Daily Archives: ഡിസംബര്‍ 14, 2007

ഡിസംബര്‍ 14 വെള്ളി

നികുതി: പിരിഞ്ഞുകിട്ടിയത് ലക്ഷ്യത്തിന്റെ പകുതിമാത്രം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും

തിരുവനന്തപുരം: ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകാന്‍ നാലുമാസം മാത്രം അവശേഷിക്കേ പിരിച്ചെടുക്കാന്‍ കഴിഞ്ഞത് നികുതി ലക്ഷ്യത്തിന്റെ പകുതിമാത്രം. ഓരോ മാസവും 200 കോടി രൂപ വീതമാണ് നികുതി പിരിവിലുണ്ടായ കുറവ്. ഇത് തുടര്‍ന്നാല്‍ മുന്‍വര്‍ഷങ്ങളിലെപ്പോലെ നികുതി ലക്ഷ്യം വെട്ടിക്കുറയ്ക്കേണ്ടിവരും. അത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് ബജറ്റിലും വാളയാര്‍ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലും പ്രഖ്യാപിച്ചിരുന്ന നികുതിലക്ഷ്യം 11140 കോടി രൂപയാണ്. ഇതില്‍ മൂല്യവര്‍ധിത നികുതി 6150 കോടി രൂപയും ഇതര നികുതികള്‍ 4990 കോടി രൂപയുമാണ്. ഓരോ മാസവും പിരിച്ചെടുക്കേണ്ടത് 928.53 കോടി രൂപയായിരുന്നു.

2007 നവംബറിലെ കണക്കനുസരിച്ച് എട്ടുമാസത്തിനുള്ളില്‍ പിരിച്ചെടുക്കാന്‍ കഴിഞ്ഞത് 5728.48 കോടി രൂപ മാത്രം. അതായത് 51.32 ശതമാനമാണ് പിരിവ്. ഇനി അവശേഷിക്കുന്ന മൂന്നുമാസത്തിനുള്ളില്‍ സമാഹരിക്കേണ്ടത് 5411.52 കോടി രൂപയാണ്. ഓരോമാസവും 1352.88 കോടി രൂപാവീതം പിരിക്കണം.

കഴിഞ്ഞ എട്ടുമാസത്തെ കണക്കനുസരിച്ച് ഓരോ മാസത്തെയും നികുതി സമാഹരണം 716 കോടി രൂപ മാത്രമാണ്. ആദ്യത്തെ അഞ്ചുമാസങ്ങളില്‍ ഇതിനേക്കാള്‍ ദയനീയമായിരുന്നു സ്ഥിതി. ഓരോ മാസവും 618.4 കോടി രൂപവീതം മാത്രമായിരുന്നു ഈ ഘട്ടത്തെ നികുതി സമാഹരണം. മൂന്നുമാസങ്ങളില്‍ മാത്രമാണ് അതില്‍ നേരിയ വര്‍ധനയുണ്ടായത്. ഇനിയുള്ള മാസങ്ങളില്‍ ഇപ്പോഴത്തെ പിരിവിനേക്കാള്‍ 636.88 കോടി രൂപ അധികം പിരിച്ചാലേ സംസ്ഥാനത്തിന് ഇത്തവണത്തെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളു. അത് അസാധ്യമാണെന്നാണ് നികുതി പിരിവിന്റെ ദിശ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ നികുതി ലക്ഷ്യം നിശ്ചയിച്ചതിലും അപാകങ്ങളുണ്ട്. ഓരോ വര്‍ഷത്തെയും നികുതി സമാഹരണത്തിന്റെ 25 ശതമാനമാണ് അടുത്തവര്‍ഷത്തെ ലക്ഷ്യമായി നിശ്ചയിക്കേണ്ടത്. ഇതിന് പുറമേ അഞ്ചുവര്‍ഷംകൊണ്ട് റവന്യു കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി 20 ശതമാനം കൂടുതല്‍ സമാഹരിക്കുമെന്നാണ് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് തന്റെ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നത്.

കഴിഞ്ഞവര്‍ഷം 8686.82 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ കണക്ക്. അതനുസരിച്ചാണെങ്കില്‍ ഇത്തവണ ലക്ഷ്യമിടേണ്ടത് 12595.52 കോടി രൂപയായിരുന്നു. എന്നാല്‍, അതിനെക്കാള്‍ 1455.52 കോടി രൂപ കുറവാണ് ഇത്തവണ നിശ്ചയിച്ചത്. മൂല്യവര്‍ധിത നികുതിയായ 6499.01 കോടി രൂപയും ഇതര വിഭാഗത്തില്‍ 6096.82 കോടി രൂപയുമാണ് ലക്ഷ്യമിടേണ്ടിയിരുന്നത്. എന്നാല്‍, ധനകാര്യ മന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന മൂല്യവര്‍ധിത നികുതി ഉയര്‍ത്തിക്കാട്ടാനും മറ്റ് മന്ത്രിമാരുടെ പങ്കാളിത്തത്തോടെയുള്ള വാറ്റിതര ഇനം താഴ്ത്തിക്കാട്ടാനും ബജറ്റില്‍ ശ്രമമുണ്ടായി.

നികുതി പിരിവില്‍ ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഈ വര്‍ഷം 2864 കോടി രൂപകൂടി മാത്രമേ സംസ്ഥാനത്തിന് സമാഹരിക്കാന്‍ കഴിയുകയുള്ളു. അതായത് 8595 കോടി രൂപ. ലക്ഷ്യത്തിന്റെ 22.85 ശതമാനം കുറവാണത്. നികുതിലക്ഷ്യം വെട്ടിക്കുറയ്ക്കുകയാണതിന് പോംവഴി. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ഇത്തരത്തില്‍ ലക്ഷ്യം വെട്ടിക്കുറയ്ക്കുന്ന രീതിയാണ് മുന്‍ ധനമന്ത്രിമാര്‍ അവലംബിച്ചിരുന്നത്. ധനകാര്യ വിദഗ്ദ്ധനായ ഡോ. ടി.എം.തോമസ് ഐസക്കും ആ വഴിക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ലക്ഷ്യത്തിന്റെ 106.85 ശതമാനം തുക സമാഹരിക്കാന്‍ കഴിഞ്ഞുവെന്നാണ് ധനമന്ത്രിയുടെ കണക്ക്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കനത്ത തിരിച്ചടിയാണ് ഇത്തവണ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കടപ്പാട്- മാതൃഭൂമി

പഞ്ചായത്തുതോറും മൊബൈല്‍ കോടതികള്‍
ന്യൂഡല്‍ഹി : പഞ്ചായത്തുതോറും സഞ്ചരിക്കുന്ന കോടതികള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നീതിനിര്‍വഹണം സാധാരണക്കാരന്റെ പടിവാതില്ക്കലെത്തിക്കുക എന്നതാണ് ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഗ്രാമ ന്യായാലയ (ഗ്രാമകോടതി) എന്ന പേരില്‍ അറിയപ്പെടുന്ന സഞ്ചരിക്കുന്ന കോടതിയില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് നിലവാരത്തിലുള്ള ജഡ്ജിയായിരിക്കും. കോടതിയുടെ അധികാരാതിര്‍ത്തി സംബന്ധിച്ച് പിന്നീട് ആശയക്കുഴപ്പം വരാതിരിക്കാന്‍ വേണ്ടിയാണ് ഒന്നാംക്ളാസ് മജിസ്ട്രേട്ടുമാരെത്തന്നെ ഇതിന്റെ ചുമതല ഏല്പിക്കുന്നത്.
തീരുമാനം നടപ്പാക്കുമ്പോള്‍ 6000- ത്തോളം മജിസ്ട്രേട്ടുമാരെ പുതുതായി കണ്ടെത്തേണ്ടിവരും. .പ്രധാനമന്ത്രി മന്‍മോഹന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് സഞ്ചരിക്കുന്ന കോടതി രൂപീകരണവുമായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തത്.
പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് സമര്‍പ്പിച്ച ചെലവിനങ്ങളില്‍ വിശദമായ മറുപടി നല്‍കാന്‍ രണ്ടാഴ്ച അനുവദിച്ചു. പറശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ 2003 ല്‍ പ്രവേശനം നേടിയവരില്‍ നിന്ന് അമിതഫീസ് ഈടാക്കിയെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാനും മാനേജ്മെന്റിനും കമ്മിറ്റി നിര്‍ദ്ദേശം നല്‍കി.

14 ഐ.ടി.ഐകള്‍ കേന്ദ്രസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ 14 ഐ.ടി. ഐകള്‍ കേന്ദ്ര സഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നു. 25 കോടിയോളം രൂപ ചെലവാക്കിയാണിത്.
ധനുവച്ചപുരം, ചാക്ക, ആറ്റിങ്ങല്‍, കൊല്ലം വനിത, ചന്ദനത്തോപ്പ്, ഏറ്റുമാനൂര്‍, പള്ളിക്കത്തോട്, ചങ്ങനാശ്ശേരി, കളമശ്ശേരി, ചാലക്കുടി, മലമ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഐ.ടി.ഐകളാണ് ഇപ്രകാരം അപ്ഗ്രേഡ് ചെയ്യുക. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 20 ഐ.ടി. ഐകള്‍ അപ്ഗ്രേഡ് ചെയ്യും പിന്നീട്. സര്‍ക്കാര്‍ മേഖലയില്‍ സാങ്കേതിക വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താന്‍ സ്വകാര്യ വ്യവസായ ഗ്രൂപ്പുകളെ സഹകരിപ്പിക്കുകയെന്ന കേന്ദ്ര നയത്തിന്റെ ഭാഗമായിട്ടാണത്രേ ഇത്. ഒരു ബേസിക് ട്രെയിനിംഗ് സ്കൂള്‍ അടക്കം 34 ഐ.ടി.ഐകളാണ് സംസ്ഥാനത്തുള്ളത്.
രാജ്യത്ത് 400 ഐ.ടി.ഐകള്‍ ഉടന്‍ അപ്ഗ്രേഡു ചെയ്യുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നു. സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച യുവാക്കളുടെ ലഭ്യത കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും വന്‍തോതില്‍ കുറയുന്നത് കണക്കിലെടുത്താണ് 400 ഐ.ടി.ഐകള്‍ അപ്ഗ്രേഡ് ചെയ്യുന്നത്.
അതേസമയം, സ്റ്റാഫിന്റെ അപര്യാപ്തത അപ്ഗ്രഡേഷനെ തകിടം മറിക്കുമെന്ന് ആശങ്കയുണ്ട്. സംസ്ഥാന സര്‍ക്കാരാണ് വേണ്ടത്ര സ്റ്റാഫിനെ നിയമിക്കേണ്ടത്. മികവിന്റെ കേന്ദ്രങ്ങളാക്കപ്പെടുമ്പോള്‍ ആവശ്യമായത്ര മികച്ച സ്റ്റാഫ് ഉണ്ടാവണം. സാമ്പത്തിക ബുദ്ധിമുട്ടു പറഞ്ഞ് സ്റ്റാഫിനെ നിയമിക്കുന്നതില്‍ അലംഭാവം കാട്ടിയാല്‍ അപ്ഗ്രേഡ് ചെയ്യപ്പെടുന്ന ഐ.ടി.ഐകളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കടപ്പാട്- കേരളകൗമുദി

നിര്‍മാണത്തിനു പൊന്‍മുടിയിലെ സ്ഥലം കൊള്ളില്ല: ഐഎസ്ആര്‍ഒ സമിതി
തിരുവനന്തപുരം: ബഹിരാകാശ പഠന കേന്ദ്രത്തിനായി സര്‍ക്കാര്‍ പൊന്‍മുടിയില്‍ നല്‍കുന്ന സൌജന്യ ഭൂമി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് ഐഎസ്ആര്‍ഒ സാങ്കേതിക സമിതി റിപ്പോര്‍ട്ട് . തെന്നൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ നല്‍കുന്ന നൂറ് ഏക്കര്‍ ഭൂമിയില്‍ നടത്തിയ ഉപഗ്രഹ സര്‍വേയുടെ അടിസ്ഥാനത്തിലാണു വിലയിരുത്തല്‍. റവന്യു ഉദ്യോഗസ്ഥരും ഐഎസ്ആര്‍ഒക്കാരും ഒത്തുചേര്‍ന്ന് ഈ ഭൂമിയില്‍ ഇന്നു സര്‍വേ നടത്താനിരിക്കെ, സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് പ്രത്യേകം ശ്രദ്ധിക്കപ്പെടും.

ഇന്‍സ്റ്റിറ്റ്യുട്ടീനായി സേവി മനോ മാത്യുവിന്റെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമി തന്നെ ഏറ്റെടുക്കാനാണ് ഐഎസ്ആര്‍ഒയിലെ ചില അധികൃതരുടെ ശ്രമമെന്ന ആരോപണം നിലനില്‍ക്കെ പ്രത്യേകിച്ചും. തെന്നൂരിലെ ഭൂമിയില്‍ നിര്‍മാണം പറ്റില്ലെന്ന നിലപാടു തന്നെയാണ് ഐഎസ്ആര്‍ഒ ഹൈക്കോടതിയിലും സ്വീകരിച്ചിരുന്നത്.

ഇതിനോടു സമാനമായ റിപ്പോര്‍ട്ടാണു സാങ്കേതിക സമിതിയുടേതും. ഉപഗ്രഹ സര്‍വേ നടത്തിയതില്‍, തെന്നൂരിലെ ഭൂമി റവന്യു ഭൂമിയാണെങ്കിലും ‘വനം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ പെടുത്താവുന്നതാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതായാണു സൂചന. ഈ റിപ്പോര്‍ട്ട് ബാംഗൂരില്‍ ചെയര്‍മാന്റെ ഓഫിസിലേക്ക് അയച്ചുകൊടുത്തു. തിങ്കളാഴ്ച സര്‍ക്കാര്‍ പ്രതിനിധികളെ കണ്ട് ഐഎസ്ആര്‍ഒ ഇതു കൈമാറിയേക്കും.

സര്‍ക്കാര്‍ സൌജന്യ ഭൂമി നല്‍കാമെന്നു വാഗ്ദാനം ചെയ്തതു മുതല്‍ വിവിധ രീതിയില്‍ ഈ ഭൂമിക്കെതിരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റവന്യു ഭൂമി, വനഭൂമിയാണെന്ന റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ ഡിഎഫ്ഒ ആയിരുന്ന ബാലകൃഷ്ണപിള്ളയെ സ്ഥലംമാറ്റുകയും പിന്നീടു സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. തെന്നൂരിലെ ഭൂമിക്കു പുറമെ അപ്പര്‍ സാനറ്റോറിയത്തിലെ 31 ഏക്കര്‍ കൂടി തങ്ങള്‍ക്കു വേണമെന്നും ഐഎസ്ആര്‍ഒ ആവശ്യപ്പെട്ടിരുന്നു. വിനോദസഞ്ചാരികള്‍ക്കു തടസ്സമാകാത്ത രീതിയില്‍ ഈ ഭൂമി ഉപയോഗിക്കാം എന്ന നിലപാടാണു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തത്.

ഇന്‍സ്റ്റിറ്റ്യൂട്ടിനു ഭൂമി കൈമാറുന്നതിനുള്ള മറ്റു തടസ്സങ്ങള്‍ ഒഴിവായപ്പോഴാണു സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം, സൌജന്യ ഭൂമിയില്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചേര്‍ന്നു സര്‍വേ നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വേ നടത്താനായി ഒരുങ്ങിയിരിക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഐജി ഋഷിരാജ് സിങ്ങിന്റെ ‘ഓപ്പറേഷന്‍’; മദ്യലോബികള്‍ ഞെട്ടി
IG ചാരുംമൂട്: ക്രിസ്മസിനു മദ്യം ഒഴുക്കാന്‍ തയാറെടുത്ത മധ്യതിരുവിതാംകൂറിലെ മദ്യലോബികള്‍ക്കു ഞെട്ടലായി ഐജി ഋഷിരാജ് സിങ്ങിന്റെ പുലര്‍കാല ‘ഓപ്പറേഷന്‍.ഇന്നലെ പുലര്‍ച്ചെ ആരോരുമറിയാതെ കള്ളു ഗോഡൌണുകള്‍ക്കുള്ളില്‍ കടന്നു വേട്ട നടത്തിയ ഋഷിരാജ് സിങ്ങിന്റെ വരവിലും ഏറെ നാടകീയതയുണ്ടായിരുന്നു.

പുലര്‍ച്ചെ മാവേലിക്കരയില്‍ എത്തിയ ഋഷിരാജ് സിങ് മാവേലിക്കര സിഐ: എ. നസിമിനോട് മിച്ചല്‍ ജംക്ഷനില്‍ എത്താന്‍ ഫോണില്‍ക്കൂടി നിര്‍ദേശം നല്‍കി. മാവേലിക്കരയില്‍നിന്നു ഋഷിരാജ് സിങ്ങിന്റെ വാഹനം നൂറനാട് പുലിമേല്‍ പ്രവര്‍ത്തിക്കുന്ന ടിഎസ് ഏഴാം നമ്പര്‍ ഷാപ്പിന്റെ മുന്നില്‍ നിര്‍ത്തുകയായിരുന്നു. ഉള്‍പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഷാപ്പില്‍ എത്തുക ദുഷ്കരമാണ്.

ഋഷിരാജ് സിങ് വഴിയിലൊരിടത്ത് കാല്‍നടയാത്രക്കാരനോടു ‘കലക്കു കേന്ദ്ര ത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ കൃത്യമായി വഴി പറഞ്ഞുകൊടുത്തു. നാട്ടില്‍ ഇത്രയും ‘പേരുകേട്ട സ്ഥാപനമാണെങ്കിലും എക്സൈസ് അറിയാത്തതില്‍ അദ്ഭുതം തോന്നിയെന്നു ഋഷിരാജ് സിങ് പറഞ്ഞു.

ഷാപ്പിനു മുന്നിലെത്തിയ ഋഷിരാജ് സിങ് ഷാപ്പ് തള്ളിത്തുറന്ന് അകത്തുകയറി. ഷാപ്പിനുള്ളില്‍ പരിശോധന നടത്തിയശേഷം പിന്നിലുള്ള ഗോഡൌണില്‍നിന്നു വ്യാജ കള്ള് പിടിച്ചെടുക്കുകയായിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് നൂറനാട്, മാവേലിക്കര സ്റ്റേഷനുകളില്‍നിന്നു പൊലീസിനെ വരുത്തിയത്.

ഷാപ്പിലുണ്ടായിരുന്ന കള്ളിന്റെ വിവരങ്ങള്‍ ശേഖരിച്ചശേഷം 4.30 നു കായംകുളത്ത് എത്തി കായംകുളം സിഐ: കെ. ഹരികൃഷ്ണനെയും കൂട്ടി പള്ളിപ്പാട്ടേക്കു പോയി. പള്ളിപ്പാട് റെയ്്ഡ് നടത്തുമ്പോള്‍ പുലിമേല്‍ ഷാപ്പിലുണ്ടായിരുന്ന മാവേലിക്കര സിഐയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഋഷിരാജ് സിങ്ങിനൊപ്പം പൊലീസ് കോണ്‍സ്റ്റബിള്‍ അലി അക്ബറും ഉണ്ടായിരുന്നു.

റെയ്ഡില്‍ തെളിഞ്ഞത് മാസപ്പടി വിവരങ്ങളും

ആലപ്പുഴ: സ്പിരിറ്റ് കേന്ദ്രങ്ങളില്‍ ഐജി: ഋഷിരാജ് സിങ് നടത്തിയ റെയ്ഡില്‍ ലഭിച്ചത് വിലപ്പെട്ട വിവരങ്ങള്‍. എക്സൈസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് എക്സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഋഷിരാജ് സിങ് മനോരമയോടു പറഞ്ഞു.

നൂറനാട് കള്ളുഷാപ്പും ഗോഡൌണും റെയ്ഡ് ചെയ്തപ്പോള്‍ കണ്ടെടുത്ത പുസ്തകത്തില്‍ സ്ഥലത്തെ എക്സൈസ് ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ഏഴുമാസമായി മുടങ്ങാതെ എല്ലാമാസവും ഷാപ്പില്‍ പരിശോധന നടത്തി ‘കുഴപ്പമൊന്നുമില്ല എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം നാലിനാണ് ഒടുവില്‍ പരിശോധന നടത്തി ‘ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഈ പുസ്തകം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്പിരിറ്റ് എത്തി കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കു പോകുന്ന കേന്ദ്രമാണ് കായംകുളം. രാഷ്ട്രീയനേതാക്കളുടെയും ബിസിനസുകാരുടെയും പിന്തുണയോടെ വാഴുന്നവരാണ് കായംകുളം മേഖലയിലെ അബ്കാരികള്‍. എക്സൈസ് സിഐമാര്‍ക്ക് രണ്ടു ലക്ഷം രൂപ വീതമാണത്രെ മാസപ്പടി. എസ്ഐ മാര്‍ക്ക് ഒരു ലക്ഷം വീതവും. സ്പിരിറ്റ് ചില്ലറയായി ഒഴിച്ചുവില്‍ക്കുന്ന കേന്ദ്രങ്ങളില്‍ അബ്കാരികള്‍ക്കുവേണ്ടി റെയ്ഡിനു പോകുന്ന ഗാര്‍ഡുമാര്‍ക്കും പ്രിവന്റീവ് ഓഫിസര്‍മാര്‍ക്കും പ്രത്യേക ‘ബാറ്റ ഉണ്ട്. അബ്കാരികള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ ജീപ്പില്‍ എക്സൈസ് എന്ന ബോര്‍ഡുവച്ചാണ് ഗാര്‍ഡുമാരും പ്രിവന്റീവ് ഓഫിസര്‍മാരും റെയ്ഡിനിറങ്ങുന്നത്. 100 മുതല്‍ 200 രൂപ വീതമാണ് ഓരോ ദിവസവും ബാറ്റ. എക്സൈസ് സിഐമാരെ ‘നിര്‍ജീവ മാക്കുന്നതിനു മാസപ്പടി നല്‍കുന്നതിന്റെ വിവരങ്ങളും ഋഷിരാജ് സിങ് ശേഖരിച്ചിട്ടുണ്ട്. പൊലീസിന്റെ മാസപ്പടിയുടെ കണക്കുകളും ലഭിച്ചതായി അറിയുന്നു.
കടപ്പാട്- മനോരമ

ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്തു.

മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ പേരുപറഞ്ഞ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി സാംസന്‍ മാനുവേല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

വിജിലന്‍സിന്റെ കോട്ടയം എസ്പി ജനുവരി നാലിനകം ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി നോട്ടീസില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉത്തരവ് ജലരേഖ; വിറ്റ സാധനങ്ങള്‍ തിരികെ എടുക്കുന്നില്ല
കൊല്ലം: വിറ്റ സാധനങ്ങള്‍ തിരികെ എടുക്കുകയോ മാറ്റിത്തരുകയോ ചെയ്യുകയില്ലെന്ന നിര്‍ദേശം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലില്‍ വ്യാപാരികള്‍ രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്െടങ്കിലും വ്യാപാരികള്‍ നിയമം കാറ്റില്‍ പറത്തി.

ഇപ്പോഴും കടകളില്‍ നിന്ന് ലഭിക്കുന്ന ബില്ലുകളില്‍ ഈ നിര്‍ദേശമുണ്ട്.കഴിഞ്ഞ മാസത്തെ സര്‍ക്കാര്‍ ഉത്തരവിലാണ് വിറ്റ സാധനങ്ങള്‍ തിരികെ എടുക്കില്ലെന്ന് ബില്ലില്‍ കാണിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ഇപ്പോഴും മിക്ക വ്യാപാരസ്ഥാപനങ്ങളിലും കടകളിലും ഇത്തരം ബില്ലുകള്‍ ഉപയോഗിക്കുന്നുണ്ട്. ടെക്സ്റ്റൈല്‍സ്, ഇലക്ട്രോണിക്സ് സ്ഥാപനങ്ങള്‍, സ്പെയര്‍പാര്‍ട്സ് കടകള്‍, കുടിവെള്ളവിതരണം, തുടങ്ങി മിക്ക വ്യാപാര സ്ഥാപനങ്ങളും ഇപ്പോള്‍ തിരിച്ചെടുക്കുന്നതല്ലെന്നും മാറ്റിത്തരില്ലെന്നുമുള്ള നിര്‍ദേശം ഉപയോഗിക്കുന്നുണ്ട്.

മാത്രമല്ല, കേടായ സാധനങ്ങ ളോ ഗുണനിലവാരം കുറഞ്ഞ സാധനങ്ങളോ തിരികെ കൊണ്ടുചെന്നാല്‍ വിറ്റ സാധനങ്ങള്‍ തിരികെ എടുക്കില്ലെന്നാണ് വ്യാപാരികളുടെ മറുപടിയും.

ഇത്തരം പരാമര്‍ശങ്ങള്‍ ബില്ലില്‍ ഉണ്ടാവരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്െടന്ന് ഉപഭോക്താക്കള്‍ വ്യാപാരികളോട് പറഞ്ഞാല്‍ അവര്‍ നിഷേധിക്കുകയാണ് പതിവ്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലില്‍ വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ലന്ന് രേഖപ്പെടുത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയാണ് ആദ്യം ഉത്തരവിട്ടത്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസത്തെ ഗസറ്റിലൂടെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത് സംബന്ധിച്ച് മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കടയുടമകളുടെ മറുപടി. പൊതുതാല്പര്യ ഹര്‍ജി പ്രകാരം ഹൈക്കോടതി വിധി പുറപ്പെടുവിച്ച പൊതുസ്ഥലങ്ങളിലെ പുകവലിനിരോധം, ഹെല്‍മറ്റ് ഉപയോഗം, സീറ്റ് ബല്‍റ്റിടല്‍ ഇങ്ങ നെയുള്ള വിധികളൊന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും ആരോപണമുണ്ട്. ഇത്തരം വിധികളെല്ലാം പുറപ്പെടുവിച്ചാലും നടപ്പാക്കണമെങ്കില്‍ കോടതി പ്രത്യേകം നിര്‍ദേശം സര്‍ക്കാറി നോട് വീണ്ടും ചോദിക്കേണ്ട അവ സ്ഥയാണ്.
കടപ്പാട്- ദീപിക

സര്‍ക്കാര്‍ നീക്കം ഏശിയില്ല: അരിവില വീണ്ടും മുന്നോട്ട്
കോഴിക്കോട്: മൂന്നുരൂപ വരെ സബ്സിഡി പ്രഖ്യാപിച്ച് സര്‍ക്കാര്‍ രംഗത്തിറങ്ങിയിട്ടും അനിശ്ചിതത്വം തുടരുന്ന അരി വിപണിയില്‍ വില വീണ്ടും ഉയരുന്നു. സിവില്‍ സപ്ലൈസ് കോര്‍പറേഷനു കീഴിലുള്ള സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, മാവേലി സ്റ്റോര്‍, ലാഭം മാര്‍ക്കറ്റ് എന്നിവ വഴിയുള്ള അരി വിതരണവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മിക്കയിടത്തും മട്ട അരി തീര്‍ന്നു. വിലവര്‍ധന കാരണം കുറുവ അരി സബ്സിഡി നിരക്കില്‍ നല്‍കാന്‍ സര്‍ക്കാറിനായിട്ടില്ല.

സപ്ലൈകോ മാര്‍ക്കറ്റുകളില്‍ കുറുവ ഉണ്ടെങ്കിലും 18.75 രൂപയാണ് വില. ഇടത്തരം പൊന്നിയും പച്ചരിയും മാത്രമാണ് സ്റ്റോക്കുള്ളത്. ബ്രാന്റ് അരി 10 കിലോ പാക്കറ്റിന് 185 രൂപ മുതല്‍ 200 രൂപ വരെയാണ് വില. ചെറുമണി അരി 10 കിലോ പാക്കറ്റിന് 195 രൂപ മുതല്‍ 215 രൂപ വരെയാകും. ബോധന, മട്ട അരി ഉടന്‍ എത്തുമെന്ന് അധികൃതര്‍ പറയുന്നു. സപ്ലൈകോ മാര്‍ക്കറ്റുകള്‍ പ്രധാന നഗരങ്ങളിലും ഇടത്തരം നഗരങ്ങളിലും മാത്രമായതിനാല്‍ സബ്സിഡി ആനുകൂല്യം ഗ്രാമീണ മേഖലയില്‍ ലഭിച്ചിട്ടില്ല. റേഷന്‍കടകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശബരി മാര്‍ക്കറ്റുകളില്‍ സബ്സിഡി നല്‍കുന്നുമില്ല. ശബരിയിലും സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. പൊതുവിപണിയില്‍ പൊന്നി, കുറുവ, മട്ട അരി വില മൂന്നുദിവസത്തിനിടെ കിലോക്ക് 50 പൈസ വരെ കൂടിയിട്ടുണ്ട്.

അതേസമയം, ഉടന്‍ പ്രാബല്യത്തോടെ ലെവി നടപ്പാക്കാനിരുന്നത് ഡിസംബര്‍ 25നുശേഷം മതിയെന്ന് ആന്ധ്ര സര്‍ക്കാര്‍ തീരുമാനിച്ചത് അല്‍പം ആശ്വാസമായിട്ടുണ്ട്. ലെവിവന്നാല്‍ മൂന്നിലൊന്ന് അരിയേ മില്ലുകാര്‍ക്ക് പൊതുവിപണിയില്‍ വില്‍ക്കാനാവൂ. ബാക്കി എഫ്.സി.ഐക്ക് നല്‍കണം. ഉടന്‍ പ്രാബല്യത്തോടെ ലെവി നടപ്പാക്കാനുള്ള ആന്ധ്ര തീരുമാനത്തെ തുടര്‍ന്ന് ലോറി ഉടമകള്‍ വാടക 3500 മുതല്‍ 4500 രൂപ വരെ ഉയര്‍ത്തിയിരുന്നു. ഇതാണ് അരിവില വീണ്ടും വര്‍ധിക്കാനിടയാക്കിയത്.

അരി കൊണ്ടുവരാനായി സപ്ലൈകോ ഉദ്യോഗസ്ഥര്‍ ആന്ധ്രയിലേക്ക് പോയിട്ട് ഒരാഴ്ചയായിട്ടും ശ്രമം വിജയിച്ചില്ല. സര്‍ക്കാര്‍ നീക്കം അട്ടിമറിക്കാന്‍ സംസ്ഥാനത്തെ അരി ഏജന്റുമാരും മൊത്തവ്യാപാരികളും ശ്രമിക്കുന്നതായി സൂചനയുണ്ട്. സിവില്‍ സപ്ലൈസിന് നേരിട്ട് അരികൊടുത്ത് വര്‍ഷങ്ങളായി ഇടപാട് നടത്തുന്ന കേരളത്തിലെ മൊത്തവ്യാപാരികളെയും ഏജന്റുമാരെയും പിണക്കാന്‍ ആന്ധ്രയിലെ മില്ലുടമകള്‍ തയാറല്ല. സര്‍ക്കാറിന് അരി കൊടുത്താല്‍ പണം എന്നുകിട്ടുമെന്ന് നിശ്ചയവുമില്ല. ഇതോടെ ഉദ്യോഗസ്ഥസംഘം വെറുംകൈയോടെ മടങ്ങേണ്ട സാഹചര്യമാണ്. സിവില്‍ സപ്ലൈസ് ഇപ്പോഴും സംസ്ഥാനത്തെ മൊത്തവ്യാപാരികളില്‍നിന്നാണ് അരി എടുക്കുന്നത് .

അരിക്കായി ഉദ്യോഗസ്ഥസംഘം ഗുജറാത്തിലേക്കും തിരിച്ചിട്ടുണ്ട്. ബംഗാളില്‍നിന്ന് അരി എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ബംഗാള്‍ ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ഉന്നത വൃത്തങ്ങള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

ആന്ധ്രയില്‍ ലെവി നടപ്പാക്കുമെന്ന് ഉറപ്പായതോടെ അരി മൊത്തവ്യാപാരികള്‍ പൂഴ്ത്തിവെപ്പ് നടത്തുന്നതായി സൂചനയുണ്ട്. ഇത് തടയാന്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇതിനായി എല്ലാ ജില്ലകളിലും കലക്ടറുടെ നേതൃത്വത്തില്‍ ഭക്ഷ്യോപദേശക സമിതി പ്രവര്‍ത്തനം ശക്തിപ്പെടുത്തി. സിവില്‍സപ്ലൈസ്, പോലിസ്, ഭക്ഷ്യവകുപ്പ്, സെയില്‍ടാക്സ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രൈസ് മോണിറ്ററിംഗ് സെല്ലിലുള്ളത്. സ്ഥിതി വിലയിരുത്താന്‍ സമിതി യോഗം ഇന്ന് ചേരുന്നുണ്ട്.

അരിവില ഉയര്‍ന്നതോടെ ഹോട്ടലുകളില്‍ ഊണിനും വില കൂടി. ഈ സാഹചര്യത്തില്‍ സിവില്‍സപ്ലൈസ് കോര്‍പറേഷന്റെ അന്നപൂര്‍ണ ഹോട്ടലുകള്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ സ്ഥലങ്ങളില്‍ ഹോട്ടല്‍ തുറക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.

റേഷന്‍കടകള്‍ വഴി നല്‍കുന്ന അരിക്ക് ഗുണം പോരെങ്കിലും പൊതുവിപണിയില്‍ വില ഉയര്‍ന്നതോടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കിലോക്ക് 8.90 രൂപയാണ് റേഷന്‍വില..

കുത്തകകള്‍ ചെറുകിടക്കാരുടെ നടുവൊടിക്കുന്നു: സര്‍വേ
ന്യൂദല്‍ഹി: റിലയന്‍സ്, സ്പെന്‍സര്‍ പോലുള്ള കുത്തകകളുടെ കടന്നുവരവോടെ ചെറുകിട വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍വേ. സാധാരണ കച്ചവടക്കാരുടെ നടുവൊടിക്കുന്ന രീതിയില്‍ വന്‍കിട കുത്തകകള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രാഷ്ട്രീയമായും സാമൂഹികമായും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന സര്‍വേ ഫലം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍കിട കമ്പനികള്‍ക്കെതിരെ സമരം നടത്തുന്ന വ്യാപാരികളുടെ ആകുലതകള്‍ ശരിവെക്കുന്നതാണ് സര്‍വേയിലെ കണ്ടെത്തല്‍.

കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ്, ന്യൂദല്‍ഹി എന്നീ നഗരങ്ങളിലെ 1600 ചെറുകിട കച്ചവടക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 16 ശതമാനം കച്ചവടം കുറഞ്ഞതായും 20 ശതമാനം ലാഭം കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.

വന്‍കിട വ്യാപാര കേന്ദ്രത്തിന്റെ രണ്ടര കിലോമീറ്റര്‍ ചുറ്റളവിലുള്ള സാധാരണ കച്ചവടക്കാരുടെ ഇടയിലാണ് സര്‍വേ നടത്തിയത്. ഇവരില്‍ പലരും തൊഴിലാളികളെ ഒഴിവാക്കി സ്വന്തമായി കച്ചവടം ചെയ്താണ് പിടിച്ചു നില്‍ക്കുന്നത്. 500 ഉപഭോക്താക്കളുടെ അഭിപ്രായവും തേടിയിട്ടുണ്ട്. സാധാരണ കടകളില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ വലിയ വില വ്യത്യാസത്തിലാണ് വന്‍കിടക്കാര്‍ പലചരക്ക് സാധനങ്ങള്‍, പച്ചക്കറി എന്നിവ നല്‍കുന്നത്. ഇതാണ് ചെറുകിട കച്ചവടക്കാരുടെ വരുമാനം കുത്തനെ കുറക്കുന്നത്.

16 ശതമാനം കച്ചവടം കുറയുകയെന്നത് ഭീകരമായ അവസ്ഥയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ മാധ്യമത്തോട് പറഞ്ഞു. വന്‍കിട നഗരങ്ങളെക്കാള്‍ കേരളത്തെ രൂക്ഷമായി ഇതുബാധിക്കും. റിലയന്‍സ്, ബിര്‍ള, സ്പെന്‍സര്‍ എന്നിവര്‍ ചേര്‍ന്ന് സംസ്ഥാനത്ത് 6000 സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്താനായിരുന്നു പദ്ധതി. വ്യാപാരികളുടെ സംഘടിതമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കച്ചവടക്കാര്‍ക്കു പുറമെ സാധാരണ തൊഴിലാളികളെയും ഇത് ഗുരുതരമായി ബാധിക്കും. ഒരേ സമയം കുത്തകകളെ എതിര്‍ക്കുമെന്ന് പറയുകയും എന്നാല്‍ അവര്‍ ഭരിക്കുന്ന കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇടതുപക്ഷത്തിന്റെതെന്നും നസിറുദ്ദീന്‍ പറഞ്ഞു.

അതേസമയം, രാജ്യത്ത് ചെറുകിട മേഖലയില്‍ പിടിമുറുക്കാന്‍ തന്നെയാണ് റിലയന്‍സ് പോലുള്ള ഭീമന്‍മാരുടെ തീരുമാനം. 25,000 കോടി രൂപയാണ് ഈ മേഖലയില്‍ റിലയന്‍സ് നിക്ഷേപിക്കാനൊരുങ്ങുന്നത്. 6,000 ചെറു പട്ടണങ്ങളിലും 700 നഗരങ്ങളിലും ചെറുകിട വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങാനാണ് റിലയന്‍സ് നീക്കം.
കടപ്പാട്- മാധ്യമം

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍