ഡിസംബര്‍ 20 വ്യാഴം

1. വിദ്യാഭ്യാസനിയമം ഉടച്ചുവാര്‍ക്കുന്നു
തിരുവനന്തപുരം: കേരള വിദ്യാഭ്യാസചട്ടം(കെ.ഇ.ആര്‍) പരിഷ്കരിക്കാനുള്ള സി.പി. നായര്‍ കമ്മിറ്റിയുടെ ശിപാര്‍ശകളുടെ ചുവടുപിടിച്ച് വിദ്യാഭ്യാസനിയമം തന്നെ ഉടച്ചുവാര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പുതിയ നിയമത്തിന്റെ കരടുബില്‍ തയാറാവുകയാണ്. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ച നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിനകം വിവാദമായ വിഷയങ്ങളില്‍ മാറ്റമൊന്നും കൂടാതെയാകും പുതിയ നിയമനിര്‍മാണം എന്നു തന്നെയാണ് സൂചന. സ്കൂളുകളുടെ പൂര്‍ണചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പിക്കുന്നതടക്കമുള്ള പരിഷ്കരണങ്ങള്‍ ഇതിലുള്‍പ്പെടുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂടും കെ.ഇ.ആര്‍ പരിഷ്കരണവും സംബന്ധിച്ച് ചര്‍ച്ചാപ്രഹസനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് പുതിയ വിദ്യാഭ്യാസനിയമത്തിനുള്ള നീക്കം എന്നത് ശ്രദ്ധേയമാണ്.
ഭരണനിര്‍വഹണം, പാഠ്യപദ്ധതിയുടെ നടത്തിപ്പ്, സ്കൂളുകള്‍ക്കാവശ്യമായ സാമ്പത്തിക വിഭവസമാഹരണം, വികസനം, അടിസ്ഥാന സൌകര്യനിര്‍മാണം, പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പ്, ജീവനക്കാരുടെ അച്ചടക്ക നടപടികള്‍, മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുംവിധം ജില്ലാതല വിദ്യാഭ്യാസസമിതികള്‍ രൂപവത്കരിക്കാന്‍ പുതിയ കരട് നിയമത്തിന്റെ 25ാം വകുപ്പില്‍ നിഷ്കര്‍ഷിക്കുന്നു.

സര്‍ക്കാറിന്റെ സാമ്പത്തികബാധ്യതയില്‍ നിന്ന് ഒഴിയുന്നതിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വികസനഫണ്ട് രൂപവത്കരിക്കാന്‍ 24ാം വകുപ്പ് നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസസമിതി തീരുമാനിക്കുന്ന കാര്യങ്ങള്‍ ഈ ഫണ്ട് മുഖേന നടപ്പാക്കണം. അതിനുപുറമെ സ്കൂളുകളുടെ മറ്റ് സാമ്പത്തികപ്രശ്നങ്ങളും ഈ ഫണ്ടില്‍ നിന്ന് വേണം പരിഹരിക്കാന്‍. ഇതിലേക്ക് നികുതി, ചുങ്കം, സര്‍വീസ് ചാര്‍ജ്, സംഭാവനകള്‍ തുടങ്ങിയവവഴി തദ്ദേശസ്ഥാപനങ്ങള്‍ വിഭവസമാഹരണം നടത്തണം.

ജില്ലകളിലെ വിദ്യാഭ്യാസപ്രശ്നങ്ങളുടെ പരിഹാരത്തിനും പ്രാദേശിക താല്‍പര്യങ്ങള്‍ക്കനുസൃതമായ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കും ജില്ലാ ആസൂത്രണ സമിതിയും കേരള മുനിസിപ്പല്‍ നിയമം 53ാം വകുപ്പ് പ്രകാരം ജില്ലാ വിദ്യാഭ്യാസ സമിതികളും രൂപവത്കരിക്കണമെന്ന് കരടു നിയമത്തിലെ 25ാം വകുപ്പ് പറയുന്നു. സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എക്സ് ഒഫീഷ്യോ ചെയര്‍പേഴ്സണ്‍ ആയിരിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി (ആരോഗ്യം) ചെയര്‍പേഴ്സണ്‍, സ്റ്റാന്റിംഗ് കമ്മിറ്റികളിലേതെങ്കിലും ഒന്നില്‍ അംഗമായ ഒരു വനിതാ കൌണ്‍സിലര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു വനിതയടക്കം രണ്ടുപേര്‍, നഗരസഭകളിലെ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാര്‍, ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ഒന്നിന്റെ പ്രിന്‍സിപ്പല്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ഒന്നിന്റെ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍^എയ്ഡഡ് ഹൈസ്കൂളുകളില്‍ നിന്ന് ഓരോ ഹെഡ്മാസ്റ്റര്‍, ഓരോ അപ്പര്‍ പ്രൈമറി, ലോവര്‍ പ്രൈമറി സ്കൂളുകളുടെ ഹെഡ്മാസ്റ്റര്‍മാര്‍ (സര്‍ക്കാര്‍ ^എയ്ഡഡ് വിഭാഗങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതം), മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പെടുന്ന സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ടീച്ചര്‍, സര്‍ക്കാര്‍ നിയോഗിക്കുന്ന രണ്ട് വിദ്യാഭ്യാസ വിദഗ്ധര്‍, വിദ്യാഭ്യാസ ഏജന്‍സികളില്‍ നിന്നുള്ള രണ്ടുപേര്‍, ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പല്‍ എന്നിവര്‍ അംഗങ്ങളായിരിക്കണം. അംഗങ്ങളുടെ കാലാവധി അഞ്ച് വര്‍ഷമാണ്.

ജില്ലയില്‍ ഓരോ പ്രദേശത്തും സ്കൂള്‍ വേണമോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടതും സ്കൂളുകളുടെ അപ്ഗ്രഡേഷന്‍, അവക്കുവേണ്ട അടിസ്ഥാനസൌകര്യങ്ങള്‍, ആവശ്യമായ ടീച്ചിംഗ് ^നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെ എണ്ണം, അവരുടെ നിയമനകാര്യങ്ങള്‍ തുടങ്ങിയവ നിശ്ചയിക്കേണ്ടതും ജില്ലാ വിദ്യാഭ്യാസസമിതി ആയിരിക്കും. സ്കൂളുകളുടെ ഗുണനിലവാരം, വിദ്യാഭ്യാസ വകുപ്പുമായുള്ള ഏകോപനം, പാഠ്യപദ്ധതി നടപ്പാക്കല്‍, ഉച്ചഭക്ഷണ വിതരണം, കേന്ദ്ര സഹായപദ്ധതികളുടെ നടത്തിപ്പ്, സ്കൂളുകളിലെ പ്രായപരിധി അഞ്ചുമുതല്‍ 18 വരെ എന്നത് ഉറപ്പാക്കല്‍, കൊഴിഞ്ഞുപോക്ക് തടയല്‍, മിനിമം പ്രവൃത്തിദിനം ഉറപ്പാക്കല്‍ എന്നിവ ഈ സമിതിയുടെ ചുമതലയായിരിക്കും.

ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലും വിദ്യാഭ്യാസ കൌണ്‍സിലുകള്‍ ഉണ്ടായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കും ചെയര്‍മാന്‍. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ഒരു വനിതാ അംഗം, അസിസ്റ്റന്റ് എജുക്കേഷനല്‍ ഓഫീസര്‍, സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി, ലോവര്‍ പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍, ഓരോ ടീച്ചര്‍, പ്രൈവറ്റ് സ്കൂളുകളുടെ മാനേജര്‍മാര്‍, അതേ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗം, സ്കൂളുകളിലെ ഒരു പി.ടി.എ അംഗം എന്നിവര്‍ അംഗങ്ങളായിരിക്കും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറാണ് ഈ കൌണ്‍സില്‍ രൂപവത്കരിക്കേണ്ടത്. ഇതേമാതൃകയില്‍ നഗരസഭകള്‍ക്കും കൌണ്‍സിലുകള്‍ ഉണ്ടായിരിക്കും. സ്കൂളുകളുടെ അച്ചടക്കം, അധ്യാപനം എന്നിവയുടെ മേല്‍നോട്ടം, സ്കൂളുകള്‍ക്ക് ദീര്‍ഘ ^ഹ്രസ്വകാലാവശ്യങ്ങള്‍ സംബന്ധിച്ചും പാഠ്യേതര കാര്യങ്ങള്‍ സംബന്ധിച്ചും ആരോഗ്യപരമായ പ്രശ്നങ്ങളിലും ഉള്ള തീരുമാനമെടുക്കല്‍, ഉച്ചഭക്ഷണം, കൊഴിഞ്ഞുപോക്ക്, നിശ്ചിത പ്രവൃത്തി ദിനങ്ങള്‍, പ്രാദേശികമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്തല്‍ എന്നിവയില്‍ തീരുമാനമെടുക്കല്‍ എന്നിവ ഈ കൌണ്‍സിലുകളുടെ അധികാരപരിധിയില്‍ വരും.അംഗീകൃത സ്വകാര്യസ്കൂളുകള്‍ക്കും പുതിയ വിദ്യാഭ്യാസ നിയമത്തിലെ 10ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. സര്‍ക്കാര്‍^എയ്ഡഡ് സ്കൂളുകളിലെ ടീച്ചര്‍മാരുടെ മേല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കുമെന്ന് കരട് നിയമത്തിലെ 18ാം വകുപ്പ് അനുശാസിക്കുന്നു. അധ്യാപകരുടെ ശിക്ഷാനടപടികള്‍ക്കും താല്‍ക്കാലിക ഒഴിവുകളിലെ നിയമനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്നതും എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നതും സംബന്ധിച്ച് നേരത്തേ ലഭിച്ച ശിപാര്‍ശകള്‍ തന്നെ കരടുനിയമത്തില്‍ സ്ഥലം പിടിച്ചിട്ടുണ്ട്.
കടപ്പാട്- മാധ്യമം

2. ഭക്ഷ്യവസ്തുക്കളുടെ വില വീണ്ടും കൂടും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളുടെ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിലും കുറവുണ്ടാകുമെന്ന് ദേശീയവികസന സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷ ഭാവിയില്‍ വലിയ പ്രശ്നമാകും. ഭക്ഷ്യോല്‍പ്പാദനത്തിലും വിലയിലും ആഗോളതലത്തില്‍ കണ്ടുവരുന്ന പ്രവണതയും നമ്മുടെ ഭക്ഷണശീലങ്ങളും കൂടി ചേരുമ്പോള്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയിലും ലഭ്യതയിലും വലിയ സമര്‍ദമാണ് വരാന്‍പോകുന്നത്.

ആഗോളസാമ്പത്തിക വിപണിയിലും സ്ഥിതി ആശങ്കാജനകമാണ്. അമേരിക്കയടക്കമുള്ള വന്‍സാമ്പത്തികശക്തികളുടെ വളര്‍ച്ച മുരടിക്കാനുള്ള സാധ്യതയുണ്ട്. ചില രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകാനുമിടയുണ്ട്. ഇത് നമ്മുടെ കയറ്റുമതിയെയും മൂലധനവരവിനെയും ബാധിക്കും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ(ജിഡിപി) 40 ശതമാനവും വിദേശമേഖലയുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ആഗോളപ്രതിഭാസങ്ങള്‍ക്ക് നമ്മള്‍ വലിയ പ്രാധാന്യം നല്‍കണം -മന്‍മോഹന്‍ സിങ് പറഞ്ഞു.

പശ്ചാത്തലസൌകര്യ, ഊര്‍ജ മേഖലകളില്‍ സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും പ്രധാന മേഖലകളില്‍ മാത്രം ഗവണ്‍മെന്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റ് മേഖലകള്‍ സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയും വേണം. സബ്സിസി പരിമിതപ്പെടുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. പ്രത്യുല്‍പ്പാദനപരമല്ലാത്ത മേഖലകളില്‍ പൊതുപ്പണം വിനിയോഗിക്കരുത്.

പതിനൊന്നാം പദ്ധതിയില്‍ മൊത്തം ബജറ്റ് സഹായത്തിന്റെ അമ്പത് ശതമാനത്തിലേറെ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗ്രാമവികസനം എന്നീ മേഖലകള്‍ക്കായി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍വ്വശിക്ഷാ അഭിയാന്‍ ശക്തിപ്പെടുത്തും. എല്ലാ ബ്ളോക്കുകളിലുമായി 6000 മോഡല്‍ സ്കൂളുകള്‍ തുടങ്ങും. മുപ്പത് കേന്ദ്രസര്‍വ്വകലാശാലകളും, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലായി 370 പുതിയ കോളേജുകളും തുടങ്ങും.

ആരോഗ്യമേഖലക്കുള്ള വിഹിതം ജിഡിപിയുടെ രണ്ട് ശതമാനമായി വര്‍ധിപ്പിക്കും. ന്യൂനപക്ഷങ്ങളുടെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രത്യേകപദ്ധതികള്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

വളര്‍ച്ചാനിരക്കു കൊണ്ട് ദാരിദ്യ്രനിര്‍മാര്‍ജനത്തിന് വേഗംകൂട്ടാന്‍ കഴിഞ്ഞില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. അടിസ്ഥാന ജീവിതസൌകര്യങ്ങള്‍ വലിയൊരു വിഭാഗത്തിന് എത്തിക്കാനായിട്ടില്ല. ദശലക്ഷക്കണക്കിന് കൂട്ടികള്‍ പോഷകാഹാരക്കുറവിനാല്‍ ക്ളേശിക്കുന്നു എന്ന നാണക്കേടും നിലനില്‍ക്കുന്നു.

ഈ ലക്ഷ്യങ്ങള്‍ നേടാന്‍ ഘടനാപരമായ മാറ്റം ആവശ്യമാണ്. ഈ പ്രക്രിയയില്‍നിന്ന് ചില സംസ്ഥാനങ്ങള്‍ പൂര്‍ണമായും മാറിനില്‍ക്കുകയാണ്. ഇത് അവസാനിപ്പിച്ച് ഈ സംസ്ഥാനങ്ങളെയും വളര്‍ച്ചയുടെ പ്രക്രിയയില്‍ ഉള്‍പ്പെടുത്തണം. ഇല്ലെങ്കില്‍ രാജ്യത്തിന്റെ മൊത്തം വികസനം സാധ്യമാക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി പറഞ്ഞു.

3. ‘മാംഗോ’യും ‘ക്ളബും’ കരാര്‍ ലംഘിച്ചു ആകാശവാണി… വാര്‍ത്തകള്‍ വ്യക്തമല്ല…
തൃശൂര്‍: ‘പാട്ടിന്റെ മാമ്പഴക്കാലവും’, ‘ടണ്‍കണക്കിന് ഹാസ്യ’വുമൊരുക്കി സ്വകാര്യ എഫ്എം റേഡിയോകള്‍ രംഗത്തെത്തിയതോടെ സാധാരണക്കാരുടെ പാട്ടുപെട്ടിയായ ‘ആകാശവാണി’യുടെ പരിപാടികള്‍ താളം തെറ്റുന്നു.

തൃശൂരില്‍ മനോരമയുടെയും മാതൃഭൂമിയുടെയും എഫ്എം റോഡിയോകള്‍ പ്രക്ഷേപണമാരംഭിച്ചതോടെ ആകാശവാണിയുടെ ഡല്‍ഹി പരിപാടികളും വാര്‍ത്തകളും പ്രക്ഷേപണംചെയ്യുന്നതിന് തൃശൂരില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടുതുടങ്ങി. ഈ തടസ്സം ഒഴിവാക്കാനാകുന്ന ഉപകരണം സ്ഥാപിക്കാതെ സ്വകാര്യ എഫ്എം നിലയങ്ങള്‍ പ്രക്ഷേപണം തുടങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

ഉപഗ്രഹംവഴിയാണ് ആകാശവാണിയുടെ ഡല്‍ഹിയില്‍നിന്നുള്ള വാര്‍ത്തകളും മറ്റും പ്രാദേശികനിലയങ്ങളില്‍ എത്തുന്നത്. ഇവ എസ് ബാന്‍ഡില്‍ സ്വീകരിച്ച് ഇന്റര്‍ മീഡിയറ്റ് ഫ്രീക്വന്‍സിയാക്കിയശേഷം അതത് നിലയങ്ങള്‍ക്ക് അനുവദിച്ച മീഡിയം വേവ് ഫ്രീക്വന്‍സിയില്‍ പ്രക്ഷേപണംചെയ്യും. ആകാശവാണി തൃശൂര്‍ നിലയത്തില്‍ ഡല്‍ഹിപരിപാടികള്‍ മാറ്റുന്നത് 91നും 95നും ഇടയിലുള്ള ഇന്റര്‍ മീഡിയറ്റ് ഫ്രീക്വന്‍സിയിലേക്കാണ്. ഇപ്പോള്‍ മാതൃഭൂമിക്കും മനോരമയ്ക്കും അനുവദിച്ചിട്ടുള്ള ഫ്രീക്വന്‍സി 94.3 ഉം 91.9 ഉം ആണ്. അത്യാധുനിക ഉപകരണങ്ങളോടെ ഈ ഫ്രീക്വന്‍സിയില്‍ പാട്ടുകളും മറ്റും പ്രക്ഷേപണം ചെയ്യുന്നതിനാല്‍ ഡല്‍ഹിയില്‍നിന്നുള്ള പരിപാടികള്‍ സ്വീകരിക്കുമ്പോള്‍ ആകാശവാണിയില്‍ തടസ്സങ്ങളുണ്ടാവുന്നു.

ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സ്വകാര്യ റേഡിയോ ഉടമകള്‍ സ്വന്തം ചെലവില്‍ ലോ നോയ്സ് ബ്ളോക്ക് കണ്‍വെര്‍ട്ടറും എല്‍ബാന്‍ഡ് റിസീവറും പ്രക്ഷേപണനിലയത്തില്‍ സ്ഥാപിക്കണമെന്ന് കരാര്‍വ്യവസ്ഥയിലുണ്ട്. ഒന്നരലക്ഷത്തോളം രൂപയേ ഈ രണ്ട് ഉപകരണത്തിനുമുള്ളൂ. ‘മാംഗോ’യുടെയും ‘ക്ളബി’ന്റെയും പരസ്യത്തിന് കോടികള്‍ ഇടിച്ചുതള്ളുന്ന രണ്ട് പത്രങ്ങള്‍ക്കും ഈ തുക നിസ്സാരം. എന്നിട്ടും ആകാശവാണി പരിപാടികളെ അലോസരപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല.

കേരളത്തില്‍ 17 സ്വകാര്യ എഫ്എം നിലയങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ആകാശവാണിയുടെ എഫ്എം നിലയങ്ങളുമായി ബന്ധപ്പെട്ടാണ് ഇവ പ്രവര്‍ത്തിക്കുക. എന്നാല്‍, ഇതിന് അപവാദമാണ് തൃശൂര്‍. ഇവിടെ എഫ്എം സൌകര്യം ഏര്‍പ്പെടുത്താതെയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് എഫ്എം അനുവദിച്ചത്.

50 വര്‍ഷം പഴക്കമുള്ള ഈ നിലയത്തില്‍ എഫ്എം സൌകര്യംഏര്‍പ്പെടുത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ലോനപ്പന്‍ നമ്പാടന്‍ എംപി ലോക്സഭയില്‍ ഇത് ആവശ്യപ്പെടുകയുമുണ്ടായി. വിശാലമായ സൌകര്യവും ആധുനിക സ്റ്റുഡിയോയുമെല്ലാം ഈ നിലയത്തിലുണ്ട്. ട്രാന്‍സ്മിറ്റര്‍മാത്രം സ്ഥാപിച്ചാല്‍ എഫ്എം നിലയമാക്കാന്‍ സാധിക്കും. എന്നാല്‍, മാംഗോയെയും ക്ളബിനെയും മറ്റും മാടിവിളിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ ‘ആകാശവാണി’യെ തഴയുന്നു.

4. പ്ളാന്റുകള്‍ തല്‍ക്കാലം അടയ്ക്കില്ല 6 മാസത്തിനുള്ളില്‍ ഫാക്ടിനു നഷ്ടം 100 കോടി
കൊച്ചി: അസംസ്കൃതവസ്തുക്കളുടെ വിലവര്‍ധനയെത്തുടര്‍ന്ന് കഴിഞ്ഞ ആറുമാസത്തിനകം ഫാക്ടിനുണ്ടായ നഷ്ടം 100 കോടിയിലധികം. കഴിഞ്ഞവര്‍ഷത്തെ മൊത്തം നഷ്ടം 125 കോടി രൂപയായിരുന്നു. അന്താരാഷ്ട്രവിപണിയില്‍ സള്‍ഫറിന്റെയും നാഫ്തയുടെയും വില വര്‍ധിച്ചതും ഇതുമൂലം പ്ളാന്റുകളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് നഷ്ടം കുത്തനെ ഉയരാന്‍ കാരണം. ആറുമാസംമുമ്പ് ടണ്ണിന് 80 ഡോളറായിരുന്നു സള്‍ഫറിന്റെ വില. ഇപ്പോള്‍ അത് 500 കടന്നു. ഒപ്പം നാഫ്തയുടെ വിലയും 20,268ല്‍ നിന്ന് 29,300ലെത്തി.

ഇതിനിടെ ഫാക്ടില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്ളാന്റുകള്‍ തല്‍ക്കാലം അടക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചു. കൊച്ചിഡിവിഷനില്‍നിന്ന് ഉദ്യോഗമണ്ഡല്‍ ഡിവിഷനിലേക്ക് സള്‍ഫര്‍ എത്തിച്ച് പ്ളാന്റുകള്‍ പ്രവര്‍ത്തിപ്പിക്കും. പ്ളാന്റുകള്‍ അടച്ചാല്‍ അത് വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.

മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിങ് കോര്‍പറേഷന്‍വഴി ഓര്‍ഡര്‍ നല്‍കിയിരുന്ന 18,000 ടണ്‍ സള്‍ഫറുമായി ഗള്‍ഫില്‍നിന്ന് കപ്പല്‍ യാത്രതിരിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ഓര്‍ഡര്‍ നല്‍കിയെങ്കിലും ഷിപ്പിങ് ഏജന്‍സി വരുത്തിയ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഫാക്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോര്‍ജ് സ്ളീബ അറിയിച്ചു. കപ്പല്‍ ആറോ ഏഴോ ദിവസത്തിനകം എത്തും. ഇതുപയോഗിച്ച് പ്ളാന്റുകള്‍ രണ്ടുമാസത്തോളം പ്രവര്‍ത്തിപ്പിക്കാം.

പ്ളാന്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും കമ്പനി ലേ ഓഫ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിഎംഡി അറിയിച്ചു. ക്യാബിനറ്റിന്റെ കമ്മറ്റി ഓഫ് സെക്രട്ടറീസ് ശുപാര്‍ശചെയ്ത 200 കോടി രൂപയുടെ ഇടക്കാലസഹായം ലഭിച്ചാല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും. പ്രതിമാസം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുമാത്രം 10കോടി രൂപ വേണം. ഒരുമാസത്തെ മൊത്തംചെലവ് 20 കോടി രൂപയാണ്. എന്നാല്‍തന്നെ 200കോടി രൂപ ലഭിച്ചാല്‍ അത് പ്രവര്‍ത്തനമൂലധനത്തില്‍ ചേര്‍ത്ത് കമ്പനിയുടെ നഷ്ടം കുറയ്ക്കാന്‍ കഴിയും.

മംഗലാപുരം റിഫൈനറിയില്‍നിന്ന് വാങ്ങിയ 3000 ടണ്‍ സള്‍ഫര്‍ അടിയന്തരമായി എത്തിക്കാനും നടപടിയായിട്ടുണ്ട്. മംഗലാപുരത്തുനിന്ന് ലോറിയില്‍ ദിവസവും 600 ടണ്‍വീതം എത്തിക്കും. ഇതും ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ ഉപയോഗിക്കും. കൊച്ചി ഡിവിഷനില്‍ ഇപ്പോള്‍ 1500ടണ്‍ സള്‍ഫര്‍ സ്റ്റോക്കുണ്ട്. ജനുവരിയില്‍ എംഎംടിസിവഴി സള്‍ഫറിന് വീണ്ടും ടെന്‍ഡര്‍ നല്‍കും. എന്നാല്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസഹായം ലഭിച്ചാല്‍മാത്രമേ ഇക്കാര്യം തീരുമാനിക്കാനാകൂ.

5. ഫാക്ടിലെ ജിപ്സം ഉപയോഗിച്ച് ഭിത്തിനിര്‍മാണ യൂണിറ്റ്
കൊച്ചി: ഫാക്ടിന്റെ കൊച്ചി, ഉദ്യോഗമണ്ഡല്‍ ഡിവിഷനുകളില്‍ കെട്ടിക്കിടക്കുന്ന 55 ലക്ഷം ടണ്‍ ജിപ്സം ഉപയോഗിച്ച് കെട്ടിടനിര്‍മാണത്തിനാവശ്യമായ ജിപ്സം ബോര്‍ഡ് യൂണിറ്റ് സ്ഥാപിക്കും.ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഫാക്ട് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കൊച്ചി അമ്പലമേട്ടില്‍ മുംബൈയിലെ രാഷ്ട്രീയ കെമിക്കല്‍സ് ഫെര്‍ട്ടിലൈസര്‍ കമ്പനിയുമായി ചേര്‍ന്ന് 78കോടി രൂപയുടെ മുതല്‍മുടക്കിലാണ് യൂണിറ്റ് സ്ഥാപിക്കുക.

ജിപ്സം ബോര്‍ഡ് നിര്‍മാണത്തിന് ഓസ്ട്രേലിയന്‍ ടെക്നോളജിയാണ് ഉപയോഗിക്കുക. പ്രതിവര്‍ഷം 40കോടിരൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാമെന്നാണ് പ്രതീക്ഷ. പ്ളാന്റ് നിര്‍മാണത്തിന് ഫെഡോയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.

ഫാക്ടംഫോസിന്റെ ഉപോല്‍പ്പന്നമായ ജിപ്സം ഉപയോഗിച്ചുള്ള ബോര്‍ഡുകള്‍ കെട്ടിടങ്ങളുടെ ഭിത്തിനിര്‍മാണത്തില്‍ സിമന്റിനും ഇഷ്ടികയ്ക്കും പകരം ഉപയോഗിക്കാം. ജിപ്സത്തിന്റെ വലിയ ബോര്‍ഡുകള്‍ നിര്‍മിച്ച് കൂട്ടിച്ചേര്‍ത്താണ് ഭിത്തികള്‍ നിര്‍മിക്കുക. ഈടുറ്റ ഈ ഭിത്തികള്‍ക്ക് 230ഡിഗ്രി സെല്‍ഷ്യസിലുള്ള ചൂടുവരെ താങ്ങാന്‍ കഴിയും.

പ്രതിവര്‍ഷം 6-7 ലക്ഷം ടണ്‍ ജിപ്സം ഫാക്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കൊച്ചിന്‍ ഡിവിഷനില്‍ 40 ലക്ഷം ടണ്ണും ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ 15ലക്ഷം ടണ്ണും ജിപ്സമാണ് കെട്ടിക്കിടക്കുന്നത്്.
കടപ്പാട്- ദേശാഭിമാനി

6. സര്‍വേ രേഖകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ 28 വില്ലേജുകളില്‍ ഭൂമിയുടെ സര്‍വേ രേഖകള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ തീരുമാനിച്ചു. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ തൈക്കാട് വില്ലേജിലെ മുഴുവന്‍ സര്‍വേ രേഖകളും കമ്പ്യൂട്ടര്‍വത്കരിച്ചു. 15 രൂപ ഫീസ്നല്‍കിയാല്‍ ഭൂമിയുടെ സര്‍വേ രേഖകളുടേയും ആധാരങ്ങളുടേയും പ്രിന്റ് ഔട്ട്ലഭ്യമാക്കാനാണ് പരിപാടി. കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാകുന്നതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച മുഴുവന്‍ രേഖകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

7. വ്യാജനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി
ഭോപ്പാല്‍: ഭോപ്പാലിലെ ഹോഷാങ്കബാദില്‍ വ്യാജനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും നോട്ട് അച്ചടിക്കുന്ന മെഷീനുകളും ആറു ലക്ഷത്തിന്റെ വ്യാജ നോട്ടുകള്‍ കണ്ടെത്തി. ഇബ്രാഹിം പൂരില്‍ നിന്നും വ്യാജ നോട്ടുമായി ആഷിഷ് അഗര്‍വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വ്യാജനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. ശോഭാരാം, ധീരജ് റാഥോര്‍, അരവിന്ദ്, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കടപ്പാട്- ദീപിക

8. സപ്ലൈകോ മൊത്തവ്യാപാരികളില്‍ നിന്ന് അരിവാങ്ങുന്നു
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കേരളത്തിലെ അരി മൊത്തവ്യാപാരികളില്‍നിന്ന് അരി നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചു. ആന്ധ്രയില്‍നിന്ന് അരി എത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടതും സര്‍ക്കാര്‍ അരിക്കടകളിലെയും ന്യായവില ഷോപ്പുകളിലെയും സ്റ്റോക്ക് തീരുകയും ചെയ്ത സാഹചര്യത്തിലാണിത്. നടപടിക്രമങ്ങള്‍ പാലിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ടെണ്ടര്‍ നടപടികള്‍ അതീവരഹസ്യമായിരുന്നു. മൊത്തവ്യാപാരികളില്‍നിന്ന് വാങ്ങുന്ന അരി സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ ഫെഡും നടത്തുന്ന സ്ഥാപനങ്ങള്‍ വഴിയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെയും ഇന്നുമുതല്‍ വിതരണം ചെയ്യും.

പതിനായിരം ടണ്‍ അരി വാങ്ങുന്നതിനാണ് ടെണ്ടര്‍ ക്ഷണിച്ചതെങ്കിലും എത്ര ടണ്‍ വാങ്ങുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഏറ്റവും കുറഞ്ഞ ടെണ്ടര്‍ നിരക്ക് പ്രകാരം കിലോഗ്രാമിന് 17.50 രൂപയ്ക്കാണ് അരി വാങ്ങുന്നത്. അതേസമയം മൊത്ത വ്യാപാരികളില്‍നിന്ന് നേരിട്ട് അരി വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നു. സപ്ലൈകോയും സ്ഥിരം കരാറുകാരും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലത്രെ.

സപ്ലൈകോ അരിക്കടകള്‍ വഴി 14 രൂപക്കാണ് അരി വില്‍ക്കുന്നത്. 17.50ന് വാങ്ങിയ അരി 14 രൂപക്ക് വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം സബ്സിഡിയായി സപ്ലൈകോക്ക് നല്‍കും.
ആന്ധ്രയില്‍നിന്ന് അരി എത്തിക്കുന്നതിന് ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ക്രിസ്മസ്^ബക്രീദ് ആഘോഷവേളയില്‍ പരാതി ഉയരാതിരിക്കാനാണ് കേരളത്തിലെ അരി മൊത്ത വ്യാപാരികളില്‍നിന്ന് അരി വാങ്ങാന്‍ സപ്ലൈകോ നിര്‍ബന്ധിതരായതെന്ന് കോര്‍പറേഷന്റെ ഉന്നത വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം അരിയുടെ ഗുണനിലവാരം പോലും സപ്ലൈകോ പരിശോധിച്ചിട്ടില്ലത്രെ. അടൂര്‍ പ്രകാശ് ഭക്ഷ്യമന്ത്രിയായിരിക്ക്െ അരിയും പയര്‍ വര്‍ഗങ്ങളും ആന്ധ്രപ്രദേശ് സപ്ലൈകോ^മാര്‍ക്കറ്റ് ഫെഡ് മുഖേന സംഭരിച്ച് എത്തിക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടിരുന്നുവെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.

9. കാലാവസ്ഥാ വ്യതിയാനം ആരോഗ്യം തകര്‍ക്കും
വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തില്‍ മനുഷ്യരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. ആഗോള താപനത്തെ തുടര്‍ന്നുണ്ടാകുന്ന താപനിലയിലെ നേരിയ വര്‍ധന പോലും മനുഷ്യരുടെ ആരോഗ്യനില തകര്‍ക്കും^ പ്രത്യേകിച്ചും വൃദ്ധരുടെ^ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍ ഭൂമിയുടെ ഏത് കോണിലായാലും ചൂട് ഭയങ്കരമായി കൂടും.

ഈര്‍പ്പവും വരള്‍ച്ചയും തണുപ്പും കൂടും. പരസ്പര വിരുദ്ധമായ മാറ്റങ്ങളായിരിക്കും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ അനുഭവപ്പെടുക. കടുത്ത വിശപ്പിന്റെയും പട്ടിണിയുടെയും കാലമാണ് വരാനിരിക്കുന്നത്.ചിലയിടങ്ങളില്‍ ഇത് മാരകമായിരിക്കും. വെറുമൊരു രാസമലിനീകരണമോ, രോഗാണു വ്യാപനമോ അല്ല കൈകാര്യം ചെയ്യാനുള്ളത്. അതിലും വ്യാപകവും വിരുദ്ധ സ്വഭാവമുള്ളതുമായ ദുരന്തങ്ങളെയാണ് മനുഷ്യകുലത്തിന് ഇനി നേരിടാനുള്ളതെന്ന് വിസ്കോണ്‍സിന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ ജൊനാഥന്‍ എ പാറ്റ്സ് ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വ്യതിയാനം സര്‍വതിനെയും ബാധിക്കും. ആഗോള താപനം മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുക എന്നതിനെ കുറിച്ചുള്ള പ്രവചനങ്ങള്‍ അപൂര്‍ണമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഒരു ഡിഗ്രി ഫാരന്‍ഹീറ്റ് വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ധന 1.6 ലക്ഷം പേരുടെ ജീവഹാനിക്ക് കാരണമായതായി ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു. ഇത് 2020 ആകുന്നതോടെ ഇരട്ടിയാകുമെന്നാണ് കരുതുന്നത്. ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, തെക്ക്^കിഴക്കന്‍ ഏഷ്യഎന്നിവിടങ്ങളിലായിരിക്കും ഇത് ഏറ്റവും മാരകമായി ബാധിക്കുക.
പോഷകാഹാര കുറവ്, വയറിളക്കം, മലേറിയ, ഉഷ്ണതരംഗം, വെള്ളപ്പൊക്കം തുടങ്ങിയ കാരണങ്ങളാലുള്ള മരണനിരക്ക് ഉയരും.
കടപ്പാട്- മാധ്യമം

10. 11_ാം പദ്ധതി കര്‍ഷകവിരുദ്ധവും സമ്പന്നാനുകൂലവും_കേരളം

ന്യൂഡല്‍ഹി: പതിനൊന്നാം പഞ്ചവത്സര പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ദേശീയ വികസനസമിതിയോഗത്തില്‍ പദ്ധതിക്കെതിരെ കേരളം ആഞ്ഞടിച്ചു. കര്‍ഷകവിരുദ്ധവും അതിസമ്പന്നര്‍ക്കനുകൂലവുമായ നിര്‍ദേശങ്ങളാണ് പദ്ധതിയിലുള്ളതെന്ന് സംസ്ഥാന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ യോഗത്തില്‍ ആരോപിച്ചു. സാമ്പത്തിക പരിഷ്കാരങ്ങള്‍ആരംഭിച്ചശേഷം കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തോളമായി തുടരുന്ന നയങ്ങള്‍ പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കി മാറ്റുന്നതും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്നതുമാണ്. കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ചെയ്യാത്ത 11_ാം പദ്ധതി നിര്‍ദേശങ്ങള്‍ സമ്പന്നര്‍ക്കും വ്യവസായികള്‍ക്കും മാത്രമേ പ്രയോജനപ്പെടുകയുള്ളൂ _ വി.എസ് ആരോപിച്ചു. ഭക്ഷ്യ എണ്ണ സംബന്ധിച്ച് കേന്ദ്രം കൈക്കൊണ്ടിരിക്കുന്ന നയം കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്ത വികസനത്തിലേക്കുള്ള പ്രയാണമായാണ് പുതിയ പദ്ധതി രേഖ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജനങ്ങളില്‍ ഒരു ന്യൂനപക്ഷത്തിനെ വികസനത്തില്‍ പങ്കാളികളാക്കുമ്പോള്‍, മറുഭാഗത്തിനെ വികസനത്തില്‍ നിന്ന് പുറംതള്ളുകയാണ്.
പദ്ധതിരേഖ, കരാര്‍ കൃഷി തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും വിളകള്‍ക്ക് വേണ്ടത്രവില ലഭ്യമാക്കാനുള്ള നടപടികളെക്കുറിച്ച് സംസാരിക്കുന്നതേയില്ല. ആദായകരമായ വിലനല്‍കി വിളകള്‍ സംഭരിക്കുന്നതിനെക്കുറിച്ച് പറയുന്നതിനു പകരം, വില പിടിച്ചുനിര്‍ത്താനുള്ള സാധ്യതകളെ കുറിച്ചാണ് പദ്ധതിരേഖ പറയുന്നത്. വിളകള്‍ക്കു മതിയായ വിലകിട്ടുമെന്നതിന് ഉറപ്പുകളൊന്നുമില്ലെങ്കില്‍ ചെറുകിട കര്‍ഷകര്‍ക്ക് വായ്പകള്‍ ലഭ്യമാകില്ല. ഇതുകര്‍ഷക പ്രതിസന്ധിയിലേയക്ക് നയിക്കുകയും പദ്ധതി ലക്ഷ്യം വെക്കുന്ന നാലു ശതമാനം വളര്‍ച്ച കൈവരിക്കാനാകാതെ വരികയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ വന്‍കിട കര്‍ഷകര്‍ക്കു മാത്രമേ പിടിച്ചു നില്‍ക്കാനാവൂ_ അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേരളം കര്‍ഷക പ്രതിസന്ധിയുടെ അവസരത്തില്‍ കൈക്കൊണ്ട നടപടികള്‍ വി.എസ്. യോഗത്തില്‍ വിവരിച്ചു.
പദ്ധതിരേഖയില്‍ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളൊന്നും ഇല്ലെന്ന് സൂചിപ്പിച്ച വി.എസ്് ‘തൊഴില്‍ വിപണിയുടെ അയവ്’ എന്നുരേഖയില്‍ പറയുന്നത് തൊഴിലാളി വിരുദ്ധമായ സമീപനമാണ് എന്നും ചൂണ്ടിക്കാണിച്ചു. അസംഘടിത മേഖലാ തൊഴിലാളികളുടെ സാമൂഹികസുരക്ഷയെക്കുറിച്ച് ബജറ്റ് മൌനം പാലിക്കുകയാണ്. രൂപയുടെ മൂല്യവര്‍ധന നാണ്യവിളകള്‍ കയറ്റുമതിചെയ്യുന്ന കര്‍ഷകരെ ബാധിക്കുന്നുണ്ട്്. വിളകള്‍ക്ക് മതിയായ വില ലഭ്യമാക്കിക്കൊണ്ട് കൃഷിക്ക് മുന്‍തൂക്കം നല്‍കുക, പണത്തിന്റെ ഒഴുക്കിന് നയപരമായ നിയന്ത്രണം വരുത്തുക, സമത്വവാദത്തിലടിസ്ഥാനമാക്കിയ ഭൂഉടമാ സമ്പ്രദായം കൊണ്ടുവരിക, പാവപ്പെട്ടവരുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക, കൂടുതല്‍ പണക്കാരായി മാറുന്നവര്‍ക്കുമേല്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കേരളം മുന്നോട്ടു വെച്ചിട്ടുണ്ട്.

11. വികസനഫലങ്ങളുടെ വിതരണം നീതിപൂര്‍വകമാക്കും_ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനം അതിന്റെ ഫലങ്ങളുടെ നീതിപൂര്‍വമായ വിതരണത്തില്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു.

ന്യൂനപക്ഷക്ഷേമത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും ഡല്‍ഹിയില്‍ ദേശീയ വികസനസമിതി (എന്‍.ഡി.സി.) യോഗത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു. 11_ാം പദ്ധതി സര്‍ക്കാര്‍ വര്‍ഗീയവത്കരിക്കുന്നു എന്ന ബി.ജെ.പി.യുടെ വിമര്‍ശനം തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി സര്‍ക്കാറിന്റെ ഈ നിലപാട് വ്യക്തമാക്കിയത്.

നീതിയാണ് ഇന്ത്യയുടെ ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. രാജ്യത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കുന്നതും ഇതാണ്_ പ്രധാനമന്ത്രി പറഞ്ഞു. വികസനം ജനങ്ങളെ ഭിന്നിപ്പിക്കാനാകരുത്; ഒന്നിപ്പിക്കാനാകണം. 11_ാം പദ്ധതി ന്യൂനപക്ഷങ്ങളുടെയും പട്ടികജാതി പട്ടികവിഭാഗങ്ങളുടെയും പുരോഗതിക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ, ദുര്‍ബല വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന മേഖലകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും തൊഴില്‍ പരിശീലനത്തിനും പ്രത്യേക പദ്ധതികളുണ്ടാക്കും.

ത്വരഗതിയിലുള്ള വളര്‍ച്ചയുണ്ടായെങ്കിലും അതുവഴി ഉദ്ദേശിച്ച രീതിയില്‍ ദാരിദ്ര്യം കുറഞ്ഞിട്ടില്ല. ദാരിദ്ര്യം കുറയുന്നുണ്ട്. പക്ഷേ, അതു വേഗത്തിലല്ല. വ്യവസായവത്കരണവും തൊഴിലവസരവും ഒരേപോലെ വളര്‍ത്തുന്ന പുരോഗതിയാണ് ആവശ്യം. എങ്കിലേ ദാരിദ്ര്യം കുറയ്ക്കാനാവൂ.

രാജ്യത്ത് ഭക്ഷ്യമേഖലയില്‍ പ്രതിസന്ധി ഉണ്ടായേക്കാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. വിലക്കയറ്റ സാധ്യതയും തള്ളിക്കളയാനാവില്ല. ഭക്ഷ്യ സുരക്ഷിതത്വം ഭീഷണി നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ ഭക്ഷ്യോത്പാദനത്തിന്റെ രീതിയിലുണ്ടായിട്ടുള്ള മാറ്റവും നമ്മുടെ ഉപഭോഗരീതിയും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ സമ്മര്‍ദം വര്‍ധിപ്പിക്കും. ഇതു നേരിടാന്‍ രാജ്യം സജ്ജമാകണം_ പ്രധാനമന്ത്രി പറഞ്ഞു.

സെക്കന്‍ഡറി വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ പുതിയ പദ്ധതി വരും. പിന്നാക്കജില്ലകളിലായി 370 പുതിയ കോളേജുകളും 30 പുതിയ കേന്ദ്രസര്‍വകലാശാലകളും 6000 മാതൃകാസ്കൂളുകളും സ്ഥാപിക്കും. വിദ്യാഭ്യാസരംഗത്ത് നിലനില്ക്കുന്ന അന്തരം കുറയ്ക്കുകയാണ് ലക്ഷ്യം_ പ്രധാനമന്ത്രി പറഞ്ഞു.
കടപ്പാട്- മാതൃഭൂമി

12. ദേവസ്വം ബോര്‍ഡ്:രാഷ്ട്രീയക്കാര്‍ വേണ്ടെന്ന് പരിപൂര്‍ണന്‍ കമ്മിഷന്‍
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കുത്തഴിഞ്ഞതാണെന്നു കണ്ടെത്തിയ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്‍ രാഷ്ട്രീയം പൂര്‍ണമായി ഒഴിവാക്കി ബോര്‍ഡിനെ പുനഃസംഘടിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു.

ജി. രാമന്‍നായര്‍ പ്രസിഡന്റും എം.ബി. ശ്രീകുമാര്‍, പുനലൂര്‍ മധു എന്നിവര്‍ അംഗങ്ങളുമായ കഴിഞ്ഞ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംശയത്തിന്റെ പുകമറയാണെന്നും  ഒരു കാര്യത്തിനും അച്ചടക്കമില്ലെന്നും കുറ്റപ്പെടുത്തുന്നു.

ബോര്‍ഡിലെ നിയമനങ്ങള്‍, സ്ഥലംമാറ്റം, ശാന്തി നിയമനം, ഫണ്ട്  വകമാറ്റി ചെലവഴിക്കല്‍, ശബരിമലയിലെ വിവാദമായ ദേവപ്രശ്നം, ശര്‍ക്കര കരാര്‍, തേങ്ങ ലേലം, മെസ് നടത്തിപ്പ്, പമ്പ-ചാലക്കയം റോഡ് നിര്‍മാണം, നിലയ്ക്കലിലെ റബര്‍ മരം മുറിച്ചു വില്‍ക്കല്‍, മരാമത്ത് പണികളിലെ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചു നല്‍കല്‍, ബോര്‍ഡ് അംഗങ്ങള്‍ക്ക് ആഡംബര കാറും വീടും മറ്റു സൌകര്യങ്ങളും അനുവദിക്കല്‍, സ്കൂള്‍-കോളജ് നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം ക്രമക്കേടു നടന്നതായി കമ്മിഷന്‍ കണ്ടെത്തി. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ചെയര്‍മാനായ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നു ശുപാര്‍ശയുണ്ട്.

ശബരിമലയിലെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. 79 ശുപാര്‍ശകളാണു റിപ്പോര്‍ട്ടിലുള്ളത്. ഉത്തരവാദിത്തങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയതായും ക്രമക്കേടു നടത്തിയതായും കണ്ടെത്തിയ നാലു ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്‍ അധ്യക്ഷനും ജസ്റ്റിസ് ബി.എം. തുളസീദാസ്,  സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര്‍. കാര്‍ത്തികേയന്‍ എന്നിവര്‍ അംഗങ്ങളുമായ  കമ്മിഷന്‍ കഴിഞ്ഞ ജനുവരിയിലാണ് അന്വേഷണം ആരംഭിച്ചത്.

ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ വസതിയിലെത്തിയാണു ജസ്റ്റിസ് പരിപൂര്‍ണന്‍ റിപ്പോര്‍ട്ടു നല്‍കിയത്. റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി അവധിക്കു ശേഷം ജനുവരി എട്ടിനു പരിഗണിക്കാനായി മാറ്റിവച്ചു.

കമ്മിഷന്റെ പ്രധാന കണ്ടെത്തലുകള്‍

. ശാന്തി, വാച്ചര്‍, പഞ്ചവാദ്യക്കാര്‍ നിയമനങ്ങളില്‍ ക്രമക്കേടും സ്വജനപക്ഷപാതവും.
. ശാന്തി-മേല്‍ശാന്തി നിയമനം പ്രഹസനം. ഇന്റര്‍വ്യുവിന്റെ മാര്‍ക്ക് ലിസ്റ്റ് പോലും നശിപ്പിച്ചു. യോഗ്യതയായിരുന്നില്ല മുഖ്യ മാനദണ്ഡം. കുറഞ്ഞ യോഗ്യത പോലും പാലിക്കപ്പെട്ടിട്ടില്ല. പല ശാന്തിമാര്‍ക്കും അടിസ്ഥാന മന്ത്രങ്ങള്‍ പോലുമറിയില്ല.
. ശാന്തി നിയമനം നടത്തിയ കമ്മിറ്റിയിലുള്‍പ്പെട്ടവര്‍ യോഗ്യരായിരുന്നില്ല. സംസ്കൃതം, പൂജാവിധി തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധാംഗമായി ഉള്‍പ്പെടുത്തിയ തന്ത്രിക്ക് ആ വിഷയങ്ങളില്‍ വേണ്ടത്ര അറിവില്ലായിരുന്നു.
. ക്രമവിരുദ്ധമായി ദേവസ്വം ഫണ്ട് വകമാറ്റി ചെലവഴിച്ചു
. ശബരിമലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ദേവപ്രശ്നം അനാവശ്യവും വിശ്വാസികളുടെ കണ്ണില്‍ പൊടിയിടുന്നതുമാണ്. നിമിത്തങ്ങളൊന്നുമില്ലാതെ ദേവപ്രശ്നം സംഘടിപ്പിച്ച ബോര്‍ഡിന്റെ ചെയ്തി നിര്‍ഭാഗ്യകരം.
. ശബരിമല മുന്‍ തന്ത്രി കണ്ഠര് മോഹനര്‍ക്കു സംസ്കൃതവും വേദവും അറിയില്ല. മറ്റു പൂജാവിധികള്‍ അറിയുമോ എന്നും സംശയം. . ശബരിമലയിലെ ശര്‍ക്കര കരാര്‍ ആന്ധ്രയിലെ പുത്തൂര്‍ കോ-ഓപ്പറേറ്റീവ് സൂപ്പര്‍ ബസാറിനു നല്‍കിയതിനു പിന്നില്‍ ദുരൂഹത. നാളികേര ലേലത്തില്‍ കെടുകാര്യസ്ഥത. മെസ് നടത്തിപ്പിലും ക്രമക്കേട്.
. സ്ഥാനക്കയറ്റം, സ്ഥലം മാറ്റം എന്നിവയിലും വ്യാപക ക്രമക്കേട്
. പമ്പ-ചാലക്കയം റോഡ് നിര്‍മാണം അനാവശ്യമായി വൈകിക്കുകയും കരാറുകാരെ തുടര്‍ച്ചയായി മാറ്റുകയും ചെയ്തതു മൂലം ബോര്‍ഡിനു സാമ്പത്തിക നഷ്ടം സംഭവിച്ചു. നാലു കിലോമീറ്റര്‍ മാത്രം നീളമുള്ള ഈ റോഡ് പൂര്‍ത്തിയാക്കാന്‍ ബോര്‍ഡ് ചെലവഴിച്ചത് ആറു കോടി 10 ലക്ഷം രൂപ.
. നിലയ്ക്കലിലെ റബര്‍ മരങ്ങള്‍ മുറിച്ചു വിറ്റതും ശരിയായ നടപടിക്രമം അനുസരിച്ചല്ല.
. ബോര്‍ഡിനു കീഴിലെ സ്കൂള്‍-കോളജ് നടത്തിപ്പ് ബിസിനസായി മാറി.  പ്രധാന ശുപാര്‍ശകള്‍
. ദേവസ്വം ബോര്‍ഡ് അടിമുടി അഴിച്ചുപണിയണം. ബോര്‍ഡ് അംഗങ്ങളുടെ നിയമനം മുതല്‍ താഴെ തട്ടില്‍ വരെ രാഷ്ട്രീയവല്‍ക്കരണം പൂര്‍ണമായും ഒഴിവാക്കണം. ദൈവ വിശ്വാസവും സാമൂഹിക അംഗീകാരവും ഉള്ളവരാവണം ബോര്‍ഡ് അംഗങ്ങള്‍.
. കയ്യേറിയ ക്ഷേത്രഭൂമി അടിയന്തരമായി തിരിച്ചുപിടിക്കണം. ഇതിനായി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേകം ജീവനക്കാരെ നിയമിക്കണം.
. ബോര്‍ഡിലെ നിയമനങ്ങള്‍ നടത്താന്‍ റിട്ട. ഹൈക്കോടതി ജഡ്ജി ചെയര്‍മാനായ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. ആശ്രിത നിയമനത്തിനു മുഖ്യ പരിഗണന നല്‍കണം.
. ശബരിമലയിലെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കണം.
. ശാന്തിമാര്‍ക്കു പത്താം ക്ളാസും സംസ്കൃത ജ്ഞാനവും കുറഞ്ഞ യോഗ്യതയാക്കണം. നിയമിക്കപ്പെടുന്ന എല്ലാവര്‍ക്കും ആറു മാസം തന്ത്രവിദ്യാ പരിശീലനം നല്‍കണം.
. തന്ത്രിയാവുന്നതിനു പാരമ്പര്യവും കാരായ്മയും മാത്രമാവരുത് പരിഗണന. ഇവര്‍ക്കും ആവശ്യമായ പരിശീലനം നല്‍കണം
. ശബരിമല മേല്‍ശാന്തിക്കു 10 വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പരിചയം വേണം. തന്ത്ര വിദ്യാലയത്തില്‍ നിന്നു തന്ത്രരത്ന പുരസ്കാരം നേടിയവര്‍ക്കു മുന്‍ഗണന നല്‍കണം.
. പട്ടാളത്തില്‍ നിന്നു വിരമിച്ച ദൈവവിശ്വാസിയായ ഒരു ഉന്നത ഉദ്യോഗസ്ഥനെയോ ഇതുപോലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെയോ ബോര്‍ഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാക്കുന്നത് അച്ചടക്കം വരാന്‍ സഹായിക്കും.
. ശബരിമല സന്നിധാനത്തെ തിക്കും തിരക്കും ഒഴിവാക്കാന്‍ മൂവിങ് പ്ളാറ്റ്ഫോം നിര്‍മിക്കുന്ന കാര്യം പരിഗണിക്കണം. ശബരിമലയിലെ കാണിക്ക എണ്ണുന്നതു പൊതു ഹാളില്‍ ജനങ്ങള്‍ക്കു കാണാവുന്ന തരത്തിലാവണം.
. മരാമത്ത് പണികളില്‍ മുഖ്യ പരിഗണന ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണിക്കാവണം.

13. പണം മടക്കി നല്‍കില്ല: സേവി മനോ മാത്യു
തിരുവനന്തപുരം: ഐഎസ്ആര്‍ഒയ്ക്കു വിറ്റ ഭൂമി തിരിച്ചെടുക്കില്ലെന്നും, ആ പണം ഐഎസ്ആര്‍ഒയ്ക്കു മടക്കി നല്‍കില്ലെന്നും മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഉടമയെന്ന് അവകാശപ്പെടുന്ന  സേവി മനോ മാത്യു.

മന്ത്രിമാരായ ബിനോയ് വിശ്വത്തിന്റെയും പി.കെ. ഗുരുദാസന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഡീനോട്ടിഫൈ ചെയ്യാന്‍ തീരുമാനിച്ചത് താന്‍ ആവശ്യപ്പെടാതെയാണെന്ന് സേവി വ്യക്തമാക്കി. മാത്രമല്ല, ഈ ഭൂമി ഡീനോട്ടീഫൈ ചെയ്യുന്ന നടപടി ത്വരിതപ്പെടുത്താന്‍ ഐഎസ്ആര്‍ഒ നല്‍കിയ കത്ത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രനു കൈമാറിയതായും തനിക്കറിയാമെന്ന് സേവി പറഞ്ഞു. പൊന്‍മുടിയിലെ മറ്റൊരു ഭൂമി ഇന്‍സ്റ്റിറ്റ്യൂട്ടിനായി കൈമാറുന്നതിന് ഐഎസ്ആര്‍ഒയിലെ ഒരു ഉദ്യോഗസ്ഥന്‍ കമ്മിഷനുമായി തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.

ഇതോടെ, മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ സര്‍ക്കാþരും ഐഎസ്ആര്‍ഒയും  നടത്തുന്ന ഒളിച്ചുകളി ഒരിക്കല്‍ക്കൂടി അനാവരണം ചെയ്യപ്പെടുകയാണ്. ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനായി നടത്തിയ വനഭൂമി കച്ചവടം  വന്‍ വിവാദമായിട്ടും ഇതാദ്യമായാണ് പ്രതികരണവുമായി സേവി രംഗത്തെത്തിയത്.

ഐഎസ്ആര്‍ഒ ഇടപാടില്‍ തെറ്റുപറ്റിയതായി തോന്നുന്നില്ല. അവര്‍ എല്ലാ രേഖയും നോക്കിയാണ് ഭൂമി വാങ്ങിയത്. താനിപ്പോള്‍ ആ ഭാഗത്തുകൂടി നടക്കുമ്പോള്‍ അങ്ങോട്ടുനോക്കാതെ മുഖംതിരിച്ചാണ് നടക്കുന്നത്. ഇനി അവര്‍ക്കു പണം തിരിച്ചുകൊടുക്കില്ല. നേരത്തേ ഈ സ്ഥലത്തിന് ഏക്കറിനു 15 ലക്ഷം വാഗ്ദാനം ചെയ്തിട്ടും കൊടുത്തില്ല. ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നുകരുതിയാണ് ഏക്കറിനു നാലു ലക്ഷം രൂപയ്ക്കു നല്‍കിയത്. ഏതായാലും ഇതു നഷ്ടക്കച്ചവടമല്ലെന്നു സേവി വ്യക്തമാക്കി.

ബിര്‍ലയുടെ കയ്യില്‍നിന്ന് 707.23 ഏക്കര്‍ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് 2005ല്‍ ആണ് 4.55 കോടി രൂപ നല്‍കി വാങ്ങിയത്. ഇതിനായി 3.25 കോടി രൂപ ഐഎന്‍ജി വൈശ്യ ബാങ്കില്‍നിന്ന് വായ്പയെടുത്തു. ഈ ഭൂമി 2001ല്‍ തെറ്റായി നോട്ടിഫൈ ചെയ്തതാണെന്ന് ഡിഎഫ്ഒ കത്തു നല്‍കിയിരുന്നു. ഒരാള്‍ തെറ്റായി നോട്ടിഫൈ ചെയ്താല്‍ ആരെങ്കിലും ഭൂമിയില്‍നിന്നിറങ്ങുമോ? ഇതിനിടെ ഐഎസ്ആര്‍ഒ ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനായി പരസ്യം നല്‍കി. ഏക്കറിനു നാലര ലക്ഷം രൂപ ക്വോട്ട് ചെയ്തു. ഇതിനിടെ, തൊട്ടടുത്ത എസ്റ്റേറ്റ് 12 ലക്ഷം രൂപയ്ക്കു വില്‍ക്കാന്‍ ഐഎസ്ആര്‍ഒയിലെ ഒരു മുന്‍ ഉദ്യോഗസ്ഥനും ശ്രമിച്ചു. ഈ ഇടപാടില്‍നിന്ന് പിന്മാറിയാല്‍ കമ്മിഷന്‍ നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തതായി സേവി പറയുന്നു.

പിന്നീട് ഏക്കറിനു നാലു ലക്ഷംരൂപ നിരക്കില്‍ ഭൂമി വാങ്ങാന്‍ ഐഎസ്ആര്‍ഒയുമായി കരാറിലായി. മാത്രമല്ല, നോട്ടിഫിക്കേഷന്‍ റദ്ദാക്കാന്‍ സേവി അപേക്ഷ നല്‍കിയാല്‍ അതുചെയ്യാന്‍ തടസ്സമില്ലെന്ന് വനം വകുപ്പ് ഐഎസ്ആര്‍ഒയെ അറിയിച്ചു. ഇതിനിടെ, പരിശോധനയ്ക്കു വരുന്ന ഉദ്യോഗസ്ഥര്‍ക്കു വഴിതെളിച്ചപ്പോള്‍ അടിക്കാട് വെട്ടിയെന്ന കുറ്റത്തിനു കേസെടുത്തു. ഇതിനെതിരെ മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ്  മന്ത്രിമാരായ പി.കെ. ഗുരുദാസന്‍, ബിനോയ് വിശ്വം എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. ഈ ഭൂമി ഡിനോട്ടിഫൈ ചെയ്യാന്‍ താന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. ആ യോഗ തീരുമാനത്തിന്റെ   മിനിറ്റ്സില്‍ അത് ആരെഴുതിയെന്ന് മന്ത്രിമാര്‍ അന്വേഷിക്കണമെന്നു സേവി പറഞ്ഞു.

ഡിനോട്ടിഫിക്കേഷന്‍ നടപടി വൈകിയപ്പോള്‍ അതു ത്വരിതപ്പെടുത്താന്‍ ഐഎസ്ആര്‍ഒ അധികൃതര്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. അദ്ദേഹം അതു റവന്യു മന്ത്രിക്കു കൈമാറിയതായും അറിയാം. താന്‍ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് മൂന്നു പ്രമാണത്തിലൂടെ വാങ്ങിയത് അനന്തന്‍ എസ്റ്റേറ്റ് കൈവശപ്പെടുത്താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നിയമപ്രകാരം എത്ര പ്രമാണത്തിലൂടെയും ക്രയവിക്രയം നടത്താം. ഈ നടപടി ‘ഷേഡിയെന്ന് വനം മന്ത്രി എന്തടിസ്ഥാനത്തില്‍ പറഞ്ഞുവെന്ന് അറിയില്ല. അക്കാര്യം അദ്ദേഹം കോടതിയില്‍ വിശദീകരിക്കേണ്ടിവരും.

അടുത്തുതന്നെ രണ്ടു സിനിമ കൂടി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായി സേവി പറഞ്ഞു. ഒന്നില്‍ മമ്മൂട്ടിയും മറ്റൊന്നില്‍ മോഹന്‍ലാലുമാണ് നായകര്‍. മന്ത്രിപുത്രന്മാരെ വച്ച് താന്‍ സിനിമ ചിത്രീകരിച്ചുവെന്ന പ്രചാരണം അസത്യമാണ്. തൊട്ടടുത്ത വീട്ടില്‍ താമസമായതിനാല്‍ ഒരു മന്ത്രിപുത്രനെ എന്നും കാണും. മറ്റേ മന്ത്രിപുത്രന്‍ കറുത്തതോ വെളുത്തതോ എന്നുപോലും അറിയില്ല. സൂഹൃത്ത് അഭിനയിച്ച സിനിമ ആയിട്ടും ഫൈവ് ഫിംഗേഴ്സ് കണ്ടില്ല. തന്റെ സിനിമകളില്‍ ഇരുവര്‍ക്കും ചാന്‍സ് നല്‍കില്ലെന്നും സേവി വ്യക്തമാക്കി. ഏതായാലും, വിവാദങ്ങള്‍ മെര്‍ക്കിസ്റ്റണ്‍ തേയിലയ്ക്കു നല്ല വിപണി ലഭ്യമാക്കിയെന്ന് സേവി പറഞ്ഞു.

14. മുരിയാട് പഞ്ചായത്തില്‍ വിഷമാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു
രിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ വേഴേക്കാട്ടുകരയില്‍  വിഷാംശം കലര്‍ന്ന ഖരമാലിന്യങ്ങള്‍ തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു.  തള്ളിയ മാലിന്യങ്ങള്‍  രണ്ടു ദിവസത്തിനകം  മാറ്റാമെന്ന  ഉറപ്പില്‍ ബന്ധപ്പെട്ട വ്യക്തിയെ  പൊലീസ് വിട്ടയച്ചു.

അഞ്ചാം വാര്‍ഡിലെ കാട് കയറിക്കിടക്കുന്ന   തുരുത്തിലാണ്  ആരും കാണാതെ കൊരട്ടിക്കടുത്തുള്ള  സ്വകാര്യ ഫാക്ടറിയിലെ മാലിന്യങ്ങള്‍  തള്ളിയിരുന്നത്.  ഇന്നലെ രാവിലെ ഇവിടെനിന്ന്   പുകയോടൊപ്പം ദര്‍ഗന്ധവും അനുഭവപ്പെട്ടപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.  പുക ശ്വസിച്ചവര്‍ക്ക് ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടു. പുകയുടെ ഉറവിടം തേടി ചെന്നവര്‍ കണ്ടത് മാലിന്യക്കൂമ്പാരങ്ങള്‍ കത്തി പുകഞ്ഞുകൊണ്ടിരിക്കുന്ന നിലയിലാണ്.

തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ലത ചന്ദ്രന്‍, വാര്‍ഡ് മെംബര്‍ ബാബു കളത്തിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന്   തീയണയ്ക്കുകയായിരുന്നു.   വൈകിട്ട്  മാലിന്യം തള്ളിയ വ്യക്തി സ്ഥലത്ത് എത്തിയതറിഞ്ഞ നാട്ടുകാര്‍ അയാളെ തടഞ്ഞു വച്ചു.

മാലിന്യം രണ്ടു ദിവസത്തിനകം മാറ്റിക്കൊള്ളമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന് അയാളെ പോകാന്‍ അനുവദിക്കുകയായിരുന്നു.  മുന്ന് ഏക്കറോളമുള്ള പറമ്പില്‍ മൂന്നിടത്താണ് ഖരമാലിന്യങ്ങള്‍ തള്ളിയിരുന്നത്. ഇവ കത്തി  ചാമ്പലായിരുന്നെങ്കില്‍ ഇതില്‍ നിന്നുള്ള രാസവസ്തുക്കള്‍ ഭൂമിയിലേക്ക് ഒലിച്ചിറങ്ങി  സമീപത്തെ  ജലാശയങ്ങളില്‍ വിഷാംശം കലരുമായിരുന്നെന്ന്  അധികൃതര്‍ പറഞ്ഞു.
കടപ്പാട്- മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )