പാമോയില്‍ – കടപ്പാട് മാതൃഭൂമി

4-12-07
പാമോയില്‍ ഇറക്കുമതി; വേറിട്ട ചില സത്യങ്ങള്‍

ഡോ. ആര്‍. ഗോപിമണി

‘പാമോയില്‍ യുദ്ധം’ വീണ്ടും തുടങ്ങുന്നു. ഓര്‍മയില്ലേ, രണ്ടുമൂന്നു കൊല്ലം മുമ്പ് കോഴിക്കോട് അങ്ങാടിയിലെ പെരുവഴിമുഴുവന്‍ പാമോയില്‍ കൊണ്ട് കുളിച്ചത്. പക്ഷേ, ഇപ്പോള്‍ സമരമുഖം കൊച്ചിത്തുറമുഖമാണെന്ന വ്യത്യാസം ഉണ്ട്. പാമോയില്‍ ഇറക്കുമതിയെച്ചൊല്ലി ജനാധിപത്യത്തിന്റെ രണ്ട് ‘നെടുംതൂണുകള്‍’ തമ്മിലാണ് ഇപ്പോള്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ഈ സ്വരച്ചേര്‍ച്ചയില്ലായ്മ എല്‍.ഡി.എഫ്. ഗവണ്മെന്റിന്റെ തുടക്കം മുതലേയുണ്ട്. പക്ഷേ, ഇപ്പോള്‍ അത് തുറന്ന യുദ്ധത്തിലേക്ക് മാറിയിരിക്കുന്നു. ഈ യുദ്ധത്തിന്റെ പുറകിലെ വേറിട്ട ചില സത്യങ്ങള്‍ മനസ്സിലാകണമെങ്കില്‍ ഏതാണ്ട് രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് തന്നെ ഫ്രാന്‍സില്‍ കൊടുമ്പിരിക്കൊണ്ട ‘സൂര്യകാന്തി യുദ്ധത്തിന്റെ’ വിശദാംശങ്ങളിലേക്ക് കണ്ണോടിക്കേണ്ടിയിരിക്കുന്നു.

പുതിയ ഗാട്ട് കരാറൊക്കെ നടപ്പിലാകുന്നതിനും വളരെ മുമ്പുണ്ടായതാണാ സംഭവം. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും മലേഷ്യയില്‍ ഉത്പാദിപ്പിക്കുന്ന പാമോയിലും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മകള്‍ പോലെ തന്നെയായിരുന്നു അമേരിക്കയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന നിലക്കടലയെണ്ണയും ഫ്രാന്‍സില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സൂര്യകാന്തിയെണ്ണയും തമ്മിലുള്ള വൈരുദ്ധ്യങ്ങളും. ഉത്പാദനക്ഷമതയില്‍ ഫ്രാന്‍സില്‍ വളരുന്ന സൂര്യകാന്തിയുടെ നാലിരട്ടി മെച്ചമാണ് അമേരിക്കയിലെ നിലക്കടല വിളയെങ്കില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വെളിച്ചെണ്ണയുടെ നാലിരട്ടിയാണ് മലേഷ്യയിലെ ഓയില്‍പാമിന്റെ ഉത്പാദനക്ഷമത.

അമേരിക്കയില്‍ നിന്നും യൂറോപ്പിലേക്കുള്ള കയറ്റുമതിയില്‍ ഏറ്റവും മുന്തിയ ഒരു കാര്‍ഷികോത്പന്നമായിരുന്നു നിലക്കടലയെണ്ണ. നിലക്കടലച്ചെടിയുടെ ജന്മദേശമാണ് അമേരിക്കയെന്നോര്‍ക്കുക. സ്വാഭാവികമായും വളരെക്കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന ആ പ്രദേശത്തെ സസ്യ വളര്‍ച്ചയുടെ നാലിലൊന്നുമാത്രമേ ഫ്രാന്‍സിലെ കൊടും തണുപ്പില്‍ വളരുന്ന സൂര്യകാന്തിക്കുള്ളു. എന്നുവെച്ച് ഫ്രഞ്ച് ഗവണ്മെന്റിന് തങ്ങളുടെ സൂര്യകാന്തികര്‍ഷകരെ കൈവിടാനൊക്കുമോ? അമേരിക്കന്‍ നിലക്കടലയെണ്ണയെ മാര്‍ക്കറ്റില്‍ തോല്പിക്കാന്‍ വേണ്ടി ഫ്രഞ്ച് ഗവണ്മെന്റ് തങ്ങളുടെ സൂര്യകാന്തികര്‍ഷകര്‍ക്ക് ചെലവിന്റെ രണ്ടിരട്ടിയോളം (200ശതമാനം) സബ്സിഡി നല്‍കിയാണ് സണ്ല്ല്‍വര്‍ ഓയിലിനെ സ്വന്തം വിപണിയില്‍ നിലനിര്‍ത്തിയത്! ഈ കണ്ടെത്തലാണ് വാസ്തവത്തില്‍ പിന്നീട് ‘ഡങ്കല്‍ ഡ്രാഫ്റ്റിനും’ ഒടുവില്‍ സുദീര്‍ഘമായ ‘ഉറുഗ്വേ റൌണ്ട്’ ചര്‍ച്ചകള്‍ക്കും ശേഷം ലോകവാണിജ്യസംഘടനയുടെ (ഡബ്ല്യു.ടി.ഒ) രൂപവത്കരണത്തില്‍ കലാശിച്ചത്.

കാര്‍ഷികസബ്സിഡികളെ സംബന്ധിച്ചും ഇറക്കുമതിച്ചുങ്കത്തെ സംബന്ധിച്ചുമുള്ള അതീവ സങ്കീര്‍ണമായ അന്താരാഷ്ട്ര നിയമങ്ങള്‍ പുതിയ ഗാട്ട് കരാറില്‍ ഉള്‍ച്ചേര്‍ത്തതിന്റെ കഥകള്‍ പറഞ്ഞാല്‍ അത് ഒരു ലേഖനത്തില്‍ ഒതുങ്ങില്ല. പക്ഷേ, എത്ര ഗുരുതരമാണീ നിയമങ്ങളുടെ ഉള്ളറകള്‍ എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രം പുതിയ ഗാട്ട് നിയമത്തിലെ ഇറക്കുമതിച്ചുങ്കത്തിന് പരിധി കല്പിക്കുന്ന ഒമ്പതാം അനുബന്ധത്തിലെ മൂന്നാം ഭാഗത്തിലെ അഞ്ചാം ആര്‍ട്ടിക്കിളിന് കീഴില്‍ വരുന്ന 1(എ) (ബി) വകുപ്പുകളും 4 (എ) (ബി) (സി) വകുപ്പുകളും ഇവിടെ അതേപടി ഉദ്ധരിക്കട്ടെ: ” 1986_88 സാമ്പത്തിക വര്‍ഷങ്ങളിലെ ഉത്പന്ന നിലവാരം അടിസ്ഥാനമാക്കി ഒരു നിശ്ചിത ‘കാഞ്ചിനില'(റിഹഷഷവി ാവ്വവാ) കവിയുന്ന അവസ്ഥയില്‍ മാത്രമേ ഇറക്കുമതിച്ചുങ്കം അടിച്ചേല്‍പ്പിക്കാവൂ എന്നതാണ് ഈ നിയമത്തിന്റെ കാതല്‍. ഇത്തരത്തില്‍ അടിസ്ഥാന കാഞ്ചിവില(റിഹഷഷവി ്യിഹരവ) നിശ്ചയിച്ചുകഴിഞ്ഞാല്‍ അതും യഥാര്‍ഥ ഇറക്കുമതിവിലയും(തദ്ദേശീയ കറന്‍സിയില്‍) തമ്മിലുള്ള വ്യത്യാസം പത്തുശതമാനമോ അതില്‍ കുറവോ ആണെങ്കില്‍ അധികപ്പറ്റായി ഒട്ടുംതന്നെ കൂടുതല്‍ തീരുവ ചുമത്താന്‍ പാടില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ വ്യത്യാസം പത്തുശതമാനത്തില്‍ കൂടുതലോ, 40 ശതമാനമോ അതില്‍ കുറവോ ആണെങ്കില്‍ 10 ശതമാനം വിലവ്യത്യാസത്തിനു മുകളില്‍ വരുന്ന തുകയുടെ 30 ശതമാനം അധികത്തീരുവ ചുമത്താവുന്നതാണ്. വിലവ്യത്യാസം 40 ശതമാനത്തില്‍ അധികമോ 60ശതമാനമോ അതില്‍താഴെയോ ആണെങ്കില്‍ അധികം ചുമത്താവുന്ന ഇറക്കുമതിത്തീരുവ 40 ശതമാനത്തിനുമുകളില്‍ വരുന്ന തുകയുടെ 50 ശതമാനമായിരിക്കും. വിലവ്യത്യാസം 60 ശതമാനത്തിനു മുകളിലോ 75 ശതമാനമോ അതില്‍താഴെയോ മാത്രമാണെങ്കില്‍ കാഞ്ചിവിലയുടെ 60 ശതമാനത്തിനു മുകളില്‍ വരുന്ന തുകയും മേല്‍പ്പറഞ്ഞ രണ്ട് അധിക തീരുവകളും ചേര്‍ന്ന തുക അധികമായി ചുമത്താവുന്നതാണ്. എന്നാല്‍ വിലവ്യത്യാസം 75 ശതമാനത്തിനുമേലാണെങ്കില്‍ കാഞ്ചിവിലയുടെ 90 ശതമാനത്തിനുമേല്‍വരുന്ന തുകയും മേല്‍പ്പറഞ്ഞ മൂന്നു അധികതീരുവകളും കൂടിച്ചേര്‍ന്ന തുകയായിരിക്കും അധികമായി ചുമത്താവുന്ന തീരുവയുടെ സീമാങ്കം”

അതിസങ്കീര്‍ണമായ ഈ കണക്കുകൂട്ടലുകള്‍ക്കു ശേഷം തീരുമാനിക്കപ്പെട്ട ഇറക്കുമതിച്ചുങ്കം നല്കിക്കൊണ്ടാണ് ഇപ്പോള്‍ മലേഷ്യന്‍ കമ്പനി കൊച്ചിത്തുറമുഖത്ത് തങ്ങളുടെ ഉത്പന്നം ഇറക്കുമതി ചെയ്യുന്നതെന്നോര്‍ക്കുക. ഇത്തരം ഇറക്കുമതികള്‍ നിരോധിക്കണമെങ്കില്‍ പുതിയ ഗാട്ട്കരാര്‍ അംഗീകരിച്ച് ണഠഛയില്‍ അംഗമായിത്തീര്‍ന്ന ഇന്ത്യയെപ്പോലൊരു രാജ്യത്തിനു മലേഷ്യയുമായി ഒരു ‘യുദ്ധം’ പ്രഖ്യാപിക്കേണ്ടിവരുമെന്നതാണ് സത്യം. ഇതെല്ലാം മറികടന്നുകൊണ്ടാണ് കേരള സര്‍ക്കാറിന്റെ മുറവിളികള്‍ക്കു താല്‍ക്കാലിക പരിഹാരമെന്നനിലയില്‍ കേന്ദ്രഗവണ്മെന്റ് കൊച്ചിത്തുറമുഖത്തുകൂടിയുള്ള ഇറക്കുമതി ‘മാത്രം’ നിരോധിച്ചത്. ഇതാകട്ടെ, നിയമത്തിന്റെ പഴുതുകളിലൂടെയുള്ള ഒരു ‘ട്രപ്പീസ്’ അഭ്യാസം കൊണ്ടാവാനേ വഴിയുള്ളൂ.

കേരളത്തില്‍ ഉദ്ദേശം 65 ലക്ഷത്തോളം വീട്ടുവളപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ ഒരു തെങ്ങുപോലും ഇല്ലാത്ത വീട്ടുവളപ്പുകള്‍ അപൂര്‍വമായിരിക്കും. പക്ഷേ, ചെറ്റക്കുടിലുകളില്‍ (വീട്ടുവളപ്പില്ലാത്ത) കഴിയുന്ന 35 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ‘ഒരു ചമ്മന്തിയരയ്ക്കാന്‍’ അന്തിച്ചന്തയില്‍ പോയി അരമുറിത്തേങ്ങ വാങ്ങിക്കുന്നവരാണെന്ന സത്യം ഏവരും മറക്കാന്‍ ശ്രമിക്കുന്നു. ഭൂനയ ബില്ലുകൊണ്ടുവന്നപ്പോള്‍ 10 സെന്റ് കുടികിടപ്പവകാശം നല്കി’ പടിയടച്ച് പിണ്ഡം വെയ്ക്കപ്പെട്ട’വരുടെ പിന്‍തലമുറക്കാരാണ് ഈ പാവങ്ങള്‍ എന്നോര്‍ക്കണം. അതേസമയം വരമ്പത്തു നിന്നു ‘കൃഷിനിയന്ത്രിച്ച’ പാട്ടക്കുടിയാന്മാര്‍ക്കു ഏക്കറുകണക്കിനാണ് ഭൂമിസ്വന്തമായിക്കിട്ടിയത്.

നാളികേരത്തിന്റെ നാട്ടില്‍ ‘തേങ്ങ വാങ്ങി’ കഴിയേണ്ട ഗതികേടില്ലാത്തവരാണെന്നോര്‍ക്കുക. അവരുടെ പിന്‍തലമുറക്കാരുടെ വക്കാലത്തു മാത്രമാണ് ‘കേരകര്‍ഷകന്റെ’പേരില്‍ മുഖ്യമന്ത്രി ഇന്നേറ്റെടുത്തിരിക്കുന്നത് എന്നതു വിരോധാഭാസമല്ലേ?

ആരാണീ കേരകര്‍ഷകന്‍? കേരളസംസ്ഥാനത്തില്‍ പൂര്‍ണസമയം കൃഷി നടത്തുന്ന കേരകര്‍ഷകര്‍ എത്രയുണ്ടെന്നു ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

തേങ്ങവാങ്ങി ഉപഭോഗം നടത്തുന്ന 35 ലക്ഷം കുടുംബങ്ങളെപ്പറ്റി മുഖ്യമന്ത്രിക്കു യാതൊരു വേവലാതിയും ഇല്ലേ? പുതിയ ഗാട്ടുകരാര്‍ നിലവില്‍ വന്നശേഷവും അതിലെ ഗ്രീന്‍ബോക്സ്, ബ്രൌണ്‍ബോക്സ് തുടങ്ങിയ പഴുതുകള്‍ ഉപയോഗപ്പെടുത്തി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ കര്‍ഷകര്‍ക്കു ഇന്നും കൃഷിച്ചെലവിന്റെ രണ്ടുംമൂന്നും ഇരട്ടി സബ്സിഡികള്‍ നല്കിവരുന്നുണ്ടെന്നതാണ് വാസ്തവം. എന്തുകൊണ്ട് നമ്മുടെ രാജ്യത്തെ സര്‍ക്കാറുകള്‍ക്കു അത്തരം ഉയര്‍ന്ന സബ്സിഡികള്‍ കര്‍ഷകനു നല്കാനാവുന്നില്ല?

പശ്ചിമബംഗാളില്‍ ഒരു നന്ദിഗ്രാം ഉണ്ടായതിന്റെ യഥാര്‍ഥ പശ്ചാത്തലം അന്വേഷിച്ചു പോയാല്‍ ഈ വൈരുദ്ധ്യം വെളിവാകും. സ്മാര്‍ട്ട് സിറ്റികള്‍ക്കും കാര്‍ഫാക്ടറികള്‍ക്കും രാസഫാക്ടറികള്‍ക്കും സലീംഗ്രൂപ്പ് മുതല്‍ ടാറ്റാ_ബിര്‍ളാ പ്രഭൃതികള്‍ക്കുവരെ കോടികള്‍ നല്കി ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ ഔത്സുക്യം കാട്ടുന്ന സര്‍ക്കാറുകള്‍ കര്‍ഷകരുടെ 25,000 രൂപവരെയെങ്കിലുമുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ പലവട്ടം ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ത്? ഇക്കാര്യങ്ങളൊന്നും ഓര്‍ക്കാതെ ജഡ്ജിമാര്‍ക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങള്‍ ‘കറുത്ത വ്യംഗ്യങ്ങളില്‍’ പൊതിഞ്ഞ് എറിയാന്‍ ശ്രമിക്കുന്ന എക്സിക്യൂട്ടീവ് ചീഫുകള്‍ ആരെയാണ് വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്?

5-12-07 ആക്ഷേപങ്ങളും അഭിപ്രായങ്ങളും

ഡോ.തോമസ് വര്‍ഗീസ്

പാമോയില്‍ ഇറക്കുമതിയും എതിര്‍പ്പിന്റെ പ്രസക്തിയും

‘പാമോയില്‍ ഇറക്കുമതി വേറിട്ട ചില സത്യങ്ങള്‍’ എന്ന ഡോ.ആര്‍.ഗോപിമണിയുടെ ലേഖനമാണ് ഈ കത്തിനാധാരം. ഗാട്ട് കരാറിന്റെ ഭാഗമായി നടപ്പാക്കിയ ഇറക്കുമതി താരീഫ് നിബന്ധനകളനുസരിച്ച് ഭക്ഷ്യ എണ്ണകള്‍ക്ക് 300 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നകാര്യം ലേഖകന്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. 2004 -ല്‍ സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതി തീരുവ 94.2 ശതമാനമായിരുന്നത് ഇപ്പേള്‍ 52.5 ശതമാനമാക്കി കുറച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു? ഇന്ത്യ ലോകവ്യാപാര കരാറില്‍ ഒപ്പുവെച്ച 1994 ഏപ്രില്‍ 16 മുതല്‍ ഒരുവര്‍ഷത്തിനിടെ ഇറക്കുമതി ചെയ്ത ഭക്ഷ്യ എണ്ണയുടെ അളവ് 2.5 ലക്ഷം ടണ്ണുകളായിരുന്നത് 2006 നവംബര്‍ മുതല്‍ 2007 ഒക്ടോബര്‍ 31 വരെ 50 ലക്ഷം ടണ്‍ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്തു. ഇന്ത്യയിലെ ഈ വര്‍ഷത്തെ ഭക്ഷ്യ എണ്ണക്കുരുക്കളുടെ ഉത്പാദനം 25 ശതമാനം കണ്ട് വര്‍ദ്ധിച്ചിരിക്കുമ്പോഴാണിത്.

2004-05 -ല്‍ വെളിച്ചെണ്ണയുടെ ആഭ്യന്തര മൊത്ത വിപണനവില കിലോയ്ക്ക് 65 രൂപയായിരുന്നത് 2007 ജനുവരി മുതല്‍ കുത്തനെ താണ് ഇപ്പോള്‍ 45 – 47 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഇതുമൂലം സാധാരണ കേര കര്‍ഷകന് ശരാശരി മൂന്നു രൂപയില്‍ താഴെ മാത്രമേ ലഭിക്കുന്നുള്ളു. മണ്ഡരിബാധയും കാറ്റ് വീഴ്ചയും കാരണം ഒരുവര്‍ഷം 90 കോടിയിലേറെ നാളികേരത്തിന്റെ ഉത്പാദനക്കുറവാണ് കേരളം നേരിടുന്നത്. ഇതുവഴിയും വിലത്തകര്‍ച്ച കാരണവും കേരളത്തിലെ കര്‍ഷകര്‍ പ്രതിവര്‍ഷം 2050 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നത്. ഈ ദുസ്ഥിതികാരണം കടക്കെണിയിലും ദുരിതത്തിലുമായ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന ഏര്‍പ്പാടാണ് കുറഞ്ഞ താരീഫ് നിരക്കില്‍ താരതമ്യേന വിലക്കുറഞ്ഞ ക്രൂഡ് പാമോയിലും സംസ്കരിച്ച പാമോയിലും കൊച്ചി ബേപ്പൂര്‍ തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്നത്. ഈ വസ്തുതകള്‍ മനസിലാക്കിയാണ് കേന്ദ്ര നാളികേര വികസന ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഈ തുറമുഖങ്ങള്‍ വഴിയുള്ള പാമോയില്‍ ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദേശവാണിജ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ കൊച്ചി വഴിയുള്ള ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത് കേരകര്‍ഷകര്‍ക്ക് അനുഗ്രഹമാകുമായിരുന്നു. നിര്‍ഭാഗ്യ വശാല്‍ നീതിപീഠത്തിന്റെ താത്ക്കാലിക ഉത്തരവ് ഇറക്കുമതിക്കാര്‍ക്ക് സഹായകമായി. ഭാഗ്യവശാല്‍ മറ്റൊരു നീതിപീഠം വസ്തുതകള്‍ കൂലങ്കഷമായി പരിശോധിച്ചുവരുന്നത് കേരകര്‍ഷകര്‍ക്ക് ആശ്വാസദായകമാണ്. ഈ വസ്തുതകളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസ്.അച്ചുതാനന്ദന്‍ പ്രകടിപ്പിച്ചത്.

5-12-07
പാമോയിലുമായി ബേപ്പൂര്‍ തുറമുഖത്ത് വീണ്ടും കപ്പല്‍

കോഴിക്കോട്: ഇന്തോനേഷ്യയില്‍നിന്ന് 6000 മെട്രിക്ടണ്‍ പാമോയിലുമായി വീണ്ടും ഒരുകപ്പല്‍ ബേപ്പൂര്‍ തുറമുഖത്തെത്തി. ചൊവ്വാഴ്ച രാത്രി പുറങ്കടലിലെത്തിയ കപ്പലില്‍നിന്ന് ബാര്‍ജുകളില്‍ പാമോയില്‍ തുറമുഖത്തേക്ക് എത്തിച്ചുതുടങ്ങി. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയാണ് പാമോയില്‍ ഇറക്കുമതി ചെയ്യുന്നത്. പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തുറമുഖത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാമോയില്‍ ഇറക്കുമതിക്ക് യാതൊരു തടസ്സവുമില്ലെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു. പാമോയില്‍ ഇറക്കുമതിക്കുള്ള വിലക്ക് നീക്കിയശേഷം മുന്‍പ് രണ്ടുതവണ ബേപ്പൂരിലും കൊച്ചി തുറമുഖത്തും പാമോയിലുമായി ഇന്തോനേഷ്യന്‍ കപ്പലുകളെത്തിയിരുന്നു. ക്രിസ്മസ്, ബക്രീദ് സീസണുകള്‍ മുന്നില്‍ക്കണ്ടാണ് വന്‍തോതിലുള്ള പാമോയില്‍ ഇറക്കുമതിയെന്ന് കരുതുന്നു. എം.പി.എസ്.ടി പിഞ്ചില്‍ എന്ന കപ്പലാണ് ഇത്തവണ പാമോയിലുമായി എത്തിയിരിക്കുന്നത്.

8-12-07
പാമോയില്‍ ഇറക്കുമതി മുഴുവനായി നിരോധിക്കാനാവില്ല_ കേന്ദ്രമന്ത്രി

കൊച്ചി: പ്രത്യേക സാഹചര്യങ്ങളിലല്ലാതെ രാജ്യത്ത് പാമോയില്‍ ഇറക്കുമതി നിരോധിക്കാനാവില്ലെന്ന് കേന്ദ്ര വാണിജ്യകാര്യസഹമന്ത്രി ജയറാം രമേഷ്. ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യയെണ്ണയെന്ന നിലയില്‍ പാമോയില്‍ ഇറക്കുമതി തടയാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ്സ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെളിച്ചെണ്ണയ്ക്കുവേണ്ടിമാത്രം ഞങ്ങള്‍ക്ക് ഏകപക്ഷീയമായ ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. എല്ലാ ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളും വഴിയുള്ള പാമോയില്‍ ഇറക്കുമതി തടയുന്ന കാര്യം എളുപ്പമല്ല. ഇതുസംബന്ധിച്ച് കേരളത്തിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കേന്ദ്രമന്ത്രി പറഞ്ഞു. കേരകര്‍ഷകരെ രക്ഷപ്പെടുത്താന്‍ പ്രായോഗികമായ മറ്റു വഴികള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ആഭ്യന്തര എണ്ണ ഉത്പാദനം വളരെക്കുറവായ സാഹചര്യത്തില്‍ വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റനാണ് ഇറക്കുമതിയെന്നും ജയറാം രമേശ് വ്യക്തമാക്കി.

 ‘കൊക്കോയില്‍’ പണ്ടേ തയ്യാര്‍; വേണ്ടത് രാഷ്ട്രീയ തീരുമാനം

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍ വെളിച്ചെണ്ണയില്‍നിന്ന് വികസിപ്പിച്ചെടുത്ത എന്‍ജിന്‍ ഓയില്‍ വിപണിയിലെത്തുന്നതിന് തടസ്സമാകുന്നത് കേന്ദ്രനിബന്ധനകള്‍ മാത്രം.

ഇത് മറികടക്കാനുള്ള രാഷ്ട്രീയ തീരുമാനമുണ്ടായാല്‍ നാളികേര കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ഗവേഷകര്‍ പറയുന്നു. നാളികേര വികസന ബോര്‍ഡിനുവേണ്ടിയാണ് കുസാറ്റിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. 2002ലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ ആരംഭിച്ചത്. കേരളത്തിലുടനീളം വെളിച്ചെണ്ണ എന്‍ജിന്‍ ഓയിലായി ഉപയോഗിച്ചുവന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നടത്തിയ സര്‍വേയോടെയായിരുന്നു തുടക്കം.

കാര്‍ബറേറ്റില്‍ ഒരുതരം വെളുത്ത പൊടിയടിഞ്ഞുകൂടുന്നതും വര്‍ധിച്ച തേയ്മാനവുമാണ് സര്‍വേയില്‍ കണ്ടെത്തിയ പ്രധാന പരാതികള്‍. സൂക്ഷ്മമായി അരിച്ചെടുക്കാത്ത വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അതിലടങ്ങിയ പിണ്ണാക്കിന്റെ പൊടിയാണ് വെള്ളപ്പൊടിയായി അടിഞ്ഞുകൂടുന്നത്. 120 ഡിഗ്രിക്ക് മുകളില്‍ താപനിലയെത്തുമ്പോള്‍ സസ്യയെണ്ണകളുടെ വഴുവഴുപ്പ് നഷ്ടപ്പെടുന്നതാണ് തേയ്മാനം വര്‍ധിക്കാന്‍ കാരണം. പരീക്ഷണത്തില്‍ കണ്ടെത്തിയ മറ്റൊരുന്യൂനത 23 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വെളിച്ചെണ്ണ കട്ടിയാകുന്നതാണ്. പെട്രോളുമായി ചേര്‍ത്താണ് ഓട്ടോറിക്ഷകളിലും മറ്റും ഉപയോഗിക്കപ്പെട്ടിരുന്നത് എന്നതിനാല്‍ ഈ ന്യൂനത ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
തുടര്‍ന്ന് നടത്തിയ പഠനങ്ങളില്‍ ഒരു പ്രത്യേക മിശ്രിതം നേരിയ അളവില്‍ വെളിച്ചെണ്ണയുമായി ചേര്‍ത്ത് മികച്ച പ്രവര്‍ത്തനക്ഷമതയുള്ള ടൂസ്ട്രോക്സ് എന്‍ജിന്‍ ഓയില്‍ വികസിപ്പിക്കാമെന്ന് കണ്ടെത്തി. കട്ടിയാകുന്ന ഊഷ്മാവ് 8_10 ഡിഗ്രി വരെ കുറയ്ക്കാനും കഴിഞ്ഞു. മറ്റെല്ലാ ഘടകങ്ങളിലും നിലവിലുള്ള ഏത് ഇരുചക്രവാഹന യന്ത്ര എണ്ണകളോടും കിടപിടിക്കത്തക്ക പ്രകടനമാണ് ‘കൊക്കോയില്‍’ എന്ന് പേരിട്ട വെളിച്ചെണ്ണ അധിഷ്ഠിതമായ ടൂസ്ട്രോക്ക് എന്‍ജിന്‍ ഓയില്‍ കാഴ്ചവച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനിയറിങ്ങിലെ ഡോ. എന്‍.എച്ച്. ജയദാസ് പറഞ്ഞു.

രണ്ടുവര്‍ഷത്തോളം കേരളത്തിലെ സാഹചര്യങ്ങളില്‍ വാഹനങ്ങളില്‍ പരീക്ഷിച്ച് പരമാവധി ന്യൂനതകള്‍ പരിഹരിച്ചശേഷം ഈ വര്‍ഷം ഫിബ്രവരിയില്‍ നാളികേര വികസന ബോര്‍ഡിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. ഇനി എന്‍ജിന്‍ ഓയില്‍ വിപണിയിലെത്തിക്കുന്നതിന് മുഖ്യതടസ്സം അത് കട്ടിയാവുന്ന ഊഷ്മാവ് സംബന്ധിച്ച കേന്ദ്ര നിബന്ധനകളാണ്. യന്ത്ര എണ്ണകള്‍_ 6 ഡിഗ്രിയിലേ കട്ടിയാകാവൂ എന്നതാണ് മാനദണ്ഡം.
മറ്റെല്ലാ നിബന്ധനകളും ‘കൊക്കോയിലി’ല്‍ പാലിക്കപ്പെടുന്ന സാഹചര്യത്തില്‍, തണുപ്പേറിയ മേഖലകളിലൊഴികെ ഈ നിബന്ധനയില്‍ അല്പം ഇളവനുവദിച്ചാല്‍ വെളിച്ചെണ്ണ അധിഷ്ഠിതമായ യന്ത്രയെണ്ണ വൈകാതെ വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഉഷ്ണ_മിതശീതോഷ്ണ മേഖലകളില്‍ ഉപയോഗിക്കാന്‍ നിലവിലെ 8_10 ഡിഗ്രി എന്ന അവസ്ഥ പര്യാപ്തമാണ്. ഇപ്പോള്‍ വിപണിയിലുള്ള യന്ത്ര എണ്ണകള്‍ക്ക് 110_130 രൂപ വില വരുമ്പോള്‍
‘കൊക്കോയിലി’ന്റെ ഉല്പാദനച്ചെലവ് 65 രൂപയോളം മാത്രമാണ്.

കട്ടിയാവുന്ന താപനില കുറയ്ക്കാനുള്ള ചെലവുകുറഞ്ഞ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ തങ്ങള്‍ തുടരുകയാണെന്ന് പഠനസംഘാംഗവും സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് സീനിയര്‍ ലക്ചററുമായ ജി. അജിത്കുമാര്‍ പറഞ്ഞു.

Advertisements

3അഭിപ്രായങ്ങള്‍

Filed under കേരളം

3 responses to “പാമോയില്‍ – കടപ്പാട് മാതൃഭൂമി

 1. അങ്കിള്‍

  ഇന്നത്തെ (5-12-2007) വൈകീട്ടുള്ള അമൃതാ ന്യൂസില്‍ കേട്ടത്‌.

  പന്ന്യന്‍ രവീന്ദ്രന്‍: “കേന്ദ്ര് സര്‍ക്കാരിന്റെ തെറ്റായ നയം കാരണ മാണ് ബേപ്പൂരില്‍ വീണ്ടും പാമോയിലുമായി കപ്പല്‍ എത്തിയത്‌. എം.പി. മാരെല്ലാം ചേര്‍ന്ന്‌ പ്രതിഷേധിക്കാന്‍ പോകുന്നു.“

  കേരളാ ഭക്ഷ്യ മന്ത്രി: “എര്‍ണാകുളത്ത് ട്രെയിനില്‍ വന്ന പാമോയില്‍ ഞങ്ങള്‍ പിടിച്ചെടുത്തില്ലേ?. അതേ പോലെ ബേപ്പൂരില്‍ വന്ന കപ്പലും പാമോയിലും ഞങ്ങല്‍ പിടിച്ചെടുക്കാന്‍ പോകുന്നു.“

  ഏതാ നടക്കാന്‍ പോകുന്നത്‌? പിടിച്ചെടുക്കലോ, പ്രതിഷേധിക്കലോ?.

  ലാബ്‌ റിപ്പോര്‍ട്ട്: എര്‍ണാകുളത്ത്‌ ട്രെയിന്‍ മാര്‍ഗ്ഗമെത്തിച്ച പാമോയില്‍ ഭക്ഷ്യയോഗ്യമെന്ന്‌ ലബോറട്ടറി റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നു.

  പിടിച്ചു വച്ചിരിക്കുന്ന ട്രെയിനിനെ ഇനി സര്‍ക്കാര്‍ എന്തു ചെയ്യും?.

 2. എന്തായാലും കേരളത്തില്‍ ഇനി അധികം തെങ്ങുണ്ടാവില്ല. പാമോയില്‍ ആരോഗ്യത്തിന് ഹാരികരമാണോ എന്ന് ആരും പഠനം നടത്തുകയും ഇല്ല. “കണ്‍സ്യൂമര്‍ സാറ്റിസ് ഫാക്ഷന്‍ ഈസ് ദി മോട്ടോ”. 75 രൂപ വെളിച്ചെണ്ണയ്ക്കും 30 രൂപ പാമോയിലിനുമായിരുന്നപ്പോള്‍ പാമോയില്‍ കലര്‍ത്തി വെളിച്ചെണ്ണ വിറ്റിരുന്നത് തല്കാലം ആവര്‍ത്തിക്കില്ല. ഇനിയിപ്പോള്‍ കരിഓയിലിന്റെ കറുപ്പ് നിറം മാറ്റിയ ഫാറ്റിന് നല്ല കാലം. ആ ഫാറ്റ് കലര്‍ത്തിയതുകൊണ്ടാണ് ഹൃദ്രോഗം വരുന്നതെന്ന് ആരും പറയില്ലല്ലോ. കഴിക്കുന്നത് വില കുറഞ്ഞ വെളിച്ചെണ്ണയല്ലെ!!! ആരോഗ്യരംഗം മെച്ചപ്പെടണമെങ്കില്‍ മനുഷ്യന് അസുഖങ്ങള്‍ വരികയും ചികിത്സിക്കുകയും വേണം. അതില്‍ 90 ശതമാനവും ആഹാരത്തിലൂടെയും. ഡോ.ഗോപിമണി പറയുമ്പോലെ കേരളത്തിലെ ദരിദ്ര നാരായണന്മാര്‍ക്ക് ഒരുമുറി തേങ്ങയും അതുകൊണ്ടുണ്ടാക്കുന്ന ചമ്മന്തിയും അല്ല ആവശ്യം. അവര്‍ക്ക് ചിക്കനും മസാലയും മതി. കാരണം 250 രൂപ ഒരു തൊഴിലാളിയുടെ ദിവസ ശമ്പളം ആണ്. കൃ​ഷിക്കാരന് വായ്പയുമായി ബാങ്കുകളും അത് കൊടുപ്പിക്കുവാന്‍ സര്‍ക്കാരും കര്‍ഷകരുടെ പുറകെയുണ്ട്. പോക്കറ്റാല്‍ പുലി പുല്ലും തിന്നും എന്നു പറഞ്ഞപോലെ നാളെ കൃഷി രക്ഷപ്പെടുമെന്ന പ്രതീക്ഷയില്‍ വായ്പയെടുക്കുന്ന കര്‍ഷകന്‍ കൊലക്കയര്‍ സ്വയം കഴുത്തിലണിയുന്നു. തെങ്ങ് വെട്ടിമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ 1000 രൂപ കൊടുക്കും എന്നൊരു വാര്‍ത്ത കേട്ടു. തല്കാലം കര്‍ഷകനൊരാശ്വാസം.

 3. ഭക്ഷ്യയോഗ്യമായ വെളിച്ചെണ്ണകൊണ്ട് കൊക്കോയിലും ഭക്ഷ്യയോഗ്യമല്ലാത്ത പാമോയില്‍ വെളിച്ചെണ്ണയെക്കാള്‍ കൂടിയവിലയ്ക്ക് ഭക്ഷ്യയെണ്ണയും. സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളുടെ നല്ലകാലം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w