ഡിസംബര്‍ 08 ശനി

ചോറുതന്നെ വേണോ? മുട്ടയും പാലും പോരെ? _മന്ത്രി ദിവാകരന്‍

തൃശ്ശൂര്‍: നമുക്ക് ചോറുതന്നെ വേണോ? രണ്ടു മുട്ടയും ഒരു ഗ്ലാസ് പാലും പോരെ? വിലക്കയറ്റം നേരിടാനായി മന്ത്രി സി. ദിവാകരന്റേതാണീ ഉപദേശം. പെരിങ്ങോട്ടുകരയില്‍ ആരംഭിച്ച സംസ്ഥാന മൃഗസംരക്ഷണമേളയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മലയാളികളുടെ ആഹാരക്രമത്തെ മന്ത്രി കുറ്റപ്പെടുത്തിയത്.

വിലക്കയറ്റം ചില ആളുകള്‍ പറഞ്ഞുപരത്തുന്നതാണെന്നും യഥാര്‍ഥത്തില്‍ നാട്ടില്‍ ഒരു വിലക്കയറ്റവും ഉണ്ടായിട്ടില്ലെന്നും തൃശ്ശൂരില്‍ പോലീസ് അക്കാദമിയില്‍ നടന്ന മറ്റൊരു ചടങ്ങില്‍ മന്ത്രി പ്രസ്താവിച്ചു. വിലക്കയറ്റം തടയാന്‍ സിവില്‍ സപ്ലൈസ് കമ്പോളത്തില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തില്‍ മന്ത്രി പറഞ്ഞു.

അരിയെമാത്രം ആശ്രയിക്കുന്ന നമ്മുടെ ആഹാരക്രമം മാറണമെന്നാണ് പെരിങ്ങോട്ടുകരയിലെ പ്രസംഗത്തില്‍ മന്ത്രി നിര്‍ദേശിച്ചത്. വീട്ടില്‍ കോഴിയുണ്ട്. തൊഴുത്തില്‍ പശുവുണ്ട്. ആ വഴിക്ക് ചിന്തിച്ചുകൂടേ? ഒരു കോഴിയെക്കൂടി കറിവെച്ചാല്‍ സുഖമല്ലേ? സ്കൂളുകളില്‍ കുട്ടിക്ലബ്ബുകള്‍ വഴി മുയലിനെയും പറ്റുമെങ്കില്‍ വെച്ചൂര്‍പശുവിനെത്തന്നെയും നല്‍കുന്ന കാര്യം പരിഗണിക്കുകയാണ്. 400 കോടി മുട്ട തമിഴ്നാട്ടില്‍നിന്ന് വര്‍ഷംതോറും വാങ്ങിയാണ് നാം ഓംലറ്റ് കഴിക്കുന്നത്. ചിക്കന്‍ഫ്രൈയും അങ്ങനെത്തന്നെ. ഒരുവര്‍ഷം 1500 കോടി രൂപയാണ് മുട്ടയ്ക്കും പാലിനും വേണ്ടി തമിഴ്നാട്ടിലേക്ക് പോകുന്നത്.

അരിവില കൂടുന്നതിന് അടിസ്ഥാനപ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. കാര്‍ഷികമേഖലയില്‍ നിക്ഷേപം കുറയ്ക്കുന്നു. കര്‍ഷകര്‍ക്ക് കൃഷിഭൂമി നല്‍കുന്നില്ല. കച്ചവടക്കാര്‍ക്ക് നല്ല കൊയ്ത്താണ്. കേന്ദ്രത്തിന് കരിഞ്ചന്തക്കാരെ അമര്‍ച്ച ചെയ്യാനാവുന്നില്ല. അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉല്പാദനമേഖലയില്‍ നമ്മുടെ ലക്ഷ്യം പാളുന്നു. അനുകൂല കാലാവസ്ഥയുണ്ടെങ്കിലും പാലുല്പാദനം കൂടുന്നില്ല. എരുമവളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കും. 10 ഏക്കര്‍ പുല്‍ക്കൃഷിചെയ്യാന്‍ തയ്യാറുള്ള പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം രൂപ സഹായം നല്‍കും. എല്‍.ഡി.എഫ്. സര്‍ക്കാര്‍ രണ്ടുതവണ പാലിന്റെ വില കൂട്ടിയത് കര്‍ഷകര്‍ക്കുവേണ്ടിയാണ്. തയ്യാറുള്ള തൊഴില്‍ യൂണിറ്റുകള്‍ക്ക് പശുവും ആടും താറാവും കാടയും കോഴിയും എല്ലാം ഒരുമിച്ചുനല്‍കുന്ന പദ്ധതിയുമുണ്ട് _മന്ത്രി പറഞ്ഞു.
കടപ്പാട്- മാതൃഭൂമി

നാലായിരം ടണ്‍ കുരുമുളക് ഇറക്കുമതിക്കരാറായി

കൊച്ചി: സംസ്ഥാനത്തെ കുരുമുളക് കര്‍ഷകരെ വലയ്ക്കാന്‍ ഇന്ത്യയിലെ വന്‍കിട ലോബികള്‍ നാലായിരം ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്യുന്നു. ഉത്തരേന്ത്യയിലെ വന്‍കിട കയറ്റുമതിക്കാരാണ് ഇറക്കുമതിക്കായ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇന്തോനീഷ്യയില്‍നിന്ന് മൂവായിരം ടണ്ണും ബ്രസീലില്‍നിന്ന് ആയിരം ടണ്ണും കുരുമുളക് ഇറക്കുമതിക്കാണ് കരാര്‍ ഒപ്പിട്ടത്. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ വിലയേക്കാള്‍ ടണ്ണിന് 200 മുതല്‍ 300 ഡോളര്‍വരെ വിലകുറച്ചാണ് ഇറക്കുമതി ചെയ്യുന്നത്. കേരളത്തില്‍ കുരുമുളകിന് സീസണ്‍ തുടങ്ങാനിരിക്കെ ഇറക്കുമതി കൂടിയെത്തിയാല്‍ കുരുമുളക് വില താഴെപ്പോകും. തുലാവര്‍ഷം കാര്യമായി കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഉല്‍പാദനം വൈകിയതും കര്‍ഷകരെ വലച്ചു.

ഡിസംബര്‍ പകുതികഴിഞ്ഞോ, ജനുവരിയിലോ സീസണ്‍ തുടങ്ങിയേക്കുമെന്നാണ് പറയുന്നത്. രണ്ടുമാസത്തിനിടയിലാണ് ഇറക്കുമതി പ്രതീക്ഷിക്കുന്നത്. കുരുമുളകിന് ഇപ്പോഴത്തെ വില കിലോയ്ക്ക് 126 രൂപയാണ്.
സംസ്കരിച്ചതിന് 132. സീസണ്‍ തുടങ്ങിയാല്‍ വില നൂറിലും താഴെപ്പോകുമെന്ന് വ്യാപാര വൃത്തങ്ങള്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന മുളക് ഇവിടത്തെ നാടന്‍ മുളകുമായി കൂട്ടിക്കലര്‍ത്തി ആഭ്യന്തര വിപണിയിലും കയറ്റുമതിക്കുമാണ് ഉപയോഗിക്കുന്നത്. ആഭ്യന്തര വിപണിയില്‍ കുരുമുളകിന് വിലയിടിക്കാനുള്ള തന്ത്രവുമായാണ് ഉത്തരേന്ത്യന്‍ ലോബികള്‍ കുരുമുളക് ഇറക്കുമതി ചെയ്യുന്നത്.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ മുളക് ടണ്ണിന് 3700 ഡോളറാണ്. മറ്റ് ഉല്‍പാദക രാജ്യങ്ങളുടെ നിരക്ക് ഇന്ത്യയേക്കാള്‍ കുറവാണ്. ബ്രസീലില്‍ നിന്ന് ടണ്ണിന് 3050 ഡോളറിലും ഇന്തോനേഷ്യയില്‍ നിന്ന് 3200 ഡോളറിനുമാണ് ഇറക്കുമതി കരാറായത്.

ഇറക്കുമതി മുളക് കൊച്ചിയില്‍ എത്തുന്നതോടെ ഇറക്കുമതി മുളകിന്റെ വിലയും മാറും. കപ്പല്‍കൂലി കഴിഞ്ഞാലും ഇറക്കുമതിക്കാര്‍ക്കു ലാഭം തന്നെയാണ്. ഇറക്കുമതിക്കെതിരേ കുരുമുളക് കയറ്റുമതി സമൂഹം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇറക്കുമതിമൂലം കര്‍ഷകരായിരിക്കും സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുന്നത്.
കടപ്പാട്- മംഗളം

നെല്‍കൃഷി വികസന ബോര്‍ഡിനും കൂട്ടുകൃഷിക്കും നിര്‍ദേശം
കൊച്ചി: നെല്‍കൃഷി വികസന ബോര്‍ഡ് രൂപീകരിക്കണമെന്നും കൂട്ടുകൃഷിക്കു സംവിധാനമുണ്ടാക്കണമെന്നും നിയമസഭാ സമിതിക്കു മുന്നില്‍ നിര്‍ദേശം. നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ ബില്ലിനെക്കുറിച്ച് അഭിപ്രായം ശേഖരിക്കുന്നതിനായി നിയമസഭയുടെ സെലക്ട് കമ്മിറ്റി നടത്തിയ സിറ്റിങ്ങിലാണു നിര്‍ദേശങ്ങള്‍. നിലമൊരുക്കുന്നതു മുതല്‍ കൊയ്ത്തു വരെയുള്ള ചെലവുകള്‍ക്കായി കര്‍ഷകര്‍ക്കു കുറഞ്ഞ പലിശയ്ക്കു വായ്പ നല്‍കണം. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും ഏര്‍പ്പെടുത്തണം.

എട്ടു ലക്ഷം ഹെക്ടറുണ്ടായിരുന്ന നെല്‍പ്പാടങ്ങള്‍ രണ്ടു ലക്ഷം ഹെക്ടറായി കുറഞ്ഞതു റവന്യൂ വകുപ്പ് വര്‍ഷങ്ങളായി തുടരുന്ന അനാസ്ഥ മൂലമാണെന്നും ആരോപണമുയര്‍ന്നു. നിലവിലുള്ള നിയമങ്ങള്‍ വച്ചു തന്നെ നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ കഴിയുമായിരുന്നു. കര്‍ഷകനെ മുന്‍നിര്‍ത്തി വേണം പുതിയ നിയമനിര്‍മാണമെന്ന് ഇന്‍ഫാം ആവശ്യപ്പെട്ടു.

കര്‍ഷകനെ കൃഷിക്കു പ്രേരിപ്പിക്കുന്ന രീതിയിലുള്ള നിര്‍ദേശങ്ങളാണു വേണ്ടത്. നെല്‍വയല്‍ തരിശിട്ടാല്‍ ശിക്ഷിക്കുമെന്നൊക്കെയുള്ള നിര്‍ദേശങ്ങള്‍ സാഹചര്യം മനസ്സിലാക്കാതെയാണ്. തോട്ടവിള ഒഴികെയുള്ള ഏതു കൃഷിയും പാടങ്ങളില്‍ ചെയ്യാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്നും ഇന്‍ഫാം ആവശ്യപ്പെട്ടു. നെല്‍വയല്‍ നികത്തുന്നതിനെതിരെ മാത്രമല്ല നടപടി സ്വീകരിക്കേണ്ടതെന്നും ഇഷ്ടിക നിര്‍മാണത്തിനായി മണ്ണു കുഴിച്ചെടുക്കുന്നതിനെതിരെയും നടപടി വേണമെന്നും പരിസ്ഥിതി സംഘം ആവശ്യപ്പെട്ടു.

മൂന്നുപൂവ് നെല്ല് കൃഷി ചെയ്തിരുന്ന ചൊവ്വരയിലേയും ശ്രീമൂലനഗരത്തെയും പാടങ്ങളിലെല്ലാം ഇപ്പോള്‍ ഇഷ്ടികക്കളങ്ങളാണെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിച്ചു. പുതിയ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ ബില്‍ അവസാന വാക്കല്ലെന്നും പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചു മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്നും മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.

നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനും കൃഷി വികസിപ്പിക്കുന്നതിനുമായി ഏതു നിര്‍ദേശവും ഈ മാസം 31 വരെ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. എംഎല്‍എമാരായ കെ. ബാബു, കെ.വി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പള്ളിപ്പുറം ബാലന്‍, വി. ചന്ദ്രശേഖരന്‍, കോവൂര്‍ കുഞ്ഞുമോന്‍, സാജു പോള്‍, എന്‍. രാജന്‍, ടി.യു. കുരുവിള, സി.പി. മുഹമ്മദ്, സി.കെ.പി. പത്മനാഭന്‍, എ.എം. യൂസഫ്, ജില്ലാ കലക്ടര്‍ മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി.എസ്. ഷൈല എന്നിവര്‍ പങ്കെടുത്തു.
കടപ്പാട്- മനോരമ

വൈദ്യുതി ബോര്‍ഡിനെ മൂന്നു പൊതുമേഖലാ കമ്പനികളാക്കും
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ മൂന്നു കമ്പനികളാക്കി ഒരു കുടക്കീഴില്‍ പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 2003ലെ കേന്ദ്ര വൈദ്യുതി നിയമപ്രകാരം ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം ആറു മാസം കൂടി നീട്ടിനല്‍കിയതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പൊതുമേഖലയില്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ച് നിര്‍ത്താന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം അടക്കം ആലോചിക്കും.

ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി ഇന്നലെ വൈദ്യുതി മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിലും പൊതുമേഖലയില്‍ നിലനിര്‍ത്തി പുനഃസംഘടിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥമേനോന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ എം.കെ. ദാമോദരമേനോന്‍, കെ.ആര്‍. ഉണ്ണിത്താന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ബോര്‍ഡ് കമ്പനിയാക്കുമ്പോള്‍ ആസ്തി ബാധ്യതകളും ജീവനക്കാരെയും പുനര്‍വിന്യസിച്ച്് കൈമാറേണ്ടതുണ്ട്. ജീവനക്കാരുടെ ബാധ്യതകളും കൈമാറണം. എന്നാല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തിയാല്‍ ഇതെല്ലാം പേപ്പര്‍ അഡ്ജസ്റ്റ്മെന്റ് വഴി ചെയ്യാനാകും. ഇതുസംബന്ധിച്ചെല്ലാം വിശദനിര്‍ദേശങ്ങള്‍ സമിതി സമര്‍പ്പിച്ചതായി അറിയുന്നു.

രൂക്ഷ വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ഇക്കൊല്ലം സംസ്ഥാനത്ത് ലോഡ്ഷെഡിംഗോ പവര്‍കട്ടോ ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ അണ്‍ അലോക്കേറ്റഡ് വിഹിതത്തില്‍ 150 മെഗാവാട്ടിന്റെ കുറവ് വരുത്തിയതും പുതിയ കണക്ഷന്‍ വഴി ഏഴ് ദശലക്ഷം യൂനിറ്റ് അധികം ആവശ്യമായി വന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

പീക്ക് അവറില്‍ 150 മെഗാവാട്ടാണ് അധികം വേണ്ടിവരുന്നത്. കേന്ദ്രവിഹിതത്തില്‍ 150 മെഗാവാട്ടിന്റെ കുറവുണ്ടായതോടെ ഫലത്തില്‍ ആവശ്യമുള്ളതില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. മഴ മൂലം ജലസംഭരണികള്‍ നിറഞ്ഞാലും അത് വെറും 100 ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. കൂടുതല്‍ മഴ കിട്ടുന്നതുകൊണ്ട് വൈദ്യുതി ബോര്‍ഡിന് ഗുണമില്ല. 4000 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമേ ബോര്‍ഡിന് സംഭരിക്കാനാകൂ. ബാക്കി ഒഴുകിപ്പോവുകയാണ്.

നിയന്ത്രണം ഇല്ലാതാക്കാന്‍ താപവൈദ്യുതി കൂടുതല്‍ ഉല്‍പാദിപ്പിക്കേണ്ടി വരുന്നത് ബോര്‍ഡിന് കൂടുതല്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. പീക്ക് അവറുകളില്‍ അമിത ഉപഭോഗവും അനാവശ്യ വൈദ്യുതി അലങ്കാരങ്ങളും ഒഴിവാക്കണം. സര്‍ക്കാര്‍ ഓഫീസുകളിലെ നിരവധി ലൈറ്റുകള്‍ അനവസരത്തില്‍ കത്തുന്നത് കര്‍ശനമായി തടയും. പ്രതിസന്ധി വന്നാല്‍ കായംകുളം താപനിലയത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്നത് ആലോചിക്കും.
കടപ്പാട്- മാധ്യമം

ചിന്നക്കനാലിലെ ‘ഭൂസമരനായിക’യ്ക്ക് മേമാരിയില്‍ ഏക്കറുകള്‍ സ്വന്തം
കട്ടപ്പന: ഭൂമിയില്ലാത്ത ആദിവാസികളുടെ പേരില്‍ ചിന്നക്കനാലില്‍ നടക്കുന്ന സമരത്തിന്റെ നായികയായി കൊട്ടിഘോഷിക്കുന്ന വത്സമ്മ ഗോവിന്ദന്റെ കൈവശം ഏക്കര്‍ കണക്കിനു ഭൂമി. ഉപ്പുതറ പഞ്ചായത്തിലെ കണ്ണമ്പടി ആദിവാസിമേഖലയിലെ മേമാരി ഊരിലാണ് ഇവര്‍ക്കും ഭര്‍ത്താവ് ചാകോംപ്ളാക്കല്‍ ഗോവിന്ദനും പത്ത് ഏക്കറോളം വസ്തുവുള്ളത്. ഫലഭൂയിഷ്ഠമായ ഈ സ്ഥലം കൈവശംവച്ചാണ് പത്ത് സെന്റില്‍ താഴെയുള്ള ആദിവാസിയെന്നപേരില്‍ ചിന്നക്കനാലില്‍ വത്സമ്മ സമരം നടത്തുന്നത്. പിതൃസ്വത്തായി ഇവര്‍ക്ക് ഇനിയും ഭൂമി കിട്ടാനുണ്ട്.

മേമാരിയിലെ പത്ത് ഏക്കറില്‍ കാപ്പി, കവുങ്ങ്, തെങ്ങ്, വാഴ, കുരുമുളക് എന്നിവയാണ് കൃഷി. ഇതോടുചേര്‍ന്നുള്ള വയലില്‍ കുറച്ചുകാലംമുമ്പുവരെ കൃഷിയുണ്ടായിരുന്നു. ഒരുവര്‍ഷമായി കാപ്പിയുടെയും കുരുമുളകിന്റെയും ആദായമെടുക്കാന്‍ മാത്രമാണ് ഇവര്‍ എത്തുന്നത്.

കേളന്‍ കുമാരന്റെ ഒമ്പതു മക്കളില്‍ അഞ്ചാമനാണ് ഗോവിന്ദന്‍. ഇയാളുടെ സഹോദരങ്ങളെല്ലാം മേമാരിയില്‍ത്തന്നെയാണ് താമസം. വത്സമ്മയ്ക്കും ഗോവിന്ദനും മേമാരിയില്‍ ഭൂമിയുണ്ടെന്ന് ഇരുവരുടെയും സഹോദരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പത്തേക്കറോളം ഭൂമിയും കൃഷിയുമുണ്ടായിട്ടാണ് ഗോവിന്ദനും വത്സമ്മയും ചിന്നക്കനാലിലേക്ക് പോയതെന്നും അവിടത്തെ സമരത്തോട് യോജിപ്പില്ലെന്നും ഗോവിന്ദന്റെ മൂത്തജ്യേഷ്ഠന്‍ കുമാരന്‍കടുത്ത ദേശാഭിമാനിയോട് പറഞ്ഞു. പ്ളാക്കല്‍ കുടുംബാംഗമായ വത്സമ്മയ്ക്ക് പിതൃസ്വത്തായി ഒരേക്കറോളം ഭൂമി ലഭിക്കാനുമുണ്ട്. സ്വത്ത് മുഴുവന്‍ തട്ടിയെടുക്കാന്‍ മുമ്പ് അച്ഛനെ സ്വാധീനിച്ച് വത്സമ്മ കേസ് നല്‍കിയിരുന്നെന്ന് ഇവരുടെ സഹോദരന്‍ ജോസ് പറഞ്ഞു. എന്നാല്‍, മാതാപിതാക്കളുടെ കാലശേഷം സ്വത്ത് മക്കള്‍ക്ക് തുല്യമായി നല്‍കാനായിരുന്നു കോടതിവിധി.

ആദിവാസി പുനരധിവാസ സമിതിയെന്നപേരില്‍ സമരം നടത്തുന്നവര്‍ക്ക് ഏക്കര്‍ കണക്കിനു ഭൂമിയുണ്ടെന്ന് വെളിപ്പെട്ടതോടെ യുഡിഎഫ് സഹായത്തോടെ നടക്കുന്ന സമരത്തിനു പിന്നിലെ ഗൂഢോദ്ദേശ്യം വ്യക്തമാവുകയാണ്. 2003ലാണ് പത്ത് സെന്റില്‍ താഴെ ഭൂമിയുള്ള പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ചിന്നക്കനാലില്‍ ഭൂമി നല്‍കുന്നതിന് തീരുമാനിച്ചത്. യുഡിഎഫിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാവായ പൊന്നമ്പലം കുമളിയില്‍ എസ്ടി പ്രൊമോട്ടറായിരിക്കെ പണം വാങ്ങി ഭൂമിയുള്ളവര്‍ക്ക് വീണ്ടും സ്ഥലം സംഘടിപ്പിച്ച് കൊടുത്തു. പത്ത് സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയായിരുന്നു. ഏക്കറുകള്‍ സ്വന്തമായുള്ള പലരും ഭൂമിയില്ലെന്ന് സത്യവാങ്മൂലം നല്‍കിയാണ് ഭൂമി തരപ്പെടുത്തിയത്.
കടപ്പാട്- ദേശാഭിമാനി

റേഷന്‍കടകളില്‍ കുത്തരിയില്ല, മില്ലുകാര്‍ തിരിമറി കാട്ടുന്നതായി പരാതി
തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന് നെല്ലുസംഭരിച്ച് കുത്തരിയാക്കി റേഷന്‍കടകളില്‍ വിതരണം ചെയ്യുന്ന പദ്ധതി പാളുന്നു. ഇതോ ടെ പലയിടങ്ങളിലും റേഷന്‍കടകളില്‍ കുത്തരി ലഭിക്കാതായി.

വിലക്കയറ്റം തടയാനുള്ള പ്രധാ ന മാര്‍ഗമായി കാണുന്ന കുത്തരി വിതരണം ഭൂരിപക്ഷം ജില്ലകളിലെ റേഷന്‍കടകളിലും നടക്കുന്നില്ല. സിവില്‍ സപ്ളൈസ് കോര്‍പറേഷ ന്‍ നെല്ല് സംഭരിച്ച് സ്വകാര്യമില്ലുകളില്‍ എത്തിക്കുന്നുണ്ട്. ഇവിടെ നിന്നു മൊത്തവ്യാപാരികളാണ് കുത്തരി സംഭരിച്ച് റേഷന്‍കടകളിലേക്ക് കൊടുക്കുന്നത്. സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ ഡയറക്ടര്‍ അ ലോട്ട്മെന്റ് ലിസ്റ്റ് ഇറക്കുന്നുണ്െടങ്കിലും റേഷന്‍കടകളില്‍ കുത്തരിയില്ല.

ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ വിതരണത്തിന് നല്‍കിയതായി പറയപ്പെടുന്ന 12,353 മെട്രിക് ടണ്‍ അരി ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണു പരാതി.

ബി.പി. എല്‍,എ.പി.എല്‍, അ ന്ത്യോദയ കാര്‍ഡുടമകള്‍ക്കാണ് അരി വിതരണം ചെയ്യേണ്ടത്. ബി. പി.എല്ലുകാര്‍ക്ക് മൂന്നുരൂപയ്ക്കും എ.പി.എല്ലുകാര്‍ക്ക് 8.90 രൂ പയ്ക്കുമാണ് കുത്തരി നല്‍കുന്നത്.കുത്തരിയുടെ ലഭ്യത അനുസരിച്ച് അരി വിതരണം ചെയ്യുമെന്നാണ് ഡയറക്ടറുടെ അറിയിപ്പ്.

എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് അരിയും ഗോതമ്പും ഉള്‍പ്പെടെ 35 കിലോ ഭക്ഷ്യധാന്യങ്ങളും ബി.പി. എല്ലുകാര്‍ക്ക് 25 കിലോ ഭക്ഷ്യധാന്യങ്ങളും ലഭിക്കുമെന്ന അറിയിപ്പില്‍ അരിയുടെയും ഗോതമ്പിന്റെയും കൃത്യമായ തൂക്കം എത്രയെന്നു പറയാത്തത് ഉപഭോക്താക്ക ളെ വലയ്ക്കുന്നു.

സംസ്ഥാനം നെല്ലുസംഭരണത്തില്‍ റിക്കാര്‍ഡ് നേടിയിട്ടും എ ല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കാന്‍ സാധിക്കുന്നില്ല. സംഭരിക്കുന്ന നെല്ല് അരിയാക്കുമ്പോള്‍ സ്വകാര്യമില്ലുകള്‍ അളവില്‍ കുറവു വരുത്തുന്നതായി ആരോപണമുണ്ട്.തമിഴ്നാട്ടില്‍ നിന്നു വാങ്ങു ന്ന വിലകുറഞ്ഞ അരിയാണു സ്വകാര്യമില്ലുകള്‍ തിരിച്ചുനല്കുന്ന തെന്ന പരാതിയുമുണ്ട്.

കടപ്പാട്- ദീപിക

വേഗക്കാരെ വേഗംപൊക്കാന്‍ വരുന്നു, ഇന്റര്‍സെപ്റ്റര്‍
തിരുവനന്തപുരം : വാഹനപരിശോധന നടത്താന്‍ അത്യാധുനിക സൌകര്യങ്ങളുള്ള നാല് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ പൊലീസിനു വേണ്ടി വാങ്ങും.

അമിത വേഗതയില്‍ പോകുന്ന വാഹനങ്ങളെ കണ്ടെത്താനും മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുമുള്ള ഉപകരണങ്ങള്‍ ഈ വണ്ടിയില്‍ സജ്ജീകരിക്കും.

ഹൈവേ കേന്ദ്രീകരിച്ചായിരിക്കും ഈ വാഹനങ്ങള്‍ ഓടിക്കുക. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ഹൈവേയില്‍ നടന്ന വാഹനാപകടങ്ങളില്‍ ആയിരത്തോളംപേര്‍ മരിച്ചത് കണക്കിലെടുത്താണിത്.
ഇന്റര്‍സെപ്റ്ററുകള്‍ക്ക് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ പോകുന്ന വാഹനങ്ങളുടെ സ്പീഡ് അറിയാന്‍ കഴിയും. ഏത് റോഡില്‍ ഏത് വാഹനമാണ് നിയമലംഘനം നടത്തിയതെന്ന് പെട്ടെന്ന് കണ്ടെത്തി കേസെടുക്കാനാവും.

കടാശ്വാസ കമ്മിഷനെ കൃഷിവകുപ്പ് ഞെക്കിക്കൊല്ലുന്നു
തിരുവനന്തപുരം : കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന കര്‍ഷക കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശകളെ കൃഷിവകുപ്പുതന്നെ ഞെക്കിക്കൊല്ലുന്നു.
അര്‍ഹതപ്പെട്ട കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശ കൃഷിവകുപ്പിന്റെ അലമാരയ്ക്കുള്ളിലാണ്. ഈ ശുപാര്‍ശകള്‍ വെളിച്ചം കണ്ടെങ്കിലേ കടത്തില്‍ മുങ്ങിനില്‍ക്കുന്ന കര്‍ഷകന് ആശ്വാസം കിട്ടുകയുള്ളൂ.

വായ്പകള്‍ എഴുതിത്തള്ളുന്നതിനായി 62 കോടിയുടെ ശുപാര്‍ശകള്‍ രണ്ട് പ്രാവശ്യമായി സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്നാണ് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ. അബ്ദുല്‍ ഗഫാര്‍ പറയുന്നത്. ഒരേക്കര്‍വരെ ഭൂമിയുള്ളവര്‍ എടുത്ത 25,000 രൂപവരെയുള്ള വായ്പകളാണ് എഴുതിത്തള്ളാന്‍ ആദ്യം ശുപാര്‍ശ ചെയ്തത്. അത് 50 കോടിയോളം വരും. മൂവായിരത്തോളം കര്‍ഷകരുടെ 12 കോടി വായ്പ എഴുതിത്തള്ളാന്‍ സെപ്തംബര്‍ ആദ്യവാരമാണ് രണ്ടാമത്തെ ശുപാര്‍ശ നല്‍കിയതെന്നും കമ്മിഷന്‍ പറയുന്നു.
ശുപാര്‍ശകളെ സര്‍ക്കാര്‍ വേണ്ടവിധം കാണാത്തതില്‍ കമ്മിഷനും അസംതൃപ്തരാണ്. തങ്ങളെ കളിയാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കമ്മിഷന്‍ ആരോപിക്കുന്നു. കമ്മിഷന്റെ അക്കൌണ്ടിലേക്ക് 130 കോടി രൂപ അയയ്ക്കുന്നുവെന്നു കാണിച്ച് കഴിഞ്ഞ ആഗസ്റ്റില്‍ കമ്മിഷന് സര്‍ക്കാര്‍ ഒരു ഉത്തരവ് നല്‍കി. പക്ഷേ, പണം എത്തിയില്ല. പണം എത്തിയാല്‍ത്തന്നെ അവ ചെലവഴിക്കാന്‍ കമ്മിഷന് അധികാരവുമില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ച് ശുപാര്‍ശ നല്‍കുകമാത്രമാണ് കമ്മിഷന്റെ ജോലി എന്നിരിക്കെ ഇങ്ങനെയൊരു ഉത്തരവിറക്കിയതിലൂടെ വായ്പ എങ്ങനെ എഴുതിത്തള്ളണമെന്നതിനെപ്പറ്റി കൃഷി വകുപ്പിന് ഒരു നിശ്ചയവുമില്ലെന്നാണ് കമ്മിഷന്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 9 നാണ് സര്‍ക്കാര്‍ കടാശ്വാസ കമ്മിഷനെ നിയമിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍ഷകരുടെ വായ്പയ്ക്ക് പരിഹാരം കാണുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏഴംഗ കമ്മിഷന് അഞ്ചര ലക്ഷം അപേക്ഷകളാണ് കിട്ടിയത്. ഇതില്‍ അയ്യായിരത്തോളം അപേക്ഷകളില്‍ കമ്മിഷന്‍ തീര്‍പ്പ് കല്പിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ സര്‍ക്കാര്‍ മൌനം പാലിച്ചതോടെ കമ്മിഷനും മെല്ലെപ്പോക്കിലായി. കമ്മിഷനില്‍ ചെയര്‍മാന്‍ ഒഴിച്ചുള്ളവരെല്ലാം രാഷ്ട്രീയ നേതാക്കളാണ്. പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട തിരക്കുമൂലം അവരും കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല.

700 കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനുള്ള ശുപാര്‍ശയാണ് കമ്മിഷനില്‍നിന്ന് ലഭിച്ചതെന്ന് കാര്‍ഷികോത്പാദന കമ്മിഷണര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഇവ പരിശോധിച്ചുവരികയാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇവരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള പണം കൃഷിവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കും. അദ്ദേഹം ബാങ്കുവഴിയോ നേരിട്ടോ തുക കര്‍ഷകരെ ഏല്പിക്കുമെന്നുമാണ് കാര്‍ഷികോത്പാദന കമ്മിഷണര്‍ പറയുന്നത്.

കൃഷിവകുപ്പ് ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കര്‍ഷക കടാശ്വാസത്തിന്റെ ഭാഗമായി വായ്പകള്‍ എഴുതിത്തള്ളാന്‍ നീക്കിവച്ച 100 കോടിരൂപ ഇതുവരെ കൃഷിവകുപ്പ് കൈപ്പറ്റിയിട്ടില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് വെളിപ്പെടുത്തി.

ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 100 കോടി രൂപ എപ്പോള്‍ വേണമെങ്കിലും കൃഷിവകുപ്പിന് ലഭിക്കും. ആ പണം ട്രഷറിയില്‍ കിടപ്പുണ്ട്. കൃഷിവകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ധനവകുപ്പിന് ഫയല്‍ നല്‍കിയാലേ പണം അനുവദിക്കാനാവൂ. കര്‍ഷകരുടെ പലിശ എഴുതിത്തള്ളാന്‍ നീക്കിവച്ച 120 കോടി രൂപ കൃഷിവകുപ്പ് വാങ്ങിച്ചെടുത്തു. അതേസമയം, 25000 രൂപവരെയുള്ള വായ്പ എഴുതിത്തള്ളാനുള്ള 100 കോടി രൂപയാണ് കൈപ്പറ്റാതെ കിടക്കുന്നത്. ഈ കടങ്ങള്‍ എഴുത്തിത്തള്ളണമെന്ന് കടാശ്വാസ കമ്മിഷന്‍ കൃഷിവകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. പക്ഷേ, ധനവകുപ്പില്‍ നിന്ന് കമ്മിഷന് പണംവാങ്ങാനാവില്ല. കൃഷിവകുപ്പാണ് ആ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടതെന്നും ഐസക് ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ക്കുവേണ്ടി കൃഷിവകുപ്പ് ആവിഷ്കരിച്ച കിസാന്‍ശ്രീ ഇന്‍ഷ്വറന്‍സ് നടപ്പാക്കരുതെന്ന് ധനവകുപ്പ് പറഞ്ഞിട്ടില്ല. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാമെന്നാണ് പറഞ്ഞത്. അതിന്റെ പ്രായോഗിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇടതുമുന്നണി തീരുമാനിച്ചതും ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഉണ്ടായിരുന്നതുമായ കിസാന്‍ ശ്രീ പദ്ധതി നടപ്പാക്കണമെന്നാണ് ധനവകുപ്പ് ആഗ്രഹിക്കുന്നത്. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ അത് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട്. കൃഷിവകുപ്പ് ഇതിനുള്ള ശുപാര്‍ശ ആസൂത്രണബോര്‍ഡില്‍ സമര്‍പ്പിച്ച് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു – മന്ത്രി പറഞ്ഞു.
കടപ്പാട്- കേരളകൗമുദി

Advertisements

1 അഭിപ്രായം

Filed under കേരളം

One response to “ഡിസംബര്‍ 08 ശനി

  1. പിങ്ബാക്ക് കര്‍ഷകര്‍ക്കുവേണ്ടി അധരവ്യായാമം മാത്രം മിച്ചം « കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w