മംഗളം ദിനപത്രത്തിന് ആശംസകള്‍ – യൂണികോഡിലായതിന്

1. വ്യോമ മേഖലയില്‍  പൂര്‍ണ വിദേശ നിക്ഷേപം
ന്യൂഡല്‍ഹി: വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, വിമാനത്താവളങ്ങളിലെ ഗ്രൌണ്ട്ഹാന്‍ഡ്്ലിങ് സര്‍വീസുകള്‍, ചരക്കുകൈമാറ്റം, വായ്പാ വിവര സേവനം എന്നീ മേഖലകളില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. എണ്ണശുദ്ധീകരണശാലകളിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ആക്കി ഉയര്‍ത്തി.

ടൈറ്റാനിയമടങ്ങിയ ധാതുലവണങ്ങള്‍ കുഴിച്ചെടുക്കുന്നതിനും നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. റെയില്‍വെയില്‍ പശ്ചാത്തല സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന റൈറ്റ്സിന്റെയും ബിഎസ്എന്‍എല്ലിന്റെയും ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന പ്രധാന ഉദാരവല്‍ക്കരണ നടപടികളാണിത്. ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിന് ഇത് കാരണമാകും.

സിവില്‍ വ്യോമയാന രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങളാണ് ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം എടുത്തത്. വിമാനങ്ങളുടെ നടത്തിപ്പ്, അറ്റകുറ്റപ്പണികള്‍, മാറ്റംവരുത്തല്‍, സിവില്‍ വ്യോമയാന പരിശീലനസ്ഥാപനങ്ങള്‍, സാങ്കേതിക പരിശീലനസ്ഥാപനങ്ങള്‍, ഹെലികോപ്ടര്‍ സര്‍വീസ്, തീരദേശപട്ടണങ്ങളെ ബന്ധിപ്പിക്കുന്ന വ്യോമയാനസര്‍വീസുകള്‍ തുടങ്ങിയ മേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപമാണ് അനുവദിച്ചിട്ടുള്ളത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ അനുവാദം വേണമെന്ന നിബന്ധന മാത്രമാണുള്ളത്.

ഗ്രൌണ്ട്ഹാന്‍ഡ്ലിങ് സര്‍വീസുകള്‍ വിദേശ കമ്പനികള്‍ക്ക് കൈമാറാനുള്ള തീരുമാനം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് സിഐടിയു സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.

ടൈറ്റാനിയമുള്ള ധാതുലവണങ്ങള്‍ കുഴിച്ചെടുക്കുന്നതിന് വിദേശകമ്പനികളെ അനുവദിച്ചിരിക്കയാണ്. ഈ ധാതുക്കളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍തന്നെ സ്ഥാപിക്കണമെന്നും അതിനുള്ള സാങ്കേതികവിദ്യ നല്‍കണമെന്നും നിബന്ധന വച്ചിട്ടുണ്ട്. എന്നാല്‍, കുഴിച്ചെടുക്കുന്ന അയിരുകള്‍ കയറ്റുമതിചെയ്യാന്‍ അനുവാദമുള്ള സ്ഥിതിക്ക് ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന് പറയാനാവില്ല.

എണ്ണശുദ്ധീകരണശാലകളിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തി. നേരത്തെ എച്ച്പിസിഎല്ലില്‍ ലക്ഷ്മി മിത്തല്‍ ഗ്രൂപ്പിന് 49 ശതമാനം ഓഹരി അനുവദിച്ചിരുന്നു. അത് എല്ലാ കമ്പനികള്‍ക്കും ഇപ്പോള്‍ ബാധകമാക്കിയിരിക്കയാണ്. എന്നാല്‍, നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഓഹരിവില്‍പ്പന ലക്ഷ്യമാക്കുന്നില്ല. തല്‍ക്കാലം ഈ മേഖല പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങില്ലെങ്കിലും ഭാവിയില്‍ അതിലേക്കുള്ള ചുവടുവയ്പ്് നടത്തിയിരിക്കയാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വ്യാപാരം നടത്തുന്ന വിദേശകമ്പനി 26 ശതമാനം ഓഹരി ഇന്ത്യന്‍പങ്കാളിക്ക് നല്‍കണമെന്ന നിബന്ധന എടുത്തുകളയാന്‍ തീരുമാനിച്ചു. ബ്രിട്ടീഷ് ഗ്യാസ് പോലുള്ള വിദേശകമ്പനികള്‍ക്ക് ഇത് ഗുണകരമാവും.

2. വ്യക്തിഹത്യയുടെ തരംതാണ വഴിയില്‍ വീണ്ടും മാതൃഭൂമി
തിരു: ന്യായാധിപന്മാരുടെ പരാമര്‍ശമില്ല, അഭിഭാഷകരോ കേസന്വേഷിക്കുന്ന ഏജന്‍സിയോ ഹൈക്കോടതി മുമ്പാകെ വന്ന ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ പേര് പറഞ്ഞില്ല, എന്നിട്ടും ‘പിണറായിയെ ചോദ്യംചെയ്യു’മെന്ന ലീഡ് വാര്‍ത്തയുമായി മാതൃഭൂമി വ്യക്തിഹത്യയുടെ നെറികെട്ട മുഖം ബുധനാഴ്ചയും പ്രകടിപ്പിച്ചു. മറ്റു ചിലരില്‍നിന്ന് സിബിഐ തെളിവെടുത്തെന്ന് എഴുതിയപ്പോള്‍ സിപിഐ എം സംസ്ഥാനസെക്രട്ടറിയെ ചോദ്യംചെയ്യുമെന്നായി. കരാര്‍ ഒപ്പിട്ട മുന്‍മന്ത്രി ജി കാര്‍ത്തികേയന്റെ കാര്യം പരാമര്‍ശിച്ചുമില്ല.

പാര്‍ടികോണ്‍ഗ്രസിന്റെ മുന്നോടിയായി സിപിഐ എം സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ കൊടുമ്പിരിക്കൊണ്ടതാണ് മാതൃഭൂമിയുടെ ഈ രോഗം. ജില്ലാസമ്മേളനങ്ങള്‍വരെ മാതൃഭൂമിയും കൂട്ടാളികളായ അപവാദവ്യവസായികളും ഉദ്ദേശിച്ച കാര്യങ്ങള്‍ നടന്നില്ല. മാതൃഭൂമി ഒരുക്കിയ കെണിയില്‍ പാര്‍ടിപ്രവര്‍ത്തകര്‍ വീണില്ലെന്നു കണ്ടാണ് സംസ്ഥാനസമ്മേളനം കണക്കിലെടുത്ത് ‘ചോദ്യം ചെയ്യലെന്ന’ ഞെട്ടിക്കല്‍ വാര്‍ത്ത. ഇതേ വാര്‍ത്തതന്നെ ഒന്നാംപേജില്‍ ഒന്നിലേറെ തവണ മാതൃഭൂമി കൊടുത്തിരുന്നു. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരികാന്തരീക്ഷത്തില്‍ ദുര്‍ഗന്ധം പരത്തുന്ന ക്രൈം വാരികയെ സ്പോണ്‍സര്‍ചെയ്യുന്ന മാതൃഭൂമിയാണ് ഹൈക്കോടതിയില്‍ ലാവ്ലിന്റെ പേരിലുള്ള ഹര്‍ജിയുടെ പിന്നില്‍ ചരടുവലിക്കുന്നത് എന്നതിന്റെ തെളിവാണ് മറ്റൊരുപത്രത്തിലും ബുധനാഴ്ച കാണാത്ത ഈ വാര്‍ത്ത. പാര്‍ടിനേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ സ്ഥിരം ഹര്‍ജികള്‍ സമര്‍പ്പിക്കലാണ് ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ ജോലി. ഇയാളുടെ ഹര്‍ജികളില്‍ ചിലത് കോടതി തള്ളിയതാണ്. ലാവ്ലിന്‍ കേസില്‍ അന്വേഷണപുരോഗതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരത്തേ തള്ളിയിരുന്നു. എന്നാല്‍,ഇതേ ആവശ്യവുമായി ഇയാള്‍ കഴിഞ്ഞദിവസം ഉപഹര്‍ജി നല്‍കി. ചൊവ്വാഴ്ച ഇത് പരിഗണനയ്ക്കുവന്നപ്പോള്‍ കോടതി അന്വേഷണത്തെക്കുറിച്ച് ആരാഞ്ഞതല്ലാതെ മറ്റ് പരാമര്‍ശം നടത്തിയില്ല. എന്നാല്‍ മാതൃഭൂമി, കോടതി പരാമര്‍ശമെന്ന നിലയില്‍ പുളിച്ച വാര്‍ത്ത വീണ്ടും വിളമ്പി.

3. വാണിജ്യ നികുതിയില്‍ 88 കോടി വര്‍ധന
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഷോപ്പിങ് ഫെസ്റ്റിവലില്‍ ആദ്യ 31 ദിവസം വാണിജ്യനികുതി വരുമാനത്തില്‍ വന്‍ വര്‍ധനവ്. 2007 ഡിസംബറിലെ വാണിജ്യനികുതി വരുമാനത്തില്‍ 2006 ഡിസംബറിനെ അപേക്ഷിച്ച് 88 കോടി രൂപയുടെ വര്‍ധനയുണ്ടായതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡിസംബറിലെ യഥാര്‍ഥ നികുതി വര്‍ധന 95 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ എന്‍ സതീഷ് പറഞ്ഞു. അന്തിമ കണക്ക് ആയിട്ടില്ല. 2006 ഡിസംബറില്‍ വാണിജ്യനികുതി വരുമാനം 561 കോടിയായിരുന്നു. 2007 ഡിസംബറിലെ കണക്ക് സൂചിപ്പിക്കുന്നത് 649 കോടി രൂപയുടെ വരുമാനമാണ്. ജനുവരി ഒന്നുമുതല്‍ പതിനഞ്ചുവരെയുള്ള കണക്കെടുപ്പ് പൂര്‍ത്തിയായില്ല. പ്രതീക്ഷക്കപ്പുറമുള്ള വ്യാപാരക്കുതിപ്പ് മേള ഉപഭോക്താക്കള്‍ സ്വാഗതം ചെയ്തതിന്റെ തെളിവായി.

പതിവുരീതിക്ക് വിരുദ്ധമായി പാറശാല മുതല്‍ കാസര്‍കോടുവരെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കിയാണ് 45 ദിവസത്തെ മേള സംഘടിപ്പിച്ചത്. വ്യാപാര, വാണിജ്യ, വ്യവസായ, ആയുര്‍വേദ മേഖലയിലുള്ള 2195 സ്ഥാപനങ്ങള്‍ പങ്കാളിയായി. വസ്ത്ര-സ്വര്‍ണാഭരണ മേഖലയില്‍ ഒമ്പതുലക്ഷം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്തു. ഓട്ടോമൊബൈല്‍ രംഗത്ത് 20,000 കൂപ്പണ്‍ നല്‍കി. 200 കോടി രൂപയുടെ ഇടപാട് ഫെസ്റ്റിവല്‍ കാലയളവില്‍ ഈ രംഗത്തുണ്ടായതായി കണക്കാക്കുന്നു. ഗൃഹോപകരണരംഗത്ത് 50 കോടിയുടെ വില്‍പ്പന നടന്നു. ഒന്നരലക്ഷം കൂപ്പണ്‍ നല്‍കി. മേളയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചു. രജിസ്ട്രേഷന്‍ ഫീസ്, സ്പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ രണ്ടേമുക്കാല്‍ കോടി രൂപയും കണ്ടെത്തി. 10 കോടിയോളം രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാലു കോടിയോളം രൂപ പ്രചാരണങ്ങള്‍ക്കായി.

മറ്റെങ്ങും ലഭിക്കാത്ത സമ്മാനങ്ങളും മേളയ്ക്ക് മികവേകി. ആറു വാരാന്ത്യ നറുക്കെടുപ്പിലൂടെ 72 ഹ്യൂണ്ടായ് സാന്‍ട്രോ കാറും 72 സോണി ബ്രാവ്യോ എല്‍സിഡി ടിവിയും മെഗാ സമ്മാനമായി മൂന്ന് മെഴ്സിഡസ് ബെന്‍സ് കാറും മൂന്നു ഫ്ളാറ്റും സമ്മാനം നല്‍കി. 10 പേര്‍ക്ക് വിദേശ യാത്രയ്ക്കുള്ള അവസരവും ലഭിച്ചു. പ്രത്യേകമായി നടത്തിയ നറുക്കെടുപ്പിലൂടെ ഒരു മെസ്ഴിഡസ് ബെന്‍സ് കാറിനും ആറു ഹ്യൂണ്ടായി കാറിനും മേളയില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ ഉടമകളായി.

4. ഇന്ത്യന്‍ സേവന കയറ്റുമതിക്ക് ഭീഷണി; വില ഇനിയും കൂടും
ന്യൂഡല്‍ഹി: അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലുണ്ടായ തകര്‍ച്ച ഇന്ത്യയുടെ സേവന കയറ്റുമതിയെ ഗുരുതരമായി ബാധിക്കും. നാണയപ്പെരുപ്പവും വിലക്കയറ്റവും വര്‍ധിക്കും. തൊഴിലില്ലായ്മ വര്‍ധിക്കുമെന്നും സാമ്പത്തികത്തകര്‍ച്ച കൂടുതല്‍ രൂക്ഷമാകുമെന്നും ലോകബാങ്ക് തന്നെ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയില്‍നിന്നുള്ള സേവനക്കയറ്റുമതിയില്‍ വലിയൊരു ഭാഗം അമേരിക്കയിലേക്ക് ആയതിനാല്‍ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്ന് പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനും ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസിലെ പ്രൊഫസറുമായ സി പി ചന്ദ്രശേഖര്‍ ‘ദേശാഭിമാനി’യോട് പറഞ്ഞു.

അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ചരക്കു കയറ്റുമതിയുടെ ഇരട്ടിയിലധികമാണ് സേവന കയറ്റുമതി. പുറംതൊഴില്‍ കരാര്‍ പ്രകാരം ഇന്ത്യയിലേക്കു വരുന്ന തൊഴിലവസരങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

ആഗോള സാമ്പത്തികമാന്ദ്യംമൂലം ലോകത്താകെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുറയുകയും ഭക്ഷ്യവസ്തുക്കളുടെ വില ഉയരുകയും ചെയ്തിട്ടുണ്ട്. ഈ പ്രവണത തുടരാനാണ് സാധ്യത. അതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ വിവിധ വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് തുടരുകയാണ്. അമേരിക്കയിലെ ഏറ്റവും പ്രധാന വിമാനക്കമ്പനിയായ ഡെല്‍റ്റയില്‍ നിന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. വന്‍ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്ന പ്രവണത അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ശക്തമാവുകയാണ്.

അമേരിക്കയിലേക്കുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെയും ഇത് ബാധിക്കും. ഡോളറിനുണ്ടായ മൂല്യത്തകര്‍ച്ചമൂലം കയറ്റുമതിമേഖല നേരിടുന്ന നഷ്ടത്തിനു പുറമെയായിരിക്കും കയറ്റുമതി കുറയുന്നതു മൂലമുണ്ടാകുന്ന നഷ്ടം. കയറ്റുമതി കുറയുന്നത് ചെറുകിട വ്യവസായ യൂണിറ്റുകളെയും പ്രതിസന്ധിയിലാക്കും.

ലോകത്തെ ഭക്ഷ്യധാന്യശേഖരം കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വെല്ലുവിളി നേരിട്ട വര്‍ഷമായിരുന്നു 2007. ലോകവ്യാപകമായി ഭക്ഷ്യധാന്യവില വര്‍ധിച്ചു. കാര്‍ഷികോല്‍പ്പാദനം ചൈനയിലടക്കം കുറയുകയാണ്. ചൈന ഭക്ഷ്യധാന്യ ഇറക്കുമതി വര്‍ധിപ്പിക്കുകയുംചെയ്തു. ഇന്ത്യയിലും ഭക്ഷ്യധാന്യ ഉല്‍പ്പാദനം പ്രതിസന്ധിയിലാണ്.

ഭക്ഷ്യവസ്തുക്കള്‍ ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ വന്‍തോതില്‍ മാറ്റുന്നതും ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാണ്. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിച്ച ചോളത്തിന്റെ 20 ശതമാനം ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനായി വഴിമാറ്റി. ഗോതമ്പുപാടങ്ങള്‍ വന്‍തോതില്‍ ചോളക്കൃഷിക്കായി മാറ്റിക്കൊണ്ടിരിക്കുന്നു. ഇതുമൂലം ഗോതമ്പിന്റെ വില അന്താരാഷ്ട്രവിപണിയില്‍ വന്‍തോതില്‍ ഉയരുകയാണ്.

5. ഗാന്ധിജിയുടെ അവസാന ചിതാഭസ്മവും നിമജ്ജനം ചെയ്തു
മുംബൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന ചിതാഭസ്മവും അറബിക്കടലില്‍ ഒഴുക്കി. ഗാന്ധിജിയുടെ 60-ാം ചരമ വാര്‍ഷിക ദിനമായ ബുധനാഴ്ച ദക്ഷിണ മുംബൈയിലെ ഗിര്‍ഗാം ചൌപതിയില്‍ നടന്ന ചടങ്ങിലാണ് ചിതാഭസ്മം കടലിലൊഴുക്കിയത്.

മുംബൈയിലെ മണി ഭവനില്‍ സൂക്ഷിച്ചിരുന്ന ചിതാഭസ്മമാണ് ഗാന്ധിജിയുടെ ബന്ധുക്കളുടെ അഭ്യര്‍ഥനപ്രകാരം കടലിലൊഴുക്കിയത്. പ്രമുഖ വ്യവസായി ജമനാലാല്‍ ബജാജിന്റെ ചെറുമകന്‍ ഭരത് നാരായണനാണ് ഇത് സംരക്ഷിച്ചിരുന്നത്. ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു നിമജ്ജനം. ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ എസ് എം കൃഷ്ണ, ഉപമുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ തുടങ്ങിയവരും ഗാന്ധിജിയുടെ അനുയായികളും ചടങ്ങില്‍ പങ്കെടുത്തു.

1948 ല്‍ ഹിന്ദു വര്‍ഗീയവാദിയായ ഗോഡ്സെയുടെ വെടിയേറ്റ് മരിച്ച ഗാന്ധിജിയുടെ ചിതാഭസ്മം അന്ന് രാജ്യത്തെ പ്രധാന നദികളിലും കടലുകളിലും ഒഴുക്കിയിരുന്നു. അന്ന് ഒഴുക്കാതെ സൂക്ഷിച്ച രണ്ടാമത്തെ ചിതാഭസ്മമാണിത്. 1997 ല്‍ ഭുവനേശ്വറിലെ ഒരു ബാങ്ക് ലോക്കറില്‍ നിന്നാണ് മുമ്പ് ചിതാഭസ്മം കണ്ടെത്തിയത്. ഇത് പിന്നീട് നിമജ്ജനംചെയ്തു.

രാജ്യം മുഴുവന്‍ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. രാജ്ഘട്ടില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങി ഒട്ടേറെപേര്‍ ആദരാഞജലി അര്‍പ്പിച്ചു.

6. ആംബുലന്‍സ് സേവനത്തിന് രാജ്യമാകെ ഒറ്റ ഫോണ്‍നമ്പര്‍
ന്യൂഡല്‍ഹി: രാജ്യത്താകെ ഒരു പൊതു നമ്പരില്‍ വിളിച്ചാല്‍ ആംബുലന്‍സ് സേവനം ലഭ്യമാകുന്ന പദ്ധതി ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദോസ് പറഞ്ഞു. ഈ ടെലിഫോണ്‍ നമ്പരിലേക്കുള്ള വിളി സൌജന്യമായിരിക്കും. എട്ടു മുതല്‍ 15 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് സൌകര്യം ലഭ്യമാകും.

സുവര്‍ണ ചതുഷ്കോണപാതകളിലും ദേശീയപാതകളിലും ട്രോമകെയര്‍ സെന്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതി 2010 ഓടെ പൂര്‍ത്തിയാകും. എട്ടാമത് എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് ഓണ്‍ സോഷ്യല്‍ സെക്ടര്‍ ഇഷ്യൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിന് 24 കോടി രൂപ അനുവദിച്ചു. ഇന്‍സ്റിറ്റ്യൂട്ടിനായി തെരഞ്ഞെടുത്ത അഞ്ചേക്കര്‍ സ്ഥലം അനുയോജ്യമാണെന്നു കണ്ടെത്തിയിട്ടുണ്ട്്.

കുട്ടികളുടെ അവകാശം സംരക്ഷിക്കാനുള്ള സംസ്ഥാനതല കമീഷനുകള്‍ ഉടന്‍ രൂപീകരിക്കുമെന്ന് വനിത-കുടുംബക്ഷേമമന്ത്രി രേണുകാചൌധരി പറഞ്ഞു. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ടെലിവിഷന്‍ പരിപാടികളും പരസ്യങ്ങളും തടയാന്‍ നിയമം കൊണ്ടുവരും. ഇതിനായി ശുപാര്‍ശ സമര്‍പ്പിക്കാന്‍ കുട്ടികള്‍ക്കായുള്ള ദേശീയകമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിശുക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്ക് അക്രിഡിറ്റേഷന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ദത്തെടുക്കല്‍ സംബന്ധിച്ച് ദേശീയതലത്തില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

7. തെല്‍ഗിക്ക് 10 വര്‍ഷം തടവും മൂന്നുകോടി പിഴയും
ചെന്നൈ: തമിഴ്നാട്ടില്‍ നടന്ന കോടികളുടെ മുദ്രപ്പത്ര കുംഭകോണക്കേസിലെ മുഖ്യ പ്രതി അബ്ദുള്‍ കരീം തെല്‍ഗിക്ക് സിബിഐ പ്രത്യേക കോടതി പത്തുവര്‍ഷം കഠിനതടവും മൂന്നുകോടി രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. ചെന്നൈയില്‍ ബുധനാഴ്ച രാവിലെ പ്രത്യേക കോടതി ജഡ്ജി എന്‍ വേലുവാണ് വിധി പ്രസ്താവിച്ചത്. ഗൂഢാലോചന, വഞ്ചന, സര്‍ക്കാര്‍ രേഖകള്‍ ദുരുപയോഗപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. മുദ്രപ്പത്ര കുംഭകോണക്കേസില്‍ പുണെ കോടതി തെല്‍ഗിക്ക് 13 വര്‍ഷം കഠിനതടവിന് നേരത്തേ ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.

കൂട്ടുപ്രതികളായ നാലുപേരുടെ ശിക്ഷയും ബുധനാഴ്ച വിധിച്ചു. അബ്ദുള്‍ വാഹിദിന് അഞ്ചുവര്‍ഷം തടവും മൂന്നുലക്ഷം പിഴയും ബാലാജിക്ക് അഞ്ചുവര്‍ഷം തടവും രണ്ടുകോടി പിഴയും ജേക്കബ് ചാക്കോയ്ക്ക് അഞ്ചുവര്‍ഷം തടവും മൂന്നുലക്ഷം പിഴയും പീറ്റര്‍ കെന്നഡിക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു. പ്രതികള്‍ നേരത്തേ അനുഭവിച്ച ജയില്‍വാസം ശിക്ഷാകാലാവധിയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി നടന്ന 30,000 കോടിയുടെ മുദ്രപ്പത്ര കുംഭകോണത്തില്‍ 5000 കോടിയുടെ വെട്ടിപ്പ് നടന്ന തമിഴ്നാട്ടില്‍ സിബിഐ പ്രത്യേകം അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട് മുന്‍ ഡിഐജി മുഹമ്മദ് അലി ഉള്‍പ്പെടെ 11 പേരാണ് കേസിലെ പ്രതികള്‍. നേരത്തേ കുറ്റം സമ്മതിച്ച ബാംഗ്ളൂര്‍ സ്വദേശി സര്‍ഫറോസ് നവാസിന് അഞ്ചുവര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. കുറ്റം സമ്മതിക്കാത്ത മുഹമ്മദലി ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കെതിരായ കേസില്‍ ഫെബ്രുവരി 15ന് കോടതി വാദം കേള്‍ക്കും.

8. ചാര ഉപഗ്രഹം ഭൂമിയില്‍ പതിക്കല്‍ നേരിടാന്‍ നടപടി
വാഷിങ്ടണ്‍: നിയന്ത്രണംവിട്ട അമേരിക്കയുടെ ചാര ഉപഗ്രഹം ഭൂമിയില്‍ പതിച്ചാലുണ്ടാകുന്ന സാഹചര്യം നേരിടാന്‍ നടപടി തുടങ്ങി. 2006ല്‍ അമേരിക്ക വിക്ഷേപിച്ച ‘യുഎസ് 193’ ഉപഗ്രഹമാണ് ഭൂമിയിലേക്ക് പതിക്കാനിരിക്കുന്നത്.

വൈദ്യുതിബന്ധം തകരാറിലായ ഉപഗ്രഹം തീര്‍ത്തും പ്രവര്‍ത്തനരഹിതമാണ്. ഉപഗ്രഹത്തിന്റെ ചില കഷണങ്ങള്‍ ഭ്രമണപഥത്തില്‍നിന്ന് കത്തിനശിക്കാതെ ഭൌമാന്തരീക്ഷത്തില്‍ എത്തും. ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യമോ ഇത് വടക്കേ അമേരിക്കയില്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മാരകമായ രാസവസ്തുക്കളാണ് ഇതിനുള്ളില്‍.

ദുരന്തനിവാരണ ഏജന്‍സിയും ആഭ്യന്തര സുരക്ഷാവിഭാഗവും മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്ന് അമേരിക്കന്‍ എയര്‍ഫോഴ്സ് നോര്‍ത്തേണ്‍ കമാന്‍ഡന്റ് ജനറല്‍ ഗനെ റിനോര്‍ട് പറഞ്ഞു.

9. കാര്‍ഷിക കടാശ്വാസം വയനാട് ജില്ലയില്‍
വി എസ് അച്യുതാനന്ദന്‍

ഒന്നരവര്‍ഷം മുമ്പ് കല്‍പ്പറ്റയില്‍വച്ച് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് ചോദിച്ചു, കാര്‍ഷിക കടങ്ങള്‍ മുഴുവന്‍ എഴുതി ത്തള്ളുമോ? കര്‍ഷകന്‍ എടുത്ത കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളുമോ? കൃഷിക്കാര്‍ എടുത്ത എല്ലാ കടങ്ങളും എഴുതിത്തള്ളാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്. കടം എഴുതിത്തള്ളുന്നതുള്‍പ്പെടെ കടാശ്വാസനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും എന്ന് എല്ലാ കാര്യങ്ങളും വിശദീകരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. പക്ഷേ, പിറ്റേദിവസം മിക്ക പത്രങ്ങളിലും വലിയ തലക്കെട്ടായി വന്നത് കാര്‍ഷിക കടം എഴുതിത്തള്ളില്ല-മുഖ്യമന്ത്രി എന്നാണ്. ആ തലക്കെട്ടുയര്‍ത്തിപ്പിടിച്ച് യുഡിഎഫ് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍വരെ നടത്തി. കടം എഴുതിത്തള്ളില്ലെന്ന് ഞാന്‍ പറഞ്ഞതായി പ്രചരിപ്പിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ സര്‍ക്കാരിനെതിരെ ആക്ഷേപം ചൊരിഞ്ഞു.

വാസ്തവത്തില്‍ അന്ന് ഞാന്‍ വിശദീകരിച്ചത് വയനാട് ജില്ലയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കൃഷിക്കാര്‍ അകപ്പെട്ട കടക്കെണിയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ദീര്‍ഘകാല-ഹ്രസ്വകാല നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ്.

കാര്‍ഷിക പ്രതിസന്ധിയും കടക്കെണിയും പരിഹരിക്കാന്‍ കടം എഴുതിത്തള്ളുകയാണ് ഏക പോംവഴിയെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. കടം എഴുതിത്തള്ളുന്നതിന് നിരവധി പ്രശ്നങ്ങളുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി പരിഗണിക്കേണ്ടതുണ്ട്.

രണ്ടാമതായി സാമ്പത്തിക നടപടികള്‍ ഒരവസരത്തില്‍ മാത്രമുള്ള കാര്യമല്ല, തുടര്‍ച്ചയാണ്. ബാങ്കുകളുടെ നിലനില്‍പ്പും ബാങ്കിങ്ങിന്റെയും വായ്പാ സമ്പ്രദായത്തിന്റെയും തുടര്‍ച്ചയും വളര്‍ച്ചയുമൊക്കെ പരിഗണിക്കേണ്ട വിഷയമാണ്.

എന്നാല്‍, പശ്ചാത്തലം ഇതാണെങ്കിലും ദുരിതമനുഭവിക്കുന്ന കൃഷിക്കാരുടെ ഋണബാധ്യത പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ വേണംതാനും. ആര്‍ദ്രതയോടെയും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമായ ശാസ്ത്രീയമായ ഒരു സമീപനം ഇക്കാര്യത്തില്‍ ആവശ്യമാണ്. വയനാടിന്റെ കണ്ണീരൊപ്പണം; കേരളത്തിന്റെ കണ്ണീരൊപ്പണം. നമ്മുടെ കാര്‍ഷിക മേഖലയില്‍ ഉന്മേഷമുളവാക്കണം. അതിന് കടം എഴുതിത്തള്ളുക ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമായി വരും.

കടത്തിന്റെ സ്വഭാവവും സാഹചര്യവും എല്ലാ വശവും സൂക്ഷ്മമായി വിശകലനംചെയ്ത് അത് എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കേണ്ടിവരും. അത് പക്ഷേ, മന്ത്രിസഭ നേരിട്ട് ഒരുത്തരവിലൂടെ ചെയ്യുന്ന നടപടിയായിരിക്കില്ല. അതിനൊക്കെ വേണ്ടിയാണ് കടാശ്വാസ കമീഷന്‍.

നിലവിലുള്ള കടക്കെണിയില്‍നിന്ന് കൃഷിക്കാരെ രക്ഷിക്കാന്‍ വേണ്ട നടപടികളാണ് കമീഷന്‍ കൈക്കൊള്ളുക. കടാശ്വാസ കമീഷന് ഏതെങ്കിലും പ്രദേശത്തെയോ വിളയെയോ കാര്‍ഷിക ദുരന്തമേഖലയായി പ്രഖ്യാപിക്കാന്‍ അധികാരമുണ്ടാവും. ആ മേഖലകളില്‍ എന്തു ചെയ്യാനാകും? ഉദാഹരണത്തിന് വയനാട്-

കടദുരിതം അനുഭവിക്കുന്ന കൃഷിക്കാരില്‍നിന്ന് ഹര്‍ജികള്‍ സ്വീകരിക്കുക, കടത്തിന്റെ സ്വഭാവം പരിശോധിക്കുക, കൃഷിനാശമോ നഷ്ടമോ സംഭവിച്ചോ എന്നന്വേഷിക്കുക തുടങ്ങി എല്ലാ കാര്യങ്ങളും പഠിക്കുകയാണ് ആദ്യപടി. ഒറ്റത്തവണ തീര്‍പ്പാക്കല്‍, പലിശ ഇളവുചെയ്യല്‍, വേണ്ടി വന്നാല്‍ മുതല്‍ തിരിച്ചടവില്‍ത്തന്നെ കുറവുചെയ്യല്‍, കടം എഴുതിത്തള്ളല്‍, മൊറട്ടോറിയം പ്രഖ്യാപിക്കല്‍ തുടങ്ങിയ നടപടികളിലൂടെ കൃഷിക്കാരനെ കടക്കുരുക്കില്‍നിന്ന് ഇറക്കിക്കൊണ്ടു വരാനാകും. അതാണ് കടാശ്വാസ കമീഷന്റെ ചുമതല. ഇതാണ് കല്‍പ്പറ്റയില്‍ ഞാന്‍ സൂചിപ്പിച്ചത്. അതാണ് വളച്ചൊടിച്ചതും ആക്ഷേപിക്കപ്പെട്ടതും. കടാശ്വാസ കമീഷനെ യുഡിഎഫും മറ്റും പരിഹസിക്കുകയും കടാശ്വാസത്തിന് നീക്കിവച്ച തുക ലാപ്സാക്കുകയാണെന്ന് കുപ്രചാരണം നടത്തുകയുംചെയ്തു. എന്നാല്‍, അന്ന് കല്‍പ്പറ്റയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പ്രവൃത്തിയില്‍ എത്തിയിരിക്കുന്നു. ഇന്ത്യക്കാകെ മാതൃകയായി കേരളത്തില്‍ പ്രാബല്യത്തില്‍ വന്ന കാര്‍ഷിക കടാശ്വാസനിയമത്തിന്റെ ഗുണഫലം കൃഷിക്കാര്‍ക്ക് ലഭ്യമായിക്കഴിഞ്ഞു.

വയനാട് ജില്ലയെ ദുരിതബാധിത മേഖലയായി പ്രഖ്യാപിക്കുകയാണ് കടാശ്വാസ കമീഷന്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് ഒരേക്കറില്‍ താഴെമാത്രം ഭൂമിയുള്ള കൃഷിക്കാര്‍ സഹകരണ ബാങ്കുകളില്‍നിന്ന് എടുത്ത കാല്‍ലക്ഷം രൂപവരെയുള്ള കാര്‍ഷികവായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശുപാര്‍ശ ചെയ്തു. 2006 ജൂണ്‍ 30 വരെയുള്ള കാലയളവിലെ വായ്പയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഇത് സംബന്ധിച്ച തീരുമാനം മന്ത്രിസഭ അംഗീകരിച്ചുകഴിഞ്ഞു. 42100 കൃഷിക്കാരുടെ അമ്പത്തി ഒന്നുകോടി മുപ്പതുലക്ഷം രൂപയുടെ കടങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നാല്‍ സഹകരണസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ തുക നല്‍കുമെന്നാണ്. അല്ലാതെ സംഘങ്ങളെ തകര്‍ക്കുകയല്ല.

എന്നാല്‍, യുഡിഎഫ് ഭരണകാലത്ത് പലിശയിളവ് അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും അതിന്റെ ബാധ്യത സഹകരണസംഘങ്ങളുടെ തലയില്‍ത്തന്നെ വയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 2001 ഡിസംബര്‍ 29 ന് മുമ്പും അതിനു ശേഷവും കര്‍ഷകര്‍ സഹകരണസംഘങ്ങളില്‍നിന്ന് എടുത്ത വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയവും പലിശയിളവും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് സംഘങ്ങള്‍ ആനുകൂല്യങ്ങള്‍ നല്‍കുകയുംചെയ്തു. എന്നാല്‍, ആ ഇനത്തില്‍ സംഘങ്ങള്‍ക്ക് നല്‍കേണ്ട അമ്പത്തിമൂന്നു കോടി എഴുപത്തി മൂന്നു ലക്ഷത്തോളം രൂപ നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടാക്കിയില്ല. ഈ വഞ്ചന കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. ഇപ്പോഴത്തെ സര്‍ക്കാര്‍ ആ നയവഞ്ചന തിരുത്തുകയും 2004 ല്‍ യുഡിഎഫ് ഭരണകാലത്ത് കൃഷിക്കാര്‍ക്ക് പലിശയിളവ് നല്‍കിയ വകയില്‍ സംഘങ്ങള്‍ക്കുണ്ടായ ബാധ്യത കൊടുത്തു തീര്‍ക്കാന്‍ ഏതാനും ദിവസംമുമ്പ് തീരുമാനിക്കുകയും ചെയ്തു.

യുഡിഎഫ് ഗവണ്‍മെന്റിന്റെ ഭരണകാലത്താണ് കേരളത്തില്‍ കാര്‍ഷികമേഖല ആത്മഹത്യയുടെ വിളനിലമായത്. അഞ്ച് വര്‍ഷത്തിനിടയില്‍ ആയിരത്തഞ്ഞൂറില്‍പ്പരം കൃഷിക്കാര്‍ ആത്മഹത്യചെയ്തു. അതില്‍ ഏതാണ്ട് മൂന്നിലൊന്നും വയനാട് ജില്ലയിലായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ഒന്നാമത്തെ പരിഗണന നല്‍കിയത് കാര്‍ഷികമേഖലയില്‍നിന്ന് നൈരാശ്യമകറ്റി പുത്തനുണര്‍വ് ഉണ്ടാക്കുന്നതിനാണ്. ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ കുടുംബങ്ങള്‍ക്ക് അര ലക്ഷം രൂപ സഹായധനം, അവരുടെ കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളല്‍, മറ്റു കൃഷിക്കാരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം, പലിശയിളവ് എന്നിവ താല്‍ക്കാലിക നടപടിയായി സ്വീകരിച്ചു. തുടര്‍ന്ന് കാര്‍ഷിക കടാശ്വാസ കമീഷന്‍ രൂപീകരിച്ചു. കാര്‍ഷിക കടാശ്വാസം നല്‍കുന്നതിന് 160 കോടി രൂപ നീക്കിവച്ചു. അതിനുംപുറമെ വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ക്ക് വിദര്‍ഭാ പാക്കേജ് നേടിയെടുത്തു. അതിന്റെ ഭാഗമായി പലിശകള്‍ മുഴുവന്‍ എഴുതിത്തള്ളി. വയനാട്, പാലക്കാട് ഉള്‍പ്പെടെയുള്ള ദുരിതബാധിത ജില്ലകളില്‍ കാര്‍ഷിക മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. ആലപ്പുഴയിലും ഇടുക്കിയിലും പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിന് മുന്നൊരുക്കങ്ങള്‍ തുടങ്ങി. നെല്ലിന് കിലോയ്ക്ക് രണ്ടു രൂപ അധികം നല്‍കി സംഭരണം കാര്യക്ഷമമാക്കി, പച്ചത്തേങ്ങ സബ്സിഡി നല്‍കി സംഭരിക്കാന്‍ തുടങ്ങി.

ഇങ്ങനെ വിവിധങ്ങളായ നടപടികളിലൂടെ കാര്‍ഷികമേഖലയില്‍നിന്ന് ആത്മഹത്യാപ്രവണത തുടച്ചുനീക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ 36 ജില്ലകളാണ് കര്‍ഷക ആത്മഹത്യാമേഖലയായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരുന്നത്. അതില്‍ കേരളത്തില്‍നിന്നുള്ളത് വയനാടും പാലക്കാടും കാസര്‍കോടും. ഇന്ത്യയില്‍ കൃഷിക്കാര്‍ കടക്കെണിയിലായ ഗ്രാമത്തിലാകെ സഞ്ചരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ പി സായിനാഥ് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഈയിടെ എഴുതിയത് കേരളത്തിലെ മൂന്നു ജില്ലകളും കര്‍ഷക ആത്മഹത്യാപ്രവണതയില്‍നിന്ന് മുക്തമായി എന്നാണ്. അതേ സമയം 36 ല്‍ ഉള്‍പ്പെട്ട മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ മറ്റ് ജില്ലകളിലും കര്‍ഷക ആത്മഹത്യ തുടരുകയുമാണ്.

വയനാട്ടിലെയും കേരളത്തിലാകെയുമുള്ള കൃഷിക്കാരെ കടക്കെണിയില്‍നിന്ന് മോചിപ്പിക്കും, അവരുടെ കണ്ണീരൊപ്പും എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ്. അത് നല്ല തോതില്‍ സഫലമായിരിക്കുന്നു. യുഡിഎഫ് ഭരണകാലത്ത് ദുരിതത്തിലേക്ക് തള്ളിയിടപ്പെട്ട കൃഷിക്കാരെ അവിടെ നിന്ന് കരകയറ്റിയിരിക്കുന്നു. അങ്ങനെ കരകയറ്റാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സുപ്രധാനമാണ് കാര്‍ഷിക കടാശ്വാസ കമീഷന്‍, കമീഷന്റെ പ്രവര്‍ത്തനം തുടരുകയാണ്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള കൃഷിക്കാരുടെ കടങ്ങള്‍ സംബന്ധിച്ചും കമീഷന്‍ തെളിവെടുപ്പും പഠനവും നടത്തിവരികയാണ്. ഓരോ പ്രദേശത്തിന്റെയും അവിടത്തെ വിളകളുടെയും സ്ഥിതിഗതികള്‍ പഠിച്ച് കമീഷന്‍ നല്‍കുന്ന ശുപാര്‍ശകള്‍ പ്രകാരം സര്‍ക്കാര്‍ ആശ്വാസനടപടികള്‍ സ്വീകരിക്കും.

കാര്‍ഷിക മേഖലയില്‍ കടാശ്വാസ നടപടികള്‍ക്ക് ദേശീയതലത്തില്‍ ഒരു കടാശ്വാസ കമീഷന്‍ രൂപീകരിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ മാതൃകയില്‍ കേന്ദ്രനിയമം കൊണ്ടുവരണമെന്നതാണ് ആവശ്യം. പ്രധാനമന്ത്രിക്ക് പലതവണ നിവേദനം നല്‍കിയതാണ്. കഴിഞ്ഞമാസം നടന്ന ദേശീയ വികസനസമിതി യോഗത്തില്‍ വീണ്ടും പ്രശ്നം ഉയര്‍ന്നുവരികയുണ്ടായി. അതേത്തുടര്‍ന്ന് കടാശ്വാസ നടപടികള്‍ നിര്‍ദേശിക്കാനായി കമ്മിറ്റിയെ നിയോഗിക്കാന്‍ ആസൂത്രണകമീഷന്‍ സന്നദ്ധമായിട്ടുണ്ട്.

താല്‍ക്കാലികമായ കടാശ്വാസനടപടികള്‍കൊണ്ടോ കടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുകൊണ്ടോ കാര്‍ഷികമേഖലയെ പൂര്‍ണമായി രക്ഷിക്കാനാവില്ല. കാര്‍ഷികമേഖലയാണ് ഏറ്റവും അടിസ്ഥാനമേഖല എന്ന കാഴ്ചപ്പാടോടെ സബ്സിഡികള്‍ നല്‍കാനും ഇറക്കുമതിനയം തിരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയും കൃഷിമേഖലയിലെ പൊതു മുതല്‍മുടക്ക് വര്‍ധിപ്പിക്കുകയും വേണം. കടാശ്വാസനടപടികള്‍ അടിസ്ഥാനപരമല്ല; താല്‍ക്കാലികമാണ്.

Mangalam Daily in Unicode

മംഗളം എനിക്ക് യൂണിക്കോടായി കാണുവാന്‍ കഴിയുന്നു. നിങ്ങള്‍ക്കോ? 

മംഗളം പത്രം പൂര്‍ണമായി യുണികോഡില്‍ ആയതില്‍ സന്തോഷവും ആയിരമായിരം ആശംസകളും.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w