പത്രവാര്‍ത്തകള്‍ 09-01-08

ദേശാഭിമാനി
Sorry, this site is temporarily unavailable.
Please check back later.

കൊ�ം: ആ�.എസ്.പിയിലെ ‘പിണറായിപ�ം’ പ്രൊഫ. ടി.ജെ. ച�ചൂഡനെ അ�ിമറി�് വി.പി. രാമകൃഷ്ണപി�യിലൂടെ പാ�ി പിടി�ു.

1. ചിന്നക്കനാലില്‍ അറുനൂറിലേറെ വ്യാജപട്ടയങ്ങള്‍
ഇടുക്കി: ചിന്നക്കനാല്‍ വില്ലേജില്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ വ്യാജ പട്ടയങ്ങള്‍ അറുനൂറിലേറെയാണെന്ന് ബോധ്യ മായി. ഇത്രയും പട്ടയങ്ങളുടെ അവസാനവട്ട പരിശോധനകള്‍ കഴിയുന്നതോടെ ചിന്നക്കനാല്‍ കേന്ദ്രമാക്കി ആയിരംകോടിയിലധികം രൂപ വിലമതിക്കുന്ന, ടൂറിസം പ്രാധാന്യമുള്ള സര്‍ക്കാര്‍ ഭൂമി കൈക്കലാക്കിയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരും.
ചിന്നക്കനാല്‍ വില്ലേജിലെ സൂര്യനെല്ലി, ബി എല്‍ റാവ്, ഷണ്‍മുഖവിലാസം, പാപ്പാത്തിച്ചോല എന്നീ പ്രദേശങ്ങളിലാണ് വ്യാജപട്ടയങ്ങള്‍ സംഘടിപ്പിച്ച് ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്. വ്യാജപട്ടയങ്ങളില്‍ നല്ലപങ്ക് ആധാരങ്ങളാക്കി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പോക്കുവരവ് രേഖകള്‍ അവ്യക്തമായതിനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ കൂടി പരിശോധിക്കേണ്ടി വരും. ഈ പട്ടയങ്ങള്‍ക്കൊപ്പം ചിന്നക്കനാല്‍ വില്ലേജിലെ തണ്ടപ്പേര്‍ രജിസ്റ്ററിന്റെ പൂര്‍ണ്ണ പരിശോധനയും നടന്നുവരുകയാണ്. പട്ടയത്തിലെ സര്‍വ്വേ നമ്പരും തണ്ടപ്പേര്‍ രജിസ്റ്ററിലെ സര്‍വ്വേ നമ്പരും മാറി കാണപ്പെടുന്നത് പരിശോധകരെ കുഴക്കുന്നുണ്ട്. തണ്ടപ്പേര്‍ രജിസ്റ്ററിലെ നിരവധി പേജുകള്‍ കൂട്ടിച്ചേര്‍ത്തവയാണെന്നും കണ്ടെത്തി. ആനയിറങ്കല്‍ ഡാമിന്റെ ആവശ്യത്തിനുവേണ്ടി ഒഴിപ്പിക്കപ്പെട്ടവരുടെ തണ്ടപ്പേരുകള്‍ക്കു പകരമാണ് വ്യാജപട്ടയങ്ങള്‍ക്ക് തണ്ടപ്പേര്‍ ഉണ്ടാക്കിയതെന്നാണ് സൂചന. പട്ടയ അപേക്ഷകളിലെ കയ്യൊപ്പിന്റെ സാമ്യം കൂടാതെ വ്യാജമായി ഉണ്ടാക്കിയ എല്‍.എ. ഫയലുകളിലെ രേഖപ്പെടുത്തല്‍, ഒപ്പ് തുടങ്ങിയവയെല്ലാം ഒരുപോലെയാണ്. വന്‍തോതില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പങ്കുകൂടി അന്വേഷിച്ചുവരികയാണ്.
മൂന്നാര്‍ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് ഉണ്ടായിട്ടുള്ള നിര്‍ണ്ണായക നടപടിയാണ് ഇപ്പോള്‍ ചിന്നക്കനാലില്‍ നടന്നുവരുന്നത്. ആദിവാസികള്‍ കുടില്‍കെട്ടിയ പ്ളോട്ടില്‍ ആധാരങ്ങള്‍ കാട്ടി അവകാശം ഉന്നയിച്ച രണ്ടു കേസ്സുകളെപ്പറ്റിയുള്ള അന്വേഷണമാണ് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചത്. ഈ രണ്ട് ഭൂമി രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാകളക്ടര്‍ അശോക്കുമാര്‍ സിന്‍ഹ ചിന്നക്കനാല്‍ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണങ്ങളാണ് വ്യാജരേഖകള്‍ ഇത്ര വ്യാപകമായി കണ്ടെത്തുന്നതിലേക്ക് മുന്നേറുന്നത്. ഉടുമ്പഞ്ചോല താലൂക്ക് ഓഫീസിലെ എല്‍.എ. രേഖകള്‍ കഴിഞ്ഞദിവസം കളക്ടര്‍ നേരിട്ട് സീല്‍ചെയ്തിരുന്നു. ചിന്നക്കനാലിലെ ഭൂമി സംബന്ധമായ എല്ലാ രേഖകളുടെയും പരിശോധന കളക്ടറുടെ മേല്‍നോട്ടത്തില്‍ അവിടെ നടന്നുവരികയാണ്.
വ്യാജമെന്ന് സംശയിക്കപ്പെടുന്ന അറുന്നൂറിലേറെ പട്ടയങ്ങളില്‍ ഉള്‍പ്പെട്ട് ആയിരത്തി ഇരുനൂറിലേറെ ഏക്കര്‍ ഭൂമി ഉണ്ട്. റിസോര്‍ട്ടുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഈ താഴ്വരയില്‍ ഇപ്പോള്‍ ഒരേക്കര്‍ ഭൂമിക്ക് ഒരുകോടിയോളം രൂപ വിലയുണ്ട്.

2. വി.പി. രാമകൃഷ്ണപിള്ള ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി
കൊല്ലം : ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറിയായി മുന്‍മന്ത്രിയും പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ വി.പി. രാമകൃഷ്ണപിള്ള തിരഞ്ഞെടുക്കപ്പെട്ടു.
പാര്‍ട്ടി സംസ്ഥാന സ മ്മേളനത്തോടനുബന്ധിച്ച് സെക്രട്ടറി സ്ഥാനത്തേയ്ക്ക് നടന്ന മത്സരത്തില്‍ നിലവി ലുള്ള സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡനെ പതിനെട്ടിനെതിരെ 23 വോട്ടുകള്‍ക്ക് വി.പി. രാമകൃഷ്ണപിള്ള പരാജയപ്പെടുത്തി. രഹസ്യബാലറ്റ് വഴി നടന്ന വോട്ടിംഗില്‍ സ്ഥാനാര്‍ത്ഥികളും മറ്റൊരു അംഗവും പങ്കെടുത്തില്ല.
ഇന്നലെ വൈകിട്ട് സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷം നടന്ന നാടകീയസംഭവങ്ങളാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരത്തിന് വഴിയൊരുക്കിയത്.

3. അരിവില മേലോട്ടുതന്നെ
തിരുവനന്തപുരം: വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടുന്ന ജനത്തിന് ഇരുട്ടടിയായി അരിവില 50 പൈസ വീണ്ടും കൂടി.
19 രൂപയായിരുന്ന ഒരു കിലോ ജയ അരിയുടെ വില പൊതുവിപണിയില്‍ 19.50 രൂപയായി. ഒരാഴ്ചമുമ്പ് 18 രൂപയ്ക്ക് വിറ്റിരുന്ന സുലേഖയ്ക്ക് ഇന്നലെ 18.75 രൂപയായിരുന്നു.
ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് പാടേ നിലച്ചതാണ് പൊടുന്നനെയുള്ള ഈ വിലക്കയറ്റത്തിന് കാരണം. പാലക്കാടന്‍ മട്ടയുടെ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. സിംഗിള്‍ എന്ന പാലക്കാടന്‍ മട്ട ചില്ലറ വില ഒരാഴ്ചയായി 16 രൂപയില്‍ തന്നെ നില്‍ക്കുന്നു. എന്നാല്‍ മട്ടയുടെ ഉണ്ട, വടി വിഭാഗങ്ങള്‍ക്ക് (ഡബിള്‍ എന്ന ഇനം) ഒരാഴ്ചയ്ക്കുള്ളില്‍ 50 പൈസയുടെ വര്‍ദ്ധന ഉണ്ടായി.
ചാലയില്‍ മൊത്തവ്യാപാരികളുടെ ഗോഡൌണുകളില്‍ ജയ, സുലേഖ എന്നീ ആന്ധ്രാ അരി തീരെ ഇല്ലാത്ത അവസ്ഥയാണ്.
വലിയ മാറ്റം ഉണ്ടാകാത്ത തമിഴ്നാട്ടില്‍ നിന്നുള്ള പൊന്നി, ഡൊപ്പി അരികള്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ ഗണ്യമായ വില വര്‍ദ്ധന ഉണ്ടായി. 15 രൂപയ്ക്ക് വിറ്റിരുന്ന പൊന്നിക്ക് ഇപ്പോള്‍ 17 രൂപയാണ്. ബക്രീദും ക്രിസ്മസും പ്രമാണിച്ച് റേഷന്‍ കടവഴി അഞ്ചു കിലോ പച്ചരിയും ഒരു കിലോ പഞ്ചസാരയും നല്‍കുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. സ്റ്റോക്ക് കുറവായതാണ്് കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

4. ദേശീയപാത നാലുവരിയാക്കുന്നതിന് അന്തിമ രൂപരേഖയായി
ന്യൂഡല്‍ഹി: ദേശീയപാത 47 ഉം 17 ഉം നാലുവരിയാക്കാനുളള പദ്ധതിക്ക് അന്തിമരൂപമായതായി ഗതാഗത മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ബി. ഒ. ടി (നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് ചെലവും ലാഭവുമെടുത്തശേഷം കൈമാറുന്ന രീതി) അടിസ്ഥാനത്തിലാവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ദേശീയ പാത 47 ന്റെ നിര്‍മ്മാണം മൂന്നു വര്‍ഷത്തിനുളളിലും 17 ന്റെ നിര്‍മ്മാണം നാലു വര്‍ഷത്തിനുളളിലും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ടി. ആര്‍. ബാലുവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായതെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാതയോടൊപ്പം വരുന്ന ബൈപ്പാസുകളും നാലുവരിയാക്കാനാണ് തീരുമാനം. തിരുവനന്തപുരം നെയ്യാറ്റിന്‍കര, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, തലശേരി മാഹി, കൊയ്ലാണ്ടി ബൈപ്പാസുകളും പദ്ധതിയില്‍ ഉള്‍പ്പെടും.
കൊല്ലം കോട്ടയം കുമളി ദേശീയ പാത 220 രണ്ടുവരി പാതയാക്കി വികസിപ്പിക്കാനുളള പദ്ധതിക്കും അന്തിമധാരണയായി. ദേശീയപാതാ വികസന പദ്ധതിയുടെ നാലാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാവും വികസനം. ദേശീയ പാത 49 ല്‍ കൊച്ചി കോതമംഗലം മൂന്നാര്‍ ബോഡിമഡ് വരെയുളള ഭാഗത്തിന്റെയും രണ്ടുവരി വികസനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ പാത 47 നെയും 17 നെയും ബന്ധിപ്പിക്കുന്ന കോഴിക്കോട് – പാലക്കാട് റോഡും നാലുവരി പാതയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുളള സാധ്യതാ പഠനം ഉടന്‍ ആരംഭിക്കും. ദേശീയ പാതാ വികസന പദ്ധതിയുടെ ഏഴാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കൊച്ചി നഗരത്തിലെ ഗതാഗത വികസനത്തിനും ഉടന്‍ പ്രത്യേക പദ്ധതി സമര്‍പ്പിക്കും. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച വൈപ്പിന്‍ – മൂത്തകുന്നം തീരദേശ റോഡും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡും നാലു മേല്‍പാതകളടക്കം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാതകളാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്.
മലബാറിന്റെ ഗതാഗത വികസനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. ധനസഹായ കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാന്‍ ലോകബാങ്ക് അധികൃതര്‍ സമ്മതിച്ചു. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം അടുത്ത ആറു മാസത്തിനുളളില്‍ ഏറെ മുന്നോട്ട് കൊണ്ടുപോകുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

5. ഐ.എസ്.ആര്‍.ഒ ഭൂമി ഇടപാട്: കഥ ഇതുവരെ
തിരുവനന്തപുരം : ടിവിയിലെ മെഗാ സീരിയല്‍ പോലെ നീളുകയാണ് ഐ.എസ്.ആര്‍.ഒയുടെ ഭൂമി ഇടപാടും ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ശ്രമവും. ശുഭമായി കലാശിക്കുമെന്ന് കരുതുന്ന സന്ദര്‍ഭങ്ങളിലൊക്കെയും വിവാദങ്ങളിലൂടെ ആന്റി ക്ളൈമാക്സുകള്‍ സൃഷ്ടിച്ച് ‘കഥ’ മുന്നോട്ടു പോകുകയാണ്. എല്ലാ ഘട്ടങ്ങളിലുമുണ്ട് സംശയങ്ങളും അഭ്യൂഹങ്ങളും സൃഷ്ടിക്കുന്ന സസ്പെന്‍സ്. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ അനുയോജ്യമായ 87 ഏക്കര്‍ ഭൂമി വലിയമലയ്ക്കു സമീപമുണ്ടെന്ന് കണ്ടെത്തിയിരിക്കെ ഇനിയെങ്കിലും അവസാനിക്കുമോ ഈ വിവാദപരമ്പര? ‘കഥ ഇതുവരെ’ ഒന്ന് പരിശോധിച്ചാല്‍ ഇനിയുമുണ്ട് പ്രശ്നം നീണ്ടുപോകാനുള്ള സാദ്ധ്യത. ഭൂമി നേടിയെടുക്കാനുള്ള ഐ.എസ്.ആര്‍.ഒയിലെ ചില ഉദ്യോഗസ്ഥരുടെ തിടുക്കവും തിടുക്കമില്ലായ്മയും പ്രകടമാണ് ഇതുവരെയുള്ള ‘കഥ’യില്‍.

*2006 ഡിസംബര്‍ 13. ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഭൂമി ആവശ്യമുണ്ടെന്ന് കാണിച്ച് പത്രങ്ങളില്‍ ഐ.എസ്.ആര്‍.ഒയുടെ പരസ്യം പ്രത്യക്ഷപ്പെടുന്നു.
*പരിസ്ഥിതിക്കു കോട്ടം തട്ടാത്ത പ്രകൃതിരമണീയമായ ഭൂമി വേണമെന്നായിരുന്നു പരസ്യം.
*പരസ്യം നല്‍കുംമുമ്പ് സര്‍ക്കാരിന്റെ പക്കല്‍ ഭൂമിയുണ്ടോയെന്ന് അന്വേഷിച്ചതേയില്ല.

*പരസ്യം പ്രത്യക്ഷപ്പെട്ടതിന്റെ രണ്ടാംനാള്‍ സര്‍ക്കാരിന് ഐ.ഐസ്.ആര്‍.ഒയുടെ ഒരു കത്ത് കിട്ടുന്നു. ജില്ലയില്‍ പ്രകൃതിരമണീയമായ 100 ഏക്കര്‍ ഭൂമി കിട്ടുമോയെന്ന അന്വേഷണമായിരുന്നു കത്തില്‍.
*ഐ.എസ്.ആര്‍.ഒ ആവശ്യപ്പെട്ടതു പോലുള്ള റവന്യു ഭൂമി തിരുവനന്തപുരം നഗരത്തിന്റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമല്ലെന്ന് കാണിച്ച് ജില്ലാ കളക്ടറുടെ പേരില്‍ 2007 ഫെബ്രുവരി 21-ന് മറുപടിക്കത്ത്. നെടുമങ്ങാട് തഹസീല്‍ദാരുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നുവത്രെ മറുപടി.
*നെടുമങ്ങാട് താലൂക്കില്‍ നൂറുകണക്കിന് ഏക്കര്‍ റവന്യു ഭൂമി ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
*2007 ജൂലായ് 20ന് സേവി മനോമാത്യുവിന്റെ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് 81.5 ഏക്കര്‍ ഭൂമി 3.26 കോടി രൂപയ്ക്ക് ഐ.എസ്.ആര്‍.ഒ വാങ്ങുന്നു.
*ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് 200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സൌജന്യമായി നല്‍കുമെന്ന് 2007 സെപ്തംബര്‍ 6-ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിക്കുന്നു.
*സേവി മനോമാത്യുവിന്റെ 707 ഏക്കര്‍ വരുന്ന മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റും കെട്ടിടങ്ങളും പരിസ്ഥിതി ദുര്‍ബല പ്രദേശത്തായതിനാല്‍ 2007 സെപ്തംബര്‍ 7-ന് റവന്യു അധികൃതര്‍ മുദ്രവയ്ക്കുന്നു. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു നടപടി.
*റവന്യു ഭൂമിയില്ലെന്ന് കളക്ടര്‍ അറിയിച്ചിരുന്നുവെന്ന വിവരം ഐ.എസ്.ആര്‍.ഒ വൃത്തങ്ങളില്‍ നിന്നുതന്നെ ചോര്‍ന്നു പുറത്തുവന്നു.

*ഭൂമിയില്ലെന്ന കത്ത് സംബന്ധിച്ച ഫയല്‍ താന്‍ കണ്ടിട്ടില്ലെന്ന് അപ്പോള്‍ ജില്ലാ കളക്ടര്‍ എന്‍. അയ്യപ്പന്‍.
*ഐ.എസ്.ആര്‍.ഒയിലെ ഒരു ഉന്നത ഉദ്യോഗസ്ഥര്‍ കളക്ടറേറ്റില്‍ നിരന്തരം കയറിയിറങ്ങി സ്വാധീനം ചെലുത്തി കത്ത് വാങ്ങുകയായിരുന്നുവെന്ന് ആരോപണം.
*ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിടാന്‍ വരുന്ന പ്രധാനമന്ത്രിക്ക് ഇറങ്ങാന്‍ ഹെലിപ്പാഡ് നിര്‍മ്മാണത്തിന് ചീഫ് സെക്രട്ടറിയായിരുന്ന ലിസി ജേക്കബ് രണ്ടു കോടി രൂപ അനുവദിച്ചിരുന്നു.
*ഹെലിപ്പാഡ് പണിയാന്‍ രണ്ടുകോടി അനുവദിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ല. ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ച വന്നുവെന്ന് മുഖ്യമന്ത്രി. തുടര്‍ന്ന് ലിസി ജേക്കബിന്റെ രാജി.
*പൊന്മുടിയില്‍ സര്‍വേ നടത്തിയ റവന്യു ഉദ്യോഗസ്ഥര്‍ കമ്പിമൂടില്‍ 127 ഏക്കര്‍ റവന്യു ഭൂമി ഉണ്ടെന്ന് കണ്ടെത്തി.
*കമ്പിമൂടില്‍ 100 ഏക്കര്‍ ഭൂമി ഐ.എസ്.ആര്‍.ഒയ്ക്ക് സൌജന്യമായി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം.
*100 ഏക്കര്‍ പോരാ, 125 ഏക്കര്‍ വേണമെന്നായി ഐ.എസ്.ആര്‍.ഒ അധികൃതര്‍. പൊന്മുടി അപ്പര്‍ സാനിട്ടോറിയത്തില്‍ 35 ഏക്കര്‍ വേണമെന്നും ആവശ്യം.
മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റില്‍ ഐ.എസ്.ആര്‍.ഒ വാങ്ങിയത് 81.5 ഏക്കര്‍ മാത്രമാണെന്നിരിക്കെ ഇത്രയും ഭൂമി എന്തിനെന്ന് സംശയം.

*ഐ.എസ്.ആര്‍.ഒ അധികൃതരുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരായ കെ.പി. രാജേന്ദ്രന്‍, എം.വി. ജയകുമാര്‍, ചീഫ് സെക്രട്ടറി ജെ. തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
*അപ്പര്‍ സാനിട്ടോറിയത്തില്‍ 25 ഏക്കര്‍ മതിയെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍ ചര്‍ച്ചയില്‍ സമ്മതിച്ചു.
*അപ്പര്‍ സാനിട്ടോറിയത്തില്‍ 20 ഏക്കറും കമ്പിമൂടിലെ ഭൂമിയും നല്‍കാന്‍ ഉപസമിതി ശുപാര്‍ശ.
*കമ്പിമൂടിലെ ഭൂമിക്കു നിരപ്പില്ലാത്തതിനാല്‍ കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍.
*കമ്പിമൂടില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമായ ഭൂമിയുണ്ടെന്ന് വിദഗ്ദ്ധരുടെ സംഘം കണ്ടെത്തി.
കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് പരിസ്ഥിതിക്കു ഹാനികരമാണെന്നായി അപ്പോള്‍ ഐ.എസ്.ആര്‍.ഒ അധികൃതര്‍.
*കമ്പിമൂടിലെ ഭൂമി വേണ്ടെന്ന് അറിയിച്ച ഐ.എസ്.ആര്‍.ഒ പുയിതൊരു നിര്‍ദ്ദേശം വച്ചു. പൊന്മുടി എസ്റ്റേറ്റില്‍ നിന്ന് 100 ഏക്കര്‍ അനുവദിക്കുക.

*മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റിനെപ്പോലെ പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പൊന്മുടി എസ്റ്റേറ്റ്. മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റിനെതിരായ കേസ് ദുര്‍ബലമാക്കാനാണ് ഈ ആവശ്യമെന്ന് ആരോപണം.
*മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവരുമായി ഐ.എസ്.ആര്‍.ഒ അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ പൊന്മുടി എസ്റ്റേറ്റ് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, ചര്‍ച്ചയില്‍ സമ്മതിച്ചതുപോലെ പൊന്മുടി എസ്റ്റേറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ സര്‍ക്കാരിന് കത്തു നല്‍കിയെന്ന് വാര്‍ത്തകള്‍.
*ഇങ്ങനെ ഒരു കത്തുകിട്ടിയില്ലെന്നും പൊന്മുടി എസ്റ്റേറ്റില്‍ ഭൂമി നല്‍കാനാവില്ലെന്നും മുഖ്യമന്ത്രി.
*വലിയമലയില്‍ 70 ഏക്കര്‍ ഭൂമി ഐ.എസ്.ആര്‍.ഒയ്ക്ക് കൊടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
*വലിയമലയില്‍ റവന്യു ഭൂമിയില്ലാത്തതിനാല്‍ 70 ഏക്കര്‍ നല്‍കണമെങ്കില്‍ നിരവധി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന് പ്രചരണം, തുടര്‍ന്ന് പ്രക്ഷോഭം.
*ഒരു കുടുംബത്തെയും ഒഴിപ്പില്ലെന്ന് സര്‍ക്കാര്‍.
*വലിയമലയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ഉഴമലയ്ക്കലില്‍ അനുയോജ്യമായ 87 ഏക്കര്‍ ഭൂമിയുണ്ടെന്ന് കണ്ടെത്തി.
*ഇനി…?

6. തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും കേരളത്തിലും സി.ബി.ഐ റെയ്ഡ്
കൊച്ചി: സപ്ളൈകോയിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കരാറുകാരുടെയും ഇടനിലക്കാരുടെയും സ്ഥാപനങ്ങളിലും വീടുകളിലും ഇന്നലെ റെയ്ഡ് നടത്തി സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു.
2000 മുതല്‍ 2004 വരെ സപ്ളൈകോയ്ക്കു വേണ്ടി പലവ്യഞ്ജനവും മരുന്നും വാങ്ങിയതിലും സാധനങ്ങള്‍ കടത്തിക്കൊണ്ടുവന്ന വാഹനങ്ങളുടെ ഇടപാടിലും നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. കേരളത്തില്‍ ആറും, തമിഴ്നാടില്‍ രണ്ടും സ്ഥാപനങ്ങളിലും കര്‍ണാടകയില്‍ ഒരു സ്ഥാപനത്തിലുമാണ് ഒരേ സമയം റെയ്ഡ് നടത്തിയത്. സപ്ളൈകോ കരാറുകാരനായ കൊച്ചിയിലെ അബ്കാരി കെ.ടി. ജോസഫിന്റെ കണ്ണൂരിലെ വീട്ടിലും അങ്കമാലി, എറണാകുളം, ചോറ്റാനിക്കര എന്നിവിടങ്ങളിലും സി.ബി.ഐ റെയ്ഡ് നടന്നു.
എറണാകുളത്തെ ഭാരത് ഏജന്‍സീസ്, ശ്രീ ഏജന്‍സീസ്, സാര്‍ത്ഥക് ഫാര്‍മ, അങ്കമാലിയിലെ കതിര്‍ ഫുഡ്സ്, കൊച്ചിയിലെ കൃഷ്ണ ഏജന്‍സീസ്, വിജയകുമാര്‍ എന്ന ഇടനിലക്കാരന്റെ എറണാകുളത്തും കോയമ്പത്തൂരുമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു മണിക്കൂറുകള്‍ നീണ്ട പരിശോധന. ചോറ്റാനിക്കരയിലെ ഭൈരവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അമ്മന്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയ സി.ബി.ഐ സംഘം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനു വേണ്ടി സാധനങ്ങള്‍ കൊണ്ടുവന്നതില്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവ് കണ്ടെടുത്തിട്ടുണ്ട്. ഭൈരവനും മറ്റ് രണ്ട് സഹോദരന്മാരും മാത്രമാണ് സാധനങ്ങള്‍ കൊണ്ടുവരാന്‍ വാഹനകരാര്‍ ലഭിക്കുന്നതിനുള്ള ക്വട്ടേഷന്‍ നല്‍കിയത്. ഇത് സപ്ളൈകോ ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്ന് സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

7. മെര്‍ച്ചിസ്റ്റണ്‍ ഭൂമി വീണ്ടും ഇ.എഫ്.എല്‍ പരിധിയില്‍
തിരുവനന്തപുരം: മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി പരിസ്ഥിതി ദുര്‍ബലപ്രദേശത്തിന്റെ (ഇ.എഫ്.എല്‍) പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തുകൊണ്ടുള്ള മുന്‍ വനംവകുപ്പ് കസ്റ്റോഡിയന്റെ ഉത്തരവ് സര്‍ക്കാര്‍ തിരിച്ചെടുത്തു.
ഇതോടെ 268.87 ഹെക്ടര്‍ വരുന്ന മെര്‍ച്ചിസ്റ്റണ്‍ ഭൂമി മുഴുവന്‍ ഇ.എഫ്.എല്‍ പരിധിയിലായി. ഐ. എസ്. ആര്‍. ഒയ്ക്ക് സേവി മനോ മാത്യു വിറ്റ സ്ഥലം ഉള്‍പ്പെടെയുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ഇനി നിയമപ്രകാരം വനംവകുപ്പിനാകും. 268.87 ഹെക്ടര്‍ വരുന്ന മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ 24.41 ഹെക്ടര്‍ ഒഴിച്ചുള്ള ഭൂമിയെ ഇ. എഫ്. എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തുകൊണ്ട് കഴിഞ്ഞ ജൂണ്‍ 12-നാണ് പരിസ്ഥിതിദുര്‍ബല പ്രദേശത്തിന്റെ കസ്റ്റോഡിയനായ അന്നത്തെ വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥന്‍ ഉത്തരവിറക്കിയത്. (1971-ലെ വനസംരക്ഷണ നിയമപ്രകാരം വനഭൂമി ഏറ്റെടുത്തതാണ് 24.41 ഹെക്ടര്‍).
2000-ല്‍ മുന്‍ എല്‍.ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് ഇറക്കിയ ഓര്‍ഡിനന്‍സ് പ്രകാരം തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെടെ ഇ. എഫ്. എല്‍ പരിധിയില്‍ പെടുമായിരുന്നു. എന്നാല്‍, യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് 2003-ല്‍ ഓര്‍ഡിനന്‍സിനു പകരം ബില്‍ കൊണ്ടുവന്നപ്പോള്‍ ഈ വ്യവസ്ഥയില്‍ ഇളവ് വരുത്തി. ഇതുപ്രകാരം തേയിലത്തോട്ടം ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍ ഇ. എഫ്. എല്‍ പരിധിയില്‍ നിന്ന് ഒഴിവാകും. ഇതു വച്ചാണ് കസ്റ്റോഡിയനായ വി. ഗോപിനാഥന്‍ സേവിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
2003-ല്‍ ഇ. എഫ്. എല്‍ ആക്ട് പാസ്സായെങ്കിലും അതിന്റെ വിജ്ഞാപനം ഇറങ്ങിയിരുന്നില്ല. 2005 മാര്‍ച്ച് 30-ന് സേവി മനോ മാത്യു ജയശ്രീ ടീ എസ്റ്റേറ്റ്സില്‍ നിന്ന് ഭൂമി വിലയ്ക്കു വാങ്ങുമ്പോഴും വിജ്ഞാപനം ഇറങ്ങിയിട്ടില്ലായിരുന്നു. ഇക്കാരണത്താല്‍ പഴയ ഓര്‍ഡിനന്‍സിനാണ് സേവി ഭൂമി വാങ്ങിയ സമയത്തും സാധുത ഉണ്ടായിരുന്നത് എന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് പൂട്ടി വനംവകുപ്പ് അധികൃതര്‍ സീല്‍വച്ചത്.
സേവിക്ക് അനുകൂലമായി വിധിയെഴുതിയ മുന്‍ കസ്റ്റോഡിയന്‍ വി. ഗോപിനാഥനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. എന്നാല്‍, എസ്റ്റേറ്റ് പൂട്ടിയ വനംവകുപ്പ് നടപടിക്കെതിരെ സേവി മനോമാത്യു ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ്, പഴയ കസ്റ്റോഡിയന്റെ ഉത്തരവ് തിരിച്ചെടുത്തുകൊണ്ട് ഇപ്പോഴത്തെ കസ്റ്റോഡിയനായ എന്‍. ഗോപിനാഥന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

8. ‘മില്‍മ റിച്ചി’ന്റെ ഉത്പാദനം കൂട്ടുന്നു
തിരുവനന്തപുരം : വീണ്ടും പാല്‍ വില കൂട്ടുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൊഴുപ്പ് കൂടിയ പാലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് നഷ്ടം കുറയ്ക്കാന്‍ മില്‍മ നീക്കം തുടങ്ങി.
മില്‍മയുടെ ഈ തന്ത്രം ഉപഭോക്താക്കള്‍ക്ക് കനത്ത ഇരുട്ടടിയാവും. ലിറ്ററിന് 22 രൂപ വിലയുള്ള കൊഴുപ്പ് കൂടിയ പാല്‍ വാങ്ങേണ്ടിവരും. സാധാരണ പാലിന് ക്ഷാമമുണ്ടായപ്പോള്‍ കൊഴുപ്പ് കൂടിയ മില്‍മ റിച്ചിനും ഡിമാന്‍ഡ് കൂടി. ഇപ്പോള്‍ 10,000 ലിറ്റര്‍ മാത്രമുള്ള മില്‍മ റിച്ചിന്റെ ഉത്പാദനം കുത്തനെ ഉയര്‍ത്താന്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ നീക്കം തുടങ്ങി. ഇതിനുവേണ്ടി പാല്‍ പായ്ക്ക് ചെയ്യാനുള്ള ഫിലിമിന്റെ അച്ചടി കൂട്ടാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൂടിയ വിലയ്ക്ക്വാങ്ങുന്ന പാല്‍ മുഴുവന്‍ ‘മില്‍മ റിച്ച്’ ആയി വിപണിയിലിറക്കാനാണ് ആലോചന. തിരുവനന്തപുരം മേഖലാ യൂണിയന്‍ മാത്രം പ്രതിദിനം 2.5 ലക്ഷം ലിറ്റര്‍ പാല്‍ കര്‍ണാടകയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്ന് ലിറ്ററിന് 2.75 രൂപ അധികം നല്‍കിയാണ് വാങ്ങുന്നത്.
മില്‍മയുടെ മറ്റു രണ്ടു യൂണിയനുകളും പുറത്തുനിന്ന് പാല്‍ കൊണ്ടുവരുന്നുണ്ട്. ഇതില്‍ മലബാര്‍ യൂണിയന്‍ ലാഭത്തിലായതിനാല്‍ മില്‍മ റിച്ചിന്റെ ഉത്പാദനം കൂട്ടാനിടയില്ല. എറണാകുളം യൂണിയനും ഉത്പാദനം കൂട്ടാന്‍ ആലോചിക്കുന്നു.
തിരുവനന്തപുരം മേഖലാ യൂണിയന്‍ കര്‍ണാടകത്തില്‍ നിന്ന് പാല്‍ വാങ്ങിയതിന് 3.75 കോടി രൂപ കൊടുക്കാനുണ്ട്. ഈ കുടിശ്ശികയില്‍ കുറെയെങ്കിലും കൊടുത്തില്ലെങ്കില്‍ അവര്‍ പാല്‍ വില്പന നിറുത്തിവച്ചേക്കും. തിരുവനന്തപുരം യൂണിയന്‍ പ്രതിദിനം 45 ലക്ഷം ലിറ്റര്‍ പാല്‍ വിപണിയിലിറക്കുന്നതില്‍ പകുതി കര്‍ണാടകത്തില്‍ നിന്നുള്ളതാണ്.

9. കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന സര്‍ക്കാര്‍സത്യവാങ്മൂലം പൂഴ്ത്തി
തിരു : കേരള ഭാഗ്യക്കുറിയുടെ മറവില്‍ ഉത്തരേന്ത്യന്‍ ലോബി കള്ളപ്പണം വെളുപ്പിച്ചുകൊണ്ടിരിക്കുമ്പോഴും ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ധനവകുപ്പ് തയ്യാറാകുന്നില്ല.
പ്രതിമാസം പത്ത് ഉത്തരേന്ത്യക്കാരെങ്കിലും ഇപ്പോഴും കേരള ലോട്ടറി ഉപയോഗിച്ച് പണം വെളുപ്പിക്കുന്നുവെന്നാണ് കരുതുന്നത്. കേരളത്തില്‍ ടൂറിന് വന്നപ്പോള്‍ വാങ്ങിയ ടിക്കറ്റാണെന്ന് പറയുന്ന കത്തും ആദായ നികുതി അടയ്ക്കുന്നതിന്റെ രേഖയും നല്‍കിയാല്‍ അന്യസംസ്ഥാനത്തുനിന്നുള്ള ആര്‍ക്കും പണം കൊടുക്കും. ലോട്ടറിയുടെ കുത്തകവില്പനക്കാരാണ് സമ്മാനം ലഭിക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും നല്‍കി ലോബിക്കുവേണ്ടി ടിക്കറ്റുകള്‍ വാങ്ങുന്നത്.
2004ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ സത്യവാങ്മൂലം പൂഴ്ത്തിവച്ചുകൊണ്ട് പണംവെളുപ്പിക്കലിന് വഴിയൊരുക്കുകയായിരുന്നു. പണംവെളുപ്പിക്കുന്നുവെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സമ്മാനവിതരണം തടഞ്ഞതിനെതിരെ ലോബിയിലെ ചില കണ്ണികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്ന സ്ഥിതിക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യാന്‍ ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ ഉത്തരവിട്ടു. അന്ന് വാസ്തവത്തില്‍ എതിര്‍സത്യവാങ്മൂലം തയ്യാറാക്കിയിരുന്നുവെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ലോട്ടറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എം. കോമളകുമാരിയാണ് ഇത് തയ്യാറാക്കിയത്. അന്യസംസ്ഥാനങ്ങളിലുള്ളവര്‍ പണം വെളുപ്പിക്കാന്‍വേണ്ടി കേരളഭാഗ്യക്കുറി ഉപയോഗിക്കുന്നുവെന്ന് അതില്‍ വ്യക്തമായി പറയുന്നു. സമ്മാനം ആവശ്യപ്പെട്ട് പലരും നല്‍കിയ കത്തിലെ ഒപ്പുകള്‍ തമ്മില്‍ സാദൃശ്യമുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. ക്രമക്കേടിനെക്കുറിച്ച് വിശദമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടും ഇതോടൊപ്പം ചേര്‍ത്തിരുന്നു.
2004 ഒക്ടോബറില്‍ തയ്യാറാക്കിയ എതിര്‍ സത്യവാങ്മൂലം യഥാസമയം സര്‍ക്കാര്‍ അഭിഭാഷകന് എത്തിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ അത് ഹൈക്കോടതിയില്‍ സമര്‍പ്പി ക്കപ്പെട്ടില്ല. തുടര്‍ന്ന് 2004 ഡിസംബര്‍ 14നാണ് സര്‍ക്കാരിന് എതിര്‍പ്പില്ലാത്തതിനാല്‍ ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്കെല്ലാം സമ്മാനം നല്‍കാന്‍ കോടതി വിധിച്ചത്. വിധി വന്നതോടെ ആഘോഷപൂര്‍വം സമ്മാനവിതരണം ആരംഭിക്കുകയായിരുന്നു. ഇപ്പോഴും തുടരുന്ന വെളുപ്പിക്കല്‍ അവസാനിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലിന് പോകണം

10. സി.പിയെ ചൊടിപ്പിച്ച ധര്‍മ്മരാജ്യത്തിന് പുനര്‍ജന്മം
തിരുവനന്തപുരം : “അഹോ! ഭീകരതയുടെ പൈശാചിക നര്‍ത്തനം! എന്തൊരു രാക്ഷസീയമായ അന്തരീക്ഷം!…”
വൈക്കം മുഹമ്മദ് ബഷീറെന്ന അതുല്യ എഴുത്തുകാരന്റെ അധികമാരും വായിക്കാതെ പോയ വാക്കുകളാണിത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യരെ ‘മദയാന’യെന്നും ‘കരിങ്കുരങ്ങെ’ന്നുമെല്ലാം വിശേഷിപ്പിച്ച് എഴുതിയ “ധര്‍മരാജ്യം” എന്ന ലേഖനം രാജ്യതാത്പര്യത്തിന് എതിരെന്ന് ആരോപിച്ച് സര്‍ സി.പി നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തിരുന്നു. സംസ്ഥാന പുരാരേഖ വകുപ്പാണ് ഇത് കണ്ടെടുത്ത്. പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘സ്വാതന്ത്യ്രസമര സേനാനികളുടെ നിരോധിക്കപ്പെട്ട കൃതികള്‍’ എന്നു പേരിട്ടിരിക്കുന്ന സമാഹാരത്തില്‍ പത്തു രചനകളാണുള്ളത്. ഇതിലാദ്യത്തേത് സി.പിക്കെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസ് നല്‍കിയ തിരുവിതാംകൂര്‍ മെമ്മോറിയലും മെമ്മോറാണ്ടവുമാണ്. ദിവാനെ പിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സി. എന്‍. മാധവന്‍പിള്ള പുറത്തിറക്കിയ മെമ്മോറിയലും ലഘുലേഖകളും സമാഹാരത്തിലുണ്ട്.
ഒപ്പം, ദിവാനെ ശക്തമായി ആക്രമിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട ‘കേസരി’യുടെ ലക്കങ്ങള്‍, എം. ജി. ജോണ്‍ പ്രസാധകനായി പുറത്തിറക്കിയ ‘തിരുവിതാംകൂര്‍ കോണ്‍ഗ്രസ് ഗീതങ്ങള്‍’, ‘ജയ്ഹിന്ദ്’, ‘രാഷ്ട്രപതി’, ‘ദേശാഭിമാനി’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളും സമാഹാരത്തിലുണ്ട്. 197 രൂപയാണ് വില. പുരാരേഖാവകുപ്പ് ഇതിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ള ‘തിരഞ്ഞെടുത്ത രാജകീയ വിളംബരങ്ങള്‍’ ചരിത്രവിദ്യാര്‍ഥികള്‍ക്കും ഭാഷാവിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമാണ്.1811-ല്‍ റാണി ലക്ഷ്മീബായി പുറപ്പെടുവിച്ച അടിമവ്യാപാരനിരോധനവിളംബരം മുതല്‍ 1936-ല്‍ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് പുറത്തിറക്കിയ ക്ഷേത്രപ്രവേശനവിളംബരം വരെയുള്ള 305 രാജകീയവിളംബരങ്ങളാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്.
ഭാഷയില്‍ ഉണ്ടായ മാറ്റം മനസ്സിലാക്കാനും ഈ പുസ്തകം സഹായകമാണ്. 233 രൂപയാണ് ഇതിന്റെ വില. രണ്ടു പുസ്തകങ്ങള്‍ക്കും ഇപ്പോള്‍ പത്തു ശതമാനം വിലക്കിഴിവുണ്ടെന്നും പുരാരേഖ വകുപ്പ് അധികൃതര്‍ പറഞ്ഞു.

1. പ്രവാസി സമ്മേളനത്തില്‍ മലയാളി സാന്നിധ്യമേറെ
ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഇക്കുറിയും ഇന്ത്യന്‍ പ്രതീകങ്ങളായി തിളങ്ങി നില്‍ക്കുന്ന വിദേശമലയാളികളുടെ സജീവസാന്നിധ്യമുണ്ട്. സമ്മേളനത്തിന്റെ ആദ്യനാള്‍ തന്നെ എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ശ്രദ്ധാകേന്ദ്രമായി. തിരഞ്ഞെടുപ്പുവിജയത്തിന്റെ പ്രൌഢിയിലാണ് മോഡിയെത്തിയത്. പ്രധാന ഹാളിനു പുറത്തെ പ്രദര്‍ശനവേദിയിലുള്ള ഗുജറാത്ത് സംസ്ഥാന പവലിയന്‍ മോഡി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് പവലിയനു മുന്നില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്ത് മോഡിയുടെ വലിയ കട്ടൌട്ടും സംഘാടകര്‍ ഒരുക്കി. സംസ്ഥാന പവലിയനുകളില്‍ ല്ക്കസ്വസന്ദര്‍ശനം നടത്തിയ അദ്ദേഹം കേരള പവലിയനിലുമെത്തി.
ഒട്ടേറെ വിദേശമലയാളി പ്രമുഖര്‍ സമ്മേളനത്തിനെത്തിയിട്ടുണ്ട്. മധ്യേഷ്യയിലെ വ്യവസായ പ്രമുഖന്‍ ഡോ. രവി പിള്ള, ജര്‍മ്മനിയിലെ സാമൂഹികപ്രവര്‍ത്തകന്‍ എ.പി.എസ്. മണി, അമേരിക്കന്‍ മലയാളിയും ‘ഗോപിയോ’ അധ്യക്ഷനുമായ ഡോ. തോമസ് അബ്രഹാം, സിംഗപ്പൂരിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. വി.പി.നായര്‍, മുന്‍വര്‍ഷങ്ങളിലെ പ്രവാസി സമ്മാന്‍ പുരസ്കാര ജേതാക്കളായ ഡോ. അനിരുദ്ധന്‍, എം.എ. യൂസഫലി, സി.കെ. മേനോന്‍ തുടങ്ങിയവര്‍ സമ്മേളനത്തിനെത്തിയിരുന്നു. ഭാരതീയ സാംസ്കാരിക മേഖലയെക്കുറിച്ചു നടന്ന ചര്‍ച്ചാ വേദിയില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ യു.എന്‍.അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി തരൂരായിരുന്നു ഭാരതീയ പ്രവാസി സമ്മേളനത്തിലെ മറ്റൊരു പ്രമുഖ മലയാളി സാന്നിധ്യം. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇന്ത്യ നേരിടുന്ന സാമൂഹിക വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഡോ. തോമസ് അബ്രഹാമും സംസാരിച്ചു.
ചൊവ്വാഴ്ച ആറു വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകള്‍ പ്രവാസി സമ്മേളനത്തില്‍ നടന്നു. കേന്ദ്ര ശാസ്ത്ര _ സാങ്കേതിക മന്ത്രി കപില്‍ സിബല്‍, ടൂറിസം മന്ത്രി അംബികാ സോണി, സാമൂഹിക ക്ഷേമമന്ത്രി മീരാ കുമാര്‍, വാര്‍ത്താവിതരണ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. മൊ ണ്ടക് സിങ് അലുവാലിയ, സാംസ്കാരിക പ്രവര്‍ത്തക കപിലാ വാത്സ്യായന്‍, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് തുടങ്ങിയവര്‍ സെമിനാറുകളില്‍ സംസാരിച്ചു.

2. റിപ്പബ്ലികദിന പരേഡില്‍ എഴുമറ്റൂര്‍ പടയണിയും
മല്ലപ്പള്ളി: ഡല്‍ഹിയില്‍ ജനവരി 26ന് നടക്കുന്ന റിപ്പബ്ലിക്ദിനപരേഡില്‍ എഴുമറ്റൂര്‍ പടയണിയും. കേരളത്തിന്റെ സാംസ്കാരികത്തനിമയും പാരമ്പര്യകലകളും പ്രദര്‍ശിപ്പിക്കുന്ന പ്ലോട്ടിനൊപ്പമാണ് പനമറ്റത്തുകാവ് പടയണിക്ക് ഇടം കിട്ടിയിട്ടുള്ളത്.

കുരുത്തോലകള്‍കൊണ്ട് അലങ്കരിച്ച മൂന്നു കുതിരകളും ഇവയെ നയിക്കുന്ന പഠാണിയുമാണ് മുന്നില്‍. യക്ഷി, പക്ഷി, മറുത എന്നീ ചെറുകോലങ്ങള്‍ക്കു പിന്നാലെ കാലന്‍കോലം നീങ്ങും. 51, 32 വീതം പാളകളില്‍ നിര്‍മിച്ച മൂന്ന് ഭൈരവിക്കോലങ്ങള്‍ ഒടുവില്‍ കടന്നുവരും. ഗീതോപദേശം അടിസ്ഥാനമാക്കിയാണ് കുതിരകളെ തയ്യാറാക്കുക.

സംസ്ഥാന പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ എഴുമറ്റൂര്‍ അഞ്ചാനില്‍ എ.വി.പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘം ഞായറാഴ്ച ഡല്‍ഹിക്കു തിരിക്കും. പത്മകുമാര്‍ തോമ്പില്‍, ഹരികുമാര്‍ വെള്ളാങ്കല്‍, രാജന്‍ നായര്‍ കണികുന്നേല്‍, സന്തോഷ്കുമാര്‍ പുറ്റത്താനി, അനില്‍കുമാര്‍ വേങ്ങഴ, വിജീഷ് വെട്ടുവേലില്‍, കൃഷ്ണകുമാര്‍ കടക്കല്‍, സുരേന്ദ്രന്‍ നായര്‍ തിങ്കളാലില്‍, ഓമനക്കുട്ടന്‍ നായര്‍ അഞ്ചാനില്‍, ഹരിദാസ് തെള്ളിയൂര്‍, സുദര്‍ശനകുമാര്‍ തോമ്പില്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ഔദ്യോഗിക പരിപാടിക്കു മുന്നോടിയായി ജനവരി 23ന് നടക്കുന്ന ഡ്രസ് റിഹേഴ്സലിലും സംഘം അണിനിരക്കും.

3. വിദേശനാണ്യത്തില്‍ പാതിയും ഗള്‍ഫിലെ ഇന്ത്യക്കാരില്‍നിന്ന് _പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രവാസിഭാരതീയ ദിവസ് സമ്മേളനത്തില്‍ ഗള്‍ഫിലെ പ്രവാസിമലയാളികള്‍ക്ക് പ്രധാനമന്ത്രിയുടെ പരോക്ഷ പ്രശംസ. 2006_ല്‍ ഇന്ത്യയ്ക്കു ലഭിച്ച 2600 കോടി ഡോളര്‍ വിദേശനാണ്യത്തില്‍ പകുതിയോളം ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികളില്‍നിന്നായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫിലെ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. വിദേശത്തുള്ള സ്വന്തം നാട്ടുകാരില്‍നിന്ന് കൂടുതല്‍ പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്_ പ്രധാനമന്ത്രി പറഞ്ഞു.

വിദേശ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും തൊഴിലാളികളാണ്. 50 ലക്ഷം വിദേശഇന്ത്യക്കാരില്‍ ഏറിയപങ്കും ഗള്‍ഫ് രാജ്യങ്ങളിലുമാണ്_ അദ്ദേഹം പറഞ്ഞു.

ഇന്ത്യ_യു.എസ്. ആണവ സഹകരണക്കാര്യത്തില്‍ അമേരിക്കയിലെ രാഷ്ട്രീയനേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയതിന് അവിടത്തെ ഇന്ത്യന്‍ സമൂഹത്തിന് പ്രധാനമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.

4. വാര്‍ഷിക പദ്ധതി അംഗീകാരം ഇന്ന്, ചെറുകിട പദ്ധതികള്‍ക്ക് പ്രാധാന്യം
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ കേരളത്തിന്റെ വാര്‍ഷിക പദ്ധതി വിഹിതം സംബന്ധിച്ച് അന്തിമ തീരുമാനം ബുധനാഴ്ച കൈക്കൊള്ളും. ഇതിനായുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ ധനമന്ത്രി തോമസ് ഐസക്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്നായിക്, ധനകാര്യ ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേന്ദ്ര ആസൂത്രണ കമ്മീഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷമായിരിക്കും അടുത്തവര്‍ഷം സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതത്തെക്കുറിച്ച് തീരുമാനമുണ്ടാവുക. ചെറിയ, ഇടത്തരം വ്യവസായങ്ങള്‍ക്ക് (എസ്.എം.ഐ.) പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതിരേഖയായിരിക്കും കേരളം അവതരിപ്പിക്കുക.

5. ജെല്ലിക്കെട്ടിന് വിലക്ക്; പ്രതിഷേധമിരമ്പുന്നു
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ ഏറ്റവും വലിയ ആഘോഷമായ പൊങ്കലിനോടനുബന്ധിച്ചുള്ള സാഹസിക വിനോദമായ ജെല്ലിക്കെട്ടിന് സുപ്രീംകോടതി നിരോധമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ജെല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തമായ മധുരയിലാണ് പ്രതിഷേധം ആരംഭിച്ചത്.

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജെല്ലിക്കെട്ടില്‍ പങ്കെടുപ്പിക്കാനായി തയ്യാറാക്കിയിട്ടുള്ള കാളക്കൂറ്റന്മാരെ അണിനിരത്തി ചെന്നൈയിലെ സെക്രട്ടേറിയറ്റിനുമുന്നില്‍ ധര്‍ണ നടത്താനും ‘തമിഴക വീര വിളയാട്ടുക്കുഴു’ എന്ന സംഘടനാംഗങ്ങള്‍ തീരുമാനിച്ചു.

മധുരയിലെ അലങ്കാനല്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, ചെരാമ്പലൂര്‍, മധുര, തേനി, ദിണ്ഡിക്കല്‍, വിരുതുനഗര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലെ കാളക്കൂറ്റന്മാരുടെ ഉടമകളാണ് അംഗങ്ങള്‍.

ജെല്ലിക്കെട്ട് നടത്താന്‍ അനുമതിനല്‍കിക്കൊണ്ടുള്ള പ്രത്യേക ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മൂവേന്ദര്‍ മുന്നേറ്റ കഴകം എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അലങ്കാനല്ലൂരില്‍ വന്‍പ്രകടനം നടത്തി. ഇതേ ആവശ്യം ഉന്നയിച്ച് മധുരയിലെ മേലൂര്‍, പാലമേട് എന്നിവിടങ്ങളിലും പ്രകടനം നടത്തുമെന്ന് സംഘടനാംഗങ്ങള്‍ അറിയിച്ചു.

ജെല്ലിക്കെട്ട് വിനോദമല്ല; മറിച്ച് പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ആചാരമാണെന്നാണ് അലങ്കാനല്ലൂര്‍ ജനതയുടെ വാദം. പൊങ്കല്‍ ആഘോഷം പൂര്‍ത്തിയാകണമെങ്കില്‍ ജെല്ലിക്കെട്ട് നടത്തണം. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റംവരുത്തിയാല്‍ മഹാമാരിയും വന്‍ ദുരന്തവുമായിരിക്കും ഫലമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

കോടതിവിധി മറികടന്ന് ജെല്ലിക്കെട്ട് നടത്താനുള്ള തയ്യാറെടുപ്പിലാണ് അലങ്കാനല്ലൂര്‍, പാലമേട്, മേലൂര്‍ മേഖലകള്‍. എന്നാല്‍ കോടതിവിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരായതിനാല്‍ ജെല്ലിക്കെട്ട് എന്ത് വിലകൊടുത്തും തടയുമെന്ന് തമിഴ്നാട് ദക്ഷിണമേഖലാ പോലീസ് ഐ.ജി. സഞ്ജീവ്കുമാറും അറിയിച്ചു.

ജെല്ലിക്കെട്ട് നടത്താനാവുമെന്ന പ്രതീക്ഷയില്‍ കാളക്കൂറ്റന്മാരുടെ കൊമ്പുകള്‍ രാകിക്കൂര്‍പ്പിച്ച് മത്സരത്തിന് തയ്യാറാക്കി നിര്‍ത്തിയിരിക്കയാണ്. ജെല്ലിക്കെട്ട് സാധാരണയായി അരങ്ങേറാറുള്ള മൈതാനങ്ങളും ഒരുക്കിത്തുടങ്ങി.

ജെല്ലിക്കെട്ട് നടക്കാത്തപക്ഷം പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ച് വന്‍ പ്രശ്നങ്ങള്‍ മധുര മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് തമിഴ്നാട് പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.

6. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെയും അത് നിമിത്തമുള്ള അപകടങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന കണ്‍ട്രോള്‍ റൂമുകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സ്ഥാപിക്കും. ഈ കണ്‍ട്രോള്‍ റൂമുകളെ സംസ്ഥാനതല കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുയും ചെയ്യും. റവന്യൂ_ദുരന്ത നിവാരണ വകുപ്പിന്റെയും ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള യു.എന്‍.ഡി.പി യുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ദുരന്ത നിവാരണ_ലഘൂകരണ പരിശീലന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗം പദ്ധതിയിലെ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കി.

മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് നിലവിലുള്ള കണ്‍ട്രോള്‍ റൂമില്‍ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഗ്രാമതലം വരെയുള്ള ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും ജനങ്ങള്‍ക്ക് തിരിച്ച് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനുമുള്ള സംവിധാനവും സ്ഥാപിക്കും. ദുരന്ത നിവാരണ_ലഘൂകരണ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനവരി അവസാനവാരം തിരുവനന്തപുരത്ത് നടത്തും.

ഓരോ ഗ്രാമത്തിലും ജനകീയ പങ്കാളിത്തമുള്ള ദുരന്ത നിവാരണ പ്രതികരണ സേന രൂപവത്കരിക്കാനും സേനാംഗങ്ങള്‍ക്ക് ദുരന്ത നിവാരണ_ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുവാനും പദ്ധതി വിഭാവനം ചെയ്യുന്നു. ഗ്രാമതലം വരെയുള്ള ജനപ്രതിനിധികള്‍ക്കുള്ള നേതൃത്വ പരിശീലനം, വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്കുള്ള മാനേജ്മെന്റ് പരിശീലനം, ഡോക്ടര്‍മാര്‍, സായുധ സേനാംഗങ്ങള്‍, അഗ്നിശമന സേനാംഗങ്ങള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര ഏജന്‍സികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

ദുരന്ത നിവാരണ_ലഘൂകരണ പരിശീലന പദ്ധതിയുടെ നടത്തിപ്പിന് റവന്യൂ മന്ത്രി ചെയര്‍മാനായി സംസ്ഥാനതല ഏകോപന സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. 2.39 കോടി രൂപയാണ് പദ്ധതിക്കായി ലഭിക്കുന്ന ധനസഹായം.

7. സ്വകാര്യ ആസ്പത്രികളെ നിയന്ത്രിക്കുന്നു; പുതിയ നിയമം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആസ്പത്രികളെയും ക്ലിനിക്കുകളെയും സ്കാനിങ്ങ് സെന്ററുകളെയും ആയുര്‍വേദ_ ഹോമിയോ സ്ഥാപനങ്ങളേയും നിയന്ത്രിക്കാന്‍ പുതിയ നിയമം നിര്‍മ്മിക്കുന്നതിന് ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി.

നിയമം സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം യോഗം നടന്നിരുന്നു. ഒരു കിടക്കയുള്ള ചെറിയ ക്ലിനിക്കുകള്‍ മുതല്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രികളെ വരെ നിയമത്തിന് കീഴില്‍ കൊണ്ടുവരാനാണ് നീക്കം. സാധാരണക്കാരായ രോഗികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായാണിത്.

ആരോഗ്യമേഖലയിലെ ഓരോ സ്വകാര്യ സ്ഥാപനവും പരിശോധിച്ച് ലൈസന്‍സ് നല്‍കാനുള്ള അധികാരം അതത് ജില്ലകളിലെ ഡി. എം. ഒ മാരില്‍ നിക്ഷിപ്തമാക്കാനാണ് നീക്കം. സ്ഥാപനങ്ങളില്‍ അവശ്യസൌകര്യങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. സ്ഥാപനങ്ങളിലെ ഓരോ ടെസ്റ്റിനും പരിശോധനയ്ക്കും ഈടാക്കേണ്ട കുറഞ്ഞ ഫീസ് വിവരം സംബന്ധിച്ചും നിയമത്തില്‍ പരാമര്‍ശിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുമെന്നറിയുന്നു.

നിയമനിര്‍മ്മാണത്തിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ഒ. പി ക്കും ക്ലിനിക്കല്‍ പരിശോധനയ്ക്കും വാങ്ങേണ്ട ഫീസ് കൂടാതെ സ്കാനിങ്ങ്, എക്സ്റേ എന്നിവയ്ക്ക് മിതമായ നിരക്ക് ഈടാക്കണമെന്നതും നിയമത്തിലുള്‍പ്പെടുത്തുമെന്ന് കമ്മിറ്റി അംഗങ്ങള്‍ വിശദീകരിച്ചു.

നിയമനിര്‍മ്മാണത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കാനും വിവരങ്ങള്‍ ക്രമീകരിക്കാനുമായി സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. കെ. ശൈലജയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനകം ഇത് പൂര്‍ത്തിയാക്കി മൂന്നുമാസത്തിനുള്ളില്‍ കരട് ബില്‍ തയ്യാറാക്കുകയാണ് ലക്ഷ്യം.

നിലവില്‍ സംസ്ഥാനത്ത് എത്ര സ്വകാര്യക്ലിനിക്കുകളും ആസ്പത്രികളും സ്കാനിങ് സെന്ററുകളും ലബോറട്ടറികളുമുണ്ടെന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ പോലും ലഭ്യമല്ല. യോഗ്യതയില്ലാത്തവരാണ് കൂടുതല്‍ ഈ ‘ആരോഗ്യബിസിനസി’ന് പുറകിലെന്ന കണ്ടെത്തലാണ് നിയമനടപടിക്കുള്ള നീക്കത്തിന് വേഗം കൂട്ടുന്നത്.

ആദ്യഘട്ടത്തില്‍ സ്വകാര്യമേഖലയിലെ ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ആസ്പത്രികള്‍, സ്കാനിങ്ങ് _ എക്സ്റേ സെന്ററുകള്‍, സ്വകാര്യ ആയുര്‍വേദ_ ഹോമിയോപ്പതി സെന്ററുകള്‍ എന്നിവ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കര്‍ശനമാക്കും. സ്വകാര്യ ആസ്പത്രികളിലെ അടിസ്ഥാന സൌകര്യങ്ങള്‍, അണുബാധനിയന്ത്രണം, മറ്റ് ആരോഗ്യകരമായ സാഹചര്യങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയും രണ്ടാംഘട്ടത്തില്‍ പ്രായോഗികമാക്കും.

നേരത്തെ സൌകര്യങ്ങള്‍ക്കനുസരിച്ച് ഓരോ സ്ഥാപനത്തിനും ആസ്പത്രിക്കും ‘സ്റ്റാര്‍’ അംഗീകാരം കൊടുക്കുകയെന്ന നയമാണ് സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍ ‘സ്റ്റാര്‍’ കൂടുന്നതിനനുസരിച്ച് രോഗികളില്‍ നിന്നും ഉയര്‍ന്ന ഫീസ് വാങ്ങുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സമഗ്രമായ മറ്റൊരു നിയമത്തിന് തന്നെ നീക്കം തുടങ്ങിയത്.

സ്വകാര്യ മേഖലയെ പ്രതിനിധീകരിച്ച് ഒരു ഐ. എം. എ. പ്രതിനിധി, ക്ലിനിക്കല്‍ ലാബുകളെ പ്രതിനിധീകരിച്ച് ക്വാളിറ്റി കണ്‍ട്രോളര്‍, ഡി. എം. ഇ, ഡ്രഗ്സ് കണ്‍ട്രോളര്‍ തുടങ്ങിയവര്‍ കമ്മിറ്റിയിലെ അംഗങ്ങളാണ്. ഓരോ അംഗത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുമാത്രമേ നിയമത്തിന് രൂപം നല്‍കുകയുള്ളൂവെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

8. ഗ്രാമവികസനത്തിന് നബാര്‍ഡ് 23 കോടി നല്‍കും
തിരുവനന്തപുരം: നബാര്‍ഡ് 91 ഗ്രാമവികസന പദ്ധതികള്‍ക്കായി കേരളത്തിന് 23 കോടി 68 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ വയനാട്, കാസര്‍കോഡ്, പാലക്കാട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലെ 72 ചെറുകിട ജലസേചന പദ്ധതികള്‍ക്കായി അനുവദിച്ച 17.42 കോടി രൂപയും ഉള്‍പ്പെടും. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൌകര്യ വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതികള്‍ വിവിധ ജില്ലകളിലായി 3710.68 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൌകര്യം ലഭ്യമാക്കും.

കൊല്ലം, മലപ്പുറം, പാലക്കാട്, കാസര്‍കോഡ് ജില്ലകളിലെ ഗ്രാമീണ റോഡുപദ്ധതികള്‍ക്കായി 6.26 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തദ്ദേശ ഭരണ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതി 33 ഗ്രാമങ്ങള്‍ക്കും 44 വ്യാപാര കേന്ദ്രങ്ങള്‍ക്കും റോഡ് സൌകര്യം ലഭ്യമാക്കും. നടപ്പുസാമ്പത്തികവര്‍ഷം സംസ്ഥാനത്തെ 334 പദ്ധതികള്‍ക്കായി നബാര്‍ഡ് 138.49 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

9. അട്ടപ്പാടിയിലെ 10 കുട്ടികളെ ഏറ്റെടുക്കാമെന്ന് ജനകീയ കമ്മീഷന്‍
അഗളി: അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍നിന്ന് പത്തുകുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കാന്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനകീയ കമ്മീഷന്‍ സന്നദ്ധത അറിയിച്ചു. ചാരിറ്റബിള്‍ സൊസൈറ്റിയായ ജനകീയ കമ്മീഷന്റെ പ്രസിഡന്റ് ഗീതാ ഗ്ലാഡ്സ്റ്റണ്‍, സെക്രട്ടറി സൂസന്‍ ജെയിംസ് എന്നിവര്‍ അഹാഡ്സില്‍ നേരിട്ടെത്തി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ടി. പ്രജിത, വനിതാ വികസനം അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടര്‍ പി.ഇ. ഉഷ എന്നിവരെ തീരുമാനം അറിയിക്കുകയായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന ജനകീയ കമ്മീഷന്‍ അടുത്ത അധ്യയനവര്‍ഷത്തോടെ സാമ്പത്തികമായി പിന്നാക്കമുള്ളതും അനാഥരുമായ 20 കുട്ടികളെ ഏറ്റെടുത്ത് വളര്‍ത്താനാണ് ആലോചിച്ചിരുന്നത്.

‘മാതൃഭൂമി’യില്‍ അട്ടപ്പാടി ഊരുകളെക്കുറിച്ച് പ്രസിദ്ധീകരിച്ച പരമ്പരയില്‍നിന്നാണ് ഊരുകളിലെ ദുരവസ്ഥ അറിയുകയും പത്തുകുട്ടികളെ ഈ മേഖലയില്‍നിന്ന് തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തതെന്ന് ഗീതാ ഗ്ലാഡ്സ്റ്റണ്‍ പറഞ്ഞു.

അഹാഡ്സില്‍ പി.ഇ. ഉഷയുടെ സാന്നിദ്ധ്യത്തില്‍ ഇവര്‍ തായ്കുലസംഘം ഭാരവാഹികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒന്നാംക്ലാസ് മുതല്‍ തിരുവനന്തപുരത്ത് താമസിപ്പിച്ച് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. മാസത്തിലൊരിക്കല്‍ കുട്ടികളെ കാണാനും അവധിക്കാലങ്ങളില്‍ വീട്ടിലേക്ക് കൊണ്ടുവരാനും അനുവദിക്കണമെന്നാവശ്യപ്പെട്ട അമ്മമാര്‍ കുട്ടികളില്‍ ആദിവാസി സംസ്കാരം നിലനിര്‍ത്തിക്കൊണ്ടാവണം വളര്‍ത്തി വലുതാക്കേണ്ടതെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.

അട്ടപ്പാടിയിലെ 188 ഓളം ഊരുകളില്‍ ധാരാളം കുട്ടികള്‍ ചെറുപ്പംതൊട്ടേ ദൂരസ്ഥലങ്ങളിലുള്ള ഹോസ്റ്റലുകളില്‍നിന്ന് പഠിക്കുന്നുണ്ട്. യാത്രാസൌകര്യമില്ലാത്തതും കുടുംബപരമായ പരാധീനതകളുംകൊണ്ടാണ് രക്ഷിതാക്കള്‍ ഇവരെ ദൂരെ അയച്ച് സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുന്നത്. വ്യാജമദ്യത്തിന്റെ കെടുതിയിലമരുന്ന ഊരുകളില്‍ ആണ്‍കുട്ടികള്‍ ചെറുപ്രായത്തിലേ മദ്യപാനത്തിലേക്ക് നീങ്ങുന്നുവെന്ന കാര്യവും അമ്മമാരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതില്‍നിന്ന് മക്കളെ രക്ഷിക്കാന്‍കൂടിയാണ് അവരുടെ സംരക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ തയ്യാറാവുന്നതെന്ന് തായ്കുലസംഘം തലൈവിമാര്‍ വ്യക്തമാക്കി.

അഹാഡ്സിന്റെ മുന്‍കൈയില്‍ സര്‍ക്കാര്‍തലത്തില്‍ ഉത്തരവാദപ്പെട്ടവരുടെ അറിവോടെയാവണം കുട്ടികളെ കൊണ്ടുപോകുന്നതെന്നും അവര്‍ ആവശ്യപ്പെട്ടു.

കുട്ടികളെ ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കി അഹാഡ്സിന് കത്ത് നല്‍കാന്‍ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ പി.ടി. പ്രജിത ജനകീയ കമ്മീഷനോട് നിര്‍ദേശിച്ചു.

കുട്ടികളുടെ സകല ചെലവും വഹിച്ച് ആഗ്രഹിക്കുന്നിടത്തോളം പഠിപ്പിക്കാന്‍ തയ്യാറാണെന്ന് സൂസന്‍ ജെയിംസ് അറിയിച്ചു. ആദിവാസിക്കുട്ടികളെയും പൊതുവിഭാഗത്തിലുള്ള കുട്ടികളെയും ഒരേ കേന്ദ്രത്തില്‍ വളര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി.

ഊരുകളില്‍ ഇതിനോട് ആനുകൂലസമീപനം ഉണ്ടാവുകയാണെങ്കില്‍ മാര്‍ച്ചോടെ കുട്ടികളെ ഏറ്റെടുക്കും.

10. കോടികളുടെ വെട്ടിപ്പ്: തൊണ്ടിയുടെ വിദഗ്ദ്ധ പരിശോധന നീളുന്നു
കൊച്ചി: വ്യാജരേഖകള്‍ ഉണ്ടാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ തൊണ്ടി സാധനങ്ങള്‍ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയമാക്കിക്കിട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം നീളുന്നു.

തിരുവനന്തപുരത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി_ഡാക്കിലാണ് പരിശോധന നടക്കേണ്ടത്. അതിന് ഫീസായി 8,000 രൂപയാണ് സംസ്ഥാന പോലീസ് വകുപ്പ് കെട്ടിവെയ്ക്കേണ്ടത്. തട്ടിപ്പ് സംബന്ധിച്ച് പോലീസ്കേസെടുത്തിട്ട് രണ്ടുമാസമായിട്ടും ഫീസ് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിനാല്‍ തൊണ്ടിസാധനങ്ങള്‍ സി_ഡാക്കില്‍ പൊടിപിടിച്ച് കിടക്കുന്നു.

തൃപ്പൂണിത്തുറ പോലീസ് ആദ്യം അന്വേഷിച്ച കേസ് ഇപ്പോള്‍ എറണാകുളം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. വ്യാജരേഖകളുണ്ടാക്കി റോഡ്പണിക്കുള്ള ടാര്‍ വാങ്ങിയതായി കാണിച്ചാണ് പ്രതിയായ രാജേഷ് 4.5 കോടി രൂപ വെട്ടിക്കാന്‍ കരാറുകാര്‍ക്കൊപ്പം കൂട്ടുനിന്നതെന്ന് പോലീസ് ആരോപിച്ചു. രാജേഷില്‍നിന്ന് പോലീസ് പിടിച്ചെടുത്ത കമ്പ്യൂട്ടറും പെന്‍ഡ്രൈവും മറ്റ് ഉപകരണങ്ങളുമാണ് സി_ഡാക്കില്‍ പരിശോധനയ്ക്ക് നല്‍കിയിട്ടുള്ളത്.

നവംബര്‍ ആറിന് അറസ്റ്റ്ചെയ്യപ്പെട്ട രാജേഷ് പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. അവര്‍ കഴിഞ്ഞമാസം 29ന് രാജേഷിന്റെ മൃതദേഹം ചിത്രപ്പുഴയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയെന്ന് പോലീസ് അറിയിച്ചു.

കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ തുടര്‍ന്നുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കഴിയൂ. പ്രതി രാജേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പില്‍ പങ്കുള്ള കരാറുകാരെക്കുറിച്ച് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.

11. മെഡിക്കല്‍ കൌണ്‍സില്‍ എന്താണ് ചെയ്യുന്നത് ?
എം.ബി.ബി.എസ്.ബിരുദമെടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ന്നു പഠിക്കാനോ ജോലിക്ക് ചേരാനോ കഴിയാതെ നെടുവീര്‍പ്പിടുന്ന നൂറിലേറെ ഭാവിഡോക്ടര്‍മാരുടെ ദുരന്തകഥ വിവരിക്കുന്നു ഡോക്ടര്‍ കൂടിയായ രക്ഷിതാവ് കോഴിക്കോട്ടെ സി.കെ.ഹരീന്ദ്രന്‍

എന്‍ട്രന്‍സ് പരീക്ഷയില്‍ നല്ല റാങ്കു വാങ്ങിയശേഷം മെഡിക്കല്‍ പഠനത്തിനായി ഒരു പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനത്തെ തിരഞ്ഞെടുത്തുവെന്ന കുറ്റംമാത്രം ചെയ്ത കുറെ കുട്ടികള്‍ക്കു വേണ്ടിയാണ് ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാനിത് എഴുതുന്നത്. സഹകരണ വകുപ്പിന്റെ കീഴിലുള്ള കോ_ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷനല്‍ എഡ്യുക്കേഷനാണ് എറണാകുളത്തെ സഹകരണ മെഡിക്കല്‍കോളേജ് നടത്തുന്നത്. ഇവിടെനിന്ന് എം.ബി.ബി.എസ്. ബിരുദമെടുത്ത ആദ്യരണ്ടുബാച്ചിലെ 150 വിദ്യാര്‍ഥികള്‍ തൊഴിലില്‍ പ്രവേശിക്കാനോ ഉന്നത പഠനത്തിന് പോകാനോ കഴിയാതെ വെറുതെയിരിക്കുകയാണ്; അവരുടേതല്ലാത്ത അപരാധത്തിന്റെ പേരില്‍.

ആദ്യ ബാച്ചുകാരുടെ ഹൌസ് സര്‍ജന്‍സി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും സ്ഥാപനത്തിന് മെഡിക്കല്‍ കൌണ്‍സിലിന്റെ സ്ഥിരാംഗീകാരം ലഭിച്ചിട്ടില്ല. അംഗീകാരമുള്ള മറ്റുകോളേജുകളില്‍ ചേരാന്‍ കഴിയുമായിരുന്നിട്ടും സര്‍ക്കാര്‍ ഉത്തരവാദിത്വമുള്ള സ്ഥാപനത്തില്‍ പഠിച്ചു എന്ന പിഴ മാത്രമാണ് ഈ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായത്. എന്തുകൊണ്ടാണ് സ്ഥിരാംഗീകാരം കിട്ടാത്തത്, ഇനിയെപ്പോഴാണ് ഇത് കിട്ടുക തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ആര്‍ക്കും മറുപടിയില്ല.

താത്കാലിക അംഗീകാരത്തിന്റെ ബലത്തിലാണ് കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കിയത്. സ്ഥിരം രജിസ്ട്രേഷന്‍ ഇല്ലാതെ ഇവര്‍ക്ക് ചികിത്സിക്കാന്‍ അവകാശമില്ല. ജോലിയിലൊന്നും ചേരാന്‍പറ്റില്ല. ഡോക്ടര്‍ എന്ന നിയമപരമായ അംഗീകാരമില്ല. പി.എസ്.സി.യുടെ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ അറിയിപ്പ് കിട്ടിയിരുന്നു. എന്നാല്‍ അതില്‍ വ്യക്തമായി പറഞ്ഞ ഒരു കാര്യം, സ്ഥിര രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ ഇന്റര്‍വ്യൂവിന് വരേണ്ടതില്ല എന്നതായിരുന്നു. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കഴിയാവുന്നത് ചെയ്യാം എന്ന് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും തീരുമാനമെന്തെങ്കിലും ഉണ്ടായതായി അറിവില്ല. ഇവരേക്കാള്‍ കുറഞ്ഞ റാങ്കില്‍ മറ്റുകോളേജുകളില്‍ ചേര്‍ന്ന് പഠിച്ചവര്‍ ജയിച്ച് ജോലിക്കും ഉന്നതപഠനത്തിനും ചേരുന്നത് കാണുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടപ്പെടാനേ കഴിയുന്നുള്ളൂ. ബിരുദാനന്തരബിരുദത്തിന് പ്രവേശനപ്പരീക്ഷകള്‍ നടക്കുന്ന കാലമാണിത്. സ്ഥിരാംഗീകാരം ഇല്ലാത്തവര്‍ക്ക് അപേക്ഷിക്കാന്‍തന്നെ തടസ്സമുണ്ട്. ഈ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന വര്‍ഷങ്ങള്‍ക്ക് ആരാണ് പരിഹാരമുണ്ടാക്കുക? കോളേജ് അധികാരികള്‍ക്കോ അവരുടെ മുകളിലുള്ള അധികാരികള്‍ക്കോ ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്വവുമില്ലേ?

ഈ കോളേജില്‍ ഇപ്പോഴും കുട്ടികളെ പ്രവേശിപ്പിക്കുന്നുണ്ട്. പരീക്ഷ ജയിക്കുമ്പോഴേക്ക് സ്ഥിരാംഗീകാരം കിട്ടുമെന്ന പ്രതീക്ഷയിലാവും രക്ഷിതാക്കള്‍. എന്നാല്‍ ആര്‍ക്കും ഒരു ഉറപ്പും നല്‍കാന്‍ ആവില്ലെന്നതാണ് സത്യം. ഒട്ടേറെ തവണ വിദ്യാര്‍ഥികള്‍ അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. മെഡിക്കല്‍ കൌണ്‍സിലില്‍ നിന്ന് മറുപടിയൊന്നും ലഭിക്കുന്നില്ല. പല നാട്ടില്‍ നിന്ന് വന്ന് പഠിച്ചുപോയ കുട്ടികള്‍ക്ക് ഏകോപിച്ച് എന്തെങ്കിലും ചെയ്യാന്‍ പരിമിതിയുള്ളതുകൊണ്ട് സംഘടിതമായ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. അധികാരികള്‍ ഇനിയെങ്കിലും കണ്ണുതുറന്ന് നിരപരാധികളായ കുട്ടികളുടെ പ്രശ്നം പരിഹരിക്കുമോ?

1. വിദേശികളുടെ പാസ്പോര്‍ട്ട് പകര്‍പ്പ് കണ്െടത്തി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു വിദേശികളുടെ പാസ്പോര്‍ട്ടിന്റെയും സര്‍ട്ടിഫിക്കറ്റിന്റെയും കത്തിന്റെയും പകര്‍പ്പുകള്‍ (ഫോട്ടോ കോപ്പി) കണ്െടത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശാനുസരണം അഖിലേന്ത്യ തലത്തില്‍ അന്വേഷണം തുടങ്ങി. പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശി അല്‍താഫ് മുഹമ്മദ് സിയാഹട്ടിന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പാണ് കിട്ടിയത്. കുവൈറ്റ് സ്വദേശി ഹാവാദ്-അല്‍-ഹവേദിന്റെ പാസ്പോര്‍ട്ട്,സര്‍ട്ടിഫിക്കറ്റ് , ഒരു കത്ത് എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും ലഭിച്ചിട്ടുണ്ട്.

ജര്‍മനിയില്‍ നടന്ന രാജ്യാന്തര പ്രദര്‍ശനത്തിന്റെ കാര്യങ്ങളാണ് കത്തില്‍ വിവരിക്കുന്നത്.

കസ്റ്റംസ് ഏരിയയില്‍ തറയില്‍ കിടന്നാണ് ഇവ ലഭിച്ചത്. ശുചീകരണ ജോലികള്‍ ചെയ്യുന്ന ജീവനക്കാരികളാണ് ഇവ കണ്െടത്തിയത്. ഇവിടെ കണ്െടടുത്ത നമ്പറിലുള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് ആരും ഈ വിമാനത്താവളത്തില്‍ കൂടി യാത്ര ചെയ്തിട്ടില്ലെന്ന് എമിഗ്രേഷന്‍ എസ്.പി. വി.ജി. ബാബു പറഞ്ഞു. ഈ പേരുകളിലും ആരും പോയിട്ടില്ലത്രെ. രഹസ്യാന്വേഷണ വിഭാഗം വളരെഗൌരവത്തോടെയാണിത് കാണുന്നത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വിമാനത്താവളത്തിനടുത്തുള്ള അങ്കമാലിയില്‍ നിന്നും നക്സല്‍ സംഘടനയുടെ പ്രധാന കണ്ണിയായ മല്ലരാജറെഡിയെ ആന്ധ്രാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിമാനത്താവളത്തില്‍ വിവിധ കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്ന നൂറു കണക്കിന് തൊഴിലാളികളില്‍ 90 ശതമാനവും കേരളത്തിന് പുറത്തുള്ളവരാണ്.

2. മെഡിക്കല്‍- എന്‍ജിനീയറിംഗ് പ്രവേശനം: പ്രോസ്പെക്ടസിനെച്ചൊല്ലി ആശയക്കുഴപ്പം
തിരുവനന്തപുരം: മെഡിക്കല്‍- എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് സംബന്ധിച്ച് ഇത്തവണയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശയക്കുഴപ്പം ഉണ്ടാവുമെന്ന് ഉറപ്പായി. മുന്‍വര്‍ഷത്തേതുപോലെ ഇത്തവണണയും പ്രോസ്പെക്ടസില്‍ സീറ്റും ഫീസും സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ കോളജുകളുടെ പട്ടികയടങ്ങിയ ലിസ്റ്റ് പ്രോസ്പെക്ടസില്‍ ഉണ്ടാവും. പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ ഇത്തവണയും ഏറെ വലയേണ്ടിവരുമെന്ന് അര്‍ഥം. ഇക്കൊല്ലത്തെ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരവ് ഇറങ്ങുമെന്നാണ് അറിയുന്നത്. പ്രോസ്പെക്ടസ് അച്ചടിക്കായി പ്രസിലേക്ക് പോയിട്ടുണ്െടന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ലഭിച്ച വിവരം.

സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാലും ഈ മാസം അവസാനത്തോടെ മാത്രമെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കാന്‍ കഴിയു. പ്രവേശനത്തിന് പ്ളസ്ടുവിന്റെ മാര്‍ക്ക് കൂടി പരിഗണിക്കണമോ എന്ന കാര്യത്തിലും ഇനിയും അന്തിമ തീരുമാനമായിട്ടില്ല. പ്ളസ്ടു മാര്‍ക്കുകൂടി പ്രവേശനത്തിന് പരിഗണിക്കണമെന്ന് മാനേജ്മെന്റുകള്‍ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രവേശന പരീക്ഷ പരിഷ്കരണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ പരിഗണനയിലാണ് ഈ വിഷയം.

വിശദമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനാവു. കമ്മിറ്റി ഇനിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല എന്നതും സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പ്ളസ്ടുവിന്റെ മാര്‍ക്ക് പ്രവേശനത്തിന് പരിഗണിക്കുന്ന കാര്യം സംശയമാണ്. ഇത് പുതിയ വിവാദങ്ങള്‍ക്ക് കാരണമായേക്കാം.

പ്ളസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടുന്ന പലര്‍ക്കും പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ കഴിയുന്നില്ലെന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടുവരുന്ന കാര്യമാണ്. പ്ളസ്ടുവിന്റെ മാര്‍ക്ക് കൂടി പ്രവേശനത്തിന് പരിഗണിച്ചാല്‍ ഈ വിദ്യാര്‍ഥികള്‍ക്കായിരിക്കും അതിന്റെ പ്രയോജനം ലഭിക്കുക.

ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ തോമസായിരുന്നു പ്രവേശന പരീക്ഷ പരിഷ്കരണ കമ്മിറ്റിയുടെ കണ്‍വീനര്‍. എന്നാല്‍ അദ്ദേഹത്തെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെത്തുടര്‍ന്നു കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ കണ്‍വീനറെ നിയമിക്കാന്‍ ഇനിയും സര്‍ക്കാര്‍ തയാറായിട്ടില്ല.

മുന്‍ നിശ്ചയപ്രകാരം ഏപ്രില്‍ 24 മുതല്‍ 27വരെയാണ് പ്രവേശന പരീക്ഷ നടക്കേണ്ടത്.

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പ്രവേശനപരീക്ഷയെയും പ്രവേശന നടപടിക്രമങ്ങളെയും വരെ ബാധിക്കുമെന്നതു സംശയമില്ലാത്ത കാര്യം.

പ്രോസ്പെക്ടസിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും ഇതു സംബന്ധിച്ച് ഉയര്‍ന്നുവന്ന തര്‍ക്കങ്ങള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. പ്രോസ്പെക്ടസ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ ആരായാന്‍ രണ്ടുമാസം മുന്‍പ് സര്‍വകലാശാലകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരുന്നെങ്കിലും ഒരു വ്യക്തമായ തീരുമാനം കൈക്കൊള്ളാന്‍ ആ യോഗത്തിന് കഴിഞ്ഞില്ല.

3. പരിപൂര്‍ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സാവകാശം
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്ന നിയമന അഴിമതികളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് അഭിപ്രായങ്ങള്‍ ബോധിപ്പിക്കാന്‍ ഒരു മാസത്തെ സാവകാശം കൂടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുവദിച്ചു. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുമാണു സമയം അനുവദിച്ചത്.

രണ്ടാഴ്ച മുമ്പാണ് കമ്മീഷന്‍ അഴിമതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദേവസ്വം ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള ശിപാര്‍ശകളും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണു കമ്മീഷന്‍ അന്വേഷണം നടത്തിയത്. ഇതേത്തുടര്‍ന്നു റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമ ര്‍പ്പി ക്കു ക യായി രുന്നു.

ബന്ധപ്പെട്ട കക്ഷികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം എന്ന് നേരത്തെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഇന്നലെ റിപ്പോര്‍ട്ട് പരിഗണിക്കവെ ജസ്റ്റിസ് പി.ആര്‍ രാമനും ജസ്റ്റിസ് വി.കെ. മോഹനനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കൂടുതല്‍ സമയം അനുവദിച്ചത്.

4. സേനയ്ക്കുള്ളിലും നുഴഞ്ഞുകയറ്റം: ഭീകരര്‍ പുതിയ പദ്ധതികളുമായി രംഗത്ത്
കൊച്ചി: ഇന്ത്യയുടെ വിവിധ സേനയ്ക്കുള്ളില്‍ നുഴഞ്ഞുകയറ്റം നടത്തിക്കൊണ്ട് ഭീകരര്‍ പുതിയ പദ്ധതികളുമായി രംഗത്ത്. അതിര്‍ത്തി രക്ഷാ സേനകളിലും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലുള്‍പ്പെടെയുള്ള അര്‍ധ-സൈനിക വിഭാഗങ്ങളിലും ബീഹാര്‍ , കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇന്ത്യന്‍ കരസേന, ടെറിട്ടോറിയല്‍ ആര്‍മി എന്നിവയിലും ഭീകരര്‍ കടന്നുകയറ്റം നടത്തിയിട്ടുണ്െടന്നു സൂചനയുണ്ട്.

ഏതെങ്കിലും തരത്തില്‍ സേനയില്‍ നിന്നോ പോലീസില്‍ നിന്നോ കൈയേറ്റം നേരിടേണ്ടി വരുന്ന കുടുംബങ്ങളുമായി അനുകമ്പ പ്രകടിപ്പിക്കുകയും തുടര്‍ന്ന് ആ വീട്ടിലെ കുട്ടികളുടെ പഠനമുള്‍പ്പെടെയുള്ള ചെലവുകള്‍ ഏറ്റെടുക്കുകയുമാണ് ഭീകര സംഘങ്ങള്‍ അവലംബിച്ചു വരുന്ന രീതി. ഇത്തരത്തില്‍ വളര്‍ന്നു വരുന്ന കുട്ടികളില്‍ പ്രതികാരത്തിന്റെ വിത്തുകള്‍ പാകുന്ന ഇവര്‍ പിന്നീട് രാജ്യത്തിനെതിരേയുള്ള വികാരം കൂടി ഇവരില്‍ കുത്തി വച്ചാണ് ഭീകരവാദം വളര്‍ത്തുന്നത്.

ലോത്തോത്തര വിദ്യാഭ്യാസമാണ് ഇത്തരക്കാര്‍ കുട്ടികള്‍ക്ക് നല്കുന്നത്. എവിടെയും കടന്നുകയറാനുള്ള ബുദ്ധിയും അറിവും കുട്ടികള്‍ ആര്‍ജിക്കുന്നതോടെ പിന്നീടു പരിശീലനമുറകള്‍ ആരംഭിക്കുന്നു.

തുടര്‍ന്നു സേനയിലേക്കും പോലീസിലേക്കുമുള്ള റാലിക്ക് അയയ്ക്കുന്ന കുട്ടികളെ വീട്ടുകാര്‍ വഴി പണമെറിഞ്ഞു ജോലിക്ക് കയറ്റുകയും ഇവര്‍ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ ഉണ്ടാക്കുകയുമാണു ഭീകരര്‍ തയാറാക്കിയിരിക്കുന്ന പദ്ധതി.

കേരളത്തിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഉണ്െടന്നാണു കുമളിയില്‍ പിടിയിലായ പാക്-ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പരിശീലനം സിദ്ധിച്ച രണ്ട് കാഷ്മീരി യുവാക്കളില്‍ നിന്നും വ്യക്തമാകുന്നത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കാശ്മീര്‍ മുതല്‍ ദക്ഷിണേന്ത്യ വരെയുള്ള പോലീസ്-ഇന്റലിജന്റ്സ് അധികൃതരെ കബളിപ്പിച്ചു കൊണ്ടു കഴിഞ്ഞ അഞ്ചു വര്‍ഷമായി കുമളിയില്‍ താമസിക്കുന്ന ഇവര്‍ നിരവധി തവണ ഇത്തരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കാഷ്മീരിലേക്കു പോവുകയും തിരികെ കേരളത്തിലേക്കു മടങ്ങുകയും ചെയ്തിട്ടുണ്ട്.

കാഷ്മീര്‍ സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയില്‍ മുക്കാല്‍ ശതമാനവും ഇന്ത്യന്‍ കരസേനയാണ്.

സംസ്ഥാനമാകെ പട്ടാളത്തിന്റെയും ജമ്മുകാഷ്മീര്‍ പോലീസ്, അതിര്‍ത്തി സംരക്ഷണ സേന എന്നിവയുടെ സൂക്ഷ്മ പരിശോധനയിലും നിയന്ത്രണത്തിലുമായിരുന്നിട്ടു പോലും ഇതിനെയെല്ലാം മറി കടന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കുമളിയില്‍ താമസിച്ചിരുന്ന രണ്ടു കാഷ്മീരികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിച്ചെങ്കില്‍ ഭീകരരുടെ പുതിയ പ്രവര്‍ത്തനത്തിനു മുന്നില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ എല്ലാം തന്നെ നിഷ്പ്രഭമായി എന്നാണ് വ്യക്തമാകുന്നത്.

ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പോലീസ് സേനകളിലും കേന്ദ്ര സുരക്ഷാ സേനകളിലും ഇപ്പോള്‍ തന്നെ ഭീകരര്‍ നുഴഞ്ഞുകയറ്റം നടത്തിക്കഴിഞ്ഞു.

ഉത്തര്‍ പ്രദേശിലെ റാംപൂരില്‍ പുതുവര്‍ഷാരംഭത്തില്‍ നടന്ന സിആര്‍പിഎഫ് ക്യാമ്പ് ആക്രമണത്തില്‍ പത്തോളം അര്‍ധ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകരര്‍ വെടിവയ്പ്പ് നടത്തിയപ്പോള്‍ തിരികെ വെടിവയ്ക്കാതെ അവര്‍ക്ക് സഹായകരമായ നിലയില്‍ പ്രവര്‍ത്തിച്ച സ്ഥലത്തുണ്ടായിരുന്ന മൂന്നു പട്ടാളക്കാരെ സേന ചോദ്യം ചെയ്യലിനായി പിടികൂടിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി പിടികൂടപ്പെട്ട സിആര്‍പിഎഫ്-അംഗ ത്തിലൊരാളായ ജാവേദ് അഹമ്മദ് 2002-ലാണ് സിആര്‍പിഎഫിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നും ഇയാള്‍ പോലീസിനു കീഴടങ്ങി മാപ്പു നേടിയ ഒരു മുന്‍ തീവ്രവാദിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വ്യാജരേഖ ചമച്ചാണോ ഇയാള്‍ സേനയില്‍ പ്രവേശനം നേടിയ തെന്ന കാര്യവും ഇന്റലിജന്റ്സ് അധികൃതര്‍ പരിശോധിച്ചു വരുന്നു.

ജാവേദ് ഭീകരാക്രമണത്തിനു മുമ്പു ജമ്മു-കാഷ്മീരിലേക്ക് മൊബൈല്‍ വഴി പല തവണ ബന്ധപ്പെട്ടിരുന്നതായി കണ്െടത്തിയിട്ടുള്ള അധികൃതര്‍ ഫോണ്‍ നമ്പരുകള്‍ ട്രെയ്സ് ചെയ്യാനായി ജമ്മു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. സിആര്‍പിഎഫ് 16-ാം ബറ്റാലിയനില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ മൊബൈല്‍ ഫോണ്‍ കൊല്ലപ്പെട്ടവരുടെ സമീപത്തു നിന്നും കണ്െടടുത്തിട്ടുണ്ട്.

പണമെറിഞ്ഞ് സേനാംഗങ്ങളെ പോലും വിലയ്ക്കെടുക്കുന്ന പ്രവര്‍ത്തനവും ഭീകരര്‍ വ്യാപിപ്പിച്ചു കഴിഞ്ഞു.

5. വൃക്ക വ്യാപാരത്തിനായി വ്യാജരേഖ: നാലുപേര്‍ കൊച്ചിയില്‍ പിടിയില്‍
കൊച്ചി: ആറു വര്‍ഷമായി കൊച്ചി കേന്ദ്രീകരിച്ചു വ്യാജരേഖ ചമച്ച് വൃക്ക വ്യാപാരം നടത്തി വന്ന നാലുപേര്‍ പോലീസ് പിടിയിലായി. സംഘത്തലവന്‍ തിരുവാണിയൂര്‍ പുത്തന്‍ കുരിശ് ചമ്മനാട് കാനത്തില്‍ വീട്ടില്‍ ഉണ്ണിയുടെ മകന്‍ കെ.യു.അജി(33), കാലടിക്കടുത്തു കല്ലയം ഇടനാട് ശ്രീമൂലനഗരം കിഴക്കുംകുടി വീട്ടില്‍ ജോബി(26), ഇടുക്കി തൊടുപുഴ ചീനിക്കുഴി കണ്ണഞ്ചേരില്‍ ഷിനോ(24), പെരുമ്പാവൂര്‍ റയോണ്‍പുരം മുസലിയാര്‍ റോഡില്‍ പുത്തിരിവീട്ടില്‍ ഷംസുദ്ദിന്‍(44) എന്നിവരാണു കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.

സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് ഏബ്രഹാമിന് കിട്ടിയ രഹസ്യ വിവരമനുസരിച്ച് സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സി.ജയചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും പനങ്ങാട് പോലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അജിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിക്ക് മുന്‍വശത്ത് നടത്തി വന്ന ഓഫീസും ഇയാള്‍ വാടകയ്ക്ക് എടുത്തിരുന്ന സമീപത്തെ രണ്ടു വീടുകളും പോലീസ് പരിശോധിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ 100-ഓളം വ്യാജ സീലുകളും വ്യാജമായി തയാറാക്കി ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നും വെട്ടിയെടുത്ത് പതിപ്പിച്ച ഹോ ളോഗ്രാം മുദ്രയോടു കൂടിയ തിരിച്ചറിയല്‍ കാര്‍ഡുകളും ഇവിടെ നിന്നും പോലീസ് സംഘം കണ്െടടുത്തു.

പത്രമാധ്യമങ്ങളിലൂടെ വൃക്ക ആവശ്യമുണ്െടന്ന് പരസ്യം നല്‍കുകയും ദാതാവാകാന്‍ തയാറുള്ളവരുമായി ബന്ധപ്പെട്ട് കരാര്‍ ഉറപ്പിക്കുകയുമാണ് സംഘം ചെയ്യുന്നത്. വൃക്ക ആവശ്യമുള്ളവരില്‍ നിന്നും വൃക്ക നല്‍കിയതിനു ശേഷം രണ്ടര ലക്ഷം വാങ്ങുകയും ഒന്നു മുതല്‍ ഒന്നര ലക്ഷം വരെ ദാതാക്കള്‍ക്ക് നല്‍കി ബാക്കി തുക ഇവര്‍ എടുക്കുകയാണ് പതിവ്.

വൃക്ക ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും രക്തമുള്‍പ്പെടെ ചേര്‍ച്ചയുള്ളതാണോയെന്ന് പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് നിഷ്കര്‍ഷിച്ചിട്ടുള്ള 15 ഓളം രേഖകളും വ്യാജമായി നിര്‍മിച്ച് ബോര്‍ഡിനെ കബളിപ്പിച്ചാണ് ഇവര്‍ വ്യാപാരം നടത്തുന്നതെന്നു പോലീസ് പറഞ്ഞു.

6. പവര്‍കട്ടു സമയത്ത് കാല്‍വഴുതി വീണ് അധ്യാപിക മരിച്ചു
തൊടുപുഴ: പവര്‍കട്ടു സമയത്ത് വീടിന്റെ ടെറസില്‍ നിന്നു കാല്‍ വഴുതി വീണ് റിട്ടയേഡ് ഗവണ്‍മെന്റ് സ്ക്കൂള്‍ അധ്യാപിക മരിച്ചു.

കോലാനി ചിറവേലില്‍ പ്രഭാകരന്റെ (കോലാനി കൊച്ച്) ഭാര്യ പി.എം. മാധവി (64) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപടകടം. രാത്രി എട്ടിന്ു പവര്‍കട്ടു തുടങ്ങിയപ്പോള്‍ ടെറസില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ നടക്കാ നൊരുങ്ങിയ പ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ക്കാരം നടത്തി. മകള്‍ പ്രിയ (അധ്യാപിക, കുമളി), മരുമകന്‍ റെജി (ഗവണ്‍മെന്റ് സര്‍വീസ്).

7. അന്യസംസ്ഥാന ലോട്ടറികള്‍ ഏജന്റുമാര്‍ ബഹിഷ്കരിക്കും
കോട്ടയം: കമ്മീഷന്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നു കേരളത്തില്‍ അന്യ സംസ്ഥാന ലോട്ടറികളുടെ വില്പന നിര്‍ത്താന്‍ ആലോചന. ഓള്‍ കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍. ടി.യു. സി) സംസ്ഥാന കമ്മിറ്റിയുടെ അടിയന്തര യോഗമാണ് ഈ തീരുമാനമെടുത്തത്. ബഹിഷ്കരണ സമരത്തിന്റെ ഭാഗമായി ഇന്നു ലോട്ടറിക്കച്ചവടക്കാര്‍ വില്പന ബഹിഷ്കരിക്കും.

വില്‍പനക്കാര്‍ക്കു മുന്‍ കാലങ്ങളില്‍ 2500 രൂപ ബോണസ് കിട്ടിക്കൊണ്ടിരുന്ന സിക്കിം സൂപ്പര്‍ ലോട്ടറിക്കു പുതുക്കിയ ബോണസ് അനുസരിച്ച് 1250 രൂപയേ ലഭിക്കുകയുള്ളു.

ഇതിനെതിരേ സമര ചെയ്യാനും യോഗം തീരുമാ നിച്ചു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യ ക്ഷ ത വഹിച്ചു. ആനന്ദ് പഞ്ഞിക്കാരന്‍, ടി.എസ്.അന്‍സാരി, രാജു വാതക്കോടത്തുപടി, സുരേഷ് പനമ്പാലം, തോമസ് ജോസഫ്, എസ്.ജയകുമാര്‍, പി.ജി.ഗോപാലന്‍, എം.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

1. പിണറായിപക്ഷം മാര്‍ഗരേഖ ലംഘിച്ചതായി പി.ബി
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായി പക്ഷം മാര്‍ഗരേഖ ലംഘിച്ച് പരസ്യമായി വിഭാഗീയത നടത്തിയെന്ന് പോളിറ്റ്ബ്യൂറോ കണ്ടെത്തി. തിരുവനന്തപുരം ഉള്‍പ്പെടെ ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയതയും മാര്‍ഗരേഖ ലംഘനവും എങ്ങനെ നടന്നുവെന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ശക്തമായ നടപടികള്‍ക്ക് മടിക്കില്ലെന്നും ഇന്നലെ പോളിറ്റ് ബ്യൂറോ സി.പി.എം സംസ്ഥാന നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം. എന്നാല്‍ കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമായി തിരുവനന്തപുരം സമ്മേളനത്തില്‍ ഒന്നും നടന്നിട്ടില്ലെന്നും മാര്‍ഗരേഖ ലംഘിച്ചിട്ടില്ലെന്നും പിണറായി പക്ഷം പി.ബിയെ അറിയിച്ചു.

തിരുവനന്തപുരം സമ്മേളനത്തില്‍ മാര്‍ഗരേഖ ലംഘിച്ചുവെന്നും സംസ്ഥാന നേതൃത്വം വിഭാഗീയത കാട്ടിയെന്നും ജില്ലാ സമ്മേളനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പി.ബിക്ക് പരാതി നല്‍കിയത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു. ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നോ എന്ന കാര്യം പി.ബി പരിശോധിക്കുമെന്നും ഇതേക്കുറിച്ച് പരാതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭാ യോഗതീരുമാനം വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അന്നുനല്‍കിയ പരാതിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പി.ബി ഇടപെടലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

തിരുവനന്തപുരം സമ്മേളനത്തില്‍ നടന്ന വെട്ടിനിരത്തലില്‍ മുഖ്യമന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. നിലവിലുള്ള ജില്ലാകമ്മിറ്റിയെക്കൊണ്ട് സമവായ പ്രകാരം പാനല്‍ അവതരിപ്പിച്ച ശേഷം ആസൂത്രിതമായി മല്‍സരം സംഘടിപ്പിച്ച് നേതൃത്വത്തെ അട്ടിമറിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പി.ബിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് വി.എസ്്. പക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. മാര്‍ഗരേഖ ലംഘിച്ചുവെന്ന് പി.ബി വ്യക്തമാക്കിയ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിരിച്ചുവിടുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. കമ്മിറ്റി പിരിച്ചുവിടുമെന്ന പ്രതീക്ഷയിലാണ് വി.എസ് പക്ഷം കരുക്കള്‍ നീക്കുന്നത്.

ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പാര്‍ട്ടിസമ്മേളനങ്ങളെക്കുറിച്ചും വി.എസ് പക്ഷം പി.ബിക്ക് പരാതി നല്‍കിയിട്ടുണ്ട്. വി.എസ് പക്ഷത്തിന്റെ പരാതി പരിശോധിക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് എം.വി. ഗോവിന്ദന്‍മാസ്റ്ററെ ചുമതലപ്പെടുത്തിയിരുന്നു. ഇത് കഴിഞ്ഞ പി.ബി യോഗത്തിന്റെ നിര്‍ദേശപ്രകാരമാണ്. ഈ റിപ്പോര്‍ട്ടും പി.ബി പരിശോധിച്ച് വരികയാണ്. കായംകുളം, പാലക്കാട് ജില്ലയിലെ ചില ഏരിയാസമ്മേളനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അതാത് ജില്ലാ നേതൃത്വം വിഭാഗീയത കാട്ടിയിട്ടുണ്ടെന്നും വി.എസ്.പക്ഷം പരാതിപ്പെട്ടിരുന്നു.

കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കുമെന്ന് പിണറായി പക്ഷം പരസ്യമായി പ്രഖ്യാപിച്ചിട്ടും വി.എസിന്റെ പരാതി പി.ബി ഗൌരവമായി എടുത്തത് ഔദ്യോഗിക പക്ഷത്തെ ഞെട്ടിപിച്ചിട്ടുണ്ട്.

പി.ബിയുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തി തുടര്‍ സമ്മേളനങ്ങളിലെങ്കിലും ആധിപത്യം നിലനിര്‍ത്തുക എന്നതാണ് വി.എസിന്റെ ലക്ഷ്യമത്രെ. തിരുവനന്തപുരത്ത് വി.എസ് പക്ഷക്കാരായ ഒമ്പതുപേരെ പിണറായി പക്ഷം തെരഞ്ഞുപിടിച്ച് തോല്‍പ്പിച്ചുവെന്നാണ് വി.എസ് പക്ഷം പി.ബിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

എസ്. അജയകുമാര്‍ എ.പിയെ ഒറ്റപ്പാലം ഏരിയാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ജില്ലാ സമ്മേളന പ്രതിനിധികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന പ്രശ്നവും വി.എസിന്റെ പരാതിയെ തുടര്‍ന്ന് പരിഹരിക്കാന്‍ കഴിഞ്ഞതാണ് വീണ്ടും പ്രശ്നത്തില്‍ പി.ബിയെ ഇടപെടുത്താന്‍ വി.എസിന് പ്രേരണ നല്‍കുന്നത്.

2. മന്ത്രിമാര്‍ സമ്മേളനത്തിരക്കില്‍; ഭരണം നിശ്ചലം
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവമായതും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കൂടൊഴിയുന്നതും സംസ്ഥാന ഭരണത്തെ സ്തംഭനാവസ്ഥയിലെത്തിച്ചു.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സി.പി.എമ്മിന്റെ മുഴുവന്‍ മന്ത്രിമാരും സി.പി.ഐ, ആര്‍.എസ്.പി മന്ത്രിമാരും ജില്ലാ^സംസ്ഥാന സമ്മേളനങ്ങളുടെ തിരക്കിലാണ്. ബുധനാഴ്ച നടക്കേണ്ട മന്ത്രിസഭായോഗം പോലും മാറ്റിവെക്കുന്നത് പതിവായി. പാര്‍ട്ടിസമ്മേളനത്തിന്റെ തിരക്ക് കണക്കിലെടുത്ത് ഈ ആഴ്ചത്തെ മന്ത്രിസഭായോഗം 11ലേക്ക് മാറ്റി.
സി.പി.എം എറണാകുളം ജില്ലാസമ്മേളനത്തിലാണ് മുഖ്യമന്ത്രിയും സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാരും. തൊട്ടുപിറകെ ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ സമ്മേളനങ്ങളും ആരംഭിക്കും. അതിനുശേഷമേ സി.പി.എം മന്ത്രിമാര്‍ തലസ്ഥാനത്ത് സജീവമാകൂ.

ആര്‍.എസ്.പി സംസ്ഥാനസമ്മേളനത്തിലാണ് മന്ത്രി പ്രേമചന്ദ്രന്‍. കൊല്ലത്താണ് സമ്മേളനം. സമ്മേളനത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രന്‍ ആഴ്ചകളായി കൊല്ലത്താണ്.

സി.പി.ഐ തൃശൂര്‍, വയനാട് ജില്ലാ സമ്മേളനങ്ങളിലാണ് സി.പി.ഐ മന്ത്രിമാര്‍. കേരളാ കോണ്‍ഗ്രസ് ജോസഫ്ഗ്രൂപ്പിന്റെ പൊതുമരാമത്ത്മന്ത്രി മോന്‍സ്ജോസഫ് ദിവസങ്ങളായി ദല്‍ഹിയിലാണ്. എക്സ്പ്രസ്വേക്ക് പകരമായി സംസ്ഥാനത്തെ ദേശീയപാതകള്‍ നാലുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ടി.ആര്‍. ബാലുവുമായുള്ള ചര്‍ച്ചക്കാണ് മന്ത്രി ദല്‍ഹിയില്‍ തങ്ങുന്നത്. ഗതാഗതമന്ത്രി മാത്യു ടി. തോമസ് മാത്രമാണ് തലസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്നു മുതല്‍ കൊല്ലത്ത് സ്കൂള്‍ യുവജനോല്‍സവം ആരംഭിക്കും. ഇതിന് നേതൃത്വം നല്‍കേണ്ട വിദ്യാഭ്യാസമന്ത്രിയും സി.പി.എം സമ്മേളനത്തിന്റെ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്.

സി.പി.എം, സി.പി.ഐ സമ്മേളനം ആരംഭിച്ചശേഷം സെക്രട്ടേറിയറ്റ് ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. പല വകുപ്പുകളിലും ഫയലുകള്‍ ചലിക്കുന്നില്ല. മന്ത്രിമാര്‍ സെക്രട്ടേറിയറ്റ് വിടുന്നതോടെ ഉദ്യോഗസ്ഥരും തലസ്ഥാനംവിടുന്നത് പതിവാണ്. പല വകുപ്പുകളും നാഥനില്ലാത്തതുമൂലം നിര്‍ജീവമാണ്. കൃഷി^ഭക്ഷ്യ വകുപ്പുകള്‍ക്ക് പ്രിന്‍സിപ്പല്‍സെക്രട്ടറിമാരില്ലാതായിട്ട് ദിവസങ്ങളായി.

കാര്‍ഷികോത്പാദന കമീഷണര്‍ കെ. ജയകുമാറിനെ അധികചുമതലനല്‍കി ശബരിമലയില്‍ നിയമിച്ചിരിക്കുകയാണ്. ദേവസ്വം വകുപ്പിനും ഇപ്പോള്‍ സെക്രട്ടറിയില്ല. കൃഷി ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞിട്ട് മാസങ്ങളായി. സന്ദര്‍ശകരെ സ്വീകരിക്കാനോ അടിയന്തര ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ സെക്രട്ടേറിയറ്റില്‍ ആരുമില്ല.

സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനോ ഫയലുകളില്‍ തീര്‍പ്പാക്കാനോ ഉദ്യോഗസ്ഥരും തയാറാകാതെവന്നതോടെ പല വകുപ്പുകളിലും മന്ത്രിമാര്‍ ഒറ്റപ്പെട്ടനിലയിലാണ്. ഫലത്തില്‍ സെക്രട്ടേറിയറ്റ് സെക്രട്ടറിമാര്‍ക്ക് മടുത്ത അവസ്ഥയിലുമായി.

മന്ത്രിമാരുടെ പിടിപ്പുകേടുകള്‍ക്കും വീഴ്ചകള്‍ക്കും തങ്ങള്‍ പഴികേള്‍ക്കേണ്ടിവരുന്നതും ചെറിയകാര്യങ്ങള്‍ക്കുപോലും വിജിലന്‍സ് അന്വേഷണം നേരിടേണ്ടിവരുന്നതുമാണ് കേരളം വിടാന്‍ ഐ.എ.എസുകാരെ പ്രേരിപ്പിക്കുന്നത്.

ഐ.എ.എസുകാരില്‍ ബഹുഭൂരിപക്ഷവും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ശേഷിക്കുന്നവരാകട്ടെ ഡെപ്യൂട്ടേഷന്‍ സംഘടിപ്പിക്കുന്ന തിരക്കിലും. ഒരു സെക്രട്ടറിക്കുതന്നെ അഞ്ചും ആറും ചുമതലകളാണ് ഒരേസമയം നല്‍കിയിട്ടുള്ളത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരില്‍ പലരും ജോലിഭാരംകൊണ്ട് പൊറുതിമുട്ടുകയാണ്.

ഐ.എ.എസുകാരില്‍ ഏറ്റവുമൊടുവില്‍ കേരളം വിട്ടത് ഭക്ഷ്യവകുപ്പ് സെക്രട്ടറി ഗ്യാനേഷ്കുമാറാണ്. ഏറെ ആരോപണവിധേയനായ ഇദ്ദേഹത്തിന് സുപ്രധാനവകുപ്പായ പ്രതിരോധത്തിലാണ് നിയമനം. ആരോഗ്യവകുപ്പ് സെക്രട്ടറി അടക്കം ഏതാനുംപേര്‍ കേരളം വിടാനുള്ള നീക്കത്തിലാണത്രെ. 1980 ബാച്ചിലെ ആറ് സീനിയര്‍ സെക്രട്ടറിമാരെ ഹൈദരാബാദില്‍ പരിശീലനത്തിനയക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബജറ്റ് അവതരണത്തിന് ഇനി രണ്ട്മാസമാണ് ബാക്കി. അതിനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. നിയമസഭ വിളിച്ചുകൂട്ടുന്നതിനുള്ള തീരുമാനവും അനിശ്ചിതത്വത്തിലാണ്. സാമ്പത്തിക പ്രതിസന്ധി സര്‍ക്കാറിന് കടുത്ത ഭീഷണിയാവുകയാണ്.
നികുതിപിരിവ് അടക്കം പല നടപടികളും പാതിവഴിയിലാണ്. നികുതിപിരിവില്‍ ഇനിയും ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.

3. മുതലാളിത്തപാത: ആശയക്കുഴപ്പം നേതാക്കളില്‍ മാത്രം
തിരുവനന്തപുരം: അയഥാര്‍ഥമായ വിശകലനങ്ങളിലൂടെ അണികളെ ആശയക്കുഴപ്പത്തിലാക്കി മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവിന്റെ ബഹിര്‍സ്ഫുരണം വഴി മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെ ബംഗാള്‍നേതൃത്വം കേരളനേതൃത്വത്തെ ഞെട്ടിച്ചു. മുതലാളിത്തത്തിനെതിരായ യുദ്ധമാണ് തങ്ങള്‍ നടത്തുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് അണികളെ മയക്കിനിര്‍ത്തിയ കേരള നേതൃത്വം ബംഗാള്‍ നേതാക്കളുടെ വെളിപ്പെടുത്തലിന്റെ അമ്പരപ്പിലാണ്. പാര്‍ട്ടിസമ്മേളനങ്ങളില്‍ സോഷ്യലിസത്തിനായി വിപ്ലവപ്രഖ്യാപനങ്ങള്‍ നടത്തുന്നതിനിടെ ഒരിടിത്തീപോലെയാണ് ബുദ്ധദേവും ജ്യോതിബസുവും വികസനത്തിന് മുതലാളിത്തമാര്‍ഗം സ്വീകരിക്കണമെന്നതാണ് പ്രായോഗികതയെന്ന് പ്രഖ്യാപിച്ചത്.

അണികളും നേതൃത്വവും തമ്മില്‍ ആശയപരമായ വൈരുധ്യമുണ്ടായിട്ട് ഏറെനാള്‍ കഴിഞ്ഞു. സോഷ്യലിസം എന്നത് ഒരു സ്വപ്നം മാത്രമാണെന്ന് ഇന്ത്യയിലെ സി.പി.എം നേതൃത്വം ഏറെനാള്‍ മുമ്പേ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും മുതലാളിത്തത്തിനെതിരായ പോരാട്ടവീര്യം അണികള്‍ക്ക് നല്‍കി, സോഷ്യലിസത്തിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തി അവരെ പിടിച്ചുനിര്‍ത്തിവരികയായിരുന്നു, വിവിധ സംസ്ഥാനങ്ങളില്‍ സി.പി.എം നേതൃത്വം ചെയ്തുവന്നത്. എന്നാല്‍, നേതാക്കള്‍ അവരുടെ ജീവിതശൈലി ഇതിനോടകം മാറ്റിക്കഴിഞ്ഞിരുന്നു. ജ്യോതിബസുവിന്റെ മകന്‍ ബിസ്കറ്റ് ഫാക്ടറി തുടങ്ങിയതും ഇ.കെ. നായനാരുടെ മകന്‍ പരസ്യക്കമ്പനി തുടങ്ങിയതും മറ്റു പല നേതാക്കളുടെയും മക്കളെ മുതലാളിത്തരാജ്യങ്ങളിലെ മാനേജ്മെന്റ് കോഴ്സുകള്‍ പഠിപ്പിക്കാന്‍ വിട്ടതും ആധുനിക മുതലാളിത്തത്തിന് അനിവാര്യമായ വിദ്യാഭ്യാസം അവര്‍ക്ക് ഉണ്ടാകണമെന്ന തിരിച്ചറിവോടെ തന്നെയാണ്. നേതാക്കള്‍ ഈ ശൈലി പരിശീലിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.

അതനുസരിച്ചുള്ള വ്യവസായ വ്യാപാര ഏര്‍പ്പാടുകളില്‍ അവര്‍ വ്യാപൃതരുമാണ്. അപ്പോഴും അണികള്‍ക്കുമുന്നില്‍ അവര്‍ പറഞ്ഞിരുന്നത് എ.കെ.ജിയുടെ പഴയ വാക്കുകളാണ്^’സോഷ്യലിസം ഇന്ത്യയില്‍ വരുന്നതുകാണാന്‍ ഒരുപക്ഷേ, ഞാനുണ്ടാകില്ല, ആ സൂര്യോദയം നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കാം’^ എന്നുതുടങ്ങിയ എ.കെ.ജി വചനങ്ങള്‍ സമ്മേളനകവാടങ്ങളില്‍ എഴുതിവെക്കാന്‍ അവര്‍ മറന്നില്ല. പക്ഷേ, മുതലാളിത്തശൈലിയിലേക്ക് അണികളുടെ ജീവിതരീതി മാറ്റാന്‍ പശ്ചിമബംഗാളിലും കേരളത്തിലും സി.പി.എമ്മിന് കഴിഞ്ഞിരുന്നു.

30 വര്‍ഷത്തെ സുസ്ഥിര ഭരണംകൊണ്ടാണ് ബംഗാളില്‍ സി.പി.എം അവരുടെ അണികളുടെ ജീവിതശൈലി മുതലാളിത്തത്തിനനുഗുണമായി മാറ്റിയെടുത്തത്. എന്നിട്ടും പൊരുത്തക്കേടുകള്‍ ബാക്കിയുണ്ടെന്ന് നന്ദിഗ്രാമിലൂടെ അവര്‍തിരിച്ചറിഞ്ഞു. കേരളത്തില്‍ ഭരണസുസ്ഥിരതയെന്ന സൌഭാഗ്യം സി.പി.എമ്മിനുണ്ടായില്ല. അതിന് മറ്റൊരുവഴി അവര്‍ക്കും തേടേണ്ടിവന്നു^’ജനകീയാസൂത്രണം’. 10 വര്‍ഷത്തെ ജനകീയാസൂത്രണംകൊണ്ട് ഇടത്തരം നേതാക്കളെയും അണികളെയും ബിനാമികളും കരാറുകാരും ബ്രോക്കര്‍മാരും ആക്കി ധനാര്‍ത്തി വര്‍ധിപ്പിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്.

പാര്‍ട്ടിസമ്മേളനങ്ങളില്‍ ഇക്കുറിയും സോഷ്യലിസത്തിനുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നെങ്കിലും കഴിഞ്ഞകാലങ്ങളില്‍ ഉയര്‍ന്നവിധത്തില്‍ പാര്‍ട്ടിയുടെ മാര്‍ഗഭ്രംശത്തിനെതിരായ വിമര്‍ശത്തിന് രൂക്ഷതയുണ്ടായില്ല. സി.പി.എമ്മിന്റെ മികച്ച വിമര്‍ശകനും ചിന്തകനും വാഗ്മിയുമായ എം.എന്‍. വിജയന്റെ മരണത്തോടെ അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങളും കെട്ടടങ്ങി. സോഷ്യലിസത്തിനുവേണ്ടിയും പാര്‍ട്ടിയുടെ മാറ്റത്തിനെതിരെയും ശബ്ദിച്ചവര്‍ വെട്ടിനിരത്തപ്പെട്ടു. അപ്പോഴും പാര്‍ട്ടിക്ക് സംഭവിച്ചതെന്തെന്ന് തുറന്നുപറയാന്‍ സംസ്ഥാനനേതൃത്വം ആര്‍ജവം കാട്ടിയില്ല. ഇപ്പോള്‍ ബുദ്ധദേവും ജ്യോതിബസുവും തുറന്നുപറഞ്ഞിരിക്കുന്നു. ഇനി സംസ്ഥാന നേതൃത്വത്തിനു കാര്യങ്ങള്‍ തുറന്നുപറയേണ്ട അവസ്ഥവരും. പ്രാദേശിക ഭരണ പങ്കാളിത്തത്തിലൂടെ മുതലാളിത്തത്തിനനു ഗുണമായ ജീവിതരീതിയിലേക്ക് മാറിയ അണികള്‍ക്ക് അത് ദഹിക്കുകയും ചെയ്യും. സോവിയറ്റ് യൂനിയനില്‍ സംഭവിച്ച കുഴപ്പം ഇവിടെയുണ്ടാകില്ലെന്ന് അവര്‍ക്ക് ഉറപ്പിക്കാം.

സോവിയറ്റ് യൂനിയനില്‍ ഗോര്‍ബച്ചേവ് കാലമെത്തിയപ്പോഴേക്കും സോഷ്യലിസലക്ഷ്യം സ്റ്റേറ്റ് മുതലാളിത്തം എന്ന അവസ്ഥയിലേക്ക്മാറുക വഴി വികസനം മുരടിച്ചുപോയെന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിലയിരുത്തിയിട്ടുണ്ട്. ഈ സ്റ്റേറ്റ് മുതലാളിത്തത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാനും വികസനപാതയിലേക്ക് അടുപ്പിക്കാനുമാണ് ഗോര്‍ബച്ചേവ് ഗ്ലാസ്നെസ്റ്റും പെരിസ്ട്രോയിക്കയും കൊണ്ടുവന്നത്. എന്നാല്‍ അത് പൂര്‍ത്തിയാക്കുംമുമ്പ് അദ്ദേഹം സ്ഥാനഭ്രഷ്ടനായി. ചൈനയിലാകട്ടെ, സോഷ്യലിസപാത കമ്യൂണിസ്റ്റ്പാര്‍ട്ടി എന്നേ ഉപേക്ഷിച്ചുകഴിഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ നിയന്ത്രണംവിട്ടുകൊണ്ടുള്ള മുതലാളിത്തമാര്‍ഗം അവര്‍ സ്വീകരിച്ചിട്ടില്ല. വളരെ സാവധാനമുള്ള ഒരു മാര്‍ഗത്തിലൂടെ അമേരിക്കന്‍ ശൈലിയിലേക്കുള്ള മുതലാളിത്തപാതയാണ് അവര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റ്നേതാക്കള്‍ സ്വകാര്യമായെങ്കിലും സമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും മാറ്റങ്ങള്‍ ഉണ്ടായത്. 30 വര്‍ഷം കൊണ്ട് ബംഗാളിലെ പാര്‍ട്ടിയില്‍ ഉണ്ടാക്കിയ മാറ്റം10 വര്‍ഷത്തെ ജനകീയാസൂത്രണംകൊണ്ട് കേരളത്തിലും ഉണ്ടാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിരിക്കുന്നു. ഇനി തുറന്ന് പ്രഖ്യാപിക്കുകമാത്രമേ വേണ്ടൂ. അണികള്‍ പക്വതനേടിക്കഴിഞ്ഞു. എങ്കിലും ജ്യോതിബസുവിന്റെയും ബുദ്ധദേവിന്റെയും പ്രഖ്യാപനം സമ്മേളനനഗരികളില്‍ നേതാക്കള്‍ക്ക് ഞെട്ടലാണ് നല്‍കിയത്.

4. പാഠ്യപദ്ധതി പരിഷ്കരണം: പരിഹാരം സര്‍ക്കാറിനും സി.പി.എമ്മിനും ആശ്വാസമായി
കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രക്ഷോഭരംഗത്തുണ്ടായിരുന്ന മുസ്ലിം സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയും സമരരംഗത്തുനിന്ന് സംഘടനകള്‍ പിന്മാറാനുള്ള തീരുമാനവും സര്‍ക്കാറിനും സി.പി.എമ്മിനും ആശ്വാസമായി. ന്യൂനപക്ഷ വിരുദ്ധമുദ്ര കുത്തപ്പെട്ട് ക്രിസ്ത്യന്‍ സമുദായത്തോടൊപ്പം മുസ്ലിം സംഘടനകളും സര്‍ക്കാറിനെതിരെ തിരിഞ്ഞത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രതിലോമ നിര്‍ദേശങ്ങള്‍ നടപ്പാക്കില്ലെന്ന് സംഘടനകള്‍ക്ക് അസന്ദിഗ്ധമായി ഉറപ്പുകൊടുക്കാന്‍ വിദ്യാഭ്യാസമന്ത്രി തയാറായത്. തുടക്കത്തില്‍ പ്രശ്നം ഗൌരവത്തിലെടുക്കാതിരുന്ന സി.പി.എം മുസ്ലിംലീഗ് അടക്കമുള്ളവര്‍ മുതലെടുപ്പിന് ശ്രമിക്കുന്നത് തിരിച്ചറിഞ്ഞാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ രംഗത്തുവന്ന സംഘടനകളുമായി ചര്‍ച്ച നടത്താന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കിയത്.

പരിഷ്കാരങ്ങള്‍ നടപ്പാക്കില്ലെന്ന് നേരത്തെയും മന്ത്രി പറഞ്ഞിരുന്നെങ്കിലും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടലുകളും വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട ചില യൂനിയന്‍ നേതാക്കളുടെ പ്രവര്‍ത്തനങ്ങളുമാണ് പ്രശ്നം വഷളാക്കിയത്. ഇത്തരം ഇടപെടലുകളുണ്ടാവില്ലെന്നും വിവാദ വിഷയങ്ങള്‍ നടപ്പാക്കുന്ന പ്രശ്നമില്ലെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കുകയും യോഗ നടപടികളുടെ മിനുട്സ് സംഘടനകള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഘടനകള്‍ പ്രക്ഷോഭം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഇതോടെ പ്രക്ഷോഭത്തെ പിന്നില്‍നിന്ന് പിന്തുണച്ച് സര്‍ക്കാറിനെതിരെ മുസ്ലിം സംഘടനകളുടെ ഐക്യം കെട്ടിപ്പടുക്കുകയും ചെയ്ത മുസ്ലിംലീഗിന് പ്രഹരം നല്‍കാനായെന്നാണ് സി.പി.എം വിലയിരുത്തല്‍.

മുസ്ലിംലീഗിനോട് ശത്രുതയുള്ള സമുദായ സംഘടനകളുടെപോലും ഐക്യനിര മദ്രസാ കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലൂടെ രൂപപ്പെട്ടത് സി.പി.എമ്മിന് ആഘാതമായിരുന്നു. ശരീഅത്ത് വിവാദത്തിനുശേഷം ആദ്യമായാണ് മുസ്ലിം സംഘടനകള്‍ പൊതുവിഷയത്തില്‍ യോജിക്കുന്നത്.
അതേസമയം, മുസ്ലിംസംഘടനകളുടെ കൂട്ടായ്മയിലൂടെ നേടിയെടുത്ത വിജയം ഭാവിയില്‍ മറ്റ് പൊതുപ്രശ്നങ്ങളിലും യോജിപ്പിന്റെ മേഖല ഒരുക്കാന്‍ പാര്‍ട്ടിക്ക് വഴിയൊരുക്കിയെന്നാണ് മുസ്ലിംലീഗിന്റെ കണക്കുകൂട്ടല്‍. എന്നും അകന്നുനിന്നിരുന്ന സുന്നി കാന്തപുരം വിഭാഗത്തെ അടുപ്പിക്കാന്‍ കഴിഞ്ഞതായും മുസ്ലിംലീഗ് വിലയിരുത്തുന്നു. സംഘടനകളുടെ ഐക്യവേദി ഭാവിയിലും ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 11 ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആവിഷ്കരിക്കുമത്രെ.
ഇതോടൊപ്പം, സര്‍ക്കാരുമായി ഏറ്റുമുട്ടലിലുള്ള ക്രിസ്ത്യന്‍ വിഭാഗവുമായും ചര്‍ച്ചക്ക് നീക്കം നടക്കുന്നുണ്ട്.

5. ദല്‍ഹിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ല
ന്യൂദല്‍ഹി: ദല്‍ഹിയില്‍ താമസിക്കുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കണമെന്നത് നിര്‍ബന്ധമാക്കില്ലെന്ന് ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ തേജേന്ദ്ര ഖന്ന. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന തീരുമാനത്തിനെതിരെ ബി.ജെ.പി, ബി.എസ്.പി, ജനതാദള്‍ യുനൈറ്റഡ് എന്നിവരില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിതും മന്ത്രിസഭാംഗങ്ങളും ഇന്നലെ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തലസ്ഥാന പരിധിക്കുള്ളില്‍ സുരക്ഷ കര്‍ശനമാക്കണമെന്നും സംശയം തോന്നുന്നവരെ പരിശോധിക്കണമെന്നും പോലിസിന് നിര്‍ദേശം കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ലഫ്. ഗവര്‍ണര്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ ലൈസന്‍സുകള്‍ പരിശോധിക്കണമെന്നു പറഞ്ഞത് ദല്‍ഹിയിലെ റോഡുകളില്‍ വാഹനമോടിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കാനാണ്. ഇത് ഒരു നിര്‍ദേശം മാത്രമാണെന്നും തീരുമാനമല്ലെന്നും നിയമ വിരുദ്ധമായ ഒരു നടപടിയും ഉണ്ടാവില്ലെന്നും ഖന്ന ആവര്‍ത്തിച്ചു. റിപ്പബ്ലിക് ദിനാഘോഷം, സ്വാതന്ത്യ്രദിനം, വിവിധ ആഘോഷ ദിനങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മാത്രമേ സുരക്ഷാ പരിശോധന കര്‍ശനമാക്കുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി ഈ മാസം 15 മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ പോലിസുകാര്‍ക്ക് നല്‍കിയ നിര്‍ദേശമാണ് വിവാദമായത്.

6. മോഷണം: യുവാവിനെ ജീപ്പില്‍ കെട്ടിവലിച്ച് കണ്ണില്‍ ആസിഡൊഴിച്ചു
ജല്‍പായ്ഗുരി (പശ്ചിമബംഗാള്‍): അടക്ക മോഷ്ടിച്ചതിന് 26കാരനെ ഗ്രാമീണര്‍ ജീപ്പില്‍കെട്ടി രണ്ടു കിലോമീറ്ററോളം വലിച്ചിഴച്ചു. അരിശം തീരാത്ത ജനക്കൂട്ടം അയാളെ പൊതിരെ തല്ലിയ ശേഷം കണ്ണില്‍ ആസിഡ് ഒഴിക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ദക്ഷിണ ബല്ലാല്‍ഗുരി ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. തൊണ്ടിസഹിതം പിടിയിലായ സന്തോഷ് റായ് എന്ന യുവാവിനാണ് ക്രൂരമര്‍ദനമേറ്റത്. കൈയും കാലും കൂട്ടിക്കെട്ടി ജീപ്പിനു പുറകില്‍ ബന്ധിച്ച് വലിച്ചിഴച്ചാണ് യുവാവിനെ പഞ്ചായത്ത് ഓഫീസ് മുറ്റത്തെത്തിച്ചത്. ചോരയും ചെളിയും പുരണ്ട ദേഹത്ത് അധികാരികളുടെ സാന്നിധ്യത്തിലാണ് തുടര്‍ന്നുള്ള പീഡനം അരങ്ങേറിയതത്രേ. സന്തോഷിനെ ഞായറാഴ്ച മുതല്‍ കാണാനില്ലെന്ന് സഹോദരന്‍ മദാരിഹത് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തലയില്‍ ഏറുകൊണ്ട പരിക്കുകളോടെ തോര്‍ഷ നദിക്കരയിലാണ് യുവാവിനെ അവസാനമായി കണ്ടതെന്ന് സഹോദരന്‍ പറയുന്നു.
സംഭവത്തെപ്പറ്റി അന്വേഷണം നടക്കുന്നതായി ജല്‍പായ്ഗുരി പോലിസ് സൂപ്രണ്ട് തൃപുരാരി പറഞ്ഞു.

1. ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ലങ്ക നികുതി കുറച്ചു
കൊളംബോ: ശ്രീലങ്കയില്‍ വ്യാപാരികള്‍ നടത്തുന്ന വ്യാപക സമരത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുറച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 ന് ഏര്‍പ്പെടുത്തിയ നികുതികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതായി എസന്‍ഷ്യല്‍ ഫുഡ് കമോഡിറ്റീസ് ഇംപോര്‍ട്ടേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് അസോസിയേഷന്‍ വക്താവ് ഹേമക ഫെര്‍ണാണ്ടോ അറിയിച്ചു. ശ്രീലങ്കന്‍ ജനതയ്ക്ക് കുറഞ്ഞ നിരക്കില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാകുന്നതിന് ഇതു സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2. കെജിഎംഒഎ അയയുന്നു; സ്പെഷല്‍ അലവന്‍സിനു സമ്മതം
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങളുടെ പാക്കേജ് തള്ളിയ കെജിഎംഒഎ നിലപാടില്‍ അയവു വരുത്തുന്നു. സ്പെഷല്‍ പേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സംഘടന സ്പെഷല്‍ അലവന്‍സ് മതിയെന്ന നിലപാടില്‍ എത്തി. പക്ഷേ, ഈ അലവന്‍സ് അടുത്ത ശമ്പള പരിഷ്കരണത്തില്‍ ലയിപ്പിക്കണം. ഇനി സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ 24നു ശേഷം ഭാവി പരിപാടി ആലോചിക്കും. ചട്ടപ്പടി സമരം ഹൈക്കോടതി നിര്‍ദേശപ്രകാരം നിര്‍ത്തിയിട്ടുള്ളത് 24 വരെയാണ്. സര്‍ക്കാരുമായി ധാരണയാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, ചര്‍ച്ചനടത്താതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉത്തരവായി പുറപ്പെടുവിച്ചു. സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകളില്‍ ഈ ആനുകൂല്യങ്ങള്‍ തങ്ങള്‍ പലവട്ടം തള്ളിയതാണെന്ന് കെജിഎംഒഎ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും ഏകപക്ഷീയമായി സര്‍ക്കാര്‍ ഉത്തരവിറക്കി. ചര്‍ച്ചയില്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ മോശമായ നിലയിലാണ് പുതിയ ഉത്തരവിലെ ആനുകൂല്യങ്ങള്‍ എന്ന് ഡോക്ടര്‍മാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. അടുത്ത വര്‍ഷം നിയോഗിക്കുന്ന ശമ്പള കമ്മിഷന്റെ പരിധിയില്‍ വരുന്ന വിധമുള്ള സ്പെഷല്‍ അലവന്‍സ് എന്ന നിലപാടാണ് കെജിഎംഒഎ കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

3. ഗുരുവായൂര്‍ക്കും കൊച്ചിക്കും ട്രെയിനുകള്‍ക്കു ശുപാര്‍ശ
Trainപാലക്കാട്: ചെന്നൈ-മേട്ടുപ്പാളയം നീലഗിരി എക്സ്പ്രസ് ഗുരുവായൂരിലേക്കും കോയമ്പത്തൂര്‍-ലോക്മാന്യതിലക് എക്സ്പ്രസ് എറണാകുളത്തേയ്ക്കും നീട്ടാന്‍ ശുപാര്‍ശ. തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് മേട്ടുപ്പാളയത്തേയ്ക്കു നീട്ടുന്നതിനു പകരമാണിത്. തമിഴ്നാട്ടിലോടുന്ന രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ കേരളത്തിലേക്കു നീട്ടാന്‍ റയില്‍വേ ആലോചനാസമിതി യോഗമാണു ശുപാര്‍ശ ചെയ്തത്.

എന്നാല്‍, റയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. അതേ സമയം, അമൃത എക്സ്പ്രസിന്റെ പ്രധാന ഭാഗം പാലക്കാട് ടൌണില്‍ നിന്നു പുറപ്പെടുന്ന രീതിയില്‍ ക്രമീകരിക്കും. ഇന്നലെ ചെന്നൈയില്‍ നടന്ന യോഗത്തിലാണ് അമൃതയ്ക്കു പകരം ട്രെയിന്‍ എന്ന റയില്‍വേ നിര്‍ദേശം എംപിമാരായ എന്‍.എന്‍ കൃഷ്ണദാസ്, പി.കരുണാകരന്‍, എംഎല്‍എമാരായ സി.കെ.പി.പത്മനാഭന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരടങ്ങിയ കേരളസംഘത്തിന്റെ മുന്നില്‍ വന്നത്.

അമൃത എക്സ്പ്രസില്‍ ഇപ്പോഴുള്ള 13 കോച്ചിനു പകരം ഇനി 21 കോച്ചുകളുണ്ടാകും. ഇതില്‍ 10 കോച്ചുകള്‍ അമൃതഎക്സ്പ്രസ് ആയി പാലക്കാട് ടൌണില്‍ നിന്നു തന്നെ പുറപ്പെടും. 11 കോച്ചുകള്‍ ലിങ്ക് എക്സ്പ്രസ് ആയി കോയമ്പത്തൂര്‍ വഴി മേട്ടുപ്പാളയത്തേക്ക് തിരിക്കും. ഇതു വഴി കേരളത്തിന് ഇപ്പോഴുള്ള സൌകര്യം അതേപടി തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. അമൃത എക്സ്പ്രസിനെ പാലക്കാടു വച്ച് രണ്ടാക്കിയ പോലെ കോയമ്പത്തൂരില്‍ വച്ച് നീലഗിരി എക്സ്പ്രസിനെ രണ്ടാക്കി ഒരു ഭാഗം പാലക്കാട്, തൃശൂര്‍ വഴി ഗുരുവായൂരിലേക്ക് നീട്ടും. കോയമ്പത്തൂര്‍ മേഖലയില്‍ നിന്നു ഗൂരുവായൂരിലേക്ക് ട്രെയിന്‍ എന്ന ആവശ്യവും ഇതോടെ പരിഗണിക്കപ്പെടും. ബാംഗ്ലൂര്‍ വഴി രാവിലെ കോയമ്പത്തൂരിലെത്തുന്ന ലോക്മാന്യതിലക് എക്സ്പ്രസ് എറണാകുളത്തേയ്ക്കു നീട്ടുന്നത് ബാംഗ്ലൂര്‍ക്കും മുംബൈയ്ക്കുമുള്ള യാത്രക്കാര്‍ക്കു ഗുണം ചെയ്യും.

4. കേരളത്തില്‍ റിക്രൂട്ട്മെന്റില്ല; ഡല്‍ഹി പൊലീസില്‍ മലയാളികള്‍ കുറയുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസില്‍ 5,000 തസ്തികകള്‍ക്കു കൂടി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ റിക്രൂട്ട്മെന്റ് കേന്ദ്രം പുനരാരംഭിച്ചില്ലെങ്കില്‍ മലയാളികള്‍ക്കു പ്രയോജനമുണ്ടാകില്ല. റിക്രൂട്ട്മെന്റിന് ’94നു ശേഷം അന്യ സംസ്ഥാനങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടില്ല. ഇതു കാരണം ഡല്‍ഹി പൊലീസില്‍ ദക്ഷിണേന്ത്യക്കാരുടെ അനുപാതം കുറഞ്ഞു വരികയാണ്. അപേക്ഷാ ഫോം ഡല്‍ഹി പൊലീസിന്റെ പ്രധാന കേന്ദ്രങ്ങളില്‍ മാത്രം വിതരണം ചെയ്യുന്നതിനാല്‍ ഉദ്യോഗാര്‍ഥിക്ക് ഫോം വാങ്ങി പൂരിപ്പിച്ചു സമര്‍പ്പിക്കാന്‍ തന്നെ ഡല്‍ഹിയില്‍ എത്തേണ്ടി വരും.

രണ്ടാം ഘട്ടത്തില്‍ കായികക്ഷമതാ പരിശോധന, മൂന്നാം ഘട്ടത്തില്‍ എഴുത്തു പരീക്ഷ, നാലാം ഘട്ടത്തില്‍ വൈദ്യ പരിശോധന, അഞ്ചാം ഘട്ടത്തില്‍ അഭിമുഖം എന്നിങ്ങനെ മാസങ്ങളുടെ ഇടവേളയില്‍ അഞ്ചു തവണ ഡല്‍ഹിയില്‍ എത്തിയാലേ നിയമന കടമ്പകള്‍ കടക്കാന്‍  കഴിയുകയുള്ളു. അപേക്ഷാ ഫോം കേരളത്തിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ലഭ്യമാക്കാനുള്ള നടപടിയെങ്കിലുമുണ്ടായില്ലെങ്കില്‍ മലയാളി അപേക്ഷകരുടെ എണ്ണം തന്നെ കുറയും. കോണ്‍സ്റ്റബിള്‍ നിയമനത്തിനു പ്ളസ് ടു പാസായവരെയും എസ്ഐ നിയമനത്തിനു ബിരുദധാരികളെയുമാണ് പരിഗണിക്കുന്നത്.

5. പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ കെഎസ്ടിപി കാലാവധി നീട്ടാമെന്നു ലോക ബാങ്ക്
ന്യൂഡല്‍ഹി: അടുത്ത ആറുമാസത്തെ പ്രവര്‍ത്തനം തൃപ്തികരമാണെങ്കില്‍ മാത്രം കെഎസ്ടിപി പദ്ധതിയുടെ കാലാവധി രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടാമെന്നു ലോകബാങ്ക് സംസ്ഥാന സര്‍ക്കാരിനോടു വ്യക്തമാക്കി. 47, 17 ദേശീയപാതകള്‍ പൂര്‍ണമായി നാലുവരിയാക്കാനുള്ള തുടര്‍നടപടികള്‍ക്കു തീരുമാനമായെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ടി. ആര്‍. ബാലുവുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പൊതുമരാമത്തുമന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു

കൊല്ലം – കോട്ടയം – കുമളി – തേനി (220), കൊച്ചി – മധുര (49) പാതകള്‍ ദേശീയപാതാ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുവരിയാക്കും. കൊച്ചി നഗരത്തിലെ തിരക്കു കുറയ്ക്കുന്നതിന് വൈപ്പിന്‍ – മൂത്തകുന്നം, സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡുകളും ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളും ഇതേ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

എല്ലാം ബിഒടി അടിസ്ഥാനത്തിലുള്ള പദ്ധതികളാണ്.47, 17 ദേശീയപാതകളിലെ തിരുവനന്തപുരം – നെയ്യാറ്റിന്‍കര, കൊല്ലം, ആലപ്പുഴ – കോഴിക്കോട്, തലശേരി – മാഹി, കൊയിലാണ്ടി ഡീവിയേഷന്‍ ബൈപാസുകളും വികസിപ്പിക്കാന്‍ ധാരണയായി. ഇരുപാതകളെയും ബന്ധിപ്പിക്കുന്ന കോഴിക്കോട് – പാലക്കാട് റോഡ് (213) നാലുവരിയാക്കാനുള്ള സാധ്യതാപഠനം ഉടനെ നടത്തും.വയനാടുവഴിയുള്ള കോഴിക്കോട് – മൈസൂര്‍ ദേശീയപാതയും (212) രണ്ടുവരിയാക്കേണ്ടവയുടെ ഗണത്തിലാക്കും.

ഇതിന്റെ നിര്‍മാണം ബിഒടി അടിസ്ഥാനത്തിലാവില്ല. എന്‍എച്ച്-47ന്റെ വികസനത്തിനു മൂന്നുവര്‍ഷവും എന്‍എച്ച്-17നു നാലുവര്‍ഷവും വേണമെന്നാണു കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രശ്നങ്ങളുണ്ട്.ബിഒടി വ്യവസ്ഥയില്‍ റോഡ് വികസിപ്പിക്കുന്ന മേഖലകളില്‍ ഒാരോ 50 കിലോമീറ്ററിലും ടോള്‍ ഈടാക്കും. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയവയ്ക്ക് 60 പൈസ, എല്‍സിവി – 1.04 രൂപ, ട്രക്ക്, ബസ് – രണ്ടു രൂപ എന്നിങ്ങനെയാവും നിരക്ക്. നാലുവരിക്കു സമാന്തരമായി എല്ലായിടത്തും സര്‍വീസ് റോഡുകളുണ്ടാവും.

കിലോമീറ്ററിന് ആറുകോടി രൂപയാണു നിര്‍മാണച്ചെലവ്.ലോകബാങ്കിന്റെ റോഡ് വികസന പദ്ധതിയുടെ കാലാവധി കഴിഞ്ഞ 31ന് അവസാനിച്ചിരുന്നു. തൃപ്തികരമായ നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയില്‍ നടത്തിയാല്‍ മാത്രമേ കാലാവധി നീട്ടി നല്‍കൂ എന്നാണു ലോകബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. ആറുമാസത്തിനുള്ളില്‍ കാര്യമായ പുരോഗതി സാധിക്കുമെന്നുറപ്പാണ്.

ഒാരോ മാസവും വിലയിരുത്തല്‍ നടത്താന്‍ സംവിധാനമുണ്ടാവും.കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേതുപോലെ കോഴിക്കോടിന്റെയും വികസനം സാധ്യമാക്കാന്‍ സഹകരിക്കാമെന്നു ലോകബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ പദ്ധതി ഉടനെ നല്‍കണം. കരാറുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ മാസംതന്നെ സംഘടനകളുമായി ചര്‍ച്ചനടത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ബാലുവുമായും ലോകബാങ്കുമായും നടത്തിയ ചര്‍ച്ചകളില്‍ വകുപ്പു സെക്രട്ടറി ടോം ജോസും ദേശീയപാതാ ചീഫ് എന്‍ജിനീയര്‍ സുരേഷന്‍ കൊയിലേരിയനും പങ്കെടുത്തു.

6. അടിച്ച ലോട്ടറി ചവറ്റുകുട്ടയില്‍; നാടുകാരുടെ മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍
തിരൂര്‍: ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിനു സമ്മാനം ലഭിച്ചതറിഞ്ഞ് മാലിന്യക്കൂമ്പാരത്തിനിടയില്‍ മണിക്കൂറുകളോളം തിരച്ചില്‍. തിരൂര്‍ സെന്‍ട്രല്‍ ജംക്ഷനില്‍ ലോട്ടറി ടിക്കറ്റിനായുള്ള തിരച്ചിലില്‍ ആളുകളുടെ എണ്ണം വര്‍ധിച്ചതോടെ നഗരത്തില്‍ ഗതാഗതവും തടസ്സപ്പെട്ടു. സെന്‍ട്രല്‍ ജംക്ഷനില്‍ കച്ചവടം നടത്തുന്ന ചെമ്പ്ര സ്വദേശി നാലുകണ്ടത്തില്‍ റിയാസാണ് നറുക്കെടുപ്പു ഫലം നോക്കി ടിക്കറ്റ് വലിച്ചെറിഞ്ഞത്. ലോട്ടറി നല്‍കിയ ഏജന്റ് സ്ഥലത്തെത്തി ഇയാള്‍ക്കു നല്‍കിയ സൂപ്പര്‍ ലോട്ടറിയുടെ ജെസി 61823 ടിക്കറ്റിന് ഒന്നര ലക്ഷം സമ്മാനമടിച്ചതായി അറിയിച്ചതോടെ വലിച്ചെറിഞ്ഞ ടിക്കറ്റ് കണ്ടെത്താനായി ശ്രമം.

റോഡരികിലും ചവറ്റുകുപ്പകളിലുമെല്ലാം തിരച്ചില്‍ തുടങ്ങി. സംഭവം അറിഞ്ഞവര്‍  തിരച്ചിലിനൊപ്പം കൂടിയതോടെ നഗരത്തില്‍ തിരക്കായി.  വിവരമറിഞ്ഞ് വാഹനങ്ങള്‍ നിര്‍ത്തിയും ആളുകള്‍ രംഗത്തിറങ്ങിയതോടെ കുറച്ചുനേരം തിരൂര്‍ സെന്‍ട്രല്‍ ജംക്ഷനില്‍ ഗതാഗതവും തടസ്സപ്പെട്ടു. പരിസരം വൃത്തിയാക്കി മാലിന്യങ്ങള്‍ തള്ളുന്ന കുപ്പയിലേക്കും തിരച്ചില്‍ വ്യാപിച്ചു. ആളുകളുടെ തിരക്കേറിയതോടെ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടയാള്‍ കയ്യില്‍ കിട്ടിയ ടിക്കറ്റുകളെല്ലാം വാരിയെടുത്തു സൂക്ഷിച്ചു. എന്നാല്‍ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് രാത്രി ഏറെ വൈകിയും ലഭിച്ചില്ല.

7. ഹാരിസണ്‍ പാട്ടഭൂമി രേഖകള്‍ പരിശോധിക്കാന്‍ റിട്ട. ജസ്റ്റിസ്
കൊച്ചി: ഹാരിസണ്‍ മലയാളം കമ്പനിയുടെ പാട്ടഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എല്‍. മനോഹരനെ നിയമിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. 2007 ഡിസംബര്‍ ഏഴിനായിരുന്നു നിയമനം. ഹാരിസണിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പഠനത്തിനു നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതി 2007 സെപ്റ്റംബറില്‍ നല്‍കിയ റിപ്പോര്‍ട്ട് എങ്ങനെ നടപ്പാക്കാമെന്നു മന്ത്രിസഭാ ഉപസമിതി പരിഗണിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഹാരിസണ്‍ കമ്പനിയുടെ പക്കല്‍ നിന്നു 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് 2005 ഓഗസ്റ്റ് ഒന്നിലെ ആധാരം അനുസരിച്ചു വിലയ്ക്കു വാങ്ങിയതാണെന്നു ചൂണ്ടിക്കാട്ടി  ബിഷപ് കെ.പി. യോഹന്നാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു റവന്യൂ അണ്ടര്‍ സെക്രട്ടറി ഉലാം മൊയ്തീന്റെ വിശദീകരണം. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വില്ലേജ് ഓഫിസര്‍ സ്റ്റോപ് മെമോ നല്‍കിയ സാഹചര്യത്തിലാണു ഹര്‍ജി.

എന്നാല്‍, പോക്കുവരവു നടത്തി ഹര്‍ജിക്കാരന്റെ പേരിലേക്കു തണ്ടപ്പേര് അക്കൌണ്ട് മാറ്റിയെന്നതു കൊണ്ടു വസ്തുവില്‍ അവകാശം ഉന്നയിക്കാനാവില്ലെന്നു സര്‍ക്കാര്‍ പറയുന്നു. ഹാരിസണ്‍ മലയാളത്തിന്റെ കേസുകള്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ പരിഗണനയിലാണെന്നിരിക്കെ നടന്ന ക്രയവിക്രയത്തിനു കേരള ഭൂപരിഷ്കരണ നിയമത്തിലെ 84-ാം വകുപ്പനുസരിച്ചു സാധുതയില്ല. 2005 ഓഗസ്റ്റ് ഒന്നിലെ ആധാരം കേരള ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്ന ഹര്‍ജിക്കാരന്റെ വാദം ശരിയല്ല.

താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ വിധി വരാതെ ഇക്കാര്യം തീരുമാനിക്കാനാവില്ല. ആധാരം നടന്ന ശേഷം മരംമുറി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കലക്ടറുടെ നിര്‍ദേശപ്രകാരം നല്‍കിയ സ്റ്റോപ് മെമോയ്ക്കു നിയമസാധുതയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എരുമേലി സൌത്ത്, മണിമല വില്ലേജുകളിലായി വനഭൂമി ഉള്‍പ്പെട്ട എസ്റ്റേറ്റ് നിയമവിരുദ്ധമായാണു ഹാരിസണ്‍ വിറ്റതെന്ന് ആരോപിച്ച് ചെട്ടികുളങ്ങര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍. ഹരികുമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലും സര്‍ക്കാര്‍ ഏറെക്കുറെ സമാന വിശദീകരണം നല്‍കിയിട്ടുണ്ട്.

സര്‍ക്കാരും ഹാരിസണുമായുള്ള 99 വര്‍ഷത്തെ പാട്ടക്കാലാവധി 2010ല്‍ തീരുമെന്നിരിക്കെ, സ്വകാര്യവ്യക്്തിക്കു ഭൂമി കൈമാറിയതു നിയമാനുസൃതമല്ലെന്നാണ് ഈ ഹര്‍ജിയില്‍ പറയുന്നത്.  രണ്ടു ഹര്‍ജികളും കോടതി ഒന്നിച്ചു പരിഗണിക്കും.

8. 70 ലക്ഷത്തിന്റെ ബാങ്കു തട്ടിപ്പ്: മാനേജര്‍ ഉള്‍പ്പെടെ 3 പേര്‍ക്കു തടവും പിഴയും
കൊച്ചി: ബാങ്ക് ഒാഫ് ഇന്ത്യയുടെ കൊല്ലം ശാഖയില്‍ ഇല്ലാത്ത കമ്പനിയുടെ പേരില്‍ അക്കൌണ്ട് തുടങ്ങി 70 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസില്‍ എറണാകുളം സിബിഐ പ്രത്യേക കോടതി മൂന്നു പ്രതികള്‍ക്ക് ഒരു വര്‍ഷം വീതം തടവും 25000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

ബാങ്ക് ഒാഫ് ഇന്ത്യയുടെ കൊല്ലം ശാഖയില്‍ മാനേജരായിരുന്ന ജോര്‍ജുകുട്ടി കുര്യന്‍, കൊല്ലത്ത് കാഷ്യു ബ്രോക്കറായ ജയകുമാര്‍, മുംബൈയിലെ സെലക്ട് സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് രാമകൃഷ്ണപിളള എന്നിവരെയാണ് സിബിഐ പ്രത്യേക ജഡ്ജി ചന്ദ്രശേഖരപിളള ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതി ഷാ കാഷ്യു കമ്പനി മാനേജിങ് ഡയറക്ടര്‍ സാഹിര്‍ഷാ കഴിഞ്ഞ ദിവസം മരിച്ചു.

തിരുവനന്തപുരം പള്ളിക്കലുളള ഷാ കാഷ്യു കമ്പനിയുമായുളള കശുവണ്ടി ഇടപാടിന്റെ വ്യാജ കരാര്‍ ഹാജരാക്കിയായിരുന്നു തട്ടിപ്പ്. ബാങ്ക് ഒാഫ് ഇന്ത്യയുടെ കൊല്ലം ശാഖയില്‍ കെ ആന്‍ഡ് എം മാനുഫാക്ചററേഴ്സ് ആന്‍ഡ് എക്സ്പോര്‍ട്ടേഴ്സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ തുടങ്ങിയ വ്യാജ അക്കൌണ്ടും ക്രമക്കേടു നടത്താന്‍ പ്രതികള്‍ ഉപയോഗിച്ചു. ലെറ്റര്‍ ഒാഫ് ക്രെഡിറ്റ് ദുരുപയോഗം ചെയ്തു സമ്പാദിച്ച ബില്‍ ഫെഡറല്‍ ബാങ്കിന്റെ താനെ ശാഖയില്‍ ഹാജരാക്കിയാണ് പ്രതികള്‍ തട്ടിപ്പു നടത്തിയതെന്നും സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചു.

ബാങ്ക് മാനേജര്‍ ജോര്‍ജുകുട്ടി കുര്യനെ കേസില്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണര്‍ മുഖേനയാണ് സിബിഐ അനുമതി സമ്പാദിച്ചത്. സിബിഐ സൂപ്രണ്ടായിരുന്ന ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജെ.ആര്‍. ഡിക്രൂസാണ് കേസന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. സിബിഐക്കു വേണ്ടി പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ ഹാജരായി.

9. ജയില്‍ സന്ദര്‍ശനം: മനുഷ്യാവകാശ പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റം
തൃശൂര്‍: മാവോയിസ്റ്റ് ബന്ധമാരോപിച്ചു കൊച്ചിയില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ‘പീപ്പിള്‍സ് മാര്‍ച്ച് മാഗസിന്‍ എഡിറ്റര്‍ പി. ഗോവിന്ദന്‍കുട്ടിയെ അദ്ദേഹം റിമാന്‍ഡില്‍ കഴിയുന്ന വിയ്യൂര്‍ ജയിലില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ദേശീയ തലത്തിലുള്ള മനുഷ്യാവകാശപ്രവര്‍ത്തകരടങ്ങിയ സംഘത്തെ പൊലീസ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി.

ഇന്നലെ രാവിലെ 11നാണ് പിയുസിഎല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എ. പൌരന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജനപ്രതിരോധ് ത്രൈമാസികയുടെ എഡിറ്റര്‍ അഡ്വ.  രാജ് കിഷോര്‍, തമിഴ്നാട്ടിലെ സിപിസിഎല്‍ പ്രതിനിധി അഡ്വ. കെ. കേശവന്‍, അഡ്വ. പി.എ. ഷൈന, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവരടങ്ങുന്ന സംഘമാണ് വിയ്യൂര്‍ ജയിലിലെത്തിയത്.

ഗോവിന്ദന്‍കുട്ടിയെ സന്ദര്‍ശിച്ചു തിരിച്ചിറങ്ങിയ സംഘത്തോട് വിയ്യൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം സ്റ്റേഷനിലേയ്ക്കു വരാന്‍ ആവശ്യപ്പെട്ടു. ഇവര്‍ നല്‍കിയ പേരും മറ്റുവിവരങ്ങളിലും സംശയമുള്ളതിനാല്‍ സ്റ്റേഷനിലെത്തണമെന്നായിരുന്നു പൊലീസ് വാദമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

കൃത്യമായ ഐഡന്റിറ്റി വിവരങ്ങള്‍ ജയില്‍ അധികൃതര്‍ക്കു നല്‍കിയിട്ടുണ്ടെന്നും പരാതിയോ വാറണ്ടോ ഇല്ലാതെ സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ലെന്നും അവര്‍ വാദിച്ചതോടെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തൃശൂര്‍ പ്രസ് ക്ളബ്ബിലെത്തിയ സംഘം പത്രപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു.

ആശുപത്രിയിലും പിന്നീട് ജയിലിലും നിരാഹാരം തുടരുന്ന ഗോവിന്ദന്‍കുട്ടിയെ അതില്‍നിന്നു പിന്തിരിപ്പിക്കുന്നതിനും വക്കാലത്ത് ഒപ്പിടീക്കുന്നതിനുമാണ് ജയിലെത്തിയതെന്ന് അഡ്വ.പി. എ. പൌരന്‍ പറഞ്ഞു. പിടിയിലായ അന്നുമുതല്‍ കടുത്ത പീഡനമാണ് നേരിടുന്നതെന്നും ഗൂക്കോസിനു പകരം വായുവാണ് ശരീരത്തിലേക്ക് കയറ്റുന്നതെന്നും ഗോവിന്ദന്‍കുട്ടി പറഞ്ഞതായി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

ഗോവിന്ദന്‍കുട്ടിയെ അറസ്റ്റ് ചെയ്ത് 48 മണിക്കൂറിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും അതുമുതല്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുള്ളതായും പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗോവിന്‍കുട്ടിക്കെതിരായ തെറ്റായ കേസ് പിന്‍വലിക്കുക, പത്രസ്വാതന്ത്യം സംരക്ഷിക്കുക, ഗോവിന്ദന്‍കുട്ടി അനുഭവിച്ച മാനസിക പീഡനത്തിനും മാനനഷ്ടത്തിനും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചു.

തിങ്കളാഴ്ച വൈകിട്ട് ജയിലിലെത്തിയ ഒന്‍പതംഗ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സമയം വൈകിയതിനാല്‍ ഗോവിന്ദന്‍കുട്ടിയെ കാണാന്‍ സാധിച്ചില്ല. ഈ സംഘത്തിലെ അഞ്ചുപേരാണ് ജയിലിലെത്തിയത്. എസ്. ഗോപാല്‍, ആസാം സ്വദേശി ഋതു ഗോസ്വാമി, സുനില്‍കുമാര്‍, അജയന്‍ എന്നിവര്‍ ഇതോടനുബന്ധിച്ചുള്ള മറ്റൊരു സംഭവത്തിന്റെ തെളിവെടുപ്പിനായി അങ്കമാലിക്കു പോയി.

10. റോഡുപണി: പെര്‍ഫോമന്‍സ് ഗാരന്റി ആവശ്യം പരിഗണിക്കാന്‍ നിര്‍ദേശം
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ക്കു കരാര്‍ നല്‍കുമ്പോള്‍ ഗുണനിലവാരമുറപ്പാക്കാന്‍ പെര്‍ഫോമന്‍സ് ഗാരന്റി വ്യവസ്ഥ ചെയ്യണമെന്ന ആവശ്യം പരിഗണിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. റോഡ് നന്നാക്കണമെന്ന ആവശ്യം ഏറെക്കുറെ നടപ്പിലായ സാഹചര്യത്തില്‍ സബര്‍ബന്‍ ട്രാവല്‍സ് ഉടമ സി.പി. അജിത്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണു ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

റോഡുകളുടെ തരംതിരിവനുസരിച്ചു മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങളില്‍ കരാറുകാര്‍ റോഡ് നിലവാരം ഉറപ്പാക്കാനും അറ്റകുറ്റപ്പണി ഏറ്റെടുക്കാനും ഗാരന്റി നല്‍കുന്ന തരത്തില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തുന്ന കാര്യം നിയമാനുസൃതം പരിഗണിച്ചു മൂന്നു മാസത്തിനകം തീരുമാനമെടുക്കാനാണ് കോടതിയുടെ നിര്‍ദേശം. പെര്‍ഫോമന്‍സ് ഗാരന്റി വ്യവസ്ഥ ചെയ്യുന്ന കാര്യം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു സര്‍ക്കാര്‍ നയപരമായി തീരുമാനമെടുക്കേണ്ട വിഷയമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കോടതി ഇടപെടലിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കു സര്‍ക്കാര്‍ നടപടിയെടുത്തതു മൂലം റോഡ് ഏറെക്കുറെ സഞ്ചാരയോഗ്യമായതായി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. അതേസമയം, കരാറുകാരുടെ ബില്‍ കുടിശിക തീര്‍പ്പാക്കുന്നതു സംബന്ധിച്ച ആവശ്യങ്ങള്‍ ബന്ധപ്പെട്ട മറ്റു കേസുകളില്‍ പരിഗണിക്കുന്ന വിഷയമാണെന്നു കോടതി വ്യക്തമാക്കി. മുന്‍ഗണനാ പരിഗണന ഒഴിവാക്കി, പലിശയില്ലാതെ പണം വാങ്ങാന്‍ തയാറുള്ളവര്‍ക്കു കുടിശിക നല്‍കാന്‍ തയാറാണെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും റോഡു പണിക്കു ചെലവഴിച്ച തുക റോഡു നികുതി വരുമാനത്തേക്കാള്‍ വളരെ കൂടുതലാണെന്നു പിഡബ്ള്യുഡി നേരത്തെ വിശദീകരണം നല്‍കിയിരുന്നു. പ്രതിശീര്‍ഷാടിസ്ഥാനത്തില്‍, റോഡിനായി രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചെലവു സംസ്ഥാനത്താണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ റോഡു നികുതിയിനത്തില്‍ 1930.47 കോടി രൂപ പിരിച്ചെടുത്തു; 2843.52 കോടി ചെലവഴിച്ചു. 2007-08ല്‍ പ്രതീക്ഷിക്കുന്നത് 831.88 കോടി വരവും 1323.54 കോടി ചെലവുമാണ്. റോഡു നികുതി വരുമാനത്തിനു പുറമെ സര്‍ക്കാര്‍ ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ മുഖേന മറ്റ് ഏജന്‍സികളില്‍ നിന്നുളള വായ്പയും റോഡു പണിക്കു വിനിയോഗിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ വിശദീകരണം നല്‍കി.

11. ഗ്രാമവികസനത്തിനു പ്രവാസി ഫൌണ്ടേഷന്‍
ന്യൂഡല്‍ഹി: ഗ്രാമങ്ങളുടെ വികസനത്തിനു പ്രവാസി ഇന്ത്യക്കാരുടെ സഹകരണത്തോടെ ഇന്ത്യ വികസന ഫൌണ്ടേഷന്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന പ്രവാസികളെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ആഗോള ഉപദേശക സമിതി രൂപവല്‍ക്കരിക്കാനും തീരുമാനമായി.

പ്രവാസികാര്യമന്ത്രി വയലാര്‍ രവി മുന്നോട്ടുവച്ച ആശയം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അംഗീകരിക്കുകയായിരുന്നു. പ്രവാസി ഭാരതീയ ദിവസ് 2008 ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തി. വിദേശത്തു തൊഴില്‍ തേടുന്നവര്‍ക്കുവേണ്ടി റിസോഴ്സ് സെന്റര്‍, ഹെല്‍പ് ലൈന്‍ എന്നിവയും അദ്ദേഹം രാജ്യത്തിനു സമര്‍പ്പിച്ചു.

ലാഭേച്ഛയില്ലാത്ത സ്വയംഭരണ ട്രസ്റ്റായിരിക്കും നിര്‍ദിഷ്ട ഫൌണ്ടേഷന്‍. മാതൃരാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കു ഫൌണ്ടേഷന്‍ വാതില്‍ തുറക്കും.മാതൃഗ്രാമത്തിലോ ജില്ലയിലോ സംസ്ഥാനത്തോ വിദ്യാഭ്യാസ – ആരോഗ്യ – അടിസ്ഥാനസൌകര്യ മേഖലകളില്‍ മുതല്‍മുടക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു ഫൌണ്ടേഷനെ സമീപിക്കാം.

സാമൂഹികവികസന രംഗത്തെ അംഗീകൃത സര്‍ക്കാരിതര സംഘടനകളുമായി ബന്ധപ്പെട്ടായിരിക്കും പദ്ധതികള്‍ക്ക് അവസരമൊരുക്കുക. വിദേശത്തെ തൊഴിലന്വേഷകര്‍ക്കുവേണ്ടിയുള്ള റിസോഴ്സ് സെന്ററിലേക്ക് 1800 11 3090 എന്ന നമ്പറില്‍ ബന്ധപ്പെടാം. വിവിധ ഭാഷകളില്‍ വിവരങ്ങള്‍ ലഭിക്കാന്‍ സംവിധാനമുണ്ടാവും. സാമ്പത്തികരംഗത്തു രാജ്യം വന്‍വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത ദശകത്തില്‍ ലോകത്തിന്റെ പവര്‍ഹൌസായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

50 രാജ്യങ്ങളില്‍നിന്നായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന 1500 പ്രതിനിധികളും ഇന്ത്യന്‍ സംസ്കാരത്തിന്റെ പതാകവാഹകരാണ്. ഇന്ത്യ – യുഎസ് ആണവ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ യുഎസില്‍ അഭിപ്രായ രൂപീകരണം നടത്തിയ ഇന്ത്യന്‍ വംശജരെ മന്‍മോഹന്‍ പ്രത്യേകം അഭിനന്ദിച്ചു. യൂറോപ്യന്‍ യൂണിയനിലെ എല്ലാ പ്രമുഖ രാജ്യങ്ങളുമായും സാമൂഹിക സുരക്ഷാ കരാറുകള്‍ വൈകാതെ ഒപ്പുവയ്ക്കാനാവുമെന്നു മന്ത്രി വയലാര്‍ രവി പ്രത്യാശ പ്രകടിപ്പിച്ചു.ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷംവരെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരെ സാമൂഹിക സുരക്ഷാ സംഭാവനകള്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോളണ്ട്, ജര്‍മനി, സ്വീഡന്‍, നോര്‍വെ എന്നീ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായുണ്ടാക്കിയ തൊഴില്‍ കരാറിന്റെ ചുവടുപിടിച്ചു മലേഷ്യയുമായും കരാറില്‍ ഏര്‍പ്പെടും. ഒമാന്‍, ബഹ്റൈന്‍ എന്നിവയുമായുള്ള കരാറും അന്തിമഘട്ടത്തിലാണെന്നു രവി വെളിപ്പെടുത്തി.മൊറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര റാം ഗൂലാമാണ് ഇത്തവണ മുഖ്യാതിഥി. ഒാരോ ഇന്ത്യക്കാരനിലും ആത്മവിശ്വാസത്തിന്റെ നവോന്മേഷം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തും പ്രസംഗിച്ചു.

12. സോഷ്യലിസത്തിനു കൃത്യമായ അര്‍ഥമില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: സോഷ്യലിസത്തിനു കൃത്യമായ അര്‍ഥമൊന്നുമില്ലെന്നും ഒാരോ കാലത്തും അതിന് ഒാരോ അര്‍ഥമാണെന്നും ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അധ്യക്ഷനായ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭരണഘടനയില്‍നിന്നു സോഷ്യലിസം എന്ന വാക്കു നീക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണനയ്ക്കെടുക്കുന്നതു സംബന്ധിച്ച വാദത്തിനിടെയാണ് ഇൌ നിരീക്ഷണം.

ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് എന്ന പ്രയോഗം നീക്കണമെന്ന ഹര്‍ജിക്കാരായ കൊല്‍ക്കത്ത ഗുഡ് ഗവേണന്‍സ് ഇന്ത്യ ഫൌണ്ടേഷന്റെ അഭ്യര്‍ഥന ജസ്റ്റിസുമാരായ ആര്‍. വി. രവീന്ദ്രന്‍, ജെ. എം. പഞ്ചാല്‍ എന്നിവര്‍കൂടി ഉള്‍പ്പെട്ട ബെഞ്ച് നിരാകരിച്ചു. 1976ല്‍ അടിയന്തരാവസ്ഥക്കാലത്തു 42-ാം ഭേദഗതിയിലൂടെയായിരുന്നു ‘സോഷ്യലിസ്റ്റ് എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തത്.

കമ്യൂണിസ്റ്റുകാര്‍ നിര്‍വചിക്കുന്ന സങ്കുചിതമായ അര്‍ഥത്തില്‍ മാത്രം എന്തിനാണു സോഷ്യലിസത്തെ കാണുന്നത്? വിശാലമായ അര്‍ഥത്തില്‍ പൌരക്ഷേമമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അതു ജനാധിപത്യത്തിന്റെ ഒരു മുഖമാണ് – ബെഞ്ച് ചൂണ്ടിക്കാട്ടി. എങ്കിലും തുടര്‍വാദത്തിനായി ഹര്‍ജി പരിഗണിക്കാനും സമ്മതിച്ചു.
സോഷ്യലിസത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന പാര്‍ട്ടികള്‍ക്കേ അംഗീകാരം നല്‍കൂ എന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ (29എ) കൂടി ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. യഥാര്‍ഥ നിലപാടു മറിച്ചാണെങ്കിലും ഇൌ നിയമവ്യവസ്ഥ കാരണം എല്ലാ പാര്‍ട്ടികളും സോഷ്യലിസത്തോടു കൂറുണ്ടെന്നു പ്രകടനപത്രികകളില്‍ വ്യാജപ്രസ്താവന നടത്തുകയാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ജിക്കാരുടെ അഭിഭാഷകനായ സീനിയര്‍ കോണ്‍സല്‍ ഫാലി എസ്. നരിമാന്റെ വാദം കേട്ടശേഷം കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പു കമ്മിഷനും നോട്ടീസ് അയയ്ക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഒരു പ്രത്യേക മനോഭാവത്തോടോ പ്രത്യയശാസ്ത്രത്തോടോ മാത്രം കൂറുപുലര്‍ത്തണം എന്നു നിര്‍ബന്ധിക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു നിരക്കുന്നതല്ലെന്നും നരിമാന്‍ ബോധിപ്പിച്ചു. അതിനാല്‍ത്തന്നെ അതിനു നിലനില്‍പ്പുമില്ല.

ഒരു പ്രത്യേക പ്രത്യയശാസ്ത്ര നിലപാട് അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതു ഭരണഘടനതന്നെ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്യ്രങ്ങള്‍ക്ക് എതിരാണെന്നും നരിമാന്‍ ബോധിപ്പിച്ചു. ‘സോഷ്യലിസ്റ്റ് എന്ന വാക്ക് ആദ്യം ഭരണഘടനയില്‍ ഇല്ലായിരുന്നുവെന്നും ഇടയ്ക്കുവച്ച് അതുള്‍പ്പെടുത്തിയതോടെ ഭരണഘടന പൊളിച്ചെഴുതിയതുപോലെയായെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

13. ഇന്ത്യയില്‍ നിന്നുള്ള ജോലിക്കാര്‍ക്കു വിലക്കില്ലെന്ന്മലേഷ്യന്‍ മന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നും ബംഗ്ലദേശില്‍ നിന്നുമുള്ളവരെ മലേഷ്യയില്‍ ജോലിക്കെടുക്കുന്നതു നിര്‍ത്തിയെന്ന വാര്‍ത്ത മലേഷ്യയിലെ തൊഴില്‍ മന്ത്രി എസ്. സാമിവേലു നിഷേധിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചുവെന്നും നിലവിലുള്ള സ്ഥിതി തുടരുമെന്നും പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിനെത്തിയ ഇന്ത്യന്‍ വംശജനായ മന്ത്രി പറഞ്ഞു.

മലേഷ്യയില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.  ഇപ്പോള്‍ത്തന്നെ അവിടെ ആവശ്യത്തിലേറെ ജോലിക്കാരുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നതിനു തടസമില്ല – അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍നിന്നും ബംഗ്ലദേശില്‍നിന്നുമുള്ളവരെ ജോലിക്കെടുക്കുന്നതു നിര്‍ത്താന്‍ മലേഷ്യന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഒരു വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്.

എന്നാല്‍ ഇതിനു കാരണമൊന്നും വ്യക്തമാക്കിയില്ല. ഇപ്പോള്‍ മലേഷ്യയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ പെര്‍മിറ്റ് പുതുക്കുകയില്ലെന്ന് അറിയിച്ചിരുന്നു.ഇന്ത്യയുടെ പ്രതിരോധമന്ത്രി എ.കെ. ആന്റണി മൂന്നു ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ ദിവസമാണു വാര്‍ത്ത പുറത്തുവന്നത്. വിവേചനത്തിനെതിരെ ഇന്ത്യന്‍ വംശജര്‍ മലേഷ്യന്‍ സര്‍ക്കാരിനെതിരെ സമരപാതയിലാണ്. മലേഷ്യയിലെ 2.6 കോടി ജനങ്ങളില്‍ ഏഴു ശതമാനം ഇന്ത്യക്കാരാണ്.

14. ചെന്നൈയില്‍ മലയാളികളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നു
ചെന്നൈ: നിര്‍മാണച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മലയാളികളുടേത് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് കെട്ടിടങ്ങള്‍ കോര്‍പറേഷന്‍ പൊളിച്ചു തുടങ്ങി. സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനു സമീപം വാള്‍ട്ടാക്സ് റോഡില്‍ സ്ഥിതി ചെയ്യുന്നവയാണ് ഇന്നലെ രാവിലെ അപ്രതീക്ഷിതമായി പൊളിച്ചത്.

നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ഉടമസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചു. വാള്‍ട്ടാക്സ് റോഡില്‍ സ്ഥിതി ചെയ്യുന്ന കോട്ടയം സ്വദേശി ഫ്രാന്‍സിസിന്റെ സില്‍വര്‍ ഇന്‍ ഹോട്ടല്‍, പാര്‍ക്ക് ഇന്‍ ഗസ്റ്റ് ഹൌസ്, വടകര സ്വദേശി ഗംഗാധരന്റെ ശ്രീ മൂകാംബിക ഗസ്റ്റ് ഹൌസ് എന്നിവയും ചെന്നൈ പാര്‍ക്ക് ലോഡ്ജ്, മുത്തു ഗസ്റ്റ് ഹൌസ് എന്നീ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന സമുച്ചയങ്ങളുടെ അനധികൃത നിര്‍മാണങ്ങളാണ് പൊളിക്കുന്നത്.

ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന സ്റ്റേയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ പൊലീസ് സന്നാഹത്തോടെ എത്തിയത്. 24 മണിക്കൂര്‍ പോലും സാവകാശം നല്‍കാതെയാണു പൊളിക്കല്‍ ആരംഭിച്ചതെന്ന് കെട്ടിട ഉടമകള്‍ ആരോപിച്ചു. ലോഡ്ജിങ് മുറികള്‍ കൂടാതെ മറ്റു പല സ്ഥാപനങ്ങളും ഇൌ സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലായ പാര്‍ക്കിന്റെ മുന്‍വശം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w