പത്രവാര്‍ത്തകള്‍ 17-01-08

1. ധാരണപത്രം ഉടന്‍ കോച്ച് ഫാക്ടറി കഞ്ചിക്കോട്ടുതന്നെ
ന്യൂഡല്‍ഹി: കേരളത്തിന് അനുവദിച്ച കോച്ച് നിര്‍മാണ ഫാക്ടറി നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്ന് റെയില്‍വെ വ്യക്തമാക്കി. 5000 കോടി രൂപയുടെ നിക്ഷേപമുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടുതന്നെ സ്ഥാപിക്കും. ഫെബ്രുവരി 27ന് പാര്‍ലമെന്റില്‍ റെയില്‍വെ മന്ത്രി ലാലുപ്രസാദ് അവതരിപ്പിക്കുന്ന റെയില്‍ബജറ്റില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. ഫാക്ടറി സ്ഥാപിക്കാന്‍ റെയില്‍വെയും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ഒപ്പുവയ്ക്കുന്ന ധാരണാപത്രം ഉടന്‍ പൂര്‍ത്തിയാകും. ധാരണാപത്രത്തിന്റെ അന്തിമരൂപം തയ്യാറായി വരികയാണെന്നും റെയില്‍വെബോര്‍ഡിലെ ഉന്നതര്‍ ‘ദേശാഭിമാനി’യോടു പറഞ്ഞു.

കേരളത്തിന്റെ വികസനത്തില്‍ സുപ്രധാന പങ്കുവഹിക്കാന്‍ പോകുന്ന ഈ ബൃഹദ്പദ്ധതി വഴി നേരിട്ട് 4000 പേര്‍ക്കും അനുബന്ധമായി പതിനായിരത്തോളം പേര്‍ക്കും തൊഴില്‍ ലഭിക്കും. ഈ ഫാക്ടറി തമിഴ്നാട്ടിലേക്കു കൊണ്ടുപോകുമെന്ന പ്രചാരണത്തില്‍ ഒരു കഴമ്പുമില്ലെന്ന് റെയില്‍വെ അറിയിച്ചു. ഫാക്ടറി യാഥാര്‍ഥ്യമാകുന്നതോടെ തെക്കെ ഇന്ത്യയില്‍ രണ്ടു ഇന്റഗ്രല്‍ കോച്ച് ഫാക്ടറികളാകും. ആദ്യത്തേത് തമിഴനാട്ടിലെ പെരമ്പൂരിലാണ്. പെരമ്പൂരിലെയും കപൂര്‍ത്തലയിലെയും ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറികളോടും ബാംഗ്ളൂരിലെ വീല്‍ ആന്‍ഡ് ആക്സില്‍ ഫാക്ടറിയോടും കിടപിടിക്കുന്നതായിരിക്കും കഞ്ചിക്കോട്ടേത്. ഇവിടെ അത്യാധുനിക കോച്ചുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും പാര്‍ലമെന്റംഗങ്ങളും കൂട്ടായി നടത്തിയ പരിശ്രമങ്ങളുടെ വിജയമാണ് ഇന്റഗ്രല്‍കോച്ച് ഫാക്ടറി. കേരളത്തിന്റെ റെയില്‍വെ വികസനത്തിനായുള്ള ചര്‍ച്ചകളുടെ ഭാഗമായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പാര്‍ലമെന്റംഗങ്ങളും നിരന്തരമായി പ്രധാനമന്ത്രിയിലും റെയില്‍വെമന്ത്രിയിലും സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റില്‍ റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് കേരളത്തിലെ എംപിമാര്‍ക്ക് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കി.

എണ്‍പതുകളുടെ തുടക്കത്തില്‍ പാലക്കാട്ട് കോച്ച് ഫാക്ടറി സ്ഥാപിക്കാമെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഖലിസ്ഥാന്‍ തീവ്രവാദം രൂക്ഷമായ അന്ന് ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയില്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി കേരളത്തോടു കാണിച്ച അവഗണനയ്ക്ക് കാല്‍നൂറ്റാണ്ടിനുശേഷമാണ് പരിഹാരമാകുന്നത്.

ഫാക്ടറി സ്ഥാപിക്കുന്നതിന് കഞ്ചിക്കോട് ഉമ്മിണിക്കുളത്ത് 350 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ഫ്ളൂയിഡ് കണ്‍ട്രോള്‍ റിസര്‍ച്ച് എന്നിവയ്ക്കടുത്താണ് ഇത്. വൈദ്യുതീകരിച്ച പാലക്കാട്-കോയമ്പത്തൂര്‍ റെയില്‍വെ ലൈനിന്റെയും ആറുവരിയാക്കാന്‍ പോകുന്ന ദേശീയപാത 47ന്റെയും സാമീപ്യം ഈ സ്ഥലത്തിന്റെ അനുകൂല ഘടകങ്ങളാണ്.

2. ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കുമേല്‍ വൈദ്യുതിലൈന്‍ പൊട്ടിവീണു
കൊച്ചി: വേണാട് എക്സ്പ്രസിനു മുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണത് പരിഭ്രാന്തി പരത്തി. വൈദ്യുതിബന്ധം നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇതേത്തുടര്‍ന്ന് രണ്ടുമണിക്കൂറോളം റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.20ന് സൌത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കോട്ടയംവഴി തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസിനു മുകളിലാണ് ലൈന്‍ പൊട്ടിവീണത്. എക്സ്പ്രസിന്റെ ഫുട്ബോഡില്‍ നില്‍ക്കുകയായിരുന്ന ഇരുമ്പയം പാലക്കോട്ടില്‍ സനീഷിന് (21) പരിക്കേറ്റു. സനീഷിനെ എറണാകുളം ലക്ഷ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൌത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള മാര്‍ഷലിങ് യാര്‍ഡിനടുത്താണ് സംഭവം. ഇതേത്തുടര്‍ന്ന് കോട്ടയംപാതയില്‍ രണ്ടുമണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. തുടര്‍ന്ന് രാത്രി എട്ടിനാണ് തീവണ്ടി യാത്ര തുടര്‍ന്നത്. ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ പിടിച്ചിട്ടു. രാത്രി 8.15നാണ് യാത്ര പുനരാരംഭിച്ചത്. വൈകിട്ട് 6.20ന് എറണാകുളം സൌത്തില്‍നിന്നു പുറപ്പെടേണ്ട കൊല്ലം പാസഞ്ചര്‍ രാത്രി എട്ടിനുശേഷമാണ് പുറപ്പെട്ടത്.

ട്രെയിന്‍ എന്‍ജിനും ഇലക്ട്രിക് ലൈനുമായി ബന്ധിപ്പിക്കുന്ന ഫാന്റോഗ്രാഫ് പൊട്ടി ലൈനില്‍വീഴുകയായിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കോട്ടയത്ത് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനില്‍ കുടുങ്ങിയത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള നിരവധി യാത്രക്കാരും വലഞ്ഞു. വൈകിട്ട് 6.25ന് എത്തേണ്ട വേണാട് എക്സ്പ്രസ് കാത്തുനിന്നവര്‍ മണിക്കൂറുകളോളം സ്റ്റേഷനില്‍ കുടുങ്ങി. പകല്‍ 3.10ന് ഹൈദരാബാദ് ശബരി എക്സ്പ്രസ് പോയാല്‍ പിന്നീട് തിരുവനന്തപുരത്തേക്ക് വേണാട് മാത്രമാണ് ആശ്രയം. രാത്രി 1.15ന് എത്തുന്ന മലബാര്‍ എക്സ്പ്രസ് മാത്രമാണ് പിന്നെയുള്ളത്. ശബരിമല ദര്‍ശനം കഴിഞ്ഞ് അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടവരും രാത്രി വൈകുംവരെ സ്റ്റേഷനില്‍ കുടുങ്ങി. തിരുവനന്തപുരം-ചെന്നൈ മെയില്‍, കന്യാകുമാരി-ബാംഗ്ളൂര്‍ ഐലന്‍ഡ് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ പിറവം റോഡില്‍ പിടിച്ചിട്ടു. ട്രെയിന്‍ യാത്രക്കാര്‍ കൂടുതല്‍പേര്‍ കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിച്ചതോടെ കോട്ടയം സ്റ്റാന്‍ഡിലും തിരക്ക് ക്രമാതീതമായി.

3. അതിവേഗ റെയില്‍ പാതകള്‍ക്ക് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും
തിരു: ചരക്കുനീക്കത്തിനും യാത്രക്കാര്‍ക്കുമായി രണ്ട് അതിവേഗ റെയില്‍ പാത വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. റെയില്‍വെ ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തണമെന്ന ആവശ്യമടങ്ങുന്ന നിവേദനം മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ചേര്‍ന്ന് ഈ മാസം തന്നെ പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും നല്‍കാന്‍ സംസ്ഥാന എംപിമാരുടെ യോഗത്തില്‍ തീരുമാനമായി. റെയില്‍വെ വികസനം അടക്കം കേരളത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

ചരക്കു ഗതാഗതത്തിനുള്ള അതിവേഗ ഇടനാഴി ഇപ്പോള്‍ മുംബൈവരെയേയുള്ളൂ. അത് തുറമുഖങ്ങളെയും പ്രധാന റോഡുകളെയും ബന്ധിപ്പിച്ച്് കേരളത്തിന്റെ തീരദേശത്തുകൂടി ദീര്‍ഘിപ്പിക്കണമെന്നാണ് ആവശ്യം. വിഴിഞ്ഞം തുറമുഖത്തിനും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും ഇതു സഹായകമാകുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഇതുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് അതിവേഗ പാസഞ്ചര്‍ ഇടനാഴി. എറണാകുളം-ചെന്നൈ-ബാംഗ്ളൂര്‍ റൂട്ടിലുള്ള ഈ അതിവേഗപാത മണിക്കൂറില്‍ 300-350 കിലോമീറ്ററില്‍ ഗതാഗതമൊരുക്കും. കേരളത്തിന് അനുവദിച്ച മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ മന്ത്രിമാരെയും പങ്കെടുപ്പിച്ച് യോഗം വിളിക്കും. 67 മേല്‍പ്പാലത്തില്‍ ഇതുവരെ 12 എണ്ണമാണ് പൂര്‍ത്തിയായത്.

ഫെബ്രുവരി 28നു റെയില്‍വെ ബജറ്റ് അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനും പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തമിഴ്നാടിന് സേലം ഡിവിഷന്‍ ലഭിച്ചപ്പോള്‍ നമുക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് ലഭിച്ചത്. വാഗ്ദാനങ്ങള്‍ ഇന്നും പാലിച്ചിട്ടില്ല. തമിഴ്നാടിന്റെ ശക്തമായ സമ്മര്‍ദങ്ങള്‍മൂലം പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാന്‍ അന്ന് ശ്രമിച്ചെങ്കിലും ശക്തമായി ഇടപെട്ട് തടഞ്ഞു.

പാലക്കാട് ഡിവിഷന്‍ നിലനിര്‍ത്തി ചെറിയൊരു ഭാഗം സേലം ഡിവിഷനിലേക്ക് മാറ്റി ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നു. അതു പരിഹരിക്കാന്‍ കോച്ച് ഫാക്ടറി അനുവദിക്കുമെന്ന ഉറപ്പ് പാലിച്ചില്ല. അന്നു വാഗ്ദാനംചെയ്ത സോണ്‍ ലഭിച്ചാല്‍ കേരളത്തിന് സ്വാഭാവികമായിത്തന്നെ റെയില്‍വെ വികസനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലശേരി-മൈസൂര്‍, നിലമ്പൂര്‍-നഞ്ചംകോട്, തൃശൂര്‍-കൊല്ലങ്കോട് എന്നീ പുതിയ പാതകള്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. അങ്കമാലി-അഴുത പാതയുടെ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെടും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി 470.86 ഹെക്ടര്‍ സ്ഥലമാണ് പാതയ്ക്ക് ഏറ്റെടുക്കേണ്ടത്.

കൊല്ലം-ചെങ്കോട്ട, പൊള്ളാച്ചി-പാലക്കാട് പാതകള്‍ ബ്രോഡ്ഗേജാക്കുന്ന നടപടി ത്വരിതപ്പെടുത്തണം. നേമത്ത് വാഗണ്‍ റിപ്പയര്‍ ഫാക്ടറി വേണം. താനൂര്‍ ഗുരുവായൂര്‍ പാതയുടെ അലൈന്‍മെന്റിന് അന്തിമരൂപം നല്‍കുക, നെടുമ്പാശേരിയില്‍ പുതിയ സ്റ്റേഷന്‍ അനുവദിക്കുക, രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ നാലു ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ടാകും. മന്ത്രിമാരായ എം വിജയകുമാര്‍, മോന്‍സ് ജോസഫ്, കെ പി രാജേന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

1. 25ന് ബാങ്ക് പണിമുടക്ക്
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും 25നും ഫെബ്രുവരി 25,26 ദിവസങ്ങളിലും അഖിലേന്ത്യാ വ്യാപകമായി പണിമുടക്കൂം.

ജനുവരി 26 റിപ്പബ്ളിക് ദിനവും പിറ്റേന്ന് ഞായറാഴ്ചയുമായതിനാല്‍ മൂന്നുദിവസം തുടര്‍ച്ചയായി ബാങ്കിടപാടുകള്‍ മുടങ്ങും. ഫെബ്രുവരി 24 ഞായറാഴ്ചയോടു ചേര്‍ന്നുവരുന്ന രണ്ടുദിവസത്തെ പണിമുടക്ക് അടുത്ത മാസവും തുടര്‍ച്ചയായ മൂന്നു ദിവസത്തെ ഇടപാടുസ്തംഭനത്തിന് ഇടയാക്കും.
ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ – മാര്‍ച്ച് അവസാനം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് തീരുമാനിച്ചിട്ടുണ്ട്.

പൊതുമേഖലാ ബാങ്ക് ലയനനയം റദ്ദാക്കുക, പെന്‍ഷന്‍ ഓപ്ഷന്‍ അനുവദിക്കുക, ആശ്രിത നിയമന പദ്ധതി പുനസ്ഥാപിക്കുക, ഒഴിവുകള്‍ നികത്തുക, പുറംജോലിക്കരാര്‍ സമ്പ്രദായം ഉപേക്ഷിക്കുക, ശമ്പള പരിഷ്കരണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒമ്പതു സംഘടനകള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് ഫോറം.

ആഗോളവത്കരണ നയങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായ ലയനങ്ങള്‍ സാധാരണക്കാരനെ അവഗണിക്കുന്ന ബാങ്കിംഗ് സംവിധാനത്തിന് ഇടയാക്കുമെന്ന് ഫോറം കണ്‍വീനര്‍ വി.ജെ. ജോണി പറഞ്ഞു.

സാധാരണക്കാരന്റെ ചെറുനിക്ഷേപങ്ങള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വന്‍തുക വായ്പയായി നല്‍കാനാണ് ലയനനീക്കം.

പുതിയ നയങ്ങള്‍ നിക്ഷേപസുരക്ഷിതത്വത്തെയും ബാധിക്കുമെന്നും ഫോറം നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.

എസ്.ബി.ഐ അസോസിയേറ്റ് ബാങ്കുകളുടെ ലയന അജണ്ടയുമായി 26ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുന്നതും ഫെബ്രുവരി 26ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതും കണക്കിലെടുത്താണ് ഈ ദിവസങ്ങളില്‍ സമരം നടത്തുന്നത്.

ഇത് മൂന്നു ദിവസം ഇടപാടുകള്‍ സ്തംഭിപ്പിക്കുന്ന വിധത്തിലായത് യാദൃശ്ചികമാണെന്നും യൂണിയന്‍ നേതാക്കള്‍ വിശദീകരിച്ചു.

2. പക്ഷിപ്പനി: ബംഗാളില്‍ 4 ലക്ഷം കോഴികളെ കൊന്നു
കൊല്‍ക്കത്ത: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പശ്ചിമബംഗാളില്‍ നാലു ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കി. വെസ്റ്റ് ദിനാജ്പുര്‍, ബിര്‍ഭും ജില്ലകളിലാണ് ഏറ്റവുമധികം പക്ഷിപ്പനിബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സമീപപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കേന്ദ്രകൃഷിമന്ത്രി ശരദ് പവാര്‍ അറിയിച്ചു.
ബംഗ്ളാദേശുമായുള്ള രാജ്യാന്തര അതിര്‍ത്തി മുന്‍കരുതലെന്ന നിലയില്‍ അടച്ചു. ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ച മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥസംഘങ്ങള്‍ ബിര്‍ഭും ജില്ലയിലെ 105 ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാണു കോഴികളെ കൊന്നൊടുക്കിയത്.

പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ഡിസീസ് ലബോറട്ടറിയിലും നടത്തിയ പരിശോധനകളിലാണ് ആദ്യമായി ബംഗാളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

3. കോളജ് അധ്യാപകനാകാന്‍ യോഗ്യതാ നിര്‍ണയ പരീക്ഷ ജയിക്കണം
കൊച്ചി: കോളജധ്യാപകരായി നിയമനം ലഭിക്കുന്നതിന് എം.ഫില്‍ യോഗ്യതയുള്ളവര്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് കൂടി വിജയിക്കണമെന്ന സര്‍വകലാശാലകളുടെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. തീരുമാനം യു.ജി.സിയുടെ യോഗ്യതാ നിര്‍ണയത്തിന് വിരുദ്ധമാണെന്നാരോപിച്ച് അധ്യാപകര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസുമാരായ കെ. ബാലകൃഷ്ണന്‍നായരും പി.എന്‍. രവീന്ദ്രനും ഉള്‍പ്പെട്ട ബഞ്ച് തള്ളി.

ബിരുദതലത്തില്‍ പഠിപ്പിക്കുന്ന ലക്ചറര്‍മാര്‍ക്ക് ബിരുദാനന്തര ബിരുദവും എം.ഫിലും യോഗ്യത മതിയെന്നാണ് യു.ജി.സി തീരുമാനിച്ചതെന്നായിരുന്നു അപ്പീലിലെ വാദം. എന്നാല്‍ യു.ജി.സി നിശ്ചയിച്ച കുറഞ്ഞ യോഗ്യതക്കൊപ്പം യോഗ്യതാ നിര്‍ണയ പരീക്ഷ കൂടി ജയിച്ചിരിക്കണമെന്ന് കേരളത്തിലെ സര്‍വകലാശാലകള്‍ നിഷ്കര്‍ഷിച്ചതില്‍ അപാകതയില്ലെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

4. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം
തൃശൂര്‍: പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി, പൂക്കോട്, പട്ടികവര്‍ഗ്ഗ സ്കൂളുകളില്‍ ആറാം ക്ളാസിലേക്കും മറ്റു സ്കൂളുകളില്‍ അഞ്ചാം ക്ളാസിലേക്കുമാണ് പ്രവേശനം. സ്കൂളുകളില്‍ താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകം, വൈദ്യശുശ്രൂഷ മുതലായവ സൌജന്യമാണ്.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പട്ടികജാതി, പട്ടികവര്‍ഗ മറ്റിതര വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ശതമാനം സംവരണമുണ്ടായിരിക്കും. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 40,000 രൂപയില്‍ കൂടരുത്. വരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. നിര്‍ദിഷ്ട ഫോറത്തില്‍ ജനുവരി 31 നകം ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്(ഫോണ്‍: 95480-2706100), ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍(ഫോണ്‍: 95480-2711516) ആമ്പല്ലൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

5. അരലക്ഷത്തിന്റെ കാര്‍ഷികവായ്പയ്ക്ക് ഒരുവര്‍ഷത്തെ പലിശയിളവ്

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ അരലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഒരുവര്‍ഷത്തെ പലിശ ഇളവു നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2001 ഡിസംബര്‍ 29 നു മുമ്പു നല്‍കിയ വായ്പയ്ക്കു 2004 ജനുവരി മുതല്‍ ഒരുവര്‍ഷത്തെ പലിശ ഇളവു ലഭിക്കുമെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പയുടെ പലിശ ഇളവുമൂലമുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കും. ഐ.എസ്.ആര്‍.ഒയ്ക്കു വലിയമലയില്‍ നല്‍കാമെന്നേറ്റ ഭൂമി കണ്ടെത്താന്‍ ശ്രമം നടക്കുന്നു. ഭൂമിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു- ‘സേവി മനോ മാത്യുവിന്റെ ആളുകള്‍ ചില ആളുകളെ വിട്ടു പണി നടത്തുന്നുണ്ട്. നിങ്ങള്‍ അതില്‍പ്പെടുമെന്നു ഞാന്‍ പറയുന്നില്ല’.

6. ഋഷിരാജ് സിംഗിന്റെ സ്ക്വാഡിലെ സി.ഐ. ചമഞ്ഞ് തട്ടിപ്പ് ; ടെലികോം ജീവനക്കാരന്‍ പിടിയില്‍
മങ്കൊമ്പ്: ഐ.ജി. ഋഷിരാജ് സിംഗിന്റെ സ്പെഷല്‍ സ്ക്വാഡില്‍ ഉള്‍പ്പെട്ട സി.ഐ. ആണെന്ന വ്യാജേന തട്ടിപ്പുനടത്തിയ ടെലികോം ജീവനക്കാരന്‍ പിടിയില്‍. മാവേലിക്കര ചെട്ടികുളങ്ങര പുന്നൂരത്ത് സത്യനേശക്കുറുപ്പി(45)നെയാണ് ഇന്നലെ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പളത്ത് ടെലികോം മെക്കാനിക്കായ ഇയാള്‍ ആലപ്പുഴ പി.ആന്റ് ടി ക്വാര്‍ട്ടേഴ്സില്‍ പി-6-ല്‍ താമസക്കാരനാണെന്നും ചക്കുളത്ത് സ്വകാര്യലോഡ്ജില്‍ തങ്ങി രണ്ടുമാസമായി കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പുനടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. രാമങ്കരിയില്‍ ഹോട്ടല്‍ നടത്തുന്ന എടത്വാ ഗ്രാമപഞ്ചായത്തംഗം ജി. രാജുവില്‍ നിന്നും 4500 രൂപയും പലപ്പോഴായി 1500 രൂപയുടെ ഭക്ഷണ സാധനങ്ങളും ഇയാള്‍ വാങ്ങിയിരുന്നു.
കിടങ്ങറയില്‍ വര്‍ക്കുഷോപ്പ് നടത്തുന്ന സജി ചക്കുളം, എടത്വാ ഭാഗങ്ങളിലെ മറ്റുചില കടക്കാര്‍ തുടങ്ങിയവരും തട്ടിപ്പിന് ഇരയായിട്ടുള്ളതായി പോലീസ് പറഞ്ഞു. രാമങ്കരിയിലെ സ്പെഷല്‍ ബ്രാഞ്ച് ഹെഡ്കോണ്‍സ്റ്റബിള്‍ ദിനേശിന്റെ ബുദ്ധിപൂര്‍വമായ നീക്കങ്ങളാണ് ‘വ്യാജ സി.ഐ’യെ വലയിലാക്കിയത്.

സ്പെഷല്‍ സ്ക്വാഡ് സി.ഐ എന്ന നിലയില്‍ ഒരു പരിചയക്കാരന്‍ ഏതാനും ദിവസം മുമ്പ് ഇയാളെ ദിനേശിന് പരിചയപ്പെടുത്തി. അന്നു മുതല്‍ സത്യനേശനെ നിരീക്ഷിച്ചുവന്നിരുന്ന ദിനേശ് ഇന്നലെ രാവിലെ ഇയാള്‍ രാമങ്കരിയില്‍ എത്തിയപ്പോള്‍ കുടുക്കുകയായിരുന്നു. ദിനേശ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എ.എസ്.ഐമാരായ മോഹന്‍ദാസ്, സുധീന്ദ്രന്‍നായര്‍, എച്ച്.സി കുഞ്ഞുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്.

പോലീസ് യൂണിഫോം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഇയാളില്‍നിന്നു കണ്ടെടുത്തു. കൂടുതല്‍ അന്വേഷണം നടത്തുമെന്നു രാമങ്കരി പോലീസ് പറഞ്ഞു. രാമങ്കരി ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സത്യനേശനെ റിമാന്‍ഡു ചെയ്തു.

1. കണികണ്ടുണരുന്നത് നന്മയോ തിന്മയോ?
തിരുവനന്തപുരം : അന്തര്‍ സംസ്ഥാന ചരക്കു കടത്തുമായി ബന്ധപ്പെട്ട, മുകളില്‍ നല്‍കിയിട്ടുള്ള രേഖയനുസരിച്ച് കര്‍ണാടകത്തില്‍ പാലിന് ലിറ്ററിന് 12.75 രൂപയേയുള്ളൂ. എന്നാല്‍, ‘കേരളകൌമുദി’യില്‍ പ്രസിദ്ധീകരിച്ച ‘കണികണ്ടുണരാന്‍ തരികിടയുടെ തിന്മ’ എന്ന റിപ്പോര്‍ട്ട് നിഷേധിച്ചുകൊണ്ട് ‘മില്‍മ’ മാനേജിംഗ് ഡയറക്ടര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കര്‍ണാടകത്തില്‍ പാലിന്റെ വില ലിറ്ററിന് 15 രൂപ 35 പൈസയാണ്!
* ഡിസംബര്‍ 13-ാം തീയതി മുതലാണ് പുതിയ വില നിലവില്‍ വന്നതെന്നും ‘മില്‍മ’യുടെ പത്രക്കുറിപ്പിലുണ്ട്. എന്നാല്‍, ജനുവരി 8-ന് പാല്‍ കൊണ്ടുവന്നതിന്റേതാണ് ഈ രേഖ. 15920 കിലോഗ്രാം (15380 ലിറ്റര്‍) പാലിന് 1,95,816 രൂപയാണെന്നാണ് രേഖയില്‍. ലിറ്ററിന് 12.75 രൂപയേ വരൂ, മൊത്തം വിലയെ പാലിന്റെ മൊത്തം അളവുകൊണ്ട് ഭാഗിച്ചാല്‍.
* കൊഴുപ്പ് കൂടുതലുണ്ടെന്ന് പറഞ്ഞ് മില്‍മയുടെ ‘റിച്ച് ‘ ലിറ്ററിന് 22 രൂപയ്ക്ക് വില്ക്കുന്നതിന് മറ്റൊരു കാരണമായി പറയുന്നത് ചരക്കുകൂലി ലിറ്ററിന് 1.80 രൂപയാകുമെന്നാണ്. 15,380 ലിറ്റര്‍ പാല്‍ കര്‍ണാടകത്തിലെ ഹസ്സനില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ 27,684 രൂപയാകുമെന്ന് അര്‍ത്ഥം. റോഡ് മാര്‍ഗ്ഗം തിരുവനന്തപുരത്തു നിന്ന് ഹസ്സനിലേക്കുള്ള ദൂരം 720 കിലോമീറ്ററാണ്. ഈ കണക്കനുസരിച്ച് പാല്‍ എത്തിക്കുന്ന ടാങ്കര്‍ ലോറിക്ക് കിലോമീറ്ററിന് ഏതാണ്ട് 19.20 രൂപ നിരക്കില്‍ ചരക്കുകൂലിയാവും. ശീതീകരണ സംവിധാനമുള്ളതും 15 ടണ്‍ ശേഷിയുള്ളതുമായ ടാങ്കര്‍ ലോറിക്ക് കിലോമീറ്ററിന് 16.50 രൂപയാണ് സാധാരണ നിരക്ക്. ഒന്നുകില്‍ മില്‍മ അധികനിരക്ക് നല്‍കുന്നു. അല്ലെങ്കില്‍ കൂടുതല്‍ ദൂരം രേഖപ്പെടുത്തി കൂടുതല്‍ ചരക്കുകൂലി നല്‍കുന്നു. രണ്ടായാലും ഈ അധികച്ചെലവ് താങ്ങേണ്ടത് ഉപഭോക്താക്കളാണ്.
* ‘മില്‍മ’ അവകാശപ്പെടുന്നതുപോലെ ലിറ്ററിന് 15.35 രൂപയും ചരക്കുകൂലി 1.80 രൂപയും നല്‍കിയാണ് കര്‍ണാടകത്തില്‍ നിന്ന് പാല്‍ വാങ്ങുന്നതെങ്കില്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് എന്തുകൊണ്ട്

2. സഹകരണ ബാങ്കുകള്‍ക്ക് 70 കോടി സര്‍ക്കാര്‍ നല്‍കും
തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കിയ വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് ബാദ്ധ്യത വന്ന 70 കോടി രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2001 ഡിസംബര്‍ 29നുമുമ്പ് വിതരണം ചെയ്ത 50000 രൂപ വരെയുള്ള വായ്പയ്ക്ക് 2004 ജനുവരി മുതല്‍ ഒരുവര്‍ഷത്തേക്കുള്ള പലിശ സഹകരണബാങ്കുകള്‍ ഇളവ് ചെയ്തതിലൂടെയാണ് 70 കോടി രൂപ ചെലവായത്. ഇത് സംഘങ്ങളുടെ സാമ്പത്തികനിലയെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് പലിശ ഇളവ് നല്‍കിയ തുക സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പലിശ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ഭൂരിപക്ഷം സംഘങ്ങളും സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കിയിരുന്നു. എന്നാല്‍ ഇതിനു ചെലവായ തുക കൊടുക്കാന്‍ അന്ന് ധനവകുപ്പ് വിസമ്മതിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സഹകരണ സംഘങ്ങള്‍ ഈ പ്രശ്നം ഉന്നയിച്ചിരുന്നു.
അതേസമയം, 25000 രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന കര്‍ഷക കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശയില്‍ ഇതേവരെ തീരുമാനമായിട്ടില്ല. ഇതിന് ചെലവാകുന്ന 60 കോടി രൂപ നല്‍കണമെന്ന് സഹകരണവകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്‍
* പാലക്കാട് ജില്ലയിലെ കൊഴിഞ്ഞമ്പാറ ഗവണ്‍മെന്റ് കോളേജില്‍ പ്രിന്‍സിപ്പലിന്റെയും പത്ത് അദ്ധ്യാപകരുടെയും തസ്തിക സൃഷ്ടിക്കാന്‍ അനുമതി നല്‍കി.
* കോഴിക്കോട് മുക്കത്ത് സബ് ട്രഷറി തുടങ്ങുന്നതിന് മൂന്നു തസ്തികകള്‍ സൃഷ്ടിക്കും.
* കൊല്ലം തങ്കശ്ശേരി തുറമുഖത്തെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കസ്റ്റംസ് ആക്ട് പ്രകാരം കസ്റ്റോഡിയനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥനായിരിക്കും കസ്റ്റോഡിയന്‍.
* വാണിജ്യ തുറമുഖമായി പ്രവര്‍ത്തിക്കുമ്പോള്‍ ചരക്കു ഗതാഗതം ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചുമതല സംസ്ഥാന സര്‍ക്കാരിനായിരിക്കും. സാമ്പത്തിക നഷ്ടമുണ്ടായാലും അതിന്റെ ഉത്തരവാദിത്വവും സര്‍ക്കാര്‍ വഹിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

3. ജല അതോറിറ്റി നല്കാനുള്ള 2000 കോടി സര്‍ക്കാര്‍ ഓഹരിയാക്കും
തിരുവനന്തപുരം: ജല അതോറിറ്റി നല്‍കാനുള്ള 2000 കോടിയോളം രൂപ സര്‍ക്കാര്‍ ഓഹരിയാക്കിക്കൊണ്ടുള്ള സാമ്പത്തിക പുനഃക്രമീകരണത്തിന് നടപടിയെടുക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
ജല അതോറിറ്റിയുടെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്കരണ പദ്ധതി ആദ്യഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദേശവായ്പകള്‍ പൊതുമേഖലയുടെ ശാക്തീകരണത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ജല അതോറിറ്റിയുടെ സേവനശാക്തീകരണത്തിന് ജെ.ബി.ഐ.സിയുടെ ഫണ്ട് പ്രയോജനപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. അനുവദിക്കപ്പെടുന്ന വായ്പകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കമ്പ്യൂട്ടര്‍വത്കരണം: ആദ്യഘട്ടം നിലവില്‍വന്നു
ജലഅതോറിറ്റി ഓഫീസുകളിലെ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ അതോറിറ്റിയുടെ മുഴുവന്‍ ഓഫീസുകളെയുമാണ് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിച്ചത്.
വിവിധ വകുപ്പുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരണ നടപടികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജല അതോറിറ്റിയുടെ കമ്പ്യൂട്ടര്‍വത്കരണ പദ്ധതിയില്‍ പരമാവധി സ്വതന്ത്ര സോഫ്റ്റ്വെയറാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്പ്യൂട്ടര്‍വത്കരണ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ 14 ജില്ലകളിലും നടപ്പാക്കുമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.
മന്ത്രി എം. വിജയകുമാര്‍, കൌണ്‍സിലര്‍മാരായ പി. രാജേന്ദ്രദാസ്, അഡ്വ.ജി. ആര്‍. അനില്‍, കെ. രാജശേഖരന്‍ നായര്‍, പി. ഹരികുമാര്‍, പാളയം രാജന്‍, നഗരസഭര്‍ പ്രതിപക്ഷനേതാവ് ജോണ്‍സണ്‍ ജോസഫ്, ഫ്രാറ്റ് പ്രസിഡന്റ് ടി.കെ. ഭാസ്കരപ്പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബില്ലിംഗ് ആന്‍ഡ് റവന്യു കളക്ഷന്‍ സിസ്റ്റം, പരാതി പരിഹാര ഫോറം, പ്രോജക്ട് മോണിറ്ററിംഗ് സംവിധാനം, ഇ-ടെണ്ടറിംഗ് എന്നിവയാണ് കമ്പ്യൂട്ടര്‍വത്കരണം വഴി സാദ്ധ്യമാക്കുക. 12 കോടിയോളം രൂപയാണ് ചെലവ്. രാജീവ്ഗാന്ധി ദേശീയ കുടിവെള്ള മിഷനും ജെ.ബി.ഐ.സിയുമാണ് സാമ്പത്തികസഹായം നല്‍കുന്നത്.

4. മന്ത്രിമന്ദിര നിര്‍മ്മാണത്തിലെ തട്ടിപ്പ് ശ്രമം പൊളിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പുതിയ മന്ത്രിമന്ദിരങ്ങളുടെ നിര്‍മ്മാണത്തിന് അമിത തുകയ്ക്ക് ടെന്‍ഡര്‍ ഉറപ്പാക്കി പണം തട്ടാന്‍ ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഒത്തുകളി വെളിച്ചത്തായി. പൊതുമരാമത്തുവകുപ്പുമന്ത്രി മോന്‍സ് ജോസഫ് അനൌദ്യോഗികമായി നടത്തിയ അന്വേഷണത്തിലാണ് ‘കള്ളി’ പൊളിഞ്ഞത്.
ചട്ടവിരുദ്ധമായി തുകവര്‍ധിപ്പിച്ചുകൊടുത്ത് ഒരു കരാറുകാരനെ നിര്‍മ്മാണം ഏല്‍പ്പിക്കാനായിരുന്നു അണിയറനീക്കം. കെട്ടിട നിര്‍മ്മാണം ഒരു ചതുരശ്ര അടിക്ക് 700 രൂപ നിരക്കില്‍ നടത്തണമെന്നാണ് വകുപ്പിന്റെ പൊതുമാനദണ്ഡത്തില്‍ പറയുന്നത്. ഇതനുസരിച്ച് 5000 ചതുരശ്ര അടിയുള്ള ഒരു മന്ത്രി മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് 35 ലക്ഷം രൂപയേ ചെലവ് വരൂ. എന്നാല്‍ ഓരോ കെട്ടിടത്തിനും ഒന്നരക്കോടിയോളം രൂപ നല്‍കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നത്.
ആറ് മന്ദിരങ്ങള്‍ക്കുള്ള എസ്റ്റിമേറ്റ് തുക 4.62 കോടി രൂപയായി നിശ്ചയിച്ചുകൊണ്ട് കൊള്ളയടിക്ക് കരുക്കള്‍ നീക്കുകയായിരുന്നു. ഈ തുക കൂടുതലാണെന്നും ആറ് കെട്ടിടങ്ങളുടെയും കരാര്‍ വെവ്വേറെ നല്‍കണമെന്നും ചൂണ്ടിക്കാട്ടി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ രമേശ് റിപ്പോര്‍ട്ട് നല്‍കി. ഇത് മുകളിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് അത്ര പിടിച്ചില്ല. അവര്‍ ടെന്‍ഡര്‍ ക്ഷണിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ആറു മന്ദിരങ്ങളുടെ നിര്‍മ്മാണത്തിന് ഒറ്റ ടെന്‍ഡര്‍ നല്‍കാന്‍ 16 പേരാണ് അപേക്ഷവാങ്ങിയത്. എന്നാല്‍ ഒരുകരാറുകാരന്‍മാത്രമേ ആദ്യം ടെന്‍ഡര്‍ നല്‍കിയുള്ളൂ. ഇയാള്‍ 4.62 കോടിയുടെ 65 ശതമാനംകൂടി നല്‍കണമെന്ന് വ്യക്തമാക്കുന്ന ടെന്‍ഡറാണ് നല്‍കിയത്. ഇനി ആരും ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് എല്ലാവരും ധരിച്ചു. എന്നാല്‍ അവസാനദിവസം ഒരുകരാറുകാരന്‍കൂടി രംഗത്തുവന്നതോടെ കൂട്ടുകച്ചവടക്കാര്‍ ബുദ്ധിമുട്ടിലായി. എസ്റ്റിമേറ്റ് തുകയ്ക്കുപുറമേ 25 ശതമാനം കൂടിയേ രണ്ടാമന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. കരാര്‍ രണ്ടാമന് നല്‍കേണ്ടിവരുമെന്ന് ഉറപ്പായപ്പോള്‍ അയാളെ പുറത്തുചാടിക്കാനായി ശ്രമം.
പ്രീക്വാളിഫിക്കേഷന്‍ ടെന്‍ഡറിലെ ചെറിയൊരു പഴുത് കണ്ടുപിടിച്ചാണ് ഈ ‘പ്രശ്നം’ പരിഹരിച്ചത്. കരാര്‍ ലഭിച്ചാല്‍ തുക കൊടുക്കാമെന്ന് ബാങ്കിന്റെ കത്തുണ്ടെങ്കിലും എത്ര തുകവരെ കൊടുക്കാമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന പോരായ്മ ചൂണ്ടിക്കാട്ടിയാണ് കരടായി നിന്ന കരാറുകാരനെ പുറത്തുചാടിച്ചത്

5. 20 വയസ് കഴിഞ്ഞ ആണ്‍മക്കളുള്ള വിധവകള്‍ക്കും പെന്‍ഷന്‍ നല്‍കും: മന്ത്രി
തിരുവനന്തപുരം : 20 വയസ് കഴിഞ്ഞ ആണ്‍മക്കളുള്ള വിധവകള്‍ക്കും വിധവാപെന്‍ഷന്‍ നല്‍കുമെന്ന് മന്ത്രി പി.കെ. ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിധവാ പെന്‍ഷന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള ചുമതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭകളെ ഏല്‍പിക്കും. ഇതുവരെ തഹസില്‍ദാര്‍മാര്‍ക്കായിരുന്നു ഇര്‍തിനുള്ള അധികാരം.
3600 രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്കാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. വരുമാനപരിധി ഉയര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കും. ആണ്‍മക്കള്‍ക്ക് 20 വയസ് തികഞ്ഞാല്‍ അവരുടെ സംരക്ഷണം ഉണ്ടാകുമെന്നതുകൊണ്ടാണ് അതിനുശേഷം പെന്‍ഷന്‍ നല്‍കാതിരുന്നത്. എന്നാല്‍ പല വിധവകളേയും ആണ്‍മക്കള്‍ നോക്കാറില്ലെന്നും വിധവകളുടെ ജീവിതം പ്രയാസമേറിയതാണെന്നും കണ്ടെത്തിയതിനാലാണ് പെന്‍ഷന്‍ തുടര്‍ന്നും നല്‍കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് മരിച്ചവര്‍ മാത്രമല്ല, ഭര്‍ത്താവ് ഉപേക്ഷിച്ചവരും ഏഴു വര്‍ഷമായി ഭര്‍ത്താവിനെപ്പറ്റി ഒരു വിവരവുമില്ലാത്തവരും വിധവാപെന്‍ഷന് അര്‍ഹരാണെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് പാസായവര്‍ക്ക് പി.എസ്.സിയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ച സാഹചര്യത്തിലാ ണിത്.

 1. സ്മാര്‍ട്ട് സിറ്റി: പരിഹാരം തേടി പ്രശ്നങ്ങള്‍ ഏറെ
കാക്കനാട്: സ്മാര്‍ട്ട് സിറ്റിക്ക് തറക്കല്ലിട്ടിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് മുന്നോടിയായി പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. രജിസ്ട്രേഷന്‍ സംബന്ധിച്ച പ്രശ്നം ഇപ്പോഴും തീര്‍ന്നിട്ടില്ല. പത്തേക്കര്‍ കൂടി വേണമെന്ന ടീകോമിന്റെ ആവശ്യത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ല.

കഴിഞ്ഞ നവംബര്‍ 16_നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 15_നാണ് 234.50 ഏക്കര്‍ കൈമാറിക്കൊണ്ടുള്ള പാട്ടക്കരാറില്‍ സംസ്ഥാന സര്‍ക്കാരും ടീകോമും ഒപ്പിട്ടത്. അതിന് ശേഷം ഡിസംബര്‍ 27_ന് സ്മാര്‍ട്ട് സിറ്റി കമ്പനിയുടെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ഏപ്രിലില്‍ പദ്ധതിപ്രദേശത്ത് ഓഫീസ് പ്രവര്‍ത്തനം തുടങ്ങാനും ജൂണില്‍ നിര്‍മാണം തുടങ്ങാനുമാണ് തീരുമാനിച്ചത്.

എന്നാല്‍ ഇതിനു മുന്നോടിയായി പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ അവശേഷിക്കുകയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന്‍ ഫീസിലും ഇളവുവേണമെന്ന ടീകോമിന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനമാകാതെ കിടക്കുകയാണ്. ടീകോമിന്റെ വാദം കേട്ട കളക്ടര്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.

നാലു മാസത്തിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന വ്യവസ്ഥയിലാണ് പാട്ടക്കരാര്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. മാര്‍ച്ച് 15_ഓടെ ഈ സമയപരിധി അവസാനിക്കും. ഇതിനുള്ളില്‍ രജിസ്ട്രേഷന്‍ നടത്തിയില്ലെങ്കില്‍ പാട്ടക്കരാര്‍ അസാധുവായേക്കും.

246 ഏക്കര്‍ ഭൂമിയാണ് ടീകോമിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ 234.50 ഏക്കറേ കൈമാറിയിട്ടുള്ളൂ. ബാക്കി 11.50 ഏക്കറില്‍ 61 കുടുംബങ്ങള്‍ താമസിക്കുകയാണ്. ഇവരുടെ ഭൂമി പണം നല്‍കി ഏറ്റെടുത്ത് രജിസ്ട്രേഷന്‍ ചെയ്യുന്ന നടപടി ഇഴയുകയാണ്. പകുതി പേരുടെ സ്ഥലം പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.ബ്രഹ്മപുരത്ത് കെ.എസ്..ഇ.ബി. കൈമാറിയ സ്ഥലത്തോടു ചേര്‍ന്ന് 10 ഏക്കര്‍ കൂടി വേണമെന്ന ടീകോമിന്റെ ആവശ്യത്തിലും തീരുമാനമായിട്ടില്ല. കെ.എസ്.ഇ.ബി. സ്ഥലം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും വാദം കേട്ടശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ് കളക്ടര്‍.

2. ബൌദ്ധിക സ്വത്തവകാശ നിയമം: ആറന്മുളക്കണ്ണാടിയുള്‍പ്പെടെ നാല് ഉല്പന്നങ്ങള്‍ക്ക് രജിസ്ട്രേഷന്‍
കാഞ്ഞങ്ങാട്: ഭൂപ്രദേശ സൂചക ഉല്പന്ന രജിസ്ട്രേഷന്‍ നിയമപ്രകാരം സംസ്ഥാനത്ത് നാലും ഇന്ത്യയില്‍ 28 ഉം ഉല്പന്നങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ലഭിച്ചു.

ആറന്മുളക്കണ്ണാടി, പാലക്കാടന്‍ നവര അരി, മട്ട അരി, ആലപ്പുഴ കയര്‍ എന്നീ ഉല്പന്നങ്ങള്‍ക്കാണ് ബൌദ്ധിക സ്വത്തവകാശ നിയമത്തിലെ ഭൂപ്രദേശ സൂചക ഉല്പന്ന രജിസ്ട്രേഷന്‍ ലഭിച്ചത്. ഇതോടെ ഈ ഉല്പന്നങ്ങളുടെ വിപണന കുത്തക രജിസ്ട്രേഷന്‍ നേടിയ പ്രത്യേക വിഭാഗത്തിന് മാത്രമാവും. കേരളത്തില്‍നിന്നുള്ള മലബാര്‍ കുരുമുളക്, പൊക്കാളി അരി എന്നീ ഉല്പന്നങ്ങളും രജിസ്ട്രേഷന്‍ ലഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്.

ആറന്മുളക്കണ്ണാടിക്കായിരുന്നു കേരളത്തില്‍നിന്നുള്ള ആദ്യത്തെ രജിസ്ട്രേഷന്‍. ഇന്ത്യയില്‍നിന്ന് 28 ഉല്പന്നങ്ങളാണ് ഇതുവരെ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ഡാര്‍ജിലിങ് ടീ, കാഞ്ചീപുരം സാരി, പോച്ചാമ്പള്ളി സാരി(ആന്ധ്ര), മൈസൂര്‍ സില്‍ക്സ്, ചന്തേരി സാരീസ്, മൈസൂര്‍ അഗര്‍ബത്തീസ്, ഭവാനി ജമുക്കാളം, കൂര്‍ഗ് നാരങ്ങ തുടങ്ങിയ ഉല്പന്നങ്ങള്‍ക്കാണ് ഇതുവരെ രജിസ്ട്രേഷന്‍ ലഭിച്ചത്. ഇന്ത്യയില്‍ ഡാര്‍ജിലിങ് ചായയ്ക്കാണ് ആദ്യമായി രജിസ്ട്രേഷന്‍ ലഭിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലായി ഇതുവരെ 500 ഉല്പന്നങ്ങള്‍ക്ക് ഈ രിതിയില്‍ രജിസ്ട്രേഷന്‍ ലഭിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ ഭൂപ്രദേശത്തിന്റെ സവിശേഷതയും ലോക മാര്‍ക്കറ്റില്‍ ഖ്യാതിയുള്ളതുമായ ഉല്പന്നങ്ങാണ് ഇതിനായി പരിഗണിക്കുന്നത്.

കാര്‍ഷിക_വ്യാവസായിക ഉല്പന്നങ്ങള്‍, കരകൌശല വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, പ്രകൃതി വിഭവങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഈ രീതിയില്‍ രജിസ്റ്റര്‍ചെയ്ത് സംരക്ഷിക്കാവുന്നതാണ്.

വ്യക്തികളുടെ കൂട്ടായ്മ, സംഘടനകള്‍, സമുദായം തുടങ്ങിയ കൂട്ടായ്മകളിലൂടെ നല്കുന്ന അപേക്ഷകള്‍ മാത്രമേ ഇതിനായി പരിഗണിക്കൂ. ഇന്ത്യയില്‍ ചെന്നൈയില്‍ മാത്രമാണ് ഭൂപ്രദേശ സൂചക രജിസ്ട്രേഷന്‍ ഓഫിസുള്ളത്. 5,000രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ചെയ്ത്കഴിയുന്നതോടെ ഉല്പന്നത്തിന് സംരക്ഷണം ലഭിക്കും. വ്യാജ ഉല്പന്നങ്ങള്‍ക്ക് തടയിടാനും സാധിക്കും.

സംസ്ഥാനത്ത് നാല് ഉല്പന്നങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ലഭിച്ചതോടെ അന്താരാഷ്ട്രതലത്തില്‍ ഈ ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വര്‍ദ്ധിക്കുമെന്നും ഉല്പാദകര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകുമെന്നും പടന്നക്കാട് കാര്‍ഷിക കോളേജില്‍ ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ കാര്‍ഷിക സര്‍വ്വകലാശാലയിലെ സി.ആര്‍.എല്‍സി പറഞ്ഞു.

ബസുമതി അരി, കൊച്ചിന്‍ ഇഞ്ചി, കോഴിക്കോട് ഹല്‍വ, കണ്ണൂര്‍ കൈത്തറി, കാസര്‍കോട് അടക്ക, കണ്ണൂര്‍_കാസര്‍കോട് കശുവണ്ടി, വടകര കൊപ്ര, പയ്യന്നൂര്‍ പവിത്ര മോതിരം തുടങ്ങിയ പ്രത്യേക സവിശേഷതകള്‍ ഉള്ള ഉല്പന്നങ്ങള്‍ നിയമ പ്രകാരം രജിസ്റ്റര്‍ചെയ്യാവുന്നതാണ് _അവര്‍ പറഞ്ഞു.

പയ്യന്നൂര്‍ പവിത്ര മോതിരം ഖ്യാതി നേടിയതോടെ ചെന്നൈയില്‍നിന്നുള്ള ഒരു ജ്വല്ലറിക്കാരന്‍ ഇതിന് അനധികൃതമായി രജിസ്ട്രേഷന്‍ നേടാന്‍ ശ്രമിച്ചത് അധികൃതര്‍ തടഞ്ഞ സംഭവം ഉണ്ടായതായും എല്‍സി പറയുന്നു.

എറണാകുളം_ആലപ്പുഴ ഭാഗത്ത് പാരമ്പര്യ_തനത് നെല്‍വിത്ത് ഉപയോഗിച്ചുള്ള പൊക്കാളി നെല്‍കൃഷിക്ക് രജിസ്ട്രേഷന്‍ അവസാന ഘട്ടത്തിലാണ്. ഇതുപോലെ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മണ്‍കൂന നിര്‍മ്മിച്ച് ഉപ്പുവെള്ളത്തെ ചെറുത്ത് പരമ്പരാഗത വിത്ത് ഉപയോഗിച്ചുള്ള ‘കൈപ്പാട്’ നെല്‍കൃഷിയും രജിസ്ട്രേഷന് അപേക്ഷിക്കാവുന്നതാണ്. കണ്ണൂര്‍, കാട്ടാമ്പള്ളി, ചെറുകുന്ന്, ഏഴോം തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ രീതിയില്‍ ഒന്നാംവിള കൃഷിയെടുക്കുന്നത്. തികച്ചും ജൈവ കൃഷിയാണിത്. ഓര്‍ക്കയം, ഓര്‍പാണ്ടി തുടങ്ങിയ നാടന്‍ വിത്തിനങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.

ഇത്തരം സവിശേഷമായ ഉല്പന്നങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനായി കാര്‍ഷിക സര്‍വ്വകലാശാല ഉല്പാദകരെ സഹായിക്കുന്നതാണ്. ബന്ധപ്പെടാനുള്ള വിലാസം: സി.ആര്‍.എല്‍സി, കാര്‍ഷിക സര്‍വ്വകലാശാല, തൃശ്ശൂര്‍. മോബൈല്‍:9447878968.

3. കപ്പല്‍ശാലയില്‍ നിര്‍മിച്ച പ്ലാറ്റ്ഫോം സപ്ലൈ വെസല്‍ കൈമാറി
കൊച്ചി: നോര്‍വെയിലെ എണ്ണ ഖനന കമ്പനിക്കായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിച്ച പ്ലാറ്റ്ഫോം സപ്ലൈ വെസ്സല്‍ കൈമാറി.

നോര്‍വെയിലെ ‘ഡീപ്പ് സീ സപ്ലൈ’ കമ്പനിക്കായി മൊത്തം എട്ട് കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറാണ് ഷിപ്പ്യാര്‍ഡിന് ലഭിച്ചിരുന്നത്. ഇതില്‍ അഞ്ചാമത്തേതാണ് ബുധനാഴ്ച കൈമാറിയത്. ഷിപ്പ്യാര്‍ഡ് മെറ്റീരിയല്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ എ.ജെ. പീറ്ററിന്റെ പക്കല്‍ നിന്ന് കമ്പനി പ്രതിനിധി കപ്പല്‍രേഖകള്‍ ഏറ്റുവാങ്ങി.

യു.ടി. 755 എല്‍ വിഭാഗത്തിലുള്ള റോള്‍സ് റോയിസ് ഡിസൈനോടു കൂടിയ കപ്പലാണ് കൈമാറിയത്. ഓഫ്ഷോര്‍ പ്ലാറ്റ്ഫോമുകളിലേക്ക് ചരക്കുകള്‍ എത്തിക്കാനാണ് ഈ കപ്പലുകള്‍ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടിയുള്ള വിമാനവാഹിനി കപ്പല്‍ നിര്‍മാണം പുരോഗമിക്കുകയാണെന്ന് കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍_അമേരിക്കന്‍ ഇടപാടുകള്‍ക്കായി രണ്ടായിരം കോടിയില്‍ കൂടുതല്‍ വിലമതിക്കുന്ന 21 ചെറുകപ്പലുകളുടെ നിര്‍മാണവും നടന്നുവരുന്നു. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ലാഭം നേടാനാകുമെന്നും കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു.

4. ലക്ഷദ്വീപ് കപ്പലുകളില്‍ ഭക്ഷണ വിലപ്പട്ടിക വേണമെന്ന് ഉത്തരവ്
 കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പലുകളില്‍ ഭക്ഷണത്തിന്റെ വിലവിവരപ്പട്ടിക പ്രസിദ്ധപ്പെടുത്തണമെന്നും മിതമായ വിലയ്ക്ക് നല്ല ഭക്ഷണം നല്‍കണമെന്നും ലക്ഷദ്വീപ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. കപ്പലിലെ ക്ഷേമ ഉദ്യോഗസ്ഥന്‍ ഇതിന്റെ മേല്‍നോട്ടം വഹിക്കണമെന്നും ഫോറം പ്രസിഡന്റ് പി.എന്‍. പുരുഷോത്തമ കൈമള്‍, അംഗം കെ. പ്രശാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

ചെത്ത്ലത്ത് ദ്വീപുനിവാസിയായ ആറ്റക്കോയ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. ‘എം.വി. അമിനി ദ്വീപ്’ എന്ന കപ്പലില്‍ 2007 ഏപ്രിലില്‍ യാത്രചെയ്തപ്പോള്‍ പ്രാതലിന് അമിതവില ഈടാക്കിയെന്നായിരുന്നു പരാതി.

5. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും സെക്രട്ടറിക്കുമെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ
കൊല്ലം:വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും സെക്രട്ടറിക്കുമെതിരെ അച്ചടക്കനടപടി എടുക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പള്‍സ് പോളിയോ ദിനത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന കമ്മീഷന്റെ വിലയിരുത്തലിനെത്തുടര്‍ന്നാണ് കമ്മീഷന്‍ അംഗം പ്രൊഫ. എസ്.വര്‍ഗീസിന്റെ നിര്‍ദ്ദേശം.

പോളിയോമരുന്ന് സൂക്ഷിക്കുന്നതിനായി ജനവരി ഒന്നുമുതല്‍ ഒമ്പതുവരെ വൈദ്യുതി മുടങ്ങാതെ നല്‍കണമെന്നാവശ്യപ്പെട്ട് പവര്‍ സെക്രട്ടറിക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ 2007 ഡിസംബര്‍ 12ന് കത്ത് നല്‍കിയിരുന്നു. 18ന് ഇതേകത്തും അനുബന്ധരേഖകളും ചെയര്‍മാനും നല്‍കി. എന്നാല്‍ വൈദ്യുതി ബോര്‍ഡ് നടപടിയെടുത്തില്ല. ജനവരി അഞ്ചിനും അടുത്ത ദിവസങ്ങളിലും അരമണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി.

എന്നാല്‍ ഇത്തരത്തില്‍ കത്ത് ലഭിച്ചിട്ടില്ലെന്ന് കമ്മീഷനില്‍ ഹാജരായ കെ.എസ്.ഇ.ബി. സ്റ്റാന്‍ഡിങ് കൌണ്‍സല്‍ അംഗം ബി.ഫ്രാന്‍സിസ് പറഞ്ഞു. കെ.എസ്.ഇ.ബി. റിസര്‍ച്ച് വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ അരമണിക്കൂര്‍ പവര്‍കട്ട് പോളിയോമരുന്നിന് കേടുവരുത്തില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയെന്നും കെ.എസ്.ഇ.ബി. വിശദീകരണത്തില്‍ പറഞ്ഞു.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ.കെ.ഷൈലജ കമ്മീഷന് മുന്നില്‍ ഹാജരായി. പവര്‍കട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ലോഡ് ഷെഡിങ് മൂലം മരുന്നിന് കേട് സംഭവിച്ചില്ലെന്നും അവര്‍ കമ്മീഷന് മൊഴി നല്‍കി.

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഹാജരാകാത്തതില്‍ കമ്മീഷന്‍ അംഗം പ്രൊഫ. എസ്.വര്‍ഗീസ് അതൃപ്തി രേഖപ്പെടുത്തി. പോളിയോമരുന്ന് വിതരണദിവസങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് ജനവരി ആറിനാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

ബുധനാഴ്ചത്തെ സിറ്റിങ്ങില്‍ 35 കേസുകളാണ് പരിഗണിച്ചത്. എട്ടെണ്ണം തീര്‍പ്പാക്കി.

6. വണ്ണംകൂട്ടാനുള്ള ഗുളിക കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു
വടകര: ശരീരത്തിന്റെ വണ്ണം കൂട്ടാന്‍ കഴിയുമെന്നവകാശപ്പെട്ട് വിപണിയിലിറക്കിയ ആയുര്‍വേദ ഗുളികയില്‍ ഉത്തേജക ഔഷധം (അനബോളിക് സ്റ്റിറോയ്ഡ്) ചേര്‍ത്തതിനാല്‍ അപകടകരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കമ്പനി നിര്‍മിച്ച ആയുര്‍വേദ ഗുളികകളാണ് കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. പ്രചാരണത്തില്‍ വിശ്വസിച്ച് ഗുളിക കഴിച്ച് ആളുകള്‍ രോഗബാധിതരാവുന്നുമുണ്ട്.

ഗുളിക കഴിക്കുമ്പോള്‍ വിശപ്പു വര്‍ധിക്കുകയും തടി കൂടുകയും ചെയ്യുന്നതിനാല്‍ ഇതിന് ആവശ്യക്കാരേറെയാണ്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഉത്തേജക മരുന്നുകള്‍ കൂടുതലായി ചേര്‍ക്കുന്നതാവാം ഗുളികയുടെ ഈ രീതിയിലുള്ള പ്രവര്‍ത്തനത്തിന് കാരണമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. ഗുളികയ്ക്ക് എതിരെ ഇപ്പോള്‍ തന്നെ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇതുകഴിച്ച് ശരീരത്തില്‍ നീരുബാധിച്ചും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇഞ്ചി, കൊടുവേലി, ജീരകം, മുരിങ്ങ, കടുക്ക, താന്നിക്ക, നെല്ലിക്ക, ഇരട്ടിമധുരം, പിപ്പല്ലി, കന്മദം, കുങ്കുമം, വാളന്‍പുളി എന്നിവ ഈ ഗുളികയിലടങ്ങിയിരിക്കുന്നുവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇതില്‍ പിപ്പല്ലിയ്ക്ക് (തിപ്പലി) വണ്ണം കൂട്ടാന്‍ ചെറിയതോതില്‍ കഴിയുമെങ്കിലും ഗുളിക കഴിക്കുമ്പോള്‍ ഉണ്ടാവുന്ന മാറ്റത്തിന് സാധിക്കുകയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

അനബോളിക് സ്റ്റിറോയിഡുകളുടെ ഉപയോഗം രക്തസമ്മര്‍ദം കൂടാനും ശരീരത്തിലെ കൊളസ്ട്രോള്‍ നിലയില്‍ ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ മാറ്റം വരുത്തുന്നതിനും ഇടയാക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങളും അര്‍ബുദം ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങളും പിടിപെടാന്‍ സ്റ്റിറോയിഡിന്റെ അമിതമായ ഉപയോഗം ഇടയാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലൈംഗിക പ്രശ്നങ്ങള്‍ക്കും അമിത ശരീര വളര്‍ച്ചയ്ക്കും വൃക്കകളുടെ തകരാറിനും ഇവ കാരണമാവുന്നുണ്ട്. വിവാദമായ ആയുര്‍വേദ ഗുളിക കഴിച്ചവരില്‍ പലര്‍ക്കും അനബോളിക് സ്റ്റിറോയ്ഡ് ഉപയോഗിച്ചതിന്റെ ലക്ഷണം കാണുന്നുണ്ടെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ഗുളികയിലെ ചേരുവകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നിരോധിക്കണമെന്നും കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുണ്ട്. പ്രാദേശിക തലത്തില്‍ സ്റ്റിറോയിഡുകള്‍ ചേര്‍ത്ത ആയുര്‍വേദ മരുന്നുകള്‍ വേറെയും വിറ്റഴിക്കപ്പെടുന്നതായാണ് സൂചന.

7. സേതുസമുദ്രം: രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം
ന്യൂഡല്‍ഹി: സേതുസമുദ്രം പദ്ധതിയെപ്പറ്റി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് രണ്ടാഴ്ചത്തെ സമയം നല്‍കി.
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലൂടെ കപ്പല്‍ച്ചാല്‍ നിര്‍മിക്കാനുള്ള സേതുസമുദ്രം പദ്ധതി വിവാദമായതിനെത്തുടര്‍ന്ന് കഴിഞ്ഞ സപ്തംബറിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. രാമസേതു മനുഷ്യനിര്‍മിതമല്ലെന്നും ശ്രീരാമന്റെ അസ്തിത്വത്തിനു തെളിവില്ലെന്നും കാണിച്ച് കേന്ദ്ര പുരാവസ്തു വകുപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കിലും പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് അത് പിന്‍വലിച്ചു. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി തേടിയ സര്‍ക്കാര്‍ അത് നീട്ടിക്കൊണ്ടുപോവുകയാണുണ്ടായത്.

സേതുസമുദ്രം പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയും സര്‍ക്കാര്‍ നിലപാടും വിശദീകരിക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മിലന്‍ കെ. ബാനര്‍ജി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിനെ അറിയിച്ചു. ഏത് ഏജന്‍സിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത് എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാമസേതു മനുഷ്യനിര്‍മിതമോ സ്വാഭാവികമായി രൂപപ്പെട്ടതോ എന്നത് സംബന്ധിച്ച് കേന്ദ്രപുരാവസ്തു വകുപ്പിനോട് വീണ്ടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടണമെന്ന മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യസ്വാമിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അറ്റോര്‍ണി ജനറല്‍.

8. ഗര്‍ഭനിരോധനം അനിസ്ലാമികമല്ലെന്ന് ഫത്വ
ന്യൂഡല്‍ഹി:താത്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അനിസ്ലാമികമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക പാഠശാലയായ ദേവ്ബന്ദ് ദാറുല്‍ ഉലൂം ഫത്വ പുറപ്പെടുവിച്ചു. രണ്ടുകുട്ടികള്‍ തമ്മിലുള്ള ഇടവേള കൂട്ടാനായി ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അനുവദനീയമാണെന്ന് ഇതു സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള വിശദീകരണം നല്‍കിക്കൊണ്ട് ഫത്വ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്ക് മതിയായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജനനങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നതിനാണ് താത്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവദിക്കുന്നതെന്ന് ദേവ്ബന്ദിലെ പുരോഹിതര്‍ പറഞ്ഞു. സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗങ്ങളെപ്പറ്റി ഫത്വയില്‍ ഒന്നും പറയുന്നില്ല. താത്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവദനീയമാണെന്ന് ജാമിയ ഉലമ ഇ ഹിന്ദ് വക്താവ് അബ്ദുള്‍ ഹമീദ് നൊമാനിയും പറഞ്ഞു. എന്നാല്‍ സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അനിസ്ലാമികമാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലെ 40ശതമാനം മുസ്ലിങ്ങളും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കെന്ന് അദ്ദേഹം പറഞ്ഞു.

9. ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ നേരിട്ട് പണമടയ്ക്കാം
കൊച്ചി: സ്പൈസ് ജെറ്റ് വിമാന ടിക്കറ്റിന് ഇനി ഓണ്‍ലൈനില്‍ പണമടയ്ക്കാം. ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൌണ്ടില്‍ നിന്ന് നേരിട്ട് പണമടയ്ക്കാവുന്ന ഈ സംവിധാനം ‘ബില്‍ ഡെസ്ക്’ എന്ന പേയ്മെന്റ് സേവനദാതാവുമായി ചേര്‍ന്നാണ് ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റിനും പണമടയ്ക്കലിനും” http://www.spicejet.com ” സന്ദര്‍ശിക്കുക.

1. യാത്രക്കാരിയെ അപമാനിച്ച ടി.ടി.ഐക്ക് തടവ്
കണ്ണൂര്‍: മലബാര്‍ എക്സ്പ്രസിലെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച ടി.ടി.ഐയെ കോടതി ഒരു മാസത്തെ തടവിനു ശിക്ഷിച്ചു. ഏഴോം സ്വദേശിയും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടി.ടി.ഐയുമായ ടി.കെ. ബാലസുബ്രഹ്മണ്യനെയാണു കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

2006 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മലബാര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കൊണ്േടാട്ടി സ്വദേശിനിയായ യാത്രക്കാരിയോടു ബാലസുബ്രഹ്മണ്യം മോശമായി പെരുമാറുകയും വസ്ത്രം വലിച്ചു കീറുകയും കണ്ണൂരില്‍ നിര്‍ബന്ധിച്ച് ഇറക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു കേസ്.

2. അമ്പലപ്പുഴയില്‍ ഭക്ഷ്യവിഷബാധ: 6 പേര്‍ ആശുപത്രിയില്‍
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിനു സമീപത്തെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ആറു പേരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കൂട്ടിരിപ്പുകാരായ മാരാരിക്കുളം അരശര്‍കടവ് സിനി (22) , കൊല്ലം ദയന മന്‍സിലിന്‍ സ്വദേശി ഷൌക്കത്തലി (63), നെടുമുടി ദിവ്യഭവനം മോഹന്‍ (50), നീര്‍ക്കുന്നം ലക്ഷം വീടു കോളനിയില്‍ സുമേഷ് (23), മാതാവ് സെലിന്‍, തുറവൂര്‍ മൌണ്ട് ബെറ്റിയില്‍ സുരേഷ് ബാബു (38) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയുടെ പടിഞ്ഞാറുവശമുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപെടുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം അമ്പലപ്പുഴ പോലീസ് ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു.

ഇന്നലെ രാവിലെ ഫുഡ് ഇന്‍സ്പെക്ടര്‍ പരിശോധന നടത്തി. ആശുപത്രിക്കു സമീപത്തെ വീടുകളില്‍ നിന്നു ഭക്ഷണം പാകംചെയ്ത് ആശുപത്രിയില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇങ്ങനെ കഴിച്ച ചിലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതായി പറയപ്പെടുന്നു. ഇവിടത്തെ കുടിവെള്ളമാണോ പ്രശ്നകാരണമെന്നും പരിശോധിക്കുന്നുണ്ട്.

3. പായ്ക്കറ്റുകളില്‍ നിറം മാറ്റി മില്‍മ വെള്ളം കുടിപ്പിക്കുന്നു
പത്തനംതിട്ട: പായ്ക്കറ്റുകളില്‍ പരിഷ്കാരം വരുത്തി മില്‍മ പാലിന്റെ വില കൂട്ടി. പാലിന്റെ വില കൂട്ടുന്നതിനെതിരേ പലഭാഗത്തു നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണു മില്‍മയുടെ പുതിയ തന്ത്രം. കൊഴുപ്പ് വ്യതിയാനത്തിന്റെ പേരു പറഞ്ഞാണ് മില്‍മ വില കൂട്ടിയിരിക്കുന്നത്.

സാധാരണ പാല്‍ ഇപ്പോള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. വില കൂടിയ റിച്ച് പാല്‍ ആണ് ഇപ്പോള്‍ വിപണിയില്‍ കൂടുതലെത്തുന്നത്. ഇതിന് ലിറ്ററിന് 22 രൂപയാണ് വില. പായ്ക്കിംഗ് കവറുകളില്‍ വ്യത്യസ്ത നിറങ്ങള്‍ വരുത്തി യാണ് വില നിശ്ചയിച്ചിരിക്കുന്നത്. റിച്ച് പ്ളസ്, സ്മാര്‍ട്ട് എന്നിങ്ങനെ നീല, മഞ്ഞ കവറുകളില്‍ വിപണിയിലെത്തുന്ന പാലിന് കൊഴുപ്പ് കൂടിയതും, കുറഞ്ഞതുമെന്ന പേരിലാണ് വില്പന.

കൊഴുപ്പു കുറഞ്ഞ പാലിന് ലിറ്ററിന് 17 രൂപയാണു വില. കഴിഞ്ഞ തിങ്കളാഴ്ച മുതലാണു പുതിയ ക വറിലുള്ള വിലകൂടിയ പാല്‍ വിപ ണിയിലെത്തി തുടങ്ങിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാല്‍മുഴുവന്‍ മില്‍മ റിച്ച് എന്ന പേരിലാണ് ഇ പ്പോള്‍ എത്തിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷമുള്ള വില്‍പനയ്ക്കായാണ് ഉയര്‍ന്ന വിലയുള്ള പാല്‍ എത്തിയതെങ്കില്‍ ഇ ന്നലെ രാവിലെ മുതല്‍ ഈ പാല്‍മാത്രമാണ് പലേടത്തും കിട്ടാനുള്ളത്. സ്മാ ര്‍ട്ടെന്ന പേരില്‍ രേഖപ്പെടുത്തി യ പാലാകട്ടെ ഇന്നലെ മുതല്‍ വിപണിയില്‍ എത്തുന്നുമില്ല. പാല്‍വില വര്‍ധിപ്പിക്കുന്ന വിവരം ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് ബോധ്യമാകാതിരിക്കാനാണ് പുതിയ വില്‍പന ശൈലിയെന്നു ആരോപണമുണ്ട്.

മുമ്പും മില്‍മ ഇത്തരം റിച്ച് പാല്‍ ഇറക്കിയിരുന്നു. എന്നാല്‍ കൊഴുപ്പുകൂടിയതും വില ഉയര്‍ന്നതുമായ പാലിന് ആവശ്യക്കാര്‍ ഇല്ലാതെ വന്നതോടെ ഇതിന്റെ ഉത്പാദനം കുറയ്ക്കുകയായിരുന്നു. കൊഴുപ്പ് കുറഞ്ഞ പാലുകളുടെ ഉത്പാദനം മില്‍മ 30 ശതമാനത്തില്‍ താഴെയായി കുറച്ചിട്ടുമുണ്ട്. ഈ പാലിന്റെ ഉത്പാദനം വരുംദിവസങ്ങളില്‍പൂര്‍ണമായും നിര്‍ത്തി വ യ്ക്കാനാണ് കോര്‍പറേഷന്റെ തീരുമാനമെന്നും സൂചനയുണ്ട്.

മില്‍മപാലിന് വില ഉയര്‍ത്തില്ലെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചതിന്റെ ചൂടാറുംമുമ്പെയാണ് ഉയര്‍ന്ന വിലയിലുള്ള പാലുമായി മില്‍മ രംഗത്തെത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥയില്‍ ലിറ്ററിന് അഞ്ചു രൂ പയാണ് വര്‍ധിച്ചിട്ടുള്ളത്.

ഒന്നരമാസം മുമ്പ് മില്‍മ പാല്‍വിലയില്‍ ലിറ്ററിന് ഒരുരൂപയുടെ വര്‍ധന വരുത്തിയിരുന്നു. പാല്‍വിലയില്‍ ഇത്രകണ്ട് വിലവര്‍ധ നവുണ്ടാകുന്നതും ഇതാദ്യമാണ്.

4. പാപ്പാന്‍ ഇടഞ്ഞു; ‘തളയ്ക്കാന്‍’ ഒരു ബറ്റാലിയന്‍ പോലീസ്
ഗുരുവായൂര്‍: ആനപ്പുറത്തിരുന്ന് ഇടഞ്ഞ പാപ്പാനെ നാട്ടുകാരും പോലീസും ചേര്‍ന്ന് അനുനയിപ്പിച്ചു. ഒറ്റപ്പാലം സ്വദേശി രാമചന്ദ്രന്റെ കാര്‍ത്തികേയന്‍ എന്ന കൊമ്പന്റെ പാപ്പാന്‍ മോഹന്‍ദാസിനെയാണു നാട്ടുകാരും പോലീസും ആന ഉടമസ്ഥരും ചേര്‍ന്നു ‘മെരുക്കിയത്’.

ഇന്നലെ രാവിലെ ഒമ്പതുമണിയോടെ കാക്കശേരി വയലിക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ മകരച്ചൊവ്വ കഴിഞ്ഞ് ആനയുമായി മടങ്ങുകയായിരുന്ന മോഹന്‍ദാസ് ആനപ്പുറത്തുതന്നെയാണ് ഇരുന്നിരുന്നത്.

മദ്യലഹരിയില്‍ ഇയാളുടെ കൈയില്‍നിന്ന് ഇടയ്ക്കിടെ തോട്ടിയും കോലും താഴെ വീഴുന്നതുകണ്ട് ആനതന്നെ തോട്ടിയും വടിയും പാപ്പാന് എടുത്തുകൊടുക്കുന്നുണ്ടായിരുന്നു. ഇതുകണ്ടപ്പോഴാണു പാപ്പാന്‍ പൂസാണെന്നു നാട്ടുകാര്‍ അറിയുന്നത്.

നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഗുരുവായൂര്‍, ചാവക്കാട്, പാവറട്ടി സ്റ്റേഷനില്‍നിന്ന് പോലീസ് സ്ഥലത്തെത്തി. റോഡിലൂടെ ശാന്തനായി പോകുന്ന ആനയെ റോഡിന്റെ ഇരുവശത്തുമുള്ള സ്വകാര്യ പറമ്പുകളില്‍ തളയ്ക്കാന്‍ പോലീസ് പാപ്പാനോട് പറഞ്ഞെങ്കിലും മദ്യലഹരിയില്‍ അയാള്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. പഞ്ചാരമുക്ക് ജംഗ്ഷന്‍ മുതല്‍ ഗുരുവായൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പടിഞ്ഞാറെനട ജംഗ്ഷന്‍വരെ നാട്ടുകാരും പോലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും പാപ്പാനെ ‘തളയ്ക്കാനായതുമില്ല’.

100 രൂപ നല്കി ആനവാല്‍ തരാനാവശ്യപ്പെട്ട് ഒരാള്‍ ചെന്നെങ്കിലും അതും പാപ്പാന്‍ നിരസിച്ചു. തുടര്‍ന്ന് മുതുവട്ടൂര്‍ റോഡില്‍ തിരിഞ്ഞ് പോലീസ് മൂന്നു ജീപ്പുകളും റോഡിലിട്ടു.

മൂന്നു സ്റ്റേഷനുകളിലെയും കെ.എ.പി ബറ്റാലിയനിലെ മുപ്പതോളം പോലീസും അണിനിരന്നതോടെയാണ് സംഗതി പിടികിട്ടിയ പാപ്പാന്‍ ആനയെ തൊട്ടടുത്തുള്ള പറമ്പിലേക്കു കയറ്റിനിര്‍ത്തിയത്. ഇത്രയും കോലാഹലം ഉണ്ടായെങ്കിലും ആന വളരെ ശാന്തനായിരുന്നു. തന്റെ പാപ്പാനെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്േടാ എന്നു കാര്‍ത്തികേയന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആന ശ്രദ്ധിക്കുന്നതിനാല്‍ പാപ്പാനെ എന്തെങ്കിലും ചെയ്ത് പ്രശ്നം വഷളാക്കാന്‍ പോലീസ് ഒരുങ്ങിയില്ല.

പറമ്പിലെ തെങ്ങില്‍ ആനയെ പാപ്പാനെക്കൊണ്ട് തളച്ചതിനു ശേഷമാണ് പോലീസിനും നാട്ടുകാര്‍ക്കും സമാധാനമായത്.

5. കമ്മീഷണറെ ദേവസ്വം ബോര്‍ഡ് സംരക്ഷിക്കുകയാണോയെന്ന് ഹൈക്കോടതി
കൊച്ചി: വിജിലന്‍സ് അന്വേഷണത്തിന് വിധേയനായ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.ജി. സച്ചിദാനന്ദനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംരക്ഷിക്കുകയാണോയെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

അഴിമതി ആരോപണ വിധേയനായതിനാല്‍ കമ്മീഷണറെ തത്സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ പി.ആര്‍. രാമന്‍, വി.കെ.മോഹനന്‍ എന്നിവരടങ്ങിയ ഡിവിഷന്റെ ബഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശം. ബോര്‍ഡില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇവര്‍ മാറി നിന്നുകൊണ്ടുള്ള അന്വേഷണമാണ് കൂടുതല്‍ ഗുണകരമാകുകയെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ദേവസ്വം ബോര്‍ഡിനോട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

6. ഇന്ത്യന്‍ ശാസ്ത്രജ്ഞന് ഇറാന്‍ പുരസ്കാരം
ബാംഗളൂര്‍: ഇറാന്‍ സര്‍ക്കാ രിന്റെ ലോറെറ്റേ ഓഫ് ഖവാരിസിം അ ന്താരാഷ്ട്ര അ വാര്‍ഡ് ഇ ന്ത്യന്‍ രസതന്ത്രജ്ഞന്‍ സി. എന്‍. ആര്‍ റാവുവിന്. ഗവേഷണ മേഖലയിലെ മികവിനുള്ള പുരസ്കാരം ഫെബ്രുവരി ആദ്യവാരം ഇറാന്‍ പ്രസിഡന്റ് സമ്മാനിക്കും. ബാംഗളൂരി ലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക്ക് റിസേര്‍ച്ചിലെ ഹോണററി പ്രസിഡന്റാണു റാവു.

7. കോടതി കനിഞ്ഞപ്പോള്‍ ജെല്ലിക്കെട്ട്, 120 പേര്‍ക്കു പരിക്ക്
മധുര: നിരോധന ഉത്തരവ് സുപ്രീം കോടതി സോപാധികം പിന്‍വലിച്ച ആശ്വാസവുമായി നടത്തിയ ജെല്ലിക്കെട്ടില്‍ നൂറ്റിയിരുപതോളം പേര്‍ക്കു പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരവും.

തിരുച്ചിറപ്പള്ളിയിലെ പാലമേട്, ശുരിയൂര്‍ ഗ്രാമങ്ങളില്‍ പോലീസിന്റെയും ജില്ലാ അധികൃതരുടെയും കര്‍ശന നിരീക്ഷണത്തില്‍ നടന്ന ജെല്ലിക്കെട്ടിലാണ് ദുരന്തം. 360-ലേറെ പോരുകാളകളെ ഇവിടെ ജെല്ലിക്കെട്ടിനായി എത്തിച്ചിരുന്നു.

കാളകള്‍ക്കു മെഡിക്കല്‍ പരിശോധന നടത്തിയശേഷമായിരുന്നു പരിപാടി. ജില്ലാ കളക്ടര്‍ എസ്.എസ്.ജവഹര്‍ പോലീസ് സൂപ്രണ്ട് പി.അന്‍പ് എന്നിവരുടെ സാന്നിധ്യത്തിലാണ് തിരുച്ചിറ പ്പള്ളി യില്‍ ജെല്ലിക്കട്ട് നടത്തിയത്. മൃഗ സംരക്ഷണ ബോര്‍ഡിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

1. സ്വകാര്യവത്കരണം നഗരസഭകളിലേക്ക് വ്യാപിപ്പിക്കാന്‍ ലോകബാങ്ക് നിര്‍ദേശം
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവെച്ച സ്വകാര്യവത്കരണ നടപടികള്‍ പഞ്ചായത്ത്^നഗരസഭകളിലേക്ക് വ്യാപിപ്പിക്കാന്‍ ലോകബാങ്ക് നിര്‍ദേശം. പരിമിതമായ സാമ്പത്തിക ശേഷിയും വര്‍ധിച്ച ആവശ്യങ്ങളുമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പരമ്പരാഗത ശൈലി വിട്ട് അടിസ്ഥാന സൌകര്യ വികസനത്തിലും സേവന രംഗങ്ങളിലും സ്വകാര്യ മേഖലയുടെ പരമാവധി പങ്കാളിത്തം തേടണമെന്ന് രാജ്യത്തെ നഗരസഭകളുടെ ധനവിനിയോഗത്തെക്കുറിച്ച പഠനരേഖയില്‍ ലോകബാങ്ക് നിര്‍ദേശിച്ചു.

നഗരവികസന മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ രേഖ ഇന്നലെ ദല്‍ഹിയില്‍ പുറത്തിറക്കി. ഇതാദ്യമാണ് ഇത്തരമൊരു പഠനരേഖ ലോകബാങ്ക് തയാറാക്കുന്നത്. പൊതു^സ്വകാര്യ പങ്കാളിത്ത പദ്ധതിയുടെ പ്രയോജനം മനസ്സിലാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയാറാകണമെന്ന് ലോകബാങ്ക് ആവശ്യപ്പെട്ടു. പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതില്‍ താല്‍പര്യവുമുണ്ട്. അതിന് അനുസൃതമായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തി നല്‍കണം. പരമ്പരാഗത ധനസമാഹരണ^വികസന രീതികള്‍ കൊണ്ട് ഏറെയൊന്നും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ലോകബാങ്ക് വിലയിരുത്തി.

നഗരസഭകളുടെ ഓഡിറ്റിംഗ് പ്രൊഫഷണല്‍ സ്ഥാപനങ്ങളെ ഏല്‍പിക്കണമെന്നതാണ് മറ്റൊരു ശിപാര്‍ശ. നഗരസഭകള്‍ക്ക് സ്വന്തമായ ആഭ്യന്തര ഓഡിറ്റിംഗ് സംവിധാനം കൊണ്ടുവരണമെന്നും ഓഡിറ്റ് കമ്മിറ്റിയില്‍ കൌണ്‍സിലര്‍മാര്‍ക്ക് പുറമെ പൊതുജനങ്ങളില്‍ നിന്ന് സ്വതന്ത്ര പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ലോകബാങ്ക് നിര്‍ദേശിച്ചു.

സ്വാതന്ത്യ്രത്തിന് ശേഷം രാജ്യത്തെ നഗര ജനസംഖ്യ അഞ്ചിരട്ടിയായി. ജനസംഖ്യയില്‍ 27 ശതമാനവും ഇന്ന് നഗരങ്ങളിലാണ്.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ പകുതിയും നികുതിയില്‍ 90 ശതമാനവും നഗരവാസികളാണ് നല്‍കുന്നത്. അതിവേഗം നഗരവത്കൃതമാവുകയാണ് ഇന്ത്യ. അടിസ്ഥാന സൌകര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും കൂടുതലായി നടക്കണം. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ധനവിനിയോഗത്തില്‍ കൂടുതല്‍ കാര്യക്ഷമതയും, ഒപ്പം സ്വകാര്യ പങ്കാളിത്തവുമാണ് ലോകബാങ്ക് ആവശ്യപ്പെടുന്നത്.

നിലവിലെ പ്രവര്‍ത്തനങ്ങളിലും ജനപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലും കേരളത്തിലെ നഗരസഭകള്‍ പൊതുവെ മാതൃകയാണെന്ന് ലോകബാങ്ക് വിലയിരുത്തി.
ബജറ്റ് തയാറാക്കുന്ന രീതി മറ്റു സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ജനകീയാസൂത്രണ പരിപാടിയേയും ബാങ്ക് ശ്ലാഘിച്ചു.

2. റെയില്‍വേ പിഴയും വ്യാപാരികളുടെ മെല്ലെപ്പോക്കും വിലക്കയറ്റം ഉണ്ടാക്കുന്നു
കോഴിക്കോട്: റെയില്‍വേയുടെ വന്‍ പിഴകെട്ടലും വ്യാപാരികളുടെ മെല്ലെപ്പോക്കും ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് കനത്ത ആഘാതമായി. അരി, പഞ്ചസാര, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, പാമോയില്‍ അടക്കം ഭക്ഷ്യവസ്തുക്കള്‍ക്കും സിമന്റിനുമാണ് റെയില്‍വേയുടെയും വ്യാപാരികളുടെയും നടപടിമൂലം സംസ്ഥാനത്ത് അനാവശ്യ വിലക്കയറ്റം ഉണ്ടാകുന്നത്.

ട്രെയിന്‍ ഗുഡ്സ് ഷെഡിലെത്തിയശേഷം ചരക്കിറക്കാന്‍ വരുന്ന കാലതാമസത്തിന് മണിക്കൂറടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പിഴകെട്ടലും (ഡെമറേജ് ചാര്‍ജ്) തറവാടക (വാര്‍ഫേജ് ചാര്‍ജ്)യുമാണ് വിലക്കയറ്റത്തിന് കാരണമാവുന്നത്. ഗുഡ്സ് ഷെഡില്‍ ട്രെയിന്‍ എത്തുമ്പോള്‍ ഒമ്പത് മണിക്കൂറിനുള്ളില്‍ ചരക്കിറക്കാതെ പിഴകെട്ടലിന് ഇടയാകുംവിധം ‘സ്പോട്ട് കച്ചവടം’ നടത്തുന്ന ഏജന്റുമാരുടെയും മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാതെ ചരക്ക് സാമ്പിള്‍ കണ്ടശേഷം മാത്രം സാധനം എടുക്കുന്ന വ്യാപാരികളുടെ നിലപാടുമാണ് വിലക്കയറ്റത്തിന് മറ്റൊരുകാരണം.

കൊല്ലം, തൃശൂര്‍, കൊച്ചി, കോഴിക്കോട് റെയില്‍വേ ഗുഡ്സ് ഷെഡിലാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ചരക്ക് എത്തുന്നത്. പ്രതിമാസം ശരാശരി 30 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെയാണ് ഡെമറേജ്, വാര്‍ഫേജ് ഇനത്തില്‍ കേരളം പിഴ ഒടുക്കുന്നത്. 2007 ഏപ്രില്‍ മുതല്‍ വാര്‍ഫേജ് ചാര്‍ജ് വര്‍ധിച്ചതിന്റെ കുടിശãികയായി കൊല്ലം ഗുഡ്സ് ഷെഡില്‍ ചരക്കിറക്കിയ വകയില്‍ 10 ലക്ഷവും തൃശൂര്‍ ഗുഡ്സ് ഷെഡില്‍ 18 ലക്ഷവും കോഴിക്കോട് ഗുഡ്സ്ഷെഡില്‍ 2,62,460 രൂപയും റെയില്‍വേ പിഴ ഈടാക്കി. ഈ തുക തവണ വ്യവസ്ഥയില്‍ ക്ലിയറിംഗ് ഏജന്റുമാര്‍ അടച്ചുകൊണ്ടിരിക്കുകയാണ്. വ്യാപാരികളില്‍നിന്ന് ഈടാക്കിയാണ് ക്ലിയറിംഗ് ഏജന്റുമാര്‍ റെയില്‍വേക്ക് പിഴ ഒടുക്കുന്നത്.

ട്രെയിന്‍ ഗുഡ്സ് ഷെഡില്‍ എത്തി ഒമ്പത് മണിക്കൂറിനകം ചരക്കിറക്കി തീര്‍ക്കണമെന്നാണ് റെയില്‍വേയുടെ നിയമം . പിന്നീട് വരുന്ന ഓരോ മണിക്കൂറിനും ഒരു ബോഗിക്ക് 75 രൂപവീതം പിഴകെട്ടണം. തൃശൂര്‍, കോഴിക്കോട് ഗുഡ്സ് ഷെഡുകളില്‍ ഡെമറേജ് ചാര്‍ജ് 75 രൂപയില്‍നിന്ന് 150 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 8ന് കോഴിക്കോട്ടെത്തിയ ഗുഡ്സില്‍നിന്ന് ചരക്കിറക്കാന്‍ വൈകിയതിനാല്‍ 1,47,600 രൂപ ഡെമറേജ് ഇനത്തിലും 1640 രൂപ വാര്‍ഫേജ് ഇനത്തിലും റെയില്‍വേക്ക് നല്‍കേണ്ടി വന്നു.

കടുത്ത ക്ഷാമമുള്ളതിനാല്‍ കഴിവതുംവേഗം വാഗണുകള്‍ വിട്ടുകിട്ടാനാണ് ഡെമറേജ്, വാര്‍ഫേജ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തേണ്ടിവരുന്നതെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. എന്നാല്‍,ട്രെയിന്‍ വൈകി എത്തുന്നതാണ് പലപ്പോഴും പിഴ ഒടുക്കാന്‍ ഇടയാവുന്നതെന്ന് ഏജന്റുമാരും വ്യാപാരികളും പറയുന്നു.

ഡെമറേജ് ചാര്‍ജ് ഒഴിവാക്കാന്‍ സാധിക്കാത്തത് റെയില്‍വേയുടെ നടപടി മൂലമാണെന്ന് വ്യാപാരികള്‍ പറയുന്നു.
ഗുഡ്സ് ഷെഡിനോട് ചേര്‍ന്ന് കേരളത്തില്‍ ഒരു സ്ഥലത്തും മഴകൊള്ളാതെയും സുരക്ഷിതമായും ചരക്ക് ഇറക്കിവെക്കാനുള്ള സൌകര്യം റെയില്‍വേ ഒരുക്കിയിട്ടില്ല. മിക്ക ഷെഡിലും കൂടുതല്‍ ലോറികള്‍ ബോഗിയോട് ചേര്‍ത്തുവെച്ച് ചരക്കിറക്കാനുള്ള സൌകര്യമില്ല. ട്രെയിന്‍ പലപ്പോഴും വൈകി എത്തുന്നതിനാല്‍ അന്നത്തെ ദിവസം ചരക്കിറക്കാന്‍ സാധിക്കില്ല. രാത്രിയിലും ചരക്കിറക്കാന്‍ റെയില്‍വേ അനുമതി നല്‍കുമെങ്കിലും ജോലി ചെയ്യാന്‍ തൊഴിലാളികള്‍ തയാറാവുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

മുമ്പൊക്കെ വ്യാപാരികളില്‍നിന്ന് നേരത്തേ ഓര്‍ഡര്‍ വാങ്ങിയാണ് മില്ലുകാര്‍ ഭക്ഷ്യധാന്യങ്ങള്‍ കയറ്റി അയച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ അരി കേരളത്തിലെത്തിയ ശേഷം സാമ്പികള്‍ കണ്ടശേഷമാണ് വ്യാപാരികള്‍ ഓര്‍ഡര്‍ നല്‍കുന്നത്. ഇതുമൂലമാണ് കേരളം ഉയര്‍ന്ന ഡെമറേജ്, വാര്‍ഫേജ് ചാര്‍ജുകള്‍ നല്‍കേണ്ടിവരുന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

3. വി.എസ് സര്‍ക്കാറിനെതിരെ സി.പി.എം സമരം
തൊടുപുഴ: വി.എസ് സര്‍ക്കാറിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം താലൂക്കില്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചു. മൂന്നാര്‍ ഒഴിപ്പിക്കലിനെതിരെയാണ് പ്രക്ഷോഭം. പന്ത്രണ്ടു ദിവസത്തെ ഉപവാസസമരത്തിനുശേഷം ഇന്നലെയും ഇന്നും ദേവികുളത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഉള്‍പ്പെടുത്തി ആക്ഷന്‍ കൌണ്‍സില്‍ രൂപവത്കരിച്ചാണ് പ്രക്ഷോഭം. ’57ല്‍ അവിഭക്ത കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുതല്‍ കഴിഞ്ഞ നായനാര്‍ സര്‍ക്കാര്‍ വരെയുള്ള ഇടതു സര്‍ക്കാറുകള്‍ക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ സി.പി.എമ്മോ സമരം ചെയ്ത ചരിത്രമില്ല.

’67ലെ ഇ.എം.എസ് സര്‍ക്കാറിനെ താഴെയിറക്കി ’70ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.ഐ രൂപവത്കരിച്ച അച്യുതമേനോന്‍ സര്‍ക്കാറിനെതിരെ സി.പി.എം നടത്തിയ മിച്ചഭൂമി സമരം മാത്രമാണ് അപവാദം. ഇതിന് സമാനമാണ് ഇപ്പോള്‍ വി.എസ് സര്‍ക്കാറിനെതിരെ ഇടുക്കിയില്‍ സി.പി.എം തുടക്കം കുറിച്ചിരിക്കുന്ന സമരം.

ഇടതുമുന്നണിയാണ് ദേവികുളം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ആര്‍. ഈശ്വരനാണ് ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ പാല്‍രാജാണ് 12 ദിവസം മുമ്പ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച ആര്‍.ഡി.ഒ ഓഫീസ് പിക്കറ്റിംഗും നിരാഹാര സമരവും ഉദ്ഘാടനം ചെയ്തത് സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്. രാജേന്ദ്രന്‍ എം.എല്‍.എയാണ്. സര്‍ക്കാര്‍ നയം തിരുത്താന്‍ അഭിപ്രായ ഭിന്നത നോക്കാതെ ബി.ജെ.പി ഉള്‍പ്പടെ എല്ലാ കക്ഷികളുമായും സഹകരിക്കുമെന്ന് രാജേന്ദ്രന്‍ പ്രഖ്യാപിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഈ യോഗത്തെ അഭിവാദ്യം ചെയ്ത് വി.എസ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു.

മൂന്നാറില്‍ ടാറ്റാ ടീയുടെ ഭൂമി റീസര്‍വേ ചെയ്യുന്ന നടപടി ഏതാണ്ട് പകുതി പിന്നിട്ടപ്പോഴാണ് സി.പി.എം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി മൂന്നാറില്‍ വീണ്ടും രംഗത്തുവന്നിരിക്കുന്നത്. റിസോര്‍ട്ടുകളടക്കം മുഴുവന്‍ സ്ഥലങ്ങള്‍ക്കും പട്ടയം നല്‍കുക, പട്ടയം ഉള്ളവര്‍ക്ക് ഭൂമി വില്‍പന നടത്താനുള്ള കൈമാറ്റ അവകാശം നല്‍കുക, ഭൂമി കൈയേറ്റത്തിന്റെ മറവില്‍ മൂന്നാറിലെയും ദേവികുളത്തെയും ഭൂമി ഇടപാട് മരവിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറിയത് സി.പി.എം നേതാക്കളാണെന്ന് കണ്ടെത്തിയിരുന്നു. ചിന്നക്കനാലിലെ റിസോര്‍ട്ടുകള്‍ സ്ഥാപിച്ചതും വ്യാജ പട്ടയത്തിന്മേലാണെന്നും ദൌത്യസംഘം കണ്ടെത്തി. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി അടുത്തമാസം ആരംഭിക്കാനാണ് ദൌത്യസംഘം തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയെക്കൂടി ഉള്‍പ്പെടുത്തി ആക്ഷന്‍ കൌണ്‍സില്‍ രൂപവത്കരിച്ച് സി.പി.എം പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

മൂന്നാര്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചപ്പോള്‍ തന്നെ സി.പി.എം ഇടുക്കി ജില്ലാ നേതൃത്വം അതിനെതിരെ രംഗത്തുവന്നിരുന്നു. വി.എസ് ഉറച്ച നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ കമ്മിറ്റി പിണറായി പക്ഷത്തേക്ക് മാറി. ജില്ലാ സമ്മേളനത്തില്‍ ഇനി ഒഴിപ്പിക്കലുമായി മൂന്നാറിലേക്ക് വരരുതെന്ന് ദേവികുളത്തുനിന്നുള്ള പ്രതിനിധികള്‍ വി.എസിനെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ സമരം. ഹര്‍ത്താലിനെ തുടര്‍ന്ന് ദേവികുളം താലൂക്ക് ഓഫീസിന്റെയും റവന്യൂ ഡിവിഷനല്‍ ഓഫീസിന്റെയും മറ്റും പ്രവര്‍ത്തനം ഇന്നലെ പൂര്‍ണമായും നിലച്ചു. ഹര്‍ത്താല്‍ ഇന്ന് വൈകുന്നേരം ആറിന് അവസാനിക്കും.

4. മഴ, തണുപ്പ്; ഗള്‍ഫില്‍ ജനജീവിതം താളംതെറ്റി
ദുബൈ: ദിവസങ്ങളായി തുടരുന്ന മഴയും കടുത്ത തണുപ്പും കാരണം ഗള്‍ഫ് നാടുകളില്‍ ജനജീവിതം താളംതെറ്റി. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ കഴിഞ്ഞ മൂന്നുദിവസമായി മഴ തുടരുകയാണ്. ഞായറാഴ്ച മുതല്‍ മഴ ഇടവിട്ട് പെയ്തിരുന്നെങ്കിലും തിങ്കളാഴ്ച വൈകിട്ട് മുതല്‍ നിര്‍ത്താതെ പെയ്യുകയാണ്. വരും ദിവസങ്ങളിലും ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ശീതക്കാറ്റിനും സാധ്യതയുണ്ട്. ഇന്നലെ വൈകിട്ടുവരെ ദുബൈയില്‍ മാത്രം 43.8 മില്ലിമീറ്റര്‍ മഴ പെയ്തതായാണ് കണക്ക്.

കനത്ത മഴയെ തുടര്‍ന്ന് വ്യോമ ഗതാഗതവും വാഹന ഗതാഗതവും താറുമാറായി. സ്കൂളുകളില്‍ അധ്യയനം ഉച്ചയോടെ നിര്‍ത്തിവെച്ചു. നിര്‍മാണ സ്ഥലങ്ങളിലും ജോലികള്‍ നിര്‍ത്തി. വിപണിയില്‍ ആളില്ലാതായതോടെ പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.

മഴ പ്രധാനമായി ബാധിച്ചത് യു.എ.ഇയിലെ ഗതാഗതത്തെയാണ്. കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങളെല്ലാം വേഗത കുറച്ച് പോകുന്നതിനാല്‍ അഭൂതപൂര്‍വമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് ജോലിക്ക് പുറപ്പെട്ടവര്‍ മണിക്കൂറുകളോളം റോഡില്‍ കിടന്നശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ, രാവിലെ മുതല്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. വൈകിട്ട് ജോലിസ്ഥലത്തുനിന്ന് പുറപ്പെട്ടവര്‍ രാത്രി ഏറെ വൈകിയാണ് വീടുകളിലെത്തിയത്. അരമണിക്കൂറുകൊണ്ട് എത്താവുന്ന ദൂരത്തേക്ക് വാഹനങ്ങളെത്തിയത് അഞ്ചുമണിക്കൂറിലേറെയെടുത്താണ്.

ദോഹ: ഖത്തറില്‍ ഏതാനും ദിവസമായി തുടരുന്ന മഴയും തണുപ്പും പാരമ്യത്തിലെത്തി. ഈ വര്‍ഷത്തെ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്നലത്തെ ഏറ്റവും കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയത് 11 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. രാജ്യത്തെല്ലായിടത്തും ഇന്നലെ ശക്തമായ മഴ പെയ്തു. പുലര്‍ച്ചെ തുടങ്ങിയ മഴ ഏറിയും കുറഞ്ഞും ദിവസം മുഴുവന്‍ തുടര്‍ന്നു.

മഴയും കൊടുംതണുപ്പും ജനജീവിതത്തെയും വിപണിയെയും മറ്റും കാര്യമായി ബാധിച്ചിട്ടുണ്ട്. നിര്‍മാണത്തൊഴിലാളികള്‍ക്കും പുറത്ത് പണിയെടുക്കുന്നവര്‍ക്കുമാണ് ഈ കാലാവസ്ഥ കനത്ത ദുരിതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.
മഴയെതുടര്‍ന്ന് മിക്ക റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. പബ്ലിക് വര്‍ക്സ് അതോറിറ്റി യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകളില്‍നിന്ന് ടാങ്കറുകളിലൂടെ വെള്ളം വറ്റിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളക്കെട്ടും മഴയും വാഹന ഗഗാതത്തെയും ബാധിച്ചു. മഴ ശക്തമായ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നിരവധി ചെറിയ വാഹനാപകടങ്ങള്‍ സംഭവിച്ചു. മുന്നിലുള്ള വാഹനങ്ങളില്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ച് പലര്‍ക്കും നിസ്സാര പരിക്കുകള്‍ സംഭവിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ്. കുവൈത്തിന്റെ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് നാലു ഡിഗ്രി സെല്‍ഷ്യസാണ്. 1964ലായിരുന്നു ഇത്. അതിന് സമാനമായ ശൈത്യമാണ് ഇക്കുറി. ജനവാസ കേന്ദ്രങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ താപമാപിനിയില്‍ രേഖപ്പെടുത്തിയത് മൈനസ് ഒന്ന് ഡിഗ്രിയാണ്.

മരുപ്രദേശങ്ങളില്‍ ശൈത്യം മൈനസ് മൂന്ന് വരെയെത്തി. കുവൈത്തിന്റെ പടിഞ്ഞാന്‍ മരുപ്രദേശങ്ങളായ അല്‍ സാല്‍മി, അല്‍ ശഗായ, വടക്കന്‍ അതിര്‍ത്തിയായ അബ്ദലി എന്നിവിടങ്ങള്‍ക്ക് പുറമെ, കുവൈത്തിന്റെ നിയന്ത്രണത്തിലുള്ള വര്‍ബ, ബൂബിയാന്‍ ദ്വീപുകളിലുമാണ് താപനില മൈനസ് മൂന്ന് വരെയെത്തിയതെന്ന് സിവില്‍ എവിയേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊടും തണുപ്പ് ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് പ്രവചനം. റിയാദ്: സൌദി ഏതാനും ദിവസങ്ങളായി കൊടുംതണുപ്പിന്റെ പിടിയിലാണ്. രാജ്യത്തെ 10 കേന്ദ്രങ്ങളില്‍ മൈനസ് ഡിഗ്രിയാണ് താപനില. മഞ്ഞുവീഴ്ചയുമുണ്ട്. അതിശൈത്യം മൂലം സൌദിയില്‍ ഇതിനകം രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചിട്ടുണ്ട്. ഇത് ജനങ്ങളില്‍ ഭീതി പരത്തിയിരിക്കയാണ്.

നഗരങ്ങള്‍ രാത്രിയാവുമ്പോഴേക്കും വിജനമാവുകയാണ്. പകല്‍ സമയങ്ങളില്‍ തന്നെ ദുര്‍ലഭമായേ ആളുകള്‍ പുറത്തിറങ്ങുന്നുള്ളൂ. തണുപ്പ് കൂടിയ പ്രദേശങ്ങളില്‍ സ്കൂളുകളില്‍ ഹാജര്‍ നില കുറവാണ്. പല സ്കൂളുകളിലും രാവിലത്തെ അസംബ്ലി ഒഴിവാക്കിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി എടുക്കുന്നവര്‍ ഏറെ പ്രയാസപ്പെടുകയാണ്.
തലസ്ഥാനമായ റിയാദില്‍ ഇന്നും നാളെയും കൊടുംശൈത്യം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം ഇന്നലെ റിയാദിലെ കൂടിയ താപനില ഒമ്പത് ഡ്രിഗ്രിയും കുറഞ്ഞത് മൂന്ന് ഡിഗ്രിയുമായിരുന്നു. ഇന്ന് രാത്രി കുറഞ്ഞ താപനില മൈനസ് ഏഴ് ഡിഗ്രിയും നാളെ രാത്രി മൈനസ് എട്ട് ഡിഗ്രിയുമായിരിക്കുമെന്നാണ് പ്രവചനം. തണുപ്പ് ശക്തിപ്പെട്ടതോടെ വിവിധ സ്കൂളുകള്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

5. വിപണി ആവശ്യം ബോധ്യപ്പെട്ടാല്‍ എണ്ണ ഉല്‍പാദനം കൂട്ടും: സൌദി
റിയാദ്: അന്താരാഷ്ട്ര വിപണിയുടെ ആവശ്യം ബോധ്യപ്പെട്ടാല്‍ എണ്ണയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് സൌദി പെട്രോളിയം, മിനറല്‍ മന്ത്രി ഡോ. അലി അല്‍നുഐമി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നലെ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അല്‍നുഐമി ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയും സൌദിയും തമ്മില്‍ ദീര്‍ഘകാല ബന്ധവും സഹകരണവുമാണ് എണ്ണ വിപണനത്തിലുള്ളത്. അമേരിക്കയിലെ 12 എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് ക്രൂഡ് ഓയില്‍ നല്‍കുന്നത് സൌദിയാണ്. സൌദി അറാംകോ എന്ന കമ്പനിയുടെ ഉല്‍ഭവവും അമേരിക്കയുമായുള്ള സഹകരണത്തിന്റെ ഫലമായിരുന്നു. സൌദി അറാംകോ 300ലധികം അമേരിക്കന്‍ പെട്രോളിയം കമ്പനികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. 11 ബില്യന്‍ ഡോളറിന്റെ ഇടപാടാണ് ഈ കരാറുകളലൂടെയുള്ള സൌദി അറാംകോയുടെ എണ്ണ വിപണനം. 4000 അമേരിക്കന്‍ കമ്പനികളുമായി സൌദി വിപണി നേരിട്ട് ഒരു ബില്യന്‍ ഡോളറിന്റെ ഇടപാട് നടത്തുന്നത് ഇതിനും പുറമെയാണ്.

സൌദിയില്‍ ഇന്ന് നിലവിലുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപം അമേരിക്കയുടെ എണ്ണക്കമ്പനിയായ എക്സോണ്‍ മോബില്‍ എന്ന കമ്പനിയുടേതാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ കമ്പനികളുമായുള്ള സഹകരണത്തില്‍ സൌദിയില്‍ പെട്രോകെമിക്കല്‍ മേഖലയില്‍ 90 ബില്യന്‍ ഡോളറിന്റെ വിദേശ മുതല്‍മുടക്കുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

1990ല്‍ ഇറാഖ് കുവൈത്തിനെ ആക്രമിച്ച സന്ദര്‍ഭത്തിലും 2003ല്‍ അമേരിക്ക ഇറാഖില്‍ ഇടപെട്ടപ്പോഴും 2005ല്‍ മെക്സിക്കന്‍ ഗള്‍ഫില്‍ എണ്ണ ശുദ്ധീകരണം കുറഞ്ഞ സന്ദര്‍ഭത്തിലും അന്താരാഷ്ട്ര എണ്ണ വിപണനത്തിന്റെ സന്തുലിതാവസ്ഥയെക്കുറിച്ച് സൌദിയും അമേരിക്കയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും അലി അല്‍നുഐമി പറഞ്ഞു.

1. വീണ്ടും പവര്‍ കട്ടിനു സാധ്യത
ചെറുതോണി: നേര്യമംഗലം പവര്‍ ഹൌസിലേക്കുള്ള പെന്‍സ്റ്റോക്കിലെ ഇന്‍ടേക്ക് ഗേറ്റ് പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനത്തു വീണ്ടും പവര്‍ കട്ട് ഉണ്ടായേക്കും. പവര്‍ ഹൌസിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ ദിവസം വൈദ്യുതോല്‍പാദനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, ഗേറ്റ് പുനഃസ്ഥാപിക്കാനുള്ള പണികള്‍ കാര്യക്ഷമതയോടെ ചെയ്യാന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ താല്‍പര്യമെടുക്കാതിരുന്നതാണ് വീണ്ടും പവര്‍കട്ട് ഭീഷണി ഉയര്‍ത്തുന്നത്.

ഗേറ്റിന്റെ ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്തതു കെല്‍ ആണ്. എന്നാല്‍, അറ്റകുറ്റപ്പണികള്‍ കഴിഞ്ഞു ഗേറ്റ് സി ചാനലില്‍ ഇറങ്ങാത്തതിനാല്‍ ഒരുമാസത്തെ പണികള്‍കൂടി വേണ്ടിവരുമെന്നു പറയുന്നു. ചാനലില്‍നിന്നു വ്യതിചലിച്ചു പത്തുവര്‍ഷമായി ഗേറ്റ് ഇരുന്നതിനാല്‍ ചാനലില്‍ വളവുകളും ചുളിവുകളും ഉണ്ടായതാണു ഗേറ്റ് സ്ഥാപിക്കാന്‍ തടസ്സം. ലോവര്‍ പെരിയാര്‍, നേര്യമംഗലം, പന്നിയാര്‍ എന്നീ പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടിയാണ് കഴിഞ്ഞ ആഴ്ചയില്‍ സംസ്ഥാനത്തു പവര്‍കട്ട് ഏര്‍പ്പെടുത്തിയത്.

പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ ഗേറ്റ് സ്ഥാപിക്കുന്ന പണികള്‍ തീരാത്തതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് ഇപ്പോള്‍ നേര്യമംഗലം പവര്‍ ഹൌസില്‍ വൈദ്യുതോല്‍പാദനം നടക്കുന്നത്. ഇന്‍ടേക്ക് ഗേറ്റ് ഉയര്‍ത്തിവച്ചാണു വെള്ളം പെന്‍സ്റ്റോക്കിലേക്കു കടത്തിവിടുന്നത്. പെന്‍സ്റ്റോക്കിലേക്കുള്ള എമര്‍ജന്‍സി ഗേറ്റിനു ചോര്‍ച്ചയുള്ളതിനാല്‍ ഇന്‍ടേക്ക് ഗേറ്റില്ലാതെ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതു വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പന്നിയാര്‍ ദുരന്തം നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് നേര്യമംഗലത്തു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതെന്നതു ശ്രദ്ധേയമാണ്. ജനറേഷന്‍ വിഭാഗം ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ച മന്ത്രിക്കു കഴിഞ്ഞ ശനിയാഴ്ച ഗേറ്റ് പിടിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.ഗേറ്റില്ലാത്തതിനാലാണ് കഴിഞ്ഞ വേനല്‍ക്കാലത്തു കല്ലാര്‍കുട്ടി അണക്കെട്ടു തുറന്നുവിട്ടു പവര്‍ ഹൌസിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവന്നത്. അണക്കെട്ടിലെ ചെളി ഒഴുകിയെത്തി എറണാകുളം ജില്ലയില്‍ ശുദ്ധജലവിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു. ജനറേഷന്‍ വിഭാഗം ജീവനക്കാരുടെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനംമൂലം നേര്യമംഗലം പവര്‍ ഹൌസിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഭാഗികമായി നിര്‍ത്തിയിരിക്കുകയാണ്.

2. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ പിജി കോഴ്സ് നിര്‍ത്താന്‍ ശുപാര്‍ശ
കോട്ടയം: മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ ബിരുദാനന്തര ബിരുദ കോഴ്സ് (ഡിഎം) നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിര്‍ദേശം നല്‍കി. ന്യൂറോ സര്‍ജറി, നെഫ്രോളജി തുടങ്ങിയ വിഭാഗത്തിലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍ണ്ടേതില്ല എന്നും കൌണ്‍സില്‍ തീരുമാനിച്ചു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇൌ കോഴ്സുകളില്‍ പ്രവേശനം നടത്തേണ്ട എന്നാണു ശുപാര്‍ശ. സാങ്കേതിക കാരണങ്ങളാലാണു കൌണ്‍സില്‍ തീരുമാനം.കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കാത്തതും 20 ബെഡ്ഡുകള്‍ എന്നു കൌണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന യൂണിറ്റ് ഒന്നില്‍ 35 ബെഡ്ഡുള്ളതും ന്യൂനതയായി കൌണ്‍സില്‍ ചൂണ്ടിക്കാട്ടി. നെഫ്രോളജി വിഭാഗത്തില്‍ അസോഷ്യേറ്റ് പ്രഫസറുടെ കുറവാണു കൌണ്‍സില്‍ അംഗീകാരത്തിനു തടസ്സമായത്.

ഒക്ടോബറിലാണ് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ പ്രതിനിധികള്‍ മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തിയത്.ബിരുദാനന്തര ബിരുദ കോഴ്സ് നിര്‍ത്തലാക്കുന്നതോടെ ഹൃദ്രോഗവിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി അവതാളത്തിലാകും. രണ്ടു സീറ്റുകള്‍ വീതമുള്ള ബിരുദാനന്തര ബിരുദ കോഴ്സ് 1993ല്‍ ആണ് ആരംഭിച്ചത്. 15 വര്‍ഷംകൊണ്ടു കോഴ്സ് പാസായി പുറത്തിറങ്ങിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ കോഴ്സിനും സര്‍ട്ടിഫിക്കറ്റിനും അംഗീകാരമില്ലാതാവുകയും ചെയ്യും.

സര്‍ക്കാര്‍ സര്‍വീസിലും വിദേശങ്ങളില്‍ പഠനത്തിനും ജോലിക്കും ഇതോടെ ഇവര്‍ക്ക് അവസരം നഷ്ടമാകും.ജനുവരി 15നു കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാക്കി ആദ്യ കേസ് ചെയ്യുമെന്നുമായിരുന്നു കൌണ്‍സില്‍ അംഗങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ ഉറപ്പു കൊടുത്തത്. എന്നാല്‍, ഇതുവരെ കാത്ത് ലാബിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയോ കാത്ത് ലാബ് ടെക്നീഷ്യനെ നിയമിക്കുകയോ ചെയ്തിട്ടില്ല. 2000ത്തില്‍ ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം ബിരുദാനന്തരബിരുദ കോഴ്സ് നിര്‍ത്തലാക്കിയിരുന്നു. തുടര്‍ന്ന് ഇതുവരെ കോഴ്സ് പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

3. ബോര്‍ഡ് അംഗങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് പൂജാരിമാരില്‍ നിന്ന് എഴുതിവാങ്ങി
ശബരിമല: ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ക്കു പണം നല്‍കിയാണു നിയമനം തരപ്പെടുത്തിയതെന്നു ശബരിമല ഉപദേവാലയങ്ങളിലെ നാലു പൂജാരിമാരില്‍നിന്നു ദേവസ്വം വിജിലന്‍സ് എസ്ഐ എഴുതി വാങ്ങി. ബോര്‍ഡിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് സി.കെ. ഗുപ്തന്‍ ദേവസ്വംമന്ത്രി ജി. സുധാകരനു കത്തുനല്‍കിയതിനു തൊട്ടുപിന്നാലെയാണു സംഭവം.

ബോര്‍ഡ് പ്രസിഡന്റുമായി കടുത്ത ഭിന്നതയില്‍ കഴിയുന്ന അംഗങ്ങളെ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണം ഉയര്‍ന്നു. സുരേഷ് ആര്‍. പോറ്റി (നവഗ്രഹം), അനില്‍ നമ്പൂതിരി (നാഗര്‍നട), ജയപ്രകാശ് നമ്പൂതിരി (കറുപ്പായിയമ്മ), ഗിരീഷ് നമ്പൂതിരി (കൊച്ചുകടുത്ത) എന്നിവരെയാണു ചോദ്യം ചെയ്ത് പൊലീസ് തയാറാക്കിയ പ്രസ്താവനയില്‍ ഒപ്പിട്ടു വാങ്ങിയത്.

ദേവസ്വം മന്ത്രിയുടെ ശുപാര്‍ശ പ്രകാരം ഇന്നലെ ചുമതലയേറ്റ വിജിലന്‍സ് എസ്ഐ വിനുകുമാറാണ് പൂജാരിമാരെ ഒാഫിസില്‍ വിളിച്ചുവരുത്തി പ്രസ്താവനയില്‍ ഒപ്പിടുവിച്ചത്. സുധാകരനുമായി വളരെ അടുപ്പമുള്ളആളാണ് വിനുകുമാര്‍. സിഐടിയു നിയന്ത്രണത്തിലുള്ള സംഘടനയില്‍പ്പെട്ടവരുടെ പേരില്‍ അരവണ ക്രമക്കേടിന് കേസെടുത്തതിനെത്തുടര്‍ന്നു വിജിലന്‍സ് എസ്ഐ സജിമോനെ സ്ഥലം മാറ്റിയാണ് വിനുകുമാറിനു ചുമതല നല്‍കിയത്.

വിനുകുമാറിന്റെ നിയമനം ബോര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നും ഇല്ലാത്ത അധികാരമാണ് വിനുകുമാര്‍ ഉപയോഗിച്ചതെന്നും ബോര്‍ഡ് അംഗം പി. നാരായണന്‍ അഭിപ്രായപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റ് സി.കെ. ഗുപ്തന്‍ ദേവസ്വംമന്ത്രി ജി. സുധാകരനു കത്തു നല്‍കുന്നത് ഇതു രണ്ടാം പ്രാവശ്യമാണ്.

അംഗങ്ങളുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്നും കടുത്ത നടപടി സ്വീകരിക്കണമെന്നും ഗുപ്തന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംഗങ്ങളെ മാറ്റാന്‍ പറ്റില്ലെന്ന നിലപാടിലാണ് സിപിഐയും ആര്‍എസ്പിയും. പി. നാരായണനൊപ്പം സിപിഐ ഉറച്ചു നില്‍ക്കുന്നു. പി. സുമതിക്കുട്ടിയമ്മയെ മാറ്റാന്‍ പറ്റില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്ണ പിള്ളയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇൌ സാഹചര്യത്തിലാണ് ഗുപ്തന്റെ പുതിയ കത്ത്. പ്രശ്നം മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കണ്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഭ്യര്‍ഥിച്ചിട്ടുണ്ട്. തനിക്കെതിരെ രണ്ട് അംഗങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുന്നതിനാല്‍ സിപിഎം നയം ബോര്‍ഡില്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രസിഡന്റിന്റെ പ്രധാന പരാതി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു നടന്ന രണ്ടു ബോര്‍ഡ് യോഗങ്ങളില്‍ അംഗങ്ങള്‍ സഹകരിച്ചതിനാല്‍ കൂട്ടായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞു.

എന്നാല്‍, പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍, മരാമത്ത് പണികള്‍ തുടങ്ങിയ പ്രധാനപ്പെട്ട ഫയലുകള്‍ മാറ്റിവച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ അംഗങ്ങള്‍ പ്രസിഡന്റിനോടു യോജിക്കുന്നില്ല. അതിനാല്‍ പ്രശ്നം ഇടതുമുന്നണി ചര്‍ച്ച ചെയ്ത് രണ്ട് അംഗങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇടണമെന്നാണ് പ്രസിഡന്റിന്റെ ആവശ്യം.

4. പോളിയോ: ലോഡ് ഷെഡിങ്ങിന്റെ പേരില്‍ ചെയര്‍മാനെതിരെ നടപടിക്കു നിര്‍ദേശം
കൊല്ലം: പോളിയോ തുള്ളിമരുന്നു വിതരണ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ഒഴിവാക്കാതിരുന്ന വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ബോര്‍ഡ് സെക്രട്ടറിക്കും എതിരെ അച്ചടക്ക നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം പ്രഫ. എസ്. വര്‍ഗീസ് ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.

പോളിയോ മരുന്നു വിതരണ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നതിനെ തുടര്‍ന്നു മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറും വൈദ്യുതി ബോര്‍ഡിനു വേണ്ടി അഭിഭാഷകനും കമ്മിഷന്‍ മുന്‍പാകെ ഹാജരായി. ലോഡ് ഷെഡിങ് ഒഴിവാക്കണമെന്ന വിവരം ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നില്ലെന്നായിരുന്നു വൈദ്യുതി ബോര്‍ഡ് അഭിഭാഷകന്റെ വാദം.

എന്നാല്‍ ജനുവരി മൂന്നു മുതല്‍ ഒന്‍പതു വരെ ലോഡ് ഷെഡിങ് ഒഴിവാക്കണമെന്നു ഡിസംബര്‍ 12ന് ഊര്‍ജ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ. കെ. ഷൈലജ കമ്മിഷനെ അറിയിച്ചു. ഉൌര്‍ജ സെക്രട്ടറി ഡിസംബര്‍ 18ന് ഈ കത്ത് വൈദ്യുതി ബോര്‍ഡ് ചെയര്‍മാനു നല്‍കിയ ശേഷം പകര്‍പ്പ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കു നല്‍കിയിരുന്നു. ഈ കത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കി. തുടര്‍ന്നാണു വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ബോര്‍ഡ് സെക്രട്ടറിക്കും എതിരെ നടപടിയെടുക്കാന്‍ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയത്.

5. പെട്രോളിയം വിലവര്‍ധന: തീരുമാനം ഇന്ന്
ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന ഇന്നു ചേരുന്ന മന്ത്രിമാരുടെ സമിതി പരിഗണിക്കും.രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഒായില്‍ വില വീപ്പയ്ക്കു നൂറു ഡോളര്‍ കവിഞ്ഞതിനാല്‍ വില കൂടുമെന്നു മിക്കവാറും ഉറപ്പാണ്.

എന്നാല്‍, എത്ര കൂടുമെന്നു വ്യക്തമാക്കാന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്റ തയാറായില്ല. പെട്രോളിനു ലിറ്ററിനു രണ്ട് – നാല് രൂപയും ഡീസലിന് ഒന്ന് – രണ്ട് രൂപയും കൂടുമെന്നാണു സൂചന. പാചക വാതകത്തിനും വില കൂടിയേക്കും. വില വര്‍ധനയ്ക്കൊപ്പം ക്രൂഡ് ഒായിലിന്റെ കസ്റ്റംസ് തീരുവയും പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്സൈസ് തീരുവയും കുറയ്ക്കുന്നതിനുള്ള  ശുപാര്‍ശയും മന്ത്രിമാരുടെ സമിതി നല്‍കും.

ക്രൂഡ് ഒായില്‍ വില വീപ്പയ്ക്ക് 67 ഡോളറായിരുന്നപ്പോള്‍ 2006 ജൂണിലാണു പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അവസാനം കൂട്ടിയത്. എണ്ണക്കമ്പനികള്‍ പെട്രോളിനു ലിറ്ററിന് 9.20 രൂപയും ഡീസലിനു 11 രൂപയും മണ്ണെണ്ണയ്ക്ക് 20 രൂപയും പാചകവാതകം സിലിണ്ടറിന് 331 രൂപയും നഷ്ടം സഹിച്ചാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

6. മന്ത്രിഭവനങ്ങള്‍ പൊളിച്ചില്ല; സര്‍ക്കാരിന് കോടതി വിമര്‍ശനം
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ സിങ്, അംബികാ സോണി എന്നിവരുടെ ഔദ്യോഗിക വസതികള്‍ ഉള്‍പ്പെടെ ല്യുട്ട്യന്‍സ് മേഖലയിലുള്ള 51 ബംഗാവുകളിലെ അനധികൃത നിര്‍മാണം ഇടിച്ചു നിരത്താത്തതിനു കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം.

ഇടിച്ചു നിരത്തല്‍ നടപടി താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. നഗരവികസന മന്ത്രാലയം 2006ല്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ 71 ബംഗാവുകളില്‍ അനധികൃത നിര്‍മാണം നടത്തിയിട്ടുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

അനധികൃത നിര്‍മാണങ്ങള്‍ നീക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നു കേന്ദ്രമന്ത്രി അര്‍ജുന്‍ സിങ് പ്രതികരിച്ചു.

7. യുഎസിലെ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കായി പോര്‍ട്ടല്‍
ന്യൂഡല്‍ഹി: യുഎസില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പ്രഫഷണലുകളെ ഇന്റര്‍നെറ്റിലൂടെ കോര്‍ത്തിണക്കുന്ന പോര്‍ട്ടല്‍ ശാസ്ത്ര – സാങ്കേതിക മന്ത്രി കപില്‍ സിബല്‍ ഉദ്ഘാടനം ചെയ്തു. http://www.piousnetwork.com എന്ന പോര്‍ട്ടല്‍ കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ മേരിലാന്‍ഡിലെ ഫീനിക്സ് റോസ് എല്‍എല്‍സി എന്ന സ്ഥാപനമാണു വികസിപ്പിച്ചത്.

സിലിക്കോണ്‍ വാലിയില്‍ മാത്രം ഇന്ത്യക്കാരായ അഞ്ചുലക്ഷം പ്രഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നു. യുഎസില്‍ ശാസ്ത്ര – സാങ്കേതിക, മെഡിക്കല്‍ രംഗങ്ങളില്‍ അരലക്ഷം ഇന്ത്യക്കാരെങ്കിലും നിര്‍ണായക സ്ഥാനങ്ങളിലുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങളടങ്ങുന്ന പോര്‍ട്ടല്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റും പ്രയോജനകരമാകുമെന്നു മന്ത്രി പറഞ്ഞു.

സാധാരണ ചോളത്തെക്കാള്‍ 40% അമിനോ ആഡിഡ് സാന്നിധ്യമുള്ള ചോളം കേന്ദ്ര ജൈവ സാങ്കേതികവിദ്യാ വകുപ്പിന്റെ പദ്ധതിയില്‍ കര്‍ണാടകയിലെ വിവേകാനന്ദ പര്‍വതീയ കൃഷി അനുസന്ധാന്‍ വികസിപ്പിച്ചതായി മന്ത്രി വെളിപ്പെടുത്തി. കൃത്രിമമല്ലാത്ത രീതിയിലാണു ചോളം വികസിപ്പിച്ചത്. ഇതേ രീതിയില്‍ മറ്റു പല വിളകളുടെയും മുന്തിയ ഇനങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്.

8. വ്യാജ മരുന്ന് നിര്‍മിച്ചതിന് 15 വര്‍ഷം തടവ് 
താനെ: പ്രമുഖ കമ്പനികളുടെ പേരില്‍ വ്യാജ മരുന്നു നിര്‍മിച്ചു വിറ്റെന്ന കേസില്‍ യുവാവിനു 15 വര്‍ഷം തടവും 5.3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉല്ലാസ് നഗര്‍ സ്വദേശി സിദ്ധാര്‍ഥ് ജെന്‍മെ ജയ്ക്കാണ് (സിന്ധു) ശിക്ഷ. വ്യാജ മരുന്നുകള്‍ നിര്‍മിക്കാനുള്ള ഉപകരണങ്ങളും ഉല്‍പന്നങ്ങളുമായി 2004ല്‍ കല്‍വയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മരുന്നുകള്‍ പൊതിയാന്‍ ഫോയില്‍ നല്‍കിയെന്ന കേസില്‍ മൂന്നു പേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. അലൂമിനിയം ഫോയില്‍, മരുന്നുകളുടെ ലേബലുകള്‍, യന്ത്രങ്ങള്‍ തുടങ്ങിയവ സിന്ധുവിന്റെ പക്കല്‍ നിന്നു പിടിച്ചെടുത്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. വ്യാജമരുന്ന് വില്‍ക്കാനായി പ്രതി രാജ്യവ്യാപകമായി ശൃംഖലയുണ്ടാക്കിയതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w