പത്രവാര്‍ത്തകള്‍ 22-01-08

1. സ്ത്രീധനക്കോന്തന്മാര്‍ക്ക് ഒരു താക്കീത്
കൊല്ലം: കളക്ടറേറ്റിനടുത്ത് തെക്കേകച്ചേരി മുക്കിനടുത്തുള്ള വിഘ്നേഷ്വിഹാര്‍ എന്ന വാടകവീടിന്റെ പറമ്പിലെ ഒഴിഞ്ഞ കോണില്‍ കുഴിവെട്ടി മൂടിയിരിക്കുന്നത് അഞ്ഞൂറുപേര്‍ക്ക് സദ്യ ഉണ്ണാനുള്ള ചോറ്. തൊട്ടടുത്ത കുഴികളില്‍ സദ്യയ്ക്ക് ഒരുക്കിയ പരിപ്പും സാമ്പാറും മറ്റു കറികളും.
സ്ത്രീധനത്തുകയില്‍ 25,000 രൂപയുടെ കുറവിന് വരന്റെയും കുട്ടരുടെയും അധിക്ഷേപം കേട്ട് വിവാഹം വേണ്ടെന്നുവച്ച ശ്രീകലയുടെ വീട്ടിലെ ഇന്നലത്തെ തീരുശേഷിപ്പുകളാണിവ.
സ്വര്‍ണപ്പണിക്കാരനായ പിതാവ് ഗോപാലകൃഷ്ണന്‍ ആചാരി മുറ്റത്തിരിപ്പുണ്ട്; ഇനിയെന്ത്? എന്ന ചിന്തയുമായി. പക്ഷേ ശ്രീകലയുടെ നിശ്ചയദാര്‍ഢ്യത്തില്‍ അദ്ദേഹം അഭിമാനംകൊണ്ടു.
“പാവപ്പെട്ടവരാണ് ഞങ്ങള്‍. പക്ഷേ അഭിമാനമുണ്ട്. പണമില്ലെങ്കില്‍ പോയി തോര്‍ത്ത് വിരിച്ചിരിക്കാന്‍ പറഞ്ഞവരുടെ വീട്ടിലേക്ക് എങ്ങനെ എന്റെ മകളെ പറഞ്ഞു വിടും?”
ഞായറാഴ്ച സ്വയംവര ഓഡിറ്റോറിയത്തില്‍ ശ്രീകലയുടെ വിവാഹം നടക്കേ ണ്ടതായിരുന്നു. പക്ഷേ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ ഒത്തുവന്നില്ല. ശേഷിച്ച സ്ത്രീധനത്തുകയായ 25,000 രൂപ കല്യാണത്തിന് മുമ്പ് കൊടുക്കാന്‍ നിവൃത്തിയുണ്ടായില്ല. വിവരം തലേദിവസം തന്നെ വരന്റെ വീട്ടുകാരെ അറിയിച്ചു.
“ഒരു മാസത്തെ സാവകാശം തരണം”- ഗോപാലകൃഷ്ണന്‍ ആചാരി കെഞ്ചുകയായിരുന്നു.
ഫോണിലൂടെ തിരികെ വന്ന മറുപടി കുടുംബം മൊത്തംകേട്ടുനില്‍ക്കുകയായിരുന്നു. എടാ, പോടാ, വിളികള്‍… അധിക്ഷേപം… റോഡില്‍ തുണിവിരിച്ചിരിക്കാനുള്ള നിര്‍ദ്ദേശം…
ഒടുവില്‍സഹികെട്ട് ഗോപാലകൃഷ്ണന്‍ ആചാരി പറഞ്ഞു:
“കുറച്ച് മര്യാദയ്ക്ക് സംസാരിക്കണം. കടപ്പുറത്തെ ഭാഷ ഞങ്ങളോട് സംസാരിക്കരുത്…”
മറുപടി സഭ്യമല്ലാതായപ്പോള്‍ ശ്രീകല തന്നെ ഫോണ്‍ കട്ട് ചെയ്തു.
“അപ്പാ, എനിക്ക് വേണ്ട ഈ കല്യാണം. അവിടെ പോയി ജീവിക്കാന്‍ എനിക്ക് വയ്യാ…”
പിതാവിന്റെ മനസ്സില്‍ കനലെരിഞ്ഞു. പിന്നെ മകള്‍ പറഞ്ഞതാണ് ശരിയെന്നോര്‍ത്ത് ആശ്വസിച്ചു.
ശ്രീകലയുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. കല്യാണം മുടങ്ങിയതുകൊണ്ടല്ല സങ്കടം, ബന്ധുക്കളെയെല്ലാം ക്ഷണിച്ചുവരുത്തി അപമാനിച്ചല്ലോ എന്നോര്‍ത്ത്.
ജനു. 14-ാം തീയതി ‘പൊന്നുരുക്ക്’ സമയത്ത് വാക്കുതെറ്റിക്കാതെ 50,000 രൂപ വട്ടിപ്പലിശയ്ക്ക് കടംവാങ്ങി കൊടുത്തതിന്റെ പെടാപ്പാട് ഗോപാലകൃഷ്ണന്‍ ആചാരിക്ക് മാത്രമേ അറിയൂ. വാക്കു തെറ്റിക്കുന്ന സ്വഭാവവും നഗരത്തിലെ ജൂവലറി കടകളിലെ പണിക്കാരനായ ഗോപാലകൃഷ്ണന്‍ ആചാരിക്കില്ല.
“പക്ഷേ കല്യാണത്തിന്റെ തലേന്ന് വിചാരിച്ച കാശ് ഒത്തുവന്നില്ല. കിട്ടിയ കാശുകൊണ്ടാണ് അപ്പപ്പോള്‍ പോയി സാധനങ്ങളെടുത്തത്”- സാമ്പത്തിക ബുദ്ധിമുട്ട് ഒരു മറവുമില്ലാത അദ്ദേഹം വിശദീകരിച്ചു.
കമ്പനി സ്വര്‍ണത്തിന്റെയും റെഡിമെയ്ഡ് ആഭരണങ്ങളുടെയും വരവോടെ കേരളത്തിലെ സ്വര്‍ണത്തൊഴിലാളികള്‍ നേരിടുന്ന പട്ടിണിയുടെ ഇരയാണ് ഗോപാലകൃഷ്ണന്‍ ആചാരിയും. “ആറ് വര്‍ഷം മുമ്പുവരെ ദിവസം ഏറ്റവും കുറഞ്ഞത് 200 രൂപയുടെ പണി കിട്ടുമായിരുന്നു. അതുകൊണ്ട് മൂത്തമകള്‍ ദീപയെ അയച്ചപ്പോള്‍ 25,000 രൂപയുടെ കടമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പണിക്കുപോയാല്‍ കിട്ടുന്നത് 50 രൂപ, അല്ലെങ്കില്‍ നൂറ് രൂപ. ചിലപ്പോള്‍ ഒന്നും കിട്ടാത്ത ദിവസവുമുണ്ട്. എങ്ങനെ കുടുംബം പുലര്‍ത്തും? മകള്‍ ശ്രീകല വീട്ടിലിരുന്ന് ചെയ്യുന്ന തുന്നല്‍ ജോലികൊണ്ട് അരിവാങ്ങാന്‍ പറ്റുന്നു”- ഗോപാലകൃഷ്ണന്‍ ആചാരി പറഞ്ഞു.
പൊന്നും സ്ത്രീധനവും ഒപ്പിച്ചതിന്റെ ഭാരം മാത്രമല്ല ഈ പിതാവിന്റെ ചുമലില്‍ വീണിരിക്കുന്നത്. വിവാഹത്തിനായി കല്യാണ മണ്ഡപം ബുക്ക് ചെയ്തത്, എഴുന്നൂറോളം പേര്‍ക്ക് സദ്യ ഒരുക്കിയത്, ബന്ധുമിത്രാദികളെ ക്ഷണിച്ചതും വിവാഹത്തിന്റെ മറ്റ് ഒരുക്കങ്ങളുമൊക്കെ ഗോപാലകൃഷ്ണന്‍ ആചാരിക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതകളാണ്. ഏറ്റ അപമാന ഭാരത്തിനും സാമ്പത്തിക നഷ്ടത്തിനും പൊലീസ് മേധാവികള്‍ക്കും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി കൊടുത്തിട്ടുണ്ട്. ഒരു മാതാപിതാക്കള്‍ക്കും ഈ അവസ്ഥ വരരുതെന്ന് കരുതിയാണ് പരാതി നല്‍കിയത്.
“ജീവിതത്തില്‍ ആദ്യമായാണ് എനിക്കും എന്റെ കുടുംബത്തിനും അപമാനമേറ്റത്. പക്ഷേ ഈ അപമാനം അഭിമാനമായാണ് കരുതുന്നത്. ഏത് കോടതിയിലും ഞാനത് തെളിയിക്കും”- നിശ്ചയദാര്‍ഢ്യത്തോടെ ഗോപാലകൃഷ്ണന്‍ ആചാരി പറഞ്ഞു.

2. പിടിച്ചുനില്‍ക്കാന്‍ ഒരു അടവുനയം
തിരുവനന്തപുരം : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കേരളത്തില്‍ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാണ് പാര്‍ട്ടിയുടെ കരട് രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്രത്തില്‍ ഭരണം നടത്തുന്നതിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍തന്നെ അതിരൂക്ഷമായ വിമര്‍ശനമാണ് ആ പാര്‍ട്ടിക്കെതിരെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെയും വിദേശ നയത്തെയും വിട്ടുവീഴ്ചയില്ലാതെയാണ് പ്രമേയം കടന്നാക്രമിക്കുന്നത്. ആണവ കരാര്‍ നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിക്കുന്നു. ഇവയ്ക്ക് എല്ലാം ഒപ്പമാണ് വര്‍ഗ്ഗീയതയ്ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന പ്രഖ്യാപനവും. ഹിന്ദുത്വശക്തികളെ സാമ്രാജ്യത്വ അനുകൂല ശക്തികളായും പ്രമേയം വിശേഷിപ്പിക്കുന്നു.
അതായത്, കേന്ദ്രത്തില്‍ ഒപ്പം നില്‍ക്കുന്ന കോണ്‍ഗ്രസിനെയും ശത്രുപക്ഷത്ത് നില്‍ക്കുന്ന ബി.ജെ.പിയെയും ഒരേപോലെ എതിര്‍ ചേരിയിലെത്തിച്ചിരിക്കുകയാണ് സി.പി.എം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കേരളത്തിലും പശ്ചിമ ബംഗാളിലും പിന്തുടരേണ്ട നയമാണിത്.
കോണ്‍ഗ്രസിനും, ബി.ജെ.പിക്കും എതിരെ മൂന്നാംമുന്നണി കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുക വഴി തങ്ങളുടെ നിലപാടിനെ മനോഹരമായി സാധൂകരിക്കാനും സി.പി.എമ്മിന് കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, വരുന്ന തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മും ഇടതുപക്ഷവും അതതിടത്തെ സൌകര്യംപോലെ മതേതര രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാക്കുമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. വേണമെങ്കില്‍ കേരളത്തില്‍ എന്‍.സി.പിയുമായി സഖ്യമുണ്ടാക്കുന്നതിനുള്ള പഴുതും ഇതുവഴി ലഭ്യമായിട്ടുണ്ട്. അത് നടക്കുമോ എന്നത് വേറെ കാര്യം.
കോണ്‍ഗ്രസ് പിന്തുടരുന്ന നവ ഉദാരവത്കരണ പ്രമേയം തള്ളിപ്പറയുന്നു. സി.പി. എമ്മിലെ പരിഷ്കരണവാദികള്‍ ഇതിനോട് അടുക്കുകയും ലോക ബാങ്ക്, എ.ഡി.ബി തുടങ്ങിയ സാമ്രാജ്യത്വ ഏജന്‍സികളില്‍ നിന്ന് വായ്പ വാങ്ങുന്ന കാര്യത്തില്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉദാര സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് പ്രമേയത്തില്‍ ഈ എതിര്‍പ്പ് എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സോഷ്യലിസം കൊണ്ടുവരുന്നത് അപ്രായോഗികമാണെന്ന ജ്യോതിബസുവിന്റെ നിരീക്ഷണം അടുത്തകാലത്ത് പാര്‍ട്ടിയില്‍ ഗൌരവമേറിയ സൈദ്ധാന്തിക ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരുന്നു. പാര്‍ട്ടി പരിപാടിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് ബസു സംസാരിച്ചതെന്നായിരുന്നു പ്രകാശ് കാരാട്ട് നല്‍കിയ വിശദീകരണം. അതെന്തായാലും സോഷ്യലിസത്തോടുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് കരട് രാഷ്ട്രീയ പ്രമേയം.

3. എന്‍.എസ്.എസിന്റെയും സഭകളുടെയും പ്രചരണം തെറ്റെന്നു തെളിഞ്ഞു: മുഖ്യമന്ത്രി
കോഴിക്കോട്: വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുക്കാത്ത വിഷയങ്ങളുന്നയിച്ചാണ് ക്രൈസ്തവ സഭകളും എന്‍.എസ്.എസും പ്രചാരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച ആശങ്കകളകറ്റാന്‍ രണ്ടുതവണ ചര്‍ച്ചക്ക് ശ്രമിച്ചിട്ടും തയ്യാറാകാതിരുന്ന മാനേജ്മെന്റുകള്‍, കെ.ഇ.ആര്‍ പരിഷ്കരണ റിപ്പോര്‍ട്ട് വന്നതിനുശേഷം ചര്‍ച്ച മതിയെന്ന നിലപാടിലേക്ക് പിന്നീട് മാറിയതുതന്നെ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് എരഞ്ഞിക്കല്‍ പി.വി.എസ് ഹൈസ്കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
ദേശീയതലത്തില്‍ നടക്കുന്ന പരിഷ്കാരത്തിന്റെ ഭാഗമായാണ് കേരളത്തിലും പാഠ്യപദ്ധതി മാറ്റം കൊണ്ടുവരുന്നത്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് മാത്രം കഴിയില്ല. മാതൃഭാഷയോടുള്ള അവഗണനയും ഇംഗ്ളീഷ് മീഡിയം- അണ്‍ എയ്ഡഡ് സ്കൂളുകളോടുള്ള അതിരുകടന്ന ഭ്രമവും മാറിയ കാലത്തെ ചിന്താരീതിയുടെ ഫലമാണ്.
രക്ഷിതാക്കളും അദ്ധ്യാപകരും ഉള്‍പ്പെടെ പൊതുസമൂഹം ബോധപൂര്‍വ്വം ഇതിനെതിരെ രംഗത്തുവരണം – വി.എസ്. പറഞ്ഞു.

4. പാല്‍ വില ലിറ്ററിന് 3 രൂപ കൂട്ടണമെന്ന് മില്‍മ
തിരുവനന്തപുരം: സാധാരണ പാലിന്റെ (ടോണ്‍ഡ് മില്‍ക്ക്) വില ലിറ്ററിന് 20 രൂപയായി ഉയര്‍ത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുകയാണെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ വില ഉയര്‍ത്താന്‍ കഴിയൂ. ഇപ്പോള്‍ 17 രൂപയാണ് വില. മൂന്നു രൂപ വര്‍ദ്ധിപ്പിച്ചു കിട്ടിയാല്‍ ഇതില്‍ 2.25 രൂപ കര്‍ഷകന് ലഭിക്കും. ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കാലിത്തീറ്റ ഉള്‍പ്പെടെ 16.80 രൂപ ചെലവാകുന്നുണ്ട്. എന്നാല്‍, ലിറ്ററിന് ഇപ്പോള്‍ നല്‍കുന്നത് 13.50 മുതല്‍ 14 രൂപ വരെയാണ്. വില കൂട്ടി കൊടുത്താലേ പാല്‍ സംഭരണം ഉയര്‍ത്താന്‍ കഴിയുകയുള്ളൂവെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ‘റിച്ച്’, ‘സ്മാര്‍ട്ട്’ പാലിന്റെ ഉത്പാദനം ഉപേക്ഷിക്കേണ്ടിവരുമെന്ന് ചെയര്‍മാന്‍ തുടര്‍ന്നു പറഞ്ഞു.
കര്‍ണാടകത്തില്‍ നിന്ന് കൂടിയ വില നല്‍കി കൊണ്ടുവരുന്ന പാലാണ് 22 രൂപയ്ക്കുള്ള കൊഴുപ്പേറിയ ‘റിച്ച്’ പാലാക്കുന്നത്. ഓരോ ലിറ്ററിലും 2.60 രൂപയാണ് നഷ്ടമുണ്ടാവുന്നത്. അതുപോലെ തന്നെ പാല്‍പ്പൊടി കൊണ്ടു വന്ന് തയ്യാറാക്കുന്ന ‘സ്മാര്‍ട്ട്’ പാല്‍ ലിറ്ററിന് 3.33 രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ട്. അതേസമയം റിച്ചിന് 2 രൂപ കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്ന് മൂന്നു ലക്ഷം ലിറ്റര്‍ പാല്‍ കൊണ്ടുവരുന്നതിലൂടെ പ്രതിദിനമുണ്ടാകുന്ന മൂന്നു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സര്‍ക്കാര്‍ നികത്തണം. ‘റിച്ചി’ന്റെ ഉത്പാദനം മില്‍മയുടെ അടുത്ത ഭരണസമിതി യോഗം വരെ താത്കാലികമായി നിറുത്തിയിരിക്കുകയാണ്. കേരളത്തിലെ ആഭ്യന്തര പാല്‍ ഉത്പാദനം ഓരോ വര്‍ഷവും കുറയുകയാണ്. ഇപ്പോള്‍ 7.10 ലക്ഷം ലിറ്ററായി പിന്നെയും അത് കുറഞ്ഞിരിക്കുകയാണെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
മില്‍മ മേഖലാ യൂണിയന്‍ ചെയര്‍മാന്‍മാരായ കല്ലട രമേശ് (തിരുവനന്തപുരം) ടി.പി മാര്‍ക്കോസ് (എറണാകുളം) പി.പി ഗോപിനാഥപിള്ള (മലബാര്‍) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

5. സ്വാശ്രയ മെഡി. ഫീസ് 31നും എന്‍ജി. ഫീസ് 2നും പ്രഖ്യാപിക്കും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ഫീസ് ജനുവരി 31നും എന്‍ജിനീയറിംഗ് കോളേജുകളുടെ ഫീസ് ഫെബ്രുവരി രണ്ടിനും പ്രഖ്യാപിക്കുമെന്ന് ജസ്റ്റിസ്.പി.എ മുഹമ്മദ് വ്യക്തമാക്കി.
തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി, തൃശൂല്‍ അമല, ജൂബിലി, എം.ഇ.എസ് എന്നീ മെഡിക്കല്‍ കോളേജുകളുടെയും 49 എന്‍ജിനീയറിംഗ് കോളേജുകളുടെയും ഫീസാണ് നിശ്ചയിക്കുന്നത്. ഈ ഫീസിന് മൂന്നുവര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.
മറ്റ് ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് കഴിഞ്ഞവര്‍ഷം നിശ്ചയിച്ച ഫീസ് ഈ വര്‍ഷവും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് തിരുവനന്തപുരം എസ്.യു.ടി, ഗോകുലം, പാലക്കാട് കരുണ, പരിയാരം, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് 1.30 ലക്ഷം രൂപയും കാരക്കോണം മെഡിക്കല്‍ കോളേജിന് 1.38 ലക്ഷം രൂപയുമാണ് ഈ വര്‍ഷത്തെ ഫീസ്.
ഫീസ് നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങള്‍ കമ്മിറ്റി ഇന്നലെ തീരുമാനിച്ചു. കോളേജിന്റെ വികസനം, ബാങ്ക് വായ്പ, പ്രവര്‍ത്തനച്ചെലവ് എന്നിവ മുഖവിലയ്ക്കെടുത്ത് ഫീസ് നിശ്ചയിക്കും.
സമയത്തിന് ഫീസ് നിശ്ചയിക്കാത്തതിന് കമ്മിറ്റിയെ അനാവശ്യമായി കുറ്റപ്പെടുത്തരുതെന്ന് ജസ്റ്റിസ് മുഹമ്മദ് പറഞ്ഞു. മാനേജുമെന്റുകള്‍ ബോധപൂര്‍വം നിസഹകരിക്കുന്നു. കഴിഞ്ഞവര്‍ഷം മാനേജുമെന്റുകള്‍ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിച്ചത്. എന്‍ജിനീയറിംഗ് മാനേജുമെന്റുകള്‍ കമ്മിറ്റിയുടെ ഒരു നിര്‍ദ്ദേശവും പാലിച്ചില്ല.എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് കമ്മിറ്റി താത്കാലിമായി 38700 രൂപ ഫീസ് നിര്‍ണയിച്ചിരുന്നു. അന്തിമ ഫീസ് നിശ്ചയിക്കുമ്പോള്‍ ഇത് കുറവാണെങ്കില്‍ ബാക്കി തുകകൂടി വിദ്യാര്‍ഥികള്‍ നല്‍കണമെന്നും മറിച്ചാണെങ്കില്‍ ആ തുക മാനേജുമെന്റുകള്‍ മടക്കി നല്‍കണമെന്നുമാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനെതിരെ മാനേജുമെന്റുകള്‍ ഉത്തരവ് സംഘടിപ്പിച്ച് തോന്നുംപോലെ ഫീസ് ഈടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
കമ്മിറ്റി തീരുമാനത്തെ എതിര്‍ത്തുകൊണ്ട് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാനേജുമെന്റുകളോട് കമ്മിറ്റിക്കുമുന്നില്‍ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഒരു കോളേജും കോടതിയുടെ നിര്‍ദ്ദേശം പാലിച്ചിട്ടില്ല. പലതവണ നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് പറഞ്ഞു.

6. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് നടുവില്‍ ബഡ്ജറ്റ് സമ്മേളനം
തിരുവനന്തപുരം : പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിനിടയില്‍ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് സമയം കണ്ടെത്താനാകാതെ വലയുകയാണ് സംസ്ഥാന സര്‍ക്കാര്‍.
സി.പി. എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ അവസാനിച്ചു. ഇനി ഫെബ്രുവരി 10 മുതല്‍ 14 വരെ കോട്ടയത്ത് സംസ്ഥാന സമ്മേളനമാണ്. സി. പി. ഐയുടെ ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നതേയുള്ളൂ. തൃശൂരില്‍ മാര്‍ച്ച് ആദ്യമാണ് സി.പി.ഐ സംസ്ഥാന സമ്മേളനം.
ഈ തിരക്കിനിടയില്‍ ഫെബ്രുവരി അവസാനം നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാനാണ് ഇപ്പോള്‍ ആലോചന. ഫെബ്രുവരി 22ന് സമ്മേളനം ആരംഭിക്കാമെന്നാണ് കരുതിയതെങ്കിലും അന്ന് ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് പ്രാദേശിക അവധിയാണ്. അതിനാല്‍ 21ന് സമ്മേളനം തുടങ്ങാനാണ് ആലോചിക്കുന്നത്. അപ്പോള്‍ സമ്മേളനം തുടങ്ങിയാലും സമ്പൂര്‍ണ്ണ ബഡ്ജറ്റ് എന്ന സ്വപ്നം പോയിട്ട് നാലുമാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൌണ്ട് എന്ന മുട്ടുശാന്തിപോലും നിറവേറ്റാന്‍ ബുദ്ധിമുട്ടാണ്. കാരണം, ബില്ലുകള്‍ ഒന്നും അവതരിപ്പിക്കാതെ വോട്ട് ഓണ്‍ അക്കൌണ്ട് അവതരിപ്പിച്ച് പാസ്സാക്കിയെടുക്കുന്നതിനും 13 സിറ്റിംഗുകളെങ്കിലും വേണം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാവണം തുടക്കം. തുടര്‍ന്ന് അതിന്റെ നന്ദിപ്രമേയ ചര്‍ച്ച മൂന്ന് ദിവസം. പിന്നീട് ബഡ്ജറ്റ് അവതരണം. അതിന്റെ മൂന്നു ദിവസത്തെ പൊതു ചര്‍ച്ച. വോട്ട് ഓണ്‍ അക്കൌണ്ടിന്മേലുള്ള ചര്‍ച്ച, അതിന്റെ ധനകാര്യബില്ലും ധനവിനിയോഗ ബില്ലും.
പക്ഷേ, മാര്‍ച്ച് 1 മുതല്‍ 4 വരെ തൃശൂരില്‍ സി.പി. ഐ സമ്മേളനമായതിനാല്‍ ഒറ്റയടിക്ക് ഇതെല്ലാം തീരില്ല. ഇടയ്ക്ക് സഭയ്ക്ക് ഇടവേള നല്‍കേണ്ടിവരും. ഈ സമ്മേളനത്തിന് ശേഷം 3 മാസം കഴിഞ്ഞായിരിക്കും ബഡ്ജറ്റിന്റെ വകുപ്പ് തിരിഞ്ഞുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി അത് പാസ്സാക്കുക. ഒട്ടേറെ ബില്ലുകള്‍ മന്ത്രിമാര്‍ റെഡിയാക്കി വച്ചിരിക്കുകയാണ്. തല്‍ക്കാലം അവയും കോള്‍ഡ് സ്റ്റോറേജില്‍ വയ്ക്കേണ്ടിവരും.

7. സമ്പൂര്‍ണ ബഡ്ജറ്റ് വീണ്ടും സ്വപ്നം
തിരുവനന്തപുരം : സമ്പൂര്‍ണ ബഡ്ജറ്റായിരിക്കും ഇത്തവണ എന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ വാക്കുതെറ്റിച്ചു. ഇത്തവണ വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കലേ നടപ്പുള്ളൂ എന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
വോട്ട് ഓണ്‍ അക്കൌണ്ടും സമ്പൂര്‍ണ ബഡ്ജറ്റും തമ്മിലുള്ള വ്യത്യാസം ലളിതമാണ്. ഓരോ വകുപ്പായെടുത്ത് വിശദമായി ചര്‍ച്ച നടത്തി ബഡ്ജറ്റ് പാസാക്കാന്‍ സമയം കിട്ടാത്തതിനാല്‍ നാലുമാസത്തെ ചെലവുകള്‍ക്കുള്ള പണം മാത്രം പാസാക്കിയെടുക്കുന്നതാണ് വോട്ട് ഓണ്‍ അക്കൌണ്ടിലെ രീതി. നാലുമാസത്തിനകം വീണ്ടും സഭ ചേര്‍ന്ന് ബഡ്ജറ്റ് പൂര്‍ണമായി പാസാക്കും. മറിച്ച് ഫെബ്രുവരിയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോള്‍ത്തന്നെ വകുപ്പുതിരിഞ്ഞുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി ഒറ്റയടിക്ക് പാസാക്കുന്നതിനെയാണ് സമ്പൂര്‍ണ ബഡ്ജറ്റിംഗ് എന്ന് പറയുന്നത്. കഴിഞ്ഞ യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് വക്കം പുരുഷോത്തമന്‍ ധനകാര്യമന്ത്രിയായിരിക്കെയാണ് നിരവധി വര്‍ഷങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ ബഡ്ജറ്റ് പാസാക്കിയിട്ടുള്ളത്.
ഒരുവര്‍ഷത്തെ പദ്ധതിയെ സമഗ്രമായ കാഴ്ചപ്പാടോടെ സമീപിച്ച് ആസൂത്രിതമായി പണം ചെലവിടാനാവില്ല എന്നതാണ് സമ്പൂര്‍ണ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ പോകുന്നതുകൊണ്ടുള്ള ന്യൂനത. ഉദാഹരണത്തിന് 50 കോടിയുടെ ഒരു പദ്ധതിയുണ്ടെന്ന് വയ്ക്കുക. സമ്പൂര്‍ണ ബഡ്ജറ്റാണെങ്കില്‍ 50 കോടിയും തുടക്കം മുതലേ ബന്ധപ്പെട്ട വകുപ്പിന്റെ കൈകളിലെത്തും. ആവശ്യാനുസരണം ചെലവാക്കാം. വോട്ട് ഓണ്‍ അക്കൌണ്ടാവുമ്പോള്‍ ഈ 50 കോടിയുടെ നാലുമാസത്തെ വിഹിതം മാത്രമേ പാസായി വരുകയുള്ളൂ. മാത്രമല്ല അതിന്‍മേലും ധനകാര്യവകുപ്പ് ഉടക്കിടും.
നാലുമാസം കഴിഞ്ഞ് സമ്പൂര്‍ണ ബഡ്ജറ്റ് പാസായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുമ്പോള്‍ മിക്കവാറും ജൂണാവും. തുക കൈകളിലെത്താന്‍ വീണ്ടും ഒന്നോ രണ്ടോ മാസങ്ങള്‍കൂടി വൈകും. ഫലത്തില്‍ ബഡ്ജറ്റില്‍ എന്ത് പദ്ധതി പ്രഖ്യാപിച്ചാലും അത് നടപ്പില്‍ വരുത്താന്‍ കഷ്ടിച്ച് മൂന്നോ നാലോ മാസമേ കിട്ടാറുള്ളൂ. വര്‍ഷാവസാനമാവുമ്പോള്‍ തുക എങ്ങനെയും ചെലവഴിച്ചുതീര്‍ക്കാനുള്ള വെപ്രാളമാണ്. അഴിമതിക്ക് നല്ല സൌകര്യമുള്ള സമയവുമാണത്. ബഡ്ജറ്റ് സമ്പൂര്‍ണമായവതരിപ്പിച്ചാല്‍ നിയമസഭയില്‍ ഫലപ്രദമായ ചര്‍ച്ച നടത്താനാവും എന്നതാണ് മറ്റൊരു പ്രത്യേകത. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബഡ്ജറ്റില്‍ എന്തെങ്കിലും മാറ്റംവരുത്താനുമാവും. സാമ്പത്തിക വര്‍ഷത്തിന്റെ നടുക്കുവച്ചുള്ള ചര്‍ച്ചയാവുമ്പോള്‍ അതിന് ‘സ്കോപ്പില്ല.’

8. സ്കൂള്‍ പീരിയഡ് ഒരു മണിക്കൂറാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: സ്കൂള്‍ പീരിയഡുകള്‍ ഒരു മണിക്കൂറാക്കി ഉയര്‍ത്താന്‍ പാഠ്യപദ്ധതി പരിഷ്കരണസമിതി ശുപാര്‍ശ ചെയ്തു.
ഇപ്പോള്‍ 45 മിനിറ്റുകളുള്ള ഏഴ് പീരിയഡുകളാണുള്ളത്. അത് അഞ്ച് പീരിയഡുകളായി കുറയ്ക്കണം. പ്രതിദിന പഠന സമയത്തില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് സമിതിയില്‍ ധാരണയുണ്ടായി.
പാഠപുസ്തകങ്ങള്‍ രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക, വര്‍ഷത്തില്‍ രണ്ട് പരീക്ഷകള്‍ നടത്തുക തുടങ്ങിയ ശുപാര്‍ശകള്‍ സമിതി നേരത്തേ അംഗീകരിച്ചിട്ടുണ്ട്.
ഇന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൂര്‍ണ കരിക്കുലം കമ്മിറ്റി യോഗത്തില്‍ ഈ ശുപാര്‍ശകള്‍ സമര്‍പ്പിക്കും.

9. “സ്വപ്നപദ്ധതികളല്ല,വേണ്ടത് കര്‍ഷകര്‍ക്കും ചെറുകിടവ്യവസായത്തിനും പ്രോത്സാഹനം”
കൊച്ചി: സ്വപ്നപദ്ധതികളല്ല, കര്‍ഷകര്‍ക്കും ചെറുകിട വ്യവസായത്തിനും കൂടുതല്‍ പ്രോത്സാഹനമാണ് കേരള മോഡല്‍ വികസനം നിലനിര്‍ത്താന്‍ ആവശ്യമെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് പറഞ്ഞു.
സെന്റ് തെരേസാസ് കോളേജ് ധനകാര്യ വിഭാഗത്തിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളമോഡല്‍ വികസനം തകരുന്ന സ്ഥിതിയാണിത്. അതിന്റെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടാനല്ല നിലനിര്‍ത്താനാണ് മാര്‍ഗങ്ങള്‍ ആരായേണ്ടത്. കര്‍ഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതുവഴിയെ അതുകഴിയൂ. കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാനും ഉത്പന്നങ്ങളുടെ മൂല്യവര്‍ധന വരുത്തുന്നതിലും നാം പ്രാധാന്യം നല്‍കണം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നികുതി വരുമാനം കാര്യമായി വര്‍ദ്ധിച്ചിട്ടില്ല. പുരോഗമനപരമായ നികുതി സംവിധാനം കേരളത്തിന് ആവശ്യമാണ്. വലിയ പ്രശ്നം ആവശ്യത്തിന് ഫണ്ടില്ല എന്നതാണ്. വിദേശ സഹായം ഉള്‍പ്പെടെ ലഭിക്കുന്ന ഫണ്ടാവട്ടെ പരാമവധി 35 ശതമാനമാണ് വിനിയോഗിക്കപ്പെടുന്നത്.

10. കേബിള്‍ കണക്ഷന്‍ നല്‍കാത്തതിന് 50,000 നഷ്ടപരിഹാരം
തിരുവനന്തപുരം: എന്‍. ആര്‍. ഐ സ്കീം പ്രകാരം കേബിള്‍ കണക്ഷന്‍ നല്‍കാതിരുന്ന ഏഷ്യാനെറ്റ് കമ്മൃൂണിക്കേഷന്‍ 50000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവായി.ചെങ്ങന്നൂര്‍ തെങ്ങില്‍ ഹൌസില്‍ ടി. എന്‍. നൈനാനാണ് പരാതിക്കാരന്‍. അപേക്ഷിച്ച് മൂന്നുമാസത്തിനുള്ളില്‍ കണക്ഷന്‍ നല്‍കിയില്ലെങ്കില്‍ പലിശ സഹിതം തിരിച്ചു നല്‍കുമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിച്ചപ്പോള്‍ നൈനാന് ജില്ലാ ഉപഭോക്തൃ ഫോറം അനുകൂലമായി വിധിച്ചു. ഇതിനെതിരെ കമ്മ്യൂണിക്കേഷന്‍ നല്‍കിയ അപ്പീലിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്.

11. പെട്രോള്‍ വില: തീരുമാനം നീളും
ന്യൂഡല്‍ഹി: വിദേശ രാഷ്ട്രത്തലവന്‍മാരുടെ സന്ദര്‍ശനവും ചര്‍ചയ്ക്ക് മന്ത്രിമാരുടെ സമയക്കുറവും നിമിത്തം പെട്രോളിയം വില വര്‍ദ്ധനക്കാര്യത്തില്‍ തീരുമാനം വൈകിയേക്കുമെന്നു സൂചന.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ്. ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസി ആഴ്ച അവസാനം എത്തുന്നുണ്ട്. ഇവരുടെ സന്ദര്‍ശനവേളയില്‍ വില കൂട്ടി പ്രതിഷേധം ക്ഷണിച്ചുവരുത്തേണ്ട എന്ന നിലപാടിലാണ് കേന്ദ്രം. ഇവരുടെ സന്ദര്‍ശനം പ്രമാണിച്ച് തിരക്കിലാണ് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി.
മുംബയിലുള്ള പെട്രോളിയം മന്ത്രി മുരളി ദേവ്റ ലണ്ടനിലേക്കു പോവുകയാണ്. ഈ മാസം 27ന് അദ്ദേഹം തിരിച്ചെത്തും. വിലവര്‍ദ്ധന സംബന്ധിച്ച തീരുമാനമെടുക്കാന്‍ മന്ത്രിതല യോഗം ചേരാന്‍ ഈ മന്ത്രിമാരുടെ അസാന്നിദ്ധ്യവും സമയക്കുറവും കാരണമാകുന്നു.
17ന് ചേര്‍ന്ന മന്ത്രിതല സമിതിയും രണ്ടു മന്ത്രിമാരുടെ അസാന്നിദ്ധ്യം നിമിത്തം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു.

1. എച്ച്.എം.ടിയുടെ 251 ഏക്കര്‍ ഭൂമി കേസും സജീവമാകുന്നു
കൊച്ചി: കളമശ്ശേരി എച്ച്എംടിയുടെ എഴുപത് ഏക്കര്‍ ഹൌസിങ് ഡെവലപ്മെന്റ് ഇന്‍ഫ്രാസ്ട്രചര്‍ ലിമിറ്റഡിന് (എച്ച്ഡിഐഎല്‍) വിറ്റ നടപടി വിവാദമാകുമ്പോള്‍ എച്ച്എംടിയുടെ 251 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച മറ്റൊരു കേസും ശ്രദ്ധേയമാകുന്നു.

എച്ച്എംടിക്ക് ലഭിച്ച 781 ഏക്കറില്‍ 400 ഏക്കറാണ് 1995 ല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മിച്ചഭൂമിയായി കണ്ടെത്തി നടപടി എടുത്തത്. മിച്ചഭൂമിയില്‍ നിന്നൊഴിവാക്കി എച്ച്എംടിയുടെ കൈവശമിരുന്ന 381 ഏക്കറില്‍ 251.40 ഏക്കര്‍ 2002 ല്‍ വീണ്ടും മിച്ചഭൂമിയായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജി ഹൈക്കോടതിയിലാണ്. 2002 ല്‍ എച്ച്എംടി ഫയല്‍ ചെയ്ത റിവിഷന്‍ പെറ്റീഷന്‍ തിങ്കളാഴ്ച ജസ്റ്റിസ് കെ.ടി.ശങ്കരന്റെ മുമ്പാകെ വന്നെങ്കിലും എച്ച്എംടി ഒരാഴ്ചകൂടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റി.

സൈബര്‍ സിറ്റിക്കായി എച്ച്എംടി വിറ്റ 70 ഏക്കറിന്റെ പ്രമാണം ഹാജരാക്കിയാണ് സര്‍ക്കാര്‍ സ്വന്തം നിലപാട് ന്യായീകരിക്കുന്നത്. 1995ല്‍ നായനാര്‍ സര്‍ക്കാരാണ് 100 ഏക്കര്‍ എച്ച്എംടിക്ക് വിട്ടുകൊടുത്തത്. ഈ ഭൂമി കമ്പനിയുടെ വികസനാവശ്യത്തിന് ഉപയോഗിക്കാതെ സ്വകാര്യവ്യക്തിക്ക് വിറ്റതോടെ എച്ച്എംടിയുടെ കൈവശമുള്ള ബാക്കി ഭൂമി ഏറ്റെടുക്കുന്നതിനെ എതിര്‍ക്കാന്‍ എച്ച്എംടിക്ക് അവകാശം നഷ്ടപ്പെട്ടെന്നാണു സര്‍ക്കാര്‍ നിലപാട്.

1964 ല്‍ എച്ച്എംടി എന്ന മെഷീന്‍ ടൂള്‍സ് വ്യവസായത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് സൌജന്യമായി നല്‍കിയ 781.59 ഏക്കറിനെച്ചൊല്ലിയാണ് വിവാദം. ഇതില്‍ എച്ച്എംടി കമ്പനിക്കായി ഉപയോഗിക്കാത്ത 400 ഏക്കര്‍ അധികഭൂമിയെന്ന നിലയില്‍ തിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ 1995 ല്‍ നടപടി എടുത്തത്.

ഇതില്‍ 360 ഏക്കറില്‍ സംസ്ഥാന സര്‍ക്കാരുമായി സംയുക്ത സംരംഭം തുടങ്ങാമെന്ന നിര്‍ദേശം എച്ച്എംടി വച്ചു. സര്‍ക്കാര്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങി. 400 ഏക്കര്‍ ഒഴിഞ്ഞു നല്‍കണമെന്നായി. ഇതിനെതിരെ എച്ച്എംടി 1995 ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനിടെ സര്‍ക്കാരും താലൂക്ക് ലാന്‍ഡ് ബോര്‍ഡും എച്ച്എംടിയും തമ്മില്‍ ചര്‍ച്ച നടന്നു. 400 ഏക്കറില്‍ 100 ഏക്കര്‍ എച്ച്എംടിക്ക ്വിട്ടു നല്‍കി 300 ഏക്കര്‍ സര്‍ക്കാരിന് എടുക്കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കി. ഈ കരാറനുസരിച്ച് എച്ച്എംടി ഹര്‍ജി പിന്‍വലിച്ചു. എച്ച്എംടിയുടെ 781 ഏക്കറില്‍ 400 ഏക്കര്‍ അധികഭൂമിയെന്നു കണ്ടെത്തി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ 1995 ല്‍ നടപടി പൂര്‍ത്തിയാക്കിയെന്നാണ് എച്ച്എംടിയുടെ വാദം. 400 ഏക്കറില്‍ 100 ഏക്കര്‍ എച്ച്എംടിക്ക് വിട്ടുകൊടുത്തു. 300 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ 300 ഏക്കറില്‍ നിന്നാണ് 60 ഏക്കര്‍ സഹകരണമെഡിക്കല്‍ കോളേജിനും ബാക്കി കിന്‍ഫ്രക്കും സര്‍ക്കാര്‍ നല്‍കിയത്. 400 ഏക്കര്‍ ഒഴിച്ച് ബാക്കി 381 ഏക്കര്‍ ഭൂപരിഷ്കരണ നിയമ പരിധിക്കകത്ത് കമ്പനിക്ക് അനുവദിക്കപ്പെട്ടതാണ് എന്ന് എച്ച്എംടി വാദിക്കുന്നു. ഇതില്‍നിന്ന് വീണ്ടും 251 ഏക്കര്‍ ഏറ്റെടുക്കുന്നത് ഏകപക്ഷീയവും ഭൂപരിഷ്കരണ നിയമവ്യവസ്ഥകള്‍ക്ക് എതിരാണെന്നും തങ്ങള്‍ക്ക് സമയം നല്‍കാതെയാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അത് ഏറ്റെടുത്തതെന്നും എച്ച്എംടി റിവിഷന്‍ ഹര്‍ജിയില്‍ പറയുന്നു.

2. വൈസ് പ്രിന്‍സിപ്പലാകാന്‍ തിരിമറി; അന്വേഷണം തുടങ്ങി
നെടുങ്കണ്ടം: സഹപ്രവര്‍ത്തകയുടെ സര്‍ട്ടിഫിക്കറ്റില്‍ തിരിമറിനടത്തി യുവതി ആലുവ നഴ്സിങ് സ്കൂള്‍ വൈസ്പ്രിന്‍സിപ്പലായെന്ന കേസില്‍ എം.ജി.യൂണിവേഴ്സിറ്റി വിജിലന്‍സ് അന്വേഷണം തുടങ്ങി.

രാജകുമാരി വാരിക്കാട്ട് ജാസ്മിനെതിരെയാണ് കേസ്. 2005ല്‍ കേരള നഴ്സിങ് കൌണ്‍സിലില്‍നിന്ന് ജാസ്മിന് രജിസ്ട്രേഷന്‍ കിട്ടിയത് വ്യാജമായാണെന്ന് കരുതുന്നു. ഈ സര്‍ട്ടിഫിക്കറ്റുമായി ജാസ്മിന്‍ നെടുങ്കണ്ടത്തെ കരുണ നഴ്സിങ് സ്കൂളില്‍ ട്യൂട്ടറായി ഒരുവര്‍ഷം ജോലിചെയ്യുകയുണ്ടായി.

ആ കാലയളവില്‍ കരുണ നഴ്സിങ് സ്കൂളില്‍ ആറുമാസം ജോലിചെയ്ത ട്യൂട്ടറായ അനുറോജി തോമസ് വിദേശത്തേക്ക്പോയി. അനു ഇവിടം വിടുന്നതിന് മുമ്പ് നഴ്സിങ് സ്കൂളില്‍ ഏല്‍പ്പിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി തിരിച്ചുചോദിച്ചു. ഫയല്‍ കാണാനില്ലെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ മറുപടി. അനുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളില്‍ നിന്ന് എങ്ങനെയോ ജാസ്മിന്‍ കരസ്ഥമാക്കിയെന്നും അതില്‍ തിരിമറി നടത്തിയാണ് ആലുവയിലെ നഴ്സിങ് സ്കൂളില്‍ വൈസ്പ്രിന്‍സിപ്പലായി ജോലി നേടിയതെന്നും സംശയിക്കപ്പെടുന്നു. വ്യാജസര്‍ട്ടിഫിക്കറ്റിലാണ് ആലുവയിലെ സ്കൂളില്‍ ജോലിക്ക് പ്രവേശിച്ചതെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് മാനേജ്മെന്റ് ജാസ്മിനെ കഴിഞ്ഞദിവസം പുറത്താക്കി.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് എം.ജി.യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ യൂണിവേഴ്സിറ്റി വിജിലന്‍സിന് പേപ്പര്‍ കൈമാറിയിട്ടുണ്ട്. യൂണിവേഴ്സിറ്റി അധികൃതര്‍ക്കുമുന്നില്‍ കഴിഞ്ഞദിവസം എത്തിയ ജാസ്മിന്‍, കരുണയില്‍വച്ചാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് മൊഴിനല്‍കിയതായാണ് അറിയുന്നത്.

3. വിദ്യാഭ്യാസരംഗത്തെ പരിഷ്കാരം ജനകീയ ചര്‍ച്ചയ്ക്കുശേഷം_ മുഖ്യമന്ത്രി
കോഴിക്കോട്:വിദ്യാഭ്യാസരംഗത്തെ പരിഷ്കരണം ജനകീയചര്‍ച്ചകള്‍ക്കുശേഷം സുതാര്യമായേ നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എരഞ്ഞിക്കല്‍ പി.വി.എസ്. ഹൈസ്കൂള്‍ രജതജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വസ്തുത മനസ്സിലാക്കാതെയാണ് വിദ്യാഭ്യാസമേഖലയില്‍ ഇപ്പോള്‍ അനാവശ്യവിവാദങ്ങള്‍ അരങ്ങേറുന്നത്. എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സി.ക്ക് വിടുന്നു, അധ്യയനസമയം മാറ്റുന്നു, സ്കൂള്‍ ഭരണം പഞ്ചായത്തുകള്‍ക്ക് കൈമാറുന്നു തുടങ്ങിയവയാണ് പ്രചാരണങ്ങള്‍. ഇവയെല്ലാം അടിസ്ഥാനരഹിതമാണ്.

ഇതുസംബന്ധിച്ച ആശങ്ക അകറ്റാന്‍ എന്‍.എസ്.എസ്സിനെയും ക്രൈസ്തവ മാനേജ്മെന്റുകളെയും താന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. രണ്ടു തവണ സാങ്കേതിക കാരണം പറഞ്ഞ് അവര്‍ ചര്‍ച്ചയ്ക്കെത്തിയില്ല. മൂന്നാംതവണ ക്ഷണിച്ചപ്പോള്‍ കെ.ഇ.ആര്‍. പരിഷ്കരണ സമിതി റിപ്പോര്‍ട്ട് കിട്ടട്ടെ എന്നിട്ട് ചര്‍ച്ചയാവാം എന്നാണ് അവര്‍ അറിയിച്ചത്. ഈ നിലപാട് ശരിയാണ്. അതേസമയം റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല. ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരിലാണ് വിവാദം ഉണ്ടാവുന്നതെന്ന് മനസ്സിലാക്കണം_ മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10,000 ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 5000രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തവര്‍ഷം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കും.

ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി. അധ്യക്ഷതവഹിച്ചു. ബന്ധപ്പെട്ടവരുമായി ആലോചിച്ച് പി.വി.എസ്. സ്കൂളിന് പ്ലസ്ടു അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി വീരേന്ദ്രകുമാര്‍ പറഞ്ഞു.

വിദ്യാലയചരിത്രം മുഖ്യമന്ത്രിക്ക് കൈമാറി സ്കൂള്‍ മാനേജര്‍ പി.വി. ചന്ദ്രന്‍ പ്രകാശനം ചെയ്തു. എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ സി.കെ. അശോകന്‍, കെ. വസന്തകുമാരി എന്നിവരെ സ്കൂള്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഹേമലത ചന്ദ്രന്‍, കുമാരി ജയരാജ് എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. പ്രശാന്ത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടി, മുന്‍മന്ത്രി എ.സി. ഷണ്‍മുഖദാസ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ചന്ദ്രന്‍, എം. രാധാകൃഷ്ണന്‍, കക്കോടി പഞ്ചായത്ത് പ്രസിഡന്റ് എം.എ. സിറാജ്, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മക്കടോല്‍ ഗോപാലന്‍, വാര്‍ഡ് മെമ്പര്‍ കൊടമന ഹരിദാസ്, ഡി.ഇ.ഒ. എ. മൂസ, മുന്‍ പ്രധാനാധ്യാപിക എ.കെ. ശാന്ത, പി.ടി.എ. പ്രസിഡന്റ് വേണു അമ്പലപ്പടി, മാതൃസംഗമം ചെയര്‍പേഴ്സണ്‍ സജിത എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. മോഹന്‍ദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. സുന്ദരന്‍ നന്ദിയും പറഞ്ഞു.

4. നെല്‍വയല്‍ സംരക്ഷണബില്ലിനെതിരെ യു.ഡി.എഫ്. പാലക്കാട്ടുനിന്ന് പ്രക്േഷാഭം തുടങ്ങും
പാലക്കാട്: നെല്‍വയല്‍_നീര്‍ത്തട സംരക്ഷണബില്ലിലെ കര്‍ഷകദ്രോഹ വ്യവസ്ഥകള്‍ക്കെതിരെ യു.ഡി.എഫ്. പാലക്കാട്ടുനിന്ന് ബഹുജന പ്രക്ഷോഭം തുടങ്ങും.

ജില്ലയിലെ ഭൂരിപക്ഷം കര്‍ഷക സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ബില്ല് നിയമസഭയ്ക്കകത്ത് വരുന്നതുതടയാന്‍ ശക്തമായ സമരം നടത്താന്‍ തീരുമാനമായത്. ഇടതുപക്ഷത്തോട് ചായ്വുണ്ടായിരുന്ന കര്‍ഷക സംഘടനാപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്ത് ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്ന ആവശ്യമുന്നയിച്ചു.

കര്‍ഷകരെ രക്ഷിക്കാനെന്നുപറഞ്ഞ് കൊണ്ടുവന്ന ബില്‍ കര്‍ഷകവിരുദ്ധമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കൃഷിഭൂമിയുടെ പരമാധികാരം കര്‍ഷകനാണ്. എന്തു വിള ഇറക്കണമെന്ന് നിശ്ചയിക്കേണ്ടത് സര്‍ക്കാരല്ല. നെല്‍കൃഷി ലാഭകരമാക്കാനുള്ള സാഹചര്യം ഒരുക്കിയാല്‍ മാത്രമേ അത് സംരക്ഷിക്കാനാവൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമസഭയില്‍ മൃഗീയഭൂരിപക്ഷമുണ്ടെന്ന അഹങ്കാരത്തില്‍ ബില്‍ നിയമമാക്കാനാണ് ഇടതുപക്ഷം ഒരുങ്ങുന്നതെന്നും ആ നീക്കം ചെറുത്തു തോല്പിക്കണമെന്നും ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ ബഹുജന പ്രക്ഷോഭമുയരണം. കൃഷിഭൂമി തരിശിട്ടാല്‍ കര്‍ഷകനെ കല്‍ത്തുറങ്കലിലടയ്ക്കണമെന്ന് പറയുന്ന ബില്ലിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഈ നിയമം നടപ്പായാല്‍ പാലക്കാട്ടെ നെല്‍കൃഷി മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൈകളിലമരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നീര്‍ത്തട സംരക്ഷണ ബില്‍ കാടന്‍ നിയമമാണെന്ന് സി.പി. മുഹമ്മദ് എം.എല്‍.എ. കുറ്റപ്പെടുത്തി. ജീവന്‍ പണയംവെച്ചും കര്‍ഷകര്‍ ബില്ലിനെതിരെ രംഗത്തു വരണമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ നിയമത്തെക്കാള്‍ ശക്തമായ വ്യവസ്ഥകളുള്ള നിര്‍ദിഷ്ട ബില്ല് നടപ്പായാല്‍ നെല്ലറയിലെ കര്‍ഷകര്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് പൊല്‍പ്പുള്ളി വാസുദേവന്‍ പറഞ്ഞു. കരിനിയമങ്ങളുള്ള ബില്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നരമണിക്കൂര്‍നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്ത 21 കര്‍ഷക പ്രതിനിധികളും ബില്ലിനെതിരെ ആഞ്ഞടിച്ചു. നെല്‍കൃഷി ലാഭകരമാക്കി കര്‍ഷകനെ സംരക്ഷിക്കേണ്ടതിന് പകരം കരിനിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

നീര്‍ത്തടബില്ലിലെ സെലക്ട് കമ്മിറ്റി അംഗമായ എം. ഉമ്മര്‍ എം.എല്‍.എ., ചിറ്റൂര്‍ എം.എല്‍.എ. കെ. അച്യുതന്‍, യു.ഡി.എഫ്. നേതാക്കളായ എ.വി. ഗോപിനാഥ്, വി.എസ്. വിജയരാഘവന്‍, കല്ലടി മുഹമ്മദ്, വി.സി. കബീര്‍, കെ.എ. ചന്ദ്രന്‍, മറ്റ് സംഘടനാ ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു. പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് സംയുക്തസമരസമിതി രൂപവത്കരിക്കാനും തീരുമാനിച്ചു.

5. മീന്‍പിടിത്തത്തിന് കൂടുതല്‍ വിദേശക്കമ്പനികള്‍, കേരളത്തില്‍ 10 കപ്പലുകള്‍ക്ക് കൂടി അനുമതി
തോപ്പുംപടി: കേരളത്തിന്റെ അതിര്‍ത്തിക്കടലിലെ ട്യൂണമത്സ്യശേഖരത്തിന്റെ വന്‍സാധ്യതകള്‍ മുന്നില്‍കണ്ട്, മീന്‍ പിടിത്ത മേഖലയിലേക്ക് കൂടുതല്‍ വിദേശക്കമ്പനികളെത്തുന്നു.

വിദേശക്കമ്പനികളുമായി സംയുക്ത സംരംഭത്തിന് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിന്റെ മറപിടിച്ചാണ് ഇന്ത്യയിലെ വമ്പന്‍കമ്പനികളുമായി കൂട്ടുകെട്ടുണ്ടാക്കി വിദേശസ്ഥാപനങ്ങള്‍ എത്തുന്നത്. ടാറ്റാ , ഹിന്ദുസ്ഥാന്‍ ലീവര്‍, ഐടിസി, മഹീന്ദ്ര, ഡണ്‍ലപ്പ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുമായി അമേരിക്കയിലേയും ജപ്പാനിലേയും കമ്പനികളാണ് കൂട്ടുകെട്ടുണ്ടാക്കിയിട്ടുള്ളത്.

സംയുക്ത സംരംഭമായി ട്യൂണയെ പിടിക്കുന്ന സജ്ജീകരണങ്ങളുള്ള 110 യാനങ്ങള്‍ കടലില്‍ ഇറക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി മൊത്തം 725 യാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

കേരളത്തിലെ മൂന്നുകമ്പനികള്‍ക്ക് വിദേശ കമ്പനികളുമായി സഹകരിച്ച് യാനങ്ങള്‍ ഇറക്കുവാന്‍ ഇപ്പോള്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

കൊച്ചിയിലെ കീ ഫുഡ്, പിസാ നാവിഗേഷന്‍, മൂണ്‍ ഫിഷറീസ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഈ അനുമതി ലഭിച്ചത്. വിദേശ കമ്പനികളുമായി സഹകരിച്ച് 10 കൂറ്റന്‍ യാനങ്ങള്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ മൂണ്‍ ഫിഷറീസ് കടലില്‍ ഇറക്കിക്കഴിഞ്ഞു.

ലൈസന്‍സ് ലഭിച്ചിട്ടുള്ളതിനാല്‍ ഇന്ത്യയിലെവിടെയും ഇവയ്ക്ക് മീന്‍ പിടിക്കാം. വിദേശയാനങ്ങള്‍ കൂട്ടത്തോടെ കടന്നുവരുന്നത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഏറെ സാധ്യതയുള്ള കേരളത്തെയാണ് ദോഷകരമായി ബാധിക്കുക.

ട്യൂണയോടൊപ്പം ഓലക്കണവ, കലവ, ശീലാവ്, ചേമീന്‍ തുടങ്ങിയ മീനുകളും ഇവ പിടിച്ചെടുക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വിദേശയാനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കേണ്ടതില്ലെന്ന് 1997ല്‍ പാര്‍ലമെന്റ് തന്നെ തീരുമാനമെടുത്തിട്ടുള്ളതാണ്.

2006ല്‍ പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ പുതിയ തീരുമാനം വന്നതാണ് കേരളത്തിലെ മത്സ്യമേഖലയ്ക്ക് തിരിച്ചടിയായതെന്ന് ഫിഷറീസ് കോ_ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ അതിര്‍ത്തിക്കടലില്‍ വിദേശയാനങ്ങള്‍ കടന്നുവരുന്നതു തടയുവാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

6. ശരി തെറ്റാക്കി പി.എസ്.സിയുടെ ഉത്തരസൂചിക
തിരുവനന്തപുരം: തെറ്റുകള്‍ തിരുത്തി, ഭേദഗതി ചെയ്ത് പി.എസ്.സി. പുറത്തിറക്കിയ ഉത്തരസൂചികയില്‍ നിറയെ തെറ്റുകള്‍. തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് ജൂണ്‍ 23 ന് നടത്തിയ പരീക്ഷയുടെ തിരുത്തിയ ഉത്തരസൂചികയിലാണ് തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നത്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആദ്യം പ്രസിദ്ധീകരിച്ച ഉത്തരസൂചികയില്‍ ശരിയായി രേഖപ്പെടുത്തിയിരുന്ന ഉത്തരങ്ങള്‍ പലതും ഇപ്പോള്‍ ‘തിരുത്തി’ തെറ്റാക്കിയിരിക്കുകയാണ്. കേരളപ്പിറി സമയത്ത് കേരളത്തിലെ ഗവര്‍ണര്‍ ആരായിരുന്നു എന്ന ചോദ്യത്തിന് ആദ്യ ഉത്തരസൂചികയില്‍ പി.എസ്. റാവു എന്ന ശരിയുത്തരമാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോഴത് ബി. രാമകൃഷ്ണറാവു എന്നാക്കി മാറ്റി. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന നിലവില്‍ വന്നത് എന്ന് എന്ന ചോദ്യത്തിന് 1956 നവംബര്‍ ഒന്ന് എന്ന ഉത്തരം ചോയിസിലുണ്ടെങ്കിലും ചോദ്യം റദ്ദുചെയ്തിരിക്കുകയാണ്.

എവറസ്റ്റ് കൊടുമുടി ഇന്ത്യയിലാണെന്ന കണ്ടെത്തലും പി.എസ്.സിയുടെ ‘വിഷയവിദഗ്ദ്ധന്‍’ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഉയരം കൂടിയ കൊടുമുടി ഏതെന്ന ചോദ്യത്തിന് എവറസ്റ്റ് എന്നാണ് പി.എസ്.സി. നല്‍കുന്ന ഉത്തരം. കാഞ്ജന്‍ഗംഗ എന്ന ശരിയുത്തരം തിരുത്തിയാണ് ഈ അബദ്ധം ചെയ്തിരിക്കുന്നത്. വിയന്ന ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് എന്ന ചോദ്യത്തിന്റെ ഉത്തരമായി ഓസ്ട്രിയ ആദ്യ ഉത്തരസൂചികയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ചോദ്യം തന്നെ റദ്ദാക്കപ്പെട്ടു. കാരണമെന്തെന്ന് ആര്‍ക്കുമറിയില്ല.

ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി ആര് എന്ന ചോദ്യം അനൌഷേഅന്‍സാരി എന്ന ശരിയുത്തരം ചോയ്സിലുണ്ടായിരുന്നിട്ടും റദ്ദുചെയ്തു. ഇങ്ങനെ ഒട്ടേറെ തെറ്റുകളാണ് ‘തിരുത്തിയ’ ഉത്തരസൂചികയില്‍ കടന്നുകൂടിയിട്ടുള്ളത്. 17 ചോദ്യങ്ങളാണ് ഇപ്പോള്‍ തിരുത്തിയത്. പക്ഷേ ഇതില്‍ ഒമ്പതെണ്ണവും തെറ്റാണ്. ഉത്തരസൂചിക തിരുത്തിയപ്പോള്‍ തെറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. ആദ്യ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് ഉദ്യോഗാര്‍ഥികളുടെ നിര്‍ദ്ദേശം സ്വീകരിച്ചശേഷം വിഷയ വിദഗ്ദ്ധരുമായി ബന്ധപ്പെട്ടാണ് അത് ഭേദഗതി ചെയ്തതെന്ന് പി.എസ്.സി.അധികൃതര്‍ പറയുന്നു. എന്നാല്‍ വിഷയവിദഗ്ദ്ധര്‍ക്ക് തീരെ വിവരമില്ലെന്നാണ് ഉത്തരസൂചികകള്‍ തെളിയിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. മൂന്നു ജില്ലകളിലായി രണ്ടേകാല്‍ ലക്ഷം പേരാണ് ലാസ്റ്റ്ഗ്രേഡ് സര്‍വന്റ് പരീക്ഷ എഴുതിയത്.

7. സുതാര്യ സേവന പ്രോജക്ട് കേരളത്തിലേയ്ക്ക്
തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ ‘ഇ_ഗവണ്മെന്റ് പ്രൊക്യുര്‍മെന്റ് പ്രോജക്ടിന്റെ’ ഫ്ലാഗ് ഓഫ് മീറ്റിങ് ചീഫ് സെക്രട്ടറി പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലാണ് ഈ പ്രോജക്ട് നടപ്പാക്കുക. കേന്ദ്ര വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഈ പ്രോജക്ട് കേരളത്തില്‍ ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ് ലക്ഷ്യം.

കരാറും ഇടനിലക്കാരും തമ്മില്‍ നിലനിന്നിരുന്ന അഴിമതി തുടച്ചുമാറ്റാനാകുമെന്നതാണ് ഈ പദ്ധതിയുടെ ഒരു പ്രത്യേകത.

ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അജയ്കുമാര്‍, സ്പെഷ്യല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജീവ്സദാനന്ദന്‍, പൊതുമരാമത്ത് വകുപ്പ് പ്രില്‍സിപ്പല്‍ സെക്രട്ടറി ടോംജോസ്, ഐ.ടി. മിഷന്‍ ഡയറക്ടര്‍ സൌരഭ്ജയിന്‍ എന്നിവര്‍ പങ്കെടുത്തു.

8. സൈബര്‍ സിറ്റി: ഐ.ടി. വകുപ്പ് അറിഞ്ഞില്ല; റവന്യൂ വകുപ്പ് അന്വേഷിക്കുന്നു
തിരുവനന്തപുരം: കൊച്ചി കളമശ്ശേരിയില്‍ എച്ച്.എം.ടി. വിറ്റ 70 ഏക്കര്‍ സ്ഥലത്ത് സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്ന് സംസ്ഥാന ഐ.ടി. വകുപ്പ്. അതേസമയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. നടത്തിയ ഭൂമിവില്പന നിയമവിധേയമാണോയെന്ന് റവന്യൂ വകുപ്പ് അന്വേഷണവും തുടങ്ങി. ബന്ധപ്പെട്ട രേഖകളെല്ലാം വിളിച്ചുവരുത്തി റവന്യൂമന്ത്രിയുടെ നേതൃത്വത്തിലാണ് പരിശോധന.

ഭൂമി ഇടപാട് വിവാദമായ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സൈബര്‍ സിറ്റിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ നിന്ന് വിട്ടുനിന്ന സംഭവം പ്രതിപക്ഷം ഏറ്റുപിടിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശന്‍ എം.എല്‍.എയും മുന്‍ എം.എല്‍.എ. കെ. മുഹമ്മദലിയും വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. നിയമവിരുദ്ധമായ ഭൂമി കൈമാറ്റത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നാണ് അവരുടെ ആക്ഷേപം.

ഫ്ലാറ്റും വില്ലയും മാത്രം പണിത് പരിചയമുള്ള ഹൌസിങ് ഡെവലപ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഈ പദ്ധതിയെപ്പറ്റി ഒരു കാര്യവും ഐ.ടി. വകുപ്പ് അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേഷ്ടാവ് ജോസഫ് മാത്യു പറഞ്ഞു. സ്വകാര്യ ഐ.ടി. സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനത്തിന് ലഭിക്കുന്ന അതേ തരത്തില്‍ ആനുകൂല്യവും പ്രോത്സാഹനവും നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ഐ.ടി. നയം. എന്നാല്‍ ഇതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ചില നിബന്ധനകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്.

70 ശതമാനം വരെ സ്ഥലം ഐ.ടി.ക്കായി ഉപയോഗിക്കണം, സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ചുള്ള വ്യക്തത വേണം എന്നിവ നിബന്ധനകളില്‍ പ്രധാനമാണ്. കൊച്ചി സ്മാര്‍ട്ട് സിറ്റി കാര്യത്തില്‍ ഈ വ്യവസ്ഥകള്‍ പാലിച്ചിരുന്നു. ഇത് പാലിക്കാനാകാതെ വന്നാല്‍ സ്ഥലത്തിന്റെ പാട്ടക്കരാര്‍ റദ്ദാക്കുമെന്നും പരാതിയുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ ആര്‍ബിട്രേറ്ററെ സമീപിക്കണമെന്നും സ്പാര്‍ട്ട് സിറ്റി കരാറില്‍ വ്യവസ്ഥയുണ്ട്.

എന്നാല്‍ കളമശ്ശേരിയിലെ സൈബര്‍സിറ്റി പദ്ധതി സംബന്ധിച്ച് സര്‍ക്കാരുമായി ഒരു കരാറും ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഐ.ടി. വകുപ്പ് അറിയാതെ നടത്തിയ ഈ സംരംഭത്തിന് ചുക്കാന്‍ പിടിച്ചത് വ്യവസായ വകുപ്പായിരുന്നു. വ്യവസായ വകുപ്പുമായി നടത്തിയ ഒരു ചര്‍ച്ചയെ തുടര്‍ന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ പത്രസമ്മേളനം നടത്തി സൈബര്‍ സിറ്റി സ്ഥാപിക്കുമെന്ന് എച്ച്.ഡി.ഐ.എല്‍. അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഐ.ടി. വകുപ്പുമായി ബന്ധപ്പെട്ട് നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി അറിയുന്നു.

എന്നാല്‍ പിന്നീട് പ്രത്യക്ഷത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളോ, നടപടികളോ ഉണ്ടായില്ല. തറക്കല്ലിടല്‍ ചടങ്ങ് നടക്കുന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്.

4000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപവും 60000 പേര്‍ക്ക് നേരിട്ട് തൊഴിലും നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ ഇത് ഉറപ്പാക്കാന്‍ ഒരു കരാറും സര്‍ക്കാരുമായി കമ്പനി ഒപ്പുവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ വാഗ്ദാനം പാലിച്ചില്ലെങ്കിലും നഷ്ടപരിഹാരം ഈടാക്കാനോ, സ്ഥലം തിരിച്ചെടുക്കാനോ സര്‍ക്കാരിനാകില്ല. ഭൂമിയാകട്ടെ സ്വകാര്യ സംരംഭകരുടെ പക്കല്‍ എത്തുകയും ചെയ്തു.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ എച്ച്.ഡി.ഐ.എല്‍. ന് സ്ഥലം നല്‍കുന്നതിന് ഒരു കരാറില്‍പ്പോലും ഏര്‍പ്പെടാത്തത് ഒരേ കടയില്‍ രണ്ടുതരം വില്പന നടത്തുന്നതിന് തുല്യമാണെന്ന് വിമര്‍ശകര്‍ പറയുന്നു.

9. സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുമെന്ന് അഞ്ച് വര്‍ഷം മുമ്പേ മുന്നറിയിപ്പ്
കൊച്ചി: സര്‍ക്കാരിന് നിയമപരമായി അവകാശപ്പെട്ട ഭൂമി നഷ്ടപ്പെട്ടേക്കാമെന്ന് അഞ്ചു വര്‍ഷം മുമ്പുതന്നെ കണയന്നൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

251 ഏക്കര്‍ എച്ച്.എം.ടി.യില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2002 ഏപ്രില്‍ 27ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഈ മുന്നറിയിപ്പുണ്ട്. ഈ ഉത്തരവിനെ ചോദ്യംചെയ്ത്, എച്ച്.എം.ടി. ഹൈക്കോടതിയില്‍ 2002 ജൂണ്‍ 15ന് നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പായിട്ടില്ല.

വ്യാവസായികാവശ്യത്തിനായി എച്ച്.എം.ടി.ക്ക് 1972ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം എണ്ണൂറോളം ഏക്കര്‍ സൌജന്യമായി നല്‍കിയിരുന്നു. വ്യാവസായികാവശ്യത്തിനായി ഉപയോഗിക്കാതെ ഭൂമി ബാക്കി കിടക്കുന്നുണ്ട്. സ്വകാര്യവത്കരണത്തിന് കമ്പനി കൈമാറ്റം ചെയ്താല്‍ കമ്പനിയുടെ കൈവശമുള്ള ഭൂമിയും ഉള്‍പ്പെടുമെന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2002ലെ ഉത്തരവില്‍ പറഞ്ഞിരുന്നു. ”ഭൂമി കേരളത്തില്‍ വളരെ വിലപ്പെട്ടതാണ്. പ്രത്യേകിച്ച് എറണാകുളത്തും പരിസരപ്രദേശത്തും. അതിനാല്‍ ഉചിതമായ രീതിയില്‍ ഭൂമി ഉപയോഗപ്പെടുത്തണം”_ ഉത്തരവില്‍ പറയുന്നു.

അതേസമയം, ഒരു ഹൌസിങ് കോളനിക്കു വേണ്ടി ജില്ലാ കളക്ടര്‍ സ്ഥലം ചോദിച്ചപ്പോള്‍ കമ്പനിക്ക് സ്വീകാര്യമായില്ലെന്നും ഇതേത്തുടര്‍ന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡിനെ മറയാക്കി, കളക്ടര്‍ പകരം വീട്ടുന്നുവെന്നുമാണ് കമ്പനിയുടെ ആരോപണം.

10. ഇസ്രായേലി ഉപഗ്രഹം ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചു
ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): ഇസ്രാലേയിന്റെ ചാരഉപഗ്രഹത്തെ ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചു. ഐ.എസ്.ആര്‍.ഒ.യുടെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് പി.എസ്.എല്‍.വി. റോക്കറ്റാണ് പൊളാരിസ് എന്ന ഇസ്രായേലിന്റെ ഉപഗ്രഹത്തെ തിങ്കളാഴ്ച വിജയകരമായി വിക്ഷേപിച്ചത്. തീയതിയും സമയവും മുന്‍കൂട്ടി അറിയിക്കാതെ രഹസ്യമായായിരുന്നു വിക്ഷേപണം.

തികച്ചും വാണിജ്യാടിസ്ഥാനത്തില്‍ ഐ.എസ്.ആര്‍.ഒ. നടത്തുന്ന രണ്ടാമത്തെ ഉപഗ്രഹവിക്ഷേപണമാണിത്. ഇന്ത്യന്‍ ബഹിരാകാശവകുപ്പിന്റെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനാണ് ഇസ്രായേലിന്റെ ബഹിരാകാശ ഏജന്‍സിക്കുവേണ്ടി വിക്ഷേപണച്ചുമതല ഏറ്റെടുത്തത്. ഐ.എസ്.ആര്‍.ഒ.യുടെ പി.എസ്.എല്‍.വി_സി_10 വിക്ഷേപണവാഹനം തിങ്കളാഴ്ച രാവിലെ 9.15ന് ഉപഗ്രഹത്തെയും വഹിച്ച് കുതിച്ചുയര്‍ന്നു. 1185 സെക്കന്‍ഡുകൊണ്ട് ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തു.

മേഘങ്ങള്‍ക്കിടയിലൂടെപോലും കാണാന്‍ കഴിവുള്ള ഉപഗ്രഹമാണ് പൊളാരിസ് എന്നു വിളിക്കുന്ന ടെക്സാര്‍ സാറ്റലൈറ്റ്. ഇതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയോടു അടുത്തുനില്‍ക്കുന്ന ഭാഗം 450 കിലോമീറ്ററും വിദൂര ഭാഗം 580 കിലോമീറ്ററും അകലെയാണ്.

ഉപഗ്രഹ വിക്ഷേപണവിവരം മുന്‍കൂട്ടി പ്രഖ്യാപിക്കാറുള്ള ഐ.എസ്.ആര്‍.ഒ. ഇസ്രായേലി ഉപഗ്രഹത്തിന്റെ കാര്യം രഹസ്യമായി വെക്കുകയായിരുന്നു. കഴിഞ്ഞ സപ്തംബറില്‍ വിക്ഷേപണം നടന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പ്രത്യേകിച്ച് കാരണമൊന്നും പറയാതെ അത് മാറ്റിവെച്ചു. ചില രാജ്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി ഇന്ത്യ വിക്ഷേപണ പദ്ധതി ഉപേക്ഷിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇക്കാര്യം നിഷേധിച്ച ഐ.എസ്.ആര്‍.ഒ. പറയുന്നത് സാങ്കേതിക കാരണങ്ങള്‍കൊണ്ടാണ് വിക്ഷേപണം നീണ്ടുപോയതെന്നാണ്.

ശ്രീഹരിക്കോട്ടയില്‍നിന്ന് ഐ.എസ്.ആര്‍.ഒ. നടത്തുന്ന 25_ാമത്തെ ഉപഗ്രഹവിക്ഷേപമാണിത്; 1994_ല്‍ അവതരിപ്പിച്ച പി.എസ്.എല്‍.വി.യുടെ 11_ാമത്തെ വിക്ഷേപണവും. പൂര്‍ണമായും വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യ ഉപഗ്രഹവിക്ഷേപണം തുടങ്ങുന്നത് കഴിഞ്ഞവര്‍ഷമാണ്. ഇറ്റലിയുടെ എജൈല്‍ ഉപഗ്രഹമാണ് ഇത്തരത്തില്‍ ആദ്യം വിക്ഷേപിച്ചത്.

11. വിവരാവകാശ നിയമം: ഏകീകൃത ചട്ടം പറ്റില്ല _സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ കൈകാര്യംചെയ്യുന്നതിന് എല്ലാ ഹൈക്കോടതികള്‍ക്കുമായി ഏകീകൃതചട്ടങ്ങള്‍ രൂപവല്‍ക്കരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ വ്യത്യസ്ത ഹൈക്കോടതികള്‍ വ്യത്യസ്തചട്ടങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഇവ നിയമത്തിന്റെ അന്തസ്സത്തയ്ക്ക് അനുസൃതമല്ലെന്നും കാണിച്ച് ഒരു സന്നദ്ധ സംഘടനയണ് ഹര്‍ജി നല്‍കിയത്. വ്യത്യസ്ത മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഉത്തരവുകള്‍ വിവരാവകാശ നിയമത്തിന്റെ ഉദ്ദേശ്യത്തെതന്നെ പരാജയപ്പെടുത്തുന്നതിനാല്‍ സുപ്രീംകോടതി ഏകീകൃത ചട്ടങ്ങള്‍ക്ക് രൂപം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

എന്നാല്‍ എല്ലാ കോടതികള്‍ക്കുംവേണ്ടി ചട്ടമുണ്ടാക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. വ്യതിരിക്ത സ്ഥാപനങ്ങളാണ് ഹൈക്കോടതികള്‍. ഹൈക്കോടതികള്‍ക്കുവേണ്ടി ചട്ടങ്ങള്‍ അവര്‍തന്നെയാണുണ്ടാക്കേണ്ടത്. സുപ്രീംകോടതിയുടെ കീഴ്ഘടകങ്ങളല്ല ഹൈക്കോടതികള്‍. ഹൈക്കോടതികളുടെ പ്രവര്‍ത്തനം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിനു കീഴിലല്ല_സുപ്രീംകോടതി വ്യക്തമാക്കി.

12. സ്കൂളുകളിലെ സയന്‍സ് പഠനം മെച്ചപ്പെടുത്താന്‍ പദ്ധതിയുമായി ചെന്നൈ ഐ.ഐ.ടി.
ന്യൂഡല്‍ഹി: സ്കൂള്‍ തലത്തിലെ സയന്‍സ് പഠനം മെച്ചപ്പെടുത്താനുള്ള പദ്ധതിക്ക് ചെന്നൈ ഐ.ഐ.ടി. രൂപം നല്‍കുന്നു. അഞ്ചു മുതല്‍ പ്ലസ്ടു ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളില്‍ പ്രാവീണ്യം നല്‍കാനുതകുന്ന തരത്തില്‍ ആയിരിക്കും പദ്ധതി നടപ്പാക്കുക. ചെന്നൈ ഐ.ഐ.ടി. അധ്യാപകന്‍ ഡോ.ടി.എസ്. നടരാജന്‍ ആവിഷ്കരിച്ച പദ്ധതിക്ക് സ്ഥാപനം പൂര്‍ണ പിന്തുണ നല്‍കുകയാണുണ്ടായത്. സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് ചെന്നൈ ഐ.ഐ.ടി.യുടെ ആദ്യ കാല്‍വെയ്പാണിത്.

പ്രശ്നാധിഷ്ഠിതവും പ്രവര്‍ത്തന കേന്ദ്രീകൃതവുമായ പഠനരീതി നടപ്പാക്കി സയന്‍സിനെ രസകരവും എളുപ്പവുമായ വിഷയമാക്കി മാറ്റുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സയന്‍സ് അധ്യാപകര്‍ക്ക് അവരുടെ വൈദഗ്ദ്ധ്യം വര്‍ധിപ്പിക്കാനാവശ്യമായ സാഹചര്യമൊരുക്കാനും വിഭാവനം ചെയ്യുന്നുണ്ട്.

13. വാണിജ്യവിക്േഷപണരംഗത്ത് നേട്ടം കൊയ്ത് ഐ.എസ്.ആര്‍.ഒ.
ചെന്നൈ: ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണമേഖലയില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ഇന്ത്യ തിങ്കളാഴ്ച നടത്തിയ ഇസ്രായേലിന്റെ ഉപഗ്രഹവിക്ഷേപണം പൂര്‍ണമായും വിജയകരമാണെന്ന് ചെന്നൈയില്‍ തിങ്കളാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു.

ഇന്ത്യന്‍ ബഹിരാകാശവകുപ്പിന്റെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനാണ് വാണിജ്യവിക്ഷേപണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ ഇന്ത്യ ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മാധവന്‍നായര്‍ ചൂണ്ടിക്കാട്ടി.

ഇസ്രായേല്‍ എയ്റോ സ്പേസ് ഇന്‍ഡസ്ട്രീസുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ‘ടെക്സാര്‍’ എന്ന ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. ഈ വിക്ഷേപണത്തിന് ഇസ്രായേല്‍ ഇന്ത്യക്ക് പ്രതിഫലമായി നല്‍കിയ തുക വെളിപ്പെടുത്താന്‍ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ അധികൃതര്‍ വിസമ്മതിച്ചു. അന്താരാഷ്ട്രവിപണിയില്‍ ഇത്തരം വിക്ഷേപണങ്ങള്‍ക്ക് ഒരു കിലോയ്ക്ക് (ഉപഗ്രഹത്തിന്റെ ഭാരം) 15,000 ഡോളറാണ് ഈടാക്കുന്നതെന്നും (ടെക്സാറിന് 300 കിലോഗ്രാം തൂക്കമാണുള്ളത്). പി.എസ്.എല്‍.വിയുടെ സവിശേഷതകള്‍ കാരണം ഇസ്രായേലില്‍നിന്ന് ഇതിലും മികച്ച നിരക്ക് ഈടാക്കാനായെന്നും ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ മേധാവി ശ്രീധര്‍മൂര്‍ത്തി പറഞ്ഞു. ആഗോളതലത്തില്‍ ഇത്തരം വിക്ഷേപണങ്ങളുടെ വിപണി എണ്ണായിരം കോടി രൂപ വരുമെന്നും ഇന്ത്യക്ക് ഇതില്‍ വലിയൊരു പങ്ക് സ്വന്തമാക്കാനാവുമെന്നും മൂര്‍ത്തി പറഞ്ഞു. 600 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം കോര്‍പ്പഷന്റെ വരുമാനം.

‘ടെക്സാര്‍’ ചാര ഉപഗ്രഹമാണോയെന്ന് തനിക്കറിയില്ലെന്ന് മാധവന്‍നായര്‍ പറഞ്ഞു. ഏത് ഉപഗ്രഹവും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും മാധവന്‍നായര്‍ ചൂണ്ടിക്കാട്ടി. ഒരു യാത്രക്കാരനെ കൊണ്ടുപോകുന്നതുപോലെയാണ് ഇത്തരം സംരംഭങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ഉപഗ്രഹത്തിന്റെ വിശദാംശങ്ങള്‍ നല്‍കേണ്ട ബാധ്യത ഇസ്രായേലിനില്ലെന്നും മാധവന്‍നായര്‍ പറഞ്ഞു.

ഗള്‍ഫ് രാഷ്ട്രങ്ങളുടെയും അമേരിക്കയുടെയും സമ്മര്‍ദ്ദം കാരണമാണ് വിക്ഷേപണം നീണ്ടുപോയതെന്ന ആരോപണം മാധവന്‍നായര്‍ നിഷേധിച്ചു. ”ചില സാങ്കേതികപ്രശ്നങ്ങളും കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളുമാണ് വിക്ഷേപണം നീളാന്‍ ഇടയാക്കിയത്’. 50 കോടി രൂപയാണ് ഇതിനായി പി.എസ്.എല്‍.വിക്ക് മൊത്തം ചെലവായത്.

നെതര്‍ലാന്‍ഡ്സിന്റെ മൂന്ന് ചെറു ഉപഗ്രഹങ്ങള്‍ അടുത്ത മൂന്നുമാസങ്ങള്‍ക്കുള്ളില്‍ ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കുമെന്ന് മാധവന്‍നായരും മൂര്‍ത്തിയും പറഞ്ഞു.

തുമ്പയിലെ വി.എസ്.എസ്.സി. ഡയറക്ടര്‍ രാധാകൃഷ്ണന്‍, പി.എസ്.എല്‍.വി. ദൌത്യസംഘം മേധാവി ജോര്‍ജ് കോശി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

1. പി.ജി.ജി നമ്പൂതിരി തുടക്കമിട്ട സമരത്തില്‍ ബില്‍ക്കിസിനു നീതി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാ പത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കിസ് ബാനുവിന് ഒടുവില്‍ നീതി ലഭിക്കുമ്പോള്‍ ഏറ്റവും ആഹ്ളാദിക്കുന്നത് ഒരു മലയാളി. കലാപത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിയമസഹായി തൃശൂര്‍ സ്വദേശി പി.ജി. ജാതവേദന്‍ നമ്പൂതിരി.

ബാനുവിനും കുടുംബത്തിനും നേരെയുണ്ടായ അക്രമങ്ങള്‍ ദേശീയ തലത്തില്‍ എത്തിച്ചതും കേസ് സി.ബി.ഐയെ ക്കൊണ്ട് അന്വേഷിപ്പിച്ചതും വിചാരണ മുംബൈ പ്രത്യേക കോടതിയിലേക്ക് മാറ്റിയതും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകളെ തുടര്‍ന്നായിരുന്നു.

സി.ബി.ഐ ഉദ്യോഗസ്ഥനായും ഗുജറാത്ത് ഡി.ജി.പിയായും സേവനമനുഷ്ടിച്ച ജാതവേദന്‍ നമ്പൂതിരിയായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അക്കാലത്തെ നിയമസഹായി.

കലാപ ബാധിതരോടു തെളിവെടുക്കുമ്പോഴാണു ദുരിതബാധിതരുടെ ക്യാമ്പില്‍ ബില്‍ക്കിസിനെ നമ്പൂതിരി കാണുന്നത്. പിന്നീടിങ്ങോട്ടുള്ള പോരാട്ടങ്ങളില്‍ അദ്ദേഹം അവര്‍ ക്കൊപ്പമായിരുന്നു. കലാപകാരി കള്‍ക്ക് അനുകൂലമായ ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേ കമ്മീഷന്‍ നിരവധി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. ഗോദ്ര കലാപം, ബെസ്റ്റ് ബേക്കറി കേസ് ഉള്‍പ്പെടെ അഞ്ച് കേസുകള്‍ സി.ബി.ഐ യെ ക്കൊണ്ടു അന്വേഷിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്തിലുണ്ടായ കലാപങ്ങള്‍ ആസൂത്രിതമാണെന്നു സംശയിക്കുന്നതായും പോലീസ് വിചാരിച്ചിരുന്നെങ്കില്‍ കലാ പം ഇത്രയും രൂക്ഷമാകില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രാ യപ്പെട്ടു..

2. വിദ്യാലയങ്ങളില്‍ പഞ്ചായത്തുകളുടെ ഇടപെടല്‍ വേണ്ട; പിന്തുണ മതി
തിരുവനന്തപുരം: സ്കൂളുകളില്‍ തദ്ദേശസ്വയംഭരണ സ്ഥപനങ്ങളുടെ ഇടപെടല്‍ വേണ്െടന്നും സുഗമമായ നടത്തിപ്പിന് ആവശ്യമായ പിന്തുണ മാത്രം മതിയെന്നും പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ കോര്‍കമ്മറ്റിയില്‍ ധാരണയായി. സ്കൂളുകളുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു പ്രാദേശികമായി സമയം നിശ്ചയിക്കാമെന്ന ചട്ടക്കൂടിലെ കരടു നിര്‍ദേശവും ഒഴിവാക്കി.

ഇതടക്കം വിവാദമായ പല നിര്‍ദേശങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കോര്‍കമ്മറ്റിയോഗത്തില്‍ ധാരണയായി. ഇതുള്‍പ്പടെയുള്ള സുപ്രധാനനിര്‍ദേശങ്ങളില്‍ ഇന്നു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കരിക്കുലം കമ്മറ്റി തീരുമാനമെടുക്കും. ഒരു പിരിയഡ് ഒരു മണിക്കൂറാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശത്തിലും ഒരു ടേം പരീക്ഷ ഒഴിവാക്കണമെന്ന നിര്‍ദേശത്തിലും പല അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും കോര്‍കമ്മറ്റിയുടെ നിര്‍ദേശങ്ങളില്‍ ഇതുള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു പീരിയഡ് ഒരുമണിക്കൂറാക്കുമ്പോള്‍ പല വിഷയങ്ങള്‍ക്കും പിരീഡ് ഇല്ലാതെയാവും. തസ്തിക നഷ്ടപ്പെടുന്നതുവഴി അധ്യാപകരുടെ ജോലിസ്ഥിരതയെയും ഭാഷാപഠനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചില അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. കരിക്കുലം കമ്മറ്റി ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. പാഠപുസ്തകങ്ങള്‍ രണ്ടു ഭാഗങ്ങളാക്കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല.

തദ്ദേശസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടക്കുമ്പോഴും വിദ്യാലയങ്ങളില്‍ ഇടപെടേണ്ടതില്ല. ഇക്കാര്യങ്ങളില്‍ പൊതുസമീപനം സ്വീകരിക്കണമെന്ന് കെ.ഇ.ആര്‍ പരിഷ്കരണകമ്മറ്റിയോട് ആവശ്യപ്പെടാനും കോര്‍കമ്മറ്റിയില്‍ ധാരണയായി.

സ്കൂള്‍സമയം എട്ടു മുതല്‍ അഞ്ചുവരെയെന്നത് ഒഴിവാക്കി നിലവിലുളള രീതി പിന്തുടരാനും തീരുമാനിച്ചു. അഞ്ചുമണിക്കൂറായിരിക്കും സ്കൂള്‍സമയം. പഠനസമയം രാവിലെയാണ് നല്ലതെന്ന അഭിപ്രായവും കോര്‍കമ്മറ്റിയിലുണ്ടായി. സ്കൂളുകളില്‍ ലിംഗസമത്വം വേണമെന്ന നിര്‍ദേശവും ഒഴിവാക്കാന്‍ ധാരണയായി. ഇതിന് പകരം വിദ്യാഭ്യാസരംഗതത് സ്ത്രീപുരുഷ സമത്വം വേണമെന്ന നിര്‍ദേശം പുതിയതായി ഉള്‍പ്പെടുത്തി. സ്കൂളുകളില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സീറ്റുകള്‍ സജ്ജീകരിക്കണമെന്ന നിര്‍ദേശം വിവാദമായിരുന്നു. ഇത് ഒഴിവാ ക്കും.

ഹയര്‍സെക്കന്‍ഡറി ഭാഷാപഠനത്തില്‍ ഇംഗ്ളീഷ് നിര്‍ബന്ധിതവിഷയമായി നിലവിലുള്ള രീതി തുടരും. ഇംഗ്ളീഷ് ഭാഷ ഒഴിവാക്കി ജിയോളജി, സ്റ്റാറ്റിറ്റിക്സ് എന്നിവയുള്‍പ്പടെ ഏതെങ്കിലും വിഷയം പഠിച്ചാല്‍ മതിയെന്നായിരുന്നു കരടിലെ നിര്‍ദേശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോര്‍കമ്മറ്റിയിലും ഇതുസംബന്ധിച്ച വിയോജിപ്പ് പ്രകടമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ഹയര്‍സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ എക്കണോമിക്സ് ഉള്‍പ്പെടുത്തും. ബിസിനസ് മാനേജ്മെന്റ് എന്നത് ബിസിനസ് സ്റ്റഡീസ് എന്നാക്കും. എല്ലാ തൊഴിലും ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചെയ്യണമെന്ന നിര്‍ദേശവും ഒഴിവാക്കി. ലൈംഗികവിദ്യാഭ്യാസം നിര്‍ബന്ധമാക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പകരം ലൈംഗിക വിദ്യാഭ്യാസത്തെ ക്കു റിച്ച് സാമാന്യ അറിവ് ലഭ്യമാക്കണമെന്ന നിര്‍ദേശം ഉള്‍പ്പെടുത്തും.

പാഠ്യപദ്ധതി ചട്ടക്കൂട് വേണ്ടവിധം ചര്‍ച്ചചെയ്യപ്പെടാതെയാണ് അവതരിപ്പിച്ചതെന്ന വിമര്‍ശനവും ഉയര്‍ന്നു. ചട്ടക്കൂടിന് ജനാധിപത്യസ്വഭാവം നഷ്ടപ്പെട്ടെന്ന ആക്ഷേപവും ഉയര്‍ന്നു. പതിനാല് ഫോക്കസ് ഗ്രൂപ്പകളാണ് ചട്ടക്കൂട് തയാറാക്കിയത്. കോര്‍കമ്മറ്റി ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് പലഅംഗങ്ങളും ചൂണ്ടിക്കാട്ടി.

3. സൌരോര്‍ജ ഗവേഷണ മേഖല ശക്തമാക്കണം: കേന്ദ്രഊര്‍ജ സെക്രട്ടറി
കൊച്ചി: സൌരോര്‍ജം വൈദ്യുതിയായി മാറ്റുമ്പോഴുണ്ടാകുന്ന ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് കേന്ദ്ര ഊര്‍ജ സെക്രട്ടറി വി.സുബ്രഹ്മണ്യന്‍.

ഗവേഷണശാലയില്‍ കൈവരിക്കുന്ന കാര്യക്ഷമത ഉത്പാദനത്തിലും ആവര്‍ത്തിച്ചാല്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ചെലവു കുറഞ്ഞ സൌരോര്‍ജ വൈദ്യുതി സുഗമമായി വിതരണം ചെയ്യാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഫിസിക്സ് വകുപ്പ് സംഘടിപ്പിച്ച സൌര ബാറ്ററികളെക്കുറിച്ചുള്ള പ്രഥമ ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര ഊര്‍ജ സെക്രട്ടറി.

സൌര വൈദ്യുത പ്ളാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വര്‍ധിച്ച ചെലവ് കണക്കിലെടുത്ത് വൈദ്യുത ഗ്രിഡില്‍ നല്‍കുന്ന സൌരോര്‍ജത്തിന്റെ ഉത്പാദനത്തിനു പത്തു വര്‍ഷത്തേക്ക് കേന്ദ്രം പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും.

ഇന്റര്‍ആക്ടീവ് ആയ വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിര്‍മാണ ചെലവും ദൈനംദിന ചെലവുകളും ഒപ്പം കാര്യക്ഷമതക്കുറവുമാണ് കേരളത്തിലെ വൈദ്യുതോത്പാദനരംഗത്ത് സൌര ബാറ്ററികളോടുള്ള താല്‍പര്യം കുറയാന്‍ കാരണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സയന്‍സ് ഡീന്‍ പ്രഫ. വി.ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.

അനര്‍ട്ട് ഡയറക്ടര്‍ കെ.എം ധരേശന്‍ ഉണ്ണിത്താന്‍, ഡോ.എന്‍ ഗോഡ്ഫ്രൈ, പ്രഫ.കെ.പി ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സിലിക്കന്‍ സൌര സെല്ലുകള്‍ രൂപപ്പെടുത്തിയ ഡോ.മാര്‍ട്ടിന്‍ ഗ്രീന്‍, പ്രമുഖ സൌരോര്‍ജ വിദഗ്ധന്‍ ഡോ.മകാതോ തുടങ്ങിയവര്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. 250 പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ 72 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

4. നടപടിയെടുക്കാനാളില്ല; കരിഞ്ചന്തയും പൂഴ്ത്തിവയ്പും വ്യാപകം
തിരുവനന്തപുരം: ആന്ധ്രയിലും തമിഴ്നാട്ടിലും നിന്ന് അരിയുള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ എത്താന്‍ വൈകുമെന്ന് മനസിലാക്കി സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പും വീണ്ടും വ്യാപകമാകുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടക്കുന്നുണ്േടായെന്ന് പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട വകുപ്പിന്റെ തലപ്പത്തെ പ്രധാന കസേരകളിലൊന്നും കഴിഞ്ഞ ആറുമാസമായി ആളില്ല.

റേഷന്‍ കമ്മീഷണര്‍, സിവില്‍ സപ്ളൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, സിവില്‍ സ്പ്ളൈസ് കണ്‍ട്രോളര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍, വിജിലന്‍സ് ഓഫീസര്‍ തുടങ്ങിയ പ്രധാന തസ്തികളിലാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതു കൂടാതെ ഇടുക്കിയിലും കോട്ടയത്തും ജില്ലാ സപ്ളൈ ഓഫീസര്‍മാരുടെ ഒഴിവുകളും നിലവിലുണ്ട്.

ഉദ്യോഗസ്ഥരെ വേണമെന്ന് പരാതി പറയാനാളില്ലാത്തതിനാല്‍ വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഇതറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ്. അവശ്യസാധന ക്ഷാമത്താല്‍ കഷ്ടപ്പെടുന്ന സംസ്ഥാനത്തെ കൊള്ളയടിക്കാനായി കുത്തക മുതലാളിമാര്‍ വന്‍തോതിലാണ് ഗോഡൌണുകളില്‍ അരിയുള്‍പ്പടെയുള്ള അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവച്ചിരിക്കുന്നത്. ഭക്ഷ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ അവശ്യ സാധനങ്ങള്‍ ശേഖരിക്കാനായി സംസ്ഥാനങ്ങള്‍ കയറി ഇറങ്ങുകയാണ്. ഇപ്പോഴത്തെ ക്ഷാമം പരിഹരിക്കുന്നതിനുള്ള അവശ്യ സാധനങ്ങള്‍ സംസ്ഥാനത്തെ കുത്തക മുതലാളിമാരുടെ പക്കലുണ്െടന്നാണ് സിവില്‍ സപ്ളൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഇത് പരിശോധിച്ച് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാണെങ്കിലും അതിന് ഉത്തരവിടേണ്ടവര്‍ കസേരകളില്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിനായി സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അഭാവം കാരണംഅതും പ്രവര്‍ത്തനം നിലച്ച മട്ടാണ്.

അവശ്യ സാധനങ്ങള്‍ നല്‍കാനുള്ള സന്നദ്ധത തമിഴ്നാടും ആന്ധ്രയും ഭക്ഷ്യമന്ത്രി സി ദിവാകരനെ അറിയിച്ചെങ്കിലും അത് എന്നു ലഭിക്കുമെന്ന് വ്യക്തമല്ല. തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് മഹോത്സവം പൂര്‍ത്തിയാകാത്തതിനാല്‍ അതും കഴിഞ്ഞ് രണ്ടാംവട്ട ചര്‍ച്ച കൂടി പൂര്‍ത്തിയായാലേ ഒരു ധാരണയിലെത്താന്‍ കഴിയുകയുള്ളു. ഇതിന് ഇനിയും രണ്ടാഴ്ചയെങ്കിലും പിടിക്കും.

പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധന ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ കൃത്രിമക്ഷാമം സൃഷ്ടിച്ച് ജനത്തെ വന്‍തോതില്‍ കൊള്ളയടിക്കാനാണ് മുതലാളിമാര്‍ അണിയറയില്‍ കോപ്പുകൂട്ടുന്നത്. ഇതിന് ഭക്ഷ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പങ്ക് പകല്‍പോലെ വ്യക്തമാണ്.

5. വിലങ്ങന്‍കുന്നിലെ ഫ്ളാറ്റ് നിര്‍മാണം: കളക്ടറടക്കം നാലുപേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
തൃശൂര്‍: വിലങ്ങന്‍കുന്നിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണം തടയുന്നതില്‍ നടപടി സ്വീകരിച്ചില്ലെന്ന പരാതിയില്‍ തൃശൂര്‍ കളക്ടര്‍ ഡോ. എം ബീനയടക്കം നാലുപേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ജഡ്ജി പി.ക്യു ബര്‍ക്കത്തലി ഉത്തരവിട്ടു.

പുറനാട്ടുകര ജനകീയ വേദി സെക്രട്ടറി കൃഷ്ണകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കളക്ടറെ കൂടാതെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി, തൃശൂര്‍ തഹസില്‍ദാര്‍, പുറനാട്ടുകര വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് ഉത്തരവ്.

ഭൂമാഫിയ അനധികൃതമായി ഫ്ളാറ്റ് നിര്‍മിക്കുന്നുവെന്ന പരാതിയെതുടര്‍ന്ന് അടാട്ട് പഞ്ചായത്ത് നിര്‍മാണം സ്റ്റേ ചെയ്തിരുന്നു. പിന്നീട് ഉന്നത ഇടപെടലിനെതുടര്‍ന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചുവത്രേ. കളക്ടര്‍ക്ക് പരാതി നല്‍കിയതിനെതുടര്‍ന്ന് ഡി.എഫ്.ഒയോടും റവന്യൂ ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

ഡി.എഫ്.ഒ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെന്നു പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചതോടെ ജനകീയവേദി പ്രവര്‍ത്തകര്‍ തന്നെ ഇടപെട്ട് പണി തടസപ്പെടുത്തി. പണി തടയാന്‍ കളക്ടറും ഉദ്യോഗസ്ഥരും വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് കാണിച്ചാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

1. ചികില്‍സാരംഗം കച്ചവടമാവുന്നു: സുപ്രീം കോടതി
ന്യൂദല്‍ഹി: രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലക്ക് പരമോന്നത കോടതിയുടെ രൂക്ഷവിമര്‍ശം. സ്വകാര്യ ആശുപത്രികളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും ഇന്നത്തെ സ്ഥിതിയെ അപലപിച്ച കോടതി ഈ ദുരവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ ഗൌരവമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു.

അനുമതിയില്ലാതെ ഗര്‍ഭപാത്രം നീക്കംചെയ്തു എന്നാരോപിച്ച് സാമിറ കോഹ്ലി എന്ന സ്ത്രീ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ബി.എന്‍. അഗര്‍വാളും പി.പി. നവ്ലേകറും ആര്‍.വി. രവീന്ദ്രനും അടങ്ങിയ ബെഞ്ചിന്റെ ഈ നിരീക്ഷണം.

ജീവന്‍ അപകടത്തിലാവുന്ന അടിയന്തര ഘട്ടങ്ങളിലൊഴികെ അധിക ശസ്ത്രക്രിയകള്‍ പാടില്ലെന്നും കോടതി വിധിച്ചു. ദരിദ്രകോടികള്‍ പെരുകിവരുന്ന നമ്മുടേതുപോലുള്ള ഒരു വികസ്വര രാജ്യത്ത് ചികില്‍സാചെലവുകള്‍ എളുപ്പത്തില്‍ ലഭ്യമാവുന്നതും താങ്ങാവുന്നതുമാകണം. ജീവകാരുണ്യ പ്രസ്ഥാനങ്ങളെ ചികില്‍സാ ചുമതല ഏല്‍പിച്ചാല്‍ നന്നായി നടക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാവം രോഗികള്‍ കിടക്ക കിട്ടാന്‍ ആശുപത്രി വരാന്തകളിലും പരിശോധനക്കുവേണ്ടി വഴിയരികിലും കാത്തുകിടക്കുന്നത് സാധാരണ കാഴ്ചയാണ്. സൌകര്യങ്ങളുടെ അപര്യാപ്തതയും നിലവാരമില്ലാത്ത ചികില്‍സയും അവഗണനയും അഴിമതിയുമെല്ലാംമൂലം ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ശത്രുതാപരമായ സമീപനമാണ് കിട്ടുന്നത്. മാരകരോഗങ്ങള്‍ക്ക് ഇരയായവര്‍ രോഗനിര്‍ണയവും ചികില്‍സയും ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നു. അവസരം കാത്തുകഴിയുന്ന നിരവധി പേര്‍ അത് കിട്ടുംമുമ്പെ മരിക്കുന്നു. ഈ ദരിദ്രസമൂഹത്തിന്റെ മുമ്പില്‍ എന്ത് വഴിയാണുള്ളത്?

മറുഭാഗത്ത് സ്വകാര്യ ആശുപത്രികള്‍ അനാവശ്യവും ചെലവേറിയതുമായ ചികില്‍സകള്‍ നടത്തി രോഗികളെ പിഴിയുകയാണ്. പവിത്രവും സേവനാധിഷ്ഠിതവുമായ ഒരു തൊഴില്‍മേഖല പതുക്കെ വെറും കച്ചവടമായി അധഃപതിച്ചു. സ്പെഷലിസ്റ്റുകളും സൂപ്പര്‍ സ്പെഷലിസ്റ്റുകളും പെരുകുന്നതുമൂലം രോഗികള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടുതളരുന്ന അവസ്ഥയുണ്ടാക്കി. ചികില്‍സാചെലവ് താങ്ങാവുന്ന പരിധിയില്‍ നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യണം.

അമേരിക്കന്‍ മാതൃകയിലുള്ള ചികില്‍സാ സങ്കല്‍പങ്ങളും ചികില്‍സാ നിലവാരങ്ങളും മറ്റും അമേരിക്കന്‍ നിലവാരമുള്ള ചികില്‍സാ ചെലവാണ് ഉണ്ടാക്കുക. ഇന്ത്യന്‍ രോഗികള്‍ക്ക് ഇത് താങ്ങാനാവില്ല ^കോടതി ചൂണ്ടിക്കാട്ടി.

2. മറ്റു നിയമത്തിന്റെ വിലക്കുണ്ടെങ്കില്‍ വിവരാവകാശനിയമം ബാധകമല്ല: കമീഷന്‍
ന്യൂദല്‍ഹി: മറ്റേതെങ്കിലും നിയമത്തിന്റെ വിലക്കുണ്ടെങ്കില്‍ വിവരാവകാശ നിയമമനുസരിച്ച് ഏതെങ്കിലും അന്വേഷണത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമീഷന്‍ (സി.ഐ.സി) വ്യക്തമാക്കി.

തങ്ങളുടെ മുഴുസമയ അംഗം അന്വേഷണം നടത്തുന്നതിനാല്‍ ഒരു കമ്പനിക്കെതിരായ അഴിമതിക്കേസിന്റെ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന സെബിയുടെ വാദം അംഗീകരിച്ചാണ് വിധി.

സൂര്യ അഗ്രോയില്‍സ് ലിമിറ്റഡിനെതിരായ അന്വേഷണത്തിന്റെ വിശദവിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദുകാരനായ കെ.എസ്. പ്രസാദ് സെബിക്ക് ഹരജി നല്‍കിയിരുന്നു.

എന്നാല്‍, കേസിന്റെ വിവരങ്ങള്‍ നല്‍കുന്നത് നിലവിലുള്ള അന്വേഷണപ്രക്രിയയെ തകിടം മറിക്കുമെന്ന് ചൂണ്ടിക്കാട്ടി അവര്‍ ഇത് നിരസിച്ചു. സെബി നിയമത്തില്‍ ഇതിന് വ്യവസ്ഥയുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
സെബിയുടെ വാദം ശരിവെച്ചാണ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ എ.എന്‍. തിവാരി സുപ്രധാന വിധി പ്രസ്താവിച്ചത്.

3. തീവ്രവാദ ബന്ധം: സ്പെയിനില്‍ രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍
മാഡ്രിഡ്: സ്പെയിനില്‍ ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് രണ്ട് ഇന്ത്യക്കാരും 12 പാക്കിസ്ഥാന്‍കാരും അറസ്റ്റിലായി. വടക്കന്‍ തുറമുഖ നഗരമായ ബാഴ്സലോണയില്‍ അറസ്റ്റിലായ ഇവരെ ദേശീയ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനായി മാഡ്രിഡിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബാഴ്സലോണയിലെ റാവലില്‍ അഞ്ച് വീടുകളില്‍ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ അറസ്റ്റിലായതെന്ന് പോലിസ് പറഞ്ഞു. നാല് ടൈം ബോംബുകള്‍ അടങ്ങിയ മൂന്ന് വലിയ ബാഗുകളും ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളും ഇവരില്‍ നിന്ന് പിടികൂടിയതായും പോലിസ് പറഞ്ഞു.
സുസംഘടിതമായ ഇസ്ലാമിക ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് കരുതുന്നതായി സ്പാനിഷ് ആഭ്യന്തര മന്ത്രി ആല്‍ഫ്രഡോ പെരസ് റുബല്‍കാബ പറഞ്ഞു.

ഭീകരാക്രമണ പദ്ധതിക്ക് തീവ്രവാദികള്‍ തയാറെടുത്തിരിക്കുകയാണെന്ന് സ്പാനിഷ് ഇന്റലിജന്‍സ് ഏജന്‍സി ഫ്രാന്‍സ്, ബ്രിട്ടന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, അറസ്റ്റിലായ ഇന്ത്യക്കാരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയിക്കണമെന്ന് സ്പാനിഷ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ന്യൂദല്‍ഹിയില്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മാഡ്രിഡിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്പെയിന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

1. നാല് ജില്ലകളില്‍ ഇന്നു മുതല്‍ ലോഡ് ഷെഡിങ്
പത്തനംതിട്ട: മധ്യകേരളത്തില്‍ ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. വൈകിട്ട് 6.30നും 10.30നും മധ്യേയാണ് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലായി 13 സബ് സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെവി ഫീഡറുകളിലാണ് വൈദ്യുതി നിയന്ത്രണം.

ഇടപ്പോണ്‍, പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, കൂടല്‍, അടൂര്‍, പത്തനാപുരം, കായംകുളം, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍, മല്ലപ്പള്ളി, കരുനാഗപ്പള്ളി സബ് സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെവി ഫീഡറുകളില്‍ ഇന്ന് ആരംഭിക്കുന്ന ലോഡ് ഷെഡിങ് 29 വരെ തുടരും. പള്ളം – ചെങ്ങന്നൂര്‍ 110 കെവി ലൈനില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനാലാണ് ഈ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നതെന്ന് ഇടപ്പോണ്‍ ട്രാന്‍സ്മിഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. തൃക്കൊടിത്താനത്ത് പുതിയ സബ് സ്റ്റേഷന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പണികള്‍ക്കുവേണ്ടിയാണ് ഒരാഴ്ചത്തെ നിയന്ത്രണം.

2. ബാരമുളള ട്രെയിന്‍ ചോദിച്ചുവെന്ന് രേഖ; റയില്‍ ഉദ്യോഗസ്ഥരില്‍ പഴിചാരാനും ശ്രമം
തിരുവനന്തപുരം: റയില്‍പാത ഇല്ലാത്ത ബാരാമുള്ളയിലേക്കു കേരളം ട്രെയിന്‍ ചോദിച്ചിട്ടില്ലെന്നു മന്ത്രി എം. വിജയകുമാര്‍ പറഞ്ഞെങ്കിലും മന്ത്രിയുടെ വാദം തെറ്റാണെന്നു വ്യക്തമായി. 16നു മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ എംപിമാരുടെ യോഗത്തിനു തയാറാക്കിയ കുറിപ്പുകളുടെ പത്താംപേജില്‍ ബാരാമുള്ളയില്‍നിന്നു കന്യാകുമാരിയിലേക്കു പുതിയ ട്രെയിന്‍ സംസ്ഥാനം ആവശ്യപ്പെടണമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

എംപിമാരുടെ സാന്നിധ്യത്തില്‍ തയാറാക്കിയ ഈ രേഖയും യോഗത്തില്‍ ഉയര്‍ന്ന പുതിയ അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ചായിരിക്കും റയില്‍വേ മന്ത്രിക്കു മുഖ്യമന്ത്രി നിവേദനം നല്‍കുക. ബജറ്റിനു മുന്നോടിയായി നല്‍കുന്ന നിവേദനത്തില്‍ അപ്രായോഗിക ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, കേരളത്തിന്റെ സ്വാഭാവിക ആവശ്യങ്ങളും നിരസിക്കപ്പെടുമെന്നു വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

റയില്‍ ഇല്ലാത്ത സ്ഥലത്തേക്കു ട്രെയിന്‍ ചോദിച്ചു എന്ന ‘മലയാള മനോരമ വാര്‍ത്ത വിവാദമായപ്പോള്‍, അങ്ങനെയൊരു അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നിട്ടില്ലെന്നും നിവേദനത്തില്‍ ഇക്കാര്യം ഇല്ലെന്നുമായിരുന്നു മന്ത്രി എം. വിജയകുമാറിന്റെ നിലപാട്.

യോഗത്തിനു തയാറാക്കിയ കുറിപ്പില്‍ ഇക്കാര്യം വ്യക്തമായി പറയുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍, റയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കിയ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണു കുറിപ്പു തയാറാക്കിയതെന്നു മന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. എന്നാല്‍ കുറിപ്പു തയാറാക്കാന്‍വേണ്ടി ഡിവിഷനല്‍ റയില്‍വേ മാനേജറുടെ ഓഫിസില്‍നിന്ന് ആരും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല എന്നാണ് അറിവ്.

ബാരാമുള്ളയിലേക്കു 2010ല്‍ റയില്‍പാത വന്നേക്കാമെന്നു മുന്‍കൂട്ടിക്കണ്ട്, സംസ്ഥാനം ആവശ്യപ്പെട്ടതാകാമെന്നും റയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം തങ്ങളോടു ചര്‍ച്ചചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

യോഗത്തിനെത്തിയപ്പോള്‍ മാത്രമാണു കുറിപ്പുകള്‍ ലഭിച്ചതെന്നും ഇതേക്കുറിച്ചു നേരത്തേ പഠിക്കാന്‍ അവസരം കിട്ടിയില്ലെന്നും എംപിമാര്‍ ആരോപിക്കുന്നുണ്ട്. ഇത്തരം അപ്രായോഗിക ആവശ്യങ്ങള്‍ സംസ്ഥാനത്തിനു ദോഷകരമാണെന്നും അവര്‍ പറയുന്നു. ജമ്മു-ഉധംപൂര്‍ വരെയുള്ള 24.85 കിലോമീറ്റര്‍ പാത മാത്രമാണു പൂര്‍ത്തിയായിട്ടുള്ളത്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള 290 കിലോമീറ്റര്‍ 2010ല്‍ പൂര്‍ത്തിയാവുമെന്നാണു റയില്‍വേയുടെ പ്രതീക്ഷ. മറ്റേതെങ്കിലും സംസ്ഥാനം ബാരാമുള്ളയില്‍ പിടിക്കുന്നതിനുമുന്‍പേ കേരളം അവിടെ കൊരുക്കുകയായിരുന്നു.

3. യുഎന്നിലും ഐഎംഎഫിലും സമഗ്ര പരിഷ്കരണം വേണം: ഗോര്‍ഡന്‍ ബ്രൌണ്‍
ന്യൂഡല്‍ഹി: യുഎന്‍, ലോക ബാങ്ക്, ഐഎംഎഫ് എന്നിവയുടെ പ്രവര്‍ത്തനം ആഗോളവല്‍ക്കരിക്കപ്പെട്ട പുതുലോകത്തിനു യോജിക്കുംവിധം സമഗ്രമായി പരിഷ്കരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാനും ഇന്ത്യയെപ്പോലെ ഉയരുന്ന ശക്തികളെ അംഗീകരിക്കാനും കാലാവസ്ഥാ വ്യതിയാനം പോലെ മുന്‍ഗണന നല്‍കി പരിഗണിക്കേണ്ട വിഷയങ്ങള്‍ പരിഹരിക്കാനുമെല്ലാം ഇതാവശ്യമാണെന്ന് ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ബിസിനസ് ഗ്രൂപ്പ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.യുഎന്‍ രക്ഷാസമിതിയില്‍ അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബ്രിട്ടന്‍ പിന്തുണയ്ക്കും.

സാമ്പത്തിക കുഴപ്പങ്ങള്‍ക്കെതിരെ കാലേക്കൂട്ടി മുന്നറിയിപ്പു നല്‍കുന്ന സ്വതന്ത്ര ആഗോള സ്ഥാപനമായി ഐഎംഎഫ് പ്രവര്‍ത്തിക്കണം. ഒരു രാഷ്ട്രത്തിലെ സെന്‍ട്രല്‍ ബാങ്ക് പോലെ സ്വതന്ത്രമായിരിക്കണം ഐഎംഎഫ്.ദരിദ്രരാജ്യങ്ങളെ പാരിസ്ഥിതിക അനുകൂല വികസനത്തിനു സഹായിക്കാന്‍ യുഎന്നില്‍ ആഗോള കാലാവസ്ഥാ വ്യതിയാന ഫണ്ട് ഉണ്ടാവണം.

അണ്വായുധ നിരായുധീകരണ ശ്രമങ്ങള്‍ക്കു ബ്രിട്ടന്‍ മുഖ്യപങ്കു വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗോര്‍ഡന്‍ ബ്രൌണിനു ഡല്‍ഹി യൂണിവേഴ്സിറ്റി ഒാണററി ഡി ലിറ്റ് നല്‍കി. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ബഹുമതി സമ്മാനിച്ചു. അക്കാദമിക് രംഗത്തും മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും ബ്രൌണിന്റെ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബഹുമതി.

4. ഇന്ത്യ-ഗള്‍ഫ് സ്വതന്ത്ര വ്യാപാരക്കരാര്‍ ഉടന്‍
ദുബായ്: ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജിസിസി) രാജ്യങ്ങളും ഇന്ത്യയുമായി ഇൌ വര്‍ഷംതന്നെ സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവയ്ക്കും. യുഎഇയുടെ സാമ്പത്തിക, വ്യാവസായിക കാര്യമന്ത്രി മുഹമ്മദ് ഖല്‍ഫാന്‍ ബിന്‍ ഖര്‍ബാഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ചൈനയും യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്ര വാണിജ്യക്കരാറില്‍ ഒപ്പിടുമെന്ന് അദ്ദേഹം പറഞ്ഞു.

ബഹ്റൈന്‍, കുവൈത്ത്, യുഎഇ, സൌദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടുന്നതാണു കൌണ്‍സില്‍. സ്വതന്ത്ര വ്യാപാര ഉടമ്പടി നടപ്പാകുന്നതോടെ വ്യാപാര, നിക്ഷേപ മേഖലകളില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണു പ്രതീക്ഷ.ഇന്ത്യന്‍ കയറ്റുമതിയുടെ 34% ജിസിസി രാഷ്ട്രങ്ങളിലേക്കാണ്.

ഇറക്കുമതിയുടെ 20% ഈ മേഖലയില്‍നിന്നാണ്. യുഎസ് കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികള്‍ ജിസിസി രാഷ്ട്രങ്ങളാണ്. ഇൌ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ നാലിരട്ടിയുടെ വര്‍ധനയാണ് അഞ്ചു വര്‍ഷത്തിനുള്ളിലുണ്ടായത്.ഇന്ത്യയുടെ ആകെ വിദേശ നിക്ഷേപത്തിന്റെ ഒരു ശതമാനം ഇപ്പോള്‍ ജിസിസി രാജ്യങ്ങളുടെ സംഭാവനയാണ്. മൂന്നു വര്‍ഷത്തിനകം 200 കോടി ഡോളറിന്റെ നിക്ഷേപമാണു ജിസിസി രാജ്യങ്ങളില്‍നിന്ന് ഇന്ത്യ ലക്ഷ്യമിടുന്നത്.

5. സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി വന്നാല്‍ പ്രക്ഷോഭം: യെച്ചൂരി
ബാംഗൂര്‍: സഹകരണബാങ്കുകള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്തുന്നത് പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇതിനെതിരായ പ്രക്ഷോഭത്തിന് പാര്‍ട്ടി പിന്തുണ നല്‍കുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. തീരുമാനം പുനഃപരിശോധിപ്പിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഫോറം ഒാഫ് അര്‍ബന്‍ കോ-ഒാപറേറ്റീവ് ബാങ്ക്സ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

ആഗോളവത്കൃത സാഹചര്യങ്ങളില്‍ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും മറ്റും അവകാശസംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്നതു സഹകരണ പ്രസ്ഥാനങ്ങളാണ്. രാജ്യത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും ജീവിതം കരുപിടിപ്പിക്കുന്നതില്‍ സഹകരണ ബാങ്കുകള്‍ക്ക് വലിയ പങ്കാണുള്ളത്. വരുമാനനികുതി ഇത്തരം സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഇടയാക്കുമെന്നും അവരുടെ താല്‍പര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും യെച്ചൂരി പറഞ്ഞു.

കര്‍ണാടക നിയമനിര്‍മാണ കൌണ്‍സില്‍ ചെയര്‍മാന്‍ പ്രഫ.ബി.കെ.ചന്ദ്രശേഖര്‍, ബിഎസ്പി ദേശീയ ജനറല്‍സെക്രട്ടറി പി.ജി.ആര്‍.സിന്ധ്യ, അര്‍ബന്‍ കോ-ഒാപറേറ്റീവ് ഫെഡറേഷന്‍ ചെയര്‍മാന്‍ രാമമൂര്‍ത്തി, കണ്‍വീനര്‍ സി.വി.കുമാര്‍, അര്‍ബന്‍ കോ-ഒാപറേറ്റീവ് ബാങ്ക് കണ്‍ട്രോളര്‍ സി.ആര്‍.കൃഷ്ണമൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു. കേരളത്തില്‍ നിന്നടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്ക് പ്രതിനിധികള്‍ പങ്കെടുത്തു.

6. വിലവര്‍ധന: പാമോയിലില്‍ വെളിച്ചെണ്ണ കലര്‍ത്തല്‍ വ്യാപകം
കൊച്ചി: പാമോയില്‍ വില കുതിച്ചുയര്‍ന്നതോടെ വെളിച്ചെണ്ണ ചേ ര്‍ത്ത വ്യാജന്‍ വ്യാപകമാവുന്നു. ഭക്ഷ്യ എണ്ണകളില്‍ ഏറ്റവും വില കുറവായതിനാലാണു പാമോയിലില്‍ മായമായി വെളിച്ചെണ്ണ കലര്‍ത്തുന്നത്. നേരത്തെ വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത് പാമോയിലാണ്. പാമോയിലിന് കിലോയ്ക്ക് 62 രൂപയ്ക്ക് മുകളിലുണ്ട്. 15 കിലോ ടിന്നിന് കഴിഞ്ഞ 820 മുതല്‍ 850 രൂപ വരെയുണ്ടായിരുന്നത് 900 രൂപയിലേക്ക് ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ വില കൂടിയതിനെ തുടര്‍ന്നാണിത്.

നാളികേരത്തിന്റെ വിളവെടുപ്പുകാലം ആരംഭിച്ചതോടെ വെളിച്ചെണ്ണ വില അല്‍പം കുറഞ്ഞിരിക്കുകയാണ്. കൊപ്രയ്ക്ക് താങ്ങുവില ഉയര്‍ത്തി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മെച്ചപ്പെട്ടെങ്കിലും പിന്നീട് കുറഞ്ഞ് കിന്റലിന് 5300 രൂപയിലെത്തി. ശുദ്ധീകരിച്ച വെളിച്ചെണ്ണ പാമോയലിലും മറ്റും ചേര്‍ത്താല്‍, രുചിയിലും മണത്തിലും വ്യത്യാസമില്ലതാനും.

നല്ലെണ്ണ (എള്ളെണ്ണ), തവിടെണ്ണ, കടലയെണ്ണ എന്നിവയ്ക്കെല്ലാം വില വല്ലാതെ കൂടി. നല്ലെണ്ണയുടെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് കിലോയ്ക്ക് 122 രൂപ മുതല്‍ 145 രൂപ വരെയുണ്ട്. എള്ളിന്‍ പിണ്ണാക്കിന് 14 രൂപയും. വിളക്കിലൊഴിക്കാന്‍ നല്ലെണ്ണ ഉപയോഗിക്കുന്നതു കുറഞ്ഞു. ഇൌ ആവശ്യത്തിനു കുറഞ്ഞ വിലയ്ക്ക് വിളക്കെണ്ണ ലഭ്യമാണ്. കിലോയ്ക്ക് 80 രൂപ വരെയേയുള്ളൂ.

എള്ളു കൃഷി ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. കയറ്റുമതിയും നടക്കുന്ന ത്രെ. ആന്ധ്രാ, ബംഗാള്‍, ഒറീസ, മഹാരാഷ്ട്രാ എന്നിവിടങ്ങളിലാണ് കൃഷി. കേരളത്തില്‍ വളരെ പരിമിതമായിട്ടേയുള്ളൂ. വെള്ള എള്ളിന് കിലോയ്ക്ക് 53 രൂപയും ചുവന്ന ഇനത്തിന് 46 രൂപയുമാണു വില. കൃഷിക്കാര്‍ കൂടുതല്‍ ആദായകരമായ സൂര്യകാന്തിപോലുള്ള വിളകളിലേക്കു തിരിഞ്ഞത് എള്ളിന്റെ ഉല്‍പാദനം കുറച്ചു. ആന്ധ്രായില്‍ വിളവെടുപ്പ് ആരംഭിച്ചാല്‍ വില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

അരിക്കും പഞ്ചസാരയ്ക്കും പുറകെ, ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടിയത് കേരളത്തിന് തിരിച്ചടിയായി. അതേ സമയം സംസ്ഥാനത്തിന്റെ സ്വന്തം ഉല്‍പന്നമായ വെളിച്ചെണ്ണ വില കൃഷിക്കാര്‍ക്ക് നഷ്ടക്കച്ചവടമായി തുടരുന്നു. ഉത്തരേന്ത്യന്‍ വിപണി വെളിച്ചെണ്ണയ്ക്ക് പൂര്‍ണമായും ആശ്രയിക്കുന്നത് അയല്‍ സംസ്ഥാനങ്ങളെയാണ്.

1. മുന്നില്‍ ചാടിയാലും തീവണ്ടി കൊല്ലില്ല
നെടുമങ്ങാട്: ട്രെയിനിനുമുന്നില്‍ ചാടിയുള്ള ആത്മഹത്യകള്‍ തടയുക എന്ന ലക്ഷ്യത്തില്‍ നെടുമങ്ങാട് കരകുളം ആറാംകല്ല് സ്വദേശി കെ ടി അജയകുമാറിന്റെ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നു.

ആത്മഹത്യചെയ്യുന്നതിനോ അബദ്ധത്തിലോ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുമുന്നില്‍പ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള രക്ഷാകവചമാണ് അജയകുമാറിന്റെ പുതിയ കണ്ടുപിടിത്തം. ഇതിന്റെ മാസ്റര്‍പ്ളാന്‍ പന്ന്യന്‍ രവീന്ദ്രന്‍ എംപിവഴി റെയില്‍വെമന്ത്രി ലാലുപ്രസാദ് യാദവിന് അജയകുമാര്‍ കൈമാറിയിട്ടുണ്ട്. വേഗത്തില്‍ വരുന്ന ട്രെയിനിനുമുന്നില്‍പ്പെടുന്നവരെ ഒരു പരിക്കുമേല്‍ക്കാതെ തട്ടിമാറ്റുന്നതരത്തില്‍ രൂപകല്‍പ്പനചെയ്തിട്ടുള്ളതാണ് അജയകുമാറിന്റെ രക്ഷാകവചം.

ആറുമീറ്റര്‍ നീളമുള്ള രക്ഷാകവചം ഏഴ് സ്പോഞ്ച് ബോക്സും 24 സ്പ്രിങ്ങുകളും ചേര്‍ത്താണ് നിര്‍മിക്കുക. ഇത് ട്രെയിനിനുമുന്നില്‍ ഘടിപ്പിക്കും. ട്രെയിന്‍ എന്‍ജിന്റെ ചൂട് ഏല്‍ക്കാതിരിക്കാന്‍ അലുമിനിയം ബോക്സിലാണ് കവചം സ്ഥാപിക്കുന്നത്. പാളത്തില്‍നിന്ന് നാലിഞ്ചുവരെ ഉയരത്തില്‍ കവചം പൊങ്ങിനില്‍ക്കും. പാളത്തില്‍ നില്‍ക്കുകയോ കിടക്കുകയോ ചെയ്യുന്ന മനുഷ്യനെ കവചം തട്ടി വശത്തേക്ക് മാറ്റും. കവചത്തിനുമുന്നിലെ സ്പോഞ്ചാണ് ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്റെ ദേഹത്ത് തട്ടുന്ന സ്പോഞ്ച് ഉള്‍വലിഞ്ഞശേഷം രണ്ടാമത്തെ ആക്ഷനില്‍ ആളിനെ തട്ടി വശത്തേക്ക് മാറ്റും. കവചത്തില്‍ തട്ടുന്ന മനുഷ്യനെ കാന്തികശക്തിയാല്‍ ഉയര്‍ത്തിപ്പിടിച്ച് സംരക്ഷിക്കുന്നതരത്തില്‍ ഈ രക്ഷാകവചത്തെ പിന്നീട് പരിഷ്കരിക്കാനാകുമെന്നും അജയകുമാര്‍ പറയുന്നു. ശ്രദ്ധേയങ്ങളായ നിരവധി കണ്ടുപിടിത്തങ്ങള്‍ ഇതിനുമുമ്പും അജയകുമാര്‍ നടത്തിയിട്ടുണ്ട്.

2. പുതുക്കിയ കെഎസ്ടിപി പദ്ധതി ഒരുമാസത്തിനകം
തിരു: കെഎസ്ടിപി പദ്ധതിയുടെ രണ്ടാംഘട്ട ലോകബാങ്ക് വായ്പയ്ക്കായുള്ള പുനര്‍നവീകരിച്ച പദ്ധതി ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാകുമെന്ന് പൊതുമരാമത്തു മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ഭൂമി ഏറ്റെടുത്ത പദ്ധതികള്‍ക്കേ പണം അനുവദിക്കൂ എന്നാണ് ലോകബാങ്ക് അറിയിച്ചിട്ടുള്ളത്. പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുനര്‍നവീകരിച്ച പദ്ധതി സമര്‍പ്പിക്കാനുള്ള നടപടി നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് ‘പൊതുമരാമത്തിലെ കുണ്ടും കുഴിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് നിര്‍മാണത്തിലെ വലിയൊരു പ്രതിസന്ധി കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശികയാണ്. 1000 കോടിയോളമാണ് കുടിശ്ശികയുള്ളത്. ഇത് എങ്ങനെ കൊടുത്തുതീര്‍ക്കാനാകുമെന്ന് പരിശോധിക്കണം. ഇതു നല്‍കാനായാല്‍ കുറേക്കൂടി ഫലപ്രദമായി ഇടപെടാനാകും. പിഡബ്ള്യുഡി റേറ്റും സമൂഹത്തില്‍ നിലനില്‍ക്കുന്ന റേറ്റും തമ്മില്‍ അശാസ്ത്രീയത നിലവിലുണ്ട്. ഇത് അഴിമതിക്ക് സാഹചര്യം ഒരുക്കും. ഇത് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

കേരളത്തിന് കുണ്ടും കുഴികളുമില്ലാത്ത ഡിസൈന്‍ഡ് റോഡുകളാണ് ആവശ്യമെന്ന് തുടര്‍ന്നു സംസാരിച്ച മുന്‍ പൊതുമരാമത്ത് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. പ്രവൃത്തിചെയ്യുന്നവര്‍ക്കു നേരെയാണ് വിമര്‍ശനമുണ്ടാകുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചെന്നതിന്റെ പേരില്‍ താനിപ്പോള്‍ വേട്ടയാടപ്പെടുകയാണെന്നും മുനീര്‍ പറഞ്ഞു.

ഭരണകര്‍ത്താക്കള്‍ മാത്രം വിചാരിച്ചാല്‍ പോരാ, ഉദ്യോഗസ്ഥവൃന്ദവും വിചാരിച്ചെങ്കിലേ വികസനം നടപ്പാകുകയുള്ളൂവെന്ന് അധ്യക്ഷനായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു.

ഭരണമെന്നാല്‍ ജനങ്ങളുടെ പൊതുവായ ധാരണ മന്ത്രിസഭയെന്നാണ്. എന്നാല്‍, മാറിമാറി വരുന്ന മുഖം മാത്രമാണ് അത്. പഞ്ചായത്തുതലംവരെയുള്ള ഉദ്യോഗസ്ഥവൃന്ദം ഒരിക്കലും മാറുന്നില്ല.

ഭരണത്തിന് മുറിവില്ല. തുടര്‍ച്ചയേയുള്ളൂ. മുറിവുണ്ടെന്നത് തെറ്റിദ്ധാരണ മാത്രമാണ്. തുടര്‍ച്ച ഉദ്യോഗസ്ഥരുടെ മനസ്സിലും ഉണ്ടായാല്‍ പ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടി എന്‍ ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

3. വിജ്ഞാന കമീഷന്‍ ശുപാര്‍ശകള്‍ പുതിയ ‘ജാതിവ്യവസ്ഥ’യ്ക്ക്് വഴിവയ്ക്കും: പട്നായിക്
കൊച്ചി: കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന വിജ്ഞാന കമീഷന്‍ ശുപാര്‍ശകള്‍ വിദ്യാഭ്യാസമേഖലയില്‍ പുതിയ ജാതിവ്യവസ്ഥയ്ക്കാണ് വഴിവയ്ക്കുകയെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് പറഞ്ഞു. ദേശീയ പരിഗണനകളും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാത്ത രീതിയില്‍ ഉന്നതവിദ്യാഭ്യാസരംഗം വിദേശ സര്‍വകലാശാലകളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്താനാണ് കമീഷന്റെ ശ്രമം. അസോസിയേഷന്‍ ഓഫ് ശ്രീ ശങ്കരാചാര്യ സാന്‍സ്ക്രിറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സി (അസ്യൂട്ട്)ന്റെ വാര്‍ഷിക സമ്മേളനം കാലടിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പ്രൊഫഷണലുകളെ സൃഷ്ടിക്കുകയല്ല, ജനതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ജൈവബുദ്ധിജീവികളെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സ്വതന്ത്ര ഭാരതം ഉയര്‍ത്തിപ്പിടിച്ച വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന പ്രതി വിപ്ളവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വിദേശങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്ന അധ്യാപകര്‍ വിദ്യാഭ്യാസമേഖലയെ പുതിയ വിഭജനങ്ങളിലേക്ക് നയിക്കുമെന്നും ഗവേഷണ അജന്‍ഡകള്‍ മൂലധന താല്‍പ്പര്യത്തിനനുസരിച്ച് രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാനിരക്കിനൊപ്പം ദാരിദ്യ്രം വര്‍ധിച്ചിട്ടും ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെ ഇക്കണോമികസ് വിഭാഗത്തിന്റെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാത് പട്നായിക് പറഞ്ഞു. സാമ്പത്തികവളര്‍ച്ചാ നിരക്കിനനുസരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ഗ്രാമീണമേഖലയില്‍ ദാരിദ്യ്രം വര്‍ധിക്കുകയും കാര്‍ഷികമേഖല തകര്‍ച്ചനേരിടുകയുമാണ്. പ്രത്യേക സാമ്പത്തികമേഖലയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു പകരം കാര്‍ഷിക, ചെറുകിട വ്യവസായമേഖലയക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കര്‍ഷക ആത്മഹത്യ തടയാന്‍ സാധിച്ചുവെങ്കിലും ഈ രംഗത്ത് വെല്ലുവിളികള്‍ തുടരുകയാണ്. ഏറെ പ്രശസ്തമായ കേരളമാതൃകയെ മരണത്തിലേക്ക് തള്ളിവിടാതിരിക്കാനാണ് ആസൂത്രണ ബോര്‍ഡിന്റെ ശ്രമമെന്നും പട്നായിക് പറഞ്ഞു. കാര്‍ഷിക, ചെറുകിട വ്യവസായമേഖലയെ അവഗണിച്ചതും നാമമാത്രമായ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാത്തതും സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്.

തെരേസാസ് കോളജിലെ വിദ്യാര്‍ഥികളുമായും അദ്ദേഹം ആശയവിനിമയം നടത്തി. ഇക്കണോമിക്സ് വിഭാഗം മേധാവി സ്യാലമ്മ എബ്രാഹം സ്വാഗതം പറഞ്ഞു.

അസ്യൂട്ട് വാര്‍ഷികത്തില്‍ ഡോ. സി എം നീലകണ്ഠന്‍ അധ്യക്ഷനായിരുന്നു. സിന്‍ഡിക്കറ്റ് അംഗം ഡോ. സി ബാലന്‍, എകെജിസിടി ജനറല്‍ സെക്രട്ടറി ഡോ. ജെ പ്രസാദ്, ഡോ. ടി അരവിന്ദാക്ഷന്‍, ഡോ. രാജന്‍ വര്‍ഗീസ്, ടി ചന്ദ്രബാബു, ഡോ. എസ് ശിവദാസ്, പി വി നാരായണന്‍ എന്നിവര്‍ സംസാരിച്ചുു

4.  ഇന്ന് സംഘടനാ നേതാക്കളുമായി ചര്‍ച്ച ബാങ്ക് ലയനം: കേന്ദ്രത്തിന് ധൃതി
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളുടെ ലയനം ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നു. ലയനം സംബന്ധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി എസ്ബിഐ മേധാവികള്‍ ചൊവ്വാഴ്ച മുംബൈയില്‍ ചര്‍ച്ച നടത്തും.

ബാങ്ക് ലയനനീക്കത്തിനെതിരെ ജനുവരി 25ന് പണിമുടക്ക് നടത്താന്‍ ജീവനക്കാരുടെ സംഘടനകളുടെ സംയുക്തസമിതി തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ ആശങ്കകള്‍ ദൂരീകരിക്കാനാണത്രെ ചര്‍ച്ച. ലയനനീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ ഫെബ്രുവരി 25, 26 തീയതികളിലും പണിമുടക്ക് നടത്തും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് മാസത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ജീവനക്കാരുടെ സംഘടനകളുടെ സംയുക്തസമിതിയുടെ തീരുമാനം. ആറ് അസോസിയേറ്റ് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ ജുനവരി 24ന് യോഗം ചേര്‍ന്ന് ലയനകാര്യത്തില്‍ തീരുമാനമെടുക്കാനിരിക്കയാണ്. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ളോയീസ് എന്നിവയുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച നടത്തുന്നുണ്ട്.

ഏഴ് അസോസിയേറ്റ് ബാങ്കുകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ ഇതിനകം തീരുമാനമായി. ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ചൊവ്വാഴ്ച നടക്കുക.

ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ ലയന നീക്കത്തെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ എതിര്‍ക്കും. എന്നാല്‍ ജീവനക്കാരുടെ പ്രതിനിധികള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ന്യൂനപക്ഷമാണ്.

മൊത്തം അസോസിയേറ്റ് ബാങ്കുകളും എസ്ബിഐയില്‍ ലയിക്കാന്‍ പാര്‍ലമെന്റില്‍ പ്രത്യേക നിയമഭേദഗതി അവതരിപ്പിക്കേണ്ടതുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ തന്നെ നിയമഭേദഗതി അവതരിപ്പിച്ച് ലയനത്തിനുള്ള സാഹചര്യമൊരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തിരക്കുകൂട്ടുന്നത്.

സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ ലയനനീക്കത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ധനമന്ത്രി പി ചിദംബരം ലയനം പൂര്‍ത്തിയാക്കുമെന്ന വാശിയോടെ മുന്നോട്ടുപോവുകയാണ്.

5. വാതകക്കുഴല്‍: ഇന്ത്യയുടെ പിന്മാറ്റം പൂര്‍ണം
ന്യൂഡല്‍ഹി: ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതില്‍ രാജ്യത്തിന് ഏറെ പ്രയോജനംചെയ്യുമായിരുന്ന ഇറാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതിയില്‍നിന്ന് ഇന്ത്യ പൂര്‍ണമായും പിന്‍വാങ്ങുന്നു. അമേരിക്കയെ ഭയന്നാണ് ഇന്ത്യയുടെ പിന്മാറ്റം. പദ്ധതിയുടെ ഏറ്റവും നിര്‍ണായകഘട്ടമായ താരിഫ് സംബന്ധമായ കരാറില്‍ പാകിസ്ഥാനും ഇറാനും അടുത്തയാഴ്ച ഒപ്പുവയ്ക്കും. ഇതിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ അബുദാബിയിലാണ് നടക്കുക. ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല.

ഇസ്ളാമാബാദില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ചര്‍ച്ചയിലും ഇന്ത്യ പങ്കെടുത്തിരുന്നില്ല. വിലയെച്ചൊല്ലിയുള്ള തര്‍ക്കം കാരണമാണ് വിട്ടുനില്‍ക്കുന്നതെന്നാണ് പെട്രോളിയം മന്ത്രാലയം നല്‍കുന്ന വിശദീകരണം. എന്നാല്‍, വിലയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ അതെങ്ങനെ പരിഹരിക്കുമെന്ന ചോദ്യം നിലനില്‍ക്കുന്നു.

പദ്ധതിയുടെ കാര്യത്തില്‍ തുടക്കത്തില്‍ ഏറെ താല്‍പ്പര്യം കാണിച്ചിരുന്ന ഇന്ത്യ പിന്നീട് അമേരിക്ക ആണവകരാറെന്ന ആശയവുമായി മുന്നോട്ടുവന്നപ്പോഴാണ് ഇറാന്‍ പദ്ധതിയോട് വിമുഖത കാട്ടിത്തുടങ്ങിയത്. പിന്നീട് ഓരോ കാരണം പറഞ്ഞ് ഇന്ത്യ ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. ഇറാനുമായി ഒരു സഹകരണവും പാടില്ലെന്ന അമേരിക്കയുടെ താക്കീതും പിന്മാറ്റത്തിനു കാരണമാണ്. അമേരിക്കന്‍ സമര്‍ദത്തിനു വഴങ്ങി രണ്ടുവട്ടം ഐഎഇഎയില്‍ ഇറാനെതിരെ ഇന്ത്യ വോട്ട് ചെയ്തതും ഈ പശ്ചാത്തലത്തിലാണ്.

അങ്ങേയറ്റം കുഴഞ്ഞുമറിഞ്ഞ ആഭ്യന്തരസാഹചര്യങ്ങളിലും പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പാകിസ്ഥാന്‍ അതീവ താല്‍പ്പര്യമാണ് കാണിക്കുന്നത്. അമേരിക്കയുടെ അടുത്ത കൂട്ടാളിയായ പാകിസ്ഥാനെ ഇത്തരമൊരു പദ്ധതിയില്‍ പങ്കാളിയായി ലഭിക്കുന്നത് ഇറാനും നേട്ടമാണ്. എന്നാല്‍, ഇന്ത്യമാത്രം അമേരിക്കന്‍ ഇടപെടലുകളെ ഭയന്ന് ഊര്‍ജരംഗത്ത് വലിയ നേട്ടമാകുന്ന പദ്ധതിയില്‍നിന്ന് ഒളിച്ചോടുകയാണ്.

മുപ്പതു വര്‍ഷത്തേക്ക് പ്രകൃതിവാതകം ലഭ്യമാക്കുന്നതിനുള്ള കരാറില്‍ 2005ല്‍ ഇറാനും പാകിസ്ഥാനും ഒപ്പുവച്ചിരുന്നു. വിലനിര്‍ണയം സംബന്ധിച്ച കരാറിലും ഇരു രാജ്യവും ഒപ്പുവച്ചു.

6. ഗാസ ഇരുട്ടിലായി; ആശുപത്രികളും അത്യാസന്ന നിലയില്‍
ഗാസാ സിറ്റി: ഇസ്രയേല്‍ ഉപരോധം രൂക്ഷമാക്കിയത് 15 ലക്ഷത്തോളമാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ ജനജീവിതം ദുരിതമാക്കി. ഇന്ധനമില്ലാത്തതിനാല്‍ ഗാസയിലെ പ്രധാന വൈദ്യുതിനിലയം നിശ്ചലമായതോടെ ജനസംഖ്യയില്‍ പകുതി താമസിക്കുന്ന ഗാസാസിറ്റി ഇരുട്ടിലായി. ആശുപത്രികളില്‍ ഒന്നുരണ്ട് ദിവസത്തിനകം മരുന്നുകളും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഇന്ധനവും തീരുമെന്ന് റെഡ്ക്രോസ് അധികൃതര്‍ വ്യക്തമാക്കി. ഒഴിവാക്കാനാവത്ത ശസ്ത്രക്രിയകള്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രികളില്‍ നടത്തുന്നത്. പല ആശുപത്രികളും ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

ഗാസയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് ഇസ്രയേല്‍ അവിടേക്കുള്ള യുഎന്‍ ഭക്ഷ്യസഹായംപോലും തടഞ്ഞതിനെത്തുടര്‍ന്നാണ് സ്ഥിതി മൂര്‍ഛിച്ചിരിക്കുന്നത്. ചെറിയ തുണ്ടുഭൂമിയില്‍ ലക്ഷക്കണക്കിന് അഭയാര്‍ഥികളടക്കം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസ നേരത്തെതന്നെ തുറന്ന ജയിലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വാഹനങ്ങള്‍ കാണാനാവാത്ത തെരുവുകളും പൂട്ടിയിട്ട കടകളുമാണ് ഇപ്പോള്‍ ഗാസയില്‍. ഇവിടെ ജീവിതം തീര്‍ത്തും അസാധ്യമാക്കുന്ന ഇസ്രയേലിന്റെ പുതിയ പ്രകോപനങ്ങള്‍ പശ്ചിമേഷ്യന്‍ സമാധാനശ്രമങ്ങളെ വീണ്ടും അവതാളത്തിലാക്കുമെന്ന് വെസ്റ്റ് ബാങ്ക് കേന്ദ്രമായി ഭരിക്കുന്ന ഇസ്രയേലി പിന്തുണയുള്ള പലസ്തീന്‍ അതോറിറ്റിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ജീവകാരുണ്യപരമായ സാധനങ്ങളും ഇന്ധനവും മറ്റും കൊണ്ടുവരുന്നതിനുമാത്രമെങ്കിലും ഇസ്രയേല്‍ അനുവദിക്കണമെന്ന് റെഡ് ക്രോസ് വക്താവ് മിഷേല്‍ മേഴ്സിയര്‍ അഭ്യര്‍ഥിച്ചു. പൂട്ടിയ വൈദ്യുതിനിലയത്തിന് ചൊവ്വാഴ്ചയോടെയെങ്കിലും വ്യവസായ ഇന്ധനം ലഭ്യമാക്കാന്‍ അനുവദിക്കുന്നതിന് യൂറോപ്യന്‍ യൂണിയനും ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

ഇസ്രയേലിലേക്ക് ഗാസയില്‍നിന്ന് പലസ്തീന്‍ സ്വാതന്ത്യ്രപ്പോരാളികള്‍ റോക്കറ്റാക്രമണങ്ങള്‍ നടത്തുന്നത് തടയാനെന്ന പേരിലാണ് ഇസ്രയേല്‍ ഉപരോധം ശക്തമാക്കിയത്. ഇസ്രയേലി സേന കഴിഞ്ഞ ചൊവ്വാഴ്ച ഗാസയില്‍ കനത്ത ആക്രമണം നടത്തി 19 പലസ്തീന്‍കാരെ കൊന്നതിന് പ്രതികരണമായാണ് പലസ്തീന്‍കാര്‍ റോക്കറ്റുകള്‍ അയച്ചുതുടങ്ങിയത്.

7. അന്റാര്‍ട്ടിക്കയില്‍ അഗ്നിപര്‍വത സ്ഫോടനത്തിന്റെ  തെളിവുകള്‍
പാരിസ്: അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ രണ്ടായിരം വര്‍ഷംമുമ്പ് പൊട്ടിത്തെറിച്ച അഗ്നിപര്‍വതം ഇപ്പോഴും സജീവമെന്ന് കണ്ടെത്തല്‍. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ ഹഡ്സന്‍ മലനിരകളിലാണ് അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നത്.

207 ബി സിയില്‍ സ്ഫോടനം സംഭവിച്ചുവെന്നാണ് കരുതുന്നത്. 2004-05 ല്‍ ബ്രിട്ടീഷ് അമേരിക്കന്‍ സംഘം ആരംഭിച്ച സര്‍വെയിലാണ് ഇത് കണ്ടെത്താനായത്. റഡാര്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. സിലിക്ക ഉരുകിയതുമൂലമുണ്ടാകുന്ന ചാരം, പാറ, ഗ്ളാസ് തുടങ്ങിയവ കണ്ടെത്താനായി.

ഇതുപോലെ മറ്റ് അഗ്നി പര്‍വതങ്ങള്‍ ഇനിയും ഉരുകി കടല്‍ജലത്തിന്റെ അളവിനെ ബാധിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

1. മരാമത്തിലെ ക്രമക്കേടു മറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ രേഖ നനശിപ്പിച്ചു
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പിലെ കരാറുകളില്‍ നടന്ന കോടികളുടെ ക്രമക്കേടില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ക്കു വരെ പങ്ക്.

29.12 കോടിയുടെ നിര്‍മാണ ജോലികളില്‍ കരാറുകാര്‍ക്ക് അധിക തുക നേടിക്കൊടുക്കാനായി ഉദ്യോഗസ്ഥര്‍ വ്യാജരേഖ നിര്‍മിക്കുകയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. വിലപ്പെട്ട പല രേഖകളും നശിപ്പിച്ചതായും അന്വേഷണത്തില്‍ കണ്െടത്തി.
മഞ്ചേരി ഡിവിഷനിലെ എട്ടു കരാറുകളിലാണ് ക്രമക്കേടു നടന്നത്. എസ്റ്റിമേറ്റ് അംഗീകരിക്കാനും പുതുക്കാനും കൂട്ടു നിന്നത് ഉദ്യോഗസ്ഥരായിരുന്നു. 2006 ജൂണ്‍ മുതല്‍ 2007 സെപ്റ്റംബര്‍ വരെ പൊതുമരാമത്തു വകുപ്പിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ ക്രമക്കേടിലും അഴിമതിയിലും നിര്‍ണായകമായ പങ്കുണ്െടന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്െടത്തി. തിരിമറിയിലൂടെ ലഭിച്ച തുക ഇവര്‍ വീതം വച്ചു. എട്ടു കരാറുകളില്‍ ഓരോന്നിലും ഉദ്യോഗസ്ഥര്‍ നടത്തിയ തിരിമറി വ്യക്തമാണ്. യഥാര്‍ഥ ചെലവിന്റെ പലി മടങ്ങാണ് എസ്റ്റിമേറ്റുകളില്‍ ഉള്ളത്. ആധികാരിക രേഖയായ എം ബുക്കില്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചതും ഉദ്യോഗസ്ഥരായിരുന്നു.

തിരൂര്‍-മലപ്പുറം-മഞ്ചേരി റോഡിന് സാങ്കേതികാനുമതി നല്‍കിയത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എന്‍ജിനീയറാണ്. 790 ലക്ഷം രൂപയുടെ പണികള്‍ക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നതെങ്കിലും ചീഫ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കിയപ്പോള്‍ ഇത് 908.50 ലക്ഷമായി. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കണമെന്ന കരാറോടെ 2006 മേയ് മാസത്തിലാണ് ഏറനാട് എന്‍ജിനീയറിംഗ് എന്റര്‍പ്രൈസസിന് അനുമതി നല്‍കിയത്. ഇതിനു ശേഷം 2007 ജനുവരി 16ന് പ്രത്യേക ഉത്തരവിലൂടെ ചീഫ് എന്‍ജിനീയര്‍ തന്നെ കരാര്‍ തുക പുതുക്കി 999 ലക്ഷം രൂപയാക്കി. യാതൊരു കാരണവുമില്ലാതെയാണ് ഇതനുവദിച്ചത്. റോഡ് നിര്‍മാണത്തിന്റെ മേല്‍നോട്ടത്തിലും പരിശോധനിലും കൃത്രിമം കാട്ടിയാണ് താഴെ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ക്രമക്കേടിന് കൂട്ടുനിന്നത്. റോഡിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിനുള്ള അളവ് മെറ്റലും സിമന്റും ഉപയോഗിച്ചിട്ടില്ല.

സിമന്റും സ്റ്റീലും പണി സ്ഥലത്ത് എത്തിക്കാമെന്നായിരുന്നു കരാര്‍. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഇതു ലഭിക്കുമെന്നിരിക്കെ 23 കിലോമീറ്റര്‍ ദൂരത്തു നിന്ന് ഇതു വാങ്ങിയെന്നാണ് രേഖ. ഇതു വാസ്തവ വിരുദ്ധമാണെന്നും സമീപപ്രദേശത്തു നിന്നാണ് ഇതു വാങ്ങിയിട്ടുള്ളതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. പുതുക്കിയ എസ്റ്റിമേറ്റില്‍ 5.31 ലക്ഷം രൂപയുടെ അധിക നിര്‍മാണം പറഞ്ഞിരുന്നു. ഫീല്‍ഡ് എന്‍ജിനിയര്‍മാരുടെ

പരിശോധനില്‍ അധിക നിര്‍മ്മാണം കണ്െടത്താനായില്ല. മറ്റു ഏഴ് കരാറുകളിലും ഇതേ സ്വഭാവത്തിലുള്ള ക്രമക്കേടു തന്നെയാണ് നടന്നത്. കീഴ് ഉദ്യോഗസ്ഥര്‍ നല്‍കിയ പുതുക്കിയ എസ്റ്റിമേറ്റ് അന്നത്തെ ചീഫ് എന്‍ജിനീയര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

ഗുണനിലവാരമില്ലാത്ത ടാര്‍, മെറ്റല്‍, സിമന്റ് എന്നിവ ഉപയോഗിച്ചാണ് റോഡു നിര്‍മിച്ചത്. വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡിന്റെ കിലോമീറ്ററുകള്‍ നീളമുള്ള ഭാഗം മറ്റൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേറൊരു

ഏജന്‍സി അറ്റകുറ്റപണി നടത്തിയിരുന്നു. ഇതും കരാറുകാരന്‍ നടത്തിയതാണെന്ന് ബന്ധപ്പെട്ട മരാമത്ത് ഉദ്യോഗസ്ഥര്‍ രേഖയുണ്ടാക്കി. ഇതും ചേര്‍ത്ത് എസ്റ്റിമേറ്റ് പുതുക്കുകയും ചെയ്തു. മെറ്റല്‍ ചെയ്തതാണെന്ന് ഉദ്യോഗസ്ഥര്‍ എം ബുക്കില്‍ എഴുതിയിരുന്നു. ഈ ഭാഗം പൊട്ടിപ്പൊളിഞ്ഞെന്നും ഇവിടെ റോഡിനു പകരം തോടാണെന്നും തെളിഞ്ഞു. കുഴി അടയ്ക്കലിനും ടാറിംഗിനും ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് വിണ്ടുകീറി. റോഡിന്റെ വീതി വര്‍ധിപ്പിച്ചിട്ടുണ്െടങ്കിലും മുന്‍പ് ഉപയോഗിച്ച അളവിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ രേഖകളില്‍ കൂടിയ അളവ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡ്രെയിനേജ് സിസ്റ്റം ആവശ്യമില്ലാത്തിടത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ഇതു ചെയ്തതായി രേഖയുണ്ടാക്കി.

2. തൃശൂരില്‍ ആയുര്‍വേദ ക്ളസ്റ്റര്‍ തുടങ്ങാന്‍ കേന്ദ്രാനുമതി
ന്യൂഡല്‍ഹി: തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ ആയുര്‍വേദ ക്ളസ്റ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കിന്‍ഫ്ര പാര്‍ക്കിലെ അഞ്ചേക്കര്‍ സ്ഥലത്തായിരിക്കും ആയുര്‍വേദ മരുന്നു നിര്‍മാണ യൂണിറ്റുകളും ലബോറട്ടറിയുമെല്ലാം അടങ്ങുന്ന ക്ളസ്റ്റര്‍ സ്ഥാപിക്കുക.

ഇതിന് ഗ്രാന്റായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആയുഷ് വകുപ്പ് 10 കോടി രൂപ വകയിരുത്തിയതായി ആയുഷ് സെക്രട്ടറി അനിത ദാസ് പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ ആയുര്‍വേദ മരുന്നു നിര്‍മാതാക്കളും ഔഷധശാലകളും അംഗങ്ങളായ കോണ്‍ഫെഡറേഷന്‍ ഓഫ് ആയുര്‍വേദ റിനൈസന്‍സ് കേരള (കെയര്‍ കേരളം) എന്ന കമ്പനിയായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിക്ക് മൊത്തം20 കോടി രൂപയുടെ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നു.
ആയുര്‍വേദ ഔഷധങ്ങളുടെ ഗുണനിലവാര പരിശോധന്ക്കായി ആയുഷ് വകുപ്പ് ഇവിടെ പ്രത്യേക ലബോറട്ടറിയും അനുവദിക്കും.

അംഗങ്ങളായ സ്ഥാപനങ്ങള്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും നിശ്ചിത ഫീസ് നല്‍കി ഗുണനിലവാര പരിശോധന നടത്താനാകും. പരിശോധന്ക്കു പുറമെ ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, പായ്ക്കിംഗ്, വിതരണം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും നല്‍കും. മരുന്നു നിര്‍മാതാക്കള്‍ ഇനിമുതല്‍ രാജ്യാന്തര മാനണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഇതിനു ശേഷിയില്ലാത്ത ധാരാളം ചെറുകിട കമ്പനികള്‍ അടച്ചുപൂട്ടാന്‍ ഇവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ക്ളസ്റ്റര്‍ പദ്ധതി ആവിഷ്കരിച്ചത്.

ഔഷധങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുക, മരുന്നുകളില്‍ ഈയം പോലുള്ള ഘന ലാഹങ്ങളുടെ സാന്നിധ്യം ഒഴിവാക്കുക എന്നിവയും പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങളാണ്. ലാബിനും മറ്റുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 30 ശതമാനം സബ്സിഡി നല്‍കുമെന്ന് ആയുഷ് ഡയറക്ടര്‍ സഞ്ജീവ് കെ. ഛദ്ദ മംഗള’ത്തോട് പറഞ്ഞു. ക്ളസറ്റര്‍ സ്കീം ഒരാഴ്ചയ്ക്കകം രാജ്യത്ത് നിലവില്‍വരുമെന്നും അദ്ദേഹം അറിയിച്ചു.

3. ഓഹരി വിപണിയില്‍ വന്‍ ഇടിവ്: ഒറ്റദിവസത്തെ നഷ്ടം 60 ലക്ഷം കോടി രൂപ
മുംബൈ: നിക്ഷേപകര്‍ക്ക് ഒറ്റദിവസം കൊണ്ട് 60 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുകൊണ്ട് ബോംബെ ഓഹരിസൂചികയില്‍ കനത്ത ഇടിവ്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുമായി 1408.35 പോയിന്റാണ് ഓഹരിസൂചിക താഴേക്കുപോയത്.

കനത്തവില്‍പന സമ്മര്‍ദവും അമേരിക്കന്‍ സാമ്പത്തിക വിപണി വന്‍ നഷ്ടത്തിലേക്കു നീങ്ങുന്നെന്ന വിവരവും വിപണിയെ പ്രതികൂലമായി ബാധിച്ചു. ആറുദിവമായി തുടരുന്ന ഇടിവില്‍ ആകെ 11,85,285 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്. 2000 പോയിന്റിന്റെ തകര്‍ച്ചയിലേക്കു സൂചിക നീങ്ങിയതിനെത്തുടര്‍ന്ന് രണ്ടുതവണ വ്യാപാരം നിര്‍ത്തിവച്ചു.
ഇതിനുമുമ്പ് കഴിഞ്ഞ മേയ് 18 നാണ് 826 പോയിന്റിന്റെ നഷ്ടവുമായി വിപണി വന്‍ ഇടിവ് രേഖപ്പെടുത്തിയത്. 16951.50 നും 18919.57 പോയിന്റിനും ഇടയില്‍ ചാഞ്ചാടി നിന്ന മുംബൈസൂചിക 17605.35-ല്‍ വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ആറുദിവസമായി തകര്‍ച്ച നേരിടുന്ന വിപണിയിലെ മൊത്തം ഇടിവ് 3170.80 പോയിന്റാണ്. ദേശീയ ഓഹരിസൂചിക(നിഫ്റ്റി) 496.50 പോയിന്റിന്റെ ഇടിവുമായി 5208.80 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരിവിപണിയിലേക്കു കടക്കാന്‍ പറ്റിയ അവസരമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തി.

4. മലേഷ്യക്കാരിയായ എസ്റ്റേറ്റ് ഉടമയെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നു
ഇടുക്കി: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ മലേഷ്യന്‍ വംശജയായ എസ്റ്റേറ്റ് ഉടമയെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നതായി ആക്ഷേപം. മൂന്നാറിലെ വ്യാജപട്ടയങ്ങളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിനെതിരേയാണു വിമര്‍ശനം. സംഘം വന്‍ കോഴ ആവശ്യപ്പെടുന്നതായും ആക്ഷേപമുണ്ട്. തമിഴ്നാട്ടില്‍ താമസിക്കുന്ന എസ്റ്റേറ്റ് ഉടമയായ വനിത ഉന്നത പോലീസ് അധികൃതര്‍ക്കു പരാതി നല്‍കി.

കേസ് അന്വേഷണത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷകര്‍ മേലധികാരികളുടെ അനുമതിയില്ലാതെ എസ്റ്റേറ്റുടമയുടെ കൊടൈക്കനാലിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നു പോയതായും പരാതിയുണ്ട്. കേസില്‍ എസ്റ്റേറ്റ് ഉടമ പ്രതിചേര്‍ത്തിരിക്കുന്ന ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. എസ്റ്റേറ്റ് ഉടമയായ യുവതി കോയമ്പത്തൂരിലാണു താമസിക്കുന്നത്. ഇവരെ ഭീഷണിപ്പെടുത്തുന്നതായും വന്‍ തുക കോഴ ആവശ്യപ്പെടുന്നതായും ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്.
എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടു തൊടുപുഴ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിനു ജാമ്യം കൊടുക്കരുതെന്ന് അഭ്യര്‍ഥിച്ച് യുവതി കോടതിയെ സമീപിച്ചു. കോടതി ജാമ്യം നിഷേധിച്ചു.

1971-ലാണു മലേഷ്യക്കാരിയായ ഹര്‍ജിക്കാരിയും തമിഴ്നാട്ടില്‍ എല്‍.ഐ.സി. ഏജന്റായിരുന്ന യുവാവുമായി ഒരു ബന്ധു മുഖേന വിവാഹിതരായത്. മലേഷ്യയിലെ കുടുംബസ്വത്തുപയോഗിച്ചായിരുന്നു തോട്ടം വാങ്ങിയത്. ഇതിന്റെ നിയന്ത്രണം ഭര്‍ത്താവിനെ ഏല്പിച്ചു. തോട്ടം നഷ്ടമാണെങ്കിലും ഫാക്ടറി ലാഭമായിരുന്നു. ഇതു ഭര്‍ത്താവ് പാട്ടത്തിനെടുത്തു. ഇതിനിടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം തുടങ്ങി. തുടര്‍ന്നാണു സ്വത്തുതര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണു താമസിക്കുന്നത്.

5. കേന്ദ്രസഹായം പോലും ചെലവിടാത്തത് വികസനത്തിന് തിരിച്ചടി: പ്രഭാത് പട്നായിക്
കൊച്ചി: സാമ്പത്തിക വളര്‍ച്ചാ സൂചികയുടെ കുതിപ്പ് താഴേത്തട്ടിലുള്ളവരുടെ ക്ഷേമത്തിലും ജീവിത നിലവാരത്തിലും പ്രതിഫലിക്കുമെന്ന സാമ്പത്തിക വാദം കേരളത്തിന്റെ സാഹചര്യത്തില്‍ പരാജയപ്പെട്ടെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടു.

ധനലഭ്യതയുടെ അപര്യാപ്തത മാത്രമല്ല, കേന്ദ്ര വിഹിതം ഉള്‍പ്പെടെയുള്ള സഹായം ചെലവഴിക്കാത്തതും വികസനത്തില്‍ കേരളത്തിനു തിരിച്ചടിയായി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ബാഹ്യസഹായത്തിന്റെ 35 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ബജറ്റിനുള്ള ഒരുക്കങ്ങളില്‍ ഇത് വലിയ വെല്ലുവിളിയാണെന്നും എറണാകുളം സെന്റ് തെരേസാസ് കോളജ് ഇക്കണോമിക്സ് വിഭാഗത്തിന്റെ സപ്തതി ആഘോഷ സമാപനച്ചടങ്ങില്‍ പട്നായിക് പറഞ്ഞു.
സാമ്പത്തിക സൂചിക വളര്‍ച്ചയില്ലാതെനിന്ന കാലഘട്ടത്തിലും വികസനത്തില്‍ മാതൃകയാകാന്‍ കേരളത്തിനു കഴിഞ്ഞു. എന്നാല്‍ കൃഷി, ചെറുകിട വ്യവസായ, ആരോഗ്യ മേഖലകളെ അവഗണിച്ചത് വികസനത്തിന്റെ കേരള മോഡലിനു തിരിച്ചടിയായി. ഏറെ പ്രശസ്തമായ കേരള മാതൃക ഇപ്പോള്‍ കരിനിഴലിലാണ്. അതിനെ മരണത്തില്‍ നിന്നു രക്ഷിക്കാനാണ് ശ്രമം. പ്രത്യേക സാമ്പത്തിക മേഖല അടക്കമുള്ള വന്‍കിട വ്യവസായങ്ങളല്ല മറിച്ച് അടിസ്ഥാന മേഖലകളുടെ ക്ഷമത വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നിക്ഷേപങ്ങളെ മുന്‍നിര്‍ത്തിയുള്ള ആസൂത്രണമാണ് കേരളത്തിന് ആവശ്യം.

നാണ്യവിള കര്‍ഷകര്‍ കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യയുടെ വഴി സ്വീകരിച്ചപ്പോള്‍ ഭക്ഷ്യവിള കര്‍ഷകര്‍ക്ക് അത്തരം പ്രതിസന്ധിയിയുണ്ടായില്ല. കര്‍ഷക ആത്മഹത്യ തടയാന്‍ സാധിച്ചെന്നും പട്നായിക് പറഞ്ഞു. ഇക്കണോമിക്സ് വിഭാഗം മേധാവി സലിമ്മ ഏബ്രഹാം പങ്കെടുത്തു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w