Daily Archives: ഡിസംബര്‍ 27, 2007

പത്രവാര്‍ത്തകള്‍ – ഡിസംബര്‍ 27 വ്യാഴം

ബേനസീര്‍ ബൂട്ടൊ കൊല്ലപ്പെട്ടു

  ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷ ബേനസീര്‍ ഭൂട്ടൊ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍ ചാവേര്‍ ആക്രമണത്തിലാണ് ഭൂട്ടൊ കൊല്ലപ്പെട്ടത്. മരണം തലയ്ക്ക് വെടിയേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.

1. ഒറീസയില്‍ പള്ളികള്‍ക്കു നേരേ വ്യാപക അക്രമം; ഒരു മരണം
ഭുവനേശ്വര്‍: ഒറീസയിലെ കണ്ഡമാല്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ വ്യാപക ആക്രമണം. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. 36 പേര്‍ക്കു പരുക്കേറ്റു. ക്രിസ്മസ് തലേന്നു രാവിലെ തുടങ്ങിയ സംഘര്‍ഷം ഇന്നലെയും തുടര്‍ന്നു. പതിമൂന്നു പള്ളികള്‍ക്കു തീവച്ചു.

ബലിഗുഡയില്‍ ബാപ്റ്റിസ്റ്റ് പള്ളി പൂര്‍ണമായി നശിപ്പിച്ചു. നാലു ചാപ്പലുകളും നാലു കന്യാസ്ത്രീ മഠങ്ങളും മൂന്നു വൈദിക മന്ദിരങ്ങളും എട്ടു വിദ്യാര്‍ഥി ഹോസ്റ്റലുകളും തകര്‍ത്തു. വെടിയേറ്റ രണ്ടു ക്രിസ്തുമത അനുയായികള്‍ ബെര്‍ഹാംപൂര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബലിഗുഡയില്‍ മൈനര്‍ സെമിനാരിയും രണ്ടു തൊഴില്‍ പരിശീലന കേന്ദ്രങ്ങളും നശിപ്പിച്ചു.അക്രമത്തില്‍ മരിച്ചയാളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലയിലെ ബലിഗുഡ, ദരിങ്കിബാദി, ഭാമിനിഗം, ഫുല്‍ബാനി പട്ടണങ്ങളില്‍ നിശാനിയമം ഏര്‍പെടുത്തി. ഇവിടെ സിആര്‍പിഎഫിനെയും ദ്രുതകര്‍മസേനയെയും വിന്യസിച്ചിട്ടുണ്ട്. ഫിരിംഗിയ, തികാബലി, ഉദയ്ഗിരി, റായ്കിയ എന്നിവിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.ശക്തമായ സേനാ സാന്നിധ്യമുണ്ടെങ്കിലും ഫിരിംഗിയ പൊലീസ് സ്റ്റേഷന് ഇന്നലെ അക്രമികള്‍ തീവച്ചു.

ജലേഷ്പത്ത മേഖലയിലെ ബാരഖമയില്‍ ആറു വീടുകള്‍ കത്തിച്ച അക്രമിസംഘം നാലു കെട്ടിടങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. 11 പേര്‍ക്കു പരുക്കേറ്റു.ദലിത് ക്രിസ്ത്യാനികള്‍ക്കെതിരെ നിലകൊള്ളുന്ന ഗോത്രസംഘമായ കുയി ജനകല്യാണ്‍ സമിതിയെ മുന്നില്‍ നിര്‍ത്തി വിഎച്ച്പി, ആര്‍എസ്എസ്, ബജ്റംഗ്ദള്‍ സംഘടനകളാണ് ആക്രമണത്തിനു നേതൃത്വംനല്‍കുന്നതെന്നു കട്ടക് – ഭുവനേശ്വര്‍ അതിരൂപതാ അധികൃതര്‍ പറഞ്ഞു.

സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നു 300 കിലോമീറ്റര്‍ അകലെയാണു സംഘര്‍ഷം നടക്കുന്ന കണ്ഡമാല്‍ ജില്ല.ക്രിസ്തുമത വിശ്വാസികളുടെ ഉടമസ്ഥതയിലുള്ള 15 കടകളും കെട്ടിടങ്ങളും ആക്രമിച്ച സായുധസംഘം രണ്ടിടത്തു പൊലീസ് എയ്ഡ് പോസ്റ്റുകളും പൊലീസ് ജീപ്പും കത്തിച്ചു. ഉരുക്ക് – ഖനി വകുപ്പു മന്ത്രി പത്മനാഭ ബെഹേരയുടെ രണ്ടു വീടുകള്‍ക്കു നേരേയും ആക്രമണമുണ്ടായി.

വൈദികരും വിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ ആക്രമണം ഭയന്നു വനമേഖലയിലേക്കു രക്ഷപ്പെട്ടിരിക്കുകയാണെന്നും ഇവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും കട്ടക് – ഭുവനേശ്വര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് മലയാളിയായ റാഫേല്‍ ചീനാത്ത് ‘മലയാള മനോരമയോടു ഫോണില്‍ പറഞ്ഞു.ആക്രമിക്കപ്പെട്ടവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി അറിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പള്ളികള്‍ക്കകത്ത് ആരാധനാ സാമഗ്രികള്‍ കൂട്ടിയിട്ടു കത്തിക്കുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു.

മിക്ക സ്ഥാപനങ്ങളിലും നിന്നു കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൊള്ളയടിച്ചുവെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. ബിഷപ്സ് ഹൌസിനു നേര്‍ക്കും ബോംബെറിഞ്ഞെങ്കിലും നാശനഷ്ടമില്ല.ബലിഗുഡ, പോബിന്‍ഗയ, ഭാമിനിഗം ഇടവക പള്ളികളും 10 ഗ്രാമങ്ങളിലെ ചെറുപള്ളികളുമാണ് ആക്രമിക്കപ്പെട്ടത്. കൂടാതെ, നാലു മഠങ്ങളും മൂന്നു വൈദിക മന്ദിരങ്ങളും ആക്രമിക്കപ്പെട്ടു.

ആദിവാസി ഭൂരിപക്ഷ ജില്ലയായ കണ്ഡമാലിലെ ഭാമിനിഗമില്‍ ഹൈന്ദവ നേതാവ് ലക്ഷ്മണാനന്ദ സരസ്വതിയെയും അനുയായികളെയും 24നു രാവിലെ ദലിത് ക്രിസ്ത്യാനികളായ അംബേദ്കര്‍ ബോനികോ സംഘോ കയ്യേറ്റം ചെയ്തതാണു സംഘര്‍ഷത്തിനു തുടക്കമിട്ടതെന്നു പൊലീസ് പറയുന്നു.

എന്നാല്‍, ക്രിസ്മസ് ആഘോഷത്തിനു തങ്ങള്‍ തയാറാക്കിയ പന്തലിലെ അലങ്കാരങ്ങള്‍ നശിപ്പിച്ചതിനെ ചോദ്യംചെയ്യുകയായിരുന്നെന്നാണു സംഘോയുടെ വാദം. മതപരിവര്‍ത്തനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ലക്ഷ്മണാനന്ദ സരസ്വതിയെ കയ്യേറ്റം ചെയ്തെന്ന വാര്‍ത്തയ്ക്കൊപ്പം സംഘര്‍ഷവും വ്യാപിച്ചു.സംഘര്‍ഷത്തെയും 24, 25 തീയതികളില്‍ കുയി ജനകല്യാണ്‍ സമിതിയുടെ സംസ്ഥാന ബന്ദിനെയും തുടര്‍ന്നു ജില്ലയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ താറുമാറായി.

പൊലീസ് നിഷ്ക്രിയമാണെന്നും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയാറായിട്ടില്ലെന്നും ഭുവനേശ്വര്‍ ബിഷപ്സ് ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു.ഗോത്രമേഖലയില്‍ ക്രൈസ്തവര്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കണമെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ആക്ഷന്‍ പ്രസിഡന്റ് ഡോ. ജോണ്‍ ദയാലിന്റെ നേതൃത്വത്തില്‍ ഇന്ത്യ കാത്തലിക് യൂണിയന്‍, ഒാള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൌണ്‍സില്‍ എന്നിവ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ക്കു വേണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു നിവേദനം നല്‍കി.

2. അക്രമികളെ ഭയന്ന്കന്യാസ്ത്രീകള്‍ ഒാടിയൊളിച്ചു
ന്യൂഡല്‍ഹി: ഒറീസയില്‍ ആക്രമണം നടന്ന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തങ്ങളുടെ സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകള്‍ എവിടെയാണെന്നറിയാത്ത വേദനയിലാണു കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഒാഫ് സെന്റ് തെരേസാസിലെ (സിഎസ്എസ്ടി) മലയാളിയായ സിസ്റ്റര്‍ വിജയ.

അഞ്ഞൂറോളം പേര്‍ വരുന്ന അക്രമി സംഘത്തില്‍നിന്നു ബലിഗുഡയിലെ കാര്‍മല്‍ കോണ്‍വെന്റിലെ ചേര്‍ത്തല സ്വദേശിയായ ക്രിസ്റ്റയുള്‍പ്പെടെ നാലു കന്യാസ്ത്രീകള്‍ ഒാടി രക്ഷപ്പെടുകയായിരുന്നെന്നു സിസ്റ്റ് വിജയ ജാര്‍ഖണ്ഡില്‍നിന്നു ഫോണില്‍ മനോരമയോടു പറഞ്ഞു. 24ന് വൈകിട്ട് 7.30നാണ് സംഘം ആയുധങ്ങളുമായി എത്തിയത്. തൊട്ടടുത്തുള്ള സെന്റ് പോള്‍സ് കത്തോലിക്ക പള്ളി ആക്രമിക്കാനെത്തിയെന്നറിഞ്ഞപ്പോള്‍ കന്യാസ്ത്രീകള്‍ ഇറങ്ങിയോടുകയായിരുന്നു.

മഠത്തിലെയും ഇതോടു ചേര്‍ന്നുള്ള ആദിവാസി കുട്ടികളുടെ ഹോസ്റ്റല്‍, ഡിസ്പെന്‍സറി, കംപ്യൂട്ടര്‍ പരിശീലന സ്ഥാപനം എന്നിവയിലെയും ഉപകരണങ്ങള്‍ സംഘം അടിച്ചു തകര്‍ത്തു.മധ്യപ്രദേശ് സ്വദേശികളായ സുജാത, സിത്താര, ഒറീസയില്‍നിന്നുള്ള അഞ്ജലി എന്നിവരാണു രക്ഷപ്പെട്ട മറ്റു കന്യാസ്ത്രീകള്‍.

ഇവര്‍ ഫോണില്‍ ഒരുതവണ ബന്ധപ്പെട്ടതല്ലാതെ തുടര്‍ന്നു വിവരമില്ലെന്നും ആക്രമണം സംബന്ധിച്ചു പരാതി നല്‍കാന്‍ പോയ വൈദികനെയും കന്യാസ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും സിസ്റ്റര്‍ വിജയ പറഞ്ഞു.

3. ബുദ്ധദേവ് നന്ദിഗ്രാമില്‍; സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു
നന്ദിഗ്രാം: ജനുവരിയിലാരംഭിച്ച അക്രമ സംഭവങ്ങള്‍ക്കു ശേഷം ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആദ്യമായി നന്ദിഗ്രാം സന്ദര്‍ശിച്ചു. മാര്‍ച്ച് 14ലെ പൊലീസ് അതിക്രമത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

പ്രതിപക്ഷത്തിന്റെ നടപടികളാണു പൊലീസ് വെടിവയ്പിലേക്കു നയിച്ചതെന്നും സര്‍ക്കാര്‍ അത് ആഗ്രഹിച്ചിരുന്നില്ലെന്നും ഭട്ടാചാര്യ പൊതുയോഗത്തില്‍ പറഞ്ഞു.

നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം അവിടത്തെ ജനങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്കായി സമഗ്ര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. പുനരധിവാസ പദ്ധതികള്‍ക്കായി ഇതുവരെ 74 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. ഇപ്പോള്‍ നന്ദിഗ്രാമില്‍ സമാധാന അന്തരീക്ഷമുണ്ട്.

ഇതു നിലനിര്‍ത്താന്‍ ഭൂമി സംരക്ഷണ സമിതി പിരിച്ചുവിടണമെന്നും ഭട്ടാചാര്യ ആവശ്യപ്പെട്ടു.ഇതേസമയം, നന്ദിഗ്രാമിലെ സിപിഎം അതിക്രമത്തെക്കുറിച്ച് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. കെമിക്കല്‍ ഫാക്ടറി നന്ദിഗ്രാമിനു പകരം നയാചറില്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണു ബുദ്ധദേവ് സര്‍ക്കാര്‍.

4. ചിക്കുന്‍ ഗുനിയ ബാധിച്ചത് സാധാരണക്കാരെ: പഠനം
തിരുവനന്തപുരം: ചിക്കുന്‍ ഗുനിയ രോഗം കഴിഞ്ഞവര്‍ഷം ബാധിച്ചവരില്‍ ഭൂരിപക്ഷവും സാധാരണക്കാരാണെന്നു പഠനത്തില്‍ കണ്ടെത്തി. കേരള സര്‍വകലാശാലയിലെ ഫ്യൂച്ചര്‍ സ്റ്റഡീസ് വിഭാഗവും കൊല്ലം എന്‍എസ് സ്മാരക ആശുപത്രിയും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും പോപ്പുലേഷന്‍ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നോളജ് സിനര്‍ജി സിസ്റ്റംസും ചേര്‍ന്നാണ് കൊല്ലം ജില്ലയില്‍ പഠനം നടത്തിയത്.

രോഗബാധിതരായവരില്‍ ഭൂരിപക്ഷവും 19 മുതല്‍ 44 വയസ്സുവരെയുള്ളവരായിരുന്നു. 25% പേര്‍ 44-59 വയസ്സുകാരും. 93% കശുവണ്ടി, കയര്‍, മല്‍സ്യ തൊഴിലാളികളായിരുന്നു. രോഗചികില്‍സയ്ക്കു വേണ്ടി വന്ന തുക അവരുടെ മാസ വരുമാനത്തെക്കാള്‍ കൂടുതലായിരുന്നു. രോഗം ഭേദമായശേഷവും ജോലി ചെയ്യാനുള്ള ഇവരുടെ ശേഷിയില്‍ 20% കുറവു കണ്ടു. രോഗ നിര്‍ണയം പുണെയിലല്ലാതെ ഇവിടെത്തന്നെ നടത്താനുള്ള സൌകര്യം ഏര്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നു ഡോ. കെ.ടി. ഷേണായി, പ്രഫ. വി. നന്ദമോഹന്‍ എന്നിവര്‍ അറിയിച്ചു.

1. അണക്കെട്ടുകളുടെ അപകട പ്രത്യാഘാത പഠനം: കേന്ദ്രനിര്‍ദേശം അവഗണിക്കുന്നു
തിരുവനന്തപുരം: 15 അടിക്ക് മുകളില്‍ ഉയരമുള്ള അണക്കെട്ടുകളുടെ അപകടപ്രത്യാഘാത പഠനം (ഡാം ബ്രേക്ക് അനാലിസിസ്) തയാറാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കേരളം നടപ്പാക്കിയില്ല. കടുത്ത സുരക്ഷാഭീഷണിയുള്ള മുല്ലപ്പെരിയാര്‍ ഡാമിന് പോലും ഇത്തരം പഠനത്തിന് നടപടി ഉണ്ടായില്ല. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഭൂരിഭാഗം അണക്കെട്ടുകളിലും പഠനം നടത്തേണ്ടതുണ്ടെങ്കിലും ബോര്‍ഡും അതിന് തയാറായില്ല. ഇതു സംബന്ധിച്ച കേന്ദ്ര നിര്‍ദേശത്തോട് ബോര്‍ഡ് പ്രതികരിച്ചിട്ടുമില്ലെന്നാണ് വിവരം.

അണക്കെട്ട് തകരാന്‍ ഇടയായാല്‍ ഓരോ മണിക്കൂറിലും ഉണ്ടാകുന്ന വെള്ളപ്പാച്ചിലിന്റെ വ്യക്തമായ അളവും അതിലൂടെ പുറത്തു വരുന്ന വെള്ളം ബാധിക്കുന്ന മേഖലകളും വ്യക്തമായി കണക്കാക്കുന്നതാണ് ഡാം ബ്രേക്ക് അനാലിസിസ്. ദുരന്തം സംഭവിക്കാന്‍ ഇടയുള്ള പ്രദേശങ്ങളിലെ പ്രകൃതി, ജൈവ വിപത്തുകളുടെ കണക്കെടുപ്പും പുനരധിവാസത്തിന്റെ ആസൂത്രണവും പശ്ചാത്തല സൌകര്യങ്ങളുടെ ക്രമീകരണവും മുന്‍കൂട്ടി ചെയ്യാനാകും. ജനസാന്ദ്രത കൂടുതലായതിനാല്‍ കേരളത്തിന്റെ എല്ലാ അണക്കെട്ടുകള്‍ക്കും ഡാംബ്രേക്ക് അനാലിസിസ് അനിവാര്യമാണ്.
ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(ജി.ഐ.എസ്) ഉപയോഗിച്ച് വികസിപ്പിച്ച സങ്കീര്‍ണ മാര്‍ഗമാണ് ഡാം ബ്രേക്ക് അനാലിസിസ്. വികസിത രാജ്യങ്ങളെല്ലാം അവരുടെ ഡാമുകളില്‍ ഇത് തയാറാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശിലും ഇതിന് നടപടി ആയിട്ടുണ്ട്. അവര്‍ ഇതിനകം നാലു ഡാമുകളുടെ അവലോകനം തയാറാക്കി കഴിഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാറാണ് ഏറ്റവുംകൂടുതല്‍ ആശങ്ക ഉളവാക്കുന്നത്. മുല്ലപ്പെരിയാറില്‍ അപകടം സംഭവിച്ചാല്‍ എവിടെ വരെ ബാധിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ രൂപം ഉണ്ടായിട്ടില്ല. അഞ്ച് ജില്ലകളെ ഇത് ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഡാം ബ്രേക്ക് അനാലിസിസിലൂടെ വെള്ളത്തിന്റെ അളവ് കൃത്യമായി കണക്കാക്കി എവിടെയൊക്കെ ബാധിക്കുമെന്ന് വിലയിരുത്താനാവുമെന്നും പുനരധിവാസപദ്ധതി തയാറാക്കാനാകുമെന്നും വിദഗ്ധര്‍ പറയുന്നു. മുല്ലപ്പെരിയാറിനെ കുറിച്ച് പഠിച്ച ഘോഷ്കമ്മിറ്റിയും അനാലിസിസ് നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിതാലും പഴയ ഡാം നിലനില്‍ക്കുന്നിടത്തോളം ഡാം ബ്രേക്ക് അനാലിസിസ് അനിവാര്യമാകും. പന്നിയാറില്‍ പെന്‍സ്റ്റോക്ക് പൊട്ടിയ സാഹചര്യംപോലും ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.

2. എമിഗ്രേഷന്‍ ഓഫീസ് അഴിമതി: സി.ബി.ഐ കുറ്റം ചുമത്തിയ ഏജന്‍സികളെ രക്ഷിക്കാന്‍ നീക്കം
തിരുവനന്തപുരം: തിരുവനന്തപുരം എമിഗ്രേഷന്‍ ഓഫീസില്‍ നടന്ന അഴിമതികളുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്നും ലൈസന്‍സ് റദ്ദാക്കണമെന്നും സി.ബി.ഐ ശിപാര്‍ശചെയ്ത റിക്രൂട്ടിംഗ് ഏജന്‍സികളെ രക്ഷിക്കാന്‍ അണിയറനീക്കം.

പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ത്ത് ഏജന്‍സികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മൂലമാണ് ഏജന്‍സികള്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടാകാത്തതെന്ന് ട്രാവല്‍ ഏജന്റുമാര്‍ ആരോപിക്കുന്നു. തിരുവനന്തപുരം എമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതിയും വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് സി.ബി.ഐ സംഘം എമിഗ്രേഷന്‍ ഓഫീസിലും ക്രമക്കേടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ട്രാവല്‍ ഏജന്‍സികളിലും പരിശോധന നടത്തി വ്യാജ രേഖകള്‍ കണ്ടെത്തിയത്. 16 ഏജന്‍സികളിലാണ് പരിശോധന നടന്നത്. ചില ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുകയുണ്ടായി.
എമിഗ്രേഷന്‍ ഓഫീസറായിരുന്ന സൂര്യറാവു ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതിക്കും ക്രമക്കേടിനും കാരണക്കാരായ ട്രാവല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന ശിപാര്‍ശ സി.ബി.ഐ കേന്ദ്ര പ്രവാസികാര്യമന്ത്രാലയത്തിനും നല്‍കി. ഇത്തരത്തില്‍ അര ഡസനോളം ശിപാര്‍ശകള്‍ ലഭിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാന്‍ കേന്ദ്രമന്ത്രാലയം തയാറായില്ല. ഒരു ട്രാവല്‍ ഏജന്‍സിക്കെതിരെ മാത്രമാണ് നടപടിയുണ്ടായതെന്ന് ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസികാര്യമന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ് മറ്റ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ നടപടി വരാതിരുന്നത്. മന്ത്രിക്ക് ഇക്കാര്യം അറിയാമോയെന്ന കാര്യത്തിലും അവര്‍ സംശയം പ്രകടിപ്പിക്കുന്നു. ലൈസന്‍സ് റദ്ദാക്കാത്തതിനെ തുടര്‍ന്ന് ഈ റിക്രൂട്ടിംഗ് ഏജന്‍സികളും മറ്റ് ചില പുതിയ ഏജന്‍സികളും ഇപ്പോഴും വ്യാജരേഖകള്‍ ചമച്ച് അയ്യായിരം മുതല്‍ ഏഴായിരം രൂപ വരെ ഈടാക്കി എമിഗ്രേഷന്‍ ക്ലിയറന്‍സ് വാങ്ങിക്കൊടുക്കുന്ന സാഹചര്യം ഇപ്പോഴും നടക്കുന്നുണ്ടത്രെ.
അഴിമതിആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം എമിഗ്രേഷന്‍ ഓഫീസില്‍ ആറ് മാസത്തില്‍ കൂടുതലായി ഒരു ഉദ്യോഗസ്ഥനെ ഇവിടെ ഇപ്പോള്‍ നിയമിക്കാത്ത അവസ്ഥയുണ്ട്. അത് മനസ്സിലാക്കി മറ്റ് ചില ജീവനക്കാരുടെ സഹായത്തോടെയാണ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ കള്ളക്കളികള്‍ നടത്തുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പണം ലഭ്യമാക്കുന്നുണ്ടെന്നും ഏജന്റുമാര്‍ ആരോപിക്കുന്നു. വ്യാജരേഖ ചമച്ച് ക്ലിയറന്‍സ് വാങ്ങുന്ന ഏജന്‍സികളുള്ളതിനാല്‍ ഒറിജിനല്‍ രേഖകള്‍ സമര്‍പ്പിക്കുന്ന പലര്‍ക്കും ക്ലിയറന്‍സ് നല്‍കാതെ വ്യാജനാണെന്ന് പറഞ്ഞ് മടക്കിഅയക്കുന്ന സാഹചര്യമുള്ളതായും ആക്ഷേപമുണ്ട്.
എമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് റിക്രൂട്ടിംഗ് ഏജന്‍സികളുടെ സ്വാധീനം ഇപ്പോഴും ശക്തമാണെന്നതിന് തെളിവാണ് കഴിഞ്ഞ അവധിദിവസം പോലും ഈ ക്രമക്കേടിന്റെ നിഴലില്‍ കഴിയുന്ന ഒരു റിക്രൂട്ടിംഗ് ഏജന്‍സി നൂറോളം അപേക്ഷകള്‍ സമര്‍പ്പിച്ച് എമിഗ്രേഷന്‍ ക്ലിയറന്‍സ് വാങ്ങിയതിന് പിന്നിലെന്നും ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.

3. കേന്ദ്രമന്ത്രിയുടെ പാടത്ത് കുട്ടികളുടെ കലപ്പവലി ശരിയെന്ന് തെളിഞ്ഞു
പാറ്റ്ന: കേന്ദ്ര ഗ്രാമവികസനമന്ത്രി രഘുവംശ പ്രസാദ് സിംഗിന്റെ അനിയന്റെ പാടത്ത് ബാലവേല നടക്കുന്നതായി ബീഹാര്‍ തൊഴില്‍വകുപ്പ് സ്ഥിരീകരിച്ചു. വൈശാലി ജില്ലയിലെ ഷാഹ്പൂര്‍ ഗ്രാമത്തില്‍ മന്ത്രിയുടെ അനിയന്‍ രഘുരാജ് പ്രസാദ് സിംഗാണ് തൊഴില്‍നിയമം ലംഘിച്ചതായി തൊഴില്‍വകുപ്പ് കമീഷണര്‍ കണ്ടെത്തിയത്. ഇവിടെ പാടത്ത് കുട്ടികളെക്കൊണ്ട് കലപ്പ വലിപ്പിക്കുന്നു എന്ന് ദൃശ്യങ്ങള്‍ സഹിതം രണ്ട് ദേശീയ ചാനലുകള്‍ വാര്‍ത്ത കൊടുത്തിരുന്നു. ഇത് വ്യാജമാണ് എന്നും പാടത്ത് കറമൂസമരം വലിച്ച് കളിച്ചിരുന്ന കുട്ടികള്‍ക്ക് ചാനല്‍ ലേഖകന്മാര്‍ 20 രൂപ വീതം കൊടുത്ത് അഭിനയിപ്പിച്ച് എടുത്തതാണ് ദൃശ്യങ്ങളെന്നുമാണ് മന്ത്രിയും ബന്ധുക്കളും പറഞ്ഞത്. പോയവാര്‍ത്ത കിട്ടാതെയായപ്പോള്‍ കെട്ടിച്ചമച്ച വാര്‍ത്തയുണ്ടാക്കിയെന്നും മന്ത്രി ആരോപിച്ചു. പിന്നീട് ഇന്ത്യന്‍ എക്സ്പ്രസ് പത്രം ഈ വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡിസംബര്‍ ഒമ്പതിന് മന്ത്രിസഹോദരന്റെ പാടത്തെ ബാലവേലയെക്കുറിച്ച് ചാനല്‍വാര്‍ത്ത വന്നതിനു പിന്നാലെ ബീഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിലാണ് സംഗതി ശരിയാണെന്ന് കണ്ടെത്തിയത്. സംസ്ഥാന തൊഴില്‍വകുപ്പ് കമീഷണര്‍ വിമലാനന്ദ് ഝായുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് അന്വേഷണം നടത്തിയത്. അവര്‍ ഷാഹ്പൂര്‍ ഗ്രാമത്തില്‍ ചെന്ന് നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയാണ് പുറത്തുവിട്ടത്. പണിയെടുത്ത കുട്ടികളെയും ചുറ്റുമുള്ളവരെയുമെല്ലാം കണ്ട് നടത്തിയ തെളിവെടുപ്പിനൊടുവില്‍ മന്ത്രിസഹോദരന്റെ പാടത്ത് പതിവായി ബാലവേല നടക്കുന്നുണ്ടെന്ന നിഗമനത്തിലാണ് സംഘം എത്തിയത്.
കാളക്കുപകരം കലപ്പവലിക്കാന്‍ മനുഷ്യരെ ഉപയോഗിക്കുന്നത് ബീഹാറില്‍ പതിവാണ്.

4. മലയാളിയുടെ കഴുത്തില്‍ കത്തിവെച്ച് കട കൊള്ളയടിച്ചു
റിയാദ്: അതിരാവിലെ കടതുറക്കുന്നതിനിടെ മലയാളിയുടെ കഴുത്തില്‍ കത്തിവെച്ച് അക്രമികള്‍ ബഖാലയില്‍നിന്നും പണവും മൊബൈല്‍ കാര്‍ഡുകളും കൊള്ളയടിച്ചു. ബത്ഹ ശാര ഗുറാബിയില്‍ തലശേãരി സ്വദേശി ഹാഷിം നടത്തുന്ന മിനി സൂപ്പര്‍മാര്‍ക്കറ്റിലാണ് ഇന്നലെ നാലംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊള്ള നടത്തിയത്.

രാവിലെ ആറിന് കട തുറന്നയുടന്‍ മൊബൈല്‍ കാര്‍ഡുകളന്വേഷിച്ചെത്തിയ യുവാക്കളാണ് പൊടുന്നനെ അക്രമം അഴിച്ചുവിട്ടത്. സംഘത്തിന്റെ വരവുകണ്ട് സംശയം തോന്നിയതോടെ കാര്‍ഡുകള്‍ ഇല്ലെന്ന് പറഞ്ഞ് സംഘത്തെ തിരിച്ചയക്കാന്‍ ശ്രമം നടത്തുന്നതിനിടെ സംഘത്തിലെ രണ്ടുപേര്‍ കത്തിയെടുത്ത് കഴുത്തില്‍ അമര്‍ത്തിപിടിക്കുകയായിരുന്നുവെന്ന് ഹാഷിം പറഞ്ഞു. തല്‍സമയം മൂന്നാമന്‍ ക്യാഷ്കൌണ്ടറില്‍ കടന്ന് മുഴുവന്‍ പണവും മൊബൈല്‍ കാര്‍ഡുകളും കൈക്കലാക്കി. അതിരാവിലെ ശക്തമായ തണുപ്പനുഭവപ്പെട്ടതിനാല്‍ പരിസരത്തൊന്നും ആളുകളില്ലായിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ സുഹൃത്തുക്കളെ വിളിക്കാന്‍ കടയോട് ചേര്‍ന്നുള്ള തൊട്ടടുത്ത റൂമിലേക്ക് കടയില്‍നിന്നും ഏര്‍പ്പെടുത്തിയ കാളിംഗ് ബെല്ലും തല്‍ക്കാലം പ്രവര്‍ത്തിക്കാതായതോടെ പൂര്‍ണമായും അക്രമികള്‍ക്ക് വഴങ്ങേണ്ടിവന്നതായി ഹാഷിം വിശദീകരിച്ചു.
കഴുത്തില്‍ കത്തി അമര്‍ത്തിയതോടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിലായിരുന്നുവെന്നും ഹാഷിം പറഞ്ഞു. സംഘത്തിലൊരാള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് കടയുടെ മുന്നില്‍ കാത്തിരിക്കുകയായിരുന്നു. പണവും കാര്‍ഡുകളും കൈയിലാക്കിയതിന് പുറമെ ഏതാനും നിഡോ ടിന്നുകളും മറ്റുമെടുത്താണ് സംഘം സ്ഥലം വിട്ടത്. പത്തുമണിയോടെ കടയിലെത്തിയ പോലിസ് തെളിവെടുപ്പ് നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാവിലെ വരുന്ന പാല്‍ കമ്പനികളുള്‍പ്പെടെയുള്ളവരുടെ സെയില്‍സ്മാന്മാര്‍ക്ക് നല്‍കാന്‍ കരുതിവെച്ച പണമാണ് നഷ്ടമായത്. നൂറുകണക്കിന് റിയാലിന്റെ മൊബൈല്‍ കാര്‍ഡുകളും നഷ്ടപ്പെട്ടു. രണ്ട് മാസം മുമ്പ് രാത്രിയില്‍ നടന്ന കവര്‍ച്ചയുടെ നഷ്ടത്തില്‍നിന്നും കരകയറുന്നതിനിടെയാണ് വീണ്ടും ഹാഷിം കവര്‍ച്ചക്കാരുടെ ഇരയായത്. നേരത്തെ നടന്ന മോഷണം സംബന്ധിച്ചും തൊട്ടടുത്തുള്ള പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

1. ഐ.എസ്.ആര്‍.ഒ ഭൂമിപ്രശ്നം വീണ്ടും അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം : ബഹിരാകാശ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി ഐ.എസ്.ആര്‍.ഒയ്ക്ക് ഭൂമി അനുവദിക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലായി.
വലിയമലയ്ക്കു ചുറ്റും 70 ഏക്കര്‍ നല്‍കാമെന്ന ഗവണ്‍മെന്റിന്റെ വാഗ്ദാനം ഐ.എസ്.ആര്‍.ഒ സ്വീകരിച്ചെങ്കിലും എവിടെ? എങ്ങനെ? എന്ന കാര്യത്തില്‍ വ്യക്തതയില്ല. വലിയമലയില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിലൂടെ കുറെ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്നും അത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്നുമാണ് പുതിയ ആക്ഷേപം. വലിയമലയിലെ നിര്‍ദ്ദിഷ്ട 70 ഏക്കറില്‍ 40 ഏക്കര്‍ രണ്ടു വ്യക്തികളിലും (24 + 16) ബാക്കി രണ്ടര, രണ്ട്, ഒന്നര, ഒന്ന് ഏക്കറുകള്‍ വീതം വിവിധ വ്യക്തികളിലുമാണ്. വ്യവസായി, ചലച്ചിത്ര സംവിധായകന്‍, ചലച്ചിത്രനടന്‍, റിട്ട. ചീഫ് എന്‍ജിനിയര്‍ തുടങ്ങി പലര്‍ക്കും ഇവിടെ സ്ഥലമുണ്ട്. പൊന്നുംവില നല്‍കി ഏറ്റെടുത്താലും നല്ലൊരു തുക ഇതിന് നീക്കിവയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതേസമയം, ഈ പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടേയില്ല. റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനോട് ഇന്നലെ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു: “അടുത്ത മന്ത്രിസഭായോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. ഭൂമിയുടെ സാദ്ധ്യത പഠിക്കട്ടെ. അത് കഴിഞ്ഞ് ആലോചിച്ച് വേണ്ടതുചെയ്യാം. സുനാമി പുനരധിവാസപദ്ധതിയുടെ തിരക്കിലായതിനാല്‍ ഇന്നലെ ഈ വിഷയത്തില്‍ കൂടുതല്‍ പുരോഗതി ഉണ്ടായിട്ടുമില്ല.”
എന്നാല്‍, തെന്നൂരില്‍ അനുവദിച്ച 100 ഏക്കര്‍ ഭൂമി ആവശ്യമില്ലെന്നും വലിയമലയില്‍ ഏതൊക്കെ ഭൂമിയാണ് വേണ്ടതെന്നും കാണിച്ച് ഐ.എസ്.ആര്‍.ഒ കത്ത് നല്‍കിയശേഷമേ തുടര്‍നടപടി ഉണ്ടാവുകയുള്ളൂവെന്ന് റവന്യൂവകുപ്പ് അധികൃതര്‍ പറഞ്ഞു. വലിയമലയിലെ ഭൂമി സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടില്ല.
വലിയമലയില്‍ ഭൂമി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കാത്തിരിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ വക്താവ് പറഞ്ഞു. വലിയമലയിലെ ഭൂമി ചൂണ്ടിക്കാണിച്ച് കത്ത് നല്‍കുമോയെന്ന ചോദ്യത്തിന്, സര്‍ക്കാര്‍ ഭൂമി അനുവദിക്കുമെന്ന് പറഞ്ഞ സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി.
വലിയമലയിലെ എല്‍.പി.എസ്.സി കോംപ്ളക്സില്‍ 283 ഏക്കര്‍ സ്ഥലം ഇനിയും ഉപയോഗിക്കാതെയുണ്ട്. ആ സ്ഥലം ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി വിനിയോഗിക്കാതെ പുറത്തു സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമെന്താണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

2. ഹര്‍ത്താലിന്റെ പരീക്ഷ ജയിച്ച സെല്‍വി ഒന്നാം റാങ്കുകാരി
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ഇനി സെല്‍വിയെന്ന ആദിവാസി പെണ്‍കുട്ടിക്ക് മധുരിക്കുന്ന ഓര്‍മ്മകള്‍.
ഹര്‍ത്താല്‍ പരീക്ഷണവും പി.എസ്.സി. പരീക്ഷയും ഒരുപോലെ നേരിട്ട് സെല്‍വി വിജയം കൊയ്തത് ഒന്നാംറാങ്കോടെ.
ജനിച്ചനാള്‍ മുതല്‍ പട്ടിണിയുടെ കയ്പ് മാത്രം ശീലിച്ച അഗളി നരസിമുക്ക് ഊരിലെ ഭൂതിയുടെ വീട്ടില്‍ ഇനി അടുപ്പെരിയിക്കാനുള്ള വരുമാനക്കാരിയായി ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുണ്ടാകും.
പി.എസ്.സി കഴിഞ്ഞ നവംബര്‍ ഒന്നിന് എല്‍.ഡി കംപൈലര്‍(സ്പെഷ്യല്‍ റിക്രൂട്ട് മെന്റ്) തസ്തികയിലേക്ക് നടത്തിയ ഇന്റര്‍വ്യൂവിലാണ് സെല്‍വി ഒന്നാം റാങ്ക് നേടിയത്.
നവംബര്‍ ഒന്നിലെ ഹര്‍ത്താല്‍ ദിനത്തില്‍ ഏതാണ്ടെല്ലാ പരീക്ഷകളും സര്‍ക്കാരും സര്‍വകലാശാലകളും മാറ്റിവച്ചിരുന്നു. അക്കൂട്ടത്തില്‍ താന്‍ പങ്കെടുക്കേണ്ട ഇന്റര്‍വ്യൂവും മാറ്റിവയ്ക്കുമെന്നു സെല്‍വി കരുതി. തലേന്ന് ഉച്ചയ്ക്ക് അന്വേഷിച്ചപ്പോഴാണ് ഇന്റര്‍വ്യൂ മാറ്റിവയ്ക്കുന്നില്ലെന്ന് അറിയുന്നത്. പിന്നെ, മറ്റൊന്നും ചിന്തിക്കാതെ, അതുവരെ കണ്ടിട്ടില്ലാത്ത കോഴിക്കോട് പട്ടണത്തിലേക്ക് ബസ്സ് കയറി.
അട്ടപ്പാടിയിലെ ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ സഹായത്താല്‍ ‘അന്വേഷി’യുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാന്‍ ഇടംകിട്ടി. ഹര്‍ത്താല്‍ ദിവസം അതിരാവിലെ ഭക്ഷണമൊന്നും കഴിക്കാതെ ആറുകിലോമീറ്ററിലേറെ നടന്നാണ് ഇന്റര്‍വ്യൂവിനെത്തിയത്.
കാലത്ത് തുടങ്ങേണ്ടിയിരുന്ന ഇന്റര്‍വ്യൂ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുമ്പോള്‍ തലേന്നു രാത്രിമാത്രം ഭക്ഷണം കഴിച്ച സെല്‍വി തളര്‍ന്നുപോയിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞ് വീണ്ടും ആറുകിലോമീറ്റര്‍ നടന്ന് അന്വേഷിയിലെത്തിയപ്പോഴാണ് വിശപ്പടക്കാനായത്.
ഇരുള സമുദായക്കാരിയായ സെല്‍വി ബി. എസ്സി. ബോട്ടണി ബിരുദധാരിയാണ്. നാച്വറല്‍ സയന്‍സില്‍ ബി.എഡുമുണ്ട്.
ജോലിക്കായി പല പരീക്ഷകള്‍ എഴുതുകയും പല വാതിലുകളില്‍ മുട്ടുകയും ചെയ്തു.
എന്നിട്ടും ഇതുവരെ ഒരു സ്വകാര്യസ്ഥാപനത്തില്‍ പോലും ജോലി ലഭിക്കാതെ കുടുംബത്തോടൊപ്പം ദാരിദ്യ്രം ഉണ്ടുകഴിയുകയായിരുന്നു.

1. കടക്കെണിയിലായ കര്‍ഷകര്‍ക്കു ബാങ്കുകളുടെ വക പീഡനവും

മാനന്തവാടി: കാര്‍ഷികജില്ലയായ വയനാട്ടില്‍ കടക്കെണിയിലായ കര്‍ഷകരുടെ വായ്പകള്‍ കാര്‍ഷികേതര വായ്പയാക്കി മാറ്റി ബാങ്കുകള്‍ പുതിയ തന്ത്രം മെനയുന്നു. വായ്പയ്ക്കായി ബാങ്കില്‍ പണയം വച്ച ജാമ്യവസ്തുക്കള്‍ സര്‍ഫാസി നിയമ(സെക്യൂരിറ്റൈസേഷന്‍ ആന്റ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്സ് ആന്റ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട്) പ്രകാരം പിടിച്ചെടുക്കാന്‍ പത്രപരസ്യങ്ങളും നോട്ടീസുകളും നല്‍കിയാണു ബാങ്കുകള്‍ ശ്രമമാരംഭിച്ചത്. സര്‍ഫാസി നിയമപ്രകാരം കടക്കാരനെതിരേ എടുക്കുന്ന നടപടിയില്‍ കോടതിയില്‍ പോകാന്‍ അവകാശമില്ല. കടാശ്വാസ കമ്മീഷന്റെ പരിധിയില്‍പ്പെടാത്ത കാര്‍ഷികേതര വായ്പകളുടെ പേരില്‍ മാത്രമാണു നടപടി സ്വീകരിക്കുന്നതെന്നാണു ജില്ലാ ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാല്‍ കാര്‍ഷിക ആവശ്യത്തിനായി എടുത്ത വായ്പകള്‍ കാര്‍ഷികേതര വായ്പകളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. 2000നു മുമ്പു ജില്ലാ ബാങ്കുകളില്‍ നിന്നും ശാഖകളില്‍ നിന്നുമെടുത്ത വായ്പകളാണു കാര്‍ഷികേതരമാക്കി മാറ്റിയിരിക്കുന്നത്. വരുന്ന മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷാവസാനത്തിനുമുമ്പു കടങ്ങള്‍ തിരിച്ചുപിടിച്ചു പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനുള്ള ബാങ്കുകളുടെ തന്ത്രമാണിതെന്നും ആക്ഷേപമുണ്ട്. കടാശ്വാസ കമ്മീഷന് അപേക്ഷ നല്‍കി ഇളവു ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന കര്‍ഷര്‍ കമ്മീഷന്റെ അറിയിപ്പു ലഭിക്കുമ്പോഴാണു തങ്ങളുടേതു കാര്‍ഷികേതര വായ്പയാണെന്ന് അറിയുന്നത്.

കാര്‍ഷിക വായ്പകള്‍ കാര്‍ഷികേതരമാക്കുമ്പോള്‍ ഏഴു ശതമാനം പലിശയ്ക്കു പകരം 15. 5 ശതമാനം വരെ അധിക പലിശ കൊടുക്കേണ്ടിയും വരും. ബാങ്കു നോട്ടീസിലെ ഭീമമായ വായപാ കുടിശിക കണ്ടു കര്‍ഷകര്‍ ബാങ്കുകളുമായി ബന്ധപ്പെട്ടപ്പോഴാണു തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മാനസിലായത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കാണു മിക്കവരും പണം വിനിയോഗിച്ചിട്ടുള്ളത്. നാണ്യവിളകളുടെ രോഗബാധയും വിലയിടിവുമാണു തിരിച്ചടവു മുടക്കിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ കര്‍ഷക ആനുകൂല്യങ്ങളായി മൊറട്ടേറിയം പ്രഖ്യാപിച്ചപ്പോള്‍ അതു തങ്ങള്‍ക്കും ബാധകമാണെന്നു ധരിച്ച കര്‍ഷകര്‍ ബാങ്ക് ഇടപാടു പുതുക്കിയിട്ടുമില്ല. അതേസമയം ബാങ്കിന്റെ കണക്കില്‍ പലിശ പെരുകുകയും തിരിച്ചടവു മുടങ്ങുകയും ചെയ്തതോടെ ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോകുകയാണ്. വായ്പ എന്തിനുവേണ്ടിയാണെന്ന കോളം ബാങ്ക് അധികൃതരാണു പൂരിപ്പിച്ചതെന്നു കര്‍ഷകര്‍ പറയുന്നു. ഈ കോളത്തില്‍ കച്ചവടം, വിവാഹം എന്നിങ്ങനെ എഴുതിച്ചേര്‍ത്തു തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നു കര്‍ഷകര്‍ പറയുന്നു. ഇതിനിടെ ഇത്തരം വായ്പകളില്‍ രണ്ടര ശതമാനം ഇളവു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബാങ്ക് നോട്ടീസില്‍ കാണിച്ചതുപോലെ ഭീമമായ പലിശ തിരിച്ചടക്കാനാവാത്ത ഗതികേടിലാണു കര്‍ഷകര്‍. കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വരുന്ന കടങ്ങളിലും ബാങ്കുകള്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ടെങ്കിലും ധനകാര്യ വകുപ്പില്‍ നിന്ന് ഇതുവരെ കൃഷിവകുപ്പിനു പണം ലഭിക്കാത്തതിനാല്‍ കിട്ടാത്ത പണത്തിനു നടപടി എടുക്കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു ബാങ്കുകള്‍. വയനാടിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദുരിതബാധിത ജില്ലയ്ക്ക് അര്‍ഹതപ്പെട്ട ഒരു സഹായവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ജപ്തി നടപടി തുടരുന്നതു ശരിയല്ലെന്നു മന്ത്രിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ജില്ലയില്‍ ബാങ്കുകള്‍ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുകയാണ്.

2. ശബരിമല: അധികാരം ഉപയോഗിക്കാന്‍ സ്പെഷല്‍ ഓഫീസര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം വിജയിപ്പിക്കാനുളള സര്‍ക്കാര്‍തല ഏകോപനത്തിന് സാധ്യമായ എല്ലാ അധികാരങ്ങളും ഉപയോഗിക്കാന്‍ സ്പെഷല്‍ ഓഫീസര്‍ കെ. ജയകുമാറിന് ദേവസ്വംബോര്‍ഡ് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കി.

സ്പെഷല്‍ ഓഫീസര്‍ക്ക് എല്ലാസഹകരണവും നല്‍കണമെന്ന് ഉദ്യോഗസ്ഥരോടും ദേവസ്വംബോര്‍ഡിനോടും മന്ത്രി ആവശ്യപ്പെട്ടു. പോലീസുകാരുടെ എണ്ണം ഇന്നു മുതല്‍ മൂവായിരമാവും.
വരുന്ന ഇരുപതു ദിവസങ്ങളിലായി ഒരു കോടിയിലേറെ ഭക്തന്‍മാര്‍ വരും. ആവശ്യത്തിനു അരവണ നല്‍കാനുളള സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സ്പെഷല്‍ ഓഫീസര്‍ ഗൌരവമായി പരിഗണിക്കുകയാണ്.

അന്‍പതു ലക്ഷം രൂപയു ടെ അരവണ ഇതുവരെ പാത്രങ്ങളിലൂടെ വില്‍പ്പന നടത്തിയെന്നും മന്ത്രി പറ ഞ്ഞു

1. മാവേലി സ്റ്റോറിലെ തിരിമറി: രണ്ടു ജീവനക്കാര്‍ക്കു തടവ്
തൃശൂര്‍: വല്ലച്ചിറ മാവേലി സ്റ്റോറില്‍ തിരിമറി നടത്തിയ കേസില്‍ മുന്‍ ഇന്‍ചാര്‍ജ് പൂത്തോ ള്‍ പത്മവിഹാറില്‍ വി.എം സുരേഷ്ബാബു, സഹായി തലോര്‍ കൊച്ചേരി വീട്ടില്‍ ഒ. ഗോവിന്ദന്‍കുട്ടി എന്നിവര്‍രെ 12 വര്‍ഷം വീതം കഠിനതടവിനും 60,000 രൂപ പിഴയടയ്ക്കാനും വിജിലന്‍സ് ജഡ്ജ് പി.ക്യു ബര്‍ക്കത്തലി ശിക്ഷിച്ചു. ശിക്ഷ നാലുവര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം വീതം കഠിനതടവ് അനുഭവിക്കണം. 1997-98 കാലയളവില്‍ 61,546 രൂപ ബില്ലില്‍ വകയിരുത്താതെയും 66,599 രൂപയുടെ സാധനങ്ങള്‍ കണക്കില്‍പ്പെടുത്താതെയും തിരിമറി നടത്തിയ കേസിലാണു ശിക്ഷ.

2. സാക്ഷി ദുബായില്‍,തെളിവെടുപ്പ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വീഡിയോ കോണ്‍ഫറന്‍സിംഗിലൂ ടെയുള്ള സാക്ഷി വിചാരണ പൂര്‍ണ വിജയം. സക്കീര്‍ വധക്കേസിലെ സുപ്രധാന സാക്ഷിയായ ഷാജഹാന്‍ ദുബായ് അല്‍ – ഖദീജ മീഡിയ സെന്ററിലിരുന്ന് വെള്ളയമ്പലം ഐ.ടി. മീഷനില്‍ ഹാജരായിരുന്ന ഒന്നാം പ്രതിയുള്‍പ്പെടെ മൂന്നു പ്രതികളെ ഇന്നലെ തിരിച്ചറിഞ്ഞു.

വെള്ളയമ്പലം ഐ.ടി. മിഷനില്‍ ഒരുക്കിയിരുന്ന പ്രത്യേക ചേംബറിലിരുന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ജി. ജയകൃഷ്ണന്‍ ഷാജഹാജന്റെ മൊഴി രേഖപ്പെടുത്തി. യു.എ.ഇ ഇന്ത്യന്‍ കോണ്‍സുലേറ്റും ഐ.ടി.മിഷനും സംയുക്തമായി ചേര്‍ന്നാണ് മൂന്നു മണിക്കൂര്‍ നീണ്ട വീഡിയോ കോണ്‍ഫറന്‍സിംഗ് നടപടികള്‍ ക്രമീരിച്ചത്.

തിങ്കളാഴ്ച നടന്ന പരീക്ഷണം ഭാഗികമായി വിജയിച്ചതിനെത്തുടര്‍ന്ന് ഐ.ടി.മിഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പരിശ്രമം ഇന്നലെ പൂര്‍ണമായി വിജയിച്ചു. ശബ്ദവും ദൃശ്യവും വളരെ വ്യക്തമായിരുന്നു. ചേംബറില്‍ ഹാജരായിരുന്ന പ്രതികളില്‍ മൂന്നുപേരെ ഷാജഹാന്‍ തിരിച്ചറിഞ്ഞു. ഒളിവില്‍ കഴിയുന്ന രണ്ടുപ്രതികള്‍ കൊലപാതകത്തിന് ഉണ്ടായിരുന്നെന്നും ഇയാ ള്‍ മൊഴി നല്‍കി.

സാക്ഷിവിസ്താരത്തിന് ഹാ ജരാകാന്‍ ദുബായിലെ ഷാജഹാന്റെ വസതിയിലേക്ക് അയച്ച സമന്‍സും ഇതിന് അസൌകര്യമുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മൊഴി നല്‍കാ മെന്ന് സമ്മതിച്ചുകൊണ്ട് താന്‍ നല്കിയ മറുപടിയും തിരിച്ചറി ഞ്ഞ ഷാജഹാന്‍ കത്തിലെ കൈയക്ഷരവും ഒപ്പും തന്റേതാണെന്നും മൊഴി നല്‍കി.

രാവിലെ പതിനൊന്നിനാണു നടപടി തുടങ്ങിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ സച്ചിദാനന്ദന്‍ ഷാജഹാന് സത്യവാചകം ചൊല്ലിക്കൊടുത്തു. എസ്.എഫ്.ഐ നേതാവും ലോ കോളജ് ചെയര്‍മാനുമായിരുന്ന സക്കീറിനെ പ്രതികള്‍ തന്റെ മുന്നിലിട്ടാണ് വെട്ടിക്കൊന്നതെന്ന് ഇ യാള്‍ മൊഴി നല്‍കി. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ സുനില്‍, സുള്‍ഫി, മന്‍സൂര്‍, സുധീര്‍, നിഷാദ്, എന്നിവര്‍ സക്കീറിനെ കൊലപ്പെടുത്തുന്നത് കണ്ടു. സുനില്‍ സക്കീറിന്റെ വലതുകാലിലും സുള്‍ഫി വലതുകൈയിലും തുരുതുരാ വെട്ടുന്നത് ക ണ്ടു.1995 ജനുവരി 16 ന് രാത്രി 12.30 ന് ഒരു നിലവിളി കേട്ട് ജനാ ല തുറന്നു നോക്കിയപ്പോള്‍ അയല്‍വാസിയായ സക്കീറിനെ പ്രതികള്‍ വാളുകൊണ്ട് വെട്ടുന്നതാണ് കണ്ടത്. പരിപൂര്‍ണ നഗ്നനാക്കി വളഞ്ഞിട്ട് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷാജഹാന്‍ ആയുധങ്ങളെല്ലാം ഇന്നലെ മജിസ്ട്രേറ്റു മുമ്പാ കെ തിരിച്ചറിഞ്ഞു.

ആകെ 20 പ്രതികളാണ് കേസിലുള്ളത്. 11 പേര്‍ മാത്രം ഹാജരായി. നാലുപേര്‍ ഒളിവില്‍ പോയി.ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇന്നലെ വീഡി യോ കോണ്‍ഫറന്‍സിംഗിലൂടെ പുനര്‍വിചാരണ നടത്തിയത്. ഈ കേസിലെ വിചാരണ മുമ്പ് നടത്തി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും എട്ടു പേരെ വെറുതേ വിടുകയും ചെയ്തിരുന്നു. തിരുവനന്തപുരം ഒന്നാം അതിവേഗ കോടതിയില്‍ നടത്തിയ വിചാരണയില്‍ നിന്ന് വിദേശത്തായിരുന്ന ഷാജഹാനെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് എ ട്ടുപേരെ വെറുതേവിട്ട നടപടി ക്കെതിരേ സക്കീറിന്റെ പിതാവ് അബ്ദുള്‍ റഷീദ് ഹൈക്കോടതിയെ സമീപിച്ചു. ദൃക്സാക്ഷിയായ ഷാജാഹനെ കൂടി വിസ്തരിക്കണമെന്നുള്ള ഇദ്ദേഹത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ എ.രാജസേനനും അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പള്ളിച്ചല്‍ പ്രമോദും ഹാജരായി. പ്രതികള്‍ക്കുവേണ്ടി കോട്ടൂര്‍ ഗോപാലകൃഷ്ണപിള്ള, സാന്റി ജോര്‍ജ്, മുഹമ്മദ് സാലി, ശാസ്തമംഗലം അജിത്കുമാര്‍ എന്നിവര്‍ ഹാജരായി.

1. ചിക്കുന്‍ഗുനിയ തൊഴില്‍ശേഷി കുറച്ചു: പഠനം

തിരുവനന്തപുരം: ചിക്കുന്‍ഗുനിയ രോഗം സംസ്ഥാനത്തെ 20 ശതമാനം ജനങ്ങളുടെയും തൊഴില്‍ ശേഷിയില്‍ കുറവുണ്ടാക്കിയതായി പഠന റിപ്പോര്‍ട്ട്.

കശുവണ്ടി, കയര്‍ തൊഴിലാളികളെയാണ് ചിക്കുന്‍ഗുനിയ ഏറ്റവുമധികം ബാധിച്ചതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.കെ.ടി.ഷിനോയ്, പ്രൊഫ.വി.നന്ദമോഹന്‍, ഡോ.കെ.വി.ലീന എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചിക്കുന്‍ഗുനിയയുടെ പശ്ചാത്തലത്തിലെ സാമൂഹിക, സാമ്പത്തിക സ്ഥിതിയെക്കുറിച്ചാണ് പഠനം നടത്തിയത്. കൊല്ലം ജില്ലയിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലും വാര്‍ഡുകളിലും സര്‍വേ നടത്തിയായിരുന്നു പഠനം.

30 ശതമാനം ജനങ്ങള്‍ക്കും രോഗംമൂലം ദീര്‍ഘകാല തൊഴില്‍ നഷ്ടമായി. 180 ദിവസം വരെയാണ് രോഗബാധ തൊഴില്‍ നഷ്ടമുണ്ടാക്കിയത്. 50 ശതമാനം പേര്‍ക്കും അവരുടെ കുടുംബ വരുമാനത്തേക്കാള്‍ കൂടുതല്‍ തുക ചികിത്സകള്‍ക്ക് ചെലവായി. സന്ധിവേദന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പലരേയും ഇപ്പോഴും അലട്ടുന്നുണ്ട്. രോഗത്തെ തുടര്‍ന്ന് തൊഴില്‍ ശേഷിയില്‍ കുറവ് വന്നത് വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചിക്കുന്‍ഗുനിയ ദുരിതം ഏറ്റവുമനുഭവിച്ച മറ്റൊരു വിഭാഗം തീരദേശവാസികളാണ്.

കേരള യൂണിവേഴ്സിറ്റി ഫ്യൂച്ചര്‍ സ്റ്റഡീസ് വിഭാഗം, പുണെ വയറോളജി ഇന്‍സ്റ്റിട്യൂട്ട്, കൊല്ലം എന്‍.എസ്.മെമ്മോറിയല്‍ ആസ്പത്രി, പോപ്പുലേഷന്‍ ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു പഠനം. വീണ്ടും ചിക്കുന്‍ഗുനിയ രോഗം പടര്‍ന്നാല്‍ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും അവര്‍ അറിയിച്ചു.

2. സേതുവിന്റെ ‘അടയാള’ങ്ങള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച മലയാളകൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സേതുവിന്റെ ‘അടയാള’ങ്ങള്‍ എന്ന നോവലിന് ലഭിച്ചു. അക്കാദമി പ്രസിഡന്റ് പ്രൊഫ. ഗോപിചന്ദ് നാരംഗിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന എക്സിക്യൂട്ടീവ് സമിതിയോഗത്തിനുശേഷമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മലയാള വിഭാഗത്തില്‍ അക്കാദമി നിയോഗിച്ച കടമ്മനിട്ട രാമകൃഷ്ണന്‍, ഡോ.സി.രാജേന്ദ്രന്‍, പ്രൊഫ. എം.കെ.സാനു എന്നിവരടങ്ങുന്ന ജൂറിയുടെ നിര്‍ദേശം യോഗം അംഗീകരിക്കുകയാണുണ്ടായത്. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലാണ് ‘അടയാള’ങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചത്. 2003 ജനവരി ഒന്നു മുതല്‍ 2005 ഡിസംബര്‍ 31വരെയുള്ള സൃഷ്ടികളാണ് പുരസ്കാരത്തിനായി പരിഗണിച്ചതെന്ന് അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.

അടയാളങ്ങളടക്കം ഏഴു നോവലുകള്‍ക്ക് അക്കാദമി പുരസ്കാരം ലഭിച്ചു. ആറു കവിതകള്‍, മൂന്നു ചെറുകഥാ സമാഹാരങ്ങള്‍, മൂന്നു നാടക സമാഹാരങ്ങള്‍, രണ്ടു വിമര്‍ശന ഗ്രന്ഥങ്ങള്‍ എന്നിവയും പുരസ്കാരത്തിനര്‍ഹമായി. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 23 കൃതികള്‍ക്കാണ് പുരസ്കാരം. ഇംഗ്ലീഷ് വിഭാഗത്തിലെ അവാര്‍ഡ് പിന്നീട് പ്രഖ്യാപിക്കും. നീല പത്മനാഭന്റെ ‘ഇളൈ ഉതിര്‍ കാലം’ എന്ന നോവല്‍ തമിഴിലും അന്തരിച്ച സാഹിത്യകാരന്‍ ഗദിയാറാം രാമകൃഷ്ണശര്‍മയുടെ ആത്മകഥയായ ‘ശതപത്രമു’ തെലുങ്കിലും പുരസ്കാരത്തിന് അര്‍ഹമായി. പ്രശസ്തിഫലകവും 50,000 രൂപയുമടങ്ങുന്ന പുരസ്കാരം ഫിബ്രവരി 20ന് ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്യുമെന്ന് സാഹിത്യ അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.

3. മുല്ലപ്പെരിയാര്‍: മനുഷ്യച്ചങ്ങലയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു

ചപ്പാത്ത് (കട്ടപ്പന): മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ആയിരങ്ങള്‍ അണിനിരന്നു. ഉപ്പുതറമുതല്‍ ചപ്പാത്തുവരെയുള്ള ആറുകിലോമീറ്റര്‍ ദൂരം പെരിയാറിന്റെ തീരവാസികള്‍ കൈകോര്‍ത്ത് മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. കട്ടപ്പന _ കുട്ടിക്കാനം റോഡിലാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്.

മനുഷ്യച്ചങ്ങലയുടെ ആദ്യകണ്ണിയായി ഉപ്പുതറയില്‍ വി.എം.സുധീരനും അവസാനകണ്ണിയായി ചപ്പാത്തില്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി.യും അണിനിരന്നു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ., ഫാ.ജോയി നിരപ്പേല്‍, ജനതാദള്‍ അഖിലേന്ത്യാ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ്, പ്രൊഫ. സി.പി.റോയി, മാരിയില്‍ കൃഷ്ണന്‍ നായര്‍, കൃഷ്ണാര്‍ജുന, അഡ്വ.ആല്‍ബര്‍ട്ട് ജോസ് തുടങ്ങിയവരും ചങ്ങലയില്‍ കണ്ണികളായി. 40 ലക്ഷംവരുന്ന ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പുതിയ ഡാം നിര്‍മിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ചങ്ങലയില്‍ അണിനിരന്നവര്‍ പ്രതിജ്ഞയെടുത്തു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം