളത്തില്‍ മില്‍മയുടെ ടോണ്‍ഡ് പാലിന് 17 രൂപയാണ് വില.

കേരളത്തിലെ പ്രതിദിന ഉല്‍പ്പാദനം 60 ലക്ഷം ലിറ്റര്‍ വരുമെന്നാണ് കണക്ക്. ഇതില്‍ മില്‍മ സംഭരിക്കുന്നത് ആറു ലക്ഷം ലിറ്റര്‍ മാത്രമാണ്. മൂന്നു ലക്ഷം ലിറ്റര്‍ മില്‍മ കര്‍ണാടകത്തില്‍നിന്ന് വരുത്തുന്നു. പാല്‍ക്ഷാമം ഇല്ലാതിരുന്ന മുന്‍കാലങ്ങളിലും കര്‍ണാടകത്തില്‍നിന്ന് പാല്‍ ഇറക്കുമതിചെയ്ത് ക്ഷീരകര്‍ഷകരെ ദ്രോഹിച്ച ചരിത്രമാണ് മില്‍മയ്ക്കുള്ളത്. അപ്പോള്‍ ഇവിടത്തേക്കാള്‍ വിലക്കുറവില്‍ അന്യസംസ്ഥാനങ്ങള്‍ പാല്‍ നല്‍കുന്നെന്നായിരുന്നു മില്‍മയുടെ വാദം. ഇപ്പോള്‍ ലിറ്ററിന് 15 രൂപ ചെലവാക്കിയാണ് പാല്‍ ഇറക്കുന്നത്. കേരളത്തിലെ കര്‍ഷകര്‍ക്ക് നല്‍കുന്നത് 11 രൂപ 33 പൈസയും. കേരളത്തിലെ ക്ഷീരസംഘങ്ങളില്‍ ഇപ്പോള്‍ അളക്കുന്ന പാലില്‍നിന്ന് കൂടുതലായി അളക്കുന്ന ഓരോ ലിറ്ററിനും രണ്ടു രൂപ കൂടുതല്‍ കര്‍ഷകര്‍ക്കു നല്‍കിയാല്‍ 25 ശതമാനമെങ്കിലും പാല്‍ കൂടുതലായി ലഭിക്കുമെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ വിലയിരുത്തുന്നു.

5. മില്‍മപാല്‍ വില കൂട്ടല്‍: മന്ത്രിയുമായി ഇന്ന് ചര്‍ച്ച
തൃശൂര്‍: മില്‍മ പാലിന് ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയില്‍ ഉറച്ചുനില്‍ക്കാന്‍ വ്യാഴാഴ്ച തൃശൂരില്‍ ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് മന്ത്രിയുമായി ചര്‍ച്ച ചെയതശേഷം അന്തിമതീരുമാനമെടുക്കും. ഫെഡറേഷന്‍ ചെയര്‍മാനെയും മൂന്ന് മേഖലാ ചെയര്‍മാന്മാരെയും ഇതിനായി യോഗം ചുമതലപ്പെടുത്തി.

പാല്‍വില വര്‍ധിപ്പിക്കാന്‍ ഡിസംബര്‍ 31നാണ് മില്‍മ ശുപാര്‍ശ ചെയ്തത്. കടുത്ത സാമ്പത്തികബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു വഴികളില്ലെന്നാണ് മില്‍മയുടെ നിലപാട്. വില കൂട്ടാന്‍ മില്‍മയ്ക്ക് നിയമപരമായി അധികാരമുണ്ടെങ്കിലും സര്‍ക്കാരുമായി സമവായമുണ്ടാക്കി യോജിച്ച് പോകാനാണ് ഉദ്ദേശിക്കുന്നത്- ഫെഡറേഷന്‍ ചെയര്‍മാന്‍ ടി പി ഗോപാലക്കുറുപ്പ് പറഞ്ഞു.

കര്‍ണാടകത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ആവശ്യത്തിന് പാല്‍ കിട്ടാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍നിന്ന് പാലും പാല്‍പ്പൊടിയും കൊണ്ടുവരാന്‍ മില്‍മ ശ്രമം നടത്തും. ലിറ്ററിന് മൂന്നുരൂപ വില കൂട്ടിയാല്‍ അതില്‍ 2.25 രൂപയും കര്‍ഷകനാണ് നല്‍കുക. 50 പൈസ മാത്രമാണ് മില്‍മയ്ക്ക് ലഭിക്കുക.

6. ആരോഗ്യ ഇന്‍ഷുറന്‍സ് ഈ വര്‍ഷം; പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും
കൊച്ചി: കേന്ദ്രം പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ചില ഭേദഗതികളോടെ സംസ്ഥാനത്ത് ഈ വര്‍ഷം നടപ്പാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ടൌണ്‍ഹാളില്‍ ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ ജനറല്‍ കൌണ്‍സില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. തോമസ് ഐസക്.

പൊതു ആരോഗ്യ സംവിധാനത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പൊതു ആരോഗ്യ സംവിധാനത്തിന്റെ അതേ നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്കും പങ്കാളിയാകാന്‍ അവസരം നല്‍കും. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി പദ്ധതി പരിമിതപ്പെടുത്തുകയുമില്ല. സംസ്ഥാനസര്‍ക്കാര്‍ പ്രീമിയം നല്‍കിക്കൊണ്ട് പാവപ്പെട്ട എല്ലാ ആളുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കും. ആദ്യഘട്ടത്തില്‍ ഏതാനും ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മരുന്നുവില കുത്തനെ ഉയര്‍ന്നത് ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് കനത്ത ഭീഷണി ഉയര്‍ത്തുകയാണ്. പേറ്റന്റ് നിയമം ഭേദഗതിചെയ്തതും ഉദാരവല്‍ക്കരണനയങ്ങളുമാണ് മരുന്നുവില ഉയരാന്‍ കാരണമായത്. അവശ്യമരുന്നുകളുടെ വില കുത്തനെ ഉയരുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് നടപടി സ്വീകരിക്കണം. ഇന്ത്യയില്‍ മൊത്തം ചികിത്സച്ചെലവിന്റെ പകുതിയിലേറെയും മരുന്നുകള്‍ക്കാണ് ചെലവാകുന്നത്. മരുന്നുവില നിയന്ത്രിക്കുന്നതോടൊപ്പം പൊതു ആരോഗ്യസംവിധാനവും പൊതുമേഖലയിലെ അവശ്യമരുന്നുകളുടെ ഉല്‍പ്പാദനവും വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍, അതിനു പകരം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് ശ്രമം. ഇത് പൊതു ആരോഗ്യസംവിധാനത്തിന്റെ തകര്‍ച്ചയ്ക്കും ചികിത്സച്ചെലവ് ഭീമമായി ഉയരുന്നതിനും കാരണമാകും. അമേരിക്കയുടെ അനുഭവം ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

7. അരി സംഭരണം: കേന്ദ്ര കൃഷിമന്ത്രിക്കും സെക്രട്ടറിക്കും രണ്ടു കണക്ക്
ന്യൂഡല്‍ഹി: എഫ്സിഐയുടെ അരിസംഭരണ കാര്യത്തില്‍ കേന്ദ്ര കൃഷിമന്ത്രിക്കും കൃഷി സെക്രട്ടറിക്കും ഭിന്നാഭിപ്രായം. കേന്ദ്രം ആവശ്യത്തിന് അരി സംഭരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി പറയുമ്പോള്‍ അരിയുടെ സ്റ്റോക്ക് തൃപ്തികരമല്ലെന്നാണ് കൃഷിമന്ത്രി ശരത് പവാറിന്റെ വാദം.

കഴിഞ്ഞദിവസം സംസ്ഥാന ഭക്ഷ്യമന്ത്രി സി ദിവാകരന്‍ കൃഷിമന്ത്രിയെ സന്ദര്‍ശിച്ച് കേരളത്തിന് കൂടുതല്‍ അരി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രപൂളില്‍ ആവശ്യത്തിന് അരിയില്ലെന്നും വെട്ടിക്കുറച്ച വിഹിതം പൂര്‍ണമായി പുനഃസ്ഥാപിക്കാനാവില്ലെന്നും പവാര്‍ പറഞ്ഞു.

എന്നാല്‍, വ്യാഴാഴ്ച ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കൃഷിസെക്രട്ടറി പി കെ മിശ്ര വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. അരിയുടെ സ്റ്റോക്ക് തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു. അരിയുടെ ഉല്‍പ്പാദനത്തിലും വലിയ മുന്നേറ്റമുണ്ടായി. 2007-08 ല്‍ 94.08 ദശലക്ഷം ടണ്‍ അരി ഉല്‍പ്പാദനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് റെക്കോഡായിരിക്കും. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തിലും റെക്കോര്‍ഡ് നേട്ടം പ്രതീക്ഷിക്കുന്നു. 219.32 ദശലക്ഷം ടണ്ണാണ് പ്രതീക്ഷിത ഭക്ഷ്യധാന്യ ഉല്‍പ്പാദനം.

2006-07 നെ അപേക്ഷിച്ച് അരി ഉല്‍പ്പാദനത്തില്‍ ഏഴ് ലക്ഷം ടണ്‍ വര്‍ധനയും എണ്ണക്കുരുക്കളുടെ ഉല്‍പ്പാദനത്തില്‍ മൂന്ന് ദശലക്ഷം ടണ്ണിന്റെ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്്. അരിയുടെ പ്രതീക്ഷിത കണക്ക് പ്രകാരം ഖാരിഫ് സീസണില്‍ 81.52 ദശലക്ഷം ടണ്ണും റാബി സീസണില്‍ 12.56 ദശലക്ഷം ടണ്ണുമാണ് ഉല്‍പ്പാദനമുണ്ടാകുക.

ഉല്‍പ്പാദനം വര്‍ധിച്ചതായി അവകാശപ്പെടുമ്പോഴും അരിവില അനുദിനം വര്‍ധിക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഉല്‍പ്പാദനവും വിലയുമായി ബന്ധമില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് വില നിര്‍ണയിക്കുന്നത്-മിശ്ര പറഞ്ഞു.

8. കാലാവസ്ഥാ വ്യതിയാനം: വികസിതരാജ്യങ്ങള്‍ക്കും ബാധ്യത-പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ വികസിതരാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ദേശീയ കര്‍മപദ്ധതി ജൂണില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സുസ്ഥിര വികസന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കഴിഞ്ഞ ജി എട്ട് ഉച്ചകോടിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതു സംബന്ധിച്ച് ഇന്ത്യ നല്‍കിയ വാഗ്ദാനം പാലിക്കും. വികസിതരാഷ്ട്രങ്ങളുടെ നിരക്കിനേക്കാള്‍ താഴ്ന്നതായിരിക്കും ഇന്ത്യയുടേത്. വികസിതരാഷ്ട്രങ്ങളും ഈ രംഗത്ത് തങ്ങളുടെ പങ്ക് നിര്‍വഹിക്കണം.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ‘പ്രധാനമന്ത്രിയുടെ കൌണ്‍സില്‍’ കര്‍മപദ്ധതി രൂപപ്പെടുത്തുന്ന ജോലിയിലാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ ആഗോളശ്രമങ്ങള്‍ക്കൊപ്പം ദേശീയ, പ്രാദേശിക തലത്തിലും പരിപാടികള്‍ ആവിഷ്കരിക്കണം. പൊതുഗതാഗത സംവിധാനം അടിയന്തരശ്രദ്ധ അര്‍ഹിക്കുന്നു. ഇക്കാര്യത്തില്‍ സുവ്യക്തവും സമഗ്രവുമായ നയം രൂപീകരിക്കാന്‍ ആസൂത്രണ കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം നേരിടാനായി ലോകരാഷ്ട്രങ്ങള്‍ പരസ്പരം വിവരവിനിമയം നടത്തണം. ഇക്കാര്യത്തില്‍ ഇന്ത്യയിലെ എല്ലാ അക്കാദമിക് സ്ഥാപനവും യോജിച്ച് ദേശീയ വിവരശൃംഖല രൂപീകരിക്കും.

വ്യവസായത്തിലെ ഊര്‍ജ ഉപയോഗം കുറയ്ക്കാന്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്തണം. വനവല്‍ക്കരണം ശക്തിപ്പെടുത്തണം. തീരദേശമേഖലകളെയും മഞ്ഞുപാളികളെയും സംരക്ഷിക്കണം. ഈ മേഖലകള്‍ക്കായി പ്രത്യേകമായ ഊന്നല്‍ പതിനൊന്നാം പദ്ധതിയില്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

9. അമേരിക്കയിലും ഡോളറിന് വിലയില്ല
ന്യൂയോര്‍ക്ക്: നാണ്യങ്ങളില്‍ രാജാവായി കണക്കാക്കപ്പെട്ടിരുന്ന അമേരിക്കന്‍ ഡോളറിന് സ്വന്തം നാട്ടിലും വിലയില്ലാതാകുന്നു. ന്യൂയോര്‍ക്കിലെ കടകളിലും യൂറോയും ബ്രിട്ടീഷ് പൌണ്ടും മറ്റു വിദേശ കറന്‍സികളും സ്വീകരിച്ചുതുടങ്ങി.

ഡോളര്‍ വിലയിടിവ് അമേരിക്കയിലേക്കുള്ള യൂറോപ്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതു മുതലാക്കാനാണ് കച്ചവടക്കാര്‍ വിദേശ കറന്‍സികള്‍ വാങ്ങിത്തുടങ്ങിയത്. ഇത് വിദേശസഞ്ചാരികള്‍ക്കാണ് ഏറെ സഹായമായത്. അവര്‍ കറന്‍സി മാറുകയെന്ന പണിയില്‍ നിന്ന് രക്ഷപ്പെട്ടു.

കനഡയുമായുള്ള അതിര്‍ത്തിക്കടുത്തുള്ള അമേരിക്കന്‍ പ്രദേശങ്ങളില്‍ ഏറെക്കാലമായി കനേഡിയന്‍ ഡോളര്‍ സ്വീകരിക്കുന്നുണ്ട്. ടെക്സസ്-മെക്സിക്കോഅതിര്‍ത്തിയില്‍ മെക്സിക്കന്‍പെസോയും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിദേശ കറന്‍സി സ്വീകാര്യമാകുന്നത് ഇതാദ്യമാണ്.

10. തുര്‍ക്കിയില്‍ ശിരോവസ്ത്ര നിരോധനം നീക്കാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
അങ്കാറ: തുര്‍ക്കിയില്‍ സ്കൂളുകളിലും ഓഫീസുകളിലും മറ്റും സ്ത്രീകളും പെണ്‍കുട്ടികളും ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഭരണഘടനാ വ്യവസ്ഥ നീക്കംചെയ്യാനുള്ള സര്‍ക്കാര്‍നിര്‍ദേശത്തിന് പാര്‍ലമെന്റ് ആദ്യ അംഗീകാരം നല്‍കി. 110 നെതിരെ 440 വോട്ടോടെയാണ് പാര്‍ലമെന്റ് ഭരണഘടനാ ഭേദഗതി അംഗീകരിച്ചത്. ഇനി ഒരു വട്ടംകൂടി പാര്‍ലമെന്റ് ഇത് അംഗീകരിക്കണം. അതിനുള്ള വോട്ടിങ് ശനിയാഴ്ചയാണ്.

ശിരോവസ്ത്ര നിരോധനം നീക്കുന്നതിന് പ്രതിപക്ഷത്തെ ഒരു ദേശീയവാദ കക്ഷിയുടെ പിന്തുണയുമുള്ളതിനാല്‍ അതിനാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സര്‍ക്കാരിന് ഉറപ്പാണ്.

ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും മുസ്ളിങ്ങളാണെങ്കിലും തുര്‍ക്കിയില്‍ ശിരോവസ്ത്ര നിരോധനം നീക്കുന്നതിന് മതേതര കടുംപിടിത്തക്കാരും സൈന്യവും എതിരാണ്. ഇസ്ളാമികവാദികള്‍ അധികാരത്തില്‍ വന്നപ്പോഴും മറ്റും പലതവണ സര്‍ക്കാരിനെ സൈന്യം അട്ടിമറിച്ച പാരമ്പര്യമുള്ള രാജ്യമാണ് തുര്‍ക്കി. നിരോധനം നീക്കുന്നതിനെതിരെ ഞായറാഴ്ച ഒന്നേകാല്‍ ലക്ഷത്തോളമാളുകള്‍ തലസ്ഥാനത്ത് പ്രകടനം നടത്തിയിരുന്നു. മതം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സര്‍ക്കാര്‍നീക്കം എന്നാണ് എതിരാളികളുടെ വിമര്‍ശനം.

എന്നാല്‍, പൌരന്മാര്‍ക്ക് മതസ്വാതന്ത്യ്രം നല്‍കുന്നതിനും തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ മാര്‍ഗനിര്‍ദേശമനുസരിച്ചാക്കുന്നതിനും ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.1. നൂറുകോടിയുടെ ആസ്തി അഞ്ചുകോടിക്ക് !
നൂറു കോടിരൂപയുടെ ആസ്തി അഞ്ചു കോടിക്ക് കൈമാറാന്‍ ലക്ഷ്യമിട്ടതിന്റെ ഞെട്ടിക്കുന്ന കഥയാണ് പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സിന് പറയാനുള്ളത്. അഞ്ചു വര്‍ഷമായി പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കൊച്ചിയിലെ ഇലഞ്ഞിക്കല്‍ ഗ്രൂപ്പിനാണ് തുച്ഛമായ തുകയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. പല കോണുകളില്‍നിന്നും ശക്തമായ പ്രതിഷേധമാണ് ഇതിനെതിരേ അലയടിച്ചത്. തുടര്‍ന്നു കൈമാറ്റം താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്െടങ്കിലും പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

കളമശേരിയിലെ വിവാദമായ സൈബര്‍സിറ്റിയുടെ തറക്കല്ലിടീല്‍ ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീം ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. അനാവശ്യ വിവാദങ്ങളുണ്ടാക്കി മാധ്യമങ്ങള്‍ പദ്ധതി മുടക്കുന്നതിന്റെ വ്യക്തമായ തെളിവായി മന്ത്രി അന്ന് ചൂണ്ടിക്കാട്ടിയത്, ട്രാവന്‍കൂര്‍ റയോണ്‍സിന്റെ കൈമാറ്റം തടസപ്പെട്ടതായിരുന്നു. ഉപകാരം ചെയ്തില്ലെങ്കിലും പാരവയ്ക്കരുതെന്നായിരുന്നു മന്ത്രിയുടെ ഉപദേശം. ഏറെ കൊട്ടിഘോഷിച്ചെത്തിയ സൈബര്‍സിറ്റി അതിലും വലിയ കെണിയായി മാറിയെന്നത് മറ്റൊരു ചരിത്രം.

പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സില്‍ 1200 ഓളം ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. 128 കോടി രൂപയുടെ ബാധ്യതയാണ് റയോണ്‍സിനുണ്ടായിരുന്നത്. കെ.എസ്.ഐ.ഡി.എഫ്, കെ.എഫ്.സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വായ്പാ തിരിച്ചടവ് ഇനത്തിലും വില്‍പ്പന നികുതി, വൈദ്യുതി ചാര്‍ജ് തുടങ്ങിയ ഇനങ്ങളിലും നല്‍കാനുള്ള തുകയാണിത്. പ്രത്യേക താല്‍പര്യമെടുത്ത് ഈ തുക എഴുതിതള്ളിയാണു റയോണ്‍സിന്റെ ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ ഗ്രൂപ്പിന് അഞ്ചു കോടി രൂപ മാത്രം വാങ്ങി കൈമാറാന്‍ സര്‍ക്കാര്‍ സൌകര്യമൊരുക്കിയത്. കൈമാറ്റം സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും പിന്നീട് താല്‍ക്കാലികമായി മരവിപ്പിച്ചു. ട്രാന്‍വന്‍കൂര്‍ റയോണ്‍സിന്റെ കെട്ടിടങ്ങളും മിഷണറികളും ഉള്‍പ്പെടെ 72 ഏക്കര്‍ സ്ഥലമാണ് സ്വകാര്യ ഗ്രൂപ്പിനു കൈമാറാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. 90 വര്‍ഷത്തെ പാട്ടവ്യവസ്ഥയിലായിരുന്നു ഇടപാട്. അഞ്ചു കോടി രൂപയ്ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇവിടെ ഭൂമിക്ക് മാത്രം നൂറ് കോടിരൂപ വിലയുണ്െടന്നതാണ് യാഥാര്‍ഥ്യം.

വിവാദങ്ങളുണ്ടാകാതിരിക്കാനായി സെല്ലോഫൈനും കോട്ടണ്‍ ലിന്‍ഡര്‍ പള്‍പ്പ് യൂണിറ്റും നിലനിര്‍ത്തി 250 കോടി രൂപ മുതല്‍ മുടക്കി വ്യവസായ പാര്‍ക്ക് നിര്‍മിക്കാനാണ് സ്വകാര്യ ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനുപുറമെ ക്ളസ്റ്റര്‍ സമ്പ്രദായത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് സ്ഥലം വീതിച്ചു നല്‍കാനും ഇവര്‍ക്ക് ഉദ്ദേശമുണ്ടായിരുന്നു.

അവസാന ഘട്ടത്തിലാണെങ്കിലും കൈമാറ്റം സംബന്ധിച്ചു പുറംലോകം അറിഞ്ഞതോടെ സര്‍ക്കാര്‍ അല്പകാലത്തേക്ക് ഭൂമി കൈമാറ്റത്തില്‍ നിന്നു പിന്തിരിയുകയായിരുന്നു. എച്ച്.എം.ടി ഭൂമിക്ക് പിന്നാലെ പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ് കൈമാറ്റവും സര്‍ക്കാര്‍ അജന്‍ഡയായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണ് സത്യം.

2. യാഥാര്‍ഥ്യബോധമില്ലാത്ത റിപ്പോര്‍ട്ട്
കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ നിജസ്ഥിതിയെക്കുറിച്ച് യാഥാര്‍ഥ്യബോധമില്ലാതെ തയാറാക്കിയതും അപ്രായോഗികവുമായ ഒരു റിപ്പോര്‍ട്ടാണ് കെ. ഇ. ആര്‍.പരിഷ്കരണ സമിതിയില്‍ നിന്നും ഉണ്ടായതെന്ന് മുന്‍ ചീഫ് സെക്രട്ടറിയും കാലടി സംസ് കൃത സര്‍വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറും ദീര്‍ഘകാലം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ആര്‍.രാമചന്ദ്രന്‍നായര്‍ അഭിപ്രായപ്പെട്ടു. മല എ ലിയെ പ്രസവിച്ച അനുഭവം. ഇ തു നടപ്പാകാന്‍ പോകുന്നില്ല. ന ടപ്പാക്കാനും കഴിയില്ല.

റിപ്പോര്‍ട്ടിന് എന്തെങ്കിലും ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതായി കരുതു ന്നുണ്േടാ?

– ഞാന്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. അത് നിങ്ങള്‍ തീരുമാനിച്ചുകൊള്ളുക. റിപ്പോര്‍ട്ടിന്റെ മെറിറ്റിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. അതുകൊണ്ടാണ് അപ്രയാഗികവും സാങ്കല്‍പികമായ റിപ്പോര്‍ട്ടെന്ന് ഞാന്‍ ഇ തിനെ ചിത്രീകരിക്കുന്നത്.

സ്വകാര്യ സ്കൂളുകളിലെ നിയമനങ്ങള്‍ക്ക് സ്വതന്ത്ര ഏജന്‍സി യെ നിയോഗിക്കാന്‍ പറയു ന്നു ണ്ടല്ലോ?

– എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ അത്. ഒരു സമുദായം ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് സ്കൂള്‍ ആരംഭിക്കുന്നത്. അവിടെ ആരു പഠിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമില്ലെങ്കില്‍ ആരെങ്കിലും സ്കൂള്‍ നടത്താ നുണ്ടാ കുമോ?

സാമുദായിക സംവരണം പറയു ന്നതോ?

– കേള്‍ക്കാന്‍ ഇമ്പമുള്ള നിര്‍ദേശമാണ്. പക്ഷേ, നടപ്പാക്കാന്‍ പറ്റുന്നതല്ല. കേരളത്തിലെ ഒരു സമുദായമാണ് പുലയര്‍. അവര്‍ ഒരു സ്കൂള്‍ തുടങ്ങുന്നുവെന്നരിക്കട്ടെ. അവടെ നായരേയും, സുറിയാനിക്രിസത്യാനിയേയും ഒക്കെനിയമിക്കണമെന്നുപറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ ?. അങ്ങനെ പറയുന്നത് ശരിയാ ണോ ?യാഥാര്‍ഥ്യബോധമുള്ളതാണോ ?

അധ്യാപക നിയമനത്തിന് 55% മാര്‍ക്ക് വേണമെന്ന് പറയുന്ന തോ?

-അതിനൊരു സര്‍ക്കാര്‍ ഉത്തരവ് പോരേ ? നടപ്പാക്കാന്‍ മാനേജ്മെന്റുകള്‍ തയാറാകുമല്ലോ. ഒരു സ്വതന്ത്ര ഏജന്‍സി എന്നുപറയുന്നത് പ്രായോഗികമായി എന്തുമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അറിയാമോ ? ഒന്നാമത് അവയ്ക്ക് വേണ്ടിവരുന്ന സാമ്പത്തികബാധ്യതകള്‍, അവരുടണ്ടാക്കുന്ന ലിസ്റ്റില്‍ നിന്ന് മാനേജര്‍മാര്‍ക്ക് ഇഷ്ടംപോലെ നിയമിക്കാമെന്നാണ് ഇവര്‍ പറയുന്നത്. അതായത്, ഏജന്‍സി തയാറാക്കുന്ന ലിസ്റ്റിലെ മുന്‍ഗണനാ ക്രമമൊന്നും പാലിക്കേണ്ടതില്ലെന്ന്. അങ്ങനെ വന്നാല്‍ കേസുകളുടെ ബഹളമാകില്ലേ ? എവിടെയെങ്കിലും സമാധാനത്തോടെ അധ്യയനം നടത്താന്‍ സാധിക്കുമോ?

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിക്കാന്‍ ഇത്തരം ഒരു നിയമനം സഹായിക്കുമോ?

– ഒരിക്കലും ഇല്ലെന്നാണ് പ്രായോഗിക അനുഭവം സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥ പരിശോധിച്ചാല്‍മതിയല്ലോ,

സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതുകൊണ്ട് നിയമനത്തിനുള്ള അധികാരവും വേണമെന്ന് പറയുന്നല്ലോ?

– ഏതെങ്കിലും മാനേജ്മെന്റ് എന്നെങ്കിലും ശമ്പളം കൊടുക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചോ? അവര്‍ എന്നും എതിരായിരുന്നു. സര്‍ക്കാരാണ് പനമ്പള്ളിയുടെയും മുണ്ടശേരിയുടെയും കാലത്ത് ഇത്തരമൊരു നീക്കം നടത്തിയത്. മാനേജ്മെന്റ് സമ്മതിച്ചു എന്നുമാത്രം. നേരിട്ടുള്ള ശമ്പളം വന്നതോടെ എയ്ഡഡ് സ്കൂളുകളുടെയും വിദ്യാഭ്യാസ ഗുണനിലവാരം തളരുകയാണ് ഉണ്ടായത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്സ്വകാര്യ മാനേജ്മെന്റുകള്‍ വഹിക്കുന്ന നിസ്തൂല സേവനത്തെ പരിഹസിക്കുന്ന നിലപാടാണിത്. കേരളത്തിലെ വിദ്യാര്‍ഥികളില്‍ മൂന്നില്‍ രണ്ടും അധ്യയനം നടത്തുന്നത് സ്വകാര്യ സ്ഥാപനങ്ങളിലാണ്. സ്വകാര്യ മേഖലഏതാണ്ട് അന്‍പതിനായിരം കോടി രൂപയുടെ മുതല്‍മുടക്കാണ് ഈ മേഖലയില്‍ നടത്തിയിട്ടുള്ളത്. ഇതൊന്നും കണ്ടില്ലെന്ന് സര്‍ക്കാര്‍ നടിക്കുന്നത് നന്ദികേടാണ്. സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും നടപ്പാക്കാന്‍ സാധിക്കുന്ന ശിപാര്‍ശ അല്ല ഇത്.

സ്വകാര്യ സ്കൂളുകളില്‍ ദൈവാരാധന പാടില്ല എന്ന ശിപാര്‍ശ ഉണ്ടല്ലോ?

-എങ്ങനെ അത്തരമൊരു ശിപാര്‍ശയ്ക്കു കഴിഞ്ഞു എന്ന് എനിക്കു മനസിലാകുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഒക്സ്ഫോഡ് യൂണിവേഴ്സിറ്റി. അവിടെ പ്രാര്‍ഥനയുണ്ട്. ദൈവശാസ്ത്ര വിഭാഗം പോലുമുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലാവരത്തെ ലക്ഷ്യം വച്ചുള്ള നിര്‍ദേശമൊന്നുമല്ലിത്. പരമാവധി സര്‍ക്കാരിന് ചെയ്യാവുന്നത് താത്പര്യമില്ലാത്തവരെ പ്രാര്‍ഥിക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അധികാരത്തെക്കുറിച്ച്?

– അപ്രായോഗികമാണ്. അഴിമതി വര്‍ധിപ്പിക്കാനുള്ള ഒരു അവസരമുണ്ടാക്കുന്നുവെന്നുമാത്രം. ഒരുപ്രദേശത്ത് പുതിയ സ്കൂള്‍ ആവശ്യമുണ്േടാ എന്നു നിര്‍ണയിക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. ഈ പുതിയ ഏര്‍പ്പാട് എന്തിനെന്ന് മനസിലാകുന്നില്ല. സ്കൂളുകളുടെ മേല്‍ ഒരു പുതിയ അധികാര സ്ഥാപനം കൂടി വരുന്നത് ഒരിക്കലും നന്മയാവില്ല ഉണ്ടാക്കുക. സ്കൂളിന്റെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹകരിക്കുന്നതിന് എന്തിന് സ്കൂളിന്റെ മേല്‍ അധികാരം നല്‍കണം.

അംഗീകൃത സ്കൂളുകളില്‍ സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം നല്‍കണം എന്നു പറയുന്നു?

– എങ്കില്‍ ട്രഷറിയില്‍ നിന്ന് സര്‍ക്കാര്‍ തന്നെ നല്‍കേണ്ടിവരും. സര്‍ക്കാര്‍ നിരക്കില്‍ നല്‍കാനുള്ള ഫീസൊന്നും ഇപ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്നില്ല. വിദ്യാര്‍ഥികളില്‍ നിന്നും പിരിക്കുന്ന മുഴുവന്‍ഫീസും ശമ്പളമായി നല്‍കാനും കഴിയില്ല. സ്കൂളിലെ വൈദ്യുതി, ശുദ്ധജലവിതരണം,തുടങ്ങിയവക്കൊക്കെ പണം കണ്െടത്തേണ്ടതായുണ്ട്. സര്‍ക്കാരിന് ആകെ ചെയ്യാവുന്നത് ഒരു മിനിമം ശമ്പളം ശിപാര്‍ശചെയ്യുകയാണ്. ശമ്പളം വര്‍ധിക്കുന്നതു കൊണ്ട് ഗുണനിലവാരം കൂടില്ലെന്ന് യു.ജി.സി. നിരക്ക് ഏര്‍പ്പെടുത്തിയതിലൂടെ തെളിഞ്ഞതല്ലേ.

വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി?

– ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ശിപാര്‍ശയാണിത്. കുറ്റം കാണിക്കുന്ന ഒരു കുട്ടിയടെ ചെവിക്കുപിടിച്ചാല്‍ അധ്യാപനെതിരേ കേസുണ്ടാകാം. എന്റെ അനുഭവം പറഞ്ഞാല്‍ കുട്ടിക്കാലത്ത് എന്നെ നന്നായി ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്ത അധ്യാപകരോടാണ് ഇന്നും എനിക്ക് ഏറ്റവും ബഹുമാനം. പീരിയഡിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ ആക്കുന്നത് കുട്ടികള്‍ക്ക് ദോഷകരമാണ്. അത്രയും സമയം ഏകാഗ്രതയോടെ ഇരിക്കാന്‍ അവര്‍ക്ക് കഴിയില്ല. ചുരുക്കത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ നിജസ്ഥിതിയെക്കുറിച്ച് ധാരണയില്ലാതെ തയാറാക്കിയ അപ്രായോഗികവും സാങ്കല്‍പികവുമായ കുറേ നിര്‍ദേശങ്ങള്‍. മല എലിയെ പ്രസവിച്ചു.

3. എയ്ഡഡ് സ്കൂളിലും ആശ്രിത നിയമനത്തിന് അര്‍ഹത: ഹൈക്കോടതി
കൊച്ചി: എയ്ഡഡ് സ്കൂളില്‍ സര്‍വീസിലിരിക്കെ മരിക്കുന്ന അനധ്യാപക ജീവനക്കാരുടെ ആശ്രിതര്‍ക്കും അധ്യാപകരായി നിയമനത്തിന് അര്‍ഹതയുണ്െടന്നു ഹൈക്കോടതി. കൊല്ലം കടയ്ക്കോട് എസ്.എന്‍.ജി.എച്ച്. സ്കൂള്‍ മാനേജര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കൊല്ലം സ്വദേശി റജി സാഗറിന്റെ അച്ഛന്‍ സ്കൂളില്‍ പ്യൂണ്‍ തസ്തികയില്‍ ജോലിയിലിരിക്കെ മരിച്ചു. ഈ സമയം 14 വയസ് മാത്രമുണ്ടായിരുന്ന റജിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആശ്രിത നിയമനത്തിന് അവസരം ലഭിച്ചില്ല. സംസ്കൃതം അധ്യാപക പരീക്ഷ വിജയിച്ച റജി 2005-ല്‍ സ്കൂളില്‍ ലോവര്‍ ഗ്രേഡ് സംസ്കൃതം അധ്യാപക തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ സ്കൂള്‍ മാനേജ്മെന്റ് നിയമനം നിഷേധിച്ചു. തുടര്‍ന്ന് റജി വിദ്യാഭ്യാസ വകുപ്പിനും ഹൈക്കോടതിക്കും പരാതി നല്‍കി. റജിയെ സംസ്കൃതം അധ്യാപകനായി നിയമിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചും വിദ്യാഭ്യാസ വകുപ്പും ഉത്തരവു നല്‍കി. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് സ്കൂള്‍ മാനേജര്‍ അപ്പീല്‍ നല്‍കിയത്.

എയ്ഡഡ് സ്കൂളില്‍ അധ്യാപകരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുകയെന്നത് നിയമപരമായ അവകാശമാണെന്നും മാനേജരുടെ ഔദാര്യമല്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി ഇത് അനധ്യാപകാംഗത്തിന്റെ ആശ്രിതര്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കി.

ഒഴിവു വരുമ്പോള്‍ ആശ്രിതരെ അറിയിച്ച് നിയമന നടപടികള്‍ സ്വീകരിക്കണം. അപേക്ഷയില്‍ എന്തെങ്കിലും തെറ്റുണ്െടങ്കില്‍ തിരുത്താന്‍ സമയം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

4. സീരിയല്‍ പരിശീലനമെന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കു പീഡനം
അമ്പലപ്പുഴ: സീരിയലില്‍ അഭിനയിപ്പിക്കാനെന്ന പേരില്‍ 17 സ്കൂള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയരാക്കിയെന്നു കാട്ടി രക്ഷകര്‍ത്താക്കള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.

തോട്ടപ്പള്ളി നാലുചിറ ഗവണ്‍മെന്റ് യു.പി സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളാണ് ഒരുമാസമായി കുടുംബിക്കാവു ക്ഷേത്രത്തിനു സമീപം ശ്രീനിലയത്തില്‍ കൌസല്യയുടെ വീട്ടില്‍ കുട്ടികളെ പീഡിപ്പിച്ചെന്നു പരാതി നല്കിയത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ ബിജു എന്നയാളെ അമ്പലപ്പുഴ പോലീസ് തെരയുന്നുണ്ട്. ഓര്‍മച്ചെപ്പ് എന്നപേരില്‍ നിര്‍മിക്കുന്ന ഡോക്കുമെന്ററിയിലേക്ക് സമര്‍ഥരായ കുട്ടികളെ ആവശ്യമുണ്െടന്ന അഭ്യര്‍ഥനയുമായി സ്കൂളിലെ പ്രഥമാധ്യാപകനെ സമീപിച്ച ഇയാള്‍ ഇന്റര്‍വ്യൂ നടത്തിയാണു വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.

രാവിലെയും വൈകുന്നേരവും സ്കൂള്‍ മുറിയിലായിരുന്നു പരിശീലനം. പരിശീലനച്ചെലവെന്ന പേരില്‍ 100 മുതല്‍ 700 വരെ രൂപ ഓരോ കുട്ടിയില്‍ നിന്നും ബിജു കൈപ്പറ്റിയിരുന്നു.

പീഡനം പരിധി ലംഘിച്ചപ്പോഴാണു കുട്ടികള്‍ വിവരം അധ്യാപകരെ അറിയിച്ചത്. വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ നല്‍കിയ ഉറപ്പിന്മേലാണ് പരിശീലനത്തിനയച്ചതെന്നു രക്ഷിതാക്കള്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കെ.എസ്.യു പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങി. ഇവരെ നേരിടാന്‍ കെ.എസ്.ടി.എക്കാരും സി.പി.എം പ്രവര്‍ത്തകരും എത്തിയതോടെ രംഗം സംഘര്‍ഷഭരിതമായി.

അമ്പലപ്പുഴ സി.ഐ ഉത്തമന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്സംഘം സ്ഥലത്തു ക്യാമ്പു ചെയ്യുന്നുണ്ട്.

പ്രധാനാധ്യാപകന്‍ ഒരാഴ്ചയായി അവധിയെടുത്തതും സംഭവം അറിഞ്ഞിട്ടും സ്കൂളില്‍ വരാത്തതും ദുരൂഹതയുണര്‍ത്തുന്നതായി രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു.

5. അഴിമതിക്കെതിരായ നിലപാടുകള്‍ വി.എസിനെ ദുര്‍ബലനാക്കുന്നു
തിരുവനന്തപുരം: എച്ച്.എം.ടി. ഭൂമി അടക്കമുള്ള വിവാദ പ്രശ്നങ്ങളില്‍ കൈക്കൊണ്ട നിലപാടുകള്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ കൂടുതല്‍ ദുര്‍ബലനാക്കുന്നു.

പാര്‍ട്ടി അണികളില്‍ അച്യുതാനന്ദനുള്ള പിന്തുണ പ്രതിഫലിക്കുന്ന ഒന്നല്ല സംസ്ഥാന സമ്മേളന പ്രതിനിധികളുടെ സംഖ്യയിലുള്ള അവസ്ഥ.

സി.പി.എം. ഭരണഘടന അനുസരിച്ചു മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണയുള്ള വരെ ഗണനീയ ന്യൂനപക്ഷം എന്നു കണക്കാക്കി അവരെ അംഗീകരിക്കാറുണ്ട്. ഒരു വിഭാഗം പാര്‍ട്ടിയില്‍ മൃഗീയ ഭൂരിപക്ഷം നേടിയാലും ഈ ന്യൂനപക്ഷത്തിന്റെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടി നേതൃത്വം പരിഗണിക്കും. ഇതു സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം പി.ബി കൈക്കൊള്ളുകയും ചെയ്യും. എന്നാല്‍, പിന്തുണ മൂന്നിലൊന്നിലും താഴെയായാല്‍ ആ പരിഗണനപോലും ലഭിക്കില്ല. അച്യുതാനന്ദന്‍ അത്രയും ദുര്‍ബലമായ നിലയിലേക്കു പതിക്കുന്നതായാണ് സൂചന. അതുകൊണ്ടുതന്നെ പി.ബിക്ക് ഏറെ സഹായിക്കാന്‍ കഴിയാതെ വന്നേക്കും.

പി.ബിയിലെ പ്രമുഖനായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രന്‍പിള്ള, ഉമാനാഥ് എന്നിവര്‍ ഫെബ്രുവരി 11 മുതല്‍ 14 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനെത്തും.

സംസ്ഥാന സമ്മേളനത്തിനെത്തുന്ന 561 പ്രതിനിധികളില്‍ നൂറിലധികം പേരുടെ പിന്തുണ അച്യുതാനന്ദനുണ്ടായിരുന്നു. എന്നാല്‍, എച്ച്.എം.ടി. വിവാദത്തിലെ അഴിമതി വിരുദ്ധ നിലാപാടുമൂലം അച്യുതാനന്ദന്റെ ‘സ്വന്തം’തട്ടകമായ എറണാകുളം പോലും മറിഞ്ഞു. ‘മൂന്നാര്‍’ വിപ്ളവം മൂലം ഇടുക്കി നഷ്ടപ്പെട്ടു. മെര്‍ക്കിസ്റ്റണ്‍ വിവാദം തിരുവനന്തപുരം നഷ്ടപ്പെടാനും കാരണമായി.

സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കൈക്കൊണ്ട നിലപാടുകളും അച്യുതാനന്ദനെതിരായി സഖാക്കളെ നിരക്കുവാന്‍ പിണറായി പക്ഷത്തെ സഹായിച്ചു. പാര്‍ട്ടി ബാഹ്യശക്തികളുടെ അവിഹിത സ്വാധീനം പലവിധത്തില്‍ പ്രതിനിധികളെ സ്വാധീനിച്ചതിന്റെ തെളിവുകളുണ്ട്. പക്ഷേ, ബാലാബലങ്ങളില്‍ അംഗസംഖ്യയാണല്ലോ പ്രധാനഘടകം. അവിടെ അച്യുതാനന്ദന്‍ പിന്നിലാവുന്നുണ്ട്. എങ്കിലും മുന്നോട്ട് എന്ന തന്റേടത്തിലാണ് അദ്ദേഹം. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായാണ് ഡല്‍ഹിക്കുപോയതെങ്കിലും അവസാനപോരാട്ടത്തിനു പി.ബിയുടെ പിന്തുണ ഉറപ്പാക്കാനുള്ള അഗ്രഹവും ഉണ്ട്.

പി.ബിയിലെ പ്രമുഖരായ പ്രകാശ് കാരാട്ട്, സിതാറാം യെച്ചൂരി, ഉമാനാഥ്, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവര്‍ സംസ്ഥാന സമ്മേളനത്തിന് എത്തുന്നുണ്ട്. പക്ഷ, അവര്‍ എത്ര ശ്രമിച്ചാലും പിണറായി വിഭാഗം ഉദ്ദേശിക്കുന്നതു മാത്രമാവും നടക്കുക എന്ന ഭീതിയാണ് അച്യുതാനന്ദന്‍ പക്ഷത്തുള്ളവര്‍ക്കും.

സംസ്ഥാന സമിതിയില്‍ തെരഞ്ഞെടുപ്പു ഉണ്ടാകാതെ പി.ബി. നോക്കിയേക്കും. അതായത് ഇപ്പോള്‍ സംസ്ഥാന സമതിയിലുള്ള അച്യുതാനന്ദന്‍ പക്ഷക്കാര്‍ക്ക് അംഗത്വം നിലനിര്‍ത്താനായേക്കും. എന്നാല്‍, സംസ്ഥാന കമ്മിറ്റിയിലെ ഒഴിവുകള്‍ പിണറായി പക്ഷം നിശ്ചയിക്കുന്നവര്‍ക്കായിരിക്കും ലഭിക്കുക.

ചില ഒഴിവുകള്‍ അച്യുതാനന്ദന്‍ പക്ഷക്കാരുടേതാണ്. മത്തായി ചാക്കോയെപ്പോലുള്ളവര്‍. ഒരു പക്ഷേ, ആ ഒഴിവ് അച്യുതാനന്ദന്‍ പക്ഷേത്തിനു തന്നെ നല്‍കിയേക്കും. സെക്രട്ടേറിയറ്റിലേക്കൊ ഇപ്പോഴത്തെക്കാള്‍ മേല്‍ക്കൈ പിണറായിക്കുണ്ടാവും.

മലപ്പുറത്ത് ബലാബലം ഏതാണ്ട്, തുല്യമായിരുന്നതുകൊണ്ടാണ് അച്യുതാനന്ദ വിഭാഗത്തെ ഒതുക്കാന്‍ കേന്ദ്ര സഹായത്തോടെ പിണറായിക്കായത്. എന്നാല്‍, കോട്ടയത്ത് ബാലാബലം ‘മൃഗീയമായി’ പിണറായിക്ക് അനുകൂലമാണ്. പ്രതിനിധിക ള്‍ക്കിടയില്‍ വന്‍ ഭൂരിപക്ഷം ഉണ്െടങ്കിലും എച്ച്.എം.ടി. , മൂന്നാര്‍, മെര്‍ക്കസ്റ്റണ്‍, സാന്റിയാഗോ മാര്‍ട്ടിന്‍, ഭൂമി മാഫിയ, വിവാദങ്ങളിലെല്ലാം പിണറായി പക്ഷം പ്രതിക്കൂ ട്ടി ലാണ്.

എല്ലാം നഷ്ടപ്പെടുന്നുവെന്നുള്ളവരെങ്കിലും അതെച്ചൊല്ലി രൂക്ഷമായ വിമര്‍ശനത്തിനു മുതിരും. അത്തരം വാഗ്വാദങ്ങള്‍ സമ്മേളനത്തില്‍ തീപ്പൊരി ചിതറിക്കു കയുംചെയ്യും.

പാര്‍ട്ടി സമൂലം പിടിച്ചെടുത്തെങ്കിലും പിണറായിയെ പക്ഷേ, നിരായുധനാക്കാവുന്ന ആയുധങ്ങള്‍ ബാക്കിയുണ്ട്. അവ ഉപയോഗിച്ചാല്‍ ഇപ്പോഴത്തെ കണക്കുകൂട്ടലുകള്‍ ഒക്കെ തെറ്റും. അതുണ്ടാകുമോ എന്നു പക്ഷേ, ആര്‍ക്കും ഉറപ്പില്ല.

6. ശബരിമല സ്ത്രീ പ്രവേശനം: സമ്മിശ്ര പ്രതികരണം
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നു സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതിനോടു സമ്മിശ്ര പ്രതികരണം.

ശബരിമലയില്‍ ഇല്ലെങ്കില്‍ നാളെ സ്ത്രീകള്‍ പ്രവേശിക്കുമെന്നു ദേവസ്വംമന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പുരുഷന് ഭരണഘടനാപരമായും ധാര്‍മികമായും സാമൂഹികമായും എവിടെയെല്ലാം ചെല്ലാമോ അവിടെയെല്ലാം പ്രവേശിക്കാന്‍ സ്ത്രീക്കും അവകാശമുണ്ട്. ഈ നിലപാടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയതുെം അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു പ്രതിഷേധാര്‍ഹമാണെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ് പറഞ്ഞു.

പത്തുവയസിനും 50വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അഭിപ്രായപ്പെട്ടു. എല്ലാ ശുദ്ധിയോടും വൃത്തി യോടും ദര്‍ശനം നടത്താന്‍ തയ്യാറാകുന്ന സ്ത്രികള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കേണ്ട ആവശ്യമുണ്േടായെന്നും അവര്‍ ചോദിച്ചു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നു സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതു സാമൂഹികദുരന്തത്തിനു വഴിവയ്ക്കുന്നതിനു തുല്യമാണെന്നു ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

ക്ഷേത്രങ്ങളിലെ തര്‍ക്കങ്ങളും പ്രശ്നങ്ങളും എ.കെ.ജി സെന്ററിലല്ല പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയടക്കം മതങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏകപക്ഷീയമായി അഭിപ്രായം രേഖപ്പെടുത്തുന്നതു മതേതര സര്‍ക്കാരിനു ഭൂഷണമല്ലെന്ന് കുമ്മനം പറഞ്ഞു.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് പ്രശസ്ത കവയത്രി സുഗതകുമാരി പറഞ്ഞു.അമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ടല്ലോ ചെറുപ്പക്കാരെ മാത്രമല്ലേ വിലക്കിയിട്ടുള്ളു. പിന്നെയെങ്ങനെ സ്ത്രീകളെ ശബരിമലയില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന് പറയാനാകുമെന്നും അവര്‍ ചോദിച്ചു.

ശബരിമലയിലെ സ്ത്രികളുടെ പ്രവേശനത്തെ വെറും അവകാശമായി മാത്രം കാണാന്‍ കഴിയില്ലെന്ന് പ്രഫ. ഹൃദയകുമാരി അഭി പ്രാ യപ്പെട്ടു.

7. വാഹന രജിസ്ട്രേഷന്‍ ഫീസ്
തിരുവനന്തപുരം: വാഹന രജിസ്ട്രേഷന് സര്‍ക്കാര്‍ അംഗീകരിച്ച തുക മാത്രമേ നല്‍കാവൂ എന്ന് അധികൃതര്‍ അറിയിച്ചു.

വാഹനത്തിന്റെ തരം, ഫീസ്, സര്‍വീസ് ചാര്‍ജ് ക്രമത്തില്‍: താത്കാലിക രജിസ്ട്രേഷന്- എല്ലാ വാഹനങ്ങള്‍ക്കും (50,50), സ്ഥിരം രജിസ്ട്രേഷന് ഇരുചക്രവാഹനങ്ങള്‍ (60,50), മുച്ചക്ര വാഹങ്ങള്‍ (300,150), ചെറിയ നാലു ചക്ര വാഹനങ്ങള്‍ (മോട്ടോര്‍ കാര്‍ വിഭാഗം) (200,200), ചെറിയ കൊമേഴ്സ്യല്‍ വാഹന ങ്ങള്‍ 7500 കി.ഗ്രാം വരെ. (300-150), മീഡിയം വാഹനങ്ങള്‍ 7500 കി. ഗ്രാമിനു മുകളില്‍ 1200 കി.ഗ്രാം വരെ (400,200), ഹെവി വാഹനങ്ങള്‍ 12,000 കിലോ ഗ്രാമിനു മുകളില്‍ (600,300), ഇറക്കുമതി ചെയ്ത മോട്ടോര്‍ സൈക്കിള്‍ (200,50) ഇറക്കുമതിചെയ്ത മറ്റു വാഹനങ്ങള്‍ (800,150).

8. ഭൂട്ടാന്‍ മാതൃകയില്‍ ഇന്നു മുതല്‍ ആറു ലോട്ടറികള്‍
തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികളായ ഭൂട്ടാന്റേയും സിക്കിമിന്റേയും സമ്മാനഘടനയെ അനുകരിച്ചു കേരളത്തിന്റെ ആറു പുതിയ ഭാഗ്യക്കുറികള്‍ ഇന്ന് പുറത്തിറങ്ങും. തിരുവനന്തപുരത്ത് മന്ത്രി തോമസ് ഐസക് ലോട്ടറികളുടെ ഔദ്യോഗിക വിതരണോദ്ഘാടനം നിര്‍വഹിക്കും. തിങ്കളാഴ്ച മുതലാണ് ലോട്ടറികള്‍ മാര്‍ക്കറ്റില്‍ എത്തുന്നത്.

അടുത്ത മാസം മൂന്നുമുതല്‍ നറുക്കെടുപ്പ് ആരംഭിക്കുന്ന ലോട്ടറികള്‍ക്ക് ഏകദേശം ഓരേ സമ്മാനഘടനയാണ്.

ഞായറാഴ്ച പുറത്തിറക്കിയ ആദിത്യയുടെ ചുവട് പിടിച്ച് ഭാഗ്യക്കുറിവകുപ്പ് പത്ത് രൂപ ടിക്കറ്റ് വിലയില്‍ അഞ്ച് പ്രതിവാരലോട്ടറികളും 30 രൂപ ടിക്കറ്റ് വിലയില്‍ ഒരു പ്രതിമാസഭാഗ്യക്കുറിയുമാണ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.15 ലക്ഷം ടിക്കറ്റുകള്‍ വീതമാണ് എത്തുന്നത്.

തിങ്കളാഴ്ചതോറുമുള്ള അക്ഷയയ്ക്കുപിന്നാലെ ഐശ്വര്യ, അമൃത ,അമൂല്യ,അന്നപൂര്‍ണ എന്നീ ക്രമത്തില്‍ പ്രതിവാരലോട്ടറികളും എല്ലാ നാലാം ശനിയാഴ്ചതോറും സമൃദ്ധി എന്നപ്രതിമാസലോട്ടറിയുമാണ് വരുന്നത്. അക്ഷയ, അമൃത,അന്നപൂര്‍ണ ടിക്കറ്റുകള്‍ക്ക് ഒന്നാം സമ്മാനം ഒരു ലക്ഷം വീതം രണ്ട് പേര്‍ക്കാണ്.

9. ചിക്കുന്‍ഗുനിയ സാധ്യത തള്ളിക്കളയാനാവില്ല: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തു ചിക്കുന്‍ഗുനിയ ഉള്‍പ്പടെ പകര്‍ച്ചവ്യാധി സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി. എന്നാല്‍ തെക്കന്‍ജില്ലകളില്‍ ഇത്തരമൊരു ഭീഷണിയില്ലെന്നും അവര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി സെല്‍ മുഖേന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊതുകുനിര്‍മാര്‍ജനം ശക്തമാക്കും.

16009 വാര്‍ഡുകളിലെ കൊതുകുനിര്‍മാര്‍ജനത്തിനു 16.9 കോടിരൂപ കേന്ദ്രം അനുവദിച്ചിട്ടുണ്െടന്നും മന്ത്രി പറഞ്ഞു.

വാര്‍ഡുകളിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ എന്നിവരുള്‍പ്പെട്ടതാണ് സെല്‍.

10. വിദ്യാഭ്യാസം: ഇടപെടല്‍ അനിവാര്യമെന്നു പാലോളി
ആലപ്പുഴ: വിദ്യാഭ്യാസരംഗത്തു തദ്ദേശസ്വയംഭരണവകുപ്പിന്റെ ഇടപെടല്‍ അനിവാര്യമാണെന്നു മന്ത്രി പാലോളി മുഹമ്മദുകുട്ടി.

അടിസ്ഥാനസൌകര്യവികസനത്തിനും സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനും ഇതാവശ്യമാണ്. സാമ്പത്തികശേഷിയില്ലാത്ത വിദ്യാര്‍ഥികളെ സഹായിക്കുന്നതു തെറ്റാണോ. ആലപ്പുഴ നഗരസഭ കലാകായികരംഗത്ത് നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിക്കാന്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.1. പാലക്കാട് കോച്ച് ഫാക്ടറി റെയില്‍വേ ബജറ്റില്‍
ന്യൂദല്‍ഹി: കേരളത്തിന്റെ ചിരകാലാഭിലാഷമായ പാലക്കാട് കോച്ച് ഫാക്ടറി റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ഏറക്കുറെ ഉറപ്പായി. കേരളത്തിന്റെ വെട്ടിക്കുറച്ച റേഷനരി വിഹിതം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ സി. ദിവാകരന്‍, എം. വിജയകുമാര്‍, കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ എന്നിവരടങ്ങുന്ന സംഘം ഇന്നലെ രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്, ഭക്ഷ്യ മന്ത്രി ശരത് പവാര്‍ എന്നിവരെ കണ്ട് ചര്‍ച്ച നടത്തിയത്.

അരിവിഹിതം പുനഃസ്ഥാപിക്കുക, പാലക്കാട് കോച്ച് ഫാക്ടറി ബജറ്റില്‍ ഉള്‍പ്പെടുത്തുക, വൈദ്യുതി വിഹിതം പുനഃസ്ഥാപിക്കുക, ഫാക്ട് പുനരുദ്ധാരണത്തിന് 200 കോടിയുടെ പാക്കേജ് അടിയന്തരമായി അനുവദിക്കുക, ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കുക, കൊച്ചി മെട്രോ ട്രയിന്‍ യാഥാര്‍ഥ്യമാകാന്‍ ഇടപെടുക എന്നീ ആവശ്യങ്ങളാണ് സംഘം ചര്‍ച്ചയില്‍ ഉന്നയിച്ചത്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്ര ഭക്ഷ്യ മന്ത്രി ശരത് പവാറുമായി നടത്തിയ ചര്‍ച്ചയില്‍ അരി വിഹിതം പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര പൂളില്‍ ഭക്ഷ്യധാന്യ സ്റ്റോക്ക് തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യം പൂര്‍ണമായി നിറവേറ്റാനാവില്ലെന്ന് പവാര്‍ വ്യക്തമാക്കി. വെട്ടിക്കുറച്ചതിന്റെ നിശ്ചിത ശതമാനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന വാഗ്ദാനം മാത്രമാണ് കേന്ദ്രം നല്‍കിയത്. കേന്ദ്ര മന്ത്രി സഭയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. ചുരുക്കത്തില്‍ കേന്ദ്ര മന്ത്രി സഭ തീരുമാനിച്ചതിന് ശേഷമേ എത്ര ശതമാനം അരി വിഹിതം കേരളത്തിന് ലഭിക്കൂ എന്ന് പറയാനാവൂ. 80 ശതമാനം വിഹിതം വെട്ടിക്കുറച്ചതില്‍ 20 ശതമാനമെങ്കിലൂം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി സി. ദിവാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഭക്ഷ്യ മന്ത്രി ശരത് പവാറുമായി ഇന്നലെ വൈകീട്ട് നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതിന് ശേഷം വൈകീട്ട് ദിവാകരന്‍ വീണ്ടും ശരത് പവാറിനെ കണ്ടെങ്കിലും കാര്യമായ ഉറപ്പൊന്നും നല്‍കാന്‍ കേന്ദ്ര മന്ത്രി തയാറായില്ല. അതേസമയം ഈസ്റ്റര്‍, ആറ്റുകാല്‍ പൊങ്കാല എന്നീ ഉല്‍സവ കാലങ്ങള്‍ പരിഗണിച്ച് പ്രത്യേക ക്വാട്ട അരി കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ മാസം എട്ടിന് ഹൈദരാബാദില്‍ നടക്കുന്ന ഭക്ഷ്യ പൊതുവിതരണ സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തില്‍ ആന്ധ്ര, ഒറീസ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാര്‍ക്കറ്റ് വിലക്ക് അരി ലഭ്യമാക്കുന്ന കാര്യം തീരുമാനിക്കാമെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും ഉറപ്പു നല്‍കി.

2. ബംഗാള്‍ ബന്ദില്‍ അക്രമം
ദിന്‍ഹാട്ട (പശ്ചിമബംഗാള്‍) : പോലിസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ഫോര്‍വേഡ് ബ്ലോക്ക് ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക അക്രമം. സംസ്ഥാനത്ത് ട്രെയിന്‍, ബസ് ഗതാഗതമടക്കം നിലച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ സ്റ്റേഷനുകളില്‍ കുടുങ്ങി. വെടിവെപ്പില്‍ പ്രതിഷേധിച്ച് നടന്ന ബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലിസുകാരന്‍ മരിച്ചതോടെ ദിന്‍ഹാട്ട സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

ദിന്‍ഹാട്ട സബ്ഡിവിഷനല്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ആയിരത്തോളം ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ക്കു നേരെയാണ് പോലിസ് 50 റൌണ്ട് വെടിവെച്ചത്. ആയിരത്തോളം ഫോര്‍വേഡ്ബ്ലോക്ക് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത, സി.ആര്‍ അവന്യൂ, ബൌബസാര്‍, ധര്‍മതോല എന്നിവിടങ്ങളില്‍ സമരക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടന്നു. ദിന്‍ഹാട്ട ഉള്‍പ്പെടെ പലയിടത്തും സി.പി.എം^ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സ്കൂളുകളും കോളജുകളും ഇന്നലെ പ്രവര്‍ത്തിച്ചില്ല. വെടിവെപ്പു നടന്ന ദിന്‍ഹാട്ടയില്‍ സംഘര്‍ഷം തുടരുകയാണ്. ഫോര്‍വേഡ് ബ്ലോക്ക് സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ഫോര്‍വേഡ്ബ്ലോക്ക് ജില്ലാ സെക്രട്ടറി ഉദയന്‍ഗുഹ, മുന്‍ എം.എല്‍.എ നൃപന്‍റോയി എന്നിവരടക്കം 40 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.

3. ആറു കേന്ദ്രമന്ത്രാലയങ്ങളില്‍ എ.ഡി.ബി നിയമനം
ന്യൂദല്‍ഹി: കേന്ദ്രത്തിലെ ആറു മന്ത്രാലയങ്ങളിലേക്ക് എ.ഡി.ബി നേരിട്ട് നിയമനം നടത്തുന്നു. ഉപരിതല ഗതാഗതം, ഷിപ്പിംഗ്, വ്യോമയാനം, നഗരവികസനം, ടൂറിസം, റെയില്‍വേ മന്ത്രാലയങ്ങളിലേക്ക് നിയമനത്തിന് എ.ഡി.ബി കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു.പൊതു^സ്വകാര്യ പങ്കാളിത്തം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍ വിദഗ്ധരെയാണ് നിയമിക്കുന്നത്. ഈ മന്ത്രാലയങ്ങളുടെ കീഴില്‍ വരുന്ന പൊതു^സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ ഏകോപനം, വിലയിരുത്തല്‍, സാമ്പത്തികോപദേശം എന്നീ ചുമതലകളുമായാണ് നിയമനം.

സര്‍ക്കാര്‍ നേരിട്ട് ചെലവുവഹിക്കുന്ന പദ്ധതികള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കുറഞ്ഞുവരികയും പൊതു^സ്വകാര്യപങ്കാളിത്തം എന്ന പേരില്‍ സ്വകാര്യമേഖല തന്ത്രപ്രധാന മേഖലകളില്‍പോലും പിടിമുറുക്കുകയും ചെയ്യുന്നതിനിടെയാണ് മന്ത്രാലയങ്ങളിലേക്കുളള നിയമനം എന്നത് ശ്രദ്ധേയമാണ്്. അടുത്തിടെയായി പൊതു^സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് എ.ഡി.ബി വായ്പ അനുവദിക്കുന്നുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇത്തരം പദ്ധതികളുടെ പിന്നാലെയാണ്. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള വകുപ്പുകളിലേക്ക് എ.ഡി.ബി നേരിട്ട് നിയമനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആസൂത്രണ കമീഷനില്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്താന്‍ നടത്തിയ നീക്കം വന്‍ വിവാദമായിരുന്നു. കമീഷനിലെ ഇടതു പ്രതിനിധികള്‍ രാജിവെച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സാമൂഹിക മേഖലകളില്‍ സര്‍ക്കാര്‍ പണം മുടക്കുന്നതിനെ ലോകബാങ്കും എ.ഡി.ബി യും നേരത്തേ മുതല്‍ നിരുല്‍സാഹപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ കര്‍ക്കശമായ നിബന്ധനകളോടുകൂടിയാണ് സംസ്ഥാനങ്ങളിലെ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നത്. അതിന്റെ അടുത്ത ഘട്ടത്തിലാണ് പൊതു^സ്വകാര്യപദ്ധതികളുടെ പേരില്‍ എ.ഡി.ബിക്കാര്‍ മന്ത്രാലയങ്ങളില്‍ കയറിക്കൂടുന്നത്.

4. പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കാന്‍ ശിപാര്‍ശ
ന്യൂദല്‍ഹി: സ്ത്രീകളുടേതുപോലെ, പുരുഷന്മാരുടെ വിവാഹപ്രായവും 21ല്‍നിന്ന് 18 ആയി കുറക്കാനും ആണ്‍^പെണ്‍ ഭേദമില്ലാതെ 18 വയസ്സില്‍ താഴെയുള്ള വിവാഹങ്ങള്‍ നിരോധിക്കാനും നിയമ കമീഷന്‍ ശിപാര്‍ശ ചെയ്തു.

വിവാഹിതരാണെങ്കില്‍കൂടി 16 തികയാത്തവരുമായുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനും കമീഷന്‍ നിര്‍ദേശിച്ചു. 16ല്‍ താഴെയുള്ള വിവാഹങ്ങള്‍ അസാധുവാക്കണം.

2006ലെ ബാലവിവാഹ നിരോധ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ പൊരുത്തക്കേടുകള്‍ മാറ്റിയെടുക്കുന്നതിന് നാലു പ്രധാന ശിപാര്‍ശകളാണ് കമീഷന്‍ മുന്നോട്ടു വെച്ചത്. അതനുസരിച്ച് 16നും 18നും ഇടയിലെ വിവാഹം ഉഭയകക്ഷി സമ്മതമുണ്ടെങ്കിലും അസാധുവാക്കണം. അസാധുവും അസാധുവാക്കാന്‍ കഴിയുന്നതുമായ വിവാഹങ്ങളുടെ കാര്യത്തില്‍, സ്ത്രീയും കുട്ടികളും നിരാലംബരാകാതിരിക്കാന്‍ നിലവിലെ ജീവനാംശ^സംരക്ഷണ വ്യവസ്ഥകള്‍ ബാധകമാക്കണം. വിവാഹ രജിസ്ട്രഷന്‍ നിര്‍ബന്ധമാക്കണം എന്നതാണ് നാലാമത്തെ നിര്‍ദേശം.

വിവാഹിതരാണെങ്കില്‍കൂടി 15 വയസ്സിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകൃത്യമാണ്. അവിവാഹിതരായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് 16 വയസ്സാണ്. ഈ പ്രായപരിധിക്കുള്ളിലുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമായി കണക്കാക്കി നിയമ നടപടി സ്വീകരിക്കും. വിവാഹിതരെന്നോ അവിവാഹിതരെന്നോ ഭേദമില്ലാതെ 16ല്‍ താഴെ പ്രായമുള്ളവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകൃത്യമായി കാണണമെന്നാണ് പുതിയ ശിപാര്‍ശ.

ബാലവിവാഹത്തെക്കുറിച്ച ശിപാര്‍ശകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് നിയമ കമീഷന്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ എ.ആര്‍ ലക്ഷ്മണന്‍ നിയമമന്ത്രി എച്ച്.ആര്‍ ഭരദ്വാജിന് കൈമാറി. സര്‍ക്കാറും പാര്‍ലമെന്റും അംഗീകരിച്ചാല്‍ മാത്രമാണ് ശിപാര്‍ശകള്‍ക്ക് നിയമപ്രാബല്യം ലഭിക്കുക.

വോട്ടിംഗ് പ്രായം 18 ആണെന്നിരിക്കേ, പുരുഷന്മാരുടെ വിവാഹപ്രായം 21 ആയി നിശ്ചയിച്ചിരിക്കുന്നത് യുക്തിസഹമല്ലെന്ന് കമീഷന്‍ അംഗങ്ങള്‍ വാര്‍ത്താലേഖകരോട് വിശദീകരിച്ചു. പല രാജ്യങ്ങളിലും വിവാഹപ്രായത്തിന് ആണ്‍^പെണ്‍ ഭേദമില്ല. അതേസമയം, 18ന് താഴെയുള്ള വിവാഹം നിരുല്‍സാഹപ്പെടുത്തണം. കുറ്റകരമായ ലൈംഗിക ബന്ധത്തെ നിര്‍വചിക്കുന്നതില്‍ പ്രായമല്ലാതെ, വിവാഹിതരെന്നോ അവിവാഹിതരെന്നോ വേര്‍തിരിവ് ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞു.

5. സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ച് വീടുകള്‍ ഇടിച്ചുനിരത്തി
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നാലുവരിപ്പാതക്കുവേണ്ടി മൂലമ്പിള്ളി ദ്വീപിലെ കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ റവന്യൂ വകുപ്പ് അധികൃതര്‍ കുടിയൊഴിപ്പിച്ചു. കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും മര്‍ദിച്ചൊതുക്കിയശേഷം വീടുകള്‍ ഇടിച്ചുനിരത്തുകയായിരുന്നു.

സ്ഥലമൊഴിയാന്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കാത്ത പത്ത് കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. രാവിലെ ഇവരുടെ വീടുകള്‍ ഭാഗികമായി തകര്‍ത്ത് മടങ്ങിയ റവന്യൂ അധികൃതര്‍ വൈകുന്നേരം ഏഴുമണിയോടെ തിരിച്ചെത്തി എക്സ്കവേറ്റര്‍ ഉപയോഗിച്ച് വീടുകള്‍ പൂര്‍ണമായും ഇടിച്ചുനിരത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ബലംപ്രയോഗിച്ച് പുറത്തേക്ക് വലിച്ചിഴച്ചശേഷം ഗൃഹോപകരണങ്ങള്‍ വീടിനു പുറത്തേക്ക് വലിച്ചെറിഞ്ഞു.

രാവിലെ ഒമ്പതരയോടെയാണ് കുടിയൊഴിപ്പിക്കലിന് വല്ലാര്‍പാടം ഭൂമി ഏറ്റെടുക്കലിനുള്ള പ്രത്യേക തഹസില്‍ദാര്‍ സുശീല ജേക്കബ്, ഡെപ്യൂട്ടി കലക്ടര്‍ രമാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം മൂലമ്പിള്ളിയിലെത്തിയത്. സമ്മതപത്രം ഒപ്പിട്ട് നല്‍കിയ 12 കുടുംബങ്ങളുടെ വീടുകള്‍ ശനിയാഴ്ച പൊളിച്ചിരുന്നു. സമ്മതപത്രം നല്‍കാത്തവരുടെ വീടുകളും പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് റവന്യൂ അധികൃതര്‍ തിരികെ പോവുകയായിരുന്നു. ഈ പശ്ചാത്തലം കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹവുമായാണ് ഇന്നലെ റവന്യൂ സംഘം എത്തിയത്.

പുനരധിവാസം ഉറപ്പുവരുത്തിയ ശേഷമേ ഒഴിപ്പിക്കാവൂ എന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ചെറുത്തുനിന്നു. പോലിസ്സഹായത്തോടെ വീടുകള്‍ ഇടിച്ചുനിരത്താന്‍ തുടങ്ങിയപ്പോള്‍ കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കളടക്കമുള്ളവര്‍ വീടുകളില്‍ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ അധികൃതര്‍ ബലപ്രയോഗത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.

ഫാക്ട് സ്കൂളിലെ റിട്ട. അധ്യാപകനും കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാവുമായ പനക്കല്‍ സെലസ്റ്റിന്‍ മാസ്റ്ററുടെ വീടാണ് ആദ്യം പൊളിക്കാന്‍ തുടങ്ങിയത്. ഇതിനെ എതിര്‍ത്ത കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തിങ്കല്‍, മൂലമ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് പള്ളി വികാരി ഫാ. മാര്‍ട്ടിന്‍ കുറ്റിക്കാട്ട്, പനക്കല്‍ മാര്‍ട്ടിന്‍ എന്നിവരെ പോലിസ് മര്‍ദിച്ചു. പത്രപ്രവര്‍ത്തകരെയും പോലിസ് കൈയേറ്റം ചെയ്തു.

ബലപ്രയോഗം കണ്ട് സ്ത്രീകളും കുട്ടികളും വാവിട്ട് കരഞ്ഞതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. കുടുംബാംഗങ്ങള്‍ വീട്ടിനുള്ളിലിരിക്കെ തന്നെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ ജനലുകളും വാതിലുകളും പൊളിച്ചു. ഇതിനിടെ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വീടുകളിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു. സെലസ്റ്റിന്‍ മാസ്റ്ററുടെ വീട് പൊളിച്ചശേഷം തിട്ടയില്‍ സുഭദ്രയുടെ വീട്ടിലേക്കാണ് സംഘം നീങ്ങിയത്.

കുടികിടപ്പവകാശമായി കിട്ടിയ സ്ഥലത്തിന്റെ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും വീട് പൊളിക്കരുതെന്നും സുഭദ്രയുടെ മകന്‍ ദിലീപന്‍ കെഞ്ചിപ്പറഞ്ഞെങ്കിലും അധികൃതര്‍ വകവെച്ചില്ല. തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് കുടിയൊഴിയാന്‍ സമ്മതമാണെന്നുള്ള പത്രത്തില്‍ നിര്‍ബന്ധപൂര്‍വം സുഭദ്രയുടെ വിരലടയാളം പതിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്ത സമരസമിതി പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചു.
സ്വന്തം വീട് ഒഴിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ചാരനാട്ട് ആന്റണിയുടെ മകള്‍ ചിന്നു (22) മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.

ആന്റണിയുടെ ഉള്‍പ്പെടെ പത്ത് വീടുകളും പൊളിച്ച അധികൃതര്‍, സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്തിരിക്കുകയാണെന്ന് വ്യക്തമാക്കി. സ്ഥലം നാഷനല്‍ ഹൈവേ അതോറിറ്റിക്ക് കൈമാറും.

അജിത, സി.ആര്‍. നീലകണ്ഠന്‍, ഷൈല കെ. ജോണ്‍ തുടങ്ങിയ പരിസ്ഥിതി^സാമൂഹിക പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് മൂലമ്പിള്ളിയില്‍ കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.

ഇതിനുശേഷം ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കാന്‍ സമരസമിതി നേതാക്കള്‍ പോയ ഉടനെ വന്‍ പോലിസ് സന്നാഹം വീണ്ടും മൂലമ്പിള്ളിയിലെത്തി. പുരുഷന്മാരധികവും യോഗസ്ഥലത്തായതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ വീട്ടില്‍നിന്ന് നിര്‍ബന്ധപൂര്‍വം പുറത്താക്കുകയായിരുന്നു.

6. വൈദ്യുതി കുടിശിക 1850 കോടി; ഈടാക്കാന്‍ നടപടിയില്ല
തൊടുപുഴ: വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ വകുപ്പുകളും വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ള കുടിശിക 1842 കോടി 78 ലക്ഷം രൂപ. വൈദ്യുതി മന്ത്രിയും ഭരണകക്ഷി നേതാക്കളും ഇടപെട്ട് സ്റ്റേ അനുവദിച്ചതാണ് സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് വൈദ്യുതി ചാര്‍ജ് ഈടാക്കുന്നതിന് തടസ്സമായത്.

658 കോടി രൂപയാണ് സ്വകാര്യ സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ് കുടിശിക. 653 വന്‍കിട സ്വകാര്യ സ്ഥാപനങ്ങളാണ് 658 കോടി രൂപ കുടിശിക വരുത്തിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം വൈദ്യുതി ചാര്‍ജ് കുടിശികയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടതിന് വൈദ്യുതി വകുപ്പ് നല്‍കിയ മറുപടിയിലാണ് ബോര്‍ഡ് നടത്തുന്ന വെട്ടിപ്പ് പുറത്തുവന്നത്. ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്നോ സാധാരണക്കാരില്‍നിന്നോ വൈദ്യുതി കുടിശിക ഈടാക്കാനില്ലെന്നും ബോര്‍ഡ് നല്‍കിയ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്.

വൈദ്യുതി വകുപ്പ് നല്‍കിയ മറുപടി അനുസരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ 142 കോടി രൂപയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ 958 കോടി രൂപയും തദ്ദേശഭരണ സ്ഥാപനങ്ങള്‍ 16 കോടി രൂപയും കുടിശികയുണ്ട്. ആകെ 1117 കോടി രൂപയാണ് ഈ ഇനത്തില്‍ കുടിശിക.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 72 ലക്ഷം രൂപയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 47 കോടി രൂപയുമാണ് കുടിശിക ഈടാക്കാനുള്ളത്. സംസ്ഥാന^കേന്ദ്ര സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നുമായി 1842 കോടി രൂപയാണ് കുടിശിക ഈടാക്കാനുള്ളത്.

ഗ്രിഡ് ഒന്നില്‍ വരുന്ന ടാറ്റാ ടീ ലിമിറ്റഡ് ഒരുകോടി പതിനാറായിരം രൂപയാണ് വൈദ്യുതി ബോര്‍ഡിന് നല്‍കാനുള്ളത്. ഗ്രിഡ് 3^ല്‍ വരുന്ന കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ (സെസ്) കുടിശിക 75 ലക്ഷമാണ്. ഹൈഡ്രോ ഇലക്ട്രോ പവര്‍ 92 കോടി, ഇന്ത്യന്‍ അലുമിനിയം 63 കോടി, ബിനാനി സിങ്ക് 48 കോടി, ഇന്‍സില്‍ ഇലക്ട്രോ മെല്‍സ് 26 കോടി, വര്‍ക്കലയിലെ ടാജ് ഹോട്ടല്‍ 13 ലക്ഷം എന്നിങ്ങനെ 653 വന്‍കിട സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് കെ.എസ്.ഇ.ബി 658 കോടി രൂപ കുടിശിക ഇനത്തില്‍ ഈടാക്കാനുള്ളത്.

സംസ്ഥാന സര്‍ക്കാറിന്റെ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയിരിക്കുന്നത് വാട്ടര്‍ അതോറിട്ടിയാണ്. 469 കോടി രൂപയാണ് വാട്ടര്‍ അതോറിട്ടിയുടെ വൈദ്യുതി കുടിശിക. കാര്‍ഷിക മേഖലക്ക് വൈദ്യുതി നല്‍കിയതിന് 46 കോടി രൂപയാണ് കുടിശികയിനത്തില്‍ ഈടാക്കാനുള്ളത്.

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ ആറുകോടി 78 ലക്ഷം രൂപയും നഗരസഭകള്‍ രണ്ടുകോടി 92 ലക്ഷം രൂപയും നല്‍കാനുണ്ട്. വൈദ്യുതി വിതരണം സ്വയം നിര്‍വഹിക്കുന്ന തൃശൂര്‍ നഗരസഭ മൂന്നുകോടി 22 ലക്ഷം രൂപയാണ് നല്‍കാനുള്ളത്.

സര്‍ക്കാര്‍ ഭൂമി വില്‍പന നടത്തിയ കളമശേരിയിലെ എച്ച്.എം.ടിയില്‍ നിന്ന് കുടിശിക ഇനത്തില്‍ ഈടാക്കാനുള്ളത് 10 കോടി 98 ലക്ഷം രൂപയാണ്.

ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നോ സിംഗിള്‍ ഫേസ് ഉപഭോക്താക്കളായ സാധാരണക്കാരില്‍ നിന്നോ ഒരു രൂപ പോലും കുടിശിക ഈടാക്കാനില്ലെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും 500 രൂപയില്‍ താഴെയാണ് പ്രതിമാസ വൈദ്യുതി ചാര്‍ജ്. ഇത് ആറുമാസം കുടിശിക വരുത്തിയാല്‍ റവന്യൂ റിക്കവറി നടപടി സ്വീകരിച്ച് തുക ഈടാക്കുകയാണ് പതിവെന്നും അതിനാലാണ് ഈ വിഭാഗത്തില്‍ കുടിശിക ഇല്ലാത്തതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും യൂനിറ്റിന് 20 പൈസ യു.ഡി.എഫ് സര്‍ക്കാര്‍ ഇളവ് ചെയ്തിരുന്നു. ഈ തുക സര്‍ക്കാര്‍ സബ്സിഡിയായി കെ.എസ്.ഇ.ബിക്ക് നല്‍കാമെന്ന വ്യവസ്ഥയില്‍ ആയിരുന്നു ഇത്. സര്‍ക്കാറിന് പണം നല്‍കാനാകില്ലെന്നും താരിഫ് റഗുലേറ്ററി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഈ ഇളവ് അവസാനിപ്പിച്ചു. 20 പൈസ കൂടി യൂനിറ്റിന് വര്‍ധിപ്പിച്ചു.

മീറ്റര്‍ വാടക ഇനത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് 10 രൂപയാണ് ഈടാക്കുന്നത്. ത്രീഫേസ് ഉപഭോക്താക്കളില്‍ നിന്ന് 20 രൂപയും.
വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലായതിനാല്‍ ചാര്‍ജ് വര്‍ധിപ്പിക്കാതിരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രിയും വൈദ്യുതി വകുപ്പും വ്യക്തമാക്കിയിരുന്നു.
സാധാരണ ഉപഭോക്താക്കളെ ഇങ്ങനെ വീണ്ടും വീണ്ടും പിഴിയുന്നതിനിടെയാണ് വന്‍കിട സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശിക പിരിക്കുന്നതിന് ബോര്‍ഡ് ഇളവ് നല്‍കിയിരിക്കുന്നത്.

7. സമ്പൂര്‍ണ ഭവനപദ്ധതിയും ലക്ഷംവീട് നവീകരണവും ധന, തദ്ദേശ മന്ത്രിമാര്‍ അട്ടിമറിച്ചു
തൊടുപുഴ: എല്ലാവര്‍ക്കും വീട് പദ്ധതി ധന^തദ്ദേശ വകുപ്പുകള്‍ അട്ടിമറിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭവന വകുപ്പ് മന്ത്രി ബിനോയ് വിശ്വം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും കത്ത് നല്‍കി. എല്ലാവര്‍ക്കും വീട് നിര്‍മിച്ചുനല്‍കാനും ലക്ഷംവീടുകള്‍ നവീകരിക്കാനും ഭവനവകുപ്പ് രൂപംകൊടുത്ത പദ്ധതികള്‍ക്ക് ധനവകുപ്പ് പണം അനുവദിച്ചില്ല. തദ്ദേശവകുപ്പ് ഇ.എം.എസ് സമ്പൂര്‍ണ ഭവനപദ്ധതിയെന്ന പ്രത്യേക പരിപാടി ആവിഷ്കരിക്കുകയും ചെയ്തു.

ലക്ഷംവീട് നവീകരണ പദ്ധതിക്ക് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും തുക വകയിരുത്താന്‍ ധനമന്ത്രി തയാറായില്ല. ഭവനവകുപ്പിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതും പദ്ധതികള്‍ അട്ടിമറിക്കുന്നതും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ ഇടതുമുന്നണി ചര്‍ച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കണമെന്നും കത്തില്‍ പറയുന്നു.
ഇതേ ആവശ്യമുന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും മന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. വി.എസ് സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ എല്ലാവര്‍ക്കും അഞ്ചുവര്‍ഷത്തിനുള്ളില്‍ വീട് നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഭവനമന്ത്രി നിയമസഭയില്‍ പ്രത്യേക പ്രഖ്യാപനവും നടത്തി. ലക്ഷംവീടുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ ലക്ഷംവീടുകളും നവീകരിക്കുമെന്നും പ്രഖ്യാപിച്ചു.

എന്നാല്‍, മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ഇ.എം.എസ് സമ്പൂര്‍ണ ഭവനപദ്ധതി പ്രഖ്യാപിച്ചു. തദ്ദേശ വകുപ്പ് ഭവനവകുപ്പിന്റെ ചുമതലകള്‍ ഏറ്റെടുക്കുകയായിരുന്നു. ലക്ഷംവീട് നവീകരണത്തിന് 2005^ലെ ബജറ്റില്‍ യു.ഡി.എഫ് സര്‍ക്കാറാണ് ആദ്യമായി തുക നീക്കിവെച്ചത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഭവനവകുപ്പ് പല പ്രാവശ്യം പദ്ധതി സമര്‍പ്പിച്ചു. ഇതെല്ലാം ധനവകുപ്പ് തള്ളി. പണം നീക്കിവെക്കാനാകില്ലെന്ന് വ്യക്തമാക്കി. ഭവനനിര്‍മാണം ഭരണഘടനയുടെ 73, 74 വകുപ്പുകള്‍ അനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടേതാണെന്ന വാദം ഉന്നയിച്ചായിരുന്നു ഇത്. സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കലും ലക്ഷംവീട് നവീകരണവും പഞ്ചായത്തുകളാണ് നിര്‍വഹിക്കേണ്ടതെന്ന നിലപാട് ധന^തദ്ദേശ മന്ത്രിമാര്‍ മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ സ്വീകരിക്കുകയായിരുന്നു. ഭവനവകുപ്പിന്റെ അധികാരം ഹൌസിംഗ് ബോര്‍ഡിന്റെ ചുമതലയിലേക്ക് ചര്‍ച്ച ഇല്ലാതെ തന്നെ പരിമിതപ്പെടുത്തി.

സമ്പൂര്‍ണ ഭവനപദ്ധതിയും ലക്ഷംവീട് നവീകരണവും സി.പി.ഐ കൈകാര്യം ചെയ്യുന്ന ഭവനവകുപ്പ് നടപ്പാക്കുന്നത് തടയുകയെന്ന ഗൂഡലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി ബിനോയ് വിശ്വം വെളിയം ഭാര്‍ഗവന് നല്‍കിയ കത്തില്‍ ആരോപിക്കുന്നു.
സി.പി.ഐ നിയന്ത്രണത്തിലുള്ള കൃഷിവകുപ്പ് നേരത്തെ തന്നെ ധനമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ധന^തദ്ദേശ വകുപ്പ് മന്ത്രിമാര്‍ക്കെതിരെ ബിനോയ് വിശ്വത്തിന്റെ പരാതി.

8. അമേരിക്കയില്‍ ചുഴലിക്കാറ്റ്; 31 മരണം
ലിറ്റില്‍റോക്ക്: അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച രാത്രി ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ ചുരുങ്ങിയത് 31 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ധാരാളം കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നതായും പ്രാദേശിക മാധ്യമങ്ങളും അടിയന്തര സേവന വിഭാഗങ്ങളും അറിയിച്ചു.

അര്‍ക്കന്‍സാസ്, ടെന്നസി, കെന്റക്കി, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിലാണ് കൊടുങ്കാറ്റ് താണ്ഡവമാടിയത്. അര്‍ക്കന്‍സാസിലും ടെന്നസിയിലും പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള പ്രാഥമിക വോട്ടെടുപ്പിനിടയിലാണ് ദുരന്തമുണ്ടായത്. പടിഞ്ഞാറന്‍ ടെന്നസിയില്‍ നാലു പോളിംഗ് സ്റ്റേഷനുകള്‍ അടച്ചു.

അര്‍ക്കന്‍സാസില്‍ 11 പേര്‍ മരിച്ചുവെന്നും പരിക്കേറ്റവരുടെ എണ്ണം ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കെന്റക്കിയില്‍ ചുരുങ്ങിയത് നാലു പേര്‍ മരിച്ചുവെന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ടെന്നസിയില്‍ ആറു പേര്‍ മരിച്ചതായി മറ്റൊരു പത്രവും വെളിപ്പെടുത്തി. 25ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും ചിലരുടെ പരിക്ക് ഗുരുതരമാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ടെന്നസിയിലെ മെംഫിസില്‍ ഷോപ്പിംഗ് മാള്‍ ഭാഗികമായി തകര്‍ന്നു. മറ്റൊരു കെട്ടിടത്തിന് തീപിടിച്ചു. ജാക്സണിലെ യൂനിയന്‍ യൂനിവേഴ്സിറ്റിയില്‍ തകര്‍ന്ന കെട്ടിടത്തിനകത്ത് കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. മിസിസിപ്പിയിലെ ഈ നഗരത്തില്‍ കുറേപേര്‍ വ്യവസായശാലയില്‍ കുടുങ്ങിയതായും അധികൃതര്‍ പറഞ്ഞു. ജാക്സണില്‍ ഒരു നഴ്സിംഗ്ഹോം തകര്‍ന്നുവെങ്കിലും അപകടത്തിനു മുമ്പ് അതിനകത്തുണ്ടായിരുന്ന 114 പേരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.1. സംസ്ഥാനം പവര്‍കട്ടിന്റെ വക്കില്‍: എ.കെ. ബാലന്‍
തിരൂരങ്ങാടി (മലപ്പുറം): കേരളം പവര്‍കട്ടിന്റെ വക്കിലാണെന്ന് മന്ത്രി എ.കെ. ബാലന്‍. കുന്നുംപുറത്ത് വൈദ്യുതി സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്താക്കള്‍ വര്‍ധിക്കുന്നതും കേന്ദ്രത്തിന്റെ വൈദ്യുതി വിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായി വരികയാണ്. സംസ്ഥാനത്ത് 2000 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള വൈദ്യുതി പദ്ധതികള്‍ക്കുള്ള പ്രവൃത്തി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ പട്ടിക വിഭാഗം വീടുകളിലും നാലു വര്‍ഷത്തിനുള്ളില്‍ മറ്റുള്ള വീടുകളിലും വൈദ്യുതീകരണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പിലെ അഴിമതിക്കേസുകള്‍ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കും. ഒരു വകുപ്പും ഒരു മന്ത്രിയും തീരുമാനിച്ചാല്‍ കാര്യങ്ങള്‍ നടത്താനാകില്ലെന്നും സംസ്ഥാനത്ത് എന്തെങ്കിലുമൊരു പദ്ധതി നടപ്പാക്കണമെന്നുദ്ദേശിച്ചാല്‍ അതിനെതിരെ സമരം ചെയ്ത് പദ്ധതിതന്നെ ഇല്ലാതാക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

2. കാഷ്യൂ ബോര്‍ഡ്: ആസ്ഥാനം കൊല്ലത്തിനു ലഭിച്ചേക്കും
ന്യൂഡല്‍ഹി: കശുവണ്ടി കയറ്റുമതിയുടെയും കശുമാവു കൃഷിയുടെയും വികസനം ലക്ഷ്യമിട്ടു രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദിഷ്ട കാഷ്യൂ ബോര്‍ഡിന്റെ ആസ്ഥാനം കൊല്ലത്തിനു ലഭിച്ചേക്കും. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ അഡീഷനല്‍ ജോയിന്റ് സെക്രട്ടറി ഒ.എ. ആര്യയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ബോര്‍ഡ് രൂപീകരണത്തിന്റെ സാധ്യതാപഠനം നടത്തും.ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു സമിതിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

കശുവണ്ടി സംസ്കരണത്തിന്റെ സിരാകേന്ദ്രമായ കൊല്ലത്തായിരിക്കണം ബോര്‍ഡിന്റെ ആസ്ഥാനമെന്നു സംസ്ഥാന സര്‍ക്കാര്‍ വാണിജ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇതു പരിഗണിച്ചേക്കുമെന്നാണു സൂചന. നിര്‍ദിഷ്ട ബോര്‍ഡിന്റെ ആസ്ഥാനം കൊച്ചിയില്‍ വേണമെന്നും രാഷ്ട്രീയ സമ്മര്‍ദമുയര്‍ന്നിട്ടുണ്ട്. പ്രധാന കയറ്റുമതി കേന്ദ്രമെന്ന നിലയില്‍ കൊച്ചിയോടാണു കേന്ദ്ര വാണിജ്യ സഹമന്ത്രി ജയ്റാം രമേശിനു താല്‍പര്യം. എന്നാല്‍, കേരളത്തിലെ കശുവണ്ടി സംസ്കരണ മേഖലയിലെ കൂടുതല്‍ ഫാക്ടറികളും കൊല്ലത്തായതിനാലാണു സംസ്ഥാന സര്‍ക്കാര്‍ കൊല്ലത്തോടു താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 2500 കോടിയുടെ വിദേശനാണ്യം നേടിത്തന്ന കശുവണ്ടിയുടെ ഉല്‍പാദനത്തിന്റെ 75 ശതമാനവും കേരളത്തിലാണ്.സമിതിയുടെ ശുപാര്‍ശ അനുസരിച്ചു മന്ത്രാലയം തയാറാക്കുന്ന അന്തിമ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭാ യോഗത്തിനു വിടും. മന്ത്രിസഭയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.സുഗന്ധവ്യഞ്ജന ബോര്‍ഡിന്റെയും റബര്‍ ബോര്‍ഡിന്റെയും മാതൃകയിലാണു കാഷ്യൂ ബോര്‍ഡും നിലവില്‍ വരിക. കയറ്റുമതിക്കും കൃഷിവികസനത്തിനും വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കാനും നയരൂപീകരണം നടത്താനുമുള്ള അധികാരം ബോര്‍ഡിനുണ്ടായിരിക്കും.

കേരളത്തില്‍ ഏകോപിത കശുമാവുകൃഷി വികസനത്തിനായി ഈ മേഖലയിലെ കര്‍ഷകരെ സംഘടിപ്പിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ബോര്‍ഡിന്റെ രൂപീകരണത്തോടെ സാധിക്കും. ഇക്കാര്യത്തില്‍ റബര്‍ ബോര്‍ഡും സുഗന്ധവ്യഞ്ജന ബോര്‍ഡും നേടിയ വിജയവും പ്രവര്‍ത്തന രീതികളും സമിതി പഠനവിധേയമാക്കും. ബോര്‍ഡിന്റെ ഘടനയെപ്പറ്റി അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മറ്റു വാണിജ്യ ബോര്‍ഡുകളുടെ മാതൃക തന്നെയാവുമെന്നാണു സൂചന. ഇതും സമിതിയുടെ ശുപാര്‍ശയിലുണ്ടാവും. ഇതിന്മേല്‍ വാണിജ്യ മന്ത്രാലയം അന്തിമ റിപ്പോര്‍ട്ട് തയാറാക്കും.

3. ഉച്ചക്കഞ്ഞി കുടിച്ച 42 കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധ
കോട്ടയം: സ്കൂളില്‍നിന്ന് ഉച്ചക്കഞ്ഞി കുടിച്ച 42 വിദ്യാര്‍ഥികളെ ഛര്‍ദിയും അസ്വസ്ഥതകളുമായി മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരമ്പുഴ മണ്ണാര്‍കുന്ന് സെന്റ് ഗ്രിഗോറിയോസ് യുപി സ്കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ളാസുകളിലെ കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ സ്കൂളില്‍നിന്ന് ഉച്ചക്കഞ്ഞി കുടിച്ച കുട്ടികള്‍ കഞ്ഞിക്കു ചുവയും ദുര്‍ഗന്ധവും ഉള്ളതായി അധ്യാപകരെ അറിയിച്ചിരുന്നു.അല്‍പമെങ്കിലും കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയും ഛര്‍ദിയും ഉണ്ടായത്.

കഞ്ഞിയും പയറും കഴിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ പത്തോളം കുട്ടികള്‍ക്കു രൂക്ഷമായ ഛര്‍ദി അനുഭവപ്പെട്ടു. ബാക്കി കുട്ടികള്‍ക്കു വയറുവേദനയും തലവേദനയും തലകറക്കവും ഉണ്ടായി. അധ്യാപകര്‍ ഉടന്‍ വാഹനങ്ങളില്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ പരിചരണത്തിനുശേഷം കുട്ടികളെ വിട്ടയച്ചു.സംഭവത്തെപ്പറ്റി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍, ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ച മന്ത്രി മോന്‍സ് ജോസഫ് ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.

ജില്ലാ കലക്ടര്‍, ജില്ലാ സപ്ളൈ ഒാഫിസര്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഒാഫിസര്‍ എന്നിവര്‍ ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. സംഭവം സംബന്ധിച്ചു ജില്ലാ സപ്ളൈ ഒാഫിസര്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ഷര്‍മിള മേരി ജോസഫ് അറിയിച്ചു.കഴിഞ്ഞ ആഴ്ച ഏറ്റുമാനൂരിലെ മാവേലി സ്റ്റോറില്‍നിന്നു വാങ്ങിയ അരിയാണ് ഉപയോഗിച്ചതെന്ന് അധ്യാപകര്‍ പറയുന്നു.

പുതിയ ചാക്ക് പൊട്ടിച്ച് ആദ്യമായി എടുത്ത അരി ഉപയോഗിച്ചാണു കഞ്ഞിവച്ചതത്രേ. അരിയും ബാക്കിവന്ന കഞ്ഞിയും മറ്റു സാധനങ്ങളും ആരോഗ്യവകുപ്പ് അധികൃതര്‍ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.ഡപ്യൂട്ടി ഡിഎംഒ: ഡോ. ബെഞ്ചമിന്‍ ജോര്‍ജ്, എന്‍ആര്‍എച്ച്എം കോ-ഒാര്‍ഡിനേറ്റര്‍ ഡോ. മോഹന്‍ദാസ് എന്നിവര്‍ ആശുപത്രിയിലെത്തി ചികിത്സകള്‍ക്കു മേല്‍നോട്ടം നല്‍കി. ഒരു ആഴ്ചയ്ക്കിടയില്‍ ജില്ലയിലെ സ്കൂള്‍ കുട്ടികള്‍ക്കിടയിലുണ്ടായ മൂന്നാമത്തെ ഭക്ഷ്യവിഷബാധയാണിത്. രണ്ടെണ്ണവും ഉച്ചക്കഞ്ഞിയില്‍നിന്ന് ഉണ്ടായതാണെന്നു വ്യക്തമായിട്ടും ഇതുസംബന്ധിച്ചു വ്യക്തമായ അന്വേഷണമോ ഉപയോഗിക്കുന്ന അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള നടപടികളോ ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

4. പാര്‍ട്ടി മന്ത്രിമാരെ പിന്‍വലിക്കണമെന്നു സിപിഐ
ആലപ്പുഴ: പാര്‍ട്ടിക്കു നാണക്കേടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി മന്ത്രിമാരെ പിന്‍വലിച്ച് പുതിയവരെ നിയോഗിക്കണമെന്നു സിപിഐ ജില്ലാ സമ്മേളനത്തില്‍ ആവശ്യം. പാര്‍ട്ടിയുടെ നാലു മന്ത്രിമാരും പരാജയമാണ്. പണ്ടൊക്കെ, മുഖ്യമന്ത്രി നായനാരുടെ പേരു കഴിഞ്ഞാല്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായരുടെയും പിന്നീടു വി.വി. രാഘവന്റെയുമൊക്കെ പേരു നാട്ടുകാര്‍ പറയുമായിരുന്നു. പക്ഷേ, മന്ത്രിമാരെക്കൊണ്ടു പാര്‍ട്ടിക്ക് ഇത്രയും നാണക്കേട് ഉണ്ടായ സമയം വേറെയില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

പാര്‍ട്ടി മന്ത്രിമാര്‍ക്കും നേതൃത്വത്തിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. എഐടിയുസി ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലമിരുന്ന മന്ത്രി സി. ദിവാകരന്‍ ഇപ്പോള്‍ മുട്ടയും പാലും കഴിക്കാനാണു പറയുന്നത്. ഇപ്പോള്‍ മുട്ടയും പാലും അരിയുമില്ലാതായി. മന്ത്രിയുടെ പ്രസ്താവന ഉണ്ടാക്കിയ നാണക്കേടു ചില്ലറയല്ല. മന്ത്രിയുടെ മകന്‍ എസ്എഫ്ഐ പ്രവര്‍ത്തകനാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സിപിഎം മന്ത്രിമാര്‍ പാര്‍ട്ടിയുടെ മന്ത്രിമാരെ ട്രാപ്പിലാക്കുകയാണ്. അതില്‍ അവര്‍ വീഴുന്നു. മെര്‍ക്കിസ്റ്റണ്‍, എച്ച്എംടി വിവാദങ്ങളില്‍ അതാണ് ഉണ്ടായത്. ബിനോയ് വിശ്വം എങ്ങനെ വെട്ടില്‍വീണുവെന്നാണു സംശയം.

പാര്‍ട്ടി കൊള്ളാവുന്ന പ്രൈവറ്റ് സെക്രട്ടറിമാരെ നിയോഗിക്കാത്തതു ബോധപൂര്‍വമാണെന്നു സംശയിക്കണം. മന്ത്രിമാരായ പാര്‍ട്ടിയുടെ രണ്ടാംനിരയെ ട്രാപ്പിലാക്കാനുള്ള ശ്രമമാണെന്നു സംശയിക്കണമെന്നും പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചു. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍, കരിനില വികസന ഏജന്‍സി തുടങ്ങിയ കാര്യങ്ങളില്‍ മുല്ലക്കരയും കാര്യമായൊന്നും ചെയ്തില്ല. റവന്യു വകുപ്പിനെ മറികടന്നാണു മൂന്നാര്‍ ദൌത്യസംഘത്തെ മുഖ്യമന്ത്രി നിയോഗിച്ചത്. ഈ സമയം റവന്യു വകുപ്പ് ഉറക്കമായിരുന്നോയെന്നും പ്രതിനിധികള്‍ ചോദിച്ചു.

സിപിഎം തീരുമാനിക്കുന്നിടത്തേക്കാണു കാര്യങ്ങള്‍ പോകുന്നത്. സിപിഐയുടെ വിലപേശല്‍ ശേഷി നഷ്ടപ്പെട്ടു. പാര്‍ട്ടി നേതൃത്വം ഇതു ഗൌരവമായെടുക്കുന്നില്ല. കെ.ഇ. ഇസ്മയില്‍ എംപിക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. ഇസ്മയില്‍ കാണിക്കുന്ന പാര്‍ലമെന്ററി വ്യാമോഹം താഴേത്തട്ടിലും പ്രവര്‍ത്തകരില്‍ വളരുന്നുണ്ടെന്നു ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റ ഇസ്മയില്‍ രാജ്യസഭയിലേക്കു പോയതു പാര്‍ലമെന്ററി വ്യാമോഹത്തിന്റെ ഭാഗമാണെന്നു സമ്മേളനത്തില്‍ ആദ്യവസാനം പങ്കെടുത്ത ഇസ്മയിലിനെ സാക്ഷിയാക്കി പ്രതിനിധികള്‍ ആരോപിച്ചു.

മന്ത്രി തോമസ് ഐസക് കയര്‍ വ്യവസായത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണു നടത്തുന്നത്. മന്ത്രി ജി. സുധാകരന്‍ ഏകപക്ഷീയമായാണു പെരുമാറുന്നത്. പൊതുപരിപാടികളില്‍ സിപിഐ അംഗങ്ങളെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കുന്നു. ജില്ലയില്‍ ബ്ളോക്ക് പഞ്ചായത്തുകളില്‍ പാര്‍ട്ടിക്കു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നല്‍കാത്തതിനു പകരമായി ആലപ്പുഴ നഗരസഭയില്‍ സിപിഎമ്മിനു നല്‍കുന്ന പിന്തുണ പിന്‍വലിക്കണം. ആ ഭീഷണി കൊണ്ടേ പ്രശ്നം പരിഹരിക്കാനാവൂ. പാര്‍ട്ടി ഭരിക്കുന്ന വകുപ്പുകളില്‍ ജില്ലയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലംമാറ്റുന്നതിനും നേതൃനിരയിലെ ചിലര്‍ 50,000 രൂപ വരെ കോഴ വാങ്ങുന്നതായും ആരോപണമുയര്‍ന്നു.

5. തോട്ടില്‍ കോഴിമാലിന്യം തള്ളിയവര്‍ക്ക് ജാമ്യമില്ല
കോഴിക്കോട്: ദുര്‍ഗന്ധം വമിക്കുന്ന കോഴിഅവശിഷ്ടങ്ങള്‍ പൊതുസ്ഥലത്തു തട്ടിയവര്‍ ജാമ്യം കിട്ടാതെ ജയിലില്‍. രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടിയിലെ അമ്മഞ്ചേരി വീട്ടില്‍ വാസുദേവനും വേണുവും രണ്ടാഴ്ചയായി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ലാ ജഡ്ജി എന്‍.കെ.ബാലകൃഷ്ണന്‍ തള്ളി. ഐപിസി 270, 277 വകുപ്പുകള്‍ പ്രകാരവും പരിസ്ഥിതി സംരക്ഷണ നിയമം ഏഴ്, 15 വകുപ്പുകള്‍ പ്രകാരവും കേസുള്ള ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.പി.അശോക് കുമാറിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് ജില്ലാ ജഡ്ജി ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.

ജനുവരി 27 ന് രാത്രി 8.45 നാണ് പ്രതികളായ വാസുദേവനും വേണുവും കോഴിയുടെ അവശിഷ്ടങ്ങള്‍ ഒാട്ടോയില്‍ കൊണ്ടുവന്ന് രാമനാട്ടുകരയില്‍ തള്ളുന്നതിനിടയില്‍ ഫറോക്ക് പൊലീസിന്റെ പിടിയിലായത്. രാമനാട്ടുകര തോട്ടുങ്ങല്‍ പാലത്തിനടുത്തും പൊതുജനം കുളിക്കാനുപയോഗിക്കുന്ന തോട്ടിലും ആണു മാലിന്യം തള്ളിയത്.

ഉപേക്ഷിച്ചതിനു പുറമെ ഒാട്ടോയിലുണ്ടായിരുന്ന അഞ്ച് ചാക്ക് മാലിന്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാമനാട്ടുകര മാര്‍ക്കറ്റിലെ പുതുക്കോട്ട് ചിക്കന്‍സ്റ്റാള്‍ ഉടമ സലീം ഒഴിവാക്കാനായി തന്നതാണ് ഈ മാലിന്യങ്ങള്‍ എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സലീമിനെയും പ്രതിയാക്കിയിട്ടുണ്ടെങ്കിലും ഇയാള്‍ ഒളിവിലാണ്. അതേസമയം, പിടിയിലായ പ്രതികള്‍ ചിക്കന്‍ സ്റ്റാളുകളില്‍ നിന്ന് മാലിന്യങ്ങള്‍ സ്വന്തമായി സംസ്കരിച്ചു കൊള്ളാമെന്ന വാക്കില്‍ ചിക്കന്‍ സ്റ്റാള്‍ ഉടമകളില്‍ നിന്ന് പണംവാങ്ങി എടുത്തുകൊണ്ടു പോകുകയാണ് പതിവ് എന്നും പറയപ്പെടുന്നു.

6. ജലസേചന പദ്ധതികള്‍ക്ക് 43,700 കോടി
ന്യൂഡല്‍ഹി: ഊര്‍ജിത ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കാനും പുതിയവ നടപ്പാക്കാനും 11-ാം പദ്ധതിക്കാലത്ത് 43,700 കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ പ്രധാന 14 നദികളുടെ സംരക്ഷണം ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. നദീ സംരക്ഷണത്തിനുള്ള ചെലവില്‍ 90 ശതമാനവും കേന്ദ്രം നല്‍കുമെന്നു വാര്‍ത്താ വിതരണ മന്ത്രി പ്രിയരഞ്ജന്‍ ദാസ്മുന്‍ഷി അറിയിച്ചു. ജലസേചന സൌകര്യവും വൈദ്യുതി ഉല്‍പാദനവും വര്‍ധിപ്പിക്കല്‍ കൂടി ലക്ഷ്യമിടുന്നതാണു പദ്ധതി. നദികളുടെ പട്ടികയുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പിന്നീടു പ്രഖ്യാപിക്കും.

7. നീര്‍ത്തട സംരക്ഷണ ബില്‍: കേരള സഭാസമതി മഹാരാഷ്ട്രയില്‍
മുംബൈ: നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട നിയമസഭാ സബ്ജക്ട് കമ്മിറ്റി മഹാരാഷ്ട്രയിലെത്തി മന്ത്രിമാരുമായും ചീഫ് സെക്രട്ടറിയടമക്കമുള്ള വകുപ്പു മേധാവികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്റെ നേതൃത്വത്തില്‍ മുന്‍ മന്ത്രി ടി.യു.കുരുവിള, രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപി.മുഹമ്മദ്, കെ.ബാബു, കെ.പി.മോഹനന്‍ തുടങ്ങി പന്ത്രണ്ടോളം എംഎല്‍എമാരുമുണ്ടായിരുന്നു.

ആന്ധ്രയും കര്‍ണാടകയും സന്ദര്‍ശിച്ച ശേഷം മുംബൈയിലെത്തിയ സംഘം ഇന്നലെ ഡല്‍ഹിക്കു പോയി. കേരളത്തില്‍ ഭൂമി വാങ്ങിക്കൂട്ടി നികത്തുന്ന മാഫിയയെ നിയന്ത്രിക്കാന്‍ ഈ നിയമം സഹായകമാകുമെന്ന് മന്ത്രി രാജേന്ദ്രന്‍ അറിയിച്ചു. സമാന നിയമം മറ്റ് സംസ്ഥാനങ്ങളിലുണ്ടങ്കില്‍ അതിന്റെ വിവിധ വശങ്ങള്‍ പഠിക്കുകയെന്നതാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം.

8. പുകയില നൂറുകോടി ആളെ കൊല്ലും
ന്യൂയോര്‍ക്ക്: ഇരുപതാം നൂറ്റാണ്ടില്‍ പുകയില കൊന്നതു 10 കോടി ജനങ്ങളെ. സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇൌ നൂറ്റാണ്ടില്‍ അതു 100 കോടിയാവും. നികുതിയിനത്തില്‍ ലോകമൊട്ടാകെ സര്‍ക്കാരുകള്‍ 20,000 കോടി ഡോളര്‍ പിരിച്ചെടുക്കുന്നുണ്ടെങ്കിലും പുകയിലവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അതിന്റെ ഒരുശതമാനംപോലും ചെലവാക്കുന്നില്ലെന്നു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

9. സാമ്പത്തിക മേഖല: വളര്‍ച്ച കുറഞ്ഞേക്കുമെന്നു റിപ്പോര്‍ട്ട്
മുംബൈ: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ പിന്നാക്കം പോകുമെന്നു സൂചന. നടപ്പുസാമ്പത്തിക വര്‍ഷം 8.7% വളര്‍ച്ച മാത്രമേ നേടാന്‍ സാധ്യതയുള്ളൂവെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഒാഫിസ് (സിഎസ്ഒ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2006-2007 ല്‍ 9.6% വളര്‍ച്ച കൈവരിച്ചിരുന്നു. 18 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്.

റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2007-2008 ല്‍ സാമ്പത്തികരംഗം 8.5% വളര്‍ച്ച നേടുമെന്നാണ്. ഒന്‍പതു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണു കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞിരുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷം ആദ്യത്തെ മൂന്നു മാസം 9.3% വളര്‍ച്ച നേടിയപ്പോള്‍ തുടര്‍ന്നുള്ള മൂന്നു മാസം ഇത് 8.9 ശതമാനമായി കുറയുകയാണു ചെയ്തത്.
കാര്‍ഷിക മേഖല പിന്നാക്കം പോയതാണു തിരിച്ചടി നല്‍കുന്നത്. 2006-2007 ല്‍ 3.8% വളര്‍ച്ച നേടിയിരുന്നു.

എന്നാല്‍ നടപ്പുവര്‍ഷം ഇതു 2.6 ശതമാനമായി കുറയുമെന്നാണു വിലയിരുത്തല്‍. വ്യവസായ മേഖലയുടെ വളര്‍ച്ച 9.4 ശതമാനത്തിലെത്തുമെന്നും കണക്കാക്കുന്നു. മുന്‍വര്‍ഷം ഇതു 12 ശതമാനമായിരുന്നു. അതേസമയം ഹോട്ടല്‍, സേവനം, ഗതാഗതം, വാര്‍ത്താവിനിമയം എന്നീ മേഖലകള്‍ക്കു 12.1% വളര്‍ച്ച നേടാനായേക്കും. മുന്‍വര്‍ഷം ഇത് 11.8 ശതമാനമായിരുന്നു. പ്രതീക്ഷിച്ച രീതിയിലുള്ള വളര്‍ച്ചയാണ് സാമ്പത്തിക രംഗം കൈവരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ വൈ. വി. റെഡ്ഡി പറഞ്ഞു.

ആര്‍ ബി ഐ പ്രഖ്യാപിച്ച പണ-വായ്പ നയത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

സാമ്പത്തിക വളര്‍ച്ച കുറഞ്ഞേക്കുമെന്ന വാര്‍ത്ത ഒാഹരി വിപണിക്കും തിരിച്ചടി നല്‍കി. ബിഎസ്ഇ സൂചിക 612.56 പോയിന്റ് ഇടിഞ്ഞ് 17526.93ലെത്തി.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w