പത്രവാര്‍ത്തകള്‍ 30-01-08

1. ഒടുവില്‍ പാവപ്പെട്ടവരുടെ കോപ്പിയടിക്ക് ഇളവ് വേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: പരീക്ഷയിലെ കോപ്പിയടിക്ക് ദരിദ്രരും സമ്പന്നരുമെന്ന വ്യത്യാസമുണ്ടോ? ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ മക്കള്‍ കോപ്പിയടിക്കുന്നതിന് പിഴയീടാക്കുന്നതില്‍ ഇളവു നല്‍കണമെന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ ശുപാര്‍ശ സിന്‍ഡിക്കേറ്റ് വിവേചനപരമായി കണ്ടു. പകരം ഇളവ് എല്ലാവര്‍ക്കുമായി പ്രഖ്യാപിച്ചു.

ഇതുവരെ പരീക്ഷയില്‍ ക്രമക്കേട് കാട്ടുന്നതിന് പിടിക്കപ്പെട്ടാല്‍ സിന്‍ഡിക്കേറ്റ് സബ്കമ്മിറ്റി ഹിയറിങ്ങിന് വിളിക്കുമ്പോള്‍ 2000 രൂപ വിദ്യാര്‍ഥി അടയ്ക്കണമായിരുന്നു. തുടര്‍ന്ന് കുറ്റത്തിന്റെ ഗൌരവമനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ ചാന്‍സുകളില്‍ നിന്ന് വിലക്കുകയാണ് ശിക്ഷ. എന്നാല്‍ സ്വാധീനമുള്ളവര്‍,കോപ്പിയടി പിടിക്കപ്പെട്ട ചാന്‍സിന് മാത്രം വിലക്ക് ബാധകമാക്കി രക്ഷപ്പെടുകയാണ് പതിവ്. ഫലത്തില്‍ പിഴയായി അടയ്ക്കുന്ന 2000 രൂപയായി ശിക്ഷ ഒതുങ്ങും. വിദ്യാര്‍ഥി സംഘടനകളുടെ ശക്തമായ പിന്തുണയുള്ളവര്‍ ഈ പിഴ മാത്രമേ പലപ്പോഴും അടയ്ക്കാറുള്ളൂ.

ഇതില്‍ നിന്നുകൂടി രക്ഷപ്പെടാനാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പിഴ 1000 രൂപയാക്കി കുറയ്ക്കണമെന്ന ആവശ്യം സബ്കമ്മിറ്റി മുമ്പാകെ വന്നത്. ദാരിദ്ര്യരേഖ റേഷന്‍കാര്‍ഡിലെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. നാട്ടിലെ പതിവുപ്രകാരം റേഷന്‍കാര്‍ഡില്‍ ഭൂരിഭാഗംപേരും കുറഞ്ഞ വരുമാനംരേഖപ്പെടുത്തുമെന്നതിനാല്‍ 1000 രൂപയില്‍ പിഴ ഒതുങ്ങുന്ന തരത്തിലായിരുന്നു ശുപാര്‍ശ.

ചൊവ്വാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് സബ്കമ്മിറ്റിയുടെ ശുപാര്‍ശ തെറ്റായി വ്യാഖ്യാനിക്കുമെന്ന് വിലയിരുത്തി. കോപ്പിയടിക്ക് സാമ്പത്തികാടിസ്ഥാനത്തില്‍ രണ്ടു മാനദണ്ഡം ബാധകമാക്കുന്നത് ശരിയല്ലെന്ന് ചില അംഗങ്ങള്‍ വാദിച്ചു. ഇതേത്തുടര്‍ന്നാണ് 1000 രൂപയായി പിഴ കുറയ്ക്കാനും അത് എല്ലാവര്‍ക്കും ബാധകമാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

2. ഗാര്‍ഹിക പീഡനം: എല്ലാ ജില്ലകളിലും ഓഫീസറെ നിയമിക്കണമെന്നു കേന്ദ്രം
ന്യൂഡല്‍ഹി: വീടുകളില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ സഹായിക്കാനായി ഗാര്‍ഹിക പീഡന നിയമമനുസരിച്ച് എല്ലാ ജില്ലകളിലും പ്രത്യേക ഓഫീസറെ ഉടന്‍ നിയമിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി രേണുകാ ചൌധരി ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും പ്രത്യേക ഓഫീസറെ നിയമിക്കണമെന്ന നിര്‍ദേശം പാലിക്കാതെ സമഗ്ര ശിശുക്ഷേമ പദ്ധതിയില്‍പ്പെട്ട ഓഫീസര്‍മാരെ ഇതിനായി നിയോഗിക്കുന്നത് തെറ്റാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കുട്ടികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനായി കേരളം മാത്രമാണ് ശിശുസംരക്ഷണ കമ്മീഷന്‍ സ്ഥാപിച്ചിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളും എത്രയും പെട്ടെന്ന് ഇത് നടപ്പിലാക്കണമെന്നും രേണുകാ ചൌധരി നിര്‍ദേശിച്ചു.

അങ്കണവാടികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് തയ്യാറാണ്. അവയ്ക്ക് ആവശ്യമായ കെട്ടിടം നിര്‍മിക്കുന്നതിനു പണം നല്കാനും കേന്ദ്രം തയ്യാറാണ്.

3. അന്വേഷണ പുരോഗതി കോടതി തിരക്കി ലാവ്ലിന്‍: നൂറോളം പേരില്‍നിന്ന് തെളിവെടുത്തു; പിണറായിയെ ചോദ്യംചെയ്യും
കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നൂറോളം സാക്ഷികളില്‍ നിന്നായി തെളിവെടുത്തു. അന്വേഷണം അവസാനഘട്ടത്തില്‍ എത്തുന്നതോടെ മുന്‍ വൈദ്യുതിമന്ത്രിയും സിപിഎം സെക്രട്ടറിയുമായ പിണറായി വിജയനെ ചോദ്യംചെയ്യും.

തെളിവെടുപ്പിന്റെ ഭാഗമായി കാനഡയില്‍ പോകുന്നതിനായി അന്വേഷണ സംഘം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുന്നുണ്ട്. കേരളത്തിലും ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലും അന്വേഷണം നടത്തിയിട്ടുണ്ട്.

ഇതുവരെയായി നടത്തിയിട്ടുള്ള അന്വേഷണത്തിന്റെ പുരോഗതി വിവരിക്കുന്ന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ നല്‍കാന്‍ സിബിഐക്ക് ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് സിബിഐയുടെ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ കോടതിയെ അറിയിച്ചത്. സിബിഐ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണം കാര്യക്ഷമമാണെന്ന് അഭിഭാഷകര്‍ ഇതിനോടു പ്രതികരിച്ചപ്പോഴാണ് അതെക്കുറിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവും ജസ്റ്റിസ് കെ.എം.ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിബിഐ ചെന്നൈ യൂണിറ്റില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ അപ്പോള്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. അന്വേഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതി ചോദിച്ചിരുന്നുവെങ്കില്‍ ഉടനെ മറുപടി നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥനോട് എത്തിച്ചേരാന്‍ സിബിഐയുടെ അഭിഭാഷകര്‍ നിര്‍ദേശിച്ചിരുന്നത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനായിട്ടാണ് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്. അന്ന് പിണറായി വിജയനായിരുന്നു വൈദ്യുതി മന്ത്രി. 340 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. വിജിലന്‍സ് അന്വേഷിച്ചിരുന്ന കേസ് സിബിഐയെ ഏല്പിച്ചുകൊണ്ട് ഹൈക്കോടതിയാണ് കഴിഞ്ഞവര്‍ഷം ജനവരി 17ന് ഉത്തരവിട്ടത്.

മുന്‍ വൈദ്യുതിമന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കടവൂര്‍ ശിവദാസന്‍, എസ്.ശര്‍മ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരില്‍ നിന്ന് സിബിഐ നേരത്തെ തെളിവെടുത്തിരുന്നു.

4. കമ്പനിയില്‍ സിമന്റ് എടുക്കാനെത്തിയത് കള്ളവണ്ടി സ്പിരിറ്റുകടത്ത് കേസില്‍ ദുരൂഹതയേറുന്നു
പാലക്കാട്: മലബാര്‍ സിമന്റ്സിലെ ഗ്രീന്‍ചാനല്‍ ടോക്കണ്‍ ഉപയോഗിച്ച് 23 ലക്ഷത്തിന്റെ സ്പിരിറ്റ് കടത്താന്‍ശ്രമിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.

സ്പിരിറ്റ്കടത്തിന് പിന്നിലെ യഥാര്‍ഥ പ്രതിയെന്ന് പറയുന്ന ഇടനിലക്കാരന്‍ വടക്കഞ്ചേരി സ്വദേശി ജോയിയും മലബാര്‍ സിമന്റ്സില്‍നിന്ന് 200 ചാക്ക് സിമന്റുമായി പുറത്തുകടന്ന ലോറിയും അപ്രത്യക്ഷമായതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അതിനിടെ മലബാര്‍ സിമന്റ്സില്‍നിന്ന് സിമന്റുമായി പുറത്തുകടന്ന ലോറിയും കള്ളവണ്ടിയാണെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

കോഴിക്കോട്ടെ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയുടെ പേരില്‍ ഈ വണ്ടി ഇതിനുമുമ്പ് നാലുതവണ സിമന്റ് കൊണ്ടുപോയിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. എക്സൈസ്സംഘം മലബാര്‍ സിമന്റ്സില്‍നിന്ന് സിമന്റ് കയറ്റിയതിന്റെ രേഖകളും മറ്റും പരിശോധനക്കെടുത്തു. സ്പിരിറ്റ്കടത്ത് കേസ് സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കെ കേസില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സ്പിരിറ്റ് കടത്താന്‍ ശ്രമംനടന്ന ജനവരി 24 ന് കോഴിക്കോട്ടെ എക്സ്പെര്‍ട്ട്ലൈന്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയുടെ പേരില്‍ കെ.എല്‍.11 ക്യു 1903 നമ്പര്‍ ലോറിയാണ് സിമന്റ് എടുക്കാന്‍ വന്നത്. കാസര്‍കോട്ടെ ഡീലറായ അനീസുര്‍ റഹ്മാനുവേണ്ടി 200 ചാക്ക് സിമന്റുമായി 1.45 ന് ലോറി കമ്പനിയില്‍നിന്ന് പുറത്തുകടന്നു. എന്നാല്‍ ഇതേനമ്പറില്‍ കൊയിലാണ്ടിയില്‍ അഷറഫ് എന്നയാള്‍ക്ക് മോട്ടോര്‍ സൈക്കിളാണ് ഉള്ളതെന്നും സിമന്റ് എടുക്കാന്‍വന്ന ലോറി കള്ളവണ്ടിയാണെന്നും എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

200 ചാക്ക് സിമന്റുമായി പുറത്തുകടന്ന ലോറി നേരെ വാളയാര്‍ക്ക് പോവേണ്ടതിന് പകരം ജോയിയുടെ നിര്‍ദേശപ്രകാരം കോയമ്പത്തൂര്‍ ഭാഗത്തേക്കാണ് പോയത്. നവക്കരയിലെത്തി ഗ്രീന്‍ചാനല്‍ ടോക്കണ്‍ സ്പിരിറ്റ് വണ്ടിക്ക് കൈമാറുകയും ചെയ്തു. സിമന്റെടുക്കാന്‍ വന്ന ലോറിഡ്രൈവറുടെ പേര് അശോകനെന്നാണ് ബില്ലിലുള്ളത്. ഇയാളുടെ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിമന്റ് ലോറിയെക്കുറിച്ചും വിവരം കിട്ടിയിട്ടില്ല.

സ്പിരിറ്റ് കടത്ത് കേസില്‍ പ്രധാന കണ്ണിയെന്ന് പറയുന്ന ഇടനിലക്കാരന്‍ ജോയിക്ക് മുമ്പും സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലേക്ക് സ്പിരിറ്റ് കടത്തുന്ന സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പറയുന്നു.

കോഴിക്കോട്ടെ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയുടെ പേരില്‍ വ്യാജലോറി സിമന്‍റെടുക്കാന്‍ വന്നത് വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഏജന്‍സി ഉടമയുടെ മൊഴിയെടുക്കും. ഒളിവിലായ ഇടനിലക്കാരന്‍ ജോയിയെ പിടികൂടിയാല്‍ മാത്രമേ സ്പിരിറ്റ് കടത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളാരെന്ന് കണ്ടെത്താന്‍ കഴിയൂ.

5. വിദഗ്ദ്ധ സംഘത്തിന്റെ മുന്നറിയിപ്പ് മഞ്ഞപ്പനി, പക്ഷിപ്പനി ഭീഷണിയില്‍ കേരളം
തിരുവനന്തപുരം: കേരളം മഞ്ഞപ്പനി, പക്ഷിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണെന്ന് ഇരുപതാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് മുന്നറിയിപ്പു നല്കി. ഇതുസംബന്ധിച്ച് അവലോകനം നടത്തിയ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം സര്‍ക്കാരിനു കൈമാറുന്നതിനായി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ‘കേരളത്തിലെ ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ _ കൂടെക്കൂടെ വരുന്നതും തിരിച്ചുവരുന്നതുമായ പകര്‍ച്ചവ്യാധികള്‍’ എന്നതാണ് ഇത്തവണത്തെ ശാസ്ത്ര കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്ന മുഖ്യവിഷയം.

ആഫ്രിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കാണപ്പെടുന്ന മഞ്ഞപ്പനിക്കുള്ള സാധ്യത കേരളത്തില്‍ ഇപ്പോള്‍ വളരെ കൂടുതലാണെന്ന് വിദഗ്ദ്ധ സംഘാംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചിക്കുന്‍ ഗുനിയയ്ക്കു കാരണമാകുന്ന അതേ കൊതുകു തന്നെയാണ് മഞ്ഞപ്പനിയും പടര്‍ത്തുന്നത്. മഞ്ഞപ്പനി 50 മുതല്‍ 60 വരെ ശതമാനം മാരകമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു പോകുന്നവരും അവിടെ നിന്നു വരുന്നവരും യെല്ലോ ഫീവര്‍ വാക്സിന്‍ നയം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. ബംഗാളില്‍ ബാധിച്ച പക്ഷിപ്പനിക്കെതിരെ സമാന സാഹചര്യങ്ങളുള്ള കേരളത്തില്‍ ജാഗ്രത വേണമെന്നും ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടു.

എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവ നിയന്ത്രിക്കുന്നതിനുള്ള അലോപ്പതി _ ആയുര്‍വേദ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനായി സമിതി തയ്യാറാക്കി. ഡോക്ടര്‍മാര്‍ രോഗം തിട്ടപ്പെടുത്തുന്നതില്‍ കഴിഞ്ഞ തവണ വരുത്തിയ കാലതാമസം ഒഴിവാക്കണം. എല്ലാ വൈറല്‍ പനികളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. ജനവരി_മാര്‍ച്ച്, ഏപ്രില്‍_ജൂണ്‍, ജൂലായ്_സപ്തംബര്‍ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി ശുചീകരണം ക്രമീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആയുര്‍വേദ ഡോക്ടര്‍മാരെയും ആയുര്‍വേദത്തില്‍ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിക്കണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. ആയുര്‍വേദത്തിലെ പ്രതിരോധ നടപടികളെയും ചെറിയ രീതിയിലുള്ള ചികിത്സാവിധികളെയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. മെയ് 15നും ജൂണ്‍ 30നുമിടയ്ക്ക് പകര്‍ച്ചവ്യാധിയുടെ ആവിര്‍ഭാവമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. ഓരോ വീട്ടിലും 750 രൂപയില്‍ താഴെ മാത്രം ചെലവു വരുന്ന പ്രതിരോധ_ചികിത്സാ നടപടികളാണ് ആയുര്‍വേദ വിദഗ്ദ്ധര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

എല്ലാത്തരം പകര്‍ച്ചവ്യാധികളെയും തടയാന്‍ കേരളം മുന്‍കരുതലെടുക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം. കഴിഞ്ഞ തവണ ചിക്കുന്‍ ഗുനിയ ബാധിച്ച സ്ഥാനങ്ങളെക്കാള്‍ മറ്റിടങ്ങളിലാണ് ഇക്കുറി രോഗം പ്രത്യക്ഷപ്പെടാനുള്ള സാധ്യത കൂടുതലെന്ന മുന്നറിയിപ്പും അവര്‍ നല്കിയിട്ടുണ്ട്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഡോ. ഇ.പി. യശോധരന്‍, വിദഗ്ദ്ധ സമിതിയംഗങ്ങളായ ഡോ. കെ.വി. കൃഷ്ണദാസ്, ഡോ. ജി.ജി. ഗംഗാധരന്‍, ഡോ. രാംദാസ് പിഷാരടി, ഡോ. ജെ. ഹരീന്ദ്രന്‍നായര്‍, ഡോ. എസ്. രാജശേഖരന്‍, ഡോ.ശങ്കരന്‍, ഡോ. അനിതാ ജേക്കബ്, ഡോ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

6. ബാണാസുരസാഗര്‍: അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ബാണാസുര സാഗര്‍ പദ്ധതിയുടെ ജലസേചന ഉപകനാല്‍ നിര്‍മ്മാണവേളയില്‍ പടിഞ്ഞാറേത്തറ 16_ാംമൈലില്‍ മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ഉത്തരവിട്ടു.

ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജയകുമാര്‍ ചെയര്‍മാനും എം.കെ. പരമേശ്വരന്‍നായര്‍, ഡോ. ടി.കെ. ഗോപാലകൃഷ്ണന്‍നായര്‍ എന്നിവര്‍ അന്വേഷണ സമിതി അംഗങ്ങളുമാണ്.

ബാണാസുരസാഗര്‍, കാരാപ്പുഴ ജലസേചന പദ്ധതികളുടെ നിര്‍വ്വഹണത്തിലെ ഗുരുതരമായ കാലതാമസം, സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനുള്ള കര്‍മ്മ പദ്ധതി, പദ്ധതി സംബന്ധിച്ച് കമ്മിറ്റിക്ക് യുക്തമെന്ന് തോന്നുന്ന മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്താനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടുമാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

7. നിയമ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ തേടുന്നു
കൊച്ചി: നിയമ പരിഷ്കരണ കമ്മീഷന്റെ അടുത്ത യോഗം ഫിബ്രവരി 2ന് ഉച്ചയ്ക്ക് 3ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതിയില്‍ നടക്കും.

പൊതുജനങ്ങളും സര്‍ക്കാര്‍ ഇതര സംഘടനകളുംഅഭിഭാഷകരും കമ്മീഷനുമായി സഹകരിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ അഭ്യര്‍ഥിച്ചു.

നിലവിലുള്ള നിരവധി നിയമങ്ങള്‍ പരിഷ്കരിക്കണമെന്നാണ് കമ്മീഷന്റെ അഭിപ്രായം. അതിനായി ബന്ധപ്പെട്ടവരില്‍നിന്ന് കമ്മീഷന്‍ ശുപാര്‍ശകള്‍ ക്ഷണിക്കുന്നു. അഭിപ്രായങ്ങള്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, ‘സത്ഗമയ’, എം.ജി.റോഡ്, കൊച്ചി_11 എന്ന വിലാസത്തില്‍ അറിയിക്കണം.

സിവില്‍_ക്രിമിനല്‍ നടപടിക്രമം, ടൌണ്‍പ്ലാനിങ് നിയമം, ഭൂമി ഏറ്റെടുക്കല്‍ നിയമം, മനുഷ്യാവകാശം, പരിസ്ഥിതി, പുനരധിവാസം, പോലീസ്, രജിസ്ട്രേഷന്‍ എന്നീ വിഭാഗങ്ങളിലെ നിയമങ്ങളാണ് അടിയന്തരമായി പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.

8. പ്ലാച്ചിമടയില്‍ കൊക്കകോള മാമ്പഴ സംസ്കരണ ഫാക്ടറി അനുവദിക്കില്ല _സമര ഐക്യദാര്‍ഢ്യ സമിതി
കൊച്ചി: പ്ലാച്ചിമടയില്‍ കൊക്കകോള മാമ്പഴ സംസ്കരണ ഫാക്ടറി തുടങ്ങാന്‍ അണിയറ നീക്കങ്ങള്‍ നടത്തുകയാണെന്ന് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ചൂണ്ടിക്കാട്ടി. കൊക്കകോളയ്ക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ നിയമനടപടികളില്‍ നിന്നു രക്ഷപ്പെടാനും തദ്ദേശവാസികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം നിഷേധിക്കാനുമാണ് മാമ്പഴസത്ത് ഉദ്പാദനവുമായി കൊക്കകോള രംഗത്തുവരുന്നത്.

പ്ലാച്ചിമടയില്‍ കൊക്കകോളയ്ക്കെതിരെയുള്ള നിയമവിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാതെ മാമ്പഴച്ചാര്‍ ഫാക്ടറി തുടങ്ങാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ സമരസമിതിക്ക് ഐക്യദാര്‍ഢ്യ സമിതിയുടെ പിന്തുണയുണ്ടാവും.

കൊച്ചിയില്‍ നടന്ന യോഗത്തില്‍ എന്‍.പി. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. സണ്ണി പൈകട, കെ.എം. സുലൈമാന്‍, ജിയോ ജോസ്, സി.എ. നോബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

9. പാസ്പോര്‍ട്ട് അദാലത്ത് ഫിബ്രവരി ആറിന്
കൊച്ചി: റീജണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ഫിബ്രവരി 6 ന് പാസ്പോര്‍ട്ട് അദാലത്ത് നടക്കും. 2007 നവംബര്‍ 30 വരെ സമര്‍പ്പിച്ച പാസ്പോര്‍ട്ട് അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.

അദാലത്തിലേക്ക് ‘പാസ്പോര്‍ട്ട് അദാലത്ത്’ 06 ഫിബ്രവരി, 2008′ എന്ന തലക്കെട്ടില്‍ പരാതി ഫാക്സ് വഴി അയക്കാം. ഫാക്സ് നമ്പര്‍ : 0484 _ 2310915 ഓഫീസില്‍ സ്ഥാപിച്ച പാസ്പോര്‍ട്ട് അദാലത്ത് ബോക്സിലും പരാതിയിടാം. ഫിബ്രവരി ഒന്ന് വൈകിട്ട് 5 വരെയാണ് പരാതി സമര്‍പ്പിക്കാനുള്ള അവസരം.

10. ഡെപ്യൂട്ടേഷനില്‍ അനിശ്ചിതകാലം തുടരാനാവില്ല_ ട്രൈബ്യൂണല്‍
ന്യൂഡല്‍ഹി: ഡെപ്യൂട്ടേഷന്‍ വഴി ഏതെങ്കിലും പദവിയില്‍ ജോലി ചെയ്യുന്നയാള്‍ക്ക് അനിശ്ചിതകാലം തത്സ്ഥാനത്ത് തുടരാനാവില്ലെന്ന് കേന്ദ്ര ഭരണ നിര്‍വഹണ ട്രൈബ്യൂണല്‍ (സി.എ.ടി.) വ്യക്തമാക്കി. സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പി.എസ്. ചിക്കാര തന്റെ ഡെപ്യൂട്ടേഷന്‍ നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

തനിക്കു പകരം ഡെപ്യൂട്ടി ഡയറക്ടറായി ഡോ. ഡി. വെങ്കിടേശനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് ചിക്കാര സമര്‍പ്പിച്ച ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യാനുള്ള കാലാവധി മൂന്നു മുതല്‍ അഞ്ചുവര്‍ഷംവരെയാണ്. ഹര്‍ജിക്കാരന്‍ കാലയളവ് പൂര്‍ത്തിയാക്കിയതായും ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് എം. രാമചന്ദ്രന്‍, നീനരഞ്ജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

11. നാര്‍ക്കോ പരിശോധനാ റിപ്പോര്‍ട്ട് തുറക്കാന്‍ ഹര്‍ജി
കൊച്ചി: അഭയ കേസില്‍ മുദ്രവച്ച കവറില്‍ സിബിഐ നല്‍കിയ നാര്‍ക്കോ അനാലിസിസ് പരിശോധനാ റിപ്പോര്‍ട്ട് തുറന്ന് കൂടുതല്‍ അന്വേഷണം നടത്താന്‍ ഹര്‍ജി.

ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫിബ്രവരി 4 ന് അതില്‍ വാദം കേള്‍ക്കാന്‍ കോടതി മാറ്റിവച്ചു. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് പ്രകാരമാണ് സിബിഐ പ്രസ്തുത റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെയാണ് നാര്‍ക്കോ പരിശോധനക്ക് സിബിഐ വിധേയരാക്കിയിരുന്നത്.

1. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇന്ന് അവധി
തിരുവനന്തപുരം: മുന്‍ മന്ത്രി ബേബി ജോണിനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന സര്‍വകലാശാല, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

റവന്യൂ, എക്സൈസ്, സഹകരണം, വിദ്യാഭ്യാസം, തൊഴില്‍, ജലസേചനം, ജലവിതരണം, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ വകുപ്പു മേധാവികളുടെ ഓഫീസുകള്‍ക്കും സോബോഡിനേറ്റ് ഓഫീസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് സെക്രട്ടേറയറ്റിന് അവധി ഉ ണ്ടാ യിരിക്കില്ല.

പരീക്ഷകള്‍മാറ്റി

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന സംസ്കൃത സ്കോളര്‍ഷിപ്പ് യു.പി.വിഭാഗം പരീക്ഷ 31 ന് 11 നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം ഇന്ന് നടത്താനിരുന്ന രണ്ടാം വര്‍ഷ മോഡല്‍ പരീക്ഷ ഫെബ്രുവരി എട്ടിന് രാവിലെ 9.30ലേക്ക് മാറ്റി. മറ്റ് പരീക്ഷകളുടെ സമയക്രമത്തിനും തീയതിക്കും മാറ്റമില്ല.

ഇന്ന് നടത്താനിരുന്ന പത്താംതരം എ ലെവല്‍ തുല്യതാ പരീക്ഷയുടെ സോഷ്യല്‍ സയന്‍സ് ഫെബ്രുവരി ഒന്നിന് നടത്തുമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.

ഇന്ന് നടത്താനിരുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ ഫെബ്രുവരി എട്ടിന് രാവിലെ 9.30 ലേക്ക് മാറ്റിയതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. മറ്റ് പരീക്ഷകളുടെ സമയത്തിനും തീയതികളിലും മാറ്റമില്ല.

2. വിവാദ ഫ്ളാറ്റ്: സുരക്ഷാ സംവിധാനമില്ലാതെ നിര്‍മാണം പാടില്ലെന്നു ഹൈക്കോടതി
കൊച്ചി: നാഗമ്പടത്ത് കന്യാസ്ത്രീകളുടെ മരണത്തിനിടയാക്കിയ ഫ്ളാറ്റ് നിര്‍മാണത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഫ്ളാറ്റ് നിര്‍മാണം നിരോധിച്ച കോട്ടയം മുനിസിപ്പാലിറ്റിയുടെ ഉത്തരവിനെതിരേ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ ഉത്തരവ്. കെട്ടിട നിര്‍മാണച്ചട്ടങ്ങളും സുരക്ഷയും സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

കെട്ടിടത്തിന്റെ മുകളിലേക്ക് നിര്‍മാണത്തിനുവേണ്ടി അസംസ്കൃത വസ്തുക്കള്‍ കൊണ്ടുപോകുന്ന ലിഫ്റ്റിന്റെ സുരക്ഷ ഉറപ്പാക്കണം. ലിഫ്റ്റിന്റെ മൂന്നു വശവും അടയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ ലിഫ്റ്റ് ഘടിപ്പിച്ചിരിക്കുന്ന തൂണുകള്‍ക്ക് താഴെയും മുകളിലും രണ്ടു മീറ്റര്‍ ഉയരത്തില്‍ അടച്ചിരിക്കണമെന്നും നിര്‍ദേശിച്ചു. ലിഫ്റ്റിലേക്കു കയറുന്നതിനുള്ള ഭാഗം, നിര്‍മാണം നടക്കാത്തപ്പോള്‍ ബാരിക്കേഡ് ഉപയോഗിച്ച് അടയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുകളിലിരുന്ന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഒരറ്റം അരയില്‍ ബന്ധിച്ചിരിക്കുന്ന ബെല്‍റ്റില്‍ ഘടിപ്പിച്ചിരിക്കണം. ഇക്കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം മാത്രമേ ഫ്ളാറ്റ് നിര്‍മാണം പുനഃരാരംഭിക്കാവൂവെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വന്നു പരിശോധിച്ച ശേഷം മാത്രമേ അനുമതി നല്കാവൂ-കോടതി നിര്‍ദേശിച്ചു.

3. കര്‍ശന പരിശോധന: എംപി പരാതിക്കാരനായി
നെടുമ്പാശേരി: വിമാനത്താവളത്തിലെ വഴിവിട്ട പരിശോധനയില്‍ അസ്വസ്ഥനായ എംപി പരാതിക്കാരനായി. രാജ്യസഭാംഗം എ. വിജയരാഘവനാണ് പ്രശ്നമുണ്ടായത്. ഡല്‍ഹിക്ക് പോകാന്‍ കാറില്‍ വിമാനത്താവളത്തിലേക്ക് വന്ന ഇദ്ദേഹത്തെ പ്രധാന കവാടത്തില്‍ തടഞ്ഞു. എംപിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കാറു മുഴുവന്‍ സുരക്ഷാ ഭടന്മാര്‍ പരിശോധിച്ചു. കാറ് പരിശോധന കഴിഞ്ഞപ്പോള്‍ വീണ്ടും തിരിച്ചറിയല്‍ കാര്‍ഡ് കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും എംപി അതിന് തയാറായില്ല. ഇതിനെതിരേ ഉന്നതതലങ്ങളില്‍ പരാതിപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

4. മാലിന്യപ്രശ്നം: നിയമ നിര്‍മാണം പരിഗണനയിലെന്നു നിയമസഭാ സമിതി
കോഴിക്കോട്: നഗരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു നിയമനിര്‍മാണം നടത്താന്‍ ആലോചനയുണ്െടന്നു നിയമസഭ പരിസ്ഥിതി സമിതി. കോഴിക്കോട് ടൌണ്‍ഹാളില്‍ നടന്ന സിറ്റിംഗിലാണു കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. പലയിടത്തും ഫലപ്രദമായി നഗരമാലിന്യങ്ങളെ സംസ്കരിക്കാന്‍ കഴിയുന്നില്ല. ഇതിനെകുറിച്ച് വിശദമായ പഠനത്തിന് ശേഷം റിപ്പോര്‍ട്ട് നിയമസഭക്ക് സമര്‍പ്പിക്കും.

സമിതി ചെയര്‍മാന്‍ രാജാജി മാത്യു തോമസ് എംഎല്‍എ, അംഗം കെ.വി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.

5. മതം മാറിയെന്നതുകൊണ്ടു മാത്രം വിവാഹമോചനം അനുവദിക്കാനാവില്ല: കോടതി
കൊച്ചി: ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹ മോചനത്തിന് മതം മാറിയെന്നതു കാരണമാകുന്നില്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. തൃശൂര്‍ ഊരകം സ്വദേശി ബിനി സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹ മോചനത്തിന് അപേക്ഷിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ അനുരഞ്ജനം നടത്താനാകുമോയെന്നു പരിശോധിക്കാനുള്ള നിയമപരമായ ബാധ്യത കുടുംബക്കോടതിക്കുണ്െടന്നും ഹൈക്കോടതി വ്യക്തമാക്കി.

കുടുംബക്കോടതി നിയമ പ്രകാരം വിവാഹ ബന്ധം കഴിയുന്നിടത്തോളം തകരാതെ സംരക്ഷിക്കുകയാണു ലക്ഷ്യം.

അനുരഞ്ജനം അസാധ്യമാകുന്ന പക്ഷം വിയോജിപ്പ് പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തണം. അതു നടക്കാതെ വന്നാല്‍ മാത്രമേ വിവാഹ മോചന നടപടിയിലേക്കു തിരിയാന്‍ വ്യവസ്ഥ ചെയ്യുന്നുള്ളൂ. എന്നാല്‍ തീര്‍പ്പിന് യുക്തമായ നിയമം പാലിക്കണമെന്നില്ലെന്നും കോടതി വ്യക്തമാക്കി.

മതം മാറിയെന്നതു കൊണ്ടു മാത്രം വിവാഹമോചനം അനുവദിക്കാനാവില്ല. മതേതര രാജ്യമായതിനാല്‍ വിഭിന്ന മതത്തിലുള്ളവര്‍ തമ്മില്‍ പരസ്പരം യോജിച്ചു ജീവിക്കാനാണ് നോക്കേണ്ടത്. പരസ്പരമുള്ള ജീവിതത്തിനു മതം മാറിയെന്നതു വിലങ്ങുതടി ആകരുതെന്നും കോടതി നിര്‍ദേശിച്ചു.

6. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ കോടതി ശാസിച്ചു
തിരുവനന്തപുരം: കോടതി നടപടികളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയതിന് സാമൂഹ്യ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ വിജിലന്‍സ് കോടതി ജഡ്ജി കെ.ശശിധരന്‍നായര്‍ രൂക്ഷമായി വിമര്‍ശിച്ചു. ജോമോന്‍ ഹര്‍ജിക്കാരനായ ഒരു ഹര്‍ജി ഇന്നലെ പരിഗണിക്കവേയാണ് കോടതി ഇയാളെ ശാസിച്ചത്.

കോടതിയുടെ മുന്നില്‍ വലിയവരും ചെറിയവരുമില്ല. എല്ലാവരും സമന്മാരാണ്. ഹര്‍ജിക്കാരനു വാദിക്കണമെങ്കില്‍ അഭിഭാഷകനെ മാറ്റിയ ശേഷം കോടതിയുടെ അനുമതി തേടണമെന്നും കോടതി പരാമര്‍ശിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ജോമോന്റെ പേരില്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ ജഡ്ജിന് വന്ന കത്ത് വിവാദമായിരുന്നു. കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്ന് കോടതി ഉത്തരവിട്ടിരുന്നു.

1. പോക്കുവരവ് റദ്ദാക്കാന്‍ നീക്കം
തിരുവനന്തപുരം: നിയമവകുപ്പിന്റെയും ഹൈക്കോടതിയുടെയും ഇടപെടലിനെ തുടര്‍ന്ന് കളമശേãരിയിലെ എച്ച്.എം.ടി ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വില്‍പന നടത്തിയതിന്റെ പോക്കുവരവ് റദ്ദാക്കുന്നതടക്കം നടപടികള്‍ സര്‍ക്കാറിന്റെ സജീവപരിഗണനയില്‍. നിയമവകുപ്പിന്റെ അനുമതിയില്ലാതെ നടന്ന ഭൂമി ഇടപാടിന് നിയമസാധുത ഉണ്ടാവില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പോക്കുവരവ് ഏതുവിധേനയും റദ്ദാക്കുന്നതിനെക്കുറിച്ച ആലോചനകള്‍ റവന്യു^വ്യവസായ^രജിസ്ട്രേഷന്‍ മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നത്. ഇന്നലെ റവന്യുമന്ത്രി ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയില്‍ ഭൂമി കച്ചവടത്തിന്റെ പോക്കുവരവ് റദ്ദാക്കുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനമെടുത്തതായി അറിയുന്നു.
റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, നിയമസെക്രട്ടറി എന്നിവരുമായി ഇന്നലെ റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. എച്ച്.എം.ടി ഭൂമി സംബന്ധിച്ച രേഖകള്‍ പരിശോധിച്ചശേഷം റവന്യുവകുപ്പ് ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തിയതായാണ് വിവരം. ഭൂമി ഇടപാടില്‍ തെറ്റ്പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വീഴ്ചയുണ്ടെങ്കില്‍ പോക്കുവരവ് റദ്ദാക്കുമെന്നും ഹൈക്കോടതിയില്‍ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നിയമനടപടികളില്‍ നിന്ന് തലയൂരാന്‍ എത്രയും വേഗം പോക്കുവരവ് റദ്ദാക്കുന്നതടക്കം കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ എത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ മുഴുവന്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നല്‍കിയ സര്‍ക്കാര്‍ഭൂമി അളന്ന് തിട്ടപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വെറുതെ കിടക്കുന്ന സര്‍ക്കാര്‍ഭൂമി ഏറ്റെടുത്തും അളന്ന് തിരിച്ച് ഇവയുടെ സംരക്ഷണത്തിന് ഭൂബാങ്ക് രൂപവത്കരിക്കണമെന്ന നിര്‍ദേശത്തിനും സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. നിലവില്‍ സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഭൂമിയുടെ അളവോ മറ്റ് രേഖകളോ റവന്യുവകുപ്പിന്റെ കൈവശമില്ല. വ്യവസായ ആവശ്യത്തിനായി നല്‍കിയ ഭൂമി ഉപയോഗിക്കാതെ കിടക്കുന്നത് എച്ച്.എം.ടിയില്‍ നിന്ന് ഏറ്റെടുക്കണമെന്ന് നിയമവകുപ്പ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഭൂമികച്ചവടത്തിന് അനുമതി നല്‍കിയതാണ് നിയമവകുപ്പിന്റെ വിമര്‍ശത്തിനിടയാക്കിയിട്ടുള്ളത്.
നിരവധി ഫയലുകള്‍ നിയമവകുപ്പിന് മുന്നില്‍ വരുമെന്നും അതെല്ലാം വ്യക്തമായി പരിശോധിക്കുക അസാധ്യമാണെന്നും എന്നാല്‍, എച്ച്.എം.ടി ഭൂമിയിടപാടില്‍ വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും നിയമമന്ത്രി എം. വിജയകുമാറും വ്യക്തമാക്കി. വ്യവസായ വികസനത്തിന് എച്ച്.എം.ടിക്ക് നല്‍കിയ നൂറേക്കര്‍ സ്ഥലത്തില്‍ 70 ഏക്കറാണ് ചുളുവിലയ്ക്ക് റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വിറ്റത്. വിവാദ എച്ച്.എം.ടി ഭൂമിയോടുചേര്‍ന്നുള്ള 400 ഏക്കറില്‍ 240 ഏക്കര്‍ സ്പെഷല്‍ ഇക്കണോമിക് സോണില്‍ ഉള്‍പ്പെടുത്തി നാല് സ്ഥാപനങ്ങള്‍ക്ക് കൈമാറിയതും സര്‍ക്കാര്‍ പരിശോധിക്കും. സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലാണ്.

2. സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക്
കൊച്ചി: എച്ച്.എം.ടി ഭൂമിയിടപാട് വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക്. ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെ പദ്ധതിക്കായി നിരന്തരം വാദിച്ചിരുന്ന വ്യവസായ മന്ത്രി എളമരം കരീം കര്‍ശന നിലപാടുകളില്‍ നിന്ന് പിന്‍വാങ്ങുന്ന രീതിയില്‍ നടത്തിയ പ്രസ്താവന ഇതിന്റെ സൂചനയാണ്. ഇതോടൊപ്പം, ഭൂമി തിരിച്ചുപിടിക്കണമെന്ന് നിയമ സെക്രട്ടറി ഉപദേശം നല്‍കിയിരുന്നെന്ന നിയമമന്ത്രി എം. വിജയകുമാറിന്റെ വിശദീകരണത്തില്‍ ഇക്കാര്യത്തില്‍ മന്ത്രിസഭക്കുള്ള ആശയക്കുഴപ്പവും നിഴലിക്കുന്നുണ്ട്. വ്യവസായ വികസനമെന്ന മുദ്രാവാക്യം ഉയര്‍ത്തി വ്യവസായ വകുപ്പാണ് ഭൂമി കൈമാറ്റത്തിന് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് സൂചന. കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിയമ യുദ്ധം നടത്തുന്ന എച്ച്.എം.ടി, സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയ ഭൂമി വില്‍ക്കുമ്പോള്‍ സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ കരുതല്‍ വേണമായിരുന്നുവെന്ന വിമര്‍ശത്തെ കാര്യമായി പ്രതിരോധിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.

സ്ഥലംവാങ്ങിയ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് ഐ.ടിയുടെ കാര്യത്തില്‍ കൂടുതല്‍ വൈദഗ്ധ്യമില്ലെന്ന വാദം സര്‍ക്കാറും ഏറക്കുറെ അംഗീകരിക്കുന്നുണ്ട്. സ്മാര്‍ട്ട്സിറ്റി കരാറിന്റെ കാര്യത്തില്‍ കര്‍ശന പരിശോധന നടത്തിയ മുഖ്യമന്ത്രിപോലും ഈ ഇടപാടില്‍ കാര്യമായി ശ്രദ്ധിച്ചില്ലെന്നാണ് ആക്ഷേപ ം. നിയമ സെക്രട്ടറി ഭൂമി ഏറ്റെടുക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വ്യവസായ മന്ത്രി പറഞ്ഞത്. റിപ്പോര്‍ട്ട് നല്‍കിയതായി നിയമമന്ത്രി സമ്മതിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് എവിടെയാണ് കുടുങ്ങി യതെന്ന് കണ്ടെത്തേണ്ടതുണ്ട്. കോടികള്‍ വിലമതിക്കുന്ന ഭൂമിയായതിനാല്‍ ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനക്ക് എത്തേണ്ടതാണ്. വിഷയത്തില്‍ തല്‍പര കക്ഷികളുടെ ഇടപെടല്‍ ഉണ്ടായെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വിവാദ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുമെന്നുമാണ് വ്യവസായ മന്ത്രിയുടെ നിലപാട്. വാങ്ങിയ ഭൂമിക്ക് ചുറ്റും തിരക്കിട്ട് മതില്‍നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ബ്ലൂസ്റ്റാര്‍ കമ്പനിയുടെ സമ്പൂര്‍ണ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടെന്ന സൂചനകളാണ് ഇതിലുള്ളത്. പ്രശ്നത്തില്‍ പ്രതിപക്ഷം ശക്തമായ സമരമുറകളാണ് ആസൂത്രണം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വ്യവസായമന്ത്രി പോലും പ്രതിരോധത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്.

3. പൊതുപ്രവര്‍ത്തകരുടെ സ്വത്ത് വിവരം: വ്യവസ്ഥ ലംഘിക്കപ്പെട്ടു
കൊച്ചി: പൊതുപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ ’07 ജൂണ്‍ 30^നകം ലോകായുക്തക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്ന നിയമ വ്യവസ്ഥ വ്യാപകമായി ലംഘിക്കപ്പെട്ടു.

സമയപരിധിക്കുള്ളില്‍ സ്വത്ത് വിവരങ്ങളും ബാധ്യതകളും ഉള്‍ക്കൊള്ളുന്ന സ്റ്റേറ്റ്മെന്റ് സമര്‍പ്പിച്ചത് 19 എം.എല്‍.എ മാര്‍ മാത്രം. ലോകായുക്ത നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത എല്ലാ പൊതു പ്രവര്‍ത്തകരും നിയമം നിലവില്‍ വന്ന് ഒരുവര്‍ഷത്തിനകം അവരുടെ വസ്തു വകകളുടെയും ബാധ്യതകളുടെയും വിശദാംശങ്ങള്‍ ലോകായുക്തയുടെ കോംപിറ്റന്റ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരിക്കണം.

ഈ വിവരം യഥാസമയം സമര്‍പ്പിക്കാത്തവരെക്കുറിച്ച റിപ്പോര്‍ട്ട് അതോറിറ്റി ലോകായുക്തക്ക് നല്‍കണമെന്നും റിപ്പോര്‍ട്ട് ലഭിച്ച് രണ്ടുമാസത്തിനകം വീഴ്ച വരുത്തിയ പൊതുപ്രവര്‍ത്തകരുടെ പേര് മൂന്ന് പ്രമുഖ പത്രങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

വീഴ്ച വരുത്തിയവരുടെ പേര് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനും ലോകായുക്ത തയാറായില്ല. ഈ സാഹചര്യത്തില്‍ കൊച്ചി കേന്ദ്രമായ ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം വിവരാവകാശ നിയമപ്രകാരം രാജ്ഭവനില്‍ ഇതുസംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയപ്പോഴാണ് മറ്റ് എം.എല്‍.എമാര്‍ സ്വത്ത് വിവരം സമര്‍പ്പിച്ചത്.

എന്നിട്ടും നെടുമങ്ങാട് എം.എല്‍.എ മാങ്കോട് രാധാകൃഷ്ണന്‍ സ്റ്റേറ്റ്മെന്റ് നല്‍കിയില്ലെന്ന് രാജ്ഭവന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീവരാഹം ബാലകൃഷ്ണന്‍ അറിയിച്ചു.
സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്റ് നല്‍കാത്തവരെപ്പറ്റി വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ ആറുമാസംകഴിഞ്ഞാണ് രാജ്ഭവന്‍ അധികൃതര്‍ മറുപടി നല്‍കിയത്. 30 ദിവസത്തിനകം മറുപടി നല്‍കാതെ വിവരാവകാശ നിയമത്തിലെ വ്യവസ്ഥ രാജ്ഭവന്‍ അധികൃതര്‍ ലംഘിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു ആരോപിച്ചു.

വിവരാവകാശ നിയമത്തിലെ വ്യവസ്ഥ ലംഘിച്ച രാജ്ഭവന്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമീഷന് ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്.

വീഴ്ച വരുത്തിയ പൊതു പ്രവര്‍ത്തകരുടെ പേര് ലോകായുക്തക്ക് അതത് വര്‍ഷം അയച്ചുകൊടുത്തിട്ടുണ്ടെന്നും നടപടിയെടുക്കേണ്ടത് ലോകായുക്തയാണെന്നുമാണ് രാജ്ഭവന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിശദീകരണം.

4. പദ്ധതി വെട്ടിക്കുറച്ചു; പണം പാര്‍ട്ടിക്കാര്‍ വഴി ചെലവാക്കും
തിരുവനന്തപുരം: ഈ സാമ്പത്തികവര്‍ഷം ഇനി പദ്ധതി വിഹിതത്തിന്റെ 40 ശതമാനം മാത്രം ചെലവഴിച്ചാല്‍ മതിയെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നില്‍ പാര്‍ട്ടി താല്‍പര്യമെന്ന ആരോപണമുയരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പദ്ധതി വെട്ടിച്ചുരുക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും മാര്‍ച്ച് മുതല്‍ പദ്ധതി പ്രവര്‍ത്തനം ഗുണഭോക്തൃ സമിതികള്‍ക്ക് വിടുന്നതിനും മുഴുവന്‍ തുകയും അവര്‍ക്ക് വിനിയോഗിക്കാന്‍ സൌകര്യം നല്‍കുന്നതിനുമുള്ള സര്‍ക്കാര്‍ നീക്കം പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് പണം കൈകാര്യം ചെയ്യാന്‍ അവസരമുണ്ടാക്കുന്നതിനാണെന്നാണ് ആരോപണം.

ബജറ്റില്‍ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ 15 ശതമാനം മാത്രമേ ഫെബ്രുവരിയില്‍ ഉപയോഗിക്കാവൂ എന്നാണ് സര്‍ക്കാറിന്റെ സര്‍ക്കുലര്‍. മാര്‍ച്ച് മാസത്തില്‍ 25 ശതമാനം ഉപയോഗിക്കാം. അതായത് 40 ശതമാനംവരെമാത്രം. ഇതുവരെ ഏതെങ്കിലും തദ്ദേശസ്ഥാപനം 60 ശതമാനം ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 100 ശതമാനം തികക്കാന്‍ അവസരമുണ്ട്. ഒട്ടും ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്ക് 40 ശതമാനംവരെ മാത്രമേ ചെലവഴിക്കാനാകൂ. പലതദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാറിന്റെ സര്‍ക്കുലര്‍ കുരുക്കുകളാല്‍ ഡിസംബറിലേ പദ്ധതി അനുവദിച്ച് ലഭിച്ചിട്ടുള്ളൂ. ജനുവരിയില്‍ ടെണ്ടര്‍ ചെയ്ത് ഫെബ്രുവരിയില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പുതിയ സര്‍ക്കുലര്‍. മൊത്തം ശരാശരി 22 ശതമാനം വരെ പദ്ധതി പ്രവര്‍ത്തനം നടന്നതായി സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം ഈവര്‍ഷം 62 ശതമാനം വരെ മാത്രമേ പദ്ധതി നിര്‍വഹണം നടക്കൂ. 38 ശതമാനം വെട്ടിച്ചുരുക്കിയതായാണ് കണക്കാക്കേണ്ടത്. സേവന^ഉത്പാദന^പശ്ചാത്തല മേഖലകളിലാണ് പദ്ധതിപ്പണം ചെലവഴിക്കേണ്ടത്. ഇതില്‍ പശ്ചാത്തല മേഖല മുഴുവന്‍ കരാറുകാരാണ് കൈകാര്യം ചെയ്തുവന്നത്.

ഇനിയുള്ള മാസങ്ങളില്‍ 40 ശതമാനത്തില്‍ അധികം ചെലവഴിക്കാനാവില്ലെന്ന സര്‍ക്കുലര്‍ വന്നതോടെ ബില്‍ മാറിക്കിട്ടില്ലെന്നതിനാല്‍ കരാര്‍ ഏറ്റെടുത്ത പലരും പിന്‍മാറിക്കഴിഞ്ഞു. അഞ്ച് ലക്ഷം വരെ വരുന്ന മരാമത്ത് പണികള്‍ മുഴുവന്‍ ഗുണഭോക്തൃ സമിതികള്‍ക്ക് വിടണമെന്ന സര്‍ക്കുലര്‍ ഇതിന് പിന്നാലെയാണ് വന്നത്. സമിതിയുണ്ടാക്കി കണ്‍വീനര്‍മാരെക്കൊണ്ട് പണിനടത്താം. മാര്‍ച്ച് കഴിയുന്നതോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ശേഷം ഭരിക്കുന്ന പ്രധാന പാട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് ജോലി ഏറ്റെടുത്ത് നടത്താന്‍ അവസരം ലഭിക്കും. അങ്ങനെ പിന്‍വാതിലിലൂടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പദ്ധതിപ്പണം കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുമെന്നാണ് ആരോപണം.

5. കലൈഞ്ജര്‍_സണ്‍ ചാനല്‍ യുദ്ധം മൂര്‍ധന്യത്തില്‍
ചെന്നൈ: കലൈഞ്ജര്‍ ടി.വി^സണ്‍ ടി.വി പോര് തെരുവുയുദ്ധത്തിന്റെ തലത്തിലേക്ക് നീങ്ങുന്നത് തമിഴ്നാട്ടുകാര്‍ക്ക് കൌതുകം പകരുന്നു. ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍തന്നെയാണ് ഇരു ടി.വി ചാനലുകളുടെയും ആസ്ഥാനമെങ്കിലും മാധ്യമരംഗത്ത് കടുത്ത ശത്രുതയാണ് ഇവര്‍ പുലര്‍ത്തുന്നത്. വാര്‍ത്തയുടെ സമയം മല്‍സരബുദ്ധിയോടെ നാള്‍ക്കുനാള്‍ മാറ്റുന്നതിനൊപ്പം ഒരു ചാനല്‍ പ്രഖ്യാപിക്കുന്ന പ്രത്യേക പരിപാടിക്ക് പാരവെക്കാന്‍ മറ്റേ ചാനല്‍ തന്ത്രം മെനയുന്നതുവരെ മാധ്യമരംഗത്തെ കുടുംബശത്രുത എത്തിയിരിക്കുന്നു.

കരുണാനിധിയുടെ അനന്തരവനായ മുന്‍ കേന്ദ്രമന്ത്രി പരേതനായ മുരശൊലിമാരന്റെ കുടുംബസ്വത്താണ് സണ്‍ ടി.വി. ഏതാനും മാസം മുമ്പ് തുടങ്ങിയ കലൈഞ്ജര്‍ ടി.വി.യാവട്ടെ, ഡി.എം.കെ.യുടെ ഔദ്യോഗിക ചാനലും.
കലൈഞ്ജര്‍ ടി.വി വന്നെങ്കിലും സണ്‍ ടി.വിയുടെ ഡി.എം.കെ അനുകൂല നിലപാടില്‍ മാറ്റമൊന്നുമുണ്ടായില്ല. ഇരു ചാനലുകളുടെയും പ്രേക്ഷകര്‍ ഒന്നുതന്നെയായതാണ് കാരണം.

സണ്‍ ടി.വിയുടെ രാത്രി എട്ടുമണിക്കുള്ള വാര്‍ത്താബുള്ളറ്റിന്‍ ഏറെ പ്രസിദ്ധമാണ്. കലൈഞ്ജര്‍ ടി.വി രാത്രി ഏഴരക്ക് വാര്‍ത്താപ്രക്ഷേപണം തുടങ്ങിയതോടെ സണ്‍ ടി.വിയും സമയം ഏഴരയിലേക്കഞ്ജര്‍ വാര്‍ത്ത ഏഴു മണിക്കാക്കി. ഒരു മുന്നറിയിപ്പുമില്ലാതെ സണ്‍ ടി.വിയും വാര്‍ത്താസമയം ഏഴുമണിയാക്കി. നാളുകള്‍ക്കിടയിലാണ് ഇതത്രയും. ചാനലുകളുടെ പോര് പ്രേക്ഷകരിലും തെല്ലല്ല നീരസമുണ്ടാക്കിയിരിക്കുന്നത്.
യുദ്ധം വാര്‍ത്താപ്രക്ഷേപണത്തിലൊതുങ്ങുന്നില്ല. ഏതാനും ആഴ്ച മുമ്പ് രജനീകാന്തിന്റെ ‘ചന്ദ്രമുഖി’ സിനിമയുടെ വിജയാഘോഷം ചെന്നൈയില്‍ നടന്നു. ഇത് പ്രത്യേകമായി സംപ്രേഷണം ചെയ്യാന്‍ കലൈഞ്ജര്‍ ടി.വി അനുമതി വാങ്ങിയിരുന്നുവത്രേ. ഇതേ പരിപാടി ഏറക്കുറെ പൂര്‍ണമായും ചിത്രീകരിച്ച് ഉടനടി സംപ്രേഷണം ചെയ്ത സണ്‍ ടി.വി, കലൈഞ്ജര്‍ക്ക് കിട്ടേണ്ടിയിരുന്ന പരസ്യവരുമാനം ഗണ്യമായി തുലച്ചുവെന്നാണ് ആരോപണം.

മെഗാസീരിയലുകളുടെയും മറ്റു പരിപാടികളുടെയും കാര്യത്തിലും ഈ കിടമല്‍സരം തുടരുകയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സുമംഗലി കേബിള്‍ വിഷനാണ് സംസ്ഥാനത്തെ കേബിള്‍ ടി.വി ശൃംഖലയുടെ പൂര്‍ണനിയന്ത്രണം. ഇത് മറികടക്കാന്‍ സര്‍ക്കാര്‍ നേരിട്ട് കേബിള്‍ ടി.വി ശൃംഖല തുടങ്ങാന്‍ തീരുമാനിക്കുകയും പ്രത്യേക കോര്‍പറേഷന്‍ രൂപവത്കരിക്കുകയും ചെയ്തു.
സണ്‍ ഡി.ടി.എച്ചിന് തുടക്കമിട്ടാണ് മാരന്‍ സഹോദരന്മാര്‍ ഇതിനെ നേരിട്ടത്. സുമംഗലി കേബിള്‍ വിഷനില്‍ കലൈഞ്ജര്‍ ടി.വിയുടെ സംപ്രേഷണം തടഞ്ഞും മാരന്‍ കുടുംബത്തിന്റെ ചെറുത്തുനില്‍പ് തുടരുന്നു. കരാര്‍ കാലാവധി തീരാത്തതാണ് ഡി.എം.കെ ആസ്ഥാനത്തുനിന്ന് സണ്‍ ടി.വിയെ ഇറക്കിവിടാനുള്ള മുഖ്യതടസ്സമത്രേ.

1. കീറ്റമിന്‍ കടത്തിയത് ബാഗിലെ സുരക്ഷാ സീല്‍ മാറ്റിയൊട്ടിച്ച്
മലപ്പുറം: എക്സ്റേ പരിശോധനയ്ക്കു ശേഷം ബാഗിലെ സുരക്ഷാ സീല്‍ മാറ്റിയൊട്ടിച്ചാണ് കോഴിക്കോട് വിമാനത്താവളത്തിലൂടെ അഞ്ചു കോടി രൂപയുടെ കീറ്റമിന്‍ കടത്താന്‍ ശ്രമിച്ചതെന്നു വ്യക്തമായി. കീറ്റമിന്‍ ഇല്ലാത്ത ബാഗ് രണ്ടു തവണ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കി, ഒാരോ പ്രാവശ്യവും സുരക്ഷാ സീല്‍ ഇളക്കിയെടുത്ത് കീറ്റമിന്‍ അടങ്ങിയ ബാഗുകളില്‍ ഒട്ടിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ഇന്നലെ പരിശോധിച്ചപ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം വ്യക്തമായത്.

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ 50 കിലോഗ്രാം കീറ്റമിന്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ഖാദര്‍ മൊയ്തീന്‍ ജലാലുദ്ദീന്‍, നൈന മുഹമ്മദ് ബാബു എന്നിവരെ കഴിഞ്ഞ 26ന് ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിനകത്തെ ബാഗേജ് പരിശോധനാ സംവിധാനത്തിലെ വീഴ്ചയാണ് കീറ്റമിന്‍ കടത്താന്‍ സംഘം മുതലാക്കിയതെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായിട്ടുണ്ട്. എക്സ്റേ പരിശോധനയ്ക്കു ശേഷം, എയര്‍ലൈനിന്റെ ചെക്ക് ഇന്‍ കൌണ്ടറിലേക്ക് യാത്രക്കാരന്‍തന്നെയാണ് ബാഗേജുകള്‍ കൊണ്ടുപോകുന്നത്.  ഈ സമയത്താണ് സ്റ്റിക്കര്‍ മാറ്റിയൊട്ടിച്ചത്.

അന്വേഷണ സംഘത്തിനു ലഭിച്ച വിഡിയോ ദൃശ്യങ്ങള്‍ പ്രകാരം സംഭവം നടന്നത് ഇങ്ങനെ: പിടിയിലായ രണ്ടു പേരടക്കം, കീറ്റമിന്‍ കടത്ത് സംഘത്തിലെ മൂന്നു പേരാണ് ശനിയാഴ്ച രാവിലെ 7.28ന് രാജ്യാന്തര ടെര്‍മിനലിനകത്തെത്തിയത്. മൂന്നു പേരും ഓരോ ബാഗുകള്‍ വച്ച ട്രോളികളും തള്ളിയാണ് ടെര്‍മിനലില്‍ പ്രവേശിച്ചത്. ക്യാമറകളുടെ സാന്നിധ്യം അറിഞ്ഞുതന്നെ, അവയില്‍നിന്ന് പരമാവധി അകന്നും മുഖം വ്യക്തമാക്കാതിരിക്കാന്‍ ശ്രദ്ധിച്ചുമാണ് ടെര്‍മിനലിനകത്ത് ഇവര്‍ നടന്നത്.

രണ്ടു പേര്‍ എക്സ്റേ യന്ത്രത്തിന് അകലെയായി ട്രോളികള്‍ സഹിതം നില്‍ക്കുന്നു. മൂന്നാമന്‍ എക്സ്റേ ചെയ്ത ശേഷം സുരക്ഷാ സീല്‍ പതിച്ച തന്റെ ബാഗുമായി ഇവര്‍ക്കടുത്തേക്ക് വരുന്നു. സുരക്ഷാ സീല്‍ ഇളക്കിയെടുത്ത് ആദ്യത്തെയാളുടെ ബാഗില്‍ പതിക്കുന്നു. പിന്നീട്, രണ്ടാമന്‍ ആദ്യം സീല്‍ ഇളക്കിയെടുത്ത ബാഗ് വീണ്ടും എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കുന്നു. സുരക്ഷാ  സീല്‍ വീണ്ടും പതിച്ച ബാഗുമായി മറ്റു രണ്ടുപേരുടെ അടുത്തേക്ക്. സീല്‍ വീണ്ടും ഇളക്കി മൂന്നാമത്തെ ബാഗില്‍ പതിക്കുന്നു. എക്സ്റേ ചെയ്യാത്ത ഓരോ ബാഗുകളുമായി, പിടിയിലായ രണ്ടു പേര്‍ ചെക്ക് ഇന്‍ കൌണ്ടറിലേക്ക്.  മൂന്നാമന്‍, രണ്ടു തവണ സുരക്ഷാ സീല്‍ ഇളക്കിമാറ്റിയ ബാഗുമായി ടെര്‍മിനലിനു പുറത്തേക്കു പോകുന്നു. വഴിയില്‍, ഒന്നര മിനിറ്റോളം സുരക്ഷാ ഭടനുമായി സംസാരിക്കുന്നു. പുറത്തേക്കു പോകാനുള്ള കാരണം വിശദീകരിക്കാനാണിതെന്ന് ഡിആര്‍ഐ കരുതുന്നു.

ബോര്‍ഡിങ് പാസ് ലഭിക്കുന്നതിനു മുന്‍പ് യാത്രക്കാരന് ടെര്‍മിനലിനു പുറത്തു പോകാന്‍ അനുവാദമുണ്ട്. പതിച്ച ശേഷം ഇളക്കിയാല്‍ സുരക്ഷാ സീല്‍ വീണ്ടും ചേരാത്ത വിധം കഷണങ്ങളാകണമെന്നാണ് സിവില്‍ ഏവിയേഷന്‍ നിയമം അനുശാസിക്കുന്നത്. നിലവാരം കുറവായതിനാലാണ് സുരക്ഷാ സീല്‍ കഷണങ്ങളാകാതിരുന്നതെന്നു വ്യക്തമായിട്ടുണ്ട്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന സീലുകള്‍ ഇന്നലെത്തന്നെ ഡിആര്‍ഐ സംഘം പരിശോധിച്ചിരുന്നു.

2. വിവരാകാശ നിയമം: നടപടിയില്‍ കേരളം മൂന്നാമത്
ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിന്‍ കീഴില്‍ ലഭിച്ച പരാതികളിലും അപേക്ഷകളിലും നടപടി സ്വീകരിക്കുന്നതില്‍ ദേശീയ തലത്തില്‍ കേരളത്തിന് മൂന്നാം സ്ഥാനം. ഹരിയാനയും ആന്ധ്രപ്രദേശുമാണ് തൊട്ടു മുന്നില്‍. നിയമത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന ‘പ്രിയ (സൊസൈറ്റി ഓഫ് പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച് ഇന്‍ ഇന്ത്യ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇൌ വിവരങ്ങള്‍. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന വിവരാവകാശ കമ്മിഷനുകളില്‍ നിയമിച്ചത് കേരളമടക്കമുള്ള വയില്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തിനു ദോഷകരമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വിവരങ്ങള്‍ ഗോപ്യമായി സൂക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പതിവുരീതി ഇത്തരം ഉദ്യോഗസ്ഥര്‍ തുടരുന്നതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. കേരളത്തില്‍ വിവരാവകാശ നിയമത്തിന്‍ കീഴില്‍ ലഭിച്ചിട്ടുള്ള പരാതികളില്‍ 62% റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണെന്ന് പ്രിയയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള ‘സഹായിയുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍ദിഷ്ട സമയത്തിനകം വിവരങ്ങള്‍ നല്‍കാത്ത അധികാരികള്‍ക്ക് സംസ്ഥാന കമ്മിഷന്‍ പിഴയിട്ട ശേഷം തുടര്‍നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ കേരളത്തില്‍ ലഭ്യമല്ല.

മാറാട് അന്വേഷണ റിപ്പോര്‍ട്ട്, മുന്‍മന്ത്രി പി.ജെ. ജോസഫിന്റെ വിമാനയാത്ര വിവാദം സംബന്ധിച്ച് ഐജി ബി.സന്ധ്യയുടെ റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളില്‍ തക്ക സമയത്ത് മറുപടി നല്‍കാഞ്ഞതിനാല്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് പിഴയിട്ടിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ അജ്ഞാതമാണ്.

മതിയായ ഉദ്യോഗസ്ഥരെ നിയമിക്കാത്തതും അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കാത്തതും കമ്മിഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഫോണിലൂടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ ബിഹാറില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോള്‍ സെന്റര്‍ സംവിധാനം മറ്റു സംസ്ഥാനങ്ങള്‍ക്ക് പകര്‍ത്താമെന്നും പ്രിയയുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

3. ദേശീയപാത 208നുള്ള ടാറും കടത്തിയതായി സൂചന
ആര്യങ്കാവ്: ദേശീയപാത 208ന് അനുവദിച്ച ബിറ്റുമെനും (ടാര്‍) തമിഴ്നാട്ടിലേക്കു കടത്തിയിരുന്നതായി സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം ടാര്‍ കടത്തിയ ഒരു ലോറി വില്‍പ്പന നികുതി ഇന്റലിജന്‍സ് പിടികൂടിയതിനെ തുടര്‍ന്നാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.  തെക്കന്‍ കേരളത്തിലെ ജില്ലകളിലെ റോഡ് ടാറിങ്ങിനു സര്‍ക്കാര്‍ അനുവദിച്ച ബാരല്‍കണക്കിനു ബിറ്റുമെനില്‍ നല്ലൊരു ഭാഗവും ഒരു മാസം മുന്‍പു ചെക്ക് പോസ്റ്റിലെ ചിലരുടെ ഒത്താശയോടെ തമിഴ്നാട്ടിലേക്കു കടത്തിയതായാണു വിവരം. ദേശീയപാത 208ലെ അറ്റകുറ്റപ്പണികള്‍ക്കു ടാര്‍ ക്ഷാമം നേരിട്ടതിനു കാരണം ഇതാണെന്നും സൂചനയുണ്ട്.

ചെറിയ പാക്കറ്റില്‍ ലഭിക്കുന്ന ബിറ്റുമെന്‍ ഉപയോഗിക്കുകയും അധികമായി ലഭിക്കുന്ന ബാരല്‍ ബിറ്റുമെന്‍ കടത്തുകയുമായിരുന്നു പതിവ്. രാത്രിയിലാണു ടാര്‍ അതിര്‍ത്തി കടന്നു പോകുന്നത്.   ഇത്തരത്തില്‍ ഒരു ലോഡ് ബിറ്റുമെന്‍ മുരുകന്‍പാഞ്ചാലില്‍വച്ച് ഇടനിലക്കാര്‍ വഴി കാര്യങ്ങള്‍ ഉറപ്പിച്ചശേഷം തമിഴ്നാട്ടിലേക്കു കടത്തിയതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാരുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നതിനാല്‍ ലോഡ് ഒന്നര ദിവസത്തോളം മുരുകന്‍പാഞ്ചാലിലും ഇടപ്പാളയത്തുമായി മാറ്റിയിട്ടിരുന്നതാണ് ആള്‍ക്കാരില്‍ സംശയം ഉണ്ടാക്കിയത്. ലോറിയെപ്പറ്റി നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

ലോറി പരിശോധന നടത്തിയ പൊലീസ് വന്‍തുക കയ്യിലാക്കി പ്രശ്നം ഒതുക്കുകയായിരുന്നുവെന്ന ആരോപണത്തെക്കുറിച്ചും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.  തെന്മല – ആര്യങ്കാവ് പാതയില്‍ അറ്റകുറ്റപ്പണി നടത്തിയ ഭൂരിഭാഗം പ്രദേശവും പഴയപടിയിലേക്ക് എത്തി തുടങ്ങിയതിനു കാരണം മാനദണ്ഡ പ്രകാരമുള്ള അളവില്‍ ടാര്‍ ചേര്‍ക്കാതെ പണി നടത്തിയതുമൂലമാണെന്ന് ആരോപണമുണ്ട്.

4. ഡല്‍ഹി മെട്രോ തൊഴില്‍പരമായ ധാര്‍മികതയുടെ വിജയം:ശ്രീധരന്‍
ന്യൂഡല്‍ഹി: 2020 ആകുമ്പോഴേക്കും ഡല്‍ഹിയിലും സമീപത്തുമായി 400 കിലോമീറ്റര്‍ മെട്രോ റയില്‍ നിലവില്‍വരുമെന്നു ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ വെളിപ്പെടുത്തി. സിഎന്‍എന്‍ – ഐബിഎന്‍ ഇന്ത്യന്‍ ഒാഫ് ദി ഇയര്‍ 2007 അവാര്‍ഡ് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. ഡല്‍ഹി മെട്രോ വളര്‍ത്തിയെടുത്ത ചില മൂല്യങ്ങളുണ്ടെന്നും അവ ഇപ്പോള്‍ രാജ്യത്തു മറ്റു പല സ്ഥാപനങ്ങള്‍ക്കും മാതൃകയാണെന്നും ശ്രീധരന്‍ പറഞ്ഞു.

വ്യക്തികളുടെ കഴിവുകള്‍ പരമാവധി വികസിപ്പിക്കുക, തൊഴില്‍പരമായ കാര്യക്ഷമത ഉയര്‍ത്തുക, സമയം പണമാണ് എന്ന ബോധത്തോടെ പ്രവര്‍ത്തിക്കുക എന്നിവയാണു ഡല്‍ഹി മെട്രോ നല്‍കുന്ന സന്ദേശം. തൊഴില്‍പരമായ ഈ ധാര്‍മികതയാണു ഡല്‍ഹി മെട്രോയുടെ വിജയം.ഡല്‍ഹി നഗരത്തെക്കുറിച്ചു മെട്രോയ്ക്ക് ഒരു ദര്‍ശനമുണ്ട്. സുരക്ഷിതവും വിശ്വസനീയവും വേഗമേറിയതുമായ ഗതാഗതസംവിധാനം ജനങ്ങള്‍ക്കു നല്‍കുക എന്നതാണത്. ആദ്യഘട്ടം 65 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയതു ലക്ഷ്യമിട്ടതിലും രണ്ടു വര്‍ഷവും ഒന്‍പതു മാസവും നേരത്തേയാണ്.

രണ്ടാം ഘട്ടം 124 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയിരിക്കുന്ന സമയം 2010 ഒക്ടോബറില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങുന്നതിനു മുന്‍പാണ്. ഡല്‍ഹി മെട്രോയിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു വികാരവും ലക്ഷ്യവുമാണ് – അദ്ദേഹം പറഞ്ഞു.മുംബൈ, ബാംഗൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കൊത്തയിലെ പുതിയ ലൈന്‍ എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെട്രോ റയില്‍ തുടങ്ങുന്നതിനുള്ള നടപടിയും ഡല്‍ഹി മെട്രോ തന്നെയാണു ചെയ്യുന്നതെന്നു ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

ഈ അവാര്‍ഡ് വ്യക്തിപരമായ ബഹുമതിയായല്ല കണക്കാക്കുന്നത്. ഇതു ഡല്‍ഹി മെട്രോയിലെ അസംഖ്യം എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ചേര്‍ന്നു നേടിയ വിജയമാണ്. അവര്‍ക്കുള്ള അംഗീകാരമായാണ് ഇത് ഏറ്റു വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

5. ഭാവിയുടെ ആവശ്യം ഹൈടെക് പൊലീസ്:ശിവരാജ് പാട്ടീല്‍
ജയ്പൂര്‍: സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം ഭീകരതയുടെയും കുറ്റകൃത്യങ്ങളുടെയും സ്വഭാവം മാറുകയാണെന്നും ആണവ – ജൈവ – രാസ ഭീകരതപോലും നേരിടാന്‍ പൊലീസ് സേനകള്‍ തയാറെടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ മുന്നറിയിപ്പു നല്‍കി. സാങ്കേതികവിദ്യാരംഗത്തെ പുതിയ സങ്കേതങ്ങളും അവയുടെ പ്രയോഗസാധ്യതകളും ഇന്നത്തെ സൈബര്‍ യുഗത്തില്‍ പൊലീസ് സേനയ്ക്ക് അന്യമാകാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനായി പൊലീസ് സേനയെ ആധുനികീകരിക്കാന്‍ സംസ്ഥാനങ്ങള്‍ ബജറ്റില്‍ വന്‍ തുക വകയിരുത്തേണ്ടതുണ്ടെന്നും 38-ാമത് അഖിലേന്ത്യാ പൊലീസ് സയന്‍സ് കോണ്‍ഗ്രസിലെ ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു. പൊലീസിന്റെ പരിശീലനം, ആയുധസന്നാഹം, പൊലീസ് നിയമങ്ങള്‍ എന്നിവയൊക്കെ കാലോചിതമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. ഭാവിയില്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന ആണവ വികിരണ പദാര്‍ഥങ്ങളുപയോഗിച്ചു ചെറുകിട അണുബോംബ് നിര്‍മിക്കാന്‍പോലും ഭീകരര്‍ ശ്രമിച്ചുകൂടെന്നില്ലെന്നു പാട്ടീല്‍ ചൂണ്ടിക്കാട്ടി.

ഭാവിയിലെ സാഹചര്യങ്ങള്‍കൂടി പരിഗണിച്ചു പ്രഫഷനല്‍ പൊലീസ് സേനയെ വളര്‍ത്തിയെടുക്കാന്‍ പൊലീസ് സര്‍വകലാശാല തുടങ്ങണമെന്ന നിര്‍ദേശം കേന്ദ്ര ഗവണ്‍മെന്റ് ഗൌരവമായി പരിഗണിക്കുകയാണെന്നും ആഭ്യന്തരമന്ത്രി വെളിപ്പെടുത്തി. ആധുനിക ഗവേഷണ – സാങ്കേതികവിദ്യാ വികസന സൌകര്യങ്ങള്‍കൂടി സമന്വയിപ്പിച്ചാകും ഇതിനു രൂപം നല്‍കുക. ആകര്‍ഷകമായ തൊഴില്‍മേഖലയായി പൊലീസിനെ വളര്‍ത്തിയെടുക്കുകകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള അര്‍ധസൈനിക വിഭാഗങ്ങളുടെ അംഗസംഖ്യ വര്‍ധിപ്പിക്കും. കൂടുതല്‍ പൊലീസുകാരെ റിക്രൂട്ട് ചെയ്തു പൊലീസ് സേനയെ ശക്തമാക്കാന്‍ സംസ്ഥാനങ്ങളും ശ്രമിക്കണം. പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യവും കൂട്ടാന്‍ നിര്‍ദേശം നല്‍കിയതായി പാട്ടീല്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ പൊലീസ് സേനകളില്‍ 2.5% മാത്രമാണു വനിതകള്‍.

6. ബാംഗൂരില്‍ മലിനജലം കുടിച്ച് 500 പേര്‍ക്ക് രോഗം
ബാംഗൂര്‍: മലിനജലം കുടിച്ചതിനെത്തുടര്‍ന്ന് പത്തു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലേറെ പേര്‍ക്ക് അതിസാരവും ഛര്‍ദിയും പിടിപെട്ടതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഭാരതിനഗറിലാണ് കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നത്. മുപ്പതു പേരെ രോഗം സാരമായി ബാധിച്ചിട്ടുണ്ട്. കോളറ ഉള്ളതായി സംശയമുള്ളവരെ  ഒാള്‍ഡ് മദ്രാസ്  റോഡിലെ എസെലേഷന്‍  ആശുപത്രിയിലേക്ക് മാറ്റി.

ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ നൂറുക്കണക്കിന് കുടുംബങ്ങള്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഭാരതിനഗര്‍, തിമ്മയ്യ റോഡ്, നീലസന്ദ്ര ഭാഗങ്ങളില്‍ ഇരുനൂറോളം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. തിമ്മയ്യറോഡിലെ വീട്ടമ്മ മരിച്ചത് മലിനജലം കുടിച്ചതു മൂലമാണെന്ന ആരോപണവുമുണ്ട്. പ്രദേശത്തെ അഴുക്കുചാലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഭാഗത്തേക്ക് പൈപ്പ് ലൈന്‍ മുഖേനയുള്ള കുടിവെള്ള വിതരണം നിര്‍ത്തി പകരം ടാങ്കര്‍ ലോറികളിലാണ്  ജലവിതരണം.

7. പക്ഷിപ്പനി: പരിശോധന ഉപേക്ഷിച്ചത് സമ്മര്‍ദംമൂലം
തൊടുപുഴ: പക്ഷിപ്പനിയെക്കുറിച്ചു കേരളത്തിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നാമക്കലില്‍ നടത്തിയ പരിശോധന പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതു തമിഴ്നാടിന്റെ സമ്മര്‍ദംമൂലം. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനയില്‍ പക്ഷിപ്പനി സംബന്ധിച്ച ഒളിച്ചുകളികള്‍ പുറത്താകുമെന്നായതോടെയാണു പൌള്‍ട്രി ഫാം ലോബി ചരടു വലിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് വെറ്ററിനറി വകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘം പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന നാമക്കലില്‍ സന്ദര്‍ശനത്തിന് എത്തിയത്. കാര്യമായ തയാറെടുപ്പോ സര്‍ക്കാര്‍ നിര്‍ദേശമോ ഇല്ലാതെ നാമക്കലില്‍ എത്തിയ സംഘത്തെ ഒരുഫാമില്‍ പോലും ഉടമകള്‍ പ്രവേശിപ്പിച്ചില്ല.

കേരള സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഗൌരവം മനസിലാക്കിയ ഫാം ഉടമകള്‍ ഉടന്‍ തമിഴ്നാട് മുഖ്യമന്ത്രി തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. ഉടന്‍തന്നെ തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടു.
അനുമതിയും അറിവും കൂടാതെയുള്ള പരിശോധനയുടെ ബുദ്ധിമുട്ടുകള്‍ ഇവര്‍ ധരിപ്പിച്ചുവെന്നാണ് അറിവ്. ഇതേത്തുടര്‍ന്നാണു പോയതിലും വേഗത്തില്‍ മടങ്ങാന്‍ കേരള സംഘത്തോട് വെറ്ററിനറി ഡയറക്ടര്‍ നിര്‍ദേശിച്ചത്.

”സംഭവം ഗുരുതരമാണ്, ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാണ്, ഉടന്‍ മടങ്ങുക എന്നായിരുന്നു കേരള സംഘത്തിനു ലഭിച്ച സന്ദേശം. ഇതോടെ ഒരു ഫാം പോലും കാണാതെ സംഘം മടങ്ങി. പക്ഷിപ്പനിയല്ല, കോഴിവസന്തയാണ് തമിഴ്നാട്ടിലെന്ന സര്‍ക്കാര്‍ വിശദീകരണം റിപ്പോര്‍ട്ടാക്കി സംഘം ജോലി തീര്‍ക്കുകയും ചെയ്തു.

8. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും വാഹന വിപണിക്കും നിരാശ
കൊച്ചി: പലിശ നിരക്കുകള്‍ കുറയ്ക്കാനുതകുന്ന നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ.വി. റെഡ്ഡിയുടെ ത്രൈമാസ നയപ്രഖ്യാപനത്തിലില്ലാതെപോയതു റിയല്‍ എസ്റ്റേറ്റ്, വാഹന വ്യവസായ മേഖലകളുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. ബാങ്കിങ് മേഖലയും ഒരളവു വരെ പലിശ നിരക്കുകളില്‍ ഇളവു പ്രതീക്ഷിച്ചിരുന്നതാണ്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പരക്കെ അനുഭവപ്പെടുന്ന മാന്ദ്യത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉയര്‍ന്ന നിരക്കിലുള്ള പലിശയാണ്. അസ്വാഭാവിക നിലയില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്നുളവായ സ്വാഭാവികമായ തിരുത്തല്‍വേള കൂടിയായപ്പോള്‍ മാന്ദ്യത്തിനു ദൈര്‍ഘ്യമേറിയിരിക്കുന്നു. പലിശ നിരക്കുകളില്‍ കുറവു വരുത്തിയിരുന്നെങ്കില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു കുറച്ചെങ്കിലും പ്രസരിപ്പു വീണ്ടെടുക്കാനാകുമായിരുന്നു.

വാഹന വിപണിയെയും ഉയര്‍ന്ന പലിശ നിരക്കുകള്‍ വല്ലാതെ ബാധിച്ചിട്ടുണ്ട്; പ്രത്യേകിച്ചും ഇരു ചക്ര വാഹനങ്ങളുടെ വിപണിയെ. കിട്ടാക്കടം വര്‍ധിച്ച സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും ഇരു ചക്ര വാഹനങ്ങള്‍ക്കു വായ്പ അനുവദിക്കാത്ത സ്ഥിതിവരെയുണ്ട്.

വായ്പ വിതരണത്തിന്റെ തോതു പോതുവേ കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്ന നയം മാറ്റം ബാങ്കിങ് മേഖല ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പക്ഷേ പലിശ നിരക്കുകള്‍ സ്വയം കുറയ്ക്കാന്‍ ചില വാണിജ്യ ബാങ്കുകളെങ്കിലും മുന്‍കയ്യെടുത്തെന്നു വരാം. വായ്പയിന്‍മേല്‍ ഈടാക്കുന്ന പലിശയില്‍ കുറവു വരുത്താനായിരിക്കും ഈ ബാങ്കുകള്‍ ആദ്യം തയാറാകുക. ഇതാകട്ടെ ബാങ്കിങ് മേഖലയില്‍ പലിശ യുദ്ധത്തിനു വഴിതുറക്കും.

യുഎസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ആഴ്ച അടിയന്തരമായി പലിശ നിരക്കില്‍ 0.75% വെട്ടിക്കുറവു വരുത്തിയിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ, വായ്പ നയ സമിതിയായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) ഇന്നു വീണ്ടും യോഗം ചേരുന്നുണ്ട്.

പലിശ നിരക്കുകള്‍ അര ശതമാനം വരെ വെട്ടിക്കുറയ്ക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.അങ്ങനെയെങ്കില്‍ യുഎസ് നിരക്കും ഇന്ത്യയിലെ നിരക്കും തമ്മിലുള്ള അന്തരം കൂടും. ഇന്ത്യയിലേക്കു കനത്ത ഡോളര്‍ പ്രവാഹമുണ്ടാകുകയായിരിക്കും ഫലം. അതാകട്ടെ റിസര്‍വ് ബാങ്കിനു തലവേദനയാകുകയും ചെയ്യും.Advertisements

1 അഭിപ്രായം

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

One response to “പത്രവാര്‍ത്തകള്‍ 30-01-08

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w