പത്രവാര്‍ത്തകള്‍ 06-02-08

 • പോക്കുവരവ് അനുമതി മന്ത്രിമാരുടെ യോഗത്തില്‍ : എച്ച്.എം.ടി
 • കേരളസ്റ്റേറ്റ് വില്‍പ്പനയ്ക്ക് !
 • ബ്ളേഡ് മാഫിയയുടെ ആക്രമണം: യുവതി ആശുപത്രിയില്‍
 • സവോളയ്ക്ക് റെക്കോര്‍ഡ് വിളവെടുപ്പ്:വില കുത്തനെ ഇടിഞ്ഞു
 • മില്‍മയുടെ രൂപത്തിലും ഭാവത്തിലും മധുരിമ !
 • ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; നാട്ടുകാര്‍ ബസ് കത്തിച്ചു
 • വാര്‍ധക്യ വിജ്ഞാന ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു
 • എംഎല്‍എയ്ക്കു മര്‍ദനം; ആലുവയില്‍ ഇന്നു ഹര്‍ത്താല്‍
 • സ്പോഞ്ച് ഉത്പാദനം: 700 കോടിയുടെ അഴിമതി-പി.സി ജോര്‍ജ്
 • ഭൂമി തിരിച്ചെടുക്കണമെന്ന് സമിതി റിപ്പോര്‍ട്ട്
 • പ്രാഥമികാന്വേഷണത്തില്‍ വ്യവസായ മന്ത്രി പ്രതിക്കൂട്ടില്‍
 • പെട്രോള്‍, ഡീസല്‍ വില ഈയാഴ്ച വര്‍ധിപ്പിക്കും
 • വ്യക്തികള്‍ക്കുവേണ്ടിയുള്ള ഭരണഘടനാഭേദഗതി എതിര്‍ക്കുമെന്ന് സി.പി.ഐ
 • കോടികളുടെ നിക്ഷേപ തട്ടിപ്പ്: മലയാളിക്കെതിരെ പ്രവാസികള്‍ നിയമനടപടിക്കൊരുങ്ങുന്നു
 • 373 മില്യന്‍ ദീനാറിന്റെ പുതിയ വ്യവസായ സംരംഭങ്ങള്‍; 7,348 തൊഴിലവസരങ്ങള്‍
 • കോണ്‍സുലേറ്റ് ഇടപെട്ടു; താഇഫിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമായി
 • എയര്‍ ഇന്ത്യ എക്സ്പ്രസ് അബൂദബി_കോഴിക്കോട് പ്രതിദിന സര്‍വീസ് 18 മുതല്‍
 • പോക്കുവരവ്: ഉത്തരവാദികള്‍ മന്ത്രിമാരെന്ന് യൂണിയനുകള്‍
 • നിര്‍മ്മാണ നിരോധനത്തിന് തടയിടാന്‍ ശ്രമം
 • വേദന താങ്ങാനാവാതെ വൃദ്ധ ചിതകൂട്ടി ജീവനൊടുക്കി
 • എസ്.എസ്.എല്‍.സി: ഇക്കുറി മോഡല്‍ ചോദ്യപേപ്പറിനും കോഡ് നമ്പര്‍
 • സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി-വെള്ളക്കരം കുടിശ്ശിക അടയ്ക്കണം
 • സര്‍ക്കാര്‍ നടപടി തുടങ്ങിയില്ല; അപേക്ഷിച്ച ആയിരങ്ങള്‍ ധര്‍മ്മസങ്കടത്തില്‍
 • കേന്ദ്രത്തിന്റെ ഉറപ്പുകള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തും
 • സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിക്കൊണ്ട് എച്ച്.എം.ടി
 • തദ്ദേശ സ്ഥാപന അംഗങ്ങളുടെ ഓണറേറിയം 500 രൂപ വരെ കൂട്ടി
 • വൈദ്യശാസ്ത്രരംഗത്ത് സംയുക്ത ഗവേഷണം അനിവാര്യം: ഡോ. കലാം
 • പൊലീസ് സ്മാര്‍ട്ടായി
 • അപവാദ മിസൈല്‍ ബ്രഹ്മോസിനു നേരെയും
 • സെന്റ്സ്റീഫന്‍സ് പ്രിന്‍സിപ്പല്‍ തമ്പുവിന്റെ നിയമനം നിയമവിരുദ്ധമെന്ന് കമീഷന്‍
 • തീവ്രവാദ ഭീഷണി: അദ്വാനിയുടെ സങ്കല്‍പ്പ് യാത്ര അനിശ്ചിതത്വത്തില്‍
 • ഓഹരി നിക്ഷേപലാഭത്തിന് നികുതി ചുമത്തണം: യെച്ചൂരി
 • വടക്കന്‍ കൊറിയക്ക് ഇന്ത്യ ഭക്ഷ്യ സാധനങ്ങള്‍ കൈമാറി
 • ബഹറിനില്‍ ഇന്ത്യന്‍തൊഴിലാളികള്‍ പണിമുടക്കില്‍

1. പോക്കുവരവ് അനുമതി മന്ത്രിമാരുടെ യോഗത്തില്‍ : എച്ച്.എം.ടി
കൊച്ചി: കളമശേരിയിലെ വിവാദ ഭൂമി പോക്കുവരവിന് അനുമതി നല്‍കിയത് വ്യവസായ മന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത യോഗമാണെന്ന് എച്ച്. എം.ടി.

തൊഴിലാളി പ്രശ്നം ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്ന് വ്യവസായമന്ത്രി എളമരം കരീമിന്റെയും ഇതോടെ ഭൂമിയുടെ പോക്കുവരവുമായി ബന്ധമില്ലെന്ന റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്റെയും വാദം പൊളിഞ്ഞു.

2007 ജൂണ്‍ മാസത്തില്‍ മന്ത്രിമാരുടെ സന്നിധ്യത്തില്‍ ചേര്‍ന്ന ഈ യോഗത്തില്‍വച്ചാണ് ഭൂമി ബ്ളൂസ്റ്റാര്‍ റിയലറ്റേഴ്സിന് പോക്കുവരവ് ചെയ്തു കൊടുക്കാനുള്ള നിരോധനം നീക്കിയതെന്ന് എച്ച്.എം.ടി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

1963- ല്‍ സംസ്ഥാന സര്‍ക്കാര്‍ എച്ച്.എം.ടിക്ക് ഭൂമി നല്‍കിയത് വ്യാവസായിക ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കാനാണ്. എന്നാല്‍ ഇതില്‍ 139.33 ഏക്കര്‍ സ്ഥലം ഇരുമ്പനം – കളമശേരി റോഡ് അടക്കമുള്ള പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിര്‍ദേശത്തെ പിന്നീട് നല്‍കിയിരുന്നു. തുടര്‍ന്ന് കിന്‍ഫ്ര പാര്‍ക്ക് സ്ഥാപിക്കാന്‍ 300 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ എച്ച്.എം.ടിയില്‍ നിന്നും ആവശ്യപ്പെടുകയും ഇതിനു പ്രതിഫലമായി 100 ഏക്കര്‍ സ്ഥലം നിരുപാധികം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഈ ഭൂമി 1963 ലെ ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് 2004- ല്‍ യൂക്കോ ബാങ്കില്‍ എച്ച്.എം.ടിക്കുള്ള കടം വീട്ടാന്‍ വേണ്ടിയാണ് ഇതില്‍ 70 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. മൂന്നു സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ ചേര്‍ന്നാണ് ഭൂമിയുടെ വില നിശ്ചയിച്ചത്. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക്സ് ടൈംസ് എന്നീ പത്രങ്ങളില്‍ പരസ്യം ചെയ്തു. പരസ്യം കണ്ട് ടെന്‍ഡറില്‍ പങ്കെടുത്ത പതിനൊന്ന് പേരില്‍ ഏറ്റവും കൂടുതല്‍ തുക പരാമര്‍ശിച്ച ബ്ളൂസ്റ്റാര്‍ റിയലേറ്റേഴ്സിന് ഭൂമി കൈമാറാന്‍ കമ്പനിയുടെ ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു.

2. കേരളസ്റ്റേറ്റ് വില്‍പ്പനയ്ക്ക് !
അവസാനം അവര്‍ സ്വന്തം നാടിനെ വെട്ടി മുറിച്ചു വില്‍പന തുടങ്ങിയിരിക്കുന്നു. കൈക്കൂലി, അഴിമതി, സ്വജന പ ക്ഷപാതം എന്നിങ്ങനെ നിരവധിയായ ആരോ പണങ്ങ ള്‍ കാലാകാലങ്ങളില്‍ ഭരണക്കാര്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ ക്കെതിരേയും ഉയര്‍ന്നിട്ടുണ്ട്. പതിവായി അഴിമതി അരങ്ങേറുന്ന മേഖലകള്‍ക്ക് മാധ്യ മങ്ങളും ജനങ്ങളും ജാഗ്രത യോ ടെ കാവല്‍നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഭ രണക്കാര്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്െടത്തുന്ന തിരക്കിലായിരുന്നു.

വികസനത്തിന്റെ മുഖംമൂടിയണിഞ്ഞിരുന്നതിനാല്‍ ഇവര്‍ നടത്തിയ നാടകങ്ങള്‍ കണ്ട് ആദ്യ മൊക്കെ ജനങ്ങളും മാധ്യമങ്ങളും കൈയടിച്ചു. പക്ഷേ, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഭരമേല്‍പ്പിക്കപ്പെട്ടവര്‍ ജനങ്ങളുടെ സ്വത്തു തന്നെ കൊള്ളയടിച്ചു വില്‍ക്കുകയായിരുന്നെന്നു ഇപ്പോള്‍ തിരിച്ചറിയുന്നു.

ഐ.ടി വികസനം, ടൂറിസം വികസനം, വ്യവസായ പാര്‍ക്ക് എന്നിങ്ങനെയൊക്കെ ഓമനപ്പേരുകളിട്ടു നടത്തിയ വികസന മുന്നേറ്റങ്ങള്‍ പലതും കേരളത്തെ മുറിച്ചു വില്‍ക്കാനുള്ള തന്ത്രങ്ങളാണെന്നു സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നു.

‘കാട്ടിലെ തടി തേവരുടെ ആന’ എന്നത് തിരിച്ചറിവിന്റെ പഴമൊഴിയെങ്കില്‍ ഇന്ന് സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. സ്വര്‍ണവും പണവുമൊന്നുമല്ല ഇന്നു പ്രധാനമായും കൊള്ളയടിക്കപ്പെടുന്നത് ഭൂമികളാണ്. രാഷ്ട്രീയ സ്വാധീനവും ഭരണ സ്വാധീനവും ഉപയോഗിച്ച് സര്‍ക്കാര്‍ ആധീനതയിലുള്ള ഭൂമി മാഫിയകളും, വന്‍കിടക്കാരും റിയല്‍ എസ്റ്റേറ്റ് സംഘങ്ങളുമൊക്കെ കൈയടക്കുന്നു. കളമശേരിയിലെ എച്ച്.എം.ടി ഭൂമി ഇടപാടിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ ഇതര ജില്ലകളില്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ഭൂമി സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി മുന്നേറുന്നു. ചിലത് കൈമാറ്റത്തിന്റെ അവസാന ഘട്ട ങ്ങളിലും.

എച്ച്.എം.ടി ഉയര്‍ത്തിയതിനേക്കാള്‍ ഗുരുതരമായ വീഴ്ചകളാണ് കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കിനാലൂരില്‍ വരാന്‍ പോകുന്ന മലേഷ്യന്‍ സംരഭമായ സാറ്റലൈറ്റ് സിറ്റി ഉയര്‍ത്തുന്നത്. വ്യവസായ വികസനത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത 340 ഏക്കര്‍ ഭൂമിയില്‍ 270 ഏക്കറാണ് മലേഷ്യന്‍ ഏജന്‍സിയായ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ്ബോര്‍ഡിന് (സി.ഐ. ഡി.ബി) പതിച്ചു നല്‍കുന്നത്. ഇതിന്റെ ധാരണാ പത്രം കഴിഞ്ഞ സെപ്റ്റംബറില്‍ കോഴിക്കോട്ട് ഒപ്പു വയ്ക്കുകയും ചെയ്തു.

2500 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ 25,000 പേര്‍ക്ക് ജോലി ലഭിക്കും എന്നാണ് മലേഷ്യന്‍ ഏജന്‍സിയുടെ വാദം.

വിജ്ഞാനാധിഷ്ഠിത പദ്ധതികള്‍, ബയോ ടെക്നോളജി വ്യവസായങ്ങള്‍, മെഡിക്കല്‍ സിറ്റി, ഉല്ലാസ കേന്ദ്രങ്ങള്‍, ഓഫീസ് മന്ദിരങ്ങള്‍, വീടുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ എന്നിവയടങ്ങുന്ന ടൌണ്‍ഷിപ്പ് സി.ഐ.ഡി.ബി കിനാലൂരില്‍ സ്ഥാപിക്കുമെന്നാണ് ധാരണാ പത്രം ഒപ്പു വയ്ക്കു മ്പോള്‍ വ്യക്തമാക്കിയത്.

മൂന്ന് മാസത്തിനകം പദ്ധതി രൂപരേഖയുടെ കരട് സമര്‍പ്പിക്കു മെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഡിസം ബര്‍ 27 ന് വ്യവസായ മ ന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് കെ.എസ്.ഐ. ഡി.സിയു ടേയും സി.ഐ. ഡി. ബിയുടേ യും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. മാര്‍ച്ച് 31 നകം പദ്ധതി രൂപരേഖ സമര്‍പ്പിക്കണമെന്ന് സി.ഐ.ഡി.ബിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മലേഷ്യന്‍ കമ്പനി കിനാലൂരില്‍ ആരംഭിക്കുന്ന ഉപഗ്രഹ നഗരം സംബന്ധിച്ച് തുടക്കത്തിലേ ദുരൂഹത നില നിന്നിരുന്നു. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് സാറ്റലൈറ്റ് സിറ്റി തുടങ്ങാന്‍ സി.ഐ.ഡി.ബിയുമായി കരാര്‍ ഒപ്പു വയ്ക്കുന്നത്.

കിനാലൂരിലെ വ്യവസായ നഗരത്തിലേക്ക് സംരഭകരെ ക്ഷണിച്ച് സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശീയരായ നിരവധി സംരഭകര്‍ മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ടെണ്ടര്‍ നടപടികള്‍ പാതി വഴിയില്‍ നിര്‍ത്തി മലേഷ്യന്‍ ഏജന്‍സിയെ പൊക്കിക്കൊണ്ടു വരുന്നതും കരാര്‍ ഒപ്പു വയ്ക്കുന്നതും.

സി.ഐ.ഡി.ബി കരാറില്‍ വച്ച നിബന്ധനകളിലൊന്ന് ഏറെ ഞെട്ടിക്കുന്നതാണ്. കിനാലൂരില്‍ സാറ്റലൈറ്റ് സിറ്റി തുടങ്ങുന്ന ഇവര്‍ക്ക് താമസസൌകര്യങ്ങളും ഐ.ടി സംരഭങ്ങളും തുടങ്ങാന്‍ 25 മുതല്‍ 50 ഏക്കര്‍ സ്ഥലം വരെ സര്‍ക്കാര്‍ ലഭ്യമാക്കണമെന്നാണ് കരാര്‍.
(തുടരും)

3. ബ്ളേഡ് മാഫിയയുടെ ആക്രമണം: യുവതി ആശുപത്രിയില്‍
തീക്കോയി: ബ്ളേഡ് മാഫിയ, യുവതിയായ വീട്ടമ്മയെ മര്‍ദിച്ചതായി പരാതി. തീക്കോയി ഞണ്ടുകല്ല് സ്വദേശിയായ ഞാറയ്ക്കല്‍ ബിന്ദു(33)വിനാണ് മര്‍ദനമേറ്റത്. യുവതി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ യിലാണ്.

സ്വകാര്യ പണമിടപാടുകാരനായ തീക്കോയി പുതനപ്രകുന്നേല്‍ സൂരജ് മര്‍ദിച്ചതായി കാണിച്ചാണ് ഈരാറ്റുപേട്ട പോലീസില്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:

വീടു പണിയുന്നതിന് ബ്ളോക്കില്‍ നിന്നു കിട്ടിയ ധനസഹായം തികയാതെവന്നപ്പോള്‍ ബിന്ദു അമ്മയുടെ ആധാരം രണ്ടായിരം രൂപയ്ക്ക് പണയം വയ്ക്കുകയായിരുന്നു. പലിശസഹിതം പണവുമായി ചെന്നപ്പോള്‍ ആധാരം തിരികെ നല്‍കിയില്ലെന്നും ആധാരം മറ്റെവിടെയോ പണയം വച്ചിരിക്കുകയാണെന്നും പിന്നീട് നല്‍കാമെന്നും പറഞ്ഞു. ആധാരം ഉടന്‍ വേണമെന്ന് ബിന്ദു നിര്‍ബന്ധം പിടിച്ചു. ഇതേത്തുടര്‍ന്ന് സൂരജ് യുവതിയെ മര്‍ദിക്കു കയാ യിരു ന്നു വത്രേ.

4. സവോളയ്ക്ക് റെക്കോര്‍ഡ് വിളവെടുപ്പ്:വില കുത്തനെ ഇടിഞ്ഞു
മാന്നാര്‍: സവോളയുടെ വില സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞു.

രണ്ടുമാസങ്ങള്‍ക്ക് മുമ്പ് കിലോഗ്രാമിന് 30 രൂപ വരെയുണ്ടായിരുന്ന സവോളയ്ക്ക് ഇപ്പോള്‍ ഏഴ് മുതല്‍ പത്തു രൂപാവരെയാണ് ചില്ലറ വില്‍പ്പന വില. സംസ്ഥാനത്ത് പൂന, പാണ്ടി എന്നീ രണ്ടിനങ്ങളിലായുള്ള സവോളയാണ് വില്‍പ്പനയ്ക്കായി എത്തുന്നത്.

വര്‍ഷത്തില്‍ എല്ലാ മാസവും പൂനയില്‍ സവോളയുടെ വിളവെടുപ്പ് നടക്കുന്നുണ്െടങ്കിലും ഇതിന്റെ പ്രധാനസീസണ്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ്. അതിനാണ് പൂനയില്‍ ഉള്ളിയുടെ വില കുറയുന്നത്. സംസ്കരിക്കാത്ത പച്ച സവോളക്ക് കിലോഗ്രാമിന് ഒന്നുമുതല്‍ മൂന്നുരൂപ വരെയാണ് അവിടുത്തെ വില. സവോളയുടെ വലിപ്പമനുസരിച്ച് മൂന്നു ഗ്രേഡായി തിരിച്ചാണ് വില നിശ്ചയിക്കുന്നത്. പ്രത്യേകരീതിയില്‍ ഉണക്കി സംസ്കരിച്ച സവോളക്ക് രണ്ടുമുതല്‍ നാലുരൂപവരെയാണ് വില.

ഇത്തരം സവോളയാണ്് സാധാരണയായി സംസ്ഥാനത്ത് എത്തുന്നത്. ഇവിടെയെത്തുമ്പോള്‍ നാലുമുതല്‍ ആറുരൂപ വരെ വിലവീഴും. ഇതു ചില്ലറവില്‍പനയായി നടത്തുമ്പോഴാണ് ഏഴുമുതല്‍ പത്തുരൂപ വരെ വിലവീഴുന്നത്.

ദിനംപ്രതി ആയിരംലോഡ് സവോളയാണ് പൂനയില്‍ നിന്നും വിവിധസ്ഥലങ്ങളിലേക്ക് കയറ്റിഅയയ്ക്കുന്നത്. ഒരു ലോഡില്‍ പത്തു ടണ്‍ മുതല്‍ പതിനഞ്ചുടണ്‍വരെ സവോളയാണ് കയറ്റുന്നത്. മധ്യകേരളത്തില്‍ ഏറെയും പാണ്ടി സവോളയാണ് എത്തുന്നത്. തമിഴ്നാട്, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന പാണ്ടിസവോളക്ക് വിലക്കുറവും കൂടുതല്‍ ലാഭവും ലഭിക്കുന്നതിനാലാണ് മൊത്തവിതരണക്കാര്‍ ഇതിന്റെ വില്‍പനയെ പ്രോത്സാഹി പ്പിക്കു ന്നത്.സവോളകള്‍ തമ്മിലുള്ള ഗുണത്തിലെ വ്യത്യാസം സാധാരണക്കാര്‍ക്കു തിരിച്ചറിയാത്തത് മൊത്തവിതരണക്കാര്‍ക്ക് നേട്ടമാണ്. ഹോട്ടല്‍, കേറ്ററിംഗ് എന്നിവര്‍മാത്രമാണ് പൂന സവോളചോദിച്ചുവാങ്ങുന്നത്. കേരളത്തില്‍ എറണാകുളവും കോട്ടയവുമാണ് പൂന സവോളയുടെ പ്രധാന മാര്‍ക്ക റ്റുകള്‍.

5. മില്‍മയുടെ രൂപത്തിലും ഭാവത്തിലും മധുരിമ !
കോന്നി : മില്‍മയ്ക്ക് ബദലായി പുതിയ പാല്‍ വിപ ണിയിലെത്തുന്നു. മില്‍മ പാല്‍കവറിന്റെ അതേരൂപ ത്തിലും നിറത്തിലുമാണ് കോട്ടയം ജില്ലയില്‍നിന്നും പുതിയ പാല്‍ വിപണിയിലെത്തിയിട്ടുള്ളത്.

മില്‍മപാലിന്റെ പായ്ക്കിംഗിന്റെ അതേ രൂപസാദൃശ്യത്തില്‍തന്നെയാണ് കോട്ടയം ജില്ലയിലെ കളത്തുകടവില്‍ നിന്നും മധുരിമ എന്നപേരില്‍ പുതിയ പാല്‍ വിപണിയില്‍ എത്തിയിട്ടുള്ളത്.

പാല്‍ കവറിന്റെ രൂപസാദൃശ്യം മില്‍മയുടെ അതേരീതിയിലായത് മധുരിമയ്ക്ക് കൂടുതല്‍ നേട്ടമാകുന്നുണ്ട്. മില്‍മാ ബൂത്തുകളിലാണ് അധികവും മധുരിമയും ഏജന്‍സികള്‍ നല്‍കിയിട്ടുള്ളത്. പാല്‍ വാങ്ങാനെത്തുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ മില്‍മയും മധുരിമയും തിരിച്ചറിയാന്‍ കഴിയുന്നില്ല.

മില്‍മ ആവശ്യാനുസരണം പാല്‍ നല്‍കാത്തതിനെത്തുടര്‍ന്ന് പല ബൂത്തുടമകളും മധുരിമയാണ് ഇപ്പോള്‍ കൂടുതല്‍ വിറ്റഴിക്കാനും തയാറാകുന്നത്. മില്‍മയുടെ അതേ വിലയിലാണ് മധുരിമയും പാല്‍ വിപണിയിലെത്തിക്കുന്നത്.

6. ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; നാട്ടുകാര്‍ ബസ് കത്തിച്ചു
കൊയിലാണ്ടി: ദേശീയ പാതയില്‍ തിരുവങ്ങൂര്‍ വെറ്റിലപ്പാറയില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സഹയാത്രക്കാരന് പരിക്കേറ്റു.

ക്ഷുഭിതരായ ജനം ബസിനു തീവച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടം. കുറ്റിക്കാട്ടൂര്‍ മാധവകൃപയില്‍ (ആനശേരി) റിട്ടയേര്‍ഡ് ടെലികോം ഉദ്യോഗസ്ഥനായ ആണ്ടിയുടെയും സരളയുടെയും മകന്‍ ഹരീഷ്കുമാര്‍ (36) ആണ് മരിച്ചത്. പരിക്കേറ്റ ആനശേരി ഗോപാലന്റെ മകന്‍ ശ്രീശോഭിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന ഹൈടെക് ബസാണ് ഇടിച്ചത്.

ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മറ്റ് വാഹനങ്ങളെ മറികടക്കവെ ബൈക്കിനെ തട്ടിയിടുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും തെറിച്ചു വീണ ഹരീഷ്കുമാറിന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഹരീഷ്കുമാര്‍ തല്‍ക്ഷണം മരിച്ചു. അപകട വിവരം അറിഞ്ഞ് പോലീസ് എത്താന്‍ വൈകിയത് നാട്ടുകാരെ ക്ഷുഭിതരാക്കി. അപകടത്തെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം മൃതദേഹം മാറ്റാതെ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴാണ് ക്ഷുഭിതരായ ജനകൂട്ടം ബസ് തല്ലിതകര്‍ത്ത് തീയിട്ടത്.സംഭവ മറിഞ്ഞയുടന്‍ വനിതാ എസ്ഐ മാത്രമാണ് സ്ഥലത്തെത്തിയത്. ഹൈവേ പോലീസ് സ്ഥലത്തെത്താതും ജനങ്ങളെ ക്ഷുഭിതരാക്കി. പിന്നീട് കൊയിലാണ്ടി സിഐയും എസ്ഐയും സ്ഥലത്തെത്തിയെങ്കിലും അവരെയും നാട്ടുകാര്‍ തടഞ്ഞു. ഫയര്‍ഫോഴ്സ് എത്തിച്ചേര്‍ന്നെങ്കിലും അവരെയും ജനം തടഞ്ഞത് ഏറെനേരം സംഘര്‍ഷാവസ്ഥയുണ്ടാക്കി. പിന്നീട് ദേശീയപാത വഴി കടന്നുപോവുകയായിരുന്ന പട്ടാള വാഹനമാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ സഹായിച്ചത്.

ഹരീഷ്കുമാറിന്റെ ഭാര്യ അനുരൂപയാണ്. മക്കള്‍: പ്രണവ് , ആറു മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. ചേവായൂര്‍ ടെലഫോണ്‍ എക്സ്ചേഞ്ചിലെ കരാര്‍ ജീവനക്കാരനാണ് ഹരീഷ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ മാസം വടകരയില്‍ ഒരു വിദ്യാര്‍ഥിനി ബസ് തട്ടി മരണമടഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബസിന് തീവച്ചിരുന്നു.

7. വാര്‍ധക്യ വിജ്ഞാന ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു
കൊച്ചി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യുക്കേഷന്റെ (അയാഷെ)വാര്‍ധക്യ വിജ്ഞാന ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര സബര്‍ബന്‍ ക്ളബ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗം ഡോ.എം.വി.പൈലി ഉദ്ഘാടനം ചെയ്തു.

മികച്ച പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള അയാഷെ ദേശീയ അവാര്‍ഡ് പ്രഫ.ഏബ്രഹാം ജോര്‍ജ്, റവ.ഡോ.ജോര്‍ജ് താനത്തുപറമ്പില്‍, പ്രഫ.വി.എക്സ്.സെബാസ്റ്റ്യന്‍, ഫാ.വി. ടി.ജോര്‍ജ് എന്നിവര്‍ക്ക് ഡോ.പൈ ലി വിതരണം ചെയ്തു. ഡോ.ഏബ്രഹാം ജോര്‍ജ്, ഡോ.ജോര്‍ജ് പോള്‍, അഡ്വ.വി.എക്സ്.ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.റെനി ജേക്കബ്, ഇന്‍സ്റ്റിറ്റ്യൂട്ട് കോര്‍ഡിനേറ്റര്‍ പ്രഫ.കെ.എം.മാത്യു, ജസ്റ്റിസ് ജോണ്‍ മാത്യു, പ്രഫ. വി.ജെ.പാപ്പു, ജോര്‍ജ് വര്‍ഗീസ്, ജോസഫ് പുലിക്കുന്നേല്‍, ഡോ. പി.ആര്‍.പൊതുവാള്‍, ചെമ്മനം ചാക്കോ, ഡോ.സി.ജെ.ജോണ്‍, സിസ്റ്റര്‍ ലിനറ്റ് എന്നിവര്‍ പ്രസംഗിച്ചു.

8. എംഎല്‍എയ്ക്കു മര്‍ദനം; ആലുവയില്‍ ഇന്നു ഹര്‍ത്താല്‍
ആലുവ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ ആലുവ എംഎല്‍എ എ.എം.യൂസഫിന് കോണ്‍ഗ്രസുകാരില്‍ നിന്നും മര്‍ദ്ദനമേറ്റതായി പരാതി.ആലുവ കടുങ്ങല്ലൂര്‍ ആറാം വാര്‍ഡില്‍ ഏഴാം തീയതി നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായത്. രാത്രി വൈകിയും ഉപതെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവും സംഘവും എംഎല്‍എയെ അക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം

.എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആലുവ ഡിവൈഎസ്പിയും സംഘവും കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ടി.എം.സെയ്തു കുഞ്ഞ്, കടുങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.കെ.ഷാനവാസ്, നിസാര്‍ ഏലൂക്കര, ആറാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അസീറയുടെ ഭര്‍ത്താവ് അബ്ദുള്‍ സലാം എ ന്നിവരെ അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ആലുവ നിയോജക മണ്ഡലത്തില്‍ സിപിഎം ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സ്ഥലത്തു പോയി മടങ്ങും വഴി കടുങ്ങല്ലൂര്‍ മല്ലേപ്പിള്ളി റോഡില്‍ വച്ച് സംഘടിച്ചെത്തിയ ഇവര്‍ എംഎല്‍എയെ തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പറയുന്നു. എംഎല്‍എ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, ടി.കെ.ഷാജഹാന്‍ എന്നിവരെ എംഎല്‍എയ്ക്കൊപ്പം പരിക്കുകളോടെ ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് രാത്രി സിപിഎം നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും നടന്നു. സിപിഎം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനന്‍ എന്നിവര്‍ എംഎല്‍എയെ സന്ദര്‍ശിച്ചു.

9. സ്പോഞ്ച് ഉത്പാദനം: 700 കോടിയുടെ അഴിമതി-പി.സി ജോര്‍ജ്
തിരുവനന്തപുരം: ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദനത്തിന്റെ മറവില്‍ 700 കോടിയുടെ അഴിമതിക്കാണ് വ്യവസായമന്ത്രി എളമരം കരീം ശ്രമിക്കുന്നതെന്ന് പി.സി ജോര്‍ജ് എം.എല്‍.എ ആരോപിച്ചു. കെ.എം.എം.എല്ലും റഷ്യന്‍കമ്പനിയായ റൊസൊബൊറോണും ചേര്‍ന്ന് സംയുക്ത ഫാക്ടറി സ്ഥാപിക്കാനുള്ള കരാര്‍ ഒപ്പിടുന്നതിന്റെ അന്തിമഘട്ടത്തിലാണ് വ്യവസായവകുപ്പ്.

എച്ച്.എം.ടി വിവാദം അവസാനിപ്പിച്ച് കരാറില്‍ ഒപ്പിടാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. കേരളം കണ്ട ഏറ്റവുംവലിയ അഴിമതിയാണ് ഇതുവഴി അരങ്ങേറുന്നത്. 700കോടിയുടെ ഈ അഴിമതി വ്യവസായമന്ത്രിയെ മുന്‍നിര്‍ത്തി സി.പി.എം നേതൃത്വം അറിഞ്ഞ് നടക്കുന്ന ഇടപാടാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

കെ.എം.എം.എല്ലിലെ വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ പാടില്ലെന്ന് നിയമസഭാസമിതി നേരത്തെ ശിപാര്‍ശ ചെയ്തിരുന്ന കാര്യവും ജോര്‍ജ് ചൂണ്ടിക്കാട്ടി.

1. ഭൂമി തിരിച്ചെടുക്കണമെന്ന് സമിതി റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിവാദ എച്ച്.എം.ടി ഭൂമി ഇടപാടിന്റെ പോക്കുവരവ് റദ്ദാക്കി ഭൂമി തിരിച്ചെടുക്കണമെന്ന് ഇതേക്കുറിച്ച് അന്വേഷിക്കുന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സമിതിയില്‍ അംഗങ്ങളായ രജിസ്ട്രേഷന്‍, വ്യവസായവകുപ്പ് സെക്രട്ടറിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിയാതെ വന്നതോടെ ഇന്ന് വീണ്ടും യോഗം ചേര്‍ന്ന് അന്തിമതീരുമാനത്തിലെത്താനും ധാരണയായിട്ടുണ്ട്.

പോക്കുവരവ് റദ്ദാക്കണമെന്ന നിലപാടില്‍ നിയമ^റവന്യു സെക്രട്ടറിമാരാണ് തുടക്കം മുതല്‍ ഉറച്ചുനിന്നത്. ഇതിനെതിരെ രണ്ടു സെക്രട്ടറിമാര്‍ രംഗത്തുവന്നതോടെ തീരുമാനം ഇന്നത്തേക്ക് മതിയെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിന്റെ കരടിന് രൂപം നല്‍കിയിട്ടുണ്ട്. എച്ച്.എം.ടി ഭൂമി ഇടപാട് വിവാദമായ സാഹചര്യത്തില്‍ സെക്രട്ടറിമാര്‍ അതത് വകുപ്പുകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് തടയിട്ട് മുഖം രക്ഷിക്കാനുള്ള ആസൂത്രിത നീക്കമാണ് യോഗത്തില്‍ നടത്തിയതത്രെ. ഭൂമി വിവാദത്തില്‍ ഏറെ ആരോപണവിധേയരായ വ്യവസായ^രജിസ്ട്രേഷന്‍^റവന്യു മന്ത്രിമാരെ സംരക്ഷിക്കാന്‍ അതത് സെക്രട്ടറിമാര്‍ തന്ത്രപരമായ നീക്കങ്ങളും യോഗത്തില്‍ നടത്തിയതായാണ് വിവരം.

ജനുവരി 30ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയും റവന്യു, വ്യവസായം, ഐടി, രജിസ്ട്രേഷന്‍, നിയമ വകുപ്പ് സെക്രട്ടറിമാരും ഇന്നലെ രാത്രി ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ വൈകുവോളം യോഗം ചേര്‍ന്നാണ് പോക്കുവരവ് റദ്ദാക്കി ഭൂമി തിരിച്ചെടുത്ത് വിവാദം അവസാനിപ്പിക്കണമെന്ന തീരുമാനത്തിലെത്തിയത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെങ്കിലും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നാണ് സൂചന. രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം എം.പിമാരുടെ യോഗവും തുടര്‍ന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവുമായി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രിക്ക് ദല്‍ഹിക്ക് പോകേണ്ടതിനാലും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍വേണ്ടി മാത്രം അടുത്ത വ്യാഴാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരുമെന്നും അറിയുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ യുക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന ശേഷം റവന്യു സെക്രട്ടറിയുമായി റവന്യുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ളവര്‍ രാത്രി കൂടിക്കാഴ്ച നടത്തി. മിക്കവാറും വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് റവന്യു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സൈബര്‍ സിറ്റി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും സമിതികളമശേãരി മുനിസിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2. പ്രാഥമികാന്വേഷണത്തില്‍ വ്യവസായ മന്ത്രി പ്രതിക്കൂട്ടില്‍
തൊടുപുഴ: എച്ച്.എം.ടി ഭൂമി വില്‍പനയെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിസഭ നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യവസായമന്ത്രി പ്രതിസ്ഥാനത്ത്. അന്വേഷണത്തിന്റെ പ്രാഥമിക വിവരങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വെക്കത്തക്കവിധം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.

റിപ്പോര്‍ട്ട് പൂര്‍ണമാകാത്ത സാഹചര്യത്തില്‍ വ്യാഴാഴ്ചയേ സമര്‍പ്പിക്കാനാവൂ എന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ഇന്നത്തെ മന്ത്രിസഭാ യോഗത്തിനുശേഷം റെയില്‍വേ ബജറ്റ് ചര്‍ച്ചക്ക് ദല്‍ഹിയില്‍ പോകുന്ന മുഖ്യമന്ത്രി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് നേരിട്ട് റിപ്പോര്‍ട്ടുചെയ്ത് അഭിപ്രായം തേടും. പ്രാഥമിക റിപ്പോര്‍ട്ട് വ്യവസായ മന്ത്രിക്ക് എതിരായ സാഹചര്യത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന കാര്യമാണ് മുഖ്യമന്ത്രി സി.പി.എം കേന്ദ്ര നേതൃത്വത്തെ അറിയിക്കുക. എച്ച്.എം.ടിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് ’72 മുതലുള്ള രേഖകള്‍ സവിസ്തരം പരിശോധിച്ച ചീഫ് സെക്രട്ടറിക്ക് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് ഭൂമി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഭൂമിയുടെ ടെണ്ടര്‍ നടപടികളും വിലനിര്‍ണയവും നടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. എറണാകുളം കലക്ടര്‍ പോക്കുവരവ് തടഞ്ഞപ്പോള്‍ 2006 ജൂണ്‍ 6ന് ഉച്ചക്ക് 12ന് വ്യവസായ മന്ത്രിയുടെ ചേംബറില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു. പോക്കുവരവിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം നീക്കംചെയ്യണമെന്ന് വ്യവസായ മന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്ന് യോഗത്തിന്റെ മിനുട്സ് വ്യക്തമാക്കുന്നു.

റവന്യൂ മന്ത്രിയും യോഗതീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നു. ഇതിനുശേഷം യോഗത്തിലേക്ക് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് പ്രതിനിധിയെ വിളിക്കുകയാണുണ്ടായത്.

ഈ യോഗത്തില്‍ 70 ശതമാനം ഭൂമി ഐ.ടി വ്യവസായത്തിന് ഉപയോഗിക്കാമെന്നും 35,000ത്തിനും 45,000ത്തിനും ഇടക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാമെന്നും ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് പ്രതിനിധി വെറുതെ പറയുക മാത്രമാണ് ചെയ്തത്. ഇതുസംബന്ധിച്ച് രേഖകളൊന്നും തയാറാക്കിയില്ല. ഐ.ടി വകുപ്പിന് പദ്ധതി സംബന്ധിച്ച രൂപരേഖ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സര്‍ക്കാറിന്റെ ഐ.ടി നയം അനുസരിച്ച ചര്‍ച്ചകള്‍ നടക്കുകയോ അനുവാദം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇത്തരമൊരു പദ്ധതി കാബിനറ്റില്‍ സമര്‍പ്പിക്കുകയോ അംഗീകാരം വാങ്ങുകയോ ഉണ്ടായില്ല. ഇതാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പ്രാഥമിക വിവരങ്ങള്‍.

3. പെട്രോള്‍, ഡീസല്‍ വില ഈയാഴ്ച വര്‍ധിപ്പിക്കും
ന്യൂദല്‍ഹി: പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും വര്‍ധിപ്പിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ഈ നിര്‍ദേശം അംഗീകരിച്ചേക്കും. എന്നാല്‍ വര്‍ധിച്ചു നില്‍ക്കുന്ന രാജ്യാന്തര എണ്ണവിലയുടെ ആഘാതം ലഘൂകരിക്കുന്നതിന് തീരുവ കുറക്കാന്‍ ഇടയില്ല.

പ്രണബ് മുഖര്‍ജി അധ്യക്ഷനായ മന്ത്രിതല സമിതി വിലവര്‍ധനക്കാര്യം കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വിട്ടിരുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്രമന്ത്രിസഭ ഇന്നലെ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും യോഗം നടന്നില്ല. വ്യാഴാഴ്ചയാണ് പതിവ് യോഗം. വില കൂട്ടാന്‍ സമ്മതിക്കാത്തതിനാല്‍ ഇക്കൊല്ലം 71,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 10.57 രൂപ, ഡീസലിന് 11.56 രൂപ, മണ്ണെണ്ണക്ക് 19.89 രൂപ, പാചകവാതക സിലിണ്ടറിന് 331 രൂപ എന്നീ ക്രമത്തില്‍ നഷ്ടം വരുന്നുവെന്നാണ് കണക്ക്.

വില കൂട്ടാതിരിക്കാന്‍ അസംസ്കൃത എണ്ണയുടെ ഇറക്കുമതി തീരുവ കുറക്കണമെന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ ഒരു രൂപ വെച്ച് എക്സൈസ് തീരുവ ഇളവു ചെയ്യണമെന്നും പെട്രോളിയം മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്്. എന്നാല്‍ വില കൂട്ടുകയല്ലാതെ, തീരുവ ഇളവു ചെയ്യുന്നതിന് ധനമന്ത്രാലയം എതിരാണ്. 2006 ജൂണില്‍ അസംസ്കൃത എണ്ണ വില 67 ഡോളറില്‍ നിന്നപ്പോഴാണ് ഏറ്റവുമൊടുവില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്. പാചകവാതകത്തിന് സിലിണ്ടറിന്‍മേല്‍ 20 രൂപ കൂട്ടിയത് 2004 നവംബറിലാണ്. 2002ന് ശേഷം മണ്ണെണ്ണക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. പെട്രോളിന് ഒരു രൂപ കൂട്ടിയാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രതിമാസം 90 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാവും. ഡീസല്‍ ഇനത്തില്‍ 360 കോടിയും കിട്ടും. ഗ്യാസിന് 10 രൂപ കൂട്ടിയാല്‍ 58 കോടി അധികം കിട്ടും. സര്‍ക്കാര്‍ പുറപ്പെടുവിച്ച എണ്ണ ബോണ്ടുകളിലൂടെ 43 ശതമാനം വരെ നഷ്ടം നികത്തപ്പെടുന്നുണ്ട്.

4. വ്യക്തികള്‍ക്കുവേണ്ടിയുള്ള ഭരണഘടനാഭേദഗതി എതിര്‍ക്കുമെന്ന് സി.പി.ഐ
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമീഷനിലെ മൂന്ന് അംഗങ്ങള്‍ക്കും തുല്യപദവി നല്‍കി ഭരണഘടന ഭേദഗതി ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് തുടക്കത്തിലേ തിരിച്ചടി. വ്യക്തികള്‍ക്കുവേണ്ടിയുള്ള ഭരണഘടനാ ഭേദഗതിയെ പിന്തുണക്കില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാന്‍ വ്യക്തമാക്കി. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ സി.പി.ഐ നിലപാട് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

കോണ്‍ഗ്രസുമായുള്ള അടുപ്പത്തിന്റെ പേരില്‍ കമീഷന്‍ അംഗമായ നവീന്‍ ചൌളയെ പുറത്തുചാടിക്കാനുള്ള ബി.ജെ.പി നീക്കം തടയുന്നതിനാണ് ഭരണഘടനാഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് ആലോചന തുടങ്ങിയത്. ചൌളയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി നല്‍കിയ സാഹചര്യത്തില്‍ ഭരണഘടനാഭേദഗതി എന്ന ആയുധം കോണ്‍ഗ്രസ്പുറത്തെടുക്കുകയായിരുന്നു.

ഭരണഘടന ഓരോ ദിവസവും ഭേദഗതി ചെയ്യാനാവില്ലെന്നും നവീന്‍ചൌളയെ രക്ഷിക്കുന്നതിനായി ഭരണഘടന ഭേദഗതിചെയ്യുന്നതിനെ എതിര്‍ക്കുമെന്നും ബര്‍ദാന്‍ വ്യക്തമാക്കി. മറ്റ് ഇടതുപാര്‍ട്ടികളും ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

ബി.ജെ.പിയോട് അടുപ്പമുണ്ടെന്ന് കരുതുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എന്‍. ഗോപാലസ്വാമി അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് വിരമിക്കും. സീനിയോറിറ്റി അനുസരിച്ച് ചൌള മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകും. കോണ്‍ഗ്രസിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ചൌള ഉടന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറാകുന്ന സാഹചര്യം ബി.ജെ.പി ആഗ്രഹിക്കുന്നില്ല.

നിലവിലുള്ള മൂന്ന് കമീഷന്‍ അംഗങ്ങളില്‍ ഗോപാലസ്വാമി ഒഴികെയുള്ളവരെല്ലാം യു.പി.എ നോമിനികളാണ്.
നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കെ അന്നത്തെ കമീഷണര്‍ ടി.എന്‍.ശേഷനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് കമീഷന്‍ ബഹു അംഗ സമിതിയാക്കിയത്. കമീഷന്റെ തീരുമാനങ്ങള്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ അംഗത്തെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ പുറത്താക്കിയ സംഭവം ഉണ്ടായിട്ടില്ല. ബി.ജെ.പി ആവശ്യം അംഗീകരിച്ച് ചൌളയെ പുറത്താക്കിയാല്‍ അതൊരു പുതിയ കീഴ്വഴക്കമാകും.

ഭരണഘടനാ പ്രതിസന്ധിയും സൃഷ്ടിക്കും. ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഭേദഗതികൊണ്ടുവരുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

5. കോടികളുടെ നിക്ഷേപ തട്ടിപ്പ്: മലയാളിക്കെതിരെ പ്രവാസികള്‍ നിയമനടപടിക്കൊരുങ്ങുന്നു
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ പ്ലോട്ടുകളിലും അപ്പാര്‍ട്ട്മെന്റുകളിലും മുതല്‍മുടക്കി കബളിപ്പിക്കപ്പെട്ട പ്രവാസി മലയാളികള്‍ നിയമനടപടിക്കൊരുങ്ങുന്നു. ബാംഗ്ലൂരിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയും മലയാളിയുമായ ജോസഫ് ചാക്കോക്കും, ചാക്കോസ് എസ്റ്റേറ്റ് ഹൌസിംഗ് ഡെവലപ്മെന്റ് കോര്‍പറേഷനുമെതിരെയാണ് തട്ടിപ്പിനിരയായവര്‍ രൂപവത്കരിച്ച അഥീന തേര്‍ഡ് സ്റ്റേജ് സൈറ്റ് ഓണേഴ്സ് അസോസിയേഷന്‍ കോടതിയെ സമീപിക്കുന്നത്.

സൈറ്റുകളും അപ്പാര്‍ട്ടുമെന്റുകളും കരാറെഴുതി വില്‍പന നടത്തുകയും, വസ്തു പിന്നീട് ഒന്നിലേറെപ്പേര്‍ക്ക് വില്‍പന നടത്തി കബളിപ്പിക്കുകയുമായിരുന്നെന്ന്അസോസിയേഷന്‍ ആരോപിച്ചു. ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉള്‍പ്പെടെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ തട്ടിപ്പിനിരയായവര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് നിയമ നടപടിക്കൊരുങ്ങുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിജു എം. പാറേല്‍ പറഞ്ഞു. തട്ടിപ്പിനിരയായ രണ്ടായിരത്തിലേറെ പേര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടുകഴിഞ്ഞുവെന്നും പദ്ധതിയില്‍ പണംമുടക്കിയവര്‍ക്ക് നിയമനടപടികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ cehdbangalore.com എന്ന വെബ്വിലാസത്തില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പിനിരയായവര്‍ നേരത്തെ അഥീന വെല്‍ഫെയര്‍ സൊസൈറ്റി, ക്രൌണ്‍ പ്ലാസ ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്‍ എന്നീ അസോസിയേഷനുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇവരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ ആരംഭിച്ചെങ്കിലും പ്രതികള്‍ ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗപ്പെടുത്തി നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ആരോപണമുണ്ട്. ക്രൌണ്‍ പ്ലാസ ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്‍ ഇതുസംബന്ധിച്ച് നല്‍കിയ ഹരജിയില്‍ ജോസഫ് ചാക്കോക്കെതിരെ അന്വേഷണം കഴിഞ്ഞയാഴ്ച ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ഖത്തര്‍, കുവൈത്ത്, ബഹ്റിന്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളിലുള്ള മലയാളികളില്‍ നിന്ന് 10 മുതല്‍ 20 ലക്ഷം വരെയാണ് പ്ലോട്ടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കുമായി ഈടാക്കിയത്. 2003 ല്‍ ഗള്‍ഫ് പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് നിക്ഷേപം ആകര്‍ഷിച്ചത്. പലരും ഒന്നിലേറെ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തു. ബാംഗ്ലൂര്‍, മുംബൈ, പൂനെ എന്നിവിടങ്ങളിലുള്ളവരും തട്ടിപ്പിനിരയായി.

പ്രതിവര്‍ഷം 35 ശതമാനംവരെ ലാഭ വിഹിതവും കമ്പനി വാഗ്ദാനം ചെയ്തു. ക്രൌണ്‍ പ്ലാസ സര്‍വീസ് അപ്പാര്‍ട്ട്മെന്റ്സ്, പാര്‍ക്ക് അവന്യു ടൌണ്‍ഷിപ്പ്, എലീഷ്യ ടൌണ്‍ഷിപ്പ്, ഗ്രേഷ്യ ഗ്രീന്‍സ്, ആഷിയാന ടൌണ്‍ഷിപ്പ്, അഥീന ഹാവെന്‍സ്, അഥീന ടൌണ്‍ഷിപ്പ് ഫസ്റ്റ്^സെക്കന്റ് ആന്റ് തേര്‍ഡ്, പ്ലാനെറ്റ് റിജന്‍സി പദ്ധതികളിലാണ് കമ്പനി നിക്ഷേപം ക്ഷണിച്ചത്. പദ്ധതിയില്‍ ചേര്‍ന്നവര്‍ ബന്ധുക്കളെക്കൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും മുതല്‍മുടക്ക് നടത്തിച്ചു.

ടൌണ്‍ഷിപ്പുകളും സൈറ്റുകളും കാണാതെ വിദേശത്ത് വെച്ചുതന്നെ മിക്കവരും കരാറില്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍ ബാംഗ്ലൂരിലെത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഉടമാവകാശം ഇല്ലെന്നറിയുന്നത്. രജിസ്ട്രാറെ ഉപയോഗപ്പെടുത്തി ഉടമാവകാശം സി.ഇ.എച്ച്.ഡി കോര്‍പറേഷനില്‍ നിലനിര്‍ത്തുകയായിരുന്നു. ആദ്യം വില്‍പന ചെയ്തശേഷം പ്ലാനുകളില്‍ മാറ്റം വരുത്തി വീണ്ടും വീണ്ടും വില്‍പന നടത്തിയതായും തട്ടിപ്പിനിരയായവര്‍ ആരോപിച്ചു. അയ്യായിരത്തോളം പേര്‍ അഞ്ഞൂറ് കോടിയിലേറെ രൂപ വിവിധ പദ്ധതികളിലായി മുടക്കിയെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

നിക്ഷേപത്തട്ടിപ്പിനെ തുടര്‍ന്ന് ഖത്തറിലെ മലയാളികള്‍ ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഖത്തര്‍ അംബാസഡര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കും നേരത്തെ കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് ക്രൌണ്‍പ്ലാസ ഹോട്ടല്‍ പോലിസ് റെയ്ഡ് നടത്തി ജീവനക്കാരെ അറസ്റ്റുചെയ്തു. ജോസഫ് ചാക്കോയെ പിടികൂടാനായില്ല. പിന്നീട് രാഷ്ട്രപതി ഭരണം വന്നതോടെ തുടര്‍നടപടികള്‍ നിലച്ചു. ഇതിനിടെ അഥീന തേര്‍ഡ് സ്റ്റേജ് നിക്ഷേപകര്‍ സംഘടിച്ച് തിരിച്ചുപിടിച്ച് നിയന്ത്രണത്തിലാക്കി.

6. 373 മില്യന്‍ ദീനാറിന്റെ പുതിയ വ്യവസായ സംരംഭങ്ങള്‍; 7,348 തൊഴിലവസരങ്ങള്‍
മനാമ: രാജ്യത്തെ വ്യവസായ മേഖല കൈവരിച്ച നേട്ടം ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. പോയ വര്‍ഷം മൊത്തം 304 വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രാഥമിക അംഗീകാരവും ഇതില്‍ 108 എണ്ണത്തിന് അന്തിമ അംഗീകാരവും നല്‍കിയിട്ടുണ്ട്. ഇവയുടെ മൊത്തം പദ്ധതി അടങ്കല്‍ 373 മില്യന്‍ ദീനാറാണ്. ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാവുന്നതോടെ രാജ്യത്ത് മൊത്തം 7348 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അടുത്ത മുന്നുവര്‍ഷത്തിനുള്ളില്‍ ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ കൂടുതല്‍ നേട്ടം കൈവരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് അംഗീകാരം നല്‍കി.

ടെലികമ്യൂണിക്കേഷന്‍ രംഗം പരിഷ്കരിക്കുന്നതിനും പുതിയ നയങ്ങള്‍ രുപപ്പെടുത്തുന്നതിനും ശ്രമിക്കും. അന്താരാഷ്ട്ര കമ്പനികള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനാവശ്യമായ പരിഷ്കരണങ്ങള്‍ വരുത്താനാണ് പദ്ധതി. ഉപഭോക്താക്കളെ കൂടി പങ്കാളികളാക്കി പദ്ധതികള്‍ വിപുലപ്പെടുത്തുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യും. ടെലികമ്യൂണിക്കേഷന്‍ രംഗത്ത് സ്വകാര്യ മേഖലക്ക് കടന്നുവരാനാവശ്യമായ അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

വ്യവസായ സംരംഭകരെയും നിക്ഷേപകരെയും വ്യാപകമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രേരണ നല്‍കും. അടുത്ത ജനുവരി മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ ഇടപാടുകള്‍ക്കും ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കുന്നത് നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡ് റീഡ് ചെയ്ത് വിവരം ലഭ്യമാക്കുന്നതിനാവശ്യമായ മെഷീനുകള്‍ എല്ലാ മന്ത്രാലയങ്ങളിലും ലഭ്യമാക്കും. റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും കൂടുതല്‍ പരിചരണം നല്‍കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ഇതിന് കോര്‍ഡിനേഷന്‍ നടത്താന്‍ സാമൂഹ്യക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും അംഗീകാരം നല്‍കി.

7. കോണ്‍സുലേറ്റ് ഇടപെട്ടു; താഇഫിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമായി
ജിദ്ദ: താഇഫിലെ ക്ലീനിംഗ് കമ്പനി മാസങ്ങളായി ഇന്ത്യന്‍ തൊഴിലാളികളുടെ ശമ്പളവും ലീവും മറ്റാനുകൂല്യങ്ങളും തടഞ്ഞുവച്ച് പ്രശ്നത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി. കോണ്‍സുലേറ്റിന്റെ ഇടപെടലിന്റെ തുടര്‍ന്ന് പ്രശ്നം ഇന്ത്യാ ഗവണ്‍മെന്റിന്‍െയും സൌദി സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെട്ടതോടെ നൂറുകണക്കിന്് ഇന്ത്യന്‍ തൊളിലാളികള്‍ക്ക് തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ലഭിക്കുകയും കുറേപേര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവുകയും ചെയ്തു.

ഒരുവര്‍ഷം മുമ്പാണ് താഇഫിലെ പ്രമുഖ ക്ലീനിംഗ് കമ്പനിയിലെ നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ പരാതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചത്. തുടര്‍ന്ന് പ്രശ്നത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് വെല്‍ഫെയര്‍ വൈസ് കോണ്‍സുല്‍ വിവേക് ജെഫും സംഘവും താഇഫിലെ കമ്പനി ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. രോഗിയായിട്ടും നാട്ടില്‍പോകാനാവാതെ കഷട്പ്പെടുന്നവര്‍, കുറഞ്ഞ ശമ്പളം മാസങ്ങളായി തടഞ്ഞുവെച്ചതിനാല്‍ നിത്യച്ചെലവിന് പ്രയാസപ്പെടുന്നവര്‍, കമ്പനി വിസയില്‍ എത്തിയിട്ടും വര്‍ഷങ്ങളായി ഇഖാമ ലഭിക്കാത്തവര്‍, കരാര്‍ പ്രകാരമുളള ലീവ് അനുവദിക്കാത്തതിനാല്‍ നാട്ടില്‍പോകാന്‍ കഴിയാത്തവര്‍ തുടങ്ങി വിവിധ പ്രശ്നങ്ങളിലകപ്പെട്ട 220 ഇന്ത്യന്‍ തൊഴിലാളികളെയാണ് ക്യാമ്പില്‍ കോണ്‍സുലേറ്റ് സംഘം ക്യാമ്പില്‍ സന്ദര്‍ശിച്ചത്. ഓരോരുത്തരുടേയും വിവരങ്ങള്‍ കേട്ടറിഞ്ഞ സംഘം പ്രശ്നം സൌദി തൊഴില്‍ വകുപ്പിന്റേയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. അതനുസരിച്ച് ഇന്ത്യാ ഗവണ്‍മെന്റ് ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കമ്പനി എം.ഡി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികാരികളുമായി ചര്‍ച്ച നടത്തിതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരുടെ മുഴുവന്‍ പ്രശ്നവും പരിഹരിച്ചു. അതോടെ ഒരുവര്‍ഷമായി നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്നത്തിന് പരിഹാരമായി. കഴിഞ്ഞ ജനുവരി 29ന് വെല്‍ഫെയര്‍ വൈസ് കോണ്‍സുല്‍ വിവേക് ജെഫ്, അംജദ്, താഇഫിലെ സാമൂഹിക പ്രവര്‍ത്തകനായ ജമാല്‍ എന്നിവര്‍ ക്യാമ്പ് വീണ്ടും സന്ദര്‍ശിക്കുകയും ഇന്ത്യക്കാര്‍ പൂര്‍ണ സംതൃപ്തരാണെന്ന് ഉറപ്പുവരുത്തുകയും ചെത്തിരുന്നു. നേരത്തെയുണ്ടായിരുന്ന 220 ഇന്ത്യക്കാരില്‍ 99 പേരാണ് ഇപ്പോള്‍ കമ്പനിയിലുള്ളത്. 18 പേര്‍ അവധിയില്‍ നാട്ടിലാണ്. ബാക്കിയുള്ളവര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി നാട്ടിലേക്ക് മടങ്ങിയതായി കോണ്‍സുലേറ്റ് വെല്‍ഫെയര്‍ വിഭാഗം വൈസ് കോണ്‍സുല്‍ വിവേക് ജെഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

ഇത്തരം പ്രശ്നങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും അതിനാല്‍ പ്രശ്നങ്ങള്‍ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മടിക്കരുതെന്നും വെല്‍ഫെയര്‍ കോണ്‍സുല്‍ കുന്നത്ത് കെ. വിജയന്‍ പറഞ്ഞു.

8. എയര്‍ ഇന്ത്യ എക്സ്പ്രസ് അബൂദബി_കോഴിക്കോട് പ്രതിദിന സര്‍വീസ് 18 മുതല്‍
അബൂദബി: എയര്‍ഇന്ത്യ എക്സ്പ്രസ് അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസ് തുടങ്ങുന്നു. ഈമാസം 18മുതലാണ് ദിവസവും കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നതെന്ന് അബുദബി, അല്‍^ഐന്‍ എയര്‍ഇന്ത്യ ഏരിയാ മാനേജര്‍ ലക്ഷ്മണന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോള്‍ ആഴ്ചയില്‍ അഞ്ചുദിവസമാണ് കോഴിക്കോട്ടേക്ക് സര്‍വീസുള്ളത്. ഇവയില്‍ പലതും തിരുവനന്തപുരം വഴിയാണ് കോഴിക്കോട്ടെത്തുന്നത്.

നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രാ സമയത്തില്‍ മണിക്കൂറുകളുടെതന്നെ കുറവ് അനുഭവപ്പെടും. വിമാനം തിരുവനന്തപുരത്ത് ഇറങ്ങി വീണ്ടും കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതുവഴിയുള്ള അസൌകര്യവും ഇല്ലാതാകും. മലബാര്‍ ഭാഗത്തേക്ക് യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടേക്കുള്ള പ്രതിദിന സര്‍വീസ് പുലര്‍ച്ചെ 2.10നാണ് അബൂദബിയില്‍ നിന്ന് പുറപ്പെടുക. രാവിലെ 7.15ന് കോഴിക്കോട്ടെത്തും. ഈ മാസം 18മുതല്‍ തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസം എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി 10.45ന് അബൂദബിയില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 4.05ന് തിരുവനന്തപുരത്ത് ഇറങ്ങും. ആഴ്ചയില്‍ അഞ്ചുദിവസം കൊച്ചിയിലേക്കും സര്‍വീസുണ്ടാകും. രാത്രി 12.45ന് അബൂദബിയില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 5.55ന് നെടുമ്പാശേãരിയില്‍ ഇറങ്ങും. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കേരളത്തിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് സീറ്റിന്റെ എണ്ണത്തില്‍ 22ശതമാനം വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വടക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ അനുഭവിച്ചുവന്നിരുന്ന യാത്രാ പ്രശ്നത്തിന് ഒരളവുവരെ പരിഹാരമാവും. വേനലവധി, പെരുന്നാള്‍^ക്രിസ്മസ്^പുതുവത്സര ആഘോഷ സമയത്തും കോഴിക്കോട് സെക്ടറില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എമിറേറ്റ്സ് എയര്‍ലൈന്‍സും എയര്‍ അറേബ്യയും അല്‍ഇത്തിഹാദ് എയര്‍വേയ്സും താമസിയാതെ കോഴിക്കോടേക്ക് സര്‍വീസ് ആരംഭിക്കുമെന്ന സൂചനയും പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

1. പോക്കുവരവ്: ഉത്തരവാദികള്‍ മന്ത്രിമാരെന്ന് യൂണിയനുകള്‍
കൊച്ചി: എച്ച്.എം.ടി ഭൂമി ഇടപാടില്‍ വ്യവസായ മന്ത്രി എളമരം കരീമിനെ പരസ്യമായി ന്യായീകരിച്ച സി.ഐ.ടി.യു. കോടിയേരി കമ്മിഷനു മുന്നില്‍ നാടകീയമായി നിലപാട് മാറ്റി.
എച്ച്.എം.ടി വിറ്റ ഭൂമിയുടെ പോക്കുവരവ് നടത്താന്‍ അനുമതി നല്‍കിയതിന്റെ ഉത്തരവാദിത്വം ഇതിനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്കാണെന്നാണ് യൂണിയന്‍ കോടിയേരി കമ്മിഷന്‍ മുമ്പാകെ ബോധിപ്പിച്ചത്.
സി.പി.എം സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച പ്രകാരം വിവാദ ഭൂമി ഇടപാടിനെകുറിച്ച് അന്വേഷണം നടത്തുന്ന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും തിങ്കളാഴ്ച വൈകിട്ടാണ് എറണാകുളം ഗസ്റ്റ് ഹൌസില്‍ തെളിവെടുപ്പ് നടത്തിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, കെ.എന്‍. ഗോപിനാഥ്, എ.എം. യൂസഫ് എം.എല്‍.എ. എന്നിവരെയും സി.ഐ.ടി.യു നേതൃത്വത്തിലുള്ള എച്ച്.എം.ടി. എംപ്ളോയീസ് യൂണിയന്‍ ഭാരവാഹികളെയും തെളിവെടുപ്പിനായി വിളിച്ചുവരുത്തിയിരുന്നു.
എച്ച്.എം.ടി.യുടെ കൈവശമുള്ള ഉപയോഗിക്കപ്പെടാത്ത ആസ്തികള്‍ കമ്പനി നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ വില്‍ക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു യൂണിയന്റെ ആദ്യനിലപാട്. കമ്പനി 70 ഏക്കര്‍ വില്‍ക്കുമ്പോള്‍ 30 ഏക്കര്‍ ജീവനക്കാര്‍ക്ക് വീട് വയ്ക്കാന്‍ നല്‍കുന്നത് സ്വാഗതം ചെയ്ത യൂണിയന്‍, ഭൂമി തങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സൈബര്‍ സിറ്റിക്കുവേണ്ടി ഭൂമി വാങ്ങിയ ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനു തുനിഞ്ഞാല്‍ അതിനെ എതിര്‍ക്കുമെന്ന് യൂണിയന്‍ സെക്രട്ടറി ഡി.സതീഷ്കുമാര്‍ പരസ്യ പ്രസ്താവന നടത്തി യിരുന്നു. ഭൂമി ഇടപാടിന്റെ പേരില്‍ മന്ത്രി എളമരം കരീമിനെതിരെ ആക്രമണം നടത്തുന്നതിനെ സെക്രട്ടറി അപലപിക്കുകയും ചെയ്തു.
എന്നാല്‍ കോടിയേരി കമ്മിഷന്‍ മുമ്പാകെ യൂണിയന്‍ ഭാരവാഹികള്‍ ഇതിനു വിരുദ്ധമായ നിലപാടാണ് കൈകൊണ്ടത്. തൊഴിലാളികളുടെ ആവശ്യത്തിനായി 30 ഏക്കര്‍ ഭൂമി വിട്ടുകിട്ടുന്നതിനും ആ ഭൂമി പോക്കുവരവ് നടത്തിക്കുന്നതിനെയും മാത്രം അനുകൂലിക്കുന്ന നിലപാടാണ് തങ്ങളുടേതെന്ന് യൂണിയന്‍ നേതൃത്വം കോടിയേരി കമ്മിഷന്‍ മുമ്പാകെ വ്യക്തമാക്കിയതായാണ് സൂചന.
തൊഴിലാളികളുടെ കാര്യത്തിനല്ലാതെ 70 ഏക്കര്‍ ഭൂമിയുടെ പോക്കുവരവ് നടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല. അത്തരം കാര്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരാണ് ശ്രദ്ധിക്കേണ്ടിയിരുന്നതെന്നും യൂണിയന്‍ മൊഴി നല്‍കി.

2. നിര്‍മ്മാണ നിരോധനത്തിന് തടയിടാന്‍ ശ്രമം
തിരുവനന്തപുരം: നാഷണല്‍ ഹൈവേ, സ് റ്റേറ്റ് ഹൈവേ, മേജര്‍ ജില്ലാ റോഡ് എന്നിവയുടെ ഇരുവശവും നിര്‍മ്മാണപ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കുന്നത് തടയാന്‍ സമ്മര്‍ദ്ദം തുടങ്ങി.
പാതയോരങ്ങളില്‍ വന്‍തോതില്‍ വസ്തു വാങ്ങിയവരാണ് ഈ ശ്രമത്തിനു പിന്നില്‍. പാതയോരങ്ങളില്‍ നിര്‍മ്മാണം വിലക്കും എന്ന
‘കേരളകൌമുദി’ വാര്‍ത്തകണ്ട് പൊതുമരാമത്ത് വകുപ്പില്‍ ഉത്കണ്ഠയോടെ അന്വേഷണം നടത്തിയവരിലേറെയും വന്‍കിടക്കാരാണ്.
ഭൂമി വില്‍ക്കാന്‍ ഒരുങ്ങുകയായിരുന്ന സാധാരണക്കാര്‍ക്കുമുണ്ട് ഉത്കണ്ഠ. പാതയോരത്തെ വസ്തുവിന് വിലപേശല്‍ നടത്തിവരികയായിരുന്നു പലരും. അവര്‍ ആശയക്കുഴപ്പത്തിലാണ്. ഭൂമി തുച്ഛവിലയ്ക്കു നല്‍കിക്കഴിയുമ്പോള്‍ വന്‍കിടക്കാരുടെ സമ്മര്‍ദ്ദഫലമായി വിജ്ഞാപനം പുറത്തിറങ്ങാതിരിക്കുമോ എന്നാണ് അവരുടെ ഉത്കണ്ഠ.
വാഹനങ്ങളും അപകടങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കേ, ഹൈവേകള്‍ വികസിപ്പിക്കാതിരിക്കാനാവില്ല. റോഡ് വികസന ശ്രമവുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പുരോഗതിക്ക് അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിച്ചേ മതിയാകൂവെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും.
നാഷണല്‍ ഹൈവേയ്ക്ക് 70 മീറ്റര്‍ വീതിയിലും സ്റ്റേറ്റ് ഹൈവേയ്ക്ക് 50 മീറ്റര്‍ വീതിയിലും മേജര്‍ ജില്ലാ റോഡുകള്‍ക്ക് 30 മീറ്റര്‍ വീതിയിലും നിര്‍മ്മാണ പ്രവര്‍ത്തനം നിരോധിക്കാനാണ് വിജ്ഞാപനം ഇറക്കാന്‍ പോകുന്നത്. നിരോധനനീക്കത്തെ എതിര്‍ക്കുന്നവര്‍ രണ്ട് ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
ഒന്ന് : നിരോധനത്തിന്റെ ദൂരപരിധി കുറയ്ക്കുക. രണ്ട് : റോഡ് വികസനത്തിന് കരാര്‍ നല്‍കിയശേഷം ആവശ്യമുള്ള ഭൂമി മാത്രം ഏറ്റെടുക്കുക. ഈ രണ്ട് ആവശ്യങ്ങളും ഉന്നയിക്കുന്നതോടൊപ്പം പാതയോരങ്ങളിലെ സാധാരണക്കാരെ ഇളക്കിവിര്‍ട്ട് പ്രശ്നം നിയമസഭയില്‍ എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
പാതയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തത്കാലം ബുദ്ധിമുട്ടില്ല. എന്നാല്‍, റോഡ് പണി തുടങ്ങുമ്പോള്‍ ഒഴിഞ്ഞുപോകേണ്ടിവരും. റോഡ് പണി ബി.ഒ.ടി അടിസ്ഥാനത്തിലായതിനാല്‍ മാര്‍ക്കറ്റ് വില ലഭിക്കാനാണ് സാദ്ധ്യത. പക്ഷേ, വില കുറച്ചുകാണിച്ച് രജിസ്ട്രേഷന്‍ നടത്തിയ വസ്തുക്കള്‍ സമീപത്തു ണ്ടെങ്കില്‍ മാര്‍ക്കറ്റ് വില ലഭിക്കാന്‍ ബുദ്ധിമുട്ടാകും. സെന്റിന് 10 ലക്ഷം രൂപ വിലയുള്ള വസ്തു സെന്റിന് ഒരു ലക്ഷം രൂപ വിലവച്ചായിരിക്കും ചിലപ്പോള്‍ രജിസ്ട്രേഷന്‍ നടത്തുക.
നാഷണല്‍ ഹൈവേയില്‍ കഴക്കൂട്ടം മുതല്‍ ചേര്‍ത്തല വരെ 30 മീറ്റര്‍ വീതിയില്‍ ഭൂമിയുണ്ട്. പട്ടണങ്ങളിലും മറ്റിടങ്ങളിലും വീതി കുറവാണ്. ജില്ലാ റോഡുകളുടെ ഇരുവശത്തും ആയിരക്കണക്കിന് വീടുകളുണ്ട്.

3. വേദന താങ്ങാനാവാതെ വൃദ്ധ ചിതകൂട്ടി ജീവനൊടുക്കി
കിളിമാനൂര്‍: അസ്ഥി രോഗത്താലുള്ള വേദന താങ്ങാന്‍ കഴിയാതെ വൃദ്ധ വീടിന് സമീപം ചിതയൊരുക്കി ദേഹത്ത് തുണി ചുറ്റി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി.
വാമനപുരം ആറാന്താനം ആര്‍.ആര്‍. നിവാസില്‍ പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ ഗോമതിഅമ്മ(88)യാണ് ഇങ്ങനെ ജീവിതമവസാനി പ്പിച്ചത്.
ഇന്നലെ രാവിലെയാണ് ഗോമതിഅമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. കുടുംബവീട്ടില്‍ താമസിച്ചിരുന്ന ഇവരോടൊപ്പം രാത്രി കൂട്ടിനായി 13 വയസുള്ള പേരക്കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. രോഗം കാരണം ഇവര്‍ ഏറെ മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മക്കള്‍: രാജേന്ദ്രന്‍നായര്‍, രഘുനാഥന്‍നായര്‍, രാധാകൃഷ്ണന്‍നായര്‍, രമേശന്‍നായര്‍, രവീന്ദ്രന്‍ നായര്‍. മരുമക്കള്‍: സോമലത, വസന്ത, പത്മകുമാരി, ഉഷ, സുധാദേവി.

4. എസ്.എസ്.എല്‍.സി: ഇക്കുറി മോഡല്‍ ചോദ്യപേപ്പറിനും കോഡ് നമ്പര്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോരാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ‘കേരളകൌമുദി’യോട് പറഞ്ഞു.
ചോദ്യപേപ്പര്‍ വിതരണം ഏറ്റെടുക്കുന്ന അദ്ധ്യാപക സംഘടനകള്‍ക്ക് അതു ചോരാതെ നോക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്. ഇക്കുറി ഓരോ സംഘടനയ്ക്കും നല്‍കുന്ന ചോദ്യപേപ്പറുകള്‍ക്ക് പ്രത്യേക കോഡ് ഏര്‍പ്പെടുത്തും. അതുകൊണ്ട് വീഴ്ച പറ്റിയാല്‍ കൈയോടെ പിടികൂടാനാകും. വീഴ്ചയുണ്ടാവില്ലെന്നാണ് വിശ്വാസം- മന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി പൊതുപരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള സംവിധാനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്തയാഴ്ച അവലോകനയോഗം ചേരും. ചോദ്യപേപ്പര്‍ അച്ചടികേന്ദ്രത്തില്‍ നിന്ന് പരീക്ഷാഹാളിലെത്തിക്കുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ട്. ചോദ്യപേപ്പര്‍ എണ്ണത്തില്‍ കുറയാതിരിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

5. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി-വെള്ളക്കരം കുടിശ്ശിക അടയ്ക്കണം
തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി-വെള്ളക്കര കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്കി.
വെള്ളക്കര കുടിശ്ശിക ഇനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാട്ടര്‍ അതോറിറ്റിക്ക് 690 കോടി രൂപ കൊടുക്കാനുണ്ട്. പമ്പ് ഹൌസുകള്‍ പ്രവര്‍ത്തിപ്പിച്ചതിനു വൈദ്യുതി നിരക്കായി വാട്ടര്‍ അതോറിറ്റി വൈദ്യുതി ബോര്‍ഡിനു കൊടുക്കാനുള്ളത് 663 കോടി രൂപയാണ്. ഇതിനു പുറമേ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോടിക്കണക്കിനു വൈദ്യുതി-വാട്ടര്‍ ചാര്‍ജിനത്തില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി വകുപ്പും തയ്യാറാക്കി വരുന്നതേയുള്ളൂ.
വൈദ്യുതി-വെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചത് പുനഃസ്ഥാപിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതി-വെള്ളക്കര കുടിശ്ശികയുടെ പലിശ ഒഴിവാക്കുന്നതിനെപ്പറ്റി പഠിച്ചു ശുപാര്‍ശ ചെയ്യുന്നതിനു ധനകാര്യമന്ത്രി തോമസ് ഐസക് കണ്‍വീനറായി നിലവിലുള്ള മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. മന്ത്രിമാരായ എ.കെ. ബാലന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, പാലോളി മുഹമ്മദ് കുട്ടി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

6. സര്‍ക്കാര്‍ നടപടി തുടങ്ങിയില്ല; അപേക്ഷിച്ച ആയിരങ്ങള്‍ ധര്‍മ്മസങ്കടത്തില്‍
തിരുവനന്തപുരം: മേഖലാ ഇളവ് നല്‍കുന്നതില്‍ രണ്ടുവര്‍ഷമായിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനാല്‍ കെട്ടിടം പണിയാന്‍ അപേക്ഷ നല്‍കിയ ആയിരക്കണക്കിനാളുകള്‍ ധര്‍മ്മസങ്കടത്തിലായി.
കെട്ടിടം പണിയാന്‍ വ്യക്തികള്‍ക്ക് ഇളവ് നല്‍കരുതെന്നും ആവശ്യമെങ്കില്‍ ഒരു പ്രദേശത്തെ മൊത്തത്തില്‍ പരിഗണിക്കണമെന്നും 2006-ല്‍ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. തുടര്‍ന്നാണ് ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കണമെന്ന് പരിശോധിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചത്. ഇതിന് ചീഫ് ടൌണ്‍ പ്ളാനറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഓരോ തദ്ദേശസ്ഥാപനത്തിന്റെയും പരിധിയില്‍ വരുന്ന ഏതൊക്കെ പ്രദേശങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് പരിശോധിച്ച് മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കിയശേഷം പുതുതായി മേഖലാ ഇളവ് നല്‍കിയാല്‍ മതിയെന്നാണ് ഗവണ്‍മെന്റ് തീരുമാനിച്ചത്. പക്ഷേ, വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ആകെ മൂന്നു കോര്‍പ്പറേഷനുകളില്‍ മാത്രമാണ് ഇതിന്റെ പ്രാരംഭപ്രര്‍ത്തനങ്ങള്‍പോലും പൂര്‍ത്തിയാക്കാനായത്. ശേഷിക്കുന്ന എല്ലാ പ്രദേശങ്ങളും പരിശോധിച്ച് കരട് പ്ളാന്‍ പ്രസിദ്ധീകരിച്ച് അതിന്മേലുളള പരാതികേട്ട് അന്തിമ പ്ളാന്‍ വിജ്ഞാപനം ചെയ്യുന്നത് അടുത്തകാലത്തെങ്ങും നടക്കുമെന്നു തോന്നുന്നില്ല.
അര നൂറ്റാണ്ട് മുന്‍പുള്ള മാസ്റ്റര്‍പ്ളാനില്‍ കാര്‍ഷികമേഖലയും വ്യാവസായമേഖലയും വിദ്യാഭ്യാസ മേഖലയുമായി കിടന്ന പ്രദേശങ്ങള്‍ക്കെല്ലാം ഇന്ന് മാറ്റം വന്നിട്ടുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരത്ത് തൈക്കാട് വില്ലേജിലെ പഴയ പ്ളാനില്‍ നെല്‍വയലായി കാണിച്ചിട്ടുള്ള പ്രദേശങ്ങള്‍ ഇന്ന് നികത്തിയിട്ടുണ്ടെങ്കിലും ഇതെല്ലാം ഗ്രീന്‍ സോണിലാണ് കിടക്കുന്നത്. കെട്ടിടം പണിയാന്‍ പ്ളാന്‍ തയ്യാറാക്കി നഗരസഭയ്ക്ക് സമര്‍പ്പിക്കുമ്പോഴാണ് പലരും ഇതറിയുന്നത്. മുന്‍പ് സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി കെട്ടിടം പണി തുടങ്ങുമായിരുന്നു. ഇപ്പോള്‍ അപേക്ഷ പോലും സ്വീകരിക്കുന്നില്ല.

7. കേന്ദ്രത്തിന്റെ ഉറപ്പുകള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തും
തിരുവനന്തപുരം: റെയില്‍വേ വികസനം ഉള്‍പ്പെടെ കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിക്കിട്ടുന്നതിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എം.പിമാരുടെ യോഗം തീരുമാനിച്ചു.
യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം.പിമാരുടെ സംഘം പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി, നിയമമന്ത്രി എന്നിവരെ കാണാന്‍ ഡല്‍ഹിക്കു പോയി.
റെയില്‍വേ വികസന കാര്യത്തിലും വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കുന്നതിലും കേന്ദ്രം വാഗ്ദാനം പാലിക്കാത്തതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ കേരളത്തിനുണ്ടായ നഷ്ടം നികത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പു നല്‍കിയിരുന്നതാണെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ചേര്‍ത്തലയില്‍ കോച്ച് ഫാക്ടറി തുടങ്ങുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന് നടപടിയുണ്ടാവണമെന്ന് പ്രധാനമന്ത്രിയെയും റെയില്‍വേ മന്ത്രിയെയും കണ്ട് ആവശ്യപ്പെടും. സംസ്ഥാനത്തിന് 1.13 ലക്ഷം ടണ്‍ റേഷനരി അനുവദിച്ചിരുന്നത് 23000 ടണ്ണായി വെട്ടിക്കുറച്ചിരിക്കുന്നു. സംസ്ഥാനത്ത് അരിവില കുതിച്ചുയരാന്‍ കാരണം ഇതാണ്. റേഷനരി വിഹിതത്തില്‍ കുടിശ്ശികയായ 12 ലക്ഷം ടണ്‍ കിട്ടിയാല്‍ അരിവില കുത്തനെ കുറയും. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധന ചെറുക്കാന്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എം.പിമാരുടെ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ടൈറ്റാനിയത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതും എഫ്.എ.സി.ടിയുടെ വികസന പാക്കേജ് നടപ്പാക്കാത്തതും കേന്ദ്രത്തിന്റെ മുന്നില്‍ ഉന്നയിക്കും. വൈദ്യുതിയുടെ കേന്ദ്രവിഹിതം കുറച്ചത് പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പു തലവന്‍മാര്‍ എന്നിവരും ഒട്ടുമിക്ക എം.പിമാരും യോഗത്തില്‍ പങ്കെടുത്തു.

8. സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിക്കൊണ്ട് എച്ച്.എം.ടി
കൊച്ചി: കളമശ്ശേരിയിലെ വിവാദഭൂമി വില്പനക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ട് എച്ച്.എം.ടി രംഗത്തു വന്നു. ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ പരോക്ഷമായി ഖണ്ഡിക്കുന്ന വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത് എച്ച്.എം.ടിയുടെ കളമശ്ശേരി യൂണിറ്റ് ജനറല്‍ മാനേജരായ എം.സി. പൂക്കോയയാണ്.
കളമശ്ശേരിയിലെ ഭൂമി വില്‍ക്കാനും കൈമാറ്റം ചെയ്യാനും തങ്ങള്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്ന് അവകാശപ്പെട്ടു. എച്ച്.എം.ടി.യുടെ പത്രക്കുറിപ്പില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഇതിനു മുമ്പ് ഏക്കര്‍ കണക്കിനു ഭൂമി സ്വകാര്യ ഏജന്‍സികള്‍ക്കുള്‍പ്പെടെ തങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂമി വില്പന തികച്ചും സുതാര്യമായാണ് നടന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
സര്‍ക്കാര്‍ അംഗീകരിച്ച 3 വാല്യുവേറ്റര്‍മാര്‍ നിശ്ചയിച്ചതിനെക്കാള്‍ കൂടിയ തുകയ്ക്കാണ് എച്ച്. എം.ടി ഭൂമി വിറ്റത്. വില്പനക്കാര്യം ടൈംസ് ഒഫ് ഇന്ത്യ, എക്കണോമിക് ടൈംസ് പത്രങ്ങളുടെ എല്ലാ എഡിഷനുകളിലും കമ്പനിയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. 11 സ്ഥാപനങ്ങളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് ഭൂമി വിറ്റ നടപടി തികച്ചും സുതാര്യമാണ്.
കളമശ്ശേരിയിലെ ഭൂമി വില്‍ക്കാനുള്ള കാരണം എച്ച്. എം.ടി വിശദമാക്കുന്നത് ഇനി പറയും പ്രകാരമാണ്:
2004 ല്‍ വിവിധ കക്ഷികള്‍ക്ക് നല്‍കാനുള്ള വന്‍തുകയുടെ കടബാധ്യതയും മറ്റും ഒഴിവാക്കാന്‍ സ്ഥാപനം തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഗാരന്റിയോടെ യൂക്കോ ബാങ്കില്‍ നിന്ന് ഒരു വര്‍ഷ കാലാവധിയുള്ള ലോണ്‍ നേടി. കമ്പനിയുടെ പക്കലുള്ള അധികഭൂമി വിറ്റ് ഈ ലോണ്‍ തീര്‍ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശവുമുണ്ടായിരുന്നു. ഇതനുസരിച്ചാണ് ഭൂമി വില്പന നടത്തിയത്.
ഫാക്ടറി സ്ഥാപിക്കുന്നതിനായി 1963 ലാണ് സംസ്ഥാന സര്‍ക്കാര്‍ എച്ച്. എം.ടി ക്ക് 750 ഏക്കര്‍ ഭൂമി അനുവദിച്ചത്. കൈമാറാനും വില്‍ക്കാനുമുള്ള പൂര്‍ണ അവകാശാധികാരങ്ങളോടെയുള്ള പട്ടയ പ്രകാരമായിരുന്നു ഇത്. വിവിധ കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം 139.33 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെയും സ്വകാര്യ ഏജന്‍സികളുടെയും ആവശ്യത്തിനായി കമ്പനി സൌജന്യമായി വിട്ടുകൊടുത്തിട്ടുണ്ട്. ഇരുമ്പനം – കളമശ്ശേരി റോഡിന്റെ നിര്‍മ്മാണത്തിന് നല്‍കിയ ഭൂമിയും ഇതിലുള്‍പ്പെടും. സര്‍ക്കാരുമായി ഉണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ കിന്‍ഫ്രയ്ക്ക് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി ഇതില്‍ നിന്ന് 300 ഏക്കര്‍ വിട്ടുകൊടുക്കാന്‍ എച്ച്.എം.ടി സമ്മതിച്ചിരുന്നു. ശേഷിക്കുന്ന 100 ഏക്കര്‍സ്ഥിരമായും ഉപാധികളില്ലാതെയും ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് 300 ഏക്കര്‍ സര്‍ക്കാരിന് വിട്ടുകൊടുത്തത്.

9. തദ്ദേശ സ്ഥാപന അംഗങ്ങളുടെ ഓണറേറിയം 500 രൂപ വരെ കൂട്ടി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയവും ബത്തയും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 300 മുതല്‍ 500 രൂപ വരെയാണ് ഓണറേറിയത്തില്‍ വര്‍ദ്ധന. ബത്ത 10 മുതല്‍ 15 രൂപ വരെ വര്‍ദ്ധിക്കും. 2007 ഒക്ടോബര്‍ ഒന്നു മുതല്‍ ശമ്പള വര്‍ദ്ധനയ്ക്ക് മുന്‍കാല പ്രാബല്യമുണ്ട്.
ജില്ല, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന വര്‍ദ്ധിപ്പിച്ച തുക ചുവടെ: (നിലവിലുള്ളത് ബ്രാക്കറ്റില്‍). ജില്ലാ പഞ്ചായത്ത് : പ്രസിഡന്റ്- (5400), 5900. വൈസ് പ്രസിഡന്റ്- (4200), 4600. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍- (2400), 2700. അംഗങ്ങള്‍ – (2100), 2400.
ബ്ളോക്ക് പഞ്ചായത്ത് : പ്രസിഡന്റ് – (4800), 5300. വൈസ് പ്രസിഡന്റ് (3600), 4000. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ – (2100), 2400. അംഗങ്ങള്‍ – (1500), 1800. ഗ്രാമ പഞ്ചായത്ത്: പ്രസിഡന്റ് – (4200), 4600. വൈസ് പ്രസിഡന്റ് – (3000), 3300. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ – (1800), 2100. അംഗങ്ങള്‍ – (1200), 1500.
കോര്‍പ്പറേഷന്‍: മേയര്‍ – (5400), 5900. ഡെപ്യൂട്ടി മേയര്‍ – (4200), 4600. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ – (2400), 2700. അംഗങ്ങള്‍ – (1800), 2100.
മുനിസിപ്പാലിറ്റി: ചെയര്‍മാന്‍- (4800), 5300. ഡെപ്യൂട്ടി ചെയര്‍മാന്‍ – (3600), 4000. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ – (2100), 2400. അംഗങ്ങള്‍ – (1500), 1800.
പുതുക്കിയ ഹാജര്‍ ബത്ത: (നിലവിലുള്ളത് ബ്രാക്കറ്റില്‍)
ഗ്രാമ പഞ്ചായത്ത് : പ്രസിഡന്റ്/ വൈസ് പ്രസിഡന്റ്/ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ – (60), 75. അംഗങ്ങള്‍ – (50), 60.
ബ്ളോക്ക് പഞ്ചായത്ത് : പ്രസിഡന്റ്/ വൈസ് പ്രസിഡന്റ്/സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ – (60), 75. അംഗങ്ങള്‍ – (50) 60.
ജില്ലാ പഞ്ചായത്ത് : പ്രസിഡന്റ്/വൈസ് പ്രസിഡന്റ്/ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അംഗങ്ങള്‍ – (60), 75.
മുനിസിപ്പാലിറ്റി : ചെയര്‍മാന്‍/ ഡെപ്യൂട്ടി ചെയര്‍മാന്‍/ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ – (60), 75. കൌണ്‍സിലര്‍മാര്‍ – (50), 60.
കോര്‍പ്പറേഷന്‍ : മേയര്‍/ ഡെപ്യൂട്ടി, മേയര്‍/ സ്റ്റാന്‍ഡിംഗ്, കമ്മിറ്റി ചെയര്‍മാന്‍ – (60), 75. കൌണ്‍സിലര്‍മാര്‍ – (50), 60.

1. വൈദ്യശാസ്ത്രരംഗത്ത് സംയുക്ത ഗവേഷണം അനിവാര്യം: ഡോ. കലാം
മലപ്പുറം: വൈദ്യശാസ്ത്രരംഗത്ത് സംയോജിത ഗവേഷണം ആവശ്യമാണെന്ന് ഡോ. എ പി ജെ അബ്ദുള്‍ കലാം പറഞ്ഞു. കോട്ടയ്ക്കല്‍ പി എസ് വാര്യര്‍ ആയുര്‍വേദ കോളേജ് നവതി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആയുര്‍വേദം, അലോപ്പതി തുടങ്ങി വിവിധ വൈദ്യശാസ്ത്ര ശാഖയുടെ സംയുക്ത ഗവേഷണസംരംഭങ്ങളാണ് ആവശ്യം. പ്രതിരോധത്തിനാണ് വൈദ്യശാസ്ത്രത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. ഇല്ലെങ്കില്‍ ചികിത്സ ചെലവേറിയതാകും.

അയണ്‍, വിറ്റാമിന്‍-എ, അയഡിന്‍ എന്നീ മൂന്നു പ്രധാന മൂലകങ്ങളുടെ കുറവാണ് ഇന്ന് നേരിടുന്ന പ്രശ്നം. ഇതിനായി ധാതുക്കളടങ്ങിയ ഔഷധക്കൃഷി ഉപയോഗപ്പെടുത്താനാകും.

ഇന്ത്യയില്‍നിന്നുള്ള വിദ്യാസമ്പന്നര്‍ പുറത്തുപോകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. 10 ശതമാനം പേരേ ഇങ്ങനെ പോകുന്നുള്ളൂ. 250 ലക്ഷം ഇന്ത്യക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സിലിക്കണ്‍വാലിയിലടക്കം ഇന്ത്യക്കാരും ജപ്പാന്‍കാരും അമേരിക്കക്കാരുമാണ് പ്രധാന സ്ഥാനങ്ങളിലുള്ളത്. ഇവര്‍ ഇന്ത്യക്ക് സഹായമേ ചെയ്യുന്നുള്ളൂവെന്നും കലാം പറഞ്ഞു.

ആയുര്‍വേദകോളേജ് വിദ്യാര്‍ഥികളുമായി ചടങ്ങില്‍ കലാം സംവാദം നടത്തി വിദ്യാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു. ആയുര്‍വേദകോളേജ് ‘വിഷന്‍ 2017’ കലാം പ്രകാശനംചെയ്തു.

ചടങ്ങില്‍ മന്ത്രി പി കെ ശ്രീമതി അധ്യക്ഷയായിരുന്നു. കോളേജ് വെബ്സൈറ്റ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. അബ്ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ, അബ്ദുള്‍സമദ് സമദാനി എന്നിവര്‍ സംസാരിച്ചു. ഡോ. പി കെ വാര്യര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. എസ് വിജയകുമാരി നന്ദിയും പറഞ്ഞു. ആയുര്‍വേദകോളേജ് ഹൌസ് സര്‍ജന്‍സി കഴിഞ്ഞ വിദ്യാര്‍ഥികളുടെ ബിരുദദാനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അന്‍വര്‍ജഹാന്‍ ജുബൈരി നിര്‍വഹിച്ചു.

2. പൊലീസ് സ്മാര്‍ട്ടായി
തിരു: ഓടരുതനിയാ ആളറിയാം എന്ന് പൊലീസിനെപ്പറ്റി ഇപ്പോഴുമാരെങ്കിലും തമാശ പറയുന്നുണ്ടെങ്കില്‍ ഒന്നേ പറയാനുള്ളൂ; അതെല്ലാം മറന്നേക്കൂ. ഇന്നത്തേത് കാലത്തിനൊപ്പം ഓടുന്ന പൊലീസാണ്. സ്മാര്‍ട്ടായ പൊലീസ്. രാഷ്ട്രപതിക്ക് ഇ-മെയിലില്‍ ഭീഷണി സന്ദേശമയച്ച സൈബര്‍ കേസിന് തുമ്പുണ്ടായത് മിന്നല്‍ വേഗത്തില്‍. തലസ്ഥാനത്ത് ഭീതി പരത്തിയ ലെറ്റര്‍ ബോംബ് അയച്ചവരും ഉടന്‍ വലയിലായി. മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസും സമര്‍ഥമായി തെളിയിച്ചു. ഏറ്റവും ഒടുവില്‍ കൊച്ചിയില്‍ പുതുവര്‍ഷാഘോഷത്തിനിടെ വിദേശ വനിതയെ ആക്രമിച്ച യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. കുറ്റാന്വേഷണത്തിന് ശാസ്ത്രീയ രീതി, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സുസജ്ജമായ ഇന്റലിജന്‍സ് സംവിധാനം … ഇങ്ങനെ സംസ്ഥാനപൊലീസ് അടിമുടി മാറുകയാണ്. ജനങ്ങളുടെ സുഹൃത്തും സഹായിയുമായി പൊലീസിനെ മാറ്റാനുള്ള സര്‍ക്കാര്‍ ഉദ്യമത്തിന് ഫലം കണ്ടുതുടങ്ങി.

ഏതൊരാള്‍ക്കും ആവലാതികളുമായി ധൈര്യപൂര്‍വം കടന്നുചെല്ലാവുന്ന സ്ഥലമായി മിക്ക പൊലീസ് സ്റ്റേഷനുകളും മാറി. നഗരങ്ങളിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതോടെ ഭീതിയൊഴിഞ്ഞു. ബാലരാമപുരത്തും തിരൂരും പൊലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ വര്‍ഗീയകലാപം ഒഴിവായി. പുതുവര്‍ഷത്തില്‍ മുംബൈയില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ മൂന്നുദിവസം കഴിഞ്ഞാണ് നടപടിയുണ്ടായത്. കൊച്ചിപീഡനത്തില്‍ കേരള പൊലീസിന്റെ അതിവേഗ നടപടി രാജ്യത്തുടനീളം പ്രശംസ പിടിച്ചുപറ്റി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ വളരെ കുറഞ്ഞതായാണ് കേന്ദ്ര ക്രൈം റെക്കോഡ്സ് ബ്യൂറോ തയ്യാറാക്കിയ കണക്ക്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന് ഐക്യരാഷ്ട്ര സമിതിയുടെ പഠനവും വെളിപ്പെടുത്തുന്നു.

മുപ്പത് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയെ ആന്ധ്ര പൊലീസ് ഏതാണ്ട് മറന്നിരുന്നു. ആന്ധ്രയിലും ചത്തീസ് ഗഡ്ഡിലുമെല്ലാം വര്‍ഷങ്ങളോളം ഒളിവില്‍ പാര്‍ത്ത മല്ലരാജ റെഡ്ഡിക്ക് പക്ഷെ കേരളത്തിലെ ഒളിത്താവളത്തില്‍ രണ്ട് മാസം തികയ്ക്കാനായില്ല. അതിന് മുമ്പ് പിടിയിലായി. സംസ്ഥാന ഇന്റലിജന്‍സ് സംവിധാനത്തിന്റെ മികവാണ് ഇത് തെളിയിക്കുന്നത്. കേരളത്തില്‍ നക്സല്‍ ഭീഷണിയില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ തീവ്രവാദികള്‍ ഇവിടെ താവളമുറപ്പിക്കുമെന്ന് മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിച്ചതാണ് മല്ലരാജയും കാമുകിയും വലയിലാകാന്‍ കാരണം. ഒരു ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും അടങ്ങിയ ഗ്രൂപ്പായിരുന്നു തീവ്രവാദികളെയും മറ്റും നിരീക്ഷിക്കുന്നതിന് കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ 2006ല്‍ എല്ലാ ജില്ലകളിലും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്ലുകള്‍ രൂപീകരിച്ചു. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം അഞ്ച് മേഖലാ സെല്ലുകളും പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് കേന്ദ്ര ഇന്റലിജന്‍സ് ബ്യറോയുടെ കീഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.

രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ യുഡിഎഫ് രൂപം നല്‍കിയ ഗുണ്ടാവിരുദ്ധ നിയമത്തില്‍ കാതലായ മാറ്റം വരുത്തി. നൂറില്‍പ്പരം ഗുണ്ടകള്‍ കരുതല്‍തടങ്കലില്‍ അടയ്ക്കപ്പെട്ടു. ഗുണ്ടകള്‍ക്കു പുറമെ ബ്ളേഡ്, മണല്‍, വാടകപ്പിരിവ്, സിഡി മാഫിയകളെയും വനം കൊള്ളക്കാരെയും പുതിയ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി. തീവണ്ടിയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഏര്‍പ്പെടുത്തിയ റെയില്‍ അലെര്‍ട്ട് ഏറെ ഫലപ്രദമായി. തീവണ്ടികളില്‍ ഒറ്റപ്പെട്ടുപോയ പത്തോളം കുട്ടികളെ ഈ സംവിധാനം മുഖേന രക്ഷിക്കാന്‍ കഴിഞ്ഞു.

2359 പേര്‍ക്ക് പൊലീസില്‍ പുതുതായി നിയമനം നല്‍കി. 5873 പൊലീസുകാര്‍ക്ക് പൊലീസ് അക്കാദമിയില്‍ പരിശീലനം. ഇത് സംസ്ഥാന പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമാണ്. പൊലീസ് നവീകരണത്തിന് പൊലീസ് പരിഷ്കരണ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഈ സംവിധാനം നിലവില്‍ വന്നു. കുറ്റാന്വേഷണം ശാസ്ത്രീയമാക്കാന്‍ ആധുനിക സാങ്കേതിക വൈദഗ്ധ്യമുള്ള ഹൈടെക് കുറ്റാന്വേഷണ സെല്‍ രൂപീകരിച്ചു. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് പുതിയ പോളിഗ്രാഫ് സംവിധാനം നിലവില്‍വന്നു. വ്യാജ സിഡി റെയ്ഡ് വ്യാപകമാക്കിയതോടെ സിനിമാ വ്യവസായത്തിന് പുത്തനുണര്‍വ് കൈവന്നു.

പൊലീസ് സ്റ്റേഷനുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ സമഗ്ര പദ്ധതിയാണ് ആവിഷ്കരിച്ചത്. 101 സ്റ്റേഷനുകളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 136 സ്റ്റേഷനുകളില്‍ കമ്പ്യുട്ടറുകള്‍ സ്ഥാപിച്ചുവരുന്നു. വയര്‍ലെസ് സംവിധാനത്തോടെയുള്ള കൂടിയ ആധുനിക ഡാറ്റാ സെന്റര്‍ തിരുവനന്തപുരത്ത് യാഥാര്‍ഥ്യമായി. ക്രൈംബ്രാഞ്ച് വിഭാഗത്തിലുംകമ്പ്യൂട്ടര്‍വല്‍ക്കരണം ആരംഭിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടിയായി. നിരവധി സൈബര്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുകയുംചെയ്തു.

15 കൊല്ലം പൂര്‍ത്തിയാക്കിയ കോണ്‍സ്റ്റബിള്‍മാരെ ഹെഡ് കോണ്‍സ്റ്റബിളായും 23 കൊല്ലം പൂര്‍ത്തിയാക്കിയവരെ എഎസ്ഐആയും പ്രൊമോഷന്‍ നല്‍കിയത് പൊലീസുകാരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പാറാവ് ഡ്യൂട്ടിക്കാര്‍ക്ക് പഴയ തോക്കിനു പകരം റിവോള്‍വര്‍ നല്‍കി.

പുതിയ പൊലീസ് സ്റ്റേഷന്‍ മന്ദിരങ്ങള്‍, എആര്‍ ബാരക്കുകള്‍, സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഓഫീസുകള്‍, ഇന്റലിജന്‍സ് പരിശീലന കേന്ദ്രം, മറൈന്‍ പൊലീസ് ട്രെയിനിങ് അക്കാദമി, സ്കൂള്‍ക്കുട്ടികള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണം.കേരള പൊലീസ് മാറ്റത്തിന്റെ പാതയില്‍ മുന്നേറുകയാണ്. ജനപങ്കാളിത്തതേതാടെയുള്ള കമ്യൂണിറ്റി പൊലീസിങ്ങിന്റെ ഭാഗമായ ജനമൈത്രി സുരക്ഷാപദ്ധതി മാര്‍ച്ചില്‍ നിലവില്‍ വരുന്നതോടെ ഈ മാറ്റത്തിന് പിന്നെയും ആക്കം കൂടും.

3. അപവാദ മിസൈല്‍ ബ്രഹ്മോസിനു നേരെയും
തിരു: പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ മുന്‍കൈയോടെ നടപ്പാക്കിയ വ്യവസായവികസനപദ്ധതിക്കുനേരെയും മാധ്യമങ്ങളുടെ അപവാദമിസൈല്‍പ്രയോഗം. എച്ച്എംടി ഭൂമി വില്‍പനയ്ക്കു പുറമെ പതിനൊന്ന് ഭൂമി ഇടപാടുകള്‍ കൂടി വിവാദത്തിലാണെന്നു കണ്ടെത്തിയ മനോരമയാണ് കെല്‍ടെക്കില്‍ കേന്ദ്ര പ്രതിരോധവകുപ്പിനുവേണ്ടി മിസൈല്‍ നിര്‍മിക്കാനുള്ള പദ്ധതിക്കുനേരെയും കരിവാരിയെറിഞ്ഞത്.

യുഡിഎഫ് ഗവണ്‍മെന്റ് വില്‍പനയ്ക്കുവച്ച കെല്‍ടെക് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ബ്രഹ്മോസ് ഏറോസ്പേസ് ഏറ്റെടുത്തത് കേരളത്തിന്റെ വ്യവസായചരിത്രത്തിലെ സുപ്രധാന സംഭവമാണ്. മന്ത്രിസഭാതീരുമാനമനുസരിച്ചാണ് ഇതുസംബന്ധിച്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത്. പ്രതിരോധവകുപ്പിനു വേണ്ടി ലോകത്തെ ഏറ്റവും വേഗംകൂടിയ ബ്രഹ്മോസ് മിസൈല്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കാനും സംയോജിപ്പിക്കാനും പോകുകയാണ്. ഐഎസ്ആര്‍ഒയ്ക്കുവേണ്ടി ഉപഗ്രഹവിക്ഷേപിണികളും നിര്‍മിക്കും. ഇതിനുള്ള സൌകര്യങ്ങള്‍ ഒരുക്കാന്‍ നൂറുകോടി രൂപ ബ്രഹ്മോസും 25 കോടി രൂപ ഐഎസ്ആര്‍ഒയും ഉടന്‍ നിക്ഷേപിക്കും. കേന്ദ്ര പ്രതിരോധസ്ഥാപനം ഏറ്റെടുത്തതോടെ കെല്‍ടെക്കിലെ ജീവനക്കാര്‍ ബ്രഹ്മോസ് ജീവനക്കാരായി മാറി. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സിനു സമാനമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് മേലില്‍ ജീവനക്കാര്‍ക്ക് ലഭിക്കുക. എ കെ ആന്റണിയുടെ സാന്നിധ്യത്തിലാണ് ഡിസംബര്‍ 31ന് കെല്‍ടെക് ബ്രഹ്മോസിന് കൈമാറിയത്. ബ്രഹ്മോസ് മേധാവിയും കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആര്‍ഡിഒ) കണ്‍ട്രോളറുമായ ഡോ. എ ശിവതാണുപിള്ളയും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണനുമാണ് ഇതുസംബന്ധിച്ച ആധാരത്തില്‍ ഒപ്പുവച്ചത്.

പ്രതിരോധ- വ്യോമ-ബഹിരാകാശ മേഖലകളില്‍ സംസ്ഥാനത്ത് വന്‍തോതിലുള്ള നിക്ഷേപത്തിന് വഴിതുറന്ന ഈ സംരംഭത്തില്‍ എ കെ ആന്റണി സജീവപങ്ക് വഹിച്ചതുകൊണ്ടാണ് വ്യവസായവികസനത്തില്‍ അസംതൃപ്തരായ മാധ്യമസംഘം മിണ്ടാതിരുന്നത്. എച്ച്എംടി ഭൂമിവിവാദം കൊടുമ്പിരിക്കൊണ്ട കൂട്ടത്തില്‍ മനോരമ കെല്‍ടെക് കൈമാറ്റവും എടുത്തിടുകയായിരുന്നു. വിറ്റതായി മനോരമ ആരോപിക്കുന്ന പല ഭൂമിയും ഇതുവരെ കൈമാറാത്തതാണ്. കൊരട്ടി വൈഗാ ത്രെഡ്സ് ലീസിനു കൊടുത്തതാണ്. ആലപ്പുഴ സ്കൂട്ടേഴ്സ് കേരളയുടെ ഭൂമിയും കെട്ടിടവും സഹകരണഅക്കാദമിക്ക് മന്ത്രിസഭാതീരുമാനപ്രകാരം കൈമാറിയതാണ്. മാവൂര്‍ റയണ്‍സ് ഭൂമിയില്‍ ബിര്‍ളഗ്രൂപ്പ് തന്നെ വ്യവസായം സ്ഥാപിക്കുന്നതുസംബന്ധിച്ച് ചര്‍ച്ച നടക്കുന്നതേയുള്ളൂ. മന്ത്രിസഭായോഗ തീരുമാനപ്രകാരം നടന്ന കൈമാറ്റങ്ങളെക്കുറിച്ചു വരെ റെവന്യൂ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടതായാണ് മനോരമയുടെ കണ്ടെത്തല്‍.

സര്‍ക്കാര്‍ പാട്ടത്തിനുകൊടുത്ത ഭൂമി എറണാകുളത്തെ മോഡേണ്‍ ഫുഡ്സ് ഹിന്ദുസ്ഥാന്‍ ലീവറിന് വിറ്റതും അരൂരിലെ കേന്ദ്രപൊതുമേഖലാസ്ഥാപനമായ ബാല്‍മര്‍ ലാറി സ്വകാര്യസ്ഥാപനത്തിന് കൈമാറിയതും കോവളത്തെ ഹോട്ടലും ഭൂമിയും അക്വയര്‍ ചെയ്ത വിലയ്ക്ക് കൈമാറിയതും ഒടുവില്‍ സ്വകാര്യസ്ഥാപനങ്ങള്‍ കൈക്കലാക്കിയതും മനോരമ കണ്ടതേയില്ല. യുഡിഎഫ് ഭരണത്തില്‍ നടന്ന ഈ ഇടപാടുകളെല്ലാം മറച്ചുവച്ചാണ് 11 ഇടപാടുകള്‍കൂടി വിവാദമാക്കാനുള്ള പുറപ്പാട്.

4. സെന്റ്സ്റീഫന്‍സ് പ്രിന്‍സിപ്പല്‍ തമ്പുവിന്റെ നിയമനം നിയമവിരുദ്ധമെന്ന് കമീഷന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ്സ്റീഫന്‍സ് കോളേജിന്റെ പ്രിന്‍സിപ്പലായി ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന്‍ മുന്‍ അംഗം വത്സന്‍ തമ്പുവിനെ നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് അതേ കമീഷന്‍ കണ്ടെത്തി. തമ്പുവിനു പകരം എത്രയും വേഗം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയോട് കമീഷന്‍ ആവശ്യപ്പെട്ടു.

രണ്ടു സ്ഥാനവും ഒരേ സമയം വഹിക്കുന്ന സമയത്താണ് തമ്പുകൂടി ഉള്‍പ്പെട്ട കമീഷന്‍ കേരളത്തിലെ ഒട്ടേറെ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷപദവി നല്‍കിയത്. ഒരു ന്യൂനപക്ഷ സ്ഥാപനത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന വ്യക്തി മറ്റുസ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കേണ്ട കമീഷനില്‍ അംഗമായിരിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് പൊതുവെ അഭിപ്രായമുയര്‍ന്നിട്ടും തമ്പു രണ്ടു സ്ഥാനത്തും തുടര്‍ന്നു.

മാനവശേഷി മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് പരാതി ലഭിച്ചു, മന്ത്രാലയം കമീഷന്റെ അഭിപ്രായം ആരായുകയും ചെയ്തു. കമീഷനില്‍ തമ്പു ഒഴികെയുള്ളവര്‍ രണ്ടു സ്ഥാനം വഹിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെടുകയായിരുന്നു. തമ്പുവാകട്ടെ ഇതില്‍ തെറ്റില്ലെന്ന് മറുപടി നല്‍കി. ഭൂരിപക്ഷ അഭിപ്രായം മാനിച്ച് മന്ത്രാലയം തമ്പുവിനോട് ഒഴിയാന്‍ ആവശ്യപ്പെടുകയും അദ്ദേഹം കമീഷന്‍ അംഗത്വം രാജിവയ്ക്കുകയുമായിരുന്നു.

ഇതിനുശേഷമാണ് പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച് വിവാദം ഉയര്‍ന്നത്. പ്രിന്‍സിപ്പലാകാനുള്ള യോഗ്യത തമ്പുവിനില്ലെന്നായിരുന്നു ആക്ഷേപം. പരാതി ലഭിച്ചപ്പോള്‍ ന്യൂനപക്ഷ വിദ്യാഭ്യാസകമീഷന്‍ ഇടപെട്ടു.

ഡല്‍ഹി സര്‍വകലാശാലയുടെ ചട്ടമനുസരിച്ച് പ്രിന്‍സിപ്പലാകാന്‍ പിഎച്ച്ഡി ആവശ്യമാണ്. എന്നാല്‍, 2007 മെയില്‍ പ്രിന്‍സിപ്പലായി നിയമിക്കുമ്പോള്‍ തമ്പുവിന് പിഎച്ച്ഡി ഉണ്ടായിരുന്നില്ല. 2007 ഡിസംബറില്‍ തമ്പുവിന് പിഎച്ച്ഡി ലഭിച്ചെന്ന് സെന്റ്സ്റീഫന്‍സ് കോളേജ് വാദിച്ചെങ്കിലും കമീഷന്‍ അംഗീകരിച്ചില്ല. നിയമനം പ്രിന്‍സിപ്പലായല്ലെന്നും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എന്ന നിലയിലാണെന്നും സെന്റ്സ്റീഫന്‍സ് കോളേജ് വാദിച്ചെങ്കിലും അത് നടപടികള്‍ പാലിച്ചല്ലെന്നുതെളിഞ്ഞു. തുടര്‍ന്നാണ് തമ്പുവിനെ നീക്കാന്‍ കമീഷന്‍ ഉത്തരവിട്ടത്.

ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ അവകാശം നല്‍കുന്ന ഭരണഘടനയുടെ 30(1) അനുച്ഛേദം ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ് സെന്റ്സ്റീഫന്‍സ് കോളേജെന്ന് കമീഷന്‍ ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്. തങ്ങളുടെ അവകാശം ദുരുപയോഗപ്പെടുത്താന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അവകാശം നല്‍കുന്നില്ലെന്ന കാര്യവും കമീഷന്‍ ഓര്‍മപ്പെടുത്തി. ഇതാദ്യമായാണ് സെന്റ്സ്റീഫന്‍സ് കോളേജില്‍ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ട ഒരാള്‍ക്ക് ഇത്തരത്തില്‍ സ്ഥാനമൊഴിയേണ്ടി വരുന്നത്.

വത്സന്‍ തമ്പുവിനുവേണ്ടി വാദിക്കാന്‍ സെന്റ്സ്റീഫന്‍സ് കോളേജിനായി ഹാജരായത് നേരത്തെ കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കു വേണ്ടി കമീഷന്‍ മുമ്പാകെ ഹാജരായ അതേ അഭിഭാഷകന്‍ തന്നെയാണെന്നതും ശ്രദ്ധേയമാണ്.

5. തീവ്രവാദ ഭീഷണി: അദ്വാനിയുടെ സങ്കല്‍പ്പ് യാത്ര അനിശ്ചിതത്വത്തില്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി നടത്താനിരിക്കുന്ന ‘സങ്കല്‍പ്പ് യാത്ര’ തുടക്കത്തിലേ തകിടംമറിയുന്നു. അദ്വാനിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്. സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി ബുധനാഴ്ച മധ്യപ്രദേശിലെ ജെബല്‍പുരില്‍ നിശ്ചയിച്ച റാലിയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും തുടര്‍ന്നുള്ള പല റാലികളും റദ്ദാക്കി. യുപിയിലെ രാംപുര്‍, ലഖ്നൌ, വാരാണസി എന്നിവിടങ്ങളിലെ റാലികള്‍ മാറ്റി.

റാലികള്‍ക്കു നേരെ ആക്രമണമുണ്ടായേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍തന്നെയാണ് അദ്വാനിയെ അറിയിച്ചത്. ചൊവ്വാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ എല്‍ കെ അദ്വാനിയെ കണ്ട് ഈ വിവരം അറിയിക്കുകയായിരുന്നു. ഭീഷണിയുണ്ടെന്ന വിവരമറിഞ്ഞപ്പോള്‍ത്തന്നെ ബിജെപി നേതൃത്വം പ്രധാനറാലികളൊക്കെ മാറ്റുകയായിരുന്നു. ജബല്‍പുര്‍ റാലിക്ക് എല്ലാ ഒരുക്കവും പൂര്‍ത്തിയായതിനാലാണ് മാറ്റിവയ്ക്കാതിരുന്നത്. അദ്വാനിയുടെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് എം കെ നാരായണന്‍ അറിയിച്ചു. അദ്വാനിക്കും മോഡിക്കും നേരെ തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രാലയം ഇരുവരുടെയും സുരക്ഷ വിലയിരുത്തിയിരുന്നു.

6. ഓഹരി നിക്ഷേപലാഭത്തിന് നികുതി ചുമത്തണം: യെച്ചൂരി
കോയമ്പത്തൂര്‍: ഷെയര്‍മാര്‍ക്കറ്റിലെ നിക്ഷേപത്തിന്റെ ലാഭത്തിന് നികുതി ചുമത്തി സാമ്പത്തികസ്ഥിതിയുടെ തകര്‍ച്ച ഒഴിവാക്കാമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കോയമ്പത്തൂര്‍ പിഎസ്ജി കോളേജില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, എസ്ഐഇഎംഎ, പിഎസ്ജി മാനേജ്മെന്റ് സ്റ്റഡീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയര്‍മാര്‍ക്കറ്റിലെ കയറ്റവും ഇറക്കവും പരിഗണിച്ചാണ് സാമ്പത്തികസ്ഥിരത പറയുന്നത്. ഇത് സാമ്പത്തിക മൌലികവാദമാണ്. ഇത്തരം പാരമ്പര്യ കണക്കുകൂട്ടലില്‍ ഗ്രാമീണരുടെയും ഇന്ത്യയിലെ മറ്റു ജനവിഭാഗങ്ങളുടെയും സാമ്പത്തികസ്ഥിതി കണക്കാക്കുന്നില്ല.

ആണവോര്‍ജം ഉപയോഗിച്ചുള്ള ഊര്‍ജോല്‍പ്പാദനത്തില്‍ 30,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ 3,30,000 കോടി രൂപ ചെലവുവരും. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ 11 കോടി രൂപയാണ് ചെലവ്. എന്തിനാണിത്? ജലവൈദ്യുതപദ്ധതികളില്‍നിന്ന് ചുരുങ്ങിയ ചെലവില്‍ വൈദ്യുതി നിര്‍മിക്കാനുള്ള സാഹചര്യം ഇന്ത്യക്കുണ്ട്.

ചൈനയെപ്പോലെ ഇന്ത്യക്കോ ഇന്ത്യയെപ്പോലെ ചൈനക്കോ ആകാന്‍ പറ്റില്ല. രണ്ടു രാജ്യങ്ങള്‍ക്കും അതത് രാജ്യങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പ്രത്യേകതകളുണ്ട്. ചൈനയില്‍ വിവിധ രംഗങ്ങളില്‍ വിദേശമൂലധനം സ്വീകരിക്കുന്നുണ്ട്. ഫാക്ടറികളുടെ ബ്രാഞ്ചുകളും സ്ഥാപിക്കുന്നു. എന്നാല്‍, ഇവയിലെല്ലാം 75 ശതമാനം ഷെയര്‍ ചൈനീസ് സര്‍ക്കാരിന്റേതാണ്. അവിടത്തെ ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നു. രാജ്യത്തിന് ലാഭവും ലഭിക്കുന്നു. ഇന്ത്യയില്‍ മനുഷ്യവിഭവശേഷിയും അസംസ്കൃതവസ്തുക്കളും മതിയായ രീതിയില്‍ ഉപയോഗിക്കുന്നില്ല. നന്ദിഗ്രാമില്‍ കോര്‍പറേറ്റ് മാധ്യമങ്ങളും തൃണമൂല്‍, ആര്‍എസ്എസ്, മാവോയിസ്റ്റ്, മുസ്ളിം മതമൌലികവാദികളും ചേര്‍ന്ന് നടത്തിയത് നുണപ്രചാരവേലയാണ്. സ്വതന്ത്രമേഖലയാക്കി നന്ദിഗ്രാമിനെ മാറ്റാനുള്ള ഇവരുടെ ശ്രമമാണ് പരാജയപ്പെട്ടത്. രാഷ്ട്രീയമായി സിപിഐ എമ്മിനെ തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം-യെച്ചൂരി പറഞ്ഞു.

7. വടക്കന്‍ കൊറിയക്ക് ഇന്ത്യ ഭക്ഷ്യ സാധനങ്ങള്‍ കൈമാറി
പോങ്യ്യാങ്: കനത്ത വെള്ളപ്പെക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന വടക്കന്‍ കൊറിയക്ക് ഇന്ത്യയുടെ സഹായഹസ്തം. ഭക്ഷ്യസാധനങ്ങളാണ് ഇന്ത്യ നല്‍കുന്നത്. ഇതിന്റെ കൈമാറ്റം കൊറിയന്‍ തുറമുഖത്ത് നടന്നതായി ‘ദ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി’ അറിയിച്ചു.

നാല്‍പ്പതു വര്‍ഷത്തിനിടെയുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വടക്കന്‍കൊറിയയിലെ ഭക്ഷ്യ ഉല്‍പാദനത്തിന്റെ 11 ശതമാനവും നശിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ അറുന്നുറിലേറെ ജനങ്ങള്‍ മരിക്കുകയും ആയിരങ്ങള്‍ ഭവനരഹിതരാകുകുയും ചെയ്തു.

8. ബഹറിനില്‍ ഇന്ത്യന്‍തൊഴിലാളികള്‍ പണിമുടക്കില്‍
ദുബായ്: ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബഹറിനില്‍ ഇന്ത്യാക്കാരടക്കം എഴുനൂറോളം തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു. അല്‍മൊയ്ദ് കോണ്‍ട്രാക്ടിങ് കമ്പനിയിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. ബംഗ്ളാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരും ഇവര്‍ക്കൊപ്പമുണ്ട്.

പ്രതിമാസം 60 ബഹറിന്‍ ദിനാര്‍ (6200 രൂപ) മുതല്‍ 80 ദിനാര്‍ വരെയാണ് ഇവരുടെ ശമ്പളം. പണപ്പെരുപ്പംമൂലം 20 ദിനാര്‍പോലും നാട്ടിലേക്കയക്കാന്‍ തങ്ങള്‍ക്കു കഴിയുന്നില്ലെന്ന് തൊളിലാളികള്‍ പറഞ്ഞു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w