പത്രവാര്‍ത്തകള്‍ 3-1-08

1. വേദിയിലും വെബ്സൈറ്റിലും സമുദായാചാര്യന്‍ നിറഞ്ഞു
കോട്ടയം : “ശതാഭിഷേകം കഴിഞ്ഞാലെങ്കിലും ഒരുവന്‍ സ്വസ്ഥമായി ഒരിടത്തിരുന്ന് ഓര്‍മ്മകള്‍ അയവിറക്കി കഴിയേണ്ടതാണ്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അതിനുള്ള സൌകര്യം എനിക്കിന്നും സിദ്ധിച്ചിട്ടില്ല….”
ഘനഗംഭീരമായ ശബ്ദം മൈക്കിലൂടെ മുഴങ്ങി. മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയിലായി സദസ്. ചിലരുടെ കണ്ണുകള്‍ നിറഞ്ഞു. പുതുതലമുറ ശ്രദ്ധയോടെ കാതോര്‍ത്തു.
എന്‍. എസ്. എസ്. സ്കൂള്‍ മൈതാനിയിലെ ഓലപ്പന്തലില്‍ മുപ്പത്തൊന്‍പതു വര്‍ഷത്തിനുശേഷം വീണ്ടും ഭാരതകേസരി മന്നത്ത് പത്മനാഭന്റെ ശബ്ദം.
നായര്‍ സമുദായത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനമാണ് ഈ അവിസ്മരണീയ അവസരം ഒരുക്കിയത്. ശതാഭിഷേകത്തോടനുബന്ധിച്ച് ആകാശവാണിയില്‍ മന്നം ചെയ്ത പ്രസംഗമാണ് ള്‍ള്‍ള്‍.ഷററ.സഴഭ.യഷ എന്ന പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ളീഷിലും മലയാളത്തിലും വിവരങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് പോര്‍ട്ടലിലെ സംവിധാനം. മന്നത്ത് പത്മനാഭന്റെ അപൂര്‍വചിത്രങ്ങളും എന്‍. എസ്. എസ്. സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ഇതിലുണ്ട്. എന്‍. എസ്. എസ് നോട്ടിഫിക്കേഷനു പുറമെ, സ്ഥാപനങ്ങളുടെ നോട്ടിഫിക്കേഷനും ലഭ്യമാണ്.
ഓണ്‍ലൈന്‍ അപേക്ഷകളും ഇ-മെയില്‍ സംവിധാനവും ഇതില്‍ ഏര്‍പ്പെടുത്തും.
എന്‍. എസ്. എസ്. മുഖപത്രമായ സര്‍വ്വീസിന്റെ പേജുകള്‍ 15-ാം തീയതി മുതല്‍ പോര്‍ട്ടലില്‍ ലഭ്യമാകും. തുടര്‍ന്ന് എല്ലാ മാസവും 15-ാം തീയതി വിവരങ്ങള്‍ ‘ അപ്ലോഡ്’ ചെയ്യും.
‘ഗൂഗിളി’ല്‍ എന്‍. എസ്. എസ്. എന്ന കമ്മ്യൂണിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ ആശയവിനിമയം നടത്താനുള്ള സൌകര്യമുണ്ട്. താമസിയാതെ പോര്‍ട്ടലിനോട് അനുബന്ധിച്ച് വിവാഹകോളം ആരംഭിക്കും.
ഡീസ് (ഉഋഞ) ടെക്നോളജീസാണ് പോര്‍ട്ടല്‍ രൂപകല്‍പനയും മേല്‍നോട്ടവും വഹിക്കുന്നത്. ഐ ട്രൂത്തിന്റെ സര്‍വറാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് ഡീസ് ജീവനക്കാരനായ സുമേഷ് പറഞ്ഞു.
എന്‍. എസ്. എസ്. ചരിത്രമടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയിരിക്കുന്നത് സര്‍വീസിന്റെ എഡിറ്ററായ പ്രൊഫ. ഹരീന്ദ്രക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

2. വൈദ്യുതി: വെട്ടിക്കുറച്ച കേന്ദ്രവിഹിതം തിരിച്ചു പിടിക്കുന്നതില്‍ ഉദാസീനത
തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിവിഹിതത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയതാണ് സംസ്ഥാനത്ത് ഇത്രയേറെ വൈദ്യുതിപ്രതിസന്ധി സൃഷ്ടിച്ചതെന്ന് വൈദ്യുതിബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍, നഷ്ടമായ വിഹിതം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ കേരളത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ ഇനിയും ഉണ്ടായിട്ടില്ല. രൂക്ഷമായ വൈദ്യുതിപ്രതിസന്ധി നേരിടുന്ന തമിഴ്നാടിനു വേണ്ടിയാണ് കേരളത്തിന്റെ വിഹിതം കുറച്ചതെന്നാണ് ഔദ്യോഗികഭാഷ്യം. തമിഴ്നാടാകട്ടെ, അവിടെ നിന്നുള്ള കേന്ദ്രമന്ത്രിമാരടക്കം സമ്മര്‍ദ്ദം ചെലുത്തി അര്‍ഹമായതിലധികം വൈദ്യുതി കേന്ദ്രത്തില്‍ നിന്നു പിടിച്ചുവാങ്ങുന്നു.
നിവൃത്തിയില്ലാതെ വന്നതോടെ ഇന്നലെ മുതല്‍ സംസ്ഥാനത്ത് താല്‍ക്കാലിക ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പവര്‍ പര്‍ച്ചേസ് കരാര്‍ പ്രകാരം കേരളത്തിനു ലഭിക്കേണ്ട വിഹിതമായ 855 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും അണ്‍ അലോക്കേറ്റഡ് വിഹിതമായി തന്നുകൊണ്ടിരുന്ന വൈദ്യുതി കേന്ദ്രം അപ്പാടെ നിറുത്തുകയായിരുന്നു.
144.8 മെഗാവാട്ട് വൈദ്യുതിയാണ് ഈയിനത്തില്‍ കേരളത്തിനു ലഭിച്ചുകൊണ്ടിരുന്നതെങ്കിലും കഴിഞ്ഞ ജനുവരി, ഏപ്രില്‍ മാസങ്ങളിലായി ഇതില്‍ നിന്ന് 135 മെഗാവാട്ട് പിന്‍വലിച്ചു. അവശേഷിച്ചത് 10 മെഗാവാട്ടാണ്. 135 മെഗാവാട്ട് പിന്‍വലിച്ചെങ്കിലും പീക്ക് അവര്‍ സമയത്ത് പ്രത്യേകമായി 42 മെഗാവാട്ട് വൈദ്യുതി നല്‍കിവന്നിരുന്നു. ഇതും ഇപ്പോള്‍ നിറുത്തിവച്ചിരിക്കുന്നു. ഒറീസ്സയിലെ താല്‍ച്ചറില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന 150 മെഗാവാട്ട് വൈദ്യുതിയില്‍ എട്ട് മെഗാവാട്ടും അടുത്തിടെ വെട്ടിക്കുറച്ചു. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 50 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംഭവിച്ചത്.
നേരിയമംഗലം എക്സ്റ്റന്‍ഷന്‍ പദ്ധതി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടതോടെ മുതിരപ്പുഴ നദീതടത്തിലെ മുഴുവന്‍ നിലയങ്ങളുടെയും പ്രവര്‍ത്തനം നിറുത്തിവയ്ക്കേണ്ടി വന്നു. 319.5 മെഗാവാട്ടിന്റെ കുറവാണ് ഈയിനത്തില്‍ ഉണ്ടാകുന്നത്.
കൂടംകുളം നിലയത്തില്‍ നിന്നുള്ള കേരളത്തിന്റെ വിഹിതം 266 മെഗാവാട്ടാണെങ്കിലും അത് എപ്പോള്‍ ലഭ്യമായിത്തുടങ്ങുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. സാങ്കേതികതടസ്സമാണ് കാരണം.
ഇക്കുറി കാലവര്‍ഷം തിമിര്‍ത്തു പെയ്തെങ്കിലും തുലാവര്‍ഷം ദുര്‍ബലമായത് നീരൊഴുക്കിനെ ബാധിച്ചതായി വൈദ്യുതിബോര്‍ഡ്വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് സംസ്ഥാനത്തെ ജലവൈദ്യുതനിലയങ്ങളിലെല്ലാമായി 3103 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണുണ്ടായിരുന്നത്. ഇക്കുറി 3207 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 104 ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധന മാത്രം.

3. പ്രീ സ്കൂള്‍ വിദ്യാഭ്യാസം: പുതിയ കരിക്കുലം ജൂണ്‍ മുതല്‍
തിരുവനന്തപുരം: പ്രീ സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള പുതിയ കരിക്കുലം ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും.
അംഗന്‍വാടി- പ്രീ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ശിശു കേന്ദ്രീകൃത ബോധന രീതിക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കരിക്കുലം തയ്യാറാക്കിയതെന്ന് ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് അംഗന്‍വാടി-പ്രീ സ്കൂള്‍ വിദ്യാഭ്യാസത്തിന് കരിക്കുലം തയ്യാറാക്കുന്നത്. ഇതിനായി ഒരു കോര്‍ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.
പ്രൊഫ. സി. രവീന്ദ്രനാഥ്, ഡോ. ആര്‍. ജയപ്രകാശ്, കൊടക്കാട് ശ്രീധരന്‍, ബെന്നി ജേക്കബ്, മേരിജോണ്‍, വി. മനോജ്, എം.ജി. കാളിദാസന്‍, വി.എല്‍. ജോസഫ്, പി. നാരായണന്‍, എ. ഷീല എന്നിവര്‍ അംഗങ്ങളാണ്.
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പങ്ക് എന്നിവ കരിക്കുലത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കരിക്കുലം പ്രാബല്യത്തില്‍ വരുത്തുന്നതിന് 32,115 അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കും. 60 പേര്‍ വീതമുള്ള 535 ബാച്ചുകളായി ഘട്ടംഘട്ടമായാണ് പരിശീലനം. ആദ്യഘട്ടമായി തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ 2580 വര്‍ക്കര്‍മാര്‍ക്ക് രണ്ടുമാസത്തിനകം പരിശീലനം നല്‍കും.
ഡി.പി.ഇ.പി മാതൃകയില്‍ പാട്ടും ഡാന്‍സും ഒക്കെ ഉള്‍പ്പെടുന്ന ഒരു പഠന സമ്പ്രദായത്തിനാണ് കരിക്കുലത്തില്‍ മുന്‍തൂക്കം നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്തെ 1000 അംഗന്‍വാടികളില്‍ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചതായി പത്രസമ്മേളനത്തില്‍ പങ്കെടുത്ത സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ ഉഷാ ടൈറ്റസ് പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചാണ് വകുപ്പില്‍ ജെന്‍സര്‍ അഡ്വൈസര്‍ എന്ന പുതിയ തസ്തിക സൃഷ്ടിച്ചതെന്നും അവര്‍ പറഞ്ഞു.

4. പ്രവാസി പെന്‍ഷന്‍ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി
കൊച്ചി: പ്രവാസി കേരളീയര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്സ് കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി 51.3 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ക്ക സംഘടിപ്പിച്ച കേരളീയ പ്രവാസി സംഗമം കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസി സംഗമത്തിലെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പെന്‍ഷന്‍ പദ്ധതിനടപ്പാക്കും. പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ചെന്നൈയില്‍ കേരള ഹൌസ് തുടങ്ങുമ്പോള്‍ നോര്‍ക്ക ഓഫീസും തുറക്കും. ബാംഗ്ളൂരില്‍ ഓഫീസ് പരിഗണനയിലാണ്. കളക്ടറേറ്റുകളില്‍ നോര്‍ക്ക സെല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനി രൂപീകരിക്കാന്‍ നടപടിയായി. പ്രവാസികളുമായി സഹകരിച്ച് നോര്‍ക്ക ഗ്രാമം സ്ഥാപിക്കും. മലയാള ഭാഷ പഠിപ്പിക്കുന്നതിന് കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ തയ്യാറാക്കിയ സാന്ത്വനം പദ്ധതി കൂടുതല്‍ ഉപകാരപ്രദമായി നടപ്പാക്കും. കാല്‍ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തും- മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി അധ്യക്ഷത വഹിച്ചു.

5. വികസനത്തിന് തടസം അനാവശ്യ വിവാദങ്ങള്‍: എ.കെ. ആന്റണി
തിരുവനന്തപുരം: അനാവശ്യ വിവാദങ്ങള്‍ എല്ലാ മേഖലകളിലും വികസനത്തിന് തടസമുണ്ടാക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി എ. കെ ആന്റണി പറഞ്ഞു.
തിരുവനന്തപുരത്ത് പ്രസ് ക്ളബില്‍ ‘വ്യൂപോയിന്റ്’ എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇത്രയും വിവാദങ്ങളുടെ ആവശ്യമില്ല. ചെറിയ കാര്യങ്ങള്‍ പോലും ഇവിടെ വിവാദമാവുകയാണ്. കൂടുതല്‍ സമയവും വിവാദങ്ങള്‍ക്കായി പോകുന്നു. ഇതില്‍ രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. ദിനംപ്രതി രാഷ്ട്രീയക്കാരുമായി ഇടപെടുന്ന പത്രക്കാര്‍ക്ക് അവരുമായി ഇഴുകിച്ചേര്‍ന്ന ആത്മബന്ധം നല്ലതല്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
വ്യൂപോയിന്റിന്റെ ആദ്യ പ്രസിദ്ധീകരണമായി എന്‍. പി രാജേന്ദ്രന്റെ ‘പത്രം ധര്‍മ്മം നിയമം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ആന്റണി നിര്‍വഹിച്ചു. പി. ഗോവിന്ദപിള്ള ഏറ്റുവാങ്ങി. ടി. ശശിമോഹന്‍ പുസ്തകം പരിചയപ്പെടുത്തി. എന്‍. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. വ്യൂപോയിന്റ് എഡിറ്റര്‍ ആര്‍. പാര്‍വതിദേവി, പ്രസ് ക്ളബ് പ്രസിഡന്റ് കെ. ശ്രീകണ്ഠന്‍, കെ. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളൊന്നുമില്ലെന്ന് പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ആന്റണി പറഞ്ഞു. ഇന്ത്യയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളമില്ല. ഗ്രാമീണ, ആദിവാസി മേഖലകളിലെ ദാരിദ്യ്രമാണ് മാവോയിസ്റ്റുകള്‍ മുതലെടുക്കുന്നത്. മാവോയിസ്റ്റുകളെ നേരിടുന്നതിനൊപ്പം അതിനും പരിഹാരം കാണേണ്ടതുണ്ട്. പാകിസ്ഥാനിലെ സ്ഥിതിവിശേഷത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും ആന്റണി പറഞ്ഞു.

6. വാശി തീര്‍ന്നാലും കേസ് തീരില്ല
തിരുവനന്തപുരം : പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാനാണ് ജനം ആര്‍.ഡി.ഒ കോടതിയെ സമീപിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ പത്തും ഇരുപതും വര്‍ഷം പഴക്കമുള്ള കേസുകള്‍വരെയുണ്ട്, ആര്‍.ഡി.ഒ മാര്‍ക്ക് മുന്നില്‍.
നിരവധി പരാതികളാണ് ആര്‍.ഡി.ഒയ്ക്ക് മുന്നില്‍ എത്തുന്നത്. അടുത്ത പറമ്പില്‍നിന്ന് പുരമുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരം മുറിക്കണമെന്ന ആവശ്യം മുതല്‍ വഴിത്തര്‍ക്കംവരെ പല തരത്തിലാണ് കേസുകള്‍. തിരുവനന്തപുരം ആര്‍.ഡി.ഒയ്ക്ക് മുന്നില്‍ ശരാശരി മൂന്നു പരാതികള്‍ ഒരു ദിവസം ലഭിക്കുമ്പോള്‍ പാലക്കാട് ആര്‍.ഡി.ഒയ്ക്ക് 30 പരാതിവരെ ലഭിച്ച ദിവസങ്ങളുണ്ട്. മറ്റ് ജോലിത്തിരക്കുകള്‍ക്കിടയില്‍ മാസം മൂന്നോ നാലോ ദിവസമാണ് ആര്‍.ഡി.ഒ പരാതികള്‍ കേള്‍ക്കുക. മിക്ക കേസുകളും ഒറ്റദിവസംകൊണ്ട് തീര്‍പ്പാക്കാനുമാവില്ല. ഈ സാഹചര്യത്തിലാണ് കോടതികളിലെപ്പോലെ ആര്‍.ഡി.ഒയ്ക്ക് മുന്നിലും കേസുകള്‍ കുമിഞ്ഞുകൂടുന്നത്.
ആര്‍.ഡി.ഒ കോടതിയില്‍ കേസ് വാദിക്കാന്‍ അഭിഭാഷകര്‍ വേണമെന്നില്ല. എങ്കിലും പലരും അഭിഭാഷകരുടെ സഹായം തേടുന്നു. അങ്ങനെ പല കേസുകള്‍ക്കും ഒരു വ്യവഹാരത്തിന്റെ വീറും വാശിയും കൈവരുന്നു. പണച്ചെലവാണ് പാര്‍ശ്വഫലം.
കലഹത്തെത്തുടര്‍ന്നും മറ്റും വാശികയറി ആര്‍. ഡി.ഒയ്ക്ക് പരാതി നല്‍കുന്നവരുണ്ട്. വാശി കെട്ടടങ്ങിയാലും കേസ് തീരില്ല. പിന്നീട് കേസിന്റെ പേരിലാവും വാശിയും വൈരാഗ്യവും. പരാതി പിന്‍വലിച്ചാല്‍ എതിര്‍കക്ഷിക്ക് അനുകൂലമായിട്ടായിരിക്കും തീര്‍പ്പ്.
ആവശ്യത്തിന് ആര്‍.ഡി.ഒമാരില്ലാത്തതാണ് കേസുകള്‍ കുന്നുകൂടാന്‍ ഒരു കാരണം. പരാതിയുമായി ആര്‍. ഡി.ഒയെ സമീപിക്കുന്നവരുടെ എണ്ണവും കൂടി. പറഞ്ഞുതീര്‍ക്കാവുന്ന നിസ്സാര പ്രശ്നങ്ങളില്‍പ്പോലും പരാതി നല്‍കി പ്രതിയോഗിയെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവരും കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ആര്‍.ഡി.ഒയ്ക്ക് മുന്നില്‍ എത്തുന്ന പരാതികളില്‍ പലതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. തര്‍ക്കങ്ങളില്‍ ഫലപ്രദമായി ഇടപെട്ട് കേസ് ഒഴിവാക്കുന്ന ഗ്രാമപഞ്ചായത്തുകളുണ്ട്. അങ്ങനെയുള്ള പഞ്ചായത്തുകളില്‍നിന്ന് പരാതികള്‍ കുറവാണ്.
കേസൊന്ന് തീര്‍ന്നെങ്കില്‍
നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശി സുഭദ്ര ആര്‍.ഡി.ഒയ്ക്ക് വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കിയിട്ട് വര്‍ഷം 12 കഴിയാറായി. ഇനി വേണം ഒരു തീര്‍പ്പുണ്ടാകാന്‍.
ഓരോ തവണ കേസ് മാറ്റിവയ്ക്കുമ്പോഴും സുഭദ്ര പ്രതീക്ഷിക്കും അടുത്തതവണ തീര്‍പ്പുണ്ടാകുമെന്ന്. പക്ഷേ, അനവധി തവണ എത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഓരോ തവണ വരുമ്പോഴും വക്കീലിന് ഫീസ് നല്‍കണം. വരുന്നതിനുള്ള ചെലവും ബുദ്ധിമുട്ടും ഇതിന് പുറമേയാണ്.
വഴി കിട്ടിയില്ലെങ്കിലും സാരമില്ല, കേസ് ഒന്ന് തീര്‍ന്നെങ്കില്‍ മനസ്സമാധാനം കിട്ടുമല്ലോയെന്നാണ് ഇപ്പോള്‍ സുഭദ്ര പറയുന്നത്.

1. പൊതുജന സേവനം: പത്തനംതിട്ട ജില്ലയ്ക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ശിപാര്‍ശ
കൊച്ചി: പൊതുജനങ്ങള്‍ക്കു മികച്ച സൌകര്യങ്ങളോടെ സേവനം നല്‍കുന്നതിന്റെ പേരില്‍ പത്തനംതിട്ട ജില്ലയ്ക്ക് ഐ.എസ്.ഒ 9000-2001 സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) ശിപാര്‍ശ ചെയ്തു. ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ മുതല്‍ കളക്ടറേറ്റ് വരെ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന മികച്ച സേവനം പരിഗണിച്ചാണ് ഗുണമേന്മയ്ക്കുള്ള അവാര്‍ഡ്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലാ കളക്ടറേറ്റിന് മുമ്പ് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്െടങ്കിലും ജില്ലയ്ക്കു മുഴുവനായി ലഭിക്കുന്നത് ഇന്ത്യയില്‍ ആദ്യമായാണെന്ന് ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി ദീപികയോട് പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ബി.ഐ.എസ് പ്രതിനിധികള്‍ ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാ ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് ജില്ലയിലെ പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു റിപ്പോര്‍ട്ട് തയാറാക്കിയ സംഘം ബി.ഐ.എസ് ഡയറക്ടര്‍ – ജനറലിന് സര്‍ട്ടിഫിക്കറ്റിന് ശിപാര്‍ശ സമര്‍പ്പിക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് ഒരു മാസത്തിനകം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വിവിധ ഓഫീസുകളിലെ ഇന്റേണല്‍ ഓഡിറ്റിംഗ് സംവിധാനം സുതാര്യവും കാര്യക്ഷമവുമാക്കുക എന്നതായിരുന്നു ഗുണമേന്മാ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നേരിട്ട പ്രധാന പ്രതിസന്ധി. ഇതിനൊപ്പം ജീവനക്കാര്‍ക്ക് മികച്ച പരിശീലനവും നല്‍കിയതോടെ പ്രവര്‍ത്തനങ്ങളെല്ലാം കാര്യക്ഷമമാവുകയായിരുന്നു. ജോലികള്‍ തീര്‍ക്കാന്‍ ജീവനക്കാര്‍ക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കുകയും ചെയ്തു. ഇതോടെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സേവന ങ്ങ ളും സമയതടസം കൂടാതെ ലഭ്യമാവാന്‍ തുടങ്ങി.

2. കോളജുകളും കോഴ്സുകളും തുടങ്ങുന്നതില്‍ എയ്ഡഡ് മേഖലയെ ഒഴിവാക്കുന്നു
തിരുവനന്തപുരം: എയ്ഡഡ് കോളജുകളില്‍ അണ്‍ എയ്ഡഡ് കോഴ്സുകള്‍ അംഗീകരിക്കില്ല, പുതിയ കോഴ്സുകളും കോളജുകളും തുടങ്ങുന്നതില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കായിരിക്കും മുന്‍ഗണന തുടങ്ങിയ നിര്‍ണായക നിര്‍ദേശങ്ങളുമായി പുതിയ കോളജുകളും കോഴ്സുകളും അനുവദിക്കാനുള്ള പൊതുമാനദണ്ഡങ്ങള്‍ ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ പുറത്തുവിട്ടു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ കോളജുകള്‍ അനുവദിക്കുമ്പോള്‍ ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പടെ കുറച്ചുകോളജുകള്‍ മാത്രം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും കൌണ്‍സില്‍ തീരുമാനമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് നടത്താന്‍ തയാറായാലേ അണ്‍എയ്ഡഡ് മേഖലയില്‍ കോളജുകളും കോഴ്സുകളും അനുവദിക്കാവു എന്നാണ് പ്രധാന നിബന്ധന. ഈ കോളജുകളിലെ സേവന-വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ നിശ്ചയിക്കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാകണം വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കേണ്ടത്.

കൌണ്‍സില്‍ വൈസ്ചെയര്‍മാന്‍ ഡോ. കെ.എന്‍ പണിക്കര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സാമൂഹ്യനീതിയും ഗുണമേന്മയും ഉറപ്പാക്കാന്‍ നിബന്ധനകള്‍ക്കു വിധേയമായാകും അണ്‍ എയ്ഡഡ് മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ അനുവദിക്കുക. പഠനസൌകര്യങ്ങള്‍, മാനുഷിക വിഭവശേഷി, ഭൌതികസാഹചര്യങ്ങള്‍ തുടങ്ങിയവ ഒരുക്കിയ ശേഷമേ കോളജുകള്‍ അനുവദിക്കു. സര്‍വകലാശാല അംഗീകരിച്ച കോഴ്സുകളേ പഠിപ്പിക്കാവു.

കോളജിന്റെ നടത്തിപ്പ്, പ്രവേശനരീതി, ഫീസ് ഘടന, കോഴ്സുകള്‍, പരീക്ഷാഫലങ്ങള്‍, അധ്യാപക- അനധ്യാപക ജീവനക്കാരുടെ വിവരങ്ങള്‍ തുടങ്ങി സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കും അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ കോളജുകളുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം.

താത്കാലിക അംഗീകാരമാകും പുതിയ കോളജുകള്‍ക്ക് നല്‍കുക. സ്ഥിരം അംഗീകാരത്തിന് അവകാശമുണ്ടാവില്ല. നിബന്ധനകള്‍ ലംഘിച്ചാല്‍ സര്‍ക്കാരിനോ സര്‍വകലാശാലയ്ക്കോ കോളജിന്റെ അംഗീകാരം പിന്‍വലിക്കാം. അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മൂന്നു മാസം മുമ്പെങ്കിലും അംഗീകാരം ലഭിച്ചാലേ പുതിയ കോളജും കോഴ്സും അംഗീകരിക്കാനാവു.

3. പ്രവാസി കേരളീയര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് : വി.എസ്
കൊച്ചി: പ്രവാസി കേരളീയര്‍ക്കായി ക്ഷേമപദ്ധതിയും തിരിച്ചറിയല്‍ കാര്‍ഡും നടപ്പാക്കുമെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. നോര്‍ക്കയും നോര്‍ക്ക റൂട്ട്സും സംയുക്തമായി സംഘടിപ്പിച്ച കേരളീയ പ്രവാസി സംഗമം-2008 കലൂര്‍ ഗോകുലം ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശത്തുള്ള കേരളീയരുടെ ദീര്‍ഘകാലമായുള്ള ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ കേരള ഹൌസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ബാംഗളൂരിലും കേരള ഹൌസ് പരിഗണനയിലുണ്ട്. ജില്ലാതല നോര്‍ക്ക സെല്ലുകള്‍ എല്ലാ കളക്ടറേറ്റുകളിലും ആരംഭിക്കാന്‍ പദ്ധതിയുണ്ട്.

സര്‍ക്കാരിന് നാലിലൊന്നു പ്രാതിനിധ്യം മാത്രമുള്ള നോര്‍ക്കാ റൂട്ട്സിനെ സര്‍ക്കാരിന് 51.3 ശതമാനം പ്രാതിനിധ്യമുള്ള കമ്പനിയാക്കാന്‍ തീരുമാനിച്ചതായും അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തില്‍ വലിയ തൊഴിലവസരങ്ങള്‍ വന്നതു പ്രവാസി മലയാളികളുടെ അധ്വാനഫലമാണ്.

വിദേശരാജ്യങ്ങളില്‍ പ്രവാസിമലയാളികളുടെ പ്രശ്നങ്ങള്‍ക്ക് അവസാനമായിട്ടില്ല. ഇതു പരിഹരിക്കുന്നതിനു പകരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു പറയുന്നതല്ലാതെ കേന്ദ്ര പ്രവാസികാര്യമന്ത്രിയും മന്ത്രാലയവും പ്രവാസി മലയാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും കേന്ദ്രപ്രവാസിമന്ത്രി വയലാര്‍ രവിയെ വേദിയിലിരുത്തി അച്യുതാനന്ദന്‍ ആരോപിച്ചു.

സെബാസ്റ്റ്യന്‍ പോള്‍ എംപി, മഞ്ഞളാംകുഴി അലി എംഎല്‍എ, എം.എ.യൂസഫലി, നോര്‍ക്കാ സെക്രട്ടറി ഷീലാ തോമസ്, നോര്‍ക്കാ റൂട്ട്സ് സിഇഓ കെ.എം.രാമചന്ദ്രന്‍, കെ.ടി.ജലീല്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.

4. പഴം,പച്ചക്കറി കയറ്റുമതി; പുതിയ പദ്ധതി ഒപ്പിട്ടു
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ കേടുകൂടാതെ കൈകാര്യം ചെയ്യുന്ന സംയോജിത കേന്ദ്രവും അനുബന്ധ സൌകര്യങ്ങളും നിര്‍മിക്കാനുള്ള പദ്ധതിയുടെ ധാരണാ പത്രം ഒപ്പിട്ടു. മുഖ്യന്ത്രി വി.എസ്. അച്യുതാനന്ദന്റെയും കൃഷിമന്ത്രി മുല്ലക്കര രത്നാകരന്റെയും സാന്നിധ്യത്തില്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ.പ്രതാപും സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. ഭരതുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക 58.36 കോടിരൂപയാണ്. ഇതില്‍ 23.63 കോടി രൂപ പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന പദ്ധതിക്കാണ്. 34.73 കോടി രൂപ അനുബന്ധ സൌകര്യങ്ങള്‍ ഒരുക്കുന്നതിനും. 13.34 കോടിയാണ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ വിഹിതം.

സംയോജിത കേന്ദ്രം വരുന്നതോടെ പഴം, പച്ചക്കറി കയറ്റുമതി പ്രതിവര്‍ഷം 12 ശതമാനം വര്‍ധധിക്കുമെന്നു പ്രതീക്ഷിക്കുന്നു. 2015 – 2016 സാമ്പത്തിക വര്‍ഷത്തില്‍ 24,070 ടണ്ണായി കയറ്റുമതി വര്‍ധിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 9270 ടണ്ണായിരുന്നു. കയറ്റുമതി ഉയരുമ്പോള്‍ വരുമാനത്തില്‍ 550.50ലക്ഷത്തിന്റെ അധിക വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കും. അനുബന്ധ തൊഴിലുകളില്‍ നിന്നുള്ള വരുമാനത്തിന് പുറമേയാണിത്.

വിളകളുടെ ഉല്‍പാദന വര്‍ധന ലക്ഷ്യമിടുന്ന നിരവധി പരിപാടികള്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ നടപ്പാക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട സംരംഭമാണിത്. വിളകള്‍ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് സംഭരിച്ച് സംസ്കരണം നടത്തി വിപണി കണ്െടത്തുക, ഉല്‍പാദനവും ക്ഷമതയും വര്‍ധിപ്പിക്കുക, വിപണന സൌകര്യങ്ങള്‍ വിപുലപ്പെടുത്തുക, ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കുക, കൃത്യമായും ആകര്‍ഷകമായും പാക്കിങ് നടത്തുക, കേടുകൂടാതെ സൂക്ഷിക്കുക തുടങ്ങിയ നിരവധി പരിപാടികള്‍ മിഷന്റെ ഭാഗമായി ചെയ്യുന്നുണ്ട്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംയോജിത പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ വ്യോമമാര്‍ഗത്തിലൂടെയുള്ള പഴം, പച്ചക്കറി കയറ്റുമതി വന്‍തോതില്‍ ഉയരും.

5. കോടതികളുടെ പ്രവര്‍ത്തനസമയം മാറ്റാന്‍ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് കീഴ്കോടതികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ ഹൈക്കോടതി ആലോചന. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ജഡ്ജിമാരുടെ സ മിതിയാണ് കോടതി സമയം മാറ്റുന്ന കാര്യം പരിഗണിക്കുന്നത്.

ആഴ്ചയില്‍ രണ്ടു ദിവസം അവധി ലഭിക്കുന്ന തരത്തിലുള്ള ക്രമീകരണമാണ് വരുത്തുന്നത്. നിലവില്‍ ഒരു ദിവസമാണ് അവധി. ഇത് രണ്ടു ദിവസമാക്കുമ്പോഴുള്ള സമയ നഷ്ടം പരിഹരിക്കാനാണ് കോടതി നേരത്തെ തുടങ്ങാന്‍ ആലോചിക്കുന്നത്.

രാവിലെ പത്തര മുതല്‍ വൈകിട്ട് അഞ്ചര വരെയാകും പുനഃക്രമീകരിക്കുന്ന സമയം. നിലവില്‍ ഇത് പതിനൊന്നു മുതല്‍ അഞ്ചുവരെയാണ്.

ഇപ്പോള്‍ ശനിയാഴ്ചയും കീഴ് കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സമയ ക്രമം നിലവില്‍ വരുമ്പോള്‍ ശനിയാഴ്ചയും അവധി ദിനമാകും.

ഇപ്പോള്‍ ഈ ക്രമത്തില്‍ പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതി മാത്രമാണ്. ഹൈക്കോടതി രാവിലെ പത്തേകാല്‍ മുതല്‍ അഞ്ചേകാല്‍ വരെയാണ് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച അവധി ദിനമാണ്.

തീര്‍പ്പാകാതെ കേസുകള്‍ കെട്ടികിടക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പുതിയ ക്രമീകരണം.

6. കുടിശിക : റിലയന്‍സ് ഉപഭോക്താക്കള്‍ വെട്ടിലായി
കൊച്ചി: കുടിശിക നല്‍കാത്തതിനെത്തുടര്‍ന്നു ബി.എസ്.എന്‍.എല്‍ ബന്ധം വിച്ഛേദിച്ചതോടെ റിലയന്‍സ് ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ വെട്ടിലായി. കേരളത്തിലെ റിലയന്‍സ് ഫോണുകളില്‍ നിന്ന് ബി.എസ്.എന്‍.എല്ലിലേക്കും തിരിച്ചുമുള്ള ബന്ധം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വിച്ഛേദിച്ചത്.

90 കോടി രൂപയോളം കുടിശിക ഇനത്തില്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് റിലയന്‍സുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ബി.എസ്.എന്‍.എല്‍ അധികൃതര്‍ തീരുമാനിച്ചത്. മൊബൈല്‍ കോളുകള്‍ ഇതുവരെ തടസപ്പെട്ടിട്ടില്ലെങ്കിലും ഉടന്‍ ഈ ബന്ധവും അവസാനിപ്പിക്കുമെന്ന് സൂചനയുണ്ട്.

രാജ്യാന്തര കോളുകള്‍ ഫോണ്‍ കോണ്‍ഫറന്‍സിംഗ് സൌകര്യം ഉപയോഗിച്ച് ലോക്കല്‍ കോളുകളാക്കി മാറ്റി റിലയന്‍സ് വന്‍ തുക ബി.എസ്.എന്‍.എല്ലില്‍ നിന്നു തട്ടിയിരുന്നു. ഈ പ്രശ്നം കോടതിയിലെത്തിയതോടെ 90 കോടി രൂപ കുടിശിക നല്‍കാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച സമയപരിധി അവസാനിച്ചിട്ടും തുക നല്‍കാത്തതിനെ തുടര്‍ന്നാണ് ബി.എസ്.എന്‍.എല്‍ ബന്ധം വിച്ഛേദിച്ചത്.

ഇതേത്തുടര്‍ന്ന് കേരളത്തിലെ റിലയന്‍സ് ഉപഭോക്താക്കളെല്ലാം ബുദ്ധിമുട്ടിലായി. വന്‍ ഓഫറുകളുമായി എത്തിയതിനെ തുടര്‍ന്ന് പലരും ബി.എസ്.എന്‍.എല്‍ ഉപേക്ഷിച്ചു റിലയന്‍സ് ലാന്‍ഡ് ലൈനിലേക്കു മാറിയിരുന്നു.

രണ്ടു ദിവസമായി കോളുകള്‍ വിളിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഈ ഉപഭോക്താക്കളെല്ലാം. എന്നാല്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് റിലയന്‍സ് അധികൃതര്‍ അറിയിച്ചു.

7. വീഡിയോ ലൈബ്രറികള്‍ക്ക് ലൈസന്‍സ്: ചര്‍ച്ച ഇന്ന്
കൊച്ചി: വ്യാജ സി.ഡി റെയ്ഡുമായി ബന്ധപ്പെട്ടു തകര്‍ന്നടിഞ്ഞ സംസ്ഥാനത്തെ വീഡിയോ ലൈബ്രറികളെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി വീഡി യോ ലൈബ്രറികള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇന്നു സംസ്ഥാന ആഭ്യ ന്തര വകുപ്പിന്റെ നേതൃത്വത്തില്‍ സിനിമാ മേഖലയിലെ സംഘടനകളുമായും വീഡിയോ ലൈബ്രറി അസോസിയേഷന്‍ ഭാരവാഹികളുമായും തിരുവനന്തപുരത്തു ചര്‍ച്ച നടത്തും.

2006 ഡിസംബര്‍ ആറിനാണ് ഐ.ജി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ റെയ്ഡിനു തുടക്കമിട്ടത്. റെയ്ഡിനെത്തുടര്‍ന്നു സംസ്ഥാനത്തെ ഇരുപതിനായിര ത്തോളം വരുന്ന വീഡിയോ സി.ഡി ലൈബ്രറികളില്‍ ഭൂരി ഭാഗവും പൂട്ടിപ്പോകുകയായിരുന്നു. എന്നാല്‍ വ്യാജ സി.ഡികളുടെ പ്രചരണം തുടരുകയും ചെയ്തു.

സിനിമ റീലിസ് ചെയ്യുന്ന ദിവസം തന്നെ വ്യാജ സി.ഡി കള്‍ ഇ പ്പോഴും ഇറങ്ങുന്നെന്നാണു പറയുന്നത്. ഈ സാഹചര്യ ത്തില്‍ വ്യാജ സി.ഡി കള്‍ ക്കാണ് അറുതി വരുത്തേണ്ട തെന്നു വീഡിയോ ലൈബ്രറി അസോസിയേഷന്റെ ആ വശ്യം. വ്യക്തമായ മാനദണ്ഡങ്ങള്‍ അനുസ രിച്ചുള്ള നിയമത്തിലൂടെ ലൈസന്‍സ് സമ്പ്രദായം നടപ്പാക്കി ഒറിജിനല്‍ സി.ഡി കള്‍ വില്‍ക്കാനും വാടകയ്ക്ക് നല്കാനും അവസരമൊരുക്കണ മെന്നു കേരള വീഡിയോ ലൈബ്രറി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി ചന്ദ്രന്‍ ആവശ്യപ്പെട്ടു.

1. കേരളം പത്ത് ദിനം കുടിച്ചത് 165 കോടിയുടെ മദ്യം
തിരുവനന്തപുരം: പുതുവല്‍സരം വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് കേരളം കുടിച്ചത് 164.50 കോടി രൂപയുടെ മദ്യം. പുതുവല്‍സരത്തലേന്ന് (ഡിസംബര്‍ 31) മാത്രം പതിനെട്ടരക്കോടിയുടെ മദ്യമാണ് വിറ്റത്.

മദ്യസേവയില്‍ സ്വന്തം കുപ്രസിദ്ധിയുടെ റെക്കോര്‍ഡുകള്‍ പുതുക്കിയെഴുതുകയാണ് മലയാളികള്‍. ബിവറേജസ് കോര്‍പറേഷന്റെ കണക്ക് മാത്രമാണ് ഈ കോടികള്‍. പട്ടാള ക്യാന്റീനിലൂടെയും 6500 ഓളം കള്ളുഷാപ്പുകളിലൂടെയും മുക്കിന് മുക്കിനുള്ള വ്യാജവാറ്റുകാരുടെയും മദ്യ കള്ളക്കടത്തുകാരുടെയും വിറ്റുവരവിന്റെ കണക്ക് കൂടി ചേര്‍ത്താല്‍ ഇത് പതിന്മടങ്ങ് വര്‍ധിക്കും. അത്തരം കണക്കുകള്‍ക്ക് ഏകീകൃത സ്വഭാവമില്ലാത്തത് മലയാള നാടിന് അല്‍പം ആശ്വാസത്തിന് വകയാകുന്നു.

ഡിസംബര്‍ 31ന് ബിവറേജസിന്റെ എല്ലാ ഷോപ്പുകളിലൂടെയും വിറ്റത് 18.5 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണെന്ന് ബിവറേജസ് കോര്‍പറേഷന്‍ എം.ഡി എന്‍. ശങ്കര്‍റെഡ്ഢി ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് 15.83 കോടിയായിരുന്നു വില്‍പന. ഒറ്റ ദിവസത്തെ വര്‍ധന കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2.63 കോടിയാണ്. അതായത് 17 ശതമാനം കൂടുതല്‍ മദ്യം ഇക്കുറി ന്യൂ ഇയറിന് അധികമൊഴുകി.

ഡിസംബര്‍ 20 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഇക്കൊല്ലം 30.68 കോടിയുടെ മദ്യമാണ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധികം കുടിച്ചത്. ഈ ദിവസങ്ങളില്‍ ബിവറേജസ് കോര്‍പറേഷന്റെ വില്‍പന 164.50 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ പത്ത് ദിവസങ്ങളില്‍ 133.82 കോടിയായിരുന്നു വില്‍പന. വര്‍ഷം കഴിയുന്തോറും മദ്യ ഉപയോഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിത്.
പത്ത് ദിവസം കൊണ്ടുണ്ടായ മദ്യ ഉപയോഗത്തിലെ വര്‍ധന മാത്രം 23 ശതമാനമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇതേനിരക്കില്‍ മദ്യ ഉപയോഗത്തില്‍ വര്‍ധന വന്നുകൊണ്ടിരിക്കുന്നുവെന്നതാണ് ഞെട്ടലുളവാക്കുന്നത്.

പുതുവല്‍സരത്തലേന്ന് ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചത് എറണാകുളം ജില്ലയാണ്. 3.92 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 31 ന് മാത്രം വിറ്റത്. തൊട്ടടുത്ത് തൃശൂരാണ് ^2.18 കോടി. ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് തൃശൂര്‍ ചാലക്കുടിയിലെ ബിവറേജസ് കോര്‍പറേഷന്റെ കടയിലാണ്. ഒറ്റ ദിവസത്തെ കച്ചവടം 11.28 ലക്ഷം രൂപ. തിരുവനന്തപുരത്തെ പഴവങ്ങാടിക്കാണ് രണ്ടാം സ്ഥാനം ^9.9 ലക്ഷം. ഫോര്‍ട്ട് കൊച്ചിയിലെ കട 9.36 ലക്ഷത്തിന് മദ്യം വിറ്റ് മൂന്നാം സ്ഥാനത്തെത്തി.

ദേശീയ തലത്തില്‍ മദ്യസേവയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്താണ് കേരളം. ആത്മഹത്യയിലും വാഹനാപകടത്തിലും അനുബന്ധമായി ഒന്നാം സ്ഥാനത്തിന്റെ കുപ്രസിദ്ധിയും അലങ്കാരമായുണ്ട്.

2. സംവരണം: എന്‍.എസ്.എസ് പുതിയ മാനദണ്ഡം മുന്നോട്ടുവെക്കുന്നു
കോട്ടയം: പി.എസ്.സി തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് 1:1 അനുപാതത്തില്‍ രണ്ടിന്റെ യൂനിറ്റുകളായി കണക്കാക്കി നിയമനം നടത്തുന്ന തരത്തില്‍ സംവരണ വ്യവസ്ഥ പരിഷ്കരിക്കണമെന്ന ആവശ്യം എന്‍.എസ്.എസ് മുന്നോട്ടുവെക്കുന്നു. ഒരു മെറിറ്റ് ഒരു സംവരണം എന്ന നിലക്കുള്ള നിയമനമാണ് എന്‍.എസ്.എസ് ആവശ്യം.

സര്‍ക്കാര്‍ സര്‍വീസിലെ സംവരണ വ്യവസ്ഥ കാലോചിതമായി പരിഷ്കരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം ഈ ആവശ്യം ഉന്നയിച്ചത്.

അനര്‍ഹമായും ആനുപാതികമല്ലാതെയും പിന്നാക്ക സമുദായങ്ങള്‍ നിയമനങ്ങള്‍ നേടിയെന്ന് കുറ്റപ്പെടുത്തിയാണ് പുതിയ അനുപാതം നിര്‍ദേശിക്കുന്നത്. ഇതിന് തെളിവായി എന്‍.എസ്.എസ് ചൂണ്ടിക്കാട്ടുന്നത് ഈഴവ സമുദായം കൂടുതലായി നേടിയ നിയമനങ്ങളെക്കുറിച്ച നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ്. എന്നാല്‍, ഈഴവ എന്ന് പരാര്‍ശിക്കാതെയാണ് എന്‍.എസ്.എസ് പ്രമേയത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

20^ന്റെ യൂനിറ്റ് പ്രകാരമാണ് ഇപ്പോള്‍ പി.എസ്.സി ഉദ്യോഗാര്‍ഥികളെ നിയമനത്തിന് തെരഞ്ഞെടുക്കുന്നത്. 20^ന്റെ ഒരു യൂനിറ്റ് സെലക്ട് ചെയ്യുമ്പോള്‍ ഒന്നുമുതല്‍ 19 വരെയുള്ള ഒറ്റ അക്കങ്ങളുടെ ടേണുകളില്‍ റാങ്ക് ലിസ്റ്റില്‍നിന്ന് ആദ്യത്തെ പത്ത് ഉദ്യോഗാര്‍ഥികളെ മെറിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. ഇതില്‍ സംവരണാനുകൂല്യം ലഭിക്കുന്ന സമുദായങ്ങളില്‍പെട്ടവരും ഉള്‍പ്പെടും. തുടര്‍ന്ന് രണ്ടുമുതല്‍ 20 വരെയുള്ള ഇരട്ട അക്കങ്ങളുടെ ടേണുകളില്‍ സാമുദായിക ക്രമം പാലിച്ച് സംവരണ വിഭാഗക്കാരെയും സെലക്ട് ചെയ്യുന്നു. 20 ഒഴിവുകള്‍ വരെ ഒരു യൂനിറ്റായും അതില്‍ അധികം ഒഴിവുകള്‍ വരുന്നെങ്കില്‍ 20^ന്റെ ഗുണിതങ്ങളായി ഒന്നിലധികം യൂനിറ്റുകളായും റൊട്ടേഷന്‍ തയാറാക്കണമെന്ന വ്യവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ പ്രക്രിയ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുകയാണെന്ന് എന്‍.എസ്.എസ് പറയുന്നു. അതേസമയം, സാമൂഹിക^ വിദ്യാഭ്യാസ^ സാമ്പത്തികമേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന ചില പിന്നാക്ക സമുദായങ്ങളിലെ സമ്പന്നര്‍ അനര്‍ഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു.

ഓരോ വര്‍ഷവും പി.എസ്.സി മുഖേന ജോലി ലഭിക്കുന്ന ഉദ്യോഗാര്‍ഥികളുടെയും നിലവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജാതിതിരിച്ചുള്ള കണക്കെടുത്ത് പരിശോധിച്ചാല്‍ അനീതി ബോധ്യമാകും. താഴ്ന്ന വിഭാഗം തസ്തികകള്‍ക്ക് 11 ശതമാനവും ഉയര്‍ന്ന തസ്തികകള്‍ക്ക് 14 ശതമാനവും സംവരണം അനുവദിച്ചിട്ടുള്ള ഒരു വിഭാഗത്തിന് 20 ശതമാനം മുതല്‍ 24.5 ശതമാനം വരെ സംവരണാനുകൂല്യം ലഭിച്ചതായി നരേന്ദ്രന്‍ കമീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക വിജ്ഞാപനത്തിലൂടെ നടത്തുന്ന നേരിട്ടുള്ള നിയമനരീതി പുനഃപരിശോധിക്കണമെന്നും പെരുന്നയില്‍ നടക്കുന്ന എന്‍.എസ്.എസ് സമ്മേളനം ആവശ്യപ്പെട്ടു. സംവരണേതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, സംവരണേതര വിഭാഗ ക്ഷേമ കോര്‍പറേഷന്‍ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പേരില്‍ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനും നിയന്ത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഏല്‍പിക്കാനും അനുവദിക്കില്ലെന്നും പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു.

3. ബേനസീര്‍ കൊല്ലപ്പെട്ടത് തെര. കൃത്രിമം സംബന്ധിച്ച രേഖകള്‍ യു.എസിന് കൈമാറാനിരുന്ന ദിവസം
ഇസ്ലാമാബാദ്: ഐ.എസ്.ഐയും തെരഞ്ഞെടുപ്പ് കമീഷന് ചേര്‍ന്ന് വോട്ടെടുപ്പില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുന്നതു സംബന്ധിച്ച പരാതി നല്‍കാന്‍ യു.എസ് സെനറ്റ് അംഗങ്ങളെ കാണാന്‍ നിശ്ചയിച്ച ദിവസമാണ് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോ കൊലചെയ്യപ്പെട്ടതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി. സെനറ്റര്‍മാരായ ആര്‍ലന്‍ സ്പെക്റ്ററും പാട്രിക് കെന്നഡിയുമായാണ് ബേനസീര്‍ അത്താഴവിരുന്നും കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നതെന്ന് പി.പി.പി വക്താവ് ഫറാത്തുല്ല ബാബര്‍ പറഞ്ഞു.

താന്‍കൂടി ഉള്‍പ്പെട്ട സംഘമാണ് വിശദമായ പരാതി തയാറാക്കിയത്. തെരഞ്ഞെടുപ്പ് കൃത്രിമ പദ്ധതിയില്‍ ചാരസംഘടന ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. ബേനസീറിന്റെ മറ്റൊരു വിശ്വസ്ത അനുചരനായ ലത്തീഫ് കോസയും യു.എസ് സെനറ്റര്‍മാര്‍ക്ക് കൈമാറാന്‍ 160 പേജ് വരുന്ന രേഖകള്‍ തയാറാക്കിയിരുന്നതായി അവകാശപ്പെട്ടു. ഐ.എസ്.ഐയും തെരഞ്ഞെടുപ്പ് കമീഷനും പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതായി കോസയും ആരോപിച്ചു.

തെരഞ്ഞെടുപ്പിനായി കൃത്രിമ ബാലറ്റുപേപ്പറുകള്‍ തയാറാക്കിയിരുന്നു. പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിനെ പിന്തുണക്കുന്ന പി.എം.എല്‍^ക്യുവിന്റെ നൂറു സ്ഥാനാര്‍ഥികള്‍ക്കായി ഇവ ഉപയോഗിക്കാനായിരുന്നു പദ്ധതി. തെരഞ്ഞെടുപ്പ് കമീഷന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറാന്‍ ഐ.എസ്.ഐയും പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നതായി കോസ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കമീഷന്‍ ബോധപൂര്‍വം നിരവധി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഐ.എസ്.ഐ അമേരിക്ക നല്‍കിയ 1000 കോടി ഡോളറിന്റെ സഹായം ഉപയോഗിച്ചതു സംബന്ധിച്ച വിവരങ്ങളും യു.എസ് സെനറ്റര്‍മാര്‍ക്ക് കൈമാറാന്‍ ബേനസീര്‍ തീരുമാനിച്ചിരുന്നതായി പി.പി.പി ഭാരവാഹി സര്‍ഫ്രാസ് അലി ലഷാരി ലണ്ടനിലെ ടൈംസ് പത്രത്തോട് പറഞ്ഞു.

4. ഭൂമിയുടെയും വെള്ളത്തിന്റെയും അമിത ചൂഷണം കാര്‍ഷിക മേഖല തകര്‍ക്കും: കമീഷന്‍
ന്യൂദല്‍ഹി: ഭൂമിയുടെയും വെള്ളത്തിന്റെയും അമിത ചൂഷണം കാര്‍ഷികോല്‍പാദനത്തെ തകര്‍ക്കുമെന്നും പയര്‍ വര്‍ഗങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും കാര്യത്തില്‍ ഇന്ത്യ കൂടുതലായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും കര്‍ഷകര്‍ക്കായുള്ള ദേശീയ കമീഷന്‍ മുന്നറിയിപ്പു നല്‍കി. ഭൂമിയുടെയും വെള്ളത്തിന്റെയും അമിത ചൂഷണം ഭക്ഷ്യ സുരക്ഷയെ മോശമായി ബാധിക്കും. കാര്‍ഷിക മേഖലയുടെ സംരക്ഷണമാണ് അടിയന്തര ആവശ്യമെന്ന് കമീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥന്‍ പറഞ്ഞു.

പയര്‍വര്‍ഗങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും വര്‍ധിച്ച ഇറക്കുമതി ആശ്രിതത്വം രാജ്യത്തെ ഭക്ഷ്യ സുരക്ഷക്ക് ഭീഷണിയാണ്. അതിനാല്‍ കാര്‍ഷിക ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം ^അദ്ദേഹം പറഞ്ഞു. പയര്‍, ഭക്ഷ്യഎണ്ണ എന്നിവയുടെ ഉല്‍പാദന നിരക്ക് ഒട്ടും വര്‍ധിക്കുന്നില്ല. ഇതുകാരണം ഇറക്കുമതിയിലുള്ള ആശ്രിതത്വം കഴിഞ്ഞ മാസങ്ങളില്‍ കുതിച്ചുയര്‍ന്നു. കഴിഞ്ഞ നവംബറില്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി 38 ശതമാനമാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 252,242 ടണ്ണായിരുന്നു ഭക്ഷ്യ എണ്ണ ഇറക്കുമതി. ഇക്കൊല്ലം 347,320 ടണ്ണായി ഉയര്‍ന്നു.

1. ആദായനികുതിവകുപ്പ് പിണറായിയുടെ നേരെ കണ്ണടച്ചിരിക്കുന്നു _ നന്ദകുമാര്‍

കൊച്ചി: സിപിഎം സെക്രട്ടി പിണറായിയുടെ കൊട്ടാരംപോലുള്ള വീടിന്റെ നിര്‍മാണച്ചെലവിനെക്കുറിച്ച് ഫലപ്രദമായ ഒരന്വേഷണവും ആദായനികുതിവകുപ്പ് നടത്തിയിട്ടില്ലെന്ന് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടിസത്യവാങ്മൂലത്തില്‍ പറഞ്ഞു.

ഊമക്കത്തുകള്‍ കിട്ടിയാല്‍ പലരേയും വരുമാനത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദ്യംചെയ്ത് ശല്യപ്പെടുത്തുന്ന ആദായനികുതിവകുപ്പ് പിണറായിയുടെ നേരെ കണ്ണടച്ചിരിക്കുകയാണെന്നും നന്ദകുമാര്‍ ആരോപിച്ചു. ആദായനികുതിവകുപ്പിന്റെ അറിവില്‍പ്പെട്ടിട്ടുള്ള കാര്യങ്ങള്‍ താന്‍ അധികൃതരെ ധരിപ്പിക്കേണ്ടതില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു.

താന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായിക്ക് ബന്ധമുള്ള ടെക്ക്നിക്കാലിയ എന്ന കമ്പനിയെക്കുറിച്ച് അധികൃതര്‍ക്ക് അന്വേഷിക്കാവുന്നതാണ്. രേഖകള്‍ വേറെയും ഉണ്ടായിരുന്നു. എന്നാല്‍ പിണറായിയുടെ പ്രേരണയോടെ ചിലര്‍ചേര്‍ന്ന് തന്റെ പ്രസ്സും ഓഫീസും ആക്രമിച്ച് പലതും തീവെച്ചു. രണ്ട് പോലീസ്കേസ് നിലവിലുണ്ട്.

എസ്എന്‍സി ലാവലിന്‍ എന്ന സ്ഥാപനത്തില്‍ നിന്നുള്ള ഫണ്ടുകള്‍ ടെക്ക്നിക്കാലിയയിലേക്ക് തിരിച്ചുവിട്ടുവെന്നാണ് നന്ദകുമാറിന്റെ ആരോപണം.

പിണറായി വിജയന്റെ മകന്റെ പഠനച്ചെലവിനെക്കുറിച്ച് ബര്‍മിങ്ഹാമില്‍ ഫലപ്രദമായ ഒരന്വേഷണവും ആദായനികുതിവകുപ്പ് നടത്തിയിട്ടില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു.

”പിണറായി വിജയനില്‍നിന്ന് മൊഴിയെടുത്തുകൊണ്ട് അത് ശരിയാണെന്ന് കണക്കാക്കി സ്വീകരിക്കുകമാത്രമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ചെയ്തിരിക്കുന്നത്. വിജയന്റെ വരുമാനത്തിന്റെ ഉറവിടത്തെക്കുറിച്ച് സ്വതന്ത്രമായ ഒരന്വേഷണവും നടത്തിയിട്ടില്ല.”

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയിലാണ് പിണറായിയുടെ മകന്‍ വിവേക് മാനേജ്മെന്റിന് പഠിച്ചത്.

”ഒരു സാധാരണക്കാരനെയാണെങ്കില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്ത് പീഡിപ്പിക്കും.” ബര്‍മിങ്ഹാമിലെ ട്യൂഷന്‍ഫീസ് 20 ലക്ഷമാണ്. താമസം, ഭക്ഷണം, ലൈബ്രറിഫീസ് എന്നിവ ഉള്‍പ്പെടെ ഫീസ് ഒരു കോടിയാകുമെന്നാണ് ടി.പി. നന്ദകുമാര്‍ ഉന്നയിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ രേഖകള്‍ പരിശോധിച്ചാല്‍മാത്രമേ ഫലപ്രദമായ അന്വേഷണത്തിന് കഴിയൂ. പിണറായിയും മകനും അതിന്റെ കൃത്യമായ കണക്ക് നല്‍കേണ്ടിയിരിക്കുന്നുവെന്നുംമറുപടി സത്യവാങ്മൂലത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായിയുടെ മകന്റെ പാസ്പോര്‍ട്ടും വിസയും അധികൃതര്‍ സൂക്ഷ്മമായി പരിശോധിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൃത്യമായി അറിയുമായിരുന്നു.

മന്ത്രിമാരായ തോമസ് ഐസക്ക്, എം.എ. ബേബി എന്നിവര്‍ക്ക് എതിരെ ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അധികൃതര്‍ ഫലപ്രദമായ ഒരന്വേഷണവും നടത്തിയിട്ടില്ലെന്ന് നന്ദകുമാര്‍ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇവര്‍ രണ്ടുപേരും മന്ത്രിമാരായതിനാല്‍ അന്വേഷണത്തിന് ശുഷ്കാന്തിയില്ല. ഇക്കാര്യങ്ങള്‍ കോടതി വിലയിരുത്തി ഉചിതമായ നടപടികള്‍ക്ക് ഉത്തരവിടണമെന്ന് നന്ദകുമാര്‍ അപേക്ഷിച്ചു.

2. പങ്കാളിത്ത പെന്‍ഷന്‍: മുന്‍ ഉത്തരവ് ഗവ. റദ്ദാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുമെന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2002 ലാണ് കഴിഞ്ഞ യു. ഡി. എഫ്. സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പത്രലേഖകരോട് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചതല്ലാതെ പദ്ധതി നടപ്പാക്കിയിരുന്നില്ല. ജീവനക്കാരില്‍ നിന്നും ശമ്പളം പിടിച്ചിരുന്നുവെങ്കില്‍ മാത്രമേ പദ്ധതി പ്രാബല്യത്തിലാകുമായിരുന്നുള്ളൂ.

3. പെട്രോളിന് നാലുരൂപ വരെ വര്‍ധിച്ചേക്കും

ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് നാലുരൂപയും ഡീസലിന് രണ്ട് രൂപയും വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഫിബ്രവരി ആദ്യവാരത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.

പെട്രോളിയം വില പുതുക്കിയ 2006 ജൂണ്‍ ആറിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 23 ഡോളറോളം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പലകാരണങ്ങളാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില പുതുക്കുന്നത് സര്‍ക്കാര്‍ നീട്ടിവെക്കുകയായിരുന്നു. വിദേശ കാര്യമന്ത്രി പ്രണബ് മുഖര്‍ജി തലവനായുള്ള കേന്ദ്രമന്ത്രിയുടെ ഉപസമിതി ഇതിനായി കഴിഞ്ഞ നവംബറില്‍ രൂപവത്കരിച്ചെങ്കിലും ഇതേവരെ ഒറ്റയോഗം പോലും ചേര്‍ന്നിട്ടില്ല.

മന്ത്രിസഭാ സമിതിയുടെ യോഗം ഈമാസംതന്നെ നടക്കുമെന്ന് പെട്രോളിയം വകുപ്പ് സെക്രട്ടറി എം.എസ്. ശ്രീനിവാസന്‍ സൂചിപ്പിച്ചു. വില നേരിയ തോതില്‍ പുതുക്കേണ്ടിവരുമെന്ന് പറഞ്ഞെങ്കിലും അതിന്റെ തോത് എത്രയായിരിക്കുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ചില കോണ്‍ഗ്രസ് കേന്ദ്രങ്ങളാണ് പെട്രോളിന് നാലുരൂപവരെ വിലവര്‍ധിപ്പിച്ചേക്കുമെന്ന് സൂചിപ്പിച്ചത്.

പെട്രോള്‍ ലിറ്ററിന് 8.74 രൂപയും ഡീസലിന് 9.92 രൂപയും മണ്ണെണ്ണ 20.53 രൂപയും പാചകവാതക സിലിണ്ടറിന് 256.35 രൂപയും നഷ്ടത്തിലാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ വില്‍ക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇതുമൂലം ഒരുവര്‍ഷം 69,753 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.

4. ചരിത്രത്തിലാദ്യമായി എണ്ണവില 100 ഡോളറായി

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി എണ്ണയുടെ അന്താരാഷ്ട്ര വില ബുധനാഴ്ച വീപ്പ (159 ലിറ്റര്‍) യൊന്നിന് നൂറ് ഡോളര്‍വരെയായി. ന്യൂയോര്‍ക്ക് മര്‍ക്കന്റയില്‍ എക്സ്ചേഞ്ചിലാണ് വര്‍ധന രേഖപ്പെടുത്തിയത്.

എണ്ണയുത്പാദകരാജ്യങ്ങളായ നൈജീരിയയിലെയും അള്‍ജീരിയയിലെയും രാഷ്ട്രീയാസ്വാസ്ഥ്യങ്ങള്‍, പുതുവര്‍ഷത്തിലെ ഉപഭോഗവര്‍ധന, ഡോളറിന്റെ ശുഷ്കമൂല്യം എന്നിവയാണ് വിലകൂടാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വീപ്പയൊന്നിന് നാലു ഡോളറിന്റെ വര്‍ധനയാണ് ബുധനാഴ്ചയുണ്ടായത്.

5. കൊച്ചി മെട്രോ ഡല്‍ഹി മെട്രോ മാതൃകയില്‍

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി കേന്ദ്ര _ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്‍ മാതൃകയില്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതിനായി ഇവിടെയും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ രൂപവത്കരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പത്രലേഖകരോട് പറഞ്ഞു. പദ്ധതി നടത്തിപ്പിന്റെ ചുമതലയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡി. എം. ആര്‍. സി.) ഏല്പിക്കാനും തീരുമാനമായിട്ടുണ്ട്.

3084 കോടി രൂപ ചെലവ് വരുന്ന കൊച്ചി മെട്രോ റെയില്‍പദ്ധതിക്കാണ് വിഭാവന ചെയ്തിരിക്കുന്നത്. ഇതില്‍ 15 ശതമാനം തുക അതായത് 462 കോടി രൂപയുടെ ഷെയര്‍ സംസ്ഥാന സര്‍ക്കാരിന്റേതായിരിക്കും. നേരത്തെ സംസ്ഥാനത്തിന്റെ വിഹിതം 20 ശതമാനം എന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയും സംസ്ഥാന റെയില്‍വേ ചുമതലവഹിക്കുന്ന മന്ത്രി എം. വിജയകുമാറും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് അത് 15 ശതമാനമായി കുറഞ്ഞത്. ഈ തുക അഞ്ചുവര്‍ഷംകൊണ്ട് അടച്ചാല്‍ മതിയാകും.

ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ മൂന്നുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്‍ ഇതിനകം ഡല്‍ഹിയിലും ബാംഗ്ലൂരിലും മാത്രമേ പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ളൂ. അതിനാല്‍ കൊച്ചി പദ്ധതി അവര്‍ ഏറ്റെടുക്കണമെങ്കില്‍ കേന്ദ്രാനുമതി വേണം. അത് കിട്ടുമെന്ന പ്രതീക്ഷ സംസ്ഥാനത്തിനുണ്ട്. അതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഡി. എം. ആര്‍. സി.യുമായി കരാറിലേര്‍പ്പെടും. ഡി. എം. ആര്‍. സി.യുടെ സബ്സിഡിയറി കമ്പനിയായിട്ടായിരിക്കും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുക.

മൊത്തം ചെലവായ 3048 കോടിയില്‍ 15 ശതമാനമായ 462 കോടി സംസ്ഥാനം മുടക്കുമ്പോള്‍ 20 ശതമാനം തുകയായ 617 കോടി കേന്ദ്രവിഹിതമായിരിക്കും. ബാക്കിയുള്ള 2005 കോടി രൂപ ജപ്പാന്‍ ബാങ്കില്‍ (ജെ. ബി. ഐ, സി.) നിന്നും വായ്പയെടുക്കും. ഡല്‍ഹി സംസ്ഥാന ഗവണ്‍മെന്റും ഡി. എം. ആര്‍. സി.യും തമ്മില്‍ ഉണ്ടായിട്ടുള്ള കരാറനുസരിച്ച് മറ്റെവിടെയെങ്കിലും പണി ഏറ്റെടുക്കണമെങ്കില്‍ ഡി. എം. ആര്‍. സി.ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ അനുമതിയും വേണമെന്നുണ്ട്. അത് ലഭ്യമാകുമെന്ന കാര്യത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്.

തുടക്കത്തില്‍ കൊച്ചി മെട്രോറെയില്‍ പദ്ധതി നഷ്ടമായിരിക്കുമെങ്കിലും പിന്നീട് അത് ലാഭകരമാകും. തൃപ്പൂണിത്തുറ മുതല്‍ ആലുവവരെ 25.253 കിലോമീറ്റര്‍ ദൂരത്തിലുള്ള എലിവേറ്റഡ് ലൈറ്റ് മെട്രോറെയില്‍ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.

6. മൈക്രോസോഫ്റ്റിന് വേണ്ടി പോലീസ് വിടുപണി ചെയ്യുന്നു _ സി. എം. പി.

തിരുവനന്തപുരം: മൈക്രോസോഫ്റ്റ് പോലുള്ള കംപ്യൂട്ടര്‍ വ്യവസായരംഗത്തെ കുത്തകകള്‍ക്ക് വേണ്ടി സംസ്ഥാന പോലീസ് വിടുപണി ചെയ്യുകയാണെന്ന് സി. എം. പി. സെക്രട്ടറി സി. പി. ജോണ്‍ മുഖ്യമന്ത്രിക്ക് നല്‍കിയ തുറന്ന കത്തില്‍ ആരോപിച്ചു. മൈക്രോസോഫ്റ്റിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന അച്യുതാനന്ദന്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ പോലീസ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൈക്രോസോഫ്റ്റിന്റെ ഏജന്റുമാരും സംസ്ഥാന പോലീസും ചേര്‍ന്ന് ചെറുകിട കംപ്യൂട്ടര്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണ്. കേസിനെ ഭയന്ന് ചെറുകിട കംപ്യൂട്ടര്‍ വ്യാപാരികള്‍ മൈക്രോസോഫ്റ്റ് ഏജന്റുമാരുടെ മുന്നില്‍ ദയയാചിച്ചുനില്‍ക്കുകയാണ്. ഇന്ന് ചെറുകിട കച്ചവടക്കാരെ പിടിച്ച് ജയിലിലടക്കുന്ന പോലീസ് നാളെ വീടുതോറും പരിശോധന നടത്തുകയില്ലെന്ന് ഒരു ഉറപ്പുമില്ല. മൈക്രോസോഫ്റ്റിന് വേണ്ടി പോലീസിനെ ഉപയോഗിക്കുന്നത് സര്‍ക്കാരിന്റെ നയമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സോഫ്റ്റ്വെയര്‍ വേട്ടയുടെ മറവില്‍ നടന്ന വന്‍അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും സി. പി. ജോണ്‍ ആവശ്യപ്പെട്ടു.

7. അസിസ്റ്റന്റ് സര്‍ജന്‍ നിയമനം: പരീക്ഷ ഒഴിവാക്കിയതിനെതിരെ ആക്േഷപം

തിരുവനന്തപുരം: അസിസ്റ്റന്റ് സര്‍ജന്‍ നിയമനത്തിന് എഴുത്തുപരീക്ഷ ഒഴിവാക്കി. അഭിമുഖം അടിസ്ഥാനമാക്കി നിയമനം നടത്താനുള്ള പി. എസ്. സി. തീരുമാനം ആക്ഷേപങ്ങള്‍ക്കിടയാക്കുന്നു. വേഗം നിയമനം നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരീക്ഷ ഒഴിവാക്കി അഭിമുഖം മാത്രം നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

അഭിമുഖം ചൊവ്വാഴ്ച തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി നടക്കുന്ന അഭിമുഖം 19ന് സമാപിക്കും.

എഴുത്തുപരീക്ഷ ഒഴിവാക്കുമ്പോള്‍ എം. ബി. ബി. എസ്സിന്റെ മാര്‍ക്ക് അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. ഇതിനൊപ്പം അഭിമുഖത്തിന്റെ മാര്‍ക്ക് ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കും. എം. ബി. ബി. എസ്സിന്റെ മാര്‍ക്ക് പരിഗണിക്കുന്നത് ഏറെ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. രാജ്യത്തെ പല സര്‍വ്വകലാശാലകളും പല രീതികളിലാണ് പരീക്ഷ നടത്തുന്നത്. തന്മൂലം അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ബിരുദം നേടിയവര്‍ക്ക് താരതമ്യേന കൂടുതല്‍ മാര്‍ക്ക് ലഭിച്ചേക്കാം. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചവര്‍ പിന്തള്ളപ്പെടാന്‍ ഇതിടയാക്കുമെന്നാണ് ആക്ഷേപം.

ഏകീകൃത പരീക്ഷാ തീയതി ഇല്ലാത്തതുമൂലം ബിരുദാനന്തര പ്രവേശനത്തിന് പോലും എഴുത്തുപരീക്ഷ നടത്തുന്ന സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ നിയമനത്തിന് പരീക്ഷ ഒഴിവാക്കിയത് ക്രമക്കേടിനുള്ള സാധ്യത കൂട്ടുമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. 3100 അപേക്ഷകരാണുള്ളത്. കഴിഞ്ഞ തവണ റാങ്ക് പട്ടിക വേഗം പ്രസിദ്ധീകരിക്കാനായി, എഴുത്തുപരീക്ഷകള്‍ക്ക് ശേഷം അഭിമുഖം ഒഴിവാക്കുകയാണ് പി. എസ്. സി. ചെയ്തത്. ഡോക്ടര്‍മാരുടെ മുന്നൂറിലേറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫിബ്രവരിയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുവാനാണ് പരീക്ഷ ഒഴിവാക്കിയതെന്ന് പി. എസ്. സി. അധികൃതര്‍ പറയുന്നു.

1. അംഗങ്ങള്‍ക്കു കാറും വീടും:ദേവസ്വം യോഗം അലസി
തിരുവനന്തപുരം: അംഗങ്ങള്‍ക്കു കാറും വീടും അനുവദിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം അലസിപ്പിരിഞ്ഞു. ദേവസ്വം നിയമത്തിനു വിരുദ്ധമായി കാറും വീടും അനുവദിച്ചതു റദ്ദാക്കണമെന്ന ദേവസ്വം മന്ത്രി ജി. സുധാകരന്റെ നിര്‍ദേശത്തിനെതിരെ അംഗങ്ങളായ പി. നാരായണനും പി.കെ. സുമതിക്കുട്ടിയമ്മയും നിലപാടെടുത്തതോടെ ബോര്‍ഡ് പ്രസിഡന്റ് സി.കെ. ഗുപ്തന്‍ യോഗം നിര്‍ത്തിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ച് ഇറങ്ങിപ്പോകുകയായിരുന്നു

തുടര്‍ന്ന് ഏതാനും സമയംകൂടി അംഗങ്ങള്‍ അവിടെത്തന്നെ ഇരുന്നെങ്കിലും പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ യോഗം തുടരാനാവാതെ വന്നപ്പോള്‍ അവരും പുറത്തിറങ്ങി.ഇതേസമയം, ദേവസ്വം കമ്മിഷണര്‍ സി.ജി. സച്ചിദാനന്ദനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടു.ബോര്‍ഡ് അംഗങ്ങള്‍ക്ക് ഔദ്യോഗിക വാഹനവും വസതിയും നല്‍കേണ്ടെന്നു പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു.

എന്നാല്‍, ചട്ടങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഇതു രണ്ടും അനുവദിച്ചുള്ള ഭേദഗതി ദേവസ്വം കമ്മിഷണര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. സ്വകാര്യ പരസ്യം എന്ന നിലയ്ക്കായിരുന്നു ഇത്. ഇതു റദ്ദാക്കണമെന്നു മന്ത്രി സുധാകരന്‍ മൂന്നുമാസം മുന്‍പുതന്നെ കമ്മിഷണറോടു കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം ഇന്നുതന്നെ ചര്‍ച്ചയ്ക്കെടുക്കണമെന്നു ഗുപ്തന്‍ ആവശ്യപ്പെട്ടപ്പോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന നിലപാടാണ് അംഗങ്ങള്‍ എടുത്തത്.

മന്ത്രിയുടെ കത്തു ചര്‍ച്ചയ്ക്കെടുത്താല്‍ തങ്ങള്‍ രണ്ടുപേരും എതിര്‍ക്കുമെന്നും ഭൂരിപക്ഷ തീരുമാനപ്രകാരം കത്തിലെ നിര്‍ദേശം തള്ളേണ്ടി വരുമെന്നും നാരായണനും സുമതിക്കുട്ടിയമ്മയും മുന്നറിയിപ്പു നല്‍കി. പ്രശ്നം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്തശേഷം തീര്‍പ്പെടുക്കാമെന്ന നിര്‍ദേശം ഗുപ്തന്‍ വച്ചെങ്കിലും അംഗങ്ങള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണു പ്രസിഡന്റ് യോഗം നിര്‍ത്തിവച്ചതും ഇറങ്ങിപ്പോയതും.ബോര്‍ഡ് യോഗം ചേരുന്നില്ലെന്ന് അംഗങ്ങള്‍ ആരോപിച്ചതു ശരിയായില്ലെന്നു ഗുപ്തന്‍ പിന്നീടു വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ആറു മാസത്തിനിടെ 32 തവണ ചേര്‍ന്നിട്ടുണ്ട്. കടലാസും മൊട്ടുസൂചിയും വാങ്ങാന്‍ ബോര്‍ഡ് ചേരണമെന്നില്ല. പല പ്രശ്നങ്ങളിലും താന്‍ ഒരു വശത്തും അംഗങ്ങള്‍ മറുവശത്തുമായി നിലയുറപ്പിക്കേണ്ടി വന്നിട്ടുണ്ട്. അഭിപ്രായഭിന്നത ഒഴിവാക്കാന്‍ യോഗങ്ങളില്‍ ഭൂരിപക്ഷ തീരുമാനത്തിനു വഴങ്ങുകയാണു ചെയ്യാറ്. ഇതൊരു ദൌര്‍ബല്യമായി കണ്ട് ആധിപത്യം ഉറപ്പിക്കാനും ഒരു പരിധി വരെ പഴയ ബോര്‍ഡിന്റെ പാതയിലൂടെ നീങ്ങാനുമാണ് അംഗങ്ങള്‍ ശ്രമിച്ചതെന്നു ഗുപ്തന്‍ ആരോപിച്ചു.

ഇതിനിടെ, ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് ആറു വിജിലന്‍സ് അന്വേഷണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാനാണു ചിലരുടെ ശ്രമമെന്നു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വിവാദ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നു താന്‍ ആവശ്യപ്പെട്ടിട്ടു മൂന്നുമാസത്തിലേറെയായി. ഇതുവരെ പരിഗണിക്കാതിരുന്ന പ്രശ്നം ഇപ്പോള്‍ ഉന്നയിച്ചു കോലാഹലം സൃഷ്ടിച്ചതില്‍ തനിക്കു പങ്കൊന്നുമില്ലെന്നും മന്ത്രി വിശദീകരിച്ചു.ചേരിപ്പോരു കാരണം ബോര്‍ഡില്‍ ഭരണസ്തംഭനമാണെന്നാരോപിച്ച് ഒരു വിഭാഗം ജീവനക്കാര്‍ ആസ്ഥാനത്തു പ്രകടനം നടത്തി.

2. റോഡ് വികസനം: വീണ്ടും പൂഞ്ച് ലോയ്ഡ്, നഷ്ടം 60 കോടി
തിരുവനന്തപുരം:  തലസ്ഥാന റോഡുകളുടെ വികസനത്തിനു കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതി ഒരു വര്‍ഷത്തിലേറെ നിര്‍ത്തിവയ്പിച്ച ശേഷം പഴയ കരാറുകാരെത്തന്നെ ഏല്‍പ്പിച്ചു പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഖജനാവിനു നഷ്ടം 60 കോടി രൂപ. കെഎസ്ടിപി പദ്ധതി പണി നിര്‍ത്തിവയ്പിച്ച് ഒന്നര വര്‍ഷം കഴിഞ്ഞു പതിബെല്ലിനെത്തന്നെ വീണ്ടും ഏല്‍പ്പിച്ചപ്പോള്‍ നഷ്ടം 115 കോടിയായിരുന്നു. രണ്ടു പദ്ധതികളും ഇടയ്ക്കു നിര്‍ത്തിയതുമൂലം ജനം ഒരുവര്‍ഷത്തിലേറെ നരകിച്ചതും 175 കോടി നഷ്ടപ്പെട്ടതും ബാക്കിപത്രം.

ഇന്നലെ മന്ത്രിസഭാ യോഗമാണു പൂഞ്ച് ലോയ്ഡിനെക്കൊണ്ടു തന്നെ തലസ്ഥാന പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചത്. പൂഞ്ച് ലോയ്ഡ് കമ്പനിയും സര്‍ക്കാരും നാളെ കരാറില്‍ ഒപ്പുവയ്ക്കും. നഗരവികസന പദ്ധതിയുടെ മൊത്തം അടങ്കല്‍ 225 കോടിയായിരുന്നു. 48 കിലോമീറ്റര്‍ റോഡും പാളയം അടിപ്പാതയും ബേക്കറി, തകരപ്പറമ്പ് ഫ്ലൈഒാവറുകളുമാണു പദ്ധതിയില്‍.

ഇതില്‍ ശംഖുമുഖം മുതല്‍ കവടിയാര്‍ വരെയുള്ള റോഡും പാളയം അടിപ്പാതയും ബേക്കറി ജംക്ഷനിലെ ഫ്ലൈഒാവറിന്റെ തൂണുകളും മാത്രമാണു പൂര്‍ത്തിയായത്. ഇതു മൊത്തം പണിയുടെ 33% മാത്രം. കടകള്‍ പൊളിച്ചിട്ട എംജി റോഡില്‍ സ്റ്റാച്യു മുതല്‍ ഒാവര്‍ബ്രിജ് വരെയുള്ള ഭാഗം അങ്ങനെതന്നെ കിടക്കാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. ഒന്നരവര്‍ഷമായി ബേക്കറി ജംക്ഷനില്‍ സര്‍ക്കാരിന്റെ വികലമായ നഗരവികസന നയത്തിന്റെ പ്രതീകമായി തൂണുകള്‍ നിന്നു.

അതിനിടയില്‍പ്പെട്ടു ഗതാഗതം ശ്വാസംമുട്ടി. ഇപ്പോള്‍ ശാപമോക്ഷം. പക്ഷേ, പദ്ധതി തീരാന്‍ ഇനി ഒരുവര്‍ഷമെങ്കിലും കാത്തിരിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെയത്രയും വേഗത്തില്‍ പണി നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ റോഡും ബേക്കറി ഫ്ലൈഒാവറും പൂര്‍ത്തിയായേനെ. അന്നു കമ്പനി 25 കോടി അധികം ചോദിച്ചപ്പോഴാണു പണി നിര്‍ത്തിച്ചത്. ഇപ്പോള്‍ ആര്‍ബിട്രേഷന്‍ സമ്മതിച്ചിരിക്കുന്നത് 85 കോടിയും.

3. പഞ്ചായത്തുകള്‍ക്കു സ്കൂള്‍ നിയന്ത്രണം: മാറ്റം വരുത്തിയേക്കും
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളുടേയും അധ്യാപകരുടേയുംമേല്‍ അധികാരവും നിയന്ത്രണവും ഏര്‍പ്പെടുത്താനുള്ള കരടു നിര്‍ദേശത്തില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ചു സി.പി. നായര്‍ കമ്മിറ്റി ആലോചിക്കുന്നു.

അധ്യാപകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണിത്. ഇതു സംബന്ധിച്ചു പഞ്ചായത്തീരാജ് നിയമത്തിലെ വ്യവസ്ഥ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഇന്നലെ ചേര്‍ന്ന യോഗത്തിലെ ധാരണ. ഇതനുസരിച്ചു തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണം എയ്ഡഡ് സ്കൂളുകള്‍ക്കു ബാധകമാകില്ല. നിശ്ചിത അംഗത്വമുള്ള അധ്യാപക സംഘടനകള്‍ക്ക് അംഗീകാരം നല്‍കാനും ഇതിനായി ഹിതപരിശോധന നടത്താനും കെഇആറില്‍ വ്യവസ്ഥ ചെയ്യും. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ നിശ്ചിത ശതമാനം അധ്യാപകരുടെ വോട്ട് നേടുന്ന സംഘടനകള്‍ക്കേ ഇനി അംഗീകാരം ലഭിക്കൂ.

4. ബസ് പെര്‍മിറ്റ് ബൈക്കിനു നല്‍കിയ പരാതി: ആര്‍ടിഒയെ വിവരാവകാശ കമ്മിഷന്‍ വിളിപ്പിച്ചു
തൃശൂര്‍: സ്വകാര്യ ബസിന്റെ പെര്‍മിറ്റ് അനധികൃതമായി ബൈക്കിനു മറിച്ചു നല്‍കിയെന്ന പരാതിയില്‍ ആര്‍ടിഒ നേരിട്ടു ഹാജരാവാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. ചാഴൂര്‍ കുരിക്കപ്പീടിക വീട്ടില്‍ ഉമ്മറിന്റെ ബസ് പെര്‍മിറ്റ് ഉടമ അറിയാതെ രണ്ടു വര്‍ഷം മുമ്പു ബൈക്കിനു മാറ്റിക്കൊടുത്തതിനെക്കുറിച്ചു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു മറുപടി നിഷേധിച്ചതിനെ തുടര്‍ന്നാണു തെളിവെടുപ്പ്.

തൃശൂര്‍-കാഞ്ഞാണി-പുളിക്കക്കടവ് റൂട്ടില്‍ അഞ്ചു വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ബസിന്റെ പെര്‍മിറ്റ് 2006 മാര്‍ച്ചിലാണു മറ്റൊരു വാഹനത്തിനു നല്‍കിയത്. ബസ് പെര്‍മിറ്റ് പുതുക്കാന്‍ ഉടമ അപേക്ഷ നല്‍കിയിരുന്ന സമയത്ത്, ആര്‍ടിഎ യോഗത്തില്‍ വയ്ക്കുകയോ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാതെ രഹസ്യമായി ബൈക്കിന്റെ നമ്പറിലേക്കു പെര്‍മിറ്റ് മാറ്റിക്കൊടുത്തുവെന്നാണു പരാതി. ബസുടമ ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവു വാങ്ങിയിട്ടും പെര്‍മിറ്റ് തിരിച്ചു കിട്ടിയില്ലെന്നു പരാതിയില്‍ പറയുന്നു.

2007 ഏപ്രിലില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോള്‍, കലക്ടറുടെ ഒാഫിസിനെ സമീപിക്കാനായിരുന്നു ആര്‍ടിഒയുടെ നടപടി. രേഖകള്‍ കലക്ടറുടെ ഒാഫിസിലും ഇല്ലെന്നു മറുപടി കിട്ടിയതിനെ തുടര്‍ന്നാണു സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ അപ്പീല്‍ നല്‍കിയത്. രേഖകളുമായി ആര്‍ടിഒ ഇന്നു തിരുവനന്തപുരത്തു ഹാജരാവണമെന്നാണു കമ്മിഷന്റെ ഉത്തരവ്.

5. 20 വിത്തുകാളകളെ ഇറക്കുമതി ചെയ്യാന്‍ ആദ്യമായി അനുമതി
തിരുവനന്തപുരം: വിദേശത്തു നിന്നു മേല്‍ത്തരം ജനുസില്‍ പെട്ട 20 വിത്തുകാളകളെ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം കേരളത്തിന് അനുമതി നല്‍കി. ആദ്യമായാണ് ഇത്തരത്തിലുള്ള അനുമതി ഒരു സംസ്ഥാന സര്‍ക്കാരിനു  നല്‍കുന്നത്. വിത്തുകാളകള്‍ക്കു പുറമെ 200 ഭ്രൂണങ്ങള്‍, 2000 മാത്ര മികച്ചയിനം ബീജം എന്നിവയും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡിനായിരിക്കും പദ്ധതിയുടെ നിര്‍വഹണച്ചുമതല. ആഗോള ടെന്‍ഡര്‍ ക്ഷണിച്ചാവും പദ്ധതി നടപ്പാക്കുക. ജഴ്സി, ഹോള്‍സ്റ്റൈന്‍ ഫ്രീഷ്യന്‍ ഇനത്തില്‍ പെട്ട കാളകളുടെ ബീജമാണു കന്നുകാലികളുടെ വംശമേന്‍മ വര്‍ധിപ്പിക്കാന്‍ കേരളത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ആഗോള ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ മറ്റിനങ്ങളെയും പരിഗണിക്കും.

6. കപ്പല്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു വിറ്റിരുന്ന 5 പേര്‍ അറസ്റ്റില്‍
മുംബൈ: ഷിപ്പിങ് കമ്പനികളില്‍ ജോലിക്കു വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചു വിറ്റഴിച്ചിരുന്ന റാക്കറ്റിലെ അഞ്ചു പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി നേടിയ ആളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഷിപ്പിങ് കമ്പനികളില്‍ ജോലി ലഭിക്കാന്‍ വേണ്ട പ്രധാന രേഖയായ കണ്ടിന്യുയസ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് (സിഡിസി) ആണ് മുഖ്യമായും സംഘം നിര്‍മിച്ചു നല്‍കിയിരുന്നത്. 50,000 മുതല്‍ 60,000 രൂപ വരെയാണ് ഇവര്‍ സിഡിസിക്കായി ഇൌടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ആവശ്യമായ    രേഖകളോടു കൂടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന് 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാല്‍ ആറു മാസത്തിനകം ലഭിക്കുന്നതാണ് സിഡിസി. അസറുദ്ദീന്‍ ഷെയ്ഖ് എന്ന കപ്പല്‍ത്തൊഴിലാളിയുടെ രേഖകള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ പരിശോധിച്ചപ്പോള്‍ സിഡിസി വ്യാജമാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അന്വേഷണം.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w