ഡിസംബര്‍ 25 ചൊവ്വ

1. ഐ.എസ്.ആര്‍.ഒയ്ക്കു വലിയമലയ്ക്കടുത്തു ഭൂമി നല്കും
തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട്സ്ഥാപിക്കുന്നതിനായി ഐ.എസ്.ആര്‍.ഒയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വലിയമലയ്ക്കടുത്ത് 70 ഏക്കര്‍ ഭൂമി നല്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. പൊന്മുടിയിലെ അപ്പര്‍ സാനിട്ടോറിയത്തിനു പുറമേയാണിത്. ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ളിഫ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായരും പങ്കെടുത്തു.

2. പെരിയാര്‍ മാലിന്യം കണ്െടത്താന്‍ നേവിയും എത്തുന്നു
കളമശേരി: ചുവന്നും പെട്ടെന്ന് ചുവപ്പ് മാറിയും ഇടയ്ക്കിടെ ഒഴുകുന്ന പെരിയാറില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ നേവിയും രംഗത്തെത്തുന്നു. ഇതോടെ മലിനീകരണ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്. വരും ദിവസങ്ങളില്‍ പെരിയാറില്‍ നേവിയുടെ വിദഗ്ധരും സര്‍വസജ്ജീകരണങ്ങളോടെ എത്തും.

അതേസമയം നേവി ഇപ്പോള്‍ തുടങ്ങുന്ന അതേപരിപാടികള്‍ ഏതാനുംമാസം മുന്‍പ് എന്‍. ജി.ആര്‍.ഐ എന്ന ഏജന്‍സി ന ടത്തി തിരിച്ചുപോയതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഏതാനും ലക്ഷം രൂപയും പോയി. കൂടുതല്‍ ആഴത്തിലുള്ള പെരിയാറിലെ മാലിന്യ നിര്‍ഗമനകുഴലുകള്‍ കണ്െടത്താന്‍ എന്‍.ജി. ആര്‍.ഐക്ക് കഴിഞ്ഞിട്ടുണ്ടാവില്ല എന്നാണ് പുതിയ നിഗമനം.

എന്നാല്‍ പുഴയുടെ പത്തുമീറ്റര്‍ ആഴംവരെ അരിച്ചുപെറുക്കിയതാണെന്ന് എന്‍.ജി.ആര്‍.ഐ പത്രസമ്മേളനത്തി ല്‍ വ്യക്തമാക്കിയിരുന്നു.

പെരിയാറില്‍ മാലിന്യ പൈപ്പുകളുണ്െടങ്കില്‍ കണ്െടത്താന്‍ നിലവില്‍ ലഭ്യമായ ആധുനിക സജീകരണങ്ങള്‍ ഒരുക്കിയാണ് എന്‍.ജി.ആര്‍.ഐ ജോലികള്‍ ചെയ്തത്. പിന്നേയും കണ്െടത്താനാവാത്ത നിര്‍ഗമനകുഴലുകളുണ്െടങ്കില്‍ അവയുടെ ഉറവിടത്തില്‍ തന്നെ തിരിച്ചറിയാന്‍ വ്യവസായശാലകളുടെ കരയിലും പ്രൊക്ളെയിനും മറ്റും ഉപയോഗിച്ച് ആഴത്തില്‍ പരിശോധിച്ചിരുന്നു.

പണ്ടുകാലത്ത് മണ്ണില്‍ കുഴിച്ചിട്ടിരുന്ന വൈദ്യുതി കേബിളുകളും തുരുമ്പിച്ച പൈപ്പുകളും ചിലയിടത്ത് കണ്െടത്തിയിരുന്നു. എന്നാല്‍ അവയൊന്നും ഉപയോഗമില്ലാത്തതായിരുന്നു.

3. സ്ത്രീകളുടെ രാത്രി ഷിഫ്റ്റ്: വനിതാ കമീഷന്‍ ചര്‍ച്ച സംഘടിപ്പിക്കും
മധുര: രാത്രി ഷിഫ്റ്റിന് നിയോഗിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ദേശീയ വനിതാ കമീഷന്‍ ചര്‍ച്ച സംഘടിപ്പിക്കും. ചെന്നൈ, പുണെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ പൊലീസിനെയും വിവിധ സോഫ്റ്റ്വെയര്‍ ബിനിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചായിരിക്കും ചര്‍ച്ച.

ജോലിസ്ഥലത്തെ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വനിതാ കമീഷന്റെ വിവിധ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന ാണ് ചര്‍ച്ച. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പോകുന്ന സ്ത്രീകള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളെ വാഹനങ്ങളില്‍ കൊണ്ടുവിടുന്ന ഡ്രൈവര്‍മാരാല്‍ത്തന്നെ പീഡിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്.

4. ലക്ഷ്യം നാല് കോടി; പച്ചത്തേങ്ങ സംഭരിച്ചത് ഒരു ലക്ഷം
തിരുവനന്തപുരം: നാളികേര വിലയിടിവ് തടഞ്ഞ് കേരകര്‍ഷകരെ സഹായിക്കാന്‍ നാല് കോടി പച്ചത്തേങ്ങ സംഭരിക്കാന്‍ ലക്ഷ്യമിട്ട കൃഷി വകുപ്പിന് സംഭരിക്കാനായത് 1.10 ലക്ഷം തേങ്ങ. നടപടികള്‍ വൈകിയതും പെട്ടെന്ന് ചെറിയ വില വര്‍ധന ഉണ്ടായതുമാണ് സംഭരണം ലക്ഷ്യം കാണാതിരുന്നതിന് കാരണം. ഇതുമൂലം പദ്ധതി കൊണ്ട് ഉദ്ദേശിച്ച വില വര്‍ധന ലഭിച്ചില്ല.

80 പൈസ സബ്സിഡി നല്‍കി 4.40 രൂപക്ക് നാളികേരം സംഭരിക്കാനായിരുന്നു പദ്ധതി.എന്നാല്‍ നേരിയ വിലവര്‍ധന മൂലം രണ്ടാഴ്ച പിന്നിട്ടപ്പോഴേ പദ്ധതി അവസാനിപ്പിക്കാന്‍ കൃഷി വകുപ്പ് നിര്‍ബന്ധിതമായി. വില വര്‍ധന ഉണ്ടായതോടെ തേങ്ങ ഈ വിലയ്ക്ക് നല്‍കാന്‍ കര്‍ഷകര്‍ തയാറായില്ല. കേരഫെഡിന്റെ നേതൃത്വത്തിലായിരുന്നു സംഭരണം.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് മാത്രമാണ് നാളികേരം സംഭരിക്കാന്‍ കേരഫെഡിന് കഴിഞ്ഞത്. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍നിന്ന് ഇതുവരെ ഒരൊറ്റ നാളികേരം പോലും സംഭരിക്കാന്‍ കഴിഞ്ഞില്ല.
പച്ചത്തേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കുമ്പോള്‍ നാളികേര വില വിപണിയില്‍ മൂന്ന് രൂപയായിരുന്നുവെന്നും സംഭരണം ആരംഭിച്ചതോടെ വില 5.50 മുതല്‍ 6.00 രൂപ വരെയായി ഉയര്‍ന്നുവെന്നും കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വില വര്‍ധിക്കാന്‍ സര്‍ക്കാറിന്റെ ഇടപെടലാണ് സഹായകമായതെന്ന് മന്ത്രി അവകാശപ്പെട്ടു.

കോഴിക്കോട് മേഖലയില്‍ സംഭരണം ഉടന്‍ ആരംഭിക്കുമെന്നും ഇത് മറ്റ് ജില്ലകളില്‍ കൂടി വ്യാപിപ്പിക്കുമെന്നും കേരഫെഡ് കോഴിക്കോട് റീജ്യനല്‍ മാനേജര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വില വര്‍ധിച്ചതിനാല്‍ കര്‍ഷകര്‍ നാളികേരം നല്‍കുന്നില്ല. പരമാവധി നാളികേരം സംഭരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നാളികേര സംഭരണത്തിന് രംഗത്തുവന്ന കേന്ദ്ര ഏജന്‍സിയായ നാഫെഡ് ഇതുവരെ സജീവമായിട്ടില്ല. നിലവില്‍ കൊപ്ര സംഭരണം മാത്രമാണുള്ളത്. കൊപ്രയുടെ വില ഗണ്യമായി ഇടിയുകയാണ്. കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നടപ്പാക്കിയിട്ടുമില്ല.

നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും ഉല്‍പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിന് വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന് വിദഗ്ധരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിക്കും. 2008 നാളികേര വര്‍ഷമായി ആചരിക്കുന്നതോടൊപ്പം കൊച്ചിയില്‍ ലോക നാളികേര സമ്മേളനം നടത്തുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്

5. പൊന്‍മുടി: വീണ്ടും ദുരൂഹത ഉയര്‍ത്തി ഐ.എസ്.ആര്‍.ഒ
തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ സൌജന്യ ഭൂമി നിഷേധിക്കാനുള്ള ഐ.എസ്.ആര്‍.ഒ നിലപാടില്‍ ഏറെ ദുരൂഹത. തെന്നൂരിലെ കമ്പിമൂട്ടില്‍ സര്‍ക്കാര്‍ നല്‍കാമെന്ന് തീരുമാനിച്ച നൂറേക്കര്‍ ഭൂമി വനഭൂമിയാണെന്ന കാരണം ചൂണ്ടിക്കാട്ടി തള്ളുമ്പോഴും പകരം പരിസ്ഥിതി ദുര്‍ബല പ്രദേശം ആവശ്യപ്പെടുന്ന അവരുടെ നിലപാടാണ് സംശയങ്ങള്‍ക്കിടനല്‍കുന്നത്.

ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനായുള്ള ഐ.എസ്.ആര്‍.ഒയുടെ ഭൂമി ഇടപാട് വിവാദമായതിനെ തുടര്‍ന്നാണ് റവന്യു ഭൂമി സൌജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കമ്പിമേട്ടില്‍ നൂറേക്കര്‍ നല്‍കുന്നതിന് പുറമേ വെള്ളിയാഴ്ച അപ്പര്‍ സാനട്ടോറിയത്തില്‍ 20 ഏക്കര്‍ കൂടി ഏറ്റെടുത്ത് നല്‍കാന്‍ ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ നൂറേക്കര്‍ ഭൂമി വേണ്ടെന്ന നിലപാട് സര്‍ക്കാറിനെ ഇന്നലെ രേഖാമൂലം അറിയിക്കാതിരുന്ന ഐ.എസ്.ആര്‍.ഒ അധികൃതര്‍ വിവരം മാധ്യമങ്ങള്‍ വഴി പുറത്ത് എത്തിക്കുകയായിരുന്നു.

ഭൂമി വേണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കവേ ഈ മാസം 15ന് തന്നെ തങ്ങളുടെ തീരുമാനം ചീഫ് സെക്രട്ടറിയെ അറിയിച്ചുവെന്ന വാദമാണ് ഐ.എസ്.ആര്‍.ഒ അധികൃതര്‍ ഉയര്‍ത്തുന്നത്.

കമ്പിമൂട്ടിലെ ഭൂമി വനഭൂമിയാണെന്ന ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ടും അവിടേക്ക് ഇ.എഫ്.എല്‍ ഭൂമിയായ പൊന്‍മുടി എസ്റ്റേറ്റില്‍ കൂടിവേണം നാല് കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനെന്നതുമാണ് ഭൂമി നിഷേധിക്കാനായി അവര്‍ ഉയര്‍ത്തുന്ന പ്രധാന വാദം. എന്നാല്‍ വനഭൂമി^ ഇ.എഫ്.എല്‍ പ്രദേശം എന്ന വാദം ഉയര്‍ത്തുന്ന ഐ.എസ്.ആര്‍.ഒ ഇന്‍സ്റ്റിറ്റ്യൂട്ടിനായി എന്നും ആവശ്യപ്പെടുന്നത് ഇ.എഫ്.എല്‍ ഭൂമിയാണെന്നത് ശ്രദ്ധേയമാണ്. സേവിമനോ മാത്യുവിന്റെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് 81 ഏക്കര്‍ ഭൂമി 3.26 കോടിക്ക് വാങ്ങിയ ഐ.എസ്.ആര്‍.ഒ ആ ഭൂമി ഇ.എഫ്.എല്‍ ഓര്‍ഡിനന്‍സ് പ്രകാരം ഏറ്റെടുത്തതാണെന്ന് വ്യക്തമായിട്ടും ഇടപാട് റദ്ദാക്കാന്‍ തയാറായിരുന്നില്ല. ഭൂമിയിന്‍മേല്‍ കടുംപിടിത്തം തുടര്‍ന്നതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
തുടര്‍ന്ന് സൌജന്യ ഭൂമി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അത് നിഷേധിച്ച് ഐ.എസ്.ആര്‍.ഒ നൂറേക്കര്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട പൊന്‍മുടി എസ്റ്റേറ്റും ഇ.എഫ്.എല്‍ ഓര്‍ഡിനന്‍സ് പ്രകാരം ഏറ്റെടുത്തതായിരുന്നു. മെര്‍ക്കിസ്റ്റണ്‍^ പൊന്‍മുടി എസ്റ്റേറ്റ് വിവാദത്തില്‍ സര്‍ക്കാറിനെ നിയമക്കുരുക്കില്‍പ്പെടുത്തുംവണ്ണം അവയെ ഇ.എഫ്.എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന വിചിത്ര വാദമാണ് അവര്‍ ഉയര്‍ത്തിയത്.

കമ്പിമൂട്ടിലെ ഭൂമി വനഭൂമിയെന്ന വാദം ഉയര്‍ത്തുന്ന ഐ.എസ്.ആര്‍.ഒ എന്തിനാണ് റിസര്‍വ് വനത്തിന്റെ പദവിയുള്ള ഇ.എഫ്.എല്‍ പ്രദേശം ആവശ്യപ്പെടുന്നത് എന്നത് ഇപ്പോഴും ദുരൂഹമാണ്.
അതേസമയം കമ്പിമൂട്ടിലെ ഭൂമിയെ കുറിച്ച് ഐ.എസ്.ആര്‍.ഒ ഉയര്‍ത്തുന്ന അതേ വാദമാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഉടമ സേവിമേനാ മാത്യു വിന്റേതെന്നതും ശ്രദ്ധേയമാണ്. ഈ മാസം 19 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ സേവിമനോ മാത്യുവും കമ്പമൂട്ടിലെ ഭൂമി നിഷിപ്ത വനഭൂമിയാണെന്നാണ് ചൂണ്ടിക്കാട്ടിയത്.

ഐ.എസ്.ആര്‍.ഒയുമായുള്ള ഭൂമിയിടപാടിലെ തുക മടക്കി കൊടുക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കമ്പിമേട്ടിലെ ഭൂമി വനഭൂമിയെന്ന് ആധികാരികമായി സേവി അവകാശപ്പെട്ടത് നിഗൂഢമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ ദുരൂഹത ഉയര്‍ത്തുന്ന നിലപാട് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഐ.എസ്.ആര്‍.ഒയുടെ പുതിയ നിലപാട് സര്‍ക്കാറിന് പുതിയ തലവേദനയായിട്ടുണ്ട്.

6. ഹാരിസനെ രക്ഷിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദവുമായി ഭൂമാഫിയകള്‍

പത്തനംതിട്ട: ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ കൈയാളിയതും വിറ്റതുമായ ആയിരക്കണക്കിന് ഏക്കര്‍ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചതോടെ അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയ ബിലീവേഴ്സ് ചര്‍ച്ചും റിയാസ് തമ്പിയുമടക്കം പത്തിലധികം വന്‍കിട ഭൂമാഫിയകള്‍ ഹാരിസനുവേണ്ടി രംഗത്തെത്തി.

ഭൂമിക്കുമേല്‍ പരിപൂര്‍ണ ഉടമസ്ഥാവകാശം തങ്ങള്‍ക്കുണ്ടെന്നു സമര്‍ഥിക്കാന്‍ യാതൊരു രേഖകളുമില്ലാതെ അവകാശവാദങ്ങളുടെ പെരുമഴയുമായി ഹാരിസന്റെ മുബൈയിലേയും കൊച്ചിയിലേയും ഓഫീസുകളില്‍നിന്നു ദൂതന്‍മാര്‍ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്റെ ഓഫീസില്‍ കയറിയിറങ്ങിത്തുടങ്ങി.
സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഹാരിസണ്‍ നിരത്തുന്ന ന്യായങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു മുന്നാധാരങ്ങളും ഭൂപരിഷ്ക്കരണനിയമത്തിലെ വ്യവസ്ഥകളും ചൂണ്ടിക്കാട്ടുന്നു. 12500 ഏക്കറാണു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഹാരിസണ്‍ വിറ്റുമുടിച്ചത്. ഹാരിസന്റെ കൈവശമുളള മിച്ചഭൂമി എണ്ണായിരത്തില്‍പരമാണെന്നു വയനാട് വൈത്തിരി ലാന്‍ഡ് ബോര്‍ഡിന്റെ കണക്ക്. യാതൊരധികാരവുമില്ലാതെ ഹാരിസണ്‍ കൈവശംവച്ച് അനുഭവിച്ചുവരുന്നത് 59,000 ഏക്കര്‍. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലെ തേട്ടങ്ങളുടെ യഥാര്‍ഥ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നു തെളിയിക്കുന്ന വസ്തുതകള്‍ ചുവടെ.

-കൊല്ലം ജില്ലയിലെ 10,050 ഏക്കര്‍വരുന്ന ഭൂമി 1901-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ വനമായി വിജ്ഞാപനം ചെയ്തതാണ്. 99 വര്‍ഷത്തെ പാട്ടക്കാലാവധി കഴിഞ്ഞാല്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ് ഈ ഭൂമി. ഇതി്ന്റ ഒരുഭാഗമാണ് ഹാരിസണ്‍ റിയാസ് റിസോര്‍ട്ടിനു മറിച്ചുവിറ്റത്.

-പത്തനംതിട്ട ജില്ലയിലെ 7,100 ഏക്കര്‍ ഭൂമി വിവിധ ജന്മികളില്‍നിന്നു ഹാരിസണ്‍ പാട്ടത്തിനുവാങ്ങിയതാണ്. ഭൂപരിഷ്ക്കരണ നിയമപ്രകാരം കമ്പനിക്ക് ഈ ഭൂമിയില്‍ യാതൊരു അധികാരവുമില്ല.

-കോട്ടയം ജില്ലയിലെ 3,681 ഏക്കര്‍ വരുന്ന തോട്ടങ്ങള്‍ വഞ്ഞിപ്പുഴ ഇടവക റൈറ്റ്സില്‍ ഉള്‍പ്പെട്ടതാണ്. 1956 ജനുവരി ഒന്നിനു സര്‍ക്കാര്‍, ഇടവക റൈറ്റ്സിന്‍മേലുള്ള അധികാരം റദ്ദാക്കിയതിനാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശവും സര്‍ക്കാരില്‍ നിക്ഷിപ്തം.

-ഇടുക്കി ജില്ലയിലെ 13,800 ഏക്കര്‍വരുന്ന പത്തു തോട്ടങ്ങള്‍ സര്‍ക്കാരില്‍നിന്നു പാട്ടത്തിനുവാങ്ങിയതാണ്. മുന്നാധാരങ്ങളില്‍ രാജാവിനുവേണ്ടി ചീഫ് സെക്രട്ടറിയാണ് ഒപ്പിട്ടിട്ടുളളത്. ഭൂമി സര്‍ക്കാര്‍ അറിയാതെ കൈമാറാന്‍ കഴിയില്ല.

-6,057.48 ഏക്കര്‍വരുന്ന തൃശൂര്‍ ജില്ലയിലെ എസ്റ്റേറ്റുകള്‍ 1935-ല്‍ സര്‍ക്കാരില്‍നിന്നു പാട്ടത്തിനു വാങ്ങിയവയാണ്. ഹാരിസണ്‍ സര്‍ക്കാരിനു പാട്ടം നല്‍കുന്നില്ല. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ഏതുസമയവും സര്‍ക്കാരിനു ഭൂമി തിരിച്ചുപിടിക്കാം.

-18,799.52 ഏക്കര്‍വരുന്ന വയനാട് ജില്ലയിലെ അഞ്ച് എസ്റ്റേറ്റുകള്‍ കാപ്പി-തേയില വിളച്ചട്ടം, പാഴ്ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ പ്രകാരം സര്‍ക്കാരില്‍നിന്നു പാട്ടത്തിനു വാങ്ങിയവയാണ്. കരാര്‍ വ്യവസ്ഥ ലംഘിച്ചിട്ട് 20 വര്‍ഷത്തില്‍ അധികമായതിനാല്‍ സര്‍ക്കാരിനു ഭൂമി തിരിച്ചെടുക്കാം.

-1980-ലെ പാട്ടവും സാമ്പത്തിക സഹായവും സംബന്ധിച്ച പരിഷ്കരണാവകാശ പ്രകാരം എല്ലാ തോട്ടങ്ങളിലേയും മരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. തടി മുറിച്ചുവില്‍ക്കുന്നതിനു സീനിയറേജ് റേറ്റ് ഹാരിസണ്‍ സര്‍ക്കാരില്‍ നല്‍കണമെന്നാണു വ്യവസ്ഥ. ഇതുവരെ ചില്ലിക്കാശ് നല്‍കിയതായി അറിവില്ല.

-വ്യാജ ആധാരമുണ്ടാക്കി ഭൂമി കൈവശംവച്ചാലും 1957-ലെ ഭൂസംരക്ഷണ നിയമപ്രകാരം സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും ഭൂമി ഏറ്റെടുക്കാം.

-ഭൂമി സംബന്ധമായി ഹാരിസണ്‍ കമ്പനിക്കുമേല്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയകാലത്തു മുന്നാധാരങ്ങള്‍ യഥാസമയം ഹാജരാക്കാന്‍ ഹാരിസണ്‍ തയാറായിട്ടില്ല. 1923-ല്‍ ഹാരിസണ്‍ തയാറാക്കിയ വ്യാജ ആധാരത്തിന്റെ മറവിലാണു ഭൂമി വില്‍പന നടത്തിയിട്ടുള്ളതെന്നു ലാന്‍ഡ് റവന്യൂ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. പാട്ടക്കാരനായ ഹാരിസന്റെ പേര് എങ്ങനെ വില്ലേജ് റിക്കാര്‍ഡില്‍ വന്നുവെന്നും കമ്പനി വെളിപ്പെടുത്തേണ്ടതാണ്.

-1923-ല്‍ ഹാരിസനുണ്ടാക്കിയ 1600/1923-ാം നമ്പര്‍ വ്യാജ ആധാരം ഒപ്പിട്ടതും വാങ്ങിയതും വിറ്റതും ജോണ്‍ മക്കി എന്ന ബ്രിട്ടീഷുകാരനാണ്.

ഇക്കാര്യങ്ങളെല്ലാം ഹാരിസന്റെയും അവരുടെ കൈയാളുകളുടേയും അവകാശവാദത്തെ ചോദ്യംചെയ്യുന്നവയാണ്. ഹാരിസണ്‍ കൈയാളിയിട്ടുള്ള 59,000 ഏക്കര്‍ ഏതുസമയവും സര്‍ക്കാരിനു തിരിച്ചുപിടിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍.

7. കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണം പൊളിഞ്ഞു

കോഴിക്കോട്്: നാളികേര കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പച്ചത്തേങ്ങ സംഭരണം പൊളിഞ്ഞു. നോഡല്‍ ഏജന്‍സിയായ കേരഫെഡ് മുഖേന തുടങ്ങിയ പദ്ധതി 25 ദിവസംകൊണ്ടു നിലച്ചു. വേണ്ടത്ര സംഭരണകേന്ദ്രങ്ങള്‍ തുറക്കാതിരുന്നതും സംഭരണവില കുറഞ്ഞതുമാണു കാരണം.

ഈ മാസം ഒന്നിനാണ് ഏലത്തൂരിലെ കേരഫെഡ് മേഖലാ ഓഫീസില്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പദ്ധതി ആദ്യം പരീക്ഷിച്ചത്. തൊണ്ടു കളഞ്ഞു നിലവാരമുള്ളതും 450 ഗ്രാമില്‍ കുറയാത്തതുമായ പച്ചത്തേങ്ങയ്ക്കു 4.40 രൂപ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. തേങ്ങാവെള്ളത്തോടെ കിലോയ്ക്കു 11 രൂപയാണു നിശ്ചയിച്ചിരുന്നത്. ഈ സീസണില്‍ നാലു കോടി നാളികേരം സംഭരിക്കുകയായിരുന്നു ലക്ഷ്യം.
അഞ്ചു ജില്ലകളില്‍ 91 കേന്ദ്രങ്ങളാണു പച്ചത്തേങ്ങ സംഭരിക്കാന്‍ തെരഞ്ഞെടുത്തതെങ്കിലും നാലു കേന്ദ്രങ്ങളിലേ സംഭരണം നടന്നുള്ളൂ. കോഴിക്കോട് ജില്ലയില്‍ 43 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തിരുന്നു. തുടങ്ങിയതാകട്ടെ ഏലത്തൂര്‍, അരിക്കുളം, മന്ദങ്കാവ് എന്നിവിടങ്ങളിലും കണ്ണൂരില്‍ 16 ഇടങ്ങളില്‍ മുഴുപ്പിലങ്ങാട്ടും മാത്രം. ആലപ്പുഴയില്‍ പതിനൊന്നും കൊല്ലത്ത് ആറും മലപ്പുറത്തു പതിനഞ്ചും കേന്ദ്രങ്ങള്‍ തീരുമാനിച്ചിരുന്നെങ്കിലും ഒരിടത്തും തേങ്ങാ സംഭരിച്ചില്ല.

സഹകരണ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കേരഫെഡ് എന്നിവ വഴി നാളികേരം സംഭരിക്കുകയായിരുന്നു ലക്ഷ്യം. മലബാറില്‍ 1,05,000 നാളികേരം സംഭരിച്ചു. സംഭരണം തുടങ്ങിയതോടെ നാളികേരവില കുതിച്ചുകയറിയെന്നും പച്ചത്തേങ്ങ കിട്ടാനില്ലെന്നുമാണ് അധികൃതരുടെ ഭാഷ്യം. സംഭരിക്കാതെ എങ്ങനെയാണു വിലകയറിയതെന്നു കര്‍ഷകര്‍ ചോദിക്കുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പാദിപ്പിക്കുന്നതു കോഴിക്കോട് ജില്ലയിലാണ്. കുറ്റ്യാടിത്തേങ്ങ പ്രശസ്തവുമാണ്. കുറ്റ്യാടിയില്‍ കേരഫെഡിന്റെ സംഭരണം തുടങ്ങിയതുമില്ല. ഇവിടെ വ്യാപാരികള്‍ പച്ചത്തേങ്ങ തൂക്കിയെടുക്കുന്നതു കിലോയ്ക്ക് എട്ടു രൂപയ്ക്കാണ്. മണ്ഡരി ബാധിച്ചതിനാല്‍ ഒരു കിലോയ്ക്കു നാലു നാളികേരമെങ്കിലും വേണം. ഒരു തേങ്ങയ്ക്കു കര്‍ഷകനു കിട്ടുന്നതു രണ്ടു രൂപ.

കോഴിക്കോട് നഗരത്തിനടുത്ത ഒളവണ്ണയില്‍ എട്ടര രൂപയാണു കിലോയ്ക്കു വില. കിലോയ്ക്ക് രണ്ടര മുതല്‍ മൂന്നു നാളികേരംവരെ വേണം. നാദാപുരത്തിനടുത്ത കക്കട്ടില്‍ കിലോയ്ക്ക് എട്ടര രൂപയാണു വില. നാലു നാളികേരം വേണം കിലോയ്ക്ക്. നാളികേര വില ഉയര്‍ന്നിട്ടില്ലെന്ന് ഈ വിലനിലവാരം വ്യക്തമാക്കുന്നു. രണ്ടു രൂപ മുതല്‍ മൂന്നു രൂപവരെയാണു പരമാവധി കര്‍ഷകര്‍ക്കു ലഭിക്കുന്ന വില. കര്‍ഷകരില്‍നിന്നു സ്ഥിരമായി നാളികേരം സംഭരിക്കുകയല്ല മറിച്ചു പൊതുവിപണിയിലെ വില ഉയര്‍ത്തുകയാണു തങ്ങളുടെ ലക്ഷ്യമെന്നാണു കേരഫെഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭരിക്കുന്ന നാളികേരം കരുനാഗപ്പള്ളി, നടുവണ്ണൂര്‍ എന്നിവിടങ്ങളിലെ ഫാക്ടറികളില്‍ സംസ്കരിച്ചു കേര എണ്ണയാക്കി വില്‍ക്കുമെന്നായിരുന്നു പ്രഖ്യാപനം. കേരഫെഡിനു നാളികേരം സംഭരിക്കാന്‍ സാമ്പത്തിക പ്രശ്നമൊന്നുമില്ല.

8. ജൈവഇന്ധന രംഗത്തു ബഹുരാഷ്ട്ര നിക്ഷേപത്തിന് അനുമതി

ന്യൂഡല്‍ഹി: ‘മനുഷ്യത്വത്തിനെതിരായ കുറ്റ’മെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍ വിശേഷിപ്പിച്ച ജൈവ ഇന്ധനം (ബയോ ഫ്യൂവല്‍) രാജ്യമാകെ വ്യാപിപ്പിക്കാന്‍ ബഹുരാഷ്ട്ര കുത്തകയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി.

ജൈവ ഇന്ധന സംസ്കരണ മേഖലയിലെ കുത്തക കമ്പനിയായ ‘മിഡില്‍സ്ബ്രോ ഓയില്‍സ് യുകെ ലിമിറ്റഡി’ (ഡി1)നാണ് ജെട്രോഫ കൃഷിക്ക് 200 കോടിയുടെ വിദേശ നിക്ഷേപം നടത്താന്‍ ഇന്നലെ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നല്‍കിയത്. കമ്പനിയുടെ ബ്രിട്ടനിലെ കേന്ദ്ര ആസ്ഥാനത്ത് ജൈവ ഇന്ധനത്തിനെതിരേ പ്രതിഷേധ സമരം നടക്കുന്ന വേളയില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ അവര്‍ക്കു ചുവപ്പു പരവതാനി വിരിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായുള്ള കാര്‍ബണ്‍ സിങ്ക് ഫ്യൂവല്‍ ക്രോപ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് ഡി1ന്റെ ഇന്ത്യന്‍ പ്രവേശം. ഇന്ത്യന്‍ കര്‍ഷകരുമായും കുത്തക കമ്പനികളുമായും ചേര്‍ന്ന് രാജ്യത്ത് കരാര്‍ കൃഷി നടത്താന്‍ അനുമതി നല്‍കണമെന്നാണ് കമ്പനി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജെട്രോഫാ വിത്തുകള്‍ കമ്പനി തന്നെ കര്‍ഷര്‍ക്ക് നല്‍കി അവരില്‍ നിന്ന് നേരിട്ടു വിളവ് ശേഖരിക്കുന്ന രീതിയായിരിക്കും നടപ്പാക്കുക. ലോക ജൈവ ഇന്ധനത്തിന്റെ 40 ശതമാനവും ഉത്പാദിപ്പിക്കുന്ന കാര്‍ബണ്‍ സിങ്ക് എന്ന ഇന്ത്യന്‍ കമ്പനി ഇപ്പോള്‍ 81,000 ഹെക്ടറില്‍ ജെട്രോഫ കൃഷി ചെയ്യുന്നുണ്ട്.

ജെട്രോഫ കൃഷി ചെയ്യുന്നതോടെ വനനശീകരണം കൂടുമെന്നും കൂടുതല്‍ കൃഷി ഭൂമികള്‍ തരിശായി മാറുമെന്നും പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പു നല്‍കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമാകലും ജൈവവ്യവസ്ഥ പ്രതികൂലമാകലും ആഗോള താപനം വര്‍ധിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ക്കു ജൈവ ഇന്ധനത്തിന്റെ ഉത്പാദനം കാരണമാകുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കിയിരുന്നു. വികസിത രാജ്യങ്ങളുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നാം ലോക രാജ്യങ്ങളിലെ കൃഷിനിലങ്ങളെ തരിശാക്കുകയാണ് ജൈവ ഇന്ധനമെന്നും അതിനാല്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായി ഇതിനെ കാണണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍ പ്രതിനിധി ഴാങ് സെഗ്ളര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗോതമ്പ്, മെയ്സ്, നെല്ല് എന്നിവയുടെ ഉത്പാദനം ജെട്രോഫയുടെ വരവോടെ കുറഞ്ഞിട്ടുണ്ടെന്നും ഇത് ഭക്ഷ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്നും സെഗ്ളര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ബ്രസീലില്‍ ചേര്‍ന്ന സമ്പന്നരാജ്യങ്ങളുടെ യോഗം ഈ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ജൈവ ഇന്ധന ഉത്പാദനത്തിന് കാര്‍ഷിക മേഖല തുറന്നു കൊടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വിവാദമാകുന്നത്. നാലു ലക്ഷം ഹെക്ടറില്‍ ജെട്രോഫ കൃഷി ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ഗ്രാമീണ മന്ത്രാലയം ആസൂത്രണ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സി.പി.എം. ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ ഭക്ഷ്യ സുരക്ഷ അവതാളത്തിലാകുന്ന കാരണത്താല്‍ കരാര്‍ കൃഷിയെയും ജൈവ ഇന്ധന ഉത്പാദനത്തെയും എതിര്‍ക്കുന്നുണ്ട്.

വിളനശീകരണവും ഭൂമി തരിശാകലും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് ആക്കം കൂട്ടാന്‍ മാത്രമേ കേന്ദ്രത്തിന്റെ തീരുമാനം ഉപകരിക്കൂ എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

9. സപ്ലൈകോ: കോടികളുടെ നഷ്ടം മുന്‍ എം.ഡി. ഉള്‍പ്പെടെ ഇരുപതോളം പേര്‍ സിബിഐ കേസില്‍ പ്രതികളാകും

കൊച്ചി: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് (സപ്ലൈകോ) കോടികളുടെ നഷ്ടമുണ്ടാക്കിയ ഇടപാടുകളില്‍ മുന്‍ എം.ഡി.യും അഡീഷണല്‍ ഡി.ജി.പി.യുമായ എസ്. പുലികേശിയും ഉദ്യോഗസ്ഥരുമുള്‍പ്പെടെ ഇരുപതോളം പേര്‍ പ്രതികളാവും. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് സിബിഐ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ പ്രതികളുടെ എണ്ണം കൂടും.

കേസുകളുടെ വിശദാംശങ്ങള്‍ ഹൈക്കോടതിക്ക് സി.ബി.ഐ. നല്‍കി. കോടതിയുടെ അനുമതിയോടെയാണ് അന്വേഷണം ആരംഭിക്കുക. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അഴിമതിയിലും തട്ടിപ്പിലും ഉള്‍പ്പെട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചത് അതിനാലാണ്. സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയില്‍ കേസുകളും ഉണ്ടായിരുന്നു.

സപ്ലൈകോയുടെ മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍ക്കാന്‍ മരുന്ന് വാങ്ങിയതിലും സുഗന്ധദ്രവ്യങ്ങളുടെ ഇടപാടിലും ട്രാന്‍സ്പോര്‍ട്ടിങ് കരാറിലുമായാണ് വന്‍ അഴിമതിയും കോടികളുടെ വെട്ടിപ്പും നടന്നതായി പ്രാരംഭ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. മായം ചേര്‍ത്തതും മലിനവും തീരെ നിലവാരം കുറഞ്ഞതുമായ സുഗന്ധദ്രവ്യങ്ങളും കറിപ്പൊടിയുമാണ് കരാറുകാര്‍ സപ്ലൈകോയ്ക്ക് നല്‍കിയത്.

കതിര്‍ ഫുഡ്സ്, കൃഷ്ണകുമാര്‍ ഏജന്‍സീസ് എന്നീ സ്ഥാപനങ്ങളെ കുറിച്ചാണ് അന്വേഷണം. മെഡിക്കല്‍ ഷോപ്പുകളിലേക്കുള്ള മരുന്ന് വാങ്ങിയതില്‍ വന്‍ വെട്ടിപ്പ് നടന്നു. മരുന്ന് ഇടപാടില്‍ ബാബു തോമസ്, ജി. വിശ്വനാഥന്‍, കെ.പി. കൃഷ്ണകുമാര്‍, ജി. അനില്‍കുമാര്‍, സജീവ് എന്നീ കരാറുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സപ്ലൈകോ ഉദ്യോഗസ്ഥര്‍ ഈ ഇടപാടില്‍ ഗൂഢാലോചന നടത്തി. കരാറുകാര്‍ കൊള്ളലാഭം നേടി.

പഞ്ചസാര ലോറിയില്‍ കൊണ്ടുവരാന്‍ കരാര്‍ എടുത്തവരും കൊള്ളലാഭം വാരിക്കൂട്ടി. ട്രാന്‍സ്പോര്‍ട്ടിങ് കരാറുകാരായ വൈരവന്‍, എം. സുബ്രഹ്മണ്യന്‍, എം. മുത്തുരാമന്‍ തുടങ്ങിയവര്‍ക്ക് എതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥരുടെ ശല്യത്തെയും പീഡനത്തെയും കുറിച്ചുള്ള ആലപ്പാട്ട് ശ്രീനിവാസ റാവുവിന്റെ പരാതിയും സി.ബി.ഐ. അന്വേഷിക്കും.

നിലവില്‍ പോലീസ് അന്വേഷിക്കുന്ന 11 കേസുകള്‍ പോലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും ഇവ ഊതിവീര്‍പ്പിച്ച ആരോപണങ്ങളുള്ളവയാണെന്നുമാണ് സി.ബി.ഐ. നിലപാട്.

10. അധ്യാപക നിയമനം പി.എസ്.സിക്ക്: കെ.എസ്.ടി.യു അഭിപ്രായസര്‍വേ നടത്തും

മലപ്പുറം: സ്വകാര്യ സ്കൂളുകളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടുന്നതുസംബന്ധിച്ച് വിശദപഠനത്തിനായി അഭിപ്രായസര്‍വേ നടത്താന്‍ മലപ്പുറത്തുചേര്‍ന്ന കെ.എസ്.ടി.യു സംസ്ഥാന കൌണ്‍സില്‍ തീരുമാനിച്ചു.

സര്‍വേയുടെ ഭാഗമായി അധ്യാപകര്‍, അധ്യാപക വിദ്യാര്‍ഥികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍, വിദ്യാഭ്യാസ സംഘടനകള്‍ എന്നിവരില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കും.

സംഘടനയുടെ ഉപജില്ല_ജില്ലാ സമ്മേളനങ്ങളില്‍ വിഷയം ചര്‍ച്ചചെയ്ത് സംസ്ഥാന സമ്മേളനത്തില്‍ ക്രോഡീകരിക്കും.

കേരളീയ പരിതസ്ഥിതിക്ക് ചേരാത്ത സമയമാറ്റം, മതനിരാസ പരാമര്‍ശങ്ങള്‍, ഭാഷാവിരുദ്ധ സമീപനം, അധ്യാപകരെ അപ്രസക്തരാക്കല്‍, വികലമായ മൂല്യനിര്‍ണയ രീതി തുടങ്ങിയ പ്രതിലോമ നിര്‍ദേശങ്ങള്‍ പാഠ്യപദ്ധതി ചട്ടക്കൂട്ടില്‍നിന്ന് ഒഴിവാക്കണമെന്ന് കൌണ്‍സില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍_എയ്ഡഡ് വിദ്യാലയങ്ങളുടെ പൂര്‍ണ നിയന്ത്രണം പഞ്ചായത്തുകളെ ഏല്പിക്കുന്ന കെ.ഇ.ആര്‍ ഭേദഗതി തള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു.

കെ.ഇ.ആര്‍, കെ.സി.എഫ് എന്നിവയിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ക്കെതിരെ തുടങ്ങിയ പ്രതിരോധ കാമ്പയിന്‍ ജനവരി ഏഴിന് കോഴിക്കോട് സമാപിക്കുമെന്ന് കെ.എസ്.ടി.യു ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാന കൌണ്‍സില്‍ യോഗം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എ. അഹമ്മദ്കബീര്‍ ഉദ്ഘാടനംചെയ്തു. കെ.എസ്.ടി.യു സംസ്ഥാനപ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷതവഹിച്ചു. അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി.

കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹികളായ ടി.കെ. അഹമ്മദ്, പി.ടി. മുഹമ്മദ്, അബ്ദുള്‍കരീം മുസ്ലിയാര്‍, പി.എ. സീതി, ഹമീദ് കൊമ്പത്ത്, ബഷീര്‍ ചെറിയാണ്ടി, അബ്ദുള്ള വാവൂര്‍, എന്‍.ഇ. ഇസ്മായില്‍, അബ്ബാസ് വണ്ണപ്പുറം, നിഷാദ് പൊന്‍കുന്നം, പാലോട് അന്‍സാരി, യാസര്‍ അറഫാത്ത്, വി.കെ. മൂസ, പി.കെ. അസീസ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ സ്വാഗതവും വൈസ്പ്രസിഡന്റ് സി.കെ. അഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു.

11. കാര്‍ഷിക_ചെറുകിട മേഖലയില്‍ സ്വകാര്യബാങ്കുകള്‍ പിടിമുറുക്കുന്നു

തിരുവനന്തപുരം: സമ്പൂര്‍ണ ബാങ്കിങ് സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിന്റെ കാര്‍ഷിക_ചെറുകിട വ്യവസായ മേഖലയില്‍ സ്വകാര്യ ബാങ്കുകള്‍ പിടിമുറുക്കുന്നു. ഈ രംഗത്ത് വായ്പ അനുവദിക്കുന്നതില്‍ നിന്ന് ദേശസാല്‍കൃത ബാങ്കുകളും സഹകരണ ബാങ്കുകളും പിന്നോട്ടുപോകുന്നതാണ് സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനമാകുന്നത്. ആകെ വായ്പയുടെ പകുതിയോളം സ്വകാര്യ ബാങ്കുകളാണനുവദിച്ചുകൊണ്ടിരിക്കുന്നത്.

സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്സ് കമ്മിറ്റികളുടെ വാര്‍ഷിക റിപ്പോര്‍ട്ട് ഇതാണ് വ്യക്തമാക്കുന്നത്.

പ്രാഥമിക മേഖലയായ കാര്‍ഷിക രംഗത്തിന് 2007 സപ്തംബര്‍ വര 620730 കോടി രൂപയുടെ വായ്പയാണ് ബാങ്കുകള്‍ അനുവദിച്ചത്. 11,602.44 കോടി രൂപയായിരുന്നു വായ്പാലക്ഷ്യം. അതിന്റെ 53.50 ശതമാനം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14.24 ശതമാനം വര്‍ധനവുണ്ടായി. 5433.70 കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷം കാര്‍ഷിക മേഖലയ്ക്ക് വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയത്.

കാര്‍ഷിക മേഖലയില്‍ ലഭ്യമാകുന്ന വായ്പയുടെ പകുതിയും സ്വകാര്യ ബാങ്കുകളാണനുവദിക്കുന്നത്. ബാക്കി പകുതി മാത്രമാണ് സഹകരണ ബാങ്കുകളുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും പങ്ക്. സഹകരണ ബാങ്കുകള്‍ 27.68 ശതമാനവും ദേശസാല്‍കൃത ബാങ്കുകള്‍ 24.08 ശതമാനവുമാണ് നടപ്പുസാമ്പത്തികവര്‍ഷം ഈ രംഗത്ത് വായ്പ നല്‍കിയത്.

പാലക്കാട് ജില്ലയ്ക്കാണ് ഏറ്റവും കൂടുതല്‍ വായ്പ ലഭിച്ചത് 661.18 കോടി രൂപ. എറണാകുളമാണ് തൊട്ടുപിന്നില്‍_630.08 കോടി.

ചെറുകിട വ്യവസായ മേഖലയില്‍ വായ്പാനിക്ഷേപത്തില്‍ വളര്‍ച്ച പിന്നോട്ടാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 1598.55 കോടിരൂപയാണ് ഈ രംഗത്ത് വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയത്. അത് ഇത്തവണ 927.68 കോടിയായി കുറഞ്ഞിരിക്കുകയാണ്. സ്വകാര്യ ബാങ്കുകളാണ് ഈ രംഗത്ത് വായ്പ നല്‍കാന്‍ കൂടുതല്‍സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. 367.15 കോടി രൂപയാണവര്‍ മുടക്കിയത്. ദേശസാല്‍കൃത ബാങ്കുകളുടെ സംഭാവന 260.04 കോടിരൂപ മാത്രം.

കൊല്ലം ജില്ലയിലേക്കാണ് ചെറുകിട വ്യവസായ മേഖലയിലെ ഏറ്റവും കൂടുതല്‍ വായ്പ എത്തിയത്. 348.05 കോടി രൂപ. എറണാകുളമാണ് തൊട്ടുപിന്നില്‍ 95.3 കോടി രൂപ.

12. മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കൊച്ചി: വ്യാജ സോഫ്റ്റ്വെയറുകളുടെ പേരില്‍ സാധാരണ വില്പക്കാരെ പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഓള്‍ കേരള ഐ.ടി. ഡീലേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എറണാകുളം കടവന്ത്രയിലെ മൈക്രോസോഫറ്റ്ഡീലര്‍ ഓഫീസില്‍ നിന്നും അറ്റ്ലാന്റിസ് ജംഗ്ഷനിലെ മൈക്രോസോഫറ്റ് ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. എല്ലാ ജില്ലകളില്‍ നിന്നും വിതരണക്കാര്‍ പങ്കെടുത്തു. പ്രശ്നം രൂക്ഷമാകാന്‍ കാരണം ലൈസന്‍സുള്ള സോഫ്റ്റ് വെയറിന് മൈക്രോസോഫ്റ്റ് ചുമത്തുന്ന അമിതവിലയാണെന്ന് അസോസിയേഷന്‍ പറഞ്ഞു. അമേരിക്കയിലുള്ളതിനേക്കാള്‍ ഇരട്ടിയിലേറെയാണ് ഇവിടെ ഈടാക്കുന്നതെന്നും ഉപഭോഗം വ്യാപിപ്പിക്കാനും പ്രശസ്തമാക്കാനും മൈക്രോസോഫ്റ്റ് തന്നെയാണ് പൈറേറ്റഡ് സോഫ്റ്റ്വെയര്‍ വ്യാപിപ്പിച്ചതെന്ന് അവര്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ ഓഫീസുകളിലും ഉന്നതോദ്യാഗസ്ഥരുടെ വീടുകളിലുമടക്കം പലരും പൈറേറ്റഡ് സോഫ്റ്റ് വെയറുകളാണ് ഉപയോഗിക്കുന്നത്. ബ്രാന്‍ഡഡ്കമ്പ്യൂട്ടറുകള്‍ക്കൊപ്പംമൂലം കമ്പനികള്‍ ഉപയോഗയോഗ്യമായ ഓപ്പറേറ്റിങ് സിസ്റ്റം നല്‍കുന്നുമില്ല. മിതമായ നിരക്കില്‍ സോഫ്റ്റ്വെയര്‍ ലഭ്യമാക്കുന്നതിന് അസോസിയേഷന്‍ മൈക്രോസോഫ്റ്റുമായി ചര്‍ച്ച നടത്തവേയാണ് റെയ്ഡെന്നും സമരക്കാര്‍ പറഞ്ഞു.

13. ഒരു ചാക്കു മണ്ണും കുറെ വിത്തും
കഴിഞ്ഞ ദിവസം അഞ്ചാറു സായ്പുമാരും മദാമ്മമാരും കുട്ടനാട്ടിലെ പാടത്തിറങ്ങി നിന്നു നെല്ലു കൊയ്യുന്നതു ടിവിയിലൂടെ ഞാന്‍ കണ്ടിരുന്നു. അവരു വളരെ നന്നായി കൊയ്തെന്നാണ് ടിവിക്കാര്‍ പറഞ്ഞത്. സായിപ്പിനെ കുട്ടനാട്ടില്‍ കൊണ്ടുവന്ന ഹോട്ടലുകാരായിരിക്കും ശരിക്കും കൊയ്തത്. കൊയ്ത്തു ടൂറിസം കാണിക്കാമെന്നു പറഞ്ഞ് ഒരു പറ ഡോളറും അവര്‍ വാങ്ങിക്കാണും. കൃഷിയും കൃഷിക്കാരനും ഇല്ലാതാകുന്നതോടെ നെല്ലു കൊയ്യുന്നതെങ്ങനെയെന്നു നമ്മുടെ പിള്ളാരെയും ടിവിയിലൂടെ കാണിച്ചുകൊടുക്കേണ്ട സ്ഥിതിയാണ്.

കൃഷിക്കാരനെ സ്നേഹിക്കാനും സ്വന്തം അധ്വാനത്തില്‍ അഭിമാനിക്കാനും ഒരു ചാക്കുനിറയെ മണ്ണും ഏതെങ്കിലും പച്ചക്കറിയുടെ കുറച്ചു വിത്തും മതി. ഒരു ചാക്കില്‍ മണ്ണിട്ടുനിറച്ചു വെണ്ടയോ ചീരയോ നടാന്‍ എന്തിനാണ് അഭിമാനക്കുറവ്? കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന പരാതിയും ഇതിനു തടസ്സമല്ലല്ലോ. രാവിലെ എഴുന്നേറ്റ് ഒരല്‍പം വെള്ളവും ഒഴിക്കാം. കൃഷിക്കാരനാവാന്‍ ഏക്കറുകണക്കിനു ഭൂമി വേണമെന്ന് ആരും പറഞ്ഞിട്ടില്ല. അവ വളരുന്നതു മക്കള്‍ക്കു കാണിച്ചുകൊടുക്കണം. കൃഷി ചെയ്യുന്നതു കുറച്ചിലാണെന്ന ധാരണ മാറ്റണം. വല്ലയിടത്തു നിന്നും കൊണ്ടുവരുന്നതു വാങ്ങി ഭക്ഷിക്കുക മാത്രം ചെയ്യുന്നവര്‍ ഒരുപക്ഷേ, കൃഷിയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാകില്ല.

കോഴഞ്ചേരി ചന്തദിവസം എനിക്ക് ഒാര്‍മയുണ്ട്. നാല്‍പതോളം കെട്ടുവള്ളങ്ങള്‍ നിറയെ പച്ചക്കറിയും മറ്റു സാധനങ്ങളുമായിരിക്കും. ഇന്നു കൃഷിയില്ല. ചന്തകള്‍ വിരളം. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റാണ് എവിടെയും. ആരും കാണാതെ ആരെയും കാണാതെ സാധനങ്ങള്‍ എടുക്കാനുള്ള സൌകര്യം. ചന്തദിവസം എന്നത് അന്ന് ആഘോഷമാണ്. പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കിടാനുമുള്ള ദിവസം. അടുത്ത ചന്തയ്ക്കു കാണാം എന്നു പറഞ്ഞാണ് ആളുകള്‍ പിരിഞ്ഞിരുന്നത്. കല്യാണാലോചനകള്‍ പോലും നടക്കുന്ന സ്ഥലമായിരുന്നു ചന്ത.

ഇപ്പോള്‍ കല്യാണ ആലോചനകള്‍ക്കു കര്‍ഷകനെന്ന യോഗ്യത പരിഗണിക്കാറില്ല. മകന്‍ കര്‍ഷകനായതിനാല്‍ അവനു പെണ്ണുകിട്ടുന്നില്ലെന്ന് ഒരാള്‍ എന്റെ അടുത്തുവന്നു പരാതി പറഞ്ഞു. വല്ല കര്‍ഷകപാര്‍ട്ടി ഭാരവാഹിയെങ്കിലും ആയിരുന്നെങ്കില്‍ പെണ്‍വീട്ടുകാര്‍ സമ്മതിച്ചേനെ എന്ന നിരാശയും പങ്കുവച്ചു. ചെറുക്കന്റപ്പന്‍ കര്‍ഷകനായതിനാല്‍ കല്യാണം മുടങ്ങിയ ഒരു സംഭവം ഞാന്‍ പറഞ്ഞതോടെ അദ്ദേഹത്തിന്റെ പരാതി തീര്‍ന്നു. അപ്പന്‍ കൃഷിക്കാരനാണെന്നു പറയാന്‍ മടിക്കുന്ന മക്കള്‍ ഉള്ള കാലത്ത് ഇതിനപ്പുറവും സംഭവിക്കും.

ഈ സമയംകൊണ്ടു നമ്മള്‍ നട്ട വെണ്ടയും ചീരയും വളര്‍ന്നെന്നു കരുതുക. പക്ഷേ, പച്ചക്കറി ആര്‍ക്കും വേണ്ട. പച്ചക്കറി കഴിക്കുന്നതാണു നല്ലതെന്നാണു ഞാന്‍ പരിചയപ്പെട്ടിട്ടുള്ള എല്ലാ ഡോക്ടര്‍മാരും പറഞ്ഞിട്ടുള്ളത്. അവര്‍ അതു കഴിക്കുന്നുണ്ടോ എന്നതു മറ്റൊരു കാര്യം. കുട്ടികള്‍ക്ക് എട്ടുതരം കോഴിക്കറി ഉണ്ടാക്കി നല്‍കാന്‍ അമ്മമാര്‍ മല്‍സരിക്കും. കോഴി, ആട്, പോത്ത് ഇവയുടെ കരളും കാലും തലയും വില്‍ക്കാന്‍ ഒാരോരോ കടകളാണ്. കോഴിയെ കൊല്ലുന്നതു കണ്ടു കണ്ണടച്ചിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്. ഇന്നിപ്പോള്‍ ആളുകളെ കൊല്ലുന്നതു ടിവിയിലുടെ കണ്ടു പിള്ളേരു കയ്യടിക്കുന്നു. മണ്ണില്‍ നിന്നു കിട്ടുന്നത് ഉപയോഗിക്കാതെ നമ്മെ മണ്ണിലാക്കുന്ന സാധനമാണ് എല്ലാവരും വാങ്ങുന്നത്.
പാടത്തെ മണ്ണിലും വെള്ളത്തിലും ചവിട്ടാനുള്ള ആഗ്രഹം കൃഷിയെ സ്നേഹിക്കുന്നതിന്റെ തുടക്കമാണ്. ഇന്നു പാടത്തിന്റെ വരമ്പത്തുകൂടി ചെരിപ്പിടാതെ നടക്കാന്‍ എത്രപേര്‍ക്കു കഴിയും? ഫാഷന്‍ ഷോയില്‍ കയറിപ്പറ്റാന്‍ പാടുപെടുന്ന പെണ്‍പിള്ളേര്‍ പൂട്ടിയിട്ട പാടത്തിന്റെ വരമ്പത്തുകൂടി നടന്നാല്‍ മതി എന്നാണ് എന്റെ അഭിപ്രായം.

വല്യപ്പന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൃഷിസ്ഥലം നടന്നു കാണുകയായിരുന്നു അമേരിക്കയില്‍ നിന്ന് അവധിക്കു വന്ന കൊച്ചുമോനും നവവധുവും. പൂട്ടിയിട്ട പാടത്തു രണ്ടു പോത്തുകളെ കെട്ടിയിട്ടിട്ടുണ്ട്. മോഡേണ്‍ വേഷമണിഞ്ഞ നവവധു ശ്വാസംപിടിച്ചാണു വരമ്പത്തു കൂടി നടക്കുന്നത്. രണ്ടുപേരും നടന്നുനടന്നു പോത്തുകളുടെ അടുത്തെത്തിയതും കയറും പൊട്ടിച്ച് അവ പാഞ്ഞു. അവരുടെ നടപ്പു കണ്ടാണോ, അതോ വേഷം കണ്ടാണോ അവ കയറുപൊട്ടിച്ചോടിയതെന്നു പോത്തുകളോടു തന്നെ ചോദിക്കണം.

14. വിദ്യാ. പരിഷ്കരണം: അന്തിമ രൂപമായില്ല; സമിതി ഒരു മാസം കൂടി ആവശ്യപ്പെടും
തിരുവനന്തപുരം: സര്‍ക്കാരിനോട് ഒരു മാസം കൂടി കാലാവധി നീട്ടിച്ചോദിക്കാന്‍ സി.പി. നായര്‍ അധ്യക്ഷനായ കെഇആര്‍ പരിഷ്കരണ സമിതി തീരുമാനിച്ചു. ഈ മാസം കാലാവധി അവസാനിക്കാനിരിക്കെയാണിത്. വിദ്യാഭ്യാസ ചട്ടങ്ങള്‍ പരിഷ്കരിച്ച കരട് തയാറായെങ്കിലും ഇതിന്മേലുള്ള ഭേദഗതി അന്തിമമായി തയാറായിട്ടില്ല.

ഇതു സംബന്ധിച്ച് വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഇതനുസരിച്ച് അധ്യാപക, വിദ്യാര്‍ഥി, യുവജന സംഘടനകളും വ്യക്തികളും സമിതി മുന്‍പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഇതു ഭാഗികമായി പരിശോധിച്ച സമിതി കൂടുതല്‍ സമയം വേണമെന്ന നിഗമനത്തിലെത്തി.

ചട്ടങ്ങള്‍ ഓരോന്നായി എടുത്ത് ഭേദഗതി വരുത്താനാണു തീരുമാനം. എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ്സിയെ ഏല്‍പ്പിക്കുന്നത് ഉള്‍പ്പെടെ വിവാദ വിഷയങ്ങള്‍ ഇന്നലെ ചര്‍ച്ചയ്ക്കെടുത്തില്ല. അടുത്തമാസമാദ്യം തുടര്‍ച്ചയായി യോഗംചേര്‍ന്ന് റിപ്പോര്‍ട്ട് അന്തിമമാക്കും. സ്കൂളുകളുടെ ചുമതല പഞ്ചായത്തുകളെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്നു കെഎസ്യു പ്രസിഡന്റ് ഹൈബി ഈഡന്‍ സമിതി മുന്‍പാകെ ആവശ്യപ്പെട്ടു.

പി ടിഎ അല്ലാതെ മറ്റു സമിതികളെ സ്കൂള്‍ നടത്തിപ്പില്‍ ഇടപെടാന്‍ അനുവദിക്കരുത്. ശാസ്ത്രസാഹിത്യ പരിഷത്, രാഷ്ട്രീയ പക്ഷപാത അധ്യാപക സംഘടനകള്‍ എന്നിവയെയും ഒഴിവാക്കണം. സ്കൂള്‍ സമയം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറയ്ക്കുക, എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്സി വഴിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷന്‍ ഉന്നയിച്ചു.

15. കാര്‍ഷിക പാക്കേജ്: അടിയന്തര സഹായം അനിശ്ചിതത്വത്തില്‍
ആലപ്പുഴ: കുട്ടനാടന്‍ കാര്‍ഷികമേഖലയ്ക്ക് ഉണര്‍വും പ്രതീക്ഷയും നല്‍കി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കാര്‍ഷിക പാക്കേജിലെ 50 കോടി രൂപയുടെ അടിയന്തര സഹായം സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനത മൂലം അനിശ്ചിതത്വത്തിലായി.ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 1840 കോടിയുടെ കാര്‍ഷിക പാക്കേജ് പ്രകാരമുള്ള അടിയന്തര സഹായത്തിനു യഥാസമയം പദ്ധതി സമര്‍പ്പിച്ച് തുക വാങ്ങിയെടുക്കാനായില്ല. ജപ്തി ഭീഷണിയും മടവീഴ്ചയും മൂലം ദുരിതം നേരിടുന്ന കുട്ടനാടന്‍ കര്‍ഷകന് ആശ്വാസമാകുമായിരുന്ന അന്‍പത് കോടി രൂപ ലഭ്യമാകാന്‍ ഏറെ വൈകുമെന്നാണ് സൂചന.

സെപ്റ്റംബര്‍ 26ന് ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍, ഒരു മാസത്തിനകം പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അതു സമര്‍പ്പിച്ചത് രണ്ടാഴ്ച മുന്‍പ് മാത്രമാണ്. 50 കോടി ഉടന്‍തന്നെ നേടിയെടുക്കാന്‍ ഒന്നും ചെയ്തതുമില്ല.ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ മുഖ്യമന്ത്രിയും മറ്റു ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍, മുഖ്യമന്ത്രിതന്നെയാണ് 1840 കോടി രൂപയില്‍ 50 കോടി രൂപ അടിയന്തര സഹായമായി നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

എന്നാല്‍, അത് യഥാസമയം നേടിയെടുക്കുന്നതിനു നടപടിയുണ്ടായില്ല. കുട്ടനാടന്‍ കര്‍ഷകരില്‍ നല്ലൊരു പങ്കും ബാങ്കുകളുടെ കടക്കെണിയിലാണ്. കായല്‍മേഖലയില്‍ മടവീഴ്ച മൂലം കൃഷി ഉപേക്ഷിക്കേണ്ടിവന്ന ആറായിരത്തോളം ഏക്കറിലെ നെല്‍കൃഷി സംരക്ഷിക്കാനും അടിയന്തര സഹായം ഉപയോഗിക്കാമായിരുന്നു. കൃഷി ഉപേക്ഷിച്ചതുമൂലം പത്തുകോടിയിലേറെ രൂപയുടെ ഉല്‍പാദന നഷ്ടമാണ് കണക്കാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം പരിശോധിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടേണ്ടതുണ്ട്. മന്ത്രിസഭ അംഗീകരിച്ചാല്‍ മാത്രമേ വരുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തിയോ മറ്റു വിധത്തിലോ ഫണ്ട് ലഭ്യമാക്കൂ. പ്രധാനമന്ത്രി പ്രഖ്യാപിച്ച 25,000 കോടി രൂപയുടെ കാര്‍ഷിക പുനരുദ്ധാരണ പാക്കേജില്‍നിന്ന് കേരളത്തിന് അധിക സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു.

കുട്ടനാടിനു 150 കോടി രൂപ മുന്‍കൂര്‍ സഹായം നല്‍കണമെന്നു നിര്‍ദ്ദേശിച്ച് ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ തണുപ്പന്‍ സമീപനം അതും നഷ്ടപ്പെടുത്തി. കര്‍ഷകരുടെ കടബാധ്യത എഴുതിത്തള്ളാനും ദുര്‍ബലമായ കായല്‍ബണ്ടുകള്‍ ബലപ്പെടുത്താനും മാസങ്ങള്‍ക്കു മുന്‍പേ ഈ തുക ഉപയോഗിക്കാമായിരുന്നു.കേന്ദ്രസര്‍ക്കാര്‍ തരാമെന്നേറ്റ 1840 കോടി രൂപ വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ കുട്ടനാടിന്റെ അവസാന പ്രതീക്ഷയായ കാര്‍ഷിക പാക്കേജും ഫയലിലൊതുങ്ങും. പദ്ധതി നിര്‍വഹണത്തിനു വിദഗ്ധരടങ്ങുന്ന പ്രത്യേക ഏജന്‍സി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പ്രാഥമിക ചര്‍ച്ച പോലും തുടങ്ങിയിട്ടില്ലെന്നാണ് അറിവ്.

ഉദാസീനതയ്ക്കെതിരെ സമരത്തിനൊരുങ്ങുന്നുകുട്ടനാട്: കാര്‍ഷിക പാക്കേജിലെ തുക നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന ഉദാസീനതയ്ക്കെതിരെ കുട്ടനാട്ടില്‍ വീണ്ടും സമരമൊരുങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍തന്നെ പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങത്തക്കവിധം നടപടികള്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ച് സമരത്തിനിറങ്ങുമെന്ന് കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ മുന്നറിയിപ്പ് നല്‍കി. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി, കേന്ദ്ര കൃഷിമന്ത്രി, മുഖ്യമന്ത്രി എന്നിവരെ സന്ദര്‍ശിച്ച് നിവേദനം നല്‍കും.

16. വാഗ്ദാനം പാഴായി; അരിവില കുറച്ചില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ മുതല്‍ അരിവിലയില്‍ കിലോയ്ക്ക് 50 പൈസ കുറയ്ക്കുമെന്ന വാഗ്ദാനം നടപ്പായില്ല.
മൊത്ത വ്യാപാരത്തിലും ചെറുകിട വ്യാപാരത്തിലും മുന്‍ദിവസങ്ങളിലെ അരിവിലയില്‍ ഇന്നലെ ഒരു മാറ്റവുമുണ്ടായില്ല. ചില സ്ഥലങ്ങളില്‍ ചെറുകിട വ്യാപാരികള്‍ വിലകൂട്ടി വിറ്റതായി പരാതിയുമുണ്ട്.

ഭക്ഷ്യമന്ത്രി സി. ദിവാകരനും വ്യാപാരി വ്യവസായികളും തമ്മില്‍ ഡിസംബര്‍ 21നു നടത്തിയ ചര്‍ച്ചയിലാണ് 18 പൈസ വാറ്റ് ഇനത്തിലെ നികുതി, 10 പൈസ മൊത്തക്കച്ചവടക്കാരുടെ ലാഭം, 22 പൈസ ഇടനിലക്കാരുടെ ലാഭം എന്നിവ ഒഴിവാക്കി കിലോയ്ക്ക് 50 പൈസ കുറയ്ക്കാന്‍ ധാരണയായത്. നികുതിയുടെ കാര്യം മന്ത്രിസഭയാണ് തീരുമാനിക്കേണ്ടതെന്നും അക്കാര്യം പിന്നീട് അറിയിക്കാമെന്നുമായിരുന്നു ചര്‍ച്ചയില്‍ ഭക്ഷ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ നികുതി ഒഴിവാക്കുമെന്ന വിശ്വാസത്തില്‍ 50 പൈസ കുറയ്ക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം വ്യാപാരികള്‍ ഉറപ്പുനല്‍കി. ഈ ഉറപ്പാണ് പാലിക്കപ്പെടാതെപോയത്.
വില കുറയ്ക്കുമെന്നത് വ്യാപാരികളുടെ പ്രഖ്യാപനമാണെന്നും അത് നടപ്പാക്കേണ്ട ബാദ്ധ്യത അവര്‍ക്കാണെന്നുമാണ് ഇതിനെക്കുറിച്ച് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ പ്രതികരിച്ചത്. ആന്ധ്രയില്‍ നിന്ന് അരി എത്തിത്തുടങ്ങിയിട്ടുണ്ടെന്നും അരിക്ഷാമവും വിലയും വരും ദിവസങ്ങളില്‍ കുറയാനാണ് സാദ്ധ്യതയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കഴിഞ്ഞ നാലുദിവസമായി ആന്ധ്രയില്‍ നിന്ന് കേരളത്തില്‍ അരിയുമായി വാഗണുകള്‍ എത്തിയിട്ടില്ലെന്നാണ് മൊത്തവ്യാപാരികളുടെ സംഘടനയായ ഗ്രെയിന്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ സെക്രട്ടറി എസ്. താണുപിള്ള പറഞ്ഞത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വില കുറയ്ക്കുന്ന കാര്യം ആലോചിക്കാന്‍പോലും കഴിയില്ല. വില കൂട്ടേണ്ട സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെ അരിമില്‍ ഉടമകള്‍ സര്‍ക്കാരിന് കൊടുക്കാനുള്ള ലെവിയില്‍ കുടിശ്ശികവരുത്തിയതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ വില്പനനടത്താന്‍ അവര്‍ക്ക് അനുവാദം നിഷേധിച്ചിരിക്കയാണ്.
ഊണിനും ചായയ്ക്കും വില കുറയ്ക്കുമെന്ന് മന്ത്രി പറഞ്ഞിട്ട് എന്തു നടന്നു? ഇതുതന്നെയാണ് അരിവില കുറയ്ക്കുന്ന കാര്യത്തിലും സംഭവിക്കാന്‍ പോകുന്നതെന്ന് മൊത്ത വ്യാപാരികളായ ചാലയിലെ പോള്‍രാജ് ആന്‍ഡ് കമ്പനി ഉടമ എ. പോള്‍രാജ് പറഞ്ഞു. നികുതി ഒഴിവാക്കി സര്‍ക്കാരാണ് ആദ്യം വിലനിയന്ത്രണത്തിന് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

17. വീഡിയോ കോണ്‍ഫറന്‍സിംഗ് അട്ടിമറിക്കാനുള്ള ഐ.ടി. മിഷന്റെ നീക്കം പൊളിഞ്ഞു
തിരുവനന്തപുരം : വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയുള്ള സാക്ഷിവിസ്താരം അട്ടിമറിക്കാന്‍ വെള്ളയമ്പലത്തെ ഐ.ടി. മിഷനില്‍ ഗൂഢനീക്കം.
കഴിഞ്ഞ വ്യാഴാഴ്ച പരാജയപ്പെട്ട സാക്ഷിവിസ്താരത്തിന്റെ ട്രയല്‍ റണ്‍ ഇന്നലെ വീണ്ടും നടത്താനിരുന്നപ്പോള്‍ ഐ.ടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മധുസൂദനക്കുറുപ്പ് മുങ്ങി. അതേസമയം, വീഡിയോ കോണ്‍ഫറന്‍സിംഗിന്റെ അങ്ങേതലയ്ക്കലായ ദുബായില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
ട്രയല്‍ റണ്ണിന്റെ നിരീക്ഷകനായി എത്തിയ അതിവേഗ കോടതി ജഡ്ജി (ഒന്ന്) എസ്. സോമന്‍ ഏറെനേരം കാത്തിരുന്നിട്ട് മടങ്ങി. ഒടുവില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഡിവൈ.എസ്.പി എം. മധു ഐ.ടി. മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെട്ടു. സാക്ഷി വിസ്താരവും അതിന്റെ ട്രയല്‍ റണ്ണും മുടങ്ങിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി നിങ്ങളായിരിക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇതോടെ കോ-ഓര്‍ഡിനേറ്റര്‍ ഐ.ടി. മിഷനിലെത്തി. അങ്ങനെ ട്രയല്‍ റണ്‍ വിജയകരമായി നടത്തി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ട്രയല്‍ റണ്‍ നടത്താമെന്നാണ് യു.എ.ഇ എംബസിയില്‍ നിന്ന് അറിയിച്ചിരുന്നത്. അതനുസരിച്ച് ജഡ്ജിയും പബ്ളിക് പ്രോസിക്യൂട്ടര്‍ എ. രാജസേനനും ഐ.ടി മിഷനിലെത്തി. അവിടെ രണ്ട് ജീവനക്കാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. മെഷീന്‍ കേടാണെന്നും കണക്ഷന്‍ കിട്ടുന്നില്ലെന്നും പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.
ട്രയല്‍റണ്‍ വീണ്ടും നടക്കില്ലെന്നായതോടെ ജഡ്ജി മടങ്ങി. ഒടുവില്‍ കോ-ഓര്‍ഡിനേറ്റര്‍ എത്തിയ വിവരം ജഡ്ജിയെ പ്രോസിക്യൂട്ടര്‍ അറിയിച്ചു. അങ്ങനെ അദ്ദേഹം വീണ്ടുമെത്തി. ഒരു അത്യാവശ്യകാര്യത്തിന് സെക്രട്ടേറിയറ്റില്‍ പോയതാണെന്നാണ് മധുസൂദനക്കുറുപ്പ് പറഞ്ഞത്.
ദുബായിലെ സജ്ജീകരണ സ്ഥലത്തുണ്ടായിരുന്ന യു.എ.ഇ എംബസിയിലെ സച്ചിദാനന്ദനുമായി ജഡ്ജിയും പ്രോസിക്യൂട്ടറും സംസാരിച്ചു. ഇതോടെ സാക്ഷിവിസ്താരം നടത്തുന്നതിനുള്ള ഗ്രീന്‍ലൈനായി. ഡിസംബര്‍ 26ന് രാവിലെ 11ന് സാക്ഷിവിസ്താരം നടത്തും. ലാ കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്. എഫ്.ഐ നേതാവുമായിരുന്ന പെരുമാതുറ സ്വദേശി സക്കീറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം സാക്ഷി ദുബായിലുള്ള ഷാജഹാനെയാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിസ്തരിക്കുക. ഇങ്ങനെയൊരു വിസ്താരം കേരളത്തില്‍ ഇതിനുമുമ്പ് നടന്നിട്ടില്ല.

18. 5 രൂപ തുട്ടുകൊടുത്താല്‍… രൂപ 700 കൂടെപ്പോരും…
കെ.എന്‍. സുരേഷ്കുമാര്‍
പാലക്കാട്: അഞ്ചു രൂപ നാണയത്തിന് എത്ര വിലയുണ്ടാവും? വിഡ്ഢി ചോദ്യമല്ല. ചില അഞ്ചുരൂപാ നാണയങ്ങള്‍ക്ക് 700 രൂപയാണ് വില!
അതെങ്ങനെ? അപൂര്‍വ്വ നാണയങ്ങളാണ് അതിന്റെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ എത്രയോ ഇരട്ടി നല്‍കുന്നത്.
ഉദാഹരണത്തിന് 1996ലെ രണ്ടാമത് രാജ്യാന്തര വിള (ക്രോപ്സ്) ശാസ്ത്ര കോണ്‍ഗ്രസിന്റെ സ്മരണാര്‍ത്ഥം അടിച്ച അഞ്ചു രൂപാ നാണയം ഇപ്പോള്‍ കിട്ടാനില്ല. അതുകൊണ്ടുതന്നെ ഇതിന്റെ വില അതിന്റെ മേന്‍മയ്ക്ക് (തിളക്കം) അനുസരിച്ച് 500 മുതല്‍ 700 വരെയാണ്. അപൂര്‍വ്വ നാണയങ്ങള്‍ ശേഖരിക്കുന്നത് ഹോബിയാക്കിയവരാണ് എന്തു വില കൊടുത്തും ഇത്തരം നാണയങ്ങള്‍ വാങ്ങുന്നത്. ഇവര്‍ക്ക് ഇത്തരം നാണയങ്ങള്‍ എത്തിച്ചുകൊടാക്കാനായി ഡീലര്‍മാരുമുണ്ട്.
അലൂമിനിയത്തിന്റെ പഴയ പത്തു പൈസകളും 20 പൈസകളുമൊക്കെ എടുക്കാത്ത പൈസകളായി കണക്കാക്കി പലരും കളഞ്ഞിരിക്കും. ചെമ്പു പൈസകളുടെയും പിച്ചള പൈസകളുടെയുമൊക്കെ സ്്ഥിതിയും ഇതൊക്കെത്തന്നെയാവും. എന്നാല്‍ ഇത്തരം പൈസകള്‍ക്കും ചിലപ്പോള്‍ പറയുന്ന വില ലഭിക്കും. അപൂര്‍വ്വ നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കുമുള്ള ഡിമാന്‍ഡിനെപ്പറ്റി വേണ്ടത്ര അറിയാത്തവരില്‍ നിന്നു ചുളുവു വിലയ്ക്ക് ഇത്തരം നാണയങ്ങള്‍
കൈപ്പറ്റി പരമാവധി വിലയ്ക്ക്
വില്‍ക്കുന്ന ഡീലര്‍മാരുമുണ്ട്.
കോയിന്‍സ് ഒഫ് ഇന്ത്യ എന്ന
പേരില്‍ നാണയങ്ങളുടെ വില സംബന്ധിച്ച് പുറത്തിറക്കിയ കാറ്റലോഗില്‍ പറയുന്ന ചില പൈസകളുടെ വിലയും അവയ്ക്ക്
കിട്ടുന്ന പരമാവധി വിലയും ചുവടെ.
പത്തു പൈസ( അലൂമിനിയം 1983ര്‍-93) ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെ
പത്തുപൈസ( നിക്കല്‍, പിച്ചള 1968-71) മൂന്നു രൂപ മുതല്‍ പത്തു രൂപ വരെ
ഒരു പൈസ( വെങ്കലം 1964) അഞ്ചു
രൂപ മുതല്‍ 25 രൂപ വരെ. ഇന്ത്യ
യുടെ ചിത്രമുള്ള രണ്ടു രൂപ
( 1991ല്‍ ടൂറിസം വര്‍ഷത്തോട് അനുബന്ധിച്ച് പുറത്തിറക്കിയത്)
50 രൂപ മുതല്‍ നൂറു രൂപ വരെ.
സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തോടെയുള്ള രണ്ടു രൂപ (അദ്ദേഹത്തിന്റെ ജന്‍മശതാബ്ദിക്ക്- 1996 പുറത്തിറക്കിയത്) 100 മുതല്‍
200 രൂപ വരെ. ഗാന്ധിജിയുടെ ശിരസ്സോടെയുള്ള 10 രൂപ (അദ്ദേഹത്തിന്റെ ജന്‍മശതാബ്ദിക്ക് പുറത്തിറക്കിയത്) 150 മുതല്‍ 250 വരെ….
കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ന്യൂമിസ്മാറ്റിക്സ് ക്ളബ് ഭാരവാഹികളില്‍ നിന്ന് അറിയാം: ഫോണ്‍: കെ. എ. രാധാകൃഷ്ണന്‍ 9446791629, പ്രൊഫ. സി. എ. ഹൈദ്രോസ് 9847660217.

19. ടി.കെ.എ. നായര്‍ ഇടപെട്ടത് ഫലം ചെയ്തു
ബഹിരാകാശ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന് ലഭ്യമാക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുടെ അവസരോചിതമായ ഇടപെടലാണ് ഐ.എസ്.ആര്‍.ഒ ഭൂമി പ്രശ്നം ഒടുവില്‍ ധാരണയിലെത്താനും സഹായകമായത്.
മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ടി.കെ.എ. നായരുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന.
തുടര്‍ന്ന് പ്രശ്നത്തില്‍ സജീവമായി ഇടപെട്ട നായര്‍ ഭൂമിയുടെ കാര്യത്തില്‍ ഐ.എസ്.ആര്‍.ഒയേയും വഴിക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഐ.എസ്.ആര്‍.ഒയെ പ്രതിനിധാനം ചെയ്ത് വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. കെ. രാധാകൃഷ്ണന്‍ മാത്രമാണ് പങ്കെടുത്തത്. പതിവായി ചര്‍ച്ചയില്‍ സന്നിഹിതരാകാറുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബി.എന്‍. സുരേഷ്, വി.എസ്.എസ്.സി കണ്‍ട്രോളര്‍ കെ. എം. നായര്‍ എന്നിവര്‍ എത്തിയിരുന്നില്ല.
മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റില്‍ തുടങ്ങി ഇതുവരെ ഐ.എസ്.ആര്‍.ഒ സ്വീകരിച്ച നിലപാടുകള്‍ സംശയാസ്പദമാണെന്ന ആരോപണം പ്രധാനമന്ത്രിയുടെ ഓഫീസില്‍വരെ എത്തിയിരുന്നു. മെര്‍ച്ചിസ്റ്റണു പകരം സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഓരോ ഭൂമിയും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഐ.എസ്.ആര്‍.ഒ അധികൃതര്‍ തട്ടിക്കളയുകയായിരുന്നു. ഇതിനുപിന്നില്‍ ഐ.എസ്.ആര്‍.ഒയിലെ ഉന്നതരടങ്ങുന്ന ഉദ്യോഗസ്ഥ ലോബിയുണ്ടെന്നായിരുന്നു ആക്ഷേപം. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഐ.എസ്.ആര്‍.ഒയ്ക്കു വേണ്ടി ടി.കെ.എ. നായര്‍ തന്നെയാണ് നിലപാടുകള്‍ വിശദീകരിച്ചത്. പ്രശ്നം രമ്യമായി ധാരണയിലെത്താന്‍ അത് വഴിതെളിക്കുകയും ചെയ്തു. വലിയമലയില്‍ 70 ഏക്കര്‍ അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് അധികം കഴിയും മുമ്പ് ചില കേന്ദ്രങ്ങള്‍ ഇതിനെതിരെയും പത്രമാധ്യമ സ്ഥാപനങ്ങളില്‍ വിളിച്ച് പ്രചരണം ആരംഭിച്ചിട്ടുണ്ട്.
മാസങ്ങള്‍ നീണ്ട ഈ വിവാദത്തിന് വിരാമമായി എന്നു കരുതേണ്ട. മെര്‍ച്ചിസ്റ്റണുമായി ഉണ്ടാക്കിയ ഉടമ്പടി ഇനിയും ഐ.എസ്.ആര്‍.ഒ റദ്ദാക്കിയിട്ടില്ല. ആ “കഥ” ഇനിയും തുടരും.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w