പത്രവാര്‍ത്തകള്‍ 16-01-08

1. കേസുകള്‍ തെളിയിച്ചതില്‍ കേരളത്തിന് വന്‍നേട്ടം
തിരു: കേസുകള്‍ തെളിയിക്കുന്നതില്‍ കേരള പൊലീസ് കഴിഞ്ഞ വര്‍ഷം വന്‍ നേട്ടം കൈവരിച്ചതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. സങ്കീര്‍ണമായ സൈബര്‍ കുറ്റകൃത്യങ്ങള്‍ മുതല്‍ തെളിവിന്റെ തരിമ്പുപോലും അവശേഷിപ്പിക്കാത്ത കൊലപാതകങ്ങള്‍വരെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞു. ലോക്കപ്പ് മരണം, ഗുരുതരമായ ലോക്കപ്പ് മര്‍ദനം, വെടിവയ്പ് ഇവയൊന്നുമില്ലാതെയാണ് 2007 കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ പൊലീസിന്റെ പ്രവര്‍ത്തനമികവും തെളിയിച്ച പ്രധാന കേസുകളുടെ വിശദാംശങ്ങളും പുറത്തിറക്കാന്‍ അഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് ഭീതിപരത്തിയ തപാല്‍ബോംബിന്റെ ഉറവിടം ദിവസങ്ങള്‍ക്കുള്ളിലാണ് പൊലീസ് കണ്ടെത്തിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പുണ്ടായ ഈ സംഭവത്തില്‍ തീവ്രവാദിബന്ധംവരെ സംശയിച്ചിരുന്നു. എന്നാല്‍, വളരെ ശാസ്ത്രീയമായാണ് തെളിയിച്ചത്. തിരുവനന്തപുരത്തെ ഇന്റര്‍നെറ്റിലൂടെയുള്ള പണംതട്ടല്‍, വൈറ്റിലയില്‍ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയത്, തൃശൂരില്‍ കോളേജ് അധ്യാപികയുടെ നഗ്നചിത്രം ഇന്റര്‍നെറ്റിലിട്ടത്… തുടങ്ങിയവയെല്ലാം അസാമാന്യമായ പാടവത്തോടെ തെളിയിച്ച സൈബര്‍ കുറ്റകൃത്യങ്ങളില്‍പ്പെടുന്നു.

പാലക്കാട് കോട്ടായിയില്‍ യുവതിയെ കൊലപ്പെടുത്തി ശരീരം വെട്ടിമുറിച്ച് പലയിടത്തായി കൊണ്ടിട്ട കേസ്. ഇടുക്കിയില്‍ അമ്മയെയും മകളെയും ബലാത്സംഗം ചെയ്തു കൊന്നത്. പത്തനംതിട്ടയിലെ ഏലിക്കുട്ടി, പ്രഭാകരന്‍ ഇരട്ടക്കൊല. മഹാരാഷ്ട്രക്കാരനായ സ്വര്‍ണവ്യാപാരി സിദ്ധനാഥ് ഷിന്‍ഡെയെ കൊന്ന് കര്‍ണാടകത്തിലെ വനത്തില്‍ തള്ളിയത്, കോടാലി ശ്രീധരന്‍ ഉള്‍പ്പെട്ട ഹവാല കേസ്, കൊച്ചിയില്‍ അഭിഭാഷകനായ എബ്രഹാമിന്റെ കൊല. കാസര്‍കോട് പനത്തടിയില്‍ മീനാല്‍ ജ്വല്ലറിയിലെ കവര്‍ച്ച…. ഇങ്ങനെ തെളിയിച്ച കേസുകളുടെ പട്ടിക നീളും.

കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടായപ്പോള്‍ പൊലീസ് നടത്തിയ സേവനവും ബാലരാമപുരം, തിരൂര്‍ എന്നിവിടങ്ങളില്‍ വര്‍ഗീയ കലാപം ഒഴിവാക്കാന്‍ നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്.

കാര്യക്ഷമത വര്‍ധിച്ചതോടൊപ്പം പൊലീസ് ഭീകരത ഒഴിഞ്ഞുനിന്ന വര്‍ഷമായിരുന്നു 2007. പൊലീസ് നവീകരണത്തിന് മൂര്‍ത്തമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായി. സാധാരണക്കാരന് തങ്ങളുടെ ആവലാതികളുമായി ധൈര്യപൂര്‍വം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറിക്കഴിഞ്ഞു. നഗരങ്ങളിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതോടെ ഭീതിയൊഴിഞ്ഞു. കൊച്ചിയില്‍ പുതുവര്‍ഷാഘോഷത്തിനിടെ വിദേശ വനിതയെ ആക്രമിച്ച യുവാവിനെ മണിക്കൂറുകള്‍ക്കുള്ളിലാണ് പിടികൂടിയത്. അതേസമയം മുംബൈയില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ മൂന്നുദിവസം കഴിഞ്ഞാണ് നടപടിയുണ്ടായത്. കേരള പൊലീസിന്റെ ഈ കൃത്യനിര്‍വഹണ ബോധം രാജ്യത്തുടനീളം പ്രശംസ പിടിച്ചുപറ്റി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കുറഞ്ഞതായാണ് കേന്ദ്ര ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് വെളിപ്പെടുത്തുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന് ഐക്യരാഷ്ട്ര സമിതിയുടെ പഠനം വെളിപ്പെടുത്തുന്നു.

രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ യുഡിഎഫ് രൂപം നല്‍കിയ ഗുണ്ടാവിരുദ്ധ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ ഇടതു സര്‍ക്കാര്‍ വരുത്തി. നൂറില്‍പ്പരം ഗുണ്ടകളെ കരുതല്‍തടങ്കലില്‍ അടച്ചു. ഗുണ്ടകള്‍ക്കു പുറമെ ബ്ളേഡ്, മണല്‍, വാടകപ്പിരിവ്, സിഡി മാഫിയകളെയും വനം കൊള്ളക്കാരെയും നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി.

2359 പേര്‍ക്ക് പൊലീസില്‍ പുതിയതായി നിയമനം നല്‍കി. 5873 പേര്‍ക്ക് പൊലീസ് അക്കാദമിയില്‍ പരിശീലനം നല്‍കി. ഇത് സംസ്ഥാന പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമാണ്. പൊലീസ് നവീകരണത്തിന് മൂര്‍ത്തമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. പൊലീസ് പരിഷ്കരണ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഈ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. കുറ്റാന്വേഷണം ശാസ്ത്രീയമാക്കാന്‍ ആധുനിക സാങ്കേതിക വൈദഗ്ധ്യമുള്ള ഹൈടെക്ക് കുറ്റാന്വേഷണ സെല്‍ രൂപീകരിച്ചു. തീവണ്ടികളിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ റെയില്‍ അലര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് പോളിഗ്രാഫ് സംവിധാനം വന്നു. വ്യാജ സിഡി റെയ്ഡ് വ്യാപകമാക്കിയതോടെ സിനിമാ വ്യവസായത്തിന് പുത്തനുണര്‍വ് കൈവന്നു.

പൊലീസ് സ്റ്റേഷനുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് സമഗ്ര പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. 101 സ്റ്റേഷനുകളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 136 സ്റ്റേഷനുകളില്‍ കമ്പ്യുട്ടറുകള്‍ സ്ഥാപിച്ചുവരുന്നു. വയര്‍ലസ് സംവിധാനത്തോടു കൂടിയ ആധുനിക ഡാറ്റാ സെന്റര്‍ തിരുവനന്തപുരത്ത് യാഥാര്‍ഥ്യമായി. ക്രൈംബ്രാഞ്ച് വിഭാഗത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്.

2. ട്രഷറികളില്‍ പൌരാവകാശ പ്രഖ്യാപനം കാലതാമസം ഒഴിവാക്കും; പരാതിപ്പെടാന്‍ സംവിധാനം
ആലപ്പുഴ: ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും നടപടി സ്വീകരിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ട്രഷറി വകുപ്പിന്റെ പൌരാവകാശരേഖ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 201 ട്രഷറി, സബ്ട്രഷറികളില്‍ ഒരേസമയം പ്രഖ്യാപനം നടന്നതായും മന്ത്രി പറഞ്ഞു.

ട്രഷറി ഇടപാടുകള്‍ക്ക് കാലതാമസം ഉണ്ടാകുന്നു എന്ന പരാതി പരിഹരിക്കാനാണ് പൌരാവകാശരേഖ പ്രസിദ്ധീകരിക്കുന്നത്. ഓരോ ഇടപാടിനും എത്രസമയം വേണ്ടിവരുമെന്ന് രേഖയില്‍ പറയുന്നുണ്ട്. നിലവില്‍ എടുത്തിരുന്ന സമയത്തിന്റെ നാലിലൊന്നുമാത്രമേ ഇതനുസരിച്ച് ചില ഇടപാടുകള്‍ക്ക് വേണ്ടിവരൂ. രേഖ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതല്ല, ജീവനക്കാര്‍ ചര്‍ച്ചചെയ്ത് ഇടപാടുകാരുമായി ആശയവിനിയമം നടത്തി തയ്യാറാക്കിയതാണ്. ഫെബ്രുവരി 15ന് പ്രാബല്യത്തില്‍ വരും. രേഖയിലെ കാര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ ട്രഷറിയില്‍ സ്ഥാപിച്ച പെട്ടിയിലോ, ഇ-മെയിലിലോ പരാതി രേഖപ്പെടുത്താം. രണ്ടാഴ്ച കൂടുമ്പോള്‍ പരാതികള്‍ രജിസ്റ്ററില്‍ ചേര്‍ക്കും.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്റെ വിശദീകരണം പരാതിക്കാരന് തൃപ്തികരമല്ലെങ്കില്‍ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വാദിക്കാനും അവസരമുണ്ട്. ഇതിനായി മെയ് മാസത്തോടെ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും. ജീവനക്കാരും ഇടപാടുകാരും ചേര്‍ന്നുള്ള ഓഡിറ്റിങ്ങാണിത്. ഇതിനെ നിയന്ത്രിക്കുന്നത് അഞ്ചുമുതല്‍ ഒമ്പതുപേര്‍വരെ ഉള്‍പ്പെട്ട പ്രമുഖവ്യക്തികള്‍ ഉള്‍പ്പെടുന്ന ജൂറിപാനലായിരിക്കും.

നിലവിലുള്ള കമ്പ്യൂട്ടറുകള്‍ അപ്ഗ്രേഡ് ചെയ്യുക, എല്ലാ ട്രഷറിയിലും ശബ്ദരഹിത ജനറേറ്റര്‍ സ്ഥാപിക്കുക, കാര്യക്ഷമതയുള്ള 2000 ബാറ്ററി വാങ്ങുക എന്നിവയ്ക്ക് ഭരണാനുമതി നല്‍കി. 1800 കമ്പ്യൂട്ടറും 35 സെര്‍വറും വാങ്ങും. നോട്ടെണ്ണല്‍ യന്ത്രങ്ങളും വാങ്ങും. ടെല്ലര്‍ സ്ഥാപിക്കും. ഓഫീസര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കും. വാഹനങ്ങള്‍ ലഭ്യമാക്കും. ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും. ആലപ്പുഴ, തിരുവനന്തപുരം പെന്‍ഷന്‍ ട്രഷറികള്‍ നവീകരിക്കും. തിരുവനന്തപുരം ട്രഷറിയുടെ കെട്ടിടം മോശമായതിനാല്‍ മാറ്റിസ്ഥാപിക്കും. വെണ്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കും. സ്റ്റാമ്പും മറ്റും വാങ്ങാന്‍ മൂന്നുദിവസം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

3. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കുഞ്ഞാലിക്കുട്ടിയും കെ വി തോമസും ഫാക്ട് ഭൂമി തട്ടാന്‍ ശ്രമിച്ചു
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ സ്ഥലം ബിനാമി പേരുകളില്‍ കൈയടക്കാന്‍ രണ്ട് യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചതായി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. മുന്‍ മന്ത്രിമാരായ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എംഎല്‍എ, മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഫാക്ട് ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചതായി വിജിലന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

2007 ജനുവരി 20നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി എ അടിമ എന്നയാളുടെ ബിനാമി പേരില്‍ കുഞ്ഞാലിക്കുട്ടി 62 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ശ്രമിച്ചതായി പറയുന്നു. ഏലൂരില്‍ ഇലഞ്ഞിക്കല്‍ ശിവക്ഷേത്ര ജങ്ഷനില്‍നിന്ന് ജെഎന്‍എം ആശുപത്രിവരെയുള്ള ഫാക്ട് വക സ്ഥലമാണിത്. കെ വി തോമസാകട്ടെ 143/3, 143/4, 143/5 എന്നീ സര്‍വേ നമ്പറുകളില്‍പ്പെട്ട ഹാരിസണ്‍ പെരേര എന്നയാളുടെ പേരിലുള്ള എട്ട് ഏക്കറാണ് വാങ്ങാന്‍ ശ്രമിച്ചത്. ലത്തീഫ് എന്ന ബിനാമി പേരിലായിരുന്നു ഭൂമി വാങ്ങാന്‍ ശ്രമം. സെന്റിന് 45,000 രൂപപ്രകാരം വാങ്ങാന്‍ ശ്രമിച്ച സ്ഥലത്തിന് ഉടമ 70,000 രൂപ ആവശ്യപ്പെട്ടതുകൊണ്ട് ഇടപാടു നടന്നില്ല.

ഇവിടെ അഞ്ച് സ്വകാര്യവ്യക്തികളുടെ ഭൂമിയോടു ചേര്‍ന്ന് ഫാക്ടിന് 2.3 ഏക്കര്‍ സ്ഥലമുണ്ട്. ഇതുകൂടാതെ മൂന്ന് ഏക്കര്‍ വേറെയും ഫാക്ടിനുണ്ട്. ഇത് കൃത്യമായി സംരക്ഷിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ ഭൂമാഫിയ കൈയടക്കാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വ്യവസായവകുപ്പ് ജോയിന്റ് സെക്രട്ടറി ടി എസ് അനിത് ജൂലൈ പത്തിന് ഫാക്ട് സിഎംഡിക്ക് കത്തയച്ചത്.

എന്നാല്‍ ഫാക്ടിന്റെ സ്ഥലം ഇതേവരെ ആരും കൈവശപ്പെടുത്തിയിട്ടില്ലെന്ന് ഫാക്ട് സിഎംഡി ജോര്‍ജ് സ്ളീബ ദേശാഭിമാനിയോടു പറഞ്ഞു. ചുറ്റുമതില്‍ ഇല്ലാത്ത ചിലയിടങ്ങളില്‍ അതുകെട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഫാക്ടിനോടു ചേര്‍ന്ന് 142/2 സര്‍വേ നമ്പറിലുള്ള സ്ഥലം ചൊവ്വാഴ്ച അളന്നുതിട്ടപ്പെടുത്താന്‍ സൌകര്യം ചെയ്യണമെന്നു കാണിച്ച് പറവൂര്‍ താലൂക്ക് സര്‍വേയര്‍ ഫാക്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. സ്ഥലം ഒരുകാരണവശാലും അളക്കാന്‍ പാടില്ലെന്ന്, ഫാക്ടിലെ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച സിഎംഡി വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു. കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ സ്ഥലം അളക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും സ്ഥലമളക്കാനുള്ള ശ്രമത്തില്‍നിന്ന് പിന്മാറണമെന്നും കാണിച്ച് ഫാക്ട് സിഎംഡി പറവൂര്‍ തഹസില്‍ദാര്‍ക്ക് തിങ്കളാഴ്ച കത്തു നല്‍കി.

4. കാബേജും കോളിഫ്ളവറും നമ്മുടെ മണ്ണിലും….
വെള്ളാനിക്കര: കാര്‍ഷിക സര്‍വകലാശാലയിലെ വെള്ളാനിക്കര ഫാമിലും തഴച്ചുവളരുന്നു കാബേജും, കോളിഫ്ളവറും, കാപ്സിക്കവും. ശീതകാലാവസ്ഥയില്‍ മാത്രം വളരുന്ന ഈ പച്ചക്കറികള്‍ ഇനി നമുക്ക് നാട്ടിലും കൃഷി ചെയ്യാം. ഇത് ‘പച്ചഭവന’ കൃഷിയുടെ വിജയം.

മൂന്നാര്‍ പോലുള്ള ഹൈറേഞ്ച് പ്രദേശങ്ങളിലെ ശീതകാലാവസ്ഥയില്‍ വളരുന്നവയാണ് കാബേജും, കോളിഫ്ളവറും കാപ്സിക്കവും. ഏതു വിളയും ഏതു കാലാവസ്ഥയിലും ഏത് സമയത്തും കൃഷി ചെയ്യാന്‍ സഹായിക്കുന്ന പച്ചഭവന സാങ്കേതിക രീതി (ഗ്രീന്‍ ഹൌസ് ടെക്നോളജി) ഉപയോഗിച്ച് ശീതകാലാവസ്ഥയില്‍ വളരുന്ന പച്ചക്കറിവിളകള്‍ കാര്‍ഷിക സര്‍വകലാശാല ആസ്ഥാനമായ വെള്ളാനിക്കരയിലും വിജയകരമായി കൃഷി ചെയ്തു.

ചാലക്കുടി അഗ്രോണമിക് റിസര്‍ച്ച് സെന്ററിലെ ഡോ. പി സുശീലയുടെ നേതൃത്വത്തില്‍ സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സഹായത്തോടെ കാര്‍ഷിക സര്‍വകലാശാല നടത്തിയ ഗവേഷണത്തിലാണ് പച്ചഭവനകൃഷി വിജയം കണ്ടത്.

തക്കാളി, കോളിഫ്ളവര്‍, കാബേജ്, കാപ്സിക്കം എന്നീ പച്ചക്കറി വിളകളുടെ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍ പച്ചഭവനത്തില്‍ കൃഷി ചെയ്തു. ഈ വിളകളുടെ വളര്‍ച്ചക്ക് അനുയോജ്യമായ രീതിയില്‍ കാലാവസ്ഥയെ നിയന്ത്രിക്കാന്‍ ചെലവുകുറഞ്ഞ സ്വാഭാവിക ജാലകരീതി ഉപയോഗിച്ചു. തൃശൂരിലെ കാലാവസ്ഥയില്‍ ഈ ശീതകാല പച്ചക്കറി വിളകളുടെ വളര്‍ച്ചയ്ക്ക് സ്വാഭാവിക ജാലകം ഉപയോഗിച്ചുള്ള ഭാഗികമായ അന്തരീക്ഷ നിയന്ത്രണം മതിയാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ജൈവകൃഷിക്ക് അനുയോജ്യമായ ഈ സാങ്കേതികവിദ്യയില്‍ വെള്ളവും വളവും 60 ശതമാനം വരെ ലാഭിക്കാം.

1. ധനവകുപ്പ് ഉടക്കി: ഹരിതശ്രീ പദ്ധതി പച്ചതൊട്ടില്ല
തൊടുപുഴ: പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ‘ഹരിതശ്രീ’ പദ്ധതി പാളി. കൊട്ടിഘോഷിച്ച് വട്ടവടയില്‍ വനംമന്ത്രിയും കൃഷിമന്ത്രിയും നടത്തിയ ഉദ്ഘാടന മാമാങ്കത്തിനപ്പുറം പദ്ധതി മുന്നോട്ടു നീങ്ങിയില്ല. ധനകാര്യവകുപ്പിന്റെ ഉടക്കുമൂലം പ്രഖ്യാപിച്ച ഫണ്ടും ലഭ്യമായില്ല.

ഒരുവര്‍ഷം മുമ്പാണു വട്ടവടയില്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സിലിന്റെയും നേതൃത്വത്തില്‍ ഹരിതശ്രീ പദ്ധതിക്കു തുടക്കമിട്ടത്. ധനവകുപ്പിന്റെയും മന്ത്രിസഭയുടെയും അനുമതി തേടാതെയായിരുന്നത്രേ കൃഷിവകുപ്പ് പദ്ധതിയുമായി മുമ്പോട്ടു പോയത്. അതിനാല്‍ മുഖ്യമന്ത്രി അന്നത്തെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തുമില്ല.
ഇടുക്കി, വയനാട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ പച്ചക്കറി കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമായിരുന്ന പദ്ധതിയാണിത്. 14 കോടിയുടെ പദ്ധതിയാണു ലക്ഷ്യമിട്ടിരുന്നത്. ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍, മൂന്നാര്‍, ചിന്നക്കനാല്‍, കൊട്ടാക്കമ്പൂര്‍, മറയൂര്‍, കുമളി, ശാന്തമ്പാറ വില്ലേജുകള്‍ക്കായി അഞ്ചരക്കോടിയാണു നീക്കിവച്ചിരുന്നത്. ഹരിതസംഘങ്ങള്‍ വഴി ഫണ്ട് വിതരണം ചെയ്യാനായിരുന്നു ലക്ഷ്യം. അതിനായി 110 രൂപ ഈടാക്കി 10 പേരടങ്ങുന്ന ഹരിതസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നാറിലാണ് ഏറ്റവും കൂടുതല്‍ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്-710 സംഘങ്ങള്‍.

വട്ടവടയില്‍ 500-ല്‍പരം സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂവായിരത്തില്‍പരം ഹരിതസംഘങ്ങളിലൂടെ ഹെക്ടറൊന്നിനു പ്രതിവര്‍ഷം കൃഷിയിറക്കാന്‍ മാത്രം 7500 രൂപ ഇത്തരം സംഘങ്ങള്‍ വഴി നല്‍കാനാണു വിഭാവനം ചെയ്തിരുന്നത്. ഗുണമേന്മയേറിയ വിത്ത്, വളം, കര്‍ഷകര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, ജലസേചനം എന്നിവ നേരിട്ടു നല്‍കും.

മന്ത്രിസഭാ തീരുമാനം അനുകൂലമാകാതിരുന്നതിനാലാണ് ശീതകാല പച്ചക്കറിക്കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുമായിരുന്ന പദ്ധതി അകാലചരമമടഞ്ഞത്. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായും ലക്ഷങ്ങള്‍ തുലച്ചു.

ഹരിതസംഘങ്ങളുടെ യോഗങ്ങള്‍ക്കായി 3500 മുതല്‍ 4000 രൂപ വരെ ചെലവു വന്നിട്ടുണ്ടത്രേ. പദ്ധതി പാളിയതോടെ കര്‍ഷകരെ സംഘത്തില്‍ ചേര്‍ത്ത പഞ്ചായത്തുപ്രസിഡന്റുമാരടക്കമുള്ള ജനപ്രതിനിധികളും വെട്ടിലായി.

മഴനിഴല്‍ പ്രദേശമായ മറയൂരില്‍ പച്ചക്കറി സംഭരണകേന്ദ്രം തുടങ്ങുമെന്ന പ്രഖ്യാപനവും വിസ്മൃതിയിലാകാനാണു സാധ്യത. അതിനിടെ വട്ടവട, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് നല്‍കി മുഖം രക്ഷിക്കാനുള്ള നീക്കവുമുണ്ട്.

2. ജെല്ലിക്കെട്ട് നടത്താം: സുപ്രീം കോടതി
ന്യൂഡല്‍ഹി: കാളപ്പോരാട്ടമായ ജെല്ലിക്കെട്ട് നടത്താന്‍ സുപ്രീം കോടതി ഉപാധികളോടെ അനുമതി നല്‍കി. മൃഗങ്ങളെ പീഡിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അനുമതി നല്‍കികൊണ്ടു ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

ജെല്ലിക്കെട്ട് സ്റ്റേ ചെയ്ത ഉത്തരവ് നീക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി നടപടി പുനപരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണു നടപടി. ജെല്ലിക്കെട്ട് വീഡിയോയില്‍ പകര്‍ത്തണമെന്നു കോടതി നിര്‍ദേശിച്ചു. കാണികള്‍ക്കോ മൃഗങ്ങള്‍ക്കോ യാതൊരു പരുക്കും ഏല്‍ക്കാത്ത രീതിയില്‍ ജില്ലാഭരണകൂടം മുന്‍കരുതലുകളെടുക്കണം.
ജെല്ലിക്കെട്ട് നടത്താന്‍ ഉദേശിക്കുന്ന സംഘടനകളോ ക്ളബുകളോ മൂന്നുദിവസം മുന്‍പ് അനുമതി തേടണം. മൃഗക്ഷേമവകുപ്പ് സാക്ഷിയായി വേണം മത്സരങ്ങള്‍ നടത്താന്‍.

സംഭവത്തിനുശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്.

3. ലോകബാങ്ക് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നു
ന്യൂഡല്‍ഹി: മുന്‍സിപ്പാലിറ്റികളിലും നഗരസഭകളിലുമുള്‍പ്പെടെ നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് വായ്പയും ധനസഹായവും അനുവദിക്കുന്നതില്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ ലോകബാങ്ക് തീരുമാനിച്ചു. പണം അനുവദിക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു തന്നെ നഗരസഭകളുടെ മേല്‍ നിയന്ത്രണം നടപ്പാക്കുന്നതിന്റെ ആദ്യപടിയാണ് ഈ തീരുമാനമെന്ന് കരുതുന്നു.

പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം വികസന പദ്ധതികള്‍ക്ക് തുക അനുവദിക്കുക, നഗരസഭകള്‍ക്ക് സ്വയംഭരണം നല്‍കുക തുടങ്ങിയവ അടക്കമുള്ള ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇന്നലെ കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് ലോകബാങ്ക് സമര്‍പ്പിച്ചു. ഇവ ശിപാര്‍ശകളുടെ രൂപത്തിലാണെങ്കിലും ലോകബാങ്ക് വായ്പ അനുവദിക്കാന്‍ ഇവ കര്‍ശനമായി പാലിക്കേണ്ടി വരുമെന്ന് ബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി. നഗര വികസന മേഖലയില്‍ കേരളം നടപ്പാക്കിയിട്ടുള്ള പൊതുജനപങ്കാളിത്തം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗരവികസന മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും തങ്ങളുടെ ശിപാര്‍ശകള്‍ വ്യക്തമാക്കുന്നതില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും ഇതില്‍ പറയുന്നുണ്ട്. പ്രധാനമായും ജവഹര്‍ലാല്‍ നെഹ്റു നഗരവികസന പദ്ധതി നടപ്പാക്കുന്ന നഗരസഭകളില്‍ ലോകബാങ്ക് കൂടുതലായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ സൂചനയെന്നോണമുള്ള ശിപാര്‍ശകളാണുനടത്തിയിട്ടുള്ളത്. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് ഈ പദ്ധതിയില്‍ വരുന്നത്. തങ്ങളുടെ പണം ഉപയോഗിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഏഷ്യന്‍ വികസന ബാങ്കും തീരുമാനിച്ചിട്ടുണ്ട്.

നഗര വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പൊതുജനങ്ങള്‍ക്ക് പങ്കാളിത്തം അനുവദിക്കുക, ജനപ്രതിനിധികള്‍ക്ക് നഗര സഭകളിലെ ഓഡിറ്റിംഗ് നേരിട്ട് പരിശോധിക്കാന്‍ അനുവാദം നല്‍കുക, നഗര സഭകള്‍ക്ക് സ്വയംഭരണം അനുവദിക്കുക, തിരിച്ചടവ് കര്‍ശനമാക്കുക എന്നിവയടക്കമുള്ള ശിപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതോടൊപ്പം നഗരസഭകള്‍ക്കു മേല്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം പുന:പരിശോധിക്കണമെന്നും ശിപാര്‍ശയുണ്ട്. പൊതുധനകാര്യ മാനേജ്മെന്റ് (പി.എഫ്.എം.എ) അനുസരിച്ചു പ്രവര്‍ത്തിക്കാത്ത നഗരസഭകള്‍ക്ക് സഹായം അനുവദിക്കുന്നത് സംസ്ഥാന ധനകാര്യ കമ്മിഷനില്‍നിന്നു തടഞ്ഞു വയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഡിറ്റിംഗ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കാന്‍ വിദഗ്ധരും യോഗ്യരുമായവരെയും നിയമിക്കുക, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിശോധന നടത്തുക എന്നിവയും ശിപാര്‍ശയിലുണ്ട്. മിക്ക സംസ്ഥാനങ്ങളിലെയും നഗരസഭകളുടെ പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമല്ല. കൂടുതല്‍ നഗരങ്ങളെ ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതിക്കു കീഴില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി നടപ്പാക്കേണ്ട കാര്യങ്ങളാണ് ഇവയെന്ന് ലോകബാങ്ക് പ്രതിനിധികള്‍ സൂചിപ്പിച്ചു.സംസ്ഥാന സര്‍ക്കാരിന് നഗരസഭകള്‍ക്കു മേലുള്ള നിയന്ത്രണം കുറച്ചു കൊണ്ടു വരുന്ന വിധത്തിലാണ് ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലെ, സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുന്നതിനുള്ള നിര്‍ദേശം ഏറെ വിവാദമായിരുന്നു.

എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഇന്നലെ റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചുകൊണ്ട് കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറി എം. രാമചന്ദ്രന്‍ വ്യക്തമാക്കിയത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി 13 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറയ്ക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം സമ്മതിച്ചു കഴിഞ്ഞു. 13 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി നിലനില്‍ക്കുന്ന സാഹച്യത്തില്‍ ഇത് നല്‍കാതിരിക്കാന്‍ ഭൂമിക്ക് വില കുറച്ചു കാണിക്കുന്ന പതിവ് കേരളത്തിലുണ്ട്.

സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുന്നതോടെ ഇതിന് കുറവുണ്ടാകും. സര്‍ക്കാരിന് വരുമാനത്തില്‍ കുറവുണ്ടാകുമെന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്‍ഡ്, യു.കെ ഡിപ്പാര്‍ട്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ്, യുഎസ്എയ്ഡ് ഫയര്‍ പ്രോജക്ട്, എ.ഡി.ബി, യു.എന്‍.ഡി.പി തുടങ്ങിയ വിദേശ ഏജന്‍സികളുടെ സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

4. മഞ്ഞലോഹത്തിന് വില മാനംമുട്ടി; മിന്നുന്നത് ഇടത്തരക്കാരന്റെ ഇടനെഞ്ചില്‍
മട്ടാഞ്ചേരി: സ്വര്‍ണവില കുതിച്ചുയര്‍ന്നു മാനംമുട്ടുന്നു. ഇന്നലെമാത്രം പവന് 160 രൂപ കൂടി 8560 രൂപയായി. സ്വര്‍ണവില റെക്കോഡ് തകര്‍ത്തു മുന്നേറുമ്പോള്‍ കഴിഞ്ഞവര്‍ഷാരംഭം മുതലുള്ള വിലക്കയറ്റം പവന് 680 രൂപയാണ്. രാജ്യാന്തരവിപണിയില്‍ ഇന്നലെ സ്വര്‍ണം ഔണ്‍സിന് വില രേഖപ്പെടുത്തിയത് 906 ഡോളര്‍ (ന്യൂയോര്‍ക്ക്). ഇതു ചരിത്രത്തിലാദ്യമാണ്.

സ്വര്‍ണവില കുറയണമെങ്കില്‍ സ്വിസ് ബാങ്ക്, ബാങ്ക് ഓഫ് ടോക്കിയോ തുടങ്ങിയ വന്‍കിട ധനകാര്യസ്ഥാപനങ്ങള്‍ കരുതല്‍ശേഖരത്തില്‍നിന്നു സ്വര്‍ണം ലേലം ചെയ്യണം. യൂറോ വില ഉയരുകയും ഡോളറിന്റെ മൂല്യം കുത്തനെ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് മഞ്ഞലോഹം കണ്ണു മഞ്ഞളിക്കുന്ന വിലയിലേക്കുയര്‍ന്നത്. കഴിഞ്ഞ ജനുവരി ഒന്നിന് പവന് 7880 ആയിരുന്നതാണ് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ 8560 ആയത്. രണ്ടാഴ്ചയ്ക്കിടയില്‍ പവന് 680 രൂപയുടെ വര്‍ധനയുണ്ടായത് സാധാരണക്കാര്‍ക്കു താങ്ങാനാവില്ല.

5. ഇന്‍ഫോപാര്‍ക്ക് ഭൂമി രജിസ്ട്രേഷന്‍ സൌജന്യം; സ്മാര്‍ട് സിറ്റിക്ക് നിരോധനം
പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച ഇന്‍ഫോ പാര്‍ക്കിലും സ്മാര്‍ട്സിറ്റിയിലും ഭൂമിരജിസ്ട്രേഷന്‍ നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പ്. രജിസ്ട്രേഷന്‍ സൌജന്യം നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാടുകാരണം സ്മാര്‍ട്സിറ്റി ഭൂമി രജിസ്ട്രേഷന്‍ അനിശ്ചിതമായി നീളുമ്പോഴും ഇന്‍ഫോപാര്‍ക്കില്‍ ഭൂമി ലീസിനെടുത്താല്‍ രജിസ്ട്രേഷന്‍ സൌജന്യമായിരിക്കുമെന്നാണ് വിളംബരം ചെയ്തിരിക്കുന്നത്.

കാക്കനാട്ടെ ഇന്‍ഫോ പാര്‍ക്കില്‍ പുതിയൊരു ഐ.ടി ശൃംഖല വികസിപ്പിച്ചെടുക്കാനായി 4.99 ഏക്കര്‍ സ്ഥലം വില്പനയ്ക്കു വച്ചിരിക്കയാണ്. ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ഇന്‍ഫോപാര്‍ക്ക് വെബ്സൈറ്റില്‍ നല്‍കിയ വിശദീകരണത്തിലാണ് ലേലത്തിനെടുക്കുന്ന സ്ഥാപനം രജിസ്ട്രേഷന് പണംമുടക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഏക്കറിന് 2.4 കോടി നിരക്കില്‍ അഞ്ചേക്കറോളം ഭൂമിക്ക് ഫെബ്രുവരി15നകം ലേലത്തുക അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമി ലഭിക്കുന്നവര്‍ 2006 ഓഗസ്റ്റ് 18ന്റെ സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് സ്റ്റാമ്പുഡ്യൂട്ടിയോ രജിസ്ട്രേഷന്‍ ഫീസോ നല്‍കേണ്ടതില്ലത്രേ.
ഇന്‍ഫോ പാര്‍ക്കിന് തൊട്ടുകിടക്കുന്ന 246 ഏക്കര്‍ ഭൂമിയാണ് പ്രത്യേക സാമ്പത്തിക മേഖലയില്‍പ്പെടുത്തി ഐ.ടിയും അനുബന്ധസ്ഥാപന വികസനത്തിനുമായി സ്മാര്‍ട്സിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്. ഭൂമി രജിസ്ട്രേഷന്‍ നടപടികളുമായി കമ്പനി മുന്നോട്ടുപോയപ്പോഴാണ് സൌജന്യം നല്‍കില്ലെന്നും 10 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 2 കോടി രൂപ രജിസ്ട്രേഷന്‍ ഫീസും നല്‍കണമെന്നും രജിസ്ട്രേഷന്‍ വകുപ്പ് ആവശ്യപ്പെട്ടത്. ഈ തീരുമാനത്തിനെതിരേ ജില്ലാ കലക്ടര്‍ക്ക് കമ്പനി അപ്പീല്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ നിലപാടുകാരണം വ്യക്തമായ തീരുമാനമെടുക്കാനാവാതെ കമ്പനിയുടെ വാദമുഖങ്ങള്‍ അറിയിച്ചുകൊണ്ട് അദ്ദേഹം ഫയല്‍ സര്‍ക്കാറിനു കൈമാറി.

അതിനിടെ കമ്പനിയുടെ പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നപ്പോള്‍ ടികോം പ്രതിനിധികള്‍ ഭൂമിരജിസ്ട്രേഷന്‍ കാര്യം ഉന്നയിക്കുകയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്.ശര്‍മ യോഗത്തിന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ചചെയ്യുകയോ അനുകൂല നടപടിസ്വീകരിക്കുകയോ ഉണ്ടായിട്ടില്ല. തറക്കല്ലിട്ട് രണ്ടുമാസമായിട്ടും സ്മാര്‍ട്സിറ്റിയുടെ ഭൂമി രജിസ്ട്രേഷന്‍ ഇതുവരെയും നടത്താനായിട്ടില്ല.

2004 ലെ സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് ഇന്‍ഫോപാര്‍ക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷന്‍ സൌജന്യങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ അതേ സ്റ്റാറ്റസുള്ള സ്മാര്‍ട്സിറ്റിക്ക് സൌജന്യം നിഷേധിക്കുന്നതിന്റെ ഔചിത്യം വ്യക്തമല്ല. 2007 ല്‍ വിജ്ഞാപനം ഭേദഗതി ചെയ്തു എന്നാണ് ധനവകുപ്പിന്റെ ന്യായം. ഇതനുസരിച്ച് ‘സെസില്‍’ ഭൂമിക്ക് സൌജന്യമില്ലെന്നും ഇവിടെ ഉയരുന്ന ഐ.ടി സ്ഥാപനങ്ങള്‍ക്കാണ് സൌജന്യമെന്നുമുള്ള ധനവകുപ്പിന്റെ കടുംപിടുത്തമാണ് പ്രശ്നപരിഹാരത്തിന് തടസം.

എന്നാല്‍, ഇതേ ധനവകുപ്പ് ഇന്‍ഫോപാര്‍ക്കിലെ ഭൂമി സൌജന്യ രജിസ്ട്രേഷനെ എതിര്‍ക്കുന്നുമില്ല. വെബ്സൈറ്റില്‍ പ്രത്യേക സാമ്പത്തിക മേഖലക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൌജന്യങ്ങളില്‍ ആദ്യത്തെ രണ്ടിനങ്ങള്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീ ഒഴിവുകളാണെന്നതും ശ്രദ്ധേയമാണ്.

പക്ഷേ, ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന ധനവകുപ്പിന്റെ ധാര്‍ഷ്ട്യം മറികടക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷ.

1. പാര്‍വതി നൃത്തമാടുമ്പോള്‍ മുറുകുന്നത് ജപ്തിതാളം
കുറ്റിപ്പുറം : കനകച്ചിലങ്കയല്ല പാര്‍വ്വതിയുടേത്, കാഞ്ചനകാഞ്ചിയുമില്ല. ഉള്ളത് എടുത്താല്‍ പൊങ്ങാത്ത കടത്തിന്റെ തുടച്ചാല്‍ മായാത്ത കണ്ണീര്‍.
താമസിക്കുന്ന വീടും പുരയിടവും ബാങ്കുകാര്‍ ജപ്തി ചെയ്യാനിരിക്കുകയാണ്. പുരയിടം നാലര സെന്റേയുള്ളൂ. എന്നാല്‍, കടം നാലര ലക്ഷമാണ്.
സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കലോത്സവത്തിന്റെ കൊടിയിറങ്ങുന്നതുവരെ ജപ്തി നിറുത്തി വച്ചിരിക്കുകയാണ് ബാങ്കുകാര്‍. അതും അമ്മ ശാന്തിനി ആവര്‍ത്തിച്ച് അപേക്ഷിച്ചതിനു ശേഷം.
കല്‍പ്പറ്റ എന്‍.എസ്.എസ്. സ്കൂളിലെ പ്ളസ്ടു കോമേഴ്സ് വിദ്യാര്‍ത്ഥിനിയാണ് പാര്‍വ്വതി രാജ്. ഇന്നലെ കൊടിയേറിയ കലോത്സവത്തില്‍ അഞ്ചിനങ്ങളില്‍ മത്സരിക്കാനാണ് പാര്‍വ്വതി കല്‍പ്പറ്റയില്‍ നിന്ന് എത്തിയിരിക്കുന്നത്.
“മകളുടെ കലാപഠനത്തിന് വേണ്ടിയാണ് ഞങ്ങള്‍ എല്ലാം വിറ്റുപെറുക്കിയത്. കടം വന്ന് പാലക്കാട്ടുള്ള വീട് ആദ്യം ജപ്തി ചെയ്തു. അതിനുശേഷമാണ് ഞങ്ങള്‍ കല്‍പ്പറ്റയില്‍ വീടെടുത്ത് താമസം ആരംഭിച്ചത്. മകളെ നൃത്തം പഠിപ്പിക്കുന്നതിന് വയനാട്ടിലെ പല ബാങ്കുകളില്‍ നിന്നായി നാലര ലക്ഷം രൂപ വരെ ലോണെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഇപ്പോള്‍ ബാങ്ക് ജപ്തി അറിയിച്ചിരിക്കുകയാണ്. കലോത്സവം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും വീട്ടില്‍നിന്ന് ഇറങ്ങാന്‍ പറയും”- പാര്‍വ്വതിയുടെ അമ്മ ശാന്തിനി പറയുന്നു.
റിട്ട. ലേബര്‍ ഓഫീസറായ അച്ഛന്‍ രാജേന്ദ്രന്റെ പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനം. ഹൈസ്കൂള്‍തലം മുതലേ പാര്‍വ്വതി കലോത്സവത്തിലെ താരമാണ്. പ്രതിഭ- തിലക പട്ടങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷമുള്ള ആദ്യ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയതും പാര്‍വ്വതിയാണ്.

2. ദരിദ്രരോട് കരുണയില്ലാതെ പാഴാക്കുന്നത് 87 കോടി
തിരുവനന്തപുരം : ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള ആര്‍ക്കും 65 വയസ്സായാല്‍ പെന്‍ഷന് അര്‍ഹതയുണ്ട്-പ്രതിമാസം 235 രൂപ. എന്നാല്‍, ദരിദ്രന്‍ കര്‍ഷകത്തൊഴിലാളിയാണെങ്കില്‍ പെന്‍ഷന്‍ കുറയും! 130 രൂപയേ കിട്ടൂ.
ലക്ഷക്കണക്കിന് വൃദ്ധര്‍ക്ക് ലഭിക്കേണ്ട ചെറിയൊരു ആശ്വാസം ഈ അനീതിയിലൂടെ നിഷേധിക്കപ്പെടുമ്പോള്‍ സംസ്ഥാന ഖജനാവിന് ലാഭമല്ല, കോടികളുടെ നഷ്ടമാണുണ്ടാവുന്നത്!
വാര്‍ദ്ധക്യകാല പെന്‍ഷന്റെ കേന്ദ്രവിഹിതം 200 രൂപയായി ഉയര്‍ത്തുകയും 60 വയസ്സു മുതല്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മാറ്റം സാദ്ധ്യമാകാതെ വരുകയും ചെയ്തതാണ് യുക്തിക്ക് നിരക്കാത്ത ഈ അനീതിക്കു കാരണം.
മരുന്നിനുപോലും തികയാത്ത 130 രൂപയുമായി കര്‍ഷകത്തൊഴിലാളികള്‍ ജീവിതം തള്ളിനീക്കാന്‍ ക്ളേശിക്കുമ്പോള്‍ കേന്ദ്രസഹായമായി ലഭിക്കേണ്ട 60 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമാകുന്നത്.
സംസ്ഥാനത്ത് ഏകദേശം 1,45,000 പേര്‍ക്കാണ് ഇപ്പോള്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുപ്രകാരം 3,93,000 പേര്‍ക്ക് സംസ്ഥാനത്ത് വാര്‍ദ്ധക്യകാല പെന്‍ഷന് അര്‍ഹതയുണ്ട്. രണ്ടരലക്ഷത്തോളം പേര്‍ക്കുകൂടി 200 രൂപ വീതം കേന്ദ്രത്തില്‍നിന്നു ലഭിക്കുമെന്ന് അര്‍ത്ഥം. പ്രതിമാസം അഞ്ചുകോടിയോളവും ഒരുവര്‍ഷം 60 കോടിയോളവും രൂപയാണ് ഇങ്ങനെ ലഭിക്കേണ്ടത്. നഷ്ടമാകുന്നത് ഈ തുകയാണ്.
ഒരു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മറ്റൊരു പെന്‍ഷനിലേക്ക് മാറാനാവില്ലെന്ന മണ്ടന്‍ വ്യവസ്ഥയില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന അധികൃതര്‍ സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ അധികച്ചെലവ് വരുത്തിവയ്ക്കുകയും ചെയ്യുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന് കേന്ദ്ര സഹായമില്ല. 130 രൂപയും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഏതാണ്ട് 5,50,000 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇവരില്‍ രണ്ടര ലക്ഷംപേര്‍ക്ക് എങ്കിലും വാര്‍ദ്ധക്യകാല പെന്‍ഷന് അര്‍ഹതയുണ്ട്. ഈ രണ്ടരലക്ഷംപേരെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റിയാല്‍ 35 രൂപ വീതമേ സംസ്ഥാനത്തിന് ചെലവുള്ളൂ. നല്‍കിവരുന്ന 130 രൂപയില്‍ 95 രൂപ ലാഭിക്കാം. ഒരു മാസം മൊത്തം 2.3 കോടിയുടെയും ഒരു വര്‍ഷം 27.6 കോടിയുടെയും ലാഭമാണ് ഈ രീതിയില്‍ ലഭിക്കുക.
കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട 60 കോടിയും അധികച്ചെലവിനത്തിലുള്ള 27.6 കോടിയും കൂടി മൊത്തം 87.6 കോടിയാണ് ആര്‍ക്കും പ്രയോജനപ്പെടാതെ ഒരു വര്‍ഷം പാഴാക്കുന്നത്.
പെന്‍ഷന്‍ ലഭ്യമാക്കുന്നതിലല്ല, ലഭ്യമാക്കാതിരിക്കുന്നതിലാണ് അധികൃതര്‍ക്ക് താത്പര്യം. ‘ഇന്ദിരാഗാന്ധി നാഷണല്‍ ഓള്‍ഡേജ് സ്കീം’ പ്രകാരമാണ് കേന്ദ്രം വാര്‍ദ്ധക്യകാല പെന്‍ഷന് സഹായം നല്‍കുന്നത്. രണ്ട് മാനദണ്ഡങ്ങളേയുള്ളൂ ഈ പദ്ധതിപ്രകാരം പെന്‍ഷന് അര്‍ഹത നേടാന്‍. ഒന്ന്: ദാരിദ്യ്രരേഖയ്ക്ക് താഴെയായിരിക്കണം. രണ്ട്: 65 വയസ്സ് വേണം. സംസ്ഥാനത്താകട്ടെ, മറ്റൊരു മാനദണ്ഡംകൂടി നിലനില്‍ക്കുന്നു. ഈ മാനദണ്ഡമനുസരിച്ച് 18 വയസ്സുകഴിഞ്ഞ ആണ്‍മക്കളുള്ളവര്‍ക്ക് പെന്‍ഷന്‍ കിട്ടില്ല. ആയിരങ്ങള്‍ക്ക് അങ്ങനെ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നു.
11 സംസ്ഥാനങ്ങളില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്റെ സംസ്ഥാന വിഹിതവും 200 രൂപയാണ്. മൊത്തം 400 രൂപ പെന്‍ഷന്‍ കിട്ടും. കേരളത്തില്‍ ഇപ്പോഴും സംസ്ഥാന വിഹിതം 35 രൂപ മാത്രമാണ്.
65 വയസ്സ് കഴിഞ്ഞ എല്ലാ ദരിദ്രരെയും വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 200 രൂപയായി ഉയര്‍ത്തണമെന്നും സാമൂഹിക ക്ഷേമവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഡയറക്ടര്‍ ഉഷാ ടൈറ്റസ് കേരളകൌമുദിയോട് പറഞ്ഞു.

3. പാടം നികത്തലിനെതിരെ ഡി.വൈ.എഫ്.ഐ നേതാവിന്റെ ആത്മഹത്യാശ്രമം
കോലഞ്ചേരി: പാടം നികത്തലിനെതിരെ പൊലീസും പാര്‍ട്ടിനേതൃത്വവും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പൊലീസിന്റെ കണ്‍മുന്നില്‍ ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകനായ യുവാവ് വയറ്റില്‍ കത്തി കുത്തിയിറക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പള്ളിക്കര സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവുമായ പെരിങ്ങാല പറമറ്റത്തില്‍ ജലീല്‍ (34) ആണ് ഇന്നലെ രാവിലെ 11 മണിയോടെ കരിമുകള്‍ സ്റ്റേഷനിലെ എസ്.ഐ അടക്കമുള്ള പൊലീസുകാരുടെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിണര്‍മുണ്ടയിലെ ഇരുപത്തിരണ്ട് ഏക്കര്‍ പാടശേഖരം നികത്തുന്നതിനെതിരെ ഒരുവര്‍ഷം മുന്‍പ് സമരരംഗത്തിറങ്ങിയ ജലീല്‍ കഴിഞ്ഞദിവസം നികത്തിയ ഭാഗത്ത് ചുറ്റുമതില്‍ കെട്ടാനുള്ള നീക്കത്തെ എതിര്‍ത്തു. തഹസില്‍ദാര്‍ അടക്കമുള്ളവരെയും പാര്‍ട്ടി പ്രാദേശിക നേതൃത്വത്തെയും സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. തുടര്‍ന്ന് ഇന്നലെ രാവിലെ കരിമുകള്‍ സ്റ്റേഷനില്‍ വിളിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് യുവാവ് ആത്മഹത്യയ്ക്ക് മുതിര്‍ന്നത്. രക്തത്തില്‍ കുളിച്ചുനിന്ന ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച നാട്ടുകാരെ ഇയാള്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചത്. വയറ്റില്‍ തുളച്ചിരുന്ന കത്തി ആശുപത്രിയില്‍ വച്ച് പുറത്തെടുത്തു.
കുറെനാളായി മണ്ണു മാഫിയയ്ക്കും പാടം നികത്തലിനുമെതിരെ ജലീല്‍ സമരരംഗത്തുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. മണ്ണു മാഫിയയെ തടയാത്ത റവന്യു അധികൃതരുടെയും പൊലീസിന്റെയും നടപടിയില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ജലീല്‍ മൊഴി നല്‍കിയിട്ടുണ്ട്.

4. ‘മില്‍മ റിച്ച് ‘ വിലകൂട്ടി വില്ക്കുന്നതു നിറുത്താന്‍ മന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം : സര്‍ക്കാര്‍ അനുമതി ഇല്ലാതെ ‘റിച്ച്’പാലിന് വിലകൂട്ടി വില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ മില്‍മയ്ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. റിച്ച്പാല്‍ ഈ രീതിയില്‍ വില്ക്കാന്‍ കാരണമെന്തെന്ന് രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.
‘കണികണ്ടുണരാന്‍ തരികിടയുടെ തിന്മ’ എന്ന ഇന്നലത്തെ കേരളകൌമുദി റിപ്പോര്‍ട്ടില്‍ മില്‍മ റിച്ച്പാല്‍ വിറ്റ് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതി വിശദീകരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മില്‍മ അധികൃതരുടെ യോഗം വിളിച്ചുകൂട്ടി മന്ത്രി കാര്യങ്ങള്‍ തിരക്കി.
സാധാരണ പാലിന് മൂന്നുരൂപ കൂട്ടണമെന്ന മില്‍മയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതു മറികടക്കാനാണോ റിച്ച്പാല്‍ വില കൂട്ടി വ്യാപകമായി വില്ക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ചോദിച്ചപ്പോള്‍ മറുപടിയുണ്ടായില്ല.

5. വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് മില്‍മ
തിരുവനന്തപുരം : ‘കേരളകൌമുദി’യില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ‘കണികണ്ടുണരാന്‍ തരികിടയുടെ തിന്മ’ എന്ന വാര്‍ത്തയില്‍ തെറ്റായ പരാമര്‍ശങ്ങളുണ്ടെന്ന ആമുഖത്തോടെ മില്‍മയുടെ മാനേജിംഗ് ഡയറക്ടര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പിന്റെ പൂര്‍ണരൂപമാണ് ചുവടെ.
തിരുവനന്തപുരം മേഖലാ യൂണിയന്‍ ഇപ്പോള്‍ ദിവസേന രണ്ടുലക്ഷം ലിറ്ററോളം പാല്‍ കര്‍ണാടക സംസ്ഥാന ഫെഡറേഷനില്‍ നിന്ന് വാങ്ങി സംസ്ഥാനത്ത് വിതരണം നടത്തുന്നു. ഈ പാലിന് കഴിഞ്ഞ ഡിസംബര്‍ 13-ാം തീയതി മുതല്‍ ബാധകമായ വില ലിറ്ററിന് 15 രൂപ 35 പൈസയാണ്.
ഹസ്സന്‍ ഡെയറിയില്‍ നിന്ന് തിരുവനന്തപുരത്ത് പാല്‍ എത്തുമ്പോള്‍ ഒരു ലിറ്റര്‍ പാലിന് ഒരു രൂപ 80 പൈസ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്് ആകുന്നു. ഈ പാലിന് 3.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര പദാര്‍ത്ഥങ്ങളും മാത്രമേയുള്ളൂ. മില്‍മാ റിച്ചില്‍ 4.5 ശതമാനം കൊഴുപ്പും, 8.5 ശതമാനം കൊഴുപ്പിതര പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഈ നിലവാരത്തിലേക്ക് കര്‍ണാടകയില്‍ നിന്ന് വാങ്ങുന്ന പാലിനെ ഉയര്‍ത്തുവാന്‍ ഒരു ശതമാനം കൊഴുപ്പ് അധികമായി ചേര്‍ക്കുമ്പോള്‍ വില 18 രൂപ 40 പൈസ ആകുന്നു. മില്‍മയുടെ പ്രോസസ്സിംഗ്, ഡിസ്ട്രിബ്യൂഷന്‍ ചെലവുകളും, ഏജന്‍സി കമ്മിഷനും കൂടി ചേര്‍ക്കുമ്പോള്‍ മില്‍മാ റിച്ചിന് ഇപ്പോള്‍ ലിറ്ററിന്, 21 രൂപ 94 പൈസ ചെലവാകുന്നു. ഈ പാലാണ് ഇപ്പോള്‍ 22 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. മാത്രമല്ല, മില്‍മാ റിച്ച് പാലും പാസ്ചറൈസേഷന്‍ നടത്തിയതിനുശേഷം മാത്രമേ വില്പനയ്ക്കായി നല്കുകയുള്ളൂ.
വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തില്‍ 15920 കെ.ജി. പാലിന് 195816 രൂപ എന്ന് കാണിച്ചിരിക്കുന്നത് ശരിയല്ല. 3.5 ശതമാനം കൊഴുപ്പും 8.5 ശതമാനം എസ്. എന്‍. എഫും ഉള്ള പാലിന് ലിറ്ററിന് 15.35 രൂപയാണ്. കൊഴുപ്പ് പൂര്‍ണമായും നീക്കം ചെയ്ത പാലിന്റെ വിലയാണ് കാണിച്ചിട്ടുള്ളത്.
മേല്‍ ഉദ്ധരിച്ച കണക്കുകള്‍ യാഥാര്‍ത്ഥ്യങ്ങളാണ്. ഇതില്‍നിന്ന് മില്‍മ, മാന്യ ഉപഭോക്താക്കളെ യാതൊരുവിധത്തിലും ചൂഷണം ചെയ്യുന്നില്ല എന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

6. ട്രഷറി ഇടപാടിലെ കാലതാമസം നാലിലൊന്നായി ചുരുക്കും: മന്ത്രി ഐസക്ക്
ആലപ്പുഴ : ട്രഷറി ഇടപാടുകളിലെ കാലതാമസം നാലില്‍ ഒന്നായി കുറയ്ക്കുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് പറഞ്ഞു. ട്രഷറി വകുപ്പിന്റെ പൌരാവകാശ രേഖ പ്രകാശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ 201 ട്രഷറികളിലായാണ് പൌരാവകാശ രേഖകള്‍ സമര്‍പ്പിക്കുന്നത്. ജീവനക്കാരും ഇടപാടുകാരും നേരിടുന്ന പ്രശ്നങ്ങള്‍ രേഖപ്പെടുത്തി പരാതിപ്പെട്ടികളിലിടാം. കൂടാതെ ട്രഷറിയുടെ ഇ-മെയില്‍ വിലാസത്തിലും പരാതിപ്പെടാന്‍ സാധിക്കും. ഈ പരാതികള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ചുമതലയില്‍ പരിശോധിക്കും. തുടര്‍ന്ന് മെയ് 15ന് സോഷ്യല്‍ ഓഡിറ്റിന്റെ റിപ്പോര്‍ട്ടുകളെടുക്കും.
ഇത്തരത്തില്‍ മൂന്നുമാസത്തിനിടയിലുള്ള മുഴുവന്‍ പരാതികളും സോഷ്യല്‍ ഓഡിറ്റിലൂടെ കണ്ടെത്തി വിശദീകരണം തേടും. ട്രഷറിയിലെ മറ്റ് സാങ്കേതിക തടസ്സങ്ങളാണ് ഇടപാടുകള്‍ക്ക് കാലതാമസമെങ്കില്‍ അതിനുള്ള പരിഹാരവും കാണും. സോഷ്യല്‍ ഓഡിറ്റിംഗ് നിയന്ത്രിക്കുന്നത് അഞ്ചോ ഒന്‍പതോ അംഗങ്ങളടങ്ങുന്ന ജൂറിയായിരിക്കും. ഇടപാടുകാരും ജീവനക്കാരുമടങ്ങുന്ന സംഘമാണ് ഓഡിറ്റ് ചെയ്യുന്നത്. ട്രഷറികളിലേക്ക് 1800 കമ്പ്യൂട്ടറുകളും 35 സെര്‍വറുകളും നോട്ടെണ്ണല്‍ മെഷീനുകളും, ജില്ലാ ട്രഷറിക്ക് സ്വന്തമായി വാഹനവും നല്‍കും. ട്രഷറികളില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ബാങ്കിന് സമാനമായ പലിശനിരക്കുകള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പെന്‍ഷന്‍ ലഭിക്കാന്‍ ഇനി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട
തിരു : ട്രഷറി വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ ഇനി നീണ്ട ക്യൂവില്‍ നിന്ന് വെയില്‍ കൊള്ളേണ്ടതില്ല, ടോക്കണ്‍ വാങ്ങി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടതില്ല. സംസ്ഥാന ട്രഷറി വകുപ്പ് പുറത്തിറക്കിയ പൌരാവകാശ രേഖയാണ് പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള ട്രഷറി ഇടപാടുകാര്‍ക്ക് ഇത്തരത്തില്‍ ഉറപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്.
ധനകാര്യമന്ത്രി പ്രകാശനം ചെയ്ത പൌരാവകാശ രേഖ പ്രകാരമുള്ള ഉറപ്പുകള്‍ ഫെബ്രുവരി 15 ഓടെ പൂര്‍ണതോതില്‍ നടപ്പാകുമെന്നാണ് ട്രഷറി അധികൃതര്‍ പറയുന്നത്. അതുവരെ പരീക്ഷണകാലമാണ്. ടെല്ലര്‍ സംവിധാനമുള്ള ട്രഷറികളില്‍ പെന്‍ഷന്‍ വിതരണത്തിന് 20 മിനിട്ടുവരെ വേണ്ടിയിരുന്നത് അഞ്ചു മിനിട്ടായി ചുരുങ്ങും. ഈ സംവിധാനമില്ലാത്തിടങ്ങളില്‍ മൂന്നു മണിക്കൂര്‍ വേണ്ടിവന്നിരുന്നിടത്ത് 30 മിനിട്ടുകൊണ്ട് കാര്യം നടക്കും. ചെക്കുവഴി പണം പിന്‍വലിക്കാന്‍ സൌകര്യമുള്ള ബാങ്കിംഗ് ട്രഷറികളില്‍ 20 മിനിട്ടോളം വേണ്ടിവന്നത് അഞ്ചു മിനിട്ടായി ചുരുങ്ങും. നോണ്‍ ബാങ്കിംഗ് ട്രഷറികളില്‍ ഇത് മൂന്നുമണിക്കൂറില്‍ നിന്ന് അരമണിക്കൂറായി ചുരുങ്ങും.
മുദ്രപ്പത്ര വിതരണ സംവിധാനത്തിലും കാര്യമായ മാറ്റം വരും. വെണ്ടര്‍മാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം മുദ്രപ്പത്രങ്ങള്‍ വിതരണം ചെയ്തിരുന്നത് ഇനി മൂന്നു ദിവസങ്ങളിലാക്കും. സ്വകാര്യ വ്യക്തികള്‍ക്ക് എല്ലാ ദിവസവും മുദ്രപ്പത്രം ലഭിക്കുമെന്നും ട്രഷറി ഡയറക്ടര്‍ ഇ.കെ. പ്രകാശ് പറഞ്ഞു.
ഇന്നലെ സംസ്ഥാനതല ഉദ്ഘാടനം നടന്ന സമയത്തുതന്നെ എല്ലാ ട്രഷറികളിലും സ്റ്റാമ്പ് ഡിപ്പോകളിലും പൌരാവകാശ രേഖ മന്ത്രിമാരോ ജനപ്രതിനിധികളോ ഉദ്യോഗസ്ഥ പ്രമുഖരോ പ്രകാശനം ചെയ്തു എന്ന സവിശേഷതയുമുണ്ട്. വാഗ്ദാനം ചെയ്തിട്ടുള്ള രീതിയില്‍ത്തന്നെ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ജീവനക്കാര്‍ പ്രതിജ്ഞ ചെയ്തതിനുശേഷമാണ് പ്രകാശനം നടന്നത്.

7. കെ.എസ്.ഇ.ബി ചീഫ് എന്‍ജിനിയറുടെ വസതിയിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം : വരവില്‍ ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കെ.എസ്.ഇ.ബി ചീഫ് എന്‍ജിനിയര്‍ ബി. എസ്. രാധാകൃഷ്ണന്റെ ഓഫീസിലും വസതിയിലും ഇന്നലെ വിജിലന്‍സ് റെയ്ഡ് നടത്തി വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.
ഇതിനുപുറമെ, രാധാകൃഷ്ണന്റെ ബിസിനസ് പാര്‍ട്ണറായ ആയ കെ.എ. ജോസഫിന്റെ കൊച്ചിയിലെ വീട്ടിലും കമ്പനിയിലും റെയ്ഡ് നടന്നു. 1993 ജനുവരി ഒന്നിനും 2005 ഫെബ്രുവരി ഒന്‍പതിനുമിടയില്‍ രാധാകൃഷ്ണന്‍ 19 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് അടിസ്ഥാനമായ രേഖകള്‍ കണ്ടെത്താനായിരുന്നു റെയ്ഡ്.
വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ രാധാകൃഷ്ണനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ അറിയിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഇപ്പോള്‍ ഇന്‍വെസ്റ്റിഗേഷന്‍, പ്ളാനിംഗ്, ഡാം സേഫ്ടി (ഐ.പി. ഡി.എസ്) വിഭാഗം ചീഫ് എന്‍ജിനിയറാണ് രാധാകൃഷ്ണന്‍.
വിജിലന്‍സ് എറണാകുളം സ്പെഷ്യല്‍ സെല്‍ എസ്.പി വി. മുരളീധരന്‍ നായരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രാവിലെ എട്ടുമണിക്ക് രാധാകൃഷ്ണന്റെ കരമനയിലെ വസതിയിലും വൈദ്യുതി ഭവനിലെ ഓഫീസിലും ജോസഫിന്റെ വക കൊച്ചിയിലെ ഇന്‍വെര്‍ട്ടര്‍ കമ്പനിയിലും വസതിയിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്. വീടുകളിലെ റെയ്ഡ് രാത്രിവരെ നീണ്ടു.
വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ ആധാരങ്ങളും പാസ് ബുക്കുകളും ലഭിച്ചതായി വിജിലന്‍സ്വൃത്തങ്ങള്‍ അറിയിച്ചു. രാധാകൃഷ്ണന്റെ ഭാര്യയുടെയും കെ. എ. ജോസഫിന്റെയും പാര്‍ട്ണര്‍ഷിപ്പില്‍ നടത്തിയിരുന്ന മൂന്നാര്‍ വുഡ്സ് റിസോര്‍ട്ട് അനധികൃത കൈയേറ്റമെന്ന നിലയില്‍ ഇടിച്ചുകളഞ്ഞിരുന്നു.

8. ട്രെയിനില്‍ അയ്യപ്പന്മാരും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി
കോട്ടയം: കന്യാകുമാരി-ബാംഗ്ളൂര്‍ ഐലന്റ് എക്സ്പ്രസില്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത അയ്യപ്പന്മാരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലും കല്ലേറിലും കലാശിച്ചു. ഒരു വിദ്യാര്‍ത്ഥിക്കും ഒരു അയ്യപ്പനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇന്നലെ വൈകിട്ട് 7 മണിയോടെ പിറവം റോഡ് സ്റ്റേഷനിലായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ഇരുപത് മിനിറ്റോളം ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു.
വൈകിട്ട് 6 മണിയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അയ്യപ്പന്മാരും വിദ്യാര്‍ത്ഥികളും ട്രെയിനില്‍ കയറിയത്. തിങ്ങിനിറഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ സീറ്റിനെ ചൊല്ലി മേവെള്ളൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളും അയ്യപ്പന്മാരും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ് ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടര്‍ന്നു. അയ്യപ്പന്മാര്‍ ചേര്‍ന്ന് നാല് പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തെ വളഞ്ഞുവച്ച് മര്‍ദ്ദിച്ചതായി പറയപ്പെടുന്നു. പിറവം റോഡ് സ്റ്റേഷനില്‍ വണ്ടി എത്തിയതോടെ അവിടെ ഇറങ്ങേണ്ട വിദ്യാര്‍ത്ഥികള്‍ അയ്യപ്പന്മാരെ മര്‍ദ്ദിച്ചശേഷം ഇറങ്ങി ഓടി. പിന്നാലെ ഓടിയെത്തിയ അയ്യപ്പന്മാരുമായി സ്റ്റേഷനിലെ പ്ളാറ്റ്ഫോമില്‍ വച്ചായിരുന്നു കയ്യാങ്കളിയായി.
വിദ്യാര്‍ത്ഥികളുടെ രക്ഷയ്ക്ക് സ്റ്റേഷനിലെ യാത്രക്കാരും നാട്ടുകാരും എത്തിയതോടെ സംഘര്‍ഷം മൂര്‍ഛിച്ചു. ട്രാക്കിനരികില്‍ കിടന്ന മെറ്റല്‍ എടുത്ത് പരസ്പരം ഏറായി. ഏറുകൊണ്ട് റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇതിനിടെ ട്രെയിന്‍ സ്റ്റേഷന്‍ വിടാന്‍ ഒരുങ്ങിയപ്പോള്‍ യാത്രക്കാര്‍ ചങ്ങല വലിച്ച് നിര്‍ത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് വെള്ളൂര്‍ പൊലീസ് സ്ഥലത്തെത്തിയതോടെ രംഗം ശാന്തമായി. വിദ്യാര്‍ത്ഥികള്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി യാത്ര ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെങ്കിലും കോട്ടയത്തു നിന്ന് കയറിയ അയ്യപ്പന്മാര്‍ക്ക് എറണാകുളം മുതലേ റിസര്‍വേഷനുണ്ടായിരുന്നുള്ളൂവെന്ന് പറയപ്പെടുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കി അയ്യപ്പന്മാരെ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായതെന്നും പറയപ്പെടുന്നു.
ദൃക്സാക്ഷിയായ ജി.എസ്. ഷിബു സംഭവം വിവരിക്കുന്നു
കൊച്ചി: തിരുവനന്തപുരത്തുനിന്ന് 12.55ന് തിരിച്ച ഐലന്റ് എക്സ്പ്രസ് അഞ്ചുമണിയോടെ കോട്ടയത്ത് എത്തിയപ്പോഴാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പന്‍മാരും കോട്ടയത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളും തമ്മില്‍ (ബോഗി എസ്-6) സീറ്റിനെചൊല്ലി തര്‍ക്കമുണ്ടായി. അത് അടിപിടിയില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികള്‍ ഉടന്‍ മൊബൈലില്‍ പിറവത്ത് ബന്ധപ്പെട്ടു. പിറവത്ത് ട്രെയിന്‍ എത്തുമ്പോള്‍ നൂറ്റമ്പതോളം ആളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു. അവര്‍ ട്രെയിനിലുണ്ടായിരുന്ന അയ്യപ്പന്‍മാരെയും അടുത്ത ബോഗിയില്‍ ഒന്നുമറിയാതെ നിന്ന അയ്യപ്പന്‍മാരെയും മര്‍ദ്ദിച്ചു. റെയില്‍വേ പൊലീസ് നോക്കി നില്‍ക്കെയാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു. അയ്യപ്പന്‍മാര്‍ ചിതറിയോടി മറ്റു ബോഗികളില്‍ കയറി ഒളിച്ചത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഓരോ ബോഗിയിലുമുള്ള അയ്യപ്പന്‍മാരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അതോടെ മിക്ക അയ്യപ്പന്‍മാരും സീറ്റിനടിയില്‍ ഒളിച്ചു. പൊലീസ് എത്തുന്നതുവരെ മര്‍ദ്ദനം തുടര്‍ന്നു.

1. ഉത്പാദനച്ചെലവിനുസൃതമായി പാല്‍വില വര്‍ദ്ധിപ്പിക്കണം
തിരുവനന്തപുരം: ഉത്പാദന ചെലവിനനുസൃതമായി പാല്‍വില വര്‍ദ്ധിപ്പിക്കണമെന്ന് കേരള മില്‍ക്ക് സൊസൈറ്റി പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്. അയ്യപ്പന്‍ നായര്‍, ജനറല്‍ സെക്രട്ടറി വേറ്റിനാട് ശശി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ക്ഷീരമേഖല രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കാലിവളര്‍ത്തല്‍ തൊഴിലാക്കിയവര്‍ ആത്മഹത്യയെ മുന്നില്‍ കണ്ട് പരിഭ്രാന്തരായി കഴിയുന്നു. അടിക്കടി ഉണ്ടാകുന്ന കാലിത്തീറ്റ ഉള്‍പ്പെടെയുള്ള ഉത്പാദനോപാധികളുടെയും മൃഗചികിത്സാ ചെലവിലുമുള്ള വര്‍ദ്ധനയാണ് പ്രധാനപ്രശ്നം. ഈ സാഹചര്യത്തിലാണ് ലിറ്ററിന് 20 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കത്തക്ക വിധം വില വര്‍ധന വേണമെന്ന് ആവശ്യപ്പെടുന്നത്. കാലിത്തീറ്റയ്ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കണം, ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യത ഉറപ്പാക്കണം, മില്‍മ പ്രാഥമിക സംഘങ്ങള്‍ക്ക് നല്‍കുന്ന മാര്‍ജിന്‍ പത്തുശതമാനമാക്കണം എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. ജനവരി 17 ന് ക്ഷീരസംഘം പ്രസിഡന്റുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസസമരം നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു.

2. ഒന്നേകാല്‍ കോടി വീതം മുടക്കി ആറ് മന്ത്രിമന്ദിരം കൂടി പണിയും
 തിരുവനന്തപുരം: ഒന്നേകാല്‍ കോടിയോളം രൂപ വീതം മുടക്കി സംസ്ഥാന സര്‍ക്കാര്‍ ആറ് മന്ത്രിമാര്‍ക്ക് വീട് പണിയുന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൌസ് വളപ്പില്‍ നാല് വീടുകളും ‘എസ്സെന്‍ഡീന്‍’, ഡെപ്യൂട്ടി സ്പീക്കറുടെ വീട് എന്നിവയോട് ചേര്‍ന്ന് ഓരോ വീടുകളുമാണ് പണിയുന്നത്. 4.62 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ കണക്കാക്കിയ എസ്റ്റിമേറ്റ് തുക. കരാറുകാരന്‍ 65 ശതമാനം അധികത്തുകയാണ് ക്വാട്ട് ചെയ്തിരിക്കുന്നത്. അവസാന റൌണ്ടില്‍ ഒരു കരാറുകാരന്‍ മാത്രമേയുള്ളൂവെന്നതിനാല്‍ നിരക്ക് സംബന്ധിച്ച് അദ്ദേഹവുമായി നീക്കുപോക്ക് നടത്താനിരിക്കയാണ്.

ഒരു വീടിന് 77 ലക്ഷവും 65 ശതമാനം അധിക നിരക്കുംകൂടി കണക്കാക്കിയാല്‍ തുക 1.20 കോടിയിലെത്തും. താമസിക്കാന്‍ സജ്ജമാക്കണമെങ്കില്‍ ഫര്‍ണിച്ചറും മറ്റ് സൌകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടിവരും. അതോടെ ചെലവ് ഒന്നേകാല്‍ കോടി കവിയും.

നാല് ഏക്കറോളം സ്ഥലമാണ് കണ്‍ന്റോണ്‍മെന്റ് ഹൌസ് വളപ്പിനുള്ളത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൌസിനോട് ചേര്‍ന്ന് മന്ത്രിമാരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന പാര്‍പ്പിട സമുച്ചയം പോലെ കന്റോണ്‍മെന്റ് ഹൌസ് വളപ്പും മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെയടിസ്ഥാനത്തിലാണ് നാല് മന്ത്രിമന്ദിരംകൂടി കന്റോണ്‍മെന്റ് ഹൌസിനോട് ചേര്‍ന്ന് നിര്‍മിക്കുന്നത്.

‘എസ്സെന്‍ഡീനി’ല്‍ താമസിക്കുന്ന മന്ത്രി എന്‍.കെ. പ്രേമചന്ദ്രനും വികാസ് ഭവനടുത്ത് ‘സ്വാതി’യില്‍ താമസിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിക്കും ഓരോ മന്ത്രിമാരെ അയല്‍ക്കാരായി ലഭിക്കും.

ഓഫീസടക്കം 5000 ചതുരശ്ര അടിയാണ് ഓരോ വീടിന്റെയും വിസ്തീര്‍ണം. ഇരുനിലയായി വയ്ക്കുന്ന വീടുകള്‍ക്ക് ആറെണ്ണത്തിനും ഒരേ സ്ഥലസൌകര്യങ്ങളായിരിക്കുമുണ്ടാവുക. എന്നാല്‍ സ്ഥലത്തിന്റെ കിടപ്പനുസരിച്ച് ആകൃതിയില്‍ വ്യത്യാസമുണ്ടാകും. പൊതുമരാമത്ത് വകുപ്പിലെ ആര്‍ക്കിടെക്ചര്‍ വിഭാഗമാണ് വീടുകള്‍ രൂപകല്പന ചെയ്തത്.

വീടുകള്‍ നിര്‍മിക്കുന്നത് മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരമാണ്. സാങ്കേതികാനുമതിയും ഭരണാനുമതിയും ആയിക്കഴിഞ്ഞു. ടെന്‍ഡര്‍ ഉറപ്പിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതിനെച്ചൊല്ലിയും പരാതിയുയര്‍ന്നിട്ടുണ്ട്. ബന്ധപ്പെട്ട സൂപ്രണ്ടിങ് എന്‍ജിനീയര്‍ രണ്ട് കരാറുകാരുടെ ടെന്‍ഡര്‍ അംഗീകരിച്ചിരുന്നു. ഒരു കരാറുകാരന്‍ ബാങ്ക് ഗ്യാരന്റിയില്‍ ഉറപ്പ് നല്‍കുന്ന തുക രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് ചീഫ് എന്‍ജിനീയര്‍ ഒരു ടെന്‍ഡര്‍ തള്ളി. അതോടെ ചിത്രത്തില്‍ ഒരു കരാറുകാരന്‍ മാത്രം അവശേഷിച്ചു. വകുപ്പുതലത്തില്‍ നടന്ന ഈ നടപടിക്കെതിരെ പരാതിയുയര്‍ന്നിട്ടുണ്ട്.

ഒമ്പത് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ വാടക വീടുകളില്‍ താമസിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍, ഇളമരം കരീം, കെ.പി. രാജേന്ദ്രന്‍, മുല്ലക്കര രത്നാകരന്‍, എസ്. ശര്‍മ്മ എന്നിവര്‍ക്കും സ്വന്തം വീട്ടില്‍ താമസിക്കുന്ന സി. ദിവാകരനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വീടുകളിലേക്ക് താമസം മാറ്റാന്‍ കഴിയും.

മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടുവെന്ന വിവാദത്തെ തുടര്‍ന്നാണ് മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണനും സി. ദിവാകരനും താമസം മാറ്റിയത്. വാടകയ്ക്ക് വീടുകള്‍ എടുക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നൂവെന്നതിനാലാണ് ഔദ്യോഗിക വീടുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ വയ്ക്കാന്‍ തീരുമാനമായത്.

3. വയനാട്ടില്‍ കര്‍ഷകര്‍ നെല്‍കൃഷിയെ കൈയൊഴിയുന്നു
 വെള്ളമുണ്ട: ഭക്ഷ്യദൌര്‍ലഭ്യം ഭാവിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുമ്പോഴും വയനാട്ടില്‍ നെല്‍കൃഷി വ്യാപനപദ്ധതികള്‍ ലക്ഷ്യം കാണുന്നില്ല. ശേഷിക്കുന്ന നെല്‍വയലുകളില്‍ നഷ്ടം സഹിച്ചും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇക്കുറിയും കൊയ്ത്തുകാലം നഷ്ടത്തിന്റേതായി.

സര്‍ക്കാറിന്റെ വാഗ്ദാനം വിശ്വസിച്ച് ഏറെ പ്രതീക്ഷയോടെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പാടശേഖരസമിതികളും നിര്‍ജീവമാവുകയാണ്. നെല്‍കൃഷിയില്‍നിന്നും കര്‍ഷകര്‍ അകലാന്‍ തുടങ്ങിയതോടെയാണ് ഈ കര്‍ഷകകൂട്ടായ്മകളും നാടിന് അന്യമായി മാറുന്നത്. പുതിയ സാഹചര്യത്തില്‍ നെല്‍കൃഷിയിലേക്കുള്ള മടങ്ങിവരവ് കനത്ത വെല്ലുവിളിയാണെന്നാണ് സമിതികളുടെ വിലയിരുത്തല്‍.

പാലക്കാട്ടും കുട്ടനാട്ടിലും നെല്‍കര്‍ഷകരെ തേടി ആനുകൂല്യങ്ങള്‍ വന്നപ്പോഴും വയനാടിന് സര്‍ക്കാറിന്റെ പട്ടികയില്‍ ഇടം ലഭിച്ചില്ല. പത്തുവര്‍ഷം മുമ്പ് 64,761 ടണ്‍ അരിയായിരുന്നു വയനാട്ടില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നത്. അക്കാലത്ത് മുപ്പതിനായിരം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തിരുന്നു. പിന്നീട് ആകെയുള്ള നെല്‍പ്പാടങ്ങളില്‍നിന്നും 24000 ഹെക്ടര്‍ സ്ഥലം കരഭൂമിയായി മാറി. 11000 ഹെക്ടര്‍ സ്ഥലത്ത് കവുങ്ങ് കൃഷിയും വ്യാപിച്ചു.

ജില്ലാ കൃഷി ഓഫീസില്‍നിന്ന് കിട്ടിയ കണക്കുപ്രകാരം വയനാട്ടില്‍ ഇത്തവണ 11377 ഹെക്ടര്‍ സ്ഥലത്ത് നഞ്ചയും 3562 ഹെക്ടറില്‍ പുഞ്ചകൃഷിയും നടന്നു. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നെന്മേനി കൃഷിഭവനുകീഴില്‍ 1450 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്തത്. ഏറ്റവും കൂടുതല്‍ വയല്‍ കരഭൂമിയായി മാറിയത് മാനന്തവാടി താലൂക്കിലാണ്. തൊണ്ടര്‍നാട് 120 ഹെക്ടര്‍ നെല്‍വയലുകള്‍ കവുങ്ങുകൃഷിക്കും മറ്റു കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുമായി നികത്തപ്പെട്ടു. മാനന്തവാടി കൃഷിഭവനുകീഴില്‍ 650 ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തില്‍ മാറിയത്. നെന്മേനിയില്‍ 250 ഹെക്ടര്‍ നെല്‍വയല്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. നെല്ലുല്പാദനത്തില്‍ മുന്നിട്ടുനില്ക്കുന്നത് ബത്തേരി താലൂക്കാണ്. 15580 മെട്രിക് ടണ്‍ അരി ഇവിടെനിന്നും കഴിഞ്ഞവര്‍ഷം കമ്പോളത്തിലേക്ക് ഒഴുകി. മാനന്തവാടിയില്‍ 14781, വൈത്തിരി താലൂക്കില്‍ 5918 മെട്രിക് ടണ്‍ എന്ന നിലയിലാണ് ഭക്ഷ്യോല്പാദനം രേഖപ്പെടുത്തിയത്.

വയനാട്ടിലെ ഏറ്റവും വലിയ പാടശേഖരമായ കോട്ടത്തറയില്‍ 1574 ടണ്‍ അരി മാത്രമാണ് ഉത്പാദിപ്പിച്ചത്. ഉത്പാദനച്ചെലവ് ഗണ്യമായി വര്‍ധിക്കുമ്പോഴും നെല്ലിന്റെ വില മെച്ചപ്പെടുന്നില്ല എന്നതാണ് കര്‍ഷകരുടെ പരാതി. ഒരേക്കര്‍ സ്ഥലത്ത് നെല്ല് കൃഷിചെയ്യുന്നതിന് 50_70 തൊഴില്‍ശേഷി അത്യാവശ്യമാണ്. ഇന്നത്തെ അവസ്ഥയില്‍ ഇതിന്റെ കൂലിച്ചെലവ് കണക്കാക്കുമ്പോള്‍ കനത്ത നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്. മറ്റു വിളകള്‍ക്കൊക്കെ 10_50 ശതമാനംവരെ വില മെച്ചപ്പെട്ടപ്പോള്‍ നെല്ലിന് വെറും മൂന്നുശതമാനം മാത്രമാണ് വര്‍ധനയുണ്ടായത്.

പാടശേഖരസമിതികള്‍ മുഖേന ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഇപ്പോഴും പരിമിതമാണ്. പലപ്പോഴും കര്‍ഷകര്‍ക്ക് ഗുണകരമാവാത്തവിധമാണ് കൃഷിവകുപ്പ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് പരാതിയുണ്ട്.

വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുകൂലമല്ലാത്ത നെല്‍വിത്ത് കര്‍ഷകരുടെ മേല്‍ അടിച്ചേല്പിക്കുന്നതിനും കൃഷിവകുപ്പിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരമ്പരാഗത നെല്‍വിത്തുകളെ അവഗണിച്ച് പുതിയ വിത്തുകളുടെ പിറകെ പോയ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. രോഗപ്രതിരോധശേഷി കുറവായ പുതിയ നെല്‍വിത്തിനങ്ങള്‍ കര്‍ഷകരുടെ നഷ്ടം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്.

അമേരിക്കയിലെ റോക്ക് ഫെല്ലര്‍ ഫൌണ്ടേഷന്റെ സഹായത്തോടെ ഫിലിപ്പൈന്‍സ് നെല്ലുഗവേഷണകേന്ദ്രത്തില്‍ ജനിതകമാറ്റം നടത്തിയ ഒട്ടേറെ നെല്‍വിത്തുകള്‍ വയനാടന്‍ പാടങ്ങളെ ലക്ഷ്യമിട്ടുവരുന്നുണ്ട്. ഇതിനൊക്കെ കൃഷിവകുപ്പ് പച്ചക്കൊടി കാണിക്കുമ്പോഴും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല.

4. ഓട്ടോഗ്യാസിന് തീവില; ഉപഭോക്താക്കള്‍ വെട്ടിലായി
കോട്ടയ്ക്കല്‍: വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന എല്‍.പി.ജിയുടെ വില അടിക്കടി കൂടുന്നത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി. ജനവരി ഒന്നുമുതല്‍ ലിറ്ററിന് 34.76 രൂപയാണ് ഓട്ടോഗ്യാസ് വില. ഒരു ലിറ്റര്‍ ഡീസലിന്റെ വിലയേക്കാള്‍ അധികം. 2007 ജനവരിയില്‍ ഇത് 25.23 രൂപയായിരുന്നു. കഴിഞ്ഞ നവംബര്‍ മുതലാണ് വില കുത്തനെ കൂടിത്തുടങ്ങിയത്. നവംബറില്‍ രണ്ടുരൂപയും ഡിസംബറില്‍ 2.70 രൂപയും ജനവരിയില്‍ 3.66 രൂപയും കൂടി. മൂന്നുമാസംകൊണ്ട് കൂടിയത് 8.36 രൂപ. 31.4 ശതമാനം വര്‍ധന.

ഇതുമൂലം ഗ്യാസ്കിറ്റ് പിടിപ്പിച്ച വാഹനങ്ങള്‍ വാങ്ങിയവരും പഴയ പെട്രോള്‍വണ്ടികളില്‍ ഗ്യാസ് കിറ്റ് ഘടിപ്പിച്ചവരും വെട്ടിലായി. ഗ്യാസ്കിറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് കാല്‍ ലക്ഷത്തോളംരൂപ അധികം നല്‍കണം. പഴയവാഹനങ്ങളില്‍ ഗ്യാസ് കിറ്റ് ഘടിപ്പിക്കുന്നതിനും 20,000 രൂപ ചെലവ് വരും. പുറമെ അധികവാഹന നികുതിയും അടയ്ക്കണം. ഒരു ലിറ്റര്‍ പെട്രോളില്‍ ഓടുന്ന ദൂരം ഒരു ലിറ്റര്‍ ഗ്യാസില്‍ ഓടില്ല എന്ന പോരായ്മയുമുണ്ട്. പണംമുടക്കി ഗ്യാസ്കിറ്റ് ഘടിപ്പിച്ച ഓട്ടോറിക്ഷക്കാരും മറ്റും ‘തടവും പിഴയും’ ഒന്നിച്ചനുഭവിക്കുകയാണിപ്പോള്‍.

സര്‍ക്കാര്‍ അനുമതിയോ, ഇടപെടലോ ഇല്ലാതെ പെട്രോളിയം കമ്പനികളാണ് എല്ലാമാസവും ഒന്നാം തീയതി ഗ്യാസ് വില പുതുക്കിനിശ്ചയിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓട്ടോഗ്യാസിന്റെ ഉപഭോഗം കൂടിയതാണ് വില വര്‍ധനവിന് കാരണമെന്ന് പെട്രോളിയം കമ്പനികള്‍ പറയുന്നു. വില കുത്തനെ കൂടിയതോടെ ചില്ലറ വില്പന കേന്ദ്രങ്ങളില്‍ ഓട്ടോ ഗ്യാസ് വില്പന കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു.

പഴയ പെട്രോള്‍വാഹനങ്ങളില്‍ ഗ്യാസ്കിറ്റ് ഘടിപ്പിക്കുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞു.

5. വിലക്കയറ്റം നിയന്ത്രിക്കാന്‍ 90 കോടി കൂടി നല്‍കും_മന്ത്രി തോമസ് ഐസക്
ചേര്‍ത്തല: വിലക്കയറ്റം പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി, കണ്‍സ്യൂമര്‍ഫെഡിനും സപ്ലൈകോയ്ക്കും ഈ സാമ്പത്തിക വര്‍ഷം 90 കോടി രൂപ കൂടി സബ്സിഡിയായി നല്‍കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. തണ്ണീര്‍മുക്കംകട്ടച്ചിറയില്‍ മാവേലിസ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇതിനകം 60കോടി രൂപ ഈ സ്ഥാപനങ്ങള്‍ക്ക് സബ്സിഡിയായി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. 90 കോടി രൂപ കൂടി നല്‍കുമ്പോള്‍ ആകെ സബ്സിഡി 150 കോടി രൂപയാകുമെന്ന് മന്ത്രി വിശദീകരിച്ചു.

കാര്‍ഷികമേഖലയെ ഒന്നാകെ നിരുത്സാഹപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയമാണ് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് അടിസ്ഥാന കാരണം. കാര്‍ഷികോത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കിയിരുന്ന സബ്സിഡി ഘട്ടംഘട്ടമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്ത് ഉത്പാദിപ്പിക്കേണ്ടെന്നും പകരം വിദേശത്തുനിന്ന് അവ ഇറക്കുമതി ചെയ്യാമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം.

സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ വിലക്കയറ്റം ഇല്ലാതാക്കാനാവില്ല. വിലക്കയറ്റം പ്രതിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും വഴി ന്യായവിലച്ചന്തകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഡോ.കെ.എസ്. മനോജ് എം.പി. അധ്യക്ഷനായിരുന്നു. പി.തിലോത്തമന്‍ എംഎല്‍എ ആദ്യവില്പന നിര്‍വഹിച്ചു. ജലജാചന്ദ്രന്‍, എന്‍.കെ.മഹാദേവ അയ്യര്‍, വി.കെ.മുകുന്ദന്‍, അഡ്വ. പി.എസ്. ജ്യോതിസ്, യു.ബി.സോമന്‍, വിലാസിനിയമ്മ, ഡോ.ബേബി കമലം, സാനു സുധീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സപ്ലൈകോ എറണാകുളം റീജണല്‍ മാനേജര്‍ എ. ലീലാമണി സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ ടി.കെ. നാസര്‍ നന്ദിയും പറഞ്ഞു.

1. ഉഗ്രസ്ഫോടനത്തില്‍ വീടു തകര്‍ന്നു; രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
അതിരമ്പുഴ: കോട്ടമുറിയില്‍ വീടിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ വീടു പൂര്‍ണമായി തകര്‍ന്നു. വീട്ടില്‍ ഉറങ്ങുകയായിരുന്ന രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയില്‍ ജോര്‍ജിന്റെ വീടാണ് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ തകര്‍ന്നത്.

സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ജോര്‍ജിന്റെ ഭാര്യ റോസമ്മയും ഇവരുടെ സഹോദരന്റെ മകള്‍ അമലയും ഞെട്ടിയുണര്‍ന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ഇവര്‍ പരക്കം പായുമ്പോള്‍ വീടിനുള്ളില്‍ ഭൂകമ്പം നടന്ന അവസ്ഥയായിരുന്നു. പൊടിയും പുകയും മുറികളില്‍ നിറഞ്ഞു. ശബ്ദം കേട്ടു അയല്‍വാസികളും ഭയചകിതരായി ഓടിയെത്തി. സ്ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം തന്നെ തകര്‍ന്നു തരിപ്പണമായി. ഭിത്തികളും മേല്‍ക്കൂരയും വിണ്ടു കീറി.

അടുക്കളഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും ഭിത്തിയും സ്ഫോടനത്തില്‍ ചിതറിത്തെറിച്ചു. ഫര്‍ണിച്ചറുകള്‍, ടി.വി, ഫ്രിഡ്ജ്, കംപ്യൂട്ടര്‍ എന്നിവയെല്ലാം തകര്‍ന്നു. വീടിനു ചുറ്റുമുള്ള ജനാലയുടെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വാര്‍ക്കയ്ക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. എന്നാല്‍, വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്കുചെയ്തിരുന്ന കാറിനും ജീപ്പിനും കേടുപാടു സംഭവിച്ചിട്ടില്ല. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ ലീക്ക് ചെയ്തതാകാം സംഭവമെന്നു കരുതുന്നു. വീടിന്റെ വാതിലുകളും ജനാലകളും അടഞ്ഞു കിടന്നതിനാല്‍ വീട്ടില്‍ വാതകം നിറഞ്ഞു പൊട്ടിത്തെറിച്ചതാണെന്നു സംശയിക്കുന്നു. സ്ഫോടന ശബ്ദംകേട്ട് ഓടിക്കുടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ എസ്ഐ കെ.എസ്. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥല ത്തെത്തി.

എക്സ്പ്ളോസീവ്, ഫോറന്‍സിക് വിഭാഗങ്ങള്‍ പരിശോധന നടത്തി. ഗ്യാസ്കുറ്റിയില്‍നിന്നു ണ്ടായതാവാമെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെയും നിഗമനം.

2. വിദര്‍ഭ മോഡല്‍ പാക്കേജ്: പാര്‍ട്ടിക്കാരെ തിരുകാന്‍ നീക്കം
തിരുവനന്തപുരം: കര്‍ഷകരുടെ ആത്മഹത്യാ പ്രവണത നിലനില്‍ക്കുന്ന വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നടപ്പാക്കുന്ന വിദര്‍ഭ മോഡല്‍ പദ്ധതിയില്‍ കര്‍ഷകരെ തഴഞ്ഞ് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ നീക്കം. ഈ ജില്ലകളില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കേ ന്ദ്രാവിഷ്കൃതപദ്ധതിയായ വിദര്‍ഭ മോഡല്‍ പാക്കേജ് നടപ്പാക്കുന്നത്.

മൂന്നു ജില്ലകളിലും ഒന്നാം ഘട്ടത്തിലെ പോലെത്തന്നെ രണ്ടാംഘട്ടത്തിലും 16 കോടി രൂപയാണു ചെലവഴിക്കുന്നത്. ഓരോ ജില്ലകളിലെയും 500 ഗുണഭോക്താക്കള്‍ക്ക് 50,000 രൂപ വീതം നല്കുന്ന പാക്കേജാണു രണ്ടാം ഘട്ടത്തിലുള്ളത്. എന്നാല്‍ പാക്കേജിലെ ഗുണഭോക്താക്കളെ വീതം വച്ചെടുക്കാനാണു പാര്‍ട്ടി സംഘടനകള്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ 13-ന് പാലക്കാട് കെ.ജി.ഒ.എ ഹാളില്‍ നടന്ന ഇടതുപക്ഷ സംഘടനകളില്‍പെട്ട വെറ്ററിനറി ഡോക്ടര്‍മാരുടെ യോഗത്തില്‍ പാര്‍ട്ടിതലത്തില്‍ നിന്നു ലഭിക്കുന്ന ശിപാര്‍ശക്കനുസരിച്ച് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുക്കുകയായിരുന്നു. പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാനുള്ള നീക്കം സജീവമായ തോടെ യഥാര്‍ഥ കുടിയേറ്റ കര്‍ഷകന്‍ റാങ്ക് ലിസ്റ്റില്‍ നിന്നും പുറത്താകുന്ന സ്ഥിതിയാണ്.

ഒന്നാം ഘട്ടത്തില്‍ മൂന്നു ജില്ലകള്‍ക്കുമായി 16 കോടി രൂപ കേന്ദ്രം അനുവദിച്ചെങ്കിലും പാലക്കാട് ജില്ലയില്‍ 70ശതമാനവും മറ്റു രണ്ടു ജില്ലകളില്‍ 50 ശതമാനത്തിന് താഴെയുമാണ് വിനിയോഗിച്ചത്.

വിദര്‍ഭ പാക്കേജില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ട് 20,000 രൂപവീതം വിലയുള്ള രണ്ട് പശുക്കളെയും 10,000 രൂപക്ക് കാലിത്തീറ്റയും കര്‍ഷകന്‍ വാങ്ങണം. ബാങ്കില്‍ നിന്ന് ധനസഹായം നല്കുമ്പോള്‍ 25,000 രൂപ സബ്സിഡിയാണ്. 25,000 രൂപക്ക് നാലുശതമാനം പലിശയില്‍ തിരിച്ചടയ്ക്കണം. ഈ പണം തിരിച്ചു കിട്ടില്ലെന്നുള്ള ബാങ്കുകളുടെ ആശങ്ക ഒന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു.

3. എച്ച്.ഡി.ഐ.എല്‍ സൈബര്‍സിറ്റി കളമശേരിയില്‍
കൊച്ചി: മുംബൈ കേന്ദ്രമായുള്ള ഹൌസിംഗ് ഡവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (എച്ച്.ഡി.ഐ.എല്‍) നിര്‍മിക്കുന്ന സൈബര്‍സിറ്റിക്ക് 19- ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കളമശേരിയില്‍ തറക്കല്ലിടും. വ്യവസായമന്ത്രി എളമരം കരിം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.പി രാജേന്ദ്രന്‍, എസ്.ശര്‍മ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ഐ.ടി സെക്രട്ടറി, ജില്ലാ കളക്ടര്‍ തുടങ്ങിയവരും പങ്കെടുക്കും.

2000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 60,000 പേര്‍ക്ക് നേരിട്ടുതൊഴില്‍ ലഭിക്കുമെന്നും അനുമാനിക്കുന്നു. ഒന്നരലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരമുണ്ടാകുമെന്ന് എച്ച്.ഡി.ഐ.എല്‍ വൃത്തങ്ങള്‍ പറഞ്ഞു.

എച്ച്.എം.ടിയില്‍ നിന്നും വാങ്ങിയ 70 ഏക്കര്‍ഭൂമിയില്‍ സൈബര്‍സിറ്റി. റസിഡന്‍ഷ്യല്‍, ഐ.ടി, കൊമേഴ്സ്യല്‍ ,ഹോട്ടല്‍ സമുച്ചയങ്ങള്‍, മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സൈബര്‍സിറ്റി. പത്തുമുതല്‍ പതിനഞ്ചുവരെ നിലകളുള്ള ആറുകെട്ടിടങ്ങളും സൈബര്‍സിറ്റിയുടെ പ്രധാന ആകര്‍ഷണമെന്നു കരുതുന്ന 30 നിലകളുള്ള ക്രിസ്റ്റല്‍കെട്ടിടവും ഇതില്‍ ഉള്‍പ്പെടും.

4. കെട്ടിട നിര്‍മാണം: നിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: കെട്ടിട നിര്‍മാണത്തിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു.ഇതനുസരിച്ച് സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ ഭവന നിര്‍മാണ സ്കീം പ്രകാരം വായ്പ ലഭിച്ചവര്‍ക്കും ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കും കൈവശാവകാശ രേഖയുണ്െടങ്കില്‍ 60 ചതുരശ്ര മീറ്റര്‍ താഴെ പ്ളിന്ത് ഏരിയയുള്ള വീട് നിര്‍മാണത്തിന് അനുമതി നല്‍കണം. പട്ടികവര്‍ഗക്കാര്‍ക്ക് പരമ്പരാഗത സ്ഥലത്തെ വീട് നിര്‍മാണത്തിന് കൈവശാവകാശ രേഖ വേണ്ട. ഇവര്‍ക്ക് കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം ബാധകമാക്കുന്നതുവരെ പ്ളാന്‍ നല്‍കേണ്ട. പട്ടികവര്‍ഗക്കാരെ ഉള്‍പ്പെടുത്തി മാറ്റാരെങ്കിലും അപേക്ഷിച്ചാല്‍ നിര്‍മാണം അനുവദിക്കരുത്.

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും കെട്ടിടത്തിന്റെ ചുറ്റളവ് കാണിച്ച് സ്കെച്ച് വരച്ച് നല്‍കിയാല്‍ മതിയെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

1. ഇന്ത്യ_ചൈന ആണവ സഹകരണം
ബീജിംഗ്: സൌഹൃദത്തിന്റെ പുതിയ ഏടുകള്‍ തുറന്ന് സിവിലിയന്‍ ആണവോര്‍ജ രംഗത്ത് സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കഴിയുംവേഗം പരിഹരിക്കുന്നതിന് ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണെന്നും ചൈന സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബാവോയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

യു.എന്‍ രക്ഷാകൌണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈന പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 2010 ഓടെ ഇന്ത്യ^ചൈന വ്യാപാരം 6000 കോടി ഡോളറിന്റേതാക്കി വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യ^ചൈന സൌഹൃദവും സംയുക്ത വികസനവും രാജ്യാന്തര സംവിധാനങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കും. ഇന്ത്യ^ചൈന ബന്ധം ഏതെങ്കിലും രാജ്യത്തെ ലക്ഷ്യംവെച്ചുള്ളതല്ല. മറ്റ് രാജ്യങ്ങളുമായുള്ള സൌഹൃദത്തെയും ബാധിക്കില്ല. അഞ്ചുപേജ് വരുന്ന സംയുക്ത പ്രസ്താവന വ്യക്തമാക്കി.

രണ്ടാമത്തെ ഇന്ത്യ^ചൈന സംയുക്ത സൈനികാഭ്യാസം ഈ വര്‍ഷം ഇന്ത്യയില്‍ സംഘടിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. ചര്‍ച്ചകള്‍ക്കുശേഷം 12 കരാറുകളും ധാരണാ പത്രങ്ങളും ഇന്ത്യയും ചൈനയും ഒപ്പുവെച്ചു.

രാജ്യാന്തര വാണിജ്യ രംഗത്ത് ഇരു രാജ്യങ്ങള്‍ക്കും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്ഥാനം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് ഏറെ പ്രാധാന്യം കല്‍പിക്കപ്പെട്ടത്. തീരുവകള്‍, ബൌദ്ധിക സ്വത്തവകാശങ്ങള്‍, വിനിമയനിരക്ക് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇരു സര്‍ക്കാറുകളും ഒരുമിച്ച് പ്രവര്‍ത്തിക്കും.

2008 ഓടെ 2000 കോടി ഡോളറിന്റെ ഉഭയകക്ഷി വാണിജ്യം സാധ്യമാക്കാനാണ് ഇന്ത്യയും ചൈനയും ലക്ഷ്യമിട്ടിരുന്നത്. ഇതേതുടര്‍ന്ന് ലക്ഷ്യം 4000 കോടി ഡോളറായി വര്‍ധിപ്പിക്കുകയായിരുന്നു. 2010 ഓടെ ലക്ഷ്യമിടുന്ന 6000 കോടി ഡോളറിന്റെ വ്യാപാരവും കാലാവധിക്ക് മുമ്പേ നേടാനാവുമെന്ന് ഇന്ത്യ^ചൈന സാമ്പത്തിക, വ്യാപാര, നിക്ഷേപ ഉച്ചകോടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. കൂടുതല്‍ വ്യാപാരം നടത്താനുള്ള ഇരു രാജ്യങ്ങളുടെയും താല്‍പര്യമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത് ^ അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യ^ചൈന വാണിജ്യത്തില്‍ 900 കോടി ഡോളര്‍ കമ്മിയില്‍ ഇന്ത്യന്‍ സംഘം ആശങ്ക ഉയര്‍ത്തി.

ഇതേതുടര്‍ന്ന് ഇന്ത്യയില്‍നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് ചൈന ഉറപ്പുനല്‍കി. ചൈനയിലേക്ക് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നതിനും വ്യോമയാന രംഗത്ത് പ്രവേശനാനുമതിയും ഇന്ത്യ തേടിയിട്ടുണ്ട്. ഔഷധങ്ങള്‍ ഉള്‍പ്പെടെയുള്ള ചില ഉല്‍പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിന് ചൈന ഏര്‍പ്പെടുത്തുന്ന നികുതിയേതര തടസ്സങ്ങള്‍ നീക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന വികസന രംഗത്ത് കൂടുതല്‍ ചൈനീസ് നിക്ഷേപങ്ങള്‍ ഇന്ത്യ സ്വാഗതം ചെയ്തു. 2010ല്‍ ഇന്ത്യയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനാവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ജലവൈദ്യുതി പദ്ധതികളിലെ സഹകരണത്തിനും ചൈന നിര്‍ദേശിച്ചിട്ടുണ്ട്.

ലോക വ്യാപാര സംഘടനയിലെ ചര്‍ച്ചകള്‍ക്ക് ഇന്ത്യയും ചൈനയും സംയുക്തമായി പുതിയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് വാണിജ്യമന്ത്രി കമല്‍നാഥ് അറിയിച്ചു. ബീജിംഗില്‍ ഡബ്ല്യൂ.ടി.ഒ ഡയറക്ടര്‍ ജനറല്‍ പാസ്കല്‍ ലാമിയുമായി കമല്‍നാഥ് ഇന്ന് കൂടിക്കാഴ്ച നടത്തുന്നുമുണ്ട്.

ഷാങ്ഹായ് വഴി ജെറ്റ് എയര്‍വേഴ്സിന് മുംബൈ സാന്‍ഫ്രാന്‍സിസ്കോ സര്‍വീസ് നടത്താന്‍ ചൈന അനുമതി നല്‍കുമെന്നും ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു. സിവിലിയന്‍ ആണവ സഹകരണത്തിന് ഇന്ത്യയുമായി സഹകരിക്കാന്‍ ചൈന തയാറാണെന്ന് വ്യക്തമാക്കി ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനക്ക് ഏറെ പ്രാധാന്യമാണുള്ളത്. ആണവരംഗത്ത് ഇന്ത്യയുമായി സഹകരിക്കാന്‍ ചൈനക്ക് താല്‍പര്യമില്ലെന്നായിരുന്നു ഇതുവരെയുള്ള സൂചനകള്‍. കൂടാതെ ഇന്ത്യ^യു.എസ് ആണവ കരാറിനെ അവര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാത്രി വിരുന്ന് സല്‍ക്കാരത്തിനിടക്ക് ഡോ. മന്‍മോഹന്‍സിംഗ്, വെന്‍ജിയാബാവോയുമായി നടത്തിയ ചര്‍ച്ചക്കിടെയാണ് സിവിലിയന്‍ ആണവോര്‍ജ രംഗത്ത് സഹകരിക്കാന്‍ ചൈനയില്‍നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുന്നത്.

2. കണ്ണൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു
കണ്ണൂര്‍: കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ധനേഷ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം വ്യാപിക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെഎ.പി.അബ്ദുല്ലക്കുട്ടി എം.പിയുടെ പള്ളിക്കുന്നിലെ ഭാര്യവീടിന് നേരെ അജ്ഞാതസംഘം ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തി. സംഭവം കണ്ട് ബോധരഹിതയായ അബ്ദുല്ലക്കുട്ടിയുടെ ഭാര്യാമാതാവിനെ ഒരു ഭാഗം കുഴഞ്ഞനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശേãരി^പാനൂര്‍ മേഖലയില്‍ നിലനിന്ന രാഷ്ട്രീയ സംഘര്‍ഷം കണ്ണൂര്‍^തളിപ്പറമ്പ് താലൂക്കുകളിലേക്ക് കൂടി വ്യാപിച്ചതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്. രണ്ടുവര്‍ഷമായി പൊതുവേ ശാന്തമായിരുന്നു കണ്ണൂര്‍. ‘കലാപജില്ല’ എന്ന ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന ഇന്നലെയും ജില്ലയില്‍ അങ്ങിങ്ങ് ഒറ്റപ്പെട്ട അക്രമങ്ങള്‍ നടന്നു.

തളിപ്പറമ്പ് താലൂക്കിലെ മലയോര മേഖലയായ ചപ്പാരപ്പടവില്‍ മുസ്ലിംലീഗ്^സി.പി.എം. സംഘര്‍ഷം ഉടലെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി എന്‍.ഡി.എഫ്.^സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന പാപ്പിനിശേãരി, മടക്കര ഭാഗത്ത് പോലിസ് കാവല്‍ തുടരുകയാണ്.

പള്ളിക്കുന്നിലെ ഇ.എം.എസ്ഹൌസിംഗ് കോളനിയില്‍ എ.പി.അബ്ദുല്ലക്കുട്ടിയുടെ ഭാര്യവീട്ടിലാണ് അക്രമികള്‍ ബോംബെറിഞ്ഞത്. അബ്ദുല്ലക്കുട്ടിയുടെ ഭാര്യാപിതാവ് ഹംസ, ഭാര്യാമാതാവ് സഫിയ, ഭാര്യാസഹോദരി ശര്‍മിന, അവരുടെ ഭര്‍ത്താവ് അബ്ദുല്‍ഗഫൂര്‍ എന്നിവരും മക്കളുമാണ് ഇവിടെ താമസിക്കുന്നത്. അബ്ദുല്ലക്കുട്ടി നേരത്തേ ഈവീട്ടില്‍ താമസിച്ചിരുന്നുവെങ്കിലും രണ്ടുവര്‍ഷമായി പള്ളിക്കുളത്താണ് താമസം. അബ്ദുല്ലക്കുട്ടി ഉണ്ടെന്ന് ധരിച്ചാവും അക്രമികള്‍ ഇവിടെ എത്തിയതെന്ന് സംശയിക്കുന്നു.
പുലര്‍ച്ചെ രണ്ടുമണിയോടെ വീടിന്റെ പ്രധാനവാതിലില്‍ നാലു ബോംബുകള്‍ വീണ് പൊട്ടിയതായി അബ്ദുല്ലക്കുട്ടിയുടെ ഭാര്യാ പിതാവ് ഹംസ പറഞ്ഞു. പിന്നീട് തുരുതുരെ കല്ലേറായിരുന്നു. ഏതാനും പേര്‍ മതില്‍ ചാടി അകത്തുകടന്ന് കൊടുവാള്‍ കൊണ്ട് വാതില്‍ കുത്തിപ്പൊളിക്കുകയും ചെയ്തു. മുന്‍വാതിലും ജനലുകളും തകര്‍ന്നിട്ടുണ്ട്.

വീട്ടിലുള്ളവര്‍ നിലവിളിക്കുകയും സമീപത്തെ വീടുകളില്‍ ലൈറ്റിടുകയും ചെയ്തതോടെയാണ് അക്രമികള്‍ ഓടിമറഞ്ഞത്.
30 വര്‍ഷമായി ഷാര്‍ജയിലായിരുന്ന അബ്ദുല്ലക്കുട്ടിയുടെ ഭാര്യാപിതാവ് ഗള്‍ഫ് ജീവിതം മതിയാക്കി കഴിഞ്ഞ മാസമാണ് നാട്ടില്‍ സ്ഥിരതാമസത്തിനെത്തിയത്. സജീവ രാഷ്ട്രീയക്കാരനല്ല ഇദ്ദേഹം.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ധനേഷ് കൊല്ലപ്പെട്ട അഴിക്കോട് നീര്‍ക്കടവ് പ്രദേശങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനം തുടരുകയാണ്. ടാങ്കര്‍ ലോറി തൊഴിലാളി കൂടിയായ ധനേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ടാങ്കര്‍ ലോറികള്‍ ഓടിയില്ല.

ചപ്പാരപ്പടവില്‍ മുസ്ലിംലീഗ്^സി.പി.എം. സംഘര്‍ഷം തുടരുകയാണ്. ഇന്നലെയും ഇരു വിഭാഗവും ഏറ്റുമുട്ടി. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അക്രമിക്കപ്പെട്ടു. ജാഗ്രതപാലിക്കാന്‍ പോലിസ് ഇന്റലിജന്‍സ് ആവശ്യപ്പെട്ടതനുസരിച്ച് സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ സേനയെ കൊണ്ടുവരുന്നുണ്ട്. എ.ഡി.ജി.പി. കെ.എസ്.ജംഗ്പാംഗി ഇന്നലെ കണ്ണൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഇന്നലെ കണ്ണൂരിലുണ്ടായിരുന്നു.

3. അനൈക്യവും ധാരണയില്ലായ്മയും പദ്ധതികള്‍ അവതാളത്തിലാക്കി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിലെ സ്വരച്ചേര്‍ച്ചയില്ലായ്മയും തൊഴുത്തില്‍കുത്തും സംസ്ഥാനത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു. 2007^08 ലെ വാര്‍ഷികപദ്ധതിയും 2007 ല്‍ ആരംഭിച്ച് 2012ല്‍ അവസാനിപ്പിക്കേണ്ട പഞ്ചവല്‍സരപദ്ധതിയും തകര്‍ന്നത് ഈ സ്വരച്ചേര്‍ച്ചയില്ലായ്മയിലാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ ആരോപിക്കുന്നു. 1997^98 ല്‍ ജനകീയാസൂത്രണം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ പോലും മികച്ച പ്രകടനം കാഴ്ചവെക്കാനായെങ്കില്‍ ഒരു ദശാബ്ദക്കാലത്തെ അനുഭവവുമായി കൂടുതല്‍ മികച്ച നിലക്ക് ആരംഭിക്കാന്‍ കഴിയുമായിരുന്ന 11ാം പഞ്ചവല്‍സര പദ്ധതി മുളയില്‍തന്നെ പതറുകയാണ്.

കഴിഞ്ഞ ഏപ്രിലില്‍ ആരംഭിക്കേണ്ട വാര്‍ഷികപദ്ധതി പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആരംഭിക്കാനായവക്കാകട്ടെ കാര്യമായി ഒന്നും ചെയ്യാന്‍ പറ്റിയിട്ടുമില്ല. 2007 ഡിസംബറില്‍ 11 ാം പഞ്ചവല്‍സരപദ്ധതി ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ, പദ്ധതിക്ക് രൂപം നല്‍കാന്‍പോലും കഴിഞ്ഞില്ല. 1997 മുതല്‍ ഈ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അതേനിലയില്‍ തുടര്‍ന്നിട്ടുപോലും ഈ വര്‍ഷം പദ്ധതിയുടെ താളംതെറ്റിയത് സര്‍ക്കാറിന്റെ ശ്രദ്ധയില്ലായ്മയും ഉദ്യോഗസ്ഥരുടെ പരസ്പര സ്പര്‍ധമൂലവുമാണെന്നാണ് ആരോപണം.

ജനകീയാസൂത്രണം ആരംഭിച്ചപ്പോഴും പാലോളി മുഹമ്മദ്കുട്ടിതന്നെയായിരുന്നു തദ്ദേശ സ്വയംഭരണമന്ത്രി. പിന്നീട് ചെര്‍ക്കളം അബ്ദുല്ലയും കുട്ടി അഹമ്മദ്കുട്ടിയും മന്ത്രിമാരായി വന്നു. ഇപ്പോള്‍ വീണ്ടും വകുപ്പിലും ജനകീയാസൂത്രണത്തിലും പരിചയസമ്പന്നനായ പാലോളി തന്നെയാണ് മന്ത്രി. മന്ത്രിക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കേണ്ട സംവിധാനവും പദ്ധതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥ സംവിധാനവുമൊക്കെ പഴയതുതന്നെ. പരിശീലനം നല്‍കേണ്ട ‘കില’ പോലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുമൊന്നും ഇപ്പോഴും മാറ്റമില്ല. ഈ സംവിധാനങ്ങളൊക്കെയുണ്ടായിട്ടും പദ്ധതി പാളുകയാണ്. ഇതിന് പ്രധാനകാരണം ആസൂത്രണബോര്‍ഡിന്റെ താല്‍പര്യമില്ലായ്മയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നതര്‍ ആരോപിക്കുന്നു. എന്നാല്‍, തദ്ദേശ സ്വയംഭരണവകുപ്പിന്റെ മുന്‍കൈ ഇല്ലായ്മയാണെന്നാണ് ആസൂത്രണബോര്‍ഡിന്റെ പരാതി. അതേസമയം, സര്‍ക്കാര്‍തലത്തില്‍ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലും വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സെക്രട്ടറിയും തമ്മിലും അഭിപ്രായ ഐക്യമില്ലായ്മയും പ്രകടമാണെന്ന് പറയുന്നു. വകുപ്പിലെ കീഴ്ജീവനക്കാര്‍ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിലെ ജീവനക്കാര്‍ തമ്മിലും ചേരിതിരിവാണ്.

പദ്ധതി നടത്തിപ്പില്‍ വകുപ്പിലെ നയപരമായ കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അത് നടപ്പാക്കേണ്ടതാകട്ടെ, വകുപ്പു സെക്രട്ടറിയും. സി.പി.എമ്മിലെ ഔദ്യോഗികപക്ഷത്തിന് പ്രിയങ്കരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവുകളും നയപരിപാടികളും നടപ്പാക്കാതിരിക്കാന്‍ എതിര്‍പക്ഷം സെക്രട്ടറിയില്‍ സമ്മര്‍ദം ചെലുത്തുന്നതാണ് പ്രശ്നമെന്ന പരാതി, മന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാര്‍ക്കുണ്ട്. ആസൂത്രണബോര്‍ഡാകട്ടെ, എല്ലാറ്റിന്റെയും ഉത്തരവാദിത്തം വകുപ്പ് സെക്രട്ടറിമാരില്‍ ആരോപിച്ച് മാറിനില്‍ക്കുന്നു. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തില്‍ എല്ലാറ്റിനും ചുക്കാന്‍പിടിച്ച ആസൂത്രണബോര്‍ഡ് ഇക്കുറി ഒരു താല്‍പര്യവുമില്ലാതെ ഒന്നിലും ഇടപെടാതെ മാറിനില്‍ക്കുകയാണ്. ബജറ്റില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച 1790 കോടിയില്‍ മുന്‍കാല പദ്ധതികള്‍ക്കും ഇനി നല്‍കാനുള്ള ഡെപ്പോസിറ്റുകള്‍ക്കുമായി കൊടുത്തുതീര്‍ത്ത തുകയൊഴിച്ചാല്‍ ഈ വര്‍ഷത്തെ പദ്ധതിക്കായി ഒന്നും ചെലവഴിക്കാതെ ബാക്കിനില്‍ക്കുന്നു. വാര്‍ഷികപദ്ധതിയുടെ 10 മാസവും പഞ്ചവല്‍സര പദ്ധതിയുടെ ഒരു വര്‍ഷവും ഇതിനിടയില്‍ കടന്നുപോയിരിക്കുകയാണ്.

4. സപ്ലൈകോയില്‍ പിന്‍വാതില്‍ നിയമനം
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ പിന്‍വാതില്‍ നിയമനം തകൃതി. ഒഴിവുള്ള തസ്തികകളില്‍ നിയമനത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റില്‍ പറത്തി ഭക്ഷ്യ വകുപ്പ് നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെയും ഭരണകക്ഷിയിലെ പ്രമുഖരുടെയും ഒത്താശയോടെയാണ് അനധികൃത നിയമനം അരങ്ങ് തകര്‍ക്കുന്നത്. വിവിധ തസ്തികകളിലായി ഇതിനകം 800 ഓളം പേരെ തിരുകിക്കയറ്റിയതായാണ് വിവരം. ദിവസ വേതനത്തിലും താല്‍കാലികാടിസ്ഥാനത്തിലും നിയമനം നല്‍കി പിന്നീട് സ്ഥിരപ്പെടുത്തുമെന്ന വ്യവസ്ഥയിലാണ് പലരെയും നിയമിച്ചിട്ടുള്ളത്. ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടിയില്‍ പെട്ടവര്‍ക്കാണ് കൂടുതല്‍ നിയമനവും നല്‍കിയിട്ടുള്ളത്. സി.പി.ഐയുടെയും പോഷകസംഘടനകളുടെയും നേതാക്കളുടെ അടുത്ത ബന്ധുക്കളും ഇതില്‍ ഉള്‍പ്പെടും. നിയമനത്തിന്് പിന്നില്‍ വന്‍ അഴിമതി അരങ്ങേറുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ലാഭംമാര്‍ക്കറ്റുകള്‍, പെട്രോള്‍ ബങ്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്കും നിയമനം നല്‍കിയിട്ടുള്ളത്. നിലവില്‍ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടശേഷം നിരവധി പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ഉന്നത തലത്തില്‍ നിന്നുള്ള നിര്‍ദേശം സപ്ലൈകോ ആസ്ഥാനത്ത് അതേപടി നടപ്പാക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. നിലവില്‍ ജോലി ചെയ്തുവന്നിരുന്ന 300 ഓളം പേരെ കാരണം കൂടാതെ പുറത്താക്കിയ ശേഷമാണ് പുതിയ നിയമനം നല്‍കിയതത്രെ. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായവും മറ്റ് ആനുകൂല്യങ്ങളും കൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്ന സപ്ലൈകോയില്‍ ഇപ്പോള്‍ നടക്കുന്ന അനധികൃത നിയമനം സ്ഥാപനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഹെല്‍പര്‍ തസ്തികയില്‍ മാത്രം 200 ഓളം പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. സപ്ലൈകോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോബിയാണ് നിയമനത്തിന് ചുക്കാന്‍ പിടിക്കുന്നത്.

സപ്ലൈകോയില്‍ ഒഴിവുള്ള മാനേജ്മെന്റ് പോസ്റ്റുകളിലേക്കും ഇപ്പോള്‍ വഴിവിട്ട നിയമനം നടക്കുന്നുണ്ടത്രെ. പ്രമോഷന്‍ ലഭിക്കണമെങ്കില്‍ കാണേണ്ടവരെ കാണേണ്ടതുപോലെ കാണണമെന്നാണ് കോര്‍പറേഷനിലെ ഇപ്പോഴത്തെ രീതി. ഡി.എസ്.ഒ മാരുടെയും ടി.എസ്്.ഒ മാരുടെയും തസ്തികകളിലേക്കും ഇവരെ സപ്ലൈകോയില്‍ മാനേജര്‍ തസ്തികകളില്‍ നിയമിക്കുന്നതിന് പിന്നിലും വന്‍ അഴിമതിയാണ് നടക്കുന്നത്. പലര്‍ക്കും വഴിവിട്ട് പ്രമോഷന്‍ നല്‍കുന്നുണ്ട്.അനര്‍ഹരെ അവര്‍ക്ക് ഇഷ്ടപ്പെട്ട തസ്തികകളില്‍ നിയമിക്കുന്നതായും ആരോപണം ശക്തമാണ്. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള പ്രമോഷന്‍ നടപടികള്‍ രണ്ട് വര്‍ഷമായി ഇവിടെ നടക്കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. അനധികൃത നിയമനത്തെ ചോദ്യം ചെയ്തവരെ സ്ഥലം മാറ്റിയും ഡെപ്യൂട്ടേഷന്‍ റദ്ദാക്കിയും പീഡിപ്പിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് അനധികൃത നിയമനം ഏറെയും നടന്നിട്ടുള്ളത്. തൃശൂര്‍, കൊല്ലം ജില്ലകളിലും അനധികൃത നിയമനം വ്യാപകമാണത്രെ. പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനത്തിന് രഹസ്യ നീക്കവും സപ്ലൈകോയില്‍ നടന്നുവരുന്നു.

5. ആഗോളതാപനം: അന്റാര്‍ട്ടിക്കയില്‍ വന്‍തോതില്‍ മഞ്ഞുരുക്കം
ലണ്ടന്‍: ആഗോളതാപനം മൂലം അന്റാര്‍ട്ടിക്കയിലെ മഞ്ഞിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് സംഘം നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തി. 1996 മുതല്‍ 2006 വരെ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുക്കം 75 ശതമാനത്തോളം വര്‍ധിച്ചതായി ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോനാതന്‍ ബാംബറിനെ ഉദ്ധരിച്ച് ‘ദ ഇന്‍ഡിപെന്‍ഡന്റ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. എറിക് റിഗ്നോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം അന്റാര്‍ട്ടിക്കയില്‍ ആകാശ സര്‍വേ ആണ് നടത്തിയത്.

2006ല്‍ പശ്ചിമ അന്റാര്‍ട്ടിക്കയില്‍ 13200 കോടി ടണ്‍ മഞ്ഞ് നഷ്ടപ്പെട്ടു. 1996 ല്‍ ഇത് 8300 കോടി ടണ്‍ ആയിരുന്നു. അന്റാര്‍ട്ടിക്ക ഉപദ്വീപില്‍ 2006 ല്‍ 6000 ടണ്‍ മഞ്ഞ് നഷ്ടപ്പെട്ടു. കഴിഞ്ഞ ദശകത്തില്‍ ശരാശരി മഞ്ഞുരുക്കം വര്‍ഷം പ്രതി 3.4 മില്ലിമീറ്ററാണ്. 20ാം നൂറ്റാണ്ടില്‍ ഇത് 1.8 മില്ലി മീറ്ററായിരുന്നു ^ പഠനം വെളിപ്പെടുത്തി.
വരുന്ന ദശകങ്ങളില്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുക്കം ഇനിയും വര്‍ധിക്കുമെന്നും പഠനസംഘം മുന്നറിയിപ്പ് നല്‍കി.

1. ആനന്ദബോസ് കേന്ദ്ര കൃഷിമന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: കേരള കേഡര്‍ 1977 ബാച്ച് ഐഎഎസ് ഒാഫിസര്‍ സി. വി. ആനന്ദബോസ്, 1977 ബാച്ച് കര്‍ണാടക കേഡര്‍ ഐഎഎസ് ഒാഫിസര്‍ ബേവിസ് എ. കുട്ടീനോ എന്നിവരെ കേന്ദ്ര കൃഷിമന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിമാരായി നിയമിച്ചു. മലയാളിയായ ആനന്ദബോസ് ഇപ്പോള്‍ കേന്ദ്ര അണുശക്തി വകുപ്പിലും കുട്ടീനോ ആഭ്യന്തരമന്ത്രാലയത്തിലും ജോയിന്റ് സെക്രട്ടറിമാരാണ്.കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ സെക്രട്ടറിയായി 1977 യുപി കേഡര്‍ ഐഎഎസ് ഒാഫിസര്‍ മുഹമ്മദ് ഹലീം ഖാനെ നിയമിച്ചു. സ്ഥാനമൊഴിയുന്ന റീത്ത സിന്‍ഹയ്ക്കു പകരമാണ് പ്രതിരോധമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായ ഖാന്റെ നിയമനം. ഐടിഡിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പര്‍വേസ് ദിവാന്റെ തസ്തിക അഡീഷനല്‍ സെക്രട്ടറിയുടേതിനു തുല്യമാക്കി ഉയര്‍ത്തി. 1977 ജമ്മു-കശ്മീര്‍ ബാച്ച് ഐഎഎസുകാരിയാണു പര്‍വേസ് ദിവാന്‍.

2. സന്നിധാനത്ത് 15 കോടിയുടെ മലിനജല സംസ്കരണ പ്ളാന്റ്
ശബരിമല: സന്നിധാനത്ത് മലിനജല സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നു. പമ്പാ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭസ്മക്കുളത്തിനു പടിഞ്ഞാറ് പന്നിക്കുഴിക്കു താഴെയാണ് പ്ളാന്റ് നിര്‍മിക്കുന്നത്. കഴിഞ്ഞ ഒന്‍പതിനു ടെന്‍ഡര്‍ നടത്തിയിരുന്നു. 15 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. എറണാകുളം വാസ്കോ കണ്‍സ്ട്രക്ഷനും ബാംഗൂര്‍ നവീന്‍ കണ്‍സ്ട്രക്ഷനും ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ക്കനുസൃതമാണോ പദ്ധതി എന്നു പരിശോധിച്ചുള്ള സാങ്കേതിക അനുമതിയാണ് ഇനി ലഭിക്കേണ്ടത്. പ്രതിദിനം മൂന്നു ദശലക്ഷം ലിറ്റര്‍ മലിനജലം സംസ്കരിക്കാനുള്ള പദ്ധതിയാണ് സന്നിധാനത്ത് ഉദ്ദേശിക്കുന്നത്. ഇതിനായി 250 മീറ്റര്‍ നീളത്തിലും 60 മീറ്റര്‍ വീതിയിലുമായി സ്ഥലം നീക്കിവച്ചിട്ടുണ്ട്. സംസ്കരണ ടാങ്കിന്റെ നിര്‍മാണച്ചുമതല ദേവസ്വം മരാമത്തിനും അവസാനഘട്ട നിര്‍മാണം പരിസ്ഥിതി എന്‍ജിനീയറിങ് വിഭാഗത്തിനുമാണ്. 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പമ്പ ചെറിയാനവട്ടത്താണ് നിലവില്‍ മലിനജല സംസ്കരണ പ്ളാന്റുള്ളത്. പ്രതിദിനം മൂന്നു ദശലക്ഷം ലിറ്റര്‍ മലിനജലസംസ്കരണ ശേഷിയുണ്ടിതിന്. പദ്ധതിയുടെ ഭാഗമായി ചെറിയാനവട്ടം പ്ളാന്റിന് 1.5 ദശലക്ഷം ലിറ്റര്‍ കൂടി സംസ്കരണശേഷി വര്‍ധിപ്പിക്കും. സന്നിധാനം പ്ളാന്റ് യാഥാര്‍ഥ്യമാകുന്നതോടെ ഞുണങ്ങാറിലേക്ക് കുത്തിയൊലിക്കുന്ന മലിനജലം ഒരു പരിധി വരെ തടയാനാകും. ഇപ്പോള്‍ ചെറിയാനവട്ടത്തു ചെയ്യുന്നതു പോലെ മലിനജലം രാസസംസ്കരണം വഴി ശുദ്ധീകരിച്ച് വനത്തിനുള്ളില്‍ ഞുണങ്ങാര്‍ വരെയുള്ള അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പമ്പ് ചെയ്യും.

ഇങ്ങനെ ശുദ്ധീകരിക്കുന്ന ജലത്തില്‍ കോളിഫോമിന്റെ അംശം കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. അഞ്ചു ടാങ്കുകള്‍ ഉള്‍പ്പെടുന്ന സന്നിധാനം പ്ളാന്റിന്റെ സംഭരണികളെങ്കിലും അടുത്ത തീര്‍ഥാടനകാലത്തിനു മുന്‍പായി തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. സന്നിധാനത്തും പരിസരത്തുമുള്ള മലിനജലം ഇപ്പോള്‍ ഞുണങ്ങാറിലേക്ക് ഒഴുകിയെത്തുകയാണ്. ഞുണങ്ങാറ്റില്‍ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന താല്‍ക്കാലിക ശുദ്ധീകരണ പ്രക്രിയ തീരെ ഫലപ്രദമല്ല. മണല്‍ച്ചാക്കുകള്‍ അടുക്കി ഫെറസ് ക്ളോറൈഡ് ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന മലിനജലത്തിലെ കോളിഫോം അളവ് ഒട്ടും തന്നെ കുറയുന്നില്ലെന്നു വനംവകുപ്പ് അധികൃതര്‍ തന്നെ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ ക്ളോറിനേഷന്‍ നടത്തുന്നതു പമ്പയിലെ മല്‍സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കും.

3. ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റില്‍ കാര്‍ഷിക വരുമാനം വേണ്ട
തൃശൂര്‍: ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനു കാര്‍ഷിക വരുമാനം കണക്കാക്കേണ്ടതില്ലെന്നു നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമ കമ്മിറ്റി നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെളിവെടുപ്പില്‍ ലഭിച്ച പരാതികള്‍ക്കു മറുപടിയായാണ് കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാഫോമില്‍ കാര്‍ഷിക വരുമാനം രേഖപ്പെടുത്തണമെങ്കിലും വാര്‍ഷിക വരുമാനം നിശ്ചയിക്കുന്നതില്‍ ഇതു പരിഗണിക്കുന്നില്ലെന്ന് ആര്‍ഡിഒയും അറിയിച്ചു. എംഎല്‍എമാരായ എ.കെ. ചന്ദ്രന്‍, പി.ടി.എ. റഹീം, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.

4. സംയുക്ത സൈനിക അഭ്യാസം ഇനി ഇന്ത്യയില്‍
ബെയ്ജിങ്: മാസങ്ങള്‍ക്കു മുന്‍പ് ഇന്ത്യയും ചൈനയും ചേര്‍ന്നു നടത്തിയ സംയുക്ത സൈനിക അഭ്യാസം വിജയകരമായിരുന്നുവെന്ന വിലയിരുത്തലിനെ ത്തുടര്‍ന്ന് അടുത്ത സൈനിക അഭ്യാസം ഇൌ വര്‍ഷംതന്നെ ഇന്ത്യയില്‍ നടത്താന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയബാവോയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടു കരസേനകള്‍ കൈകോര്‍ത്ത സംയുക്ത സൈനിക അഭ്യാസം ചൈനയിലെ കുമിങ് പ്രവിശ്യയില്‍ കഴിഞ്ഞ മാസമാണു നടന്നത്.

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഇതു സൃഷ്ടിച്ച സൌഹൃദം കൂടുതല്‍ മെച്ചപ്പെടുത്താന്‍ രണ്ടാംഘട്ട അഭ്യാസം സഹായകമാകുമെന്ന് ഇരുരാജ്യങ്ങളും കരുതുന്നു.

5. പാലില്‍ മായം ചേര്‍ത്താല്‍ മഹാരാഷ്ട്രയില്‍ ജാമ്യമില്ലാ കുറ്റം
മുംബൈ: പാലില്‍ മായം ചേര്‍ക്കുന്നത് ഇന്നു മുതല്‍ മഹാരാഷ്ട്രയില്‍ ജാമ്യമില്ലാത്ത കുറ്റമാകും. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതു തടയുന്ന നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെയാണിത്. ഇതനുസരിച്ച്, പാലില്‍ മായം ചേര്‍ക്കുന്ന കച്ചവടക്കാരനെയോ ചില്ലറ വില്‍പ്പനക്കാരനെയോ ഇന്‍സ്പെക്ടറുടെ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം.

കടയുമായോ സ്ഥാപനവുമായോ ബന്ധമുള്ള ആരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും പൊലീസിനുണ്ട്. കമ്പനിയാണു പ്രതിസ്ഥാനത്തെങ്കില്‍ ഉടമസ്ഥര്‍ക്കും പങ്കാളികള്‍ക്കുമെതിരെ നടപടിയെടുക്കാനും സാധിക്കും. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനെതിരെ നിയമഭേദഗതിയിലൂടെ കര്‍ശന നടപടി പ്രാബല്യത്തിലാക്കുന്ന ആദ്യ സംസ്ഥാനമാണു മഹാരാഷ്ട്രയെന്നു ഭക്ഷ്യസഹമന്ത്രി ബാബാ സിദ്ദിഖി പറഞ്ഞു.

നേരത്തെ, മായം ചേര്‍ക്കലിന്റെ പേരില്‍ നടപടിയെടുക്കണമെങ്കില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ)അധികൃതരുടെ അനുമതി ആവശ്യമായിരുന്നു. പ്രത്യേക കോടതികളില്‍ മാത്രമെ കേസിന്റെ വിചാരണയും നടന്നിരുന്നുള്ളൂ.

Advertisements

2അഭിപ്രായങ്ങള്‍

Filed under കേരളം, പത്രവാര്‍ത്തകള്‍, പലവക, മാധ്യമം

2 responses to “പത്രവാര്‍ത്തകള്‍ 16-01-08

  1. ചേട്ടാ, ഞാനെന്നും നോക്കുന്നുണ്ട്.
    അല്പം, അന്തര്‍ദേശീയവും അല്പം ശാസ്ത്രവും
    കൂടി ആവാം. ക്രൈം സ്റ്റോറികള്‍ വേണമെന്നില്ല.
    കാതലായ രാഷ്ട്രീയ വാര്‍ത്തകള്‍ വേണം.

    ദീര്‍ഘായുഷ്മാന്‍ ഭവ:

  2. Cartoonist: എനിക്ക് കിട്ടുന്ന പരിമിതമായ ഒരു മണിക്കൂര്‍ സമയം കൊണ്ട് തട്ടിക്കൂട്ടുന്നതാണ്. മാധ്യമങ്ങള്‍ യൂണികോഡിലേയ്ക്ക് വരാത്തതിലുള്ള പ്രതിഷേധസൂചകമായാണ് ഇത് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ചിലരെങ്കിലും ഇത് ശ്രദ്ധിക്കുന്നതിനാല്‍ തുടരുകയാണ്. ആരെങ്കിലും എന്നെ സഹായിക്കുവാന്‍ സന്മനസുള്ളവര്‍ ഉണ്ടെങ്കില്‍ ഈ പേജിന്റെ അഡ്മിന്‍ പവ്വര്‍ നല്‍കുന്നതാണ്. അത് വാര്‍ത്തകള്‍ കൂടുതല്‍ പ്രയോജനപ്രദമാകുവാന്‍ സഹായകമാകും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w