പത്രവാര്‍ത്തകള്‍ 07-02-08

ഇത്തരത്തില്‍ സബ് ടൈറ്റിലില്‍നിന്ന് വിഷയത്തിലേയ്ക്ക് ചാടുവാന്‍ (Jump ചെയ്യുവാന്‍) സഹായകമായ ലിങ്ക് തന്ന് സഹായിച്ച സന്തോഷ് തോട്ടിങ്ങലിന് നന്ദി.1. റേഷന്‍ പുനസ്ഥാപിക്കില്ല, പാല്‍വില കൂടും
ന്യൂഡല്‍ഹി: വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായെത്തിയ കേരള സംഘം വെറും കൈയോടെ മടങ്ങുന്നു. അരി വിഹിതം പുനസ്ഥാപിക്കാന്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാറിനെയും കണ്ടശേഷം കര്‍ഷകര്‍ക്കു വേണ്ടി പാല്‍വില വര്‍ധിപ്പിക്കുമെന്നുമാത്രമാണു ഭക്ഷ്യമന്ത്രി സി.ദിവാകരനു പറയാനുണ്ടായിരുന്നത്.

സംസ്ഥാനത്തെ ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കായി 1,13,420 മെട്രിക് ടണ്‍ അരിയാണ് കേന്ദ്ര വിഹിതമായി നല്‍കിയിരുന്നത്. അതു വാങ്ങുന്നതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മൂലം കേന്ദ്രസര്‍ക്കാര്‍ 21,334 മെട്രിക് ടണ്ണായി കുറച്ചു. അരിവില ക്രമാതീതമായി കൂടിയതിനെ തുടര്‍ന്ന് കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന പരിഹാരമാര്‍ഗത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്.

ഇന്നലെ രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി അനുകൂലമായ നിലപാട് സ്വീകരിക്കാം എന്നു മാത്രമേ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയുള്ളു. തുടര്‍ന്നു പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇതു തന്നെയായിരുന്നു മറുപടി. അരിയുടെ സ്റ്റോക്ക് പരിശോധിച്ച ശേഷം വൈകുന്നേരം ദിവാകരനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ അറിയിക്കാമെന്നും പവാര്‍ മുഖ്യമന്ത്രിയേയും സംഘത്തെയും അറിയിച്ചു.

വൈകുന്നേരത്തെ കൂടിക്കാഴ്ചയില്‍ കേന്ദ്രത്തില്‍ അരി സ്റ്റോക്കില്ലെന്നും വെട്ടിക്കുറച്ച റേഷന്‍ പുനസ്ഥാപിക്കുന്നത് അടിയന്തരമായി പരിഗണിക്കാമെന്നും പവാര്‍ അറിയിച്ചെങ്കിലും എന്ന് നല്‍കുമെന്നോ, എത്ര അളവ് അരിയാണ് നല്‍കുന്നതെന്നോ, പുനസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ശിപാര്‍ശ എന്ന് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമെന്നോ ഉറപ്പില്ല.

എന്നാല്‍, പാല്‍വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രി സി. ദിവാകരന് ഉറച്ച തീരുമാനമാണുണ്ടായിരുന്നത്.

കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നത് കൊണ്ട് പാല്‍വില വര്‍ധിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ പാല്‍വില കേരളത്തിലേതിനേക്കാള്‍ കൂടുതലാണെന്നും മന്ത്രി വിലവര്‍ധന ന്യായീകരിക്കാനായി കൂട്ടിച്ചേര്‍ത്തു.

ഉത്സവകാലങ്ങളില്‍ കൂടുതല്‍ അരി ലഭിക്കുമെന്നു മുഖ്യമന്ത്രി

ന്യൂഡല്‍ഹി: വെട്ടിക്കുറച്ച റേഷന്‍ അരി വിഹിതം പുനസ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്.

ഈസ്റ്റര്‍, ആറ്റുകാല്‍ പൊങ്കാല എന്നീ ഉത്സവങ്ങളുടെ ഭാഗമായി സ്പെഷല്‍ വിഹിതമായി കേരളത്തിന് കൂടുതല്‍ അരി അനുവദിക്കും. എട്ടിന് ഹൈദരാബാദില്‍ നടക്കുന്ന ഭക്ഷ്യസെക്രട്ടറിമാരുടെ ദേശീയ കോണ്‍ഫറന്‍സില്‍ ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എഫ്.സി.ഐ മുഖേനെ അരി സംഭരിച്ച് സിവില്‍ സര്‍വീസ് കോര്‍പ്പറേഷന് നല്‍കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും ദിവാകരന്‍ അറിയിച്ചു.

ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള 80 ശതമാനം റേഷന്‍ വിഹിതമാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതില്‍ 9000 മെട്രിക് ടണ്‍ അരി വിഹിതം പുനസ്ഥാപിക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2. ക്ളസ്റ്റര്‍: കടന്നു കയറ്റത്തിനുള്ള കുറുക്കുവഴി
തിരുവനന്തപുരം: ഓരോ പഞ്ചായത്തിലെയും എല്ലാസ്കൂളുകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനും പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസറെ നിയമിക്കണമെന്നും കെ.ഇ.ആര്‍. പരിഷ്കരണ സമിതി ശിപാര്‍ശ ചെയ്തു.

പഞ്ചായത്തു തലത്തിലുള്ള ക്ളസ്റ്റര്‍ സിസ്റ്റം വഴി സ്വകാര്യ എയ്ഡഡ് സ്കൂളുകളിലേക്കു പിന്‍വാതിലിലൂടെയുള്ള കടന്നുകയറ്റമാകും ഉണ്ടാവുക. ബ്ളോക്ക് തലത്തില്‍ ബ്ളോക്ക് വിദ്യാഭ്യാസ ഓഫീസറും ജില്ലാ തലത്തില്‍ ജില്ലാതല ഓഫീസറും ഉണ്ടാവും. ഇപ്പോഴുള്ള എ.ഇ.ഒ.മാരാകും ബ്ളോക്ക് തല വിദ്യാഭ്യാസ ഓഫീസര്‍ മാരാവുക.

വിവാദങ്ങള്‍ ഉയര്‍ത്താവുന്ന നിര്‍ദേശങ്ങള്‍ എന്നു സമ്മതിച്ചു കൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ അധികാരം നല്‍കുന്നതിനു ശിപാര്‍ശ ചെയ്യുന്നത്. ഒപ്പം അധ്യാപക നിയമനത്തിന് സ്വതന്ത്ര ഏജന്‍സിയെ നിയോഗിക്കുവാന്‍ ശിപാര്‍ശ ചെയ്യുന്നതും.

അധ്യാപക -അനധ്യാപക നിയമനത്തിനു ലിസ്റ്റ് തയാറാക്കേണ്ട സ്വതന്ത്യ്ര നൈയാമിക സംവിധാനത്തിന്റെ ഘടനയെക്കുറിച്ചോ അധികാരത്തെക്കുറിച്ചോ ഒന്നും ശിപാര്‍ശകളില്ല.

സിമിതി തയാറാക്കിയിരിക്കുന്ന മാതൃകാ നിയമത്തിലും ചട്ടങ്ങളിലും ഇതേക്കുറിച്ചു പരാമര്‍ശനം ഇല്ല. അധ്യാപകര്‍ക്കു കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രം വ്യവസ്ഥചെയ്യുന്നു. ചുരുക്കത്തില്‍ എയ്ഡഡ് സ്കൂളുകളും സര്‍ക്കാര്‍ സ്കൂളുകളുടെ സ്ഥിതിയിലേക്കാക്കുന്ന വിധമുള്ള ശിപാര്‍ശകളാണ് സമിതിയുടേത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളുടെ മേല്‍ ഉള്ള എല്ലാ അധികാരവും സ്വകാര്യ സ്കൂളുകളുടെ മേല്‍ ഉണ്ടാകത്തക്കവിധം പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി ചെയ്യണമെന്നും ശിപാര്‍ശയുണ്ട്.

കേരളത്തിലെ എല്‍.പി.സ്കൂളുകളില്‍ 58.1 ശതമാനവും യു.പി സ്കൂളകളില്‍ 64.8 ശതമാനവും ഹൈസ്കൂളുകളില്‍ 61.2 ശതമാനവും സ്വകാര്യമേഖലയിലാ ണെ ന്നും സമിതി ഉദ്ധരിക്കുന്നു.

ദേശാഭിമാനിയില്‍ എം.എ.ബേബി എഴുതിയ ലേഖനം ഉദ്ധരിച്ചുകൊണ്ട് ആന്ധ്രയിലെ വിദ്യാലയങ്ങളില്‍ 73 ശതമാനവും മഹാരാഷ്ട്രയിലെ വിദ്യാലയങ്ങളില്‍ 70 ശതമാനവും ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ 66 ശതമാനവും തദ്ദേശഭരണത്തിന്‍ കീഴിലാണെന്നും കേരളത്തിലേത് വെറും 2.9 ശതമാനം മാത്രമാണെന്നും സമിതി ചൂണ്ടിക്കാട്ടി.

കരിക്കുലം, സിലബസ്, പാഠപുസ്തകങ്ങള്‍, അധ്യാപക ശമ്പളം, അച്ചടക്കം, തുടങ്ങിയ വിഷയങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൈയടക്കരുതെന്നും ശിപാര്‍ശയുണ്ട്.

പഞ്ചായത്തു വിദ്യാഭ്യാസ ഓഫീസറെ ഉപദേശിക്കുവാന്‍ സ്കൂള്‍ വികസന കമ്മിറ്റി ഉണ്ടായിരിക്കും. വാര്‍ഡ് മെമ്പര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ ഹെഡ്മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ്, എം.ടി.എ അധ്യക്ഷ, സീനിയര്‍ മോസ്റ്റ് അധ്യാപകന്‍, സ്റ്റാഫ് സെക്രട്ടറി , മാനേജ്മെന്റ് പ്രതിനിധി എന്നിവരും രണ്ട് അനൌദ്യോഗിക മെമ്പര്‍മാരും ഉണ്ടാവും.

സ്കൂളിന്റെ ഫലപ്രദമായ പ്രവര്‍ത്തനം എല്ലാ കുട്ടികളുടെയും സ്കൂള്‍ പ്രവേശനം, കൊഴിഞ്ഞുപോക്ക് തടയല്‍, സ്കൂള്‍ വരുമാനത്തിന്റെ ഫലപ്രദമായ വിനിയോഗം, അധ്യാപകര്‍ സ്കൂളില്‍ വരാതിരിക്കുന്നത് നിയന്ത്രിക്കല്‍, അക്കാദമിക് പെര്‍ഫോമന്‍സിന്റെ ഗുണമേന്മ വര്‍ധന, പാഠ്യേതര പരിപാടികളുടെ സംഘാടനം തുടങ്ങിയവയൊക്കെ വികസന സമിതിയുടെ ദൌത്യമാണ്.

പെണ്‍കുട്ടികളുള്ള സ്കൂളില്‍ അവര്‍ക്കായി പ്രത്യേകം വെയ്റ്റിംഗ് റൂം ഉണ്ടാക്കണണമെന്നും നിര്‍ദേശമുണ്ട്.

ജില്ലാതലത്തില്‍ ജില്ലാ വിദ്യാഭ്യാസ കൌണ്‍സില്‍ ഉണ്ടാകണം. ജില്ലാപഞ്ചായത്ത് അധ്യക്ഷനായുള്ള സമിതിയില്‍ വിവിധ വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ഉണ്ടാവും. മാനേജര്‍മാര്‍ക്കും രണ്ടു പ്രതിനിധികളുണ്ടാകും.

സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക്കും ഭരണപരവും ഗണപരവുമായ വികാസമാണ് ഈ സമിതിയുടെ ദൌത്യം.

സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും വിദ്യാഭ്യാസ കമ്മീഷണര്‍ വൈസ് ചെയര്‍മാനും വിദ്യാഭ്യാസ ഡയറക്ടര്‍ സെക്രട്ടറിയുമായി സംസ്ഥാന ഉപദേശകസമിതിവേണം. വര്‍ഷത്തില്‍ രണ്ടുതവണ എങ്കിലും ഇവര്‍ സമ്മേളിക്കണം.

കരിക്കുലം, സിലബസ്, പാഠപുസ്തകങ്ങള്‍, അധ്യാപക സൌകര്യങ്ങള്‍ ,അധ്യാപകരുടെ ശക്തിശാക്തികരണം, കുട്ടികളുടെ അരോഗ്യം എന്നീ കാര്യങ്ങളില്‍ അവര്‍ പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കണം.

പ്രീപ്രൈമറി വിദ്യാഭ്യാസത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സമിതി ശിപര്‍ശചെയ്തു.

കേരളത്തിലാകെ 25, 384 അംഗനവാടികളും അവിടെ മൂന്നുവയസില്‍ താഴെയുള്ള 3.77 ലക്ഷം കുട്ടികളും മൂന്നിനും അതിനു ഇടയില്‍ പ്രായമുള്ള 5.2 ലക്ഷം കുട്ടികളും ഉണ്ട്. അവരുടെ കാര്യം സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇതരക്ളാസുകളിലേതു പോലെ പ്രീ പ്രൈമറി ക്ളാസുകള്‍ക്കും സര്‍ക്കാര്‍ പാഠപുസ്തകം ഉണ്ടാകണം. അവര്‍ക്കുള്ള പുസ്തക സഞ്ചിയില്‍ അഞ്ചു കിലോഗ്രാമിലധികം ഭാരം ഉണ്ടാകരുതെന്ന് സമിതി നിര്‍ദേശിച്ചു.

3. വ്യവസായം വരാന്‍ ഇനിയും ഭൂമി വില്‍ക്കും: കരീം
തിരുവനന്തപുരം: വ്യവസായം വളരാന്‍ വേണ്ടി ഇനിയും ഭൂമി വില്‍ക്കുമെന്നും എതിര്‍ക്കുന്നവര്‍ക്ക് അതിനെക്കുറിച്ച് ഇപ്പോഴെ ഗവേഷണം തുടങ്ങാമെന്നും മന്ത്രി എള മരം കരീം.

എച്ച്. എം.ടി ഭൂമിയുടെ പോക്കുവരവ് റദ്ദാക്കുന്നത് സംബന്ധിച്ച കാര്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. റസിഡന്റ്സി ടവറില്‍ കൈത്തറി വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകും. അന്വേഷണം നടക്കുന്നതിനാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സംരഭകര്‍ക്ക് വ്യവസായം തുടങ്ങാനായി ഭൂമി നല്‍കണം എന്നതാണ് സര്‍ക്കാര്‍ നയം. അല്ലാതെ ഏറ്റെടുത്ത ഭൂമിയെ മാര്‍ക്കറ്റ് വിലയ്ക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വിറ്റ് അതിന്റെ ലാഭം ട്രഷറിയില്‍ അടയ്ക്കുകയല്ല വ്യവസായ വകുപ്പിന്റെ പണിയെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായങ്ങള്‍ തുടങ്ങാനായി അന്യ സംസ്ഥാനങ്ങള്‍ വ്യവസായ സംരഭകര്‍ക്ക് സൌജന്യമായി ഭൂമി നല്‍കുമ്പോള്‍ ഇവിടെ അതിനുള്ള സാഹചര്യം ഒരുക്കുന്നവരെ എതിര്‍ക്കുകയാണ് പതിവ്.

സര്‍ക്കാര്‍ നല്ലകാര്യം ചെയ്യുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരോട് സഹതാപം മാത്രമേയുള്ളു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വില്‍പന വിവാദങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായ സംരഭങ്ങള്‍ക്ക് തടസമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള ഭൂമിയില്‍ നിന്നും ഇരുപതിനായിരം എക്കര്‍ ഭൂമി മാത്രമെ വ്യവസായ വകുപ്പ് ഏറ്റെടുത്തിട്ടുള്ളു. അതില്‍ നിന്ന് അരശതമാനം ഭൂമിപോലും വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഴുവനും കേസും കൂട്ടവുമായി കിടക്കുകയാണ്.

വ്യവസായം തുടങ്ങാന്‍ കൊടുത്തതിലധികവും തരിശായി കിടക്കുകയാണ്.

4. വല്ലാര്‍പാടത്ത് നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍
കൊച്ചി: വല്ലാര്‍പാടം പദ്ധതി പ്രദേശത്തേക്കുള്ള നാലുവരിപാതയുടെ നിര്‍മാണത്തിനായി സ്ഥലം വിട്ടു നല്‍കാത്തവരെ നിര്‍ബന്ധമായി കുടിയൊഴിപ്പിച്ചു.

ഇന്നലെ രാവിലെ പതിനൊ ന്നോടെയാണ് ഡപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കടമക്കുടി പഞ്ചായത്തിലെ മൂലംമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചത്. വരാപ്പുഴ, ചേരാനെല്ലൂര്‍, നോര്‍ത്ത് പറവൂര്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. കുടിയൊഴിപ്പിക്കലിനെ ചെറുത്ത വീട്ടുകാരുടെ നേരെ പോലീസ് ലാത്തി വീശിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.കുടിയൊഴിപ്പിക്കലിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഇടയില്‍ നിന്നുണ്ടായത്. വല്ലാര്‍പാടം പള്ളിയില്‍ കൂട്ടമണി അടിച്ചാണ് വിശ്വാസികള്‍ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ കുടിയൊഴിപ്പിക്കലിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെന്നും ഇതിനു സമ്മതിക്കാത്തവരുടെ വീടുകളാണ് നിര്‍ബന്ധമായി പൊളിച്ചു മാറ്റിയതെന്നും അധികൃതര്‍ പറഞ്ഞു.

മൂലംമ്പിള്ളിയില്‍ 24 വീടുകളാണ് ഒഴിപ്പിക്കാനുണ്ടായിരുന്നത്. ഇതില്‍ പതിനാല് വീട്ടുകാര്‍ സമ്മതപത്രം നല്‍കിയിരുന്നുവെങ്കിലും പത്തു വീട്ടുകാര്‍ ചെറുത്തു നില്‍പ്പ് തുടരുകയായിരുന്നു. ഈ വീടുകളെല്ലാം ഇന്നലെ ഒഴിപ്പിച്ചു. വൈദ്യുതി, ടെലഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിച്ച ശേഷമാണ് വീടുകള്‍ പൊളിച്ചു നീക്കിയത്. നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും പോലീസിന്റെ കൈക്കരുത്തിന് മുമ്പില്‍ നിസഹായരായി നോക്കിനില്‍ക്കാനെ പലര്‍ക്കും കഴിഞ്ഞുള്ളൂ.

ജില്ലാ ഭരണകൂടം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താതെയാണ് നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വന്‍ പോലീസ് സന്നാഹത്തോടെ എത്തിയ അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ച് വീടുകള്‍ പൊളിച്ചു നീക്കുകയായിരുന്നു. സമ്മതപത്രം വാങ്ങാന്‍ വിസമ്മതിച്ച കുടുംബങ്ങളെയാണ് അധികൃതര്‍ പെരുവഴിയിലാക്കി വീട് പൊളിച്ചു നീക്കിയത്.

തെരുവിലായ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. വീടിനുള്ളില്‍ നിന്ന് ഇറങ്ങിമാറാന്‍ വിസമ്മതിച്ച കുടുംബാംഗങ്ങളെ പോലീസ് കഴുത്തിനു കുത്തിപ്പിടിച്ച് പുറത്തേക്ക് വലിച്ചിറക്കിയത് സംഘര്‍ഷത്തിന് ഇടയാക്കി. കണയന്നൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ രാവിലെ തുടങ്ങിയ കുടിയൊഴിപ്പിക്കലില്‍ മണിക്കൂറുകള്‍ക്കകം വീടുകള്‍ പൊളിച്ചു നീക്കുകയും ചെയ്തു.

കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് പരിസരവാസികള്‍ ചെറുത്തു നില്‍പ്പ് സംഘടിപ്പിച്ചത്. ഇന്നു വിവാഹം നടത്താന്‍ നിശ്ചയിച്ച വീടുകളും പൊളിച്ചുനീക്കിയിട്ടുണ്ട്. സമ്മതപത്രം നല്‍കിയ പത്തു വീടുകള്‍ കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു.

അന്തിയുറങ്ങാന്‍ സ്ഥലമില്ലാത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ വഴിയിലാക്കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ സി.ആര്‍ നീലകണ്ഠന്‍, കെ.അജിത, ഫ്രാന്‍സിസ് കളത്തുങ്കല്‍, എം.ആര്‍ സുധീര്‍, പുരുഷന്‍ ഏലൂര്‍ എന്നിവര്‍ മൂലമ്പിള്ളിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.

എന്നാല്‍ നിരവധി തവണ നോട്ടീസ് നല്‍കുകയും മൂലംകുഴിയില്‍തന്നെ പുനരധിവാസം ഉറപ്പു നല്‍കുകയും ചെയ്തിട്ടും സമ്മതപത്രം നല്‍കാത്തവരെയാണ് ഇന്നലെ കുടിയൊഴിപ്പിച്ചതെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രം പുനരധിവാസം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി ഉത്തരവ് നിലനിന്നിട്ടും മൂലംകുഴിയില്‍തന്നെ പുനരധിവാസം ഉറപ്പു കൊടുത്തു. എന്നിട്ടും സമ്മതിക്കാത്തവരെയാണ് കുടിയൊഴിപ്പിച്ചതെന്നും കളക്ടര്‍ പറഞ്ഞു.

വല്ലാര്‍പാടം പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈമാസം പതിനഞ്ചിന് മുമ്പ് കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു ഇന്നലെ കുടിയൊഴിപ്പിക്കല്‍ നടത്തിയത്.

5. എച്ച്.എം.ടി വിവാദം: വ്യവസായസെക്രട്ടറി ഒറ്റപ്പെട്ടു
തിരുവനന്തപുരം: റവന്യൂ, നിയമ, രജിസ്ട്രേഷന്‍, ഐ.ടി സെക്രട്ടറിമാര്‍ ഒരു വശത്തും വ്യവസായ സെക്രട്ടറി മറുവശത്തും ഉറച്ചുനിന്നതോടെ എച്ച്.എം.ടി വിവാദത്തെക്കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതലസമിതിക്ക് ഇന്നലെയും തീരുമാനത്തിലെത്താനായില്ല. യോഗം ഇന്ന് ഉച്ചയ്ക്കുശേഷം വീണ്ടും ചേരും. ഇതിലും യോജിപ്പിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സമിതി അദ്ധ്യക്ഷനായ ചീഫ് സെക്രട്ടറിയ്ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാം എന്ന ധാരണയിലാണ് ഇന്നലത്തെ യോഗം പിരിഞ്ഞതെന്ന് അറിയുന്നു.

ഉന്നതതലസമിതിയോഗത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ബാലകൃഷ്ണന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇടപാട് നിയമവിരുദ്ധമാണെന്നും ഭൂമി തിരിച്ചെടുക്കണമെന്നും മറ്റുനാലുപേരും ആവശ്യപ്പെട്ടു. എന്നാല്‍ ഇതംഗീകരിക്കാന്‍ വ്യവസായ സെക്രട്ടറി തയ്യാറായില്ല. എങ്കില്‍ ചീഫ് സെക്രട്ടറി തീരുമാനിക്കട്ടെയെന്നായി മറ്റംഗങ്ങള്‍.

വിവാദമായ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും ഭൂപരിഷ്കരണനിയമത്തില്‍ ഇതിന് വ്യവസ്ഥകളുണ്െടന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മന്ത്രിമാര്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഏതെല്ലാം കാര്യങ്ങളില്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാം എന്ന കാര്യത്തിലും സമിതിയംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. പോക്കുവരവ് റദ്ദാക്കണമെന്ന് നാല് അംഗങ്ങളും വാദിച്ചതോടെ വ്യവസായ സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെ ഇതംഗീകരിച്ചേക്കും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം വ്യവസായ ആവശ്യങ്ങള്‍ക്ക് കൈയേറിയ മുഴുവന്‍ ഭൂമിയുടേയും വിവരങ്ങള്‍ ശേഖരിക്കണമെന്നും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂബാങ്കില്‍ നിക്ഷിപ്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തേക്കും. ഭൂമിയുടെ സ്കെച്ചും മറ്റു വിശദാംശങ്ങളും എച്ച്.എം.ടി ഭൂമിയുടെ ഇപ്പോഴത്തെ നിലയും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് എറണാകുളം ജില്ലാകളക്ടര്‍ മുഹമ്മദ് ഹനീഷ് ഉന്നതതലസമിതിക്ക് കൈമാറി. ഇത് ഇന്നലത്തെ യോഗത്തില്‍ വിശദമായി പരിശോധിച്ചു.

ഭിന്നത രൂക്ഷമായതോടെ സമിതി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്നും എ.ജിയുടെ നിയമോപദേശം തങ്ങള്‍ തേടിയിട്ടില്ലെന്നും സമിതിയിലെ ഒരംഗം ‘ദീപികയോട് പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് ഇന്നു തയാറാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം സമിതിയില്‍ അഭിപ്രായഭിന്നതയുണ്െടന്ന വസ്തുത തള്ളിക്കളഞ്ഞില്ല.

സമിതിയുടെ അഞ്ചാമത്തെ യോഗമാണ് ഇന്നലെ ചേര്‍ന്നത്. റിപ്പോര്‍ട്ട് ഇന്നു തയാറായാലും പതിനഞ്ചിന് ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും പരിഗണനയ്ക്ക് വരിക.

6. ദുരിതങ്ങളിലേക്കൊരു നന്ദിഗ്രാം മോഡല്‍ കുടിയിറക്കല്‍
കൊച്ചി: പശ്ചിമ ബംഗാള്‍ മോഡല്‍ കുടിയിറക്കിന് കൊച്ചിയും സാക്ഷിയായി. ഉന്നതങ്ങളില്‍ നിന്നും ലഭിച്ച ഉത്തരവിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എ.പി.എം.മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തില്‍ ഇന്നലെ നാലുവരിപ്പാതയുടെ നിര്‍മാണത്തിനായി വല്ലാര്‍പാടത്ത് നടന്ന നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അക്ഷരാര്‍ഥത്തില്‍ പശ്ചിമ ബംഗാളിലെ നന്ദിഗ്രാം സംഭവത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

സ്വന്തം വീടും വസ്ത്രങ്ങളും വസ്തുക്കളുമൊക്കെ പോലീസും ജില്ലാ അധികൃതരും വലിച്ചെറിയുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമേ ഇവിടുത്തെ പാവങ്ങള്‍ക്കായുള്ളു. ഇവരെ അറിയിപ്പൊന്നും കൂടാതെ കുടിയൊഴിപ്പിക്കുന്ന അധികൃതരുടെ നടപടികളെ എതിര്‍ക്കാന്‍ ശ്രമിച്ച മൂലമ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് പള്ളി വികാരി ഫാ.മാര്‍ട്ടിന്‍ കുറ്റിക്കാടിനു പോലും പോലീസിന്റെ കൈക്കരുത്ത് അറിയേണ്ടി വന്നത് ഭരണവര്‍ഗത്തിന്റെ ശക്തമായ ഉറപ്പ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടുണ്െടന്നതിന് തെളിവാണ്.

വരാപ്പുഴ, ചേരാനല്ലൂര്‍, നോര്‍ത്ത് പറവൂര്‍ എസ്ഐമാരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുടിയൊഴിപ്പിക്കലിന് നേരത്തേ നോട്ടീസ് നല്‍കിയിരുന്നെന്നും ഇതിനു തയാറാകാത്തവരുടെ വീടുകളാണ് ജെസിബി ഉപയോഗിച്ച് നിര്‍ബന്ധിതമായി പൊളിച്ച് മാറ്റിയതെന്നും ജില്ലാ അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ മുന്‍പ് പല തവണയായി കൈയേറ്റമെന്ന പേരില്‍ എറണാകുളം എം.ജി റോഡുള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സ്മാര്‍ട്ട് സിറ്റിക്കായി കാക്കനാട്ടും കുടിയൊഴിപ്പിക്കല്‍ ജില്ലാ അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതൊക്കെ നടപ്പാക്കിയത് വ്യക്തമായ ഉറപ്പ് നല്‍കിയിട്ടായിരുന്നു. മുന്‍കൂട്ടി അറിയിച്ച പ്രകാരം സ്ഥലം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളില്‍ പ്രതിഷേധക്കാര്‍ പോലും ഒടുവില്‍ സ്ഥലം വിട്ടു നല്‍കുകയായിരുന്നു.

എന്നാല്‍ സ്ഥലമേറ്റെടുത്ത അധികാരികള്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ക്കു മുന്നില്‍ കണ്ണടയ്ക്കുകയും ചെയ്തു. എം.ജി റോഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പൊളിച്ചുമാറ്റലിനായി വ്യക്തമായ നടപടിച്ചട്ടങ്ങള്‍ ജില്ലാ കളക്ടര്‍ എ.പി.എം.മുഹമ്മദ് ഹനീഷ് പാലിച്ചിരുന്നു. ഇത് എല്ലാവരുടെയും പ്രശംസയും പിടിച്ചു പറ്റി. എന്നാല്‍ വികസനമെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്ന വരാപ്പുഴ കുടിയൊഴിക്കല്‍ നടപടികള്‍ മൂന്‍കൂട്ടിയുള്ള യാതൊരു നടപടികളും സ്വീകരിക്കാതെയാണ് നടത്തിയിരിക്കുന്നത്.

അറിയിപ്പു നല്‍കാതെ പൊന്നുംവില തഹസില്‍ദാരിന്റെ നേതൃത്വത്തിലെത്തി വീടു പൊളിക്കുന്നതിനെ മൂലമ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് പള്ളി വികാരി ഫാ.മാര്‍ട്ടിന്‍ കുറ്റിക്കാടിന്റെ നേതൃത്വത്തില്‍ എതിര്‍ത്ത സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പുരുഷ പോലീസുകാര്‍ പിടിച്ചു വലിക്കുകയും ബലം പ്രയോഗിച്ച് പുറത്തിറക്കുകയുമായിരുന്നു. എതിര്‍ത്തു നിന്ന ഫാ.മാര്‍ട്ടിന്‍ കുറ്റിക്കാടിനെയും സംഘത്തെയും വീടിനകത്താക്കി നിര്‍ത്തി വീടും പൊളിക്കുകയായിരുന്നു പോലീസ് സംഘം.

വീടുകളിലുണ്ടായിരുന്ന പാത്രങ്ങളും , കുട്ടികളുടെ പാഠപുസ്തകങ്ങളും ഉള്‍പ്പെടെ ജില്ലാ അധികൃതര്‍ എടുത്തു കൊണ്ടു പോയിട്ടുണ്ട്. ബദല്‍ താമസ സൌക്യമൊന്നും ഏര്‍പ്പാടാക്കാതെ നടത്തിയ ഈ കുടിയൊഴിപ്പിക്കല്‍ വന്‍ ജീവിത പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്. വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളും പരീക്ഷയ്ക്ക് ആഴ്ചകള്‍ മാത്രമവശേഷിക്കുന്ന കുട്ടികളും ശാരീരിക അവശതകള്‍ മൂലം വിഷമിക്കുന്ന വൃദ്ധരുമൊക്കെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് ഫാ.മാര്‍ട്ടിന്‍ കുറ്റിക്കാട് പറഞ്ഞു.

വല്ലാര്‍പാടത്തിന് രണ്ടു കിലോമീറ്റര്‍ മാറി 28 സെന്റ് പുറമ്പോക്ക് ഭൂമിയുണ്ട്. തല്‍ക്കാലം അവിടെ കുടില്‍ കെട്ടി താമസിക്കുക എന്ന നിര്‍ദേശമാണ് അധികാരികള്‍ വല്ലാര്‍പാടത്തെ കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹം നടക്കാനിരിക്കുന്ന ഒരു പെണ്‍കുട്ടിയും ഭവന രഹിതയായി. മൂത്രപ്പുര സൌകര്യം പോലുമില്ലാതെ കടമക്കുടി പഞ്ചായത്തിലെ മൂലംകുഴി ഭാഗത്തെ പൊളിച്ചു നീക്കപ്പെടുകയും ഭാഗികമായി പൊളിച്ചു നീക്കുകയും ചെയ്യപ്പെട്ട വീടുകളുടെ ഉടമസ്ഥര്‍ പ്രായമായ പെണ്‍കുട്ടികളുടെയും വൃദ്ധരുടെയും കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളി ഭാഗത്തെ 24 വീടുകളാണ് ഇന്നലെ പൊളിച്ചു നീക്കിയത്.

7. ഭൂമാഫിയ സംഘങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമ നിര്‍മ്മാണം വേണം: കെ.എല്‍.ആര്‍.എ
തിരുവനന്തപുരം: ഭൂമാഫിയ സംഘങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറവണമെന്ന് കേരള ലാന്റ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ് രാജീവും ജനറല്‍ സെക്രട്ടറി പി.പി.എം അഷറഫും

പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന തരത്തില്‍ കുന്നും മലകളും ഇടിച്ചു നിരത്തുന്നവരെയും വയലുകളും നീര്‍ച്ചാലുകളും നികത്തിയെടുക്കുന്നവരെയും പ്രതിരോധിക്കാനാവശ്യമായ ശക്തമായ നിയമം ഇന്നില്ല. ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ കോടതികളില്‍ റദ്ദ് ചെയ്യപ്പെടുന്നത് കെ.എല്‍.സി ആക്ടില്‍ പഴുതുകള്‍ ഉള്ളതിനാലാണ്. നിലവിലെ നിയമം അനുസരിച്ച് ഇത്തരം മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുകയാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറയുന്നു.

വില്ലേജാഫീസുകളിലും താലുക്ക് ഓഫീസുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. താലൂക്ക് ലാന്റ് ബോര്‍ഡുകള്‍ക്ക് സ്ഥിരം ചെയര്‍മാന്‍മാര്‍ ഇല്ലാത്തതിനാല്‍ ഭൂ പരിഷ്കരണം നിയമം നിലവില്‍ വന്നിട്ടും കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ട ഭൂമി എറ്റെടുക്കാനോ വിതരണം ചെയ്യാനോ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പ്രസ്താവനയില്‍ പറയുന്നു.

8. വികസന കാഴ്ചപ്പാടില്‍ മാറ്റം അനിവാര്യമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: ഇന്ത്യയുടെ വികസന കാഴ്ചപ്പാടില്‍ കാതലായ മാറ്റം അനിവാര്യമാണെന്ന് യു.എന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി തരൂര്‍. കേരള യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ വി.കെ കൃഷ്ണമേനോന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച പ്രഭാഷണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂലധനം അല്ലെങ്കില്‍ വിദേശ മൂലധനം എന്നു കേള്‍ക്കുമ്പോഴേ അടിമത്തമെന്നതാണ് ശരാശരി ഇന്ത്യക്കാരുടെയും കാഴ്ചപ്പാട്.

ഒരുവശത്ത് കോടിക്കണക്കിന് പേര്‍ പ്രതിമാസം സെല്‍ഫോണ്‍വരിക്കാരാകുമ്പോള്‍ മറുവശത്ത് കര്‍ഷക ആത്മഹത്യകളും അനുദിനം വര്‍ധിക്കുകയാണ്. ഇത്രയധികം കോടീശ്വരന്മാരുള്ള നമ്മുടെ രാജ്യത്ത് 26 ശതമാനത്തോളം പേര്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയാണ്. ഉപഗ്രഹരംഗത്തും മറ്റും വിപ്ളവകരമായ മുന്നേറ്റങ്ങളുള്ള ഒരു രാജ്യത്ത് കാളവണ്ടിയുഗം അവസാനിച്ചിട്ടില്ല- തരൂര്‍ പറഞ്ഞു.

ആഗോളീകരണം യാഥാര്‍ഥ്യമാകില്ലെന്നും അങ്ങനെയാകുന്നത് നന്നല്ലെന്നും അടുത്തിടെയും ബുദ്ധദേവ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടെന്നും ശശി തരൂര്‍ ഓര്‍മ്മിച്ചു.

സാമ്പത്തിക പ്രതിരോധ രംഗങ്ങളിലെ വളര്‍ച്ചകൊണ്ടു മാത്രമായില്ല.

ഇവ രണ്ടുമുണ്ടായിട്ടും അമേരിക്കയ്ക്ക് വിയറ്റ്നാമില്‍ സംഭവിച്ച പാളിച്ചയെ വിസ്മരിക്കരുത്. ജനാധിപത്യത്തിലെ വിജയമാണ് ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാക്കുന്നത്.

സാസ്കാരിക പൈതൃകത്തിന് തുരങ്കംവയ്ക്കുന്ന രീതിയിലാവരുത് നാം ആഗോളീകരണത്തെ സ്വീകരിക്കേണ്ടത്. ഭരതനാട്യവും കുച്ചിപ്പുടിയും ഇന്നിപ്പോള്‍ ബേവാച്ചിന് വഴിമാറുകയാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

9. ഗ്രാറ്റുവിറ്റി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദു ചെയ്യുന്നു
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ 1972 ലെ ഗ്രാറ്റുവിറ്റി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവ് പിന്‍വലിക്കും. കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ഭാരവാഹികള്‍ തൊഴില്‍ മന്ത്രി പി.കെ. ഗുരുദാസനുമായി മന്ത്രി ഉറ്പപുനല്‍കിയതായി കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. റാവുത്തര്‍ അറിയിച്ചു.

തൊഴില്‍വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഫെഡറേഷന്‍ ഭാരവാഹികളായ എം.എസ്. റാവുത്തര്‍, സിബിക്കുട്ടി ഫ്രാന്‍സീസ്, വി. ഗോപകുമാര്‍, ആര്‍. അനില്‍കുമാര്‍, എ. ഷാജി, പി.കെ. രവിരാജ് എന്നിവര്‍ പങ്കെടുത്തു.

10. ലേബര്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ
തിരുവനന്തപുരം: ജില്ലാ ലേബര്‍ ഓഫീസര്‍ക്കെതിരെ സസ്പെന്‍ഷന് ശിപാര്‍ശ. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്നത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ സേവി മനോ മാത്യുവിനെ പങ്കെടുപ്പിച്ചതിനാണ് നടപടി. സംസ്ഥാന ലേബര്‍ കമ്മീഷനാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയത്.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്നം സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ എസ്റ്റേറ്റ് ഉടമ എന്ന നിലയിലാണ് സേവി മനോ മാത്യുവിനെ പങ്കെടുപ്പിച്ചത്. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

മെര്‍ക്കിസ്റ്റണ്‍ ഭൂമിയില്‍ സേവി മനോ മാത്യുവിന് അവകാശമില്ലെന്ന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനാണ് നടപടി.1. പോലിസ് വെടിവെപ്പില്‍ നാലു മരണം; ബംഗാളില്‍ ഇന്ന് ഫോര്‍വേഡ് ബ്ലോക്ക് ബന്ദ്
കൊല്‍ക്കത്ത: ഭരണമുന്നണി ഘടകകക്ഷിയായ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന പോലിസ് വെടിവെപ്പില്‍ നാലു പേര്‍ മരിച്ചു. വെടിവെപ്പില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ഇന്ന് പശ്ചിമ ബംഗാളില്‍ 24 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു.

മുന്നണിബന്ധത്തിനുതന്നെ ഭീഷണിയാകാനിടയുള്ള സംഭവത്തില്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ നാല് പ്രവര്‍ത്തകര്‍ മരിച്ചതായാണ് പോലിസ് റിപ്പോര്‍ട്ട്. എന്നാല്‍ അഞ്ചു പ്രവര്‍ത്തകര്‍ മരിച്ചതായി ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ അറിയിച്ചു.

കൂച്ബിഹാര്‍ ജില്ലയിലെ ദിന്‍ഹാട്ട പ്രദേശത്ത് വിലക്കയറ്റത്തിനെതിരെ സമരം നടത്തിയ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ക്കു നേരെയാണ് വെടിവെപ്പുണ്ടായത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ 12 പോലിസുകാര്‍ക്കും പരിക്കേറ്റു.

ഫോര്‍വേഡ് ബ്ലോക്ക് പ്രഖ്യാപിച്ച ബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, എസ്.യു.സി.ഐ എന്നീ പ്രതിപക്ഷ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമവും തീവെപ്പും നടത്തുകയായിരുന്ന കുപിതരായ സമരക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചെങ്കിലും ഫലം കാണാതെ വന്നപ്പോഴാണ് വെടിവെക്കേണ്ടിവന്നതെന്നാണ് പോലിസ് വിശദീകരണം. അക്രമികള്‍ പോലിസ് വാഹനം കത്തിച്ചതായും സര്‍ക്കാര്‍ ഓഫീസ് കൊള്ളയടിച്ചതായും ജില്ലാ പോലിസ് സൂപ്രണ്ട് അനില്‍ കുമാര്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന വെടിവെപ്പ് കിരാതമായ പ്രവൃത്തിയാണെന്നും പ്രകോപനമില്ലാതെയാണ് വെടിവെച്ചതെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ദേവവ്രത വിശ്വാസ് പറഞ്ഞു.

സംഭവം ഇടത് ഐക്യത്തെ ബാധിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നടപടിയെടുക്കുമെന്നും ഇടതുമുന്നണി ചെയര്‍മാന്‍ സംഭവത്തെ അപലപിക്കുമെന്നും വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

2. ബംഗാളില്‍ ആന്ത്രാക്സും
കൊല്‍ക്കത്ത: പക്ഷിപ്പനി ബാധ നിയന്ത്രണ വിധേയമായി തുടങ്ങിയപ്പോള്‍ പശ്ചിമ ബംഗാളിലെ പശുക്കളില്‍ ആന്ത്രാക്സ് ബാധ കണ്ടെത്തിയത് അധികൃതരെ ആശങ്കയിലാക്കി. കൂച്ബിഹാര്‍ ജില്ലയിലെ ബൊജനേര്‍ച ഗ്രാമത്തിലാണ് മാരക രോഗം കണ്ടെത്തിയത്.

കൊല്‍ക്കത്തയില്‍ നിന്ന് 800 കി.മീ അകലെയാണ് ഈ ഗ്രാമം. ഒരാഴ്ചക്കിടെ ഈ ഭാഗങ്ങളില്‍ ചത്ത ആറ് പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചതെന്നും മുന്‍കരുതല്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മൃഗവിഭവ വികസന മന്ത്രി അനീസുറഹ്മാന്‍ അറിയിച്ചു. ഈ പ്രദേശത്തെ കാലികള്‍ക്ക് അടിയന്തരമായി കുത്തിവെപ്പ് നല്‍കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേഷ് കുമാര്‍ സിന്‍ഹ പറഞ്ഞു.

മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കാവുന്ന അപകടകാരിയായ രോഗമാണ് ആന്ത്രാക്സ്. ചില രൂപങ്ങളില്‍ ഇത് വളരെ അപകടകാരിയാണ്. പനിയും വായിലെ രക്തസ്രാവവുമാണ് പശുക്കളില്‍ ഇതിന്റെ പ്രധാന ലക്ഷണം.

3. മുല്ലപ്പെരിയാര്‍: പുതിയ ഡാമിനെതിരെ പ്രധാനമന്ത്രിക്ക് തമിഴ്നാടിന്റെ കത്ത്
ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് തമിഴ്നാട് സര്‍ക്കാര്‍ കത്തയച്ചു. ജലവിഭവ മന്ത്രി സൈഫുദ്ദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ ഡിസംബര്‍ 19ന് നടത്തിയ പ്രശ്നപരിഹാര ചര്‍ച്ചയില്‍ പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം ഉയര്‍ത്തിയതിന് ഔദ്യോഗികമായ മറുപടിയാണിത്.

പുതിയ അണക്കെട്ടിന് വേണ്ടിയുള്ള നീക്കങ്ങള്‍ തടയണമെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ദൊരെ മുരുകന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ജലനിരപ്പ് ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാനാണ് പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം ഉന്നയിക്കുന്നതെന്ന് കത്തില്‍ കുറ്റപ്പെടുത്തി. നിലവിലെ ഡാം സുരക്ഷിതമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടും കേരളം അത് അംഗീകരിക്കുന്നില്ല. നിലവിലെ ഡാമിന് സുരക്ഷാ പ്രശ്നമില്ലാത്തതിനാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം.

പുതിയ ഡാം എന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ജലവിഭവമന്ത്രി സൈഫുദ്ദീന്‍ സോസ് ഡിസംബര്‍ 19ന് മുഖ്യമന്ത്രിമാരുടെ യോഗം നടത്തിയത്.

പുതിയ ഡാമിന്റെ കാര്യത്തില്‍ കേരളം പ്രാരംഭ നീക്കങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് തമിഴ്നാട് സര്‍ക്കാറിന്റെ കത്ത്. നിലവിലെ ഡാമില്‍ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്തുന്നത് സുരക്ഷിതത്വത്തിന് ഭീഷണിയാണ് എന്നതിനൊപ്പം കൂടുതല്‍ പ്രദേശങ്ങളെ വെള്ളത്തിലാക്കി പരിസ്ഥിതി പ്രശ്നം ഉയര്‍ത്തുമെന്ന വാദവും കേരളം ഉയര്‍ത്തുന്നുണ്ട്. പുതിയ ഡാം കൂടുതല്‍ പ്രദേശങ്ങളെ വെള്ളത്തില്‍ മുക്കുമെന്നിരിക്കേ, കേരളത്തിന്റെ വാദം കാപട്യമാണെന്നും ദൊരെ മുരുകന്‍ ആറുപേജ് കത്തില്‍ കുറ്റപ്പെടുത്തി.

നിലവിലെ ഡാമിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് കേരളം. തേനി, ദിണ്ഡിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ലക്ഷക്കണക്കായ കര്‍ഷകര്‍ മുല്ലപ്പെരിയാറിലെ വെള്ളമാണ് ആശ്രയിക്കുന്നത്. ഇത് തടസ്സപ്പെടുത്തുകയാണ് കേരളം. കേരളം പാസാക്കിയ ഡാം സുരക്ഷാ നിയമം തമിഴ്നാടിനെ ദ്രോഹിക്കാനാണെന്നും കത്തില്‍ ആരോപിച്ചു.

4. ഭൂമിയുടെ ഉടമസ്ഥത: എച്ച്.എം.ടിയുടെ അവകാശവാദം ശരിയല്ലെന്ന് രേഖകള്‍
തൊടുപുഴ: ഭൂമിയില്‍ പൂര്‍ണമായ വില്‍പന സ്വാതന്ത്യ്രമുണ്ടെന്ന എച്ച്.എം.ടിയുടെ അവകാശവാദം ശരിയല്ലെന്ന് രേഖകള്‍. എച്ച്.എം.ടിയുടെ വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക വ്യവസ്ഥയോടെ പ്രതിഫലം ഈടാക്കാതെ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയതാണ് കളമശേãരിയിലെ എച്ച്.എം.ടി ഭൂമി. എച്ച്.എം.ടിക്ക് ഭൂമിയില്‍ വില്‍പനാവകാശമില്ലെന്നും പൂര്‍ണാവകാശമില്ലെന്നും തെളിയിക്കുന്നതാണ് എച്ച്.എം.ടി ഭൂമിയുമായി ബന്ധപ്പെട്ട് എച്ച്.എം.ടി മാനേജ്മെന്റും സംസ്ഥാന സര്‍ക്കാറുമായി ഇതുവരെ നടന്ന ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും രേഖകള്‍.

മുഴുവന്‍ ഭൂമിയിലും വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് എച്ച്.എം.ടിയുടെ ഭൂമി സംസ്ഥാന സര്‍ക്കാര്‍ പലതവണ ഏറ്റെടുത്തു. ഓരോ പ്രാവശ്യവും പ്രത്യേക അപേക്ഷയുടെ പുറത്താണ് ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിയത്. മുഴുവന്‍ സ്ഥലത്തും വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കാം, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായതിനാല്‍ പ്രത്യേക ഇളവ് അനുവദിക്കണം എന്നീ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് എച്ച്.എം.ടിയില്‍നിന്ന് ഭൂമി തിരിച്ചുപിടിച്ച നടപടിക്ക് ഓരോ പ്രാവശ്യവും സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.

ഏറ്റവും അവസാനമാണ് ’95ല്‍ എച്ച്.എം.ടിയില്‍നിന്ന് 400 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഈ ഭൂമി ഏറ്റെടുത്തത് റവന്യൂ വകുപ്പ് ആയിരുന്നില്ല. വ്യവസായ വകുപ്പ് പ്രത്യേക ഉത്തരവ് വഴിയാണ് അന്ന് ഭൂമി ഏറ്റെടുത്തത്. ഇതിനെതിരെ എച്ച്.എം.ടി ഹൈക്കോടതിയെ സമീപിച്ചു. എച്ച്.എം.ടിയുടെ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഈ 400 ഏക്കറില്‍നിന്ന് 100 ഏക്കര്‍ വിട്ടുനല്‍കാന്‍ വ്യവസായ വകുപ്പ് തയാറായപ്പോള്‍ എതിര്‍പ്പ് ഉപേക്ഷിച്ച് എച്ച്.എം.ടി കേസ് അവസാനിപ്പിച്ചു. എച്ച്.എം.ടിക്ക് പൂര്‍ണ വില്‍പനാവകാശമുള്ള ഭൂമിയായിരുന്നെങ്കില്‍ കോടതിക്ക് പുറത്ത് ഇത്തരമൊരു ഒത്തുതീര്‍പ്പ് ഉണ്ടാക്കേണ്ടിയിരുന്നില്ല. 100 ഏക്കര്‍ വിട്ടുനല്‍കിയപ്പോള്‍ ആ ഭൂമിക്ക് മിച്ചഭൂമി നിയമത്തില്‍ നിന്ന് മാത്രമാണ് ഇളവ് നല്‍കിയത്. അല്ലാതെ വില്‍പനാവകാശം നല്‍കിയിരുന്നില്ല. ഇതിന് ശേഷം 2002ലും 251 ഏക്കര്‍ കൂടി എച്ച്.എം.ടിയില്‍നിന്ന് മിച്ചഭൂമിയായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. എച്ച്.എം.ടിക്ക് ഭൂമിയില്‍ പൂര്‍ണാവകാശം ഉണ്ടെങ്കില്‍ ഇത് നടക്കുമായിരുന്നില്ല. വില്‍പനക്ക് തൊഴിലാളികളുടെ പിന്തുണ ലഭിക്കുന്നതിന് കൈക്കൂലി പോലെ 30 ഏക്കര്‍ നല്‍കിയതും ഭൂമിയില്‍ എച്ച്.എം.ടിക്ക് വില്‍പനാവകാശമില്ലെന്നതിന്റെ തെളിവാണ്.

ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് എച്ച്.എം.ടി മാനേജ്മെന്റ് രൂപംകൊടുത്തിരിക്കുന്ന ലാന്റ് സെയില്‍ കമ്മിറ്റി വിവിധ സംസ്ഥാനങ്ങളിലെ എച്ച്.എം.ടിയുടെ ഭൂമി വില്‍പന നടത്തിവരികയാണ്. രാഷ്ട്രീയ നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും ഭൂമി വാങ്ങുന്നവരെക്കൊണ്ട് കോഴ നല്‍കിയാണ് എച്ച്.എം.ടി ഭൂമി വില്‍ക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി ഇന്ത്യയിലെമ്പാടും ഇങ്ങനെ ഭൂമി വില്‍ക്കുന്നുണ്ട്.

ഈ ഭൂമി വില്‍പനക്കെതിരെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ട്രേഡ് യൂനിയനുകള്‍ ശക്തമായി രംഗത്തുവന്നതോടെയാണ് വില്‍ക്കുന്ന ഭൂമിയുടെ ഒരുവിഹിതം തൊഴിലാളികള്‍ക്കും നല്‍കുന്ന രീതി ലാന്റ് സെയില്‍ കമ്മിറ്റി ആരംഭിച്ചത്. എച്ച്.എം.ടിയെ തകര്‍ത്തതിന് പിന്നിലെ ഒരു പ്രധാന കാരണം ഭൂമി വില്‍പന ലാക്കാക്കി പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റ് ലോബിയാണ്. രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും ഒത്താശയോടെ ലാന്റ് സെയില്‍ കമ്മിറ്റിയുടെ മറവിലാണ് ഈ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നത്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി വില്‍ക്കാന്‍ അനുവാദം നല്‍കിയ കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയവും ഈ കൊള്ളക്ക് പിന്‍ബലമായി.

5. കര്‍ണാടക പാല്‍ വെട്ടിക്കുറച്ചു; ക്ഷാമം രൂക്ഷമാവും
തിരുവനന്തപുരം: തിരുവനന്തപുരം: കര്‍ണാടകയില്‍നിന്ന് ലഭിച്ചിരുന്ന പാല്‍ പകുതിയായി വെട്ടിക്കുറച്ചതോടെ സംസ്ഥാനത്ത് ഇന്നുമുതല്‍ പാല്‍ക്ഷാമം രൂക്ഷമാകും. മൂന്ന് ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം കര്‍ണാടകയില്‍നിന്ന് ലഭിച്ചിരുന്നത്. വേനല്‍ കടുത്തതോടെ ഉല്‍പാദനം കുറഞ്ഞതിനാല്‍ ഇത് ഒന്നര ലക്ഷമാക്കി കുറക്കാന്‍ കര്‍ണാടകയിലെ ക്ഷീരസംഘങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

മഹാരാഷ്ട്രയില്‍ നിന്ന് പാല്‍കൊണ്ടു വരാനാണ് ഇപ്പോള്‍ സര്‍ക്കാറും മില്‍മയും ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷവും മഹാരാഷ്ട്രയില്‍നിന്ന് പാല്‍ കൊണ്ടു വന്നിരുന്നു. പുറത്തുനിന്നുള്ള പാലിന്റെ വരവും ആഭ്യന്തര ഉല്‍പാദനവും ഒരു പോലെ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. തിരുവനന്തപുരം മേഖലാ യൂനിയനില്‍ മുക്കാല്‍ലക്ഷം ലിറ്റര്‍ പാലിന്റെ കുറവ് ഇന്നു മുതല്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ പ്രാവശ്യം മഹാരാഷ്ട്ര പാല്‍ എത്തിച്ച് വിതരണം നടത്തിയതില്‍ 3.80 പൈസ വീതം നഷ്ടമുണ്ടായെന്നാണ് മില്‍മ പറയുന്നത്. പാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാറില്‍ മില്‍മ സമ്മര്‍ദം ചെലുത്തി വരികയാണ്.

കര്‍ണാടകയില്‍നിന്ന് മില്‍മ പാല്‍ വാങ്ങുന്നത് അവിടത്തെ വില്‍പന വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയാണെന്ന് എറണാകുളം മേഖല ക്ഷീരോല്‍പാദക യൂനിയന്‍ ചെയര്‍മാന്‍ പ്രൊഫ. ടി.പി. മര്‍ക്കോസ് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടക സഹകരണ വിപണന ഫെഡറേഷന്‍ ലിറ്ററിന് 12.50 രൂപക്കാണ്പാല്‍ വില്‍ക്കുന്നത്. എന്നാല്‍, മില്‍മക്ക് തരുന്നത് 14.90 രൂപക്കാണ്. ഒരു ലിറ്റര്‍ പാല്‍ കേരളത്തില്‍ എത്താന്‍ 1.20 രൂപയുടെ അധിക ചെലവുണ്ട്. ഏജന്റുമാരുടെ കമീഷനും സംസ്കരണ ചെലവും അടക്കം 2.60 രൂപയാണ് ചെലവ്്.

അന്യ സംസ്ഥാനങ്ങളില്‍നിന്ന് പാല്‍ കൊണ്ടുവന്ന് വില്‍പന നടത്തിയതിലൂടെ മാത്രം എറണാകുളം മേഖലാ യൂനിയന് കഴിഞ്ഞ നവംബര്‍ വരെ 57 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 37 ലക്ഷം രൂപയുടെ ലാഭം ഉണ്ടായിരുന്ന സ്ഥാനത്താണിത്. പാല്‍ വില വര്‍ധിപ്പിച്ചില്ലെങ്കില്‍ വിതരണം നിര്‍ത്തിവെക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

6. പാലക്കാട് ജില്ലയില്‍ ബി.ജെ.പിയുടെ മിന്നല്‍ ഹര്‍ത്താല്‍
പാലക്കാട്: ജില്ലയില്‍ ബി.ജെ.പിയുടെ മിന്നല്‍ ഹര്‍ത്താല്‍ തുടങ്ങി. മൂന്നുമാസം മുമ്പ് മലമ്പുഴ നിയോജകമണ്ഡലത്തില്‍ നടന്ന ഇരട്ടകൊലപാതക കേസിലെ പ്രതികളെ പോലിസ് ഗുണ്ടാ ലിസ്റ്റില്‍പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി 12 മുതല്‍ ഹര്‍ത്താല്‍ തുടങ്ങിയത്. ഇന്ന് രാത്രി 12വരെ നീളും.

പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം എന്‍. ശിവരാജന്‍, ജില്ലാ പ്രസിഡന്റ് കെ. ശിവദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികള്‍ മറ്റൊരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്നും ഇവരെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചാണ് ഹര്‍ത്താലെന്ന് അവര്‍ വ്യക്തമാക്കി.

7. കേബിള്‍ തകരാര്‍: ബറ്റല്‍കോക്ക് മില്യന്‍ കണക്കിന് ദീനാര്‍ നഷ്ടം
മനാമ: ടെലികമ്യൂണിക്കേഷന്‍ കേബിള്‍ തകരാര്‍ മൂലം ബറ്റല്‍കോക്ക് മില്യന്‍ കണക്കിന് ദീനാര്‍ നഷ്ടമുണ്ടായതായി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പീറ്റര്‍ കാലിയാറോ പൌലോസ് അറിയിച്ചു. എന്നാല്‍ എത്ര നഷ്ടമുണ്ടെന്ന് കൃത്യമായി കണക്കാക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഹംലയിലെ ബറ്റല്‍കോ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്.

ഇന്റര്‍നെറ്റ് കണക്ഷനില്‍ തടസ്സം നേരിടുകയും അതുമുലം നഷ്ടം സംഭവിക്കുകയും ചെയ്ത ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചാലേ ഇത് നല്‍കാനാവു.

രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ സിസ്റ്റം 70 ശതമാനം സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്നുണ്ട്. ഇതര കേബിളുകള്‍ വഴിയാണ് ഇത് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രധാന നിക്ഷേപ മേഖലയായ ഇതിന് നഷ്ടം സംഭവിക്കാതിരിക്കുന്നതിന് അതിസൂക്ഷ്മ ശ്രദ്ധയാണ് കമ്പനി നല്‍കുന്നത്.

തൊഴിലാളികളുടെ വാര്‍ഷിക ബോണസ് ഈ മാസാവസാനം നല്‍കുമെന്ന് പീറ്റര്‍ അറിയിച്ചു. 2007 ലെ ഓരോരുത്തരുടെയും സേവനമനുസരിച്ച് ഒന്നരക്കും അഞ്ച് മാസത്തിനുമിടയിലുള്ള സംഖ്യ ബോണസായി നല്‍കും. പദവി ഉയര്‍ത്തുന്നതിലൂടെ കമ്പനിയിലെ 700 ഓളം ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ധനയുണ്ടാകും. സ്റ്റാഫുകളുടെ കര്‍ത്തവ്യ നിര്‍വഹണം പരിപോഷിപ്പിക്കുന്നതിന് 3.8 മില്യന്‍ ഡോളര്‍ ചെലവില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

87 ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ റിട്ടയര്‍മെന്റിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവരില്‍ 40 പേര്‍ മാത്രമാണ് കമ്പനിയുടെ ഓഫര്‍ സ്വീകരിച്ചത്. മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കി കമ്പനിയുടെ തന്നെ മറ്റേതെങ്കിലും തസ്തികകള്‍ നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

8. തീരുമാനത്തില്‍ ഉറച്ച് സാനിയ; ടെന്നീസ് പ്രേമികള്‍ക്ക് നിരാശ
ന്യൂദല്‍ഹി: ഇന്ത്യയില്‍ തല്‍ക്കാലം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ച ടെന്നിസ് വിസ്മയം സാനിയ മിര്‍സയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍താരങ്ങളും സഹകളിക്കാരും രംഗത്ത്. അതേസമയം, തന്റെ തീരുമാനത്തിന് മാറ്റമില്ലെന്ന് സാനിയ അറിയിച്ചു. ഈ മാനസികാവസ്ഥയില്‍ ഇവിടെ കളിക്കേണ്ടി വന്നാല്‍ തന്റെ ആരാധകര്‍ക്ക് നിരാശയായിരിക്കും ഫലമെന്നും സാനിയ പറഞ്ഞു. ഇന്ത്യയില്‍ കളിക്കുമ്പോഴെല്ലാം വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നതില്‍ മനംനൊന്താണ് ഹൈദരാബാദുകാരി അടുത്തമാസം നടക്കുന്ന ബാംഗ്ലൂര്‍ ഓപണില്‍നിന്ന് പിന്മാറാനുള്ള കടുത്ത തീരുമാനം കൈക്കൊണ്ടത്. ഇവരോട് സഹാനുഭൂതി പ്രകടിപ്പിച്ച മുന്‍ ഡേവിസ് കപ്പ് ക്യാപ്റ്റന്‍ അക്താര്‍ അലി സാനിയയുടെ തീരുമാനം ഇന്ത്യന്‍ കായികലോകത്തിന് വന്‍ നഷ്ടമാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ യുവതാരങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാനുള്ള സാനിയയുടെ കളിയിലും ജീവിതത്തിലും മറ്റുള്ളവര്‍ അനാവശ്യമായി കൈകടത്തരുതെന്നും അലി ആവശ്യപ്പെട്ടു.1. അപൂര്‍വം ഈ ജനസഞ്ചയം
കോട്ടയം: സമാനതകളില്ലാത്ത ജനപങ്കാളിത്തംകൊണ്ട് അക്ഷരനഗരിക്ക് ഇത് ധന്യമുഹൂര്‍ത്തം. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന വിവിധ പരിപാടികളാണ് ജനപ്രവാഹംകൊണ്ടും സംഘാടനമികവുകൊണ്ടും പരിപാടികളിലെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമാകുന്നത്.

പുത്തന്‍ അനുഭവപാഠങ്ങളാണ് രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-കലാ രംഗങ്ങളിലെ ഒന്നാംനിരക്കാരുടെ സാന്നിധ്യം നഗരത്തിന് സമ്മാനിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടികളെ കോട്ടയത്തിന്റെ പൌരസമൂഹവും ആസ്വാദകവൃന്ദവും അത്ഭുതാദരത്തോടെയാണ് കാണുന്നത്.

തിങ്കളാഴ്ച സായാഹ്നത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ വി എസ് അച്യുതാനന്ദനാണ് സെമിനാര്‍ ഉദ്ഘാടനംചെയ്തത്. സിപിഐ സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, മാത്യു ടി തോമസ്, മോന്‍സ് ജോസഫ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നീ പ്രമുഖര്‍ പങ്കെടുത്ത സെമിനാര്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടാണ് സമാപിച്ചത്.

വിളംബരം: സിപിഐ എം സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കെഎസ്കെടിയു, കര്‍ഷകസംഘം
പ്രവര്‍ത്തകര്‍ കോട്ടയത്തു നടത്തിയ സാംസ്കാരിക ജാഥ

അനുഗൃഹീത ഗായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി തിരിതെളിച്ചതോടെ കലാപരിപാടികള്‍ക്കും തുടക്കംകുറിച്ചു. “വരും തലമുറയ്ക്ക് ജീവിക്കാനുള്ള ഊര്‍ജം പകര്‍ന്നുനല്‍കിയ എ കെ ജിയാണ് തനിക്ക് കലാജീവിതത്തില്‍ പ്രചോദനമെന്ന്” കൈതപ്രത്തിന്റെ വാക്കുകള്‍ തിങ്ങിനിന്ന സദസ്സിന് ആവേശാനുഭവമായി. ഫോക്ലോര്‍ അക്കാദമിയുടെ തെയ്യം അവതരണം രാത്രി വൈകി തിരശീല വീഴുംവരെ നിറമനസ്സുമായി ആയിരങ്ങള്‍ ആസ്വദിച്ചു.

സെമിനാറിലെ രണ്ടാംദിനത്തിലെ സിനിമാസംവാദം സജീവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ലെനിന്‍ രാജേന്ദ്രന്‍, ബ്ളെസി, പി ടി കുഞ്ഞുമുഹമ്മദ്, ജയരാജ്, എം പി സുകുമാരന്‍നായര്‍ എന്നിവരുടെ സാന്നിധ്യം സംവാദങ്ങള്‍ക്ക് ഗൌരവം പകര്‍ന്നു.

ക്ഷേത്രകലയെ ജനങ്ങളിലേക്കിറക്കിയ ഹരിഗോവിന്ദന്‍ ഇടയ്ക്കയില്‍ സോപാനസംഗീതം അവതരിപ്പിച്ചപ്പോള്‍, ഈ കലയ്ക്ക് ലഭിച്ച ഏറ്റവും വലിയ വേദിയായി കോട്ടയം മാറി. വിദ്യാഭ്യാസക്കച്ചവടത്തിന്റെ ലാഭവഴികള്‍ തുറന്നുകാട്ടിയ വൈക്കം ‘മാളവിക’യുടെ കരിങ്കുരങ്ങ് നാടകം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ബുധനാഴ്ച കാര്‍ഷിക സെമിനാര്‍ നടന്നു. മന്ത്രി എം എ ബേബി ഉദ്ഘാടനംചെയ്തു. മാര്‍ഗി സതിയും സംഘവും അവതരിപ്പിച്ച കൂടിയാട്ടം കലാഹൃദയങ്ങള്‍ക്ക് കുളിരുപകര്‍ന്നു.

സമ്മേളനത്തിന് സമാപനമാകുന്ന 14 വരെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വിവിധ വേദികളില്‍ തുടരും. വിവിധ സ്ഥാപനങ്ങളും വ്യക്തികളും പങ്കടുക്കുന്ന ദേശീയ വാണിജ്യ വ്യവസായ പ്രദര്‍ശനം കാണാന്‍ നാട്ടിന്‍പുറങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. ലോകത്തെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങളെയും പ്രതിരോധത്തെയും പരിചയപ്പെടുത്തുന്ന ചരിത്ര ചിത്ര പ്രദര്‍ശനത്തിന് വ്യാഴാഴ്ച തിരിതെളിയും.

2. മാന്ദ്യം അമേരിക്കയില്‍; പിരിച്ചുവിടല്‍ ഇവിടെ
തിരു: അമേരിക്കയിലെ സാമ്പത്തികമാന്ദ്യവും ഡോളറിന്റെ വിലയിടിവും ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ആഘാതമായി. പല പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനികളും ജീവനക്കാരെ പുറന്തള്ളാനും വേതനം വെട്ടിക്കുറയ്ക്കാനും തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇതിനകം 500 പേരെ പറഞ്ഞുവിട്ടു. ശമ്പളത്തിലും ടിസിഎസ് വെട്ടിക്കുറവ് വരുത്തി. മറ്റു കമ്പനികളും ഈ വഴിക്കു നീങ്ങുന്നതായാണ് സൂചന.

രാജ്യത്ത് എറ്റവുമധികംപേര്‍ ജോലിചെയ്യുന്ന ഐടി കമ്പനിയാണ് ടിസിഎസ്-ഒരു ലക്ഷത്തിലേറെ. 2007 ലെ അവസാന മൂന്നു മാസത്തിനിടയില്‍ ടിസിഎസ് 7500 പേരെയാണ് എടുത്തത്. ഡോളര്‍ വിലയിടിവ് ഐടി കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിച്ചതിനാല്‍ 2008 ല്‍ നിയമനം ഗണ്യമായി കുറഞ്ഞേക്കും. പല കമ്പനികളും ഈ വര്‍ഷം നിയമനം വേണ്ടെന്നുവയ്ക്കാനും സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ ഐടി കമ്പനികള്‍ ഒന്നരലക്ഷത്തിലേറെപ്പേരെ ജോലിക്കെടുത്തിരുന്നു.

തങ്ങള്‍ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും കഴിവ് തെളിയിക്കാത്തവരോട് വേറെ ജോലി കണ്ടുപിടിക്കാന്‍ ഉപദേശിച്ചതാണെന്നുമാണ് ടിസിഎസില്‍നിന്നുള്ള വിശദീകരണം. ശമ്പളത്തിലെ അസ്ഥിര ഘടകത്തില്‍ കുറവു വരുത്തിയിട്ടുണ്ടെന്ന് ടിസിഎസ് സമ്മതിക്കുന്നു. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരുടെ വരുമാനത്തില്‍ മാസം ശരാശരി 2500 രൂപയുടെ കുറവുണ്ടാകും.

ഡോളറിന്റെ വിലയിടിവ് കേരളത്തിലെ ഐടി വ്യവസായ മേഖലയെയും ബാധിച്ചുതുടങ്ങി. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെയും കാക്കനാട് ഇന്‍ഫോപാര്‍ക്കിലെയുമടക്കം ഐടി കമ്പനികളുടെ വരുമാനത്തില്‍ 10 മുതല്‍ 15 ശതമാനംവരെ കുറവ് വന്നിട്ടുണ്ട്. ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കിയ സാമ്പത്തികമാന്ദ്യം പരിഹരിക്കുന്നത് വൈകിയാല്‍ കേരളത്തിലെ ഐടി കമ്പനികളിലും ശമ്പളം വെട്ടിക്കുറയ്ക്കലും പിരിച്ചുവിടലും ഉണ്ടായേക്കും.

അമേരിക്കന്‍ ഡോളറിന്റെ മൂല്യശോഷണം 2007 ജൂലൈയോടെയാണ് വേഗത്തിലായത്. ജൂണ്‍വരെ 45.75 രൂപ വരെയായിരുന്നു ഡോളറിന്റെ മൂല്യമെങ്കില്‍ ആഗസ്തില്‍ 40 രൂപയായി. ഇപ്പോഴത് 38.85 മാത്രമാണ്. ഇതുമൂലം ഒരു ഐടി കമ്പനി കഴിഞ്ഞ വര്‍ഷം ചെയ്ത ജോലിക്ക് കിട്ടിയ പണത്തേക്കാള്‍ 12 മുതല്‍ 15 ശതമാനംവരെ കുറഞ്ഞ തുകയേ ഈ വര്‍ഷം അതേ ജോലിക്ക് ലഭിക്കുന്നുള്ളു. കേരളത്തിലെ ഐടി കമ്പനികളെല്ലാം അമേരിക്ക, യൂറോപ്പ്, വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ചെറിയ കമ്പനികളില്‍ പലതും മൂല്യശോഷണംമൂലം ഉണ്ടാകുന്ന ധനനഷ്ടത്തില്‍നിന്ന് ബാങ്കുകള്‍ മുഖേന സംരക്ഷണം ഉറപ്പുവരുത്തിയതിനാല്‍ കാര്യമായ പരിക്ക് ഏല്‍ക്കാതെ താല്‍ക്കാലികമായി രക്ഷപ്പെട്ട് നില്‍ക്കുന്നുണ്ട്. ഡോളറിന്റെ മൂല്യം കുറഞ്ഞാലും കൂടിയാലും നിശ്ചിത കാലത്തേക്ക് നിശ്ചയിക്കപ്പെട്ട തുക വിനിമയവിലയായി നല്‍കാന്‍ ബാങ്കുകളുമായുണ്ടാക്കിയാണ് ഈ കരാര്‍.

3. ജനറല്‍ ആശുപത്രിക്ക് 4കോടിയുടെ പദ്ധതി
ആലപ്പുഴ: നാലുകോടിയില്‍പരം രൂപ ചെലവഴിച്ച് ആലപ്പുഴ ജില്ലാ ആശുപത്രി അത്യാധുനിക സൌകര്യങ്ങളോടെയുള്ള ജനറല്‍ ആശുപത്രിയാകുന്നു. 1.15 കോടി രൂപ ചെലവഴിച്ച് ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മൂന്നു കോടി രൂപ ചെലവഴിച്ച് രണ്ടാംഘട്ട വികസന പദ്ധതി നടപ്പാക്കും.

ആലപ്പുഴയില്‍ ശനിയാഴ്ച ആരോഗ്യമന്ത്രി പി കെ ശ്രീമതി ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതോടനുബന്ധിച്ച് മെഡിക്കല്‍ അതിതീവ്ര പരിചരണ വിഭാഗവും തുറക്കും. ന്യൂറോ, ഹൃദ്രോഗം അടക്കമുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ തുടങ്ങുന്നതിനും തീരുമാനമുണ്ട്.

50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അതിതീവ്ര പരിചരണ വിഭാഗത്തിന്റെയും വാര്‍ഡുകളുടെയും അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചത്. കാര്‍ഡിയാക് മോണിറ്റര്‍, അള്‍ട്രാസൌണ്ട് സോണോഗ്രാം, സെന്‍ട്രല്‍ മോണിറ്റര്‍, ഓഡിയോഗ്രാം തുടങ്ങി 38 ഇന അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് 65 ലക്ഷം രൂപ അനുവദിച്ചത്. ഇതില്‍ പത്തുലക്ഷം രൂപ ചെലവഴിച്ച് വെന്റിലേറ്റര്‍ സ്ഥാപിക്കുന്നത് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് സൌകര്യപ്രദമാകും.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി വണ്ടാനത്തേക്ക് മാറ്റിയതോടെയാണ് ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി നഗരത്തിലേക്ക് മാറ്റിയത്. കടപ്പുറത്ത് നേരത്തെ തിങ്ങിഞെരുങ്ങി പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ആശുപത്രിയുടെ മാറ്റം രോഗികള്‍ക്ക് ഏറെ ആശ്വാസമായി. ചില വകുപ്പുകള്‍ കൂടി മാറ്റാനുണ്ട്. മെഡിക്കല്‍ കോളേജ് പൂര്‍ണമായി വണ്ടാനത്തേക്ക് മാറ്റുന്നതോടെ സ്ഥലപരിമിതിക്കും പരിഹാരമാകും. ഇതോടെ കൂടുതല്‍ വികസനത്തിന് വഴിയൊരുങ്ങും. ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും നടപടിയായി. ജില്ലയിലെ ആരോഗ്യ മേഖലയില്‍ വികസനം ലക്ഷ്യമാക്കിയാണ് നഗരത്തില്‍ ജനറല്‍ ആശുപത്രിയും വണ്ടാനത്ത് മെഡിക്കല്‍ കോളേജും പ്രവര്‍ത്തനം തുടങ്ങിയത്.

പ്രത്യേകമായി നിയോഗിക്കപ്പെട്ട ആരോഗ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് വണ്ടാനം മെഡിക്കല്‍ കോളേജിന്റെയും ജനറല്‍ ആശുപത്രിയുടെയും വികസന പദ്ധതി തയാറാക്കിയത്.

നേരത്തെ ജില്ലാ പഞ്ചായത്തിന്റെ കീഴിലായിരുന്ന ജില്ലാ ആശുപത്രിക്കുവേണ്ടി ഒരു വര്‍ഷം 20 ലക്ഷത്തോളം രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചിരുന്നു. ജനറല്‍ ആശുപത്രി ജില്ലാ പഞ്ചായത്തിന് കീഴിലാക്കിയാല്‍ ഈ ഫണ്ട് ആശുപത്രി വികസനത്തിന് കൂടി ഉപയോഗിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ നാസര്‍ പറഞ്ഞു.

4. എന്‍ഐടി: 25 വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം വാര്‍ഷിക ശമ്പളം വാഗ്ദാനം
കോഴിക്കോട്: എന്‍ഐടിയിലെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) 25 വിദ്യാര്‍ഥികള്‍ക്ക് പത്ത്ലക്ഷം രൂപ വാര്‍ഷിക ശമ്പള വാഗ്ദാനം. 2007-08 അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ കാമ്പസ് റിക്രൂട്ട്മെന്റ് അവസാനിച്ചപ്പോള്‍ ബിടെക്, എംസിഎ കോഴ്സുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജോലി ലഭിച്ചു. പകുതിയിലധികം വിദ്യാര്‍ഥികള്‍ക്ക് രണ്ടോ അതിലധികമോ ജോലി വാഗ്ദാനങ്ങളുണ്ടായി.

എന്‍ഐടിയില്‍ ആദ്യമായാണ് 25 വിദ്യാര്‍ഥികള്‍ക്ക് പത്ത്ലക്ഷം രൂപ ശമ്പളമുള്ള ജോലി കിട്ടുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ 21ഉം ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ നാലും വിദ്യാര്‍ഥികള്‍ക്കാണ് ഇത്ര ഉയര്‍ന്ന ശമ്പളം. എണ്ണ ഉല്പാദന കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസസ് കോര്‍പറേഷനാണ് (ഒഎന്‍ജിസി) ഈ ജോലി വാഗ്ദാനം ചെയ്തത്. ഒഎന്‍ജിസി ആദ്യമായാണ് കോഴിക്കോട് എന്‍ഐടിയിലെത്തുന്നത്.

മുമ്പ് എന്‍ഐടിയിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ഉയര്‍ന്ന ശമ്പളം ഒമ്പതുലക്ഷം രൂപയായിരുന്നു. ഇതു കൂടാതെ 38 വിദ്യാര്‍ഥികള്‍ക്ക് 9-10 ലക്ഷത്തിനിടയിലും എട്ട് പേര്‍ക്ക് 7-9 ലക്ഷത്തിനിടയിലും 42 പേര്‍ക്ക് 6-7 ലക്ഷത്തിനിടയിലും ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനമുണ്ടായി. എംടെക് കോഴ്സുകളിലെ 80 ശതമാനം വിദ്യാര്‍ഥികള്‍ക്കും ജോലി ഉറപ്പായി.

ഇത്തവണ 140 ഓളം കമ്പനികള്‍ കാമ്പസ് റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിച്ചു. അതില്‍ 90 കമ്പനികള്‍ക്കാണ് റിക്രൂട്ട്മെന്റിന് അനുമതി നല്‍കിയത്. ഇത്തവണ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ ശാഖകളില്‍ തന്നെ ജോലി കിട്ടിയത് സവിശേഷതയാണെന്ന് എന്‍ഐടിയില്‍ ട്രെയിനിങ് ആന്‍ഡ് പ്ളേസ്മെന്റ് ചുമതലയുള്ള ഡോ. ടി കെ സുരേഷ്ബാബു പറഞ്ഞു.

ഒഎന്‍ജിസിക്ക് പിറകില്‍ എഐഒസി ഒമ്പതുപേര്‍ക്ക് 9.6 ലക്ഷം രൂപയുടെ ജോലി വാഗ്ദാനംചെയ്തു. മൈക്രോസോഫ്റ്റ് ആറുപേരെ ഒമ്പതുലക്ഷം രൂപ ശമ്പളമുള്ള ജോലിക്കെടുത്തു. ഭാരത് പെട്രോളിയം 9.6 ലക്ഷത്തിന് ആറുപേരെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം 13 പേരെയും എടുത്തു. യാഹു 9.3 ലക്ഷം വാഗ്ദാനംചെയ്ത് നാല്പേരെ കൊണ്ടുപോയി. ഇന്റല്‍ ഏഴ് ലക്ഷത്തിന് നാലുപേരെയും ഗാള്‍ഡ്മാന്‍ സാച്ച് ആറുപേരെയും ജോലിക്കെടുത്തു. ഷ്ളംബര്‍ഇര്‍ 6.4 ലക്ഷം രൂപ മൂന്നുപേര്‍ക്ക് വാഗ്ദാനംചെയ്തു. ടെക്സാസ് ഇന്‍സ്ട്രുമെന്റ് കമ്പനി 6.9 ലക്ഷം രൂപക്ക് അഞ്ചുപേരെയും നോര്‍ടെല്‍ ആറ് ലക്ഷം രൂപക്ക് എട്ടുപേരെയും ഒറാക്ക്ള്‍ ആറ് ലക്ഷത്തിന് 15 പേരെയും എടുത്തു.

5. ‘മാറുന്ന കേരളം’ പ്രധാന ചര്‍ച്ച
തൃശൂര്‍: മാറുന്ന കേരളത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായിരിക്കും ഫെബ്രുവരി 8 മുതല്‍ 10 വരെ തൃശൂരില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ ഏറ്റവും പ്രാധാന്യമെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എടുക്കേണ്ട സമീപനങ്ങളെക്കുറിച്ച് സമ്മേളനം സമഗ്രമായി ചര്‍ച്ചചെയ്യും. പരിസ്ഥിതി-കൃഷി സംബന്ധമായി കേരളത്തില്‍ ഇന്നുയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്കും സമരങ്ങള്‍ക്കും പിന്നില്‍ പരിഷത്തിന്റെ പരിശ്രമമുണ്ട്. വര്‍ഷങ്ങളായി പരിഷത്ത് നടത്തിയ ക്യാമ്പെയിനുകളും സമരങ്ങളും കേരളജനതയുടെ ചിന്തയില്‍ത്തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. ആരെങ്കിലും സമരംചെയ്യുമ്പോള്‍ അതോടൊപ്പം ചേരുകയെന്നതല്ല പരിഷത്തിന്റെ സമീപനം. വിഷയത്തിന്റെ പ്രാധാന്യം നോക്കിയാണ് ഇടപെടുന്നത്.

മൂരിയാട് പാടശേഖരത്തിന്റെ വിഷയത്തില്‍ ആദ്യഘട്ടത്തില്‍ രംഗത്ത് വന്നത് പരിഷത്താണ്. നെല്‍കൃഷി സംരക്ഷിക്കുന്നതിനും വയല്‍ നികത്തുന്നത് തടയുന്നതിനും സര്‍ക്കാര്‍ ബില്‍കൊണ്ടുവരുന്നു. അതിരപ്പിള്ളി പദ്ധതി ഇന്നത്തെ രൂപത്തില്‍ നടപ്പാക്കരുതെന്ന നിലപാട് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാനേ പാടില്ല എന്ന് പരിഷത്ത് ഒരിക്കലും പറഞ്ഞിട്ടില്ല-ചോദ്യത്തിന് മറുപടിയായി പ്രസിഡന്റ് പറഞ്ഞു.

തൃശൂര്‍ കേരളവര്‍മ കോളേജില്‍ എട്ടിന് രാവിലെ 10 ന് കൊച്ചി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ഗംഗന്‍പ്രതാപ് സമ്മേളനം ഉദ്ഘാടനംചെയ്യും. റിപ്പോര്‍ട്ടിനും ചര്‍ച്ചയ്ക്കും ശേഷം വൈകിട്ട് ‘മാറിയ കേരളം’ എന്ന വിഷയം ഡോ. കെ എന്‍ ഗണേഷ് അവതരിപ്പിക്കും. ഒമ്പതിന് രാവിലെ ജനിതക ശാസ്ത്ര രംഗത്തുള്ള നൂതനസരണികളെക്കുറിച്ച് ഡോ. കെ പി അരവിന്ദന്‍ ക്ളാസെടുക്കും. തുടര്‍ന്ന് ‘നാളത്തെ പരിഷത്ത്’എന്ന വിഷയം ചര്‍ച്ചചെയ്യും.

പത്തിന് അഞ്ഞൂറ് പ്രതിനിധികള്‍ക്കു പുറമെ വിവിധ മേഖലകളില്‍നിന്നായി ആയിരംപേര്‍ പങ്കെടുക്കുന്ന ചര്‍ച്ചയുണ്ടാകും.

ജനറല്‍ കണ്‍വീനര്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, പ്രൊഫ. സി ജെ ശിവശങ്കരന്‍, ശശികുമാര്‍ പള്ളിയില്‍, എം പി സുരേന്ദ്രന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

6. ലക്ഷ്യം വ്യവസായവല്‍ക്കരണം; ഭൂമി വില്‍പ്പനയല്ല: മന്ത്രി കരീം
തിരു: ഭൂമി ഏറ്റെടുത്ത് ഉയര്‍ന്ന വിലയ്ക്ക് മറിച്ചുവില്‍ക്കുന്ന റിയല്‍ എസ്റേറ്റുകാരുടെ ജോലിയല്ല സര്‍ക്കാരിന്റേതെന്ന് വ്യവസായ മന്ത്രി എളമരം കരീം. അടിസ്ഥാനസൌകര്യമൊരുക്കി നിക്ഷേപവും അതുവഴി തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ശ്രമം- കൈത്തറിമേഖലയ്ക്ക് ഭൌമസൂചിക നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നതുസംബന്ധിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

അന്യസംസ്ഥാനങ്ങള്‍ സൌജന്യമായി ഭൂമി നല്‍കിയാണ് വ്യവസായികളെ കൊണ്ടുവരുന്നത്. നമുക്ക് അതിനുമാത്രം ഭൂമിയില്ല. കേരളത്തിന്റെ മൊത്തം ഭൂമിയുടെ അര ശതമാനംപോലും വ്യാവസായികാവശ്യത്തിന് ഉപയോഗിച്ചിട്ടില്ല. വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിന് ഏറ്റെടുത്ത ഭൂമിയില്‍ പത്തിലൊന്നേ ഉപയോഗപ്പെടുത്തുന്നുള്ളൂ. പല വ്യവസായ പാര്‍ക്കുകളിലും അടിസ്ഥാന സൌകര്യം ഇല്ലാത്തതിനാലാണ് വ്യവസായികള്‍ വരാത്തത്. കെഎസ്ഐഡിസി പണം മുടക്കി അടിസ്ഥാന സൌകര്യമുണ്ടാക്കുകയാണ്. നിക്ഷേപം വരാനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ വ്യവസായത്തിനു നല്‍കുന്ന ഭൂമിയുടെ വിപണി വിലയെക്കുറിച്ച് ഗവേഷണം നടത്തിയാല്‍ എന്താവും ഫലം. എന്തെല്ലാം വിവാദങ്ങള്‍ ഉണ്ടാക്കിയാലും പദ്ധതികളില്‍നിന്ന് പിന്നോട്ടില്ല.

കൈത്തറിമേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അടുത്ത തവണ കുട്ടികള്‍ യൂണിഫോം വാങ്ങുന്ന സമയത്ത് കൈത്തറിക്ക് റിബേറ്റ് നല്‍കും. ഡോളറിന്റെ മൂല്യം കുറഞ്ഞതോടെ കൈത്തറി കയറ്റുമതി തകര്‍ന്നു. ഇതുമൂലം സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ വേണ്ടത്ര വിജയിച്ചില്ല. നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയും നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും വരുന്നതോടെ കൈത്തറി ഉല്‍പ്പാദനമേഖലയില്‍ വലിയ മാറ്റമുണ്ടാകും. നിഫ്റ്റിന് 17 ന് തറക്കല്ലിടും. എന്നാല്‍, ഇത്ര വലിയ കാര്യങ്ങളൊന്നും കാണാതെ നിഷേധാത്മകവശങ്ങള്‍ മാത്രം കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരോട് സഹതാപമേയുള്ളൂ.

പരമ്പരാഗത തൊഴിലാളികളുടെ വേതനം കൂട്ടാനുള്ള നടപടികള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്്. സ്പിന്നിങ് മില്ലുകളും പ്രതിസന്ധിയിലാണ്-മന്ത്രി പറഞ്ഞു.

എച്ച്എംടി ഭൂമി പ്രശ്നം പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് മന്ത്രി പിന്നീട് വാര്‍ത്താ ലേഖകരോടു പറഞ്ഞു. സമിതി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മന്ത്രിസഭ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും എളമരം കരീം അറിയിച്ചു. ടെക്സ്റൈല്‍സ് കമ്മിറ്റി അധ്യക്ഷന്‍ പി നായിലക്, തിലക് പ്രസാദ് എന്നിവരും സംസാരിച്ചു.

7. പൊതുതാല്‍പ്പര്യ ഹര്‍ജി: മാനദണ്ഡം പരിഷ്കരിച്ചു
ന്യൂഡല്‍ഹി: പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ സുപ്രീംകോടതി പരിഷ്കരിച്ചു. വ്യക്തിഗത കേസുകളെ പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ രൂപത്തില്‍ അനാവശ്യമായ ഒട്ടേറെ ഹര്‍ജികള്‍ വരുന്ന സാഹചര്യത്തിലാണിത്.

നേഴ്സറി പ്രവേശനം, സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരായ വ്യക്തിഗത പരാതി, വാര്‍ധക്യത്തിലെത്തിയവര്‍ സംരക്ഷണം ആവശ്യപ്പെട്ടു നല്‍കുന്ന ഹര്‍ജി തുടങ്ങിയവയൊക്കെ പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ വിഭാഗത്തില്‍നിന്ന് ഒഴിവാക്കി. ഇത്തരം പരാതികള്‍ കോടതികളെ കത്തുരൂപത്തില്‍ എഴുതി അറിയിക്കാം. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ കോടതികള്‍ക്ക് ഇവ ലെറ്റര്‍ പെറ്റീഷനായി പരിഗണിക്കാം. പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ സുപ്രീംകോടതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കുട്ടികളുടെയും ഭാര്യമാരുടെയും മാതാപിതാക്കളുടെയും ജീവനാംശവുമായി ബന്ധപ്പെട്ട കേസുകള്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയായി സമര്‍പ്പിക്കാനാകില്ല. ഇത്തരം പ്രശ്നങ്ങളില്‍ ക്രിമിനല്‍ നിയമപ്രകാരം സ്യൂട്ട് ഫയല്‍ ചെയ്യാം. സ്ത്രീകള്‍ക്കെതിരായ പീഡനം, ബലാല്‍സംഗം, കൊലപാതകം, തട്ടികൊണ്ടുപോകല്‍, സ്ത്രീധന പീഡനം തുടങ്ങിയ കേസുകള്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയായി തുടര്‍ന്നും നല്‍കാം.

8. ഇറാന്‍-ഇന്ത്യ വാതകക്കുഴല്‍: യോഗത്തില്‍ ഇന്ത്യ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതിയുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്ത്യ പങ്കെടുക്കില്ല. അമേരിക്കയുടെ സമ്മര്‍ദമാണ് ഈ തീരുമാനത്തിന് പിന്നിലെന്നു കരുതുന്നു. നേരത്തെ ഇസ്ളാമാബാദില്‍ ചേര്‍ന്ന രണ്ടു യോഗത്തിലും ഇന്ത്യ പങ്കെടുത്തിരുന്നില്ല.

ഫെബ്രുവരി 12, 13 തീയതികളില്‍ തെഹ്റാനില്‍ മൂന്ന് രാജ്യങ്ങളുടെ പെട്രോളിയംമന്ത്രിമാരുടെ യോഗമാണ് ഇറാന്‍ വിളിച്ചുചേര്‍ത്തത്്. പാകിസ്ഥാന്‍ അതില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നതിന് ഇന്ത്യയില്‍നിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ സയിദ് മെഹ്ദി നബി സദേഹ് വാര്‍ത്താലേഖകരോട് പറഞ്ഞു. കഴിഞ്ഞമാസം പാക് ഊര്‍ജമന്ത്രിയുമായി പെട്രോളിയംമന്ത്രി മുരളി ദേവ്റ ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ദേവ്റയെ പാക് മന്ത്രി ഇസ്ളാമാബാദിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാകിസ്ഥാനിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ യാത്രയ്ക്ക് തടസ്സമായി.

അതിനിടെ, ഇറാന്റെ സൈനിക സംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഇസ്രയേലിന്റെ ചാരഉപഗ്രഹം വിക്ഷേപിച്ച ഇന്ത്യയുടെ നടപടിയെ ഇറാന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ഇറാന്റെ പ്രതിഷേധം യുപിഎ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു.

9. യുജിസി ചട്ടം പ്രാരംഭ ഘട്ടത്തില്‍: കേന്ദ്രം
ന്യൂഡല്‍ഹി: സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള പുതിയ യുജിസി ചട്ടം അതിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇപ്പോള്‍ തയ്യാറാക്കിയ കരടുചട്ടം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമരൂപം നല്‍കൂവെന്നും മാനവശേഷി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് യുജിസി ഇത്തരമൊരു ചട്ടത്തിന് രൂപംനല്‍കിയത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രവേശന-ഫീസ് മാനദണ്ഡങ്ങളെക്കുറിച്ച് പഠിക്കുന്നതിന് 2007 ആഗസ്തില്‍ യുജിസി സമിതിയെ നിയമിച്ചിരുന്നു. സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കരടുചട്ടത്തിന് രൂപംനല്‍കിയിരിക്കുന്നത്.

പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കരടുചട്ടം അയച്ചുകൊടുത്തിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഇത്തരമൊരു ചട്ടത്തിന് രൂപംനല്‍കാന്‍ യുജിസി നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം യുജിസിക്ക് അധികാരമുണ്ട്.

സ്വാശ്രയസ്ഥാപനങ്ങളിലെ പ്രവേശനവും അമിതഫീസും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ദേശീയതലത്തില്‍ നിയമത്തെ കുറിച്ച് ആലോചിച്ചിട്ടുള്ളത്. നിലവില്‍ അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് സംവരണവും മറ്റും ബാധകമല്ല- മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

10. മക്കളുടെ സ്വത്തില്‍ അച്ഛനും മുഖ്യ അവകാശം വരും
ന്യൂഡല്‍ഹി: മക്കളുടെ സ്വത്തില്‍ അച്ഛന്മാര്‍ക്കു കൂടി മുഖ്യഅവകാശം നല്‍കിക്കൊണ്ട് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് നിയമകമീഷന്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശചെയ്തു.

നിലവില്‍ വില്‍പ്പത്രം എഴുതിയിട്ടില്ലെങ്കില്‍ മരിക്കുന്നയാളുടെ വിധവ, മക്കള്‍, അമ്മ എന്നിവര്‍ക്കാണ് സ്വത്തില്‍ പ്രധാന അവകാശം. ഒന്നാമത്തെ അവകാശികളുടെ പട്ടികയിലാണ് ഇവരെല്ലാംതന്നെ വരുന്നത്. അച്ഛനും സഹോദരങ്ങളും ചെറുമക്കളുമൊക്കെ രണ്ടാമത്തെ അവകാശികളുടെ നിരയിലാണ് വരിക. അച്ഛനു കൂടി മറ്റുള്ളവര്‍ക്കൊപ്പം തുല്യഅവകാശം നല്‍കിക്കൊണ്ടുള്ളതാണ് ഇപ്പോഴത്തെ ഭേദഗതിനിര്‍ദേശം.

രണ്ടാനമ്മമാരെ സ്വത്തവകാശികളുടെ രണ്ടാംക്ളാസ് നിരയിലേക്ക് കൊണ്ടുവരികയെന്ന നിര്‍ദേശവും കമീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പിന്തുടര്‍ച്ചാവകാശ നിയമം കൂടുതല്‍ ലഘൂകരിക്കാനും കമീഷന്‍ ശുപാര്‍ശചെയ്തു.1. കേരളത്തിനു മന്‍മോഹന്റെ ഉറപ്പ്
ന്യൂഡല്‍ഹി: റയില്‍വേ വികസനത്തില്‍ കേരളത്തെ പിന്തള്ളിnല്ലെന്നും വെട്ടിക്കുറച്ച അരിവിഹിതം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലെത്തിയ ജനപ്രതിനിധി സംഘത്തിനു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉറപ്പു നല്‍കി.

കൃഷി-ഭക്ഷ്യ മന്ത്രി ശരദ് പവാര്‍, നിയമമന്ത്രി എച്ച്. ആര്‍. ഭരദ്വാജ്, റയില്‍വേമന്ത്രി ലാലുപ്രസാദ് യാദവ് എന്നിവരെയും സംഘം സന്ദര്‍ശിച്ചു. സര്‍വകക്ഷി സംഘത്തില്‍ എംപിമാര്‍ക്കു പുറമേ മന്ത്രിമാരായ എം. വിജയകുമാര്‍, സി. ദിവാകരന്‍ എന്നിവരുമുണ്ടായിരുന്നു. ദിവാകരനുമായി പവാര്‍ വൈകിട്ടു രണ്ടാംവട്ട ചര്‍ച്ച നടത്തിയത് ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടായേക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്.

തീരദേശ റയില്‍ മേഖലയ്ക്കും (പെനിന്‍സുലര്‍ റയില്‍ സോണ്‍) പാലക്കാട് പാക്കേജിനും ഊന്നല്‍ നല്‍കിയാണു കേരളം റയില്‍വേ വികസന ആവശ്യങ്ങളുന്നയിച്ചത്. തിരുവനന്തപുരം, പാലക്കാട്, സേലം ഡിവിഷനുകളും കൊങ്കണ്‍ റയില്‍വേയുടെ ഒരു ഭാഗവും ഉള്‍പ്പെട്ടതാണു കേരളം ആവശ്യപ്പെടുന്ന തീരദേശ മേഖല.സംസ്ഥാനാടിസ്ഥാനത്തില്‍ റയില്‍ മേഖല അനുവദിക്കാനാകില്ലെന്ന കേന്ദ്രനിലപാടിനോട് എതിര്‍പ്പില്ലെന്നു പ്രതിനിധി സംഘം വ്യക്തമാക്കി. എന്നാല്‍, കേരളത്തിലെ റയില്‍വേ ഡിവിഷനുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കിടക്കുന്നതുമൂലം ഭരണപരമായ ബുദ്ധിമുട്ടുകളുണ്ട്.

മേഖലകളുടെ എണ്ണം ഒന്‍പതില്‍നിന്നു 16 ആക്കിയപ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല. അടുത്ത ബജറ്റില്‍ പരിഗണിക്കണം.നിര്‍ദിഷ്ട പാലക്കാട് കോച്ച് ഫാക്ടറിക്ക് ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ല. കേരള എംപിമാരുമായി മാസങ്ങള്‍ക്കു മുന്‍പു നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് അനുവദിച്ച കോച്ച് ഫാക്ടറി പിന്നീടു പഞ്ചാബിലേക്കു പോയ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണു കേരളം പ്രശ്നമുന്നയിച്ചത്.

മുംബൈയില്‍നിന്നു കേരളത്തിലേക്ക് അതിവേഗ ഇടപ്പാത, പാലക്കാട് പാക്കേജിന്റെ ഭാഗമായി വാഗ്ദാനം ചെയ്ത കൊല്ലങ്കോട് – തൃശൂര്‍, നിലമ്പൂര്‍ – നഞ്ചങ്കോട്, തലശേരി – മൈസൂര്‍ ലൈനുകള്‍, കൊല്ലം – ചെങ്കോട്ട, പൊള്ളാച്ചി – പാലക്കാട് ഗേജ് മാറ്റം, പുതിയ ട്രെയിനുകള്‍, ലൈനുകള്‍, പാലസ് ഓണ്‍ വീല്‍സ് മാതൃകയില്‍ ടൂറിസം ട്രെയിന്‍, നെടുമ്പാശേരിയില്‍ സ്റ്റേഷന്‍, നിലവിലുള്ള സ്റ്റേഷനുകളുടെയും സൌകര്യങ്ങളുടെയും ആധുനികീകരണം തുടങ്ങിയ ആവശ്യങ്ങളും കേരളസംഘം മുന്നോട്ടുവച്ചു.ഫാക്ടിനു പ്രഖ്യാപിച്ച 200 കോടി രൂപ പാക്കേജ് ഉടന്‍ നടപ്പാക്കുക, അരിവിഹിതം 88% വെട്ടിക്കുറച്ചതു പുനഃസ്ഥാപിക്കുക, തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

2. കോട്ടയത്തു റയില്‍വേ ഇരട്ടത്തുരങ്കം നിര്‍മിക്കും
കോട്ടയം: റയില്‍വേ കോട്ടയത്തു പുതിയ തുരങ്കം നിര്‍മിക്കുന്നു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാവുന്നതോടെ നിലവിലുള്ള തുരങ്കത്തിനു പകരമായി രണ്ടു പാതകളും കടന്നുപോകുന്ന ഒറ്റത്തുരങ്കമായിരിക്കും നിര്‍മിക്കുക. ഇപ്പോഴത്തെ പാതയ്ക്കു പടിഞ്ഞാറായി 20 മീറ്ററോളം മാറിയാവും പുതിയ തുരങ്കം.ഇതു സംബന്ധിച്ചു റയില്‍വേ എന്‍ജിനീയറിങ് വിഭാഗം തയാറാക്കിയ രൂപരേഖ അന്തിമാനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

തുരങ്കനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ഇന്നെത്തും.വന്‍ നിര്‍മാണങ്ങളെയും മറ്റും ബാധിക്കാത്ത വിധം നിലവിലുള്ള തുരങ്കത്തിനു പടിഞ്ഞാറായി ഒന്നര കിലോമീറ്റര്‍ പുതിയ പാതയും രണ്ടു പാതകള്‍ക്കു വേണ്ട തുരങ്കവുമാണു പുതുതായി നിര്‍മിക്കുക. കൊടൂരാറിനടുത്ത വളവിനരികില്‍ നിന്നു പുതിയ പാത തുടങ്ങും. വെട്ടിത്തുറന്നു കോണ്‍ക്രീറ്റ് ചെയ്തുമൂടുന്ന ‘കട്ട് ആന്‍ഡ് കവര്‍ രീതിയിലാവും തുരങ്കം നിര്‍മിക്കുക. തുരങ്കത്തിനും ഒന്നര കിലോമീറ്റര്‍ പാതയ്ക്കും കൂടി 20 കോടിയോളം രൂപയാണു ചെലവു കണക്കാക്കുന്നത്.

‘ഗണ്ണിങ് രീതിയില്‍ മണ്ണുതുരന്നു ടണല്‍ നിര്‍മിക്കാനായിരുന്നു ആദ്യ നീക്കം. എന്നാല്‍, മണ്ണിന്റെ ഘടന കണക്കിലെടുത്താണു ‘കട്ട് ആന്‍ഡ് കവര്‍ രീതിയിലാക്കാന്‍ തീരുമാനിച്ചത്.നിലവിലുള്ള തുരങ്കം ചരക്കുഗതാഗതത്തിനായി മാറ്റാനാണു നിര്‍ദേശം. കോട്ടയം സ്റ്റേഷനില്‍ പുതിയ രണ്ടു പ്ലാറ്റ്ഫോമുകള്‍ കൂടി നിര്‍മിക്കുന്നതോടെ ഒഴിവാക്കപ്പെടുന്ന ഗുഡ്സ്ഷെഡ് കൊടൂരാറിനു സമീപത്തേക്കു മാറ്റുന്ന കാര്യവും പരിഗണനയിലാണ്.

3. ജനശ്രീ കുടുംബശ്രീയെ തകര്‍ക്കാന്‍: പാലോളി
തിരുവനന്തപുരം: ജനശ്രീ പദ്ധതിയിലൂടെ കുടുംബശ്രീ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നു മന്ത്രി പാലോളി മുഹമ്മദ്കുട്ടി കുറ്റപ്പെടുത്തി. സര്‍ക്കാരിനു കീഴിലുള്ള കുടുംബശ്രീക്കു നല്‍കുന്നതുപോലെ ധനകാര്യ സ്ഥാപനങ്ങള്‍ ജനശ്രീക്കും പണം നല്‍കണമെന്നു കേന്ദ്ര ധനമന്ത്രി പറയുന്നത് അധികാര ദുര്‍വിനിയോഗമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കമാണിത്.

ചതിയില്‍ വീഴാതിരിക്കാന്‍ ബാങ്കുകള്‍ ജാഗ്രത പാലിക്കണം. ജനശ്രീ പദ്ധതി കേരളത്തിന്റെ സാമ്പത്തിക രംഗത്ത് അരാജകത്വം സൃഷ്ടിക്കും. വിവിധ മേഖലകളില്‍നിന്ന് കടം വാങ്ങി ഒരു ഘട്ടം കഴിയുമ്പോള്‍ തിരിച്ചടയ്ക്കാനാവാതെ പാവപ്പെട്ടവര്‍ കടക്കെണിയില്‍ വീഴും. സര്‍ക്കാരിനു നിയന്ത്രണമില്ലാത്ത ഇത്തരം പദ്ധതികള്‍ പാവപ്പെട്ടവരെ തകര്‍ക്കും.

പത്തു വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന, സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീക്കു ബദലായി മറ്റൊരു സംവിധാനം കൊണ്ടുവരുമ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കണം. 98 ല്‍ ഇടതുമുന്നണി സര്‍ക്കാരാണ് കുടുംബശ്രീ തുടങ്ങിയതെങ്കിലും, ഇരുമുന്നണി സര്‍ക്കാരുകളും ഇതു ഭംഗിയായി മുന്നോട്ടു കൊണ്ടുപോയി. രാഷ്ട്രീയവല്‍ക്കരിച്ചു എന്ന ആക്ഷേപം ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. പിന്നെയെന്തിനു കുടുംബശ്രീയെ തകര്‍ക്കുന്നു? ഭൂരിപക്ഷവും ഗ്രാമീണ സ്ത്രീകള്‍ ഉള്‍പ്പെട്ട 38 ലക്ഷം പേര്‍ കുടുംബശ്രീയിലൂടെ തൊഴില്‍ ചെയ്യുന്നു. സ്ത്രീശാക്തീകരണത്തിന്റെ മികച്ച ഉദാഹരണമാണിത്.

എന്നാലിപ്പോള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു കുടുംബശ്രീയെ കരുവാക്കുകയാണ്. കുടുംബശ്രീ രംഗത്ത് കേരളം കൈവരിച്ച നേട്ടം രാജ്യമാകെ വ്യാപിപ്പിക്കേണ്ടതിനു പകരം കേന്ദ്രമന്ത്രി തന്നെ പാര വയ്ക്കുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണിത്. എന്നാല്‍, സര്‍ക്കാര്‍ ഇതൊന്നും കണ്ടു പിന്മാറാതെ കുടംബശ്രീയെ ശക്തിപ്പെടുത്തും. ഗ്രാമീണ, കൃഷി മേഖലകളില്‍ കൂടുതല്‍ ഉല്‍പാദന സംരംഭങ്ങള്‍ തുടങ്ങും. സുസ്ഥിര നഗരവികസനത്തിനുള്ള എഡിബി വായ്പയുടെ 15% ഈ വര്‍ഷം ചെലവഴിക്കുമെന്നു മന്ത്രി പറഞ്ഞു. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ബന്ധപ്പെട്ട വകുപ്പ് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. അതുകൊണ്ടാണ് അവിടെയുള്ള കെട്ടിടത്തിന്റെ നികുതി സേവി മനോമാത്യുവില്‍നിന്ന് ഈടാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

4. അതിവേഗക്കാരെ കുടുക്കാന്‍ ഇന്റര്‍സെപ്റ്റര്‍ റെഡി
കോഴിക്കോട്: ‘ഇന്റര്‍സെപ്റ്റര്‍ കോഴിക്കോട്ടെത്തി, അഞ്ചു ദിവസം കൊണ്ടു സര്‍ക്കാര്‍ ഖജനാവില്‍ വീണത് രണ്ടര ലക്ഷം രൂപ. അമിതവേഗത്തില്‍ വാഹനമോടിച്ച 183 പേര്‍ പിടിയിലായി. ഇതില്‍ 20 പേരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് ആര്‍ടിഒയ്ക്കു ശുപാര്‍ശയും നല്‍കി. മോട്ടോര്‍ വാഹന വകുപ്പിന്റെ അത്യാധുനിക ഉപകരണമാണ് ഇന്റര്‍സെപ്റ്റര്‍. ഇന്ത്യയില്‍ ഇത്തരം അഞ്ച് ഉപകരണങ്ങളാണുള്ളത്.

അതിലൊന്നാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളായി കോഴിക്കോട് നഗരത്തില്‍ കുറ്റക്കാരെ പഴുതുകളില്ലാതെ കുടുക്കിലാക്കിയത്. ദേശീയപാത തൊണ്ടയാട് ബൈപാസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിക്കുന്നത്. കണ്ണൂര്‍ റോഡിലും പരിശോധന നടത്തിയിരുന്നു. 102 കിലോ മീറ്റര്‍ മുതല്‍ 105 കിലോമീറ്റര്‍ വരെ വേഗത്തില്‍ വാഹനം ഒാടിച്ചവര്‍വരെ ഇതില്‍ പെടും.

ഒരേ സമയം ഇരുവശങ്ങളിലുമുള്ള നിയമലംഘനങ്ങള്‍ ക്യാമറയില്‍ പകര്‍ത്താമെന്നതാണ് ഇന്റര്‍സെപ്റ്ററിന്റെ പ്രത്യേകത. കേന്ദ്ര ഷിപ്പിങ് ആന്‍ഡ് റോഡ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റാണ് ഇതു മോട്ടോര്‍ വാഹന വകുപ്പിനു നല്‍കിയത്. പ്രത്യേകം സജ്ജീകരിച്ച വാനിലാണ് ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്. പരിശോധനാ സ്ഥലത്തെത്തിയാല്‍ ഉടനെ പിന്‍വശം തുറന്നിടും. 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ മുകളിലെ ക്യാമറ പകര്‍ത്തും.

വാഹനത്തിന്റെ ഡാഷ്ബോര്‍ഡിനോട് അനുബന്ധിച്ചാണ് ഇന്റര്‍സെപ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനത്തിന്റെ നമ്പര്‍ പ്ളേറ്റ് അടക്കമുള്ള മുന്‍വശത്തിന്റെ ഫോട്ടോയും വേഗവും മോണിറ്ററില്‍ പതിയും. പരിശോധനാ തീയതിയും സമയവും ഇതോടൊപ്പമുണ്ടാകും. ഇരുവശങ്ങളിലേക്കും പോകുന്ന വാഹനത്തിന്റെയും സ്പീഡ് ഒരുപോലെ രേഖപ്പെടുത്തും. ഇക്കാര്യങ്ങളത്രയും റെക്കോര്‍ഡു ചെയ്യപ്പെടും.

നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ ഇതില്‍നിന്നുള്ള നിര്‍ദേശ പ്രകാരം കുറച്ചു മാറി നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ പിടികൂടും. ചെയ്ത കുറ്റങ്ങള്‍ ഡ്രൈവറെ ബോധ്യപ്പെടുത്തും. പിഴ ഈടാക്കും. അപ്പോള്‍ നല്‍കാന്‍ പറ്റാത്തവര്‍ക്ക് പിന്നീട് ആര്‍ടിഒ ഒാഫിസിലെത്തി പിഴ അടയ്ക്കുകയും ചെയ്യാം. ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.

സാധാരണയായി വാഹന പരിശോധകരെ കണ്ടാല്‍ ഉടനെ സ്പീഡ് കുറച്ചു വരികയോ തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നു പറയുകയോ ആണു പലരും ചെയ്യുന്നത്. ഒന്നര കിലോമീറ്റര്‍ ദൂരെ നിന്നുപോലും വാഹനങ്ങളുടെ ഗതിവേഗങ്ങള്‍ അതേ പോലെ പകര്‍ത്തുന്നതിനാല്‍ ചെയ്ത കുറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാനും കഴിയില്ല. ആവശ്യമെങ്കില്‍ പ്രിന്റും എടുത്തു നോക്കാം. കോഴിക്കോട് ആര്‍ടിഒ സി. രാധാകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ എംവിഐമാരായ എം. രാജന്‍, പി. രാജേഷ് തുടങ്ങിയവരാണ് പരിശോധന നടത്തുന്നത്.

5. കരിപ്പൂര്‍: പ്രശ്നപരിഹാര നടപടി എട്ടാഴ്ചയ്ക്കകം വേണമെന്ന് ഹൈക്കോടതി
കൊച്ചി: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എട്ടാഴ്ചയ്ക്കകം നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. സൌദി അറേബ്യയിലെ ഐഎംസിസി കമ്മിറ്റി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് കേന്ദ്ര സര്‍ക്കാര്‍, വ്യോമയാന വകുപ്പ്, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ റീജനല്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് നിര്‍ദേശമയക്കാന്‍ ഉത്തരവിട്ടത്. കോഴിക്കോട് നിന്ന് ഗള്‍ഫിലേക്ക് വിദേശ വിമാനങ്ങള്‍ക്കുള്ള സര്‍വീസ് അനുമതിയടക്കമുള്ള വികസന പദ്ധതികള്‍ നടത്തുമെന്ന വ്യോമയാന വകുപ്പിന്റെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരായ നാസര്‍ കോയ തങ്ങള്‍ കൊടുവള്ളി (ഐഎംസിസി റിയാദ് കമ്മിറ്റി സെക്രട്ടറി), നൌഷാദ് മാര്യാട് (മക്ക), അഹമ്മദ് മന്‍സൂര്‍ (ജിദ്ദ) എന്നിവര്‍ ആവശ്യപ്പെട്ടത്. ഐഎംസിസിക്കുവേണ്ടി അഡ്വ. സി. ഖാലിദ് ഹാജരായി.

6. ‘സര്‍ക്കാര്‍ ജനങ്ങളെ വിഷം കൊടുത്തു കൊല്ലുന്നു’
കൊച്ചി: കേരളത്തിലെ കള്ളുഷാപ്പുകളില്‍ എന്തു കള്ളാണു വിതരണം ചെയ്യുന്നതെന്നു സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നു കെസിബിസി വൈസ് പ്രസിഡന്റ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും വരാപ്പുഴ അതിരൂപതാ മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ നടത്തിയ ഉപവാസ പ്രാര്‍ഥനായജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ വിഷം കൊടുത്തുകൊല്ലുന്ന സര്‍ക്കാര്‍ നടപടിയെ എന്തുകൊണ്ടു കോടതി ചോദ്യം ചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തേച്ചേരില്‍ അധ്യക്ഷനായിരുന്നു. ഡോ. ജോസഫ് കാരിക്കശേരി, ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ഡോ. കെ. കെ. രാഹുലന്‍, കമ്മിഷന്‍ സെക്രട്ടറി ഫാ. പോള്‍ കാരാച്ചിറ, അഡ്വ. ചാര്‍ളി പോള്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പന്‍, തോമസ് കണ്ടത്തില്‍ കോറെപ്പിസ്കോപ്പ, പ്രസാദ് കുരുവിള, ഫാ. ജോസ് കുറുപ്പന്തറ, ഫാ. അലക്സാണ്ടര്‍ കൂരീക്കാട്ട്, ജോണ്‍സണ്‍ മാന്തിരിക്കല്‍, ജയിംസ് കോറമ്പേല്‍, യോഹന്നാന്‍ ആന്റണി, സിസ്റ്റര്‍ ജോവിറ്റ, ആന്റണി കളരിക്കല്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോര്‍ജ് നെരേവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

7. കേരളത്തിന് നബാര്‍ഡ് 144.33 കോടി അനുവദിച്ചു
തിരുവനന്തപുരം: നബാര്‍ഡ് സംസ്ഥാനത്തെ ഗ്രാമീണ അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍ക്കു 144.33 കോടി രൂപ അനുവദിച്ചു. ഇതില്‍ 95.12 കോടി മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയില്‍ നിര്‍മിക്കുന്ന ചമ്രവട്ടം പദ്ധതിക്കുവേണ്ടിയാണ്. 978 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിനു 12 മീറ്റര്‍ വീതിയും 70 ഷട്ടറുകളുമാണു വിഭാവനം ചെയ്തിരിക്കുന്നത്. ഇൌ പാലം കോഴിക്കോടിനും എറണാകുളത്തിനും ഇടയിലെ ദൂരം 40 കിലോമീറ്റര്‍ കുറയ്ക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ 3235 ഹെക്ടര്‍ കൃഷിഭൂമിക്കു ജലസേചന സൌകര്യം ലഭ്യമാകും. ഇപ്പോള്‍ അനുവദിച്ച 63 പദ്ധതികളില്‍ 13 ഗ്രാമീണ റോഡുകളുടെ നിര്‍മാണവും ഉള്‍പ്പെടും. ഇതില്‍ 35.44 കോടി രൂപ ചെലവഴിച്ചു മരാമത്ത് വകുപ്പ് ആലപ്പുഴ, ഇടുക്കി, കൊല്ലം, കോട്ടയം, തൃശൂര്‍, മലപ്പുറം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിര്‍മിക്കുന്ന റോഡുകളും പാലങ്ങളും പെടും.

8. മല്‍സ്യബന്ധനം: മണ്ണെണ്ണ പെര്‍മിറ്റ് നയം തിരുത്തുന്നു
കോഴിക്കോട്: മല്‍സ്യബന്ധനയാനങ്ങള്‍ക്കു മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം തിരുത്തുന്നു. പത്തു വര്‍ഷം പഴക്കമുള്ള ഔട്ട്ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങള്‍ക്കു മാത്രം പെര്‍മിറ്റു നല്‍കിയാല്‍ മതിയെന്ന തീരുമാനമാണു തിരുത്തുന്നത്. പ്രവര്‍ത്തനക്ഷമമായ മുഴുവന്‍ എന്‍ജിനുകള്‍ക്കും പെര്‍മിറ്റു നല്‍കാന്‍ മല്‍സ്യബന്ധനത്തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നറിയുന്നു.

ഇതനുസരിച്ച് ഈ മാസം 17ന് ഒന്‍പതു തീരദേശ ജില്ലകളിലെയും യാനങ്ങളുടെ പരിശോധന നടക്കും. സംസ്ഥാന ഫിഷറീസ് വകുപ്പ്, മല്‍സ്യഫെഡ്, സിവില്‍ സപ്ളൈസ് വിഭാഗങ്ങള്‍ ചേര്‍ന്നാണു കേന്ദ്ര സര്‍ക്കാര്‍ ക്വോട്ടയായി നല്‍കുന്ന മണ്ണെണ്ണ യാനങ്ങള്‍ക്കു നല്‍കുന്നത്. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കലാണു സാധാരണ പരിശോധന നടക്കുക. 2004ലാണ് അവസാനമായി പൊതു പരിശോധന നടന്നത്.

പഴയ നയമനുസരിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലൊഴികെ പരിശോധന നടന്നു. ഇവിടങ്ങളില്‍ വീണ്ടും പരിശോധന നടത്തും. മാസം 150 ലിറ്റര്‍ വീതമാണ് ഓരോ വള്ളങ്ങള്‍ക്കും അനുവദിച്ചിരിക്കുന്നത്. കൊല്ലം ജില്ലയില്‍ മാത്രം 1200 യാനങ്ങളുണ്ട്. കോഴിക്കോടും ഇതിനോടൊപ്പമാണ്. സംസ്ഥാനത്താകെ ആറായിരത്തോളം യാനങ്ങളുണ്ടെന്നാണു കണക്ക്. കഴിഞ്ഞ ഫെബ്രുവരിയില്‍ പരിശോധന നടത്തിയ ജില്ലകളില്‍ നിന്നുള്ള യാനങ്ങളില്‍ അധികവും സംസ്ഥാനത്തു കോളു കുറവായതിനാല്‍ ഗോവയിലേക്കു കൊണ്ടു പോയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെയേ അവ എത്തിച്ചേരൂ. സര്‍ക്കാരിന്റെ പെട്ടെന്നുള്ള തീരുമാനത്തില്‍ വലയുന്നത് ഇവരായിരിക്കും.

9. എയ്ഡഡ് നിയമന സമിതി: നിര്‍ദേശം മദ്രാസ് ഹൈക്കോടതി ശരിവച്ചു
ചെന്നൈ: എയ്ഡഡ് കോളജുകളില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെ യും നിയമിക്കാന്‍ ഒന്നിലേറെ അംഗങ്ങളുള്ള സമിതി രൂപീകരിക്കണമെന്ന യുജിസി നിര്‍ദേശം മദ്രാസ് ഹൈക്കോടതി ശരിവച്ചു.

യുജിസി നിര്‍ദേശത്തിനെതിരെ അസോസിയേഷന്‍ ഒാഫ് മാനേജ്മെന്റ് ഒാഫ് പ്രൈവറ്റ് കോളജസും തൂത്തുക്കുടിയിലെ സ്വകാര്യ കോളജ് പ്രിന്‍സിപ്പലും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി.

മികച്ച പ്രിന്‍സിപ്പലിനെയും അധ്യാപകരെയും തിരഞ്ഞെടുക്കാന്‍ ഒന്നിലേറെ അംഗങ്ങളുള്ള സമിതി ആവശ്യമാണെന്ന് സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം വ്യക്തമാക്കി.

10. കന്നുകാലികളുടെ എണ്ണം കുറയുന്നു എന്ന റിപ്പോര്‍ട്ട് പൂഴ്ത്തി
തൊടുപുഴ: സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തോളം കുറവുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സെന്‍സസ് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പ് രഹസ്യമാക്കിവച്ചു. കന്നുകാലികളുടെ എണ്ണത്തിലെ ഭീമമായ കുറവ് കേന്ദ്ര-സംസ്ഥാന ഫണ്ടുകളുടെ ലഭ്യത കുറയ്ക്കുമെന്ന ഭയത്താലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തത്.

ആദ്യ സെന്‍സസില്‍ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്നു ഘടന മാറ്റി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തി വീണ്ടും കണക്കെടുപ്പു നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല. സംസ്ഥാനത്തെ കടുത്ത പാല്‍ക്ഷാമത്തിന്റെ കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്നാണു തീരുമാനം.

മുന്‍ സെന്‍സസ് അനുസരിച്ചു സംസ്ഥാനത്തുള്ള 32 ലക്ഷം കന്നുകാലികളുടെ എണ്ണത്തിലാണു ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നത്. അതേസമയം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലൂടെ കോടികളുടെ ധനസഹായം നല്‍കിയിട്ടും ക്ഷീരകര്‍ഷകരെ കാലിവളര്‍ത്തലിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കാത്തതു പരാജയമായി വിലയിരുത്തിയിരുന്നു.

അതിലുപരി കാലിവളര്‍ത്തലില്‍നിന്നുള്ള വ്യാപകമായ കൊഴിഞ്ഞുപോക്ക് സംബന്ധിച്ചു മുന്നറിയിപ്പു നല്‍കാനോ തടയുന്നതിനോ ഇരു വകുപ്പുകള്‍ക്കും സാധിച്ചില്ലെന്നു വിമര്‍ശനം ഉയര്‍ന്നു. പാല്‍ ഉല്‍പാദന രംഗത്തേക്കു കടക്കാനുള്ള സര്‍ക്കാരിന്റെ പുതിയ ശ്രമത്തിലും കര്‍ഷകരെ ആകര്‍ഷിക്കാനും സഹായിക്കാനുമുള്ള യാതൊരു നടപടിയുമില്ല.

ഒരു പഞ്ചായത്തില്‍ 1500 പശുക്കളെ നല്‍കുന്ന വിദര്‍ഭ പാക്കേജ്, പശുഗ്രാമം, കന്നുകുട്ടി പരിപാലനം തുടങ്ങി കോടികളുടെ പദ്ധതികളാണു ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവയെല്ലാംതന്നെ ബോധവല്‍ക്കരണ പരിപാടികളിലും സെമിനാറുകളിലും പരിശീലനങ്ങളിലും പ്രഭാഷണങ്ങളിലും ഒതുങ്ങുന്നതാണ്. അതേസമയം കാലിവളര്‍ത്തലില്‍നിന്ന് ഒരു രൂപ പോലും വരുമാനം ഉയരുന്ന ഒരു പദ്ധതികളും ഇതുവരെ നടപ്പാക്കിയിട്ടില്ല.

മില്‍മ രണ്ടു പ്രാവശ്യം വില വര്‍ധിപ്പിച്ചിട്ടും കര്‍ഷകനു വര്‍ധനവിന്റെ പകുതിപോലും ലഭിച്ചില്ല. രണ്ടു വര്‍ധനവും അന്യസംസ്ഥാന പാല്‍ ലോബിയെയാണു സഹായിച്ചത്.

കൂടാതെ പദ്ധതികള്‍ കേമമായി നടത്തുമ്പോഴും അവയുടെ പ്രയോജനം സംബന്ധിച്ചു വിലയിരുത്തല്‍ നടത്താറില്ല. പകരം ഫണ്ട് ചെലവഴിച്ചതു മാത്രമാണ് ഇതു സംബന്ധിച്ച യോഗങ്ങളില്‍ പരിശോധിക്കുക.

വികലമായ നയങ്ങളോടെ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പാകട്ടെ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നതിലും യാതൊരു മാനദണ്ഡവും പുലര്‍ത്താറില്ല. ഏകദേശം 450 പശുക്കളുള്ള മന്ത്രി സി. ദിവാകരന്റെ മണ്ഡലത്തിലെ പഞ്ചായത്തായ കരുനാഗപ്പിള്ളിയിലും 15000 ല്‍ ഏറെ പശുക്കളുള്ള അട്ടപ്പാടിയിലും ഉദ്യോഗസ്ഥരുടെ എണ്ണം തുല്യമാണ്.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w