പത്രവാര്‍ത്തകള്‍ 20-01-08

 1. സൈബര്‍ സിറ്റിയെ ചൊല്ലി ഭൂമി ഇടപാട് വിവാദം
മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തില്ല

കളമശ്ശേരി: സൈബര്‍ സിറ്റിയെ ചൊല്ലി ഭൂമി ഇടപാട് വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രിക്ക് പകരം ചടങ്ങ് ഉദ്ഘാടനത്തിനെത്തിയ വ്യവസായമന്ത്രി മാധ്യമങ്ങളെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

4000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപവും 60,000 പേര്‍ക്ക് നേരിട്ട് തൊഴിലും ലഭ്യമാക്കുമെന്ന വാഗ്ദാനവുമായാണ് സൈബര്‍ സിറ്റി നിര്‍മാതാക്കളായ ഹൌസിങ് ഡവലപ്പ്മെന്റ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് (എച്ച്.ഡി.ഐ.എല്‍) കേരളത്തിലെത്തിയത്.

പദ്ധതിക്കായി കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കളമശ്ശേരി എച്ച്.എം.ടി.യുടെ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കിടക്കുന്ന 70 ഏക്കര്‍ ഭൂമിയാണ് എച്ച്.ഡി.ഐ.എല്ലിന് വിറ്റത്. ഈ ഭൂമി വില്‍ക്കാന്‍ എച്ച്.എം.ടി.ക്ക് അധികാരമില്ലെന്നും ഇതില്‍ സര്‍ക്കാര്‍ നിര്‍മാണാനുമതി നല്‍കിയത് നിയമപരമല്ലെന്നുമുള്ള വിവാദമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

എച്ച്.എം.ടി. കമ്പനിക്കായി സംസ്ഥാന സര്‍ക്കാര്‍ 781 ഏക്കറോളം ഭൂമിയാണ് നല്‍കിയിരുന്നത്. കളമശ്ശേരിയില്‍ വന്ന വിവിധ വ്യവസായങ്ങള്‍ക്കായി ഈ ഭൂമിയില്‍ നിന്നും സ്ഥലം വിട്ടുകൊടുത്തിരുന്നു. ഇതിനുശേഷം 642 ഏക്കറാണ് എച്ച്.എം.ടി.ക്ക് ഉണ്ടായിരുന്നത്. എച്ച്.എം.ടി. സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിബന്ധനപ്രകാരം വ്യാവസായിക ആവശ്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമി 25 വര്‍ഷത്തിനുശേഷം സംസ്ഥാനത്തിന് തിരിച്ചെടുക്കാമെന്നാണ്. ഇതനുസരിച്ച് 25 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 400 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ 300 ഏക്കര്‍ ഭൂമി കിന്‍ഫ്രയ്ക്ക് നല്‍കി. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് തിരിച്ചെടുക്കുന്ന 400 ഏക്കറില്‍ 100 ഏക്കര്‍ സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാന്‍ തരണമെന്ന് എച്ച്.എം.ടി. ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എച്ച്.എം.ടി.ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 100 ഏക്കര്‍ ഭൂമിയില്‍ 70 ഏക്കറാണ് എച്ച്.ഡി.ഐ.എല്ലിന് എച്ച്.എം.ടി. 91 കോടി രൂപയ്ക്ക് വിറ്റത്.

കേന്ദ്രസ്ഥാപനമായ എച്ച്.എം.ടി.ക്ക് സ്വകാര്യസ്ഥാപനത്തിന് ഭൂമി വില്‍ക്കാന്‍ അധികാരമില്ലെന്നുള്ള വാദവും സംസ്ഥാന സര്‍ക്കാര്‍ ഈ ഭൂമിയില്‍ നിര്‍മാണാനുമതി നല്‍കരുതായിരുന്നെന്ന വാദവുമാണ് ഇപ്പോള്‍ ഉയരുന്നത്. നിയമവ്യവസ്ഥകള്‍ മറികടന്നുള്ള ഈ ഇടപാടില്‍ അന്വേഷണം വേണമെന്നുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിടും എന്നാണ് എച്ച്.ഡി.ഐ.എല്‍. അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഇതിനിടെയാണ് സൈബര്‍ സിറ്റിയെ ചൊല്ലി വിവാദമുയര്‍ന്നത്. ഇതേത്തുടര്‍ന്ന് രാത്രി തന്നെ മുഖ്യമന്ത്രി പരിപാടിയില്‍പങ്കെടുക്കേണ്ട എന്നു തീരുമാനിച്ചതായാണ് സൂചന.

ഏലൂരില്‍ രാവിലെ 9.30ന് സി.പി.എമ്മിന്റെ പരിപാടിയും മുഖ്യമന്ത്രിക്കുണ്ടായിരുന്നു. വൈകീട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മുഖ്യമന്ത്രിക്ക് വേണ്ടി ശനിയാഴ്ച രാവിലെ ആക്കുകയായിരുന്നു.

മാധ്യമസുഹൃത്തുക്കള്‍ സഹായിച്ചില്ലെങ്കിലും പാര വെയ്ക്കരുതെന്ന് മുഖ്യമന്ത്രിക്ക് പകരം ചടങ്ങ് ഉദ്ഘാടനം ചെയ്ത വ്യവസായമന്ത്രി എളമരം കരീം വിമര്‍ശനമുന്നയിച്ചു. വികസന പദ്ധതികളെ വിവാദത്തില്‍ കുടുക്കി അവയുടെ വേഗം കുറയ്ക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്. വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കി സര്‍ക്കാരിന്റെയും കമ്പനി അധികൃതരുടെയും വിശദീകരണം തേടിയശേഷം വാര്‍ത്തകള്‍ നല്‍കിയാലും കുഴപ്പമില്ലല്ലോയെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ വ്യവസായം തുടങ്ങുമ്പോള്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളിലെ 70 ശതമാനം സ്ഥലവും വ്യവസായത്തിന് ഉപയോഗിക്കണമെന്ന് കര്‍ശന നിബന്ധനയുണ്ട്. ഒരുസ്വകാര്യ കമ്പനിക്കും ഇതില്‍ സൌജന്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഈ കമ്പനിക്കും സൌജന്യം ചെയ്തിട്ടില്ല. 70 ശതമാനം വ്യവസായങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടായിരിക്കും പദ്ധതിക്ക് അന്തിമാംഗീകാരം നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഭരണപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചശേഷമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി എസ്. ശര്‍മ പറഞ്ഞു.

വിമര്‍ശനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2. നാളികേര വികസനപദ്ധതി താളംതെറ്റുന്നു
കൊല്ലം: കൃഷിവകുപ്പ് നടപ്പാക്കുന്ന നാളികേര വികസനപദ്ധതി താളംതെറ്റുന്നു.

കൃഷിക്കാര്‍ക്ക് ഒരു പ്രയോജനവും ലഭിക്കാത്ത തരത്തില്‍ പദ്ധതി നടപ്പാക്കാന്‍ കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജൈവവള കമ്പനികളും കൃഷിവകുപ്പിന് കീഴിലുള്ള കോര്‍പ്പറേഷനും ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായി.

നാളികേര വികസനപദ്ധതി നടപ്പാക്കുന്നതിന് കൃഷിഭവന്‍ പ്രദേശത്തെ എല്ലാ വാര്‍ഡുകളും ചേര്‍ത്ത് രണ്ടോ മൂന്നോ ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് പഞ്ചായത്തുസമിതികളും കാര്‍ഷിക വികസനസമിതികളും ചേര്‍ന്ന് നടപ്പാക്കണമെന്നാണ് തീരുമാനം. ആദ്യപടിയായി കേരകര്‍ഷകരുടെ യോഗം വിളിച്ചുകൂട്ടി പദ്ധതികള്‍ വിശദീകരിക്കണം. യോഗത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ ഒരാളെ കണ്‍വീനറായും വാര്‍ഡുമെമ്പറെ ചെയര്‍മാനായും തിരഞ്ഞെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ചില കൃഷിഭവനുകളില്‍ പദ്ധതികളെ കുറിച്ച് വിശദീകരണം നടന്നിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം പൂര്‍ണ്ണമായി ലഭിക്കുന്നില്ല. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമുള്ളവരെ കണ്ടുപിടിച്ച് കണ്‍വീനര്‍മാരാക്കുന്നത് മുതലാണ് പദ്ധതികളുടെ താളംതെറ്റുന്നത്.

പ്രാദേശിക സഹകരണസംഘങ്ങളില്‍ വളംഡിപ്പോകള്‍ ഉണ്ടെങ്കില്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യേണ്ട രാസവളവും ജൈവവളവും സംഘംവഴി തന്നെ വിതരണം ചെയ്യണമെന്നാണ് നടപടിക്രമം. എന്നാല്‍ ചില കൃഷിഭവനുകളില്‍ രാസവളം മാത്രം സംഘംവഴി വിതരണം ചെയ്യുന്നു. ജൈവവളം, പമ്പ് സെറ്റ് എന്നിവയുടെ വിതരണം കൃഷിവകുപ്പിന് കീഴിലെ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ വഴിയുമാക്കും. ജൈവവളം സ്റ്റോക്ക് ചെയ്യാന്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന് കൃഷിഭവന്‍ പ്രദേശത്ത് ഡിപ്പോകളില്ലാതിരിക്കെ ജൈവവളവിതരണം പേരിന് വേണ്ടി മാത്രമാകുന്നുവെന്ന ആക്ഷേപം ശക്തമാണ്. രാസവളവും ജൈവളവും രണ്ടു രീതിയില്‍ വിതരണം ചെയ്യുന്നത് ക്രമക്കേടിന് വഴിവെക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

3. എല്‍.എന്‍.ജി. പദ്ധതി വരുന്നതോടെ ഇന്ധനക്ഷാമം കുറയും
കോട്ടയ്ക്കല്‍: കൊച്ചിയിലെ എല്‍.എന്‍.ജി. ടെര്‍മിനല്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സംസ്ഥാനത്തെ ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ഇന്ധനക്ഷാമം ഒരുപരിധിവരെ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ എക്സി. ഡയറക്ടര്‍ എ.കെ. വിജയ്കുമാര്‍ പറഞ്ഞു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധസസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അതോറിറ്റിയുടെ ധനസഹായവിതരണം നിര്‍ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാസ് അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈന്‍ പദ്ധതിക്ക് 2500 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 840 കി.മീ. ദൂരം വരുന്ന പൈപ്പ് കൊച്ചിയില്‍നിന്ന് കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങള്‍ വഴിയാണ് കടന്നുപോകുന്നത്. ഇതിന്റെ പ്രയോജനം കേരളത്തിനാണ് ലഭിക്കുകയെന്നും വിജയ്കുമാര്‍ പറഞ്ഞു.

ചടങ്ങില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ എക്സി. ഡയറക്ടറില്‍നിന്ന് ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയര്‍ സഹായധനമായ 20 ലക്ഷം രൂപ സ്വീകരിച്ചു. പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അതോറിറ്റി ഡെ. ജനറല്‍ മാനേജര്‍ ആര്‍.വി. സുബ്രഹ്മണ്യന്‍ ആശംസാ പ്രസംഗം നടത്തി. ഡോ. ഇന്ദിരാബാലചന്ദ്രന്‍ സ്വാഗതവും ഡോ. ഗീത എസ്. പിള്ള നന്ദിയും പറഞ്ഞു.

4. രാജവീഥിയില്‍ കാഴ്ചവിസ്മയം തീര്‍ക്കാന്‍ എഴുമറ്റൂര്‍ പടയണിയും ചേറൂരിലെ പുലികളും
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിന പരേഡിനു വിസ്മയമേകാന്‍ ഓണത്തിന്റെ നിശ്ചല ദൃശ്യവുമായി കേരളം എത്തുന്നു. മധ്യതിരുവിതാംകൂറിലെ പടയണിയും മഹാപൂരത്തിന്റെ നാട്ടിലെ പുലികളിയും അതിന് അകമ്പടി. ഓണം വിഷയമാകുന്ന കേരളീയ ദൃശ്യത്തില്‍ മാവേലി മന്നനും തിരുവാതിരകളിയും അത്തപ്പൂക്കളുവുമെല്ലാം കാണികള്‍ക്കു കൌതുകമേകും. ആറന്മുള വള്ളംകളിക്കു മുന്നോടിയായുള്ള ജലഘോഷയാത്രയില്‍ അണിനിരത്താറുള്ള അരയന്നത്തോണിയിലായിരിക്കും മലയാളദൃശ്യം ചലിക്കുക.

ഡല്‍ഹി കന്റോണ്‍മെന്റിലെ പരിശീലനക്കളരിയില്‍ പടയണിക്കോലങ്ങളും പുലികളും ഒരുങ്ങുകയാണ്. എഴുമറ്റൂര്‍ പടയണി സംഘമാണ് പരേഡില്‍ അണിനിരക്കുക. മുസ്ലിങ്ങളുടെ വേഷമണിഞ്ഞുള്ള തങ്ങളും പടയും കോലങ്ങളും കെട്ടിയാടുമെന്നതാണ് എഴുമറ്റൂര്‍ പടയണിയുടെ പ്രത്യേകത.
പച്ചപ്പാളകളില്‍ തീര്‍ത്ത കോലങ്ങളും ചെമ്പട്ടും നേര്യതും ചുറ്റി പച്ചയിട്ടും കുരുത്തോലയണിഞ്ഞു ഒറ്റത്താളത്തില്‍ ചുവടുവെച്ച് 12 പേര്‍ പരേഡില്‍ പടയണിചേരും. 51 പാളകളുള്ള ഭൈരവിക്കോലം, 32 പാളകളുള്ള കാലം, പക്ഷിക്കോലങ്ങളും ചെറിയ രണ്ടു കുതിരക്കോലങ്ങളുമാണ് കളിക്കുക. താളലയം തീര്‍ക്കാന്‍ പാട്ടുകാരും തപ്പു,തുടി, ചെണ്ട മേളക്കാരുമുണ്ടാകും. എ.വി.പ്രസന്നകുമാറാണ് പടയണി സംഘത്തിന്റെ തലവന്‍.
പൂരനഗരിയായ തൃശൂരില്‍ നിന്നും ചേറൂര്‍ സംഘമാണ് പരേഡില്‍ പുലികളിയുടെ താളലഹരിയും വര്‍ണവിസ്മയവും തീര്‍ക്കുക. റിപ്പബ്ലിക് ദിനത്തില്‍ വെള്ളപ്പുലിയും കരിമ്പുലിയും പുള്ളിപ്പുലിയും വരയന്‍പുലിയുമെല്ലാം തലസ്ഥാന നഗരിയിലെ രാജവീഥിയിലൂടെ മൂന്നു ചുവുടകളുമായി കളിച്ചു നീങ്ങും. ചേറൂര്‍ അജിയാണ് സംഘ നേതാവ്. റിപ്പബ്ലിക് ദിന പരേഡില്‍ കേരള ഹൌസ് പി.ആര്‍.ഡി ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് കെ.ഗണേശന്‍ കേരള സംഘത്തെ നയിക്കും.

5. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് ദേശീയ അവാര്‍ഡ്
ന്യൂഡല്‍ഹി: ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പുകള്‍ ലഭിച്ചതിനുള്ള ദേശീയ അവാര്‍ഡ് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക്. ഡല്‍ഹിയില്‍ ശനിയാഴ്ച നടന്ന വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തില്‍ കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍,കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്‍.വിശ്വംഭരന് അവാര്‍ഡ് സമ്മാനിച്ചു.

ദേശീയ തലത്തില്‍ നടന്ന ജെ.ആര്‍.എഫ്.പരീക്ഷയില്‍ 51 കാര്‍ഷിക സര്‍വകലാശാലകളില്‍ ഏറ്റവും നല്ല ഫലം കാഴ്ചവെച്ചത് കേരള കാര്‍ഷിക സര്‍വകലാശാലയാണ്. അവിടത്തെ 41 വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ് ലഭിച്ചു. രണ്ടാംസ്ഥാനം കര്‍ണാടകത്തിനും മൂന്നാംസ്ഥാനം മഹാരാഷ്ട്രയ്ക്കുമാണ്. 2003 ലും 2005 ലും കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ഇക്കൊല്ലം എം.എസ്സി. ബയോടെക്നോളജി കോഴ്സ് തുടങ്ങുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികളെ പ്രവേശന പരീക്ഷയിലൂടെയായിരിക്കും അഞ്ചു വര്‍ഷത്തെ എം.എസ്സി. (ഇന്റഗ്രേറ്റഡ്)കോഴ്സിന് തിരഞ്ഞെടുക്കുക.

6. റേഷന്‍ അരിയും ഗോതമ്പും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രനീക്കം തടയണം
തിരുവനന്തപുരം: കേരളത്തിലെ 60 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കേണ്ട അരിയും ഗോതമ്പും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രനീക്കം തടയണമെന്ന് റേഷന്‍ ഡീലേഴ്സ് ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ 15000 ത്തോളം വരുന്ന റേഷന്‍ കട ലൈസന്‍സികളുടെ തൊഴില്‍ അടക്കം സ്തംഭിക്കാവുന്ന രീതിയിലാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഈ നീക്കം.

ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക യോഗം ബി. സതീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഭാരവാഹികളെ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റായി ആര്‍. ശെല്‍വരാജ് എം.എല്‍.എയേയും വര്‍ക്കിങ് പ്രസിഡന്റായി പേരൂര്‍ക്കട ബി. സതീഷിനെയും ജനറല്‍ സെക്രട്ടറിയായി പട്ടം ബി. ഹരികുമാറിനെയും വൈസ് പ്രസിഡന്റായി ശശിധരന്‍ നായരെയും സെക്രട്ടറിമാരായി പത്മനാഭന്‍ നായര്‍, സുഭാഷിതന്‍ എന്നിവരേയും ട്രഷററായി എസ്.പ്രേംകുമാറിനെയും തിരഞ്ഞെടുത്തു.

7. കോട്ടയം പബ്ലിക് ലൈബ്രറിക്ക് സ്വദേശി പുരസ്കാരം
തിരുവനന്തപുരം: മാതൃകാപരമായ രീതിയില്‍ സ്വദേശി ഉല്പന്ന നിര്‍മ്മാണ വിതരണ കൌണ്ടറും സൂപ്പര്‍ മാര്‍ക്കറ്റും നടത്തിയ മികച്ച സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വദേശി പുരസ്കാരത്തിന് കോട്ടയം പബ്ലിക് ലൈബ്രറി അര്‍ഹമായി. മഹാത്മാഗാന്ധിയുടെ സ്വദേശി ആശയം നടപ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുവ്യക്തികള്‍ക്കും ഈ പുരസ്കാരം സമര്‍പ്പിക്കുമെന്ന്ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍ അറിയിച്ചു.

ഏകതാ പരിഷത്ത് അഖിലേന്ത്യാ ചെയര്‍മാന്‍ പി. വി. രാജഗോപാല്‍, വയനാട് സര്‍വസേവാ മണ്ഡലം സെക്രട്ടറി പി. കേശവന്‍നായര്‍, മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ വില്‍സണ്‍ തട്ടാരുതുണ്ടില്‍, സ്വദേശി മലബാര്‍ മേഖല കോ_ഓര്‍ഡിനേറ്റര്‍ സി. കെ. വിനിരാജ്, ജി. സി. ആര്‍. ഡി. കണ്‍സല്‍ട്ടന്റ് മുസ്തഫ എന്നിവര്‍ക്കാണ് സ്വദേശി പുരസ്കാരം നല്‍കുന്നത്.

31ന് തൈക്കാട് ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. കേരള ഗാന്ധിസ്മാരകനിധി പ്രസിഡന്റ് പി. ഗോപിനാഥന്‍നായര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

8. വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങള്‍ തുഗ്ലക്കിനെയും ലജ്ജിപ്പിക്കുന്നവ _വയലാര്‍ രവി
തൃശ്ശൂര്‍: വിദ്യാഭ്യാസമേഖലയില്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ തുഗ്ലക്കിനെപ്പോലും ലജ്ജിപ്പിക്കുന്നവയാണെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ഈ പരിഷ്കാരങ്ങള്‍ വിദ്യാഭ്യാസരംഗത്തെ പിന്നാക്കംപിടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എ.പി.ടി. യൂണിയന്‍ സുവര്‍ണ്ണജൂബിലി സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തന്റെ കുട്ടി എന്തു പഠിക്കണം എന്ന് തീരുമാനിക്കുന്നത് രക്ഷിതാവാണ്. അല്ലാതെ അത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമല്ല. പഞ്ചായത്തുകളെ സ്കൂളിലേക്ക് ചൂരലുമായി വിടാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജഡ്ജിമാരെപ്പോലും ആക്ഷേപിക്കുകയും മുഖ്യമന്ത്രിവരെ അവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. പക്ഷേ, ഇതൊന്നും കേരളം അംഗീകരിക്കാന്‍ പോകുന്നില്ല _വയലാര്‍ രവി പറഞ്ഞു.

തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ., കെ.സി. വേണുഗോപാല്‍ എം.എല്‍.എ., ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., വി.യു. രാധാകൃഷ്ണന്‍, ഡി.സി.സി. പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന്‍, പി. രാധാകൃഷ്ണന്‍, ഡി.എ. ഹരിഹരന്‍, എ.ടി. ആന്റോ, എം.എഫ്. ജോയ്, ടി. വിനയദാസ്, എ.കെ. സൈനുദ്ദീന്‍, വി. അബ്ദുള്‍ബഷീര്‍, പി.സി. വേലായുധന്‍കുട്ടി, എ.കെ. സാദിഖ്, എ. വിക്രമന്‍ നായര്‍, പി.എസ്.എം. സാദിഖ്, കെ.ജെ. റാഫി, പി. ഹരിഗോവിന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൃശ്ശൂരില്‍ നടക്കുന്ന കെ.എ.പി.ടി. യൂണിയന്‍ സുവര്‍ണജൂബിലി സമ്മേളനത്തില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പ്രസംഗിക്കുന്നു

9. കാടാമ്പുഴയില്‍ വിളിച്ചുവരുത്തി അപമാനിച്ചെന്ന് യേശുദാസ്
തിരുവനന്തപുരം: എലിക്കും പൂച്ചക്കും വരെ ദൈവത്തിന്റെ അടുത്തു പോകാം. യേശുദാസിന് മാത്രം അത് നിഷിദ്ധമാണ്. കാടാമ്പുഴ ക്ഷേത്രത്തില്‍ അവര്‍ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ക്ഷണിച്ചുചെന്നപ്പോള്‍ പുറത്തുനിര്‍ത്തി. ഗുരുവായൂരിലും കയറ്റിയില്ല. എന്റെ അമ്മയായ മൂകാംബികയുടെ സന്നിധിയില്‍ ഒരു വിവേചനവുമില്ല. അവിടെ ആര്‍ക്കും പോകാം. മനുഷ്യരെ അപമാനിക്കുന്ന ശൈലിയാണ് മാറേണ്ടത്.

യേശുദാസ് വികാരഭരിതനായി ഇതു പറഞ്ഞപ്പോള്‍ സദസ്സ് നിശബ്ദമായി. അവരത് ഉള്‍ക്കൊള്ളുകയായിരുന്നു. സഹപാഠികളും ഗുരുക്കന്മാരും ശിഷ്യഗണങ്ങളുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം താന്‍ പഠിച്ച തൈക്കാട് സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ ഒത്തുചേരലിന് എത്തിയതായിരുന്നു യേശുദാസ്. ‘സ്വരലയ’യും കോളേജും സംയുക്തമായാണിത് ഒരുക്കിയത്.

ഗായിക പാറശ്ശാല പൊന്നമ്മാള്‍, മൃദംഗവിദ്വാന്‍ മാവേലിക്കര എസ്.ആര്‍. രാജു, കുമാര കേരളവര്‍മ്മ, കളക്ടര്‍ എന്‍. അയ്യപ്പന്‍, കെ. ജയകുമാര്‍ തുടങ്ങിയ പ്രശസ്തരും പ്രഗല്‍ഭരും അണിനിരന്ന വേദിയില്‍ നിന്ന് യേശുദാസ് സഹപാഠിയായിരുന്ന ചന്ദ്രോത്ഭവനെ തിരിച്ചറിഞ്ഞ് വേദിയിലേക്ക് ക്ഷണിച്ചു. അവരുടെ മനസ്സില്‍ഗതകാലസ്മരണകള്‍ തെളിഞ്ഞു. ”അച്ഛനുമൊത്ത് കോളേജില്‍ ചേരാനെത്തിയ ദിവസം. മകന്റെ ചുമതല ചന്ദ്രോത്ഭവനെന്ന സഹപാഠിയെ ഏല്പിച്ച് അച്ഛന്‍ മടങ്ങി. തംബുരുവും ശ്രുതിപ്പെട്ടിയുമില്ലാതെ സാധകം നടത്തിയ ദാരിദ്ര്യത്തിന്റെ ദിനങ്ങളില്‍ തണലും കരുത്തുമായത് ചന്ദ്രോല്‍ഭവന്‍…” ഓര്‍മകള്‍ യേശുദാസ് സദസ്സിന് പങ്കുവെച്ചു.

ഈ വിനയവും ഗുരുഭക്തിയും ഈശ്വരവിശ്വാസവും സല്‍സ്വഭാവങ്ങളുമാണ് യേശുദാസിനെ ഉന്നതിയിലെത്തിച്ചതെന്ന് പാറശ്ശാല പൊന്നമ്മാള്‍ പറഞ്ഞു. ഒരു ഷെഹനായിയുടെ കഥ തിരുവിഴ ജയശങ്കര്‍ ഓര്‍ത്തെടുത്തു. ”ഷെഹനായി കാണണമെന്നായിരുന്നു മോഹം. യേശുദാസ് വളര്‍ന്ന് വലിയ ആളായപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്ന് ഷെഹനായി വാങ്ങിക്കൊണ്ടുവന്ന് സമ്മാനിച്ചു”

ഓര്‍മകളില്‍ ഇങ്ങനെ പല അനുഭവങ്ങളും തെളിഞ്ഞു. പുതിയ തലമുറയുമായി മുഖാമുഖമായിരുന്നു അടുത്തത്. ഗുരു_ശിഷ്യബന്ധത്തില്‍ ആത്മാര്‍ത്ഥത ഇല്ലാതാകുകയാണെന്ന് യേശുദാസ് പറഞ്ഞു. കൂടുതല്‍ സംഗീതാധ്യാപകരെ നിയമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്‍ പകര്‍ത്തിയ യേശുദാസിന്റെ അപൂര്‍വചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചനയോടെയാണ് ഓര്‍മ പങ്കിടല്‍ തുടങ്ങിയത്. സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി. രാജ്മോഹന്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. രാജലക്ഷ്മി എന്നിവരും പങ്കെടുത്തു.

10. കേരളത്തിന് തമിഴ്നാട് അരിയും പാലും നല്കും_ മന്ത്രി സി. ദിവാകരന്‍
ചെന്നൈ: കേരളത്തില്‍ അരി, പാല്‍ എന്നിവയ്ക്ക് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കാന്‍ 10 മെട്രിക് ടണ്‍ അരിയും ഒരു ലക്ഷം ലിറ്റര്‍ പാലും നല്കാന്‍ തമിഴ്നാട് തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. ചെന്നൈയില്‍ തമിഴ്നാട് മന്ത്രിമാരുമായി ചര്‍ച്ചനടത്തിയതിനു ശേഷം കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ തമിഴ്നാട് ഘടകം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുമായി ചര്‍ച്ച നടത്തും. ഫുഡ് കോര്‍പ്പറേഷന് കേരളം നല്കുന്ന വിലയ്ക്ക് തമിഴ്നാട്ടില്‍ നിന്ന് അരി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാവര്‍ഷങ്ങളിലും തുടര്‍ന്ന് അരി ലഭിക്കാനുള്ള സാധ്യതയുണ്ട്_ മന്ത്രിപറഞ്ഞു. ഇതിലൂടെ കേരളത്തിലെ അരിവിലക്കയറ്റം പിടിച്ചുനിര്‍ത്താനാകും. ഫിബ്രവരിയോടെ അരി ലഭിക്കുമെന്നാണ് സൂചന.

തമിഴ്നാട് ഒരു ലക്ഷം ലിറ്റര്‍ പാല്‍ നല്കാമെന്നും തത്ത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്.

ഇപ്പോള്‍ 20,000 ലിറ്റര്‍ പാലാണ് കേരളത്തിന് തമിഴ്നാട് നല്കുന്നത്.

കേന്ദ്രസര്‍ക്കാര്‍, കേരളത്തിനുള്ള അരിവിഹിതംവെട്ടിക്കുറച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അരിക്ഷാമം രൂക്ഷമായത്_ മന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് തമിഴ്നാട്ടില്‍ നിന്ന് മുന്തിയയിനം പശുക്കളെ കൊണ്ടുപോകുന്നത് സംബന്ധിച്ച് മൃഗസംരക്ഷണ മന്ത്രി ഗീതജീവനുമായി ചര്‍ച്ച നടത്തുമെന്നും സി. ദിവാകരന്‍ പറഞ്ഞു.

ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ തമിഴ്നാട് ഘടകം പ്രസിഡന്റ് പി.എസ്. ശ്രിനിവാസന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ. ജോണി സ്വാഗതം പറഞ്ഞു.

11. ചില്ലറവില്പനരംഗത്ത് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും_ മന്ത്രി
ചെന്നൈ: കേരളത്തില്‍ ചില്ലറവില്പനരംഗത്ത് ബഹുരാഷ്ട്ര കമ്പനികളെ നിയന്ത്രിക്കാനുള്ള നിയമം ഉടന്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. ബഹുരാഷ്ട്ര കമ്പനി ഉത്പന്നങ്ങളുടെ അളവും തൂക്കവും വിലയും പരിശോധിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാവും.

വരുമാനത്തിനനുസൃതമായി കമ്പനി നികുതി നല്‍കുന്നുണ്ടോയെന്നും കമ്പനികള്‍ എവിടെനിന്നാണ് ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതെന്നും പരിശോധിക്കും.

ചില്ലറവില്പനരംഗത്ത് ജനങ്ങള്‍ക്ക് മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പീപ്പിള്‍ബസാര്‍ തിരുവനന്തപുരത്ത് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് പാലക്കാട്, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലും പീപ്പിള്‍ബസാര്‍ ആരംഭിക്കും. ജനങ്ങളെ കബളിപ്പിക്കാന്‍ ബഹുരാഷ്ട്ര കമ്പനികളെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബഹുരാഷ്ട്ര കുത്തകകളെ ചില്ലറവില്പന രംഗത്തേക്ക് പ്രവേശിപ്പിച്ചാല്‍ ഒട്ടേറെപ്പേര്‍ തൊഴില്‍രഹിതരാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

1. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍; താത്പര്യപത്രം അടുത്ത ആഴ്ച
ന്യൂഡല്‍ഹി: കേരളത്തില്‍ അടഞ്ഞുകിടക്കുന്ന അഞ്ച് തേയില തോട്ടങ്ങള്‍ക്ക് പുതിയ ഉടമസ്ഥരെ ക്ഷണിച്ചുകൊണ്ടുള്ള താത്പര്യ പത്രം അടുത്തയാഴ്ചയോടെ പുറപ്പെടുവിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ സഹമന്ത്രി ജയറാം രമേഷ്. തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെ ചില യൂണിയന്‍ നേതാക്കളാണ് എതിര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പുതിയ ഉടമസ്ഥരെ ക്ഷണിക്കുന്ന നടപടികള്‍ക്കു കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതി ഉടനെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. തോട്ടങ്ങള്‍ തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന മന്ത്രി പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രി അഭിപ്രായ പ്പെട്ടു.

കാര്‍ഷിക ബോര്‍ഡുകളില്‍ ശാസ്ത്ര സങ്കേതിക വിഭാഗങ്ങളിലേക്കു ജീവനക്കാരെ നിയമിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കു കേന്ദ്ര സര്‍ക്കാര്‍ മാറ്റിയെന്ന് ജയറാം രമേശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ടീ ബോര്‍ഡില്‍ 15, കോഫി ബോര്‍ഡില്‍ 74, റബര്‍ ബോര്‍ഡില്‍ 70, സ്പൈസസ് ബോര്‍ഡില്‍ ഏഴ് എന്നിവ ഉള്‍പ്പെടെ 246 ഒഴിവുകള്‍ നികത്താനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരി ക്കുന്നത്.

2. ജനമധ്യത്തില്‍ യുവാവിനെ ഫോര്‍ട്ട് പോലീസ് നഗ്നനാക്കി
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ യുവാവിനെ ഫോര്‍ട്ട് പോലീസ് ജനമധ്യത്തില്‍ നഗ്നനാക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സംഭവത്തെക്കുറിച്ച് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഉത്തരവിട്ടു. നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ രമേശ്ബാനുവിനാണ് അന്വേഷണചുമതല.

വെള്ളിയാഴ്ച രാത്രി കിഴക്കേകോട്ടയില്‍ കെ.എസ്.ആര്‍. ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍പണിമുടക്കിനിടെയാണ് മോഷണക്കുറ്റം ചുമത്തി യാത്രക്കാര്‍ പിടികൂടി നല്‍കിയ യുവാവിനെ പോലീസ് പരസ്യമായി വസ്ത്രാ ക്ഷേപം നടത്തിയത്. അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ യുവാവിനെ തള്ളിവിടാനും പോലീസിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായി.

യാത്രക്കാരില്‍ ചിലര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് പിന്നീട് ഈ യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റിയത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചില്ലെന്ന് വ്യക്തമായതോടെ പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.

ഊമയായ മറ്റൊരു യുവാവിനോടും ഇതേരീതിയില്‍ പെരുമാറാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ഇടപെട്ടതോടെ പോലീസ് പിന്തിരിയുകയായിരുന്നു.

ബസ് പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ പോലീസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു മിന്നല്‍പണിമുടക്ക്.

പ്രകോപിതരായ യാത്രക്കാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് മൊബൈല്‍ ഫോണ്‍ കാണാതായത്. സംശയം തോന്നിയ ചിലര്‍ ഈ യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് യുവാവ് ആണയിട്ടു പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ കൂട്ടാക്കാതെ പോലീസ് പരസ്യമായി യുവാവിന്റെ തുണിയുരിഞ്ഞു. യുവാവ് മൊ ബൈല്‍ ഫോണ്‍ മോഷ്ടിച്ചെങ്കില്‍ത്തന്നെ സ്റ്റേഷനിലോ അടുത്തുളള എയിഡ് പോസ്റ്റിലോ കൊണ്ടുപോകാതെയാണ് ജനക്കൂട്ടത്തിന്റെ മധ്യത്തില്‍ വച്ച് പരസ്യമായി അവഹേളിച്ചത്. അവസാനം യുവാവ് നിരപരാധിയെന്നു തെളിയുകയും ചെയ്തു. കളഞ്ഞു പോയ മൊബൈല്‍ ഫോണ്‍ അധികം വൈകാതെ തന്നെ ബസ് സ്റ്റാ ന്‍ഡ് പരിസരത്തു നിന്നു തന്നെ കിട്ടി. ഇതോടെയാണ് യുവാവിനെ വെറുതേവിടാന്‍ പോലീസ് തയാ റായത്.

മിന്നല്‍പണിമുടക്ക് മൂലം ജനങ്ങള്‍ രോഷാകുലരായിട്ടും സ്ഥല ത്തെത്തിയ പോലീസ് യാതൊരു വിധക്രമീകരണങ്ങള്‍ക്കും തയാറായില്ല. പ്രകോപിതരായ യാത്രക്കാര്‍ ജീവനക്കാരുമായി ഏറ്റുമുട്ടിയിട്ടും പോലീസ് ഇടപെട്ടില്ല. അവസാനം എം.എല്‍.എ വി.ശിവന്‍കുട്ടിയും ഡി.സി.പിയും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷാന്തരീക്ഷത്തിന് അയവ് വന്നത്.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ എം.ഡി സെന്‍കുമാര്‍ സന്ദര്‍ശിച്ചു.

3. അടുത്ത വര്‍ഷം മുതല്‍ സ്കൂളുകളിലും സെമസ്റ്റര്‍ രീതി
തിരുവനന്തപുരം: അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, വാര്‍ഷിക പരീക്ഷകളുണ്ടാവില്ല. പകരം വര്‍ഷമധ്യത്തിലും മാര്‍ച്ചിലുമായിരിക്കും പരീക്ഷകള്‍. ഫലത്തില്‍ അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ സ്കൂള്‍ വിദ്യാഭ്യാസവും സെമസ്റ്റര്‍ രീതിയിലേക്ക് മാറും. ഒന്‍പത്, പത്ത് ക്ളാസുകളില്‍ സാധാരണവിഷയങ്ങള്‍ ക്കൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയം കൂടി പുതിയതായി പഠിക്കേണ്ടിവരും. ഇതോടൊപ്പം പാഠപുസ്തകങ്ങള്‍ രണ്ടു ഭാഗങ്ങളായി തിരിക്കാനും തീരുമാനമെ ടുത്തി ട്ടുണ്ട്.

പാഠ്യപദ്ധതി പരിഷ്കരണകമ്മറ്റിയാണ് ഇതു സംബന്ധിച്ച ശിപാര്‍ശകള്‍ മുന്നോട്ടുവച്ചത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായ കോര്‍കമ്മറ്റി 21ന് യോഗം ചേര്‍ന്ന് ഈ ശിപാര്‍ശകള്‍ക്ക് അന്തിമരൂപം നല്‍കും. 22ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബിയുടെ അധ്യക്ഷതയില്‍ ചേരുന്ന കരിക്കുലം കമ്മറ്റിയി അന്തിമതീരുമാനം ഉണ്ടാകും.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒരു വിഷയത്തിന് രണ്ടു പുസ്തകങ്ങള്‍ ഉണ്ടാവും. അമിതഭാരം ഒഴിവാക്കാന്‍ രണ്ടുഭാഗങ്ങളായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇത്. ഓക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ക്കുവേണ്ടിയുള്ള പുസ്തകങ്ങള്‍ സ്കൂള്‍വര്‍ഷാരംഭത്തില്‍ പ്രസിദ്ധീകരിക്കും.

മാര്‍ച്ചില്‍ നടക്കുന്ന വാര്‍ഷികപരീക്ഷയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങള്‍ വര്‍ഷമധ്യത്തില്‍ പ്രസിദ്ധീകരിക്കും. ആദ്യഭാഗത്തില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ചോദ്യ ങ്ങള്‍ വാര്‍ഷിക പരീക്ഷയ്ക്ക് ഉണ്ടായിരിക്കില്ല. പുസ്തകങ്ങളി ലെ പേജുകളുടെ എണ്ണം 50 കവിയരുതെന്നും നിര്‍ദേശമുണ്ട്.

തുടര്‍വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് 9,10 ക്ളാസുകളില്‍ തെരഞ്ഞെടുത്ത ഏതെങ്കിലും ഒരു വിഷയം കൂടി പഠിക്കണമെന്ന നിര്‍ദേശം കമ്മറ്റി മുന്നോട്ടുവയ്ക്കുന്നത്. ശാസ്ത്രം, ഗണിതം, മാനവികവിഷയങ്ങള്‍, കലാകായികം എന്നിവയില്‍ നിന്ന് ഒന്ന് സവിശേഷ വിഷയമായി തെരഞ്ഞെടുത്തായിരി ക്കണം പഠിക്കേണ്ടത്.

തെരഞ്ഞെടുത്ത സ്കൂളുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കുക. ഇംഗ്ളീഷും ഐ.ടിയും ഒന്നാം ക്ളാസുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കണമെന്നും കമ്മറ്റി ശിപാര്‍ശ ചെയ്യുന്നു.

നിലവില്‍ മൂന്നാം ക്ളാസുമുതലാണ് ഇംഗ്ളീഷ് പഠനം. എല്ലാ വിഷയങ്ങളെയും ഐ.ടിയുമായി ബന്ധ പ്പെടുത്തണം. സ്പോക്കണ്‍ ഇംഗ്ളീഷിനായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത്. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ 1, 3, 5, 7 ക്ളാസുകളിലെ പുസ്തകങ്ങളില്‍ മാറ്റംവരും. 9,11ക്ളാസുകളിലെ പുസ്തകങ്ങള്‍ക്കും മാറ്റം വരുത്താന്‍ തീരുമാനിച്ചെങ്കിലും ഇപ്പോള്‍ വേണ്െടന്നാണ് കമ്മറ്റിയുടെ തീരുമാനം.

സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് 22ന് ചേരുന്ന കരിക്കുലം കമ്മറ്റി അന്തിമതീരുമാനമെടുക്കും. നിലവില്‍ ഏഴ് പിരീഡ് എന്നത് ഒരു മ ണിക്കൂര്‍ വീതമുള്ള അഞ്ച് പിരീഡാക്കണമെന്നും നിര്‍ദേ ശമുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ ഇട പെടല്‍ ഉള്‍പ്പടെയുള്ള നയപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം അത്യാവശ്യമാണെങ്കിലും അക്കാദമിക് കാര്യങ്ങളില്‍ കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ കാര്യമായ മാറ്റമില്ലാതെ തന്നെ അംഗീകരിക്കും.

4. ഭാര്യയറിയാതെ സ്ഥലം വിറ്റു; ഭര്‍ത്താവടക്കം മൂന്നു പേര്‍ അറസ്റ്റില്‍
പാലാ: വ്യാജ ആധാരം ഇടപാടില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഭാര്യയുടെ പേരിലുള്ള സ്ഥലം അവരറിയാതെ വില്പന നടത്തിയതോടെ ആള്‍മാറാട്ടം അടക്കമുള്ള സംഭവം പുറത്തായി. അന്ത്യാളം സ്വദേശി ബ ന്നിച്ചന്‍, ഇയാളുടെ സുഹൃത്ത് എടപ്പള്ളി സ്വദേശി ഷാജി, ഭാര്യ ബിന്ദു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

ബന്നിച്ചന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള 10 സെന്റ് സ്ഥലം അവരറിയാതെ വില്പന നടത്തിയെന്നായിരുന്നു കേസ്. ബന്നിച്ചന്റെ ഭാര്യ ഇംഗ്ളണ്ടിലാണ്.

ഷാജിയുടെ ഭാര്യ ബിന്ദുവാണ് ബന്നിച്ചന്റെ ഭാര്യയായി രജിസ്ട്രാര്‍ ഓഫീസിലെത്തി ഒപ്പിട്ടത്. ഇരുവരുടെയും പേര് ബിന്ദു എന്നായതാണ് ആള്‍മാറാട്ടം സുഗമമാക്കിയത്. സ്ഥലം ആദ്യം ഷാജിക്കും പിന്നീട് മറ്റൊരാള്‍ക്കും വില്പന നടത്തിയിരുന്നു.

ഇംഗ്ളണ്ടിലുള്ള ഭാര്യ അറിയാതെ സ്ഥലം വില്പന നടത്തിയതിനെതിരേ പോലീസില്‍ പരാതി നല്കിയപ്പോഴാണ് ആധാരം എഴുതുന്നതിന് ആള്‍മാറാട്ടം നടത്തിയതായി കണ്െടത്തിയത്. തുടര്‍ന്ന് കോട്ടയം ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിന് വഴിതെളിച്ചത്.

5. ഹരിതഗൃഹ കൃഷി പരീക്ഷണം വിജയം
തൃശൂര്‍: കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ വിളവുനല്കുന്ന ഹരിതഗൃഹകൃഷി കാര്‍ഷികസര്‍വകലാശാലയുടെ മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ വിജയകരമായി പരീക്ഷിച്ചു. ഇവിടെ നടത്തിയ പാവല്‍ കൃഷിയില്‍ സാധാരണയില്‍ ലഭിക്കുന്നതിനേക്കാള്‍ പത്തിരട്ടിയോളം വിളവു ലഭിച്ചു.

താപനിലയും ഈര്‍പ്പവും ചെടികളുടെ വളര്‍ച്ചയ്ക്കനുസരിച്ച് സ്വാഭാവികമായി നിയന്ത്രിക്കുന്ന ചെലവുകുറഞ്ഞ 1700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഹരിതഗൃഹമാണ് ഇവിടെ ഉപയോഗിച്ചത്. സൂര്യപ്രകാശം 89 ശതമാനം മാത്രം കടത്തിവിടുന്ന പോളിത്തീന്‍ യു.പി ഷീറ്റാണ് മേല്‍ക്കൂര. വശങ്ങളിലും ജാലകങ്ങളിലും കീടങ്ങള്‍ കടക്കാതിരിക്കാന്‍ വലയും പിടിപ്പിച്ചു. വെള്ളവും വളവും കണികദ്രാവക വളപ്രയോഗ രീതിയിലൂടെയാണ് നല്കിയത്.

വളത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയും ഉല്പാദനക്ഷമത പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ കൃഷിയെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര, കര്‍ണാടക എന്നിവടങ്ങളില്‍ പുഷ്പങ്ങളും പച്ചക്കറികളും കയറ്റുമതിക്കുവേണ്ടി വളര്‍ത്താനാണ് ഹരിതഗൃഹ കൃഷി ഉപയോഗിക്കുന്നത്. ചെലവുകുറഞ്ഞ ഹരിതഗൃഹങ്ങള്‍ നിര്‍മിച്ച് കേരളത്തിലെ പച്ചക്കറി ഉല്പാദനത്തില്‍ വിപ്ളവങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

6. വാഹനങ്ങളില്‍ നിന്ന് ഇന്ധന മോഷണം; വില്‍പ്പനയില്‍ ദുരൂഹത
ആലപ്പുഴ: റോഡരികില്‍ രാത്രിയില്‍ പാര്‍ക്കുചെയ്യുന്ന ബസുകളില്‍ നിന്നും മറ്റു വാഹനങ്ങളില്‍ നിന്നുമുള്ള ഇന്ധനം മോഷണം വര്‍ധിക്കുന്നു. മോഷ്ടിക്കുന്ന എണ്ണ പൊതുവിപണിയില്‍ വില്‍ക്കാനാവില്ലാത്തതിനാല്‍ വ്യാജമദ്യലോബികളുടെ വാഹനങ്ങള്‍ക്കും തീവ്രവാദി ഗ്രൂപ്പുകള്‍ക്കും ഇതു മറിച്ചുവി ല്‍ക്കുന്നതായും ആരോപണമുണ്ട്.

ഡീസല്‍ മോഷ്ണവുമായി ബന്ധപ്പെട്ടു മൂന്നംഗസംഘത്തെ പുന്നപ്രയില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പുന്നപ്ര വടക്കു പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കാട്ടുപറമ്പില്‍ റിയാസ് (19), അമ്പലപ്പുഴ വടക്കു പുതുവല്‍ വീട്ടില്‍ സഹീര്‍ (20) എന്നിവരെയാണ് എ. എസ്.ഐ രാധാകൃഷ്ണപിള്ളയു ടെ നേതൃത്വത്തിലുള്ള സംഘം ക ഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂ ന്നോ ടെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ തീവ്രവാദ ബന്ധമുള്ളവര്‍ക്കും ഇന്ധനം വിറ്റിട്ടുണ്േടാ എന്നതിനെ ക്കുറിച്ചു സൂചന ലഭിച്ചിട്ടില്ല. കളിത്തട്ട് മുത്തൂറ്റ് കെട്ടിടത്തിലെ സ്വകാര്യ മൊബൈല്‍ ഫോണ്‍ ടവറിലെ ജനറേറ്ററിലു പയോഗിക്കാന്‍ വച്ചിരുന്ന ഡീസല്‍ മോഷ്ടിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 20 ലിറ്റര്‍ ഡീസല്‍ ഇവരു ടെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഡീസലുമായി ഓട്ടോയി ല്‍ കയറുന്നതിനിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തായത്. കേരളത്തിലെ ചില മരുന്നുകമ്പനികള്‍ ശ്രീലങ്കയുള്‍പ്പെ ടെയുള്ള സ്ഥലങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കു മരുന്നുകള്‍ നല്‍കുന്നുണ്െടന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആലപ്പുഴയുടെ കടല്‍ത്തീരങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള മരുന്നുകടത്തു വ്യാ പകമായി നടക്കുന്നുണ്െടന്നും റി പ്പോര്‍ട്ടില്‍ പരാമര്‍ ശമുണ്ട്.

ഈ സാഹചര്യങ്ങള്‍ നിലനില്‍ ക്കെയാണ് തീവ്രവാദഗ്രൂപ്പു കളുടേ യും വ്യാജമദ്യലോബിയുടേയും പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തര ത്തില്‍ ഇന്ധനം ലഭിക്കുന്നതെ ന്നും സൂചനയുണ്ട്. ഫിഷിംഗ് ബോട്ടുകളിലൂടെ സ്പിരിറ്റും മരു ന്നുകളും കടത്തുന്ന ലോബിക്കാണ് മോഷ്ടാക്കള്‍ ഇന്ധനം മറിച്ചുവില്‍ക്കുന്നതെന്നാണ് ആരോ പണം. പൊതുവിപണിയേക്കാള്‍ കൂടിയ വില നല്‍കിയാണു മോഷ്ടാക്കളെ ഇവര്‍ ആകര്‍ഷിക്കു ന്നത്.

വൈകുന്നേരം സര്‍വീസ് അവസാനിപ്പിച്ചു റോഡ് സൈഡുകളിലും പെട്രോള്‍പമ്പുകളുടെ സമീ പവും പാര്‍ക്കുചെയ്യുന്ന ബസുകളുടെ പെട്രോള്‍ ടാങ്കിന്റെ അടിഭാഗത്തെ ബോള്‍ട്ട് ഊരിയും താഴുതകര്‍ത്തുമാണ് എണ്ണ ഊറ്റുന്നത്. പോലീസ് വരുന്നതു കാണുമ്പോള്‍ ബസ്ജീവനക്കാരെ പോലെ അഭിനയിച്ചു രക്ഷപ്പെടും. ഇതോടൊപ്പം ബസിനുള്ളില്‍ നിന്നു മറ്റു സാ ധനങ്ങളും മോഷണം പോകുന്നതും പതിവാണ്.

ജാക്കി, ലിവര്‍ തുടങ്ങിയവയും മോഷ്ടാക്കള്‍ ഇന്ധനത്തോടൊപ്പം അപഹരിക്കുന്നു.

7. രാജ്യത്തിനാവശ്യമായ റബര്‍ മുഴുവന്‍ ഉത്പാദിപ്പിക്കണം
കോട്ടയം: റബര്‍ ഉത്പാദനം വര്‍ധിപ്പിച്ചു രാജ്യത്തിനാവശ്യമായ റബര്‍ ആഭ്യന്തരമായിത്തന്നെ ഉത്പാദിപ്പിക്കുവാന്‍ റബര്‍ ബോര്‍ഡ് ശ്രമിക്കണമെന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. ഓള്‍ ഇന്ത്യ റബര്‍ ബോര്‍ഡ് എംപ്ളോയീസ് ഓര്‍ഗനൈസേഷന്റെ ഏഴാം വാര്‍ഷിക പൊതുയോഗം കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് കെ.ബാബു എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.സി. ജോസഫ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി, എസ്.ഗോപകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

പുതിയ ഭാരവാഹികളായി കെ.ബാബു എംഎല്‍എ-പ്രസിഡന്റ്, പി.എന്‍. ദേവരാജന്‍-വര്‍ക്കിംഗ് പ്രസിഡന്റ്, എം.അജയകുമാര്‍, ഇ.ടി. തോമസ് – വൈസ് പ്രസിഡന്റുമാര്‍, ജി.മധു-ജനറല്‍ സെക്രട്ടറി, പി.എ. വത്സപ്പന്‍, സി.പ്രദീപ്, ബാബുരാജ് ഇ.ജി., കെ.സുകുമാരന്‍-ജോയിന്റ് സെക്രട്ടറിമാര്‍, പി.കെ. മാത്യു-ട്രഷറര്‍, ജോബി ജോസഫ്, സാം ജോണ്‍സണ്‍-ജോയിന്റ് ട്രഷറര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

8. കുടിശിക പിരിച്ചില്ലെങ്കില്‍ ബോര്‍ഡിന്റെ നിലനില്‍പ്പ് അപകടത്തില്‍: വൈദ്യുതി മന്ത്രി
കണ്ണൂര്‍: വൈദ്യുതി കുടിശികയിനത്തില്‍ ലഭിക്കാനുള്ള 1800 കോടി രൂപ പിരിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വൈദ്യുതി ബോര്‍ഡിന്റെ നിലനില്പ്പു തന്നെ അപകടത്തിലാകുമെന്ന് വൈദ്യുതി മന്ത്രി എ.കെ. ബാലന്‍. കുടിശികയിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമാത്രം 1150 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്.

വാട്ടര്‍ അഥോറിറ്റിയുടെ മാത്രം കുടിശിക 840 കോടി രൂപയാണ്. കുടിശിക നല്‍കിയില്ലെങ്കിലും വൈദ്യുതി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശ്വാസം. എന്നാല്‍ കുടിശികയുടെ കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. 840 കോടി കുടിശികയുള്ള ജലവകുപ്പ് ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുകപോലും വൈദ്യുതി വകുപ്പിന് നല്‍കുന്നില്ല. കുടിശിക തീര്‍ക്കുക സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്.

സംസ്ഥാനത്ത് നിലവില്‍ മുന്നൂറിലധികം മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് രണ്ടു തവണ വെട്ടിക്കുറച്ച വൈദ്യുതി പുനസ്ഥാപിച്ചില്ലെങ്കില്‍ വേനല്‍ക്കാലം കഴിഞ്ഞാല്‍ സംസ്ഥാനത്ത് അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

സംസ്ഥാനം 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെറുകിട വൈദ്യുതി പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ആഗോളവത്ക്കരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവത്കരിക്കാത്തതാണ് കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് കാരണമെന്ന് മന്ത്രി ആരോപിച്ചു.

9. ജെല്ലിക്കെട്ട്: അധികൃതര്‍ വിശദ റിപ്പോര്‍ട്ടു തയാറാക്കുന്നു
മധുര: പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ മധുര ജില്ലയിലെ പാലമേട്, അളഗനല്ലൂര്‍ ഗ്രാമങ്ങളില്‍ ജനുവരി 16-നും 17-നും നടന്ന ജല്ലിക്കെട്ട് മത്സരങ്ങളുടെ വീഡിയോ ക്ളിപ്പിംഗുകള്‍ അടക്കമുള്ള വിശദ റിപ്പോര്‍ട്ട് ജില്ലാ അധികൃതര്‍ തയാറാക്കുന്നു.

വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശപ്രകാരമാണിത്. നേരത്ത തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ജനവികാരം മാനിച്ച് ഉപാധികളോടെ ഇതു നടത്താന്‍ അനുമതി നല്കുകയായിരുന്നു. വീഡിയോ ക്ളിപ്പിംഗുകള്‍ അടക്കമുള്ള വിശദ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും മേല്‍നോട്ടത്തിലും ഉത്തരവാദിത്വത്തിലും മാത്രമേ ജല്ലിക്കെട്ട് നടത്താവൂ എന്നുമായിരുന്ന സു പ്രീം കോടതി നിര്‍ദേശിച്ച ഉപാ ധികള്‍.

മധുര ജില്ലയിലെ 16 സ്ഥലങ്ങളില്‍ നടന്ന ജല്ലിക്കെട്ടില്‍ നൂറോളം പേര്‍ക്കു പരിക്കേറ്റിരുന്നു.

1. കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ ക്രമക്കേട്
ന്യൂദല്‍ഹി: വടക്കന്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിക്കുന്ന കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ തുടക്കത്തില്‍തന്നെ ക്രമക്കേട്. വിമാനത്താവളത്തിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഭീമമായ നിര്‍മാണച്ചെലവ് പദ്ധതിയെ അപ്പാടെ ദുരൂഹതയിലാഴ്ത്തി.

നെടുമ്പാശേരിയില്‍നിന്ന് വ്യത്യസ്തമായി സ്വകാര്യ മേഖലയുടെ കൈകളിലേക്ക് പോകുന്ന വിമാനത്താവളം, നിര്‍മാണഘട്ടം മുതല്‍ ലാഭക്കൊയ്ത്തിനും യാത്രക്കാരെ അമിതമായി ചൂഷണം ചെയ്യുന്നതിനും ഇടയാക്കും. വിമാനത്താവള സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന ഇടതുപക്ഷം നയിക്കുന്ന സര്‍ക്കാരിന് ഇതിലുള്ള കാര്‍മികത്വം കാര്യഗൌരവം ഒന്നുകൂടി വര്‍ധിപ്പിക്കുന്നു.

930 കോടി രൂപയാണ് അംഗീകരിച്ചുകഴിഞ്ഞ വിമാനത്താവള നിര്‍മാണച്ചെലവ്. അക്വയര്‍ ചെയ്യുന്ന ഭൂമിയുടെ വില ഇതില്‍പെടില്ല. ഏറ്റെടുത്തു നല്‍കുന്ന 2,000 ഏക്കറിന്റെ വിലയും പുനരധിവാസ ചെലവും സര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍, നെടുമ്പാശേരി വിമാനത്താവളത്തിന്റെ നിര്‍മാണച്ചെലവ് 160 കോടി രൂപ മാത്രമാണ്. ഒമ്പതു കൊല്ലം മുമ്പത്തെ കണക്കില്‍ ആനുപാതികമായ വര്‍ധന കണക്കിലെടുത്താല്‍ തന്നെ, കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണച്ചെലവ് 500 കോടി കവിയില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ വിപുല സൌകര്യങ്ങളാകട്ടെ, നിര്‍ദിഷ്ട പദ്ധതിപ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉണ്ടാവുകയുമില്ല. യഥാര്‍ഥത്തില്‍ വേണ്ടിവരുന്നതിന്റെ ഇരട്ടിയോളം വരുന്ന കണ്ണൂര്‍ വിമാനത്താവള എസ്റ്റിമേറ്റ് തയാറാക്കുന്നതിലും അംഗീകരിപ്പിക്കുന്നതിലും ഉന്നതതലങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. സംസ്ഥാന തലത്തില്‍ തയാറാക്കപ്പെടുന്ന എസ്റ്റിമേറ്റ് എയര്‍പോര്‍ട്ട്സ് അതോറിറ്റിയും വ്യോമയാന മന്ത്രാലയവും സൂക്ഷ്മപരിശോധനയില്‍ അംഗീകരിക്കേണ്ടതുണ്ട്. 930 കോടിയുടെ എസ്റ്റിമേറ്റ് ഈ വ്യത്യസ്ത പരിശോധനാ ഘട്ടങ്ങള്‍ അനായാസം മറികടന്നു. എസ്റ്റിമേറ്റ് ഉയര്‍ത്തി നിശ്ചയിക്കുന്നത് നിര്‍മാണ നടത്തിപ്പുകാര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്ന പിന്നാമ്പുറ നേട്ടം ചെറുതല്ല. ചെലവിനേക്കാള്‍ ഉയര്‍ന്ന തുകക്ക് കരാര്‍ ഉറപ്പിക്കാം. യഥാര്‍ഥ ചെലവും കരാര്‍ തുകയും തമ്മിലെ അന്തരം ബിനാമി കരാറുകാര്‍ക്ക് ‘മാന്യമായ’ ലാഭം നല്‍കി സ്വകാര്യ പങ്കാളിക്ക് കൈക്കലാക്കാം. ഫലത്തില്‍ വിമാനത്താവളം പൂര്‍ത്തിയാവുമ്പോള്‍ തന്നെ മുടക്കുമുതല്‍ സ്വകാര്യ പങ്കാളിയുടെ പക്കലെത്തും.

നെടുമ്പാശേരി വിമാനത്താവളത്തിന്റെ മാതൃകയിലാണ് കണ്ണൂരില്‍ വിമാനത്താവളം നിര്‍മിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും അനുമതി ലഭിച്ച പദ്ധതി ഇതില്‍നിന്ന് വ്യത്യസ്തമാണ്. 26 ശതമാനം ഓഹരി സര്‍ക്കാരിനും 74 ശതമാനം ഓഹരി ‘തന്ത്രപരമായ സ്വകാര്യ പങ്കാളി’ക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള സംയുക്ത സംരംഭമായാണ് വിമാനത്താവളം നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നെടുമ്പാശേരിയില്‍നിന്ന് ഭിന്നമായി, കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ വ്യക്തികള്‍ നിയന്ത്രിക്കും. നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഉടമയായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് 32 ശതമാനം വരെയാണ് ഓഹരി പങ്കാളിത്തം. അത്രത്തോളം തന്നെ ഓഹരികള്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം, എയര്‍ ഇന്ത്യ എന്നിവക്കും എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് എന്നിവക്കും നാമമാത്രമായെങ്കിലും പൊതുജനങ്ങള്‍ക്കുമുണ്ട്. ബാക്കി വിദേശ ഇന്ത്യക്കാരായ അഞ്ചു വ്യവസായികളുടെ കൈയിലുമാണ്. മുഖ്യമന്ത്രിയാണ് കമ്പനിയുടെ ചെയര്‍മാന്‍. എന്നാല്‍ കണ്ണൂരിലെ സ്ഥിതി അതല്ല. 26 ശതമാനം സംസ്ഥാന സര്‍ക്കാര്‍ ഓഹരി കഴിച്ചാല്‍ 74 ശതമാനവും സ്വകാര്യ പങ്കാളിയുടെ പക്കലാവും. പ്രദേശവാസികള്‍ക്ക് ഓഹരി പങ്കാളിത്തം ഉണ്ടാവില്ല. ഹൈദരാബാദില്‍ നിര്‍മിച്ച ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് ഉദാഹരണമാണ്. ജി.എം റാവു അസോസിയേറ്റ്സിന് 64 ശതമാനം, അവരുടെ കൂട്ടാളികളായ മലേഷ്യന്‍ എയര്‍പോര്‍ട്ട്സിന് 10 ശതമാനം, സംസ്ഥാന സര്‍ക്കാരിന് 24 ശതമാനം എന്നിങ്ങനെയാണ് പൊതു^സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയില്‍ ഓഹരി വീതംവെച്ചത്. ഫലത്തില്‍ വിമാനത്താവളം റാവു അസോസിയേറ്റ്സിന്റെ ഉടമസ്ഥതയില്‍. ബാംഗ്ലൂരില്‍ മൂന്നു പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിന്റെ പക്കലാണ് 74 ശതമാനം ഓഹരി.

അതേപോലെ, കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികളില്‍ സിംഹഭാഗവും നിയന്ത്രണവും സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുള്ള ഒരു വ്യവസായ ഗ്രൂപ്പിനാകും. സര്‍ക്കാരിന്റെ നിയന്ത്രണവും പ്രവര്‍ത്തനപരിചയവുമുള്ള കൊച്ചി വിമാനത്താവള കമ്പനിയാകട്ടെ, പ്രധാന പങ്കാളി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുമില്ല.

930 കോടി വരുന്ന നിര്‍മാണച്ചെലവിന്റെ 30 ശതമാനം, അഥവാ 310 കോടി രൂപ സര്‍ക്കാരും സ്വകാര്യ പങ്കാളിയും ചേര്‍ന്ന് മുടക്കേണ്ട തുകയാണ്. ഇതില്‍ സ്വകാര്യ പങ്കാളിയുടെ മുതല്‍മുടക്ക് 230 കോടി വരും. 620 കോടി വായ്പയാണ്. ഇതിന്റെ പ്രതിവര്‍ഷ പലിശ തന്നെ 70 കോടിയില്‍പരം വരും. മുതലിനത്തില്‍ വര്‍ഷംതോറുമുള്ള തിരിച്ചടവിന് ഉദ്ദേശം 60 കോടി വേണ്ടിവരും. പ്രവര്‍ത്തനച്ചെലവുകൂടി കണക്കിലെടുത്താല്‍ ഒരു വര്‍ഷം കണ്ടെത്തേണ്ട തുക 200 കോടിയോളം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 38 കോടി ലാഭമുണ്ടാക്കിയ നെടുമ്പാശേരി വിമാനത്താവളത്തിന്റെ വരുമാനം 110 കോടി രൂപയായിരുന്നു. കണ്ണൂരിന് ഇത്രത്തോളം വരുമാനം ഉണ്ടാവില്ലെന്ന് ഉറപ്പ്. വരവും ചെലവും തമ്മിലെ അന്തരവും മുടക്കുമുതലിന് ആനുപാതിക ലാഭവും ഉണ്ടാക്കാന്‍ സ്വകാര്യ പങ്കാളിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളം യാത്രക്കാരെയാവും പിഴിയുക. യൂസേഴ്സ് ഫീയും മറ്റുമായി വന്‍തുക യാത്രക്കാരനു മേല്‍ കെട്ടിവെക്കപ്പെടും. പ്രവര്‍ത്തനലാഭത്തിനു പുറമെ, 2000 ഏക്കറിലെ വിമാനത്താവളവും ചുറ്റുവട്ടത്തെ വ്യാപാര സൌകര്യങ്ങളുമെല്ലാം സ്വകാര്യ പങ്കാളിക്ക് സ്വന്തം.

2. സേതുസമുദ്രം പദ്ധതി പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം
ചെന്നൈ: സേതുസമുദ്രം കനാല്‍ നിര്‍മാണജോലികള്‍ വീണ്ടും തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി വിശ്വസനീയകേന്ദ്രങ്ങള്‍ അറിയിച്ചു. പദ്ധതിക്കെതിരായ കേസില്‍ കേന്ദ്രനിലപാട് അറിയിക്കാന്‍ സുപ്രീംകോടതി രണ്ടാഴ്ച സമയം നല്‍കിയിരിക്കേ മന്ത്രിസഭ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊണ്ടതായാണ് കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

സേതുസമുദ്രം പദ്ധതി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പത്തംഗ സമിതിയുടെ റിപ്പോര്‍ട്ടും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അഭിപ്രായവും ആരാഞ്ഞ ശേഷം കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷമാണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടതെന്നറിയുന്നു.
രാമസേതു പ്രകൃത്യാ ഉള്ള മണ്‍തിട്ട മാത്രമാണെന്നും ഒരു ഇതിഹാസ കഥാപാത്രവും നിര്‍മിച്ചതല്ലെന്നും അതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിലും ഈ നിലപാടുതന്നെയാവും കൈക്കൊള്ളുക.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗം പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും സുപ്രീംകോടതിയില്‍ കൂടുതല്‍ സാവകാശം തേടാനും തീരുമാനിച്ചിരുന്നു. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് പദ്ധതി നിര്‍ത്താന്‍ തീരുമാനിച്ചത്.

സേതുസമുദ്രം പദ്ധതിക്കു വേണ്ടി ശക്തമായി നിലകൊള്ളുന്ന ഡി.എം.കെ പ്രതിനിധിയും കേന്ദ്ര കപ്പല്‍ ഗതാഗതമന്ത്രിയുമായ ടി.ആര്‍. ബാലുവിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ഈ തീരുമാനം. പത്തോളം നിയമസഭകളിലേക്കും അടുത്ത വര്‍ഷം ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് വരാനിരിക്കേ ബി.ജെ.പി രാമസേതു പ്രചാരണായുധമാക്കുമെന്ന കോണ്‍ഗ്രസിന്റെ ആശങ്കയായിരുന്നു ഇതിനുപിന്നില്‍.

എന്നാല്‍, സേതുസമുദ്രം പദ്ധതി അഭിമാനപ്രശ്നമായി ഏറ്റെടുത്തിരിക്കുന്ന ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധി കോണ്‍ഗ്രസ് നിലപാടിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ തീരുമാനം മാറ്റാന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസും നിര്‍ബന്ധിതരാവുകയായിരുന്നുവത്രേ. ഡി.എം.കെ.ക്കൊപ്പം സി.പി.എം, സി.പി.ഐ കക്ഷികളും സേതുസമുദ്രം പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

3. അലീഗഢ് വിദൂര കാമ്പസ് മലപ്പുറത്ത്; കോഴിക്കോട്ട് പ്രവേശന പരീക്ഷാ കേന്ദ്രം
ന്യൂദല്‍ഹി: അലീഗഢ് സര്‍വകലാശാലയുടെ പ്രവേശന പരീക്ഷാകേന്ദ്രം കോഴിക്കോട്ട് ആരംഭിക്കാന്‍ സര്‍വകലാശാലാ എക്സിക്യൂട്ടീവ് കൌണ്‍സില്‍ തീരുമാനിച്ചു. വിദൂര കാമ്പസ് മലപ്പുറത്ത് തുടങ്ങുന്നതിനും എക്സിക്യൂട്ടീവ് കൌണ്‍സില്‍ തത്വത്തില്‍ അനുമതി നല്‍കി. കൌണ്‍സില്‍ തീരുമാന പ്രകാരം അടുത്ത അധ്യയന വര്‍ഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.ടെക്, എം.ബി.എ, ക്ലാസ് 11, എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കോഴിക്കോട്ടും നടത്തപ്പെടും. സര്‍വകലാശാലയുടെ അഖിലേന്ത്യാ സ്വഭാവം ശക്തിപ്പെടുത്തുന്ന നടപടിയുടെ ഭാഗമാണ് തീരുമാനം.

സര്‍വകലാശാലയുടെ വിദൂര കാമ്പസുകള്‍ നാല് സംസ്ഥാനങ്ങളിലായി ആരംഭിക്കുന്നതിനാണ് തത്വത്തില്‍ തീരുമാനമായത്. കേന്ദ്രസര്‍ക്കാറിന്റെ അനുമതി കൂടി ആവശ്യമായതിനാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അനുമതിയും ധനസഹായവും ലഭിക്കുന്ന മുറക്ക് പഠനകേന്ദ്രങ്ങള്‍ തുറക്കും. കേരളത്തിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയെന്ന നിലയിലാണ് മലപ്പുറം തെരഞ്ഞെടുക്കപ്പെട്ടത്.

സര്‍വകലാശാലാ നിയമാവലിക്ക് അനുസൃതമായി മുസ്ലിംകളുടെ വിദ്യാഭ്യാസ ഉന്നമനം ഉദ്ദേശിച്ചാണ് പഠനകേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ സര്‍വകലാശാലയുടെ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് അടക്കം സൌകര്യമൊരുക്കാനാണ് ഉദ്ദേശ്യം. വിശദമായ രൂപരേഖ തയാറാകേണ്ടതുണ്ട്. പഠന കേന്ദ്രം തുടങ്ങിയാല്‍ ആവശ്യമായ സ്ഥലം സൌജന്യമായി ലഭ്യമാക്കാമെന്ന് കേരള സര്‍ക്കാറിന്റെ വാഗ്ദാനമുണ്ട്. മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍കലാം, വിപ്രോ മേധാവി അസിം പ്രേംജി, രത്തന്‍ ടാറ്റ, കാര്‍ഷിക വിദഗ്ധന്‍ ഡോ. എം.എസ് സ്വാമിനാഥന്‍ എന്നിവരെ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ബഹുമതി ബിരുദം സമ്മാനിക്കും. അലീഗഢ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥികളുടെ ആഗോള ഉച്ചകോടി ഒക്ടോബര്‍ 16ന് നടത്താനുള്ള നിര്‍ദേശവും എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗീകരിച്ചു. പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തോടെ രാജ്യാന്തര ഗവേഷണ ഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്തും. വൈസ് ചാന്‍സലര്‍ ഡോ.പി.കെ അബ്ദുല്‍ അസീസ് അധ്യക്ഷനായിരുന്നു.

4. ബാംഗ്ലൂരില്‍ ‘പരമ്പര’കൊലയാളിയും കുടുംബവും പിടിയില്‍
ബാംഗ്ലൂര്‍: വൃദ്ധന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ‘പരമ്പര’കൊലയാളിയും കുടുംബവും അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ ചന്ദ്രകാന്ത് ശര്‍മ (48), ഭാര്യ ഹര്‍ഷാ ശര്‍മ (43),മകന്‍ മഞ്ജുശര്‍മ എന്ന മാണ്ഡോ (21) എന്നിവരെയാണ് കെമ്പെഗൌഡെ നഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. 1978 മുതല്‍ 81 വരെ മഹാരാഷ്ട്രയിലെ പൂനെ,നാസിക്ക്,അന്ധേരി അടക്കം വിവിധ സ്ഥലങ്ങളിലായി 20 പേരെ കൊലപ്പെടുത്തിയെന്ന് ചന്ദ്രകാന്ത് ശര്‍മ സമ്മതിച്ചതായി പോലിസ് പറഞ്ഞു. ബാംഗ്ലൂര്‍ കെ.ജി ഹള്ളി നഞ്ചമ്പ അഗ്രഹാര സ്വദേശിയും ബെസ്കോം റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയറുമായിരുന്ന എസ്.പി രാഘവനായിരുന്നു അവസാന ഇര. മൂവരും ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. രാഘവന്റെ ഹെന്നൂരിലെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്ന ഇവര്‍ മാസങ്ങളായി വാടക നല്‍കിയിരുന്നില്ല.

കഴിഞ്ഞ 10ന് വാടക നല്‍കണമെന്നാവശ്യപ്പെട്ടെത്തിയ രാഘവനെ മൂവരും ചേര്‍ന്ന് കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി,സൊളിഗിരി ഭാഗത്ത് കൊണ്ടുപോയി കത്തിച്ച ശേഷം ഉപേക്ഷിച്ച മൃതദേഹം കഴിഞ്ഞ പതിനൊന്നിന് കണ്ടെത്തി യിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ഗീതാമണി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പണസംബന്ധമായ തര്‍ക്കങ്ങളും നിസ്സാര വഴക്കുകളുമാണ് കൊലകള്‍ക്ക് കാരണമെന്ന് പോലിസ് പറഞ്ഞു. ചന്ദ്രകാന്ത് ക്ലോറോഫോം പ്രയോഗത്തിലൂടെയാണ് രണ്ടിലധികം പേരെ കൊന്നതെന്ന് ഡി.സി.പി അലോക് കുമാര്‍ പറഞ്ഞു.

1985ല്‍ ബാംഗ്ലൂരിലെത്തിയ ഇയാള്‍ റിയല്‍എസ്റ്റേറ്റ് തട്ടിപ്പുനടത്തി കഴിയുകയായിരുന്നു. വ്യാജരേഖകള്‍ ചമച്ച് വീട് വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കി അഡ്വാന്‍സ് വാങ്ങി മുങ്ങാറായിരുന്നു പതിവ്. 15 കോടിയില്‍പരം രൂപയുടെ തട്ടിപ്പാണ് ഇയാള്‍ ഇങ്ങനെ നടത്തിയത്. കൊല്ലപ്പെട്ട രാഘവന്റെ വീടും വ്യാജരേഖ ചമച്ച് 1.5 കോടി രൂപക്ക് വില്‍ക്കാന്‍ ശര്‍മ കരാറാക്കിയിരുന്നു. ഇതില്‍ 50 ലക്ഷം രൂപ അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്തുവത്രേ. രാഘവന്റെ മൃതദേഹം തമിഴ്നാട്ടില്‍ ഉപേക്ഷിച്ച് മടങ്ങുംവഴിയാണ് താന്‍ 20 കൊലപാതകങ്ങള്‍ നടത്തിയ കാര്യം ഭാര്യയോടും മക്കളോടും പറയുന്നതെന്നും അലോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

5. ഭൂരഹിത ആദിവാസികള്‍ക്കായി 40000 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരഹിത ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ 40000 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം ഭൂമി കണ്ടെത്തി അറിയിക്കണം. ഇന്നലെ റവന്യു^പട്ടിക വിഭാഗ വകുപ്പ് മന്ത്രിമാര്‍ ജില്ലാകലക്ടര്‍മാരുടെ യോഗം വിളിച്ചാണ് ഈ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ ആദിവാസി സംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചത്. 22300 ഏക്കര്‍ ഭൂമിയാണ് ഭൂരഹിതര്‍ക്ക് നല്‍കാന്‍ വേണ്ടത്. ഒരേക്കറില്‍ താഴെ ഭൂമിയുള്ള 33000 കുടുംബങ്ങളുണ്ട്. 40000 ഏക്കര്‍ ഭൂമിയുണ്ടെങ്കില്‍ എല്ലാവര്‍ക്കും ഭൂമി നല്‍കാനാകുമെന്നാണ് കരുതുന്നതെന്ന് യോഗത്തിന് ശേഷം മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിയുന്നത്ര വേഗം ഭൂമി വിതരണം ചെയ്യാന്‍ ശ്രമം നടത്തും. വനം, റവന്യു, പട്ടിക വിഭാഗം, തദ്ദേശം വകുപ്പുകള്‍ സംയുക്തമായാണ് ഭൂമി കണ്ടെത്തി വിതരണം ചെയ്യാന്‍ നടപടി എടുക്കുക. ഓരോ ജില്ലയിലും ആവശ്യമായ ഭൂമി കണ്ടെത്താനാണ് നിര്‍ദേശം. വയനാട്, പാലക്കാട്, ഇടുക്കി ജില്ലയിലാണ് കൂടുതല്‍ ഭൂമി കണ്ടെത്തേണ്ടത്. ലഭ്യമാകുന്ന റവന്യൂ, വനം ഭൂമിയുടെ അളവ്, രേഖകളില്ലാതെ താമസിക്കുന്നവരുടെ വിവരം, മിച്ചഭൂമിയില്‍ താമസിക്കുന്നവരുടെ എണ്ണം എന്നിവ സംബന്ധിച്ച് കലക്ടര്‍മാര്‍ പ്രാഥമിക പരിശോധന നടത്തും.

ഗ്രാമസഭ തെരഞ്ഞെടുക്കുന്ന 15 അംഗങ്ങള്‍ വരെയുള്ള ഫോറസ്റ്റ് റൈറ്റ്സ് കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തീരുമാനിക്കുക. കമ്മിറ്റിയില്‍ മൂന്നിലൊന്ന് പട്ടിക വര്‍ഗക്കാരും മൂന്നിലൊന്ന് സ്ത്രീകളുമായിരിക്കും. ഇത് ബ്ലോക്ക് തലത്തിലുള്ള സബ്ഡിവിഷന്‍ കമ്മിറ്റി പരിശോധിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റിയാണ് ഭൂമി അനുവദിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തിലും കമ്മിറ്റി ഉണ്ടാക്കും.

6. ചിന്നക്കനാലില്‍ 13 ഏക്കര്‍ വനഭൂമി ഭൂമാഫിയ മുംബൈ ഹോട്ടല്‍ ഗ്രൂപ്പിന് വിറ്റു
തൊടുപുഴ: ചിന്നക്കനാലില്‍ റവന്യൂ വകുപ്പ് വനംവകുപ്പിന് കൈമാറിയ 725 ഏക്കര്‍ വനഭൂമിയില്‍ 13 ഏക്കര്‍ ഭൂമാഫിയ മുംബൈയിലെ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് വിറ്റതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. പഴയ സര്‍വേ നമ്പര്‍ 20/1 ^ല്‍ വരുന്ന മുഴുവന്‍ ഭൂമിയും ’90 ഒക്ടോബര്‍ 25 ന് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവ് വഴി (ജി.ഒ.എം.എസ് നമ്പര്‍ 647/90/RD) വനംവകുപ്പിന് കൈമാറിയിരുന്നു. ഇതില്‍ സര്‍വേ നമ്പര്‍ 20/1 ^ല്‍ ഒരേക്കര്‍ 95 സെന്റ്, അതേ സര്‍വേ നമ്പറില്‍ നാലേക്കര്‍ 30 സെന്റ്, ഒരേക്കര്‍ 90 സെന്റ്, രണ്ടേക്കര്‍ 67 സെന്റ് എന്നിങ്ങനെ 13 ഏക്കര്‍ സ്വകാര്യ വ്യക്തികള്‍ കൈയേറി സ്വന്തമാക്കുകയും അതിനു ശേഷം ഏക്കറിന് രണ്ടുകോടി രൂപ വില നിശ്ചയിച്ച് മുംബൈയിലെ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറിയെന്നുമാണ് കണ്ടെത്തിയത്. വനവത്കരണത്തിനായി ’90ല്‍ റവന്യൂവകുപ്പ് പ്രത്യേക ഉത്തരവ് വഴി വനംവകുപ്പിന് കൈമാറിയ 290.35 ഹെക്ടറില്‍പെടുന്നതാണ് ഈ ഭൂമി.

10614/90/B1 നമ്പറായി ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ ഭൂമി അളന്നുതിരിച്ച് സ്കെച്ചും പ്ലാനും തയാറാക്കി വനംവകുപ്പിന് കൈമാറാന്‍ താലൂക്ക് സര്‍വേയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതിനിടെ ചിന്നക്കനാലിലെ ഭൂമിയില്‍ കൈയേറ്റം ആരംഭിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഭൂമി കൈമാറ്റ നടപടികള്‍ പല കാരണങ്ങളാല്‍ പൂര്‍ണമായും നടന്നില്ല. റവന്യൂ വകുപ്പ് ഉത്തരവ് വഴി വനംവകുപ്പിന് കൈമാറുകയും എന്നാല്‍, പൂര്‍ണമായി വനംവകുപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്താതിരിക്കുകയും ചെയ്ത ഈ ഭൂമിയിലാണ് ചിന്നക്കനാലിലെ എല്ലാ പ്രധാന റിസോര്‍ട്ടുകളും സ്ഥിതി ചെയ്യുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറി പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചിട്ടുണ്ട്.
വ്യാജ പട്ടയരേഖകള്‍, തണ്ടപ്പേര്‍ രജിസ്റ്റര്‍, ചെല്ലാന്‍ എന്നിവ സൃഷ്ടിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ച ശേഷം സബ്രജിസ്ട്രാര്‍ ഓഫീസിനെ സ്വാധീനിച്ചാണ് സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് ഉടമകള്‍ക്ക് വിറ്റത്.

ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിന്റെയും വില്‍പനയുടെയും വ്യാപ്തിയും കുറ്റകൃത്യത്തിന്റെ സ്വഭാവവും കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ നേരത്തേ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല. അന്വേഷണം അട്ടിമറിക്കാന്‍ റിസോര്‍ട്ടുകളുടെ ഉടമകള്‍ സജീവമായി രംഗത്തിറങ്ങിയതാണ് കാരണം. എല്ലാ പട്ടയങ്ങളും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനും എതിരെ ആരംഭിച്ചിരിക്കുന്ന സമരം ഈ റിസോര്‍ട്ട് ഉടമകളുടെ വ്യാജപട്ടയങ്ങള്‍ ക്രമപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും ആക്ഷേപമുണ്ട്.

7. പാഠപുസ്തകങ്ങള്‍ വിഭജിച്ച് നല്‍കും
തിരുവനന്തപുരം: പുസ്തകഭാരം കുറക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ വിഭജിച്ച് നല്‍കാന്‍ ശിപാര്‍ശ. പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റിയാണ് ഈ ശിപാര്‍ശക്ക് രൂപം നല്‍കിയത്. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഈമാസം 22ന് ചേരുന്ന കരിക്കുലം കമ്മിറ്റി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും.

സ്കൂള്‍തലത്തില്‍ ഇനിമുതല്‍ അര്‍ധവാര്‍ഷിക പരീക്ഷയും വാര്‍ഷിക പരീക്ഷയും നടത്തിയാല്‍ മതിയെന്നാണ് പരിഷ്കരണ കമ്മിറ്റിയുടെ ശിപാര്‍ശ. അര്‍ധവാര്‍ഷിക പരീക്ഷവരെ പഠിക്കേണ്ട പാഠങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും പുസ്തകങ്ങള്‍ ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുക. ഈ പുസ്തകത്തില്‍ നിന്നും വാര്‍ഷിക പരീക്ഷക്ക് ചോദ്യങ്ങള്‍ ഉണ്ടാവില്ല. ആദ്യഘട്ടത്തില്‍ നല്‍കിയതിന്റെ ശേഷിച്ച പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും രണ്ടാംഘട്ടത്തില്‍ വിവിധ വിഷയങ്ങളുടെ പുസ്തകങ്ങള്‍ തയാറാക്കുക. ഈ പുസ്തകങ്ങളില്‍ നിന്ന് മാത്രമേ വാര്‍ഷിക പരീക്ഷക്ക് ചോദ്യങ്ങള്‍ ഉണ്ടാകാവൂവെന്നും ശിപാര്‍ശ ചെയ്യുന്നു. അര്‍ധവാര്‍ഷിക പരീക്ഷ ഒക്ടോബര്‍^നവംബര്‍ മാസത്തോടെയും വാര്‍ഷിക പരീക്ഷ മാര്‍ച്ചിലും നടത്തണം.

പ്ലസ്ടുതല വിദ്യാര്‍ഥികള്‍ നിലവിലെ പഠനവിഷയങ്ങള്‍ക്ക് പുറമെ ഏതെങ്കിലും ഒരു തൊഴിലധിഷ്ഠിത പഠനം കൂടി നടത്തണം. തൊഴിലധിഷ്ഠിത പഠനത്തിന്റെ ഭാഗമായി തിയറിക്ക് പുറമെ പ്രായോഗിക പരിശീലനവും ഉണ്ടാകും. ഇതിനായി ബ്ലോക്ക്തലത്തില്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനാണ് ആലോചിക്കുന്നത്. തൊഴിലധിഷ്ഠിത പഠനത്തിന് തെരഞ്ഞെടുക്കേണ്ട മേഖല ഏതെന്ന് ഓരോ വിദ്യാര്‍ഥിക്കും തീരുമാനിക്കാം. തൊഴിലധിഷ്ഠിത പഠനത്തിന് മുന്നോടിയായി ഒമ്പത്, പത്ത് ക്ലാസുകളില്‍ സാമാന്യ പഠനത്തിനൊപ്പം പ്രത്യേക വിഷയങ്ങളില്‍ സവിശേഷ പഠനവും നടത്തണം. ഓരോരുത്തര്‍ക്കും അവരിഷ്ടപ്പെടുന്ന ഒരു വിഷയത്തിലായിരിക്കും സവിശേഷ പഠനം നല്‍കുക.

പ്രൈമറി തലം മുതല്‍ പ്ലസ്ടു വരെ ഭാഷാപഠനം നിലവിലെ രീതിയില്‍ തുടരണമെന്നാണ് കമിറ്റി ശിപാര്‍ശ. എന്നാല്‍ ഇതര ഭാഷാപഠനം നടത്തുന്നവര്‍ക്ക് മാതൃഭാഷയില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്ത നിലവിലെ സാഹചര്യം ഒഴിവാക്കണമെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. ഇതൊഴിവാക്കാന്‍ മാതൃഭാഷാ പഠനം കാര്യക്ഷമമാക്കണം.
ഇംഗ്ലീഷ്, ഐടി എന്നീ വിഷയങ്ങളുടെ സാമാന്യമായ പരിചയപ്പെടുത്തല്‍ പ്രൈമറിതലം മുതല്‍ ഉണ്ടാകണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. എല്ലാ വിഷയങ്ങളുമായും ബന്ധപ്പെടുത്തി ഐടി പഠിപ്പിക്കണമെന്നാണ് കമ്മിറ്റി ശിപാര്‍ശ.

പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കോര്‍ കമ്മിറ്റിയുടെ യോഗം ഈമാസം 21ന് ചേര്‍ന്ന് ശിപാര്‍ശകള്‍ക്ക് അന്തിമരൂപം നല്‍കും. 22ന് ചേരുന്ന കരിക്കുലം കമ്മിറ്റി ശിപാര്‍ശകളിന്മേല്‍ അന്തിമതീരുമാനം കൈക്കൊള്ളും. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, 11 ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങള്‍ ഏര്‍പ്പെടുത്താന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളില്‍ മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയൂവെന്ന് മൂന്നുമാസം മുമ്പ് ചേര്‍ന്ന കരിക്കുലം കമ്മിറ്റി വിലയിരുത്തിയിരുന്നു. നടപ്പ് അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ ഏര്‍പ്പെടുത്തുകയും കോടതിവിധിമൂലം പിന്‍വലിക്കേണ്ടിയും വന്ന പാഠപുസ്തകങ്ങളായിരിക്കും. 11ാം ക്ലാസില്‍ (പ്ലസ്വണ്‍) അടുത്ത തവണ നല്‍കേണ്ടതെന്നും കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്. സിലബസിനും പാഠപുസ്തകത്തിനും അംഗീകാരം നല്‍കുന്നതിലുണ്ടായ കാലതാമസം മുന്‍നിര്‍ത്തി ഒമ്പതാംക്ലാസിലെ പാഠപുസ്തകമാറ്റം തല്‍ക്കാലം മാറ്റിവെക്കാനുമാണ് തീരുമാനം.

8. റഷ്യന്‍ സുരക്ഷാ ഏജന്‍സിയുമായി ഭീകരവിരുദ്ധ സഹകരണം ബ്രിട്ടന്‍ അവസാനിപ്പിച്ചു
മോസ്കോ: റഷ്യയുമായി ഉടലെടുത്ത പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ എഫ്.എസ്.ബിയുമായുള്ള സഹകരണ ബന്ധം റദ്ദാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.
ഭീകരവിരുദ്ധ നീക്കങ്ങളില്‍ ഈ ഏജന്‍സിയുമായി ബ്രിട്ടന്‍ അടുത്ത സഹകരണ ബന്ധം സ്ഥാപിച്ചിരുന്നു.

കഴിഞ്ഞദിവസം സെന്റ്പീറ്റേഴ്സ് ബര്‍ഗിലെ സാംസ്കാരിക കൌണ്‍സില്‍ ബ്രിട്ടന്‍ അടച്ചുപൂട്ടുകയും ചെയ്തു. കൌണ്‍സിലിലെ ചില ജീവനക്കാരെ റഷ്യന്‍ ഏജന്‍സി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണിത്.
മുന്‍ കെ.ജി.ബി ചാരന്‍ അലക്സാണ്ടര്‍ ലിറ്റ്വിനെങ്കോ വധത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന റഷ്യന്‍ ഉദ്യോഗസ്ഥന്‍ ആന്ദ്രേ ലുഗോപോയിനെ വിചാരണക്ക് വിട്ടുതരണമെന്ന ബ്രിട്ടന്റെ അഭ്യര്‍ഥന എഫ്.എസ്.ബി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് എഫ്.എസ്.ബിയുമായുള്ള ബന്ധങ്ങള്‍ റദ്ദാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്.

9. തണുപ്പ് തുടരും; മരണമേറുന്നു, കന്നുകാലികളും ചത്തൊടുങ്ങുന്നു
ജിദ്ദ/റിയാദ്: സൌദി അറേബ്യയുടെ വിവിധ മേഖലകളില്‍ അനുഭവപ്പെട്ട അതിശൈത്യം മൂലം മരണസംഖ്യ വര്‍ധിക്കുന്നു. വടക്കന്‍ പ്രവിശ്യയില്‍ കന്നുകാലികളും വ്യാപകമായി ചത്തൊടുങ്ങുന്നുണ്ട്.

ചെങ്കടല്‍തീര നഗരമായ ജിദ്ദയിലും താപനില 11 ഡിഗ്രി വരെയെത്തുമെന്നാണ് കാലാവസ്ഥ അധികൃതരുടെ നിരീക്ഷണം. റിയാദ് ^2, മദീന ^ 2, തബൂക്ക് ^4 എന്നിങ്ങിനെ താപനില കുറയുമെന്നും സൂചനയുണ്ട്. കിഴക്കന്‍ പ്രവിശ്യയിലും റിയാദ് മേഖലയിലും മഴയുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു.

തണുപ്പും മഴയും മൂലം ഇതിനകം സൌദിയില്‍ 16 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 18കാരിയായ ഒരു വിദ്യാര്‍ഥിനിയും ഒരു ഇന്ത്യന്‍ തൊഴിലാളിയുമടക്കം മൂന്ന് പേരാണ് അല്‍ഉലയില്‍ ശൈത്യംമൂലം മരിച്ചത്. മദീനയില്‍നിന്നു 400 കിലോമീറ്റര്‍ വടക്ക് നബാതിയന്‍ ചരിത്ര സമുച്ചയങ്ങള്‍ സ്ഥിതിചെയ്യുന്ന അല്‍ഉലയില്‍ അതിരാവിലെ സ്കൂളില്‍ പോകുംവഴിയാണ് വിദ്യാര്‍ഥിനി മരണപ്പെട്ടത്.

അതിശൈത്യം മൂലമുള്ള ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മദീനയില്‍നിന്നു 300 കി.മീ വടക്ക് മഹദിലെ റോഡില്‍ വിദേശി മരിക്കാന്‍ കാരണം അതിശൈത്യമാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് അബ്ദുല്‍ റഹീം അറിയിച്ചു. മദീനയിലെ ലേബര്‍ ക്യാമ്പില്‍ രണ്ട് വിദേശികള്‍ മരിച്ചത് പുക ശ്വസിച്ചാണ്. തണുപ്പില്‍നിന്ന് രക്ഷനേടാന്‍ റൂമില്‍ കല്‍ക്കരി കത്തിച്ചതാണ് മരണകാരണം. അശാസ്ത്രീയ രീതിയിലുള്ള തീ കത്തിക്കലിനെതിരെ സിവില്‍ ഡിഫന്‍സ് വക്താവ് മന്‍സൂര്‍ അല്‍ജുഹ്നി മുന്നറിയിപ്പ് നല്‍കി. ശൈത്യകാലത്തുണ്ടാകുന്ന അപകട മരണങ്ങളില്‍ ഭൂരിഭാഗവും അശാസ്ത്രീയ രീതിയിലുള്ള വിറക് ഉപയോഗം മൂലമാണെന്ന് കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഹാമിദ് അല്‍അല്‍ജുഅയ്ദ് പറഞ്ഞു. ഇതിലകപ്പെടുന്നവരില്‍ അധികവും വിദേശികളാണെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഹസ മേഖലയില്‍ രണ്ട് വിദേശികള്‍ മരിച്ചത് ഉറങ്ങുന്നതിനിടെ തീപിടിത്തമുണ്ടായാണ്. തണുപ്പിനെ പ്രതിരോധിക്കാനുണ്ടാക്കിയ തീ ടെന്റിന് പിടിക്കുകയായിരുന്നത്രെ. വടക്കന്‍ മേഖലയിലെ ചില നഗരങ്ങളില്‍ മഞ്ഞുവീഴ്ചയനുഭവപ്പെട്ടു. ഒരു ഏഷ്യക്കാരനും ഈജിപ്ഷ്യനും മരിച്ചു. ഇവര്‍ക്ക് പുറമെ ജോലി ചെയ്യുന്ന തോട്ടത്തിലെ ഒരു മുറിയില്‍ അതിശൈത്യംമൂലവും റൂമില്‍ കത്തിച്ച കല്‍ക്കരിയില്‍നിന്നുള്ള പുകശ്വസിച്ചും രണ്ട് ഈജിപ്തുകാര്‍ മരണപ്പെട്ടിട്ടുണ്ട്. റിയാദില്‍ ഇന്നലെ താപനില പുജ്യം ഡിഗ്രിക്ക് താഴെയായതോടെ ജനജീവിതം ദുസ്സഹമായി. അല്‍ഖര്‍ജിലും കിഴക്കന്‍ പ്രവിശ്യയിലും താപനില പൂജ്യത്തിലെത്തി.
സൌദിയില്‍ 20 സ്ഥലങ്ങളിലാണ് താപനില പൂജ്യം ഡിഗ്രിയില്‍ താഴ്ന്നതായി രേഖപ്പെടുത്തിയത്. വടക്കന്‍ മേഖലയില്‍ മദായിന്‍ സാലിഹിനടുത്തുള്ള അല്‍ഉലാ പട്ടണത്തിലാണ് ഏറ്റവും കൂടിയ തണുപ്പ് അനുഭവപ്പെടുന്നത് 13 ഡിഗ്രി.

കൊടും തണുപ്പ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനാല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും നല്ല തിരക്കാണനുഭവപ്പെടുന്നത്. വാരാന്ത്യ അവധിയായിട്ടുപോലും പതിവിനു വിപരീതമായി നിരത്തുകളും ഷോപ്പിംഗ് മാളുകളും ഒഴിഞ്ഞുകിടക്കുകയാണ്്. സമീപകാല റെക്കോര്‍ഡുകള്‍ ഭേദിച്ച തണുപ്പില്‍നിന്നു സംരക്ഷണം നേടാന്‍ സ്വദേശികളും വിദേശികളും പുറത്തിറങ്ങാതെ വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്.

1. അതിശൈത്യം; മൂന്നാറില്‍ താപനില മൈനസ് മൂന്ന്
മൂന്നാര്‍: അതിശൈത്യത്തിലേക്കു നീങ്ങിയ കാലാവസ്ഥാമാറ്റം മൂന്നാറിനെ മഞ്ഞുപുതപ്പിക്കുന്നു. കേരളം തണുത്തു വിറയ്ക്കുമ്പോള്‍ മൂന്നാറില്‍ താപനില മൈനസ് മൂന്നുവരെയായി. അതിശൈത്യ മേഖലകളായ നല്ലതണ്ണി, കന്നമല, ചെണ്ടുവരൈ, ചൊക്കനാട്, സെവന്‍മല എന്നിവിടങ്ങളിലാണ് താപനില പൂജ്യത്തിലും താഴേക്കു പതിച്ചത്. മഞ്ഞുമലകളുടെ ഉയര്‍ന്ന പ്രതലങ്ങളില്‍ ഐസ് പാളികളും രൂപപ്പെട്ടു.

കാലാവസ്ഥാ മാറ്റമനുസരിച്ചു കേരളത്തില്‍ അനുഭവപ്പെടുന്ന മഞ്ഞിനു പുറമേ ഉത്തരേന്ത്യയില്‍നിന്നുള്ള തണുത്ത കാറ്റും കിഴക്കന്‍ കാറ്റും ശക്തിയായതാണ് അതിശൈത്യത്തിനു കാരണം.മലകടന്നെത്തുന്ന ഉത്തരേന്ത്യന്‍ ശീതക്കാറ്റില്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില ശരാശരി 18 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നിട്ടുണ്ട്. അതേസമയം, താല്‍ക്കാലികമായ ഈ കാലാവസ്ഥാ വ്യതിയാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വാങ്ങുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ മണ്‍സൂണ്‍ പഠന കേന്ദ്രം തലവന്‍ ഡോ. സി. കെ. രാജന്‍ പറഞ്ഞു. സൂര്യോദയത്തിന് ഒരുമണിക്കൂര്‍ മുന്‍പാണ് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്.

2. കോട്ടയം വരുതിയിലാക്കാന്‍ പിബി; പകുതി അംഗങ്ങളും പങ്കെടുക്കും
തിരുവനന്തപുരം: പൊളിറ്റ് ബ്യൂറോയുടെ സൂക്ഷ്മ നിരീക്ഷണത്തിലാകും സിപിഎമ്മിന്റെ കോട്ടയം സംസ്ഥാന സമ്മേളനം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെ പതിനഞ്ചംഗ പിബിയിലെ ഏഴു പേരെങ്കിലും സന്നിഹിതരാകും. ആര്‍. ഉമാനാഥ്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, എം.കെ. പന്ഥെ എന്നിവരെക്കൂടാതെ കേരളത്തില്‍ നിന്നു വി.എസും പിണറായിയും.

മലപ്പുറത്തും പിബിയുടെ വലിയ സംഘം തന്നെ ഉണ്ടായിരുന്നു. പക്ഷേ വിഭാഗീയത നടമാടിയ വോട്ടെടുപ്പു തടയാന്‍ അവര്‍ക്കായില്ല. അതിനു ശേഷം സംസ്ഥാന ഘടകത്തിലെ സംഘടനാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിരന്തര ഇടപെടലാണു പിബി നടത്തുന്നത്. അതു ഫലവത്തായെന്ന് ഉറപ്പിക്കാന്‍ പറ്റിയ വേദിയായി കോട്ടയത്തെ മാറ്റണമെന്നാകും കേന്ദ്ര നേതൃത്വത്തിന്റെ ഉദ്ദേശ്യം. മല്‍സരം ഒഴിവാക്കി സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും ഏകകണ്ഠമായി തിരഞ്ഞെടുക്കുക എന്നത് ആ നിലയ്ക്കു പ്രധാനമാണ്.

മലപ്പുറത്തിനു മുന്നോടിയായുള്ള പടയൊരുക്കം സമാനമായി പ്രകടമല്ലാത്തതിനാല്‍  പിബിയുടെ ദൌത്യം കുറേക്കൂടി എളുപ്പമാകും. എന്നാല്‍ ഇടഞ്ഞുനില്‍ക്കുന്ന രണ്ടു വിഭാഗങ്ങളെ മെരുക്കിയും കേരളത്തിനായുള്ള പ്രത്യേക മാര്‍ഗരേഖ പാലിച്ചും സമ്മേളന നടപടി പൂര്‍ത്തിയാക്കുക എന്ന ഉത്തരവാദിത്തം പ്രധാനമായും പിബിക്കാണ്. ‘പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പു നോക്കിക്കോളൂ എന്നാണു പ്രത്യേക മാര്‍ഗരേഖ അംഗീകരിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം പിബി ഇടപെടലുകളുടെ ഫലത്തെക്കുറിച്ചു കാരാട്ട് പ്രതികരിച്ചതും.

കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംസ്ഥാന സമ്മേളനം 11ന് ഉദ്ഘാടനം ചെയ്യുന്നതു കാരാട്ട് തന്നെയാണ്. 14നു തിരഞ്ഞെടുപ്പിനു ശേഷം പൊതുസമ്മേളനത്തോടെ  സമാപിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം അറൂന്നൂറില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. മലപ്പുറത്ത് 545 പേരായിരുന്നു. അംഗത്വത്തിലെ വര്‍ധനയാണു പ്രതിനിധികളുടെ എണ്ണത്തിലെ വര്‍ധനയ്ക്കു പിന്നില്‍. ജില്ലകളില്‍ ഇപ്പോള്‍ സമ്മേളനം നടന്നുവരുന്ന കണ്ണൂരില്‍ നിന്നു തന്നെയാകാം ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍.

സംസ്ഥാന സമ്മേളനങ്ങളില്‍, ബംഗാളിലേതു കഴിഞ്ഞു. ത്രിപുരയില്‍ ഏറ്റവുമൊടുവിലാണ്. ഹിമാചല്‍പ്രദേശ്, അസം, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇനി നടക്കാനുള്ളത്. മധ്യപ്രദേശിലായിരുന്നു ആദ്യ സമ്മേളനം. സമ്മേളനം നടക്കാത്ത സംസ്ഥാനങ്ങളും ഉണ്ട്. മേഘാലയ, നാഗാലാന്‍ഡ്, മിസോറം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇനിയും സമ്മേളനം നടത്തേണ്ട സ്ഥിതിയായില്ല. കേന്ദ്രഭരണ പ്രദേശങ്ങളുള്‍പ്പെടെ ആകെ 25 ഇടത്താണു ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഫെബ്രുവരി  10നു സമാപിക്കുന്ന ആന്ധ്ര സമ്മേളനം കഴിഞ്ഞാകും കോട്ടയത്തേക്കു നേതാക്കള്‍ എത്തുക. അതിനു മുന്‍പായി ഇൌ മാസം അവസാനം നടക്കുന്ന നിര്‍ണായക  സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും പിബി അംഗങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. സംസ്ഥാന സമ്മേളനങ്ങളുടെ തിരക്കായതിനാല്‍ പിബി ഇൌ മാസം ചേരാനിടയില്ല. കേരളത്തിലെ തര്‍ക്കവിഷയങ്ങള്‍ അവരുടെ സാന്നിധ്യത്തില്‍ ഇവിടെ ചര്‍ച്ച ചെയ്തു ധാരണയിലെത്താന്‍ ശ്രമിക്കും.

3. തളര്‍ന്ന ശരീരവുമായി വാഹന മോഷണം; ‘ആയി’ സജിയും കൂട്ടാളികളും അറസ്റ്റില്‍
മൂവാറ്റുപുഴ: അരയ്ക്കുതാഴെ തളര്‍ന്ന കുപ്രസിദ്ധ കുറ്റവാളി ‘ആയി സജിയുടെ നേതൃത്വത്തിലുള്ള മോഷണ-ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. കൂത്താട്ടുകുളത്തു നിന്ന് കഴിഞ്ഞ 14ന് വാഹന ഉടമയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തി വാന്‍ തട്ടിയെടുത്തു എന്ന കേസിന്റെ അന്വേഷണത്തിനിടെയാണ് സംഘം പിടിയിലായത്. പാലാ ഭരണങ്ങാനം ഇഞ്ചിയില്‍ സജി (ആയി സജി-35), ആലുവ പാറക്കുടി കുറുമശേരി മക്കോലില്‍ ജയപ്രകാശ് (38), തോപ്പുംപടി കാട്ടിപ്പറമ്പില്‍ ബിജോയി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഘത്തിലെ വടക്കന്‍ പറവൂര്‍ സ്വദേശികളായ സാബു, ജബാര്‍, സനു എന്നിവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കപ്പെട്ട വണ്ടിയും മോഷണത്തിനായി പ്രതികള്‍ എത്തിയ കാറും, സജി യാത്ര ചെയ്തിരുന്ന വാനും പൊലീസ് പിടിച്ചെടുത്തു. ശരീരം തളര്‍ന്നിട്ടും ഗുണ്ടാ – ക്രിമിനല്‍ ഒാപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുന്നതില്‍ വിരുതു കാട്ടുന്ന സജിയെ വാഹനത്തില്‍ കൊണ്ടു നടന്നാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

മൂവാറ്റുപുഴ സിഐ ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പത്രത്തില്‍ കണ്ട പരസ്യത്തിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് പരിചയപ്പെട്ട ശേഷമാണ് ജയപ്രകാശും സാബുവും സ്കോര്‍പിയോ എസ്യുവി വാങ്ങാന്‍ കൂത്താട്ടുകുളം നെല്ലാമറ്റത്തില്‍ സാബുവിന്റെ വീട്ടിലെത്തിയത്. വില പറഞ്ഞ് ഉറപ്പിച്ചശേഷം വാഹനം ഓടിച്ചു നോക്കാനായി ഇവരില്‍ ഒരാള്‍ വണ്ടിയില്‍ കയറി. ഉടമയേയും കൂട്ടി കോട്ടയം റൂട്ടില്‍ പോകുന്നതിനിടെ ബാപ്പുജി ജംക്ഷന് സമീപം രണ്ടുപേര്‍ കൂടി വണ്ടിയില്‍ കയറി. പുതുവേലിക്കു സമീപം തിരക്കൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഉടമയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയ ശേഷം വണ്ടിയുമായി കടന്നുകളയുകയായിരുന്നു.

വണ്ടി പാലായിലെത്തിച്ച് ഒളിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടിലേക്കു കടത്താനുള്ള ശ്രമത്തിനിടെ തൊടുപുഴ കോലാനിയില്‍ നിന്നാണു പൊലീസ് ഇവരെ പിടിച്ചത്. ആലുവ രണ്ടാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. സംഘത്തിലെ പ്രധാനിയായ ജയപ്രകാശ് മുംബൈയിലെ ബാന്ദ്രയില്‍ കൊലക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു പുറത്തുവന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

മൂവാറ്റുപുഴ ഏനാനല്ലൂര്‍ മാരിക്കുന്നേല്‍ അനൂപിനെ വെട്ടി പരുക്കേല്‍പിച്ചതും മാഞ്ഞാലിയില്‍ പെട്രോള്‍ പമ്പ് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതും കൂനമ്മാവില്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയതും ഇഷ്ടികക്കളം നടത്തിപ്പുകാരനെ വെട്ടിപരുക്കേല്‍പിച്ചതും ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാഹനം വാങ്ങാനെന്നു പറഞ്ഞ് ജയപ്രകാശും ബിജോയിയും എത്തിയ നെല്ലാമറ്റത്തെ സ്വകാര്യ സ്ഥാപനത്തിലും പരിസരത്തും പൊലീസ് പ്രതികളുമായി തെളിവെടുപ്പിനെത്തി. മോഷണസംഘം ഇടയ്ക്കു തങ്ങിയ ടീ സ്റ്റാള്‍ തുടങ്ങിയ ഇടങ്ങളിലും തെളിവെടുപ്പു നടത്തി. കൂത്താട്ടുകുളത്തു ചിലര്‍ അക്രമികളെ സഹായിച്ചെന്നു സൂചനയുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകളും പൊലീസിന്റെ രഹസ്യാന്വേഷണ സംവിധാനവും മറ്റും ഉപയോഗപ്പെടുത്തിയാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതെന്ന് പറയുന്ന പൊലീസ് അതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

ഐജി വിന്‍സന്‍ എം. പോള്‍, റൂറല്‍ എസ്പി: എം. പത്മനാഭന്‍, മൂവാറ്റുപുഴ ഡിവൈഎസ്പി: എന്‍. സുധീഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴ സിഐ: ബിജു കെ. സ്റ്റീഫന്‍, എഎസ്ഐ: ജോര്‍ജ് ഫ്രാന്‍സിസ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വി.ജെ. ജോര്‍ജ്, കെ.കെ. ജോസ്, ജോസ് ജയിംസ്, കോണ്‍സ്റ്റബിള്‍മാരായ സി.എം. സതീശന്‍, ആര്‍. അനില്‍കുമാര്‍ എന്നിവരും മൂവാറ്റുപുഴ ഇന്റലിജന്‍സ് എസ്ഐ: സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണം നടത്തിയത്.

4. പൊലീസിനു 100 ഡിജിറ്റല്‍ ക്യാമറ; തീരസേനയ്ക്ക് ഇരുമ്പു കവചവും
പാലക്കാട്: സമരങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരെ കണ്ടെത്തിപിടികൂടാന്‍ പൊലീസ് 100 ഡിജിറ്റല്‍ ക്യാമറകള്‍ വാങ്ങുന്നു.  തീരദേശ പൊലീസ് സേനയ്ക്കായി ഇരുമ്പു കവചങ്ങളും ഫോറന്‍സിക് ലാബിലേക്കായി ആധുനിക ഉപകരണങ്ങളടങ്ങുന്ന കിറ്റുകളും വാങ്ങാന്‍ നടപടിയായിട്ടുണ്ട്.

സംസ്ഥാന പൊലീസിന്റ്െ ആധുനികവല്‍ക്കരണത്തിനായുള്ള ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങുന്നത്.  ഇതിനായി പൊലീസ് ആസ്ഥാനത്ത് നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ഓരോ പൊലീസ് സ്റ്റേഷനിലും ഒരു ക്യാമറ വീതം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പ്രകടനങ്ങള്‍ക്കിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ കണ്ടെത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം.

വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന ക്യാമറകളും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച തീരദേശ സംരക്ഷണ സേനയ്ക്കായി പത്ത് ഇരുമ്പു കവചങ്ങളും വാങ്ങാന്‍ നടപടിയായിട്ടുണ്ട്. പൊലീസ് സേനയില്‍ നിയമിക്കുന്നവര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് രണ്ട് ഡ്രൈവിങ് സ്റ്റിമുലേറ്റും ഉടനെ വാങ്ങും. തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് 225 മോഡേണ്‍ സയന്റിഫിക് ഇന്‍വെസ്റ്റിഗേഷന്‍ കിറ്റുകളും വിരലടയാളങ്ങള്‍ ശേഖരിക്കുന്നതിനായി 100 ഫിംഗര്‍ പ്രിന്റിങ് ബോക്സുകളും വാങ്ങുന്നതിനു നടപടിയായി.

ഒരു മാസത്തിനുള്ളില്‍ ഇവ സപ്ളൈ ചെയ്യണമെന്നാണ് ഡിജിപിയുടെ പേരില്‍ ക്ഷണിച്ച ടെന്‍ഡറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടെന്‍ഡറുകള്‍ 29വരെ പൊലീസ് ആസ്ഥാനത്ത് സ്വീകരിക്കും. ഇതിനു ശേഷം വിദഗ്ധരടങ്ങുന്ന കമ്മിറ്റി ഉപകരണങ്ങള്‍ പരിശോധിച്ച ശേഷമാണ് കരാര്‍ ഉറപ്പിക്കുക. സംസ്ഥാനത്ത് ചില പൊലീസ് സ്റ്റേഷനുകളില്‍ മാത്രമാണ് ഇപ്പോള്‍ ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നത്.

5. വിവാഹ റജിസ്ട്രേഷന്‍: രേഖകള്‍ നല്‍കാമെന്ന് ജമാഅത്ത് കൌണ്‍സില്‍
കൊച്ചി: മുസ്ലിം ആചാരപ്രകാരം നടക്കുന്ന വിവാഹങ്ങള്‍ സംബന്ധിച്ച രേഖകള്‍ മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ സമുദായസംഘടനകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യുന്ന രീതിയില്‍ സമര്‍പ്പിക്കാമെന്നു  കേരള മുസ്ലിം ജമാഅത്ത് കൌണ്‍സില്‍ അറിയിച്ചു. വിവാഹങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും പകരം കൌണ്‍സില്‍ നിര്‍ദേശിച്ച ബദല്‍ സംവിധാനം നടപ്പിലാക്കണമെന്നും  സംസ്ഥാന ജന. സെക്രട്ടറി അഡ്വ. എ. പൂക്കുഞ്ഞ്, ഭാരവാഹികളായ മാവുടി മുഹമ്മദ്, ജലാലിയാ കരീം എന്നിവര്‍ ആവശ്യപ്പെട്ടു. ശരിയത്ത് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ മഹല്ലുകള്‍ നിശ്ചിത കാലയളവിനുള്ളില്‍ റജിസ്ട്രേഷനായി കൈമാറാന്‍ തയാറാണെന്നു ജമാഅത്ത് കൌണ്‍സില്‍ പറഞ്ഞു. അല്ലാത്തപക്ഷം സമുദായത്തിന്റെ ധാര്‍മിക അധഃപതനത്തിനും മഹല്ല് ജമാഅത്തുകളുടെ കെട്ടുറപ്പിനെയും ഇതു ബാധിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

6. സിപിഎം നേതാക്കള്‍ പീഡിപ്പിച്ചെന്ന കേസ് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന പത്തൊന്‍പതുകാരിയെ ഭര്‍ത്താവില്ലാത്ത സമയത്തു സിപിഎം നേതാക്കളുള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചുവെന്ന പരാതിയിന്മേല്‍ അന്വേഷണം ഉൌര്‍ജിതപ്പെടുത്താന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ഫെബ്രുവരിയില്‍ പല ദിവസങ്ങളിലായി പതിനേഴോളം പേര്‍ പീഡിപ്പിച്ചെന്നും ഭര്‍ത്താവിനോടു പറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിനു മൊഴി നല്‍കി.

വാടക വീടിന്റെ ഉടമയായ സ്ത്രീയും അയല്‍വാസിയായ സ്ത്രീയുമാണ് ഇൌ പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതെന്നും അവര്‍ പറഞ്ഞു. ഒരിക്കല്‍ മാനഭംഗത്തിനു വിധേയയാക്കി, അതു പുറത്താകാതിരിക്കാന്‍ കൂടുതല്‍ പേര്‍ക്കു വഴങ്ങേണ്ടി വന്നുവെന്നുമാണു യുവതിയുടെ മൊഴി.

നീതി തേടി ഭര്‍ത്താവും ഭാര്യയും തലസ്ഥാനത്തു തങ്ങുകയാണ്. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജോലി സംബന്ധമായി യാത്രയിലായിരുന്ന സമയത്തായിരുന്നു പീഡനം.

ഭര്‍ത്താവ് ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. പയ്യന്നൂര്‍ പൊലീസിനു കേസ് കൈമാറിയെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു കേസ് തേച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുന്നതായി ഭര്‍ത്താവ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. സിപിഎം നേതാക്കളെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു തങ്ങളെ നിരന്തരം പീഡിപ്പിക്കുകയാണെന്നു ഭര്‍ത്താവും ഭാര്യയും പറഞ്ഞു.

കേസ് പിന്നീടു കോഴിക്കോട് ക്രൈംബ്രാഞ്ചിനു കൈമാറി. പക്ഷേ ആറു മാസം അന്വേഷിച്ചിട്ടും, വ്യക്തമായ തെളിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാവുന്നില്ലെന്നും പരാതിയില്‍ പറയുന്നു. താന്‍ ഗര്‍ഭിണിയാണെന്നതു പോലും പരിഗണിക്കാതെയാണു പീഡിപ്പിച്ചതെന്നു യുവതി പറഞ്ഞു.

ഇപ്പോള്‍ അവര്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്. വനിതാ കമ്മിഷനും യുവതി പരാതി നല്‍കിയിരുന്നു. ഇങ്ങനെയൊരു പരാതിയുമായി അധികാരകേന്ദ്രങ്ങള്‍ കയറിയിറങ്ങുന്നതു വലിയ മാനസിക പീഡനമാണെങ്കിലും ഇനിയൊരു സ്ത്രീക്കും ഇൌ ദുരന്തം ഉണ്ടാവരുതെന്നതിനാലാണു കേസുമായി മുന്നോട്ടുപോകുന്നതെന്നു ഭര്‍ത്താവ് പറഞ്ഞു. എന്തു പ്രതിസന്ധിയുണ്ടായാലും രണ്ടിലൊന്നറിയുന്നതുവരെ അതു തുടരും.

7. കര്‍ണാടകയില്‍ ഇന്നു മുതല്‍ ലോറി സമരം
ബാംഗൂര്‍: വേഗപ്പൂട്ട്  ഘടിപ്പിക്കുന്നതു നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടക ലോറി ഉടമകളുടെയും ഏജന്റുമാരുടെയും സംഘടന ആഹ്വാനം ചെയ്ത സമരത്തിന് ഇന്നു തുടക്കം. മൊത്തം2.75 ലക്ഷം ലോറികളാണ് സമരത്തിനുണ്ടാകുക. വേഗപ്പൂട്ട് സ്ഥാപിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സാവകാശം തേടാമെന്നു ഗവര്‍ണര്‍ നല്‍കിയ ഉറപ്പു വകവയ്ക്കാതെയാണു ലോറിക്കാരും എണ്‍പതിനായിരത്തോളം മാക്സി ക്യാബുകളും മറ്റു ചെറുകിട ചരക്കുവാഹനങ്ങളും പണിമുടക്കുന്നത്.

ബാംഗൂര്‍ മേഖലയിലെ ഐടി-ബിടി കമ്പനികളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നതാണ് മാക്സി ക്യാബ് സമരം. ജീവനക്കാരെ കൊണ്ടുപോകാനും ഉപകരണങ്ങളും മറ്റും എത്തിക്കാനുമായി പതിനായിരക്കണക്കിനു ക്യാബുകളാണ് ഓടുന്നത്. വേഗപ്പൂട്ട് വ്യവസ്ഥ പൂര്‍ണമായി ഒഴിവാക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നു ലോറി ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.ആര്‍.ഷണ്‍മുഖപ്പ അറിയിച്ചു. ലക്ഷ്വറി കാര്‍ ഉടമസ്ഥ സംഘവും കര്‍ണാടക ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച മുതല്‍ വേഗപ്പൂട്ട് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കു ഗതാഗത വകുപ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഗുണശേഖര്‍ ചൂണ്ടിക്കാട്ടി.

8. ഇ മെയില്‍ ലോട്ടറി തട്ടിപ്പ്; നൈജീരിയന്‍ പൌരനടക്കം 3 പേര്‍ അറസ്റ്റില്‍
മുംബൈ: ഇ മെയിലിലൂടെ ലോട്ടറി തട്ടിപ്പ് നടത്തിയ നൈജീരിയക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. നൈജീരിയന്‍ സ്വദേശി സെസ്തോസ് അല്‍ബായിബീ, ജയന്ത് സംഘ്വികാര്‍, ഹരിഷ്ചന്ദ്ര ആചാര്യ എന്നിവരാണ് അറസ്റ്റിലായത്.

9. 25,000 രൂപയുടെ കാറുമായി സ്കൂള്‍കുട്ടി
വാരാണസി: ഒരു ലക്ഷം രൂപയുടെ നാനോ കാറിന് വെല്ലുവിളിയായി കാല്‍ ലക്ഷംരൂപയുടെ ഫെയിം മിനി കാര്‍. പതിനാറു വയസുള്ള പ്ലസ് ടു വിദ്യാര്‍ഥി ചന്ദന്‍കുമാറാണ് നാനോയുടെ നിര്‍മാതാവായ രത്തന്‍ ടാറ്റയ്ക്ക് ഭീഷണിയുയര്‍ത്തുന്നത്.ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നടത്തിയ ‘യങ് ഇന്നവേറ്റേഴ്സ് പ്രദര്‍ശനത്തിലാണ് ഇൌ ചെറുകാര്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

സ്കൂട്ടറിന്റെ 150 സിസി ഫോര്‍ സ്ട്രോക്ക് എന്‍ജിന്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച കാറിന് ആകെ ഭാരം 160 കിലോ. രണ്ടു സീറ്റ്. 45-50 കിലോമീറ്റര്‍ മൈലേജ്. നാലു ഗിയറുണ്ട്. കൂടിയ സ്പീഡ് 80 കിലോമീറ്റര്‍. 150 കിലോമീറ്റര്‍ അകലെയുള്ള അസംഗഢില്‍നിന്ന് പച്ച നിറമുള്ള തുറന്ന കാര്‍ ഒാടിച്ചാണ് ചന്ദന്‍ പ്രദര്‍ശനത്തിനെത്തിയത്.മെക്കാനിക്കായ അച്ഛനോടൊപ്പം പണിശാലയില്‍ മൂന്നു വര്‍ഷമായി കാര്‍ നിര്‍മാണത്തിലായിരുന്നു. വാരാണസിയിലെ ഇടവഴികളില്‍ കൂടിയും ഒാടിക്കാന്‍ പറ്റിയ വണ്ടിയാണെന്നും പഴയ സാധനങ്ങള്‍ ഉപയോഗിച്ചതിനാല്‍ കൃത്യമായ വില കണക്കാക്കിയിട്ടില്ലെന്നും ചന്ദന്‍ പറയുന്നു.

കാര്‍ നിര്‍മാണത്തില്‍ യാതൊരു ഒൌപചാരിക പരിശീലനവും ലഭിച്ചിട്ടില്ല. നാനോ ഇറങ്ങുന്നതിനു രണ്ടു വര്‍ഷം മുന്‍പേ ഫെയിം തയാറായിരുന്നു. പിന്നീട് ബോഡി മെച്ചപ്പെടുത്തുകയായിരുന്നു. നാനോയെക്കാളും നല്ല വണ്ടിയായി ഇതിനെ മാറ്റാനാണ് ചന്ദന്‍ ലക്ഷ്യമിടുന്നത്. കാറുണ്ടാക്കാന്‍ യാതൊരു ധനസഹായവും ലഭിച്ചിട്ടില്ല. യൂണിവേഴ്സിറ്റിയുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.

10. റയില്‍വേയ്ക്ക് 15,500 കോടിലാഭം: മന്ത്രി വേലു
പുതുച്ചേരി: റയില്‍വേ നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ 15,500 കോടി രൂപ ലാഭം നേടിയെന്നു സഹമന്ത്രി ആര്‍. വേലു അറിയിച്ചു. 12 ശതമാനം വളര്‍ച്ചാനിരക്കു കൈവരിക്കാന്‍ സാധിച്ചു. ഇതു മതിപ്പുളവാക്കുന്ന നേട്ടമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ഒടുവില്‍ 20,000 കോടി ലാഭം പ്രതീക്ഷിക്കുന്നുവെന്നും പുതുച്ചേരി റയില്‍വേ സ്റ്റേഷന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചശേഷം വേലു പറഞ്ഞു.യാത്രക്കാരുടെ പക്ഷത്തുനിന്നുകൊണ്ടുള്ള സമീപനമാണു റയില്‍വേയുടെ നേട്ടത്തിനു കാരണം. പാളം സ്ഥാപിക്കുന്നതും വൈദ്യുതീകരണവും ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസനച്ചെലവിന്റെ പകുതി നല്‍കണമെന്ന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

1. അമേരിക്കയില്‍ 15,000 കോടി ഡോളറിന്റെ നികുതിയിളവ്
വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ്വ്യവസ്ഥ നേരിടുന്ന മാന്ദ്യവുംതകര്‍ച്ചയും മറികടക്കുന്നതിനായി 15,000 കോടി ഡോളറിന്റെ നികുതിയിളവുകള്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷ് പ്രഖ്യാപിച്ചു. എന്നാല്‍, ഈ പ്രഖ്യാപനത്തിനുശേഷവും അമേരിക്കന്‍ ഓഹരിവിപണി ഇടിഞ്ഞു.

സമ്പദ്വ്യവസ്ഥയില്‍ നേരിട്ട് സ്വാധീനമുണ്ടാക്കുന്ന വിധത്തില്‍ പ്രത്യക്ഷനികുതിയിലും വാണിജ്യനികുതിയിലുമാണ് ഇളവുകള്‍. ഇതുവഴി കൂടുതല്‍ നിക്ഷേപം വരുന്നതിലൂടെ തൊഴിലവസരങ്ങളുയരുമെന്നും ഇത് അമേരിക്കക്കാരുടെ ഉപഭോഗം കൂട്ടുമെന്നും ബുഷ് പറഞ്ഞു.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥ അടിസ്ഥാനപരമായി ശക്തമാണെന്ന് അവകാശപ്പെട്ട ബുഷ് സമ്പദ്വ്യവസ്ഥയെ ഉണര്‍ത്താനുള്ള ഹ്രസ്വകാല നടപടിയാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു. ഭവനവായ്പാ പ്രതിസന്ധി, ക്രൂഡോയില്‍ വിലവര്‍ധന, ഓഹരിവിപണിയിലെ തകര്‍ച്ച, ഡോളറിന്റെ മൂല്യശോഷണം തുടങ്ങിയ പ്രശ്നങ്ങളിലുഴലുന്ന അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ പുതിയ നികുതിയിളവ് എത്രമാത്രം രക്ഷപ്പെടുത്തുമെന്നു കണ്ടറിയണം.

നികുതിയിളവായി നല്‍കുന്ന 15,000 കോടി ഡോളര്‍ അമേരിക്കയുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ ഒരു ശതമാനം വരും. നികുതിയിളവ് താമസംകൂടാതെ നടപ്പാക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്ന് ബുഷ് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ ബുഷിന്റെ പ്രഖ്യാപനത്തെ സ്വാഗതംചെയ്തെങ്കിലും പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ മറക്കരുതെന്ന് ഓര്‍മിപ്പിച്ചു.

ഈ മാസം അവസാനത്തോടെ അരശതമാനം പലിശകൂടി ഫെഡറല്‍ റിസര്‍വ് കുറയ്ക്കാനിരിക്കെയാണ് ബുഷിന്റെ നികുതിയിളവ്. ഭവനവായ്പാ പ്രശ്നത്തില്‍ കോടിക്കണക്കിനു ഡോളര്‍ നഷ്ടമുണ്ടായെന്ന് പ്രമുഖ ധനകാര്യസ്ഥാപനങ്ങളായ സിറ്റിഗ്രൂപ്പും മെറില്‍ ലിഞ്ചും കഴിഞ്ഞദിവസം മൂന്നാംപാദ സാമ്പത്തിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ആഗോള ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച തുടങ്ങിയത്. ലോകമെങ്ങും ശാഖകളുള്ള സിറ്റിബാങ്ക് പ്രതിസന്ധിയിലായി. ബുഷിന്റെ പ്രഖ്യാപനത്തിനുശേഷവും ഡൌജോണ്‍സ് സൂചിക 59 പോയിന്റ് താഴ്ന്നു.

അമേരിക്കയിലുണ്ടായ മാന്ദ്യവും പ്രതിസന്ധിയും ആഗോള സാമ്പത്തികമേഖലയിലേക്കും വ്യാപിച്ചിട്ടുണ്ട്. 2007-08 വര്‍ഷത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുനരവലോകന റിപ്പോര്‍ട്ട് പുറത്തിറക്കവെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. സി രംഗരാജനും ഈ പ്രതിസന്ധിയെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ഭവന വായ്പാ തകര്‍ച്ചയില്‍ തുടങ്ങിയ പ്രതിസന്ധി രൂക്ഷമാക്കിയത് എണ്ണവിലക്കയറ്റമാണ്.

ലോകത്തെ കീഴ്പ്പെടുത്താനുള്ള അടങ്ങാത്ത ദുരമൂലം പശ്ചിമേഷ്യയില്‍ യുദ്ധവും അസമാധാനവും വരുത്തിവച്ച് അമേരിക്കതന്നെ വിളിച്ചുവരുത്തിയതാണ് ഈ പ്രതിസന്ധി. എണ്ണവില നൂറു ഡോളര്‍ വരെ കുതിച്ചുയര്‍ന്നതോടെ വിലക്കയറ്റവും മറ്റു പ്രശ്നങ്ങളും പരിഹരിക്കാനാകാത്ത വിധം അമേരിക്കയില്‍ പ്രശ്നമായിട്ടുണ്ട്. സാമ്പത്തിക വിനിമയത്തില്‍ ഡോളറിനെ തള്ളി പല രാജ്യങ്ങളും യൂറോയെ ആശ്രയിച്ചതും അമേരിക്കന്‍ പ്രതിസന്ധി മൂര്‍ഛിപ്പിച്ചു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബെന്‍ ബെര്‍നാക് തങ്ങളുടെ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തുറന്നുപറഞ്ഞിരുന്നു. ഇപ്പോള്‍ നികുതി ഇളവുകളില്‍ ആകൃഷ്ടരായി ജനങ്ങള്‍ ഉപഭോഗം വര്‍ധിപ്പിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാനാവുമെന്നാണ് ബുഷ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

2. ഓര്‍മകളുടെ സുഗന്ധവുമായി ബഷീറിന്റെ നായിക
കൊച്ചി: കൊച്ചി നഗരമധ്യത്തിലെ വീട്ടില്‍ ഒഴിവുവേള ചെലവഴിക്കാനെത്തിയ ലളിതയുടെ മനസ്സില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍, സാഹിത്യമോ, ചരിത്രമോ കുറിച്ചുവയ്ക്കാത്ത ഒരാത്മബന്ധത്തിന്റെ ഊഷ്മളമായ ഓര്‍മകളാണ് ഉണര്‍ത്തുന്നത്. ബഷീറിന്റെ ഓര്‍മകള്‍, എഴുപത്തിനാലിലെത്തിയ ഈ അമ്മയെ പഴയ ഒരാറാംക്ളാസുകാരിയുടെ കുട്ടിത്തത്തിലേക്കും കുസൃതികളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു. അറുപതാണ്ടുകള്‍ പിന്നിടുമ്പോഴും സുഗന്ധം പൊഴിക്കുന്ന അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ലളിത.

എറണാകുളത്തെ പ്രശസ്തമായ പുല്ലയില്‍ തറവാട്ടിലെ പൊതുകാര്യപ്രസക്തനായ കൃഷ്ണന്‍കുട്ടിമേനോന്റെ മകളായ ലളിത ആറാംക്ളാസില്‍ പഠിക്കുന്ന കാലം. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥികള്‍ കലാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘കഥാബീജം’ എന്ന നാടകം കോളേജില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. അതില്‍ പതിനാലുകാരി മാധവിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ പെണ്‍കുട്ടിയെ വേണം. പൊതുകാര്യങ്ങളില്‍ ഇടപെടുന്നയാള്‍ എന്ന നിലയില്‍ കുട്ടികള്‍ കൃഷ്ണന്‍കുട്ടിമേനോനെ സമീപിച്ചു. ടി എന്‍ ഗോപിനാഥന്‍നായര്‍ സംവിധാനംചെയ്യുന്ന നാടകത്തില്‍ തന്റെ മകള്‍ അഭിനയിക്കുന്നതില്‍ മേനോന് ഒരെതിര്‍പ്പും ഉണ്ടായില്ല.

പാവാടയും ബ്ളൌസും ധരിച്ച് കുസൃതികള്‍കാട്ടി നാടകത്തിലെ കേന്ദ്രകഥാപാത്രമായ സാഹിത്യകാരന്‍ സദാശിവനെ ചൊടിപ്പിക്കുകയും ക്ഷോഭംകൊള്ളിക്കുകയുമൊക്കെ ചെയ്യുന്ന ‘മാധവി’യെ പ്രേക്ഷകര്‍ അഭിനന്ദിച്ചു.

ഏറെക്കഴിയുംമുമ്പ് സാഹിത്യപരിഷത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് ‘കഥാബീജം’ വീണ്ടും അവതരിപ്പിക്കാനിടയായി. ജീവിതാനുഭവങ്ങളുടെ കടലുകള്‍താണ്ടി കൊച്ചിയിലെത്തിയ ബഷീര്‍ അന്ന് ബോട്ടുജെട്ടിയില്‍ ബുക്ക്സ്റാള്‍ നടത്തുകയായിരുന്നു. ഇത്തവണ നാടകത്തിലെ നായകന്‍ സദാശിവനെ അവതരിപ്പിച്ചത് സാക്ഷാല്‍ ബഷീര്‍. ബഷീറിന്റെ ആത്മനൊമ്പരങ്ങളുടെ നനവു കിനിയുന്ന കഥയാണ് ‘കഥാബീജ’ത്തിന്റേത്. നായകന്‍ സദാശിവന്‍ സത്യത്തില്‍ ബഷീര്‍തന്നെയായിരുന്നു. വീട്ടുവാടക കൊടുക്കാന്‍ നിവൃത്തിയില്ലാതെ, പലപ്പോഴും ഭക്ഷണംപോലും കഴിക്കാനാകാതെ, സാഹിത്യത്തെ ഉപാസിച്ച് ഒടുവില്‍ ഒന്നുമില്ലാതെ തെരുവിലേക്കിറങ്ങേണ്ടിവരുന്ന സദാശിവന്റെ നായികയുടെ വേഷമായിരുന്നു ഒരര്‍ഥത്തില്‍ ലളിത അവതരിപ്പിച്ച മാധവിയുടെ കഥാപാത്രം.

‘മാധവി’യുടെ അവതരണം ബഷീറിന് ഇമ്മിണി ബല്യനിലയില്‍ പിടിച്ചു. നാടകം കഴിഞ്ഞപ്പോള്‍ ബഷീറിന്റെ പടംപതിച്ച ഒരു മെഡല്‍ അദ്ദേഹംതന്നെ സമ്മാനമായി നല്‍കി. അമൂല്യമായ ആ സമ്മാനം സൂക്ഷിച്ചുവയ്ക്കാനായില്ലല്ലോ എന്ന സങ്കടമാണ് ഇപ്പോള്‍ ലളിതയ്ക്ക്. വര്‍ഷങ്ങള്‍ ചിലതുകൂടി കഴിഞ്ഞപ്പോള്‍ ലളിത ടി ശങ്കരന്‍കുട്ടിമേനോന്‍ എന്ന ടി എസ് കെ മേനോനെ വിവാഹംകഴിച്ചു. ടി എസ് കെയും ബഷീറും അടുത്ത സുഹൃത്തുക്കളാണെന്നത് ലളിത അറിയുന്നത്് വിവാഹത്തിനുശേഷം. അപ്പോഴേക്കും ബഷീര്‍ കൊച്ചിയോടു വിടപറഞ്ഞ് ബേപ്പൂരിലെ വൈലാലിലേക്ക് താമസംമാറിയിരുന്നു. 1965ലെ ഏതോ ഒരുദിവസം ഇരുവരുംകൂടി ബേപ്പൂരിലെത്തി സുല്‍ത്താനെ മുഖംകാണിച്ചു.

കുറച്ചുനാള്‍മുമ്പ് കൊച്ചിവിട്ട ടി എസ് കെയും ലളിതയും ഇപ്പോള്‍ മകന്റെകൂടെ കനഡയിലാണ് താമസം.

ബഷീര്‍ ജന്മശതാബ്ദിക്ക് തുടക്കം
കൊച്ചി: കഥയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് മലയാളക്കരയില്‍ തുടക്കമായി. രണ്ടുപതിറ്റാണ്ടുകാലത്തെ ബഷീറിന്റെ ജീവിതസ്മരണകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കൊച്ചി നഗരത്തിലും കഥാകാരന്റെ പില്‍ക്കാല ജീവിതത്തിന് വേദിയായ കോഴിക്കോട്ടെ ബേപ്പൂരും ശനിയാഴ്ച ആ ധന്യസ്മരണകള്‍ നിറഞ്ഞു. ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ ബഷീര്‍ സ്മാരക ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

ബഷീറിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ ബഷീര്‍ കഥാപാത്രങ്ങള്‍ ബേപ്പൂര്‍ സുല്‍ത്താന് പ്രണാമം അര്‍പ്പിച്ചത് കൌതുകമായി. കോഴിക്കോട് ബാങ്ക്മെന്‍സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച ഡോക്യുഡ്രാമയിലാണ് കഥാപാത്രങ്ങള്‍ വൈലാലില്‍ വീട്ടില്‍ ഒത്തുചേര്‍ന്നത്. ജന്മനാടായ തലയോലപ്പറമ്പില്‍ നിന്ന് പാത്തുമ്മയുടെ മകള്‍ കദീജയും മകന്‍ നാസും ബഷീറിന്റെ സഹോദരന്‍ അബുവിന്റെ മരുമക്കളായ നജി, നാസ എന്നിവരും ഇവിടെ എത്തിയിരുന്നു.

തലയോലപ്പറമ്പില്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും ജന്മശതാബ്ദി പ്രഭാഷണവും ഡോ. സുകുമാര്‍ അഴീക്കോട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി കെ ഹരികുമാര്‍ അധ്യക്ഷനായിരുന്നു.

ബഷീറിന്റെ കൊച്ചിയിലെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും വീണ്ടും സഞ്ചരിച്ചുകൊണ്ടാണ് ബഷീറിന് ഏറെ പ്രിയപ്പെട്ട കൊച്ചി നഗരം ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കുകൊണ്ടത്.

ജില്ലാ ലൈബ്രറി കൌണ്‍സിലിന്റെയും സി-ഹെഡിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ബഷീര്‍ അനുസ്മരണസമ്മേളനം പ്രൊഫ. എം കെ സാനു ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി മേയര്‍ സി കെ മണിശങ്കര്‍ അധ്യക്ഷനായിരുന്നു.

ബഷീര്‍കൃതികളുടെ തെരുവുവായന, കഥാപ്രസംഗാവിഷ്കാരം എന്നീ പരിപാടികളോടെ നടന്ന അനുസ്മരണച്ചടങ്ങ് ബോട്ടുജെട്ടിക്കടുത്തുള്ള കാനന്‍ഷെഡ് റോഡില്‍ ബഷീര്‍ കൊച്ചിയില്‍ ആദ്യം പുസ്തകശാല നടത്തിയ കൊച്ചിന്‍ ബേക്കറി കെട്ടിടത്തിനുമുന്നിലായിരുന്നു.

സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനം കാക്കനാടന്‍ ഉദ്ഘാടനംചെയ്തു. പ്രൊഫ. എം അച്യുതന്‍ അധ്യക്ഷനായിരുന്നു.

3. പ്രകൃതിയെ മലിനമാക്കാത്ത പദാര്‍ഥങ്ങള്‍കണ്ടെത്തണം: ജി മാധവന്‍നായര്‍
തൃശൂര്‍: പ്രകൃതി മലിനമാക്കാത്ത പദാര്‍ഥങ്ങള്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രസമൂഹം തയ്യാറാകണമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ജി മാധവന്‍നായര്‍ പറഞ്ഞു. ഗവ. എന്‍ജിനിയറിങ് കോളേജില്‍ ഭാവിയിലെ പദാര്‍ഥങ്ങള്‍ എന്ന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലോകം മുഖ്യമായും നേരിടുന്നത് മാലിന്യപ്രശ്നമാണ്. അതുകൊണ്ട് പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കണ്ടെത്തുന്ന ഉല്‍പ്പന്നങ്ങളുടെ പ്രായോഗികതയെക്കുറിച്ച് ബോധ്യമുണ്ടാകണം. പരിസ്ഥിതിക്ക് ദോഷംവരുത്താത്ത പദാര്‍ഥങ്ങള്‍ കണ്ടുപിടിക്കാനാകണം.

ഊര്‍ജരംഗത്ത് നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കല്‍ക്കരിയെയാണ്. ഇത് വന്‍ മലിനീകരണം സൃഷ്ടിക്കുന്നുണ്ട്. സൌരോര്‍ജമേഖലയ്ക്ക് പ്രാധാന്യം നല്‍കിയാല്‍ മലിനീകരണം കുറയ്ക്കാന്‍ കഴിയും. ശാസ്ത്രരംഗത്തും പദാര്‍ഥങ്ങളുടെ കാര്യത്തിലും ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയെയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണം.

എന്‍ജിനിയറിങ് കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ മേയര്‍ ആര്‍ ബിന്ദു അധ്യക്ഷയായിരുന്നു. വിഎസ്എസ്സി ഡയറക്ടര്‍ ഡോ. കെ രാധാകൃഷ്ണന്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. വിജയന്‍രാജ സ്വാഗതവും കണ്‍വീനര്‍ പ്രൊഫ. എസ് എ സോയ നന്ദിയും പറഞ്ഞു.

4. നാനൂറോളം ഔഷധച്ചെടികള്‍ വംശനാശ ഭീഷണിയില്‍
ന്യൂഡല്‍ഹി: ഔഷധനിര്‍മാണത്തിനുപയോഗിക്കുന്ന നൂറു കണക്കിനു സസ്യങ്ങള്‍ വംശനാശഭീഷണിയിലെന്ന് പഠനം. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വന്‍ തോതില്‍ കണ്ടിരുന്ന കുറുന്തോട്ടി, കറ്റാര്‍വാഴ, തഴുതാമ, പൂവാംകുറുന്തല്‍, പഞ്ചാരക്കൊല്ലി തുടങ്ങി വിദേശികളായ മഗ്നോളിയാസ്, ഹൂഡിയ, ക്രോക്കസ്, യൂ മരം എന്നിങ്ങനെ നാനൂറോളം സസ്യങ്ങളാണ് കുറ്റിയറ്റുപോകുന്നത്. 120 രാജ്യങ്ങളിലായി ബൊട്ടാണിക് ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

വനനശീകരണവും വന്‍തോതിലുള്ള ചൂഷണവുമാണ് ഈ ഔഷസസ്യങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നത്. ക്യാന്‍സറിനും എയ്ഡ്സിനുംവരെ മരുന്ന് നിര്‍മിക്കാന്‍ കഴിയുന്ന സസ്യങ്ങള്‍ ഇനിയും കണ്ടെത്തി സംരക്ഷിച്ചില്ലെങ്കില്‍ അവയൊക്കെ ഈ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാകും.

പ്രധാനമായും യൂറോപ്പില്‍ കണ്ടുവരുന്ന യൂ മരത്തിന്റെ തൊലിയില്‍നിന്നാണ് ക്യാന്‍സറിനുള്ള മരുന്നായ പാക്ളിടാക്സല്‍ നിര്‍മിക്കുന്നത്. ഒരു ഡോസ് മരുന്നിന് ആറു മരങ്ങള്‍ വേണ്ടിവരും. അതിനാല്‍ത്തന്നെ ഈ മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്നത് ബുദ്ധിമുട്ടാണ്.

കള്ളിമുള്‍ച്ചെടിവിഭാഗത്തില്‍പ്പെട്ട ഹൂഡിയ വിശപ്പില്ലായ്മക്കുള്ള മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ്. നമീബിയയാണ് ഹൂഡിയയുടെ ജന്മദേശം.

അര്‍ബുദം, ചിത്തഭ്രമം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നായി ചൈനക്കാര്‍ 5000 വര്‍ഷമായി ഉപയോഗിക്കുന്ന ചെടിയാണ് മഗ്നോളിയ. ഇതിന്റെ അമ്പതു ശതമാനത്തോളം വനനശീകരണംമൂലം നശിച്ചു കഴിഞ്ഞു.

5. വില്ലനായി ചിദംബരം; നാണ്യവിള പുനരുജ്ജീവനം ഫയലില്‍തന്നെ
ന്യൂഡല്‍ഹി: നാണ്യവിളകളുടെ പുനരുജ്ജീവനത്തിനും പുനര്‍കൃഷിക്കുമായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പി ചിദംബരം പ്രഖ്യാപിച്ച ബൃഹദ്പദ്ധതി ഫയലില്‍ ഉറങ്ങുന്നു. പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രിതന്നെയാണ് പദ്ധതിക്ക് ഇടങ്കോലിടുന്നതും. പദ്ധതി എത്രയുംവേഗം നടപ്പാക്കുമെന്നായിരുന്നു ചിദംബരം ബജറ്റുപ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍, അടുത്ത ബജറ്റിന്റെ സമയമായിട്ടും പദ്ധതിക്ക് അനക്കമൊന്നും വച്ചിട്ടില്ല.

തേയില, കാപ്പി, റബര്‍, കുരുമുളക്, ഏലം, കശുവണ്ടി, നാളികേരം എന്നീ വിളകളുടെ പുനരുജ്ജീവനവും പുനര്‍കൃഷിയും ലക്ഷ്യമിട്ടാണ് കഴിഞ്ഞ ബജറ്റില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്. ഇതില്‍ തേയിലത്തോട്ടങ്ങളുടെ പുനരുജ്ജീവനപദ്ധതിമാത്രമാണ് നടപ്പാക്കിയത്. മറ്റ് വിളകളുടെ പുനരുജ്ജീവനപദ്ധതി സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതിയുടെ പരിഗണനയിലാണെന്ന് വാണിജ്യസഹമന്ത്രി ജയ്റാം രമേശ് വാര്‍ത്താലേഖകരോട് പറഞ്ഞു.

പുനരുജ്ജീവനപദ്ധതി അടുത്തെങ്ങാനും നടപ്പാകുമോ എന്ന ചോദ്യത്തിന് അടുത്ത ബജറ്റിനുമുമ്പ് നടപ്പാകുമെന്നു പ്രതീക്ഷിക്കാമെന്നുമാത്രമായിരുന്നു ജയ്റാം രമേശിന്റെ മറുപടി. ഫണ്ടിന്റെ അപര്യാപ്തതയാണോ പദ്ധതിക്ക് തടസ്സമെന്ന ചോദ്യത്തിന് അത്തരം പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കുറ്റം പൂര്‍ണമായും ധനമന്ത്രിയുടേതാണെന്ന് വ്യക്തമാക്കുംവിധമാണ് ജയ്റാം രമേശ് സംസാരിച്ചത്.

തേയിലത്തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതി നല്ലരീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നു ജയ്റാം രമേശ് പറഞ്ഞു. 4760 കോടി മുതല്‍മുടക്കില്‍ 15 വര്‍ഷ കാലയളവില്‍ തേയിലത്തോട്ടങ്ങള്‍ പൂര്‍ണമായും പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കാപ്പിയുടെ പുനരുജ്ജീവനത്തിന് 180 കോടി രൂപയാണ് വേണ്ടിവരുക. ആകെ 3,45,000 ഹെക്ടര്‍ കാപ്പിക്കൃഷിയാണ് രാജ്യത്തുള്ളത്. ഇതില്‍ 40,000 ഹെക്ടറിലാണ് അഞ്ചുവര്‍ഷ കാലയളവില്‍ പദ്ധതി നടപ്പാക്കുക.

റബറിന്റെ കാര്യത്തില്‍ 33,500 ഹെക്ടര്‍ സ്ഥലത്താണ് പുനരുജ്ജീവനപദ്ധതി കൊണ്ടുവരുന്നത്. രാജ്യത്താകെ 5,90,000 ഹെക്ടര്‍ സ്ഥലത്താണ് റബര്‍കൃഷിയുള്ളത്. പുനരുജ്ജീവനപദ്ധതിക്ക് 322 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 300 കോടി രൂപയുടെ പദ്ധതിയാണ് കുരുമുളകിന്റെ കാര്യത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. അഞ്ചുവര്‍ഷ കാലയളവില്‍ ഒരുലക്ഷം ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക.

പത്തുവര്‍ഷംകൊണ്ട് 1350 കോടി രൂപ മുടക്കി 4,56,000 ഹെക്ടര്‍ സ്ഥലത്താണ് നാളികേരത്തിനുള്ള പുനരുജ്ജീവനപദ്ധതി കൊണ്ടുവരുന്നത്. 65,000 ഹെക്ടര്‍ സ്ഥലത്താണ് ഏലം പുനരുജ്ജീവനപദ്ധതി നടപ്പാക്കുക. അഞ്ചുവര്‍ഷംകൊണ്ട് 122 കോടി പദ്ധതിക്കായി ചെലവിടും. 60 കോടിയാണ് കശുവണ്ടിയുടെ പുനരുജ്ജീവനത്തിന് വേണ്ടിവരുക. അഞ്ചുവര്‍ഷ കാലയളവില്‍ കശുവണ്ടിക്കൃഷിയുള്ള 50,000 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിച്ചെലവിന്റെ 25 ശതമാനം കേന്ദ്രസബ്സിഡിയായി നല്‍കും. 25 ശതമാനം തോട്ടമുടമയുടെ വിഹിതമായിരിക്കും. ശേഷിക്കുന്ന 50 ശതമാനം ലഘുവായ്പാ രൂപത്തില്‍ ലഭ്യമാക്കും. നിലവില്‍ തേയിലത്തോട്ടങ്ങളുടെ പുനരുജ്ജീവനത്തിന് ഈ മാതൃകയാണ് പിന്തുടരുന്നത്. വിപുലമായ പദ്ധതിയാണ് തയ്യാറായിട്ടുള്ളതെങ്കിലും ധനമന്ത്രാലയം ഉയര്‍ത്തുന്ന തടസ്സങ്ങള്‍ നീങ്ങുംവരെ ഇത് ഫയലില്‍തന്നെ വിശ്രമിക്കും.

6. സ്വാശ്രയം: ഒരു പരീക്ഷയേ പാടുള്ളൂ- വിജ്ഞാന കമീഷന്‍
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പ്രവേശനം തേടുന്നവര്‍ക്ക് അഖിലേന്ത്യാതലത്തില്‍ ഒറ്റ പ്രവേശനപരീക്ഷയേ പാടുള്ളൂ എന്ന് ദേശീയ വിജ്ഞാന കമീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജും തങ്ങള്‍ പിരിക്കുന്ന ഫീസ് എത്രയെന്ന് പ്രോസ്പെക്ടസില്‍തന്നെ വ്യക്തമാക്കണമെന്നു നിര്‍ദേശിച്ച കമീഷന്‍ ഇത് വിദ്യാര്‍ഥികള്‍ക്ക് കോളേജ് തെരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാക്കുമെന്നും അഭിപ്രായപ്പെട്ടു. പ്രമുഖ വാര്‍ത്താവിനിമയ വിദഗ്ധന്‍ സാം പിത്രോഡ തലവനായ വിജ്ഞാന കമീഷന്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച ‘രാഷ്ട്രത്തിനുള്ള റിപ്പോര്‍ട്ട്- 2007’ലാണ് സുപ്രധാന ശുപാര്‍ശകളുള്ളത്. മെഡിക്കല്‍ പ്രവേശനത്തിന് സിബിഎസ്ഇ നടത്തുന്ന പരീക്ഷയുടെ വ്യാപ്തി വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസത്തിനുള്ള പ്രാപ്യത വര്‍ധിപ്പിക്കുന്നതിനുതകുന്ന ശുപാര്‍ശകളാണ് 72 പേജുള്ള റിപ്പോര്‍ട്ടിലുള്ളത്. ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതോടെ ദരിദ്രരും സമ്പന്നരും ഗ്രാമീണരും നഗരവാസികളും തമ്മിലുള്ള അന്തരം കുറയ്ക്കാനാകുമെന്ന് സാം പിത്രോഡ പറഞ്ഞു. രാജ്യത്ത് കൂടുതല്‍ സര്‍വകലാശാലകള്‍ തുടങ്ങണമെന്ന കമീഷന്റെ കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഈ റിപ്പോര്‍ട്ടിലും ആവര്‍ത്തിക്കുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് നിരവധി പരിഷ്കാരങ്ങള്‍ക്കുവേണ്ടിയുള്ള ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യവിദ്യാഭ്യാസം നഗരകേന്ദ്രീകൃതമാവുകയാണെന്ന് കമീഷന്‍ കുറ്റപ്പെടുത്തി. മെഡിക്കല്‍ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിക്കണം. ഈ കമ്മിറ്റി വൈദ്യസമ്പ്രദായവും അധ്യാപനവും കാലോചിതമാക്കുകയും നിശ്ചിതനിലവാരം ഉറപ്പുവരുത്തുകയും വേണം.

ഉന്നത വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിക്ക് (ഇരാഹി) രൂപംനല്‍കണമെന്ന് കമീഷന്‍ നേരത്തെ ശുപാര്‍ശചെയ്തിരുന്നു. ഇതിനനുസൃതമായി വേണം സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് രൂപംനല്‍കാന്‍. അംഗീകൃത യൂണിവേഴ്സിറ്റികളിലെ അധ്യാപകരും പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരും പൌരസമൂഹത്തിലെ അംഗങ്ങളും വിദ്യാര്‍ഥിപ്രതിനിധികളും സ്വയംഭരണസ്ഥാപനത്തിലെ ഡയറക്ടറും അടങ്ങിയതാകണം ഈ സമിതി.

നേഴ്സുമാരുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കണം. ഓരോ ജില്ലാ ആശുപത്രിയോടും ചേര്‍ന്ന് നേഴ്സിങ് ഡിപ്ളോമ നല്‍കുന്ന നേഴ്സിങ് സ്കൂളുകള്‍ തുടങ്ങണം. ഫാര്‍മസി വിദ്യാഭ്യാസം സാര്‍വത്രികമാക്കണം. ഫാര്‍മസി കോഴ്സുകളുടെ സീറ്റ് വര്‍ധിപ്പിക്കണം. പരിശീലനം ലഭിക്കാത്ത ഫാര്‍മസിസ്റ്റുകളെ ഘട്ടംഘട്ടമായി ഒഴിവാക്കണം.

നിയമവിദ്യാഭ്യാസ മേഖലയില്‍ ഫീസ് നിലവാരം ലോ സ്കൂളുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും നിര്‍ണയിക്കാനാകണം. മൊത്തം ചെലവിന്റെ 20 ശതമാനം ഫീസ് വഴിയാകണം. എന്നാല്‍, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനൊപ്പം ഫീസ് ഇളവും നല്‍കണം- റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

1. ലോക്കറ്റിന്റെ വലിപ്പത്തില്‍ ഇ.സി.ജി. ഉപകരണം
മുംബൈ: ഹൃദയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള ഏറ്റവും ചെറിയ ഉപകരണം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നിര്‍മിച്ചു. മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി) മൈക്രോ ഇലക്ട്രോണിക്സ് വിഭാഗമാണു ലോക്കറ്റിന്റെ വലിപ്പത്തില്‍ ഇ.സി.ജി (ഇലക്ട്രോ കാര്‍ഡിയോഗ്രം) രേഖപ്പെടുത്താനുള്ള ഉപകരണം നിര്‍മിച്ചത്. ചിപ്പുകള്‍ ഘടിപ്പിച്ച ഈ ഗ്ളാസ്ലോക്കറ്റ് കഴുത്തിലണിയാവുന്നതാണ്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ നെഞ്ചില്‍ ചേര്‍ന്നു കിടക്കുന്ന ലോക്കറ്റിലെ ബട്ടണില്‍ അമര്‍ത്തുക. ലോക്കറ്റില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ മൊബൈല്‍ഫോണിലേക്ക് അയയ്ക്കാന്‍ പ്രോഗ്രാമിംഗ് സൌകര്യമുണ്ട്. മിഠായിയുടെ വലുപ്പമുള്ള ഈ കൊച്ചുകംപ്യൂട്ടറില്‍ ഒരാഴ്ച വരെയുള്ള ഇ.സി.ജി. രേഖകള്‍ സൂക്ഷിക്കാം.

അസ്വസ്ഥതയുണ്ടായ സമയത്തെ ഹൃദയത്തിന്റെ പ്രവര്‍ത്തനം എങ്ങനെയായിരുന്നുവെന്നു ഡോക്ടര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ ഇതു സഹായിക്കും. ലോക്കറ്റിലെ ബട്ടണില്‍ അമര്‍ത്തുമ്പോള്‍ മൊബൈല്‍ ഫോണില്‍ എത്തുന്ന ഇ.സി.ജി. വിവരങ്ങള്‍ അപ്പോള്‍ത്തന്നെ ഡോക്ടര്‍ക്ക് എസ്.എം.എസായി അയയ്ക്കാനുള്ള സൌകര്യമുണ്ട്. ഇന്ത്യന്‍ ശാസ്ത്രലോകത്തിന് അഭിമാനം പകര്‍ന്ന ഈ നേട്ടം രാകേഷ് പാലിന്റെയും പ്രൊഫസര്‍ എസ്. മുഖര്‍ജിയുടേയും സൃഷ്ടിയാണ്.
ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാര്‍ പുറത്തിറക്കിയതിനു പിന്നാലെയുള്ള ഈ നേട്ടത്തിനു പിന്നിലും ടാറ്റയുടെ സ്പര്‍ശമുണ്ട്.

ഐ.ഐ.ടിയുടെ ഈ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ്.

2. ട്രെയിന്‍ റിസര്‍വേഷന്‍ സമയം 90 ദിവസമാക്കി
തിരുവനന്തപുരം: റെയില്‍വേ റിസര്‍വേഷന്‍ കാലാവധി 30 ദിവസം വര്‍ധിപ്പിച്ചു.

60 ദിവസമായിരുന്നു മുന്‍കൂര്‍ റിസര്‍വേഷനുള്ള സമയം. ഫെബ്രുവരി ഒന്നുമുതല്‍ 90 ദിവസം മുമ്പ് ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്ന് റെയില്‍വേ അറിയിച്ചു.

3. തീരദേശ പരിപാലന നിയമത്തിനെതിരേ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന്
തിരൂര്‍: തീരദേശ പരിപാലന നിയമത്തിനെതിരേ കേരളത്തിലെ പത്തുലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വിവിധ മത്സ്യതൊഴിലാളി സംഘടനകളെ സംയുക്തമായി സംഘടിപ്പിച്ചുകൊണ്ടായിരിക്കും സമരം നടത്തുക. കേരളത്തിലെ തീരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു നിയമം നടപ്പിലാക്കുന്നതിനെതിരേ ചെറുത്തുനില്‍പ്പിന് ആലോചിക്കുന്നത്. 1984ലാണു തീരദേശ പരിപാലന നിയമത്തിനു വേണ്ടിയുളള ആദ്യഘട്ട ചര്‍ച്ച നടന്നത്. ഈ സമയത്തു കേരളത്തിന്റെ കാര്യം പറയാന്‍ ആരൂം രംഗത്തുവന്നില്ല. 1991ല്‍ നിയമം പാര്‍ലമെന്റ് പാസാക്കും മുമ്പു സംസ്ഥാനങ്ങളോടു നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

പാര്‍ലമെന്റില്‍ നിയമം പാസാക്കിയെങ്കിലും നടപ്പിലാക്കിയിരുന്നില്ല. തീരമേഖല കേന്ദ്രീകരിച്ചുളള വിധ്വംസക പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ചില ഹര്‍ജികളുടെയും അടിസ്ഥാനത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ 1996ല്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
കടലില്‍ നിന്നും ഇരുനൂറു മീറ്ററിനുളളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും പാടില്ലെന്നാണു നിയമത്തിലെ പ്രധാന വ്യവസ്ഥ. കേരളത്തില്‍ നിയമം നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. കേരളത്തിലെ കടലോരങ്ങളില്‍ കടലില്‍ നിന്നും 200 മീറ്ററിനുളളില്‍ ലക്ഷക്കണക്കിനു വീടുകളുണ്ട്. കടലോരം ഇരുമുന്നണികളുടെയും ശക്തമായ വോട്ടുബാങ്കായതിനാലാണു നിയമം നടപ്പാക്കാന്‍ വൈകുന്നതെന്ന് ആരോപണമുണ്ട്.

ഇതിനിടയില്‍ സുനാമി ദുരിതാശ്വാസ ഫണ്ട് ഉപയോഗപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്കു ഹൌസിംഗ് കോളനികള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പഞ്ചായത്തുകള്‍ ഇതിനുവേണ്ട സ്ഥലം കണ്ടെത്തിയാല്‍ മൂന്നു സെന്റ് ഭൂമിയില്‍ ഒരുവീട് എന്ന രീതിയില്‍ നിര്‍മ്മിച്ചു കൊടുക്കാനാണു പദ്ധതി.

എന്നാല്‍ തീരമേഖലയുടെ ഏതെങ്കിലും ഭാഗത്തേക്കു പോകാന്‍ മത്സ്യത്തൊഴിലാളികള്‍ തയാറല്ല. ഇവരെ പിണക്കാന്‍ സര്‍ക്കാരിനും താല്‍പര്യവുമില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തീരമേഖലയില്‍ നിന്നു പറിച്ചുനടന്നുവെന്ന യു.ഡി.എഫ് മത്സ്യതൊഴിലാളികളുടെ പ്രചാരണം എല്‍.ഡി.എഫ് മത്സ്യതൊഴിലാളി യൂണിയനുകള്‍ക്കു തലവേദയായിരിക്കുകയാണ്. നിയമം നടപ്പിലാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം യു.ഡി.എഫിനാണെന്നു പറഞ്ഞു പ്രചാരണം നടത്തുകയാണ് അവരിപ്പോള്‍.

സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ തീരദേശ മേഖലയില്‍ എല്‍.ഡി.എഫിന്റെ പ്രചാരണ ജാഥകള്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും ഭരണത്തിനേല്‍ക്കുന്ന ദുഷ്പേരു മാറ്റാന്‍ ഇരുപക്ഷവും ഒന്നിച്ചു സമരത്തിനു തയാറാവണമെന്നാണ് എല്‍.ഡി.എഫിന്റെ അഭിപ്രായം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണു മത്സ്യത്തൊഴിലാളികള്‍ സംയുക്തമായി പ്രക്ഷോഭത്തിനിറങ്ങുന്നത്.

4. കാണാതായ പെണ്‍കുട്ടിയെ തെരഞ്ഞ് പോലീസെത്തിയതു വാറ്റുകേന്ദ്രത്തില്‍
മാന്നാര്‍: കാണാതായ പെണ്‍കുട്ടിയെ തെരഞ്ഞെത്തിയ പോലീസ് വീടിന്റെ ഒന്നാംനിലയില്‍ വന്‍കിടവാറ്റുകേന്ദ്രം കണ്ടെത്തി. ഒരാളെ അറസ്്റ്റ് ചെയ്തു. മാന്നാര്‍ കുരട്ടിക്കാട് ‘അശ്വതിഭവനി’ലാണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

പരുമല സ്വദേശിനിയും ഡി.ബി പമ്പാകോളജ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ കാണാനില്ലെന്നു പുളിക്കീഴ് പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അശതിഭവനില്‍ അനീഷി(25)നെ അന്വേഷിച്ചു വെള്ളിയാഴ്ച രാത്രി പുളിക്കീഴ് പോലീസ് മാന്നാറിലെ വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ വീട്ടില്‍ ആളുണ്ടെന്ന് ആരോ മാന്നാര്‍ സ്റ്റേഷനില്‍ ഫോണില്‍ അറിയിച്ചതിനേത്തുടര്‍ന്ന് എസ്.ഐ ജോസ്മാത്യുവും സംഘവും സ്ഥലത്തെത്തി. വാതില്‍ തുറക്കാത്തതിനേത്തുടര്‍ന്ന് ജനാലച്ചില്ലുകള്‍ പൊട്ടിച്ചപ്പോഴാണ് വീടിനുള്ളില്‍ അനീഷിന്റെ സഹോദരന്‍ അജീഷി(19)നെ കണ്ടത്.

വാതില്‍ തകര്‍ത്ത് അകത്തുകടന്ന പോലീസ് ഒന്നാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റുകേന്ദ്രം കണ്ടെത്തുകയായിരുന്നു. ചാരായവും അമ്പതോളം കന്നാസുകളും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കാണാതായ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും ഫോട്ടോയും വീട്ടില്‍നിന്നു കണ്ടെടുത്തു.

പെണ്‍കുട്ടി ഇവിടെ താമസിച്ചിരുന്നതായും ആറുമാസമായി വാറ്റുകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അജീഷിനെ അറസ്റ്റ് ചെയ്തു.

അജീഷുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇരമത്തൂര്‍ സ്വദേശികളായ രണ്ടുപേരെ ചോദ്യംചെയ്തുവരുന്നു. അടുത്തിടെ വാഹനമോഷണക്കേസില്‍ പിടിയിലായ ഉണ്ണിയെന്നയാള്‍ ഇവിടെ നിത്യസന്ദര്‍ശകനായിരുന്നെന്ന് പോലീസ് പറഞ്ഞു.

5. കര്‍ഷകരുടെ ഉടമസ്ഥതയില്‍ പ്രത്യേക സാമ്പത്തിക മേഖല
പൂനെ: പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കെതിരേ ഇന്ത്യയിലെങ്ങും പ്രതിഷേധം ശക്തമായിരിക്കെ പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അവസാരികുര്‍ദിലെ ഗ്രാമീണര്‍ വേറിട്ട വഴിയില്‍ നീങ്ങുന്നു.

ഗ്രാമത്തിലെ 1500 കര്‍ഷകര്‍ ചേര്‍ന്ന് പ്രത്യേക സാമ്പത്തിക മേഖല രൂപീകരിച്ചാണ് വികസനത്തിന്റെ വ്യത്യസ്തപാതയില്‍ നീങ്ങുന്നത്.
കര്‍ഷകര്‍ ഓഹരിയുടമകളായുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയാണിത്. അവസാരികുര്‍ദ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കര്‍ഷകരുടെ കമ്പനിയുടെ പേര്. കമ്പനിയില്‍ കര്‍ഷകരുടെ നിക്ഷേപം 900 കോടി രൂപ മൂല്യമുള്ള ഭൂമിയാണ്. വ്യവസായിയായ സ്വപന്‍ ഭോറാണ് ഈ സംരംഭത്തിനായി ഗ്രാമീണരെ സംഘടിപ്പിച്ചത്. മേഖലയിലെ 18000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പൂനെ ജില്ലയിലെ അംബെഗാവ് താലൂക്കിലാണ് അവസാരി കുര്‍ദ് ഗ്രാമം. പദ്ധതി ആദ്യം പഞ്ചായത്ത് തലത്തില്‍ അവതരിപ്പിച്ചതിനു ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിച്ചു.

കഴിഞ്ഞ മാസമാണ് സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയത്. 6200 ഏക്കറാണ് പ്രത്യേക സാമ്പത്തികമേഖലയിലുള്ളത്.ഇതില്‍ 2665 ഏക്കര്‍ കൃഷിക്കായി നീക്കി വയ്ക്കും. 2489 ഏക്കറാണ് വ്യവസായിക വികസനത്തിനുപയോഗിക്കുന്നത്. 1066 ഏക്കറില്‍ എല്ലാ ഗ്രാമീണര്‍ക്കും പാര്‍പ്പിട സൌകര്യമൊരുക്കും. ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്സ്, ഐ.ടി. തുടങ്ങി എല്ലാ വ്യവസായിക സംരംഭങ്ങളും പ്രത്യേക സാമ്പത്തികമേഖലയിലുണ്ടാകും.

കര്‍ഷകകൂട്ടായ്മ പ്രത്യേക സാമ്പത്തികമേഖല രൂപീകരിച്ചതു വിപ്ളവകരമായ തുടക്കമാണെന്നു ജില്ലാ കലക്ടര്‍ പ്രഭാകര്‍ ദേശ്മുഖ് അഭിപ്രായപ്പെട്ടു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ സമ്പാദ്യം ഭൂമിയാണ്. അതു വില്‍ക്കുകയോ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യാതെ അവരുടെ തന്നെ ഉടമസ്ഥതയില്‍ വികസനം സാധ്യമാക്കാമെന്നതാണു പദ്ധതിയുടെ പ്രയോജനമെന്നു സ്വപന്‍ ഭോര്‍ പറഞ്ഞു.

6. കേരളത്തില്‍ കര്‍ഷകര്‍ ‘കയറെടുക്കുന്നു’; കര്‍ണാടകം നൂറുമേനി വിളവെടുക്കുന്നു
സുല്‍ത്താന്‍ബത്തേരി: വിളനാശവും വിലത്തകര്‍ച്ചയും മൂലം വയനാട്ടില്‍ കര്‍ഷകആത്മഹത്യകള്‍ തുടര്‍കഥയാകുമ്പോള്‍ കിലോമീറ്ററുകള്‍ മാത്രം അകലെ കര്‍ണാടകയിലെ പാടങ്ങളില്‍ നൂറുമേനിയുടെ സമ്പല്‍സമൃദ്ധി. സര്‍ക്കാരിന്റെ ശക്തമായ പിന്തുണയാണ് കര്‍ണാടക കര്‍ഷകന് അനുഗ്രഹമാകുന്നത്.

വെള്ളവും വൈദ്യുതിയുമടക്കം സര്‍വമേഖലകളിലും സബ്സിഡിയും സൌജന്യനിരക്കുകളും പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ കാര്‍ഷികമേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. വിത്തും വളവും സര്‍ക്കാര്‍ കടമായി നല്‍കുന്നുണ്ട്. തരിശുഭൂമിയില്‍ വെള്ളവും വൈദ്യുതിയുമെത്തിക്കാനുള്ള ശ്രമങ്ങളും ഏറെക്കുറേ പൂര്‍ണമായി. കൃഷിയും അനുബന്ധവ്യവസായങ്ങളും ശക്തി പ്രാപിച്ചതോടെ കര്‍ണാടകയില്‍ കാര്‍ഷിക ജില്ലകളിലെ സമ്പദ്വ്യവസ്ഥ അതിവേഗം കുതിക്കുകയാണ്.
കേരളത്തെ അപേക്ഷിച്ചു ഹ്രസ്വകാലവിളകളെ കൂടുതലായി ആശ്രയിക്കുന്ന കര്‍ണാടകക്കാരുടെ മുഖ്യകൃഷി പച്ചക്കറികളാണ്.

മൂന്നുമുതല്‍ ആറുമാസത്തിനിടെ വിളവെടുക്കുന്ന പയര്‍, കാബേജ്, തക്കാളി, ഉള്ളി തുടങ്ങിയവയാണ് പ്രധാന വിളകള്‍. പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനമുണ്ടായില്ലെങ്കില്‍ ഇത്തരം കൃഷികള്‍ക്കു നഷ്ടം വരാനുള്ള സാധ്യത കുറവാണ്. തണ്ണിമത്തന്‍, ചോളം, മുത്താറി എന്നിവയും വ്യാപകമായി കൃഷിചെയ്യുന്നു.ദീര്‍ഘകാല വിളകളായ കരിമ്പ്, മഞ്ഞള്‍ തുടങ്ങിയവയ്ക്കു കൃഷിവകുപ്പു വന്‍ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. വിത്തും വളവും കീടനാശിനികളും സൌജന്യമായി നല്‍കുന്നതിനു പുറമേ ഉല്‍പന്നങ്ങള്‍ക്കു വില നിശ്ചയിച്ചു മുന്‍കൂര്‍ ചെലവഴിച്ച തുക കിഴിച്ചു ബാക്കി കര്‍ഷകര്‍ക്കു നല്‍കും.

ചെണ്ടുമല്ലി, മഞ്ഞള്‍, കരിമ്പ് തുടങ്ങിയ മേഖലകളില്‍ സ്വകാര്യകമ്പനികളും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. വിത്തും വളവും കീടനാശിനികളും പണിയെടുപ്പിക്കുന്നതിനുള്ള പണവും കമ്പനികള്‍ കടമായി നല്‍കും.

വിളവെടുക്കുമ്പോള്‍ കൃഷിയിടങ്ങളിലെത്തി ഉല്‍പന്നങ്ങള്‍ ശേഖരിച്ച് ബാക്കി പണം കര്‍ഷകര്‍ക്കു നല്‍കും.

കേരളത്തിലെ കര്‍ഷകര്‍ക്കു ചിന്തിക്കാന്‍ പോലുമാകാത്ത ആനുകൂല്യങ്ങളാണ് ഇത്തരം പദ്ധതികളിലൂടെ കര്‍ണാടക കര്‍ഷകര്‍ക്കു ലഭിക്കുന്നത്.

1. ടി.കെ. സുജിത്തിന്റെ കാര്‍ട്ടൂണിന് ലളിതകലാ അക്കാഡമി അംഗീകാരം
കൊച്ചി: കാര്‍ട്ടൂണിനുള്ള കേരള ലളിതകലാ അക്കാഡമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരത്തിന് ‘കേരളകൌമുദി’ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ടി.കെ. സുജിത് അര്‍ഹനായി.
‘കേരളകൌമുദി’യില്‍ 2007 മേയ് 20 ന് പ്രസിദ്ധീകരിച്ച ‘ഒത്തുപിടിച്ചാല്‍’ എന്ന കാര്‍ട്ടൂണാണ് സുജിത്തിന് അംഗീകാരം നേടിക്കൊടുത്തത്. അയ്യായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
മികച്ച കാര്‍ട്ടൂണിനുള്ള സംസ്ഥാന പുരസ്കാരം മലയാള മനോരമയിലെ ആര്‍ട്ടിസ്റ്റ് ബൈജു പൌലോസിന് ലഭിക്കും. മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ‘റിക്ടര്‍ സ്കെയില്‍’ എന്ന കാര്‍ട്ടൂണ്‍ വരച്ച ഇ.സുരേഷും ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരത്തിന് അര്‍ഹനായി.
ഫെബ്രുവരി ഏഴിന് എറണാകുളത്തെ ലളിതകലാ അക്കാഡമി കലാകേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
തൃശൂര്‍ തിരുമിറ്റക്കോട് ടി.ആര്‍.കുമാരന്റെയും പി.ആര്‍. തങ്കമണിയുടെയും മകനാണ് സുജിത്. അഡ്വ.എം. നമിത ഭാര്യയും അമല്‍ മകനുമാണ്.
സംസ്ഥാന മാധ്യമ അവാര്‍ഡ്, പാമ്പന്‍ മാധവന്‍ അവാര്‍ഡ്, തിരുവനന്തപുരം പ്രസ് ക്ളബ് അവാര്‍ഡ്, പത്രപ്രവര്‍ത്തക യൂണിയന്റെ കാര്‍ട്ടൂണ്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ സുജിത് നേടിയിട്ടുണ്ട്.

2. മെഡിക്കല്‍, എന്‍ജി. പ്രവേശനം: മെരിറ്റ് സീറ്റെത്ര? ആര്‍ക്കറിയാം!
തിരുവനന്തപുരം: കേരളത്തില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സിന് മെരിറ്റില്‍ എത്ര സീറ്റുണ്ട്?
ആര്‍ക്കും ഒരു നിശ്ചയവുമില്ല. ഈ അനിശ്ചിതത്വം നീളുന്തോറും സീറ്റുകള്‍ ലേലംവിളിച്ച് വില്‍ക്കാന്‍ മാനേജുമെന്റുകള്‍ക്ക് വേണ്ടുവോളം സമയം ലഭിക്കും. അവസാന നിമിഷംവരെ വിദ്യാര്‍ഥികളെ മുള്‍മുനയില്‍ നിറുത്തിയാണ് അവര്‍ കച്ചവടം നടത്തുന്നത്.
അന്യസംസ്ഥാനങ്ങളിലെ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് കേരളത്തിലെ വിദ്യാര്‍ഥികളെ വലവീശാന്‍ ഇതിനേക്കാള്‍ നല്ലൊരു അവസരമില്ല. സ്ഥിതി വഷളാകാന്‍ തുടങ്ങിയിട്ടും സ്വാശ്രയ മാനേജ്മെന്റുകളുമായി ചര്‍ച്ച ചെയ്ത് സമയവായമുണ്ടാക്കേണ്ട വിദ്യാഭ്യാസവകുപ്പ് ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്.
ഫീസ് നിര്‍ണയിക്കേണ്ട ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയും ഒന്നും ചെയ്യുന്നില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ആദ്യവര്‍ഷത്തില്‍ നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം അവതാളത്തിലായി. രണ്ടാംവര്‍ഷം അധികൃതര്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയെങ്കിലും കാര്യങ്ങള്‍ കടവിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രവേശനടപടികള്‍ കുറ്റമറ്റതാക്കാന്‍ വേണ്ടുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിക്കാണാത്തത് രക്ഷിതാക്കളെ ഉത്കണ്ഠാകുലരാക്കുന്നു.
ഈ വര്‍ഷത്തെ പ്രവേശനത്തിനുവേണ്ടി ഡിസംബറിലാണ് എന്‍ജിനീയറിംഗ് മാനേജുമെന്റുകളെ ആദ്യവട്ട ചര്‍ച്ചയ്ക്ക് വിളിച്ചത്. അവര്‍ പത്തുദിവസത്തിനകം ഫീസും പ്രവേശനവും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ഒരു മാസത്തിനുള്ളില്‍ എല്ലാത്തിനും പരിഹാരമാകുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് കമ്മിറ്റി ഫീസ് നിശ്ചയിക്കാതെ സര്‍ക്കാരുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്നാണ് മാനേജ്മെന്റുകള്‍ പിന്നീട് തീരുമാനിച്ചത്. വിദ്യാര്‍ഥികളെ വലയ്ക്കുന്ന ഈ തീരുമാനം വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും അങ്ങോട്ട് തിരിഞ്ഞുനോക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മെഡിക്കല്‍ മാനേജുമെന്റുകളുമായുള്ള ആദ്യ ചര്‍ച്ച ഈമാസം 23ന് നടക്കാനിരിക്കുന്നതേയുള്ളൂ.
ഇതിനിടെ എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള പ്രോസ്പെക്ടസിന്റെ അച്ചടി ആരംഭിച്ചു. ഫീസിനെക്കുറിച്ചും സീറ്റിനെക്കുറിച്ചും ഇതില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇവ രണ്ടുമാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടത്. പ്രോസ്പെക്ടസും അപേക്ഷാഫാറവും ഈ മാസം അവസാനം വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷം മാനേജുമെന്റ് സീറ്റ് ലക്ഷങ്ങള്‍ കൊടുത്തുവാങ്ങിയ നിരവധിപേര്‍ക്ക് അവസാനവട്ടം മെരിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുമായിരുന്നു. എന്നാല്‍ കോഴകൊടുത്ത് സീറ്റുവാങ്ങിയതിനാല്‍ അവര്‍ക്ക് മെരിറ്റ് സീറ്റിലേക്ക് മാറാന്‍ സാധിച്ചില്ല. ഇത്തവണയും അരക്ഷിതാവസ്ഥയുടെ ഈ കോണിവഴി കോഴയുടെ മല കയറാനാണ് മാനേജുമെന്റുകള്‍ ഒരുങ്ങുന്നത്.

3. ആനവാരിയും മമ്മൂഞ്ഞും സൈനബയുമെല്ലാം വൈലാലില്‍ വീട്ടുമുറ്റത്തെത്തിയപ്പോള്‍…
കോഴിക്കോട്: സ്വകാര്യജീവിത ഭൂമികയ്ക്കപ്പുറം എഴുത്തുകാരുടെയും ആസ്വാദകരുടെയും ആരാധകരുടെയും വിശാല കൂട്ടായ്മയ്ക്ക് എന്നും വേദിയായിരുന്ന ബേപ്പൂര്‍ വൈലാലിലെ ഗൃഹാങ്കണത്തിലേക്ക് രചനകളിലൂടെയും ജീവിതത്തിലൂടെയും കഥയുടെ സുല്‍ത്താന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഇറങ്ങിവന്നപ്പോള്‍ അത് ബഷീറിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ നൂറാം ജന്‍മദിനസമ്മാനമായി.
പരമ്പരാഗത സാഹിത്യഭാഷയുടെ വ്യാകരണവും സൌന്ദര്യശാസ്ത്രവും ലംഘിച്ച് സ്വാനുഭവത്തിന്റെ നോവും നേരും മാധുര്യവും പകര്‍ന്ന് ബഷീര്‍ ആവിഷ്കരിച്ച കഥാപാത്രങ്ങള്‍ ജന്‍മശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് വൈലാലില്‍ ഇന്നലെ വൈകിട്ട് വീണ്ടും കണ്ടുമുട്ടുകയായിരുന്നു. പി. സി. ഹരീഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡോക്യുഡ്രാമയുടെ സൂത്രധാരന്‍ ഒറ്റക്കണ്ണന്‍ പോക്കറായിരുന്നു. സൈനബയും സുഹറയും സാറാമ്മയും കുഞ്ഞുപാത്തുമ്മയും നാരായണിയും മജീദും നിസാര്‍ അഹമ്മദും മണ്ടന്‍ മുത്തപ്പയും എട്ടുകാലി മമ്മൂഞ്ഞും ആനവാരി രാമന്‍നായരും മാത്രമല്ല തലയോലപ്പറമ്പില്‍നിന്ന് ബഷീറിന്റെ സഹോദരി പാത്തുമ്മയുടെ മകള്‍ ഖദീജയും കുടുംബവും അരങ്ങിലണിനിരന്നപ്പോള്‍ ഫാബി ബഷീറും അനീസും കുടുംബവും അവര്‍ക്കൊപ്പം ചേര്‍ന്നു.
വെളിച്ചത്തിനെന്ത് വെളിച്ചം എന്ന ബഷീറിയന്‍ ദര്‍ശനത്തിന് സമകാലീന സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കൈവന്ന പ്രസക്തി വ്യക്തമാക്കുന്ന നാടകം ബഷീര്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വമാനവികതയുടെ സന്ദേശത്തിനാണ് അടിവരയിട്ടത്. മുന്‍കാല കലാതിലകങ്ങളായ പാര്‍വ്വതിരാജ്, ദീപിക രാധാകൃഷ്ണന്‍, അഷിത അഷ്റഫ്, തനുശ്രീ, കൃഷ്ണ, നീതു, ശിവാനി എന്നിവര്‍ക്കൊപ്പം ജി.ആര്‍. വാര്യര്‍, ജിത്തു, അനില്‍കുമാര്‍ എന്നിവരും നാടകത്തില്‍ വേഷമിട്ടു.
നേരത്തെ നടന്ന അനുസ്മരണ ചടങ്ങില്‍ യു. എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ബേപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. എടത്തൊടി രാധാകൃഷ്ണന്‍, അനീസ് ബഷീര്‍, പ്രദീപ് ഹുഡിനോ, സി.എം. കേശവന്‍ എന്നിവര്‍ സംസാരിച്ചു

4. ദേവസ്വം ബോര്‍ഡില്‍ തമ്മിലടി മൂത്തു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ വീണ്ടും തമ്മിലടി മൂത്തു. ദേവസ്വം വിജിലന്‍സ് ഓഫീസറുടെ നിയമനമാണ് പുതിയ തര്‍ക്ക വിഷയം. സര്‍ക്കാരിനെ ന്യായീകരിച്ച് ബോര്‍ഡ് പ്രസിഡന്റും മന്ത്രിക്കെതിരെ അംഗങ്ങളും രംഗത്തെത്തിയതോടെ ഈ മാസം 22നു ചേരുന്ന ബോര്‍ഡ് യോഗം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി.
ദേവസ്വം വിജിലന്‍സ് എസ്.ഐയെ തന്നിഷ്ടപ്രകാരം നിയമിച്ചതിലൂടെ ബോര്‍ഡിന്റെ അധികാരങ്ങളില്‍ മന്ത്രി ജി. സുധാകരന്‍ നഗ്നമായി കൈകടത്തിയിരിക്കുകയാണെന്ന് അംഗങ്ങളായ പി. നാരായണനും സുമതിക്കുട്ടിയമ്മയും കേരളകൌമുദിയോടു പറഞ്ഞു. ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ ഡെപ്യൂട്ടേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയമനങ്ങളും നടത്താവൂ എന്ന് ദേവസ്വം മാനുവലില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബോര്‍ഡിന്റെ അനുമതിയില്ലാതെ നിയമിക്കുന്ന ഒരാള്‍ക്ക് ജീവനക്കാരെ ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും വിജിലന്‍സ് ഓഫീസര്‍ നിയമനം 22നു ചേരുന്ന യോഗം തള്ളിക്കളയുമെന്നും ഇരുവരും പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിനെക്കാള്‍ വലിയ സര്‍ക്കാരായി ദേവസ്വം ബോര്‍ഡിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് പ്രസിഡന്റ് സി.കെ. ഗുപ്തന്‍ കേരളകൌമുദിയോടു പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ശബരിമലയിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എല്ലാ കാര്യങ്ങളിലും സര്‍ക്കാരിനോടു കൊമ്പുകോര്‍ത്ത് ബോര്‍ഡിനു പ്രവര്‍ത്തിക്കാനാവില്ല.
ദേവസ്വം വിജിലന്‍സ് എസ്.പിയുടെയും ഓഫീസറുടെയും നിയമനം തന്റെ അറിവോടെയാണ് നടന്നതെന്ന് ഗുപ്തന്‍ വിശദീകരിച്ചു. എസ്.പിയുടെ നിയമന ഉത്തരവില്‍ താന്‍ മേലൊപ്പ് വച്ചിട്ടുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥരും ബോര്‍ഡ് പ്രസിഡന്റിന്റെ കീഴിലാണെന്നും ഗുപ്തന്‍ പറഞ്ഞു.
ബോര്‍ഡ് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടിയാണ് മന്ത്രി ശ്രമിക്കുന്നതെന്നും ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുമതിക്കുട്ടിയമ്മ ആരോപിച്ചു. എല്‍.ഡി.എഫാണ് അംഗങ്ങളെ നിയമിച്ചിട്ടുള്ളത്. ശാന്തിക്കാരോട് എസ്.ഐ അപമര്യാദ കാട്ടിയതിനെക്കുറിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് നാരായണന്‍ അറിയിച്ചു.

5. തവിട് കാണാതായ സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും-ചെയര്‍മാന്‍
തിരുവനന്തപുരം: മില്‍മയുടെ ആലപ്പുഴ പട്ടണക്കാട്ടുള്ള കാലിത്തീറ്റ ഫാക്ടറിയില്‍ നിന്ന് 1600 ടണ്‍ തവിട് കാണാതായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു.
ഫാക്ടറിയുടെ ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന തവിടിന്റെ അളവില്‍ കുറവുണ്ടായതായി സംശയമുണ്ടായതിനെത്തുടര്‍ന്ന് പരിശോധിക്കാന്‍ മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് പട്ജോഷി ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. ഇതിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കും. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് ഈ വിഷയം ചര്‍ച്ച ചെയ്യും. കേരളകൌമുദി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് പരിശോധന നടത്തുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
കാലിത്തീറ്റ ഫാക്ടറിയിലെ സ്റ്റോര്‍ ഓഫീസര്‍ അംബികാകുമാരിയെ സ്ഥലം മാറ്റിയതിന് ഇതുമായി ബന്ധമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

6. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കാന്‍ ധനകാര്യ കോര്‍പ്പറേഷന്‍
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ക്കാവശ്യമായ വായ്പ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനകാര്യ കോര്‍പ്പറേഷന് രൂപം നല്‍കി.
കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (കെ.യു.ആര്‍.ഡി.എഫ്.സി) എന്ന് നാമകരണം ചെയ്തിട്ടുള്ള ഇത് ഗ്രാമവികസന ബോര്‍ഡും നഗര വികസന ധനകാര്യ കോര്‍പ്പറേഷനും ലയിപ്പിച്ച് ഒന്നാക്കിയതാണെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി ‘കേരളകൌമുദി’യോടു പറഞ്ഞു.
പ്ളാന്‍ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികള്‍ വ്യക്തമായ രൂപരേഖയോടെ സമര്‍പ്പിച്ചാല്‍ വലിയ പലിശയില്ലാത്ത വായ്പ ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തിനായി കേരള ലോക്കല്‍ ഗവണ്‍മെന്റ് ഡെവലപ്മെന്റ് ഫണ്ട് (കെ. എല്‍.ജി.ഡി. എഫ്) രൂപീകരിക്കും. എ.ഡി.ബി വായ്പയില്‍ നിന്നുള്ള 230 കോടി രൂപയാണ് പ്രാഥമിക ഫണ്ടായി വകയിരുത്തിയിരിക്കുന്നത്. എല്‍. ഐ.സി ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെയും പ്രയോജനപ്പെടുത്തും. ഫണ്ടിന്റെ അപര്യാപ്തതമൂലം തദ്ദേശ സ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു.
റോഡുകളിലെ മലിനീകരണം തടയുന്നതിന് ഗ്ളോബല്‍ എന്‍വയണ്‍മെന്റ് ഫെസിലിറ്റി (ജി. ഇ. എഫ്) ഇന്ത്യയില്‍ തിരഞ്ഞെടുത്ത 11 നഗരങ്ങളില്‍ തിരുവനന്തപുരം കോര്‍പ്പറേഷനും ഉള്‍പ്പെടുമെന്ന് മന്ത്രി അറിയിച്ചു. മുപ്പതു കോടി രൂപവരെ ഇതുവഴി ലഭിക്കും. തിരുവനന്തപുരം നഗരസഭ ഇത് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
നിബന്ധനകള്‍
അടിച്ചേല്പിക്കാനെന്ന് ആക്ഷേപം
അതേസമയം ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരിക്കാനുള്ള തീരുമാനം വിദേശ വായ്പകളുടെ നിബന്ധനകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ അടിച്ചേല്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപം ഉയര്‍ന്നു.
വിദേശവായ്പകള്‍ ഈ കോര്‍പ്പറേഷനില്‍ നിക്ഷേപിച്ചാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമേല്‍ കടിഞ്ഞാണിടാനാകുമെന്നും ആക്ഷേപം ഉന്നയിക്കുന്നവര്‍ പറയുന്നു. എന്നാല്‍ വായ്പകള്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ കോര്‍പ്പറേഷന്‍ സഹായകമാകുമെന്ന മറുവാദവുമുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്നായിക് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

7. തിരുവനന്തപുരം എയര്‍പോര്‍ട്ട് ഭരണ നിയന്ത്രണം മാറ്റിയത് പുന:പരിശോധിക്കും
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തെ ചെന്നൈ മേഖലയുടെ ഭരണപരമായ നിയന്ത്രണത്തില്‍ പെടുത്തിയ നടപടി റദ്ദാക്കി വിമാനത്താവളത്തിന്റെ സ്വതന്ത്ര പദവി നിലനിര്‍ത്തണമെന്ന് കേരളത്തിന്റെ വ്യോമയാന ചുമതല വഹിക്കുന്ന മന്ത്രി എം. വിജയകുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ മുഴുവന്‍ അനുമതിയും ലഭിച്ചാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ജോലികള്‍ രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഡല്‍ഹിയില്‍ നടന്ന സിവില്‍ ഏവിയേഷന്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ മന്ത്രി വിജയകുമാറാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍പാകെ ഈ ഉറപ്പ് നല്‍കിയത്. യോഗത്തില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അദ്ധ്യക്ഷനായിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിന് തത്ത്വത്തിലുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചില നടപടിക്രമങ്ങള്‍കൂടി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഇവ പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനസര്‍ക്കാര്‍ അതിവേഗ പ്രക്രിയയിലൂടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.

8. കേരളത്തില്‍ ഇറച്ചി പ്രിയര്‍ ഏറുന്നു
തിരുവനന്തപുരം: കേരളത്തില്‍ മാംസാഹാര പ്രിയരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. നാലുലക്ഷം മെട്രിക് ടണ്‍ (400 കോടി കിലോ) ഇറച്ചിയാണ് കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഉപയോഗിച്ചത്.
ശരാശരി 4000 കോടി രൂപ ഇതിനു വില വരും. മൃഗസംരക്ഷണ വകുപ്പിന്റെ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. എല്ലാത്തരം ഇറച്ചിയുടെയും ഉപഭോഗം 30-40 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞവര്‍ഷം ചെലവായ നാലുലക്ഷം മെട്രിക് ടണ്‍ ഇറച്ചിയില്‍ ഒരു ലക്ഷം മെട്രിക് ടണ്‍ കോഴി ഇറച്ചിയാണ്.
ആയിരം കോടി രൂപയിലേറെ വിലവരും ഇതിന്.
തിരുവനന്തപുരം ജില്ലയില്‍ ഇറച്ചി പ്രിയരുടെ എണ്ണം സമീപകാലത്ത് വളരെ വര്‍ദ്ധിച്ചു. കഴിഞ്ഞവര്‍ഷം 50,000 മെട്രിക് ടണ്‍ ഇറച്ചിയാണ് തിരുവനന്തപുരം ജില്ലയില്‍ വിറ്റത്. ഇതില്‍ 15,000 മെട്രിക് ടണ്‍ കോഴി ഇറച്ചിയാണ്.
കോഴി ഇറച്ചിയുടെ ലഭ്യത മെച്ചപ്പെട്ടുവരികയാണെങ്കിലും നല്ലയിനം മാട്ടിറച്ചി (ബീഫ്) യുടെ ലഭ്യത കുറയുകയാണ് കേരളത്തില്‍. കോഴി ഇറച്ചിയുടെയും മാട്ടിറച്ചിയുടെയും 90 ശതമാനവും തമിഴ്നാട്ടില്‍ നിന്നാണ് എത്തുക. കോഴി ഇറച്ചിയുടെ സ്ഥാനത്ത് മാട്ടിറച്ചിയില്‍ ഇപ്പോള്‍ സമ്പന്ന വര്‍ഗ്ഗത്തിന് പ്രിയമേറുന്നു. നല്ലയിനം മാട്ടിറച്ചി കിട്ടാനില്ലാത്തതാണ് വില കൂടാന്‍ കാരണം. അതോടെ, കോഴി ഇറച്ചി കേരളത്തില്‍ സാധാരണക്കാരന്റെയും ഭക്ഷണ വിഭവങ്ങളില്‍ സ്ഥാനം പിടിച്ചു.
കോഴി ഇറച്ചിയുടെ വന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കേരള പൌള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ). തിരുവനന്തപുരം ജില്ലയില്‍ മാത്രം പ്രവര്‍ത്തനമുള്ള കെപ്കോ കഴിഞ്ഞവര്‍ഷം 500 ടണ്‍ കോഴിയിറച്ചി വിറ്റു. പ്രതിമാസം 20,000 ഇറച്ചി കോഴികളെ ഉത്പാദിപ്പിച്ചിരുന്ന കെപ്കോ അത് 35,000 മായി ഉയര്‍ത്തും. പുതിയ വില്പന കേന്ദ്രങ്ങളും തുറക്കും.

9. കേരളത്തില്‍ ലോട്ടറിക്ക് സേവന നികുതിയില്ല
തിരുവനന്തപുരം : കേരളത്തില്‍ ലോട്ടറിക്ക് സേവന നികുതി ചുമത്തുന്നില്ലെന്ന് സെന്‍ട്രല്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സിയുടെ ആസ്ഥാനം ബാംഗ്ളൂരില്‍ ആയതിനാലാണ് അവിടെ സേവനനികുതിക്കുള്ള നോട്ടീസ് നല്‍കിയതെന്ന് അസി. ഡയറക്ടര്‍ കെ.വി. ജോസ് കേരളകൌമുദിയോട് പറഞ്ഞു. വ്യവസായ അനുബന്ധ സേവനമെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സേവനനികുതി ചുമത്തിയത്. എന്നാല്‍ സിക്കിം ഹൈക്കോടതി ലോട്ടറിയെ സര്‍വീസായി കണക്കാക്കാനാവില്ലെന്ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ എന്തായാലും ഇങ്ങനെയൊരു നീക്കമില്ലെന്നും ജോസ് വ്യക്തമാക്കി.
കേരളത്തിലിപ്പോള്‍ ലോട്ടറിക്ക് ഒരു നികുതിയും ചുമത്തുന്നില്ല. ഓരോ നറുക്കെടുപ്പിനും ലോട്ടറി ഏജന്‍സി അഞ്ചുലക്ഷം രൂപ വീതം സര്‍ക്കാരിന് നല്‍കണം. ബംബര്‍ നറുക്കെടുപ്പാണെങ്കില്‍ 15 ലക്ഷവും.
നേരത്തെ വില്പനനികുതി പിരിച്ചിരുന്നു. ഈ ഇനത്തില്‍ 5000 കോടി രൂപയോളം ഗവണ്‍മെന്റിന് പിരിഞ്ഞുകിട്ടാനുണ്ട്. ഒരു ഉത്പന്നമായി ലോട്ടറിയെ കാണാനാവില്ലെന്ന കോടതിവിധിയാണ് വില്പന നികുതി പിരിവ് നിറുത്താനിടയാക്കിയത്. കേസ് ഇപ്പോഴും കോടതിയിലാണ്.

10. വിവാഹ രജിസ്ട്രേഷന്‍: വ്യവസ്ഥ സ്വീകാര്യമല്ലെന്ന് ജമാ അത്ത് കൌണ്‍സില്‍
കൊച്ചി: മുസ്ലിം വിവാഹങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീംകോടതി വിധി കേരളത്തില്‍ നടപ്പാക്കരുതെന്ന് മുസ്ലിം ജമാ അത്ത് കൌണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഓരോ സമുദായത്തിലെയും ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് വിവാഹം നടത്തിയ ശേഷം സമുദായ സംഘടനകള്‍ മാസത്തിലൊരിക്കല്‍ വിവാഹരേഖകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന തരത്തില്‍ നിയമം നടപ്പിലാക്കണമെന്ന് കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എ. പൂക്കുഞ്ഞ് ആവശ്യപ്പെട്ടു.
ശരിഅത്ത് നിയമമനുസരിച്ചല്ലാതെയുള്ള വിവാഹങ്ങള്‍ സമുദായത്തിന്റെ ധാര്‍മ്മിക അധ:പതനത്തിനും മഹല്ലുകളുടെ കെട്ടുറപ്പില്ലാതാകാനും ഇടവരുത്തും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി തൈക്കാട് ഗസ്റ്റ്ഹൌസില്‍ ഇന്ന് രാവിലെ ചര്‍ച്ച നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ടാംവട്ടമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്..


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w