പത്രവാര്‍ത്തകള്‍ 01-02-08

1. 35000 അധ്യാപക തസ്തികയ്ക്ക് സാധ്യത
തിരുവനന്തപുരം : കെ.ഇ.ആര്‍ പരിഷ്കരണത്തിന്റെ ഫലമായി സംസ്ഥാനത്തെ സ്കൂളുകളില്‍ നിലവിലുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുമ്പോള്‍ 35000-ത്തോളം അദ്ധ്യാപക തസ്തികകളാണ് പുതുതായി സൃഷ്ടിക്കപ്പെടുക.
എയ്ഡഡ് മേഖലയിലായിരിക്കും പുതിയ തസ്തികകളുടെ മൂന്നില്‍ രണ്ടു ഭാഗവും. എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടാനുള്ള ആലോചന കോള്‍ഡ് സ്റ്റോറേജിലായിരിക്കെ, ‘സംഭാവന’യായി കോടിക്കണക്കിന് രൂപയാണ് സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് ലഭിക്കുക. ഒരു അദ്ധ്യാപക നിയമനത്തിന് സ്വകാര്യ മാനേജ്മെന്റുകള്‍ ശരാശരി ഏഴു ലക്ഷം രൂപയാണ് ‘സംഭാവന’യായി വാങ്ങുന്നത്.
കെ.ഇ.ആര്‍ പരിഷ്കരണ സമിതി നിര്‍ദ്ദേശിച്ചിട്ടുള്ള അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഒറ്റയടിക്ക് സര്‍ക്കാര്‍ നടപ്പാക്കുമോയെന്ന് വ്യക്തമല്ല. ഒറ്റയടിക്ക് നടപ്പാക്കിയാല്‍ ഏതാണ്ട് 23000 നിയമനങ്ങള്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് നടത്താനാവും. കുറഞ്ഞത് 1600 കോടി രൂപ ‘സംഭാവന’യായി മാനേജ്മെന്റുകള്‍ക്ക് ലഭിക്കുമെന്ന് അര്‍ത്ഥം. ശമ്പളം കൊടുക്കേണ്ടത് സര്‍ക്കാരാണെങ്കിലും ഈ നിയമനങ്ങള്‍ സംവരണാനുകൂല്യത്തിന്റെ പരിധിയില്‍ വരുകയില്ല.
അദ്ധ്യാപക നിയമനം സ്വതന്ത്ര ഏജന്‍സിക്ക് വിടണമെന്ന കെ.ഇ.ആര്‍ പരിഷ്കരണ സമിതിയുടെ ശുപാര്‍ശ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടില്ലെന്ന വിശ്വാസത്തിലാണ് സ്വകാര്യ മാനേജ്മെന്റുകള്‍.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളില്‍ 45 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യാപകന്‍ എന്നതാണ് ഇപ്പോഴത്തെ അനുപാതം. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ളാസുകളില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യാപകന്‍ (1 : 25) എന്ന അനുപാതവും എട്ടു മുതല്‍ പത്തുവരെ ക്ളാസുകളില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യാപകന്‍ (1 : 30) എന്ന അനുപാതവും സ്വീകരിക്കണമെന്നാണ് പരിഷ്കരണ സമിതിയുടെ ശുപാര്‍ശ. വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്കൂള്‍ കരിക്കുലം കമ്മിറ്റി ഈ ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ട്. അദ്ധ്യാപക സംഘടനകള്‍ക്കും ശുപാര്‍ശയോട് യോജിപ്പാണ്. ഈ സാഹചര്യത്തിലാണ് വന്‍തോതില്‍ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള സാദ്ധ്യത തെളിഞ്ഞത്.
സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കേണ്ടിവരുമെന്നതിനാല്‍ ഒറ്റയടിക്ക് ഇത്രയും അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതിവേണ്ടിവരും. ധനകാര്യ വകുപ്പ് എതിര്‍ക്കുന്നപക്ഷം അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് ആലോചന.
ഒന്നുമുതല്‍ 50 വരെ കുട്ടികള്‍ക്ക് ഒരു ഡിവിഷന്‍, 51 മുതല്‍ 96 വരെ കുട്ടികള്‍ക്ക് രണ്ടു ഡിവിഷന്‍ എന്നതാണ് ഡിവിഷന്‍ നിര്‍ണയത്തിനുള്ള മാനദണ്ഡം. അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നത് ഡിവിഷന്റെ അടിസ്ഥാനത്തിലാണ്. 25-ല്‍ താഴെ കുട്ടികളുള്ള ഏക ഡിവിഷന്‍ സ്കൂളുകള്‍ (അണ്‍ ഇക്കണോമിക്) സംസ്ഥാനത്ത് രണ്ടായിരത്തില്‍പ്പരമുണ്ട്. ഈ സ്കൂളുകളില്‍ പുതിയ അദ്ധ്യാപക തസ്തികകള്‍ തത്കാലം സൃഷ്ടിക്കപ്പെടില്ല.

2. ഇടപാട് റദ്ദാക്കി എച്ച്.എം.ടി ഭൂമി തിരിച്ചെടുക്കണം : സി.പി.ഐ
തിരുവനന്തപുരം : വ്യവസായ ആവശ്യത്തിന് സര്‍ക്കാര്‍ സൌജന്യമായി നല്‍കിയ ഭൂമി എച്ച്.എം.ടി മറിച്ചുവിറ്റ ഇടപാട് റദ്ദാക്കണമെന്നും ഭൂമി ഗവണ്‍മെന്റ് തിരിച്ചെടുക്കണമെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് നിര്‍ദ്ദേശിച്ചു.
എച്ച്.എം.ടിക്ക് നല്‍കിയ ഭൂമി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റത് ഭൂമി അനുവദിച്ചപ്പോഴുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമാണെന്ന് ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ ഇടപാടിലെ പോക്കുവരവ് റദ്ദാക്കണം. മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയും മറിച്ച് വിറ്റിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭൂമി എന്ത് ആവശ്യത്തിനാണോ നല്‍കിയത് ആ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. മറിച്ചുവില്പന കര്‍ശനമായി തടയണം.
മൂന്നാറിലും പൊന്മുടിയിലും ഉണ്ടായതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുവേണം എച്ച്.എം.ടി ഭൂമി ഇടപാട് കൈകാര്യം ചെയ്യേണ്ടതെന്ന് യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയെ ആസൂത്രിതമായി വെട്ടിലാക്കാനുള്ള ശ്രമങ്ങളില്‍ ചെന്നു വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
എച്ച്.എം.ടി ഭൂമി ഇടപാടില്‍ പോക്കുവരവ് നടത്താനിടയായ സാഹചര്യവും പോക്കുവരവ് റദ്ദാക്കാന്‍ കുറിപ്പ് നല്‍കിയ വിവരവും മന്ത്രി കെ.പി. രാജേന്ദ്രന്‍ എക്സിക്യൂട്ടീവിനെ അറിയിച്ചു.
പോക്കുവരവ് റദ്ദാക്കാന്‍ റവന്യൂമന്ത്രി കുറിപ്പ് നല്‍കിയശേഷവും അത് മാറ്റിവച്ച് ചീഫ് സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതിനോട് എക്സിക്യൂട്ടീവില്‍ ഭിന്നാഭിപ്രായം ഉണ്ടായി. പോക്കുവരവ് റദ്ദാക്കുന്നതിന് മന്ത്രിസഭയില്‍ പോകേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും ചില അംഗങ്ങള്‍ പറഞ്ഞു. മന്ത്രിക്ക് സ്വന്തം നിലയില്‍ത്തന്നെ പോക്കുവരവ് റദ്ദാക്കാമായിരുന്നു. ഏതായാലും ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം കര്‍ശന നിലപാടെടുക്കാനും തീരുമാനമായി.
ബേബി ജോണ്‍, ഭരത് ഗോപി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

3. ലാവ്ലിന്‍ കേസ് : കനേഡിയന്‍ സ്ഥാനപതി മുഖ്യമന്ത്രിയെ കാണും
ന്യൂഡല്‍ഹി: ലാവ്ലിന്‍ ഇടപാടിനെക്കുറിച്ച് സി.ബി. ഐ അന്വേഷണം തുടരവേ, ഇന്ത്യയിലെ കനേഡിയന്‍ സ്ഥാനപതി ഡേവിഡ് മെലോണ്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ കേരളത്തില്‍ എത്തും. കനേഡിയന്‍ കമ്പനിയാണ്, വൈദ്യുത പദ്ധതി കളുടെ നവീകരണ വുമാ യി ബന്ധപ്പെട്ടഅഴിമതി ആരോപണത്തില്‍ കുടുങ്ങിക്കിട ക്കുന്ന എസ്.എന്‍.സി ലാവ്ലിന്‍.
ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രിയുമായി കനേഡിയന്‍ ഹൈക്കമ്മിഷണര്‍ കൂടിക്കാഴ്ച നടത്തുമെന്ന് നയതന്ത്രകാര്യാലയം വക്താവ് നീലംജയിന്‍ കേരളകൌമുദിയോട് വെളിപ്പെടുത്തി. ഇതിനായി ഡേവിഡ് മെലോണ്‍ 7-ാം തീയതിയാണ് തിരുവനന്തപുരത്ത് എത്തുക.
കനേഡിയന്‍ വിദേശകാര്യ മന്ത്രി മാക്സിംബര്‍ണിയര്‍ കേന്ദ്ര വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ഹൈക്കമ്മിഷണറുടെ കേരളസന്ദര്‍ശനം.
ലാവ്ലിന്‍ കേസിലേക്ക് സി.ബി.ഐ. കനേഡിയന്‍ ഹൈക്കമ്മിഷണറെയും സര്‍ക്കാരിനെയും വലിച്ചിഴച്ചതിലുള്ള അതൃപ്തി ബര്‍ണിയര്‍ പ്രണബ് മുഖര്‍ജിയെ അറിയിച്ചിരുന്നു. ജനുവരി 12ന് ഡല്‍ഹിയില്‍ വച്ചായിരുന്നു മുഖര്‍ജി – ബര്‍ണിയര്‍ കൂടിക്കാഴ്ച.
ലാവ്ലിന്‍ വിവാദം കനേഡിയന്‍ വ്യവസായികള്‍ക്ക് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന് ബര്‍ണിയര്‍ സൂചിപ്പിച്ചതായാണ് അറിവ്.
തിരുവനന്തപുരത്ത് എത്തുന്ന ഹൈക്കമ്മിഷണര്‍ 13 വരെ കേരളത്തിലുണ്ടാകും.
ലാവ്ലിന്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം കനേഡിയന്‍ ഹൈക്കമ്മിഷനില്‍നിന്ന് ആവശ്യപ്പെട്ട രേഖകള്‍ ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ ഹൈക്കമ്മിഷണറുടെ കേരള സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ടെന്നാണ് നിഗമനം.

4. യുവശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ് 10 പേര്‍ക്ക്
തിരുവനന്തപുരം : ഹോളോഗ്രാഫിക് അച്ചടിയുമായി ബന്ധപ്പെട്ട ഡേറ്റ സൂക്ഷിക്കാന്‍ ചെലവ് കുറഞ്ഞ സംവിധാനം വികസിപ്പിച്ചെടുത്ത പാപ്പനംകോട് ശ്രീചിത്രാ എന്‍ജിനിയറിംഗ് കോളേജിലെ എം.കെ. ഷീജ കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ യുവശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയായി.
20 സി.ഡിയില്‍ അടങ്ങുന്ന ഡേറ്റ എച്ച്.വി.ഡിയില്‍ (ഹോളോഗ്രാഫിക് വേഴ്സറ്റയില്‍ ഡിസ്കില്‍) ഒരു സ്പോട്ടില്‍ തന്നെ ശേഖരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഷീജ കണ്ടുപിടിച്ചത്. ‘സ്പേഷ്യല്‍ ലൈറ്റ് മോഡുലേറ്റര്‍’ എന്ന ഉപകരണം ഇതിനുവേണ്ടി വികസിപ്പിച്ചെടുത്തു. വിദേശത്ത് 5 ലക്ഷം രൂപ വിലയുള്ള ഈ ഉപകരണം 3000 രൂപ ചെലവിലാണ് ഷീജ വികസിപ്പിച്ചെടുത്തത്. ഇലക്ട്രോണിക്സ് എന്‍ജിനിയര്‍ അജിത് ബാബുവാണ് ഷീജയുടെ ഭര്‍ത്താവ്.
ഹൃദയാഘാതംമൂലം നശിക്കുന്ന മനുഷ്യകോശങ്ങള്‍ക്കുപകരമായി ശ്രീ ചിത്രാമെഡിക്കല്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണമാണ് എ.ജി. അഖിലാറാണിയെ യുവശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡിനര്‍ഹയാക്കിയത്. ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ ഗവേഷണം നടത്തുകയാണ് അഖിലാറാണി.
കേരളത്തില്‍ ഇടിമിന്നലിന് പ്രധാനകാരണം പശ്ചിമഘട്ടത്തിലെ പ്രതികൂല കാലാവസ്ഥമൂലം രൂപപ്പെടുന്ന മേഘങ്ങളാണെന്ന കണ്ടുപിടിത്തത്തിനാണ് ഭൌമശാസ്ത്ര പഠനകേന്ദ്രത്തിലെ ആര്‍. വിഷ്ണുവിന് അവാര്‍ഡ്. പുനലൂര്‍ സ്വദേശിയാണ്.
കൂടുതല്‍ എരിവും മണവുമുള്ള കുരുമുളക് അഗസ്ത്യമേഖലയില്‍നിന്ന് കണ്ടെത്തിയതാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ജൂനിയര്‍ സയന്റിഫിക് അസോസിയേറ്റ് കെ.ബി. രമേഷ്കുമാറിന് അവാര്‍ഡ് നേടിക്കൊടുത്തത്.
പത്തുപേരെയാണ് ഇത്തവണ യുവശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡിന് തിരഞ്ഞെടുത്തത്.
കാര്‍ഷിക സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന രശ്മി വിജയരാഘവന്‍, ആര്‍.ജി. സി.ബിയിലെ എന്‍. കൃഷ്ണരാധിക, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ളിനറി സ്റ്റഡീസിലെ കെ. പെരിയ വിജയലക്ഷ്മി, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിലെ സൂസന്‍റോസ്, കേരള സര്‍വകലാശാല സുവോളജി വകുപ്പിലെ എല്‍. ദിവ്യ, ഫിസിക്സ് വിഭാഗത്തിലെ എസ്. ശരവണകുമാര്‍ എന്നിവരും യുവശാസ്ത്രജ്ഞ അവാര്‍ഡിന് അര്‍ഹരായി.
ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ 16 സ്കൂള്‍ കുട്ടികള്‍ക്കും ശാസ്ത്ര കോണ്‍ഗ്രസില്‍ അവാര്‍ഡ് നല്‍കി. സമാപനസമ്മേളനം മന്ത്രി എം. എ. ബേബി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. ഇ.പി. യശോധരന്‍ അദ്ധ്യക്ഷത വഹിച്ചു.

5. അനധികൃത വാട്ടര്‍ കണക്ഷന് 1000 രൂപ പിഴ
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ജലവിതരണകുഴലുകളില്‍ നിന്ന് കണക്ഷനെടുക്കുന്ന ഗാര്‍ഹിക ഉപഭോക്താവ് 10,000 രൂപ പിഴ ഒടുക്കണമെന്ന് കേരള വാട്ടര്‍ സപ്ളൈ ആന്റ് സിവറേജ് (ഭേദഗതി) ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.
കുറ്റം തുടര്‍ന്നാല്‍ ആറു മാസം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ഇതേ കുറ്റത്തിന് ഗാര്‍ഹികേതര ഉപഭോക്താവ് 50,000 രൂപ പിഴ ഒടുക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായിരിക്കും ശിക്ഷ.
ജനുവരി 29 മുതല്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതായി ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജലവിതരണത്തിന് ആവശ്യമായ പൈപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് ഓര്‍ഡിനന്‍സ് അധികാരം നല്‍കുന്നു. കുപ്പിയിലാക്കിയ കുടിവെള്ളം ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെ ജലം ഉത്പാദിപ്പിച്ച് വിതരണം ചെയ്യാം. വ്യാവസായികാവശ്യം കഴിഞ്ഞുള്ള മാലിന്യങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ ഡ്രെയിനേജ്സംവിധാനത്തിലൂടെ ഒഴുക്കിവിട്ടാല്‍ 10,000 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 25,000 രൂപയും ആറു മാസം തടവും ശിക്ഷ ലഭിക്കും. ജലമോഷണം, ജലമീറ്ററില്‍ കൃത്രിമം കാണിക്കല്‍, ജലവിതരണ ശൃംഖലയില്‍ നാശനഷ്ടങ്ങള്‍ വരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഗാര്‍ഹിക ഉപഭോക്താക്കള്‍ 10,000 രൂപയും ഗാര്‍ഹികേതര ഉപഭോക്താക്കള്‍ 25,000 രൂപയും പിഴ അടയ്ക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആറു മാസം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ഇത് 50,000 രൂപ പിഴയും രണ്ടുവര്‍ഷം വരെ തടവുമാണ്.
അനധികൃത ജലവിനിയോഗത്തിനും ജലമോഷണത്തിനും ചാര്‍ജ് അസസ്മെന്റ് നടത്തി അതോറിറ്റിക്ക് ചാര്‍ജ് ഈടാക്കാം. അസസ്മെന്റ് ഉത്തരവിന്മേല്‍ 30 ദിവസത്തിനകം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ മുമ്പാകെ അപ്പീല്‍ നല്‍കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. അതോറിറ്റിയുടെ ഡ്രെയിനേജ് സംവിധാനം നിലവിലുള്ള സ്ഥലത്ത് 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ അതോറിറ്റി നിശ്ചയിക്കുന്നപ്രകാരമുള്ള അളവിലും രീതിയിലും ഡ്രെയിനേജ് നിര്‍മ്മിക്കാതെ പുതിയ കെട്ടിടങ്ങളോ മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ നടത്താന്‍ പാടില്ല. ബഹുനില കെട്ടിടങ്ങള്‍ക്കും ഫ്ളാറ്റുകള്‍ക്കും വാട്ടര്‍ കണക്ഷന്‍ നല്‍കാന്‍ കര്‍ശന വ്യവസ്ഥകള്‍ ഓര്‍ഡിനന്‍സില്‍ ഉള്‍ക്കൊള്ളിച്ചതായും മന്ത്രി പറഞ്ഞു.

6. സ്വകാര്യ വ്യക്തികള്‍ക്കും ഭൂമി വിറ്റെന്ന് റവന്യൂ മന്ത്രിയുടെ കുറിപ്പ്
തിരുവനന്തപുരം: എച്ച്.എം.ടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കൈമാറാന്‍ വ്യവസായ – റവന്യൂ വകുപ്പുകള്‍ക്ക് ചീഫ് സെക്രട്ടറി പി.ജെ. തോമസ് നിര്‍ദ്ദേശം നല്‍കി.
അന്വേഷണം മൂന്നുദിവസംകൊണ്ട് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറാനുള്ള ധൃതഗതിയിലുള്ള പ്രവര്‍ത്തനമാണ് സെക്രട്ടറിതല സമിതി നടത്തുന്നത്. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭ ചര്‍ച്ച ചെയ്ത് നടപടി എടുക്കും. അതിനുമുമ്പ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെപ്പറ്റി ഭരണമുന്നണിയിലെ മറ്റു മുതിര്‍ന്ന മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
എച്ച്.എം.ടി കമ്പനി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബ്ളൂ സ്റ്റാര്‍ റിയാലിറ്റേഴ്സിനു നല്‍കിയ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാനുള്ള ശുപാര്‍ശ സെക്രട്ടറിതല സമിതി നല്‍കിയേക്കുമെന്നും അറിയുന്നു.
മറ്റ് ഏഴ് സ്വകാര്യ വ്യക്തികള്‍ക്ക് ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി നേരത്തെ എച്ച്.എം.ടി വിറ്റിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കഴിഞ്ഞദിവസം മന്ത്രിസഭാ യോഗത്തിനു നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഭൂമി എച്ച്.എം.ടി വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാനും വീടുവയ്ക്കാനും വിറ്റിട്ടുണ്ട്. പടമാടന്‍ ഇന്‍ഡസ്ട്രീസ് (10.62 സെന്റ്), സൂസിമാത്യു (10.62 സെന്റ്), പരീത്കുഞ്ഞ് (11 സെന്റ്), നന്ദന്‍ (20 സെന്റ്), ഇ.എസ്. അജിത, എന്‍.വി. അബാസ് (20 സെന്റ്), ഡോ. കെ.ഇ. ജോര്‍ജ് (31 സെന്റ്) എന്നിവര്‍ക്കാണ് ഇങ്ങനെ ഭൂമി വിറ്റിട്ടുള്ളതെന്ന് മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. ഈ വസ്തുക്കളുടെ തണ്ടപ്പേരും മറ്റു വിശദാംശങ്ങളും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.വ്യവസായ ആവശ്യത്തിനു നല്‍കിയ സര്‍ക്കാര്‍ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന നിലപാടാണ് റവന്യൂ വകുപ്പിനുള്ളത്. ബ്ളൂ സ്റ്റാര്‍ റിയാലിറ്റേഴ്സിനു നല്‍കിയ ഭൂമിയുടെ പോക്കുവരവ് റദ്ദ് ചെയ്യണമെന്ന റവന്യൂ വകുപ്പിന്റെ ശുപാര്‍ശ ഈ സാഹചര്യത്തിലാണ്.

7. ഗള്‍ഫിലേക്ക് 30,000 പേരെ റിക്രൂട്ട് ചെയ്യും : ഡോ. രവിപിള്ള
തിരുവനന്തപുരം : അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തന്റെ കമ്പനികള്‍ ഗള്‍ഫിലേക്ക് മുപ്പതിനായിരം പേരെ റിക്രൂട്ട് ചെയ്യുമെന്ന് പ്രമുഖ വ്യവസായിയും ആര്‍.പി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. രവിപിള്ള അറിയിച്ചു.
ഇവരില്‍ ഇരുപതിനായിരം പേര്‍ ഇന്ത്യയില്‍ നിന്നായിരിക്കും. മലയാളികള്‍ക്ക് മുന്‍ഗണന നല്‍കും. അയ്യായിരത്തോളം പുതിയ എന്‍ജിനിയറിംഗ് ബിരുദധാരികളെയാണ് തിരഞ്ഞെടുക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ വെല്‍ഡര്‍, ഫിറ്റര്‍, പ്ളംബര്‍, ആശാരി, മേസ്തിരി തുടങ്ങി എല്ലാ രംഗത്തുള്ള തൊഴിലാളികളെയും ആവശ്യമുണ്ട്. ഓഫീസ് ജീവനക്കാരുടെ ഒഴിവുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് തിരുവനന്തപുരം പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ രവിപിള്ള പറഞ്ഞു.
യു.എ.ഇ, സൌദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. കേരളത്തില്‍ നല്ല പ്രോജക്ടുകള്‍ക്ക് പണം മുടക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. യോഗ്യരായ അപേക്ഷകര്‍ക്ക് ഴദല്‍യഹ@ധഫര്‍ഫവനസ.നസശ.ധമ എന്ന ഇ-മെയിലില്‍ അപേക്ഷകള്‍ അയയ്ക്കാവുന്നതാണ്.
കൊല്ലത്ത് 125 കോടി രൂപ ചെലവില്‍ തേവള്ളിയിലെ അഷ്ടമുടിക്കായലിന്റെ തീരത്ത് 150 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കും. ഹെല്‍ത്ത് ടൂറിസം മേഖലയില്‍ കേരളത്തില്‍ കൂടുതല്‍ പണം മുടക്കും. കൊല്ലത്ത് ഉപാസന ആശുപത്രിയും സ്കൂള്‍ ഒഫ് നഴ്സിംഗും നടത്തുന്നുണ്ട്. തനിക്ക് ലഭിച്ച പ്രവാസി ഭാരതീയ പുരസ്കാരം ടീംവര്‍ക്കിന്റെ വിജയമാണെന്ന് രവിപിള്ള പറഞ്ഞു. തന്നെക്കാള്‍ ആത്മാര്‍ത്ഥതയുള്ളവരാണ് ജീവനക്കാര്‍.
ചൈല്‍ഡ് കെയര്‍ സെന്റര്‍ തുടങ്ങും
കൊല്ലത്തോ, ചവറയിലോ ഈ വര്‍ഷം തന്നെ 100 കുട്ടികളെ എടുത്തുവളര്‍ത്തുന്ന ചൈല്‍ഡ് കെയര്‍ സെന്റര്‍ ആരംഭിക്കും. 10 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം നല്ല രീതിയില്‍ നിര്‍വഹിക്കും. തുടര്‍ന്ന് ജോലി നല്‍കും. – രവി പിള്ള വ്യക്തമാക്കി.
പ്രസ് ക്ളബ് പ്രസിഡന്റ് കെ. ശ്രീകണ്ഠന്‍ സ്വാഗതവും സെക്രട്ടറി ബി. എസ്. പ്രസന്നന്‍ നന്ദിയും പറഞ്ഞു.

8. ഓടയിലേക്ക് ഒഴുകിയത് 4000 ലിറ്റര്‍ പാല്‍
ആലപ്പുഴ : ഓപ്പറേറ്റര്‍മാരുടെ അശ്രദ്ധമൂലം മില്‍മയുടെ ആലപ്പുഴ ഡെയറിയില്‍ കഴിഞ്ഞദിവസം നാലായിരത്തോളം ലിറ്റര്‍ പാല്‍ ഓടയിലേക്ക് ഒഴുകിപ്പോയി. 55000 ത്തോളം രൂപയാണ് നഷ്ടം.
അന്യസംസ്ഥാനത്തുനിന്ന് പാലെടുത്ത് വിതരണം ചെയ്യുന്ന വകയില്‍ ദിനംപ്രതി എഴുപത്തയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ജീവനക്കാരുടെ വക ഈ സംഭാവന! മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ ആലപ്പുഴ ഡെയറിയിലെ ഫില്ലിംഗ് മെഷീനിലേക്കുള്ള പൈപ്പ് തുറന്നുവിട്ടശേഷം ഓപ്പറേറ്റര്‍മാര്‍ സ്വകാര്യ ചര്‍ച്ച നടത്തിയതാണ് പാല്‍ നഷ്ടത്തിന് ഇടയായത്. ക്ളീനിംഗ് ലൈന്‍വഴി ഒഴുകിയ പാല്‍ ഓടയില്‍ നിറയുംവരെയും ആരും ശ്രദ്ധിച്ചില്ല. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ആലപ്പുഴ ഡെയറിയില്‍ നിന്ന് എഴുപതിനായിരം ലിറ്റര്‍ പാലാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. സംഘങ്ങളില്‍നിന്ന് പരമാവധി ശേഖരിക്കുന്നത് നാല്‍പ്പതിനായിരം ലിറ്ററാണ്. കര്‍ണ്ണാടക മില്‍ക്ക് ഫെഡറേഷനില്‍നിന്നാണ് ബാക്കി മുപ്പതിനായിരം ലിറ്റര്‍ ഇവിടെ കൊണ്ടുവരുന്നത്. ടാങ്കര്‍ ലോറിയില്‍ ഇങ്ങനെ പാല്‍ കൊണ്ടുവരുമ്പോള്‍ ഒരു ലിറ്ററിന് 2.60 രൂപ നിരക്കില്‍ മില്‍മയ്ക്ക് നഷ്ടം നേരിടുന്നുണ്ട്. കഴിഞ്ഞവര്‍ഷം വരെ ആലപ്പുഴ ഡെയറി ലാഭത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പാല്‍ നഷ്ടപ്പെടുന്നതിന് ഉത്തരവാദികളായ മൂന്ന് ഓപ്പറേറ്റര്‍മാരില്‍ രണ്ടുപേര്‍ ട്രേഡ് യൂണിയന്‍ നേതാക്കളാണ്. ഇതിനുമുമ്പും ജീവനക്കാരുടെ വീഴ്ചമൂലം ഇവിടെ ഇത്തരം നഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മേലധികാരികള്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.

9. 3 രൂപ കൂട്ടിയില്ലെങ്കില്‍ പാല്‍ വിതരണം മുടങ്ങുമെന്ന് ‘മില്‍മ’
തിരുവനന്തപുരം: ലിറ്ററിന് 17 രൂപയ്ക്ക് നല്‍കുന്ന സാധാരണ പാലിന്റെ വില 10 ദിവസത്തിനുള്ളില്‍ മൂന്നു രൂപ വര്‍ദ്ധിപ്പിക്കണമെന്ന് ‘മില്‍മ’ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വില കൂട്ടിയില്ലെങ്കില്‍ കര്‍ണാടകത്തില്‍നിന്ന് പാല്‍ എത്തിക്കുന്നത് ഫെബ്രുവരി 11-ാം തീയതിയോടെ നിറുത്താന്‍ ജനറല്‍ ബോഡി യോഗം ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകത്തില്‍നിന്ന് പ്രതിദിനം 3 ലക്ഷം ലിറ്റര്‍ പാലാണ് ‘മില്‍മ’യുടെ മൂന്ന് മേഖലാ യൂണിയനുകള്‍ എത്തിക്കുന്നത്. കര്‍ണാടക പാലിന്റെ ഇറക്കുമതി നിറുത്തിയാല്‍, പാല്‍ക്ഷാമം അതിരൂക്ഷമായേക്കും. കര്‍ണാടകത്തില്‍ നിന്നുള്ള പാലുകൊണ്ടാണ് ഇപ്പോള്‍ സാധാരണ (ടോണ്‍ഡ്) പാല്‍ തയ്യാറാക്കുന്നത്.
അതിനിടെ, പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘മില്‍മ’ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പും മേഖലാ യൂണിയന്‍ ചെയര്‍മാന്‍മാരായ കല്ലട രമേശും പി.പി. ഗോപിനാഥപിള്ളയും കഴിഞ്ഞദിവസം മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. മറ്റ് സംസ്ഥാനങ്ങളിലെ പാല്‍ വില പരിശോധിച്ചശേഷം അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് ആന്ധ്രയിലാണ്- 19 രൂപ.

10. പാവങ്ങളുടെ ട്രെയിനിന് ഇന്ന് പച്ചക്കൊടി
തിരുവനന്തപുരം: പാവങ്ങള്‍ക്കുള്ള എ.സി ട്രെയിന്‍ എന്ന് വിശേഷിപ്പിക്കുന്ന ‘ഗരീബ് രഥ്’ എക്സ്പ്രസ് ഇന്ന് കന്നിയാത്ര തിരിക്കും.
കുറഞ്ഞ നിരക്കില്‍ എ.സി. കോച്ചില്‍ യാത്രചെയ്യാന്‍ സൌകര്യമൊരുക്കുന്ന ഗരീബ്രഥിന്റെ ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട് നാലുമണിക്ക് തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ആര്‍. വേലു ഫ്ളാഗ് ഓഫ് ചെയ്യും. ഈ മാസം ഏഴു മുതല്‍ കൊച്ചുവേളിയില്‍ നിന്നാണ് സ്ഥിരംസര്‍വീസ് ആരംഭിക്കുക. ലോകമാന്യതിലക് (കുര്‍ള) വരെയാണ് ട്രെയിന്‍ പോവുക.
വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്നും തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ തിരിച്ചുമാണ് സര്‍വീസ്. കൊച്ചുവേളിയില്‍ നിന്ന് രാവിലെ 8.50ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 11.45ന് ലോകമാന്യതിലകില്‍ എത്തും.
തിരുവനന്തപുരം മുതല്‍ ലോകമാന്യതിലക് വരെ ത്രീടയര്‍ എ.സിക്ക് 771 രൂപയും എ.സി ചെയര്‍കാറിന് 605 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ത്രീടയര്‍ എ.സിയില്‍ കൊച്ചിവരെ 266 രൂപയും കോഴിക്കോട്ടേക്ക് 356 രൂപയും ടിക്കറ്റ് ചാര്‍ജ്ജാവും. ചെയര്‍ കാറിനാണെങ്കില്‍ യഥാക്രമം 227, 301 എന്നിങ്ങനെയാണ് നിരക്ക്.
ത്രീടയര്‍ എ.സി കോച്ചില്‍ 75 ബര്‍ത്ത് വീതവും ചെയര്‍ കാറില്‍ 102 സീറ്റ് വീതവുമുണ്ട്. 11 ത്രീടയര്‍ കോച്ചുകളും മൂന്ന് ചെയര്‍ കാറുകളുമുണ്ടാവും.
മണിക്കൂറില്‍ 130 കിലോമീറ്ററാണ് വേഗം.
കൊല്ലം, കോട്ടയം, എറണാകുളം ടൌണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കങ്കനാടി, ഉഡുപ്പി, വിതുര്‍, അങ്കോറ, കാര്‍വാര്‍, മഡ്ഗാവ്, കര്‍മാലി, സാവന്ത്വാടി, രത്നഗിരി, പനവേല്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
കേന്ദ്ര റെയില്‍വേ ബഡ്ജറ്റിലെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിക്കാണാ ന്‍ സംസ്ഥാന ഗവണ്‍മെന്റ് നടത്തിയ നിരന്തരശ്രമം ഇതിലൂടെ വിജയിച്ചിരിക്കുകയാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

11. 5 കണ്‍സോര്‍ഷ്യങ്ങള്‍ പ്രാഥമിക യോഗ്യത നേടി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മ്മാണത്തിന് വിവിധ കമ്പനികള്‍ ചേര്‍ന്ന അഞ്ച് കണ്‍സോര്‍ഷ്യങ്ങള്‍ പ്രാഥമിക യോഗ്യത നേടിയതായി തുറമുഖവകുപ്പ് മന്ത്രി എം. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഓരോ കണ്‍സോര്‍ഷ്യത്തിന്റെയും സാമ്പത്തിക, സാങ്കേതിക പശ്ചാത്തലങ്ങള്‍ പരിശോധിച്ചശേഷം ഒരു കമ്പനിക്ക് കരാര്‍ നല്‍കും. ഈ നടപടിക്രമങ്ങള്‍ നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കരാര്‍ ഒപ്പിടും.
പത്തുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം മൂന്ന് വര്‍ഷംകൊണ്ട് തീരും. നിര്‍മ്മാണം ആരംഭിച്ച് ഒന്നരവര്‍ഷം കഴിയുമ്പോള്‍ ചരക്കുനീക്കം നടത്താനാവുമെന്നാണ് പ്രതീക്ഷ.
പദ്ധതി പൂര്‍ത്തിയാക്കാന്‍ 5348 കോടി വേണ്ടിവരുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. ബി.ഒ.ടി കാലാവധി 30 വര്‍ഷമാണ്. പദ്ധതിയില്‍ കമ്പനിക്ക് 76 ശതമാനവും സര്‍ക്കാരിന് 24 ശതമാനവും ഓഹരിയുണ്ടാകും.
ഡല്‍ഹിയിലെ ഡി.എസ് കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ്, ദുബായിലെ അപ്പോളോ എന്റര്‍പ്രൈസസ്, കെ.ജി.എല്‍ പോര്‍ട്സ് ഇന്റര്‍നാഷണല്‍ എന്നിവയും ഹൈദരാബാദിലെ നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സ് കമ്പനി ലിമിറ്റഡ്, മേത്താസ്, സിങ്കപ്പൂരിലെ ഒ.പി.എം എന്നിവയും മുംബയിലെ വിഡിയോക്കോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഗാമണ്‍ ഇന്ത്യ, ഗാമണ്‍ ഇന്‍ഫ്ര, ചെന്നൈയിലെ സിക്കാള്‍ ലോജിസ്റ്റിക്സ് എന്നിവയും ഹൈദരാബാദിലെ ലാന്‍കോ ഇന്‍ഫ്രാടെക് ലിമിറ്റഡ്, ലാന്‍കോ പവര്‍, മലേഷ്യയിലെ പെമ്പിനാന്‍ റെഡ്സായ് ലിമിറ്റഡ് എന്നിവയും മുംബയിലെ സൂം ഡെവലപ്പേഴ്സ്, ഇംഗ്ളണ്ടിലെ പോര്‍ട്ട്യാ മാനേജുമെന്റ് സര്‍വീസസ്, പീറ്റര്‍ ഫ്രാങ്കല്‍ ആന്‍ഡ് പാര്‍ട്ട്നേഴ്സ് എന്നിവയും ചേര്‍ന്ന അഞ്ച് കണ്‍സോഷ്യങ്ങളാണ് പ്രാഥമിക പരിശോധനയില്‍ യോഗ്യത നേടിയത്.

12. ചന്ദനത്തൈലം കടത്തുന്നതിനിടെ പഞ്ചായത്ത് മെമ്പര്‍ പിടിയില്‍
തൃശൂര്‍ : പത്തുലക്ഷം രൂപ വിലവരുന്ന ചന്ദനത്തൈലം കടത്തുന്നതിനിടെ, മലപ്പുറം ജില്ലയിലെ കോടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്നുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.
വ്യാഴാഴ്ച അര്‍ദ്ധരാത്രി ദേശീയപാതയില്‍ മണ്ണുത്തിക്കടുത്ത് നടത്തിയ വാഹനപരിശോധനയിലാണ് രണ്ടു വണ്ടികളിലായി കൊണ്ടുവന്ന ചന്ദനത്തൈലം പിടികൂടിയത്.
കോടൂര്‍ ഗ്രാമപഞ്ചായത്ത് സി.പി. എം. സ്വതന്ത്ര അംഗം പി. ഉസ്മാന്‍, ഒല്ലൂക്കര സ്വദേശി ടി.എം. സലിം, കൂര്‍ക്കഞ്ചേരി സ്വദേശി ആര്‍. പ്രദീപ് എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങള്‍ക്ക് അകമ്പടിയായി വന്ന രണ്ട് ബൈക്കുകളും പിടികൂടിയിട്ടുണ്ട്.

1. ഇന്നു മുതല്‍ ദീപിക രണ്ടര രൂപയ്ക്ക്
കോട്ടയം: ദീപിക പുനരര്‍പ്പണ ത്തോ ടനുബന്ധിച്ച് വായനക്കാര്‍ക്കായി പ്രഖ്യാ പിച്ച സുവര്‍ണ സമ്മാനം പ്രാബല്യ ത്തില്‍. ദീപികയുടെ വില ഇന്നു മുതല്‍ രണ്ടര രൂപയായിരിക്കും. നിലവില്‍ ഇത് മൂന്നര രൂപയാണ്. അതോടൊപ്പം മാസ വരിസംഖ്യ ഇനി 75 രൂപ മാത്രമായിരിക്കും. നിലവില്‍ ഇത് 106 രൂപ 30 പൈസയാണ്.

കത്തോലിക്ക സഭയുടെ മേ ല്‍ നോട്ടത്തിലുള്ള മാനേജ് മെന്റ് ദീപിക ഏറ്റെടുത്തതിന്റെ ഭാഗമായി കോട്ടയത്തു നടത്തി യ പുനരര്‍പ്പണ സമ്മേളനത്തിലാണ് സുവര്‍ണ സമ്മാനം പ്രഖ്യാപിച്ചത്.

2. ചിന്നക്കനാലില്‍ ആദിവാസികള്‍ കൃഷിയിറക്കി
നെടുങ്കണ്ടം: ചിന്നക്കനാലില്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ കൈയേറിയ 130-ഓളം ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കി. ഇന്നലെ രാവിലെ പത്തുമണിയോടെ സംഘത്തിലെ ഏറ്റവും പ്രായംചെന്ന ചെങ്ങാങ്ക ല്‍ ഗോപാലന്‍ കാണിയുടെ നേതൃത്വത്തിലാണു വിത്തുപാകി കൃഷിയിറക്കല്‍ തുടങ്ങിയത്.

ആനയിറങ്കല്‍ ഡാമിനു സമീപം എച്ച്.എന്‍.എല്ലിനു പാട്ടത്തിനു ന ല്‍കിയ ഭൂമിയിലാണു പച്ചക്കറി കൃഷിക്കായി ഒരുക്കങ്ങള്‍ നടന്നത്. ഈ ഭൂമി കൈയേറിയ ആദിവാസികള്‍ 83 കുടിലുകള്‍ കെട്ടി ദിവസങ്ങളായി ഇവിടെ താമസ മാണ്.

കൃഷിക്കായി സര്‍വേ നമ്പര്‍ 20/1 ല്‍പെട്ട 48-ഓളം ഏക്കര്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ കമ്പനിയുടെ ഈ പ്രദേശത്തെ യൂക്കാലി മരങ്ങള്‍ ആദിവാസികള്‍ വെട്ടിക്കളഞ്ഞു. തങ്ങള്‍ക്ക് ഇനി വേറെ ഭൂമി വേണ്െടന്നും ഇവിടെനിന്നും മാറുന്ന പ്രശ്നമില്ലെന്നും ആദിവാസി ക്ഷേമസമിതി നേതാക്കള്‍ വ്യ ക്തമാക്കി. ഒരേക്കര്‍ ഭൂമി വീതമാണ് ഇവര്‍ അളന്നു തിരിച്ചിരിക്കുന്നത്.

ദിവസങ്ങളായി തുടരുന്ന സമരം ഒത്തുതീര്‍ക്കാന്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

സര്‍ക്കാരനുവദിച്ച ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നവംബറില്‍ ആദിവാസി പുനരധിവാസ സമിതി സമരം നടത്തിയിരുന്നു. തുടര്‍ന്ന് മൂന്നു മാസത്തിനുള്ളില്‍ സ്ഥലം കണ്െടത്തിനല്‍കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയിരു ന്നെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ ആദിവാസി ക്ഷേമ സമിതിയുടെ നേത്യത്വത്തില്‍ ആദിവാസികള്‍ വീണ്ടും എച്ച്.എന്‍.എല്ലിന്റെ ഭൂമി കുടില്‍ കെട്ടി കൈയേറുകയായിരുന്നു.

മൂന്നാര്‍- ചിന്നക്കനാല്‍ മേഖലയിലെ ഭൂമി കൈയേറ്റവും വ്യാജപട്ടയങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. അറുന്നൂറോളം വ്യാജപട്ടയങ്ങള്‍ കണ്െടത്തിയെങ്കിലും ആ ഭൂമി തിരികെ പിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

3.  ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്നു ഹൈക്കോടതി
കൊച്ചി: ശബരിമല ഉത്സവകാലത്തു കാനഡയില്‍നിന്നുള്ള ഭക്തന്‍ അന്നദാന കൌണ്ടറില്‍ കാണിക്കയിടാന്‍ കൊടുത്ത സ്വര്‍ണാഭരണങ്ങള്‍ക്കു രസീത് കൊടുക്കാത്ത ബോര്‍ഡ് ഉദ്യോഗസ്ഥന്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കൃത്യവിലോപത്തിന് പമ്പ പോലീസ് തിരുവനന്തപുരം പേട്ട സ്വദേശി വി. ഹരികുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

താന്‍ നിരപരാധിയാണെന്നും കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണു ഹരികുമാര്‍ ഹൈക്കോടതിയെ സ മീപിച്ചത്. സംഭവം സംബന്ധിച്ച് ഹരികുമാറിനെ പോലീസ് ചോദ്യം ചെയ്തു. കാനഡ സ്വദേശി പണവും ആഭരണവും കാണിക്കയായി തന്നെങ്കിലും പണത്തിന് മാത്രമാണ് രസീതി കൊടുത്തതെന്ന് ഹരികുമാര്‍ സമ്മതിച്ചിരുന്നു. രണ്ടു വള, കല്ലുകള്‍, ഒരു മോതിരം എന്നിവയാണ് കൊടുത്തത്. ഇതിനു രസീത് കൊടുത്തിരുന്നില്ല. രതീസ് കൊടുക്കാത്തതു സംബന്ധിച്ച് സ് പെഷല്‍ കമ്മീഷണര്‍ക്ക് പരാതി നല്കിയതിനെ തുടര്‍ന്നാണ് ഹരികുമാറിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കാണിക്കവഞ്ചിയില്‍ ആഭരണം നിക്ഷേപിച്ചുവെന്നാണ് ഹരികുമാര്‍ പറഞ്ഞതെങ്കിലും കാണിക്കവഞ്ചി തുറന്നപ്പോള്‍ ആഭരണം കണ്െടത്താതിരുന്നതാണ് ഹര്‍ജിക്കാരനെ സംശയിക്കാന്‍ കാരണമായതെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.

4. മൂന്നു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ വലുപ്പമുള്ള കൂറ്റന്‍ എണ്ണക്കപ്പല്‍ കൊച്ചിയില്‍
കൊച്ചി: മൂന്നു ലക്ഷം ടണ്‍ എണ്ണ സംഭരണ ശേഷിയുള്ള സ്റ്റാര്‍ 2 എന്ന പടുകൂറ്റന്‍ ഓയില്‍ ടാങ്കര്‍ കൊച്ചിയിലെത്തി. മൂന്നു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ വലുപ്പമുള്ള ഈ കപ്പല്‍ കൊച്ചി തീരത്തടുക്കുന്ന ഏറ്റവും വലിയ ഓയില്‍ ടാങ്കറാണ്. ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എസ്.പി.എം പ്രോജക്ടിലേക്കുള്ള ക്രൂഡ് ഓയിലുമായാണ് ടാങ്കര്‍ എത്തിയിരിക്കുന്നത്. ഖത്തര്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 2.8 ലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ടാങ്കറിലുള്ളത്. ഇത്രയും ഓയില്‍ 38 മണിക്കൂര്‍ തുടര്‍ച്ചയായി പമ്പുചെയ്ത് പുതുവൈപ്പിലെ ടാങ്കുകളിലെത്തിക്കും.

എസ്.പി.എം പദ്ധതിക്കു മുന്‍പു വരെ പരമാവധി 80000 ടണ്‍ ശേഷിയുള്ള കപ്പലുകള്‍ മാത്രമാണ് തുറമുഖത്തെ ടാങ്കര്‍ ബര്‍ത്തില്‍ എത്തിയിരുന്നത്.

പദ്ധതിക്കു ശേഷം രണ്ടു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ ശേഷിയുള്ള വെരി ലാര്‍ജ് ക്രൂഡ് കാരിയര്‍ (വി.എല്‍ സി.സി) ഇനത്തില്‍പ്പെട്ട കപ്പലുകള്‍ എത്തി തുടങ്ങി.

3.20 ലക്ഷം ടണ്‍ ശേഷിയുള്ള അള്‍ട്രാ ലാര്‍ജ് ക്രൂഡ് കാരിയര്‍ ഇനത്തില്‍പ്പെട്ട കപ്പലുകളും 4.40 ലക്ഷം ടണ്‍ ശേഷിയുള്ള വി പ്ളസ് ഇനത്തില്‍പ്പെട്ട കപ്പലുകള്‍ക്കും എസ്.പി.എമ്മില്‍ എത്താനാവും. പുതുവൈപ്പ് തീരത്തു നിന്നും 19.2 കിലോമീറ്റര്‍ അകലെ നടുക്കടലിലാണ് എസ്.പി.എം സ്ഥാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 200 കോടി രൂപ ഇതുവഴി റിഫൈനറിക്ക് ലാഭിക്കാം.

5. ഓംബുഡ്സ്മാന്റെ ഉത്തരവ് സ്റ്റേ ചെയ്തു
കൊച്ചി: കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള സി. കേശവന്‍ മെമ്മോറിയല്‍ ടൌണ്‍ ഹാള്‍ പുനരുദ്ധാരണത്തിനുള്ള കരാര്‍ കേരള അലൈഡ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപ നത്തിനു കൊടുത്ത നടപടി സ്റ്റേ ചെയ്ത ഓംബുഡ്സ്മാന്റെ നടപ ടി ഹൈക്കോടതി താത്ക്കാലികമായി വിലക്കി. നിലവിലുള്ള കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് ഹര്‍ജിക്കാരന്‍.

മുന്‍ സെക്രട്ടറി വി.കെ. പ്രതാ പ ചന്ദ്രനാണ് ഓംബുഡ്സ്മാന്റെ മുമ്പാകെ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കിയിരുന്നത്. ആറാഴ്ചത്തേക്കാണ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ഓംബുഡ്സ്മാന്റെ ഉത്തരവ് വിലക്കിയത്.

പുനരുദ്ധാരണത്തിനുള്ള കരാര്‍ നല്കാന്‍ ഭരണാനുമതി ലഭിച്ച ശേഷമാണ് 2007 മാര്‍ച്ച് 30-ന് ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് കോര്‍പറേഷനെ നിര്‍മാണ ചുമതല ഏല്പിച്ചത്.

6. സ്ഥലമെടുപ്പു വൈകുന്നു; ടി.കെ.എ നായര്‍ നാളെ വല്ലാര്‍പാടത്തേക്ക്
കൊച്ചി: വല്ലാര്‍പാടം റെയില്‍പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായര്‍ നാളെ വല്ലാര്‍പാടം സന്ദര്‍ശിക്കും.

ജനവാസമില്ലാത്ത പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചാണ് നിലവില്‍ റെയില്‍പാതയുടെ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുള്ള സ്ഥലമെടുപ്പു വൈകുമെന്ന ഘട്ടത്തിലാണ് പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി കേന്ദ്ര സംഘത്തോടൊപ്പം നായര്‍ കൊച്ചി സന്ദര്‍ശനത്തിനെത്തുന്നത്.

ഇടപ്പള്ളി നോര്‍ത്ത്, സൌത്ത് സ്ഥലങ്ങളില്‍ പാത നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ റെയില്‍ പാത നിര്‍മാണ പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച 100 കോടി രൂപയില്‍ പകുതി മാത്രമേ ഇതു വരെ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളു.

സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ നിര്‍മാണ ചെലവു വര്‍ധിക്കുമെന്നിരിക്കെ 245 കോടി രൂപയാണ് പദ്ധതിക്കായി ആകെ തയാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ്. 2009 മധ്യത്തോടെയെങ്കിലും പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്തില്ലെങ്കില്‍ പദ്ധതി വന്‍ നഷ്ടത്തിലാകുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണു നായര്‍ നേരിട്ട് ഇടപെടുന്നത്.

1. പെട്രോളിയം വിലവര്‍ധന: തീരുമാനം ഒരാഴ്ചക്കകം
ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധന സംബന്ധിച്ച് ഈയാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭ അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ.

വിലവര്‍ധന സംബന്ധിച്ച് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി ഇന്നലെ യോഗം ചേര്‍ന്ന ശേഷം തീരുമാനം കാബിനറ്റിന് വിടുകയായിരുന്നുവെന്ന് ദിയോറ വാര്‍ത്താലേഖകരോട് പറഞ്ഞു. ഈമാസം നാലിനോ അഞ്ചിനോ കാബിനറ്റ് ചേരും.

പെട്രോളിന് രണ്ടോ നാലോ രൂപയും ഡീസലിന് ഒന്നോ രണ്ടോ രൂപയും ഉയര്‍ത്താനാണ് നീക്കം. എന്നാല്‍ കാബിനറ്റ് ചേരുന്നതിന് തൊട്ടുമുമ്പ് ഉപസമിതി ഒരിക്കല്‍ കൂടി ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. പാചകവാതക വില കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കും. അതേസമയം, പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്സൈസ് നികുതി കുറച്ച് വില വര്‍ധന പരമാവധി കുറക്കാന്‍ ചര്‍ച്ച തുടരുകയാണ്.

2. പോക്കുവരവ് റദ്ദാക്കണമെന്ന് സി.പി.ഐ
തിരുവനന്തപുരം: വിവാദ എച്ച്.എം.ടി ഭൂമി ഇടപാടിന്റെ പോക്കുവരവ് റദ്ദാക്കി ഭൂമി തിരിച്ചെടുക്കണമെന്ന് സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് 70 ഏക്കര്‍ സ്ഥലം 91 കോടിക്കാണ് വിറ്റത്.

നിയമപ്രകാരമല്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോക്കുവരവ് റദ്ദാക്കണമെന്ന ശിപാര്‍ശയോടെ എച്ച്.എം.ടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍ സമര്‍പ്പിച്ചിട്ടും മന്ത്രിയുടെ നിര്‍ദേശം തള്ളി ഭൂമി ഇടപാടിനെ കുറിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ അന്വേഷണം ഏര്‍പ്പെടുത്തിയ നടപടി ഉചിതമല്ല. സി.പി.ഐയെ ഭൂമി ഇടപാടിലൂടെ വീണ്ടും പ്രതിക്കൂട്ടിലാക്കാന്‍ മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് നിര്‍വാഹക സമിതി അഭിപ്രായപ്പെട്ടു.

മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയിലും മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടിലും സി.പി.ഐയെ പ്രതിക്കൂട്ടിലാക്കിയ മുഖ്യമന്ത്രിയും കൂട്ടരും എച്ച്.എം.ടി ഭൂമി ഇടപാടിലൂടെ വീണ്ടും പാര്‍ട്ടിയെ കുടുക്കാന്‍ നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന് നിര്‍വാഹക സമിതി മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗവനാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. പോക്കുവരവ് റദ്ദാക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമില്ലെന്നും റവന്യു മന്ത്രിക്ക് ഇതിന് അധികാരമുണ്ടെന്നും വെളിയം വ്യക്തമാക്കി. ചീഫ് സെക്രട്ടറി തലത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എന്തുതന്നെയായാലും ഒരാഴ്ചക്കകം എച്ച്.എം.ടി ഭൂമി ഇടപാടിന്റെ പോക്കുവരവ് റദ്ദാക്കണം. അടുത്തമന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമുണ്ടാകണം^ വെളിയം നിര്‍ദേശിച്ചു.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് റവന്യു വകുപ്പ് ഗൌരവമായി എടുക്കേണ്ടതില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശം ഫലപ്രദമായി നടപ്പാക്കാന്‍ മന്ത്രി ശ്രമിക്കണം.ഇതില്‍ വീഴ്ചവരുത്തരുത്. മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍ ഇടപാടുകള്‍ പാര്‍ട്ടിയെ അക്കിടിയില്‍പെടുത്തിയത് മറക്കരുതെന്നും ശക്തമായ നടപടിയുമായി മുന്നോട്ടുപോകണമെന്നും വെളിയം നിര്‍ദേശിച്ചു.

അടിയന്തര നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കുന്നില്ലെങ്കില്‍ സി.പി.ഐ വെട്ടിലാവുമെന്ന് നിര്‍വാഹക സമിതി അംഗങ്ങളും ചൂണ്ടിക്കാട്ടി. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിമാരും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

എച്ച്.എം.ടി ഭൂമി ഇടപാടിനെക്കുറിച്ച് സി.പി.എം പാര്‍ട്ടിതല അന്വേഷണം നടത്തുന്നത് അതില്‍ ഉള്‍പ്പെട്ട അവരുടെ മന്ത്രിമാരെയും നേതാക്കളെയും രക്ഷിക്കാനാണെന്നും ഈ നടപടി അനുചിതമാണെന്നും ചില നിര്‍വാഹക സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് ഭൂമി ഇടപാടിന്റെ എല്ലാ രേഖകളും മന്ത്രിസഭായോഗത്തില്‍ കൊണ്ടുപോയതെന്നും ഇതേക്കുറിച്ച് തയാറാക്കിയ പ്രത്യേക കുറിപ്പ് മന്ത്രിസഭാ യോഗത്തില്‍ വായിച്ചെന്നും മന്ത്രി രാജേന്ദ്രന്‍ നിര്‍വാഹക സമിതിയെ അറിയിച്ചു. ഭൂമികച്ചവടത്തില്‍ സി.പി.എമ്മിലെ ഗ്രൂപ്പ് പോര് പരസ്യമായി പ്രകടമാകുന്ന സാഹചര്യത്തില്‍ സി.പി.ഐ ഈ പ്രശ്നത്തില്‍ പക്ഷം ചേരേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ പത്രസമ്മേളനം വിളിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നതിനും നിര്‍വാഹക സമിതി മന്ത്രിയെ ചുമതലപ്പെടുത്തി. പാര്‍ട്ടി തീരുമാനം കക്ഷിനേതാവും മന്ത്രിയുമായ സി. ദിവാകരന്‍ ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. സമാന്തര അന്വേഷണം സി.പി.എം പ്രഖ്യാപിച്ചത് മറ്റ് ചില ലക്ഷ്യങ്ങളോടെയാണെന്നും പാര്‍ട്ടിയുടെ ഉന്നത വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ ഭൂമി മറിച്ചുവില്‍ക്കുന്നതും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും തടയണമെന്ന് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടതായി സി.പി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

വ്യവസായ വികസനത്തിനായി പല പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഭൂമി നല്‍കിയിട്ടുണ്ട്. ആ ഭൂമി നിര്‍ദിഷ്ട ആവശ്യത്തിനാണോ ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഭൂമി മറിച്ചുവിറ്റാല്‍ ഇടപാട് റദ്ദാക്കാനും ഭൂമി തിരിച്ചെടുക്കാനും നടപടി സ്വീകരിക്കണം.

കളമശേãരിയില്‍ സൌജന്യമായി എച്ച്.എം.ടിക്ക് ഭൂമി നല്‍കിയത് വ്യവസായ ആവശ്യത്തിനാണ്. അതില്‍ ഒരുഭാഗം സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റത് ഭൂമി നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാറുകള്‍ക്ക് വിരുദ്ധമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

1894 ^ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം ഇപ്പോഴും നിലവിലുണ്ടെന്നും ഇതനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകണമെന്നും നിര്‍വാഹക സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ. ചന്ദ്രശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ചു.

1. ഇടുക്കിയില്‍ ഭൂകമ്പം; കമ്പമാപിനിയില്‍ 2.5
ഇടുക്കി:  ജില്ലയില്‍ നെടുങ്കണ്ടത്ത് വൈകിട്ട് 4.15ന് ചെറിയ തോതില്‍ ഭൂകമ്പം അനുഭവപ്പെട്ടു. നെടുങ്കണ്ടത്തെ ഭൂകമ്പത്തിന്റെ ശക്തി കമ്പമാപിനിയില്‍ 2.5 എന്ന് രേഖപ്പെടുത്തി. ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന കമ്പമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൌമശാസ്ത്ര പഠന കേന്ദ്രത്തിന്റെ പീച്ചിയിലെ റീഡിങ് ഉടന്‍ പുറത്തു വരും. പ്രഭവ സ്ഥാനം കണ്ടെത്താന്‍ ശ്രമം തുടരുന്നു.

2. ബിഷപ്പുമാരും വൈദികരും രാഷ്ട്രീയപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒാര്‍ത്തഡോക്സ് സഭാ വിലക്ക്
കോട്ടയം: മലങ്കര ഒാര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗങ്ങളിലോ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിലോ രഹസ്യമായും പരസ്യമായും പങ്കെടുക്കുന്നതിനു വിലക്ക്. പഴയ സെമിനാരിയില്‍ ചേര്‍ന്ന സഭാ മാനേജിങ് കമ്മിറ്റിയിലാണു പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയത്.

സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു പാമ്പാടിയില്‍ നടത്തിയ സാംസ്കാരിക സമ്മേളനത്തില്‍ തിരുവനന്തപുരം ബിഷപ് പങ്കെടുത്തതിനെ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ അതിനിശിതമായി വിമര്‍ശിച്ചു. കൂടാതെ, പാര്‍ട്ടി സമ്മേളനത്തിന് ഇതേ ബിഷപ് സംഭാവന നല്‍കിയതിനെതിനെയും അംഗങ്ങള്‍ കുറ്റപ്പെടുത്തി.

പള്ളികളിലെ നേര്‍ച്ചപ്പെട്ടിയിലെ പണം പാര്‍ട്ടിക്കാര്‍ക്കു കാണിക്കയിടാനാവില്ല. കെഇആര്‍ പരിഷ്കരണത്തിനെതിരെ പരിശുദ്ധ കാതോലിക്കാ ബാവാ പ്രസ്താവന നല്‍കിയതിന്റെ പിറ്റേന്നു ബിഷപ് പത്രസമ്മേളനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ചത് സഭയില്‍ ഭിന്നതയുണ്ടെന്നുള്ള പ്രചാരണത്തിനിടയാക്കിയതായുംചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടിക്കാര്‍ക്കു വേണ്ടി വൈദികരും ബിഷപ്പുമാരും റോഡ്ഷോ നടത്തേണ്ടെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ചു. പാര്‍ട്ടി സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിലാണു പങ്കെടുത്തതെന്നു ബിഷപ് വിശദീകരണം നല്‍കിയെങ്കിലും അംഗങ്ങള്‍ തൃപ്തരായില്ല.

സഭയിലെ ചില ബിഷപ്പുമാര്‍ സിപിഎമ്മുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിനെയും പാര്‍ട്ടി ഒാഫിസുകളില്‍ പോകുന്നതിനെയും യോഗത്തില്‍ ചിലര്‍ വിമര്‍ശിച്ചു. തിരുവനന്തപുരത്തു സഭാംഗങ്ങള്‍ക്കു നേരെ ലാത്തിച്ചാര്‍ജുണ്ടായ ശേഷം ചില സഭാനേതാക്കള്‍ പോയി മന്ത്രിമാരോടു ക്ഷമാപണം ചെയ്തതു സഭാംഗങ്ങളെ ചവിട്ടിത്താഴ്ത്തുന്നതിനു തുല്യമായെന്നും അഭിപ്രായമുണ്ടായി.

ഇതേത്തുടര്‍ന്നാണു വൈദികരും മെത്രാപ്പോലീത്തമാരും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പരിപാടിയില്‍ പങ്കെടുക്കുന്നതു വിലക്കിക്കൊണ്ട് കാതോലിക്കാ ബാവാ റൂളിങ് നല്‍കിയത്.

ജര്‍മന്‍ സ്വദേശിയായ റമ്പാനെ ബിഷപ്പായി വാഴിച്ചതു സംബന്ധിച്ച ചര്‍ച്ച ഇൌ മാനേജിങ് കമ്മിറ്റിയിലുണ്ടായില്ല. അടുത്ത മാനേജിങ് കമ്മിറ്റിയുടെ അജന്‍ഡയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഭയുടെ അനുവാദമില്ലാതെ വിദേശിയെ വാഴിച്ച ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവര്‍ മാനേജിങ് കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനെ ചില അംഗങ്ങള്‍ വിമര്‍ശിച്ചു.

അവരോടു വിശദീകരണം ചോദിക്കണമെന്നുവരെ അഭിപ്രായമുയര്‍ന്നു. പുരോഹിതരും മെത്രാന്മാരും രാഷ്ട്രീയ പാര്‍ട്ടികളുടെയോ പോഷക സംഘടനകളുടെയോ യോഗങ്ങളില്‍ പങ്കെടുത്ത് അവരുടെ ആയുധങ്ങളായി മാറരുതെന്ന് ആവശ്യപ്പെട്ടു സഭാ മാനേജിങ് കമ്മിറ്റി യോഗം ചേര്‍ന്ന പഴയ സെമിനാരിക്കു മുന്നില്‍ ഒാര്‍ത്തഡോക്സ് സഭാ സംരക്ഷണസമിതി അംഗങ്ങള്‍ ബാനറുകളും പ്ളക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. രാഷ്ട്രീയക്കാരായ മെത്രാപ്പൊലീത്തമാരെ തങ്ങള്‍ക്കു വേണ്ടെന്നും കൈമുത്തു വഴി കിട്ടുന്ന പണം പാര്‍ട്ടി ഫണ്ടിലേക്കു നല്‍കുന്നതു തുടര്‍ന്നാല്‍ അതിനെതിരെ പള്ളികളില്‍ പ്രചാരണം നടത്തുമെന്നും പറയുന്ന ലഘുലേഖ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ക്കു വിതരണം ചെയ്തു.

3. അഴിമതി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് ഉദ്യോഗ കയറ്റം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍: വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥന് എതിരെയുള്ള അഴിമതി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് ഉദ്യോഗ കയറ്റം നല്‍കിയെന്ന പരാതി അന്വേഷിക്കാന്‍ വിജിലന്‍സ് ജഡ്ജി പി.ക്യു. ബര്‍ക്കത്തലി ഉത്തരവിട്ടു. എറണാകുളം സോഷ്യല്‍ ഫോറസ്റ്ററി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജൂഡി പ്രസാദിന് എതിരെയാണ് അന്വേഷണം.  ജൂഡി പ്രസാദ് മലയാറ്റൂര്‍ ഡിഎഫ്ഒ ആയിരിക്കെ നടത്തിയ ജെണ്ട കെട്ടില്‍ അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയിരുന്നത്. ഫ്ളയിംങ് സ്ക്വാഡ് ഡിഎഫ്ഒയാണ് അന്വേഷിച്ചിരുന്നത്. വകുപ്പുതല നടപടിക്കും ക്രിമിനല്‍ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം മറിച്ചുവച്ചാണ് ജൂഡി പ്രസാദിന് വനം കണ്‍സര്‍വേറ്ററാക്കിയത്. ഇടുക്കി കുളമാവ് വെളിയംകുന്നത്ത് വി.എന്‍. സജിയാണ് പരാതി നല്‍കിയത്. ആന്ധ്രയിലേക്ക് മരം കടത്തിയെന്ന് ഇദ്ദേഹത്തിന് എതിരെ പരാതിയുണ്ടായിരുന്നതായി സജിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

4. സെപ്ടിക് ടാങ്ക് മാലിന്യം തള്ളുന്നത് നിയന്ത്രിക്കാന്‍ ഹൈക്കോടതി നടപടി
കൊച്ചി: ടാങ്കര്‍ ലോറികളില്‍ സെപ്ടിക് ടാങ്ക് മാലിന്യം നീക്കം ചെയ്യുന്നതിനു മാനദണ്ഡങ്ങളോ നിയന്ത്രണ വ്യവസ്ഥകളോ ഉണ്ടോ എന്നു വിശദീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കൊച്ചി കോര്‍പറേഷനും മറ്റും നോട്ടിസു നല്‍കി. കക്കൂസ് മാലിന്യം അശാസ്ത്രീയമായി പുറന്തള്ളുന്നതു നിയന്ത്രിക്കാന്‍ സ്വമേധയാ കേസെടുത്തു കൊണ്ടാണു ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു, ജസ്റ്റിസ് കെ. എം. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനാണു പ്രശ്നം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പൊതുജനാരോഗ്യ, മലിനീകരണ നിയന്ത്രണ വകുപ്പുകള്‍ക്കും പൊലീസിനും ഈ പ്രശ്നത്തില്‍ ഇടപെടാനാകുമോ എന്നും ജില്ലാ ഭരണകൂടത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ എത്രത്തോളം നിയന്ത്രണം സാധ്യമാണെന്നും മറ്റും കോടതി വിശദമായി പരിശോധിക്കും.

സെപ്ടിക് ടാങ്ക് മാലിന്യം പുറന്തള്ളുന്നതു മൂലമുള്ള ഗുരുതര പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഹര്‍ജി നടപടി. ടാങ്കര്‍ ലോറികളിലാണു മാലിന്യം നീക്കുന്നത്. ജനുവരി 22നു കായലിലേക്കു മാലിന്യം തള്ളിയ ലോറി ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ പിന്തുടര്‍ന്നു പിടികൂടിയിരുന്നു.

കുണ്ടന്നൂര്‍-തോപ്പുംപടി റോഡില്‍ യാത്ര ചെയ്യവെയാണു ലോറി കണ്ടു കാറില്‍ പിന്തുടര്‍ന്നത്. ജഡ്ജിയുടെ നിര്‍ദേശ പ്രകാരം ഹാര്‍ബര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. നിബന്ധനകളോ വ്യവസ്ഥകളോ ഇല്ലാതെ, അനിയന്ത്രിതമായി മാലിന്യം തള്ളുന്നതു പൊതുജനാരോഗ്യത്തിനു കടുത്ത വെല്ലുവിളിയാകുമെന്നതിനാല്‍ സ്വമേധയാ ഹര്‍ജി നടപടി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ  ശുപാര്‍ശ.

നിയന്ത്രണ വ്യവസ്ഥകളില്ലാതെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതു മണ്ണും ജലവും വായുവും മലീമസമാക്കും. എത്രയും വേഗം ഇക്കാര്യത്തില്‍ മാനദണ്ഡവും നിയന്ത്രണവും ഏര്‍പെടുത്തണമെന്നു കോടതി അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എത്രത്തോളം നിയന്ത്രണം സാധ്യമാണെന്നും മാലിന്യം നീക്കുന്ന ലോറികളെ തിരിച്ചറിയാനും തരംതിരിക്കാനും സംവിധാനമുണ്ടോ എന്നും കോടതി പരിശോധിക്കും. മാലിന്യ നീക്കത്തിനു മലിനീകരണ നിയന്ത്രണ, പൊതുജനാരോഗ്യ വകുപ്പുകളുടെ നിയന്ത്രണമുണ്ടോ, മാലിന്യ നീക്കത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് റജിസ്ട്രേഷന്‍ സംവിധാനമുണ്ടോ, മാലിന്യം എവിടെ തള്ളുന്നുവെന്നും ജോലിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ കൈകാര്യം ചെയ്യുന്നുവെന്നതിനും നിബന്ധനകള്‍ നിലവിലുണ്ടോ, ലോറികളുടെ മലിനീകരണം, സുരക്ഷ, ഫിറ്റ്നെസ് ഇവ വിലയിരുത്തുന്നുണ്ടോ തുടങ്ങി കോടതിയുടെ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാണു ഹര്‍ജി നടപടി.

5. ധനവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചു; കിസാന്‍ശ്രീ പദ്ധതി നാലിനു തുടങ്ങും
മലപ്പുറം: കൃഷിക്കാര്‍ക്കുള്ള സൌജന്യ ഇന്‍ഷുറന്‍സ് പദ്ധതി ‘കിസാന്‍ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സിപിഎം-സിപിഐ പോരില്‍ സിപിഐക്കു വിജയം. ധനവകുപ്പിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് പദ്ധതി അടുത്ത നാലിനു തുടങ്ങാന്‍ കൃഷിവകുപ്പ് തീരുമാനിച്ചു. പദ്ധതിയുടെ പേരില്‍ മന്ത്രി തോമസ് ഐസക് കൃഷിവകുപ്പിനെ പരസ്യമായി വിമര്‍ശിച്ചതും തുടര്‍ന്നു ധനവകുപ്പിന്റെ ശാഠ്യങ്ങള്‍ക്കു വഴങ്ങേണ്ടെന്നു സിപിഐ സംസ്ഥാന കൌണ്‍സില്‍ തീരുമാനിച്ചതും വിവാദമായിരുന്നു.

കിസാന്‍ശ്രീ പദ്ധതിക്ക് ധനവകുപ്പ് അനുമതി നിഷേധിച്ചുവെന്ന വാര്‍ത്തകളെത്തുടര്‍ന്ന് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കാന്‍ ഭരണപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഉള്‍വിളിയായി തോന്നുന്ന പദ്ധതികള്‍ക്കു പണം ലഭിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് പരസ്യമായി പ്രതികരിച്ചതോടെയാണ് സിപിഐ നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടത്. പദ്ധതി പരീക്ഷണാര്‍ഥം ചില ജില്ലകളില്‍ മാത്രം നടപ്പാക്കിയാല്‍ മതിയെന്നും പ്രീമിയം കുറയ്ക്കണമെന്നുമായിരുന്നു ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍.

ഇവ ഒരു കാരണവശാലും പാലിക്കില്ലെന്നും പദ്ധതിയില്‍ മാറ്റം വരുത്തണമെങ്കില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും സിപിഐ തിരിച്ചടിച്ചു. ധനവകുപ്പിന്റെ ശാഠ്യങ്ങള്‍ക്കു കൃഷിവകുപ്പു വഴങ്ങേണ്ടതില്ലെന്ന് സിപിഐ നേതൃത്വം മന്ത്രി മുല്ലക്കര രത്നാകരനു നിര്‍ദേശം നല്‍കി. കൃഷിക്കാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് വേരുറപ്പിക്കാനുതകുന്ന ക്ഷേമപദ്ധതിയായാണ് സിപിഐ കിസാന്‍ശ്രീയെ കാണുന്നത്. തോമസ് ഐസക്കിന്റെ വിമര്‍ശനത്തോടെ പദ്ധതി സിപിഐയുടെ അഭിമാനപ്രശ്നമായി മാറി. അതുകൊണ്ടുതന്നെ എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കാനായിരുന്നു കൃഷിവകുപ്പിന്റെ ശ്രമം.

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, നാഷനല്‍ ഇന്‍ഷുറന്‍സ് എന്നിവയുമായി ചേര്‍ന്നുള്ള പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം കൃഷിക്കാരെ ഉള്‍പ്പെടുത്തും. വാര്‍ഷികപ്രീമിയമായ 16 രൂപ സര്‍ക്കാര്‍ നല്‍കും. അപകടമരണത്തിനും അംഗവൈകല്യത്തിനും ഒരു ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതിയില്‍ ഒരു കൃഷിഭവന്‍ പരിധിയില്‍ രണ്ടുഹെക്ടറില്‍ താഴെ സ്ഥലമുള്ളവരും കൃഷി പ്രധാന വരുമാനമാര്‍ഗമായവരുമായ 500 കൃഷിക്കാരെ ഉള്‍പ്പെടുത്തും. പദ്ധതിക്ക് വിപുലമായ പ്രചാരണം നല്കണമെന്നും 14നു മുമ്പ് കൃഷിക്കാരെ ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കൃഷിവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

6. തദ്ദേശ സ്ഥാപനങ്ങളുടെ ഭൂപടങ്ങള്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ തയാറാക്കിയ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഡിജിറ്റലൈസ് ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ഭൂപടങ്ങള്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം സി.പി. നാരായണന്‍ പ്രകാശനം ചെയ്തു. വികസനപ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിന് ഇൌ ഭൂപടങ്ങള്‍ ആയുധമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പറേഷനുകള്‍ക്കു വേണ്ടി കോഴിക്കോട് മേയര്‍ എം. ഭാസ്കരന്‍, മുനിസിപ്പാലിറ്റികളെ പ്രതിനിധീകരിച്ച് മുനിസിപ്പല്‍ ചേംബര്‍ ചെയര്‍മന്‍ സി. ദിവാകരന്‍, ഗ്രാമപഞ്ചായത്തുകള്‍ക്കുവേണ്ടി സംസ്ഥാന പഞ്ചായത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബീന സണ്ണി എന്നിവര്‍ ഭൂപടങ്ങള്‍ ഏറ്റുവാങ്ങി. വി. ശിവന്‍കുട്ടി എംഎല്‍എ അധ്യക്ഷനായിരുന്നു. ആസൂത്രണബോര്‍ഡ് അംഗം പി.വി. ഉണ്ണിക്കൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍ എംപി, സര്‍വേ ഡയറക്ടര്‍ എസ്. രവീന്ദ്രന്‍, പ്രഫ എം.കെ. പ്രസാദ്, കെ.എസ്. ഹിരോഷ്കുമാര്‍, കെ. പ്രേംകുമാര്‍, എ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

7. കടലിലെ കേബിള്‍ മുറിഞ്ഞ് ഇന്റര്‍നെറ്റ് ബന്ധം തകര്‍ന്നു
മുംബൈ: മധ്യധരണ്യാഴി യിലൂടെയുള്ള കമ്യൂണിക്കേഷന്‍ കേബിള്‍ വിച്േഛദിക്കപ്പെട്ടതിനെ തുടര്‍ന്നു ഗള്‍ഫ് മേഖലയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള ഇന്റര്‍നെറ്റ് ശൃംഖല തകരാറിലായി. പുറംജോലി കരാറുകള്‍ ഏറ്റെടുത്തിട്ടുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതു കടുത്ത പ്രഹരമായി.

ഇന്ത്യയില്‍ ബാന്‍ഡ്വിഡ്ത്തില്‍ 50% മുതല്‍ 60% വരെ കുറവു സംഭവിച്ചതായി ഇന്ത്യയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ സംഘടനാ പ്രസിഡന്റ് രാജേഷ് ഛാരിയ അറിയിച്ചു. സാധാരണ നിലയിലേക്കു മടങ്ങിവരാന്‍ 10 മുതല്‍ 15 വരെ ദിവസം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇൌജിപ്തിലെ അലക്സാന്‍ട്രിയയില്‍ കേബിള്‍ സംവിധാനത്തിലുണ്ടായ തകരാറാണു കുഴപ്പത്തിനു കാരണമെന്നും ബദല്‍ കേബിള്‍ വഴി ബന്ധം ഏറെക്കുറെ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഇന്റര്‍നെറ്റ് സേവനദാതാവായ വിദേശ് സഞ്ചാര്‍ നിഗം അറിയിച്ചു.

കേബിള്‍ എങ്ങനെയാണു വിച്ഛേദിക്കപ്പെട്ടതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതുമൂലം ഇന്റര്‍നെറ്റ് ശൃംഖലയുടെ 70% വരെ തകരാറിലായിട്ടുണ്ടെന്നും ഇൌജിപ്ത് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.

8. മഹാരാഷ്ട്ര: വിവാഹത്തിനു മുന്‍പ് എച്ച്ഐവി പരിശോധന നിര്‍ബന്ധം
മുംബൈ: വിവാഹത്തിനു മുന്‍പ് എച്ച്ഐവി പരിശോധന നിര്‍ബന്ധമാ ക്കണമെന്ന അഭിഭാഷക അസോസിയേഷന്റെ നിര്‍ദേശം നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം മൂന്നു മാസത്തിനകം പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വിമല്‍ തായ് മുണ്ടട അറിയിച്ചു.

എച്ച്ഐവി ബാധിതരെ വിവാഹം കഴിക്കുന്നതുമൂലം പങ്കാളിക്കും സന്താനങ്ങള്‍ക്കും രോഗം വരുന്നുവെന്നും ഇതു തടയാന്‍ വിവാഹത്തിനു മുന്‍പ് എച്ച്ഐവി പരിശോധന നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര ലോ ഗ്രാജ്വേറ്റ് അസോസിയേഷന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി സംബന്ധിച്ച് കോടതി ഇൌയിടെ സര്‍ക്കാറിന്റെ അഭിപ്രായം തേടിയിരുന്നു.

ഇന്നലെ മന്ത്രിമാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും  യോഗത്തിലാണ് തീരുമാനമെന്ന് അസോസിയേഷന്‍ സെക്രട്ടറി ജയാ നായര്‍ അറിയിച്ചു.

9. പാതി വേവിച്ച മുട്ട കഴിക്കരുതെന്ന് തമിഴ്നാട്ടില്‍ നിര്‍ദേശം
ചെന്നൈ: പക്ഷപ്പനി ഭീതി പടരുന്നതിനിടെ, പാതി വേവിച്ച മുട്ട കഴിക്കുന്നത് ഒഴിവാക്കാന്‍ തമിഴ്നാട് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. പച്ചമുട്ടയ്ക്കു പുറമെ, പാതി വേവിച്ചമുട്ടയും നന്നായി വേവിക്കാത്ത കോഴിയിറച്ചിയും കഴിക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം.

സംസ്ഥാനത്ത് ഒരിടത്തും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കോഴിക്കര്‍ഷകര്‍ക്കിടയിലും കോഴിയുല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കിടയിലും ഭീതി പടര്‍ന്നതോടെയാണ് മുന്‍കരുതലെന്ന നിലയിലുള്ള നിര്‍ദേശങ്ങള്‍. കോഴിയിറച്ചി കഴിക്കുന്നതില്‍ കുഴപ്പമില്ലെങ്കിലും നന്നായി വേവിച്ചു കഴിക്കുകയാണ് ഉചിതം. വീടുകളില്‍ വളര്‍ത്തുന്ന കോഴികളെ അതിരാവിലെ പുറത്തുവിടാതിരിക്കുക, താറാവ്, ടര്‍ക്കി തുടങ്ങിയവയുമായി ഇടകലരുന്നത് ഒഴിവാക്കുക എന്നിവയാണു മറ്റു നിര്‍ദേശങ്ങള്‍.

സ്കൂളുകളില്‍ ഉച്ചഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്ന കോഴിമുട്ടകള്‍ നന്നായി പുഴുങ്ങിയശേഷം മാത്രമെ വിതരണം ചെയ്യാവൂ. തങ്ങള്‍ വിതരണം ചെയ്യുന്ന കോഴി ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് കച്ചവടക്കാര്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതരില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന മുട്ടകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലാ അധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w