Daily Archives: ഡിസംബര്‍ 10, 2007

ഡിസംബര്‍ 10 തിങ്കള്‍

ഹൈസ്കൂളുകളിലെ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സാക്ഷരതയുടെ കാര്യത്തിലെന്ന പോലെ സമ്പൂര്‍ണ ഐ.ടി സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനവും കേരളമായിരിക്കുമെന്ന് മന്ത്രി എം.എ ബേബി പറഞ്ഞു.
ഹൈസ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുന്ന പദ്ധതി പി. ആര്‍ ചേംബറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസം. 29 മുതല്‍ 31 വരെ ടെക് നോപാര്‍ക്കില്‍ സംസ്ഥാനത്തെ ആദ്യ ഐ.ടി സ്കൂള്‍ മേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.ടി @ സ്കൂളിന്റെ ഭാഗമായി ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2800 സ്കൂളുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയിലേക്ക് ആദ്യഘട്ടത്തില്‍ 1200 സ്കൂളുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അടുത്ത ആഗസ്റ്റോടെ 2800 സ്കൂളുകളിലും ഇതു നടപ്പാക്കും. ഈ വര്‍ഷം 38 യു. പി സ്കൂളുകളിലും ഇതു നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ധാരണപത്രം ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ കെ. എസ് ശ്രീനിവാസന്‍ ഐ.ടി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്തിന് കൈമാറി. ഐ.ടി സെക്രട്ടറി ഡോ. അജയ്കുമാര്‍ അധ്യക്ഷനായിരുന്നു.
കടപ്പാട്- കേരളകൗമുദി

കുത്തക കമ്പനികള്‍ വയലുകള്‍ വാങ്ങിക്കൂട്ടുന്നു
പാലക്കാട്: കേരളത്തിലെ നെല്‍വയലുകള്‍ കുത്തകകമ്പനികള്‍ വാങ്ങിക്കൂട്ടുന്നു. പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ നെല്‍പാടങ്ങള്‍ കര്‍ഷകരെ പ്രലോഭിപ്പിച്ച് വന്‍ വില നല്‍കിയാണ് കൈവശപ്പെടുത്തുന്നത്.
റിലയന്‍സ് ഉള്‍പ്പെടെ കുത്തക കമ്പനികള്‍ പാലക്കാട് ജില്ലയില്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കഴിഞ്ഞു. ഭൂമി വില്‍ക്കാന്‍ വിഷമമുള്ള കര്‍ഷകരില്‍നിന്ന് ദീര്‍ഘകാല പാട്ടത്തിനെടുക്കുകയും ചെയ്യുന്നുണ്ട്. ‘റിലയന്‍സ് ഫ്രഷ്’ മാര്‍ക്കറ്റിലേക്കാവശ്യമുള്ള അരിയും പച്ചക്കറികളും ധാന്യങ്ങളും ഉല്‍പാദിപ്പിക്കുന്നതിനാണത്രെ ഇത്.

തൃശൂരിലെ കോള്‍പ്പാടങ്ങളും ആലപ്പുഴയിലെ കുട്ടനാടന്‍ പാടങ്ങളും ഇടനിലക്കാര്‍ മുഖാന്തരം വാങ്ങിക്കൊണ്ടിരിക്കുകയാണ്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അന്തകവിത്തുകളുടെയും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെയും പരീക്ഷണ നിലങ്ങളാക്കി ഇവയെ മാറ്റാനും അണിയറ നീക്കം നടക്കുന്നുണ്ട്.

കാലവര്‍ഷക്കെടുതിമൂലമുണ്ടായ ദുരിതം, തൊഴിലാളിക്ഷാമം, ഉല്‍പാദനചെലവ് എന്നിവ മൂലം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കര്‍ഷകനെ സഹായിക്കാനെന്ന വ്യാജേനയാണ് കുത്തക കമ്പനികള്‍ രംഗത്തുവരുന്നത്. അന്തകവിത്തുകള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നതിനെതിരെ കര്‍ഷകര്‍ രംഗത്തുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് കേരളത്തിലെ നെല്ലറകളിലെ പാടശേഖരങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.
ഈ സാഹചര്യം മുതലാക്കാന്‍ രാജ്യാന്തര അഗ്രി ബിസിനസ് കുത്തക കമ്പനിയായ ബേയറും രംഗത്തിറങ്ങിയിട്ടുണ്ട്.

ഇവരുടെ അത്യുല്‍പാദനശേഷിയുള്ള ‘ബേയര്‍ ഹൈബ്രീസ് സീഡ്’ എന്ന പുതിയ നെല്‍വിത്ത് കേരളത്തിലെ കാര്‍ഷികമേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ നീക്കങ്ങള്‍ നടന്നുവരികയാണ്.
റിലയന്‍സ് വാങ്ങിയ നെല്‍പാടങ്ങളാകും ഇതിന് ഉപയോഗിക്കുക എന്നാണ് സൂചന.
കടപ്പാട്- മാധ്യമം

നെല്ലുവില ഉയരുന്നു; കര്‍ഷകര്‍ നെല്‍കൃഷിയിലേക്ക്
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ നെല്ലുവില ഉയരുന്നു. ക്വിന്റലിന് 900 രുപവരെ വന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് ഈ വര്‍ഷം നെല്‍കൃഷി കുറവാണ്. കാലടിയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന അരിക്കമ്പനികള്‍ക്കുവേണ്ടി നെല്ല് വാങ്ങാന്‍ സജീവമായതോടയാണ് നെല്ലിന് വില ഉയരാന്‍ ഇടയായത്.

നെല്ലിന് തറവില നല്‍കിയുള്ള സംഭരണത്തില്‍ വയനാട് ഉള്‍പ്പട്ടിരുന്നില്ല. വയനാട്ടിലെ നെല്ല് ഗുണമേന്മയുള്ള നെല്ലാണ്. അതുകൊണ്ടുതന്നെ ഇവിടത്തെ നെല്ലിന് നല്ല മാര്‍ക്കറ്റുമുണ്ട്. തൊണ്ടി, അടുക്കല്‍ തുടങ്ങിയ നല്ലിയിനം നെല്ലാണ് വയനാട്ടില്‍ കൃഷിയിറക്കുന്നത്. ഇനിയും നെല്ലിന് വില കൂടാനാണ് സാധ്യത. അരിവില ഉയരുന്നതാണ് കാരണം. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തറവില നിശ്ചയിച്ച് നെല്ല് സംഭരിച്ചിരുന്നെങ്കിലും വയനാട്ടില്‍ സംഭരണം നടന്നില്ല. വിവിധ കമ്പനികള്‍ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന ഏജന്‍സികളും വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നെല്ലിന് ക്വിന്റലിന് 900 രൂപ നിശ്ചയിച്ച് മറ്റു ജില്ലകളില്‍ നെല്ല് സംഭരിച്ചെങ്കിലും വയനാട്ടില്‍ അതുണ്ടായില്ല. വിളവെടുപ്പിന്റെ തുടക്കത്തില്‍ ക്വിന്റലിന് 800 രൂപ പ്രകാരമാണ് കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്. അരിക്കും നെല്ലിനും വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകര്‍ നെല്‍കൃഷിയിലേക്ക് തിരിയാന്‍ കാരണമാകുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം വരെ നെല്‍പാടങ്ങള്‍ വാഴകൃഷിക്കും, ഇഞ്ചികൃഷിക്കുമായി വഴിമാറിയിരുന്നു.

കൃഷിയിറക്കുന്നതില്‍ നിന്നും നഷ്ടമല്ലാതെ ലാഭമൊന്നും ഇല്ലാത്തതായിരുന്നു ഇതിന് കാരണം. എന്നാല്‍ കാലാവസ്ഥയിലുണ്ടായ വ്യതിയാനവും, കാലവര്‍ഷക്കെടുതിയും മൂലം നല്ലൊരു ശതമാനം വാഴകൃഷി നശിച്ചു. അതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. വിളവുകള്‍ക്ക് ലഭിക്കുന്ന വിലയുടെ അടിസ്ഥാനത്തിലാണ് നെല്ല്, വാഴ, ഇഞ്ചി തുടങ്ങിയ കൃഷിയിലേക്ക് കര്‍ഷകര്‍ സാധാരണയായി തിരിയുന്നത്.
കടപ്പാട്- ദീപിക

ബിഗ് ബസാറിന്റെ അനുമതി റദ്ദാക്കും ഫ്ളാറ്റ് നിര്‍മാണ നിയന്ത്രണ നിയമം ജനുവരിയില്‍
തിരു: മൂന്നുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. തലസ്ഥാന നഗരത്തിലെ കുത്തക ചില്ലറവില്‍പ്പനശാലയായ ബിഗ് ബസാര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണാനുമതി റദ്ദാക്കാനും തദ്ദേശമന്ത്രി പാലോളി മുഹമ്മദ്കുട്ടി നിര്‍ദേശം നല്‍കി.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണമേഖല അടക്കിവാണ ഫ്ളാറ്റ്ലോബിയെ നിയന്ത്രിക്കാനുള്ള നിബന്ധനകള്‍ അടങ്ങിയ പുതിയ കെട്ടിടനിര്‍മാണചട്ടം ജനുവരിയില്‍ നിലവില്‍ വരും. കെട്ടിടത്തിന്റെ എല്ലാ വശത്തും നാല് അടിയെങ്കിലും സ്ഥലം ഒഴിച്ചിടണമെന്നതാണ് പ്രധാന നിര്‍ദേശം. ഇതുവരെ ഇത് മുന്‍വശത്തുമാത്രംമതിയായിരുന്നു.

വന്‍ കെട്ടിടങ്ങളുടെ തറവിസ്തീര്‍ണ അനുപാതം കുറയ്ക്കാനും തീരുമാനമായി. കുറഞ്ഞ വിസ്തീര്‍ണമുള്ള സ്ഥലത്ത് ഇനി കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാനാകില്ല. ഫ്ളാറ്റുകളിലേക്കും മറ്റു ബഹുനിലക്കെട്ടിടങ്ങളിലേക്കും വീതിയുള്ള റോഡ് വേണമെന്നും പുതിയ ചട്ടം അനുശാസിക്കുന്നു. ഒരേസമയം അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങള്‍ക്ക് കടന്നുപോകാനാകണം. തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാല്‍ ഫയര്‍എഞ്ചിന് കടന്നുപോകാന്‍ കഴിയണമെന്ന ആശയമാണ് ഇതിനു പിന്നില്‍. വാഹനപാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്താത്ത ഫ്ളാറ്റുകള്‍ക്കും വന്‍ കെട്ടിടങ്ങള്‍ക്കും നിര്‍മാണാനുമതി നല്‍കില്ല. തദ്ദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധം നിര്‍മാണം നടത്താന്‍ അനുവദിക്കില്ല. നാട്ടിലെ കുടിവെള്ളലഭ്യതയെ ദോഷകരമായി ബാധിക്കില്ലെന്നും ഉറപ്പാക്കണം.

കിഴക്കേകോട്ടയില്‍ എംജി റോഡിന് അഭിമുഖമായി നിര്‍മിച്ച ബിഗ് ബസാര്‍ കെട്ടിടം അനധികൃതമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നഗരവികസന പദ്ധതിക്കായി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടവിച്ച സ്ഥലത്ത് ഭരണസ്വാധീനമുപയോഗിച്ചാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെട്ടിടം നിര്‍മിച്ചത്.

തകരപ്പറമ്പ് മേല്‍പ്പാലം പൂര്‍ത്തിയാകുമ്പോള്‍ കുടിയിറക്കപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ കണ്ടെത്തിയ ഈ സ്ഥലത്ത് രണ്ടു നിലക്കെട്ടിടം നിര്‍മിക്കാനാണ് ആദ്യം അനുമതി നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിലെ തദ്ദേശമന്ത്രിയുടെ പ്രത്യേക നിര്‍ദേശമായിരുന്നു ഇതിനുപിന്നില്‍. കെട്ടിടനിര്‍മാണ പെര്‍മിറ്റ് നല്‍കരുതെന്ന് തിരുവനന്തപുരം വികസന അതോറിറ്റി നിര്‍ദേശിച്ചെങ്കിലും അതിനുമുമ്പേ തിരക്കിട്ട് നല്‍കകുകയായിരുന്നു. പിന്നീട് മൂന്നുനിലകൂടി നിര്‍മിക്കാന്‍ അനുമതി നല്‍കി.

സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥലത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല. അനുമതി റദ്ദാക്കാന്‍ മന്ത്രി നിര്‍ദേശിക്കുകകൂടി ചെയ്തതോടെ കെട്ടിടം സര്‍ക്കാരിന് ഏറ്റെടുക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യാം. നഗരവികസനപദ്ധതിമൂലം ഒഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ ഈ കെട്ടിടം ഉപയോഗിക്കാനാണ് സാധ്യത.

തമ്പാനൂര്‍ അരിസ്റോജങ്ഷനില്‍ തമിഴ്നാട് എംഎല്‍എക്ക് അനധികൃത കെട്ടിടം നിര്‍മിക്കാന്‍ കൂട്ടുനിന്ന മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അനധികൃതമായി നല്‍കിയ 154 കെട്ടിടനിര്‍മാണ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ തദ്ദേശവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.
കടപ്പാട്- ദേശാഭിമാനി

ജയ്റാം രമേശ് ‘മിനിസ്റ്റര്‍ ഫോര്‍ ഇടുക്കി’

കൊച്ചി/ഇടുക്കി: ഇടുക്കിയില്‍ ഒരു മലഞ്ചരക്കുകട തുടങ്ങിയാല്‍ ഉദ്ഘാടനം ആരു നിര്‍വഹിക്കും? എം.പിയേയോ പഞ്ചായത്ത് പ്രസിഡന്റിനെയോ മെമ്പറെപ്പോലുമോ കിട്ടിയില്ലെന്നുവരാം. എന്നാല്‍ അതിലുമെളുപ്പത്തില്‍ സാക്ഷാല്‍ കേന്ദ്രമന്ത്രിയെത്തന്നെ കിട്ടിയാലോ? കേന്ദ്രവാണിജ്യ സഹമന്ത്രി ജയ്റാം രമേശിന്റെ ഡേറ്റാണെങ്കില്‍ ഓകെ എന്നാണിപ്പോള്‍ ഇടുക്കിക്കാരുടെ സംസാരം. ഇതുവെറും തമാശയല്ലെന്നതിന് കേന്ദ്രമന്ത്രിയുടെ ടൂര്‍ ഷെഡ്യൂള്‍തന്നെ തെളിവ്. മാസത്തില്‍ രണ്ടുതവണയെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടില്‍, പ്രത്യേകിച്ച് ഇടുക്കിയില്‍, പറന്നെത്താന്‍ സമയം കണ്ടെത്തുന്ന ജയ്റാം രമേശിപ്പോള്‍ ‘കേരളത്തിന്റെ സ്വന്തം മന്ത്രി’യാണെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെപോലും അണിയറസംസാരം.

ഇടുക്കിയില്‍ ഇടയ്ക്കിടെയെത്തി പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന (നടപ്പാകുന്നതു വേറേ കാര്യം) ജയ്റാമിനു ചില ‘സ്വകാര്യ പാക്കേജു’കള്‍ ഉണ്ടെന്നും രാഷ്ട്രീയവൃത്തങ്ങളില്‍ സംസാരമുണ്ട്. കര്‍ണാടകയിലെ ചിക്മഗ്ളൂരില്‍ ജനിച്ച്, ആന്ധ്രപ്രദേശില്‍നിന്ന് ലോക്സഭയിലെത്തിയ ജയ്റാം അടുത്തതവണ ഇടുക്കി ലോക്സഭാ സീറ്റില്‍ നോട്ടമിട്ടിട്ടുണ്ടെന്നതാണ് അഭ്യൂഹങ്ങളില്‍ ഒന്ന്. വാണിജ്യമന്ത്രിക്ക് ഇടുക്കിയില്‍ ചില ‘വാണിജ്യ താല്‍പര്യങ്ങള്‍’ഉണ്ടെന്നതാണ് മറ്റൊന്ന്. എന്തായാലും ജയ്റാമിന്റെ മനസിലിരുപ്പ് തല്‍ക്കാലം അദ്ദേഹത്തിനു മാത്രമേ അറിയൂ. കേന്ദ്രത്തില്‍ പ്രതിരോധം, പ്രവാസികാര്യം, വിദേശകാര്യം തുടങ്ങിയ ‘കൊടി കെട്ടിയ’ വകുപ്പുകള്‍ സ്വന്തമായുള്ള കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെ ഇടയ്ക്കിടെ കാണണമെങ്കില്‍ ഈ കര്‍ണാടകക്കാരന്‍തന്നെ വേണമെന്നതാണ് അവസ്ഥ. ജയ്റാമിന്റെ ഇടുക്കി പ്രേമത്തില്‍ വേവലാതിപ്പെടുന്നത് ഇടുക്കിയുടെ ‘ശരിക്കും എം.പി’ ഫ്രാന്‍സിസ് ജോര്‍ജാണത്രേ. പലപ്പോഴും എം.പിയെ മന്ത്രിയുടെ പരിപാടി മുന്‍കൂട്ടി അറിയിക്കാറുമില്ല.
ഒരുവര്‍ഷത്തിനകം പത്തുതവണയെങ്കിലും ഹൈറേഞ്ചിലൂടെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങിയിട്ടുണ്ട്. സ്പൈസസ് ബോര്‍ഡിന്റെ ഇ-ഏലം ലേലകേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞദിവസവും മന്ത്രി ഇടുക്കിയിലുണ്ടായിരുന്നു.

ബോഡിനായ്ക്കന്നൂരില്‍ ബോര്‍ഡിന്റെ ആദ്യ ഇ-ലേലകേന്ദ്രം തുറന്നതും അദ്ദേഹംതന്നെ. ലോക തേയിലദിനാചരണത്തിന്റെ ഭാഗമായി അടുത്തയാഴ്ച രണ്ടുദിവസം മന്ത്രി കുമളിയിലും വണ്ടിപ്പെരിയാറിലുമുണ്ടാകും. വാണിജ്യ സഹമന്ത്രിയായതിനാല്‍ എല്ലാ വിളകളുടെയും വിളനിലമായ ഇടുക്കിയില്‍ വിഹരിക്കാന്‍ ഈ കോണ്‍ഗ്രസ് മന്ത്രിക്ക് മറ്റൊരു ന്യായീകരണം വേണ്ട. മന്ത്രിയുടെ ശ്രദ്ധ ഇടുക്കി ജില്ലയിലെ തേയിലക്കൃഷി, പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളുടെ ഉദ്ധാരണം, കശുവണ്ടി ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ വിപണി എന്നിവയില്‍ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെയും അടുപ്പക്കാരുടെയും വിശദീകരണം. എന്നാല്‍ പതിവായെത്തി, തേയിലയ്ക്കും ഏലത്തിനും കാപ്പിക്കും കുരുമുളകിനുമൊക്കെ കോടികള്‍ വാരിക്കോരി നല്‍കുമെന്നു പറയുന്നതല്ലാതെ നടപടിയൊന്നുമില്ലെന്ന് ഹൈറേഞ്ചിലെ കര്‍ഷകര്‍ പറയുന്നു. ഈയിനത്തിലൊന്നും കേന്ദ്രം നയാപൈസ നല്‍കിയതായും ആര്‍ക്കും അറിവില്ല. പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കൊപ്പമെത്തി കഴിഞ്ഞമാസം കലക്ടറേറ്റില്‍ ആയിരം രൂപ വീതം നക്കാപ്പിച്ച നല്‍കിയതാണ് ഏറ്റവും വലിയ സഹായം.

മന്ത്രി ഇടപെട്ട് പീരുമേട്ടില്‍ ആര്‍.ബി.ടി. ഗ്രൂപ്പിന്റെ നാലു തോട്ടവും രണ്ടു ഫാക്ടറിയും തുറന്നെങ്കിലും ഫാക്ടറികള്‍ നവീകരിക്കാനോ ആനുകൂല്യം കൊടുക്കാനോ നടപടിയില്ലാത്തതിനാല്‍ തൊഴിലാളികള്‍ പട്ടിണിയുടെ വക്കിലാണ്. വര്‍ഷങ്ങളായുള്ള കുടിശികയെപ്പറ്റിയും ക്രിസ്മസ് ആകാറായിട്ടും ഉത്സവബത്തയെക്കുറിച്ചും മൌനം. പീരുമേട്ടിലെ ഒരു വന്‍കിട തേയിലക്കമ്പനിയോടു മന്ത്രിക്ക് അതിരുവിട്ട സ്നേഹമുണ്ടെന്ന് ചില തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. അടുത്തതവണ ഇടുക്കി ജില്ലയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനുള്ള കളമൊരുക്കുകയാണു ജയ്റാമിന്റെ ലക്ഷ്യമെന്ന് എതിരാളികള്‍. കുമളിയിലേയും വണ്ടന്‍മേട്ടിലേയും പ്രാദേശികനേതാക്കളെപ്പോലും മന്ത്രി പേരുചൊല്ലിവിളിക്കുമത്രേ.
കടപ്പാട്- മംഗളം

മെര്‍ക്കിസ്റ്റണ്‍: മന്ത്രിമാര്‍ക്ക് നോട്ടീസ്
കൊച്ചി: മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ബിനോയ് വിശ്വം, പി.കെ ഗുരുദാസന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സേവി മനോ മാത്യുവിനും നോട്ടീസ് അയച്ചിട്ടുണ്ട്. പ്രത്യേക ദൂദന്‍ വഴിയാണ് നോട്ടീസ് അയച്ചത്.

മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് കോടതി നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്. വാദം നിലനില്‍ക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
കടപ്പാട്- മനോരമ

കര്‍ഷക ഇന്‍ഷ്വറന്‍സ് പദ്ധതി: ധനവകുപ്പിന്റെ വാദങ്ങള്‍ ശരിയല്ല_മുല്ലക്കര

തിരുവനന്തപുരം: അഞ്ച് ലക്ഷം കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള ‘കിസാന്‍ശ്രീ’ പദ്ധതി സംബന്ധിച്ച് ധനവകുപ്പ് നിരത്തുന്ന തടസ്സവാദങ്ങള്‍ക്കെതിരെ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍.
രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള അഞ്ച് ലക്ഷം കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപയുടെ ‘കവറേജ്’ നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയുടെ പ്രീമിയം 20 രൂപ കൂടുതലാണെന്നു വാദിക്കുന്ന ധനവകുപ്പ് ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തി പ്രീമിയത്തില്‍ കുറവു വരുത്തിയാല്‍ അതിനെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും മന്ത്രി മുല്ലക്കര രത്നാകരന്‍ ‘മാതൃഭൂമി’യോടു പറഞ്ഞു.

വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി രണ്ട് തവണ കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഒരു തവണ താന്‍ നേരിട്ട് ചര്‍ച്ച നടത്തുകയും കര്‍ഷക ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി രൂപരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഒരു ‘കണ്‍സോര്‍ഷ്യം’ രൂപവത്കരിച്ച് സമര്‍പ്പിച്ച നിര്‍ദ്ദേശം സ്വീകരിക്കുകയായിരുന്നു. പ്രീമിയം തുകയായ 20 രൂപയുടെ 50 ശതമാനം കര്‍ഷകര്‍ അടയ്ക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ മുഴുവന്‍ പ്രീമിയവും സര്‍ക്കാര്‍ വഹിക്കണമെന്നാണ് കൃഷി വകുപ്പിന്റെ നിലപാട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50 രൂപ പ്രീമിയത്തില്‍ ഏഴുലക്ഷം രൂപയുടെ കവറേജ് നല്‍കുന്ന പദ്ധതിയുമായി ‘കിസാന്‍ശ്രീ’ പദ്ധതിയെ ധനവകുപ്പ് താരതമ്യപ്പെടുത്തുന്നത് ശരിയല്ല. വളരെ സുരക്ഷിതമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലിരുന്നാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. അരക്ഷിത സാഹചര്യങ്ങളില്‍ പാടത്തും പറമ്പിലും മലയോരത്തും പ്രകൃതിദുരന്തങ്ങളോടും പാമ്പുകളോടും മറ്റും മല്ലടിച്ചാണ് കര്‍ഷകന്‍ പണിയെടുക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് അവരുടെ റിട്ടയര്‍മെന്റ് പ്രായമായ 55 വരെയാണെങ്കില്‍ നിര്‍ദ്ദിഷ്ട കര്‍ഷക ഇന്‍ഷ്വറന്‍സ് പദ്ധതിയായ ‘കിസാന്‍ശ്രീ’ കര്‍ഷകര്‍ക്ക് 70 വയസ്സുവരെ പരിരക്ഷ നല്‍കാനാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു.

കേരളത്തില്‍ 30_35 ലക്ഷം കര്‍ഷകരുണ്ടെന്നും ഇന്‍ഷ്വറന്‍സ് പദ്ധതി എങ്ങനെ അഞ്ചുലക്ഷം കര്‍ഷകര്‍ക്ക് മാത്രമായി ക്ലിപ്തപ്പെടുത്തുമെന്നുമാണ് ധന വകുപ്പിന്റെ മറ്റൊരു ചോദ്യം. കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 10 ലക്ഷം കര്‍ഷകര്‍ക്കായി നടപ്പാക്കാനുദ്ദേശിച്ച പദ്ധതിക്ക് ആകെ ലഭിച്ചത് എട്ടര ലക്ഷം അപേക്ഷകള്‍ മാത്രമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 10 ശതമാനം കര്‍ഷകര്‍ കാര്‍ഷിക മേഖലയില്‍ നിന്നും ഒഴിവായെന്നാണ് കൃഷി ശാസ്ത്രജ്ഞനായ ഡോ.എം.എസ്.സ്വാമിനാഥന്റെ റിപ്പോര്‍ട്ട്. കേരളത്തിലാണ് കാര്‍ഷികമേഖല വിടുന്നവരുടെ എണ്ണം ഏറ്റവും കൂടുതലെന്നും ഡോ.സ്വാമിനാഥന്‍ കണ്ടെത്തിയിട്ടുണ്ട്. മൊത്തം കുടുംബ വരുമാനത്തിന്റെ 50 ശതമാനം കാര്‍ഷികമേഖലയില്‍ നിന്നും ലഭിക്കുന്നവരും രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരുമായ ചെറുകിട കര്‍ഷകരെ ഉദ്ദേശിച്ചാണ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാന്‍ കൃഷിവകുപ്പ് ലക്ഷ്യമിട്ടത്. ഈ വിഭാഗത്തില്‍ ആറുലക്ഷത്തില്‍ താഴെ കര്‍ഷകര്‍ മാത്രമാണ് കേരളത്തിലുള്ളതെന്നും കൂടുതല്‍ പേരെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഭൂമിയുടെ വിസ്തീര്‍ണ്ണം, കുടുംബവരുമാനം എന്നിവ സംബന്ധിച്ച് ഇപ്പോള്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ മാറ്റേണ്ടിവരുമെന്നും മുല്ലക്കര രത്നാകരന്‍ പറഞ്ഞു.

മൂന്ന് ജില്ലകളില്‍ പൈലറ്റ് പ്രോജക്ടായി നടപ്പാക്കാമെന്ന നിര്‍ദ്ദേശവും സ്വീകാര്യമല്ല. വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ക്ക് ഇപ്പോള്‍ ചില പദ്ധതികളുടെ പരിരക്ഷയുണ്ട്. അതിനാല്‍ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിരക്ഷ ആ മൂന്ന് ജില്ലകളില്‍ മാത്രമായി ഒതുക്കാതെ കേരളത്തില്‍ മുഴുവന്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും മുല്ലക്കര പറഞ്ഞു.

കര്‍ഷക ഇന്‍ഷ്വറന്‍സ് പദ്ധതി, കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ എന്നിവ സംബന്ധിച്ച് കൃഷിവകുപ്പിനെതിരെ ധനമന്ത്രി നിരത്തുന്ന വാദങ്ങള്‍ ശരിയല്ലെന്നാണ് കൃഷി വകുപ്പിലെ രേഖകളും തെളിയിക്കുന്നത്. കര്‍ഷക ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്കാവശ്യമായ തുക ബജറ്റിലെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് സ്കീം എന്ന ശീര്‍ഷകത്തില്‍ വക കൊള്ളിച്ചിട്ടുള്ള തുകയില്‍ ചെലവാകാതെ ബാക്കിയുള്ള ഒന്നേകാല്‍ കോടി രൂപയില്‍ നിന്നും കണ്ടെത്താമെന്നിരിക്കേ സാങ്കേതികത്വം പറഞ്ഞ് ധനവകുപ്പ് ഇടങ്കോലിടുകയാണ്. പദ്ധതിക്കായി ബജറ്റ് വിഹിതത്തില്‍ നിന്നും ഒരു രൂപപോലും അധികം കണ്ടെത്തേണ്ടിവരില്ലെന്നും ‘ബജറ്റ്നെസി’ന്റെ പേരിലുള്ള സാങ്കേതികത്വം പറഞ്ഞാണ് ധനവകുപ്പ് തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നതെന്നും കൃഷിവകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

കാര്‍ഷിക കടാശ്വാസ കമ്മീഷന് പണം അനുവദിക്കുന്നതിനെയും കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതിയേയും സംബന്ധിച്ചുള്ള മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകളിലുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് മന്ത്രി മുല്ലക്കര രത്നാകരന്‍ അറിയിച്ചിരുന്നു.
കടപ്പാട്- മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, മാധ്യമം