Daily Archives: ഡിസംബര്‍ 18, 2007

ഡിസംബര്‍ 18 ചൊവ്വ

മന്ത്രിപുത്രന്മാര്‍ ഉള്‍പ്പെട്ട സംഘം പൊന്മുടിയില്‍ ഭൂമി വാങ്ങിക്കൂട്ടുന്നു; റവന്യൂ വകുപ്പ് രജിസ്ട്രേഷന്‍ തടഞ്ഞു

തിരുവനന്തപുരം: രണ്ടു മന്ത്രിമാരുടെ മക്കളും ഉന്നതോദ്യോഗസ്ഥരുടെ ബന്ധുക്കളും പൊന്മുടിയില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ അടങ്ങിയ ഭൂമി വാങ്ങിക്കൂട്ടുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊന്മുടി പ്രദേശത്ത് ഒരു രജിസ്ട്രേഷനും നടത്തരുതെന്ന് രജിസ്ട്രേഷന്‍ ഐ.ജിക്ക് റവന്യൂ വകുപ്പ് രേഖാമൂലം നിര്‍ദേശം നല്‍കി. രജിസ്ട്രേഷനും പോക്കുവരവും സര്‍ക്കാര്‍ തടഞ്ഞിട്ടുള്ളതിനാല്‍ മുദ്രപത്രങ്ങളില്‍ എഴുതി വാങ്ങുകയാണ് തന്ത്രം.

പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടം പുനര്‍വിജ്ഞാപനം ചെയ്യുന്ന സമയത്ത് ഭൂമിയുടെ രജിസ്ട്രേഷന്‍ നടത്താനാണു നീക്കം. പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നത്.
കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍, വന്‍കിട ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ഉടമ, സംസ്ഥാനത്തെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍, ആയുര്‍വേദ ആശുപത്രി ഉടമ എന്നിവരാണ് ഭൂ മാഫിയയിലെ കണ്ണികള്‍. നിയമം അനുസരിച്ച് എവിടെ വേണമെങ്കിലും ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നതിനാലാണ് രജിസ്ട്രേഷന്‍ തടയാന്‍ ഐ.ജിക്ക് നിര്‍ദേശം നല്‍കിയത്. നെടുമങ്ങാട്, പാലോട് സബ്രജിസ്ട്രാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് രജിസ്ട്രേഷന്‍ നടക്കാനിടയുണ്ടെന്നാണ് സര്‍ക്കാരിനു ലഭിച്ച വിവരം. ഭൂമി പുനര്‍ വിജ്ഞാപനം ചെയ്താല്‍ ഏകദേശം അഞ്ഞൂറോളം ആധാരങ്ങള്‍ ദിവസങ്ങള്‍ക്കകം രജിസ്റ്റര്‍ ചെയ്യുമെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് രജിസ്ട്രേഷന്‍ വിലക്കിയത്. റവന്യൂ വകുപ്പ് നല്‍കിയ കത്തില്‍ സര്‍വേ നമ്പരുകളും ഭൂമിയുടെ പ്രത്യേകതകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഓരോ സര്‍വേ നമ്പരിലും 150 മുതല്‍ 250 ഏക്കര്‍ വരെയാണുള്ളത്. പൊന്മുടി എസ്റ്റേറ്റിലെ നൂറേക്കര്‍ ഐ.എസ്.ആര്‍.ഒയ്ക്കു കൈമാറണമെങ്കില്‍ ഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശമല്ലെന്നു പുനര്‍ വിജ്ഞാപനം ചെയ്യേണ്ടിവരും. ഈ സമയത്ത് തൊട്ടടുത്തുള്ള മറ്റുഭൂമിയും പരിസ്ഥിതി ദുര്‍ബല പ്രദേശം എന്ന നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കപ്പെടും.

അങ്ങനെ വന്നാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാനും മറിച്ചു വിറ്റ് കോടികള്‍ നേടാനും കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഭൂമി വാങ്ങിക്കൂട്ടുന്നത്. പൊന്മുടി പ്രദേശത്ത് വന്‍കിട റിസോര്‍ട്ടുകളുടെ നിര്‍മാണം നടന്നിരുന്നു. പരിസ്ഥിതി ദുര്‍ബലപ്രദേശത്തെ ഈ നിര്‍മ്മാണം സര്‍ക്കാര്‍ തടയുകയും ചെയ്തു. ഇതിനു ശേഷമാണ് രേഖകളില്ലാതെ വസ്തു വാങ്ങിക്കൂട്ടുന്നത്.

റബര്‍ ഉല്‍പാദനം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇറക്കുമതി വേണ്ടിവരും: ജയ്റാം രമേശ്

കോട്ടയം: സ്വാഭാവിക റബറിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ പത്തുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ റബര്‍ ഇറക്കുമതി രാജ്യമായി തീരുമെന്നു കേന്ദ്ര വാണിജ്യ സഹമന്ത്രി ജയ്റാം രമേശ്. കോട്ടയത്ത് റബര്‍ ബോര്‍ഡിന്റെ റബര്‍ കൃഷി വികസന പദ്ധതിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടതിന്റെ നിശ്ചിത ശതമാനം റബര്‍ മാത്രമേ ഇവിടെ ഉല്‍പാദിപ്പിക്കുന്നുള്ളൂ. സ്വാഭാവിക റബറിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ചില്ലെങ്കില്‍ അന്യരാജ്യങ്ങളില്‍നിന്ന് കൂടുതല്‍ റബര്‍ ഇറക്കുമതി ചെയ്യേണ്ടിവരും. രാജ്യത്തെ റബര്‍ കൃഷിയേയും വ്യവസായത്തേയും അത് ദോഷകരമായി ബാധിക്കും.
റബറിന്റെ അവധി വ്യാപാരം കര്‍ഷകര്‍ക്കു ഗുണം ചെയ്യുന്നില്ല. വ്യാപാരികള്‍ക്കും ഇടനിലക്കാര്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അവധിവ്യാപാരം കൊണ്ടുള്ള നേട്ടങ്ങള്‍. റബര്‍ മാത്രമല്ല എല്ലാ വിളകളുടേയും കാര്യത്തിലും അവധി വ്യാപാരം കര്‍ഷകരെ സഹായിക്കുന്നില്ല. റബര്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി ആവര്‍ത്തന കൃഷിയെ സംസ്ഥാനം പ്രോത്സാഹിപ്പിക്കണം. രാജ്യത്ത് 11-ാം പഞ്ചവല്‍സര പദ്ധതിക്കാലത്ത് 34000 ഹെക്ടര്‍ പ്രദേശത്തുകൂടി റബര്‍ കൃഷി വ്യാപിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തെ മികച്ച റബറുല്‍പാദക സംഘത്തിനുള്ള ‘ സുവര്‍ണസംഘം അവാര്‍ഡ് 2007’ കേന്ദ്രമന്ത്രി പാലക്കാട് ജില്ലയിലെ എളവമ്പാടം സംഘത്തിന് നല്‍കി.

സുരേഷ് കുറുപ്പ് എം.പി. അധ്യക്ഷതവഹിച്ചു. റബറുല്‍പാദക സംഘങ്ങള്‍ക്കുള്ള വെബ്സൈറ്റ് പി.ജെ.കുര്യന്‍ എം.പി.ഉദ്ഘാടനം ചെയ്തു.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു.

വി.എന്‍. വാസവന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ റീബാവര്‍ക്കി, റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍, വൈസ് ചെയര്‍മാന്‍ കെ.ജേക്കബ് തോമസ്, കെ. സദാനന്ദന്‍, ഡോ. എ.കെ. കൃഷ്ണകുമാര്‍, അഡ്വ. സുരേഷ്കോശി, വി.സി.കുഞ്ഞപ്പന്‍, കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടപ്പാട്- മംഗളം

ബന്ധുക്കളുടെ അവിഹിതസ്വത്തും കണ്ടുകെട്ടി മുതല്‍ക്കൂട്ടും

തിരു: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഭാര്യയുടെയും മക്കളുടെയും പേരിലുള്ള അവിഹിതസ്വത്തും കണ്ടുകെട്ടി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടും. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് അന്തിമരൂപമായി. അവിഹിതസമ്പാദ്യം ക്രയവിക്രയംചെയ്യുന്നത് കേസ് തീര്‍പ്പാകുംവരെ തടഞ്ഞുവയ്ക്കാന്‍ ജില്ലാ കോടതിക്ക് അധികാരം നല്‍കുന്ന 1944ലെ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്.

അഴിമതിക്കേസില്‍ പ്രതികളാകുന്നവരുടെ പേരിലുള്ള വരവില്‍ക്കവിഞ്ഞ സ്വത്ത് കണ്ടുകെട്ടുന്നതിനു മാത്രമേ നിലവിലുള്ള നിയമത്തില്‍ വ്യവസ്ഥയുള്ളൂ. ഭാര്യ, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ പേരിലേക്കു മാറ്റുന്ന അവിഹിതസ്വത്ത് കണ്ടുകെട്ടാന്‍ കഴിയില്ല. ഈ പഴുതുപയോഗിച്ച് നിരവധി പേര്‍ ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദിക്കുന്നതായി വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യാന്‍ ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയത്.

അവിഹിതസമ്പാദ്യം കേസ് തീരുംവരെ തടഞ്ഞുവയ്ക്കാന്‍ മാത്രമാണ് ഇപ്പോള്‍ അധികാരമുള്ളത്. കുറ്റവിമുക്തനായാല്‍ വസ്തുവകകള്‍ തിരികെ നല്‍കണം. എന്നാല്‍, അവിഹിതസ്വത്ത് കണ്ടെത്തിയാലുടനെ ലേലംചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നാണ് നിര്‍ദിഷ്ട നിയമഭേദഗതിയില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. അഴിമതി ക്കേസില്‍ കുറ്റക്കാരനല്ലെന്ന് പിന്നീട് വിധിയുണ്ടായാലും അവിഹിതസമ്പാദ്യം തിരികെ കിട്ടില്ല. ഭാര്യ, മക്കള്‍ എന്നിവര്‍ക്കു പുറമെ സഹോദരങ്ങള്‍ അടക്കമുള്ള അടുത്ത ബന്ധുക്കളും നിയമത്തിന്റെ പരിധിയില്‍ വരുമെന്നതാണ് മറ്റൊരു പ്രത്യേകത. ജോലിക്കാരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം ഉയര്‍ന്നെങ്കിലും അത് അടുത്ത ഘട്ടത്തിലേ ഉണ്ടാവുകയുള്ളൂ.

വരവില്‍ക്കവിഞ്ഞ സ്വത്ത് ജപ്തിചെയ്യുന്നതിന് 1944ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ ക്രിമിനല്‍ ലോ അമന്‍ഡ്മെന്റ് ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇപ്പോള്‍ നടപടിയെടുക്കുന്നത്. കേരളം രൂപീകൃതമായശേഷം ഈ നിയമത്തിന് അതേപടി സാധുത നല്‍കിയെങ്കിലും അതനുസരിച്ച് നടപടി തുടങ്ങിയത് അടുത്തകാലത്താണ്. 63 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഇത്തരമൊരു സുപ്രധാന ഭേദഗതി വരുത്തുന്നതും ആദ്യമാണ്.

സംസ്ഥാനത്ത് ഇതുവരെ മൂന്നുപേരുടെ അവിഹിത സമ്പാദ്യമാണ് വിജിലന്‍സിന്റെ ആവശ്യപ്രകാരം കോടതി തടഞ്ഞുവച്ചിട്ടുള്ളത്. മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി കെ രാജന്‍, മുന്‍ ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമീഷണര്‍ ആര്‍ രാജേന്ദ്രപ്രസാദ്, പ്രവീണ്‍ വധക്കേസിലെ ഡിവൈഎസ്പി ആര്‍ ഷാജി എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതില്‍ ഡോ. വി കെ രാജന്റെ ഫാം, ഏലത്തോട്ടം എന്നിവയടക്കം ഏക്കര്‍ കണക്കിനു വസ്തുക്കളും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ആഡംബരവസതികളും ബാങ്ക് നിക്ഷേപവും രാജേന്ദ്രപ്രസാദിന്റെ 60 ലക്ഷം രൂപയുടെ സ്വത്തും ആര്‍ ഷാജിയുടെ രണ്ടു വീടും ലോഡ്ജും നാല് സ്വകാര്യ ബസുമാണ് ജപ്തി ചെയ്തിട്ടുള്ളത്. ഐജി ടോമിന്‍ തച്ചങ്കരിയുടെ 94 ലക്ഷം രൂപയുടെ സ്വത്ത് ജപ്തിചെയ്യുന്നതിന് വിജിലന്‍സ് അനുമതി തേടിയെങ്കിലും തച്ചങ്കരി 95 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി നല്‍കിയതിനാല്‍ കോടതി അനുമതി നല്‍കിയില്ല.
കടപ്പാട്- ദേശാഭിമാനി

ഐ.എസ്.ആര്‍.ഒ ആവശ്യപ്പെടുന്നത് വനനിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മിച്ച ഭൂമി
തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി നിരസിച്ച ഐ.എസ്.ആര്‍.ഒ പകരം ആവശ്യപ്പെടുന്നത് വന നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മിച്ച ഭൂമി. പരിസ്ഥിതി ദുര്‍ബല പ്രദേശമായി (ഇ.എഫ്.എല്‍) വനംവകുപ്പ് ഏറ്റെടുത്ത പൊന്മുടി എസ്റ്റേറ്റിലെ ഭൂമി വേണമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ പുതിയ നിലപാട്. പൊന്മുടി എസ്റ്റേറ്റ് ഡീനോട്ടിഫൈ ചെയ്യണമെന്ന മുന്‍ എസ്റ്റേറ്റ് ഉടമയുടെ അപേക്ഷയിന്മേല്‍ വനം വകുപ്പ് ആറ് മാസമായി തീരുമാനം എടുക്കാതിരിക്കെയാണ് ഐ.എസ്.ആര്‍.ഒയുടെ രംഗപ്രവേശം എന്നതും നിര്‍ണായകമാണ്.

ഇ.എഫ്.എല്‍ പ്രദേശമായ പൊന്മുടി എസ്റ്റേറ്റ് വിട്ടുകൊടുക്കാന്‍ നീക്കമുണ്ടെന്ന് ഈ വര്‍ഷം സെപ്റ്റംബര്‍ 17 ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് ആറു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന 870 ഏക്കറിലധികം വിസ്തീര്‍ണമുള്ള പൊന്മുടി എസ്റ്റേറ്റ് 2000 ലെ ഇ.എഫ്.എല്‍ ഓര്‍ഡിനന്‍സ് പ്രകാരം മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിനൊപ്പം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറാണ് ഏറ്റെടുത്തത്. സര്‍വേ നമ്പര്‍ 3995, 3992, 3993 എന്നിവയില്‍ ഉള്‍പ്പെടുന്ന 353 ഹെക്ടര്‍ പൊന്മുടി എസ്റ്റേറ്റ് സര്‍ക്കാര്‍ 2001ലാണ് ഇ.എഫ്.എല്‍ ഓര്‍ഡിനന്‍സിലെ 19(3) ബി പ്രകാരം ഏറ്റെടുത്തത്.

പരിസ്ഥിതി ദുര്‍ബല പ്രദേശമായി ഒരു പ്രദേശത്തെ വിജ്ഞാപനം ചെയ്തു കഴിഞ്ഞാല്‍ വിജ്ഞാപനം റദ്ദാക്കാതെ ഏറ്റെടുത്ത പ്രദേശത്തിന്റെ വനമെന്ന പദവി നഷ്ടമാകില്ലെന്നിരിക്കെ തന്നെ ഭൂമി ഏറ്റെടുക്കല്‍ ദുര്‍ബലപ്പെടുത്താന്‍ നീക്കം ആരംഭിച്ചിരുന്നു. 2001 ഫെബ്രുവരിയില്‍ കൊല്ലം കണ്‍സര്‍വേറ്ററായിരുന്ന ആര്‍.ആര്‍. ശുക്ലയാണ് ഈ ഭൂമി വീണ്ടും വിജ്ഞാപനം ചെയ്യണമെന്ന ശിപാര്‍ശ നല്‍കിയത്. മുഖ്യവനപാലകന്‍ വഴി അന്നത്തെ ഇ.എഫ്.എല്‍ കസ്റ്റോഡിയന്‍ കൂടിയായ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് ശിപാര്‍ശ സമര്‍പ്പിച്ചത്.

തുടര്‍ന്ന് അധികാരത്തില്‍വന്ന യു.ഡി.എഫ് സര്‍ക്കാര്‍ 2003ലെ ഇ.എഫ്.എല്‍ നിയമം നടപ്പാക്കിയ ശേഷം എസ്റ്റേറ്റിനോട് ചേര്‍ന്ന വന ഭൂമിയില്‍ നിന്ന് സ്വകാര്യ എസ്റ്റേറ്റ് അധികൃതര്‍ 60 ഓളം മരങ്ങള്‍ മുറിച്ചിരുന്നു. പുനലൂര്‍ ഫോറസ്റ്റ് കോടതിയില്‍ വകുപ്പ് ഇത് സംബന്ധിച്ച് കേസ് ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടര ഹെക്ടര്‍ കൂടി ഇ.എഫ്.എല്ലായി വിജ്ഞാപനം ചെയ്ത് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ വനം ഉദ്യോഗസ്ഥരുടെ അനാസ്ഥ മുതലെടുത്ത് ഇതിനിടെ ഭൂമിയില്‍ ഉടമ റിസോര്‍ട്ട് നിര്‍മാണവും ആരംഭിച്ചു. ഇത് വിവാദമായതിനെ തുടര്‍ന്ന് ഈ വര്‍ഷം മെയ് 18 ന് നിര്‍മാണം നിര്‍ത്തിവെക്കാന്‍ വനംവകുപ്പ് നോട്ടീസ് നല്‍കി. ഇത് പിന്‍വലിക്കണമെന്ന അപേക്ഷ മെയ് 31 ന് നല്‍കിയതോടൊപ്പം ജൂണ്‍ 30 ഓടെ ഇ.എഫ്.എല്‍ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കസ്റ്റോഡിയന് ഉടമ അപേക്ഷ നല്‍കി.

എന്നാല്‍ 1971 ലെ നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഏറ്റെടുത്ത 106 ഹെക്ടര്‍ ഒഴികെയുള്ള ഭൂമി എസ്റ്റേറ്റ് ഭൂമിയെന്നാണ് കസ്റ്റോഡിയന്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റി ശിപാര്‍ശ നല്‍കിയത്. ഇതിന്മേല്‍ വിശദ റിപ്പോര്‍ട്ട് നിലവിലെ ഇ.എഫ്.എല്‍ കസ്റ്റോഡിയന്‍ ആഗസ്റ്റില്‍ ആവശ്യപെട്ടെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഇനി പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നാണ് കസ്റ്റോഡിയന്‍ എന്‍. ഗോപിനാഥ് ‘മാധ്യമ’ത്തോട് പ്രതികരിച്ചത്.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ വിവാദ ഭൂമിയിടപാടിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ഐ.എസ്.ആര്‍.ഒ രംഗത്ത് വന്നിരിക്കുന്നത്്. സര്‍ക്കാര്‍ സൌജന്യമായി ഭൂമി നല്‍കാന്‍ നടപടി പൂര്‍ത്തീകരിക്കവെ ഇ.എഫ്.എല്‍ പ്രദേശങ്ങള്‍ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കടപ്പാട്- മാധ്യമം

ജോമോനെതിരെ സിസ്റ്റര്‍ അഭയയുടെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: അഭയ കേസിലെ ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ സിസ്റ്റര്‍ അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേല്‍ ഹൈക്കോടതിയിലെത്തി. സി.ബി.ഐ. അന്വേഷണം സംബന്ധിച്ച് ജോമോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തന്നെയും കക്ഷിചേര്‍ക്കണമെന്നാണ് തോമസിന്റെ ആവശ്യം. ജസ്റ്റിസ് ആര്‍. ബസന്ത് ഹര്‍ജി ജനവരി 7ലേക്ക് മാറ്റി. അഭയ കേസില്‍ പുറമെ നിന്നുള്ളവരുടെ ഇടപെടല്‍ ആവശ്യമില്ല എന്ന് അഭയയുടെ പിതാവിന്റെ ഹര്‍ജിയില്‍ പറയുന്നു.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ബാങ്ക് അക്കൌണ്ടുകളെപ്പറ്റിയും പണത്തിന്റെ സ്രോതസിനെപ്പറ്റിയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ജിയിലുണ്ട്.

അഭയ കേസില്‍ കൂടുതല്‍ പേരെ നാര്‍കോ അനാലിസിസിനു വിധേയരാക്കണമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം. കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കോടതി അഭയയുടെ പിതാവ് തോമസിനും നോട്ടീസിന് ഉത്തരവിട്ടു. ഇതിനെ ചോദ്യംചെയ്താണ് ജോമോന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് തോമസിന്റെ ഹര്‍ജി. ജോമോന്റെ ആവശ്യം തള്ളണമെന്നും സി.ബി.ഐ. അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുതെന്ന് ജോമോന് നിര്‍ദേശം നല്‍കണമെന്നുമാണ് തോമസിന്റെ ആവശ്യം. അനാവശ്യവും ദുരുദ്ദേശ്യപരവുമായ ഹര്‍ജികള്‍ നല്‍കുന്നതില്‍ നിന്ന് ജോമോനെ വിലക്കണമെന്നും ആവശ്യമുണ്ട്.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. അന്നു മുതല്‍ 15 വര്‍ഷമായി താന്‍ കോടതിയില്‍ കേസ് നടത്തുന്നുവെന്നും ഈ കേസില്‍ അഭയയുടെ പിതാവിന് താല്പര്യമില്ലെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

കെ.ഇ.ആര്‍. പാഠ്യപദ്ധതി പരിഷ്കരണം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും _ മന്ത്രി ബേബി

മണ്ണാര്‍ക്കാട്: കെ.ഇ.ആര്‍. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ മുഴുവന്‍ സംഘടനകളേയും പങ്കെടുപ്പിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം.എ. ബേബി പറഞ്ഞു.

മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജിന്റെ റൂബി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാഠ്യപദ്ധതി സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ ആശങ്കകളും ദൂരീകരിച്ച് മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് പോകൂ. നിരീശ്വരവാദം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മദ്രസകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന വിധത്തില്‍ യാതൊരു പരിഷ്കരണവും സര്‍ക്കാര്‍ നടപ്പാക്കില്ല. മദ്രസപഠനം തടസ്സപ്പെടുത്തുന്നവിധത്തില്‍ ഒരു സമയമാറ്റവും ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും കാര്യം ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് പറ്റില്ല. ശരിയായ താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും എന്നാല്‍, നിക്ഷിപ്തതാത്പര്യം അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

വിമര്‍ശനങ്ങളോട് ആരോഗ്യകരമായ സമീപനമാണ് ഈ സര്‍ക്കാരിനുള്ളതെന്നും പ്രവേശനപരീക്ഷാരീതിയാകെ പുനഃസംവിധാനം ചെയ്യാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു.

കമ്പോളത്തിന്റെ പിടിയില്‍ കേരള വിദ്യാഭ്യാസമേഖല അകപ്പെട്ടിരിക്കുകയാണ്. എന്നാല്‍, മറ്റെല്ലാ രംഗത്തും മാറ്റം ഉണ്ടാകുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയിലും മാറ്റം ഉണ്ടാകാതിരിക്കാന്‍ പറ്റില്ല. സമവായത്തിലൂടെ മാത്രമേ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മാറ്റം വരുത്താനാവൂയെന്നും മന്ത്രി പറഞ്ഞു. മുസ്ലിം സംഘടനകളുടെ അഭിപ്രായമനുസരിച്ചല്ല എം.ഇ.എസ്സിന്റെ നയമെന്ന് എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.ഫസല്‍ ഗഫൂര്‍ പറഞ്ഞു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബിയും പങ്കെടുത്തു.
കടപ്പാട്- മാതൃഭൂമി

70000 ഹെക്ടറില്‍ക്കൂടി റബര്‍ കൃഷി വ്യാപിപ്പിക്കും: ജയറാം രമേശ്
കോട്ടയം: പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിനു പുറത്തു റബര്‍ കൃഷി 70000 ഹെക്ടറില്‍ക്കൂടി വ്യാപിപ്പിക്കുമെന്നും ആവര്‍ത്തനകൃഷിക്ക് സബ്സിഡി കൂടുതല്‍ ഉദാരമാക്കുമെന്നും കേന്ദ്രവാണിജ്യ സഹമന്ത്രി ജയറാം രമേശ്. റബര്‍ കൃഷി വ്യാപനപദ്ധതിയുടെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് വിപ്ളവകരമായ വിജയം കൊയ്ത സംരംഭമാണ് റബര്‍ ബോര്‍ഡ്. ഉത്പാദന ശേഷിയില്‍ ലോകത്ത് ഒന്നാം സ്ഥാനം, ഉത്പാദനത്തിലും ഉപഭോഗത്തിലും ലോകത്ത് നാലാം സ്ഥാനം തുടങ്ങി കാര്‍ഷിക മുന്നേറ്റത്തില്‍ റബര്‍ വഹിച്ച പങ്ക് വലുതാണ്.

2017-ല്‍ ഉപയോഗത്തില്‍ ജപ്പാനെയും അമേരിക്കയെയും പിന്തള്ളി, ചൈനയ്ക്ക് പിന്നില്‍ സ്ഥാനം കൈവരിക്കാന്‍ റബര്‍ ബോര്‍ഡ് ലക്ഷ്യമിടുന്നു. ആഭ്യന്തര ഉപയോഗം വര്‍ധിപ്പിക്കുകയും ഇറക്കുമതി ഒഴിവാക്കുകയും ചെയ്ത് കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പാക്കുകയാണ് ലക്ഷ്യം- ജയറാം രമേശ് വ്യക്തമാക്കി.

പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 34000 ഹെക്ടറില്‍ കേരളത്തില്‍ ആവര്‍ത്തന കൃഷിയുണ്ടാവണം. നിലവിലുള്ള സബ്സിഡി 20 – ല്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താനാണു വാണിജ്യവകുപ്പിന്റെ ആലോചന.

ആര്‍.ആര്‍.ഐ.ഐ 105 ക്ളോണ്‍ മാത്രം പ്രയോജനപ്പെടുത്തുന്ന രീതി മാറ്റണം. രണ്ടു വര്‍ഷം മുന്‍പ് പുറത്തിറക്കിയ ആര്‍.ആര്‍.ഐ.ഐ 414,430 സീരീസുകളുടെ കൃഷി വ്യാപനം കര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കും.

മഴയുടെ ലഭ്യതാ വ്യതിയാനം, വരള്‍ച്ച എന്നിവയെ നേരിടാന്‍ പറ്റുന്ന പുതിയ ക്ളോണുകള്‍ കണ്െടത്താന്‍ റബര്‍ ബോര്‍ഡ് ഗവേഷണം നടത്തേണ്ടതുണ്ട്.

ലോകത്തില്‍ റബര്‍കൃഷിക്ക് ഏറ്റവും വ്യാപനം ലഭിച്ച പ്രദേശം കേരളമാണ്. ഹെക്ടറില്‍ 1.9 ടണ്‍ എന്ന റിക്കാര്‍ഡ് ഉത്പാദനവുമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലും കൃഷി വ്യാപിക്കാനാണ് ഇനി ലക്ഷ്യം വയ്ക്കുന്നത്. ഒറീസയിലും കര്‍ണാടകത്തിലും 5000 ഹെക്ടറുകളില്‍ക്കൂടി 10 വര്‍ഷത്തിനുള്ളില്‍ റബര്‍ കൃഷി തുടങ്ങും.

നിലവിലുള്ള 2200 റബര്‍ ഉത്പാദക സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കും. അവധി വ്യാപാരത്തിന്റെ പ്രയോജനം ഇന്നു ലഭിക്കുന്നത് കമ്പനികള്‍ക്കും ബ്രോക്കര്‍മാര്‍ക്കുമാണ്. അവധിവ്യപാരരംഗത്ത് ആര്‍.പി.എസുകളെ സജീവമാക്കിയാല്‍ വില നിലവാരത്തിലെ വ്യതിയാനം കുറയ്ക്കാനാവും.

സ്വാഭാവിക റബറിന്റെ 50 ശതമാനം ഇപ്പോള്‍ ടയര്‍ നിര്‍മാണത്തിനാണ് പ്രയോജനപ്പെടുത്തുന്നത്. റബറിന് കൂടുതല്‍ വാണിജ്യസാധ്യതകള്‍

കണ്െടത്താനും ഗവേഷണം നടത്തേണ്ടതുണ്ട്- ജയറാം രമേഷ് പറഞ്ഞു.

സുരേഷ് കുറുപ്പ് എം.പിയുടെ അധ്യക്ഷതയില്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍, പി.ജെ കുര്യന്‍ എം.പി, വി.എന്‍ വാസവന്‍ എം.എല്‍.എ, റീബ വര്‍ക്കി, പി. മുകുന്ദന്‍ മേനോന്‍, കെ. ജേക്കബ് തോമസ്, കെ. സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു.
കടപ്പാട്- ദീപിക

‘കാട് പദ്ധതി’യുടെ കടം ബാക്കി; കാട് കാണാനില്ല
തിരുവനന്തപുരം : ലോകബാങ്കില്‍ നിന്ന് 180 കോടിയോളം രൂപയുടെ വായ്പയെടുത്ത് നടപ്പാക്കിയ ‘സാമൂഹിക വനവത്കരണ പദ്ധതി’യില്‍ ബാക്കിയായത് കടവും ‘കാടെവിടെ മക്കളേ’ എന്ന കവിതാശകലവുമാണ്.
ആരവത്തോടെ ആനയിക്കപ്പെടുന്ന വിദേശവായ്പകളുടെ തലവിധി സൂചിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ ഗതിയും പരിണാമവും.
ലോകബാങ്കിന്റെ സഹായത്തോടെ വനം വകുപ്പ് 1974-78 കാലയളവിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഒരു രൂപയ്ക്കു ഒരു കിലോ അരി കിട്ടുന്ന അക്കാലത്ത് 50 കോടി രൂപയുമായിട്ടായിരുന്നു തുടക്കം. വായ്പ ഡോളറിലായിരുന്നു. അതിനാല്‍ പദ്ധതി അവസാനിച്ചപ്പോള്‍ 80 കോടിയോളം കിട്ടി. 33.5 കോടി അക്കേഷ്യ തൈകള്‍ പദ്ധതിയുടെ ഭാഗമായി വിതരണംചെയ്തുവെന്നാണ് രേഖകള്‍. 2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3.18 കോടിയാണ്. 30 വര്‍ഷം മുന്‍പ് വിതരണം ചെയ്ത അക്കേഷ്യ തൈകളില്‍ പത്തിലൊന്ന് മരമായിരുന്നെങ്കില്‍ ഓരോ കേരളീയനും ഓരോ അക്കേഷ്യ സ്വന്തമാകുമായിരുന്നു! 10,000 ഹെക്ടറോളം സര്‍ക്കാര്‍ ഭൂമിയിലും അക്കേഷ്യ നട്ടുപിടിപ്പിച്ചുവെന്നാണ് രേഖ.
പദ്ധതിയുടെ ‘വിജയ’ത്തെത്തുടര്‍ന്ന് സാമൂഹിക വനവത്കരണത്തിന്റെ രണ്ടാംഘട്ടത്തിനും ലോകബാങ്ക് പണം നല്‍കി. 60 കോടിയില്‍ തുടങ്ങിയെങ്കിലും ഡോളറിന്റെ വിനിമയ നിരക്കിലെ വ്യത്യാസംമൂലം അത് 100 കോടിയിലേറെയായി വര്‍ദ്ധിച്ചു. അക്കേഷ്യ വീണ്ടും വച്ചിട്ടും പണം ബാക്കി. അങ്ങനെ കുറെ കെട്ടിടങ്ങള്‍ കൂടി നിര്‍മ്മിച്ചു. അവ ശേഷിച്ചിട്ടുണ്ട്.
‘കേരള സോഷ്യല്‍ ഫോറസ്ട്രി’ എന്ന പേരില്‍ 182.39 കോടി രൂപ അടങ്കലില്‍ അടുത്ത ലോകബാങ്ക് പദ്ധതി ആരംഭിച്ചത് 1998-ലാണ്. ജൈവ വൈവിദ്ധ്യസംരക്ഷണം, വനപരിപാലന ശാക്തീകരണം, മേഖലാ പരിപാലന ശാക്തീകരണം, പങ്കാളിത്ത വനവത്കരണം തുടങ്ങിയ ഇമ്പമാര്‍ന്ന ലക്ഷ്യങ്ങളായിരുന്നു അതിന്. പദ്ധതി നടത്തിപ്പ് ലോകബാങ്കിനു പോലും പിടിക്കാത്തതിനാല്‍ 2001-ല്‍ അവര്‍ പദ്ധതി അടങ്കല്‍ 166 കോടി രൂപയായി വെട്ടിക്കുറച്ചു. 2003-ല്‍ പൂര്‍ത്തിയായപ്പോള്‍ ചെലവ് 167.42 കോടി രൂപ.
‘പണ്ടൊക്കെ പിന്നെപ്പിന്നെ ഇപ്പോള്‍ കൈയോടെ’ എന്നു പറഞ്ഞതുപോലെയായി വനം വകുപ്പിന്റെ അവസ്ഥ. കേന്ദ്ര വനം – പരിസ്ഥിതി വകുപ്പിന്റെ രേഖ ഉടന്‍ പുറത്തുവന്നു. 2001-ല്‍ കേരളത്തില്‍ 11,772 ചതുരശ്ര കിലോമീറ്റര്‍ നിബിഡ വനമുണ്ടായിരുന്നു. 2003-ല്‍ അത് 9628 ചതുരശ്ര കിലോമീറ്ററായി! നിബിഡവനം എന്നാല്‍ 40 ശതമാനം മുതല്‍ 70 ശതമാനംവരെ വൃക്ഷങ്ങളുള്ള ഭൂമി എന്നാണ് സങ്കല്പം.
പദ്ധതികൊണ്ട് ഗുണമില്ലേ എന്നു ചോദിച്ചാല്‍ ‘ ഒട്ടേറെ’ എന്നു പറയാന്‍ ആളുണ്ട്. പദ്ധതിയൊക്കെ തീര്‍ന്നെങ്കിലും അതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ് മുതലുള്ള ഉദ്യോഗസ്ഥ വിഭാഗം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു! എന്താണ് പ്രവര്‍ത്തനം എന്നുമാത്രം ചോദിക്കരുത്, ഉത്തരം ലഭിച്ചെന്ന് വരില്ല.
കനത്ത നാശമുണ്ടാക്കി
മുന്‍ മുഖ്യവനപാലകന്‍ സി.കെ. കരുണാകരന്‍
“പരിസ്ഥിതിക്കും കേരളത്തിലെ ജൈവ വൈവിദ്ധ്യത്തിനും ആദ്യ സാമൂഹിക വനവത്കരണ പദ്ധതി കനത്ത നാശമുണ്ടാക്കി. തുടര്‍ന്നുള്ള പദ്ധതികളും സ്വതന്ത്ര ഏജന്‍സികള്‍ പരിശോധിച്ചില്ല.”
മരം വച്ചുപിടിപ്പിക്കും
മന്ത്രി ബിനോയ് വിശ്വം
“സാമൂഹിക വനവല്‍ക്കരണം എന്നാല്‍ കണക്കെഴുതി നിറയ്ക്കലല്ല. അത് ഈ സര്‍ക്കാര്‍ അനുവദിക്കില്ല. ജനകീയ പങ്കാളിത്തത്തോടെ മരം വച്ചുപിടിപ്പിക്കും. ‘എന്റെ മരം, ഹരിതതീരം’ എന്നിവയൊക്കെ ആ ഉദ്ദേശ്യത്തിലുള്ളവയാണ്. അക്കേഷ്യപോലെ നമ്മുടെ നാട്ടിലെ വെള്ളം മുഴുവന്‍ വലിച്ചെടുക്കുന്ന മരങ്ങള്‍ നടില്ല. കാലാവസ്ഥാമാറ്റത്തിനും ആഗോളതാപനത്തിനുമെതിരെ ‘മരമാണ് പരിപാടി’ എന്നൊരു പദ്ധതി മനസ്സിലുണ്ട്. ആര്‍ക്കും ഇതുമായി സഹകരിക്കാം. കടലാസില്‍ ‘മരം നടുന്ന’ പദ്ധതികളോട് യോജിപ്പില്ല.”

ഓംബുഡ്സ്മാന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആലോചന
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അംഗങ്ങളുടെ എണ്ണം മൂന്നോ അഞ്ചോ ആക്കി ഉയര്‍ത്തും.
നിലവില്‍ ഏക ഓംബുഡ്സ്മാനാണുള്ളത്. ഇതുമൂലം പരാതികള്‍ തീര്‍പ്പുകല്പിക്കാനാവാതെ കുന്നുകൂടുകയാണ്. അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിനോടൊപ്പം ദക്ഷിണമേഖല, മദ്ധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ച് ഓംബുഡ്സ്മാനെ നിയമിക്കുന്ന കാര്യവും പരിഗണിക്കും. ഇതിലൂടെ പരാതികള്‍ക്ക് എളുപ്പത്തില്‍ തീര്‍പ്പ് കല്പിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. പരാതികളുമായി തിരുവനന്തപുരത്ത് വരുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവായിക്കിട്ടുകയും ചെയ്യും.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഓംബുഡ്സ്മാനെ നിയമിച്ചത്. അന്ന് ഏഴംഗ ഓംബുഡ്സ്മാനായിരുന്നു. കഴിഞ്ഞ യു.ഡി. എഫ് സര്‍ക്കാര്‍ നിയമഭേദഗതി വരുത്തി ഏകാംഗ ഓംബുഡ്സ്മാനാക്കി. ഇതിലൂടെ ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാക്കി എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ വീണ്ടും നിയമത്തില്‍ ഭേദഗതി വേണ്ടിവരും. ഇതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരം അട്ടിമറിച്ച യു.ഡി.എഫ് നടപടി തിരുത്തുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി വീരപ്പമൊയ്ലി കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് അഴിച്ചുപണി നടത്തുന്നത്. നിലവിലുള്ള ഓംബുഡ്സ്മാന്‍ ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസിന്റെ കാലാവധി ജനുവരി 31ന് അവസാനിക്കുകയാണ്.
പുതിയ ഓംബുഡ്സ്മാനിലെ അംഗങ്ങളെല്ലാം ജസ്റ്റിസ്മാരാകണമെന്നില്ല. റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറിമാര്‍, സര്‍ക്കാരിന്റെ സീനിയര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരെ അംഗങ്ങളാക്കാനാണ് ആലോചിക്കുന്നത്.

വിവരാവകാശ കമ്മിഷന്‍ വിധി: ഫണ്ട് വിനിയോഗം സ്ഥാപനങ്ങള്‍ വിശദീകരിക്കണം
തിരുവനന്തപുരം : സര്‍ക്കാര്‍ ഫണ്ട് കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ അത് എങ്ങനെ വിനിയോഗിച്ചുവെന്ന പൊതുജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കേണ്ടിവരും.
വിവരാവകാശ നിയമപ്രകാരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഫുള്‍ബെഞ്ച് വിധിച്ചു. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്ന യത്തീംഖാനകള്‍, ആശ്രമങ്ങള്‍, ക്രൈസ്തവ ആരാധനാലയങ്ങള്‍ എന്നിവ ഈ പരിധിയില്‍ ഉള്‍പ്പെടും.
തിരുവനന്തപുരത്തെ മിത്രനികേതന്‍, ഡെയില്‍വ്യൂ എന്നീ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് സ്വീകരിച്ചിട്ടും ചോദിച്ച വിവരങ്ങള്‍ നല്‍കിയില്ലെന്ന പരാതിയിലാണ് ഈ വിധി. കൃത്യമായി മറുപടി നല്‍കണമെന്നും ജീവനക്കാരില്‍ ഒരാളെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്മിഷന്റെ ഈ വിധി സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും.

മൈത്രി ഭവന പദ്ധതി ക്രമക്കേട്: പി.ജെ. ജോസഫിനും കുരുവിളയ്ക്കും ഹൈക്കോടതി നോട്ടീസ്
കൊച്ചി: മൈത്രി ഭവനപദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ മുന്‍ മന്ത്രി പി.ജെ. ജോസഫ്, ഹൌസിംഗ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി.യു. കുരുവിള എന്നിവര്‍ക്കും മറ്റും നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ക്രമക്കേടുകളില്‍ അക്കാലത്തെ മന്ത്രിയടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജി.
കടപ്പാട്- കേരളകൗമുദി

പൊന്‍മുടി എസ്റ്റേറ്റ് വേണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പരിസ്ഥിതി ദുര്‍ബല പ്രദേശമായ പൊന്‍മുടി എസ്റ്റേറ്റിലെ 100 ഏക്കര്‍ ഭൂമി തങ്ങള്‍ക്കു നല്‍കണമെന്ന്  ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ബി.എന്‍. സുരേഷ് ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിരിക്കെ, സര്‍ക്കാര്‍ ആദ്യം വാഗ്ദാനം ചെയ്ത തെന്നൂര്‍ വില്ലേജിലെ കമ്പിമേട്ടിലെ 127 ഏക്കറില്‍ പെട്ട 100 ഏക്കറും അപ്പര്‍ സാനറ്റോറിയത്തിലെ 25 ഏക്കറും മാത്രമേ നല്‍കൂവെന്ന  നിലപാടില്‍ റവന്യു വകുപ്പ്.

സേവിയില്‍നിന്നു വാങ്ങിയ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമിയോടു ചേര്‍ന്നുള്ള 100 ഏക്കറാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തില്‍ പറയുന്നത്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പൊന്‍മുടി എസ്റ്റേറ്റിലെ 100 ഏക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഏറ്റെടുക്കാം. ഐഎസ്ആര്‍ഒയുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം ഈ ഭൂമി ഞായറാഴ്ച പരിശോധിച്ചു.

പൊന്‍മുടി റോഡിലെ 19-ാം ഹെയര്‍പിന്‍ വളവിന്റെ ഇടതുഭാഗത്തെ 35 ഏക്കറും അല്‍പം മുന്‍പിലായി റോഡിന്റെ വലതുവശത്തെ 65 ഏക്കറുമാണ് ആവശ്യം. ഇവിടെ മരങ്ങളില്ല. ഐഎസ്ആര്‍ഒ ചെയര്‍മാന്റെയും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുടെയും അനുമതിയോടെയാണ് ഈ കത്തെന്നും  രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍നിന്ന് സേവി വഴി മൂന്നര കോടി രൂപയ്ക്കു വാങ്ങിയ 81 ഏക്കര്‍ വനഭൂമിയോടു ചേര്‍ന്നുള്ള 3995/2 സര്‍വേ നമ്പരിലെ 35 ഏക്കറും 3996/2 സര്‍വേ നമ്പരിലെ 65 ഏക്കറുമാണ് ആവശ്യപ്പെട്ടത്.

ഇതില്‍ ആദ്യ 35 ഏക്കര്‍ നേരത്തെ സേവിയില്‍നിന്ന് ഐഎസ്ആര്‍ഒ വാങ്ങിയ ഭൂമിയോടു ചേര്‍ന്നുള്ളതാണ്. രണ്ടും ഒരേ സര്‍വേ നമ്പറില്‍ പെട്ടതും. രണ്ടാമത്ത 65 ഏക്കര്‍ 1971 മുതലുള്ള നിക്ഷിപ്ത വനഭൂമിയും. അതു സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും കൈമാറാന്‍ കഴിയില്ല. മാത്രമല്ല, ഇപ്പോള്‍ ആവശ്യപ്പെട്ട 35 ഏക്കറിനോടു ചേര്‍ന്നാണു സേവിയുടെ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള വിവാദ ഹെലിപ്പാഡും.

അതേസമയം  ഐഎസ്ആര്‍ഒയുമായി ചേര്‍ന്നു റവന്യു ഉദ്യോഗസ്ഥര്‍ ഇതുവരെ സംയുക്ത സര്‍വേ നടത്തിയിട്ടില്ലെന്നു റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നു.  പക്ഷേ സംയുക്ത സര്‍വേ റിപ്പോര്‍ട്ട് തനിക്കു ലഭിച്ചതായാണ് മന്ത്രി എം. വിജയകുമാര്‍ പറയുന്നത്.  മാത്രമല്ല പൊന്‍മുടി എസ്റ്റേറ്റിലെ ഭൂമി ഐഎസ്ആര്‍ഒ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംയുക്ത സര്‍വേയുടെ കാര്യത്തില്‍  മന്ത്രിയും ഐഎസ്ആര്‍ഒയും പറയുന്നത് ഒരേ കള്ളമാണെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു.

ഭൂമി ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ കത്തു നല്‍കുകയും ചെയ്തു. ഏതായാലും ഈ ഒത്തുകളിക്ക് ഇല്ലെന്ന നിലപാടിലാണ് റവന്യു വകുപ്പ്. അതിനാല്‍ത്തന്നെ സേവി മനോ മാത്യു നോട്ടമിട്ട 160 ഏക്കര്‍ റവന്യു ഭൂമി പോലും സര്‍വേ നടത്തി തിരിച്ചുപിടിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അവര്‍.
കടപ്പാട്- മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം