Daily Archives: ഡിസംബര്‍ 29, 2007

പത്രവാര്‍ത്തകള്‍ 29-12-07

1. സര്‍ക്കാര്‍ഭൂമിക്ക് വ്യാജരേഖ; മുന്‍ കളക്ടറുടെ പങ്ക് തെളിയുന്നു

തൊടുപുഴ: ചിന്നക്കനാലിലെ സര്‍ക്കാര്‍ഭൂമി വ്യാജരേഖകള്‍ ചമച്ച് ഭൂമാഫിയകള്‍ക്ക് പതിച്ചുനല്‍കിയ സംഭവത്തില്‍ ഇടുക്കിയിലെ ഒരു മുന്‍കളക്ടര്‍ക്കുള്ള പങ്ക് തെളിഞ്ഞതായി സൂചന. ഈ മുന്‍കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കുമെന്നാണറിയുന്നത്. ചിന്നക്കനാലിലെ ആറേക്കര്‍ സര്‍ക്കാര്‍ഭൂമി സിപിഎം നേതാവ് ആല്‍ബിക്കും, ഇസഹാക്കെന്ന മറ്റൊരാള്‍ക്കും പതിച്ചുനല്‍കിയ സംഭവത്തില്‍ മുന്‍കളക്ടര്‍ക്കും പങ്കുള്ളതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വ്യാജതണ്ടപ്പേരുകളുടെ അടിസ്ഥാനത്തില്‍ ചിന്നക്കനാലിലെ ഭൂമി പതിച്ചുനല്‍കുന്നതിന് അന്നത്തെ കളക്ടര്‍ സഹായം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചിന്നക്കനാലില്‍ 6400 ഏക്കറോളം സര്‍ക്കാര്‍ഭൂമിയാണുള്ളത്. ഇവിടെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ആറേക്കറിനു പുറമെ നിരവധിയേക്കര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമികനിഗമനം.

ചിന്നക്കനാല്‍ ആനയിറങ്കല്‍ ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തോടു ചേര്‍ന്നുകിടക്കുന്ന ഭൂമിയുടെ ഭാഗമാണ് സിപിഎം നേതാവ് കൈവശപ്പെടുത്തിയത്. ഈ ഭൂമിയിടപാടിനെക്കുറിച്ചന്വേഷിക്കാന്‍ കളക്ടര്‍ അശോക്കുമാര്‍ സിങ്ങ് ഉടുമ്പന്‍ചോല തഹസില്‍ദാരെ ചുമതലപ്പെടുത്തി. തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ക്രിസ്മസിനുമുമ്പ് കളക്ടര്‍ക്ക് കൈമാറി. രേഖകളില്‍ കൃത്രിമം നടന്നതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ചിന്നക്കനാലില്‍ ഭൂമിയുള്ളതായിപ്പറയുന്ന ഇസഹാക്കിനെ കണ്ടെത്താന്‍പോലുമായില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇസഹാക്കിന് നോട്ടീസ് അയച്ചെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2. മെട്രോ റെയില്‍ പ്രോജക്ട് റിപ്പോര്‍ട്ട് കൈമാറി; നടപടികള്‍ അഞ്ചു ദിവസത്തിനകം

കാക്കനാട്: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ജില്ല ഭരണകൂടത്തിന് ലഭിച്ചു. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് പരിശോധിച്ച് സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കും താസില്‍ദാര്‍ക്കും നിര്‍ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. ദിശ സംബന്ധിച്ച വിശദമായ സ്കെച്ചും ലഭിച്ചിട്ടുണ്ട്. ഇവ രണ്ടും പരിശോധിച്ച ശേഷമായിരിക്കും സ്ഥലമെടുപ്പ്നടപടികള്‍ ആരംഭിക്കുക.

ഇതിനു മുന്നോടിയായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയായിരിക്കും പരിശോധന.

സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം റോഡ്, റെയില്‍പദ്ധതികളുടെ സ്ഥലമെടുപ്പിന് പ്രധാന പങ്കുവഹിച്ച ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രമാദേവിയും എല്‍.എ.എന്‍.എച്ച്. നമ്പര്‍ മൂന്നിലെ സ്പെഷല്‍ താസില്‍ദാര്‍ ബേബിയും ചേര്‍ന്നായിരിക്കും മെട്രോ റെയില്‍ പദ്ധതിയുടെ സ്ഥലമെടുപ്പിന് നേതൃത്വം നല്‍കുക.

സംയുക്ത പരിശോധന നടത്താന്‍ ഡിഎംആര്‍സി ഉദ്യോഗസ്ഥരോട് എത്രയും വേഗം കൊച്ചിയിലെത്താന്‍ ആവശ്യപ്പെടുമെന്ന് കളക്ടര്‍ പറഞ്ഞു. ഈ മാസം പരിശോധന നടത്താനാണ് തീരുമാനം.

3. വിള കുറഞ്ഞാലും നഷ്ടപരിഹാരം; 85 ശതമാനം കര്‍ഷകരും വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടില്ല

തൊടുപുഴ: 85 ശതമാനം കര്‍ഷകരും വിളകള്‍ ഇന്‍ഷുര്‍ചെയ്യാതെ കൃഷി നടത്തുന്നവരാണെന്ന് അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇന്ത്യാ ലിമിറ്റഡ് സി.എം. ഡി.എം.പര്‍ഷാദ് ഇന്‍ഷുറന്‍സ് സെമിനാറില്‍ അഭിപ്രായപ്പെട്ടു.

റബ്ബര്‍മരം നഷ്ടപ്പെട്ടാലും ഏലം, കുരുമുളക് അടക്കമുള്ള വിളകളുടെ ഉല്പാദനം കുറഞ്ഞാലും നഷ്ടപരിഹാരം ലഭ്യമാക്കും. കുറഞ്ഞ പ്രീമിയമാണ് പദ്ധതിക്ക്.

നെല്ല്, പൈനാപ്പിള്‍, ഏത്തവാഴ, ഇഞ്ചി എന്നീ വിളകള്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നുണ്ട്.

റബ്ബര്‍വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ നിര്‍വഹിച്ചു.

എല്ലാ ക്ലെയിമുകളുടെയും പത്തുശതമാനം കര്‍ഷകന്‍ വഹിക്കണം.

4. മികച്ച നെല്ലിനും തെങ്ങിനും അണുശക്തി ഉപയോഗിക്കാം: ഡോ. എസ്.എഫ്.ഡിസൂസ

അണശക്തി നെല്ലിനും തെങ്ങിനുംതൊടുപുഴ: കാര്‍ഷികവിളകളുടെ ഉല്പാദനവും രോഗപ്രതിരോധശേഷിയും ഉയര്‍ത്തുന്നതിന് ആണവസാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ(ബാര്‍ക്ക്) കാര്‍ഷിക അണുശക്തിവിഭാഗം തലവന്‍ ഡോ. എസ്.എഫ്.ഡിസൂസ പറഞ്ഞു. പ്രാദേശിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇതിലൂടെ വിത്തിനങ്ങള്‍ സൃഷ്ടിക്കാന്‍ ബാര്‍ക്കിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഗാന്ധിജി സ്റ്റഡിസെന്ററിന്റെ കാര്‍ഷികമേളയോടനുബന്ധിച്ച് വെള്ളിയാഴ്ച ‘അണുശക്തിഗവേഷണവും കാര്‍ഷികവികസനവും’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണുവികിരണം ഉപയോഗിച്ച് ബാര്‍ക്ക് സൃഷ്ടിച്ച ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള 35 ഇനം വിളകള്‍ കേന്ദ്ര കൃഷിവകുപ്പുമുഖേന വിതരണം ചെയ്യുന്നുണ്ട്.

നെല്‍ച്ചെടികളുടെ ഉയരം കുറച്ചതുപോലെ മറ്റുകാര്‍ഷികവിളകളുടെയും ഉയരം കുറയ്ക്കാന്‍ അണുശക്തിയുടെ സഹായത്തോടെ ശ്രമിച്ചുവരികയാണ്. അരി ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു പദ്ധതിയുടെ പണിപ്പുരയിലാണ് ബാര്‍ക്ക്. ഉപ്പുവെള്ളത്തില്‍ നില്‍ക്കുന്ന നെല്‍ച്ചെടിയും വീണുനശിച്ചുപോകാത്ത ഉയരം കുറഞ്ഞ നെല്ലിനവും വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നു.

വിളവെടുപ്പു കഴിഞ്ഞ പാടശേഖരങ്ങളിലെ ജലാംശം ഉപയോഗിച്ച് കൂടുതല്‍ വിളവ് നല്‍കാന്‍ ശേഷിയുള്ള ഉഴുന്നുവര്‍ഗ്ഗവും, നെല്‍ക്കൃഷിക്കിടെ കൃഷിചെയ്യാന്‍ കഴിയുന്ന ചെറുപയറിനവും വന്‍വിജയമായതായി ഡോ.ഡിസൂസ പറഞ്ഞു.

ജൈവഡീസല്‍ ഉല്പാദിപ്പിക്കുന്ന ജെട്രോഫയും വ്യാപിപ്പിക്കാനുള്ള ശ്രമം ബാര്‍ക്ക് നടത്തുന്നതായി ഡിസൂസ പറഞ്ഞു. ചുവന്ന ചെല്ലിയെ പ്രതിരോധിക്കാന്‍ കഴിവുള്ള തെങ്ങിന്‍തൈകള്‍ വികസിപ്പിച്ചെടുക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരും.

സെമിനാര്‍ കര്‍ണ്ണാടക ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു.

വ്യവസായമന്ത്രി എളമരം കരിം, ബാര്‍ക്കിലെ ശാസ്ത്രജ്ഞരായ ഡോ. പി.സുവേസന്ന, ഡോ. ബി.ആനന്ദ് എന്നിവര്‍ സംസാരിച്ചു. ഗാന്ധിജി സ്റ്റഡിസെന്റര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. ആണവോര്‍ജ്ജവകുപ്പ് ജോയിന്റ് സെക്രട്ടറി സി.വി.ആനന്ദബോസ്, വിശ്വജ്യോതി പ്രിന്‍സിപ്പല്‍ ഡോ. എം.ജി.ഗ്രേഷ്യസ്, പ്രൊഫ. കെ.എം.തോമസ് എന്നിവര്‍ സംസാരിച്ചു.

1. പമ്പാ തീരത്ത് ബോംബുകള്‍ കണ്ടെത്തി
ശബരിമല: പമ്പ മണല്‍പ്പുറത്തു നിന്ന് എട്ടു ബോംബുകള്‍ കണ്ടെത്തി. ഇലക്ട്രിക് ഡിറ്റണേറ്റര്‍ ഇനത്തില്‍ പെട്ടതാണ് ഇവ. ബോംബ് കണ്ടെത്തിയതുമായി മാവോയിസ്റ്റുകള്‍ക്കു ബന്ധമുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

പമ്പ ഗണപതി കോവിലിനു താഴെ നിന്നു ചെറിയാനവട്ടത്തേക്കു തിരിയുന്ന ഭാഗത്തു ചപ്പുചവറുകളുടെ കൂട്ടത്തിലാണു ബോംബുകള്‍ കണ്ടത്. ഡിറ്റണേറ്റര്‍ ഘടിപ്പിച്ചതായതിനാല്‍ മാരക ശേഷിയുള്ളതാണ് ഇവ. സ്ഫോടനം നടത്താന്‍ കഴിയുന്നവിധം വയറുകള്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇവ അത്ര തീവ്രശേഷിയുള്ളതല്ലെന്നാണു പൊലീസിന്റെ നിലപാട്.

അടുത്തിടെ പെരുമ്പാവൂരില്‍ പിടിയിലായ മാവോയിസ്റ്റ് നേതാക്കളുടെ വാക്കുകളാണ് മാവോയിസ്റ്റ് ബന്ധം അന്വേഷിക്കുന്നതിന് ആധാരം. മാവോയിസ്റ്റ് പ്രവര്‍ത്തനം സംസ്ഥാനത്തു വേരോടിക്കഴിഞ്ഞു എന്നായിരുന്നു അവരില്‍ നിന്നു കിട്ടിയ വിവരം. കേരളത്തിലെ മലയോര മേഖലയാണ് അതിന്റെ സിരാകേന്ദ്രമെന്നതും പൊലീസിന്റെ സംശയത്തിനു ബലമേകുന്നു.

തീര്‍ഥാടകരുടെ തിരക്കു കുറഞ്ഞതോടെ വിശുദ്ധി സേന ശുചീകരണം നടത്തുന്നതിനിടയിലാണു വയറുകള്‍ ഘടിപ്പിച്ച ബോംബുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഇന്നലെ രാവിലെ 10 മണിയോടെയാണു ബോംബുകള്‍ കണ്ടത്. പമ്പ എസ്ഐ കെ.എസ്. വിജയന്റെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്ക്വാഡും പരിശോധിച്ച് ഇവ നിര്‍വീര്യമാക്കി. പൊലീസ് കേസെടുത്തു.

2. സ്കൂളില്‍ വിടാതിരുന്നാല്‍ നടപടി വേണം: ചീഫ് ജസ്റ്റിസ്
കൊച്ചി: കുട്ടികളെ സ്കൂളില്‍ വിടാത്ത രക്ഷിതാക്കള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കുള്ള നീതിനിര്‍വഹണം സംബന്ധിച്ച് ലീഗല്‍ അസിസ്റ്റന്റ്സ് ഫോറം കേരള ഘടകവും യൂണിസെഫും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘സമൂഹത്തില്‍ അവശതയും ദുരിതവും അനുഭവിക്കുന്നവര്‍ക്കായി നിര്‍മിച്ച പല നിയമങ്ങളും വേണ്ടവിധം പാലിക്കപ്പെടുന്നില്ല. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ കാര്യത്തിലും ഇതാണു സംഭവിക്കുന്നത്. ജുവനൈല്‍ സ്പെഷല്‍ പൊലീസ്, എല്ലാ ജില്ലകളിലും ജുവനൈല്‍ ഹോംസ് തുടങ്ങിയ നിബന്ധനകളെല്ലാം ഈ നിയമത്തിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. അതേ സമയം സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ പിന്നില്‍ നില്‍ക്കുന്ന മണിപ്പൂര്‍, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ ഇവയെല്ലാം നടപ്പാക്കുന്നുമുണ്ട്.

സര്‍വശിക്ഷാ അഭിയാനും മറ്റും വന്നതോടെ രാജ്യത്തെ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് 54 ശതമാനത്തില്‍ നിന്നു 40 ശതമാനത്തോളമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഇരുനൂറോളം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരെ നിയമിക്കുമെന്നു മന്ത്രി പി.കെ. ശ്രീമതി അറിയിച്ചു. ഇവര്‍ക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കും. ജുവനൈല്‍ കോടതികള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജസ്റ്റിസ് ജെ.ബി. കോശി മുഖ്യ പ്രഭാഷണം നടത്തി. ലീഗല്‍ അസിസ്റ്റന്റ്സ് ഫോറം ദേശീയ പ്രസിഡന്റ് വിജയ് ഹന്‍സാരിയ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് കെ.എല്‍. വര്‍ഗീസ്, ദേശീയ സെക്രട്ടറി പി.ഐ. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ നിയമത്തെക്കുറിച്ച് ജസ്റ്റിസ് ആര്‍. ബസന്ത് സെമിനാറില്‍ പ്രഭാഷണം നടത്തി.

3. അഴിമതിക്കേസില്‍ പ്രതിയായ പൊലീസുകാരന് രാഷ്ട്രപതിയുടെ മെഡലിന് ശുപാര്‍ശ
കോഴിക്കോട്: അഴിമതിക്കേസില്‍ വിജിലന്‍സ് കുറ്റക്കാരനെന്നു കണ്ടെത്തിയ പൊലീസുകാരനു രാഷ്ട്രപതിയുടെ മെഡലിന് ശുപാര്‍ശ. ഐജി ഒാഫിസില്‍ ജോലി ചെയ്യുന്ന കാലത്ത് ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അഴിമതിക്കാരനാണെന്ന് സര്‍ക്കാരിനു റിപ്പോര്‍ട്ടും നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശക്കാരനായാണ് ഇയാള്‍ വകുപ്പില്‍ അറിയപ്പെടുന്നത്.

ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയതിന് 2004ല്‍ നടക്കാവ് പൊലീസ് ഇയാള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിരുന്നു. നഗരത്തില്‍ അടുത്ത കാലത്ത് പൊലീസിനെതിരെ ആരോപിക്കപ്പെടുന്ന അഴിമതിക്കേസുകളിലെ പ്രധാനി കൂടിയാണ് ഈ ഹെഡ്കോണ്‍സ്റ്റബിള്‍. എഎസ്ഐ എന്ന പേരിലാണ് നാട്ടില്‍ അറിയപ്പെടുന്നത്. മെഡലിന് ശുപാര്‍ശ നല്‍കാനായി കഴിഞ്ഞ തവണയും ഇയാള്‍ക്കായി ചിലര്‍ ചരടുവലികള്‍ നടത്തിയിരുന്നു.

എന്നാല്‍ രാഷ്ട്രപതിയുടെ മെഡലിന് ശുപാര്‍ശ നല്‍കണമെങ്കില്‍ മുന്‍പ് റിവാര്‍ഡുകള്‍ കിട്ടിയിരിക്കണമെന്നുണ്ട്. ഇതില്ലാതിരുന്നതിനെ തുടര്‍ന്ന് പട്ടികയില്‍ ഉള്‍പ്പെട്ടില്ല. എന്നാല്‍ ഈ വര്‍ഷം ഇദ്ദേഹത്തിനു രണ്ടു റിവാര്‍ഡുകള്‍ ലഭിച്ചത് രാഷ്ട്രപതിയുടെ മെഡലിന് ശുപാര്‍ശ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സര്‍വീസില്‍ പ്രവേശിച്ച ശേഷം യൂണിഫോം അണിഞ്ഞത് പരിശീലന കാലത്തുമാത്രമാണ്. ഐജി ഒാഫിസ്, സിറ്റി പൊലീസ് കമ്മിഷണര്‍ ഒാഫിസ്, പൊലീസ് കണ്‍ട്രോള്‍ റൂം, സിറ്റി സ്പെഷല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ മാത്രമാണ് ജോലി ചെയ്തത്.

കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലം മാറ്റം ലഭിച്ചെങ്കിലും ഒരു ദിവസം പോലും അവിടെ ജോലി ചെയ്തിട്ടില്ല. സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇദ്ദേഹത്തിനു മാത്രമായി ഒരു പൊലീസ് ജീപ്പും ഡ്രൈവറെയും അനുവദിച്ചിട്ടുണ്ട്. വെഹിക്കിള്‍ ഡയറിയില്‍ ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ ഒപ്പിട്ടു നല്‍കുകയാണ് പതിവ്. പരാതികള്‍ പരിശോധിച്ച മുന്‍ ഉത്തരമേഖലാ ഐജി എം. എന്‍. കൃഷ്ണമൂര്‍ത്തി, ഇയാളെ ജില്ല വിട്ടു സ്ഥലം മാറ്റണമെന്നു ഉത്തരവിറക്കിയിരുന്നു.

സ്വാധീനമുപയോഗിച്ച് ഇതും ഇയാള്‍ മറി കടക്കുകയായിരുന്നു. ഫ്ലയിങ് സ്ക്വാഡ് ഡ്യൂട്ടിക്ക് പോകാതെ  അവധി ദിവസം ജോലി ചെയ്തതിന്റെ ഒാഫ് ഡ്യൂട്ടി അലവന്‍സും വാങ്ങിയെന്നും പരാതിയുണ്ട്. അടുത്ത കാലത്ത് ഇദ്ദേഹത്തെ സ്പെഷല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതും ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണെന്ന് പൊലീസുകാര്‍ പറയുന്നു.

1. സുഹൃത്തിന് ബേനസീറിന്റെ ഇ- മെയില്‍: ‘കൊല്ലപ്പെട്ടാല്‍ ഉത്തരവാദി മുഷാറഫ് മാത്രം’

വാഷിംഗ്ടണ്‍: പാക് മണ്ണില്‍ താന്‍ കൊല്ലപ്പെട്ടാല്‍ അതിന് ഉത്തരവാദി പ്രസിഡന്റ് പര്‍വേസ് മുഷാറഫ് മാത്രമായിരിക്കുമെന്ന് സുഹൃത്തിനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ബേനസീര്‍ ഭൂട്ടോ. മുഷാറഫ് ഭരണകൂടത്തിന് തന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയുന്നില്ലെന്നും യു.എസ്. വക്താവും സുഹൃത്തുമായ മാര്‍ക് സീഗലിന് ഒക്ടോബറില്‍ അയച്ച ഇ-മെയിലില്‍ ബേനസീര്‍ ചൂണ്ടിക്കാട്ടുന്നു. സി.എന്‍.എന്‍. ലേഖിക വോള്‍ഫ് ബ്ളിറ്റ്സറാണ് ബേനസീറിന്റെ ഇ-മെയില്‍ പുറത്തുവിട്ടിരിക്കുന്നത്.

നാലു പോലീസ് വാഹനങ്ങളുടെ അകമ്പടിയും ബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള ജാമറുകളും ആവശ്യപ്പെട്ടിരുന്നെങ്കിലും മുഷാറഫ് ഭരണകൂടം അത് അനുവദിച്ചിരുന്നില്ലെന്നും ബേനസീര്‍ പറയുന്നു. കറാച്ചിയില്‍ തനിക്കുനേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തിന് ഒരാഴ്ചയ്ക്കുശേഷം ഒക്ടോബര്‍ 26-നാണ് സീഗലിന് ബേനസീര്‍ ഇ-മെയില്‍ അയച്ചത്. കറാച്ചിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലെന്നും ബേനസീര്‍ ആരോപിക്കുന്നു. കൊല്ലപ്പെട്ടാല്‍ ഇ-മെയില്‍ മാധ്യമങ്ങള്‍ക്കു നല്‍കണമെന്നും ബേനസീര്‍ ആവശ്യപ്പെട്ടിരുന്നതായി സീഗല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് സര്‍ക്കാര്‍ മതിയായ സുരക്ഷാ സൌകര്യങ്ങള്‍ ഒരുക്കാത്തതില്‍ ബേനസീര്‍ ആശങ്കാകുലയായിരുന്നെന്നും അവര്‍ പറഞ്ഞു. “മുന്‍ പ്രധാനമന്ത്രിക്ക് അര്‍ഹമായ സുരക്ഷാ ക്രമീകരണങ്ങള്‍ മാത്രമാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. അതെല്ലാം മുഷാറഫും കൂട്ടരും നിഷേധിച്ചു. സംരക്ഷണത്തിനായി കുറച്ചു പോലീസുകാരെ മാത്രമാണ് നിയമിച്ചിരുന്നത്. ഗുരുതരമായ കൃത്യവിലോപമാണിത്.” സീഗല്‍ പറഞ്ഞു.

ഇ-മെയിലിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു യു.എസിലെ പാക് അംബാസഡര്‍ മഹ്മൂദ് അലി ദുറാണി പറഞ്ഞു. ബേനസീറിന് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

2. കോടികള്‍ പൊടിച്ച് ബാങ്കുകള്‍ക്ക് പുതിയ ലോഗോ: പിന്നില്‍ മന്ത്രിപുത്രന്റെ ബിസിനസ് താല്‍പര്യം

തൃശൂര്‍: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കോടികള്‍ മുടക്കി ലോഗോയും സേവനമുദ്രാവാക്യവും മാറുന്നതിനു പിന്നില്‍ കേന്ദ്രധനമന്ത്രിയുടെ പുത്രന്റെ ബിസിനസ് താല്‍പര്യം.

ബാങ്കുകള്‍ പുതിയ പ്രതിഛായ തേടുന്നതിന്റെ മറവില്‍ കോടികളുടെ കുംഭകോണത്തിനാണ് അരങ്ങൊരുങ്ങുന്നത്. പുതിയ ലോഗോ രൂപകല്‍പന ചെയ്യുന്നത് കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരം നേതൃത്വം നല്‍കുന്ന ബിസിനസ് ഗ്രൂപ്പുകള്‍ മുഖേനയാണ്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഗോ മാറ്റാനും പുതിയ പരസ്യസൂചികയ്ക്കുമായി 2000 കോടി രൂപയാണ് വകയിരുത്തുന്നത്. അസോഷ്യേറ്റ് ബാങ്കുകളുമായുള്ള ലയനം പൂര്‍ത്തിയാക്കുന്നതിനൊപ്പമാകും പുതിയ ലോഗോ നിലവില്‍ വരിക. 1000 കോടി രൂപ ചെലവിട്ട കനറാ ബാങ്കിന്റെ പുതിയ ലോഗോ ബാംഗ്ളൂരില്‍ ഇന്നു മന്ത്രി പി. ചിദംബരമാണ് പ്രകാശിപ്പിക്കുന്നത്. ‘സേവനത്തിനുവേണ്ടി വളര്‍ച്ച, വളര്‍ച്ചക്കുവേണ്ടി സേവനം’ എന്ന മുദ്രാവാക്യവും മാറും.

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് എന്ന വിദേശ കണ്‍സള്‍ട്ടിങ് സ്ഥാപനമാണ് കനറാബാങ്ക് ഉള്‍പ്പെടെയുള്ള ചില ബാങ്കുകള്‍ക്ക് പുതിയ ലോഗോയും നൂതന സേവനമുദ്രാവാക്യവും ആവശ്യമാണെന്നു നിര്‍ദേശിച്ചത്. നിലവിലുള്ള സൂചികാപദങ്ങള്‍ വിദേശികള്‍ക്കു പഥ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണിത്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കാര്‍ത്തിക് ചിദംബരമാണ്. കാര്‍ത്തിക് ചെയര്‍മാനായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റേ ആന്‍ഡ് കേശവ്’ എന്ന ബിസിനസ് ഗ്രൂപ്പാണ് കനറാബാങ്കിന്റേതടക്കം ലോഗോ മാറ്റിവരയ്ക്കാന്‍ ക്വട്ടേഷന്‍ നേടിയത്.

കഴിഞ്ഞയാഴ്ച കോവളത്തു ചേര്‍ന്ന യൂണിയന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം പുതിയ ചിഹ്നം പ്രഖ്യാപിച്ചെങ്കിലും ചെലവു പുറത്തുവിട്ടിട്ടില്ല. 2300 ലേറെ ശാഖകളുള്ള യൂണിയന്‍ ബാങ്കിന് ഈ ആവശ്യത്തിനായി 750 കോടി രൂപയോളം ചെലവിടേണ്ടി വരും.

ബാങ്ക് ഓഫ് ബറോഡ ഏതാനും നാള്‍ മുമ്പാണ് 450 കോടി രൂപ ചെലവിട്ട് ലോഗോ മാറ്റിയത്. അഞ്ചുകോടി രൂപ പ്രതിഫലം നല്‍കി ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചെങ്കിലും പുതിയ പ്രതിഛായയെന്ന മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍ പിഴച്ചു.

രാജ്യത്തെ പല പൊതുമേഖല ബാങ്കുകള്‍ തമ്മിലും ലയനചര്‍ച്ചകള്‍ നടക്കുന്ന അവസരമാണിത്. ചര്‍ച്ചകള്‍ വിജയിക്കുന്ന മുറയ്ക്ക് ബാങ്കുകള്‍ക്കു പുതിയ പേരുകളും ലോഗോയും സ്വീകരിക്കേണ്ടിവരും. സെഞ്ചൂറിയന്‍ ബാങ്കും പഞ്ചാബ് ബാങ്കും ലയിച്ചപ്പോള്‍ സെഞ്ചൂറിയന്‍ പഞ്ചാബ് ബാങ്ക് എന്ന പുതിയ പേരും ചിഹ്നവും സ്വീകരിക്കേണ്ടിവന്നു.

3. ബജറ്റിനു മുമ്പായി ചിദംബരത്തിന്റെ ഉപദേഷ്ടാവിന്റെ രാജി

ന്യൂഡല്‍ഹി: അടുത്ത ബജറ്റിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്കിടെ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ ഉപദേഷ്ടാവ് പാര്‍ഥസാരഥി ഷോം രാജിവച്ചു. രാജി സ്വീകരിച്ചതായി ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

നികുതി വിദഗ്ധനും ഫ്രിഞ്ച് ബെനഫിറ്റ് ടാക്സ്(എഫ്.ബി.ടി), ബാങ്കിങ് ട്രാന്‍സാക്ഷന്‍ ടാക്സ് എന്നിവയുടെ ബുദ്ധികേന്ദ്രവുമായിരുന്ന പാര്‍ഥസാരഥിയുടെ രാജിക്ക് അതീവ പ്രധാന്യമാണുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നെങ്കിലും 2009 വരെ നീട്ടി നല്‍കിരുന്നു. 2004 ഒക്ടോബര്‍ ഒന്നിനായിരുന്നു അദ്ദേഹം ധനമന്ത്രിയുടെ ഉപദേഷ്ടാവായി ചുമതലയേറ്റത്. വാറ്റ് സമിതി അംഗീകരിച്ച ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് റിപ്പോര്‍ട്ട് തയാറാക്കിയ കമ്മിറ്റിയുടെ കോ കണ്‍വീനറുമായിരുന്നു അദ്ദേഹം. 2010 ഏപ്രില്‍ ഒന്നിനു ജി.എസ്.ടി. നടപ്പാക്കാനിരിക്കേ അതിനുള്ള നിരക്കുകള്‍ തയാറാക്കുന്ന കമ്മിറ്റിയിലും പാര്‍ഥസാരഥി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വാറ്റ് കാര്യ സംസ്ഥാനമന്ത്രിമാരുടെ സമിതിയില്‍ കേന്ദ്ര ധനമന്ത്രിയുടെ പ്രതിനിധിയും പാര്‍ഥസാരഥിയാണ്.

1. റബര്‍ കയറ്റുമതി വിലയിരുത്താന്‍ കമ്മിറ്റി
കോട്ടയം: റബര്‍ കയറ്റുമതിയുടെ പുരോഗതി വിലയിരുത്തുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കുന്നതിനും സബ് കമ്മിറ്റി രൂപവത്കരിച്ചു. റബര്‍ബോര്‍ഡിന്റെയും റബര്‍ ഉത്പാദകസംഘങ്ങളുടെയും സംയുക്തസംരംഭമായ പെരിയാര്‍ ലാറ്റക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ പി. അച്യുതന്‍കുട്ടിയാണു കമ്മിറ്റി കണ്‍വീനര്‍. ഇന്നലെ റബര്‍ബോര്‍ഡ് ആസ്ഥാനത്തു ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ വിളിച്ചുചേര്‍ത്ത കയറ്റുമതിക്കാരുടെ യോഗത്തിലാണു തീരുമാനമായത്. കമ്മിറ്റി മാര്‍ച്ച് അവസാനംവരെ രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തും. റോണി ജോസഫ് (സ്പെസിഫൈഡ് റബേഴ്സ്), കെ.കെ. തോമസ് (റബര്‍ മാര്‍ക്ക്), സതീഷ് ഏബ്രഹാം (പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് ലാറ്റക്സ് പ്രൊഡ്യൂസേഴ്സ്) എന്നിവരാണു കമ്മിറ്റിയംഗങ്ങള്‍.

ആഭ്യന്തര-അന്താരാഷ്ട്ര വിലകള്‍ തമ്മില്‍ കാര്യമായ അന്തരം ഇല്ലാതിരുന്നതിനാല്‍ ഈ സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ട കയറ്റുമതി നടന്നിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര വില ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ കയറ്റുമതി കൂടുതലായി നടക്കാനിടയുണ്െടന്നും യോഗം വിലയിരുത്തി. ലാറ്റക്സി നോടൊപ്പം ഷീറ്റും ബ്ളോക്കുറബറും കൂടി കയറ്റുമതി ചെയ്യുന്നതില്‍ ഊന്നല്‍ നല്‍കണമെന്നു ചെയര്‍മാന്‍ നിര്‍ദേശിച്ചു.

ഈ വര്‍ഷം ഇതുവരെ കയറ്റുമതിലക്ഷ്യത്തില്‍ വന്ന കുറവ് വരുന്ന മൂന്നു മാസങ്ങള്‍കൊണ്ടു നികത്താന്‍ കഴിയുമെന്നു യോഗം വിലയിരുത്തി.

2. ശാസ്ത്രനേട്ടങ്ങള്‍ കര്‍ഷകരില്‍ എത്തിക്കണം: ജസ്റ്റിസ് സിറിയക് ജോസഫ്
തൊടുപുഴ: ശാസ്ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ യഥാസമയം കര്‍ഷകരിലെത്തിക്കാന്‍ നടപടി വേണമെന്ന് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് ആവശ്യപ്പെട്ടു.

ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷികമേളയോടനുബന്ധിച്ച് നടത്തിയ ‘അണുശക്തി ഗവേഷണവും കാര്‍ഷിക പുരോഗതിയും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂതന സാങ്കേതികവിദ്യകള്‍ കര്‍ഷകരിലെത്തിയാല്‍ വിളകളുടെ ഉത്പാദനം ഇരട്ടിയാകും. ഗുണമേന്മയുള്ള വിത്തുകള്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കും. അണുശക്തിയുടെ ഉപയോഗം കാര്‍ഷിക വികസനത്തിന് പ്രയോജനപ്പെടുത്തേണ്ടതുണ്െടന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അണുപ്രസരം ഉപയോഗിച്ച് പുതിയ വിളകള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബാര്‍ക്കിലെ ന്യൂക്ളിയര്‍ അഗ്രികള്‍ച്ചര്‍ വിഭാഗം തലവന്‍ ഡോ. എസ്.എഫ്. ഡിസൂസ പറഞ്ഞു. 35 ഇനം വിളകള്‍ ഇതിനോടകം കേന്ദ്ര കൃഷിമന്ത്രാലയം വഴി വിതരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ ഉത്പാദനശേഷിയും നേരത്തെ വിളവു തരുന്നതുമായ വിത്തിനങ്ങളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ബാര്‍ക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്.

പഴം, മാംസം തുടങ്ങിയ ഇനങ്ങളും റേഡിയേഷന്‍ വഴി ആഴ്ചകളോളം കേടുകൂടാതെയിരിക്കും. കുരുമുളകിന്റെ കയറ്റുമതി നടക്കുന്നതും റേഡിയേഷന്‍ ചെയ്ത ശേഷമാണ്. രോഗാണുക്കളില്‍നിന്നും ഭക്ഷ്യവസ്തുക്കളെ സംരക്ഷിക്കാനും ഉത്പന്നങ്ങളെ കേടു കൂടാതെ കൂടുതല്‍ കാലം നിലനിറുത്താനും റേഡിയേഷന്‍ അനിവാര്യമാണ്. കീടങ്ങളെ നശിപ്പിക്കുന്നതിലും റേഡിയേഷന്റെ പങ്ക് വലുതാണ്. ആകെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ 20-30 ശതമാനം കീടബാധ മൂലം നശിക്കുകയാണ്.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു രൂപപ്പെടുത്തിയ കടല, ഉഴുന്ന്, സോയാബീന്‍, ചെറുപയര്‍, തുവരപ്പരിപ്പ്, സൂര്യകാന്തി തുടങ്ങിയവയുടെ വിത്തിനങ്ങള്‍ക്കും മറ്റും ഉത്പാദനശേഷി ഏറെയായിരുന്നു. കൃഷിക്കാര്‍ക്ക് ഡീസല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജെട്രോഫ എന്ന ചെടിയുടെ വിത്തും ബാര്‍ക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പെട്ടെന്ന് ഈര്‍പ്പം നഷ്ടപ്പെടുന്ന മണ്ണിലും അണുപ്രസരണം നടത്തിയ വിത്തുകള്‍ ഏറെ ഉപകാരപ്രദമാണ്.

ആഹാരത്തിലൂടെ രോഗങ്ങള്‍ പെരുകുന്നതു തടയാനും റേഡിയേഷന്‍ ഉപകരിക്കുമെന്നും ഡോ. ഡിസൂസ പറഞ്ഞു. ബാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള സീഡ് വില്ലേജ് കേരളത്തിലും തുടങ്ങണമെന്ന ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ഡോ. ഡിസൂസ പറഞ്ഞു.

യോഗത്തില്‍ പി.ജെ. ജോസഫ് എം എല്‍എ, ഡോ. എം.ജി. ഗ്രേഷ്യസ് എന്നിവര്‍ പങ്കെടുത്തു.

3. ഉണങ്ങിയ വാനില കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
മുണ്ടക്കയം: കര്‍ഷകര്‍ ഉണങ്ങി സംഭരിച്ചിരിക്കുന്ന വാനിലകള്‍ വാങ്ങാന്‍ ഏജന്‍സികളില്ലാത്തത് കര്‍ഷകരെ വലയ്ക്കുന്നു. മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ രണ്ടും മൂന്നും വര്‍ഷമായി മിക്ക കര്‍ഷകരും വാനില ഉണങ്ങി സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോള്‍ ലഭിക്കുന്ന വിലയില്‍ ഉത്പന്നം വിറ്റഴിച്ചാല്‍ കനത്ത നഷ്ടം ഉണ്ടാകുമെന്നതാണ് വാനില ഉണങ്ങി സൂക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്.

വാനിലയുടെ വില ഇടിഞ്ഞതോടെ കഴിഞ്ഞ വര്‍ഷം മിക്ക വാനില കര്‍ഷകരും ഈ മേഖലയില്‍ നിന്ന് പിന്തിരിഞ്ഞിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അവശേഷിച്ചിരിക്കുന്ന കര്‍ഷകരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഇത്തവണ മിക്ക കര്‍ഷകരും പച്ച ബീന്‍സ് വിറ്റഴിക്കാനാണ് താത്പര്യം പ്രകടിച്ചത്. പച്ച ബീന്‍സിന് കിലോയ്ക്ക് പരമാവധി 50 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്.

മാത്രമല്ല, മുന്‍ വര്‍ഷങ്ങളില്‍ വിവിധ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്നു വാനില സംഭരിച്ച വകയിലെ തുക ഇതുവരെയും പൂര്‍ണമായും നല്‍കിയിട്ടുമില്ല. മുന്‍ വര്‍ഷങ്ങളില്‍ നിരവധി കര്‍ഷക സംഘങ്ങള്‍ വാനില സംഭരിച്ചിരുന്നു. എന്നാല്‍, നഷ്ടമാകുമെന്ന കാരണത്താല്‍ ഇത്തരം ഏജന്‍സികളും സംഭരണ രംഗത്തു നിന്ന് വിട്ടു നിന്നു.

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളിലെ ചില കര്‍ഷകര്‍ മാത്രമാണ് ഇത്തവണ സജീവമായി സംഭരണ രംഗത്തുണ്ടായിരുന്നത്. മികച്ച വാനിലയ്ക്കു ഇവര്‍ 50 രൂപ വരെ നല്‍കുകയും ചെയ്തു. എന്നാല്‍, ഇവര്‍ സംഭരിച്ചിരിക്കുന്ന വാനില എവിടെ വിറ്റഴിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.

ഈ വര്‍ഷത്തെ വാനിലയുടെ വിളവെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രമാണ് ഇനി വിളവെടുപ്പ് അവശേഷിക്കുന്നത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും ഇത്തവണ കൃഷിയെ ദോഷകരമായി ബാധിച്ചിരുന്നു.

ഇതുമൂലം ഉത്പാദനത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടുവെന്ന് മാത്രമല്ല ബീന്‍സിന്റെ ഗുണമേന്മയിലും വ്യതിയാനമുണ്ടായി. ഗുണനിലവാരം കുറഞ്ഞത് വിലയിലും ഏറ്റക്കുറിച്ചിലിനു കാരണമായി.

വാനില്‍കോ കമ്പനിയില്‍ നിന്ന് സംസ്കരിച്ച വാനില വാങ്ങാന്‍ അമുല്‍ കമ്പനി സന്നദ്ധത പ്രകടിപ്പിച്ചത് കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് നോക്കിയതെങ്കിലും കാര്യമായ പ്രയോജനമൊന്നുണ്ടായില്ല. മഡഗാസ്കര്‍ ഉള്‍പ്പെടെയുള്ള മറ്റു വാനില ഉത്പാദക രാജ്യങ്ങളില്‍ ഉത്പാദനത്തില്‍ കുറവുണ്ടായതും വില ഉയരുമെന്ന പ്രതീക്ഷ കര്‍ഷകരില്‍ ജനിപ്പിച്ചിരുന്നു.

1. വലിയമല ഭൂമി: തുടര്‍നടപടികള്‍ നീളുന്നു
തിരുവനന്തപുരം : ബഹിരാകാശ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന് വലിയമലയില്‍ 70 ഏക്കര്‍ അനുവദിക്കുമെന്ന പ്രഖ്യാപനം വന്ന് നാലുദിവസമായിട്ടും ഇക്കാര്യത്തില്‍ തുടര്‍നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
വലിയമലയിലെ സ്ഥലം ചൂണ്ടിക്കാട്ടി ഐ.എസ്.ആര്‍.ഒ കത്ത് തരാതെ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടില്‍ത്തന്നെയാണ് റവന്യൂവകുപ്പ്. വലിയമല ഭൂമി സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലാ കളക്ടര്‍ക്കും യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.
എന്നാല്‍, മുഖ്യമന്ത്രി വാക്കുപറഞ്ഞ സാഹചര്യത്തില്‍ സ്ഥലം ലഭിക്കുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്ന് ഐ.എസ്. ആര്‍.ഒ വക്താവ് പറഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും വക്താവ് വിശദീകരിച്ചു.

2. ആന്ധ്രയില്‍നിന്ന് കൂടുതല്‍ അരി എത്തിക്കാന്‍ ധാരണ
തിരുവനന്തപുരം : കേരളത്തിലേക്ക് ആന്ധ്രയില്‍ നിന്ന് കൂടുതല്‍ അരി കൊണ്ടുവരുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ ഉന്നതോദ്യോഗസ്ഥന്മാര്‍ തമ്മില്‍ ധാരണയായി. ഇതിന്റെ ഭാഗമായി ആന്ധ്രയില്‍നിന്ന് സ്ഥിരമായി അരിയും പലവ്യഞ്ജനങ്ങളും എത്തിക്കുന്നതിനുള്ള ദീര്‍ഘകാല കരാര്‍ ഒപ്പിടും.
കഴിഞ്ഞദിവസം കൊച്ചിയില്‍ മാവേലി ഭവനില്‍നടന്ന ചര്‍ച്ചയില്‍ ആന്ധ്ര സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ എം.ഡിയും വൈസ് ചെയര്‍മാനുമായ നരേഷ് ജനറല്‍ മാനേജര്‍ രാമബ്രഹ്മം, സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ എം.ഡി യോഗേഷ് ഗുപ്ത, ജനറല്‍ മാനേജര്‍ എ.ടി. ജയിംസ്, കണ്‍സ്യൂമര്‍ ഫെഡ് എം.ഡി റിജി ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു. ദീര്‍ഘകാല കരാര്‍ സര്‍ക്കാര്‍ തലത്തിലായിരിക്കും ഒപ്പുവയ്ക്കുക. സപ്ളൈകോ സംഘം ആന്ധ്രയിലെ സംഭരണ കേന്ദ്രങ്ങളില്‍ നേരിട്ടുപോയി ഗുണനിലവാരം ഉറപ്പ് വരുത്തി വില നിശ്ചയിക്കും. ലെവി കുറവ് വരുത്തി ജയ ഉള്‍പ്പെടെയുള്ള അരി എത്തിക്കാമെന്ന് ആന്ധ്രാ സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട്.
സംഭരണ കേന്ദ്രങ്ങളില്‍ച്ചെന്ന് വില നിശ്ചയിക്കാന്‍ സപ്ളൈക്കോയുടെ പ്രത്യേക സംഘം ഉടനെ അങ്ങോട്ടുപോകും. ജയ അരി ഉത്പാദിപ്പിക്കുന്ന കിഴക്കന്‍ ഗോദാവരി ജില്ലയും ഈ സംഘം സന്ദര്‍ശിക്കും. പൊതുവിപണിയില്‍ ഓരോ സീസണിലും അരിവിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും കരാര്‍ ഒപ്പിടുകയെന്ന് ഭക്ഷ്യ-സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വകുപ്പുമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.

3. വൈദ്യുതി ദൌര്‍ലഭ്യം അനാസ്ഥമൂലം
തിരുവനന്തപുരം : കേന്ദ്ര വിഹിതം ചോദിച്ചുവാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ച ഉദാസീനതയാണ് വൈദ്യുതി ദൌര്‍ലഭ്യത്തിനും ലോഡ്ഷെഡ്ഡിംഗിനും വഴിവച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേന്ദ്രത്തില്‍നിന്ന് ‘അണ്‍ അലോക്കേറ്റഡ്’ വിഹിതമായി പ്രതിദിനം 211.39 മെഗാവാട്ട് വൈദ്യുതിയാണ് ലഭിച്ചിരുന്നത്. ഓണക്കാലത്ത് ഇത് 76.39 മെഗാവാട്ടായി വെട്ടിക്കുറച്ചു. കേന്ദ്രമന്ത്രിക്കും പവര്‍ സെക്രട്ടറിക്കും ഇത് സംബന്ധിച്ച് കത്ത് അയച്ചതല്ലാതെ വെട്ടിക്കുറച്ച വൈദ്യുതി വിഹിതം നേടിയെടുക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. ഫലമോ, കഴിഞ്ഞ ബുധനാഴ്ച 48.5 മെഗാവാട്ട് കൂടി ഒരു മുന്നറിയിപ്പുമില്ലാതെ വെട്ടിക്കുറച്ചു. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലായിരുന്ന വേളയിലാണ് ഇതില്‍ 9 മെഗാവാട്ട് വെട്ടിക്കുറച്ചത്.
അണ്‍ അലോക്കേറ്റഡ് വിഹിതമായി തമിഴ്നാട് കൂടുതല്‍ വൈദ്യുതി എടുത്തതാണ് വെട്ടിക്കുറവിന് കാരണം. വൈദ്യുതി ദൌര്‍ലഭ്യം നേരിടുകയാണ് രണ്ട് സംസ്ഥാനങ്ങളും. കേരളത്തിനുമുണ്ട് ദൌര്‍ലഭ്യം. കൂടുതല്‍ വൈദ്യുതി നേടിയെടുക്കാനോ കേരളത്തിന് കഴിഞ്ഞില്ല. ലഭിച്ചിരുന്നത് നിലനിറുത്തുന്നതിലും പരാജയപ്പെടുകയായിരുന്നു.
കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍നിന്ന് തങ്ങള്‍ക്കാവശ്യമുള്ള വൈദ്യുതി അണ്‍ അലോക്കേറ്റഡ് വിഹിതമായി കരസ്ഥമാക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ മിടുക്കുകാട്ടുമ്പോള്‍, കായംകുളം താപനിലയത്തെ പ്രയോജനപ്പെടുത്താനും കേരളത്തിന് കഴിയുന്നില്ല.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വൈദ്യുതി പ്രതിസന്ധി മൂര്‍ച്ഛിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ കേന്ദ്ര വിഹിതമായി കൂടുതല്‍ വാങ്ങിയെടുക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകും.
ജലവൈദ്യുത നിലയങ്ങള്‍ അടച്ചിടുന്നു
നേര്യമംഗലം എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ അവസാനഘട്ട പണി പൂര്‍ത്തിയാക്കാന്‍ മുതിരപ്പുഴ ബേസിനില്‍പ്പെട്ട നിലയങ്ങള്‍ അടച്ചിടുന്നതിനാലാണ് ജനുവരി ഒന്നുമുതല്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നത്. പള്ളിവാസല്‍, ചെങ്കുളം, മാട്ടുപ്പെട്ടി, നേര്യമംഗലം, ലോവര്‍പെരിയാര്‍ എന്നീ നിലയങ്ങള്‍ രണ്ടാഴ്ച പ്രവര്‍ത്തിപ്പിക്കാതിരിക്കുമ്പോള്‍ 319.5 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതിദിനം ഉണ്ടാവുക. വെള്ളം തടഞ്ഞുനിറുത്തി ടണല്‍ വറ്റിച്ചുചെയ്യേണ്ട പണിയായതിനാല്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗവുമില്ല. നേര്യമംഗലം എക്സ്റ്റന്‍ഷനോടൊപ്പം തന്നെ ചെങ്കുളത്തെയും മറ്റും അറ്റകുറ്റപ്പണികളും ചെയ്യുന്നുണ്ട്. പന്ന്യാറിലെ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാന്‍ ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കുള്ള ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാനൊരുങ്ങുന്നതേയുള്ളൂ.

1. അല്‍ഷിമേഴ്സ് മരുന്നിന് ഇന്ത്യന്‍ കമ്പനിക്ക് അമേരിക്കന്‍ പേറ്റന്റ്
മുംബൈ: ഇന്ത്യന്‍ ഔഷധ ഗവേഷണ^നിര്‍മാണ സ്ഥാപനമായ സുവന്‍ ലൈഫ് സയന്‍സിന്റെ മരുന്നിന് അമേരിക്കന്‍ പേറ്റന്റ്. നാഡിവ്യൂഹ തകരാറുകളുടെ ചികില്‍സക്ക് ഉപയോഗിക്കാവുന്ന ഔഷധക്കൂട്ടിനാണ് ഉല്‍പാദന പേറ്റന്റ് അനുവദിച്ചിരിക്കുന്നത്. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍, സ്കിസോഫ്രേനിയ എന്നിവയുടെ ചികില്‍സക്കായി വികസിപ്പിച്ചതാണ് ഈ മരുന്ന്. മറ്റു ചില ഔഷധങ്ങളുടെ പേറ്റന്റിനും അപേക്ഷ നല്‍കി കാത്തിരിപ്പാണ് സ്ഥാപനം.

2. പാമോയില്‍ ഇറക്കുമതി നിരോധം ഗുണം ചെയ്യില്ല
കൊച്ചി: കേരളത്തില്‍ പാമോയില്‍ ഇറക്കുമതി നിരോധിച്ചത് കാര്യമായ ഗുണം ചെയ്യില്ല. തൂത്തുക്കുടി, മംഗലാപുരം വഴി ഇറക്കുമതി ചെയ്ത പാമോയില്‍ റോഡു മാര്‍ഗം കേരളത്തിലെത്താനുള്ള സാധ്യതയുള്ളതിനാല്‍ ചെറിയ വിലവര്‍ധന മാത്രമേ പാമോയിലിനുണ്ടാകൂ എന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു.
ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളിലൂടെയുള്ള ഇറക്കുമതിയെങ്കിലും നിരോധിച്ചെങ്കിലേ വെളിച്ചെണ്ണയുടെ വിപണി വീണ്ടെടുക്കാനാകൂ. ചെറിയ വില വ്യത്യാസമേയുള്ളൂ എന്നതിനാല്‍ സംസ്ഥാനത്തെ നല്ലൊരു ശതമാനം ഉപഭോക്താക്കളും വെളിച്ചെണ്ണക്ക് പകരം പാമോയിലാണ് ഉപയോഗിക്കുന്നത്. വില കൂടുതലാണെങ്കിലും ഹോട്ടലുകാരും ബേക്കറിക്കാരും പാമോയിലാണ് ഇഷ്ടപ്പെടുന്നത്. വെളിച്ചെണ്ണ ആരോഗ്യത്തിന് ഹാനികരമാണെന്ന പ്രചാരണം മൂലം പാമോയില്‍ ശീലമാക്കിയ നല്ലൊരു ശതമാനം മലയാളികളിലുമുണ്ട്. വെളിച്ചെണ്ണയും പാമോയിലും തമ്മില്‍ വിലയില്‍ വലിയ അന്തരമുണ്ടായാലേ ഇത്തരക്കാര്‍ വെളിച്ചെണ്ണയിലേക്ക് തിരിച്ചുവരൂ.പാമോയിലിന്റെ ഇറക്കുമതിയും വര്‍ധിച്ച സ്വാധീനവുമാണ് നാളികേര കര്‍ഷകര്‍ക്ക് ഭീഷണിയെന്നാണ് പ്രചാരണമെങ്കിലും യഥാര്‍ഥ വസ്തുത ഇതൊന്നുമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കേരള വിപണിയില്‍ ഏറെ ചെലവാകുന്നത് തമിഴ്നാടുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വെളിച്ചെണ്ണയാണ്. കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത് തന്നെ മറുനാടന്‍ വെളിച്ചെണ്ണ വ്യാപാരികളാണ്.

3. പൊന്മുടി ഭൂമി: മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായി
തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് പൊന്മുടിയിലെ കമ്പിമൂട്ടില്‍ ഐ.എസ്.ആര്‍.ഒക്ക് 100 ഏക്കര്‍ ഭൂമി അനുവദിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശം വിവാദമാകുന്നു. ഇങ്ങനെ ഒരു ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം വീണ്ടും വെളിപ്പെടുത്തിയതോടെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നത് വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ പ്രകാരമാണ് ഭൂമി നല്‍കുന്നതിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ ഉത്തരവിറക്കിയത്.
അങ്ങനെയൊരു ഉത്തരവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോള്‍ താങ്കള്‍ പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി ഉത്തരവ് ഹാജരാക്കാന്‍ മുഖ്യമന്ത്രി വെല്ലുവിളി നടത്തുകയും ചെയ്തു.

ഉത്തരവ് വീട്ടില്‍ വെച്ചിട്ട് കാര്യമില്ലെന്നും ഉത്തരവുമായി ഓഫീസിലെത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ സ്ഥാപിക്കാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഐ.എസ്.ആര്‍.ഒക്ക് പൊന്മുടിയിലെ തെന്നൂരില്‍ 100 ഏക്കര്‍ സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളെ ചൊല്ലി മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ഇപ്പോള്‍ രണ്ടുതട്ടിലാണ്. ഐ.എസ്.ആര്‍.ഒ ഭൂമി ഇടപാടില്‍ നിയമമന്ത്രി എം. വിജയകുമാര്‍ നടത്തുന്ന ഇടപെടലും വിവാദമാവുകയാണ്. മുഖ്യമന്ത്രിയും നിയമമന്ത്രിയും ഒരുവശത്തും റവന്യു മന്ത്രി മറുഭാഗത്തുമാണ്.
ഐ.എസ്.ആര്‍.ഒക്ക് തെന്നൂരില്‍ 100 ഏക്കറും പൊന്മുടി അപ്പര്‍ സാനട്ടോറിയത്തില്‍ 20 ഏക്കറും ഉള്‍പ്പെടെ 120 ഏക്കര്‍ ഭൂമി അനുവദിച്ച് റവന്യു വകുപ്പ് കഴിഞ്ഞമാസം 22 നാണ് തീരുമാനമെടുത്തത്. തെന്നൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 3994ല്‍ 100 ഏക്കര്‍ ഭൂമി സൌജന്യമായി അനുവദിച്ചും പുറമെ അപ്പര്‍ സാനട്ടോറിയത്തില്‍ 20 ഏക്കര്‍ ഭൂമി കൂടി നിബന്ധനകള്‍ക്ക് വിധേയമായി അനുവദിച്ചുകൊണ്ടുമുള്ള ഉത്തരവ് പുറത്തിറങ്ങിയത് ഡിസംബര്‍ 19 നാണ്. ഉത്തരവിന്റെ കോപ്പി വി.എസ്.എസ്.സി ഡയറക്ടര്‍ക്കും തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കും ലാന്റ് റവന്യു കമീഷണര്‍ക്കും അന്നേദിവസം നല്‍കുകയും ചെയ്തു.

ഉത്തരവ് പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം 120 ഏക്കര്‍ ഭൂമി ഐ.എസ്.ആര്‍.ഒക്ക് നല്‍കിയതായി റവന്യു മന്ത്രിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി എ. അബ്ദുല്‍വാഹിദ് പത്രക്കുറിപ്പ് ഇറക്കി. ഐ.എസ്.ആര്‍.ഒ അപ്പര്‍സാനട്ടോറിയത്തില്‍ 25 ഏക്കര്‍ ആവശ്യപ്പെട്ടെങ്കിലും 20 ഏക്കര്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ തിരുവനന്തപുരം കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രൈവറ്റ് സെക്രട്ടറിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍, ഡയറക്ടര്‍ എന്നിവര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും പത്രക്കുറിപ്പിലുണ്ട്.
ഐ.എസ്.ആര്‍.ഒക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഭൂമി ഇടപാട് കുരുക്കിലേക്ക് നീങ്ങിയതോടെയാണ് മുഖ്യമന്ത്രി തന്നെ സര്‍ക്കാര്‍ ഉത്തരവിനെ തള്ളിപ്പറയുന്നതെന്ന് സൂചനയുണ്ട്. സര്‍ക്കാര്‍ സൌജന്യമായി ഭൂമി നല്‍കാന്‍ തീരുമാനിച്ചിട്ടും അത് വേണ്ടെന്നുള്ള ഐ.എസ്.ആര്‍.ഒ തീരുമാനത്തിന് പിന്നില്‍ ദുരൂഹത അവശേഷിക്കുകയും ചെയ്യുന്നു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം