പത്രവാര്‍ത്തകള്‍ 18-01-08

1.  സാമ്പത്തികാവലോകന റിപ്പോര്‍ട്ട്  വില കൂടും; വളര്‍ച്ച കുറയും
ന്യൂഡല്‍ഹി: വിലക്കയറ്റം അടുത്ത സാമ്പത്തികവര്‍ഷവും തുടരുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. സി രംഗരാജന്‍ പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യലോകത്ത് അടുത്തവര്‍ഷം സാമ്പത്തികപ്രതിസന്ധി രൂക്ഷമാവുകയും എണ്ണവിലയില്‍ വര്‍ധന ഉണ്ടാകുകയും ചെയ്യുന്നപക്ഷം വിലക്കയറ്റം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2007-08 സാമ്പത്തികവര്‍ഷത്തെ സമ്പദ്വ്യവസ്ഥയുടെ പുനരവലോകനറിപ്പോര്‍ട്ട് പുറത്തിറക്കി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തയിടെ വിലക്കയറ്റത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഉപഭോക്തൃ വിലസൂചിക അടുത്തവര്‍ഷവും അഞ്ചുമുതല്‍ 5.5 ശതമാനംവരെ തുടരാനാണ് സാധ്യത. മൊത്തവിലസൂചികയാകട്ടെ നാല് ശതമാനമായിരിക്കും. എണ്ണവില വര്‍ധിച്ചാല്‍ ഇത് വീണ്ടും വര്‍ധിക്കും.

സാര്‍വദേശീയ കമ്പോളത്തില്‍ ഭക്ഷ്യശേഖരത്തിന്റെ അളവ് കുറഞ്ഞുവരുകയാണ്. അത് വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്.ഈ നില അടുത്തവര്‍ഷവും തുടരും. അതുകൊണ്ട് രാജ്യം മെച്ചപ്പെട്ട ഭക്ഷ്യനടത്തിപ്പിന് തയ്യാറാകണം. ഈ സാമ്പത്തികവര്‍ഷം കാര്‍ഷികവളര്‍ച്ച 3.6 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാള്‍ 1.1 ശതമാനം വര്‍ധന. മണ്‍സൂണ്‍ ചതിച്ചില്ലെങ്കില്‍ അടുത്തവര്‍ഷവും ഈ വളര്‍ച്ച തുടരുമെന്നു പ്രതീക്ഷിക്കാം.

ഈ വര്‍ഷത്തെ സാമ്പത്തികവളര്‍ച്ച 8.9 ശതമാനമായിരിക്കും. പ്രതീക്ഷിച്ചത് ഒമ്പത് ശതമാനമായിരുന്നു. അടുത്ത സാമ്പത്തികവര്‍ഷം ഇത് 8.5 ശതമാനമായി കുറയും. വികസിതരാഷ്ട്രങ്ങളിലെ സാമ്പത്തികപ്രതിസന്ധിയും വൈദ്യുതിമേഖലയില്‍ വേണ്ടത്ര വളര്‍ച്ച നേടാന്‍ കഴിയാത്തതുമാണ് ഇതിന് കാരണം. വ്യവസായമേഖലയിലും ഈ സാമ്പത്തികവര്‍ഷം പ്രതീക്ഷിച്ച 10.6 ശതമാനം വളര്‍ച്ച നേടാനാകില്ല. 9.7 ശതമാനംമാത്രമായിരിക്കും വളര്‍ച്ച. സര്‍വീസ് മേഖലയിലെ വളര്‍ച്ച 10.3 ശതമാനമാണ്. സബ്സിഡി നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. അത്യാവശ്യത്തിനുള്ള വളംമാത്രം കര്‍ഷകര്‍ക്ക് സബ്സിഡിയോടെ നല്‍കി മറ്റുള്ളവ കമ്പോളവിലയ്ക്ക് ലഭ്യമാക്കിയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.

2. ‘ജനശ്രീ’ മാമാങ്കത്തിന് ബാങ്കുകളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിക്കുന്നു
തിരു: കോണ്‍ഗ്രസ് നേതാക്കള്‍ രൂപീകരിക്കുന്ന ജനശ്രീ സുസ്ഥിര വികസനമിഷന്റെ ഉദ്ഘാടനത്തിന് കേന്ദ്രസര്‍ക്കാരിലെ സ്വാധീനമുപയോഗിച്ച് ദേശസാല്‍ക്കൃത ബാങ്കുകളില്‍നിന്ന് ലക്ഷങ്ങള്‍ പിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ മൈക്രോഫിനാന്‍സ് ബില്‍ മുന്നില്‍ക്കണ്ട് രൂപീകരിക്കുന്ന ജനശ്രീ ഗ്രാമീണജനങ്ങളെ കടക്കെണിയില്‍പ്പെടുത്തുമെന്നും ആശങ്ക.

ഒന്നരക്കോടി രൂപയാണ് ഉദ്ഘാടന ചെലവെന്ന് ജനശ്രീ ചെയര്‍മാന്‍ എം എം ഹസന്‍ ബാങ്കുകള്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. ഇതിന്റെ ഒരു വിഹിതം വഹിക്കാന്‍ തയ്യാറാകണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ കക്ഷിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കുന്ന പ്രസ്ഥാനത്തിന് പൊതുപണം നല്‍കാന്‍ ബാങ്ക് അധികൃതരില്‍ സമ്മര്‍ദം ചെലുത്തുകയാണ്.

ഫെബ്രുവരി രണ്ടിന് എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം ജനശ്രീ മിഷന്റെ ഉദ്ഘാടനം നടത്തുമെന്നാണ് അറിയിച്ചത്. ഇതു മുതലെടുത്താണ്് ധനസ്ഥാപനങ്ങളെ സമ്മര്‍ദത്തിലാക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മൈക്രോഫിനാന്‍സ് സംഗമവും സംഘടിപ്പിക്കുന്നു.

സ്വയംസഹായ സംഘമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഔദ്യോഗിക പരിവേഷം നല്‍കാന്‍ നബാര്‍ഡ് ചെയര്‍മാന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ എന്നിവരെ ഉദ്ഘാടനത്തില്‍ പങ്കെടുപ്പിക്കുന്നുണ്ട്.

സമാനസ്വഭാവമുള്ള മറ്റൊരു സംരംഭത്തിലും അംഗത്വമില്ലാത്തവരെയാണ് ഇതില്‍ ചേര്‍ക്കുന്നതെന്നാണ് ഹസന്‍ പറയുന്നത്. എന്നാല്‍, കുടുംബശ്രീയില്‍നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റാനാണ് നീക്കം. മൈക്രോഫിനാന്‍സ് യൂണിറ്റുകള്‍ രൂപീകരിച്ച് വ്യവസായങ്ങള്‍ ആരംഭിക്കുകയാണ് ജനശ്രീയുടെ പ്രഖ്യാപിത ലക്ഷ്യം. നബാര്‍ഡില്‍നിന്നും ദേശസാല്‍ക്കൃത ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കി തട്ടുകള്‍ കൈമറിഞ്ഞ് യൂണിറ്റ് തലത്തിലെത്തുമ്പോള്‍ പലിശ കുത്തനെ വര്‍ധിക്കും.

ആന്ധ്രയിലെ കര്‍ഷകരുടെ കൂട്ട ആത്മഹത്യക്ക് ഇടയാക്കിയ പ്രധാന ഘടകങ്ങളിലൊന്ന് മൈക്രോ ഫിനാന്‍സ് സംഘങ്ങളായിരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ജാതിമത സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഞെട്ടിക്കുന്ന പലിശയാണ് ഈടാക്കുന്നത്. വായ്പകളുടെ കൈകാര്യച്ചെലവ്് ഇനത്തില്‍ കോടികള്‍ കൈയില്‍ വന്നുചേരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കണക്കാക്കുന്നു.

ദാരിദ്യ്ര നിര്‍മാര്‍ജനത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായതിനാല്‍ കുടുംബശ്രീക്ക് വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ മടിക്കുന്നില്ല. ബാങ്കുകളില്‍നിന്ന് ലഭ്യമാവുന്ന അതേ പലിശനിരക്കിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ ലഭിക്കുന്നത്. സുശക്തമായ ഉല്‍പ്പാദന വിതരണ സംവിധാനം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയും ലഭ്യമാക്കുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായ ജനശ്രീക്ക് വായ്പകള്‍ ലഭ്യമാക്കാനാണ് കേന്ദ്രഭരണത്തിലെ സ്വാധീനം ഉപയോഗിക്കുന്നത്.

3.  മില്‍മ റിച്ചിന്റെ വിതരണം നിര്‍ത്തുന്നു
തിരു: മില്‍മയുടെ റിച്ച് പാല്‍ വിതരണം വെള്ളിയാഴ്ചയോടെ നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ഏകപക്ഷീയമായി റിച്ച് പാലിന് ലിറ്ററിന് 20 രൂപയില്‍ 22 രൂപയാക്കിയത് പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണിത്. വിലകുറയ്ക്കുന്ന കാര്യം മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയേ പാല്‍വില വര്‍ധിപ്പിക്കാവൂവെന്ന ധാരണ ലംഘിച്ചാണ് വില കൂട്ടിയത്. വ്യാഴാഴ്ച തിരുവനന്തപുരം മേഖലാ യൂണിയനു മുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. ഇതേ തുടര്‍ന്ന് വിലവര്‍ധന പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കിയ അധികൃതര്‍ പിന്നീട് നിലപാട് മാറ്റി. വൈകീട്ടാണ് റിച്ചിന്റെ വിതരണം നിര്‍ത്തുന്നതായി അറിയിപ്പു വന്നത്.

കൊഴുപ്പു കൂടിയ മില്‍മ റിച്ച് പാലിന്റെ വില മാത്രമാണ് വര്‍ധിപ്പിച്ചതെന്നും കൊഴുപ്പ് കുറഞ്ഞ സാധാരണ പാലിന്റെ വില കൂട്ടുമ്പോഴാണ് സര്‍ക്കാരിന്റെ അനുമതി തേടാറുള്ളതെന്നും മില്‍മ തിരുവനന്തപുരം മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു. നവംബര്‍ 12ന് സര്‍ക്കാര്‍ സാധാരണ പാലിന് ഒരു രൂപ വര്‍ധിപ്പിച്ചതിലൂടെ കര്‍ഷകര്‍ക്ക് 58 പൈസയും മില്‍മയ്ക്ക് 30 പൈസയും ലഭിച്ചതായും രമേശ് പറഞ്ഞു. പാല്‍വില കൂട്ടരുതെന്ന് ആവശ്യപ്പെട്ട് മില്‍മയ്ക്ക് കത്ത് നല്‍കിയിരുന്നതായി ക്ഷീരവികസന ഡയറക്ടര്‍ കെ ടി സരോജിനി അറിയിച്ചു.

സാധാരണ പാലിന്റെ ഉല്‍പ്പാദനം കുറച്ചാണ് റിച്ച് ഉല്‍പ്പാദനം കൂട്ടിയത്. വില കൂട്ടിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് മില്‍മയുടെ വാദം. പാല്‍ വാങ്ങിയ വകയില്‍ മൂന്നേകാല്‍ കോടി രൂപ തിരുവനന്തപുരം മേഖലാ യൂണിയന്‍ കര്‍ണാടകത്തിന് നല്‍കാനുണ്ട്. പണം കൊടുത്തില്ലെങ്കില്‍ കര്‍ണാടകം പാല്‍വിതരണം നിര്‍ത്തും. ഇത് കേരളത്തില്‍ കടുത്ത പാല്‍ക്ഷാമമുണ്ടാക്കും. കര്‍ണാടകത്തില്‍നിന്ന് എത്തിക്കുന്ന പാലില്‍ ഒന്നര ശതമാനം കൊഴുപ്പ് കൂട്ടിയാണ് മില്‍മ റിച്ച് എന്ന ഗണത്തില്‍പ്പെടുത്തി വില്‍ക്കുന്നത്. ക്ഷീരവികസന ഡയറക്ടറുടെ കത്തിന് ഉടനെ വിശദീകരണം നല്‍കുമെന്ന് കല്ലട രമേശ് അറിയിച്ചു.

പാല്‍വില വര്‍ധിപ്പിക്കുന്ന കാര്യം നയപരമായി തീരുമാനിക്കേണ്ടതാണെന്ന് മന്ത്രി സി ദിവാകരന്‍ പറഞ്ഞു. റിച്ച് പാലിന് വില കൂട്ടിയത് തെറ്റാണ്. കേരളത്തിന് കൂടുതല്‍ പാല്‍ ലഭ്യമാക്കുന്നതിന് വെള്ളിയാഴ്ച തമിഴ്നാട് ക്ഷീരവികസനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. മില്‍മ എംഡി സഞ്ജീവ് കുമാര്‍ പട്ജോഷിയും ചര്‍ച്ചയില്‍ പങ്കെടുക്കും.

തിരുവനന്തപുരം ഒഴികെ മറ്റ് മേഖലാ യൂണിയനുകള്‍ പാല്‍വില വര്‍ധിപ്പിച്ചിട്ടില്ല. മലബാര്‍ യൂണിയന്‍ ലാഭത്തിലാണ്. തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകളാണ് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ പാല്‍ വാങ്ങുന്നത്. മലബാര്‍ യൂണിയന്‍ സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിക്കുന്ന പാലാണ് കൂടുതലും വിതരണംചെയ്യുന്നത്. അധികം ഉല്‍പ്പാദനം ഉണ്ടാകുമ്പോള്‍ മറ്റു യൂണിയനുകളിലേക്കു നല്‍കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഒരു രൂപ അധികമായി നല്‍കാന്‍ മലബാര്‍മേഖലയ്ക്ക് കഴിഞ്ഞു. ജനുവരി 11 മുതല്‍ മാര്‍ച്ചുവരെ മലബാര്‍മേഖലയിലെ സംഘങ്ങള്‍ വഴി പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് ഒന്നര രൂപ അധികം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് മൂന്നുമാസം കൊണ്ട് മൂന്നര കോടിയോളം രൂപ ക്ഷീരകര്‍ഷകര്‍ക്ക് അധികം നല്‍കാനാകും.

സംസ്ഥാനത്തെ ക്ഷീരസംഘങ്ങളിലൂടെ പാല്‍ ഉല്‍പ്പാദനത്തിന് ശ്രമിക്കാതെ പാലിന് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതാണ് തിരുവനന്തപുരം, എറണാകുളം മേഖലകളെ പ്രതിസന്ധിയിലാക്കിയതെന്ന് ആക്ഷേപമുണ്ട്്.

4. കാറുകള്‍ പെരുകുമ്പോള്‍ തകരുന്നത്  പൊതുഗതാഗത സംവിധാനം
ന്യൂഡല്‍ഹി: രാജ്യത്ത് കാറുകളുടെ എണ്ണം ക്രമാതീതമായി പെരുകുമ്പോള്‍ സാധാരണജനങ്ങള്‍ ആശ്രയിക്കുന്ന പൊതുഗതാഗതസംവിധാനമാണ് തകരുന്നതെന്ന് പഠനങ്ങള്‍. കാറുപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആവോളം ഇളവുകള്‍ നല്‍കുമ്പോള്‍ സാധാരണക്കാരന്റെ വാഹനമായ ബസുകള്‍ ഞെരുങ്ങുകയാണ്. ഇതിന്റെ ഫലമായ മലിനീകരണം മാരകമാകുന്നതോടൊപ്പം പൊതുഗതാഗതസംവിധാനത്തിന്റെ ചെലവ് താങ്ങാനാകാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു.

കഴിഞ്ഞവര്‍ഷം പത്തുലക്ഷം കാറുകള്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞപ്പോള്‍ വിറ്റുപോയ ബസുകളുടെ എണ്ണം 28,000 മാത്രമാണ്. വാഹനങ്ങളുടെ എണ്ണത്തില്‍ 1951 മുതല്‍ 2000 വരെ 158 ഇരട്ടിയാണ് വര്‍ധന. കാറുകളുടെ ആധിക്യംമൂലമുണ്ടാകുന്ന ഇന്ധന ഉപഭോഗവും മലിനീകരണവും തിരക്കും അനിയന്ത്രിതമാവുകയാണ്. തിരക്കില്‍പ്പെട്ട് ഒരാള്‍ക്ക് ദിവസം ശരാശരി രണ്ടര മണിക്കൂര്‍ നഷ്ടപ്പെടുന്നെന്നാണ് ഒരു പഠനം തെളിയിച്ചത്. മൊത്തം ഒരു ദിവസം 42 കോടി തൊഴില്‍ മണിക്കൂറുകളാണ് ഇങ്ങനെ നഷ്ടമാകുന്നത്. ഇതുമൂലം നാലായിരം കോടിരൂപയുടെ നഷ്ടമുണ്ടാകുന്നെന്നാണ് അസോച്ചം ഒരു പഠനത്തില്‍ കണ്ടെത്തിയത്.

1996-2000 കാലത്ത് ഡല്‍ഹിയില്‍ റോഡുകളുടെ നീളത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ കാറുകളുടെ എണ്ണം 132 ശതമാനമാണ് കൂടിയത്. തലസ്ഥാനത്തെ ഭൂമിയുടെ 22 ശതമാനവും റോഡാണ്. 22 ഫ്ളൈ ഓവറുകള്‍ നിര്‍മിച്ചിട്ടും തിരക്ക് കുറയുന്നില്ല. സാന്ദ്രീകൃത പ്രകൃതിവാതകം (സിഎന്‍ജി) ഉപയോഗിക്കുന്ന വാഹനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പത്തെ നിലയിലേക്ക് ഡല്‍ഹിയുടെ മലിനീകരണത്തിന്റെ തോത് എത്തിയിരിക്കയാണ് ഇപ്പോള്‍. ശരാശരി വേഗതയാകട്ടെ 20-27 കിലോമീറ്ററില്‍നിന്ന് 15 കിലോമീറ്ററായി കുറഞ്ഞു. ഡല്‍ഹിയില്‍ കാര്‍ വില്‍പ്പനയുടെ നിരക്ക് ബൈക്ക് വില്‍പ്പനയുടെ നിരക്കിനെ മറികടന്നു. ബാംഗ്ളൂരില്‍ ഒരു ദിവസം ആയിരം വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്.

വാഹനനികുതി സംവിധാനത്തിലെ അശാസ്ത്രീയതയാണ് മുഖ്യപ്രശ്നമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) ഡയറക്ടര്‍ സുനിതാ നാരായണ്‍ പറഞ്ഞു. ബസുകളുടെ എക്സൈസ് തീരുവ ഒഴിവാക്കുകയും കാറുകള്‍ക്ക് ബസുകളേക്കാള്‍ നികുതി ചുമത്തുകയും വേണമെന്ന് അവര്‍ആവശ്യപ്പെട്ടു.

5. മരുന്നുകച്ചവടരംഗത്തെ ചൂഷണം
കല്ലറ മധു (സംസ്ഥാന പ്രസിഡന്റ്, കെഎംഎസ്ആര്‍എ)

കേരളത്തിലെ മരുന്നുവില്‍പ്പന രംഗത്തും, ചികിത്സാ മേഖലയിലും സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച നടപടികള്‍ ഏറെ സ്വാഗതാര്‍ഹമാണ്. മരുന്നിന്റെ വിപണനമേഖലയില്‍ ജനദ്രോഹകരങ്ങളായ നിരവധി കാര്യങ്ങളാണ് തുടര്‍ന്നുവന്നത്. ഉല്‍പ്പാദകരും വിതരണക്കാരുമെല്ലാം മരുന്നിനെ ഒരു ഉല്‍പ്പന്നമായിട്ടല്ലാതെ രോഗനിവാരണ ഉപാധിയായി കാണുന്നില്ല.

വില്‍പ്പനരംഗത്തെ കുത്തകപ്രവണത കേരളത്തില്‍ മാത്രം കാണുന്ന ഒന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ വിതരണരംഗത്ത് ഒരു നിയന്ത്രണവും സര്‍ക്കാരോ സംഘടനകളോ ഏര്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ ഹോള്‍സെയില്‍ വിപണിയില്‍ കുത്തക സംവിധാനം കൊണ്ടുവന്നത് വ്യാപാരി സംഘടനയായ എകെസിഡിഎയാണ്. എന്നാല്‍, മരുന്നുകടകള്‍ അടച്ചിട്ട് സമരംചെയ്ത ഘട്ടത്തിലാണ് ആശുപത്രികളോട് അനുബന്ധിച്ച് ന്യായവിലഷോപ്പുകള്‍ ആദ്യം തുടങ്ങിയത്.

അതേത്തുടര്‍ന്ന് മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ വ്യാപകമായി നിലവില്‍ വന്നു. ജീവന്‍രക്ഷാമരുന്നുകളും, പഞ്ഞി, പ്ളാസ്റ്റര്‍, ഇഞ്ചക്ഷന്‍ സൂചികള്‍, ട്രിപ്പു കൊടുക്കുന്ന ഡെക്ട്രോസ് അടക്കമുള്ള മരുന്നുകള്‍ എന്നിവ പൊതുമാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ ഈ കടകളിലൂടെ കഴിഞ്ഞു.

എങ്ങനെയാണ് സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ നിയന്ത്രിത കടകളില്‍ വില്‍ക്കാന്‍ കഴിയുന്നത്? സ്വാഭാവികമായും ലാഭവിഹിതത്തില്‍ കുറവുവരുത്തിക്കൊണ്ടുമാത്രമേ അത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കഴിയൂ.

എന്നാല്‍, ഇതുമാത്രമല്ല. മരുന്നുകളുടെ ലാഭവിഹിതം ഏറെക്കുറെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. ഹോള്‍സെയില്‍ വ്യാപാരിക്ക് എട്ടുശതമാനം മുതല്‍ 10 ശതമാനംവരെ മാത്രമേ ലാഭവിഹിതം (മാര്‍ജിന്‍) ലഭിക്കൂ. എന്നാല്‍, റീട്ടെയില്‍ കടക്കാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത് 16 ശതമാനവും 20 ശതമാനവുമാണ്.

അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ കാര്യത്തില്‍മാത്രമേ ഈ കണക്ക് ഇന്ന് നിലവിലുള്ളൂ. അത്തരം ബ്രാന്‍ഡുകളില്‍ത്തന്നെ ഹോള്‍സെയില്‍ -റീട്ടെയില്‍ മാര്‍ജിന്‍മേല്‍വിവരിച്ച നിരക്കില്‍ നിലനിര്‍ത്തിയിട്ട് വന്‍തോതില്‍ ട്രേഡ് ഡിസ്കൌണ്ട് കൊടുക്കുന്നത് പതിവായി മാറി. 20 ശതമാനം മുതല്‍ 100 ശതമാനംവരെ സൌജന്യ മരുന്ന് ഓരോ വാങ്ങലിനൊപ്പവും മരുന്നുകമ്പനികള്‍ കൊടുക്കുന്നുണ്ട്.

ഇന്ന് നമ്മുടെ നാട്ടില്‍ കിട്ടുന്ന പ്രമുഖ കമ്പനികളുടെ അറിയപ്പെടുന്ന മിക്ക ബ്രാന്‍ഡുകളും 30 ശതമാനത്തിനുമുകളില്‍ (മുപ്പതുശതമാനം) ട്രേഡ് ഫ്രീ ഉല്‍പ്പന്നങ്ങള്‍ കൊടുക്കുന്നവയാണ്. മിക്ക ആന്റി ബയോട്ടിക്കുകളുടെയും ഇഞ്ചക്ഷന്‍ മരുന്നുകള്‍ക്ക് 100 ശതമാനംവരെ ഫ്രീ ഡിസ്കൌണ്ട് ലഭ്യമാണ്.

മരുന്നുകമ്പനികള്‍ നീതി-മാവേലി സ്റ്റോറുകള്‍ക്ക് നേരിട്ടു മരുന്നുവില്‍പ്പന നടത്തിയാല്‍ ഈ ഫ്രീയും, ഡിസ്കൌണ്ടും അവിടെയും കൊടുക്കും. അത്തരത്തില്‍ കിട്ടുന്നതുകൊണ്ടാണ് മെഡിക്കല്‍ കോളേജ് പേയിങ് കൌണ്ടറിലെ ഔഷധങ്ങള്‍ക്ക് പുറത്തുള്ള വിലയേക്കാള്‍ 40 മുതല്‍ 50 ശതമാനംവരെ വില കുറച്ച് വില്‍ക്കാന്‍ കഴിയുന്നത്.

മരുന്നിന്റെ ലേബലില്‍ അടിച്ചിട്ടുള്ള വിലയും, മാര്‍ക്കറ്റ് വിലയും തമ്മില്‍ വലിയ അന്തരമുണ്ട്. ഈ കൊള്ളലാഭം ജനങ്ങളറിയാതെ നടക്കുന്ന വന്‍ ചൂഷണമാണ്. സര്‍ക്കാര്‍-സഹകരണ മെഡിക്കല്‍ സ്റ്റോറുകള്‍ നേരിട്ടു കമ്പനിയില്‍നിന്ന് മരുന്നുവാങ്ങിയാല്‍, ഈ പകല്‍ക്കൊള്ള ജനങ്ങള്‍ തിരിച്ചറിയും എന്നതിനാലാണ് കേരളത്തില്‍ ‘നിരോധനം’ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഹോള്‍സെയില്‍ കടയില്‍നിന്ന് റീട്ടെയിലര്‍ വാങ്ങുന്നതുപോലെ നീതി-മാവേലി കടകളും മരുന്നുവാങ്ങിയാല്‍ ഈ ‘കൊള്ള’ സുഗമമായി തുടരുകയും ചെയ്യാം. മരുന്നുകള്‍ക്ക് വിലനിയന്ത്രണം കര്‍ശനമാക്കിക്കൊണ്ടുമാത്രമേ ഇത്തരത്തിലുള്ള സംഘടിത ചൂഷണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാവൂ. എന്നാല്‍, മരുന്നുവില നിയന്ത്രിക്കാനുള്ള ഒരു നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നില്ല.

ഉല്‍പ്പാദനച്ചെലവിന്റെ പതിന്മടങ്ങ് വിലയ്ക്കാണ് മിക്ക മരുന്നുകളും വിറ്റഴിക്കുന്നത്. രോഗാവസ്ഥയെ ഇത്രയേറെ ചൂഷണംചെയ്യുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറെയൊന്നും ചെയ്യാനില്ല. എന്നാല്‍,പുതുതായി ഒരു ബ്രാന്‍ഡ് കൂടി മാര്‍ക്കറ്റില്‍ വരുമ്പോള്‍, മുമ്പുള്ളതിനേക്കാള്‍ വില കുറവായിരിക്കണം എന്ന പുതിയ നിര്‍ദേശം അല്‍പ്പമെങ്കിലും ആശ്വാസമേകാന്‍ സഹായകരമാകും.

ഓരോ രോഗത്തിനും ചികിത്സ എങ്ങനെയായിരിക്കണം, എത്ര മരുന്നുകള്‍വരെ വേണ്ടിവരും എന്നീ കാര്യങ്ങളെക്കുറിച്ച് പഠിച്ച് സമഗ്രമായ ഒരു ചികിത്സാ പ്രോട്ടോക്കോള്‍ കൊണ്ടുവരാനുള്ള തീരുമാനം ഈ രംഗത്ത് ഒരു നാഴികക്കല്ലായി മാറും. മരുന്നുകമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ചികിത്സിക്കുക എന്ന സ്ഥിതി മാറ്റിയെടുക്കാന്‍ ഈ നടപടി സഹായകരമാകും.

ഇതുപോലെ കടുത്ത ചൂഷണം നടത്തുന്ന ലബോറട്ടറികളെയും, സ്കാനിങ് സെന്ററുകളെയും നിയന്ത്രിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണം. സര്‍ജിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, വീല്‍ചെയറുകള്‍ എന്നിവയുടെ യഥാര്‍ഥ വിലയേക്കാള്‍ ഇരട്ടിയിലേറെയാണ് ഇന്ന് രോഗികളില്‍നിന്ന് ഈടാക്കുന്നത്. ഇവ വില്‍ക്കുന്ന കടക്കാരുടെ വാങ്ങല്‍ബില്‍ പരിശോധിച്ച്, അധികവില ഈടാക്കുന്നവര്‍ക്കെതിരെ, കടുത്ത നടപടികളെടുക്കാനും ആരോഗ്യവകുപ്പിന് കഴിയേണ്ടതുണ്ട്.

പൊതുവെ ഇന്ന് ചികിത്സാരംഗത്തും മരുന്നുകച്ചവടത്തിലും നടമാടുന്ന കടുത്ത ചൂഷണത്തെയും കച്ചവടവല്‍ക്കരണത്തെയും തുറന്നുകാട്ടാനും, കഴിയുന്നത്ര ആശ്വാസം ജനങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികളിലൂടെ കഴിയും. ഡോക്ടര്‍മാരുടെ സംഘടനകളും, ആരോഗ്യരംഗത്തെ മറ്റു സംഘടനകളും, വ്യക്തികളുമായി വിശദ ചര്‍ച്ച നടത്തി, കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

ന്യൂഡ�ഹി: ക�ൂ� രാജ്യാ�ര വിമാന�ാവള പ�തി നട�ാ�ാ� കേ�മ�ിസഭ കേരളസ�ാരിനു തത്വ�ി� അംഗീകാരം ന�കി. കേ�സ�ാരി� ഗ്രീ�ഫീ�ഡ് എയ�പോ�ട്സ് നം അടിസ്ഥാനമാ�ി സ്ഥാപി�ു� ക�ൂ� വിമാന�ാവള�ിന് 929.5 കോടി രൂപയുടെ മുത�മുട�…..

1. എല്‍.എന്‍.ജി ടെര്‍മിനല്‍ കരാര്‍ ജപ്പാന്‍ കമ്പനിക്ക്, കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര അനുമതി
ന്യൂഡല്‍ഹി : കേരളത്തിന്റെ വികസന സ്വപ്നങ്ങളായ കണ്ണൂര്‍ വിമാനത്താവളവും കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലും യാഥാര്‍ത്ഥ്യമാകുന്നതിന് ഒരു കടമ്പകൂടി കടന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇന്നലെ കേന്ദ്രാനുമതി ലഭിച്ചു. കൊച്ചി എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതിവാതകം) ടെര്‍മിനലിന്റെ ടാങ്ക് നിര്‍മ്മാണത്തിനുള്ള സുപ്രധാന കരാര്‍ ജപ്പാന്‍ കമ്പനിക്ക് നല്‍കാന്‍ തീരുമാനമായി.
എല്‍.എന്‍.ജി ടെര്‍മിനല്‍
*കൊച്ചിയിലെ പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന ഗ്രീന്‍ഫീല്‍ഡ് എല്‍.എന്‍.ജി ടെര്‍മിനലിന്റെ മൊത്തം നിര്‍മ്മാണച്ചെലവ് 3000 കോടിരൂപയാണ്. ദ്രവരൂപത്തിലുള്ള പ്രകൃതിവാതകം സംഭരിക്കാനുള്ള കൂറ്റന്‍ ടാങ്കുകളുടെ നിര്‍മ്മാണ കരാര്‍ ജപ്പാനിലെ ഇഷികാവാജിക ഹാരിമ ഹെവി ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്കാണ് നല്‍കുന്നത്. പെട്രോനെറ്റ് എല്‍.എന്‍.ജിയുടെ ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞദിവസമാണ് ഇതിന് അംഗീകാരം നല്‍കിയത്. ആദ്യം 800 കോടിരൂപ ചെലവില്‍, 25 ലക്ഷം ടണ്‍ വാതകം സംഭരിക്കാന്‍ ശേഷിയുള്ള 2 ടാങ്കുകളാണ് നിര്‍മ്മിക്കുന്നത്.
* ടെര്‍മിനലിന്റെ ജെട്ടി നിര്‍മ്മിക്കാന്‍ തായ്വാനിലെ സി.പി.സി.ഐ മെഷിനറി കോര്‍പ്പറേഷന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വലിയ നേട്ടങ്ങള്‍
* ആസ്ട്രേലിയയിലെ ഗോഗോണ്‍ കമ്പനിയില്‍നിന്ന് ദ്രവീകൃത പ്രകൃതി വാതകം കപ്പലുകളില്‍ കൊണ്ടുവന്ന് കൂറ്റന്‍ ടാങ്കുകളില്‍ സംഭരിച്ച് വ്യവസായ സ്ഥാപനങ്ങള്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പൈപ്ലൈന്‍ വഴി നല്‍കും.
* വാണിജ്യ വ്യവസായ മേഖലകള്‍ക്ക് പുത്തന്‍ ഉണര്‍വുണ്ടാകും. ഫാക്ട്, കായംകുളം എന്‍.ടി.പി.സി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വന്‍നേട്ടമുണ്ടാകും.
* ഫാക്ട് നഷ്ടത്തിലാവാന്‍ പ്രധാനകാരണം ഇന്ധനമായി ഉപയോഗിക്കുന്ന നാഫ്തയുടെ വില വര്‍ദ്ധനയാണ്. പകരം എല്‍.എന്‍.ജി ഉപയോഗിക്കുന്നതോടെ പ്രവര്‍ത്തന, ഉത്പാദനച്ചെലവുകള്‍ ഗണ്യമായി കുറയും. രാസവളം, വൈദ്യുതി, പാചകവാതകം വില കുറയും.
കണ്ണൂര്‍ വിമാനത്താവളം
* 2006 ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കിയെങ്കിലും കേന്ദ്രാനുമതി നീണ്ടുപോവുകയായിരുന്നു. മട്ടന്നൂരിനടുത്ത് മൂര്‍ഖന്‍ പറമ്പിലാണ് വിമാനത്താവളം സ്ഥാപിക്കുന്നത്. മൊത്തം ചെലവ് 929.5 കോടിരൂപ. നെടുമ്പാശ്ശേരി മാതൃകയില്‍ സ്വകാര്യ പങ്കാളിത്തമുള്ള കമ്പനിക്കായിരിക്കും നിര്‍മ്മാണച്ചുമതല. മൂന്നുവര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.
* 74 ശതമാനം ഓഹരി സ്വകാര്യ മേഖലയ്ക്കായിരിക്കും. ഈ സ്ഥാപനത്തെ സര്‍ക്കാരിന് തീരുമാനിക്കാം. കമ്പനിയില്‍ പങ്കാളിത്തമുള്ള സര്‍ക്കാര്‍ സ്ഥാപനമായ കിന്‍ഫ്രയ്ക്ക് 26 ശതമാനം ഓഹരി ഉണ്ടാവും.
* കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി മൂന്നുമാസം മുന്‍പ് അനുമതി നല്‍കിയിരുന്നു. പ്രതിരോധ, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി നേരത്തേ കിട്ടിയിരുന്നു.
* പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന ടൂറിസം സെക്രട്ടറി വേണുവിനെ വിമാനത്താവളം സ്പെഷ്യല്‍ ഓഫീസറായി നേരത്തേ നിയമിച്ചിട്ടുണ്ട്.
* അനുമതിക്കായി സംസ്ഥാന സര്‍ക്കാരും കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും എ.കെ. ആന്റണിയും കേന്ദ്രത്തില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

2. ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു
ആലപ്പുഴ : കുറ്റിപ്പുറത്ത് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവത്തിനിടെ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച യദുകൃഷ്ണന്റെ സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഞ്ചരിച്ച ബസും സ്കോര്‍പിയോ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്നുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം ചാത്തിനാംകുളം ജനകീയ നഗറിലെ മഞ്ജുഭവനില്‍ മനോജ് (30), സതീഷ്ഭവനില്‍ അപ്പുക്കുട്ടന്റെ മകന്‍ ബിനു (30), ലക്ഷ്മിവിലാസത്തില്‍ രാജപ്പന്റെ മകന്‍ രാജു (12) എന്നിവരാണ് മരിച്ചത്. കൊല്ലത്തുനിന്ന് മൂകാംബികയിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്നു ഇവര്‍.
മൈത്രി നഗറില്‍ അജയന്‍ (35), ചെറുവിള വീട്ടില്‍ ബൈജു, കൊല്ലം പാലവിളയില്‍ ബിജു (34), ചാത്തനാകുളം സ്വദേശി ഉണ്ണികൃഷ്ണന്‍ (33), ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മണി (34), ചാത്തനാകുളം സ്വദേശികളായ ഷണ്‍മുഖന്‍ (49), മധു (33), കൊല്ലം ഗവ. മോഡല്‍ എച്ച്. എസ്. എസിലെ അദ്ധ്യാപികമാരായ ഷീല, ജസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അദ്ധ്യാപികമാരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 2.30ന് ആലപ്പുഴ കോണ്‍വെന്റ് സ്ക്വയര്‍ ജംഗ്ഷനിലായിരുന്നു അപകടം. കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ യദുകൃഷ്ണന്‍ മുങ്ങി മരിച്ച സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി കലോത്സവത്തിന്റെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ബസില്‍ സഞ്ചരിച്ചവര്‍.
ഇടിയുടെ ആഘാതത്തില്‍ സ്കോര്‍പിയോ പൂര്‍ണ്ണമായും തകര്‍ന്നു.
പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് സ്കോര്‍പിയോ വെട്ടിപ്പൊളിച്ച് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.
മരണത്തിലും വേര്‍പിരിയാത്ത കൂട്ടുകാര്‍
കൊല്ലം : മൂകാംബിക തീര്‍ത്ഥാടന മദ്ധ്യേ പൊലിഞ്ഞത് ഉറ്റസുഹൃത്തുക്കളായ മൂന്നുപേരുടെ ജീവന്‍. സുഹൃദ്ബന്ധത്തിന്റെ തീവ്രത രാജുവിന്റെ ‘ഓര്‍ക്കുട്ടി’ലെ പ്രൊഫൈല്‍ പറയും. ഓര്‍ക്കുട്ടിലെ രാജുവിന്റെ ആല്‍ബത്തില്‍ സുഹൃത്തുക്കളുടെ ചിത്രങ്ങളും ഇവരുടെ യാത്രകളുടെ ഫോട്ടോകളുമുണ്ട്. ഇതില്‍ മനോജിന്റെ ചിത്രത്തിന് താഴെ രാജുവിന്റെ കമന്റ് ഇങ്ങനെ : “മൈ ബെസ്റ്റ് ഫ്രണ്ട് ആന്റ് സാരഥി ഒഫ് ഔവര്‍ വെഹിക്കിള്‍.” മൂന്നുനാല് മാസം കൂടുമ്പോള്‍ മൂകാംബിക യാത്ര പതിവായിരുന്നു. മൂവരും അവിവാഹിതരാണ്.
കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ രാജുവിന്റെ വിവാഹം മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഹാം (അമച്ച്വര്‍) റേഡിയോ ഓപ്പറേറ്റര്‍ കൂടിയാണ് രാജു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇവര്‍.

3. വിഭാഗീയതയുടെ വഴിവിട്ട് കൊല്ലം
കൊല്ലം: “കണ്ണേ, കരളേ, വി.എസേ ലക്ഷം ലക്ഷം പിന്നാലെ”- ഈ മുദ്രാവാക്യം പുറത്ത് അലയടിക്കുന്നത് കേട്ടുകൊണ്ടാണ് സി.പി.എം ജില്ലാസമ്മേളന പ്രതിനിധികള്‍ ഇന്നലെ സമ്മേളനസ്ഥലമായ ടൌണ്‍ഹാള്‍ വിട്ട് പുറത്തുവന്നത്.
ഫലത്തില്‍ ഈ വികാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു, വി.എസിന്റെ ശക്തികേന്ദ്രമായ കൊല്ലത്ത് രൂപംകൊണ്ട പാര്‍ട്ടിയുടെ പുതിയ ജില്ലാ നേതൃത്വവും. വിഭാഗീയതയുടെ വിഴുപ്പലക്കാനല്ല മറിച്ച് പ്രത്യയ ശാസ്ത്രത്തിന്റെ കരുത്ത് തെളിയിക്കാനാണ് തങ്ങളുടെ നീക്കമെന്ന് സമ്മേളനപ്രതിനിധികള്‍ തെളിയിച്ചു. ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ പ്രവണതകളെ ചെറുക്കുന്ന വിഭാഗത്തിനാണ് ഇത്തവണ സംഘബലം വര്‍ദ്ധിച്ചത്.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പുത്തന്‍ നിലപാടുകളെ ശക്തമായി എതിര്‍ക്കുന്ന ജില്ലാ കമ്മിറ്റിയും നിശബ്ദമായി പിന്തുണയ്ക്കുന്ന ജില്ലാ സെക്രട്ടറിയുമാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇത്തവണ ലോക്കല്‍-ഏരിയ സമ്മേളനങ്ങള്‍ വിവാദവിഷയങ്ങളുടെ പേരില്‍ സംസ്ഥാന നേതൃത്വത്തെ ശരിക്കും പ്രതിക്കൂട്ടിലാക്കി. എന്നാല്‍ വികാരപ്രകടനത്തിന്റെ തീവ്രഭാവങ്ങള്‍ ജില്ലാസമ്മേളനത്തില്‍ അതേപോലെ പ്രതിഫലിച്ചിരുന്നില്ല. അതേസമയം ജില്ലാകമ്മിറ്റിയുടെ തിരഞ്ഞെടുപ്പില്‍ മാര്‍ദ്ദവമില്ലാത്ത നിലപാടിലൂടെ സമ്മേളനം രാഷ്ട്രീയപക്ഷപാതം പ്രകടിപ്പിക്കുകയും ചെയ്തു.
ജില്ലയിലെ ഏരിയകമ്മിറ്റി സെക്രട്ടറിമാരെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനും കീഴ്ഘടകങ്ങളുടെ നിലപാടുകളെ മാനിക്കാതിരുന്ന ചിലരെ പുറത്താക്കുന്നതിനും സമ്മേളനത്തിന് കഴിഞ്ഞു.
പുതിയ ജില്ലാകമ്മിറ്റിയില്‍ ഔദ്യോഗികപാനലില്‍ ഒഴിവാക്കപ്പെട്ട കെ. തങ്കപ്പന്‍ നേരത്തെ തന്നെ കൊല്ലം ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം ഒഴിവായിരുന്നു. ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.എന്‍. ബാലഗോപാലാണ്. ബാലഗോപാല്‍ ഒഴികെ ഒഴിവാക്കപ്പെട്ട മറ്റ് നാലുപേരും വിവാദവിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ പിന്തുണച്ചിട്ടുള്ളവരാണ്.
ഔദ്യോഗികപാനലില്‍ പുറത്തുനിന്ന് മത്സരത്തിലൂടെ വിജയിച്ചവര്‍ രണ്ട് ഏരിയാ സെക്രട്ടറിമാരാണ്. കൊല്ലം ഏരിയാ സെക്രട്ടറി പി. സോമനാഥനും തെന്മല ഏരിയാ സെക്രട്ടറി സി. ജയശങ്കറും. പരാജയപ്പെട്ടവരില്‍ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ കെ. വരദരാജനും വനിതാവിഭാഗം നേതാവ് രാജമ്മ ഭാസ്കരനും ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം, ജില്ലാസെക്രട്ടറിയുടെ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ പാത ഒഴിവാക്കിയത് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പിലും വിഭാഗീയത പ്രകടമാക്കുന്ന മത്സരം ഒഴിവായി.

4. ആത്മഹത്യയിലേക്ക് ഒരു വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം : മരിക്കാന്‍ പോവുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ അവഗണിക്കരുത്. പ്രശ്നങ്ങള്‍ മനസിലാക്കി സാന്ത്വനം പകരാന്‍ ശ്രമിക്കണം. കാരണം ഇങ്ങനെ പറയുന്നവരില്‍ 95 ശതമാനം പേരും ആത്മഹത്യ ചെയ്യുന്നുണ്ട്.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യയെക്കുറിച്ച് വിജിലന്‍സ് അഡിഷണല്‍ ഡയറക്ടര്‍ സിബിമാത്യൂസ് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. എം.ജി സര്‍വകലാശാലയില്‍നിന്ന് ഈ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തെ വിജിലന്‍സ് ആസ്ഥാനത്ത് ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
സിബിമാത്യൂസിന്റെ ഗവേഷണ പ്രബന്ധം ആത്മഹത്യാപ്രവണത കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയായി ഉപയോഗിക്കാനാകുമെന്ന് അനുമോദനയോഗം ഉദ്ഘാടനം ചെയ്ത മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആത്മഹത്യാനിവാരണ ക്ളിനിക്കുകള്‍ വ്യാപിപ്പിക്കുമെന്നും വൃദ്ധജന സംരക്ഷണ കേന്ദ്രങ്ങള്‍ കൂടുതലായി തുടങ്ങണമെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര സെക്രട്ടറി കെ.ജെ. മാത്യു ആമുഖ പ്രഭാഷണം നടത്തി. എ.ഡി.ജി.പി, കെ.എസ്. ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായിരുന്നു. സിബിമാത്യൂസിന്റെ ഗൈഡ് ഡോ. എന്‍. അജിത്കുമാര്‍, സി. ഭുവനേന്ദ്രന്‍നായര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കെ. സുനില്‍കുമാര്‍ സ്വാഗതവും ടി. സതീഷ്കുമാര്‍ നന്ദിയും പറഞ്ഞു. സിബിമാത്യൂസ് മറുപടി പ്രസംഗം നടത്തി.

5. കാര്‍ഷിക വയ്പാ പലിശ എഴുതിത്തള്ളാന്‍ 530 കോടി
ന്യൂഡല്‍ഹി: കാര്‍ഷിക വായ്പ്പാ പലിശ എഴുതി തളളാന്‍ 530.06 കോടി രൂപ കൂടി ബാങ്കുകള്‍ക്ക് നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഷിക പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുളള 31 ജില്ലകള്‍ക്കാണ് ഈ തുക ലഭിക്കുക. പാലക്കാട്, വയനാട് ജില്ലകളാണ് കേരളത്തില്‍ നിന്ന് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
കാര്‍ഷിക വായ്പ്പയുടെ പലിശ ഒഴിവാക്കുമ്പോള്‍ ബാങ്കുകള്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിന്റെ പകുതിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. കാര്‍ഷിക വായ്പ പ്രകാരമുളള തുക നേരത്തെ നല്‍കിയിരുന്നുവെന്നും പിന്നീട് അധികമായി വന്ന തുകയാണ് ഇപ്പോള്‍ അനുവദിക്കുന്നതെന്നും തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പാര്‍ലമെന്ററികാര്യ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി പറഞ്ഞു.

6. ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് സൌജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍ ഫോണ്‍ വരിക്കാര്‍ക്കായി സൌജന്യ അപകട മരണ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി.
ലാന്‍ഡ് ലൈന്‍, വയര്‍ലസ് ഇന്‍ ലോക്കല്‍, ലൂപ് (ഡബ്ളിയു.എല്‍.എല്‍), പോസ്റ്റ് പെയ്ഡ് മൊബൈല്‍ വരിക്കാരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 3.37 കോടി വരിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതനുസരിച്ചുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. അപകടത്തിനിരയായി സ്ഥിരം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിക്ക് വരിക്കാര്‍ ഒരു രൂപ പോലും പ്രീമിയമായി നല്‍കേണ്ടതില്ല. ബി.എസ്.എന്‍.എല്ലിന്റെ വരിക്കാരെ പിടിച്ചുനിറുത്തുക, കൂടുതല്‍പേരെ ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രികാര്യാലയം ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്.

1. കെ.പി. വിശ്വനാഥന്റെ രാജിക്ക് കാരണമായ കേസ്; സിബിഐ അന്വേഷണം വൈകുന്നതെന്തെന്ന് കോടതി
കൊച്ചി: മറയൂര്‍ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസിന് എതിരെ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകുന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. വനംമന്ത്രി കെ.പി. വിശ്വനാഥന്റെ രാജിക്ക് കാരണമായ കേസായിരുന്നു ഇത്.

കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്നില്ലെന്നു കാണിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് ജെ.ബി. കോശിയും ജസ്റ്റിസ് കെ. ഹേമയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേന്ദ്രത്തിന്റെ വിശദീകരണത്തിനായി മാറ്റിയിരിക്കുന്നത്. പാലക്കാട് സ്വദേശി ആര്‍. ഗോകുല്‍പ്രസാദാണ് ഹര്‍ജിക്കാരന്‍. ചട്ടപ്രകാരമുള്ള വിജ്ഞാപനമിറക്കാന്‍ ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

2005 ഒക്ടോബര്‍ 12_നാണ് പള്ളിവാസല്‍ ചെക് പോസ്റ്റില്‍ ചിലരെ ചന്ദനത്തടിയുമായി പിടികൂടിയത്. പിന്നീട് വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസില്‍ തിരച്ചില്‍ നടത്തി. കേസും ദേവികളും റേഞ്ചില്‍ നിന്ന് വാളയാര്‍ റേഞ്ചിന് കൈമാറി. ഈ കേസ് ആണ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.

പോണ്ടിച്ചേരിയില്‍ നടത്തിയ തുടര്‍ പരിശോധനയില്‍ 3375 കിലോ ചന്ദനപ്പൊടിയും 7700 കിലോയോളം ചീളും പിടിച്ചിരുന്നു. മറയൂരില്‍ നിന്നാണ് ഇത് പോണ്ടിച്ചേരിക്ക് കടത്തിയതെന്നും കണ്ടെത്തിയിരുന്നു. ഈ കേസിലുള്‍പ്പെട്ട ചിലരുടെ ജാമ്യഹര്‍ജി പരിഗണിക്കവേ, കള്ളക്കടത്തുകാരും രാഷ്ട്രീയക്കാരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയം ഹൈക്കോടതി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അന്നത്തെ വനം മന്ത്രി വിശ്വനാഥന്‍ രാജിവെച്ചത്.

2. വന്‍കിടക്കാരുടെ കൈയേറ്റഭൂമി വീണ്ടെടുക്കാന്‍ ബില്‍ കൊണ്ടുവരും_വി.എസ്.
കൊല്ലം:മൂന്നാറില്‍ ഉള്‍പ്പെടെ വന്‍കിടക്കാര്‍ കൈയടക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി വീണ്ടെടുക്കാന്‍ സഹായകമായ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസ്സാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍

സി.പി.എം.ജില്ലാസമ്മേളനത്തിന് സമാപനം കുറിച്ച് കന്റോണ്‍മെന്റ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മൂന്നാറില്‍ പതിനായിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് പലരും കൈവശപ്പെടുത്തി വച്ചിരിക്കുന്നത്. അവിടേക്ക് അയച്ച പ്രത്യേക ദൌത്യസംഘത്തിന്റെ ശ്രമഫലമായി ഇതില്‍ 12,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. ഇത്തരം നടപടികളുമായി ശക്തമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. പാവപ്പെട്ടവര്‍ക്കും സാധാരണ ഉദ്യോഗസ്ഥര്‍ക്കും വീടുവയ്ക്കാന്‍ ഭൂമി വേണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണം. കൈയടക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി വീണ്ടെടുക്കാനായാല്‍ ഈ വിഭാഗങ്ങള്‍ക്ക് അതൊരാശ്വാസമാകും_വി.എസ്.വ്യക്തമാക്കി.

കടം കൊണ്ട് പൊറുതിമുട്ടിയ കര്‍ഷരെ ആത്മഹത്യയില്‍നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ ഒന്നരവര്‍ഷത്തെ എല്‍.ഡി.എഫ്.ഭരണത്തിനുശേഷം കേരളം കേള്‍ക്കുന്നത്, കാണുന്നത്. യു.ഡി.എഫ്. ഭരണകാലത്ത് 1,500_ലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് എല്‍.ഡി.എഫ്.സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുവരുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപ വീതം സഹായധനം നല്‍കി. കര്‍ഷകരുടെ കടങ്ങള്‍ ഒരുവര്‍ഷത്തേക്ക് പിരിക്കരുതെന്ന് മോറട്ടോറിയം പ്രഖ്യാപിച്ചു. യു.ഡി.എഫ്.ഭരണകാലത്ത് നിത്യസംഭവമായ കര്‍ഷകരുടെ ആത്മഹത്യാവാര്‍ത്തകള്‍ ഇന്ന് കേരളത്തില്‍ കേള്‍ക്കാനില്ല_മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജലപാത വഴിയുള്ള ഗതാഗതം വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം_കോട്ടപ്പുറം ജലപാത ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. മഞ്ചേശ്വരം_കോവളം വഴി മറ്റൊരു ജലപാത കൂടി രണ്ടുവര്‍ഷത്തിനുള്ളില്‍ നിലവില്‍വരും. കര വഴിയുള്ള റോഡപകടങ്ങളുടെ തോത് ഇതോടെ നാലിലൊന്നായി കുറയ്ക്കാന്‍ കഴിയും. സ്മാര്‍ട്ട് സിറ്റി വഴി മൂന്നുകൊല്ലംകൊണ്ട് 90,000 അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി കരാര്‍പോലെ കേരളത്തിലെ ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കരാറുകളിലാണ് എല്‍.ഡി.എഫ്.സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ഐ.ടി.സ്ഥാപനങ്ങള്‍പോലെ കേരളമാകെ സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശ്യം_മുഖ്യമന്ത്രി പറഞ്ഞു.

സമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ.ഗുരുദാസന്‍, പി.രാജേന്ദ്രന്‍ എം.പി. എന്നിവരും സംസാരിച്ചു. കെ.തങ്കപ്പന്‍ സ്വാഗതം പറഞ്ഞു.

3. പ്ലസ്വണ്‍ പുതിയ ബാച്ചിന്റെ പഠനവും പരീക്ഷയും അനിശ്ചിതത്വത്തില്‍
മലപ്പുറം: സംസ്ഥാനത്ത് പുതുതായി തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ബാച്ചുകളുടെ പഠനവും പരീക്ഷയും സംബന്ധിച്ച അനിശ്ചിതത്വം വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു.

റഗുലര്‍ ബാച്ചിന്റെ പരീക്ഷ അടുത്തമാസം തുടങ്ങാനിരിക്കെ ഇവരുടെ പരീക്ഷ എങ്ങനെ നടത്തുമെന്നോ പാഠഭാഗങ്ങള്‍ എങ്ങനെ തീര്‍ക്കുമെന്നോ സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിനും തീരുമാനത്തിലെത്താനായിട്ടില്ല.

മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പഠനത്തിനുവേണ്ടത്ര സീറ്റുകളില്ലെന്ന വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് 31 പുതിയ ഹയര്‍ സെക്കന്‍ഡറികളും നിലവിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ മുന്നൂറോളം പുതിയ ബാച്ചുകളും അനുവദിച്ചത്. ഡിസംബര്‍ പകുതിയോടെയാണ് ഇവിടങ്ങളില്‍ ക്ലാസുകള്‍ തുടങ്ങിയതുതന്നെ. അപ്പോഴേക്കും റഗുലര്‍ ബാച്ചിന്റെ അരക്കൊല്ല പരീക്ഷയുടെ സമയമായിരുന്നു. ഓപ്പണ്‍ സ്കൂളില്‍ രജിസ്റ്റര്‍ചെയ്ത വിദ്യാര്‍ഥികളാണ് പുതിയ ബാച്ചില്‍ ചേര്‍ന്നവരിലേറെയും. പഠനനിലവാരം കുറഞ്ഞ ഇവരെവെച്ച് പാഠഭാഗങ്ങള്‍ പെട്ടെന്ന് തീര്‍ക്കാനും അധ്യാപകര്‍ക്കാകുന്നില്ല. മിക്ക സ്കൂളുകളിലും ഇതുവരെ ഇവര്‍ക്ക് ഒന്നോ രണ്ടോ അധ്യായങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഫിബ്രവരിയില്‍ പ്ലസ്വണ്‍ റഗുലര്‍ പരീക്ഷ നടക്കാനുള്ളതുകൊണ്ട് ഈമാസം കൂടിയേ അധ്യയനം നടക്കൂ. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെങ്ങനെ പരീക്ഷ നടത്തുമെന്നാണ് അധ്യാപകരുടെയും ആശങ്ക.

എന്നാല്‍ ഫിബ്രവരിയിലെ റഗുലര്‍ ബാച്ചിന്റെ പരീക്ഷയില്‍ തോറ്റവര്‍ക്കുവേണ്ടി ജൂണില്‍ നടക്കുന്ന പുനഃപരീക്ഷക്കൊപ്പം പുതിയ ബാച്ചിലെ വിദ്യാര്‍ഥികളുടെ പരീക്ഷയും നടത്താനാണ് ഇപ്പോഴത്തെ നീക്കം. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍നിന്ന് സര്‍ക്കാരിലേക്കു പോയിട്ടുണ്ട്. ഇതംഗീകരിച്ചാല്‍ത്തന്നെ ഇവര്‍ക്കായി മധ്യവേനലവധിക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കേണ്ടിവരും. പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്ന സമയവും ബാക്കി അധ്യാപകര്‍ അവധിയിലുമാകയാല്‍ ഈ നിര്‍ദ്ദേശം നടപ്പാക്കാനും ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു. അവധിക്കാലത്ത് ക്ലാസ്സെടുക്കുന്നതിന് അധ്യാപകര്‍ക്ക് ആര്‍ജിതാവധി നല്‍കേണ്ടിവരും. ഗസ്റ്റ് അധ്യാപകരെയുംകൂടി ഉപയോഗിച്ചാലും ഇതിനെത്രപേര്‍ തയ്യാറാകുമെന്നതാണ് സംശയം. അധ്യാപക സംഘടനകളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ധാരണയിലെത്താനാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇപ്പോള്‍ ആലോചിക്കുന്നത്.

4. പക്ഷിപ്പനി: മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പാല്‍ക്ഷാമത്തിനു പുറമേ മുട്ടക്കച്ചവടവും കോഴിയിറച്ചി വ്യാപാരവും പ്രതിസന്ധിയിലേക്ക്.

പശ്ചിമബംഗാളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും മുന്‍കരുതല്‍ എടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ച. ദക്ഷിണേന്ത്യയില്‍ രോഗബാധയില്ലാത്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.വിജയകുമാര്‍ അറിയിച്ചു.

ചെക്ക്പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഉല്പന്നങ്ങള്‍ക്ക് നിയന്ത്രണം ഇപ്പോള്‍ ആവശ്യമില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. പക്ഷികളില്‍ എന്തെങ്കിലും അസാധാരണമായ രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ വിവരമറിയിക്കണം. എന്നാല്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

സാധാരണയായി പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി. ഇന്‍ഫ്ലുവന്‍സ എ വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. വായുവിലൂടെയും മലിനമായ തീറ്റയിലൂടെയും രോഗം ബാധിച്ച പക്ഷികള്‍, മുട്ട, ഇറച്ചി എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലൂടെയും തുണി, പക്ഷിക്കൂട് എന്നിവവഴിയും പക്ഷികള്‍ക്ക് അണുബാധയുണ്ടാവാം. ദേശാടന പക്ഷികളും നീര്‍പ്പക്ഷികളും രോഗാണുവാഹകരാകാം.

മനുഷ്യര്‍ക്കുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ പനി, പേശിവേദന, ചുമ, ശ്വസിക്കുവാന്‍ ബുദ്ധിമുട്ട്, ജലദോഷം, ന്യുമോണിയ, മൂക്കൊലിപ്പ്, തൊണ്ടവേദന, കണ്ണില്‍ അണുബാധ തുടങ്ങിയവയാണ്. രോഗിയുമായോ രോഗം ബാധിച്ച പക്ഷികളുമായോ സമ്പര്‍ക്കമുണ്ടായി ഒരാഴ്ചയ്ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

പക്ഷിപ്പനി പടരാതിരിക്കാന്‍ പക്ഷികളെ പക്ഷിപ്പനിബാധയുള്ള പ്രദേശത്തുനിന്നും മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് പൂര്‍ണമായും ഒഴിവാക്കുക, രോഗബാധ ഉണ്ടായാല്‍ പക്ഷികളെ മാറ്റിപ്പാര്‍പ്പിക്കുക, വിസര്‍ജ്യങ്ങള്‍ അണുവിമുക്തമാക്കി മറവുചെയ്യുക, കോഴി വില്പനശാലകളിലെ അവശിഷ്ടങ്ങള്‍ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യുക, പക്ഷികളുമായുള്ള സമ്പര്‍ക്കം കഴിയുന്നതും ഒഴിവാക്കുക, പക്ഷികളുടെ ഇറച്ചിയും മുട്ടയും നല്ലതുപോലെ പാകംചെയ്തു മാത്രം കഴിക്കുക, രോഗം ബാധിച്ച പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ വ്യക്തിഗത സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

5. ശബരിമല: വിജിലന്‍സ് എസ്ഐ നിയമനം കൂടുതല്‍ വിവാദത്തിലേക്ക്
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ പുതിയ വിജിലന്‍സ് എസ്ഐ വിനുകുമാറിന്റെ നിയമനം കൂടുതല്‍ വിവാദത്തിലേക്ക്. ബോര്‍ഡിന്റെ അനുമതിയില്ലാതെ നിയമിക്കപ്പെട്ട എസ്ഐക്കെതിരെ അംഗങ്ങളായ പി.നാരായണനും പി.കെ.സുമതിക്കുട്ടിയമ്മയും രംഗത്തെത്തി. ശബരിമലയില്‍ നാല് ഉപശാന്തിമാരോട് മോശമായി പെരുമാറിയ എസ്ഐക്കെതിരെ നടപടിവേണമെന്ന് ആഭ്യന്തരമന്ത്രിയോട് നാരായണന്‍ ആവശ്യപ്പെട്ടു.

വിജിലന്‍സ് എസ്ഐ ആയിരുന്ന സജിമോനെ മാറ്റിയാണ് വിനുകുമാറിനെ നിയമിച്ചത്.

ഈ നിയമനം ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണെന്നും ഇതംഗീകരിക്കാനാവില്ലെന്നും അംഗങ്ങളും ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.

പുതിയ വിജിലന്‍സ് എസ്ഐക്കെതിരെ ശാന്തിക്കാരില്‍ ചിലര്‍ ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി കൊടുക്കുകയുമുണ്ടായി. മാളികപ്പുറത്തെ നാല് ഉപശാന്തിമാരെക്കൊണ്ട് ബോര്‍ഡംഗങ്ങള്‍ക്ക് എതിരായ പരാമര്‍ശം അടങ്ങിയ പ്രസ്താവനകളില്‍ ഭീഷണിപ്പെടുത്തി ഒപ്പിട്ടുവാങ്ങിയെന്നും മോശപ്പെട്ട രീതിയില്‍ പെരുമാറിയെന്നുമാണ് പരാതി.

രാഷ്ട്രീയതലത്തില്‍ ശാന്തിക്കാരെ അനുനയിപ്പിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍, ഉപശാന്തിമാര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

മെമ്പര്‍മാര്‍ക്ക് പണം നല്‍കിയെന്നുവരെ പ്രസ്താവനയില്‍ ഉണ്ടെന്നാണറിയുന്നത്.

എക്സിക്യുട്ടീവ് ഓഫീസറോട് പി.നാരായണന്‍ സംഭവത്തെപ്പറ്റി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ശാന്തിക്കാരുടെ പരാതി അടിസ്ഥാനമുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി നാരായണന്‍ സൂചിപ്പിച്ചു. ഇതിന്റെ പകര്‍പ്പുവച്ചാണ് കോടിയേരിക്കും മറ്റും പരാതി നല്‍കുന്നതെന്നും നാരായണന്‍ പറഞ്ഞു.

6. സി.ബി.ഐ സംഘമെത്തിയത് ഇലക്ട്രോണിക്സ് സാധനങ്ങളുടെ കള്ളക്കടത്ത് അന്വേഷിക്കാന്‍
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച സി.ബി.ഐ സംഘമെത്തിയത് ഇലക്ട്രോണിക്സ് സാധന കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനാണെന്ന് അറിയുന്നു. ഒരുവര്‍ഷംമുമ്പ് കോഴിക്കോട് മിഠായിത്തെരുവിലെ ഒരു കടയിലേക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് ഇലക്ട്രോണിക്സ് സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു.

കോടികള്‍ വിലവരുന്ന ഈ സാധനങ്ങള്‍ നികുതിവെട്ടിച്ചാണ് കാര്‍ഗോവിഭാഗം വഴി കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഏതാനും കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയിലായിരുന്നു. ഈ കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനാണ് ബുധനാഴ്ച സി.ബി.ഐ സംഘമെത്തിയതെന്നറിയുന്നു.

കാര്‍ഗോ വിഭാഗത്തില്‍നിന്ന് ഈ കേസുമായി ബന്ധപ്പെട്ട ഫയലുകളാണ് സി.ബി.ഐ സംഘം പ്രധാനമായും കണ്ടെടുത്തത്. ഏതാനും ആളുകളില്‍നിന്ന് സി.ബി.ഐ സംഘം മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ചില ഡോര്‍ ടു ഡോര്‍ ഡെലിവറി സംഘങ്ങളെയും സി.ബി.ഐ സംഘം ചോദ്യംചെയ്തു.

ഈ കേസുമായി ബന്ധപ്പെട്ട ഏതാനും പേരുടെ വീടുകളിലാണ് സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. കോഴിക്കോട് ഈസ്റ്റ്ഹില്ലിലും ഗുരുവായൂരിലുമായിരുന്നു പ്രധാന പരിശോധനകള്‍. ഈസ്റ്റ്ഹില്ലില്‍ സംഘം പരിശോധിച്ചതില്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഒരാളുടെ വീടും ഉള്‍പ്പെടും.

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നാണ് ഒരുവര്‍ഷംമുമ്പ് ഇലക്ട്രോണിക്സ് സാധനങ്ങള്‍ ഇറക്കുമതി ചെയ്തത്. കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ് സെന്‍സറുകള്‍, ബെയറിങ്ങുകള്‍, ഇലക്ട്രോണിക് വൈന്‍ഡിങ് ഉപകരണങ്ങള്‍, ഉപഗ്രഹ ഫോണുകള്‍ എന്നിവയായിരുന്നു പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. ഇവയില്‍ പലതും ചില തീവ്രവാദി ഗ്രൂപ്പുകള്‍ക്കായിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഏറെ ശേഷി കൂടിയവയും പ്രത്യേക അനുമതിയോടെ മാത്രം ഇറക്കുമതി ചെയ്യാവുന്നവയുമായിരുന്നു ഈ സെന്‍സറുകളും ഉപഗ്രഹ ഫോണുകളും. കോഴിക്കോട്ടെ ഒരു സംഘടനയുടെ കേന്ദ്ര ഓഫീസിലൂടെയാണ് ഈ സാധനങ്ങള്‍ കൈമാറ്റം നടത്തിയിരുന്നതെന്നും സൂചനയുണ്ടായിരുന്നു.

7. ഇംഗ്ലീഷും ഐ.ടിയും ഒന്നാംക്ലാസ് മുതല്‍; പുസ്തകമാറ്റം 1, 3, 5, 7 ക്ലാസ്സുകളില്‍
ഒന്‍പതു മുതല്‍ ഐച്ഛികവിഷയവും പഠിക്കാം

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇംഗ്ലീഷും ഐ.ടിയും ഒന്നാംക്ലാസ് മുതല്‍ തന്നെ പഠിപ്പിക്കാന്‍ ധാരണയായി. സ്പോക്കണ്‍ ഇംഗ്ലീഷിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് ഒന്നാംക്ലാസ് മുതല്‍ ഏര്‍പ്പെടുത്തുക. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ മാത്രമായിരിക്കും അടുത്ത വര്‍ഷം മാറുകയെന്നും തീര്‍പ്പായി.

എസ്.സി.ഇ.ആര്‍.ടി യുടെ നേതൃത്വത്തില്‍ നടക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പരിഷ്കരണം അന്തിമ ദശയിലെത്തിയപ്പോഴാണ് ഇക്കാര്യങ്ങളില്‍ തീര്‍പ്പുണ്ടായത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായ കോര്‍ കമ്മിറ്റിയും വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായ കരിക്കുലം കമ്മിറ്റിയും തുടര്‍ന്ന് യോഗം ചേര്‍ന്ന് പരിഷ്കരിച്ച ചട്ടക്കൂട് അംഗീകരിക്കേണ്ടതുണ്ട്. സ്കൂളുകളുടെ അക്കാദമിക് കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരവും മറ്റും സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയാഭിപ്രായത്തിനനുസൃതമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. എന്നാല്‍ അക്കാദമിക കാര്യങ്ങളില്‍ എസ്സിഇആര്‍ടി രൂപപ്പെടുത്തിയ പരിഷ്കരിച്ച ചട്ടക്കൂടില്‍ കാര്യമായ വ്യതിയാനം ഉണ്ടാകാനിടയില്ല.

സാമൂഹികാവശ്യം പരിഗണിച്ചാണ് ഒന്നാംക്ലാസ് മുതല്‍ തന്നെ ഇംഗ്ലീഷും ഐ.ടിയും പഠിപ്പിക്കാന്‍ തീരുമാനമായത്. ഇംഗ്ലീഷ്മീഡിയം സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാന്‍ ഇതുപകരിക്കുമെന്ന് കരുതുന്നു. ഇംഗ്ലീഷ്മീഡിയമല്ല ആവശ്യം, ശാസ്ത്രീയമായി തന്നെ ഇംഗ്ലീഷ് ഒരു ഭാഷയായി ഒന്നുമുതല്‍ പഠിക്കുകയെന്നതാണ് ഈ പരിഷ്കാരത്തിന്റെ പ്രേരണ. ഇപ്പോള്‍ മൂന്നാംക്ലാസ് മുതലാണ് ഇംഗ്ലീഷ് പഠനം തുടങ്ങുന്നത്.

നേരത്തെ 1, 3, 5, 7, 9, 11 ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ മാറ്റാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒമ്പതാംക്ലാസ് മുതല്‍ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി പഠിക്കുന്നതിന് പുതിയ പാഠ്യപദ്ധതി അവസരമൊരുക്കുന്നുണ്ട്. വിവിധ വിഷയങ്ങളുടെ അടിത്തറ ഉറപ്പിക്കുന്ന സാമാന്യപഠനവും അധിക താല്പര്യമുള്ള വിഷയം കൂടുതലായി പഠിക്കുന്നതിന് സവിശേഷ പഠനവും ഏര്‍പ്പെടുത്തും. ഈ സമ്പ്രദായം വ്യാപകമായി നടക്കുംമുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏതാനും സ്കൂളുകളില്‍ മാത്രം ആദ്യം നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. പരീക്ഷണം വിജയകരമാണെങ്കില്‍ തുടര്‍ന്നുള്ള അധ്യയനവര്‍ഷം മുതല്‍ സവിശേഷ പഠനത്തിനും അവസരം നല്‍കും. ശാസ്ത്രം, മാനവികവിഷയങ്ങള്‍, ഗണിതം, കലാകായികം എന്നിവയില്‍ ഏതെങ്കിലുമൊന്നാണ് സവിശേഷ പഠനത്തിനായി കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാവുന്നത്.

സ്കൂളിന്റെ സമയമാറ്റം സംബന്ധിച്ച് കരിക്കുലം കമ്മിറ്റിയേ അന്തിമ തീരുമാനമെടുക്കൂ. എന്നാല്‍ ആഴ്ചയില്‍ അഞ്ചു ദിവസങ്ങളിലായിരിക്കും പഠനം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് പീരിയഡുകളായി അധ്യയനം ക്രമീകരിക്കും.

ഇപ്പോള്‍ ഓണം, ക്രിസ്മസ്, വര്‍ഷാന്ത്യ പരീക്ഷ എന്നീ മൂന്നു ടേം പരീക്ഷകള്‍ നടത്തുന്നത് രണ്ടായി ചുരുങ്ങും. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആദ്യ പരീക്ഷയും മാര്‍ച്ചില്‍ അവസാന പരീക്ഷയും നടക്കും. പരീക്ഷാ നടത്തിപ്പിന് കൂടുതല്‍ സമയം ചെലവഴിക്കപ്പെടുന്നുവെന്നതാണ് രണ്ടു ടേം പരീക്ഷയായി പരിമിതപ്പെടുത്താനുള്ള കാരണം. 80 പേജിലധികമുള്ള പുസ്തകങ്ങളും രണ്ട് ഭാഗമായിട്ടായിരിക്കും ഇറക്കുക. ഇവ രണ്ടു ടേമിലായി നല്‍കും. ടേമിനല്‍ പരീക്ഷയ്ക്ക് ക്രമാനുഗതമായി പ്രാധാന്യം കുറച്ച് നിരന്തര മൂല്യനിര്‍ണയത്തിന് പ്രാമുഖ്യം നല്‍കണമെന്നാണ് ചട്ടക്കൂട്ടിലെ നിര്‍ദ്ദേശം. അടുത്ത 25 വര്‍ഷത്തേക്കുള്ള കാഴ്ചപ്പാട് എന്ന നിലയില്‍ ഓണ്‍ലൈന്‍ പരീക്ഷയും പുസ്തകം നോക്കി ഉത്തരമെഴുതാവുന്ന തരത്തിലുള്ള പരീക്ഷയും നടപ്പാക്കണമെന്നും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അന്തിമ റിപ്പോര്‍ട്ടിലുണ്ടാകും.

8. ലോട്ടറി നികുതി കുടിശ്ശിക 9,287 കോടി രൂപ; വൈദ്യുതി കുടിശ്ശിക 599 കോടിയും
തലശ്ശേരി: ലോട്ടറി വ്യാപാരികളില്‍നിന്ന് സംസ്ഥാന സര്‍ക്കാറിന് നികുതിയിനത്തില്‍ ലഭിക്കാനുള്ളത് 9287.41 കോടി രൂപ. ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത് എറണാകുളം പാന്‍ ഇന്ത്യ നെറ്റ്വര്‍ക്ക് ഇന്‍ഫ്രാവെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്. 7046.22 കോടി രൂപയാണിവര്‍ നല്‍കേണ്ടത്. സ്ഥാപനത്തിലെ 104 ഏജന്റുമാര്‍ 782.49 കോടി രൂപ വേറെയും നല്‍കാനുണ്ട്. എറണാകുളം കെയേഴ്സ് 402.68 കോടി രൂപ കുടിശ്ശികയുണ്ട്. സ്ഥാപനത്തിലെ മൂന്ന് ഏജന്റുമാര്‍ 46.84 കോടി രൂപയും നല്‍കണം.

മട്ടാഞ്ചേരി ധന്‍ധനാധന്‍ ഇന്‍ഫോ ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 82.12 കോടി രൂപയും കാസര്‍കോട് മിര്‍സ അസോസിയേറ്റ്സ് 41.36 കോടി രൂപയും നല്‍കണം.

വിവരാവകാശ നിയമപ്രകാരം പീപ്പിള്‍സ് കൌണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്സ് പ്രസിഡന്റ് അഡ്വ. ടി.ആസഫലിയെ നികുതി വകുപ്പ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചതാണീ വിവരം.

വൈദ്യുതി നിരക്ക് ഇനത്തില്‍ സ്വകാര്യ വ്യവസായികളില്‍നിന്ന് 599.19 കോടി രൂപ കുടിശ്ശികയുണ്ട്. 2007 സപ്തംബര്‍ 30 വരെയാണ് ഇത്രയും തുക ലഭിക്കാനുള്ളതെന്ന് വൈദ്യുതി വകുപ്പ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പീപ്പിള്‍സ് കൌണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്സിനെ അറിയിച്ചു. ലോട്ടറി വില്പന നികുതി കുടിശ്ശികയും വൈദ്യുതി നിരക്ക് ഇനത്തില്‍ ലഭിക്കാനുള്ള തുകയും പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള കുറ്റകരമായ അനാസ്ഥ അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പീപ്പിള്‍സ് കൌണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്സ് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുടിശ്ശിക പിരിച്ചെടുത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധന പിന്‍വലിക്കണം. ലോട്ടറി വില്പന നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിലുള്ള അനാസ്ഥ വന്‍കിടക്കാരെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് യോഗം അഭിപ്രായപ്പെട്ടു. അഡ്വ. ടി.ആസഫലി അധ്യക്ഷനായി.

അഭിഭാഷകരായ ബിജു വി. ജോസഫ്, വി.പി.റഹിം, വിജിത്ത് വിജു, ശുഹൈബ് എന്നിവര്‍ സംസാരിച്ചു. ബി.കെ.ഫൈസല്‍ സ്വാഗതവും സി.ജയസൂര്യന്‍ നന്ദിയും പറഞ്ഞു.

9. ചരക്കു തീവണ്ടികള്‍ക്ക് പ്രത്യേക പാത നിര്‍മിക്കും _ ലാലുപ്രസാദ്
പുരി(ഒറീസ്സ): ചരക്കു തീവണ്ടികള്‍ക്ക് മാത്രമായി പ്രത്യേകം പാത നിര്‍മിക്കുമെന്ന് റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് പറഞ്ഞു. നിലവിലുള്ള രണ്ടുവരിപ്പാത ഘട്ടംഘട്ടമായി മൂന്നാക്കി മാറ്റും. പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് 30,000 കോടി രൂപ നീക്കിവെച്ചതായും മന്ത്രി പറഞ്ഞു.

ലുധിയാന _ ഹൌറ, ഡല്‍ഹി _ മുംബൈ പാതകളായിരിക്കും ആദ്യ ഘട്ടത്തില്‍ മൂന്നു വരിയാക്കുക. രണ്ടാം ഘട്ടത്തില്‍ മുംബൈ _ ചെന്നൈ, ചെന്നൈ _ ഹൌറ പദ്ധതി നടപ്പാക്കും.

വരാന്‍ പോകുന്നത് തന്റെ ഏറ്റവും മികച്ച റെയില്‍വേ ബജറ്റായിരിക്കുമെന്ന് ലാലു അവകാശപ്പെട്ടു.

കുടുംബസമേതം പുരി കൊണാര്‍ക്ക് സന്ദര്‍ശനം നടത്തവേയാണ് ലാലു പുതിയ പദ്ധതികളെപ്പറ്റി സംസാരിച്ചത്.

10. ഇക്കൊല്ലത്തെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനം
ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ സാമ്പത്തിക വളര്‍ച്ചനിരക്ക് 8.5 ശതമാനമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി വ്യക്തമാക്കി. 2007_08 ലെ പുതുക്കിയ കണക്കനുസരിച്ചുള്ള വളര്‍ച്ചനിരക്ക് 8.9 ശതമാനമാണ്.
ഉപഭോക്തൃസാധനങ്ങളുടെ ആവശ്യത്തില്‍ വന്നിട്ടുള്ള കുറവ്, വ്യാപാരം,ഹോട്ടല്‍,ഗതാഗതം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലുണ്ടായ നേരിയ വളര്‍ച്ചക്കുറവ്, കാര്‍ഷിക വളര്‍ച്ചയിലുള്ള കുറവ് തുടങ്ങിയവാണ് മൊത്തം സാമ്പത്തിക വളര്‍ച്ച അല്പം കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആഗോളതലത്തില്‍ ഉണ്ടാവാനിടയുള്ള മാന്ദ്യം,വൈദ്യുതിയുടെ ലഭ്യതക്കുറവ്,കൂടിയ എണ്ണവില,പുതിയ ശമ്പളക്കമ്മീഷന്‍ നടപ്പാക്കുമ്പോഴുള്ള ബാധ്യത തുടങ്ങിയവയും വളര്‍ച്ചയെ ബാധിക്കാനിടയുണ്ടെന്ന് സാമ്പത്തിക ഉപദേശക സമിതിയുടെ അധ്യക്ഷന്‍ ഡോ.സി.രംഗരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇക്കൊല്ലവും നല്ല കാലവര്‍ഷം ലഭിച്ചാല്‍ കാര്‍ഷികമേഖലയില്‍ ഇപ്പോഴുള്ള വളര്‍ച്ചനിരക്ക് നിലനിര്‍ത്താനാവും. അല്ലെങ്കില്‍ വളര്‍ച്ച കുറയും. 2007_08 ലെ പുതുക്കിയ കണക്കനുസരിച്ച് 3.6 ശതമാനമാണ് കാര്‍ഷിക വളര്‍ച്ചനിരക്ക്.
വ്യവസായ മേഖലയില്‍ 9.7 ശതമാനവും സേവനമേഖലയില്‍ 10.3 ശതമാനവും ആണ് വളര്‍ച്ചനിരക്ക്.

 1. പാല്‍ വിലവര്‍ധന: മില്‍മയും സര്‍ക്കാരും ഏറ്റുമുട്ടലിലേക്ക്
കോട്ടയം: വിലവര്‍ധനയെച്ചൊല്ലി സര്‍ക്കാരും മില്‍മയും തമ്മില്‍ ഭിന്നത രൂക്ഷമായതോടെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നു പാല്‍ വാങ്ങുന്നതു നിര്‍ത്തിവയ്ക്കാന്‍ മില്‍മ ആലോചിക്കുന്നതായി സൂചന. ഇതിനു മുന്നോടിയായി റിച്ച് പാലിന്റെ വില്പന നിര്‍ത്തിവയ്ക്കാനും മില്‍മ തീരുമാനിച്ചു.

മില്‍മയും സര്‍ക്കാരും തമ്മിലുള്ള ശീതസമരം പരിഹരിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനം രൂക്ഷമായ പാല്‍ക്ഷാമം നേരിടും. അന്യസംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ നഷ്ടം സഹിച്ച് സംസ്ഥാനത്ത് പാല്‍ എത്തിച്ചാല്‍ മില്‍മയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുമെന്നും അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള പുതിയ നീക്കങ്ങള്‍ അറിഞ്ഞശേഷം തീരുമാനമെടുക്കാമെന്നുമാണു മില്‍മയുടെ നിലപാട്.

പാല്‍ക്ഷാമം രൂക്ഷമായതിനാല്‍ കഴിഞ്ഞവര്‍ഷം കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നു പാല്‍ ഇറക്കുമതി ചെയ്തതിന് മില്‍മയ്ക്ക് 20 കോടിയോളം രൂപയാണ് അധികച്ചെലവ് ഉണ്ടായത്. പാല്‍ക്ഷാമം നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാണമെന്ന് വകുപ്പ് മന്ത്രി അന്നു നിര്‍ദേശം നല്‍കിയിരുന്നതായും മില്‍മ അധികൃതര്‍ പറഞ്ഞു.

അന്യസംസ്ഥാനങ്ങളില്‍ നിന്നു പാല്‍ ഇറക്കുമതി ചെയ്യുന്നതിന് അധികമായി ചെലവിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വമായ തീരുമാനം കൈക്കൊള്ളാമെന്ന് അധികൃതര്‍ അന്നു വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നത്രേ. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചുവടുമാറ്റം നടത്തി.

തമിഴ്നാട് കഴിഞ്ഞമാസം മുതല്‍ കേരളത്തിലേക്കുള്ള പാല്‍ വില്‍പ്പന നിര്‍ത്തിവെച്ചു. മഹാരാഷ്ട്രയില്‍ നിന്ന് പാല്‍ എത്തിക്കുന്നതില്‍ ഗതാഗതച്ചെലവായി വന്‍ തുകയാണ് നല്‍കേണ്ടി വരുന്നത്. ഇതുമൂലം നിലവില്‍ കര്‍ണാടകയെ മാത്രമാണ് ഇപ്പോള്‍ മില്‍മയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്നത്. പ്രതിദിനം 2.5 ലക്ഷം ലിറ്റര്‍ പാലാണ് കര്‍ണാടകയില്‍ നിന്ന് എത്തിക്കുന്നത്.

മില്‍മയും സര്‍ക്കാരും തമ്മില്‍ ശീതസമരം ആരംഭിച്ചതോടെ ഗുണനിലവാരം കുറഞ്ഞപല കമ്പനികളുടേയും പാല്‍ വിപണിയില്‍ സജ്ജീവമായി രംഗത്തെത്തി.

മില്‍മ വിതരണംചെയ്യുന്ന ടോണ്‍ഡ് പാലിനു മാത്രമാണ് സര്‍ക്കാരിന് വില നിര്‍ണ്ണയിക്കാന്‍ അവകാശമുള്ളതെന്നും മറ്റുള്ളവയുടെ കാര്യത്തില്‍ മില്‍മയ്ക്ക് സ്വന്തമായി വിലവര്‍ധിപ്പിക്കാമെന്നുമാണ് മില്‍മയുടെ വാദം. വിലവര്‍ധന സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താല്‍ സര്‍ക്കാര്‍ വില വര്‍ധനയെ എതിര്‍ക്കുന്നു. എന്നാല്‍ സര്‍ക്കാരും മില്‍മയും തമ്മിലുള്ള ചേരിപ്പോര് വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കൂടുതല്‍ പാല്‍ ക്ഷാമത്തിന് കാരണമാവുമെന്ന് വ്യക്തം.

2. കാന്തല്ലൂരില്‍ നോട്ടീസ് ലഭിച്ച ആരേയും കുടിയിറക്കരുതെന്ന് സമിതി ശിപാര്‍ശ
തൊടുപുഴ: പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന പേരില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് വനംവകുപ്പ് നല്‍കിയ നോട്ടീസില്‍ ജനകീയ സമിതി തെളിവെടുപ്പ് തുടങ്ങി. ഡി.എഫ്.ഒ കണ്‍വീനറും ജനപ്രതിനിധികള്‍ അംഗങ്ങളുമായുള്ള സമിതി കാന്തല്ലൂര്‍ പഞ്ചായത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഇവിടെ നോട്ടീസ് നല്‍കിയ ഒരു കര്‍ഷകരെയും കുടിയിറക്കരുതെന്ന് സമിതി ശിപാര്‍ശ ചെയ്തു.

പഞ്ചായത്തിലെ പെരടിപള്ളം, വണ്ണാന്തറ, പാമ്പന്‍പാറ, ഒള്ളവയല്‍ തുടങ്ങിയ സ്ഥലങ്ങളിലെ എഴുപതോളം കര്‍ഷകര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്. നാല്‍പ്പതും അന്‍പതും വര്‍ഷമായി ഭൂമി കൈവശംവച്ച് കൃഷിചെയ്തു വരുന്ന കര്‍ഷകരാണ് ഇവിടെയുള്ളത്. ഇവരെ കുടിയിറക്കാന്‍ ഒരു കാരണവശാലും അനുവദിക്കി ല്ലെന്ന സമിതിഅംഗങ്ങളായ ജന പ്രതിനിധികളുടെ നിലപാട് കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. പരിസ്ഥിതി ദുര്‍ബലപ്രദേശമെന്ന നിര്‍വചനത്തില്‍ ഈ മേഖല ഉള്‍പ്പെടില്ലെന്ന് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

പരിസ്ഥിതി ദുര്‍ബലപ്രദേശ മെന്ന പേരില്‍ 77 ബീറ്റുകളിലാണ് കര്‍ഷകര്‍ക്ക് വനംവകുപ്പ് നോട്ടീസ് നല്‍കിയത്. ഇത് വിവാദമാകുകയും കര്‍ഷകരും രാഷ്ട്രീയ സംഘടനകളും സമരം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ കര്‍ഷകരുടെ ആശങ്കയകറ്റാന്‍ ഇടുക്കിയില്‍ വനംമന്ത്രി ബിനോയ് വിശ്വം വിളിച്ചു ചേര്‍ത്തയോഗത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങിയ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ സമിതി പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നല്‍കുന്ന ശി പാര്‍ശ അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നു.

മറയൂര്‍ പഞ്ചായത്തില്‍ സമിതിയുടെ തെളിവെടുപ്പ് 21-ന് നടക്കും. കാല്‍വരിമൌണ്ട് മേഖലയില്‍ 24-നാണ് ഡി.എഫ്.ഒ കണ്‍വീനറായ സമിതിയുടെ തെളിവെടുപ്പ്.

3. എണ്ണക്കമ്പനികള്‍ക്ക് എതിരെ ഡീലര്‍മാര്‍ ഹൈക്കോടതിയില്‍
കൊച്ചി: വില വര്‍ധന മുന്നില്‍ കണ്ട് എണ്ണ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ എന്നിവ നല്‍കാത്തതിനെതിരെ ഹൈ ക്കോടതിയില്‍ ഓള്‍ കേരള പെട്രോളിയം ഡീലേഴ്സ് ഹര്‍ജി നല്‍കി.

ഐ.ഒ.സി, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എന്നിവയാണ് എതിര്‍ കക്ഷികള്‍. 2002 – ല്‍ സമാന സാഹചര്യം വന്ന പ്പോള്‍ കോടതി ഇടപ്പെട്ട കാര്യവും ഹര്‍ജിക്കാര്‍ കോടതി യില്‍ ബോധിപ്പിച്ചിട്ടുണ്ട്.

4. എന്‍ഡോസള്‍ഫാന്‍ മൂലം ഒരാള്‍കൂടി മരിച്ചു
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതുമൂലം രോഗബാധിതനായ ഒരള്‍കൂടി മരിച്ചു.

മൂളിയാര്‍ മൂലനടുക്കത്തെ ടിഎ മുഹമ്മദ് (65) ആണ് മരിച്ചത്. കിഡ്നി, വയര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ നഫീസ. മക്കള്‍ സുഹറ, ഫൌസിയ, സൌദ, ഫരീദ.

5. ബാസുവും ബുദ്ധദേവും കമ്യൂണിസ്റ്റുകളെ ഞെട്ടിച്ചു: ഫോര്‍വേഡ് ബ്ളോക്ക്
ധന്‍ബാദ്: മുതിര്‍ന്ന സി.പി.എം നേതാക്കളായ ജ്യോതിബാസുവും ബുദ്ധദേവ് ഭട്ടാചാര്യയും മുതലാളിത്തെ പുകഴ്ത്തി സംസാരിച്ചു കമ്യൂണിസ്റ്റുകളെ ഞെട്ടിച്ചെന്ന് ഫോര്‍വേഡ് ബ്ളോക്ക്. ഫോര്‍വേഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി ദേവവ്രത വിശ്വാസാണ് ഇത്തരം പ്രസ് താവനകള്‍ കമ്യൂണിസത്തിന്റെ വ ളര്‍ച്ചയെ തടയുമെന്ന വാദവുായി സി.പി.എമ്മിനെതിരേ ആഞ്ഞടിച്ചത്.

സോഷ്യലിസം സ്ഥാപിക്കുകയാണു കമ്യൂണിസ്റ്റുകളുടെ അന്തിമലക്ഷ്യം. ഇതിനാദ്യം ഇടതുപാര്‍ട്ടികള്‍ പൊതുവായി നിലപാടു സ്വീകരിക്കുകയാണു വേണ്ടത്-അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനു ള്ള പിന്തുണ പിന്‍വലിക്കുമെന്നു പ്രഖ്യാപിച്ച പാര്‍ട്ടി തന്നെ പിന്നീട് ആരോടുമാലോചിക്കാതെ അതു പിന്‍വലിച്ചതു പോലുള്ള സംഭവങ്ങള്‍ ഇടത് ഐക്യത്തിനു തുരങ്കം വയ്ക്കുമെന്നു സി.പി.എമ്മിനെ പേരെടുത്തു പറയാതെ ബിശ്വാസ് കുറ്റപ്പെടുത്തി.

1. ലക്ഷം വികലാംഗര്‍ക്ക് തൊഴില്‍ നല്‍കാന്‍ 1800 കോടിയുടെ പദ്ധതി
ന്യൂദല്‍ഹി: സ്വകാര്യ മേഖലയില്‍ വര്‍ഷംതോറും വികലാംഗരായ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. വികലാംഗര്‍ക്ക് സ്ഥിര ജോലി നല്‍കുന്ന സംഘടിത മേഖലയിലെ തൊഴിലുടമകള്‍ക്ക് ഇതിനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.

പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ എന്നിവക്കായി തൊഴിലുടമ നല്‍കേണ്ട വിഹിതം അടക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും. വികലാംഗര്‍ക്ക് ജോലി നല്‍കിയാല്‍ ആദ്യ മൂന്നു വര്‍ഷത്തേക്ക് ഇ.പി.എഫ്, ഇ.എസ്.ഐ വിഹിതം തൊഴിലുടമ അടക്കേണ്ടതില്ല. പ്രതിമാസം 25,000 രൂപ വരെ ശമ്പളം പറ്റുന്ന വികലാംഗരുടെ കാര്യത്തില്‍ ഇത് ബാധകമാണ്. 11ാം പഞ്ചവല്‍സര പദ്ധതിക്കാലത്തേക്ക് ഇതിനായി 1,800 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. അഞ്ചു കോടി രൂപ വീതം ആദ്യ ഗഡുവായി പി.എഫ് ഓര്‍ഗനൈസേഷനും ഇ.എസ്.ഐ കോര്‍പറേഷനും മുന്‍കൂര്‍ നല്‍കും. പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താന്‍ തൊഴില്‍ സെക്രട്ടറി ചെയര്‍മാനായി മന്ത്രാലയതല സമിതി രൂപവത്കരിക്കും.

പ്രതിവര്‍ഷം ലക്ഷം വികലാംഗര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നതെങ്കിലും, ഇതിന് ഉപോദ്ബലകമായ കണക്കുകളില്ല. സര്‍ക്കാര്‍^പൊതുമേഖലാ ഉദ്യോഗങ്ങളില്‍ ചുരുങ്ങിയത് അഞ്ചു ശതമാനം വികലാംഗര്‍ക്ക് നേരത്തെ സംവരണം ചെയ്തിട്ടുണ്ട്. ഇത് എല്ലാ സ്വകാര്യ തൊഴില്‍ദാതാക്കളും പ്രാവര്‍ത്തികമാക്കിയാല്‍ ലക്ഷം വികലാംഗര്‍ക്ക് തൊഴില്‍ കിട്ടുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. പദ്ധതിക്കു മതിയായ പ്രചാരണം നല്‍കുന്നതിനു മാത്രമായി 16 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

സാക്ഷരതാ നിരക്ക് കുറഞ്ഞ ന്യൂനപക്ഷ കേന്ദ്രീകൃത നഗരങ്ങളെ കസ്തൂര്‍ബാഗാന്ധി ബാലികാ വിദ്യാലയ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. 338 നഗരങ്ങളെയാണ് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളായി ന്യൂനപക്ഷ ക്ഷേമമന്ത്രാലയം നിര്‍ണയിച്ചിട്ടുള്ളത്. സ്ത്രീ സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയായ 53.76 ശതമാനത്തിലും താഴെയുള്ള 94 നഗരപ്രദേശങ്ങള്‍ രാജ്യത്തുണ്ടെന്നും മന്ത്രാലയം കണക്കാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ കസ്തൂര്‍ബാഗാന്ധി ബാലികാ വിദ്യാലയ പദ്ധതിപ്രകാരം യു.പി തലം വരെയുള്ള വിദ്യാഭ്യാസത്തിന് താമസസൌകര്യത്തോടെ സ്കൂള്‍ തുടങ്ങും. 30 ശതമാനത്തില്‍ താഴെ സാക്ഷരതാ നിരക്കുള്ള എല്ലാ ബ്ലോക്കുകളിലും പദ്ധതിപ്രകാരം സ്കൂള്‍ തുടങ്ങുന്നതിനും തീരുമാനിച്ചു.

വാണിജ്യ മന്ത്രാലയത്തിനു കീഴിലെ റബര്‍, കാപ്പി, തേയില, സുഗന്ധവ്യഞ്ജന ബോര്‍ഡുകള്‍, സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി, കയറ്റുമതി പരിശോധനാ കൌണ്‍സില്‍ എന്നിവിടങ്ങളിലായി സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള 246 തസ്തികകളില്‍ നേരിട്ടുള്ള നിയമനം നടത്തുന്നതിന് ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

2. ടാറ്റ കൈയേറ്റത്തിന്റെ സര്‍വേ മാപ്പായി; ഒഴിപ്പിക്കാന്‍ അനുമതി തേടി
തൊടുപുഴ: മൂന്നാറില്‍ ടാറ്റാ ടീയുടെ കണ്ണന്‍ദേവന്‍ കമ്പനി 50,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതായി മൂന്നാര്‍ ദൌത്യസംഘം നടത്തിയ സര്‍വേ രേഖകളുടെ പരിശോധനയില്‍ കണ്ടെത്തി.

ടാറ്റയുടെ കൈയേറ്റം തെളിയിക്കുന്ന സര്‍വേ മാപ്പ് കണ്ണന്‍ദേവന്‍ വില്ലേജില്‍ പ്രസിദ്ധീകരിച്ചു. ഭൂമി ഏറ്റെടുക്കല്‍ അടുത്തമാസം ആരംഭിക്കുമെന്നാണ് സൂചന. ഇതിന് ദൌത്യസംഘം സര്‍ക്കാറിന്റെ പ്രത്യേക അനുമതി തേടിയിട്ടുണ്ട്.

കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ 29ല്‍ 27 ബ്ലോക്കുകളുടെ സര്‍വേ പരിശോധന പൂര്‍ത്തിയാക്കിയപ്പോഴാണ് സര്‍ക്കാര്‍ ഭൂമി ടാറ്റയുടെ നിയന്ത്രണത്തിലാണെന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ ഭൂമിയും ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയും ഏതെല്ലാമെന്ന് വ്യക്തമാക്കി സര്‍വേ ലൈനുകള്‍ വേര്‍തിരിച്ച ഒമ്പതാം വിജ്ഞാപനമാണ് ദൌത്യസംഘം കണ്ണന്‍ദേവന്‍ വില്ലേജ് ഓഫീസില്‍ പ്രസിദ്ധീകരിച്ചത്.

വിജ്ഞാപനത്തിലെ സര്‍വേ അതിര്‍ത്തി നിര്‍ണയത്തില്‍ പരാതിയുണ്ടെങ്കില്‍ നല്‍കാനും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി. ഇതുപ്രകാരം ടാറ്റയുടെ തോട്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കണ്ണന്‍ദേവന്‍ കമ്പനി വളരെ കുറച്ച് പരാതികള്‍ മാത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

കണ്ണന്‍ദേവന്‍ കമ്പനിക്കൊപ്പം ചില സ്വകാര്യ വ്യക്തികളും ഒമ്പതാം വിജ്ഞാപനത്തിനെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഭൂമി അവകാശപ്പെട്ട് ഇവര്‍ ഹാജരാക്കിയത് കള്ള പട്ടയങ്ങളാണെന്ന് ദൌത്യസംഘം കണ്ടെത്തി. തോട്ടങ്ങള്‍ക്കിടയിലെ സര്‍ക്കാര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് കണ്ണന്‍ദേവന്‍ കമ്പനി നല്‍കിയ രേഖകളും അവകാശ വാദത്തിന് ബലം നല്‍കുന്നതല്ല.

’71 ലെ കണ്ണന്‍ദേവന്‍ ഹില്‍സ് റിസംപ്ഷന്‍ ഓഫ് ലാന്റ്സ് ആക്ടിലൂടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുംമുമ്പ് ടാറ്റ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിറ്റിരുന്നു. ഇത് ലാന്റ് ബോര്‍ഡ് അംഗീകരിച്ചാണ് ആക്ട് പാസാക്കിയത്. ഇതിന് ശേഷം നിയമവിരുദ്ധമായി ടാറ്റയില്‍ നിന്ന് ഭൂമി വിലക്ക് വാങ്ങിയവരും ആ രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്.

ടാറ്റ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ഭൂമിയുടെ വിസ്തീര്‍ണം, സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ സ്ഥലത്തിന്റെ വിസ്തീര്‍ണം എന്നിവ വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ടാണ് ദൌത്യസംഘം സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്.

ഒന്നുമുതല്‍ 27 വരെ ബ്ലോക്കുകളിലാണ് ടാറ്റയുടെ പാട്ടഭൂമിയും സര്‍ക്കാര്‍ ഭൂമിയും സ്ഥിതി ചെയ്യുന്നത്. 28, 29 ബ്ലോക്കുകളിലാണ് മൂന്നാര്‍ ടൌണും ദേവികുളം ടൌണും. ഈ രണ്ട് ബ്ലോക്കുകളിലെ സര്‍വേ പൂര്‍ത്തിയായിട്ടില്ല. ഒന്നുമുതല്‍ 27 വരെ ബ്ലോക്കുകളിലുള്ള സര്‍ക്കാര്‍ ഭൂമി നിയന്ത്രണത്തില്‍ കൊണ്ടുവന്ന ശേഷം മൂന്നാര്‍ ടൌണിലെയും ദേവികുളം ടൌണിലെയും കൈയേറ്റങ്ങള്‍ പരിശോധിക്കുകയാണ് നല്ലതെന്ന അഭിപ്രായവും ദൌത്യസംഘം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. മൂന്നാര്‍, ദേവികുളം ടൌണുകളിലെ കൈയേറ്റക്കാരില്‍ ഏറെയും ചെറുകിട കച്ചവടക്കാരും സാധാരണക്കാരുമാണ്. ഇവരെ പുനരധിവസിപ്പിച്ചശേഷം വന്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കര്‍മപദ്ധതിയാണ് ദൌത്യസംഘം മുന്നോട്ടുവെച്ചിരിക്കുന്നത്.

1. കണ്ണൂരിനും ചിറക്;  ചെലവ് 929.5 കോടി
ന്യൂഡല്‍ഹി: പൊതു – സ്വകാര്യ പങ്കാളിത്തത്തില്‍ കണ്ണൂരിലെ മൂര്‍ഖന്‍പറമ്പില്‍ രാജ്യാന്തര വിമാനത്താവളം സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. 74% ഒാഹരി സ്വകാര്യ സംരംഭകരുടേതും ബാക്കി 26% സംസ്ഥാന സര്‍ക്കാരിന്റേതുമായിരിക്കും. 2000 ഏക്കര്‍ സ്ഥലത്തായി സ്ഥാപിക്കുന്ന വിമാനത്താവളത്തില്‍ ഒരു റണ്‍വേ മാത്രമാണുണ്ടാവുക. പദ്ധതിച്ചെലവ് 929.5 കോടി രൂപയാണ്. ഇതില്‍ ഭൂമിവില, പുനരധിവാസച്ചെലവ് എന്നിവ ഉള്‍പ്പെടുന്നില്ല.

ഈ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര വിമാനത്താവളം എന്ന നിലയ്ക്കാണു കണ്ണൂര്‍ വികസിപ്പിക്കുന്നത്. നിലവിലുള്ള വിമാനത്താവളത്തിന്റെ 150 കിലോമീറ്ററിനുള്ളില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം അനുവദിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയും കണ്ണൂരിന്റെ കാര്യത്തില്‍ ഇളവുചെയ്തു. (നിലവിലുള്ളതു വികസിപ്പിക്കുന്നതിനു പകരം തീര്‍ത്തും പുതിയ സംരംഭം എന്നാണു ഗ്രീന്‍ഫീല്‍ഡ് എന്നതിന് അര്‍ഥം.

നിലവിലുള്ളതു വികസിപ്പിക്കുമ്പോള്‍ ബ്രൌണ്‍ഫീല്‍ഡ് എന്നാണു വിശേഷിപ്പിക്കുക).വടക്കന്‍ കേരളത്തില്‍ വാണിജ്യവും ടൂറിസവും വികസിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനൊപ്പം വിദേശനാണ്യം നേടിത്തരുന്ന ആയിരക്കണക്കായ വിദേശമലയാളികളുടെ ആവശ്യമാണിതെന്നു മന്ത്രിമാരായ എ.കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും ശക്തമായ വാദവും കൂടിയായപ്പോള്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ വഴങ്ങുകയായിരുന്നു.

കേന്ദ്ര ടൂറിസം മന്ത്രാലയവും പദ്ധതിക്ക് അനുകൂല നിലപാടെടുത്തിരുന്നു.ഉടനെതന്നെ കണ്ണൂര്‍ വിമാനത്താവള വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നു ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ സംസ്ഥാന സര്‍ക്കാരിനോട് ഇൌയിടെ വ്യക്തമാക്കിയിരുന്നു. ഇന്നലെ മന്ത്രിസഭ രണ്ടു വിമാനത്താവളങ്ങളുടെ വിഷയമാണു പരിഗണിച്ചത് – നാഗ്പൂരും കണ്ണൂരും. നാഗ്പൂര്‍ വകുപ്പു മന്ത്രിയുടെ സ്വന്തം സ്ഥലം. അവിടത്തെ വിമാനത്താവളം ചരക്കു ഗതാഗത ഹബ്ബാക്കി വികസിപ്പിക്കണമെന്നതാണു മന്ത്രിയുടെ ആഗ്രഹം. അതിനായി രൂപീകരിക്കുന്ന കമ്പനിയുടെ ഒാഹരി പങ്കാളിത്തം സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാതെ തന്നെ പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കി. തുടര്‍ന്നു കണ്ണൂരിന്റെ വിഷയമെടുക്കുകയായിരുന്നു.

പുതിയ വിമാനത്താവളംമൂലം എയര്‍പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യയ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കുള്‍പ്പെടെ നിരത്തപ്പെട്ടു.കണ്ണൂരില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ കീഴല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ട മൂര്‍ഖന്‍പറമ്പിലാണു വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുത്തു തുടങ്ങിയിട്ടുള്ളത്. ഇതുവരെ വിജ്ഞാപനം ചെയ്തിട്ടുള്ളത് 1284.49 ഏക്കര്‍ സ്ഥലമാണ്. ഇന്നലെവരെ 192.18 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കുന്നതിന് 250 കോടി രൂപ സമാഹരിക്കാന്‍ കിന്‍ഫ്ര പദ്ധതിവിവര മെമ്മോറാണ്ടം തയാറാക്കിയിരുന്നു.

കണ്‍സല്‍ട്ടന്റുമാരെയും നിര്‍മിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള ആഗോള ടെന്‍ഡര്‍ വിളിച്ചു സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യുന്നതിനുള്ള ചുമതലയും കിന്‍ഫ്രയ്ക്കാണ്. ഭൂമി ഏറ്റെടുക്കുന്നതിനു മട്ടന്നൂരില്‍ ലാന്‍ഡ് അക്വിസിഷന്‍ ഒാഫിസ് പ്രവര്‍ത്തിച്ചു വരുന്നു. ഇതിനായി സ്പെഷല്‍ തഹസില്‍ദാരെയും ചുമതലപ്പെടുത്തി.സി.എം. ഇബ്രാഹിം 1997ല്‍ വ്യോമയാന മന്ത്രിയായിരുന്നപ്പോഴാണു വിമാനത്താവളമെന്ന നിര്‍ദേശമുയര്‍ന്നതും മൂര്‍ഖന്‍പറമ്പിനെ പരിഗണിച്ചതും.

ഭൂമി ഏറ്റെടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തുടക്കമിട്ടെങ്കിലും പിന്നീടു ഭരണമാറ്റമുണ്ടായത് ഏറ്റെടുക്കലിനെ ബാധിച്ചു. എ.പി. അബ്ദുല്ലക്കുട്ടി ജനറല്‍ കണ്‍വീനറും കെ. സുധാകരന്‍ എംഎല്‍എ ചെയര്‍മാനുമായുള്ള ആക്ഷന്‍ കമ്മിറ്റിയാണ് അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.സുരക്ഷ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയവ കേന്ദ്ര ഏജന്‍സികള്‍ നിയന്ത്രിക്കും. എന്നാല്‍, ഇവയ്ക്ക് ആവശ്യമായ സൌകര്യങ്ങള്‍ നിര്‍മിക്കേണ്ടതു പദ്ധതി നടത്തിപ്പുകാരാണ്. സ്വകാര്യ സംരംഭകരെ കണ്ടെത്തേണ്ടതു സംസ്ഥാന സര്‍ക്കാരാണ്.

അതു സുതാര്യമായ രീതിയില്‍ നടത്തുന്നതിനു കേന്ദ്രം സംസ്ഥാനത്തിനു നിര്‍ദേശങ്ങള്‍ നല്‍കും.പൊതു – സ്വകാര്യ പങ്കാളിത്ത പദ്ധതിക്ക് ഉപയോഗിക്കേണ്ട റിക്വസ്റ്റ് ഫോര്‍ ക്വട്ടേഷന്‍ (ആര്‍എഫ്ക്യു), റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍സ് (ആര്‍എഫ്പി) എന്നിവയുടെ മാതൃകയും കേന്ദ്രം നല്‍കും. മൊത്തം ആവശ്യമായ മൂലധനത്തിന്റെ 30% വിമാനത്താവള നടത്തിപ്പുകാര്‍ നേരിട്ടു മുടക്കണം. ബാക്കി തുക വായ്പയായി കൊണ്ടുവരാം. സംയുക്ത സംരംഭമായതിനാല്‍ ഭൂമി വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവു നല്‍കണമോയെന്നു തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടാവും.

2. സഹകരണ സൊസൈറ്റികള്‍ വഴിയുള്ള അരി വ്യാപാരം അവസാനിപ്പിക്കുന്നു
കോഴിക്കോട്: സഹകരണ സൊസൈറ്റികള്‍ വഴിയുള്ള അരി വ്യാപാരം അവസാനിപ്പിക്കുകയാണെന്നു മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അരിവില പിടിച്ചു നിര്‍ത്തിയാലും ഇല്ലെങ്കിലും ഇക്കാര്യത്തില്‍ മാറ്റമില്ല. അരി വില്‍പന നടത്തേണ്ടതു സിവില്‍ സപ്ളൈസാണ്.

ജനങ്ങളെ സഹായിക്കാമെന്നു കരുതിയപ്പോള്‍ നാടുനീളെ പ്രസംഗിച്ചു നടക്കുന്ന ആരും ഇക്കാര്യം പറഞ്ഞില്ല. 10 കോടി രൂപയാണു ഇളവു നല്‍കി വകുപ്പിനു നഷ്ടമായത്. ആന്ധ്രയില്‍ നിന്നുള്ള ജയാ അരി കിലോയ്ക്ക് 3.50 രൂപ കുറച്ചാണു വിറ്റത്. കട നിര്‍ത്താതെ മാര്‍ഗമില്ല. നബാഡ് കര്‍ഷക വായ്പയ്ക്കു പലിശ കുറച്ചില്ലെങ്കില്‍ മഹാത്മാഗാന്ധിയുടെ പേര് കള്ളു ഷാപ്പിനിടുന്ന അവസ്ഥയായിരിക്കും ഫലം. കൃഷി നടക്കില്ല. പതിനൊന്നു മുതല്‍ 12% വരെ വായ്പ കൊടുക്കാന്‍ നബാഡ് പ്രേരിപ്പിക്കുകയാണ്.

ഏതു സര്‍ക്കാര്‍ ഭരിച്ചാലും നബാഡിന്റെ നയം ഇതു തന്നെയാണ്. സര്‍വീസ് സഹകരണ ബാങ്കുകളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിനാല്‍ പല നല്ല കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നുണ്ട്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചതു പോലെ നാലു ശതമാനം പലിശയ്ക്കാണു നെല്‍ക്കൃഷിക്കു വായ്പ നല്‍കുന്നത്. ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഇതിലും കുറച്ചാണു നല്‍കുന്നത്. നബാഡിന്റെയും റിസര്‍വ് ബാങ്കിന്റെയും കാര്‍ഷിക വായ്പാനയം തിരുത്തിയെടുക്കുന്നതിനു മുന്‍കയ്യെടുക്കേണ്ടത്  കേന്ദ്ര ധനമന്ത്രിയാണ്.

ഒരു വിഭാഗം സഹകരണ ബാങ്കുകളിലെ ജീവനക്കാരും സഹകാരികളും ചേര്‍ന്നു കൊള്ളയടി നടത്തുന്നുണ്ട്. കിടന്നു കൊണ്ട് ഓഡിറ്റു നടത്തുന്നവര്‍വരെയുണ്ടെന്നാണു ലോനപ്പന്‍ നമ്പാടന്‍ തന്നോടു പറഞ്ഞിട്ടുള്ളത്. എങ്കിലും സഹകരണ പ്രസ്ഥാനങ്ങള്‍ നാടിനു നല്‍കിയ സംഭാവന വലുതാണെന്നും മന്ത്രി പറഞ്ഞു. മേയര്‍ എം. ഭാസ്കരന്‍ ആധ്യക്ഷ്യം വഹിച്ചു. എംഎല്‍എമാരായ എ. പ്രദീപ് കുമാര്‍, പി. എം. എ. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. കുഞ്ഞമ്മദ് കുട്ടി, സി. പി. ബാലന്‍ വൈദ്യര്‍, കെ. സി അബു എന്നിവര്‍ പ്രസംഗിച്ചു.

3. ബുള്ളറ്റ് ട്രെയിന്‍ ഒാടിക്കാം: കൊങ്കണ്‍ എംഡി  
മുംബൈ: കൊങ്കണ്‍ പാതയിലൂടെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതിനു പ്രയാസമില്ലെന്നും എന്നാല്‍, ഇതിനു സമഗ്ര പഠനം ആവശ്യമാണെന്നും കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ അനുരാഗ് മിശ്ര പറഞ്ഞു.

കൊങ്കണ്‍ റൂട്ടില്‍ അതിവേഗ റയില്‍ ഇടനാഴിക്കായി പ്രചാരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മിശ്രയുടെ പ്രതികരണം. പാതയിലൂടെ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ പരീക്ഷണ ഒാട്ടം നടത്തിയിട്ടുണ്ട്. അതിവേഗ ട്രെയിന്‍ ഓടിക്കുമ്പോള്‍ ട്രാക്കിന് ഇരുവശവും വേലികള്‍ നിര്‍മിക്കണം. കൊങ്കണ്‍ പാതയില്‍ പലേടത്തും വേലികളുണ്ട്. 200 കിലോമീറ്റര്‍വരെ വേഗത്തില്‍ മാത്രമേ രാജ്യത്ത് ഇപ്പോള്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനാവൂ.

ചരക്കു വണ്ടികള്‍ക്കായാണോ യാത്രയ്ക്കായാണോ അതിവേഗ പാത വേണ്ടതെന്നും ആലോചിക്കണം. കൊങ്കണ്‍ പാതയില്‍ ട്രെയിനുകളുടെ വേഗം കൂട്ടാതെ യാത്രാസമയം കുറയ്ക്കുകയാണ് ഇപ്പോള്‍ വേണ്ടത്. ക്രോസിങ്ങിനും മറ്റുമായി ട്രെയിനുകള്‍ നിര്‍ത്തിയിടേണ്ടിവരുന്നു. കൂടുതല്‍ ക്രോസിങ് സ്റ്റേഷനുകളും ലൂപ്പ് ലൈനുകളും സ്ഥാപിച്ച് ഇതു പരിഹരിക്കും.

കോര്‍പറേഷന്റെ  ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം ചരക്കുവരുമാനം യാത്രാ ട്രെയിന്‍ വഴിയുള്ള വരുമാനത്തെ കടത്തിവെട്ടി. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മുംബൈ- കൊച്ചുവേളി ഗരീബ് രഥ് എപ്പോള്‍ തുടങ്ങുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, കേന്ദ്ര റയില്‍വേ മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെ രൂപവല്‍കരിച്ച കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ പത്താം വാര്‍ഷികം 26നാണ്.

4. ഇന്റര്‍നെറ്റില്‍ വ്യാജ സമ്മാന പദ്ധതി: യുവതിയടങ്ങുന്ന സംഘം അറസ്റ്റില്‍ 
ബാംഗൂര്‍: ബ്രിട്ടീഷ് കമ്പനിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ വ്യാജ സമ്മാന പദ്ധതി പ്രഖ്യാപിച്ച് റയില്‍വേ ജീവനക്കാരനില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ യുവതി അടക്കം നാലു പേര്‍ അറസ്റ്റില്‍. യുപി നോയിഡ സ്വദേശിനി മിഷല്‍ സി വെല്‍സും (45) കൂട്ടുപ്രതികളുമാണ് ബാംഗൂര്‍ പൊലീസിന്റെ പിടിയിലായത്. യലഹങ്ക റയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുത്തുകുമാറാണ് പരാതിക്കാരന്‍.

ലോട്ടറിയില്‍ സമ്മാനാര്‍ഹനായെന്നും 10 ലക്ഷം പൌണ്ടും ബിഎംഡബ്ള്യു കാറും സമ്മാനമായി ലഭിക്കുമെന്നും അറിയിച്ച് കഴിഞ്ഞ ജൂലൈ 30ന് മുത്തുകുമാറിന് ഇ മെയില്‍ ലഭിച്ചിരുന്നു. ആവശ്യപ്പെട്ടതു പ്രകാരം തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചു കൊടുത്ത മുത്തുകുമാറിന് വിഷ്വല്‍ ഡെസ്പാച്ച് ഡെലിവറി എന്ന സ്ഥാപനവുമായി ബന്ധപ്പെടണമെന്നും സമ്മാനം കൈപ്പറ്റുന്നതിനായി ഡല്‍ഹിയിലെ ബാങ്കില്‍ 47,843 രൂപ അടയ്ക്കണമെന്നും സന്ദേശം ലഭിച്ചു.

പിന്നീട് ബ്രിട്ടീഷ് ഇന്‍ലാന്‍ഡ് റവന്യൂ കമ്മിഷനിലേക്കാണെന്ന് ആവശ്യപ്പെട്ട 1,29,144 രൂപയും അദ്ദേഹം അടച്ചു. ഭീകര വിരുദ്ധ വകുപ്പില്‍ അടയ്ക്കാനാണെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും 50,000 രൂപയെങ്കിലും വേണമെന്ന് സംഘം ശഠിച്ചു. തുടര്‍ന്ന് യലഹങ്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് സംഘം ഇന്റര്‍നെറ്റ് സന്ദേശങ്ങളുടെ ഉറവിടം മനസ്സിലാക്കിയ ശേഷം യുപിയില്‍ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘം കൂടുതല്‍ പേരെ കബളിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w