പത്രവാര്‍ത്തകള്‍ 21-01-08

 1. വിവാഹ രജിസ്ട്രേഷന്‍: സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രൈസ്തവ- മുസ്ലിം വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശം സംസ്ഥാനത്തു നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. മതസ്ഥാപനങ്ങളില്‍ രജിസ്ട്രേഷന്‍ നടത്തിയ ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന രീതിയില്‍ നിയമം നടപ്പാക്കാനാണ് തീരുമാനം. ഇങ്ങനെയാവുമ്പോള്‍ മത സ്ഥാപനങ്ങളില്‍ നടത്തുന്ന രജിസ്ട്രേഷന് പ്രാധാന്യം നഷ്ടപ്പെടില്ല. ക്രൈസ്തവ- മുസ്ലിം പള്ളികളിലെ വിവാഹ രജിസ്ട്രേഷന്റെ സാധുത പൂര്‍ണമായി അംഗീകരിച്ചാകും സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുകയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിര്‍ദേശം നടപ്പാക്കുന്നതിനെതിരെ മതസംഘടനകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം. ഇതു നടപ്പാവുന്നതോടെ മത സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും നടത്തുന്ന രജിസ്ട്രേഷന് തുല്യ പ്രാധാന്യമമുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

മാതാപിതാക്കളുടെ അനുമതിയോടെ പള്ളികളുടെ അധികാരമുള്ള ആളുകളാണ് വിവാഹം നടത്തിക്കൊടുക്കുന്നത്. നിര്‍ദേശങ്ങള്‍ ക്രൈസ്തവ സമുദായം നേരത്തെ അംഗീകരിച്ചിരുന്നതാണ്. അതുകൊണ്ടാണ് അവര്‍ ചര്‍ച്ചയ്ക്ക് വരാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2006 ഫെബ്രുവരിയില്‍ അശ്വനികുമാര്‍ സിന്‍ഹ കേസിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹ രജിസ്ട്രേഷന്‍ നടപ്പാക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായത്. 2007 ഒക്ടോബറില്‍ സംസ്ഥാനത്ത് എന്ത് കൊണ്ടാണ് നിര്‍ദേശം നടപ്പാക്കാത്തതെന്ന് ചോദ്യമുയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാനം മൂന്ന് മാസം കൂടി അധികം സമയം ആവശ്യപ്പെടുകായിരുന്നു.

സമുദായ ആചാര പ്രകാരം പ്രധാനപ്പെട്ട ചടങ്ങാണ് വിവാഹം. വിവാഹത്തിന്റെ മൂല്യം നഷ്ടപ്പെടാതെ തന്നെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് തടസമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമം സംബന്ധിച്ച് ചട്ടങ്ങള്‍ ഉടന്‍ ഉണ്ടാക്കി ഗസറ്റില്‍ പരസ്യം ചെയ്യും.

സ്ത്രീക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതും അനാഥത്വം ഒഴിവാക്കുന്നതുമാണ് സുപ്രീം കോടതി വിധിയുടെ അന്തസത്ത.

മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, എം.വിജയകുമാര്‍, ചീഫ് സെക്രട്ടറി പി.ജെ തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയെ പ്രതിനിധീകരിച്ച് എസ്.വൈ.എസ് സെക്രട്ടറിമാരായ എന്‍.അലി അബ്ദുല്ല, എ.സൈഫുദ്ദീന്‍ ഹാജി, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, ജമാഅത്ത് കൌണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ.പൂക്കുഞ്ഞ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി, എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിമേല്‍, കെ.എന്‍.എം നേതാവ് ടി.പി അബ്ദുല്ലക്കോയ മദനി, നദ്വത്തുല്‍ മുജാഹിദീന്‍ നേതാവ് ഹുസൈന്‍ മടവൂര്‍, മുസ്ളീലീഗിന്റെ ഇ.ടി മുഹമ്മദ് ബഷീര്‍, പി.ഡി.പി വര്‍ക്കിംഗ് പ്രസിഡന്റ് പൂന്തുറ സിറാജ്, മെക്ക പ്രസിഡന്റ് എം.അലിയാരു കുട്ടി, എം.എസ.്എസ് സെക്രട്ടറി അബ്ദുല്‍ കരീം, ഐ.എന്‍.എല്‍ നേതാവ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, ഇ.കെ വിഭാഗം സമസ്തയെ പ്രതിനിധീകരിച്ച് പ്രൊഫ. ബഹാവുദ്ദീന്‍ നദ്വി കൂരിയാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

2. കടകളുടെ ലൈസന്‍സ്: വ്യവസ്ഥകള്‍ കര്‍ശനമാക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കുമാത്രം ഈ വര്‍ഷം ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ മതിയെന്നു നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കിയതായി തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

കടയും സ്ഥാപനവും സ്ഥിതി ചെയ്യുന്നിടത്തെ പരസ്യബോര്‍ഡുകളില്‍ സ്ഥലനാമം എഴുതാത്തവര്‍ക്കും അനുവദനീയമായ മൈക്രോണില്‍ താഴെ പ്ളാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കില്ല. ഹോട്ടലുകളിലും ഷോപ്പിംഗ് കോംപ്ളക്സുകളിലും പ്രാഥമികാവശ്യത്തിനുള്ള സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ പല സ്ഥാപന ഉടമകളും ഇതില്‍ വീഴ്ചവരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്െടന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലൈസന്‍സ് പുതുക്കി നല്‍കണമെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രാഥമികസൌകര്യത്തിന് ആധുനികരീതിയിലുള്ളതും വൃത്തിയുള്ളതുമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. കോഴിക്കടകള്‍, മത്സ്യമാംസ സ്റ്റാളുകള്‍ എന്നിവ സ്വന്തമായി മാലിന്യനിര്‍മാര്‍ജന സംവിധാനം ഏര്‍പ്പെടുത്തിയാലെ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യങ്ങളില്‍ വീഴ്ചവരുത്തി കച്ചവട ലൈസന്‍സ് നല്‍കിയതായി കണ്ടുപിടിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

3. മാതൃഭാഷാ പഠനം: സാഹിത്യകാരന്മാര്‍ സമരത്തിലേക്ക്
തൃശൂര്‍: ഹയര്‍ സെക്കന്‍ഡറിയില്‍ മാതൃഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സാഹിത്യനായകന്‍മാരും അധ്യാപകരും പ്രക്ഷോഭത്തിലേക്ക്. ഇതിനുമുന്നോടിയായി രണ്ടാം മലയാളി മെമ്മോറിയല്‍ എന്നു പേരിട്ടിട്ടുള്ള സാംസ്കാരിക നായകരും അധ്യാ പകരും ഒപ്പിട്ട നിവേദനം വിദ്യാഭ്യാസമന്ത്രി എം.എ ബേബിക്കാണ് സമര്‍പ്പിച്ചു.

‘പ്രജാക്ഷേമ തത്പരരായ ഇടതുമുന്നണി ഭരണകൂടത്തിന്റെ ബഹുമാന്യ വിദ്യാഭ്യാസമന്ത്രി എം.എ ബേബി മുമ്പാകെ കേരളക്കരയിലെ ബഹുഭൂരിപക്ഷം വ രുന്ന അടിസ്ഥാനവര്‍ഗ പ്രജകള്‍ അവരുടെ അമ്മമൊഴിയായ മലയാളത്തിനുവേണ്ടി ബോധിപ്പിക്കുന്ന സങ്കടം’ എന്നു തുടങ്ങുന്ന നിവേദനം ഹയര്‍ സെക്കന്‍ഡറിയില്‍ മലയാളത്തെ ദുര്‍ബലമാക്കുന്ന കേരള പാഠ്യപദ്ധതി ചട്ടക്കൂട്-2007 കരടുരേഖ ഭാഷയെ തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയുയര്‍ത്തുന്നു.

മാതൃഭാഷാ പഠനത്തിലൂടെ സാമൂഹിക പഠനത്തിലൂടെ സാമൂഹിക അവബോധവും ഉയര്‍ന്ന ആസ്വാദനസംസ്കാരവും നാട്ടറിവുകളോടുള്ള മമതാബന്ധവും ദേശ-ഭാഷാഭിമാനബോധവും ഈ ഘട്ടത്തില്‍ ഊട്ടിയുറപ്പിക്കേണ്ടതിനാല്‍ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്നും നിവേദനത്തില്‍ പറ യുന്നു.

രണ്ടാം മലയാളി മെമ്മോറിയലെന്ന ഭീമഹര്‍ജിയില്‍ കന്നഡ കവി ചന്ദ്രശേഖരകമ്പര്‍, കെ. സച്ചിദാനന്ദന്‍, കെ.ജി ശങ്കരപ്പിള്ള, ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍, ആറ്റൂര്‍ രവിവര്‍മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സാറാ ജോസഫ്, വൈശാഖന്‍, ശോഭന പരമേശ്വരന്‍ നായര്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ. എം.ആര്‍ രാഘവവാര്യര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ഡോ. എം.എം ബഷീര്‍, ഡോ. ഡി. ബഞ്ചമിന്‍, ഡോ.ദേശമംഗലം രാമകൃഷ്ണന്‍, ലോഹിതദാസ്, മുല്ലനേഴ്, ചാത്തനാത്ത് അച്യുതനുണ്ണി, അക്ബര്‍ കക്കട്ടില്‍, കെ.പി ശങ്കരന്‍, മണമ്പൂര്‍ രാജന്‍ ബാബു, വി.ആര്‍ സുധീഷ്, സുകുമാരി നരേന്ദ്രമേനോന്‍, ഡോ. കെ.കെ രാഹുലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.പി സുധീര തുടങ്ങി സാഹിത്യ- കലാ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഒപ്പുവച്ചിട്ടുണ്ട്.

4. ദേശാടനക്കിളികള്‍ കുമരകം ഉപേക്ഷിക്കുന്നു
കുമരകം: കുമരകത്തെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്െടന്ന് പഠനം. വനംവകുപ്പും കോട്ടയം നേച്ചര്‍ സൊസൈറ്റിയും സംയുക്തമായി കുമരകത്ത് നടത്തിയ വേമ്പനാട് നീര്‍പക്ഷി സര്‍വേയു പ്രാഥമിക വിലയിരുത്തലിലാണ് ഇക്കാര്യം കണ്െടത്തിയിരിക്കുന്നത്.

കായല്‍ മലിനീകരണവും കാടുകള്‍ തെളിക്കുന്നതുമാണു ദേശാടനക്കിളികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചതെന്നും സര്‍വേ പറയുന്നു. ഇന്നലെ രാവിലെ ആറുമുതല്‍ സര്‍വേ ആരംഭിച്ചു. ജനുവരി മുതല്‍ ആറുമാസത്തേക്ക് ഇവിടെയെത്തുന്ന ദേശാടനക്കിളികളെയും മറ്റു പക്ഷികളെയുമാണ് സംഘം നിരീക്ഷിക്കുന്നത്.

പത്തുപേരടങ്ങുന്ന പത്തു സംഘങ്ങളായി കുമരകം പക്ഷി സങ്കേതം, ചീപ്പുങ്കല്‍, കൈപ്പുഴമുട്ട്, നാരകത്തറ, തണ്ണീര്‍മുക്കം, പാതിരാമണല്‍, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. ഈ വര്‍ഷത്തെ നിരീക്ഷണത്തില്‍ ഏകദേശം 130-ാളം ഇനങ്ങളില്‍പ്പെട്ട പക്ഷികളുള്ളതായി കണ്െടത്തിയിട്ടുണ്ട്.

മെഡിറ്ററേനിയന്‍ ഭാഗങ്ങള്‍, സൈബീരിയ, ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളോടൊപ്പം ഹിമാലയന്‍ താഴ്വരയിലെ പക്ഷികളും ഇവിടെ എത്തിയിട്ടുണ്െടന്നു സംഘാംഗങ്ങള്‍ പറഞ്ഞു.ചേരക്കോഴി, ചാരമുണ്ടി, കാലമുണ്ടി, നീലക്കോഴി, താമരക്കോഴി, പനംകൊക്ക്, കാട്ടുതാറാവ് തുടങ്ങിയ പക്ഷികളാണ് ഇവിടെയുള്ളതില്‍ പ്രധാനികള്‍. രണ്ടുമണിക്കൂറോളം സര്‍വേയ്ക്ക് വനംമന്ത്രി ബിനോയ് വിശ്വവും സംഘത്തോടൊപ്പമുണ്ടായിരുന്നു. കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ശ്രീകുമാര്‍, സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍, വന്യജീവി ബോര്‍ഡംഗം സുനില്‍കുമാര്‍, കോട്ടയം ഫീല്‍ഡ് ഡയറക്ടര്‍ ഒ. പി കലേര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍ച്ച് വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേന്ദ്രന്‍, ഡി.എഫ്.ഓ എം.എല്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കി.

എം.ജി സര്‍വകലാശാലയിലെയും മണ്ണുത്തി കോളജ് ഓഫ് ഫോറസ്റ്റിലെയും വിദ്യാര്‍ഥികളും പങ്കെടുത്തു.

5. ജയറാം രമേഷ് വാഗ കടന്നു; അപമാനിച്ചെന്നു പാക്കിസ്ഥാന്‍
ന്യൂഡല്‍ഹി: വാഗ അതിര്‍ത്തിയില്‍ കേന്ദ്ര വാണിജ്യ സഹമന്ത്രി ജയറാം രമേഷിനു പറ്റിയത് അശ്രദ്ധ മൂലമുള്ള അബദ്ധമായിരിക്കാം. എന്നാലതു നിസാരമായി കാണാനാവില്ലെന്ന നിലപാടിലാണു പാക്കിസ്ഥാന്‍.

വെള്ളിയാഴ്ച വാഗ അതിര്‍ത്തിയിലെത്തിയ ജയറാം രമേഷ് പാക് ഭൂപരിധിയില്‍ അനുവാദമില്ലാതെ കടന്നെന്നതാണു പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുന്നത്. രാഷ്ട്രത്തിന്റെ പരമാധികാരത്തിലുള്ള ഇടപെടലായാണു സംഭവത്തെ കാണുന്നതെന്നാണ് ഇതു സംബന്ധിച്ചു പാക്കിസ്ഥാന്റെ പക്ഷം. ജയറാം രമേഷ് അതിര്‍ത്തിയില്‍ പാലിക്കേണ്ട ധാരണകളും ചട്ടങ്ങളും ലംഘിച്ചെന്ന് ആരോപിച്ചു പാക് ഭരണകൂടം വാഗയിലെ സൈനിക നേതൃത്വത്തോട് ഇതുസംബന്ധിച്ചു വിശദീകരണം തേടിയതോടെ പ്രശ്നം സങ്കീര്‍ണമാകുമെന്നാണു റിപ്പോര്‍ട്ട്.

ജയറാം രമേഷ് അതിര്‍ത്തിയില്‍ നിന്നു നാല്പതു വാര അകലെ പാക് ഭൂമിയിലുള്ള പാരാമിലിട്ടറി റേഞ്ചേഴ്സ് കോണ്‍ഫറന്‍സ് ഹാളില്‍ കയറിയെന്നാണ് ആരോപണം. എന്നാല്‍, അതിര്‍ത്തി നിയമങ്ങളൊന്നും താന്‍ ലംഘിച്ചില്ലെന്നു ജയറാം രമേഷ് പറയുന്നു. ആകാംക്ഷകൊണ്ട് പാക് അതിര്‍ത്തിയിലേക്കു രണ്ടടി ദൂരം മാത്രമാണു മന്ത്രി നടന്നു കയറിയതെന്നും പാക്കിസ്ഥാനി അധികൃതരൊന്നും അദ്ദേഹത്തെ തടഞ്ഞില്ലെന്നും ജയറാം രമേഷിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

താന്‍ അവധിയായിരുന്നെന്നും അന്വേഷിച്ചശേഷം വിവരം പറയാമെന്നാണ് ഇതേപ്പറ്റി ബി.എസ്.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ അരവിന്ദ് രഞ്ജന്റെ പ്രതികരണം.

കരസേനാ മേധാവിയായിരുന്ന ജന. കെ.എം. കരിയപ്പ 1947-ല്‍ വാഗ അതിര്‍ത്തി കടന്നതു വിവാദമായിരുന്നു. അവിഭക്ത ഇന്ത്യയില്‍ ബ്രിഗേഡിയറായി ഒപ്പം ജോലി ചെയ്തിരുന്ന അന്നത്തെ പാക് കരസേനാ മേധാവി ജന. മൂസാഖാനെ കാണാന്‍ കരിയപ്പ വാഗ കടന്നു ജീപ്പോടിച്ചു പോകുകയായിരുന്നു. ഓഫീസിനു പുറത്തെത്തിയ കരിയപ്പയെ പക്ഷേ മൂസാഖാന്‍ സുഹൃത്തായല്ല, ഇന്ത്യന്‍ ബ്രിഗേഡിയറായാണു കണ്ടത്. ഏറ്റവും വേഗം ഇന്ത്യന്‍ മണ്ണിലേക്കു മടങ്ങിയില്ലെങ്കില്‍ വെടിവയ്ക്കുകയോ അറസ്റ്റുചെയ്യുകയോ മൂസാഖാന്റെ പ്രതികരണം. ഇതേത്തുടര്‍ന്നു കരിയപ്പ മടങ്ങുകയായിരുന്നു.

6. റെയില്‍വേ പാസഞ്ചര്‍ കോച്ചുകളിലെ ടോയ്ലറ്റുകള്‍ നവീകരിക്കുന്നു
ന്യൂഡല്‍ഹി: തീവണ്ടി യാത്രാ കോച്ചുകളിലേ വൃത്തിഹീനവും അപര്യാപ്തവുമായ ടോയ്ലറ്റുകള്‍ക്കു പകരം പുതിയ തരം ടോയ്ലറ്റുകളുമായി റെയില്‍വേ രംഗത്ത്. യാത്രക്കാര്‍ക്കുള്ള പരമ്പരാഗത ടോയ്ലറ്റുകള്‍ക്കു പകരം പ്രകൃതിക്ക് അനുയോജ്യവും വൃത്തിയും വെടിപ്പുമുള്ളതുമായ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണു റെയില്‍വേ ഒരുങ്ങുന്നത്.

വിമാനങ്ങളിലും മറ്റുമുപയോഗിക്കുന്ന വാക്വം അസിസ്റ്റഡ് ടോയ്ലറ്റുകള്‍ ഉള്‍പ്പെടെ നവീന മാതൃകയിലുള്ള മൂന്നു തരം ടോയ്ലറ്റുകള്‍ യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്താനാണു റെയില്‍വേ തീരുമാനം. ഇതിനെക്കുറിച്ചുള്ള സാങ്കേതിക വിശകലനങ്ങള്‍ നടത്തിവരികയാണെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിലവില്‍ യാത്രാ കോച്ചുകളിലെ ടോയ്ലറ്റുകളില്‍ നിന്നുള്ള വിസര്‍ജ്യങ്ങള്‍ പാളവും അതിന്റെ പരിസരങ്ങളും വൃത്തിഹീനമാകുവാന്‍ ഇടയാകുന്നു. ഇതിനു പരിഹാരമായിട്ടാണു റെയില്‍ വേയുടെ പുതിയ സംവിധാനം. 1.6 കോടി യാത്രക്കാര്‍ ദിനംപ്രതി 8000 ട്രെയിന്‍ സര്‍വീസുകളിലായി സഞ്ചരിക്കുന്നുണ്ട്.

7. അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവച്ചു കൊന്നു
ഗമറിയ: അമേരിക്കയില്‍ നോര്‍ത്തു കരോലിനയിലെ ദുര്‍ഗമില്‍ എന്‍ജിനീയറിംഗ് കോളജില്‍ കംപ്യൂട്ടര്‍ മെക്കാനിക്സില്‍ ഗവേഷണം നടത്തി കൊണ്ടിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയെ അപ്പാര്‍ട്ടുമെന്റില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്െടത്തി.

ജാര്‍ഖണ്ഡ് സ്വദേശി അഭിജിത്ത് മഹതോ(29) ആണു വെടിയേറ്റു മരിച്ചത്. ഡ്യൂക്ക് പ്രറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗിലാണ് അഭിജിത്ത് ഗവേഷണം നടത്തി കൊണ്ടിരുന്നത്.
സഹപാഠികളാണ് അഭിജിത്ത് അപ്പാര്‍ട്ട്മെന്റില്‍ വെടിയേറ്റു മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. പ്രതികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

കൊലപാതകത്തിന് കാരണം വ്യക്തമല്ല. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. അഞ്ച് ആഴ്ച്ചകള്‍ക്ക് മുന്‍പ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളെ കാമ്പസിന് ഉള്ളില്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

1. 2,335 കോടിയുടെ പുനര്‍കൃഷി പദ്ധതി അനിശ്ചിതത്വത്തില്‍
ന്യൂദല്‍ഹി: കാര്‍ഷിക വിളകളുടെ പുനരുദ്ധാരണത്തിന് വാണിജ്യമന്ത്രാലയം തയാറാക്കിയ 2,335 കോടി രൂപയുടെ പദ്ധതി ധനമന്ത്രാലയത്തിന്റെ ഉടക്കു മൂലം ചുവപ്പുനാടയില്‍ കുരുങ്ങി.

നാളികേരം, കുരുമുളക്, കാപ്പി, ഏലം, റബര്‍, കശുവണ്ടി എന്നിവയുടെ പുനര്‍കൃഷി പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപന പ്രകാരം രൂപം നല്‍കിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ സാമ്പത്തികകാര്യ സമിതിയുടെ അനുമതി മാത്രമാണ് ബാക്കി.

4,760 കോടിയുടെ തേയില നിധിക്ക് സമാനമായ പദ്ധതിയില്‍ നാളികേര പുനര്‍കൃഷിക്ക് 1,350 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രാജ്യത്ത് എട്ടര ലക്ഷത്തിലധികം ഹെക്ടര്‍ നാളികേര കൃഷിയുള്ളതില്‍ പകുതിയോളം വിസ്തൃതിയില്‍ 10 കൊല്ലം കൊണ്ട് മോശം തെങ്ങുകള്‍ വെട്ടിമാറ്റി പുനര്‍കൃഷി നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കുരുമുളകിന്റെ പുനര്‍കൃഷിക്ക് 300 കോടി മുടക്കാനും ലക്ഷ്യമിടുന്നു. ആകെയുള്ള 2.68 ലക്ഷത്തില്‍ ഒരു ലക്ഷം ഹെക്ടറില്‍ അഞ്ചുകൊല്ലം കൊണ്ട് പുതിയ കുരുമുളക് നടും. കാപ്പിക്ക് 180 കോടി, റബറിന് 323 കോടി, ഏലത്തിന് 122 കോടി, കശുവണ്ടിക്ക് 60 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. 69,000 ഹെക്ടര്‍ ഏലകൃഷിയില്‍ 65,000 ഹെക്ടറിലും പുനര്‍കൃഷി നടത്താനാണ് പരിപാടി.

ബജറ്റ് പ്രഖ്യാപനം നടത്തിയ ധനമന്ത്രി പി. ചിദംബരം തന്നെയാണ് അധികച്ചെലവിന്റെ പേരില്‍ അന്തിമ ഘട്ടത്തില്‍ പദ്ധതിക്ക് ഉടക്കിട്ടത്. പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ സമയമായി വരുമ്പോഴും, ഒരു കൊല്ലം മുമ്പത്തെ പ്രഖ്യാപനം എന്ന് നടപ്പില്‍ വരുമെന്ന് വ്യക്തതയില്ല. വാണിജ്യമന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രിസഭാ സാമ്പത്തികകാര്യ സമിതിയാണ് അന്തിമാനുമതി നല്‍കേണ്ടതെന്നും വാണിജ്യ സഹമന്ത്രി ജയ്റാം രമേശ് വാര്‍ത്താലേഖകരോട് വിശദീകരിച്ചു.

4,760 കോടി രൂപയുടെ പ്രത്യേക തേയില നിധി പദ്ധതി പ്രകാരമുള്ള പുനര്‍കൃഷി പരിപാടി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി തുകയുടെ നാലിലൊന്നു വീതം കേന്ദ്ര സബ്സിഡിയും കര്‍ഷക വിഹിതവും ബാക്കി വായ്പയുമാണ്. ഇതേ മാതൃകയില്‍ തന്നെയാണ് മറ്റ് കാര്‍ഷിക വിളകള്‍ക്കുള്ള സഹായ പദ്ധതി. തേയില നിധി പദ്ധതിപ്രകാരം, പഴയ തേയിലച്ചെടി വെട്ടിമാറ്റി പുതിയത് നടുന്നതിന് കേരളത്തില്‍ നിന്ന് അപേക്ഷ കുറവാണെന്ന് മന്ത്രി പറഞ്ഞു. ഉയര്‍ന്ന ചെലവും തൊഴിലാളികളെ കിട്ടാനില്ലാത്തതുമാണ് കാരണം.

2. തമിഴ്നാട്ടില്‍നിന്ന് 10,000 ടണ്‍ അരി; പാല്‍ ഇറക്കുമതിക്കും ധാരണ
ചെന്നൈ: കേരളത്തിലെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി തമിഴ്നാട്ടില്‍നിന്ന് 10,000 ടണ്‍ അരി ലഭ്യമാക്കാനും പാല്‍ ഇറക്കുമതി പുനരാരംഭിക്കാനും മന്ത്രിതല ചര്‍ച്ചയില്‍ ധാരണയായി. അരി സ്ഥിരമായി നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷീരോല്‍പാദനത്തിലും കോഴിവളര്‍ത്തലിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങള്‍ക്കും തമിഴ്നാടിന്റെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

അരിവിലവര്‍ധനയും പാല്‍ക്ഷാമവും പരിഹരിക്കുന്നതിന് സംസ്ഥാന ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെന്നൈയിലാണ് തമിഴ്നാട് മന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. അരി ലഭ്യമാക്കുന്നതു സംബന്ധിച്ച് തമിഴ്നാട് ഭക്ഷ്യമന്ത്രി എ.വി. വേലുവുമായി നടത്തിയ ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടു. എഫ്.സി.ഐ നിരക്കില്‍ 10,000 ടണ്‍ ചമ്പാ അരി (കുറുവ) നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ചമ്പാ അരിയുടെ വിളവെടുപ്പ് തുടങ്ങിയിട്ടുണ്ടെങ്കിലും തമിഴ്നാട്ടില്‍ ഇതിന് ഡിമാന്റ് കുറവാണ്. അളവിന്റെ കാര്യത്തില്‍ തമിഴ്നാട്ടില്‍നിന്ന് ഉറപ്പൊന്നും ലഭിച്ചില്ലെങ്കിലും അടുത്ത മാസത്തോടെ പരമാവധി അരി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രി കരുണാനിധി ഔപചാരിക അനുമതി നല്‍കേണ്ടതുണ്ട്. അതിനായി കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കരുണാനിധിയുമായി ഫോണില്‍ ബന്ധപ്പെടുമെന്ന് സി. ദിവാകരന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചയില്‍ ഇരുസംസ്ഥാനങ്ങളിലെയും ഭക്ഷ്യവകുപ്പ് സെക്രട്ടറിമാരും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍മാരും പങ്കെടുത്തു.

തമിഴ്നാട് ക്ഷീരവികസനമന്ത്രി മതിവാണനുമായി സി. ദിവാകരന്‍ നടത്തിയ ചര്‍ച്ചയില്‍ തമിഴ്നാട്ടില്‍നിന്നുള്ള പാല്‍ ഇറക്കുമതി പുനരാരംഭിക്കുന്ന കാര്യത്തിലും ധാരണയിലെത്തി. കേരളത്തിന്റെ പ്രതിദിന ആവശ്യം എട്ടു ലക്ഷം ലിറ്റര്‍ പാലും ഉല്‍പാദനം ആറു ലക്ഷം ലിറ്ററുമാണ്. രണ്ടു ലക്ഷം ലിറ്ററിന്റെ കുറവാണുള്ളത്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിയിലൂടെയാണ് ഇത് പരിഹരിക്കുന്നത്. നേരത്തേ കേരളത്തിന് പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ നല്‍കിയിരുന്ന തമിഴ്നാട് ഏതാനും മാസങ്ങളായി പാലിന്റെ ഇറക്കുമതി ക്രമേണ കുറച്ചുകൊണ്ടുവന്ന് ഇപ്പോള്‍ പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്. പഴയതുപോലെ ഒരു ലക്ഷം ലിറ്റര്‍ പാല്‍ നല്‍കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെച്ചത്. എന്നാല്‍ തമിഴ്നാട്ടിലും ഇപ്പോള്‍ പാല്‍ ഉല്‍പാദനത്തില്‍ പ്രതിസന്ധിയുണ്ടെന്നും ഈ മാസം അവസാനത്തോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി മതിവാണന്‍ അറിയിച്ചു. ഇതിനുശേഷം കേരളത്തിന് പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ വീതം പാല്‍ നല്‍കാമെന്നും തമിഴ്നാട് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയില്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ പട്ജോഷി, ജനറല്‍ മാനേജര്‍ സതീശന്‍ എന്നിവരും പങ്കെടുത്തു.

ക്ഷീരോല്‍പാദനത്തിലും കോഴിവളര്‍ത്തലിലും തമിഴ്നാട് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പിന്റെ സഹകരണത്തിന് സി. ദിവാകരനും തമിഴ്നാട് മൃഗസംരക്ഷണമന്ത്രി ഗീതാ ജീവനുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരളം തമിഴ്നാട് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പില്‍നിന്ന് മൂന്നു കോടി രൂപക്കുള്ള ഹൈബ്രീഡ് ഇനം പശുക്കളെ ഇറക്കുമതി ചെയ്തിരുന്നു. ഈ വര്‍ഷം അഞ്ചു കോടി രൂപക്കുള്ള പശുക്കളെ ഇറക്കുമതി ചെയ്യും. തമിഴ്നാട്ടിലെ നാമക്കല്‍ മാതൃകയില്‍ കേരളത്തിലും കോഴിവ്യവസായം വികസിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കാനും തമിഴ്നാട് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളതായി മന്ത്രി അറിയിച്ചു.

3. സംവരണത്തിന് എതിരെ വിജ്ഞാന കമീഷന്‍
ന്യൂദല്‍ഹി: സാമുദായികാടിസ്ഥാനത്തിലുള്ള സംവരണത്തിന് ദേശീയ വിജ്ഞാന കമീഷന്റെ എതിര്‍പ്പ്. സാമുദായിക സംവരണത്തിനുപകരം എല്ലാവര്‍ക്കും തുല്യാവസരം ലഭ്യമാക്കുന്നതിലാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സാം പിത്രോഡ ചെയര്‍മാനായ കമീഷന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നിയമിച്ച ഉന്നതാധികാര ഉപദേശക സമിതിയാണ് ഡോ. ജയതിഘോഷ്, ഡോ. അശോക് ഗാംഗുലി, ഡോ. ദീപക് നയ്യാര്‍, നന്ദന്‍ നിലേകാനി, സുജാതാ രാമദുരൈ എന്നിവര്‍ അംഗങ്ങളായ കമീഷന്‍. കമീഷന്റെ രണ്ടാം റിപ്പോര്‍ട്ട് ഇന്നലെ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

സംവരണ കാര്യത്തില്‍ തങ്ങളുടെ പഴയ നിലപാടില്‍ മാറ്റമില്ല. ഈ നിലപാട് തള്ളണോ കൊള്ളണോ എന്ന കാര്യം ഗവണ്‍മെന്റിന് തീരുമാനിക്കാം ^സാംപിത്രോഡ വ്യക്തമാക്കി.
സംവരണമാണ് പരിഹാരമാര്‍ഗം എന്ന് ഞങ്ങള്‍ കരുതുന്നില്ലെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കമീഷന്‍ അംഗം ജയതിഘോഷ് അഭിപ്രായപ്പെട്ടു. സ്കൂള്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഉന്നതവിദ്യാഭ്യാസ സൌകര്യങ്ങള്‍ വ്യാപിപ്പിക്കുകയുമാണ് വേണ്ടതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്പത് ശതമാനമേ സംവരണം പാടുള്ളൂ എന്ന് ഹൈക്കോടതിയും പറഞ്ഞിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ അഴിച്ചുപണി വേണമെന്ന് വിജ്ഞാന കമീഷന്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. അതോടൊപ്പം, അവയുടെ നിലവാരം നിശ്ചയിക്കാന്‍ സ്വതന്ത്രമായ റേറ്റിംഗ് സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും ശിപാര്‍ശയുണ്ട്.
യു.ജി.സി, ബാര്‍കൌണ്‍സില്‍, മെഡിക്കല്‍ കൌണ്‍സില്‍ തുടങ്ങിയ നിയന്ത്രണ ഏജന്‍സികള്‍ ഇപ്പോള്‍തന്നെ അമിതഭാരത്താല്‍ ബുദ്ധിമുട്ടുകയാണെന്ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ പിത്രോഡ ചൂണ്ടിക്കാട്ടി.
കമീഷന്റെ പ്രവര്‍ത്തനം ജില്ല, സംസ്ഥാനതലത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം അറിയിച്ചു. പതിനൊന്നാം പദ്ധതിയില്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുകയാണ് ഇതില്‍ ഉദ്ദേശിക്കുന്നത്. ഇതിനായി 17 സംസ്ഥാനങ്ങളുമായി കമീഷന്‍ ചര്‍ച്ച നടത്തി.

ഇപ്പോള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ടില്‍ നിയമം, ആരോഗ്യം, മാനേജ്മെന്റ് വിദ്യാഭ്യാസം, ബൌദ്ധികാവകാശം, പാരമ്പര്യ ആരോഗ്യം എന്നീ മേഖലകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിയമവിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുംവിധം ശക്തമായ ഒരു നിയന്ത്രണ സംവിധാനം ഉണ്ടാകണമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ കീഴിലുള്ള എല്ലാ നിയമപഠന സ്ഥാപനങ്ങളും ഇതിന്റെ നിയന്ത്രണത്തിലാകും.

ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ ലൈസന്‍സ് കൊടുക്കുന്നതിനും പരീക്ഷകള്‍ നടത്തുന്നതിനും മെഡിക്കല്‍ കൌണ്‍സിലിനുള്ള അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ ആക്ട് ഭേദഗതി ചെയ്യണമെന്നതാണ് കമീഷന്റെ മറ്റൊരു ശിപാര്‍ശ. ഇത് സ്വാശ്രയ മെഡിക്കല്‍ കോളജുകളെ നിയന്ത്രിക്കാനുള്ള മെഡിക്കല്‍ കൌണ്‍സിലിന്റെ അധികാരം ഇല്ലായ്മ ചെയ്യും.

വിവരസാങ്കേതിക വിദ്യ, ബൌദ്ധിക സ്വത്തവകാശം എന്നീ മേഖലകളില്‍ പൊളിച്ചെഴുത്ത് നടത്തുന്നതിനുതകുന്ന ഏതാനും ശിപാര്‍ശകളും ഇക്കൂട്ടത്തിലുണ്ട്. 20 വിഷയങ്ങളില്‍ 160 നടപടികള്‍ക്കാണ് കമീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. കമീഷന്റെ ശിപാര്‍ശകള്‍ സ്വീകരിക്കപ്പെടുന്നതിന്റെ തെളിവാണ് 11ാം പദ്ധതിയില്‍ വിദ്യാഭ്യാസത്തിന് 30,000 കോടി രൂപ വകയിരുത്തിയതെന്ന് സാംപിത്രോഡ പറഞ്ഞു.

4. കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ ബി.ഒ.ടി വ്യവസ്ഥ അട്ടിമറിച്ചു
ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളം ബി.ഒ.ടി വ്യവസ്ഥയിലോ നെടുമ്പാശേരി മാതൃകയില്‍ പൊതുജന, പൊതുസ്ഥാപന പങ്കാളിത്തമുള്ള കമ്പനി രൂപവത്കരിച്ചോ നിര്‍മിക്കണമെന്ന നിര്‍ദേശം വ്യവസായ ലോബിയുടെ സമ്മര്‍ദത്തിനിടയില്‍ അട്ടിമറിക്കപ്പെട്ടു.

സര്‍ക്കാറിന് നാലിലൊന്ന് പങ്കാളിത്തം മാത്രമുള്ള സംയുക്ത സംരംഭം തുടങ്ങി വിമാനത്താവളം നിര്‍മിക്കാനുള്ള തീരുമാനം ഇതിന്റെ ഫലമാണ്. കണ്ണൂരിന് വിമാനത്താവളം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കില്‍, നിര്‍മാണം സ്വന്തംനിലക്ക് നടത്താന്‍ വരെ താല്‍പര്യം പ്രകടിപ്പിച്ച് അക്കാലം മുതല്‍ പ്രമുഖ ഹോട്ടല്‍^വ്യവസായ ശൃംഖലയായ ലീലാഗ്രൂപ്പിനെ നയിക്കുന്ന കണ്ണൂര്‍ സ്വദേശി ക്യാപ്ടന്‍ കൃഷ്ണന്‍ നായര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ ലീലാ ഗ്രൂപ്പും സംസ്ഥാന സര്‍ക്കാറുമായി വിമാനത്താവള നിര്‍മാണത്തിന് ധാരണാപത്രം ഒപ്പിടുന്നുവെന്ന ഘട്ടം വരെ എത്തിയിരുന്നു.

പിന്നെയും മന്ദീഭവിച്ചുപോയ വിമാനത്താവള നിര്‍മാണത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ സജീവമാക്കി. സ്വകാര്യമേഖലയില്‍ നിര്‍മിച്ച് നിശ്ചിതകാലം പ്രവര്‍ത്തിപ്പിച്ച് സര്‍ക്കാറിലേക്ക് കൈമാറുന്ന ബി.ഒ.ടി വ്യവസ്ഥ പ്രകാരം വിമാനത്താവളം നിര്‍മിക്കുന്നതിന്റെ സാധ്യത ആരായാന്‍ 2004 നവംബര്‍ 24ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗം തത്വത്തില്‍ തീരുമാനിച്ചിരുന്നു. അതിന് ശേഷം ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ നെടുമ്പാശേരി മാതൃകയില്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള കമ്പനി ഉണ്ടാക്കി നിര്‍മാണം നടത്തുന്നതിനോടായിരുന്നു താല്‍പര്യം. ഇതിനൊപ്പം ബി.ഒ.ടി വ്യവസ്ഥയും അഭികാമ്യമായി ചര്‍ച്ച ചെയ്യപ്പെട്ടു.

എന്നാല്‍ ശാശ്വതമായി സ്വകാര്യ ഗ്രൂപ്പിന് നിയന്ത്രണമുള്ള വിമാനത്താവളം കണ്ണൂരില്‍ നിര്‍മിക്കുന്നതിനുള്ള അന്തിമാനുമതിയാണ് ഏറ്റവുമൊടുവില്‍ ഉണ്ടായിരിക്കുന്നത്. നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറുക എന്നതിന് പകരം, നിര്‍മിച്ച് സ്വന്തമാക്കി പ്രവര്‍ത്തിപ്പിക്കുക എന്ന വ്യവസ്ഥയാണ് ഇപ്പോഴുള്ളത്. ബി.ഒ.ടി വ്യവസ്ഥ പ്രകാരം 30 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിച്ച് സര്‍ക്കാറിലേക്ക് കൈമാറുന്നതാണ് നിലവിലെ രീതി. വേണമെങ്കില്‍ മറ്റൊരു 30 വര്‍ഷം കൂടി സര്‍ക്കാറിന് നീട്ടിക്കൊടുക്കാം. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വര്‍ഷമെത്ര കഴിഞ്ഞാലും ഇന്നത്തെ നിലക്ക് സര്‍ക്കാറിനോ പൊതുജനങ്ങള്‍ക്കോ സ്വാധീനമുണ്ടാവില്ല.

പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ നെടുമ്പാശേരി രീതി സ്വീകരിക്കുന്നതാണ് ഉചിതമെന്ന് വ്യോമയാന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍പ് ശിപാര്‍ശ ചെയ്തിരുന്നു. സി.പി.എം നേതാവ് നീലോല്‍പല്‍ ബസു നയിച്ച സമിതിയായിരുന്നു ഇത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വകാര്യ പങ്കാളിത്ത പ്രശ്നമുയര്‍ത്തി പ്രക്ഷോഭം നയിച്ച സി.പി.എം, സ്വന്തം സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിമാനത്താവള നിയന്ത്രണം സ്വകാര്യ ഗ്രൂപ്പിന്റെ കൈയില്‍ ഏല്‍പിച്ചു കൊടുക്കുന്നതാണ് കണ്ണൂരില്‍ സംഭവിക്കുന്നത്.

വിമാനത്താവള നിര്‍മാണം 650 കോടി രൂപക്ക് തീര്‍ക്കാന്‍ കഴിയുമെന്ന് പദ്ധതി ചര്‍ച്ചാ ഘട്ടത്തില്‍ നിന്നപ്പോള്‍ ലീലാഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്ടന്‍ കൃഷ്ണന്‍നായര്‍ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സിങ്കപ്പൂരിലെ ചാങ്ഗി എയര്‍പോര്‍ട്ടിനെക്കൂടി പങ്കാളിയാക്കുന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു. കൃഷ്ണന്‍ നായര്‍ പറഞ്ഞ 650 കോടിക്കും അപ്പുറം 930 കോടിയില്‍ എത്തിനില്‍ക്കുകയാണ് സര്‍ക്കാര്‍ എസ്റ്റിമേറ്റ്.

5. വിമാനത്താവളത്തിനെതിരെ കര്‍ണാടക ലോബി കരുനീക്കുന്നു
കണ്ണൂര്‍: ഉത്തരമലബാറിന്റെ ചിരകാലാഭിലാഷമെന്ന നിലയില്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ കണ്ണൂര്‍ വിമാനത്താവളത്തിനെതിരെ കര്‍ണാടക ലോബി അണിയറ നീക്കം ശക്തിപ്പെടുത്തി. മംഗലാപുരം വിമാനത്താവള വികസനവും മൈസൂരില്‍ ഒരു മിനി വിമാനത്താവള പദ്ധതിയും മുന്നില്‍ക്കണ്ടാണിത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാമ്പത്തിക ഘടനയും വരുമാനവും പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കാനറയിലെ ചില എം.പിമാര്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്നാണ് സൂചന.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ കാസര്‍കോട് ജില്ലയിലെയും കുടകിലെയും യാത്രക്കാരും വ്യാപാര മേഖലയും മംഗലാപുരത്തുനിന്ന് അകലുമെന്നുറപ്പാണ്. 2000ല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മംഗലാപുരം ബജ്പെ വിമാനത്താവള വികസന പദ്ധതിക്ക് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍ദം ചെലുത്തിയത്. 2003ല്‍ കണ്ണൂര്‍ വിമാനത്താവളം കൊച്ചി ഗ്ലോബല്‍ മീറ്റില്‍ ഉള്‍പ്പെടുത്തി സ്വകാര്യപങ്കാളിത്തം ഉറപ്പാക്കിയതോടെ മംഗലാപുരത്തിന്റെ വികസന പദ്ധതി ത്വരിതപ്പെടുത്തി.

അതുവരെചെറുകിട വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തിയ ബജ്പെക്ക് അന്താരാഷ്ട്ര പദവി നല്‍കി വികസിപ്പിക്കാനുള്ള നീക്കം ഏറെക്കുറെ വിജയിച്ചു. ഏഴുമാസം മുമ്പ് ഗള്‍ഫ് വിമാന സര്‍വീസ് നേരിട്ട് ആരംഭിക്കുകയും ചെയ്തു. സൌദി, കുവൈത്ത് ഒഴികെയുള്ള മിക്ക ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇവിടെനിന്ന് ഇപ്പോള്‍ സര്‍വീസുണ്ട്. കണ്ണൂര്‍ വിമാനത്താവളം ഇതിന് കനത്ത തിരിച്ചടിയാണ്.
മംഗലാപുരം നഗരത്തില്‍നിന്ന് 21 കിലോമീറ്റര്‍ ദൂരമുള്ള ബജ്പെയില്‍നിന്ന് മാറി 16 കിലോമീറ്റര്‍ അകലെയുള്ള കെന്‍ജാറില്‍ പുതിയ റണ്‍വേ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ആഗസ്റ്റില്‍ പൂര്‍ത്തിയാവുമെന്നാണ് നേരത്തെ അറിയിച്ചത്. തുറമുഖ നഗരമെന്ന നിലയില്‍ മംഗലാപുരത്തേക്കുള്ള കാര്‍ഗോ സര്‍വീസ്കൂടി മുന്നില്‍കണ്ടുള്ളതാണ് നിലവിലെ വിമാനത്താവളം. മംഗലാപുരത്തെ യാത്രക്കാരില്‍ 35 ശതമാനവും കേരളത്തില്‍നിന്നുള്ളവരാണ്.

സ്വകാര്യ ഘടനയെക്കുറിച്ചും പദ്ധതി അടങ്കലിനെക്കുറിച്ചും സംശയമുയര്‍ന്നിട്ടുണ്ടെങ്കിലും കണ്ണൂര്‍ വിമാനത്താവളം ഉത്തരമലബാറിന്റെ വികസനത്തില്‍ നിര്‍ണായക സൂചികയാണെന്നതില്‍ സംശയമില്ല. 300 കോടിയുടെ കൈത്തറി തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്ന ജില്ലയാണ് കണ്ണൂര്‍. ഇത് 600^700 കോടി എന്ന നിലയില്‍ പുഷ്പിച്ചുനിന്ന കാലമുണ്ടായിരുന്നു. ഇതുപോലൊരു കൈത്തറി സംരംഭം കേരളത്തിലെ മറ്റ് ജില്ലകളിലില്ല.വിമാനത്താവളം കൈത്തറി വ്യവസായത്തിന്റെ വന്‍കുതിപ്പിന് കാരണമാവും. കുടക് മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന കണ്ണൂരിലെ മരവ്യവസായത്തിന്റെയും മറ്റ് അനുബന്ധ സംരംഭങ്ങളുടെയും വളര്‍ച്ചക്കും വഴിതുറക്കും. ഏഴിമല നാവിക അക്കാദമി നേരത്തെ പ്രഖ്യാപിച്ച പൂര്‍ണരൂപത്തില്‍ നടപ്പാകാത്തതിന്റെ കാരണം വിമാനത്താവളത്തിന്റെ അഭാവമായിരുന്നു. അക്കാദമി കൂടുതല്‍ വികസിക്കാന്‍ വിമാനത്താവളം ഉപകരിക്കും.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള വിദേശ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസ് വിഭജിച്ച് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് രണ്ടുവര്‍ഷം മുമ്പ് നിലവില്‍വന്നശേഷം കോഴിക്കോട്ട് ഏറ്റവും കൂടുതല്‍ അപേക്ഷകളുള്ളത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നാണ്. അതുകൊണ്ടുതന്നെ കണ്ണൂരില്‍ പാസ്പോര്‍ട്ട് ഓഫീസ് തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. അത്രത്തോളം വിദേശയാത്രക്കാരുടെ എണ്ണം പെരുകിയ ഒരു മേഖലയെന്ന നിലയില്‍ കണ്ണൂര്‍ വിമാനത്താവളം അനിവാര്യമായ പദ്ധതിയാണെന്നതില്‍ തര്‍ക്കമില്ല.

76 ശതമാനം സ്വകാര്യ മേഖലക്ക് പങ്കാളിത്തമുള്ള പദ്ധതിയില്‍ റിയല്‍എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തുണ്ട്. സ്വകാര്യഘടനയെക്കുറിച്ച വിവാദത്തിനിടെ ഇന്നലെ ചേര്‍ന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇതുസംബന്ധിച്ച പ്രമേയത്തില്‍ പുതിയ നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. നെടുമ്പാശേãരി മാതൃകയില്‍ സംസ്ഥാന സര്‍ക്കാറിന് നേതൃത്വവും മുന്‍കൈയുമുള്ള കമ്പനിയാണ് രൂപവത്കരിക്കേണ്ടതെന്നാണ് സമ്മേളനത്തിന്റെ ആവശ്യം.
അതിനിടെ, വിമാനത്താവളത്തിന് പഴശãിരാജയുടെ പേരിടണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എ.കെ.ജിയുടെ നാമധേയമാണ് സി.പി.എം ആഗ്രഹിക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിന്റെ ഘടനയെയും പേരിനെയുംകുറിച്ച വിവാദമുയര്‍ത്തി പദ്ധതി നഷ്ടപ്പെടുത്തരുതെന്നാണ് പൊതുവെ ഉയര്‍ന്ന ആവശ്യം.

6. മിച്ചഭൂമിയില്‍ ഞങ്ങള്‍ക്ക് 300, നിങ്ങള്‍ക്ക് 70; തൊഴിലാളിക്ക് 30
തൊടുപുഴ: എച്ച്.എം.ടി ഭൂമി കുംഭകോണത്തില്‍ എച്ച്.എം.ടിക്കൊപ്പം സര്‍ക്കാറും രാഷ്ട്രീയ നേതാക്കളും തൊഴിലാളി യൂനിയനുകളും പ്രതിക്കൂട്ടില്‍.
എച്ച്.എം.ടിയില്‍ നിന്ന് ഭൂപരിഷ്കരണ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത 400 ഏക്കറില്‍ 300 ഏക്കര്‍ ഞങ്ങള്‍ക്ക്, 70 ഏക്കര്‍ നിങ്ങള്‍ക്ക്, തൊഴിലാളിക്ക് 30 ഏക്കറും, സ്വകാര്യ നിയമ പഠനകേന്ദ്രത്തിന് പത്തേക്കറും എന്ന രീതിയിലാണ് പദ്ധതിക്ക് ചരട് വലിച്ചവര്‍ ഭൂമി വീതം വെച്ചതെന്നാണ് രേഖകള്‍ തെളിയിക്കുന്നത്.

എച്ച്.എം.ടിക്ക് വ്യവസായ യൂനിറ്റ് തുടങ്ങാന്‍ 878 ഏക്കര്‍ ഭൂമിയാണ് വില ഈടാക്കാതെ 1972 ല്‍ സംസ്ഥാന സര്‍ക്കാര്‍ കളമശേãരിയില്‍ ഏറ്റെടുത്ത് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ ഭൂപരിധി നിയമത്തില്‍നിന്ന് മുഴുവന്‍ ഭൂമിയും ഒഴിവാക്കി. ’76 ജൂലൈ 31 ന് ലാന്റ് ബോര്‍ഡ് ഇതുസംബന്ധിച്ച നടപടികള്‍ അവസാനിപ്പിച്ചു. എന്നാല്‍, ഇത് ശരിയായ നടപടിയുടെ അടിസ്ഥാനത്തിലല്ലാത്തതിനാല്‍ മിച്ചഭൂമി സറണ്ടര്‍ ചെയ്യാന്‍ വീണ്ടും കമ്പനിക്ക് നോട്ടീസ് നല്‍കി. കമ്പനിയും സര്‍ക്കാറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ 781 ഏക്കര്‍ ഭൂമി മിച്ചഭൂമിയില്‍ നിന്ന് ഒഴിവാക്കി ’91 ജൂലൈ 29 ന് റവന്യൂ വകുപ്പ് ഉത്തരവിട്ടു. ഒഴിവാക്കിക്കൊടുത്ത ഭൂമി ഉപയോഗിക്കാത്തതിനാല്‍ വീണ്ടും മിച്ചഭൂമി ഏറ്റെടുക്കാന്‍ എച്ച്.എം.ടിക്ക് നോട്ടീസ് നല്‍കി. മിച്ചഭൂമി ഏറ്റെടുക്കാന്‍ വ്യവസായ വകുപ്പ് ഉത്തരവും കൊടുത്തു. ഇതിനെതിരെ എച്ച്.എം.ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

തുടര്‍ന്ന് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 300 ഏക്കര്‍ സര്‍ക്കാറിന് വിട്ടുകൊടുക്കാനും നൂറ് ഏക്കര്‍ മിച്ചഭൂമി കമ്പനിക്ക് കൊടുക്കാനും ധാരണയായി. എന്നാല്‍, ഇത് 400 ഏക്കര്‍ ഭൂമിയുടെ കാര്യം മാത്രമാണെന്നും ഒറിജിനല്‍ നോട്ടിഫിക്കേഷന്‍ പ്രകാരം 781 ഏക്കര്‍ മിച്ചഭൂമിയായി ഉണ്ടെന്നുമുള്ള വസ്തുതയുടെ അടിസ്ഥാനത്തില്‍ ബാക്കി മിച്ചഭൂമി സറണ്ടര്‍ ചെയ്യാന്‍ 2002 മാര്‍ച്ച് 21 ന് താലൂക്ക് ലാന്റ് ബോര്‍ഡ് വീണ്ടും കമ്പനിക്ക് നോട്ടീസ് നല്‍കി. എച്ച്.എം.ടി ഇതിനെതിരെ ഒബ്ജക്ഷന്‍ ഫയല്‍ ചെയ്തു. തുടര്‍ന്ന് 251 ഏക്കര്‍ ഭൂമികൂടി മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ 2002 ഏപ്രില്‍ 27ന് താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവിട്ടു.കണയന്നൂര്‍ തഹസില്‍ദാര്‍ ഭൂമി ഏറ്റെടുത്തു. ഇതിനെതിരെ എച്ച്.എം.ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസ് നിലനില്‍ക്കെയാണ് നൂറേക്കറില്‍ 70 ഏക്കര്‍ എച്ച്.എം.ടി അധികൃതര്‍ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വില്‍പന നടത്തിയത്. ഇതിന്റെ പോക്കുവരവാണ് റവന്യൂ വകുപ്പ് തടഞ്ഞത്.
എച്ച്.എം.ടിയില്‍ നിന്ന് ഏറ്റെടുത്ത 300 ഏക്കറില്‍ സംയുക്ത സംരംഭ പങ്കാളിയെ കണ്ടെത്തി സംയോജിത വ്യവസായ സമുച്ചയം സ്ഥാപിക്കുന്നതിന് 99 മേയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ഇതിനായി 250 ഏക്കര്‍ കിന്‍ഫ്രക്ക് കൈമാറി. പത്തേക്കര്‍ സ്ഥലം കൊച്ചിയിലെ സ്വകാര്യ നീതിന്യായ പഠനകേന്ദ്രത്തിന് 90 വര്‍ഷത്തെ പാട്ടത്തിന് പാട്ടക്കരമില്ലാതെ കൈമാറി. കുറച്ച് സ്ഥലം കൊച്ചി സഹകരണ മെഡിക്കല്‍ കോളജിനും നല്‍കി.

മിച്ചഭൂമിയില്‍പെട്ട 250 ഏക്കറില്‍ സ്വകാര്യ പങ്കാളിയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് വി.എസ് സര്‍ക്കാര്‍ ബയോടെക്നോളജി, ആഭരണ, ഐ.ടി സെസുകള്‍ സ്ഥാപിക്കുന്നതിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് പ്രതിഫലവും കൃത്യമായ വ്യവസ്ഥയും കൂടാതെ കൈമാറി. ഭൂമി നല്‍കിയതിന് പ്രതിഫലമായി എച്ച്.എം.ടിക്ക് സംസ്ഥാന സര്‍ക്കാര്‍ കനിഞ്ഞ നൂറേക്കറില്‍ 70 ഏക്കര്‍ ഇന്നലെ മുതല്‍ ഐ.ടി സൈബര്‍ സിറ്റിയുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന് സ്വന്തവുമായി.
ഇതിനെല്ലാം കൂട്ടുനിന്ന വ്യവസായ തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ 30 ഏക്കറും കിട്ടിയിരിക്കുകയാണ്.

1. മില്‍മ: ടോണ്‍ഡ് ബ്രാന്‍ഡുകള്‍ വിപണിയില്‍
തിരുവനന്തപുരം: മില്‍മ റിച്ച് നിര്‍ത്തലാക്കിയതോടെ ഇന്നലെ പൂര്‍ണമായും ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ് ബ്രാന്‍ഡുകള്‍ വിപണിയില്‍ എത്തി. തിരുവനന്തപുരം മേഖലയ്ക്കു കീഴില്‍ മാത്രം 1,88,000 ലിറ്റര്‍ പാലാണ് ഇന്നലെ വിറ്റഴിഞ്ഞത്.  ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ചെന്നൈയില്‍ നടത്തുന്ന ചര്‍ച്ചകളുടെ ഫലം അടുത്ത ആഴ്ചയോടെയേ വ്യക്തമാവുകയുള്ളൂ. പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ പാല്‍ കേരളത്തിനു തമിഴ്നാട്ടില്‍നിന്നു ലഭിക്കുമെന്നാണു തന്റെ പ്രതീക്ഷയെന്ന് സി. ദിവാകരന്‍ ചര്‍ച്ചകള്‍ക്കുശേഷം പറഞ്ഞിരുന്നു. നിലവിലെ 20,000 ലിറ്റര്‍ ഒരുലക്ഷം ലിറ്ററായി വര്‍ധിപ്പിക്കുമ്പോള്‍, കേരളത്തിലെ കുറവു നേരിയ തോതിലെങ്കിലും പരിഹരിക്കപ്പെടും. എങ്കിലും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാതെ കേരളത്തിനു പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണു മില്‍മ അധികൃതര്‍. പാല്‍ ഇറക്കുമതി മൂലമുള്ള നഷ്ടം സര്‍ക്കാര്‍ നികത്തുക, അല്ലെങ്കില്‍ വില കൂട്ടുക എന്ന മില്‍മയുടെ നിലപാട് അവര്‍ ആവര്‍ത്തിക്കുന്നു.

2. പറക്കുളത്ത് റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഭക്ഷ്യവിഷബാധ; 6 കുട്ടികള്‍ ആശുപത്രിയില്‍
കുമരനെല്ലൂര്‍: പറക്കുളം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു ചികില്‍സ നല്‍കി. ആറുപേരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ട കുട്ടികളെ സ്കൂള്‍ അധികൃതര്‍ തന്നെയാണ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കൂടുതല്‍ അവശരായ സ്വാതി, നീതുകൃഷ്ണ, വിനി, ശിവരശ്മി, ചിത്ര, അശ്വതി എന്നിവരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. ഭക്ഷ്യവിഷബാധയ്ക്കു കാരണം വ്യക്തമായിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്കു മാംസ ഭക്ഷണം കഴിച്ച ശേഷമാണ് അസ്വാസ്ഥ്യം തുടങ്ങിയതെന്നു കുട്ടികള്‍ പറയുന്നു. എന്നാല്‍, പതിവു ക്രമമനുസരിച്ചുള്ള ഭക്ഷണമാണു കുട്ടികള്‍ക്കു നല്‍കിയതെന്നു പ്രധാനാധ്യാപിക പറഞ്ഞു. കുട്ടികളുടെ സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

3. വൈദ്യുതി കുടിശിക 600 കോടി; നിരക്ക് കൂട്ടണമെന്നു വാട്ടര്‍ അതോറിറ്റി
പാലക്കാട്: വാട്ടര്‍ അതോറിറ്റിയുടെ വൈദ്യുതിനിരക്കു കുടിശിക 600 കോടി രൂപയായി. കുടിശിക തീര്‍ക്കാനും ഉല്‍പാദന ചെലവിലെ വര്‍ധന താങ്ങാനും വെള്ളക്കരം കൂട്ടണമെന്ന നിലപാടിലാണ് വാട്ടര്‍ അതോറിറ്റി. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. വൈദ്യുതി നിരക്കു കുടിശികയായതിന്റെ പേരില്‍ വൈദ്യുതി ബോര്‍ഡ് പല തവണ വാട്ടര്‍ അതോറിറ്റിക്കു നോട്ടീസ് നല്‍കിയെങ്കിലും തിരിച്ചടച്ചിട്ടില്ല. വെള്ളക്കരം കൂട്ടാതെ നിര്‍വാഹമില്ലെന്ന നിലപാടിലാണ് വാട്ടര്‍ അതോറിറ്റി. ഉല്‍പാദനചെലവു കൂടിയതിനാല്‍ വന്‍നഷ്ടമുണ്ടെന്നും ഒരു കിലോലിറ്ററിന് 8.35 രൂപയാണു ചെലവാകുന്നതെങ്കിലും മൂന്നു രൂപയോളം മാത്രമാണ് തിരികെ ലഭിക്കുന്നതെന്നും അതോറിറ്റി പറയുന്നു. 1999നു ശേഷം വെള്ളക്കരം വാട്ടര്‍ അതോറിറ്റി വര്‍ധിപ്പിച്ചിട്ടില്ല.  കഴിഞ്ഞ വര്‍ഷം മേയില്‍ വെള്ളക്കരം വര്‍ധിപ്പിക്കുന്നതിനായി ശുപാര്‍ശ നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. നവംബറില്‍ പുതുക്കിയ ശുപാര്‍ശകള്‍ നല്‍കിയിരുന്നു. എന്നാല്‍, വെള്ളക്കരം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു  മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ‘മനോരമയോടു പറഞ്ഞു.

4. വിവരം നല്‍കാന്‍ മടി; ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ എക്സൈസിനെതിരെ
കൊച്ചി: സംസ്ഥാനത്തു വിറ്റഴിയുന്ന വ്യാജക്കള്ളിനെക്കുറിച്ചു വിവരം നല്‍കാന്‍ വിസമ്മതിച്ച എക്സൈസ് വകുപ്പിനെതിരെയുള്ള പരാതിയില്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നടപടി സ്വീകരിക്കുന്നു. സംസ്ഥാന എക്സൈസിന്റെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഫെബ്രുവരി രണ്ടിനു കമ്മിഷന്‍ ആസ്ഥാനത്തു തെളിവെടുപ്പിനു ഹാജരാകാനാണു നിര്‍ദേശം. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം സമര്‍പ്പിച്ച അപേക്ഷയില്‍ അപൂര്‍ണമായ മറുപടിയാണ് എക്സൈസ് വകുപ്പു നല്‍കിയത്. 2007 നവംബര്‍ 16നു സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടും കള്ളുവില്‍പന സംബന്ധിച്ച പൂര്‍ണവിവരം നല്‍കാന്‍ തയാറായില്ലെന്നാരോപിക്കുന്ന ഹര്‍ജിയിലാണു നടപടി.

5. സിപിഎം കരടുപ്രമേയത്തില്‍ ബംഗാളിലെ പാഠങ്ങളും
ന്യൂഡല്‍ഹി: ബംഗാളിലെ ദുരനുഭവങ്ങള്‍ സര്‍ക്കാരിതര സാമൂഹിക സംഘടനകളെ (എന്‍ജിഒ) കുറിച്ചുള്ള വിമര്‍ശനം രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിലൊതുക്കാതെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിലേക്കു തന്നെ കൊണ്ടുവരാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചു. വ്യവസായവല്‍ക്കരണം അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയിലെ മുതലാളിത്ത വിരുദ്ധ പക്ഷത്തിന്റെ ശബ്ദം കരടുരാഷ്ട്രീയ പ്രമേയത്തില്‍ ശക്തമാണ്.

അന്തര്‍ സംസ്ഥാന ജല തര്‍ക്കങ്ങള്‍ നിയമപ്രക്രിയയും ചര്‍ച്ചകളുംവഴി പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പക്ഷേ, ജലതര്‍ക്കങ്ങളായി കാവേരി പ്രശ്നവും പഞ്ചാബും ഹരിയാനയുമായുള്ള തര്‍ക്കവും മാത്രമേ പറയുന്നുള്ളൂ. മുല്ലപ്പെരിയാര്‍ ഇല്ല.

നന്ദിഗ്രാമിലും സിംഗൂറിലും മനുഷ്യാവകാശ ലംഘനം ഉണ്ടായപ്പോള്‍ ചില ഇടതു ബുദ്ധിജീവികളും എന്‍ജിഒകളും സ്വീകരിച്ച ശക്തമായ നിലപാടുകള്‍ പാര്‍ട്ടിക്ക് ഇരുട്ടടി ആയിരുന്നു.  ഇതാണു പ്രമേയത്തിലൂടെത്തന്നെ എന്‍ജിഒകളെ ആക്രമിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. ഹിന്ദുത്വ അജന്‍ഡയ്ക്കെതിരെ ശബ്ദിക്കുന്ന എന്‍ജിഒകളെ ആര്‍എസ്എസ് വിമര്‍ശിക്കാറുള്ള മാതൃകയില്‍ തന്നെയാണു ബംഗാള്‍ പ്രശ്നത്തില്‍ സിപിഎമ്മും കുറ്റപ്പെടുത്തുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എന്‍ജിഒകളുടെ വിദേശസഹായം തടയണമെന്നും ഇടതുവിരുദ്ധ എന്‍ജിഒകളെ നേരിടണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.രാഷ്ട്രീയ ഇടപെടലുകള്‍ ഉള്ളതും ഇല്ലാത്തതും വിദേശസഹായമുള്ളതും അത് ഇല്ലാത്തതുമായ എന്‍ജിഒകള്‍ സമ്മേളിക്കാറുള്ള വേള്‍ഡ് സോഷ്യല്‍ ഫോറത്തിലും മറ്റും കേരളത്തിലേതടക്കമുള്ള സിപിഎം നേതാക്കള്‍ സജീവ സാന്നിധ്യങ്ങളാണ് എന്നതു പക്ഷേ, പാര്‍ട്ടി നിലപാടിനുമേല്‍ നിഴല്‍ വീഴ്ത്തുന്നു.

സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ തൊഴിലുറപ്പു നിയമം, ആദിവാസികളുടെ വന അവകാശങ്ങള്‍, വിവരാവകാശ നിയമം തുടങ്ങി പല വിഷയങ്ങളും ആദ്യം ഉന്നയിച്ചതും എന്‍ജിഒകളായിരുന്നു. ഇന്നലെ പുറത്തുവിട്ട കരടുപ്രമേയത്തിലൂടെ സിപിഎം ഏറ്റെടുക്കുന്ന ‘കാലാവസ്ഥ മാറ്റം എന്ന വിഷയം കൊണ്ടുവന്നതും എന്‍ജിഒകള്‍ തന്നെ.  വിദേശ കുത്തക കമ്പനികള്‍ ഇന്ത്യയിലേക്കു കടന്നുവരുന്ന തിനോടുള്ള എതിര്‍പ്പ് ഉപേക്ഷിച്ച സിപിഎം പക്ഷേ, ഇത്തരം കമ്പനികളുടേത് ഉള്‍പ്പെടെയുള്ള സഹായം സ്വീകരിക്കാറുള്ള എന്‍ജിഒകള്‍ ക്കെതിരെ വാളോങ്ങുന്നതും ഇരട്ടത്താപ്പാണെന്നു വ്യാഖ്യാനമുണ്ട്.

പ്രത്യേക സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുമ്പോള്‍ കര്‍ഷക താല്‍പര്യം ഉറപ്പാക്കണമെന്നു ബംഗാളില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ടു പ്രമേയം പരാമര്‍ശിക്കുന്നു. വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ ഇളവു നല്‍കി സംസ്ഥാനങ്ങള്‍ മല്‍സരിക്കുന്നതിനെപ്പറ്റി കേരള ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഫ. പ്രഭാത് പട്നായിക് ഉന്നയിച്ച വിമര്‍ശനവും പ്രമേയത്തിലുണ്ട്. കേരളത്തില്‍ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണവും പരിസ്ഥിതി സൌഹൃദ വ്യവസായങ്ങളുമാണ് ആവശ്യം.

ഇടതു സര്‍ക്കാരുകള്‍ നിക്ഷേപവും വ്യവസായവും അടിസ്ഥാന സൌകര്യ വികസനവും കൊണ്ടുവരണം. പക്ഷേ എല്ലാ സാമ്പത്തിക-സാമൂഹിക മേഖലകളിലും സ്വകാര്യവല്‍ക്കരണം എന്ന രീതി പാടില്ല. ജനകീയ ജനാധിപത്യവിപ്ളവം എന്ന ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ ജനകീയ ജനാധിപത്യ മുന്നണി സാധ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചൈനയുടെ ദ്രുത സാമ്പത്തിക വളര്‍ച്ച സാമ്പത്തികവും പ്രാദേശികവുമായ അസമത്വങ്ങളുണ്ടാക്കി എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റുപറച്ചിലും എടുത്തുപറയുന്നു.

മാധ്യമങ്ങള്‍ക്കു പെരുമാറ്റച്ചട്ടം വേണമെന്നത് പാര്‍ട്ടിയുടെ പുതിയ ആവശ്യമാണ്. പത്രം, ടിവി തുടങ്ങി പല മേഖലകളില്‍ ഒരു കൂട്ടര്‍ തന്നെ ഉടമസ്ഥരാകുന്നതിനെ ഇപ്പോഴും എതിര്‍ക്കുന്നു. എന്നാല്‍ പത്രം നടത്തുന്ന പാര്‍ട്ടി തന്നെ ചാനലിനെ നിയന്ത്രിക്കുന്നതും ചാനല്‍ റേഡിയോ രംഗത്തേക്കു കടക്കാന്‍ ശ്രമിച്ചതും ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ചാനല്‍ പാര്‍ട്ടിയുടേതല്ലെന്നും പബ്ളിക് ലിമിറ്റഡ് കമ്പനി ആണെന്നുമായിരുന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മറുപടി.

6. ‘മാരത്തണ്‍’ വ്യാകരണം: ഇന്ത്യക്കാരന് റെക്കോര്‍ഡ്
മുംബൈ: ഏറ്റവും കൂടുതല്‍ സമയം തുടര്‍ച്ചയായി വ്യാകരണം പഠിപ്പിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡ് ഇന്ത്യക്കാരന്. ‘ഗ്രാമത്തോണ്‍ മാന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇംഗീഷ് അധ്യാപകന്‍ സഞ്ജയ് കുമാര്‍ സിന്‍ഹയാണ് 73 മണിക്കൂര്‍ 37 മിനിറ്റ് പഠിപ്പിച്ചു റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ബാന്ദ്രയിലെ ബേ സിറ്റി ക്ളബില്‍ 2005 ഒക്ടോബര്‍ 20നായിരുന്നു സഞ്ജയിന്റെ റെക്കോര്‍ഡ് അധ്യാപനം. അദ്ദേഹം വ്യാകരണം പകര്‍ന്ന 59 വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു. ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് അന്നുതന്നെ വിവരം കൈമാറിയെങ്കിലും ഇപ്പോഴാണു സര്‍ട്ടിഫിക്ക് ലഭിച്ചതെന്നു സഞ്ജയ് പറഞ്ഞു. 2004 ജനുവരിയില്‍ താക്കൂര്‍ കോളജില്‍ നടത്തിയ ക്ളാസില്‍ ഏറ്റവും വേഗത്തില്‍ വ്യാകരണം പഠിപ്പിച്ച അധ്യാപകന്‍ എന്ന റെക്കോര്‍ഡും സഞ്ജയ് നേടിയിരുന്നു.

വിഷയം വേഗത്തില്‍ മനസ്സിലാക്കുന്നതിന് ആനിമേഷന്‍, സൌണ്ട് ഇഫക്ട്, നിറങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് സഞ്ജയിന്റെ ക്ളാസ്. വ്യാകരണത്തെക്കുറിച്ച് അഞ്ചു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

7. രണ്ടുലക്ഷം വിദേശ ജോലിക്കാരെ മലേഷ്യ അടുത്തവര്‍ഷം തിരിച്ചയയ്ക്കും
ക്വാലലംപൂര്‍: മലേഷ്യന്‍ ഗവണ്‍മെന്റ് ഇന്ത്യക്കാരടക്കം രണ്ടുലക്ഷം വിദേശജോലിക്കാരെ അടുത്ത വര്‍ഷാവസാനത്തോടെ തിരിച്ചയച്ചേക്കും. അവിടത്തെ പൌരന്മാര്‍ക്കു കൂടുതല്‍ ജോലി നല്‍കാന്‍വേണ്ടിയാണിത്. ഇന്ത്യന്‍ ജോലിക്കാരെ പുതുതായി റിക്രൂട്ടു ചെയ്യുന്നതു മരവിപ്പിച്ചുവെന്ന വാര്‍ത്ത ഗവണ്‍മെന്റ് കഴിഞ്ഞമാസം നിഷേധിച്ചതിനു പിന്നാലെയാണ് ഇൌ നടപടി.ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്ന് 20ലക്ഷത്തില്‍പരം ജോലിക്കാരാണു രാജ്യത്തുള്ളത്. അവരെ ഘട്ടംഘട്ടമായി തിരിച്ചയയ്ക്കാനാണു പദ്ധതി. ഒരു വിദേശജോലിക്കാരനും ഇനിമേല്‍ അഞ്ചുവര്‍ഷമോ കൂടുതലോ കാലത്തേക്കു ജോലി അനുമതി നല്‍കുകയില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. വിദേശജോലിക്കാരുടെ സംഖ്യ അടുത്തവര്‍ഷം 18 ലക്ഷമായും 2015ല്‍ 15 ലക്ഷമായും കുറയ്ക്കാനാണു ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.

1. ബഷീര്‍കൃതികള്‍ പ്രസാധനത്തില്‍ ‘ഇമ്മിണി ബല്യ’ വിസ്മയം
കോഴിക്കോട്: മലയാളിയുടെ വായനയെ ഹൃദ്യമാക്കിയ ബഷീര്‍കൃതികള്‍ പുസ്തകവില്‍പ്പനയില്‍ ഇന്നും വിസ്മയം. കാരുണ്യത്തിന്റെയും നന്മയുടെയും കഥപറഞ്ഞ പുസ്തകങ്ങളെ മലയാളി നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്.

നോവല്‍, ചെറുകഥ, ലേഖനം, തിരക്കഥ തുടങ്ങിയ ഇനങ്ങളിലായി 32 പുസ്തകമാണ് വൈക്കം മുഹമ്മദ് ബഷീറിന്റേതായി ഇറങ്ങിയത്. രണ്ട് വാള്യങ്ങളിലായി സമ്പൂര്‍ണകൃതികളും. 1943ല്‍ പുറത്തിറങ്ങിയ ‘പ്രേമലേഖന’മാണ് ആദ്യപുസ്തകം. ‘ബാല്യകാലസഖി’ 44ലും ‘ന്റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’ 51ലും ‘പാത്തുമ്മയുടെ ആട്’ 59ലും ഇറങ്ങി. ‘ചെവിയോര്‍ക്കുക അന്തിമകാഹളം’ എന്ന ലേഖനമാണ് അവസാനകൃതി. കഥാബീജം, ശബ്ദങ്ങള്‍, ഓര്‍മക്കുറിപ്പ്, വിഡ്ഢികളുടെ സ്വര്‍ഗം, മരണത്തിന്റെ നിഴലില്‍, പാവപ്പെട്ടവരുടെ വേശ്യ, സ്ഥലത്തെ പ്രധാന ദിവ്യന്‍, ആനവാരിയും പൊന്‍കുരിശും, ജീവിതനിഴല്‍പ്പാട്, വിശ്വവിഖ്യാതമായ മൂക്ക്, വിശപ്പ്, മതിലുകള്‍, ഒരു ഭഗവദ്ഗീതയും കുറേ മുലകളും, മാന്ത്രികപ്പൂച്ച, താരാ സ്പെഷ്യല്‍സ്, ആനപ്പൂട, ഭൂമിയുടെ അവകാശികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കാലഭേദമില്ലാതെ ഈ പുസ്തകങ്ങള്‍ ഇന്നും വായനക്കാരനെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു.

ബഷീര്‍കൃതികളുടെ വാര്‍ഷികവില്‍പ്പന ആറായിരത്തിലധികമാണ്. മിക്ക പുസ്തകങ്ങള്‍ക്കും വര്‍ഷത്തില്‍ രണ്ടു പതിപ്പിറങ്ങുന്നു. വില്‍പ്പനയില്‍ മുന്നിലുള്ള ‘ബാല്യകാലസഖി’ക്കും ‘പാത്തുമ്മയുടെ ആടി’നും 21 പതിപ്പിറങ്ങി. ‘വിശ്വവിഖ്യാതമായ മൂക്ക’് 15ഉം ‘മുച്ചീട്ടുക്കളിക്കാരന്റെ മകള്‍’ 14ഉം പതിപ്പുകളായി. ’92ല്‍ രണ്ട് വാള്യങ്ങളിലായി പുറത്തിറക്കിയ ബഷീര്‍ സമ്പൂര്‍ണകൃതികളുടെ ഒമ്പതാംപതിപ്പാണ് ഇപ്പോഴുള്ളത്. ന്റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, വിശപ്പ് തുടങ്ങി പത്തു പുസ്തകങ്ങള്‍ വില്‍പ്പനയില്‍ മാസ്റ്റര്‍പീസാണെന്ന് ഡിസി ബുക്സിന്റെ പബ്ളിക്കേഷന്‍സ് മാനേജര്‍ എ വി ശ്രീകുമാര്‍ പറഞ്ഞു.

ബഷീര്‍ ജന്മശതാബ്ദിയുടെ ഭാഗമായി സി പിയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ നിരോധിച്ച ‘ധര്‍മരാജ്യം’ ഉള്‍പ്പെടെ എട്ട് അപൂര്‍വലേഖനങ്ങളുടെ സമാഹാരവും ഡിസി ഇറക്കുന്നുണ്ട്.

ലളിതമായ ഭാഷ, ജീവിതഗന്ധിയായ വിഷയം ഇതൊക്കെയാണ് ബഷീര്‍കൃതികളെ വായനക്കാരനുമായി അടുപ്പിക്കുന്നത്. ഇതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്നു. വ്യാകരണത്തിന്റെ മറ്റും പേരില്‍ ബഷീറിന്റെ രചനയെ ചിലര്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, അതൊക്കെ അസ്ഥാനത്താണെന്ന് അക്കാദമിക് മേഖലയില്‍ ഈ കൃതികള്‍ക്കുള്ള അംഗീകാരം തെളിയിക്കുന്നു. പാത്തുമ്മയുടെ ആട്, ന്റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, ബാല്യകാലസഖി, ജന്മദിനം, ടൈഗര്‍, ഭൂമിയുടെ അവകാശികള്‍ തുടങ്ങിയ കൃതികള്‍ മലയാളത്തില്‍ പാഠപുസ്തകമായി. ‘ന്റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന നോവല്‍ പാഠപുസ്തകമാക്കുന്നതിനെതിരെ ’57ല്‍ ജോസഫ് മുണ്ടശ്ശേരിക്കെതിരെ കോണ്‍ഗ്രസും മുസ്ളിംലീഗും തെരുവിലിറങ്ങിയതും ചരിത്രം.

2. പക്ഷിപ്പനി: നാമക്കല്ലില്‍ കോടിക്കണക്കിന് രൂപയുടെ മുട്ട കെട്ടിക്കിടക്കുന്നു
പാലക്കാട്: പശ്ചിമബംഗാളില്‍ പക്ഷിപ്പനി ബാധ വാര്‍ത്ത വന്നതോടെ തമിഴ്നാട്ടിലെ പ്രധാന മുട്ട ഉല്‍പ്പാദനകേന്ദ്രമായ നാമക്കല്ലില്‍ കോടിക്കണക്കിന് രൂപയുടെ മുട്ട കെട്ടിക്കിടക്കുന്നു. വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും നിലച്ചു. ഇതോടെ മുട്ടവില ഒരു രൂപ 20 പൈസയായും ഇറച്ചിക്കോഴിവില കിലോയ്ക്ക് 15 രൂപയായും കുറച്ചു.

നാമക്കല്ലില്‍നിന്നുള്ള മുട്ടയും ഇറച്ചിക്കോഴിയുമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഒരു ദിവസം 90 ലക്ഷം മുട്ടയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 40 ലക്ഷം മുട്ട കയറ്റുമതി ചെയ്യുന്നു. ഭൂട്ടാന്‍, മസ്കറ്റ്, ദോഹ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാമായും കയറ്റുമതി. പക്ഷിപ്പനി വാര്‍ത്ത പരന്നതോടെ ഭൂട്ടാന്‍, മസ്കറ്റ്, ദോഹ എന്നിവകയറ്റുമതി നിരോധിച്ചു. ആഫ്രിക്കയിലേക്ക് മാത്രമാണ് ഇപ്പോഹകയറ്റുമതി.

ദിവസവുംനാല്‍പ്പത് ലക്ഷം മുട്ട കെട്ടിക്കിടക്കുകയാണ്. പൊങ്കല്‍ അവധിയായതിനാല്‍ മുട്ടശേഖരണവും നടന്നിട്ടില്ല. അതുകൂടിയായാല്‍ കോടിക്കണക്കിന് മുട്ട നശിക്കും.

നാമക്കല്ലില്‍ 2000 കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളുണ്ട്. മൂന്നു കോടി മുട്ടക്കോഴികളാണ് വളര്‍ത്തുന്നത്. 1000 വന്‍കിട മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളും 1,000 ചെറുകിട കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ഫാമുകളില്‍ 20,000 തൊഴിലാളികള്‍ പണിയെടുക്കുന്നു. ഇതിനുപുറമെ കോഴിക്കാഷ്ടം നീക്കം ചെയ്യാനും കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും 5,000 ത്തോളം തൊഴിലാളികള്‍ വേറേയുമുണ്ട്. വന്‍കിട, ചെറുകിട മുട്ടക്കച്ചവടക്കാര്‍ 10,000ത്തിലധികമുണ്ട്്. മാസം നാല്കോടി മുട്ട തമിഴ്നാട് സര്‍ക്കാര്‍ ഉച്ചഭക്ഷണകേന്ദ്രംവഴി കുട്ടികള്‍ക്ക് നല്‍കാന്‍വാങ്ങുന്നു.

കോഴിക്കാഷ്ടം ജൈവവളമായി വിതരണം ചെയ്യുന്നവരും അത് ചാക്കിലാക്കുന്ന തൊഴിലാളികളും ചേര്‍ന്നാല്‍ ഒരുലക്ഷത്തോളം പേര്‍ പണിയെടുക്കുന്ന വ്യവസായമാണ് മുട്ടക്കോഴിവളര്‍ത്തല്‍. പക്ഷിപ്പനിബാധ കൂടുതലായാല്‍ ഇതും നിലയ്ക്കാന്‍ സാധ്യതയുണ്ട്. ആന്ധ്രപ്രദേശില്‍നിന്ന് മുട്ടയുടെ വരവ്കൂടിയായപ്പോള്‍ നാമക്കല്ലില്‍ മുട്ടഉല്‍പ്പാദകര്‍ വന്‍ പ്രതിസന്ധിയിലാണ്.

3. വികസിതരാഷ്ട്രങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കണം
കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ ശക്തമായ നിയന്ത്രണസംവിധാനങ്ങള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വ്യവസായവല്‍ക്കൃത രാഷ്ട്രങ്ങള്‍ സ്വീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. കാലാവസ്ഥാവ്യതിയാനം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വികസ്വരരാഷ്ട്രങ്ങള്‍ക്ക് പണം നല്‍കാന്‍ വികസിതരാഷ്ട്രങ്ങള്‍ തയ്യാറാകണം. കരടുരാഷ്ട്രീയപ്രമേയത്തില്‍ ആദ്യമായാണ് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പറയുന്നത്. നാല് ഖണ്ഡികകള്‍ പ്രമേയത്തില്‍ ഇതിനായി മാറ്റിവച്ചിട്ടുണ്ട്.

ആഗോള മൂലധനശക്തികളുടെ അത്യാര്‍ത്തിയാണ് ലോകത്തെ ഇത്തരമൊരു നാശത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇന്ത്യ പോലുള്ള വികസ്വരരാഷ്ട്രങ്ങളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. തീരദേശത്തെ പല ദ്വീപുകളും സമുദ്രം വിഴുങ്ങുന്നു. നെല്ല്, ഗോതമ്പ് എന്നിവയുടെ ഉല്‍പ്പാദനം കുറയുന്നു. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു. 21-ാം നൂറ്റാണ്ടില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ധിക്കുമെന്നാണ് പ്രവചിക്കുന്നത്. ഇത് തടയാനായില്ലെങ്കില്‍ ലോകത്തിലെ നാല്‍പ്പത് ശതമാനംവരുന്ന പാവപ്പെട്ടവരാണ് ഇതിന്റെ ദുരിതം പേറേണ്ടിവരിക.

ലോകജനസംഖ്യയില്‍ നാല് ശതമാനം മാത്രം വരുന്ന അമേരിക്കയാണ് അന്തരീക്ഷമലിനീകരണത്തിന്റെ 16 ശതമാനം സംഭാവന ചെയ്യുന്നത്. എന്നിട്ടും അന്താരാഷ്ട്രസമൂഹം മുന്നോട്ടുവച്ച ക്യോട്ടോ പ്രഖ്യാപനം അമേരിക്ക അംഗീകരിക്കുന്നില്ല. കാര്‍ബണ്‍ ബഹിര്‍ഗമനം നിശ്ചിത അളവില്‍ കുറയ്ക്കാന്‍ അമേരിക്ക തയ്യാറാകാത്തതുകൊണ്ടാണ് ബാലി സമ്മേളനം പരാജയപ്പെട്ടത്. മറ്റ് പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചും കരട് പ്രമേയം വിശദമായി പരാമര്‍ശിക്കുന്നുണ്ട്.
4. അധ്വാനിക്കാം… പഠിക്കാം ഇതാ കുമ്പള മാതൃക
കാസര്‍കോട്: കടപ്പുറത്തെ പണികഴിഞ്ഞ് നേരത്തെ വന്നാലേ ഒമ്പതാംക്ളാസിലെ ഷംസീറിന് രാവിലെ സ്കൂളിലെത്താനാവൂ. മൈക്കുസെറ്റുകാരോടൊപ്പം രാത്രി ജോലിക്കുപോകുന്ന എട്ടാം ക്ളാസുകാരന്‍ സജിത്ത്കുമാറും വീട്ടില്‍ ബീഡിതെറുക്കുന്ന രമ്യയും ശാലിനിയും തുടങ്ങി 28 സഹപാഠികള്‍ മണിയൊച്ചക്കൊപ്പം ആര്‍ത്തുല്ലസിച്ച് കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തും.

ജീവിതപ്പരീക്ഷ വിയര്‍പ്പുമുത്തുകളൊഴുക്കി വിജയിച്ച് സമൂഹത്തിന് മാതൃകകാട്ടുന്ന ഇവരില്‍ മിഠായിക്കച്ചവടക്കാരും പത്രവില്‍പ്പനക്കാരുംമുതല്‍ കെട്ടിടം പണിക്കാരുടെ സഹായികള്‍വരെയുണ്ട്. ദിവസം 20 രൂപമുതല്‍ 150 രൂപവരെ പണിയെടുത്തുണ്ടാക്കും.

ഭൂരിഭാഗവും പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന സ്കൂളാണ് കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പ്രാരാബ്ദംമൂലം പഠനം നിലയ്ക്കുമെന്ന ഘട്ടത്തിലാണ് പലരും പണി തേടിപ്പോയത്. കിട്ടുന്ന കൂലി മാതാപിതാക്കള്‍ക്ക് നല്‍കി കുടുംബഭാരം അകറ്റുന്നതിലും ഇവര്‍ പങ്കാളികളാകുന്നു. ബദിയഡുക്കയിലെ നിസാമുദീനും കരീമും കോണ്‍ക്രീറ്റ് പണിക്കാരാണ്. രതീഷ് മരംവെട്ടുകാരനും രഞ്ജിത്കുമാര്‍ തയ്യല്‍ക്കാരനുമാണ്. അടയ്ക്കാത്തോട്ടം നനയ്ക്കുന്ന ജയദീപും കൂലിപ്പണിയെടുക്കുന്ന കൃഷ്ണകുമാറുമൊക്കെ കൂട്ടുകാരില്‍ ആദരവാണുണ്ടാക്കുന്നതെന്ന് അധ്യാപകരായ വിനോദും ദിവാകരനും പറയുന്നു.

ഇതേ വളപ്പില്‍ത്തന്നെയുള്ള കുമ്പള ഗവ. സീനിയര്‍ ബേസിക് യുപി സ്കൂളിലുമുണ്ട് അധ്വാനത്തിന്റെ വിലയറിയുന്ന മിടുക്കന്മാര്‍. നാസിര്‍, ഫക്രുദീന്‍ സെയ്ദ്, ഫിര്‍ദൌസ്, രവിരാജ്, ജാബിര്‍, അജിത്ത്, സുഹൈല്‍, ഉഷാകിരണ്‍ എന്നിവരാണവര്‍. പഠനസമയം കഴിഞ്ഞും അവധി ദിനങ്ങളിലുമാണ് ജോലിയുടെ ടൈംടേബിള്‍.

കുട്ടികള്‍ക്ക് അഭിമാനക്ഷതമോ പ്രയാസങ്ങളോ ഇല്ലാതിരിക്കാന്‍ തങ്ങളും ശ്രദ്ധിക്കുന്നതായി സീനിയര്‍ ബേസിക് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം വിശ്വനാഥറൈ പറഞ്ഞു. ടൌണില്‍ ഇവരെ കണ്ടാല്‍ കടലയും പത്രവും പൂവുമൊക്കെ വാങ്ങി പ്രോത്സാഹിപ്പിക്കും. പഠനം മുടങ്ങാതിരിക്കണമെന്ന് സ്നേഹപൂര്‍വം ഉപദേശിക്കും.

പഠനത്തിലും ഇവര്‍ മിടുക്കരാണെന്ന് അധ്യാപകനായ പത്മനാഭന്‍ ബ്ളാത്തൂര്‍ പറഞ്ഞു. നേരം തെറ്റിയെന്നോ, ഹോംവര്‍ക്ക് ചെയ്തില്ലെന്നോ ഉള്ള കുറ്റങ്ങള്‍ക്ക് ഒരാനുകൂല്യവും ഇവര്‍ക്ക് നല്‍കേണ്ടിവരുന്നില്ല. പോക്കറ്റ്മണി വാങ്ങി ഐസ്ക്രീമും മിഠായിയും നുണഞ്ഞ് അലസതയുടെ ആദ്യപാഠം പഠിക്കുന്നവര്‍ക്കിടയില്‍ ഇവരുടേത് വേറിട്ട വഴിയാണ്.


1. ഇടതുമുന്നണി അധികാരമേറ്റശേഷം റോഡ് കരാറുകളില്‍ കോടികളുടെ ക്രമക്കേട്
തിരുവനന്തപുരം: വി.എസ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതുമരാമത്ത് വകുപ്പിന്റെ കരാറുകളില്‍ വന്‍ക്രമക്കേടു നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ക്രമക്കേടുകളിലൂടെ കോടികളുടെ നഷ്ടമുണ്ടാകുമെന്ന് ഈ മാസമാദ്യം സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2006 ജൂണ്‍ മുതല്‍ 2007 സെപ്റ്റംബര്‍വരെ മലപ്പുറം ജില്ലയിലെ എട്ടു റോഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്.

എസ്റ്റിമേറ്റ് തുക ക്രമാതീതമായി വര്‍ധിപ്പിച്ചു, പലതിലും ടെന്‍ഡര്‍ ക്ഷണിച്ചിട്ടില്ല. കാരണമില്ലാതെ എസ്റ്റിമേറ്റ് പുതുക്കുകയും കൂടുതല്‍ തുക അനുവദിക്കുകയും ചെയ്തു. ‘മെഷര്‍മെന്റ് ബുക്കി’ല്‍ തിരിമറി നടത്തി റോഡ് നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ അളവില്‍ കൃത്രിമം നടത്തിയെന്നും കണ്ടെത്തി. മഞ്ചേരി ഡിവിഷനു കീഴിലാണ് പ്രധാനമായും ക്രമക്കേടുകള്‍ നടന്നത്.
തിരൂര്‍-മലപ്പുറം-മഞ്ചേരി റോഡിന്റെ നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചില്ല. ചീഫ് എന്‍ജിനീയര്‍ സാങ്കേതിക അനുമതി നല്‍കിയത് 908.5 ലക്ഷം രൂപയുടെ കരാറായിരുന്നെങ്കിലും പിന്നീടു കാരണം കൂടാതെ ടെന്‍ഡര്‍ പുതുക്കി 999 ലക്ഷമാക്കി. നിര്‍മാണം 13 കിലോമീറ്റര്‍ മുതല്‍ 26 കിലോമീറ്റര്‍വരെയെന്നാണ് മെഷര്‍മെന്റ് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ അത്രയും കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മാണം നടന്നിട്ടില്ല. അസംസ്കൃതവസ്തുക്കളുടെ കണക്കില്‍ തിരിമറി നടത്തി. ഒന്‍പതു ലോഡ് മെറ്റല്‍ വേണ്ടിടത്ത് ഒരു ലോഡ് മെറ്റലാണ് ഉപയോഗിച്ചത്.

തൃക്കലങ്ങോട്്-വണ്ടൂര്‍-കാളികാവ് റോഡ് നിര്‍മാണത്തിന് 2006 ഫെബ്രുവരി എട്ടിനാണ് ഭരണാനുമതി നല്‍കിയത്. ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി ‘ത്രിമതി’ കോണ്‍ട്രാക്ടിംഗ് കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു. 3.77 കോടി രൂപയായിരുന്നു കരാര്‍ തുകയെങ്കിലും പിന്നീട് 4.86 കോടിയായി പുതുക്കി. 2006 ഡിസംബര്‍ നാലിനായിരുന്നു കരാര്‍തുക പുതുക്കി നല്‍കിയത്. കരാറുകാരനെ സഹായിക്കാനാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കാട്ടുങ്ങച്ചോല- പിലാക്കല്‍ പുഴക്കടവ്-പുല്ലന്‍ചേരി റോഡിന് അനുവദിച്ച 517.50 ലക്ഷം രൂപയുടെ കരാര്‍ 2007 ജനുവരി 17-ന് 628.50 ലക്ഷം രൂപയായി ഉയര്‍ത്തിയത് ഉന്നതോദ്യോഗസ്ഥരുടെ അറിവോടെയാണ്.

മഞ്ചേരി റോഡില്‍ ആക്സിഡന്റ് പ്രോണ്‍ വളവില്‍ നടന്ന നിര്‍മ്മാണം, 410 ലക്ഷം രൂപയുടെ മലപ്പുറം-കൊട്ടപ്പാഡി ബൈപാസ് റോഡ്, കാവനൂര്‍-ത്രിപ്പാഞ്ചി-മോംഗം റോഡ്, 56 ലക്ഷം രൂപയുടെ രണ്ടത്താണി-വാരിയത്ത്-കുറുകതാണി റോഡ്, 50 ലക്ഷത്തിന്റെ വെട്ടിച്ചിറ-കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് എന്നിവയുടെ നിര്‍മ്മാണത്തിലും ക്രമക്കേട് നടന്നു.

ഈ അഞ്ചു റോഡുകളുടെ നിര്‍മ്മാണത്തിന് നിയമവിരുദ്ധമായി 92.5 ലക്ഷം രൂപ അധികമനുവദിച്ചു.

2. വി.എസ്. പക്ഷത്തെ തുടച്ചുനീക്കും; പി.ബി. നോക്കുകുത്തിയാകും
തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയില്‍നിന്നു വി.എസ്. പക്ഷത്തെ തുടച്ചുനീക്കി പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കാന്‍ സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം നീക്കം തുടങ്ങി. ജില്ലാ സമ്മേളനങ്ങളില്‍ താരതമ്യേന ഏകപക്ഷീയ വിജയം നേടിയ പിണറായിവിഭാഗം പൊളിറ്റ് ബ്യൂറോയുടെ നിയന്ത്രണങ്ങള്‍ സമര്‍ഥമായി മറികടക്കാനുള്ള തന്ത്രങ്ങളാണു മെനഞ്ഞിട്ടുള്ളത്. പിണറായി വിജയന്‍ തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരും.വാര്‍ധക്യത്തിന്റെ പേരിലും ബഹുജന മുന്നണി പ്രവര്‍ത്തനത്തിലുള്ള പോരായ്മ ചൂണ്ടിക്കാട്ടിയും അച്യുതാനന്ദ പക്ഷത്തെ പലരേയും വെട്ടിനിരത്തും.

സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് സാങ്കേതികമായി സംസ്ഥാന സമ്മേളനമാണ്.
പൊളിറ്റ് ബ്യൂറോയ്ക്ക് ശക്തമായ നിരീക്ഷണം നടത്താന്‍ മാത്രമേ കഴിയു. വിഭാഗീയത നടന്നാല്‍ ഇടപെട്ട് അത് ഒഴിവാക്കണമെന്നാണ് പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും വന്ന തീരുമാനം.

കോട്ടയത്ത് അടുത്തമാസം 11 ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വിഭാഗീയതയെന്ന സംശയം ഉയരാന്‍ ഇടനല്‍കാത്തവിധം ‘വെട്ടിനിരത്തല്‍’ നടത്താന്‍ പിണറായി വിഭാഗത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല.

കൊല്ലവും എറണാകുളവും ഭാഗികമായി ഇടുക്കിയും മാത്രമാണ് വി.എസ്. വിഭാഗത്തിന് മുന്‍തൂക്കമുള്ള ജില്ലകള്‍. ഈ ജില്ലകളില്‍നിന്നുപോലും സമവായത്തിലൂടെ ഏതാനും പ്രതിനിധികളെ പിണറായി വിഭാഗം നേടിയെടുത്തിട്ടുണ്ട്.

പ്രധാനമായി യുവജന വിദ്യാര്‍ഥി രംഗത്തെ തന്റെ ഉറച്ച അനുയായികളെ ഇക്കുറി സംസ്ഥാന കമ്മിറ്റിയില്‍ പിണറായി പുതുതായി കൊണ്ടുവരും. എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി കെ.കെ.രാഗേഷ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

കൊല്ലത്ത് വി.എസ്. വിഭാഗം വെട്ടിനിരത്തിയ പിണറായി വിജയന്റെ ഉറ്റ അനുയായി കെ.വരദരാജനെ സംസ്ഥാന കമ്മിറ്റിയില്‍ കൊണ്ടുവന്നുകൊണ്ടായിരിക്കും പിണറായി മധുരമായി പകരം വീട്ടുന്നത്.

വി.എസിന്റെ ശക്തരായ വക്താക്കളായ എം.ചന്ദ്രന്‍, എസ്.ശര്‍മ്മ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍നിന്നും ഒഴിവാക്കാന്‍ പിണറായി പക്ഷം ആലോചിക്കുന്നുണ്ട്.

വി.എസിനുവേണ്ടി സംസ്ഥാന കമ്മിറ്റിയില്‍ ശക്തമായി വാദിക്കുന്നവര്‍ ഇവരാണ്. പിണറായി വിജയനെതിരേ പ്രത്യക്ഷ പ്രവര്‍ത്തനവും ഇവര്‍ നടത്തുന്നുണ്ട്.

ബഹുജന മുന്നണികളുടെ നേതൃത്വത്തിലുള്ളവരെ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

ഇക്കാരണത്താല്‍ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി സി.കെ.പി. പത്മനാഭനുനേരെ വാളോങ്ങാന്‍ ഔദ്യോഗിക വിഭാഗം തയാറാകില്ല. എന്നാല്‍ ബഹുജന മുന്നണികളുടെ ഭാരവാഹിത്വം വഹിക്കാത്ത വി.എസ്.പക്ഷക്കാരെ തെരഞ്ഞുകണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

3. പരിസ്ഥിതി കാക്കാന്‍ പഞ്ചായത്തുകളില്‍ ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മറ്റി
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനു ഗ്രാമപഞ്ചായത്ത് അടിസ്്ഥാനത്തില്‍ ആരംഭിച്ച ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മറ്റികള്‍ വ്യാപകമാക്കുന്നു.

വിതുര (തിരുവനന്തപുരം), കുമരകം (കോട്ടയം), മലമ്പുഴ (പാലക്കാട്), ചിറയ്ക്കല്‍ (കണ്ണൂര്‍), നീലേശ്വരം (കാസര്‍ഗോഡ്) പഞ്ചായത്തുകളില്‍ ആദ്യഘട്ടമായി കമ്മിറ്റി രൂപീകരിച്ചു. മാര്‍ച്ച് 31നുമുമ്പായി എല്ലാ പഞ്ചായത്തുകളിലും കമ്മിറ്റി രൂപീകരിക്കും. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ കീഴിലായിരിക്കും കമ്മിറ്റികളുടെ പ്രവര്‍ത്തനം.
പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ കമ്മിറ്റിയില്‍ വിദഗ്ധരും ഉദ്യോഗസ്ഥ പ്രതിനിധികളും ഉള്‍പ്പെടും. എല്ലാ പഞ്ചായത്തുകളിലും ജൈവ വൈധിധ്യ രജിസ്റ്റര്‍ ഉണ്ടാക്കുകയാണു പ്രധാന നടപടി. കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലെ ജൈവ സമ്പത്ത് ചൂഷണം നിയന്ത്രിക്കാനാണു ലക്ഷ്യമിടുന്നത്.

ആവാസ വ്യസ്ഥകളെയും നാട്ടറിവുകളെയും പൈതൃകസ്വത്തായി കണ്ടു രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കും. പ്രത്യേക സ്ഥലത്തു മാത്രം വളരുന്ന ചെടികള്‍ ഔഷധ നിര്‍മാണത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതിന് ഫീസ് നല്‍കി പഞ്ചായത്തിന്റെ അനുമതി വാങ്ങണം. ഇങ്ങനെ ലഭിക്കുന്ന പണം ജൈവ വൈവിധ്യ സംരക്ഷണത്തിനു പ്രയോജനപ്പെടുത്തും.

പഞ്ചായത്ത് അതിര്‍ത്തിയിലെ തടാകങ്ങളിലും മറ്റു ജലാശയങ്ങളിലും മീന്‍ പിടിക്കുന്നതിനു അനുമതിവേണ്ടിവരും. വിഷം, സ്ഫോടന വസ്തുക്കള്‍, വൈദ്യുതി തുടങ്ങിയ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതു കര്‍ശനമായി തടയും. വിവരപ്പട്ടിക നിലവില്‍ വരുന്നതോടെ മരംമുറി, മത്സ്യബന്ധനം എന്നിവയ്ക്കു നിയന്ത്രണവും ഫീസും ഏര്‍പ്പെടുത്തും.

ഓരോ പഞ്ചായത്തിലുമുള്ള ചെടികള്‍, വൃക്ഷങ്ങള്‍, പക്ഷികള്‍, കന്നുകാലി, കോഴി-താറാവ്, മത്സ്യങ്ങള്‍, മേഖലയില്‍ കണ്ടുവരുന്ന ജന്തുക്കള്‍, പ്രാണികള്‍ വരെ രജിസ്റ്ററിലാക്കാനാണു നിര്‍ദേശം.

സന്നദ്ധ സംഘടനകള്‍, യുവാക്കള്‍, കുട്ടികള്‍, ഗ്രാമീണര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണു രജിസ്റ്റര്‍ തയാറാക്കുന്നത്. വിവരപ്പട്ടിക കാലകാലങ്ങളില്‍ പുതുക്കും.

4. വനിതാ കമ്മിഷന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല: ജസ്റ്റിസ് ശ്രീദേവി
തിരുവനന്തപുരം: കമ്മിഷന് ആവശ്യമായിട്ടുള്ള സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നില്ലെന്ന് വനിതാ കമ്മിഷന്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ് ഡി.ശ്രീദേവി. കമ്മിഷന്‍ നടത്തിയ അദാലത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അദാലത്തില്‍ വന്ന നൂറ്റിപ്പത്ത് കേസുകളില്‍ 71 എണ്ണത്തിന് തീര്‍പ്പുകല്‍പ്പിച്ചു. പത്തെണ്ണം പോലീസിന്റെ പരിഗണനയ്ക്ക് വിട്ടു. ഒമ്പത് കേസുകള്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ പരിഗണനയ്ക്കും എട്ടെണ്ണം പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദ്ദേശത്തിനും വിട്ടു. അദാലത്തില്‍ പുതിയ പരാതികളൊന്നും ലഭിച്ചില്ലെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ഏഴ് കേസുകള്‍ ജാഗ്രതാ സമിതിക്കും അഞ്ച് കേസുകള്‍ വകുപ്പുതല അന്വേഷണത്തിനും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ഗാര്‍ഹിക പീഡന കേസുകളും കുടുംബ പ്രശ്ന പരാതികളുമാണ് കൂടുതലായും അദാലത്തില്‍ ഉണ്ടായിരുന്നത്. ചെക്കുകേസ്സുകളും വഞ്ചനാ കേസുകളും കമ്മിഷന്‍ പരിഗണനയ്ക്കെടുത്തു. മിക്ക വഞ്ചനാ കേസുകളിലും എതിര്‍ കക്ഷികള്‍ ഹാജരാകാതിരുന്നത് കാരണം തീര്‍പ്പുകല്‍പ്പിക്കാന്‍ കമ്മിഷനു കഴിഞ്ഞില്ല. മക്കളുപേക്ഷിച്ച തൊണ്ണൂറുകാരിയായ കരിക്കകം സ്വദേശി ദാക്ഷായണിയമ്മ, സഹോദരങ്ങള്‍ ഉപേക്ഷിച്ച ശ്രീകാര്യം സ്വദേശി കുഞ്ഞുമോള്‍, അയല്‍പക്കക്കാരുടെ പീഡനം സഹിക്കാതെ പരാതിയുമായെത്തിയ അമ്പലത്തിന്‍മൂല സ്വദേശി വില്‍സിയുടെയും പരാതികള്‍ കമ്മിഷന്‍ മുമ്പാകെ എത്തി.

ദൂരദര്‍ശനില്‍ പ്രോഗ്രാം ചെയ്യാനെന്നു പറഞ്ഞ് പലരില്‍ നിന്ന് പണം കൈപ്പറ്റി തിരിച്ചുകൊടുക്കാത്തയാള്‍ക്കെതിരെയുള്ള പരാതിയും കമ്മിഷനു മുന്നിലെത്തി.

ഭര്‍ത്തൃപീഡനം സഹിക്കാതെ വീടുവിടേണ്ടിവന്ന ഭാര്യയുടേയും മക്കളുടേയും പരാതികള്‍ തുടങ്ങിയ നിരവധി കേസുകളാണ് കമ്മിഷന്‍ പരിഗണനയ്ക്ക് എടുത്തത്.

ഗാര്‍ഹിക പീഡനക്കേസുകളില്‍ പൊലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ശ്രീദേവി കുറ്റപ്പെടുത്തി. ഇതിനായി പൊലീസ് വകുപ്പില്‍ ബോധവത്ക്കരണം നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.

5. ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനം പാളി; അവശ്യസാധന നിയമം നടപ്പായില്ല
കരിഞ്ചന്തയും പൂഴ്ത്തിവയ്പും നിയന്ത്രിക്കാന്‍ ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ പ്രഖ്യാപിച്ച അവശ്യ സാധന നിയമം (എസന്‍ഷ്യല്‍ കമ്മോഡിറ്റി ആക്ട്) നടപ്പായില്ല. പൊതു വിപണിയില്‍ വിലക്കയറ്റം രൂക്ഷമായ അവസരത്തില്‍ അതു നിയന്ത്രിക്കാനും നിയമത്തിനു കഴിയും. എന്നാല്‍ അത്യാവശ്യഘട്ടത്തില്‍ പോലും നിയമം നടപ്പാക്കാനുള്ള സന്നദ്ധത സര്‍ക്കാര്‍ കാണിക്കുന്നില്ല.

നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ പൊതുമാര്‍ക്കറ്റിലെ വില വ്യാപാരികള്‍ നിശ്ചയിക്കുന്ന സ്ഥിതിയാണുള്ളത്.പലയിടങ്ങളിലും അമിതമായി സാധനങ്ങള്‍ സ്റ്റോക്കു ചെയ്യുന്നുണ്ടെങ്കിലും, നിയമമില്ലാത്തതിനാല്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും കണ്ടെത്തി നടപടിയെടുക്കാന്‍ കഴിയുന്നില്ല. വ്യാപാരസ്ഥാപനങ്ങളില്‍ റേഷനരി സ്റ്റോക്കു ചെയ്താല്‍ കണ്ടെത്തുകയും വില വിവരപ്പട്ടിക സ്ഥാപിച്ചില്ലെങ്കില്‍ നടപടിയെടുക്കുകയുമാണു വ്യാപാരികള്‍ക്കെതിരേ കേരളത്തില്‍ സ്വീകരിക്കാവുന്ന നടപടി. പക്ഷേ റേഷനരി സ്റ്റോക്കു ചെയ്താല്‍ പോലും പലപ്പോഴും തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത പ്രശ്നമാണ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്നത്. വിലവിവരപ്പട്ടിക വച്ചില്ലെങ്കിലും ഗുരുതരമായ നടപടി അസാധ്യമാണ്.
അവശ്യ സാധന നിയമത്തിന്റെ അഭാവം കുത്തക വ്യാപാര സ്ഥാപനങ്ങള്‍ക്കും വന്‍കിട വ്യാപാരികള്‍ക്കും സഹായകമാവുകയാണ്. ബഹുരാഷ്ട്ര കുത്തകകളെ നിയന്ത്രിക്കുക എന്നലക്ഷ്യത്തോടെയാണു നിയമം കൊണ്ടുവരുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ കുത്തക സ്ഥാപനങ്ങള്‍ കര്‍ഷകരില്‍ നിന്നു നേരിട്ടു സാധനങ്ങള്‍ ശേഖരിച്ചു വിപണിയിലിറക്കാതെ തടഞ്ഞുവയ്ക്കുകയാണു ചെയ്യുന്നത്. വ്യാപാരികള്‍ ലോറിമാര്‍ഗമെത്തുന്ന ഭക്ഷ്യ സാധനങ്ങള്‍ ഗോഡൌണുകളില്‍ പൂഴ്ത്തിവയ്ക്കുന്നുവെന്നാണു ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നേരത്തേ ഉണ്ടായിരുന്ന നിയമത്തില്‍ ഓരോ വ്യാപാര സ്ഥാപനങ്ങളും നിശ്ചിത കണക്കില്‍ മാത്രമേ സാധനങ്ങള്‍ സ്റ്റോക്കു ചെയ്യാന്‍ പാടുള്ളൂ എന്നുണ്ടായിരുന്നു. എന്നാല്‍ 2002ല്‍ ബി.ജെ.പി സര്‍ക്കാര്‍ ഉദാരീകരണത്തിന്റെ ഭാഗമായി അവശ്യസാധന നിയമം പിന്‍വലിച്ചു.

നിയമം പിന്‍വലിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്താമെന്ന വ്യവസ്ഥയും വച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചില്ല. എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നു സി. ദിവാകരന്‍ ഭക്ഷ്യമന്ത്രിയായപ്പോഴാണു നിയമം നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയത്.Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w