Daily Archives: ഡിസംബര്‍ 16, 2007

ഭാഷകളെ പടിയിറക്കുമ്പോള്‍ – കടപ്പാട് മാധ്യമം

14-12-07
ഭാഷകളെ പടിയിറക്കുമ്പോള്‍
കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ദേശീയതലത്തില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ പങ്കെടുക്കാത്തതിനെപ്പറ്റി 2003ല്‍ അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇപ്രകാരം ആശങ്ക രേഖപ്പെടുത്തി: ‘പുതിയ പല സിദ്ധാന്തങ്ങളും തന്ത്രങ്ങളും പ്രയോഗിച്ച് ആഗോളീകരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ഉദാരീകരണത്തിന്റെയും എല്ലാം നയസമീപനങ്ങള്‍ വഴി മാര്‍ക്കറ്റിന്റെ ആവശ്യത്തിന് സമൂഹത്തെയും രാജ്യത്തെത്തന്നെയും കൊണ്ടുപോകുക എന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. വിദ്യാഭ്യാസമേഖലയെയും അങ്ങോട്ടുതന്നെ നയിക്കാനുള്ള ശ്രമം നടക്കുകയാണ്. അതിനുപറ്റിയ തരത്തില്‍ ഭരണാധികാരികളെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാന്‍ ഇന്ത്യയിലെ വന്‍കിട ചൂഷകരായ വ്യവസായപ്രമുഖര്‍ക്ക് കഴിയുമെന്നായിരിക്കുന്നു. മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ വിദ്യാഭ്യാസരംഗത്തും ഇന്ന് ചരടുകള്‍ വലിക്കുന്നത് അവരാണ്’ (സര്‍വകലാശാലാ വിദ്യാഭ്യാസം; പുതിയ സമീപനം, പു. 16). 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ചുവടുപിടിച്ച് രൂപപ്പെടുത്തിയ 2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ പ്രസിദ്ധപ്പെട്ട ഭാഷാപഠനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രസ്തുത നിരീക്ഷണത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. തികച്ചും പുരോഗമനപരവും ജനകീയവുമെന്ന മട്ടിലാണ് കെ.സി.എഫ്^2007 അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെയാണ് മാറ്റങ്ങള്‍ എന്ന് പറഞ്ഞുറപ്പിക്കാന്‍ പരമാവധി ശ്രമം നടന്നിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളും വിനീതരായവരും വിധേയത്വത്തോടെ തലയാട്ടുമ്പോള്‍ അതു ചര്‍ച്ചയെന്നും പൊതുസമൂഹം ആശങ്കയോടെ ഇടപെടുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിമര്‍ശമെന്നും വിലയിരുത്തിയാണ് പരിഷ്കരണങ്ങള്‍ കേരളത്തിനുമേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തില്‍ ഭാഷ നേരിടുന്ന വെല്ലുവിളി ഇതിനകംതന്നെ കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതിനെ പ്രതിരോധിച്ച് കെ.എസ്.ടി.എ എന്ന അധ്യാപകസംഘടന പറയുന്നത് ഭാഷാപഠനത്തിന്റെ പേരില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നാണ്. നിലവിലുള്ള ഭാഷാപഠനത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന നിര്‍ദേശങ്ങളാണത്രെ കെ.സി.എഫിലുള്ളത്. ഹയര്‍ സെക്കന്‍ഡറിയില്‍ വിശേഷിച്ചും. അമ്പതുവര്‍ഷം തികയുന്നതിന് മുമ്പ് കേരള വിദ്യാഭ്യാസനിയമത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിച്ച് പുറത്തിറക്കിയ രേഖയിലാണ് ഈ അവകാശവാദം (പു. 22). ഉത്തരവാദപ്പെട്ട ഇടത് അധ്യാപകസംഘടനയുടെ ഈ അഭിപ്രായം എത്രമാത്രം സത്യവിരുദ്ധമാണ് എന്നറിയാന്‍ കെ.സി.എഫ് 2007ലെയും തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്കു നല്‍കിയ കരട് സമീപനരേഖയുടെ സംക്ഷിപ്തത്തിലെയും പ്രസക്തഭാഗങ്ങള്‍ കണ്ണോടിച്ചാല്‍ മതി.

ഹയര്‍ സെക്കന്‍ഡറിയില്‍ ഐച്ഛിക വിഷയങ്ങളുടെ പഠനത്തിനും തൊഴില്‍പഠനത്തിനും കൂടുതല്‍ സമയം ലഭിക്കാന്‍ സഹായകമായവിധം ഭാഷാപഠനത്തില്‍ മാറ്റംവരുത്താന്‍ കഴിയുമോ എന്നു പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞശേഷം അഞ്ചു കോര്‍ വിഷയസമുച്ചയങ്ങള്‍ അവതരിപ്പിക്കുന്നു. ശാസ്ത്രം, സാമൂഹികശാസ്ത്രം, വാണിജ്യശാസ്ത്രം, സംസ്കാരം, തൊഴില്‍ വൈദഗ്ധ്യം എന്നിവ. ഇവയില്‍ ആദ്യത്തെ മൂന്നെണ്ണം നിലവിലുള്ളവ തന്നെ. സംസ്കാരംഎന്ന നാലാം ഗ്രൂപ്പില്‍ കേരള സംസ്കാരം/ ഭാരതസംസ്കാരം, ഒരു ഭാഷ, സംഗീതം/ കല എന്നിങ്ങനെ ഏതെങ്കിലും ഒരു ഭാഷ പഠിക്കാനുള്ള അവസരം നല്‍കുന്നു. കുട്ടി തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു ഗ്രൂപ്പിലെ മൂന്നു വിഷയങ്ങള്‍ കൂടാതെ നാലാമത്തെ വിഷയമായി പഠിക്കേണ്ടത് ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേര്‍ണലിസം, സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിംഗ്, കോ^ഓപറേഷന്‍, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, നരവംശ ശാസ്ത്രം, സോഷ്യോളജി, ഫിലോസഫി, ഹോംസയന്‍സ്, ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, ഹിന്ദി, അറബി, ഉര്‍ദു, തമിഴ്, കന്നഡ, ഇതര ഭാഷകള്‍, തൊഴില്‍ വിദ്യാഭ്യാസം, ഇതര കോര്‍ വിഷയങ്ങള്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നാണ് (കെ.സി.എഫ് 2007 പു. 39^40). കരട് സമീപനരേഖയുടെ സംക്ഷിപ്തത്തിലും ഇതേ കാര്യമുണ്ട് (പു. 13). അഞ്ചാമത് തൊഴില്‍ ഗ്രൂപ്പാണ്.
ഭാഷാധ്യാപികയെപ്പറ്റിയും (ഭാഷാ ക്ലാസ്^ അധ്യാപിക; ഭാഷക്ക് എന്തുകൊണ്ട് അധ്യാപിക മാത്രം എന്നു വ്യക്തമല്ല) കെ.സി.എഫ് 2007ന് മധുരമധുരമായ കാഴ്ചപ്പാടുണ്ട്. നല്ല വായനക്കാരിയായിരിക്കണം എന്നും പുസ്തകങ്ങളില്‍നിന്ന് ‘പല ഭാഗങ്ങളും പകര്‍ത്തി സൂക്ഷിക്കുന്ന മനോഭാവം’ ഉണ്ടായിരിക്കണമെന്നും വിശദീകരിക്കുന്നു. നല്ല പ്രസംഗശേഷിയുണ്ടാകണം. തീര്‍ന്നില്ല, അഭിനയം, ചിത്രംവര, കവിതാലാപനം എന്നിവക്ക് കഴിവുണ്ടാകണം (പു. 47). ‘ഇന്ന് സംസ്ഥാനത്ത് ഭാഷാധ്യാപകരായി ജോലിചെയ്യുന്നവരില്‍ ഒരുവിഭാഗം യാതൊരുവിധ അധ്യാപക പരിശീലനങ്ങളും നേടിയിട്ടില്ലാത്തവരാണ്. ഇവര്‍ക്ക് ഭാഷാധ്യാപകരായി ഫലപ്രദമായി ജോലിചെയ്യുന്നതിനാവശ്യമായ നിശ്ചിത കാലത്തെ സേവനകാല പരിശീലനം നിര്‍ബന്ധമായും നല്‍കേണ്ടതാണ്’ (പു. 48) എന്ന് തുടര്‍ന്നുപറയുന്നു. അധ്യാപക പരിശീലനം നേടാത്തവര്‍ എങ്ങനെയാണ് അധ്യാപകരായത്? ആരാണവര്‍ക്ക് നിയമനം നല്‍കിയത്? ഭാഷാധ്യാപക പരിശീലനമെന്നാല്‍ പ്രസംഗിക്കാനും അഭിനയിക്കാനും ചിത്രം വരക്കാനും പഠിപ്പിക്കലാണോ? വിദ്യാലയങ്ങളില്‍ പാട്ടും ചിത്രവുമൊക്കെ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകരെ ഒന്നടങ്കം ബഹിഷ്കൃതരാക്കിയശേഷമാണ് ഭാഷാധ്യാപികക്കു വേണ്ട കലാവൈഭവത്തെപ്പറ്റി പരിഷ്കരണക്കാര്‍ ചിന്തിക്കുന്നത്!.
ഭാഷ നിര്‍ബന്ധമായി പഠിക്കേണ്ടതില്ലാത്ത ഹയര്‍ സെക്കന്‍ഡറിയില്‍ ആറാം പ്രവൃത്തിദിവസം വളരെ പ്രധാനമാണ്. അധ്യാപകരുടെ സഹായത്തോടെ ആറാം നാളിലെ പഠനം സ്കൂളില്‍ത്തന്നെയാകണമെന്നില്ലത്രെ. ‘തൊഴില്‍ വിഷയങ്ങളില്‍നിന്ന് ഏതെങ്കിലും ഒന്നോ സംസ്കാരം ഗ്രൂപ്പില്‍നിന്ന് ചിത്രംവര, സംഗീതം, ഏതെങ്കിലും നൃത്തകലകള്‍, ഒരു വാദ്യ ഇനം, കായിക ഇനം എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവയുടെ പഠനദിനമാകാം ഇത്. തന്റെ ബ്ലോക്കിലെ അംഗീകരിക്കപ്പെട്ട ഏതെങ്കിലും തൊഴില്‍ കേന്ദ്രത്തിലോ പ്രാദേശിക ഗുരുക്കന്മാരുടെ കീഴിലോ പഠിക്കാം. ….. പ്രാദേശിക തൊഴില്‍ സ്ഥാപനങ്ങളുടെ ലഭ്യതയനസുരിച്ച് ഓരോ സ്കൂളിനും ആറാം പ്രവൃത്തിദിനം വ്യത്യസ്തമായിരിക്കും. രണ്ടുവര്‍ഷംകൊണ്ട് ഇതില്‍ വൈദഗ്ധ്യം നേടിയെന്ന ഒരു സര്‍ട്ടിഫിക്കറ്റും പ്രകടനശേഷിയും ലഭ്യമാക്കുന്നതായിരിക്കും പാഠ്യപദ്ധതി. ഇത് എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധിതമാണ്’ (കെ.സി.എഫ് 2007 പു. 40). കലയോ തൊഴിലോ അഭ്യസിക്കാനുള്ള ഫീസ് ആര് ആര്‍ക്ക് നല്‍കും? അതതു സ്കൂളുകള്‍ ഏറ്റെടുക്കുമോ? ഏതെങ്കിലും തൊഴില്‍കേന്ദ്രത്തിലോ പ്രാദേശിക ഗുരുക്കന്മാരുടെ കീഴിലോ സ്വതന്ത്രമായി പഠിക്കാ’മെന്ന് പറയുമ്പോള്‍ സ്വകാര്യ സ്വാശ്രയമേഖലയിലാണ് ഹയര്‍ സെക്കന്‍ഡറി കോഴ്സിന്റെ ഈ പേപ്പര്‍ വിഭാവനചെയ്തിട്ടുള്ളത് എന്നുതന്നെയല്ലേ അര്‍ഥം? അല്ലെങ്കില്‍പിന്നെ ‘ഒരു അപ്രന്റീസ് രീതിയില്‍ തൊഴില്‍ മേഖലാ അനുഭവം’ എന്നാല്‍ എന്താണ്? ബ്ലോക്കുതലത്തില്‍ തൊഴില്‍പരിശീലന കേന്ദ്രങ്ങളുണ്ടാവുകയും അവ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയുടെ ഭാവി നിര്‍ണയിക്കുകയും വേണമെന്ന് നിര്‍ബന്ധിക്കപ്പെടുന്നതെന്തുകൊണ്ട്?.

ഭാഷയെ കമ്പോളയുക്തിയോടെ മാത്രം സമീപിക്കുന്ന പ്രയോജനവാദപരമായ സമീപനമാണ് കെ.സി.എഫ് 2007ലെ ഭാഷാപഠന സമീപനത്തില്‍ ഉടനീളം പ്രതിഫലിക്കുന്നത്. ഇംഗ്ലീഷ് ഭാഷയോട് അമിതമായ വിധേയത്വം പ്രകടമാണുതാനും. മാത്രമല്ല, ഭാഷ മാത്രമാണ് പരിഗണിക്കപ്പെടുന്നത്, സാഹിത്യമേയില്ല. അതായത് കലയെപ്പറ്റി പറയുമ്പോള്‍പോലും സാഹിത്യത്തെപ്പറ്റി നിശബ്ദമാണ്.
ഇംഗ്ലീഷിനെ ഇപ്പോള്‍ത്തന്നെ ഉന്നത വിദ്യാഭ്യാസമേഖല രണ്ടായി പരിഗണിച്ചിരിക്കുന്നു^ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കണ്‍വെന്‍ഷനല്‍ ഇംഗ്ലീഷ്. കണ്‍വെന്‍ഷനല്‍ എന്നാല്‍ സാഹിത്യം പഠിക്കേണ്ടത്. ഏതെങ്കിലും തൊഴില്‍മേഖലയില്‍ പ്രയോജനകരമായും വിപണികളില്‍ ലാഭതന്ത്രപരമായും ഉപയോഗിക്കപ്പെടാനുള്ള ഒന്നു മാത്രമാണ് ഏതു ഭാഷയുമെന്ന് വരുന്നു. സാമൂഹികവും ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ മനുഷ്യപരിണാമഗതിയെ അടയാളപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന ഉപാധിയെന്ന നിലക്കുള്ള ഭാഷയുടെ സാധ്യത ഇങ്ങനെ പാടേ അവഗണിക്കപ്പെടാന്‍ കാരണമെന്ത്? ജീവനുള്ള ഭാഷയെ വ്യവസായിയുടെ മുറ്റത്തെ അലങ്കാരപ്പട്ടികകളിലെ ബോണ്‍സായ് ആക്കിമാറ്റുമ്പോള്‍ എന്തു സംഭവിക്കുന്നു? മണ്ണും ആകാശവും ഒരുപോലെ നഷ്ടപ്പെടുത്തി ഒരു യുവ തൊഴില്‍നിര സൃഷ്ടിക്കപ്പെടുമ്പോള്‍ നാടെങ്ങനെ മാറുന്നു?
ബിരുദതലത്തില്‍നിന്ന് ഭാഷാസാഹിത്യങ്ങളെ പാടേ ഒഴിവാക്കിയ മെഡിസിന്‍, പാരാ മെഡിസിന്‍ എഞ്ചിനീയറിംഗ് നിയമം, സി.എ, എം.ബി.എ എന്നീ പ്രൊഫഷനല്‍ കോഴ്സുകളെയും അവ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെയും ശ്രദ്ധിച്ചാല്‍ മേല്‍പറഞ്ഞ സംശയങ്ങള്‍ക്ക് മറുപടി കിട്ടുമെന്ന് തോന്നുന്നു.
തൊഴിലധിഷ്ഠിത വിഷയങ്ങള്‍ക്കുവേണ്ടി ഭാഷകള്‍ മാറ്റിവെക്കപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുക? സ്വഭാവ രൂപവത്കരണം നടക്കാത്ത അഭ്യസ്തവിദ്യരില്‍നിന്ന് ‘പ്രതിഭാധനരായ കള്ളന്മാരും മാന്യന്മാരായ തെമ്മാടികളു’മാണ് ഉയര്‍ന്നുവരികയെന്ന ഗാന്ധിയന്‍തത്ത്വം ഓര്‍ക്കുക. പലതരം വരേണ്യതാ വാദങ്ങളെയും അധിനിവേശങ്ങളെയും അട്ടിമറിച്ചാണ് നവോത്ഥാനത്തിന് തൊട്ടുപിന്നാലെ ഭാഷാ സംസ്ഥാന രൂപവത്കരണം നടക്കുന്നത്. സമൂഹം, രാഷ്ട്രം, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട് ജനതയുടെ സ്ഥാപനങ്ങളുടെയും സംസ്കാരങ്ങളുടെയും വികാസപരിണാമങ്ങളാണ് ഭാഷാസാഹിത്യങ്ങള്‍ എന്ന തിരിച്ചറിവിനെ അട്ടിമറിച്ചാണ് കെ.സി.എഫ് 2007ലെ ഭാഷാപരിചരണം. നവോത്ഥാനമൂല്യങ്ങളെ ഇങ്ങനെ ബോധപൂര്‍വം പിറകോട്ടടിക്കുന്നത് ആരാണ്? എന്തുകൊണ്ട്? കേരളത്തിലെ വിദ്യാഭ്യാസരംഗം ലോകമാര്‍ക്കറ്റിലെ ലാഭയുക്തിക്ക് അനുസരിച്ച് ചിട്ടപ്പെടുത്തുന്നതിന് മുന്‍കൈയെടുത്തത് ഇടതുപക്ഷം തന്നെയാണെന്നതാണ് അത്ഭുതകരം.

കെ.സി.എഫില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പേരില്‍ നടത്തിയിരിക്കുന്ന പരിഷ്കാരങ്ങള്‍ എന്തൊക്കെയാണ്? കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍, ലബോറട്ടറി ടെക്നീഷ്യന്‍, കമ്യൂണിറ്റി വര്‍ക്ക്, ഹോട്ടല്‍ മാനേജ്മെന്റ്, കാറ്ററിംഗ്, കുക്കിംഗ്, നൃത്തം, വാദ്യം എന്നിവ. തൊഴില്‍ ലഭിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ഒരേയൊരു ലക്ഷ്യമെന്ന ധാരണ മുന്‍വെക്കുന്നുവെന്നത് ഏറ്റവും അടിസ്ഥാനപരമായ പാളിച്ചയാകുന്നു. അതും കഴിഞ്ഞ് കിട്ടുന്ന തൊഴിലോ? നവ മുതലാളിത്തം ഉദ്ഘാടനംചെയ്ത സെസ് പോലുള്ള ലോക കമ്പോളങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിധേയരായി ജോലിചെയ്യാന്‍ സന്നദ്ധതയുള്ള കൂലിയടിമകളെയാണ് ഈ ‘തൊഴിലധിഷ്ഠിത’ പാഠ്യപദ്ധതി പരിഷ്കരണം വിദഗ്ധമായി തയാറാക്കിക്കൊണ്ടിരിക്കുന്നത്. മുപ്പതു വയസ്സില്‍ താഴെയുള്ള ഊര്‍ജ്വസ്വലരായ യുവാക്കള്‍ക്ക് മൂന്നോ നാലോ വര്‍ഷത്തേക്കുള്ള അസ്ഥിര തൊഴിലുകളാണ് ആഗോളീകരണകാലത്തെ വ്യവസായവത്കരണം വെച്ചുനീട്ടുന്നത്. കൂലിയടിമകളെ സൃഷ്ടിക്കാന്‍ പാകത്തില്‍ ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള വിദ്യാഭ്യാസത്തെ പരുവപ്പെടുത്തലാണ് കെ.ഇ.ആര്‍, പാഠ്യപദ്ധതി പരിഷ്കരണങ്ങളെന്ന വ്യാജേന ഒറ്റയടിക്ക് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്! ഐ.ടി പാര്‍ക്കുകളിലും ബയോ ഇന്‍ഡസ്ട്രിയിലും തൊഴിലെടുക്കുന്ന ഒരു തലമുറയെ ഉണ്ടാക്കിയെടുക്കാന്‍ അനുയോജ്യമായ ഉള്ളടക്കവും പഠനരീതിയുമാണ് പാഠ്യപദ്ധതിയില്‍ അനിവാര്യമെന്ന് കെ.എസ്.ടി.എ പോലൊരു സംഘടനപോലും അഭിപ്രായപ്പെടുകയെന്നത് നിസ്സാരമല്ല (കേരള വിദ്യാഭ്യാസ നിയമത്തിന്റെ അമ്പതാം വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച രേഖ. പു. 21). അധ്യാപക സംഘടനകള്‍ തന്നെ ഇതിനനുകൂലമായി മെരുക്കപ്പെട്ടുകഴിഞ്ഞെന്നാണ് ഇത് വ്യക്തമാക്കുന്നത്.
15-12-07
കെ.എസ്.ടി.എ ആരുടെ ദല്ലാള്‍?
ഭാഷകളെ പടിയിറക്കുമ്പോള്‍ (2): ഗീത

1997ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ജനകീയാസൂത്രണംപോലെത്തന്നെ വിദ്യാഭ്യാസപരിഷ്കരണവും ഇന്ന് അവിശ്വസിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്നാല്‍, കെ.സി.എഫ് 2007 അതേപ്പറ്റിയുന്നയിക്കുന്ന അവകാശവാദം ‘കേരളത്തില്‍ പ്രയോഗത്തിലിരിക്കുന്ന പാഠ്യപദ്ധതിയുടെ സൈദ്ധാന്തികവും തത്ത്വശാസ്ത്രപരവും പഠനതന്ത്രപരവുമായ കാഴ്ചപ്പാടുകള്‍ ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് 2005ഉം ഏതാണ്ട് സ്വീകരിച്ചിരിക്കുന്നുവെന്നത് കേരളത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്കുള്ള അംഗീകാരമായി കണക്കാക്കാവുന്നതാണ്’ (പു. 8^9) എന്നാണ്. ‘1997ല്‍ നടപ്പാക്കിയ കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കാരം എന്‍.സി.എഫ് 2005ന്റെ മാര്‍ഗദര്‍ശകമായിട്ടുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം’ (പു. 20) എന്ന് കെ.എസ്.ടി.എ. ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ സംശയങ്ങള്‍ ഉണ്ടാക്കിയ ഒന്ന് ആരംഗീകരിച്ചാലും എങ്ങനെ അഭിമാനകരമായി മാറും? അതും ഒരു തൊഴിലാളിവര്‍ഗ സംഘടനക്ക്? കോണ്‍ഗ്രസും ബി.ജെ.പിയും വീണ്ടും കോണ്‍ഗ്രസും മാറിമാറി ഭരിച്ചപ്പോള്‍ മല്‍സരിച്ചുനടപ്പാക്കിയ ആഗോളീകരണനയങ്ങളെയും സാമ്രാജ്യത്വതാല്‍പര്യങ്ങളെയും തൃപ്തിപ്പെടുത്തുക എന്നതുതന്നെയായിരുന്നുവോ 1997ല്‍ കേരളം ഭരിച്ചതും ഇപ്പോള്‍ ഭരിക്കുന്നതുമായ ഇടതുസര്‍ക്കാറുകളുടെ ആത്യന്തികദൌത്യം?

കെ.സി.എഫിന്റെ ഭാഷാസമീപനത്തിന്റെ തുടര്‍ച്ചയാണ് വിദ്യാഭ്യാസച്ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറാനുള്ള നീക്കവും. അതിന്റെ ഭാഗമായി കെ.സി.എഫ് കരടിന്റെ സംക്ഷിപ്തം ‘പ്രാദേശികസര്‍ക്കാറുകള്‍’ക്ക് കൈമാറിക്കഴിഞ്ഞു. ‘വികേന്ദ്രീകൃതാസൂത്രണവും വിദ്യാഭ്യാസ’വുമെന്ന തലക്കെട്ടിന് താഴെ വിദ്യാഭ്യാസ വകുപ്പും പ്രാദേശിക ഗവണ്‍മെന്റുമായുള്ള അനുരഞ്ജനത്തിനുവേണ്ടി എ.എസ്.എ പോലുള്ള സംവിധാനങ്ങളും തദ്ദേശ ഭരണവും വിദ്യാഭ്യാസ വകുപ്പും ഏകോപിപ്പിക്കുന്നതിനുള്ള ശ്രമം എങ്ങനെ വേണമെന്ന് നിര്‍ദേശിക്കുന്നു(പു: 107).

‘പഞ്ചായത്തുകളോട് ശത്രുതയെന്തിന്?’ എന്ന ഖണ്ഡത്തില്‍ 1992ലെ 73, 74 ഭരണഘടനാ ഭേദഗതികളനുസരിച്ച് നരസിംഹറാവു സര്‍ക്കാര്‍ സ്കൂള്‍വിദ്യാഭ്യാസം പ്രാദേശിക സര്‍ക്കാറുകള്‍ക്കു കൈമാറണമെന്നു നിശ്ചയിച്ചു, 1994ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങളില്‍ സെക്കന്‍ഡറിതലം വരെ കൈമാറാന്‍ നിശ്ചയിച്ചു, 1995ല്‍ ആന്റണിസര്‍ക്കാര്‍ സ്ഥാപനങ്ങളെയും ജീവനക്കാരെയും കൈമാറി, 2002ല്‍ ജീവനക്കാര്‍ ഗ്രാമസഭാ കോ^ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കണമെന്നുത്തരവിട്ടു എന്നിങ്ങനെ കോണ്‍ഗ്രസ്സര്‍ക്കാറുകളുടെ അജണ്ടയായിരുന്നു ഇതെന്ന് സമര്‍ഥിക്കാന്‍ കെ.എസ്.ടി.എ ശ്രമിക്കുന്നു (പു. 15^19). ഇതോടൊപ്പം 1997ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഫണ്ട് നല്‍കിയെന്നും 2010ല്‍ എസ്.എസ്.എ അവസാനിക്കുമ്പോള്‍ സംസ്ഥാന സഹായം നിലക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നും പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലേക്കു ലോക ബാങ്ക്വായ്പ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ, ഇനിയും സംസ്ഥാന ധനസഹായം പ്രതീക്ഷിക്കുന്നതെങ്ങനെ? സ്വകാര്യവിദ്യാലയങ്ങളിലെ അധ്യാപകനിയമനം പി.എസ്.സിക്കു വിടുക തുടങ്ങിയ ‘പുരോഗമന’ ഉമ്മാക്കികള്‍ ആരെ മയക്കാനാണ്? തദ്ദേശ സ്വയം ഭരണവകുപ്പിനെ ഗാട്ട് കരാറൊപ്പിട്ട നരസിംഹറാവുവിന്റെ നയങ്ങളെ കടുകിട തെറ്റാതെ നടപ്പിലാക്കാന്‍ വിടുകയായിരുന്നുവോ ഒരിടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് എന്ന ചോദ്യം തല്‍ക്കാലം മാറ്റിവെക്കാം. ‘പൊതുവിദ്യാലയങ്ങളുടെ ഭൌതിക നിലവാരവും ഗുണനിലവാരവും ഉയര്‍ത്തുന്നതില്‍ ശ്ലാഘനീയമായ സംഭാവന നല്‍കിയ പ്രാദേശിക സര്‍ക്കാറുകള്‍ക്കെതിരെ വാളെടുക്കുന്നത് സ്വന്തം നാശത്തിനേ ഉപകരിക്കൂ’ (പു.18) എന്ന് സര്‍ക്കാര്‍ തീരുമാനത്തെ അടിവരയിടുന്നു. മാത്രമല്ല, സ്കൂള്‍ വിദ്യാഭ്യാസം ഒരു കുടക്കീഴിലാവണം എന്ന നിര്‍ദേശത്തെ ആര്‍ക്കാണ് തള്ളിക്കളയാന്‍ കഴിയുന്നത്, രാവിലെ മുതലുള്ള സമയമാണ് കുട്ടികളുടെ പഠനത്തിന് നല്ലത് എന്ന സത്യം ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ, കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന അത്യന്തം പുരോഗമനപരമായ കാഴ്ചപ്പാടാണ് പാഠ്യപദ്ധതിയിലൂടെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്, കെ.ഇ.ആര്‍. പരിഷ്കരണവും പാഠ്യപദ്ധതി പരിഷ്കരണവും ഒരുമിച്ചു നടക്കുന്നതിനാല്‍ ഘടനാപരമായ മാറ്റം ഉണ്ടാകുമെന്നുറപ്പാണ് എന്നിങ്ങനെയുള്ള ദുര്‍ബലവാദങ്ങള്‍ ഉന്നയിച്ച ശേഷം ‘അധ്യാപകര്‍ക്ക് നട്ടെല്ല് നിവര്‍ത്തിനില്‍ക്കാനുള്ള ധൈര്യം നല്‍കിയ സംഘടിത പ്രസ്ഥാനം ഉള്ളിടത്തോളം കാലം ഒരുത്തനും അവരുടെ മേല്‍ കുതിരകയറില്ല’ (പു.18) എന്ന് അണികള്‍ക്കു ഉറപ്പ് നല്‍കുന്നു. തുടര്‍ന്ന് ‘ഇപ്പറഞ്ഞതിനര്‍ഥം പൊതുവിദ്യഭ്യാസത്തിന്റെ എല്ലാ ചുമതലകളും അധികാരങ്ങളും പഞ്ചായത്തുകള്‍ക്കു കൈമാറണമെന്നല്ല’ (പു.19) എന്നു കൂടി പറയുമ്പോഴാണ് പ്രസ്തുത സംഘടനക്കുതന്നെ ഇക്കാര്യങ്ങളിലുള്ള ആശയപരമായ അവ്യക്തത മറനീക്കി പുറത്തുവരുന്നത്. ‘അധ്യാപകരുടെ മാഗ്നാകാര്‍ട്ടക്ക് 50 വയസ്സ്’ തികയുന്നത് കാലമെത്തുംമുമ്പേ ആഘോഷിക്കേണ്ടി വരുന്നതിലെ ഗതികേട് സൂചിപ്പിക്കുന്ന ഒരു ചതിക്കുഴിയായി ഇത്തരം പരസ്പര വിരുദ്ധ നിലപാടുകള്‍ മാറുന്നു.
പ്രത്യേക സാമ്പത്തികമേഖലയിലെ ഉദ്യോഗസ്ഥ സംവിധാനത്തിന് ഏകദേശം തുല്യമായതാണ് പ്രാദേശികസര്‍ക്കാര്‍തലത്തില്‍ സ്കൂളുകളുടേതും. ഓരോ പഞ്ചായത്തും പ്രത്യേകവിദ്യാഭ്യാസ മേഖലപോലെ പ്രവര്‍ത്തിക്കുമെന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, ഇപ്പോള്‍ പ്രത്യേക സാമ്പത്തികമേഖലക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വമ്പിച്ച ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കാനിടയില്ലെന്നു മാത്രം. സര്‍ക്കാറുകള്‍ പൂര്‍ണമായും കൈയൊഴിയുന്നതോടെ കുട്ടിയുടെ വിദ്യാഭ്യാസം കുടുംബത്തിന്റെയോ കുട്ടിയുടേയോ മാത്രം ഉത്തരവാദിത്തമായിത്തീരുന്നു. ഇപ്പോള്‍ തന്നെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ തൊഴില്‍പരിശീലനം സ്വകാര്യമേഖലയില്‍ സ്വാശ്രയാടിസ്ഥാനത്തില്‍ നിര്‍ബന്ധമായി ചെയ്യാനാണ് നിര്‍ദേശം. ക്രമേണ പണക്കാരുടെ മാത്രം സാധ്യതയും അവകാശവുമായി വിദ്യാഭ്യാസം മാറും. ഒരു ഘട്ടം കഴിഞ്ഞാല്‍ ഇന്നത്തെ മധ്യവര്‍ഗക്കാര്‍ക്കുപോലും വിദ്യാഭ്യാസം ആര്‍ഭാടമായി മാറും. മൂന്നാംലോക ജനതയെ വിദ്യാഭ്യാസവും തിരിച്ചറിവുമില്ലാത്ത അപരിഷ്കൃതരായിക്കാണാനാണ് സാമ്രാജ്യത്വം എന്നും ആഗ്രഹിച്ചിട്ടുള്ളത്. ആ ആഗ്രഹപൂര്‍ത്തിക്ക് ഉചിതമായാണ് കെ.സി.എഫ്^2007 നിര്‍ദേശങ്ങള്‍.

വിദ്യാഭ്യാസം വ്യവസായംപോലുമല്ല, വ്യവസായവത്കരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു സാമ്രാജ്യത്വതാല്‍പര്യമാണിവിടെ. ഇതിനുള്ള ശ്രമങ്ങള്‍ നേരത്തേ ആരംഭിച്ചിട്ടുണ്ട്. അച്ചടക്കത്തിന്റെ പേരില്‍ സ്കൂള്‍വിദ്യാര്‍ഥികളുടെ സംഘടനാപ്രവര്‍ത്തനം നിരോധിച്ചു. കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്ന രീതിയും തുടങ്ങിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ പോലും ഇതിന്റെ മുന്നൊരുക്കങ്ങളുണ്ട്. കോളജ് ഇലക്ഷനുകളുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ്.മാനേജ്മെന്റ് കൈക്കൊണ്ട സമീപനങ്ങള്‍ ശ്രദ്ധിക്കുക. കോളജ് തെരഞ്ഞെടുപ്പിനു മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗ്യത നിശ്ചയിച്ച് ലിങ്ദോകമ്മിറ്റി റിപ്പോര്‍ട്ട് നടപ്പില്‍ വന്നു കഴിഞ്ഞു. അങ്ങനെ സംഘടിത രാഷ്ട്രീയ പ്രവര്‍ത്തനരീതി വിദ്യാര്‍ഥിസമൂഹത്തില്‍നിന്നു പാടേ എടുത്തു നീക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. അത് ഒറ്റയടിക്കല്ലെന്നു മാത്രം.

രാഷ്ട്രീയ നിലപാടുകളോ സംഘടനാ ബോധമോ ഇല്ലാതെ പഠിച്ചിറങ്ങുന്ന യുവാക്കള്‍ തൊഴിലാളി മേഖലയിലും ഉദ്യോഗസ്ഥമേഖലയിലും അവകാശ സമര ഭീഷണികള്‍ ഉണ്ടാക്കുകയില്ല. പുറംകരാര്‍ (ഔട്ട്സോഴ്സിംഗ്) പ്രക്രിയ എന്നറിയപ്പെടുന്ന കരാര്‍തൊഴില്‍ സമ്പ്രദായം നടപ്പാക്കുന്ന അധികാരികളെ ആരും പിന്നെ ചോദ്യം ചെയ്യില്ല. അക്കൌണ്ടന്റ് ജനറല്‍ ഓഫീസിലെ ഓഡിറ്റിംഗ് ജോലികള്‍ ഔട്ട്സോഴ്സിംഗ് വഴി സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കാനുള്ള ഏജിയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രക്ഷോഭം പോലൊന്ന് സംഘടനാബോധമില്ലാത്ത തൊഴിലാളികളില്‍നിന്ന് ഭാവിയിലുണ്ടാകുമെന്ന് മേധാവികള്‍ക്കു ഭയക്കേണ്ടതില്ല.
ഭാഷക്കു ജീവനുണ്ട്. അതു മനുഷ്യരുടെ ചിന്തയിലും പ്രവൃത്തിയിലും കയറി ഇടപെടും. ഭാഷയുടെ ചെറുത്തുനില്‍പു സാധ്യതയറിയുന്നവര്‍ തന്നെയാണ് അതിനെ സ്നേഹിക്കുന്നവരെന്ന പോലെ വെറുക്കുന്നതും. ഭാഷയെ ഭയക്കുന്ന അത്തരക്കാര്‍ ഭാഷയെ ആശയ വിനിമയോപാധി മാത്രമെന്ന ഉപകരണാത്മകയുക്തിയിലേക്ക് സമര്‍ഥമായി മെരുക്കിയെടുത്ത് ലോകമുതലാളിത്തത്തിന്റെ കാല്‍ക്കീഴില്‍ ഒരു ജനതയെ അവരറിയാതെ വില്‍ക്കും. അതിനവര്‍ പട്ടും വളയും വാങ്ങും. പദവികള്‍ അലങ്കരിക്കും.

ആഗോളീകരണത്തെ ചെറുക്കുന്നുവെന്നവകാശപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരിടതുപക്ഷ സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കാവതല്ല നിര്‍ഭാഗ്യവശാല്‍ കെ.സി.എഫ് 2007^ലെ ഭാഷാ തൊഴില്‍പഠന സമീപനങ്ങള്‍. എന്തുകൊണ്ട്? മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന രീതി സാമ്രാജ്യത്വവും പഠിച്ചിരിക്കുന്നു. ഭാഷയോ തൊഴിലോ ഏതെങ്കിലുമൊന്നെന്ന അതിസമര്‍ഥമായ ‘ദ്വന്ദ്വാ’ത്മക ഭാവം ‘ചര്‍ച്ച’ക്കിടുന്നു, ജനകീയം, ജനാധിപത്യം എന്നീ ലേബലുകളൊട്ടിച്ച് ‘പങ്കാളിത്ത വികസന’മെന്ന സാമ്രാജ്യത്വ അജണ്ടയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസത്തെ ഒളിച്ചുകടത്തിക്കൊടുക്കുന്നു.

അതുതന്നെ, മലയാളിക്ക് മലയാളം ഒരു ഭാഷ മാത്രമല്ല ലോകത്താകമാനമുള്ള ഭാഷകളാണ്, സാഹിത്യമാണ്, സംസ്കാരമാണ്. ചെറുത്തുനില്‍പിന്റെ ഒറ്റമൂലിയാണ്. ഏതു മൂന്നാം ലോക ജനതയുടെയുമെന്നപോലെ മലയാളിയുടെയും ഭാവി മലയാളമാകുന്നു. പുതിയകാലത്ത് സാമ്രാജ്യത്വത്തിനും ആഗോളീകരണത്തിനുമെതിരായ കലാപങ്ങള്‍ സാധിക്കുന്നത് വാക്കിലൂടെയാണ്. അതീവ ജാഗ്രത്തായി കത്തിപ്പിടിച്ചു തുടങ്ങിയ നമ്മുടെ വാക്കുകളെ ലോകാധികാരികള്‍ തല്ലിക്കെടുത്തുന്നു. അതിനാല്‍ കെ.സി.എഫ് 2007 ഉന്നയിക്കുന്ന ഭാഷാപ്രശ്നം തസ്തികകളുടെ കാര്യമായിരിക്കുമ്പോള്‍ത്തന്നെ തസ്തികകളുടെ മാത്രം കാര്യമല്ലാതാവുന്നു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പത്രവാര്‍ത്തകള്‍, മാധ്യമം

ഡിസംബര്‍ 16 ഞായര്‍

മാരകം ഈ മാദകവായ്പ
തിരുവനന്തപുരം : ഈടില്ലാതെയും ഇരുചെവി അറിയാതെയും കടംകിട്ടുമെന്ന സൌകര്യം ഒരു പ്രലോഭനമായി മാറുന്നതാണ് പല കുടുംബങ്ങളെയും കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. മാദകവും മാരകവുമാണ് ഈടില്ലാ വായ്പകള്‍.
മുദ്രപത്രത്തിലോ ചെക്കിലോ വെറുതേ ഒരു ഒപ്പിട്ടുകൊടുത്താല്‍ മതി, എത്ര രൂപ വേണമെങ്കിലും കിട്ടും. പലിശ അല്പം കൂടുതലാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നുകയുള്ളൂ. എങ്കിലെന്ത്, ആവശ്യം നടക്കുമല്ലോയെന്ന ആശ്വാസവും തോന്നും. അബദ്ധമായെന്ന് തോന്നുക പിന്നീടാണ്. അപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരിക്കും. ഒന്നുകില്‍ സ്വത്ത്, അല്ലെങ്കില്‍ ജീവന്‍. രണ്ടിലൊന്ന് ഉപേക്ഷിച്ചാലേ ആ കടക്കെണിയില്‍നിന്ന് മോചനം നേടാനാവൂ.
മറ്റൊരു മാര്‍ഗത്തിലൂടെയും പണം സമാഹരിക്കാന്‍ കഴിയാത്തവരാണ് ‘മീറ്റര്‍ പലിശ’, ‘വട്ടിപ്പലിശ’ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈടില്ലാവായ്പയെ ആശ്രയിക്കുക. മുതല്‍ തിരിച്ചടയ്ക്കാനോ കഴിയില്ല, പലിശ തിരിച്ചടയ്ക്കണമെങ്കില്‍പ്പോലും വീണ്ടും കടമെടുക്കേണ്ടിവരും. കടവും പലിശയും വിശ്വസിക്കാനാവാത്തവിധം പെരുകിക്കൊണ്ടിരിക്കും.
കടത്തിന്റെയും പലിശയുടെയും പോക്ക് ഇങ്ങനെ:
ഒരുലക്ഷംരൂപ കടമെടുത്താല്‍ 85,000 രൂപയായിരിക്കും നല്‍കുക. 15,000 രൂപ ആദ്യമേ പിടിക്കും. മാസം 15,000 രൂപയാണ് പലിശ. ആദ്യമാസം പലിശ നല്‍കാതെ വരുമ്പോള്‍ത്തന്നെ കടം നല്‍കിയവന്റെ മട്ടുമാറും. രണ്ടാമത്തെ മാസം പലിശ നല്‍കാന്‍ 30,000 രൂപകൂടി കടമെടുക്കുന്നു. (കൈയില്‍നിന്ന് 4500 രൂപകൂടി ഇട്ടാലേ പലിശ തീര്‍ത്തുനല്‍കാനാവൂ). മൂന്നാംമാസം ആകുമ്പോള്‍ കടം 1,30,000 രൂപയും പലിശ 19,450 രൂപയുമായി ഉയരും. പലിശ അടയ്ക്കാന്‍ ഒരു നിവൃത്തിയുമുണ്ടാവില്ല. ഭീഷണി സഹിച്ച് ഒരുമാസം എങ്ങനെയും തള്ളിവിടുന്നു. അഞ്ചാംമാസം ആകുമ്പോള്‍ പലിശ അടയ്ക്കാന്‍ 45,000 രൂപകൂടി കടമെടുക്കുന്നു. അതോടെ കടം 1, 75, 000 രൂപയും പലിശ 25,000 രൂപയുമായി വര്‍ദ്ധിക്കുന്നു. ഭീഷണിയും അതിന് അനുസരിച്ച് വര്‍ദ്ധിക്കും. മറ്റുള്ളവരുടെ മുന്നില്‍വച്ച് മാനം കെടുത്താനും ശ്രമിക്കും. കടം എടുത്തയാളെ മാത്രമല്ല ഭാര്യയെയും മക്കളെയും വരെ വീട്ടില്‍ കയറി വിരട്ടും.
ഒരുലക്ഷം രൂപ എടുത്ത ആള്‍ വെറും ആറുമാസംകൊണ്ട് രണ്ടുലക്ഷംരൂപയുടെ കടക്കാരനും മാസം 30,000 രൂപ പലിശ നല്‍കേണ്ടവനുമായി മാറുന്നു. കടം രണ്ടരലക്ഷമായി പെരുകാന്‍ പിന്നീട് രണ്ടുമാസംപോലും വേണ്ട. ഭീഷണി ഭയന്ന് കടമെടുത്ത് പലിശ നല്‍കിക്കൊണ്ടിരുന്ന ആ ഹതഭാഗ്യന്‍ ഒമ്പതാം മാസത്തില്‍ മൂന്നുലക്ഷം രൂപയുടെ കടക്കാരനായി മാറും.
അഞ്ചോ ആറോ മാസം കഴിഞ്ഞ് കിട്ടാനിടയുള്ള തുക മനസ്സില്‍ കണ്ടുകൊണ്ടായിരിക്കും ചിലര്‍ കടമെടുക്കുക. ആ തുക കിട്ടുമ്പോഴേക്കും ഒന്നിനും തികയാത്ത സ്ഥിതിയായിക്കഴിഞ്ഞിരിക്കും.
സ്വത്തുവില്‍ക്കാം അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാം
കടത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവശേഷിക്കുക രണ്ട് മാര്‍ഗങ്ങളാണ്. ഒന്ന്: സ്വത്ത് വില്‍ക്കുക. പത്തുലക്ഷത്തിന്റെ വീട് പൂര്‍ത്തിയാക്കാന്‍ വെറും ഒരുലക്ഷം രൂപ കടംവാങ്ങിയവര്‍ക്ക് ആ വീട് തന്നെ വിറ്റു കടം വീട്ടേണ്ടി വന്നിട്ടുണ്ട്. രണ്ടാമത്തെ വഴി കൂട്ട ആത്മഹത്യയുടേതാണ്. ദുഃഖകരമായ ആ വഴി സ്വീകരിക്കുന്നവരാണ് കൊള്ളപ്പലിശയെക്കുറിച്ച് സമൂഹത്തെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത്. പക്ഷേ, ഒരു ഫലവുമുണ്ടാകാറില്ല. കാരണം, കടം കൊടുക്കുന്നതും പിരിക്കുന്നതും ഗുണ്ടകളാണെങ്കിലും ‘മൂലധനം’ പലപ്പോഴും ‘ ഉന്നതങ്ങളില്‍’ സ്വാധീനമുള്ളവരുടേതായിരിക്കും.

കുടിശ്ശിക തടഞ്ഞത് ഉദ്യോഗസ്ഥര്‍; അധികചെലവ് വരുത്തിയത് മുനീര്‍ : ധനമന്ത്രി
തിരുവനന്തപുരം : കെ. എസ്.ടി.പി കരാറുകാരായ പതിബെല്ലിന് ഈ സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശിക നല്‍കാതിരുന്നതിന്റെ ഉത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്ന് മന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിമാര്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. പുതിയ കരാര്‍ പതിബെല്ലിന് പുതുക്കി നല്‍കിയെങ്കിലും അവര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണവും കേസും തുടരും. അതേസമയം, മന്ത്രിമാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ക്ക് കുടിശ്ശിക നല്‍കാതിരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തില്‍നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. പതിബെല്ലിന് രണ്ടാമത് കരാര്‍ നല്‍കുന്നതിനുമുന്‍പ് ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും പതിബെല്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ടെന്‍ഡറില്‍ കാണിച്ചിരുന്ന ഏറ്റവും കുറഞ്ഞ തുകയേക്കാള്‍ കുറച്ചാണ് പതിബെല്ലിന് കരാര്‍ വീണ്ടും നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
1200 കോടിയില്‍ തീരേണ്ട പദ്ധതി 3000 കോടിയാകുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ അധിക ചെലവിന്റെ ഉത്തരവാദി മുന്‍ പൊതുമരാമത്ത് മന്ത്രി എം.കെ. മുനീറാണ്. ഇതില്‍ ധനകാര്യവകുപ്പിന്റെ കെടുകാര്യസ്ഥതയില്ല. കെ. എസ്.ടി.പി പദ്ധതിയില്‍ മുനീറിന്റെ കാലത്ത് നടന്ന അഴിമതിയും ക്രമക്കേടും പകല്‍പോലെ വ്യക്തമാണ്. അന്നത്തെ ധനമന്ത്രി വക്കം പുരുഷോത്തമന്‍ ഫയലില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളോടാണോ മുനീറിന്റെ വാക്കുകളോടാണോ ഉമ്മന്‍ചാണ്ടിക്ക് യോജിപ്പ് എന്ന് വ്യക്തമാക്കണം. മുനീര്‍ നടത്തിയ ഭീമമായ അഴിമതിയില്‍ തങ്ങളുടെ പങ്ക് എന്തെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വെളിപ്പെടുത്തണമെന്ന് ഐസക് പറഞ്ഞു.

പണമില്ലെന്ന് പറഞ്ഞ കമ്പനിക്ക് എന്തിന് വീണ്ടും കരാര്‍ നല്‍കി: മുനീര്‍
കോഴിക്കോട്: കെ.എസ്.ടി.പി പദ്ധതി അനുസരിച്ച് എം.സി. റോഡിന്റെ കരാര്‍ നല്‍കിയ പതിബെല്‍ കമ്പനിക്ക് പണം ഇല്ലെന്ന് പറഞ്ഞ ഇടതുമുന്നണി എന്തുകൊണ്ട് ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും കരാര്‍ അവര്‍ക്ക് തന്നെ നല്‍കിയെന്ന് വ്യക്തമാക്കണമെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
താന്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ കരാറിന്റെ നാല് സ്റ്റേജ് പൂര്‍ത്തിയാക്കിയിരുന്നു. കരാറിന്റെ അഞ്ചാമത്തെ സ്റ്റേജ് പൂര്‍ത്തിയാക്കാന്‍ മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളു. അന്ന് താന്‍ കരാറിനെ എതിര്‍ത്തിരുന്നുവെങ്കില്‍ പദ്ധതി നഷ്ടപ്പെടുമായിരുന്നു.
അന്താരാഷ്ട്ര കരാറുകളില്‍ കരാറുകാര്‍ക്കും ചില അവകാശങ്ങളുണ്ട്, അതിലൊന്നാണ് ആര്‍ബിട്രേഷന്‍. ചില സമയങ്ങളില്‍ ഇത് സര്‍ക്കാറിന് ഗുണകരമാകാറുണ്ട്. സര്‍ക്കാറിന്റെ വീഴ്ചകൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടം നികത്തിക്കൊടുക്കേണ്ടി വരും. കരാര്‍ അനുസരിച്ച് സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ പറ്റാത്തത് എന്റെ മാത്രം കുറ്റമല്ല- അദ്ദേഹം വിശദീകരിച്ചു.
കടപ്പാട്- കേരളകൗമുദി

ടയര്‍ കമ്പനികള്‍ ഒരുലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുന്നു

മട്ടാഞ്ചേരി: കേരളത്തിലേയും ഉത്തരേന്ത്യയിലേയും പ്രമുഖ ടയര്‍ കമ്പനികള്‍ ഒരുലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുന്നു. റബര്‍ വിലയെ ഇത് തകിടം മറിച്ചേക്കും. ഇവിടെ നിന്നു റബര്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ടയര്‍ കമ്പനികളാണ് ഇറക്കുമതി ചെയ്യുന്നത്.

കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങളില്‍ റബറിന്റെ തോതിനനുസരിച്ച് ഇറക്കുമതി ചെയ്യാന്‍ അനുമതി ഉള്ളതിനാലാണ് ഇറക്കുമതി. രാജ്യാന്തര വില ആര്‍.എസ്.എസ് നാലിന് 96 ഉം ആഭ്യന്തര വില 91 മാണ്.
സീസണ്‍ തുടങ്ങിയതോടെ മാര്‍ച്ച് 31 വരെയുളള കാലയളവില്‍ ഏതാണ്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം ടണ്‍ റബര്‍ സ്റ്റോക്കുണ്ടാകുമെന്നാണ് റബര്‍ ബോര്‍ഡിന്റെ കണക്കില്‍ പറയുന്നത്.

ജനുവരി-ഫെബ്രുവരിയോടെ 30000 ടണ്ണും, മാര്‍ച്ച് ഏപ്രിലോടെ ബാക്കിയും ഇറക്കുമതി ചെയ്യാനാണ് ടയര്‍ കമ്പനികള്‍ തീരുമാനമെടുത്തത്.

റബര്‍ വില ഇപ്പോള്‍ 91 രൂപയായി കുറഞ്ഞിരിക്കെ ഇറക്കുമതി വരുന്നതോടെ റബര്‍ വില സ്വാഭാവികമായും ഇടിയുമെന്നാണ് വ്യാപാര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

തായ്ലന്‍ഡ്, ഇന്തോനീഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് റബര്‍ ഇറക്കുമതി ചെയ്യുന്നത്. ഈയിടെ റബര്‍ ഇലയ്ക്കുണ്ടായ രോഗം മൂലം ഇല കൊഴിഞ്ഞിരുന്നു. ഇത് ഉല്‍പാദനത്തില്‍ കുറവ് വരുത്തുമോയെന്നും കര്‍ഷകരില്‍ ആശങ്കയുണ്ട്.
കടപ്പാട്- മംഗളം

വനംവകുപ്പില്‍ വ്യാപക അഴിച്ചുപണി
തിരുവനന്തപുരം: വനംവകുപ്പില്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാരും (എ.സി.എസ്) ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും (ഡി.എഫ്.ഒ)ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലംമാറ്റി. ആഴ്ചകള്‍ക്ക് മുമ്പ് ഡി.എഫ്.ഒമാരുടെ സ്ഥലംമാറ്റത്തിന് തൊട്ടുപിന്നാലെയാണ് പുതിയ സ്ഥലംമാറ്റത്തിന് സാര്‍ക്കാര്‍ തീരുമാനിച്ചത്.

കഞ്ചാവ് മാഫിയക്കും വനം കൊള്ളക്കാര്‍ക്കുമെതിരെ കടുത്ത നടപടിയെടുത്ത ഉദ്യോഗസ്ഥനും ആഴ്ചകള്‍ക്ക് മുമ്പ് സി.പി.ഐക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗന്ഥനും സ്ഥലം മാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി വാച്ചര്‍മാരെ നിയമിക്കാതിരുന്നതിന് മര്‍ദനമേറ്റ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉണിക്കൃഷ്ണപ്രകാശും വനംഭൂമി കൈയേറ്റക്കാര്‍ക്കും കഞ്ചാവ് ലോബിക്കും എതിരെ കടുത്ത നടപടിയെടുത്തതിനെ തുടര്‍ന്ന് സി.പി.ഐക്ക് അപ്രിയനായ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഉത്തമനുമാണ് സ്ഥലംമാറ്റപ്പെട്ടവരില്‍ പ്രമുഖര്‍. സാധാരണ ഏപ്രില്‍^മെയ് മാസങ്ങളിലാണ് വനം വകുപ്പില്‍ നടപടിക്രമം അനുസരിച്ച് സ്ഥലംമാറ്റം നടക്കുന്നത്. സംസ്ഥാനത്ത് വനംവകുപ്പിലെ എ.സി.എസ് മാരുടെ പ്രധാന തസ്തികകള്‍ പലതും ഒഴിഞ്ഞു കിടക്കെ അത് നികത്താന്‍പോലും തയാറാകാതെ അസമയത്ത് എടുത്ത നടപടി കടുത്ത ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനായ ഉണ്ണിക്കൃഷ്ണപ്രകാശിനെ കോഴിക്കോട് മുഖ്യവനപാലകന്റെ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായാണ് മാറ്റി നിയമിച്ചിരിക്കുന്നത്. വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കന്മാര്‍ ആവശ്യപ്പെട്ടവരെ വാച്ചര്‍മാരായി നിയമിക്കത്തതിന്റെ പേരിലാണ് ഇദ്ദേഹത്തിന് മര്‍ദനമേല്‍ക്കേണ്ടി വന്നത്.

പ്രതികള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ആക്ഷേപമുള്ളപ്പോഴാണ് മര്‍ദനമേറ്റ ഉദ്യോഗസ്ഥനെ തന്നെ സ്ഥലംമാറ്റിയത്. വനംഭൂമി കൈയേറ്റക്കാര്‍ക്കും കഞ്ചാവ് മാഫിയക്കുമെതിരെ കര്‍ശന നടപടി എടുത്ത മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഉത്തമനെ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലേക്കാണ് സ്ഥലംമാറ്റിയത്. ഈ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിന് പിന്നിലും സി.പി.ഐയുടെ സമ്മര്‍ദമുണ്ടെന്നാണറിയുന്നത്.പാലക്കാട് ജില്ലയില്‍ വനാതിര്‍ത്തി നിര്‍ണയിക്കുന്നതിന് സംയുക്ത സര്‍വേ നടത്താനിരിക്കെയാണ് സ്ഥലംമാറ്റം. ജില്ലയില്‍ മുമ്പേ തന്നെ വനാതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കിയിരിക്കെ വീണ്ടും സംയുക്ത സര്‍വേ നടത്തുന്നത്വനഭൂമി കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ച് നല്‍കാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ വൃക്ഷ സംരക്ഷണ നിയമത്തിന്റെ മറവില്‍ വ്യാപക മരംമുറി നടന്ന അട്ടപ്പാടിയിലും മറ്റും ഈ ഉദ്യോഗസ്ഥനെടുത്ത നടപടി വനംമാഫിയക്ക് തടസ്സമായിരുന്നു.

മണ്ണാര്‍ക്കാട് ഡിവിഷനില്‍ വനാതിര്‍ത്തി പുനര്‍ നിര്‍ണയം ചെയ്ത് ജണ്ട കെട്ടുന്ന നടപടികള്‍ പുരോഗമിക്കുമ്പോള്‍ തന്നെ കര്‍ശന നടപടികള്‍ എടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്നത് ശ്രദ്ധേയമാണ്.

മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്കായി അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനായി നേച്ചര്‍ സ്റ്റഡി സെന്റര്‍ എ.സി.എഫായ പ്രദീപ് കുമാറിനെയും പീരുമേട് റിസര്‍ച്ച് എ.സി.എഫായ ശ്രീകുമാറിനെ അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂള്‍ എ.സി.എഫായും മാറ്റി നിയമിച്ചു. പാലക്കാട് എസ്.ഐ.പിയില്‍ നിന്ന് എസ്. ഷാജിയെ പാലക്കാട് ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍ ഡി.എഫ്.ഒആയും അവിടെ നിന്ന് മോഹനചന്ദ്രനെ കോതമംഗലം ഫ്ലൈയിംഗ് സ്ക്വാഡിലേക്കും സ്ഥലംമാറ്റി.

കോതമംഗലം ഫ്ലൈയിംഗ് സ്ക്വാഡില്‍ ഉണ്ടായിരുന്ന ബി. ജോസഫാണ് തേക്കടി അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍. ഈ തസ്തിക കഴിഞ്ഞ കുറേമാസങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. മാത്രമല്ല പീരുമേട് റിസര്‍ച്ച് എ.സി.എഫ്, പാലക്കാട് എസ്.ഐ.പി എന്നീ തസ്തികകളിലേക്ക് പുതുതായി നിയമനം നടത്തിയിട്ടില്ലെന്നാണറിവ്.

സംസ്ഥാനത്ത് ബി.എഫ്.ഒമാര്‍ ചുമതല വഹിക്കുന്ന വയനാട് സൌത്ത്, കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി, കോഴിക്കോട്, തിരുവനന്തപുരം ഡി.എഫ്.ഒ തുടങ്ങിയ തസ്തികകളില്‍ ഇതുവരെ ഉദ്യോഗസ്ഥരെ വനം വകുപ്പ് നിയമിച്ചിട്ടില്ല. തിരുവനന്തപുരം ഡി.എഫ്.ഒ കോഴിക്കോട് ഡി.എഫ്.ഒ, സോഷ്യല്‍ ഫോറസ്ട്രി കണ്ണൂര്‍ എന്നിവയുടെ ചുമതല പല ഉദ്യോഗസ്ഥര്‍ക്കും അധികമായി നല്‍കിയിരിക്കുകയാണ്. മറ്റ് തസ്തികകളില്‍ ധിറുതിപിടിച്ചാണ് സ്ഥലംമാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
കടപ്പാട്- മാധ്യമം

ഉദ്യോഗസ്ഥ പുനര്‍വിന്യാസം പെട്ടെന്ന്: മുഖ്യമന്ത്രി
തിരു: ഉദ്യോഗസ്ഥരുടെ കുറവുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിപ്രവര്‍ത്തനം വിജയമാക്കാന്‍ കഴിയുന്നില്ലെന്ന പരാതി കണക്കിലെടുത്ത് ഉദ്യോഗസ്ഥ പുനര്‍വിന്യാസം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വികസന കൌണ്‍സില്‍ യോഗം തീരുമാനിച്ചു.

ഒരുമാസത്തിനുശേഷം പുനര്‍വിന്യാസ നടപടിയുടെ പുരോഗതി വിലയിരുത്തും. തദ്ദേശസ്ഥാപനങ്ങളിലേക്ക് പോകാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു.

പത്ത് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് രണ്ടും മൂന്നും പേരാണ് ഇപ്പോഴുള്ളതെന്നും ഇതുമൂലം പദ്ധതിപ്രവര്‍ത്തനത്തില്‍ വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിയുന്നില്ലെന്നും യോഗത്തില്‍ തദ്ദേശസ്ഥാപന മേധാവികള്‍ പരാതിപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയറ്റിലും മറ്റും ക്ളേശം കൂടാതെ ഇരിക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. തദ്ദേശസ്ഥാപനങ്ങളിലേക്ക് വന്നവര്‍തന്നെ അധികം വൈകാതെ സ്ഥലംമാറ്റം വാങ്ങി പോകുന്നു. പുനര്‍വിന്യാസത്തിനു പാകമായതരത്തില്‍ ഉദ്യോഗസ്ഥരെ മെരുക്കിയെടുക്കാന്‍ ശ്രമിക്കും. കൂട്ടനടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതേസമയം, കടുത്ത നിലപാടുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

1996ലാണ് പുനര്‍വിന്യാസത്തിന് നടപടി തുടങ്ങിയത്. 12 വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ സര്‍ക്കാര്‍ വന്നശേഷം പലതവണ ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്. ഇനി നടപടി നീണ്ടുപോകില്ല. തദ്ദേശസ്ഥാപനതലത്തിലും മന്ത്രിതലത്തിലും നടപടി പരിശോധിക്കും.

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍മാത്രമേ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ. പദ്ധതിയിനത്തില്‍ അനുവദിച്ച തുക ജനങ്ങളിലെത്താതെ ലാപ്സായാല്‍ വിമര്‍ശനം ഉയരും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ എന്‍ജിനിയര്‍മാരെ നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. പദ്ധതിപ്പണം നഷ്ടമാകില്ലെന്നും സമയപരിധിക്കുള്ളില്‍തന്നെ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൈക്കാട് ഗസ്റ്റ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി പി ജെ തോമസ്, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക്, മേയര്‍മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടപ്പാട്- ദേശാഭിമാനി

സബ്സിഡികൊണ്ട് അസമത്വം മാറില്ല_മന്‍മോഹന്‍

ന്യൂഡല്‍ഹി: സബ്സിഡി അനുവദിക്കുന്നതിനെതിരെ വീണ്ടും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വം കുറയ്ക്കാന്‍ സബ്സിഡി കൊണ്ടുകഴിയുകയില്ലെന്നു ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി അസമത്വം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സബ്സിഡികള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, രാസവളം എന്നിവയ്ക്കനുവദിക്കുന്ന സബ്സിഡികൊണ്ടുമാത്രം രാജ്യത്തിന് ഈ വര്‍ഷം ഒരു ലക്ഷം കോടി രൂപയോളം ചെലവുവരുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. സാമ്പത്തിക വളര്‍ച്ചാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
”നമ്മള്‍ സമത്വത്തിന്റെ പേരു പറഞ്ഞ് ഒട്ടേറെ പണം സബ്സിഡിക്കായി ചെലവഴിക്കുന്നുണ്ട്. ഇതുകൊണ്ട് സമത്വമോ കാര്യപ്രാപ്തിയോ കൈവരിക്കാന്‍ നമുക്കായിട്ടില്ല” _അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലുണ്ടാകുന്ന പ്രദേശിക അസമത്വങ്ങളും അസന്തുലിതാവസ്ഥയും പരിഹരിക്കാനായി യുക്തിസഹമായ മറ്റു പരിഹാരങ്ങള്‍ കണ്ടെത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ ജോലിതേടി ഗ്രാമങ്ങളില്‍ നിന്നു നഗരങ്ങളിലെത്തുക എന്ന ഇപ്പോഴുള്ള അവസ്ഥയ്ക്കു മാറ്റം വരികയും ജോലി ജനങ്ങളെ തേടി ഗ്രാമങ്ങളിലേക്കെത്തുകയും വേണം.
11_ാം പഞ്ചവത്സര പദ്ധതിയുടെ വളര്‍ച്ചാ തന്ത്രങ്ങള്‍ ലക്ഷ്യം കണ്ടാല്‍ ദക്ഷിണ പൂര്‍വ്വേഷ്യയുടെയും ദക്ഷിണേഷ്യയുടെയും വളര്‍ച്ചയ്ക്കൊപ്പമെത്താന്‍ ഇന്ത്യക്ക് കഴിയും. ഇന്ത്യയുടെ സമ്മിശ്ര സമ്പദ്വ്യവസ്ഥ, കുഴഞ്ഞു മറിഞ്ഞ സമ്പദ്വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ്. വിപണിയിലെ കാര്യക്ഷമതയും ഉദാര സമ്പദ്വ്യവസ്ഥയിലെ സമത്വവും പരിഗണിക്കുന്ന വികസനത്തിന്റെ ഒരു മധ്യവര്‍ത്തി സമീപനമാണ് രാജ്യത്തിന് വേണ്ടത്_പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ മൂന്നില്‍ രണ്ടു വിഭാഗം ജനങ്ങള്‍ക്കും കൃഷികൊണ്ടുമാത്രം ജീവിതമാര്‍ഗം ഉണ്ടാക്കാനാവില്ല. അതുകൊണ്ടുതന്നെ കാര്‍ഷികേതര ജോലികള്‍ പ്രോത്സാഹിക്കപ്പെടണം. കാര്‍ഷിക വികസനവും കാര്‍ഷിക വ്യതിയാനങ്ങളും കൂടുതല്‍ തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന വ്യവസായവത്്കരണവുമായിരിക്കണം വികസനതന്ത്രങ്ങള്‍_ പ്രധാനമന്ത്രി പറഞ്ഞു. കൃഷിക്കെതിരെ വ്യവസായം എന്ന നിലയില്‍ നമ്മുടെ സാമ്പത്തിക ചര്‍ച്ചകള്‍ മുന്നോട്ടു പോകരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗ്രാമസഭ വിളിക്കാത്ത രണ്ടുപേരുടെ പഞ്ചായത്തംഗത്വം റദ്ദാക്കി

തിരുവനന്തപുരം: പഞ്ചായത്ത്രാജ് നിയമം അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ ഗ്രാമസഭ വിളിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ അംഗത്വം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പി. കമാല്‍കുട്ടി റദ്ദാക്കി.

കോട്ടയത്തെ അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡംഗം മേഴ്സി ജോര്‍ജ്, ആറാം വാര്‍ഡംഗം വര്‍ഗീസ് യോഹന്നാന്‍ എന്നിവര്‍ക്കെതിരെ മൂന്ന് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

നിയമത്തെക്കുറിച്ചുള്ള അംഗങ്ങളുടെ അജ്ഞത മൂലം ഗ്രാമസഭ ചേരാതിരുന്നതു വഴി പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് രണ്ടുപേരുടെയും അംഗത്വം കമ്മീഷണര്‍ റദ്ദാക്കിയത്.
കടപ്പാട്- മാതൃഭൂമി

പട്ടയച്ചട്ടങ്ങള്‍ സിപിഐയ്ക്കു കോട്ടം
തിരുവനന്തപുരം: പാര്‍ട്ടി ഓഫിസിന്റെ വിവാദമായ രവീന്ദ്രന്‍ പട്ടയം റദ്ദാക്കി മുഖംരക്ഷിക്കാനുള്ള സിപിഐയുടെ ശ്രമത്തിനു ഭൂമി വിതരണത്തിലെ നൂലാമാലകള്‍ തിരിച്ചടിയാകും. പ്രതിച്ഛായ നന്നാക്കുന്നതിനൊപ്പം സിപിഎമ്മിനായി ഒരുക്കിയ കുരുക്കുകള്‍ ആത്യന്തികമായി സിപിഐയിലേക്കു തന്നെയാണു നീളുന്നത്.

പട്ടയം റദ്ദാക്കാനുള്ള നടപടികളുടെ ചുമതല നല്‍കിയിരിക്കുന്ന ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ്ങിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടിയുടെ സമര്‍ഥമായ നീക്കത്തിന്റെ പരിസമാപ്തി. പട്ടയ വിതരണത്തിലെ നൂലാമാലകളും ചട്ടവിരുദ്ധമായ നടപടികളുമാണു സിപിഐയെ വേട്ടയാടാന്‍ പോകുന്നത്. പണം കൊടുത്തു വാങ്ങിയ ഏഴു സെന്റ് ചെമ്പുപട്ടയവും നാലു സെന്റ് വിരിവുമടക്കം 11 സെന്റ് സ്ഥലമാണു തങ്ങളുടെ കൈവശമെന്ന സിപിഐയുടെ വാദം ശരിയല്ലെന്നാണ് അപേക്ഷയിലെയും മഹസറിലെയും വസ്തുതകള്‍.

ഭൂമിയുടെ വിസ്തീര്‍ണം സംബന്ധിച്ചുള്ള ആശയക്കുഴപ്പം ജില്ലാ കലക്ടറുടെ നടപടി റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും പരിഹരിക്കുക. നാലു സെന്റ് സ്ഥലത്തിനാണു തങ്ങള്‍ അപേക്ഷ നല്‍കിയതെന്ന വാദവും തെറ്റാണെന്നു രേഖകള്‍ തെളിയിക്കുന്നു. 14 സെന്റിനു പാര്‍ട്ടി ഭാരവാഹികള്‍ നല്‍കിയ അപേക്ഷ പട്ടയവിതരണത്തിലൂടെ വിവാദനായകനായ എം.ഐ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്നു കെട്ടിടം സ്ഥിതിചെയ്യുന്ന ഭൂമി 11.5 സെന്റുണ്ടെന്നു കണ്ടെത്തി.തുടര്‍ന്നു തയാറാക്കിയ മഹസര്‍ റിപ്പോര്‍ട്ടില്‍ ചെമ്പുപട്ടയത്തില്‍ പറയുന്ന ഭൂമി സംബന്ധിച്ച പരാമര്‍ശങ്ങളില്ല.

മാത്രമല്ല, പാര്‍ട്ടി ഓഫിസും ഹോട്ടലും സ്ഥിതിചെയ്യുന്ന ഭൂമിയുടെ സ്കെച്ചിലും ഈ ഭാഗം അവ്യക്തമാണ്. തങ്ങളറിയാതെ ചട്ടവിരുദ്ധമായി ഭൂമിക്കു പട്ടയം അനുവദിച്ചെന്ന പാര്‍ട്ടിയുടെ വാദത്തിനു തിരിച്ചടിയാകുന്നതു തുടര്‍നടപടികളാണ്. പട്ടയം അനുവദിക്കപ്പെട്ട ഭൂമിയുടെ നികുതികളും പോക്കുവരവും പാര്‍ട്ടി ഭാരവാഹികളുടെ നേതൃത്വത്തിലാണു നടത്തിയത്.

എന്നാല്‍, അനന്തര നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഭൂമിയുടെ വിസ്തീര്‍ണം 11.5 സെന്റായിട്ടു തന്നെയാണു കരം അടച്ചിരിക്കുന്നത്. ഇവയെല്ലാം പാര്‍ട്ടിയുടെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണു സൂചന.മാത്രമല്ല, പാര്‍ട്ടിയുടെ നാലു പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന താലൂക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയാണു ഭൂമിക്കു പട്ടയം നല്‍കുന്നതിന് അനുമതി നല്‍കിയത്. ഇതും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനു തടസ്സം സൃഷ്ടിക്കും.പാര്‍ട്ടി ഓഫിസും ഹോട്ടലും നിലനില്‍ക്കുന്ന ബഹുനില കെട്ടിടം ഏഴു സെന്റ് ഭൂമിയില്‍ അധികമുണ്ടത്രേ. ഈ നിലയ്ക്കു ചെമ്പുപട്ടയം നിലനിര്‍ത്തിയാല്‍ പോലും കെട്ടിടം ഭാഗികമായെങ്കിലും പൊളിക്കേണ്ടി വരും.

മുഖ്യമന്ത്രിയും ധനമന്ത്രിയും ഉദ്യോഗസ്ഥര്‍ക്കെതിരെ
തിരുവന്തപുരം: ഭരണപരമായ വന്‍ വീഴ്ചകള്‍ക്കു മുഖ്യമന്ത്രിയും ധനമന്ത്രിയും ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞു.  തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം ഒന്‍പതു മാസം കൊണ്ടു പത്തിലൊന്നു പോലും പൂര്‍ത്തിയാകാത്തതിന്റെ പേരിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനമെങ്കില്‍, കെഎസ്ടിപി റോഡ് പദ്ധതി അവതാളത്തിലാക്കി നാട്ടുകാരെ വലയ്ക്കുകയും പിന്നീടു കോടികളുടെ വര്‍ധനയില്‍ കരാര്‍ കൊടുക്കേണ്ടിവരികയും ചെയ്തതിന്റെ പേരില്‍ താന്‍ കേട്ട പഴിയില്‍ നല്ല പങ്കും  ധനമന്ത്രി തോമസ് ഐസക് ഉദ്യോഗസ്ഥരുടെമേല്‍ കെട്ടിവയ്ക്കുകയായിരുന്നു.

പദ്ധതി നിര്‍വഹണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വളരെ പിറകിലാണെന്നും ഒന്‍പതു മാസം കൊണ്ടു ലക്ഷ്യത്തിന്റെ പത്തിലൊന്നു പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന വികസന കൌണ്‍സില്‍ യോഗത്തിന്റെ ആമുഖ പ്രസംഗത്തില്‍ ആയിരുന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ കുറ്റപ്പെടുത്തല്‍.  പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കാത്തവരുടെ വീഴ്ച ഗൌരവമായി കാണുമെന്നും ഇക്കാര്യത്തില്‍ വ്യക്തിഗത ഉത്തരവാദിത്തം നിശ്ചയിക്കുകയും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതി  നടത്തിപ്പിനു തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന പരാതിയെ തുടര്‍ന്ന്  ഉദ്യോഗസ്ഥ പുനര്‍വിന്യാസം ഊര്‍ജിതപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം  തീരുമാനിച്ചു.

കെഎസ്ടിപി റോഡ് നിര്‍മാണത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്തു പതിബെല്‍ കമ്പനിക്കു പണം നല്‍കാതിരുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും മന്ത്രിമാര്‍ക്ക് ഇതില്‍ പങ്കില്ലെന്നും പത്രസമ്മേളനത്തിലാണു  ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. കരാര്‍ പുതുക്കിയെങ്കിലും വിജിലന്‍സ് അന്വേഷണവും കേസുകളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിബെല്ലിനു പണം നല്‍കാതിരുന്നതു ഗുരുതരമായ തെറ്റാണ്. കരാര്‍ റദ്ദാക്കാനും സര്‍ക്കാരിനോടു നഷ്ടപരിഹാരം ആവശ്യപ്പെടാനും പതിബെല്ലിന് ഇതോടെ സാധിച്ചു. അവര്‍ക്കു പണം നല്‍കാതിരുന്നതാണ് ഒടുവില്‍ പദ്ധതി അവതാളത്തിലാകാന്‍ കാരണം. ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ കൂടിയാണു വിജിലന്‍സ് അന്വേഷണം.  പുതിയ കരാര്‍മൂലം 26 കോടി മാത്രമാണ് അധികച്ചെലവെന്നു മന്ത്രി അവകാശപ്പെട്ടു. 35 കോടിയുടെ ആര്‍ബിട്രേഷന്‍ ചെലവ് ഉള്‍പ്പെടെയുള്ളവ കൂട്ടാതെയുള്ള കണക്കാണിത്. യഥാര്‍ഥത്തില്‍  എത്ര അധികച്ചെലവു വരുമെന്നു താന്‍ കണക്കാക്കിവരുന്നതേയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തില്‍ ഒരു മാസത്തിനകം പുരോഗതിയുണ്ടാകുമെന്നാണു പതീക്ഷയെന്നും  എന്നിട്ടും വീഴ്ച വന്നാല്‍ പരിശോധിക്കുമെന്നും വികസന കൌണ്‍സില്‍ യോഗത്തിനു  ശേഷം മുഖ്യമന്ത്രി വിശദീകരിച്ചു.

തദ്ദേശ സ്ഥാപന തലത്തിലും മന്ത്രി തലത്തിലും പുനര്‍വിന്യാസം വിലയിരുത്തും. പദ്ധതി തുക ജനങ്ങളിലെത്താതെ ലാപ്സാകുന്നതു വിമര്‍ശനത്തിനിടയാക്കും. അതിനു പുനര്‍വിന്യാസം  വേണം.  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ആവശ്യമായ ഉദ്യോഗസ്ഥരെ നല്‍കാമെന്നു താന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.  ഇപ്പോള്‍ പലേടത്തും 10 ഉദ്യോഗസ്ഥര്‍ വേണ്ട സ്ഥാനത്തു രണ്ടും മൂന്നും പേരേയുള്ളു.  ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നില്ല. 96ലെ സര്‍ക്കാരിന്റെ കാലത്തു നിശ്ചയിച്ച ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിനു രണ്ടു മുന്നണിയുടെയും സര്‍ക്കാരുകള്‍  ഭരിച്ച ശേഷവും കാര്യമായ പുരോഗതിയില്ല.

ഇനി ഉദ്യോഗസ്ഥരില്ലാത്തതുമൂലം തുക ലാപ്സാവില്ല. വര്‍ഷാവസാനം രണ്ടോ മൂന്നോ മാസമാണു പദ്ധതിപ്പണത്തില്‍ നല്ലൊരു പങ്ക് ചെലവഴിക്കുന്നത്. ഈ ഘട്ടത്തില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനെക്കാള്‍ പണം ചെലവഴിക്കാനാണു വ്യഗ്രത.  ഇതില്‍ അഴിമതിക്കു സാധ്യതയുണ്ട്.  ഇപ്പോഴത്തെ വീഴ്ചകള്‍ വികേന്ദ്രീകൃതാസൂത്രണവും അതിന്റെ ഭാഗമായുള്ള പദ്ധതി നിര്‍വഹണവും പരാജയപ്പെടുന്നുവെന്ന പ്രചാരണത്തിന് ഇടവരുത്തും.  കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പും ലക്ഷ്യം കാണുന്നില്ല.  വന്‍തുക കണ്‍സല്‍റ്റന്‍സി ഫീസ് നല്‍കി അനേകം വ്യവസ്ഥകളോടെ പലിശയ്ക്കു വാങ്ങുന്ന പണം ഉപയോഗിച്ചു നടത്തുന്ന പദ്ധതികള്‍ പോലും സമയത്തു തീര്‍ക്കുന്നില്ല-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്കു ശമ്പളം നല്‍കാന്‍ 73 ലക്ഷം രൂപ ചെലവഴിക്കുമ്പോള്‍ നടപ്പാക്കിയതു 17 ലക്ഷം രൂപയുടെ പദ്ധതിയാണെന്നു യോഗത്തില്‍ പ്രസിഡന്റ് തന്നെ ചൂണ്ടിക്കാട്ടിയതു മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഗൌരവത്തോടെ എടുത്തു.

ഭരണരംഗത്തെ കാര്യക്ഷമതയില്ലായ്മ രൂക്ഷമായതിനാലാണു പദ്ധതി നടത്തിപ്പു വൈകുന്നതെന്നു ധനമന്ത്രി തോമസ് ഐസക് യോഗത്തില്‍  പറഞ്ഞു.  ഭരണസംവിധാനം അത്രയ്ക്കു ജീര്‍ണിച്ചു.  സാങ്കേതിക തടസ്സങ്ങളും തീരുമാനം എടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തുന്ന കാലതാമസവും പ്രായോഗികമല്ലാത്ത നിബന്ധനകളും വീഴ്ചയ്ക്കു കാരണമാകുന്നു.

മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, മാത്യു ടി. തോമസ്, ബിനോയ് വിശ്വം, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഫ. പ്രഭാത് പട്നായിക്, ചീഫ് സെക്രട്ടറി പി.ജെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മേയര്‍മാര്‍, വകുപ്പു സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടപ്പാട്- മനോരമ

ഐ.എസ്.ആര്‍.ഒക്ക് പുതിയ ഭൂമി നല്‍കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ബഹിരാകാശ പഠന കേന്ദ്രത്തിന് രണ്ടിടങ്ങളിലായി ഭൂമി നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ബുധനാഴ്ച രാത്രി വൈകിയാണ് ഉന്നത തലത്തില്‍ നിന്നു നിര്‍ദേശം ലഭിച്ചത്. തെന്നൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമിയില്‍ പഠനകേന്ദ്രം സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് ഐ.എസ്.ആര്‍.ഒ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ബാംഗളൂരിലെ ആസ്ഥാനത്തേക്ക് അയച്ച വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പകരം ഭൂമി കണ്െടത്താനുള്ള നിര്‍ദേശം.

ഐ.എസ്.ആര്‍.ഒയുടെ സാങ്കേതിക വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ചയേ സര്‍ക്കാരിന് കൈമാറൂ. റിപ്പോര്‍ട്ടു ലഭിച്ചാല്‍ അന്നു തന്നെ പകരം ഭൂമി നല്‍കാനുള്ള നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നതിനു വേണ്ടിയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അടിയന്തരമായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടം മുതല്‍ കരാറുറപ്പിച്ച ഭൂമിയില്‍ തന്നെ പഠന കേന്ദ്രം സ്ഥാപിക്കണമെന്ന വാശിയിലായിരുന്നു ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ സ്ഥലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ അതിനോട് നിഷേധാത്മക നിലപാടിലാണ് ഐ.എസ്.ആര്‍.ഒ പ്രതികരിച്ചത്. സര്‍ക്കാര്‍ ഭൂമിയില്‍ അപ്പര്‍ സാനിട്ടോറിയം നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ ആ ഭൂമി വേണമെന്ന് ഐ.എസ്.ആര്‍.ഒ ആവശ്യ പ്പെട്ടിരുന്നു.

തെന്നൂരിലെ 127 ഏക്കര്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ റോഡില്ലെന്ന് പറഞ്ഞ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ വിദഗ്ധ സമിതിയുടെ പഠനത്തിന് വിട്ടത് വിവാദമൊഴിവാക്കാനായിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാകട്ടെ ഈ സ്ഥലത്ത് പഠന കേന്ദ്രം സ്ഥാപിക്കുന്നതിനെതിരുമായി. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച രാത്രി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം എത്തിയത്. പുതിയ നിര്‍ദേശം അനുസരിച്ച് ഐ.എസ്.ആര്‍.ഒ ആദ്യ ഘട്ടത്തില്‍ പഠന കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ച സ്ഥലത്തോ അതിനു സമീപമോ 15 ഏക്കര്‍ സ്ഥലവും അപ്പര്‍ സാനിട്ടോറിയത്തില്‍ പത്തേക്കര്‍ സ്ഥലവും നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച സ്ഥലവും സമീപ പ്രദേശങ്ങളും പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. ഇതൊഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ തേടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൊത്തം സ്ഥലത്തു നിന്ന് ഏറ്റവും അനുയോജ്യമായ ഭാഗത്ത് 15 ഏക്കര്‍ കണ്െടത്തി ഈ പ്രദേശം പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കാനുള്ള മാര്‍ഗങ്ങളാണ് തേടുന്നത്. ഈ പ്രദേശത്തിന്റെ സമീപ പ്രദേശങ്ങളിലുള്ള സ്ഥലങ്ങളുടെ രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. ആയിരത്തോളം രേഖകളുടെ പരിശോധനകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി നിയമ വശം പരിശോധിച്ച് തിങ്കളാഴ്ച തന്നെ പുതിയ ഭൂമി നല്‍കാനാണ് നീക്കം.
കടപ്പാട്- ദീപിക

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം