Daily Archives: ഡിസംബര്‍ 11, 2007

ഡിസംബര്‍ 11 ചൊവ്വ

വില കുറയില്ല; ദരിദ്രരുടെ ജീവിതം ദുരിതത്തിലേക്കെന്ന് പഠനം
ഹൈദരാബാദ്: ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന രൂക്ഷമായ വിലക്കയറ്റത്തിന് സമീപഭാവിയിലൊന്നും പരിഹാരമുണ്ടാവില്ലെന്ന് പഠനറിപ്പോര്‍ട്ട്. സാഹചര്യത്തിന്റെ പ്രത്യേകത ഉള്‍ക്കൊണ്ട് വിവിധ സര്‍ക്കാറുകള്‍ ഉചിതമായ നയങ്ങള്‍ രൂപപ്പെടുത്തിയില്ലെങ്കില്‍ ദരിദ്രരുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക മനുഷ്യാവകാശ ദിനത്തിന് മുന്നോടിയായി അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എഫ്.പി.ആര്‍.ഐ) എന്ന ആഗോള സംഘടന പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. സമീപഭാവിയില്‍ വിശപ്പ് ലോകമെങ്ങും വലിയ മനുഷ്യാവകാശ പ്രശ്നമായി ഉയരും. ആഗോളീകരണം, കാലാവസ്ഥാ വ്യതിയാനം, മധ്യവര്‍ഗ സമൂഹങ്ങള്‍ക്കുണ്ടായ സാമ്പത്തിക വളര്‍ച്ച തുടങ്ങി ഒട്ടനവധി കാരണങ്ങളാലാണ് ലോകമെങ്ങും ഭക്ഷ്യ വിലവര്‍ധന ഉണ്ടായത്. ഇന്ധനവില വര്‍ധന, നഗരവത്കരണം, കൃത്രിമ ഭക്ഷണങ്ങള്‍ക്കും പാക്കറ്റ് ഭക്ഷണങ്ങള്‍ക്കും നഗരങ്ങളില്‍ ഉണ്ടായ ജനപ്രിയത തുടങ്ങി അനവധി കാരണങ്ങളും വിലക്കയറ്റത്തിന് ഇടയാക്കി.

രണ്ടാം ലോകയുദ്ധത്തിനു ശേഷം വിവിധ രാജ്യങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഭക്ഷ്യ ഉല്‍പാദനം കൂടുകയും ഭക്ഷണവില കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ആഗോളീകരണത്തിന്റെ ഭാഗമായുള്ള പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്തെങ്ങും ഭക്ഷണ വില വീണ്ടും ഉയരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി വിലയില്‍ ഈ വര്‍ഷം വന്‍ വര്‍ധന ഉണ്ടായി. ഈ വിലക്കയറ്റം ഇനിയുള്ള നാളുകളില്‍ കൂടുതല്‍ രൂക്ഷമാകും. കണക്കുകള്‍ ഉദ്ധരിച്ച് ഐ.എഫ്.പി.ആര്‍.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിലക്കയറ്റം നേരിടാന്‍ വിവിധ രാജ്യങ്ങള്‍ കൃത്യമായ നയങ്ങള്‍ രൂപപ്പെടുത്തണം. അടുത്ത പത്തു വര്‍ഷത്തിനിടെ ലോകത്ത് ഭക്ഷ്യ ഉല്‍പാദനത്തില്‍ 20 ശതമാനം കുറവുവരും. വന്‍കിട രാജ്യങ്ങള്‍ ഇപ്പോള്‍ ഭക്ഷ്യ ഉല്‍പാദനത്തേക്കാള്‍ ഇന്ധന ഉല്‍പാദനത്തിലാണ് ശ്രദ്ധയൂന്നുന്നത്. ഇത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കും.
കടപ്പാട്- മാധ്യമം

സ്കൂളില്‍ നിന്നു പഠിക്കാം തെങ്ങുകയറ്റം
കോഴിക്കോട്: പഠിക്കാന്‍ ആളെ കിട്ടാതെ രാമദാസ് വൈദ്യരുടെ തെങ്ങുകയറ്റ കോളേജ് പൂട്ടിപ്പോയി. പക്ഷേ വിട്ടു കൊടുക്കാന്‍ കൃഷി വകുപ്പിന് ഭാവമില്ല. തെങ്ങുകയറ്റം പഠിപ്പിക്കാന്‍ സ്കൂള്‍ തുടങ്ങുകയാണവര്‍. തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായ കോഴിക്കോട് തന്നെയാണ് അതിന് തിരഞ്ഞെടുത്തിരിക്കുന്നത്.
സ്കൂളില്‍ അറുപത് പേര്‍ക്ക് ആറു മാസത്തെ പരിശീലനം നല്‍കും. പരിശീലനകാലത്ത് 1500 രൂപ സ്റ്റൈപന്‍ഡുണ്ട്. പരിശീലനം കഴിഞ്ഞിറങ്ങുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന് പുറമെ സൌജന്യമായി തെങ്ങുകയറ്റയന്ത്രവും നല്‍കും.
പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് സ്കൂളിനുള്ള പദ്ധതി തയ്യാറാക്കിയത്. ഇനി വേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ്.
കോഴിക്കോട് ജില്ലയിലെ കൂത്താളി, പേരാമ്പ്ര, തിക്കോടി, പുതുപ്പാടി കൃഷിഫാമുകളെ കേന്ദ്രീകരിച്ചായിരിക്കും സ്കൂളിന്റെ പ്രവര്‍ത്തനം.
തെങ്ങുകയറ്റത്തിന് പുറമെ കാര്‍ഷിക സര്‍വകലാശാല, അനുബന്ധ ഗവേഷണ കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ മരുന്നുതളി, രോഗപ്രതിരോധപ്രവര്‍ത്തനം, കൃഷിപരിപാലനം എന്നിവയിലും പരിശീലനം നല്‍കും.
പരിശീലനം നേടുന്നവര്‍ അഞ്ചുവര്‍ഷം അതത് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കണം. ഇവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉണ്ടായിരിക്കും. പ്രാദേശിക കാര്‍ഷിക ക്ളസ്റ്ററുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇവരുടെ സേവനം കേരകര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന കാര്യം കൃഷി ഭവനുകള്‍ ഉറപ്പാക്കും.
കുറഞ്ഞത് 45 ദിവസം കൂടുമ്പോഴെങ്കിലും തേങ്ങയിടീക്കണം. എന്നാല്‍ ഇപ്പോള്‍ പലരും നാലും അഞ്ചും മാസം കൂടുമ്പോഴാണ് തേങ്ങയിടീക്കുന്നത്. ഫംഗസ് രോഗങ്ങളായ കൂമ്പുചീയലും മഹാളിയും വ്യാപിക്കുന്നതിന് പ്രധാന കാരണം തെങ്ങിന്റെ കൂമ്പ് യഥാസമയം വൃത്തിയാക്കാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്കൂള്‍ ഈ പ്രശ്നങ്ങ ള്‍ക്കെല്ലാം പരിഹാരമാകുമെന്ന കണക്കു കൂട്ടലിലാണ് കൃഷി വകുപ്പ് സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചത്.
കടപ്പാട്- കേരളകൗമുദി

ചൂടു കൂടുന്നു; കുപ്പിവെള്ളത്തിനു പൊള്ളുന്ന വില
കോട്ടയം: മഴമാറി വേനല്‍ കനത്തതോടെ കുപ്പിവെള്ളത്തിനും പൊള്ളുന്ന വില. ലിറ്ററിനു 10-ല്‍ നിന്നു 13 രൂപയായാണു സീസണില്‍ വില ഉയര്‍ന്നത്. പാല്‍ ലിറ്ററിന് ഒരു രൂപ കൂടിയപ്പോള്‍ നെറ്റി ചുളിച്ച ജനം വെള്ളത്തിനു മൂന്നു രൂപ കൂടിയിട്ടും മിണ്ടുന്നില്ലെന്നത് രസകരമായ കാര്യം.

പതിമൂന്നു രൂപ മുതല്‍ 40 രൂപവരെയുള്ള മിനറല്‍ വാട്ടറാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ശബരിമല തീര്‍ഥാടകരുടെ വരവോടെ കേരളത്തില്‍ മാടക്കടകളില്‍ വരെ കുപ്പിവെള്ളം വില്‍പ്പനയ്ക്കുവച്ചിരിക്കുകയാണ് .പ്രധാനമായി പത്തു ബ്രാന്‍ഡുകളുടെ കുടിവെള്ളമാണ് മാര്‍ക്കറ്റിലുള്ളത്.

34 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് സംസ്ഥാനത്തെ താപനില. 26 ഡിഗ്രിയില്‍നിന്ന് ഒരുമാസത്തിനിടെയാണ് ചൂട് എട്ടു ഡിഗ്രി കൂടിയത്.

മഞ്ഞപ്പിത്തം, അതിസാരം,ചിക്കുന്‍ഗുനിയ എന്നിവയോടുള്ള ഭിതിയും മലയാളിയെ കുപ്പിവെള്ളത്തിലേക്ക് മാറ്റിയിട്ടുണ്ട്. നൂറു ലിറ്റര്‍ മുതല്‍ കുടിവെള്ളം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്‍സികളില്‍ ഗ്രാമങ്ങളില്‍വരെ വ്യാപ കമായിരി ക്കു ന്നു.

അടുത്ത മാസത്തോടെ താപനില ഇനിയും ഉയര്‍ന്ന് ജലസ്രോതസുകള്‍ വറ്റും. അതോടെ കേരളത്തിന്റെ ദാഹം ഇരട്ടിയാകും.

വഴിയോരങ്ങളില്‍ കരിക്ക് വില്‍പ്പനയും സജീവമാണ്. കരിക്കൊന്നിന് വില ഏഴു രൂപ മുതലാണു വില്‍പ്പന. നാര ങ്ങാവെള്ളത്തിനും ജ്യൂസിനും ആവശ്യക്കാര്‍ കൂടി.

മലയാളിയുടെ ശുദ്ധ നാടന്‍ ദാഹശമിനിയായ മോരിന്‍വെള്ളത്തിനു മാത്രം ആവശ്യക്കാര്‍ കൂടുന്നില്ല.
കടപ്പാട്- ദീപിക

മിന്നല്‍ പരിശോധന – ജ്വല്ലറികളില്‍ ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി

തിരു: സംസ്ഥാനത്തെ 27 ജ്വല്ലറികളില്‍ വാണിജ്യനികുതി വകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ ലക്ഷങ്ങളുടെ നികുതിവെട്ടിപ്പും അനധികൃതമായി സൂക്ഷിച്ച വന്‍ സ്വര്‍ണശേഖരവുംകണ്ടെത്തി. തിങ്കളാഴ്ച മാത്രം രണ്ടുകോടിയുടെ കണക്കില്‍പെടാത്ത വ്യാപാരം നടന്നതായി വ്യക്തമായിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്. അത് പൂര്‍ത്തിയായാല്‍ മാത്രമേ അനധികൃതവ്യാപാരം സംബന്ധിച്ച് കൃത്യമായ കണക്ക് അറിയാന്‍ കഴിയൂ.

നികുതി കോമ്പൌണ്ട് ചെയ്യാത്ത വന്‍കിട ജ്വല്ലറികളിലായിരുന്നു റെയ്ഡ്. കണക്കില്‍പ്പെടുത്താതെ വില്‍പ്പനയ്ക്കായി സൂക്ഷിച്ച സ്വര്‍ണം എല്ലായിടത്തും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്ട് ഒരു ജ്വല്ലറിയില്‍നിന്ന് 5.62 കിലോ സ്വര്‍ണവും കൊല്ലത്ത് അഞ്ച് കിലോയും കാസര്‍കോട്ട് 3.8 കിലോ സ്വര്‍ണവും കണ്ടെത്തി. നികുതിസംബന്ധമായ ക്രമക്കേട് നടത്തിയതിന്റെ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി വാണിജ്യനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

പരിശോധന നടത്തിയ ജ്വല്ലറികള്‍: തിരുവനന്തപുരം-ഭീമ, ആലപ്പാട്ട് ഫാഷന്‍സ്, കൊല്ലം-അയ്യപ്പാസ്, പ്രേം ഫാഷന്‍സ്, പത്തനംതിട്ട-തൃശൂര്‍ ഫാഷന്‍സ്, എക്സെല്‍ ജ്വല്ലറി, ഇടുക്കി- ബന്നീസ്, കോട്ടയം-ആലപ്പാട്ട്, ആലപ്പുഴ-ജോസ് ആലൂക്കാസ്, പാലത്തും ജ്വല്ലറി, എറണാകുളം- ഗിരിപൈ, ആലപ്പാട്ട്, ജോസ്കോ, പാലത്തറ ഫാഷന്‍സ് തൃശൂര്‍- ആലുക്കാസ്, അയോധ്യ, പാലക്കാട്- പവിഴം, തെയ്യംപാട്ടില്‍, മലപ്പുറം-ആലുക്കാസ് ഗോള്‍ഡ് പാലസ്, മലബാര്‍ ഗോള്‍ഡ്, കോഴിക്കോട്-ആലപ്പാട്ട് ഫാഷന്‍സ്, വയനാട്- രാജീവ് നായിക് മോഹന്‍ദാസ് ജ്വല്ലറി, ഗോള്‍ഡ് പാലസ്, കണ്ണൂര്‍-മഹാറാണി ജ്വല്ലറി, കുഞ്ഞിക്കണ്ണന്‍ ജ്വല്ലറി, കാസര്‍കോട്- അരമന, ജോസ്കോ.

കോഴിക്കോട് വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം അസി. കമീഷണര്‍ കെ പി സജീവന്റെ നിര്‍ദേശപ്രകാരം നടന്ന റെയ്ഡില്‍ കോഴിക്കോട്ട് ഡെപ്യൂട്ടി കമീഷണര്‍ മുഹമ്മദ് അഷറഫ്, വയനാട്ടില്‍ ഇന്‍സ്പെക്ടിങ് അസി. കമീഷണര്‍ കെ സി മോഹന്‍ദാസ്, മലപ്പുറത്ത് ഡെപ്യൂട്ടി കമീഷണര്‍ എന്‍ എ ആലി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെപ്യൂട്ടി കമീഷണര്‍ കെ രവീന്ദ്രന്‍, കോട്ടയത്ത് അസിസ്റ്റന്റ് കമീഷണര്‍ ജോസ് സിറിയക് എന്നിവര്‍ നേതൃത്വം നല്‍കി.

സ്വര്‍ണവ്യാപാരികള്‍ ഇന്ന് പണിമുടക്കും
ആലപ്പുഴ: സ്വര്‍ണാഭരണ വ്യാപാരശാലകളില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി നടത്തുന്ന റെയ്ഡില്‍ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവന്‍ സ്വര്‍ണം, വെള്ളി വ്യാപാരികളും ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കടപ്പാട്- ദേശാഭിമാനി

കൊച്ചി മെട്രോ ഉടന്‍; ഭൂമി ഏറ്റെടുക്കല്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ത്തന്നെ ഉണ്ടാകുമെന്നാണ് സൂചന.

തിങ്കളാഴ്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍വേ പദ്ധതി സംബന്ധിച്ച ആലോചന യോഗം മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ബി.ഒ.ടി. അടിസ്ഥാനത്തില്‍ വേണമോ അതോ മറ്റു രീതികളില്‍ വേണമോ പദ്ധതി നടപ്പാക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഇതിനായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രി എം. വിജയകുമാറും ഡിസംബര്‍ 19_ന് ഡല്‍ഹിയില്‍ കേന്ദ്ര നഗരാസൂത്രണ മന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരേയും കണ്ട് ചര്‍ച്ച നടത്തും.

ഡല്‍ഹി മെട്രോ റെയില്‍വേ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ ബി.ഒ.ടി. പദ്ധതിയാണ് കൊച്ചി മെട്രോയ്ക്കും നിര്‍ദേശിച്ചിരിക്കുന്നത്. ബി.ഒ.ടി.ക്കു പകരം മറ്റു പദ്ധതികള്‍ സ്വീകരിക്കുന്നതിന് കേന്ദ്രസഹായം ലഭ്യമാകുമോയെന്ന് പരിശോധിക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നത്.

യോഗത്തില്‍ മന്ത്രി എം. വിജയകുമാര്‍, കെ.വി. തോമസ് എം.എല്‍.എ., ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്നായിക്, കൊച്ചി മേയര്‍ പ്രൊഫ. മേഴ്സി വില്യംസ്, ഡെപ്യൂട്ടി മേയര്‍ മണിശങ്കര്‍, ചീഫ് സെക്രട്ടറി പി.ജെ. തോമസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീല തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കടപ്പാട്- മാതൃഭൂമി

സിറ്റിങ് കോച്ചുകളിലും തത്കാല്‍ റിസര്‍വേഷന്‍ വരുന്നു
കോഴിക്കോട്: തത്കാല്‍ റിസര്‍വേഷന്‍ രണ്ടാം ക്ളാസ് സിറ്റിങ് കോച്ചുകളിലും ഏര്‍പ്പെടുത്താന്‍ റയില്‍വേ തീരുമാനിച്ചു. വൈകാതെ ഇതു നിലവില്‍ വരും. ആദ്യഘട്ടത്തില്‍ കേരളത്തില്‍ ഏഴു ട്രെയിനുകളില്‍ ഈ സൌകര്യം ലഭ്യമാകും. ഇതു സംബന്ധിച്ച കത്ത് റയില്‍വേ ബോര്‍ഡ് മേഖലകളിലേക്ക് അയച്ചുകഴിഞ്ഞു.
സിറ്റിങ് കോച്ചുകളില്‍ യാത്രാച്ചാര്‍ജ്, റിസര്‍വേഷന്‍ ചാര്‍ജ് എന്നിവയ്ക്കു പുറമേ 15 രൂപയാണു തത്കാല്‍ ചാര്‍ജായി ഈടാക്കുക.

സിറ്റിങ് കോച്ചുകളില്‍ ആകെ സീറ്റിന്റെ 10% തത്കാല്‍ റിസര്‍വേഷനായി മാറ്റിവയ്ക്കും. ആദ്യഘട്ടത്തില്‍ വേണാട് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം എക്സിക്യൂട്ടീവ് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, എറണാകുളം-ബാംഗൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സംവിധാനം നടപ്പാക്കുക.

ഇതുവരെ രണ്ടാം ക്ളാസ് എസി, ത്രീടയര്‍ എസി, ചെയര്‍കാര്‍, സ്ലീപ്പര്‍ കോച്ചുകളിലായിരുന്നു തത്കാല്‍ റിസര്‍വേഷന്‍ സൌകര്യമുണ്ടായിരുന്നത്. ട്രെയിനിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള ചാര്‍ജും റിസര്‍വേഷന്‍ ചാര്‍ജും തത്കാല്‍ ചാര്‍ജും നല്‍കി യാത്രാദിവസമടക്കം ടിക്കറ്റ് ബുക്കു ചെയ്യാവുന്ന ഈ സൌകര്യം ഇപ്പോള്‍ യാത്രയ്ക്ക് അഞ്ചു ദിവസം മുന്‍പും ഉപയോഗിക്കാവുന്നതാണ്.
തിരക്കുള്ള സമയത്തു തത്കാല്‍ റിസര്‍വേഷന് പ്രത്യേക ചാര്‍ജ് ഈടാക്കാറുണ്ടെങ്കിലും സിറ്റിങ് കോച്ചുകളില്‍ ആ വ്യത്യാസമുണ്ടാകില്ല.
കടപ്പാട്- മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം