പത്രവാര്‍ത്തകള്‍ 1-1-08

 

1. ബേനസീറിനെ വെടിവച്ചതുതന്നെ
ഇസ്ലാമാബാദ്: ബ്രിട്ടീഷ് ടിവി ചാനല്‍ പുതിയ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വെടിയേറ്റു തന്നെയാണു മരിച്ചതെന്നും പാക്ക് സര്‍ക്കാര്‍ അതു മറച്ചു വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും കൂടുതല്‍ വ്യക്തമായി.

ബ്രിട്ടനിലെ ചാനല്‍ 4 ആണ് പുതിയ വിഡിയോ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്തത്. ബുള്ളറ്റ്പ്രൂഫ് വാഹനത്തിന്റെ സണ്‍റൂഫിലൂടെ ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ടിരുന്ന ബേനസീര്‍ വെടി വയ്പുണ്ടായ ഉടനെയാണ് ഉള്ളിലേക്കു വീണത്. ചാവേര്‍ സ്ഫോടനം അതിനുശേഷമാണു നടന്നത്.

സ്ഫോടനത്തിന്റെ ആഘാതത്തെത്തുടര്‍ന്നു വീണപ്പോള്‍ സണ്‍റൂഫിന്റെ  ലിവറില്‍ തട്ടിയാണ് ബേനസീറിനു മാരകമായ പരുക്കേറ്റ തെന്നായിരുന്നു പാക്ക് സര്‍ക്കാരിന്റെ വാദം. സ്ഫോടനത്തില്‍ കാറിലുണ്ടായിരുന്ന മറ്റാര്‍ക്കും പരുക്കേറ്റിട്ടില്ലതാനും.

തോക്കുധാരി വെടിവച്ച ഉടന്‍ ബേനസീറിന്റെ മുടി, സ്കാര്‍ഫ്, ശിരസ് എന്നിവ പെട്ടെന്നു മേലോട്ടു ചലിക്കുന്നതു വിഡിയോയില്‍ വ്യക്ത മാണ്. ഇതോടൊപ്പം മറ്റൊന്നും ചലിക്കുന്നതായി കാണുന്നു മില്ല. തുടര്‍ന്നാണു ബേനസീര്‍ വീഴുന്നത്. വെടിയേറ്റുവെന്ന താണ് ഇൌ ചലനം സൂചിപ്പിക്കുന്നതെന്നാണു വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫോട്ടോകളും ഇതേ സൂചനകള്‍ തന്നെയാണു നല്‍കിയത്.

ഏതാനും മീറ്റര്‍ മാത്രം അകലെ ഇടതുവശത്തായി നിന്നിരുന്ന കൊലയാളി പുറംതിരിഞ്ഞു നിന്നിരുന്ന ബേനസീറിന്റെ ഇടതുവശത്തു തലയുടെ താഴ്ഭാഗത്തായി വെടിവച്ചുവെന്നു ദൃശ്യങ്ങള്‍ തെളിയിക്കുന്ന തായി ബാലിസ്റ്റിക്സ് വിദഗ്ധന്‍ റോഗര്‍ ഗ്രേ വിശദീകരിച്ചു. നൂറുകണക്കിനാളുകള്‍ കാറിനു ചുറ്റും നില്‍ക്കുന്നതും ആളുകളെ മാറ്റിനിര്‍ത്താന്‍ മിനക്കെടാതെ മൂന്നു പൊലീസുകാര്‍ കാറിനു പിന്നില്‍ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.

സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്ന പാക്ക് സര്‍ക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് അമേരിക്കയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനിടയുള്ള ഹിലരി ക്ളിന്റന്‍ അഭിപ്രായപ്പെട്ടു. പാക്ക് പട്ടാളമാണു പിന്നിലെന്നു തെളിച്ചുപറയാ തിരുന്ന ഹിലരി, കൊലപാതകം നടന്ന റാവല്‍പിണ്ടി സൈനികനഗരമാണെന്നു മാത്രം ഒാര്‍മിപ്പിച്ചു.

രാജ്യാന്തര അന്വേഷണം ആവശ്യമാണെന്നും ആവര്‍ത്തിച്ചു.ഇതിനിടെ, മുത്താഹിദ ക്വാമി മൂവ്മെന്റ് നേതാവ് ഫാറൂഖ് സത്താര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടുവെന്ന ഉൌഹാപോഹങ്ങളെത്തുടര്‍ന്നു കറാച്ചിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.

2. ബേനസീര്‍: പുതിയ വീഡിയോ
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ ചിത്രം പുറത്തു വിട്ടു. ഭൂട്ടോ വെടിയേറ്റു വീഴുന്ന രംഗങ്ങളാണ് പുതിയ വീഡിയോയിലുള്ളത്. ഒരു അമേച്വര്‍ വീഡിയോഗ്രാഫര്‍ എടുത്ത ചിത്രങ്ങളാണ് ചാനല്‍ ഫോര്‍  ന്യൂസ് പുറത്തു വിട്ടത്. വെടിവെച്ച യുവാവിനെയും ചാവേറെന്ന് സംശയിക്കുന്ന യുവാവിനെയും ചിത്രത്തില്‍ കാണാം. സര്‍ക്കാര്‍ വിശദീകരണങ്ങളെ ഖണ്ഡിക്കുന്നതാണ് പുതിയ ചിത്രങ്ങള്‍. ബേനസീറിന് മതിയായ സുരക്ഷ നല്‍കിയിരുന്നില്ലെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

3. എസ്സിഇആര്‍ടിയില്‍ ഫണ്ടില്ലാതെ ശമ്പള പരിഷ്കരണം, വിവാദം
തിരുവനന്തപുരം: ഓപ്പണ്‍ സ്കൂള്‍ ഫണ്ടില്‍ നിന്നു പ്രതിവര്‍ഷം 40 ലക്ഷം രൂപ വകമാറ്റി എസ്സിഇആര്‍ടിയിലെ 22 അക്കാദമിക് ജീവനക്കാര്‍ക്കു വഴിവിട്ട ശമ്പളപരിഷ്കരണം. വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ വസതിയില്‍ ചേര്‍ന്ന കൌണ്‍സിലിന്റെ ഭരണസമിതി യോഗമാണു  തീരുമാനമെടുത്തത്.

കൌണ്‍സിലില്‍ നിലവില്‍ ഫിനാന്‍സ് ഓഫിസര്‍ ഇല്ലാതിരുന്നതിനാല്‍ എന്‍ജിഒ യൂണിയന്‍ നേതാവിനു ഫിനാന്‍സ് ഓഫിസറുടെ അധികച്ചുമതല നല്‍കിയായിരുന്നു ഇത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ വന്‍ബാധ്യത വരുന്ന  ശമ്പള പരിഷ്കരണം നടത്താന്‍ കൌണ്‍സില്‍ ശുപാര്‍ശ ചെയ്തെങ്കിലും ഫണ്ട് ഇല്ലാത്തതിനാല്‍ നിരസിച്ചു. ഓരോ ജീവനക്കാരനും ശരാശരി 18 മുതല്‍ 20 ലക്ഷം രൂപ വരെ കുടിശികയിനത്തില്‍ ലഭിക്കുന്ന പാക്കേജാണു നേരത്തെ അവതരിപ്പിച്ചത്.

കഴിഞ്ഞ ഭരണസമിതി യോഗത്തിലും ശമ്പള പരിഷ്കരണ നീക്കം നടന്നെങ്കിലും സെക്രട്ടേറിയറ്റില്‍ നിന്നു ഡപ്യൂട്ടേഷനിലെത്തിയ ഫിനാന്‍സ് ഓഫിസര്‍ ശക്തമായി എതിര്‍ത്തതോടെ അതു നടന്നില്ല.  അദ്ദേഹത്തിന്റെ ഡപ്യൂട്ടേഷന്‍ തീര്‍ന്നതോടെ  എന്‍ജിഒ യൂണിയന്‍ നേതാവിനു ഫിനാന്‍സ് ഓഫിസറുടെ അധികച്ചുമതല നല്‍കി.

സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഒരു സംസ്ഥാന നേതാവ് കൌണ്‍സിലില്‍ ജീവനക്കാരനാണ്. അദ്ദേഹം മൂന്നു മാസത്തിനകം വിരമിക്കും. അതിനാല്‍ ഉടന്‍ ശമ്പള പരിഷ്കരണം നടത്താന്‍ കൌണ്‍സിലിലെ ഉന്നതര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

ഫണ്ടില്ലാതിരുന്നിട്ടും ഡപ്യൂട്ടേഷനിലെത്തിയ 14 പേര്‍ക്കും നേരിട്ടു നിയമിച്ച എട്ടുപേര്‍ക്കും തൊട്ടുമുകളിലത്തെ സ്കെയിലില്‍ ഉയര്‍ന്ന ശമ്പളം നല്‍കാനാണു തീരുമാനം. ഇതിനു 1999 മുതലുള്ള മുന്‍കാല പ്രാബല്യവും ഉണ്ടാകും. എന്നാല്‍ നേരിട്ടു നിയമനം ലഭിച്ചവര്‍ക്കു ഡപ്യൂട്ടേഷനില്‍ എത്തിയവരെക്കാള്‍ കുറഞ്ഞ വര്‍ധനയാണു നല്‍കിയത്. ഈ വിവേചനം അവരില്‍ അമര്‍ഷമുളവാക്കി.

ശമ്പള പരിഷ്കരണം നടത്താന്‍ കൌണ്‍സില്‍ തീരുമാനിച്ചെങ്കിലും പണമില്ലെന്ന സത്യം ഭരണസമിതി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ മറച്ചുവച്ചു. പകരം ഓപ്പണ്‍ സ്കൂളിലേക്കു വിദ്യാര്‍ഥികള്‍ ഫീസ് ഇനത്തില്‍ നല്‍കുന്ന തുക വകമാറ്റാനാണ് ആലോചന. പ്രതിവര്‍ഷം നാലു കോടി രൂപയിലധികം ഇവിടെ ലഭിക്കാറുണ്ട്.

അതില്‍ നിന്നു 1999 മുതല്‍ പ്രതിവര്‍ഷം 40 ലക്ഷം രൂപ വീതം കൌണ്‍സില്‍ ഫണ്ടിലേക്കു വകമാറ്റാനാണു തീരുമാനം. കൌണ്‍സിലിന്റെ ഭൌതിക സൌകര്യം വര്‍ധിപ്പിക്കാനാണ് ഈ വകമാറ്റലെന്നു ഭരണസമിതി മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഫണ്ട് വകമാറ്റരുതെന്ന് അക്കൌണ്ടന്റ് ജനറല്‍ കഴിഞ്ഞ മൂന്നു റിപ്പോര്‍ട്ടുകളില്‍ ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. പക്ഷേ അതെല്ലാം അവഗണിച്ചാണ് ഈ തീരുമാനം.

അതേസമയം ഒരേ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു രണ്ടുതരം ശമ്പളം നല്‍കുന്നത് അവസാനിപ്പിച്ച് ഏകീകൃത സ്കെയില്‍ നല്‍കാനാണു പരിഷ്കരണം ഏര്‍പ്പെടുത്തിയതെന്ന് എസ്സിഇആര്‍ടി ഡയറക്ടര്‍ പ്രഫ. എം.എ. ഖാദര്‍ പറഞ്ഞു. ഇതിനു മുന്‍കാല പ്രാബല്യം നല്‍കില്ല. ഫണ്ട് എവിടെ എന്ന ചോദ്യത്തിന്, അതു  സര്‍ക്കാരാണു നല്‍കേണ്ടതെന്നായിരുന്നു മറുപടി.

4. ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കണം
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ആശുപത്രികളില്‍ ചികില്‍സാ നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ ഡല്‍ഹി ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു. ചികില്‍സാ ചെലവ് താങ്ങാനാവുന്നതാണോയെന്നു രോഗികള്‍ക്ക് മുന്‍കൂട്ടി ധാരണ ലഭിക്കാന്‍ വേണ്ടിയാണിത്. ചികില്‍സാ ചെലവിന്റെ കാര്യത്തില്‍ ആശുപത്രി അധികൃതര്‍ അവ്യക്തത നിലനിര്‍ത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ആസ്തമ രോഗചികില്‍സയ്ക്കിടെ ചെലവു വ്യക്തമാക്കിയിരുന്നില്ലെന്ന പരാതിയില്‍ രോഗിയായ നാഥുറാം ബന്‍സലിനു ശാന്തി മുകുന്ദ് ആശുപത്രി കാല്‍ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ചികില്‍സയ്ക്ക് ശേഷം ഒരു ലക്ഷത്തിലേറെ രൂപയുടെ ബില്ലാണ് ശാഹ്ദ്ര നിവാസിയായ ബന്‍സലിനു കിട്ടിയത്.

1. രജിസ്ട്രേഷനില്‍ ആള്‍മാറാട്ടം നടത്തി ഭൂമി തട്ടിപ്പ്
തിരുവനന്തപുരം: ആള്‍മാറാട്ടത്തിലൂടെ ഉടമ അറിയാതെ ഭൂമി കൈമാറ്റം നടത്തുകയും രേഖകള്‍ ഉപയോഗിച്ച് വന്‍തോതില്‍ ബാങ്ക് വായ്പ തരപ്പെടുത്തുകയും ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചു. ഭൂമി തട്ടിപ്പ് തടയാന്‍ രജിസ്ട്രേഷന്‍ നിയമം ശക്തിപ്പെടുത്തിയെങ്കിലും കുറുക്കുവഴികളിലൂടെ ഇപ്പോഴും ഭൂമി തട്ടിയെടുക്കുന്നതായാണ് വിവരം. തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രണ്ട് പേരുടെ ഭൂമി ഇങ്ങനെ നഷ്ടപ്പെട്ടതായി അധികൃതര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.
ഉടമ സ്ഥലത്തില്ലാത്തതും കാര്യമായി നോട്ടമില്ലാത്തതുമായ ഭൂമിയാണ് ഇപ്രകാരം കൈമാറ്റം ചെയ്യുന്നത്. യഥാര്‍ഥ ഉടമയില്‍ നിന്ന് വിലയുറപ്പിച്ച് അഡ്വാന്‍സ് വാങ്ങിയ ശേഷം പരിശോധനക്ക് ആധാരം കൈക്കലാക്കിയും തട്ടിപ്പ് അരങ്ങേറുന്നുണ്ട്. തണ്ടപ്പേരില്‍ മാറ്റംവരുത്താതെയാണ് ഈ തട്ടിപ്പ്. ഉടമയുടെ അതേപേരില്‍ അപരന്‍ രജിസ്ട്രാര്‍ ഓഫീസിലെത്തി രേഖകളില്‍ ഒപ്പിട്ടു നല്‍കുന്നു. നിയമപ്രകാരം ഒരാളുടെ വസ്തു കൈമാറ്റം ചെയ്യുന്നതിന് ഒറിജിനല്‍ പ്രമാണവും കരംതീര്‍ത്ത രസീതും ആവശ്യമില്ല. പകര്‍പ്പുമായി ചെല്ലുന്നവര്‍ക്കും രജിസ്ട്രേഷന്‍ നടത്തി നല്‍കുന്നുണ്ട്. യഥാര്‍ഥ ഉടമകളാണോ ഇതെന്ന് അറിയാന്‍ രണ്ട് സാക്ഷികള്‍ ആവശ്യമുണ്ട്. എന്നാല്‍ എല്ലാ രജിസ്ട്രാര്‍ ഓഫീസുകളിലും സ്ഥിരം സാക്ഷികളാണുള്ളത്. കൈമടക്ക് വാങ്ങി ഇവരാണ് സാക്ഷിയായി എല്ലാ ആധാരങ്ങളിലും ഒപ്പുവെക്കുന്നത്.

ഒരാളുടെ പേരിലുള്ള വസ്തുവിന്റെ ആധാരം സംഘടിപ്പിക്കുകയും യഥാര്‍ഥ ആളിന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരാളുടെ ഫോട്ടോ വെയ്ക്കുകയും അതിനുശേഷം അയാള്‍ തന്നെ യഥാര്‍ഥ ഉടമയെന്ന പേരില്‍ ഒപ്പിട്ടു കൊടുക്കുകയുമാണ് ചെയ്യുന്നത്. പലപ്പോഴും യഥാര്‍ഥ ആധാരം നശിപ്പിച്ച ശേഷം അടയാളസഹിതം പകര്‍പ്പെടുത്താണ് തട്ടിപ്പ് നടത്തുന്നത്. ഇതില്‍ ഉടമയുടെ ഫോട്ടോ കാണുകയുമില്ല.
തലസ്ഥാനത്ത് ഒരാളുടെ വസ്തു വില്‍പന ഉറപ്പിക്കുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്ത ശേഷം ആറ് മാസത്തിനകം ആധാരം നടത്താമെന്ന് ധാരണയുണ്ടാക്കി. ആറ് മാസം കഴിഞ്ഞിട്ടും വാങ്ങാമെന്നേറ്റ ആളെ കാണാതെ അന്വേഷിച്ചപ്പോഴാണ് സ്വന്തം പേരിലുള്ള വസ്തു കൈമാറ്റംചെയ്യപ്പെട്ടതായി ഉടമ മനസ്സിലാക്കുന്നത്. ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. 20 ലക്ഷം രൂപയ്ക്ക് വസ്തു കച്ചവടം നടത്താന്‍ രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ഉടമയും തട്ടിപ്പിനിരയായി. ആറ് മാസം കഴിഞ്ഞും വാങ്ങാമെന്നേറ്റ ആളെത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് രേഖകള്‍ കൈക്കലാക്കിയ സംഘം ഉടമയുടെ പേരില്‍ തന്നെ 20 ലക്ഷം വായ്പഎടുത്തതായി തെളിഞ്ഞത്. അവരും പരാതി നല്‍കിയിട്ടുണ്ട്. ഈട് നല്‍കിയ വസ്തു കൈക്കലാക്കാന്‍ ബാങ്കുകാര്‍ എത്തുന്ന സ്ഥിതിയുമുണ്ടായി. വസ്തു വില്‍പനയ്ക്ക് എന്ന ബോര്‍ഡ് വച്ച ഒരാളുടെ ഭൂമി രജിസ്റ്റര്‍ ചെയ്ത് കൊണ്ടുപോയ സംഭവവുമുണ്ടായി.
ചില ആധാരം എഴുത്തുകാരുടെ കൂടി സഹായത്തോടെയാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരത്തോടൊപ്പം നല്‍കുന്ന ഫയലിംഗ് ഷീറ്റുകളില്‍ ഫോട്ടോ പതിക്കാത്തതാണ് ഈ തട്ടിപ്പിന് ഒരു പരിധിവരെ കാരണമാകുന്നത്. ആധാരത്തില്‍ മാത്രം ഫോട്ടോ ഒട്ടിക്കുന്നുവെന്നതിനാല്‍ രജിസ്ട്രാര്‍ ഓഫീസില്‍ രേഖകള്‍ ഉണ്ടാകില്ല.

സംസ്ഥാനത്ത് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്ന സ്ഥിതി വന്നപ്പോള്‍ വിജിന്‍സ് ശിപാര്‍ശയെ തുടര്‍ന്നാണ് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കിയത്. എന്നാല്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന വ്യവസ്ഥയില്‍ അധികം കഴിയും മുമ്പെ വെള്ളംചേര്‍ത്തു. റേഷന്‍ കാര്‍ഡാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. ഇതില്‍ ഫോട്ടോയില്ല. മാത്രമല്ല ആധാര സമയത്ത് ഹാജരാക്കുന്ന രേഖകള്‍ എങ്ങനെ സൂക്ഷിക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം സബ്രജിസ്ട്രാര്‍ ഓഫീസുകള്‍ക്കില്ല. അതുകൊണ്ടുതന്നെ ഭൂരിഭാഗം കേസുകളിലും അവര്‍ രേഖ വാങ്ങിവെക്കുന്നില്ല. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെക്കുമ്പോള്‍ തന്നെ ഫോട്ടോ സ്കാന്‍ ചെയ്ത് സൂക്ഷിക്കാറുണ്ട്. എന്നാല്‍ കോടിക്കണക്കിന് രൂപ കമ്പ്യൂട്ടര്‍വത്കരണത്തിന് ചെലവിട്ടിട്ടും രജിസ്ട്രേഷന്‍ വകുപ്പിന് ഇതിന് കഴിയുന്നില്ല.

2. ചിന്നക്കനാല്‍: 600 വ്യാജ പട്ടയങ്ങള്‍ പിടിച്ചെടുത്തു
തൊടുപുഴ: ചിന്നക്കനാല്‍ വില്ലേജ് ഓഫീസില്‍ നിന്ന് 600 വ്യാജ പട്ടയങ്ങള്‍ ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് പിടിച്ചെടുത്തു. ഒപ്പം 100 വ്യാജ തണ്ടപ്പേരുകളും കണ്ടെത്തിയിട്ടുണ്ട്. 600 വ്യാജ പട്ടയങ്ങള്‍ വഴി ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഭൂമാഫിയ കൈയടക്കിയതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

പിടിച്ചെടുത്ത വ്യാജ പട്ടയങ്ങള്‍ ഓരോന്നും അഞ്ചുമുതല്‍ പത്തേക്കര്‍ വരെ ഭൂമിയുടേതാണ്. റവന്യൂ വകുപ്പ് വനംവകുപ്പിന് കൈമാറിയ സ്ഥലത്തിന്റെ സര്‍വേ നമ്പറുകളിലാണ് പല വ്യാജ പട്ടയങ്ങളും നിര്‍മിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് യൂക്കാലി പ്ലാന്റേഷന്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളാണ് വ്യാജ പട്ടയം ഉണ്ടാക്കിയതിലേറെയും.
പിടിച്ചെടുത്ത 600 പട്ടയങ്ങളും സര്‍ക്കാര്‍ പട്ടയങ്ങളുടെ അതേ മാതൃകയില്‍ നിര്‍മിച്ചവയാണ്. ഈ പട്ടയങ്ങളുമായി ബന്ധപ്പെട്ട 100 തണ്ടപ്പേരുകളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. 100 തണ്ടപ്പേര്‍ വിലാസങ്ങളില്‍ രേഖകളുമായി ഹാജരാകാന്‍ അറിയിപ്പ് നല്‍കിയ ജില്ലാ കലക്ടറുടെ നോട്ടീസ് മേല്‍വിലാസക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന തപാല്‍ വകുപ്പിന്റെ കുറിപ്പുമായി തിരിച്ചെത്തുകയായിരുന്നു. തണ്ടപ്പേരുകള്‍ വ്യാജമാണെന്ന് തെളിഞ്ഞത് ഈ പരിശോധനയിലാണ്.
ചിന്നക്കനാല്‍ വില്ലേജിലെ വ്യാജ പട്ടയങ്ങളെക്കുറിച്ചും വ്യാജ തണ്ടപ്പേര്‍ രജിസ്റ്റര്‍ നമ്പറുകള്‍ വഴി സര്‍ക്കാര്‍ ഭൂമി കൈയേറപ്പെട്ടതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്താനുള്ള ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗിന്റെ നിര്‍ദേശം രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഇതിനിടെ നിരാകരിച്ചതായാണ് സൂചന. ഭരണകക്ഷിയിലെ പ്രമുഖ നേതാക്കള്‍ ചിന്നക്കനാലിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടെന്ന് തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗിനെ സ്ഥലം മാറ്റാനും ഇതിനൊപ്പം ഭൂമാഫിയ ശ്രമമാരംഭിച്ചു. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയെയും നേതാക്കളെയും ജില്ലാ കലക്ടര്‍ കൈയേറ്റക്കാരായി ചിത്രീകരിക്കുകയാണെന്നാണ് ആക്ഷേപം. അതുകൊണ്ട് ജില്ലാ കലക്ടറെ ഉടന്‍ സ്ഥലം മാറ്റണമെന്നും ചിന്നക്കനാല്‍ കൈയേറ്റം സംബന്ധിച്ച തുടരന്വേഷണം മരവിപ്പിക്കണമെന്നും ഭരണകക്ഷി നേതാക്കള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് സൂചന.

ഇടതുമുന്നണി നേതാവ് പി.ജെ. ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്റര്‍ ആദിവാസി ഭൂമി സ്വന്തമാക്കിയതിനെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ അന്നത്തെ ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമിയെ വി.എസ് മന്ത്രിസഭ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു. രാജു നാരായണസ്വാമിക്ക് പകരം നിയോഗിക്കപ്പെട്ട അശോക്കുമാര്‍ സിംഗ് സി.പി.എമ്മുമായി ബന്ധപ്പെട്ട കൈയേറ്റം കണ്ടെത്തിയതാണ് ഇപ്പോള്‍ മുന്നണി നേതൃത്വം അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണം. മൂന്നാര്‍ ദൌത്യസംഘത്തില്‍ അംഗമായ അശോക്കുമാര്‍ സിംഗ് കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട സര്‍വേ രേഖകള്‍ ഹാജരാക്കാന്‍ സര്‍വേ വകുപ്പിനോട് ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ ഹാജരാക്കാന്‍ സര്‍വേ വകുപ്പ് വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് ചിന്നക്കനാല്‍ വില്ലേജിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കള്‍ തന്നെ കലക്ടര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

3. തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനം സ്തംഭിച്ചു
തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം ശേഷിക്കേ തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ഡിസംബര്‍ പകുതി കഴിഞ്ഞപ്പോഴും തദ്ദേശ മന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയില്‍ ഒരു പദ്ധതിക്കുപോലും അംഗീകാരം ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പല പഞ്ചായത്തുകളും വാര്‍ഷിക പദ്ധതികള്‍ അംഗീകരിക്കാതിരിക്കുകയും സമര്‍പ്പിച്ച പദ്ധതികളില്‍ മൂന്നിലൊന്നിനുപോലും സാങ്കേതിക അനുമതി ലഭിക്കാതിരിക്കുകയും ചെയ്യവേ പട്ടികജാതി^വര്‍ഗ പ്രത്യേക ഘടകപദ്ധതികള്‍, മരാമത്തുപണികള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അപ്പാടെ മുടങ്ങിയിരിക്കുകയാണ്.

ആകെയുള്ള 999 ഗ്രാമപഞ്ചായത്തുകളില്‍നിന്ന് 46175 പദ്ധതികള്‍ സാങ്കേതിക അനുമതിക്ക് സമര്‍പ്പിച്ചതില്‍ 12738 പദ്ധതികള്‍ക്ക് മാത്രമാണ് ബ്ലോക്കുതല സാങ്കേതിക ഉപദേശക സമിതിയുടെ (ടാഗ്) അനുമതി ലഭിച്ചത്. സാങ്കേതിക ഉപദേശകസമിതി ചേരാത്തതും മറ്റും കാരണം 33437 പദ്ധതികള്‍ക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല. ആകെ 51204 പദ്ധതികള്‍ക്കാണ് സാങ്കേതിക അനുമതി ആവശ്യമുള്ളത്.
മാര്‍ച്ചില്‍ സാമ്പത്തികവര്‍ഷം അവസാനിക്കവേ പദ്ധതികള്‍ക്ക് ഇനി അനുമതി ലഭിച്ചാല്‍ തന്നെ അവക്കുവേണ്ടി പത്രപരസ്യം നല്‍കി ടെണ്ടര്‍ ക്ഷണിച്ച് പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതി ലഭിക്കുമ്പോള്‍ ഫെബ്രുവരി ആകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പദ്ധതിയുടെ 40 ശതമാനത്തോളം വരുന്ന പൊതുമരാമത്തു പണികളാവും ഇതുമൂലം ഏറെ തടസ്സപ്പെടുക. ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണം, കൃഷി, കുടിവെള്ളം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനം നടത്താനാവാതെയും നടപ്പാക്കുന്നവയുടെ ഗുണമേന്മ ഉറപ്പാക്കാനാവാതെയും തദ്ദേശ സ്ഥാപനങ്ങള്‍ കുഴയും.

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലായി ആറാട്ടുപുഴ, തിരുവന്‍വണ്ടൂര്‍, കൊഴുവനാല്‍, വല്ലപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഈ മാസം മധ്യവാരം വരെയും വാര്‍ഷിക പദ്ധതികള്‍ അംഗീകരിക്കാന്‍ തയാറാകാത്തവ. ഇതില്‍ വല്ലപ്പുഴ പഞ്ചായത്ത് ഓഫീസില്‍ രേഖകള്‍ കത്തി നശിച്ചതിനാല്‍ ജനകീയാസൂത്രണത്തില്‍ എത്ര തുക ചെലവഴിച്ചു, എത്ര പദ്ധതികള്‍ നടപ്പാക്കി എന്നുപോലും പരിശോധിക്കാനാവാത്ത സ്ഥിതിയാണ്. നൂറ്റിരണ്ട് പഞ്ചായത്തുകളുള്ള മലപ്പുറത്താവട്ടെ ഈ കാലയളവില്‍ ഒരു പദ്ധതിക്ക് പോലും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല. സാങ്കേതിക അനുമതി 7505 പദ്ധതികള്‍ക്ക് ആവശ്യമായിരിക്കെ വെറും 3381 പദ്ധതികള്‍ മാത്രമാണ് ജില്ലയില്‍ പഞ്ചായത്തുകള്‍ സമര്‍പ്പിച്ചത്. സമര്‍പ്പിച്ച പദ്ധതികളില്‍ 175 എണ്ണത്തിന് സാങ്കേതിക അനുമതി ലഭിച്ച കാസര്‍കോടും 182 ത്തിന് മാത്രം അനുമതി ലഭിച്ച കോട്ടയവും തൊട്ടടുത്ത് നില്‍ക്കുന്നു. കൊല്ലം ജില്ലയിലാണ് ഏറ്റവും അധികം പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചത്^1964. എറണാകുളം ജില്ലയില്‍ 1857 പദ്ധതികള്‍ക്കും കോഴിക്കോട് 1802 നും തലസ്ഥാന ജില്ലയില്‍ 1731 എണ്ണത്തിനുമാണ് സാങ്കേതിക അനുമതി ലഭിച്ചത്.

നിര്‍ണായക ചുമതലകള്‍ ഏല്‍പിച്ച ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ (ഐ.കെ.എം) ഭാഗത്തുനിന്നുമുണ്ടായ ഗുരുതര പിഴവുകളാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി സമര്‍പ്പണത്തില്‍ ഏറെ പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14 ആയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജനകീയാസൂത്രണത്തിലെ കഴിഞ്ഞ 10 വര്‍ഷം ഘടകപദ്ധതികള്‍ക്ക് ചെലവഴിച്ച തുക ഈ വര്‍ഷത്തെ പദ്ധതിയില്‍ വകകൊള്ളിക്കണമെന്ന് തലേദിവസം മാത്രം ഐ.കെ.എം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പദ്ധതി സമര്‍പ്പണ തീയതി നീട്ടാന്‍ തദ്ദേശ വകുപ്പ് നിര്‍ബന്ധിതമാവുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്തുകള്‍ തയാറാക്കിയ പദ്ധതികള്‍ പൊളിച്ചെഴുതേണ്ടിവന്നു. മാത്രമല്ല അച്ചടിച്ച ഫാറങ്ങളില്‍ തയാറാക്കിയ പദ്ധതികള്‍ സീഡികളിലേക്ക് മാറ്റി സമര്‍പ്പിക്കണമെന്ന് ഐ.കെ.എം നിര്‍ദേശിച്ചതും കാലതാമസത്തിന് ഇടയാക്കി.

1. പകര്‍ച്ചവ്യാധി: ആനക്കളരി അടച്ചു
പെരുമ്പാവൂര്‍: കോടനാട് ആനക്കളരിയില്‍ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഒരാഴ്ചയ്ക്കകം രണ്ട് കുട്ടിയാനകള്‍ ചരിഞ്ഞ സാഹചര്യത്തില്‍ 15 ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ഡിഎഫ്ഒ എന്‍. സുധീഷ് അറിയിച്ചു.

നിരഞ്ജന്‍, അശ്വതി എന്നീ രണ്ട് കുട്ടിയാനകളാണ് അജ്ഞാത വൈറസ് ബാധയെത്തുടര്‍ന്ന് ചരിഞ്ഞത്. രോഗകാരിയായ വൈറസ് മനുഷ്യര്‍ക്കും ഭീഷണിയാണെന്ന് പറയുന്നു. വനം വകുപ്പിന്റെ ഡോക്ടര്‍മാരായ ഡോ. ഇ.കെ. ഈശ്വരന്‍, ഡോ. അരുണ്‍ സക്കറിയ എന്നിവര്‍ കളരിയില്‍ ക്യാമ്പ് ചെയ്ത് മറ്റ് ആനകളെ നിരീക്ഷിക്കുന്നുണ്ട്. ആനകളെ കൂട്ടില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

2. ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയിലും എസ്.പി.സി.എസ് കൈയിട്ടുവാരുന്നു
കോട്ടയ്ക്കല്‍: അഞ്ചുകോടിയോളം വരുന്ന സാമ്പത്തികബാധ്യത തീര്‍ക്കാന്‍ ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയിലും സാഹിത്യപ്രവര്‍ത്തക സംഘം കൈയിട്ടുവാരുന്നു. ജീവിതത്തിന്റെ വലിയൊരളവ് സംഘത്തില്‍ ജോലിചെയ്ത് തീര്‍ത്ത ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയുടെ 35ശതമാനം സംഘം പുനരുദ്ധാരണഫണ്ടിലേക്ക് അടയ്ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഗ്രന്ഥകാരന്മാര്‍ക്ക് കൊടുക്കാനുള്ള റോയല്‍റ്റിയുടെ 50ശതമാനം പുനരുദ്ധാരണഫണ്ടിലേക്ക് ബലമായി പിടിച്ചുവാങ്ങിയതിന്റെ തുടര്‍ച്ചയാണ് ഈ നടപടി.

സംഘത്തിന്റ നഷ്ടം നികത്താന്‍ സഹകരണമന്ത്രികൂടിയായ ജി.സുധാകരന്റെ നേതൃത്വത്തില്‍ ആസൂത്രണംചെയ്ത പദ്ധതിയുടെ ഭാഗമാണ് പുതിയ പുനരുദ്ധാരണഫണ്ട് രൂപവത്കരണം. എന്നാല്‍ സംഘം നഷ്ടത്തിലായത് ഭരണാധികാരികളുടെ ധൂര്‍ത്തും പിടിപ്പുകേടും മൂലമാണെന്ന് ജീവനക്കാരും എഴുത്തുകാരും പറയുന്നു. ഇതിന്റെ ഭാരം തങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സംഘത്തിന്റെ ശ്രമമെന്നാണ് ഇവരുടെ പരാതി. 1996ല്‍ പൂച്ചാലി ഗോപാലന്‍ കണ്‍വീനറായി ഒരു പുനരുദ്ധാരണസമിതി രൂപവത്കരിച്ചിരുന്നു. അതിന് സര്‍ക്കാര്‍ ലക്ഷങ്ങളുടെ ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. അന്ന് എന്ത് പുനരുദ്ധാരണമാണ് നടന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ആര്‍ക്കുംവേണ്ടാത്ത പുസ്തകങ്ങള്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം വന്‍തോതില്‍ അച്ചടിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. കേട്ടുകേള്‍വി പോലുമില്ലാത്ത എഴുത്തുകാരുടെ പുസ്തകങ്ങളായിരുന്നു ഇതിലധികവും. കണ്ണൂരിലെ ഒരു ഏഴാംക്ലാസ് വിദ്യാര്‍ഥിയുടെ കവിതാ സമാഹാരവും ഇതില്‍പ്പെടും. ഇത്തരം പുസ്തകങ്ങള്‍ വിറ്റുപോവാത്തതിനാല്‍ സഹകരണസ്ഥാപനങ്ങളിലെ ലൈബ്രറികളില്‍ നിര്‍ബന്ധമായും വാങ്ങണം എന്ന നിര്‍ദ്ദേശം പുറപ്പെടുവിക്കുകയാണ് ചെയ്തത്. അതേസമയം സംഘത്തിന് പകര്‍പ്പവകാശമുള്ളതും സാമ്പത്തിക നേട്ടമുള്ളതുമായ പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കാന്‍ സംഘം ശ്രമിച്ചിട്ടുമില്ല. പ്രവര്‍ത്തനങ്ങളോട് യോജിക്കാനാവാതെ മിക്ക എഴുത്തുകാരും സ്വന്തം പുസ്തകങ്ങള്‍ സംഘത്തെ തഴഞ്ഞ് മറ്റു പ്രസാധകര്‍ക്ക് നല്‍കി. സംഘസ്ഥാപകനായ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകള്‍ ബി.സരസ്വതി ഇപ്പോഴത്തെ ഭരണസമിതിയിലുണ്ടായിട്ടും കാരൂര്‍ കഥകളുടെ സമ്പൂര്‍ണ സമാഹാരം അച്ചടിക്കുന്നത് എച്ച് ആന്‍ഡ് സിയാണ്.

ഈ സാഹചര്യം നിലനില്‍ക്കെയാണ് സംഘത്തിന്റെ നഷ്ടം നികത്താന്‍ മുന്‍ ജീവനക്കാരെ പിഴിയുന്നത്. രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കിയിട്ടില്ല. സമ്മര്‍ദ്ദം സഹിക്കാനാവാതെ ചിലര്‍ ഗ്രാറ്റുവിറ്റിയുടെ പത്തുശതമാനം വരെ ഫണ്ടിലേക്ക് നല്‍കാം എന്ന് മനസ്സില്ലാമനസ്സോടെ സമ്മതിച്ചിട്ടുണ്ട്.

3. കെ.ജയകുമാറിന് പ്രശംസ
ശബരിമല സ്പെഷ്യല്‍ ഓഫീസറായി നിയോഗിക്കപ്പെട്ട് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് നേതൃപരമായ പങ്കിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ച കെ.ജയകുമാറിന് മന്ത്രിമാരുടെ പരസ്യമായ അഭിനന്ദനം. ശബരിമല ഗവ.ആസ്പത്രിയോട്ചേര്‍ന്നുള്ള ഓപ്പറേഷന്‍ തിയേറ്ററിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി സ്പെഷ്യല്‍ഓഫീസറെ പ്രശംസിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മന്ത്രി ജി.സുധാകരനും ജയകുമാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിരുന്നു. മന്ത്രി ശ്രീമതിയുടെ പ്രശംസയും സ്പെഷ്യല്‍ഓഫീസര്‍ക്ക് കിട്ടി.

4. കരട് ഭൂനിയമം ജനവരി 4ന്
തിരുവനന്തപുരം: ഭൂമി സംരക്ഷണം ലക്ഷ്യമിട്ട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭൂനിയമത്തിന്റെ കരട് ജനവരി 4 ന് പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഭൂപരിരക്ഷണ നിയമത്തിന്റെ ചട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടാകും പുതിയ നിയമം കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പ ദുരന്തലഘൂകരണ പദ്ധതിയുടെ ഭാഗമായി വാര്‍ഡ്തല ദ്രുതകര്‍മ്മ സേനാരൂപവത്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുന്ന് നികത്തല്‍, വയല്‍ നികത്തല്‍, മണലൂറ്റ് എന്നിവ ഫലപ്രദമായി തടയാനുള്ള നടപടികള്‍ ഈ നിയമത്തിലുണ്ടാകും. സര്‍ക്കാര്‍ പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമയ്ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച പഴുതുകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കരട് പ്രസിദ്ധീകരിച്ചശേഷം സംസ്ഥാനത്ത് ഇതുസംബന്ധമായ ചര്‍ച്ചകള്‍ നടക്കും. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങിയ ചര്‍ച്ച രണ്ടുമാസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുശേഷം അന്തിമ ബില്ലിന് രൂപംകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് ബില്ലാക്കാന്‍ ശ്രമിക്കും. സംസ്ഥാനത്ത് ഭൂമാഫിയകള്‍ വളരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പൊന്‍മുടി അപ്പര്‍ സാനട്ടോറിയത്തില്‍ ഇരുപത് ഏക്കര്‍ ഭൂമി ഐ.എസ്.ആര്‍.ഒ.യ്ക്ക് നല്‍കാനുള്ള നടപടി പൂര്‍ത്തിയായതായും കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രാപ്തമാക്കുക, ഭൂകമ്പ സമയത്ത് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തദ്ദേശവാദികളെ പരിശീലിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നഗരഭൂകമ്പ ദുരന്ത നിവാരണ പദ്ധതി തുടങ്ങുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇത് ആദ്യം നടപ്പിലാക്കുന്നത്. ഭൂകമ്പ സമയത്ത് തദ്ദേശവാസികള്‍ക്ക് ആദ്യരക്ഷാ പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നുള്ളത് കൊണ്ടാണ് വാര്‍ഡ് തലത്തില്‍ ദ്രുതകര്‍മ്മ സേനയ്ക്ക് രൂപം നല്‍കുന്നത്.

റസിഡന്റ്സ് അസോസിയേഷനുകള്‍, യൂത്ത്വെല്‍ഫയര്‍ ബോര്‍ഡ്, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, നെഹ്റു യുവകേന്ദ്ര, അംഗന്‍വാടി എന്നിവയിലെ സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് വാര്‍ഡ്തല ദ്രുതകര്‍മ്മ സേന രൂപവത്കരിച്ചിരിക്കുന്നത്.

ചടങ്ങില്‍ മന്ത്രി എം. വിജയകുമാര്‍ അധ്യക്ഷനായിരുന്നു. മേയര്‍ സി. ജയന്‍ബാബു, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരന്‍, കോഴിക്കോട് മേയര്‍ എം. ഭാസ്കരന്‍, കൊച്ചി മേയര്‍ പ്രൊഫ. മേഴ്സി വില്യംസ്, കളക്ടര്‍ എന്‍. അയ്യപ്പന്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. മണികണ്ഠന്‍, കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം.കെ. ജോസഫ്, കോഴിക്കോട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി.എസ്. മുഹമ്മദ് സജീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

5. സാമ്പത്തിക വളര്‍ച്ച തൃപ്തികരം; ഭക്ഷ്യമേഖലയില്‍ പ്രതിസന്ധി_ ചിദംബരം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക് തൃപ്തികരമാണെങ്കിലും ഭക്ഷ്യോത്പാദന രംഗത്ത് പ്രതിസന്ധി നേരിടുന്നതായി കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം വെളിപ്പെടുത്തി.

2007_ല്‍ സാമ്പത്തിക മേഖലയിലുണ്ടായ രാജ്യത്തിന്റെ പ്രകടനത്തില്‍ ചിദംബരം സംതൃപ്തി പ്രകടിപ്പിച്ചു.

നടപ്പുസാമ്പത്തികവര്‍ഷം ഒന്‍പതു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നഭിപ്രായപ്പെട്ട മന്ത്രി അന്താരാഷ്ട്ര തലത്തിലുണ്ടാവുന്ന സാമ്പത്തികമാന്ദ്യം ഇന്ത്യയെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രശ്നങ്ങള്‍ നിലനിന്നപ്പോഴും രാജ്യത്തിന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു. എങ്കിലും വിലനിലവാരം നിയന്ത്രിക്കുന്ന ഘടകമെന്ന നിലയില്‍ ഭക്ഷ്യമേഖലയിലെ പ്രശ്നങ്ങളെ ചെറുതായി കാണുന്നില്ല_ ചിദംബരം പറഞ്ഞു.

6. വൈദ്യുതി: സേവനമില്ലാതെ തീരുവ പാടില്ല _ സുപ്രീംകോടതി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാതെയും നിശ്ചിത സേവനം നടത്താതെയും അധിക തീരുവ ചുമത്താന്‍ വൈദ്യുതി വിതരണക്കാര്‍ക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി വിധിച്ചു.

വൈദ്യുതിവിതരണം പൊതുസേവനരംഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കോടതി നിയമങ്ങളും തുല്യതാ തത്ത്വങ്ങളും പാലിക്കേണ്ടതുണ്ട്. വൈദ്യുതി നിയന്ത്രണ കമ്മീഷന്റെ നിബന്ധനകള്‍ അംഗീകരിക്കാനുള്ള ശേഷി വിതരണക്കാര്‍ക്കുണ്ടോയെന്ന് സ്വയം പരിശോധിക്കണം _ജസ്റ്റിസുമാരായ എസ്.ബി. സിന്‍ഹ, ഹര്‍ജിത്സിങ് ബേദി എന്നിവര്‍ വിധിന്യായത്തില്‍ പറഞ്ഞു.

യു.പി. പവര്‍ കോര്‍പ്പറേഷനും ഉത്തരാഖണ്ഡ് പവര്‍ കോര്‍പ്പറേഷനും ഉപഭോക്താക്കളുടെ മേല്‍ ചുമത്തിയ അധിക തീരുവയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഈ വിധി. വൈകിട്ട് ആറുമുതല്‍ 11 വരെ തിരക്കുള്ള സമയത്ത് തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് 15 ശതമാനം അധിക തീരുവ ചുമത്താന്‍ അനുമതി നല്‍കിക്കൊണ്ട് യു.പി. വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്വതന്ത്ര ഫീഡറുകളില്‍ നിന്ന് മാസത്തില്‍ 500 മണിക്കൂര്‍ തടസ്സംകൂടാതെ വൈദ്യുതി ലഭിക്കാനും ഇതേമട്ടില്‍ തീരുവ ചുമത്തിയിരുന്നു.

1. അപ്പര്‍ സാനിട്ടോറിയത്തില്‍ ഇരുപത് ഏക്കര്‍ ഐ. എസ്. ആര്‍. ഒയ്ക്ക് കൈമാറി
നെടുമങ്ങാട്: ബഹിരാകാശ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനു പൊന്മുടി അപ്പര്‍ സാനിട്ടോറിയത്തിന് സര്‍ക്കാര്‍ അനുവദിച്ച 20 ഏക്കര്‍ ഭൂമി ഐ.എസ്.ആര്‍.ഒയ്ക്ക് കൈമാറി. തെന്നൂര്‍ വില്ലേജില്‍ 4003-ാം സര്‍വ്വേ നമ്പരില്‍പ്പെട്ട സ്ഥലമാണ് കൈമാറിയത്. നെടുമങ്ങാട് താലൂക്ക് ഓഫീസില്‍ ഇന്നലെ വൈകിട്ട് ഡെപ്യൂട്ടി കളക്ടര്‍ എസ്. സാവിത്രിയുടെ സാന്നിദ്ധ്യത്തില്‍ ഐ.എസ്.ആര്‍.ഒ പ്രതിനിധി കെ.എം നായരാണ് തഹസീല്‍ദാര്‍ എം. അദീനാളില്‍നിന്ന് രേഖകള്‍ ഏറ്റുവാങ്ങിയത്.

ബഹിരാകാശ പഠനകേന്ദ്രത്തോടനുബന്ധിച്ചു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനാവും ഈ സ്ഥലം പ്രയോജനപ്പെടുത്തുകയെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ പറഞ്ഞു. ഇതേ സമയം, ഇന്‍സ്റ്റിറ്റ്യൂട്ടിനു വലിയമലയില്‍ 70 ഏക്കര്‍ നല്‍കുന്ന കാര്യത്തില്‍ ഇനിയും വ്യക്തത യുണ്ടായിട്ടില്ല.

2. ബാങ്കില്‍ നിന്ന് ഏഴരക്കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു
തേഞ്ഞിപ്പലം: സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ചേലേമ്പ്ര ശാഖയില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ സേഫില്‍ സൂക്ഷിച്ചിരുന്ന 24,85,809 രൂപയും 4,60,17,198 രൂപ വായ്പാ തുകയ്ക്കുള്ള സ്വര്‍ണ്ണവുമാണ് മോഷണം പോയത്.

സ്വര്‍ണ്ണത്തിന്‍െറ യഥാര്‍ത്ഥ വില കണക്കാക്കിയാല്‍ മൊത്തം 7.32 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. സേഫ് സൂക്ഷിച്ചിരുന്ന മുറിയുടെ താഴത്തെ കോണ്‍ക്രീറ്റ് തുരന്നാണ് മോഷ്ടാക്കള്‍ ബാങ്കിന്റെ അകത്ത് കയറിയത്. ദേശീയപാത 17 ല്‍ ഇടിമുഴിക്കല്‍ അങ്ങാടിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമീണ്‍ ബാങ്കില്‍ ഇന്നലെ രാവിലെ എത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. സേഫിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്. രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ബാങ്കിന്റെ താഴത്തെ നിലയില്‍ അടച്ചിട്ടിരുന്ന ഹോട്ടലിന്റെ മുകളിലെ മെയിന്‍ സ്ളാബ് ഒരാള്‍ക്ക് കടക്കാന്‍ പാകത്തില്‍ കോണ്‍ക്രീറ്റ് ഗ്രൈന്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് തുരന്നിട്ടുണ്ട്. സേഫിന്റെ സമീപത്തുള്ള വ്യക്തികളുടെ ലോക്കറില്‍ നിന്ന് പണമോ സ്വര്‍ണ്ണാഭരണമോ നഷ്ടപ്പെട്ടിട്ടില്ല.

കഴിഞ്ഞ രണ്ട് മാസമായി അടച്ചിട്ടിരുന്ന ഹോട്ടല്‍ നവീകരിച്ച് ‘സുഹൈമ’ എന്ന പേരില്‍ ജനുവരി ആദ്യവാരം തുറക്കാനുള്ള അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചമുമ്പാണ് ആരംഭിച്ചത്. വേങ്ങര സ്വദേശി കുഞ്ഞീത് കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ സ്വദേശി ബാപ്പു എന്നയാളാണ് ഹോട്ടല്‍ ആദ്യം നടത്തിയവരില്‍ നിന്നും ഒരുമാസം മുമ്പ് ഹോട്ടലും അനുബന്ധ സാധനങ്ങളും വിലയ്ക്ക് വാങ്ങിയത്.

3. കേരളത്തില്‍ 2000 കോടി മുടക്കാം: എ.കെ. ആന്റണി
തിരുവനന്തപുരം: രാഷ്ട്രീയ ചേരിതിരിവുകള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടുവന്നാല്‍ തന്റെ വകുപ്പ് കേരളത്തില്‍ 2000 കോടി രൂപകൂടി മുടക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി പ്രഖ്യാപിച്ചു.
ഉത്സവച്ഛായ പകര്‍ന്ന ചടങ്ങില്‍ പ്രതിരോധവകുപ്പിനുവേണ്ടി ‘കെല്‍ടെക്കി’ന്റെ താക്കോല്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കരഘോഷങ്ങള്‍ക്കിടയില്‍ താക്കോല്‍ ആന്റണിക്ക് കൈമാറിയത്. ആന്റണി അത് ബ്രഹ്മോസ് ഏയ്റോസ്പേസ് തലവന്‍ ഡോ. എ. ശിവതാണുപിള്ളയെ ഏല്പിച്ചു.

കേരളത്തില്‍ പ്രതിരോധവകുപ്പ് 1000 കോടി രൂപകൂടി മുടക്കണമെന്ന് നേരത്തേ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയായിട്ടായിരുന്നു ആന്റണിയുടെ പ്രഖ്യാപനം.
രണ്ടുവര്‍ഷത്തിനുള്ളില്‍ ബ്രഹ്മോസ് ഏയ്റോസ്പേസിനുവേണ്ടി കൂടുതല്‍ മുടക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ വ്യവസായങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്.

വികസനകാര്യത്തില്‍ തര്‍ക്കങ്ങള്‍ മാറ്റിവയ്ക്കണം. വിവാദത്തില്‍ കുടുങ്ങി ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന് നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു. മുംബയില്‍ സ്ഥാപിക്കാന്‍വരെ ആലോചന നടന്നു. വിവാദത്തില്‍പ്പെട്ട് നട്ടംതിരിഞ്ഞ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. മാധവന്‍നായര്‍ ഇനിയും സമനില വീണ്ടെടുത്തിട്ടില്ല -സദസ്സിലെ ചിരിക്കിടയില്‍ മാധവന്‍നായരെ നോക്കി ആന്റ ണി പറഞ്ഞു.
ആഗോളവത്കരണത്തിന്റെ മറവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും കേന്ദ്രം സ്വകാര്യമേഖലയ്ക്ക് വിടുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രി എളമരം കരീം അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ എം. വിജയകുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ഡോ. ജി. മാധവന്‍ നായര്‍, ഡോ. എ. ശിവതാണുപിള്ള, ഇന്ത്യന്‍ ശൂന്യാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ, കെല്‍ടെക് എം.ഡി. ജി.എം. നായര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എന്‍. നാഗരാജ്, പന്ന്യന്‍ രവീന്ദ്രന്‍ എം.പി, എം.എല്‍.എ മാരായ വി. സുരേന്ദ്രന്‍പിള്ള, വി. ശിവന്‍കുട്ടി, വര്‍ക്കല കഹാര്‍ തുടങ്ങിയവരും സംസാരിച്ചു.

1.  ഹൃദയം നിറഞ്ഞ നന്ദി!
രാഷ്ട്രദീപിക കമ്പനി മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യം ഏറ്റവും ചാരിതാര്‍ഥ്യജനകമായ രീതിയില്‍ ഞാന്‍ പൂര്‍ത്തിയാക്കുകയാണ്. കമ്പനിയെയും ദീപിക ദിനപത്രവും രാഷ്ട്രദീപിക സായാഹ്നപത്രവും അടക്കം കമ്പനിയുടെ ഉടമസ്ഥതയിലുള്ള എല്ലാ പ്രസിദ്ധീകരണങ്ങളെയും കേരളത്തിലെ കത്തോലിക്കാസഭയുടെ പൂര്‍ണനിയന്ത്രണത്തിലേക്ക് ഏല്പിച്ചുകൊടുക്കുകയെന്ന ദൌത്യം ഇന്നലെയോടെ പൂര്‍ണമായിക്കഴിഞ്ഞു.

മൂന്നു വര്‍ഷം മുമ്പാണു കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രാഷ്ട്രദീപിക കമ്പനിയുടെ നേതൃത്വം അഭിവന്ദ്യ അറയ്ക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ പുതിയ മാനേജ്മെന്റ് ഏറ്റെടുത്തത്. ദീപികയുടെ നില ഭദ്രമാക്കി കത്തോലിക്കാസഭാ നേതൃത്വത്തെ എല്പിക്കുകയെന്ന ദൌത്യത്തിനുവേണ്ടിയാണ് കേരള കത്തോലിക്കാ സഭാനേതൃത്വവും എന്റെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവും ദീപികയുടെ ചെയര്‍മാനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവും എന്നെ നിയോഗിച്ചിരുന്നത്. പിന്നീട് ചെയര്‍മാനായ ശ്രീ എം.എ. ഫാരിസ് എന്നെ ഏല്പിച്ചതും ഇതേ ദൌത്യമായിരുന്നു.

സഭാനേതൃത്വവും ദീപിക മാനേജ്മെന്റും ഇക്കാര്യത്തില്‍ ഒരേ താത്പര്യത്തിലായിരുന്നെങ്കിലും മറിച്ചുള്ള ചില പ്രചാരണങ്ങളും അതുനിമിത്തം ചില അസ്വസ്ഥതകളും ഉടലെടുത്തിരുന്നു. അതെല്ലാം മറികടന്നു ദീപികയെ കത്തോലിക്കാസഭ ഇപ്പോള്‍ പൂര്‍ണമായും ഏറ്റെടുത്തിരിക്കുകയാണ്.

ഈ കൈമാറ്റദൌത്യം പൂര്‍ത്തീകരിക്കുന്നതില്‍ എന്നെ സഹായിച്ച എല്ലാവരോടും എനിക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. മാന്യവായനക്കാരും ദീപികയുടെ ബിസിനസ് ബന്ധുക്കളുമായ ഓരോരുത്തരോടും സര്‍വാത്മനാ നന്ദി പ്രകാശിപ്പിക്കുന്നു. എന്നെ ദൌത്യനിര്‍വഹണത്തില്‍ സഹായിച്ച ജീവനക്കാരോടുമുള്ള നന്ദി പ്രകടിപ്പിക്കട്ടെ. പുതുവത്സരത്തിന്റെ എല്ലാ നന്മയും എല്ലാവര്‍ക്കും നേരുന്നു.

ഫാ.റോബിന്‍ വടക്കുംചേരി.

2. കെല്‍ട്ടെക് ബ്രഹ്മോസ് എയ്റോസ്പേയ്സിനു കൈമാറി
തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തിന്റെ ബ്രഹ്മാസ്ത്രം ബ്രഹ്മോസ് ഇനി തിരുവനന്തപുരത്തു നിന്നും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്ടെക് ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോ സ്പേയ്സ് ലിമിറ്റഡിന് കൈമാറി. ഇന്നലെ ചാക്കയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിക്ക് കെല്‍ട്ടെക്കിന്റെ താക്കോല്‍ കൈമാറി. വ്യവസായമന്ത്രി എളമരം കരീം,നിയമമന്ത്രി എം.വിജയകുമാര്‍, ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍,ഗതാഗതമന്ത്രി മാത്യു ടി.തോമസ്,ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍,ബ്രഹ്മോസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ശിവതാണുപിളള, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,ശാസ്ത്രജ്ഞര്‍,കെല്‍ട്ടെക്ക് ജീവനക്കാര്‍ തുടങ്ങി വലിയൊരു സദസ്സ് കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുപ്രധാനമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. വ്യവസായ മന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്നു വാങ്ങിയ കെല്‍ട്ടെക്കിന്റെ

താക്കോല്‍ എ.കെ ആന്റണി ബ്രഹ്മോസ് എം.ഡി ശിവതാണുപിളളയ്ക്ക് കൈമാറി. ബ്രഹ്മോസിന്റെ രണ്ടാമത്തെ മിസൈല്‍ നിര്‍മാണ യൂണിറ്റാണ് കേരളത്തിലേത്. പ്രതിരോധ വകുപ്പിന്റെ ഒരു നിര്‍മാണ യൂണിറ്റ് കേരളത്തില്‍ ആരംഭിക്കുന്നതും ഇതാദ്യമാണ്. 125 കോടി രൂപയാണ് ബ്രഹ്മോസ് ആദ്യഘട്ടത്തില്‍ കേരളത്തില്‍ മുതല്‍ മുടക്കുന്നത്.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w