പത്രവാര്‍ത്തകള്‍ 12-01-08

ദേശാഭിമാനി
Sorry, this site is temporarily unavailable.
Please check back later.

1. ഹാര്‍ബര്‍ പോലീസ് സ്റ്റേഷന്‍ ആക്രമണം: നാവികസേനാംഗങ്ങള്‍ക്കു ജാമ്യം നിഷേധിച്ചു
കൊച്ചി: ഹാര്‍ബര്‍ പോലീസ് സ്റ്റേഷനു നേരെ വ്യാഴാഴ്ച രാത്രി നാവികസേനാംഗങ്ങള്‍ നടത്തിയ ആക്രമണം അതീവ ഗൌരവമെന്നു പോലീസ്. സംഭവം പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പോലീസ് സ്റ്റേഷനുനേരെ മേലില്‍ ആക്രമണമുണ്ടായാല്‍ അക്രമികളെ വെടിവച്ചു വീഴ്ത്താന്‍ എറണാകുളം റേഞ്ച് ഐ.ജി വിന്‍സന്‍ എം. പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇതിനിടെ, നാവികസേനാംഗങ്ങളെ ന്യായീകരിച്ച് നേവി രംഗത്തിറങ്ങിയതോടെ ഇരു സേനകളും തമ്മിലുളള ബന്ധം വഷളായി.

2. അനധികൃത അവധി: 56 ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് അയക്കാന്‍ മന്ത്രി ഉത്തരവിട്ടു
തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ നിന്നും അവധിയെടുക്കാതെ വിട്ടുനിന്ന 56 ഡോക്ടര്‍മാര്‍ക്കുകൂടി നോട്ടീസ് അയക്കുവാന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉത്തരവിട്ടു. മെഡിക്കല്‍ കോളജുകളിലെ 171 ഡോകടര്‍മാരെ ഇതേ കാരണത്തില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

നിശ്ചിത തീയതിക്കകം സര്‍വീസില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കുക. സര്‍വീസില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ നിയമന അഥോറിറ്റിയായ പബ്ളിക് സര്‍വീസ് കമ്മിഷന്റെ അനുവാദത്തോടെ ഇവരെ പിരിച്ചുവിടാനാണ് തീരുമാനം.

3. സി.കെ. ഗുപ്തന്‍ അനധികൃത നിയമനം നടത്തിയെന്നു രേഖകള്‍
പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി.കെ. ഗുപ്തന്‍ നിയമം മറികടന്നു നടത്തിയ നിയമനങ്ങള്‍ ബോര്‍ഡിനു പ്രതിമാസം മുപ്പതിനായിരത്തില്‍പരം രൂപയുടെ നഷ്ടം വരുത്തിവയ്ക്കുന്നതായി രേഖകള്‍.

പ്രസിഡന്റിന്റെ പ്രത്യേക താല്‍പര്യപ്രകാരം പേഴ്സണല്‍ അസിസ്റ്റന്റായി ഡപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ ശമ്പളം വാഗ്ദാനം ചെയ്ത് പുറത്തുനിന്നുളള ആളെ നിയമിച്ചതുമൂലം ബോര്‍ഡിന് ഉണ്ടായത് പ്രതിമാസം 25000 രൂപയുടെ നഷ്ടമാണ്.
രണ്ടുമാസമായി ശബരിമല സന്നിധാനത്ത് മന്ത്രി ജി. സുധാകരന്റെ ഓഫീസ് ദുര്‍വിനിയോഗം ചെയ്ത് സുഖവാസം നയിച്ചുവരുന്ന സുബിന്‍ എന്നയാളാണ് പ്രസിഡന്റിന്റെ പി.എ. സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നത്. ഇദ്ദേഹം ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ല. എവിടെനിന്നാണു പ്രത്യേക നിയമനമെന്ന് ആര്‍ക്കും അറിയില്ല. ഇതുവരെ യു.ഡി ക്ളാര്‍ക്ക്, എല്‍.ഡി ക്ളാര്‍ക്ക് തസ്തികയിലുള്ളവരായിരുന്നു പ്രസിഡന്റിന്റെ പേഴ്സണല്‍ അസിസ്റ്റന്റ്. ഇവരുടെ മാസശമ്പളം 6680-10790, 4990-7990 മാത്രമായിരുന്നുവെന്നതും ശ്രദ്ധേയം. എന്നാല്‍ ഡപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ തസ്തികയിലുളള ഒരാളെ പി.എയായി നിയമിക്കണമെന്നു സി.കെ. ഗുപ്തന്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് പുറത്തുനിന്നുളള ഒരാള്‍ക്ക് അമിത പണം നല്‍കി നിയമിക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിതമായത്. ശമ്പള സ്കെയില്‍ 16650-23300, ടി.എ, ഡി.എ എന്നിവ ഇതിനുപുറമേ. ഇദ്ദേഹത്തിനു പ്രത്യേകിച്ച് ഡ്യൂട്ടിയൊന്നുമില്ലെന്നുളളത് വിചിത്രം.

ഒരാള്‍ കുറഞ്ഞത് 30 കൊല്ലം സര്‍വീസില്‍ തുടര്‍ന്നെങ്കില്‍ മാത്രമേ ദേവസ്വം ഡപ്യൂട്ടി കമ്മിഷണറാകുകയുള്ളുവെന്നതാണ് മറ്റൊരു വസ്തുത. ദേവസ്വം ബോര്‍ഡില്‍ യോഗ്യതയുളളവര്‍ അനവധി ഉണ്ടായിരിക്കെ, സാധാരണ എല്‍.ഡിക്ളാര്‍ക്കിന്റെ റാങ്കുള്ള പി.എയെ എന്തുകൊണ്ടു പുറത്തുനിന്നും നിയമിച്ചുവെന്നതും ദുരൂഹത ഉയര്‍ത്തുന്നു.

സി.കെ. ഗുപ്തന്റെ പേഴ്സണല്‍ പ്യൂണ്‍ നിയമനവും ഇതിനോടകം വിവാദമായിക്കഴിഞ്ഞു. 55 വയസില്‍ സര്‍വീസ് പൂര്‍ത്തിയാക്കി പിരിഞ്ഞുപോകേണ്ട എന്‍. സുബ്രഹ്മണ്യന്‍ പോറ്റിയെയാണ് സര്‍വീസ് 60 വയസുവരെ നീട്ടിക്കൊടുത്തശേഷം പ്രസിഡന്റ് പേഴ്സണല്‍ പ്യൂണായി നിയമിച്ചത്. 1970 ഏപ്രില്‍ ഏഴിനുമുമ്പ് സര്‍വീസില്‍ പ്രവേശിച്ച ഫുള്‍ടൈം ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ക്ക് 60 വയസുവരെ സര്‍വീസ് നീട്ടിക്കൊടുത്തു കൊണ്ടിറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു ഇത്. എന്നാല്‍ 1970-നുമുമ്പ് താത്ക്കാലിക ജീവനക്കാരനായിരുന്നു സുബ്രഹ്മണ്യന്‍പോറ്റിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

4. എഡ്മണ്ട് ഹിലാരി അന്തരിച്ചു
വെല്ലിംഗ്ടണ്‍ (ന്യൂസിലന്‍ഡ്): ആദ്യമായി എവറസ്റ്റ് കീഴടക്കിയ പര്‍വതാരോഹകന്‍ സര്‍ എഡ്മണ്ട് ഹിലാരി (88) അന്തരിച്ചു. 1953 മേയ് 29-നാണ് ഹിലാരിയും ടെന്‍സിങ് നോര്‍ഗെയും ചേര്‍ന്ന് എവറസ്റ്റ് കീഴടക്കിയത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഓക്ലന്‍ഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പ്രാദേശിക സമയം രാവിലെ ഒമ്പതിനാണ് അന്തരിച്ചത്. ഹൃദയാഘാതമാണു മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എവറസ്റ്റിലെത്തിപതിറ്റാണ്ടിനുള്ളില്‍ ഹിമാലയത്തിലെ മറ്റു 10 കൊടുമുടികള്‍ കൂടി അദ്ദേഹം കീഴടക്കി. ഹിമാലയത്തിനു പുറമേ ദക്ഷിണ ധ്രുവത്തിലേക്കും നിരവധി സാഹസികയാത്രകള്‍ നടത്തിയിട്ടുണ്ട്. 1977-ല്‍ ഗംഗാ നദിയുടെ ഉത്ഭവം തേടിയിറങ്ങിയ സംഘത്തിലും അംഗമായിരുന്നു.
ഏറ്റവും പ്രശസ്തനായ ന്യൂസിലന്‍ഡുകാരന്‍ അന്തരിച്ചെന്നാണ് അനുശോചന സന്ദേശത്തില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ളര്‍ക്ക് പറഞ്ഞത്. എഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഹിലാരിക്ക് സാധാരണക്കാരനായി അറിയപ്പെടാനായിരുന്നു ആഗ്രഹം. വിവിധ സാഹസിക യാത്രകളില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്ന നേപ്പാളിലെ ഷേര്‍പ്പകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു.

ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നിരവധി പുരസ്കാരങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയില്‍ ഹൈക്കമ്മിഷണറായിരിക്കേ 1964-ല്‍ ഹിമാലയന്‍ ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിന്റെ പേരില്‍ പിന്നീട് നിരവധി സ്കൂളുകളും ആശുപത്രികളും ആരംഭിച്ചു. നേപ്പാളിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിച്ചു ഹിമാലയം കീഴടക്കിയതിന്റെ 50-ാം വാര്‍ഷികത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ഓണററി പൌരത്വം നല്‍കി ആദരിച്ചു.

5. കാര്‍ഷിക പദ്ധതികളിലെ വെട്ടിപ്പ്: വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു
കോട്ടയം: കേന്ദ്ര സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന നാലു പദ്ധതികളിലുണ്ടായ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പിനെപ്പറ്റിയുള്ള അന്വേഷണം അട്ടിമറിച്ചു. കൃഷിമന്ത്രി മുല്ലക്കര രത്നാകരനാണ് ഒരുവര്‍ഷം മുമ്പു വിജിലന്‍സ് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്.

സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍മിഷന്‍ കേരള, നാളികേര വികസന ബോര്‍ഡിന്റെ നാളികേര പുനരുദ്ധാരണ പദ്ധതി, സംഘമൈത്രി പദ്ധതി, ചെറുകിട കര്‍ഷക-കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം എന്നീ പദ്ധതികളില്‍ അഴിമതി നടന്നതായി കാര്‍ഷികോല്‍പാദന കമ്മിഷണര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണു വിജിലന്‍സ് അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശിച്ചത്. ഉന്നത സമ്മര്‍ദത്തെത്തുടര്‍ന്ന് അന്വേഷണം എങ്ങുമെത്തിയില്ല. പ്രാഥമിക അന്വേഷണംപോലും ആരംഭിച്ചിട്ടില്ല.
പദ്ധതികള്‍ നടപ്പാക്കുന്നതിനു കേന്ദ്രം നല്‍കുന്ന കോടികണക്കിന് രൂപ ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നു തട്ടിയെടുത്തതായാണു കമ്മിഷണര്‍ കണ്ടെത്തിയത്.

വളം ഉല്‍പാദിപ്പിക്കുകപോലും ചെയ്യാത്ത ഏജന്‍സിക്കു വളം വിതരണത്തിനുള്ള ചുമതല നല്‍കിയതു മുതല്‍ വ്യാജസംഘങ്ങള്‍ രൂപീകരിച്ചു പണം തട്ടിയെടുത്തതുവരെ ഉദ്യോഗതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷനുവേണ്ടി കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രത്തില്‍നിന്നു ലഭിച്ച 82 കോടിയില്‍ നല്ലൊരുഭാഗവും ഇടനിലക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. അഞ്ചുവര്‍ഷംകൊണ്ട് ആയിരം കോടി കേരളത്തിനു ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതിക്കുവേണ്ടി ഗുണനിലവാരമില്ലാത്ത വളം ഉത്പാദിപ്പിച്ചു നല്‍കുന്ന എണ്‍പതിലേറെ ഏജന്‍സികളെ കൃഷിവകുപ്പുതന്നെ അംഗീകരിച്ചിരുന്നു.

ഇടുക്കി ജില്ലയില്‍ ഒരു കോടി രൂപയുടെ വളം വിതരണം ചെയ്യാന്‍ ഏറ്റിരിക്കുന്ന ഏജന്‍സി വളം ഉല്‍പാദിപ്പിക്കുന്നുമില്ല. കണ്ണൂരില്‍ വളം വിതരണം ഏറ്റെടുക്കാന്‍ സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനവും രംഗത്തെത്തിയിരുന്നു. ഇവരും വളം ഉല്‍പാദിപ്പിക്കുന്നില്ല. നാളികേര പുനരുദ്ധാരണ പദ്ധതിക്കായി ചെലവഴിച്ച ആറുകോടി രൂപയില്‍ നല്ലൊരുപങ്കും ഇടനിലക്കാര്‍ കൈവശമാക്കുകയായിരുന്നു.

ഇതിന്റെ ഒരു വിഹിതം മാത്രമാണു കര്‍ഷകര്‍ക്ക് ലഭിച്ചത്. കോഴിക്കോടു ജില്ലയിലെ 750 ഹെക്ടര്‍ സ്ഥലത്ത് മാത്രം 1.31 കോടി രൂപ ചെലവഴിച്ചുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്.

സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ കേരളയുടെ വികസന പരിപാടിയോടനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ ജൈവവളം വിതരണം ചെയ്തതില്‍ 3.25 കോടി രൂപയുടെ അഴിമതി നടന്നതായി കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കൃഷിമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നാളികേര വികസന പദ്ധതിയനുസരിച്ച് നല്‍കിയ പൊട്ടാഷ്, അമോണിയം ഫോസ്ഫേറ്റ് എന്നിവയില്‍ വ്യാപകമായ തോതില്‍ മായം ചേര്‍ത്തിരുന്നതായും തെളിഞ്ഞിരുന്നു.

6. യുക്തിവാദി സംഘത്തിന് സംരക്ഷണമില്ല
കൊച്ചി: മകരവിളക്കു ദിനമായ 14-ന് മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട് സന്ദര്‍ശിക്കുന്നതിനു പോലീസ് സംരക്ഷണം ലഭിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന കേരള യുക്തിവാദി സംഘത്തിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ദേവസ്വം ബോര്‍ഡിനെയും അയ്യപ്പസേവാസംഘത്തെയും കേസില്‍ കക്ഷിചേര്‍ക്കാന്‍ തീരുമാനിച്ച കോടതി 14 ദിവസത്തിനകം നിലപാടറിയിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
പൊന്നമ്പലമേട് സന്ദര്‍ശനത്തിന് അനുമതിയും പോലീസ് സംരക്ഷണവും നല്‍കണമെന്ന് സര്‍ക്കാരിനോടും പോലീസ് വകുപ്പിനോടും ആവശ്യപ്പെട്ടിട്ട് മറുപടി ലഭിക്കാതിരുന്നതോടെയാണ് യുക്തിവാദി സംഘം ഹൈക്കോടതിയെ സമീപിച്ചത്.

പൊന്നമ്പലമേട്ടില്‍ പോകണോ എന്ന് ഇന്ന് യോഗംചേര്‍ന്ന് തീരുമാനിക്കുമെന്ന് യുക്തിവാദി സംഘം ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ പറഞ്ഞു.

7. പിണറായിക്ക് അന്തിയുറങ്ങാനിടം സസ്പെന്‍ഷനിലായ പാര്‍ട്ടിനേതാവിന്റെ സഹോദരന്റെ വീട്ടില്‍
ചേര്‍ത്തല: സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് അന്തിയുറങ്ങാനിടം കല്ലങ്ങാപ്പള്ളി ബാങ്ക് അഴിമതിക്കേസില്‍ സസ്പെന്‍ഷനിലായ പാര്‍ട്ടിനേതാവിന്റെ സഹോദരന്റെ വീട്ടില്‍. കല്ലങ്ങാപ്പള്ളി സഹകരണബാങ്കിലെ സെക്രട്ടറിയും അഴിമതിക്കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്നതുമായ പി.എസ് സുരേഷ്കുമാറിന്റെ ജ്യേഷ്ഠനും പ്രവാസി മലയാളിയുമായ മോഹനന്റെ കാളികുളത്തുള്ള വീട്ടിലാണ് പിണറായി വിജയന്‍ താമസിക്കുന്നത്.

സ്വാഗതസംഘം ചെയര്‍മാനും സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയുമായ കെ. പ്രസാദാണ് പിണറായിക്ക് താമസിക്കാന്‍ വീടൊരുക്കിയത്. ഇന്നലെ ഉച്ചഭക്ഷണത്തിനുശേഷം പിണറായിയുടെ വിശ്രമവും ഇവിടെയായിരുന്നു. ബാങ്ക് നടപടികൂടാതെ പാര്‍ട്ടിനടപടിയും സുരേഷ്കുമാറിന്റെ മേല്‍ വരാനിരിക്കെയാണു വിവാദത്തിനിടം നല്‍കുന്ന പിണറായിയുടെ അന്തിയുറക്കം.

8. ഐ.ടി പഠനം: 50.8 കോടിയുടെ കേന്ദ്രപദ്ധതിക്ക് അംഗീകാരം
മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഐ.ടി പഠനവും ഐ.ടി അധിഷ്ഠിത പഠനവും മെച്ചപ്പെടുത്തുന്നതിനായി 50.8 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി ഐ.ടി അറ്റ് സ്കൂള്‍ പ്രൊജക്ട് എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. മലപ്പുറത്തു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ ഹൈസ്കൂളുകളും ഐ.ടി പ്ളാന്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഹൈസ്കൂള്‍ തലത്തിലുണ്ടായിരുന്ന ഐ.ടി അധിഷ്ഠിത പഠനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ യു.പി തലത്തിലേക്കും വ്യാപിപ്പിക്കും. വിദ്യാഭ്യാസ ജില്ലയില്‍ ഒരു സ്കൂള്‍ വീതം സംസ്ഥാനത്തു 38 സ്കൂളുകളിലാണു പഠനം തുടങ്ങുക. പ്രാദേശിക കേബിള്‍ ശൃംഖലകളിലൂടെ ‘വിക്ടേഴ്സ്’ ചാനല്‍ വ്യാപകമാക്കും. സ്കൂളുകളില്‍ നിന്നുളള പരിപാടികളും വാര്‍ത്തകളും വിദ്യാര്‍ഥികള്‍ തയാറാക്കി വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സംവിധാനം അടുത്ത ജൂണോടെ നിലവില്‍ വരും. ഇതിനു വേണ്ടി സംസ്ഥാനത്തു ജില്ലാതലങ്ങളില്‍ യോഗം നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എഡ്യൂസാറ്റ് ശൃംഖലയുടെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന സംസ്ഥാനം കേരളമാണെന്നും കൂടുതല്‍ ഇന്ററാക്ടീവ് പരിശീലന പരിപാടികളും റെക്കോര്‍ഡിംഗും നടത്താന്‍ കഴിയുന്ന സ്റ്റുഡിയോ മലപ്പുറം കലക്ടറേറ്റില്‍ ഫെബ്രുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

1. ചിന്നക്കനാല്‍: യഥാര്‍ത്ഥ പട്ടയരേഖകള്‍ നഷ്ടപ്പെട്ടതും അന്വേഷിക്കുന്നു
ഇടുക്കി: ചിന്നക്കനാല്‍ വില്ലേജിലെ യഥാര്‍ത്ഥ പട്ടയങ്ങളുടെ രേഖകള്‍ നഷ്ടപ്പെട്ടതി നെപ്പറ്റി ദേവികുളം സബ് കളക്ടര്‍ രത്തന്‍ഖേല്‍ക്കര്‍ അന്വേഷണം ആരംഭിച്ചു. രേഖകള്‍ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് സംശയിക്കുന്നത്. റെക്കാഡ്റൂമില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

650 പട്ടയഫയലുകളുടെ സൂക്ഷ്മ പരിശോധനയാണ് നടക്കുന്നത്. ഇതില്‍ 450 എണ്ണം നെടുങ്കണ്ടം എല്‍. എ. ഓഫീസില്‍ നിന്നും ബാക്കി 200 എണ്ണം രാജകുമാരി എല്‍. എ. ഓഫീസില്‍ നിന്നും വിതരണം ചെയ്തിട്ടുള്ളവയാണ്. രാജകുമാരിയില്‍ നിന്നുള്ള പട്ടയങ്ങളുടെ സൂക്ഷ്മപരിശോധന പിന്നീടായിരിക്കും നടക്കുക. നെടുങ്കണ്ടത്ത് ഇതുവരെ 250ഓളം പട്ടയങ്ങളുടെ സൂക്ഷ്മ പരിശോധന നടന്നതായാണ് വിവരം.
മൂന്നു ദിവസത്തിനുള്ളില്‍ ബാക്കി പട്ടയരേഖകളുടെ പരിശോധന പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അഞ്ച് ഉദ്യോഗസ്ഥരെ ഉടനെ നെടുങ്കണ്ടത്തേയ്ക്ക് അയയ്ക്കുമെന്ന് റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു. പിന്നാലെ മുപ്പതുപേരെകൂടി നല്‍കും.

രേഖകള്‍ നല്‍കാതിരിക്കുകയും കാലവിളംബം വരുത്തുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണവും ആരംഭിച്ചു. സര്‍വ്വേ രേഖകള്‍ നല്‍കാതിരുന്നതിന് നെടുങ്കണ്ടം സര്‍വ്വേ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് കുട്ടി കുഞ്ഞമ്മയെ സര്‍വ്വേ ഡയറക്ടറുടെ അന്വേഷണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മറ്റു രണ്ട് സര്‍വ്വേ ജീവനക്കാരെകൂടി സസ്പെന്‍ഡ് ചെയ്യുമെന്ന് അറിയുന്നു.
വ്യാജ പട്ടയങ്ങളുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പട്ടയ മാഫിയയെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റവന്യുമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. എന്നാല്‍ പൊലീസിലെ ഏതു വിഭാഗത്തെയാണ് ഇതിന് ചുമതലപ്പെടുത്തുക എന്ന് തീരുമാനിച്ചിട്ടില്ല.

2. തദ്ദേശസ്ഥാപനങ്ങളെ ഏല്പിച്ച 3000 കി.മി. റോഡ് തിരിച്ചെടുക്കും: മന്ത്രി മോന്‍സ്
തിരു: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ പ്രധാനപ്പെട്ട 3000 കിലോമീറ്റര്‍ റോഡ് പൊതുമരാമത്ത് വകുപ്പ് തിരിച്ചെടുക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആകെ 13000 കിലോമീറ്റര്‍ റോഡാണ് വിട്ടുകൊടുത്തിട്ടുള്ളത്. എന്നാല്‍ തിരക്കേറിയ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നില്ല. തിരിച്ചെടുക്കലിന്റെ ഔദ്യോഗിക തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ നാലുവര്‍ഷത്തിനുള്ളില്‍ ദേശീയപാതകള്‍ നാലുവരിയായി വികസിപ്പിക്കാമെന്ന് കേന്ദ്ര ഉപരിതലമന്ത്രാലയം ഉറപ്പുനല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും. ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന റോഡില്‍ 20വര്‍ഷം കിലോമീറ്ററിന് 60 പൈസ നിരക്കില്‍ ടോള്‍ ഈടാക്കും. സംസ്ഥാനത്തെ മറ്റ് റോഡുകളുടെ വികസനം ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം അടുത്തമാസം നടക്കും.

3. സ്പേസ് ഇന്‍സ്റ്റിറ്റ്യൂട്ട്: ഉഴമലയ്ക്കലിലും വലിയമലയിലും ഭൂമിയുണ്ടെന്ന് അറിയിക്കും
തിരുവനന്തപുരം : ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ഉഴമലയ്ക്കലിലും വലിയമലയ്ക്ക് സമീപവും ഭൂമി കണ്ടെത്തിയ വിവരം ഐ.എസ്.ആര്‍.ഒയെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഐ.എസ്.ആര്‍.ഒയ്ക്ക് താത്പര്യമുള്ള ഭൂമി ഏതാണെന്ന് മനസിലാക്കിയശേഷം തുടര്‍നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്ന് പൊതുവേ അഭിപ്രായം ഉണ്ടായി. എല്‍.പി.എസ്.സി കേന്ദ്രത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ 70 ഏക്കര്‍ വനഭൂമിയും എല്‍.പി.എസ്.സിയോടു ചേര്‍ന്ന് വലിയമലയില്‍ 70 ഏക്കര്‍ സ്വകാര്യഭൂമിയുമാണ് കണ്ടുവച്ചിട്ടുള്ളത്. ഇതില്‍ സ്വകാര്യഭൂമി സര്‍ക്കാരിന് പൊന്നുംവിലയ്ക്കെടുക്കേണ്ടിവരും.

ഉഴമലയ്ക്കലില്‍ കണ്ടുവച്ച ഭൂമി വനഭൂമിയല്ലെന്നും രേഖകളില്‍ തെറ്റായി വനഭൂമിയാണെന്ന് രേഖപ്പെടുത്തിയതാണെന്നും റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തെ ബോദ്ധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു. ഈ ഭൂമി മതിയെങ്കില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന്റെ പൊല്ലാപ്പ് ഒഴിവാക്കണമെന്നും ഐ.എസ്.ആര്‍.ഒയെ ബോദ്ധ്യപ്പെടുത്തും.

വി.ആര്‍. പത്മനാഭന്‍ കൃഷിവകുപ്പ് സെക്രട്ടറി
വി.ആര്‍. പത്മനാഭനെ കൃഷിവകുപ്പ് സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചു. പതിന്നാല് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചത്തെ പരിശീലനത്തിന് പോകുന്നതിനാല്‍ ഇവരുടെ ചുമതല മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് താത്കാലികമായി നല്‍കാനും അനുമതി നല്‍കി.

ഇ.എഫ്.എല്‍ നിയമ ഭേദഗതി എല്‍.ഡി.എഫില്‍ ചര്‍ച്ചയ്ക്കുശേഷം
പരിസ്ഥിതി ദുര്‍ബല പ്രദേശം സംബന്ധിച്ച നിയമഭേദഗതിക്ക് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ട് മതിയെന്ന് തീരുമാനിച്ചു. പരിസ്ഥിതി ദുര്‍ബലപ്രദേശം സംബന്ധിച്ച് കസ്റ്റോഡിയന്‍ എടുക്കുന്ന തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന ഭേദഗതിയാണ് മന്ത്രി ബിനോയ് വിശ്വം മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ നയപരമായ വിഷയമായതിനാല്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ചില സി.പി.എം മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. സി.പി. ഐയിലെ ഒരു മന്ത്രിയും ഇതിനോട് യോജിച്ചതായി അറിയുന്നു.

ശബരി റെയില്‍പ്പാതയ്ക്ക് ഭൂമി ‘ഫാസ്റ്റ് ട്രാക്കാ’യി
അങ്കമാലി – അഴുത ശബരിമല റെയില്‍പ്പാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് ഫാസ്റ്റ് ട്രാക്ക് പദ്ധതിയില്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊല്ലം, എഴുകോണ്‍ ഇ. എസ്.ഐ ആശുപത്രിയില്‍ 20 കിടക്കകളുള്ള ആയുര്‍വേദ ഇന്‍പേഷ്യന്റ് യൂണിറ്റ് തുടങ്ങും. ഇതിനാവശ്യമായ തസ്തികകളും അനുവദിച്ചു.

ദേശീയ സ്കൂള്‍ ഗെയിംസ് : അഭിനന്ദനം
ദേശീയ സ്കൂള്‍ ഗെയിംസില്‍ ചാമ്പ്യഷിപ്പ് നേടിയ കേരള ടീമിനെ മന്ത്രിസഭായോഗം അഭിനന്ദിച്ചു. പാരിതോഷികം നല്‍കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.

4. പ്ളസ്ടു അനുവദിക്കല്‍: സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി ശരിവച്ചു
കൊച്ചി: സാമ്പത്തിക നിലകൂടി കണക്കിലെടുത്തേ പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിക്കാനാവൂ എന്ന സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു മേഖലയില്‍ വിദ്യാഭ്യാസപരമായ ആവശ്യം ഉണ്ടെന്നത് യാഥാര്‍ത്ഥ്യമായിരിക്കാം. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിമിതമാണ്. പല മേഖലകളിലും സര്‍ക്കാരിന് പണം വിനിയോഗിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ബഡ്ജറ്റ് നീക്കിയിരിപ്പിനെ ബാധിക്കാത്ത തരത്തില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നയം ശരിയാണ് – ഹൈക്കോടതി വ്യക്തമാക്കി.

പ്രീഡിഗ്രി വേര്‍പെടുത്തിയതോടെ നഷ്ടം വന്ന കോളേജ് മാനേജ്മെന്റുകള്‍ക്ക് പകരം പ്ളസ്ടു സ്കൂളുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ അക്കാലത്ത് വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ ജില്ലാ മുസ്ലിം എജ്യുക്കേഷണല്‍ അസോസിയേഷന് നഷ്ടമായ പ്രീഡിഗ്രി കോഴ്സുകള്‍ നികത്താന്‍ ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ ഹൈസ്കൂള്‍ അനുവദിച്ചെങ്കിലും പ്ളസ്ടു അനുവദിച്ചില്ല എന്ന് പരാതിപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ കെ. ബാലകൃഷ്ണന്‍ നായരും കെ.പി. ബാലചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ വിധി.

5. എയ്ഡഡ് സ്കൂള്‍ ചര്‍ച്ച: സഭയും എന്‍.എസ്.എസും ഉരുണ്ടുകളിക്കുന്നു
തിരുവനന്തപുരം : എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളുടെ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം അഭ്യര്‍ത്ഥിച്ചശേഷം ഓരോ കാരണം പറഞ്ഞ് ക്രൈസ്തവസഭാ – എന്‍.എസ്.എസ് ഐക്യവേദി പിന്മാറുകയായിരുന്നു.

മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് തോമസ് സാമുവല്‍, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍, അസി. സെക്രട്ടറി ജി. സുകുമാരന്‍നായര്‍ എന്നിവര്‍ സംയുക്തമായാണ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഏതു ദിവസവും ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അവര്‍ അറിയിച്ചിരുന്നു. അതിനെത്തുടര്‍ന്ന് ആദ്യം നിശ്ചയിച്ചദിവസം ഞായറാഴ്ചയായിപ്പോയി എന്നായി പരാതി. തങ്ങളില്‍ ആരെങ്കലും ഒരാളെ സൌകര്യമായി വിളിച്ച് തീയതി തീരുമാനിക്കാമെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാര്‍ജോസഫ് പെരുന്തോട്ടത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അതനുസരിച്ചാണ് ജനുവരി 2ന് പുതിയ തീയതി നിശ്ചയിച്ചത്. എന്നാല്‍, അന്ന് മന്നം ജയന്തിയായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കത്തില്‍ ഒപ്പിട്ട നാലു പേരെയും ഫോണില്‍ വിളിച്ചാണ് എല്ലാവര്‍ക്കും സൌകര്യമായ ജനുവരി 16ന് ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചത്. ഇങ്ങനെ ചര്‍ച്ചയ്ക്ക് സമ്മതിച്ചശേഷമാണ് ഇപ്പോള്‍ അത് നിരാകരിച്ചിരിക്കുന്നത്.

6. മുല്ലപ്പെരിയാര്‍: കേരളത്തിന്റെ നിലപാട് വ്യക്തമാക്കി സമഗ്ര റിപ്പോര്‍ട്ട് കേന്ദ്രത്തിനു നല്‍കും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാട് വിശദമാക്കിക്കൊണ്ടുള്ള സമഗ്രറിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ഇന്നലെ ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ വിളിച്ചുചേര്‍ത്ത വിദഗ്ധരുടെ യോഗത്തില്‍ ധാരണയായി.

റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കാന്‍ അന്തര്‍ സംസ്ഥാന നദീജലപ്രശ്നത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഉപദേഷ്ടാവായ വി.എം. വത്സലനെ യോഗം ചുമതലപ്പെടുത്തി. രണ്ടു ദിവസത്തിനകം അദ്ദേഹം റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അനുമതിയോടെ ഇതിന് അന്തിമ അംഗീകാരം നല്‍കിയ ശേഷമായിരിക്കും പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുക. സീപ്പേജ് വെള്ളം (ചോര്‍ന്നു പോകുന്ന വെള്ളം) അളക്കാന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികള്‍ അടങ്ങിയ സംയുക്തസമിതി ആകാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി സമ്മതിച്ച സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തിന് പുതിയ റിപ്പോര്‍ട്ട് നല്‍കുന്നത്.
അതേസമയം, സീപ്പേജ്വെള്ളം അനുവദനീയ പരിധിയില്‍ കൂടുതലാണെന്ന് പറയുന്നതല്ലാതെ കേരളത്തിന് ഇതിന്റെ കൃത്യമായ കണക്ക് അറിയില്ല എന്നത് ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.

സംയുക്തപരിശോധനയില്‍ സീപ്പേജ് വെള്ളം അനുവദനീയപരിധിയിലാണെന്ന് തെളിഞ്ഞാല്‍ കേരളം ഇതുവരെ ഉയര്‍ത്തിയ ആശങ്ക അസ്ഥാനത്താണെന്ന വാദമുയര്‍ത്തി തമിഴ്നാട് രംഗത്തുവരും. അതുകൊണ്ട് സീപ്പേജ് വെള്ളം സംയുക്തമായി അളക്കാനുള്ള തമിഴ്നാടിന്റെ നിലപാട് അംഗീകരിച്ചുകൊണ്ടുതന്നെ കേരളത്തിന്റെ വാദഗതികളില്‍ ഉറച്ചുനില്‍ക്കാനാണ് ഇന്നലെയുണ്ടായ ധാരണ. അതായത്, പുതിയ ഡാം എന്ന നിലപാടില്‍ നിന്ന് പിറകോട്ടില്ല. തമിഴ്നാടിന് കരാര്‍പ്രകാരം നല്‍കുന്ന വെള്ളം തുടര്‍ന്നും നല്‍കാമെന്ന് ഉറപ്പുനല്‍കിയിരിക്കെ, പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം അവര്‍ക്ക് അംഗീകരിക്കാതിരിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സുരക്ഷാസംബന്ധമായ മറ്റുവശങ്ങളും സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കേരളം ആവശ്യപ്പെടും. പുതിയ ഡാം നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചാല്‍ ത്തന്നെ അതിന്റെ ഇന്‍വെസ്റ്റിഗേഷന്‍, പാരിസ്ഥിതിക അനുമതി, നിര്‍മ്മാണം തുടങ്ങിയവയ്ക്കെല്ലാം കൂടി ആറേഴു വര്‍ഷമെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്നലത്തെ യോഗത്തില്‍ നിയമവകുപ്പ് സെക്രട്ടറി, കെ.എസ്.ഇ.ബി ചെയര്‍മാന്‍, ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ തുടങ്ങിയവരും പങ്കെടുത്തു.

1. ശബരി റെയില്‍പ്പാതയ്ക്ക് അതിവേഗ പദ്ധതിയിലൂടെ സ്ഥലമെടുപ്പ് നടത്തും
തിരുവനന്തപുരം: അങ്കമാലി_അഴുത_ശബരി റെയില്‍പാതയ്ക്ക് ആവശ്യമായ മുഴുവന്‍ ഭൂമിയും അതിവേഗ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ടെക്നോ സിറ്റിക്ക് വേണ്ടി ഏറ്റെടുക്കുന്ന 507 ഏക്കറില്‍ 204 ഏക്കര്‍ സ്ഥലം സംസ്ഥാനതല എംപവേഡ് കമ്മിറ്റി നിശ്ചയിച്ചതായും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പത്രലേഖകരോട് പറഞ്ഞു.

കൊല്ലത്ത് എഴുകോണില്‍ ഇ.എസ്.ഐ. ആസ്പത്രിയോട് ചേര്‍ന്ന് 20 കിടക്കകളുള്ള ഒരു ആയുര്‍വേദ ഇന്‍ഡോര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതിനാവശ്യമായ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.

കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ ബാങ്കുകള്‍ സഹകരിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കടങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കുമോയെന്ന സംശയത്തിന്റെ പേരിലാണ് ബാങ്കുകള്‍ മാറിനിന്നത്.

2. ട്രഷറികളില്‍ ഭരണപ്രതിസന്ധി; 37 പ്രധാന തസ്തികകളില്‍ ആളില്ല
കൊച്ചി: ട്രഷറികളെ ജനകീയമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെ, വകുപ്പില്‍ പ്രധാനപ്പെട്ട 37_ഓളം തസ്തികകള്‍ മൂന്നു മാസമായി ഒഴിഞ്ഞുകിടക്കുന്നു. ‘പൌരാവകാശ രേഖ’ എന്ന പേരിലുള്ള ട്രഷറി ജനകീയവത്കരണം 15_ന് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ക്ക് ട്രഷറി ജീവനക്കാരെല്ലാം നെട്ടോട്ടമോടുകയാണ്. ഇതോടെ പല ട്രഷറികളിലും നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ട ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്.

തിരുവനന്തപുരം, കോട്ടയം, കൊല്ലം, പാലക്കാട്, റൂറല്‍ ട്രഷറി ഓഫീസുകളായ കൊട്ടാരക്കര, പാല, ഇടുക്കി ജില്ലയ്ക്കു കീഴില്‍ വരുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നത്.

ഏഴ് ജില്ല ട്രഷറി ഓഫീസര്‍മാര്‍, 10 അസിസ്റ്റന്റ് ജില്ല ട്രഷറി ഓഫീസര്‍മാര്‍, 20_ഓളം സബ് ട്രഷറി ഓഫീസര്‍മാര്‍ എന്നീ തസ്തികകളാണ് കഴിഞ്ഞ മൂന്നുമാസമായി നികത്തപ്പെടാതെ കിടക്കുന്നത്.

ഓഫീസര്‍മാരില്ലാത്തതിനാല്‍ പല ട്രഷറികളിലും കീഴ്ജീവനക്കാര്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ്. പ്രധാന തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോള്‍ ഉത്തരവാദിത്വം ഏല്‍ക്കണമെന്നുള്ളതിനാല്‍ ഈ ജീവനക്കാര്‍ പിന്മാറും. പ്രത്യേക അനുമതി വേണ്ട കേസുകള്‍, ജില്ല ട്രഷറി ഓഫീസര്‍മാര്‍ തന്നെ തീരുമാനമെടുക്കേണ്ട കേസുകള്‍ എന്നിവ മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം പല ബില്ലുകളും പാസ്സാക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.

ജനങ്ങള്‍ക്ക് എന്തൊക്കെ സേവനങ്ങള്‍ എത്ര സമയത്തിനുള്ളില്‍ ഓരോ ട്രഷറിയില്‍ നിന്ന് ലഭിക്കും, അനുബന്ധ സേവനങ്ങള്‍, മറ്റു സൌകര്യങ്ങള്‍ എന്നിവയടങ്ങുന്ന ‘പൌരാവകാശ രേഖ’ 15_ന് പുറത്തിറക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആലപ്പുഴയിലാണ് ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. സംസ്ഥാനത്തെ 202 സബ് ട്രഷറികളിലും ഒരേസമയം പദ്ധതി ഉദ്ഘാടനം ചെയ്യും.

പദ്ധതിയുടെ ഭാഗമായി ഞായറാഴ്ചകളില്‍പ്പോലും ഒഴിവില്ലാതെ യോഗങ്ങളില്‍ പങ്കെടുക്കേണ്ട ഗതികേടിലാണ് ട്രഷറി ഉദ്യോഗസ്ഥര്‍. ഇതിനൊപ്പംതന്നെ ട്രഷറികള്‍ മോടിപിടിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്.

എന്നാല്‍ ട്രഷറി വകുപ്പില്‍ ഭരണ പ്രതിസന്ധിയില്ലെന്ന് സംസ്ഥാന ട്രഷറി ഡയറക്ടര്‍ ഇ.കെ. പ്രകാശ് പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്താന്‍ നടപടികളെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷനു ശേഷം ഒരു കൊല്ലം പ്രൊബേഷന്‍ കാലയളവാണ്. എന്നാല്‍ ഈ കാലയളവ് പൂര്‍ത്തിയാകുന്നതിനു മുമ്പേ അടുത്ത പ്രൊമോഷന്‍ വരുന്നു. ഇത് നല്‍കാന്‍ നിയമം അനുവദിക്കാത്ത പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മാണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ നിയമം മറികടന്ന് വകുപ്പില്‍ പ്രൊമോഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് ട്രഷറി ജീവനക്കാര്‍തന്നെ ആരോപിക്കുന്നുമുണ്ട്.

3. ഇന്‍ഫോ പാര്‍ക്കിനു സമീപം പിടിച്ചെടുത്തത് ഉഗ്ര സ്ഫോടക ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍
കളമശ്ശേരി: ഇന്‍ഫോ പാര്‍ക്കിന് സമീപത്ത് വ്യാഴാഴ്ച കണ്ടെടുത്ത നാല് ബോംബുകളും ഉഗ്രശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളാണെന്ന് തെളിഞ്ഞു. മറ്റൊരു രീതിയിലും നിര്‍വീര്യമാക്കാന്‍ സാധിക്കാത്ത ജലാറ്റിന്‍ സ്റ്റിക്കുകള്‍ കളമശ്ശേരി എച്ച്.എം.ടി. കമ്പനിയുടെ ജനവാസമില്ലാത്ത പ്രദേശത്ത് വെള്ളിയാഴ്ച പൊട്ടിച്ച് നിര്‍വീര്യമാക്കി. ജലാറ്റിന്‍ സ്റ്റിക്കില്‍ ഇലക്ട്രോണിക് സര്‍ക്യൂട്ടും ഡിറ്റനറേറ്ററും ഘടിപ്പിച്ചിരുന്നു. ഇവയ്ക്കൊപ്പമുണ്ടായിരുന്ന ‘മൈക്രോ ചിപ്പ്’ വിശദ പരിശോധനകള്‍ക്കായി പോലീസിന്റെ സ്ഫോടകവസ്തു വിഭാഗം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30_ഓടെയാണ് കാറില്‍ സഞ്ചരിച്ചിരുന്ന കോട്ടയം അയര്‍ക്കുന്നം പൂങ്കുടശ്ശേരി റഹീം, വി.എ. കുഞ്ഞുമുഹമ്മദ് എന്നിവരെ ഒരു സംഘം ആളുകള്‍ ഇന്‍ഫോ പാര്‍ക്കിനു മുന്നിലിട്ട് വെട്ടിപ്പരിക്കേല്പിച്ചത്. സംഭവസ്ഥലത്തു നിന്നാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30_ഓടെ ബോംബ് സ്ക്വാഡും തൃക്കാക്കര പോലീസും ചേര്‍ന്ന് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിച്ച് നിര്‍വീര്യമാക്കി. ഉഗ്ര ശബ്ദത്തോടെയായിരുന്നു ഓരോന്നും പൊട്ടിയത്. ഇരുനില കെട്ടിടം വരെ തകര്‍ക്കാന്‍ ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളാണിവയെന്നാണ് ബോംബ് സ്ക്വാഡിന്റെ പ്രാഥമിക നിഗമനം. ചെറുതായി മര്‍ദം തട്ടിയാല്‍ പൊട്ടുന്ന സ്വഭാവമുള്ളതാണിത്. സംഭവസ്ഥലത്ത് ഇവ പൊട്ടാതിരുന്നതാണ് പോലീസിനെ അത്ഭുതപ്പെടുത്തുന്നത്. കൊച്ചിയില്‍ ആദ്യമായാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടുന്നത്.

മലബാര്‍ മേഖലയില്‍ നിരന്തരം പിടിക്കപ്പെടുന്ന ജലാറ്റിന്‍ സ്റ്റിക്കുകളോട് ഇവയ്ക്ക് സാമ്യമുണ്ടെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

4. നാടന്‍ ബോംബുകളുമായി ഗുണ്ടാസംഘം പിടിയില്‍
ഷൊറണൂര്‍: ആറ് നാടന്‍ ബോംബുകളുമായെത്തിയ ഏഴംഗ ക്വട്ടേഷന്‍ സംഘത്തിലെ നാലുപേരെ ഷൊറണൂര്‍ പോലീസ് പിടികൂടി. മൂന്നുപേര്‍ രക്ഷപ്പെട്ടു.

തൃശ്ശൂരില്‍നിന്നെത്തിയ സംഘത്തെ ഷൊറണൂരിലെ വലിയ റെയില്‍വേ മേല്പാലത്തിനടുത്തുവെച്ചാണ് എസ്.ഐ. പി.വി. രമേശും സംഘവും പിടിച്ചത്. ക്വട്ടേഷന്‍ ഏറ്റെടുത്ത് ഒറ്റപ്പാലം ലക്ഷ്യമാക്കി ഓട്ടോറിക്ഷയില്‍ വരികയായിരുന്നു സംഘം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഡ്രൈവറടക്കം ഏഴുപേര്‍ ഒരു ഓട്ടോയില്‍ തിക്കിത്തിരക്കി വരുന്നതുകണ്ട് സംശയം തോന്നിയ പോലീസ് പട്രോളിങ് സംഘം വണ്ടി നിര്‍ത്താനാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വണ്ടിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഒരു സഞ്ചിയില്‍ നിറച്ചുവെച്ചിരിക്കുന്ന ആറ് നാടന്‍ ബോംബുകള്‍ കണ്ടത്. രക്ഷപ്പെട്ടവരെ പിടികൂടാന്‍ തൃശ്ശൂര്‍ ജില്ലയിലെ പോലീസ് അന്വേഷണം തുടങ്ങി.

തൃശ്ശൂര്‍ മൂരിയാട് വിശ്വജിത്ത് (25), വല്ലച്ചിറ സ്വദേശി സന്ദീപ് (22), മൂരിയാട് സ്വദേശി സനു എന്ന സനില്‍ (26), ഓട്ടോ ഡ്രൈവര്‍ കൊടകര സ്വദേശി രഞ്ജു (25) എന്നിവരാണ് പിടിയിലായത്.

ശ്രീജിത്ത്, പ്രശാന്ത്, കണ്ണന്‍ എന്ന സലീഷ് എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ശ്രീജിത്താണ് സംഘത്തിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത നാടന്‍ ബോംബുകള്‍ ഷൊറണൂര്‍ എസ്.ഐ. നിര്‍വീര്യമാക്കി. സംഘം സഞ്ചരിച്ചിരുന്ന കെ.എല്‍.8 ഡി 8836 ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

എ.എസ്.ഐ. പ്രതാപന്‍, പോലീസുകാരായ ഗൌതമന്‍, ഗിരീഷ്, ജയകുമാര്‍, ബെന്‍സി, ഫസലുദ്ദീന്‍, സുരേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

5. ഹോളോഗ്രാഫിക് സാങ്കേതികവിദ്യ കുസാറ്റ് കൈമാറി
കളമശ്ശേരി: കൊച്ചി സര്‍വകലാശാലയിലെ ശാസ്ത്രവകുപ്പ് രൂപപ്പെടുത്തിയ ‘ഫോട്ടോപോളിമര്‍ ഫിലിം’ സാങ്കേതികവിദ്യ സ്വകാര്യ സ്ഥാപനത്തിന് കൈമാറാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരാര്‍ നിലവില്‍ വന്നതായി ഫിസിക്സ് വകുപ്പ് മേധാവി അറിയിച്ചു.

ഒപ്റ്റിക്കല്‍ വിവര സംഭരണത്തിലും ത്രിമാന ഇമേജിംഗിലും സാധ്യതകള്‍ നല്‍കുന്നതാണ് ഈ സാങ്കേതികവിദ്യ. ലൈറ്റ് ലോജിക് ഹോളോഗ്രാഫി ആന്‍ഡ് ഒപ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഗവേഷണ സ്ഥാപനത്തിനാണ് സാങ്കേതികവിദ്യ കൈമാറുന്നത്.

സര്‍വകലാശാലയിലെ ഡോ. സി. സുധ കര്‍ത്ത (ഫിസിക്സ് വകുപ്പ്), പ്രൊഫ. റാണി ജോസഫ് (പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി വകുപ്പ്), ഡോ. കെ. ശ്രീകുമാര്‍ (അപ്ലൈഡ് കെമിസ്ട്രി വകുപ്പ്) എന്നിവരും ഗവേഷക വിദ്യാര്‍ത്ഥികളായ ബീന മേരി ജോണ്‍, ഡോ. എം. ഉഷാമണി എന്നിവരും ചേര്‍ന്നാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.

6. ഫാക്ടിനുള്ള 200 കോടിയുടെ ധനസഹായം; ധനമന്ത്രാലയം എതിര്‍ത്തു
കളമശ്ശേരി: കടുത്ത പ്രതിസന്ധി നേരിടുന്ന ഫാക്ടിന് കേന്ദ്ര സെക്രട്ടറി സമിതി നിര്‍ദ്ദേശിച്ച 200 കോടിരൂപയുടെ ധനസഹായം നല്‍കുന്നതിനെ കേന്ദ്ര ധനമന്ത്രാലയം എതിര്‍ത്തു. ഇതിനിടെ താരിഫ് കമ്മീഷന്‍സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഫാക്ടിന് അനുകൂലമല്ലെന്നാണ് സൂചന.

സള്‍ഫര്‍ ദൌര്‍ലഭ്യം മൂലവും രാസവളം സബ്സിഡി നിര്‍ണയത്തിലെ അപാകം മൂലവും കടത്ത പ്രതിസന്ധി നേരിടുന്ന ഫാക്ടിനായി കേന്ദ്ര സെക്രട്ടറി സമിതി കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് 200 കോടിയുടെ ധനസഹായം നല്‍കാമെന്ന് നിര്‍ദ്ദേശിച്ചത്. കേന്ദ്ര രാസവളംമന്ത്രാലയം ഫാക്ടിനായി അംഗീകരിച്ച ഇടക്കാല പാക്കേജ് മാറ്റിവെച്ചുകൊണ്ടാണ് ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ ഇക്കണോമിക് അഫയേഴ്സിന് ഈ നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ ധനമന്ത്രാലയം ഈ ധസഹായത്തെ എതിര്‍ക്കുകയാണ്. ഏത് രീതിയിലാണ് ഈ സഹായം നല്‍കേണ്ടതെന്നാണ് ധനമന്ത്രാലയത്തിലെ വിവിധ വകുപ്പുകള്‍ ഉന്നയിക്കുന്ന തടസ്സം.

വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന താരിഫ് കമ്മീഷന്‍ റിപ്പോര്‍ട്ടും ഇതിനിടെ സമര്‍പ്പിച്ചു. ഫാക്ടിന് അനുകൂലമായ നിര്‍ദ്ദേശങ്ങളല്ല റിപ്പോര്‍ട്ടിലുള്ളത്. ഫോസ്ഫേറ്റ് രാസവളങ്ങളുടെ സബ്സിഡി നിര്‍ണയത്തില്‍ ഉത്പാദന ചെലവും വിപണന വിലയും തമ്മിലുള്ള അന്തരം പരിഹരിക്കപ്പെടണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.

നാഫ്തയുപയോഗിച്ച് ഉത്പാദനം നടത്തുന്ന ഫാക്ടിന്റെയും ഗ്യാസ് ഉപയോഗിച്ച് ഉത്പാദനം നടത്തുന്ന ഇതര രാസവളം കമ്പനികളുടെയും മൊത്തം ചെലവിന്റെ ശരാശരി പരിഗണിക്കുന്നത് ഇത്തവണയും തുടരുകയാണ് കമ്മീഷന്‍ ചെയ്തത്.

ഫാക്ടംഫോസിന്റെ സബ്സിഡി നിര്‍ണയത്തില്‍ സള്‍ഫര്‍ ഘടകത്തെ പരിഗണിക്കണമെന്ന നിര്‍ദ്ദേശം താരിഫ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ 2006 ലെ സള്‍ഫറിന്റെ വിലയാണ് ഇതിന് പരിഗണിക്കുന്നത്. അതിന് ശേഷം സള്‍ഫറിന്റെ വില പത്തിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്.

ഫാക്ടിന്റെ മറ്റൊരു ഉത്പന്നവും വില നിയന്ത്രണമില്ലാത്ത രാസവളമായ അമോണിയം സള്‍ഫേറ്റിനെകൂടാതെ സബ്സിഡി നിര്‍ണയത്തിന് പരിഗണിക്കണമെന്ന ആവശ്യം താരിഫ് കമ്മീഷന്‍ മുഖവിലയ്ക്കെടുത്തില്ല. ഇത് ഫാക്ടിന്തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.

ഫാക്ടിന്റെ ഭാവിയെകുറിച്ച് സാധ്യതാ പഠനം നടത്താന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്. പ്ലാന്റുകളെല്ലാം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ നടക്കുന്ന പഠനം ഫാക്ടിന് വിനയാകുമെന്നാണ് ജീവനക്കാര്‍ കരുതുന്നത്.

ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനും വ്യാപിപ്പിക്കാനും സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. 108 ദിവസം പിന്നിടുന്ന സമരത്തിന്റെ ഭാവി എപ്രകാരമായിരിക്കണമെന്ന് നിശ്ചയിക്കാന്‍ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി 17 ന് ഉദ്യോഗമണ്ഡലില്‍ യോഗം ചേരും.

7. കേരള എയര്‍ലൈന്‍സിന് വിദേശ സര്‍വീസിനുള്ള അനുമതി കിട്ടില്ല_ മന്ത്രി പട്ടേല്‍
ന്യൂഡല്‍ഹി: കേരളം സ്വന്തമായി വിമാന ക്കമ്പനി തുടങ്ങിയാലും അതിന് വിദേശ സര്‍വീസുകള്‍ക്ക് അനുമതി കിട്ടാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തോട് പ്രത്യേക പരിഗണന കാണിക്കാനാകില്ലെന്നും ആഭ്യന്തര സെക്ടറില്‍ സര്‍വീസ് നടത്താനാണെങ്കില്‍ നിര്‍ദിഷ്ട കേരള എയര്‍ലൈന്‍സിന് അനുമതി കിട്ടാന്‍ തടസ്സമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കവേ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കേരള എയര്‍ലൈന്‍സ് എന്നപേരില്‍ കേരളം സ്വന്തമായി വിമാനസര്‍വീസ് തുടങ്ങാനുള്ള ആശയം പുനരുജ്ജീവിപ്പിച്ചത്.

എന്നാല്‍, വിമാനക്കമ്പനികള്‍ക്ക് രാജ്യാന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്കുന്നതില്‍ പല മാനദണ്ഡങ്ങളുമുണ്ടെന്ന് മന്ത്രി പ്രഫുല്‍ പട്ടേല്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ആഭ്യന്തര സെക്ടറില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം, സ്വന്തമായി കുറഞ്ഞത് 20 വിമാനങ്ങളുണ്ടായിരിക്കണം എന്നീ നിബന്ധനകളില്‍ ഇളവുവരുത്താന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭയുടെ ഉപസമിതി തീരുമാനിച്ചത്.

നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമാനുമതി വൈകില്ലെന്ന് വ്യോമയാന മന്ത്രലായത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അനൌപചാരിക സംഭാഷണത്തില്‍ സൂചിപ്പിച്ചു. ചില പ്രശ്നങ്ങളില്‍ കൂടുതല്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. അത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ തടസ്സങ്ങളൊന്നുമുണ്ടാകില്ല.

8. മന്ത്രിസഭയില്‍ ഭിന്നത രാമസേതു: സര്‍ക്കാര്‍ സാവകാശം തേടുന്നു
ന്യൂഡല്‍ഹി:സേതുസമുദ്രം പദ്ധതി സംബന്ധിച്ച് ഭരണകക്ഷികള്‍ക്കിടയിലും മന്ത്രാലയങ്ങള്‍ക്കിടയിലുമുള്ള ആശയക്കുഴപ്പം തുടരുന്നു. രാമസേതുവിനെപ്പറ്റി സുപ്രീംകോടതി മുമ്പാകെ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള മൂന്നുമാസത്തെ കാലാവധി തീരാറായെങ്കിലും വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ സാവകാശം ചോദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സേതുസമുദ്രം പദ്ധതി എന്ത് വിലകൊടുത്തും നടപ്പാക്കണമെന്ന ഡി.എം.കെ.യുടെയും കേന്ദ്ര ഷിപ്പിങ്മന്ത്രി ടി.ആര്‍. ബാലുവിന്റെയും കടുംപിടുത്തമാണ് സര്‍ക്കാറിനു തലവേദനയാകുന്നത്. ബി.ജെ.പി.യും വിശ്വഹിന്ദുപരിഷത്തിനെപ്പോലുള്ള സംഘടനകളും ഹൈന്ദവവികാരം ഉളക്കിവിട്ട് രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന ഭീതി കോണ്‍ഗ്രസ്സിനുണ്ട്. പ്രത്യേകിച്ച് കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങി പത്ത് സംസ്ഥാന നിയമസഭകളിലേക്ക് ഇക്കൊല്ലം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രശ്നം ബി.ജെ.പി. മുതലെടുക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസ്സിനുള്ളത്. രാമസേതു മനുഷ്യനിര്‍മിതമാണെന്ന് തെളിയിക്കാനാവശ്യമായ രാഷ്ട്രീയ തെളിവുകളില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സുപ്രീംകോടതിയിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വലിയ വിവാദമുയര്‍ത്തിയതാണ്. ശ്രീരാമന്‍ ജീവിച്ചിരുന്നുവെന്നതിന് ചരിത്രപരമായ തെളിവില്ലെന്നും കേന്ദ്രസര്‍ക്കാറിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിവാദമായതോടെ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ അത് പിന്‍വലിക്കുകയും പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി തേടുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് കോടതി ഇതിന് മൂന്നുമാസത്തെ സാവകാശം കേന്ദ്രസര്‍ക്കാറിന് അനുവദിച്ചത്.

ഇതേത്തുടര്‍ന്ന് പ്രശ്നം പഠിച്ച് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മദ്രാസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ. രാമചന്ദ്രന്‍ തലവനായി പത്തംഗ കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിലെ ഉള്ളടക്കം അതീവ രഹസ്യമാക്കിവെച്ചിരിക്കയാണ്. രാമസേതു പ്രകൃതിദത്തമായി നിലവില്‍ വന്നതാണെന്ന നിഗമനത്തിലാണ് കമ്മിറ്റി എത്തിയിട്ടുള്ളതെന്നാണ് സൂചന.

കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ പ്രശ്നവുമായി ബന്ധപ്പെട്ട ഷിപ്പിങ്, നിയമം, സാംസ്കാരികം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് പുതിയ സത്യവാങ്മൂലം തയ്യാറാക്കിവരികയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാതെ പിരിഞ്ഞു.

9. ഉള്ളടക്കം നിയന്ത്രിക്കാന്‍ ടി.വി. ചാനലുകളുടെ കരടുചട്ടം തയ്യാറാവുന്നു
ന്യൂഡല്‍ഹി: ടി.വി. ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന സമ്മര്‍ദം ഉയരുന്നതിനിടെ, ഇതു സംബന്ധിച്ച് ടി.വി. ചാനലുകള്‍തന്നെ തയ്യാറാക്കിയ ചട്ടത്തിന്റെ കരട് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് ഈ മാസം കൈമാറും.

ടി.വി. ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പത്ത് ആഴ്ചയ്ക്കകം ഇതുസംബന്ധിച്ചുള്ള നടപടി സമര്‍പ്പിക്കാനും ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രാലയം ബന്ധപ്പെട്ടവരുടെ യോഗം ഈ മാസം രണ്ടാം പകുതിയില്‍ വിളിച്ചിട്ടുണ്ട്.

ഡല്‍ഹി സ്കൂള്‍ അധ്യാപികയായ ഉമാഖുറാന പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ടുവെന്ന വ്യാജ ഒളിക്യാമറ വാര്‍ത്ത ഒരു ചാനല്‍ സംപ്രേഷണം ചെയ്തതോടെയാണ് നിയന്ത്രണ നീക്കങ്ങള്‍ക്ക് ശക്തികൂടിയത്. ഈ ചാനല്‍ നിരോധിക്കുന്നയിടംവരെയെത്തി സംഗതി.

ദ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ ജനവരി 31ന് മുമ്പുതന്നെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് മന്ത്രാലയത്തിന് വാഗ്ദാനം നല്‍കിയിരുന്നു.

വിനോദ പരിപാടികളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളാണ് അസോസിയേഷന്‍ ഇപ്പോള്‍ തയ്യാറാക്കുന്നത്.

എഡിറ്റേഴ്സ് ഗില്‍ഡും സ്വയം നിയന്ത്രണത്തിനുള്ള ഒരു മാതൃകാചട്ടം തയ്യാറാക്കിക്കൊണ്ടിരിക്കയാണ്.

മന്ത്രാലയം കമ്പനിയുടമകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ്ടെലിവിഷന്‍ ചാനലുകള്‍തന്നെ ഉള്ളടക്കച്ചട്ടം ഉണ്ടാക്കാന്‍ തീരുമാനമായത്. വിവാദമായ പ്രക്ഷേപണ ബില്‍ തല്‍ക്കാലം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.

10. എയര്‍ഇന്ത്യയുടെ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു
ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ പത്തുമുതല്‍ 15 ശതമാനംവരെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഈ വര്‍ഷാവസാനത്തോടെ ഇത് നടപ്പാക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേല്‍ അറിയിച്ചത്. കമ്പനിയുടെ പ്രവര്‍ത്തന മൂലധനം വര്‍ധിപ്പിക്കുകയാണ് ഉദ്ദേശ്യം. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തമ്മിലുള്ള ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഓഹരി വിറ്റഴിക്കാനുള്ള നടപടി തുടങ്ങും. ഇങ്ങനെ വില്‍ക്കുന്ന ഓഹരികളില്‍ ഒരു ഭാഗം കമ്പനി ജീവനക്കാര്‍ക്ക് തന്നെ നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

എയര്‍ ഇന്ത്യ പുതുതായി 100 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ബോയിങ്, എയര്‍ ബസ് കമ്പനികളില്‍ നിന്ന് 111 വിമാനങ്ങള്‍ വാങ്ങാന്‍ നേരത്തേ തന്നെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

വിമാന ഇന്ധനങ്ങളുടെ കസ്റ്റംസ് _ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം ധനമന്ത്രി പി. ചിദംബരവുമായി അടുത്തയാഴ്ച താന്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ലോകത്ത് വിമാന ഇന്ധനത്തിന്റെ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിന്റെ വില്പനനികുതി കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോടും മന്ത്രി അഭ്യര്‍ഥിച്ചു. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 35_40 ശതമാനവും ഇന്ധനവിലയാണെന്ന് മന്ത്രി പറഞ്ഞു.

1. രണ്ട് ലക്ഷത്തിന്റെ വ്യാജനോട്ടുകള്‍ പിടികൂടി
ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ 2.2 ലക്ഷത്തിന്റെ വ്യാജ നോട്ടുകള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. നരീന്ദര്‍ കുമാര്‍, സുനില്‍ കുമാര്‍, സോനു, മുകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കമ്പ്യൂട്ടറുകളും പ്രിന്ററും സ്കാനിംഗ് മെഷീനും പിടികൂടി. ഇതു കൂടാതെ വ്യാജ കറന്‍സികള്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന മഷിയും കണ്െടടുത്തു.

2. സ്കൂള്‍ കായികമേള: പതിനൊന്നാം തവണയും കേരളത്തിനു കിരീടം
കോല്‍ക്കത്ത: ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഉറപ്പാക്കി. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് കേരളം ചാമ്പ്യന്മാരാകുന്നത്. 27 സ്വര്‍ണവും 22 വെള്ളിയും 14 വെങ്കലവും നേടിയാണ് കേരളം രാജ്യത്തെ കൌമാര കായിക കിരീടം ഉറപ്പിച്ചത്.

വെള്ളിയാഴ്ച കേരളത്തിന്റെ കുട്ടികള്‍ 13 സ്വര്‍ണവും ഏഴു വെള്ളിയും ഒരു വെങ്കലവും കൂടി സ്വന്തമാക്കി. സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ ലിജോ മാണി ഇരട്ട സ്വര്‍ണവും സ്വന്തമാക്കി. മേളയില്‍ കേരളത്തിന്റെ ആദ്യ ഇരട്ട സ്വര്‍ണമാണിത്. പിന്നീട് ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഒന്നാമതെത്തിക്കൊണ്ട് അശ്വതി മോഹനും ഇരട്ട സ്വര്‍ണം തികച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഒന്നാമതെത്തിയ റോബിന്‍ റോസ് മാണിയും 4-100 മീറ്ററിന്റെ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരിച്ച പെണ്‍കുട്ടികളും കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷ കാത്തു.

രാവിലെ കെ.എം. മീഷ്മ ജൂണിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ ഈയിനത്തില്‍ കേരളത്തിന്റെ തന്നെ എന്‍.സി.ഷീബ വെള്ളി നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ സോണിയ സ്വര്‍ണവും സജിത വെള്ളിയും നേടി.

സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വികാസ് ചന്ദ്രന്‍ സ്വര്‍ണവും പ്രദീപ് വെങ്കലവും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.എം.അഞ്ജു സ്വര്‍ണം നേടി. കേരളത്തിന്റെ തന്നെ ദര്‍ശന ഇതില്‍ വെള്ളിയും നേടി. ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതികൃഷ്ണയ്ക്കാണു വെള്ളി. സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പി.മെര്‍ലിനും സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അശ്വിന്‍ കൃഷ്ണ വെള്ളി നേടി.

ജൂണിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കേരള താരങ്ങളാണ്ഒന്നാമതെത്തിയത്. പെണ്‍കുട്ടികളില്‍ സ്വാതിപ്രഭയും ആണ്‍കുട്ടികളില്‍ പി.ബി.ഗിരീഷും ജേതാക്കളായി.

3. നോയിഡ അഥോറിട്ടി മുന്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
ന്യൂഡല്‍ഹി: നോയിഡ അഥോറിട്ടിയുടെ മുന്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തി. ഇന്ന് രാവിലെ ഒന്‍പതു മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. 19 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മുലയാം സിംഗിന്റെ കാലത്ത് നടന്ന സ്ഥല കുംഭകോണക്കേസിനെക്കുറിച്ചുള്ള രേഖകള്‍ക്ക് വേണ്ടിയാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. ലക്നോ, മീററ്റ് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ചില രേഖകള്‍ പിടിച്ചെടുത്തതായും സി.ബി.ഐ അധികൃതര്‍ അറിയിച്ചു.

4. മലേഷ്യയില്‍ ഇന്ത്യന്‍ വംശജനായ നേതാവ് കൊല്ലപ്പെട്ടു
ക്വാലാലമ്പൂര്‍: മലേഷ്യന്‍ ഇന്ത്യ ന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ഇന്ത്യന്‍ വംശജനുമായ എസ്. കൃഷ്ണസ്വാമി വെടിയേറ്റുമരിച്ചു.

തെക്കന്‍നഗരമായ ജോഹര്‍ ബരുവിലാണ് സംഭവമെന്ന് ബര്‍നാമ വാര്‍ത്താ ഏജന്‍സി അറിയിച്ചു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് കൃഷ്ണസ്വാമിക്കെതിരേ ആക്രമണമുണ്ടായത്. എന്നാല്‍ ഇത് രാഷ്ട്രീയ കൊലപാതകമാണോ എന്ന് തീര്‍ച്ചയില്ലെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.

5. ദേശീയ പാത: ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക ഓഫീസറെ നിയമിക്കുമെന്നു മോന്‍സ്
തിരുവനന്തപുരം: ദേശീയ പാത വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് പ്രത്യേക ഓഫീസറെ നിയമിക്കുമെന്നു പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. സ്വകാര്യ കേന്ദ്രങ്ങള്‍ക്ക് കൈമാറിയ പി.ഡബ്യൂ.ഡി. ടി.ബിയുടെ ദുരവസ്ഥ പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കും. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ നാലു വര്‍ഷത്തിനുള്ളില്‍ നാലു വരി പാത നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

6. ഡല്‍ഹിയില്‍ പുകവലിക്കുന്നവര്‍ക്കു പിഴ
ന്യൂഡല്‍ഹി: 2010 ഓടെ ന്യൂഡല്‍ഹിയെ പുകവലി മുക്ത തലസ്ഥാനമാക്കാന്‍ സംസ്ഥാന ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ പുകവലിച്ചാല്‍ വന്‍തുക പിഴ ഇനത്തില്‍ ഈടാക്കാന്‍ മന്ത്രാലയം ആലോചിക്കുന്നു. ഇപ്പോള്‍ പൊതു സ്ഥലങ്ങളില്‍ പുകവലിച്ചാല്‍ നൂറു രൂപ പിഴ ഈടാക്കും. ഇത് അഞ്ഞൂറായി ഉയര്‍ത്താനാണ് ആലോചിക്കുന്നത്.

പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഏതു ഗസറ്റഡ് ഓഫീസര്‍ക്കും പിഴ ഈടാക്കാം. ഇതിനുള്ള അധികാരം ഇവര്‍ക്ക് നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഈ അധികാരം കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ആലോചനയുണ്ട്.

നഗരത്തിന്റെ ഇപ്പോഴത്തെ ജനസംഖ്യ 1.7 കോടിയാണ്. ഇതില്‍ 51 ലക്ഷം പേരും പുകവലിക്കാരാണ്. കഴിഞ്ഞ വര്‍ഷം ഏഴായിരം പുരുഷന്‍മാര്‍ക്കും നൂറു സ്ത്രീകള്‍ക്കും പുകവലിച്ചതിന് പിഴ ഈടാക്കിയിരുന്നു.

6. നികുതിയടയ്ക്കുന്നവരില്‍ മുന്നില്‍ കിംഗ്ഖാന്‍
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ 27 കോടി രൂപ ആദായ നികുതി അടച്ച്, രാജ്യത്തെ ഏറ്റവും വലിയ നികുതിദാതാവായി. 2007 ഡിസംബര്‍ 15 വരെയുള്ള നികുതിയാണ് ഷാരൂഖ് അടച്ചിരിക്കുന്നത്. 2007-08 കാലഘട്ടത്തില്‍ ഷാരൂഖ് ഖാന്റെ വരുമാനം നൂറു കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഷാരൂഖ് ഖാന്‍ 18 കോടി രൂപയാണ് നികുതി അടച്ചത്.

രണ്ട് ബ്ളോക്ക് ബസ്റ്റര്‍ സിനിമകളാണ്കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ വരുമാനം വര്‍ദ്ധിപ്പിച്ചത്. ചക്ദേ ഇന്ത്യ, ഓം ശാന്തി ഓം എന്നി ചിത്രങ്ങള്‍ വന്‍ വിജയം നേടിയിരുന്നു. ഇതു കൂടാതെ കോന്‍ ബനേഗാ ക്രോര്‍പതി അവതരിപ്പിക്കുന്നതിന് ഒരു എപ്പിസോഡിന് ഒരു കോടി രൂപ ലഭിച്ചിരുന്നു.

അക്ഷയ് കുമാര്‍ ഏഴു കോടിയും അഭിഷേക് ബച്ചന്‍ 3.7 കോടിയും അമീര്‍ഖാന്‍ മൂന്നു കോടിയും നികുതി അടച്ചു. അമിതാഭ് ബച്ചന്‍ 1.8 കോടിയും മരുമകള്‍ ഐശ്വര്യറായി 1.6 കോടിയും നികുതി അടച്ചു.

1. ദേവസ്വം ബോര്‍ഡ്: ഉന്നത തസ്തികകളിലെ നിയമനം മാറ്റിവെച്ചു
തിരുവനന്തപുരം: പ്രസിഡന്റും രണ്ട് അംഗങ്ങളും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കവെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ദേവസ്വം ബോര്‍ഡ് യോഗം തലസ്ഥാനത്ത് ചേര്‍ന്നു. സാമ്പത്തിക ബാധ്യതയുള്ള വിഷയങ്ങളിലൊന്നും തീരുമാനത്തിലെത്താന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. പല വിഷയങ്ങളും മാറ്റിവെച്ചിരിക്കുകയാണ്. അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് വൈകുന്നേരം വരെ നീണ്ട യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും പ്രസിഡന്റ് സി.കെ. ഗുപ്തന്‍ വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ടു തന്നെ യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിച്ച് മുന്നോട്ട് പോകും. തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കും. അല്ലാത്തത് മാറ്റിവെക്കും. അഭിപ്രായ വ്യത്യാസം എല്ലായിടത്തും ഉണ്ടാകും. അത് ഏറ്റുമുട്ടലിലേക്കല്ല പോവുകയെന്നും ഗുപ്തന്‍ പറഞ്ഞു. ഈ മാസം 13, 14 തീയതികളില്‍ ശബരിമലയിലും ബോര്‍ഡ് യോഗം നടക്കും.

തിരുവാഭരണ കമീഷണര്‍, നാല് ഡെപ്യൂട്ടി കമീഷണര്‍മാര്‍, ലോ ഓഫീസര്‍, സെക്രട്ടറി എന്നിവരുടെ നിയമനം വിശദമായി പരിശോധിക്കാനായി മാറ്റിവെക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി ഗുപ്തന്‍ അറിയിച്ചു. സീനിയോറിറ്റിയും കഴിവും നോക്കിയാകും നിയമനം. കോടതിയും ഇത് സംബന്ധിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്. അതുവരെ തൊട്ടടുത്ത മുതിര്‍ന്ന ജീവനക്കാരന് ചുമതല നല്‍കും. ദേവസ്വം കമീഷണറാണ് ഇക്കാര്യത്തില്‍ ബോര്‍ഡിലേക്ക് ശിപാര്‍ശ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ഉണ്ണിയപ്പം നിര്‍മാണത്തിലും വിതരണത്തിലും ക്രമക്കേടുണ്ടെന്ന ആരോപണത്തെകുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനമായി. ദേവസ്വം ഡെപ്യൂട്ടി കമീഷണര്‍, വിജിലന്‍സ് ഓഫീസര്‍ എന്നിവരാണ് അന്വേഷിക്കുക. ഡിസംബര്‍ 24ന് ഉണ്ണിയപ്പം നിര്‍മാണം നിര്‍ത്തിയെങ്കിലും അതിനു ശേഷവും നിര്‍മിച്ചുവെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ 30 ശതമാനം തീര്‍ഥാടകര്‍ ഇക്കുറി മണ്ഡലം^മകരവിളക്കിന് എത്തുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. മകരവിളക്കിന് എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ട്. ബോര്‍ഡിന്റെ വിലയിരുത്തലുകളൊന്നും ശബരിമല ഒരുക്കത്തിന്റെ കാര്യത്തില്‍ പാളിപ്പോയിട്ടില്ല. റോഡിന്റെ വീതികൂട്ടലടക്കമുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരിമിതികളുണ്ട്. പരിമിതിയില്‍ നിന്നുകൊണ്ട് ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യും. പുതിയ അരവണ പ്ലാന്റിന്റെ നിര്‍മാണം തീര്‍ഥാടനം കഴിഞ്ഞാലുടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

എട്ട് വര്‍ഷം ബി.ഒ.ടിയില്‍ ചെയ്ത ശേഷം പുതിയ കരാര്‍ വന്നതിന്റെ പ്രശ്നങ്ങളാണ് അരവണ പ്രശ്നത്തില്‍ ഉണ്ടായതെന്ന് അംഗം എം. നാരായണന്‍ പറഞ്ഞു. പഞ്ചമി പായ്ക്കിനെതിരായ നടപടി മകരവിളക്ക് കഴിഞ്ഞ് ആലോചിക്കും. ആറ്, എട്ട് ടിന്‍ അരവണ വീതം വിതരണം ചെയ്യും. ആവശ്യമുള്ള അരവണ സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2. ചൈനയുമായി അഞ്ച് ധാരണാപത്രത്തിന് അനുമതി
ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ പുതിയ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി അടുത്താഴ്ച നടത്താനിരിക്കുന്ന ചൈന സന്ദര്‍ശനത്തിനു മുന്നോടിയായാണ് പുതിയ ധാരണാപത്രങ്ങള്‍. റെയില്‍വേ, പാര്‍പ്പിട നിര്‍മാണം അടക്കമുള്ള അഞ്ച് മേഖലകളില്‍ പരസ്പര സഹകരണം വാഗ്ദാനം ചെയ്യുന്നതാണ് ധാരണാ പത്രങ്ങള്‍. ജിയോ സയന്‍സ്, ഭൂവിഭവ നിര്‍വഹണം, പരമ്പരാഗത വൈദ്യം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും സംയുക്ത പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രിസഭാ സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അറിയിച്ചു. ഇന്ത്യയുടെയും ചൈനയുടെയും റെയില്‍രംഗത്തെ സഹകരണം ഇരു രാജ്യങ്ങള്‍ക്കും വന്‍ നേട്ടമുണ്ടാക്കും. പാര്‍പ്പിട നിര്‍മാണരംഗത്ത് എങ്ങനെ സഹകരിക്കാമെന്നതിന് രൂപരേഖ ഉടന്‍ തയാറാക്കും.

3. തൊഴില്‍ രംഗത്ത് സ്ത്രീകളധികവും തുടങ്ങിയേടത്തു തന്നെ
ന്യൂദല്‍ഹി: സ്കൂളുകളില്‍ ആണ്‍കുട്ടികളെക്കാള്‍ മെച്ചം പെണ്‍കുട്ടികളാണെങ്കിലും തൊഴില്‍ രംഗത്ത് ഉയരങ്ങളിലെത്തുന്ന സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് വിരളം. 3.3 ശതമാനം സ്ത്രീകള്‍ മാത്രമാണ് തൊഴില്‍ രംഗത്ത് ഉന്നത സ്ഥാനങ്ങളിലെത്തുന്നതെന്ന് ‘അസോച്ചം’ സര്‍വേ വെളിപ്പെടുത്തി. 17.7 ശതമാനം സ്ത്രീകള്‍ പ്രമോഷന്റെ കാര്യത്തില്‍ ഏതാണ്ട് പകുതി ഉയരങ്ങള്‍ മാത്രം കീഴടക്കുന്നു.

ഗ്രാമീണ മേഖലയിലെ 222ഉം നഗരങ്ങളിലെ 363ഉം മെട്രൊ നഗരങ്ങളിലെ 468ഉം സ്ത്രീകള്‍ അടക്കം മൊത്തം 1053 സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ പുരോഗതിയെ കുറിച്ചാണ് സര്‍വേ നടത്തിയത്. ഇതില്‍ 78.9 ശതമാനം തൊഴില്‍ ജീവിതം അവസാനിക്കുന്നത് വരെ തുടങ്ങിയേടത്തു തന്നെ നില്‍ക്കുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ഉയരങ്ങള്‍ കീഴടക്കാനുള്ള ശ്രമത്തില്‍ അവര്‍ക്കു പ്രധാന വില്ലനാകുന്നത് സ്വന്തം കുടുംബം തന്നെ. 73 ശതമാനവും പറയുന്നത് ഭര്‍ത്താക്കന്മാര്‍ വേണ്ടത്ര സഹായം ചെയ്യുന്നില്ല എന്നാണ്. തൊഴില്‍ രംഗത്ത് കഴിവിന്റെ പരമാവധി സേവനം നല്‍കാന്‍ കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ തടസ്സമാകുന്നു എന്നും അവര്‍ പറയുന്നു.

ഓഫീസുകളിലെ പുരുഷ യജമാനന്മാര്‍ വേണ്ടത്ര അംഗീകാരമോ പിന്തുണയോ നല്‍കാന്‍ തയാറാകുന്നില്ല എന്നും അവര്‍ക്ക് പരാതിയുണ്ട്. പ്രമോഷനുകള്‍ക്ക് അനുകൂലമായ പിന്തുണ ഇത്തരം പുരുഷ യജമാനന്മാര്‍ നല്‍കുന്നില്ല. അതിനാല്‍ പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രമാണ് പ്രമോഷന്‍ ലഭിക്കുന്നത്. വൈകിയും ജോലി ചെയ്യാമെന്നതും പുറം ലോകവുമായി നിരന്തരം ബന്ധപ്പെടാന്‍ കഴിയുന്നതും പുരുഷന്മാരുടെ പ്രമോഷന്‍ സാധ്യത വര്‍ധിപ്പിക്കുന്നു. തൊഴില്‍ സൌകര്യങ്ങള്‍ അനുകൂലമല്ലെങ്കിലും 58.66 ശതമാനം സ്ത്രീകളും തൊഴില്‍ ചെയ്യാനിഷ്ടപ്പെടുന്നു എന്നതാണ് മറ്റൊരു വസ്തുത. 33.66 ശതമാനം സ്ത്രീകള്‍ ഇപ്പോഴും വീട്ടമ്മയായി നിലനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. വന്‍ നഗരങ്ങളിലെ 17 ശതമാനം സ്ത്രീകള്‍ സ്വയം തൊഴിലിനാണ് താല്‍പര്യപ്പെടുന്നത്. മികച്ച ശമ്പളമാണ് സ്ത്രീകളുടെ ഒന്നാമത്തെ താല്‍പര്യം. തൊഴില്‍ സുരക്ഷ, സംതൃപ്തി, ഉത്തരവാദിത്തം എന്നിവ അതുകഴിഞ്ഞേയുള്ളൂ.

കുടുംബ സാഹചര്യങ്ങള്‍ യാത്രചെയ്യാന്‍ തടസ്സമാകുന്നതിനാല്‍ പലപ്പോഴും പ്രമോഷനും സഥലം മാറ്റവും സ്വീകരിക്കാനാവാതെ കുടുംബത്തില്‍ ഒതുങ്ങിക്കഴിയേണ്ടി വരുന്നു. ഭര്‍ത്താവിന് സ്ഥലം മാറ്റം കിട്ടുമ്പോള്‍ ജോലി ഉപേക്ഷിക്കാനോ, ശമ്പളമില്ലാതെ ലീവെടുക്കാനോ അവര്‍ നിര്‍ബന്ധിതരാവുന്നു.
മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളില്‍ സ്ത്രീകളെ ജോലിക്കു പോവാന്‍ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

4. ഇ_ടിക്കറ്റുകള്‍: ട്രാവല്‍ ഏജന്‍സി കമീഷന്‍ നിര്‍ത്തലാക്കുന്നത് യാത്രക്കാരെ ബാധിക്കും
റിയാദ്: വിമാന ടിക്കറ്റുകള്‍ ഇലക്ട്രോണിക് ടിക്കറ്റിലേക്ക് വഴിമാറുന്നതിന്റെ ഭാഗമായി വിമാനക്കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്കുള്ള കമീഷനും കുറച്ചു തുടങ്ങി. ഇതോടെ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ഇത്തരം എയര്‍ലൈനുകളുടെ ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ അധിക ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് സൂചന.

സൌദി എയര്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന കമിഷന്‍ 10ല്‍നിന്ന് ഏഴാക്കി കുറച്ചു. നേരത്തെ അഞ്ച് ശതമാനം കമിഷന്‍ നല്‍കിയിരുന്ന ബ്രിട്ടീഷ് എയര്‍വെയ്സ് അന്താരാഷ്ട്ര തലത്തില്‍ കമിഷന്‍ വ്യവസ്ഥ പൂര്‍ണമായും പിന്‍വലിച്ചു. ഖത്തര്‍ എയര്‍വെയ്സ്, എമിറേറ്റ്സ് എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികള്‍ ജി.സി.സി രാജ്യങ്ങളിലെ യാത്രക്കുള്ള ടിക്കറ്റുകള്‍ക്ക് നല്‍കിയിരുന്ന കമിഷനില്‍ രണ്ട് ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. കൂടുതല്‍ വിമാനക്കമ്പനികള്‍ 2008ഓടെ ഇലക്ട്രോണിക് ടിക്കറ്റിംഗ് സംവിധാനത്തിലേക്ക് മാറുന്നതോടെ ട്രാവല്‍ ഏജന്‍സികള്‍ക്കുള്ള കമിഷന്‍ ഇനിയും കുറയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ യാത്രക്കാര്‍ ടിക്കറ്റ്് നിരക്കിന് പുറമെ ഏജന്റുമാര്‍ക്ക് സര്‍വീസ് ചാര്‍ജും നല്‍കേണ്ടിവരും.

വിമാനക്കമ്പനികള്‍ നല്‍കുന്ന കമിഷനില്‍ ഒരുവിഹിതം യാത്രക്കാര്‍ക്ക് നല്‍കി കൂടുതല്‍ യാത്രക്കാരെ ഉറപ്പുവരുത്തുന്ന രീതിയായിരുന്ന ട്രാവല്‍ ഏജന്‍സികള്‍ സ്വീകരിച്ചുപോന്നിരുന്നത്. വിമാനക്കമ്പനികള്‍ കമിഷന്‍ കുറച്ചുതുടങ്ങിയതോടെ ഇത് യാത്രക്കാര്‍ക്ക് പങ്കുവെക്കാന്‍ കഴിയില്ലെന്നും യാത്രക്കാരില്‍നിന്നും മുഴുവന്‍ സംഖ്യയും ഈടാക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. സൌദി എയര്‍ലൈന്‍സ് നല്‍കുന്ന 10 ശതമാനം കമിഷനില്‍ ഏഴ് ശതമാനം വരെ യാത്രക്കാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അതിന് കഴിയുന്നില്ലെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സി ജീവനക്കാരനായ മലയാളി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബ്രട്ടീഷ് എയര്‍വെയ്സ് നല്‍കിയിരുന്ന കമിഷന്‍ നിര്‍ത്തലാക്കിയതോടെ രാജ്യത്തെ പ്രമുഖരായ ചില ട്രാവല്‍ എജന്‍സികള്‍ ബ്രിട്ടീഷ് എയര്‍വെയ്സ് ടിക്കറ്റ് വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് എയര്‍ലൈനുകള്‍ നേരത്തെ തന്നെ ട്രാവല്‍ ഏജന്‍സികള്‍ക്ക് കമിഷന്‍ നല്‍കുന്നില്ല. ഇതിന് പകരം യാത്രക്കാരില്‍നിന്നും ട്രാവല്‍ ഏജന്‍സികള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുകയാണ് പതിവ്.

അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള പേപ്പര്‍ ടിക്കറ്റിംഗ് സമ്പ്രദായം പൂര്‍ണമായും ഒഴിവാക്കാനാണ് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ അസോസിയേഷന്റെ (അയാട്ട) ശ്രമം. മെയ് 31ഓടെ ഇത് പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷ. പേപ്പര്‍ ടിക്കറ്റിംഗ് സമ്പ്രദായത്തേക്കാള്‍ നിരവധി അനുകൂല ഘടകങ്ങളുള്ള ഇ^ടിക്കറ്റിംഗ് സമ്പ്രദായം ക്രെഡിറ്റ് കാര്‍ഡ് സൌകര്യമില്ലാത്തവര്‍ക്ക് അപ്രാപ്യമാകും.
ഇതോടെ സാധാരണക്കാര്‍ സര്‍വീസ് ചാര്‍ജ് നല്‍കി ട്രാവല്‍ ഏജന്‍സികളെ സമീപിക്കാനും നിര്‍ബന്ധിതരാകും പേപ്പര്‍ ടിക്കറ്റ് ഒന്നിന് ശരാശരി 10 ഡോളര്‍ ചെലവ് വരുമ്പോള്‍ ഇ^ടിക്കറ്റിന് കേവലം ഒരു ഡോളര്‍ മാത്രമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ ചുവടുമാറ്റത്തിലൂടെ പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ബാധ്യത കുറക്കാന്‍ എയര്‍ലൈനുകള്‍ക്ക് കഴിയുമെങ്കിലും ഇത് യാത്രക്കാര്‍ക്ക് എത്രത്തോളം വകവെച്ചുകിട്ടുമെന്ന് വ്യക്തമല്ല.

1. 837 കി.മീ. ദേശീയപാത നാലു വരിയാക്കും
തിരുവനന്തപുരം: ബിഒടി അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 837 കിലോമീറ്റര്‍ ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിനു ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തുമെന്നു മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. ദേശീയപാതയുടെ ഇരുവശത്തും സര്‍വീസ് റോഡുകളോടെയാണു വികസനം. ഇടതു സര്‍ക്കാരിന്റെ റോഡ് വികസന നയത്തില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ടു കേന്ദ്രവുമായി ധാരണയുണ്ടാക്കി മടങ്ങിയെത്തിയ മന്ത്രി, ഉന്നതതല ചര്‍ച്ചയ്ക്കുശേഷം അറിയിച്ചതാണിത്.

ദേശീയപാത വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി ബിഒടി അടിസ്ഥാനത്തില്‍ കേരളത്തിലെ എന്‍എച്ച് 47, 17 പാതകള്‍ എന്നിവ വികസിപ്പിക്കാന്‍ നേരത്തേ കേന്ദ്രം വച്ച നിര്‍ദേശം കേരളം തള്ളിയിരുന്നു. കിലോമീറ്ററിന് ആറു കോടി നിരക്കില്‍ ചെലവാക്കിയാണ് 837 കി.മീറ്റര്‍ റോഡ് വികസിപ്പിക്കുക. സ്വകാര്യ ഏജന്‍സികള്‍ പണിതു കൈവശംവച്ചു ടോള്‍ പിരിവ് 20 വര്‍ഷം കഴിഞ്ഞു സര്‍ക്കാരിനു കൈമാറും. കിലോമീറ്ററിന് 60 പൈസ നിരക്കിലായിരിക്കും ടോള്‍ എന്നും മന്ത്രി പറഞ്ഞു.

ഭൂമി കൃത്യസമയത്ത് ഏറ്റെടുത്തു നല്‍കുന്നതില്‍ വീഴ്ച വന്നതുമൂലം കരാറുകാര്‍ പണിമുടക്കുകയും ആര്‍ബിട്രേഷനു പോകുകയും ചെയ്യുന്നത് ഒഴിവാക്കുകയാണു ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇതിനുള്ള പദ്ധതി ആവിഷ്കരിക്കും. റോഡ് വികസന പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി പരിഷ്കരിച്ച അടങ്കല്‍ തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിക്കണം. നാഷനല്‍ ഹൈവേ അതോറിറ്റിയും പൊതുമരാമത്തു വകുപ്പും സംയുക്തമായി അടുത്ത മാസം ഇവിടെ യോഗം ചേര്‍ന്ന് ഇതു ചര്‍ച്ച ചെയ്യും.

പദ്ധതിയില്‍പ്പെടുത്തിയുള്ള റോഡ് വികസനം 10 സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കഴിഞ്ഞു. ഇതു കേരളത്തില്‍ എങ്ങനെ സാധ്യമാക്കാമെന്നാണു നോക്കുന്നത്. നാലുവരിപ്പാത നിലവിലുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയായിരിക്കും വികസനം. എന്നാല്‍ നാലുവരിപ്പാതയ്ക്കുള്ള ഭാഗത്തും റോഡുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ റീസര്‍ഫസിങ് വേണ്ടിവരും. പൊതുമരാമത്തു വകുപ്പ് പഞ്ചായത്തുകള്‍ക്കു കൈമാറിയ 13000 കീ.മീറ്റര്‍ റോഡില്‍ 3000 കിലോമീറ്റര്‍ തിരിച്ചെടുക്കും.

ജില്ലകളുടെ പ്രാധാന്യം കണക്കിലെടുത്താവും തിരിച്ചെടുക്കേണ്ട റോഡുകള്‍ തീരുമാനിക്കുക. പൊതുമരാമത്തു വകുപ്പ് സമ്പൂര്‍ണമായി നവീകരിക്കും. ഫെബ്രുവരിയില്‍ ഇതു സംബന്ധിച്ചു ശില്‍പശാല നടത്തും. അതിനു മുന്നോടിയായി ഇൌ മാസം 17നു കരാറുകാരുടേയും എന്‍ജീനിയര്‍മാരുടേയും പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും.

പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള ടിബികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കും. എന്നാല്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവരെ ഏല്‍പ്പിച്ച ബംഗ്ലാവുകള്‍ മോശം അവസ്ഥയിലാണ്-മന്ത്രി പറഞ്ഞു.

2. വിയ്യൂര്‍ ജയിലിലെ കാവല്‍ സൌകര്യങ്ങളില്‍ ആശങ്ക
തൃശൂര്‍: കുമളിയില്‍ പിടിയിലായ ഹിസ്ബുല്‍ മുജാഹിദിന്‍ പ്രവര്‍ത്തകന്‍ അല്‍ത്താഫ് അഹമ്മദ് ഖാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരുടെ ഉറക്കം കെടുത്തുന്നു. പീരുമേട് സബ് ജയിലില്‍ വേണ്ടത്ര സുരക്ഷാ സജ്ജീകരണങ്ങളില്ലെന്നു പറഞ്ഞ് അല്‍ത്താഫിനെ വിയ്യൂരിലേക്കു കൊണ്ടു വന്നതാണു ജയില്‍ ഉദ്യോഗസ്ഥര്‍ക്കു തലവേദനയായത്.

എന്നാല്‍ സബ് ജയിലിലുള്ള കാവല്‍ പോലും സെന്‍ട്രല്‍ ജയിലില്‍ ഇല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നൂറു കണക്കിനു കുറ്റവാളികള്‍ താമസിക്കുന്ന ജയിലില്‍ പുറംകാവല്‍ നാമമാത്രമാണ്. ജയിലിനകത്തേക്കു ലഹരി വസ്തുക്കളും മറ്റും കടത്തുന്നതു പതിവായതിനെ തുടര്‍ന്നു പുറംകവാടത്തില്‍ ഏതാനും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ജയില്‍ സന്ദര്‍ശിക്കുന്ന ഉന്നതോദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുക മാത്രമാണ് ഇവരുടെ ഡ്യൂട്ടി എന്ന് ആരോപണമുണ്ട്. വിശാലമായ ജയില്‍ വളപ്പിനു ചുറ്റുമുള്ള റോഡുകളില്‍ കാവലിനു സജ്ജീകരണങ്ങളൊന്നുമില്ല.

പുറത്തു നിന്നു ജയില്‍ വളപ്പിനകത്തേക്കു സാധനങ്ങള്‍ എറിഞ്ഞു കൊടുക്കുന്നതു പല തവണ കണ്ടെത്തിയിട്ടും സ്ഥിരം നിരീക്ഷണത്തിനു പോലും നടപടിയായിട്ടില്ല. കൊച്ചിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഗോവിന്ദന്‍ കുട്ടിയെ കഴിഞ്ഞ മാസം വിയ്യൂരിലേക്കു കൊണ്ടു വന്നതോടെ തന്നെ ജയില്‍ ഉദ്യോഗസ്ഥരുടെ ആശങ്ക വര്‍ധിച്ചിരുന്നു. കൂടുതല്‍ സായുധ പൊലീസിനെ കാവലിനു നിയോഗിക്കണമെന്നു ജയില്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

3. അഭയ കേസ്: എത്ര വലിയവരായാലും സിബിഐ നീതിപീഠത്തിലെത്തിക്കണമെന്നു കോടതി
കൊച്ചി: അഭയ കേസില്‍ സിബിഐ നടത്തിയ നാര്‍ക്കോ പരിശോധനയില്‍ നിന്നു മറ്റേതെങ്കിലും വ്യക്തികളുടെ പങ്കിനെക്കുറിച്ചു മതിയായ സൂചന ലഭിച്ചിട്ടുണ്ടെങ്കില്‍ സിബിഐക്ക് ആ വഴി അന്വേഷണം തുടരാവുന്നതാണെന്നു ഹൈക്കോടതി. ഒരു കന്യാസ്ത്രീയുടെ ദാരുണമായ കൊലപാതകത്തിന് ഉത്തരവാദികള്‍ എത്ര തന്നെ വലിയവരായാലും അവരെ നീതിപീഠത്തിനു മുന്നിലെത്തിക്കാന്‍ സിബിഐക്ക് അന്വേഷണം നടത്താം.

നാര്‍ക്കോ അനാലിസിസ് പരിശോധനയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു ജസ്റ്റിസ് വി. രാംകുമാറിന്റെ ഉത്തരവ്. ചീഫ് ജുഡീഷ്യല്‍ കോടതിയിലും ഹൈക്കോടതിയിലും മുദ്രവച്ച കവറിലാണു റിപ്പോര്‍ട്ട് നല്‍കേണ്ടത്. യുക്തമായ സമയത്തല്ലാതെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്തരുത്. കേസിലെ ഏതെങ്കിലും കക്ഷികള്‍ക്കു റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയാന്‍ അവകാശമുണ്ടാവില്ല.

പരിശോധനാ ഫലം സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ ഭാഗമാകുന്നതു വരെ ഇതെക്കുറിച്ചറിയാന്‍ ഹൈക്കോടതിയല്ലാതെ മറ്റു കോടതികളെ സമീപിക്കാന്‍ ആര്‍ക്കും അവകാശമുണ്ടാവില്ലെന്നു കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയുമാണു നാര്‍ക്കോ അനാലിസിസ് ടെസ്റ്റിനു വിധേയരാക്കിയത്. നാര്‍ക്കോ പരിശോധനാ ഫലം ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് വി. രാംകുമാറിന്റെ ഉത്തരവ്. അതേസമയം, സംശയമുള്ള കൂടുതല്‍ പേരെ നാര്‍ക്കോ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം സിബിഐയുടെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെന്നു കോടതി വ്യക്തമാക്കി. സിബിഐ ഏറ്റവുമൊടുവില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത് 2005 ഓഗസ്റ്റ് 30നാണ്. അഭയയെ കൊലപ്പെടുത്തിയതാണെന്നും എന്നാല്‍ കുറ്റവാളികളെ കണ്ടെത്താനാവുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ട് 2006 ഓഗസ്റ്റ് 21നു മജിസ്ട്രേട്ട് കോടതി തള്ളിക്കൊണ്ടു തുടരന്വേഷണത്തിനു നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകളെല്ലാം വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി അനുവദിച്ചില്ല.

സിബിഐ രാജ്യത്തെ പ്രധാന കുറ്റാന്വേഷണ ഏജന്‍സിയാണെന്നും അവരുടെ അന്വേഷണ പാടവത്തെ സംശയിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. അഭയയുടെ പിതാവു നല്‍കിയ ഹര്‍ജിയില്‍ മൂന്നു മാസം കൂടുമ്പോള്‍ കേസിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദേശം പാലിക്കാന്‍ സിബിഐക്കു ബാധ്യതയുണ്ട്. കേസന്വേഷണത്തില്‍ സമാന്തരമായി മറ്റൊരു വിലയിരുത്തലിന്റെ ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.

ഒറിജിനല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു കേസ് ഡയറിയുടെ ഭാഗമാണെന്നും അതു ഹാജരാക്കിയിട്ടുണ്ടെന്നും സിബിഐ വിശദീകരിച്ച സാഹചര്യത്തില്‍ കോടതി കൂടുതല്‍ നിര്‍ദേശത്തിനു മുതിര്‍ന്നില്ല.

4. വനഭൂമി വ്യവസ്ഥാ ലംഘനം: ബോര്‍ഡ് മറുപടി നല്‍കണം
ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്കു സൌകര്യങ്ങളൊരുക്കാന്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍നിന്നു 13 ഹെക്ടര്‍ ഭൂമി വിട്ടുകൊടുത്തെങ്കിലും അതു സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ പരാതിയില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, ജഡ്ജിമാരായ അരിജിത് പസായത്, എസ്.എച്ച്. കപാഡിയ എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി.

വിട്ടുകൊടുക്കുന്ന ഭൂമിക്കനുസരിച്ചു മറ്റു ഭൂമിയില്‍ വനവല്‍ക്കരണം നടത്തുക, ഭൂമിയുടെ മൂല്യം കണക്കാക്കി വില നല്‍കുക തുടങ്ങി പല വ്യവസ്ഥകളുമനുസരിച്ചാണ് മന്ത്രാലയം ഭൂമി വിട്ടുകൊടുത്തത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍, ബോര്‍ഡ് വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് മന്ത്രാലയം ആരോപിച്ചു. മന്ത്രാലയത്തിനു വേണ്ടി ഹാരീസ് ബീരാനും ബോര്‍ഡിനു വേണ്ടി കെ.കെ. വേണുഗോപാലും ബീന മാധവനും ഹാജരായി.

5. എതിര്‍പ്പ്; ഇഎഫ്എല്‍ നിയമ ഭേദഗതി ഒാര്‍ഡിനന്‍സ് എല്‍ഡിഎഫിനു വിട്ടു
തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബല പ്രദേശ (ഇഎഫ്എല്‍) നിയമം സംബന്ധിച്ചു വനംവകുപ്പു കൊണ്ടുവന്ന ഭേദഗതി ഓര്‍ഡിനന്‍സ് ചില മന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചില്ല. നയതീരുമാനത്തിനായി ഇത് എല്‍ഡിഎഫിനു വിട്ടു. സ്ഥലത്തിന്റെ കസ്റ്റോഡിയന്‍ എടുക്കുന്ന തീരുമാനത്തിനെതിരെ സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്നും അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നുമുള്ള ഭേദഗതിയാണ് ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത്.

നിലവിലുള്ള നിയമം അനുസരിച്ച് ഉദ്യോഗസ്ഥനായ കസ്റ്റോഡിയന്‍ എടുക്കുന്ന തീരുമാനമാണ് അന്തിമം. അതിനുമേല്‍ കുറെക്കൂടി ന്യായമായ തീരുമാനം സര്‍ക്കാരിന് എടുക്കാന്‍ സാധിക്കുമെന്നതിനാലായിരുന്നു ഭേദഗതി കൊണ്ടുവരാന്‍ വനം വകുപ്പ് ശ്രമിച്ചത്. ബിനോയ് വിശ്വം കൊണ്ടുവന്ന നിര്‍ദേശത്തെ ചില സിപിഎം മന്ത്രിമാരാണ് എതിര്‍ത്തത്. സിപിഐക്കുള്ളിലും ചില നേതാക്കള്‍ക്ക് ഈ ഭേദഗതിയോടു വിയോജിപ്പുണ്ടെന്ന് അറിയുന്നു. സര്‍ക്കാരിന് അപ്പീല്‍ അധികാരം നല്‍കിയാല്‍ പിന്നീട് അധികാരത്തില്‍ വരുന്ന രാഷ്ട്രീയ കക്ഷികള്‍ ഇതു ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടിയത്.

ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് വിശദമായി ചര്‍ച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കിയശേഷം ഇക്കാര്യം നടപ്പാക്കിയാല്‍ മതിയെന്ന് മന്ത്രിസഭ തീരുമാനത്തില്‍ എത്തുകയായിരുന്നു. ഭാവിയില്‍ ഇത്തരം നയതീരുമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ എല്‍ഡിഎഫിന്റെ പരിഗണനയ്ക്കു വിട്ട് അംഗീകാരം വാങ്ങിയശേഷമേ മന്ത്രിസഭയില്‍ കൊണ്ടുവരാവൂ എന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.

6. ധര്‍മടത്തും കൂടക്കടവിലും പുതിയ റയില്‍പാലങ്ങള്‍ പണിയും
തലശേരി: എടക്കാടിനും തലശേരിക്കും ഇടയില്‍ രണ്ടിടത്തു പുതുതായി റയില്‍പാലങ്ങള്‍ നിര്‍മിക്കുന്നു. മൊയ്തുപാലത്തിനു സമാന്തരമായും ധര്‍മടത്തുമാണു പുതിയ പാലങ്ങള്‍ പണിയുക. രണ്ടിടത്തും നിലവിലുള്ള പഴയ പാലങ്ങള്‍ക്കു ബലക്ഷയം കണ്ടതിനെ തുടര്‍ന്നാണ് ഒാരോ പാലങ്ങള്‍ കൂടി പണിയാന്‍ റയില്‍വേ അനുമതി നല്‍കിത്.

കൂടക്കടവ് പുഴയില്‍ മൊയ്തുപാലത്തിനു സമാന്തരമായി പണിയുന്ന പാലത്തിന് ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും എത്താത്തതിനാല്‍ വീണ്ടും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ഒാരോ പാലത്തിനും ഏഴു കോടിയോളം രൂപ ചെലവു വരുമെന്നാണു കണക്ക്. നിലവിലുള്ള രണ്ടു പാലങ്ങളും അതേ രീതിയില്‍ നിലനിര്‍ത്തിയാണു പുതിയവ നിര്‍മിക്കുക.

നിര്‍മാണവുമായി ബന്ധപ്പെട്ടു ദക്ഷിണ റയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ ഉമേഷ് കുമാറും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കൃഷ്ണകുമാറും പാലങ്ങള്‍ പരിശോധിച്ചു. ബലക്ഷയം കണ്ടതിനെ തുടര്‍ന്നു രണ്ടു വര്‍ഷമായി ഇൌ പാലങ്ങളിലൂടെ 45 കി.മീറ്റര്‍ വേഗത്തിലാണു ട്രെയിനുകള്‍ കടത്തിവിടുന്നത്.

7. നെല്ലിപ്പുഴ പാലം: 1.20 കോടിയുടെ നഷ്ടമെന്നു വിജിലന്‍സ്
പാലക്കാട്: മണ്ണാര്‍ക്കാട് പഞ്ചായത്തിലെ നെല്ലിപ്പുഴ പാലം നിര്‍മാണത്തില്‍ കരാറുകാരനും ഉദ്യോഗസ്ഥരും നടത്തിയ ക്രമക്കേടിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിജിലന്‍സ് കണ്ടെത്തി. ആറു പേര്‍ക്കെതിരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

പാലം പൂര്‍ത്തിയാക്കി നാലു മാസത്തിനുള്ളില്‍ വിള്ളല്‍ കണ്ടതിനെത്തുടര്‍ന്നാണു വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കരാറുകാരനായ അഗളി പേഴത്തുമൂട് ബാബു തോമസ്, പൊതുമരാമത്ത് വകുപ്പ് ബ്രിജസ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ടി.രാജു തോമസ്, എസ്.എം.മുഹമ്മദ് കോയ, പാലക്കാട് സബ് ഡിവിഷന്‍ (ബ്രിജസ്) അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എം.കെ.കമാലുദ്ദീന്‍, കെ.കെ.അപ്പുക്കുട്ടന്‍, ഓവര്‍സീയര്‍ കെ.ആണ്ടന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

റവന്യു റിക്കവറിയിലൂടെ തുക ഇൌടാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണ കാലയളവില്‍ മരിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ.മുഹമ്മദിനെ കേസില്‍ നിന്ന് ഒഴിവാക്കി. ശരിയായ അനുപാതത്തില്‍ സിമന്റ് ചേര്‍ക്കാതെയും വ്യാജ ബില്ലുകള്‍ ചമച്ച് നിര്‍മാണ വസ്തുക്കള്‍ വാങ്ങിയെന്നു തെറ്റിദ്ധരിപ്പിച്ചും നിര്‍മാണചട്ടങ്ങള്‍ ലംഘിച്ചുമാണ് പാലം നിര്‍മിച്ചതെന്നു കണ്ടെത്തിയതായി വിജിലന്‍സ് ഡിവൈഎസ്പി സഫിയുള്ള സെയ്ദ് പറഞ്ഞു. 1991-93 കാലയളവിലാണ് കുന്തിപ്പുഴയ്ക്കു കുറുകെ പാലത്തിന് അനുമതി ലഭിച്ചത്.

39.40 ലക്ഷം രൂപയ്ക്കാണു ബാബു തോമസ് കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ അധിക പ്രവൃത്തികളുടെ പേരില്‍ ചെലവ് 55 ലക്ഷമായി ഉയര്‍ന്നു. 1991 ജൂലായില്‍ പണി ആരംഭിച്ച പാലം 1993 നവംബറില്‍ പൂര്‍ത്തിയാക്കിയെങ്കിലും നാലു മാസം കഴിഞ്ഞപ്പോള്‍ പടിഞ്ഞാറെ വശത്തുള്ള തൂണിനടുത്തുള്ള സ്ളാബില്‍ വിള്ളല്‍ കണ്ടെത്തി. വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന എം.പി.ദിനേശ് പ്രാഥികാന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിവൈഎസ്പി സഫിയുള്ള സെയ്ദിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ കെ.ശ്രീധരന്‍, ജി.ശശിഭൂഷണ്‍ നായര്‍, സി.ചന്ദ്രന്‍, എം.ജെ.സോജന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

8. ജയില്‍ നിയന്ത്രണം കേന്ദ്ര ഏജന്‍സിയെ ഏല്‍പിക്കണമെന്ന ഹര്‍ജിയില്‍ വിശദീകരണം തേടി
കൊച്ചി: സംസ്ഥാനത്തെ ജയിലുകളുടെ നിയന്ത്രണം സിആര്‍പിഎഫ് പോലുള്ള കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സിഐഎസ്എഫ് നിയന്ത്രണത്തിലുള്ള തിഹാര്‍ ജയിലിന്റെ മാതൃക ഇക്കാര്യത്തില്‍ പിന്‍തുടരണമെന്നാവശ്യപ്പെട്ട് എറണാകുളം വെണ്ണല ഇല്ലത്തുപറമ്പില്‍ ബിജുവാണു കോടതിയിലെത്തിയത്.

ഇതിനിടെ, ജയില്‍ ചട്ടങ്ങളില്‍ വരുത്താനുള്ള ഭേദഗതിയുടെ കരട് സര്‍ക്കാര്‍ ജസ്റ്റിസ് ജെ.ബി. കോശി, ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ സമര്‍പ്പിച്ചു. ബന്ധപ്പെട്ട കേസ് ഫെബ്രുവരി 15നു വീണ്ടും പരിഗണിക്കും. വിവിധ സബ്ജയിലുകളില്‍ കഴിഞ്ഞിട്ടുള്ള ബിജു കേസില്‍ കക്ഷിചേരാന്‍ അനുമതി തേടിയാണു കോടതിയിലെത്തിയത്. സംസ്ഥാനത്തെ ജയിലുകള്‍ രാഷ്ട്രീയ പിന്‍ബലമുള്ളവരുടെയും ഉന്നത സ്വാധീനമുള്ളവരുടെയും പിടിയിലാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.

സ്വാധീനമുള്ളവര്‍ക്കു മൊബൈല്‍ ഫോണും ചാര്‍ജറും ടേപ്പ് റെക്കോര്‍ഡറും സിഗരറ്റും സ്പെഷല്‍ ഭക്ഷണവും ലഭിക്കുന്നുണ്ട്. നിസഹായര്‍ പലതരം പീഡനവും ക്രൂരതയും സഹിക്കേണ്ടി വരുന്നു. ജയിലുകളില്‍ നടക്കുന്ന നിയമവിരുദ്ധ നടപടികള്‍ തടയാന്‍ കേരള പൊലീസിന്റെ നിയന്ത്രണം ഒഴിവാക്കി കേന്ദ്ര ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നാണ് ആവശ്യം. എന്നാല്‍, ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ പി.ജി. തമ്പി ബോധിപ്പിച്ചു.

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ജെ. മാത്യു ജയിലുകളില്‍ നേരിട്ടു സന്ദര്‍ശനം നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയെന്നും ജയില്‍ അഡീ. ഡിജിപി കെ.പി. സോമരാജന്‍ എല്ലാക്കാര്യങ്ങളിലും മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ തടവുകാരെ കണ്ണൂര്‍ ജയിലില്‍ നിന്നു വിയ്യൂരിലേക്കു മാറ്റണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി രണ്ടു പേരെക്കൂടി മാറ്റിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. നേരത്തെ ആറു പേരെ മാറ്റിയിരുന്നു.

9. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധമുണ്ടെങ്കില്‍ അപ്പീല്‍ നല്‍കേണ്ടതു ബാലറ്റ് പെട്ടിയില്‍: ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ നയം മാറ്റി പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ അതില്‍ നിയമവിരുദ്ധ നടപടി ബോധ്യപ്പെട്ടാല്‍ മാത്രമെ കോടതികള്‍ ഇടപെടേണ്ടതുള്ളൂ എന്നു ഹൈക്കോടതി. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധമുണ്ടെങ്കില്‍ കോടതിയിലല്ല, ബാലറ്റ് പെട്ടിയിലാണു ജനം അപ്പീല്‍ നല്‍കേണ്ടത്.

കോടതികളുടെ സര്‍ക്കാരല്ല, മറിച്ചു ജനങ്ങളുടെ സര്‍ക്കാരാണു ഭരണം നടത്തുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ നിന്നു പ്രീ ഡിഗ്രി മാറ്റിയപ്പോള്‍ വാഗ്ദാനം ചെയ്ത പ്ളസ് ടു ബന്ധപ്പെട്ട സ്കൂളിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ മുസ്ലിം എജ്യുക്കേഷനല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പ്രീ ഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ അതേ മാനേജ്മെന്റ് നടത്തുന്ന സ്കൂളുകള്‍ക്കു പ്ളസ് ടു അനുവദിക്കുമെന്നു ധാരണയുണ്ടായിരുന്നെങ്കിലും നയം മാറ്റിയ നിലയ്ക്കു പഴയ രീതി നടപ്പാക്കണമെന്നു പറയാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ ആദ്യം പ്ളസ്ടുവിന് അപേക്ഷ നല്‍കിയ കാലത്തു ഹൈസ്കൂള്‍ ഇല്ലെന്ന കാരണത്താല്‍ അനുവദിച്ചില്ല. പിന്നീടു ഹൈസ്കൂള്‍ കിട്ടിയ ശേഷം പ്ലസ് ടുവിന് അപേക്ഷിച്ചെങ്കിലും ചില പരാതികളെ തുടര്‍ന്ന് അനുവദിക്കപ്പെട്ടില്ല.

ഹൈസ്കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്കൂളും അനുവദിക്കുന്ന കാര്യത്തില്‍ നയം മാറ്റി 2000 ജൂണ്‍ 13നു സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നും ഇതനുസരിച്ച് ഹര്‍ജിക്കാര്‍ക്കു പ്ളസ് ടു കിട്ടാന്‍ അര്‍ഹതയില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചുകൊണ്ടാണു കോടതി നടപടി. പുതിയ സ്കൂളുകള്‍ അനുവദിക്കുകയെന്നതു സര്‍ക്കാരിന്റെ നയതീരുമാനമാണ്. പ്രദേശത്തിനു വിദ്യാഭ്യാസാവശ്യം ഉണ്ടെങ്കില്‍ പോലും സാമ്പത്തിക പ്രതിസന്ധിയുള്ള സര്‍ക്കാരിന് സ്കൂള്‍ അനുവദിക്കാതിരിക്കാം. പരിമിത വിഭവമുള്ള സര്‍ക്കാരിനു പല മേഖലയിലും പണം ചെലവഴിക്കേണ്ടതുണ്ട്.

ഹര്‍ജിക്കാര്‍ക്കു സ്കൂള്‍ അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ അതു സര്‍ക്കാരിന്റെ ബജറ്റ് വകയിരുത്തലിനെ ബാധിക്കും. ഏതെങ്കിലും മേഖലയില്‍ തല്‍ക്കാലം പണം നീക്കിവയ്ക്കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സാധാരണനിലയ്ക്കു കോടതിക്ക് ഇടപെടാനാവില്ല. സഭയില്‍ മറുപടി നല്‍കാന്‍ ബാധ്യതയില്ലാത്ത കോടതികള്‍ ഭരണനിര്‍വഹണ വിഭാഗത്തിന്റെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമാണെങ്കില്‍ മാത്രമേ ഇടപെടേണ്ടതുള്ളു.

നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം വിവേകപൂര്‍വമായാലും വിഡ്ഢിത്തമായാലും തിരുത്തണമെന്നു പറയാന്‍ കോടതിക്കു സാധ്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ മണ്ടന്‍ തീരുമാനങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുകയല്ലാതെ കോടതിയെ സമീപിച്ചിട്ടു കാര്യമില്ല. ഈ കേസില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം നിയമവിധേയമാണ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അനുവദിച്ചു കിട്ടാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമോ, അനുവദിച്ചു നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയോ ഇല്ല. സര്‍ക്കാര്‍ എന്നും ഒരു നയം തുടരണമെന്നു പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

10. രാജേഷിന്റെ കംപ്യൂട്ടറും പെന്‍ഡ്രൈവും പരിശോധിക്കാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി
കൊച്ചി: ടാര്‍ ബില്‍ തട്ടിപ്പു കേസില്‍ പ്രതിയാവുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരണമടയുകയും ചെയ്ത ചിത്രപ്പുഴ പാരിജാതത്തില്‍ രാജേഷ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറും പെന്‍ഡ്രൈവും പരിശോധിക്കാന്‍ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതി തേടി.

പെന്‍ഡ്രൈവില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ സിഡി പകര്‍പ്പ് കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് അനിവാര്യമാണെന്ന് ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എന്‍. രാജന്‍ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ മുഖേന സിഡിയുടെ പകര്‍പ്പ് ക്രൈം ബ്രാഞ്ചിനു നല്‍കാന്‍ മജിസ്ട്രേട്ട് ചെറിയാന്‍ കെ. കുര്യാക്കോസ് ഉത്തരവായിട്ടുണ്ട്.

രാജേഷിനെ അറസ്റ്റു ചെയ്യുമ്പോള്‍ പിടിച്ചെടുത്ത കംപ്യൂട്ടര്‍ സിഡാക്കില്‍ പരിശോധിക്കുന്നതിന് 8000 രൂപ കെട്ടിവയ്ക്കാന്‍ ഇതുവരെ ക്രൈം ബ്രാഞ്ച് തയാറായിട്ടില്ല.

11. തിരുവാരൂരില്‍ എംജിആറിന്റെ പ്രതിമ തകര്‍ത്തു; സംഘര്‍ഷം
ചെന്നൈ: അണ്ണാ ഡിഎംകെ സ്ഥാപകനും മുന്‍മുഖ്യമന്ത്രിയുമായ എംജിആറിന്റെ പ്രതിമ സാമൂഹിക വിരുദ്ധര്‍ കേടുവരുത്തിയതിനെ തുടര്‍ന്ന് തിരുവാരൂര്‍ ജില്ലയില്‍ പ്രക്ഷുബ്ധാവസ്ഥ. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവമറിഞ്ഞ് അണ്ണാ ഡിഎംകെ ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ ആര്‍.കാമരാജ്, ടൌണ്‍ സെക്രട്ടറി മൂര്‍ത്തി എന്നിവരുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ സ്ഥലത്തു തടിച്ചുകൂടി. പ്രതിമ കേടു വരുത്തിയവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

എംജിആറിന്റെ പ്രതിമകള്‍ തകര്‍ക്കുന്നതു തിരുവാരൂരില്‍ പതിവായിരിക്കുകയാണെന്ന് കാമരാജ് ആരോപിച്ചു.

12. ടെക്നോസിറ്റി: സ്ഥലവിലയ്ക്ക് അംഗീകാരം
തിരുവനന്തപുരം: തലസ്ഥാനത്ത് ടെക്നോസിറ്റിക്കായി ഏറ്റെടുക്കുന്ന 507 ഏക്കറില്‍ 204ഏക്കറിന് സംസ്ഥാന തല എംപവേഡ് കമ്മിറ്റി നിശ്ചയിച്ച വില നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാന്യമായ വില സ്ഥലം ഉടമകള്‍ക്കു ലഭിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

അങ്കമാലി-അഴുത റയില്‍പ്പാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നത് അതിവേഗ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. വിളപ്പില്‍ശാല ഖരമാലിന്യ സംസ്ക്കരണശാല പോബ്സണ്‍ ഗ്രൂപ്പില്‍ നിന്ന് ഏറ്റെടുക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന് അനുമതി നല്‍കി. എഴുകോണ്‍ ഇഎസ്ഐ ആശുപത്രിയില്‍ 20 കിടക്കകളുള്ള ആയുര്‍വേദ ഇന്‍ഡോര്‍ യൂണിറ്റ് അനുവദിക്കും.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w