പത്രവാര്‍ത്തകള്‍ 04-02-08

1. സ്വാശ്രയ സ്ഥാപനങ്ങളെ യുജിസി നിയന്ത്രിക്കും
ന്യൂഡല്‍ഹി: സ്വകാര്യ-സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന-ഫീസ് മാനദണ്ഡങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് യുജിസി ദേശീയതലത്തില്‍ പുതിയ ചട്ടം കൊണ്ടുവരുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 75 ശതമാനവും സ്വാശ്രയ സ്ഥാപനങ്ങളിലെ 85 ശതമാനവും സീറ്റുകളിലെ പ്രവേശനാധികാരം യുജിസിക്ക് ലഭിക്കുംവിധമാണ് ചട്ടം തയ്യാറാക്കിയത്.

കല്‍പ്പിത സര്‍വകലാശാലകള്‍ക്കും സംയുക്തസംരംഭ സര്‍വകലാശാലകള്‍ക്കും പുതിയ ചട്ടം ബാധകമായിരിക്കും. കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ നിയമത്തോട് പല വ്യവസ്ഥയിലും സമാനതയുള്ളതാണ് യുജിസി ചട്ടം. എന്നാല്‍, ചട്ടം നിലവില്‍വരാന്‍ കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അംഗീകാരം വേണം.

ചട്ടത്തിന്റെ കരടുരൂപത്തിനാണ് യുജിസി ഇപ്പോള്‍ രൂപംനല്‍കിയത്. സ്വകാര്യ എയ്ഡഡ്- അണ്‍ എയ്ഡഡ് പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ പ്രവേശന- ഫീസ് നിയന്ത്രണചട്ടം എന്നാണ് പുതിയ ചട്ടത്തിന്റെ പേര്. ചട്ടപ്രകാരം സര്‍ക്കാരിന്റെ സംവരണനയവും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമാകും. യുജിസിക്ക് പ്രവേശനാധികാരം ലഭിക്കുന്ന സീറ്റുകളില്‍ എസ്സി-എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ബാധകമായിരിക്കും.

ന്യൂനപക്ഷസ്ഥാപനങ്ങളില്‍ 50 ശതമാനംവരെ സീറ്റുകളില്‍ യുജിസിക്കായിരിക്കും പ്രവേശനാധികാരം. ഈ സീറ്റുകളില്‍ എത്രവീതം ന്യൂനപക്ഷ-ന്യൂനപക്ഷയിതര വിഭാഗങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്ന കാര്യം യുജിസിക്ക് തീരുമാനിക്കാം.

സ്വാശ്രയ-എയ്ഡഡ് സ്ഥാപനങ്ങളിലെ ഫീസ് ഘടനക്കായി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പ്രത്യേക സമിതിയെ നിയമിക്കാം. സര്‍ക്കാര്‍സീറ്റുകളിലെയും സംവരണസീറ്റുകളിലെയും ഫീസ്ഘടന ഈ സമിതിയാകും നിര്‍ണയിക്കുക. മാനേജ്മെന്റുസീറ്റിലെ ഫീസ് കോളേജുകള്‍ക്കുതന്നെ നിശ്ചയിക്കാം. ഈ കോളേജുകള്‍ നിര്‍ണയിക്കുന്ന ഫീസിന് സമിതിയുടെ അംഗീകാരമുണ്ടാകണം. അതല്ലാതെ ഒരു ഫീസും അംഗീകരിക്കില്ലെന്ന് ചട്ടത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേരളസര്‍ക്കാര്‍ നിയമിച്ച മുഹമ്മദ് കമ്മറ്റിക്ക് സാധുകരണമാണ് ഈ ചട്ടം. കല്‍പ്പിത സര്‍വകലാശാലകള്‍ക്കും സംയുക്തസംരംഭ സര്‍വകലാശാലകള്‍ക്കും പ്രത്യേക ഫീസ്ഘടനാ സമിതിയെ നിയമിക്കും. മുന്‍ സുപ്രീംകോടതി ജസ്റ്റിസിന്റെ അധ്യക്ഷതയിലാകും സമിതി നിലവില്‍വരിക.

സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ 85 ശതമാനം വരുന്ന ജനറല്‍ സീറ്റുകളിലെ പ്രവേശനം യുജിസി ദേശീയതലത്തില്‍ നടത്തുന്ന പൊതു പ്രവേശനപരീക്ഷവഴിയായിരിക്കും നടത്തുക. ഒരു വിദ്യാര്‍ഥി ഏത് സ്ഥാപനത്തിലാണ് ചേരേണ്ടതെന്നും ഏത് പ്രൊഫഷണാണ് ചേരേണ്ടതെന്നും പ്രവേശനപരീക്ഷവഴി യുജിസിതന്നെ തീരുമാനിക്കും. വിദ്യാര്‍ഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും അഭിരുചിയുടെ അടിസ്ഥാനത്തിലുമാകും തീരുമാനം എടുക്കുക.

പ്രവേശനപരീക്ഷയ്ക്കും തുടര്‍ന്നുള്ള പ്രവേശനനടപടികള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനായി പ്രത്യേകസമിതിയുണ്ടാകും. മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട സീറ്റുകളില്‍ പൊതു പ്രവേശനപരീക്ഷയ്ക്ക് പുറത്തുനിന്ന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അര്‍ഹതയുണ്ടാകും.

പ്രൊഫഷണല്‍ സ്ഥാപനങ്ങളെ നിയന്ത്രിച്ചുകൊണ്ട് ദേശീയതലത്തില്‍ നിയമം കൊണ്ടുവരണമെന്ന് ഇടതുപക്ഷവും എസ്എഫ്ഐയും നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യം ആവശ്യപ്പെട്ട് എസ്എഫ്ഐ കേന്ദ്ര മാനവശേഷിമന്ത്രി അര്‍ജുന്‍ സിങ്ങിന് നിവേദനം നല്‍കിയിരുന്നു. സ്വാശ്രയകേസില്‍ വാദംകേള്‍ക്കുന്നതിനിടെ ദേശീയതലത്തില്‍ ഒരു സമഗ്രനിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിരുന്നു.

2. സ്വാശ്രയ- സഹകരണ നേഴ്സിങ് വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പില്‍ അവ്യക്തത
കൊച്ചി: സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളിലും സഹകരണകോളേജുകളിലും ബിഎസ്സി നേഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് പഠനത്തില്‍ അവ്യക്തതയുള്ളതായി പരാതി. കേരള, എംജി, കലിക്കറ്റ് സര്‍വകലാശാലകളുടെ കീഴില്‍ 2002-06 ബാച്ചില്‍ ബിഎസ്സി നേഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ഗവണ്‍മെന്റ് നേഴ്സിങ് കോളേജുകളിലെ വിദ്യാര്‍ഥികളെ ഇന്റേണ്‍ഷിപ്പില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ ഇതേ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ സ്വാശ്രയ-സഹകരണ കോളേജുകളിലെ വിദ്യാര്‍ഥികളുടെ കാര്യം ഉത്തരവില്‍ പരാമര്‍ശിക്കാത്തതാണ് ആശയക്കുഴപ്പത്തിനു കാരണം. കേരളത്തില്‍ ഒരേ എന്‍ട്രന്‍സ് പരീക്ഷ എഴുതി വിവിധ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയവരാണ് ഇവര്‍. സ്വാശ്രയ സഹകരണ വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പും ഒഴിവാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

2007 ജൂലൈയില്‍ ഇറങ്ങിയ ഉത്തരവിലൂടെ എല്ലാ നേഴ്സിങ് വിദ്യാര്‍ഥികള്‍ക്കും ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കേരള, എംജി സര്‍വകലാശാലകള്‍ സ്വാശ്രയ നേഴ്സിങ് വിദ്യാര്‍ഥികളെ ഇന്റേണ്‍ഷിപ്പില്‍നിന്ന് ഒഴിവാക്കി. ഗവണ്‍മെന്റ് കോളേജുകളില്‍ ഇന്റേണ്‍ഷിപ്പ് നടപ്പാക്കുകയാണ് ചെയ്തത്. കലിക്കറ്റ് സര്‍വകലാശാല ഉത്തരവുപ്രകാരം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്റേണ്‍ഷിപ്പ് കര്‍ശനമാക്കി.

ഇതിനിടെ, കഴിഞ്ഞ ദിവസം ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് കേരള, എംജി, കലിക്കറ്റ് സര്‍വകലാശാലകള്‍ക്കു കീഴിലുള്ള ഗവണ്‍മെന്റ് നേഴ്സിങ് വിദ്യാര്‍ഥികളെ ഇന്റേണ്‍ഷിപ്പില്‍നിന്ന് ഒഴിവാക്കി. ഈ ഉത്തരവില്‍ സ്വാശ്രയ-സഹകരണ കോളേജുകളിലെ വിദ്യാര്‍ഥികളുടെ കാര്യം പരാമര്‍ശിക്കാത്തതാണ് നിലവിലെ ആശയക്കുഴപ്പം.

സ്വാശ്രയ കോളേജുകളില്‍ പലരും അഞ്ചുലക്ഷത്തില്‍പ്പരം രൂപ ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. ഇന്റേണ്‍ഷിപ്പിലെ അവ്യക്തതമൂലം ഇവരില്‍ പലര്‍ക്കും ഇനിയും സര്‍ടിഫിക്കറ്റ് ലഭിച്ചില്ല. സര്‍ടിഫിക്കറ്റ് പിന്നീട് ഹാജരാക്കാമെന്ന ഉറപ്പില്‍ ചിലര്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.

3. ബാങ്കുകള്‍ സമ്മര്‍ദത്തില്‍ ചിദംബരത്തിന്റെ നിര്‍ദേശം സത്യപ്രതിജ്ഞാ ലംഘനം
തിരു:ബാങ്കുകള്‍ കോണ്‍ഗ്രസിന്റെ ‘ജനശ്രീ’ക്ക് പണം കൊടുക്കണമെന്ന കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ നിര്‍ദേശം സത്യപ്രതിജ്ഞാ ലംഘനം. ഭയമോ വിവേചനമോ കൂടാതെ ഭരണഘടനാപരമായ ചുമതല നിറവേറ്റുമെന്ന് പ്രതിജ്ഞചെയ്ത കേന്ദ്രധനമന്ത്രി, സ്വന്തം രാഷ്ട്രീയപാര്‍ടിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ സ്വയംസഹായസംഘത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടത് അനുചിതമെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കുടുംബശ്രീക്ക് നല്‍കുന്ന എല്ലാ സഹായവും ജനശ്രീക്കും നല്‍കാന്‍ കൊച്ചിയില്‍ ശനിയാഴ്ച ജനശ്രീ മിഷന്റെ ഉദ്ഘാടനച്ചടങ്ങിലാണ് കേന്ദ്രമന്ത്രി പരസ്യമായി ആവശ്യപ്പെട്ടത്.

ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞചെയ്ത മന്ത്രിക്ക് യോജിച്ചതല്ല ചിദംബരത്തിന്റെ പ്രസ്താവനയെന്ന് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കെ രാംകുമാര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍നിയന്ത്രണത്തില്‍ ഒരു ഔദ്യോഗികസ്ഥാപനം പ്രവര്‍ത്തിക്കുമ്പോള്‍, പാര്‍ടിയുടെ നേതൃത്വത്തിലുള്ള സംരംഭത്തിന് കൂറും സഹായവും പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും രാംകുമാര്‍ പറഞ്ഞു.

ബാങ്കുകളുടെ ചുമതലയുള്ള കേന്ദ്ര ധനമന്ത്രി ഇത്തരം പ്രസ്താവന നടത്തിയത് അനുചിതമാണെന്ന് പ്രശസ്ത അഭിഭാഷകന്‍ ചെറൂന്നിയൂര്‍ ശശിധരന്‍നായര്‍ പറഞ്ഞു. സ്വതന്ത്രമായി തീരുമാനമെടുക്കുന്നതില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന പ്രസ്താവന മന്ത്രിയെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാങ്കുകളെ സമ്മര്‍ദത്തിലാക്കി വായ്പ തരപ്പെടുത്താനാണ് കേന്ദ്ര ധനമന്ത്രിയെ കൊണ്ടുവന്നതെന്ന് വ്യക്തമായി. തിരിച്ചടവ് ഉറപ്പില്ലാത്തതിനാല്‍ ജനശ്രീപോലുള്ള സ്വയംസഹായസംഘത്തിന് വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കും. എതിര്‍പ്പുള്ള ബാങ്കുകളെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ചിദംബരത്തിന്റെ പ്രസ്താവന സഹായകമാകുമെന്ന് ജനശ്രീ സംഘാടകര്‍ പ്രതീക്ഷിക്കുന്നു. വിവിധ ദേശസാല്‍കൃത ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരെ ജനശ്രീ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചിരുന്നു.

4. വൈകല്യങ്ങളില്‍ പതറാതെ വിജയഗാഥയുമായ് ഇവരഞ്ചുപേര്‍
കായംകുളം:വിവരസാങ്കേതിക വിദ്യ വിനിമയോപാധിയും ഒപ്പം ജീവിതമാര്‍ഗ്ഗവുമെന്ന് ഇവരഞ്ചുപേരും ഒരുമിച്ച് സമ്മതിക്കും . സംസാരശേഷിയും കേള്‍വിയും അന്യമായ അവരുടെ ജീവിതത്തിന് ഇന്നര്‍ഥമേകുന്നത് ‘ഡിജിറ്റല്‍ വേള്‍ഡാണ്’

ദേശീയപാതയില്‍ കരീലകുളങ്ങര പുത്തന്‍റോഡ് ജജ്ഷനിലെ ഡിടിപി സെന്ററായ ഡിജിറ്റല്‍ വേള്‍ഡ് പറയുന്നതും ബധിരതയേയും മൂകതയേയും തോല്‍പിച്ച ഇവരുടൊയ്മയുടെ വിജയമാണ്.

കൊല്ലം ഇടപളളിക്കോട്ട മുളമൂട്ടില്‍ അക്ബര്‍ഷായുടെ നേതൃത്വത്തില്‍ കുണ്ടറ കൊടുവിള സിങ്കരപ്പളളി ഫ്രാന്‍സിസ്, മന്ദിരത്തില്‍ ബൈജു, തൃശൂര്‍ സ്വദേശികളായ ചിറ്റിലപ്പളളി പൂലോത്തുവീട്ടില്‍ പ്രേംകുമാര്‍, ബിനോജ്്്, തിരുവല്ല സ്വദേശി അശോക്കുമാര്‍ എന്നിവരാണ് വൈകല്യങ്ങളില്‍ പതറാതെ വിജയത്തിന്റെ കഥ പറയുന്നത്. കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങുമ്പോള്‍ ആശയവിനിമയത്തിന് കൈമുദ്രകള്‍ക്കൊപ്പം മൊബൈല്‍ഫോണും നോട്ട്ബുക്കുമായിരുന്നു ഇവരുടെ സഹായികള്‍

മൊബൈല്‍ ഫോണ്‍ എസ്എംഎസും സ്ഥാപനത്തില്‍ വച്ചിട്ടുള്ള നോട്ട്ബുക്കുമാണ് ‘പറയുന്നതിനും കേള്‍ക്കുന്നതിനു’മുളള ഉപാധി. എസ്എംഎസിലൂടെയും നോട്ട്ബുക്കില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇടപാടുകള്‍. തിരിച്ചുളള അഭിപ്രായപ്രകടനങ്ങള്‍ ആംഗ്യഭാഷയിലും. എന്നാല്‍ കൂട്ടായി ആലോചിച്ചതിനു ശേഷം മാത്രമെ ജോലി ഏറ്റെടുക്കൂ. ഡി ടി പിക്കു പുറമെ സണ്‍കണ്‍ട്രോള്‍ ഫിലിം വര്‍ക്കുകളും നെയിംബോര്‍ഡുകളടക്കമുളള ജോലികള്‍ ചെയ്യാനും ഇവര്‍ തയാര്‍.

ഐ ടി സി പഠനകാലത്തെ പരിചയമാണ് ഒത്തുകൂടലിന് വഴിയൊരുക്കിയത്. അക്ബര്‍ഷാ സംസ്ഥാന ബധിര സ്പോര്‍ട്സ് കൌണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറിയും സൌത്ത് സോണ്‍ ക്രിക്കറ്റ് ടീമിന്റെ മികച്ച ഓള്‍റൌണ്ടറുമാണ്. ഭാര്യ ഷീബയും ബധിരയാണ്. അശോക്കുമാര്‍ ഹൈദരബാദില്‍ നിന്നാണ് ഐടിഐ കോഴ്സ് പൂര്‍ത്തിയാക്കിയത്. പ്രേംകുമാറിന് വെല്‍ഡിങ്ങിലും ബിനോജിന് ചിത്രകലയിലും പ്രാഗല്‍ഭ്യമുണ്ട്.

5. സ്വകാര്യ വൈദ്യുതിനിലയത്തിനെതിരെ രാജസ്ഥാനില്‍ പ്രക്ഷോഭം
ന്യൂഡല്‍ഹി: സ്വകാര്യ വൈദ്യുതിനിലയത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ രാജസ്ഥാനില്‍ ജനങ്ങള്‍ പ്രക്ഷോഭത്തില്‍.

ബാര്‍മേര്‍ ജില്ലയിലെ ഭദ്രേസില്‍ സ്വകാര്യകമ്പനിയായ രാജ് വെസ്റ്റ് പവര്‍ ലിമിറ്റഡ് സ്ഥാപിക്കുന്ന 1000 മെഗാവാട്ട് വൈദ്യുതിനിലയത്തിനായാണ് കൃഷിഭൂമി ഉള്‍പ്പെടെ 29 ഗ്രാമത്തില്‍നിന്നായി 20,000 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്്. അറുപതിനായിരത്തിലധികം കൃഷിക്കാരെ ഒഴിപ്പിക്കേണ്ടിവരും.

ഒപ്പം രണ്ടുലക്ഷത്തിലധികം വരുന്ന കന്നുകാലികളെയും. 5000 കോടിയുടെ പദ്ധതിയാണ് ഇത്.

സര്‍ക്കാര്‍സ്ഥാപനമായ സ്റ്റേറ്റ് മൈന്‍സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡാണ് സ്വകാര്യകമ്പനിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്. തുച്ഛമായ നഷ്ടപരിഹാരംമാത്രമാണ് കൃഷിക്കാര്‍ക്ക് വാഗ്ദാനം ചെയ്തത്.

ഒരു ബീഗ (ഏക്കറിന്റെ നാലിലൊന്ന്) കൃഷിഭൂമിക്ക് 10,000 മുതല്‍ 20,000 രൂപവരെമാത്രമാണ് നല്‍കുന്നത്. കമ്പോളവില ബീഗയ്ക്ക് ഒരുലക്ഷം രൂപയാണ്.

ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന റെവന്യൂ ഉദ്യോഗസ്ഥരെ ഗ്രാമത്തില്‍ കടക്കാന്‍ ഗ്രാമീണര്‍ അനുവദിച്ചിട്ടില്ല. ഈ ഉദ്യോഗസ്ഥര്‍ക്ക് ഗ്രാമത്തില്‍ പ്രവേശനം നിരോധിച്ചതായി പ്രഖ്യാപിക്കുന്ന പോസ്റ്ററുകള്‍ ഗ്രാമങ്ങളിലെമ്പാടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബോംബിട്ടാലും ഉദ്യോഗസ്ഥരെ ഗ്രാമത്തില്‍ കടത്തില്ലെന്ന് പ്രക്ഷോഭസമിതി ചെയര്‍മാന്‍ രാംസിങ് ഭൂതിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലിഗ്നൈറ്റ് ഉപയോഗിച്ചുള്ള വൈദ്യുതിനിലയമാണ് വരാന്‍ പോകുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നത് ലിഗ്നൈറ്റ് ജാലിപ, കപൂര്‍ദി ഖനികളില്‍ നിന്ന് കൊണ്ടുവരുമെന്നാണ്. എന്നാല്‍, ഇതിന്റെ പേരില്‍ ഈ ഗ്രാമങ്ങളും കൈയടക്കാനാണ് കമ്പനിയുടെ ശ്രമമെന്നും നിലവില്‍ ഈ സ്ഥലങ്ങളില്‍ ഖനികളില്ലെന്നും കര്‍ഷകര്‍ പറയുന്നു.

കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ഭരണകക്ഷിയായ ബിജെപിയില്‍ വിള്ളലുകള്‍ ദൃശ്യമായി. മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യയാണ് സംസ്ഥാനത്തിലെ ഏറ്റവും വലിയ വൈദ്യുതിപദ്ധതിക്കായി ശക്തമായി വാദിക്കുന്നത്.

എന്നാല്‍, ബാര്‍മേര്‍ എംപിയും മുന്‍ വിദേശമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകനുമായ മാനവേന്ദ്ര സിങ് കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ബലപ്രയോഗത്തിലൂടെയാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

സിന്ധ്യയുടെ കടുത്ത വിമര്‍ശകനായ ജസ്വന്ത് സിങ്ങാകട്ടെ, ജനങ്ങളെ ഒഴിപ്പിക്കുന്നിടത്ത് എന്തിനാണ് വൈദ്യുതി എന്ന ചോദ്യമാണ് ചോദിക്കുന്നത്.

ബാര്‍മേറിലെ കര്‍ഷകസമരം ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രാജസ്ഥാനിലെ ഭരണകക്ഷിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

6. മോഷ്ടിക്കപ്പെട്ട ടാഗോറിന്റെ നോബല്‍ മെഡല്‍ ബംഗ്ളാദേശില്‍
ധാക്ക: 2004ല്‍ മോഷ്ടിച്ച, മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ നോബല്‍ സമ്മാന മെഡല്‍ ബംഗ്ളാദേശിലുണ്ടെന്ന് സൂചന. മോഷണവുമായി ബന്ധപ്പെട്ട് കരകൌശലവസ്തുക്കളുടെ ഇടപാടുകാരന്‍ ധാക്കയില്‍ അറസ്റ്റിലായി.

ഇന്ത്യയില്‍നിന്ന് ലഭിച്ച വിവരത്തെതുടര്‍ന്ന് ഇവിടെ ആഭരണവ്യവസായം നടത്തുന്ന മുഹമ്മദ് ഹുസൈന്‍ ശിപ്ലുവാണ് അറസ്റ്റിലായത്. ബംഗ്ളാദേശില്‍ ഒളിവിലാണെന്നു കരുതുന്ന കേസിലെ മുഖ്യപ്രതി ജിബോണ്‍ സിങ്ങിന്റെ അടുത്തയാളാണ് ഇറ്റലിയില്‍ താമസിക്കുന്ന ശിപ്ലു.

1913ലാണ് ഗീതാഞ്ജലിക്ക് നോബല്‍ സമ്മാനം ലഭിച്ചത്. ടാഗോര്‍തന്നെ സ്ഥാപിച്ച ബംഗാളിലെ ശാന്തിനികേതനില്‍നിന്നാണ് സ്വര്‍ണമെഡല്‍ നഷ്ടപ്പെട്ടത്. ടാഗോറിന്റെ വാച്ചും വളയും കീര്‍ത്തിപത്രവും സമ്മാനത്തോടൊപ്പമുണ്ടായിരുന്നു. ജിബോണ്‍ സിങ് ശിപ്ലുവിന്റെ സംരക്ഷണയില്‍ ബംഗ്ളാദേശിലുണ്ടെന്ന് കേസ് അന്വേഷിക്കുന്ന സിഐഡി അറിയിച്ചു. ഇരുവരും അന്താരാഷ്ട്ര കരകൌശലക്കടത്തിലെ കണ്ണികളുമാണ്.

7. ജഡ്ജി തടങ്കലില്‍ മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും പാക് സര്‍ക്കാര്‍
ഇസ്ളാമാബാദ്: പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ഭരണകൂടം വീണ്ടും മാധ്യമങ്ങള്‍ക്കും നിയമജ്ഞര്‍ക്കുമെതിരെ തിരിഞ്ഞു.

ഫെബ്രുവരി 18ന്റെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമായിരിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തന്നെയാണ് അടിച്ചമര്‍ത്തല്‍ ശക്തമാക്കുന്നത്.

മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും നിരോധനഭീഷണി മുഴക്കിയ സര്‍ക്കാര്‍ പാക് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഐത്സാസ് അഹ്സനെയും മുന്‍ ജഡ്ജി താരിഖ് മഹ്മൂദിനെയും വീട്ടുതടങ്കലിലാക്കി. മൂന്നുമാസമായി തടവിലായിരുന്ന അഹ്സനെ രണ്ടുദിവസവും മഹ്മൂദിനെ ഒരുദിവസവും മുമ്പ് മാത്രമായിരുന്നു വിട്ടയച്ചത്.

മൂന്നുമാസം മുമ്പ് മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ മാധ്യമനിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാര്‍ത്താ ചാനലുകളെ നിരോധിക്കുമെന്ന് ഇടക്കാല സര്‍ക്കാരില്‍ വാര്‍ത്താവിതരണ മന്ത്രിയായ നിസാര്‍ മേമന്‍ പറഞ്ഞു.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തോടൊപ്പം മുഴുവന്‍ ചാനലുകളുടെയും സംപ്രേഷണം വിഛേദിച്ച സര്‍ക്കാര്‍ അവയുടെ ഉടമകള്‍ പെരുമാറ്റച്ചട്ടം ഒപ്പിട്ട ശേഷമാണ് നിരോധനം നീക്കിയത്. സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ചട്ടം ലംഘിച്ചാല്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് ഭീഷണി. അമ്പതോളം ചാനലുകളാണ് പാകിസ്ഥാനില്‍ ഉള്ളത്. വധിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീറിന്റെ കബര്‍ സന്ദര്‍ശിക്കാന്‍ ലാഹോറില്‍നിന്ന് സിന്ധ് പ്രവിശ്യയിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോഴാണ് ഐത്സാസ് അഹ്സനെ കസ്റ്റഡിയിലെടുത്തത്.

ഇദ്ദേഹത്തെ 30 ദിവസത്തേക്കുകൂടി വീട്ടുതടങ്കലിലാക്കി. അഹ്സനെയും താരിഖ് മഹ്മൂദിനെയും വീണ്ടും തടവിലാക്കിയതിനെ പാക് മനുഷ്യാവകാശ കമീഷന്‍ ശക്തമായി അപലപിച്ചു. പുറത്താക്കപ്പെട്ട ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയടക്കം മുഴുവന്‍ നിയമജ്ഞരെയും തടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്ന് കമീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുഷറഫ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് കഴിഞ്ഞദിവസം ആവശ്യപ്പെട്ട മുന്‍ സേനാ തലവന്മാരടങ്ങിയ പാക് വിമുക്തഭട സൊസൈറ്റിയെയും വാര്‍ത്താവിതരണ മന്ത്രി ഭീഷണിപ്പെടുത്തി. ഇവര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

1. വ്യവസായ വകുപ്പ് നേരിട്ട് ഇടപെട്ടു
തിരുവനന്തപുരം: ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് എച്ച്.എം.ടി ഭൂമി നല്‍കാന്‍ റവന്യൂവകുപ്പിനെ നോക്കുകുത്തിയാക്കി വ്യവസായവകുപ്പ് ഇടപെട്ടതിന്‍െറ രേഖകള്‍ പുറത്തു വന്നു.
ഭൂമി പ്രശ്നത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ മൂന്ന് കത്തുകള്‍ എറണാകുളം ജില്ലാകളക്ടര്‍ മുഹമ്മദ് ഹനീഷിന് അയച്ചിട്ടുണ്ട്. എച്ച്.എം.ടിയുടെ ഭൂമി ഉടന്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് ആദ്യം കത്തു നല്‍കിയത്. ഈ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് കളക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരന് റിപ്പോര്‍ട്ട് നല്‍കി. അതേത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിവേദിത കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രേഖകള്‍ പരിശോധിച്ച കളക്ടര്‍ക്ക് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ബോധ്യപ്പെട്ടു. അതിനാല്‍ ഭൂപരിഷ്കരണ നിയമപ്രകാരം എച്ച്.എം.ടിക്ക് ഭൂമി നല്‍കിയതു സംബന്ധിച്ച 2004 ജൂലായ് 4ലെ വിജ്ഞാപനം റദ്ദാക്കി പുതിയ ഉത്തരവിറക്കണമെന്ന് അദ്ദേഹം മറുപടി നല്‍കി. ഈ റിപ്പോര്‍ട്ടിന് മറുപടി ഉണ്ടായില്ല.
ഇതിനുശേഷം കഴിഞ്ഞ ജൂണ്‍ ആറിന് വ്യവസായമന്ത്രിയുടെ ചേംബറില്‍ മന്ത്രിമാരായ എളമരം കരീമും കെ.പി. രാജേന്ദ്രനും യോഗം ചേര്‍ന്ന് ബ്ളൂസ്റ്റാറിനുവേണ്ടി ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. യോഗത്തിന്റെ മിനിട്സ് അടക്കംചെയ്ത കത്താണ് ബാലകൃഷ്ണന്‍ തുടര്‍ന്ന് കളക്ടര്‍ക്ക് അയച്ചത്. ഇത് ലഭിച്ചപ്പോള്‍ കളക്ടര്‍ പോക്കുവരവ് നടപടികള്‍ പൂര്‍ത്തിയാക്കി. മിനിട്സിന്റെ പകര്‍പ്പ് എച്ച്.എം.ടി, കളക്ടര്‍, ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സ്, അഞ്ച് ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ റവന്യൂ മന്ത്രിക്കോ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കോ ഇത് ഇനിയും ലഭിച്ചിട്ടില്ല. ബ്ളൂസ്റ്റാറിന്റെ ഐ.ടി സംരംഭത്തിനു തടസ്സം നീക്കാനെന്നാണ് മിനിട്സില്‍ പറയുന്നത്. ഐ.ടി സംരംഭമാണെങ്കില്‍ പ്രശ്നം ഐ.ടി വകുപ്പിനു വിടണമായിരുന്നു. അത് ചെയ്യാതെയാണ് വ്യവസായവകുപ്പ് സ്വന്തം നിലയ്ക്ക് യോഗം വിളിച്ച് തടസ്സങ്ങള്‍ നീക്കിയത്.

2. പശുക്കള്‍ മെലിയുന്നു, പാല്‍ സംഘങ്ങള്‍ കൊഴുക്കുന്നു
കൊല്ലം : മൂന്ന് പശുക്കളെ പൊന്നുപോലെ വളര്‍ത്തുന്ന കമലമ്മ ഇന്നലെ ക്ഷീരസംഘത്തില്‍ 10 ലിറ്റര്‍ പാല്‍ അളന്നപ്പോള്‍ ബുക്കില്‍ വില കുറിച്ചിട്ടത് 126 രൂപ 90 പൈസ. ഒരു ലിറ്ററിന് 12 രൂപ 69 പൈസ. കമലമ്മയുടെ മുന്നില്‍ വച്ച് തന്നെ സംഘക്കാര്‍ ഈ പാലില്‍ ഒരു ലിറ്റര്‍ മറ്റൊരാള്‍ക്ക് അളന്ന് കൊടുത്തിട്ട് വിലയായി വാങ്ങി മേശയിലിട്ടത് 17 രൂപ. കൈയും മെയ്യും അനങ്ങാതെ ഒരു ലിറ്റര്‍ പാലിന് സംഘം ലാഭമെടുത്തത് 4 രൂപ 31 പൈസ. കമലമ്മ സംഘത്തില്‍ നില്‍ക്കുമ്പോള്‍ത്തന്നെ തൊട്ടടുത്ത ഹോട്ടലുകാരന്‍ പാലിനെത്തി. ബാക്കി ഒന്‍പത് ലിറ്റര്‍ പാലും അയാള്‍ക്ക് ഒഴിച്ചുകൊടുത്തു. വില 17 ണ 9 = 153 രൂപ. കമലമ്മ കൊടുത്ത പാല്‍ അഞ്ച് മിനിറ്റ് കൊണ്ട് മറിച്ച് വില്പന നടത്തിയത് 170 രൂപയ്ക്ക്. ലാഭം 43 രൂപ 10 പൈസ. അതും രൊക്കം കാഷ്. കമലമ്മയ്ക്ക് ബുക്കില്‍ കുറിച്ചു കൊടുത്ത വില സംഘത്തില്‍ നിന്ന് കിട്ടാന്‍ ശനിയാഴ്ച വരെ കാത്തിരിക്കണം.
കഷ്ടപ്പെട്ട് പശുവിനെ വളര്‍ത്തി പാല് കറന്ന് കൊച്ചുവെളുപ്പാന്‍കാലത്ത് സംഘക്കാരുടെ മുന്നില്‍ കാഴ്ചവച്ചപ്പോള്‍ അത് മറിച്ച് വിറ്റ് കൊള്ളലാഭമെടുക്കുന്നത് കണ്ട് കമലമ്മയ്ക്ക് കലി കയറി- ‘ഇതെന്ത് തീവെട്ടിക്കൊള്ളയാ സാറേ? എന്റെ പാലിന് 43 രൂപ ലാഭം കിട്ടിയപ്പോള്‍ പകുതി കാശ് തന്നുകൂടേ? ലിറ്ററിന് രണ്ട് രൂപ വച്ച് കൂട്ടിത്തന്നുകൂടേ ഞങ്ങള്‍ക്ക്?’ കമലമ്മയുടെ ചോദ്യം കേട്ടപ്പോള്‍ സംഘം സെക്രട്ടറിക്ക് മഞ്ഞച്ചിരി- ‘മില്‍മയുടെ വില അനുസരിച്ചുള്ള കാശ് നിങ്ങള്‍ക്ക് കിട്ടിയില്ലേ? അല്ലാതെ പിന്നെ സംഘം എങ്ങനെ നടക്കും? ക്ഷേമനിധി വേണ്ടേ? പെന്‍ഷന്‍ വേണ്ടേ?’ ‘ഒന്നും വേണ്ട, പശുവിന്റെ തീറ്റയ്ക്കുള്ള കാശ് തന്നാല്‍ മതി. പാലിനു പുറമെ ചാണകം കൂടി വിറ്റാലും കാലിത്തീറ്റക്കടയിലെ കാശ് കൊടുക്കാന്‍ പറ്റുന്നില്ല. വീട്ടിലൊരു ഐശ്വര്യമെന്ന നിലയ്ക്കാണ് ഞങ്ങള്‍ തലമുറകളായി പശുവിനെ വളര്‍ത്തുന്നത്. നിവൃത്തിയില്ലെങ്കില്‍ എല്ലാറ്റിനെയും വിറ്റ് തുലയ്ക്കും’ -കൊടുങ്കാറ്റ് പോലെ കമലമ്മ ഇറങ്ങിപ്പോയി. കഷ്ടപ്പെട്ട് പശുവിനെ വളര്‍ത്തി ഉപജീവനത്തിന് മാര്‍ഗ്ഗം കണ്ടെത്തുന്ന കേരളത്തിലെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകരുടെ യഥാര്‍ത്ഥ പ്രതിനിധിയാണ് എഴുകോണ്‍ ഭരണിക്കാവില്‍വീട്ടില്‍ കമലമ്മ.
മഴക്കാലമാകുമ്പോള്‍ കമലമ്മ കാടും മലയും താണ്ടി പച്ചപ്പുല്ല് കൊണ്ടുവന്ന് കന്നുകാലികള്‍ക്ക് കൊടുക്കും. ഇപ്പോള്‍ ഉണക്കായപ്പോള്‍ പുല്ലൊക്കെ കരിഞ്ഞുണങ്ങി. കെ.എസ്. കാലിത്തീറ്റയും ഗോതമ്പിന്റെയും ഉഴുന്നിന്റെയും തൊലിയും ചാക്ക് കണക്കിന് വാങ്ങിയാണ് ഇപ്പോള്‍ തീറ്റ കൊടുക്കുന്നത്. കെ.എസ്. കാലിത്തീറ്റയ്ക്ക് കഴിഞ്ഞ ആഴ്ചയും 10 രൂപ വില കൂടി. ഗോതമ്പിന്റെ തവിടിന് കഴിഞ്ഞയാഴ്ച 30 രൂപ കൂടി. കമലമ്മയുടെ കൈക്കണക്ക് അനുസരിച്ച് ഒരു ദിവസം ഒരു പശുവിനെ തീറ്റിപ്പോറ്റാന്‍ എണ്‍പതിനും നൂറിനും ഇടയ്ക്ക് രൂപ വേണം. പക്ഷേ 80 രൂപ പാല്‍വിലയായി കിട്ടുന്നില്ല. എങ്ങനെ പശുവിനെ വളര്‍ത്തും?
കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഈ തീവെട്ടിക്കൊള്ള നടക്കുന്നത് മുഴുവന്‍ മില്‍മയുടെ പേരിലാണ്. മില്‍മ സംഘങ്ങള്‍ക്ക് നല്‍കുന്നത് കൊഴുപ്പിന്റെ അനുപാതം അനുസരിച്ച് 12 രൂപ മുതല്‍ 13 രൂപ 50 പൈസ വരെയാണ്. ലിറ്ററിന് 30 പൈസ സംഘങ്ങള്‍ക്ക് മില്‍മ കമ്മിഷന്‍ നല്‍കുന്നുണ്ട്. അതനുസരിച്ചുള്ള വിലയാണ് സംഘങ്ങള്‍ ക്ഷീരകര്‍ഷകന് നല്‍കുന്നത്. മില്‍മയുടെ പേരില്‍ വാങ്ങുന്ന പാല്‍ പക്ഷേ എത്ര സംഘങ്ങള്‍ മില്‍മയ്ക്ക് നല്‍കുന്നുണ്ട്? കുണ്ടറയില്‍ ഒരു ക്ഷീരസഹകരണസംഘം പ്രതിദിനം 3600 ലിറ്റര്‍ പാലാണ് കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്. ഒരുതുള്ളി പാല്‍ മില്‍മയ്ക്ക് നല്‍കുന്നില്ല.
പ്രാദേശിക വിപണനശൃംഖല ശക്തിപ്പെടുത്തുകയാണ് ഈ സംഘം. മില്‍മയുടെ പേര് പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് പാല്‍ വാങ്ങി 17 രൂപയ്ക്ക് വില്പന നടത്തുമ്പോള്‍ സംഘം പ്രതിദിനം ഉണ്ടാക്കുന്ന ലാഭം പതിനയ്യായിരത്തോളം രൂപയാണ്. കര്‍ഷകരുടെ പാല്‍ ഹോട്ടലുകാര്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും മറിച്ച് വില്‍ക്കുന്ന ജോലിയേയുള്ളൂ. പ്രതിവര്‍ഷം 60 ലക്ഷത്തോളം രൂപയാണ് ഈ സംഘം പാല്‍ മറിച്ച് വില്‍ക്കലിലൂടെ മാത്രം ലാഭം കൊയ്യുന്നത്. അതേസമയം, സംഭരിക്കുന്ന പാല്‍ മുഴുവന്‍ മില്‍മയ്ക്ക് നല്‍കിയാല്‍ സംഘത്തിന് കിട്ടുന്ന ലാഭം എത്രയെന്നോ?- കേവലം 1080 രൂപ! (അതായത് ലിറ്ററിന് 30 പൈസ കമ്മിഷന്‍).
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ക്ഷീരോല്പാദനം 10 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ കണക്ക്. പക്ഷേ മില്‍മ സംഭരിച്ച പാലിന്റെ കണക്ക് കുത്തനെ താഴോട്ടാണ്. കാരണം എന്താണെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ? പാല്‍വില കൂട്ടിയില്ലെങ്കില്‍ ക്ഷീരോല്പാദനം ഉപേക്ഷിക്കാനാണ് സാധാരണ ക്ഷീരകര്‍ഷകരുടെ തീരുമാനം. പാല്‍വില ആര് വര്‍ദ്ധിപ്പിക്കും? മില്‍മയോ? കര്‍ഷകന് മില്‍മ കൂടുതല്‍ വില നല്‍കിയാല്‍ മില്‍മ വില്‍ക്കുന്ന പാല്‍വില കൂട്ടണ്ടേ? അപ്പോഴും ഇടത്തട്ടുകാരായ സംഘങ്ങള്‍ക്ക് ലാഭംകൂട്ടുന്നതേയുള്ളൂ.

3. ലയനം: എസ്.ബി.ടി ജീവനക്കാര്‍ ആശങ്കയില്‍
തിരുവനന്തപുരം : പൊതുമേഖലാ ബാങ്കിംഗ് രംഗത്തെ ശക്തരായ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ലയിച്ചാല്‍ നല്ലൊരു ശതമാനം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്ക.
റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം 11607 ജീവനക്കാര്‍ എസ്.ബി.ടിയിലുണ്ട്. രാജ്യമൊട്ടാകെ 717 ശാഖകളുമുണ്ട്. എസ്.ബി.ഐക്കാകട്ടെ കേരള സര്‍ക്കിളില്‍ (കേരളം, ലക്ഷദ്വീപ്, മാഹി) മാത്രം 311 ഓഫീസുകളും 5000 ത്തോളം ജീവനക്കാരും. സംസ്ഥാനത്ത് പലയിടങ്ങളിലും ഒരേ സ്ഥലത്ത് എസ്.ബി. ഐക്കും എസ്.ബി.ടിക്കും ശാഖകളുണ്ട്. ലയനം നടന്നാല്‍ ഇവിടങ്ങളില്‍ പിന്നെ ഒരു ശാഖയേ ഉണ്ടാകൂ. ശാഖകളുടെ എണ്ണം കുറയുമ്പോള്‍ സ്വാഭാവികമായും ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടിവരും. ഇതാണ് എസ്.ബി.ടി ജീവനക്കാരില്‍ ആശങ്ക ഉയര്‍ത്തുന്നത്.
ഏഴ് അസോസിയേറ്റ് ബാങ്കുകളാണ് ലയന ഭീഷണി നേരിടുന്നത്. ഇതില്‍ ആദ്യത്തേത് സ്റ്റേറ്റ് ബാങ്ക് ഒഫ് സൌരാഷ്ട്രയാണ്. ലയന നീക്കത്തിനെതിരെ ദേശസാത്കൃത ബാങ്കുകളിലെ സംഘടനകള്‍ പ്രക്ഷോഭരംഗത്താണ്. ഫെബ്രുവരി 26 നും 27 നും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
1959 ലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ആക്ടിലെ സെക്ഷന്‍ 35 പ്രകാരം ലയനത്തിന് നിയമതടസ്സമുണ്ട്. ഇതാണ് ജീവനക്കാര്‍ക്ക് താത്കാലിക ആശ്വാസം പകരുന്നത്. എന്നാല്‍ അധികൃതര്‍ക്ക് ഇത് ഭേദഗതി ചെയ്യാവുന്നതേയുള്ളൂ.
2009- ഓടെ വിദേശബാങ്കുകള്‍ ഇന്ത്യയിലേക്ക് കടന്നുവരുമെന്നും അന്ന്, നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നുമാണ് ലയനാനുകൂലികളുടെ വാദം. എന്നാല്‍, റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ ഈ വാദത്തെ ഖണ്ഡിക്കുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ആകെ ആസ്തി 12416.31 കോടിയാണ്. എന്നാല്‍, പുത്തന്‍തലമുറ ബാങ്കുകളുടെ ആസ്തി ഇതിലും എത്രയോ അധികവും. 20 ലക്ഷം കോടിക്കുമുകളിലാണ് ഓരോ പുത്തന്‍തലമുറ ബാങ്കിന്റെയും ആസ്തി. ഇവരുമായി ഇപ്പോള്‍ത്തന്നെ നമ്മുടെ പൊതുമേഖലയ്ക്ക് മത്സരിക്കാനാവുന്നില്ല. എന്നിട്ടും സാധാരണക്കാര്‍ക്കിടയില്‍ ശക്തമായ സാന്നിദ്ധ്യമായി അവ നിലകൊള്ളുമ്പോള്‍ ലയനാനുകൂലികളുടെ വാദം നിരര്‍ത്ഥകമാണെന്ന് ലയനത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ലയന നീക്കം ഉപേക്ഷിക്കണം
തിരുവനന്തപുരം : ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കണമെന്ന് എസ്.ബി. ഐ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സേവന വേതന കരാര്‍ പുതുക്കുക, ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. സര്‍ക്കിള്‍ പ്രസിഡന്റ് വി. കരുണാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. രാജീവന്‍, ട്രഷറര്‍ പണിക്കര്‍ എം. ജേക്കബ് എന്നിവര്‍ സംസാരിച്ചു.

4. പിന്നാക്കവിഭാഗങ്ങള്‍ക്ക് 54 ശതമാനം സംവരണം ഉറപ്പാക്കും: മന്ത്രി ചിദംബരം
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് പിന്നാക്ക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 54 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞു.
കേരള സര്‍വകലാശാലയും എസ്.ബി.ടിയും ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇന്‍ കേരളയില്‍ സ്ഥാപിക്കുന്ന എസ്.ബി.ടി ചെയര്‍ പ്രൊഫസര്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സീറ്റുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനമുണ്ടായപ്പോള്‍ ചില തടസ്സങ്ങള്‍ ഉയര്‍ന്നു. എങ്കിലും പിന്നാക്ക ജനവിഭാഗത്തിന് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവകാശം നേടിക്കൊടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്ത് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കുട്ടികള്‍ നിരവധിയാണ്. വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്തു മാത്രമേ ദാരിദ്യ്രം ഇല്ലാതാക്കാന്‍ കഴിയൂ. അതുകൊണ്ട് വിജ്ഞാനവികസനത്തിനുള്ള നടപടികള്‍ ഉണ്ടാവണം. തൊഴിലധിഷ്ഠിതവിദ്യാഭ്യാസ പരിശീലനത്തിന്റെ കാര്യത്തിലും ഇന്ത്യ വളരെ പിറകിലാണ്. കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ സന്നദ്ധസംഘടനകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം മുന്നോട്ടുവരണം. ഹൈദരാബാദില്‍ സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് ആരംഭിച്ച സംരംഭം ലോകത്തെ മികച്ച 20 സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്. മനുഷ്യവിഭവശേഷിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. അതിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടതെന്നും ചിദംബരം പറഞ്ഞു.
മന്ത്രി എം.എ. ബേബി അദ്ധ്യക്ഷനായിരുന്നു. കേരള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍, രജിസ്ട്രാര്‍ കെ.എ. ഹഷിം, എസ്.ബി.ടിയുടെ നിയുക്ത എം.ഡി എം. രാമസ്വാമി, ഡോ.ജെ. രാജന്‍, അഡ്വ. എ.എ. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.കെ.എസ്. ചന്ദ്രശേഖര്‍ സ്വാഗതം പറഞ്ഞു.

5. പകര്‍ച്ചവ്യാധി പ്രതിരോധസെല്ലിന് രൂപം നല്‍കും: ഐ.എം.എ
തിരു : വര്‍ദ്ധിച്ചുവരുന്ന വാഹനാപകട മരണങ്ങള്‍ കുറയ്ക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തിറങ്ങുന്നു. ട്രാഫിക് ബോധവത്കരണ പരിപാടികള്‍ക്കൊപ്പം ആംബുലന്‍സ് സംവിധാനവും ആരംഭിക്കാനാണ് ഐ. എം. എ തീരുമാനം.
ഐ. എം. എ കേരള ഘടകത്തിന്റെ 98 ബ്രാഞ്ചുകളിലൂടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയെന്ന് ഐ. എം. എ ഭാരവാഹികളായ ഡോ. എസ്. അലക്സ് ഫ്രാങ്ക്ളിന്‍, ഡോ. ആര്‍. രമേഷ്, ഡോ. കെ. ജയറാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബോധവത്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് റോഡ് നിയമങ്ങളെക്കുറിച്ച് ക്ളാസ് നല്‍കും. അപകടങ്ങളില്‍ പരിക്കേറ്റുകിടക്കുന്നവരെ എത്രയുംപെട്ടെന്ന് സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. മുമ്പുണ്ടായിരുന്ന ‘ ആക്ട്ഫോഴ്സ്’ ഓട്ടോകള്‍ വീണ്ടും രംഗത്തിറക്കും. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവ ആവര്‍ത്തിക്കപ്പെടാമെന്നതിനാല്‍, അടുത്ത മഴക്കാലത്തിന് മുമ്പായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഐ. എം. എ ഭാരവാഹികള്‍ പറഞ്ഞു. വടകരയില്‍നിന്ന് 11 ചിക്കുന്‍ഗുനിയ കേസുകള്‍ ഇപ്പോള്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമീപ ജില്ലകളിലേക്ക് ഇത് വ്യാപിക്കുന്നത് തടയുന്നതിനായി ഐ. എം. എ ഒരു പകര്‍ച്ചവ്യാധി പ്രതിരോധസെല്ലിന് രൂപം നല്‍കിയിട്ടുണ്ട്. സെല്ലിന്റെ പ്രവര്‍ത്തനം ജില്ല, ഗ്രാമ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ട്രീറ്റ്മെന്റ് പ്രോട്ടോകോള്‍ അംഗീകരിക്കില്ല
തങ്ങളുടെകൂടി പങ്കാളിത്തമില്ലാത്ത ‘ട്രീറ്റ്മെന്റ് പ്രോട്ടോകോള്‍’ അംഗീകരിക്കില്ലെന്ന് ഐ. എം. എ ഭാരവാഹികള്‍ പറഞ്ഞു. പ്രോട്ടോകോള്‍ കൊണ്ടുവരുന്നതിന് എതിരല്ല. എന്നാല്‍, ഈ രംഗത്തെ പ്രൊഫഷണലുകളായ ഐ. എം. എയെ ഇതില്‍ പങ്കാളികളാക്കിയിട്ടില്ല.

6. സൈബര്‍സിറ്റി: ബ്ളൂസ്റ്റാറിനും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും: മന്ത്രി
തിരുവനന്തപുരം: എച്ച്.എം.ടി ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയാലും സൈബര്‍സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായമന്ത്രി എളമരം കരീം വ്യക്തമാക്കി. ഇതിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിക്കും. ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിതല യോഗത്തില്‍ ബ്ളൂസ്റ്റാര്‍ വാങ്ങിയ ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കണമെന്ന് താന്‍ പറഞ്ഞിരുന്നില്ല. അത്തരം കാര്യങ്ങള്‍ വെറുതേ പറയുന്നതാണ്. ബ്ളൂസ്റ്റാര്‍ കമ്പനി മുഖ്യമന്ത്രിക്കു നല്‍കിയ കത്തോ അതിനുള്ള മറുപടിയോ താന്‍ കണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ബാലകൃഷ്ണനാണ് മറുപടി കൊടുത്തത്.
സംഭവത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി രാജേന്ദ്രന്‍ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. തറക്കല്ലിടല്‍ ചടങ്ങിന് താന്‍ പോകുന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അദ്ദേഹം എതിര്‍ത്തെങ്കില്‍ പോകില്ലായിരുന്നുവെന്നും എളമരം കരീം പറഞ്ഞു.

7. വനിതാ കണ്ടക്ടറെ ശല്യം ചെയ്തു, ഗതാഗതമന്ത്രി ഇടപെട്ട് പൊലീസില്‍ ഏല്പിച്ചു
അരൂര്‍: ഡ്യൂട്ടിക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ ബസില്‍വച്ച് ശല്യം ചെയ്തയാത്രക്കാരനെ ഗതാഗതവകുപ്പ് മന്ത്രി ഇടപെട്ട് പൊലീസില്‍ ഏല്പിച്ചു. ദേശീയപാതയില്‍ ചന്തിരൂര്‍ ബസ്സ്റ്റോപ്പില്‍ ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം.
ആലുവയില്‍നിന്ന് ചേര്‍ത്തലയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസില്‍ യാത്ര ചെയ്തിരുന്ന വനിതാ കണ്ടക്ടറെയാണ് ഇതേ ബസിലെ യാത്രക്കാരനായിരുന്ന എഴുപുന്ന വാടക്കകത്തുവീട്ടില്‍ സതീശന്‍ ശല്യപ്പെടുത്തിയത്. യുവതി ചേര്‍ത്തല ഡിപ്പോയില്‍ ഡ്യൂട്ടിക്ക് പോവുകയായിരുന്നു. യുവാവിന്റെ ശല്യം അതിരുകടന്നപ്പോള്‍ യുവതി ഡ്യൂട്ടിയിലുള്ള കണ്ടക്ടറെയും മറ്റ് യാത്രക്കാരെയും വിവരം അറിയിച്ചു. തുടര്‍ന്ന് ബസ് ചന്തിരൂര്‍ ബസ്സ്റ്റോപ്പില്‍ നിര്‍ത്തി. ശല്യക്കാരനായ യുവാവിനെ ചില യാത്രക്കാര്‍ ബസില്‍നിന്ന് പിടിച്ചിറക്കി കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. ഈ സമയം അതുവഴി വന്ന ഗതാഗതമന്ത്രി മാത്യു ടി.തോമസ് ജനക്കൂട്ടം കണ്ട് കാര്‍ നിര്‍ത്തി വിവരം അന്വേഷിച്ചു. അദ്ദേഹം ഉടന്‍ അരൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. എസ്.ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്റ്റുചെയ്തു. വനിതാ കണ്ടക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസെടുത്തു.

1. എന്‍ഡോസള്‍ഫാന്‍ ഹൈറേഞ്ചിനെയും വിഴുങ്ങുന്നു
കോട്ടയം: കാസര്‍ഗോഡിനെ ദുരിതത്തിന്റെ തീരാക്കയങ്ങളിലാഴ്ത്തിയ എ ന്‍ഡോസള്‍ഫാന്‍ കാന്‍സര്‍ ഭീഷണി ഉയര്‍ത്തി ഹൈറേഞ്ചിനെയും വിഴുങ്ങുന്നു. ഇടുക്കി ജില്ലയിലെ ഏലംകൃഷി മേഖലകളായ ചക്കു പള്ളം, ആനവിലാസം, പത്തുമുറി, വണ്ട ന്‍ മേട്, ഉടുമ്പ ന്‍ ചോല എന്നിവിടങ്ങളിലും തേയിലകൃഷി നടക്കുന്ന ചെങ്കര, വ ണ്ടിപ്പെരിയാര്‍, പീരുമേട് മേഖലകളിലെ ചിലതോട്ടങ്ങളിലുമാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുന്ന എന്‍ഡോസള്‍ഫാന്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഉ പ യോഗിക്കുന്നത്.

ഹൈറേഞ്ച് മേഖലയില്‍ വ്യാപകമാകുന്ന കാന്‍സര്‍ രോഗത്തിന്റെ തീ വ്രത കൂടി പരിഗണിക്കുമ്പോഴാണ് എന്‍ഡോസള്‍ഫാന്‍ വിതയ് ക്കു ന്ന ദുരന്തത്തി ന്റെ ആഴം വ്യക്തമാകുന്നത്. വ ണ്ടി പ്പെരിയാറിനു സ മീപം ചെങ്കര ഗ്രാമത്തില്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായ കാന്‍സര്‍ രോഗം കീടനാശിനികളുടെ സമ്മാനമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 18 പേരാണ് ഇവിടെ കാന്‍സര്‍ ബാധിച്ചു മരിച്ചത്. അന്‍പതോളം പേര്‍ കാന്‍സറിന്റെ വേദനകളുമായി കഴിയുന്നു.

ഏലത്തോട്ടങ്ങളില്‍ നല്ലൊരു ഭാഗം തമിഴ്നാട് സ്വ ദേശികളുടെ ഉടമസ്ഥതയിലായതിനാല്‍ നിരോധിക്കപ്പെട്ട മാരക കീടനാശിനിയുടെ ഉ പയോഗം പുറം ലോകം അറിയുന്നില്ല. കേരളത്തില്‍ നിരോധിച്ച എന്‍ ഡോസള്‍ഫാന്‍ അതിര്‍ത്തി കടന്നാല്‍ തമിഴ്നാട്ടില്‍ സുലഭമായി ലഭിക്കും.

മറ്റു കീടനാശിനികള്‍ള്‍ക്ക് 350 മുതല്‍ 400 രൂപവരെയാണ് ലിറ്ററിനു വിലയെങ്കില്‍ എന്‍ഡോസള്‍ഫാന് ലിറ്ററിന് 240 രൂപമുതല്‍ 280 രൂപവരെയേ വിലയുള്ളൂ. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുമ്പോള്‍ കീടബാധ കുറവാണെന്നതും ഏലത്തോട്ടങ്ങളില്‍ ഇതുപയോഗിക്കാന്‍ തോട്ടമുടമകളെ പ്രേരിപ്പിക്കുന്നു.

തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരുന്ന കീടനാശിനികളും വളങ്ങളുമാണ് ഇപ്പോള്‍ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. യാതൊരുവിധ സുരക്ഷാമാര്‍ഗങ്ങളും ഉപയോഗിക്കാതെയാണ് ഇത്തരം കീടനാശിനി തളിക്കുന്നത്. ജലസ്രോതസുകളിലേക്കും മറ്റും ഈ വിഷം ഒഴുകിപ്പരക്കാനുള്ള സാധ്യത യേ റെയാണ്.

കാസര്‍ഗോട്ടെ കശുവണ്ടി തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതു വഴിയുണ്ടായ ദുരന്തം ഹൈറേഞ്ചിനെയും പിടികൂടുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.

അനധികൃതമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

2. ചികിത്സാമാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള തീരുമാനം അംഗീകരിക്കില്ല: ഐ.എം.എ
തിരുവനന്തപുരം: ചികിത്സാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഐ.എം.എ. ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയും വിശദമായ ചര്‍ച്ചകള്‍ നടത്തിയും നടപ്പാക്കേണ്ട ഒന്നാണ് ചികിത്സാ മാനദണ്ഡങ്ങള്‍.

ഇതൊന്നും കൂടാതെ സര്‍ക്കാര്‍ ഒരുമാസം കൊണ്ട് ചികിത്സാമാനദണ്ഡങ്ങള്‍ നിശ്ചയിക്കാനാണ് നീക്കമെന്നും ഇതം അംഗീകരിക്കാനാവില്ലെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് അലക്സ് ഫ്രാങ്ക്ളിന്‍, ജനറല്‍സെക്രട്ടറി ഡോ. എസ്. രമേശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോഴത്തെ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് ഡോക്ടര്‍മാരുമായി മാനദണ്ഡം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. ഈ മേഖലയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയശേഷം അവസാനവട്ട മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന 18,000രൂപയ്ക്ക് പകരം മാന്യമായ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കുന്നതിന് ഐ.എം.എയുടെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധിസെല്‍ രൂപീകരിച്ചിട്ടുണ്ട്.

സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിലും പ്രാദേശികതലത്തിലും കമ്മറ്റികള്‍ രൂപീകരിക്കും. കൊതുകു നിര്‍മാര്‍ജനം, പരിസരശുചീകരണം, പൊതുജനങ്ങള്‍ക്ക് ആരോഗ്യപരമായ അറിവ് നല്‍കല്‍, രോഗനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സെല്ലിന്റെ പ്രവര്‍ത്തനം.

കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്െടന്ന് അറിയിച്ചിരുന്നെങ്കിലും ഇത് തടയുന്നതിന് യാതൊരുവിധ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് ഐ.എം.എ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

3. പരിസ്ഥിതി സംരക്ഷണത്തിനു ജനങ്ങള്‍ മുന്നിട്ടിറങ്ങണം: കേന്ദ്രമന്ത്രി രാജശേഖര്‍
കോട്ടയം: പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനു 11-ാം പഞ്ചവത്സര പദ്ധതിയില്‍പ്പെടുത്തി 12000 കോടി രൂപ വിനിയോഗിക്കുമെന്നു കേന്ദ്ര ആസൂത്രണകാര്യ മന്ത്രി എം.വി രാജശേഖര്‍. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷണത്തിനു വിദ്യാര്‍ഥികളെ സഹകരിപ്പിച്ചുകൊണ്ടാണു പരിപാടികള്‍ നടപ്പാക്കുക. ഇതിനായി സെമിനാറുകളും ബോധവത്കരണ ക്ളാസുകളും നടത്തും. കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി ഇ.വി.കെ.എസ് ഇളങ്കോവന്‍ മുഖ്യ പ്രഭാഷണം നടത്തി. ദൈവദത്തമായ ഭൂമിയിലെ പ്രകൃതിസമ്പത്തിനെ നാം തകിടം മറിക്കുകയാണെന്നും ഇതു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും അധ്യക്ഷപ്രസംഗത്തില്‍ ബിഷപ് റവ.ഡോ. തോമസ് സാമുവല്‍ പറഞ്ഞു. എംപിമാരായ പ്രഫ. പി.ജെ കുര്യന്‍, സുരേഷ് കുറുപ്പ്, ജനറല്‍ കണ്‍വീനര്‍ പ്രഫ. ഡോ. മാത്യു കോശി, റവ. ഡോ.ഷാജന്‍ ഇടിക്കുള, ലേ സെക്രട്ടറി എം.എം ഫിലിപ്, റവ. ജേക്കബ്. പി. സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

4. കാന്‍സര്‍ ദിന മുദ്രാവാക്യം ‘പുകവലി രഹിത ബാല്യം’
മുംബൈ: ഇന്നു ലോക കാന്‍സര്‍ ദിനം. മനുഷ്യരാശിയെ കാര്‍ന്നു തിന്നുന്ന ഈ വ്യാധിയെ ഒരു പരിധിവരെ മനുഷ്യന്റെ ശ്രദ്ധയും പരിശ്രമവുമുണ്െടങ്കില്‍ ഒഴിവാക്കാമെന്നു ആരോഗ്യ സംഘടനകള്‍.

കാന്‍സറിനു പ്രധാന കാരണമായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത് പുകയില തന്നെ. ബാല്യത്തില്‍ തുടങ്ങി കൌമാരത്തില്‍ പുകവലിക്കു അടിമകളാകുന്നവരാണ് രോഗികളില്‍ അധികവും.

ഇതിനുള്ള പരിഹാരമായി ഈ കാന്‍സര്‍ ദിനത്തില്‍ പുകവലി രഹിത ബാല്യം എന്ന സന്ദേശം ലോകത്ത് വ്യാപിക്കാനാണ് ലോകാരോഗ്യസംഘടനയുടെ തീരുമാനം. പുകയില വിമുക്തവും കാന്‍സര്‍ രഹിതവുമായ ലോകം പടുത്തുയര്‍ത്തുകയാണ് ലക്ഷ്യം. പുരുഷന്‍മാരിലെ അമ്പതു ശതമാനം കാന്‍സറിനും സ്ത്രീകളിലെ ഇരുപതു ശതമാനം കാന്‍സറിനും പുകയില ഉത്പന്നങ്ങള്‍ കാരണമാകുന്നെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരോ ദിവസവും 5500 പേര്‍ പുകവലിക്ക് അടിമകളാകുന്നെന്നാണ് കണക്ക്. ഇവരില്‍ ബഹുഭൂരിപക്ഷവും കൌമാര കാലത്തു തന്നെ ശീലമാക്കുന്നവരാണ്.

1. എച്ച്.എം.ടി: കലക്ടറുടെ ശിപാര്‍ശയും മന്ത്രിമാര്‍ തള്ളി
കൊച്ചി: എച്ച്.എം.ടി ഭൂമിയിടപാട് റദ്ദാക്കാന്‍ നടപടി വേണമെന്ന എറണാകുളം ജില്ലാ കലക്ടറുടെ ശിപാര്‍ശ, വ്യവസായ^റവന്യൂ മന്ത്രിമാരുടെ യോഗം നിയമവിരുദ്ധമായി മറികടന്നു.

കമ്പനിയില്‍ നിന്ന് വാങ്ങിയ ഭൂമിയില്‍ 70 ശതമാനം ഐ.ടി വ്യവസായത്തിന് നീക്കിവെക്കുമെന്ന ബ്ലൂ സ്റ്റാര്‍ റിയല്‍ട്ടേഴ്സ് കമ്പനിയുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന മുടന്തന്‍ ന്യായം ചൂണ്ടിക്കാണിച്ചാണ് കലക്ടറുടെ ശിപാര്‍ശ മന്ത്രിതല യോഗം മറികടന്നത്.

തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ അഞ്ചില്‍ പെട്ട 70 ഏക്കറാണ് എച്ച്.എം.ടി ബ്ലൂ സ്റ്റാര്‍ കമ്പനിക്ക് വിറ്റത്. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന രജിസ്ട്രേഷന്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കലക്ടര്‍ അന്വേഷണം നടത്തിയത്. രജിസ്ട്രേഷന്‍ റദ്ദാക്കല്‍ സാധ്യമാണോയെന്ന് പരിശോധിക്കാന്‍ ജില്ലാ രജിസ്ട്രാറോടും കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഭൂമി വില്‍ക്കാന്‍ അധികാരമില്ലെന്ന് 2006 നവംബര്‍ 18^ന് എറണാകുളം ജില്ലാ കലക്ടര്‍ റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യവസായ ആവശ്യത്തിന് എടുത്ത് നല്‍കിയ ഭൂമി ഈ ആവശ്യത്തിനേ ഉപയോഗിക്കാവൂ. ഇതുസംബന്ധിച്ച് ’91^ല്‍ റവന്യൂ വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ ഭൂമി തിരിച്ച് സര്‍ക്കാറിന്റെ കൈവശത്തിലാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വസ്തു വില്‍പനക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭൂമി കൈമാറ്റം അസാധുവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പോക്കുവരവിന് കലക്ടര്‍ നിരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. കലക്ടര്‍ പോക്കുവരവിന് ഏര്‍പ്പെടുത്തിയ നിരോധം വ്യവസായ മന്ത്രിയും റവന്യൂ മന്ത്രിയും പങ്കെടുത്ത യോഗത്തില്‍ നീക്കി. യോഗത്തിന്റെ മിനിറ്റ്സില്‍, കലക്ടര്‍ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മറികടക്കുന്നതിന് വിശദീകരണമൊന്നും പറഞ്ഞിട്ടില്ല.

വാങ്ങിയ ഭൂമിയില്‍ 70 ശതമാനം ഐ.ടി വ്യവസായത്തിന് മാറ്റിവെക്കുമെന്നും 35,000^45,000 നുമിടക്ക് നേരിട്ടുള്ള തൊഴിലവസരം ഉണ്ടാകുമെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ച സാഹചര്യത്തില്‍ നിരോധം ഉടന്‍ നീക്കാനാണ് മന്ത്രിതല യോഗം തീരുമാനിച്ചത്. കലക്ടറുടെ വിശദീകരണമടക്കം കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഒഴിവാക്കണമെങ്കില്‍ നിയമപരമായ സാധൂകരണം വേണം. എന്നാല്‍, ചട്ടം മറികടക്കാന്‍ മന്ത്രിമാരുടെ യോഗം നിര്‍ദേശിക്കുകയായിരുന്നു. നിയമപരമായ കാര്യങ്ങള്‍ മറികടക്കാന്‍ മന്ത്രിമാരുടെ യോഗത്തിന് നിര്‍ദേശം നല്‍കാന്‍ അവകാശമില്ലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.

കളമശേരിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 900 ഏക്കര്‍ ഭൂമിയില്‍ നിന്ന് 781.59 ഏക്കറാണ് എച്ച്.എം.ടിക്ക് നല്‍കിയത്. ഇതില്‍ വ്യവസായത്തിന് ഉപയോഗിക്കാത്ത 400 ഏക്കര്‍ ഏറ്റെടുത്തുകൊണ്ട് ’98 ജൂണ്‍ നാലിന് വ്യവസായവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഭൂമി ഏറ്റെടുക്കലിനെതിരെ എച്ച്.എം.ടി മാനേജ്മെന്റ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെത്തുടര്‍ന്ന് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ തയാറാവുകയായിരുന്നു. ഇതുപ്രകാരം 100 ഏക്കര്‍ ഭൂ പരിഷ്കരണനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി കൈവശം വെക്കാന്‍ കമ്പനിക്ക് അധികാരം നല്‍കി. വിട്ടുകൊടുത്ത 300 ഏക്കറില്‍ 240 ഏക്കര്‍ കിന്‍ഫ്രക്കും 60 ഏക്കര്‍ സഹകരണ മെഡിക്കല്‍ കോളജിനും സര്‍ക്കാര്‍ നല്‍കുകയായിരുന്നു.

പിന്നീട് അധികമുള്ള 251.40 ഏക്കറും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഇതിനെതിരെ എച്ച്.എം.ടി കൊടുത്ത ഹരജി നിലനില്‍ക്കുമ്പോഴാണ് നേരത്തേ വിട്ടുകൊടുത്ത നൂറേക്കര്‍ ഭൂമിയില്‍ 70 ഏക്കര്‍ ബ്ലൂസ്റ്റാര്‍ കമ്പനിക്ക് വിറ്റത്. പോക്കുവരവിനുള്ള നിരോധം നീക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയത് ദുരൂഹമാണെന്ന ആരോപണങ്ങള്‍ക്ക് കലക്ടറുടെ കത്തും യോഗത്തിന്റെ മിനിറ്റ്സും ചേര്‍ത്ത് വായിക്കുമ്പോള്‍ ശക്തിയേറുകയാണ്.

2. ഐ.പി.എസുകാരും കേരളം വിടുന്നു
തിരുവനന്തപുരം: ഐ.എ.എസുകാര്‍ക്ക് പിന്നാലെ ഐ.പി.എസുകാരും കേരളം വിടുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകളുമായി പൊരുത്തപ്പെടാനാവാതെ ഡസനോളം ഐ.എ.എസുകാര്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ തരപ്പെടുത്തി കേരളം വിട്ടതോടെയാണ് ഐ.പി.എസുകാരും ഈ വഴിക്ക് നീങ്ങുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം പഴിചാരി വിജിലന്‍സ് അന്വേഷണത്തില്‍ കുടുക്കുന്ന ചില മന്ത്രിമാരുടെ നടപടികളാണ് കേരളം വിടാന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്. ഐ.എ.എസുകാരായ സീനിയര്‍ ഓഫീസര്‍മാരില്‍ ബഹുഭൂരിപക്ഷവും കേന്ദ്ര ഡെപ്യൂട്ടേഷനിലായതോടെ പല വകുപ്പുകള്‍ക്കും നാഥനില്ലാത്ത അവസ്ഥയാണ്. നിലവിലുള്ള പല ഉദ്യോഗസ്ഥര്‍ക്കും മൂന്നും നാലും വകുപ്പുകളുടെ ചുമതലയും നല്‍കിയിരിക്കുകയാണ് ഇതോടെ ജോലിഭാരം താങ്ങാനാവാതെ സീനിയര്‍ ഉദ്യോഗസ്ഥരില്‍ പലരും അവധിയില്‍ പ്രവേശിക്കുന്നുണ്ട്.

സംസ്ഥാനത്ത് 139 ഐ.പി.എസുകാര്‍ വേണ്ടിടത്ത് 110 പേര്‍ മാത്രമാണുള്ളത്. ഇതില്‍തന്നെ പലരും കേന്ദ്ര ഡെപ്യൂട്ടേഷനിലും അവധിയിലുമാണ്. ഇതിനിടെ മൂന്ന് പേര്‍ ഐ.പി.എസ് ഉപേക്ഷിച്ച് വിദേശത്തേക്ക് പോവുകയും ചെയ്തു. സീനിയര്‍ ഐ.പി.എസുകാരായ വിനോദ് തോമസ്, രാജന്‍സിംഗ്, സുനില്‍ അസ്താന എന്നിവരാണിവര്‍. ഇനി പഴയ ലാവണത്തിലേക്ക് മടങ്ങുന്നില്ലെന്ന്് ഇവര്‍ ചീഫ് സെക്രട്ടറിയേയും ഡി.ജി.പി.യേയും രേഖാമൂലം അറിയിച്ച് കഴിഞ്ഞു. കേരള കേഡറിലുള്ള അന്യസംസ്ഥാനക്കാരായ അഞ്ച് പേര്‍ സി.ബി.ഐയില്‍ ചേക്കേറിക്കഴിഞ്ഞു. സുരേഷ്രാജ് പുരോഹിത് (സി.ബി.ഐ ദല്‍ഹി), ദിനേന്ദ്ര കശ്യപ് (സി.ബി.ഐ പാറ്റ്ന), വിക്രം (സി.ബി.ഐ കൊച്ചി), രൂപേശ് അഗര്‍വാള്‍ (സി.ബി.ഐ ലക്നൌ), മഹിപാല്‍ യാദവ് (സി.ബി.ഐ ദല്‍ഹി) എന്നിവരാണിവര്‍. ഈ പാത പിന്തുടര്‍ന്ന് പത്തോളം പേര്‍കൂടി വൈകാതെ കേരളം വിടാനുള്ള തയാറെടുപ്പിലാണ്. വിജിലന്‍സ് ഡയറക്ടറായിരുന്ന ഉപേന്ദ്രവര്‍മ, ഡി.ജി.പി രമണ്‍ശ്രീവാസ്തവ എന്നിവരും ഈ പട്ടികയിലുണ്ട്. പുതിയ ഐ.പി.എസുകാരെ കേരള കേഡറിലേക്ക് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. കൂടുതല്‍ ഐ.എ.എസുകാരെ ആവശ്യപ്പെട്ട് റവന്യു മന്ത്രി കെ.പി രാജേന്ദ്രന്‍ കേന്ദ്രത്തിനയച്ച കത്തിന് ലഭിച്ച മറുപടിയും ആശാവഹമല്ല. വീണ്ടും കേന്ദ്ര സര്‍ക്കാറുമായി മുഖ്യമന്ത്രി മുഖേന ബന്ധപ്പെടുന്നതിനുള്ള നടപടികളും നടന്നുവരികയാണ്്.

അതേസമയം കേരള കേഡറിലുള്ള ഐ.പി.എസുകാരെ സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഡെപ്യൂട്ടേഷനില്‍ എടുക്കാന്‍ മല്‍സരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഐ.പി.എസുകാരെക്കാള്‍ കേരള കേഡറിലുള്ളവര്‍ മികച്ചനിലവാരം പുലര്‍ത്തുന്നു എന്നതാണ് ഇതിന് കാരണം.

3. പടക്കപ്പല്‍ സ്ഫോടനം: വിലകൊടുത്തു വാങ്ങിയ ദുരന്തം
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്തിനും പോര്‍ട്ട്ബ്ലെയറിനുമിടയില്‍ സ്ഫോടനമുണ്ടായി അഞ്ചു നാവികരുടെ മരണത്തിനിടയാക്കിയ യുദ്ധക്കപ്പല്‍ ‘ഐ.എന്‍.എസ് ജലാശ്വ’ അമേരിക്ക ഉപയോഗിച്ച് ഉപേക്ഷിച്ചത്.

കാലപ്പഴക്കത്തെ തുടര്‍ന്ന് അമേരിക്ക ഒഴിവാക്കിയ ‘യു.എസ്.എസ് ട്രെന്റണ്‍’ എന്ന ഈ കപ്പല്‍ 200 കോടി രൂപ നല്‍കിയാണ് ഇന്ത്യ വാങ്ങിയത്. 2007 ജനുവരി 17ന് അമേരിക്കയിലെ വിര്‍ജീനിയയിലുള്ള നോര്‍ഫോക് തുറമുഖത്തില്‍ ഡീകമീഷന്‍ ചെയ്യപ്പെട്ട ‘യു.എസ്.എസ് ട്രെന്റണ്‍’ ഇന്ത്യന്‍ നേവിക്കുവേണ്ടി അതേ ചടങ്ങില്‍ ‘ഐ.എന്‍.എസ് ജലാശ്വ’ എന്ന പേരില്‍ കമീഷന്‍ ചെയ്തത് പാര്‍ലമെന്റംഗങ്ങളെ ‘തലയില്ലാക്കോഴികള്‍’ എന്ന് അധിക്ഷേപിച്ച അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ റോണന്‍ സെന്നാണ്്. 2005ല്‍ ഇന്ത്യ സന്ദര്‍ശിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസാണ് കപ്പല്‍ കൈമാറാനുള്ള ധാരണാപത്രം ഒപ്പുവെച്ചത്. ഇന്ത്യ^അമേരിക്ക ആണവ കരാറിന്റെ അനുബന്ധ കരാറുകളിലൊന്നായിരുന്നു ഇത്.

1966ല്‍ വാഷിംഗ്ടണിലെ ലോക്ഹീഡ് ഷിപ്പ്യാര്‍ഡില്‍ നിര്‍മാണം തുടങ്ങിയ ‘യു.എസ്.എസ് ട്രെന്റണ്‍’ 1971 മാര്‍ച്ചിലാണ് കമീഷന്‍ ചെയ്തത്. സോമാലിയ മുതല്‍ ഗള്‍ഫ് വരെയുള്ള മേഖലകളില്‍ പരമാവധി ഉപയോഗിച്ചതിനാല്‍ ആറു തവണയാണ് അമേരിക്ക ഈ ഭീമന്‍ കപ്പലില്‍ അറ്റകുറ്റപ്പണി നടത്തിയത്. നിരവധി അപകടങ്ങളും കപ്പലില്‍ ഉണ്ടായി.

1971 ജൂണ്‍ 28ന് ക്യൂബയിലെ ഗ്വാണ്ടനാമോ തുറമുഖത്തിനു സമീപം എഞ്ചിന്‍ റൂമിലുണ്ടായ സ്ഫോടനത്തില്‍ അമേരിക്കയുടെ ആറു നാവികര്‍ മരിച്ചു. 1977 ജനുവരി 17ന് സ്പെയിനിലെ ബാഴ്സലോണക്കടുത്ത് ചരക്കുകപ്പലുമായി കൂട്ടിയിടിച്ച ‘യു.എസ്.എസ് ട്രെന്റണി’ലെ 49 ജീവനക്കാരാണ് മരിച്ചത്. 1981 ഏപ്രില്‍ 27ന് ഈജിപ്തിലെ അലക്സാന്‍ഡ്രിയ തുറമുഖത്ത് അമേരിക്കയുടെ തന്നെ മറ്റൊരു യുദ്ധക്കപ്പലായ ‘യു.എസ്.എസ് ജാക്കു’മായി കൂട്ടിയിടിച്ചും ‘ട്രെന്റണ്’ സാരമായ കേടുപറ്റി. ഗള്‍ഫ് യുദ്ധത്തില്‍ സജീവ പങ്കുവഹിച്ച ‘യു.എസ്.എസ് ട്രെന്റണ്‍’ ഇസ്രായേലിനുവേണ്ടി ലബനാന്‍ ആക്രമണത്തിലും പങ്കാളിത്തം വഹിച്ചു. ഈവിധം ഉപയോഗിച്ച് പഴഞ്ചനായ കപ്പലാണ് അമേരിക്ക ഇന്ത്യക്കുമേല്‍ കെട്ടിവെച്ചത്.

2007 മധ്യത്തോടെ വിശാഖപട്ടണത്തെ നാവിക കമാന്റിന് കപ്പല്‍ കൈമാറി. പഴഞ്ചന്‍ കപ്പലിലെ ആദ്യപരിശീലനം തന്നെ ദുരന്തത്തിനിടയാക്കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന യുദ്ധക്കപ്പലുകള്‍ ഇരുപത്തഞ്ചോ മുപ്പതോ വര്‍ഷത്തിനുശേഷം ഒഴിവാക്കുകയാണ് പതിവ്. 23 വര്‍ഷം മാത്രം പിന്നിട്ട ഇന്ത്യയുടെ ‘ഐ.എന്‍.എസ്^56’ യുദ്ധക്കപ്പല്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെന്നൈ തുറമുഖത്ത് ഡീകമീഷന്‍ ചെയ്തത്. എന്നിട്ടും 37 വര്‍ഷം പിന്നിട്ട അമേരിക്കയുടെ ആവിക്കപ്പല്‍ വന്‍വിലകൊടുത്ത് ഇന്ത്യന്‍ നേവി വാങ്ങി. പഴയ കപ്പല്‍ പൊളിക്കുമ്പോള്‍ വിഷവസ്തുവായ ആസ്ബസ്റ്റോസ് കടലില്‍ പരക്കും. ഇക്കാരണത്താല്‍ കപ്പല്‍പൊളി ശാലയിലേക്കയക്കാന്‍ പോലും അമേരിക്ക ഏറെ ബുദ്ധിമുട്ടേണ്ടിവരുമായിരുന്ന ‘യു.എസ്.എസ് ട്രെന്റണെ’ 200 കോടി നല്‍കി ഇന്ത്യയിലെത്തിച്ച കേന്ദ്രസര്‍ക്കാര്‍ അമേരിക്കന്‍ വിധേയത്വത്തിന്റെ കാര്യത്തില്‍ മറ്റാരെയും കടത്തിവെട്ടുകയായിരുന്നു.

4. അവശ്യ മരുന്ന് പട്ടികയിലേക്ക് കൂടുതല്‍ ഇനങ്ങള്‍
ന്യൂദല്‍ഹി: മന്ത്രിതല സമിതിയുടെ പരിശോധനക്ക് വിട്ട ദേശീയ ഔഷധ നയത്തിന് വൈകാതെ അംഗീകാരമായേക്കും. അവശ്യ മരുന്നുകളുടെ പട്ടിക 74ല്‍ നിന്ന് 354 ആയി വിപുലപ്പെടുത്തണമെന്ന നിര്‍ദേശം മന്ത്രിതല സമിതി മിക്കവാറും അംഗീകരിച്ചേക്കുമെന്നാണ് സൂചന. കൂടുതല്‍ മരുന്നിനങ്ങള്‍ വിലനിയന്ത്രണ പട്ടികയില്‍ കൊണ്ടുവരുന്നതിനെ ചൊല്ലി വ്യവസായികളും രാസവസ്തു മന്ത്രാലയവുമായി നിലനിന്ന തര്‍ക്കത്തെ തുടര്‍ന്നാണ് വിഷയം മന്ത്രിതല സമിതിയുടെ പരിഗണനക്ക് വിട്ടിരുന്നത്.

സമിതിയുടെ അടുത്ത യോഗം ഔഷധ നയത്തിന്റെ കരട് അംഗീകരിക്കുമെന്ന് രാസവസ്തു മന്ത്രി രാംവിലാസ് പാസ്വാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ശരത്പവാര്‍ അധ്യക്ഷനായ മന്ത്രിതല സമിതി ഇതിനകം മൂന്ന് യോഗങ്ങള്‍ നടത്തിയെങ്കിലും രമ്യമായ പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കരട് നയത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുകയെന്ന് പാസ്വാന്‍ വ്യക്തമാക്കിയില്ല.

അവശ്യ മരുന്നുകളുടെ പട്ടിക 74ല്‍ നിന്ന് 354 ആയി വിപുലപ്പെടുത്തണമെന്ന നിര്‍ദേശം രാജ്യത്തെ ഔഷധ^ഗവേഷണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന വാദമുയര്‍ത്തിയാണ് വ്യവസായികള്‍ നേരിട്ടത്. മരുന്നു വില നിരീക്ഷകരായ ദേശീയ ഔഷധ വിലനിര്‍ണയ അതോറിട്ടിയും വില നിയന്ത്രണ ശിപാര്‍ശ മന്ത്രിതല സമിതി മുമ്പാകെ വെച്ചിട്ടുണ്ട്.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w