പത്രവാര്‍ത്തകള്‍ 2-1-08

1. മകന്റെ വിദേശപഠന ചെലവ് പിണറായി വഹിച്ചിട്ടില്ല _ ആദായനികുതി വകുപ്പ്

കൊച്ചി: ബ്രിട്ടനിലെ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ മകന്‍ പഠിച്ചതിന്റെ ചെലവ് സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ വഹിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

പിണറായിയുടെ മകനായ വിവേക് കിരണ്‍ സ്വയം സ്വരൂപിച്ചെടുത്ത ഫണ്ടാണ് പഠനത്തിന് ഉപയോഗിച്ചത്. അല്ലാതെ പിണറായിയുടെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ വരുമാനത്തില്‍ നിന്ന് പഠനത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നും ആദായ നികുതി അഡീഷണല്‍ ഡയറക്ടര്‍ ആര്‍. മോഹന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

പഠനത്തിനായി ഫീസ് ഇനത്തിലും മറ്റുമായി 20 ലക്ഷം രൂപ ചെലവ് വരുന്നതായി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കാണുന്നതായും സത്യവാങ്മൂലത്തില്‍ പറഞ്ഞു. പിണറായിക്ക് എതിരെ ആരോപിതമായ സാമ്പത്തിക ക്രമക്കേടുകളും മറ്റും അന്വേഷിക്കുന്നതിനായി ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കളമശ്ശേരിയിലെ എസ്.സി.എം.എസ്. കോളേജില്‍ വിവേക് 2001_03ല്‍ പഠിച്ചതിന് ചെലവ് 2.73 ലക്ഷം രൂപയാണ്. അതിനായി എസ്.ബി.ടി.യില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ട്. തുക തിരിച്ചടയ്ക്കുന്നത് പിണറായിയുടെയും ഭാര്യയുടെയും വരുമാനത്തില്‍ നിന്നാണ്. 61,000 രൂപ ഇതുവരെ തിരിച്ചടച്ചു. ഇക്കാര്യത്തില്‍ പിണറായി നല്‍കിയിട്ടുള്ള മറുപടി ശരിയാണെന്ന് തോന്നുന്നു. എസ്.സി.എം.എസിലെ പഠനത്തിനുശേഷം രണ്ട് വര്‍ഷം വിവേക് അബുദാബിയില്‍ ജോലി നോക്കി. അതിനു ശേഷമാണ് ബര്‍മിങ്ഹാമില്‍ പഠിക്കാന്‍ പോയത്. പിണറായിയുടെ മകള്‍ 2001_04 വരെ കോയമ്പത്തൂര്‍ അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിച്ചതിനും രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്.

കൊട്ടാരംപോലുള്ള വീട് പിണറായി പണിതീര്‍ത്തുവെന്നാണ് ഹര്‍ജിയിലെ ആരോപണം. 1977ല്‍ പണിത വീട് 11 ലക്ഷം രൂപ ചെലവില്‍ പിണറായി പുതുക്കിയിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ വെങ്ങോട് പഞ്ചായത്തിലാണ് വീട്. 2000 ഏപ്രിലിനു ശേഷം വീട് പണിതിട്ടില്ലെന്ന് വകുപ്പിനെ പിണറായി അറിയിച്ചിട്ടുണ്ട്.

വീട് പുതുക്കാന്‍ 11 ലക്ഷത്തിന്റെ കണക്ക് പിണറായി വിശദീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. 5.6 ലക്ഷം രൂപ എസ്.ബി.ഐയില്‍ നിന്ന് പിണറായി വായ്പ എടുത്തു. 1.98 ലക്ഷം രൂപ ഭാര്യയുടെ പി.എഫില്‍ നിന്ന് എടുത്തു. 2 ലക്ഷം രൂപ മകള്‍ വായ്പ എടുത്തു. 1.42 ലക്ഷവും ഇത് കൂടാതെ മകള്‍ നല്‍കി. പുതിയ വീട് പിണറായി പണിതിട്ടില്ലെന്നും നിലവിലുള്ള വീടിന്റെ ഒന്നാം നില പുതുക്കിയത് മാത്രമാണെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി ആദായനികുതി വകുപ്പ് അസി. സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍ നായര്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.

ടെക്നിവാലിയ പിണറായിയുടെ ബിനാമി സ്ഥാപനമെന്ന് ആരോപിക്കപ്പെടുന്നു. അതില്‍ ഡയറക്ടര്‍മാരും ഓഹരി ഉടമകളും ആരെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു കമ്പനി ഇല്ലെന്നാണ് കമ്പനി രജിസ്ട്രാറില്‍ നിന്നു അറിഞ്ഞതെന്ന് വകുപ്പ് പറഞ്ഞു. ഹര്‍ജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ അടിസ്ഥാനരഹിതമാണെന്ന് വകുപ്പ് അറിയിച്ചു.

സിംഗപ്പൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം പിണറായി നടത്തുന്നതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ആരോപണങ്ങള്‍ വ്യക്തമല്ല. ഇക്കാര്യം കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ വിദേശ നികുതി വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പിണറായിയുടെ വീടിനെക്കുറിച്ച് വിവരങ്ങള്‍ തേടിയപ്പോള്‍ ഹര്‍ജിക്കാരന്‍ മറുപടി നല്‍കിയിട്ടില്ല.

മന്ത്രിമാരായ ടി.എം. തോമസ് ഐസക്, എം.എ. ബേബി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യക്തമല്ലെന്നും വകുപ്പ് അറിയിച്ചു. വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ ഹര്‍ജിക്കാരന് മറുപടിയില്ല. രണ്ടു മന്ത്രിമാരും ആദായ നികുതി നല്‍കുന്നുണ്ട്. പിണറായി വിജയന്‍ ആദായ നികുതി നല്‍കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.

പിണറായിക്കും മറ്റും എതിരെയുള്ള ആരോപണങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പരിധിയില്‍ വരില്ലെന്ന് പ്രസ്തുത വകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ രമാ മാത്യു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

2. എല്ലാ മാസവും ഇനി വിനോദയാത്രാതീവണ്ടി

കോട്ടയം: ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ ‘ഇന്ത്യയെ അറിയാന്‍’ എന്ന വിനോദയാത്രാ പരിപാടി ഇനി എല്ലാ മാസവും സംഘടിപ്പിക്കുമെന്ന് അസോസിയേറ്റ്സ് ട്രാവല്‍സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജനവരി 17നാണ് ആദ്യയാത്ര. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് പുട്ടപര്‍ത്തി, ബാംഗ്ലൂര്‍, മുംബൈ, ഷിര്‍ദ്ദി, ഔറംഗബാദ്, അജന്ത, എല്ലോറ, ഹൈദരാബാദ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 10 ദിവസംകൊണ്ട് തിരിച്ചെത്തുന്നതാണ് ആദ്യയാത്ര. യാത്രക്കൂലി, താമസം, ഭക്ഷണം എല്ലാം ഉള്‍പ്പെടെ ഒരാള്‍ക്ക് 5355 രൂപയാണ് നിരക്ക്.

സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് കോച്ചുകള്‍ കുറഞ്ഞനിരക്കില്‍ അനുവദിച്ചിട്ടുണ്ട്.

ഫിബ്രവരി 11നാണ് രണ്ടാമത്തെ യാത്ര. അലഹബാദ്, കാശി, ഗയ, ഹരിദ്വാര്‍, ഋഷികേശ്, ഡല്‍ഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലേക്കാണ് ഈ യാത്ര. മാര്‍ച്ച് 17ന് തുടങ്ങുന്ന മൂന്നാമത്തെ യാത്ര ഡല്‍ഹി ജയ്പൂര്‍, ഉദയ്പൂര്‍, അജ്മീര്‍, ആഗ്ര, പുരി, കൊണാര്‍ക്ക്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ്. 6900 രൂപയാണ് നിരക്ക്.

വിനോദയാത്രയ്ക്കായി ഒരുക്കിയിരിക്കുന്ന ഈ തീവണ്ടിയില്‍ മറ്റു യാത്രക്കാര്‍ ഉണ്ടാവില്ല. ഓരോ കോച്ചിലും സെക്യൂരിറ്റി, ടൂര്‍ കോ_ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ഉണ്ടാകും. ടൂറിസ്റ്റ് സ്ഥലങ്ങളിലും യാത്രാസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് ബോഗികളുള്ള ഈ ട്രെയിനില്‍ ഓരോ യാത്രയിലും 485 പേര്‍ക്കാണ് അവസരം ലഭിക്കുക. കേരളത്തില്‍ വിനോദയാത്രയുടെ ബുക്കിംഗ് ചുമതല കോഴിക്കോട് അസോസിയേറ്റഡ് ട്രാവല്‍സിനാണ്. മധ്യകേരളത്തിലെ സീറ്റ് ബുക്കിംഗ് കോട്ടയം എക്സ്പോ ഹോളിഡേയ്സിനാണ്. ഫോണ്‍: 0481 6534888, 2566541, 924943488.

അസോസിയേറ്റഡ് ട്രാവല്‍സ് ഭാരവാഹികളായ ടി.കെ. അബ്ദുള്‍മജീദ്, ഗൌരിദാസ്, സുനില്‍ കെ. ജോര്‍ജ് എന്നിവരാണ് പത്രസമ്മേളനത്തില്‍ ഇത് അറിയിച്ചത്.

3. ഇറക്കുമതി തടയാതെ കാര്‍ഷിക പ്രതിസന്ധി തീരില്ല _മുഖ്യമന്ത്രി

ഇറക്കുമതി തടയാതെ…ആലത്തൂര്‍: കേന്ദ്രം കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതി തടയാതെ കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആലത്തൂര്‍ മോഡേണ്‍ റൈസ്മില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാറിമാറിവരുന്ന കേന്ദ്ര സര്‍ക്കാരുകളുടെ പിഴച്ച നയങ്ങളാണ് കേരളത്തിന്റെ കാര്‍ഷികമേഖല തകര്‍ക്കുന്നതും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതും. ഇറക്കുമതി തീരുവ കുത്തനെ കുറയ്ക്കുന്നതുമൂലം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു. കാര്‍ഷികോത്പന്നങ്ങളുടെ വില ഇടിയുമ്പോള്‍ കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നു. ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നോട്ടീസ് ലഭിക്കുമ്പോള്‍ കര്‍ഷകര്‍ ഗത്യന്തരമില്ലാതെ ജീവനൊടുക്കുന്നു. കേരളത്തില്‍ മാത്രമല്ല പഞ്ചാബിലും മഹാരാഷ്ട്രയിലും ആന്ധ്രയിലുമൊക്കെ ഇതാണ് സ്ഥിതി. കര്‍ഷകരെ രക്ഷിക്കാനായി യാതൊരു നടപടിയുമെടുക്കാന്‍ വാജ്പേയ് സര്‍ക്കാരോ മന്‍മോഹന്‍സിങ് സര്‍ക്കാരോ തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആത്മഹത്യചെയ്ത കര്‍ഷകകുടുംബങ്ങളെ രക്ഷിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ധീരമായ നടപടികളെടുത്തതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളി, ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് അരലക്ഷം രൂപ സഹായധനം നല്‍കി. കര്‍ഷകരുടെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിനൊപ്പം കാര്‍ഷിക കടാശ്വാസ കമ്മീഷനും രൂപംനല്‍കി. നെല്ലിന്റെ സംഭരണവില ഒമ്പത് രൂപയാക്കി ഉയര്‍ത്തിയത് നെല്‍കൃഷി മേഖലയില്‍ വന്‍ ഉണര്‍വുണ്ടാക്കിയതായും നെല്ലുത്പാദനത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കെല്‍ടെക് ബ്രഹ്മോസ് ഏറ്റെടുത്തത് മുഖ്യമന്ത്രി നന്ദിപൂര്‍വം അനുസ്മരിച്ചു. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായി. മന്ത്രി എ.കെ. ബാലന്‍ ഫാക്ടറിയുടെ സ്വിച്ച്ഓണ്‍കര്‍മം നിര്‍വഹിച്ചു.

4. കേരള എ.സി. ബസ്സുകളുടെ വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അറിയാം

ബാംഗ്ലൂര്‍: കേരള ആര്‍.ടി.സി. പുതിയതായി ആരംഭിച്ച എ.സി. എയര്‍ ബസ്സുകളുടെ വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തി. അതത് ബസ്സുകളിലെ കണ്ടക്ടറുടെ കൈവശമായിരിക്കും മൊബൈല്‍ഫോണ്‍ ഉണ്ടാവുക.

സീറ്റ് ലഭ്യത, ബസ് എവിടെയെത്തി തുടങ്ങിയ വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അറിയാനാകും. ബസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് വഴിയില്‍വെച്ച് കയറാനും മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടാന്‍ മതിയാകും.

ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കാണ് എ.സി. എയര്‍ബസ്സുകള്‍ ഉള്ളത്. കോഴിക്കോട്ടേക്ക് രാത്രി 10.00, 12.00. തൃശ്ശൂര്‍_ രാത്രി 7.30, 10.00, എറണാകുളം രാവിലെ 7.00, രാത്രി 10.30. കോട്ടയം_ വൈകിട്ട് 6.30. തിരുവനന്തപുരം_ വൈകിട്ട് 4.00. കൊട്ടാരക്കര_ വൈകിട്ട് 5.30 എന്നിങ്ങനെയാണ് എ.സി. എയര്‍ബസ്സുകളുടെ സമയവിവരം.

ടിക്കറ്റ്നിരക്ക് റിസര്‍വേഷന്‍ ചാര്‍ജടക്കം കോഴിക്കോട്_ 315 രൂപ, തൃശ്ശൂര്‍_ 425, എറണാകുളം_ 485, കോട്ടയം_ 535, തിരുവനന്തപുരം_ 665, കൊട്ടാരക്കര_ 595 എന്നിങ്ങനെയാണ്.

എ.സി. ബസ്സിനെക്കുറിച്ചറിയാന്‍ കണ്ടക്ടറുമായി ബന്ധപ്പെടേണ്ട മൊബൈല്‍ഫോണ്‍ നമ്പറുകള്‍: തൃശ്ശൂര്‍_ 9447577144, 155, 166, 177. കോട്ടയം_ 9447577113, 114. എറണാകുളം_ 9447577115. തിരുവനന്തപുരം_ 9447577110, 111.

ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ മെജസ്റ്റിക് ബസ്സ്റ്റാന്‍ഡിലെ കേരള ആര്‍.ടി.സി. കൌണ്ടറിനു മുന്നിലും എ.സി. ബസ്സുകളുടെ വിവരങ്ങള്‍ എഴുതിവെക്കുന്നുണ്ട്. 22269508 എന്ന നമ്പറില്‍ വിളിച്ചാലും കൌണ്ടറില്‍ നിന്ന് വിവരങ്ങള്‍ അറിയാം.

5. നിയമനപ്രക്രിയയില്‍ കോടതിക്ക് ഇടപെടാനാവില്ല _സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രകടമായ ക്രമക്കേടുകള്‍ ഇല്ലെങ്കില്‍ ഉദ്യോഗാര്‍ഥികളുടെ നിയമന പ്രക്രിയയില്‍ ഇടപെടാന്‍ കോടതികള്‍ക്കാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു.

നിശ്ചിത ഒഴിവുകളിലേക്കു ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട നിയമന സമിതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. വിവേചനമോ പ്രകടമായ തെറ്റുകളോ ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ നിയമന പ്രക്രിയയില്‍ ഇടപെടേണ്ടതുള്ളൂ_ജസ്റ്റിസുമാരായ എ.കെ.മാഥുറും മാര്‍ക്കണ്ഡേയകട്ജുവുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഐ.എ.എസ്. ഓഫീസര്‍മാരുടെ എട്ട് ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റത്തിലൂടെ നിയമനം നല്‍കുന്നതു സംബന്ധിച്ച കേസില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചത്. നിയമനം കിട്ടാതെപോയ ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്.

6. ഏകീകൃത തുറമുഖ സംവിധാനം കൊച്ചിയില്‍ നാല് മുതല്‍

കൊച്ചി: തുറമുഖാധിഷ്ഠിത വിവരങ്ങള്‍ക്ക് ഏകജാലക സൌകര്യമൊരുക്കുന്ന ഏകീകൃത തുറമുഖ സംവിധാനം (പോര്‍ട്ട് കമ്മ്യൂണിറ്റി സിസ്റ്റം) കൊച്ചി തുറമുഖത്ത് വെള്ളിയാഴ്ച സജ്ജമാകും. കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം.

രാജ്യത്തെ എല്ലാ പ്രമുഖ തുറമുഖങ്ങളിലും നടപ്പാക്കുന്ന ഈ സംവിധാനം ഷിപ്പിങ് മന്ത്രാലയവും ഇന്ത്യന്‍ പോര്‍ട്ട്സ് അസോസിയേഷനും ചേര്‍ന്നാണ് ഒരുക്കുന്നത്. ഈ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ തുറമുഖ അതോറിട്ടി, ടെര്‍മിനല്‍ ഓപ്പറേറ്റര്‍, ഷിപ്പിങ് ഏജന്റുമാര്‍, സ്റ്റീമര്‍ ഏജന്റുമാര്‍, ഇറക്കുമതിക്കാര്‍, കയറ്റുമതിക്കാര്‍, റെയില്‍ഗതാഗത നടത്തിപ്പുകാര്‍ തുടങ്ങി തുറമുഖവുമായി ബന്ധപ്പെട്ട സകലര്‍ക്കും ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിവരങ്ങളും രേഖകളും പരസ്പരം കൈമാറാം.

ഫോമുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും അത് പൂരിപ്പിച്ച് സമര്‍പ്പിക്കാനുമുള്ള സൌകര്യം ഈ ഏകീകൃത സംവിധാനത്തിലുണ്ടാകും. ഇതുവഴി ക്ലിയറന്‍സുകള്‍ ഇലക്ട്രോണിക്കലായി വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും നടത്താന്‍ കഴിയുമെന്നും തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ വ്യക്തമാക്കി. വെബ് അധിഷ്ഠിത മാര്‍ഗത്തിലൂടെയായിരിക്കുമിത്.

ഇതോടെ രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ നടത്തിപ്പുകാരായ ഐജിടിപിഎല്ലും (ദുബായ് പോര്‍ട്ട്സ് വേള്‍ഡ്) ഏകീകൃത തുറമുഖ സംവിധാനത്തിന് കീഴില്‍ വരും.

ആദ്യഘട്ടത്തില്‍ കപ്പല്‍, കണ്ടെയ്നര്‍ അധിഷ്ഠിത വിവരങ്ങളാണ് ഇതുവഴി കൈമാറാനാകുക. രണ്ടാം ഘട്ടത്തില്‍ കാര്‍ഗോ, ഫിനാന്‍സ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവയും മൂന്നാം ഘട്ടത്തില്‍ റഗുലേറ്ററി സംവിധാനവും ഇതിന് കീഴിലാകും.

അതിനിടെ, കൊച്ചി തുറമുഖ ട്രസ്റ്റ് സാപ് അധിഷ്ഠിത എന്റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിങ് (ഇആര്‍പി) സംവിധാനം സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പൂര്‍ത്തിയാകുന്നതോടെ തുറമുഖ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഈ സമഗ്രസംവിധാനത്തിന് കീഴിലാകും. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് എഫ്.ആര്‍.പി. വികസിപ്പിക്കുന്നത്.

1. ആറരലക്ഷത്തിന്റെ പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ പിടിയില്‍
കണ്ണൂര്‍: അന്താരാഷ്ട്ര വിപണിയില്‍ 6,60,000 രൂപ വിലവരുന്ന മൂര്‍ഖന്‍ പാമ്പിന്‍ വിഷവുമായി മൂന്നുപേരെ ഫോറസ്റ്റ് വിജിലന്‍സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഡി.ഡി.ഇ ഓഫീസ് ജീവനക്കാരന്‍ കുറ്റിക്കോല്‍ സ്വദേശി ക ല്ലേല്‍ നാരായണന്‍ (51), തളിപ്പറമ്പ് തൃച്ചംബരം സ്വദേശി താഴത്തുകുന്നേല്‍ മാത്യു (63), കുറ്റിക്കോല്‍ സ്വദേശി ഇടിഞ്ഞകുന്നില്‍ വീട്ടില്‍ സോമന്‍ (49) എന്നിവരാണ് അറസ്റ്റിലായത് പാമ്പിന്‍ വിഷം വില്പന നടത്തുന്നുണ്െടന്ന്വിവരം ലഭിച്ച കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.ടി. സാജന്‍ ആവശ്യക്കാരനെന്ന വ്യാജ്യേന പ്രതികളുമായി ഫോണില്‍ ബന്ധ പ്പെട്ടു.

വിഷവുമായി നഗരത്തിലെ ഒരു ഹോട്ടലില്‍ എ ത്താ ന്‍ ആ വശ്യപ്പെടുകയായിരുന്നു.

വിഷവുമായി ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.റേഞ്ച് ഓഫീസര്‍മാരായ പി. ശശികുമാര്‍, ജോസ്മാത്യു, ഫോറസ്റ്റര്‍ പി. പി. വിജയന്‍ എന്നിവരാണ് പ്ര തികളെ അറസ്റ്റ്ചെയ്തത്.

ഗാര്‍ഡുമാരായ എം. ഷൈനികുമാര്‍, ടി. രമേശ്, എ. അനില്‍കുമാര്‍, എ.കെ. സുന്ദരന്‍ എന്നിവരും സംഘത്തി ലുണ്ടായിരുന്നു.

22 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള പാമ്പിന്‍ വിഷമാണ് പ്രതികളില്‍ നിന്നു പിടികൂടിയത്. ഒരു ഗ്രാം വിഷത്തിന് വിപണിയില്‍ 30,000 രൂപ വില വരും. പാമ്പിന്‍ വിഷം പാമ്പുകടിയേറ്റാലുള്ള മരുന്നായും മയക്കുമരുന്നായും ഉപയോ ഗിക്കാറുണ്ട്.

പ്രതികളില്‍ സോമന്‍ നേരത്തെ സര്‍പ്പപ്രദര്‍ശനം നടത്തിയിരുന്നു. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം പാമ്പിന്‍ വിഷം കൈയില്‍ വയ്ക്കുന്നത് ഏഴുവര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പിടിച്ചെടുത്ത പാമ്പിന്‍ വിഷവും പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

2. മെര്‍ക്കിസ്റ്റണ്‍ മരം മുറിക്കേസ്: മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി തള്ളി
കൊച്ചി: മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍നിന്നു മരം മുറിക്കാന്‍ സേവിമനോ മാത്യുവിനു നിയമം ലംഘിച്ച് അനുമതി കൊടുത്തെന്നാരോപിച്ച് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാവശ്യപ്പെടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

വനംമന്ത്രി ബിനോയ് വിശ്വം, തൊഴില്‍മന്ത്രി പി.കെ. ഗുരുദാസന്‍ എന്നിവര്‍ക്കെതിരെയാണു തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം പരാതി നല്‍കിയിരുന്നത്. എന്നാല്‍ സബ് ഇന്‍സ്പെക്ടര്‍ നടപടി എടുത്തില്ല. ഇതിനെതിരെയാണ് ജോണ്‍ പെരുവന്താനം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍ കിയത്.

പാരിസ്ഥിതിക ദുര്‍ബലപ്രദേശമായി പ്രഖ്യാപിച്ചിരുന്ന മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്നു സേവി മനോമാത്യുവിന് മരം മുറിക്കാന്‍ വനംമന്ത്രിയുടെ ചേംബറില്‍ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍കൂടിയ യോഗം അനുമതി നല്കി യെന്നാണ് ആരോപണം.

ഇതു നിയമവിരുദ്ധമാണെന്നും അതുകൊണ്ടു ക്രിമിനല്‍ നടപടി ചട്ടപ്രകാരം ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ നേരത്തെയുള്ള സു പ്രീംകോടതി വിധികള്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷിക്കാനോ ഉത്തരവിടാന്‍ ഹൈ ക്കോടതിക്കാവില്ലെന്നു ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി. രാംകുമാര്‍ വ്യക്തമാക്കി. സി.ആര്‍.പി. സി 482 പ്രകാരം പരാതി പരിഗണിക്കണമെങ്കില്‍പോലും പരിമിതികളുണ്െടന്നും ഹൈക്കോടതി വ്യ ക്തമാക്കി.

കോടതിവിധിയില്‍ സന്തോഷം: ബിനോയ് വിശ്വം

കോഴിക്കോട്: സത്യം അധികകാലം മൂടിവയ്ക്കാനാവില്ലെന്നു മന്ത്രി ബ ിനോയ് വിശ്വം. കോടതിവിധിയില്‍ സ ന്തോഷമുണ്െടന്നും അദ്ദേഹം പറഞ്ഞു.

മെര്‍ക്കിസ്റ്റണ്‍ ഭൂമി വിവാദത്തി ല്‍ ബിനോയ് വിശ്വത്തിനും ഉദ്യോഗസ്ഥര്‍ക്കും പങ്കു ണ്െടന്നും ഇവ ര്‍ക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പരുവന്താനം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യ ത്തില്‍ കോഴിക്കോട്ട് മാധ്യ മപ്രവര്‍ത്തക രോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

തികച്ചും കള്ളമായിരുന്നൊരു കാര്യത്തെയാണ് താനുമായി ബ ന്ധിപ്പിച്ച് അപവാദ പ്രചരണത്തിന് ഉപയോഗിച്ചത്. നീതിപീഠത്തോട് ബഹുമാനമുണ്ട്. അവസാനം സത്യം വിജയിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

3. കര്‍ഷകരും കടാശ്വാസ കമ്മീഷനും പ്രതിസന്ധിയില്‍
തൊടുപുഴ: കാര്‍ഷിക കടാശ്വാസത്തിനു ധനവകുപ്പു പണം നല്കാത്തതിനാല്‍ കടാശ്വാസം തേടിയ കര്‍ഷകരും കമ്മീഷനും സഹകരണബാങ്കുകളും പ്രതിസന്ധിയില്‍. കടക്കെണിയില്‍ മുങ്ങിയ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ ആശ്വാസം തേടി സമീപിച്ച കമ്മീഷന്റെ പ്രവര്‍ത്തനങ്ങളാണു തുകയനുവദിക്കാത്തതിനാല്‍ പ്രതിസ ന്ധി യിലായത്.

ജസ്റ്റീസ് അബ്ദുള്‍ ഗഫൂര്‍ ചെയര്‍മാനായ കടാശ്വാസ കമ്മീഷന് അഞ്ചര ലക്ഷത്തോളം അപേക്ഷകളാണു സംസ്ഥാനത്തൊട്ടാകെ ലഭിച്ചത്. ഇതില്‍ ആറായിരത്തോളം അപേക്ഷകളില്‍ തീര്‍പ്പു കല്പിച്ചു. ജപ്തി, ലേല നടപടികളിലേക്ക് നീങ്ങിയ വായ്പാ കുടിശികകളാണു കമ്മീഷന്‍ തീര്‍പ്പു കല്‍പ്പിച്ചവയിലേറെയും. കമ്മീഷന്‍ നല്‍കിയ ഇളവുകള്‍ കിഴിച്ചുള്ള തുക ഗഡുക്കളായി അടയ്ക്കാനാണ് നിര്‍ദ്ദേശം.

പ്രാഥമിക ജില്ലാ സഹകരണബാങ്കുകളിലും കാര്‍ഷിക വികസന ബാങ്കുകളിലും നിന്നുള്ള വായ്പകളാണു കമ്മീഷന്റെ പരിഗണനയില്‍ വരുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ വായ്പകളിലും ഇളവുതേടിയുള്ള അപേക്ഷകള്‍ കമ്മീഷനു ലഭിച്ചെങ്കിലും ഇവയില്‍ ഇളവു നിര്‍ദേശിക്കാന്‍ മാത്രമേ കമ്മീഷന് അധികാരമുള്ളൂ.

എന്നാല്‍, കമ്മീഷന്‍ വായ്പാ കുടിശികയില്‍ ഇളവു കല്‍പ്പിച്ചത് അംഗീകരിക്കാന്‍ പല സഹകരണബാങ്കുകളും തയാറായിട്ടില്ല. ഇളവു നല്‍കിയ തുകയ്ക്ക് ആ നുപാതികമായ തുക സര്‍ക്കാര്‍ നല്‍കിയെങ്കിലേ ആശ്വാസം അനുവദിക്കാനാകൂ എന്നാണ് പല ബാങ്കുകളുടെയും നിലപാട്. ഇല്ലെങ്കില്‍ സഹകരണബാങ്കുകളുടെ നിലനില്പു തന്നെ അപകടത്തിലാകുമെന്ന് അവര്‍ ചൂണ്ടിക്കാ ട്ടുന്നു.വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുമായിരുന്നിട്ടും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചും കമ്മീഷനിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ നിരവധിയാണെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. അതിനാല്‍ ജ പ്തി നടപടികള്‍ സ്റ്റേ ചെയ്താലും പണം നല്‍കാതെ ഒത്തുതീര്‍പ്പില്ലെന്നാണു ബാങ്ക് അധികൃതരുടെ നിലപാട്.

വായ്പയ്ക്കുള്ള അപേക്ഷയി ല്‍ വാര്‍ഷികവരുമാനം രണ്ടു ല ക്ഷമെന്ന് രേഖപ്പെടുത്തിയവരും കടാശ്വാസത്തില്‍ വാര്‍ഷികവരുമാനം പതിനായിരമെന്നു രേഖപ്പെടുത്തി അപേക്ഷ നല്‍കിയിട്ടു ണ്െടന്ന് കാര്‍ഷിക വികസനബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരില്ലാത്തതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും ബുദ്ധിമുട്ടിലാണ്. കമ്മീഷന്റെ ഒരു സിറ്റിംഗില്‍ തീര്‍പ്പാക്കുന്ന നാല്‍പ്പതിലേറെ അപേക്ഷകളുടെ ഓര്‍ഡര്‍ ടൈപ്പ് ചെയ്യുന്നതിനുപോലും ആവശ്യത്തിനു ജീവനക്കാരില്ല.

കമ്മീഷന്റെ പ്രവര്‍ത്തനത്തിലൂടെ കടാശ്വാസം നല്‍കാന്‍ കഴി ഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയ 160 കോടി രൂപ സാമ്പത്തികവര്‍ഷം തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും ധ നവകുപ്പ് ഇനിയും അനുവദിച്ചിട്ടില്ല.

1. ധനവകുപ്പ് അറിയാതെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് വികസന പ്രശ്നം: മന്ത്രി
തൃശൂര്‍: ബജറ്റില്‍ പറയാത്ത പദ്ധതികള്‍ ധനവകുപ്പ് അറിയാതെ പ്രഖ്യാപിക്കുന്നതാണ് കേരളത്തിന്റെ വികസനത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന് മന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരള വികസനവും വിഭവ സമാഹരണവും എന്ന വിഷയത്തെക്കുറിച്ച് ശാസ്ത്ര സാഹിത്യ പരിഷത് സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബജറ്റില്‍ പറയാതെ പദ്ധതി പ്രഖ്യാപിച്ച് തുക ചെലവാക്കിയ ശേഷം സഭയില്‍ അംഗീകാരത്തിനായി അയയ്ക്കും. 15 വര്‍ഷംമുന്‍പ് ചെലവാക്കിയ തുകപോലും അംഗീകാരത്തിനായി കാത്തുകിടപ്പുണ്ട്. ബജറ്റിലെ ഏത് ഇനത്തിന് നല്‍കിയ തുക വെട്ടണം എന്നറിയാതെയാണ് ഇതെല്ലാം ചെയ്യുന്നത്. അതോടെ പ്രഖ്യാപിച്ച പദ്ധതിയുടെയും പഴയ പദ്ധതിയുടെയും സ്ഥിതി ആലോചിക്കാവുന്നതാണ്. ഇത്തരം പ്രശ്നങ്ങള്‍ വിവരമുള്ളവര്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ അവരാരും ഇടപെടില്ല. കാരണം, മൂന്നാമത്തെ വാക്കില്‍ തെറിയാണ് കേള്‍ക്കുക. അതിന് ആരും തയാറല്ല.

കേന്ദ്രം 4,800 കോടി രൂപ തരുമ്പോള്‍ 7,000 കോടി രൂപയുടെ പദ്ധതിയാണ് കേരളം തയാറാക്കുന്നത്. അടിസ്ഥാന സൌകര്യവികസനത്തിനായി കടമെടുക്കുകതന്നെ വേണം. അടിസ്ഥാന വികസനം മെച്ചപ്പെടുമ്പോള്‍ വികസനം വരും. സ്വാഭാവികമായും നികുതി വരുമാനം വര്‍ധിക്കും. അങ്ങനെ വായ്പയെടുത്ത തുക തിരിച്ചടയ്ക്കാനാകും. കേരളത്തിന് വായ്പ തരാന്‍ രാജ്യത്തിന് അകത്തും പുറത്തും ആളുകള്‍ കാത്തുനില്‍ക്കുകയാണ് എന്ന് കരുതരുത്. വായ്പ കൊടുക്കാന്‍ പറ്റാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി പിരിവിലൂടെയുണ്ടാക്കുന്ന വരുമാന വര്‍ധനകൊണ്ട് കേരളത്തിലെ വികസന പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഡോ. ലക്ഷ്മീ ദേവി, സി. രവീന്ദ്രനാഥ് എംഎല്‍എ, ഡോ. വി.പി. ദമയന്ത്രി, കാവുമ്പായി ബാലകൃഷ്ണന്‍, അനീഷ്കുമാര്‍, ബി. ഷൈജന്‍, ഡോ. പി.സി. ബാബു, ഡോ. പി.പി. പിള്ള, ഡോ. കെ.എന്‍. ഹരിലാല്‍, ഡോ. പിലാകി ചക്രവര്‍ത്തി, ആര്‍. മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

2. തലപ്പത്ത് സെക്രട്ടറിമാരില്ല; വകുപ്പുകള്‍ അനാഥം
തിരുവനന്തപുരം: നിരവധി വകുപ്പുകള്‍ക്കു സെക്രട്ടറിമാരില്ല. അതേസമയം അപ്രധാന വകുപ്പുകളില്‍ പലരും തുടരുന്നു. അതിനിടെആറു സെക്രട്ടറിമാര്‍ ഒരുമാസത്തെ പരിശീലനത്തിന് അഹമ്മദാബാദിലേക്കു പോവുകയുമാണ്. കൃഷി വകുപ്പിനു സെക്രട്ടറിയും ഡയറക്ടറുമില്ല. ദേവസ്വം വകുപ്പിനും സെക്രട്ടറിയില്ല.

സംസ്ഥാന സഹകരണബാങ്കിന് എംഡിയില്ല. ഭക്ഷ്യ വകുപ്പ് സെക്രട്ടറി ഗ്യാനേഷ് കുമാര്‍ ഡല്‍ഹിയിലേക്കു ഡപ്യൂട്ടേഷനില്‍ പോയശേഷം പകരം ആളു വന്നിട്ടില്ല. ചാര്‍ജ് ഭരണം നിരവധി വകുപ്പുകളിലേക്കു വ്യാപിക്കുകയാണ്. ജലസേചന വകുപ്പ് സെക്രട്ടറി കെ. ജയകുമാറാണ് വിവിധ വകുപ്പുകളുടെ ചാര്‍ജില്‍ മുന്നില്‍. ഒരേസമയം അദ്ദേഹം കാര്‍ഷികോല്‍പാദന കമ്മിഷണറും ശബരിമല സ്പെഷല്‍ ഓഫിസറുമാണ്. കൃഷി സെക്രട്ടറിയുടെ അഭാവത്തില്‍ ആ ചുമതലയും അനൌദ്യോഗികമായി നോക്കുന്നു.

അഹമ്മദാബാദിലെ ഐഐഎമ്മില്‍ പരിശീലനത്തിനു പോവുകയാണ് ആറു സെക്രട്ടറിമാര്‍. 1980 ഐഎഎസ് ബാച്ചിനുള്ള പരിശീലനമാണിത്. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ടി. ബാലകൃഷ്ണന്‍, അമിതാഭ് കാന്ത്, റവന്യു സെക്രട്ടറി നിവേദിത പി. ഹരന്‍, വനം സെക്രട്ടറി പി.കെ. മൊഹന്തി, സഹകരണ സെക്രട്ടറി ജിജി തോംസണ്‍, ഉദ്യോഗസ്ഥ പരിഷ്കരണ വകുപ്പിലെ ധരംവീര്‍ എന്നിവരാണ് ഒരു മാസത്തെ പരിശീലനത്തിനു നാലിനു യാത്ര തിരിക്കുന്നത്.

അതിനിടെ, വിരമിച്ച മറ്റൊരു ഉദ്യോഗസ്ഥ കൂടി ഉപദേഷ്ടാവ് തസ്തികയില്‍ ചാര്‍ജെടുത്തു; സാമൂഹികക്ഷേമ വകുപ്പ് ഉപദേഷ്ടാവ് ലിഡാ ജേക്കബ്. പൊലീസ് വകുപ്പിനും ഇങ്ങനെയൊരു ഉപദേഷ്ടാവുണ്ട്: വിരമിച്ച സി. രാമചന്ദ്രന്‍. ഐടി സെക്രട്ടറി ജ്യോതിലാലിന് ഭക്ഷ്യവകുപ്പിന്റെ അധികച്ചുമതല കൂടി നല്‍കിയിട്ടുണ്ട്. ഗതാഗത സെക്രട്ടറി അജയ് ചൌധരിക്ക് മലയാളം അറിയില്ലെന്ന കാരണത്താല്‍ ജ്യോതിലാലിന് അവിടെയും അധികച്ചുമതലയുണ്ട്.

അധികച്ചുമതല പലര്‍ക്കുമുള്ളപ്പോള്‍ ഭരണഭാഷാ വകുപ്പുപോലുള്ള അപ്രധാന വകുപ്പുകളില്‍ ഒന്നിലേറെ മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍മാര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഒരു വകുപ്പിലും ഒന്നും നടക്കാത്ത അവസ്ഥയാണ്. തീരുമാനങ്ങള്‍ക്കായി മന്ത്രിമാര്‍ക്കു ഫയല്‍ അയച്ചാല്‍ ഒരുമാസമെങ്കിലും കഴിയാതെ തിരികെ വരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെ ഇതാണു സ്ഥിതി. ഐഎസ്ആര്‍ഒയ്ക്ക് തലസ്ഥാനത്ത് സ്പേസ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ 100 ഏക്കര്‍ കൊടുക്കുന്ന വിഷയം ആഴ്ചകളോളം ലാന്‍ഡ് റവന്യു കമ്മിഷണറുടെയും റവന്യു സെക്രട്ടറിയുടെയും കലക്ടറുടെയും സമയം അപഹരിച്ചിരുന്നു.

3. റിച്ച് പാല്‍ വില്‍പ്പന മില്‍മ നിര്‍ത്തി
കൊല്ലം: മില്‍മ റിച്ച് പാല്‍ വില്‍പ്പന വീണ്ടും നിര്‍ത്തി. മൂന്നു മാസം മുന്‍പു പുനരാരംഭിച്ച റിച്ച് പാല്‍ വിതരണം ഏതാനും ദിവസം മുന്‍പു വീണ്ടും നിര്‍ത്തുകയായിരുന്നു.   പാല്‍ ക്ഷാമം രൂക്ഷമായതും കര്‍ണാടക പാല്‍ വില വര്‍ധിപ്പിച്ചതുമാണു റിച്ച് പാല്‍ വില്‍പ്പന നിര്‍ത്താന്‍ കാരണം. 3.8% കൊഴുപ്പ് അടങ്ങിയ പാല്‍ ഉല്‍പാദനത്തിനു ചെലവേറിയതാണു മറ്റൊരു കാരണം.   എന്നാല്‍ റിച്ചിന്റെ പ്രത്യേക രീതിയില്‍ രൂപകല്‍പ്പന ചെയ്ത കവറിന്റെ ക്ഷാമംമൂലമാണു വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്ത 15 മുതല്‍ വിപണനം പുനരാരംഭിക്കാനാകുമെന്നും അവര്‍ പറയുന്നു. ചായക്കടകളെ ലക്ഷ്യമാക്കി ആരംഭിച്ച റിച്ച് പാലിന്റെ വില്‍പ്പന വില പത്തര രൂപയായിരുന്നു.

4. എന്‍ജിഒ അസോസിയേഷന് അംഗീകാരം നഷ്ടമായി
കാക്കനാട്: കോണ്‍ഗ്രസ് അനുഭാവ സര്‍വീസ് സംഘടനയായ കേരള എന്‍ജിഒ അസോസിയേഷന്റെ അംഗീകാരം നഷ്ടമായി. വിവരാവകാശ നിയമപ്രകാരം മുന്‍ എന്‍ജിഒ നേതാവ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് സംഘടനയ്ക്കു സര്‍ക്കാര്‍ അംഗീകാരമില്ലെന്നു മറുപടി ലഭിച്ചത്. 1960ലെ കെജിഎസ്സി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വീസ് സംഘടനകള്‍ അംഗീകാരം ലഭ്യമാക്കി പ്രവര്‍ത്തിക്കുന്നത്. ഇൌ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ജിഒ അസോസിയേഷന് അംഗീകാരമില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. പ്രസാദാണ് സംഘടനയുടെ അംഗീകാരം സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചിരുന്നത്. കേരളത്തിലെ രണ്ടാമത്തെ പ്രബല സര്‍വീസ് സംഘടനയ്ക്കാണ് പ്രവര്‍ത്തന അംഗീകാരമില്ലെന്നു വന്നിരിക്കുന്നത്. ഗ്രൂപ്പു പോരും വിമത സംഘടന രൂപീകരിക്കലുമൊക്കെയായി വര്‍ഷങ്ങളായി അസോസിയേഷന്റെ പ്രവര്‍ത്തനം കലുഷിതമായിരുന്നു.  ടി.വി. അപ്പുണ്ണി നായര്‍ പ്രസിഡന്റായി രൂപീകരിച്ച എന്‍ജിഒ അസോസിയേഷന് 1976ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതാണ്. ഏതാനും വര്‍ഷങ്ങളായി ചേരിപ്പോരു മൂത്ത് കെജിഎസ്സി ചട്ടങ്ങള്‍ പാലിക്കാതെ വന്നതോടെയാണ് സംഘടനയുടെ അംഗീകാരം നഷ്ടമായത്. കോട്ടാത്തല മോഹനന്‍ ആണ് ഇപ്പോള്‍ അസോസിയേഷന്‍ പ്രസിഡന്റ്.

5. ഭക്ഷ്യസുരക്ഷ അപകടത്തില്‍: സ്വാമിനാഥന്‍
ന്യൂഡല്‍ഹി: പയറുവര്‍ഗങ്ങളുടെയും ഭക്ഷ്യഎണ്ണയുടെയും വര്‍ധിച്ചുവരുന്ന ഇറക്കുമതി ആവശ്യം രാജ്യത്തു ഭക്ഷ്യസുരക്ഷ അപകടത്തിലായതിന്റെ സൂചനയാണെന്നു നാഷനല്‍ കമ്മിഷന്‍ ഒാണ്‍ ഫാര്‍മേഴ്സ് ചെയര്‍മാന്‍ എം.എസ്. സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

ഇതു കണക്കിലെടുത്ത് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി ഇവയുടെ ഇറക്കുമതിയിലുണ്ടായ വര്‍ധന പരിശോധിച്ചാല്‍ തന്നെ രാജ്യത്ത് ഉല്‍പാദനത്തില്‍ ഗണ്യമായ കുറവു വന്നതു ബോധ്യപ്പെടുമെന്നും സ്വാമിനാഥന്‍ പറഞ്ഞു.

ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ ഇ-മെയില്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

1. വീണ്ടും വൈദ്യുതി നിരക്ക് വര്‍ധനക്ക് നീക്കം
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് നീക്കം. അടുത്ത സാമ്പത്തിക വര്‍ഷം 754.69 കോടി രൂപയുടെ കമ്മി ഉണ്ടെന്ന് കാണിച്ച് റഗുലേറ്ററി കമീഷന് വൈദുതി ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇത് നികത്തണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും താരിഫ് പെറ്റീഷന്‍ സമര്‍പ്പിച്ചിട്ടില്ല. സര്‍ക്കാറുമായി ആലോചിച്ച ശേഷം പെറ്റീഷന്‍ നല്‍കുമെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നിരക്ക് വര്‍ധിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.

5734 കോടി രൂപ ചെലവും 4979 കോടി രൂപ വരവുമാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ബോര്‍ഡ് കണക്കുകൂട്ടിയിരിക്കുന്നത്. ഇതില്‍ ജീവനക്കാരുടെ ആനുകൂല്യവും ശമ്പളവും ഇനത്തില്‍ 170 കോടിയോളം രൂപയുടെ വര്‍ധനയുണ്ട്. നടപ്പ് വര്‍ഷം 965 കോടിയായിരുന്നത് അടുത്ത വര്‍ഷത്തേക്ക് 1136 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്യാരന്റി കമീഷന്‍ അടക്കം സര്‍ക്കാറുമായുള്ള ബോര്‍ഡിന്റെ ബാധ്യതകള്‍ ക്ലിപ്തപ്പെടുത്തി അതിന്റെ ബാധ്യതയില്‍ ഒരു ഭാഗം അടുത്ത വര്‍ഷം നികത്തി നല്‍കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. സര്‍ക്കാറിന് ബോര്‍ഡ് വിവിധ ഇനങ്ങളില്‍ നല്‍കാനുള്ളതും സര്‍ക്കാര്‍ ബോര്‍ഡിന് നല്‍കാനുള്ളതും കണക്കാക്കിയ ശേഷം 2002.3 കോടി രൂപ ബോര്‍ഡ് സര്‍ക്കാറിന് നല്‍കാനുണ്ടെന്ന് എ.ആര്‍.ആറില്‍ പറയുന്നു. ഇത് അഞ്ച് കൊല്ലം കൊണ്ട് നല്‍കണം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 400 കോടി രൂപ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ബോര്‍ഡിന്റെ കമ്മി ഇത്രയേറെ വര്‍ധിക്കാന്‍ കാരണം ഈ 400 കോടിയും ഡിപ്രിസിയേഷന്‍ ഇനത്തിലെ വന്‍ വര്‍ധനയുമാണ്. റദ്ദായ 1948ലെ സപ്ലൈ ആക്ട് പ്രകാരം 459 കോടി രൂപ ഡിപ്രിസിയേഷന്‍ വരുമെന്നാണ് ബോര്‍ഡ് കണക്കാക്കിയത്. ഇതില്‍ 230 കോടിയോളമാണ് ആവശ്യപ്പെട്ടത്. 2003ല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍ വന്നുവെങ്കിലും ബോര്‍ഡ് അത് പരിഗണിച്ചിട്ടില്ല.

2003^04, 04^05 വര്‍ഷങ്ങളിലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ പ്രകാരമുള്ള വരുമാന കുറവ് കഴിഞ്ഞ വര്‍ഷത്തെ താരിഫ് വര്‍ധനയോടെ റഗുലേറ്ററി കമീഷന്‍ അംഗീകരിച്ചു കൊടുത്തിരുന്നു. അതിന് ശേഷമുള്ള വര്‍ഷങ്ങളിലെ ഓഡിറ്റ് ചെയ്ത കണക്കുകളും അടുത്ത വര്‍ഷത്തെ റവന്യു കമ്മിക്കൊപ്പം പരിഗണനക്ക് വരുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം അന്യസംസ്ഥാനങ്ങള്‍ക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ കാര്യം ബോര്‍ഡ് എ.ആര്‍.ആറില്‍ പറഞ്ഞിരുന്നില്ല. ഇത് വിവാദമാവുകയും 400 കോടിയോളം രൂപക്ക് വൈദ്യുതി വില്‍ക്കുകയും ചെയ്തിരുന്നു.

അതിനാല്‍ ഇക്കുറി വില്‍പന വഴിയുള്ള വൈദ്യുതിയുടെ കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. പീക്ക് അവറിലെ വൈദ്യുതി കുറവ് പരിഹരിക്കാന്‍ കായംകുളം, ബി.എസ്.ഇ.എസ്, കാസര്‍കോട് നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങും.
ഇത് യൂനിറ്റിന് ഏഴ് രൂപ വരെ വിലയുള്ളതാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി വാങ്ങുന്നതിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 570 കോടി രൂപ അധികം വകയിരുത്തി.
നടപ്പ് വര്‍ഷം 2100 കോടിയില്‍ നിന്നു അടുത്ത വര്‍ഷത്തേക്ക് ഈ ഇനത്തില്‍ 2670 കോടിയാണ് വകയിരുത്തിയത്. ബോര്‍ഡിന്റെ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന് 207 കോടിയാണ് വകയിരുത്തിയത്. വായ്പകളുടെ പലിശ ബാധ്യതയായി 357 കോടിയും. നടപ്പ് വര്‍ഷം 250 കോടിയോളം രൂപ ബോര്‍ഡിന് കിട്ടത്തക്ക വിധമുള്ള നിരക്ക് വര്‍ധനയാണ് റഗുലേറ്ററി കമീഷന്‍ വരുത്തിയത്. ഈ വര്‍ഷം നാല് മാസം മാത്രമേ ഇതിന്റെ ഗുണം കിട്ടുകയുള്ളൂവെങ്കിലും അടുത്ത വര്‍ഷം പൂര്‍ണതോതില്‍ കിട്ടും.

ബോര്‍ഡ് താരിഫ് പെറ്റീഷന്‍ സമര്‍പ്പിച്ചാലും ഇല്ലെങ്കിലും ബോര്‍ഡ് സമര്‍പ്പിച്ച എ.ആര്‍.ആറില്‍ മാര്‍ച്ചിന് മുമ്പ് റഗുലേറ്ററി കമീഷന്‍ തീരുമാനം എടുക്കും. അതിന് മുമ്പായി ബോര്‍ഡിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കുകയും ജനങ്ങളില്‍ നിന്ന് തെളിവെടുക്കുകയും ചെയ്യും. ബോര്‍ഡിന്റെ കണക്കുകള്‍ വഴി വരുന്ന ബാധ്യതകള്‍ക്കെതിരെ ജനങ്ങള്‍ക്ക് റഗുലേറ്ററി കമീഷനെ അഭിപ്രായം അറിയിക്കാം.

2. കുടിവെള്ള പദ്ധതിയുടെ വൈദ്യുതി നിരക്ക് തനത്ഫണ്ടില്‍ നിന്ന് അടക്കാം
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റി നടത്തുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ വൈദ്യുതി ചെലവ് പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍നിന്ന് അടയ്ക്കാന്‍ തദ്ദേശ വകുപ്പ് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി.

കുടിവെള്ള പദ്ധതിക്കുള്ള വൈദ്യുതി നിരക്ക് തനത് ഫണ്ടില്‍ നിന്ന് അടയ്ക്കാന്‍ പാടില്ലെന്ന തദ്ദേശ വകുപ്പിന്റെ ഉത്തരവിനെതിരെ അടാട്ട്, തോളൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കുന്നത്.
തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന കുടിവെള്ള പദ്ധതിക്കുള്ള വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 500 കോടിയോളം രൂപ വൈദ്യുതി ബോര്‍ഡിന് നല്‍കാനുണ്ട്. ബോര്‍ഡ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കുടിശãിക നല്‍കാന്‍ ഒരുപഞ്ചായത്തും തയാറായിട്ടില്ല.

നേരത്തെ വാട്ടര്‍അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ചാര്‍ജും വികേന്ദ്രീകൃതാസൂത്രണ പദ്ധതി പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കിയ പൊതുടാപ്പുകള്‍ മാത്രമുള്ള കുടിവെള്ള സ്കീമുകളുടെ വൈദ്യുതി ചാര്‍ജും തനത് ഫണ്ടില്‍ നിന്ന് അടയ്ക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഈ ഉത്തരവ് റദ്ദാക്കുകയും പല പഞ്ചായത്തുകളിലും വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് രണ്ട് പഞ്ചായത്തുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. എത്രയും വേഗം കുടിവെള്ള വിതരണത്തിനുള്ള വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കാനുള്ള കോടികളുടെ കുടിശãിക എത്രയും വേഗം നല്‍കണമെന്ന് അടുത്തിടെ വൈദ്യുതി ബോര്‍ഡ് തദ്ദേശ ജല മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോര്‍ഡിന് കാര്‍ഷിക മേഖലയില്‍ നിന്ന് 800 കോടിയോളം വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലഭിക്കാനുണ്ട്. കര്‍ഷകര്‍ക്ക് സൌജന്യ നിരക്കില്‍ വൈദ്യുതി നല്‍കിയ വകയിലാണിത്.

3. ഐ.എസ്.ഡി നിരക്ക് ഇളവ് ഇന്റര്‍നെറ്റ് ഫോണ്‍ കേന്ദ്രങ്ങളെ തളക്കുമോ?
കുവൈത്ത് സിറ്റി: ഐ.എസ്.ഡി നിരക്ക് കുറക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം ലക്ഷ്യമിടുന്നത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഫോണ്‍ കേന്ദ്രങ്ങളെ. സര്‍ക്കാറിന് മില്യണ്‍ കണക്കിന് ദീനാര്‍ നഷ്ടമുണ്ടാക്കുന്ന ഇന്റര്‍നെറ്റ് ഫോണ്‍ കേന്ദ്രങ്ങളെ തളക്കാന്‍ സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികളൊന്നും കാര്യമായ ഫലം ചെയ്യാത്ത സാഹചര്യത്തിലാണ് നിരക്ക് കുറച്ചുകൊണ്ട് സര്‍ക്കാര്‍ പരീക്ഷണം നടത്തുന്നത്.

എന്നാല്‍ നിലവിലുള്ള നിരക്കില്‍ നിന്ന് 20 ശതമാനം മാത്രം ഇളവ് നല്‍കാനുള്ള സര്‍ക്കാറിന്റെ തീരുമാനം ഇന്‍ര്‍നെറ്റ് ഫോണ്‍ കേന്ദ്രങ്ങളെ കാര്യമായി ബാധിക്കില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഇതുവരെ മിനുട്ടിന് 300 ഫില്‍സ് ആയിരുന്ന ഐ.എസ്.ഡി നിരക്ക് ഇന്നുമുതല്‍ 240 ഫില്‍സ് ആയാണ് കുറയുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ഫോണ്‍ കേന്ദ്രങ്ങള്‍ മിനുട്ടിന് 50 ഫില്‍സ് മാത്രം ഈടാക്കിയാണ് ഇപ്പോള്‍ സര്‍വീസ് നല്‍കുന്നത്. ചിലേടങ്ങളില്‍ മിനുട്ടിന് 40 ഫില്‍സ് മാത്രമാണ് ഇന്റര്‍നെറ്റ് ഫോണിന് ഈടാക്കുന്നത്.

ഇന്റര്‍നെറ്റ് ഫോണിന്റെ പ്രീപെയ്ഡ് കാര്‍ഡ് വാങ്ങി സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വിളിക്കുന്നവര്‍ക്ക് മിനുട്ടിന് 25 ഫില്‍സില്‍ താഴെ മാത്രമാണ് ചെലവ് വരുന്നത്. ഈ സാഹചര്യത്തില്‍ ഔദ്യോഗിക നിരക്ക് 300 ഫില്‍സില്‍ നിന്ന് 240 ഫില്‍സായി കുറച്ചതുകൊണ്ടുമാത്രം ഇന്റര്‍നെറ്റ് ഫോണ്‍ കേന്ദ്രങ്ങളെ തളര്‍ത്തുക പ്രയാസമാണ്. കാരണം, കുറഞ്ഞ നിരക്ക് തന്നെയാണ് ഇന്റര്‍നെറ്റ് ഫോണ്‍ കേന്ദ്രങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഔദ്യോഗിക നിരക്ക് 20 ശതമാനം കുറക്കുന്നത് കൊണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നേരിയ നേട്ടം മാത്രമാണുള്ളത്. നേരത്തെ ഒരു ദീനാറിന്റെ ടെലിഫോണ്‍ കാര്‍ഡ് വാങ്ങിയാല്‍ നാട്ടിലുള്ളവരുമായി മൂന്ന് മിനുട്ട് നേരമാണ് സംസാരിക്കാന്‍ സാധിച്ചിരുന്നത്.

നിരക്ക് കുറച്ചതിന് ശേഷം ഒരു ദീനാറിന്റെ കാര്‍ഡ് കൊണ്ട് നാലു മിനുട്ട് സംസാരിക്കാം. അതേസമയം, ഇന്റര്‍നെറ്റ് ഫോണ്‍ കേന്ദ്രത്തില്‍ ഒരു ദീനാര്‍ നല്‍കിയാല്‍ 25 മിനുട്ട് സംസാരിക്കാം. ഇതിനാല്‍ ഇന്റര്‍നെറ്റ് കേന്ദ്രങ്ങളിലേക്കുളള ഒഴുക്ക് തുടരാന്‍ തന്നെയാണ് സാധ്യത. ആവശ്യക്കാര്‍ ഉള്ളതുകൊണ്ട് എല്ലായിടത്തും ഇന്റര്‍നെറ്റ് ഫോണ്‍ സേവനം ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വന്‍ലാഭമാണ് കൊയ്യുന്നത്. പോലിസ് റെയ്ഡ് വ്യാപകമാവുകയും പിടികൂടിയവരെ വിരലടയാളമെടുത്ത് തിരിച്ചുവരാന്‍ കഴിയാത്തവിധം നാടുകടത്തുകയും ചെയ്തിട്ടും അപകടസാധ്യത കണക്കിലെടുക്കാതെ ആളുകള്‍ ഈ രംഗത്ത് തുടരുന്നതിന്റെ കാരണവും ഇതുതന്നെ.

1. ട്രാഫിക് നിയമലംഘനം : പിഴ കുത്തനെ കൂട്ടും
തൃശൂര്‍ : സംസ്ഥാനത്ത് ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ലൈസന്‍സ് റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ പൊലീസിന് അധികാരവും നല്‍കും.
ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അപകടങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സംസ്ഥാനത്തെ 50 പ്രധാനകേന്ദ്രങ്ങളില്‍ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ആംബുലന്‍സ് സൌകര്യം ഒരുക്കും. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുന്നവരെ നിയമക്കുരുക്കുകളില്‍ പെടുത്തി ബുദ്ധിമുട്ടിക്കാതിരിക്കാന്‍ നടപടികള്‍ വേണം. ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ശേഖരണത്തിന് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഒറ്റതവണ സെസ് ഇന്നലെ നിലവില്‍ വന്നു.
നിലവില്‍ 50രൂപയുള്ള പിഴ 500 രൂപയായി ഉയര്‍ത്താനാണ് ആലോചന. പിന്നീട് ഇത് 1000 രൂപയായി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പറ്റു പല പിഴകളും 5 മുതല്‍ 10 ഇരട്ടിവരെ ഉയര്‍ത്തും.

2. നഷ്ട്ടത്തിലെങ്കിലും കെ.എസ്.ആര്‍.ടി.സിക്കൊരു നേട്ടം
തിരു : നഷ്ടത്തിലോടുന്ന കെ. എസ്.ആര്‍.ടി.സിക്ക് അഭിമാനിക്കാന്‍ ഒരു മികവ്. ഡിസംബര്‍ മാസത്തില്‍ 79.31 കോടി രൂപയുടെ വരുമാനം നേടി കെ.എസ്.ആര്‍.ടി.സി സര്‍വകാല റെക്കാഡിട്ടു. ഒരുമാസംകൊണ്ട് കെ. എസ്. ആര്‍.ടി.സി ഇതുവരെ നേടിയിട്ടുള്ള വരുമാനത്തില്‍ ഏറ്റവും കൂടുതലാണിത്. 2006 ജനുവരിയില്‍ നേടിയ 78.17 കോടി രൂപയായിരുന്നു ഇതുവരെയുള്ള റെക്കാഡ്.
2006 ഡിസംബര്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5.3 കോടിയുടെ വര്‍ദ്ധനയാണുണ്ടായത്. ബസ്ബോഡി നവംബറില്‍ 71 എണ്ണം നിര്‍മ്മിച്ചപ്പോള്‍ ഡിസംബറില്‍ അത് 83 ആയി ഉയര്‍ന്നു.
വരുമാന വര്‍ദ്ധന മൂലവും പ്രവര്‍ത്തനച്ചെലവ് നിയന്ത്രിച്ചതിലൂടെയും 12.5 കോടി രൂപയുടെ മിച്ചമുണ്ടായിട്ടുണ്ട്. എങ്കിലും പെന്‍ഷന്‍ ഇനത്തില്‍ 20 കോടി രൂപയും വായ്പ ഇനത്തില്‍ 17 കോടിയും തിരിച്ചടയ്ക്കേണ്ടതിനാല്‍ കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലുള്ള ഓട്ടം തുടരുകയാണ്. 14 കോടി രൂപയുടെ വ്യത്യാസമാണിപ്പോള്‍ ഉള്ളത്.
ഐ.ജി. ടി.പി. സെന്‍കുമാര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായശേഷം കെ. എസ്. ആര്‍.ടി.സിയുടെ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്.

3. കൈക്കൂലി വാങ്ങവെ റെയില്‍വെ എന്‍ജിനീയര്‍ സി.ബി. ഐയുടെ പിടിയില്‍
തിരുവനന്തപുരം: കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ റെയില്‍വെ ജൂനിയര്‍ എന്‍ജിനീയര്‍ കുമാരപുരം സ്വദേശി ധര്‍മരാജന്‍ (45) സി.ബി.ഐ സംഘത്തിന്റെ പിടിയിലായി.
ഇന്നലെ ഉച്ചയ്ക്ക് ആയുര്‍വ്വേദ കോളേജിനു സമീപമുള്ള എസ്.ബി.ടി ഓഫീസില്‍ വച്ചാണ് അറസ്റ്റിലായത്.
പാര്‍ത്ഥാസ് തിയേറ്ററിനു സമീപത്തായുള്ള റെയില്‍വെയുടെ രണ്ടാം ടെര്‍മിനല്‍ ഓഫീസില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കരാറുകാരനായ നെയ്യാറ്റിന്‍കര സ്വദേശി സുധീന്ദ്രന്‍ നായരാണ്, ധര്‍മരാജന്‍ ബില്‍ മാറിക്കിട്ടുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു എന്ന് കാണിച്ച് സി.ബി.ഐക്കു പരാതി നല്‍കിയത്.
നേരത്തെ പല തവണകളായി ഇയാളില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ ധര്‍മരാജന്‍ കൈക്കൂലിയിനത്തില്‍ ഈടാക്കിയിരുന്നുവത്രെ. കഴിഞ്ഞദിവസം വീണ്ടും 25,000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് സി.ബി. ഐക്കു പരാതി നല്‍കിയത്. ഉച്ചയ്ക്ക് പണവുമായി ആയുര്‍വ്വേദ കോളേജിനു മുന്നിലെ എസ്.ബി.ടി ഓഫീസില്‍ എത്താന്‍ ധര്‍മരാജന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കൃത്യസമയത്തു തന്നെ സുധീന്ദ്രന്‍ നായര്‍ എത്തി. സി.ബി.ഐ സംഘവും രഹസ്യമായി എത്തിയിരുന്നു. സുധീന്ദ്രന്‍ നായരില്‍നിന്ന് പണം വാങ്ങുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

4. ഐ.എ.എസ് കേഡറിനായി 10 പേരുടെ പട്ടിക സമര്‍പ്പിച്ചു
തിരുവനന്തപുരം : സംസ്ഥാന സര്‍വീസില്‍ നിന്ന് രണ്ടുപേര്‍ക്ക് ഐ.എ.എസ് നല്കാന്‍ 10 പേരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. യു.പി.എസ്.സി അംഗം, ചീഫ് സെക്രട്ടറി, അഡി. ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് പട്ടിക തയ്യാറാക്കിയത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ടി.കെ. രവീന്ദ്രന്‍, ഐ.ജി എ.കെ. രാമകൃഷ്ണന്‍, ഗ്രാമവികസന വകുപ്പിലെ അഡി. കമ്മിഷണര്‍ വി. എന്‍. ജിതേന്ദ്രന്‍, ആഭ്യന്തരവകുപ്പിലെ അഡി. സെക്രട്ടറി കെ.കെ. രമണി, ന്യൂഡല്‍ഹി കേരള ഹൌസിലെ പ്രോട്ടോകോള്‍ ഓഫീസര്‍ ഡി.ഗോപാലന്‍, റവന്യൂ വകുപ്പിലെ അഡി. സെക്രട്ടറി വൈ. ജോണ്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ഈപ്പന്‍ ഫ്രാന്‍സിസ്, വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിലെ അഡി. ഡയറക്ടര്‍ കെ. മദനന്‍, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ചീഫ് എന്‍ജിനിയര്‍ പി. ഐ. ഷേക്ക് പരീത്, നിയമവകുപ്പിലെ അഡി. സെക്രട്ടറിയും കൊല്ലം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ ജി.എസ്. ഷൈലാമണി എന്നിവരാണ് പട്ടികയിലുള്ളത്. ഇതില്‍ മൂന്നു പട്ടികജാതിക്കാരും രണ്ടു പട്ടികവര്‍ഗ്ഗക്കാരും ഉള്‍പ്പെടുന്നു.

5. പുതുവര്‍ഷ ‘ലഹരി’യില്‍ ഇക്കുറിയും മുമ്പന്‍ ചാലക്കുടി * കുടിച്ചത് 11.28 ലക്ഷം രൂപയ്ക്ക്
തിരുവനന്തപുരം : പുതുവര്‍ഷ ‘ലഹരി’ ഇത്തവണയും നന്നായി നുണഞ്ഞത് ചാലക്കുടിക്കാര്‍തന്നെ. പുതിയ ആണ്ടിനെ വീര്യത്തോടെ വരവേല്ക്കാന്‍ ചാലക്കുടിക്കാര്‍ വാശിയോടെ മത്സരിച്ചപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന് അത് കൊയ്ത്തായി.
ഡിസംബര്‍ 31ന് ബിവറേജസ് കോര്‍പ്പറേഷന്റെ ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വില്പനശാലയില്‍ 11.28 ലക്ഷം രൂപയുടെ വിദേശമദ്യമാണ് വിറ്റുപോയത്. പോയ വര്‍ഷവും ഇവിടെത്തന്നെയായിരുന്നു റെക്കാഡ് വില്പന. ക്രിസ്മസിന്റെ തലേദിവസവും ഇവിടെ റെക്കാഡ് വില്പനയുണ്ടായി. (15 ലക്ഷം രൂപ). സാധാരണ ദിവസങ്ങളില്‍ പരമാവധി 6 ലക്ഷം രൂപവരെയാണ് കച്ചവടം.
ചാലക്കുടി കഴിഞ്ഞാല്‍ തിരുവനന്തപുരത്ത് പഴവങ്ങാടിയിലെ വില്പനശാലയിലാണ് പുതുവര്‍ഷ തലേന്ന് കൂടുതല്‍ മദ്യവില്പന നടന്നത്. 9.9ലക്ഷം രൂപയുടെ വിദേശമദ്യം ഇവിടെ വിറ്റഴിഞ്ഞു. മൂന്നാം സ്ഥാനം ഫോര്‍ട്ട് കൊച്ചിയിലെ വില്പന കേന്ദ്രത്തിനാണ് (9.36 ലക്ഷം രൂപ).
സംസ്ഥാനത്ത് മൊത്തത്തില്‍ 18.52 കോടി രൂപയുടെ വിദേശമദ്യമാണ് ഡിസംബര്‍ 31ന് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ദ്ധന. ഡിസംബര്‍ 20 മുതല്‍ 31 വരെയുള്ള 11 ദിവസം 164.50 രൂപയുടെ വിദേശമദ്യം വിറ്റഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 133.82 കോടി രൂപയുടെ വില്പനയാണുണ്ടായത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ വില്പന കേന്ദ്രങ്ങളിലെ മദ്യവില്പനയുടെ കണക്ക് എടുത്തു വരുന്നതേയുള്ളൂ.

വികസന വി�വ�ിനായി മെട്രോ ട്രെയി� കൂകി പാ��ു�ു
തിരുവന�പുരം: സംസ്ഥാന�ി� വികസന�ിന് വി�വം സൃഷ്ടി�ു� മെട്രോ റെയി� പ�തി�് ഇ�് ചേരു� മ�ിസഭായോഗം അ�ിമരൂപം ന�കും. കൊ�ിയിലാണ് ഈ പ�തി ആദ്യം നട�ാ�ുക. തൃ�ൂണി�ുറ മുത� ആലുവ വരെ നീളു� ഉപരിതല റെയി�വേ ലൈനാണ് മെട്രോ റെയി� കൊണ്ട് ഉ�ശി�ു�ത്.

25.25 കിലോമീ�റാണ് ആകെ നീളം. 2239 കോടി രൂപ ചെലവു വരു� ഈ പ�തി എലിവേ�� ലൈ�് മെട്രോ റെയി� എ� പേരിലാണ് സാ�തികമായി അറിയ�ടുക. ഭാരം കുറ� മൂ�് ബോഗികളാണ് ഓരോ ട്രെയിനിലും ഉണ്ടാവുക. സ�ാ� സ്ഥലം ഏ�ടു�് കൊടു�ാ� മൂ�് വ�ഷം കൊണ്ട് നി�ാണ പ്രവ�ന�� പൂ�ിയാ�ാ� കഴിയുമെ�ാണ് പ�തി നട�ി�ുകാരായ ഡ�ഹി ആസ്ഥാനമായു� മെട്രോ റെയി� കോ�റേഷ� പ്രതീ�ി�ു�ത്.
ഒരു കിലോമീ�� ഇടവി�് സ്�ാ�ുക� ഉണ്ടാകും. കൊ�ിയുടെ വ�തോതിലു� വികസനവുമായി ബ���് ഉണ്ടാകുമെ�് കരുത�ടു� ഗതാഗത�ുരു�് ഒരു പരിധിവരെ മെട്രോ റെയി� വഴി ഒഴിവാ�ാ� കഴിയുമെ�ാണ് കണ�ാ��ടു�ത്. ഈ പ�തി വിജയകരമെ�് കണ്ടാ� മ�ാ�രിയിലേ�് നീ�ും. കൊ�ി നഗര�ിലെ റോഡുക� വികസി�ി�ാ� കഴിയാ� സാഹചര്യ�ിലാണ് മെട്രോ പ�തിയുമായി മു�ാ�് പോകാ� സ�ാ� തീരുമാനി�ത്. ഇതിനാവശ്യമായ തുക കേ� �സംസ്ഥാന സ�ാരുക� തുല്യമായി വഹി�ും.

ധനകാര്യവകു�് സ�ാ� സ�വീസിലും പൊതുമേഖലാ സ്ഥാപന�ളിലും പുതുതായി ജോലിയി� പ്രവേശി�ു�വ�് ഏ��ടു�ിയി�ു� പ�ാളി� പെ�ഷ� പി�വലി�ാ� മ�ിസഭായോഗം തീരുമാനി��ും. അബ്കാരി തൊഴിലാളികളുടെ പെ�ഷ� പ്രായം 58 � നി�് 60 ആ�ും. മു� കെ. ടി.ഡി.എഫ്.സി. മാനേജിംഗ് ഡയറക്ട� രാജശ്രീ അജി�ിന് ഡപ്യൂ�ഷ� വ്യവസ്ഥയി� പുതിയ നിയമനം ന�കു� കാര്യവും മ�ിസഭായോഗം പരിഗണി�ും.

(മംഗളം ഫോണ്ട് പ്രശ്നം)

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w