പത്രവാര്‍ത്തകള്‍ 02-02-08

1. എല്‍എന്‍ജി ടെര്‍മിനല്‍: നിര്‍മാണകരാറായി
കൊച്ചി: പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ നിര്‍മാണത്തിനുള്ള കരാര്‍ ജപ്പാന്‍ കമ്പനിയായ ഇഷികാവാജിമ-ഹാരിമ ഹെവി ഇന്‍ഡസ്ട്രീസു (ഐഎച്ച്ഐ)മായി ഒപ്പുവച്ചു. പെട്രോനെറ്റിന്റെ ഗുജറാത്തിലെ ദഗേജിലുള്ള ടെര്‍മിനല്‍ നിര്‍മാണത്തിന്റെയും വികസനത്തിന്റെയും ചുമതല ഐഎച്ച്ഐക്കായിരുന്നു.

ന്യൂഡല്‍ഹിയിലാണ് കരാര്‍ ഒപ്പുവച്ചത്. കരാര്‍പ്രകാരം ഫെബ്രുവരിയില്‍ത്തന്നെ പുതുവൈപ്പിനില്‍ ടെര്‍മിനല്‍ നിര്‍മാണം തുടങ്ങും.

ടെര്‍മിനല്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ മൂന്നു കമ്പനികളാണ് രംഗത്തുവന്നത്. ഇതില്‍ ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ ക്വാട്ട്ചെയ്തത് ഐഎച്ച്്ഐ ആയിരുന്നു. മറ്റു രണ്ടു കമ്പനികള്‍ നേരത്തെ പിന്‍വാങ്ങുകയുംചെയ്തു. തുടര്‍ന്ന് ഐഎച്ച്ഐക്ക് ടെന്‍ഡര്‍ നല്‍കാന്‍ ഒരുമാസംമുമ്പേ തീരുമാനിച്ചിരുന്നു.

പദ്ധതിയുടെ മൊത്തം നിര്‍മാണച്ചെലവ് മൂവായിരം കോടി രൂപയാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ എന്‍എല്‍ജി ടെര്‍മിനല്‍ 2011ഓടെ കമീഷന്‍ചെയ്യാനാണ് പദ്ധതി. തുടക്കത്തില്‍ 2.5 മെട്രിക് ടണ്‍ ശേഷിയാണ് ടെര്‍മിനലിനുണ്ടാകുക.

2. കേന്ദ്രനയം സാധാരണക്കാരന് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കും: സെമിനാര്‍
തിരു: കേന്ദ്ര ആസൂത്രണകമീഷന്റെയും കേന്ദ്ര വിജ്ഞാനകമീഷന്റെയും നിര്‍ദേശങ്ങള്‍ സാധാരണക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുസ്ഥാപനങ്ങളില്‍ ഫീസ് വര്‍ധനയ്ക്കും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നുവരവിനും അവസരമൊരുക്കുന്ന നിര്‍ദേശങ്ങളാണുള്ളത്. ദേശീയ സര്‍വകലാശാലകളില്‍ സ്വകാര്യ പൊതുപങ്കാളിത്തം കൊണ്ടുവരാനും നിര്‍ദേശമുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഉദാരമായി ഗ്രാന്റ് നല്‍കുന്നത് പൊതുസമ്പത്ത് സ്വകാര്യമേഖലയ്ക്ക് ലഭിക്കാനിടയാക്കും. സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത് സ്വകാര്യ ഏജന്‍സികള്‍ക്ക് നിയന്ത്രണാധികാരം നല്‍കാനിടയാക്കും- മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസത്തില്‍ വിജ്ഞാനകമീഷന്‍ നടത്തിയ രാഷ്ട്രീയ ഇടപെടല്‍ അവസരസമത്വം ഇല്ലാതാക്കുമെന്ന് പശ്ചിമബംഗാള്‍ ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്‍ ചെയര്‍മാന്‍ പ്രൊഫ. സുബിമള്‍ സെന്‍ പറഞ്ഞു.

സാമ്പത്തിക പരിമിതി ഉന്നതവിദ്യാഭ്യാസത്തിന് തടസ്സമാകരുതെന്ന കാഴ്ചപ്പാടോടെയാണ് ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫണ്ട് രൂപീകരിക്കണമെന്ന നിര്‍ദേശം വച്ചതെന്ന് സ്വാഗതം പറഞ്ഞ ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. സര്‍വകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള ഓപ്പണ്‍ ആക്സസ് പബ്ളിക്കേഷന്‍ ഇനീഷ്യേറ്റീവ് ആരംഭിക്കണമെന്ന് ഡോ. ബി ഇക്ബാല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറഞ്ഞു. എല്ലാ ജേര്‍ണലും സൌജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന സംവിധാനമാണ് ഇത്.

ശ്രീകാര്യം മരിയാറാണി സെന്ററില്‍ ‘ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, അവസരസമത്വം, സാമൂഹ്യനീതി’ എന്ന വിഷയത്തിലാണ് ദ്വിദിന സെമിനാര്‍. പ്രൊഫ. പി എന്‍ റോയി, ഡോ. നൈനാന്‍ കോശി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. ജി ബാലമോഹന്‍തമ്പി അധ്യക്ഷനായിരുന്നു. മെമ്പര്‍ സെക്രട്ടറി തോമസ് ജോസഫ് നന്ദി പറഞ്ഞു.

യുജിസി ചെയര്‍മാന്‍ പ്രൊഫ. സുഖദേവ് തൊറാട്ടിന് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണം വായിച്ചു. ദേശീയ ശരാശരിയിലും താഴെ, വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന 350 ജില്ലയില്‍ കോളേജുകള്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ഈ ജില്ലകളിലെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും സഹായം നല്‍കും. ഗ്രാമീണ, വിദൂര, ആദിവാസി, അതിര്‍ത്തിപ്രദേശങ്ങളിലും ചെറിയ ടൌണുകളിലുമുള്ള സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും പ്രത്യേക ധനസഹായം നല്‍കും. പട്ടികജാതി, വര്‍ഗ, ഒബിസി, മുസ്ളിം വിദ്യാര്‍ഥികള്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ക്കും സഹായം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

3. മുന്‍ കൈമാറ്റങ്ങള്‍ നിരവധി; വിവാദം ആശയക്കുഴപ്പമുണ്ടാക്കാന്‍
തിരു: വ്യവസായാവശ്യത്തിന് ഏറ്റെടുത്തുനല്‍കിയ ഭൂമി പലപ്പോഴായി സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എച്ച്എംടി കൈമാറിയ ഘട്ടത്തിലെല്ലാം മൌനംപാലിച്ചവര്‍ ഇപ്പോള്‍ വിവാദവുമായി ഇറങ്ങിത്തിരിച്ചത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയെന്ന് വ്യക്തമാകുന്നു. നേരത്തെയുള്ള കൈമാറ്റങ്ങളെല്ലാം സാധൂകരിക്കുകയും പോക്കുവരവ് നടത്തി തണ്ടപ്പേര് രജിസ്റ്ററില്‍ ചേര്‍ക്കുകയും ചെയ്തതാണ്. 868.28 ഏക്കര്‍ ഭൂമിയാണ് 1963ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് എച്ച്എംടിക്ക് കൈമാറിയത്. വിവിധ ഘട്ടങ്ങളിലായി ഇതില്‍നിന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എച്ച്എംടി ഭൂമി കൈമാറി. ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് 70 ഏക്കര്‍ വിറ്റതാണ് ഇതില്‍ ഏറ്റവും വലിയ കൈമാറ്റം. അതിനു മുമ്പും ഒട്ടേറെ വ്യക്തികള്‍ക്ക് ഭൂമി വിറ്റു.

പടമാടന്‍ ഇന്‍ഡസ്ട്രീസ്- 10.62 സെന്റ്, സൂസി മാത്യു- 10.62 സെന്റ,് ഫരീദ് കുഞ്ഞ്- 11 സെന്റ്, നന്ദന്‍ (വൃന്ദാവന്‍ വീട്)- 20 സെന്റ്, ഇ എസ് അജിത്ത്, എന്‍ യു അബ്ബാസ്- 20 സെന്റ്, ഡോ. കെ ഇ ജോര്‍ജ്- 31 സെന്റ് എന്നീ വ്യക്തികള്‍ക്കാണ് നേരത്തേ ഭൂമി വിറ്റത്. ഇതിനുപുറമെ കിന്‍ഫ്രയ്ക്ക് 239.9 ഏക്കര്‍ കൈമാറ്ി. സഹകരണ മെഡിക്കല്‍ കോളേജിനായി 59.97 ഏക്കറും ജില്ലാ വ്യവസായകേന്ദ്രത്തിന് 6.60 ഏക്കറും പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 29.64 സെന്റും നല്‍കി. തോഷിബ ആനന്ദ് ബാറ്ററിക്ക് 10.03 ഏക്കറും കെഎസ്ഇബിക്ക് 1.86 ഏക്കറും വ്യവസായ എസ്റ്റേറ്റിന് ഏഴ് ഏക്കറും കൊടുത്തു. പോസ്റ്റ് ഓഫീസിന് 25 സെന്റ് നല്‍കി. കളമശ്ശേരി- ഇരിമ്പനം റോഡ് നിര്‍മാണത്തിന് മുപ്പത് ഏക്കറും നാവികസേനാ ഡിപ്പോയ്ക്കുവേണ്ടി 87.18 ഏക്കറും കൈമാറി.

പിന്തുടര്‍ച്ചാവകാശവും വില്‍പ്പനാവകാശവുമുള്‍പ്പെടെ പരിപൂര്‍ണ ഉടമസ്ഥാവകാശത്തോടെ ഭൂമി നല്‍കണമെന്നും സാധാരണ വ്യവസ്ഥകളെല്ലാം ഒഴിവാക്കണമെന്നും എച്ച്എംടി 1972ല്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എച്ച്എംടി ആവശ്യപ്പെട്ട വ്യവസ്ഥകളോടെ 1972 നവംബര്‍ 20ന് ഭൂമി രജിസ്റ്റര്‍ചെയ്ത് കൈമാറി. വില്‍പ്പനാവകാശമടക്കം സര്‍വസ്വാതന്ത്യ്രവും നല്‍കിയാണ് 1972ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതിന്റെ പിന്‍ബലത്തിലായിരുന്നു കൈമാറ്റങ്ങളെല്ലാം. ഇതിനിടയില്‍ മിച്ചഭൂമി സംബന്ധിച്ച കേസും ഉണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാസ്ഥാപനമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവുകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭൂമികൈമാറ്റങ്ങള്‍ നടത്തിയതെന്ന് എച്ച്എംടി പറയുന്നു.

എച്ച്എംടി ഉപയോഗിക്കാതെ കിടന്ന 400 ഏക്കര്‍ ഭൂമി തിരിച്ചെടുത്ത് കിന്‍ഫ്രയെ ഏല്‍പ്പിക്കാന്‍ വ്യവസായവകുപ്പ് 1995ല്‍ നടപടിയെടുത്തിരുന്നു. എന്നാല്‍, എച്ച്എംടി ഇതിനെതിരെ കേസ് നല്‍കി. 400 ഏക്കര്‍ സംയുക്തസംരംഭത്തിനായി കിന്‍ഫ്രയ്ക്ക് കൈമാറണമെന്നും ഭൂമിയുടെ വിലയ്ക്കുള്ള ഓഹരി എച്ച്എംടിക്ക് നല്‍കാമെന്നും കിന്‍ഫ്ര നിര്‍ദേശം വച്ചെങ്കിലും എച്ച്എംടി അംഗീകരിച്ചില്ല. സംയുക്തസംരംഭത്തിന് താല്‍പ്പര്യമില്ലെന്നും 100 ഏക്കര്‍ ഭൂമി ഉപാധികളില്ലാതെ അനുവദിക്കുകയാണെങ്കില്‍ 300 ഏക്കര്‍ വിട്ടുതരാമെന്നും എച്ച്എംടി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിലെ കേസ് കൂടി പരിഗണിച്ച് 300 ഏക്കര്‍ തിരിച്ചെടുക്കാനും 100 ഏക്കര്‍ എച്ച്എംടിക്ക് കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നൂറ് ഏക്കര്‍ കേരള ഭൂപരിഷ്കരണനിയമം 81(എ) വകുപ്പ് പ്രകാരം ഭൂപരിഷ്കരണനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

4. ഗരീബ്രഥിന് മണിക്കൂറില്‍ 130 കി. മീറ്റര്‍ സ്പീഡ്
തിരു: കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ (ഗരീബ്രഥ്) ടിക്കറ്റുനിരക്ക് മറ്റു ട്രെയിനുകളേക്കാള്‍ 40 ശതമാനം കുറവ്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഈ ട്രെയിന്‍ മറ്റ് എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ നാലുമണിക്കൂര്‍ മുമ്പ് എത്തുകയുംചെയ്യും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന ഈ തീവണ്ടി എയര്‍കണ്ടീഷന്‍ കോച്ചുകളില്‍ യാത്ര ചെയ്യാനുള്ള സാധാരണക്കാരന്റെ സ്വപ്നം പൂവണിയിക്കുകയാണ്. 11 എയര്‍കണ്ടീഷന്‍ഡ് ത്രീടയര്‍ സ്ളീപ്പര്‍ ക്ളാസ് കോച്ചുകളും മൂന്ന് എസി ചെയര്‍കാറുകളുമാണ് ഉള്ളത്. ത്രീടയര്‍ സ്ളീപ്പര്‍ക്ളാസിന് 771 രൂപയും എസി ചെയര്‍കാറിന് 645 രൂപയുമാണ് ടിക്കറ്റുനിരക്ക്. മറ്റു ട്രെയിനുകളില്‍ മുംബൈയിലേക്ക് തേഡ് എസിക്ക് 1301 രൂപയാണ്. മറ്റു ട്രെയിനുകളില്‍ ചെയര്‍കാര്‍ കോച്ചില്‍ 74 സീറ്റുള്ളപ്പോള്‍ ഗരീബ്രഥില്‍ 102 സീറ്റുണ്ട്. സ്ളീപ്പര്‍ കോച്ചുകളില്‍ ബെര്‍ത്തിന്റെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 72 ന്റെ സ്ഥാനത്ത് 75 ബര്‍ത്തുണ്ട്.

ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8.50ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാത്രി 11.45ന് ലോകമാന്യതിലകില്‍ എത്തും. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ലോകമാന്യതിലകില്‍നിന്ന് വൈകിട്ട് 4.55ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 8.30ന് കൊച്ചുവേളിയില്‍ എത്തും.

കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍ എത്തുന്ന ഏകദേശ സമയം: കൊല്ലം (09.40), എറണാകുളം ടൌണ്‍ (13.10), തൃശൂര്‍ (14.45), കോഴിക്കോട് (17.38), കങ്കനാടി (21.30), മഡ്ഗാവ് (02.15). ലോകമാന്യതിലകില്‍നിന്ന് വൈകിട്ട് 4.55ന് പുറപ്പെടുന്ന തീവണ്ടി മഡ്ഗാവില്‍ എത്തുന്ന സമയം: 02.20, കങ്കനാടി (7.55), കോഴിക്കോട് (11.48), തൃശൂര്‍ (14.15), എറണാകുളം ടൌണ്‍ (15.50), കൊല്ലം (18.45).

ആക്സിഡന്റ് എമര്‍ജന്‍സി ലൈറ്റും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൌകര്യവുമുണ്ട്. വീല്‍ചെയറില്‍ കൊണ്ടുവരുന്ന യാത്രക്കാരെ കയറ്റാന്‍ പ്രത്യേക കമ്പാര്‍ട്ടുമെന്റുമുണ്ട്. ഉപഗ്രഹനിയന്ത്രിതമായ ഗ്ളോബല്‍ പൊസിഷനിങ് സിസ്റ്റം ഉപയോഗിച്ച് ട്രെയിനിന്റെ സ്പീഡ്, അടുത്ത സ്റ്റേഷനില്‍ എത്തുന്ന സമയം എന്നിവ യാത്രക്കാര്‍ക്ക് അറിയാം. എസി ചെയര്‍കാര്‍ കോച്ചുകളില്‍ ഒരു സൈഡില്‍ മൂന്നു വാതിലുകളുമുണ്ട്. നാല് എമര്‍ജന്‍സി വിന്റോകളുമുണ്ട്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പതിവ് സര്‍വീസ്് ഫെബ്രുവരി നാലിന് മുംബൈയില്‍നിന്നും ഏഴിന് കൊച്ചുവേളിയില്‍നിന്നും ആരംഭിക്കും.

5. കേരളത്തില്‍ അതിവേഗ തീവണ്ടി പ്രായോഗികമല്ലെന്ന് കേന്ദ്രമന്ത്രി
തിരു: കേരളത്തില്‍ അതിവേഗ തീവണ്ടികള്‍ പ്രായോഗികമല്ലെന്ന് റെയില്‍വെ സഹമന്ത്രി ആര്‍ വേലു പറഞ്ഞു. കൊച്ചുവേളി- ലോകമാന്യതിലക് ദ്വിവാര സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (ഗരീബി രഥ്) തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഫ്ളാഗ് ഓഫ് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നൂറ്റമ്പത് കിലോമീറ്ററിലധികം വേഗത്തില്‍ പോകുന്ന അതിവേഗ തീവണ്ടികള്‍ക്ക് ഒരു കിലോമീറ്ററിന് 50 കോടി രൂപയാണ് ചെലവിടേണ്ടത്. മറ്റു തീവണ്ടികള്‍ക്ക് കിലോമീറ്ററിന് മൂന്നു കോടിയാണ് ചെലവ്. ലെവല്‍ക്രോസുകളില്‍ നിത്യേന അപകടം നടക്കുന്ന നമ്മുടെ നാട്ടില്‍ അതിവേഗവണ്ടികള്‍ പ്രായോഗികമല്ല. ഉയര്‍ത്തിക്കെട്ടിയ പാതയില്‍ക്കൂടി പോകുന്ന ഹൈസ്പീഡ് എലവേറ്റഡ് ട്രെയിനാണ് കേരളത്തിന് പ്രായോഗികം.

കേരളത്തിലെ റെയില്‍വെ വികസനത്തിനു തടസ്സംനില്‍ക്കുന്നത് സ്ഥലമെടുപ്പാണ്. കേരളത്തിനുവേണ്ടി പല പദ്ധതികളും പ്രഖ്യാപിക്കുമെങ്കിലും ഇതുകാരണം നടക്കുന്നില്ല. ശബരിപാത വൈകുന്നതിന്റെ കാര്യവും മാറ്റൊന്നല്ല.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം. സ്ഥലം നല്‍കാമെന്ന് മന്ത്രി വിജയകുമാര്‍ പറഞ്ഞിട്ടുണ്ട്. പാത ഇരട്ടിപ്പിക്കല്‍, അടിസ്ഥാനസൌകര്യങ്ങള്‍ എന്നിവയുണ്ടാകാതെ കേരളത്തിന് പുതിയ തീവണ്ടികളെപ്പറ്റി ആലോചിക്കാനാകില്ല.-മന്ത്രി പറഞ്ഞു.

നിയമമന്ത്രി എം വിജയകുമാര്‍ അധ്യക്ഷനായിരുന്നു.ഫ്ളാഗ് ഓഫ് ചടങ്ങിന് 75,000 രൂപയും കന്നിവണ്ടിയിലെ ജീവനക്കാര്‍ക്ക് 10,000 രൂപ വീതവും അദ്ദേഹം പ്രഖ്യാപിച്ചു.

6. ഹൈക്കോടതി ബെഞ്ചിന് തടസ്സം ചീഫ് ജസ്റ്റിസെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് അനുവദിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസാണെന്ന് കേന്ദ്രസര്‍ക്കാര്‍. ചീഫ് ജസ്റ്റിസിന്റെ അനുമതി കൂടി കിട്ടിയാല്‍ പുതിയ ബെഞ്ച് സ്ഥാപിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് കേന്ദ്ര നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജ് വാര്‍ത്താലേഖകരോട് പറഞ്ഞു.

ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിസംഘം തന്നെ കണ്ടിരുന്നതായി ഭരദ്വാജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ബെഞ്ച് സ്ഥാപിക്കണമെന്ന് ഏറെ താല്‍പ്പര്യമുണ്ട്.

ബെഞ്ച് സ്ഥാപിക്കണമെന്നു തന്നെയാണ് തന്റെയും വ്യക്തിപരമായ അഭിപ്രായം. നീതിന്യായ സംവിധാനം കൂടുതല്‍ വികേന്ദ്രീകരിക്കുന്നതിനുള്ള പരിഷ്കരണങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഗ്രാമന്യായാലയങ്ങളും മറ്റും അതിന്റെ ഭാഗമാണ്. പുതിയ ബെഞ്ച് വരുന്നതും ഒരുതരത്തില്‍ വികേന്ദ്രീകരണമാണ്.

പുതിയ ബെഞ്ച് സ്ഥാപിക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും ഗവര്‍ണറുടെയും അനുമതി ആവശ്യമാണ്. ഇതില്‍ സംസ്ഥാനസര്‍ക്കാര്‍ താല്‍പ്പര്യം അറിയിച്ചുകഴിഞ്ഞു. എന്നാല്‍, ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ അനുമതി ലഭിച്ചിട്ടില്ല. ചീഫ്ജസ്റ്റിസ് ഇതിനെ എതിര്‍ക്കുകയാണ്- ഡല്‍ഹിയില്‍ നിയമമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഭരദ്വാജ് പറഞ്ഞു.

7. ഹൈക്കോടതി ബെഞ്ച് : ജനപ്രതിനിധികള്‍ ഉപവസിച്ചു
തിരു: തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് അനുവദിച്ച് കേന്ദ്രം ഉത്തരവ് ഇറക്കുംവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന പ്രഖ്യാപനത്തോടെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ഉപവാസം നടത്തി. വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച ഉപവാസം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.

ഉദ്ഘാടനയോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. എംപിമാരായ വര്‍ക്കല രാധാകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍, മേയര്‍ സി ജയന്‍ബാബു, എംഎല്‍എമാരായ വി ശിവന്‍കുട്ടി, ആനത്തലവട്ടം ആനന്ദന്‍, ജെ അരുന്ധതി, വി ജെ തങ്കപ്പന്‍, എന്‍ രാജന്‍, ആര്‍ സെല്‍വരാജ്, വി സുരേന്ദ്രന്‍പിള്ള, മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍ നാടാര്‍ സ്വാഗതം പറഞ്ഞു.

സമരത്തിന്റെ ബഹുജന പിന്തുണ വിളിച്ചോതി വിവിധ രാഷ്ട്രീയ പാര്‍ടികളുടെയും അഭിഭാഷക, യുവജന, വിദ്യാര്‍ഥി, മഹിളാ, സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകരും സമരപ്പന്തലിലേക്ക് അഭിവാദ്യ പ്രകടനം നടത്തി.

ഉച്ചയോടെ വര്‍ക്കല രാധാകൃഷ്ണന്‍ എംപിയുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഹൈക്കോടതി ബെഞ്ച് വേണമെന്ന തലസ്ഥാന ജില്ലയിലെ ജനങ്ങളുടെ താല്‍പ്പര്യത്തോട്് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുമെന്നും നിവേദനത്തിലെ ആവശ്യം എത്രയുംവേഗം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും ഗവര്‍ണര്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. വൈകിട്ട് നാലോടെ സമരം അവസാനിപ്പിച്ചു.

8. 7000 ഗ്രാമകോടതി സ്ഥാപിക്കും
ന്യൂഡല്‍ഹി: ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ അധികാരങ്ങളോടെ രാജ്യത്ത് പുതിയ 7000 ഗ്രാമകോടതി സ്ഥാപിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജ് അറിയിച്ചു. സംസ്ഥാന നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ഗ്രാമതലങ്ങളിലാണ് കോടതികള്‍ സ്ഥാപിക്കുകയെന്നു പറഞ്ഞെങ്കിലും ഗ്രാമപഞ്ചായത്തുതലത്തിലാണോ ബ്ളോക്കുതലത്തിലാണോ കോടതികള്‍ വരികയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയില്ല. സിവില്‍- ക്രിമിനല്‍ കേസുകളില്‍ വാദം കേള്‍ക്കുന്നതിനുപുറമെ മധ്യസ്ഥത, ഒത്തുതീര്‍പ്പ് തുടങ്ങിയ പ്രവൃത്തികളും ഗ്രാമകോടതികളുടെ ചുമതലയില്‍വരും. കേസുകളില്‍ ആറു മാസത്തിനകം ഗ്രാമകോടതികള്‍ തീര്‍പ്പുകല്‍പ്പിക്കണം. ഗ്രാമകോടതികള്‍ തീര്‍പ്പാക്കുന്ന കേസുകളില്‍ ഒരു അപ്പീല്‍മാത്രമേ അനുവദിക്കൂ.

ഗ്രാമകോടതികള്‍ സ്ഥാപിക്കുന്നതിനായുള്ള ഗ്രാമന്യായാലയ ബില്‍ നിലവില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. അടുത്ത ബജറ്റുസമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്ന് ഭരദ്വാജ് പറഞ്ഞു. ഗ്രാമങ്ങളില്‍ മൊബൈല്‍കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഗ്രാമകോടതികള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് കേന്ദ്രംതന്നെ വഹിക്കും. അടുത്ത മൂന്നുവര്‍ഷത്തെ തുടര്‍ചെലവുകളില്‍ 50 ശതമാനവും കേന്ദ്രം വഹിക്കും. അതിനുശേഷം സംസ്ഥാനങ്ങള്‍തന്നെ ചെലവുവഹിക്കണം.

അതിനിടെ തെരഞ്ഞെടുപ്പുകമീഷന്‍ അംഗങ്ങള്‍ക്കെതിരായ പരാതികളില്‍ നടപടിയെടുക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് അധികാരമില്ലെന്നു ഭരദ്വാജ് പറഞ്ഞു. തെരഞ്ഞെടുപ്പുകമീഷന്‍ ഒരു ഭരണഘടനാസ്ഥാപനമാണ്. അതിലെ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് ഭരണഘടനാപരമായി അധികാരമില്ല. അംഗത്തെ നിയമിച്ച സ്ഥാപനത്തിനുതന്നെയാണ് അതിനുള്ള അധികാരം. മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്കൊപ്പം മറ്റു കമീഷന്‍ അംഗങ്ങള്‍ക്കും അധികാരം നല്‍കിക്കൊണ്ടുള്ള പരിഷ്കാരത്തെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്. കമീഷന്‍ അംഗം നവീന്‍ ചാവ്ളയ്ക്കെതിരായ നീക്കം വെറും രാഷ്ട്രീയപ്രേരിതമാണ്- ഭരദ്വാജ് പറഞ്ഞു.നിയമിച്ച സ്ഥാപനത്തിന് തന്നെയാണ് അതിനുള്ള അധികാരം. മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്കൊപ്പം മറ്റ് കമീഷന്‍ അംഗങ്ങള്‍ക്കും അധികാരം നല്‍കികൊണ്ടുള്ള പരിഷ്ക്കാരത്തെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്. കമീഷനംഗം നവീന്‍ ചാവ്ളയ്ക്കെതിരായ നീക്കം വെറും രാഷ്ട്രീയ പ്രേരിതമാണ്- ഭരദ്വാജ് പറഞ്ഞു.

9. ഇന്റര്‍നെറ്റ് തകരാറ് 80 ശതമാനം പരിഹരിച്ചു
ന്യൂഡല്‍ഹി: മെഡിറ്ററേനിയന്‍ കടലിലെ കേബിള്‍ ശൃംഖലയിലുണ്ടായ തകരാറുമൂലം തടസ്സപ്പെട്ടിരുന്ന രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം 80 ശതമാനം പുനഃസ്ഥാപിച്ചു.

ഇന്റര്‍നെറ്റ് ബന്ധം എത്രയും വേഗം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ പ്രസിഡന്റ് രാജേഷ് ചാരിയ പറഞ്ഞു. ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടായ തകരാറ് വന്‍കിട കമ്പനികളെ ബാധിച്ചില്ലെന്നും ഒറ്റ ലൈന്‍മാത്രം ഉപയോഗിക്കുന്ന ചെറിയ കമ്പനികള്‍ക്കാണ് പ്രശ്നമുണ്ടായതെന്നും പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ വ്യക്തമാക്കി.

തകരാറിലായ സംവിധാനം വേഗത്തില്‍ ശരിയാക്കുന്നതിനായി വിഎസ്എന്‍എല്‍, റിലയന്‍സ്, ഭാരതി തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഈജിപ്ത് ടെലികോം അതോറിറ്റിയുമായി ബന്ധപ്പെട്ടു വരുന്നു.

സമുദ്രാന്തര്‍ കേബിള്‍ ശൃംഖല മുറിഞ്ഞത് കേരളത്തിലെ ഐടി മേഖലയെയും ബാധിച്ചു. ഇന്റര്‍നെറ്റിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിപിഒ കമ്പനികളാണ്് പ്രശ്നം നേരിടുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ മാത്രം 30ല്‍ പ്പരം കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായാണ് കണക്ക്. കേബിള്‍ വിഛേദിക്കപ്പെട്ടത് ഇന്റര്‍നെറ്റ് സേവന ദാദാക്കളുടെയും ടെലകോം കമ്പനികളുടെയും പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചു.

ഡാറ്റ കൈമാറ്റത്തിന്റെ വേഗം കുറഞ്ഞതും സ്ളോകണക്ടിവിറ്റിയുമാണ് നേരിടുന്ന പ്രധാന പ്രശ്നം. സമുദ്രത്തിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ള കേബിള്‍ വഴികളിലൂടെ അതിവേഗത്തില്‍ ഡാറ്റ കൈമാറ്റം നടന്നിരുന്നു. ഇതില്‍ ഒരു വഴിയാണ് തടസ്സപ്പെട്ടത്.

10. സേതുസമുദ്രം: കോണ്‍ഗ്രസ് കൈയൊഴിയുന്നു
ന്യൂഡല്‍ഹി: യുപിഎ ഗവണ്‍മെന്റിന്റെ അഭിമാന പദ്ധതിയായി വാഴ്ത്തിയ സേതുസമുദ്രം പദ്ധതിയെ കോണ്‍ഗ്രസ് തന്നെ കൈയൊഴിയുന്നു. കോണ്‍ഗ്രസ് കൈകാര്യംചെയ്യുന്ന പ്രതിരോധ വകുപ്പിനു കീഴിലുള്ള രണ്ട് സ്ഥാപനങ്ങള്‍ സേതുസമുദ്രം പദ്ധതിക്കെതിരെ രംഗത്തുവന്നതിനു തൊട്ടുപിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ചുമതലയുള്ള സാംസ്കാരികമന്ത്രി അംബികാ സോണിയും പദ്ധതിയെ തള്ളിപ്പറഞ്ഞു.

കഴിഞ്ഞ സെപ്തംബറില്‍ സേതുസമുദ്രം പദ്ധതിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പരിഗണനാവേളയില്‍ പദ്ധതിപ്രദേശത്തുള്ള ‘രാമസേതു’ മനുഷ്യനിര്‍മിതമാണെന്നതിന് ചരിത്രപരമോ ശാസ്ത്രീയമോ ആയ തെളിവുകളൊന്നുമില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ബിജെപിയുടെ ഭീഷണിയെത്തുടര്‍ന്ന് സത്യവാങ്മൂലം പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയെത്തന്നെ തള്ളിപ്പറയുന്ന നിലപാടിലാണ്.

വിശദമായ സര്‍വെ നടത്താതെ സേതുസമുദ്രം പദ്ധതിയെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്നാണ് അംബികാ സോണി പറഞ്ഞത്. ഇതോടെ പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകാനുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുക്കുമെന്നുള്ള പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു.

വ്യാഴാഴ്ച സുപ്രീംകോടതി സേതുസമുദ്രം പദ്ധതി സംബന്ധിച്ച കേസ് പരിഗണിച്ചപ്പോള്‍, സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. അതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായപ്രകടനം.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയെ ഇപ്പോള്‍ ബിജെപി എതിര്‍ക്കുന്നത് വര്‍ഗീയവികാരമിളക്കിവിട്ടാണ്. ഹിന്ദുത്വവികാരമിളക്കിവിട്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ സേതുസമുദ്രം പ്രശ്നം ഉപയോഗിക്കുകയാണവര്‍. പരോക്ഷമായി ഇതിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

സാങ്കേതികമായ പിഴവുകളും ദേശീയസുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പുതിയ എതിര്‍പ്പുകള്‍ ഉണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളാണ് ഈ വിമര്‍ശനങ്ങളുടെ പ്രധാനികള്‍. സേതുസമുദ്രം പദ്ധതി ദേശീയസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് തീരസംരക്ഷണ സേനയുടെ മേധാവി വ്യാഴാഴ്ച പറഞ്ഞത്. ശ്രീലങ്കയില്‍നിന്ന് തമിഴ്പുലികള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ പദ്ധതി സഹായകമാകുമെന്നാണ് വിമര്‍ശനം.

സേതുസമുദ്രം കപ്പല്‍ച്ചാലില്‍ക്കൂടി വലിയ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്നായിരുന്നു നാവികസേനാ ചീഫ് അഡ്മിറല്‍ സുരീഷ് മേത്ത കഴിഞ്ഞയാഴ്ച പറഞ്ഞത്. 12 മീറ്റര്‍ മാത്രം ആഴമുള്ള കനാലില്‍ക്കൂടി വലിയ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ല. ഷിപ്പിങ് മേഖല വലിയ കപ്പലുകള്‍ ഉപയോഗിച്ചുള്ള ചരക്കുനീക്കത്തെയാണ് ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത്. 60000 ടണ്ണിനു മുകളില്‍ കേവുഭാരമുള്ള കപ്പലുകളാണ് അന്താരാഷ്ട്ര റൂട്ടുകളില്‍ സഞ്ചരിക്കുന്നത്. ഇത്തരം കപ്പലുകള്‍ക്ക് സേതുസമുദ്രം കനാല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിമര്‍ശനമുണ്ട്.

1. എച്ച്.എം.ടി ഭൂമി വില്പന: സുപ്രീം കോടതി വിധിയുടെ ലംഘനം
കൊച്ചി : കളമശ്ശേരിയിലെ ഭൂമി എച്ച്.എം.ടി സ്വകാര്യകമ്പനിക്ക് വിറ്റത് സുപ്രീംകോടതിയുടെ വിധികള്‍ വകവയ്ക്കാതെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതു ആവശ്യത്തിനെന്ന് പറഞ്ഞ് സര്‍ക്കാര്‍ തുച്ഛവിലയ്ക്ക് ഏറ്റെടുത്തതാണ് കളമശ്ശേരിയിലെ ഭൂമി. പൊതു ആവശ്യത്തിന് ഏറ്റെടുക്കുന്ന ഭൂമി പൊതു ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂവെന്നാണ് സുപ്രീംകോടതിയുടെ വിധി. സംസ്ഥാന സര്‍ക്കാരും ഭാസ്കരന്‍പിള്ളയും തമ്മിലുണ്ടായ കേസിലാണ് 1977-ല്‍ ഈ വിധിയുണ്ടായത്. ഏറ്റെടുത്ത ഭൂമി പൊതുആവശ്യം കഴിഞ്ഞ് മിച്ചം വന്നാല്‍ പരസ്യമായി ലേലംചെയ്ത് വിറ്റുകിട്ടുന്ന തുക സാമൂഹികക്ഷേമത്തിന് ഉപയോഗിക്കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുസ്വത്ത് സ്വകാര്യവ്യക്തികളില്‍ എത്തുന്നത് തടയണമെന്ന് 1997-ല്‍, എം.സി. മേത്തയും കമല്‍നാഥും തമ്മിലുള്ള കേസിലും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. പൊതുസ്ഥലം ജനങ്ങളുടെ സ്വത്തായതിനാല്‍ സര്‍ക്കാര്‍ ഒരു ട്രസ്റ്റിയെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് ഈ കേസിലെ വിധി. ഈ രണ്ടു വിധികളും അനുസരിച്ച് വേണം സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് 2000 മേയ് 29ന് കേരള ഹൈക്കോടതിയും വിധിച്ചു. ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യത്തിന്റേതാണ് ഈ വിധി.

മുംബയിലെ ബ്ളൂസ്റ്റാര്‍ റിയാല്‍റ്റേഴ്സിന് 2006 ഒക്ടോബര്‍ 17ന് 70 ഏക്കര്‍ ഭൂമി എച്ച്. എം.ടി വിറ്റപ്പോള്‍ ഈ വിധികളാണ് ലംഘിക്കപ്പെട്ടത്. സെന്റിന് 1.30 ലക്ഷം രൂപ നിരക്കില്‍ 91 കോടി രൂപയ്ക്കായിരുന്നു വില്പന. സെന്റിന് 10 ലക്ഷം രൂപവരെ വില കിട്ടുന്ന ഭൂമി ഈ വിലയ്ക്ക് വിറ്റതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. താമസക്കാരെ കുടിയിറക്കി 1964-ലാണ് എച്ച്. എം.ടി.ക്കുവേണ്ടി 781.59 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഉടമയുടെ സമ്മതമില്ലെങ്കില്‍പ്പോലും പൊതു ആവശ്യത്തിന് സ്ഥലമെടുക്കാമെന്ന നിയമം ഉപയോഗിച്ച് പല താമസക്കാരെയും ഇറക്കിവിടുകയായിരുന്നു. എച്ച്. എം.ടിയുടെ ആവശ്യംകഴിഞ്ഞ് 400 ഏക്കര്‍ ഭൂമി മിച്ചം വന്നിട്ടുണ്ടെന്ന് 1995-ല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ എച്ച്. എം.ടി കോടതിയെ സമീപിച്ച് അതില്‍ 100 ഏക്കര്‍ കൈവശം വയ്ക്കാനുള്ള അനുമതി നേടുകയായിരുന്നു. ഇങ്ങനെ കൈവശം വച്ചിരുന്ന ഭൂമിയില്‍നിന്നാണ് 70 ഏക്കര്‍ എച്ച്. എം.ടി വിറ്റത്.

സംസ്ഥാനത്ത് ആരും അറിയാത്ത വിധമായിരുന്നു ഭൂമി വില്പന. മുംബയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന രണ്ട് ഇംഗ്ളീഷ് പത്രങ്ങളിലാണ് ഭൂമി വില്‍ക്കുന്നത് സംബന്ധിച്ച പരസ്യം വന്നത്. 2005 ഒക്ടോബറില്‍ ഈ പരസ്യം പ്രത്യക്ഷപ്പെടുമ്പോള്‍ കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഭൂമിവില കുതിച്ചുയരുകയാണെന്ന് മുംബയിലുള്ളവര്‍ എങ്ങനെ അറിയാന്‍!

സര്‍ക്കാര്‍ ഉത്തരവും കാറ്റില്‍ പറന്നു
സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2000 ഡിസംബര്‍ 22-ന് പുറപ്പെടുവിച്ച ഉത്തരവും ഭൂമി വില്‍ക്കുമ്പോള്‍ എച്ച്. എം.ടി കാറ്റില്‍പ്പറത്തി. ജി. ഒ ( എം. എസ്)-387/2000/ ആര്‍.ഡി എന്ന നമ്പരിലുള്ള ഉത്തരവില്‍ ഇങ്ങനെ പറയുന്നു.

1. പൊതു ആവശ്യത്തിന് വിനിയോഗിച്ചശേഷം മിച്ചമുള്ള ഭൂമി ജില്ലാ കളക്ടര്‍ അധീനതയിലാക്കി റവന്യുവകുപ്പിന് കൈമാറണം.
2. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിനോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ ഈ ഭൂമി ആവശ്യമുണ്ടോ എന്ന് ജില്ലാകളക്ടര്‍ അന്വേഷിക്കണം. ആവശ്യമെങ്കില്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്ത് നല്‍കണം.
3. ആവശ്യമില്ലെങ്കില്‍ കേരള റവന്യൂ റിക്കവറി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ജില്ലാകളക്ടര്‍ പരസ്യമായി ലേലം ചെയ്യണം. മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടിയ വിലയ്ക്കേ ഇത്തരത്തില്‍ ലേലത്തില്‍ വില്‍ക്കാന്‍ പാടുള്ളൂ.

2. നാലുവരി ദേശീയ പാതയ്ക്ക് അനുമതി
ന്യൂഡല്‍ഹി: കൊച്ചിയില്‍ നിന്നു കൊടൈക്കനാലിലേക്ക് പുതിയ നാലുവരി ദേശീയ പാത നിര്‍മ്മിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. പൂര്‍ണമായും ബി.ഒ.ടി. അടിസ്ഥാനത്തിലായിരിക്കും നിര്‍മ്മാണം. ടൂറിസം വികസനത്തിനുള്ള അടിസ്ഥാന സൌകര്യമെന്ന പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ടൈഗര്‍ റിസര്‍വ് വനമേഖലകളില്‍ കൂടിയുള്ള പുതിയ ദേശീയപാതയ്ക്ക് കേന്ദ്രം അനുമതി നല്‍കിയത്.

എന്‍.എച്ച് 47ല്‍ കൊച്ചി ബൈപാസില്‍ നിന്ന് എന്‍.എച്ച് 49 വഴിയാണ് പുതിയ പാത കടന്നുപോകുന്നത്. കൊച്ചിയെയും കൊടൈക്കനാലിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ പാത. തമിഴ്നാട്ടിലൂടെയാണ് പാതയുടെ എണ്‍പത് ശതമാനവും കടന്നുപോകുന്നതെങ്കിലും കൊച്ചിയെ ദക്ഷിണേന്ത്യയിലെ ടൂറിസം കേന്ദ്രമായി മാറ്റാന്‍ ഇത് ഉപകരിക്കും. ടോള്‍ പിരിവ് അനുവദിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രം പുതിയ പാതയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
പാതയുടെ നിര്‍മ്മാണം സംബന്ധിച്ച് തമിഴ്നാട് മന്ത്രി ദുരൈ മുരുകന്‍ കേരള ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനുമായി ആശയിവിനിമയം നടത്തിയിരുന്നു.

3. ആ നമ്പരുകള്‍ മിണ്ടിത്തുടങ്ങി
തിരുവനന്തപുരം : റെയില്‍വേയുടെ മിണ്ടാതിരുന്ന ആ നമ്പരുകളെല്ലാം മിണ്ടിത്തുടങ്ങി. ഇനി 131, 133, 1361, 1362, 1363 നമ്പരുകളൊക്കെ വിളിച്ചു നോക്കൂ. ട്രെയിനുകളുടെ യഥാര്‍ത്ഥ വിവരം കിട്ടും. ട്രെയിനുകളുടെ സമയം അറിയുന്നതിനുള്ള നമ്പരുകള്‍ പ്രവര്‍ത്തിക്കാതായതിനെപ്പറ്റി ‘ഒരു സൌകര്യം ഒരുക്കുമ്പോള്‍ രണ്ടു സൌകര്യം ഇല്ലാതാക്കും’ എന്ന തലക്കെട്ടില്‍ കേരളകൌമുദിയില്‍ ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത കണ്ടതോടെ റെയില്‍വേ അധികാരികള്‍ പ്രവര്‍ത്തനരഹിതമായി കിടന്ന നമ്പരുകളെല്ലാം ഞൊടിയിടയില്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. നൂറുകണക്കിന് കാളുകളാണ് ഈ അഞ്ചു നമ്പരുകളിലേക്കും ഇന്നലെ എത്തിയത്. കേരളകൌമുദി വാര്‍ത്ത വായിച്ചവര്‍ പരീക്ഷിക്കാനെന്ന നിലയില്‍ ഈ നമ്പരുകളിലേക്ക് ഡയല്‍ ചെയ്തു നോക്കി. മറുപടി കിട്ടിയത് അവരെ അമ്പരപ്പിച്ചു.

ഇന്‍ഫര്‍മേഷന്‍ സെന്ററിലെ നമ്പരായ 2331035-ലേക്കും 2331036-ലേക്കും ഇടതടവില്ലാതെ വിളികളായിരുന്നു. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സജീവമായ ദിവസമായിരുന്നു ഇന്നലെ. കേന്ദ്ര റെയില്‍വേ സഹമന്ത്രി ആര്‍. വേലു എത്തിയ ദിവസം തന്നെ കേരളകൌമുദിയില്‍ വാര്‍ത്ത വന്നപ്പോള്‍ പ്രവര്‍ത്തിക്കാത്ത നമ്പരുകളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങി. എങ്കിലും റെയില്‍വേ അല്പമൊരു പിടിവാശി കാണിച്ചു. സീസണ്‍ ടിക്കറ്റുകാര്‍ക്കുള്ള ഗേറ്റ് തുറന്നില്ല. മന്ത്രി വരുന്നതിനാല്‍ സുരക്ഷാപ്രശ്നമുള്ളതുകൊണ്ടാണ് തുറക്കാത്തതെന്നും ഉടനേ തുറക്കുമെന്നുമാണ് റെയില്‍വേ അധികൃതര്‍ പറഞ്ഞത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിലായിരുന്നു ഗരീബ് രഥ് ട്രെയിനിന് മന്ത്രി ആര്‍. വേലു പച്ചക്കൊടി വീശിയത്. ചടങ്ങ് തീരുന്നതുവരെ സ്റ്റേഷനിലേക്ക് കടക്കാനുള്ള പ്രധാന ഗേറ്റ് അടച്ചിട്ടിരുന്നു.

4. ബുള്ളറ്റ് ട്രെയിനും അതിവേഗ കോറിഡോറും പ്രായോഗികമല്ല: വേലു
തിരുവനന്തപുരം : ബുള്ളറ്റ് ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ആര്‍. വേലു പറഞ്ഞു. കൊച്ചുവേളിയില്‍ നിന്ന് ലോകമാന്യതിലകിലേക്കുള്ള പാവങ്ങളുടെ ട്രെയിനായ ഗരീബ്രഥ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന് പച്ചക്കൊടി വീശി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബയ് – കന്യാകുമാരി അതിവേഗ കോറിഡോറും പ്രായോഗികമല്ല. സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങള്‍കൊണ്ടാണിത്. അതിവേഗ ട്രെയിന്‍ ഓടിക്കണമെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരം പാത നിര്‍മ്മിക്കാന്‍ 50 കോടി രൂപ വേണ്ടിവരും. എന്നാല്‍, സാദാ ട്രെയിന്‍ ഓടിക്കുന്നതിനുള്ള പാതയ്ക്ക് ഒരു കിലോമീറ്ററിന് മൂന്നു കോടി മതിയാകും. കൂടുതല്‍ തുക ചെലവഴിച്ച് അതിവേഗ ട്രെയിനുകള്‍ ഓടിക്കുന്നതിനെക്കാള്‍ നല്ലത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യമൊരുക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതാണ്. ട്രെയിനപകടങ്ങളില്‍ 60 ശതമാനം പാത മുറിച്ചു കടക്കുമ്പോഴും 20 ശതമാനം ലെവല്‍ ക്രോസിലുമാണ്. അതിവേഗ ട്രെയിന്‍ അപകടങ്ങളുടെ നിരക്ക് വര്‍ദ്ധിക്കാനേ ഇടയാക്കൂ എന്ന് വേലു പറഞ്ഞു. അതേസമയം, അതിവേഗ ട്രെയിന്‍ ഓടിക്കുന്നതിനെപ്പറ്റി സാദ്ധ്യതാപഠനം നടത്തും. കഴിഞ്ഞ ബഡ്ജറ്റ് കാലത്ത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര റെയില്‍വേമന്ത്രി ലാലുപ്രസാദ് യാദവ് ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനം.

അടുത്ത റെയില്‍വേ ബഡ്ജറ്റ് ജനപ്രിയ ബഡ്ജറ്റായിരിക്കുമെന്ന് വേലു പറഞ്ഞു. തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കുന്നതിനെപ്പറ്റി ആലോചനയില്ല. റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന് അതീവ താത്പര്യമാണുള്ളതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. ബാംഗ്ളൂരിലേക്കും ചെന്നൈയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

കോച്ചുകളുടെ എണ്ണം കൂട്ടിയാലേ യാത്രാസൌകര്യം വര്‍ദ്ധിപ്പിക്കാനാവൂ എന്ന് പന്ന്യന്‍ രവീന്ദ്രന്‍ എം.പി പറഞ്ഞു. ആള്‍ സെയിന്റ്സ് കോളേജിന് മുന്നിലെ ഗേറ്റ് തുറക്കാന്‍ വേണ്ട നടപടി റെയില്‍വേ മന്ത്രിമാരായ ലാലുവും വേലുവും സ്വീകരിക്കണമെന്നും പന്ന്യന്‍ പറഞ്ഞു. മേയര്‍ സി. ജയന്‍ബാബു, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ടൈറ്റസ് പി. കോശി, അഡിഷണല്‍ ഡിവിഷണല്‍ മാനേജര്‍ എച്ച്. സുല്‍ത്താല്‍ മുഷാതിക് എന്നിവരും സംസാരിച്ചു.

5. തമിഴ്നാട് വെള്ളം മുഴുവന്‍ തന്നില്ല;ചാലക്കുടിയില്‍ വരള്‍ച്ചാ സാദ്ധ്യതയേറി
തിരുവനന്തപുരം: പറമ്പിക്കുളം- അലിയാര്‍ നദീജല കരാര്‍ വ്യവസ്ഥ ഇന്നലെ തമിഴ്നാട് വീണ്ടും നഗ്നമായി ലംഘിച്ചതോടെ വേനല്‍ക്കാലത്ത് ചാലക്കുടിയില്‍ വരള്‍ച്ചാസാദ്ധ്യത ഏറി. കരാര്‍ പ്രകാരം എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനും ഫെബ്രുവരി ഒന്നിനും കേരള ഷോളയാര്‍ അണക്കെട്ടിന്റെ പൂര്‍ണ്ണജലനിരപ്പായ 2663 അടി വെള്ളം തമിഴ്നാട് ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ ഫെബ്രുവരി ഒന്നായ ഇന്നലെ 2651 അടി വെള്ളം മാത്രമാണ് തമിഴ്നാട് വിട്ടുതന്നത്. 12 അടി കുറവ്.

പൊതുവെ വൈദ്യുതിപ്രതിസന്ധി കൂടി നേരിടുന്ന സാഹചര്യത്തില്‍ തമിഴ്നാടിന്റെ ഈ കരാര്‍ലംഘനം കേരളത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കരാര്‍വ്യവസ്ഥ തമിഴ്നാട് പാലിച്ചുവന്നിരുന്നതായി കേരളത്തിലെ ജലവിഭവവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. കരാര്‍ പുതുക്കല്‍ ചര്‍ച്ചയ്ക്ക് തമിഴ്നാട് സന്നദ്ധത അറിയിച്ചിരിക്കെയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായ ഇപ്പോഴത്തെ വ്യവസ്ഥാലംഘനം എന്നത് ശ്രദ്ധേയമാണ്.

ഷോളയാര്‍ നദീതടത്തില്‍ ലഭിക്കുന്ന 14.8 ടി. എം.സി വെള്ളത്തില്‍ 12.3 ടി.എം.സി കേരളത്തിനും ബാക്കി തമിഴ്നാടിനും അവകാശപ്പെട്ടതാണ്. 14.8 അടിക്കു മുകളില്‍ വെള്ളം കിട്ടിയാല്‍ അത് തമിഴ്നാടിനെടുക്കാം. ഇതിനുപുറമെ, സെപ്തംബര്‍ ഒന്നിനും ഫെബ്രുവരി ഒന്നിനും കേരള ഷോളയാറില്‍ പൂര്‍ണ്ണജലനിരപ്പ് ഉറപ്പുവരുത്തണം. എന്നാല്‍, ഇക്കുറി 14.8 ടി.എം.സി വെള്ളം കിട്ടിയതില്‍ കേരള ഷോളയാറില്‍ വിട്ടുതന്നത് 5.873 ടി.എം.സി മാത്രമാണ്. 8.913 ടി.എം.സി വെള്ളം തമിഴ്നാട് എടുത്തു.

കഴിഞ്ഞ മഴക്കാലത്ത് കരാര്‍പ്രകാരം അര്‍ഹതപ്പെട്ട വെള്ളം മുഴുവന്‍ വിട്ടുതന്നു കഴിഞ്ഞു എന്നാണ് തമിഴ്നാടിന്റെ വാദം. മഴക്കാലത്ത് 7.8 ടി.എം.സി വെള്ളം വിട്ടുതന്നിരുന്നു. അതുകൊണ്ട് ഇപ്പോള്‍ 5.873 ടി.എം.സിയില്‍ കൂടുതല്‍ തരാനാവില്ലെന്ന് അവര്‍ പറയുന്നു. കരാര്‍ലംഘനമുണ്ടായിട്ടും കേരളത്തിന്റെ ഭാഗത്തുനിന്ന് ഇനിയും ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ചാലക്കുടിപ്പുഴയില്‍ നിന്ന് ഒരു ടി.എം.സി വെള്ളമുപയോഗിച്ച് കേരള ഷോളയാറില്‍ 29 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു ടി.എം.സി നഷ്ടമാകുമ്പോള്‍ അത്രയും വൈദ്യുതി ഉത്പാദനത്തെ ബാധിക്കും. അതേസമയം, പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്നാടിന് കത്തയക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം തമിഴ്നാട് പൊതുമരാമത്ത്മന്ത്രിയെ ടെലിഫോണ്‍ വഴി കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ കേരളകൌമുദിയോടു പറഞ്ഞു.

6. പൊതുഭരണവകുപ്പിന്റെ ഉത്തരവ്: സ്വകാര്യ ഐ.ടി വ്യവസായം തുടങ്ങാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ ഐ.ടി വ്യവസായം ആരംഭിക്കാന്‍ ഐ.ടി വകുപ്പിന്റെ അനുമതി മുന്‍കൂട്ടി വാങ്ങണമെന്ന് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. എച്ച്.എം.ടി ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരവിന് ഏറെ പ്രസക്തിയുണ്ട്. ഭൂമി വാങ്ങിയ ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് ഐ.ടി പാര്‍ക്ക് തുടങ്ങാന്‍ വ്യവസായവകുപ്പിനെയാണ് സമീപിച്ചത്. സര്‍ക്കാരിന്റെ ഭരണ ചട്ടം അനുസരിച്ച് ഐ.ടി വകുപ്പുമായി ചര്‍ച്ച നടത്താന്‍ കമ്പനിയോട് വ്യവസായവകുപ്പ് ആവശ്യപ്പെടേണ്ടതായിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് വ്യവസായവകുപ്പ് തുടര്‍ചര്‍ച്ചകള്‍ നടത്തിയത്.

7. എസ്.എസ്.എല്‍.സി ഹാള്‍ടിക്കറ്റ് വിതരണം 10 മുതല്‍ 15 വരെ
തിരുവനന്തപുരം: മാര്‍ച്ച് 12ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഈമാസം 10 മുതല്‍ 15വരെ വിതരണം ചെയ്യും. മാര്‍ച്ച് 27നാണ് അവസാനിക്കുന്നത്. മോഡല്‍ പരീക്ഷ ഈമാസം 18 ന് തുടങ്ങും.

മൊത്തം 4,51,584 വിദ്യാര്‍ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതുന്നത്. കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് ഏഴായിരം വിദ്യാര്‍ഥികള്‍ ഇത്തവണ കുറവാണെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി എം.കെ ശിവന്‍കുട്ടി പറഞ്ഞു. 2,23,038 ആണ്‍കുട്ടികളും 2,28,546 പെണ്‍കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തിലെ 3,86,312 വിദ്യാര്‍ഥികളും ഇംഗ്ളീഷ് മീഡിയത്തിലെ 59,384 വിദ്യാര്‍ഥികളും തമിഴ് മീഡിയത്തിലെ 2,366 വിദ്യാര്‍ഥികളും കന്നട മീഡിയത്തിലെ 3,522 വിദ്യാര്‍ഥികളും ഈ വര്‍ഷത്തെ പരീക്ഷയ്ക്കുണ്ടാകും.

പത്ത് പരീക്ഷാ സെന്ററുകള്‍ ഇത്തവണ അധികമായി അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ 2723 സെന്ററുകളും ഗള്‍ഫില്‍ 15 സെന്ററുകളും ലക്ഷദ്വീപില്‍ ഒമ്പത് സെന്ററുകളുമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് 9.30ന് ചോദ്യപേപ്പറുകള്‍ നല്‍കും. തുടര്‍ന്ന് ചോദ്യങ്ങള്‍ വായിച്ച് മനസ്സിലാക്കുന്നതിനായി 15 മിനിറ്റ് ആശ്വാസസമയം അനുവദിച്ചിട്ടുണ്ട്. 9.45ന് പരീക്ഷ എഴുതിത്തുടങ്ങാം.

ഇംഗ്ളീഷ് ഫസ്റ്റും സെക്കന്‍ഡും, സാമൂഹ്യശാസ്ത്രവും ഭൂമിശാസ്ത്രവും, കണക്ക് ഫസ്റ്റും സെക്കന്‍ഡും പുസ്തകങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ഇത്തവണ പരീക്ഷ നടത്തുന്നത്. കഴിഞ്ഞ തവണ ഈ വിഷയങ്ങള്‍ക്ക് ആറു പരീക്ഷകള്‍ ഉണ്ടായിരുന്നു. ഈവര്‍ഷംമുതല്‍ അത് മൂന്ന് പരീക്ഷകളായാണ് നടത്തുന്നത്. ഈ പരീക്ഷകള്‍ 9.45മുതല്‍ 12.30വരെ നടക്കും. ഐ.ടി ഒഴികെയുള്ള മറ്റുപരീക്ഷകള്‍ക്ക് 9.45മുതല്‍ 11.30 വരെയാണ് സമയം. ഐ.ടി പരീക്ഷ രാവിലെ 9.45മുതല്‍ 11വരെ നടക്കും.
ഡി.ഇ.ഒ വഴിയാണ് സ്കൂളുകളില്‍ ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പരീക്ഷയുടെ മേല്‍നോട്ടത്തിനുള്ള അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. സ്കൂളുകളില്‍ നിന്നു വിദ്യാര്‍ഥികളുടെ മേല്‍വിലാസം പരീക്ഷാഭവന്‍ ശേഖരിച്ചിട്ടുണ്ട്. ഇംഗ്ളീഷിലുള്ള പേരുവിവരങ്ങള്‍ മലയാളത്തിലാക്കിയശേഷം പിഴവുണ്ടോയെന്ന് പരിശോധിക്കാന്‍ വീണ്ടും സ്കൂളുകള്‍ക്ക് അയച്ചുകൊടുക്കുന്നതാണ്.

ആകെ 41 ക്യാമ്പുകളിലായി ക്രമീകരിച്ചിട്ടുള്ള മൂല്യനിര്‍ണയം രണ്ടു ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കുന്നത്. ഏപ്രില്‍ മൂന്നു മുതല്‍ 11വരെയും 15മുതല്‍ 23വരെയും നടക്കുന്ന ക്യാമ്പുകളില്‍ 12,000 അധ്യാപകര്‍ പങ്കെടുക്കും.

8. വിഴിഞ്ഞം തുറമുഖ വികസനം: അടിസ്ഥാന സൌകര്യങ്ങള്‍ ഉടനെ ഏര്‍പ്പെടുത്തും
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വികസന പദ്ധതിക്കാവശ്യമായ അടിസ്ഥാനസൌകര്യങ്ങള്‍ അടിയന്തരമായി ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തുറമുഖ വികസന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് ബഡ്ജറ്റില്‍ പണം വകയിരുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. റെയില്‍വേ ലൈന്‍ നിര്‍മ്മാണം, റോഡ് വികസനം, ശുദ്ധജലം എത്തിക്കല്‍, വൈദ്യുതി ലഭ്യമാക്കല്‍ എന്നീ കാര്യങ്ങളില്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ യോഗം വിലയിരുത്തി. വിഴിഞ്ഞം പ്രദേശത്തെ വൈദ്യുതി പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഒരു സബ്സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തും.

ടെന്‍ഡര്‍ നടപടികള്‍ മുന്‍ നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കും. കമ്പനികള്‍ സമര്‍പ്പിച്ച ടെന്‍ഡറുകളില്‍ ഇനി പൊട്ടിക്കാനുള്ളവ വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ മന്ത്രി എം. വിജയകുമാര്‍, തുറമുഖ വകുപ്പ് സെക്രട്ടറി എല്‍. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

1. റോഡരുകില്‍ കെട്ടിട നിര്‍മാണത്തിനു ദൂരപരിധി വര്‍ധിപ്പിക്കുന്നു
കോട്ടയം: ദേശീയ പാതകളോടും പി.ഡബ്ളു.ഡി റോഡുകളോടും ചേര്‍ന്ന് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ദൂരപരിധി നിശ്ചയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുരുക്കാകും. ദേശീയപാതകളില്‍പ്പെട്ട റോഡുകളുടെ മധ്യത്തില്‍നിന്നും 35 മീറ്റര്‍ വശങ്ങളിലേക്കു മാറി മാത്രമെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമടക്കം പുതിയ കെട്ടിടങ്ങള്‍ ഇനി നിര്‍മിക്കാനാകൂ. പി.ഡബ്ളു. ഡി റോഡുകള്‍ക്കാവട്ടെ ദൂരപരിധി 20 മീറ്ററായി മാറ്റാനാണ് തീരുമാനം. ജില്ലാ റോഡുകള്‍ക്ക് പരിധി പന്ത്രണ്ടര മീറ്ററായിരിക്കും.

നിലവിലുള്ള റോഡിന്റെ മധ്യ ത്തില്‍നിന്നായിരിക്കും വശങ്ങളിലേക്ക് അളവു പിടിക്കുക. ചെരിവും വളവുമുള്ള പുരയിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ നഷ്ടമു ണ്ടാക്കും. നിലവിലുള്ള വീടുകളും കടകളും ആരാധനാലയങ്ങളുമടക്കമുള്ള കെട്ടിടങ്ങള്‍ അ ടുത്ത റോഡ് വിപുലീകരണം വരെ പൊളിച്ചുമാറ്റേണ്ടതില്ല. എന്നാല്‍ റോഡുകള്‍ വിപുലീകരിക്കുമ്പോള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരും. പുറമ്പോക്കു തളളിയതിനു ശേഷമുള്ള സ്ഥലത്തിന് നിരക്കുവിലയനുസരിച്ചുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്നതാണ് ഇപ്പോഴുള്ള ചട്ടം.

എന്നാല്‍ സമീപ ഭാവിയില്‍ പൊന്നുംവില നല്‍കാതെ റോഡുകളോടു ചേര്‍ന്ന സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചും ആ ലോചനയുണ്ട്. നിലവിലുള്ള കെട്ടിടങ്ങളില്‍ പുതിയ നിലകള്‍ പണിയുന്നതുള്‍പ്പെടെയുള്ള വിപുലീകരണവും അനുവദിക്കില്ല.

രണ്ടു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തുവരും.ദേശീയ, സംസ്ഥാന പാതകളോടു ചേര്‍ന്ന് വന്‍തുക മുടക്കി പ്ളോട്ടുകള്‍ വാങ്ങിയിരിക്കുന്നവര്‍ക്കാണ് അധികം നഷ്ടമുണ്ടാകുക. വിവിധ സൌകര്യങ്ങള്‍ പരിഗണിച്ച് ഗ്രാമങ്ങളിലെ സ്വത്തുവകകള്‍ വിറ്റ് റോഡരുകില്‍ വീടും കിടപ്പാടവും പ്ളോട്ടും വാങ്ങിയവര്‍ ഏറെ പ്പേരാണ്. കേരളത്തില്‍ കിടപ്പാടത്തിനു പോലും സ്ഥലം കിട്ടാനില്ലാതിരിക്കെ വീടു വെയ്ക്കാന്‍ റോഡുകളോടു ചേര്‍ന്ന് വന്‍വില നല്‍കി പ്ളോട്ടുകള്‍ വാങ്ങിയവര്‍ ക്കാണ് നിയമം കുരുക്കും ബാധ്യ തയുമാവുക.

റോഡുകളോടു ചേര്‍ന്ന് മൂന്നു മീറ്റര്‍ ഉള്ളില്‍ കെട്ടിട നിര്‍മാണം പാടുള്ളു എന്നതു മാത്രമായിരുന്നു നിലവിലുണ്ടായിരുന്ന പഞ്ചായത്ത് ആക്ട് നിയമം.

2. കിസാന്‍ശ്രീ: പട്ടയമില്ലാത്തവര്‍ പുറത്തുതന്നെ
തൊടുപുഴ: ചെറുകിട കര്‍ഷകര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന കിസാന്‍ശ്രീ പദ്ധതി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതകള്‍ ഏറെയെന്നു കൃഷി ഉദ്യോഗസ്ഥര്‍. പട്ടയമില്ലാത്തവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കര്‍ഷകനാണെന്നു തെളിയിക്കുന്നതിനു കരമടച്ച രസീത് ഹാജരാക്കണമെന്ന നിബന്ധനയുണ്ട്.

ഇതോടെ പട്ടയമില്ലാത്ത ഹൈറേഞ്ചിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി.

പാട്ടകൃഷി സംബന്ധിച്ചും ഉത്തരവില്‍ അവ്യക്തതയുണ്ട്. പാട്ടത്തിനു സ്ഥലം നല്‍കുന്ന വ്യക്തിയും പാട്ടകൃഷി ചെയ്യുന്ന വ്യക്തിയും കര്‍ഷകനാണെങ്കിലും ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്ക് ആരാണ് അര്‍ഹനാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

അവ്യക്തതകള്‍ നിലനില്‍ക്കേ തന്നെ കിസാന്‍ശ്രീക്ക് കൃഷി ഓഫീസുകളില്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി.ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ജില്ലാ കൃഷി ഓഫീസര്‍മാരുടെ യോഗത്തില്‍ സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അഡീഷണല്‍ കൃഷി ഡയറക്ടര്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കാനായില്ല. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്.

3. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്: കേരളത്തിനു സ്വപ്നം, യു.പിക്കു യാഥാര്‍ഥ്യം
ആലപ്പുഴ: സംസ്ഥാനത്തു മഞ്ഞപ്പനിയുള്‍പ്പെടെ മാരക വൈറസ് രോഗങ്ങള്‍ക്കു സാധ്യതയുണ്െടന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കുമ്പോഴും ഇവയെ പ്രതി രോധിക്കാനും നിയന്ത്രിക്കാനും വിഭാവനം ചെയ്ത ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം കടലാസില്‍ ഒതുങ്ങുന്നു.

സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതാകട്ടെ അടിസ്ഥാനസൌകര്യങ്ങളൊന്നുമില്ലാത്ത വാടകക്കെട്ടിടത്തില്‍. എ ലീസ കിറ്റുകള്‍ പോലും ഇവിടെ ആവശ്യത്തിനു ലഭ്യമാക്കുന്നില്ല. 2007 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനുകീഴില്‍ കേരളത്തിലും ഉത്തര്‍പ്രദേശിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ശാഖകള്‍ തുടങ്ങാന്‍ തീരുമാനമായത്.

ആറുമാസത്തിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കണമെന്നായിരുന്നു നിബന്ധന. പറഞ്ഞ കാലയളവില്‍ തന്നെ ഉത്തര്‍പ്രദേശില്‍ ശാഖ തുടങ്ങിയെങ്കിലും വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ആലപ്പുഴയില്‍ ഇതിനുവേണ്ട സ്ഥലം ഏറ്റെടുക്ക ല്‍ നടപടിപോലും നടന്നിട്ടില്ല. കേരളസര്‍ക്കാര്‍ സ്ഥലവും കെട്ടിടവും നല്‍കണമെന്നാണു ചട്ടം.

വണ്ടാനം മെഡിക്കല്‍ കോളജ് ക്യാംപസില്‍ 8.2 ഏക്കര്‍ സ്ഥലമാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കുവേണ്ടി നല്‍കിയിരിക്കുന്നത്. സ്റ്റേറ്റ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ നല്‍കിയിരിക്കുന്ന ഇതില്‍നിന്നു അഞ്ചേക്കര്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനായി നല്‍കാനാണ് ധാരണയായിരുന്നത്. അഞ്ചുകൊല്ലം കൊണ്ട് ദേശീയനിലവാരമുള്ള ഒരു റിസര്‍ച്ച് സ്ഥാപമാക്കി ഇതിനെ മാറ്റുക എന്നതായിരുന്നു ഐ.സി.എം. ആറിന്റെ ഉദ്ദേശ്യം.

കേരളത്തില്‍ ആലപ്പുഴയിലെ ശാഖയുടെ കെട്ടിടം പണി പൂര്‍ത്തി യാക്കാന്‍ അഞ്ചുവര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. അതുവരെ മെഡിക്കല്‍ കോളജിന്റെ ഒരു മുറിയിലോ ഹാളിലോ താല്‍ക്കാലികമായി പ്ര വര്‍ത്തനം തുടങ്ങാനാണ് ഇപ്പോള്‍ ഉണ്ടാക്കിയിക്കുന്ന ധാരണ.

എന്നാല്‍ ഇതുസംബന്ധിച്ച് മെഡിക്കല്‍ കോളജ് അധികൃതരുമായി വാക്കാലുള്ള ചര്‍ച്ച പോലും നടന്നിട്ടില്ല. മാര്‍ച്ച് 31 നു മുമ്പ് ജില്ലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങാനായി എന്‍.ഐ.വി.യും സംസ്ഥാന സര്‍ക്കാരും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിരിക്കുകയാണ്. ഇവര്‍ നാലിന് ആലപ്പുഴയിലെത്തും. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അ ഞ്ചേക്കര്‍ ഏറ്റെടുക്കുന്ന കരാര്‍ അ ന്ന് ഒപ്പുവയ്ക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. എന്നാ ല്‍ ഇതേക്കുറിച്ചൊന്നും മെഡിക്ക ല്‍ കോളജ് അധികൃതര്‍ക്കു വിവരം ലഭിച്ചിട്ടില്ല.

4. പരീക്ഷാ ഡ്യൂട്ടി സോഫ്റ്റ്വേര്‍ വഴി; പരീക്ഷണം അധ്യാപകര്‍ക്ക്
തൊടുപുഴ: സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷാ ഡ്യൂട്ടി നിശ്ചയിച്ചത് എക്സ്റ്റേര്‍ണല്‍ എക്സാമിനര്‍മാരായ അധ്യാപകര്‍ക്ക് പരീക്ഷണവും ബാധ്യതയുമായി. നൂറുകിലോമീറ്ററിലധികം ദൂരെയുള്ള സ്കൂളുകളിലാണു പല അധ്യാപകര്‍ക്കും പ്രാക്ടിക്കല്‍ പരീക്ഷാഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്.

കണ്ണൂരിലെ പ്ളസ്ടു അധ്യാപകനായ സുനില്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറാണു പ്രാക്ടിക്കല്‍ പരീക്ഷാ ഡ്യൂട്ടി നിശ്ചിയിച്ചിരിക്കുന്നത്. നേരത്തേ ഇതു ജില്ലാതലത്തില്‍ ചീഫ് എക്സാമിനര്‍ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങളുടെ അധ്യാപകരുടെ യോഗം വിളിച്ചുചേര്‍ത്തായിരുന്നു നിശ്ചയിച്ചിരുന്നത്. സോഫ്റ്റ്വേറിലൂടെ ഡ്യൂട്ടി നിശ്ചയിച്ചതോടെ വിഷയം പഠിപ്പിക്കാത്ത അധ്യാപകര്‍ക്കും പ്രാക്ടിക്കല്‍ പരീക്ഷാ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു.

കൊമേഴ്സ് ഗ്രൂപ്പില്‍ കംപ്യൂട്ടറൈസ്ഡ് അക്കൌണ്ടിംഗ് പഠിപ്പാക്കാത്ത അധ്യാപകര്‍ക്കും ഇപ്പോള്‍ പരീക്ഷാ ചുമതലയുണ്ട്. ഇതു പരീക്ഷ പ്രഹസനമാക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ തലത്തില്‍ എക്സാമിനര്‍മാരെ നിയമിച്ചിരുന്നപ്പോള്‍ അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മാത്രമേ ചുമതല നല്‍കിയിരുന്നുള്ളൂ.

മാത്രമല്ല വിദൂരങ്ങളില്‍ പരീക്ഷാ ഡ്യൂട്ടി നിശ്ചയിച്ചത് സര്‍ക്കാരിനും അധ്യാപകര്‍ക്കും കനത്ത ബാധ്യതവരുത്തിവയ്ക്കും. എട്ടു കിലോമീറ്ററിലധികം ദൂരെയുള്ള സ്കൂളുകളില്‍ ഡ്യൂട്ടിക്കുപോയാല്‍ യാത്രാച്ചെലവും ബത്തയും നല്‍കണം. ഈ തുക നിശ്ചിത അലോട്ടുമെന്റില്‍ അധികമായാല്‍ സ്കൂള്‍ അധികൃതര്‍ പണം നല്‍കേണ്ടിവരും. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം ഓഡിറ്റിംഗ് പൂര്‍ത്തിയാകുമ്പോഴേ ഈ പണം ലഭിക്കൂ. അതുവരെ അതതു സ്കൂളിലെ ചീഫ് എക്സാമിനേഷന്‍ സൂപ്രണ്ട് ഈ ബാധ്യത ഏല്‍ക്കേണ്ടിവരും.

നാലു ദിവസംവരെ നീണ്ടുനില്‍ക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു വിദൂരങ്ങളില്‍ പോകേണ്ടിവരുന്നത് അധ്യാപികമാരെയാണ് ഏറെവലയ്ക്കുന്നത്. മാത്രമല്ല പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക കോച്ചിംഗ് നല്‍കുന്ന സ്കൂളുകളില്‍ അധ്യാപകരുടെ അസാന്നിധ്യം കുട്ടികളെയും ദോഷകരമായി ബാധിക്കും.

ഇതേ സോഫ്റ്റ്വേര്‍ ഉപയോഗിച്ചുതന്നെ തിയറി പരീക്ഷയുടെ ഡ്യൂട്ടി നിശ്ചയിക്കാനും നീക്കമുണ്ട്. തിയറിയില്‍ ആറു വിഷയങ്ങളുടെ പരീക്ഷ പതിനഞ്ചുദിവസംകൊണ്ടാണ് പൂര്‍ത്തിയാകുന്നത്. ഇത്രയും ദിവസവും വിദൂര സ്ഥലങ്ങളില്‍ തങ്ങേണ്ടിവരുമെന്ന ഭയത്തിലാണ് അധ്യാപകര്‍.

5. അശോക ചിഹ്നത്തില്‍ പിശക്: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് വക്കീല്‍ നോട്ടീസ്
കൊച്ചി: പുതിയ ഹൈക്കോടതി മന്ദിരത്തില്‍ അശോകചിഹ്നം സ്ഥാപിച്ചതിന് മുകളില്‍ ഇരുവശവുമായി സത്യമേവ ജയതേ എന്ന് ഇംഗ്ളീഷിലും മലയാളത്തിലും ആലേഖനം ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് വക്കീല്‍ നോട്ടീസ്. കളര്‍കോട് സ്വദേശി വേണുഗോപാലന്‍ നായരാണ് നോട്ടീസ് അയച്ചിട്ടുള്ളത്്.

ദേവനാഗരി ഭാഷയില്‍ സത്യമേവ ജയതേ എന്ന് ആലേഖനം ചെയ്തിട്ടുള്ളത്് ചിഹ്നത്തിന്റെ ഭാഗമായാണ്. ഇതിന് വിരുദ്ധമായാണ് ഹൈക്കോടതിയില്‍ സ്ഥാപിച്ചിട്ടുള്ള ചിഹ്നത്തിന് ഇരുവശത്തും ഈ വാക്കുകള്‍ ആലേഖനം ചെയ്തിട്ടുള്ളതെന്നാണ് പരാതി.

6. റബര്‍ കയറ്റുമതി വര്‍ധിക്കുന്നു; സ്റ്റോക്ക് കുറയാന്‍ സാധ്യത
കോട്ടയം: അന്താരാഷ്ട്ര വില ആഭ്യന്തര വിലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് റബറിന്റെ കയറ്റുമതിക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് റബര്‍ബോര്‍ഡ്. കയറ്റുമതിക്കാര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഓര്‍ഡറനുസരിച്ച് വരുംമാസങ്ങളില്‍ റബര്‍ കയറ്റുമതി കൂടാന്‍ സാധ്യതയുണ്ട്.

റബറിന്റെ പ്രതിമാസ ഉത്പാദനം 2007 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒരുലക്ഷം ടണ്ണിലധികമായി വര്‍ധിച്ചു. ഡിസംബര്‍ അവസാനം സ്റ്റോക്ക് 1,94,000 ടണ്ണായി ഉയര്‍ന്നു.

നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ആറുമാസത്തിലുണ്ടായ ഉത്പാദനത്തിന്റെയും ടാപ്പിംഗ് ദിനങ്ങളുടെയും നഷ്ടം നികത്താനായി കൂടുല്‍ ടാപ്പിംഗ് ഇപ്പോള്‍ നടക്കുന്നതിനാല്‍ 2003 ജനുവരിയിലെ ഉത്പാദനവും ഇതിനോട് അടുത്തെത്താനാണ് സാധ്യത. എന്നാല്‍, ജനുവരി അവസാനത്തോടെയുണ്ടായിരിക്കുന്ന കാലാവസ്ഥാ വ്യതിയാനംമൂലം 2008 ഫെബ്രുവരി മുതല്‍ ഉത്പാദനത്തില്‍ കുറവുവരുമെന്നാണ് കരുതുന്നത്.

ഇത്തരത്തിലുള്ള ഉത്പാദനക്കുറവും വര്‍ധിച്ച കയറ്റുമതിയും കാരണം മാര്‍ച്ച് അവസാനത്തോടെ സ്റ്റോക്ക് 1 ,80,000 ടണ്ണായി കുറഞ്ഞേക്കുമെന്ന് റബര്‍ബോര്‍ഡ് കണക്കാക്കുന്നു.

7. നാടോടികള്‍ വില്‍ക്കാന്‍ കൊണ്ടുവന്നത് സ്റ്റീല്‍ ബോംബുകള്‍
പാനൂര്‍ (കണ്ണൂര്‍): നാടോടി കുട്ടികള്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന പഴയ സാധനങ്ങളില്‍ നിന്ന് നാലു സ്റ്റീല്‍ ബോംബുകളും ഒരു ബോംബിന്റെ അവശിഷ്ടങ്ങളും കണ്െടടുത്തു.

ഇന്നലെ രാവിലെ പാനൂര്‍ ടൌണിലെ പുത്തൂര്‍ റോഡിലുള്ള ബീരാന്റെ ആക്രിക്കടയിലാണ് കുട്ടികള്‍ പ്ളാസ്റ്റിക്ക് അടക്കമുള്ള സാധനങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവന്നത്. സ്റ്റീല്‍ ഡപ്പികള്‍ കണ്ട് സംശയം തോന്നിയ കടയുടമ അവ വാങ്ങാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് കുട്ടികള്‍ അവ ആക്രിക്കടയുടെ പിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആക്രിക്കടയുടെ പിന്നില്‍ ബോംബുകള്‍ കണ്ട പരിസരവാസികള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാനൂര്‍ എസ്ഐ വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. യഥാര്‍ഥ ബോംബുകള്‍ തന്നെയാണിതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. സ്റ്റേഷന്‍ വളപ്പിലെ ബോംബുകുഴിയില്‍ ഇവ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു നിര്‍വീര്യമാക്കും.

പാനൂരിന് സമീപം കൂറ്റേരി ഭാഗത്തുള്ള ഒരു പറമ്പില്‍ കാണപ്പെട്ട പ്ളാസ്റ്റിക് ബക്കറ്റില്‍ നിന്നാണ് ബോംബുകള്‍ ലഭിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.

1. വനം മന്ത്രാലയം വീണ്ടും കലുഷമാവുന്നു
തിരുവനന്തപുരം: വനം മന്ത്രാലയം വീണ്ടും കലുഷമാവുന്നു. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദത്തോടനുബന്ധിച്ച് പുകയാന്‍ ആരംഭിച്ച പ്രശ്നങ്ങള്‍ മന്ത്രിയുടെ ഓഫീസില്‍ പൊട്ടിത്തെറിക്കുകയാണ്. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത നടപടി ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന്റെ മിനിട്സ് ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് മന്ത്രിയുടെ ഓഫീസില്‍ വലിയൊരു കലാപത്തോളം വളര്‍ന്നുനില്‍ക്കുന്നത്.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഡീനോട്ടിഫൈ ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്റെ മിനിട്സ് ചോര്‍ന്നതിനെ തുടര്‍ന്ന് അന്നത്തെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലയുള്ള ടി.എസ്. ശശിധരന്‍നായരോട് മന്ത്രി കയര്‍ത്തിരുന്നു. യോഗത്തിന്റെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്തം സ്റ്റാഫിനുമേല്‍ ചാരാനുള്ള ശ്രമം സ്റ്റാഫില്‍ ഏറെ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് അന്നുതന്നെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാന്‍ മന്ത്രി പാര്‍ട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. പ്രൈവറ്റ് സെക്രട്ടറി സ്വയം മാറാന്‍ സന്നദ്ധനായപ്പോള്‍ അദ്ദേഹത്തെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി നിശ്ചയിക്കാനും കെ. ശിശുപാലനെ പ്രൈവറ്റ് സെക്രട്ടറിയാക്കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. പുതിയ പ്രൈവറ്റ് സെക്രട്ടറി പാര്‍ട്ടി നേതൃത്വത്തിലെ ഒരു പ്രമുഖന്റെ വലം കൈയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പുതിയ പ്രൈവറ്റ് സെക്രട്ടറിയുടെ വരവോടെ വീണ്ടും അസ്വസ്ഥതകളായി. പി.എമാരായ രാജീവും യൂസുഫും രാജിക്ക് തയാറായി. അധ്യാപകനേതാവായ രാജീവിന്റെ രാജി പിന്നീട് പാര്‍ട്ടി ഇടപെട്ട് ഒഴിവാക്കി. പുതിയയാള്‍ വരുന്നതുവരെ തുടരാന്‍ യൂസുഫിനോടും ആവശ്യപ്പെട്ടു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇരുവരും വീണ്ടും മാറാന്‍ തയാറെടുക്കുകയാണത്രെ.

അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ഡി. സാജുവും മെര്‍ക്കിസ്റ്റണ്‍ മിനിട്സ് കണ്ടയാള്‍ എന്ന നിലക്കാണത്രെ അവിശ്വാസത്തിലായത്. തുടര്‍ന്ന് അദ്ദേഹം സ്വയം ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും തല്‍ക്കാലം തുടരണമെന്ന അഭ്യര്‍ഥനയുണ്ടായി. ഇതിനിടയില്‍ പാര്‍ട്ടിയുടെ അനുമതി കൂടാതെ സുകുമാരന്‍ എന്ന അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വന്നു. ഒരാഴ്ച തുടര്‍ന്ന അദ്ദേഹവും പോയി. മന്ത്രിയുടെ വീട്ടിലെ ഓഫീസ് കൈകാര്യം ചെയ്ത സുന്ദരനും പെട്ടെന്നാണ് അപ്രത്യക്ഷനായത്.

ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയിരുന്ന ടി. ഔസേഫ് മന്ത്രിയുടെ സ്പെഷല്‍ഓഫീസറായി തുടരുകയായിരുന്നു. അദ്ദേഹവും മെര്‍ക്കിസ്റ്റണ്‍ വിവാദത്തോടെ അവധിയെടുത്ത് പിന്മാറി. മന്ത്രിയുടെ ഓഫീസില്‍ തിരിച്ചെത്താന്‍ തയാറില്ലാത്ത അദ്ദേഹത്തിന് പകരമായി 10 വര്‍ഷം മുമ്പ് സി.സി.എഫ് ആയി റിട്ടയര്‍ ചെയ്ത മുകുന്ദനെ നിയമിക്കാനാണ് തീരുമാനം.
മെര്‍ക്കിസ്റ്റണ്‍ സംഭവത്തെ തുടര്‍ന്ന് പേഴ്സണല്‍ സ്റ്റാഫിനെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് അപമാനിക്കുന്ന വിധത്തില്‍ സംസാരമുണ്ടാകുന്നു എന്നതാണ് സ്റ്റാഫിന്റെ പ്രധാന പരാതി. സ്റ്റാഫിനെ വിശ്വാസത്തിലെടുക്കാതെ കുറ്റങ്ങള്‍ മുഴുവന്‍ സ്റ്റാഫിന് ചുമലില്‍ വെക്കുന്ന രീതിയും അപ്രീതിക്ക് കാരണമാണ്. വനംവകുപ്പിലെ സ്ഥലംമാറ്റങ്ങള്‍, ഐ.എഫ്.എസ് തസ്തികകളില്‍ ഐ.എഫ്.എസ് അല്ലാത്തവരെ നിയമിക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ എന്നിവയും സ്റ്റാഫിലെ അസ്വസ്ഥതകള്‍ക്ക് പിന്നിലുണ്ട്.

ഇതിനിടയിലാണ് ഇപ്പോള്‍ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായ മുന്‍ പ്രൈവറ്റ് സെക്രട്ടറി ടി.എസ്. ശശിധരന്‍നായരും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍. അജയനും രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് ശശിധരന്‍ തന്റെ കത്തില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ മന്ത്രിയുമായി ചേര്‍ന്നുപോകാനാവാത്ത അവസ്ഥയാണുള്ളതെന്ന് ആര്‍. അജയന്റെ രാജിക്കത്തില്‍ പറയുന്നു.

2. ജീവിതസായാഹ്നം ഇരുള്‍ മൂടുന്നു; വൃദ്ധ ആത്മഹത്യയില്‍ കേരളം മുന്നില്‍
ന്യൂദല്‍ഹി: ജീവിത സായാഹ്നത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകുന്നു. രാജ്യത്ത് ആത്മഹത്യ ചെയ്ത വൃദ്ധരില്‍ അഞ്ചിലൊന്നും കേരളത്തില്‍ നിന്ന്. കേരളത്തിലെ ആത്മഹത്യാ നിരക്കാകട്ടെ, ദേശീയ ശരാശരിയുടെ ഇരട്ടിയും കടന്നു നില്‍ക്കുന്നു.

കൂട്ട^കുടുംബ ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ആത്മഹത്യാ നിരക്കില്‍ മൂന്നാം സ്ഥാനം. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട പുതിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജീവിതത്തിന്റെ അവസാന കാലത്ത് ഉറ്റവര്‍ തിരിഞ്ഞുനോക്കാതെ വൃദ്ധമന്ദിരങ്ങളില്‍ അഭയം തേടേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നതിനിടയിലാണ്, ആത്മഹത്യ പോംവഴിയായി കാണുന്ന വൃദ്ധരുടെ എണ്ണവും കേരളത്തില്‍ വര്‍ധിക്കുന്നത്. 2006ലെ കണക്കു പ്രകാരം രാജ്യത്തെ വൃദ്ധ ആത്മഹത്യകളില്‍ 19 ശതമാനവും കേരളത്തില്‍ നിന്നാണ്.

കുടുംബ ആത്മഹത്യകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചത്തിസ്ഗഡിനോട് ‘മത്സരിക്കുക’യാണ് കേരളം. കുടുംബപ്രശ്നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നവരുടെ കാര്യത്തില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിന്. മൂന്നു കോടി ജനങ്ങള്‍ മാത്രമുള്ള കേരളത്തിലാണ് രാജ്യത്തെ ആത്മഹത്യകളില്‍ എട്ടു ശതമാനവും നടക്കുന്നത്. ലക്ഷം ജനങ്ങളുടെ കാര്യമെടുത്താല്‍ ദേശീയ തലത്തില്‍ ആത്മഹത്യാ നിരക്ക് 10.5 ശതമാനമാണെങ്കില്‍ കേരളത്തില്‍ 26.8 ശതമാനമാണ്. പോണ്ടിച്ചേരിയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന രാജ്യത്തെ 70 നഗരങ്ങളില്‍ കൊച്ചിയുമുണ്ട്.

ആത്മഹത്യ ചെയ്യുന്നവരില്‍ 41 ശതമാനവും കൃഷിയോ സ്വയംതൊഴിലോ ജീവനോപാധിയായി തെരഞ്ഞെടുത്തവരാണെന്ന വിവരവും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നല്‍കുന്നു. വിദ്യാസമ്പന്നരില്‍ പൊതുവെ ആത്മഹത്യാ പ്രവണത കുറവാണ്. ഒരു കൊല്ലത്തിനിടയില്‍ രാജ്യത്ത് നടന്ന ആത്മഹത്യകളില്‍ 40 ശതമാനവും കേരളം അടക്കം നാല് തെക്കന്‍ സംസ്ഥാനങ്ങളിലാണ്. 2005ല്‍ ഒരൊറ്റ ആത്മഹത്യ പോലും ഉണ്ടാകാതിരുന്ന ലക്ഷദ്വീപില്‍ 2006ല്‍ രണ്ട് ആത്മഹത്യകള്‍ നടന്നു. രാജ്യത്ത് ഓരോ മണിക്കൂറിലും 13 ആത്മഹത്യകള്‍ നടക്കുന്നുവെന്നാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2006ല്‍ 1.18 ലക്ഷം പേര്‍ രാജ്യത്ത് ജീവനൊടുക്കി. മൂന്നിലൊന്നും യുവാക്കളോ മധ്യവയസ്കരോ ആണ്. അഞ്ചിലൊന്നും അവിവാഹിതര്‍. പുരുഷന്മാരിലെ ആത്മഹത്യക്ക് പ്രധാന പ്രചോദനം സാമൂഹിക^സാമ്പത്തിക പ്രശ്നങ്ങളാണെങ്കില്‍ സ്ത്രീകളുടെ കാര്യത്തില്‍ വൈകാരികവും വ്യക്തിപരവുമായ കാരണങ്ങളാണ്. അഞ്ച് ആത്മഹത്യകളില്‍ ഒന്നെങ്കിലും വീട്ടമ്മയുടേതാണ്. അവിഹിത ഗര്‍ഭം മൂലമുള്ള ആത്മഹത്യാ നിരക്കില്‍ ഒരുകൊല്ലം കൊണ്ട് 56 ശതമാനം വര്‍ധന ഉണ്ടായി.

3. നാണ്യപെരുപ്പം ശക്തം; യു.എ.ഇ പലിശനിരക്ക് വെട്ടിക്കുറച്ചു
ദുബൈ: വര്‍ധിച്ച നാണ്യപെരുപ്പ ഭീഷണി മുന്‍നിര്‍ത്തി യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ പലിശ നിരക്കില്‍ കുറവ് വരുത്തി. വിനിമയ കറന്‍സി മാനദണ്ഡം ഡോളര്‍ തന്നെ നിലനിര്‍ത്താനുള്ള തീരുമാനത്തിനിടയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റു ബദലുകള്‍ തേടുകയാണ് യു.എ.ഇയും മറ്റും.അതേ സമയം എഴുപത് ശതമാനം വര്‍ധിത ശമ്പളം കൈയില്‍ കിട്ടിയതിന്റെ ആഹ്ലാദത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കഴിയുമ്പോള്‍ സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിനാളുകളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി തുടരുകയാണ്.

ഇന്നലെയാണ് പലിശ നിരക്കില്‍ കുറവ് വരുത്താനുള്ള തീരുമാനം യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചത്. സെന്‍ട്രല്‍ ബാങ്ക് സി.ഡികളുടെ പുനര്‍ വാങ്ങലിന്റെ പലിശനിരക്ക് 3.5 ശതമാനത്തില്‍ നിന്ന് മൂന്നായാണ് കുറച്ചിരിക്കുന്നത്.

യു.എസ് ഡോളര്‍ ഫെഡറല്‍ ഫണ്ടിന്റെ പലിശനിരക്ക് കുറച്ചതിന്റെ ഭാഗമായാണ് ഇവിടെയും പുതിയ നിജപ്പെടുത്തല്‍ ഏര്‍പ്പെടുത്തിയതെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ പതിനെട്ടിനു ശേഷം അഞ്ച് തവണയാണ് യു.എസ്. ഡോളര്‍ ഫെഡറല്‍ ഫണ്ട് പലിശനിരക്കില്‍ കുറവ് വരുത്തിയത്. സൌദി അറേബ്യ ഉള്‍പ്പെടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും പലിശനിരക്കില്‍ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അടിസ്ഥാന പോയിന്റില്‍ 75 ശതമാനം കുറവാണ് ബഹ്റൈന്‍ വരുത്തിയത്. ഡോളറിനെ വിനിമയ മാനദണ്ഡ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ കുവൈത്തും പലിശ നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതമായി. ഗള്‍ഫില്‍ നാണ്യപെരുപ്പം ശക്തമായി തുടരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ജീവിത ചെലവുകളില്‍ വന്ന വര്‍ധന അത്രയേറെ ശക്തമാണ്. സാധാരണക്കാരും ഇടത്തരക്കാരുമായ ആളുകളാണ് ഏറ്റവും പ്രയാസപ്പെടുന്നത്.

ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിവിധ എമിറേറ്റുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം എഴുപത് ശതമാനം കൂടുതല്‍ വേതനവും കൈപ്പറ്റാനായി. വന്‍തുകയുടെ ബാധ്യത വരുമെങ്കില്‍ കൂടി ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നിലപാടിലാണ് യു.എ.ഇ. അതേസമയം ശമ്പളവര്‍ധന മറയാക്കി വിപണിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റും വില വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായി നേരിടുമെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സ്വകാര്യ മേഖലയില്‍ ചെറിയ തോതിലെങ്കിലും ശമ്പള വര്‍ധന ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ തൊഴിലാളികള്‍. ജീവിത ചെലവില്‍ വന്ന വര്‍ധനയും കറന്‍സി വിനിമയ നഷ്ടവും കണക്കിലെടുത്ത് നേരിയ ശമ്പള വര്‍ധന ഏര്‍പ്പെടുത്താന്‍ ചുരുക്കം ചില കമ്പനികള്‍ തയാറായിട്ടുണ്ട്. നിര്‍മാണ മേഖലയിലെ അമ്പതോളം കമ്പനികള്‍ തൊഴിലാളികള്‍ക്ക് ജനുവരി മുതല്‍ ചെറിയ തോതില്‍ ശമ്പളം കൂട്ടുമെന്ന് തൊഴില്‍ മന്ത്രാലയത്തിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാന്‍ മിക്ക കമ്പനികളും തയാറായില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. പ്രശ്നം യു.എ.ഇ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ദുബൈയിലെത്തിയ കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവി വ്യക്തമാക്കുകയുണ്ടായി.

1. കേരളത്തിലെ നഗരവാസികളില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ നാല്പത് വയസ്സിന് താഴെയുള്ള നഗരവാസികളായ നൂറുപേരില്‍ നാല്പത് പേര്‍ക്കും ഹൃദയാഘാതത്തിന്റെ പ്രധാന കാരണമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.

രക്തസമ്മര്‍ദ്ദത്തിന് പുറമെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന പ്രമേഹം, പുകവലി തുടങ്ങിയവും കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നതിനേയും ആധുനിക ചികിത്സാ രീതികള്‍ സ്വീകരിക്കേണ്ടതിനേയും കുറിച്ച് തിരുവനന്തപുരത്ത് ഫിബ്രവരി മൂന്നിന് നടക്കുന്ന ശില്പശാല ചര്‍ച്ച ചെയ്യും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി 150 പ്രമുഖ ഹൃദയചികിത്സാ വിദഗ്ദ്ധര്‍ ശില്പശാലയില്‍ പങ്കെടുക്കുമെന്ന് അനന്തപുരി ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടറും സമ്മേളനത്തിന്റെ രക്ഷാധികാരിയുമായ ഡോ. എ. മാര്‍ത്താണ്ഡപ്പിള്ളയും കോഴ്സ് ഡയറക്ടര്‍ ഡോ. സി.ജി. ബാഹുലേയനും പത്രസമ്മേളനത്തില്‍ പറഞ്ഞു.

നഗരവാസികളില്‍ പന്ത്രണ്ട് ശതമാനവും ഗ്രാമീണരില്‍ ഏഴ് ശതമാനവും ഹൃദയ രക്തധമനികളില്‍ അസുഖമുള്ളവരാണെന്ന് അനന്തപുരി ഹോസ്പിറ്റല്‍സ് കാര്‍ഡിയോ വാസ്കുലാര്‍ സെന്റര്‍ ചെയര്‍മാന്‍ കൂടിയായ ഡോ. ബാഹുലേയന്‍ വെളിപ്പെടുത്തി. നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന അവഗണിച്ചുകൂടാ. ഒട്ടും വൈകാതെ വൈദ്യസഹായം നല്‍കുകയാണ് ഉടനെ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

2. കുഴല്‍ക്കിണറുകള്‍ പെരുകുന്നു; പാലക്കാട്ട് ഭൂഗര്‍ഭജലലഭ്യത അപകടനിലയിലേക്ക്
പാലക്കാട്: അമിതചൂഷണത്തിന്റെ ഫലമായി പാലക്കാട് ജില്ലയില്‍ ഭൂഗര്‍ഭജലവിതാനം അപകടകരമാംവിധം താഴുന്നു. യാതൊരു വിവേചനവുമില്ലാതെ വ്യാപകമായി കുഴല്‍ക്കിണറുകള്‍ കുഴിച്ച് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. 2002ല്‍ സംസ്ഥാനം പാസാക്കിയ ‘ഭൂജലനിയമം’ ഫലപ്രദമായി നടപ്പാക്കാന്‍ ഇനിയും കഴിയാത്തതും ജലചൂഷണം നിര്‍ബാധം തുടരാന്‍ അവസരമൊരുക്കുന്നു.

ജില്ലയിലെ 13 ബ്ലോക്കുകളില്‍ അമിതജലചൂഷണത്തിന് ഇരയാകുന്നത് ചിറ്റൂര്‍ മാത്രമാണ് എന്നായിരുന്നു 2005 വരെയുള്ള കണക്ക്. എന്നാല്‍ കേന്ദ്രഭൂജലബോര്‍ഡും സംസ്ഥാന ഭൂജലവകുപ്പും ജില്ലയിലെ തിരഞ്ഞെടുത്ത കിണറുകളില്‍ നടത്തുന്ന നിരീക്ഷണത്തില്‍ കാണുന്നത് എല്ലാബ്ലോക്കിലും ഭൂഗര്‍ഭജലവിതാനം താണുകൊണ്ടിരിക്കുന്നു എന്നാണ്. 750 അടിയിലും താഴേക്ക് ഭൂഗര്‍ഭജലവിതാനം എത്തിയ സ്ഥിതിയിലാണ് ഇപ്പോള്‍ തമിഴ്നാട് അതിര്‍ത്തിയിലെ പല ഗ്രാമങ്ങളും.

കിണറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് 2002ലെ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ആറുവര്‍ഷമായിട്ടും അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നര ഹോഴ്സ്പവറിന് (എച്ച്.പി.) മുകളിലുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന സാധാരണകിണറുകളും മൂന്ന് എച്ച്.പിക്ക് മുകളിലുള്ളവ ഉപയോഗിക്കുന്ന കുഴല്‍ക്കിണറുകളും 2008 ഫിബ്രവരി ആറിനകം രജിസ്റ്റര്‍ ചെയ്യണം എന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അത് എത്ര വിജയിക്കും എന്ന് പറയാറായിട്ടില്ല.

കിണറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി പൂര്‍ത്തിയാകാത്തതിനാല്‍ ജില്ലയില്‍ എത്ര കിണറുകള്‍ ഉണ്ടെന്നോ എത്രയെണ്ണം ഉപയോഗപ്രദമാണെന്നോ ഉള്ള കണക്ക് ഭൂജലവകുപ്പിന്റെ പക്കലില്ല. ഉപയോഗിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ അളവും അതിനാല്‍ ലഭ്യമല്ല. കുഴല്‍ക്കിണര്‍ നിര്‍മാണനിയന്ത്രണം ബാധകമാക്കിയ താലൂക്കാണ് ചിറ്റൂര്‍. അവിടെ കിണര്‍കുഴിക്കാന്‍ ഭൂജലവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍ ഒരു അനുമതിയുമില്ലാതെയാണ് പലഗ്രാമങ്ങളിലും കിണര്‍ നിര്‍മാണം.

മഴയുടെ കുറവും ഭൂജലക്ഷാമവുംമൂലം ലോറികളില്‍ കുടിവെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം കോടികള്‍ മുടക്കുന്ന കിഴക്കന്‍മേഖലയില്‍ പക്ഷേ ഭൂരിഭാഗം തോട്ടങ്ങളും നനയ്ക്കാന്‍ ഭൂഗര്‍ഭജലമാണ് ഉപയോഗിക്കുന്നത്. സ്വകാര്യ തെങ്ങിന്‍തോപ്പുകളിലും കൃഷിയിടങ്ങളിലും അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം തകൃതിയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ മേഖലയിലെ ഭൂഗര്‍ഭജലസ്രോതസ്സുകള്‍ പൂര്‍ണമായി ക്ഷയിക്കാന്‍ അധികം വൈകില്ല എന്നാണ് മുന്നറിയിപ്പ്.

3. തര്‍ക്കം മുറുകി; ഭരണരംഗം കൂടുതല്‍ കുത്തഴിയുന്നു
തിരുവനന്തപുരം: മൂന്നാര്‍, പൊന്മുടി, ഇപ്പോഴിതാ എച്ച്.എം.ടി_ഭൂമി കൈമാറ്റങ്ങളും കൈയേറ്റങ്ങളും തിരിമറികളും ഇടതുമുന്നണി സര്‍ക്കാരിനെ ഒരു ശാപം പോലെ പിന്തുടരുമ്പോള്‍ സി.പി.എം., സി.പി.ഐ. കക്ഷികളില്‍ ഇതുസംബന്ധിച്ച് നിലവിലുള്ള ഭിന്നതകള്‍ രൂക്ഷമാകുന്നു.

ഗ്രൂപ്പ് സമവാക്യങ്ങളെ സ്വാധീനിക്കുന്ന തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ഭരണരംഗം കൂടുതല്‍ കുത്തഴിയുകയാണ്. മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടായെന്ന് ആരോപിക്കപ്പെടുന്ന വീഴ്ചകള്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതോടെ വീണ്ടും പരിഹാസ്യരായ സര്‍ക്കാരിന് സി.പി.ഐ.യില്‍ നിന്ന് മറ്റൊരു പ്രഹരംകൂടി ഏല്‍ക്കേണ്ടി വന്നു. വിവാദ ഭൂമിയുടെ ‘പോക്കുവരവ്’ റദ്ദാക്കണമെന്ന അവരുടെ ആവശ്യം തെറ്റ് സംഭവിച്ചുവെന്ന് സമ്മതിച്ചുകൊണ്ട് ഒരു മുഴം നീട്ടിയെറിയലാണെങ്കിലും അതുകൊണ്ട് ഉദ്ദേശിച്ച രാഷ്ട്രീയനേട്ടം കൊയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഉരുത്തിരിയുന്നത്.

റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍, വ്യവസായമന്ത്രി എളമരം കരീം എന്നിവരാണ് ഈ വിവാദ ഇടപാടിന് ചൂട്ടുപിടിച്ചതെന്ന് ആരോപിച്ച് ഐക്യജനാധിപത്യമുന്നണി അവരുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞതോടെ പിടിച്ചുനില്‍ക്കാനാവാതെ ഉലയുകയാണ് ഇടതുമുന്നണിയും ഘടകകക്ഷികളും. എച്ച്.എം.ടി. ഭൂമി സംബന്ധിച്ച നടപടികളൊന്നും മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്തിട്ടില്ല. സി.പി.എം., സി.പി.ഐ. കക്ഷികള്‍ക്കുള്ളിലും ഇതേക്കുറിച്ച് വേണ്ടത്ര ആലോചനകള്‍ നടന്നിട്ടില്ലെന്നാണ് അറിയുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സി.പി.എം. സെക്രട്ടേറിയറ്റ് മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണനെയും ഡോ. തോമസ് ഐസക്കിനെയും ചുമതലയേല്പിച്ചത് പാര്‍ട്ടിയ്ക്കകത്തെ രാഷ്ട്രീയത്തിന്റെ ഭാഗമായി കാണണം. വ്യവസായ മന്ത്രി എളമരം കരീം പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന് പ്രിയങ്കരനായതുകൊണ്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അനുകൂലമായ ഒരു റിപ്പോര്‍ട്ട് വരാനുള്ള സാധ്യത വിരളമാണെന്നാണ് സൂചനകള്‍.

ഇതിനിടെ പുതിയൊരു വാദവുമായി വ്യവസായമന്ത്രി എളമരം കരീം രംഗത്തെത്തിയത് കൌതുകമുയര്‍ത്തുന്നു. സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. കുറ്റം മുഴുവന്‍ എച്ച്.എം.ടി.യുടെ ചുമലിലാക്കി പോക്കുവരവ് നടത്തിക്കൊടുക്കാന്‍ മുന്‍കൈയെടുത്തുവെന്ന ആരോപണത്തില്‍ നിന്ന് തലയൂരാനാണ് മന്ത്രിയുടെ ശ്രമം. പോക്കുവരവ് റദ്ദാക്കണമെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം സി.പി.ഐ.ക്കുള്ള മറുപടിയാണ്.

ചീഫ് സെക്രട്ടറിയുടെയും സി.പി.എമ്മിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ അടുത്ത മന്ത്രിസഭാ യോഗത്തിനു മുമ്പ് വന്നാല്‍പോലും ഈ വിഷയം ഇടതുമുന്നണിയുടെ പരിഗണനയ്ക്ക് വരുമെന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കൊച്ചിയില്‍ നല്‍കിയ സൂചന. തനിക്ക് സ്വാധീനമുള്ള എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് അഭിപ്രായഭിന്നതകള്‍ നിലവിലുണ്ടെന്ന വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം കല്പിക്കാനും അദ്ദേഹം തയ്യാറാവാഞ്ഞത് ചിത്രം പാടേ മാറുമെന്ന് ഉറച്ച വിശ്വാസം കൊണ്ടാവാം.

4. ധീരതയുടെ വിജയ കീരിടവുമായി മലയാളി വനിതാ സൈനികര്‍
ന്യൂഡല്‍ഹി: ആഭ്യന്തരകലാപം അലട്ടുന്ന ലൈബീരിയയില്‍ സുരക്ഷാ ദൌത്യവുമായി പുറപ്പെട്ട സി.ആര്‍.പി.എഫിന്റെ പ്രഥമ വനിതാ ബറ്റാലിയന്‍ ഒരു വര്‍ഷത്തെ സേവനത്തിനു ശേഷം മികവിന്റെ തൂവല്‍ക്കിരീടങ്ങളുമായി ഇന്ത്യയില്‍ തിരിച്ചെത്തി. അപകടം ഒളിഞ്ഞിരിക്കുന്ന മേഖലയില്‍ അതിജാഗ്രതയും അസാമാന്യ ധീരതയുമായി മുന്നേറിയ 125 അംഗ സംഘത്തില്‍ സമര്‍പ്പിത സേവനത്തിന്റെ പ്രതീകങ്ങളായി 19 മലയാളി വനിതകള്‍. കുഞ്ഞുകുട്ടികളെയും കുടുംബത്തെയുമെല്ലാം പിരിഞ്ഞിട്ട് ഒരു വര്‍ഷമായെങ്കിലും അവരുടെ കണ്ണുകളിലും വാക്കുകളിലും മാതൃരാജ്യത്തിന്റെ പ്രതീകങ്ങളായി മറ്റൊരു രാഷ്ട്രത്തില്‍ മികച്ച സേവനം കാഴ്ചവെക്കാനായതിന്റെ അഭിമാനവും അനുഭവത്തികവും. കേരളവുമായി ഭൂമി ശാസ്ത്രപരമായും മറ്റും ഏറെ സമാനതകളുള്ള ലൈബീരിയ നല്ല നാടാണെന്നും മലയാളി സൈനിക വനിതകള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വിദേശത്തു സൈനികദൌത്യത്തിനു നിയോഗിക്കപ്പെടുന്ന ആദ്യത്തെ വനിതാസംഘമായിരുന്നു ഇത്.

പാലക്കാട് പറളി സ്വദേശിയും 107 ഭോപ്പാല്‍ ബറ്റാലിയനിലെ ഇന്‍സ്പെക്ടറുമായ കെ.പി.സുധയാണ് സംഘാംഗങ്ങളില്‍ പ്രമുഖ. ഇന്ത്യയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് തങ്ങള്‍ക്കുണ്ടായതെന്നും സേവന ജീവിതത്തില്‍ മികച്ച പരിചയം നേടാന്‍ ഒരു വര്‍ഷം കൊണ്ടു സാധിച്ചതായും അവര്‍ ‘മാതൃഭൂമി’യോടു പറഞ്ഞു. സ്ത്രീകളെ മാത്രം തന്ത്രപ്രധാന ഭാഗങ്ങളില്‍ രാത്രി മുഴുവന്‍ സുരക്ഷയ്ക്കായി നിയോഗിച്ചു. ഇന്ത്യയിലാണെങ്കില്‍ ഡ്യൂട്ടി ചെയ്യുമ്പോള്‍ പുരുഷ സൈനികരും ഒപ്പമുണ്ടാവും. ലൈബീരിയയിലെ അനുഭവം കൂടുതല്‍ ധൈര്യവും സേവനസന്നദ്ധതയും പകര്‍ന്നുതന്നു. മൂന്നു മാസം മുമ്പ് രോഷാകുലരായ ജനക്കൂട്ടത്തെ നേരിടാന്‍ ടിയര്‍ ഗ്യാസും ലാത്തിചാര്‍ജും പ്രയോഗിക്കേണ്ടി വന്നു. സംഘര്‍ഷം സമര്‍ഥമായി നേരിടാനായതിനാല്‍ ഇന്ത്യന്‍ സേന വളരെ ശക്തമാണെന്ന ധാരണയും ലൈബീരിയയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. കേരളത്തിലേതു പോലെ തേങ്ങ, മാങ്ങ, ചക്ക, കപ്പ എന്നിവയെല്ലാം ലൈബീരിയയില്‍ കിട്ടുമെന്നും സുധ കൂട്ടിച്ചേര്‍ത്തു.

മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന സ്ഥലമാണ് ലൈബീരിയയെന്നും ആ രാജ്യത്തെക്കുറിച്ചു മോശം പ്രതിച്ഛായ നിലനില്‍ക്കുന്നതിനാല്‍ മലയാളി യുവാക്കള്‍ക്ക് വിവാഹം പോലും കഴിക്കാനാവാത്ത സ്ഥിതിയുണ്ടെന്നും പന്തളം സ്വദേശിനി ആര്‍. ജയ പറഞ്ഞു. ഇത്തരം തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സ്വദേശിനികളായ ബി.സുജ, ഷീജ, നജീമ, എസ്. ബിന്ദു പ്രദീപ്, ശ്രീന മോഹന്‍, ജയ പുഷ്പന്‍, വല്‍സല, വസന്ത, കോട്ടയം സ്വദേശിനികളായ സുജാത ബിജുമോന്‍, ശ്രീലത, ജയ്സമ്മ, കോഴിക്കോട് സ്വദേശിനികളായ നിഷ, പ്രീത രാമന്‍, തൃശ്ശൂരിലെ ഷൈനി, വയനാട്ടിലെ കെ.ടി.ഷീബ, കൊല്ലം സ്വദേശിനി ജയശ്രീ, ശ്രീജ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു മലയാളി വനിതകള്‍. കൂടാതെ, സഹായികളായ പുരുഷസംഘത്തില്‍ കൊല്ലം സ്വദേശികളും സി.ആര്‍.പി.എഫ്. ഇന്‍സ്പെക്ടര്‍മാരുമായ അജിത്തും ബിജുവുമുണ്ടായിരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശ പ്രകാരം നിയോഗിക്കപ്പെട്ട ദൌത്യസംഘം സി.ആര്‍.പി.എഫ്. ഡല്‍ഹി കമാന്‍ഡന്റ് സീമ ധുഡിയയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ജനവരി 28നാണ് പുറപ്പെട്ടത്. ലൈബീരിയയുടെ തലസ്ഥാനമായ മൊണ്‍റോവിയ നഗരത്തിലായിരുന്നു സുരക്ഷാചുമതല. സേവനം പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം 27 ന് സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തി. വിദേശസേവനത്തിനു ശേഷം വിജയകരമായി തിരിച്ചെത്തിയ വനിതാ സംഘത്തിന് വെള്ളിയാഴ്ച ഡല്‍ഹിയിലെ സി.ആര്‍.പി.എഫ്. ആസ്ഥാനത്തു സ്വീകരണം നല്കി.

5. ഓടും നെല്ലും ഒരുമിച്ച്; വ്യവസായികളുടെ പരീക്ഷണം
തൃശ്ശൂര്‍: ഓടുവ്യവസായവും നെല്‍കൃഷിയും ഒരുമിച്ച് പോകുമോ? വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത് കര്‍ഷകരല്ല വ്യവസായികളാണ്. എളവള്ളി കോക്കൂരില്‍ കളിമണ്ണെടുത്തപാടത്ത് തലനീട്ടിയ നെല്‍ച്ചെടികളിലാണ് ഇവരുടെ പ്രതീക്ഷ കതിരിടുന്നത്_ചെലവേറെയെങ്കിലും.

മുണ്ടൂരിലെ ടെറാടൈല്‍ കണ്‍സോര്‍ഷ്യത്തിനു കീഴിലുള്ള വ്യവസായികളാണ് 8 ഏക്കറില്‍ ജ്യോതിനെല്ല് മുളപ്പിച്ചത്. ഇപ്പോള്‍ 40 ദിവസം പ്രായം. മൂന്ന് ഏക്കറില്‍ നവര നെല്ലിറക്കി. 7 ഏക്കര്‍ കൃഷിക്ക് ഒരുങ്ങുന്നു. മണ്ണെടുത്ത ലോറികള്‍ നാട്ടുകാര്‍ തടയുകയും ജെ.സി.ബി. കത്തിക്കുകയും ചെയ്ത പാടശേഖരങ്ങളാണ് ഇവിടെയുള്ളത്. ജലസേചനപ്രശ്നം മൂലം വര്‍ഷങ്ങളായി തരിശിട്ട പാടങ്ങളാണ് കണ്‍സോര്‍ഷ്യം കര്‍ഷകരില്‍നിന്ന് വാങ്ങിയത്. ജിയോളജിവകുപ്പ് അനുമതി നല്‍കിയ മൂന്നടി താഴ്ചയില്‍ മാത്രമേ ഇവിടെനിന്ന് കളിമണ്ണെടുത്തിട്ടുള്ളു. ആദ്യസംരംഭം എന്ന നിലയില്‍ കൃഷിയിറക്കാന്‍ നാട്ടിലെ കര്‍ഷകരുടെ സഹായം തേടിയെങ്കിലും വിജയിച്ചില്ല. ഒരു ലാന്‍ഡ്സ്കേപ്പിങ് കണ്‍സള്‍ട്ടന്‍സിയാണ് ഇപ്പോള്‍ വിജയകരമായി കൃഷിയിറക്കിയത്.

കൃഷിഭൂമി നിരപ്പാക്കുന്നതായിരുന്നു ശ്രമകരവും ചെലവേറിയതുമായ ജോലി. കനാലില്‍ വെള്ളം കുറവായിരുന്നതിനാലാണ് കര്‍ഷകര്‍ കൃഷിയിറക്കാന്‍ മടിച്ചിരുന്നത്. മണ്ണെടുത്തപ്പോള്‍ പാടത്തിന്റെയും കനാലിന്റെയും ജലനിരപ്പ് ഒരുപോലെയായി. ഏക്കറിന് 30,000 മുതല്‍ 40,000 രൂപ വരെ ചെലവ് ഇപ്പോഴായിട്ടുണ്ട്. ഈ വര്‍ഷം വിളവെടുപ്പ് നഷ്ടമായാലും അടുത്തതവണ ഇത്രയും ഉല്പാദനച്ചെലവില്ലാത്തതിനാല്‍ ലാഭകരമാകുമെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍. അനുവദനീയമായതിലും കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്ത പാടങ്ങള്‍ തൊട്ടടുത്ത് കുളങ്ങളായും കുഴികളായി കാടുനിറഞ്ഞും കിടക്കുന്നുണ്ട്. ”നിയമം മറികടന്നും മണ്ണെടുക്കുന്ന കരാറുകാരാണ് പ്രശ്നക്കാര്‍”_കണ്‍സോര്‍ഷ്യത്തിലെ ഒരു വ്യവസായി പറയുന്നു.

തരിശായി കിടക്കുന്ന പാടശേഖരങ്ങളില്‍ നിയന്ത്രിതമായി കളിമണ്ണെടുത്തശേഷം ഇങ്ങനെ കൃഷിയിറക്കാനോ കര്‍ഷകര്‍ക്ക് കൃഷിക്ക് ഉപകാരപ്പെടും വിധം നിലം ഒരുക്കി നല്‍കാനോ ഉള്ള പദ്ധതികളാണ് ഉള്ളതെന്ന് കണ്‍സോര്‍ഷ്യം എം.ഡി. അബ്ദുള്‍ജലീല്‍ പറയുന്നു. 200 ഏക്കര്‍ കൃഷിയോഗ്യമാക്കാന്‍ ഒരു പദ്ധതി ജില്ലാപഞ്ചായത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കണ്‍സോര്‍ഷ്യം അഞ്ചരക്കോടി രൂപ ചെലവില്‍ മുണ്ടൂര്‍ വേളക്കോട്ട് നിര്‍മിക്കുന്ന പ്ലാന്റില്‍ 50 ശതമാനം മാത്രം കളിമണ്ണ് ഉപയോഗിക്കേണ്ട ഇറ്റാലിയന്‍ യന്ത്രങ്ങളാണുള്ളത്. ഇതിന്റെ 70 ശതമാനം കേന്ദ്ര_സംസ്ഥാന സര്‍ക്കാരുകളുടെ സഹായമാണ്. ബാക്കി അംഗങ്ങളായ വ്യവസായികളുടെ മുതല്‍മുടക്കും.

മേല്‍മണ്ണ് നീങ്ങുമ്പോള്‍ അഗുണം കൂടുമെന്നതാണ് ഇത്തരം കൃഷി നേരിടുന്ന ഒരു പ്രശ്നം. കുമ്മായം വിതറി ഈ പ്രശ്നം തരണം ചെയ്തിട്ടുണ്ടെന്ന് കോക്കൂരിലെ കൃഷി നിരീക്ഷിച്ച എളവള്ളിയിലെ കൃഷിഓഫീസര്‍ ഒനീല്‍ സാക്ഷ്യപ്പെടുത്തുന്നു. കോക്കൂരില്‍ പാടം കനാല്‍ നിരപ്പിനേക്കാള്‍ താഴ്ന്ന നിലയിലായിരുന്നു. എന്നാല്‍ കനാല്‍ നിരപ്പ് ഉയര്‍ന്നിടങ്ങളില്‍ വിദഗ്ദ്ധമായ ജലവിഭവ മാനേജ്മെന്റ് വേണം. ‘തരിശുനിലങ്ങള്‍ ഞങ്ങള്‍ക്കു തരൂ, കൃഷിയോഗ്യമാക്കാം’_എന്നതാണ് ഓടുവ്യവസായികളുടെ പുതിയ വാഗ്ദാനം. അനിയന്ത്രിതമായ കൊള്ള തങ്ങളുടെ നയമല്ലെന്നും ഇവര്‍ പ്രഖ്യാപിക്കുന്നു.

6. നികുതി റിട്ടേണ്‍ 29 വരെ സമര്‍പ്പിക്കാം
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തിലേക്കുള്ള ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം ഫിബ്രവരി 29 വരെ ആദായനികുതി വകുപ്പ് നീട്ടി. സരള്‍,മറ്റു പഴയ ഫോമുകള്‍ എന്നിവയില്‍ 2007 മെയ് 14 നു മുമ്പ് റിട്ടേണുകള്‍ സമര്‍പ്പിച്ചവര്‍ ഫിബ്രവരി 29 നു മുമ്പ് പുതുക്കിയ റിട്ടേണുകള്‍ സമര്‍പ്പിക്കണം.മെയ് 14 നുശേഷം സരള്‍ ഫോമില്‍ റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്കും പിഴയില്ലാതെ പുതിയ ഫോമില്‍ റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന് അധികൃതര്‍അറിയിച്ചു.

7. കൈനൂര്‍ പന്നിവളര്‍ത്തല്‍ കേന്ദ്രംപൂട്ടി; ഇനി പരിശീലന കേന്ദ്രം
തൃശ്ശൂര്‍: കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് (കെ.എല്‍.ഡി.) ബോര്‍ഡിന്റെ കീഴിലുള്ള കൈനൂരിലെ പന്നിവളര്‍ത്തല്‍ കേന്ദ്രം പൂട്ടി. ഇവിടെ ഇനി ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് കെ.എല്‍.ഡി. ബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. സി.പി. ഗോപകുമാര്‍, ഡെപ്യൂട്ടി മാനേജര്‍ ജെസി ജോസഫ്, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ(എം.പി.ഐ) അസിസ്റ്റന്റ് മാനേജര്‍ ഡോ. ബി. നിര്‍മല്‍ സതീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മൂന്നാര്‍ പഞ്ചായത്തിന് കൊടുക്കാനുള്ള 10 പന്നികള്‍ മാത്രമേ കേന്ദ്രത്തില്‍ അവശേഷിക്കുന്നുള്ളുവെന്നും അവയെ ഫിബ്രവരി അഞ്ചിന് ലേലം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. ലേലത്തില്‍ പോയില്ലെങ്കില്‍ പന്നികളെ കൂത്താട്ടുകുളത്തെ എംപിഐ ഏറ്റെടുക്കും. ഫാമിലുള്ള എല്ലാ അവിദഗ്ദ്ധതൊഴിലാളികളെയും ഫിബ്രവരി ഒന്നിന് മറ്റു ഫാമുകളിലേക്ക് മാറ്റിക്കഴിഞ്ഞു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള പരിശീലനം ജനവരിയില്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

കേന്ദ്രത്തിലെ സങ്കരയിനം പന്നികളുടെ ആദ്യത്തെ കൂട്ടത്തെ കഴിഞ്ഞ മെയ് 24നാണ് കൂത്താട്ടുകുളത്തേക്ക് മാറ്റിയത്. കൂത്താട്ടുകുളത്തെ കൂടുകളുടെ സ്ഥലപരിമിതി കാരണം സങ്കരയിനം പന്നികളെ ജൂലായ് ഒമ്പതിന് പരസ്യലേലം ചെയ്തിരുന്നു.

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 50 സങ്കരയിനം പന്നികളെ മൂന്നാര്‍ പഞ്ചായത്തിനായി നിലനിര്‍ത്തിയിരുന്നു.

നിശ്ചിത സമയത്തിനകത്ത് മൂന്നാര്‍ പഞ്ചായത്ത് അവര്‍ക്കുള്ള പന്നികളെ കൊണ്ടുപോവാതെ വന്നതോടെ 40 എണ്ണത്തെ എംപിഐയിലേക്ക് മാറ്റി. മൂന്നാര്‍ പഞ്ചായത്തിന്റെ പന്നികളില്‍ ഉടനെ പ്രസവിക്കാനുള്ളതും അടുത്തയിടെ പ്രസവിച്ചതുമായ പത്തെണ്ണമാണ് ഇനി അവശേഷിക്കുന്നത്. ജനവരി 29ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തില്‍ ഇവയെ പരസ്യലേലം ചെയ്യാന്‍ തീരുമാനിച്ചു. ലേലം അറിയിപ്പ് നല്‍കിയശേഷം നിയമപരമായി ഏഴുദിവസം കൂടി കൊടുക്കണം. ഇതുകൂടി കണക്കിലെടുത്താണ് ലേലം ഫിബ്രവരി അഞ്ചിന് ഉറപ്പിച്ചത് _അധികൃതര്‍ പറഞ്ഞു.

8. ബ്രിട്ടീഷ് ലൈബ്രറി സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: തലസ്ഥാനത്തെ ബ്രിട്ടീഷ് ലൈബ്രറി ഏപ്രില്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തും. ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും ഫര്‍ണിച്ചറും സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇന്ത്യയിലെ ബ്രിട്ടീഷ് കൌണ്‍സില്‍ സാംസ്കാരിക വിഭാഗം തലവന്‍ റോസ് പ്രൈസ്, സൌത്ത് ഇന്ത്യന്‍ ഡയറക്ടര്‍ ക്രിസ് ഗിബ്സണ്‍ എന്നിവര്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സമ്മതിച്ചത്.

തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി മാര്‍ച്ച് 31ന് മുമ്പ് അടച്ചുപൂട്ടാന്‍ ബ്രിട്ടീഷ് കൌണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം മാറ്റണമെന്നും ലൈബ്രറി തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി ബ്രിട്ടീഷ് കൌണ്‍സിലിനോടാവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കൌണ്‍സില്‍ അധികൃതര്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. ലൈബ്രറി അടച്ചുപൂട്ടണമെന്നത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനമാണെന്നും അതില്‍ മാറ്റമില്ലെന്ന് റോസ് പ്രൈസ് പറഞ്ഞു. തുടര്‍ന്നാണ് ലൈബ്രറി പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. മാര്‍ച്ച് മാസത്തോടെ തന്നെ ലൈബ്രറിയിലെ ഇരുപത്തെണ്ണായിരം പുസ്തകങ്ങളും ഗവണ്‍മെന്റിന് കൈമാറാമെന്ന് കൌണ്‍സില്‍ അധികൃതര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ മന്ത്രി എം. വിജയകുമാര്‍, ചീഫ് സെക്രട്ടറി പി.ജെ. തോമസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഐ.ടി. സെക്രട്ടറി ഡോ. അജയകുമാര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീലാതോമസ് സംബന്ധിച്ചു.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w