Daily Archives: ഡിസംബര്‍ 30, 2007

പത്രവാര്‍ത്തകള്‍ 30-12-07

 

1. മുഖ്യമന്ത്രി കാണാതെ 867 ഏക്കര്‍!
തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാനായി പൊന്മുടിയിലും പരിസരത്തുമായി റവന്യു വകുപ്പ് 867.02 ഏക്കര്‍ ഭൂമി കണ്ടെത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് വിവിധ വകുപ്പു മേധാവികളുടെ കൈവശമിരിക്കേ, ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാന്‍ റവന്യു ഭൂമിയില്ലെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ദുരൂഹത ഉയര്‍ത്തി.

പത്രങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന അത്രയും ഭൂമി ആകെ പൊന്മുടിയില്‍ ഉണ്ടോയെന്നു പോലും സംശയമാണെന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, നിയമമന്ത്രി നിര്‍ദേശിച്ച പ്രകാരം ആദ്യം പരിസ്ഥിതി ദുര്‍ബല പ്രദേശമായ പൊന്മുടി എസ്റ്റേറ്റും ഇപ്പോള്‍  വലിയമലയിലെ 70 ഏക്കറും വാഗ്ദാനം ചെയ്തു. സേവി മനോ മാത്യു വനഭൂമി മറിച്ചുവിറ്റ ഇടപാടു വിവാദമായപ്പോഴാണു പകരം ഭൂമി കണ്ടെത്താന്‍ റവന്യു വകുപ്പ് പ്രത്യേക ദൌത്യസംഘത്തെ നിയോഗിച്ചത്.

ഐഎസ്ആര്‍ഒയുടെ നിലപാടിന് അനുസൃതമായി പൊന്മുടിയില്‍ തന്നെ പകരം ഭൂമി കണ്ടെത്താനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. തുടര്‍ന്നു പെരിങ്ങമ്മല, തെന്നൂര്‍ വില്ലേജിലെ 3980 മുതല്‍ 4020 വരെയുള്ള 40 സര്‍വേ നമ്പരുകളില്‍പ്പെട്ട 867.02 ഏക്കര്‍ റവന്യു ഭൂമി സംഘം കണ്ടെത്തിയതായി റവന്യു മന്ത്രിയുടെ ഓഫിസ് വെളിപ്പെടുത്തി.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിനു പകരം ഇതില്‍ ഉള്‍പ്പെട്ട ഏതു ഭൂമിയും ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനു സൌജന്യമായി നല്‍കാം. ബ്രൈമൂര്‍ എസ്റ്റേറ്റുകാര്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ള 3983/ 2 സര്‍വേ നമ്പരിലെ 100 ഏക്കര്‍, പൊന്മുടി അപ്പര്‍ സാനിട്ടോറിയത്തിനു സമീപം 3989 സര്‍വേ നമ്പരിലെ 194.36 ഏക്കര്‍, 4003 സര്‍വേ നമ്പരിലെ 30.96 ഏക്കര്‍, ബ്രൈമൂര്‍ എസ്റ്റേറ്റുകാര്‍ കയ്യേറിയ 4011 സര്‍വേ നമ്പരിലെ 100 ഏക്കര്‍ പുറമ്പോക്കു ഭൂമി, 4020/1 സര്‍വേ നമ്പരിലെ 106.43 ഏക്കര്‍ എന്നിവയാണു സംഘം കണ്ടെത്തിയ പ്രധാന സ്ഥലങ്ങളെന്നാണു രേഖകള്‍ വ്യക്തമാക്കുന്നത്.

ഈ സര്‍വേ നമ്പരില്‍പ്പെട്ട സ്ഥലങ്ങളുടെ ആധാരം സ്വകാര്യവ്യക്തികള്‍ക്കു റജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു റവന്യു വകുപ്പ് റജിസ്ട്രേഷന്‍ ഐജിക്ക് ഒരു മാസം മുന്‍പേ കത്തു നല്‍കി. മാത്രമല്ല, ഈ 867 ഏക്കറില്‍ വനം വകുപ്പിന് എന്തെങ്കിലും അവകാശമുണ്ടെങ്കില്‍ ഡിസംബര്‍ 15ന് അകം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വനം വകുപ്പു മറുപടിയൊന്നും നല്‍കിയില്ല. അതോടെ അതെല്ലാം റവന്യു ഭൂമിയെന്നു വകുപ്പു തീര്‍ച്ചപ്പെടുത്തി. എന്നാല്‍, ഇത്രയും സര്‍വേ നമ്പരില്‍പ്പെട്ട ഭൂമിയുടെ വിശദാംശമൊന്നും സര്‍ക്കാര്‍ റജിസ്റ്ററുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇവ അളന്നു തിട്ടപ്പെടുത്തി സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതേയുള്ളൂവെന്നു മന്ത്രിയുടെ ഓഫിസ് വക്താക്കള്‍ പറഞ്ഞു.

ഇത്രയും ഭൂമി പൊന്മുടിയില്‍ കണ്ടെത്തിയിട്ടും ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഒരു തുണ്ടു റവന്യു ഭൂമി പോലും അവിടെയില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത് റവന്യു വകുപ്പ് ഉന്നതരെ അത്ഭുതപ്പെടുത്തി. നേരത്തേ റവന്യു മന്ത്രി പോലും അറിയാതെ മുഖ്യമന്ത്രിയും നിയമമന്ത്രിയും യോഗം ചേര്‍ന്നു പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ച പൊന്മുടി എസ്റ്റേറ്റിലെ 100 ഏക്കര്‍ നല്‍കാമെന്ന് ഐഎസ്ആര്‍ഒയ്ക്കു വാഗ്ദാനം ചെയ്തിരുന്നു. അതു സേവിയെ സഹായിക്കാനെന്ന വിവാദമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി തടിതപ്പി.

പിന്തുണ നല്‍കാതെ പാര്‍ട്ടി
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഭൂമി മാഫിയയുടെ സമ്മര്‍ദത്തിനു വഴങ്ങുകയാണെന്ന സംശയം സിപിഎമ്മിനുള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഒരു വിഭാഗം ആളുകള്‍ ഇക്കാര്യം പാര്‍ട്ടി യോഗങ്ങളില്‍ ഉയര്‍ത്തുകയും ചെയ്തു. ഐഎസ്ആര്‍ഒ ഭൂമിയിടപാട് ഇത്രയും വിവാദമായിട്ടും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന ഒരു പ്രസ്താവന പോലുമിറക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

2. വൈദ്യുതി ചാര്‍ജ് കുടിശ്ശിക 2000 കോടി
കോട്ടയം: വീണ്ടുമൊരു വൈദ്യുതി ചാര്‍ജ് വര്‍ധനയുടെ ഭാരം തലയിലേറ്റാന്‍ ജനം വിധിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ കൊടുത്തുതീര്‍ക്കാനുള്ള വൈദ്യുതി ചാര്‍ജ് കുടിശിക 2000 കോടിയിലേക്കെത്തുന്നു.

2007ലെ കണക്കുകള്‍ പ്രകാരം കെഎസ്ഇബി പിരിച്ചെടുക്കാനുള്ള തുക 1842.79 കോടി രൂപയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും മാത്രം നല്‍കാനുള്ളത് 1117.67 കോടി രൂപ. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ നല്‍കേണ്ടത് 658.45 കോടി.

വൈദ്യുതി കുടിശിക അടയ്ക്കാത്ത എല്ലാവരുടെയും ഫ്യൂസ് ഊരുമെന്നു വൈദ്യുതി മന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുക പ്രതിമാസം വര്‍ധിച്ചു വരുന്നതല്ലാതെ നടപടികളൊന്നുമുണ്ടായില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ കുടിശിക വരുത്തുന്നതിലെ ഒന്നാം സ്ഥാനം പതിവുപോലെ വാട്ടര്‍ അതോറിട്ടിക്കു തന്നെയാണ് – 758.41 കോടി രൂപ.

വര്‍ഷംതോറും ഇൌ തുക വര്‍ധിച്ചുവരികയാണെങ്കിലും നടപടിയെടുക്കാന്‍ വൈദ്യുതി വകുപ്പിനു കഴിയില്ല. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന ജലവിതരണം തടസ്സപ്പെടുമെന്ന ഭയംതന്നെ കാരണം. വാട്ടര്‍ അതോറിറ്റി തൃശൂര്‍ ജില്ലയില്‍ നിന്നുമാത്രം 98 കോടി രൂപ നല്‍കാനുണ്ട്.

ആഭ്യന്തര വകുപ്പ് 53.67 കോടിയും കൃഷിവകുപ്പ് 50.29 കോടിയും കൊടുത്തു തീര്‍ക്കാനുണ്ട്. മറ്റു വകുപ്പുകളുടെ കുടിശിക: ആരോഗ്യവകുപ്പ് – 18.03 കോടി, ഇറിഗേഷന്‍ – 12.32. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ ആകെ കുടിശിക പതിനാറരക്കോടി. കുടിശികയില്‍ തൃശൂര്‍ കോര്‍പറേഷന്റേതു മാത്രം 3.22 കോടി രൂപ വരും.
വിവിധ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ കുടിശിക 958 കോടി വരും.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുവേ ‘മാന്യതയുള്ള ഉപഭോക്താക്കളാണ്. ആകെ 47.15 കോടി രൂപയേ കേരളത്തിലെ കേന്ദ്രസ്ഥാപനങ്ങള്‍ നല്‍കാനുള്ളൂ. വൈദ്യുതി ബോര്‍ഡിനു കിട്ടാനുള്ള കുടിശികത്തുക ക്രമാനുഗതമായി വര്‍ധിച്ചു വരികയുമാണ്. 2007 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസക്കാലയളവില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശിക 125 കോടി രൂപയാണു വര്‍ധിച്ചത്.

എന്നാല്‍, ഇൌ കാലയളവില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ കുടിശികയില്‍ 13.50 കോടി രൂപയുടെ വര്‍ധനയേ ഉണ്ടായിട്ടുള്ളൂ.

3. നെല്ലു സംഭരണം: കുട്ടനാട്ടിലെ ബാങ്കുകള്‍ കോടികള്‍ തട്ടി
ആലപ്പുഴ: നെല്ലു സംഭരണത്തിന്റെ പേരില്‍ കുട്ടനാട്ടിലെ സഹകരണ ബാങ്കുകള്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ നെല്ലു സംഭരിച്ചും സംഭരണവിലയെക്കാള്‍ വില കുറച്ചു വിറ്റും ബാങ്കുകള്‍ വന്‍ നഷ്ടമുണ്ടാക്കിയതായി സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന്, കുട്ടനാട് താലൂക്കിലെ ചില സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കെതിരെ ഭരണസമിതി പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി തുടങ്ങി.

നെല്ലു സംഭരണത്തില്‍ ഉള്‍പ്പെടെ വന്‍ തട്ടിപ്പ് അരങ്ങേറിയ പള്ളിയറക്കാവ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് നല്‍കി. നെല്ലു സംഭരണത്തില്‍ വന്‍ നഷ്ടം വരുത്തിവച്ച കൈനടി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളില്‍നിന്ന് നഷ്ടം ഈടാക്കാനും ഇന്നലെ ഉത്തരവിറങ്ങി. മറ്റു ചില ബാങ്കുകളില്‍ നടന്ന ക്രമക്കേടുകളുടെ പേരിലും വകുപ്പുതല നടപടി നടന്നുവരുകയാണ്. 2003-04, 2004-05 വര്‍ഷങ്ങളില്‍ പള്ളിയറക്കാവ് ബാങ്ക് നടത്തിയ നെല്ലു സംഭരണ-വിപണനത്തിലൂടെ 77 ലക്ഷത്തിലേറെ രൂപ നഷ്ടമുണ്ടായെന്നു സഹകരണ ജോയിന്റ് റജിസ്ട്രാറുടെ നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തില്‍ കണ്ടെത്തി.

വിവിധ തരത്തില്‍ മൂന്നര ലക്ഷത്തിലേറെ രൂപയുടെ പണാപഹരണവും ബാങ്കിലുണ്ടായി. മുന്‍ വര്‍ഷങ്ങളിലെ നെല്ലു സംഭരണത്തില്‍ 40 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നു സഹകരണ വകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ജില്ലാ സഹകരണ ബാങ്കില്‍നിന്നെടുത്ത ഓവര്‍ഡ്രാഫ്റ്റും മറ്റും വിനിയോഗിച്ച് നെല്ലു വ്യാപാരത്തിന് ഇറങ്ങിപ്പുറപ്പെട്ട ബാങ്ക് അധികൃതര്‍ ക്രമക്കേടുകളും അഴിമതികളും നടത്താനുള്ള വ്യഗ്രതയാണു കാട്ടിയതെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

2003-04ല്‍ 167 കര്‍ഷകരില്‍നിന്ന് 11852.68 ക്വിന്റല്‍ നെല്ല് 750 രൂപ നിരക്കില്‍ സംഭരിച്ചു. ഉണക്കു കുറവ് കിഴിച്ച് 11497.10 ക്വിന്റല്‍ നെല്ലെങ്കിലും വില്‍ക്കേണ്ടിയിരിക്കേ, 10819.40 ക്വിന്റല്‍ മാത്രമാണു വിറ്റത്. ഇതുവഴി 5,08,275 രൂപയുടെ നഷ്ടമുണ്ടായി.  88,89,510 രൂപയ്ക്കു നെല്ല് സംഭരിക്കാന്‍ സംഭരണ ചെലവിനത്തില്‍ 15,00,650 രൂപ ചെലവിട്ടു.  ആകെ 1,03,90,160 രൂപ ചെലവായ വ്യാപാരംവഴി ബാങ്കിനുണ്ടായ നഷ്ടം 34,27,002.70 രൂപയാണ്. നെല്ല് സംഭരിക്കുമ്പോള്‍ നെല്ലിന് 850 രൂപയോളം വില ഉണ്ടായിരുന്നുവെങ്കിലും യഥാസമയം വിറ്റഴിക്കാതെ മനഃപൂര്‍വം വില കുറച്ചു വില്‍ക്കുകയായിരുന്നു.  2004-05ല്‍ 750 രൂപ നിരക്കില്‍ 2142.67 ക്വിന്റല്‍ നെല്ല് 16,07,002.50 രൂപയ്ക്കു സംഭരിച്ചെങ്കിലും വിറ്റപ്പോള്‍ കിട്ടിയത് 8,23,473 രൂപയാണ്.

ഇതുവഴി 7,83,529.50 രൂപ നഷ്ടമുണ്ടായി. പുറമേ സംഭരണ ചെലവും നഷ്ടമായി. ഇക്കാരണങ്ങളാല്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിടാതിരിക്കാന്‍, ജനുവരി ഒന്‍പതിനകം വിശദീകരണം നല്‍കണമെന്നും ഇന്നലെ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

കൈനടി ബാങ്ക് 2001-02 വര്‍ഷത്തില്‍ രണ്ടു ഘട്ടങ്ങളിലായി നടത്തിയ നെല്ലിടപാടില്‍ വന്‍ നഷ്ടമുണ്ടായി. ആദ്യ ഘട്ടത്തില്‍ 5,91,818 രൂപയുടെ നഷ്ടവും രണ്ടാം ഘട്ടത്തില്‍ 2,11,767 രൂപയുടെ നഷ്ടവുമുണ്ടായി. ആകെ നഷ്ടം 8,03,585 രൂപ.  ഈ തുക 10% പലിശ സഹിതം ഒന്‍പത് മുന്‍ ഭരണസമിതി അംഗങ്ങളില്‍നിന്നും മരിച്ചുപോയ സെക്രട്ടറിയുടെ അനന്തരാവകാശികളില്‍നിന്നും ഈടാക്കാനും ഉത്തരവിട്ടിട്ടുണ്ട്.

കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കുന്ന 33 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ പലതും ഇത്തരത്തില്‍ നഷ്ടം വരുത്തിവച്ചിട്ടുണ്ടെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പ് നടത്തിയ തുക കോടികള്‍ വരും.

1. വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വീണ്ടും സജീവം; 41 മലയാളികള്‍ക്ക് ദുരിതപര്‍വം
ദുബൈ: എയര്‍പോര്‍ട്ടില്‍ ഭേദപ്പെട്ട ജോലിയെന്നു പറഞ്ഞ് ട്രാവല്‍ ഏജന്‍സി മുഖേന ലക്ഷങ്ങള്‍ വിസക്ക് നല്‍കി വന്ന നാല്‍പ്പതോളം മലയാളികള്‍ക്ക് ദുരിതപര്‍വം. ഷാര്‍ജയിലെ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി പ്രയാസം സഹിച്ച് കഴിയുകയാണിവര്‍. മിക്കവാറും സമയം ക്യാമ്പില്‍ വെള്ളവും വൈദ്യുതിയും ഉണ്ടാകാറില്ലെന്നും കൊടുത്ത പണം തിരികെ കിട്ടിയാല്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നും മലയാളികള്‍ സങ്കടം കൊള്ളുന്നു.
നവംബര്‍ പതിനാലിന് നെടുമ്പാശേãരി വിമാനത്താവളം മുഖേനയാണ് ഇവരെ ഷാര്‍ജയില്‍ കൊണ്ടു വന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 41 പേരാണ് സംഘത്തിലുള്ളത്. 800^1200 ദിര്‍ഹം വരെയായിരുന്നു ഇവര്‍ക്ക് ശമ്പളം ഓഫര്‍ ചെയ്തത്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിസക്ക് നല്‍കിയവരുണ്ട് കൂട്ടത്തില്‍. മുംബൈയിലെ റിക്രൂട്ടിംഗ് ഏജന്റിനു വേണ്ടി കേരളത്തിലെ വിവിധ ട്രാവല്‍ സ്ഥാപനങ്ങള്‍ വഴിയായിരുന്നു റിക്രൂട്ടിംഗ്. ഇവിടെ എത്തിയപ്പോഴാണ് ജോലിയെ കുറിച്ചും തങ്ങളകപ്പെട്ട കെണിയെ കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ബോധ്യപ്പെട്ടത്. വന്‍കിട കരാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി ലഭിക്കുന്ന താല്‍ക്കാലിക നിര്‍മാണ ജോലികള്‍ക്കാണ് ഇവരെ കൊണ്ടു വന്നതെന്ന്. 41 മലയാളികളില്‍ മിക്കവര്‍ക്കും ഭാരിച്ച ജോലികള്‍ ചെയ്ത് പരിചയം പോലുമില്ല. എങ്കില്‍ നാട്ടിലേക്ക് പോകേണ്ടി വരുമെന്നും കൊടുത്ത പണം തിരികെ നല്‍കില്ലെന്നുമാണ് ഭീഷണി.

അതിനിടെ, ക്യാമ്പില്‍ എല്ലാ സൌകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും സ്വമേധയാ തങ്ങള്‍ മടങ്ങി പോകാന്‍ ആഗ്രഹിക്കുകയാണെന്നും കാണിച്ച് രേഖകളില്‍ ചിലരെ കൊണ്ട് നിര്‍ബന്ധമായി ഒപ്പിടുവിക്കാനും ഏജന്റ് മറന്നില്ല. ജോലിയൊന്നുമില്ലാതെ ക്യാമ്പില്‍ നരകതുല്യമായ ജീവിതമാണിവര്‍ കഴിച്ചു കൂട്ടുന്നത്. മോശം ഭക്ഷണമാണ് ലഭിക്കുന്നത്. ഒന്നുരണ്ടു പേര്‍ക്ക് അസുഖം പിടിപെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. താല്‍ക്കാലിക സ്വഭാവത്തിലുള്ള ജോലിക്കായി വിസിറ്റ് വിസയിലാണ് ഇവരെ കൊണ്ടു വന്നതെന്നാണ് അറിയുന്നത്്. എല്ലാവരില്‍ നിന്നുമായി നല്ലൊരു തുക ട്രാവല്‍ ഏജന്റിന് ലഭിക്കുകയും ചെയ്തു. നാട്ടിലെ ഏജന്റുമാരെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ അതിലൊരാള്‍ ഇവിടെ വന്നു നോക്കിയിരുന്നു. പിറ്റേന്ന് വരാമെന്നും ജോലി ഉടന്‍ ശരിയാകുമെന്നും പറഞ്ഞു മടങ്ങി. പിന്നെ വിവരമൊന്നും തന്നെയില്ല. വിസക്ക് കൊടുത്ത പണം നല്‍കാതെ നാട്ടിലേക്ക് പറഞ്ഞു വിടാനാണ് കമ്പനിയുടെ നീക്കമെന്ന് സംശയമുണ്ടെന്ന് പൊന്നാനി സ്വദേശി അബ്ദുര്‍റഹ്മാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ പ്രശ്നം കൊണ്ടു വന്നിട്ടുണ്ട്. നാളേക്കകം എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് സ്വപ്നവുമായെത്തി ഗതികേടിലായ ഈ ചെറുപ്പക്കാര്‍.

1. ‘ചെറുകിട ജലസേചന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും’
തിരുവനന്തപുരം : സംസ്ഥാനത്ത് ജലചൂഷണം നിയമംമൂലം തടയാനും ജലസ്രോതസുകളിലെ മലിനീകരണം നിയന്ത്രിക്കുന്നതിനും കരട് ജലനയം വിഭാവന ചെയ്യുന്നു.
വന്‍കിട പദ്ധതികള്‍ ഏറ്റെടുക്കാതെ ഇനിമുതല്‍ ചെറുകിട ജലസേചന പദ്ധതികള്‍ക്കായിരിക്കും സംസ്ഥാനത്ത് ഊന്നല്‍ നല്‍കുകയെന്ന് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവിലുള്ള ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍ഗണന നല്‍കും. ജലസേചന പദ്ധതികളും ജലവിതരണ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഘടനാപരമായ മാറ്റങ്ങള്‍ നയത്തില്‍ വിഭാവന ചെയ്യുന്നുണ്ട്. ജലലഭ്യതയെന്നത് മനുഷ്യാവകാശമായി നയം അംഗീകരിക്കുന്നു. കുടിവെള്ളത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ജനപങ്കാളിത്തത്തോടെയുള്ള വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. നദിസംരക്ഷണത്തിന് റിവര്‍ അതോറിറ്റികള്‍ രൂപീകരിക്കും.

2. കെല്‍ടെക് കൈമാറ്റം നാളെ
തിരുവനന്തപുരം : കേരളത്തിന്റെ വ്യവസായ വികസനത്തിന് മറ്റൊരു നാഴികക്കല്ലായി മാറുമെന്ന് കരുതുന്ന കെല്‍ടെക് കൈമാറ്റം നാളെ നടക്കും.
പ്രതിരോധവകുപ്പിന് കീഴിലുള്ള ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിനാണ് കെല്‍ടെക് കൈമാറുക. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ചാക്കയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്ക് കൈമാറ്റരേഖ നല്‍കും. വ്യവസായ മന്ത്രി എളമരം കരീം അദ്ധ്യക്ഷത വഹിക്കും.
കൈമാറ്റം നടക്കുന്നതോടെ പ്രതിരോധ ഉത്പാദനരംഗത്തേക്ക് കേരളം കടക്കുകയാണെന്ന് മന്ത്രി എം. വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റെടുക്കല്‍ കഴിഞ്ഞാലുടന്‍ 125 കോടിരൂപയുടെ മുതല്‍മുടക്കുണ്ടാവും. രണ്ടാംഘട്ടമായി 1000 കോടി കൂടി മുടക്കി പൂര്‍ണതോതിലുള്ള മിസൈല്‍ നിര്‍മ്മാണകേന്ദ്രം തുടങ്ങും. രണ്ടായിരംപേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും. രണ്ടാംഘട്ടത്തിന് 200 ഏക്കര്‍ സ്ഥലം വേണ്ടിവരും. അത് നഗരത്തിന് പുറത്തായിരിക്കും നല്‍കുക. ഐ. എസ്. ആര്‍. ഒ, ഭാഭ അണുഗവേഷണ കേന്ദ്രം തുടങ്ങിയവയ്ക്ക് കെല്‍ടെക് ഇപ്പോള്‍ത്തന്നെ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. അത് പല മടങ്ങായി വര്‍ദ്ധിപ്പിക്കും. ഇതിന് പുറമേ അനുബന്ധവ്യവസായങ്ങളുടെ ഒരു ശൃംഖലതന്നെ തിരുവനന്തപുരത്ത് രൂപപ്പെടും.
കെല്‍ടെക് എം.ഡി ജി.എം. നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി. ശിവന്‍കുട്ടി എം.എല്‍.എ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൈമാറ്റത്തോടനുബന്ധിച്ച് ആധുനിക യുദ്ധോപകരണങ്ങളുടെ പ്രദര്‍ശനം കെല്‍ടെക്കില്‍ നടക്കും. ജനുവരി ഒന്നിന് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

3. പമ്പയില്‍ കണ്ടെത്തിയത് ബോംബല്ല; തോട്ടകള്‍
ശബരിമല: കഴിഞ്ഞ ദിവസം പമ്പയില്‍ കണ്ടെത്തിയ സ്ഫോടക വസ്തുക്കള്‍ ശേഷികുറഞ്ഞ ഇലക്ട്രിക് ഡിറ്റണേറ്റര്‍ ഘടിപ്പിച്ച തോട്ടകളാണെന്ന് പൊലീസ് വ്യക്തമാക്കി. സാധാരണയായി മീന്‍ പിടിക്കാനും പാറപൊട്ടിക്കാനും ഉപയോഗിക്കുന്നതാണ് ഇത്.
പമ്പാ ഗണപതി കോവിലിനു താഴെ നിന്ന് ചെറിയാനവട്ടത്തേക്ക് തിരിയുന്ന ഭാഗത്ത് ചപ്പുചവറുകള്‍ക്കിടയില്‍ നിന്നാണ് 8 തോട്ടകള്‍ കണ്ടെത്തിയത്. വിശുദ്ധി സേനാംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതും പൊലീസിനെ അറിയിച്ചതും. പമ്പാ തീരത്ത് ബോംബ് കണ്ടെത്തിയെന്ന് ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എസ്.പി കെ. ജി.ജയിംസ് പറഞ്ഞു. മണ്ഡല പൂജയ്ക്ക് ശേഷം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായ സമയത്ത് മീന്‍ പിടിക്കാന്‍ ആരെങ്കിലും കൊണ്ടുവന്ന ഇവ പൊലീസിനെ കണ്ട് ഉപേക്ഷിച്ചു പോയതാകാമെന്നും അദ്ദേഹം പറഞ്ഞു.

4. 600 ഏക്കറില്‍ സമരഗ്രാമം
സാം ചെമ്പകത്തില്‍
പത്തനംതിട്ട: അറുന്നൂറോളം ഏക്കര്‍ ഭൂമിയില്‍ 14350 കുടിലുകള്‍. ജനസംഖ്യ 21,000. പച്ചക്കറിക്കടകള്‍ എട്ട്, രണ്ടു ചായപ്പീടികയും രണ്ടുബാര്‍ബര്‍ഷാപ്പും. അംഗന്‍വാടികളുമുണ്ട് മൂന്നെണ്ണം.
ഈ സ്ഥിതിവിവരക്കണക്കുകള്‍ കേട്ട് ഏതോ ഉള്‍നാടന്‍ ഗ്രാമമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതൊരു സമരഭൂമിയാണ്.
അഞ്ച് ഏക്കര്‍ ഭൂമിയും കൃഷിചെയ്യാന്‍ 5000 രൂപയും എന്ന ആവശ്യവുമായി കഴിഞ്ഞ ആഗസ്റ്റ് 4ന് ആരംഭിച്ചതാണ് സമരം.
പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ അതുമ്പുംകുളത്ത് ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സിന്റെ റബര്‍ തോട്ടത്തിലാണ് ഈ കുടില്‍കെട്ടി സമരം.
നേരെ കയറി ചെല്ലാമെന്ന വിചാരം വേണ്ട. സന്ദര്‍ശകരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കും. കൈവശമുളള ലഗേജുകള്‍ സൂക്ഷ്മമായി പരിശോധിക്കും. അപരിചിതരെങ്കില്‍ കോളനിയിലേക്ക് പ്രവേശിക്കാന്‍ സെക്രട്ടറി സരസ്വതിയുടെ അനുമതി വേണം. പന്തളം എന്‍.എസ്.എസ് കോളേജില്‍ നിന്ന് മലയാളത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം സമ്പാദിച്ച സരസ്വതിയാണ് സമരത്തിന്റെ ബുദ്ധികേന്ദ്രം.
ആതുരശുശ്രൂഷാ കേന്ദ്രം ഒഴികെ, ഒരു സ്വയംപര്യാപ്ത ഗ്രാമത്തിന് ആവശ്യമായ എല്ലാം ഇവിടെയുണ്ട്.
മൂവായിരം മുതല്‍ നാലായിരം വരെ കുടിലുകള്‍ ഉള്‍പ്പെട്ട ആറ് സെക്ടറുകളായി സമരകേന്ദ്രം തിരിച്ചിരിക്കുന്നു. ഓരോ കേന്ദ്രത്തിനും ഓരോ കണ്‍വീനറുണ്ട്. അംബേദ്കര്‍, അയ്യങ്കാളി, കല്ലറ സുകുമാരന്‍, കുമാരഗുരു, ശ്രീബുദ്ധന്‍ എന്നിങ്ങനെ നാമകരണം ചെയ്തിട്ടുളള സെക്ടറുകളിലെല്ലാം സ്മൃതി മണ്ഡപങ്ങളുണ്ട്. ഓരോ സെക്ടറിലും രാവിലെ 8 നും വൈകുന്നേരം അഞ്ചിനും ആളുകള്‍ ഒരുമിച്ച് കൂടി പ്രാര്‍ത്ഥന, പ്രതിജ്ഞ, മുദ്രാവാക്യം. പിന്നീട് ഹാജര്‍ രേഖപ്പെടുത്തും. ഞായറാഴ്ച മൂന്നാമത്തെ സെക്ടറായ അയ്യങ്കാളി നഗറില്‍ ഒരുമിച്ചു കൂടും. അഭിപ്രായപ്രകടനങ്ങളും ചര്‍ച്ചയും ഉണ്ടാവും. മദ്യവും മയക്കുമരുന്നും നിഷിദ്ധമാണ്. എന്നാല്‍ പുകവലി ആകാം. മദ്യപിച്ച് ആരെങ്കിലും കണ്ടാല്‍ പുറത്താകും. അംഗന്‍വാടിയില്‍ 340 കുട്ടികള്‍ പഠിക്കുന്നു. ഇവരെ പഠിപ്പിക്കാന്‍ 12 അദ്ധ്യാപകരും അവര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരാളും. മുതിര്‍ന്ന ക്ളാസുകളില്‍ പഠിക്കുന്നവര്‍ക്കായി ട്യൂഷന്‍ ക്രമീകരിച്ചിട്ടുണ്ട്.
സമരഭൂമി ഒരര്‍ത്ഥത്തില്‍ ഇവര്‍ക്ക് താമസസ്ഥലം മാത്രമാണ്. കാരണം, ‘സമരക്കാര്‍’ പതിവായി പുറത്ത് പണിക്കു പോകുന്നുണ്ട്.
ചര്‍ച്ച ഫലിച്ചില്ല
* സമരക്കാരുമായുളള ഒരു ചര്‍ച്ചയും ഫലിച്ചില്ല.
* ഉറപ്പുകള്‍ പാലിക്കാതെ വന്നപ്പോള്‍ കുമ്പഴ എസ്റ്റേറ്റ് കൈയേറി കുടില്‍ കെട്ടി സമരം തുടങ്ങി.
* ഹാരിസണ്‍ പ്ളാന്റേഷന്‍ ഉടമ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മൂന്നുമാസത്തിനകം കൈയേറ്റക്കാരെ ബലപ്രയോഗം കൂടാതെ ഒഴിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. പിന്നീട് പൊലീസ് നടപടി തുടങ്ങി.
* സി.പി.എം സമരത്തോട് കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചു. കോണ്‍ഗ്രസാകട്ടെ ഇപ്പോഴും നിശ്ശബ്ദതയിലാണ്. എഴുത്തുകാരി അരുന്ധതി റോയിയും രംഗത്തെത്തി.
ആക്ഷേപം
* കുടില്‍ കെട്ടി സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷം പേരും വീടും സ്വന്തമായി ഭൂമിയും ഉളളവരാണ്.
* ആദിവാസി ഭൂസമരമെന്ന പ്രചരണം സത്യവിരുദ്ധം.
* സമരത്തിന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ധനസഹായം.
* സമരഭൂമിയിലെ റബര്‍ ടാപ്പിംഗ് നിലച്ചു, നൂറുകണക്കിന് തോട്ടം തൊഴിലാളികളുടെ തൊഴില്‍ നഷ്ടമായി.

1. മലിനീകരണം: കേരളം വീണ്ടും പകര്‍ച്ചവ്യാധിയിലേക്ക്
കോട്ടയം: കേരളത്തില്‍ ചിക്കുന്‍ഗുനിയയെക്കാള്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ വരും മാസങ്ങളില്‍ പടര്‍ന്നുപിടിക്കാമെന്നു മെഡിക്കല്‍ പഠനം. അടുത്ത പുതുമഴയ്ക്കു മുന്‍പു തന്നെ വലിയ ദുരന്തത്തിനും ശാരീരിക വൈഷമ്യങ്ങള്‍ക്കും ഇടയാക്കുന്ന മാരക പകര്‍ച്ചവ്യാധി കേരളത്തെ കീഴടക്കുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി സംഘടനകളുടെ ഏറ്റവും പുതിയ വിലയിരുത്തല്‍.

കഴിഞ്ഞ മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ അഞ്ഞൂറോളം പേരാണു ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്നു മരിച്ചത്. പനിമാറിയ ഭൂരിപക്ഷത്തിനും ശരീരത്തിലെ നീരും വേദനയും ഇനിയും മാറിയിട്ടില്ല. ഓര്‍മക്കുറവും ഇതി ന്റെ ഭാഗമായി സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ സെമിനാറില്‍ പൊതു ആരോഗ്യ വിഭാഗം യാതൊരു മുന്‍കരുതലുകളും സ്വീകരിച്ചിട്ടില്ലെന്നു ദക്ഷിണേന്ത്യയിലെ നിരവധി മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

റബര്‍, കൈത തുടങ്ങിയ കൃഷികളുടെ പ്രചാരം കൊതുകിന്റെ വ്യാപനത്തിനിടയാക്കി. തീര്‍ഥാടന കേന്ദ്രങ്ങളും നഗരങ്ങളുമായി ബന്ധപ്പെട്ട മാലിന്യം സംസ്കര ത്തിലെ വീഴ്ചകളാണു കേരളത്തി ന്റെ മുഖ്യപാരിസ്ഥിതിക പ്ര ശ്നം.

രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ താപനില മൂന്നു ഡിഗ്രി വരെ ഉയര്‍ന്നിട്ടുണ്ട്. ഭക്ഷണം, താപനില എന്നിവയിലെ മാറ്റം കേരളീയരുടെ പ്രതിരോധ ശേഷിയെ മാത്രമല്ല ആയുര്‍ദൈഘ്യ ത്തെയും പ്രതികൂലമായി ബാധിച്ച തായും വിദഗ്ദര്‍ പറയുന്നു.

കേരളത്തെ പനിയില്‍ വിറപ്പിച്ച ചിക്കുന്‍ ഗുനിയയ്ക്കുശേഷം വരുംവര്‍ഷത്തെ പ്രതിരോധത്തിന് ആ രോഗ്യവകുപ്പ് ഒരു മുന്‍കരുതലും സ്വീകരിച്ചിട്ടില്ല. 2006ല്‍ ചേര്‍ത്തലയില്‍ പതിനായിരം പേര്‍ക്കു കൂട്ടപ്പനി ബാധിച്ചിട്ടും സര്‍ക്കാര്‍ കാട്ടിയ നിസംഗതയാണ് കഴിഞ്ഞ വര്‍ഷം രോഗത്തിന് ഇത്രത്തോളം തീ വ്രത വര്‍ധിപ്പിച്ചത്.

ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണത്തിലുള്ള കുറവ് ചികില്‍സാരംഗത്തെ രൂക്ഷമായി ബാധിക്കുന്നുണ്ട്.

പത്തു ലക്ഷം ജനങ്ങള്‍ക്ക് ഒരേ സമയം പനി ബാധി ച്ചപ്പോള്‍ അവശ്യമായ മരുന്ന് ലഭ്യ മാക്കുന്നതില്‍പോലും വീഴ്ച സംഭവിച്ചു. പട്ടാളം രംഗത്തിറങ്ങി ജനങ്ങളെ ശുശ്രൂഷിക്കേണ്ട സാഹചര്യം ഇ ക്കൊല്ലവും ആവര്‍ത്തിക്കാം.

പകര്‍ച്ചവ്യാധികളുടെ പ്രതരോ ധത്തിനായി തദ്ദേശസ്വയംഭര ണസ്ഥാപഘങ്ങളും സന്നദ്ധസംഘടനകളും വിദ്യാര്‍ഥികളും മാലിന്യ നിര്‍മാര്‍ജനത്തില്‍ സജീവമായി രംഗത്തിറങ്ങുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ആഴ്ചയില്‍ ഒരു ദിവസം ശുചീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു മുടക്കമില്ലാത്ത പ ദ്ധതി തയാറാ ക്കണമെന്നും ആ രോഗ്യപ്രവര്‍ ത്തകര്‍ നിര്‍ദേശി ക്കുന്നു.

ചിക്കുന്‍ഗുനിയ വൈറസിന് ജനിതകമാറ്റം വന്നിരിക്കുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മാരകമായിരിക്കും ഇനി വരുന്ന രോഗം. പനി, തളര്‍ച്ച, ബോധക്ഷയം, വൈകല്യം തുടങ്ങി മരണംവരെ സംഭവിക്കാവുന്ന മാരക പ കര്‍ച്ചവ്യാധികള്‍ എത്തിയേക്കാമെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.

കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിസ്റ്റ്യൂട്ട് സ്ഥാപിക്കുന്നതിലുണ്ടാ യ വീഴ്ചയും രോഗവ്യാപനത്തിനും ചികില്‍സാനിര്‍ണയത്തിനും കാരണമായിട്ടുണ്െടന്ന് ഐ. എം. എ പഠനം വ്യക്തമാക്കുന്നു.

2. തുറന്നുവച്ചു ഭക്ഷണ വില്പന വ്യാപിക്കുന്നു: ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത
ആലപ്പുഴ: പൊതുസ്ഥലങ്ങളില്‍ തുറന്നുവച്ച് ഭക്ഷണം വില്‍ക്കുന്നത് വ്യാപിക്കുന്നതു ഭക്ഷ്യവിഷബാധയ്ക്കുവരെ വഴിവച്ചേക്കുമെന്നു വിദഗ്ധര്‍.

തുറന്നുവച്ച ഭക്ഷണത്തില്‍ പൊടി കലരുന്നതും ഈച്ചയുള്‍പ്പെടെ ജീവികള്‍ വന്നിരിക്കുന്നതും ഛര്‍ദി, അതിസാരം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്- എ,ഇ) എന്നിവയ്ക്കു വഴിയൊരുക്കുമെന്നാണു മുന്നറിയിപ്പ്.

കുടലില്‍ ക്ഷയരോഗമുള്‍പ്പെടെ മാരകരോഗങ്ങള്‍ പൊതുസ്ഥലങ്ങളിലും ബസ് സ്റ്റോപ്പുകളിലും തുറന്നുവച്ച സാധനങ്ങള്‍ കഴിക്കുന്നവര്‍ക്കുണ്ടായേക്കാം.

ക്ഷയരോഗിയോ മറ്റുരോഗമുള്ളവരോ പുറത്തുകളയുന്ന കഫം വെയിലില്‍ ഉണങ്ങി പൊടിയോട് കൂടി ചേര്‍ന്ന് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പറ്റിപ്പിടിക്കുന്നതുമൂലമാണ് ക്ഷയരോഗസാധ്യതയുണ്ടാകുന്നതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ബി. പത്മകുമാര്‍ പറഞ്ഞു.

പൊതുജനാരോഗ്യവിഭാഗത്തിനും ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിനും ഇങ്ങനെയുള്ള ഭക്ഷണവില്‍പ്പന തടയാന്‍ സാധിക്കും. എന്നാല്‍ ഇവരാരും ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതാണ് രോഗങ്ങള്‍ പടരാന്‍ കാരണം.

3. ജലനയത്തിനു കരടായി; നീരുറവകളെ സംരക്ഷിക്കും
തിരുവനന്തപുരം: ജലം മനുഷ്യാവകാശമായി അംഗീകരിക്കുന്ന സംസ്ഥാന ജലനയത്തിന്റെ കരട് പുറത്തിറങ്ങി. നീരുറവകളും പരമ്പരാഗത ജലസ്രോതസുകളേയും സംരക്ഷിച്ചുകൊണ്ടുള്ള സമഗ്ര ജലനയമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കരട് എറ്റുവാങ്ങി ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അനന്തമായ നീളുന്ന ജലസേചന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതല്ല സര്‍ക്കാരിന്റെ നയം.

കാര്‍ഷികവും ഗാര്‍ഹികവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്കായി ഇടത്തരം-ചെറു പദ്ധതികള്‍ മാത്രമെ ഇനി ആരംഭിക്കു. നിലവിലുള്ള ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണന.

ഡാം സുരക്ഷാ അഥോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. തണ്ണീര്‍ത്തടങ്ങളെപ്പറ്റി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന വിശദമായ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും.

വാണിജ്യാവശ്യത്തിനായി ജലം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് നിയമ ഭേദഗതി വേണമെന്ന് കരടില്‍ ആവശ്യപ്പെട്ടിട്ടുണ്െടന്ന് മന്ത്രി പറഞ്ഞു.

ജല മലിനീകരണത്തിന് സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന ശിക്ഷ വ്യക്തികള്‍ക്കും ബാധകമായിരിക്കും. അയല്‍ സംസ്ഥാനങ്ങളുമായുള്ള കരാറുകളില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുമാത്രമെ ഒപ്പിടൂ. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കരടില്‍ പറയുന്നു.

1. വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള സാക്ഷിവിസ്താരം: നാലുപ്രതികളുടെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരം: ലോ കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്.എഫ്.ഐ. നേതാവുമായിരുന്ന സക്കീറിനെ കൊലപ്പെടുത്തിയ കേസില്‍ വിദേശത്തുള്ള സാക്ഷിയെ വിസ്തരിക്കുന്നതിന് കോടതി ഏര്‍പ്പെടുത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഹാജരാകാതിരുന്ന നാല് പ്രതികളുടെ ജാമ്യം റദ്ദാക്കി. ഇതില്‍ തിരുവനന്തപുരം ഒന്നാം അതിവേഗ കോടതി ജഡ്ജി എസ്. സോമന് മുന്നില്‍ ശനിയാഴ്ച ഹാജരായ മന്‍സൂറിനെ കോടതി റിമാന്‍ഡ് ചെയ്തു.

സക്കീര്‍ വധക്കേസില്‍ പതിനഞ്ച് പ്രതികളാണുണ്ടായിരുന്നത്. ഡിസംബര്‍ 26ന് നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ രണ്ടാംപ്രതി സുല്‍ഫിക്കര്‍, മൂന്നാം പ്രതി മന്‍സൂര്‍, എട്ടാം പ്രതി റാഫി, ഒമ്പതാം പ്രതി നാസര്‍ എന്നിവരാണ് വിസ്താരവേളയില്‍ ഹാജരാകാതിരുന്നത്.

മറ്റ് മൂന്നുപ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും കോടതി നിര്‍ദ്ദേശം നല്കി. ഇവരുടെ വാറണ്ട് നടപ്പിലാക്കുന്നതിനും സാക്ഷി നോട്ടീസ് നടത്തുന്നതിനും പോലീസിന് കര്‍ശനനിര്‍ദ്ദേശം നല്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. രാജസേനനോട് ആവശ്യപ്പെട്ടു. കൂടുതല്‍ വിചാരണയ്ക്കായി കേസ് ജനവരി 15_ലേക്ക് മാറ്റി. ഈ ദിവസം പ്രതികള്‍ക്കുവേണ്ടി ജാമ്യം നിന്നവരോട് ഹാജരാകാനും കോടതി ഉത്തരവിട്ടു.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സക്കീര്‍ കൊലക്കേസിലെ സാക്ഷിയും ഇപ്പോള്‍ യു.എ.ഇ.യിലുള്ളതുമായ ഷാജഹാനില്‍ നിന്ന് 26ന് മൊഴി രേഖപ്പെടുത്തിയത്.

2. മലയാളിയുടെ പരാതി: സിറ്റി ബാങ്ക് മാനേജര്‍ക്കെതിരെ ഉപഭോക്തൃ കോടതിയുടെ അറസ്റ്റ് വാറന്റ്

മുംബൈ: രണ്ടുലക്ഷം രൂപ കാര്‍ വായ്പയ്ക്ക് അപേക്ഷിച്ചയാള്‍ക്ക് ഒന്നരലക്ഷം രൂപ അനുവദിച്ച ശേഷം അപേക്ഷിച്ച മുഴുവന്‍ തുകയും തിരിച്ചുപിടിക്കാന്‍ ശ്രമിച്ച സ്വകാര്യബാങ്കിന്റെ മാനേജര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

കാസര്‍കോട് തൃക്കരിപ്പൂര്‍ ഒളവറ സ്വദേശി എസ്.എന്‍.അഹമ്മദിന്റെ പരാതിയില്‍ താനെ ഉപഭോക്തൃ കോടതിയാണ് സിറ്റി ബാങ്കിന്റെ ലീഗല്‍ മാനേജര്‍ ജോയല്‍ നാടാര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. താനെ വാഗ്ളെ എസ്റ്റേറ്റില്‍ രാജീവ് ഗാന്ധി നഗറില്‍ റസ്റ്റോറന്റ് നടത്തിവരികയാണ് എസ്.എന്‍. അഹമ്മദ്.

2001ല്‍ രണ്ടു ലക്ഷം രൂപയ്ക്ക് അപേക്ഷിച്ച അഹമ്മദിന് സിറ്റി ബാങ്ക് ആദ്യ ഗഡുവായ 7216 കുറച്ച് 1,91,784 രൂപയുടെ ചെക്ക് നല്‍കി. ഈ ചെക്ക് പണമില്ലെന്ന കാരണത്താല്‍ മടങ്ങുകയായിരുന്നു. പിന്നീട് സിറ്റി ബാങ്കിന്റെ ഏജന്‍സിയായ നെക്സസ് മാര്‍ക്കറ്റിങ്ങിനെ സമീപിച്ചപ്പോള്‍ അവര്‍ ഒന്നരലക്ഷം രൂപ പണമായും ബാക്കി 41,784 രൂപയ്ക്കുള്ള ചെക്കും നല്‍കി. ഈ ചെക്കും പണമില്ലെന്ന കാരണത്താല്‍ മടങ്ങി.

ഒന്നരലക്ഷം രൂപ കൃത്യമായി തവണകളായി അഹമ്മദ് ബാങ്കില്‍ അടച്ചു. പിന്നീട് തരാത്ത തുകയായ അമ്പതിനായിരത്തിന് ഗഡുവടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് അഹമ്മദിന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി 2004 ല്‍സിറ്റിബാങ്കിന് നിര്‍ദേശം നല്‍കി. ഇതിനെതിരെ സിറ്റി ബാങ്ക് സംസ്ഥാന ഉപഭോക്തൃ കോടതി, ഡല്‍ഹിയിലെ ദേശീയ ഉപഭോക്തൃ കോടതി എന്നിവിടങ്ങളില്‍ നല്‍കിയ അപ്പീല്‍ തള്ളി. തുടര്‍ന്ന് വിധി നടപ്പാക്കാനായി അഹമ്മദ് വീണ്ടും ഉപഭോക്തൃ കോടതിയെ സമീപിച്ചു. പക്ഷേ, പലവട്ടം സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ മാനേജര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജനവരി നാലിനാണ് ഇനി കേസ് പരിഗണിക്കുക.

3. ശാസ്ത്രനേട്ടങ്ങളുടെ ദുരുപയോഗത്തിന് എതിരെ പോരാടണം_അഴീക്കോട്

Sukumar Azhikodeതൊടുപുഴ:ശാസ്ത്രനേട്ടങ്ങളുടെ ദുരുപയോഗത്തിനെതിരെ പോരാടണമെന്ന് ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞു. തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡിസെന്ററിന്റെ സംസ്ഥാന കാര്‍ഷികമേളയോടനുബന്ധിച്ച് നടന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രനേട്ടങ്ങള്‍ എന്തിനുവേണ്ടി വിനിയോഗിക്കപ്പെടുന്നു എന്നതിനെ സംബന്ധിച്ച് അന്വേഷണം ഉണ്ടാകണം. അമേരിക്കന്‍ പ്രസിഡന്റ് ബുഷിനെപ്പോലുള്ള രാഷ്ട്രീയനേതാക്കളാണ് അണുവിനെക്കുറിച്ചും അണു വിഭജനത്തെക്കുറിച്ചും സംസാരിക്കുന്നത്. ശാസ്ത്രജ്ഞന്മാര്‍ സാങ്കേതിക നേട്ടങ്ങളില്‍ മാത്രമാണ് അഭിമാനിക്കുന്നത്. ശാസ്ത്രനേട്ടങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശാസ്ത്രലോകം പ്രതികരിക്കാത്തത് തെറ്റാണ്.

ബേനസീര്‍ ഭൂട്ടോയുടെ വധം ഒറ്റപ്പെട്ടസംഭവമല്ല. അത് നിത്യസംഭവമാണ്. നമ്മുടെ രാജ്യത്തും ഇത്തരമുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാന്‍ എഴുത്തുകാര്‍ക്കും ശാസ്ത്രജ്ഞന്‍മാര്‍ക്കും കടമയുണ്ട്.

ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും ഉറവിടം ജീവിതമാണ്. ഭൂമിയെ നിലനിര്‍ത്തുക എന്നതായിരിക്കണം ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആത്യന്തിക ലക്ഷ്യമെന്നും അഴീക്കോട് പറഞ്ഞു.

ബഹിരാകാശ ഗവേഷണത്തിന്റെ സാധ്യതയെക്കുറിച്ച് ഐ.എസ്.ആര്‍.ഒ.യിലെ സയന്റിസ്റ്റ് ഡോ.ബാലഗംഗാധരന്‍ വിശദീകരിച്ചു. ന്യൂക്ലിയര്‍ എനര്‍ജിയെക്കുറിച്ചും വിദ്യാഭ്യാസ സാധ്യതയെക്കുറിച്ചും മുംബൈ ‘ബാര്‍ക്ക്’ മുന്‍ സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഡോ.ആര്‍.എസ്.മെഹ്റോത്ര, നാനോ ടെക്നോളജിയെക്കുറിച്ച് ഐ.ബി.എമ്മിലെ ശാസ്ത്രജ്ഞനായ അബു സെബാസ്റ്റ്യന്‍ എന്നിവര്‍ വിശദീകരിച്ചു. കാര്‍ഷിക സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ കെ.ആര്‍.വിശ്വംഭരന്‍, റോഡ്സ് ആന്‍ന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആര്‍.ശ്രീലേഖ, മുംബൈ ആറ്റോമിക് എനര്‍ജി സ്കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ആന്‍ഡ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്‍.കെ.ദാസ്, ഡോ.സിറിയക് തോമസ് എന്നിവര്‍ പ്രസംഗിച്ചു. പി.ജെ.ജോസഫ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. അനൂപ് ടി.മാത്യു സ്വാഗതവും ഡോ.ടി.എം.ജോസഫ് നന്ദിയും പറഞ്ഞു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം