Daily Archives: ഡിസംബര്‍ 31, 2007

പത്രവാര്‍ത്തകള്‍ 31-12-07

1. കര്‍ണാടക പാല്‍ വില കൂട്ടി, മില്‍മ പുതിയ തന്ത്രവുമായി രംഗത്ത്
കൊല്ലം: കര്‍ണാടക പാല്‍ വില വര്‍ധിപ്പിച്ചതോടെ കൊഴുപ്പു കൂടിയതും കുറഞ്ഞതുമായ പാലുകള്‍ മില്‍മ ഒരേ വിലയ്ക്കു വില്‍ക്കുന്നു. മൂന്നു ശതമാനം കൊഴുപ്പടങ്ങിയ, എട്ടര രൂപയ്ക്കു നല്‍കുന്ന ടോണ്‍ഡ് പാലിനൊപ്പം 1.5% മാത്രം കൊഴുപ്പുള്ള സ്മാര്‍ട്ട് എന്ന പേരിലുള്ള പാലും ഇതേ വിലയ്ക്കാണ് ഇപ്പോള്‍ മില്‍മ വിറ്റഴിക്കുന്നത്.

കൊളസ്ട്രോള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്കായാണു സ്മാര്‍ട്ട് പാല്‍ വിപണിയില്‍ എത്തിച്ചത്. സാധാരണ പാലില്‍ കവറിനു പത്തു ചായ വരെ ഇടാന്‍ കഴിയുമ്പോള്‍ കൊഴുപ്പു കുറഞ്ഞ സ്മാര്‍ട്ട് പാലില്‍ പരമാവധി ആറു ചായവരെയേ ലഭിക്കുകയുള്ളൂ. ഇത്തരം പാല്‍ മില്‍മ ബൂത്തുകള്‍ വഴി പരമാവധി വിറ്റഴിക്കുന്നതിനായി ബൂത്തുടമകളെ അടിച്ചേല്‍പ്പിക്കുന്നതായും പരാതിയുണ്ട്.

എന്നാല്‍, മില്‍മയുടെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണു കൊഴുപ്പു കുറഞ്ഞ സ്മാര്‍ട്ട് പാല്‍ വീണ്ടും വിപണിയിലിറക്കിയതെന്ന് അധികൃതര്‍ പറയുന്നു. നേരത്തെ ഇതിന് ഏഴു രൂപയായിരുന്നു ഈടാക്കിയിരുന്നത്. പാല്‍ ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചപ്പോള്‍ കവറിന് ഒന്നര രൂപയുടെ വര്‍ധനവുമായാണു സ്മാര്‍ട്ട് പാല്‍ വിതരണത്തിന് എത്തിയത്. കഴിഞ്ഞ 14 മുതല്‍ കര്‍ണാടക നല്‍കുന്ന പാലിന്റെ വില ലിറ്ററിന് 1.80 രൂപയാണു വര്‍ധിപ്പിച്ചത്. ഇതുമൂലം മില്‍മയുടെ പ്രതിദിന നഷ്ടം വീണ്ടും ഉയര്‍ന്നു.

2. ടാര്‍ കേസ് പ്രതി രാജേഷിന്റെ മരണം കൊലപാതകമെന്ന സംശയം ശക്തം
കൊച്ചി: ടാര്‍ കുംഭകോണ കേസിലെ മുഖ്യപ്രതി പി.ആര്‍.രാജേഷ് കൊല്ലപ്പെട്ട താണെന്ന സംശയം ബലപ്പെടുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പത്രസമ്മേളനത്തിനു ശ്രമിച്ച രാജേഷ് ഇടയ്ക്കു പിന്മാറിയെങ്കിലും ഇന്ന് പത്രസമ്മേളനം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.

ഈ വര്‍ഷത്തെ അവസാന ദിവസം പത്രസമ്മേളനം നടത്തി പുതുവര്‍ഷ പ്പുലരിയില്‍ ജനങ്ങളെ സത്യം അറിയിക്കുമെന്ന് രാജേഷ് പറഞ്ഞതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് സൂചിപ്പിച്ചു.

ഇതോടൊപ്പം ശിക്ഷാനിയമം 164 -ാം വകുപ്പ് അനുസരിച്ച് കോടതിയില്‍ ടാര്‍ കുംഭകോണവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും വെളിപ്പെടുത്തി മാപ്പുസാക്ഷിയാവാനുള്ള ശ്രമവും അഭിഭാഷകര്‍ മുഖേന രാജേഷ് തുടങ്ങിയിരുന്നു.

3. പാഠ്യപദ്ധതി പരിഷ്കരണം; പ്രതിഷേധ സംഗമം കോഴിക്കോട്ട്
കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്കരണത്തിലെ മതവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ കോഴിക്കോട് മുതലക്കുളത്ത് ജനുവരി രണ്ടാം വാരം പ്രതിഷേധ സംഗമം നടത്താന്‍ മദ്രസ കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മത വിരുദ്ധ ആശയങ്ങള്‍, സ്കൂള്‍ സമയമാറ്റം, ആണ്‍പെണ്‍ സങ്കലനം, ഭാഷാ വിരുദ്ധ സമീപനം തുടങ്ങി വിവാദ ആശയങ്ങള്‍ക്കെതിരെ മുസ്ലിം സംഘടനകള്‍ നടത്തിവരുന്ന പ്രക്ഷോഭം രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് സര്‍ക്കാര്‍ അവഗണിക്കുകയാണ്.

വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാനോ സംഘടനകളുമായി ചര്‍ച്ച നടത്താനോ ഇത് വരെ തയാറായിട്ടില്ല. പ്രതിഷേധ സംഗമത്തെ തുടര്‍ന്ന് ജില്ലാതല പ്രതിഷേധ സംഗമങ്ങളും മഹല്ല് പൊതുയോഗങ്ങളും നടത്തും. ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ കെ. മോയിന്‍ കുട്ടി, ഡോ. ഫസല്‍ ഗഫൂര്‍, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൌലവി, സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, കെ. ഉമ്മര്‍ ഫൈസി, പി.കെ. അഹമ്മദലി മദനി, പി.കെ. മജീദ് മദനി, ഐ.പി. അബ്ദുസ്സലാം, കെ. അവറു, എച്ച്. ശമീര്‍ മൌലവി, കെ. മുഹമ്മദ് കമാല്‍, പി.ടി. അബ്ദുല്‍ മജീദ്, മുക്കം സലാം ഫൈസി, ഹബീബ് മസ്ഊദ്, കെ.സി. മൊയ്തീന്‍ കോയ, കെ.കെ. ജബ്ബാര്‍, സി.എം. ഗഫൂര്‍, എ. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

4. ജാഗ്രത! കള്ളപ്പണം വെളുപ്പിക്കാന്‍ നമ്മുടെ അക്കൌണ്ട് ഉപയോഗിച്ചേക്കാം
വര്‍ധിച്ചു വരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹവാല പണമിടപാടുകളുടെ സ്വാധീനം വളരെയേറെയാണ്. രണ്ടു വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യുന്നതിന് മൂന്നാമതൊരാളുടെ അനധികൃത ഇടനില പ്രവര്‍ത്തനത്തെയാണ് ഹവാല ഇടപാട് എന്ന് പരക്കെ അറിയപ്പെടുന്നത്.

നിയമാനുസൃതമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് ക്രമവിരുദ്ധമായി ഹവാലാ ഇടപാടുകളിലൂടെ ലഭിക്കുന്ന പണത്തിന് നിയമ പരിവേഷം നല്‍കി സാധാരണ രീതിയിലാണ് ലഭിച്ചതെന്ന് വരുത്തിത്തീര്‍ക്കുന്ന പ്രക്രിയയാണ് മണി ലോന്‍ഡറിങ് എന്ന് പരക്കെ അറിയപ്പെടുന്ന കള്ളപ്പണം വെളുപ്പിക്കല്‍ പ്രക്രിയ. ആയുധം കടത്തല്‍, ഭീകര പ്രവര്‍ത്തനങ്ങള്‍, മയക്കു മരുന്ന് കടത്തല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം വെളുപ്പിക്കല്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്.

ലോകത്തെമ്പാടും കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്കുകളെയാണ് മാര്‍ഗമാക്കുന്നത്. നൂതന വാര്‍ത്താ വിനിമയ സൌകര്യങ്ങളും കംപ്യൂട്ടര്‍വല്ക്കരണവും വന്നതോടെ പണം കൈമാറ്റം ചെയ്യുന്നത് അനായാസമായിട്ടുണ്ട്. നിലവിലുള്ള സാമ്പത്തികകാര്യ നിയമങ്ങളും നിയന്ത്രണങ്ങളും ഉദാരവല്ക്കരിക്കുന്നതിന്റെ മറവില്‍ കള്ളപ്പണം വെള്ള പൂശാനുള്ള ശ്രമങ്ങള്‍ മുന്‍പെന്നത്തെക്കാളും ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വര്‍ധിച്ചു വരുന്നു.

അറിഞ്ഞോ, അറിയാതെയോ രാജ്യാന്തര കുറ്റകൃത്യങ്ങളുടെ കണ്ണിയില്‍പ്പെട്ടു പോകാതിരിക്കാന്‍ സാധാരണ ബാങ്ക് ഇടപാടുകാര്‍ ശ്രദ്ധിക്കണം.

കള്ളപ്പണം വെള്ളപൂശല്‍ ഇടപാടുകാരുടെ പ്രവര്‍ത്തനം വ്യത്യസ്ത രീതികളില്‍ അരങ്ങേറാറുണ്ട്. ഇടപാടുകാര്‍ ഉപയോഗിക്കാതിരിക്കുന്ന ഡോര്‍മന്റ് അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുകയും, സൂത്രത്തില്‍ പിന്‍വലിച്ചു കൊണ്ടുപോകുകയും ചെയ്യുക സാധാരണയാണ്. പുറം രാജ്യങ്ങളില്‍ നിന്നും ഉപയോഗിക്കാതിരിക്കുന്ന അക്കൌണ്ടിലേക്ക് വലിയ തുകകള്‍ ദുഷ്ട ലക്ഷ്യത്തോടെ അയയ്ക്കുകയും പിന്‍വലിച്ചു കൊണ്ടുപോകുകയും ചെയ്യുന്നു. വളരെയധികം ചെറിയ ചെറിയ തുകകള്‍ ഒരേ അക്കൌണ്ടിലേക്ക് സാവകാശം അടയ്ക്കുകയും, ഒരു വലിയ തുകയാകുമ്പോള്‍ ഒന്നിച്ച് പിന്‍വലിക്കുകയുമാണ് മറ്റൊരു രീതി. സാധനങ്ങള്‍ കള്ളക്കടത്തു നടത്തുന്നതിന്റെ ഇംഗീഷ് വാക്കായ ‘സ്മഗിങ്ങിനു” സമാനമായ ‘സ്മര്‍ഫിങ്” എന്ന ഓമനപ്പേരിലാണ് ഇത്തരം പണമിടപാട് അറിയപ്പെടുന്നത്.

അക്കൌണ്ടില്ലാത്ത ആള്‍ക്കാരുടെ പേരില്‍ വരുന്ന ചെക്കുകളും ഡ്രാഫ്റ്റുകളും, അക്കൌണ്ടുള്ളവരുടെ പേരില്‍ എന്‍ഡോഴ്സ് ചെയ്ത് പണം സ്വീകരിക്കുന്നതും പിന്‍വലിച്ചുനല്‍കുന്നതും ഇത്തരത്തിലുള്ള ഒരു സാധാരണ തന്ത്രമാണ്. മറ്റുള്ളവരുടെ പേരില്‍ വരുന്ന ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വന്തം പേരില്‍ അക്കൌണ്ടില്ല എന്ന കാരണം പറഞ്ഞ്, അക്കൌണ്ടുള്ളവരുടെ പേരില്‍ എന്‍ഡോഴ്സ് ചെയ്യുന്നു. അക്കൌണ്ടില്‍ പണം വരുമ്പോള്‍ യഥാര്‍ഥ അക്കൌണ്ട് ഉടമയെക്കൊണ്ട് പിന്‍വലിച്ചെടുക്കുന്നു. മിക്കപ്പോഴും അക്കൌണ്ട് ഉടമയ്ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്യാറുണ്ട്. ബാങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കില്‍ വീണ്ടും വീണ്ടും ഒരേ അക്കൌണ്ടിലൂടെ തന്നെ പണം ഇങ്ങനെ മാറ്റി എടുക്കാറുണ്ട്.

സാധനങ്ങള്‍ കയറ്റുമതി ചെയ്യുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നവരുടെ അക്കൌണ്ടിലൂടെയും പണം വെളുപ്പിക്കല്‍ പ്രക്രിയ നടത്താറുണ്ട്. യഥാര്‍ഥത്തില്‍ ഉള്ള സാധനവിലയില്‍ കൂടുതല്‍ ഇന്‍വോയ്സ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്.

പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്ട്, അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്, ഇന്‍കം ടാക്സ് ആക്ട്, പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട്, വിദേശ നാണയ വിനിമയ നിയമങ്ങള്‍, സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ എന്നിങ്ങനെ വിവിധ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ് കള്ളപ്പണം വെളുപ്പിക്കല്‍ പ്രക്രിയ.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ നാണയ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അക്കൌണ്ട് തുടങ്ങുന്നതിനു മുന്‍പ് ഇടപാടുകാരെ തിരിച്ചറിയുന്നതിനു വേണ്ടുന്ന രേഖകള്‍ ആവശ്യപ്പെടുന്നതും ഇത്തരം ഇടപാടുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ്.

ഒരോ അക്കൌണ്ടിലും സാധാരണ രീതിയിലല്ലാതെ നടക്കുന്ന ഇടപാടുകളെ സംബന്ധിച്ച് ഉടന്‍ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ചിട്ടി കമ്പനികള്‍, സഹകരണ ബാങ്കുകള്‍, ഹൌസിങ് ഫിനാന്‍സ് കമ്പനികള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം മണി ലോന്‍ഡറിങ് തടയാനുള്ള നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്.

പണം വെളുപ്പിക്കല്‍ പ്രക്രിയയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിലുള്ള വ്യക്തിഗത ബാങ്ക് അക്കൌണ്ടില്‍ ഇടപാടില്ലെങ്കിലും ഇടയ്ക്കിടെ പാസ് ബുക്ക് പതിപ്പിച്ചു വാങ്ങി നമ്മുടേതല്ലാത്ത ഇടപാടുകള്‍ അക്കൌണ്ടില്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.

സ്ഥിരമായി ഉപയോഗിക്കാത്ത ബാങ്ക് അക്കൌണ്ടുകള്‍ ക്ളോസ് ചെയ്യുന്നതാണ് നല്ലത്. പരിചയമില്ലാത്തവരുടെ ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ ഒരു കാരണവശാലും നമ്മുടെ അക്കൌണ്ടിലൂടെ മാറ്റി എടുത്തു കൊടുക്കരുത്. നമ്മുടേതല്ലാത്ത പണം നമ്മുടെ അക്കൌണ്ടില്‍ അടയ്ക്കുന്നതും അക്കൌണ്ട് മറ്റുള്ളവരുടെ ധനമിടപാടുകള്‍ക്കായി ഉപയോഗിക്കുന്നതും പാടെ ഒഴിവാക്കുക.


1. തീവണ്ടിടിക്കറ്റുകള്‍ ഇനി പോസ്റ്റോഫീസ് വഴിയും

കൊച്ചി: തീവണ്ടിടിക്കറ്റുകള്‍ ലഭിക്കാന്‍ ഇനി ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ട കാര്യമില്ല. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്കില്‍ കിടന്ന് ബുദ്ധിമുട്ടേണ്ട ആവശ്യവുമില്ല.

നിങ്ങളുടെ തൊട്ടടുത്ത തപാല്‍ ഓഫീസില്‍ ചെന്ന് നിങ്ങള്‍ക്ക് തീവണ്ടി ടിക്കറ്റ് റിസര്‍വ് ചെയ്യാം. തപാല്‍ ഓഫീസുകള്‍ വഴി ട്രെയിന്‍ ടിക്കറ്റ് നല്‍കാനുള്ള പുതിയ പദ്ധതിക്കാണ് രൂപമായത്.

അഖിലേന്ത്യാ തലത്തില്‍ ഇതിന്റെ പ്രവര്‍ത്തനം ഉടനെ തുടങ്ങും. തുടക്കത്തില്‍ പദ്ധതി ട്രെയിന്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് പരീക്ഷിക്കുന്നത്. പിന്നീട് ഇത് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് തപാല്‍വകുപ്പ് അധികൃതര്‍ പറഞ്ഞു.

പോസ്റ്റ് ഓഫീസുകളില്‍ ചെന്ന് പണമടച്ച് നിങ്ങള്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഇന്ത്യയില്‍ എവിടെയും യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ പോസ്റ്റോഫീസുകളില്‍ നിന്ന് ലഭിക്കും.

തുടക്കമെന്ന നിലയ്ക്ക് കോതമംഗലം, തൊടുപുഴ, നെടുങ്കണ്ടം തുടങ്ങി റെയില്‍വേ സൌകര്യങ്ങള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളിലായിരിക്കും സംവിധാനം ആദ്യം നല്‍കുക. കമ്പ്യൂട്ടര്‍ സൌകര്യമുള്ള പോസ്റ്റ് ഓഫീസുകളിലാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.

2. വായയിലൂടെ കഴിക്കാവുന്ന ഇന്‍സുലിന്‍ മാര്‍ച്ചില്‍ കേരളത്തിലെത്തുന്നു

തിരുവനന്തപുരം: പ്രമേഹരോഗികള്‍ക്ക് മധുരമായൊരു വാര്‍ത്ത. ഇന്‍സുലിന്‍ കുത്തിവെപ്പ് നടത്തി ഇനി വേദന സഹിക്കേണ്ട. പകരം വായയിലൂടെ കഴിക്കാവുന്ന ഇന്‍സുലിന്‍ കേരളത്തിലും എത്തുകയാണ്. 2008 മാര്‍ച്ച് മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ ‘ഇന്‍ഹെയ്ലര്‍ ഇന്‍സുലിന്‍’ എന്ന പേരിലുള്ള ഈ ഇന്‍സുലിന്‍ ലഭ്യമാവും.

ഇന്ത്യയില്‍ തന്നെ ആദ്യമായി കാനഡയിലെ ‘ജെനറിക്’ എന്ന കമ്പനിയാണ് വായയിലൂടെ കഴിക്കാവുന്ന ഇന്‍സുലിന്‍ വിപണിയിലെത്തിക്കുന്നത്. ഇതിന് കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്ത് ഇതിനായി ഫിബ്രവരിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് കേരളത്തിലെ വിതരണക്കാരായ ശ്രേയ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പുതിയ മരുന്നിനെതിരെ തടസ്സം നില്‍ക്കില്ലെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ. നിയമപരമായ നടപടികള്‍ അനുസരിച്ച് കേരളത്തിലെ വിതരണം ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ വിശദീകരിച്ചു.

കാനഡയിലെ ‘ജെനറിക്’ എന്ന കമ്പനിയുടെ ‘ഇന്‍ഹെയ്ലര്‍ ഇന്‍സുലിന്‍’ ഇപ്പോള്‍ ‘ഇക്വഡോര്‍’ രാജ്യത്ത് മാത്രമാണ് ഉപയോഗിക്കുന്നത്. ഇവിടെ 100 ശതമാനം വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ‘ആസ്ത്മ’യുടെ ‘ഇന്‍ഹെയ്ലര്‍’ മരുന്ന് ഉപയോഗിക്കുന്ന അതേ രീതിയിലാണ് ഇന്‍ഹെയ്ലര്‍ ഇന്‍സുലിനും ഉപയോഗിക്കുന്നത്. വായയ്ക്ക് മുന്‍വശത്തുവെച്ച് അമര്‍ത്തിയാല്‍ ഇന്‍സുലിന്‍ ദ്രാവകം സ്പ്രേ രൂപത്തില്‍ വായ്ക്കകത്തെത്തും. ഇതിന്റെ ഇന്ത്യയിലെ വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ 22 ഡോളറാണ് വില.

ഒരു ഇന്‍ഹെയ്ലറില്‍ 400 യൂണിറ്റ് ഇന്‍സുലിന്‍ അടങ്ങിയിരിക്കും. ഒരുതവണ അമര്‍ത്തുമ്പോള്‍ 10 യൂണിറ്റ് വായയ്ക്ക് അകത്താവും.

ദിവസേന അഞ്ചുതവണവരെ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കേണ്ടവര്‍ക്കാണ് പുതിയ ‘ഇന്‍ഹെയ്ലര്‍’ ഏറെ പ്രയോജനപ്പെടുക.

3. സപ്ലൈകോ മരുന്ന് മൊത്തവിതരണരംഗത്തേക്ക്

കൊച്ചി: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കീഴിലുള്ള മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍വഴി കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിന് അഞ്ച് മൊത്ത മരുന്നുവ്യാപാര കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ വ്യാപാരകേന്ദ്രങ്ങള്‍വഴി അവശ്യമരുന്നുകള്‍ മരുന്നുകമ്പനികളില്‍നിന്ന് നേരിട്ട് സംഭരിക്കുവാന്‍ കഴിയും. ഇങ്ങനെ സംഭരിച്ച മരുന്നുകള്‍ സപ്ലൈകോയുടെ 67 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍വഴി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് വിതരണം ചെയ്യും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിലാണ് മൊത്തവ്യാപാര കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഇതില്‍ പാലക്കാട് ഒഴിച്ച് മറ്റെല്ലായിടത്തും മരുന്നുമൊത്തവ്യാപാര ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ആദ്യം ലൈസന്‍സ് ലഭിച്ച തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ മരുന്നുസംഭരണവും വിതരണവും ആരംഭിച്ചുകഴിഞ്ഞു.

നേരത്തെ മരുന്നുവ്യാപാരരംഗത്തെ ഒരുവിഭാഗം നിക്ഷിപ്ത താത്പര്യക്കാരുടെ സമ്മര്‍ദത്താല്‍ സര്‍ക്കാര്‍ഏജന്‍സികളായ മാവേലി/നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മരുന്നുകള്‍ നല്‍കുവാന്‍ വിസമ്മതിച്ചിരുന്ന മരുന്നുകമ്പനികള്‍ സര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍മൂലം ഇപ്പോള്‍ മരുന്നുകള്‍ നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യവകുപ്പ് മന്ത്രി വിളിച്ചുകൂട്ടിയ വിവിധ മരുന്നുകമ്പനികളുടെ പ്രതിനിധികളുടെയും മരുന്നുവ്യാപാര സംഘടനാ നേതാക്കളുടെയും യോഗത്തില്‍ സപ്ലൈകോയ്ക്ക് മരുന്നുകള്‍ നല്‍കാമെന്ന് കമ്പനികള്‍ സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ 67 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്ള സപ്ലൈകോ സമീപഭാവിയില്‍ 250 ആയി ഉയര്‍ത്തുവാന്‍ നടപടികളെടുത്തുവരുന്നു.

4. പൊന്മുടിയിലെ 20 ഏക്കര്‍ ഇന്ന് ഐ.എസ്.ആര്‍. ഒ. യ്ക്ക് കൈമാറും

വിതുര: പൊന്മുടിയിലെ 20 ഏക്കര്‍ റവന്യൂഭൂമി തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഐ. എസ്. ആര്‍. ഒ. യ്ക്ക് കൈമാറും.

ബഹിരാകാശ പഠന കേന്ദ്രത്തിന് ഭൂമി കിട്ടാന്‍ ഐ. എസ്. ആര്‍. ഒ. പ്രഖ്യാപിച്ചിരുന്ന അവസാന തീയതിയാണ് തിങ്കളാഴ്ച. എന്നാല്‍ ഈ ദിവസം സര്‍ക്കാര്‍ കൈമാറുന്ന പൊന്മുടിയിലെ ഭൂമിക്ക് പ്രത്യക്ഷത്തില്‍ പഠനകേന്ദ്രവുമായി ബന്ധമില്ല. പ്ലാനറ്റേറിയവും മറ്റും സ്ഥാപിക്കാനാണ് ഈ സ്ഥലം ഉപയോഗപ്പെടുത്തുക. വലിയമലയില്‍ സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച 70 ഏക്കറില്‍ ഒരു സെന്റ് പോലും ഇതുവരെ കൃത്യമായി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഡിസംബര്‍ 31 എന്ന ഐ. എസ്. ആര്‍. ഒ. യുടെ അന്തിമതീയതി ഇനിയും നീളും. അതേസമയം ഇതുവരെ കണ്ടെത്താത്ത ഈ സ്ഥലം സ്വീകരിക്കുന്നതായി ഐ. എസ്. ആര്‍. ഒ. കഴിഞ്ഞദിവസം അറിയിക്കുകയും ചെയ്തു.

പൊന്മുടി ഗസ്റ്റ് ഹൌസിന് അല്പം മുകളിലായാണ് ഐ. എസ്. ആര്‍. ഒ. യ്ക്ക് കൈമാറുന്ന 20 ഏക്കര്‍. അപ്പര്‍ സാനട്ടോറിയം റോഡിന്റെ അരികിലായുള്ള ഈ സ്ഥലം ഐ. എസ്. ആര്‍. ഒ. സംഘം ആദ്യമായി സന്ദര്‍ശിച്ചത് ഞായറാഴ്ച വൈകുന്നേരമാണ്. 20 ഏക്കര്‍ ഭൂമി പൊന്മുടിയുടെ അവസാന പോയിന്റിലാണെന്നായിരുന്നു റവന്യൂ അധികൃതരുടെ നേരത്തെയുണ്ടായിരുന്ന ധാരണ. കഴിഞ്ഞ ആഴ്ചയാണ് ഈ സ്ഥലം കൃത്യമായി തിരിച്ചറിയാനായത്. തുടര്‍ന്ന് സര്‍വ്വേയും മഹസ്സര്‍ തയ്യാറാക്കലുമൊക്കെ നടന്നെങ്കിലും ഒരിക്കല്‍പ്പോലും ഐ. എസ്. ആര്‍. ഒ. പ്രതിനിധികള്‍ ഇവിടെയെത്തിയില്ല. ഭൂമി തൃപ്തികരമാണെന്ന് അറിയിക്കുകയും ചെയ്തു. സാധാരണ സാങ്കേതിക സമിതിയുടെ പരിശോധനയ്ക്ക് ശേഷമേ ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകാറുള്ളൂ. പക്ഷേ പൊന്മുടിയിലെ 20 ഏക്കറിന്റേയും വലിയമലയിലെ 70 ഏക്കറിന്റെയും കാര്യത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയിലെന്നപോലെ തീരുമാനമുണ്ടായി.

ഐ. എസ്. ആര്‍. ഒ. പ്രതിനിധികളായ നിര്‍മല്‍ദാസ്, രവിവര്‍ഗീസ്, കെ. എം. റാവു തുടങ്ങിയവരാണ് ഞായറാഴ്ച പൊന്മുടിയിലെത്തിയത്. റവന്യൂ അധികൃതരും ഇവരെ അനുഗമിച്ചു. 20 ഏക്കറിന്റെ സ്കെച്ചും പ്ലാനും കൈമാറുന്ന ചടങ്ങാണ് തിങ്കളാഴ്ച പൊന്മുടിയില്‍ നടക്കുക. ഒപ്പം വലിയമലയില്‍ ‘ഒളിഞ്ഞിരിക്കുന്ന’ 70 ഏക്കര്‍ സംബന്ധിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ പരിശോധനയ്ക്കും തുടക്കമാവും.

1. എടുത്തത് ചെലവഴിക്കാതെ വീണ്ടും വായ്പയ്ക്ക് ശ്രമം
തിരുവനന്തപുരം: അനുവദിച്ച പണംപോലും ചെലവഴിക്കാന്‍ കഴിയാതെ വലയുന്ന പഞ്ചായത്തുകളുടെ പേരില്‍ വീണ്ടും വിദേശ വായ്പ എടുക്കാന്‍ നീക്കം തുടങ്ങി.
എടുത്തുകഴിഞ്ഞ വിദേശ വായ്പകളുടെ ഫലമായി കെട്ടിടനികുതിയും മറ്റും കുത്തനെ കൂട്ടാനിരിക്കെയാണ് ഈ ശ്രമം. കടം വാങ്ങുന്നതിന് ലോകബാങ്കിനെ സമീപിക്കാനുള്ള ചര്‍ച്ച തുടങ്ങാന്‍ ഈയിടെ എല്‍.ഡി.എഫ് അനുമതി നല്‍കിയിരുന്നു. കടം വാങ്ങിയ പണത്തിന്റെ സ്ഥിതി എന്തായെന്ന് ആരായാതെയായിരുന്നു അനുമതി!
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിവിഹിതംപോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേരാംവണ്ണം ചെലവഴിക്കാനാവുന്നില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് അനുവദിച്ച പണവും ഇതേ അവസ്ഥയില്‍ തന്നെയാണ്. എ.ഡി.ബി വായ്പ വാങ്ങിയ കോര്‍പ്പറേഷനുകള്‍ ‘പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണി’യും എന്ന സ്ഥിതിയില്‍ നട്ടം തിരിയുകയാണ്.
എ.ഡി.ബി വായ്പയുടെ കരാറില്‍ നിശ്ചിത ഉറപ്പുകള്‍ എന്ന തലക്കെട്ടിലെ 82-ാം നമ്പരില്‍ മൂന്നാം ഉപഖണ്ഡികയില്‍ കെട്ടിടനികുതി വര്‍ദ്ധന ഉറപ്പുവരുത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കെട്ടിടനികുതി പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ പലയിടത്തും നിലവിലുള്ളതിന്റെ നാലിരട്ടിവരെ നല്‍കേണ്ട അവസ്ഥയാണ്. വീടുകള്‍ക്ക് നമ്പരിടുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. കെട്ടിടനികുതി വര്‍ദ്ധനയുടെ ഇരുട്ടടി അധികം വൈകില്ലെന്നാണ് സൂചന.
അതേസമയം, ഇത്തരം ഒരു നിബന്ധനയ്ക്കും വിധേയമല്ലാതെ ചെലവഴിക്കാവുന്ന പദ്ധതിവിഹിതം കാല്‍ഭാഗം പോലും ഇതുവരെയും വിനിയോഗിച്ചിട്ടില്ല. നവംബര്‍ 30-ലെ കണക്കുപ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പധികൃതര്‍ ചെലവഴിക്കേണ്ട 2432.56 കോടി രൂപയില്‍ 196 കോടി രൂപമാത്രമാണ് ചെലവായത്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കിട്ടിയ 122.36 കോടി രൂപയില്‍ 9.86 കോടിയേ ചെലവാക്കിയുള്ളൂ. അനുവദിച്ച പണം ചെലവഴിച്ചതിന്റെ കണക്കും രേഖകളും സമര്‍പ്പിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം കിട്ടുമെന്നിരിക്കെയാണ് അധികൃതരുടെ ഈ അലംഭാവം.
എ.ഡി.ബി വായ്പയെടുത്ത് നടപ്പാക്കുന്ന കെ.എസ്.യു.ഡി.പി പദ്ധതിയില്‍ ഈ വര്‍ഷം 250 കോടി രൂപ ചെലവാക്കേണ്ടതാണ്. ഇതുവരെ 11.99 കോടി രൂപയേ വിനിയോഗിച്ചുള്ളൂ (അഞ്ച് ശതമാനം). സ്വന്തമായി ചെലവഴിക്കാവുന്നതും തനതു വരുമാനവും കടം വാങ്ങിയതും ഒന്നും ചെലവഴിക്കാന്‍ പറ്റാതെ ‘പാടുപെടുന്ന’ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേരിലാണ് വീണ്ടും വായ്പ എടുക്കാന്‍ പോകുന്നത്.

2. ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍
തിരു : മിസൈല്‍ നിര്‍മ്മാണ രംഗത്ത് വന്‍കുതിപ്പ് നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ‘കെല്‍ടെക്’ ഇന്ന് പ്രതിരോധ വകുപ്പിന് കീഴിലുള്ള ബ്രഹ്മോസ് എയ്റോ സ്പേസ് മാനേജ്മെന്റ് ഏറ്റെടുക്കും.
വൈകിട്ട് 5ന് ചാക്കയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍, പ്രതിരോധമന്ത്രി എ.കെ. ആന്റണിക്ക് കെല്‍ടെക് കൈമാറുമെന്ന് ബ്രഹ്മോസ് എയ്റോ സ്പേസ് തലവന്‍ ഡോ. എ. ശിവതാണുപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെല്‍ടെക് മാനേജിംഗ് ഡയറക്ടര്‍ ജി. എം. നായരും സന്നിഹിതനായിരുന്നു.
എയ്റോ സ്പേസ് വ്യവസായവുമായി ബന്ധപ്പെട്ട് വന്‍ വികസനമാണ് ഇനി തിരുവനന്തപുരത്ത് നടക്കുകയെന്ന് ഡോ. ശിവതാണുപിള്ള പറഞ്ഞു. ബ്രഹ്മോസ് മിസൈല്‍ അസംബിള്‍ ചെയ്യുന്നതിനുള്ള 125 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കെല്‍ടെക്കില്‍ ഉടന്‍ ആരംഭിക്കും. തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ത്തന്നെ സ്ഥലം കണ്ടെത്തി 1000 കോടിയുടെ വികസനം നടത്തും.
ലോകത്തെ ഏറ്റവും വിനാശകാരിയായ ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ചാക്കയില്‍ അസംബിള്‍ ചെയ്യും. എയര്‍ഫോഴ്സ് നല്‍കുന്ന സ്ഥലത്താണ് ഇതിന്റെ യൂണിറ്റ് സ്ഥാപിക്കുക-ഡോ. ശിവതാണുപിള്ള പറഞ്ഞു. ശബ്ദത്തെക്കാള്‍ നാലിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസ് 2 ന്റെ നിര്‍മ്മാണ പരീക്ഷണങ്ങള്‍ നടക്കുകയാണ്. 4-5 വര്‍ഷത്തിനുള്ളില്‍ ‘ബ്രഹ്മോസ് 2’ പറന്നുയരും. ലോകത്ത് ഇന്നുള്ള ക്രൂസ് മിസൈലുകളെല്ലാം ശബ്ദത്തിന്റെ വേഗത്തില്‍ മാത്രം സഞ്ചരിക്കുന്നവയാണ്. എന്നാല്‍, 300 കിലോ ബോംബ് വഹിച്ച 290 കിലോ മീറ്റര്‍ അകലെവരെ പ്രഹരിക്കാന്‍ കഴിയുന്ന സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ ബ്രഹ്മോസ് മാത്രമേയുള്ളൂ. വിമാനത്തില്‍ നിന്ന് പ്രയോഗിക്കാവുന്ന ബ്രഹ്മോസിന്റെ പതിപ്പ് പരീക്ഷണഘട്ടത്തിലാണ്. മിസൈലിന്റെ ഭാരം ( ഇപ്പോള്‍ 3 ടണ്‍) കുറയ്ക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. അടുത്ത 15 വര്‍ഷത്തേക്ക് ബ്രഹ്മോസിന് എതിരാളിയില്ല. അതുകൊണ്ട് വിദേശരാജ്യങ്ങളില്‍നിന്ന് താമസിയാതെ ഓര്‍ഡര്‍ ലഭിച്ചുതുടങ്ങും. എന്നാല്‍ ഇന്ത്യയ്ക്കും റഷ്യയ്ക്കും ഒന്നുപോലെ താത്പര്യമുള്ള രാജ്യങ്ങള്‍ക്കേ ബ്രഹ്മോസ് വില്ക്കുകയുള്ളൂവെന്നും ഡോ. ശിവതാണുപിള്ള പറഞ്ഞു.

3. കേന്ദ്രവും ഉപഭോക്താക്കളും സഹകരിച്ചില്ലെങ്കില്‍ പവര്‍കട്ട് അനിവാര്യം: മന്ത്രി
തൃശൂര്‍ : കേന്ദ്ര സര്‍ക്കാരും കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളും സഹകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് പവര്‍കട്ട് അനിവാര്യമാവുമെന്ന് മന്ത്രി എ. കെ. ബാലന്‍ പ്രസ്താവിച്ചു.
നേരിയമംഗലം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ജനുവരി രണ്ടു മുതല്‍ 15 വരെ ഏര്‍പ്പെടുത്തിയിട്ടുള്ള അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗിനു പുറമേയാണ് പവര്‍കട്ട് വേണ്ടിവരിക എന്നും മന്ത്രി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പവര്‍കട്ട് പൂര്‍ണ്ണമായും ഒഴിവാക്കിയെങ്കിലും പൂട്ടിക്കിടന്ന തോട്ടം, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിച്ചതോടെ വൈദ്യുതി ഉപഭോഗം കൂടി. ഒപ്പം ഗാര്‍ഹിക കണക്ഷനുകളും വര്‍ദ്ധിച്ചു. ഈ ഇനങ്ങളില്‍ 150 മെഗാവാട്ട് വൈദ്യുതിയുടെ ഉപഭോഗം വര്‍ദ്ധിച്ചുവെങ്കിലും കേന്ദ്ര വിഹിതത്തില്‍ നിന്ന് 183 മെഗാവാട്ട് വൈദ്യുതി വെട്ടിക്കുറച്ചുവെന്നും മന്ത്രി വിശദീകരിച്ചു. ആകെ 333 മെഗാവാട്ട് വൈദ്യുതിയാണ് കുറവുവന്നത്.
വെട്ടിക്കുറച്ച കേന്ദ്ര വിഹിതം പുന:സ്ഥാപിക്കുന്നതിനൊപ്പം കേരളത്തിലെ ഉപഭോക്താക്കള്‍ വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കുകയും വേണം. ഇത്തവണ കനത്ത മഴ ലഭിച്ചെങ്കിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കുറവായിരുന്നു. കേരളത്തില്‍ 100 ദിവസത്തേക്ക് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ശേഖരിക്കാനുള്ള ശേഷി മാത്രമേ ഡാമുകള്‍ക്ക് ഉള്ളൂവെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉപഭോഗം കൂടുതല്‍ ഉള്ള വൈകിട്ട് ആറര മുതല്‍ പത്തുവരെവൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം. ഈ സമയങ്ങളില്‍ അയണ്‍ബോക്സ് , പമ്പ് സെറ്റ് തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ വൈദ്യുതി പാഴാക്കുന്ന നടപടികള്‍ കര്‍ശനമായി തടയുമെന്നും ആഘോഷങ്ങള്‍ക്ക് വൈദ്യുത അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

4. കുട്ടികളെ സമുദായംവക സ്കൂളിലാക്കണമെന്ന വാദം നവോത്ഥാന ചിന്തയ്ക്കെതിര് : മന്ത്രി തോമ് ഐസക്
ശിവഗിരി : കുട്ടികള്‍ സ്വന്തം സമുദായത്തിന്റെ സ്കൂളുകളില്‍ പഠിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തെ വിമോചനമാര്‍ഗ്ഗമായി കണ്ട കേരളത്തിലാണ് ക്രിസ്ത്യാനി കുട്ടികള്‍ ക്രിസ്തീയ സ്കൂളുകളിലും നായര്‍ കുട്ടികള്‍ എന്‍.എസ്.എസ് സ്കൂളിലുമൊക്കെ പഠിച്ചാല്‍ മതിയെന്ന ചിന്ത ഉയരുന്നത്. ജാതിരഹിത മതേതര കേരളം എന്ന ശ്രീനാരായണ സങ്കല്പത്തിനെതിരെ തൊടുക്കുന്ന വര്‍ഗ്ഗീയതയുടെ വിഷ അമ്പുകളാണിവ – ഐസക് പറഞ്ഞു.
കേരളത്തില്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രധാന സംഭാവനകളിലൊന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിച്ചതാണ്. ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വന്നത് ശ്രീനാരായണഗുരുവിന്റെ ഇടപെടലുകള്‍ കൊണ്ടാണ്. ശിവഗിരി തീര്‍ത്ഥാടനം തന്നെ അനൌപചാരിക വിദ്യാഭ്യാസ പ്രക്രിയയാണ്. ശിവഗിരിയില്‍ അത്യാധുനിക സൌകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ പണിയാന്‍ സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുമെന്ന് ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. ഒരേ സമയം 500 പേര്‍ക്ക് താമസിക്കാനുള്ള സൌകര്യവും ആറ് സമ്മേളനഹാളുകളുമുള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ വിശദമായ പ്ളാന്‍ സമര്‍പ്പിക്കാന്‍ ധര്‍മ്മസംഘം ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

1. രാഷ്ട്രീയ മുതലെടുപ്പിന് ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: ചീഫ് ജസ്റ്റിസ്
തിരുവനന്തപുരം: മതസൌഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളം വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സാക്ഷരതയുടെ കാര്യത്തില്‍ കേരളം കൈവരിച്ച നേട്ടവും വിദ്യാഭ്യാസ സാമ്പത്തിക നിലവാരത്തിലുണ്ടായ പുരോഗതിയുമാണ് അതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ ഇവാനിയോസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഏര്‍പ്പെടുത്തിയ മാര്‍ഗ്രിഗോറിയോസ് അവാര്‍ഡ് സുഗതകുമാരിക്ക് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീക്ഷ്ണമായ മതവൈരമോ ചൂണ്ടിക്കാട്ടാവുന്ന നിയമലംഘനമോ കേരളത്തില്‍ നടക്കുന്നില്ല. ഉയര്‍ന്നുവരുന്ന ചെറിയ പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിക്കാതെ മുളയിലേ നുള്ളിക്കളയുന്ന സൌഹാര്‍ദപൂര്‍വമായ അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നത്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മതസൌഹാര്‍ദം തകര്‍ത്ത് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്നേഹവും മതസൌഹാര്‍ദവും ഊട്ടിവളര്‍ത്താന്‍ മാര്‍ഗ്രിഗോറിയോസ് ചെയ്ത ശ്രമങ്ങള്‍ മഹനീയമാണെന്നും കെ.ജി.ബാലകൃഷ്ണന്‍ പറഞ്ഞു. വരുംതലമുറയെ കുറിച്ച് ചിന്തിക്കുന്ന മനോഭാവം ഓരോ മനുഷ്യനിലും വളരണം. മലങ്കര കത്തോലിക്കാബാവ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു.

2. പുതുവര്‍ഷത്തില്‍ അരിവില വര്‍ധിക്കുമെന്ന് സൂചന; പ്രവാസികള്‍ ആശങ്കയില്‍
ജിദ്ദ: നാട്ടില്‍ മുഖ്യ ചര്‍ച്ചാവിഷയം അരിവില വര്‍ധനവായതിനു പിന്നാലെ ഗള്‍ഫിലും അരിവില വര്‍ധിക്കുമെന്ന് സൂചന. അരി മുഖ്യഭക്ഷണമായ പ്രവാസി മലയാളികളെ ഇത് ആശങ്കയിലാക്കിയിട്ടുമുണ്ട്. പുതുവര്‍ഷത്തില്‍ അരിവില വര്‍ധിക്കാനിടയുണ്ടെന്ന് ഇറക്കുമതി വ്യപാരികളാണ് സൂചന നല്‍കിയത്. അരിക്ക് സര്‍ക്കാര്‍ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ ഇത് പര്യാപ്തമാകില്ലെന്നാണ് അരി ഇറക്കുമതിക്കാര്‍ പറയുന്നത്. ഒരു ടണ്‍ അരിക്ക് ആയിരം റിയാല്‍ എന്ന നിലയില്‍ വില പിടിച്ചുനിര്‍ത്തുന്നതിനായി ഈമാസം എട്ടിനാണ് സര്‍ക്കാര്‍ സബ്സിഡി പ്രഖ്യാപിച്ചിത്.
എന്നാല്‍, ആഗോള വിപണിയില്‍ അരിവില വര്‍ധിക്കുകയാണെന്ന് ഇറക്കുമതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ആവശ്യക്കാര്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ അരിവില ഉയര്‍ന്നുകൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തില്‍ നിലവലുള്ള, ടണ്ണിന് 1450 റിയാല്‍ എന്ന നിരക്കിനേക്കാള്‍ വില ഉയരുമെന്നാണ് കച്ചവടക്കാര്‍ കരുതുന്നത്. ഇതോടെ, പുതിയ സ്റ്റോക്ക് എത്തുന്ന മുറക്ക് ഉയര്‍ന്നവിലക്ക് അരി വില്‍പന നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ പറയുന്നു.

അരിയുടെ ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന്, ടണ്ണിന് 1250 റിയാല്‍ എന്ന നിലയില്‍നിന്നാണ് കഴിഞ്ഞവര്‍ഷം 1450 റിയാലായി വിലവര്‍ധിച്ചത്. ഇന്ത്യയിലും മറ്റും വിളവെടുപ്പ് മോശമായതും ഇതിന് കാരണമായി. ഇതുകൂടാതെ ഡോളറിന്റെ മൂല്യം ഇടിയുകയും ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയും ചെയ്തു. ഇതും വിലവര്‍ധനക്ക് നിമിത്തമായി. കഴിഞ്ഞവര്‍ഷം ഉല്‍പാദനം കുറവായതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ വില വര്‍ധിപ്പിക്കുകയായിരുന്നു.
സബ്സിഡി പ്രഖ്യാപനത്തിന്റെ ഗുണഫലങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ വിപണിയില്‍ പ്രതിഫലിച്ചില്ലെന്നും കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. മാത്രമല്ല, പുതുവര്‍ഷത്തില്‍ ആഗോള വിപണിയില്‍ അരിക്ക് കൂടുതല്‍ ആവശ്യകത അനുഭവപ്പെടുകയും ചെയ്യും. ഇതും വില വര്‍ധനക്ക് കാരണമാകുന്നുണ്ട്.
കേരളത്തില്‍ അരിവില വര്‍ധന മുഖ്യ രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കയാണ്. വില വര്‍ധന പരിഹരിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് അരികൊണ്ടുവരാന്‍ ഊര്‍ജിത ശ്രമം നടക്കുന്നമുണ്ട്. അതിനുപിന്നാലെ ഗള്‍ഫിലും അരിവില വര്‍ധിക്കുന്നുവെന്നത് പ്രവാസികളെ ഏറെ ആശയിലാഴ്ത്തിയിരിക്കയാണ്. അരി മുഖ്യാഹാരമായ പ്രവാസി മലയാളികളെയാണ് വില വര്‍ധന ഏറെ പ്രതികൂലമായി ബാധിക്കുക.

1. ഒരു ലക്ഷത്തിന്റെ കാര്‍ പുറത്തിറക്കിയ ശേഷം രത്തന്‍ ടാറ്റ വിരമിക്കുന്നു
ലണ്ടന്‍: ടാറ്റാ ഗ്രൂപ്പ് തലവന്‍ രത്തന്‍ ടാറ്റ സജീവ വ്യവസായ ജീവിതത്തില്‍നിന്നു വിരമിക്കാന്‍ ആലോചിക്കുന്നു. തന്റെ സ്വപ്ന പദ്ധതിയായ ഒരു ലക്ഷം രൂപയുടെ കാര്‍ പുറത്തിറക്കിയ ശേഷം വിശ്രമ ജീവിതത്തിലേക്ക് ഒതുങ്ങാനാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഈ മാസം 28-നാണ് അദ്ദേഹം എഴുപതാം പിറന്നാള്‍ ആഘോഷിച്ചത്.

ഒരു ലക്ഷത്തിന്റെ കാര്‍ അടുത്ത മാസം പത്തിന്, ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു ശേഷമേ ഇത് പൊതു വിപണിയിലെത്തൂ.

2. റെയില്‍വേ നിരക്ക് കുറയ്ക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: വരുന്ന റെയില്‍വേ ബജറ്റില്‍ റെയില്‍ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത. നാലു മുതല്‍ എട്ട് ശതമാനം വരെ നിരക്ക് കുറയ്ക്കാനാണ് റെയില്‍വേ മന്ത്രാലയം ആലോചിക്കുന്നത്. ട്രെയിനുകളും പ്ളാറ്റ്ഫോമുകളും വൃത്തികേടാക്കുന്നവര്‍ക്കെതിരെ പിഴയും തടവുശിക്ഷയും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്ളാറ്റ്ഫോമുകളും ട്രെയിനുകളും വൃത്തിയാക്കാന്‍ പ്രത്യേക അഥോറിട്ടികളെ നിയമിക്കാനും ആലോചിക്കുന്നതായി മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു

Advertisements

1 അഭിപ്രായം

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം