തദ്ദേശഭരണസ്ഥാപനങ്ങള്‍ പുതിയ കുതിപ്പിലേക്ക് – കടപ്പാട് ദേശാഭിമാനി

തദ്ദേശഭരണസ്ഥാപനങ്ങള്‍ പുതിയ കുതിപ്പിലേക്ക്
പാലോളി മുഹമ്മദ്കുട്ടി

തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരങ്ങളും ചുമതലകളും പ്രവര്‍ത്തനങ്ങളും അടുത്തിടെ കേരളത്തില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകരും അക്കാദമിക പണ്ഡിതന്മാരും സാമ്പത്തികവിദഗ്ധന്മാരും മതമേലധ്യക്ഷന്മാരും സ്കൂള്‍ മാനേജര്‍മാരുംവരെ ഈ ചര്‍ച്ചകളില്‍ പങ്കാളികളാണ്. വിവാദങ്ങള്‍ക്കപ്പുറം ഇവയെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സഹായകമാകുന്ന തലത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ കാണുന്നില്ല. കേരളത്തിന്റെ വികസന ഭൂപടത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ പുനര്‍നിര്‍ണയിക്കുന്നതിനും ഈ ചര്‍ച്ചകള്‍ സഹായകമാകണം. ദേശീയതലത്തില്‍ അധികാരവികേന്ദ്രീകരണ രംഗത്തുണ്ടാകുന്ന മാറ്റങ്ങളും ഈ ചര്‍ച്ചകളുടെ ഭാഗമാകണം. വീരപ്പമൊയ്ലി അധ്യക്ഷനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഭരണപരിഷ്കാര കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു.

കമീഷന്റെ നിര്‍ദേശങ്ങളില്‍ പ്രധാനമായതെല്ലാം കേരളത്തില്‍ നടപ്പാക്കിയതാണ്. അതിനാലാണ് ഈ രംഗത്ത് കേരളം മാതൃകയാണെന്ന് വീരപ്പമൊയ്ലി പറഞ്ഞത്. സ്കൂളുകളുടെ നടത്തിപ്പ് സ്വയംഭരണസ്ഥാപനങ്ങളെ ഏല്‍പ്പിച്ചതിനെതിരെ വാദകോലാഹലങ്ങള്‍ നടക്കുകയാണല്ലോ. സ്കൂളുകളുടെ ഭരണച്ചുമതല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്ന വീരപ്പമൊയ്ലിയുടെ നിര്‍ദേശത്തെപ്പറ്റി കോണ്‍ഗ്രസുകാര്‍ക്ക് എന്താണ് പറയാനുള്ളത്.

അധികാരവികേന്ദ്രീകരണത്തിനെതിരെ ‘പ്രത്യയശാസ്ത്ര’ പൊയ്മുഖം അണിഞ്ഞുനടക്കുന്നവരും വീരപ്പമൊയ്ലി റിപ്പോര്‍ട്ടിനെക്കുറിച്ച് മൌനം ദീക്ഷിക്കുകയാണ്. ഒരു ദശാബ്ദമായി നടപ്പാക്കിവരുന്ന അധികാരവികേന്ദ്രീകരണവും വികേന്ദ്രീകൃതാസൂത്രണവും സ്ഥിരത കൈവരിക്കുന്നതിന് തടയിടാന്‍ ഒളിഞ്ഞും തെളിഞ്ഞും പലരും പ്രവര്‍ത്തിക്കുന്നുണ്ട്. അഴിമതിയുടെയും കഴിവില്ലായ്മയുടെയും പേരിലാണ് ചിലരുടെ ആക്രമണമെങ്കില്‍ സാമ്രാജ്യത്വത്തിന്റെയും സംസ്ഥാനസര്‍ക്കാരുകളുടെ അധികാരത്തിന്റെയും പേരിലാണ് മറ്റു ചിലര്‍ ഇതിനു ശ്രമിക്കുന്നത്.

അധികാരവികേന്ദ്രീകരണത്തിന്റെ പത്തുവര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ ആവശ്യങ്ങളും വിഭവങ്ങളും കൂട്ടിയിണക്കിയുള്ള പ്രദേശികാസൂത്രണത്തിലൂടെ സന്തുലിതവും സമഗ്രവുമായ വികസനപാതയിലേക്ക് കേരളത്തെ നയിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നു കാണാം. പിഴവുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നല്ല. അവ തിരുത്തുകയല്ലാതെ നമ്മുടെ മുന്നിലുള്ള വിപുലമായ സാധ്യതയെ ഇല്ലായ്മചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും.

അധികാരവികേന്ദ്രീകരണവും വികേന്ദ്രീകൃതാസൂത്രണവും സ്ഥായിയാക്കുന്നതിനുള്ള നടപടികളിലാണ് ഗവണ്‍മെന്റ്. പഞ്ചായത്തുകള്‍ വരവുചെലവു കണക്കുകള്‍ ശരിയായി എഴുതി സൂക്ഷിക്കുന്നില്ലെന്ന പരാതി ഗവണ്‍മെന്റ് ഗൌരവത്തോടെയാണ് കണ്ടത്. ജനകീയാസൂത്രണത്തിലെ ആദ്യഘട്ടംമുതല്‍ ഇതിന് ശ്രമം തുടങ്ങിയിരുന്നു. എങ്കിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ച അലംഭാവം തദ്ദേശസ്ഥാപനങ്ങളെ അഞ്ചുവര്‍ഷത്തേക്ക് പിന്നോക്കം കൊണ്ടുപോയി. കഴിഞ്ഞ ഒരുവര്‍ഷത്തെ നിരന്തരമായ പ്രവര്‍ത്തനഫലമായി എല്ലാ നഗരസഭകളിലും ബ്ളോക്ക് പഞ്ചായത്തുകളിലും കണക്കുകള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. 999 ഗ്രാമപഞ്ചായത്തുകളില്‍ 40ല്‍ മാത്രമേ കണക്കുപൂര്‍ത്തിയാകാനുള്ളൂ. ഇനിമുതല്‍ തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റിങ് കൃത്യമായി നടത്താനാകും.

ത്രിതലപഞ്ചായത്തുകളും നഗരസഭയും ഉള്‍പ്പെടെ ആകെ 1223 തദ്ദേശസ്ഥാപനങ്ങളാണ് ഉള്ളത്. ഈ സാധ്യതയെ പരമാവധി ഉപയോഗിച്ചാല്‍ വികസനരംഗത്ത് വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്‍ഷികരംഗത്തും മറ്റ് ഉല്‍പ്പാദനമേഖലകളിലും ഗണ്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. റോഡുകളുടെയും പാലങ്ങളുടെയും കാര്യത്തില്‍ കുതിച്ചുചാട്ടംതന്നെ ഉണ്ടായി. പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കുന്നതിലാണ് റെക്കോഡ് നേട്ടം. പൊതുജനാരോഗ്യത്തിലും പൊതുവിദ്യാഭ്യാസത്തിലും പുനരുജ്ജീവനം സാധ്യമാക്കിയത് ജനകീയാസൂത്രണമാണ്. ഗവണ്‍മെന്റ് ആശുപത്രികളും സ്കൂളുകളും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോഴത്തെ സ്ഥിതി അതല്ല. സ്കൂളില്‍ മൂത്രപ്പുരയോ ക്ളാസ് മുറിയോ കെട്ടുന്നതിന് സെക്രട്ടറിയറ്റിന്റെ ഭരണാനുമതി ഇനി ആവശ്യമില്ല. പഞ്ചായത്തിന്റെ ഒരു പ്രമേയംകൊണ്ട് അത് സാധിക്കും. ഇതാണ് ഭരണമാറ്റം. ഇതിനെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഉയരാത്തവരും കാലത്തിന്റെ മാറ്റം കാണാത്തവരുമാണ്.

പതിനൊന്നാം പദ്ധതി ആസൂത്രണം ചെയ്യുന്നതിലുണ്ടായ കാലതാമസത്തെയും ഇതുവരെയുള്ള പദ്ധതിനടത്തിപ്പിലെ വീഴ്ചയെയും പലരും ശക്തമായി വിമര്‍ശിക്കുകയുണ്ടായി. അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍, യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണം. 2007 ഏപ്രില്‍ ഒന്നുമുതലാണ് പതിനൊന്നാം പദ്ധതി ആരംഭിക്കുന്നത്. കേന്ദ്രഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. ഒമ്പതാംപദ്ധതിയുടെയും പത്താം പദ്ധതിയുടെയും മാര്‍ഗരേഖകള്‍ തയ്യാറാക്കി അംഗീകാരം നല്‍കുന്നതില്‍ കാലതാമസമുണ്ടായി. അത്രത്തോളം കാലതാമസം ഇത്തവണ ഉണ്ടായില്ല. മാര്‍ഗരേഖ നേരത്തെ തയ്യാറാക്കാന്‍ കഴിയാത്തതിന് പ്രധാനകാരണം മുന്‍ സര്‍ക്കാരിന്റെ വീഴ്ചയാണ്. ഒരു നിയന്ത്രണവുമില്ലാതെ പണം വകമാറ്റി ചെലവഴിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചു. പട്ടികജാതി/പട്ടികവര്‍ഗ ഉപഘടകപദ്ധതിയുടെ പണം മിക്ക തദ്ദേശസ്ഥാപനങ്ങളും വകമാറ്റി ചെലവഴിച്ചു. ചെയ്യാന്‍ പാടില്ലാത്ത കാര്യത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ഒത്താശചെയ്തത്. ആ തുക പതിനൊന്നാം പദ്ധതിയില്‍ അതേ മേഖലയില്‍ത്തന്നെ ചെലവഴിക്കണമെന്ന കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഭാവി പദ്ധതി പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ പ്രയാസമായതിനാല്‍ മുന്‍കൊല്ലങ്ങളില്‍ വകമാറ്റി ചെലവഴിച്ച തുകയ്ക്ക് പരിഹാരം കാണുന്നതിനെ സ്വാഭാവികമായും നിരവധി തദ്ദേശസ്ഥാപനങ്ങള്‍ എതിര്‍ത്തു. മാത്രവുമല്ല എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും കണക്ക് ചിട്ടപ്പെടുത്തി പരിഹാരത്തതുക എത്രയെന്ന് കണ്ടെത്തേണ്ടിയിരുന്നു. ഇതെല്ലാം കാലതാമസത്തിന് കാരണമായി.

തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിനടത്തിപ്പില്‍ കാലതാമസം കാണുന്നവര്‍ കേന്ദ്രമന്ത്രിസഭ പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് അടുത്ത ദിവസമാണെന്ന കാര്യം ഓര്‍ക്കണം. മിക്ക സംസ്ഥാന സര്‍ക്കാരുകളും പദ്ധതിക്ക് അന്തിമരൂപം നല്‍കിയിട്ടില്ല. എന്നാല്‍, കേരളത്തില്‍ വിരലിലെണ്ണാവുന്നവ ഒഴികെയുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ഇതിനകം അംഗീകാരം ലഭിക്കുകയും പദ്ധതിനിര്‍വഹണം ആരംഭിക്കുകയുംചെയ്തു. വസ്തുത ഇതായിരിക്കെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുനേരെമാത്രം കൂട്ട ആക്രമണം നടത്തുന്നതിന്റെ ഔചിത്യമെന്താണ്.

സംസ്ഥാന- കേന്ദ്രാവിഷ്കൃത- തനതുപദ്ധതികളടക്കം നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ചെയ്തുതീര്‍ക്കാനുള്ളത്. നികുതിപിരിവും ഭരണവും മറ്റു സേവന-ക്ഷേമപ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുകയുംവേണം. കാലാകാലങ്ങളില്‍ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന ചില സ്കീമുകളും നടപ്പാക്കേണ്ട ചുമതലയും പഞ്ചായത്തുകള്‍ക്കുണ്ട്. ലോട്ടറി ടിക്കറ്റ് വില്‍പ്പന, കേരളോത്സവം, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ എല്ലാം ഇവരുടെ തലയിലാണ്. പഞ്ചായത്ത്/മുനിസിപ്പല്‍ നിയമങ്ങളില്‍ വ്യവസ്ഥചെയ്തിട്ടുള്ള അനിവാര്യചുമതലകള്‍ക്കുപുറമെയാണിത്. ഇതൊക്കെ ചെയ്യുന്നതിന് പഞ്ചായത്തുകളില്‍ പരിമിതമായ ജീവനക്കാരേയുള്ളൂ. കൃഷിവകുപ്പ് നേരിട്ട് ചെലവാക്കുന്നതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ഉല്‍പ്പാദന മേഖലയ്ക്ക് തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിക്കുന്നത്. പൊതുമരാമത്തുവകുപ്പിന്റെ അധീനതയില്‍ ഉള്ളതിനേക്കാള്‍ റോഡുകള്‍ ഇവരുടെ കൈവശമുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ഭൌതിക പരിമിതിയും പ്രവര്‍ത്തനവൈപുല്യവും വെളിപ്പെടുത്താനാണ് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പരിഹാരമായി തദ്ദേശസ്ഥാപനങ്ങളുടെ ഭരണതലത്തില്‍ കാതലായ മാറ്റംവരുത്താന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. അതിനുള്ള നടപടികള്‍ ആരംഭിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പരിമിതികള്‍കൂടി വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കുമെന്ന് കരുതുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഗ്രാമങ്ങളില്‍ വലിയതോതില്‍ വികസനം ഉണ്ടായി.

വയനാട്, പാലക്കാട് ജില്ലകളില്‍ നടപ്പാക്കുന്ന ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ് മാതൃകാപരമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പുതിയൊരു അധ്വാന സംസ്കാരത്തിന് ഈ പദ്ധതിവഴി തുടക്കംകുറിക്കാനായി. കര്‍ഷക ആത്മഹത്യ തടയുന്നതില്‍ തൊഴിലുറപ്പു പദ്ധതി ഗണ്യമായ സംഭാവനചെയ്തുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തുകള്‍വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നത് ശ്രദ്ധേയം.

പതിനൊന്നാം പദ്ധതി ജനകീയാസൂത്രണമായി ആരംഭിക്കുമ്പോള്‍ തദ്ദേശവകുപ്പ് ചില ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമത്തിലാണ്. ശുചിത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ആദ്യ നിര്‍മല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുക, ചേരിരഹിത സംസ്ഥാനമാക്കുക, പട്ടിണി ഇല്ലാതാക്കുക എന്നിവയൊക്കെ ആ ലക്ഷ്യങ്ങളില്‍പെടുന്നു. എന്നാല്‍, വിഭാവനംചെയ്യുന്ന ഏറ്റവും വലിയ പദ്ധതി സ്വന്തമായി കിടപ്പാടമില്ലാത്തവര്‍ക്ക് അത് നല്‍കുക എന്നതാണ്. വീടില്ലാത്ത പാവപ്പെട്ട എല്ലാവര്‍ക്കും വീട് നല്‍കുന്ന ഇ എം എസ് ഭവനപദ്ധതി നടപ്പുവര്‍ഷം ആരംഭിക്കും.

1998ല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് ആരംഭിച്ച കുടുംബശ്രീ ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പദ്ധതിയായി മാറി. ഇതിന്റെ വിജയത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പങ്ക് ലുതാണ്. സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെയും ഗ്രൂപ്പ് സംരംഭങ്ങളിലൂടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിലും കുടുംബശ്രീ സംവിധാനം വിജയിച്ചിട്ടുണ്ട്.

ആഗോളവല്‍ക്കരണം സൃഷ്ടിച്ച ആശങ്കാജനകമായ സാമൂഹ്യാന്തരീക്ഷത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പാവപ്പെട്ട ഗ്രാമീണ ജനതയ്ക്ക് ആശ്വാസമാകുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ഇ എം എസ് ഭവനപദ്ധതിപോലുള്ള പദ്ധതികളുമാണ്. ചെറിയ മുതല്‍മുടക്കിലൂടെ ലക്ഷക്കണക്കിന് പാവങ്ങളുടെ ജീവിതത്തിന് അര്‍ഥം ഉണ്ടാക്കുന്നതാണ് ഈ പദ്ധതികള്‍. നൂറുകണക്കിന് കോടി രൂപ മുതല്‍മുടക്കി ആരംഭിക്കുന്ന മെഗാ പ്രോജക്ടുകള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമാണ്. എന്നാല്‍, പാവപ്പെട്ടവരെ ഉള്‍ക്കൊള്ളാന്‍ ഒരിക്കലും ഈ പദ്ധതികള്‍ സഹായകമാവില്ല. അവര്‍ക്ക് തദ്ദേശഭരണവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികളാണ് ആശ്രയം.

ജനകീയാസൂത്രണത്തിന്റെ അടുത്ത ഘട്ടത്തില്‍ കേരളത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പറയാന്‍ സന്തോഷമുണ്ട്.

Advertisements

1 അഭിപ്രായം

Filed under കേരളം

One response to “തദ്ദേശഭരണസ്ഥാപനങ്ങള്‍ പുതിയ കുതിപ്പിലേക്ക് – കടപ്പാട് ദേശാഭിമാനി

  1. പിങ്ബാക്ക് ഒരു ചടങ്ങായി മാറുന്ന ഗ്രാമസഭകള്‍ « കേരളഫാര്‍മര്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w