Daily Archives: ഡിസംബര്‍ 28, 2007

പത്രവാര്‍ത്തകള്‍ – ഡിസംബര്‍ 28 വെള്ളി

1. ഇറക്കുമതിചെയ്ത 61 മെട്രിക്ടണ്‍ ഖരമാലിന്യം അമേരിക്കയിലേക്ക് തിരിച്ചയയ്ക്കാന്‍ നിര്‍ദേശം

കൊച്ചി: അമേരിക്കയില്‍നിന്ന് കൊച്ചിയില്‍ ഇറക്കുമതിചെയ്ത ഖരമാലിന്യം തിരിച്ചയയ്ക്കാന്‍ കൊച്ചി കസ്റ്റംസിനോട് മലിനീകരണ നിയന്ത്രണബോര്‍ഡ് ആവശ്യപ്പെട്ടു. ഇറക്കുമതിചെയ്ത കൊച്ചിയിലെ കൊച്ചിന്‍ കടലാസ് എന്ന സ്ഥാപനത്തിന്റെ ചെലവില്‍ തിരിച്ചയയ്ക്കണം.

61.49 മെട്രിക്ക് ടണ്‍ ഖരമാലിന്യം രണ്ടുമാസംമുമ്പാണ് കണ്ടെയ്നറുകളില്‍ എത്തിയത്. പാഴായ ബ്രൌപേപ്പറുകള്‍, പാഴ് പ്ലാസ്റ്റിക്കുകള്‍, കുപ്പികള്‍, ഗ്ലാസ്കഷണങ്ങള്‍, ഉപയോഗിച്ച കൈയുറകള്‍ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. ചട്ടങ്ങള്‍ ലംഘിച്ചാണ് ഇറക്കുമതിയെന്ന് പരിശോധിച്ച മലിനീകരണ നിയന്ത്രണബോര്‍ഡ് കസ്റ്റംസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തരം നിരോധിതവസ്തുക്കള്‍ ഇറക്കുമതിചെയ്തുവരുന്നതില്‍ ബോര്‍ഡ് ആശങ്കപ്രകടിപ്പിക്കുകയും ചെയ്തു. കസ്റ്റംസ് ജാഗ്രത പുലര്‍ത്തിയതിനാലാണ് ഇവ പിടികൂടിയത്.

പാഴ്കടലാസുകള്‍ ഉപയോഗിച്ച് ക്രാഫ്റ്റ്പേപ്പറും മറ്റും ഉണ്ടാക്കുന്ന സ്ഥാപനമാണ് കൊച്ചിന്‍ കടലാസ്. മുമ്പ് ഖരമാലിന്യങ്ങള്‍ കൊച്ചിയില്‍ എത്തിയത് തിരിച്ചയച്ച കാര്യം ബോര്‍ഡ് ഓര്‍മിപ്പിച്ചു. ഇറക്കുമതിചെയ്ത ചില ഇന്ധനങ്ങളും ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയപ്പോള്‍ കസ്റ്റംസ് പിടികൂടിയിരുന്നു. പാഴ്വസ്തു എന്ന ലേബലിലാണ് എണ്ണയും ഇന്ധനവും ഇറക്കുമതിചെയ്തത്. കൊച്ചിന്‍ കടലാസിന് എതിരെ നിയമനടപടി എടുക്കണമെന്ന് കസ്റ്റംസിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശുപാര്‍ശനല്‍കി.

അമേരിക്കയില്‍ അധികൃതരുടെ കര്‍ശന പരിശോധനയ്ക്കുശേഷമാണ് ഈ പാഴ്വസ്തുക്കള്‍ ഇറക്കുമതിചെയ്യാന്‍ അനുമതിനല്‍കിയത്. അധികൃതരുടെ കണ്ണുകള്‍ വെട്ടിച്ചാകണം ഇത്. അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍, ബെട്ടര്‍ ബിസിനസ് ബ്യൂറോ എന്നിവയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തണമെന്നും കസ്റ്റംസിനോട് ബോര്‍ഡ് നിര്‍ദേശിച്ചു. കര്‍ശന ശിക്ഷാ നടപടികള്‍ വേണമെന്നും ശുപാര്‍ശയുണ്ട്.

അമേരിക്കന്‍ മാലിന്യങ്ങള്‍ ഇന്ത്യയില്‍ തള്ളാനാവണം ഇറക്കുമതിക്ക് അനുമതി കിട്ടിയതെന്ന് ബോര്‍ഡ് സംശയിക്കുന്നു. കിലോയ്ക്ക് 25 രൂപ ഈ പാഴ്വസ്തുക്കള്‍ക്ക് വിലയുണ്ടെന്ന് ബോര്‍ഡ് കരുതുന്നു. അതിലും വളരെ കുറഞ്ഞ തുകയ്ക്ക് പാഴ്ക്കടലാസ്വസ്തുക്കള്‍ ഇവിടെ കിട്ടുമെന്നിരിക്കെ ഈ ഇറക്കുമതി നിഗൂഢമാണെന്ന് ബോര്‍ഡ് പറയുന്നു.

2. കെ.എം. നൂറുദ്ദീന് ‘കെയര്‍ ആന്‍ഡ് ഷെയര്‍’ പുസ്കാരം

കൊച്ചി: അമേരിക്കന്‍ മലയാളികളുടെ സാമൂഹികസേവന സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ കേരളത്തിലെ മികച്ച സാമൂഹികപ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് തൃശൂര്‍ ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. നൂറുദ്ദീന്‍ അര്‍ഹനായി.

കാന്‍സര്‍ ബാധിതര്‍ക്കായി ട്രസ്റ്റ് നടത്തുന്ന സേവനങ്ങള്‍ക്കാണ് 15000 രൂപയും ശില്പവുമടങ്ങിയ പുരസ്കാരത്തിന് നൂറുദ്ദീനെ അര്‍ഹനാക്കിയതെന്ന് പ്രസിഡന്റ് ടോണി ദേവസി, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഇ.ആര്‍. മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 29ന് തൃശൂരില്‍ കേരള സാഹിത്യ അക്കാഡമി ഹാളില്‍ മുന്‍ തമിഴ്നാട് ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമബീവി പുരസ്കാരം സമ്മാനിക്കും.

3. മന്നത്തിന്റെ ആത്മകഥ ഇഗ്നോയില്‍ പാഠപുസ്തകം

കോട്ടയം: മന്നത്ത് പദ്മനാഭന്റെ ആത്മകഥ, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പാഠപുസ്തകമാകുന്നു. ‘എന്റെ ജീവിത സ്മരണകള്‍’ എന്ന പേരില്‍ മന്നമെഴുതിയ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയായ ‘മൈ റെമിനിസന്‍സ് ഓഫ് ലൈഫ്’ എന്ന ഗ്രന്ഥമാണ്, ഇഗ്നോ പാഠപുസ്തകമായി അംഗീകരിച്ചത്.

ഇതുസംബന്ധിച്ചുള്ള സര്‍വ്വകലാശാലാ അറിയിപ്പ് എന്‍.എസ്.എസ്. ആസ്ഥാനത്ത് ലഭിച്ചു.

സാമൂഹിക പരിഷ്കര്‍ത്താവ്, വിദ്യാഭ്യാസവിചക്ഷണന്‍, സംഘാടകന്‍, വാഗ്മി, മാനവമൈത്രിയുടെ പ്രതീകം എന്നീ നിലകളിലുള്ള മന്നത്ത് പദ്മനാഭന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ്, ഇഗ്നോ ഇത്തരമൊരു അംഗീകാരം നല്‍കിയത്.

1964_ലാണ് മന്നത്ത് പദ്മനാഭന്‍ ആത്മകഥ എഴുതിയത്.നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ രൂപവത്കരണത്തെക്കുറിച്ചും ഒരു കാലഘട്ടത്തിന്റെ കേരള ചരിത്രത്തെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1998_ ല്‍ എന്‍.എസ്.എസ്സിനുവേണ്ടി, പ്രൊഫ. പി.സി. മേനോനാണ് ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പിന്നീട് 2003_ല്‍, കേരള സര്‍ക്കാരിന്റെ സാംസ്കാരികവകുപ്പ് ഈ പുസ്തകം ഏറ്റെടുക്കുകയും പുനഃപ്രസിദ്ധീകരിക്കുകയുംചെയ്തു.

4. എം.എഫ്. ഹുസൈന്റെ ചിത്രങ്ങള്‍ നശിപ്പിച്ചു

ന്യൂഡല്‍ഹി: വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ ചിത്രപ്രദര്‍ശനവേദിയില്‍ കയറി ശിവസേനക്കാര്‍ രണ്ടു ചിത്രങ്ങള്‍ നശിപ്പിച്ചു. ‘ഇന്ത്യ ഇന്‍ ദ ഇറ ഓഫ് മുഗള്‍സ്’ എന്ന പേരില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിനിടെയാണ് അക്രമം ഉണ്ടായത്. പോലീസ് സംരക്ഷണമുള്ള ഹാളില്‍ പ്രദര്‍ശനം കാണാനെന്ന വ്യാജേന പ്രവേശിച്ച രണ്ടുപേര്‍ ഹുസൈനെതിരെ മുദ്രാവാക്യം വിളിച്ച് ചിത്രങ്ങള്‍ നശിപ്പിക്കുകയാണുണ്ടായത്. ഒന്നര ലക്ഷം വിലവരുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ ചിത്രത്തിന് സാരമായി കേടുപറ്റി. രണ്ടാമത്തെ ചിത്രം നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസെത്തി തടഞ്ഞു.

ബാല്‍താക്കറെയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച ശിവസേനക്കാര്‍ ഹുസൈന്റെ ചിത്രപ്രദര്‍ശനം ഇന്ത്യയിലെവിടെ നടത്തിയാലും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിപുലമായ രീതിയില്‍ ഹുസൈന്റെ ചിത്രപ്രദര്‍ശനം ഇന്ത്യയില്‍ നടക്കുന്നത്.

5. സ്കൂള്‍ ഐ.ടി. പദ്ധതി പൂര്‍ത്തിയാക്കിയെന്ന് ഒറിജിന്‍ ഇന്‍ഫോസിസ്

ചെന്നൈ: തമിഴ്നാട് സര്‍ക്കാറിന്റെ ഏറ്റവും വലിയ സ്കൂള്‍ ഐ.ടി. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ.ടി. സേവനദാതാക്കളായ ഒറിജിന്‍ ഇന്‍ഫോസിസ് അവകാശപ്പെട്ടു. തമിഴ്നാട്ടിലെ 2000 സ്കൂളുകളില്‍ സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും സ്ഥാപിക്കുന്ന പദ്ധതിയാണു പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് കമ്പനി സി.ഇ.ഒ. ബി. ഓസ്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 80 കോടി രൂപയുടെ പദ്ധതിയാണിത്.

35 കോടി രൂപയാണ് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒറിജിന്‍ ഇന്‍ഫോസിസിന്റെ വരുമാനം. ഈ സാമ്പത്തിക വര്‍ഷം ഇത് 130 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓസ്കര്‍ പറഞ്ഞു.

1. സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷം
കൊച്ചി: സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷം. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ വരവ് കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് പാല്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്.

ലിറ്ററിന് 13.20 രൂപയ്ക്കാണ് കര്‍ണാടക കേരളത്തിന് പാല്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത് രണ്ടു രൂപ വര്‍ധിപ്പിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. കര്‍ണാടകയിലെ പാല്‍ വില 14 രൂപയില്‍ നിന്നും 16 രൂപയായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലേക്കുള്ള പാലിന്റെയും വില കൂട്ടിയത്. ഇപ്പോള്‍തന്നെ ലിറ്ററിന് ഏകദേശം 90 പൈസയുടെ നഷ്ടം സഹിച്ചു പാല്‍ വാങ്ങുന്ന മില്‍മ ഇതോടെ പ്രതിസന്ധിയിലായി. ഉയര്‍ന്ന വില ലഭിച്ചില്ലെങ്കില്‍ കരാറില്‍ നിന്നു പിന്മാറുമെന്നാണ് കര്‍ണാടകയുടെ ഭീഷണി.

ഇതോടൊപ്പം തമിഴ്നാട്ടില്‍ നിന്നുള്ള പാലിന്റെ വരവില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടു തുടങ്ങി. ക്ഷീരോല്‍പാദന മേഖല നഷ്ടത്തിലായതോടെ കര്‍ഷകര്‍ ഈ മേഖലയില്‍ നിന്നു പിന്‍വാങ്ങിയതാണ് തമിഴ്നാട് പാല്‍ കുറയാനുള്ള കാരണം. ഈറോഡ്, സേലം, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള പാലിന്റെ വരവിലാണ് കാര്യമായ കുറവുണ്ടായത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പാലിനാവട്ടെ 16.80 രൂപയും നല്‍കണം.

സംസ്ഥാനത്ത് ക്ഷീര വ്യവസായം നഷ്ടക്കച്ചവടമാകുകയും കൂടുതല്‍ കര്‍ഷകര്‍ ഈ വ്യവസായത്തോട് വിടപറയുകയും ചെയ്തതോടെയാണ് പാലിന്റെ ശനിദിശ ആരംഭിക്കുന്നത്.

പാലുല്‍പാദനം ഗണ്യമായി കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പാല്‍ ഒഴുകാന്‍ തുടങ്ങി. ഇന്ന് ഏകദേശം 35 ശതമാനം വിപണിയും സ്വകാര്യ ക്ഷീര ഏജന്‍സികളുടെ കൈവശമാണ്. കേരളത്തിലെ കവര്‍ പാലിന്റെ വിപണി ഏകദേശം ദിനംപ്രതി 13 ലക്ഷം ലിറ്റര്‍ ആണ്. ഇതില്‍ മില്‍മ വില്‍ക്കുന്നത് ആറു ലക്ഷം ലിറ്റര്‍.

ബാക്കി ഏഴു ലക്ഷം ലിറ്റര്‍ പാല്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലും തമിഴ്നാട്ടിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പാല്‍ സംസ്കരണ സ്ഥാപനങ്ങളില്‍ നിന്നാണ് എത്തുന്നത്.

വേനല്‍ ആരംഭിക്കുന്നതോടെ പാലിന്റെ സംഭരണം വീണ്ടും കുറയുകയും വില്‍പ്പന വര്‍ധിക്കുകയും ചെയ്യുമെന്നതിനാല്‍ മാര്‍ച്ച് മുതല്‍ കേരളത്തില്‍ കനത്ത പാല്‍ക്ഷാമത്തിനാണ് സാധ്യത.

2. ഇന്റര്‍നെറ്റിലെ അറിവുകളുടെ ആധികാരികത ഉറപ്പാക്കണം – ഉപരാഷ്ട്രപതി
തിരുവന്തപുരം: ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന അറിവുകളുടെ സ ത്യസന്ധത ഉറപ്പുവരുത്തേണ്ടതാവശ്യമാണെന്ന് ഉപരാഷ്ട്രപതി ഡോ.മുഹമ്മദ് ഹമീദ് അന്‍സാരി.

സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരുവനന്തപുരം പുസ്തകമേള കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്ടിയ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ മന്ത്രി എം.എ ബേബി,വ്യവസായമന്ത്രി ഇളമരം കരിം, വി.ശിവന്‍കുട്ടി എം.എല്‍.എ, മേയര്‍ സി.ജയ ന്‍ബാബു എന്നിവര്‍ പ്രസംഗിച്ചു. റോബിന്‍ ഡിക്രൂസ് നന്ദി പറഞ്ഞു.

ബ്രിട്ടീഷ് ലൈബ്രറി തലസ്ഥാനത്ത് നിലനിര്‍ത്താനായി ഉപരാഷ്ട്ര പതി യുടെ ശ്രദ്ധ പതിയണമെന്ന് മേയര്‍ സി.ജയന്‍ബാബു അഭ്യര്‍ ഥി ച്ചു ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ആദിവാസി കലാരൂപങ്ങള്‍, തെയ്യം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിച്ചു.

ആഗോളവല്‍ക്കര ണ ത്തിന്റെ കാലത്ത് സാംസ്കാരികത്തനിമ നിലനിര്‍ത്തുക ഇന്നത്തെ കാലഘട്ടം നേരിടുന്ന പ്രധാന വിഷയമാണെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.

യുവാക്കള്‍ അറിവിനായി ഇന്റര്‍നെറ്റിനെയാണ് ഏറെ ആശ്രയിക്കുന്നതെന്നും ആധികാരികത ഉറപ്പാക്കിയേ ഈ വിജ്ഞാനം സ്വീകരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

വഴി നയിക്കാനും വഴി തെറ്റിക്കാനും പുസ്തകങ്ങള്‍ക്ക് കഴിയും. സാമൂഹിക മാറ്റങ്ങള്‍ക്കു വഴി തെളിക്കുന്ന രചനകളാണു വേണ്ടത്. പുസ്തകത്തിന്റെ ഉള്ളടക്കം എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കണം. ബാഹ്യമായ കാര്യങ്ങളില്‍ അനാവശ്യവിവാദം വേണ്ട.

ന്യായമായ വിലയ്ക്ക് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാന്‍ പ്ര സാധകര്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ എല്ലാ ഭാഷകളിലും പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടു ണ്െടന്നും അദ്ദേഹം പറഞ്ഞു.

3. ജനുവരി ഒന്നു മുതല്‍ 15 വരെ ലോഡ്ഷെഡിംഗ്
തിരുവനന്തപുരം: സംസ്ഥാനത്തു ജനുവരി ഒന്നു മുതല്‍ പതിനഞ്ചു വരെ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പീക്ക് ലോഡ് സമയമായ വൈകുന്നേരം 6.30മുതല്‍ പത്തുവരെയാണ് ലോഡ്ഷെഡിംഗ്.

നേര്യമംഗലം എക്സ്റ്റന്‍ഷന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ വാല്‍വ് അടച്ച് അറ്റുകുറ്റപ്പണി നടത്തേണ്ടതിനാലാണിതെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പറഞ്ഞു.

ശബരിമല പ്രദേശത്തെ ലോഡ്ഷെഡിംഗില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അ ദ്ദേഹം.

സംസ്ഥാനത്തിനുള്ള വൈദ്യുതി വിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും. കേന്ദ്രവിഹിതമായി ലഭിച്ചുകൊണ്ടിരുന്ന 323മെഗാവാട്ട് വൈദ്യുതിയില്‍ നിന്ന് ഏപ്രിലില്‍ 133മെഗാവാട്ടും ഡിസംബറില്‍ 50മെഗാവാട്ട് വൈദ്യുതിയുമാണ് വെട്ടിക്കുറച്ചത്. ഇതോടെ വൈദ്യുതിവിതരണം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നു ഹൈ ക്കോടതി ചീഫ് ജസ്റ്റിസിനോടും കേന്ദ്രസര്‍ക്കാരിനോടും വീണ്ടും ആവശ്യപ്പെടും.

കാസര്‍ഗോട്ടെ മഞ്ചേശ്വരത്ത് മീഞ്ച പഞ്ചായത്തില്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തുറമുഖവകുപ്പിന് അനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ജില്ലയിലെ മറാഠി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

1. ബേനസീര്‍ വെടിയേറ്റു മരിച്ചു

കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് റാവല്‍പിണ്ടിയിലെ തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ ബേനസീര്‍ ഭൂട്ടോ അനുയായികളെ അഭിവാദ്യം ചെയ്യുന്നു.
റാവല്‍പിണ്ടി: ദീര്‍ഘകാലത്തെ നിര്‍ബന്ധിത പ്രവാസത്തിനൊടുവില്‍, പാകിസ്താന്റെ ഭാഗധേയനിര്‍ണയത്തിനായി മടങ്ങിയെത്തിയ മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വെടിയേറ്റു മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് റാവല്‍പിണ്ടിയിലെ ലിയാഖത്ത് അലി ബാഗില്‍ തെരഞ്ഞെടുപ്പു പ്രചാരണറാലിയെ അഭിസംബോധന ചെയ്തശേഷം കാറില്‍ കയറാനൊരുങ്ങുമ്പോഴായിരുന്നു ജനക്കൂട്ടത്തിനിടയില്‍നിന്ന് വെടിയുതിര്‍ന്നത്.

കഴുത്തിലും നെഞ്ചിലും വെടിയേറ്റ ബേനസീറിനെ റാവല്‍പിണ്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പ്പിനു തൊട്ടുപിന്നാലെ കാറിനരികിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ മുപ്പതിലേറെപ്പേര്‍ മരിച്ചു. അക്രമത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. വെടിയേറ്റു 10 നിമിഷത്തേക്ക് അംഗരക്ഷകരുള്‍പ്പെടെയാരും ബേനസീറിന്റെ കാറിനരികിലെത്തിയില്ല. കൂടുതല്‍ സ്ഫോടനങ്ങള്‍ ഭയന്നായിരുന്നു ഇത്. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും ബേനസീറിനു ബോധമുണ്ടായിരുന്നു. ഓപ്പറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിച്ച ബേനസീറിന്റെ മരണം പ്രാദേശികസമയം 6.16-ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ലോകത്തെ ഞെട്ടിച്ച വാര്‍ത്ത പുറത്തുവന്നതോടെ പാകിസ്താനില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ രോഷാകുലരായ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ടു. പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെതിരേയായിരുന്നു ജനക്കൂട്ടത്തിന്റെ രോഷം. സംഭവത്തേത്തുടര്‍ന്ന് മുഷാറഫ് ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ജനുവരി എട്ടിനു നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. പാകിസ്താനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെമ്പാടും കേന്ദ്രസര്‍ക്കാര്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. സംഭവത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. ബേനസീറിന്റെ കബറടക്കം ഇന്നു സ്വദേശമായ ലാര്‍ക്കാനയില്‍ നടക്കും. ബേനസീര്‍ ഭൂട്ടോയുടെ മരണവാര്‍ത്തയറിഞ്ഞ് ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയും മൂന്നുമക്കളും ദുബായില്‍നിന്ന് കറാച്ചിയിലെത്തി.

പ്രവാസത്തിനു ശേഷം ഒക്ടോബര്‍ 18-ന് ഇസ്ളാമാബാദില്‍ മടങ്ങിയെത്തിയപ്പോള്‍ ബേനസീറിനു നേരെയുണ്ടായ വധശ്രമം വിഫലമായിരുന്നു. അന്നത്തെ സ്ഫോടനത്തില്‍ ബേനസീര്‍ രക്ഷപെട്ടെങ്കിലും 140 പേര്‍ മരിച്ചു. 1951-ല്‍ പാകിസ്താന്റെ ആദ്യപ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്‍ കൊല്ലപ്പെട്ട അതേസ്ഥലത്തായിരുന്നു ബേനസീറിന്റെയും മരണം. രണ്ടുതവണ പാകിസ്താന്‍ പ്രധാനമന്ത്രിയായ ബേനസീര്‍ ഭൂട്ടോ മുന്‍പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പുത്രിയാണ്. മുഹമ്മദ് സിയാ ഉള്‍ ഹഖിന്റെ പട്ടാള അട്ടിമറിയേത്തുടര്‍ന്ന് 1979-ല്‍ സുള്‍ഫിക്കര്‍ ഭൂട്ടോയെ തൂക്കിക്കൊല്ലുകയായിരുന്നു. 1999-ല്‍ ജനറല്‍ പര്‍വേസ് മുഷാറഫ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതിനേത്തുടര്‍ന്നാണ് അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനേയും ബേനസീര്‍ ഭൂട്ടോയേയും നാടുകടത്തിയത്.

2. കനത്ത മഴ ഉപയോഗപ്പെടുത്താനായില്ല; സംസ്ഥാനം കടുത്ത വരള്‍ച്ചയെ നേരിടുമെന്നു റിപ്പോര്‍ട്ട്

മലപ്പുറം: സംസ്ഥാനത്ത് ഇത്തവണ മുമ്പെങ്ങുമില്ലാത്ത വിധം മഴ ലഭിച്ചെങ്കിലും ഇതു കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷവും കടുത്ത വരള്‍ച്ച നേരിടേണ്ടി വരുമെന്നു സൂചന. സംസ്ഥാന ഭൂജലവകുപ്പ് അഞ്ചുവര്‍ഷംകൊണ്ടു നടത്തിയ പഠനത്തിലാണ് ഈ മുന്നറിയിപ്പുളളത്.

സംസ്ഥാനത്തു ഭൂഗര്‍ഭ ജലത്തില്‍ 30 സെ.മീ. മുതല്‍ മൂന്നു മീറ്റര്‍ വരെ കുറഞ്ഞുവരുകയാണെന്നു പഠനത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ജലസമ്പത്തും ഇതിന്റെ വികസനവും വിനിയോഗവും പഠിക്കുന്നതിനായി കേന്ദ്ര ഭൂജല ബോര്‍ഡും സംസ്ഥാന ഭൂജല വകുപ്പും ചേര്‍ന്നു രൂപീകരിച്ച ഭൂജല നിര്‍ണയ കമ്മറ്റിയും (ഗ്രൌണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മറ്റി-ജി.
ഡബ്ള്യൂ, ഇ.സി). വരള്‍ച്ച സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചു പറയുന്നുണ്ട്. ഭൂജല സമ്പത്തില്‍ മിച്ച സംസ്ഥാനമായി കരുതിയിരുന്ന കേരളത്തിലെ പല ബ്ളോക്കുകളിലും ഭൂജല വിതരണം അപകടകരമായ രീതിയില്‍ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നാണു പഠനങ്ങള്‍ കാണിക്കുന്നത്.

നാഷണല്‍ ഹൈഡ്രോളജി പദ്ധതി പ്രകാരം ജില്ലകളില്‍ ആയിരത്തോളം നിരീക്ഷണ കിണറുകള്‍ കുഴിച്ചായിരുന്നു പഠനം. 2004ഓടെ കേരളത്തില്‍ നൂറുശതമാനത്തില്‍ കൂടുതല്‍ ശുദ്ധജലം ചൂഷണം ചെയ്യപ്പെടുന്ന അഞ്ചുബ്ളോക്കുകള്‍ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ അതിയന്നൂര്‍, തൃശൂരിലെ കൊടുങ്ങല്ലൂര്‍, പാലക്കാട്ടെ ചിറ്റൂര്‍, കോഴിക്കോട്, കാസര്‍കോട് ബ്ളോക്കുകളാണിവ. സുരക്ഷിത ബ്ളോക്കുകളുടെ എണ്ണം 1999ല്‍ 136 ആയിരുന്നുവെങ്കില്‍ 2004ല്‍ 101 ആയി കുറഞ്ഞു. ഇപ്രാവശ്യം മഴ കൂടുതല്‍ ലഭിച്ചെങ്കിലും ഇതു സംഭരിക്കുന്നതില്‍ സംസ്ഥാനം പ രാജയപ്പെട്ടു. മഴയില്‍ നിന്നു ലഭിച്ചതിനേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ ഉപയോഗം.

ഇപ്പോള്‍ അമ്പതിലധികം ബ്ളോക്കുകളാണു ഭീഷണി നേരിടുന്നത്. ആകെയുളള ഭൂജലത്തിന്റെ 75 ശതമാനത്തിലേറെ ഉപയോഗിക്കുന്ന ബ്ളോക്കുകളെയാണ് അമിത ജലചൂഷണ മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

നിയമസഭ പാസാക്കിയ ഭൂജല നിയമം ഇപ്പോഴും നടപ്പാക്കിയിട്ടില്ല. 2004 ജനുവരി 15 നാണു സംസ്ഥാന സര്‍ക്കാര്‍ കേരള ഭൂജല (നിയന്ത്രണവും ക്രമീകരണവും) നിയമം പാസാക്കിയത്. ഇതുപ്രകാരം 1.5 കുതിരശക്തിക്കുമേല്‍ പമ്പുചെയ്യുന്ന കിണറുകള്‍, കുളങ്ങള്‍ എന്നിവയുടെയും മൂന്നു കുതിരശക്തിക്കുമേല്‍ പമ്പുചെയ്യുന്ന കുഴല്‍ കിണറുകളുടെയും ഉടമസ്ഥര്‍ ഇവ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വരള്‍ച്ച മുന്‍കൂട്ടി കണ്ടു രജിസ്ട്രേഷന്‍ കര്‍ശനമാക്കാനാണു ഭൂജല വകുപ്പിന്റെ തീരുമാനം. രജിസ്റ്റര്‍ ചെയ്യാത്തവരില്‍ നിന്നു അഞ്ഞൂറു രൂപ പിഴ ഈടാക്കും. അനധികൃതമായി കിണര്‍ കുഴിക്കുന്നതിനെതിരേ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

കടലുണ്ടിപ്പുഴയിലെ മണലെടുപ്പു മൂലം ജലനിരപ്പ് കടലിലെ നിരപ്പിനേക്കാള്‍ താഴ്ന്നുവെന്നു മുമ്പു റിപ്പോര്‍ട്ടുണ്ടായിരുന്നു.

3. ഗോ രക്ഷാപദ്ധതി ലക്ഷ്യം കണ്ടില്ല; കന്നുകാലികള്‍ കുളമ്പുരോഗ ഭീഷണിയില്‍

കോഴിക്കോട്: ദേശീയ കന്നുകാലി വികസന ബോര്‍ഡിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്ര കുളമ്പുരോഗ നിയന്ത്രണ പരിപാടിയായ ഗോ രക്ഷാപദ്ധതി ലക്ഷ്യം കണ്ടില്ല. പദ്ധതി നടപ്പാക്കി മൂന്നു വര്‍ഷമായിട്ടും മുഴുവന്‍ ജില്ലകളിലും 60 ശതമാനം കന്നുകാലികള്‍ക്കുപോലും കുത്തിവയ്പെടുക്കാനായിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നുളള രോഗവാഹികളായ കന്നുകാലികളെയും മറ്റും നിയന്ത്രിക്കാന്‍ കഴിയാതായതോടെ 34.18 കോടി രൂപയുടെ പദ്ധതിയാണു പാതിവഴിയിലായിരിക്കുന്നത്.

2004 ഒക്ടോബറില്‍ തുടങ്ങിയ പദ്ധതിക്കായി 24.98 കോടി ദേശീയ കന്നുകാലി വികസന ബോര്‍ഡും 6.96 കോടി സംസ്ഥാന സര്‍ക്കാരും 2.24 കോടി കേന്ദ്രസര്‍ക്കാരുമാണു ചെലവഴിക്കുന്നത്. അടുത്ത ഒക്ടോബറോടെ പദ്ധതി അവസാനിക്കാനിരിക്കെ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടു സ്വരൂപിക്കാനും സര്‍ക്കാരിനായിട്ടില്ല. കുത്തിവയ്പിനായി കര്‍ഷകരില്‍ നിന്ന് ഈടാക്കുന്ന തുക വരുംവര്‍ഷങ്ങളില്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനായിരുന്നു തീരുമാനം. ഈയിനത്തില്‍ 15 കോടിയോളം രൂപ കോര്‍പ്പസ് ഫണ്ടായി സമാഹരിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. കുത്തിവയ്പെടുക്കുന്ന കന്നുകാലികളുടെ എണ്ണം കുറഞ്ഞതോടെയാണു പദ്ധതിയുടെ തുക പൂര്‍ണമായും കണ്ടെത്താനാവാത്തത്.
2004 ഒക്ടോബര്‍ 15നാണു പദ്ധതിയുടെ ഒന്നാംഘട്ടം തുടങ്ങിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളൊഴിച്ചു മറ്റെല്ലായിടത്തും ഒന്നാംഘട്ട പദ്ധതി തുടങ്ങിയിരുന്നു. 85 ശതമാനം കന്നുകാലികള്‍ക്കും ഒന്നാംഘട്ടത്തിലൂടെ കുത്തിവയ്പു ലക്ഷ്യമാക്കിയിരുന്നെങ്കിലും 52 ശതമാനത്തിനു മാത്രമാണു പ്രതിരോധ കുത്തിവയ്പെടുക്കാനായത്.

2001 മുതലുളള മൂന്നു വര്‍ഷക്കാലം കൊണ്ടു കേരളത്തില്‍ 1405 കന്നുകാലികള്‍ കുളമ്പുരോഗം ബാധിച്ചു ചത്തൊടുങ്ങിയതോടെ കൃഷിമന്ത്രി കെ.എന്‍. ഗൌരിയമ്മയുടെ പ്രത്യേക താല്പര്യപ്രകാരമാണു ഗോരക്ഷാ പദ്ധതി കേരളത്തില്‍ തുടങ്ങിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാലുല്‍പ്പന്നങ്ങളും മറ്റും കയറ്റുമതി ചെയ്യുന്ന കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷയേകിയ തീരുമാനമായിരുന്നു അത്. കന്നുകാലികളുടെ രോഗം കയറ്റുമതിയെ ബാധിക്കുമെന്നായതോടെയാണു പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്. പഞ്ചായത്തുതലത്തില്‍ വെറ്ററിനറി സര്‍ജന്മാരും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറുമാരുമടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണു പദ്ധതി തുടങ്ങിയത്. പ്രാരംഭഘട്ടത്തില്‍ വെറ്റിനറി ഹോസ്പിറ്റലുകളിലും മറ്റും വച്ചെടുത്തിരുന്ന കുത്തിവയ്പ് ക്ഷീരകര്‍ഷകരുടെ ക്ഷീരകര്‍ഷകരുടെ പങ്കാളിത്തം കുറഞ്ഞതോടെ സ്ക്വാഡ് പ്രവര്‍ത്തനമാക്കി താഴെത്തട്ടിലെത്തിക്കുകയായിരുന്നു. അഞ്ചു വര്‍ഷമായുളള തുടര്‍ച്ചയായ കുത്തിവയ്പു പരിപാടിയിലൂടെ സംസ്ഥാനത്തു നിന്നു കുളമ്പുരോഗം പൂര്‍ണമായും ഇല്ലാതാക്കാനായിരുന്നു പദ്ധതി.

ഉചിതമായ രീതിയില്‍ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ചു ബോധവല്‍ക്കരണം നല്‍കാന്‍ കഴിയാത്തതിനാലാണു മിക്ക ക്ഷീരകര്‍ഷകരും കന്നുകാലികള്‍ക്കു കുത്തിവയ്പെടുക്കാന്‍ വിസമ്മതിച്ചതെന്ന ആരോപണമുണ്ട്. ഒന്നാം ഘട്ടത്തില്‍ 11.75 ലക്ഷം കന്നുകാലികള്‍ക്കു കുത്തിവെയ്പെടുത്തപ്പോള്‍ 284 കന്നുകാലികള്‍ മാത്രമാണു പ്രതികൂലമായി ബാധിച്ചത്.

ഒരിക്കല്‍ രോഗം പിടിപെട്ടാല്‍ കന്നുകാലികളുടെ പാലുല്‍പ്പാദനം കാര്യമായി കുറയുകയും പ്രത്യുല്‍പ്പാദനശേഷി ഇല്ലാതാകുകയും ചെയ്യുന്നു എന്നുളളതാണു രോഗത്തിന്റെ പ്രത്യേകത. അന്യസംസ്ഥാനങ്ങളില്‍ രോഗം നിയന്ത്രിക്കാന്‍ പദ്ധതിയില്ലാത്തതും അറവിനായും മറ്റും കൊണ്ടുവരുന്ന കന്നുകാലികളില്‍ രോഗകാരിയായ വൈറസ് പ്രത്യക്ഷപ്പെടുന്നതും കേരളത്തിലെ കന്നുകാലികള്‍ക്കു ഭീഷണിയായിരിക്കുകയാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുളള പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കണമെന്നും അവശേഷിക്കുന്ന കന്നുകാലികള്‍ക്കു യുദ്ധകാലാടിസ്ഥാനത്തില്‍ കുത്തിവയ്പു നടത്തണമെന്നുമുള്ള ആവശ്യമുയര്‍ന്നിട്ടുണ്ട്.

4. വലിയമലയിലെ ഭൂമി സ്വീകാര്യം: ഐ.എസ്.ആര്‍.ഒ.

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനു വലിയമലയില്‍ സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ഭൂമി സ്വീകാര്യമാണെന്ന് ഐ.എസ്.ആര്‍.ഒ. സര്‍ക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അയച്ച കത്തിലാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കത്ത് ഇന്നലെ മുഖ്യമന്ത്രിക്കു ലഭിച്ചു.

പൊന്മുടി അപ്പര്‍ സാനറ്റോറിയത്തില്‍ ഇരുപത് ഏക്കറും വലിയമലയില്‍ 70 ഏക്കറും അനുവദിച്ച നടപടിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. സ്ഥലം എത്രയും പെട്ടെന്ന് ഏറ്റെടുത്തു നല്‍കണമെന്നും കത്തില്‍ പറയുന്നു. പൊന്‍മുടിയിലെയും വലിയമലയിലെയും ഭൂമി ഇന്‍സ്റ്റിറ്റ്യൂട്ടിനായി പ്രയോജനപ്പെടുത്തും.
അപ്പര്‍സാനറ്റോറിയത്തില്‍ ലഭിച്ച ഭൂമിയില്‍ ഉടന്‍തന്നെ നിര്‍മാണം തുടങ്ങുമെന്നും കത്തില്‍ പറയുന്നു. വലിയമലയില്‍ ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഐ.എസ്.ആര്‍.ഒ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലായിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ രാധാകൃഷ്ണന്‍ സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിച്ചുവെങ്കിലും മാധവന്‍നായരുമായി ചര്‍ച്ച നടത്തി അന്തിമതീരുമാനം പിന്നീട് അറിയിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.

ഐ.എസ്.ആര്‍.ഒയുടെ നിലപാട് അറിയാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. വലിയമലയില്‍ സര്‍ക്കാരിന്റെ കൈവശം ഭൂമിയില്ലാത്തതിനാല്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി ഏറ്റെടുത്ത് നല്‍കാനാണ് തീരുമാനം. അപ്പര്‍ സാനറ്റോറിയത്തിലെ ഇരുപത് ഏക്കറില്‍ ആസ്ട്രോഫിസിക്സ് ലാബ്, ടെലിസ്കോപ്പ് എന്നിവ സ്ഥാപിക്കാനാണ് ഐ.എസ്.ആര്‍.ഒ ഉദ്ദേശിക്കുന്നത്. കൂടാതെ സ്പേസ് മ്യൂസിയവും പ്ളാനറ്റോറിയവും സ്ഥാപിക്കും.

5. ബഹിരാകാശ ഗവേഷണകേന്ദ്രം- വലിയമലയില്‍ സ്വകാര്യഭൂമി വാങ്ങിക്കൊടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയ്ക്കു നല്‍കാന്‍ വലിയമലയില്‍ സര്‍ക്കാര്‍ഭൂമിയില്ലാത്തതിനാല്‍ വിലയ്ക്കു വാങ്ങി നല്‍കുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. വലിയമലയില്‍ പുറമ്പോക്കു ഭൂമിയില്ല. സ്വകാര്യഭൂമി വാങ്ങിക്കൊടുക്കാന്‍ സമയമെടുക്കും- മുഖ്യമന്ത്രി പറഞ്ഞു.

ഐ.എസ്.ആര്‍.ഒയുടെ ഗവേഷണസ്ഥാപനം ഇവിടെ ആരംഭിക്കുന്നതില്‍ കുശുമ്പുള്ളവര്‍ പണി തുടരുന്നു. ചില പത്രക്കാരും പരിധിവിടുന്നുണ്ട്. വലിയമലയില്‍ 70 ഏക്കര്‍ ഐ.എസ്.ആര്‍.ഒയ്ക്ക് താല്‍പര്യമാണ്. ഐ.എസ്.ആര്‍.ഒ. അധികൃതരുമായി തര്‍ക്കമില്ല.
പൊന്മുടിയില്‍ 100 ഏക്കര്‍ കൊടുക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. റവന്യൂവകുപ്പു ഭൂമിക്കു വില ചോദിച്ചിട്ടില്ല. നൂറേക്കര്‍ അനുവദിച്ച ഉത്തരവും ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കു കൊടുത്ത കത്തും കാണട്ടേയെന്നും വി.എസ്. പറഞ്ഞു.

1. ഇന്ത്യ_അമേരിക്ക കാര്‍ഷിക സഹകരണ കരാര്‍: കാര്‍ഷികമേഖല ആശങ്കയില്‍
ചെന്നൈ: ആണവ സഹകരണ കരാറിനു പിറകെ ഇന്ത്യ^അമേരിക്ക കാര്‍ഷിക സഹകരണ കരാറിനെ ചൊല്ലിയും രാജ്യം ആശങ്കയില്‍. ഇന്ത്യയുടെ കാര്‍ഷിക പരമാധികാരത്തെയും പാരമ്പര്യ കൃഷിരീതികളെയും മുച്ചൂടും ഇല്ലാതാക്കാനുള്ള വ്യവസ്ഥകളടങ്ങിയ കരാറിനെതിരെ കര്‍ഷകസംഘടനകള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കരാര്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍പീസ് ഉള്‍പ്പെടെ 170ലേറെ പരിസ്ഥിതി^കര്‍ഷക സംഘടനകളുടെയും ട്രേഡ് യൂനിയനുകളുടെയും പ്രതിനിധികള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് തുറന്ന കത്തെഴുതിയിട്ടുണ്ട്.
2005 ജൂലൈ 18ന് വാഷിംഗ്ടണില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷും ആണവ സഹകരണ കരാര്‍ ഒപ്പുവെച്ച വേളയില്‍ തന്നെയാണ് കാര്‍ഷിക മേഖലയിലും സഹകരണത്തിനുള്ള കരാര്‍ ഒപ്പുവെച്ചത്. ‘ഇന്ത്യ^യു.എസ് നോളജ് ഇനിഷ്യേറ്റീവ് ഓണ്‍ അഗ്രികള്‍ച്ചര്‍’ (കെ.ഐ.എ) എന്ന പേരിലുള്ള കരാര്‍ രണ്ടാം ഹരിതവിപ്ലവത്തിനെന്ന പേരില്‍ ഇന്ത്യന്‍ കാര്‍ഷികമേഖലക്ക് അമേരിക്കന്‍ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കാനുള്ളതാണ്. കെ.ഐ.എയുടെ ഇന്ത്യന്‍ ബോര്‍ഡിന്റെ ഓണററി ഉപദേശകന്‍ ഡോ. എം.എസ്. സ്വാമിനാഥനാണ്. അമേരിക്കന്‍ ബോര്‍ഡിലാവട്ടെ, അന്തകവിത്തിന്റെ ഉപജ്ഞാതാക്കളായ മോണ്‍സാന്റോ, ബഹുരാഷ്ട്ര കുത്തകകളായ വാള്‍മാര്‍ട്ട്, ആര്‍ച്ചര്‍ ഡാനിയല്‍സ് മിഡ്ലാന്റ് എന്നീ കമ്പനികളുടെ പ്രതിനിധികളാണുള്ളത്. ഹൈദരാബാദിലും വാഷിംഗ്ടണിലുമായ കെ.ഐ.എ ബോര്‍ഡുകളുടെ സംയുക്ത യോഗം ഇതിനകം മൂന്നു തവണ ചേര്‍ന്നുകഴിഞ്ഞു.

കരാര്‍ നടപ്പാക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 350 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അടുത്ത മൂന്നു വര്‍ഷത്തേക്കാണിത്. അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്ന് സാമ്പത്തിക സഹകരണമുണ്ടാവില്ല. വിത്തുകളും വളപ്രയോഗവുമുള്‍പ്പെടെ സാങ്കേതികസഹകരണമാണുണ്ടാവുക.
ഇന്ത്യയിലെ നാഷനല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സിസ്റ്റംസിലുള്ള (എന്‍.എ.ആര്‍.എസ്) 500 ഫാക്കല്‍റ്റി മെമ്പര്‍മാര്‍ക്ക് അമേരിക്ക പരിശീലനം നല്‍കും. കരാര്‍ നടപ്പാക്കാന്‍ 4450 ശാസ്ത്രജ്ഞരുടെ പുതിയ തസ്തികകളും ഇന്ത്യയില്‍ സൃഷ്ടിക്കണം.
ഇന്ത്യ ആദ്യ മൂന്നു വര്‍ഷത്തേക്ക് നീക്കിവെച്ച 350 കോടിയില്‍ 214.5 കോടി രൂപ ബയോടെക്നോളജി മേഖലക്കാണ്. കാര്‍ഷികവിദ്യാഭ്യാസത്തിന് 65 കോടി, ഉപോല്‍പന്നങ്ങള്‍, ബയോ ഫ്യുവല്‍ എന്നിവക്ക് 45 കോടി, വാട്ടര്‍ മാനേജ്മെന്റിന് 25.5 കോടി എന്നിങ്ങനെയും നീക്കിവെച്ചിട്ടുണ്ട്.

ആണവ കരാറിനെപ്പോലെ തന്നെ ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്ന ഈ കരാറും പ്രധാനമന്ത്രി ഒപ്പുവെച്ചത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ്. ഇന്ത്യയില്‍ കൃഷി സംസ്ഥാനവിഷയമാണെങ്കിലും കാര്‍ഷികമേഖലയെ പ്രത്യക്ഷമായി ബാധിക്കുന്ന കരാറില്‍ ഒപ്പുവെക്കുന്നതിനു മുമ്പ് സംസ്ഥാനങ്ങളുടെയും അഭിപ്രായമാരാഞ്ഞിരുന്നില്ല.
കരാറിലൂടെ മോണ്‍സാന്റോയെപ്പോലുള്ള കമ്പനികളുടെ ജനിതകമാറ്റം വരുത്തിയ അന്തകവിത്തുകള്‍ ഇന്ത്യന്‍ കാര്‍ഷികമേഖല കൈയടക്കുമെന്നും എന്‍ഡോസള്‍ഫാനെപ്പോലെ മാരക പ്രത്യാഘാതങ്ങളുളവാക്കുന്ന രാസവളങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയിലെ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ യഥേഷ്ടം ഇടപെടാനും കരാര്‍ വഴിയൊരുക്കും.ഇന്ത്യയുടെയും അമേരിക്കയുടെയും കാര്‍ഷികരീതികള്‍ തികച്ചും വ്യത്യസ്തമായിരിക്കെ ഇന്ത്യയില്‍ അമേരിക്കന്‍ കാര്‍ഷിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഔചിത്യവും കര്‍ഷക സംഘടനകള്‍ ചോദ്യം ചെയ്യുന്നു. അമേരിക്കയില്‍ രണ്ടു ശതമാനം പേര്‍ മാത്രമാണ് കൃഷികൊണ്ട് ജീവിക്കുന്നത്. അവിടെ കൃഷി വ്യവസായമാണ്. കാര്‍ഷികവ്യവസായ കോര്‍പറേഷനുകള്‍ക്കാണ് കൃഷിയുടെ നിയന്ത്രണം. ഇന്ത്യയിലാവട്ടെ, പരമ്പരാഗത കൃഷിരീതിയെ ആശ്രയിച്ചാണ് 65 ശതമാനത്തോളം ജനങ്ങള്‍ ജീവിക്കുന്നത്. സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന നാമമാത്രമായ സബ്സിഡി ഉപയോഗിച്ച് സേവനമെന്ന നിലക്ക് കൃഷിചെയ്യുന്നവരാണ് ഇന്ത്യന്‍ കര്‍ഷകരില്‍ ഏറിയപങ്കും.

2. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കാരം: ലൈസന്‍സ് കിട്ടാക്കനിയാകുമെന്ന് ആശങ്ക
ദുബൈ: ദുബൈയിലെ ഡ്രൈവിംഗ്ടെസ്റ്റ് രീതികള്‍ പരിഷ്കരിക്കുമെന്ന ആര്‍.ടി.എ.യുടെ പ്രഖ്യാപനം ഡ്രൈവിംഗ് പഠിതാക്കള്‍ക്കും ലൈസന്‍സെടുക്കാന്‍ തയാറെടുക്കുന്നവര്‍ക്കുമിടയില്‍ ആശങ്ക പരത്തുന്നു. ലൈസന്‍സ് നേടാനുള്ള കടമ്പകള്‍ കൂടുതല്‍ കര്‍ശനമാകാന്‍ സാധ്യതയുണ്ടെന്ന സംശയമാണ് ഇവരെ വിഷമത്തിലാക്കുന്നത്.
ദുബൈയിലെ ഡ്രൈവിംഗ് ടെസ്റ്റ് രീതികള്‍ റോഡ് സുരക്ഷക്ക് പ്രാധാന്യം നല്‍കി മാതൃകാപരമായി പരിഷ്കരിക്കുമെന്നാണ് കഴിഞ്ഞദിവസം ആര്‍.ടി.എയിലെ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി സി.ഇ.ഒ എഞ്ചിനീയര്‍ മൈത ബിന്‍ത് അദായ് പറഞ്ഞത്.
ഇപ്പോള്‍ തന്നെ ദുബൈയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയെടുക്കുകയെന്നത് വലിയ കടമ്പയായാണ് സാധാരണക്കാര്‍ കാണുന്നത്. 2007 ന്റെ തുടക്കത്തില്‍ തന്നെ റോഡ് ടെസ്റ്റിംഗ് രീതിയില്‍ ദുബൈയില്‍ വിവിധ പരിഷ്കാരങ്ങള്‍ നടപ്പാക്കിയിരുന്നു. ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം ട്രാഫിക് പോലിസില്‍ നിന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് കൈമാറി എന്നതായിരുന്നു ഇതില്‍ സുപ്രധാനം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആര്‍.ടി.എയിലെ വിദഗ്ധരാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ലൈസന്‍സ് നല്‍കുന്നത്. ഇതോടൊപ്പം ആഴ്ചയില്‍ ഒരു ഡ്രൈവിംഗ് ടെസ്റ്റ് എന്ന രീതി മാറ്റി മാസത്തില്‍ ഒരു പരീക്ഷ എന്ന നിലയിലാക്കിയതും ലൈസന്‍സ് നേടിയെടുക്കാനുള്ള കാലാവധി നീണ്ടതാക്കി. ഒരു ടെസ്റ്റ് പരാജയപ്പെടുന്നവര്‍ ഇപ്പോള്‍ 22 ദിവസം കാത്തിരുന്ന് എട്ട് ക്ലാസുകള്‍ക്ക് ഹാജരായ ശേഷമേ അടുത്ത ടെസ്റ്റിന് യോഗ്യത നേടൂ. പലപ്പോഴും ടെസ്റ്റിനുള്ള കാത്തിരിപ്പ് ഒന്നരമാസം വരെ നീളുന്നതായും പഠിതാക്കള്‍ക്ക് പരാതിയുണ്ട്. 2006 ഒക്ടോബറില്‍ തന്നെ ലൈസന്‍സിനായി ഫയല്‍ തുറക്കണമെങ്കില്‍ തൊഴിലുടമയുടെ സമ്മതപത്രം നിര്‍ബന്ധമാക്കുന്ന നിയമം നിലവില്‍ വന്നിരുന്നു. ഇത് നിരവധി ചെറുകിട തൊഴിലാളികള്‍ക്ക് ലൈസന്‍സ് സ്വപ്നമാക്കി മാറ്റി. നേരത്തേ പാസ്പോര്‍ട്ട് പകര്‍പ്പും തൊഴില്‍ കാര്‍ഡും മാത്രം ഹാജരാക്കി ഫയല്‍ തുറക്കാന്‍ സാധിക്കുമായിരുന്നു.

ഡ്രൈവിംഗ് പഠനത്തിനായുള്ള ഉയര്‍ന്ന ചെലവും സാധാരണക്കാരെ ബാധിച്ചു. പ്രമുഖ ഡ്രൈവിംഗ് സ്കൂളുകളില്‍ ഒരു ഡ്രൈവിംഗ് ക്ലാസിന് 55 ദിര്‍ഹം മുതല്‍ 60 ദിര്‍ഹം വരെ ഈടാക്കുന്നുണ്ട്. മറ്റു രാജ്യങ്ങളുടെ ലൈസന്‍സ് നേടിയിട്ടുള്ളവര്‍ മൂല്യനിര്‍ണയ പരീക്ഷയിലെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഏറ്റവും കുറഞ്ഞത് 20 ക്ലാസിനെങ്കിലും ഹാജരാകണം. അല്ലാത്തവര്‍ക്ക് 40 ക്ലാസിലേറെ പഠിക്കണം. ഓരോ ടെസ്റ്റ് പരാജയപ്പെടുമ്പോഴും എട്ട് ക്ലാസ് വീണ്ടും പഠിക്കണം. ഇതിനുപുറമെ ടെസ്റ്റിനുള്ള 80 ദിര്‍ഹവും ലക്ചര്‍ ക്ലാസിനുമുള്ള അധിക ഫീസും ഇവര്‍ നല്‍കണം. ഇതോടെ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് നേടാനാകൂ എന്നതാണ് അവസ്ഥ.
എന്നാല്‍, ഡ്രൈവിംഗിന്റെ നിലവാരം മെച്ചപ്പെടുത്തി റോഡ്സുരക്ഷ ഉറപ്പുവരുത്താനാണ് ഇത്തരം പരിഷ്കാരങ്ങളെന്ന് അധികൃതര്‍ പറയുന്നു.

1. കേരളതുറമുഖങ്ങള്‍ വഴി പാമോയില്‍ ഇറക്കുമതി നിരോധിച്ചു
ന്യൂഡല്‍ഹി: കേരളത്തിലെ തുറമുഖങ്ങള്‍ വഴി പാമോയില്‍ ഇറക്കുമതി ചെയ്യുന്നതു കേന്ദ്രവാണിജ്യ മന്ത്രാലയം നിരോധിച്ചു. ഈ മാസം 24 നാണ് ഇതു സംബന്ധിച്ചു വിദേശ വ്യാപാര വകുപ്പ് ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചത്.

പാമോയില്‍ ഇറക്കുമതി നിരോധിക്കണമെന്നു സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വെളിച്ചെണ്ണയുടെ വിലയിടിവു തടയാനുള്ള നടപടികളുടെ ഭാഗമായാണു തീരുമാനം. ഒക്ടോബറില്‍ കൊച്ചി തുറമുഖം വഴിയുള്ള ഇറക്കുമതി നിരോധിച്ചിരുന്നു. എല്ലാ ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴിയുമുള്ള പാമോയില്‍ വരവു നിരോധിക്കണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നു.

2004 മുതല്‍ 2009 വരെയുള്ള കയറ്റിറക്കുമതി ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്. വെളിച്ചെണ്ണയുടെ വില താഴ്ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണു പാമോയില്‍ ഇറക്കുമതി നിരോധിക്കണമെന്ന ആവശ്യം ശക്തമായത്. ദക്ഷിണേന്ത്യയിലെ തുറമുഖങ്ങള്‍ വഴിയുള്ള ഇറക്കുമതി നിരോധിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതു നടപ്പായില്ല. തുടര്‍ന്നാണു കൊച്ചി തുറമുഖം വഴിയുള്ള ഇറക്കുമതി ഒക്ടോബറില്‍ നിരോധിച്ചത്.

കൊച്ചി തുറമുഖത്തേക്കു നേരിട്ട് എത്താതാകുന്നതോടെ പാമോയിലിന്റെ വില ഉയരുമെന്നും അതു വെളിച്ചെണ്ണയെ സഹായിക്കുമെന്നുമാണു കണക്കുകൂട്ടല്‍. മംഗലാപുരം, തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങളില്‍ ഇറക്കുന്ന പാമോയില്‍ കേരളത്തിലേക്കു ലോറിയില്‍ കൊണ്ടുവരുമ്പോഴുണ്ടാകുന്ന അധിക ചെലവാണു കാരണം. അടയ്ക്ക ഇറക്കുമതിക്ക് ഇങ്ങനെ നിയന്ത്രണം കൊണ്ടുവന്നതു വില ഉയര്‍ത്താന്‍ സഹായിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ മംഗലാപുരം തുറമുഖം വഴി മാത്രമെ അടയ്ക്ക ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റു സംസ്ഥാനങ്ങളിലേക്കു വാഹനമാര്‍ഗം കൊണ്ടുപോകുമ്പോഴുള്ള ചെലവു കൂടി ചേരുന്നതോടെ ഇറക്കുമതി ഉല്‍പന്നത്തിന്റെ വില ഉയരും. ഇത് ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്കു നേട്ടമാകും എന്നാണു വിലയിരുത്തല്‍.

കൊച്ചി തുറമുഖത്തു മാത്രം നിരോധനം ഏര്‍പ്പെടുത്തിയതുകൊണ്ടു കാര്യമായ നേട്ടം ഉണ്ടാകില്ലെന്ന വാദം ശക്തമായിരുന്നു. മംഗലാപുരത്തും തൂത്തുക്കുടിയിലും ഇറക്കി അവിടെ തന്നെ സംസ്കരിച്ചു കേരളത്തിലേക്കു വലിയ വിലവ്യത്യാസമില്ലാതെ പാമോയില്‍ എത്തുമെന്നാണു നിരീക്ഷണം.

ഒന്നു മുതല്‍ ഒന്നര ലക്ഷം ടണ്‍വരെ പാമോയിലാണു മുന്‍വര്‍ഷങ്ങളില്‍ കൊച്ചി തുറമുഖം വഴി സംസ്ഥാനത്ത് എത്തിക്കൊണ്ടിരുന്നത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം ഇത് 90,000 ടണ്‍ ആയി കുറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 30,000 ടണ്‍ പാമോയില്‍ തുറമുഖത്ത് എത്തിയിരുന്നു.
2003-04ല്‍ 1.31 ലക്ഷം ടണ്ണും 2004-05ല്‍ 1.25 ലക്ഷം ടണ്ണും എത്തി. 2005-06ല്‍ 1.46 ലക്ഷം ടണ്‍ പാമോയിലാണു തുറമുഖത്തു വന്നത്.2006- 07ല്‍ 5629 കോടി രൂപയുടെ പാമോയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തു

2. അരി: നഷ്ടം സര്‍ക്കാരിന് ലാഭം ഇടനിലക്കാര്‍ക്ക്
കൊട്ടാരക്കര: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നഷ്ടം സഹിച്ച് ആന്ധ്ര അരി വിപണിയില്‍ എത്തിക്കുമ്പോള്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍. മൊത്ത വിലയിലും ഉയര്‍ന്ന വില നല്‍കിയാണു സര്‍ക്കാര്‍ അരി വാങ്ങുന്നത്. കിലോയ്ക്ക്50 പൈസ വരെ ഇടനിലക്കാരുടെ കൈകളിലെത്തുന്നതായാണു വിവരം. കിലോയ്ക്കു മൊത്തവില 16.50 രൂപ ആയിരുന്നപ്പോള്‍ 17.10 നല്‍കിയാണു സര്‍ക്കാര്‍ അരി സംഭരണം നടത്തിയത്. 17.60 രൂപയ്ക്കാണു കഴിഞ്ഞ ദിവസം അരി വാങ്ങിയത്.

ആന്ധ്രയിലെ മില്ലുകളില്‍ നിന്നു നേരിട്ട് അരി വാങ്ങിയാല്‍ കിലോയ്ക്ക് ഒരു രൂപ വരെ വില കുറച്ചു ലഭ്യമാകും. ഇതിനുള്ള നീക്കങ്ങള്‍ കമ്മിഷന്‍ ലോബി തടസ്സപ്പെടുത്തുന്നതായാണു സൂചന. കിലോയ്ക്കു നാലു രൂപയോളം നഷ്ടം സഹിച്ചാണു സര്‍ക്കാര്‍ സംരംഭങ്ങളായ കണ്‍സ്യൂമര്‍ഫെഡും സപ്ളൈകോയും മാര്‍ക്കറ്റില്‍ നിന്ന് അരി വാങ്ങുന്നത്. കിലോയ്ക്കു 14 രൂപ നിരക്കിലാണു വില്‍പ്പന. നിലവില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണു വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങിയാണ് അരി സംഭരണം സര്‍ക്കാര്‍ നടത്തുന്നത്. അരി ക്ഷാമം രൂക്ഷമായതിനു ശേഷം സപ്ളൈകോ 4,000 മെട്രിക് ടണ്‍ അരിയാണ് സംഭരിച്ചത്. ആറായിരം മെട്രിക് ടണ്‍ കൂടി ഉടന്‍ സംഭരിക്കാനാണു നീക്കം. കണ്‍സ്യൂമര്‍ ഫെഡ് 1,313 ലോഡ് അരിയാണ് സംഭരിച്ചത്. ഓരോ ദിവസവും വ്യത്യസ്ത വിലയ്ക്കാണ് ഒരേ ഇനം അരി സംഭരിക്കേണ്ടിവരുന്നത്. ആന്ധ്രയിലെ മില്ലുകളില്‍നിന്നു മൊത്തവ്യാപാരികള്‍ ബ്രോക്കര്‍മാര്‍ മുഖേനയാണ് അരി വാങ്ങുന്നത്. മൊത്തവ്യാപാരികളില്‍ നിന്നാണു കണ്‍സ്യൂമര്‍ ഫെഡും സപ്ളൈകോയും വാങ്ങുന്നത്. നേരിട്ടു വ്യാപാരം ഉറപ്പിച്ചാല്‍ ഇടത്തട്ടു പൂര്‍ണമായും ഒഴിവാകും.

3. സാമ്പത്തികവളര്‍ച്ചയുടെ ഗുണം കര്‍ഷകസമൂഹത്തിനു ലഭിച്ചില്ല: ഉപരാഷ്ട്രപതി
തൃശൂര്‍: രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക പരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഉപരാഷ്ട്രപതി ഡോ. മുഹമ്മദ് ഹാമിദ് അന്‍സാരി അഭിപ്രായപ്പെട്ടു. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ തുല്യമായി വിതരണം ചെയ്യപ്പെടാത്തതിനാല്‍ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിച്ചതായും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. കാര്‍ഷിക സര്‍വകലാശാലയില്‍ ദക്ഷിണേന്ത്യന്‍ കാര്‍ഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളരുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയിലുള്ളവരുടെ ആളോഹരി വരുമാനം മറ്റു മേഖലകളെ അപേക്ഷിച്ചു നിസ്സാരമാണ്. കൃഷിനഷ്ടവും വിഭവശോഷണവുംമൂലം കഷ്ടത അനുഭവിക്കുന്ന ദശലക്ഷക്കണക്കിനു കര്‍ഷകത്തൊഴിലാളികള്‍ക്കു സാമ്പത്തിക പരിഷ്കരണത്തിന്റ ഗുണഫലങ്ങള്‍ ഇതുവരെ അനുഭവിക്കാനായിട്ടില്ല. കൃഷിനാശവും കടക്കെണിയുംമൂലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയുടെ ഭീഷണിയിലാണ്. ഒട്ടേറെയാളുകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആഗോളവല്‍ക്കരണം ചെറുകിട വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ പോലും മല്‍സരിക്കാനാവുന്നില്ല. ഉല്‍പന്ന വൈവിധ്യവല്‍ക്കരണവും മൂല്യവര്‍ധനയും വഴി വേണം ഇതിനെ മറികടക്കാന്‍. ആഗോളവല്‍ക്കരണം വഴി ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കാര്‍ഷിക മേഖലയെ സജ്ജമാക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണത്തെ തുടര്‍ന്നുണ്ടായ

കേരളകൗമുദി ഹോം പേജില്‍ നിന്ന് വാര്‍ത്തകള്‍ തുറന്നാല്‍ തലേദിവസത്തെ വാര്‍ത്തയില്‍ ചെല്ലുന്നു.

ദേശാഭിമാനിയില്‍ ഡിസംബര്‍ 24 ലെ വാര്‍ത്തയാണ് ലഭിക്കുന്നത്.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം