പത്രവാര്‍ത്തകള്‍ 05-02-08

 •  ദേശീയപാത വികസനം: 70 മീറ്റര്‍ വീതിയില്‍ നിര്‍മ്മാണം വിലക്കും
 • മധുക്കരയില്‍ പിടിയാനയും രണ്ട് കൊമ്പന്മാരും ട്രെയിനിടിച്ച് ചെരിഞ്ഞു
 • സ്കൂള്‍ടീച്ചര്‍മാര്‍ക്ക് ഇനി ചുരിദാര്‍ മണികളാവാം
 • എയ്ഡഡ് സ്കൂള്‍ നിയമനത്തിന് സ്വതന്ത്ര ഏജന്‍സി വേണം
 • കേരള പൊലീസിന് കേന്ദ്രം 35 കോടി നല്‍കും
 • ‘കുടുംബശ്രീ’ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കുന്നു
 • പ്രവാസി നിക്ഷേപം ഗുണകരമായി വിനിയോഗിക്കണം – ഡോ. അബ്ദുള്‍ കലാം
 • പ്രഹസനമാക്കാന്‍ വീണ്ടും മോഡല്‍ പരീക്ഷ
 • ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് പിഴ ചുമത്തണം: ഹൈക്കോടതി
 • ഗ്രാന്റ് ലഭിക്കുന്ന സാംസ്കാരിക സംഘടനകളെ ഗ്രേഡ് തിരിക്കാന്‍ ശുപാര്‍ശ
 • വഴിവിട്ടു പരക്കുന്ന കീടനാശിനികള്‍
 • സൈബര്‍സിറ്റി: കളമശ്ശേരി നഗരസഭ കാരണം കാണിക്കല്‍ നോട്ടീസയച്ചു
 • ഭൂനികുതി: സര്‍ക്കാരിന്റെ പിഴയ്ക്കു പൊതുജനത്തിനു പിഴപ്പലിശ
 • ഐ.ടി. മേഖല ശക്തിയാര്‍ജിക്കണം: ക്രിസ് ഗോപാലകൃഷ്ണന്‍
 • കര്‍ഷകന്റെ ശവമഞ്ചവുമായി കടാശ്വാസ കമ്മീഷന്റെ മുന്നിലേക്ക് വിലാപയാത്ര
 • സംസ്കൃത സര്‍വകലാശാല: സിന്‍ഡിക്കറ്റംഗങ്ങളുടെ ക്രമക്കേട് കണ്െടത്തി
 • കുടിശിക: കുടിവെള്ള പദ്ധതികളിലെ വൈദ്യുതി വിച്ഛേദിക്കുന്നു
 • എച്ച്.എം.ടി ഭൂമി ഇടപാട്: വ്യവസായ മന്ത്രി ആദ്യം എതിര്‍ത്തു; പിന്നെ ഒത്താശ
 • റവന്യൂ സെക്രട്ടറിയുടെ നിര്‍ദേശവും അവഗണിച്ചു
 • പിണറായി മാപ്പുപറഞ്ഞില്ലെങ്കില്‍ ഇനി കമ്യൂണിസ്റ്റ് ഭരണമില്ല: എന്‍.എസ്.എസ്
 • കര്‍ണാടക വനത്തിലേത് സാധാരണ ദര്‍ഗ; മാധ്യമങ്ങള്‍ കെട്ടുകഥ പരത്തരുതെന്ന് പോലിസ്
 • തൊഴില്‍ അനുബന്ധ കാന്‍സര്‍ വര്‍ധിക്കുന്നു
 • കേബിള്‍ തകരാര്‍ ഗള്‍ഫ് വാര്‍ത്താവിനിമയത്തെ ബാധിക്കുന്നു
 • ജൈവവൈവിധ്യം: അന്താരാഷ്ട്ര സമ്മേളനം തുടങ്ങി
 • വിദ്യാഭ്യാസം ജീവിതഗന്ധിയാകണം : പ്രൊഫ. യശ്പാല്‍
 • മുംബൈയില്‍ അമിതാഭ് ബച്ചന്റെ വീട് കൈയേറി
 • സ്ത്രീധനം: സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം -മഹിളാ അസോ
 • യുജിസി ചട്ടം സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുമേല്‍ സംസ്ഥാനത്തിന് പൂര്‍ണാധികാരം
 • ദളിത് യുവാവിനെ തിളച്ച എണ്ണയില്‍ തള്ളിയിട്ട് കൊന്നു
 • ഇറാന്‍ ബഹിരാകാശ കേന്ദ്രം തുറന്നു; ആദ്യ തദ്ദേശ റോക്കറ്റ് വിക്ഷേപിച്ചു
 • 11 ഭൂമി ഇടപാട് കൂടി വിവാദത്തില്‍
 • തമിഴ്നാട്ടില്‍ സൌജന്യമായി കൊടുത്ത എന്‍ജിനുകള്‍ കേരള തീരത്ത് വിറ്റു
 • കടത്തിയത് 104 ലോഡ് സുപാരി; 1.33 കോടി രൂപ പിഴയിട്ടു
 • മെര്‍ക്കിസ്റ്റണ്‍: കെട്ടിട നികുതി ഒടുക്കി സേവി വീണ്ടും
 • നികുതിവെട്ടിപ്പ്: ലോറികള്‍ പിടികൂടി
 • ഭീഷണിപ്പെടുത്തേണ്ടെന്നു മന്ത്രി ദിവാകരന്‍; പേടിയില്ലെന്നു മില്‍മ
 • വിലക്കയറ്റം: യോജിച്ചും വിയോജിച്ചും ഭരണ പ്രതിപക്ഷ സമരങ്ങള്‍
 • ഡിഎംകെയെ പിണക്കരുതെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
 •  ‘ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ രണ്ടാം അംബേദ്കര്‍’
 • തദ്ദേശ സ്ഥാപനങ്ങളില്‍ ഒാണറേറിയം കൂട്ടും

1. ദേശീയപാത വികസനം: 70 മീറ്റര്‍ വീതിയില്‍ നിര്‍മ്മാണം വിലക്കും
തിരുവനന്തപുരം : ദേശീയ പാത വികസനത്തിനായി 70 മീറ്റര്‍ വീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം പുറത്തിറങ്ങും.
സ്റ്റേറ്റ് ഹൈവേയ്ക്കായി 50 മീറ്റര്‍ വീതിയിലും മേജര്‍ ജില്ലാ റോഡുകള്‍ക്കായി 30 മീറ്റര്‍ വീതിയിലുമാണ് നിര്‍മ്മാണം വിലക്കുക. റോഡിന്റെ മദ്ധ്യഭാഗത്തുനിന്നാണ് ദൂരം കണക്കാക്കുന്നത്. ദേശീയപാതയില്‍ ഇരുവശത്തും 35 മീറ്റര്‍ വീതം. സ്റ്റേറ്റ് ഹൈവേയില്‍ ഇത് 25 മീറ്ററും മേജര്‍ ജില്ലാ റോഡുകളില്‍ ഇത് 15 മീറ്ററുമായിരിക്കും.
ഈ ദൂരപരിധിക്കുപുറമെ തദ്ദേശസ്ഥാപനങ്ങളുടെ ചട്ടം അനുസരിച്ച് വീണ്ടും മൂന്ന് മീറ്റര്‍ വിട്ടശേഷമേ നിര്‍മ്മാണങ്ങള്‍ അനുവദിക്കുകയുള്ളൂ.
ഹൈവേ പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഭാഗമായാണ് വിജ്ഞാപനം ഇറക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന മന്ത്രിതലയോഗത്തില്‍ ഈ വിജ്ഞാപനം ഇറക്കാന്‍ തീരുമാനിച്ചിരുന്നു. അടിയന്തരമായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് രണ്ട് കത്തുകള്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ (റോഡ്സ്) സതീശന് നല്‍കിയിട്ടുണ്ട്. അതിനാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് ചീഫ് എന്‍ജിനിയറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
ദേശീയപാതയ്ക്ക് നിലവില്‍ ശരാശരി പതിനെട്ട് മീറ്റര്‍ വീതിയേയുള്ളൂ. സ്റ്റേറ്റ് ഹൈവേയ്ക്ക് 14 മീറ്ററും മേജര്‍ ജില്ലാറോഡുകള്‍ക്ക് എട്ടുമീറ്ററും വീതിയാണുള്ളത്. വിജ്ഞാപനം ഇറങ്ങി യാല്‍ റോഡുവക്കിലുള്ള ഒരു ഭൂമിയിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാവാത്ത സ്ഥിതിയുണ്ടാകും.
സംസ്ഥാനത്ത് ദേശീയപാത 1525.57 കിലോമീറ്ററും സ്റ്റേറ്റ് ഹൈവേ 4833 കിലോമീറ്ററും മേജര്‍ ജില്ലാ റോഡുകള്‍ 9400 കിലോമീറ്ററുമാണ്്. മേജര്‍ ജില്ലാറോഡുകളില്‍ 13000 കിലോമീറ്റര്‍ നേരത്തേ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ യഥാസമയം നടക്കാത്തതിനാല്‍ ഇതില്‍ നിന്ന് 3000 കിലോമീറ്റര്‍ റോഡ് മേജര്‍ ജില്ലാ റോഡായി പരിഗണിച്ചു കൊണ്ട് പൊതുമരാമത്ത് വകുപ്പ് തിരിച്ചെടുക്കാന്‍ ധാരണയായിട്ടുണ്ട്.
നിര്‍മ്മാണങ്ങള്‍ നിരോധിക്കുമെങ്കിലും സ്ഥലം ഇപ്പോള്‍ ഏറ്റെടുക്കില്ല. വികസനത്തിന് ഭൂമി വേണ്ടിവരുമ്പോള്‍ മാര്‍ക്കറ്റ് വില നല്‍കി ഏറ്റെടുക്കും.
പാതവക്കില്‍ വസ്തുവുള്ള പതിനായിരങ്ങള്‍ക്ക് ഭൂമി വെറുതേ ഇടേണ്ടിവരും.

2. മധുക്കരയില്‍ പിടിയാനയും രണ്ട് കൊമ്പന്മാരും ട്രെയിനിടിച്ച് ചെരിഞ്ഞു
മധുക്കര (തമിഴ്നാട്): കുറുമമ്പാളയത്ത് ട്രെയിനിടിച്ച് ഗര്‍ഭിണിയായ പിടിയാനയും രണ്ട് കൊമ്പനാനകളും ചെരിഞ്ഞു. അപകടത്തെ തുടര്‍ന്ന് ട്രെയിനിന്റെ അഞ്ചു ബോഗികള്‍ പാളം തെറ്റി. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചവരെ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ 1.20നാണ് ദാരുണ സംഭവം അരങ്ങേറിയത്. ചെരിഞ്ഞ ആനകളിലൊന്ന് കുട്ടിക്കൊമ്പനാണ്. ഇതിന് ഏകദേശം നാലു വയസ്സു കണക്കാക്കുന്നു. ചെരിഞ്ഞ മറ്റു രണ്ട് ആനകള്‍ക്ക് 15 – 20 വയസ്സുണ്ടാവുമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തില്‍ പിടിയാനയുടെ ഉദരം പിളര്‍ന്ന് പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശു 200 അടി ദൂരത്തേക്ക് തെറിച്ചുവീണു.
ഈറോഡില്‍ നിന്ന് പാലക്കാട്ടേക്കു വന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ അയ്യപ്പന്‍ ഉള്‍പ്പെടെ ഏഴു പേര്‍ മാത്രമേ ട്രെയിനില്‍ ഉണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ച രാവിലത്തെ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് മണിക്കൂറുകള്‍ വൈകിയതു കൂടാതെ മറ്റു പല ട്രെയിനുകളും ഇടയ്ക്ക് പിടിച്ചിട്ടു. ആനത്താരയായ ഈ പ്രദേശത്ത് മൂന്നു മാസത്തോളമായി ആനകള്‍ വിഹരിക്കുന്നുണ്ടായിരുന്നു.
അതിവേഗത്തില്‍ ട്രെയിന്‍ വരുമ്പോള്‍ മണ്‍തിട്ടകള്‍ക്കിടയിലുള്ള റെയില്‍വെ ട്രാക്കിലായിരുന്നതിനാലാണ് മൂന്നു ആനകള്‍ക്കും രക്ഷപ്പെടാന്‍ കഴിയാഞ്ഞത്. ആനകളെ കണ്ട് എന്‍ജിന്‍ ഡ്രൈവര്‍ ഹോണ്‍ മുഴക്കുകയും ബ്രേക്കിടുകയും ചെയ്തു. ശബ്ദം കേട്ട് കുട്ടിയാനയും കൊമ്പനും എതിര്‍ദിശയിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് ഡ്രൈവര്‍ അയ്യപ്പന്‍ അധികൃതരെ അറിയിച്ചു. ഗര്‍ഭിണിയായ പിടിയാനയ്ക്ക് ഓടാന്‍ കഴിഞ്ഞില്ല. ഇവയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു കൊമ്പന്‍ മണ്‍തിട്ടിനു മുകളിലായിരുന്നു.
കുട്ടിക്കൊമ്പനെ കാല്‍ കിലോമീറ്ററോളം ട്രെയിന്‍ വലിച്ചുകൊണ്ടുപോയി. ട്രാക്കു ചോരക്കളമായി. പിടിയാന ചതഞ്ഞരഞ്ഞു. ആനകളുടെ മുഖവും തലയും പൂര്‍ണ്ണമായും തകര്‍ന്നു. രക്ഷപ്പെട്ട കൊമ്പന്‍ ചിന്നംവിളിച്ചുഅവിടെത്തന്നെ നിന്നതിനാല്‍ ഡ്രൈവര്‍ക്കും മറ്റും ഏറെ നേരം ട്രെയിനിനു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ട്രാക്കില്‍ നിന്നും ജഡാവശിഷ്ടങ്ങള്‍ മാറ്റി ആളൊഴിഞ്ഞ സ്ഥലത്തിട്ട് കത്തിച്ചത്.

3. സ്കൂള്‍ടീച്ചര്‍മാര്‍ക്ക് ഇനി ചുരിദാര്‍ മണികളാവാം
തിരു: സ്കൂള്‍ അധ്യാപികമാര്‍ക്ക് ചുരിദാറും സല്‍വാര്‍ കമ്മീസും ധരിക്കാമെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ബി.എഡ് കോളേജുകളിലെയും ടി.ടി.ഐ കളിലെയും അധ്യാപികമാര്‍ക്കും ഈ വസ്ത്രങ്ങള്‍ ധരിക്കാം.
കേരള വിദ്യാഭ്യാസ ചട്ടത്തില്‍ അധ്യാപകരുടെ വേഷവിധാനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. വസ്ത്രധാരണരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ച് അധ്യാപകന്മാര്‍ പാന്റ്സും ഷര്‍ട്ടും ധരിക്കുന്നു. ഈ അവകാശം അധ്യാപികമാര്‍ക്കുമുണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

4. എയ്ഡഡ് സ്കൂള്‍ നിയമനത്തിന് സ്വതന്ത്ര ഏജന്‍സി വേണം
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്പിക്കണമെന്ന് കെ.ഇ.ആര്‍ പരിഷ്കരണസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ഈ ഏജന്‍സി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് ഇഷ്ടമുള്ളവരെ മാനേജുമെന്റിന് നിയമിക്കാം. നിയമനത്തില്‍ സംവരണം പാലിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
പരിഷ്കരണസമിതി ചെയര്‍മാന്‍ സി.പി.നായര്‍ ഇന്നലെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എയ്ഡഡ് സ്കൂള്‍ നിയമനം വേണമെങ്കില്‍ പി.എസ്.സിക്ക് വിടാവുന്നതാണെന്ന് സി.പി. നായര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്വതന്ത്ര ഏജന്‍സിയെന്ന റിപ്പോര്‍ട്ടിലെ പ്രയോഗത്തിനുള്ളില്‍ പി.എസ്.സിയും ഉള്‍പ്പെടും. അക്കാര്യങ്ങളിലെല്ലാം സര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ അധ്യാപക നിയമനത്തിന് അപേക്ഷിക്കുന്നവര്‍ ബിരുദത്തിലും ബി.എഡിലും 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഹയര്‍സെക്കന്‍ഡറിയിലേക്ക് പി.ജിക്കും ബി.എഡിനും 55 ശതമാനം മാര്‍ക്കുള്ളവരെ മാത്രമേ പരിഗണിക്കാവൂ.
ഒരു സ്കൂളിലെ പരമാവധി വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടായിരമായി നിജപ്പെടുത്തണം. അതിലധികമാകുമ്പോള്‍ സ്കൂളുകളെ രണ്ടായി വിഭജിക്കേണ്ടതാണ്. ഹൈസ്കൂള്‍തലംവരെ 10മുതല്‍ നാലുവരെയും ഹയര്‍സെക്കന്‍ഡറിയില്‍ ഒമ്പതുമുതല്‍ നാലുവരെയും അധ്യയനം നടത്തണം. സ്കൂളുകളിലെ അധ്യയന ദിവസം ഇരുനൂറും ഹയര്‍സെക്കന്‍ഡറിയിലെ അധ്യയനദിവസം ഇരുനൂറ്റി ഇരുപതും ആയിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അണ്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍ക്കും, അനധ്യാപക ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം നല്‍കണം. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ളവയുടെ ഭരണം ഒരു കുടക്കീഴിലാക്കണം. കരിക്കുലം, സിലബസ്സ് എന്നിവയുടെ രൂപീകരണം, പാഠപുസ്തകനിര്‍മ്മാണം, അച്ചടി, അധ്യാപകര്‍ക്ക് ശമ്പളം നല്‍കല്‍, ശിക്ഷാനടപടികള്‍ എന്നിവയില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ അനുവദിക്കരുത്. അതേസമയം, പുതിയ സ്കൂള്‍ ആരംഭിക്കാനും നിലവിലുള്ളതിനെ അപ്ഗ്രേഡ് ചെയ്യുന്നതിനും തദ്ദേശസ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്യണം. ഓരോ തദ്ദേശസ്ഥാപനവും അതിന്റെ അതിര്‍ത്തിയിലുള്ള സ്കൂളുകളുടെ വികസനാവശ്യത്തിനായി വിദ്യാഭ്യാസ വികസന നിധി രൂപീകരിക്കണം.
ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കും: മന്ത്രി ബേബി
കെ.ഇ.ആര്‍ പരിഷ്കരണ സമിതിയുടെ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറഞ്ഞു. റിപ്പോര്‍ട്ട് ഇടതുമുന്നണിയും സര്‍ക്കാരും ചര്‍ച്ച ചെയ്യും. എല്ലാമേഖലയിലുമുള്ളവരുമായി കൂടിയാലോചനകള്‍ നടത്തിയശേഷമേ അന്തിമതീരുമാനം എടുക്കൂ. മന്ത്രി അഭിപ്രായപ്പെട്ടു.
മറ്റു ശുപാര്‍ശകള്‍
* റാങ്ക് ലിസ്റ്റില്‍ നിന്ന് ഇഷ്ടമുള്ളവരെ മാനേജ്മെന്റിന് നിയമിക്കാം * അധ്യാപകരുടെ ശമ്പളം, ശിക്ഷണ നടപടി എന്നിവയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ പാടില്ല * ശിക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണണം * സ്കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് * കാമ്പസിനുള്ളില്‍ പുകയിലയും മയക്കുമരുന്നും കര്‍ശനമായി നിരോധിക്കണം *റാഗിംഗിനും ഭീഷണിപ്പെടുത്തലിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കണം * എച്ച്.ഐ.വി പോസിറ്റീവായ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം പിന്‍വലിക്കണം * ഒരു ഫുള്‍ടൈം തസ്തികയ്ക്ക് 11 പീരിയഡുകള്‍ മതി. (നിലവില്‍ 15 പീരിയഡുകള്‍) * പ്രിന്‍സിപ്പലിന്റെ വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു അധ്യാപകനെ ഓരോ പഞ്ചായത്തിലും ക്ളസ്റ്റര്‍ ഹെഡായി നിയമിക്കണം *കൌമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചിട്ടയായ ട്യൂട്ടോറിയല്‍ സമ്പ്രദായം ഏര്‍പ്പെടുത്തണം * ഓരോ സ്കൂളിലും ഓരോ കായികാധ്യാപകനെങ്കിലും ഉണ്ടായിരിക്കണം * പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍ തസ്തികയെ മൊത്തം അധ്യാപകരുടെ എണ്ണത്തില്‍ തട്ടിക്കഴിക്കരുത് *അധ്യാപകവിദ്യാര്‍ത്ഥി അനുപാതം പ്രൈമറിയില്‍ 1ഃ25 ഉം സെക്കന്‍ഡറിയില്‍ 1ഃ30 ഉം ഹയര്‍സെക്കന്‍ഡറിയില്‍ 1ഃ40 ഉം ആക്കണം * ഒരു പീരിയഡിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറാക്കണം

5. കേരള പൊലീസിന് കേന്ദ്രം 35 കോടി നല്‍കും
ന്യൂഡല്‍ഹി: കേരള പൊലീസിന് ആയുധം വാങ്ങാനും അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ സ്ഥാപിക്കാനും 35 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്തയുമായി സംസ്ഥാന ഡി.ജി.പി രമണ്‍ ശ്രീവാസ്തവ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
സംസ്ഥാനത്ത് നക്സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് സേനാ നവീകരണത്തിന് 35 കോടിരൂപ അനുവദിച്ചത്.
നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങള്‍ക്കുവേണ്ടി നീക്കിവച്ച 3677.67 കോടി രൂപയില്‍ നിന്നാണ് കേരളത്തിന് 35 കോടി നല്‍കുന്നത്.
നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങളില്‍ രൂപീകരിച്ച ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കേരളത്തിലും രൂപീകരിക്കാന്‍ നേരത്തെ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിന് 20 കോടി കേന്ദ്രം നല്‍കും.
കാര്യമായ നകസ്ല്‍ ഭീഷണി ഇല്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി പറയുന്നുണ്ടെങ്കിലും നക്സല്‍ ഭീഷണിയുള്ള പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഒന്നായാണ് കേരളത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നത്. 2007 ലെ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2008ലും നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കേരള പൊലീസിന് നല്‍കുന്നത്.

6. ‘കുടുംബശ്രീ’ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കുന്നു
ന്യൂഡല്‍ഹി: കേരളത്തിന്റെ ‘കുടുംബശ്രീ’ മാതൃക ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.
കേരളത്തില്‍ കോണ്‍ഗ്രസ് കുടുംബശ്രീയെ തളളിപ്പറഞ്ഞ് ‘ജനശ്രീ’ രൂപീകരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീയെ മാതൃകാ പദ്ധതിയായി അംഗീകരിക്കുന്നത്. ഗ്രാമീണ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച സ്വര്‍ണ്ണ ജയന്തി ഗ്രാം സരോസ്ഗാര്‍ യോജന പരിഷ്കരിക്കാനാണ് കുടുംബശ്രീ മാതൃകയാക്കാന്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ആലോചിക്കുന്നത്. ഗ്രാമീണ വികസന രംഗത്തും ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന രംഗത്തും വിജയിച്ച രണ്ടു മാതൃകകളായി കേരളത്തിന്റെ കുടുംബശ്രീയും ആന്ധ്രപ്രദേശിന്റെ ഇന്ദിരാ ക്രാന്തി പഥവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും പ്രതിനിധികളെ ക്ഷണിച്ചുവരുത്തി ഇന്നലെ ഡല്‍ഹിയില്‍ ആസൂത്രണ കമ്മിഷന്‍ പ്രത്യേക ചര്‍ച്ച നടത്തി. കേരളത്തില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.എം.വിജയാനന്ദും കുടുംബശ്രീ ഡയറക്ടര്‍ ശാരദാ മുരളീധരനും യോഗത്തില്‍ പങ്കെടുത്തു. ദേശീയ തലത്തില്‍ പദ്ധതി നടത്തിപ്പിനായി കേരളത്തിന്റെ കൂടുതല്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ ആസൂത്രണ കമ്മീഷനില്‍ ഇതിന്റെ ചുമതലയുളള അംഗം ബി.എന്‍.യുഗേന്ദര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
അയല്‍ക്കൂട്ട സംഘാടനം, പഞ്ചായത്തുരാജുമായുളള ബന്ധം, തുടര്‍പരിശീലനം, ഈ പദ്ധതിയിലേക്കുളള വായ്പയുടെ ബാങ്ക് പലിശ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച്, പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായുളള പ്രത്യേക പദ്ധതികള്‍, ദാരിദ്യ്ര രേഖയ്ക്ക് താഴെയുളളവരെ കണ്ടെത്താനായി വരുമാന സര്‍ട്ടിഫിക്കറ്റിന് പകരമായി കേരളം നടപ്പാക്കിയ പ്രത്യേക മാനദണ്ഡങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കുടുംബശ്രീ മാതൃകയില്‍ ദേശീയതലത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രൂപരേഖ നല്‍കാനാണ് കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ത്രിതല പഞ്ചായത്ത് സംവിധാനവുമായി ബന്ധമില്ലാത്ത തരത്തിലാണ് ആന്ധ്രയിലെ പദ്ധതി.

7. പ്രവാസി നിക്ഷേപം ഗുണകരമായി വിനിയോഗിക്കണം – ഡോ. അബ്ദുള്‍ കലാം
കോട്ടയം: പ്രവാസികളുടെ നിക്ഷേപങ്ങള്‍ ഗുണകരമായി ഉപയോഗിക്കണമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം അഭിപ്രായപ്പെട്ടു.
ട്രാവന്‍കൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിവര്‍ഷം 32000 കോടി രൂപയാണ് ഈ രീതിയില്‍ സംസ്ഥാനത്ത് എത്തുന്നത്. എന്നാല്‍ ബാങ്കുകളിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലുമാണ് ഇത് ചെന്നെത്തുന്നത്. ഇത്ര വലിയ ഒരു മൂലധനം വെറുതെ പോകുന്നു. വിദേശ മലയാളിയുടെ പണം മുതല്‍ മുടക്കുന്ന മെച്ചപ്പെട്ട സംരംഭങ്ങളാണ് രാജ്യത്തുണ്ടാകേണ്ടത്. അത് സംഭവിച്ചാല്‍ കേരളത്തില്‍ വന്‍ വികസനം ഉണ്ടാവും. മാനേജുമെന്റ് അസോസിയേഷനുകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണം. കേരളത്തിന് വികസനമുണ്ടാവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുന്‍പ് നിയമസഭയെ അഭിസംബോധന ചെയ്തപ്പോള്‍ ഞാന്‍ മുന്നോട്ടു വെച്ചിരുന്നു. അത് നടപ്പാക്കും എന്നാണ് മന്ത്രിമാര്‍ ഉറപ്പു നല്‍കിയിരുന്നത് – കലാം പറഞ്ഞു.
യുവ ഡോക്ടര്‍മാര്‍ ഗവേഷണം നടത്തണം
രോഗ വിമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിനായി ചികിത്സാരംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് യുവഡോക്ടര്‍മാര്‍ തയ്യാറാകണമെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ആദ്യ ബാച്ച് ഡോക്ടര്‍മാരുടെ ബിരുദദാന ചടങ്ങില്‍ ഡോ. കലാം പറഞ്ഞു. 96 വിദ്യാര്‍ത്ഥികളാണ് ഡീംഡ് യൂണിവേഴ്സിറ്റിയായ അമൃതയില്‍ നിന്നും എം. ബി. ബി. എസ് ബിരുദം കരസ്ഥമാക്കിയത്. പ്രതിവര്‍ഷം ഗ്രാമീണരായ 20 പേരെയെങ്കിലും ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്ന് ഡോ. കലാം പറഞ്ഞു. രോഗ നിര്‍ണയത്തിനുള്ള സാമ്പത്തികഭാരം രോഗികളില്‍ അടിച്ചേല്‍പ്പിക്കരുത്. അത് രോഗികള്‍ക്ക് ഒരു ബാധ്യതയുമാകരുത് – അദ്ദേഹം പറഞ്ഞു.

8. പ്രഹസനമാക്കാന്‍ വീണ്ടും മോഡല്‍ പരീക്ഷ
തിരുവനന്തപുരം : എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഇക്കുറിയും പ്രഹസനമാകും.
ചോദ്യപേപ്പര്‍ വിതരണത്തിന്റെ ഉത്തരവാദിത്വം ഇത്തവണയും അദ്ധ്യാപക സംഘടനകളെയാണ് ഏല്പിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നിരുന്നു. അതിനെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച്, അദ്ധ്യാപക സംഘടനകളെ ചോദ്യപേപ്പര്‍ ഏല്പിക്കുന്നത് ആശ്വാസ്യകരമല്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിവിധ അദ്ധ്യാപക സംഘടനകള്‍ കച്ചവടതാത്പര്യത്തിന് ഉപയോഗിക്കുന്നതിനാല്‍ പ്രതികളെപ്പോലും അന്ന് തിരിച്ചറിയാന്‍ കഴിയാതെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു. മോഡല്‍ പരീക്ഷയിലെ ചോദ്യ ചോര്‍ച്ച ലാഘവത്തോടെ കണ്ടതാണ് 2004ല്‍ പൊതു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോരാനിടയാക്കിയത്.
ഇക്കുറി ഫെബ്രുവരി 18നാണ് മോഡല്‍ പരീക്ഷ ആരംഭിക്കുന്നത്. നാല് അദ്ധ്യാപക സംഘടനകള്‍ക്കാണ് ചോദ്യപേപ്പര്‍ നല്‍കുന്നതെന്ന് പരീക്ഷാ സെക്രട്ടറി ശിവന്‍കുട്ടി പറഞ്ഞു. സി.ഡിക്ക് പകരം മാനുസ്ക്രിപ്റ്റാണ് നല്‍കുന്നത്. 42 സെറ്റ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച ഒഴിവാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ എല്ലാ സംഘടനകളില്‍ നിന്നും എഴുതി ഒപ്പിട്ട് വാങ്ങുന്നുണ്ടെന്നായിരുന്നു മറുപടി. കഴിഞ്ഞതവണയും ഇങ്ങനെ ഒപ്പിട്ടു വാങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചോര്‍ച്ച തടയേണ്ട ഉത്തരവാദിത്വം തനിക്കല്ലെന്നായിരുന്നു പരീക്ഷാ സെക്രട്ടറിയുടെ ഉത്തരം.
പരീക്ഷാ ഭവനില്‍ 2340574, 2341171 എന്നീ രണ്ടു ടെലിഫോണ്‍ നമ്പരുകള്‍ ഉണ്ടെങ്കിലും അവ രണ്ടും പ്രവര്‍ത്തിക്കുന്നില്ല.
പരീക്ഷാ ഭവനിലേക്കുള്ള സന്ദര്‍ശനത്തിന് പുതിയ സെക്രട്ടറി വൈകിട്ട് മൂന്നു മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ നിന്ന് വരുന്നവര്‍ പരീക്ഷാ ഭവനിലെ കാര്യങ്ങള്‍ക്കായി രണ്ടും മൂന്നും ദിവസം തിരുവനന്തപുരത്ത് താമസിക്കേണ്ട ഗതികേടിലാണ്.

9. ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് പിഴ ചുമത്തണം: ഹൈക്കോടതി
കൊച്ചി: വസ്തു ഇടപാടില്‍ കക്ഷികളെ കേള്‍ക്കാതെ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി നിശ്ചയിച്ച് ഉത്തരവു പുറപ്പെടുവിക്കുന്ന ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് ഉത്തരവു നല്‍കി. കേരള സ്റ്റാമ്പ് ഡ്യൂട്ടി നിയമത്തിലെ 45-ബി വകുപ്പ് പ്രകാരമുള്ള വ്യവസ്ഥ കര്‍ശനമായി പാലിക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ ഇത് പാലിക്കുന്നില്ലെന്ന് കാണിച്ച് ഇടുക്കിയിലെ തോമസ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരുടെ ഉത്തരവ്. ഇത്തരം സംഭവങ്ങളുടെ പേരില്‍ കേസുകള്‍ ഉണ്ടായാല്‍ ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് കോടതിച്ചെര്‍ലവ് ചുമത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കക്ഷികളെ കേള്‍ക്കാതെ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി നിശ്ചയിച്ച് ഉത്തരവ് ഇറക്കരുതെന്ന് രജിസ്ട്രേഷന്‍ ഐ.ജി എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഉത്തരവു നല്‍കണം. ഇതനുസരിച്ചുള്ള സര്‍ക്കുലര്‍ ആറാഴ്ചയ്ക്കകം ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

10. ഗ്രാന്റ് ലഭിക്കുന്ന സാംസ്കാരിക സംഘടനകളെ ഗ്രേഡ് തിരിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം : സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്ന കലാസാംസ്കാരിക സംഘടനകള്‍ക്ക് ഗ്രേഡ് ഏര്‍പ്പെടുത്തണമെന്ന് ഇതുസംബന്ധിച്ച മാര്‍ഗ്ഗരേഖകള്‍ പുനരവലോകനം ചെയ്യാന്‍ നിയോഗിച്ച പ്രൊഫ. സി. രവീന്ദ്രനാഥ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.
അഞ്ചുലക്ഷത്തിന് മുകളില്‍ ഗ്രാന്റ് ലഭിക്കുന്നവരെ ‘ എ’ വിഭാഗത്തിലും ഒരുലക്ഷം മുതല്‍ അഞ്ചുലക്ഷംരൂപവരെയുള്ള വരെ ‘ബി’ യിലും 5000 മുതല്‍ ഒരുലക്ഷംരൂപവരെ ലഭിക്കുന്നവരെ ‘സി’ വിഭാഗത്തിലും ഉള്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളവയും സ്ഥാപിച്ചിട്ട് കുറഞ്ഞത് 10 വര്‍ഷമെങ്കിലും പൂര്‍ത്തിയായവയുമായിരിക്കും ‘ എ’ വിഭാഗത്തില്‍ ഉള്‍പ്പെടുക. സ്വന്തമായി സ്ഥലവും കെട്ടിടവും ലൈബ്രറിയും തനത് പരിപാടികളും ഉണ്ടായിരിക്കണം.
ഒരുലക്ഷത്തില്‍ കൂടുതല്‍ രൂപ ധനസഹായം നല്‍കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്താന്‍ സംവിധാനമുണ്ടാകണമെന്നതാണ് മറ്റൊരു ശുപാര്‍ശ. പണം ലഭിച്ച് ആറുമാസത്തിനകം വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരുവര്‍ഷത്തെ പ്രോജക്ട് നല്‍കിയശേഷം മാത്രമേ പണം ഗഡുക്കളായി നല്‍കാവൂ.
‘ എ’ വിഭാഗത്തില്‍ കേരള സാഹിത്യ അക്കാഡമി ഉള്‍പ്പെടെ 10 ഉം ‘ബി’ വിഭാഗത്തില്‍ തിരുവനന്തപുരത്തെ മാര്‍ഗി ഉള്‍പ്പെടെ എട്ടും ‘സി’ വിഭാഗത്തില്‍ 47 ഉം സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നിലവിലുള്ള സാംസ്കാരിക ഡയറക്ടറേറ്റ് പിരിച്ചുവിട്ട് പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കണം. ലളിതകലാ അക്കാഡമി, ചലച്ചിത്ര അക്കാഡമി, സാഹിത്യ അക്കാഡമി തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രൊഫ. രവീന്ദ്രനാഥ് അദ്ധ്യക്ഷനായ കമ്മിറ്റിയില്‍ കെ.കെ. ശൈലജ എം. എല്‍. എ, ഡോ. പി.കെ. പോക്കര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. റിപ്പോര്‍ട്ട് ഇന്നലെ മന്ത്രി എം. എ. ബേബിക്ക് സമര്‍പ്പിച്ചു.

1. വഴിവിട്ടു പരക്കുന്ന കീടനാശിനികള്‍
ഒരുവശത്തു മാലിന്യക്കൂമ്പാരങ്ങള്‍ നമ്മുടെ നഗരങ്ങളെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ മറുവശത്തു വിശാലമായ നമ്മുടെ കാര്‍ഷിക മേഖല അത്യന്തം അപകടകാരികളായ കീടനാശിനികളുടെ ഉപയോഗത്തിലൂടെ ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ക്കു വീണ്ടും വഴിയൊരുക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ മാരകമായ പ്രത്യാഘാതങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ആയിരങ്ങളാണ് ഈ കീടനാശിനി പ്രയോഗത്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്. കാന്‍സര്‍ രോഗബാധ അഭൂതപൂര്‍വമായി വര്‍ധിക്കാനും ഈ വിഷപ്രയോഗം ഇടയാക്കി.

ഹൈറേഞ്ചിലും കാസര്‍ഗോട്ടുമൊക്കെ അപകടകരമായ കീടനാശിനി പ്രയോഗംമൂലം ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചു കുറെനാള്‍ മുന്‍പ് ദീപിക വിശദമായ പരമ്പര തയാറാക്കി പ്രസിദ്ധീകരിച്ചിരുന്നു.

തോട്ടം മേഖലകളിലാണു കീടനാശിനി പ്രയോഗത്തിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. നെല്‍കൃഷി മേഖലകളായ കുട്ടനാട്ടിലും പാലക്കാട്ടും ഇതേ പ്രശ്നമുണ്ട്. കുട്ടനാടന്‍ പ്രദേശം സമുദ്രനിരപ്പിന് താഴെയായതിനാല്‍ നെല്‍കൃഷിക്കുപയോഗിക്കുന്ന കീടനാശിനികള്‍ സമീപത്തുള്ള ആറുകളിലും തോടുകളിലും കലര്‍ന്നു നിരവധിയായ രോഗങ്ങള്‍ക്ക് ഇപ്പോഴും ഇടയാക്കുന്നുണ്ട്.

മുന്നറിയിപ്പുകളേറെ ലഭിച്ചിട്ടും ഇത്തരം കീടനാശിനിപ്രയോഗങ്ങള്‍ അനുസ്യൂതം ഈ മേഖലകളില്‍ തുടരുന്നവെന്ന റിപ്പോര്‍ട്ട് ഏറെ ആശങ്കാജനകമാണ്. ഇടുക്കി ജില്ലയിലെ ഏലം കൃഷി മേഖലകളായ ചക്കുപള്ളം, ആനവിലാസം, പത്തുമുറി, വണ്ടന്‍മേട്, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലും തേയിലകൃഷി നടത്തുന്ന ചെങ്കര, വണ്ടിപ്പെരിയാര്‍, പീരുമേട് മേഖലകളിലെ ചില തോട്ടങ്ങളിലുമാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിതെളിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും യാതൊരു നിയന്ത്രണവും കൂടാതെ ഉപയോഗിക്കുന്നതായി ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഹൈറേഞ്ച് മേഖലയില്‍ കാന്‍സര്‍ രോഗം കൂടുതലായി കാണപ്പെടുന്നത് ഇതിന്റെ പരിണത ഫലമാണെന്നും വിലയിരുത്തപ്പെടുന്നു.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെട്ടിട്ടുണ്െടങ്കിലും അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഇതു സുലഭമാണ്. അതിര്‍ത്തിയിലൂടെ ഇവ യഥേഷ്ടം ഇവിടേക്കു കടത്തിക്കൊണ്ടുപോരുകയും ചെയ്യുന്നു. മറ്റു കീടനാശിനികളെ അപേക്ഷിച്ചു കുറഞ്ഞ വിലയും കൂടിയ വീര്യവുമാണ് എന്‍ഡോസള്‍ഫാന്റെ ഉപയോഗം വര്‍ധിപ്പിച്ചത്. വളമായാലും വിഷമായാലും ഇവയ്ക്കൊന്നും കാര്യമായ ഗുണമേന്മാ പരിശോധന നടക്കാത്തതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും വരുന്നവ യഥേഷ്ടം ഉപയോഗിക്കപ്പെടുകയാണ്.

ജലസ്രോതസുകളിലൂടെ ഇവ പരന്നു മനുഷ്യരുടെ ഉള്ളില്‍ കടക്കുന്നു. ചില കീടനാശിനകള്‍ തൊലിപ്പുറമേയുള്ള രോഗങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. കൈയുറ, മൂക്കും വായും മറയ്ക്കുന്ന കവചം തുടങ്ങി സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ വിഷപ്രയോഗം നടത്തുന്നവര്‍ കൂടുതല്‍ എളുപ്പത്തില്‍ രോഗത്തിലേക്കു കൂപ്പുകുത്തുകയാണ്.

കാസര്‍ഗോട്ടെ കശുവണ്ടി തോട്ടങ്ങളിലാണ് എന്‍ഡോസള്‍ഫാന്റെ ഉപയോഗം ഏറെ മനുഷ്യരെ വേട്ടയാടിയത്. ഇന്നും അതിന്റെ ബാക്കി പത്രമായി ധാരാളം മനുഷ്യര്‍ ഇവിടെ മരിച്ചു ജീവിക്കുന്നു. വ്യാപകമായ ജനരോഷം ഉയര്‍ന്നപ്പോള്‍ തത്കാലം തലവലിച്ച കീടനാശിനി ലോബികള്‍ വീണ്ടും സജീവമാകുന്നുവെന്നാണ് ഹൈറേഞ്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്‍ഡോസള്‍ഫാനെപ്പോലെ ഗുണമേന്മകുറഞ്ഞ, നശീകരണശക്തികൂടിയ മറ്റു പല കീടനാശിനികളും ഇന്നു സുലഭമാണ്. വിലക്കുറവെന്ന ആകര്‍ഷണം കര്‍ഷകരെ സ്വാധീനിക്കുന്നുണ്െടങ്കിലും ശരിയായ മാര്‍ഗനിര്‍ദേശം അവര്‍ക്കു ലഭിക്കാത്തതും ഒരു പ്രധാന കാരണമാണ്. കാന്‍സര്‍ മാത്രമല്ല, ആരോഗ്യം മെല്ലെ കാര്‍ന്നുതിന്നുന്ന ആസ്ത്മ, ഇതര ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, അലര്‍ജി എന്നിവയും കീടനാശിനി ഉപയോഗത്തിന്റെ ഫലമായി ഈ പ്രദേശങ്ങളില്‍ വര്‍ധിച്ച നിരക്കില്‍ കാണുന്നുണ്ട്. മണ്ണ്, അന്തരീക്ഷം, ജലം എന്നിവയിലേക്ക് ആഴ്ന്നിറങ്ങുന്ന വിഷാംശങ്ങള്‍ മനുഷ്യനിലും മൃഗങ്ങളിലും സസ്യജാലങ്ങളിലും മരണസന്ദേശങ്ങളാണു കുറിച്ചു വയ്ക്കുന്നത്.

പ്ളാന്റേഷന്‍ ലേബര്‍ ആക്ടിനും ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായ കീടനാശിനി വരവും വിപണനവും ഉപയോഗവും സമഗ്രമായി പരിശോധിക്കാനും നിയന്ത്രിക്കാനും സത്വര നടപടി സ്വീകരിച്ചേ മതിയാവൂ. കാരണം ഇത് മനുഷ്യജീവനെയും അവന്റെ ആരോഗ്യത്തെയും ബാധിക്കുന്ന പ്രശ്നമെന്നതിനോടൊപ്പം സകല ജീവജാലങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കൂടി പ്രശ്നമാണ്. അതില്‍ അനവധാനത ആര്‍ക്കും പാടില്ല.

2. സൈബര്‍സിറ്റി: കളമശ്ശേരി നഗരസഭ കാരണം കാണിക്കല്‍ നോട്ടീസയച്ചു
കളമശേരി: സൈബര്‍സിറ്റി നിര്‍മാണവുമായി ബന്ധപ്പെട്ട് ചുറ്റുമതില്‍ തീര്‍ക്കുന്ന പണി നിര്‍ത്തിക്കാതിരിക്കണമെങ്കില്‍ മൂന്നു ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് കാണിച്ച് എച്ച്.ഡി.ഐ. എല്‍ കമ്പനി അധികൃതര്‍ക്ക് കളമശേരി നഗരസഭ സെക്രട്ടറി ജി. സുധാകരന്‍ നോട്ടീസയച്ചു.

എച്ച്.ഡി.ഐ.എലിന്റെ മുംബൈയിലെ ഹെഡ് ഓഫീസിലേക്കും പ്രാദേശിക ഓഫീസിലേക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എച്ച്.എം.ടി ബ്ളൂസ്റ്റാര്‍ റിയല്‍ട്ടേഴ്സിന് ഭൂമി വില്‍പന നടത്തിയത് സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് നേരത്തെ നല്‍കിയിരുന്ന ചുറ്റുമതില്‍ നിര്‍മാണാനുമതിയെക്കുറിച്ച് നഗരസഭ പുനര്‍ചിന്തനം ചെയ്തത്. അതേസമയം ഇന്നലെയും മതില്‍ നിര്‍മാണം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. നിര്‍മാണം പുരോഗമിക്കവെ രണ്ടുതവണ ചുറ്റുമതില്‍ യൂത്ത് കോണ്‍ഗ്രസ് തകര്‍ത്തിരുന്നു.

കളമശേരി നഗരസഭ എച്ച്.ഡി.ഐ.എലിന് ചുറ്റുമതില്‍ കെട്ടാന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി സൈബര്‍സിറ്റി പ്രദേശം ചുറ്റിക്കാണുകയും നിര്‍മാണപ്രവര്‍ത്തനം നിര്‍ത്താന്‍ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

അതേസമയം യു.ഡി.എഫ് ഭരിക്കുന്ന കളമശേരി നഗരസഭ വിമര്‍ശനങ്ങളേയും പ്രതിഷേധങ്ങളേയും മറച്ചുപിടിച്ച് മതില്‍ നിര്‍മാണം അനുവദിച്ചത് പ്രതിപക്ഷ നേതാവിനുപോലും തിരിച്ചടിയായി. ഇതേതുടര്‍ന്നാണ് നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം. ആരിഫ, വൈസ്ചെയര്‍മാന്‍ ഐ.എം. അബ്ദുള്‍ റഹ്മാന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ബഷീര്‍ എന്നിവര്‍ സെക്രട്ടറിയുമായി ആലോചിച്ച് ാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

3. ഭൂനികുതി: സര്‍ക്കാരിന്റെ പിഴയ്ക്കു പൊതുജനത്തിനു പിഴപ്പലിശ
തൊടുപുഴ: റീസര്‍വേ പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ പിഴവിനു പിഴപ്പലിശ നല്കേണ്ടതു നാട്ടുകാര്‍. റീസര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ സ്വന്തം പേരില്‍ പോക്കുവരവു നടത്തി കരം അടയ്ക്കാന്‍ കഴിയാത്തവരില്‍നിന്നാണ് ഇപ്പോള്‍ 12 ശതമാനം പലിശ ചുമത്തി കരം സ്വീകരിക്കുന്നത്.

ഹെക്ടറൊന്നിന് 100 രൂപ നിരക്കില്‍ 12 ശതമാനം പിഴപ്പലിശയോടെ പല വര്‍ഷത്തെ കരം ഒരുമിച്ച് അടയ്ക്കേണ്ട ഗതികേടാണു പലര്‍ക്കും. സര്‍ക്കാരിനു വരുമാനനഷ്ടം കൂടിയതോടെയാണു പലിശ വാങ്ങി കരം സ്വീകരിച്ചു തുടങ്ങിയത്.

സര്‍വേകള്‍ നിശ്ചിത കാലയളവില്‍ പൂര്‍ത്തീകരിക്കാത്തതാണു പലര്‍ക്കും പഴപ്പലിശ നല്‍കേണ്ട അവസ്ഥയിലെത്താന്‍ കാരണം. 45 വര്‍ഷം മുമ്പ് ആരംഭിച്ച റീസര്‍വേ നടപടികള്‍ ഇനിയും എങ്ങുമെത്തിയിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് റീസര്‍വേ പൂര്‍ത്തിയാക്കുമെന്നു റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ പ്രഖ്യാപിച്ചിട്ടുണ്െടങ്കിലും ജീവനക്കാരുടെ അഭാവം തടസമാവുക യാണ്.നാലു വില്ലേജുകളില്‍ സര്‍വേ നടത്താന്‍ ഒരു സര്‍വേയര്‍ മാത്രമാണുള്ളത്. ഇവരില്‍ പലരും മലയോര മേഖല ഒഴിവാക്കിയാണു ജോലി ചെയ്യുന്നത്.

ഉടമസ്ഥര്‍ സ്ഥിരതാമസക്കാരല്ലാത്ത വില്ലേജുകളിലാണു റീസര്‍വേ അനന്തമായി നീളുന്നത്. ഭൂവുടമകള്‍ റീസര്‍വേ സംബന്ധിച്ച വിവരങ്ങള്‍ അറിയാത്തതും തടസമായി. മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൌത്യം ആരംഭിച്ചതോടെ സര്‍വേ ജീവനക്കാരെ മൂന്നാറിലേക്കു നിയമിച്ചു. ഇതോടെ ഈ മേഖലയില്‍ സര്‍വേ ജോലികള്‍ പൂര്‍ത്തിയായില്ലെന്നു മാത്രമല്ല വില്ലേജുകളിലെ സര്‍വേ അവതാളത്തിലാകുകയും ചെയ്തു.

4. ഐ.ടി. മേഖല ശക്തിയാര്‍ജിക്കണം: ക്രിസ് ഗോപാലകൃഷ്ണന്‍
തൊടുപുഴ: ഇന്ത്യയില്‍നിന്നു വിദേശത്തേക്കുള്ള മനുഷ്യവിഭവചോ ര്‍ച്ച തടയാന്‍ ഐ.ടി. ഉള്‍പ്പെടെയുള്ള വ്യവസായരംഗം ശക്തിയാര്‍ജിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ഗോപാലകൃഷ്ണന്‍. ‘പുതിയ ഇന്ത്യ, പുത്തന്‍ അവസരങ്ങള്‍’ എന്ന വിഷയത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ റവ. ഡോ. ജോണ്‍ വള്ളമറ്റം മെമ്മോറിയല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആഗോളവത്കരണം ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ രാഷ്ട്രമായി മാറുന്നതിനു സഹായിക്കും. ലോകക്രമം ദ്രുതഗതിയില്‍ മാറുകയാണ്. ഈ മാറ്റങ്ങള്‍ ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കും.

എന്നാല്‍, ആത്മവിശ്വാസമില്ലായ്മ ലോകകമ്പോളത്തില്‍ ഇ ന്ത്യന്‍ കമ്പനികള്‍ പുറന്തള്ളപ്പെടാന്‍ ഇടയാക്കുന്നു. അടുത്തിടെ ഈ രംഗത്ത് മാറ്റങ്ങള്‍ സംഭവിച്ചതായും വന്‍കിട കമ്പനികളോടു മത്സരിച്ച് നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. 1981-ല്‍ ഏഴു പേര്‍ ചേര്‍ന്ന് 10,000 രൂപ വീതം നിക്ഷേപിച്ച് ആരംഭിച്ച ഇന്‍ ഫോസിസ് ഇന്ന് 16,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയായി.

88,000 ജീവനക്കാര്‍ ഇവിടെ സേവനം ചെയ്യുന്നുണ്ട്. വരുമാനമുണ്ടായാല്‍ മാത്രമേ മതിയായ പ്രതിഫലം നല്‍കാന്‍ കഴിയുകയുള്ളൂവെന്ന ബോധ്യം തൊഴിലാളികള്‍ക്കുള്ളതാണ് ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിനു നിദാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രിന്‍സിപ്പല്‍ ഫാ. പോള്‍ നെടുമ്പുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രഫ. പി.സി. ജയിംസ്, പ്രഫ. കെ.ഐ. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

5. കര്‍ഷകന്റെ ശവമഞ്ചവുമായി കടാശ്വാസ കമ്മീഷന്റെ മുന്നിലേക്ക് വിലാപയാത്ര
കണ്ണൂര്‍: കര്‍ഷകന്റെ ശവമഞ്ചവുമായി കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടക്കുന്ന കണ്ണൂര്‍ കളക്ടറേറ്റിലേക്ക് ഫാംകോയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ പ്രതീകാത്മക വിലാപയാത്ര നടത്തി. സ്റ്റേഡിയം കോര്‍ണറില്‍ കര്‍ഷകര്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ പന്തലില്‍ നിന്നാണു വിലാപയാത്ര പുറപ്പെട്ടത്.

കര്‍ഷകനായ സ്റ്റീഫന്‍ ജോസഫ് കുരിശുമലയാണ് കണ്ണൂരിലെ കര്‍ഷകരോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ശവപ്പെട്ടിയില്‍ കിടന്നത്. നൂറുകണക്കിന് കര്‍ഷകര്‍ വിലാപയാത്രയെ അനുഗമിച്ചു.കണ്ണൂരിനെ ദുരിത ബാധിത ജില്ലയായി പ്രഖ്യാപിക്കുക, തെങ്ങ്, കവുങ്ങ്, കശുമാവ്, കുരുമുളക്, വാനില എന്നീ വിളകളെ ദുരിത ബാധിത വിളകളായി പ്രഖ്യാപിക്കുക, കടാശ്വാസ കമ്മീഷന്‍ പരിധി നിശ്ചയിച്ചിരിക്കുന്ന നാല് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ 50,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുക, ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പയും ഏക്കര്‍ ഒന്നിന് 10,000 രൂപ സബ്സിഡിയും നല്കുക, കശുവണ്ടിക്ക് 60 രൂപ തറവില പ്രഖ്യാപിച്ച് സ്വതന്ത്ര വിപണിയില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി സംഭരിക്കുക, 60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, കാട്ടുപന്നിയെ വന്യമൃഗത്തിന്റെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ പതിനെട്ടോളം ആവശ്യങ്ങളടങ്ങുന്ന നിവേദനം പിന്നീട് കടാശ്വാസ കമ്മീഷന് സമര്‍പ്പിച്ചു.

റവ. ഡോ. ജോസ് മണിപ്പാറ, ജോസഫ് കുന്നേല്‍, പി.ഡി.പി ജില്ലാ നേതാക്കളായ കെ.കെ. അഷറഫ്, കൃഷ്ണന്‍ കുറ്റ്യാല്‍, എ.എം. അസ്ക്കര്‍, സിദ്ധീഖ് വലിയകത്ത്, മാത്യു മുണ്ടുപാലം, മാത്യു മുണ്ടിയാനി, കുര്യാക്കോസ് ആയത്തുക്കുടി, ജോസഫ് വടക്കേക്കര, സലിന്‍ പുളിക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

6. സംസ്കൃത സര്‍വകലാശാല: സിന്‍ഡിക്കറ്റംഗങ്ങളുടെ ക്രമക്കേട് കണ്െടത്തി
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ രണ്ട് സിന്‍ഡിക്കറ്റംഗങ്ങള്‍ തെറ്റായ രേഖകള്‍ നല്‍കി യാത്രാപ്പടിയും ദിനബത്തയും കൈപ്പറ്റിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ പരിശോധനാ വിഭാഗം കണ്െടത്തി. ഇവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ധനകാര്യ വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്നലെ സര്‍വകലാശാലയിലെത്തി.

കാലടി സ്വദേശി പി.വി. ജോസ് നല്‍കിയ പരാതിയെ തുടര്‍ന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ജൂലൈയില്‍ സര്‍വകലാശാലയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സ്വകാര്യ പ്രോജക്ട് വര്‍ക്കിനുവേണ്ടി 2006 ഓഗസ്റ്റില്‍ രണ്ട് സിന്‍ഡിക്കറ്റംങ്ങള്‍ നടത്തിയ ഡല്‍ഹി യാത്ര സര്‍വകലാശാലാ ആവശ്യത്തിന് യു.ജി.സി മീറ്റിംഗില്‍ പങ്കെടുക്കാനായിരുന്നെന്ന് കാണിച്ചാണ് യാത്രാപ്പടിയും ദിനബത്തയും കൈപ്പറ്റിയത്. രാജധാനി എക്സ്പ്രസ് ഇല്ലാതിരുന്ന 2006 ഓഗസ്റ്റ് 30 ന് ഈ ട്രെയിനില്‍ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്തതായി അംഗങ്ങള്‍ രേഖ നല്‍കിയിരുന്നു.

7. കുടിശിക: കുടിവെള്ള പദ്ധതികളിലെ വൈദ്യുതി വിച്ഛേദിക്കുന്നു
കണ്ണൂര്‍: കോടിക്കണക്കിനു രൂപ യുടെ വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് വാട്ടര്‍ അഥോറിറ്റിയുടെ കീഴിലുളള സംസ്ഥാനത്തെ പമ്പ് ഹൌസുകളിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി വിഛേദിച്ചുതുടങ്ങി. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുടിവെളളം വിതരണം ചെയ്യുന്ന പമ്പു ഹൌസുകളിലെ വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതേ തുടര്‍ന്ന് പലസ്ഥലത്തും കുടിവെള്ള വിതരണം മുടങ്ങി.

കണ്ണൂരില്‍ ജില്ലാ വാട്ടര്‍ അഥോറിറ്റിക്ക് കീഴിലുളള മുഴപ്പിലങ്ങാട്, കൂടക്കടവ്, പിണറായി, തലശേരി, കതിരൂര്‍, പൊന്ന്യം എന്നീ ജലവിതരണ പമ്പുകളിലെ വൈദ്യുതി ബന്ധം ഇതിനകം വിഛേദിച്ചു കഴിഞ്ഞു. പളളിപ്രം, കണ്ണൂര്‍ നഗരസഭ, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളിലെ ഭൂരിഭാഗം ജനങ്ങളുടെയും പ്രധാന കുടിവെളള മാര്‍ഗം വാട്ടര്‍ അഥോറിറ്റിയാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരം, വ്യവസായ നഗരമായ എറണാകുളം തുടങ്ങി ഭൂരിഭാഗം നഗരങ്ങളിലും വാട്ടര്‍ അഥോറിറ്റി തന്നെയാണ് കുടിവെളളമെത്തിക്കുന്നത്.

സംസ്ഥാനത്ത് 1800 കോടിയോളം രൂപയാണ് വൈദ്യുതി വകുപ്പിന് മൊത്തം കുടിശികയുളളത്. ഇതില്‍ സര്‍ക്കാര്‍ കുടിശിക 1150 കോടി രൂപയാണ്. വാട്ടര്‍ അഥോറിറ്റിയുടെ കുടിശികമാത്രം 840 കോടി വരും.

കണ്ണൂര്‍ ജില്ലയില്‍ പിരിഞ്ഞ് കിട്ടാനുളള 14.65 കോടി രൂപയില്‍ 6.5 കോടിയും വാട്ടര്‍ അഥോറിറ്റിയുടെ കുടിശികയാണ്. 1000 ലിറ്റര്‍ വെളളം വിതരണം ചെയ്യാന്‍ വാട്ടര്‍ അഥോറിറ്റിക്ക് 7.50 രൂപയാണ് ചെലവ്. ഇതില്‍ ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത് രണ്ട് രൂപമാത്രമാണ്. ഗ്രാന്റ് ഇനത്തില്‍ അഞ്ചു രൂപ സര്‍ക്കാര്‍ നല്‍കേണ്ടതാണ്. എന്നാല്‍ ഈ തുക സര്‍ക്കാര്‍ നല്‍കാറില്ലത്രെ.

1. എച്ച്.എം.ടി ഭൂമി ഇടപാട്: വ്യവസായ മന്ത്രി ആദ്യം എതിര്‍ത്തു; പിന്നെ ഒത്താശ
തൊടുപുഴ: എച്ച്.എം.ടി ഭൂമി വില്‍പന റദ്ദാക്കണമെന്ന് വ്യവസായ വകുപ്പും ആദ്യം തീരുമാനിച്ചിരുന്നതായി സൂചന. വില്‍പന റദ്ദാക്കണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും വ്യവസായ മന്ത്രിയും വ്യവസായ സെക്രട്ടറിയും ഇതുസംബന്ധിച്ച ഫയലില്‍ രേഖപ്പെടുത്തിയിരുന്നുവെന്നാണ് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍, ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രി തന്നെ പിന്നീട് തിരക്കിട്ട് ഇടപാടിനു സാധുത നല്‍കാന്‍ ഒത്താശ ചെയ്യുകയായിരുന്നു.

ഭൂമി ഇടപാട് റദ്ദാക്കണമെന്ന എറണാകുളം ജില്ലാ കലക്ടറുടെ ശിപാര്‍ശ ആദ്യം ലഭിച്ചത് റവന്യൂ വകുപ്പിനാണ്. റവന്യൂ വകുപ്പ് നിയമവകുപ്പിനോട് നിയമോപദേശം തേടി. ഭൂമി വില്‍പന നിയമവിരുദ്ധമാണെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും നിയമവകുപ്പ് ഉപദേശം നല്‍കി. ഈ ഉപദേശം ഉള്‍ക്കൊള്ളുന്ന ഫയലാണ് റവന്യൂ വകുപ്പ് വ്യവസായ വകുപ്പിന് നല്‍കിയത്.

ഭൂമി വില്‍പന റദ്ദാക്കണമെന്ന റവന്യൂ വകുപ്പിന്റെ അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമായിരുന്നു ഫയല്‍ വ്യവസായ വകുപ്പിന് നല്‍കിയത്.

ഈ ഫയലിലാണ് ഭൂമി വില്‍പന റദ്ദാക്കണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും വ്യവസായ മന്ത്രിയും വ്യവസായ സെക്രട്ടറിയും രേഖപ്പെടുത്തിയത്. 2006 അവസാനമായിരുന്നു ഇത്.

എച്ച്.എം.ടിയുടെ ഭൂമി വില്‍പന റദ്ദാക്കണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നുമുള്ള ആദ്യ നിലപാടില്‍ നിന്ന് ആദ്യം വ്യവസായ മന്ത്രിയും പിന്നീട് റവന്യൂ മന്ത്രിയും റവന്യൂ ഉദ്യോഗസ്ഥരും പിന്നാക്കം പോകുകയായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്.

എച്ച്.എം.ടിയില്‍ നിന്നും സ്ഥലം വാങ്ങിയ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് സമ്മര്‍ദവുമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും എതിര്‍പ്പ് ഉപേക്ഷിച്ച് വില്‍പനക്ക് ഒത്താശ ചെയ്തത്. ബാംഗ്ലൂരിലാണ് ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട അന്തിമ കരാറില്‍ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സും ബന്ധപ്പെട്ടവരും ഏര്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ശോഭാ സിറ്റിയുമായി ബന്ധപ്പെട്ട കരാറും രഹസ്യമായി ധാരണയിലെത്തിയത് ബാംഗ്ലൂരിലായിരുന്നു. ഈ ധാരണയനുസരിച്ചാണ് എച്ച്.എം.ടിയില്‍ നിന്ന് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് വാങ്ങുകയും പിന്നീട് അവരുടെ സ്വാധീനത്തിന് വഴങ്ങി സര്‍ക്കാര്‍ തടസ്സം മാറ്റിക്കൊടുക്കുകയും ചെയ്ത ഭൂമിയില്‍ സൈബര്‍ സിറ്റി സ്ഥാപിക്കാനുള്ള പദ്ധതിയുടെ അന്തിമരൂപരേഖ ഉരുത്തിരിയുന്നത്.

വ്യവസായ മന്ത്രി ഭൂമി വില്‍പനക്കെതിരായ ആദ്യ നിലപാട് അവസാനിപ്പിച്ച് വില്‍പനക്ക് അനുകൂലമായതോടെ റവന്യൂ മന്ത്രി മുതല്‍ എറണാകുളം ജില്ലാ കലക്ടര്‍ വരെയുള്ളവര്‍ ഈ നിലപാടിലേക്ക് മാറുകയായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്.

എച്ച്.എം.ടി ഭൂമി വില്‍പനയുടെ പോക്കുവരവ് തടഞ്ഞ എറണാകുളം ജില്ലാ കലക്ടര്‍ തന്നെയാണ് വ്യവസായ^റവന്യൂ മന്ത്രിമാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് പോക്കുവരവിന് അനുമതി നല്‍കിയത്.

ഭൂമി വില്‍പന റദ്ദാക്കാന്‍ ശിപാര്‍ശ നല്‍കിയ കലക്ടര്‍ തന്നെ പിന്നീട് മന്ത്രിമാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് തടസ്സങ്ങള്‍ നീക്കുകയായിരുന്നു. റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ടെലിഫോണില്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കലക്ടര്‍ പോക്കുവരവ് തടഞ്ഞത്.

പോക്കുവരവ് തടഞ്ഞ നടപടി റദ്ദാക്കാന്‍ വ്യവസായ മന്ത്രിയുടെ കാബിനില്‍ ചേര്‍ന്ന യോഗത്തില്‍ ട്രേഡ് യൂനിയന്‍ നേതാക്കളും എച്ച്.എം.ടി ഉദ്യോഗസ്ഥരും ബ്ലൂസ്റ്റാര്‍ പ്രതിനിധിയും ചേര്‍ന്നെടുത്ത തീരുമാനം റവന്യൂ മന്ത്രിയെക്കൂടി വിളിച്ചുവരുത്തി അംഗീകരിപ്പിക്കുകയായിരുന്നു. ഈ യോഗത്തിന്റെ മിനുട്സ് അനുസരിച്ചാണ് പോക്കുവരവ് തടഞ്ഞ നടപടി റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഭൂമി വില്‍പന റദ്ദാക്കണമെന്ന് റവന്യൂ^നിയമ^വ്യവസായ വകുപ്പുകള്‍ ആദ്യം എടുത്ത തീരുമാനം തിരുത്തുന്നതിന് മുമ്പ് മന്ത്രിസഭയിലോ സി.പി.എം^സി.പി.ഐ പാര്‍ട്ടികളിലോ ഭരണവും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തിനായി ഒരുക്കിയ പ്രത്യേക സമിതിയിലോ സി.പി.എം മന്ത്രിമാരുടെ ഫ്രാക്ഷനിലോ ചര്‍ച്ച ചെയ്തിരുന്നില്ല. ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വേണ്ടി ഇത്തരമൊരു ചര്‍ച്ച കൂടാതെ തന്നെ വ്യവസായ മന്ത്രി തന്നെ തിരക്കിട്ട് ആദ്യ തീരുമാനം തിരുത്തുകയായിരുന്നു.

സൈബര്‍സിറ്റി ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ക്ഷണിച്ചത് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വേണ്ടി പ്രവര്‍ത്തിച്ച എറണാകുളം ജില്ലയിലെ സി.പി.എം നേതാക്കളായിരുന്നു.

മുഖ്യമന്ത്രി അറിയാതെ തന്നെ ഈ നേതാക്കള്‍ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വേണ്ടി ഐ.ടി വകുപ്പിലടക്കം സമ്മര്‍ദം ചെലുത്തിയിരുന്നതായും സൂചനയുണ്ട്.

2. റവന്യൂ സെക്രട്ടറിയുടെ നിര്‍ദേശവും അവഗണിച്ചു
കൊച്ചി: എച്ച്.എം.ടി ഭൂമി ബ്ലൂ സ്റ്റാര്‍ റിയല്‍ട്ടേഴ്സിന് കൈമാറ്റം ചെയ്യരുതെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരന്റെ എതിര്‍പ്പ് റവന്യൂ^വ്യവസായ മന്ത്രിമാര്‍ പാടെ അവഗണിച്ചു. വ്യാവസായികാവശ്യത്തിന് ഏറ്റെടുത്ത ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് പോക്കുവരവ് ചെയ്ത് കൊടുക്കരുതെന്നും അന്യാധീനപ്പെടാതെ ശ്രദ്ധിക്കണമെന്നും 2006 ഡിസംബര്‍ 12ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. 2006 നവംബര്‍ 18ന് റവന്യൂ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് ഭൂമി കൈമാറ്റത്തെ എതിര്‍ത്ത് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്.

താലൂക്ക് ലാന്റ് ബോര്‍ഡ് മിച്ച ഭൂമിയായി ഏറ്റെടുത്ത് വ്യാവസായികാവശ്യത്തിന് നീക്കിവെച്ച സ്ഥലം മറ്റ് ഉപയോഗങ്ങള്‍ക്ക് കൈമാറുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. എച്ച്.എം.ടിക്ക് നല്‍കിയ ഭൂമി ക്രയവിക്രയം ചെയ്യാന്‍ അധികാരമില്ലെന്നും കൈമാറ്റം ചെയ്യുന്ന പക്ഷം ഏറ്റെടുക്കണമെന്നും റവന്യൂ സെക്രട്ടറി ശിപാര്‍ശ ചെയ്തിരുന്നു. ഭൂമി കമ്പനിയുടെ കൈവശത്തിലുള്ളതാണെന്നും കൈമാറ്റത്തിന് അധികാരമുണ്ടെന്നും അവകാശപ്പെട്ട് ക്രയവിക്രയത്തിന് അനുമതി തേടി എച്ച്.എം.ടി അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ഹരജി പരിഗണനക്ക് വന്നപ്പോള്‍ ഭൂമി കൈമാറുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഡ്വ. ജനറലിന് നിയമോപദേശവും നല്‍കി.

കലക്ടറുടെയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും വിലക്ക് വകവെക്കാതെയാണ് 2007 ജൂണ്‍ 12^ന് വ്യവസായ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഭൂമി കൈമാറ്റത്തിന് തീരുമാനമായത്. മന്ത്രിക്ക് പുറമെ എച്ച്്.എം.ടി യൂനിയനുകളുടെ നേതാക്കളും ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സ് പ്രതിനിധികളും സംബന്ധിച്ചിരുന്നു. എന്നാല്‍, ഭൂമി കൈമാറി പോക്കുവരവ് നടത്താന്‍ റവന്യൂ^വ്യവസായ മന്ത്രിമാര്‍ അനുമതി നല്‍കിയപ്പോള്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എറണാകുളം കലക്ടറും മൌനം പാലിക്കുകയായിരുന്നു.

3. പിണറായി മാപ്പുപറഞ്ഞില്ലെങ്കില്‍ ഇനി കമ്യൂണിസ്റ്റ് ഭരണമില്ല: എന്‍.എസ്.എസ്
തിരുവനന്തപുരം: വിമോചന സമരകാലഘട്ടത്തില്‍ മന്നത്ത് പത്മനാഭന്‍ നെറികേട് കാട്ടിയെന്ന് പറഞ്ഞ പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് എന്‍.എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍നായര്‍. അല്ലെങ്കില്‍ ഇവിടെ ഇനി കമ്യൂണിസ്റ്റ് ഭരണം ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഇവിടെ വിപ്ലവം നടത്താന്‍ കഴിയാഞ്ഞിട്ടല്ല. സൌമ്യമായി പ്രശ്നം കൈകാര്യം ചെയ്യുകയാണ് എന്‍.എസ്.എസിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ് കരയോഗം യൂനിയന്‍ പൊതുസമ്മേളനവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമദൂരം തന്നെയാണ് എന്‍.എസ്.എസ് ഇപ്പോഴും പിന്തുടരുന്നത്. എന്നാല്‍ സമദൂരം എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍.എസ്.എസിനോട് കാണിക്കുന്ന അതേദൂരം തന്നെയെന്ന മറ്റൊരു അര്‍ഥം കൂടിയുണ്ടതിന് . ഇവിടെ ഭരണമുണ്ടോ? വിമര്‍ശിക്കാനല്ലാതെ അനുകൂലിക്കാന്‍ എന്തെങ്കിലും കാര്യം ഈ സര്‍ക്കാറിനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

വെള്ളാപ്പള്ളിയുടെ ശിഷ്യനാകാനുള്ള യോഗ്യത എനിക്കില്ല. കാരണം ഞാന്‍ കള്ളുഷാപ്പിന്റെ അടുത്തുകൂടെ പോയിട്ടില്ല. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന സംവരണ അട്ടിമറിക്കെതിരെ മറ്റു സമുദായങ്ങളെ കൂട്ടുപിടിച്ച് പ്രക്ഷോഭം നടത്തും. തിരുവനന്തപുരത്തെ കണ്ണൂരാക്കാനുള്ള ശ്രമം സി.പി.എം നടത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം.

ശബരിമലയില്‍ മകരജ്യോതി തെളിഞ്ഞ സമയത്ത് നിഷേധപരമായി കൈകെട്ടിതിരിഞ്ഞ് നിന്ന മന്ത്രിക്ക് അയ്യപ്പന്‍ മറുപടി നല്‍കുമെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡന്റ് എം. സംഗീത്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍, ഹരികുമാര്‍ കോയിക്കല്‍ തുടങ്ങിയവരും സംബന്ധിച്ചു.

4. കര്‍ണാടക വനത്തിലേത് സാധാരണ ദര്‍ഗ; മാധ്യമങ്ങള്‍ കെട്ടുകഥ പരത്തരുതെന്ന് പോലിസ്
മംഗലാപുരം: കര്‍ണാടക വനത്തില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി തീവ്രവാദികള്‍ പരിശീലനം നടത്തിയെന്നതിന് തെളിവായി ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രം ഒരു സാധാരണ ദര്‍ഗയുടേതാണെന്ന് കര്‍ണാടക പോലിസ് അറിയിച്ചു.

‘തീവ്രവാദി ക്യാമ്പ്’ എന്ന പേരില്‍ വന്ന ചിത്രം കലഘാട്ടി വനത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ദര്‍ഗയാണ്. ഇത്തരം നിരവധി ദര്‍ഗകള്‍ ഇവിടെയുണ്ട്. എല്ലാ മതസ്ഥരും സന്ദര്‍ശനത്തിനെത്താറുമുണ്ട്. ഇത്തരം സ്ഥലത്ത് വെടിവെക്കല്‍ പരിശീലനം നടത്താന്‍ തീവ്രവാദ ക്യാമ്പ് സ്ഥാപിക്കുക അസാധ്യമാണെന്ന് പോലിസ് വ്യക്തമാക്കി.

ഇവിടെ പാക്കിസ്ഥാന്റെ പതാക ഉയര്‍ത്തിയിരുന്നുവെന്നും വെടിവെപ്പ് പരിശീലിപ്പിക്കാന്‍ പത്ത് മരങ്ങളില്‍ അടയാളമിട്ടിരുന്നുവെന്നുമായിരുന്നു പത്ര റിപ്പോര്‍ട്ട്. എന്നാല്‍ പോലിസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഒരു മരത്തിലും അടയാളം കണ്ടെത്താനായില്ല. പരിസരവാസികളെ ചോദ്യം ചെയ്തെങ്കിലും സംശയകരമായ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

രാജ്യത്തെ എല്ലാ ദര്‍ഗകളിലും കാണാറുള്ള പച്ച നിറത്തിലുള്ള പതാക തന്നെയാണ് ഇവിടെയുമുള്ളത്. അത് പാകിസ്ഥാന്‍ പതാകയല്ല. കലഘാട്ടിയുടെ ഉള്‍വനത്തിലല്ല ഈ ദര്‍ഗ. റോഡില്‍നിന്ന് അല്‍പം മാറിയാണ്. വാഹനത്തില്‍ ദര്‍ഗയിലെത്താം. ലശ്കറെ ത്വയ്യിബയുടെ തെക്കേ ഇന്ത്യന്‍ കമാന്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പാണെന്ന് പത്രങ്ങള്‍ പറഞ്ഞ ഈ സ്ഥലത്ത് ഇന്നലെയും ഒരു പോലിസുകാരന്‍പോലും കാവലുണ്ടായിരുന്നില്ല. ഇപ്പോഴും ഇവിടേക്ക് സന്ദര്‍ശകരെത്തുന്നുമുണ്ട്.

പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് കര്‍ണാടക ഈസ്റ്റ് സോണ്‍ ഐ.ജി പി. സത്യനാരായണ്‍ റാവു പറഞ്ഞു. ഐ.ബിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനത്തില്‍ നിന്ന് വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായ വാര്‍ത്ത ശരിയല്ലെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് ലാബുറാം പത്രക്കുറിപ്പില്‍ അറിയിച്ചു.

ഉള്ളാളില്‍ ജെ.കെ.എല്‍.എഫ് തീവ്രവാദി ആയുധങ്ങളോടെ പിടിയിലായതായ വാര്‍ത്തയും ശരിയല്ലെന്ന് പോലിസ് അറിയിച്ചു. സാധാരണ മോഷണക്കേസ് പ്രതിയെ പിടികൂടിയ വാര്‍ത്തയാണ് തെറ്റായി പ്രചരിച്ചതെന്ന് പോലിസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പിടിയിലായ മൂന്ന് യുവാക്കള്‍ക്ക് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായ വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ലോ ആന്റ് ഓര്‍ഡര്‍) ശങ്കര്‍ ബിദാരി പറഞ്ഞു.

ഹുബ്ലിയിലെ ദാവന്‍ഗരെയില്‍ സംശയകരമായ സാഹചര്യത്തില്‍ പോലിസ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളെ പിടികൂടിയതിനെ തുടര്‍ന്നാണ് വ്യാപകമായി കെട്ടുകഥകള്‍ പ്രചരിച്ചത്.

ഹുബ്ലി മഹാവിദ്യാലയപീഠത്തിലെ ബി.എച്ച്.എം.എസ് വിദ്യാര്‍ഥികളായ ഹൊസബെട്ടു സ്വദേശി അസദുല്ല അബൂബക്കര്‍, സെക്കന്തരാബാദ് സ്വദേശി റിയാസുദ്ദീന്‍ നാസര്‍ മുഹമ്മദ് ഗൌസ്, കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി റെയിച്ചൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് എന്നിവരാണ് പോലിസ് കസ്റ്റഡിയിലുള്ളത്.

ഇതില്‍ മുഹമ്മദ് ഗൌസ് ലശ്കറെ ത്വയ്യിബയുടെ പരിശീലനം പൂര്‍ത്തിയാക്കിയ കൊടും ഭീകരനാണെന്നാണ് പോലിസിനെ ഉദ്ധരിച്ച് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ ഇന്നലെയും പറഞ്ഞത്.

ഇന്റലിജന്‍സ് ബ്യൂറോയും കര്‍ണാടക, ഗുജറാത്ത്, ഹൈദരാബാദ് പോലിസും ഇവരെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി ഹൊണാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി.എല്‍ ജിന്‍രാല്‍കറിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതികളെ ഈമാസം ഒമ്പതുവരെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ആറുദിവസത്തോളം നിരന്തരം ചോദ്യം ചെയ്തിട്ടും ഇവരെക്കുറിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള ഒരു തെളിവും കോടതിക്കുമുന്നില്‍ ഹാജരാക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.

മുഹമ്മദ് ഗൌസിനെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ടുപോകുന്നത്. ഇയാള്‍ നേരത്തെ സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് പോലിസ് പറയുന്നു. ഇതാണത്രെ തീവ്രവാദബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലിസിനെ പ്രേരിപ്പിക്കുന്നത്.
പിടിയിലായവര്‍ ബന്ധപ്പെടാറുണ്ടെന്ന് സംശയിക്കുന്ന നിരവധി സ്ഥലങ്ങളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പോലിസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ കണ്ടെത്താനായില്ല.

അതിനിടെ, ചിത്രദുര്‍ഗയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത സൈഫ് അലി (43), മുഹമ്മദ് ജുനൈദ് (23), സഹോദരന്‍ ഇംതിയാസ് അഹമ്മദ് (16) എന്നീ കശ്മീരി യുവാക്കളെ ചോദ്യംചെയ്ത് ഇന്നലെ വിട്ടയച്ചു. ഇതില്‍ സൈഫ് അലി തന്റെ ഭാര്യയുടെ ട്യൂമര്‍ ചികില്‍സക്ക് പണം കണ്ടെത്താനും മുഹമ്മദ് ജുനൈദും ഇംതിയാസ് അഹമ്മദും നാട്ടിലെ ഒരു മദ്രസക്കുവേണ്ടി ധനശേഖരണത്തിനുമാണ് ഇവിടെയെത്തിയതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്.

5. തൊഴില്‍ അനുബന്ധ കാന്‍സര്‍ വര്‍ധിക്കുന്നു
ന്യൂദല്‍ഹി: പുകയില, കീടനാശിനികള്‍, അനാരോഗ്യകരമായ ഭക്ഷണ^ ജീവിത രീതികള്‍ എന്നിവയാണ് കാന്‍സറിന്റെ മുഖ്യ കാരണങ്ങളെന്ന് ശാസ്ത്രലോകം ആവര്‍ത്തിക്കുന്നു. ലോക കാന്‍സര്‍ ദിനത്തിന് മുന്നോടിയായി ഗവേഷകര്‍ പുറത്തുവിട്ട പഠനഫലങ്ങളിലാണ് ഈ വിവരം. അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതുമൂലം കാന്‍സര്‍ ബാധിതരാവുന്നവരുടെ എണ്ണം പ്രതിവര്‍ഷം കൂടി വരുന്നതായി ന്യൂസിലാന്റിലെ മാസി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. ഹെയര്‍ഡൈകള്‍, പെയിന്റുകള്‍, കീടനാശിനികള്‍ എന്നിവ നിര്‍മിക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍, കീടനാശിനികള്‍ തളിക്കുന്നവര്‍ എന്നിവരില്‍ കാന്‍സര്‍ സാധ്യത ഇരട്ടിയാണെന്ന് പഠനം പറയുന്നു.

‘പുകയില രഹിത കുട്ടിക്കാലം’ എന്നതാണ് ഇത്തവണത്തെ കാന്‍സര്‍ ദിന സന്ദേശം. ഇന്ത്യയില്‍ പ്രതിദിനം 5500 ചെറുപ്പക്കാര്‍ പുതുതായി പുകയില ഉപയോഗം തുടങ്ങുന്നു എന്നാണ് കണക്ക്. ഇന്ത്യയില്‍ കാന്‍സറിന്റെ ഏറ്റവും പ്രധാന കാരണം പുകയിലയാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. രാജ്യത്തെ കാന്‍സര്‍ രോഗികളില്‍ പകുതിയും പുകയില ഉപയോഗം കാരണം രോഗം ബാധിച്ചവരാണ്. പുകവലിക്കുന്നവരില്‍ അര്‍ബുദ സാധ്യത 12 ഇരട്ടിയാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

പച്ചക്കറികളിലും കൃത്രിമ പാനീയങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ക്ക് നിറവും രുചിയും നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളിലും കാന്‍സറിനു കാരണമാവുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന കാന്‍സറുകള്‍ക്ക് പ്രധാന കാരണം ഭക്ഷണത്തിലെ കീടനാശിനികളുടെ സാന്നിധ്യമാണെന്ന് കഴിഞ്ഞയാഴ്ച അമേരിക്കയിലെ മാക്ഗില്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. കൃത്രിമ ഭക്ഷണവും ഫാസ്റ്റ്ഫുഡും ക്രമംതെറ്റിയ ഭക്ഷണശീലവും കാന്‍സറിലേക്ക് നയിക്കുമെന്ന് ബ്രിട്ടനിലെ കാന്‍സര്‍ റിസേര്‍ച്ച് പഠനം മുന്നറിയിപ്പു നല്‍കുന്നു.

6. കേബിള്‍ തകരാര്‍ ഗള്‍ഫ് വാര്‍ത്താവിനിമയത്തെ ബാധിക്കുന്നു
ദുബൈ: സമുദ്രാന്തരഭാഗത്ത് തുടര്‍ച്ചയായുണ്ടാകുന്ന കേബിള്‍ തകരാറ് ഗള്‍ഫില്‍നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളെ തകരാറിലാക്കുന്നു. മൂന്നു ദിവസത്തിനിടെ മൂന്നു സ്ഥലങ്ങളിലായാണ് കേബിള്‍ ബന്ധം വിഛേദിക്കപ്പെട്ടത്.

കപ്പലിന്റെ നങ്കൂരം തട്ടുന്നതാണ് ഇതിനു കാരണമെന്ന് വിശദീകരണമുണ്ടെങ്കിലും തികച്ചും അസാധാരണമായ സ്ഥിതിവിശേഷമാണിതെന്ന് വിവിധ ടെലികോം കമ്പനികളുടെ മേധാവികള്‍ അഭിപ്രായപ്പെട്ടു. നേരത്തേയും സമുദ്രാന്തരഭാഗത്തെ കേബിളുകള്‍ വിഛേദിക്കപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി കേബിള്‍ മുറിയുന്നതാണ് സേവനദാതാക്കളെ വട്ടംകറക്കുന്നത്. ബുധനാഴ്ച മെഡിറ്ററേനിയന്‍ കടലില്‍ ഈജിപ്തിന് വടക്കുവശത്ത് രണ്ടിടത്തും വെള്ളിയാഴ്ച ദുബൈക്കു സമീപം പേര്‍ഷ്യന്‍ ഉള്‍ക്കടലിലുമാണ് സമുദ്രാന്തര കേബിളുകള്‍ വിഛേദിക്കപ്പെട്ടത്.

ബുധനാഴ്ചയുണ്ടായ കേബിള്‍ തകരാറിനെ തുടര്‍ന്ന് താളംതെറ്റിയ അന്താരാഷ്ട്ര ഇന്റര്‍നെറ്റ്^ടെലിഫോണ്‍ ബന്ധങ്ങള്‍ വെള്ളിയാഴ്ചയിലെ സംഭവവികാസത്തെ തുടര്‍ന്ന് കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. കേബിള്‍ തകരാറിനെ തുടര്‍ന്ന് മേഖലയിലെ പ്രമുഖ ടെലികോം സേവനദാതാക്കളെല്ലാം തങ്ങളുടെ സര്‍വീസ് മറ്റു പ്രദേശങ്ങളിലേക്ക് ഗതിമാറ്റി വിട്ടിട്ടുണ്ട്. ഫ്ലാഗ് ഫാല്‍ക്കന്‍ കമ്പനി യു.എ.ഇക്കും ഒമാനുമിടയില്‍ സ്ഥാപിച്ച സമുദ്രാന്തര കേബിള്‍ ബന്ധമാണ് വെള്ളിയാഴ്ച വിഛേദിക്കപ്പെട്ടത്. ദുബൈ തീരത്തുനിന്ന് 34.8 മൈല്‍ അകലെവെച്ചാണ് കേബിള്‍ മുറിഞ്ഞതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കേബിള്‍ തകരാറുമൂലം വിദേശ ഫോണ്‍കാളുകള്‍ കിട്ടാതിരിക്കുക, സംസാരത്തിനിടെ ഫോണ്‍ കട്ടാവുക, ഇന്റര്‍നെറ്റിന്റെ വേഗത കുറയുക തുടങ്ങിയവയാണ് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്നത്.

1. ജൈവവൈവിധ്യം: അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സമകാലിക പഠനത്തിനുള്ള യുജിസി രാജീവ്ഗാന്ധി ചെയര്‍ സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ സംരക്ഷണവും പരിപാലനവും അന്തര്‍ദേശീയ സമ്മേളനം തുടങ്ങി. സിഎംഎഫ്ആര്‍ഐയില്‍ ആരംഭിച്ച സമ്മേളനത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിദഗ്ധരും ഗവേഷക വിദ്യാര്‍ഥികളും പങ്കെടുക്കുന്നു.

കൊച്ചി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ഗംഗന്‍ പ്രതാപ് സമ്മേളനം ഉദ്ഘാടനംചെയ്തു. മഴയും സൂര്യപ്രകാശവും ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കേണ്ട കാലം അതിക്രമിച്ചതായി ഗംഗന്‍ പ്രതാപ് പറഞ്ഞു. ഇവയുടെ ലഭ്യതയില്‍ ഇന്ത്യ അനുഗ്രഹീതമാണ്. എന്നാല്‍ മഴവെള്ളം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. ജലം പൂര്‍ണമായി കടലിലേക്ക് ഒഴുകുന്നു. സമൃദ്ധമായ സൌരോര്‍ജത്തെയും ഉദാരമായ മണ്‍സൂണ്‍ മഴയെയും നാടിന്റെ ജൈവവൈവിധ്യത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ബുദ്ധിപരമായ ശ്രമങ്ങള്‍ക്ക് ഗവേഷകര്‍ കൂടുതല്‍ ഊന്നല്‍നല്‍കണം- ഡോ. ഗംഗന്‍ പ്രതാപ് പറഞ്ഞു.

അക്വാകള്‍ച്ചര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എം ശക്തിവേല്‍ അധ്യഷനായിരുന്നു. അലിഗഢ് മുസ്ളിം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ അസീസ്, തായ്ലന്‍ഡിലെ നെറ്റ്വര്‍ക് ഓഫ് അക്വാകള്‍ചര്‍ സെന്റേഴ്സ് ഇന്‍ ഏഷ്യ ഡയറക്ടര്‍ ജനറല്‍ ഡോ. സേന എസ് ഡിസില്‍വ, അഗ്രികള്‍ചര്‍ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗം ഡോ. മോഹന്‍ ജോസഫ് മേടയില്‍, ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ പ്രൊഫ. ഡോ. കെ എച്ച് ചൂ, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എന്‍ ജി കെ പിള്ള, കുസാറ്റ് സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ഐ എസ് ബ്രൈറ്റ് സിങ്, സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ വര്‍ക്കിങ് പ്രസിഡന്റ് ഡോ. ബി എന്‍ പാണ്ടി എന്നിവര്‍ സംസാരിച്ചു. രാജീവ്ഗാന്ധി ചെയര്‍ ഡയറക്ടര്‍ ഡോ. പി നടരാജന്‍ സ്വാഗതവും സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എല്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. സമ്മേളനം 6ന് സമാപിക്കും.

സമ്മേളനത്തോടനുബന്ധിച്ച് സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അവാര്‍ഡ്, പ്രൊഫ. എന്‍ ബി നായര്‍ അവാര്‍ഡ് എന്നിവയും വിതരണംചെയ്തു.

2. വിദ്യാഭ്യാസം ജീവിതഗന്ധിയാകണം : പ്രൊഫ. യശ്പാല്‍
തിരു: വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവും യഥാര്‍ഥ ജീവിതവും തമ്മില്‍ ബന്ധമില്ലാത്ത അവസ്ഥയാണ് സമൂഹത്തിലുള്ളതെന്ന് മുന്‍ യുജിസി ചെയര്‍മാന്‍ പ്രൊഫ. യശ്പാല്‍ പറഞ്ഞു. എസ്സിഇആര്‍ടി സംഘടിപ്പിച്ച പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരൊറ്റ വിഷയത്തില്‍മാത്രം അറിവ് നേടാനുളള താല്‍പ്പര്യമാണ് എല്ലാവരും പ്രകടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയാല്‍ മാത്രമേ അറിവ് പൂര്‍ണമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പഠനവിഷയങ്ങളിലെ അമിതഭാരംമൂലം വിദ്യാര്‍ഥികള്‍ പീഡനത്തിന് ഇരയാവുകയാണ്. വിദ്യാര്‍ഥികള്‍ സ്വയം ചോദിക്കുകയും അവര്‍തന്നെ ഉത്തരം കണ്ടെത്തുകയുംചെയ്യുന്ന വിദ്യാഭ്യാസമാണ് ആവശ്യം. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നത് മികവായി കാണരുത്.

സ്വയം അറിവ് നേടുന്നവരെ വിദ്യാഭ്യാസമുള്ളവരായി കണക്കാക്കുന്നില്ല. യഥാര്‍ഥത്തില്‍ ഇവരാണ് സൃഷ്ടിപരമായ അറിവ് നേടുന്നവര്‍. അറിവ് നേടാനായി ഇന്റര്‍നെറ്റ് ആശ്രയിക്കുമ്പോള്‍ പലപ്പോഴും ആവശ്യമായ വിവരങ്ങളല്ല ലഭിക്കുന്നത്. ഇത്തരം അറിവുകള്‍ നമ്മുടെ ചിന്തയെപ്പോലും തടയുന്നു.

ആഗോളവല്‍ക്കരണം ജനങ്ങളില്‍നിന്ന് അവരുടെ സംസ്കാരം, നാട്ടറിവ്, നര്‍മബോധം എന്നിവയെല്ലാം അകറ്റുന്നു. ജനങ്ങളില്‍ ഒരൊറ്റ സംസ്കാരം അടിച്ചേല്‍പ്പിക്കാനുളള ശ്രമം തടയേണ്ടതുണ്ട്. വൈവിധ്യമുളള സംസ്കാരം ലോകത്തില്‍ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എം എ ബേബി അധ്യക്ഷനായിരുന്നു.

3. മുംബൈയില്‍ അമിതാഭ് ബച്ചന്റെ വീട് കൈയേറി
മുംബൈ: ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ മരുമകന്‍ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍സേന (എംഎന്‍എസ്) പ്രവര്‍ത്തകര്‍ ചലച്ചിത്രതാരം അമിതാഭ് ബച്ചന്റെ വസതി ആക്രമിച്ചു. ബച്ചന്റെ ജൂഹുവിലെ ‘പ്രതീക്ഷ’ എന്ന വീടിനുനേരെ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. സിംലയില്‍ ഷൂട്ടിങ്ങിലായിരുന്നു അമിതാഭ് ബച്ചന്‍. സംഭവമറിഞ്ഞയുടന്‍ ഷൂട്ടിങ് നിര്‍ത്തി മുംബൈയ്ക്ക് തിരിച്ചു.

ഇതിനിടെ, വടക്കെ ഇന്ത്യക്കാരെ ആക്ഷേപിച്ച രാജ് താക്കറെയ്ക്കെതിരെ പൊലീസ് കേസെടുത്തു. യുപി, ബിഹാര്‍ സ്വദേശികള്‍ക്കെതിരെയും സമാജ്വാദി പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെയും എംഎന്‍എസ് ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണ്. പ്രശ്നം ഗൌരവമായിക്കണ്ട് ക്രമസമാധാനപാലനത്തിന് നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടുദിവസമായി അമിതാഭ്ബച്ചനും വടക്കെ ഇന്ത്യക്കാര്‍ക്കുമെതിരെ രാജ്താക്കറെ നടത്തുന്ന പ്രസ്താവനകളുടെ തുടര്‍ച്ചയാണ് ബച്ചന്റെ വീടിനു നേരെയുണ്ടായ ആക്രമണം. അമിതാഭ്ബച്ചന്‍ യുപിയില്‍ പെണ്‍കുട്ടികള്‍ക്കായി സ്കൂള്‍ തുടങ്ങാന്‍ പദ്ധതിയിട്ടതിനെ രാജ് താക്കറെ ആക്ഷേപിച്ചിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് പ്രശസ്തിയിലെത്തിയ ബച്ചന്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് രാജ് പറഞ്ഞു.

ഞായറാഴ്ച സമാജ്വാദി പാര്‍ടി നേതൃത്വത്തിലുള്ള യുഎന്‍പിഎ മുംബൈയിലെ ശിവാജിപാര്‍ക്കില്‍ റാലി സംഘടിപ്പിച്ചിരുന്നു. മുലായംസിങ് യാദവ്, ചന്ദ്രബാബുനായിഡു, ഫാറൂഖ് അബ്ദുള്ള, അമര്‍സിങ്, ജയാബച്ചന്‍ തുടങ്ങിയവര്‍ റാലിയെ അഭിസംബോധനചെയ്തിരുന്നു. റാലിക്കു നേരെ എംഎന്‍എസ് കല്ലേറ് നടത്തി. തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും യുപി, ബിഹാര്‍ സ്വദേശികളെ എംഎന്‍എസ് ആക്രമിച്ചു. തെരുവുകച്ചവടക്കാരും ടാക്സിഡ്രൈവര്‍മാരുമാണ് ആക്രമിക്കപ്പെട്ടവരിലേറെയും. അവരുടെ വസ്തുവകകളും വാഹനവും തകര്‍ത്തു. ഭോജ്പുരി ഭാഷയിലുള്ള സിനിമ പ്രദര്‍ശിപ്പിച്ച രണ്ടുതിയറ്ററിനു നേരെയും ആക്രമണമുണ്ടായി. 25 എംഎന്‍എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. മുംബൈയില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

മുംബൈയില്‍ വടക്കേ ഇന്ത്യക്കാര്‍ക്കെതിരെയുള്ള അക്രമങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. മുംബൈയില്‍ ജീവിക്കുന്ന ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയസംഘടനയുടെ പ്രചാരണവും പ്രസ്താവനകളുമാണ് ഈ ആക്രമണത്തിനു കാരണം. ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പിബി ആവശ്യപ്പെട്ടു.

അതിക്രമങ്ങളില്‍ കോണ്‍ഗ്രസും പ്രതിഷേധിച്ചു. രാജ് താക്കറെ പ്രശസ്തിക്കായി വിലകുറഞ്ഞ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. അസഹിഷ്ണുതയാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍- കോണ്‍ഗ്രസ് വക്താവ് അഭിഷേക്സിങ്വി പറഞ്ഞു.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ടി തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചു. എസ്പി നേതാവ് അമര്‍സിങ്ങാണ് പരാതി നല്‍കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് വേണ്ട നടപടിയെടുത്തില്ലെന്നും അമര്‍സിങ് കുറ്റപ്പെടുത്തി.

4. സ്ത്രീധനം: സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം -മഹിളാ അസോ
ന്യൂഡല്‍ഹി: വിവാഹശേഷം കുട്ടിയുടെ ജനനമടക്കമുള്ള സന്ദര്‍ഭങ്ങളില്‍ ആചാരപരമായി നല്‍കുന്ന സമ്മാനങ്ങളെ സ്ത്രീധനപരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു. സ്ത്രീധനം വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വിധികള്‍ സുപ്രീംകോടതിയില്‍നിന്നുണ്ടാകുന്നത് ദൌര്‍ഭാഗ്യകരമാണെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദര്‍രാമനും ലീഗല്‍സെല്‍ കണ്‍വീനര്‍ കീര്‍ത്തി സിങ്ങും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുനഃപരിശോധന ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ സുപ്രീംകോടതിയില്‍ അടുത്തയാഴ്ച പ്രത്യേക അപേക്ഷ നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

സ്ത്രീധനത്തിന് സാധുത നല്‍കുംവിധം സുപ്രീംകോടതിയില്‍നിന്നുണ്ടാകുന്ന മൂന്നാമത്തെ വിധിയാണ് ഇിത്. ആചാരപരമായി നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് 2001ല്‍ കോടതി വിധിച്ചിരുന്നു. ഭക്ഷണം, വീട് നടത്തിക്കൊണ്ടു പോകുന്നതിനുള്ള ചെലവ് തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീധനമായി കാണേണ്ടതില്ലെന്ന് 2007ല്‍ മറ്റൊരു വിധിയും കോടതിയില്‍നിന്നുണ്ടായി.

സ്ത്രീധനത്തിന്റെ ശരിയായ നിര്‍വചനത്തെ പൂര്‍ണമായും വളച്ചൊടിക്കുന്നതാണ് ഇപ്പോള്‍ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചിട്ടുള്ള വിധി. വിവാഹ സമയത്തോ അതിനുശേഷമോ പണമായോ അല്ലാതെയോ നല്‍കുന്ന സമ്മാനങ്ങളെ സ്ത്രീധനമായി കണക്കാക്കാമെന്നാണ് സ്ത്രീധന നിരോധന നിയമത്തില്‍ പറയുന്നത്.

വിവാഹസമയത്തു മാത്രമല്ല കുട്ടിയുടെ ജനനം, വാര്‍ഷികം, ആഘോഷം തുടങ്ങി പല ഘട്ടങ്ങളിലും വരന്റെ വീട്ടുകാര്‍ പണവും മറ്റും ആവശ്യപ്പെടാറുണ്ട്. ഇതിന്റെ പേരില്‍ ഏറെ പീഡനങ്ങളും നടക്കാറുണ്ട്. ഭ്രൂണഹത്യ, സ്ത്രീകള്‍ക്ക് സ്വത്തവകാശം നിഷേധിക്കുക തുടങ്ങിയ പ്രവണതകള്‍ക്കൊക്കെ ത്തന്നെ സ്ത്രീധനവുമായി ബന്ധമുണ്ട്. കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ അടുത്തകാലത്ത് വന്നിട്ടുള്ള വര്‍ധന സ്ഥിതിഗതികള്‍ എത്ര രൂക്ഷമാണെന്നതിനു തെളിവാണ്. ഇന്ത്യയില്‍ ദിനംപ്രതി 7000 പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നതായാണ് യുണിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടാകുന്ന ഇത്തരം വിധികള്‍ തീര്‍ത്തും അനാരോഗ്യകരമായ കീഴ്വഴക്കം സൃഷ്ടിക്കും. കുറ്റവാളികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കും- നേതാക്കള്‍ ചൂണ്ടിക്കാട്ടി.

5. യുജിസി ചട്ടം സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുമേല്‍ സംസ്ഥാനത്തിന് പൂര്‍ണാധികാരം
ന്യൂഡല്‍ഹി: സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് ദേശീയതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് യുജിസി കൊണ്ടുവരുന്ന പുതിയ ചട്ടം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. ചട്ടം നിലവില്‍വന്നാല്‍ സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള എയ്ഡ്ഡ്-അണ്‍എയ്ഡഡ് പ്രൊഫഷണല്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനായിരിക്കും.

കേരള സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ നിയമത്തിന് സമാനമായി ഫീസ് നിര്‍ണയത്തിനും പ്രവേശനമേല്‍നോട്ടത്തിനും പ്രത്യേകം സമിതികളെ നിയമിക്കാന്‍ യുജിസി ചട്ടം സര്‍ക്കാരിന് അധികാരം നല്‍കുന്നു. സംസ്ഥാനങ്ങിലെ പ്രവേശനമേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി മുന്‍ വൈസ്ചാന്‍സലറെയോ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏതെങ്കിലും സര്‍ക്കാര്‍ സമിതിയുടെ അധ്യക്ഷനായിരുന്ന ആളെയോ പരിഗണിക്കണമെന്നാണ് ചട്ടത്തില്‍ പറയുന്നത്. അധ്യക്ഷനടക്കം നാലംഗങ്ങളാവണം സമിതിയിലുണ്ടാവേണ്ടത്. അംഗങ്ങളിലൊരാള്‍ വിദ്യാഭ്യാസവിദഗ്ധനായിരിക്കണം. മൂന്ന് വര്‍ഷമാണ് സമിതിയുടെ കാലാവധി.

സംസ്ഥാനത്തെ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുകയാണ് സമിതിയുടെ പ്രധാനഉത്തരവാദിത്തം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക, ലിസ്റ്റില്‍ നിന്ന് വിവിധ കോളേജുകളിലേക്കുള്ള പ്രവേശനം നടത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും സമിതിക്കുണ്ടാവും. വിദ്യാര്‍ത്ഥികള്‍ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ചേരാനാഗ്രഹിക്കുന്ന കോഴ്സിന്റെയും സ്ഥാപനത്തിന്റെയും വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും സമിതി ഓരോ വിദ്യാര്‍ത്ഥിയും ഏത് സ്ഥാപനത്തില്‍ ഏത് കോഴ്സിന് ചേരണമെന്ന് നിശ്ചയിക്കുക.

സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഫീസ് നിര്‍ണയ സമിതിയുടെ അധ്യക്ഷന്‍ മുന്‍ ഹൈക്കോടതി ജഡ്ജിയാവണം. ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്റടക്കം മൂന്നംഗങ്ങള്‍ കൂടി സമിതിയിലുണ്ടാവും. സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്ന ഫീസ് എത്രയെന്ന് നിശ്ചയിക്കുകയാണ് സമിതിയുടെ പ്രധാനചുമതല.

സ്ഥാപനം നടത്തികൊണ്ടു പോകാന്‍ വേണ്ടി വരുന്ന ചെലവിനെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തിയാവും സമിതി ഫീസ് നിശ്ചയിക്കുക. സ്വാശ്രയ സ്ഥാപനങ്ങളില്‍ 75 ശതമാനം വരുന്ന ജനറല്‍ സീറ്റുകളിലെ ഫീസാണ് സമിതി നിശ്ചയിക്കുക. ബാക്കി 25 ശതമാനം വരുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ -മാനേജ്മെന്റ് സീറ്റുകളിലെ ഫീസ് സ്ഥാപനത്തിന് തന്നെ നിശ്ചയിക്കാം. എന്നാല്‍ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന ഫീസിന് സമിതിയുടെ അംഗീകാരമുണ്ടാവണം. നിശ്ചയിക്കുന്ന ഫീസല്ലാതെ മറ്റൊരു തരത്തിലും വിദ്യാര്‍ഥികളില്‍ നിന്ന് പണം ഈടാക്കാന്‍ പാടില്ലെന്ന് ചട്ടത്തില്‍ എടുത്തുപറയുന്നുണ്ട്.

ഫീസ് നിര്‍ണയ സമിതിയുടെയോ പ്രവേശനമേല്‍നോട്ട സമിതിയുടെയോ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേല്‍ പിഴ ചുമത്താനും അംഗീകാരം എടുത്തുകളയാനും ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്.

കല്‍പ്പിത സര്‍വ്വകലാശാലകള്‍, കേന്ദ്രസര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് പ്രവേശം നടത്തുന്നതിനുള്ള സമിതിയെയും ഫീസ് നിര്‍ണയിക്കുന്നതിനുള്ള സമിതിയെയും യുജിസി തന്നെയാവും നിശ്ചയിക്കുക. സംസ്ഥാനതലത്തിലുള്ള സമിതികള്‍ക്ക് സമാനമായിട്ടാവും കേന്ദ്രതലത്തില്‍ യുജിസി നിശ്ചയിക്കുന്ന സമിതിയും പ്രവര്‍ത്തിക്കുക. സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ മറ്റ് കല്‍പ്പിത സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവയുടെ നിയന്ത്രണം യുജിസിക്കായിരിക്കും.

6. ദളിത് യുവാവിനെ തിളച്ച എണ്ണയില്‍ തള്ളിയിട്ട് കൊന്നു
ഇറ്റാവ(യുപി): അനാരോഗ്യം കാരണം ജോലിചെയ്യാന്‍ വിസമ്മതിച്ച ദളിത് യുവാവിനെ ബേക്കറി ഉടമ തിളച്ച എണ്ണയില്‍ തള്ളിയിട്ട് കൊന്നു.

ബര്‍ത്താന മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ട സത്യവീര്‍സിങ് കുറച്ചുദിവസമായി അസുഖബാധിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബേക്കറി ഉടമ അനൂപ് പോര്‍വാളും മറ്റു ചിലരുംചേര്‍ന്ന് സത്യവീറിനെ മര്‍ദിക്കുകയും ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും ഇവര്‍ പറഞ്ഞു.

രോഷാകുലരായ നാട്ടുകാര്‍ ഇറ്റാവ-കനൌജ് പാത തടഞ്ഞു. സംഭവം നടന്നയുടന്‍ പോര്‍വാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

. ഇറാന്‍ ബഹിരാകാശ കേന്ദ്രം തുറന്നു; ആദ്യ തദ്ദേശ റോക്കറ്റ് വിക്ഷേപിച്ചു
ടെഹ്റാന്‍: ആണവ സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള ശ്രമത്തില്‍ പാശ്ചാത്യരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് നേരിടുന്ന ഇറാന്‍ തിങ്കളാഴ്ച തങ്ങളുടെ ആദ്യ ബഹിരാകാശകേന്ദ്രം തുറന്ന് ശാസ്ത്ര സാങ്കേതികരംഗത്തെ ശക്തി തെളിയിച്ചു. ഇതോടനുബന്ധിച്ച് തദ്ദേശനിര്‍മിതമായ ആദ്യ പരീക്ഷണറോക്കറ്റായ ‘എക്സ്പ്ളോറര്‍-1’ഉം ഇറാന്‍ വിജയകരമായി വിക്ഷേപിച്ചു. മാര്‍ച്ച് 20ന് ആരംഭിക്കുന്ന ഇറാനിയന്‍ വര്‍ഷത്തില്‍ സ്വന്തം ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ആദ്യ തദ്ദേശ ഉപഗ്രഹം വിക്ഷേപിച്ച് പുതിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് ഇറാനെന്നും സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ആദ്യറോക്കറ്റിന്റെ വിക്ഷേപണത്തോടെ ഇറാന്‍ ഈ രംഗത്ത് മുന്നിലുള്ള ലോകശക്തികളുടെ നിരയിലായി. ഈ വിക്ഷേപണത്തോടെ ഇറാന്‍ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനും റോക്കറ്റുകള്‍ വിക്ഷേപിക്കാനുമുള്ള ബഹിരാകാശ സാങ്കേതികവിദ്യ സ്വായത്തമാക്കിയ ലോകത്തെ 11 രാജ്യങ്ങളോടൊപ്പം ചേര്‍ന്നതായി സര്‍ക്കാര്‍ ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് വിക്ഷേപണ ഉത്തരവ് നല്‍കുന്നതടക്കം തത്സമയ ദൃശ്യങ്ങള്‍ ടിവി കാണിച്ചു. ഇറാന്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തദ്ദേശനിര്‍മിതമായ ആദ്യറോക്കറ്റ് വിക്ഷേപിച്ചിരുന്നെങ്കിലും അത് ഭ്രമണപഥത്തോളം എത്തിയില്ല.

ഭൂഗര്‍ഭ നിയന്ത്രണ നിലയവും വിക്ഷേപണത്തറയുമുള്ളതാണ് ഇറാന്റെ ബഹിരാകാശകേന്ദ്രം. വടക്കന്‍ ഇറാനിലെ സെംനാന്‍ പ്രവിശ്യയില്‍ മരുപ്രദേശത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇറാനിയന്‍ പര്യവേക്ഷണ ഉപഗ്രഹമായ ഉമിദ്(പ്രത്യാശ) ഇവിടെനിന്നായിരിക്കും വിക്ഷേപിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. 2005 ഒക്ടോബറില്‍ ഇറാനുവേണ്ടി റഷ്യ ഉപഗ്രഹം നിര്‍മിച്ച് തങ്ങളുടെതന്നെ റോക്കറ്റുപയോഗിച്ച് ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു. ‘സിന-1’ എന്ന ആ ഉപഗ്രഹമാണ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ട ഏക ഇറാനിയന്‍ ഉപഗ്രഹം.

1. 11 ഭൂമി ഇടപാട് കൂടി വിവാദത്തില്‍
തിരുവനന്തപുരം: റവന്യു വകുപ്പ് അറിയാതെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വ്യവസായ വകുപ്പ് എച്ച്എംടിക്കു പുറമെ 11 വന്‍കിട ഭൂമിയിടപാടു കൂടി നടത്തിയതായി കണ്ടെത്തി. ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച പ്രത്യേക കുറിപ്പില്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം എച്ച്എംടി ഭൂമിയിടപാട് അന്വേഷിക്കട്ടെ എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.

അതേസമയം എച്ച്എംടി ഇടപാടില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എറണാകുളം കലക്ടറും നടപടിക്രമങ്ങള്‍ ലംഘിച്ചതായി റവന്യു വകുപ്പ് ഉന്നതര്‍ മന്ത്രിയെ ധരിപ്പിച്ചു. 1996 മുതല്‍ ഒരേക്കറോളം ഭൂമി ഏഴു പേര്‍ക്കായി എച്ച്എംടി വിറ്റതായും കണ്ടെത്തി. കൊരട്ടി വൈഗാ ത്രെഡ്സ്, മാവൂര്‍ റയോണ്‍സ്, ആലപ്പുഴ സ്മൃതി വനം, ആലപ്പുഴ സ്കൂട്ടേഴ്സ് കേരള എന്നിവയുടെ ഭൂമി കൈമാറിയതും കോഴിക്കോട് കിനാലൂരില്‍ മലേഷ്യന്‍ കമ്പനിക്കു നല്‍കിയ ഭൂമി, ബ്രഹ്മോസിനു നല്‍കിയ തിരുവനന്തപുരത്തെ ഹൈടെക് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഇടപാടുകളുമാണ് റവന്യു വകുപ്പ് ഇപ്പോള്‍ അന്വേഷണം ആവശ്യപ്പെടുന്നത്.

1996ലെ സര്‍ക്കാര്‍ ഉത്തരവ് (നമ്പര്‍ 41441/പി1/96/ആര്‍ഡി) ലംഘിച്ചാണ് വ്യവസായ വകുപ്പ് ഈ ഭൂമി കൈമാറ്റമെല്ലാം നടത്തിയതെന്നാണ് റവന്യു വകുപ്പിന്റെ ആക്ഷേപം. കേരള സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് നിര്‍ദേശങ്ങളിലെ ചട്ടം 60 പ്രകാരം സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഭൂമി കൈമാറ്റവും വില്‍പനയും പാട്ടവുമെല്ലാം റവന്യു വകുപ്പു വഴി മാത്രമേ പാടുള്ളൂവെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയിടപാടില്‍ ഈ ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ കര്‍ശന അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എറണാകുളം കലക്ടറും ഈ ഉത്തരവു ലംഘിച്ചതായാണ് റവന്യു മന്ത്രിയുടെ ഓഫിസിന്റെ വിലയിരുത്തല്‍.

ആദ്യം ജില്ലാ കലക്ടറും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഭൂമിയുടെ പോക്കുവരവു തടയാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണ്‍ ആറിനു വ്യവസായ-റവന്യു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതലയോഗമാണ് ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സിനു ഭൂമി പോക്കുവരവു ചെയ്തു കൊടുക്കാന്‍ നിര്‍ദേശിച്ചത്. മന്ത്രിമാര്‍ തന്നെയായിരുന്നു പോക്കുവരവിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍ നിര്‍ദേശിച്ചതും. എന്നാല്‍ യോഗത്തിന്റെ മിനിറ്റ്സിന്റെ പകര്‍പ്പ് റവന്യു വകുപ്പിന് അയച്ചുകൊടുത്തില്ല. റവന്യു വകുപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ നടപടിക്രമ പ്രകാരം സെക്രട്ടേറിയറ്റിലെ എം സെക്ഷന്‍ വഴിയാണു താഴോട്ടു പോകേണ്ടത്.

പോക്കുവരവു ചെയ്യാനുള്ള കത്ത് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എറണാകുളം ജില്ലാ കലക്ടര്‍ക്കു നേരിട്ട് അയച്ചുകൊടുക്കുകയായിരുന്നു. കലക്ടറാകട്ടെ തൊട്ടടുത്ത ദിവസം തന്നെ ഇതിനു നടപടി സ്വീകരിച്ചു. വ്യവസായ വകുപ്പിലെ ഉന്നതരുടെ അറിവില്ലാതെ ഇത്തരത്തില്‍ വ്യവസായ സെക്രട്ടറി നല്‍കിയ നിര്‍ദേശം കലക്ടര്‍ എന്തിനു നടപ്പാക്കിയെന്ന ചോദ്യമാണ് റവന്യു മന്ത്രിയുടെ ഓഫിസ് ഉന്നയിക്കുന്നത്. ഭൂമിയുടെ കൈവശാവകാശ രേഖയില്ലാതെ റജിസ്ട്രേഷന്‍ നടത്തിക്കൊടുത്തതിനു പിന്നില്‍ റജിസ്ട്രേഷന്‍ വകുപ്പിലെ ഉന്നതരുടെ കൈയുണ്ടെന്നും റവന്യു വകുപ്പ് സംശയിക്കുന്നു. എച്ച്എംടി 1996 മുതല്‍ ഏഴു സ്വകാര്യ വ്യക്തികള്‍ക്കു വിറ്റ ഭൂമി തിരിച്ചെടുക്കണമെന്നും റവന്യു മന്ത്രിയുടെ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

പടമാടന്‍ ഇന്‍ഡസ്ട്രീസ് -10.62 സെന്റ് , സൂസി മാത്യു-10.62 സെന്റ്, ഫരീദ് കുഞ്ഞ് -11 സെന്റ്, നന്ദന്‍-20 സെന്റ്, അജിത്, അബ്ബാസ് -20 സെന്റ്, ഡോ. കെ.ഇ. ജോര്‍ജ് -31 സെന്റ് എന്നിങ്ങനെയാണു വിറ്റത്. പടമാടന്‍ ഇന്‍ഡസ്ട്രീസിന് 1996ലും സൂസി മാത്യുവിനു 1997ലുമാണു വിറ്റത്. മറ്റുള്ളവരുടെ 82 സെന്റ് 2005-06 കാലയളവിലാണു നല്‍കിയത്. തഹസില്‍ദാരുടെ ഉത്തരവു പ്രകാരമായിരുന്നത്രെ ഈ ഭൂമി കൈമാറ്റം.

2. തമിഴ്നാട്ടില്‍ സൌജന്യമായി കൊടുത്ത എന്‍ജിനുകള്‍ കേരള തീരത്ത് വിറ്റു
ആലപ്പുഴ: തമിഴ്നാട്ടിലെ സൂനാമി ബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്കു സൌജന്യമായി വിവിധ ഏജന്‍സികള്‍ വിതരണംചെയ്ത സുസുക്കി എന്‍ജിനുകള്‍ വില കുറച്ച് കേരളത്തില്‍ വിറ്റഴിച്ചതായി കണ്ടെത്തി. ഈ എന്‍ജിനുകള്‍ വാങ്ങിയതായി വ്യാജബില്ലുകള്‍ ഉണ്ടാക്കി മണ്ണെണ്ണ പെര്‍മിറ്റ് തരപ്പെടുത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.

മത്സ്യത്തൊഴിലാളികളെ കടക്കെണിയിലേക്കു തള്ളിവിടുന്ന മണ്ണെണ്ണ ലോബികള്‍ക്കെതിരെ നടപടിക്കു സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ മാസം 17നു സംസ്ഥാന വ്യാപകമായി വീണ്ടും രേഖകളുടെ പരിശോധന നടത്തി നിരപരാധികളായ മത്സ്യത്തൊഴിലാളികളെ ക്രൂശിക്കാനാണു സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞംമുതല്‍ പൊഴിയൂര്‍വരെയുള്ള തീരപ്രദേശത്താണു തമിഴ്നാട്ടില്‍ സൌജന്യമായി വിതരണംചെയ്ത സുസുക്കി എന്‍ജിനുകള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതായി കണ്ടെത്തിയത്. 136 വ്യാജബില്ലുകള്‍ ഇത്തരത്തില്‍ കണ്ടെടുത്തു. സംസ്ഥാനത്ത് സുസുക്കി എന്‍ജിനുകള്‍ വില്‍പനനടത്തുന്നത് മത്സ്യഫെഡും സൌത്ത് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഫിഷര്‍മെന്‍ സൊസൈറ്റീസും (സിഫ്സ്) മാത്രമാണ്. തമിഴ്നാട്ടില്‍ എന്‍ജിനുകള്‍ ലഭിച്ച മത്സ്യത്തൊഴിലാളികളില്‍നിന്നു ചുളുവിലയ്ക്കു വാങ്ങിയ എന്‍ജിനുകള്‍ ഇവിടെ മാര്‍ക്കറ്റ് വിലയിലും കുറച്ച് വിറ്റഴിച്ച മണ്ണെണ്ണ ലോബി, സിഫ്സിന്റെ പേരില്‍ വ്യാജ ബില്‍ ഉണ്ടാക്കിയാണു മണ്ണെണ്ണ പെര്‍മിറ്റിന് അപേക്ഷിച്ചത്. രേഖകളുടെ സൂക്ഷ്മപരിശോധനയിലാണു തട്ടിപ്പ് പിടിക്കപ്പെട്ടത്. സിഫ്സിന്റെ ബില്ലിലെ ഇന്‍വോയ്സ് നമ്പറിലും ഒപ്പിലും സീലിലും സംശയം തോന്നിയ മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ സിഫ്സുമായി ബന്ധപ്പെട്ടപ്പോഴാണു ബില്‍ വ്യാജമാണെന്നു തെളിഞ്ഞത്. കൊല്ലം, ആലപ്പുഴ ഉള്‍പ്പെടെ മറ്റു ജില്ലകളിലും സമാന തട്ടിപ്പ് അരങ്ങേറിയിട്ടുണ്ട്.

കേരള തീരത്തെ മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മണ്ണെണ്ണ പെര്‍മിറ്റ് കൈക്കലാക്കുന്ന ലോബികള്‍ റേഷന്‍ നിരക്കില്‍ മണ്ണെണ്ണ വാങ്ങി മത്സ്യത്തൊഴിലാളികള്‍ക്കു തന്നെ നാലിരട്ടി വിലയ്ക്കു വില്‍ക്കുകയാണ്. എന്‍ജിനുകളുടെ ശേഷി അനുസരിച്ച് 150 മുതല്‍ 500 ലിറ്റര്‍ വരെയാണു പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്ന പെര്‍മിറ്റ്. 9.30 രൂപമുതല്‍ 9.70 വരെയാണ് വില. കടബാധ്യത നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 25,000 രൂപവരെ സാമ്പത്തിക സഹായം നല്‍കി രംഗത്തുവരുന്ന മണ്ണെണ്ണ ലോബി ഇവരില്‍നിന്ന് പെര്‍മിറ്റ് കൈക്കലാക്കും. ഇതുപയോഗിച്ച് മണ്ണെണ്ണ വാങ്ങുന്ന ലോബികള്‍ ഇതേ മണ്ണെണ്ണ 35 രൂപവരെ വിലയ്ക്കു തീരത്തുതന്നെ വില്‍ക്കും.

3. കടത്തിയത് 104 ലോഡ് സുപാരി; 1.33 കോടി രൂപ പിഴയിട്ടു
ബത്തേരി: പാലക്കാട് അസിസ്റ്റന്റ് സെയില്‍സ് ടാക്സ് കമ്മിഷണറുടെ ഒപ്പും സീലുമുള്ള വ്യാജരേഖ ചമച്ച് മുത്തങ്ങ വാണിജ്യ നികുതി ചെക്ക്പോസ്റ്റ് വഴി കടത്തിയത് 104 ലോഡ് സുപാരി പാക്ക് ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവയ്ക്ക് പത്തുകോടിയോളം രൂപ വില വരുമെന്നും സെയില്‍സ് ടാക്സ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് പാലക്കാട് ജില്ലയിലെ സവിത സുപാരി ട്രേഡേഴ്സിന്റെ പേരിലുള്ള ലോഡുകള്‍ മുത്തങ്ങ വഴി കടന്നുപോയത്. വാണിജ്യനികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധമുള്ളതായും ലക്ഷക്കണക്കിനു രൂപ കൈക്കൂലി കൈപ്പറ്റിയതായും സൂചനയുണ്ട്. നടപടികളുടെ ഭാഗമായി ചിലര്‍ക്ക് മെമ്മോയും ലഭിച്ചുകഴിഞ്ഞു.

സവിത ട്രേഡേഴസ്് കൂടാതെ മറ്റു പല സ്ഥാപനങ്ങളും ഇത്തരത്തില്‍ സുപാരി പാക്ക് കടത്തിയതായി സൂചനയുണ്ട്. ഇവരില്‍ പലരും ബിനാമി ഇടപാടുകാരാണെന്നും അറിയുന്നു. കഴിഞ്ഞ മാസം 25നാണ് ഇന്റലിജന്‍സ് വിഭാഗം ആദ്യം റെയ്ഡ് നടത്തിയത്. അന്ന് മുത്തങ്ങ വഴി കടന്നുപോയ രണ്ട് ലോഡുകള്‍ പിടികൂടി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 104 ലോഡുകളുടെ വിവരങ്ങള്‍ ലഭിച്ചത്. നികുതിവെട്ടിപ്പ് കണ്ടെത്തിയതിന്റെ വെളിച്ചത്തില്‍ ലോഡുടമയ്ക്കും ലോറിയുടമകള്‍ക്കും രണ്ടിരട്ടി നികുതി അടയ്ക്കാന്‍ നോട്ടീസ് കൊടുക്കും. 104 ലോഡിന് 1,33,12,000 പിഴയൊടുക്കേണ്ടിവരും. പ്രതികള്‍ക്കെതിരെ നികുതിവെട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും ക്രിമിനല്‍ കേസടക്കം നിലവിലുണ്ട്.

സുപാരി കടത്തിയ ചാലിശ്ശേരി ട്രേഡേഴ്സ് ഉടമ ഒളിവിലാണ്. പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ പരാതിയുടെ പുറത്ത് ചാലിശ്ശേരി പൊലീസാണ് കേസെടുത്തത്. സെയില്‍സ് ടാക്സ് ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മിഷണര്‍ കെ. രവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

4. മെര്‍ക്കിസ്റ്റണ്‍: കെട്ടിട നികുതി ഒടുക്കി സേവി വീണ്ടും
തിരുവനന്തപുരം: സര്‍ക്കാര്‍ തിരിച്ചെടുത്ത മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ കെട്ടിട നികുതി അടയ്ക്കാന്‍ സേവി മനോ മാത്യുവിനു പെരിങ്ങമ്മല പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് . ഇതേത്തുടര്‍ന്ന് 12176 രൂപ അടച്ചു സേവി രസീത് കൈപ്പറ്റി. പരിസ്ഥിതി ദുര്‍ബല പ്രദേശമായി ജനുവരി എട്ടിനു സര്‍ക്കാര്‍ വീണ്ടും ഏറ്റെടുത്ത ഈ ഭൂമിയില്‍ സേവിക്ക് നോട്ടീസ് നല്‍കിയതിനു പിന്നില്‍ ദൂരൂഹത ഉണ്ടെന്ന് റവന്യു വകുപ്പ് സംശയിക്കുന്നു. കോടതിയില്‍ നിലവിലുള്ള കേസിനെ ഇതു ബാധിക്കുമെന്ന് റവന്യു വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

സതേണ്‍ ഫീല്‍ഡ് വെഞ്ച്വേഴ്സ് മാനേജിങ് ഡയറക്ടര്‍ എന്ന പേരില്‍ സേവിക്കു പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് അയച്ചത് ജനുവരി 22നാണ്. എസ്റ്റേറ്റിലെ വിവിധ കെട്ടിടങ്ങള്‍ക്കായി 2007-08 ലേക്ക് കെട്ടിട നികുതി ആയി 12176 രൂപ അടയ്ക്കണമെന്നും 15 ദിവസത്തിനകം പണം അടച്ചു രസീത് കൈപ്പറ്റിയില്ലെങ്കില്‍ കെട്ടിടം ജപ്തി ചെയ്യുമെന്നും നോട്ടീസില്‍ മുന്നറിയിപ്പു നല്‍കി. 30നു സേവി പണം അടച്ചു. സര്‍ക്കാരിന്റെ ഭൂമിയാണെന്നു പറയുന്നു, എന്നോട് പണം അടയ്ക്കാനും പറയുന്നു. ഞാന്‍ പണം അടച്ചു – ഇങ്ങനെയായിരുന്നു ചാനല്‍ പ്രതിനിധികളോട് സേവിയുടെ പ്രതികരണം.

ഇതിനു പുറമെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ഇന്നലെ വിളിച്ച യോഗത്തിലും സേവി പങ്കെടുത്തു. സിഐടിയു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. തൊഴിലാളികളുടെ ശമ്പളക്കുടിശിക നല്‍കുക, ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കുക തുടങ്ങി 13 ആവശ്യങ്ങളാണ് സംഘടന ഉന്നയിച്ചത്. ഐഎന്‍ടിയുസി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഒരുവട്ടം കൂടി യോഗം ചേരും.

5. നികുതിവെട്ടിപ്പ്: ലോറികള്‍ പിടികൂടി
കല്‍പറ്റ: മുത്തങ്ങ കേന്ദ്രീകരിച്ച് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നികുതിവെട്ടിപ്പു പിടികൂടി. നികുതിവെട്ടിച്ച് കര്‍ണാടകയിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന അടയ്ക്ക, കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കു കടത്തുകയായിരുന്ന കോഴി, കടല എന്നിവയാണു പിടികൂടിയത്. ഇവയ്ക്ക് 30,700 രൂപ പിഴ ചുമത്തി. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇന്നലെ പുലര്‍ച്ചെ നാലു മുതല്‍ ആറുവരെ മിന്നല്‍ പരിശോധന നടത്തിയത്. തിങ്കളാഴ്ചയായതിനാല്‍ കൂടുതല്‍ ക്രമക്കേട് കണ്ടെത്താന്‍ കഴിഞ്ഞില്ല. പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നോര്‍തേണ്‍ റേഞ്ച് വിജിലന്‍സ് എസ്പി ടി.പി. മോഹന്‍ദാസ്, സ്പെഷല്‍ സെല്‍ എസ്പി ശ്രീശുകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗവും റെയ്ഡിനുണ്ടായിരുന്നു.

6. ഭീഷണിപ്പെടുത്തേണ്ടെന്നു മന്ത്രി ദിവാകരന്‍; പേടിയില്ലെന്നു മില്‍മ
കായംകുളം: ആനുകൂല്യം നല്‍കാന്‍ സര്‍ക്കാരും ലാഭം കൊയ്യാന്‍ മില്‍മയുമെന്ന നയം അംഗീകരിക്കില്ലെന്നു മന്ത്രി സി. ദിവാകരന്‍. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താമെന്നു വ്യാമോഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, മില്‍മ മേഖലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പിരിച്ചുവിടുമെന്ന ഭീഷണിയില്‍ പേടിയില്ലെന്നു ചെയര്‍മാന്‍ കല്ലട രമേശ്. മന്ത്രി പൊതുവേദികളില്‍ ആക്ഷേപിക്കുന്നത് ഉറക്കംകെടുത്തുന്നു. കന്നുകാലിക്കാരന്റെ വിലപോലും മന്ത്രി കല്‍പ്പിക്കുന്നില്ലെന്നും പറഞ്ഞു. വള്ളികുന്നം ക്ഷീരോല്‍പാദകസംഘം ബള്‍ക്ക് മില്‍ക്ക് കൂളര്‍ ഉദ്ഘാടനച്ചടങ്ങിലാണ് ഇരുവരും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയത്.

പാല്‍ക്ഷാമം തീര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നു മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ആരെയും പിരിച്ചുവിടാന്‍ ഉദ്ദേശ്യമില്ല. ലിറ്ററിനു വില നിശ്ചയിക്കാന്‍ മില്‍മ തയാറാകണം. കര്‍ഷകരെ മില്‍മ സഹായിക്കുന്നില്ലെന്നതാണു വാസ്തവമെന്നും പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്കു പാലിനു വിലകൂട്ടി നല്‍കണമെന്നതു ജനറല്‍ ബോഡി തീരുമാനമാണെന്നു ചെയര്‍മാന്‍ രമേശ് പറഞ്ഞു. ഇതു കത്തിലൂടെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതില്‍ അപാകത കാണേണ്ടെന്നും സൂചിപ്പിച്ചു.

7. വിലക്കയറ്റം: യോജിച്ചും വിയോജിച്ചും ഭരണ പ്രതിപക്ഷ സമരങ്ങള്‍
തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമാണെന്നതില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏകസ്വരം. എന്നാല്‍ അതിന്റെ കാരണക്കാര്‍ ആരെന്നതിനെക്കുറിച്ചു ഭിന്നസ്വരവും. വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്ന് ഒന്‍പതുമുതല്‍ നാളെ ഒന്‍പതുവരെ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസം നടത്തുമ്പോള്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷന്‍ കൌണ്‍സില്‍ രണ്ടുമണിക്കു സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന ധര്‍ണ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഇടതുമുന്നണി സര്‍ക്കാര്‍ വിലക്കയറ്റം തടയാന്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണു കോണ്‍ഗ്രസിന്റെ സമരം. ഇതേസമയം പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, പിഎഫ് പലിശനിരക്കു വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ആക്ഷന്‍ കൌണ്‍സില്‍ ഉന്നയിച്ചിട്ടുള്ളതിനാല്‍ അവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതു കേന്ദ്ര സര്‍ക്കാരിനെയാണ്.

8. ഡിഎംകെയെ പിണക്കരുതെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: എല്‍ടിടിഇ പ്രശ്നത്തില്‍ ഡിഎംകെയുമായുണ്ടായ അഭിപ്രായ ഭിന്നത മുളയിലേ നുള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമമാരംഭിച്ചു.തമിഴ് രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഡിഎംകെയെ പിണക്കാതെ നോക്കാനാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

പ്രശ്നം കൂടുതല്‍ വഷളാകാതെ പറഞ്ഞുതീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുഖ്യമന്ത്രി എം. കരുണാനിധിയും നേരിട്ടു സംസാരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നിരോധിത തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയുടെ പ്രവര്‍ത്ത
നം സംസ്ഥാനത്തു ശക്തമാണെന്നു കോണ്‍ഗ്രസ് ആരോപിച്ച തോടെയാണു പ്രശ്നം വഷളായത്. ടിഎന്‍സിസി അധ്യക്ഷന്‍ എം. കൃഷ്ണ സ്വാമി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത വിവാഹ ആശംസാ ചടങ്ങില്‍ ഇതിനെതിരെ കരുണാനിധി ശക്തമായി പ്രതികരിക്കുകയും ചെയ്തു. ചില കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങളില്‍ തനിക്കു ഖേദമുണ്ടെന്നു കരുണാനിധി പറഞ്ഞു.

തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക യാണെങ്കില്‍ അധികാരം ഉപേക്ഷിക്കാന്‍ മടിയില്ലെന്നായിരുന്നു കരുണാനിധിയുടെ നിലപാട്. നിരോധിത സംഘടനയുടെ താവളമാകാതെ സംസ്ഥാനത്തെ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.

ശ്രീലങ്കയില്‍ ആഭ്യന്തര പ്രശ്നം രൂക്ഷമായതോടെ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും എല്‍ടിടിഇ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുന്നുണ്ടെ ന്നാണു കേന്ദ്രത്തിനു ലഭിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കടല്‍മാര്‍ഗവും ആകാശമാര്‍ഗവും പുലികളെത്തുന്നുണ്ടെന്നു കഴിഞ്ഞ ദിവസം തീരസേനാ മേധാവി ലഫ്. ജനറല്‍ ആര്‍.എഫ്. കോണ്‍ട്രാക്ടറും വെളിപ്പെടുത്തിയിരുന്നു.

ജയലളിത ബിജെപിയോടു വ്യക്തമായ അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഡിഎംകെയെ പിണക്കാന്‍ കോണ്‍ഗ്രസിന് ഉദ്ദേശ്യമില്ല. സംസ്ഥാന, ദേശീയ തലങ്ങളില്‍ കോണ്‍ഗ്രസ് കൂട്ടുകെട്ട് ഡിഎംകെയ്ക്കും ഗുണകരമാണ്.ഭരണകക്ഷിയില്‍ ചേരിതിരിവുണ്ടാ കുന്നതു ജയലളിതയുടെ അണ്ണാ ഡിഎംകെ മുതലെടുക്കുമെന്നു കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്.

കരുണാനിധി കോണ്‍ഗ്രസിന്റെ അമൂല്യ പങ്കാളിയാണെന്നായിരുന്നു തമിഴ്നാട് പ്രശ്നത്തെക്കു റിച്ചു പാര്‍ട്ടി വക്താവ് അഭിഷേക് സിങ്വിയുടെ പ്രതികരണം. ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ ആശയ വിനിമയ പ്രശ്നങ്ങളില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതു പറഞ്ഞുതീര്‍ക്കും. എന്നാല്‍, അതു മാധ്യമങ്ങളിലൂടെയാവില്ലെന്നു സിങ്വി പറഞ്ഞു.

9. ‘ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ രണ്ടാം അംബേദ്കര്‍’
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ രണ്ടാം അംബേദ്കറാണെന്നു കേന്ദ്ര നിയമമന്ത്രി എച്ച്.ആര്‍.ഭരദ്വാജ്. കെ.ജി. ബാലകൃഷ്ണന്‍ നീതിന്യായ മേഖലയ്ക്ക് നല്‍കിയ സംഭാവനകളും കോടതിയും അഭിഭാഷകരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളും അതുല്യമാണെന്നു കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. തീസ് ഹസാരി കോടതിയിലെ ഇ – ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക യായിരുന്നു അദ്ദേഹം.

തിരക്കിനിടയിലും ഒരു വര്‍ഷത്തിനിടെ രണ്ടു തവണ തീസ് ഹസാരി കോടതി സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതിനു ചീഫ് ജസ്റ്റിസിനെ മന്ത്രി അനുമോദിച്ചു. കേസുകള്‍ സമയത്ത് തീര്‍പ്പാക്കാനാവശ്യമായ അടിസ്ഥാന സൌകര്യങ്ങളും കൂടുതല്‍ കോടതികളും ആവശ്യമാണെന്നു ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ഇ – ലൈബ്രറി അഭിഭാഷകരുടെ കഴിവുകളും നിലവാരവും മെച്ചപ്പെടുത്താനും മികച്ച ന്യായാധിപന്മാരെ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്നു മുന്‍ നിയമമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രത്യാശ പ്രകടിപ്പിച്ചു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.കെ.ശര്‍മ്മ പ്രസംഗിച്ചു.

10. തദ്ദേശ സ്ഥാപനങ്ങളില്‍ ഒാണറേറിയം കൂട്ടും
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒാണറേറിയവും ഹാജര്‍ ബത്തയും വര്‍ധിപ്പിക്കുന്നു. ഇതു സംബന്ധിച്ചതീരുമാനം ഇന്നു ചേരുന്ന മന്ത്രിസഭായോഗം കൈക്കൊള്ളും. കോര്‍പറേഷന്‍ മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് 800 രൂപ വീതവും മുനിസിപ്പല്‍ ചെയര്‍മാന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് 700 രൂപ വീതവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് 600 രൂപയും വര്‍ധിപ്പിക്കും. ഒാരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെയും അംഗങ്ങള്‍ അടക്കമുള്ളവരുടെ ഓണറേറിയം ഇത്തരത്തില്‍ വര്‍ധിപ്പിക്കും.

ഇതുമൂലം ഗ്രാമപഞ്ചായത്തുകള്‍ക്ക് ആറരക്കോടി രൂപയും ബ്ളോക്കിന് ഒരു കോടിയും അധികബാധ്യത വരും. മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്കു വരുന്ന അധികച്ചെലവ്: ജില്ലാ പഞ്ചായത്തുകള്‍ -14,50000, നഗരസഭകള്‍ – 68 ലക്ഷം, കോര്‍പറേഷനുകള്‍ – 12 ലക്ഷം.1995ല്‍ നിശ്ചയിച്ച നിരക്ക് 1998ലും 2004ലും പുതുക്കിയിരുന്നു.

പുതിയ നിരക്കുകള്‍ ചുവടെ: ബ്രായ്ക്കറ്റില്‍ നിലവിലുള്ള നിരക്ക്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  – 6200 (5400), വൈസ് പ്രസിഡന്റ് – 4800 (4200), സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ – 2800 (2400), അംഗങ്ങള്‍ – 2400 (2100).ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് – 5500 (4800), വൈസ് പ്രസിഡന്റ് – 4200 (3600), സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ – 2400 (2100), അംഗങ്ങള്‍ – 1800 (1500).ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് -4800 (4200), വൈസ് പ്രസിഡന്റ് – 3500 (3000), സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ – 2100 (1800), അംഗങ്ങള്‍ – 1500 (1200).

കോര്‍പറേഷന്‍ മേയര്‍ –  6200 (5400), ഡപ്യൂട്ടി മേയര്‍ – 4800 (4200), സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ – 2800 (2400), അംഗങ്ങള്‍ 2100 (1800).മുനിസിപ്പല്‍ ചെയര്‍മാന്‍ – 5500 (4800), വൈസ് ചെയര്‍മാന്‍ – 4200 (3600), സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ – 2400 (2100), അംഗങ്ങള്‍ – 1800 (1500).

Advertisements

2അഭിപ്രായങ്ങള്‍

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

2 responses to “പത്രവാര്‍ത്തകള്‍ 05-02-08

 1. ചന്ദ്രേട്ടാ,

  പല പത്രങ്ങളിലെ പ്രധാനവാര്‍ത്തകള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള ഈ സംരംഭം നല്ലത് തന്നെ. ഇത് പലര്‍ക്കും ഉപകാരപ്പെടുമല്ലോ.

  ഈയിടെ നല്ല തിരക്കായതിനാല്‍ വല്ലപ്പോഴുമേ ബ്ലോഗിലേക്കുള്ളൂ.

  ആശംസകള്‍.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )