സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സ്ക്വാഡും

സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സ്ക്വാഡും

ശ്രീകാന്ത് ടി.ആര്‍.

ഇന്ന് കാലം മാറിക്കൊണ്ടിരിക്കുകയാണ്. മുത്തച്ഛന്‍ തന്റെ പേരക്കുട്ടിയോട് ഓര്‍ക്കുട്ട് സ്ക്രാപ്പിലൂടെ ചോദിക്കുന്നു: ”എന്തൊക്കെയാണ് വിശേഷങ്ങള്‍?” തന്റെ മുത്തശ്ശിക്ക് പുതിയ പ്രൊഫൈലുണ്ടാക്കുന്നതിന്റെ തിരക്കിലാണ് സ്കൂള്‍ വിദ്യാര്‍ഥിയായ രാഹുല്‍. ടെലിഗ്രാമും തപാലും അയച്ചിരുന്ന മലയാളികള്‍ ഇന്ന് സ്ക്രാപ്പിന്റെയും ഇ മെയിലിന്റെയും ലോകത്താണ്. ചാറ്റിങ്ങും ഇന്റര്‍നെറ്റ് ബ്രൌസിങ്ങും മലയാളികളുടെ ദിനചര്യയുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികമായ പുരോഗതി നമ്മില്‍ കൂടുതല്‍ വേഗം വരുത്തിയിരിക്കുന്നു. എന്നാല്‍ അതിനൊപ്പം നാം നേരിടുന്ന വെല്ലുവിളികളും വര്‍ധിക്കുന്നു. ഇക്കാലത്ത് നാം നേരിടുന്ന പ്രധാന സാങ്കേതിക വെല്ലുവിളികളിലൊന്നാണ് സൈബര്‍ ക്രൈം, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍.

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിവരസാങ്കേതികവിദ്യയും മലയാളികളില്‍ ഉണ്ടാക്കിയ സ്വാധീനം അവിശ്വസനീയമാണ്. ഇന്ന് നടക്കുന്ന പരമ്പരാഗത കുറ്റകൃത്യങ്ങളില്‍ പോലും ഡിജിറ്റല്‍ സങ്കേതങ്ങളുടെ പങ്ക് ഗണ്യമായി വര്‍ധിച്ചുവരികയാണ്. കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ നൂറുശതമാനം ലക്ഷ്യം വെച്ചുനീങ്ങുന്ന മലയാളികള്‍ അറിഞ്ഞിരിക്കേണ്ടതും മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുമായ ഒന്നാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍. നഗരങ്ങളില്‍ ഇന്ന് കൂണുപോലെ മുളച്ചുവരുന്ന സൈബര്‍ കഫേകള്‍ തന്നെയാണ് ഇവയിലേറിയ പങ്കും നടത്തുവാനായി ഉപയോഗിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കുന്നതിനായി ചില പത്രവാര്‍ത്തകള്‍ നോക്കാം.

”പ്രവേശന പരീക്ഷാ കൌണ്‍സലിങ്ങിനിടെ വിദ്യാര്‍ഥിനിയുടെ പാസ്വേഡ് അപഹരിച്ച് വ്യാജ ഓപ്ഷന്‍ നല്കി എം.ബി.ബി.എസ്. സീറ്റ് നഷ്ടപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് കഫേകളില്‍ പോലീസ് തിരച്ചില്‍ നടത്തി.”

”രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇ മെയില്‍ വധഭീഷണി: അഫ്സല്‍ ഗുരുവിന്റെ മോചനം ആവശ്യപ്പെട്ട് പോലീസ് ഉന്നതാധികാരികള്‍, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് ഇ മെയില്‍ വധഭീഷണി അയച്ച ആളെക്കണ്ടെത്തി.”

അതിവേഗം കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും എന്ന പ്രത്യേകതയും ആവശ്യത്തിനുള്ള തെളിവുകള്‍ ശേഷിക്കില്ലെന്ന മിഥ്യാധാരണയുമാണ് ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനുള്ള ഒരു കാരണം. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്നു നടക്കുന്ന മിക്ക സൈബര്‍ കുറ്റകൃത്യങ്ങളെയും വിശകലനം ചെയ്യുമ്പോള്‍ അതില്‍ ഒരു മലയാളിയുടെ പങ്ക് തള്ളിക്കളയാന്‍ ആവില്ല. സൈബര്‍ കുറ്റകൃത്യങ്ങളില്‍ എല്ലാ കോര്‍പ്പറേറ്റ് നഗരങ്ങളെയും പോലെ കേരളവും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. അത്തരം സാഹചര്യത്തില്‍ നമ്മെ സംബന്ധിച്ചിടത്തോളം സൈബര്‍ സുരക്ഷ എല്ലാവിധ പ്രാധാന്യവുമര്‍ഹിക്കുന്നു.

ഇന്ന് നാം നേരിടുന്ന സൈബര്‍ വെല്ലുവിളികളില്‍ പ്രധാനം കമ്പ്യൂട്ടര്‍ ഹാക്കിങ്, ഇ മെയില്‍ ഭീഷണികള്‍, ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, സോഫ്റ്റ്വെയര്‍ പകര്‍പ്പവകാശലംഘനം, കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളുടെ നിര്‍മാണം, മൊബൈല്‍ കുറ്റകൃത്യങ്ങള്‍ എന്നിവയാണ്. ഇന്നു നടക്കുന്ന മിക്ക ഡിജിറ്റല്‍ കുറ്റകൃത്യങ്ങളും ഇ മെയില്‍ മുഖേനയുള്ളതും വ്യാജ വെബ്സൈറ്റുകള്‍ വഴിയുള്ളതുമാണ്. ഒട്ടുമിക്ക ബാങ്കിങ് സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നു, അതിനാല്‍ അതു മുഖേനയുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്നു. ഇവ തടയുവാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ചിന്തിക്കേണ്ടത് നമ്മുടെ കടമയാണ്.

ഏതൊരു മലയാളിക്കും കഴിഞ്ഞ കുറച്ചുകാലമായി കേട്ടുകേള്‍വിയുള്ള പദമാണല്ലോ ‘ഓര്‍ക്കുട്ട്’. നഷ്ടസൌഹൃദങ്ങളില്‍ വസന്തംവിരിയിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്സൈറ്റ്. ക്രിമനല്‍ മനോഭാവമുള്ള പലരും ഇതിന്റെ ദുരുപയോഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓര്‍ക്കുട്ട് മുഖേന സമൂഹത്തിലെ അറിയപ്പെടുന്ന പലരുടെയും വ്യാജ പ്രൊഫൈലുകള്‍ (വ്യക്തിവിശദാംശങ്ങള്‍) ഉണ്ടാക്കുകയും അവ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയെന്നത് ഓര്‍ക്കുട്ടിന്റെ ദുരുപയോഗങ്ങളില്‍ പ്രധാനമാണ്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി തുടങ്ങി പല പ്രമുഖരുടെയും അറിവോ സമ്മതമോ കൂടാതെ അവരുടെ പ്രൊഫൈലുകള്‍ ഓര്‍ക്കുട്ടില്‍ നിലവിലുണ്ട്. ഇത്തരം പ്രവൃത്തികള്‍ തികച്ചും സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലുള്ളവയാണ്. ഇത്തരം കുറ്റങ്ങളെ നിയന്ത്രിക്കുവാന്‍ ചില മാര്‍ഗങ്ങള്‍ ഈ വെബ്സൈറ്റുകളില്‍ തന്നെ ലഭ്യമാണ്.

”ഓര്‍ക്കുട്ട്പോലുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിനുപകരം ഇവയുടെ ദുരുപയോഗം തടയുവാനുള്ള നിയമനിര്‍മാണമാണ് ഉചിതം. സൈബര്‍ ഭീകരവാദവും ഓര്‍ക്കുട്ട് കുറ്റകൃത്യങ്ങളും ശക്തമായി നേരിടുവാന്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. അതിര്‍ത്തികടന്നുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുവാന്‍ ആഗോളതലത്തിലുള്ള നിയമമാറ്റവും ആവശ്യമാണ്. നൂതനമായ സൈബര്‍ ക്രൈമുകള്‍ പരിഹരിക്കുവാന്‍ ചില പദ്ധതികള്‍ നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍”. സി_ഡാക്ക് സൈബര്‍ ഫോറന്‍സിക് വിഭാഗം ജോയന്റ് ഡയറക്ടര്‍ വി.കെ.ഭദ്രന്‍ അഭിപ്രായപ്പെടുന്നു.

വെബ് ഹാക്കിങ് വര്‍ധിച്ചുവരുന്ന മറ്റൊരു സൈബര്‍ കുറ്റകൃത്യമാണ്. ഒരാളുടെ അനുവാദമില്ലാതെ നശീകരണ മനോഭാവത്തോടെ വെബ്സൈറ്റുകള്‍, ഇ മെയിലുകള്‍, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ തുടങ്ങിയവ ആക്രമിക്കുകയും പലപ്പോഴും അവയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുകയുമാണ് യഥാര്‍ഥത്തില്‍ ഒരു ഹാക്കര്‍ ചെയ്യുന്നത്. ഹാക്കിങ് കുറ്റകൃത്യങ്ങള്‍വഴി വിപുലമായ നാശനഷ്ടങ്ങള്‍ വരുത്തുവാന്‍ കഴിയും. ഐ.ടി. ആക്ട് സെക്ഷന്‍ 66 പ്രകാരം മൂന്ന് വര്‍ഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഹാക്കിങ്.

ഇന്ന് വളരെയധികം വ്യാപിച്ചുവരുന്ന മറ്റൊരു സൈബര്‍ കുറ്റകൃത്യം ഇ മെയിലുകള്‍ വഴിയുള്ളവയാണ്. ഇ മെയില്‍ ഭീഷണികളും ഇ മെയില്‍ തട്ടിപ്പുകളും സൈബര്‍ കുറ്റവാളികള്‍ സ്ഥിരം ഉപയോഗപ്പെടുത്തുന്ന സങ്കേതങ്ങളായി മാറിയിരിക്കുകയാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ ഇ മെയില്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നുവെന്നതാണ്. പ്രശസ്തമായ പല ഇ മെയില്‍ ദാതാക്കളുടെയും പേരില്‍ (ഉദാ: യാഹു/റീഡിഫ്) ഇ മെയില്‍ അയയ്ക്കുകയും സമ്മാനപദ്ധതികള്‍ പ്രഖ്യാപിച്ച് തട്ടിപ്പിന് ഇരയാക്കുന്നതും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉത്തമഉദാഹരണമാണ്. നിര്‍ഭാഗ്യകരമായ വസ്തുതയെന്തെന്നാല്‍ ശരിയായ അറിവില്ലായ്മയാണ് ഈ തട്ടിപ്പിനിരയാകുന്ന പലരുടെയും പ്രധാനപ്രശ്നം. നമുക്കുവരുന്ന ഇ മെയിലുകളുടെ ശരിയായ ഉറവിടം കണ്ടെത്തുകയും അവകാശപ്പെടുന്ന വസ്തുതകളുടെ നിജസ്ഥിതി അന്വേഷിച്ച് അറിയുകയും ചെയ്യുകയെന്നതാണ് ഇ_തട്ടിപ്പുകളില്‍നിന്ന് രക്ഷപ്പെടാനുള്ള പോംവഴി. ട്രോജന്‍, വൈറസ് ആക്രമണങ്ങളും ഇന്ന് നടക്കുന്ന ഇ മെയില്‍ കുറ്റകൃത്യങ്ങളില്‍ പ്രാധാന്യമേറിയതാണ്. രാജ്യത്ത് വ്യാവസായികമായി വളര്‍ന്നുകഴിഞ്ഞ വൈവാഹിക വെബ്സൈറ്റുകളും ഓണ്‍ലൈന്‍ ജോബ്സൈറ്റുകളും സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പുകള്‍ നടത്തുവാന്‍ ഉപയോഗിക്കുന്നു. വെബ്സൈറ്റുകള്‍ വഴിയുള്ള രജിസ്ട്രേഷനുകള്‍ നടത്തുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ കഴിയുന്നത്ര കുറച്ച് വെളിപ്പെടുത്തുകയും വെബ്സൈറ്റുകളുടെ യഥാസ്ഥിതി അന്വേഷിച്ചുമാത്രം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയുമാണ് കുഴപ്പങ്ങളൊഴിവാക്കാന്‍ സ്വീകരിക്കേണ്ട ചില മാര്‍ഗങ്ങള്‍.

നമുക്കുചുറ്റും ഇന്ന് ഏറ്റവുമധികം ഉപയോഗത്തിലുള്ള ഒന്നാണല്ലോ മൊബൈല്‍ ഫോണ്‍. എസ്.എം.എസ്സും എം.എം.എസ്സും ഇല്ലാത്ത ദിവസം ഇന്ന് നമുക്ക് ചിന്തിക്കാവുന്നതിനപ്പുറമാണ്. ഇവയൊക്കെ മൊബൈല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുവാനിടയാക്കുന്നു. ഹൈടെക് മൊബൈലുകളും സുലഭമായ മൊബൈല്‍ കണക്ഷനുകളും മൊബൈല്‍ ക്രൈമുകളുടെ തോത് വര്‍ധിക്കുവാന്‍ കാരണമാണ്. മൊബൈല്‍ ഭീഷണികളും അശ്ലീല എസ്.എം.എസ്സുകളും ഇന്ന് സമൂഹത്തില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. സെല്‍ഫോണിലൂടെ അശ്ലീലചിത്രങ്ങള്‍ അയയ്ക്കുന്നത് ഐ.ടി. ആക്ട് സെക്ഷന്‍ 67 പ്രകാരവും അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് ഐ.പി.സി. സെക്ഷന്‍ 509 പ്രകാരവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ക്യാമറ മൊബൈലുകളുടെ ഉപയോഗം ഇന്നു വന്‍ ഭീഷണിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അജ്ഞാത ഫോണ്‍കോളുകള്‍ക്കും അജ്ഞാത എസ്.എം.എസ്സുകള്‍ക്കും സ്വയം പ്രതികരിക്കാതിരിക്കുകയാണ് ഉചിതം. നിരന്തരമായ കോളുകളും എസ്.എം.എസ്സുകളും ലഭിക്കുകയാണെങ്കില്‍ അവയ്ക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ കേന്ദ്രങ്ങളിലോ ഉപദേശം തേടുന്നതാണ് നല്ലത്.

”കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൈബര്‍ ക്രൈമുകളില്‍ 30 ശതമാനവും ഇ മെയില്‍/മൊബൈല്‍ കുറ്റകൃത്യങ്ങളാണ്. 20 ശതമാനം സാമ്പത്തിക കുറ്റകൃത്യങ്ങളും 10 ശതമാനം ഹാക്കിങ്/ഓര്‍ക്കുട്ട് കുറ്റകൃത്യങ്ങളുമാണ്. നാല്പതു ശതമാനം കുറ്റകൃത്യങ്ങളും വ്യാജ സി.ഡി., വ്യാജ കറന്‍സി, അശ്ലീല ചിത്രങ്ങളുടെ നിര്‍മാണം, വ്യാജ വെബ്സൈറ്റുകള്‍ എന്നിവ വഴിയുള്ളതാണ്. ഇന്ത്യയിലെ സൈബര്‍ ക്രൈം നിരക്കില്‍ കേരളത്തിന്റെ സ്ഥാനം ഒട്ടും പിന്നിലല്ല എന്നത് തികച്ചും ആശങ്കാജനകമാണ്. സൈബര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ ശ്രമമാണ് കുറ്റങ്ങള്‍ പരിഹരിക്കുവാന്‍ ആവശ്യം.” ഹൈടെക് സെല്‍ മേധാവി, ഡി.വൈ.എസ്.പി. എസ്.വിജയന്‍ പറയുന്നു.

ഈ വെല്ലുവിളികളെ സുസജ്ജമായി നേരിടാന്‍ തയ്യാറായി, കേരളത്തില്‍ സൈബര്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് കേരളാ പോലീസ് ഹൈടെക് ക്രൈം സെല്ലും സി._ഡാക്ക് സൈബര്‍ ഫോറന്‍സിക് വിഭാഗവും.

സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ ലോക്കല്‍ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും സാങ്കേതികമായി സഹായിക്കുവാനും ടെക്നോളജിയുമായി ബന്ധപ്പെടുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാനുമായി പോലീസ് ആസ്ഥാനത്ത് 2006 ജൂണില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹൈടെക് സെല്ലിന്റെ പ്രവര്‍ത്തനം ഐ.ജി.ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. സൈബര്‍ ക്രൈം, ഡിജിറ്റല്‍ തെളിവുകള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കുന്നതും വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതും ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെ ചുമതലയില്‍പ്പെടുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച പരാതികള്‍ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ മുമ്പാകെയാണ് സമര്‍പ്പിക്കേണ്ടത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മിക്ക കുറ്റകൃത്യങ്ങളെയും ഐ.പി.സി.യിലെ വകുപ്പുകള്‍പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.ടി.ആക്ടിന്റെ മാത്രം ഉപയോഗം വഴി 2006 ല്‍ 10 കേസുകളും 2007 സപ്തംബര്‍ വരെ 17 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉയര്‍ന്നുവരുന്ന സൈബര്‍ ക്രൈം നിരക്ക് നേരിടുവാനായി സൈബര്‍ പോലീസ് സ്റ്റേഷന്‍ പോലുള്ള കൂടുതല്‍ സജ്ജീകരണങ്ങള്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്.

ഹൈടെക് ക്രൈം സെല്ലിനുവേണ്ടി സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തെളിയിക്കുന്നതിനും വേണ്ട സാങ്കേതിക സഹായം നല്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്, സി.ഡാക്ക് സൈബര്‍ ഫോറന്‍സിക് വിഭാഗമാണ്. സൈബര്‍ സുരക്ഷാ സോഫ്ട്വെയറുകളുടെ നിര്‍മാണത്തിലും സൈബര്‍ കേസുകള്‍ തെളിയിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഈ സ്ഥാപനം തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്നു.

സൈബര്‍ കുറ്റങ്ങള്‍ പെരുകുമ്പോള്‍ അത്തരം കെണികളില്‍ പെടാതിരിക്കുവാനും മുന്‍കരുതലുകളെടുക്കുവാനും സംവിധാനമൊരുക്കുന്ന വെബ് പോര്‍ട്ടലും ( www.cyberkeralam in ) കോള്‍സെന്ററും പൊതുജന താത്പര്യാര്‍ഥം (കോള്‍ സെന്റര്‍_04712727004) നിലവിലുണ്ട്. കേരള സംസ്ഥാന ഐ.ടി.മിഷന്റെ നേതൃത്വത്തില്‍ സി_ഡാക്കിലെ റിസോഴ്സ് സെന്റര്‍ ഫോര്‍ സൈബര്‍ ഫോറന്‍സിക് ( www.cyberforensics.in ) പോലീസ് ഹൈടെക് ക്രൈം സെല്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുള്ളത്. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചറിയുവാനും സംശയ ദുരീകരണങ്ങള്‍ക്കുമായി ഏകദേശം 300_ല്‍പരം ഇ മെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും ഈ സേവനത്തിലൂടെ മറുപടി നല്കിക്കഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് സൈബര്‍ ക്രൈം സംബന്ധമായ സഹായ നടപടികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
കടപ്പാട്- മാതൃഭൂമി

Advertisements

2അഭിപ്രായങ്ങള്‍

Filed under കേരളം, പത്രവാര്‍ത്തകള്‍

2 responses to “സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സ്ക്വാഡും

  1. sivakumar

    Thanks a lot for this post. Now, I am also in a cyber trap. I think the phone number given in your post can help me. Thanks a lot.

    Siva.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )