പത്രവാര്‍ത്തകള്‍ 15-01-08

സുവര്‍ണകിരീടം കോഴിക്കോടിന്
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടത്തില്‍ കോഴിക്കോട് ജില്ല ഒരിക്കല്‍കൂടി മുത്തമിട്ടു. 48-ാമത് കലോത്സവത്തിന്റെ അവസാന നിമിഷംവരെ ആവേശകരമായി പൊരുതിയ ആതിഥേയ ജില്ലയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്. കോഴിക്കോടിന് 637 പോയിന്റുണ്ട്. കൊല്ലം 628 പോയിന്റു നേടി. 622 പോയിന്റുള്ള എറണാകുളമാണ് മൂന്നാം സ്ഥാനത്ത്.


സുവര്‍ണ നിമിഷം: സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തില്‍ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് കോഴിക്കോട് ജില്ലാ  ടീം ഏറ്റുവാങ്ങിയപ്പോള്‍

അവസാന ഇനം കൊട്ടിക്കലാശിക്കുംവരെ ജില്ലകളുടെ ആധിപത്യം മാറിമറിഞ്ഞു. ഒരുവേള ആതിഥേയര്‍ വിജയിക്കുമെന്ന നിലയുണ്ടായി. എന്നാല്‍, വെല്ലുവിളികളെയെല്ലാം അതിജീവിച്ച്് കലാകിരീടം കോഴിക്കോടിന്റെ പ്രതിഭകള്‍തന്നെ സ്വന്തമാക്കി. മുന്‍ വര്‍ഷം കണ്ണൂരില്‍ നടന്ന കലോത്സവത്തിലാണ് പാലക്കാടില്‍നിന്ന് കോഴിക്കോട് കിരീടം വീണ്ടെടുത്തത്. 2001, 02, 04 വര്‍ഷങ്ങളിലുംകോഴിക്കോട് തന്നെയായിരുന്നു ചാമ്പ്യന്മാര്‍.

മറ്റു ജില്ലകളുടെ പോയിന്റ് നില: പാലക്കാട്- 615, തൃശൂര്‍- 605, തിരുവനന്തപുരം- 598, കണ്ണൂര്‍- 591, കോട്ടയം- 586, മലപ്പുറം- 581, ആലപ്പുഴ- 579, കാസര്‍കോട്- 564, പത്തനംതിട്ട- 530, വയനാട്- 490, ഇടുക്കി- 479.

ഹൈസ്കൂള്‍തലത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് കൂടുതല്‍ പോയിന്റ് (116)നേടി. പാലക്കാട് ഭാരത്മാത എച്ച്എസ്എസ് (98), കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് (97) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

സംസ്കൃതോത്സവത്തില്‍ കോഴിക്കോട് ജില്ല കിരീടം നേടി- 245 പോയിന്റ്. 242 പോയിന്റോടെ തൃശൂര്‍ രണ്ടാംസ്ഥാനത്തും 236 പോയിന്റ് നേടി കൊല്ലം മൂന്നാം സ്ഥാനത്തും എത്തി. 98 പോയിന്റുള്ള റാന്നി എസ്സി എച്ച്എസ്എസാണ് സ്കൂള്‍തലത്തില്‍ മുന്നില്‍.

അറബി കലോത്സവത്തില്‍ 201 പോയിന്റുകള്‍വീതം നേടിയ പാലക്കാടും കണ്ണൂരും ഒന്നാംസ്ഥാനം പങ്കുവച്ചു. തൃശൂരാണ് രണ്ടാമത്. 199 പോയിന്റ്. സ്കൂള്‍തലത്തില്‍ പടന്ന എംആര്‍വിഎച്ച്എസ്എസ് 79 പോയിന്റോടെ മുന്നിലെത്തി.

ടിടിഐ കലോത്സവത്തില്‍ 104 പോയിന്റോടെ കോട്ടയം മുന്നിലെത്തി. കൊല്ലംജില്ല 98 പോയിന്റോടെ രണ്ടാമതായി. തൃശൂര്‍, വയനാട് ജില്ലകള്‍ 96 പോയിന്റ് വീതം നേടി മൂന്നാംസ്ഥാനത്തെത്തി. ഇടുക്കി ഡയറ്റ് ടിടിഐക്കാണ് കൂടുതല്‍ പോയിന്റ് (51).

പിപിടിടിഐ കലോത്സവത്തില്‍ ആലപ്പുഴ ഒന്നാമതെത്തി- 88 പോയിന്റ്. രണ്ടാമത് തിരുവനന്തപുരവും (87), മൂന്നാംസ്ഥാനത്ത് കോഴിക്കോടും (86) എത്തി. ആലപ്പുഴ ഗവ. പിപിടിടിഐക്കാണ് കൂടുതല്‍ പോയിന്റ് (88).

പ്രതിഭകള്‍ക്ക് പണം തടസ്സമാകരുത്: മുഖ്യമന്ത്രി
കൊല്ലം: സാംസ്കാരിക അധിനിവേശത്തില്‍നിന്ന് നാടിനെ രക്ഷിക്കുന്നതില്‍ സ്കൂള്‍ കലോത്സവത്തിന്റെ പങ്ക് പ്രധാനമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ദരിദ്രകുടുംബങ്ങളില്‍നിന്നുള്ള കുട്ടികളുടെ കലാപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുവരാന്‍ ആവശ്യമായ സഹായം അധ്യാപക-രക്ഷാകര്‍തൃസമിതികളും തദ്ദേശസ്ഥാപനങ്ങളും നല്‍കണം-മുഖ്യമന്ത്രി പറഞ്ഞു. 48-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാമ്പത്തിക പിന്നോക്കാവസ്ഥകാരണം കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതി ഒരുകുട്ടിക്കും ഉണ്ടാകരുത്.

സീരിയലുകളും സിനിമാറ്റിക് ഡാന്‍സുകളും മാത്രമായി കല ചുരുങ്ങുന്നത് അഭിലഷണീയമല്ല. മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ നാടകസമിതികള്‍ സജീവമായിരുന്നു. കലാസമിതികളുടെ വാര്‍ഷികങ്ങള്‍ നാടിന്റെ ഉത്സവമായിരുന്നു. ഇപ്പോള്‍ മഹാഭൂരിപക്ഷവും കാഴ്ചക്കാരായി. നമ്മെ കര്‍മവിമുഖരാക്കുന്ന പരിപാടികള്‍ മാത്രമാണ് ഇന്നത്തെ കലാലോകത്ത് നിറഞ്ഞുനില്‍ക്കുന്നത്.

ഇതില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ സ്കൂള്‍മേളകളിലൂടെ കണ്ടെത്തുന്ന പ്രതിഭകള്‍ക്കു കഴിയും. കലോത്സവങ്ങളുടെ വൈപുല്യവും പൊലിമയും നിലനിര്‍ത്തണം. അതോടൊപ്പം പണക്കൊഴുപ്പിന്റെ മേളകളായി മാറുകയുമരുത്. സമ്മാനം കിട്ടാന്‍ മാത്രം മത്സരിക്കരുത്. വിദ്യാലയം വിടുന്നതോടെ കലാസപര്യ കുട്ടികള്‍ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. വിദ്യാഭ്യാസത്തിനുശേഷം വേണ്ടത്ര അവസരം ലഭിക്കാത്തതാണ് ഇതിനുകാരണം. ഈ പോരായ്മ പരിഹരിക്കാനും നടപടി ഉണ്ടാകണമെന്ന് വി എസ് പറഞ്ഞു.

അഭിമാനിക്കാം; ഇവരുയരും നാളെ
കൊല്ലം:
കലാകേരളത്തിന് അഭിമാനിക്കാം. നൃത്ത-സംഗീത-സാഹിത്യവേദികളില്‍ നാളേക്ക് കരുതിവയ്ക്കാവുന്ന ഒരുപിടി കൊച്ചുകലാകാരന്മാരെ യുവജനോത്സവവേദി കാണിച്ചുതന്നു. കലാപ്രതിഭ-തിലക പട്ടത്തിനപ്പുറം കലയെ ഗൌരവമായി സമീപിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ ഈ മേളയ്ക്കായി.

അഖില്‍രാജേന്ദ്രന്‍, കേരളനടനം എ ഗ്രേഡ്, ടിടിടിഎംവിഎച്ച്എസ്എസ്, വടശേരിക്കര, പത്തനംതിട്ട

 

 

നൃത്തവേദിയില്‍ കണ്ണൂര്‍ പുഷ്പഗിരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ഒമ്പതാംക്ളാസുകാരി ജാനറ്റ് ജെയിംസ് പങ്കെടുത്ത അഞ്ചിനങ്ങളിലും മികച്ച പ്രകടനത്തോടെ 45 പോയിന്റ് നേടി. ഭരതനാട്യത്തിലും മോണോആക്ടിലും എ ഗ്രേഡോടെ ഒന്നാമതെത്തിയ ജാനറ്റ് മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചുപ്പുടി എന്നിവയില്‍ എ ഗ്രേഡ് കരസ്ഥമാക്കി. കഴിഞ്ഞവര്‍ഷം കൂടുതല്‍ പോയിന്റ് നേടിയ ജാനറ്റ് കണ്ണൂരില്‍ ബാര്‍ ജീവനക്കാരനായ പി ജെ ജെയിംസിന്റെയും ജസീന്തയുടെയും മകളാണ്. നൃത്തവേദിയിലെത്തിക്കാന്‍ വരുന്ന ഭീമമായ ചെലവ് താങ്ങാനാകുന്നില്ലെന്നാണ് ഇവരുടെ പരിദേവനം.

കാസര്‍കോട് ഉദിനൂര്‍ ജിഎച്ച്എസിലെ ആദിത്യ ആര്‍ നാഥ്, എറണാകുളം മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ പൂജ അന്ന രാജു എന്നിവരും പോയിന്റ്നിലയില്‍ മികവുകാട്ടി. മാപ്പിളപ്പാട്ടുകാരി മഞ്ചേരി എച്ച്എംവൈഎച്ച്എസിലെ സിദ്റത്തുല്‍ മുന്‍തഹയും പ്രതീക്ഷ നല്‍കുന്ന കലാകാരിയാണ്.

ആണ്‍കുട്ടികളില്‍ കോഴിക്കോട് കാപ്പാട് ഇലാഹിയ എച്ച്എസ്എസിലെ ജഗദീപ് ദിനേശ് 43 പോയിന്റ് കരസ്ഥമാക്കി. കുച്ചുപ്പുടിയിലും കഥകളിയിലും എ ഗ്രേഡോടെ ഒന്നാംസ്ഥാനവും ഭരതനാട്യത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും നേടി. കേരളനടനത്തില്‍ എ ഗ്രേഡും മദ്ദളത്തില്‍ ബി ഗ്രേഡും നേടിയ ജഗദീപ് പ്രതീക്ഷ നല്‍കുന്ന കലാകാരനാണ്. നൃത്തവേദിയില്‍ കൊല്ലം ക്രിസ്തുരാജ് എച്ച്എസിലെ പ്രേംചന്ദ്, കൊടുവള്ളിക്കാട് എച്ച്എംവൈഎസ്എച്ച്എസ്എസിലെ കെ എസ് അതുല്‍കൃഷ്ണന്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഗാനാലാപനവേദിയില്‍ പാലക്കാട് ഭാരത്മാതാ എച്ച്എസ്എസിലെ അഖില്‍ കൃഷ്ണന്‍, തായമ്പകയില്‍ അത്ഭുതം തീര്‍ത്ത ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കൃഷ്ണപ്രസാദ്, ശാസ്ത്രീയസംഗീതത്തില്‍ കോട്ടയം പരിപ്പ് എന്‍എസ്എസ് ഹൈസ്കൂളിലെ പത്താംക്ളാസുകാരന്‍ എന്‍ ഹരികൃഷ്ണന്‍ എന്നിവര്‍ നാളേക്കുള്ള താരങ്ങളാണ്. നാടകവേദി ഒരു മികച്ച നടനെ കാണിച്ചുതന്നു. ഒടുങ്ങാത്ത ദുരിതക്കടലില്‍നിന്നുവന്ന കൊല്ലം ജില്ലക്കാരന്‍ വിനീത്.
ശരണ്യ ബി മംഗല്‍, വീണ എ ഗ്രേഡ്, കാര്‍മല്‍ ജിഎച്ച്എസ്, തിരുവനന്തപുരം

2. മാലിന്യമുക്ത കേരളത്തിന് കര്‍മപരിപാടി ഹോട്ടലുകളില്‍ ആരോഗ്യകാര്‍ഡ് നിര്‍ബന്ധമാക്കും
തിരു: ഹോട്ടലുകള്‍, പൌള്‍ട്രി- പിഗ്ഗറി ഫാമുകള്‍, ഇറച്ചിവെട്ടുകേന്ദ്രങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയ്ക്ക് ലൈസന്‍സ് നല്‍കുന്നത് കര്‍ക്കശമാക്കും. ഇവിടങ്ങളിലെ ജോലിക്കാര്‍ക്ക് ആരോഗ്യപരിശോധനാ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും.

ബയോഗ്യാസ് പ്ളാന്റ്, സോക്കേജ് പിറ്റ്, വെര്‍മി കമ്പോസ്റ് യൂണിറ്റ് എന്നിവയുണ്ടായാലേ ഇനി ലൈസന്‍സ് നല്‍കൂ. ഫെബ്രുവരി 15നകം ഇതു നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത മഴക്കാലത്തിനു മുമ്പ് മാലിന്യമുക്തവും കൊതുകു വിമുക്തവുമായ പുതിയ കേരളം നിര്‍മിക്കുന്നതിനുള്ള കര്‍മപദ്ധതിയിലാണ് ഈ നിര്‍ദേശമുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യസ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ യോഗത്തില്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി കര്‍മപദ്ധതി അവതരിപ്പിച്ചു.

ജനുവരി 25നുമുമ്പ് ജില്ലാതല രോഗനിയന്ത്രണ മേല്‍നോട്ട കമ്മിറ്റി യോഗം ചേരണം. ഉറവിട നശീകരണത്തിനും കൊതുകുസാന്ദ്രതാ പഠനത്തിനുമായി ജില്ല, ബ്ളോക്ക്, പഞ്ചായത്തുതല പരിശീലക പരിശീലനം നടത്തണം. ഫെബ്രുവരി 29നുമുമ്പ് വാര്‍ഡുതലത്തില്‍ വളണ്ടിയര്‍മാരെ കണ്ടെത്തണം. ഇതിനായി കുടുംബശ്രീ, ആശ, എഡബ്ള്യുഡബ്ള്യു, എംഎസ്എസ്, റെസിഡന്‍സ് അസോസിയേഷനുകള്‍, പുരുഷസ്വയംസഹായ സംഘങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരെ തെരഞ്ഞെടുക്കണം.

മാര്‍ച്ച് അഞ്ചിനുമുമ്പ് ബ്ളോക്ക് പഞ്ചായത്തുതലത്തില്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നടത്തണം. മാര്‍ച്ച് അഞ്ചുമുതല്‍ മെയ് 30 വരെയും തുടര്‍ന്ന് മഴക്കാലത്തും പത്തു ദിവസത്തിലൊരിക്കല്‍ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി ആ ഭാഗത്തെ കൊതുകുസാന്ദ്രത നിര്‍ണയിക്കണം. പൊതുഓട കോരി വൃത്തിയാക്കല്‍, പ്ളാസ്റിക് പെറുക്കല്‍, പൊട്ടിയ സ്ളാബുകള്‍ നന്നാക്കല്‍, സ്ഥിരം ഉറവിടങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി കൊതുകു പെരുകാതെ നോക്കല്‍, വെന്റ് പൈപ്പുകള്‍ വലകെട്ടി സൂക്ഷിക്കല്‍ തുടങ്ങിയവ ഫെബ്രുവരി 15നകം ചെയ്യണം.

തൈക്കാട് ഗസ്റ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തെ ജില്ലാപഞ്ചായത്ത്, കോര്‍പറേഷന്‍, മുന്‍സിപ്പല്‍ ആരോഗ്യ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ സംബന്ധിച്ചു. ഉച്ചതിരിഞ്ഞ് ബ്ളോക്ക് പഞ്ചായത്ത് സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ യോഗവും ചേര്‍ന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി വിശ്വാസ് മേത്ത, ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ കെ ശൈലജ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

3. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ഫീസ് മുന്‍ ഉത്തരവു പ്രകാരം: മുഹമ്മദ് കമ്മിറ്റി
കൊച്ചി: രണ്ടാംവര്‍ഷ വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കുന്നതില്‍ മുന്‍ഉത്തരവ് പാലിക്കണമെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അധികൃതരോട് ജ. പി എ മുഹമ്മദ് അധ്യക്ഷനായ പ്രവേശന മേല്‍നോട്ടസമിതി ആവശ്യപ്പെട്ടു.

കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍നിന്ന് 18,675 രൂപ മാത്രമേ വാര്‍ഷികഫീസായി ഈടാക്കാവുവെന്ന് കഴിഞ്ഞ നവംബര്‍ 11ന് സമിതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ചില വിദ്യാര്‍ഥികളോട്് അമിതഫീസ് ആവശ്യപ്പെട്ടുവെന്ന രക്ഷാകര്‍ത്താക്കളുടെ പരാതികളെ തുടര്‍ന്നാണ് തിങ്കളാഴ്ച ചേര്‍ന്ന സമിതിയോഗം കോളേജ് അധികൃതര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയത്. മുന്‍ഉത്തരവ് നടപ്പാക്കിയതിന്റെ വിശദാംശം രണ്ടാഴ്ചയ്ക്കകം സമിതിയെ രേഖാമൂലം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

തൃശൂര്‍ മദര്‍ നേഴ്സിങ് കോളേജില്‍ വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങിയ അമിത ഫീസ് തിരിച്ചുനല്‍കാനുള്ള ഉത്തരവ് നടപ്പാക്കിയതിന്റെ വിശദാംശം രണ്ടാഴ്ചയ്ക്കകം അറിയിക്കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 40 ബിഎസ്സി നേഴ്സിങ് വിദ്യാര്‍ഥികളില്‍നിന്ന് 37,400 രൂപ അധികം വാങ്ങിയെന്നായിരുന്നു പരാതി.

സര്‍ക്കാര്‍ ക്വോട്ടയില്‍ കണ്ണൂര്‍ ഡെന്റല്‍ കോളേജില്‍ പ്രവേശനം ലഭിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ആവശ്യപ്പെടുന്നുവെന്ന പരാതി സമിതി ഫയലില്‍ സ്വീകരിച്ചു. നിശ്ചിത ഫീസായ 35,000 രൂപയ്ക്കുപകരം 1,15,500 രൂപ കോളേജ് അധികൃതര്‍ ആവശ്യപ്പെടുന്നുവെന്നാണ് പരാതി. ഫെബ്രുവരി 18ന് കോളേജ് അധികൃതര്‍ സമിതിമുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് അയക്കാനും തീരുമാനിച്ചു.

4.  പദ്ധതിത്തുക ട്രഷറിയില്‍നിന്ന് പിന്‍വലിക്കാം: ധനമന്ത്രി
കോട്ടയം: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിനിര്‍വഹണത്തിന് ആവശ്യമുള്ള തുക ട്രഷറിയില്‍നിന്ന് പിന്‍വലിക്കാന്‍ ഒരു തടസവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കോട്ടയത്ത് സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘അധികാര വികേന്ദ്രീകരണത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ ജനപ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31നകം പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന വിവിധ നിര്‍ദ്ദേശങ്ങളും ഇളവുകളും മന്ത്രി പ്രഖ്യാപിച്ചു. ഗുണഭോക്തൃ സമിതികള്‍ക്ക് ചെലവഴിക്കാവുന്ന തുക അരലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കും. ഇതിന് റെവന്യൂ വകുപ്പുമായി ഉടന്‍ ചര്‍ച്ചനടത്തും.

സിമന്റ്, കമ്പി, ടാര്‍ എന്നിവയ്ക്ക് കമ്പോളവില അടിസ്ഥാനമാക്കി കരാറുകാര്‍ക്കുള്ള നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്. പണി നിലച്ച മിക്കപദ്ധതികളും ഇതോടെ പൂര്‍ത്തിയാക്കാനാവും. നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നത് അടുത്തവര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണയാക്കും. ഈ വര്‍ഷം തുക ഫലപ്രദമായി ചെലവഴിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. 20 ശതമാനം തുക അടുത്തവര്‍ഷത്തേക്ക് മാറ്റും. പദ്ധതി നീട്ടല്‍ നിയമപരമായി പ്രായോഗികമല്ല. അടുത്ത വാര്‍ഷിക പദ്ധതി ജൂണ്‍-ജൂലൈ മാസങ്ങളില്‍ അംഗീകരിക്കും. മാറ്റിവെച്ച 20 ശതമാനം തുക ഏപ്രില്‍- മെയ് മാസങ്ങളില്‍ ചെലവഴിക്കാം. ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ നിസഹകരിക്കുന്നതായി പരാതിയുണ്ട്. ഇതു പരിഹരിക്കാന്‍ നടപടിയെടുക്കും.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം പണം നല്‍കുന്നത് കേരളമാണ്. കേരളമാതൃക പിന്തുടരാന്‍ മറ്റ് സംസ്ഥാനങ്ങള്‍ ശ്രമിക്കയാണ്. ദക്ഷിണാഫ്രിക്കയും വെനേസ്വേലയുമടക്കമുള്ള രാജ്യങ്ങളും ജനകീയാസൂത്രണത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വരാന്‍ പോകുന്ന ലോകവിപ്ളവ പ്രക്രിയയില്‍ ജനകീയാസൂത്രണത്തിന് മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു.

സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ ഭാസ്ക്കരന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റീബാ വര്‍ക്കി, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. പി രവീന്ദ്രനാഥ്, സഹകരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ രവീന്ദ്രന്‍, കെജിഒഎ സംസ്ഥാന സെക്രട്ടറി കെ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വി എന്‍ വാസവന്‍ എംഎല്‍എ സ്വാഗതവും, സിപിഐ എം ജില്ലാകമ്മിറ്റിയംഗം പി ജെ വര്‍ഗീസ് നന്ദിയും പറഞ്ഞു.

1. ഒരുവര്‍ഷത്തിനകം 200 മെഗാവാട്ടിന്റെ ജലവൈദ്യുതി പദ്ധതികള്‍ നടപ്പാക്കും
തിരുവനന്തപുരം: ഒരുവര്‍ഷത്തിനകം 200 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 15 ജലവൈദ്യുതി പദ്ധതികള്‍ നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. അഞ്ചു വന്‍കിട പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. 2008-09 ല്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നായി 7415.3 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് തീരുമാനം.

കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ച പദ്ധതികളാണിവ. 85 ദശലക്ഷം യൂണിറ്റിന്റെ ചെങ്കുളം ഓഗ്മെന്റേഷന്‍, 40 മെഗാവാട്ടിന്റെ തോട്ടിയാര്‍, 40 മെഗാവാട്ടിന്റെ മാങ്കുളം, 30 മെഗാവട്ടിന്റെ അച്ചന്‍കോവില്‍, ചിന്നാര്‍, മണിയാര്‍ ടെയില്‍ റേസ്, പശുക്കടവ്, വിലങ്ങാട്, പൂഴിത്തോട്, ആനക്കാം പൊയില്‍, ചാത്തന്‍കോട്ട് നട, ചിമ്മിനി, ബാരപ്പോള്‍, കക്കാടം പൊയില്‍, ചെങ്കുളം ടെയില്‍റേസ് എന്നീ പദ്ധതികളാണ് അടുത്ത സാമ്പത്തികവര്‍ഷം നടപ്പാക്കുന്നത്. ഏഴുവര്‍ഷംമുമ്പ് എല്ലാ അനുമതിയും ലഭിച്ചിട്ടും ബോര്‍ഡിന്റെ അമാന്തംമൂലം സ്തംഭനാവസ്ഥയിലായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഇവയ്ക്ക് അനുമതി ലഭിച്ചത്. ഇവയില്‍ പലതിന്റേയും ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയെങ്കിലും പിന്നീട് കാരണം പറയാതെ റദ്ദാക്കുകയായിരുന്നു.
നിര്‍മാണത്തിലുള്ള കുറ്റ്യാര്‍ ഡൈവേര്‍ഷന്‍(37 ദശലക്ഷം യൂണിറ്റ് ), കുറ്റ്യാര്‍ ടെയില്‍ റേസ് (3.80 മെഗാവാട്ട്),നേര്യമംഗലം എക്സ്റ്റന്‍ഷന്‍( 25 മെഗാവാട്ട്) എന്നിവ മേയ് മാസത്തിനകം പൂര്‍ത്തിയാക്കും. ഇതില്‍ നിന്നും 250 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. ജലവൈദ്യുതി പദ്ധതികളുടെ എണ്ണം ഇതോടെ 23 ആയി ഉയരും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിട്ടും പദ്ധതികളില്ലാത്തതിനാല്‍ പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.

ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതിക്ക് 2000ലാണ് കേന്ദ്രാനുമതി ലഭിച്ചത്. 87 ദശലക്ഷം യൂണിറ്റ് അധിക വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു ലക്ഷ്യം. ഒരു വര്‍ഷം 24 കോടി രൂപയുടെ വൈദ്യുതി ഈ പദ്ധതിയിലൂടെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഈ പദ്ധതിക്ക് മൂന്നുതവണ ടെന്‍ഡര്‍ നല്‍കിയിരുന്നു. 28 മെഗാവാട്ടിന്റെ ചിന്നാര്‍ പദ്ധതിയുടെ ടെന്‍ഡര്‍ ക്ഷണിക്കണമെന്ന ഫയല്‍ ബോര്‍ഡിലേക്ക് എത്തിയത് 2005ലായിരുന്നു. ഇതില്‍ തീരുമാനമെടുക്കാതെ ബോര്‍ഡ് ഒഴിഞ്ഞു മാറി. 7.50 മെഗാവാട്ടിന്റെ വിലങ്ങാട്, മണിയാര്‍ ടെയില്‍ റേസ്, കക്കാടം പൊയില്‍ എന്നീ പദ്ധതികള്‍ക്കു നല്‍കിയ ടെന്‍ഡര്‍ പാതിവഴിയില്‍ റദ്ദാക്കി.

ബോര്‍ഡിലെ ഉദ്യോഗസ്ഥ വടംവലിയെ തുടര്‍ന്നാണ് പദ്ധതികള്‍ ഫയലില്‍ ഉറങ്ങിയത്. ചെലവേറിയ താപ വൈദ്യുതി വാങ്ങുന്നത് വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് ഇടയാക്കുമെന്നതിനെത്തുടര്‍ന്നാണ് ചെലവു കുറഞ്ഞ ജല വൈദ്യുതി ഉല്‍പാദനത്തിനു മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചത്.

ബജറ്റില്‍ കെ.എസ്.ഇ.ബി. പദ്ധതികള്‍ക്കായി തുക വകയിരുത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പദ്ധതിക്കാവശ്യമായ തുക വായ്പയെടുക്കാനാണു തീരുമാനം. ഇതിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതി ആവശ്യമാണ്. പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ പരിശോധിച്ച ശേഷം തുക വകയിരുത്തും. ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ എടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

2. പെട്രോള്‍, ഡീസല്‍ വിലവര്‍ധന അംഗീകരിക്കില്ല: ഇടതു പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: പെട്രോളിയം വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തങ്ങള്‍ അംഗീകരിച്ചുവെന്ന വാര്‍ത്ത തെറ്റും കെട്ടിച്ചമച്ചതുമാണെന്ന് ഇടതു പാര്‍ട്ടികള്‍.

പെട്രോളിയം മന്ത്രി മുരളി ദേവ്റയുമായി ഇക്കാര്യം സംസാരിക്കുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് സി.പി.എം. നേതാവ് സീതാറാം യെച്ചൂരിയും സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും വ്യക്തമാക്കി. ഇരുവരും ദേവ്റയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെട്രോളിയം വില വര്‍ധന അംഗീകരിച്ചുവെന്നായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത തെറ്റാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോയും ഇന്നലെ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാസമിതി പെട്രോളിയം വില വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ദേവ്റ വ്യക്തമാക്കി. ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന വില വര്‍ധന ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന് ഇടതു പാര്‍ട്ടികളും ബി.ജെ.പിയും വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ള അധിക സര്‍ച്ചാര്‍ജ് പിന്‍വലിച്ച് വിലവര്‍ധന ഒഴിവാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറിയപ്പോള്‍ സര്‍ക്കാരിന്റെ പക്കല്‍ ഈയിനത്തില്‍ ലഭിച്ച ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതലായ 40,000 കോടി രൂപ എണ്ണക്കമ്പനികള്‍ക്ക് തിരികെ നല്‍കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.
പെട്രോളിന് ലിറ്ററിന് രണ്ടു മുതല്‍ നാലു വരെയും ഡീസലിന് ഒന്നു മുതല്‍ രണ്ടു രൂപ വരെയും വര്‍ധിപ്പിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ആവശ്യമെന്ന് സൂചനയുണ്ട്.

പാചകവാതകത്തിന് സിലിണ്ടറിന് 20 രൂപ വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. പെട്രോളിയം വില വര്‍ധന ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രാലയ സെക്രട്ടറി എം.എസ് ശ്രീനിവാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

3. എസ്.ബി.ടിയുടെ അറ്റാദായം 236.91 കോടി രൂപയായി വര്‍ധിച്ചു
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 2007 ഡിസംബറില്‍ അവസാനിക്കുന്ന ഒന്‍പതുമാസ കാലയളവില്‍ അറ്റാദായത്തിലും വായ്പാ-നിക്ഷേപങ്ങളിലും അഭിവൃദ്ധി രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ 185.82 കോടി രൂപയെ അപേക്ഷിച്ച് 27.49 ശതമാനം വളര്‍ച്ചയോടെ 236.91 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.

2006 ഡിസംബര്‍ അന്ത്യത്തില്‍ 53,644 കോടി രൂപയായിരുന്ന ബാങ്കിന്റെ സമഗ്രവ്യാപാരം 2007 ഡിസംബര്‍ അന്ത്യത്തില്‍ 60,000 കോടി രൂപ കവിഞ്ഞ് 61241 കോടി രൂപയിലെത്തി. 9.58 ശതമാനം വര്‍ഷാനുവര്‍ഷവളര്‍ച്ച രേഖപ്പെടുത്തി ബാങ്കിന്റെ നിക്ഷേപ അടിത്തറ 33,160 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം വായ്പകള്‍ 2006 ഡിസംബറിനെ അപേക്ഷിച്ച് 20.06 ശതമാനം വര്‍ഷാനുവര്‍ഷവളര്‍ച്ചയോടെ 28,164 കോടി രൂപയായി. കേരളത്തില്‍ വിദ്യാഭ്യാസ വായ്പയിനത്തില്‍ 11,839 വിദ്യാര്‍ത്ഥികള്‍ക്കായി ബാങ്ക് വിതരണം ചെയ്ത മൊത്തം തുക 283 കോടി രൂപയാണ്. 2007 ഡിസംബര്‍ വരെയുള്ള കാര്‍ഷിക വായ്പാ വിതരണം 1,803 കോടി രൂപയാണ്.
ചെറുകിട-ഇടത്തരം സംരംഭക വിഭാഗവായ്പകളില്‍ 1,001 കോടി രൂപ വര്‍ധനയോടെ 31 ശതമാനം വര്‍ഷാനുവര്‍ഷ അഭിവൃദ്ധി നേടി. ബാങ്കിന്റെ വിദേശനാണ്യവിനിമയ മൊത്തവില്പന 2006 ഡിസംബര്‍ നിലവാരത്തില്‍നിന്നുയര്‍ന്ന് 24.70 ശതമാനം വാര്‍ഷികവളര്‍ച്ച രേഖപ്പെടുത്തി.

4. ഏറ്റവും ഇരുണ്ട വസ്തു കണ്ടുപിടിച്ച് മലയാളി ഗിന്നസ് ബുക്കിലേക്ക്
പുളിക്കല്‍ എം. അജയന്‍ (ഇടത്) ‘ബ്ളാക്ക് ഒബ്ജക്ടു’മായി.
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ഇരുണ്ട വസ്തു കണ്ടുപിടിച്ച മലയാളി ശാസ്ത്രജ്ഞന്‍ ഗിന്നസ് ബുക്കിലേക്ക്.

വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്താന്‍ പോന്ന ഈ കണ്ടുപിടിത്തത്തിനു നേതൃത്വം നല്‍കിയത് കൊടുങ്ങല്ലൂര്‍ സ്വദേശിയായ പുളിക്കല്‍ എം. അജയന്‍ എന്ന വിഖ്യാത നാനോ ടെക്നോളജിസ്റ്റ്.
അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ റൈസ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ സംഘത്തിനു നേതൃത്വം നല്‍കി അജയന്‍ കണ്ടുപിടിച്ച കാര്‍ബണ്‍ നാനോ ട്യൂബുകളുടെ പരവതാനിയെന്നു വിശേഷിപ്പിക്കാവുന്ന ഈ പദാര്‍ഥം നിലവിലുള്ള ഏറ്റവും ഇരുണ്ട പദാര്‍ഥത്തെക്കാള്‍ നാലിരട്ടി കറുപ്പുള്ളതാണ്. മനുഷ്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും ഇരുണ്ട വസ്തു രഹസ്യമായി നീങ്ങുന്ന യുദ്ധക്കപ്പലുകളില്‍ ഉപയോഗിക്കുന്ന കറുത്ത പെയ്ന്റാണ്. ഇതിനെക്കാള്‍ നൂറിരട്ടി ഇരുണ്ടതാണ് അജയന്റെ കണ്ടുപിടിത്തം.

നാനോ ടെക്നോളജി മേഖലയിലെ കണ്ടുപിടിത്തങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നാനോ ലെറ്റേഴ്സ് എന്ന വൈജ്ഞാനിക മാസികയില്‍ അജയന്റെ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചതോടെയാണ് ഇതിന് ഔദ്യോഗിക സ്വഭാവം കൈവന്നത്. ഒരു വസ്തുവില്‍ വീഴുന്ന പ്രകാശത്തെ എത്രത്തോളം കുറച്ചു മാത്രമാണ് പ്രതിഫലിപ്പിക്കുന്നത് എന്നതാണ് അതിന്റെ കറുപ്പിന്റെ തോത്.

സൌരോര്‍ജ പാനലുകളിലും മറ്റും ഏറ്റവും കുറച്ചു പ്രകാശം പ്രതിഫലിപ്പിക്കുന്ന വസ്തുവാണ് ഉപയോഗിക്കുന്നത്. സൂര്യനില്‍നിന്ന് ഏറ്റവും കൂടുതല്‍ ഊര്‍ജം വലിച്ചെടുക്കുന്ന വസ്തു ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത പ്രദാനം ചെയ്യും. ഇതു കണക്കിലെടുക്കുകയാണെങ്കില്‍ അജയന്റെ കണ്ടു പിടിത്തം ലോകത്തിലെ ഇന്ധനക്ഷാമത്തിനു വലിയൊരു പരിഹാരമാകുമെന്നാണു കണക്കുകൂട്ടല്‍. കൃത്രിമ ഉപഗ്രഹങ്ങളിലും എന്നുവേണ്ട വീട്ടുകളിലുപയോഗിക്കുന്ന സൌരോര്‍ജ അടുപ്പുകളില്‍വരെ പുതിയ കണ്ടുപിടിത്തം പ്രയോജനപ്പെടും.

പ്രകൃതിദത്തമായ ഏറ്റവും കറുത്ത വസ്തു കരിക്കട്ടയാണ്. ഇത്തരം വസ്തുക്കളുടെ പ്രതലം എത്രത്തോളം പരുക്കനാക്കാമോ അത്രത്തോളം ഇരുളുമെന്നാണ് നാനോ ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇതിന് ഏറ്റവും യോജിച്ചത് നാനോ ട്യൂബുകള്‍ ഉപയോഗിക്കുന്നതാണെന്ന് അജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. ഇത്തരം ട്യൂബുകള്‍ കാര്‍ബണ്‍ അണുക്കളാല്‍ നിര്‍മിതമാണ്. ഒരു ഇഞ്ചിന്റെ നൂറിലൊന്നു മാത്രമാണ് ഈ കുഴലുകളുടെ കനം.

സൂക്ഷ്മദര്‍ശിനിയിലൂടെ മാത്രം കാണാവുന്ന ഈ കുഴലുകള്‍ നിരത്തിവച്ച് പ്രതലമാക്കിയാണ് ശാസ്ത്രജ്ഞര്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. അജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ നാനോ ട്യൂബുകളുടെ വനമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ലണ്ടനിലെ നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ഗവേഷകര്‍ 2003-ല്‍ നിക്കലും ഫോസ്ഫറസും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ധാതുവാണ് നിലവില്‍ ഏറ്റവും ഇരുണ്ട വസ്തു. ഇത് 0.16 ശതമാനം പ്രകാശം പ്രതിഫലിപ്പിക്കുമ്പോള്‍ അജയന്റെ കാര്‍ബണ്‍ നാനോ ട്യൂബുകള്‍ അതില്‍ വീഴുന്ന പ്രകാശത്തിന്റെ 0.045 ശതമാനം മാത്രമേ പുറത്തേയ്ക്കു വിടുന്നുള്ളു.

മാത്രമല്ല പ്രകാശം ചിതറാത്തതിനാല്‍ ഇത് ടെലിസ്കോപ്പുകളടക്കം പ്രകാശത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ കഴിയും. ഇരുട്ടില്‍ നീങ്ങുന്ന പട്ടാളക്കാരുടെ യൂണിഫോമുകളില്‍ പോലും ഇനി അജയന്റെ കണ്ടുപിടിത്തത്തിന്റെ പ്രതിഫലനമുണ്ടാകും. തിരുവനന്തപുരം ലൊയോള സ്കൂള്‍, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷമാണ്് അമേരിക്കയില്‍ ഗവേഷണത്തിലേര്‍പ്പെട്ടത്.

5. മൂന്നാര്‍ ദൌത്യം- വനംവകുപ്പിന്റെ നിസഹകരണം: കെ.ഡി.എച്ച്. വില്ലേജില്‍ സര്‍വേ നിലച്ചു
ഇടുക്കി: വനംവകുപ്പിന്റെ നിസഹകരണം മൂലം കണ്ണന്‍ ദേവന്‍ ഹില്‍സ് (കെ.ഡി.എച്ച്) വില്ലേജിലെ പ്രത്യേക ദൌത്യസംഘത്തിന്റെ സര്‍വേ നിലച്ചു. പുതിയ ദൌത്യസംഘം മേധാവിയായി അഡീഷണല്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ കെ. രാമാനന്ദന്‍ ചുമതലയേറ്റ ശേഷം റവന്യു-വനം വകുപ്പുകള്‍ സംയുക്തമായി നടത്താന്‍ നിശ്ചയിച്ച സര്‍വേയാണു മുടങ്ങിയത്.

കുണ്ടള ഡാമിനു സമീപം 1977-ല്‍ ലാന്റ് ബോര്‍ഡ് ഡയറി ഡവലപ്മെന്റ് ബോര്‍ഡിനു വേണ്ടി മാറ്റിവച്ച 3824 ഏക്കറില്‍ രണ്ടുമാസമായിട്ടും 30 ശതമാനം പോലും സര്‍വേ പൂര്‍ത്തിയായില്ല. റവന്യൂ വകുപ്പിന്റേതായിരുന്ന സ്ഥലം പിന്നീടു വനംവകുപ്പ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിക്ക് പാട്ടത്തിന് നല്‍കി. റവന്യുവകുപ്പ് ഭൂമി വീണ്ടെടുക്കുന്നതിനോടു വനംവകുപ്പിനു താത്പര്യമില്ല. ഇവിടെ നാലു സര്‍വേ ടീമാണുള്ളത്. ഓരോ സംഘത്തിനും ഏഴുലക്ഷം രൂപവിലയുള്ള ടോറ്റല്‍ സ്റ്റേഷന്‍ യൂണിറ്റും സര്‍ക്കാര്‍ ലഭ്യമാക്കി. റവന്യു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാഹനം, താമസ സ്ഥലം, ഭക്ഷണം എന്നിവ വനംവകുപ്പ് ഏര്‍പ്പെടുത്തുമെന്നു തീരുമാനിച്ചിരുന്നു.
സര്‍വേ നടക്കുന്ന സ്ഥലത്ത് താമസ സൌകര്യം ഒരുക്കമാമെന്നു വനംവകുപ്പ് മേധാവികള്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചിട്ടില്ല. വാഹനം പോലും വിട്ടുകൊടുക്കാന്‍ തയാറാകുന്നില്ല. വാഹനം കിട്ടാന്‍ വൈകുന്നതു മൂലം ഉച്ചയ്ക്ക് മാത്രമേ സര്‍വേ തുടങ്ങനാകൂ. ആനയും മറ്റു വന്യമൃഗങ്ങളുമുള്ള സ്ഥലമായതിനാല്‍ ഏതാനും മണിക്കൂര്‍ കഴിഞ്ഞ് സംഘം തിരിച്ചു പോരും.

നാല്‍പ്പത്തിനാലു സര്‍വേ ജീവനക്കാരെ ദേവികുളത്ത് വെള്ളം ഉള്‍പ്പെടെ യാതൊരു സൌകര്യവുമില്ലാത്ത കെട്ടിടത്തിലാണ് താമസിപ്പിക്കുന്നത്.

കീഴാന്തൂരില്‍ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത 9,000 ഏക്കറിലെ സര്‍വേ പൂര്‍ത്തിയായി. ചെലവായ തുക റവന്യൂ വകുപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും സബ് കലക്ടര്‍ നല്‍കിയിട്ടില്ല. 1.73 ലക്ഷം രൂപയാണ് സര്‍വേ വിഭാഗത്തിന് കൈമാറാനുള്ളത്. പ്രത്യേക ഫിനാല്‍ഷ്യല്‍ ഓഫീസറെ നിയമിച്ചാലേ തുക കൊടുക്കാനാകൂ എന്ന നിലപാടിലാണ് ദേവികുളം സബ് കലക്ടര്‍.

1. കണികണ്ടുണരാന്‍ ‘തരികിട’യുടെ തിന്മ
തിരുവനന്തപുരം : വിശേഷിച്ച് ഒന്നും ചേര്‍ക്കാതെ ‘റിച്ച്’ എന്ന വിളിപ്പേര് നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ് സംസ്ഥാനത്ത് പാല്‍ വിതരണരംഗത്തെ കുത്തകയായ ‘മില്‍മ.’
കര്‍ണാടകത്തില്‍ നിന്ന് ലിറ്ററിന് ഏതാണ്ട് 13 രൂപയ്ക്ക് വാങ്ങുന്ന പാല്‍ പാസ്ചറൈസേഷന്‍ നടത്തി നല്‍കുന്നതാണ്. ‘റിച്ച്’ വില്ക്കുന്നതോ, ലിറ്ററിന് 22 രൂപയ്ക്ക്!
സാധാരണ പാല്‍ ലിറ്ററിന് 17 രൂപയ്ക്ക് വില്ക്കുമ്പോഴാണ് ‘റിച്ചി’ന് ഈ അമിതവില. ‘റിച്ചി’ല്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്ന് പറഞ്ഞ് കൊള്ളലാഭമെടുക്കുന്ന ‘മില്‍മ’, കര്‍ണാര്‍ടകത്തില്‍നിന്ന് വാങ്ങുമ്പോഴേ പാലില്‍ അത്രയും കൊഴുപ്പുണ്ടെന്ന സത്യം മറച്ചുവയ്ക്കുകയാണ്.
സാധാരണ (ടോണ്‍ഡ്) പാലില്‍ 3 ശതമാനം കൊഴുപ്പും ‘റിച്ചി’ല്‍ 4.5 ശതമാനം കൊഴുപ്പുമാണ്. ഒരു ലിറ്റര്‍ ‘റിച്ചി’ല്‍ 15 ഗ്രാം കൊഴുപ്പാണ് കൂടുതലുള്ളത്. ഇത്രയും കൊഴുപ്പിന് വിലയിട്ടാല്‍ത്തന്നെ പരമാവധി 2.25 രൂപയേ വരൂ. കൊഴുപ്പ് നീക്കം ചെയ്യാനുള്ള പ്രക്രിയയ്ക്ക് വിധേയമാക്കേണ്ടതില്ലാത്തതിനാല്‍ ‘റിച്ചി’ന് പ്രോസസിംഗ് ചെലവ് കുറവാണ്.
കര്‍ണാടകത്തില്‍ ഹസ്സനിലെ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിന്നാണ് ‘മില്‍മ’ പാല്‍ വാങ്ങുന്നത്. ഒരു ടാങ്കറില്‍ ഏതാണ്ട് 16,000 ലിറ്റര്‍ പാല്‍ കൊണ്ടുവരാനാകും. ഇത്രയും പാലിന് രണ്ടുലക്ഷത്തോളം രൂപയാണ് ഹസ്സനിലെ വില. ലിറ്ററിന് 12.75 രൂപയേയുള്ളൂ. ഹസ്സനില്‍ നിന്ന് തിരുവനന്തപുരത്ത് പാല്‍ എത്തിക്കാന്‍ ചരക്കുകൂലി 23000-ത്തോളം രൂപയാണ്. മറ്റ് ചെലവുകള്‍കൂടി കൂട്ടിയാലും പാല്‍ ഇവിടെ എത്തുമ്പോള്‍ ലിറ്ററിന് 14 രൂപയില്‍ താഴെയേ വിലവരൂ. ‘മില്‍മ’ ഇതിനാണ് ലിറ്ററിന് 22 രൂപ ഈടാക്കുന്നത്.
കൊള്ളലാഭമുള്ള ‘റിച്ചി’ന്റെ വില്പന വര്‍ദ്ധിപ്പിക്കാനാണ് ‘മില്‍മ’യുടെ പുതിയ നീക്കം. സാധാരണ പാലിന്റെ ഉത്പാദനവും വിതരണവും കുറച്ച് ‘റിച്ചി’ന്റെ വിതരണം കുത്തനേ വര്‍ദ്ധിപ്പിക്കാന്‍ തിരുവനന്തപുരം മേഖലാ യൂണിയന്‍ തീരുമാനിച്ചുകഴിഞ്ഞു. എറണാകുളം മേഖലാ യൂണിയനും ഈ കുറുക്കുവഴി സ്വീകരിച്ചേക്കും. മലബാര്‍ യൂണിയന്‍ തത്കാലം ഈ വഴി സ്വീകരിക്കില്ലെന്നാണ് സൂചന.
ഉപഭോക്താക്കള്‍ക്ക് സാധാരണ പാലിനോടാണ് പ്രിയം. എന്നാല്‍, സാധാരണ പാല്‍ വിതരണം ചെയ്തില്ലെങ്കില്‍ ഉപഭോക്താക്കള്‍ ‘റിച്ച്’വാങ്ങിക്കൊള്ളുമെന്ന് മില്‍മ കണക്കുകൂട്ടുന്നു. ‘റിച്ചി’ല്‍ എന്തോ മഹാകാര്യമുണ്ടെന്ന മൌഢ്യംമൂലം ഉയര്‍ന്ന വില നല്‍കിയാലും ഉപഭോക്താക്കള്‍ പ്രതിഷേധിക്കാന്‍ മുതിരുകയില്ലെന്നാണ് ‘മില്‍മ’ അധികൃതരുടെ വിശ്വാസം.
കേരളത്തിന് ഇനി കണികണ്ടുണരാം, തരികിടയുടെ ഈ തിന്മ.

2. കാഞ്ഞങ്ങാട്ട് ഒന്‍പത് പേര്‍ക്ക് വെട്ടേറ്റു, കണ്ണൂരില്‍ എം.പിയുടെ ഭാര്യവീടിന് ബോംബേറ്
കണ്ണൂര്‍ : സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ സി.പി. എം- ബി.ജെ.പി സംഘര്‍ഷം രൂക്ഷരൂപം പ്രാപിച്ചതിന്റെ ഫലമായി കാഞ്ഞങ്ങാട്ട് ഒന്‍പതു പേര്‍ക്ക് വെട്ടേല്‍ക്കുകയും കണ്ണൂരില്‍ എ.പി. അബ്ദുള്ളക്കുട്ടി എം.പിയുടെ ഭാര്യവീടിന് നേര്‍ക്ക് ബോംബേറുണ്ടാവുകയും ചെയ്തു.
കാഞ്ഞങ്ങാട്ട് ചിത്താരി കടപ്പുറത്ത് ഞായറാഴ്ച രാത്രി 11 മണിക്കാണ് ഇരുപക്ഷത്തുമായി അരവിന്ദാക്ഷന്‍(28) സി. കെ. രാഘവന്‍ (55) കുഞ്ഞിക്കണ്ണന്‍(44) ഗോപി (29) എന്നീ സി.പി.എം. പ്രവര്‍ത്തകര്‍ക്കും ഉത്തമന്‍(45), നളിനകുമാര്‍(28), മനേഷ് (19), ഷാജു (22), സതീശന്‍(25) എന്നീ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുമാണ് വെട്ടേറ്റത്.
ബി.ജെ.പി പ്രവര്‍ത്തകരായ കരുണാകരന്‍, സതീശന്‍, റനീഷ്, ഷാജി,ജ്യോതി, മണി, രാജു, ഷിജു, എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേയും ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.
അഴീക്കോട് മീന്‍കുന്നില്‍ സി.പി.എം പ്രവര്‍ത്തകന്‍ എം. ധനേഷ് കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായിട്ടാണ് അബ്ദുള്ളക്കുട്ടി എം. പിയുടെ ഭാര്യവീടിനു നേരെ ബോംബേറുണ്ടായത്. ചിറക്കല്‍ രാജാസ് ഹൈസ്കൂളിനടുത്ത് ഭാര്യാസഹോദരി ശര്‍മിനയും കുടുംബവും താമസിക്കുന്ന ‘ജന്നത്ത്’ എന്ന വീടാണ് ഇന്നലെ പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്. പൈപ്പ് ബോംബാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉഗ്രസ്ഫോടന ശബ്ദം കേട്ട് അബോധാവ്സഥയിലായ ശര്‍മിനയുടെ ഉമ്മ സഫിയത്തിനെ (55) കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി. ജെ. പി പ്രവര്‍ത്തകരാണ് അക്രമത്തിന്് പിന്നിലെന്ന് സി.പി. എം ആരോപിച്ചു.
വീടിന്റെ വാതിലും മുകളിലും താഴെയുമായി ഒമ്പത് ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ശര്‍മിനയുടെ ഭര്‍ത്താവ് എന്‍. കെ. അബ്ദുള്‍ ഗഫൂറും കുട്ടികളും അക്രമം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. അക്രമികള്‍ നാല് ഭാഗത്തുനിന്നും കല്ലെറിഞ്ഞു. ഇതിനിടയില്‍ മുന്‍വാതിലും തകര്‍ക്കപ്പെട്ടു. ഒരു വര്‍ഷം മുമ്പുവരെ അബ്ദുള്ളക്കുട്ടി ഈ വിട്ടിലാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പുതിയ വീട്ടിലാണ് താമസം. ആക്രമണ വിവരമറിഞ്ഞ് അബ്ദുള്ളക്കുട്ടി പള്ളിക്കുളത്തെ വീട്ടിലെത്തി. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ ആക്രമിക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പി പി. ഹബീബ് റഹ്മാന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ദ്ധരെത്തി ബോംബിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചു. പള്ളിക്കുളത്തെ വീടിനും പള്ളിക്കുന്നിലെ എം.പിയുടെ വീടിനും പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
അഴീക്കോട് മേഖലയില്‍ നിരവധി ബി.ജെ.പി-ആര്‍. എസ്.എസ്. പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി അഴീക്കോട് ചാലില്‍ ഹാഷ്മി കോളനിയിലെ ബി.ജെ.പി. പ്രവര്‍ത്തകനായ മുകേഷിന്റെ പലചരക്കുകട തകര്‍ത്തു. അക്രമത്തിന്റെ തുടര്‍ച്ചയെന്നോണം പള്ളിക്കുളത്ത് സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡ് തീവച്ചു നശിപ്പിച്ചു.

3. കൊതുകു നശീകരണത്തിന് വാര്‍ഡുകള്‍ക്ക് 10,000 രൂപ വീതം
തിരുവനന്തപുരം: ശുചീകരണത്തിനും കൊതുക് നിവാരണത്തിനും കേരളത്തിലെ എല്ലാവാര്‍ഡുകളിലും പതിനായിരം രൂപവീതം ചെലവഴിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പി.കെ ശ്രീമതി പത്രസമ്മേളനത്തില്‍ പറഞ്ഞു. 16009 വാര്‍ഡുകളിലായി 16 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വാര്‍ഡ് മെമ്പര്‍/കൌണ്‍സിലര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നിവയിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം 15ന് മുമ്പ് പൂര്‍ത്തിയാക്കും. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മിഷന്‍ 60 കോടി രൂപ അനുവദിച്ചു. ആലപ്പുഴയില്‍ വൈറോളജി സെന്റര്‍ സ്ഥാപിക്കാന്‍ 20.06 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിലനിര്‍ത്തിക്കൊണ്ട് പുതിയ സെന്റര്‍ സ്ഥാപിക്കും. രോഗികളുടെ രക്തപരിശോധന കുറഞ്ഞ ചെലവില്‍ നടത്തുന്നതിന് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജിയുമായി ധാരണയിലെത്തി. അഞ്ച് മെഡിക്കല്‍ കോളേജുകളിലും ശേഖരിക്കുന്ന രക്ത സാമ്പിളുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.

4. വലിയമലയില്‍ തന്നെ ഭൂമി വേണം : ഐ. എസ്. ആര്‍. ഒ
തിരുവനന്തപുരം : ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് വലിയമലയില്‍ എല്‍.പി. എസ്.സിയോട് ചേര്‍ന്ന ഭൂമി തന്നെ വേണമെന്ന നിലപാടില്‍ ഐ. എസ്. ആര്‍. ഒ ഉറച്ചുനില്‍ക്കുന്നു.
നാല് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമിയിലാണ് ഐ. എസ്. ആര്‍. ഒയുടെ കണ്ണ്. ഉഴമലയ്ക്കലില്‍ റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടിയ സ്ഥലം ഐ. എസ്. ആര്‍. ഒയ്ക്ക് തൃപ്തികരമല്ലെന്നാണറിയുന്നത്. വലിയമല, ഉഴമലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ. എസ്. ആര്‍. ഒ ആവശ്യപ്പെടുന്ന ഏത് സ്ഥലവും വാങ്ങി നല്‍കാമെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍, ഇതിനെക്കുറിച്ച് വ്യക്തമായ തീരുമാനം അറിയില്ലെന്നാണ് റവന്യൂമന്ത്രിയുടെ ഓഫീസ് പറയുന്നത്. അതേസമയം, ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത ഭൂമി എത്രയും വേഗം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഐ. എസ്. ആര്‍. ഒ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

5. ഗുണഭോക്തൃ സമിതികളുടെ പദ്ധതി പരിധി 5 ലക്ഷമാക്കി
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഗുണഭോക്തൃ സമിതികള്‍ക്ക് മേലില്‍ അഞ്ചു ലക്ഷം രൂപവരെ ചെലവു വരുന്ന പദ്ധതികള്‍ ഏറ്റെടുത്തു നടത്താം. നേരത്തെ പരിധി അമ്പതിനായിരം രൂപയായിരുന്നു.
ഫലത്തില്‍ 70 ശതമാനം നിര്‍മ്മാണ ജോലികള്‍ ഇതുവഴി ടെന്‍ഡറിന്റെ കടമ്പ കടന്നു. 25 ദിവസത്തെയെങ്കിലും കാലതാമസം ഒഴിവാകുകയും ചെയ്തു. കരാറുകാരുടെ ബഹിഷ്കരണ ഭീഷണിയും ഈ പരിധിയില്‍ വരുന്ന പദ്ധതികളെ ബാധിക്കില്ല.
നിര്‍മ്മാണ ജോലികള്‍ മുടക്കം കൂടാതെ നടത്താന്‍ സിമന്റ്, കമ്പി, ടാര്‍ എന്നിവയുടെ സര്‍ക്കാര്‍ വില മാര്‍ക്കറ്റ് നിരക്കിന് തുല്യമാക്കിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സി. പി. എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധികാരവികേന്ദ്രീകരണം എന്ന വിഷയത്തില്‍ ജനപ്രതിനിധികളുമായുള്ള സംവാദത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പദ്ധതി തുക വിനിയോഗത്തിനുള്ള കാലാവധി മാര്‍ച്ച് 31നകം നീട്ടിക്കൊടുക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആസൂത്രണ ബോര്‍ഡ് അംഗം സി. പി. നാരായണന്‍ അധ്യക്ഷനായിരുന്നു.

6. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: റിലേ നിരാഹാരം ഇന്ന് തുടങ്ങും
തിരുവനന്തപുരം : വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ഏജീസ് ഓഫീസിന് മുന്നില്‍ ഇന്ന് റിലേ നിരാഹാര സത്യാഗ്രഹം ആരംഭിക്കും. രാവിലെ ഒമ്പതിന് പന്ന്യന്‍ രവീന്ദ്രന്‍ എം.പി സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. രണ്ടു ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് ഓരോ ദിവസവും സത്യാഗ്രഹം ഇരിക്കുക. 23 വരെ ഇത് തുടരും.
മൂന്നേകാല്‍ ലക്ഷത്തോളം വരുന്ന വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ജോലികള്‍ക്കായി ഏജീസ് ഓഫീസില്‍ ഇപ്പോഴുള്ളത് 40 ജീവനക്കാര്‍ മാത്രമാണ്. 2009 വരെയുള്ള റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ മുന്‍കൂട്ടിക്കണ്ട് നൂറിലധികംപേര്‍ക്ക് പ്രൊമോഷന്‍ നല്‍കി ഈ ജോലിക്കായി നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രൊമോഷന്‍ നല്‍കിയെങ്കിലും ഇതുവരെ ഇവരെ ഈ ജോലിക്ക് നിയോഗിച്ചിട്ടില്ല. മൂന്നേകാല്‍ ലക്ഷം പെന്‍ഷന്‍കാരുള്ളതില്‍ ആകെ 25000 പേര്‍ മാത്രമാണ് ഇതുവരെ പരിഗണനയില്‍ വന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31-നുള്ളില്‍ എല്ലാം പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യ വാഗ്ദാനം. ജീവനക്കാരുടെ സമരംമൂലം ഇതു നീണ്ടുപോയി. ഈ വര്‍ഷം ആഗസ്റ്റ് 31-നുള്ളില്‍ തീര്‍ക്കുമെന്നാണ് ഏറ്റവും പുതിയ വാഗ്ദാനം.
അതേസമയം, ഇരിക്കാന്‍ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് പ്രൊമോഷന്‍ നല്‍കിയവരെ പോസ്റ്റ് ചെയ്യാത്തതെന്ന് എ.ജി വി. രവീന്ദ്രന്‍ ‘കേരളകൌമുദി’യോട് പറഞ്ഞു. ഇവര്‍ക്ക് ഇരിക്കാന്‍ അടിയന്തരമായി ഒരു താത്കാലിക ഷെഡ്് നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ജോലികള്‍ ഏറ്റവും വേഗം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. അതിനെ നിരുത്സാഹപ്പെടുത്തുന്ന സമരപരിപാടികളില്‍നിന്ന് പെന്‍ഷന്‍ സംഘടനകള്‍ പിന്തിരിയണമെന്ന് എ.ജി അഭ്യര്‍ത്ഥിച്ചു.

7. കംപ്യൂട്ടര്‍ നിയന്ത്രിത സന്ധിമാറ്റല്‍ വിജയകരം
തിരുവനന്തപുരം : കംപ്യൂട്ടര്‍ നിയന്ത്രിത സമ്പൂര്‍ണ സന്ധിമാറ്റല്‍ ശസ്ത്രക്രിയ ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തില്‍ കിംസ് ആശുപത്രിയില്‍ നടത്തി. ദക്ഷിണേന്ത്യയില്‍ ആദ്യമായിട്ടാണ് ഈ രീതിയിലുള്ള ശസ്ത്രക്രിയ നടത്തുന്നത്.
സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ പിഴവുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ശസ്ത്രക്രിയയുടെ തുടക്കം മുതല്‍ സര്‍ജന് എല്ലാ രീതിയിലുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കംപ്യൂട്ടര്‍ നല്‍കിക്കൊണ്ടിരിക്കും. സ്ഥാനചലനം സംഭവിച്ച അസ്ഥികളുടെ നിര്‍ണയവും അസ്ഥികള്‍ മുറിക്കാനുള്ള ശരിയായ പദ്ധതികളും അതിന് ഉപയോഗിക്കേണ്ട ഉപകരണങ്ങളുടെ ഘടനയും നിര്‍ണയിക്കുന്നതില്‍ സര്‍ജനെ കംപ്യൂട്ടര്‍ സഹായിക്കും.

8. കുത്തക വ്യാപാരികള്‍ക്ക് സൂപ്പര്‍ ടാക്സ് ചുമത്തും: ധനമന്ത്രി
കോട്ടയം: കുത്തക വ്യാപാരികള്‍ക്ക് സൂപ്പര്‍ ടാക്സ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കോട്ടയം, ഇടുക്കി ജില്ലകളിലെ വ്യാപാരി വ്യവസായികളുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രീബഡ്ജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില്ലറ വ്യാപാരമേഖലയില്‍ കുത്തകകളുടെ കടന്നുകയറ്റം ഫലപ്രദമായി തടയുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. തുടക്കമെന്നനിലയില്‍ 1000 ചതുരശ്ര അടിയില്‍ അധികം വിസ്തീര്‍ണ്ണമുള്ള വ്യാപാരസ്ഥാപനങ്ങളുടെമേല്‍ ടാക്സ് ചുമത്തണമെന്നും ആവശ്യമുയര്‍ന്നു, നിര്‍ദ്ദേശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. സെയില്‍ ബില്ലിന്റെ ഫോര്‍മാറ്റ് ഏകീകരിക്കണമന്ന വ്യാപാരികളുടെ ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
ടാക്സ് റീഫണ്ടിനുള്ള കാലതാമസം പരിഹരിക്കണെന്നും റിട്ടേണിനൊപ്പം ഫോം 21.ജെ നല്‍കാനുള്ള നിര്‍ദ്ദേശം അപ്രായോഗികമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത റബര്‍ വ്യാപാരികള്‍ പറഞ്ഞു. റിട്ടേണുകള്‍ ഇ-ഫയലിംഗ് ചെയ്യുന്നവര്‍ക്ക് റീഫണ്ടിന് ഫോം 21-ജെ നിര്‍ബന്ധമാക്കുകയില്ലെന്നും മന്ത്രി അറിയിച്ചു.
നികുതി വകുപ്പ് കമ്മീഷണര്‍ പോള്‍ ആന്റണി, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ കെ. എന്‍. കൃഷ്ണന്‍നമ്പൂതിരി, കെ. എം. മുഹമ്മദ് നജീബ്, എം. എല്‍. ടോമി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

1. രോഗപ്രതിരോധത്തിന് കര്‍മ്മപദ്ധതി; 60 കോടിയുടെ കേന്ദ്രസഹായം
തിരുവനന്തപുരം: സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ നിര്‍മ്മാര്‍ജനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ മൊത്തം 60 കോടിയോളം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. ആലപ്പുഴയില്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്റെ ഫീല്‍ഡ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 20.64 കോടി രൂപയും ലഭിക്കും. ഇതിനായി എട്ടേക്കര്‍ സ്ഥലം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.

കൊതുകുനിര്‍മ്മാണവും മറ്റ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കര്‍മ്മ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും പകര്‍ച്ചവ്യാധികളുടെ ചികിത്സയ്ക്കുമായി രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുമായി ചേര്‍ന്ന് ബയോ_കൊറിയര്‍ സര്‍വീസ് സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും രജീവ്ഗാന്ധി സെന്ററിന്റെ ‘കളക്ഷന്‍ സെന്ററുകള്‍’ സ്ഥാപിച്ച് പകര്‍ച്ചവ്യാധികാരണം പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ രക്തവും മറ്റും പരിശോധിക്കുന്ന സംവിധാനമാണിത്. മിതമായ നിരക്ക് മാത്രമേ ഈ പരിശോധനകള്‍ക്ക് ഈടാക്കുകയുള്ളൂ. കളക്ഷന്‍ സെന്ററുകളിലെത്തി പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ സ്വീകരിക്കാനും രാജീവ്ഗാന്ധി സെന്ററുമായി ധാരണയായിട്ടുണ്ട്.

സംസ്ഥാനത്തെ 16009 വാര്‍ഡുകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഓരോ വാര്‍ഡിനും 10,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. മൊത്തം 16 കോടിയോളം രൂപ വാര്‍ഡ്തല മാലിന്യനിര്‍മ്മാര്‍ജനത്തിനായും ലഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍ കണ്‍വീനറായും തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ചെയര്‍മാനായുമുള്ള ജില്ലാ ആരോഗ്യ കുടുംബക്ഷേമ കമ്മിറ്റിക്കാണ് പ്രവര്‍ത്തനങ്ങളുടെ ചുമതല. കമ്മിറ്റിക്ക് 16 കോടിരൂപ ഉടനെ കൈമാറുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് കീഴിലാണ് മുഴുവന്‍ പദ്ധതികള്‍ക്കും തുക അനുവദിച്ചിരിക്കുന്നത്. ജില്ലാ ആസ്പത്രികള്‍ക്കും ജനറല്‍, താലൂക്ക് ആസ്പത്രികള്‍ക്കും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അഞ്ച് ലക്ഷം രൂപവീതവും പ്രൈമറി, കമ്മ്യൂണിറ്റി, ഹെല്‍ത്ത് സെന്ററുകള്‍ക്ക് ഒരുലക്ഷം രൂപവീതവും നല്‍കും. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ക്കും ഒരുലക്ഷം രൂപ സഹായം അനുവദിച്ചിട്ടുണ്ട്.

ഫണ്ട് ശരിയായി വിനിയോഗിച്ചാല്‍ അടുത്ത വര്‍ഷം വീണ്ടും ഇതേതുക ധനസഹായം അനുവദിക്കുന്ന രീതിയിലാണ് പദ്ധതി. മൊത്തം 60 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.

കുടുംബശ്രീ, സ്കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങി പ്രാദേശിക തലത്തില്‍വരെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കും. ഇതെല്ലാം വിലയിരുത്താന്‍ കോ_ഓര്‍ഡിനേറ്റര്‍മാരെയും നിയമിക്കും. സംസ്ഥാന_ജില്ലാ_ബ്ലോക്ക് തലങ്ങളില്‍ പ്രത്യേക സംവിധാനം രൂപവത്കരിച്ചാണ് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചു.

രാവിലെ നടന്ന യോഗത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഈ വര്‍ഷം മുതല്‍ മികച്ച രോഗപ്രതിരോധ പ്രവര്‍ത്തനവും ശുചീകരണവും നടത്തുന്ന ആസ്പത്രികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും മന്ത്രി ചടങ്ങില്‍ അറിയിച്ചു.

ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ബിശ്വാസ്മേത്ത, ഡയറക്ടര്‍ ഡോ. കെ.കെ. ഷൈലജ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡിസംബര്‍ 28ന് നടന്ന പ്രത്യേക യോഗത്തില്‍ തയ്യാറാക്കിയ കര്‍മ്മ പദ്ധതി പ്രകാരം 2008 മെയ് 30 ന് മുമ്പ് മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുണ്ട്.

2. സച്ചാര്‍ കമ്മിറ്റി: സംസ്ഥാനത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി
പാലക്കാട്: സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. സംസ്ഥാനത്തെ അവസാനത്തെ സിറ്റിങ്ങാണ് പാലക്കാട്ട് നടന്നത്. നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു.

സംസ്ഥാനത്തെ മുസ്ലിം പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് സിറ്റിങ്ങുകളിലൂടെ ബോധ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. ഇത് പരിഹരിച്ചേ മതിയാകൂ. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ബോര്‍ഡില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കുപുറമെ അര്‍ഹിക്കുന്ന സംവരണം ലഭിക്കാത്തതും മുസ്ലിം സമുദായത്തിന് തിരിച്ചടിയാകുന്നുണ്ട്. തൊഴില്‍രംഗത്ത് ആവശ്യത്തിന് സംവരണം ലഭിക്കുന്നില്ല. ഉന്നത തസ്തികകളില്‍ ഈ വിഭാഗത്തില്‍നിന്ന് ആവശ്യത്തിന് പ്രതിനിധികളില്ലാത്തതും സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായങ്ങളില്ലാത്തതും മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണങ്ങളാണെന്ന് കമ്മിറ്റി അംഗങ്ങള്‍ വിലയിരുത്തി.

കേരളത്തിലെ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് പരമാവധി വേഗത്തില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നവംബര്‍ 13 നാണ് സച്ചാര്‍ കമ്മിറ്റി രൂപവത്കരിച്ചത്. ആദ്യ സിറ്റിങ് കാസര്‍കോട്ടായിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിബ്രവരി 14 വരെ സമയമുണ്ട്. അതിനുമുമ്പ് പക്ഷേ, റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മന്ത്രിക്കുപുറമെ കമ്മിറ്റി അംഗങ്ങളായ ടി.കെ. ഹംസ എം.പി, ജസ്റ്റിസ് ടി.കെ. വില്‍സന്റ്െ, സി. അഹമ്മദ്കുഞ്ഞി, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൌലവി എന്നിവരും പങ്കെടുത്തു. പൊതുജനങ്ങളുടെ പങ്കാളിത്തം കുറവായിരുന്നു. എട്ടുപേരാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

3. എം.ആര്‍.ഐ.യൂണിറ്റ് സ്ഥാപിച്ച കമ്പനിയുടെ ചെലവില്‍ വിദേശയാത്ര
കോഴിക്കോട്: മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ എം.ആര്‍.ഐ. യൂണിറ്റ് സ്ഥാപിച്ച സ്വകാര്യകമ്പനിയുടെ ചെലവില്‍ അഞ്ചുപേര്‍ക്ക് അമേരിക്കയില്‍ പരിശീലനം നല്‍കാനുള്ള തീരുമാനം വിവാദമാവുന്നു. ഉപകരണത്തിന്റെ വില കൂട്ടിക്കാണിച്ചാണ് കമ്പനി അഞ്ചുപേര്‍ക്ക് സൌജന്യമായി പരിശീലനം നല്‍കുന്നതെന്നാണ് ആക്ഷേപം.

എം.ആര്‍.ഐ. സ്ഥാപിക്കാന്‍ രണ്ട് കമ്പനികള്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ കുറഞ്ഞവില കാണിച്ച കമ്പനിയുമായി ചര്‍ച്ചനടത്താതെ 60 ലക്ഷം രൂപയോളം അധികതുക ആവശ്യപ്പെട്ട കമ്പനിയുമായാണ് അധികൃതര്‍ ഇടപാടുനടത്തിയത്. എം.ആര്‍.ഐ. യൂണിറ്റിന്റെ ഉദ്ഘാടനം 28ന് നടക്കും. ഈ കരാറിനെ ടെക്നീഷ്യന്‍ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ എതിര്‍ത്തിരുന്നു.

രണ്ട് റേഡിയോളജിസ്റ്റ്, ഒരു റേഡിയേഷന്‍ ഫിസിസിസ്റ്റ്, രണ്ട് റേഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന സംഘത്തിനാണ് സ്വകാര്യ കമ്പനിയുടെ ചെലവില്‍ അമേരിക്കയില്‍ പരിശീലനം നല്‍കുക. റേഡിയോളജി വകുപ്പിലെ ഡോക്ടര്‍മാരെ പരിശീലനത്തിന് അയയ്ക്കുന്നതിന് തിരഞ്ഞെടുക്കാന്‍വേണ്ടിയുള്ള മാര്‍ഗരേഖയും വിവാദമായിട്ടുണ്ട്. ഒന്നിലധികം ഡോക്ടര്‍മാര്‍ അപേക്ഷിച്ചാല്‍ സീനിയോറിറ്റി പരിഗണിക്കണം, എന്ന നിബന്ധന ഒരു പ്രത്യേക വ്യക്തിക്ക് യാത്ര തരപ്പെടുത്താന്‍വേണ്ടിയാണ് എന്ന് ആക്ഷേപമുണ്ട്. കോഴിക്കോട് നഗരത്തില്‍മാത്രം നാല് എം.ആര്‍.ഐ. യൂണിറ്റ് പ്രവര്‍ത്തിക്കുമ്പോള്‍ മെഡിക്കല്‍കോളേജിലെ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ചുപേര്‍ക്ക് വിദേശപരിശീലനം നല്‍കുന്നത് പരിഹാസ്യമാണെന്ന് ഡോക്ടര്‍മാര്‍തന്നെ പറയുന്നു. മാത്രമല്ല മെഡിക്കല്‍കോളേജിലുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ തിരുവനന്തപുരം ശ്രീ ചിത്തിര ആസ്പത്രിയിലെ അസോസിയേറ്റ് പ്രൊഫസര്‍ കോഴിക്കോട്ട് എത്തുന്നുണ്ട്.

പ്രവേശനപാസ് ഉള്‍പ്പെടെയുള്ള പിരിവിലൂടെ രോഗികളില്‍നിന്നും അവരെ കാണാനെത്തുന്നവരില്‍ നിന്നും പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ചാണ് ആസ്പത്രിവികസനസമിതി എം.ആര്‍.ഐ. യൂണിറ്റ് വാങ്ങുന്നത്.

4. ഉത്പാദനത്തില്‍ വന്‍ ഇടിവ്; സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷമാകും
പാലക്കാട്: വേനല്‍ കനക്കും മുമ്പെ സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനത്തിലുണ്ടായ വന്‍ ഇടിവാണ് കാരണം. പാല്‍ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ വരും മാസങ്ങളില്‍ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന് മില്‍മ അധികൃതര്‍ പറയുന്നു.

സംസ്ഥാനത്ത് പ്രതിദിനം പത്തുലക്ഷം ലിറ്റര്‍ പാലിന്റെ ആവശ്യമുണ്ടെങ്കിലും 7.2 ലക്ഷം ലിറ്റര്‍ മാത്രമാണ് മില്‍മ സംഭരിക്കുന്നത്. ബാക്കി മൂന്നുലക്ഷവും കര്‍ണാടകത്തില്‍നിന്ന് കൊണ്ടുവരികയാണ്. കഴിഞ്ഞവര്‍ഷം ഇതേ സ്ഥാനത്ത് ഒന്നര ലക്ഷം ലിറ്ററാണ് കൊണ്ടുവന്നിരുന്നത്. ഉത്പാദനവും ആവശ്യവും തമ്മിലുള്ള വ്യത്യാസം ഇത്തവണ ഇരട്ടിയായി.

വേനല്‍ക്കാലത്ത് സാധാരണ പാല്‍ ഉത്പാദനം കുറയാറുണ്ട്. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ചതിലും അധികം കുറവുണ്ടായതായി മില്‍മ അധികൃതര്‍ പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസത്തോടെ ഈ വ്യത്യാസം വീണ്ടും വര്‍ധിക്കും. കഴിഞ്ഞവര്‍ഷം പ്രതിസന്ധി രൂക്ഷമായതിനെ ത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍നിന്ന് പാല്‍ കൊണ്ടുവന്നിരുന്നു. ഇത് മില്‍മയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി.

ചെലവിന് ആനുപാതികമായി പാല്‍വില കിട്ടാത്തത് മൂലം ഒട്ടേറെ കര്‍ഷകര്‍ ക്ഷീരമേഖലയില്‍നിന്ന് വിട്ടതാണ് ഉത്പാദനം കുറയാന്‍ ഇടയാക്കിയത്. പ്രധാന പാലുത്പാദന ജില്ലയായ പാലക്കാട്ട് വൈക്കോല്‍ ക്ഷാമവും മേച്ചില്‍പ്പുറങ്ങള്‍ കുറഞ്ഞതും കാലിത്തീറ്റയുടെ വിലവര്‍ധനയും മൂലം ഉത്പാദനത്തില്‍ പത്ത് ശതമാനം കുറഞ്ഞു. ക്ഷീരമേഖലയിലൊട്ടാകെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

പാല്‍വിതരണ മേഖലയില്‍ നിലവിലുള്ള ക്ഷാമം പരിഹരിക്കാന്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് പാല്‍ കൊണ്ടുവരുന്നത്. ഇപ്പോള്‍ തമിഴ്നാട്ടില്‍നിന്ന് പാല്‍ കിട്ടുന്നില്ല. കര്‍ണാടകത്തുനിന്ന് മാത്രം മൂന്ന് ലക്ഷം ലിറ്റര്‍ പാല്‍ വാങ്ങിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുദിവസം മുമ്പ് കര്‍ണാടക പാല്‍വില രണ്ടുരൂപ കൂടിയത് കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്. നഷ്ടം സഹിച്ചാണ് മില്‍മ പാല്‍ കൊണ്ടുവരുന്നത്.

എറണാകുളം, തിരുവനന്തപുരം യൂണിയന് കീഴിലുള്ള തെക്കന്‍ ജില്ലകളിലാണ് പാല്‍ക്ഷാമം കൂടുതലായി അനുഭവപ്പെടുന്നത്. പ്രധാന പാലുത്പാദന ജില്ലകളായ പാലക്കാടും വയനാടും ഉള്‍പ്പെടുന്ന മലബാര്‍ മേഖലായൂണിയന്‍ പ്രതിസന്ധി തരണം ചെയ്യാന്‍ കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപയുടെ വര്‍ധന വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂണിയന്റെ കീഴിലുള്ള സംഘങ്ങളിലെ കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം കിട്ടും.

5. ‘കില’യിലെ കുടിവെള്ളത്തില്‍ മാലിന്യം: നടപടി വൈകുന്നു
തൃശ്ശൂര്‍:തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണകര്‍ത്താക്കളുടെ പരിശീലനവേദിയായ മുളങ്കുന്നത്തുകാവിലെ ‘കില’യില്‍ നല്‍കുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെയും ഇരുമ്പിന്റെയും അംശം കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

‘കില’യുടെ കാമ്പസിലുള്ള തുറന്ന കിണറില്‍നിന്നും അരക്കിലോമീറ്റര്‍ അകലെയുള്ള കുഴല്‍ക്കിണറില്‍നിന്നുമുള്ള വെള്ളത്തിന്റെ സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലും ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലും നടത്തിയ വ്യത്യസ്ത പരിശോധനയിലാണ് ‘കില’യില്‍ ലഭിക്കുന്ന വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് തെളിഞ്ഞത്. കഴിഞ്ഞ ഒക്ടോബര്‍ 20ന് മെഡിക്കല്‍ കോളേജില്‍നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ‘കില’യിലെ തുറന്ന കിണറിലെ വെള്ളത്തില്‍ 180 ശതമാനം കോളിഫോം ബാക്ടീരിയ ഉണ്ടെന്നതാണ് റിപ്പോര്‍ട്ട്.

ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ നടത്തിയ കെമിക്കല്‍ പരിശോധനയിലാണ് കുഴല്‍ക്കിണറിലെ വെള്ളത്തില്‍ ഇരുമ്പിന്റെ ഘടകം കൂടുതലുണ്ടെന്ന് വ്യക്തമായത്.

പ്രതിദിനം നൂറ്റമ്പതിലേറെപ്പേര്‍ ‘കില’യില്‍ പരിശീലനത്തിനായി ഇപ്പോള്‍ എത്തുന്നുണ്ട്. ചിലപ്പോള്‍ വിദേശികളടക്കം ധാരാളം വിദഗ്ധര്‍ വിവിധ സെമിനാറുകള്‍ക്കായി വരുന്നുണ്ട്. കൂടാതെ സ്ഥാപനത്തിലെ ജീവനക്കാരും അവരുടെ കുടുംബങ്ങളും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലും ‘കില’യില്‍നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.

എന്നാല്‍ കുടിവെള്ളത്തില്‍ മാലിന്യം ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്ന് രണ്ടുമാസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

കിണറുകളിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നില്ലെന്ന് ‘കില’ ഡയറക്ടര്‍ രമാകാന്തന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. ‘കില’യിലുള്ള മഴവെള്ളസംഭരണിയില്‍നിന്നുള്ള വെള്ളമാണ് പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

6. ജല അതോറിറ്റിക്കുള്ള കുടിശ്ശിക പ്ലാന്‍ ഫണ്ടില്‍നിന്ന് പിരിച്ചെടുക്കും _മന്ത്രി
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജല അതോറിറ്റിക്ക് വരുത്തിവെച്ച കുടിശ്ശിക പ്ലാന്‍ഫണ്ടില്‍നിന്ന് പിരിച്ചെടുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ അറിയിച്ചു.

ആദ്യഘട്ടമായി 2006 മുതല്‍ 2007 വരെയുള്ള ഒരുവര്‍ഷക്കാലയളവിലെ തുകയാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ടില്‍നിന്ന് പിരിച്ചെടുക്കുക. 2006 വരെയുള്ള കുടിശ്ശികയുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ജല അതോറിറ്റി വൈദ്യുതി വകുപ്പിന് കുടിശ്ശികയിനത്തില്‍ നല്‍കാനുള്ള തുകയുടെ കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട് _മന്ത്രി അറിയിച്ചു.

7. പാലിന്റെ ഗുണമേന്മ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന വിവിധയിനം പാലിന് നിയമപ്രകാരം ഉണ്ടായിരിക്കേണ്ട ഗുണമേന്മ ചുവടെ ചേര്‍ക്കുംപ്രകാരമാണെന്ന് ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. പാലിന്റെ ഇനം, കൊഴുപ്പ്, കൊഴുപ്പിതരഖരം ക്രമത്തില്‍ ചുവടെ.

ടോണ്‍ട് മില്‍ക്ക്_3%, 8.5%, ഡബിള്‍ ടോണ്‍ട് മില്‍ക്ക് _ 1.5%, 9.0%, സ്റ്റാന്‍ഡേര്‍ഡ് മില്‍ക്ക് _ 4.5%, 8.5%, കൌ മില്‍ക്ക്_3.5%, 8.5%, ബഫലോ മില്‍ക്ക് _ 5.0%, 9.0%.

സംസ്ഥാനത്ത് പാലിന്റെ വര്‍ധിച്ചുവരുന്ന ആവശ്യകത മുതലാക്കി ഗുണനിലവാരം കുറഞ്ഞ പാല്‍ വില്പന നടത്തുന്നതായി ക്ഷീരവികസന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കവര്‍ പാല്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ കവറില്‍ പാലിന്റെ ഇനം, ഗുണനിലവാരം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കി മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ഗുണനിലവാരം സംബന്ധിച്ച വിവരത്തിന് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറുമായി ബന്ധപ്പെടണം.

ഫോണ്‍: തിരുവനന്തപുരം _ 0471_2554986, കൊല്ലം _ 0474_2748098, ആലപ്പുഴ _ 0477_2252358, പത്തനംതിട്ട _ 0468_2223711, കോട്ടയം _ 0481_2562768, ഇടുക്കി _ 04862_222099, എറണാകുളം _ 0484_2422310, തൃശ്ശൂര്‍ _ 0487_2321660, പാലക്കാട്_0491_2527137, മലപ്പുറം _ 0483_2734944, കോഴിക്കോട് _ 0495_2372254, വയനാട് _ 04936_202093, കണ്ണൂര്‍ _ 0497_2707859, കാസര്‍ഗോഡ് _ 0499_4255475, ഡയറക്ടര്‍ _ 0471 _ 2445749.

8. പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ കാട്ടുതീ
കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പുല്ലുമേട്ടില്‍ ഏക്കറുകണക്കിന് വനഭൂമി കത്തിനശിച്ചു. മകരവിളക്ക് ദര്‍ശിക്കാനെത്തിയ അയ്യപ്പഭക്തരുടെ കര്‍പ്പൂരാഴിയില്‍ നിന്ന് തീ പടരുകയായിരുന്നുവെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ പുല്ലുമേടുകളില്‍ തീ പുകയുന്നത് കണ്ടിരുന്നു. വൈകീട്ടോടെ തീ വ്യാപിക്കുകയായിരുന്നു. തീ കെടുത്താനുള്ള വനപാലകരുടെ ശ്രമവും പരാജയപ്പെട്ടു.

രാത്രി വൈകിയതോടെ തീ നിയന്ത്രിക്കാന്‍ കഴിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

9. അശാസ്ത്രീയ അലൈന്‍മെന്റ് എന്ന് സര്‍ക്കാര്‍; നടപടി വൈകുന്നു
 കൊച്ചി: കെ.എസ്.ടി.പി. പദ്ധതിക്ക് അശാസ്ത്രീയ അലൈന്‍മെന്റ് നല്‍കിയെന്ന് സര്‍ക്കാര്‍ കോടതിയാല്‍ ആരോപിച്ചു. പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സിക്കെതിരായ നടപടികള്‍ വൈകുന്നു. മൂവാറ്റുപുഴയില്‍ കേരളാസ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെ.എസ്.ടി.പി.) പദ്ധതിപ്രകാരം എം.സി. റോഡ് വീതികൂട്ടലിന് അപകടവളവുകള്‍ നിലനിര്‍ത്തി അലൈന്‍മെന്റ് തയ്യാറാക്കിയ ലൂയിസ് ബെര്‍ജര്‍ എന്ന കണ്‍സള്‍ട്ടന്‍സി ഏജന്‍സിയെ കരിമ്പട്ടികയില്‍പ്പെടുത്തി, അവര്‍ക്ക് നല്‍കിയ തുക തിരിച്ചുപിടിക്കണമെന്നാണ് ഹൈക്കോടതി നവംബറില്‍ നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് ഒരു മാസം നല്‍കിയതിന്റെ സമയപരിധി ഡിസംബര്‍ 29ന് കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ വീണ്ടും സമയം നീട്ടിച്ചോതിച്ചതിനാല്‍ മാര്‍ച്ച് 3 വരെ സമയം അനുവദിച്ചു. കണ്‍സള്‍ട്ടന്‍സി ഫീസ് കോടികള്‍ വരും.

മൂവാറ്റുപുഴ_കൂത്താട്ടുകുളം റൂട്ടിലെ ഉന്നക്കുപ്പ വളവ് നിവര്‍ത്തുന്നതിന്റെ പേരില്‍ വീണ്ടും സ്ഥലമെടുപ്പുവന്നതോടെയാണ് മൂവാറ്റുപുഴ കാവുംപടി കല്ലാട്ട് കെ.സി. ജോര്‍ജും, ഈസ്റ്റ് മാറാടി വെട്ടുകാട്ടില്‍ വി.പി. ഷാജിയും ഹൈക്കോടതിയെ സമീപിച്ചത്. ലൂയിസ് ബെര്‍ജര്‍ എന്ന കണ്‍സള്‍ട്ടന്‍സി ഏജന്‍സി നിശ്ചയിച്ച അലൈന്‍മെന്റില്‍നിന്ന് വ്യത്യസ്തമായി, വീണ്ടും പഠനം നടത്തി ദിശ മാറ്റിയത് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

എന്നാല്‍ കണ്‍സള്‍ട്ടന്‍സി ഏജന്‍സി അപകടകരമായ വളവുകള്‍ നിലനിര്‍ത്തി അലൈന്‍മെന്റ് നിശ്ചയിച്ചതിനാലാണ് മാറ്റേണ്ടിവന്നത് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കണ്‍സള്‍ട്ടന്‍സിയുടെ ആദ്യ അലൈന്‍മെന്റ് അശാസ്ത്രീയമായിരുന്നെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ശരിയാണെങ്കില്‍ കണ്‍സള്‍ട്ടന്‍സിയെ കരിമ്പട്ടികയില്‍പ്പെടുത്തി കണ്‍സള്‍ട്ടന്‍സി ഫീസ് തിരിച്ചുപിടിക്കണമെന്ന് ജസ്റ്റിസ് കെ. പത്മനാഭന്‍നായര്‍ വ്യക്തമാക്കി. എന്നാല്‍ കണ്‍സള്‍ട്ടന്‍സിക്ക് നോട്ടീസ് നല്‍കിയേ ആകാവൂ ഇതെന്നും കോടതി വ്യക്തമാക്കി.

ഇതേപ്പറ്റി ചീഫ് സെക്രട്ടറി കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ കണ്‍സള്‍ട്ടന്‍സിക്ക് നോട്ടീസ് അയക്കേണ്ടതുണ്ടെന്നും കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ആദ്യം അനുവദിച്ച ഒരു മാസം പോരെന്നു പറഞ്ഞാണ് സര്‍ക്കാര്‍ ഇപ്പോള്‍ മാര്‍ച്ച് 3 വരെ സമയം നീട്ടിവാങ്ങിയിട്ടുള്ളത്. ഇതുസംബന്ധിച്ച് മുഴുവന്‍ രേഖകളും പരിശോധിക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

10. സാന്ത്വന ചികിത്സയില്‍ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം
കോഴിക്കോട്: സാന്ത്വന ശുശ്രൂഷാ രംഗത്ത് ഒരു ശതമാനം രോഗികള്‍ക്ക് മാത്രം ഇന്ത്യയില്‍ പരിചരണം ലഭിക്കുമ്പോള്‍ എഴുപത് ശതമാനത്തോളം രോഗികള്‍ക്ക് പരിചരണം നല്‍കി കേരളം മാതൃകയാവുന്നു.

ഇന്ത്യയില്‍ ചെന്നൈ, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹാട്ടി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ എട്ട് കേന്ദ്രങ്ങളില്‍ ഈ മേഖലയില്‍ നാമമാത്ര പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ വികസ്വര രാജ്യങ്ങളിലെ മാതൃകാപദ്ധതിയായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസി (ഐ.പി.എം) നെ അംഗീകരിച്ചത് കേരളത്തിന്റെ ഈ രംഗത്തെ മുന്നേറ്റത്തിന്റെ സൂചനയാണ്.

ഐ.പി.എമ്മിനെ കേന്ദ്രമാക്കിക്കൊണ്ടു 68 കേന്ദ്രങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാന്‍സര്‍ രോഗികളെ മാത്രമല്ല പ്രായാധിക്യം മൂലമുണ്ടാവുന്ന അസ്വസ്ഥത അനുഭവിക്കുന്നവര്‍, നട്ടെല്ലിന് ക്ഷതമേറ്റവര്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്കും സാന്ത്വനശുശ്രൂഷ നല്‍കിവരുന്നു. മാനസിക പ്രശ്നമുള്ളവര്‍ക്കും സഹായമെത്തിക്കാന്‍ പദ്ധതികളായിട്ടുണ്ട് എന്ന് ഐ.പി.എം.ഡയറക്ടര്‍ ഡോ.സുരേഷ്കുമാര്‍ പറഞ്ഞു.

ഐ.പി.എമ്മിന്റെ വരുമാനത്തിന്റെ പത്ത് ശതമാനമായിരുന്നു നേരത്തെ പഞ്ചായത്തുകളില്‍ നിന്ന് ലഭിച്ചിരുന്നത്. വികേന്ദ്രീകരണം കൂട്ടല്‍ ഫലപ്രാപ്തിയിലെത്തിയതോടെ മൊത്തവരുമാനത്തിന്റെ മൂന്നിലൊന്ന് പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്.

കോഴിക്കോട്ട് നഗരസഭയിലെ സാന്ത്വനചികിത്സാ ചെലവിന്റെ നാല്പത് ശതമാനം നഗരസഭയാണ് വഹിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പങ്കാളിത്തത്തിലൂടെ മരുന്ന് വിതരണവും ബോധവല്‍ക്കരണവും നടന്നുവരുന്നുണ്ട്.

ഓരോ പഞ്ചായത്തിലും ഇരുനൂറോളം രോഗികള്‍ സാന്ത്വന ശുശ്രൂഷ ആവശ്യമായവരായി ഉണ്ടെന്നു ഡോ.സുരേഷ്കുമാര്‍ പറഞ്ഞു. പ്രതിദിനം മുപ്പത് രോഗികള്‍ക്ക് കിടത്തിക്കൊണ്ടുള്ള പരിചരണം നല്‍കുന്ന ഐ.പി.എമ്മില്‍ പ്രതിവര്‍ഷം ഏഴായിരത്തോളം രോഗികളെത്തുന്നുണ്ട്.

പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്ന ധനസഹായത്തിന് പുറമെ ഉദാരമതികളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകളാണ് ഐ.പി.എം. പ്രവര്‍ത്തനത്തിന്റെ മുതല്‍കൂട്ട്.

ഐ.പി.എമ്മില്‍ ബംഗ്ലാദേശ് ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്ന് പരിശീലനം നേടാനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്താറുണ്ട്.

11. കുഴിമാടം മാന്തി മൃതദേഹം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
പൊന്നാനി: പൊന്നാനി ഈശ്വരമംഗലത്ത് ഭാരതപ്പുഴയോരത്തെ പൊതുശ്മശാനത്തില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ച കേസില്‍ ശ്മശാനത്തിനടുത്ത് താമസിക്കുന്ന നെച്ചിപ്പാടത്ത് കുഞ്ഞിക്കിളിയനെ (63) പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രി കുഴിമാടം തുറന്ന് മോഷ്ടിച്ച തലയോട്ടിയുടെ ഭാഗങ്ങളും എല്ലിന്‍കഷ്ണങ്ങളും പ്രതിയുടെ വീട്ടില്‍നിന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ പൊന്നാനി എസ്.ഐ മൂസ വള്ളിക്കാടനും സംഘവും കണ്ടെടുത്തു. ഇത് തുറന്നുകിടക്കുന്ന കുഴിയിലെ ലോഹനിര്‍മിത പെട്ടിയില്‍നിന്ന് മോഷ്ടിച്ചതാണെന്ന് ശ്മശാനത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോയ പ്രതി പോലീസിനോട് സമ്മതിച്ചു. ഇതിനുമുമ്പും ഇതേ ശ്മശാനത്തിലെ നാലഞ്ച് കുഴികള്‍ തുറന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.

എറണാകുളത്തെ ഒരാള്‍ക്ക് എണ്ണയോ, മരുന്നോ ഉണ്ടാക്കുന്നതിനാണ് ജഡാവശിഷ്ടങ്ങള്‍ കുഴിമാന്തി എടുക്കുന്നതെന്നും ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് തനിക്ക് അഞ്ഞൂറ് രൂപ കിട്ടുമെന്നും കുഞ്ഞിക്കിളിയന്‍ സമ്മതിച്ചു.

ബുധനാഴ്ചരാത്രി ഇയാള്‍ ശ്മശാനത്തില്‍നിന്ന് ചാക്കുകെട്ടുമായി പോകുന്നത് ചിലര്‍ കണ്ടിരുന്നു. പിറ്റേന്ന് കുഴിമാടം തുറന്ന നിലയില്‍ കാണുകയും ചെയ്തു. സംഭവം വിവാദമായതോടെ തിരൂര്‍ ആര്‍.ഡി.ഒ ശ്മശാനം സന്ദര്‍ശിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രതിയെ ചോദ്യംചെയ്തുവരികയാണ്. എ.എസ്.ഐ കുമാരന്‍, എച്ച്.സി പ്രഭാകരന്‍, കോണ്‍സ്റ്റബിള്‍മാരായ സി.വി. ഹരിദാസന്‍, പ്രദീപ് എന്നിവരും എസ്.ഐയോടൊപ്പമുണ്ടായിരുന്നു.

1. കൈയേറ്റം അന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ പുതിയ സംഘം
നെടുങ്കണ്ടം: വാഗമണ്‍, മൂന്നാര്‍, ചിന്നക്കനാല്‍ മേഖലകളിലെ ഭൂമി കൈയേറ്റവും വ്യാജപട്ടയവും അന്വേഷിക്കാന്‍ പുതിയ സംഘത്തെ റവന്യുമന്ത്രി കെ.പി രാജേന്ദ്രന്‍ പ്രഖ്യാപിച്ചു. അഞ്ച് ഡെപ്യൂട്ടി കളക്ടര്‍മാര്‍ അടങ്ങിയതാണ് പുതിയ സംഘം 30 സര്‍വേ ഉദ്യോഗസ്ഥരും സംഘത്തെ സഹായിക്കും.

മൂന്നാര്‍, വാഗമണ്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൌത്യസേന ഉണ്െടങ്കിലും ഇവര്‍ക്കു പുറമേയാണു റവന്യുമന്ത്രിയുടെ സ്വന്തം സംഘവും ഉണ്ടായിരിക്കുന്നത്.

പ്രത്യേക ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം മരവിച്ചിരിക്കുന്ന അവസ്ഥയിലാണു പുതിയ സംഘത്തിന്റെ പ്രഖ്യാ പനം വന്നിരിക്കുന്നത്.കഴിഞ്ഞദിവസം വ്യാജപട്ടയങ്ങളുടെ പേരില്‍ ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിലെ എല്‍.എ രേഖകള്‍ ഉള്ള മുറിയും സേഫും ജില്ലാകളക്ടര്‍ സീല്‍ചെയ്തിരുന്നു.

ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി ഇന്നലെ താലൂക്ക് ഓഫീസില്‍ റവന്യുമന്ത്രി യുടെ നേതൃത്വത്തി ല്‍ റവന്യു ഉദ്യോഗസ്ഥരുടെ യോഗവും നടന്നിരുന്നു.

ആറുമാസത്തി ലേറെയായി പ്രത്യേക സേനയ്ക്ക് കണ്െടത്താന്‍ കഴിയാത്ത കൈയേറ്റങ്ങളാണു പുതിയ സംഘം കണ്െടത്തുന്നത്. മൂന്നാര്‍, ചിന്നക്കനാല്‍ മേഖലകളില്‍ ഉദ്യോഗസ്ഥര്‍ക്കു താമസിക്കുന്നതിനുള്ള പ്രാഥമിക സൌകര്യങ്ങള്‍പോലുമില്ലെന്നും ഇതിന് ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് 2600 റവന്യു ഉദ്യോഗസ്ഥരുടെ ഒഴിവുണ്ട്. ഇത് നികത്താനും നടപടി സ്വീകരിക്കും.

ആദിവാസികള്‍ക്കു വീട് വയ്ക്കാന്‍ ട്രൈബല്‍ വകുപ്പില്‍നിന്നും സഹായം നല്‍കും. റവന്യു ഭൂമി കൈയേറിയിട്ടുള്ളവര്‍ ഉടന്‍ ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്ത് ക്രൈം ബ്രാഞ്ചിനെ ഏല്‍പിക്കുമെന്നും ആദിവാസികളുടെ പേരില്‍ ഭൂമാഫിയ ഭൂമി കൈയേറ്റം നടത്തുന്നുണ്െടന്നും മന്ത്രി അറിയിച്ചു.

2. എല്‍.പി.ജി കരിഞ്ചന്ത; വാണിജ്യ ഗ്യാസ് വില്‍പ്പന ഇടിഞ്ഞു
കൊച്ചി: ഹോട്ടലുകളിലും വ്യവസായ ശാലകളിലും ഉപയോഗിക്കുന്ന വാണിജ്യപാചക വാത കത്തിനു എണ്ണക്കമ്പനികള്‍ വില കുത്തനെ കൂട്ടിയതോടെ ഗാര്‍ഹിക എല്‍.പി.ജിയുടെ കരിഞ്ചന്ത വില്‍പ്പന വ്യാപകമായി. വില കൂട്ടിയതിനു ശേഷം വാണിജ്യഗ്യാസ് വില്‍പ്പനയില്‍ മുപ്പതു ശതമാനത്തോളം ഇടിവുണ്െടന്നു വിതരണക്കാര്‍ ചൂണ്ടിക്കാട്ടി.

ഇതോടെ സംസ്ഥാനം വീണ്ടും ഗാര്‍ഹിക എല്‍.പി.ജിയുടെ കടു ത്ത ക്ഷാമത്തിലേക്കു നീങ്ങുകയാണ്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കേണ്ട 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ പാചക വാതക സിലണ്ടറിന് 1096.15 രൂപയാണു വില. അന്തരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവിനെ തുടര്‍ന്നു വാണിജ്യ ഗ്യാസ് സിലണ്ടറിന് 113 രൂപ ഈ മാസം വര്‍ധിച്ചിരുന്നു.

ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം ഭാരമുള്ള ഒരു സിലണ്ടറിന് 299 രൂപയാണ് വില. ഹോട്ടലുകളില്‍ അടക്കമുള്ള വാണിജ്യ ആവശ്യത്തിനു ഗാര്‍ഹിക എല്‍.പി.ജി ഉപയോഗിക്കരുതെന്നാണു ചട്ടം. എന്നാല്‍, വിലയിലുള്ള ഈ അന്തരം മുതലെടുത്തു ഗാര്‍ഹികാവശ്യത്തിനുള്ള എല്‍. പി.ജി കരിഞ്ചന്തയിലേക്ക് ഒഴുകുകയാ ണ്.

സംസ്ഥാനം കഴിഞ്ഞ കുറേ മാസങ്ങളായി ഗാര്‍ഹിക പാചകവാതക ക്ഷാമത്തിലായിരുന്നു. വില്‍പ്പന അല്‍പം മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് വാണിജ്യ പാചക വാതകത്തിനു വില കുത്ത നെ വര്‍ധിപ്പിച്ചത്. ഇതോടെ എല്‍. പി.ജിയുടെ കരിഞ്ചന്തയിലെ വില്‍പ്പന വര്‍ധിക്കുകയും വീണ്ടും ഗാര്‍ഹിക പാചക വാതക ക്ഷാമമുണ്ടാവുകയും ചെയ്യുകയാണെന്ന് ഓള്‍ ഇന്ത്യ എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.

പ്രധാനമായും പാചക വാതക വിതരണ ശൃംഗല വഴിയാണ് കരിഞ്ചന്ത വില്‍പ്പന വ്യാപകമായിരിക്കുന്നതെന്നു ആരോപണമുണ്ട്. ഇതിനുപിന്നില്‍ ഒരു റാക്കറ്റ്തന്നെ പ്രവര്‍ത്തിക്കുന്നുണ്െടന്നാണ് അധികൃതരുടെ സംശയം.

ഗ്യാസ് സിലണ്ടറുകള്‍ യഥാസ്ഥാനത്ത് എത്തുന്നുണ്േടായെന്നു കൃത്യമായി കണ്െടത്താന്‍ വിതരണക്കാര്‍ക്ക് പലപ്പോഴും കഴിയാറുമില്ല. ഈ സാഹചര്യങ്ങളെല്ലാം ഉപയോഗിച്ചാണു കരിഞ്ചന്ത വില്‍പ്പന അരങ്ങേറുന്നത്. ക്രൂഡ് ഓയിലിന്റെ വില അന്തരാഷ്ട്ര വിപണിയില്‍ 100 ഡോളര്‍ കവിഞ്ഞ സാഹചര്യത്തിലാണ് വാണിജ്യ ഗ്യാസിന് എണ്ണക്കമ്പനികള്‍ വില വര്‍പ്പിച്ചത്.

3. ഇക്കോടൂറിസം വികസനത്തിന് മൂന്നുകോടിയുടെ പദ്ധതി: മന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് വിനോദ സഞ്ചാരവകുപ്പ് ഈവര്‍ഷം ഇക്കോടൂറിസം വികസനത്തിനായി മൂന്ന് കോടിരൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. തുഷാരഗിരിക്ക് പുറമെ കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയും കക്കയവും ഇക്കോടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്െടന്ന് ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയില്‍നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനം മലബാര്‍ മേഖലയിലെ വിനോദ സഞ്ചാര വികസനത്തിന് വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മലബാറിലെ ടൂറിസം മേഖലയില്‍ നിക്ഷേപിക്കുന്ന സ്വകാര്യ സംരംഭകര്‍ക്ക് 15 ശതമാനം സബ്സിഡി നല്‍കും. സംസ്ഥാനത്തെ 75 ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതില്‍ 18 എണ്ണം പണി പൂര്‍ത്തീകരിച്ചു. 29 പദ്ധതികളുടെ പണി പുരോ ഗമിച്ചുവരികയാണ്.

സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഈവര്‍ഷം 10 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അഞ്ചുലക്ഷം വിദേശ ടൂറിസ്റ്റുകളും 65 ലക്ഷം അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള സഞ്ചാരികളും കേരളത്തില്‍ സന്ദര്‍ശനം നടത്തി.

ജാനകിക്കാട് അടിസ്ഥാന സൌകര്യവികസനത്തിനായി മൂന്ന് ഏക്കര്‍ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള സാധ്യത ആരായുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഭൂമി ലഭ്യമായില്ലെങ്കില്‍ സ്ഥലം പൊന്നും വിലക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ടൂറിസം മേഖലയെ ജനകീയവത്കരിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ടൂറിസം ക്ളബുകള്‍ക്ക് ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നാദാപുരത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് ഇതുസംബന്ധിച്ച വനം-ഭവന നിര്‍മാണ മന്ത്രി ബിനോയ് വിശ്വത്തിന്റെ അഭ്യര്‍ഥനക്ക് മന്ത്രി മറുപടി പറഞ്ഞു. അടുത്ത ആറുമാസക്കാലം വിദ്യാര്‍ഥികള്‍ക്ക് ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രം സൌജന്യമായി സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.

മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് എന്ന സ്ഥലത്ത് 131 ഹെക്ടര്‍ വനപ്രദേശത്താണ് 16.70 ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ട്രക്കിംഗ്, മുളചങ്ങാടത്തിലും വട്ടത്തോണിയിലും ഉല്ലാസയാത്ര, പക്ഷി-ചിത്രശലഭ നിരീക്ഷണം, ഔഷധസസ്യങ്ങളേയും വനസസ്യങ്ങളെയും പരിചയപ്പെടല്‍, പകൃതി പഠന ക്യാമ്പ് എന്നിവയ്ക്കുള്ള സൌകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചടങ്ങില്‍ പി. സതീദേവി എംപി മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ കെ.കെ. ലതിക, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, വനവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ.കെ.വിജയന്‍, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി. മനോഹരന്‍, ഇക്കോടൂറിസം ഡയറക്ടര്‍ കെ. നാരായണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

4. കേരളത്തില്‍ കൂടുതല്‍ എല്‍പിജി സ്റ്റേഷനുകള്‍ തുറക്കും
കൊച്ചി: കേരളത്തില്‍ കൂടുതല്‍ എല്‍പിജി സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ബി.അശോക്. വാഹനത്തിനുള്ള ഇന്ധന ദൌര്‍ലഭ്യം പരിഹരിക്കുന്നതിനായും കൂടുതല്‍ മെച്ചപ്പെട്ട സൌകര്യം ലഭ്യമാക്കുന്നതിനുമായി മാര്‍ച്ച് അവസാനത്തോടെ 15 പുതിയ എല്‍പിജി സ്റ്റേഷനുകള്‍ കൂടി തുറക്കാനും എഥനോള്‍ മിശ്രിത പെട്രോള്‍ ലഭ്യമാക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊതുമേഖലയില്‍ 30 ഓട്ടോ എല്‍പിജി സ്റ്റേഷനുകളാണ് നിലവിലുള്ളത്. മാര്‍ച്ച് അവസാനത്തോടെ ഇത് 45 ആക്കി വര്‍ധിപ്പിക്കാനാണു ശ്രമിക്കുന്നത്.

ഓട്ടോ എല്‍പിജിയുടെ ഉയര്‍ന്ന ആവശ്യകതയെത്തുടര്‍ന്നാണ് ഈ തീരുമാനം. പെട്രോളിനൊപ്പം എഥനോള്‍ കൂട്ടിച്ചേര്‍ക്കുന്ന പ്രവണത കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്.

ജെട്രോഫ, കരാഞ്ജിയ പോലുള്ള എണ്ണക്കുരുക്കളുടെ ഉത്പാദനം വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ നടന്നു വരുന്നതായും ബി.അശോക് വ്യക്ത മാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉത്പാദനം 33.99 എംഎംടി ആയെങ്കിലും ഉപഭോഗം 119.55 എംഎംടി ആയി വര്‍ധിച്ചു.

ക്രൂഡ് ഓയില്‍ ആവശ്യകത വര്‍ധിച്ചതോടൊപ്പം വില വര്‍ധിച്ചതും രാജ്യത്തെ ഇറക്കുമതി ബില്‍ ഇരട്ടിയിലധികമാക്കി. 2002-03 വര്‍ഷത്തില്‍ 84,401 കോടി രൂപയാണ് ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചത്.

5. വിദ്യാര്‍ഥിയെ ക്ളാസ് മുറിയില്‍ സഹപാഠി വെട്ടി പരിക്കേല്‍പ്പിച്ചു
ആലക്കോട്: പ്ളസ്ടു വിദ്യാര്‍ഥി സഹപാഠിയെ ക്ളാസ് മുറിയില്‍ വെട്ടുകത്തികൊണ്ട് കഴുത്തിനു വെട്ടിപ്പരിക്കേല്‍പിച്ചു. ആലക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥി ആലക്കോട് വലിയപറമ്പില്‍ ബേബിയുടെ മകന്‍ സെബാസ്റ്റ്യനാണ് (18) വെട്ടേറ്റത്. സംഭവത്തോടനുബന്ധിച്ച് തേര്‍ത്തല്ലി പെരിങ്ങാല സൌത്തിലെ വേങ്ങാശേരി അബ്ദുള്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് സിറാജിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തു.

സെബാസ്റ്റ്യന്റെ കഴുത്തിനും ഇടതു കൈയ്ക്കും ഇടതു ചെവിക്കും ആഴത്തില്‍ മുറിവേറ്റു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്കു വിധേയനായ സെബാസ്റ്റ്യന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ ഉച്ചഭക്ഷണത്തിന് ക്ളാസ് വിട്ട സമയത്തായിരുന്നു സംഭവം. നിരവധി കുട്ടികള്‍ ഈ ഭീകരസംഭവത്തിന് ദൃക്സാക്ഷികളായി. കളിയാക്കലിന്റെ പേരില്‍ രാവിലെ ഇരുവരും തമ്മില്‍ ക്ളാസ് മുറിയില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് ടൌണില്‍ പോയി 150 രൂപ കൊടുത്ത് വെട്ടുകത്തി വാങ്ങിയ ശേഷം തിരിച്ചെത്തി സെബാസ്റ്റ്യനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ സഹപാഠികള്‍ പറഞ്ഞു. വെട്ടേറ്റ് ക്ളാസ് മുറിയില്‍ വീണ സെബാസ്റ്റ്യനെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. സിറാജിനെ കൈയോടെ പിടികൂടി പോലീസിനു കൈമാറി.

പ്ളസ് വണ്ണിന് പഠിക്കാനെത്തിയപ്പോള്‍ മുതല്‍ സെബാസ്റ്റ്യന്‍ തന്നെ കളിയാക്കാറുണ്ടായിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിനാണ് വെട്ടിയതെന്നും സിറാജ് പറഞ്ഞതായി പോലീസ് അറിയിച്ചു. സെബാസ്റ്റ്യനെ ചോദ്യം ചെയ്തു വരികയാണ്.

6. പൌരാവകാശരേഖ പ്രകാശനം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ആലപ്പുഴ: ട്രഷറിവകുപ്പിന്റെ പൌരാവകാശ രേഖാ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ ട്രഷറി അങ്കണത്തില്‍ ധനമ ന്ത്രി ഡോ. ടി.എം തോമസ് ഐസക് നിര്‍വഹിക്കും. കെ.സി വേണുഗോപാല്‍ എംഎല്‍എ അ ധ്യക്ഷത വഹിക്കും.

ഡോ. കെ.എസ് മനോജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍, നഗരസഭാ ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, ഇ.കെ പ്രകാശ്, കെ. ലാല്‍തിലക് തുടങ്ങിയവര്‍ സംസാരിക്കും.      

 1. കര്‍ണാടകയില്‍ വൈദ്യുതനിരക്ക് കുറക്കുന്നു
ബാംഗ്ലൂര്‍: നഷ്ടകണക്കിന്റെ പേരില്‍ കേരളത്തില് വൈദ്യുതചാര്‍ജ് കൂട്ടാനൊരുങ്ങുമ്പോള്‍ കര്‍ണാടകയില്‍ വൈദ്യുതി ചാര്‍ജ് കുറക്കുന്നു. ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) ഫെബ്രുവരി ഒന്നു മുതല്‍ യൂനിറ്റിന് 5 പൈസ മുതല്‍ 35 പൈസ വരെയാണ് കുറക്കുന്നത്. ബാംഗ്ലൂര്‍ അര്‍ബന്‍,റൂറല്‍,ദാവണ്‍ഗരെ,കോലാര്‍,തുംകൂര്‍,രാമനഗരം,ചിക്കബെല്ലാപൂര്‍,ചിത്രദുര്‍ഗ ജില്ലകളാണ് ബെസ്കോമിന് കീഴില്‍ വരുന്നത്.

നിരക്ക് കുറക്കുന്നതോടെ ബെസ്കോമിന് 257 കോടിയുടെ വരുമാന നഷ്ടമാണുണ്ടാവുകയെന്ന് കര്‍ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമീഷന്‍ അറിയിച്ചു. 2007^08 വര്‍ഷം സംസ്ഥാനത്തെ ജലവൈദ്യുതപദ്ധതികളില്‍ നിന്ന് അധിക വൈദ്യുതി ലഭിച്ചതിലൂടെയും മറ്റും ബെസ്കോമിന് അധികവരുമാനം ലഭിച്ചതിനാലാണ് നിരക്ക് കുറക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഭാഗ്യ ജ്യോതി,കുടീര ജ്യോതി തുടങ്ങിയ പദ്ധതികളില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചവര്‍ക്കാണ് ഏറ്റവുമധികം നിരക്ക് കുറവ്,യൂണിറ്റൊന്നിന് 35 പൈസ. ഗ്രാമീണ മേഖലകളില്‍ യൂണിറ്റൊന്നിന് 20 പൈസ വീതവും കുറയും.
വ്യവസായിക ഉപഭോക്താക്കളുടെ നിരക്കിലും മാറ്റമുണ്ടായിട്ടുണ്ട്. ഹൈടെന്‍ഷന്‍ വൈദ്യുതി ഉപഭോക്താക്കള്‍ നിലവിലുള്ള 380 പൈസയുടെ സ്ഥാനത്ത് 355 പൈസ നല്‍കിയാല്‍ മതി.

2005 സെപ്റ്റംബര്‍ മുതല്‍ നഗര,ഗ്രാമപ്രദേശങ്ങളില്‍ ബെസ്കോം വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. വോള്‍ട്ടേജ് ക്ഷാമവും വൈദ്യുത തടസവും മറ്റും കണക്കിലെടുത്താണ് ഗ്രാമപ്രദേശങ്ങളില്‍ വ്യത്യസ്ത നിരക്ക് ഈടാക്കിവരുന്നത്.

2. ചൈനയും ഇന്ത്യയുമായി ആണവ സഹകരണത്തിന്
ബീജിംഗ്: ഇന്ത്യയുമായി ആണവോര്‍ജ സഹകരണത്തിന് തയാറാണെന്ന് ചൈന. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ ചൈനയിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് നല്‍കിയ അത്താഴവിരുന്നിനിടെ ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബോ ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവസഹകരണത്തിന് അനുകൂലമായി പ്രതികരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ ബീജിംഗില്‍ അറിയിച്ചു.

വിശദമായ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു ശേഷം ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ^ അമേരിക്ക ആണവ സഹകരണ കരാറിനോടും ചൈനക്ക് അനുകൂലമായ നിലപാടാണുള്ളതെന്ന് അനൌദ്യോഗിക സംഭാഷണത്തില്‍ വെന്‍ജിയാബോ മന്‍മോഹന്‍സിംഗിനെ അറിയിച്ചു. ചൈനയുടെ ചരക്കു വിമാനങ്ങള്‍ക്ക് മുംബൈയിലേക്കും ചെന്നൈയിലേക്കും പറക്കാനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യ ലളിതമാക്കും. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇതേ സൌകര്യം ചൈനയും നല്‍കാനും ധാരണയായി.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചൈനീസ് നേതാക്കളുമായി ഇന്നും നാളെയും ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ചൈന സന്ദര്‍ശിക്കുന്ന മന്‍മോഹന്‍സിംഗ് ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്നവും രാജ്യാന്തര നദികളെ സംബന്ധിച്ച തര്‍ക്കങ്ങളും ചര്‍ച്ചക്കു വരും.

ബിസിനസ് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താന്‍ ചൈനയെ കണ്ടുപഠിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ വ്യവസായികളോട് ആവശ്യപ്പെട്ടു. തന്നെ അനുഗമിക്കുന്ന ഇന്ത്യന്‍ ബിസിനസ് പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആഗോളീകരണത്തിന്റെ ധീരമായ പുതിയ ലോകത്തെ അഭിമുഖീകരിക്കാന്‍ ഇന്ത്യന്‍ വ്യാപാരസമൂഹം തയാറായിരിക്കുകയാണ്. ആഗോളീകരണലോകത്ത് ചൈനക്ക് സുപ്രധാന പങ്കുണ്ട്. മല്‍സരാത്മകമായും സഹകരണത്തോടെയും ചൈനയില്‍നിന്ന് പഠിക്കാന്‍ നാം തയാറാകണമെന്ന് സിംഗ് പറഞ്ഞു.ആഗോള സാമ്പത്തികമാന്ദ്യമുണ്ടാവുമെന്ന് ആശങ്കയുള്ള ഇന്നത്തെ കാലത്ത് സ്വന്തം വികസന നടപടികളിലൂടെ വളര്‍ച്ച നേടാന്‍ ഇന്ത്യക്കും ചൈനക്കുമാവുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ^ചൈന ബന്ധം ചലനാത്മകമായ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ സിംഗിനെ ബീജിംഗില്‍ ചുവപ്പുപരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ചൈനീസ് വിദേശകാര്യ ഉപമന്ത്രി ദായി ബിംഗുവോയും ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവും ബീജിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേശകന്‍ എം.കെ. നാരായണനും വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനും സിംഗിനെ അനുഗമിക്കുന്നുണ്ട്.

ബീജിംഗിലെ ഒളിമ്പിക് ഗ്രാമം സന്ദര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ചത്. അരമണിക്കൂര്‍ നേരം അവിടെ ചെലവഴിച്ച അദ്ദേഹം 30 ഒളിമ്പിക് വേദികളുടെ മാതൃകകള്‍ നോക്കിക്കണ്ടു.

3. ഇന്ത്യക്ക് ആണവ ഇന്ധനം: എന്‍.എസ്.ജിയില്‍ എതിര്‍പ്പ് കുറയുന്നതായി സൂചന
വിയന്ന: ആണവ സുരക്ഷാ മാനദണ്ഡകരാര്‍ സംബന്ധിച്ച് ഇന്ത്യയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ)യും അടുത്തയാഴ്ച സുപ്രധാന ചര്‍ച്ച നടത്താനിരിക്കെ ആണവവ്യാപാരത്തില്‍ ന്യൂദല്‍ഹിക്ക് ഇളവുകള്‍ നല്‍കാന്‍ 45 അംഗ ആണവവിതരണ രാജ്യങ്ങള്‍(എന്‍.എസ്.ജി) തയാറായേക്കുമെന്ന് സൂചന. ഇന്ത്യക്ക് ആണവഇന്ധനം നല്‍കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്ന എന്‍.എസ്.ജി അംഗങ്ങളായ സ്വിറ്റ്സര്‍ലാന്റും ന്യൂസിലന്റും നിലപാടില്‍ അയവുവരുത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇന്ത്യക്ക് ആണവഘടക വസ്തുക്കളും സാങ്കേതിക വിദ്യയും നല്‍കുന്നതിനായി ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച കരടു തയാറാക്കാന്‍ എന്‍.എസ്.ജി മുന്നോട്ടുവന്നതായി ഐ.എ.ഇ.എ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യക്ക് മുന്നിലുള്ള കടമ്പകള്‍ തീരുമെന്ന് എന്‍.എസ്.ജിക്ക് ശുഭപ്രതീക്ഷയുള്ളതായും അവര്‍ പറഞ്ഞു. എന്‍.എസ്.ജി ഇളവുകള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ഇന്ത്യ^അമേരിക്ക കരാര്‍ യാഥാര്‍ഥ്യമാവുന്നതില്‍ അത് നിര്‍ണായക നടപടിയായിരിക്കുമെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. നിരുപാധികമായ ഇളവുകള്‍ നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

4. ഗുജറാത്ത് മോഡല്‍ ഭരണം രാജ്യത്ത് വ്യാപിപ്പിക്കും: നരേന്ദ്ര മോഡി
നെടുമ്പാശേരി: ഗുജറാത്ത് മോഡല്‍ ഭരണം രാജ്യത്താകെ വ്യാപിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹം രാജ്യാന്തര വിമാനത്താവള ടെര്‍മിനലില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

വര്‍ഷങ്ങളായി ബംഗാള്‍ ഭരിക്കുന്ന ഇടതുപക്ഷത്തിന് ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാനായിട്ടില്ല. അതുപോലെ പല സംസ്ഥാനങ്ങളും ഭരിച്ച കോണ്‍ഗ്രസിനും വികസനത്തിലൂന്നി സത്ഭരണം കാഴ്ചവെക്കാനാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചുരുങ്ങിയ കാലംകൊണ്ട് ബി.ജെ.പി ഗുജറാത്തില്‍ ഉണ്ടാക്കിയെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ന് രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കരിമ്പൂച്ചകളുടെയും സി.ഐ.എസ്.എഫിന്റെയും പോലിസിന്റെയും കനത്ത കാവലില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ നരേന്ദ്ര മോഡി റണ്‍വേയില്‍ വെച്ചുതന്നെ കാറില്‍ കയറി.

തുടര്‍ന്ന് നിരവധി സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ ടെര്‍മിനലിന് മുന്നിലെത്തിയപ്പോള്‍ കാറിന്റെ ഡോര്‍ തുറന്ന് അവിടെ നിന്നുകൊണ്ടാണ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. മുന്‍ കേന്ദ്രമന്ത്രി ഓ.രാജഗോപാല്‍, ബി.ജെ.പി ദേശീയ സെക്രട്ടറി വി.സതീഷ്, സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍, ഉമാ കാന്തന്‍, നെടുമ്പാശേരി രവി തുടങ്ങിയവര്‍ ചേര്‍ന്നാണ് നരേന്ദ്രമോഡിയെ സ്വീകരിച്ചത്. ഐ.ജി വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലിസിനെ നിയോഗിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയശേഷം ഇന്ന് രാവിലെ പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്ക് പോകും.

5. മൊയ്തുപാലം 26ന് ബസ് ഗതാഗതത്തിന് തുറക്കും
തലശേãരി: അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് ഗതാഗതം നിരോധിച്ച ദേശീയപാതയിലെ ധര്‍മടം മൊയ്തുപാലം അറ്റകുറ്റപ്പണികള്‍ക്കുശേഷം ഈ മാസം 26ന് ഗതാഗതത്തിന് തുറക്കും. ചരക്ക് വാഹനങ്ങളുടെ ഗതാഗത നിരോധം തുടരും. യാത്രാവാഹനങ്ങളെ കടത്തിവിടുമ്പോഴും അറ്റകുറ്റപ്പണികള്‍ തുടരേണ്ടതുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഈ മാസം 18 മുതല്‍ പാലം ബലപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രധാന അറ്റകുറ്റപ്പണിയായ തൂണിന്മേലുള്ള ബീമും ഗസറ്റ് പ്ലേറ്റും മാറ്റുന്ന ജോലി ആരംഭിക്കും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനത്തിനായി രാത്രി 10 മുതല്‍ കാലത്ത്വരെ മൂന്നുദിവസം പാലം പൂര്‍ണമായി അടച്ചിടും. തുടര്‍ന്നുള്ള ദിവസം പകല്‍ സമയത്തും ഏതാനും ദിവസത്തേക്ക് പൂര്‍ണമായും ഗതാഗതം തടസ്സപ്പെടും. കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് പാലത്തില്‍ വിള്ളലുണ്ടാവുകയും സ്ലാബ് താഴുകയും ചെയ്തത്.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w