പത്രവാര്‍ത്തകള്‍ 29-01-08

1. കേരള ശാസ്ത്ര കോണ്‍ഗ്രസ് തുടങ്ങി
തിരു: ഇരുപതാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് തലസ്ഥാനത്ത് തുടക്കമായി. ഗവേഷണസ്ഥാപനങ്ങളുടെ ഉന്നമനവും സംസ്ഥാനത്തെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ശ്രമിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് സയന്‍സ് കോണ്‍ഗ്രസ് നടത്തുന്നത്. സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.

ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന കോണ്‍ഗ്രസില്‍ ആരോഗ്യരംഗത്തെ വെല്ലുവിളികളാണ് മുഖ്യ ചര്‍ച്ചാവിഷയം. കോണ്‍ഗ്രസിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച മുതല്‍ നാലാഞ്ചിറയിലെ കൊട്ടേക്കാട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ സാങ്കേതിക പരിപാടികള്‍ ആരംഭിക്കും. രാവിലെ ഒമ്പതിന് പ്രൊഫ എം എസ് വല്യത്താന്‍ പ്രൊഫ. പി ആര്‍ പിഷാരടി അനുസ്മരണപ്രഭാഷണം നടത്തും. തുടര്‍ന്ന് കേരളത്തിന്റെ ആരോഗ്യപ്രതിസന്ധികള്‍-പകര്‍ച്ചവ്യാധികളുടെ ആവിര്‍ഭാവവും പുനരാവിര്‍ഭാവവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഡോ. ബി ഇക്ബാല്‍, ഡോ. സി ആര്‍ സോമന്‍, ഡോ. കെ ആര്‍ ലീല, ഇട്ടിയമ്മ, ഡോ. വി രാമന്‍കുട്ടി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ആകെ ലഭിച്ച 472 പ്രബന്ധങ്ങളില്‍നിന്ന് 210 എണ്ണം കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. യുവശാസ്ത്ര പുരസ്കാരത്തിനായി 48 പേര്‍ മത്സരിക്കുന്നുണ്ട്. ജനുവരി മുപ്പതിന് അഞ്ച് വേദികളിലായി ഒരേസമയം ശാസ്ത്രപ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 31ന് ഉച്ചവരെയുള്ള സെഷനില്‍ ബാലശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കുട്ടികളുടെ ശാസ്ത്രകോണ്‍ഗ്രസില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി ഇരുനൂറോളം കുട്ടികള്‍ പങ്കെടുക്കും.

സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. ഇ പി യശോദരന്‍ അധ്യക്ഷനായിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ രാമചന്ദ്രന്‍നായര്‍, സയന്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. ആര്‍ വി ജി മേനോന്‍, ജനറല്‍ കണ്‍വീനര്‍ ടി ഇളങ്കോവന്‍, ഡോ. സി പി സൈഗാള്‍, ഡോ. കമലാക്ഷന്‍ കോക്കല്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസിന്റെ സിഡി മുഖ്യമന്ത്രി പ്രകാശനംചെയ്തു.

2. സ്വാശ്രയ മെഡിക്കല്‍ മെറിറ്റിലും ഗ്രാമീണസേവനം നിര്‍ബന്ധം
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍- ദന്തല്‍ കോഴ്സുകളില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്നവര്‍ക്കും ഗ്രാമീണസേവനം നിര്‍ബന്ധമാക്കി. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള ഈ വര്‍ഷത്തെ പൊതുപ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഏപ്രില്‍ 21മുതല്‍ 24വരെയാണ് പ്രവേശനപ്പരീക്ഷ. പ്രസ്ക്ളബില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയാണ് പ്രോസ്പെക്ടസ് പ്രകാശനംചെയ്തത്.

കാതലായ ഒമ്പത് മാറ്റങ്ങളോടെയാണ് ഈ വര്‍ഷം പൊതുപ്രവേശനപ്പരീക്ഷ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നേടുന്നവര്‍ക്ക് ഒന്നുമുതല്‍ മൂന്നുവര്‍ഷംവരെയാണ് ഗ്രാമീണസേവനം. സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നേരത്തേ ഈ നിബന്ധനയുണ്ട്. ഇതുസംബന്ധിച്ച് ഓരോ വിദ്യാര്‍ഥിയും പ്രവേശനസമയത്ത്് സര്‍ക്കാരിന് ബോണ്ട് നല്‍കണം. സര്‍ക്കാര്‍ കോളേജുകളില്‍നിന്ന് ബിരുദമെടുത്തശേഷം ഗ്രാമീണസേവനത്തിന് തയ്യാറാകാത്തവര്‍ 5 ലക്ഷം രൂപയും അവരുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ചെലവാക്കിയ തുകയും തിരിച്ചടയ്ക്കണം. സ്വാശ്രയ കോളേജുകളില്‍ പഠിച്ചിറങ്ങുന്നവര്‍ 5 ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടിവരും.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കംനില്‍ക്കുന്നവരുടെ ആനുകൂല്യങ്ങള്‍ക്കുള്ള ജാതി- വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന കൂടുതല്‍ കര്‍ശനവും കാര്യക്ഷമവുമാക്കും. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരുടെ അലോട്ട്മെന്റും പ്രവേശനവും റദ്ദാക്കും. ഇത്തരം വിദ്യാര്‍ഥികളെ അടുത്ത രണ്ടുവര്‍ഷം പരീക്ഷ എഴുതുന്നതില്‍നിന്ന് വിലക്കും. ഒഇസി വിഭാഗം വിദ്യാര്‍ഥികളെ വാര്‍ഷിക കുടുംബവരുമാനപരിധി കണക്കാക്കാതെ അലോട്ട്മെന്റ്സമയത്ത് ഫീസ് അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കി.

പൊതുപ്രവേശന പരീക്ഷാ റാങ്ക്ലിസ്റ്റില്‍നിന്ന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിവാങ്ങാതെ സ്വാശ്രയ സ്ഥാപനങ്ങള്‍ പ്രവേശനം നടത്താന്‍ പാടില്ല. ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ കാര്‍ഡുള്ളവര്‍ക്കും പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുള്ളവരെപ്പോലെ പ്രവേശനത്തിന് അര്‍ഹതയുണ്ടാകും.

പ്രവേശനത്തിനുള്ള അടിസ്ഥാനയോഗ്യത പ്രവേശനദിനത്തിലെങ്കിലും നേടിയാല്‍മതി എന്ന ഭേദഗതിയും വരുത്തി. ദന്തല്‍ കോഴ്സിന്റെ കാലാവധി നാലരവര്‍ഷവും ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പുമെന്നത് മൊത്തം അഞ്ചുവര്‍ഷമായി കുറച്ചു. പൊതുപ്രവേശന പരീക്ഷയില്‍ ആദ്യമായി ബാച്ചിലര്‍ ഓഫ് ഫിസിയോത്തെറാപ്പി (ബിപിടി) കോഴ്സിനെയും ഉള്‍പ്പെടുത്തി. ഈവര്‍ഷം മുതല്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിഎസ്സി അഗ്രിക്കള്‍ച്ചര്‍, ബിഎസ്സി ഫോറസ്ട്രി കോഴ്സുകള്‍ ഓണേഴ്സ് കോഴ്സുകളാകും.

പൊതുപ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോറവും പ്രോസ്പെക്ടസും തിങ്കളാഴ്ചമുതല്‍ വിതരണം തുടങ്ങി. എസ്ബിടി യുടെ 53ഉം കനറ ബാങ്കിന്റെ 96ഉം ശാഖകളിലായി മൊത്തം 149 കേന്ദ്രങ്ങള്‍വഴിയാണ് വിതരണം. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 29ന് വൈകിട്ട് അഞ്ചിനുമുമ്പ് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസില്‍ ലഭിക്കണം.

മാനേജ്മെന്റ് ഫീസടച്ചില്ല; പരീക്ഷ മുടങ്ങിയ വിദ്യാര്‍ഥികള്‍ സ്ഥാപന ഉടമയെ തടഞ്ഞുവച്ചു
അമ്പലപ്പുഴ: കോളേജ് മാനേജ്മെന്റ് പരീക്ഷാഫീസടയ്ക്കാത്തതിനാല്‍ ഹാള്‍ടിക്കറ്റ് ലഭിക്കാതെ പരീക്ഷ മുടങ്ങിയ വിദ്യാര്‍ഥികള്‍ സ്ഥാപന ഉടമയെ തടഞ്ഞുവച്ചു. വണ്ടാനം പള്ളിമുക്കിന് സമീപം സിക്കിം-മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ കോഴ്സുകള്‍ നടത്തുന്ന ക്രൈസ്റ്റ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം. വിദ്യാര്‍ഥികളില്‍ നിന്ന് പരീക്ഷാഫീസായി വാങ്ങിയ പണം സര്‍വകലാശാലയില്‍ അടച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് സ്ഥാപന ഉടമയും നടത്തിപ്പുകാരിയുമായ ചങ്ങനാശേരി സ്വദേശിനി ഹെല്‍ഡ വര്‍ഗീസിനെയാണ് മണിക്കൂറുകളോളം തടഞ്ഞുവെച്ചത്.

ബിഎസ്സി, എംഎല്‍ടി, ഡിആര്‍ഐടി, എച്ച്ഐഎ, എംബിഎ, എക്സ്റേ, സിടി സ്കാന്‍, ഡിഎംഎല്‍ടി തുടങ്ങി ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്സാണ് മൂന്നുവര്‍ഷത്തിന് മുമ്പാരംഭിച്ച ഈ സ്ഥാപനത്തില്‍ പഠിപ്പിക്കുന്നത്. ആവശ്യമുള്ള ജീവനക്കാരോ യോഗ്യതയുള്ള അധ്യാപകരോ മതിയായ ലബോറട്ടറി സൌകര്യമോ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ആറ് സെമസ്റ്ററുകളുള്ള വിഷയങ്ങള്‍ക്ക് ഒന്നിന് 17,200 രൂപയാണ് സ്ഥാപനം ഒരു വിദ്യാര്‍ഥിയില്‍ നിന്നും വാങ്ങുന്നത്. ഇതില്‍ 8,700 രൂപ സര്‍വകലാശാല ഫീസ് കഴിച്ചാല്‍ ബാക്കി ട്രയിനിങ് ഫീസാണ്. ഒന്നോ രണ്ടോദിവസം വൈകിയാല്‍ ആയിരം രൂപയ്ക്ക് മുകളില്‍ ഫൈന്‍ ഒടുക്കേണ്ടി വരുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെയുള്ള 44ഓളം വിദ്യാര്‍ഥികളില്‍ 24 പേര്‍ സ്ഥിരമായും ബാക്കിയുള്ളവര്‍ കറസ്പോണ്ടന്‍സ് കോഴ്സിനും ചേര്‍ന്ന് പഠിക്കുകയാണ്. ഭൂരിപക്ഷം വിദ്യാര്‍ഥികളും ബാങ്കില്‍ നിന്ന് ലോണെടുത്താണ് പഠിക്കുന്നത്.

ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ്തോമസ് കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നപ്പോള്‍ വിദ്യാര്‍ഥികളുടെ പരീക്ഷാഫീസ് തിരിമറി നടത്തിയതിന് ഹെല്‍ഡ വര്‍ഗീസിനെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടിരുന്നതായും ആരോപണമുണ്ട്.

ബാങ്ക് വായ്പയെടുത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ നല്‍കിയിട്ടുള്ള പരീക്ഷാഫീസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും ഉടന്‍ നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. ഡിവൈഎഫ്ഐ അമ്പലപ്പുഴ ഏരിയസെക്രട്ടറി അഡ്വ. ജെ ഷേര്‍ളി, മേഖലാസെക്രട്ടറി മുജീബ് റഹ്മാന്‍, എസ്എഫ്ഐ ഏരിയസെക്രട്ടറി ജയേഷ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.

വിദ്യാര്‍ഥികളെയും മാനേജര്‍ ഹെല്‍ഡ വര്‍ഗീസിനെയും പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഒത്തുതീര്‍പ്പുചര്‍ച്ച നടത്തി. കുട്ടികളില്‍ നിന്ന് ഈടാക്കിയിട്ടുള്ള മുഴുവന്‍ പണവും ഫെബ്രുവരിയില്‍ നല്‍കാമെന്ന് സ്ഥാപന ഉടമ ഉറപ്പുനല്‍കി.

3. സ്മാര്‍ട്ട്സിറ്റിക്കു സമീപം 65 ലക്ഷത്തിന്റെ ഭൂമി തട്ടിയെടുത്തു
കൊല്ലം: സ്മാര്‍ട്ട്സിറ്റിക്കു സമീപം 65 ലക്ഷംരൂപ വിലയുള്ള വസ്തു, ഉടമ അറിയാതെ കുടുംബസുഹൃത്തും സംഘവും വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തി. ബിസിനസുകാരനായ മൈനാഗപ്പള്ളി കണ്ടത്തില്‍ അബ്ബാസിന്റെ 43.5 സെന്റ് ഭൂമി സുഹൃത്തായ എറണാകുളം പനമ്പള്ളിനഗര്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം കൈവശപ്പെടുത്തിയെന്നാണ് കേസ്. ആള്‍മാറാട്ടം, വ്യാജരേഖചമയ്ക്കല്‍ എന്നിവ അരങ്ങേറിയ ഇടപാടില്‍ സബ്രജിസ്ട്രാര്‍ ഉള്‍പ്പെട്ട ഒമ്പതംഗ സംഘത്തിനെതിരെ അബ്ബാസ് കോലഞ്ചേരി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തു.

കുന്നത്തുനാട് താലൂക്കിലെ മഴുവന്നൂര്‍ വില്ലേജിലാണ് അബ്ബാസിന്റെ 43.5 സെന്റ് ഭൂമി. ഇതുള്‍പ്പെടെ 73.5 സെന്റ് സ്ഥലം അബ്ബാസിന് ഉണ്ടായിരുന്നു. അബ്ബാസ് 1998 മുതല്‍ എറണാകുളത്ത് വാടകയ്ക്കാണ് താമസം. 2003ല്‍ സുഹൃത്തിന്റെ വീട്ടില്‍ വാടകയ്ക്കു താമസമാക്കി. 2004ലാണ് അബ്ബാസ് സ്ഥലം വാങ്ങുന്നത്. രണ്ട് ആധാരങ്ങളിലായി 73.5 സെന്റ് രജിസ്റ്റര്‍ ചെയ്തു. ഭൂമി വാങ്ങി ഏറെ കഴിയുംമുമ്പ് 30 സെന്റിന്റെ ആധാരം പണയംവച്ച് കൊച്ചി എച്ച്എസ്ബിസി ബാങ്കില്‍നിന്ന് വായ്പയെടുക്കേണ്ടിവന്നു. തുടര്‍ന്ന് ബിസിനസ് മതിയാക്കി 2005ല്‍ അബ്ബാസ് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ 30 സെന്റ് ഭൂമി ബാങ്ക് അറ്റാച്ച് ചെയ്യാന്‍ നടപടിയെടുത്തു.

ബാങ്ക് അറ്റാച്ച്മെന്റ് ഒഴിവാക്കാനെന്ന പേരില്‍ 2006ല്‍ അബ്ബാസിനെ സമീപിച്ച സുഹൃത്ത് 43.5 സെന്റ് ഭൂമിയുടെ ഒറിജിനല്‍ ആധാരം കൈവശപ്പെടുത്തി. ഏറെ താമസിയാതെ അബ്ബാസ് വായ്പാകുടിശ്ശികയുമായി സുഹൃത്തിനെ സമീപിച്ചു. എന്നാല്‍, അയാള്‍ ഉരുണ്ടുകളിച്ചു. സംശയംതോന്നിയ അബ്ബാസ് ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ 30 സെന്റ് ഭൂമി അറ്റാച്ച് ചെയ്തെന്നും 43.5 സെന്റിന്റെ പ്രമാണം ബാങ്ക് വാങ്ങിയിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു. വസ്തു പട്ടിമറ്റത്ത് സ്വദേശിയായ ഒരാളുടെ പേരില്‍ പുത്തന്‍കുരിശ് സബ്രജിസ്ട്രാര്‍ ഓഫീസില്‍വച്ച് വിലയാധാരം രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തി.

പനമ്പള്ളി നഗര്‍ സ്വദേശിയെ ഒന്നാംപ്രതിയാക്കിയും വസ്തു വാങ്ങിയ ആളെ രണ്ടാംപ്രതിയാക്കിയുമാണ് അബ്ബാസ് ഇപ്പോള്‍ ഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്. ആധാരമെഴുത്തുകാരന്‍, രണ്ടുസാക്ഷികള്‍, ആള്‍മാറാട്ടക്കാരനായ വസ്തുഉടമയെ തിരിച്ചറിഞ്ഞ രണ്ടു സാക്ഷികള്‍, പുത്തന്‍കുരിശ് സബ്രജിസ്ട്രാര്‍, അബ്ബാസിന്റെ ഡ്യൂപ്പ് എന്നിവരാണ് യഥാക്രമം മൂന്നുമുതല്‍ ഒമ്പതുവരെ പ്രതികള്‍.

അഡ്വ. വെളിയം കെ എസ് രാജീവ് മുഖേന ഫയല്‍ചെയ്ത ഹര്‍ജി തുടര്‍നടപടികള്‍ക്കായി പുത്തന്‍കുരിശ് പൊലീസ്സ്റ്റേഷന് കൈമാറിയിരിക്കുകയാണ് ഇപ്പോള്‍.

1. ബേബി ജോണ്‍ അന്തരിച്ചു
കൊല്ലം: മുന്‍ മന്ത്രിയും മുതിര്‍ന്ന ആര്‍.എസ്.പി നേതാവുമായിരുന്ന ബേബി ജോണ്‍ അന്തരിച്ചു. കൊല്ലത്തെ ബിഷപ്പ് ബെന്‍സിന്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 1.05 നായിരുന്നു അന്ത്യം.
കേരള രാഷ്ട്രീയത്തില്‍ കരുത്തനായി മാറിയ ബേബിജോണ്‍ നീണ്ടകര പടിഞ്ഞാറ്റതില്‍ ജോണിന്റെയും മേരിയുടെയും മകനായി 1917 ഒക്ടോബര്‍ 28ന് ആണ് ജനിച്ചത്.

മത്സ്യബന്ധനവും കയര്‍പിരിയും ജീവനോപാധിയാക്കിയ പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ ജനിച്ച ബേബിജോണ്‍ നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ എല്‍.പി. സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ശക്തികുളങ്ങര സെന്റ് ലിയോണ്‍സ് സ്കൂള്‍, ചവറ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ നല്ല വോളിബോള്‍ കളിക്കാരനായിരുന്നു ബേബിജോണ്‍.

അക്കാലങ്ങളില്‍ പൊതുജീവിതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങി. സ്വാതന്ത്യ്ര ലബ്ധിക്കുമുമ്പ് ശ്രീമൂലം അസംബ്ളി തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതോടെ വീട്ടുകാരുടെ നോട്ടപ്പുള്ളിയായി. എസ്.എസ്.എല്‍.സി ജയിച്ചത് കോട്ടാല്‍ കാര്‍മല്‍ സ്കൂളില്‍നിന്നായിരുന്നു. പക്ഷേ അപ്പോഴേക്കും രാഷ്ട്രീയ താല്പര്യം വര്‍ദ്ധിച്ചിരുന്നു. യൂത്ത്ലീഗിന്റെ പ്രവര്‍ത്തകനായി. അതിനിടയില്‍ കുറച്ചുനാള്‍ അദ്ധ്യാപകനായും ജോലി ചെയ്തു.
കൊല്ലത്ത് കോണ്‍ഗ്രസ് സംഘടനയുമായി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് പാളയം കോട്ട സെന്റ് അലോഷ്യസ് കോളേജില്‍ ചേര്‍ന്നത്. ദേശീയ സമരത്തിന്റെ അലയടികള്‍ അവിടെയുണ്ടായി. 1942-ലെ ക്വിറ്റിന്ത്യാസമരം അവിടെ കോളേജ് അന്തരീക്ഷം കലുഷിതമാക്കി. കോളേജിലെ സമരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം കോളേജില്‍നിന്ന് പുറത്താക്കപ്പെട്ടു. മടങ്ങി കൊല്ലത്തെത്തിയ ബേബിജോണ്‍ രാഷ്ട്രീയ രംഗത്ത് സജീവമായി. ഇതിനിടെ കൊച്ചി തേവര കോളേജില്‍ ചേര്‍ന്നു. ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭസമരങ്ങളില്‍ അദ്ദേഹം സജീവപങ്കാളിയായി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1948-ലെ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് കെ.എസ്.പിടിക്കറ്റില്‍ മത്സരിച്ച ബേബിജോണ്‍ പരാജയപ്പെട്ടു.

1951 ഡിസംബറില്‍ തിരു-കൊച്ചി നിയമസഭാംഗമായ ബേബിജോണ്‍ 1954ലും വിജയം ആവര്‍ത്തിച്ചു. 1957-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബേബിജോണ്‍ 1960, 67, 70 വര്‍ഷങ്ങളില്‍ കരുനാഗപ്പള്ളിയില്‍നിന്നും 1977, 80, 82, 87, 92, 97 വര്‍ഷങ്ങളില്‍ ചവറയില്‍നിന്നും വിജയിച്ചു. 2001 വരെ നിയമസഭാംഗമായിരുന്നു.
സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍നായര്‍, ഇ.കെ. നായനാര്‍ എന്നീ മുഖ്യമന്ത്രിമാരുടെ കീഴില്‍ റവന്യു, എക്സൈസ്, സഹകരണം, വിദ്യാഭ്യാസം, ജലവിഭവവം, തൊഴില്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ചവറയ്ക്ക് അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവന പ്രശസ്തമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍) ആണ്.

നായനാരുടെ മൂന്നാം മന്ത്രിസഭയില്‍ തൊഴില്‍-ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കേ 1997 ആഗസ്റ്റ് 27ന് ആണ് ബേബിജോണിനെ രോഗം തളര്‍ത്തിയത്. ആഴ്ചകളോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അദ്ദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നു. പക്ഷേ ക്രമേണ അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയും ചലനശേഷിയും കുറഞ്ഞുവന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം പൂര്‍ണ്ണമായും രോഗശയ്യയിലായിരുന്നു.
റിട്ട. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് അന്നമ്മയാണ് ഭാര്യ. ഷീല, എന്‍ജിനിയര്‍ ഷാജി, മുന്‍ എം.എല്‍.എ ഷിബുബേബിജോണ്‍ എന്നിവരാണ് മക്കള്‍. മരുമക്കള്‍: മുന്‍ അക്കൌണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ്, റീറ്റ, ആനി.

2. എച്ച്.എം.ടി. ഭൂമി ഇടപാട് : തെറ്റുപറ്റിയെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍
കൊച്ചി: വിവാദ എച്ച്.എം.ടി ഭൂമി ഇടപാടിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് അഡി. അഡ്വ. ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായര്‍ നാടകീയമായി ഹൈക്കോടതി മുമ്പാകെ സമ്മതിച്ചു.
എച്ച്.എം.ടിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ 70 ഏക്കര്‍ സ്വകാര്യകമ്പനിക്ക് വിറ്റനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയി കൈതാരത്ത് നല്‍കിയ ഹര്‍ജിയുടെ പരിഗണനയ്ക്കിടയിലാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറലിന് കോടതിയുടെ ചോദ്യത്തിനു മറുപടിയായി ഇങ്ങനെ ബോധിപ്പിക്കേണ്ടിവന്നത്. ഹര്‍ജിക്കാരന്റെ ആവശ്യത്തോട് ഭാഗികമായി അനുകൂല നിലപാടാണ് ഉള്ളതെന്നും വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായര്‍ കോടതിയെ അറിയിച്ചു.
എച്ച്.എം.ടിക്ക് ഭൂമി വില്പന നടത്താന്‍ വേണ്ടി പോക്കുവരവിനുള്ള വിലക്ക് നീക്കിയതില്‍ ക്രമക്കേട് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ പോക്കുവരവ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. “വിവാദ ഭൂമിഇടപാടിനെക്കുറിച്ച് എല്ലാം അന്വേഷിച്ച് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.” ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവും ജസ്റ്റിസ് കെ.എം. ജോസഫും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അദ്ദേഹം വ്യക്തമാക്കി.
വിവാദ ഭൂമിഇടപാടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്ന കേസില്‍ ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ശിവന്‍ മഠത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രാരംഭവാദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അഡി. അഡ്വ. ജനറലിനോട് ഡിവിഷന്‍ ബെഞ്ച് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. പോക്കുവരവ് വിലക്കിക്കൊണ്ടുള്ള ഉത്തരവ് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ നീക്കിയതുമൂലമല്ലേ എച്ച്.എം.ടിക്ക് ഭൂമി വില്ക്കാന്‍ അനുകൂലസാഹചര്യമുണ്ടായത് എന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. “നിങ്ങളുടെ മന്ത്രിതന്നെ ആദ്യം വിലക്കി. പിന്നീട് വിലക്ക് നീക്കി”- കോടതി പറഞ്ഞു.
ഈ ഘട്ടത്തിലാണ് സര്‍ക്കാരിന് ചില പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് അഡി. അഡ്വക്കേറ്റ് ജനറല്‍ സമ്മതിച്ചത്. “നിങ്ങളിപ്പോള്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകനായ ശിവന്‍ മഠത്തിലിനോട് യോജിക്കുകയാണോ” എന്നായി കോടതി. “ഭാഗികമായി” എന്ന് അഡി.എ.ജിയുടെ മറുപടിയും വന്നു.
എച്ച്.എം.ടി പ്രവര്‍ത്തിക്കുന്നതിന് പുറത്ത് കാടുപിടിച്ച് പാമ്പുകള്‍ പെറ്റുപെരുകിക്കൊണ്ടിരുന്ന സ്ഥലമാണ് കമ്പനിക്കുവേണ്ടി നല്‍കിയിരുന്നതെന്ന് ഒരു ഘട്ടത്തില്‍ അഡി. എ.ജി. വിശദീകരിച്ചു. മന്ത്രി എന്തിനാണ് പോക്കുവരവ് നടത്താന്‍ അനുമതി നല്‍കുന്ന യോഗത്തില്‍ പങ്കെടുത്തതെന്ന് കോടതി ആരാഞ്ഞു.
“വ്യവസായ മന്ത്രിയാണ് യോഗം വിളിച്ചത്. തൊഴിലാളി പ്രതിനിധികളും മറ്റും യോഗത്തില്‍ ഉണ്ടായിരുന്നു. റവന്യു മന്ത്രി യോഗത്തിലെ പല ചര്‍ച്ചകളും കഴിഞ്ഞ് അവസാനമാണ് എത്തിയത്.” അഡി. എ. ജി പറഞ്ഞു.
എച്ച്.എം.ടി നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് അഡി. എ.ജിയുടെ പക്കല്‍ ഉറച്ച മറുപടിയുണ്ടായിരുന്നു. “ക്രമക്കേടുകണ്ടാല്‍ എച്ച്.എം.ടിക്കെതിരെയും നടപടിയെടുക്കും.”
തെറ്റു പറ്റിയെന്ന് പറഞ്ഞിട്ടില്ല: മന്ത്രികരിം
കൊച്ചി: എച്ച്.എം.ടി ഭൂമി ഇടപാടില്‍ തെറ്റ് സംഭവിച്ചെന്ന് അഡി. അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതി യില്‍ പറഞ്ഞിട്ടില്ലെന്ന്
മന്ത്രി എളമരം കരിം പ്രസ്താവിച്ചു. സ്ഥലം ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പരിശോധിക്കുമെന്ന് മാത്രമാണ് കോടതിയെ അറിയിച്ചതെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
എച്ച്.എം.ടിയുടെ ഭൂമി കൈമാറ്റം നിയമവിരുദ്ധമാണെന്ന് നിയമവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്കറിയില്ല. ബന്ധപ്പെട്ട ഫയല്‍ പരിശോധിക്കാതെ ഒന്നും പറയാന്‍ കഴിയില്ല. കൈമാറിയ ഭൂമിയില്‍ നിര്‍മ്മാണം നടത്താന്‍ അനുമതി നല്‍കിയിട്ടില്ല. അനുമതി കൂടാതെ നിര്‍മ്മാണം നടത്തിയാല്‍ തടയും.
എച്ച്.എം.ടി ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രവ്യവസായമന്ത്രിക്ക് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.
നിയമ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി: നിയമ മന്ത്രി
തിരുവനന്തപുരം: എച്ച്. എം. ടിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി വില്ക്കാന്‍ പാടില്ലെന്ന് നിയമ വകുപ്പ് സെക്രട്ടറി പി. എസ്. ഗോപിനാഥന്‍ റിപ്പോര്‍ട്ട് നല്‍കിയ കാര്യം നിയമവകുപ്പ് മന്ത്രി എം. വിജയകുമാര്‍ സ്ഥിരീകരിച്ചു.
ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്നത്തില്‍ എന്ത് നടപടി കൈക്കൊള്ളണമെന്ന് മന്ത്രിസഭ കൂട്ടായി തീരുമാനിക്കേണ്ടതാണെന്നും മന്ത്രി വിജയകുമാര്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.

3. കാര്‍ യാത്രക്കാരനെ പത്തംഗ സംഘം അടിച്ചുകൊന്നു
ഈരാറ്റുപേട്ട : സൈഡ് കൊടുക്കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ യാത്രക്കാരനെ പത്തംഗസംഘം അടിച്ചു കൊന്നു.
തിടനാട് വെയില്‍കാണാംപാറ കല്ലാശേരില്‍ വീട്ടില്‍ ജോര്‍ജ് തോമസാണ് (വര്‍ക്കിച്ചന്‍-46) കൊല്ലപ്പെട്ടത്. വെയില്‍കാണാംപാറ ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 10.45നായിരുന്നു സംഭവം. വാരിയാനിക്കാട് പള്ളി പെരുന്നാളിന് സുഹൃത്തുമായി പോയി മടങ്ങുകയായിരുന്നു ജോര്‍ജ് തോമസ്. ഇവര്‍ സഞ്ചരിച്ച സ്കോര്‍പിയോയ്ക്കു മുന്നില്‍ പോയ ബൈക്ക് സൈഡുകൊടുക്കാതിരുന്നതാണ് പ്രശ്നത്തിനു തുടക്കം.
പല തവണ ലൈറ്റ് ഡിം ചെയ്തിട്ടും ഹോണ്‍ മുഴക്കിയിട്ടും ബൈക്ക് യാത്രക്കാര്‍ വഴി നല്‍കിയില്ല. സ്കോര്‍പിയോ ഒരുവിധത്തില്‍ ഓവര്‍ടേക്ക് ചെയ്യുകയും ബൈക്കുകാരെ ശകാരിക്കുകയും ചെയ്തു.
തുടര്‍ന്ന് വെയില്‍കാണാംപാറ ജംഗ്ഷനില്‍ നിറുത്തിയപ്പോള്‍ ബൈക്കില്‍ വന്നവര്‍ കാര്‍ ചെറുത്തു. ഇതിനിടെ ഇവര്‍ മൊബൈലില്‍ വിളിച്ചതനുസരിച്ച് നാലു ബൈക്കുകളിലായി എട്ടുപേര്‍ കൂടി എത്തി ആക്രമിക്കുകയായിരു ന്നുവത്രേ. തോരണം കെട്ടിയിരുന്ന കഴകള്‍ ഊരി ആരോ ജോര്‍ജ് തോമസിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. രക്തം വാര്‍ന്നു നിലത്തുവീണ ജോര്‍ജിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്കുവച്ച് മരിച്ചു.
കാര്‍ ഓടിച്ചിരുന്ന പ്ളാത്തോട്ടത്തില്‍ സജിയെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവിടെ നിന്നുമാറ്റി. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സജിയുടെ ബന്ധുക്കള്‍ വിസമ്മതിച്ചു. ഈരാറ്റുപേട്ട സി.ഐ കെ.വി. വിജയകുമാര്‍, തിടനാട് എസ്.ഐ ഗോപിനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണ്. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്നും ഇവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. കൊല്ലപ്പെട്ട ജോര്‍ജുമായി പ്രതികള്‍ക്ക് പൂര്‍വവൈരാഗ്യമുള്ളതായി അറിവില്ല. ഏതാനും പ്രതികള്‍ പിടിയിലായതായി സൂചനയുണ്ട്. തലയ്ക്കേറ്റ മുറിവുകളാണ് ജോര്‍ജിന്റെ മരണത്തിനു കാരണമായതെന്നാണ് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്. സംസ്കാരം ഇന്നലെ വൈകിട്ട് നടന്നു. ഗ്രേസിയാണ് ഭാര്യ. മക്കള്‍: ഡോണ, ഐഡ, തോമസുകുട്ടി.

4. മില്‍മ പാല്‍വില കൂട്ടരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊല്ലം: സബ്സിഡി കൊടുത്തായാലും മില്‍മാ പാലിന്റെ വില ഉയര്‍ത്താതെ തന്നെ വിതരണം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം പ്രൊഫ. എസ്. വര്‍ഗീസ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
കമ്മിഷന്റെ കൊല്ലത്തു നടന്ന സിറ്റിംഗിലാണ് നിര്‍ദ്ദേശം. ക്ഷീര വകുപ്പ് ഡയറക്ടര്‍ കെ.ടി. സരോജിനി, മില്‍മ എം.ഡിയുടെ ചാര്‍ജ് വഹിക്കുന്ന ജോര്‍ജ് ജോസഫ് എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. പാല്‍ വില കൂട്ടാതെ മില്‍മയ്ക്ക് പിടിച്ചുനില്ക്കാനാവില്ലെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കണമെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. ക്ഷീര കര്‍ഷകരുടെ നഷ്ടം നികത്താന്‍ വില കൂട്ടുകയല്ലാതെ മറ്റ് വഴിയില്ലെന്നും അവര്‍ പറഞ്ഞു.
മില്‍മാ പാല്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ‘കേരളകൌമുദി’ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

5. പ്രവേശനപരീക്ഷ ഏപ്രില്‍ 21 മുതല്‍;ഒമ്പതു വ്യവസ്ഥകളില്‍ മാറ്റം
കൊച്ചി : പൊതു പ്രവേ ശനപരീ ക്ഷാ ക മ്മിഷണര്‍ തയ്യാ റാക്കുന്ന മെഡി ക്കല്‍- എന്‍ജി നിയറിംഗ് റാങ്ക് ലി സ്റ്റി ല്‍ നിന്ന് പ്രവേ ശനം നട ത്താന്‍ സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതുള്‍പ്പെടെ പുതിയ ഒമ്പത് വ്യവസ്ഥ കളോടെ 2008-2009 വര്‍ഷത്തെ പ്രൊഫഷണല്‍ കോളേജ് പ്രവേശനപ്പ രീക്ഷയ്ക്കുള്ള പ്രോസ് പെക്ട്സ് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഇന്നലെ പുറത്തിറക്കി.
ഏപ്രില്‍ 21 മുതല്‍ 24 വരെയാണ് എന്‍ട്രന്‍സ് പരീക്ഷ. അപേക്ഷാ ഫോറം എസ്.ബി.ടിയുടെയും കാനറാ ബാങ്കിന്റെയും 149 ശാഖകള്‍ വഴി വിതരണം തുടങ്ങി. പ്രോസ്പെക്ടസ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ “നഫഫലഫഴദവദ.സഴഭ” എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29 ആണ്.
സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളേജുകളില്‍ നിന്ന് സര്‍ക്കാര്‍ ഫീസില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷംവരെ ഗ്രാമീണ മേഖലയില്‍ നിര്‍ബന്ധസേവനം അനുഷ്ഠിക്കണം. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രവേശന സമയത്ത് സര്‍ക്കാരിന് ബോണ്ട് നല്‍കണം. സര്‍ക്കാര്‍ സേവനത്തിന് വിമുഖത പ്രകടിപ്പിക്കുന്നവര്‍ അഞ്ച് ലക്ഷം രൂപ തിരിച്ചടയ്ക്കണം.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് എം.ബി.ബി.എസ്. കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു ഗ്രാമീണ മേഖലയില്‍ നിര്‍ബന്ധ സേവനം.
ഗ്രാമീണ സേവനത്തിന് വിമുഖത പ്രകടിപ്പിക്കുകയാണെങ്കില്‍ അഞ്ചു ലക്ഷം രൂപയും വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ ചെലവാക്കിയ തുകയും തിരിച്ചടയ്ക്കേ ണ്ടിവരും.
* പ്രവേശന പരീക്ഷയ്ക്ക് ഈ വര്‍ഷം മുതല്‍ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി) കോഴ്സും ഉള്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് ബി.പി.ടി. പ്രവേശനം നടത്തിയത്.
* ഡെന്റല്‍ കൌണ്‍സില്‍ ഒഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ബി.ഡി.എസ്. കോഴ്സിന്റെ ദൈര്‍ഘ്യം അഞ്ചര വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറച്ചു. ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കോഴ്സിനോടൊപ്പം ഇന്റേണ്‍ഷിപ്പ് ചെയ്താല്‍ മതിയാകും. നേരത്തെ കോഴ്സ് കാലാവധി നാലര വര്‍ഷവും ഇന്റേണ്‍ഷിപ്പ് ഒരു വര്‍ഷവുമായിരുന്നു.
* സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ആനുകൂല്യത്തിനായി അപേക്ഷിക്കുന്നവരുടെ ജാതി സര്‍ട്ടിഫിക്കറ്റ്, കുടുംബ വാര്‍ഷിക വരുമാനം എന്നിവ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും.
* ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അലോട്ട്മെന്റ് സമയത്ത് ഫീസ് അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കി.
* അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശന ദിനത്തിലെങ്കിലും അക്കാഡമിക്ക് യോഗ്യത നേടിയാല്‍ മതി.
* കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി കോഴ്സുകള്‍ ഇനി മുതല്‍ ഓണേഴ്സ് കോഴ്സുകളായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

6. മാതൃഭൂമി എഫ്. എം റേഡിയോ ഇന്നു മുതല്‍ തലസ്ഥാനത്തു നിന്ന്
തിരുവനന്തപുരം : മാതൃഭൂമിയുടെ എഫ്. എം റേഡിയോ ‘ക്ളബ് എഫ്. എം 94.3’ ഇന്നുമുതല്‍ തിരുവനന്തപുരത്തുനിന്ന് പ്രക്ഷേപണം ആരംഭിക്കും.
രാവിലെ 7.53 മുതല്‍ 94.3 ഫ്രീക്വന്‍സിയില്‍ റേഡിയോ പ്രോഗ്രാം കേള്‍ക്കാനാവും. തിരുവനന്തപുരത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ റേഡിയോ സിഗ്നല്‍ ലഭിക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ളബ് എഫ്. എമ്മില്‍ കൂടുതലും ഹാസ്യ, വിനോദ, സംഗീത പരിപാടികളാണുള്ളത്. ഫോണ്‍ ഇന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന ശ്രോതാക്കള്‍ക്ക് നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. ക്ളബ് എഫ്. എമ്മിന്റെ മൂന്നാമത്തെ സ്റ്റേഷനാണ് തിരുവനന്തപുരത്തേത്. നേരത്തേ തൃശൂരിലും കണ്ണൂരിലും സ്റ്റേഷന്‍ സ്ഥാപിച്ചിരുന്നു.

7. ചെറുമീനുകള്‍ക്കു പിന്നാലെ പോയി എക്സൈസ് സമയം കളയുന്നു: ഹൈക്കോടതി
കൊച്ചി: സ്പിരിറ്റു കേസുകളില്‍ വന്‍ സ്രാവുകളെ ഒഴിവാക്കി ചെറുമീനുകള്‍ക്ക് പിന്നാലെ നടന്ന് എക്സൈസ് വകുപ്പ് സമയം പാഴാക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പാലക്കാട്, തൃശൂര്‍, നെയ്യാറ്റിന്‍കര റേഞ്ചുകളിലെ സ്പിരിറ്റ് കേസ് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് ആര്‍. ബസന്തിന്റെ പരാമര്‍ശം. സ്പിരിറ്റ് കേസുകളില്‍ തൃപ്തികരമായ അന്വേഷണമല്ല നടക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
പാലക്കാടു നിന്ന് 594 ലിറ്റര്‍, നെയ്യാറ്റിന്‍കരയില്‍ 1,768 ലിറ്റര്‍, തൃശൂരില്‍ 8,400 ലിറ്റര്‍ എന്നിങ്ങനെ സ്പിരിറ്റ് പിടികൂടിയ കേസുകളുടെ അന്വേഷണമാണ് മന്ദഗതിയില്‍ നീങ്ങുന്നത്. അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രൊസിക്യൂഷന്‍ പി.ജി. തമ്പി കോടതിയില്‍ സമ്മതിച്ചു. സംസ്ഥാന എക്സൈസ് കമ്മിഷണര്‍ നല്‍കിയ പത്രിക സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അബ്കാരി കേസുകളില്‍ മതിയായ അന്വേഷണം നടന്നിട്ടില്ലെന്ന് എക്സൈസ് കമ്മിഷണര്‍ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസന്വേഷണത്തിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ കൈക്കൊള്ളുന്ന നടപടികളും പത്രികയിലുണ്ട്. പുല്പള്ളി സ്പിരിറ്റ് കേസിന്റെ അന്വേഷണത്തില്‍ പൊലീസിന്റെ മാതൃകയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും. മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ഡിവിഷണല്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ കേസന്വേഷണ പുരോഗതി വിലയിരുത്തും. ഇവയുടെ വിശദാംശങ്ങള്‍ മേഖലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ക്ക് കൈമാറും. അന്വേഷണപുരോഗതി വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മേഖലായോഗം കൂടും. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

8. നാടന്‍ പേരുമായ് നൂറിനം തവളകള്‍
കോഴിക്കോട്: മുറ്റത്തും പാടത്തും ഇരുന്നു കരയുന്ന തവളകളെ ഇനി പേരു ചൊല്ലി വിളിക്കാം. വായില്‍ കൊള്ളാത്ത ശാസ്ത്രനാമമല്ല. നല്ല നാടന്‍ മലയാളം പേരുകള്‍. ഉഭയജീവിയെന്ന നിലയില്‍ പരിണാമചക്രത്തില്‍ സവിശേഷസ്ഥാനമുള്ള തവളവര്‍ഗ്ഗത്തെക്കുറിച്ച് ഒരു വ്യാഴവട്ടക്കാലമായി പഠനഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവരുന്ന ഡോ. അനില്‍ സക്കറിയയാണ് കാടും മലയും പാടവും തോടും താണ്ടി നൂറോളം ഇനം തവളകളെ കണ്ടുപിടിച്ച് പേരിട്ടത്.
ചിത്രത്തവള, കാട്ടുമണവാട്ടി, കുറിവായന്‍ ചെമ്പന്‍തവള, പറക്കും മരത്തവള, മണവാട്ടിത്തവള, മരതകനീലി,നീര്‍ത്തുള്ളിത്തവള, ചെങ്കല്‍ത്തവള…..
ആകൃതിയും നിറവും ശബ്ദമുണ്ടാക്കുന്നതിലും ഇരപിടിക്കുന്നതിലുമുള്ള പ്രത്യേകതകളും പരിഗണിച്ചാണ ്ഈ പേരുകള്‍ നിര്‍ദ്ദേശിച്ചത്. കോഴിക്കോട് ആസ്ഥാനമായുള്ള മലബാര്‍ നാച്വറല്‍ ഹിസ്ററി സൊസൈറ്റി മുഖേന ഈ മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ചചെയ്താണ് പേരുകള്‍ ഉറപ്പിച്ചത്.
റണ മലബാറിക്ക എന്ന് ശാസ്ത്രീയനാമമുള്ള ചുവപ്പും കറുപ്പും കലര്‍ന്ന സുന്ദരിയാണ് മണവാട്ടിത്തവള. കല്ള്യാണ ആഘോഷങ്ങള്‍ക്ക് മുമ്പായി ഇവ വീടുകളില്‍ വിരുന്നെത്തുമെന്ന് നാട്ടുവിശ്വാസം. റണ കേര്‍ട്ടിപ്പസ് എന്ന കാട്ടുമണവാട്ടി പ്രധാനമായും കാടുകളിലാണ് വാസം. ചുവപ്പുംചാരവും കലര്‍ന്ന ചുളുങ്ങിയ തൊലിപ്പുറം നിറയെ ചിത്രപ്പണിയുണ്ട് കലൌല ടപ്രോബനിക എന്ന ചിത്രത്തവളയ്ക്ക്. മൈക്രോ ഹൈല റുബ്രയെന്ന കുറിവായന്‍ ചെമ്പന് പേര് സുചിപ്പിക്കുംപോലെ ചെറിയ വായയാണുള്ളത്. ഉയര്‍ന്ന മരക്കൊമ്പുകളില്‍ കഴിയുന്ന നീര്‍ത്തുള്ളിത്തവള പ്രജനനകാലത്ത് കരയുന്നത് മഴത്തുള്ളിവീഴുന്ന ഈണത്തിലാണ്. മുന്നാറിലും മറ്റും പ്രധാനമായി കാണുന്ന നീലയും പച്ചയും ഇടകലര്‍ന്ന ചെറിയഇനം ഇലത്തവളയാണ് മരതകനീലി. വയനാട് പൊഴുതന മൃഗാശുപത്രിയില്‍ സര്‍ജനായ അനില്‍ സക്കറിയ സ്വന്തം നിലയില്‍ കണ്ടെത്തി വര്‍ഗ്ഗീകരിച്ച നൂറോളം തവളകളുടെ വിശദാംശങ്ങള്‍ ചിത്രങ്ങളും മലയാളം പേരുകളും സഹിതം പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

9. മന്ത്രി എളമരം കരീമിന് ദൂതന്‍ മുഖേന നോട്ടീസ്
കൊച്ചി: എച്ച്.എം.ടി ഭൂമി കൈമാറ്റക്കേസില്‍ വ്യവസായ മന്ത്രി എളമരം കരീമിനും മുംബയിലെ ബ്ളൂസ്റ്റാര്‍ റിയല്‍റ്റേഴ്സിനും പ്രത്യേക ദൂതന്‍ മുഖേന നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറി, എച്ച്.എം.ടി. കണയന്നൂര്‍ താലൂക്ക് ലാന്‍ഡ്ബോര്‍ഡ്, കണയന്നൂര്‍ തഹസില്‍ദാര്‍, എറണാകുളം ജില്ലാ കളക്ടര്‍, കേന്ദ്ര വ്യവസായ വകുപ്പു സെക്രട്ടറി എന്നിവര്‍ക്കു പുറമെ സി.ബി.ഐക്കും നോട്ടീസയയ്ക്കാന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
എച്ച്.എം.ടിക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ ഭൂമിയിലെ 70 ഏക്കര്‍ സെന്റിന് 1.30 ലക്ഷം രൂപ വിലവച്ച് വിറ്റത് റദ്ദാക്കണമെന്നും ഭൂമി പോക്കുവരവ് നടത്താന്‍ മന്ത്രിമാര്‍ അനുമതി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐക്ക് ഉത്തരവ് നല്‍കണമെന്നും ആവശ്യപ്പെട്ട് ജോയി കൈതാരത്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
ഔദ്യോഗിക വിശദീകരണം നല്‍കുമെന്ന് എച്ച്. എം. ടി
കൊച്ചി: എച്ച്. ഡി. ഐ. എല്‍. സൈബര്‍സിറ്റിക്ക് എച്ച്. എം.ടി ഭൂമി വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഔദ്യോഗിക വിശദീകരണം ഉടന്‍ ഉണ്ടാകുമെന്ന് എച്ച്. എം. ടി മാനേജിംഗ് ഡയറക്ടര്‍ ഹേമചന്ദ്രബാബു പത്രലേഖക രോടു പറഞ്ഞു.
‘ഞങ്ങള്‍ സാങ്കേതിക വിദഗ്ധര്‍ മാത്രമാണ്. സൈബര്‍ സിറ്റി വിവാദവുമായി ബന്ധപ്പെട്ട് ബാംഗ്ളൂരില്‍ നിന്നും ഔദ്യോഗിക വിശദീകരണം ഉടന്‍ ഉണ്ടാകും. അടച്ചിട്ട മുറിയ്ക്കുള്ളില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല അദ്ദേഹം പറഞ്ഞു.
വ്യവസായ, റവന്യു മന്ത്രിമാര്‍ രാജിവയ്ക്കണം: ഉമ്മന്‍ചാണ്ടി
കോട്ടയം: എച്ച്.എം.ടി. ഭൂമി ഇടപാടില്‍ സര്‍ക്കാരിന് ചില തെറ്റുകള്‍ പറ്റിയെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ച സാഹചര്യ ത്തില്‍ വ്യവസായ, റവന്യു മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

10. പക്ഷിപ്പനിയെന്ന് സംശയം: തമിഴ്നാട്ടില്‍ കോഴികളെ കൂട്ടത്തോടെ തീയിട്ടു
ഇടുക്കി: തേനിജില്ലയിലെ ബോഡിനായ്ക്കന്നൂരില്‍ കോഴികളെ കൂട്ടത്തോടെ ചുട്ടുകരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട് പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. കേരളത്തിലേക്ക് ഇറച്ചിക്കോഴികളെ കയറ്റി അയക്കുന്ന മേഖലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
ബോഡിനായ്ക്കന്നൂരിനടുത്ത് വിജനമായ പ്രദേശത്ത് ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ ഇറച്ചിക്കോഴിക്കൂമ്പാരം കണ്ടത്. അയ്യായിരത്തിലേറെ കോഴികളെ ഇങ്ങനെ കൊന്നൊടുക്കിയിട്ടുണ്ട്. ദൂരെ എവിടെ നിന്നോ കൊണ്ടുവന്ന് കത്തിച്ചതാണെന്ന് പൊലീസ് കരുതുന്നു.

11. സിഗ്നല്‍ കാക്കുന്ന ട്രെയിനുകളും പേട്ട സ്റ്റേഷനില്‍ നിറുത്തും
തിരുവനന്തപുരം : പേട്ട റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ സിഗ്നല്‍ കിട്ടാതെ ഔട്ടറില്‍ പിടിച്ചിടുന്നത് ഒഴിവാക്കും. പകരം ഈ ട്രെയിനുകള്‍ പേട്ട സ്റ്റേഷനില്‍ നിറുത്തിയിടും.
യാത്രക്കാര്‍ക്ക് ട്രെയിനില്‍ കാത്തിരിക്കാതെ സ്റ്റേഷനില്‍ ഇറങ്ങാന്‍ സൌകര്യത്തിനുവേണ്ടിയാണിതെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ടൈറ്റസ് പി. കോശി പറഞ്ഞു.
റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേട്ട സ്റ്റേഷനില്‍ നിറുത്താത്ത പല ട്രെയിനുകളും സിഗ്നല്‍ കിട്ടാത്തതുകാരണം ഉപ്പിടാംമൂട് പാലത്തിന് സമീപം നിറുത്തിയിടുകയാണ് പതിവ്. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസിലെ മൂന്നു സ്ളീപ്പര്‍ കോച്ചുകളില്‍ കോയമ്പത്തൂര്‍ വരെ റിസര്‍വേഷന്‍ ഒഴിവാക്കും. എസ് – 11, 12, 13 എന്നീ കോച്ചുകളാണ് റിസര്‍വേഷന്‍ ഇല്ലാതെ ഓടിക്കുക.
സ്ത്രീകള്‍ക്കുവേണ്ടി തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മിക്കുന്ന എ.സി. ഡോര്‍മിറ്ററി ഹാള്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. കാലാവധി കഴിഞ്ഞിട്ടും പണിതുടങ്ങാത്ത കരാറുകള്‍ റദ്ദാക്കും. റിസര്‍വേഷന്‍ സെന്ററില്‍ ക്യൂ ഒഴിവാക്കുന്നതിനുള്ള പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് ഡി. ആര്‍. എം. പറഞ്ഞു.
യാത്രക്കാര്‍ക്ക് വേസ്റ്റ് നിക്ഷേപിക്കാന്‍ എല്ലാ സ്ളീപ്പര്‍ ക്ളാസ് കോച്ചുകളിലും വേസ്റ്റ് തൊട്ടികള്‍ സ്ഥാപിക്കും. ട്രെയിനുകളിലെ ടോയ്ലറ്റുകള്‍ അടിക്കടി വൃത്തിയാക്കാന്‍ മൊബൈല്‍ സംഘത്തെ നിയോഗിക്കും. കഴക്കൂട്ടത്ത് ഗുഡ്സ് ഷെഡ് സംവിധാനമൊരുക്കുമെന്നും ഡി.ആര്‍.എം പറഞ്ഞു.

12. വികലാംഗയായ പെണ്‍കുട്ടികള്‍ക്ക് നിക്ഷേപ പദ്ധതി
കോട്ടയം: വികലാംഗരായി ജനിക്കുന്ന പെണ്‍കുട്ടികളുടെ പേരില്‍ പതിനായിരം രൂപ ബാങ്കില്‍ നിക്ഷേപിക്കുന്ന പദ്ധതി സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് 18 വര്‍ഷത്തെ ഫിക്സഡ് ഡിപ്പോസിറ്റായി തുക നിക്ഷേപിക്കുന്നതെന്ന് സംസ്ഥാന വികലാംഗ ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ പലിശയടക്കം തുക വിനിയോഗിക്കാം.
നിര്‍ദ്ധനരായ വികലാംഗര്‍ക്കായി പാറശാലയില്‍ സഹായ ഉപകരണ യൂണിറ്റും കണ്ണൂരില്‍ ഉപകരണ നിര്‍മ്മാണ യൂണിറ്റും സ്ഥാപിക്കും. വിവാഹധനസഹായം അയ്യായിരത്തില്‍ നിന്നും 20000 രൂപയായി വര്‍ദ്ധിപ്പിച്ചു.
കേന്ദ്ര വികലാംഗ പുനരധിവാസ കോര്‍പ്പറേഷന്‍ മുഖാന്തിരം ഒന്നര ലക്ഷം രൂപ കോര്‍പ്പറേഷന്‍ അനുവദിക്കും.
കൂടുതല്‍ പണം വേണ്ടവര്‍ക്ക് എന്‍. എച്ച്. എഫ്. ഡി. സി മുഖേന നാലു ശതമാനം പലിശയ്ക്ക് സ്വയം തൊഴിലിനു വേണ്ടി വായ്പ നല്‍കും.
വൊക്കേഷണല്‍ ട്രെയിനിംഗിന്റെ ഭാഗമായി തടിപ്പണിക്ക് സ്റ്റൈപ്പന്റോടുകൂടി പരിശീലനം നല്‍കുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

1. 2007ലെ മലയാളിക്കുള്ള ഏഷ്യാനെറ്റ് പുരസ്കാരം എ.കെ.ആന്റണിക്ക്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയനായ മലയാളിയായി പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ ഏഷ്യാനെറ്റ് തിരഞ്ഞെടുത്തു.

വിവിധ മേഖലകളില്‍ മികവ് കാട്ടിയ പ്രമുഖരായ പത്തുപേരുടെ പട്ടികയില്‍നിന്നായിരുന്നു എസ്.എം.എസ്. മുഖേനയുള്ള തിരഞ്ഞെടുപ്പ്. ആകെ ചെയ്ത വോട്ടില്‍ 24 ശതമാനം ആന്റണിക്ക് ലഭിച്ചു. ഫിബ്രവരി എട്ടിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ബഹുമതി സമ്മാനിക്കും. വൈകീട്ട് 5.30ന് ‘കേരളം _ വെല്ലുവിളികള്‍, സാധ്യതകള്‍’ എന്ന വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ശില്പശാലയോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. പിന്നീട് ആന്റണിയെ ആദരിക്കുന്ന ചടങ്ങ് നടക്കും.

ഏഷ്യാനെറ്റ് ചെയര്‍മാനും ‘ഫിക്കി’യുടെ നിയുക്ത പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖര്‍ എം.പി., ഏഷ്യാനെറ്റ് വൈസ് ചെയര്‍മാനും എം.ഡി.യുമായ കെ.മാധവന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

2. പോലീസുകാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന_കോടിയേരി
മലപ്പുറം: പോലീസുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുമെന്ന് മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മലപ്പുറം എം.എസ്.പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിനോടുചേര്‍ന്ന് സെന്‍ട്രല്‍സ്കൂള്‍ തുടങ്ങിയിട്ടുണ്ട്. തൃശ്ശൂരില്‍ പോലീസ് അക്കാദമിയുടെ ഭാഗമായി ഒരു സ്കൂള്‍ ഉടന്‍ തുടങ്ങും. ഇതിനാവശ്യമായ സ്ഥലം ആഭ്യന്തരവകുപ്പ് നല്കും.

മലപ്പുറം എം.എസ്.പി സ്കൂളിന്റെ വികസന മാര്‍ഗരേഖ സമര്‍പ്പിച്ചാല്‍ അനുകൂല നിലപാട് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്കി.

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ പിന്നാക്കാവസ്ഥ മറികടക്കുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തും. കേന്ദ്രസര്‍വകലാശാല വടക്കേ മലബാറില്‍ സ്ഥാപിക്കുമെന്നും ഐ.ഐ.ടി സ്ഥാപിക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

3. പാഠപുസ്തകങ്ങളുടെ അച്ചടി നഷ്ടമായി ഷൊറണൂര്‍ ഗവ. പ്രസ്സ് അവഗണനയില്‍
ഷൊറണൂര്‍: അനുവദിച്ച ആധുനിക യന്ത്രങ്ങള്‍ പലതും ഇനിയും ലഭിക്കാത്തതും അച്ചടി വകുപ്പിന്റെ അവഗണനയുംമൂലം ഷൊറണൂര്‍ ഗവണ്‍മെന്റ് പ്രസ്സിന്റെ നിലനില്‍പ്പ് ഭീഷണിയില്‍. അതിനിടെ, പാഠപുസ്തക അതോറിറ്റി യഥാസമയം കടലാസ് എത്തിക്കാതിരുന്നതിനാല്‍ ഷൊറണൂര്‍ ഗവണ്‍മെന്റ് പ്രസ്സിന് പാഠപുസ്തകങ്ങളുടെ അച്ചടിക്കരാറും നഷ്ടമായി. ജീവനക്കാരുടെ കുറവും പ്രസ്സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.

2005_06 ലെ ബജറ്റ്വിഹിതം ഉപയോഗിച്ച് വാങ്ങിയ യന്ത്രങ്ങള്‍ ഷൊറണൂര്‍ പ്രസ്സില്‍ ഇനിയും പൂര്‍ണമായി സ്ഥാപിച്ചിട്ടില്ല. അനുവദിച്ച യന്ത്രങ്ങളില്‍ പലതും തിരുവനന്തപുരത്തെയും എറണാകുളത്തെയും സര്‍ക്കാര്‍ പ്രസ്സുകളിലാണ് അധികൃതര്‍ സ്ഥാപിച്ചത്. പ്രസ്സിന്റെ പ്രവര്‍ത്തനത്തിന് വളരെ ഗുണകരമായ റീ_ഗ്രൈന്‍ഡിങ് യന്ത്രം വരെ ഇത്തരത്തില്‍ എറണാകുളത്തേക്ക് കൊണ്ടു പോയി. ഇതിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

എട്ടാംക്ലാസ്സിലെ അറബിക്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് പുസ്തകങ്ങളുടെ അച്ചടിക്കരാര്‍ ഷൊറണൂര്‍ ഗവ. പ്രസ്സിന് ലഭിച്ചിരുന്നതാണ്. എന്നാല്‍ കടലാസ് സമയത്ത് ടെക്സ്റ്റ്ബുക്ക് അതോറിറ്റി എത്തിച്ചില്ല. അതിനെത്തുടര്‍ന്ന് പാഠപുസ്തകങ്ങളുടെ അച്ചടി കഴിഞ്ഞ ദിവസം കോഴിക്കോട് ഗവണ്‍മെന്റ് പ്രസ്സിലേക്ക് അധികൃതര്‍ മാറ്റി.

മുന്നൂറോളം ജീവനക്കാരുള്ള ഷൊറണൂര്‍ പ്രസ്സിന് ഇപ്പോള്‍ മുഖ്യമായും പോലീസ് വകുപ്പിന്റെയും മറ്റും അച്ചടിക്കരാറുകളാണ് ലഭിക്കുന്നത്. പോലീസ് വകുപ്പില്‍ കമ്പ്യൂട്ടര്‍വത്കരണം വരുന്നതോടെ സ്ഥിതി പരുങ്ങലിലാവും. പാഠപുസ്തകങ്ങള്‍ അച്ചടിക്കാനുള്ള ചുമതല ലഭിച്ചില്ലെങ്കില്‍ പ്രസ്സിന്റെ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു.

സ്ഥലസൌകര്യങ്ങളുടെ പരിമിതിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അച്ചടി പൂര്‍ത്തിയാക്കിയവ യഥാസമയം പ്രസ്സില്‍നിന്ന് നീക്കംചെയ്യാന്‍ സാധിക്കാത്തത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചുമതലവഹിക്കുന്ന ശേഖരന്‍കുട്ടി പറഞ്ഞു. വിവിധ വകുപ്പുകളുടെ രേഖകള്‍ മാസങ്ങളായി പ്രസ്സില്‍ കൂടി ക്കിടക്കുകയാണ്.

ജില്ലയിലെ ഏക ഗവ. പ്രസ്സായ ഇവിടെ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ചുമതല അസിസ്റ്റന്റ് സൂപ്രണ്ടിനാണ് നല്‍കിയിരിക്കുന്നത്. ജനറല്‍ ഫോര്‍മാന്‍മാരുടെ ഒഴിവുകളും നികത്തിയിട്ടില്ല.

അവഗണന അവസാനിപ്പിക്കണം_ സി.പി.മുഹമ്മദ് എം.എല്‍.എ.

ഷൊറണൂര്‍: അച്ചടിവകുപ്പധികൃതര്‍ കാലാകാലങ്ങളായി ഷൊറണൂര്‍ ഗവ. പ്രസ്സിനെ അവഗണിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണമെന്ന് സി.പി.മുഹമ്മദ് എം.എല്‍.എ. പറഞ്ഞു. ഭഗവാന്‍ പ്രസാദിച്ചിട്ടും പൂജാരി പ്രസാദിക്കാത്തത് പോലെയാണ് നിലവിലെ സ്ഥിതി. സര്‍ക്കാര്‍ഫണ്ട് ഉപയോഗിച്ച് ഷൊറണൂര്‍ ഗവ. പ്രസ്സിന് വാങ്ങിയ മെഷീനുകള്‍ മറ്റ് പ്രസ്സുകളിലേക്ക് കൊണ്ടുപോയതിന് യാതൊരു ന്യായീകരണവുമില്ല. പ്രസ്സിന് അര്‍ഹതപ്പെട്ട ഉപകരണങ്ങള്‍ പൂര്‍ണമായും ഉടന്‍തന്നെ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

4. വാര്‍ത്താവിനിമയം പുതിയ സാങ്കേതികവിദ്യയുമായി മലയാളി യുവാവ്
കോട്ടയം: ഉപഗ്രഹത്തിന്റെ സഹായമില്ലാതെ വാര്‍ത്താവിനിമയം സാധ്യമാക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തിയതായി മലയാളിയുവാവ്. പൊന്‍കുന്നം സ്വദേശിയും സൌദിഅറേബ്യയില്‍ സ്വകാര്യകമ്പനിയില്‍ ചീഫ് എന്‍ജിനിയറുമായ ഷാന്‍ ഷെറീഫ് കല്ലംപറമ്പില്‍ (24) ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

അള്‍ട്രാസോണിക് സങ്കേതം ഉപയോഗിച്ച് വാര്‍ത്താവിനിമയം നടത്താമെന്നാണ് ഷാനിന്റെ കണ്ടെത്തല്‍. അള്‍ട്രാസോണിക് റെഡ്ജ് ട്രാന്‍സ്ഡ്യൂസര്‍ എന്ന ഉപകരണം ഇതിനായി ഷാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശബ്ദസിഗ്നലുകളെ അള്‍ട്രാസോണിക് തരംഗങ്ങളുമായി ബന്ധിപ്പിച്ചാണ് ഈ രീതിയില്‍ വാര്‍ത്താവിനിമയം സാധ്യമാക്കുന്നത്.

ഉപഗ്രഹസഹായത്തോടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ഏറെ ചെലവേറിയതാണ്. എന്നാല്‍, പുതിയ കണ്ടെത്തല്‍ ഉപയോഗപ്പെടുത്തിയാല്‍ ചെലവ് വളരെ കുറയും. ഒരുരൂപ ചെലവില്‍ ഒരുമണിക്കൂറോളം മൊബൈല്‍ഫോണില്‍ സംസാരിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും പത്രസമ്മേളനത്തില്‍ ഷാന്‍ പറഞ്ഞു.

5. അരിവില നിയന്ത്രിക്കാന്‍ ഇറങ്ങിയ കണ്‍സ്യൂമര്‍ഫെഡിന് നഷ്ടം 10 കോടി
തൃശ്ശൂര്‍: സംസ്ഥാനത്തെ അരിക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ അരിവിപണിയില്‍ ഇറങ്ങിയ കണ്‍സ്യൂമര്‍ഫെഡിന് നഷ്ടം 10 കോടി. നഷ്ടം പെരുകിയതിനെത്തുടര്‍ന്ന് 4000_ഓളം അരിക്കടകള്‍ അടച്ചിട്ടിട്ട് ഒരാഴ്ച കഴിഞ്ഞു. സ്ഥാപനത്തിന് ആശ്വാസമേകാന്‍ സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ ഇല്ലാത്തത് കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കി. ഇതുമായി ബന്ധപ്പെട്ട് 23ന് ചര്‍ച്ച വെച്ചിരുന്നെങ്കിലും നടന്നില്ല.

ജനവരി 20_നാണ് ഫെഡിന്റെ അരിക്കടകള്‍ പൂര്‍ണ്ണമായും നിര്‍ത്തിയത്. 25 കോടിയുടെ കച്ചവടമാണ് സ്ഥാപനം നടത്തിയത്. 17.50 രൂപയ്ക്ക് ആന്ധ്രാ അരി വാങ്ങിയാണ് 14 രൂപയ്ക്ക് വിറ്റത്. ഈയിനത്തില്‍ കിലോഗ്രാമിന് 3.50 രൂപ പ്രകാരമാണ് 10 കോടി രൂപയുടെ നഷ്ടമുണ്ടായിരിക്കുന്നത്. നഷ്ടം സര്‍ക്കാര്‍ നല്‍കുമെന്ന ധാരണയിലാണ് സ്ഥാപനം വിലകുറച്ചു വിറ്റത്.

ഇതോടെ ലാഭത്തിലേക്ക് മടങ്ങിവരികയായിരുന്ന സ്ഥാപനം ബുദ്ധിമുട്ടിലായി. 23ന് ധനകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം സംബന്ധിച്ച് നടത്താനിരുന്ന യോഗം നടന്നതുമില്ല. പുതിയ യോഗദിവസം നിശ്ചയിച്ചിട്ടുമില്ല. 50 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം കിട്ടേണ്ട പദ്ധതി തുടര്‍ന്ന് നടക്കുമെന്ന് ഉറപ്പില്ലാതായി.

അടുത്തകാലത്ത് കണ്‍സ്യൂമര്‍ഫെഡ് നടത്തിയ മറ്റ് വിവിധ വിപണി ഇടപെടലുകളിലും സര്‍ക്കാര്‍വിഹിതം ഇനിയും നല്‍കിയിട്ടില്ല.

സഹകരണ വിപണനം കേരളീയം 60 ദിവസം നടത്തിയപ്പോള്‍ 15.79 കോടിയാണ് നഷ്ടം വന്നത്. ഇതില്‍ 5.79 കോടി ഇനിയും സര്‍ക്കാര്‍ നല്‍കാനുണ്ട്. ഓണക്കച്ചവടത്തിന് നഷ്ടം 6.32 കോടിയായിരുന്നു. സര്‍ക്കാര്‍ നല്‍കിയത് മൂന്നു കോടിയും. റംസാന്‍, ക്രിസ്മസ്, ബക്രീദ് വിപണികളില്‍ ഇറങ്ങി നഷ്ടംവന്ന ഓരോ കോടി വീതവും സര്‍ക്കാര്‍ നല്‍കാനുണ്ട്. വിലക്കൂടുതലുള്ള സാധനങ്ങള്‍ വാങ്ങി പൊതുവിപണിയേക്കാള്‍ താഴ്ന്ന നിരക്കില്‍ വിറ്റപ്പോഴുണ്ടായ നഷ്ടമാണ് ഇവയെല്ലാം.

ഒട്ടാകെ 25 കോടി രൂപയോളമാണ് സര്‍ക്കാര്‍ ഈയിനങ്ങളിലെല്ലാംകൂടി കണ്‍സ്യൂമര്‍ഫെഡിന് നല്‍കാനുള്ളത്. കിട്ടാനുള്ള തുക സംബന്ധിച്ച് സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി കാത്തിരിക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്.

6. സിന്‍ഡിക്കേറ്റിന് വേദിയൊരുക്കാന്‍ ലക്ഷങ്ങള്‍; ആരോപണം ഭയന്ന് യോഗസ്ഥലം മാറ്റി
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ ലക്ഷങ്ങള്‍ പൊടിപൊടിക്കുന്നത് വിവാദമാകുന്നു. സര്‍വകലാശാല ആസ്ഥാനത്തുള്ള സിന്‍ഡിക്കേറ്റ്ഹാള്‍ അടുത്ത സമയത്താണ് ശീതീകരിച്ച് നന്നായി ഫര്‍ണിഷ് ചെയ്തെടുത്തത്. ഇതിനായി അഞ്ചുലക്ഷത്തോളം രൂപ ചെലവായി.

ഇതിനിടെ ഒന്നിടവിട്ട സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ കാര്യവട്ടം കാമ്പസ്സില്‍ ചേരാന്‍ തീരുമാനിച്ചു. ഉടനടി അഞ്ചുലക്ഷത്തോളം രൂപ മുടക്കി കാര്യവട്ടത്തെ സര്‍വകലാശാല ഗസ്റ്റ്ഹൌസ് മോടിപിടിപ്പിച്ചു. സിന്‍ഡിക്കേറ്റിന്റെ ആവശ്യത്തിനായി അഞ്ചുലക്ഷം രൂപ അനുവദിക്കുന്ന കാര്യം ചൊവ്വാഴ്ചത്തെ യോഗത്തിന്റെ അജണ്ടയിലും ഉള്‍പ്പെട്ടിരുന്നു. കാര്യവട്ടം കാമ്പസ്സില്‍ ഇടയ്ക്കിടയ്ക്ക് യോഗം ചേരുന്നത് അവിടെ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ഇടവരുത്തുമെന്നാണ് യോഗവേദി അങ്ങോട്ടേയ്ക്ക് മാറ്റാനുള്ള കാരണമായി പറഞ്ഞത്.

എന്നാല്‍ സര്‍വകലാശാലാഅധികൃതരില്‍ത്തന്നെ ഒരു വിഭാഗത്തിന് ഈ ധൂര്‍ത്തില്‍ അമര്‍ഷം തോന്നി. സര്‍വകലാശാലാആസ്ഥാനത്ത് യോഗം ചേര്‍ന്നാല്‍ നല്ലൊരു പങ്ക് സിന്‍ഡിക്കേറ്റംഗങ്ങളും നഗരത്തിലെ താമസക്കാരായതിനാല്‍ യാത്രാപ്പടിക്ക് അര്‍ഹരല്ല. കാര്യവട്ടം കാമ്പസ്സിലേക്ക് 14 കിലോമീറ്റര്‍ ഉള്ളതിനാല്‍ അവിടെ യോഗം ചേര്‍ന്നാല്‍ യാത്രാപ്പടി ലഭിക്കുകയും ചെയ്യും. ഇതില്‍ കണ്ണുവെച്ചാണ് യോഗവേദി മാറ്റുന്നതെന്നാണ് ആരോപണം ഉയര്‍ന്നത്.

7. വയനാട്ടിലെ കാര്‍ഷിക വായ്പകളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും _മന്ത്രി
തിരുവനന്തപുരം: വയനാട് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പകളുടെ ബാധ്യത ഗവണ്മെന്റ് ഏറ്റെടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഗവണ്മെന്റ് ഈ തീരുമാനമെടുത്തിട്ടുള്ളത്. ഒരേക്കര്‍ വരെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ 2006 ജൂണ്‍ 30 വരെ സഹകരണ സംഘങ്ങളില്‍ നിന്നെടുത്ത 25,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാനും തന്മൂലം സഹകരണ സംഘങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ഗവണ്മെന്റ് നികത്താനും തീരുമാനമായി. പദ്ധതി നടത്തിപ്പിനായി മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വയനാട് ജില്ലയില്‍ 25,000 രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുന്നതുമൂലം അതത് സംഘങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന തുകകള്‍ പരിശോധിച്ച് കൃത്യമായ കണക്കുകള്‍ ജനവരി 30 നകം സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാര്‍ഷികേതര വായ്പകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതല്ല. അതത് സംഘങ്ങള്‍ തയ്യാറാക്കുന്ന കണക്കുകള്‍ ജില്ലയിലെ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ എന്നിവര്‍ പരിശോധിച്ച് പ്രസ്തുത കണക്കുകളുടെ കൃത്യതയും അനര്‍ഹമായ വായ്പകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തി വിശദമായ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. അത് ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്ക് ഉടനെ സമര്‍പ്പിക്കേണ്ടതാണെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പകള്‍ തിരിച്ചടയ്ക്കാന്‍ മൊറട്ടോറിയം പ്രഖ്യാപിക്കുകയും മൊറട്ടോറിയം കാലയളവിലെ പലിശ ഗവണ്മെന്റ് നല്‍കുമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് പ്രകാരം സംഘങ്ങള്‍ വായ്പക്കാര്‍ക്ക് പലിശയിളവ് നല്‍കി വായ്പാ കണക്കുകള്‍ അവസാനിപ്പിച്ചു. ഗവണ്മെന്റ് ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ സംഘംതലത്തില്‍ നടപ്പാക്കിയ ശേഷം മേല്‍പ്പറഞ്ഞ ഉത്തരവ് ഗവണ്മെന്റ് റദ്ദ് ചെയ്യുകയായിരുന്നു. ഗവണ്മെന്റ് ഉത്തരവ് യഥാസമയം പാലിക്കുകയും അതുമൂലം സംഘങ്ങള്‍ക്കുണ്ടായ സാമ്പത്തിക ബാധ്യതകള്‍ നല്‍കുന്നതില്‍ നിന്ന് പിന്നീട് ഗവണ്മെന്റ് പിന്തിരിയുകയും ചെയ്തതുമൂലം പല സംഘങ്ങളും സാമ്പത്തിക ബുദ്ധിമുട്ടിലായി. 2008 ഫിബ്രവരി ഒന്നുമുതല്‍ ഒരുമാസക്കാലം വായ്പാ സംഘങ്ങളില്‍ നിന്നും അംഗങ്ങള്‍ എടുത്തിട്ടുള്ള വിവിധ വായ്പകള്‍ കുടിശ്ശികയായി നില്‍ക്കുന്നത് അടവാക്കാന്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കുടിശ്ശിക നിവാരണ പദ്ധതി പ്രകാരം ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തി കടബാധ്യതയില്‍ നിന്നും ഒഴിവാകാനും അതോടൊപ്പം സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്താനും എല്ലാ വായ്പക്കാരും സഹകരിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

8. റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് 20 കോടിയുടെ പദ്ധതി
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷം 20 കോടി രൂപ ചെലവാക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ടൈറ്റസ് പി. കോശി അറിയിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കായുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ മുറിയുടെ മാതൃകയില്‍ മറ്റുപ്രധാന സ്റ്റേഷനുകളില്‍ വിശ്രമ മുറികള്‍ നിര്‍മ്മിക്കും. സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിന്റെ ഉയരം വര്‍ധിപ്പിക്കും. തീവണ്ടിയില്‍ നിന്നും ഇറങ്ങുന്നവര്‍ തെന്നി വീഴാതിരിക്കാനായി പ്രത്യേകതരം തറയോടുകള്‍ പാകും. ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളില്‍ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ ത്വരപ്പെടുത്തുമെന്നും ഡി. ആര്‍. എം. അറിയിച്ചു.

ഹൃസ്വദൂര യാത്രക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ശബരിഎക്സ്പ്രസിലെ മൂന്നുകോച്ചുകളില്‍ സീസണ്‍ ടിക്കറ്റുകാര്‍ക്ക് ഇനി യാത്രചെയ്യാന്‍ കഴിയും. തിരുവനന്തപുരം മുതല്‍ കോയമ്പത്തൂര്‍ വരെ എസ്_11, എസ്_12, എസ്_13 കോച്ചുകളിലാണ് സീസണ്‍ ടിക്കറ്റുകാര്‍ക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സമ്പ്രദായം നടപ്പിലാക്കിയ ശേഷം ആദ്യമായാണ് സീസണ്‍ ടിക്കറ്റുകാര്‍ക്ക് യാത്രാനുമതി നല്‍കുന്നതെന്ന് ഡി. ആര്‍. എം. പറഞ്ഞു.

തിരുവനന്തപുരം ഡിവിഷന്‍ ഈ വര്‍ഷം 430 കോടി രൂപ വരുമാനം നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 70 കോടി അധികം നേടിയതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ റെയില്‍വേ സ്റ്റേഷനുകളില്‍ എയ്ഡ്സ് കൌണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കും. തിരുവനന്തപുരത്തായിരിക്കും ആദ്യസെന്റര്‍ ആരംഭിക്കുക. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്_ ഡി. ആര്‍. എം. പറഞ്ഞു.

9. സര്‍വരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതാണ് വികസനം_വി. എസ്.
തിരുവനന്തപുരം: വികസനമെന്നാല്‍ സര്‍വരുടെയും ജീവിത നിലവാരം ഉയര്‍ത്തുക എന്നാണര്‍ത്ഥമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും വളരുവാനും അഭിവൃദ്ധിയുണ്ടാകുവാനും ഉതകുംവിധത്തില്‍ പൊതുസമ്പത്തും സാമൂഹിക സൌകര്യങ്ങളും നീതിപൂര്‍വകമായി ലഭിക്കാന്‍ വേണ്ട അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച ഇരുപതാമത് സംസ്ഥാന ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാധാരണക്കാരന്റെ ജീവിത സംബന്ധിയായ പ്രശ്നങ്ങള്‍ പഠിക്കാനും അവയ്ക്ക് സാമൂഹിക പ്രതിബദ്ധതയോടെ പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമം ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് വി. എസ്. ആവശ്യപ്പെട്ടു. നമ്മുടെ മണ്ണും ജലസ്രോതസ്സുകളും വനവും മറ്റു പ്രകൃതി സമ്പത്തുമെല്ലാം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും പരിഹാരം കാണാനുമുള്ള പ്രധാന ചുമതല ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും അവയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭാശാലികള്‍ക്കുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ പ്രത്യേകമായ വ്യാവസായിക വികസന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ധാതുഗവേഷണ വികസന കേന്ദ്രം, പരിസ്ഥിതി ശാസ്ത്ര സാങ്കേതിക സ്ഥാപനം എന്നിവ തുടങ്ങാന്‍ പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പാരമ്പര്യ വിജ്ഞാനകേന്ദ്രം, സുസ്ഥിര തീരദേശ മേഖലാ വികസന സ്ഥാപനം എന്നിവ ആരംഭിക്കാന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ഇ. പി. യശോധരന്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് ഡോ. സി. പി. സൈഗാള്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. കെ. രാമചന്ദ്രന്‍ നായര്‍, ശാസ്ത്ര കോണ്‍ഗ്രസ് സമിതി ചെയര്‍മാന്‍ പ്രൊഫ. ആര്‍. വി. ജി. മേനോന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി. ഇളങ്കോവന്‍, കണ്‍വീനര്‍ ഡോ. കമലാക്ഷന്‍ കൊക്കല്‍ തുടങ്ങിയവരും സംബന്ധിച്ചു.

10. ശിശുക്േഷമ പദ്ധതിക്കായി നല്‍കിയ പണം കേരളം പാഴാക്കി
ന്യൂഡല്‍ഹി: ലോകബാങ്കിന്റെ സഹായത്തോടെ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് സമഗ്ര ശിശുവികസന പദ്ധതിയില്‍(ഐ.സി.ഡി.എസ്.) പ്പെടുത്തി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ തുകയില്‍ ഏറ്റവും കുറച്ചുതുക ചെലവഴിച്ചത് കേരളമെന്ന് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹിയില്‍ തിങ്കളാഴ്ച ആരംഭിച്ച സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തിലാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2006 മാര്‍ച്ച് 31നകം ചെലവഴിക്കാനായി നല്‍കിയ പണത്തില്‍ 5.07 കോടി രൂപ കേരളം ചെലവഴിച്ചിട്ടില്ല. കൂടുതല്‍ സമയം അനുവദിച്ചിട്ടും പണം ചെലവഴിക്കാത്തതിന്റെ വിശദീകരണവും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 32115 അങ്കണവാടികള്‍ കേരളത്തില്‍ കേന്ദ്രശിശുക്ഷേമവകുപ്പ് അംഗീകരിച്ചിട്ടുണ്ടെങ്കിലും അവയില്‍ 4,000_ത്തിലേറെ പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2007ന്റെ ആദ്യപാദത്തിലെ റിപ്പോര്‍ട്ടനുസരിച്ച് ഐ.സി.ഡി.എസ്സിനു കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് തുടര്‍പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ കേരളം മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്.

ഗാര്‍ഹിക പീഡന നിരോധന നിയമത്തെക്കുറിച്ചും ഐ.സി.ഡി.എസ്സില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ചൊവ്വാഴ്ചയോടെ സമാപിക്കുന്ന സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്. നിയമത്തിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മാര്‍ച്ച് മാസത്തില്‍ കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പ് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കുകയാണ്. ഇതിനു മുമ്പായി വിവിധ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഐ.സി.ഡി.എസ്സിന്റെ നടത്തിപ്പ് എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഉദ്ദേശിച്ചാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി രേണുകാ ചൌധരിയുടെ അധ്യക്ഷതയില്‍ സമ്മേളനം ചേരുന്നത്.

രാജ്യത്തെ 58 ശതമാനം ഗര്‍ഭിണികള്‍ വിളര്‍ച്ച ബാധിച്ചവരാണെന്നും 50 ശതമാനം പെണ്‍കുട്ടികള്‍ തൂക്കക്കുറവുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനമായി.

11. കമ്മീഷന്‍നടപടി: വകുപ്പ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണം
കൊച്ചി: ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍കമ്മീഷന്‍ പ്രവര്‍ത്തനത്തെ ചോദ്യംചെയ്തുകൊണ്ട് എല്‍ദോ കുരുവിള നല്‍കിയ ഹര്‍ജിയില്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫിബ്രവരി 7ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് സിരിജഗന്‍ നിര്‍ദേശിച്ചു. മുന്‍മന്ത്രി ടി.യു. കുരുവിളയുടെ മകനാണ് എല്‍ദോ കുരുവിള.

മുന്‍മന്ത്രിയുടെ മക്കള്‍ ഉള്‍പ്പെട്ട ഇടുക്കിയിലെ ഭൂമി ഇടപാടിനെക്കുറിച്ചാണ് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ അന്വേഷണം നടത്തുന്നത്.

കമ്മീഷന്റെ സിറ്റിങ് കൊച്ചിയില്‍ തിങ്കളാഴ്ച നടന്നു. മുന്‍മന്ത്രി വക്കീല്‍മുഖേന ഹാജരായി. അടുത്ത സിറ്റിങ് മാര്‍ച്ച് ഒന്നിന് നടക്കും.

12. മെര്‍ക്കിസ്റ്റണ്‍: സേവി മനോമാത്യുവിന്റെ ഹര്‍ജി ഹൈക്കോടതിയില്‍
കൊച്ചി: മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലുള്‍പ്പെട്ട ഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശ സംരക്ഷണ വ്യവസ്ഥയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിന്‍വലിച്ചതിനെതിരെ സേവി മനോമാത്യു ഹൈക്കോടതിയെ സമീപിച്ചു. എസ്റ്റേറ്റിലെ 24.4 ഹെക്ടര്‍ ഒഴിച്ചുള്ള ഭൂമിയാണ് മുന്‍ വനം കസ്റ്റോഡിയന്‍ വി.ഗോപിനാഥ് പരിസ്ഥിതിദുര്‍ബല പ്രദേശ സംരക്ഷണ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കി നല്‍കിയത്. ഈ ഭൂമി ഐ.എസ്.ആര്‍.ഒയ്ക്ക് വില്‍ക്കാന്‍ നടപടികളായതോടെയാണ് പ്രശ്നം വിവാദമായത്. ഒടുവില്‍ വനം കസ്റ്റോഡിയന്റെ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുകയാണുണ്ടായത്. ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ മുമ്പാകെ വന്നെങ്കിലും അദ്ദേഹം കേള്‍ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അടുത്ത ദിവസം മറ്റൊരു ജഡ്ജിയുടെ മുമ്പാകെ കൊണ്ടുവരാനായി മാറ്റുകയാണുണ്ടായത്.

മെര്‍ക്കിസ്റ്റണ്‍ ഭൂമി ഐ.എസ്.ആര്‍.ഒയ്ക്ക് വിറ്റതിനെച്ചൊല്ലിയുള്ള പൊതുതാല്പര്യ ഹര്‍ജിയും മറ്റും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബഞ്ച് മുമ്പാകെ നിലവിലുണ്ട്.

1. പുനരര്‍പ്പണം പ്രഭാപൂര്‍ണം
കോട്ടയം: ആയിരക്കണക്കിന് അഭ്യുദയകാംഷികളുടെയും വായനക്കാരുടെയും ഹൃദയത്തുടിപ്പുകള്‍ കരഘോഷങ്ങളായി അലയടിച്ച പുണ്യനിമിഷത്തില്‍ ദീപികയുടെ പുനരര്‍പ്പണം ആവേശത്തി ന്റെ പ്രഭ ചൊരിഞ്ഞു. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ സഭാപിതാക്കന്‍മാരും രാഷ്ട്രീയ സാംസ്കാരിക നായകരും ഉള്‍പ്പെട്ട പ്രൌഢഗംഭീരമായ സദസ് പുത്തന്‍ സൂര്യോദയത്തെ വരവേറ്റു.

ദീപിക എക്കാലവും ജനങ്ങളുടെ പക്ഷത്തായിരിക്കും. സ ത്യവും നീതിയുമായിരിക്കും ദീപികയുടെ ആദര്‍ശം. വലിയൊരു ജനസമൂഹത്തിന്റെ വികാരത്തിലും വിചാരത്തിലും ദീപികയ്ക്ക് എക്കാലവും ഇടമുണ്ട്. വരും നാളുകളില്‍ ഈ ജിഹ്വയുടെ ധര്‍മത്തിന് പ്രസക്തി വര്‍ധിക്കുകയാണ്-മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

ദീപിക സഭയുടെ സുരക്ഷിത കരങ്ങളിലെത്തുന്നതും പുനരര്‍പ്പണവും കാലം കാത്തിരുന്ന അനല്‍പമായ സന്തോഷത്തിന്റെ പുണ്യനിമിഷമാണെന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.മാധ്യമ ലോകത്ത് സത്യസന്ധമായ കടമ നിര്‍വഹിക്കുന്ന പത്രമായിരിക്കും ദീപികയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ച്ച് ബിഷപുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രി മോന്‍സ് ജോസഫ്, എംപിമാരായ കെ.ഫ്രാന്‍സിസ് ജോര്‍ജ്, കെ.സുരേഷ് കുറുപ്പ്, എം.എല്‍.എ മാരായ കെ.എം മാണി, പി.ജെ ജോസഫ്, വി.എന്‍ വാസവന്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ.ജോസ് പന്തപ്ളാംതൊട്ടിയില്‍, മുന്‍ മന്ത്രി ടി.എം ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി, ജില്ലാ കളക്ടര്‍ ഡോ. ഷര്‍മിള മേരി ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രാഷ്ട്രദീപിക ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ക്ളീറ്റസ് കളത്തില്‍ ആമുഖ പ്രഭാഷണം നടത്തി.

മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ജോസഫ് കൂഴാമ്പാല സ്വാഗതവും വൈസ് ചെയര്‍മാന്‍ റവ. ഡോ ജെയിംസ് ഏര്‍ത്തയില്‍ കൃതജ്ഞതയും പറഞ്ഞു.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജോര്‍ജ് ജേക്കബ് മണ്ണംപ്ളാക്കല്‍, ലിസി ചാക്കോ മലയില്‍, ഫാ. മാത്യു ചങ്ങങ്കരി, ചീഫ് സര്‍ക്കുലേഷന്‍ മാനേജര്‍ ഫാ.ജോസ് നെല്ലിക്കാത്തരുവില്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരാ യിരുന്നു.

ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ സന്ദേശം പ്രതിനിധി ഫാ. ജോഷി വെണ്ണാട്ടുപറമ്പില്‍ വായിച്ചു. ദീപിക ബാലസഖ്യം കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ പരിപാടിയുടെ ചീഫ് കോ-ഓഡിനേറ്ററായിരുന്നു.

2. എച്ച്.എം.ടി ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ചിരുന്നു: മന്ത്രി വിജയകുമാര്‍
തിരുവനന്തപുരം: എച്ച്.എം.ടിയുടെ ഭൂമി വില്‍പനയുമായി ബന്ധ പ്പെട്ട് നിയമവകുപ്പിന്റെ ശിപാര്‍ശ അവഗണിച്ചുവെന്ന് നിയമമന്ത്രി എം.വിജയകുമാര്‍ സ്ഥിരീകരിച്ചു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ദുരൂഹത ഉയര്‍ന്നപ്പോള്‍ 2007 ജനുവരി പന്ത്രണ്ടിനാണ് വില്‍പ്പന നടത്തിയ 70 ഏക്കര്‍ഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് നിയമവകുപ്പ് സെക്രട്ടറി പി.എസ് ഗോപിനാഥന്‍ നിര്‍ദേശം നല്‍കിയത്. എ ന്നാല്‍ ഈ നിര്‍ദേശം വ്യവസായ, റവന്യൂവകുപ്പുകള്‍ അവഗണി ക്കു കയായിരുന്നു.

ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദേശം നല്‍കിയതായി സ്ഥിരീകരിച്ച മന്ത്രി എം.വിജയകുമാര്‍, വകുപ്പ് സെക്രട്ടറിയുടെ ശിപാര്‍ശ എന്തു കൊണ്ട് നടപ്പായില്ല എന്നത് കൂട്ടായി പരിശോധിക്കേണ്ടതാണെന്നും പറഞ്ഞു. ഇതു സംബന്ധിച്ച് ഉയര്‍ന്ന മാധ്യമവാര്‍ത്തകളോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യം നിയമവകുപ്പിലെ സാധാരണ നടപടിക്രമം മാത്രമാണ്. എല്ലാ വകുപ്പുകള്‍ക്കും നിയ മോ പദേശം നല്‍കുന്നത് നിയമവകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി പ്രത്യേകവിഭാഗം തന്നെ നിയമവകുപ്പിലുണ്ട്. ആയിരക്കണക്കിന് ഫയലുകള്‍ ഇവര്‍ക്ക് മുന്നില്‍വരും. കാര്യക്ഷമതയോടെയാണ് വകുപ്പിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഈ ഫയല്‍ തന്റെ മുന്നില്‍ വന്നിട്ടില്ല- വിജയകുമാര്‍ പറഞ്ഞു.

3. മോണ്‍ഫോര്‍ട്ടിന്റെ സേവനം നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ കേരളത്തില്‍ പീഡനം
കട്ടപ്പന: ഭാരതത്തില്‍ 104 വര്‍ഷം മുമ്പ് സേവനം തുടങ്ങിയ മോ ണ്‍ ഫോര്‍ട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേല്‍ വിദ്യാഭ്യാസ മിഷനറി സഭയ്ക്ക് കേരളത്തിലെത്തി 15 വര്‍ഷം കഴിഞ്ഞപ്പോള്‍ പീഡനം.

കേന്ദ്രമന്ത്രി വയലാര്‍ രവിയുടെയും മുന്‍ മന്ത്രിമാരായ കെ.എം മാണിയുടെയും പി.ജെ ജോസഫിന്റെയും മക്കളും മുന്‍ എംപി മറ്റത്തില്‍ വക്കച്ചനും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രമുഖര്‍ പഠിച്ചിറങ്ങിയ മോണ്‍ഫോര്‍ട്ട് സഭാ സ്ഥാപനത്തിനാണ് കേരളത്തില്‍ പീഡനം. ഭൂമി കൈയേറി സ്കൂള്‍ സ്ഥാപിച്ച് ഇവിടെ വിദ്യാഭ്യാസം നല്‍കണമെന്ന് നിര്‍ബന്ധം തീരെയില്ലാത്ത മിഷനറിമാര്‍ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ പാലിച്ചാണ് സ്ഥാപനങ്ങള്‍ ആരംഭിച്ചത്.

1993-ല്‍ അണക്കരയില്‍ സ്കൂള്‍ ആരംഭിച്ചാണ് കേരളത്തില്‍ ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. 95-ലാണ് ചിന്നക്കനാലില്‍ സ്കൂള്‍ തുടങ്ങിയത്.

കേരളത്തിലെ ഇവരുടെ സ്കൂളുകളില്‍ അമേരിക്ക, കാനഡ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വി ദേശ രാജ്യങ്ങളിലെ കുട്ടികള്‍വരെ പഠനത്തിനായി എത്തുന്നുണ്ട്. രാജ്യാന്തര നിലവാരമുള്ള സ്കൂളിനെ കൈയേറ്റക്കാരുടെ പട്ടികയില്‍ വരുത്തിതീര്‍ത്തു ‘കൊടിനാട്ടിയത്’ യഥാര്‍ഥ കൈയേറ്റക്കാരെ സഹായിക്കാനാണെന്നു ആരോ പണമുണ്ട്.

പാര്‍ട്ടി ഓഫീസുകള്‍വരെ കൈയേറ്റഭൂമി യി ലാ ണെന്ന് വ്യക്തമായിട്ടും വ്യാജപട്ടയത്തിലെ ഭൂമി വേണ്െടന്ന് ഒരു രാഷ്ട്രീയകക്ഷി പ്രഖ്യാ പനം നടത്തിയിട്ടും ഒഴിപ്പിക്കലിനിറങ്ങി തിരിക്കാത്തവരാണ് ഒരു സ്കൂളിന്റെ സ്ഥലം പിടിച്ചെടുക്കാന്‍ അമിതാവേശം കാട്ടിയത്.

കോടതിയെ സമീപിക്കും

കട്ടപ്പന: നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി വിലകൊടുത്തു വാങ്ങിയ സ്ഥലം പിടി ച്ചെ ടുത്ത റവന്യു ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ചിന്നക്കനാല്‍ മോണ്‍ഫോര്‍ട്ട് റെസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ കെ. കെ തോമസ് പറഞ്ഞു.

സ്കൂളുകളുടെ സ്ഥലങ്ങളോട് ചേര്‍ന്നുള്ള വിരിവ് വസ്തു സ്കൂളുകള്‍ക്ക് ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. ആധാരത്തില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയ ഭൂമി മാത്രമേ തങ്ങളുടെ കൈവശത്തിലുള്ളൂവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

4. സഹകരണബാങ്ക് വിദ്യാഭ്യാസ മേഖലയിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുന്നു. ആദ്യമായി എം.ബി.എ, എം.സി.എ കോളജാണ് ആരംഭിക്കുന്നത്. ഇതോടപ്പം ഹ്രസ്വകാല തൊഴില ധിഷ്ഠിതകോഴ്സുകളും ആരംഭിക്കാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്. തിരുവനന്തപുരത്ത് മണ്‍വിളയില്‍ ബാങ്കിന്റെ സ്ഥലത്ത് കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി(സി.ഐ. എം.എ.ടി) എന്ന പേരിലാണ് കോളജ്. സര്‍ക്കാരിന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കിന് പരിമിതിയുള്ള സാഹചര്യത്തില്‍ പഠന സൌകര്യം ഒരുക്കുകയാണ് സഹകരണ ബാങ്ക് ലക്ഷ്യം- പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

5. മെര്‍ക്കിസ്റ്റണ്‍: മുന്‍ മുഖ്യവനപാലകന്റെ ഉത്തരവ് റദ്ദാക്കിയതിനെതിരേ ഹര്‍ജി
കൊച്ചി: വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ 24.40 ഹെക്ടര്‍ ഒഴിച്ചുള്ള ഭൂമിക്ക് പാരിസ്ഥിതിക ദുര്‍ബല പ്രദേശ നിയമം ഒഴിവാക്കിയ മുന്‍ മുഖ്യവനപാലകന്റെ ഉത്തരവ് പിന്‍വലിച്ച സര്‍ക്കാര്‍ നട പടി ക്കതിരേ സേവി മനോ മാത്യു ഹ ര്‍ജി സമര്‍പ്പിച്ചു.

ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് നേരത്തെ അക്വയര്‍ ചെയ്ത ഭൂമിയാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്. ഈ എസ്റ്റേറ്റിന്റെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി കണക്കുകൂട്ടിയ സ്ഥലം ഒഴികെ ബാക്കിയുള്ള ഭൂമിക്കാണ് മുന്‍ മുഖ്യവനപാലകന്‍ വി. ഗോപിനാഥ് ഉത്തരവ് ഇറക്കിയിരുന്നത്.

6. ചത്തകോഴികളെ റോഡരികില്‍ തള്ളിയ കോഴിഫാം ഉടമ അറസ്റ്റില്‍
കുമളി: പക്ഷിപ്പനി പേടിച്ച് തമിഴ്നാട്ടില്‍ ചത്ത കോഴികളെ റോഡരുകളില്‍ തള്ളിയ കോഴി ഫാം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയില്‍ കോടി സ്വ ദേശി ശേഖറാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുമ്പ് ഇയാളുടെ ഫാമിലുണ്ടായിരുന്ന അയ്യായിരത്തോളം ചത്ത കോഴികളെയാണ് റോഡരുകില്‍ തള്ളിയത്. വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കവേ ചത്ത കോഴികളെ റോഡില്‍ തള്ളിയത് തമിഴ്നാട് സര്‍ക്കാര്‍ ഗൌരവത്തോടെയാണ് എടുത്തത്.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശേഖറിന്റെ ഫാമില്‍ നിന്നുള്ള കോഴികളാണ് ചത്തതെന്ന് പോലീസ് കണ്െടത്തിയത്. കോഴി ഫാമുകളില്‍ കോഴികള്‍ ഒന്നടങ്കം ചാകുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടും അധികൃതര്‍ കാര്യമായ നടപടികള്‍ എടുത്തിട്ടില്ല. കോഴികളെ നിര്‍ബാധം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തകൃതിയായി കയറ്റി അയയ്ക്കുന്നുണ്ട്. കോഴികളുടെ മാംസം ഗീതികരണ സംവിധാനമുള്ള വാഹനങ്ങളിലും അല്ലാതെയും കേരളത്തിലേക്ക് കടത്തുന്നുണ്ട്.

7. കല്ലടപദ്ധതി: സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്ക് കഠിന തടവും പിഴയും
തിരുവനന്തപുരം: കല്ലട ജലസേചന സൂപ്രണ്ടിംഗ് എന്‍ജീനിയര്‍ക്ക് അഴിമതിക്കേസില്‍ നാലുവര്‍ഷം കഠിനതടവും നാലുലക്ഷം പിഴയും വിജിലന്‍സ് കോടതി വിധിച്ചു. കോട്ടയം കുഴിമറ്റം സ്വദേശി കെ.കെ. ഫിലിപ്പിനെയാണ് തിരുവനന്തപുരം എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് വിജിലന്‍സ് സ്പെ ഷല്‍ ജഡ്ജ് ജസ്റ്റിസ് കെ. കെ. ശശിധരന്‍നായര്‍ ശിക്ഷിച്ചത്. പ്രതിയെ സെന്‍ട്രല്‍ ജയിലേക്ക് മാറ്റി.

1990 ജൂലൈ മുതല്‍ 91 ഫെബ്രൂവരി വരെ കല്ലറ ഇറിഗേഷന്‍ പ്രോജക്ടിലെ കൊട്ടാരക്കര റൈറ്റ്ബാങ്ക് സര്‍ക്കിലെ സൂപ്രണ്ടിംഗ് ഇന്‍ജിനീയറായിരുന്നു പ്രതി.

കരാറുകാരന്‍ സത്യപാലന് അര്‍ഹതയില്ലാതെ ബില്‍ പാസാക്കി കൊടുത്ത പ്രതി അധികമായി 7,98,660 രൂപ അനുവദിച്ചു നല്കിയതെന്നാണ് കേസ്.

മോണ്‍.ഏബ്രഹാം കാക്കനാട്ടിന്റെ റമ്പാന്‍സ്ഥാന സ്വീകരണ ശൂശ്രൂഷ നാളെ

തിരുവല്ല: മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷനായി നിയമിതനായ മോണ്‍.ഡോ.ഏബ്രഹാം കാക്കനാട്ടിന്റെ റമ്പാന്‍ സ്ഥാന സ്വീകരണ ശുശ്രൂഷ നാളെ തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടക്കും.

രാവിലെ 8.30-ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയെയും, നിയുക്ത മെത്രാനെയും കത്തീ ഡല്‍ കവാടത്തില്‍ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് ശുശ്രൂഷകള്‍ ആരംഭിക്കും. കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയായിരിക്കും റമ്പാന്‍ സ്ഥാനം നല്‍കുന്നത്. മലങ്കര കത്തോലിക്കാ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും ശുശ്രൂഷകളില്‍ സഹകാര്‍മികരായിരിക്കും. ബത്തേരി രൂപതാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത വചനസന്ദേശം നല്‍കും.

മെത്രാന്‍ പദവി സ്വീകരിക്കുന്നതിനു മുന്നോടിയായാണ് അന്ത്യോക്യന്‍ സഭാ പാരമ്പര്യത്തില്‍ റമ്പാന്‍ പട്ടം നല്‍കുന്നത്. ഭൌതിക സമ്പത്തുകളെ ത്യജിക്കുന്നതിന്റെ അടയാളമായി മസ്നപ്സായും (ശിരോവസ്ത്രം) മനുഷ്യ വര്‍ഗത്തിന്റെ പാപപരിഹാരത്തിനായി അനുതാപ ജീവിതത്തിനുള്ള അടയാളമായി കറുത്ത കുപ്പായവും, പീഡാനുഭവത്തെയും, കുരിശുമരണത്തെയും സ്മരിച്ച് ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്നതിന്റെ അടയാളമായി കഴുത്തില്‍ തടിക്കുരിശും, ലോകത്തിന്റെ അന്ധകാര ശക്തികള്‍ക്കെതിരേ ആത്മീകയുദ്ധത്തിനു തയാറായിരിക്കുന്നതിന്റെ അടയാളമായി പ്രത്യേക ഇടക്കെട്ടും, ചെരുപ്പും ശുശ്രൂഷമധ്യേ റമ്പാനെ അണിയിക്കും.

റമ്പാന്‍ സ്ഥാനശുശ്രൂഷയുടെ സുഗമമായ നടത്തിപ്പിന് വികാരി ജനറാള്‍ മോണ്‍.ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ ജനറല്‍ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. ഫാ.ചെറിയാന്‍ താഴമണ്‍, ഫാ.ഐസക് പാറപ്പള്ളില്‍, ഫാ.ഫിലിപ്പ് വലിയകാവുങ്കല്‍, ഫാ.ഷാജി വാഴയില്‍, ഫാ.രഞ്ജിത് മഠത്തിപ്പറമ്പില്‍, പ്രഫ.ജേക്കബ് എം.ഏബ്രഹാം, ഷിബു പുതുക്കേരില്‍, ബാബു കല്ലുങ്കല്‍, ഷിബു ചുങ്കത്തില്‍, എജി പാറപ്പാട്ട്, ഏബ്രഹാം പാലത്തിങ്കല്‍, രജി കരിമ്പനാക്കുഴി, ഷാജി കൂളിയാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ശുശ്രൂഷയില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ കത്തീഡ്രല്‍ പള്ളി ഗ്രൌണ്ട്, സെന്റ് ജോണ്‍സ് കോളജ്, ശാന്തിനിലയം, സമീക്ഷ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പാര്‍ക്കു ചെയ്യണം. ഫാ.ഡോ.ആന്റണി കാക്കനാട്ട്, ഫാ.സന്തോഷ് അഴകത്ത്, എജി പാറപ്പാട്ട്, ഏബ്രഹാം പാലത്തിങ്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w