Daily Archives: ഡിസംബര്‍ 15, 2007

ഡിസംബര്‍ 15 ശനി

ഇത് റൂഡിന്റെയും മോണിക്കയുടെയും ‘പാചകപ്പെട്ടി’; വിറകും ഗ്യാസും വേണ്ട

പാചകപ്പെട്ടിമൂന്നാര്‍:ചെലവുകുറഞ്ഞ രീതിയില്‍ സൌരോര്‍ജ്ജ ഉപയോഗം വീട്ടമ്മമാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇറ്റലിയില്‍ നിന്നെത്തിയ റൂഡ് റീലിക്കും ഭാര്യ മോണിക്ക ബെറിയും. തടിയും ഗ്ലാസ്സും അലുമിനിയം ഷീറ്റും ഉപയോഗിച്ചുണ്ടാക്കിയ സൌരോര്‍ജ്ജ ‘കുക്കിങ് റേഞ്ചു’മായാണ് റൂഡും മോണിക്കയും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്. പഴയ മൂന്നാറിലെ ഒരു ടൂറിസ്റ്റുഹോമില്‍ താമസിക്കുന്ന ഇവര്‍ സൂര്യപ്രകാശം ഇന്ധനമായുള്ള അടുപ്പുപയോഗിച്ച് സ്വയം ഭക്ഷണം പാകംചെയ്താണ് കഴിക്കുന്നത്.

ഹോളണ്ടുകാരനായ റൂഡും സ്വിറ്റ്സര്‍ലന്‍ഡ്കാരി മോണിക്കയും ഇറ്റലിയില്‍ യോഗ അധ്യാപകരാണ്. പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള ഇരുവരുടെയും താത്പര്യത്തിന്റെ ഭാഗമാണ് ചെലവുകുറഞ്ഞതും കൈയില്‍ കൊണ്ടുനടക്കാവുന്നതുമായ ഈ സൌരോര്‍ജ്ജ അടുപ്പ്.

പ്ലൈവുഡും തടിയുമുപയോഗിച്ചുണ്ടാക്കുന്ന പെട്ടിയുടെ മുകളില്‍ ചരിച്ചുണ്ടാക്കുന്ന അടപ്പിന് അടിയിലായി ഗ്ലാസ്സുകൊണ്ടുള്ള മറ്റൊരടുപ്പുമുണ്ടാകും. മുകള്‍ അടപ്പ് ഉയര്‍ത്തിവയ്ക്കാവുന്ന രീതിയിലാണ്. സൂര്യപ്രകാശം നേരിട്ട് ഗ്ലാസ്സില്‍ പതിച്ചുണ്ടാവുന്ന ചൂടിനൊപ്പം ഉയര്‍ത്തി വയ്ക്കുന്ന മുകളടപ്പിന്റെ അകത്തെ പ്രകാശം പ്രതിഫലനശേഷിയുള്ള പേപ്പറില്‍ പതിക്കുമ്പോഴുണ്ടാകുന്ന ചൂടും ഗ്ലാസ്സിലൂടെ പെട്ടിക്കുള്ളില്‍ ലഭിക്കും. ചൂട് നഷ്ടപ്പെടാതിരിക്കാന്‍ പെട്ടിയുടെ പുറംഭാഗത്തിനകത്തുള്ള ശൂന്യസ്ഥലത്ത് പഞ്ഞിയോ വയ്ക്കോലോ കമ്പിളിയോ നിറയ്ക്കും. നല്ല വെയിലുള്ളപ്പോള്‍ 135 മുതല്‍ 150 ഡിഗ്രി വരെ ചൂട് ആഗീകരണം ചെയ്യാനും നിലനിര്‍ത്താനും കഴിയുന്ന ഈ പെട്ടിക്കകത്ത് പാത്രങ്ങളില്‍വച്ചാണ് ഭക്ഷണം പാകംചെയ്യുന്നത്. ഒന്നര മണിക്കൂര്‍കൊണ്ട് അരി വേവിച്ചെടുക്കാന്‍ കഴിയും.

1500 രൂപയാണ് ഈ അടുപ്പുണ്ടാക്കാന്‍ ചെലവുവരുന്നത്. പഴയ മൂന്നാറില്‍ ഒരു വര്‍ക്ക്ഷോപ്പില്‍ കൈയിലുള്ള അടുപ്പുമായെത്തിയ റൂഡും മോണിക്കയും ഉടമ ബാലകൃഷ്ണന് ഉപകരണമുണ്ടാക്കുന്ന വിധം പറഞ്ഞുകൊടുത്തു. പരീക്ഷണത്തിനായി ഒരുപകരണം ഉണ്ടാക്കുകയുംചെയ്തു. ഒരെണ്ണം ഉണ്ടാക്കി പരിചയിച്ചതോടെ ഇനി ആവശ്യക്കാര്‍ക്ക് പാചകപ്പെട്ടി നിര്‍മ്മിച്ച് നല്‍കാന്‍ ബാലകൃഷ്ണന്‍ തയ്യാര്‍. പോകുന്നിടത്തെല്ലാം ഈ അടുപ്പ് പരിചയപ്പെടുത്തി ലാഭകരമായ പാചകം അഭ്യസിപ്പിക്കുന്നതിനൊപ്പം പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള സന്േദശംകൂടി പ്രചരിപ്പിക്കുകയുമാണ് റൂഡും മോണിക്കയും.
കടപ്പാട്- മാതൃഭൂമി

പൊതുവിദ്യാഭ്യാസത്തിനുള്ള തുക സ്വകാര്യമേഖല റാഞ്ചുന്നു: പ്രഭാത് പട്നായിക്
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസത്തിന് മുടക്കുന്ന തുക സ്വകാര്യമേഖല റാഞ്ചുകയാണെന്ന് പ്ളാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു.

“ഉന്നത വിദ്യാഭ്യാസം ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തില്‍” എന്ന വിഷയത്തെക്കുറിച്ച് കേരള യൂണിവേഴ്സിറ്റി യൂണിയന്‍ പ്രസ് ക്ളബില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം സമൂഹത്തിന്റെയാകെ നന്മയ്ക്ക് എന്ന കാഴ്ചപ്പാട് മാറ്റിമറിക്കപ്പെടുകയാണ്. ഒരു സ്വകാര്യ ബിസിനസ്സായി മാറുകയാണ് വിദ്യാഭ്യാസം. കാശുകൊടുത്ത് ഉരുളക്കിഴങ്ങ് വാങ്ങുന്നതുപോലെ. കാശില്ലെങ്കില്‍ ഉരുളക്കിഴങ്ങ് എന്ന വിദ്യാഭ്യാസം കിട്ടുകയില്ല.

സമൂഹത്തിനുവേണ്ടിയുള്ള സ്കില്‍ വളര്‍ത്തിയെടുക്കുന്നതിനേക്കാള്‍ ആഗോള മുതലാളിത്തത്തിനുവേണ്ട പ്രൊഫഷണലുകളെയാണ് വിഖ്യാതമെന്നു പറയുന്ന പല യൂണിവേഴ്സിറ്റികളും ഇന്ത്യയില്‍ വാര്‍ത്തെടുക്കുന്നത്. വിദഗ്ദ്ധ തൊഴിലാളികളെ സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതി ലക്ഷ്യമാക്കി വാര്‍ത്തെടുക്കുകയാണുവേണ്ടതെന്നും പട്നായിക് പറഞ്ഞു. ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ലോഗോ പ്രകാശനവും ഡോ. പട്നായിക് നിര്‍വഹിച്ചു.

യൂണിയന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം, ജനറല്‍ സെക്രട്ടറി വി.കെ. അരുണ്‍, സെനറ്റ് അംഗങ്ങളായ കെ.ടി. അജിത്, സുന്ദര്‍രാജ്, കെ.കെ. രാജേഷ്കുമാര്‍, വിനു വര്‍ഗീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പരസ്യ നിയന്ത്രണം സംസ്ഥാനത്തെ ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കള്‍ക്കു ദോഷകരം
കൊച്ചി: ആയുര്‍വേദ മരുന്നുകളുടെ പരസ്യം സംസ്ഥാനത്ത് നിരോധിക്കുന്നതിനു പിറകില്‍ മുസ്ലി പവര്‍ എക്സ്ട്രയ്ക്കെതിരെ കേസ് കൊടുത്ത വന്‍കിട കമ്പനിയുടെ സ്വാധീനമാണുള്ളതെന്ന് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ കെ.സി. എബ്രഹാം പറഞ്ഞു. പരസ്യം നിരോധിക്കുന്നതോടെ സംസ്ഥാനത്തെ മരുന്നുനിര്‍മ്മാതാക്കളുടെ വില്‍പന കുറയും. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തേയും പ്രതികൂലമായി ബാധിക്കും – എബ്രഹാം പറഞ്ഞു. കൂടാതെ ഈ രംഗത്ത് ജോലിചെയ്യുന്ന നിരവധി തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും.

കെ. വേലായുധന്‍ (സന്തോഷ് ഫാര്‍മസി)
കോഴിക്കോട്: ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണരംഗത്തെ അനാവശ്യ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ആയുര്‍വേദ നിര്‍മ്മാതാക്കളുടെ കടന്നുകയറ്റം പ്രോത്സാഹിപ്പിക്കാനെ സഹായിക്കൂവെന്ന് സന്തോഷ് ഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ വേലായുധന്‍ പറഞ്ഞു.
ആയുര്‍വേദ മരുന്ന് നിര്‍മ്മാണരംഗത്ത് പരസ്യ നിയന്ത്രണം അല്ല വേണ്ടതെന്നും മാജിക്ക് റമഡീസ് ആക്ട് കര്‍ശനമായി നടപ്പിലാക്കി വ്യാജമരുന്ന് നിര്‍മ്മാതാക്കളെ തുരത്തുക യാണ് വേണ്ടതെന്നും വേലായുധന്‍ പറഞ്ഞു.

ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ (ഡയറക്ടര്‍, പങ്കജ കസ്തൂരി)
തിരുവനന്തപുരം: രോഗികളെ വഞ്ചിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ക്ക് നിരോധനം വേണമെന്ന് പങ്കജ കസ്തൂരി എം.ഡി ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഔഷധത്തിന് ഇല്ലാത്ത അദ്ഭുതശേഷിയുണ്ടെന്ന് പ്രചരിപ്പിച്ചുള്ളവില്പന അധാര്‍മ്മികമാണ്. മാജിക്കല്‍ റെമഡീസ് ആക്ട് കൊണ്ട് സാധാരണ നിലയില്‍ കേരളത്തിലെ ഒരു ആയുര്‍വേദമരുന്ന് ഉത്പാദകര്‍ക്കും ദോഷമുണ്ടാകില്ല. എന്നാല്‍, നിയമം വളച്ചൊടിച്ച് ഉപയോഗിച്ചാല്‍ കേരളത്തിലെ ആയുര്‍വേദ മരുന്ന് വ്യവസായത്തിന് ദോഷകരമാവുമെന്നും ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു.

കടപ്പാട്- കേരളകൗമുദി

യു.എസ് കമ്പനികള്‍ മരുന്ന് പരീക്ഷിക്കുന്നത് ഇന്ത്യയില്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ കമ്പനികള്‍ പുതിയ മരുന്നുകള്‍ പരീക്ഷിക്കുന്നത് കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ രോഗികളില്‍. നിയമങ്ങള്‍ പാലിക്കാതെയും മിക്കപ്പോഴും രോഗികളെ അറിയിക്കാതെയുമാണ് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന മരുന്നുകള്‍ രാജ്യത്തെ ദരിദ്രരായ രോഗികളില്‍ പരീക്ഷിക്കുന്നതെന്ന് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗികളില്‍ നടത്തുന്ന പരീക്ഷണത്തിന് ചെലവു വളരെ കുറവാണെന്നതാണ് കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതെന്ന് അമേരിക്കയിലെ ‘വാഷിംഗ്ടണ്‍ടൈംസ്’ പത്രം ഇന്നലെ റിപ്പോര്‍ട്ടു ചെയ്തു. എല്ലാത്തരം രോഗികളും ഇന്ത്യയില്‍ ധാരാളമായി ഉണ്ട്. മരുന്നു പരീക്ഷണത്തിന് മനുഷ്യരെ ഉപയോഗിക്കാനുള്ള നിയമനടപടികള്‍ ഇന്ത്യയില്‍ വളരെ ലളിതമാണ്. അമേരിക്കയില്‍ ഒരു മരുന്നു പരീക്ഷിക്കുന്നതിന്റെ പാതി ചെലവില്‍ ഇന്ത്യയില്‍ മരുന്നു പരീക്ഷിക്കാം. വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ രോഗികളുടെ സമ്മതമില്ലാതെ കേരളത്തിലടക്കം മരുന്നുകള്‍ പരീക്ഷിക്കുന്നതായി കഴിഞ്ഞ വര്‍ഷം തന്നെ ബി.ബി.സി തെളിവുകളോടെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അന്ന് ഇതുസംബന്ധിച്ച് മൌനം പാലിക്കുകയായിരുന്നു. ഗ്ലാക്സോസ്മിത്ത്ലൈന്‍ എന്ന കമ്പനി മരുന്നു പരീക്ഷണത്തിന് ഇന്ത്യയിലെ ആറ് കാന്‍സര്‍ സെന്ററുകളുമായി അടുത്തിടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
ഇതിലൊന്ന് തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്റര്‍ ആണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ കമ്പനി ഇന്ത്യയിലെ മരുന്നുപരീക്ഷണങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

2001 ല്‍ അമേരിക്കയിലെ ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയുടെ മരുന്ന് തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്ററിലെ 27 രോഗികളില്‍ പരീക്ഷിച്ചത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ നിരവധി രോഗികളില്‍ മരുന്നു പരീക്ഷണം ഇപ്പോഴും നടക്കുന്നതായി ബി.ബി.സി പറയുന്നു.
2010 ഓടെ ഇന്ത്യയിലെ 20 ലക്ഷം രോഗികള്‍ കമ്പനികളുടെ പരീക്ഷണ വസ്തുക്കള്‍ ആകും. രോഗികള്‍ പലരും ഇക്കാര്യം അറിയുന്നില്ല.
ആറു വര്‍ഷം മുമ്പ് അമേരിക്കന്‍ കമ്പനി യുടെ ‘എംഫോര്‍എന്‍’ എന്ന ചുരുക്ക പേരിലുള്ള കാന്‍സര്‍ മരുന്ന് കാലികളില്‍ പോലും പരീക്ഷിക്കും മുമ്പ് ഇന്ത്യയിലെ നിരവധി രോഗികളില്‍ കുത്തിവെച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലടക്കം നിരവധി ആശുപത്രികളില്‍ ഇപ്പോള്‍ തന്നെ നൂറു കണക്കിന് രോഗികളില്‍ അവര്‍ അറിയാതെ പരീക്ഷണ മരുന്നുകള്‍ കുത്തിവെക്കുന്നുണ്ട്. എലിലില്ലി എന്ന ബഹുരാഷ്ട്ര കമ്പനി മാത്രം ഇന്ത്യയിലെ 40 ആശുപത്രികളിലായി 17 മരുന്നു പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ വിപണിയില്‍ എത്തുന്ന ഭൂരിപക്ഷം മരുന്നുകളും ഇന്ന് ഇന്ത്യയിലാണ് പരീക്ഷിക്കുന്നത്. മരുന്നുകള്‍ ഫലപ്രദമാണോ എന്ന് അറിയാന്‍ മാത്രമല്ല, മരുന്നിന്റെ പ്രത്യഘാതങ്ങള്‍ അറിയാന്‍ കൂടിയാണ് പരീക്ഷണം.

1997 ല്‍ ലോകത്താകെ 957 മരുന്നു കമ്പനികളാണ് മനുഷ്യരില്‍ പരീക്ഷണം നടത്തിയിരുന്നത്. എന്നാല്‍ ഈ രംഗത്ത് കഴുത്തറപ്പന്‍ മല്‍സരം വളര്‍ന്നതോടെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ രോഗികളില്‍ പരീക്ഷണം നടത്തി എത്രയും വേഗം മരുന്ന് വിപണിയില്‍ എത്തിക്കാനായി കമ്പനികളുടെ ശ്രമം. ഇന്ന് ലോകത്ത് 1800 ലധികം കമ്പനികള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നുണ്ട്. വ്യാപാര രംഗത്ത് മുന്‍പന്തിയിലുള്ള യു.എസ് കമ്പനികള്‍ പത്തു വര്‍ഷം മുമ്പ് 86 ശതമാനം പരീക്ഷണങ്ങളും അമേരിക്കയില്‍ തന്നെയായിരുന്നു നടത്തിയിരുന്നത്. എന്നാല്‍, അമേരിക്കയില്‍ മനുഷ്യരില്‍ പരീക്ഷണത്തിനുള്ള നിയമങ്ങള്‍ കര്‍ശനമായി. ഇതോടെ പകുതിയോളം അമേരിക്കന്‍ മരുന്നുകളും ഇന്ന് ഇന്ത്യയും ചൈനയും അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ ദരിദ്രരിലാണ് പരീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ലോകാരോഗ്യ സംഘടന അതിന്റെ മരുന്നു പരീക്ഷണ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ കൂടുതല്‍ കമ്പനികള്‍ ഇന്ത്യയെ ലക്ഷ്യം വെച്ചു.
2010 ഓടെ ഇന്ത്യയിലെ രോഗികളിലെ മരുന്നുപരീക്ഷണം ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും കുത്തക കമ്പനികള്‍ക്കും വമ്പന്‍ ലാഭം നേടിക്കൊടുക്കുന്ന 150 കോടി ഡോളറിന്റെ പ്രതിവര്‍ഷ വ്യാപാരമായി വളരുമെന്ന് പഠനങ്ങള്‍ പറയുന്നു.
കടപ്പാട്- മാധ്യമം

പാലക്കാട് ഡിവിഷന്‍ വീണ്ടും വിഭജിക്കുന്നു; മംഗലാപുരം റെയില്‍വേ ഡിവിഷന് പച്ചക്കൊടി

കോട്ടയം: പാലക്കാട് ഡിവിഷന്‍ വീണ്ടും വിഭജിച്ചു മംഗലാപുരം ആസ്ഥാനമായി റെയില്‍വേ ഡിവിഷനു റെയില്‍വേ മന്ത്രാലയം പച്ചക്കൊടി വീശി.

കണ്ണൂര്‍ ജില്ലയിലെ ചെറുവത്തൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള 70 കിലോമീറ്റര്‍ പാലക്കാട്ടു നിന്നു മംഗലാപുരത്തോടു ചേര്‍ക്കും. ഇതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ ഭീമമായ കുറവുണ്ടാകും.
സേലം അടര്‍ത്തിമാറ്റിയതോടെ പാലക്കാട് റെയില്‍വേ ഡിവിഷന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗമായിരുന്നു മംഗലാപുരത്തുനിന്നുള്ള ചരക്കുനീക്കം. മംഗലാപുരം തുറമുഖത്തുനിന്നുള്ള കണ്ടെയ്നര്‍ നീക്കം, ഇരുമ്പയിര്, ചരക്കുനീക്കം എന്നിവ ഇനി മംഗലാപുരം ഡിവിഷനിലേക്കു പോകും. മംഗലാപുരത്തുനിന്നു പുറപ്പെടുന്ന മലബാര്‍, തിരുവനന്തപുരം-മംഗലാപുരം-ലോകമാന്യതിലക്, മാവേലി, വെസ്റ്റ്കോസ്റ്റ്, മംഗലാപുരം-ചെന്നൈ എഗ്മൂര്‍, മംഗലാപുരം-ലോകമാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിനുകളും നിരവധി പാസഞ്ചര്‍ ട്രെയിനുകളും ഇപ്പോള്‍ നിയന്ത്രിക്കുന്നതു പാലക്കാട് ഡിവിഷനില്‍നിന്നാണ്.

ഇവയും മംഗലാപുരത്തിനു പോകും. ഇവയുടെ റിസര്‍വേഷന്‍ ഇനത്തിലും പാലക്കാടിനു ഭീമമായ നഷ്ടമുണ്ടാകും. പാലക്കാടിനെക്കൂടാതെ മൈസൂര്‍, ഹാസന്‍ ഡിവിഷനുകളില്‍നിന്നും മംഗലാപുരത്തേക്കു പാത കൂട്ടിച്ചേര്‍ക്കാനാണു പദ്ധതി. മംഗലാപുരം സ്റ്റേഷന്റെ പേര് മംഗലാപുരം സെന്‍ട്രല്‍ എന്നും കങ്കനാടിയുടേത് മംഗലാപുരം ജംഗ്ഷന്‍ എന്നുമാക്കാനും ശിപാര്‍ശയുണ്ട്. കഴിഞ്ഞദിവസം മംഗലാപുരം സന്ദര്‍ശിച്ച കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ഡിവിഷന്‍ രൂപീകരണം ഉറപ്പുനല്‍കി.

കേന്ദ്ര ഭരണപരിഷ്കാര കമ്മിറ്റി ചെയര്‍മാനും റെയില്‍വേ ഉപദേശക സമിതി അംഗവുമായ വീരപ്പമൊയ്ലി, ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ലാലു ഡിവിഷന്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ചനടത്തി. മൂന്നുവര്‍ഷത്തിനുള്ളില്‍ ഡിവിഷന്‍ രൂപീകരിക്കാനാണു പദ്ധതി.

ദക്ഷിണ പശ്ചിമ റെയില്‍വേയുടെ കീഴിലായിരിക്കും മംഗലാപുരം ഡിവിഷന്‍. മംഗലാപുരം ആസ്ഥാനമായി റെയില്‍വേ ഡിവിഷന്‍ ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. അടുത്ത റെയില്‍വേ ബജറ്റില്‍ ഡിവിഷന്‍ രൂപീകരണത്തിനുള്ള തുക ഉള്‍ക്കൊള്ളിക്കും.
കടപ്പാട്- മംഗളം

നികുതിപിരിവ് സര്‍വകാല റെക്കോഡ്
തിരു: നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യ എട്ടു മാസത്തില്‍ വാണിജ്യനികുതി പിരിവില്‍ സംസ്ഥാനം കൈവരിച്ചത് സര്‍വകാല റെക്കോഡ്. ലക്ഷ്യമിട്ട 10036 കോടിയില്‍ 5728.48 കോടിയാണ് നവംബര്‍വരെ പിരിഞ്ഞുകിട്ടിയത്. മുന്‍ വര്‍ഷം ഈ കാലയളവില്‍ പിരിച്ചതിനേക്കാള്‍ 9.08 ശതമാനം വര്‍ധനയുണ്ടാക്കിയത് കേന്ദ്രനയങ്ങള്‍ സൃഷ്ടിച്ച നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം നവംബര്‍വരെ 5251.34 കോടിയാണ് പിരിഞ്ഞത്. ഇത്തവണ അതിനേക്കാള്‍ 477.14 കോടി കൂടുതല്‍ ലഭിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിത വിനിയോഗം, ശബരിമല സീസണ്‍, ക്രിസ്മസ് തുടങ്ങിയവ വരുംമാസങ്ങളില്‍ നികുതി പിരിവ് കുത്തനെ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ നികുതിപിരിവ് മന്ദഗതിയിലായിരുന്നെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. സാമ്പത്തികവര്‍ഷത്തിന്റെ അവസാനമാസങ്ങളിലാണ് പിരിവ് ഊര്‍ജിതമാവുകയെന്നും മന്ത്രി പറഞ്ഞു.

വാണിജ്യനികുതിയിനത്തില്‍ 2007-08 ബജറ്റില്‍ ലക്ഷ്യമിട്ടത് 10,036 കോടിയാണ്. എന്നാല്‍, ഡിപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിട്ടത് 11,140 കോടിയും. ഓരോ വര്‍ഷത്തെയും നികുതി സമാഹരണത്തിന്റെ 25 ശതമാനമായിരിക്കണം അടുത്ത വര്‍ഷത്തെ ലക്ഷ്യമെന്ന് നിര്‍ബന്ധമില്ല. ലക്ഷ്യമിട്ട നികുതി പൂര്‍ണമായി പിരിച്ചെടുത്ത ചരിത്രം ഉണ്ടായിട്ടുമില്ല. എന്നാല്‍, ആ ലക്ഷ്യത്തിലെത്താനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഊര്‍ജിതശ്രമം.

നികുതിപിരിവ് ഊര്‍ജിതമാക്കിയും ചോര്‍ച്ച തടഞ്ഞും സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളാണ് പ്രതിസന്ധികളുടെ മധ്യത്തിലും നേട്ടം കൈവരിച്ചതിനു കാരണം. വിവിധ ഇനങ്ങളില്‍ 400 കോടിയോളം രൂപയുടെ നികുതി ഇക്കുറി സര്‍ക്കാരിന് നഷ്ടമാകുന്നുണ്ട്. കൊച്ചി റിഫൈനറിയും ബിപിസിഎല്ലും സംയോജിച്ചതുമൂലം റിഫൈനറിയുടെ ഇന്ധന നീക്കം വില്‍പ്പനയല്ലാതായി. ഖജനാവിലെത്തേണ്ട 70 കോടി രൂപയാണ് നവംബര്‍വരെ ഈയിനത്തില്‍ കുറവു വന്നത്.

ഇടതുപാര്‍ടികളുടെ ശക്തമായ ഇടപെടല്‍മൂലം പെട്രോള്‍, ഡീസല്‍ വില കുറഞ്ഞത് 113.72 കോടിയുടെ കുറവുണ്ടാക്കി. എണ്ണക്കമ്പനികളുടെ നികുതി കെഎസ്ആര്‍ടിസിയുടെ കുടിശ്ശികയില്‍ വരവുവച്ചത് സര്‍ക്കാരിന്റെ വരുമാനത്തില്‍ 70 കോടിയുടെ കുറവുവരുത്തി. കേന്ദ്ര വാണിജ്യനികുതിയില്‍ വരുത്തിയ വ്യത്യാസവും സംസ്ഥാനത്തിന് ദോഷമായി. സംസ്ഥാനങ്ങളിലെ വാണിജ്യമേഖലയ്ക്ക് സംരക്ഷണം നല്‍കിയിരുന്ന പ്രവേശന നികുതി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചതും തിരിച്ചടിയായി. പ്രവേശന നികുതിയിനത്തില്‍ മുന്‍വര്‍ഷം 132 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്.

കേരകര്‍ഷകരെ സഹായിക്കാന്‍ വെളിച്ചെണ്ണ, കൊപ്ര, പിണ്ണാക്ക് എന്നിവയുടെ നികുതി ഒഴിവാക്കിയതുമൂലം 30 കോടിയാണ് നഷ്ടപ്പെടുക.

കുത്തകകള്‍ക്കുവേണ്ടി വിദ്യാഭ്യാസ മേഖലയെ മാറ്റുന്നു: പ്രഭാത് പട്നായിക്
തിരു: രാജ്യാന്തര കുത്തകകള്‍ക്കുവേണ്ടി ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയില്‍ മാറ്റംവരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. കേരള സര്‍വകലാശാലാ യൂണിയന്‍ പ്രഭാഷണപരമ്പരയുടെ ഭാഗമായി ‘ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനവിദ്യാഭ്യാസം സമൂഹത്തിന് ആവശ്യമുള്ളതും ഗുണം ചെയ്യുന്നതുമാകണമെന്ന് പ്രഭാത് പട്നായിക് പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഈ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. സമൂഹത്തിന്റെ ചെലവിലുള്ള വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന പ്രവണത മാറണമെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി 24 മുതല്‍ 28 വരെ യൂണിവേഴ്സിറ്റി കോളേജില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ ലോഗോ പ്രകാശനംചെയ്തു. യൂണിയന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷയായിരുന്നു. ടെക്നോസ് കണ്‍വീനര്‍ കെ കെ രാജേഷ്കുമാര്‍, സെനറ്റ് അംഗം സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി കെ അരുണ്‍ സ്വാഗതവും ദന്തല്‍കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിനു വര്‍ഗീസ് നന്ദിയും പറഞ്ഞു.
കടപ്പാട്- ദേശാഭിമാനി

പാട്ടക്കൃഷിയിലൂടെ നെല്‍കര്‍ഷകര്‍ക്കു പുത്തന്‍ പ്രതീക്ഷ
തോമസ് വര്‍ഗീസ്

കോട്ടയം: കൂട്ടുകൃഷിയും പാട്ടകൃഷിയും കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പുത്തന്‍ കരുത്തുപകരുന്നു. മറുനാട്ടിലേക്ക് തൊഴില്‍ തേടിപ്പോയ നിരവധിപ്പേരുടെ നെല്‍പ്പാടങ്ങള്‍ പാട്ടത്തിനെടുത്താണ് കുട്ടനാട്ടില്‍

കൂട്ടുകൃഷിയും പാട്ടകൃഷിയും സജീവമാക്കിയിട്ടുള്ളത്. പാട്ടകൃഷി വിജയപ്രദമായതോടെ ബാങ്കുകള്‍ കൂടുതല്‍ സാമ്പത്തികസഹായവുമായി രംഗത്തെത്തുകകൂടി ചെയ്തതോടെ പാട്ടകൃഷിക്ക് പ്രസക്തി ഏറി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നെല്‍കൃഷി സ്ഥിരമാക്കിയിട്ടുള്ള കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പാട്ടകൃഷി വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നത്.

ഒരേക്കര്‍ നെല്‍പ്പാടമുള്ള കര്‍ഷകന് കൂടുതലായി കൃഷി ചെയ്യാനുള്ള പ്രോത്സാഹനമാണ് ഇതിലൂടെ ലഭിക്കുന്നത്. പാട്ടകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കുട്ടനാട് വികസനസമിതിയാണ്. അഞ്ചു മുതല്‍ 10 വരെ അംഗങ്ങളുള്ള ക്ളസ്റ്റര്‍ രൂപീകരിച്ചാണ് പാട്ടകൃഷിയുടെ സംഘങ്ങള്‍ രൂപീകരിക്കുന്നത്. ക്ളസ്റ്ററിന് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കണം.

ഇവരുടെ പേരില്‍ ബാങ്കില്‍ അക്കൌണ്ട് തുടങ്ങിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.പാട്ടകൃഷി നടത്തുന്നുണ്െടന്നുള്ള പാടശേഖര സമിതിയുടെ സാക്ഷ്യപത്രം മാത്രം മതി വായ്പയ്ക്ക്. കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ 2005 മുതലാണ് പാട്ടകൃഷി സംവിധാനം ആരംഭിച്ചത്.

ആദ്യവര്‍ഷം 38 സംഘങ്ങളാണ് പാട്ടകൃഷിയില്‍ ചേര്‍ന്നത്. 20 06-ല്‍ ഇത് 91 സംഘങ്ങളായി വ ളര്‍ന്നു. ഈ വര്‍ഷം പുഞ്ചകൃഷി ക്കായി 150 സംഘങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അ ന്ന പൂര്‍ ണ്ണ പദ്ധതിയിലൂടെ എസ്. ബി. ടിയില്‍ നിന്നാണ് വായ്പ ലഭിക്കുന്നത്.

ഈ വര്‍ഷം 4.5 കോടിരൂപയാണ് ഇത്തരത്തില്‍ പാട്ടകൃഷി ക്കാ യി അനുവദിച്ചിട്ടുള്ളത്. പാട്ടകൃഷി പദ്ധതി വിജയകരമായ തോ ടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറാ ബാങ്ക് തുടങ്ങിയവര്‍ വായ് പയുമായി രംഗത്തെത്തയിട്ടുണ്ട്. തരിശായികിടക്കുന്ന പാടങ്ങള്‍ പൂര്‍ണമായും കൃഷി യോ ഗ്യ മാ ക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നെല്‍കര്‍ഷകരെ സഹായിക്കുന്നതിനുമാണ് ഈ പദ്ധതി ആ സൂത്രണം ചെയ്തിട്ടുള്ളത്.
കടപ്പാട്- ദീപിക

പൊന്‍മുടി: ഭൂമിക്കു പ്രശ്നമില്ല; ഐഎസ്ആര്‍ഒ വാദം പൊളിയുന്നു
തിരുവനന്തപുരം: ബഹിരാകാശ ഗവേഷണകേന്ദ്രത്തിനായി പൊന്‍മുടിയിലെ തെന്നൂരില്‍ സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പറ്റില്ലെന്ന ഐഎസ്ആര്‍ഒ വാദം പൊളിയുന്നു.

റവന്യു ഉദ്യോഗസ്ഥരും ഐഎസ്ആര്‍ഒയും സംയുക്തമായി ഇന്നലെ നടത്തിയ സര്‍വേയില്‍ പകുതി ഭൂമി പരിശോധിച്ചപ്പോള്‍ത്തന്നെ 25 ഏക്കറോളം സ്ഥലം നിര്‍മാണ യോഗ്യമാണെന്നു കണ്ടെത്തി. ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥരുടെ കാര്യമായ സഹകരണം ഉണ്ടായിരുന്നില്ലെന്നും മുന്‍വിധിയോടെയാണ് അവര്‍ എത്തിയതെന്നും റവന്യു ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു.

സൌജന്യ ഭൂമിയോട് ഐഎസ്ആര്‍ഒയ്ക്കു താല്‍പര്യമില്ലെന്നും സേവി മനോ മാത്യുവിന്റെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിനോടാണ് ഇപ്പോഴും ആഭിമുഖ്യം എന്നും വ്യക്തമാക്കുന്നതായിരുന്നു അവരുടെ നിലപാടുകളെന്നും റവന്യു ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. റവന്യു മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇന്നു റിപ്പോര്‍ട്ട് നല്‍കും. ചീഫ് സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തിലാണു തെന്നൂരിലെ സ്ഥലം നിര്‍മാണയോഗ്യമല്ലെന്ന് ഐഎസ്ആര്‍ഒ വാദിച്ചത്.

127 ഏക്കര്‍ ഭൂമിയില്‍ 12 ഏക്കറില്‍ പോലും നിര്‍മാണം പറ്റില്ലെന്നായിരുന്നു നിലപാട്. ഐഎസ്ആര്‍ഒയുടെ സാങ്കേതിക സമിതിയും ഇപ്രകാരം റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണു സംയുക്ത പരിശോധന നടത്തിയത്. ഏഴു റവന്യു ഉദ്യോഗസ്ഥരും ഐഎസ്ആര്‍ഒയുടെ നാലുപേരുമായിരുന്നു സംഘത്തില്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പരിശോധന തിങ്കളും തുടരും.
കടപ്പാട്- മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം