Daily Archives: ഡിസംബര്‍ 17, 2007

ഡിസംബര്‍ 17 തിങ്കള്‍

പൊന്മുടി എസ്റ്റേറ്റ്: രഹസ്യ സര്‍വേക്കുള്ള നീക്കം റവന്യൂ മന്ത്രി തടഞ്ഞു

തിരുവനന്തപുരം: പൊന്മുടി എസ്റ്റേറ്റ് ഐ.എസ്.ആര്‍.ഒയ്ക്കു കൈമാറാനും സേവി മനോ മാത്യുവില്‍നിന്നു വാങ്ങിയ ഭൂമി പുനര്‍ വിജ്ഞാപനം ചെയ്യാനും മുഖ്യമന്ത്രിയെ മറയാക്കി നിയമമന്ത്രിയും സംഘവും നടത്തിയ നീക്കം റവന്യൂ മന്ത്രി ഇടപെട്ടു തടഞ്ഞു. ഇതേസമയം, ഐ.എസ്.ആര്‍.ഒ. ഭൂമിയിടപാടിനെക്കുറിച്ചു ഡി.ഐ.ജി. ഹരിസേനവര്‍മയുടെ നേതൃത്വത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി. ഉന്നത ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥരെ ചോദ്യംചെയ്ത സംഘം റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.

റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനെ അറിയിക്കാതെ ഐ.എസ്.ആര്‍.ഒയുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നിയമമന്ത്രി എം. വിജയകുമാര്‍ ശനിയാഴ്ച നടത്തിയ ചര്‍ച്ചയിലാണു പൊന്മുടി എസ്റ്റേറ്റ് ഐ.എസ്.ആര്‍.ഒയ്ക്കു നല്‍കാമെന്നു സമ്മതിച്ചത്. റവന്യൂ സെക്രട്ടറിയുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു ഈ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊന്മുടി എസ്റ്റേറ്റില്‍ ഇന്നലെ സര്‍വേ നടത്താനും തീരുമാനിച്ചു. വൈകി വിവരമറിഞ്ഞ റവന്യൂമന്ത്രി നേരിട്ടിടപെട്ടു സര്‍വേ തടഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു ശനിയാഴ്ചത്തെ ചര്‍ച്ച. ഐ.എസ്.ആര്‍.ഒയെ പ്രതിനിധീകരിച്ചു മൂന്ന് ഉദ്യോഗസ്ഥരും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രി എം. വിജയകുമാര്‍, ചീഫ് സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീലാ തോമസ്, പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ എന്നിവരുമാണു യോഗത്തില്‍ പങ്കെടുത്തത്.

തെന്നൂരില്‍ സര്‍ക്കാര്‍ നല്‍കാമെന്നേറ്റ നൂറേക്കര്‍ ഭൂമിയും അപ്പര്‍സാനിറ്റോറിയത്തില്‍ ഐ.എസ്.ആര്‍.ഒ. ആവശ്യപ്പെട്ട 25 ഏക്കര്‍ ഭൂമിയെക്കുറിച്ചുമായിരുന്നു ചര്‍ച്ച. തെന്നൂരില്‍ സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ഭൂമി അനുയോജ്യമല്ലെന്നു ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ യോഗത്തെ അറിയിച്ചു. ഭൂമി പരിശോധിച്ചപ്പോള്‍ കാട്ടുപൂച്ചയേയും പരുന്തിനേയും കണ്ടുവെന്നും വനഭൂമിയാണെന്നതിന്റെ തെളിവാണിതെന്നുമായിരുന്നു വാദം. ബഹിരാകാശ കേന്ദ്രത്തിലേക്കു റോഡ് നിര്‍മിക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്കു വന്‍തുക ചെലവു വരുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ്.ആര്‍.ഒ. അധികൃതര്‍ ഇതെല്ലാം കേട്ടിരുന്നതല്ലാതെ സംസാരിച്ചില്ല. ഇവര്‍ക്കുവേണ്ടി ഉദ്യോഗസ്ഥരാണു സംസാരിച്ചത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ ഇതിനെ എതിര്‍ത്തു. 1920 മുതല്‍ ഇതു റവന്യൂ ഭൂമിയാണെന്നതിനു തെളിവുണ്ടെന്നും ഏതു തരത്തിലുള്ള നിര്‍മാണത്തിനും ഈ ഭൂമി അനുയോജ്യമാണെന്നു സര്‍വേ റിപ്പോര്‍ട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഈ ഭൂമി നല്‍കാന്‍ റവന്യൂ വകുപ്പിനു ബുദ്ധിമുട്ടില്ല. അപ്പര്‍ സാനിറ്റോറിയം നല്‍കുന്നതിനോടു റവന്യൂ വകുപ്പിനു യോജിപ്പില്ലെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അപ്പര്‍സാനിറ്റോറിയത്തിലെ 20 ഏക്കര്‍ നല്‍കാമെന്നു റവന്യൂ സെക്രട്ടറി അറിയിച്ചു.

എന്നാല്‍ അവിടെ നിരവധി ആളുകള്‍ വന്നിരിക്കുന്നതാണെന്നും പൊന്മുടി എസ്റ്റേറ്റിലെ 100 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാമെന്നും മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

കളത്തില്‍ ഈപ്പന്‍ എന്നയാളുടെ പക്കല്‍നിന്നും പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാല്‍ വിജ്ഞാപനത്തിലൂടെ ഏറ്റെടുത്ത ഭൂമിയാണിതെന്നും ഇപ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെന്നും റവന്യൂ സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാല്‍ ഇതു നല്‍കാനാവില്ല. പുനര്‍വിജ്ഞാപനം ചെയ്താല്‍ മാത്രമേ ഇതു നല്‍കാനാവൂ. അങ്ങനെവന്നാല്‍ തൊട്ടടുത്തു സേവി മനോ മാത്യു കൈവശം വച്ചിരിക്കുന്ന ഭൂമിയും പുനര്‍വിജ്ഞാപനം ചെയ്യേണ്ടിവരുമെന്നും സെക്രട്ടറി പറഞ്ഞു. എസ്റ്റേറ്റ് നല്‍കുന്നതിനെ ആത്മഹത്യാപരം എന്നാണു റവന്യൂ സെക്രട്ടറി വിശേഷിപ്പിച്ചത്.

ഇത്തരം നടപടികളൊന്നും വേണ്ടെന്നും പൊന്മുടി എസ്റ്റേറ്റ് ഐ.എസ്.ആര്‍.ഒയ്ക്ക് നല്‍കുന്നതാണ് ഉചിതമെന്നുമായിരുന്നു മന്ത്രി എം.വിജയകുമാറിന്റേയും ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എന്നിവരുടേയും നിലപാട്. മുഖ്യമന്ത്രി വീണ്ടും സംശയം പ്രകടിപ്പിച്ചു. ഒരു കുഴപ്പവുമില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.

പൊന്മുടി എസ്റ്റേറ്റ് നല്‍കാനുള്ള നീക്കത്തെ ബാലഗോപാലും എതിര്‍ത്തു. വീണ്ടും വിവാദങ്ങളുണ്ടാകാനേ ഇതു ഉപകരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മന്ത്രി ബിനോയ് വിശ്വവുമായി ചര്‍ച്ച ചെയ്ത ശേഷം അടുത്ത ആഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നു പറഞ്ഞു മുഖ്യമന്ത്രി യോഗം അവസാനിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെ ലാന്‍ഡ് റവന്യു കമ്മിഷണര്‍ നെടുമങ്ങാട് തഹസീല്‍ദാരെ ടെലഫോണില്‍ ബന്ധപ്പെട്ടു പൊന്മുടി എസ്റ്റേറ്റ് അളന്നുതിരിക്കണമെന്നും സര്‍വേ നടത്തി നൂറേക്കര്‍ സ്ഥലം മാര്‍ക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഞായറാഴ്ച രാവിലെ പത്തിന് സര്‍വേ തുടങ്ങാനായിരുന്നു നിര്‍ദേശം. ഇതറിഞ്ഞ റവന്യൂ ഉദ്യോഗസ്ഥര്‍ രാത്രി തൃശൂരിലുള്ള റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ധരിപ്പിച്ചു.

അദ്ദേഹം ഉടന്‍തന്നെ നെടുമങ്ങാട് തഹസീല്‍ദാര്‍, സര്‍വേ ഡയറക്ടര്‍ എന്നിവരെ ബന്ധപ്പെടുകയും സര്‍വേ നടത്തരുതെന്നു നിര്‍ദേശിക്കുകയുമായിരുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നു പരിസ്ഥിതി ദുര്‍ബല പ്രദേശമായ പൊന്മുടി എസ്റ്റേറ്റ് അളന്നുതിരിക്കാനുള്ള നീക്കം പാളി.
കടപ്പാട്- മംഗളം

തൊഴിലുറപ്പുപദ്ധതി പുതിയ മേഖലകളില്‍
5 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍
തിരു: സംസ്ഥാനത്ത് വൈദ്യുതി, ജലസേചനം, വനം വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയിലേക്കും ദേശീയ തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കും. അവശേഷിക്കുന്ന 10 ജില്ലയില്‍ക്കൂടി ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന പദ്ധതിയില്‍ 2008-09 സാമ്പത്തികവര്‍ഷം അഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കും. 625 കോടി രൂപ കൂലിയിനത്തില്‍ മാത്രം ജനങ്ങളിലെത്തും.

വൈദ്യുതി ബോര്‍ഡിന്റെയും ജലസേചനം-വനം വകുപ്പുകളുടെയും അധീനതയിലുള്ള ഭൂമിയില്‍ തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ജലസംഭരണികളിലെയും കനാലുകളിലെയും ചെളിനീക്കി ആഴം പുനഃസ്ഥാപിക്കുക, വൃഷ്ടിപ്രദേശത്തെ മണ്ണൊലിപ്പ് തടയാന്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയവയാണ് പുതുതായി ഉള്‍പ്പെടുത്തുന്ന പ്രവൃത്തികള്‍.

സര്‍ക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ കൈവശമുള്ള പൊതുഭൂമി, പട്ടികജാതി -വര്‍ഗ വിഭാഗങ്ങളുടെ ഭൂമി എന്നിവയില്‍ നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തൊഴിലുറപ്പു പദ്ധതിയില്‍ പണം ലഭിക്കുക. രാജ്യത്ത് ദാരിദ്യ്രം തുടരുന്നതിനുള്ള കാരണം വരള്‍ച്ചയാണെന്ന വീക്ഷണത്തിലാണ് നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ചത്. ഇടതുപാര്‍ടികളുടെ സമ്മര്‍ദഫലമായി ബിപിഎല്‍ കുടുംബങ്ങളുടെ ഭൂമിയില്‍ക്കൂടി ജല സംരക്ഷണ പ്രവര്‍ത്തനത്തിന് ഈ വര്‍ഷം അനുമതി ലഭിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പൊതു ഭൂമിയും പട്ടിക ജാതി-വര്‍ഗക്കാരുടെ ഭൂമിയും കുറവാണ്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങളെങ്കിലും നല്‍കാന്‍ പദ്ധതി പ്രകാരം സര്‍ക്കാരിനു ബാധ്യതയുണ്ട്. തൊഴില്‍ചെയ്യാന്‍ ഭൂമിയില്ലാത്തത് പദ്ധതിക്ക് തടസ്സമാകുമെന്നത് മുന്നില്‍ക്കണ്ടാണ് കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

പദ്ധതി ആദ്യം നടപ്പാക്കിയ പാലക്കാട്ട് അറുപതിനായിരവും വയനാട്ടില്‍ നാല്‍പ്പതിനായിരവും കുടുംബങ്ങളാണ് തൊഴില്‍ തേടിയെത്തിയത്. ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് നടപ്പുവര്‍ഷം പദ്ധതി ആരംഭിച്ചത്. അവശേഷിക്കുന്ന 10 ജില്ലയില്‍ക്കൂടി പദ്ധതി തുടങ്ങുന്നതോടെ തൊഴില്‍തേടി എത്തുന്ന കുടുംബങ്ങളുടെ എണ്ണം അഞ്ചുലക്ഷം കവിയുമെന്നാണ് കരുതുന്നത്.

ജലസേചനം, വനം, വൈദ്യുതി വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകാനും പദ്ധതി സഹായിക്കും. ഫണ്ടിന്റെ അഭാവംമൂലം ഡാമുകളിലെ ചെളിനീക്കല്‍ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുകയാണ്. സംഭരണശേഷി പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിയാത്തത് സംസ്ഥാനത്തെ കൃഷി, വൈദ്യുതി മേഖലകളെയും ദോഷകരമായി ബാധിച്ചിരുന്നു. തൊഴിലുറപ്പു പദ്ധതിയിലെ മനുഷ്യാധ്വാനം ഇവയില്‍ വിനിയോഗിക്കുന്നത് കാര്‍ഷികോല്‍പ്പാദനം വര്‍ധിക്കുന്നത് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ക്ക് ഇടയാക്കും.

നെല്‍ക്കൃഷിക്ക് സഹായകമാകുന്ന വിധത്തില്‍ പദ്ധതിയില്‍ മാറ്റംവരുത്താന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാമമാത്ര-ഇടത്തരം കൃഷിക്കാരുടെ നിലം ഒരുക്കുന്ന ജോലി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഇ എം എസ് ഭവനപദ്ധതിയിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
കടപ്പാട്- ദേശാഭിമാനി

പുരോഗതിയുടെ അടിസ്ഥാനം സാമൂഹിക സമത്വം: ജസ്റ്റിസ് വെങ്കിടചെല്ലയ്യ
Madhyamam news കോഴിക്കോട്: ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍പോലും രാജ്യത്ത് ശരിയായി നിര്‍വഹിക്കപ്പെടുന്നില്ലെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം.എന്‍. വെങ്കിടചെല്ലയ്യ പറഞ്ഞു. നിയമജ്ഞരുടെ കൂട്ടായ്മയായ ‘ജസ്റ്റീഷ്യ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജാതികളും വര്‍ഗങ്ങളുമായി സമൂഹം വിഭജിക്കപ്പെടുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനാവശ്യം മതേതരത്വവും സഹിഷ്ണുതയുമാണ്. പൌരന്റെ അവകാശം സംരക്ഷിക്കാനാണ് മുന്‍ഗണന കൊടുക്കേണ്ടത്. എല്ലാ മേഖലയിലും വികസനവും അവകാശസംരക്ഷണവും സാമൂഹിക സമത്വവുമുണ്ടാവുമ്പോഴേ ശരിയായ പുരോഗതി കൈവരിക്കാനാവൂ.
നീതിയിലധിഷ്ഠിതമായ സമൂഹത്തെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍, 68 ശതമാനം മെമ്പര്‍മാരും പാര്‍ലമെന്റില്‍ എത്തുന്നത് കുറഞ്ഞ വോട്ട് നേടിയാണ്.

ഇത്തരമൊരു പാര്‍ലമെന്റ് എങ്ങനെയാണ് മൊത്തം ജനങ്ങളെ പ്രതിനിധാനംചെയ്യുക? മറ്റു രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടത്തെ രാഷ്ട്രീയ സമൂഹം സിവിലിയന്‍ സമൂഹത്തെ പ്രതിനിധാനംചെയ്യുന്നില്ല. പൊതുജനം രാഷ്ട്രീയ സമൂഹത്തെ നിയന്ത്രിക്കുന്നതിനു പകരം തിരിച്ചാണ് സംഭവിക്കുന്നത്. സാമ്പത്തിക വികസനത്തിലുപരി മാനുഷിക സുരക്ഷിതത്വവും വികസനവുമാണ് മുഖ്യ വിഷയമാവേണ്ടത്. നല്ല പൌരന്മാരെ സൃഷ്ടിക്കുകയും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോഴാണ് അര്‍ഥവത്തായ ജനാധിപത്യമുണ്ടാവുക. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് തഴയപ്പെട്ട അവസ്ഥ ഇല്ലാതായത് വിപ്ലവാത്മകമായ അവിടത്തെ സുപ്രീംകോടതി വിധിയിലൂടെയാണ്. ഇത് നമുക്ക് വഴികാട്ടിയാവേണ്ടതുണ്ട് ^അദ്ദേഹം പറഞ്ഞു.

നീതിയും നിയമവും ഹനിക്കപ്പെട്ടാല്‍ പ്രതികരിക്കേണ്ടത് ജീവനുള്ളവരുടെ കടമയാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ജസ്റ്റിസ് കെ. സുകുമാരന്‍ പറഞ്ഞു. നിയമത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെയുള്ള വിപ്ലവമാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നത്. വിശ്വാസവും വിപ്ലവവും തമ്മില്‍ പൊരുത്തക്കേടുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം മതങ്ങളുടെയും വര്‍ഗങ്ങളുടെയും അടിസ്ഥാനത്തില്‍ ചിന്നഭിന്നമാവുന്ന അവസ്ഥയില്‍ ഐക്യം ഉദ്ഘോഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
നീതി നിര്‍വഹണ സംവിധാനത്തെ മൂല്യവത്കരിക്കുക, പൊതുജനങ്ങളെ നിയമ ബോധവാന്‍മാരാക്കുക, നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി പോരാടുക എന്നിവയാണ് ‘ജസ്റ്റീഷ്യ’യുടെ ലക്ഷ്യങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സാമ്രാജ്യത്വത്തിന്റെ കരങ്ങള്‍ നീതിനിര്‍വഹണ സംവിധാനത്തെ പിടിച്ചുമുറുക്കുന്ന അവസ്ഥയില്‍ നിയമസംവിധാനം കുറ്റമറ്റതാക്കാന്‍ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. ജഡ്ജിമാരുടെ നിയമനങ്ങള്‍ സുതാര്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റീഷ്യ പ്രസിഡന്റ് അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഡോ. ഷക്കീല്‍ അഹമ്മദ് (ഗുജറാത്ത്) പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം.പി. മുഹമ്മദ് അസ്ലം സ്വാഗതവും അഡ്വ. കെ.എല്‍. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
കടപ്പാട്- മാധ്യമം

ഐ.എസ്.ആര്‍.ഒ. പരിഗണിക്കേണ്ടത് സാങ്കേതികവിദഗ്ദ്ധരുടെ അഭിപ്രായം മാധവന്‍നായര്‍

ബാംഗ്ലൂര്‍: ഐ.എസ്.ആര്‍.ഒവിന് ഭൂമി നല്‍കുന്ന കാര്യത്തില്‍ സാങ്കേതികവിദഗ്ദ്ധരുടെ അഭിപ്രായമാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടതെന്ന് ചെയര്‍മാന്‍ ഡോ. ജി. മാധവന്‍നായര്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളില്‍നിന്നുണ്ടാവുന്നത് നിര്‍ഭാഗ്യകരമാണ്. ഭൂമി കണ്ടെത്തുന്നതില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് നിക്ഷിപ്തതാല്പര്യങ്ങളൊന്നുമില്ല. പൊന്‍മുടിയില്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥലം ചെരിവുള്ളതും വൃക്ഷങ്ങള്‍ നിറഞ്ഞ നിബിഡമേഖലയുമാണ്. ഈ സ്ഥലം പരിശോധിച്ചശേഷം അനുയോജ്യമല്ലെന്ന് സാങ്കേതികവിദഗ്ദ്ധര്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒ.വിന് പറ്റിയ സ്ഥലം കണ്ടെത്തുന്നതില്‍ സര്‍ക്കാരിന് താല്പര്യമുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ച ആ ദിശയില്‍ അനുകൂലമായിരുന്നു. പൊന്മുടി എസ്റ്റേറ്റില്‍ ഐ.എസ്.ആര്‍.ഒ. സ്ഥലം ആവശ്യപ്പെട്ടതും പരിസ്ഥിതി സംരക്ഷണമേഖലയില്‍ പാടില്ലെന്ന വാദവും ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ വിവാദത്തിനില്ലെന്നും പല കാര്യങ്ങളും കോടതി മുമ്പാകെയുള്ളതിനാല്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മാധവന്‍നായര്‍ പറഞ്ഞു. എന്തായാലും ഐ.എസ്.ആര്‍.ഒവിന്റെ നിലപാടുകള്‍ സര്‍ക്കാറിനെ ധരിപ്പിച്ചിട്ടുണ്ട്. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിതമായൊരു തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ഡിസംബര്‍ 31 വരെ മാത്രമേ കാത്തുനില്ക്കുകയുള്ളൂവെന്നും മാധവന്‍നായര്‍ വ്യക്തമാക്കി.
കടപ്പാട്- മാതൃഭൂമി

‘ഗണിതശാസ്ത്രം’ പറയുന്നു നികുതിപിരിവ് പോരാ
തിരു: നികുതി പിരിവിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് ധനകാര്യമന്ത്രി പറയുമ്പോള്‍, ‘ഗണിതശാസ്ത്രം’ പറയുന്നത് മറ്റൊന്നാണ്- ഇങ്ങ നെ പോയാല്‍ നികുതിപിരിവ് ലക്ഷ്യം കാണില്ല.
നടപ്പുസാമ്പത്തികവര്‍ഷം നികുതി വകുപ്പ് ലക്ഷ്യമിട്ടത് 11,140 കോടി രൂപയുടെ വരുമാനമാണ്. മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്ന് 6150 കോടിയും വാണിജ്യനികുതിയില്‍ നിന്ന് 4990 കോടിയും. ഈ കണക്കനുസരിച്ച് ഒരു മാസം പിരിക്കേണ്ടിയിരുന്നത് ശരാശരി 928.31 കോടി രൂപയാണ്. 7426.64 കോടി രൂപ കഴിഞ്ഞ എട്ടു മാസത്തിനിടെ പിരിക്കേണ്ടതായിരുന്നുവെന്ന് സാരം. പിരിച്ചതാവട്ടെ, 5741 കോടി രൂപ മാത്രമാണ്. ലക്ഷ്യമിട്ടതില്‍ നിന്ന് 1685.64 കോടി രൂപയുടെ കുറവുണ്ട്.

ഡിസംബര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന കാലയളവില്‍ ശരാശരി 1348 കോടി രൂപ വച്ച് ഒരു മാസം പിരിച്ചാലേ ഇനി ലക്ഷ്യത്തില്‍ എത്താനാവൂ. അതിന് സാദ്ധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞ എട്ടുമാസത്തെ പിരിവിന്റെ കണക്കുകള്‍. സെപ്തംബറില്‍ ഒഴികെ ഒരു മാസവും 800 കോടിയില്‍ കൂടുതല്‍ പിരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓണത്തിന്റെ മാസമായ ആഗസ്റ്റില്‍ 649 കോടിയും സാമ്പത്തികവര്‍ഷത്തിന്റെ തുടക്കമായ ഏപ്രിലില്‍ 476 കോടിയുമായിരുന്നു നികുതിപിരിവ്.

ജനങ്ങളുടെ ക്രയവിക്രയശേഷി വര്‍ദ്ധിക്കുകയും സാധനവില ഉയരുകയും ചെയ്യുന്നതിനാലാണ് നികുതിപിരിവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20-25 ശതമാനം വര്‍ദ്ധന കണക്കാക്കി ലക്ഷ്യം നിര്‍ണയിക്കുന്നത്. 2005-ല്‍ ആദ്യ എട്ടുമാസത്തെ നികുതിപിരിവ് 4118 കോടിയായിരുന്നു. 2006-ല്‍ ഇത് 5251 കോടിയായി വര്‍ദ്ധിച്ചു. 27.5 ശതമാനമാണ് വര്‍ദ്ധന. എന്നാല്‍, 2007-ല്‍ ഇതേകാലയളവില്‍ വര്‍ദ്ധന 9 ശതമാനം മാത്രമാണ്. നികുതിപിരിവില്‍ വര്‍ദ്ധനയുണ്ടായി. പക്ഷേ, ലക്ഷ്യമിട്ട വര്‍ദ്ധനയുടെ അടുത്തുപോലും എത്തിയില്ല. അതാണ് പ്രശ്നം.

നികുതിപിരിവ് ഊര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങള്‍ ഗൂഢമായി അട്ടിമറിക്കപ്പെടുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാളയാര്‍ ചെക്കുപോസ്റ്റിലെ അഴിമതിക്ക് മൂക്കുകയറിട്ടപ്പോള്‍ വരുമാനം കുറഞ്ഞത് ഒരു ഉദാഹരണമാണ്. അഴിമതി ഒരു ആചാരംപോലെ നിലനിന്നിരുന്ന കഴിഞ്ഞവര്‍ഷം വാളയാറില്‍ നിന്ന് 30 കോടി ലഭിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം ലഭിച്ചത് 17 കോടിയാണ്. പ്രവേശന നികുതി ഇല്ലാതായതിനാലാണ് ഈ കുറവെന്ന് ഒരു വാദഗതിയുണ്ട്. പ്രവേശന നികുതിക്കുപകരം മുന്‍കൂര്‍ നികുതി ഏര്‍പ്പെടുത്തിയ കാര്യം മറച്ചുവച്ചുകൊണ്ടാണ് ഈ വാദഗതി. മാര്‍ബിള്‍, ടൈല്‍സ് തുടങ്ങിയവയ്ക്കു മുന്‍കൂര്‍ നികുതിയുണ്ട്.

അഴിമതിക്ക് സൌകര്യമുള്ള സ്ഥിതിയാണ് നികുതിപിരിവിന് അനുയോജ്യമെന്ന് സ്ഥാപിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്നാണ് സംശയം.

ഇതേസമയം, 2004-05, 2005-06 വര്‍ഷങ്ങളെ അപേക്ഷിച്ച് നികുതിപിരിവിന്റെ തോത് കൂടുതലാണ്. 2004-05 ല്‍ 6797 കോടിയായിരുന്നു നികുതിപിരിവ്. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 11 ശതമാനമായിരുന്നു വര്‍ദ്ധന. 2005-06 ല്‍ 6953 കോടി പിരിച്ചപ്പോഴാകട്ടെ, 5.3 ശതമാനം വളര്‍ച്ചയേ മുന്‍വര്‍ഷത്തെ അപേക്ഷിച്ചുണ്ടായുള്ളൂ. എന്നാല്‍, 8668 കോടി പിരിച്ച 2006-07 ല്‍ 24 ശതമാനം വര്‍ദ്ധനയുണ്ടായി.

നികുതി വളര്‍ച്ച ലക്ഷ്യം കൈവരിക്കും: ധനമന്ത്രി
കാസര്‍കോട്: സര്‍ക്കാര്‍ ലക്ഷ്യമിട്ട 20 ശതമാനം നികുതി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം കൈവരിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് മഞ്ചേശ്വരത്ത് പറഞ്ഞു.

സര്‍ക്കാര്‍ നികുതി പിരിക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്ന് ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം അസംബന്ധമാണ്. സ്വന്തമായി പത്രവും പാര്‍സല്‍ സര്‍വീസുമുളളവരാണ് ഇത്തരം വിമര്‍ശനമുയര്‍ത്തുന്നത്. ഇവര്‍ സര്‍ക്കാരിനെ നികുതി പിരിക്കാന്‍ പഠിപ്പിക്കേണ്ട. വ്യാപാരികള്‍ നല്‍കുന്ന സത്യവാങ്മൂലം 99 ശതമാനം വിശ്വസിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ നികുതി പിരിക്കുന്നത്. ഇതില്‍ പേരായ്മകളുണ്ട്-മന്ത്രി വിശദീകരിച്ചു.

നികുതിവരുമാനം കുറഞ്ഞാല്‍
വികസന പ്രവര്‍ത്തനങ്ങള്‍ തകിടം മറിയും.
സാമൂഹ്യക്ഷേമത്തിനുള്ള തുക വെട്ടിക്കുറയ്ക്കേണ്ടിവരും.
തൊഴിലധിഷ്ഠിത പദ്ധതികളെ ബാധിക്കും.
കൂടുതല്‍ വായ്പ എടുക്കേണ്ടിവരും.

സിംകാര്‍ഡ് കൈമാറ്റം: ജാഗ്രത വേണം
പാലക്കാട് : പഴയ മൊബൈല്‍ നമ്പര്‍ ഉപേക്ഷിക്കുന്നവര്‍ ആ വിവരം കസ്റ്റമര്‍കെയര്‍ സെന്ററില്‍ അറിയിക്കണമെന്ന് ബി. എസ്. എന്‍. എല്‍ അറിയിക്കുന്നു.

സിം കാര്‍ഡ് കൈമാറ്റം ചെയ്യുകയാണെങ്കില്‍ അത് രേഖാമൂലം അറിയിച്ചശേഷമായിരിക്കണമെന്നും ബി. എസ്. എന്‍. എല്‍ നിര്‍ദ്ദേശിക്കുന്നു.

സുഹൃത്തുക്കള്‍ക്ക് കൈമാറിയ സിം കാര്‍ഡുകള്‍ ക്രിമിനലുകളുടെയും ഗുണ്ടകളുടെയും കൈവശം എത്തിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരമാണ് മുന്നറിയിപ്പ്.

പൊന്മുടി എസ്റ്റേറ്റ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളും
തിരുവനന്തപുരം : പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ (ഇ.എഫ്.എല്‍) പരിധിയില്‍പ്പെടുന്ന പൊന്മുടി എസ്റ്റേറ്റിലെ 100 ഏക്കര്‍ ഭൂമി നല്‍കണമെന്ന ഐ. എസ്. ആര്‍. ഒയുടെ പുതിയ ആവശ്യം ഗവണ്‍മെന്റ് അംഗീകരിക്കില്ല.

പൊന്മുടിയില്‍ കമ്പിമൂട്ടിലെ 100 ഏക്കറും അപ്പര്‍ സാനട്ടോറിയത്തിലെ 25 ഏക്കറും ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് സൌജന്യമായി നല്‍കാനുള്ള നടപടികള്‍ റവന്യുവകുപ്പ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വേറെ ഭൂമി കണ്ടെത്തേണ്ടതില്ലെന്നാണ് ഗവണ്‍മെന്റ് നിലപാട്. ഇക്കാര്യം ഐ. എസ്. ആര്‍. ഒയെ അറിയിക്കും.

ഐ. എസ്. ആര്‍. ഒയുടെ പുതിയ ആവശ്യം സേവി മനോമാത്യുവിനെ സഹായിക്കാനാണെന്ന് റവന്യുവകുപ്പ് സംശയിക്കുന്നു.

പൊന്മുടി എസ്റ്റേറ്റ് ഐ. എസ്. ആര്‍. ഒയ്ക്ക് വിട്ടുകൊടുക്കണമെങ്കില്‍ ഇ. എഫ്. എല്‍ പരിധിയില്‍നിന്ന് ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ തൊട്ടടുത്തുള്ള മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഇ. എഫ്. എല്‍ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെടാന്‍ ഒരു കാരണമാകും. പൊന്മുടി എസ്റ്റേറ്റില്‍ ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് വന്നാല്‍ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമിവില ഉയരും. ഇത് സേവി മനോമാത്യുവിന് ഗുണകരമാകും.

കാഞ്ഞിരപ്പള്ളി സ്വദേശിയുടെ കൈവശമാണ് പൊന്മുടി എസ്റ്റേറ്റ്. ഐ. എസ്. ആര്‍. ഒയും ഈ എസ്റ്റേറ്റ് ഉടമകളും ചേര്‍ന്നുള്ള ഒത്തുകളിയാണോ പുതിയ ആവശ്യത്തിന് പിന്നിലെന്ന സംശയം ബലപ്പെടാന്‍ പ്രധാന കാരണം ഇതാണ്. പൊന്മുടി എസ്റ്റേറ്റ് എടുത്താല്‍ തനിക്ക് നല്‍കിയ പണം തിരികെക്കൊടുക്കാന്‍ സേവി മനോമാത്യു ഐ. എസ്. ആര്‍. ഒയോട് സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

പരിസ്ഥിതി ദുര്‍ബല പ്രദേശമായ പൊന്മുടി എസ്റ്റേറ്റിലെ ഭൂമി യാതൊരു കാരണവശാലും ഐ. എസ്. ആര്‍. ഒയ്ക്ക് നല്‍കാനാവില്ലെന്ന് റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍ ‘കേരളകൌമുദി’യോട് പറഞ്ഞു. ഐ. എസ്. ആര്‍. ഒ താത്പര്യം പ്രകടിപ്പിച്ചതിനാല്‍ കമ്പിമൂട്ടിലെ 100 ഏക്കര്‍ ഭൂമി അളന്ന് രേഖകളെല്ലാം തയ്യാറാക്കി വച്ചിരിക്കുകയാണ്.

ഈ ഭൂമിയില്‍ 30 ഏക്കറില്‍ കെട്ടിടം പണിയാനുള്ള സൌകര്യവും ഐ. എസ്. ആര്‍. ഒയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അപ്പര്‍ സാനട്ടോറിയത്തിലെ 25 ഏക്കര്‍കൂടി നല്‍കാനും നടപടിയെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഈ ഘട്ടത്തില്‍ ഐ. എസ്. ആര്‍. ഒ പുതിയ ആവശ്യം ഉന്നയിച്ചതില്‍ എന്തോ കള്ളക്കളിയുണ്ട്-രാജേന്ദ്രന്‍ പറഞ്ഞു.

ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് സര്‍ക്കാര്‍ സൌജന്യമായി ഭൂമി നല്‍കാമെന്ന് പറഞ്ഞതു മുതല്‍ ഐ.എസ്.ആര്‍.ഒ ഉരുണ്ടുകളിക്കുകയാണ്. കമ്പിമൂട്ടില്‍ 100 ഏക്കര്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അത് പോരാ അപ്പര്‍ സാനട്ടോറിയത്തില്‍ 25 ഏക്കര്‍കൂടി വേണമെന്നായി. അത് കഴിഞ്ഞപ്പോള്‍ കമ്പിമൂട്ടിലെ ഭൂമിയില്‍ കെട്ടിടം പണിയാനാവില്ലെന്ന ഉടക്കുവച്ചു. സംയുക്ത പരിശോധനയില്‍ അതും പൊളിഞ്ഞപ്പോഴാണ് പൊന്മുടി എസ്റ്റേറ്റ് ഭൂമി വേണമെന്ന പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

‘മന്ത്രി അറിഞ്ഞില്ലെന്നോ, തൊലിക്കട്ടി സമ്മതിച്ചേ പറ്റൂ’
തിരുവനന്തപുരം: ‘കുടിശ്ശികയില്‍ അഞ്ചുകോടിയെങ്കിലും അനുവദിച്ചാല്‍ പ്രശ്നം തീരുമെന്ന് ഞാന്‍ പലവട്ടം അഭ്യര്‍ത്ഥിച്ചു. അപ്പോള്‍, പതിബെല്‍ കമ്പനിയുടെ തട്ടിപ്പൊന്നും തന്നോടുവേണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. ഐസക്കിന്റെ പിടിവാശികൊണ്ട് ഇപ്പോള്‍ പതിബെല്ലിന് നൂറുകോടി രൂപ അധികമായി കൊടുക്കേണ്ടിവരുന്നു. എന്നിട്ട് പതിയുടെ കുടിശ്ശിക കൊടുക്കാത്തതിന്റെ ഉത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്ന് പറയുന്ന അദ്ദേഹത്തിന്റെ തൊലിക്കട്ടി സമ്മതിച്ചേ പറ്റൂ.’ പതിബെല്‍ കമ്പനിയുടെ മുന്‍ പ്രോജക്ട് ഡയറക്ടര്‍ എം.കെ. ചന്ദ്രശേഖരപിള്ളയ്ക്ക് രോഷം അടങ്ങുന്നില്ല.

പതിബെല്ലിന് 12 കോടിയുടെ കുടിശ്ശികയാണ് നല്‍കേണ്ടിയിരുന്നത്. ഇതിനുവേണ്ടി മന്ത്രി പി.ജെ. ജോസഫിന്റെ വീട്ടില്‍ താന്‍ നിരവധി തവണ പോയിരുന്നു. പിന്നീട് കുരുവിളയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് കണക്കില്ല. 2006 നവംബര്‍ ഏഴിന് രാവിലെ ഒമ്പതുമണിക്ക് താനും ലീ സീബെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി.യു. കുരുവിളയുടെ ഓഫീസില്‍ പോയിരുന്നു. അപ്പോള്‍ തുടങ്ങിയ ചര്‍ച്ച വൈകിട്ട് അഞ്ചുമണിക്കാണ് അവസാനിച്ചത്. സ്വന്തംപോക്കറ്റില്‍ നിന്ന് പണം മുടക്കി പണി നടത്തുകയാണെന്ന് ലീ സീ ബെന്‍ ഇടയ്ക്കിടെ മന്ത്രിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. കുടിശ്ശിക നല്‍കുന്നതിന് ധനവകുപ്പ് ചില തടസ്സങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് ചര്‍ച്ചയ്ക്കൊടുവില്‍ കുരുവിള പറഞ്ഞത്. കാരണം എന്തെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കൈമലര്‍ത്തി. അന്ന് വൈകിട്ട് മലേഷ്യയിലേക്ക് പോയ ലീ സീബെന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത നവംബര്‍ 11നാണ് താന്‍ അറിഞ്ഞത്.

പിന്നീട് പതിബെല്‍ കമ്പനി കരാറില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പുനല്‍കി. ഇത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ തോമസ് ഐസക്, ടി.യു. കുരുവിള, കെ.പി. രാജേന്ദ്രന്‍, എം.വിജയകുമാര്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ചര്‍ച്ചയ്ക്ക് കമ്പനിമേധാവികളായ ജയിംസ് വോങ്, റോസ് ലീ എന്നിവരോടൊപ്പം താനും പോയിരുന്നു. കുടിശ്ശിക തന്നില്ലെങ്കില്‍ പണി നിറുത്തുമെന്നാണ് ലീയും വോങും പറഞ്ഞത്. അപ്പോള്‍ ധനമന്ത്രി രോഷാകുലനായി. കമ്പനി തട്ടിപ്പുനടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. മലേഷ്യന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഒരു കമ്പനിയുടെ പ്രതിനിധികളോടാണ് സംസാരിക്കുന്നതെന്ന ചിന്തപോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അപ്പോള്‍ താന്‍ ഇടപെട്ടു. കരാറിലെ 64(1) വ്യവസ്ഥപ്രകാരം കുടിശ്ശികയില്‍ കുറച്ചെങ്കിലും കൊടുത്താല്‍ പണി തുടരുമെന്നാണ് താന്‍ അഭ്യര്‍ത്ഥിച്ചത്. അപ്പോള്‍ അഞ്ചുകോടിയെങ്കിലും കൊടുത്തിരുന്നെങ്കില്‍ പതിബെല്ലിന് പണി തുടരേണ്ടിവരുമായിരുന്നു.

കരാര്‍ കാര്യത്തില്‍ അവരുടെ ഭാഗത്തും ചില വീഴ്ചകള്‍ സംഭവിച്ചതിനാല്‍ നിയമപ്രകാരം അവര്‍ക്ക് പിന്മാറാനാവില്ല. മറ്റ് മന്ത്രിമാരോടും താന്‍ ഇതിന്റെ അപകടം ചൂണ്ടിക്കാട്ടിയിരുന്നു. ഐസക്കിന്റെ പ്രകടനം കണ്ട് അന്തംവിട്ടിരുന്ന അവര്‍ ഒരക്ഷരം മിണ്ടിയില്ല. ഇത്തരത്തില്‍ നാലഞ്ച് ചര്‍ച്ചകള്‍ നടന്നു. ഒരു മന്ത്രിയും ചര്‍ച്ചയില്‍ കാര്യമായി പങ്കെടുത്തില്ല. കാര്യമായ പുരോഗതിയില്ലെന്ന് മനസ്സിലാക്കിയാണ് പതിബെല്‍ കരാറില്‍ നിന്ന് പൂര്‍ണമായി പിന്മാറിയതെന്നും ചന്ദ്രശേഖരപിള്ള വ്യക്തമാക്കി.
കടപ്പാട്-കേരളകൗമുദി

ആന്ധ്രാപ്രദേശില്‍ 70 സെസുകള്‍ വരുന്നു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 70 പ്രത്യേക സാമ്പത്തിക മേഖല തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ആന്ധ്രാപ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി സാം ബോബാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 46 സെസുകള്‍ 894 ഹെക്ടര്‍ സ്ഥലത്താണ് സ്ഥാപിക്കുന്നത്. ഇതിനായി 32,525 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം അറിയിച്ചു. 1250 ഹെക്ടര്‍ സ്ഥലത്താണ് 24 പ്രത്യേക സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്നത്. 70 സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്നതു വഴി സംസ്ഥാനത്ത് 25 ലക്ഷം പേര്‍ക്ക് ജോലി ലഭിക്കുമെന്നു ഉണ്ടാകുമെന്നു മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢി പറഞ്ഞു.

അവശ്യ മരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിക്കും
തിരുനന്തപുരം: അവശ്യ മരുന്നുകളുടെ പട്ടിക സംസ്ഥാന ആരോഗ്യ വകുപ്പു പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി പി.കെ.ശ്രീമതി അറിയിച്ചു. മരുന്നുകളുടെ പരസ്യം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.
കടപ്പാട്- ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം