പത്രവാര്‍ത്തകള്‍ 19-01-08

1. കേരളത്തിന്റെ വികസനരഹസ്യം ഗള്‍ഫ് പണംമാത്രം: വയലാര്‍ രവി
തിരുവനന്തപുരം : ചെറുപ്പക്കാര്‍ ഗള്‍ഫ് നാടുകളില്‍പ്പോയി കഷ്ടപ്പെട്ട് പണമയച്ചതാണ് അര നൂറ്റാണ്ടിലെ കേരളത്തിന്റെ വികസന രഹസ്യമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു.
കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്സ് വിഭാഗം ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രവാസികാര്യ മന്ത്രി.

അരനൂറ്റാണ്ടിനുള്ളില്‍ കേരളം എന്തെങ്കിലും പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കില്‍ അത് ഗള്‍ഫ് പണംകൊണ്ട് മാത്രമാണ്. ഈ പുരോഗതിയില്‍ ഒരു സര്‍ക്കാരിനും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പങ്ക് അവകാശപ്പെടാന്‍ കഴിയില്ല. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മാത്രമല്ല ഗള്‍ഫ് മലയാളി തകരാതെ നോക്കുന്നത്, ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ നട്ടെല്ലും ഗള്‍ഫ് പണമാണ്. വിസയും പാസ്പോര്‍ട്ടുമില്ലാതെ പത്തേമാരി കയറി യുവാക്കള്‍ ഗള്‍ഫിലേക്ക് പോകാന്‍ തുടങ്ങിയതുമുതലാണ് കേരളത്തില്‍ പട്ടിണി മാറിത്തുടങ്ങിയത്. അവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കാന്‍പോലുമുള്ള സാഹചര്യം അന്ന് ഒരു സര്‍ക്കാരും ഇവിടെ ഉണ്ടാക്കിയിരുന്നില്ല. ഉയര്‍ന്ന സ്ഥാനങ്ങളിലുള്ള ഒട്ടേറെ മലയാളികള്‍ അന്നും ന്യൂഡല്‍ഹിയിലുണ്ടായിരുന്നു. പാസ്പോര്‍ട്ട് എടുക്കണമെങ്കില്‍ ചെന്നൈയിലോ ന്യൂഡല്‍ഹിയിലോ പോകണമായിരുന്നു. ഈ സാഹചര്യത്തില്‍ കേരളം വികസിപ്പിച്ചത് 1957-ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റും തുടര്‍ന്നുള്ള സര്‍ക്കാരുകളുമായിരുന്നുവെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? അദ്ദേഹം ചോദിച്ചു.

1957-ല്‍ ബിര്‍ളയെയും 1967-ല്‍ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയെയും വരുത്തി കേരള വ്യവസായവത്കരണത്തിന് തുടക്കമിട്ടിരുന്നു. എന്നാല്‍, പല കാരണങ്ങളാല്‍ തുടരാനായില്ല. പിന്നീട് 40 വര്‍ഷം നാം ഒന്നും ചെയ്തില്ല. ആ നാല്പത് കൊല്ലം കേരളം മുരടിക്കുകയായിരുന്നു. ഏതൊരു സംസ്ഥാനത്തിന്റെയും വളര്‍ച്ചയുടെ അളവുകോല്‍ ജനങ്ങളുടെ ക്ഷേമമാണ്. ക്ഷേമമുണ്ടായില്ല. എന്തിനെയും എതിര്‍ക്കുന്ന നയം മലയാളി ഇനിയെങ്കിലും മാറ്റണം. കഴിഞ്ഞകാല പരാജയങ്ങളുടെ അടിസ്ഥാനത്തില്‍ നാളെയെക്കുറിച്ചായിരിക്കണം ചിന്ത. പരമ്പരാഗത വ്യവസായങ്ങളെല്ലാം മുരടിച്ചിരിക്കുന്നു. ഇതിന്റെ കുറ്റക്കാര്‍ ആര്? വ്യവസായികള്‍ അനധികൃതമായി ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചെടുക്കണം. എന്നാല്‍, അതിന്റെ പേരില്‍ അവരെ ആട്ടിപ്പായിക്കരുത്. അത് നമ്മുടെ മുന്നേറ്റം തകര്‍ക്കും.

കേരളത്തിന്റെ പൊതുവായ ഗുണം നോക്കിവേണം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കേണ്ടത്. മനുഷ്യശേഷി മാത്രമാണ് കേരളത്തിന്റെ അസംസ്കൃതവസ്തു. ആധുനിക കാലത്തിന് അനുയോജ്യമായ വിദ്യാഭ്യാസത്തിലൂടെ കേരളത്തിന്റെ മനുഷ്യശേഷിയെ ഒരു ഉത്പന്നമാക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. ജി. ഗോപകുമാര്‍ രചിച്ച ‘ഗള്‍ഫ് മൈഗ്രന്റ്സ് ആന്‍ഡ് ദ ചലഞ്ചസ് ഒഫ് റീഹാബിലിറ്റേഷന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം വയലാര്‍ രവി നിര്‍വ്വഹിച്ചു.
പ്രോ-വൈസ് ചാന്‍സലര്‍ ഡോ. വി. ജയപ്രകാശ്, എം.ജി യൂണിവേഴ്സിറ്റി മുന്‍ വി.സി ഡോ. സിറിയക് തോമസ്, ഡോ. രാജീവ് ഭാര്‍ഗ്ഗവ, ഡോ. കെ. രാമന്‍പിള്ള, ഡോ. എന്‍.കെ. ഭാസ്കരന്‍, ഡോ. പി.ജെ. അലക്സാണ്ടര്‍, ഡോ. എ.ആര്‍. രാജന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

2. ലോട്ടറി രാജാവ് മാര്‍ട്ടിന് സെന്‍ട്രല്‍ എക്സൈസ് 2112 കോടി നികുതി ചുമത്തി
തിരുവനന്തപുരം : ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ നേതൃത്വം നല്‍കുന്ന ‘മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സി’ക്ക് കര്‍ണാടകത്തില്‍ സേവന നികുതി ഇനത്തില്‍ 2112 കോടിരൂപ ചുമത്തി. പരോക്ഷ നികുതി ഇനത്തില്‍ രാജ്യത്ത് ചുമത്തുന്ന ഏറ്റവും വലിയ നികുതിയാണിത്. ബാംഗ്ളൂരിലെ സെന്‍ട്രല്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗമാണ് ഇത് സംബന്ധിച്ച നോട്ടീസ് മാര്‍ട്ടിന് നല്‍കിയത്. സെന്‍ട്രല്‍ എക്സൈസ് ഇന്റലിജന്‍സിന്റെ ബാംഗ്ളൂരിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫീസാണ് ഇത് അന്വേഷിക്കുന്നത്. നികുതിയടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതിന് മാര്‍ട്ടിന്‍ ഏജന്‍സിക്കുമേല്‍ പിഴ ചുമത്താനും നീക്കമുണ്ട്. വ്യവസായ അനുബന്ധ സേവനമെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ലോട്ടറിക്ക് സേവന നികുതി ചുമത്തിയത്. ഐക്യരാഷ്ട്രസഭയുടെ പ്രോഡക്ട് ക്ളാസിഫിക്കേഷന്‍ പട്ടികയില്‍ ലോട്ടറിയെ സര്‍വീസായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നികുതി ചുമത്തിയതിനെത്തുടര്‍ന്ന് മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സി 57 ലക്ഷം രൂപ ആദ്യ ഗഡുവായി അടച്ചിട്ടുണ്ട്. സിക്കിം ഹൈക്കോടതിയില്‍നിന്ന് തുടര്‍ നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇതിനെതിരെ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം കോടതിയെ സമീപിക്കും. മഹാരാഷ്ട്ര, സിക്കിം, നാഗാലാന്‍ഡ്, പഞ്ചാബ് സംസ്ഥാന ലോട്ടറികളുടെ വിതരണക്കാരായ മാര്‍ട്ടിന്‍ ഏജന്‍സി അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഭൂട്ടാന്‍ ലോട്ടറിയുടെ വിപണനാവകാശവും നേടിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ നിരോധിക്കപ്പെട്ട ലോട്ടറികള്‍ വിതരണം ചെയ്തതിന് ചെന്നൈ പൊലീസ് മാര്‍ട്ടിന്റെ വില്പനശാലകള്‍ റെയ്ഡ് ചെയ്തിരുന്നു. മാര്‍ട്ടിന്‍ ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ്. ദേശാഭിമാനി ബോണ്ട് വിവാദത്തില്‍ കേരള പൊലീസും ഈയിടെ മാര്‍ട്ടിനെ ചോദ്യം ചെയ്തിരുന്നു.

3. വാര്‍ദ്ധക്യകാല പെന്‍ഷന്‍: പുനഃക്രമീകരണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം: കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരെക്കൂടി വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിക്കു കീഴില്‍ കൊണ്ടുവര്‍രാനും വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ക്കനുസരിച്ച് പുനഃക്രമീകരിക്കാനും ആവശ്യമായ നടപടി എടുക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ‘ദരിദ്രരോടു കരുണകാട്ടാതെ പാഴാക്കുന്നത് 87 കോടി’ എന്ന കേരളകൌമുദി വാര്‍ത്തയെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ തൊഴില്‍ വകുപ്പു വഴിയും വാര്‍ദ്ധക്യകാല പെന്‍ഷന്‍ സാമൂഹ്യക്ഷേമ വകുപ്പു വഴിയുമാണ് വിതരണം ചെയ്യുന്നത്. ഈ രണ്ടു വകുപ്പുകളുമായും കൂടിയാലോചിച്ചു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുകയുള്ളു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെ വൃദ്ധരായവര്‍ക്കു നല്‍കുന്ന എല്ലാ പെന്‍ഷനുകളും വാര്‍ദ്ധക്യകാല പെന്‍ഷന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശം.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പൂര്‍ണമായി നടപ്പാക്കിയാല്‍ ദാരിദ്യ്രരേഖയ്ക്കു കിഴിലുള്ള 65 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും 235 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. മൂന്നു ലക്ഷത്തോളം ദരിദ്രര്‍ക്കാണ് ഇതുമൂലം ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുക. ഡല്‍ഹിക്കുപോയിരിക്കുന്ന ചീഫ് സെക്രട്ടറി തിരിച്ചെത്തിയാല്‍ ഉടന്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നറിയിച്ചു.

4. മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം 22 ന്
കേരളകൌമുദി തിരുവനന്തപുരം യൂണിറ്റിന്റെയും പ്രമുഖ മലയാളം വെബ് പോര്‍ട്ടലായ ഇന്ദുലേഖ ഡോട്ട്കോമിന്റെയും ( www.indulekha.com ) സംയുക്താഭിമുഖ്യത്തില്‍ ജനുവരി 22ന് മലയാളത്തിലെ ആദ്യത്തെ ഇന്ററാക്ടീവ് ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഒരുക്കുന്നു.

കേരളകൌമുദി സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റെ ആറു വര്‍ഷത്തെ കാര്‍ട്ടൂണുകളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറ്റമ്പതോളം കാര്‍ട്ടൂണുകളാണ് ഒരേസമയം വി. ജെ. ടി ഹാളില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഇന്ദുലേഖ ഡോട്ട് കോമിലും പ്രദര്‍ശിപ്പിക്കുന്നു. വി.ജെ.ടി ഹാളില്‍ ജനുവരി 22ന് രാവിലെ 11ന് മുന്‍മുഖ്യമന്ത്രി കെ. കരുണാകന്‍ കാര്‍ട്ടൂണ്‍ വരച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു. സാംസ്കാരിക മന്ത്രി എം. എ ബേബി അദ്ധ്യക്ഷനായിരിക്കും. രാത്രി 8 വരെയാണ് വി. ജെ. ടി ഹാളിലെ പ്രദര്‍ശനം.

മലയാളത്തില്‍ ഇന്റര്‍നെറ്റിലൂടെ നടത്തുന്ന ആദ്യത്തെ ഇന്ററാക്ടീവ് കാര്‍ട്ടൂണ്‍ പ്രദര്‍ശനമാണിത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വീട്ടിലോ ജോലി സ്ഥലത്തോ ഇരുന്നുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പ്രദര്‍ശനം കാണാന്‍ കഴിയും. കാര്‍ട്ടൂണുകളെക്കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും കാര്‍ട്ടൂണിസ്റ്റുമായി ഓണ്‍ലൈന്‍ സംവാദത്തിലേര്‍പ്പെടുന്നതിനും സൌകര്യം ഒരുക്കിയിട്ടുണ്ട്.
കേരളകൌമുദിയില്‍ പ്രസിദ്ധീകരിച്ച് സംസ്ഥാന മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്കാരങ്ങള്‍ നേടിയ കാര്‍ട്ടൂണുകളും പ്രശസ്ത മലയാള കവിതകളുടെ കാര്‍ട്ടൂണ്‍ പുനരാഖ്യാനവും രാഷ്ട്രീയ കാര്‍ട്ടൂണ്‍ കഥകളും പ്രദര്‍ശനത്തിനുണ്ട്.

എം.ടി വാസുദേവന്‍നായരുടെ പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനത്തിലൂടെ ലിംക ബുക്സ് ഓഫ് റിക്കാര്‍ഡ്സില്‍ സ്ഥാനം നേടിയ മലയാളത്തിലെ ആദ്യവെബ്സൈറ്റായ ഇന്ദുലേഖയുടെ ‘കളേഴ്സ്’ എന്ന വിഭാഗത്തിലാണ് ‘വരയും ചിരിയും’ കാര്‍ട്ടൂണ് പ്രദര്‍ശനം.

5. കിഡ്നി ഫൌണ്ടേഷന്‍ കൊച്ചി ശാഖ ഉദ്ഘാടനം ഇന്ന്
കൊച്ചി: കേരള കിഡ്നി ഫൌണ്ടേഷന്റെ കൊച്ചി ശാഖയ്ക്ക് ഇന്ന് തുടക്കമിടുമ്പോള്‍ മേഴ്സി രവി ചാരിതാര്‍ത്ഥ്യത്തിന്റെ ഒരു പടി കൂടി പിന്നിടുന്നു. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ആശയം ഇന്ന് അനേകങ്ങള്‍ക്ക് ആശ്വാസമാണ്.

500 രൂപയ്ക്ക് ഡയാലിസിസ് നടത്താന്‍ സാധിക്കുമ്പോള്‍ നിരവധി നിര്‍ധനരുടെ ജീവിതത്തിലേക്കാണ് വെളിച്ചം പരക്കുന്നത്. “അഞ്ഞൂറു രൂപ കൊടുക്കുമ്പോള്‍ ഒരു മനുഷ്യന്‍ മൂന്ന് ദിവസം കൂടി ഈ ഭൂമിയില്‍ ജീവിക്കുമെന്ന് ഉറപ്പാക്കാനാവും. അവരെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിലും വലിയ പുണ്യം എന്തുണ്ട്”, മുന്‍ എം. എല്‍. എ കൂടിയായ മേഴ്സി ചോദിക്കുന്നു. മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നെഫ്രോളജിസ്റ്റായിരുന്ന ഡോ. ജോജി ഏബ്രഹാമാണ് കേരളത്തിലെ രോഗികള്‍ക്കായി ഡയാലിസിസ് യന്ത്രം വാഗ്ദാനംചെയ്തത്. ഈ ആശയം മനോരമ പത്രാധിപര്‍ കെ.എം. മാത്യുവുമായി മേഴ്സി പങ്കിട്ടു. തുടര്‍ന്നാണ് കേരളത്തില്‍ കിഡ്നി ഫൌണ്ടേഷന്‍ നിലവില്‍ വന്നത്.

കോട്ടയം എസ്.എച്ച്. മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ആദ്യത്തെ യന്ത്രം സ്ഥാപിച്ചു. പാമ്പുകടി, പലതരം പനികള്‍ എന്നിവ മൂലം കൂടുതല്‍ ആളുകള്‍ ഡയാലിസിസിന് വിധേയരാകുന്നുണ്ട്. 1500 രൂപയാണ് നിരക്ക്. ഇതിന്റെ മൂന്നിലൊന്ന് തുകയ്ക്കാണ് ഫൌണ്ടേഷന്‍ ഡയാലിസിസ് സാധ്യമാക്കുന്നത്.
ഫൌണ്ടേഷന്റെ അടുത്ത ശാഖ കോഴിക്കോട് തുറക്കും. സംസ്ഥാനത്ത് വിപുലമായ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയാണ് അടുത്ത പദ്ധതി.

ഫൌണ്ടേഷന്റെ കൊച്ചി ശാഖ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിലെ അങ്കണ്‍ ഹാളില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിക്കും. അബാന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സാലി അബ്രഹാം പി.വി.എസ് ആശുപത്രിക്ക് ഡയാലിസിസ് യന്ത്രം കൈമാറും. കിഡ്നി ഫൌര്‍ണ്ടേഷന്‍ പ്രസിഡന്റ് ഡോ: കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഡോ: ജോര്‍ജ്ജ്. കെ. നൈനാന്‍, മധു ബ്ളെസ്സി എന്നിവര്‍ സംസാരിക്കും.

6. കിസാന്‍ശ്രീയില്‍ 5 ലക്ഷം കര്‍ഷകരെ അംഗങ്ങളാക്കും
തിരുവനന്തപുരം: കര്‍ഷക ഇന്‍ഷ്വറന്‍സ് പദ്ധതിയായ കിസാന്‍ശ്രീയില്‍ 5 ലക്ഷം കര്‍ഷകരെ അംഗങ്ങളാര്‍ക്കും. ഇതിനായി ഫെബ്രുവരി 1 മുതല്‍ 14 വരെ കിസാന്‍ശ്രീ അംഗത്വപക്ഷമായി ആചരിക്കും. രണ്ടു ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്ക് അംഗങ്ങളാകാം. അംഗത്വം നേടാന്‍ അടുത്തുള്ള കൃഷിഭവനില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ മതിയാകും. അപകടത്തില്‍ മരണമടയുന്ന കര്‍ഷകന്‍െറ കുടുംബത്തിനും അംഗവൈകല്യം സംഭവിക്കുന്ന കര്‍ഷകനും ഒരു ലക്ഷം രൂപവരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.

ഒരു വര്‍ഷമാണ് ഇന്‍ഷ്വറന്‍സിന്‍െറ കാലാവധി. അതുകഴിഞ്ഞാല്‍ വീണ്ടും പുതുക്കാവുന്നതാണ്. പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. അപകടം സംഭവിച്ച് 15 ദിവസത്തിനകം വിവരം കൃഷിഭവനില്‍ അറിയിച്ചിരിക്കണം.
സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ മാര്‍ക്സിസ്റ്റ് വത്ക്കരിക്കുന്നു:ഉമ്മന്‍ചാണ്ടി
തൃശൂര്‍: ബംഗാള്‍ മോഡല്‍ വിദ്യാഭ്യാസ സമ്പ്രദായം അടിച്ചേല്‍പ്പിച്ച് വിദ്യാഭ്യാസ രംഗത്തെ എല്‍.ഡി. എഫ് സര്‍ക്കാര്‍ മാര്‍ക്സിസ്റ്റ്വത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേരള എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് (കെ. എ.പി.ടി) യൂണിയന്‍ സുവര്‍ണ്ണ ജൂബിലി സമ്മേളനം തൃശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്യൂണിനെ സസ്പെന്‍ഡ് ചെയ്യാന്‍ പോലും കഴിയാത്ത പഞ്ചായത്ത് കമ്മിറ്റികളാണിവിടെ അദ്ധ്യാപകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ക്ക് മുതിരുന്നത്. പഞ്ചായത്തുകളുടെ ഇത്തരം ഇടപെടലുകള്‍ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തെ തകര്‍ക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിദ്യാഭ്യാസ കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ ഒരു വിദ്യാഭ്യാസ മന്ത്രി മതി. ഉന്നത വിദ്യാഭ്യാസ രംഗം താറുമാറാക്കിയ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെയും തകര്‍ക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

7. കട്ടവര്‍ ‘സുരക്ഷിതര്‍’; കണ്ടെത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റഭീഷണി
ആലപ്പുഴ : ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന 1600 ടണ്‍ തവിട് കാണാനില്ലെന്ന് ഒരു ഉദ്യോഗസ്ഥ കണ്ടെത്തിയപ്പോള്‍, ആ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു കോടികളുടെ നഷ്ടത്തിന്റെ കണക്കുപറയുന്ന മില്‍മയിലെ ഉന്നതര്‍! ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്യപ്പെട്ടുവെങ്കിലും ഒരുകോടിയിലേറെ രൂപ വിലവരുന്ന തവിട് എങ്ങോട്ടുപോയെന്ന് ഇനിവേണം കണ്ടെത്താന്‍. ഇതുവരെയും ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടായിട്ടുമില്ല.

മില്‍മയുടെ അപ്പെക്സ് ബോഡിയായ മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ പട്ടണക്കാട്ടുള്ള കാലിത്തീറ്റ ഫാക്ടറിയുടെ ഗോഡൌണില്‍ നിന്നാണ് തവിട് അപ്രത്യക്ഷമായത്. തവിട് ഗോഡൌണില്‍ എത്തിച്ചശേഷമാണോ അതോ അതിനുമുമ്പുതന്നെ അപ്രത്യക്ഷമായോയെന്ന് പോലും കണ്ടെത്തിയിട്ടില്ല. ഒരുടണ്‍ തവിടിന് ഏകദേശം 6700 രൂപ വിലയുള്ളപ്പോഴായിരുന്നു ഈ തീവെട്ടിക്കൊള്ള.
2006 നവംബറില്‍ തവിടിന് കടുത്തക്ഷാമം നേരിട്ടപ്പോള്‍ കാലിത്തീറ്റ ഫാക്ടറിയിലെ ഉത്പാദനം കുറച്ചുദിവസം നിറുത്തിവയ്ക്കേണ്ടിവന്നിരുന്നു. തുടര്‍ന്നാണ് 8000 ടണ്‍ തവിട് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചത്. വാഗണുകളില്‍ എത്തിച്ച തവിട് ഗോഡൌണുകളിലേക്ക് മാറ്റി.

കഴിഞ്ഞ ഫെബ്രുവരിയില്‍ തവിടിന് വീണ്ടും ക്ഷാമം നേരിട്ടു. മലമ്പുഴയിലെ ഫാക്ടറിയില്‍നിന്ന് സ്ഥലംമാറിവന്ന അംബികകുമാരിയായിരുന്നു അപ്പോള്‍ സ്റ്റോര്‍ ഓഫീസര്‍. സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ 1600 ടണ്‍ തവിട് അപ്രത്യക്ഷമായെന്ന് സ്റ്റോര്‍ ഓഫീസര്‍ കണ്ടെത്തി. വിവരം പുറത്തുവിടാതിരിക്കാന്‍ പലവിധത്തിലും സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും സ്റ്റോര്‍ ഓഫീസര്‍ വഴങ്ങിയില്ല. മില്‍മയിലെ രീതികള്‍ അറിയാത്തതിനാലാവാം, സ്റ്റോര്‍ ഓഫീസര്‍ വിവരം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
ഉടന്‍ തന്നെയുണ്ടായി നടപടി. കള്ളം കണ്ടെത്തിയ സ്റ്റോര്‍ ഓഫീസര്‍ക്ക് പുന്നപ്ര ഡെയറിയിലേക്ക് സ്ഥലംമാറ്റം! സ്റ്റോര്‍ ഓഫീസര്‍ക്കും കുറച്ച് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് സ്ഥലംമാറ്റം സ്റ്റേ ചെയ്യപ്പെട്ടത്.

ഉദ്യോഗസ്ഥയെ സ്ഥലംമാറ്റാന്‍ കാണിച്ച ഉത്സാഹമൊന്നും കുറ്റവാളികളെ കണ്ടെത്തുന്നതില്‍ പ്രകടമായതേയില്ല. അന്വേഷിക്കണമെന്ന് തീരുമാനിക്കാന്‍പോലും വീണ്ടും വേണ്ടിവന്നു എട്ടുമാസം!
മില്‍മയിലെതന്നെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നത്. കഴിഞ്ഞമാസം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതായിരുന്നു. പക്ഷേ, റിപ്പോര്‍ട്ട് ഇനിയും തയ്യാറായിട്ടില്ല.

ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഈ തോതില്‍ ഒരു തിരിമറി സാദ്ധ്യമല്ലെന്ന് വ്യക്തമാണ്. കള്ളം കണ്ടെത്തിയ ഉദ്യോഗസ്ഥയെ ശിക്ഷിക്കാന്‍ കഴിയണമെങ്കിലും വേണം ഉന്നതതലത്തില്‍ ഒരു ‘കോക്കസ്’. വെട്ടിപ്പും തട്ടിപ്പും ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഈ തോതില്‍ ഒരു ക്രമക്കേട് നടക്കുകയില്ല. വെട്ടിപ്പിന്റെ മഹാമേളതന്നെ നടക്കുമ്പോഴേ 1600 ടണ്ണൊക്കെ അടിച്ചുമാറ്റാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

8. ടി.ടി.ഇ മാര്‍ക്കെതിരെ പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍
ന്യൂഡല്‍ഹി: തീവണ്ടികളില്‍ ടി.ടി.ഇ മാര്‍ പീഡിപിച്ചാല്‍ സെല്‍ഫോണിലൂടെ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാന്‍ റെയില്‍വേ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നു. 155210 എന്ന വിജിലന്‍ സ് നമ്പറില്‍ വിളിച്ച് ടി.ടി. ഇക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്യാം. അടുത്ത സ്റ്റേഷനില്‍ എത്തുന്നതിനു മുന്‍പ് തന്നെ പരാതിക്ക് പരിഹാരവും റെയില്‍വേ വാഗ്ദാനം ചെയ്യുന്നുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തര റെയില്‍വേ ഡിവിഷനിലാണ് ഇപ്പോള്‍ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 155210 എന്ന നമ്പറില്‍ സെല്‍ഫോണ്‍ വഴി വിളിച്ച് പരാതി നേരിട്ടു പറയാം. ഇതിനു പുറമെ എല്ലാ കമ്പാര്‍ട്ട്മെന്റിലും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍ എഴുതി വയ്ക്കും.
155210 നമ്പറില്‍ പരാതി പറയുമ്പോള്‍ ടിക്കറ്റ് നമ്പറോ പി.എന്‍.ആര്‍. നമ്പറോ പറഞ്ഞിരിക്കണമെന്നുമാത്രം.
ടി.ടി.ഇമാരുടെ പീഡനം,കൈക്കൂലി വാങ്ങല്‍, സീറ്റുകളും ബര്‍ത്തുകളും അനുവദിക്കുന്നതിലെ അപാകതകള്‍, മനുഷ്യത്വ രഹിതമായ പെരുമാറ്റം, സ്ത്രീകളെ അവഹേളിക്കല്‍, ലഗേജുകള്‍ക്ക് പിഴ ഈടാക്കുന്നത് തുടങ്ങിയ പ്രശ്നങ്ങളില്‍ തീവണ്ടിയില്‍ വച്ചുതന്നെ യാത്രക്കാര്‍ക്ക് പരാതി നല്‍കാവുന്നതും പരിഹാരം കാണാവുന്നതുമാണ്. ടി.ടി.ഇക്കു പുറമെ റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലീസിനെക്കുറിച്ചും ഇതേ നമ്പരില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം.

ഉത്തര റെയില്‍വേയില്‍ ഈ മാസം അവസാനത്തോടെ ഈ സംവിധാനം നടപ്പില്‍ വരുമ്പോള്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്കും പ്രയോജനം കിട്ടും. പൈലറ്റ് പ്രോജക്ടില്‍ തന്നെ കേരള, മംഗള, സുവര്‍ണ ജയന്തി തുടങ്ങിയ കേരളത്തിലേക്കുള്ള ട്രെയിനുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1. ഹയര്‍സെക്കന്‍ഡറി കലോത്സവം: തിരുവനന്തപുരത്തിന് കിരീടം
കുറ്റിപ്പുറം: പതിനൊന്നാമത് സംസ്ഥാന ഹയര്‍സെക്കന്‍ഡറി കലോത്സവത്തില്‍ തിരുവനന്തപുരം 368 പോയന്റുകളോടെ ചാമ്പ്യന്മാരായി. 364 പോയന്റുകള്‍ വീതം നേടിയ കോഴിക്കോടും കണ്ണൂരും രണ്ടാംസ്ഥാനം പങ്കിട്ടു. തൃശ്ശൂര്‍ 359 പോയന്റോടെ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാടിനാണ് നാലാംസ്ഥാനം. ആതിഥേയ ജില്ലയായ മലപ്പുറത്തിന് ഏഴാംസ്ഥാനം ലഭിച്ചു.

എണ്‍പത്തിമൂന്ന് പോയന്റുകളോടെ എസ്.വി.ജി.വി.എച്ച്.എസ്.എസ്. കിടങ്ങന്നൂര്‍ (പത്തനംതിട്ട) ഏറ്റവുംകൂടുതല്‍ പോയന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള ട്രോഫി നേടി. കലോത്സവത്തിനിടയില്‍ നിളയില്‍ മുങ്ങിമരിച്ച യദുകൃഷ്ണന്റെ സ്മരണയ്ക്കായി കുറ്റിപ്പുറം എം.എല്‍.എ കെ.ടി.ജലീല്‍ ഏര്‍പ്പെടുത്തിയ റോളിങ് ട്രോഫിയും എസ്.വി.ജി.വി. എച്ച്.എസ്.എസ്. കരസ്ഥമാക്കി. എം.കെ.എന്‍.എം.എച്ച്.എസ്. എസ് കുമരമംഗലമാണ് (ഇടുക്കി) ഏറ്റുവും കൂടുതല്‍ പോയന്റ നേടിയ രണ്ടാമത്തെ സ്കൂള്‍. സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്. മുതലക്കോടം ഇടുക്കിക്കാണ് മൂന്നാംസ്ഥാനം.

അവസാനം നടന്ന ചില മത്സരങ്ങളുടെ വിധി നിര്‍ണയിക്കാന്‍ അപ്പീലുകള്‍ വന്നതുകാരണം സമാപനസമ്മേളനം അല്പനേരം നീണ്ടു. സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ അധ്യക്ഷതവഹിച്ച മഞ്ചേരി എം.പി ടി.കെ. ഹംസ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

യദുകൃഷ്ണന്റെ കുടുംബത്തിനുള്ള സഹായധനം അടുത്ത മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മന്ത്രി ബേബി അറിയിച്ചു. കെ.ടി.ജലീല്‍ എം.എല്‍.എ, വി.ശശികുമാര്‍ എം.എല്‍.എ, സ്വീകരണക്കമ്മിറ്റി ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, പി.ടി.എ എ. ഹൈദരലി, സയ്യിദ് ലുഖ്മാന്‍ തങ്ങള്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം മന്ത്രി ബേബി നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി ജോയന്റ് ഡയറക്ടര്‍ ബി.കെ.വിജയന്‍ സ്വാഗതവും കുറ്റിപ്പുറം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.സി. ഗീതാമണി നന്ദിയും പറഞ്ഞു.

പോയന്റ് നില

തിരുവനന്തപുരം _ 368, കോഴിക്കോട് _ 364, കണ്ണൂര്‍ _ 364, തൃശ്ശൂര്‍ _ 359, പാലക്കാട് _ 357, എറണാകുളം _ 350, കോട്ടയം _ 345, മലപ്പുറം _ 342, ആലപ്പുഴ _ 338, കാസര്‍കോട് _ 318, കൊല്ലം _ 289, വയനാട് _ 283, പത്തനംതിട്ട _ 278, ഇടുക്കി _ 260

2. വൈദ്യുതി ബോര്‍ഡിന് 755 കോടിയുടെ റവന്യു കമ്മി
തിരുവനന്തപുരം: 2008_09 സാമ്പത്തിക വര്‍ഷത്തില്‍ 754.69 കോടിയുടെ റവന്യു കമ്മി നേരിടുമെന്ന് വൈദ്യുതിബോര്‍ഡ് കണക്കുകൂട്ടുന്നു. അടുത്തവര്‍ഷത്തെ വാര്‍ഷിക വരുമാന ആവശ്യകതയും പ്രതീക്ഷിക്കുന്ന വരുമാനവും സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബോര്‍ഡ് നല്‍കിയ കണക്കുകളിലാണ് ഈ വിവരമുള്ളത്.

5,734.03 കോടി രൂപ ചെലവും 4,979.34 കോടി രൂപ വരവുമാണ് വൈദ്യുതി ബോര്‍ഡ് കണക്കാക്കുന്നത്. 2007_08 വര്‍ഷത്തേയ്ക്ക് 4,545.02 കോടി ചെലവും 4,114.91 കോടി രൂപ വരവുമടക്കം 430.11 കോടി രൂപയുടെ റവന്യുകമ്മി കാണിക്കുന്ന കണക്കുകളാണ് റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ബോര്‍ഡ് നല്‍കിയ കണക്കുകള്‍ പരിഷ്കരിച്ച റെഗുലേറ്ററി കമ്മീഷന്‍ റവന്യുകമ്മി 251.03 കോടി രൂപയാക്കി കുറച്ചു. 4992.50 കോടി രൂപയുടെ ചെലവും 4,741.47 കോടി രൂപയുടെ വരവുമായാണ് റെഗുലേറ്ററി കമ്മീഷന്‍ കണക്കുകള്‍ പരിഷ്കരിച്ചത്.

2008_09 സാമ്പത്തികവര്‍ഷത്തില്‍ 207.03 കോടി രൂപയാണ് വൈദ്യുതി ഉല്പാദനത്തിനായി കെ.എസ്.ഇ.ബി. നീക്കിവെച്ചിരിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ 2,674.5 കോടി രൂപ വകയിരുത്തിയിരിക്കുന്നു. പലിശയും ധനകാര്യ ചെലവുകളുമായി 357.31 കോടിയും തേയ്മാനച്ചെലവായി 459.30 കോടിയും ജീവനക്കാര്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനായി 1136.86 കോടിയും കണക്കാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി ബോര്‍ഡ് 140.06 കോടി രൂപ വേണമെന്ന് പറയുമ്പോള്‍ മറ്റു ചെലവിനത്തില്‍ 495.29 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

വരുമാനത്തില്‍ പ്രധാനം വൈദ്യുതി നിരക്കിനത്തില്‍ സംസ്ഥാനത്തിനകത്തുനിന്ന് ലഭിക്കുന്ന 4,292.59 കോടി രൂപ തന്നെയാണ്. മറ്റുസംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കുന്നവകയില്‍ 158.54 കോടി രൂപയും കണക്കാക്കിയിട്ടുണ്ട്. താരിഫ് ഇതരവരുമാനമെന്ന നിലയില്‍ 528.21 കോടി രൂപ ലഭിക്കുമെന്നും ബോര്‍ഡ് പ്രതീക്ഷിക്കുന്നു.

3. നെല്‍ബോര്‍ഡ്: കൃഷി, ധന വകുപ്പുകള്‍ തമ്മില്‍ വീണ്ടും തര്‍ക്കം
തിരുവനന്തപുരം: കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ ‘കിസാന്‍ശ്രീ’യ്ക്ക് പിന്നാലെ നെല്‍കൃഷി വികസനത്തിനുള്ള നെല്‍ബോര്‍ഡ് രൂപവത്കരണത്തിന്റെ പേരിലും ധനവകുപ്പും കൃഷിവകുപ്പും ഇടയുന്നു.

ബോര്‍ഡ് രൂപവത്കരണത്തിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഫയല്‍ ഒന്നര മാസമായി ധനവകുപ്പില്‍ അനക്കമില്ലാത്ത സ്ഥിതിയിലാണ്.

12 നെല്‍വികസന ഏജന്‍സികളേയും വിവിധ പാടശേഖര സമിതികളേയും കൂട്ടിയോജിപ്പിച്ച് ഒരു ബോര്‍ഡിന് കീഴിലാക്കി നെല്‍കൃഷി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡ് രൂപവത്കരിക്കുന്നതെന്ന് കൃഷിവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. നെല്‍വയലുകള്‍ സംരക്ഷിക്കുകയും നെല്‍ കര്‍ഷകര്‍ക്കുള്ള എല്ലാത്തരം ധനസഹായങ്ങളും ‘നെല്‍ബോര്‍ഡ്’ വഴി നല്‍കണമെന്നുമായിരുന്നു നിര്‍ദ്ദേശം.

ബോര്‍ഡ് വേണമെന്ന കൃഷിവകുപ്പിന്റെ നിര്‍ദ്ദേശത്തിന് നെല്‍കൃഷി വികസനത്തിന് ഇങ്ങനെ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളുള്ള ഒരു ബോര്‍ഡ് ആവശ്യമില്ലെന്നനിലപാടാണ് ധനവകുപ്പ് സ്വീകരിച്ചത്. സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളുള്ള ബോര്‍ഡിന് പകരം ഒരു സര്‍ക്കാര്‍ ഉത്തരവുവഴി എല്ലാ നെല്‍കൃഷി സംരക്ഷണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചാല്‍ മതിയെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ധനവകുപ്പിന്റെ നിലപാടിനോട് വിയോജിച്ച് നെല്‍വയലുകള്‍ മറ്റ് ഉപേയാഗങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യുന്നത് തടയാനും കര്‍ഷക ക്ഷേമത്തിനുള്ള ധനസമാഹരണത്തിനും സ്റ്റാറ്റ്യൂട്ടറി അധികാരം വേണമെന്ന നിലപാട് ആവര്‍ത്തിച്ചും കൃഷിവകുപ്പ് വീണ്ടും ധനമന്ത്രാലയത്തിലേക്ക് ഫയല്‍ അയച്ചു. ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്ന് കൃഷിമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ബോര്‍ഡ് രൂപവത്കരണ നിര്‍ദ്ദേശം തടസ്സപ്പെടുത്തുന്ന ധനവകുപ്പ് നിലപാടിലും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഇ.എഫ്.എല്‍. നിയമഭേദഗതി ഓര്‍ഡിനന്‍സിനെതിരെയുള്ള നിയമവകുപ്പ് നിലപാടിനുമെതിരെ സി.പി.ഐ. നേതൃത്വം രംഗത്തുവരുമെന്ന് സൂചനയുണ്ട്. അടുത്ത എല്‍.ഡി.എഫ്. യോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് അവരുടെ നീക്കം. നെല്‍ബോര്‍ഡിനെതിരായ ധനവകുപ്പ് നിലപാടിനെതിരെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ തന്നെ നേരത്തെ പരസ്യമായി രംഗത്തു വന്നിരുന്നു.

4. ഇന്ത്യ_ചൈന_യു.എസ് ബന്ധവും തന്ത്രവും: അന്താരാഷ്ട്ര സമ്മേളനം 21മുതല്‍
കൊച്ചി :ഇന്ത്യാ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക_നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമ്മേളനവും സെമിനാറും ജനവരി 21മുതല്‍ 23വരെ കൊച്ചിയില്‍ നടക്കും.

21ന് വൈകുന്നേരം ഏഴിന് ലെമെറിഡിയനില്‍ മന്ത്രി എം.എ. ബേബി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും, സെന്റര്‍ഫോര്‍ നാഷണല്‍ റിനൈസന്‍സ് ചെയര്‍മാനുമായ ഡോ. സുബ്രഹ്മണ്യന്‍സ്വാമി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുട്ടത്തുള്ള എസ്.സി.എം.എസ്. കാമ്പസാണ് സെമിനാര്‍ വേദി. എട്ട് സെഷനുകളിലായി സെമിനാറുകളും ചര്‍ച്ചകളും നടക്കും.

അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല, ചൈനയിലെ ടിഷിന്‍ഗ്വാ സര്‍വ്വകലാശാല എന്നിവിടങ്ങളിലെ പ്രഗത്ഭര്‍, ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാല പ്രതിനിധികള്‍, കേന്ദ്ര_സംസ്ഥാന സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ളവരും മാധ്യമരംഗത്ത് നിന്നുള്ളവരുമാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.

22ന് രാവിലെ 10ന് ‘ഇന്ത്യ_ചൈന_യു.എസ് ട്രയാങ്കിള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി വിഷയമവതരിപ്പിക്കും. രണ്ട്, മൂന്ന് സെഷനുകളില്‍ ‘സിനോ_ഇന്ത്യ ബന്ധവും അമേരിക്കയും’ എന്ന വിഷയത്തിലാണ് ചര്‍ച്ച. മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ജസ്വന്ത്സിംഗ് മുഖ്യാതിഥിയായിരിക്കും. ടിഷിന്‍ഗ്വാ സര്‍വ്വകലാശാലയിലെ പ്രൊഫ. പാന്‍ഷൈന്‍ജിംഗും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസിലെ പ്രൊഫ. സുജിത്ത് ദത്തയും വിഷയമവതരിപ്പിക്കും.

വൈകീട്ട് 3.30മുതല്‍ ആരംഭിക്കുന്ന നാലാം സെഷനില്‍ ‘ഇന്തോ_യു.എസ്. ബന്ധവും ചൈനയും’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. സഞ്ജയ്ബാറു ചര്‍ച്ചകള്‍ നയിക്കും.

‘ഇന്ത്യ_ചൈന_യു.എസ് ഏനര്‍ജി ട്രയാങ്കിള്‍’ എന്ന വിഷയത്തിലാണ് തുടര്‍ന്നുള്ള സെഷന്‍. രാജ്യ ഊര്‍ജ്ജ വകുപ്പിന്റെ മുന്‍ സെക്രട്ടറി ഡോ. ഇ.എ.എസ്. ശര്‍മ്മ വിഷയമവതരിപ്പിക്കും.

23ന് നടക്കുന്ന ആറും, ഏഴും സെഷനുകളില്‍ ‘സിനോ_യു.എസ്. ബന്ധവും ഇന്ത്യയും’ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. അമേരിക്കയിലെ മെര്‍ക്കര്‍ സര്‍വ്വകലാശാലയുടെ പ്രൊഫ. പിനിലോപ്പ് പ്രൈം വിഷയമവതരിപ്പിക്കും.

സമാപന സെഷനില്‍ സെമിനാര്‍ അവലോകനവും, ഭാവിപദ്ധതികളുമാണ് ചര്‍ച്ച ചെയ്യുന്നത്. ന്യൂഡല്‍ഹി കേന്ദ്രമായുള്ള സെന്റര്‍ഫോര്‍ നാഷണല്‍ റിനൈസന്‍സ് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഫെയര്‍ബാങ്ക് സെന്റര്‍, ഹാര്‍വാര്‍ഡ്, ടിഷിന്‍ഗ്വാ സര്‍വ്വകലാശാലകള്‍ എന്നിവയുടെ സഹകരണവുമുണ്ട്. എസ്.സി.എം.എസ്. ചെയര്‍മാന്‍ ജി.പി.സി. നായരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

5. ഇടുക്കിയിലും വയനാട്ടിലും അത്യാധുനിക ഡയറിഫാമുകള്‍ തുടങ്ങും_ മന്ത്രി
ചെന്നൈ: ക്ഷീരോത്പാദനമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ രണ്ട് ഹൈടെക് ഡയറിഫാമുകള്‍ തുടങ്ങും. 400 കോടി രൂപ ചെലവില്‍ ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഫാമുകള്‍ തുടങ്ങുകയെന്നും 11ാം പഞ്ചവത്സരക്കാലയളവില്‍ കേരളത്തിലെ പാല്‍ക്ഷാമം പൂര്‍ണമായും പരിഹരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും കേരള ഭക്ഷ്യ_സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. ഈ പദ്ധതിയുടെ രൂപരേഖ ഇപ്പോള്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മുമ്പിലാണ്. അനുമതി കിട്ടിക്കഴിഞ്ഞാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ഫാമുകള്‍ ആരംഭിക്കുക. രണ്ട് പ്ലാന്റുകള്‍ക്കുമായി 400 ഏക്കര്‍ സ്ഥലം വേണ്ടിവരും. ആസൂത്രണ കമ്മീഷന്റെ അനുമതി ലഭിച്ചാലുടന്‍ തന്നെ ഇതിനായുള്ള ഭൂമിയേറ്റെടുക്കും. 26 ശതമാനം സര്‍ക്കാറിനും 74 ശതമാനം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഓഹരിപങ്കാളിത്തമുള്ള രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക.

ഒരു ഫാമില്‍ 500 മുതല്‍ 1000 വരെ പശുക്കളെയൊരുക്കും. കാലിത്തീറ്റ, പച്ചപ്പുല്ല് തുടങ്ങിയവ പ്ലാന്റില്‍തന്നെ ഉത്പാദിപ്പിക്കും. മനുഷ്യവിഭവശേഷി കുറച്ച് യന്ത്രങ്ങള്‍കൊണ്ട് തന്നെ പ്രവര്‍ത്തിക്കുന്ന രീതിയായിരിക്കും ഇതിന്റെ ഘടന. ഇതോടൊപ്പം ഇവിടെ ഐസ്ക്രീം പ്ലാന്റും സജ്ജമാക്കും. തുടക്കത്തില്‍ ഫാമുകളില്‍ ഒരുലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി.

കേരളത്തില്‍ ഇത്തരം ഡയറി ഫാമുകള്‍ വിജയപ്രദമായാല്‍ പാല്‍ക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടും. ബാക്കിയാവുന്ന പാല്‍ ഫലപ്രദമായി ഉപയോഗിച്ച് ചോക്ലേറ്റ്. ബിസ്കറ്റ്, നെയ്യ്, ഐസ്ക്രീം തുടങ്ങിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.

6. എസ്.സി, എസ്.ടി. ഫണ്ട് വിനിയോഗം മന്ത്രിമാരെ ഒഴിവാക്കി; വിശദീകരണം തേടി
കൊച്ചി: പട്ടികജാതി_ പട്ടികവര്‍ഗ ഫണ്ട് വിനിയോഗിക്കാതെ പാഴാക്കുന്നതിനെ ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രിയെയും വൈദ്യുതി_പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രിയേയും കോടതി നിര്‍ദേശപ്രകാരം എതിര്‍കക്ഷി സ്ഥാനത്തുനിന്ന് ഒഴിവാക്കി. പകരം സെക്രട്ടറിമാരെ കക്ഷിചേര്‍ക്കുകയും ചെയ്തു.

ഈ ഭേദഗതി അംഗീകരിച്ച ജസ്റ്റിസ് ജെ.ബി. കോശിയും, ജസ്റ്റിസ് കെ. ഹേമയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്.

നിലവില്‍ വൈദ്യുതി വകുപ്പ് മന്ത്രാലയത്തിനാണ് പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ ചുമതല. ഈ മന്ത്രാലയത്തിന്റെ കീഴില്‍ കോടിക്കണക്കിന് രൂപവരുന്ന എസ്.സി, എസ്.ടി. ഫണ്ട് വിനിയോഗിക്കപ്പെടാതെ പോവുകയാണ്. അതിനാല്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ, താല്പര്യമുള്ള മറ്റൊരാളെ വകുപ്പിന്റെ ചുമതല ഏല്പിക്കുകയോ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഫെഡറേഷന്‍ ഓഫ് എസ്.സി, എസ്.ടി. സംസ്ഥാന സമിതി, എം.ജി. ട്രസ്റ്റ് വനിതാസമാജം എന്നിവരാണ് ഹര്‍ജിക്കാര്‍.

7. ഹര്‍ത്താലാഹ്വാനം പ്രസിദ്ധപ്പെടുത്തുന്നത് തടയണമെന്ന് ഹര്‍ജി
കൊച്ചി: ഹര്‍ത്താല്‍ ആഹ്വാനം പത്രങ്ങളും മറ്റു മാധ്യമങ്ങളും പ്രസിദ്ധപ്പെടുത്തുന്നത് വിലക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

കൊല്ലം എസ്എം ഹൌസില്‍ സത്യവാന്‍ കൊട്ടാരക്കരയാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിട്ടുള്ളത്.

ബന്ദും നിര്‍ബന്ധിത ഹര്‍ത്താലും കോടതി നിരോധിച്ചതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇവ ആഹ്വാനം ചെയ്യുന്നതും പ്രസിദ്ധപ്പെടുത്തുന്നതും നിയമമനുസരിച്ച് കുറ്റകരമാണ്. അതിനാല്‍ നിയമം ലംഘിച്ച് ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണം. ഹര്‍ത്താലില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിക്കണമെന്നാണ് മറ്റൊരാവശ്യം. ജസ്റ്റിസ് ജെ.ബി. കോശിയും ജസ്റ്റിസ് കെ. ഹേമയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

8. യു.കെ. ലോട്ടറിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ ഭാഗ്യക്കുറി തട്ടിപ്പ്
കൊച്ചി :ബ്രിട്ടനിലെ ദേശീയ ഭാഗ്യക്കുറിയെന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ ലോട്ടറി തട്ടിപ്പ്. ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന പേരില്‍ പരിചയപ്പെടുത്തുന്ന ഇ_മെയിലുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. കൊച്ചി സ്വദേശിയായ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് 6.75 കോടി രൂപ ലോട്ടറിയടിച്ചെന്ന് ഇ_മെയില്‍ സന്േദശം ലഭിച്ചത്.

കഴിഞ്ഞ 12_നാണ് എളമക്കരയില്‍ താമസിക്കുന്ന എം.കെ. രാജഗോപാലിന് ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന കമ്പനിയുടെ ഇ_മെയില്‍ സന്േദശം ലഭിച്ചത്. ഇ_മെയില്‍ അഡ്രസ്സുള്ള ഒരു ലക്ഷം ആളുകളില്‍ നിന്ന് നടത്തിയ തിരഞ്ഞെടുപ്പില്‍ രാജഗോപാലിനാണ് ലോട്ടറിയടിച്ചതെന്നായിരുന്നു മെയിലില്‍. കമ്പനിയുടെ പ്രതിനിധിയായി ബ്രെയിന്‍ ജോണ്‍സണ്‍ എന്നയാളുടെ ഫോണ്‍ നമ്പറുകളും

ഇന്ത്യയിലുള്ള ഫ്രാന്‍സിസ് സ്വാമി ചിന്നപ്പഷെട്ടി എന്നയാളുടെ ബാങ്ക് അക്കൌണ്ട് നമ്പറില്‍ പണം നിക്ഷേപിക്കാനാണ് കൊറിയറുകാര്‍ നിര്‍ദേശിച്ചത്. ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പുകള്‍ വാര്‍ത്തയായി വരാന്‍ തുടങ്ങിയതോടെ ഇവരുടെ മെയിലിനോട് രാജഗോപാല്‍ പ്രതികരിച്ചിട്ടില്ല. ലോട്ടറി തട്ടിപ്പിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

1. പരോളിലിറങ്ങിയ അമ്മയെ സ്വീകരിച്ചത് ജയിലില്‍ ജനിച്ച മകന്‍
നെയ്യാറ്റിന്‍കര: ജീവപര്യന്തം തടവുകാരിയായ അമ്മയെ പരോളിലിറക്കാനെത്തിയത് ജയിലില്‍ പ്രസവിച്ച മകന്‍. ഒമ്പതുവര്‍ഷം നീണ്ട ജയില്‍വാസത്തിനുശേഷം പരോളിലിറങ്ങിയ ജീവപര്യന്ത തടവുകാരി സജിമോളെയാണ് മകന്‍ ഉണ്ണിക്കുട്ടന്‍ വിലക്കുകളില്ലാത്ത ലോകത്തേക്ക് കുഞ്ഞിക്കൈകള്‍ നീട്ടി സ്വീകരിച്ചത്.

കോട്ടയം മുണ്ടക്കയം സ്വദേശിനിയായ സജിമോള്‍ മകനെ കൊന്ന കുറ്റത്തിനാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് നെയ്യാറ്റിന്‍കര തൊഴുക്കലിലെ വനിതാ ജയിലിലെത്തിയത്. 1998 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

ജയിലിലെത്തുമ്പോള്‍ സജിമോള്‍ ആറുമാസം ഗര്‍ഭിണിയായിരുന്നു. ജയിലില്‍ പിറന്ന ആണ്‍കുഞ്ഞ് മറ്റ് തടവുകാരുടെയും ജീവനക്കാരുടെയും ഉണ്ണിക്കുട്ടനായി വളര്‍ന്നു. നാലുവയസ്സ് ആയതോടെ തടവുകാരുടെ മക്കളെമാത്രം ദത്തെടുത്ത് വളര്‍ത്തുന്ന കോട്ടയം പാമ്പാടി ‘ആശ്വാസഭവന്‍’ ഉണ്ണിക്കുട്ടനെയും നിയമപരമായി ദത്തെടുത്തു.

ആശ്വാസഭവനിലെ കുട്ടികളുടെ പപ്പായും മമ്മായുമായ ജോസഫ് മാത്യുവും ഭാര്യ അനീനയും ആണ് വെള്ളിയാഴ്ച രാവിലെ ഉണ്ണിക്കുട്ടനെയുംകൊണ്ട് ജയിലിലെത്തിയത്. ഈ ജയിലില്‍ ജനിച്ച ഏക കുട്ടിയും ഉണ്ണിക്കുട്ടനാണ്. ഒമ്പതുവര്‍ഷത്തെ നീണ്ട തടവിനിടെ ഇതാദ്യമായാണ് സജിമോള്‍ക്ക് പരോള്‍ ലഭിക്കുന്നത്. 30 ദിവസത്തേക്കാണ് പരോള്‍.

തിരിച്ചറിവ് വന്നശേഷം ആദ്യമായാണ് ഉണ്ണിക്കുട്ടന്‍ അമ്മയുടെ സാമീപ്യവും സാന്ത്വനവും അറിയുന്നത്. ‘കറക്ഷന്‍സ് ഇന്ത്യ’ എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ആശ്വാസഭവന്‍ തടവുകാരുടെ മക്കളെ ദത്തെടുത്ത് വളര്‍ത്തുന്നത്.

2. വടക്കേ കേരളം വികസനത്തിന്റെ വിഹായസ്സിലേക്ക്
കണ്ണൂര്‍: കൊടിയ അവഗണനയുടെയും വികസന മുരടിപ്പിന്റെയും അധ്യായങ്ങള്‍ക്ക് വിരാമം. ത്വരിതഗതിയിലുള്ള വികസനത്തിന്റെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ പാതയിലാണ് വടക്കന്‍ കേരളം. വിശേഷിച്ച് കണ്ണൂര്‍ ജില്ല. പന്ത്രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിച്ച കേന്ദ്രാനുമതി ഈ കുതിപ്പിന് ഗതിവേഗം പകരും.

ഐടി, ബയോടെക്നോളജി തുടങ്ങിയ മേഖലകളില്‍ വന്‍വികസന സാധ്യതകളാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുറന്നുതരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും കര്‍ണാകത്തിലെ കുടക് പ്രദേശത്തെയും ടൂറിസം വികസനത്തിനും വിമാനത്താവളം കുതിപ്പേകും. കണ്ണൂരിന്റെ പരമ്പരാഗത വ്യവസായമായ കൈത്തറി, ബീഡി, മരവ്യവസായ മേഖലകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും വലുതായിരിക്കും. നിലവില്‍ പ്രതിവര്‍ഷം 350 കോടി രൂപയുടെ കണ്ണൂര്‍ കൈത്തറി ഉല്‍പന്നങ്ങളാണ് വിദേശത്തേക്ക് കയറ്റി അയക്കുന്നത്. വിദേശ ടെക്സ്റ്റൈല്‍ ഏജന്റുമാര്‍ക്കും ബയേഴ്സിനും കണ്ണൂരുമായി ബന്ധപ്പെടാനുള്ള സൌകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ കയറ്റുമതി ഇനിയും ഏറെ വര്‍ധിപ്പിക്കാനാവുമെന്നതില്‍ സംശയമില്ല.

വന്‍കിട വ്യവസായരംഗത്തും വിമാനത്താവളം നൂറുനൂറു സാധ്യതകള്‍ തുറക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം കയറ്റുമതിയിലധിഷ്ഠിതമായ വന്‍കിട വ്യവസായ ശൃംഖലകൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ണൂരില്‍ വിഭാവനം ചെയ്യുന്നത്. മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവളത്തിനാവശ്യമായ 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനു പുറമെ വ്യവസായ വളര്‍ച്ചാകേന്ദ്രം സ്ഥാപിക്കാന്‍ കീഴല്ലൂര്‍, കോളാരി വില്ലേജുകളിലായി മറ്റൊരു 200 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിമാനത്താവള പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കിന്‍ഫ്രക്കു തന്നെയാണ് വ്യവസായ വളര്‍ച്ചാകേന്ദ്രത്തിന്റെയും ചുമതല.

സ്ഥലമെടുപ്പ് നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി മൂന്നുവര്‍ഷത്തിനകം വിമാനത്താവളം യാഥാര്‍ഥ്യമാക്കുമെന്ന് ആഭ്യന്തര- ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യോമഗതാഗത ചുമതലയുള്ള മന്ത്രി എം വിജയകുമാറും പ്രഖ്യാപിച്ചിട്ടുണ്ട്. നെടുമ്പാശേരി മാതൃകയില്‍ സര്‍ക്കാരിന്റെയും സ്വകാര്യസംരംഭകരുടെയും സംയുക്ത പദ്ധതിയായതിനാല്‍ സാമ്പത്തികമായ പരാധീനതകള്‍ വിമാനത്താവളത്തെ ബാധിക്കാനിടയില്ല. സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണ്. 2000 ഏക്കറില്‍ 1998ല്‍ തന്നെ വിജ്ഞാപനം ചെയ്തിരുന്ന 1283 ഏക്കര്‍ സ്ഥലം ഉടനെ ഏറ്റെടുക്കാനാവുമെന്ന് ജില്ലാ അധകൃതര്‍ ഉറപ്പു നല്‍കുന്നു. 716 ഏക്കര്‍ പുതുതായി കണ്ടെത്തേണ്ടതാണ്. ഇതിനുള്ള നടപടിയും പുരോഗമിക്കുന്നു.

പതിറ്റാണ്ടുകളായി വികസന മുറവിളി ഉയരുന്ന അഴീക്കല്‍ തുറമുഖവും സ്വകാര്യപങ്കാളിത്തത്തോടെ വന്‍കിട വാണിജ്യതുറമുഖമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള സമഗ്രമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്താന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മാരിടൈംവികസന പദ്ധതിയിലും തുറമുത്തെ ഉള്‍പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ സംസ്ഥാന സര്‍ക്കാര്‍ സുനാമിവികസന പദ്ധതിയില്‍ ഉള്‍പെടുത്തി പ്രാഥമിക വികസന പദ്ധതികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കുന്നുണ്ട്.

മാങ്ങാട്ടുപറമ്പില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്നിവയും കണ്ണൂരിന്റെയും പൊതുവില്‍ ഉത്തരകരളത്തിന്റെയാകെയും വികസനരംഗത്തുണ്ടാക്കുന്ന ഉണര്‍വ് അപാരമായിരിക്കും. റോഡ്, റെയില്‍വെ, വൈദ്യുതി തുടങ്ങിയ പശ്ചാത്തല മേഖലയിലാണ് ഇനി ദ്രുതഗതിയിലുള്ള വികസനമുന്നേറ്റമുണ്ടാകേണ്ടത്. സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും പൊതുപ്രസ്ഥാനങ്ങളുടെയും സജീവ ശ്രദ്ധയും ഇടപെടലുകളും ഉണ്ടാകേണ്ടത് ഇക്കാര്യത്തിലാണ്.

3. വരുമാന നികുതി പരിധി ഉയര്‍ത്തിയേക്കും കേന്ദ്രബജറ്റില്‍ സേവന നികുതി വ്യാപിപ്പിക്കും
ന്യൂഡല്‍ഹി: പുതിയ മേഖലകളിലേക്ക് സേവനനികുതി വ്യാപിപ്പിച്ച് കൂടുതല്‍ വിഭവസമാഹരണത്തിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വരുന്ന പൊതുബജറ്റില്‍ ഇതിനുള്ള നിര്‍ദേശങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വരുമാന നികുതിയുടെ പരിധി ഉയര്‍ത്തുന്നതാകും ഇടത്തരം വരുമാനക്കാരെയും ജീവനക്കാരെയും ആകര്‍ഷിക്കാനായി ബജറ്റില്‍ കൊണ്ടുവരുന്ന പ്രധാന നടപടി. നിലവിലുള്ള പരിധിയായ 1.10 ലക്ഷം എന്നത് ഉയര്‍ത്തും. ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം പുതിയ നികുതികളിലൂടെ കണ്ടെത്താനാണ് ആലോചിക്കുന്നത്.

സേവനനികുതി വര്‍ധിപ്പിക്കുകയും 12 ഇനങ്ങളില്‍ക്കൂടി വ്യാപിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. 50000 കോടി രൂപയെങ്കിലും ഈ വര്‍ധനയിലൂടെ സമാഹരിക്കാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. സേവനനികുതി 12 ശതമാനത്തില്‍നിന്ന് 14 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് ആലോചിച്ചിരുന്നതാണ്.

സംസ്ഥാന ധനമന്ത്രിമാര്‍ അടങ്ങുന്ന വാറ്റ് എംപവേര്‍ഡ് കമ്മിറ്റി കൂടുതല്‍ സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ആധാരമെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക് പോലുള്ള വിനോദ സംവിധാനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് സേവനനികുതി ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ അംഗീകരിച്ച് ബജറ്റില്‍ പുതിയ നികുതിനിര്‍ദേശങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. നിലവില്‍ 100 ഇനങ്ങള്‍ക്കാണ് സേവനനികുതി ഉള്ളത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ കുറവ് വരുത്തണമെന്ന കടുത്ത സമ്മര്‍ദത്തെ കേന്ദ്രസര്‍ക്കാര്‍ നേരിടുന്നുണ്ട്. നേരിയ കുറവെങ്കിലും വരുത്താന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാകും. ഇത് പരിഹരിക്കാനും ഉല്‍പ്പാദനമേഖലയ്ക്ക് ഉണര്‍വ് നല്‍കാനും ചില ഉല്‍പ്പന്നങ്ങള്‍ക്ക് പരോക്ഷനികുതി ചുമത്താനാകും ശ്രമിക്കുക.

യുപിഎ ഗവണ്‍മെന്റിന്റെ അവസാനവര്‍ഷമെന്ന നിലയ്ക്ക് ഭക്ഷ്യസബ്സിഡി വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നതുപോലുള്ള നടപടികള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.

പൊതുമേഖലയ്ക്കായി കൂടുതല്‍ മുതല്‍മുടക്ക് ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

4. കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കരുത്
ന്യൂഡല്‍ഹി: രണ്ടിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ജലദോഷത്തിനുള്ള മരുന്നും കഫ് സിറപ്പും നല്‍കരുതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) മുന്നറിയിപ്പ്. ഈ മരുന്നുകള്‍ പലതും ജീവനു തന്നെ ഭീഷണിയാകുന്ന ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്നതാണ് കാരണം.

കഫതടസ്സം, ചുമ, അലര്‍ജി എന്നിവയ്ക്ക് നല്‍കുന്ന മരുന്നുകളാണ് ഏറ്റവുമധികം ദൂഷ്യങ്ങളുണ്ടാക്കുന്നത്. മിക്ക രക്ഷാകര്‍ത്താക്കളും ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ തന്നെ മരുന്നുകള്‍ നല്‍കാറുണ്ട്. മരുന്നുകള്‍ പലപ്പോഴും താല്‍ക്കാലിക ശമനമേ നല്‍കുന്നുള്ളൂ. രോഗം ഭേദമാക്കുന്നില്ല. എന്നാല്‍, ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു.

പാര്‍ശ്വഫലങ്ങള്‍ അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. എന്നാല്‍,ഉണ്ടാകുന്ന പ്രശ്നം അതീവ ഗുരുതരമായിരിക്കുമെന്ന് എഫ്ഡിഎ പ്രതിനിധി ഡോ. ചാള്‍സ് ഗാന്‍ലി പറഞ്ഞു. ഇത് കുട്ടികളില്‍ അപസ്മാരം, ഹൃദയമിടിപ്പ് വര്‍ധന, അബോധാവസ്ഥ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുന്നു. ചിലപ്പോള്‍ മരണംതന്നെ സംഭവിച്ചേക്കാം.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1500 കുട്ടികള്‍ക്ക് മരുന്നുകളുടെ പാര്‍ശ്വഫലംമൂലം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2007 ല്‍ കഫതടസ്സം മാറാനുള്ള മരുന്നുമൂലം 54 കുട്ടികളും അലര്‍ജിയുടെ മരുന്ന് നല്‍കിയതിനെത്തുടര്‍ന്ന് 69 കുട്ടികളുമാണ് മരിച്ചത്.

1. 10,000 ടണ്‍ അരിക്കായി കേരളം തമിഴ്നാട്ടില്‍
ചെന്നൈ/മട്ടാഞ്ചേരി/തൊടുപുഴ: ആന്ധ്രാ അരിവരവു കുറഞ്ഞതിനെത്തുടര്‍ന്ന് അരിക്ഷാമം രൂക്ഷമായ കേരളം 10,000 ടണ്‍ അരി നല്‍കണമെന്നു തമിഴ്നാടിനോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ഒരു ദിവസത്തെ ആവശ്യത്തിനേ ഈ അരി തികയൂ. ആളൊന്നിനു 300ഗ്രാം കണക്കില്‍ മൂന്നു കോടി ജനങ്ങള്‍ക്ക് പ്രതിദിനം വേണ്ടത് പതിനായിരം ടണ്‍ അരിയാണ്്.

തമിഴ്നാട്ടില്‍ സുലഭമായ ചമ്പാവരിയാണ് എഫ്.സി.ഐ. വിലനിരക്കില്‍ കേരളം ചോദിച്ചിരിക്കുന്നതെങ്കിലും തമിഴ്നാട്ടില്‍ പ്രിയം കുറഞ്ഞ മട്ട (കുറുവ) അരിയാണ് അവര്‍ പുറത്തു കൊടുക്കുക. അഞ്ചു രൂപയില്‍ താഴെ വിലയുള്ള മട്ട 14 രൂപയ്ക്കാണ് തമിഴ്നാട് മറ്റു സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നത്. ഇതു കേരളത്തില്‍ എത്തുമ്പോള്‍ 15 രൂപയാകുമെന്നു വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നു.
ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ഇന്നലെ ചെന്നെയിലെത്തി തമിഴ്നാട് ഭക്ഷ്യമന്ത്രി ഇ.വി. വേലുവിനെ നേരില്‍ കണ്ടാണ് അരി ചോദിച്ചത്. പാല്‍ക്ഷാമം പരിഹരിക്കാന്‍ അത്യുല്‍പാദനശേഷിയുള്ള പശുക്കളെ നല്‍കണമെന്നും മന്ത്രി ദിവാകരന്‍ തമിഴ്നാട് മൃഗസംരക്ഷണ മന്ത്രി ഗീതാ ജീവനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. പ്രതിദിനം 80 ലിറ്റര്‍ പാല്‍ വേണ്ട കേരളത്തില്‍ 60 ലക്ഷമാണ് ഉല്‍പാദനം.

വ്യാപാരികള്‍ ആന്ധ്രയില്‍നിന്ന് അഞ്ചു റാക്ക് അരി കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. രണ്ടുദിവസം കഴിഞ്ഞാല്‍ അരിവില വീണ്ടും കൂടിയേക്കും. അരിവില കുത്തനെ കൂടിയതോടെ സംസ്ഥാനത്ത് റേഷനരിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു. ദാരിദ്യ്രരേഖയ്ക്കു മുകളിലുള്ള വിഭാഗത്തിന് (എ.പി.എല്‍.) 8.90 രൂപ നിരക്കിലുള്ള അരിയാണു നല്‍കുന്നത്. കേന്ദ്ര ക്വാട്ട കുറയുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്തതിനാല്‍ ഈയാഴ്ച എ.പി.എല്ലില്‍ പെട്ട ഒരാള്‍ക്ക് അരക്കിലോ മാത്രമേ ലഭിക്കൂ.

കഴിഞ്ഞമാസം ഈ വിഭാഗത്തിന് ശരാശരി എട്ടു കിലോ ലഭിച്ചു. ഈമാസം ഇതു നാലു കിലോയായി ചുരുക്കി. ഈമാസാദ്യം ഒരാള്‍ക്കു രണ്ടു കിലോയും അടുത്തയാഴ്ച ഒന്നരക്കിലോയും അനുവദിച്ചിട്ടുണ്ട്.

ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് പത്തുലക്ഷം മെട്രിക്ക് ടണ്‍ കൂടുതല്‍ അനുവദിച്ചതിനാലാണ് കഴിഞ്ഞമാസം എ.പി.എല്ലുകാര്‍ക്ക് എട്ടു കിലോ വീതം കിട്ടിയത്. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരെയും അന്നപൂര്‍ണ-അന്ത്യോദയ കാര്‍ഡ് ഉടമകളേയും പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. തോട്ടം മേഖലയില്‍ സൌജന്യമായി അഞ്ചു കിലോ അരി നല്‍കുന്നുണ്ടെങ്കിലും ഇതു തികയുന്നില്ല. സംസ്ഥാനത്തെ 71 ലക്ഷം കാര്‍ഡുടമകളില്‍ 50 ലക്ഷവും എ.പി.എല്ലുകാരാണ്. 15 ലക്ഷം ബി.പി.എല്ലുകാരും 5.50 ലക്ഷം, അന്ത്യോദയ-അന്നപൂര്‍ണക്കാരുമുണ്ട്. 21334 മെട്രിക് ടണ്‍ അരിയേ കേന്ദ്രത്തില്‍നിന്ന് എ.പി.എല്‍. വിഭാഗത്തിന് അനുവദിക്കുന്നുള്ളൂ. 11707 മെട്രിക് ടണ്‍ ഗോതമ്പുമുണ്ട്. ഇതില്‍നിന്ന് 5000 മെട്രിക് ടണ്‍ ആട്ടയാക്കാന്‍ മാറ്റുന്നു. ബി.പി.എല്ലുകാര്‍ക്ക് 26566 മെട്രിക് ടണ്‍ അരിയും 6963 മെട്രിക് ടണ്‍ ഗോതമ്പും ലഭിക്കുന്നു. മറ്റു കാര്‍ഡ് ഉടമകള്‍ക്ക് 20855 മെട്രിക് ടണ്ണും കിട്ടുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ച് വരെ 113420 മെട്രിക് ടണ്‍ അരി കിട്ടിയപ്പോള്‍ വാങ്ങാനാളില്ലായിരുന്നു. അതോടെയാണ് ക്വാട്ട വെട്ടിക്കുറച്ചത്. ഇടുക്കി ജില്ലയില്‍ 70 ശതമാനം പേരും എ.പി.എല്ലുകാരാണ്. കഴിഞ്ഞതവണ 4992 ടണ്‍ അരി ലഭിച്ചപ്പോള്‍ ഇത്തവണ 767 ടണ്ണായി കുറഞ്ഞു.

2. സൈബര്‍സിറ്റിക്ക് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും
കൊച്ചി: രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വികസന കമ്പനിയായ ഹൌസിംഗ് ഡവലപ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കളമശേരിയില്‍ സ്ഥാപിക്കുന്ന സമ്പൂര്‍ണ ഐ.ടി നഗരമായ സൈബര്‍സിറ്റിക്ക് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇന്നു തറക്കല്ലിടും.

ഐ.ടി, ഐ.ടി.ഇ.എസ് സംരംഭങ്ങള്‍ അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍, സ്കൂളുകള്‍, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്ളക്സ് ക്ളബ് ഹൌസ്, സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയടങ്ങിയ സൈബര്‍സിറ്റിയില്‍ ശുചീകരണ സംവിധാനമുള്‍പ്പെടെ സമ്പൂര്‍ണ ആസൂത്രണത്തിലൂടെ ആവിഷ്കരിക്കുന്ന എല്ലാ സൌകര്യങ്ങളുമുണ്ടായിരിക്കും.
നഗരത്തിനായി നീക്കിവച്ച ടൌണ്‍ഷിപ്പില്‍ 70 ശതമാനവും ഐ.ടി സംവിധാനത്തിനായാണ് ഉപയോഗിക്കുക. രണ്ടുലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് സൈബര്‍സിറ്റിയിലൂടെ ലഭ്യമാക്കുക.

മുംബൈ പാല്‍ഘാര്‍, പൂനെ, ഹൈദ്രാബാദ് എന്നിവിടങ്ങളിലെല്ലാം സാന്നിധ്യമുള്ള കമ്പനിയുടെ വിപണിമൂല്യം 25000 കോടി രൂപക്കു മേലെയാണ്.

കളമശേരിയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി എളമരം കരിം, റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍, ഫിഷറീസ് വകുപ്പു മന്ത്രി എസ്.ശര്‍മ എന്നിവര്‍ പങ്കെടുക്കും. മൂന്നുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

3. മാനംമുട്ടിയ ഭൂമിവില താഴേക്ക്
പദ്ധതിപ്രദേശങ്ങളില്‍ സാധാരണക്കാര്‍ക്കു ‘നാഴിയിടങ്ങഴി’ മണ്ണ് സ്വപ്നം കാണാനാവാതാക്കിയ റിയല്‍ എസ്റ്റേറ്റ് ലോബിക്കു തിരിച്ചടി. ഇടനിലക്കാര്‍ കൃത്രിമമായി സൃഷ്ടിച്ച വിലക്കയറ്റം ഗ്രാഫിന്റെ മുകളറ്റം തൊട്ടതോടെയാണ് സ്ഥലമിടപാടുകളുടെ കുതിപ്പു നിലച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ 25 ശതമാനം ഇടിവു സംഭവിച്ച ബാംഗ്ളൂരിന്റെ പാതയിലാണ് കേരളമെന്ന ആശങ്ക ഭൂമാഫിയയ്ക്കിടയില്‍ പരന്നിട്ടുണ്ട്.

വികസനത്തിന്റെ മറവില്‍ സ്ഥലവില ഉയര്‍ത്താവുന്നതിന്റെ പരമാവധി ആയതോടെ കൊച്ചിയില്‍ ഭൂമി മറിച്ചുവില്‍പ്പന മന്ദഗതിയിലായി. വന്‍കിടക്കാര്‍ വാങ്ങാവുന്നത്ര ഭൂമി വാങ്ങിക്കൂട്ടിയതും ഇടനിലക്കാരുടെ കൊള്ളലാഭപ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം ഇതേപോലെ തുടര്‍ന്നാല്‍ മൂന്നുമാസത്തിനകം സ്ഥലംവില കുറയുമെന്നാണു സൂചന. ഭൂമിവില നിലവില്‍ കാര്യമായി കുറഞ്ഞിട്ടില്ലെങ്കിലും ഈ വിലയ്ക്കു വാങ്ങാന്‍ ശേഷിയുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നാലിരട്ടിവരെ വിലയ്ക്കു മറിച്ചു വില്‍ക്കാന്‍ ലക്ഷ്യമിട്ടു വാങ്ങിക്കൂട്ടിയ സ്ഥലങ്ങള്‍ മിക്കതും വാങ്ങാനാളില്ലാതെ കിടക്കുകയാണ്.

യഥാര്‍ഥ വിലയ്ക്കു മീതേ ബ്രോക്കര്‍മാര്‍ സൃഷ്ടിച്ച കൃത്രിമവിലയ്ക്കാണ് രണ്ടുവര്‍ഷമായി ഭൂമിക്കച്ചവടം അധികവും നടന്നത്. സാധാരണക്കാരന് ഭൂമി അപ്രാപ്യമായതും അങ്ങനെയാണ്. സ്മാര്‍ട് സിറ്റി പോലുള്ള പദ്ധതിപ്രദേശങ്ങളോടു ചേര്‍ന്ന സ്ഥലങ്ങള്‍ വന്‍കിട ഗ്രൂപ്പുകള്‍ വാങ്ങിയിട്ടുണ്ട്. അവയുടെ മറിച്ചുവില്‍പന അസാധ്യമാണ്. കരാര്‍ എഴുതി ഉയര്‍ത്തിയ വിലയ്ക്ക് സ്ഥലം വാങ്ങാന്‍ ആളില്ലാതായതോടെ പലേടത്തും ഇടനിലക്കാര്‍ വെട്ടിലായി.

കരാറെഴുതി ഭൂമിവില ഇരട്ടിയാക്കി മറിച്ചു വില്‍ക്കുന്ന രീതിക്കാണു തിരിച്ചടി ലഭിച്ചത്.

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മാസങ്ങള്‍ക്കുമുന്‍പ് സെന്റിന് 22,000 രൂപപ്രകാരം കരാറെഴുതിയ സ്ഥലം രണ്ടുമാസത്തിനകം 47,000 രൂപയ്ക്ക് ആധാരം നടത്തി. ഇതേസ്ഥലം മൂന്നുമാസത്തിനുശേഷം 77,000 രൂപയ്ക്കു കൈമറിയുമെന്നു കരുതി കരാറെഴുതിയ ഇടനിലക്കാരന് കരാര്‍ കാലാവധിക്കകം സ്ഥലം വില്‍ക്കാന്‍ കഴിഞ്ഞില്ല. സ്മാര്‍ട് സിറ്റി പദ്ധതിക്കു കല്ലിട്ടതിനുശേഷം ഭൂമി രജിസ്ട്രേഷനില്‍ 20 ശതമാനം ഇടിവുണ്ടായി. പ്രതിദിനം 180 ആധാരം രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാമമാത്രമായ രജിസ്ട്രേഷനാണു നടക്കുന്നത്.

കൊച്ചിയില്‍ എന്‍.എച്ച് 17,47 എന്നിവയ്ക്കിടെ ഭൂമിക്കച്ചവടം സ്തംഭിച്ചു. ഹൈവേയ്ക്കു വീതി കൂട്ടാന്‍ കേന്ദ്രപദ്ധതി വരുന്നെന്ന് അറിഞ്ഞതോടെ ആരും സ്ഥലം വാങ്ങാതായി. സ്മാര്‍ട് സിറ്റിയുടെ അനുബന്ധവികസനത്തിനായി കുറെ പ്രദേശങ്ങളുടെ ക്രയവിക്രയം തടഞ്ഞതും കച്ചവടമാന്ദ്യം സൃഷ്ടിച്ചു. വല്ലാര്‍പാടം നാലുവരി പാതയോടു ചേര്‍ന്നുളള സ്ഥലത്തും കൊച്ചി മെട്രോ റെയില്‍ കടന്നുപോകേണ്ട എട്ടുവില്ലേജുകളിലും ക്രയവിക്രയം തടഞ്ഞിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ ചെറുകിട കച്ചവടങ്ങള്‍ മാത്രമാണു കാര്യമായി നടക്കുന്നത്.

കോഴിക്കോടു ജില്ലയിലും ഭൂമിയിടപാടുകളെ മാന്ദ്യം ബാധിച്ചു. വീടുവയ്ക്കുന്നതിന് അത്യാവശ്യക്കാര്‍ മാത്രമാണു ഭൂമി വാങ്ങുന്നത്. 10 ലക്ഷത്തില്‍ താഴെയുള്ള ബിസിനസാണു കാര്യമായും നടക്കുന്നത്. വില കുറഞ്ഞിട്ടില്ലെങ്കിലും കൈമാറ്റം നടക്കുന്നില്ല. ഭൂമി വാങ്ങിയവര്‍ക്കു മറിച്ചുവില്‍ക്കാനാകുന്നില്ല.

കോട്ടയം ജില്ലയില്‍ ഏറ്റവുമധികം വില കുതിച്ചുയര്‍ന്ന കുമരകം മേഖലയില്‍ സെന്റിന് അരലക്ഷം രൂപവരെ വിലയിടിഞ്ഞു.

4. കുട്ടികളിലെ അര്‍ബുദം: മൂലകോശങ്ങളെ തിരിച്ചറിഞ്ഞു; ചികിത്സ വഴിത്തിരിവില്‍
കുട്ടികളിലെ രക്താര്‍ബുദം സംബന്ധിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പഠനവിധേയരാക്കിയ ഇരട്ടകള്‍. അര്‍ബുദം ബാധിച്ച ഒലീവിയ (ഇടത്ത്) രോഗമില്ലാത്ത ഇസബെല്ല (വലത്ത്).
ലണ്ടന്‍: കുട്ടികളിലെ രക്താര്‍ബുദത്തിന്റെ കാരണവും പ്രതിരോധസാധ്യതയും സംബന്ധിച്ച ഗവേഷണം നിര്‍ണായക വഴിത്തിരിവില്‍. കുട്ടികളിലെ അര്‍ബുദത്തിന്റെ പൊതുഘടകമായ മൂല കോശങ്ങളെ തിരിച്ചറിഞ്ഞതോടെ കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാമെന്നും ഫലപ്രദമായ പുതിയ മരുന്നുകള്‍ വികസിപ്പിച്ചെടുക്കാമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ കൌണ്‍സിലിലെ പ്രൊഫ. താരിഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ക്കു പ്രതീക്ഷ. ആരോഗ്യവതിയായ നാലു വയസുകാരിയിലും അവളുടെ അര്‍ബുദബാധിതയായ ഇരട്ടയിലും അര്‍ബുദകാരണമാകുന്ന മൂല കോശങ്ങള്‍ ഇവര്‍ കണ്ടെത്തി.

‘ലുക്കീമിയ റിസര്‍ച്ച് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സില്‍’ പ്രസിദ്ധീകരിക്കുന്ന ‘ജേണല്‍ സയന്‍സി’ലെ ഗവേഷണപ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭധാരണവേളയില്‍ അമ്മയില്‍ രണ്ടു ജീനുകളുടെ അസാധാരണ സംയോജനത്തിലൂടെ പ്രത്യേകതരം ഹൈബ്രിഡ് പ്രോട്ടീന്‍ രൂപംകൊള്ളുന്നതിലൂടെയാണ് പൂര്‍വാര്‍ബുദ മൂലകോശങ്ങള്‍ പിറവിയെടുക്കുന്നത്. ഈ ജനിതകത്തകരാര്‍ ഒട്ടേറെ ഘട്ടങ്ങളിലൂടെ വികസിച്ച് രക്താര്‍ബുദ കോശങ്ങളാകുന്നു. ഈ പ്രക്രിയയത്രയും ഗര്‍ഭത്തിലുള്ള ഇരട്ടകളില്‍ ആരുടെയെങ്കിലും ഒരു കോശത്തിലാകും നടക്കുക. എന്നാല്‍ ഗര്‍ഭപാത്രത്തില്‍ ഒരേ പ്ളാസെന്റ (മറുപിള്ള) പങ്കിടുന്നതിനാല്‍ മറ്റേ കുട്ടിയിലേക്കും വ്യാപിക്കും. നിലവിലുള്ള ചികിത്സാരീതികളെ അതിജീവിക്കാന്‍ ഇത്തരം കോശങ്ങള്‍ക്കാകും.
കുട്ടികളില്‍ കണ്ടെത്തിയ പൂര്‍വാര്‍ബുദ മൂലകോശങ്ങള്‍ മജ്ജയില്‍ നിഷ്ക്രിയാവസ്ഥയില്‍ കഴിയുകയോ പെരുകിപ്പെരുകി പൂര്‍ണവികാസം പ്രാപിച്ച അര്‍ബുദമൂലകോശങ്ങളാകുകയോ ചെയ്യും. രോഗബാധിതയായ ഒലീവിയ എന്ന കുട്ടിയില്‍ അര്‍ബുദകോശങ്ങള്‍ പടര്‍ന്നപ്പോള്‍ സഹോദരി ഇസബെല്ലയുടെ മജ്ജയില്‍ പൂര്‍വാര്‍ബുദ മൂലകോശങ്ങള്‍ നിഷ്ക്രിയാവസ്ഥയിലാണ്. ഇസബെല്ലയെപ്പോലെ അര്‍ബുദസാധ്യതയുള്ള കുട്ടികളില്‍ അതിനെ പ്രതിരോധിക്കാനുള്ള ചികിത്സ വികസിപ്പിക്കാനും പുതിയ കണ്ടെത്തല്‍ നിര്‍ണായകമായേക്കും. പൂര്‍വാര്‍ബുദ മൂലകോശങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും മുമ്പ് നശിപ്പിക്കുന്നതിലൂടെയാണിത്. കുട്ടികളില്‍ കീമോതെറാപ്പി പോലുള്ള ചികിത്സാരീതികള്‍ ഉളവാക്കുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഒലീവിയയെ ചികിത്സിക്കുന്ന ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോ. ഫിലിപ്പ് ആന്‍ക്ളിഫ് പറഞ്ഞു. ഒലീവിയയുടെ ചികിത്സ വിജയകരമായിരുന്നെങ്കിലും പാര്‍ശ്വഫലമെന്നോണം ചിക്കന്‍പോക്സിനെ പ്രതിരോധിക്കാനുള്ള അവളുടെ കഴിവില്ലാതാകുകയും അതുമൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. കീമോതെറാപ്പി വെളുത്ത രക്താണുക്കളെ ബാധിക്കുന്നതിലൂടെയാണ് പ്രതിരോധശേഷി നഷ്ടപ്പെടുന്നത്. “പൂര്‍വാര്‍ബുദ മൂലകോശങ്ങളെയും അര്‍ബുദ മൂലകോശങ്ങളെയും നിലവിലുള്ള മരുന്നുകള്‍കൊണ്ടോ പുതിയവകൊണ്ടോ ഇല്ലാതാക്കി രോഗം ചികിത്സിച്ചു മാറ്റുകയാണ് ഗവേഷകരുടെ ലക്ഷ്യം.”- പഠനത്തിനു നേതൃത്വം നല്‍കിയ ഓക്സ്ഫോഡ് സര്‍വകലാശാലയിലെ പ്രൊഫ. താരിഖ് അന്‍വറും ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചിലെ മെല്‍ ഗ്രീവ്സും വ്യക്തമാക്കി.

5. പാല്‍ ദൌര്‍ലഭ്യവും വിലവര്‍ധനയും: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: പാല്‍ ദൌര്‍ലഭ്യം സൃഷ്ടിക്കുകയും വിലകൂട്ടുകയും ചെയ്യുന്ന മില്‍മയുടെ നടപടിക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം പ്രൊഫ. എസ്. വര്‍ഗീസ് സ്വമേധയാ കേസെടുത്തു.

ഡയറി ഡവലപ്മെന്റ് ഡയറക്ടറും മില്‍മ മാനേജിംഗ് ഡയറക്ടറും ജനുവരി 28 ന് കൊല്ലത്ത് നടക്കുന്ന സിറ്റിംഗില്‍ വിശദീകരണവുമായി നേരില്‍ ഹാജരാകണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

Advertisements

1 അഭിപ്രായം

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

One response to “പത്രവാര്‍ത്തകള്‍ 19-01-08

  1. “യഥാര്‍ഥ വിലയ്ക്കു മീതേ ബ്രോക്കര്‍മാര്‍ സൃഷ്ടിച്ച കൃത്രിമവിലയ്ക്കാണ് രണ്ടുവര്‍ഷമായി ഭൂമിക്കച്ചവടം അധികവും നടന്നത്. സാധാരണക്കാരന് ഭൂമി അപ്രാപ്യമായതും അങ്ങനെയാണ്. സ്മാര്‍ട് സിറ്റി പോലുള്ള പദ്ധതിപ്രദേശങ്ങളോടു ചേര്‍ന്ന സ്ഥലങ്ങള്‍ വന്‍കിട ഗ്രൂപ്പുകള്‍ വാങ്ങിയിട്ടുണ്ട്. അവയുടെ മറിച്ചുവില്‍പന അസാധ്യമാണ്. കരാര്‍ എഴുതി ഉയര്‍ത്തിയ വിലയ്ക്ക് സ്ഥലം വാങ്ങാന്‍ ആളില്ലാതായതോടെ പലേടത്തും ഇടനിലക്കാര്‍ വെട്ടിലായി.”

    The aboe news makes me more happy! They were cutting the same branch of the tree, where they were sitting!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w