ഭാഷകളെ പടിയിറക്കുമ്പോള്‍ – കടപ്പാട് മാധ്യമം

14-12-07
ഭാഷകളെ പടിയിറക്കുമ്പോള്‍
കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ദേശീയതലത്തില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ പങ്കെടുക്കാത്തതിനെപ്പറ്റി 2003ല്‍ അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇപ്രകാരം ആശങ്ക രേഖപ്പെടുത്തി: ‘പുതിയ പല സിദ്ധാന്തങ്ങളും തന്ത്രങ്ങളും പ്രയോഗിച്ച് ആഗോളീകരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ഉദാരീകരണത്തിന്റെയും എല്ലാം നയസമീപനങ്ങള്‍ വഴി മാര്‍ക്കറ്റിന്റെ ആവശ്യത്തിന് സമൂഹത്തെയും രാജ്യത്തെത്തന്നെയും കൊണ്ടുപോകുക എന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. വിദ്യാഭ്യാസമേഖലയെയും അങ്ങോട്ടുതന്നെ നയിക്കാനുള്ള ശ്രമം നടക്കുകയാണ്. അതിനുപറ്റിയ തരത്തില്‍ ഭരണാധികാരികളെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാന്‍ ഇന്ത്യയിലെ വന്‍കിട ചൂഷകരായ വ്യവസായപ്രമുഖര്‍ക്ക് കഴിയുമെന്നായിരിക്കുന്നു. മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ വിദ്യാഭ്യാസരംഗത്തും ഇന്ന് ചരടുകള്‍ വലിക്കുന്നത് അവരാണ്’ (സര്‍വകലാശാലാ വിദ്യാഭ്യാസം; പുതിയ സമീപനം, പു. 16). 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ചുവടുപിടിച്ച് രൂപപ്പെടുത്തിയ 2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ പ്രസിദ്ധപ്പെട്ട ഭാഷാപഠനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രസ്തുത നിരീക്ഷണത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. തികച്ചും പുരോഗമനപരവും ജനകീയവുമെന്ന മട്ടിലാണ് കെ.സി.എഫ്^2007 അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെയാണ് മാറ്റങ്ങള്‍ എന്ന് പറഞ്ഞുറപ്പിക്കാന്‍ പരമാവധി ശ്രമം നടന്നിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളും വിനീതരായവരും വിധേയത്വത്തോടെ തലയാട്ടുമ്പോള്‍ അതു ചര്‍ച്ചയെന്നും പൊതുസമൂഹം ആശങ്കയോടെ ഇടപെടുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിമര്‍ശമെന്നും വിലയിരുത്തിയാണ് പരിഷ്കരണങ്ങള്‍ കേരളത്തിനുമേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തില്‍ ഭാഷ നേരിടുന്ന വെല്ലുവിളി ഇതിനകംതന്നെ കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതിനെ പ്രതിരോധിച്ച് കെ.എസ്.ടി.എ എന്ന അധ്യാപകസംഘടന പറയുന്നത് ഭാഷാപഠനത്തിന്റെ പേരില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നാണ്. നിലവിലുള്ള ഭാഷാപഠനത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന നിര്‍ദേശങ്ങളാണത്രെ കെ.സി.എഫിലുള്ളത്. ഹയര്‍ സെക്കന്‍ഡറിയില്‍ വിശേഷിച്ചും. അമ്പതുവര്‍ഷം തികയുന്നതിന് മുമ്പ് കേരള വിദ്യാഭ്യാസനിയമത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിച്ച് പുറത്തിറക്കിയ രേഖയിലാണ് ഈ അവകാശവാദം (പു. 22). ഉത്തരവാദപ്പെട്ട ഇടത് അധ്യാപകസംഘടനയുടെ ഈ അഭിപ്രായം എത്രമാത്രം സത്യവിരുദ്ധമാണ് എന്നറിയാന്‍ കെ.സി.എഫ് 2007ലെയും തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്കു നല്‍കിയ കരട് സമീപനരേഖയുടെ സംക്ഷിപ്തത്തിലെയും പ്രസക്തഭാഗങ്ങള്‍ കണ്ണോടിച്ചാല്‍ മതി.

ഹയര്‍ സെക്കന്‍ഡറിയില്‍ ഐച്ഛിക വിഷയങ്ങളുടെ പഠനത്തിനും തൊഴില്‍പഠനത്തിനും കൂടുതല്‍ സമയം ലഭിക്കാന്‍ സഹായകമായവിധം ഭാഷാപഠനത്തില്‍ മാറ്റംവരുത്താന്‍ കഴിയുമോ എന്നു പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞശേഷം അഞ്ചു കോര്‍ വിഷയസമുച്ചയങ്ങള്‍ അവതരിപ്പിക്കുന്നു. ശാസ്ത്രം, സാമൂഹികശാസ്ത്രം, വാണിജ്യശാസ്ത്രം, സംസ്കാരം, തൊഴില്‍ വൈദഗ്ധ്യം എന്നിവ. ഇവയില്‍ ആദ്യത്തെ മൂന്നെണ്ണം നിലവിലുള്ളവ തന്നെ. സംസ്കാരംഎന്ന നാലാം ഗ്രൂപ്പില്‍ കേരള സംസ്കാരം/ ഭാരതസംസ്കാരം, ഒരു ഭാഷ, സംഗീതം/ കല എന്നിങ്ങനെ ഏതെങ്കിലും ഒരു ഭാഷ പഠിക്കാനുള്ള അവസരം നല്‍കുന്നു. കുട്ടി തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു ഗ്രൂപ്പിലെ മൂന്നു വിഷയങ്ങള്‍ കൂടാതെ നാലാമത്തെ വിഷയമായി പഠിക്കേണ്ടത് ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേര്‍ണലിസം, സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിംഗ്, കോ^ഓപറേഷന്‍, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, നരവംശ ശാസ്ത്രം, സോഷ്യോളജി, ഫിലോസഫി, ഹോംസയന്‍സ്, ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, ഹിന്ദി, അറബി, ഉര്‍ദു, തമിഴ്, കന്നഡ, ഇതര ഭാഷകള്‍, തൊഴില്‍ വിദ്യാഭ്യാസം, ഇതര കോര്‍ വിഷയങ്ങള്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നാണ് (കെ.സി.എഫ് 2007 പു. 39^40). കരട് സമീപനരേഖയുടെ സംക്ഷിപ്തത്തിലും ഇതേ കാര്യമുണ്ട് (പു. 13). അഞ്ചാമത് തൊഴില്‍ ഗ്രൂപ്പാണ്.
ഭാഷാധ്യാപികയെപ്പറ്റിയും (ഭാഷാ ക്ലാസ്^ അധ്യാപിക; ഭാഷക്ക് എന്തുകൊണ്ട് അധ്യാപിക മാത്രം എന്നു വ്യക്തമല്ല) കെ.സി.എഫ് 2007ന് മധുരമധുരമായ കാഴ്ചപ്പാടുണ്ട്. നല്ല വായനക്കാരിയായിരിക്കണം എന്നും പുസ്തകങ്ങളില്‍നിന്ന് ‘പല ഭാഗങ്ങളും പകര്‍ത്തി സൂക്ഷിക്കുന്ന മനോഭാവം’ ഉണ്ടായിരിക്കണമെന്നും വിശദീകരിക്കുന്നു. നല്ല പ്രസംഗശേഷിയുണ്ടാകണം. തീര്‍ന്നില്ല, അഭിനയം, ചിത്രംവര, കവിതാലാപനം എന്നിവക്ക് കഴിവുണ്ടാകണം (പു. 47). ‘ഇന്ന് സംസ്ഥാനത്ത് ഭാഷാധ്യാപകരായി ജോലിചെയ്യുന്നവരില്‍ ഒരുവിഭാഗം യാതൊരുവിധ അധ്യാപക പരിശീലനങ്ങളും നേടിയിട്ടില്ലാത്തവരാണ്. ഇവര്‍ക്ക് ഭാഷാധ്യാപകരായി ഫലപ്രദമായി ജോലിചെയ്യുന്നതിനാവശ്യമായ നിശ്ചിത കാലത്തെ സേവനകാല പരിശീലനം നിര്‍ബന്ധമായും നല്‍കേണ്ടതാണ്’ (പു. 48) എന്ന് തുടര്‍ന്നുപറയുന്നു. അധ്യാപക പരിശീലനം നേടാത്തവര്‍ എങ്ങനെയാണ് അധ്യാപകരായത്? ആരാണവര്‍ക്ക് നിയമനം നല്‍കിയത്? ഭാഷാധ്യാപക പരിശീലനമെന്നാല്‍ പ്രസംഗിക്കാനും അഭിനയിക്കാനും ചിത്രം വരക്കാനും പഠിപ്പിക്കലാണോ? വിദ്യാലയങ്ങളില്‍ പാട്ടും ചിത്രവുമൊക്കെ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകരെ ഒന്നടങ്കം ബഹിഷ്കൃതരാക്കിയശേഷമാണ് ഭാഷാധ്യാപികക്കു വേണ്ട കലാവൈഭവത്തെപ്പറ്റി പരിഷ്കരണക്കാര്‍ ചിന്തിക്കുന്നത്!.
ഭാഷ നിര്‍ബന്ധമായി പഠിക്കേണ്ടതില്ലാത്ത ഹയര്‍ സെക്കന്‍ഡറിയില്‍ ആറാം പ്രവൃത്തിദിവസം വളരെ പ്രധാനമാണ്. അധ്യാപകരുടെ സഹായത്തോടെ ആറാം നാളിലെ പഠനം സ്കൂളില്‍ത്തന്നെയാകണമെന്നില്ലത്രെ. ‘തൊഴില്‍ വിഷയങ്ങളില്‍നിന്ന് ഏതെങ്കിലും ഒന്നോ സംസ്കാരം ഗ്രൂപ്പില്‍നിന്ന് ചിത്രംവര, സംഗീതം, ഏതെങ്കിലും നൃത്തകലകള്‍, ഒരു വാദ്യ ഇനം, കായിക ഇനം എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവയുടെ പഠനദിനമാകാം ഇത്. തന്റെ ബ്ലോക്കിലെ അംഗീകരിക്കപ്പെട്ട ഏതെങ്കിലും തൊഴില്‍ കേന്ദ്രത്തിലോ പ്രാദേശിക ഗുരുക്കന്മാരുടെ കീഴിലോ പഠിക്കാം. ….. പ്രാദേശിക തൊഴില്‍ സ്ഥാപനങ്ങളുടെ ലഭ്യതയനസുരിച്ച് ഓരോ സ്കൂളിനും ആറാം പ്രവൃത്തിദിനം വ്യത്യസ്തമായിരിക്കും. രണ്ടുവര്‍ഷംകൊണ്ട് ഇതില്‍ വൈദഗ്ധ്യം നേടിയെന്ന ഒരു സര്‍ട്ടിഫിക്കറ്റും പ്രകടനശേഷിയും ലഭ്യമാക്കുന്നതായിരിക്കും പാഠ്യപദ്ധതി. ഇത് എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധിതമാണ്’ (കെ.സി.എഫ് 2007 പു. 40). കലയോ തൊഴിലോ അഭ്യസിക്കാനുള്ള ഫീസ് ആര് ആര്‍ക്ക് നല്‍കും? അതതു സ്കൂളുകള്‍ ഏറ്റെടുക്കുമോ? ഏതെങ്കിലും തൊഴില്‍കേന്ദ്രത്തിലോ പ്രാദേശിക ഗുരുക്കന്മാരുടെ കീഴിലോ സ്വതന്ത്രമായി പഠിക്കാ’മെന്ന് പറയുമ്പോള്‍ സ്വകാര്യ സ്വാശ്രയമേഖലയിലാണ് ഹയര്‍ സെക്കന്‍ഡറി കോഴ്സിന്റെ ഈ പേപ്പര്‍ വിഭാവനചെയ്തിട്ടുള്ളത് എന്നുതന്നെയല്ലേ അര്‍ഥം? അല്ലെങ്കില്‍പിന്നെ ‘ഒരു അപ്രന്റീസ് രീതിയില്‍ തൊഴില്‍ മേഖലാ അനുഭവം’ എന്നാല്‍ എന്താണ്? ബ്ലോക്കുതലത്തില്‍ തൊഴില്‍പരിശീലന കേന്ദ്രങ്ങളുണ്ടാവുകയും അവ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയുടെ ഭാവി നിര്‍ണയിക്കുകയും വേണമെന്ന് നിര്‍ബന്ധിക്കപ്പെടുന്നതെന്തുകൊണ്ട്?.

ഭാഷയെ കമ്പോളയുക്തിയോടെ മാത്രം സമീപിക്കുന്ന പ്രയോജനവാദപരമായ സമീപനമാണ് കെ.സി.എഫ് 2007ലെ ഭാഷാപഠന സമീപനത്തില്‍ ഉടനീളം പ്രതിഫലിക്കുന്നത്. ഇംഗ്ലീഷ് ഭാഷയോട് അമിതമായ വിധേയത്വം പ്രകടമാണുതാനും. മാത്രമല്ല, ഭാഷ മാത്രമാണ് പരിഗണിക്കപ്പെടുന്നത്, സാഹിത്യമേയില്ല. അതായത് കലയെപ്പറ്റി പറയുമ്പോള്‍പോലും സാഹിത്യത്തെപ്പറ്റി നിശബ്ദമാണ്.
ഇംഗ്ലീഷിനെ ഇപ്പോള്‍ത്തന്നെ ഉന്നത വിദ്യാഭ്യാസമേഖല രണ്ടായി പരിഗണിച്ചിരിക്കുന്നു^ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കണ്‍വെന്‍ഷനല്‍ ഇംഗ്ലീഷ്. കണ്‍വെന്‍ഷനല്‍ എന്നാല്‍ സാഹിത്യം പഠിക്കേണ്ടത്. ഏതെങ്കിലും തൊഴില്‍മേഖലയില്‍ പ്രയോജനകരമായും വിപണികളില്‍ ലാഭതന്ത്രപരമായും ഉപയോഗിക്കപ്പെടാനുള്ള ഒന്നു മാത്രമാണ് ഏതു ഭാഷയുമെന്ന് വരുന്നു. സാമൂഹികവും ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ മനുഷ്യപരിണാമഗതിയെ അടയാളപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന ഉപാധിയെന്ന നിലക്കുള്ള ഭാഷയുടെ സാധ്യത ഇങ്ങനെ പാടേ അവഗണിക്കപ്പെടാന്‍ കാരണമെന്ത്? ജീവനുള്ള ഭാഷയെ വ്യവസായിയുടെ മുറ്റത്തെ അലങ്കാരപ്പട്ടികകളിലെ ബോണ്‍സായ് ആക്കിമാറ്റുമ്പോള്‍ എന്തു സംഭവിക്കുന്നു? മണ്ണും ആകാശവും ഒരുപോലെ നഷ്ടപ്പെടുത്തി ഒരു യുവ തൊഴില്‍നിര സൃഷ്ടിക്കപ്പെടുമ്പോള്‍ നാടെങ്ങനെ മാറുന്നു?
ബിരുദതലത്തില്‍നിന്ന് ഭാഷാസാഹിത്യങ്ങളെ പാടേ ഒഴിവാക്കിയ മെഡിസിന്‍, പാരാ മെഡിസിന്‍ എഞ്ചിനീയറിംഗ് നിയമം, സി.എ, എം.ബി.എ എന്നീ പ്രൊഫഷനല്‍ കോഴ്സുകളെയും അവ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെയും ശ്രദ്ധിച്ചാല്‍ മേല്‍പറഞ്ഞ സംശയങ്ങള്‍ക്ക് മറുപടി കിട്ടുമെന്ന് തോന്നുന്നു.
തൊഴിലധിഷ്ഠിത വിഷയങ്ങള്‍ക്കുവേണ്ടി ഭാഷകള്‍ മാറ്റിവെക്കപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുക? സ്വഭാവ രൂപവത്കരണം നടക്കാത്ത അഭ്യസ്തവിദ്യരില്‍നിന്ന് ‘പ്രതിഭാധനരായ കള്ളന്മാരും മാന്യന്മാരായ തെമ്മാടികളു’മാണ് ഉയര്‍ന്നുവരികയെന്ന ഗാന്ധിയന്‍തത്ത്വം ഓര്‍ക്കുക. പലതരം വരേണ്യതാ വാദങ്ങളെയും അധിനിവേശങ്ങളെയും അട്ടിമറിച്ചാണ് നവോത്ഥാനത്തിന് തൊട്ടുപിന്നാലെ ഭാഷാ സംസ്ഥാന രൂപവത്കരണം നടക്കുന്നത്. സമൂഹം, രാഷ്ട്രം, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട് ജനതയുടെ സ്ഥാപനങ്ങളുടെയും സംസ്കാരങ്ങളുടെയും വികാസപരിണാമങ്ങളാണ് ഭാഷാസാഹിത്യങ്ങള്‍ എന്ന തിരിച്ചറിവിനെ അട്ടിമറിച്ചാണ് കെ.സി.എഫ് 2007ലെ ഭാഷാപരിചരണം. നവോത്ഥാനമൂല്യങ്ങളെ ഇങ്ങനെ ബോധപൂര്‍വം പിറകോട്ടടിക്കുന്നത് ആരാണ്? എന്തുകൊണ്ട്? കേരളത്തിലെ വിദ്യാഭ്യാസരംഗം ലോകമാര്‍ക്കറ്റിലെ ലാഭയുക്തിക്ക് അനുസരിച്ച് ചിട്ടപ്പെടുത്തുന്നതിന് മുന്‍കൈയെടുത്തത് ഇടതുപക്ഷം തന്നെയാണെന്നതാണ് അത്ഭുതകരം.

കെ.സി.എഫില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പേരില്‍ നടത്തിയിരിക്കുന്ന പരിഷ്കാരങ്ങള്‍ എന്തൊക്കെയാണ്? കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍, ലബോറട്ടറി ടെക്നീഷ്യന്‍, കമ്യൂണിറ്റി വര്‍ക്ക്, ഹോട്ടല്‍ മാനേജ്മെന്റ്, കാറ്ററിംഗ്, കുക്കിംഗ്, നൃത്തം, വാദ്യം എന്നിവ. തൊഴില്‍ ലഭിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ഒരേയൊരു ലക്ഷ്യമെന്ന ധാരണ മുന്‍വെക്കുന്നുവെന്നത് ഏറ്റവും അടിസ്ഥാനപരമായ പാളിച്ചയാകുന്നു. അതും കഴിഞ്ഞ് കിട്ടുന്ന തൊഴിലോ? നവ മുതലാളിത്തം ഉദ്ഘാടനംചെയ്ത സെസ് പോലുള്ള ലോക കമ്പോളങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിധേയരായി ജോലിചെയ്യാന്‍ സന്നദ്ധതയുള്ള കൂലിയടിമകളെയാണ് ഈ ‘തൊഴിലധിഷ്ഠിത’ പാഠ്യപദ്ധതി പരിഷ്കരണം വിദഗ്ധമായി തയാറാക്കിക്കൊണ്ടിരിക്കുന്നത്. മുപ്പതു വയസ്സില്‍ താഴെയുള്ള ഊര്‍ജ്വസ്വലരായ യുവാക്കള്‍ക്ക് മൂന്നോ നാലോ വര്‍ഷത്തേക്കുള്ള അസ്ഥിര തൊഴിലുകളാണ് ആഗോളീകരണകാലത്തെ വ്യവസായവത്കരണം വെച്ചുനീട്ടുന്നത്. കൂലിയടിമകളെ സൃഷ്ടിക്കാന്‍ പാകത്തില്‍ ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള വിദ്യാഭ്യാസത്തെ പരുവപ്പെടുത്തലാണ് കെ.ഇ.ആര്‍, പാഠ്യപദ്ധതി പരിഷ്കരണങ്ങളെന്ന വ്യാജേന ഒറ്റയടിക്ക് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്! ഐ.ടി പാര്‍ക്കുകളിലും ബയോ ഇന്‍ഡസ്ട്രിയിലും തൊഴിലെടുക്കുന്ന ഒരു തലമുറയെ ഉണ്ടാക്കിയെടുക്കാന്‍ അനുയോജ്യമായ ഉള്ളടക്കവും പഠനരീതിയുമാണ് പാഠ്യപദ്ധതിയില്‍ അനിവാര്യമെന്ന് കെ.എസ്.ടി.എ പോലൊരു സംഘടനപോലും അഭിപ്രായപ്പെടുകയെന്നത് നിസ്സാരമല്ല (കേരള വിദ്യാഭ്യാസ നിയമത്തിന്റെ അമ്പതാം വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച രേഖ. പു. 21). അധ്യാപക സംഘടനകള്‍ തന്നെ ഇതിനനുകൂലമായി മെരുക്കപ്പെട്ടുകഴിഞ്ഞെന്നാണ് ഇത് വ്യക്തമാക്കുന്നത്.
15-12-07
കെ.എസ്.ടി.എ ആരുടെ ദല്ലാള്‍?
ഭാഷകളെ പടിയിറക്കുമ്പോള്‍ (2): ഗീത

1997ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ജനകീയാസൂത്രണംപോലെത്തന്നെ വിദ്യാഭ്യാസപരിഷ്കരണവും ഇന്ന് അവിശ്വസിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്നാല്‍, കെ.സി.എഫ് 2007 അതേപ്പറ്റിയുന്നയിക്കുന്ന അവകാശവാദം ‘കേരളത്തില്‍ പ്രയോഗത്തിലിരിക്കുന്ന പാഠ്യപദ്ധതിയുടെ സൈദ്ധാന്തികവും തത്ത്വശാസ്ത്രപരവും പഠനതന്ത്രപരവുമായ കാഴ്ചപ്പാടുകള്‍ ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് 2005ഉം ഏതാണ്ട് സ്വീകരിച്ചിരിക്കുന്നുവെന്നത് കേരളത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്കുള്ള അംഗീകാരമായി കണക്കാക്കാവുന്നതാണ്’ (പു. 8^9) എന്നാണ്. ‘1997ല്‍ നടപ്പാക്കിയ കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കാരം എന്‍.സി.എഫ് 2005ന്റെ മാര്‍ഗദര്‍ശകമായിട്ടുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം’ (പു. 20) എന്ന് കെ.എസ്.ടി.എ. ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ സംശയങ്ങള്‍ ഉണ്ടാക്കിയ ഒന്ന് ആരംഗീകരിച്ചാലും എങ്ങനെ അഭിമാനകരമായി മാറും? അതും ഒരു തൊഴിലാളിവര്‍ഗ സംഘടനക്ക്? കോണ്‍ഗ്രസും ബി.ജെ.പിയും വീണ്ടും കോണ്‍ഗ്രസും മാറിമാറി ഭരിച്ചപ്പോള്‍ മല്‍സരിച്ചുനടപ്പാക്കിയ ആഗോളീകരണനയങ്ങളെയും സാമ്രാജ്യത്വതാല്‍പര്യങ്ങളെയും തൃപ്തിപ്പെടുത്തുക എന്നതുതന്നെയായിരുന്നുവോ 1997ല്‍ കേരളം ഭരിച്ചതും ഇപ്പോള്‍ ഭരിക്കുന്നതുമായ ഇടതുസര്‍ക്കാറുകളുടെ ആത്യന്തികദൌത്യം?

കെ.സി.എഫിന്റെ ഭാഷാസമീപനത്തിന്റെ തുടര്‍ച്ചയാണ് വിദ്യാഭ്യാസച്ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറാനുള്ള നീക്കവും. അതിന്റെ ഭാഗമായി കെ.സി.എഫ് കരടിന്റെ സംക്ഷിപ്തം ‘പ്രാദേശികസര്‍ക്കാറുകള്‍’ക്ക് കൈമാറിക്കഴിഞ്ഞു. ‘വികേന്ദ്രീകൃതാസൂത്രണവും വിദ്യാഭ്യാസ’വുമെന്ന തലക്കെട്ടിന് താഴെ വിദ്യാഭ്യാസ വകുപ്പും പ്രാദേശിക ഗവണ്‍മെന്റുമായുള്ള അനുരഞ്ജനത്തിനുവേണ്ടി എ.എസ്.എ പോലുള്ള സംവിധാനങ്ങളും തദ്ദേശ ഭരണവും വിദ്യാഭ്യാസ വകുപ്പും ഏകോപിപ്പിക്കുന്നതിനുള്ള ശ്രമം എങ്ങനെ വേണമെന്ന് നിര്‍ദേശിക്കുന്നു(പു: 107).

‘പഞ്ചായത്തുകളോട് ശത്രുതയെന്തിന്?’ എന്ന ഖണ്ഡത്തില്‍ 1992ലെ 73, 74 ഭരണഘടനാ ഭേദഗതികളനുസരിച്ച് നരസിംഹറാവു സര്‍ക്കാര്‍ സ്കൂള്‍വിദ്യാഭ്യാസം പ്രാദേശിക സര്‍ക്കാറുകള്‍ക്കു കൈമാറണമെന്നു നിശ്ചയിച്ചു, 1994ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങളില്‍ സെക്കന്‍ഡറിതലം വരെ കൈമാറാന്‍ നിശ്ചയിച്ചു, 1995ല്‍ ആന്റണിസര്‍ക്കാര്‍ സ്ഥാപനങ്ങളെയും ജീവനക്കാരെയും കൈമാറി, 2002ല്‍ ജീവനക്കാര്‍ ഗ്രാമസഭാ കോ^ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കണമെന്നുത്തരവിട്ടു എന്നിങ്ങനെ കോണ്‍ഗ്രസ്സര്‍ക്കാറുകളുടെ അജണ്ടയായിരുന്നു ഇതെന്ന് സമര്‍ഥിക്കാന്‍ കെ.എസ്.ടി.എ ശ്രമിക്കുന്നു (പു. 15^19). ഇതോടൊപ്പം 1997ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഫണ്ട് നല്‍കിയെന്നും 2010ല്‍ എസ്.എസ്.എ അവസാനിക്കുമ്പോള്‍ സംസ്ഥാന സഹായം നിലക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നും പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലേക്കു ലോക ബാങ്ക്വായ്പ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ, ഇനിയും സംസ്ഥാന ധനസഹായം പ്രതീക്ഷിക്കുന്നതെങ്ങനെ? സ്വകാര്യവിദ്യാലയങ്ങളിലെ അധ്യാപകനിയമനം പി.എസ്.സിക്കു വിടുക തുടങ്ങിയ ‘പുരോഗമന’ ഉമ്മാക്കികള്‍ ആരെ മയക്കാനാണ്? തദ്ദേശ സ്വയം ഭരണവകുപ്പിനെ ഗാട്ട് കരാറൊപ്പിട്ട നരസിംഹറാവുവിന്റെ നയങ്ങളെ കടുകിട തെറ്റാതെ നടപ്പിലാക്കാന്‍ വിടുകയായിരുന്നുവോ ഒരിടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് എന്ന ചോദ്യം തല്‍ക്കാലം മാറ്റിവെക്കാം. ‘പൊതുവിദ്യാലയങ്ങളുടെ ഭൌതിക നിലവാരവും ഗുണനിലവാരവും ഉയര്‍ത്തുന്നതില്‍ ശ്ലാഘനീയമായ സംഭാവന നല്‍കിയ പ്രാദേശിക സര്‍ക്കാറുകള്‍ക്കെതിരെ വാളെടുക്കുന്നത് സ്വന്തം നാശത്തിനേ ഉപകരിക്കൂ’ (പു.18) എന്ന് സര്‍ക്കാര്‍ തീരുമാനത്തെ അടിവരയിടുന്നു. മാത്രമല്ല, സ്കൂള്‍ വിദ്യാഭ്യാസം ഒരു കുടക്കീഴിലാവണം എന്ന നിര്‍ദേശത്തെ ആര്‍ക്കാണ് തള്ളിക്കളയാന്‍ കഴിയുന്നത്, രാവിലെ മുതലുള്ള സമയമാണ് കുട്ടികളുടെ പഠനത്തിന് നല്ലത് എന്ന സത്യം ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ, കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന അത്യന്തം പുരോഗമനപരമായ കാഴ്ചപ്പാടാണ് പാഠ്യപദ്ധതിയിലൂടെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്, കെ.ഇ.ആര്‍. പരിഷ്കരണവും പാഠ്യപദ്ധതി പരിഷ്കരണവും ഒരുമിച്ചു നടക്കുന്നതിനാല്‍ ഘടനാപരമായ മാറ്റം ഉണ്ടാകുമെന്നുറപ്പാണ് എന്നിങ്ങനെയുള്ള ദുര്‍ബലവാദങ്ങള്‍ ഉന്നയിച്ച ശേഷം ‘അധ്യാപകര്‍ക്ക് നട്ടെല്ല് നിവര്‍ത്തിനില്‍ക്കാനുള്ള ധൈര്യം നല്‍കിയ സംഘടിത പ്രസ്ഥാനം ഉള്ളിടത്തോളം കാലം ഒരുത്തനും അവരുടെ മേല്‍ കുതിരകയറില്ല’ (പു.18) എന്ന് അണികള്‍ക്കു ഉറപ്പ് നല്‍കുന്നു. തുടര്‍ന്ന് ‘ഇപ്പറഞ്ഞതിനര്‍ഥം പൊതുവിദ്യഭ്യാസത്തിന്റെ എല്ലാ ചുമതലകളും അധികാരങ്ങളും പഞ്ചായത്തുകള്‍ക്കു കൈമാറണമെന്നല്ല’ (പു.19) എന്നു കൂടി പറയുമ്പോഴാണ് പ്രസ്തുത സംഘടനക്കുതന്നെ ഇക്കാര്യങ്ങളിലുള്ള ആശയപരമായ അവ്യക്തത മറനീക്കി പുറത്തുവരുന്നത്. ‘അധ്യാപകരുടെ മാഗ്നാകാര്‍ട്ടക്ക് 50 വയസ്സ്’ തികയുന്നത് കാലമെത്തുംമുമ്പേ ആഘോഷിക്കേണ്ടി വരുന്നതിലെ ഗതികേട് സൂചിപ്പിക്കുന്ന ഒരു ചതിക്കുഴിയായി ഇത്തരം പരസ്പര വിരുദ്ധ നിലപാടുകള്‍ മാറുന്നു.
പ്രത്യേക സാമ്പത്തികമേഖലയിലെ ഉദ്യോഗസ്ഥ സംവിധാനത്തിന് ഏകദേശം തുല്യമായതാണ് പ്രാദേശികസര്‍ക്കാര്‍തലത്തില്‍ സ്കൂളുകളുടേതും. ഓരോ പഞ്ചായത്തും പ്രത്യേകവിദ്യാഭ്യാസ മേഖലപോലെ പ്രവര്‍ത്തിക്കുമെന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, ഇപ്പോള്‍ പ്രത്യേക സാമ്പത്തികമേഖലക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വമ്പിച്ച ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കാനിടയില്ലെന്നു മാത്രം. സര്‍ക്കാറുകള്‍ പൂര്‍ണമായും കൈയൊഴിയുന്നതോടെ കുട്ടിയുടെ വിദ്യാഭ്യാസം കുടുംബത്തിന്റെയോ കുട്ടിയുടേയോ മാത്രം ഉത്തരവാദിത്തമായിത്തീരുന്നു. ഇപ്പോള്‍ തന്നെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ തൊഴില്‍പരിശീലനം സ്വകാര്യമേഖലയില്‍ സ്വാശ്രയാടിസ്ഥാനത്തില്‍ നിര്‍ബന്ധമായി ചെയ്യാനാണ് നിര്‍ദേശം. ക്രമേണ പണക്കാരുടെ മാത്രം സാധ്യതയും അവകാശവുമായി വിദ്യാഭ്യാസം മാറും. ഒരു ഘട്ടം കഴിഞ്ഞാല്‍ ഇന്നത്തെ മധ്യവര്‍ഗക്കാര്‍ക്കുപോലും വിദ്യാഭ്യാസം ആര്‍ഭാടമായി മാറും. മൂന്നാംലോക ജനതയെ വിദ്യാഭ്യാസവും തിരിച്ചറിവുമില്ലാത്ത അപരിഷ്കൃതരായിക്കാണാനാണ് സാമ്രാജ്യത്വം എന്നും ആഗ്രഹിച്ചിട്ടുള്ളത്. ആ ആഗ്രഹപൂര്‍ത്തിക്ക് ഉചിതമായാണ് കെ.സി.എഫ്^2007 നിര്‍ദേശങ്ങള്‍.

വിദ്യാഭ്യാസം വ്യവസായംപോലുമല്ല, വ്യവസായവത്കരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു സാമ്രാജ്യത്വതാല്‍പര്യമാണിവിടെ. ഇതിനുള്ള ശ്രമങ്ങള്‍ നേരത്തേ ആരംഭിച്ചിട്ടുണ്ട്. അച്ചടക്കത്തിന്റെ പേരില്‍ സ്കൂള്‍വിദ്യാര്‍ഥികളുടെ സംഘടനാപ്രവര്‍ത്തനം നിരോധിച്ചു. കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്ന രീതിയും തുടങ്ങിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ പോലും ഇതിന്റെ മുന്നൊരുക്കങ്ങളുണ്ട്. കോളജ് ഇലക്ഷനുകളുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ്.മാനേജ്മെന്റ് കൈക്കൊണ്ട സമീപനങ്ങള്‍ ശ്രദ്ധിക്കുക. കോളജ് തെരഞ്ഞെടുപ്പിനു മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗ്യത നിശ്ചയിച്ച് ലിങ്ദോകമ്മിറ്റി റിപ്പോര്‍ട്ട് നടപ്പില്‍ വന്നു കഴിഞ്ഞു. അങ്ങനെ സംഘടിത രാഷ്ട്രീയ പ്രവര്‍ത്തനരീതി വിദ്യാര്‍ഥിസമൂഹത്തില്‍നിന്നു പാടേ എടുത്തു നീക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. അത് ഒറ്റയടിക്കല്ലെന്നു മാത്രം.

രാഷ്ട്രീയ നിലപാടുകളോ സംഘടനാ ബോധമോ ഇല്ലാതെ പഠിച്ചിറങ്ങുന്ന യുവാക്കള്‍ തൊഴിലാളി മേഖലയിലും ഉദ്യോഗസ്ഥമേഖലയിലും അവകാശ സമര ഭീഷണികള്‍ ഉണ്ടാക്കുകയില്ല. പുറംകരാര്‍ (ഔട്ട്സോഴ്സിംഗ്) പ്രക്രിയ എന്നറിയപ്പെടുന്ന കരാര്‍തൊഴില്‍ സമ്പ്രദായം നടപ്പാക്കുന്ന അധികാരികളെ ആരും പിന്നെ ചോദ്യം ചെയ്യില്ല. അക്കൌണ്ടന്റ് ജനറല്‍ ഓഫീസിലെ ഓഡിറ്റിംഗ് ജോലികള്‍ ഔട്ട്സോഴ്സിംഗ് വഴി സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കാനുള്ള ഏജിയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രക്ഷോഭം പോലൊന്ന് സംഘടനാബോധമില്ലാത്ത തൊഴിലാളികളില്‍നിന്ന് ഭാവിയിലുണ്ടാകുമെന്ന് മേധാവികള്‍ക്കു ഭയക്കേണ്ടതില്ല.
ഭാഷക്കു ജീവനുണ്ട്. അതു മനുഷ്യരുടെ ചിന്തയിലും പ്രവൃത്തിയിലും കയറി ഇടപെടും. ഭാഷയുടെ ചെറുത്തുനില്‍പു സാധ്യതയറിയുന്നവര്‍ തന്നെയാണ് അതിനെ സ്നേഹിക്കുന്നവരെന്ന പോലെ വെറുക്കുന്നതും. ഭാഷയെ ഭയക്കുന്ന അത്തരക്കാര്‍ ഭാഷയെ ആശയ വിനിമയോപാധി മാത്രമെന്ന ഉപകരണാത്മകയുക്തിയിലേക്ക് സമര്‍ഥമായി മെരുക്കിയെടുത്ത് ലോകമുതലാളിത്തത്തിന്റെ കാല്‍ക്കീഴില്‍ ഒരു ജനതയെ അവരറിയാതെ വില്‍ക്കും. അതിനവര്‍ പട്ടും വളയും വാങ്ങും. പദവികള്‍ അലങ്കരിക്കും.

ആഗോളീകരണത്തെ ചെറുക്കുന്നുവെന്നവകാശപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരിടതുപക്ഷ സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കാവതല്ല നിര്‍ഭാഗ്യവശാല്‍ കെ.സി.എഫ് 2007^ലെ ഭാഷാ തൊഴില്‍പഠന സമീപനങ്ങള്‍. എന്തുകൊണ്ട്? മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന രീതി സാമ്രാജ്യത്വവും പഠിച്ചിരിക്കുന്നു. ഭാഷയോ തൊഴിലോ ഏതെങ്കിലുമൊന്നെന്ന അതിസമര്‍ഥമായ ‘ദ്വന്ദ്വാ’ത്മക ഭാവം ‘ചര്‍ച്ച’ക്കിടുന്നു, ജനകീയം, ജനാധിപത്യം എന്നീ ലേബലുകളൊട്ടിച്ച് ‘പങ്കാളിത്ത വികസന’മെന്ന സാമ്രാജ്യത്വ അജണ്ടയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസത്തെ ഒളിച്ചുകടത്തിക്കൊടുക്കുന്നു.

അതുതന്നെ, മലയാളിക്ക് മലയാളം ഒരു ഭാഷ മാത്രമല്ല ലോകത്താകമാനമുള്ള ഭാഷകളാണ്, സാഹിത്യമാണ്, സംസ്കാരമാണ്. ചെറുത്തുനില്‍പിന്റെ ഒറ്റമൂലിയാണ്. ഏതു മൂന്നാം ലോക ജനതയുടെയുമെന്നപോലെ മലയാളിയുടെയും ഭാവി മലയാളമാകുന്നു. പുതിയകാലത്ത് സാമ്രാജ്യത്വത്തിനും ആഗോളീകരണത്തിനുമെതിരായ കലാപങ്ങള്‍ സാധിക്കുന്നത് വാക്കിലൂടെയാണ്. അതീവ ജാഗ്രത്തായി കത്തിപ്പിടിച്ചു തുടങ്ങിയ നമ്മുടെ വാക്കുകളെ ലോകാധികാരികള്‍ തല്ലിക്കെടുത്തുന്നു. അതിനാല്‍ കെ.സി.എഫ് 2007 ഉന്നയിക്കുന്ന ഭാഷാപ്രശ്നം തസ്തികകളുടെ കാര്യമായിരിക്കുമ്പോള്‍ത്തന്നെ തസ്തികകളുടെ മാത്രം കാര്യമല്ലാതാവുന്നു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w