Daily Archives: ഡിസംബര്‍ 24, 2007

ഡിസംബര്‍ 24 തിങ്കള്‍

keralakaumudi news   കേരളകൗമുദി വാര്‍ത്തകള്‍ കുറച്ച് ദിവസമായി തുറക്കാന്‍ കഴിയാത്തതിനാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല. സെര്‍വര്‍ പ്രശ്നമാകാന്‍ സാധ്യത.

1. മൈക്രോസോഫ്റ്റ് റെയ്ഡ്: കടകളടച്ച് പ്രതിഷേധിക്കും
കൊച്ചി: പോലീസ് സഹായത്തോടെ കംപ്യൂട്ടര്‍ ഭീമനായ മൈക്രോസോഫ്റ്റ് കമ്പനി നടത്തുന്ന റെയ്ഡില്‍ പ്രതിഷേധിച്ച് കംപ്യൂട്ടര്‍ വ്യാപാരികള്‍ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പണിമുടക്കും. വ്യാജ സോഫ്റ്റ്വെയറുകള്‍ തടയുന്നതിന് വിലകുറച്ച് ഇവ നല്‍കാന്‍ അസോസിയേഷനും മൈക്രോസോഫ്റ്റും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് രൂപപ്പെട്ട വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കമാണ് റെയ്ഡെന്നും ഓള്‍ കേരള ഐ.ടി ഡീലേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.

2. സ്ത്രീകള്‍ക്കു വീണ്ടും ഓര്‍ക്കുട്ട് ഭീഷണി
കോട്ടയം: സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൌഹൃദ സൈറ്റായ ഓര്‍ക്കുട്ട് ദുരുപയോഗിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഗാന്ധിനഗറിലെ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ചേര്‍ത്ത് ഉണ്ടാക്കിയ അശ്ളീല പ്രൊഫൈല്‍. മുന്‍പ് എസ്.എഫ്.ഐ നേതാവ് സിന്ധു ജോയി അടക്കമുള്ളവരുടെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. പ്രമുഖരുടെയും പ്രശസ്തരുടെയും പേരില്‍ ഓര്‍ക്കുട്ടില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇങ്ങനെ വ്യാജമായി ഉണ്ടാക്കുന്ന പ്രൊഫൈലുകളില്‍ മാന്യമായി ജീവിക്കുന്ന വീട്ടമ്മമാരുടെയും പെണ്‍കുട്ടികളുടെയും വിവരങ്ങളാണ് പലപ്പോഴും ചേര്‍ക്കുന്നത്. കോട്ടയത്തെ സുന്ദരിയായ വീട്ടമ്മ എന്ന പേരില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രൊഫൈലില്‍ ഗാന്ധിനഗറിലുള്ള ഒരു വീട്ടുകാരുടെ ലാന്‍ഡ്, മൊബൈല്‍ ഫോണ്‍നമ്പരുകളാണ് ചേര്‍ത്തിരിക്കുന്നത്. ലത സി.വി എന്ന പേരാണ് വീട്ടമ്മയ്ക്കു നല്കിയിരിക്കുന്നത്. ഇത് വ്യാജപ്പേരാണ്.

ഈ പ്രൊഫൈലില്‍ പ്രവേശിച്ച പലരും ഫോണ്‍നമ്പര്‍ കണ്ട് അതിലേക്കു വിളിച്ചപ്പോഴാണ് വീട്ടുകാര്‍ ഇങ്ങനെയൊരു സംഭവംതന്നെ അറിയുന്നത്. ഈ വീട്ടമ്മയുടെ പ്രൊഫൈലില്‍ മറ്റ് അശ്ളീല സൈറ്റുകളിലേക്കുള്ള ലിങ്കുകളും ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. വീട്ടമ്മയുടേതെന്ന പേരില്‍ മറ്റൊരു യുവതിയുടെ ചിത്രവും ഇതിലുണ്ട്. പങ്കാളികളെ തേടിയാണ് ഈ പ്രൊഫൈല്‍ ഉണ്ടാക്കിയിരി ക്കുന്നതെന്ന സൂചനയും ഇതിലുണ്ട്.

ഈ പ്രൊഫൈലുമായി ബിജു, സാം, കൊച്ചിരാജാവ്, സച്ചിന്‍, പ്രിയ, സീത എന്നിങ്ങനെയുള്ള നിരവധി കമ്യൂണിറ്റികള്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ഈ കമ്യൂണിറ്റികളില്‍ കയറിയാല്‍ അശ്ളീല ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട ലിങ്കുകളുമാണ് കാണുന്നത്.

32 വയസുള്ള വീട്ടമ്മയുടെ ജന്മദിനം ഏപ്രില്‍ അഞ്ചിനാണെന്നും ഇവര്‍ വിവാഹിതയാണെന്നും പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നു. കോട്ടയത്തെ 239….. ല്‍ തുടങ്ങുന്ന ലാന്‍ഡ് നമ്പരും 93… യില്‍ തുടങ്ങുന്ന റിലയന്‍സ് മൊബൈല്‍ നമ്പരുമാണ് സൈറ്റില്‍ ചേര്‍ത്തിരിക്കുന്നത്. ഈ വീട്ടുകാരോട് പകയുള്ളവരാരോ വ്യാജമായി സൃഷ്ടിച്ചതാണ് പ്രൊഫൈലെന്നു കരുതുന്നു. യുവാക്കള്‍ക്കിടയില്‍ വളരെ പ്രചാരംനേടിയിരിക്കുന്ന ഓര്‍ക്കുട്ട് സൌഹൃദ വലയം ഇപ്പോള്‍ ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്.

ആര്‍ക്കും ആരുടെയും പേരില്‍ ഓര്‍ക്കുട്ടില്‍ വിലാസങ്ങള്‍ സൃഷ്ടിക്കാമെന്നതാണ് ഇതിന്റെ അപകടം. സ്ത്രീകളെ അപമാനിക്കാനും അവരുടെ കൃത്രിമ ചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിക്കാനുമൊക്കെ ഓര്‍ക്കുട്ടിനെ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കാമറകളിലുംമറ്റുമെടുക്കുന്ന ചിത്രങ്ങള്‍ ഇത്തരം സൈറ്റുകളില്‍ ഉപയോഗിക്കപ്പെടുന്നു. നഗരങ്ങളിലുംമറ്റും മൊബൈല്‍ഫോണുകളില്‍ പെണ്‍കുട്ടികളുടെ ചിത്രം പകര്‍ത്തുന്നതും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു. മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് പേരുദോഷം കേള്‍ക്കേണ്ടി വരുന്ന അവസ്ഥയിലാണ് നമ്മുടെ പെണ്‍കുട്ടികള്‍. തീവ്രവാദിസംഘടനകളുംമറ്റും ഓര്‍ക്കുട്ട് ഉപയോഗിച്ച് പ്രചാരണം നടത്തുകയും ആളെക്കൂട്ടുകയും ചെയ്യുന്നത് നേരത്തേതന്നെ വിവാദമായിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നിരീക്ഷണങ്ങളും നടത്തുന്നുണ്ട്.
കടപാപോട്- ദീപിക

3. കൃഷിയും തെങ്ങുകയറ്റവും പഠിപ്പിക്കാന്‍ കോളേജ്
കോഴിക്കോട്: തെങ്ങുകയറ്റവും കൃഷിപ്പണിയും പരിശീലിപ്പിക്കാന്‍ കോളേജ് വരുന്നു. പറമ്പ് കിളയ്ക്കാനും തെങ്ങുകയറാനും ആളെ കിട്ടുന്നില്ലെന്ന പരാതിക്കിടയില്‍ കൃഷിവകുപ്പാണ് പുതിയ സംരഭവുമായി മുന്നോട്ടുവന്നത്. യുവജനങ്ങളില്‍ കൃഷിയോടും കാര്‍ഷികവൃത്തിയോടും താല്‍പ്പര്യം വളര്‍ത്തി മികച്ച കര്‍ഷകത്തൊഴിലാളികളാക്കി വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

കാസര്‍കോട് ജില്ലയിലെ പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഗിരിധര്‍, ഡോ. പി സി ബാലകൃഷ്ണന്‍, കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി വിക്രമന്‍ എന്നിവരാണ് കൃഷിപ്പണി പഠനത്തിന് കോളേജ് എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. നിര്‍ദേശങ്ങള്‍ കൃഷിവകുപ്പിന്റെ സജീവ പരിഗണനയിലാണ്.

വിദഗ്ദ കര്‍ഷകത്തൊഴിലാളികളെ കോളേജുകളിലെ പ്രധാനാധ്യാപകരാക്കണമെന്നാണ് നിര്‍ദേശം. കാര്‍ഷിക വിദഗ്ധര്‍, കൃഷി ശാസ്ത്രജ്ഞര്‍ എന്നിവരടങ്ങുന്നതാകും അക്കാദമിക് ഫാക്കല്‍റ്റി. കിളയ്ക്കല്‍, ഞാറ് നടല്‍, വിതയ്ക്കല്‍ തുടങ്ങി നെല്‍ക്കൃഷിപ്പണിയായിരിക്കും കോളേജിലെ പ്രധാന പാഠ്യവിഷയം. തെങ്ങുകയറ്റം മുഖ്യ ഉപവിഷയവും. വിവിധ കാര്‍ഷികോപകരണങ്ങളുടെ പ്രയോഗവും അഭ്യസിപ്പിക്കും.

തൂമ്പ, മണ്‍വെട്ടി, മണ്‍കോരി ഇവയ്ക്കൊപ്പം ആധുനിക കാര്‍ഷികോപകരണങ്ങളുടെ ഉപയോഗവും പഠിപ്പിക്കും. നാട്ടിപ്പാട്ടടക്കമുള്ള നാടന്‍പാട്ടുകള്‍ ഉള്‍പ്പെടുത്തി സംഗീതപഠനവും വിഭാവനം ചെയ്യുന്നു.

ഒരു ബാച്ചില്‍ 120 പേര്‍ക്കാണ് പ്രവേശനം. വിവിധ ജില്ലകളില്‍ കൃഷിവകുപ്പിനു കീഴില്‍ അമ്പതോളം ഫാമുകളുണ്ട്. ഇവിടങ്ങളാകും കോളേജും ക്ളാസ്മുറിയും. കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വിദ്യാര്‍ഥികളാകാം. പഠിക്കുന്ന പാഠം പ്രയോഗിക്കുമെന്ന കരാറോടെയാകും പ്രവേശനം. ആറു മാസമാണ് കോളേജില്‍ പരിശീലനം. തുടര്‍ന്ന് പരീക്ഷ, സര്‍ട്ടിഫിക്കറ്റ് ദാനം എന്നിവയെല്ലാം സമ്പൂര്‍ണ കലാലയമാതൃകയിലാണ്. കൃഷിയില്‍ തല്‍പ്പരരായ വിദ്യാര്‍ഥികള്‍ കൃഷിഭവനുകളില്‍ രജിസ്റര്‍ചെയ്യണം. ഇന്റര്‍വ്യൂ നടത്തിയാണ് പ്രവേശനം. ഫീസില്ല. സ്റ്റൈപെന്‍ഡ് ലഭിക്കുകയും ചെയ്യും.

4. സ്കൂളുകളില്‍ ഇനി സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം
തിരു: സംസ്ഥാനത്തെ സ്കൂളുകളില്‍ ഐടി പഠനത്തിന് ഇനി സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ഐടി പഠനവും പരീക്ഷയും മേളയുമെല്ലാം സ്വതന്ത്ര സോഫ്റ്റ്വെയറിലാകുന്നതോടെ കേരളം ഈ മേഖലയില്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും.

ഐടി പഠനം സ്വതന്ത്ര സോഫ്റ്റ്വെയറിലാകണമെന്ന് സര്‍ക്കാര്‍ ഉത്തരവ്് വരുംമുമ്പെ ഹൈസ്കൂളുകളിലെ ഒന്നാംപാദ പരീക്ഷ നടന്നത് ഈ സോഫ്റ്റ്വെയറുപയോഗിച്ചായിരുന്നു. 8, 9, 10 ക്ളാസുകളിലായി 15ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ ഐടി പ്രാക്ടിക്കല്‍ പരീക്ഷ സ്വതന്ത്ര സോഫ്റ്റ്വെയറുപയോഗിച്ച് എഴുതിയത്. ഇനി രണ്ടാംപാദം പരീക്ഷയും എസ്എസ്എല്‍സി പരീക്ഷയും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലായിരിക്കും. കഴിഞ്ഞ വര്‍ഷംവരെ പത്തില്‍താഴെ സ്കൂളിലാണ് സ്വതന്ത്ര സോഫ്റ്റ്വെയറില്‍ മാത്രമായി പരീക്ഷ നടന്നത്.

ഈ വര്‍ഷം ഐടി മേള പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് നടത്തുകയെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

മേളയില്‍ ഡിജിറ്റല്‍ പെയിന്റിങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, പ്രോഗ്രാമിങ് തുടങ്ങി മുഴുവന്‍ മത്സരവും സ്വതന്ത്ര സോഫ്റ്റ്വെയറിലാണ്. ഏഴാംക്ളാസില്‍ 38 വിദ്യാഭ്യാസജില്ലകളില്‍ ജനുവരിയില്‍ നടത്തുന്ന ഐടിപഠനവും ഇത് ഉപയോഗിച്ചായിരിക്കും.

സ്കൂളുകളില്‍ മൈക്രോ സോഫ്റ്റിനെ കുടിയിരുത്തുന്നു എന്ന പ്രചാരണം ശരിയല്ല. ഉടമസ്ഥാവകാശമുള്ള ഒരു സോഫ്റ്റ്വെയറും സ്കൂള്‍ ലാബുകളില്‍ വിന്യസിക്കേണ്ട സാഹചര്യമില്ലെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഡാറ്റാ എന്‍ട്രി സോഫ്റ്റ്വെയറും യുവജനോത്സവ സ്കോര്‍ രേഖപ്പെടുത്താനുള്ള സോഫ്റ്റ്വെയറും ഐടി@സ്കൂള്‍ പദ്ധതി പ്രകാരം വിതരണംചെയ്തതോ സ്കൂളിലെ ലാബുകളില്‍ വിന്യസിക്കുന്നതിനുള്ളതോ അല്ല. വിദ്യാര്‍ഥികള്‍ ഈ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കേണ്ട കാര്യമില്ല.

വളരെ പെട്ടെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പതിപ്പ് വികസിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും കൂടുതല്‍ പണം ആവശ്യമാണെന്നും കണ്ടതിനാലാണ് കഴിഞ്ഞവര്‍ഷം തയ്യാറാക്കിയത് ഈ വര്‍ഷവും ഉപയോഗിച്ചത്. യുവജനോത്സവത്തിനുള്ള സോഫ്റ്റ്വെയര്‍ ഒരു അധ്യാപകന്‍ കഴിഞ്ഞവര്‍ഷം തയ്യാറാക്കിയ പതിപ്പാണ് ഉപയോഗിച്ചത്. അതേസമയം, ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഉച്ചക്കഞ്ഞിവിതരണത്തിനും സ്റാഫ് ഫിക്സേഷനും മറ്റും തയ്യാറാക്കിയ പുതിയ ആപ്ളിക്കേഷനുകളെല്ലാം സ്വതന്ത്ര സോഫ്റ്റ്വെയര്‍ പതിപ്പുകളാണ്.

വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ആപ്ളിക്കേഷനുകളും വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറിലാക്കാന്‍ നടപടി എടുത്തുവരികയാണെന്നും അന്‍വര്‍ സാദത്ത് അറിയിച്ചു.

5. സംസ്ഥാന സ്കൂള്‍ ഐടിമേള 29 മുതല്‍
തിരു: ആറാമത് സംസ്ഥാന സ്കൂള്‍ ഐടിമേള 29 മുതല്‍ 31 വരെ ടെക്നോപാര്‍ക്കില്‍ നടക്കും. പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള ഐടി അറ്റ് സ്കൂള്‍ പ്രോജക്ടും കേരള സംസ്ഥാന ഐടി മിഷനും ടെക്നോപാര്‍ക്കും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ 38 വിദ്യാഭ്യാസ ജില്ലകളില്‍ നടന്ന ഐടിമേളകളില്‍ വിവിധ മത്സരങ്ങളില്‍ ഒന്നാംസമ്മാനാര്‍ഹരായ കുട്ടികളും പഠനപ്രവര്‍ത്തന സഹായികളായ മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മത്സരത്തില്‍ വിജയികളായ അധ്യാപകരുമുള്‍പ്പെടെ അഞ്ഞൂറോളംപേരാണ് ഐടി ഫെസ്റില്‍ പങ്കെടുക്കുന്നത്. ഡിജിറ്റല്‍ പെയ്ന്റിങ്, പ്രോഗ്രാമിങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ നിര്‍മാണം, ഐടി ക്വിസ്, ഐടി പ്രോജക്ട് എന്നീ ഇനങ്ങളിലാണ് വിവിധ വേദികളിലായി മത്സരങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷം മത്സരങ്ങള്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതമാണ്.

ഇരുപത്തൊമ്പതിന് പകല്‍ രണ്ടിന് വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനംചെയ്യും. ഹിന്ദു ഐടി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ആനന്ദ് പാര്‍ഥസാരഥി മുഖ്യപ്രഭാഷണം നടത്തും.

ഒന്നാംദിവസം രാവിലെ പത്തിന് കുട്ടികളുടെ മള്‍ട്ടിമീഡിയ പ്രസന്റേഷനും 11ന് ഡിജിറ്റല്‍ പെയ്ന്റിങ് മത്സരങ്ങളും നടക്കും. വൈകിട്ട് നാലിന് ‘വിവരസാങ്കേതികവിദ്യയുടെ സാമൂഹ്യതലം’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി ഇക്ബാലും ‘മള്‍ട്ടിമീഡിയ ആനിമേഷന്‍’ എന്ന വിഷയത്തില്‍ ഹിബിക്സ് ഡിസൈന്‍ ഡയറക്ടര്‍ കെ എസ് മധുവും ക്ളാസെടുക്കും. രണ്ടാംദിവസം ഒമ്പതിന് ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ജി വിജയരാഘവന്‍ കുട്ടികളുമായി സംവദിക്കും. അധ്യാപകരുടെ മള്‍ട്ടിമീഡിയ പ്രസന്റേഷനും കുട്ടികളുടെ പ്രോജക്ട് അവതരണവും നടക്കും. മൂന്നാംദിവസം രാവിലെ പത്തുമുതല്‍ ഐടി ക്വിസ് മത്സരം നടക്കും. 11.30 മുതല്‍ 1.30 വരെ കുട്ടികള്‍ ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികള്‍ സന്ദര്‍ശിക്കും. പകല്‍ രണ്ടിനു നടക്കുന്ന സിഇഒ മീറ്റില്‍ ടെക്നോപാര്‍ക്ക് സിഇഒ എന്‍ രാധാകൃഷ്ണന്‍നായര്‍, ടൂണ്‍സ് ആനിമേഷനിലെ പി ജയകുമാര്‍, ഇന്‍ ആപ് ടെക്നോളജീസിലെ സതീഷ്ബാബു, യുഎസ് ടെക്നോളജീസിലെ അലക്സാണ്ടര്‍ വര്‍ഗീസ്, ജിസിഐ എന്റര്‍പ്രൈസസിലെ സുനില്‍ ഗുപ്ത, ടിസിഎസിലെ ആര്‍ നാരായണന്‍ എന്നിവര്‍ കുട്ടികളുമായി സംവദിക്കും. പകല്‍ മൂന്നിന് വര്‍ക്കല രാധാകൃഷ്ണന്‍ എംപി സമ്മാനങ്ങള്‍ വിതരണംചെയ്യും.
കടപ്പാട്- ദേശാഭിമാനി

6. പെരിയാര്‍: മലിനീകരണം റഡാര്‍ പരിശോധനാഫലം മറച്ചുവച്ച് നേവിയെ രംഗത്തിറക്കുന്നു

കൊച്ചി: പെരിയാറിന്റെ നിറംമാറ്റത്തിനു കാരണമായ കമ്പനികളുടെ കുഴലുകള്‍ കണ്ടെത്തിയ റഡാര്‍ പരിശോധനാഫലം മറച്ചുവച്ച് ‘വിദഗ്ധ’ പരിശോധനയ്ക്കായി നേവി സംഘത്തെ രംഗത്തിറക്കുന്നു.

പൂനൈ ആസ്ഥാനമായ നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പെരിയാര്‍ നിറംമാറി ഒഴുകുന്ന ഏലൂരില്‍ കഴിഞ്ഞവര്‍ഷം സമഗ്ര റഡാര്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് പുഴയിലേക്ക് തുറക്കുന്ന കമ്പനികളുടെ രഹസ്യമായ മാലിന്യ നിര്‍ഗമന കുഴലുകള്‍ കണ്ടെത്തിയത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആവശ്യപ്രകാരം നടത്തിയ ഈ പരിശോധനയില്‍ എട്ടുലക്ഷം രൂപയാണ് ചെലവഴിച്ചത്. പെരിയാറിന്റെ നിറംമാറ്റത്തിനു കാരണക്കാര്‍ ഈ കമ്പനികളാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കുമ്പോഴും വേലിയേറ്റത്തിനേയും നദിയുടെ അടിത്തട്ടിലുണ്ടാകുന്ന ചലനത്തേയുമാണ് ബോര്‍ഡ് സാധാരണ പഴിക്കാറുള്ളത്. എന്നാല്‍ മലിനീകരണത്തിനുകാരണം നദീതീരത്തുള്ള ഏതോ ഒരു കമ്പനിയാണെന്ന് ബോര്‍ഡംഗം കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു.
മൂന്നു കമ്പനികളില്‍ ഒന്ന് പത്തുവര്‍ഷത്തെ മാലിന്യങ്ങള്‍ സംഭരിച്ച് ഒരുമിച്ച് ഒഴുക്കിയാലും പുഴയുടെ നിറം ഇത്രയും മാറില്ല. രണ്ടാമത്തെ കമ്പനിക്ക് മലിനമായ രാസജലം സംഭരിക്കുന്നതിനും പ്രത്യേകം തടാകമുണ്ട്. വില്ലനായ മൂന്നാമത്തെ കമ്പനിയാകട്ടെ ദിനംപ്രതി 30000 ലിറ്റര്‍ ഫെറസ് ക്ളോറൈഡാണ് പുറന്തള്ളുന്നത്. മാലിന്യത്തിന്റെ 10 ശതമാനംപോലും സംസ്കരിക്കാന്‍ കമ്പനിയില്‍ സാധ്യമല്ല. രാസമാലിന്യം ടാങ്കര്‍ ലോറികളിലാക്കി കാവേരി നദിയില്‍ നിക്ഷേപിച്ചതിന് ഈ കമ്പനിക്കെതിരേ കഴിഞ്ഞമാസം തമിഴ്നാട് പോലീസ് കെസെടുത്തിരുന്നു. ഈ കമ്പനിയാണ് നദിയിലേക്ക് അപകടകരമായ രാസമാലിന്യങ്ങള്‍ തള്ളുന്നതെന്നു പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി ചൂണ്ടികാണിച്ചിരുന്നു. ഓരോ തവണ നദി ചുവന്ന് മല്‍സ്യങ്ങള്‍ ചത്തു പൊങ്ങുമ്പോഴും നദിയിലിറങ്ങാതെ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയെന്നതു ബോര്‍ഡിന്റെ സ്ഥിരം കലാപരിപാടിയാണ്.

പൂനൈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാലിന്യക്കുഴലുകള്‍ നദിയില്‍നിന്നും നീക്കം ചെയ്യുമെന്ന പ്രതീക്ഷയും ബോര്‍ഡ് അട്ടിമറിച്ചു. ഈ വിവരങ്ങള്‍ പുറത്തുവിടാതെ നേവിയെ ഉപയോഗിച്ചുള്ള അടുത്ത പരിശോധന നടത്താനാണ് ഇവര്‍ തീരുമാനിച്ചത്. നദിയുടെ അടിത്തട്ട് വെളിവാക്കുന്ന കാമറ നിറംമാറ്റത്തിന്റെ ‘ഉറവിടം’ കണ്ടെത്തുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ രാജ്മോഹന്‍ കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നേവിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. അപകടകരമായ രാസമാലിന്യങ്ങളെ സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലിച്ചിട്ടില്ല. വ്യവസായ മേഖലകളില്‍ പരിസ്ഥിതി വാര്‍ഡന്മാരെ നിയോഗിക്കണമെന്നതു സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 200 തവണയിലേറെയാണ് പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയിരിക്കുന്നത്.

പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള ജില്ല, റീജണല്‍ ബോര്‍ഡ് അധികൃതരുടെ അവകാശം ബോര്‍ഡ് ചെയര്‍മാന്‍ സ്വന്തം കസ്റ്റഡിയിലാക്കിയതും ഫലപ്രദമായ നടപടിയെടുക്കുന്നതിനു വിഘാതമായിട്ടുണ്ട്.

7. ഐ.എസ്.ആര്‍.ഒയ്ക്കു ഭൂമി: തെന്നൂര്‍ വേണ്ടെങ്കില്‍ അറിയിക്കണം; പൊന്മുടി നല്‍കില്ലെന്നു സര്‍ക്കാര്‍

തിരുവനന്തപുരം: ബഹിരാകാശ ഗവേഷണകേന്ദ്രത്തിനായുള്ള ഭൂമി സംബന്ധിച്ച് സര്‍ക്കാരും ഐ.എസ്.ആര്‍.ഒയുമായുള്ള തര്‍ക്കം രൂക്ഷമാകുന്നു. സര്‍ക്കാര്‍ ഉത്തരവിലൂടെ നല്‍കിയ ഭൂമി വേണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണമെന്ന് റവന്യൂവകുപ്പ് ഐ.എസ്.ആര്‍.ഒയോട് ആവശ്യപ്പെട്ടു. ഐ.എസ്.ആര്‍.ഒ. രേഖാമൂലം ആവശ്യപ്പെട്ട പരിസ്ഥിതി ദുര്‍ബലപ്രദേശമായ പൊന്മുടി എസ്റ്റേറ്റ് ഒരു സാഹചര്യത്തിലും വിട്ടുകൊടുക്കേണ്ടെന്നും റവന്യൂവകുപ്പ് തീരുമാനിച്ചു. ഭൂമിപ്രശ്നം സംബന്ധിച്ച് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ ഇന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തും. പകരം നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും.

തെന്നൂരിലെ ഭൂമി ആവശ്യമില്ലെന്നും ഇക്കാര്യം കഴിഞ്ഞ 15-ന് സര്‍ക്കാരിനെ അറിയിച്ചെന്നുമാണ് ഐ.എസ്.ആര്‍.ഒയുടെ വിശദീകരണം. ഒരിക്കല്‍കൂടി ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ട ബാധ്യതയില്ലെന്ന് ഐ.എസ്.ആര്‍.ഒ. വക്താവ് പറഞ്ഞു. എന്നാലിത് റവന്യൂവകുപ്പ് അംഗീകരിക്കുന്നില്ല. ഐ.എസ്.ആര്‍.ഒയുമായി ചര്‍ച്ചകള്‍ക്കു ശേഷമാണ് തെന്നൂരിലെ ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. ഭൂമി വേണ്ടെന്ന ഐ.എസ്.ആര്‍.ഒയുടെ കത്ത് ലഭിച്ചിട്ടില്ലെന്നും റവന്യൂവകുപ്പ് വിശദീകരിക്കുന്നു.
ഐ.എസ്.ആര്‍.ഒയ്ക്കു നല്‍കാന്‍ മൂന്നുസ്ഥലങ്ങളാണ് റവന്യൂവകുപ്പ് പരിഗണിക്കുന്നത്. നെടുമങ്ങാട് താലൂക്കിലെ ചെറ്റച്ചല്‍ പ്രദേശത്ത് മൃഗസംരക്ഷണവകുപ്പിന്റെ പക്കലുള്ള സ്ഥലം, വിതുര ജഴ്സി ഫാമിലുള്ള സ്ഥലം, നെയ്യാര്‍ ഡാമിനു സമീപുള്ള പ്രദേശം എന്നിവയാണവ. ചെറ്റച്ചലിലുള്ള സ്ഥലം ഐ.എസ്.ആര്‍.ഒയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന വലിയമലയ്ക്കടുത്താണ്. റോഡ്, വെള്ളം, വൈദ്യുതി എന്നീ സൌകര്യങ്ങളും അവിടെയുണ്ട്. മുഖ്യമന്ത്രിയുമായി റവന്യൂമന്ത്രി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം നല്‍കേണ്ട ഭൂമിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ ഐ.എസ്.ആര്‍.ഒയ്ക്കു ഭൂമി നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ ‘മംഗള’ത്തോടു പറഞ്ഞു. എന്തു കാരണത്താലാണ് തെന്നൂരിലെ ഭൂമി വേണ്ടെന്നുവച്ചതെന്ന് ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കണം. അതിനു ശേഷം പുതിയ ഭൂമി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാം.

മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരമാണ് ഭൂമി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. അതു പിന്‍വലിച്ചാലേ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയൂ. അതിന് ഐ.എസ്.ആര്‍.ഒ. രേഖാമൂലം അറിയിക്കണം-അദ്ദേഹം പറഞ്ഞു.

തെന്നൂരിലെ ഭൂമിക്കു വനത്തിന്റെ സ്വഭാവമാണെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. അതിനു വിരുദ്ധമായി റിപ്പോര്‍ട്ട് നല്‍കിയ ലാന്‍ഡ് റവന്യൂകമ്മിഷണര്‍ക്കെതിരേ എന്തുനടപടി സ്വീകരിക്കണമെന്ന് ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ ധാരണയുണ്ടാകുമെന്നാണു സൂചന.
കടപ്പാട്- മംഗളം

8. ഹാരിസണ്‍ പ്ലാന്റേഷന്‍: പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കേണ്ടെന്ന് സര്‍ക്കാര്‍
തൊടുപുഴ: ഇടതുപക്ഷ തോട്ടം തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിന്റെ മറവില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി. ഇടുക്കി, വയനാട്, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 66,000 ഏക്കര്‍ ഭൂമിയാണ് ഹാരിസണിന് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്. ഈ തോട്ടങ്ങളുടെ പാട്ടക്കാലാവധി കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ഭൂമി തിരിച്ചുപിടിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഈ തീരുമാനം സര്‍ക്കാര്‍ മാറ്റി.

ഹാരിസന്റെ തോട്ടങ്ങള്‍ അളന്ന് അധിക ഭൂമി ഏറ്റെടുക്കാനാണ് ഈമാസം 21 ന് തിരുവനന്തപുരത്ത് സര്‍വേ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ജനുവരി ഒന്നുമുതല്‍ ഹാരിസന്റെ തോട്ടങ്ങള്‍ അളക്കാനും പാട്ടത്തിന് നല്‍കിയതില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് കണ്ടെത്താനുമാണ് സര്‍വേ വകുപ്പിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇത് 10,000 ഏക്കറില്‍ അധികം വരും. ബാക്കി ഭൂമി ഹാരിസണ് തന്നെ വിട്ടുനല്‍കാനാണ് തീരുമാനം.

പാട്ടക്കാലാവധി കഴിഞ്ഞതാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നിയന്ത്രണത്തിലുള്ള തോട്ടങ്ങള്‍. സര്‍ക്കാര്‍ ഇത് തിരിച്ചുപിടിക്കുന്നത് മറികടക്കാന്‍ കോട്ടയം ജില്ലയിലെയും കൊല്ലം ജില്ലയിലെയും തോട്ടങ്ങള്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അവര്‍ വില്‍പന നടത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇടുക്കി ജില്ലയിലെ കാളിയാര്‍ എസ്റ്റേറ്റ് വില്‍ക്കാന്‍ ആലുവയിലെ നെസ്റ്റ് ഗ്രൂപ്പുമായി കരാറുണ്ടാക്കി. ഇത് വിവാദമായതിനെ തുടര്‍ന്ന് ഭൂമി വില്‍പന സര്‍ക്കാര്‍ മരവിപ്പിച്ചു. ഹാരിസന്റെ നിയന്ത്രണത്തിലുള്ള ഭൂമിയെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ഭൂമി പല സ്ഥലത്തും ഹാരിസണ്‍ വില്‍ക്കുകയും ചില സ്ഥലങ്ങളില്‍ സബ്ലീസിന് നല്‍കുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വില്‍പന നടത്തിയിരുന്നു. പത്തനംതിട്ട ജില്ലയിലെ ളാഹ എസ്റ്റേറ്റിന്റെ പാട്ടക്കാലാവധി 2007 ജൂലൈയില്‍ പൂര്‍ത്തിയായതായി കണ്ടെത്തി. മറ്റ് ജില്ലകളിലെ തോട്ടങ്ങളുടെ പാട്ടക്കാലാവധിയും പൂര്‍ത്തിയായതായി റവന്യൂ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി രജിസ്ട്രേഷന്‍ വകുപ്പ് പ്രവര്‍ത്തിച്ചതാണ് സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍ വില്‍പന നടത്തിയതിന് വഴിയൊരുക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വില്‍ക്കുന്നയാളും വാങ്ങുന്നയാളും സ്വന്തം ഭൂമിയെക്കുറിച്ച് സത്യവാങ്മൂലം നല്‍കണമെന്നാണ് വ്യവസ്ഥ. ഈ സത്യവാങ്മൂലം ഇല്ലാതെയാണ് സര്‍ക്കാര്‍ ഭൂമി വില്‍പന നടത്താന്‍ രജിസ്ട്രേഷന്‍ വകുപ്പ് ഹാരിസണ് സൌകര്യം ചെയ്തുകൊടുത്തത്. ഇത് റദ്ദാക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് പാട്ടക്കരാര്‍ ലംഘിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കരാര്‍ ലംഘിച്ച് ഭൂമി മറ്റ് ആളുകള്‍ക്ക് കൃഷി ചെയ്യാന്‍ പാട്ടത്തിന് നല്‍കിയെന്നായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഹാരിസണ്‍ പ്ലാന്റേഷന്‍ ഉടമകള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയത്. ഒപ്പം പ്രമുഖ ഇടത് ട്രേഡ് യൂനിയനുകളെ സ്വാധീനിക്കുകയും ചെയ്തു. തോട്ടം ഏറ്റെടുക്കുന്നതിനെ ട്രേഡ് യൂനിയനുകള്‍ എതിര്‍ത്തു. സര്‍ക്കാര്‍ ഏറ്റെടുത്താല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് ആരോപിച്ചാണ് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കുന്നതിനെ ട്രേഡ് യൂനിയനുകള്‍ എതിര്‍ത്തത്. ഇത് മുതലെടുത്താണ് സര്‍ക്കാര്‍ പാട്ടക്കാലാവധി ഭൂമി ഏറ്റെടുക്കേണ്ടെന്നും ഹാരിസണ്‍ അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമി മാത്രം തിരിച്ചുപിടിച്ചാല്‍ മതിയെന്നും തീരുമാനിച്ചത്.
കടപ്പാട്- മാധ്യമം

9. ലോട്ടറിരാജാവിന് ലൈസന്‍സ്: ഉദ്യോഗസ്ഥനെ ബലിയാടാക്കി സര്‍ക്കാര്‍ തലയൂരുന്നു

പാലക്കാട്: സംസ്ഥാനത്ത് ഭൂട്ടാന്‍ ലോട്ടറിയുടെ വിതരണം സംബന്ധിച്ച് സര്‍ക്കാര്‍ നയവും തീരുമാനവും എടുക്കാനിരിക്കെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കേരളത്തിലെ വിതരണക്കാരായ ‘മെഗാ ഡിസ്ട്രിബ്യൂട്ടേഴ്സി’ന് ഭൂട്ടാന്‍ ലോട്ടറി വില്പനയ്ക്ക് അനുമതി നല്‍കിയതിന്റെ പേരിലാണ് വാണിജ്യനികുതി പാലക്കാട് സ്പെഷല്‍ സര്‍ക്കിള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി. ഹരികുമാറിനെ നികുതി സെക്രട്ടറി സസ്പെന്‍ഡ് ചെയ്തത്.

മുന്‍കൂര്‍ നികുതി തുക സ്വീകരിച്ച് ഭൂട്ടാന്‍ ലോട്ടറി വില്‍ക്കാന്‍ മെഗാ ഡിസ്ട്രിബ്യൂട്ടേഴ്സിന് അനുമതി നല്‍കണമെന്ന് ഡിസംബര്‍ 18ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ നികുതിവകുപ്പ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും സ്റ്റേ അനുവദിച്ചില്ല.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ നികുതി സ്വീകരിച്ച് ഭൂട്ടന്‍ ലോട്ടറി വിതരണത്തിന് അനുമതി നല്‍കണമോ എന്ന കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാനായിരുന്നു വകുപ്പ് കമ്മീഷണറുടെ നിര്‍ദേശം. ഇതനുസരിച്ച് അഡ്വക്കറ്റ് ജനറലിനെ സമീപിച്ചപ്പോള്‍ താത്കാലിക അനുമതി നല്‍കാനായിരുന്നു ഉപദേശം. തുടര്‍ന്ന് മെഗാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍നിന്ന് ജനവരിമാസത്തെ മുന്‍കൂര്‍ നികുതിയും പലിശയുമായി 3.14 കോടി രൂപ സ്വീകരിച്ച് 22ന് രാവിലെ താത്കാലിക അനുമതി നല്‍കി.

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം നികുതി സെക്രട്ടറിക്ക് അയയ്ക്കണമെന്നും അതിനുശേഷം സര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്നും കാണിച്ച് ഉച്ചയോടെ കമ്മീഷണറുടെ ഇ മെയില്‍ സന്േദശം സ്പെഷല്‍ ഓഫീസില്‍ ലഭിച്ചു. തുടര്‍ന്ന് മെഗാ ഡിസ്ട്രിബ്യൂട്ടേഴ്സിന് നികുതിപ്പണം തിരിച്ചുനല്‍കുകയും ഭൂട്ടാന്‍ ലോട്ടറി വിതരണത്തിനുള്ള താത്കാലിക അനുമതി റദ്ദാക്കുകയും ചെയ്തു.

എന്നാല്‍ വൈകീട്ട് നികുതി സെക്രട്ടറിയുടെ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ കോടതിഅലക്ഷ്യം ഭയന്ന് നികുതിവകുപ്പില്‍ സസ്പെന്‍ഷന്‍ നടപടിയുണ്ടാകുന്നത് ഈ വര്‍ഷം രണ്ടാമത്തേതാണ്. കോടതി ഉത്തരവുപ്രകാരം നടുപ്പുണി ചെക്പോസ്റ്റിലൂടെ കോഴിവണ്ടികള്‍ കടന്നുപോകാന്‍ അനുവദിച്ചതിന് ചിറ്റൂര്‍ ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ ഏതാനും ജീവനക്കാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കടപ്പാട്- മാതൃഭൂമി

10. റീസര്‍വേ ഇഴഞ്ഞു നീങ്ങുന്നു; 42 – ാം വര്‍ഷത്തിലേക്ക്
തിരുവനന്തപുരം: നാല്‍പ്പത്തൊന്നു വര്‍ഷം കഴിഞ്ഞിട്ടും റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ 40% പോലും പൂര്‍ത്തിയാകാതെ ഇഴയുന്നു. 1966ല്‍ ആരംഭിച്ചു 90ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട റീസര്‍വേ ഭാഗികമായെങ്കിലും തീര്‍ന്നത് 730 വില്ലേജുകളില്‍ മാത്രമാണ്. 873 വില്ലേജുകളില്‍ ഇനിയും റീസര്‍വേ നടപടികള്‍ തുടങ്ങിയിട്ടില്ല. ഇന്നത്തെ നിലയ്ക്ക് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തലമുറയ്ക്കും റീസര്‍വേയുടെ പ്രയോജനം ലഭിക്കുന്ന ലക്ഷണമില്ല.കേരളത്തില്‍ ആദ്യമായി റീസര്‍വേ നടന്നത് 1883ല്‍ തിരുവിതാംകൂറിലാണ്.

കേരള സംസ്ഥാനം നിലവില്‍വന്നതോടെ ഭൂരേഖകള്‍ പുതുക്കേണ്ടത് അനിവാര്യമായി. പഴയ രേഖകള്‍ പോക്കുവരവിനനുസരിച്ചു പരിഷ്കരിക്കാത്തതിനാലും മെട്രിക് സമ്പ്രദായം നിലവില്‍ വന്നതിനാലും സംസ്ഥാന വ്യാപകമായി റീസര്‍വേ വേണമെന്ന ആവശ്യം ശക്തമായി. ഇതിനെ തുടര്‍ന്നാണു റീസര്‍വേ നടപടി ആരംഭിച്ചത്. 1604 വില്ലേജുകളില്‍ 939ല്‍ ആണു റീസര്‍വേ നടപടി തുടങ്ങിയത്. ഇതില്‍ 731 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയായെന്നാണു സര്‍ക്കാരിന്റെ അവകാശവാദം.

ഏറിയകൂറും പഴയ തിരുവിതാംകൂറിലെ ഭാഗമായ ജില്ലകളിലാണ്.ഇന്നത്തെപ്പോലെ ആധുനിക ഉപകരണങ്ങള്‍ ഇല്ലാതിരുന്നിട്ടും തിരുവിതാംകൂറിലും കൊച്ചിയിലും റീസര്‍വേ പൂര്‍ത്തിയാക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ക്കു കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടു ഗോബല്‍ പൊസിഷനിങ് സിസ്റ്റം, 150ല്‍പരം ടോട്ടല്‍ സ്്റ്റേഷനുകള്‍, 250ല്‍പരം കംപ്യൂട്ടറുകള്‍ എന്നിവയും വിവിധ തസ്തികകളിലായി 3600ല്‍ പരം ഉദ്യോഗസ്ഥരും ഉണ്ടായിട്ടും ഇപ്പോഴത്തെ റീസര്‍വേ എങ്ങുമെത്താതെ മുടന്തുകയാണ്.

റീസര്‍വേ ആരംഭിച്ച ജില്ലകളിലെല്ലാം പരാതികളുടെ പ്രളയമാണ്. പരാതികള്‍ പരിഹരിക്കാന്‍ 95ല്‍ സര്‍വേ അദാലത്തുകള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. അന്നു ലഭിച്ച പതിനായിരക്കണക്കിനു പരാതികളില്‍ ഇനിയും തീര്‍പ്പുണ്ടായിട്ടില്ല.പൊതുജനങ്ങളുടെ നിസ്സഹകരണം മുതല്‍ അതിര്‍ത്തിത്തര്‍ക്കം വരെയുള്ള കാരണങ്ങള്‍ സര്‍വേ വൈകുന്നതിനു കാരണമായി പറയുന്നുണ്ടെങ്കിലും ജീവനക്കാരുടെ അനാസ്ഥയും ആക്കം കൂട്ടുന്നുണ്ട്.

റീസര്‍വേ പൂര്‍ത്തിയായാല്‍ സര്‍വേ വകുപ്പിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന ഭയം ഒരുവിഭാഗം ജീവനക്കാര്‍ക്കുണ്ട്. അവര്‍ സര്‍വേ വൈകിക്കുന്നതിനു ശ്രമിക്കുന്നുവെന്ന പരാതി വ്യാപകമാണ്. ടാറ്റയുടെ കൈവശമുള്ള ഭൂമി ഉപഗ്രഹ സര്‍വേ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയത് ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. റീസര്‍വേ ജോലികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കത്തെ ജീവനക്കാര്‍ കണ്ടത്.

എന്നാല്‍ വിശദമായ ആസൂത്രണത്തിന്റെ അഭാവവും ആധുനിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനത്തിന്റെ അഭാവവും 95 മുതല്‍ 10 വര്‍ഷം ജോലികള്‍ നിര്‍ത്തിവച്ചതുമാണു ജോലി പൂര്‍ത്തിയാകാതിരിക്കാന്‍ കാരണമെന്നാണു ജീവനക്കാരുടെ വിശദീകരണം. കാരണങ്ങള്‍ എന്തായാലും സര്‍വേ ഭൂരേഖകള്‍ പൂര്‍ത്തിയാകാത്തതു ഭൂമി ഇടപാടുകള്‍ സങ്കീര്‍ണമാക്കാനും അതുവഴി അഴിമതി വര്‍ധിപ്പിക്കാനും കാരണമായിട്ടുണ്ട്.

11. മണിക്കിണര്‍ ഖനനം: നാലു ദിവസം പിന്നിട്ടിട്ടും അടിത്തട്ട് കണ്ടെത്താനായില്ല
തിരൂര്‍: മാമാങ്ക സ്മാരകമായ മണിക്കിണറില്‍ പുരാവസ്തു വകുപ്പ് ഖനനം തുടങ്ങി നാലു ദിവസമായിട്ടും കിണറിലെ മാലിന്യങ്ങള്‍മൂലം യഥാര്‍ഥ മണ്ണ് കണ്ടെത്താനായില്ല. കൊടക്കല്‍ സിഎസ്ഐ ആശുപത്രി മതിലകത്തുള്ള സ്മാരകങ്ങളിലൊന്നായ മണിക്കിണറിലാണ് കഴിഞ്ഞ നാലു ദിവസമായി പുരാവസ്തു വകുപ്പ് എക്സ്കവേഷന്‍ അസിസ്റ്റന്റ് ഡി. മോഹനന്‍ നായരുടെ നേതൃത്വത്തില്‍ ഖനനം നടത്തുന്നത്.

കിണര്‍ പരിസരത്തെ കാടും മരങ്ങളും വെട്ടിമാറ്റി ദിവസവും പതിനഞ്ചോളം പേര്‍ ജോലി ചെയ്തിട്ടും കിണറിന്റെ അടിത്തട്ടു കാണാനാകാത്തതിനാല്‍ പുരാവസ്തു വകുപ്പ് അധികൃതരും അങ്കലാപ്പിലാണ്. കിണര്‍ നാലു കോല്‍ താഴ്ത്തിയെങ്കിലും കിണറില്‍ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ മാത്രമാണ് പുറത്തെടുക്കാനായിട്ടുള്ളത്.

ഇന്നലെ തിരൂര്‍ തുഞ്ചന്‍ കോളജ് എന്‍എസ്എസ് യൂണിറ്റും ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനായി രംഗത്തിറങ്ങി. നിലപാടുതറ, ചങ്ങമ്പള്ളി കളരി, മരുന്നറ എന്നീ മാമാങ്ക സ്മാരകങ്ങള്‍ സംഘം സന്ദര്‍ശിച്ചു. യന്ത്രസാമഗ്രികള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ പെട്ടെന്നു ഖനനം പൂര്‍ത്തിയാക്കാനാകുന്നില്ല. ഈ മാസം മുപ്പത്തിയൊന്നിനകം മണിക്കിണര്‍ ഖനനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഹേമചന്ദ്രന്‍ അറിയിച്ചു.

മണിക്കിണര്‍ ഖനനം നടത്തി ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ച് സന്ദര്‍ശകര്‍ക്കു കാണാനായി ആലത്തിയൂര്‍ റോഡില്‍ കവാടമുണ്ടാക്കാനാണ് പുരാവസ്തു വകുപ്പ് അധികൃതരുടെ തീരുമാനം. എന്നാല്‍ മണിക്കിണര്‍ ഖനനത്തിനുള്ള കൂലി പ്രതീക്ഷിച്ചതിലും അധികമായതായി അധികൃതര്‍ പറയുന്നു. എക്സ്കവേഷന്‍ ഫണ്ട് ഉപയോഗിച്ചാണ് ഖനനം നടത്തുന്നത്. മെയിന്റനന്‍സ് ഫണ്ടുകൂടി ലഭിച്ചാലേ ബാക്കി പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ. കിണറില്‍നിന്നു മണ്ണു നീക്കിത്തുടങ്ങിയതോടെ ചരിത്ര സ്മാരകം കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറിയിട്ടുണ്ട്. തിരുനാവായയിലെ മാമാങ്ക സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ നടപടിയാണ് മണിക്കിണര്‍ ഖനനം. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണ നടപടികള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കു കാണാനായി തുറന്നുകൊടുക്കാനാണ് പുരാവസ്തു വകുപ്പിന്റെ പദ്ധതി.
കടപ്പാട്- മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം