ഡിസംബര്‍ 12 ബുധന്‍

സബ്സിഡികള്‍: തുറന്ന സമീപനം അനിവാര്യം
പ്രൊഫ. കെ. അരവിന്ദാക്ഷന്‍

വിവിധയിനം ഉല്‍പന്നങ്ങള്‍ക്ക് അനുവദിക്കുന്ന സബ്സിഡികള്‍ ദിനംപ്രതി കുത്തനെ ഉയര്‍ന്നുവരുന്നതായാണ് സമീപകാല അനുഭവങ്ങള്‍ വെളിവാക്കുന്നത്. നടപ്പുധനകാര്യ വര്‍ഷാവസാനത്തോടെ, കേന്ദ്ര ബജറ്റില്‍ വിഭാവനം ചെയ്തിരുന്ന സബ്സിഡി ബാധ്യത നേരെ ഇരട്ടിയായി ഉയരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതായത്, ഒരു ലക്ഷം കോടി രൂപ! ധനകാര്യ അച്ചടക്കം കര്‍ശനമായി പാലിക്കുമെന്ന പ്രഖ്യാപനവുമായി ഇടക്കിടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും, ധനമന്ത്രി പളനിയപ്പന്‍ ചിദംബരവും ഈ പ്രശ്നത്തില്‍ ആശങ്കാകുലരാണെന്നതില്‍ തര്‍ക്കമില്ല. അവരുടെ ഈ മാനസികാവസ്ഥ തികച്ചും സ്വാഭാവികവുമാണ്. എന്നാല്‍, ധനമന്ത്രി തന്റെ ആത്മവിശ്വാസം തീര്‍ത്തും കൈവിടാന്‍ ഇതുവരെ സന്നദ്ധനായിട്ടില്ല. പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള ധനകാര്യ ഉത്തരവാദിത്തബജറ്റ് മാനേജ്മെന്റ് നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്ന വിധത്തില്‍ ധനകാര്യ കമ്മി വെട്ടിച്ചുരുക്കുന്നതിനു സഹായകമായ മാറ്റങ്ങള്‍ വരുത്താന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം രാജ്യസഭാ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കവെ തറപ്പിച്ചുപറയുകയുണ്ടായി. (ഹിന്ദു ദിനപത്രം, ഡിസംബര്‍ 2, 2007) എല്ലാ ഉല്‍പന്നങ്ങള്‍ക്കും സബ്സിഡി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനു പകരം അര്‍ഹതയുള്ളവക്കു മാത്രമായി അവ ഒതുക്കി നിര്‍ത്തണം. ഇതനുസരിച്ച്, ഭക്ഷ്യധാന്യങ്ങള്‍, വളം, തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഊര്‍ജോല്‍പന്നങ്ങള്‍, പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യപ്പെടുന്ന അവശ്യനിത്യോപയോഗ വസ്തുക്കള്‍ എന്നിവക്കുള്ള സബ്സിഡി ആനുകൂല്യങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തണമെന്നും ധനമന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. അതേ അവസരത്തില്‍ തന്നെ, പൊതു വിതരണ സംവിധാനത്തിലൂടെ നടത്തപ്പെടുന്ന അരിയുടെയും, മറ്റു ഭക്ഷ്യധാന്യങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങള്‍ നിലവിലുണ്ട്. സംസ്ഥാന സര്‍കാറുകളുടെ പിടിപ്പുകേടിന്റെ ഫലമായുണ്ടാകുന്ന ഇത്തരം അഴിമതികളെപറ്റി പഠനം നടത്തിയ ഒരു വിദഗ്ധ സമിതിയുടെ കണ്ടെത്തലനുസരിച്ച്, പൊതു വിതരണത്തിനായി നീക്കിവെക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങളില്‍ 36.38 ശതമാനം മാത്രമേ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുള്ളൂ. സിംഹഭാഗവും വ്യാജ റേഷന്‍ കാര്‍ഡുകളിലൂടെ ചോര്‍ന്നുപോവുകയാണ്. ഈ പ്രതിഭാസം ഞെട്ടലുളവാക്കുന്നു എന്നു മാത്രമല്ല, അപമാനകരം കൂടിയാണ്. ഇത്തരം പ്രവണതകള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ല.

കൃഷിയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെയും പൊതുവിതരണാവശ്യങ്ങള്‍ക്കുള്ള ഉല്‍പന്നങ്ങളുടെയും മേലുള്ള സബ്സിഡികള്‍ തുടര്‍ന്നും നിലനിര്‍ത്തിക്കൊണ്ടുതന്നെ, ബജറ്ററി കമ്മി നിയന്ത്രണ വിധേയമാക്കാമെന്ന ആത്മവിശ്വാസം ധനമന്ത്രിക്കു പകര്‍ന്നു നല്‍ക്കുന്നതിനുള്ള മുഖ്യ കാരണം നികുതി പിരിവില്‍ പ്രകടമായിരിക്കുന്ന വര്‍ധനയാണ്. എന്നാല്‍, ഇതുകൊണ്ടു മാത്രം ധനമന്ത്രിയുടെ ശുഭാപ്തി വിശ്വാസത്തിന് നീതീകരണമാവുന്നില്ല. നടപ്പുവര്‍ഷത്തേക്കുള്ള ബജറ്റിന്റെ പരിധിയില്‍നിന്നും സബ്സിഡി ഇനത്തിലുണ്ടാകാനിടയുള്ള അധിക ബാധ്യത ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് കേന്ദ്ര ധനമന്ത്രാലയത്തില്‍ നടന്നുവരുന്നത്. ഈ ബാധ്യത വരുന്ന ധനകാര്യ വര്‍ഷത്തേക്കുള്ള കമ്മിയുടെ ഭാഗമാക്കി മാറ്റാനാണ് പരിപാടി. ഉദാഹരണത്തിന് പെട്രോളിന്റെയും ഡീസലിന്റെയും മറ്റും ചില്ലറ വിലയില്‍ വര്‍ധനയില്ലാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്നെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ആഗോള എണ്ണ വിപണിയിലുണ്ടായിരിക്കുന്ന ഭീമമായ തോതിലുള്ള വിലവര്‍ധനയെ തുടര്‍ന്ന് എണ്ണ വിപണനം നടത്തുന്ന കമ്പനികള്‍ക്കു താങ്ങേണ്ടതായി വരുന്ന അധിക സാമ്പത്തിക ബാധ്യതയില്‍നിന്നും അവയെ ഒഴിവാക്കാന്‍ ഓയില്‍ ബോണ്ടുകള്‍ പകരം നല്‍കുന്ന ഏര്‍പ്പാടാണ് കേന്ദ്ര ഭരണകൂടം സ്വീകരിച്ചുവരുന്നത്. പ്രായോഗികമായി നോക്കുമ്പോള്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ വേറെ മാര്‍ഗമൊന്നും സര്‍ക്കാറിന് മുന്നില്‍ ഇല്ലതാനും. പെട്രോളിയം ഉല്‍പന്നങ്ങളുടെയെല്ലാം വിലനിലവാരം ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്തിയാല്‍ അത് കടുത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അതേസമയം, ധനകാര്യ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നതിനാല്‍, പരോക്ഷ നികുതി നിരക്കുകള്‍ ^ എക്സൈസ്, വാറ്റ് നിരക്കുകള്‍^ വെട്ടിക്കുറക്കാനും കഴിയില്ല. ഇക്കാരണത്താലാണ്, വ്യാപാരാവശ്യങ്ങള്‍ക്കായുള്ള പാചക വാതകത്തിന്റെ സബ്സിഡി ഇനത്തില്‍, 19 കിലോഗ്രാം ഭാരമുള്ള ഓരോ സിലിണ്ടറിനും 82 രൂപ വീതം വെട്ടിച്ചുരുക്കുകയും, അതിനു തുല്യമായ വിലവര്‍ധന ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള പാചകവാതകത്തിന്റെ കാര്യത്തില്‍ ഇന്ന് ബാധകമായിട്ടില്ലെന്നത് ശ്രദ്ധേയമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വിലനിലവാരത്തിനു മേല്‍ ഒരു വിധ പോറലും ഏല്‍പിച്ചിട്ടുമില്ല. അതേസമയം, വ്യാപാരാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിനേര്‍പ്പെടുത്തിയിരിക്കുന്ന വില വര്‍ധന നേരിട്ടല്ലെങ്കിലും ഹോട്ടല്‍ ഭക്ഷണത്തിന്റെ വില നിലവാരം ഉയരാനിടയാക്കുമെന്ന കാര്യം ഉറപ്പാണുതാനും. ഹോട്ടല്‍ ഭക്ഷണത്തെ വലിയൊരളവോളം ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന സാധാരണക്കാരെ ഇത് പ്രതികൂലമായി ബാധിക്കുകതന്നെ ചെയ്യും.

ഒരു നിശ്ചിത കാലയളവിലേക്കു പുറത്തിറക്കിയിട്ടുള്ള ഓയില്‍ബോണ്ടുകളുടെ കാര്യമെടുത്താല്‍, അതിലൂടെ ഉണ്ടാകാനിടയുള്ള സബ്സിഡി ബാധ്യത ഭാവിയില്‍ മാത്രമേ അനുഭവപ്പെടുകയുള്ളൂ. നിലവിലുള്ള ചെലവുകളെ അത് ബാധിക്കുകയില്ല. 2006^07ല്‍ ഈ വിധത്തില്‍ 19,150 കോടിക്കുള്ള ബോണ്ടുകളാണ് ഇറക്കിയിരുന്നതെങ്കില്‍, നടപ്പുവര്‍ഷത്തിലേക്ക് ഇതിലും വലിയൊരു തുകക്കുള്ളതായിരിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കായി കഴിഞ്ഞ വര്‍ഷം 16,200 കോടി രൂപക്കുള്ള സെക്യൂരിറ്റികളാണ് കേന്ദ്ര സര്‍ക്കാര്‍ വിപണിയിലിറക്കിയിരിക്കുന്നതും. ഇതിലൂടെയുള്ള അധികബാധ്യതയും ഭാവിയിലേക്ക് മാറ്റിവെച്ചിരിക്കയാണ്.

പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി കണക്കുകൂട്ടിയിരിക്കുന്നത് ബജറ്റില്‍ ഉള്‍പ്പെടുത്താത്തതായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം ചെലവിനങ്ങള്‍ മൊത്തം ദേശീയോല്‍പന്ന (ജി.ഡി.പി) ത്തിന്റെ 1.5 ശതമാനം വരെ വരുമെന്നാണ്. ഭക്ഷ്യ^ എണ്ണ സബ്സിഡികള്‍ക്കു പുറമെ, മുന്‍കാലങ്ങളിലെ സഞ്ചിത വളം സബ്സിഡികളും കൊടുത്തുതീര്‍ക്കേണ്ടതായി അവശേഷിക്കുന്നുണ്ട്. ഇതിനുപുറമെയാണ് സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ വരുത്തിയ നഷ്ടങ്ങളുടെ വകയായി ജി.ഡി.പിയുടെ ഒരു ശതമാനം വേറെയും വരുന്നത്. ഈ ഘട്ടത്തില്‍ ശ്രദ്ധേയമായൊരു വസ്തുക, റവന്യൂ വരുമാനവും, ധനകമ്മിയും സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ക്ക് യാഥാര്‍ഥ്യവുമായി ഒരു തരത്തിലും ബന്ധമുണ്ടായിരിക്കില്ല എന്നതാണ്. ഈ പൊരുത്തക്കേട് പരിഹരിക്കാന്‍ ജി.ഡി.പിയുടെ 2 ശതമാനം കൂടി കണക്കിലെടുക്കേണ്ടതായി വരും. പൊതുവെ പറഞ്ഞാല്‍, ഓയില്‍ ബോണ്ടുകള്‍ സര്‍ക്കാറിന്റെ ധനസമിതിയുടെ ദുര്‍ഗ്രഹത വര്‍ധിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. ഭാവിയില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാറിന്റെ ചുമലിലാണ് ഇതിന്റെ ബാധ്യത വന്നുചേരുന്നത് എന്നതിനാല്‍, അതുമായി ബന്ധപ്പെട്ട അധികഭാരത്തില്‍നിന്ന് മനഃപൂര്‍വം ഒഴിഞ്ഞുമാറാനുള്ള വ്യഗ്രതയായിരിക്കും നിലവിലുള്ള സര്‍ക്കാര്‍ പ്രകടമാക്കുക. സബ്സിഡി ബാധ്യതകള്‍ തിടുക്കത്തില്‍ ഒഴിവാക്കാന്‍ കഴിയാതിരിക്കുന്നതിന് ഒട്ടേറെ സാധൂകരണമുണ്ടായേക്കാം. സബ്സിഡിയിലൂടെ ഉണ്ടാകാനിടയുള്ള അധിക സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് നയപരമായ തീരുമാനങ്ങളും, ലളിതമായ നടപടി ക്രമങ്ങളും സ്വീകരിക്കുന്നതിനു പുറമെ, സബ്സിഡികളുടെ കാര്യക്ഷമത ഉയര്‍ത്താനും സാധ്യതകളേറെയുണ്ട്. ഇതിനുള്ള ഫലപ്രദമായ മാര്‍ഗം സര്‍ക്കാറിന്റെ ധനസ്ഥിതി സംബന്ധിച്ചുള്ള യഥാര്‍ഥ വിലയിരുത്തല്‍ നടത്തുക എന്നതായിരിക്കും. ഇതിന്റെ ഭാഗമെന്ന നിലയില്‍ ബജറ്റില്‍ ഉള്‍പ്പെടുന്നതും, ബജറ്ററി ബാഹ്യവുമായ എല്ലാവിധ സബ്സിഡികളും കൃത്യമായി തിട്ടപ്പെടുത്തുകയെന്നതാണ്. നിലവില്‍ പ്രയോഗത്തിലിരിക്കുന്നതുപോലെ, സബ്സിഡികളില്‍ വലിയൊരു ഭാഗം ഔദ്യോഗികകണക്കുകളില്‍ ഉള്‍പ്പെടുത്താതെ ഒളിപ്പിച്ച് വെക്കുന്ന രീതി പിന്തുടരുന്നത് ഒരിക്കലും അനുവദിക്കാനാവില്ല.
കടപ്പാട്- മാധ്യമം

ആന്ധ്ര അരി വരവു പ്രതിസന്ധിയില്‍
അരി മില്‍ ഉടമകള്‍ നിര്‍ദിഷ്ട ലെവി നല്‍കാത്തതിനെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളിലേക്കുള്ള അരിവിതരണം രണ്ടു മാസത്തേക്കു വിലക്കിക്കൊണ്ട് ആന്ധ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ അവിടെ നിന്നു സംസ്ഥാനത്തേക്കുള്ള അരി വരവു വീണ്ടും പ്രതിസന്ധിയിലായി.എന്നാല്‍, ആന്ധ്ര സര്‍ക്കാര്‍ അങ്ങനെയൊരു ഉത്തരവിറക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്നാണു മന്ത്രി സി. ദിവാകരന്റെ ഓഫിസ് അറിയിച്ചത്.

കേരളം ആവശ്യപ്പെട്ട പ്രകാരമുള്ള അരി അവിടെ നിന്നു കയറ്റി വിട്ടിട്ടുണ്ടെന്നും ഓഫിസ് വ്യക്തമാക്കി. കേരളത്തിന് അരി നല്‍കാനായി പ്രത്യേക ഉത്തരവ് ഇറക്കുമെന്ന് ആന്ധ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ആവശ്യത്തിന് അരി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ മേധാവി യോഗേഷ് ഗുപ്തയും പറഞ്ഞു.കൊല്ലത്തേക്കു മൂന്ന് റേക്ക് അരിയും കൊച്ചിയിലേക്കു രണ്ടു റേക്ക് അരിയും ആന്ധ്രയില്‍ നിന്നു കഴിഞ്ഞ ദിവസം അയച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ ഇത് അവസാനത്തെ ലോഡാണ്.

അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി വരെ ആന്ധ്ര അരി സംസ്ഥാനത്തേക്കെത്തില്ലെന്നാണു സൂചന. വിലക്കു പിന്‍വലിപ്പിക്കാന്‍ ആന്ധ്രയില്‍ തിരക്കിട്ട യോഗങ്ങള്‍ നടക്കുകയാണ്.സര്‍ക്കാരിനു ലെവിയായി 37 ലക്ഷം ടണ്‍ അരി ആന്ധ്രയിലെ മില്ലുകള്‍ നല്‍കണം. എന്നാല്‍, തണുത്ത പ്രതികരണമാണ് ഇക്കുറി മില്ലുടമകളില്‍ നിന്നു ലഭിച്ചത്. സംസ്ഥാന സിവില്‍ സപ്ളൈസ് കമ്മിഷണറാണു രണ്ടു മാസത്തേക്ക് അരിവിതരണം വിലക്കിയത്.കേരളത്തിലേക്കു വിതരണത്തിനെത്തുന്ന ജയ ഇനം അരി ലെവി വിതരണത്തിനായി നല്‍കേണ്ടതില്ല.

സ്വര്‍ണമയൂരി, ഐആര്‍ 64 ഇനം അരികളാണു നല്‍കുന്നത്. അതു നല്‍കാത്തതാണു പ്രശ്നങ്ങള്‍ക്കു കാരണം. കേരളത്തിനാവശ്യമായ അളവ് ജയ അരി മില്ലുടകളുടെ പക്കല്‍ സ്റ്റോക്കുണ്ട്. ഇവ എങ്ങനെയും സംസ്ഥാനത്തെത്തിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു വ്യാപാരികള്‍ അറിയിച്ചു. മില്ലുടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്.കോഴിക്കോട്ടു വലിയങ്ങാടിയില്‍ അരിയുടെ സ്റ്റോക്ക് കുറവാണ്.

ഇന്നലെ എത്തിയ ഒരു റേക്ക് അരി മുഴുവനും തീര്‍ന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ നീതി സ്റ്റോറുകളിലേക്കാണു ‘കുറുവ അരി കൊണ്ടുപോയത്. ഇന്നോ നാളെയോ ഒരു റേക്ക് കൂടി എത്തുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍. ആഴ്ചയില്‍ മൂന്നു റേക്ക് അരി എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15 ദിവസം കൂടുമ്പോള്‍ ഒരു റേക്ക് ആണ് എത്തുന്നത്.സര്‍ക്കാര്‍ അരിക്കടകള്‍ ആരംഭിച്ചതോടെ പൊതുവിപണിയില്‍ അരിവില താഴ്ന്നു തുടങ്ങിയപ്പോഴാണ് ആന്ധ്ര സര്‍ക്കാരിന്റെ വിലക്ക്.

രണ്ടുദിവസം മുന്‍പാണു റയില്‍വേ വാഗണ്‍ പ്രശ്നം പരിഹരിച്ച് അരിവിതരണം സാധാരണ നിലയിലേക്കു കൊണ്ടുവന്നത്.ആന്ധ്രയില്‍ നേരത്തേ വിലക്ക് ഉണ്ടായിരുന്നെങ്കിലും കേരളത്തിന് ഇളവുനല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് യോഗേഷ് ഗുപ്ത വ്യക്തമാക്കി. ഇതനുസരിച്ചാണ് ഇപ്പോള്‍ അരി ലഭിച്ചത്. ആന്ധ്ര അരിക്കു പുറമേ കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാര്‍ അനുവദിച്ച 20,000 ടണ്ണും ഉടന്‍ ലഭിക്കും. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴിയാണ് ഈ അരി എത്തുകയെന്നും യോഗേഷ് ഗുപ്ത പറഞ്ഞു.
കടപ്പാട്- മനോരമ

അനാവശ്യ മരുന്നുകുറിക്കല്‍ തടയും; പരസ്യം നിരോധിക്കും
തിരു: മരുന്നുകളുടെ വില നിയന്ത്രിക്കാനും ഡോക്ടര്‍മാര്‍ ആവശ്യത്തിലധികം മരുന്ന് കുറിക്കുന്നതു തടയാനും സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുന്നു. ഡിസംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുവാദത്തോടെ മാത്രമേ പുതുതായി ഔഷധം വിപണിയിലിറക്കാവൂ എന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മരുന്നിന്റെ പരസ്യങ്ങള്‍ നിരോധിക്കും.

പുതിയ മരുന്നിന്റെ വില സമാനസ്വഭാവമുള്ള മരുന്നുകളുടെ ഏറ്റവും കുറഞ്ഞ വിലയേക്കാള്‍ കുറവാണെങ്കിലേ വിപണിയിലിറക്കാന്‍ അനുവദിക്കൂ. യഥാര്‍ഥ വിലയേക്കാള്‍ ഇരട്ടി ഈടാക്കി ഒരു വിലനിയന്ത്രണവുമില്ലാതെ മരുന്നുകള്‍ വിപണിയില്‍ അടിച്ചേല്‍പ്പിക്കുന്നതു തടയാനാണ് ഇത്. മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കി രോഗികളെ ആകര്‍ഷിച്ച് അനാവശ്യ മരുന്നുകള്‍ കഴിപ്പിക്കുന്നത് നിരോധിക്കും. ഇതിനായി പരസ്യങ്ങള്‍ നിയമവിരുദ്ധമാക്കുന്ന ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വൈര്‍ട്ടൈസ്മെന്റ്സ്) കേന്ദ്രനിയമം കര്‍ശനമായി നടപ്പാക്കും. മരുന്നുകടകളില്‍ ഇനിമുതല്‍ ഒരു തരത്തിലുള്ള പരസ്യങ്ങളും ഉണ്ടാകരുത്. മരുന്ന് വിപണിയിലിറക്കാന്‍ മരുന്നുവ്യാപാര സംഘടനയായ എകെസിഡിഎ മരുന്നുകമ്പനികള്‍ക്ക് നല്‍കുന്ന പ്രോഡക്ട് ഇന്‍ഫര്‍മേഷന്‍ സര്‍ട്ടിഫിക്കറ്റ്, ട്രേഡ് മാര്‍ജിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് നിയമസാധുതയില്ല.

ഔട്ട്പേഷ്യന്റിന് ഒരു കുറിപ്പില്‍ രണ്ടു മരുന്നുകള്‍മാത്രമാണ് ശരാശരി ആവശ്യമുള്ളതെന്ന് ലോകാരോഗ്യസംഘടന മാര്‍ഗനിര്‍ദേശം നല്‍കിയതാണ്. എന്നാല്‍, അഞ്ചുമുതല്‍ 25 വരെ മരുന്നുകള്‍ എഴുതുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കര്‍ശനമായി തടയാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.

ജനുവരി ഒന്നുമുതല്‍ ഫാര്‍മസിസ്റുകള്‍ക്കു മാത്രമേ മരുന്നുകടകള്‍ തുടങ്ങാന്‍ ലൈസന്‍സ് നല്‍കൂ. മാര്‍ജിന്‍ ഫ്രീ മരുന്നു ഷാപ്പുകള്‍, കമ്യൂണിറ്റി ഫാര്‍മസി, നീതി, മാവേലി തുടങ്ങിയ പേരുകളില്‍ സ്വകാര്യവ്യക്തികള്‍ക്കും സംഘടനകള്‍ക്കും മരുന്നുകടകള്‍ തുടങ്ങാന്‍ ലൈസന്‍സ് നല്‍കില്ല. ഔഷധവിതരണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ അധികാരപ്പെടുത്തി. ഓരോ രോഗത്തിനും എന്തൊക്കെ മരുന്ന് കഴിക്കണമെന്ന് ആറു മാസത്തിനകം മെഡിസിന്‍ പ്രോട്ടോകോള്‍ തയ്യാറാക്കും. ഹൈക്കോടതി സ്റേയുടെ ബലത്തില്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ലൈസന്‍സ് ഇല്ലാതെ മെഡിക്കല്‍സ്റോറുകള്‍ നടത്തുന്നുണ്ട്. സ്റേ നീക്കാന്‍ നടപടിയെടുക്കും. സ്റോറുകള്‍ പരിശോധിക്കന്‍ ഡ്രഗ്സ് കണ്‍ട്രോളറെ ചുമതലപ്പെടുത്തി.

ക്യാന്‍സര്‍, വൃക്കസംബന്ധമായ അസുഖങ്ങള്‍, വന്ധ്യതാ ചികിത്സ തുടങ്ങിയവയ്ക്കായി ഒരു പ്രയോജനവുമില്ലാത്ത അതിഭീമ വിലയുള്ള മരുന്നുകള്‍ കഴിക്കാന്‍ ചില കേന്ദ്രങ്ങള്‍ രോഗികളെ നിര്‍ബന്ധിക്കുന്നുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനും ഡ്രഗ്സ് കണ്‍ട്രോളറെ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ഡ്രഗ്സ് കണ്‍ട്രോളര്‍ എം പി ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കടപ്പാട്- ദേശാഭിമാനി

ഐ.ടി വികസനത്തിന് പ്രത്യേക കമ്പനി; ‘പതി’യുമായി പുതിയ കരാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് വിവര സാങ്കേതിക വിദ്യാരംഗത്ത് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാന്‍ ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചറല്‍ കേരള (ഐ.ടി.ഐ. കെ) എന്ന പേരില്‍ ഒരു കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കമ്പനിയില്‍ 51 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. തിരുവനന്തപുരത്താണ് ആസ്ഥാനം.
കെ.എസ്.ടി.പി പദ്ധതിയുടെ ഒന്നാംഘട്ട റോഡ് വികസനം പൂര്‍ത്തീകരിക്കുന്നതിന് പതികമ്പനിയുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കാന്‍ മന്ത്രിസഭ അനുമതിയും നല്‍കി.
കഴക്കൂട്ടം മുതല്‍ എം.സി. റോഡില്‍ തൈക്കാട് വരെയും അവിടെ നിന്ന് കൊട്ടാരക്കര-ചെങ്ങന്നൂര്‍ വരെയും ആലപ്പുഴ – ചങ്ങനാശ്ശേരി റോഡും ഉള്‍പ്പെടുന്ന 127 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഒന്നാം ഘട്ടത്തിന്. കരാര്‍ പുതുക്കുന്നതിന് പതി കമ്പനി 80 ശതമാനം നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടെങ്കിലും അത് 72.5 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍ബിട്രേഷന്‍ ക്ളെയിമായി 96 കോടി രൂപ ചോദിച്ചു. ചര്‍ച്ചയിലൂടെ അത് 35 കോടിയായി പരിമിതപ്പെടുത്തി. ഈ വിട്ടുവീഴ്ചയ്ക്ക് കമ്പനി തയ്യാറായതുകൊണ്ടാണ് പുതിയ കരാര്‍. യഥാസമയം സ്ഥലമെടുത്ത് നല്‍കാന്‍ കഴിയാത്തതാണ് കോടിക്കണക്കിന് രൂപ നഷ്ടപ്പെടാന്‍ കാരണം. ഇന്നോ നാളെയോ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞാല്‍ മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണ ജോലികള്‍ ആരംഭിക്കും.
പതി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെയിംസ് വാങുമായി പൊതുമരാമത്തു വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പലഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നു.
കരാര്‍ ഒപ്പുവയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പി. ഡബ്ള്യു.ഡി സെക്രട്ടറി ടോം ജോസിനെ ചുമതലപ്പെടുത്തി.

കടപ്പാട്- കേരളകൗമുദി

കൊച്ചി മെട്രോ: സ്ഥലമെടുക്കാന്‍ വിജ്ഞാപനത്തിന് നിര്‍ദ്ദേശം

തിരുവനന്തപുരം: കൊച്ചിയിലെ മെട്രോ റെയില്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടിക്കായി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റിയല്‍ എസ്റ്റേറ്റ് മാഫിയ അവിടെ സ്ഥലം വാങ്ങിക്കൂട്ടുന്നത് തടയാന്‍ വേണ്ടിയാണ് ‘ഫോര്‍ ഒണ്‍’ ഈ വിജ്ഞാപനം പുറപ്പെടുവിക്കുന്നതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പത്രലേഖകരോട് പറഞ്ഞു. ആലുവ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള സ്ഥലമാണ് റെയില്‍വേ വികസനത്തിനായി ഏറ്റെടുക്കുന്നത്.

ഡല്‍ഹി മെട്രോയുമായി ആലോചിച്ചാണ് പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ട ചര്‍ച്ചകള്‍ക്കുശേഷം ഇനിയും അവരുമായി ചര്‍ച്ചകള്‍ തുടരും. ബി. ഒ. ടി. വ്യവസ്ഥയിലായിരിക്കും പദ്ധതി നടപ്പാക്കുകെയന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കടപ്പാട്- മാതൃഭൂമി

സപ്ളൈകോ അഴിമതി: സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊച്ചി: സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പറേഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐ ഹൈക്കോടതിയില്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പ്രഥമദൃഷ്ട്യാ ക്രമക്കേട് കണ്െടത്തിയിട്ടുണ്െടന്ന് സിബിഐ സൂചിപ്പിച്ചിട്ടുണ്ട്. ഗൌരവമുള്ള കേസുകള്‍ മാത്രമാണ് അന്വേഷിക്കുകയെ ന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള കേസുകള്‍ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബോധിപ്പിച്ചിട്ടുണ്ട്.

അഴിമതി സംബന്ധമായ കേസുകള്‍ മുഴുവന്‍ സിബിഐയുടെ ഒരു വലിയ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയപ്രകാശ് സെന്റര്‍ ജനറല്‍ സെക്രട്ടറി സി.എന്‍. വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സിബിഐയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് തീര്‍പ്പാക്കി.

ഗൌരവമുള്ള കേസുകള്‍ മാത്രമായിരിക്കും സിബിഐ അന്വേഷിക്കുക. അതേസമയം നഷ്ടം കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസയയ്ക്കാന്‍ ഉത്തരവായിട്ടുണ്ട്. 1995 മുതല്‍ 2006 വരെയുള്ള കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഗോകുല്‍ പ്രസാദിന്റെ ഹര്‍ജി മറ്റൊരു ദിവസത്തേക്കു മാറ്റി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവും ജസ്റ്റിസ് കെ.എം. ജോസഫും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

കടപ്പാട്- ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w