Daily Archives: ഡിസംബര്‍ 7, 2007

തദ്ദേശഭരണസ്ഥാപനങ്ങള്‍ പുതിയ കുതിപ്പിലേക്ക് – കടപ്പാട് ദേശാഭിമാനി

തദ്ദേശഭരണസ്ഥാപനങ്ങള്‍ പുതിയ കുതിപ്പിലേക്ക്
പാലോളി മുഹമ്മദ്കുട്ടി

തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരങ്ങളും ചുമതലകളും പ്രവര്‍ത്തനങ്ങളും അടുത്തിടെ കേരളത്തില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകരും അക്കാദമിക പണ്ഡിതന്മാരും സാമ്പത്തികവിദഗ്ധന്മാരും മതമേലധ്യക്ഷന്മാരും സ്കൂള്‍ മാനേജര്‍മാരുംവരെ ഈ ചര്‍ച്ചകളില്‍ പങ്കാളികളാണ്. വിവാദങ്ങള്‍ക്കപ്പുറം ഇവയെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സഹായകമാകുന്ന തലത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ കാണുന്നില്ല. കേരളത്തിന്റെ വികസന ഭൂപടത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ പുനര്‍നിര്‍ണയിക്കുന്നതിനും ഈ ചര്‍ച്ചകള്‍ സഹായകമാകണം. ദേശീയതലത്തില്‍ അധികാരവികേന്ദ്രീകരണ രംഗത്തുണ്ടാകുന്ന മാറ്റങ്ങളും ഈ ചര്‍ച്ചകളുടെ ഭാഗമാകണം. വീരപ്പമൊയ്ലി അധ്യക്ഷനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഭരണപരിഷ്കാര കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു.

കമീഷന്റെ നിര്‍ദേശങ്ങളില്‍ പ്രധാനമായതെല്ലാം കേരളത്തില്‍ നടപ്പാക്കിയതാണ്. അതിനാലാണ് ഈ രംഗത്ത് കേരളം മാതൃകയാണെന്ന് വീരപ്പമൊയ്ലി പറഞ്ഞത്. സ്കൂളുകളുടെ നടത്തിപ്പ് സ്വയംഭരണസ്ഥാപനങ്ങളെ ഏല്‍പ്പിച്ചതിനെതിരെ വാദകോലാഹലങ്ങള്‍ നടക്കുകയാണല്ലോ. സ്കൂളുകളുടെ ഭരണച്ചുമതല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്ന വീരപ്പമൊയ്ലിയുടെ നിര്‍ദേശത്തെപ്പറ്റി കോണ്‍ഗ്രസുകാര്‍ക്ക് എന്താണ് പറയാനുള്ളത്.

അധികാരവികേന്ദ്രീകരണത്തിനെതിരെ ‘പ്രത്യയശാസ്ത്ര’ പൊയ്മുഖം അണിഞ്ഞുനടക്കുന്നവരും വീരപ്പമൊയ്ലി റിപ്പോര്‍ട്ടിനെക്കുറിച്ച് മൌനം ദീക്ഷിക്കുകയാണ്. ഒരു ദശാബ്ദമായി നടപ്പാക്കിവരുന്ന അധികാരവികേന്ദ്രീകരണവും വികേന്ദ്രീകൃതാസൂത്രണവും സ്ഥിരത കൈവരിക്കുന്നതിന് തടയിടാന്‍ ഒളിഞ്ഞും തെളിഞ്ഞും പലരും പ്രവര്‍ത്തിക്കുന്നുണ്ട്. അഴിമതിയുടെയും കഴിവില്ലായ്മയുടെയും പേരിലാണ് ചിലരുടെ ആക്രമണമെങ്കില്‍ സാമ്രാജ്യത്വത്തിന്റെയും സംസ്ഥാനസര്‍ക്കാരുകളുടെ അധികാരത്തിന്റെയും പേരിലാണ് മറ്റു ചിലര്‍ ഇതിനു ശ്രമിക്കുന്നത്.

അധികാരവികേന്ദ്രീകരണത്തിന്റെ പത്തുവര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ ആവശ്യങ്ങളും വിഭവങ്ങളും കൂട്ടിയിണക്കിയുള്ള പ്രദേശികാസൂത്രണത്തിലൂടെ സന്തുലിതവും സമഗ്രവുമായ വികസനപാതയിലേക്ക് കേരളത്തെ നയിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നു കാണാം. പിഴവുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നല്ല. അവ തിരുത്തുകയല്ലാതെ നമ്മുടെ മുന്നിലുള്ള വിപുലമായ സാധ്യതയെ ഇല്ലായ്മചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും.

അധികാരവികേന്ദ്രീകരണവും വികേന്ദ്രീകൃതാസൂത്രണവും സ്ഥായിയാക്കുന്നതിനുള്ള നടപടികളിലാണ് ഗവണ്‍മെന്റ്. പഞ്ചായത്തുകള്‍ വരവുചെലവു കണക്കുകള്‍ ശരിയായി എഴുതി സൂക്ഷിക്കുന്നില്ലെന്ന പരാതി ഗവണ്‍മെന്റ് ഗൌരവത്തോടെയാണ് കണ്ടത്. ജനകീയാസൂത്രണത്തിലെ ആദ്യഘട്ടംമുതല്‍ ഇതിന് ശ്രമം തുടങ്ങിയിരുന്നു. എങ്കിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ച അലംഭാവം തദ്ദേശസ്ഥാപനങ്ങളെ അഞ്ചുവര്‍ഷത്തേക്ക് പിന്നോക്കം കൊണ്ടുപോയി. കഴിഞ്ഞ ഒരുവര്‍ഷത്തെ നിരന്തരമായ പ്രവര്‍ത്തനഫലമായി എല്ലാ നഗരസഭകളിലും ബ്ളോക്ക് പഞ്ചായത്തുകളിലും കണക്കുകള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. 999 ഗ്രാമപഞ്ചായത്തുകളില്‍ 40ല്‍ മാത്രമേ കണക്കുപൂര്‍ത്തിയാകാനുള്ളൂ. ഇനിമുതല്‍ തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റിങ് കൃത്യമായി നടത്താനാകും.

ത്രിതലപഞ്ചായത്തുകളും നഗരസഭയും ഉള്‍പ്പെടെ ആകെ 1223 തദ്ദേശസ്ഥാപനങ്ങളാണ് ഉള്ളത്. ഈ സാധ്യതയെ പരമാവധി ഉപയോഗിച്ചാല്‍ വികസനരംഗത്ത് വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്‍ഷികരംഗത്തും മറ്റ് ഉല്‍പ്പാദനമേഖലകളിലും ഗണ്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. റോഡുകളുടെയും പാലങ്ങളുടെയും കാര്യത്തില്‍ കുതിച്ചുചാട്ടംതന്നെ ഉണ്ടായി. പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കുന്നതിലാണ് റെക്കോഡ് നേട്ടം. പൊതുജനാരോഗ്യത്തിലും പൊതുവിദ്യാഭ്യാസത്തിലും പുനരുജ്ജീവനം സാധ്യമാക്കിയത് ജനകീയാസൂത്രണമാണ്. ഗവണ്‍മെന്റ് ആശുപത്രികളും സ്കൂളുകളും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോഴത്തെ സ്ഥിതി അതല്ല. സ്കൂളില്‍ മൂത്രപ്പുരയോ ക്ളാസ് മുറിയോ കെട്ടുന്നതിന് സെക്രട്ടറിയറ്റിന്റെ ഭരണാനുമതി ഇനി ആവശ്യമില്ല. പഞ്ചായത്തിന്റെ ഒരു പ്രമേയംകൊണ്ട് അത് സാധിക്കും. ഇതാണ് ഭരണമാറ്റം. ഇതിനെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഉയരാത്തവരും കാലത്തിന്റെ മാറ്റം കാണാത്തവരുമാണ്.

പതിനൊന്നാം പദ്ധതി ആസൂത്രണം ചെയ്യുന്നതിലുണ്ടായ കാലതാമസത്തെയും ഇതുവരെയുള്ള പദ്ധതിനടത്തിപ്പിലെ വീഴ്ചയെയും പലരും ശക്തമായി വിമര്‍ശിക്കുകയുണ്ടായി. അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍, യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണം. 2007 ഏപ്രില്‍ ഒന്നുമുതലാണ് പതിനൊന്നാം പദ്ധതി ആരംഭിക്കുന്നത്. കേന്ദ്രഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. ഒമ്പതാംപദ്ധതിയുടെയും പത്താം പദ്ധതിയുടെയും മാര്‍ഗരേഖകള്‍ തയ്യാറാക്കി അംഗീകാരം നല്‍കുന്നതില്‍ കാലതാമസമുണ്ടായി. അത്രത്തോളം കാലതാമസം ഇത്തവണ ഉണ്ടായില്ല. മാര്‍ഗരേഖ നേരത്തെ തയ്യാറാക്കാന്‍ കഴിയാത്തതിന് പ്രധാനകാരണം മുന്‍ സര്‍ക്കാരിന്റെ വീഴ്ചയാണ്. ഒരു നിയന്ത്രണവുമില്ലാതെ പണം വകമാറ്റി ചെലവഴിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചു. പട്ടികജാതി/പട്ടികവര്‍ഗ ഉപഘടകപദ്ധതിയുടെ പണം മിക്ക തദ്ദേശസ്ഥാപനങ്ങളും വകമാറ്റി ചെലവഴിച്ചു. ചെയ്യാന്‍ പാടില്ലാത്ത കാര്യത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ഒത്താശചെയ്തത്. ആ തുക പതിനൊന്നാം പദ്ധതിയില്‍ അതേ മേഖലയില്‍ത്തന്നെ ചെലവഴിക്കണമെന്ന കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഭാവി പദ്ധതി പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ പ്രയാസമായതിനാല്‍ മുന്‍കൊല്ലങ്ങളില്‍ വകമാറ്റി ചെലവഴിച്ച തുകയ്ക്ക് പരിഹാരം കാണുന്നതിനെ സ്വാഭാവികമായും നിരവധി തദ്ദേശസ്ഥാപനങ്ങള്‍ എതിര്‍ത്തു. മാത്രവുമല്ല എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും കണക്ക് ചിട്ടപ്പെടുത്തി പരിഹാരത്തതുക എത്രയെന്ന് കണ്ടെത്തേണ്ടിയിരുന്നു. ഇതെല്ലാം കാലതാമസത്തിന് കാരണമായി.

തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിനടത്തിപ്പില്‍ കാലതാമസം കാണുന്നവര്‍ കേന്ദ്രമന്ത്രിസഭ പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് അടുത്ത ദിവസമാണെന്ന കാര്യം ഓര്‍ക്കണം. മിക്ക സംസ്ഥാന സര്‍ക്കാരുകളും പദ്ധതിക്ക് അന്തിമരൂപം നല്‍കിയിട്ടില്ല. എന്നാല്‍, കേരളത്തില്‍ വിരലിലെണ്ണാവുന്നവ ഒഴികെയുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ഇതിനകം അംഗീകാരം ലഭിക്കുകയും പദ്ധതിനിര്‍വഹണം ആരംഭിക്കുകയുംചെയ്തു. വസ്തുത ഇതായിരിക്കെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുനേരെമാത്രം കൂട്ട ആക്രമണം നടത്തുന്നതിന്റെ ഔചിത്യമെന്താണ്.

സംസ്ഥാന- കേന്ദ്രാവിഷ്കൃത- തനതുപദ്ധതികളടക്കം നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ചെയ്തുതീര്‍ക്കാനുള്ളത്. നികുതിപിരിവും ഭരണവും മറ്റു സേവന-ക്ഷേമപ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുകയുംവേണം. കാലാകാലങ്ങളില്‍ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന ചില സ്കീമുകളും നടപ്പാക്കേണ്ട ചുമതലയും പഞ്ചായത്തുകള്‍ക്കുണ്ട്. ലോട്ടറി ടിക്കറ്റ് വില്‍പ്പന, കേരളോത്സവം, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ എല്ലാം ഇവരുടെ തലയിലാണ്. പഞ്ചായത്ത്/മുനിസിപ്പല്‍ നിയമങ്ങളില്‍ വ്യവസ്ഥചെയ്തിട്ടുള്ള അനിവാര്യചുമതലകള്‍ക്കുപുറമെയാണിത്. ഇതൊക്കെ ചെയ്യുന്നതിന് പഞ്ചായത്തുകളില്‍ പരിമിതമായ ജീവനക്കാരേയുള്ളൂ. കൃഷിവകുപ്പ് നേരിട്ട് ചെലവാക്കുന്നതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ഉല്‍പ്പാദന മേഖലയ്ക്ക് തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിക്കുന്നത്. പൊതുമരാമത്തുവകുപ്പിന്റെ അധീനതയില്‍ ഉള്ളതിനേക്കാള്‍ റോഡുകള്‍ ഇവരുടെ കൈവശമുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ഭൌതിക പരിമിതിയും പ്രവര്‍ത്തനവൈപുല്യവും വെളിപ്പെടുത്താനാണ് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പരിഹാരമായി തദ്ദേശസ്ഥാപനങ്ങളുടെ ഭരണതലത്തില്‍ കാതലായ മാറ്റംവരുത്താന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. അതിനുള്ള നടപടികള്‍ ആരംഭിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പരിമിതികള്‍കൂടി വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കുമെന്ന് കരുതുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഗ്രാമങ്ങളില്‍ വലിയതോതില്‍ വികസനം ഉണ്ടായി.

വയനാട്, പാലക്കാട് ജില്ലകളില്‍ നടപ്പാക്കുന്ന ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ് മാതൃകാപരമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പുതിയൊരു അധ്വാന സംസ്കാരത്തിന് ഈ പദ്ധതിവഴി തുടക്കംകുറിക്കാനായി. കര്‍ഷക ആത്മഹത്യ തടയുന്നതില്‍ തൊഴിലുറപ്പു പദ്ധതി ഗണ്യമായ സംഭാവനചെയ്തുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തുകള്‍വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നത് ശ്രദ്ധേയം.

പതിനൊന്നാം പദ്ധതി ജനകീയാസൂത്രണമായി ആരംഭിക്കുമ്പോള്‍ തദ്ദേശവകുപ്പ് ചില ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമത്തിലാണ്. ശുചിത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ആദ്യ നിര്‍മല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുക, ചേരിരഹിത സംസ്ഥാനമാക്കുക, പട്ടിണി ഇല്ലാതാക്കുക എന്നിവയൊക്കെ ആ ലക്ഷ്യങ്ങളില്‍പെടുന്നു. എന്നാല്‍, വിഭാവനംചെയ്യുന്ന ഏറ്റവും വലിയ പദ്ധതി സ്വന്തമായി കിടപ്പാടമില്ലാത്തവര്‍ക്ക് അത് നല്‍കുക എന്നതാണ്. വീടില്ലാത്ത പാവപ്പെട്ട എല്ലാവര്‍ക്കും വീട് നല്‍കുന്ന ഇ എം എസ് ഭവനപദ്ധതി നടപ്പുവര്‍ഷം ആരംഭിക്കും.

1998ല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് ആരംഭിച്ച കുടുംബശ്രീ ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പദ്ധതിയായി മാറി. ഇതിന്റെ വിജയത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പങ്ക് ലുതാണ്. സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെയും ഗ്രൂപ്പ് സംരംഭങ്ങളിലൂടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിലും കുടുംബശ്രീ സംവിധാനം വിജയിച്ചിട്ടുണ്ട്.

ആഗോളവല്‍ക്കരണം സൃഷ്ടിച്ച ആശങ്കാജനകമായ സാമൂഹ്യാന്തരീക്ഷത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പാവപ്പെട്ട ഗ്രാമീണ ജനതയ്ക്ക് ആശ്വാസമാകുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ഇ എം എസ് ഭവനപദ്ധതിപോലുള്ള പദ്ധതികളുമാണ്. ചെറിയ മുതല്‍മുടക്കിലൂടെ ലക്ഷക്കണക്കിന് പാവങ്ങളുടെ ജീവിതത്തിന് അര്‍ഥം ഉണ്ടാക്കുന്നതാണ് ഈ പദ്ധതികള്‍. നൂറുകണക്കിന് കോടി രൂപ മുതല്‍മുടക്കി ആരംഭിക്കുന്ന മെഗാ പ്രോജക്ടുകള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമാണ്. എന്നാല്‍, പാവപ്പെട്ടവരെ ഉള്‍ക്കൊള്ളാന്‍ ഒരിക്കലും ഈ പദ്ധതികള്‍ സഹായകമാവില്ല. അവര്‍ക്ക് തദ്ദേശഭരണവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികളാണ് ആശ്രയം.

ജനകീയാസൂത്രണത്തിന്റെ അടുത്ത ഘട്ടത്തില്‍ കേരളത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പറയാന്‍ സന്തോഷമുണ്ട്.

Advertisements

1 അഭിപ്രായം

Filed under കേരളം

ഡിസംബര്‍ 07 വെള്ളി

ഹാരിസണുമേല്‍ ഒടുവില്‍ സര്‍ക്കാര്‍ കുരുക്ക്

തിരുവനനന്തപുരം: അനധികൃതമായി സര്‍ക്കാര്‍ഭൂമി കൈവശംവച്ച ഹാരിസണ്‍ മലയാളം കമ്പനിക്കുമേല്‍ ഒടുവില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു. പാട്ടവ്യവസ്ഥകള്‍ ലംഘിച്ച് ഹാരിസണ്‍ കൈവശംവയ്ക്കുകയും വില്‍ക്കുകയും ചെയ്ത ഭൂമി തിരിച്ചുപിടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കമ്പനി അനധികൃതമായി എത്ര ഭൂമി കൈവശംവച്ചിട്ടുണ്െടന്ന് സര്‍വേ നടത്തി തീരുമാനിക്കും. അനധികൃതമായി കൈവശംവച്ചിരിക്കുന്ന എല്ലാവരില്‍നിന്നും സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഏറ്റവും വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കും. സര്‍വേയും ഭൂമി തിരിച്ചെടുക്കലും ഒരേസമയം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിസഭാ തീരുമാനപ്രകാരം ഹാരിസന്റെ കൈവശമുള്ള 11,000 ഏക്കറിലധികമാണ് തിരിച്ചു പിടിക്കേണ്ടത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി.ഹരന്റെ അന്വേഷണറിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ചുള്ള കണക്കുകളുള്ളത്. നിവേദിതയുടെ റിപ്പോര്‍ട്ട്പ്രകാരം ആഭ്യന്തരം, നിയമം, വനം, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുമന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപസമിതിയെ ഭൂമി തിരിക്കല്‍ നടപടികള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.

ഹാരിസന്റെ കൈവശമുള്ള ഭൂമി സര്‍വേ നടത്തി കണ്െടത്തുക, രേഖകള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ അധികാരമുള്ള കമ്മിഷനെ നിയോഗിക്കുക, കേസുകള്‍ വേഗം തീര്‍പ്പാക്കുക, പാട്ടക്കാലാവധി പുതുക്കി നല്‍കാതിരിക്കുക, മറുപാട്ടത്തിനു നല്‍കിയ ഭൂമി തിരിച്ചുപിടിക്കുക, ഭൂവിനിയോഗച്ചട്ടം ലംഘിച്ച എസ്റ്റേറ്റുകള്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രിസഭാ ഉപസമിതി മുന്നോട്ടുവച്ചത്.

അതിന്റെ അടിസ്ഥാനത്തിലാണ് എത്രയുംവേഗം സര്‍വേ നടത്താനും ഭൂമി തിരിച്ചുപിടിക്കാനും മന്ത്രിസഭ തീരുമാനിച്ചത്. മുന്‍ ഹൈക്കോടതി ജസ്റ്റിസ് എം.മനോഹരനായിരിക്കും രേഖകള്‍ പരിശോധിക്കാനുള്ള ജുഡീഷ്യല്‍ കമ്മിഷനെന്നറിയുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളിലാണ് ഹാരിസണ്‍ എസ്റ്റേറ്റുകള്‍.

11,002.05 ഏക്കറിനു പട്ടയമുണ്െടന്നു ഹാരിസണ്‍ അവകാശപ്പെടുന്നു. 65,767.75 ഏക്കര്‍ പാട്ടത്തിനാണ്. എന്നാല്‍ രേഖകള്‍പ്രകാരം 55,000 ഏക്കറില്‍ കൂടുതല്‍ ഹാരിസണ് ഇല്ലെന്ന് നിവേദിതയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൈവശമുള്ള മുഴുവന്‍ ഭൂമിയും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഹാരിസണ്‍ അവകാശപ്പെടുന്നു. പത്തനംതിട്ട ജില്ലയില്‍ കുമ്പള, കോന്നി, ളാഹ എന്നിവിടങ്ങളിലായി 7774.99 ഏക്കര്‍ തോട്ടം ഹാരിസണുണ്ട്. ഇടുക്കി ജില്ലയില്‍ ആറ് എസ്റ്റേറ്റുകളിലായി 10473.15 ഏക്കറും തൃശൂരില്‍ രണ്ട് എസ്റ്റേറ്റുകളിലായി 5460.35 ഏക്കറും കോട്ടയം ജില്ലയില്‍ ചെറുവള്ളി, മുണ്ടക്കയം എസ്റ്റേറ്റുകളിലായി 3651.55 ഏക്കറുമാണ് ഹാരിസണ്‍ പ്ളാന്റേഷന്‍സ്. ഇതില്‍ 751.80 ഏക്കര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പാട്ടത്തിനു നല്‍കിയതാണെന്നാണ് ബോര്‍ഡിന്റെ അവകാശവാദം. എറണാകുളം ജില്ലയില്‍ കൊച്ചി ദിവാനില്‍നിന്ന് 6063.19 ഏക്കര്‍ ഹാരിസണ്‍ പാട്ടത്തിനെടുത്തിട്ടുണ്ട്.

മട്ടാഞ്ചേരിയില്‍ 5.63 ഏക്കര്‍ കമ്പനിയുടെ പക്കലുണ്ട്. വയനാട്ടില്‍ 23608.33 ഏക്കറിലാണ് ഹാരിസണ്‍ എസ്റ്റേറ്റ്. വയനാട്ടിലെ ചില തോട്ടങ്ങളുടെ പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇപ്പോള്‍ തമിഴ്നാട്ടിലാണ്.

തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില എസ്റ്റേറ്റുകള്‍ മറിച്ചുവിറ്റതിനെക്കുറിച്ച് വിവിധ കോടതികളില്‍ കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സങ്കീര്‍ണമായ നടപടികളിലൂടെയേ ഭൂമി തിരിച്ചുപിടിക്കാനാകൂ എന്നാണ് റവന്യൂവകുപ്പിന്റെ കണക്കുകൂട്ടല്‍. 1860 മുതലുള്ള രേഖകള്‍ പരിശോധിക്കേണ്ടതുണ്ട്.

ആദ്യം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ പ്ളാന്റേഷന്‍സ് എന്ന പേരില്‍ തിരുവിതാംകൂറിലും മലയാളം പ്ളാന്റേഷന്‍സ് എന്ന പേരില്‍ മലബാറിലും പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് പിന്നീടു ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
കടപ്പാട്- മംഗളം

ഹാരിസണ്‍സ് കൈയടക്കിയ ഭൂമി തിരിച്ചുപിടിക്കും
തിരു: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അനധികൃതമായി കൈവശംവയ്ക്കുകയും വില്‍ക്കുകയും ചെയ്ത മുഴുവന്‍ ഭൂമിയുംതിരിച്ചെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിവിധ ജില്ലകളിലായി ആയിരക്കണക്കിനേക്കര്‍ ഭൂമി അനധികൃതമായി ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാട്ടകാലാവധി കഴിഞ്ഞിട്ടും ഹാരിസണ്‍ കൈവശംവയ്ക്കുന്നതും അനധികൃതമായി പലര്‍ക്കും വില്‍പ്പന നടത്തിയതും വീണ്ടെടുക്കും. ഭൂമിസംബന്ധമായ രേഖകളുടെ ആധികാരികതയും നിയമവശങ്ങളും പരിശോധിക്കാന്‍ ജസ്റ്റിസ് എല്‍ മനോഹരനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വില്‍പ്പനയ്ക്ക് പ്രാബല്യമുണ്ടോയെന്നും അദ്ദേഹം പരിശോധിക്കും.

ഏറ്റെടുക്കേണ്ട ഭൂമി നിര്‍ണയിക്കാനുള്ള സര്‍വെ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്ന എല്ലാ വന്‍കിടക്കാര്‍ക്കും ഇത് ബാധകമാണ്. തങ്ങളുടെ കൈവശം എത്ര ഭൂമിയുണ്ടെന്ന് ഹാരിസണ്‍സ് വെളിപ്പെടുത്തുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദമായ സര്‍വെ നടത്തുന്നത്.

വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അനധികൃതമായി കൈവശം വയ്ക്കുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ 11000 ഏക്കര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തിരിച്ചുപിടിക്കും. കൈവശം 65,767 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് ഹാരിസണ്‍സ് സര്‍ക്കാരിന് നല്‍കിയ കണക്ക്. അതേസമയം കമ്പനി സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളിലായി 76,769.80 ഏക്കര്‍ ഭൂമി കമ്പനിയുടെ അധീനതയിലുണ്ട്. യഥാര്‍ഥസ്ഥിതി നിര്‍ണയിക്കുന്നതിനാണ് സര്‍വെ ഡയറക്ടറുടെ കീഴില്‍ പ്രത്യേകസംഘത്തെ സര്‍വെക്കായി നിയോഗിക്കുന്നത്. 12,658.16 ഏക്കര്‍ ഭൂമി പലര്‍ക്കായി വിറ്റിട്ടുണ്ടെന്ന് ഹാരിസണ്‍സ് സമ്മതിച്ചിട്ടുണ്ട്. ഈ വില്‍പ്പന ഭൂപരിഷ്കരണനിയമത്തിന്റെ ലംഘനമാണോയെന്ന് പരിശോധിക്കും. ഭൂമികൈമാറ്റത്തിനെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ട്. വയനാട്ടില്‍ 1800 ഏക്കര്‍ മിച്ചഭൂമി ഹാരിസന്റെ കൈവശമുണ്ടെന്നും വിട്ടുകൊടുക്കണമെന്നും 14 വര്‍ഷം മുമ്പ് ലാന്‍ഡ് ബോര്‍ഡ് വിധിയുണ്ടായിരുന്നു. അത് നടപ്പാക്കിയിട്ടില്ല. ഇതിനെതിരായ കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍സര്‍ക്കാര്‍ തഹസില്‍ദാരെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. മിച്ചഭൂമിയല്ലെന്ന് സ്ഥാപിക്കാന്‍ ഭൂമിയുടെ രേഖകള്‍ കാണാനില്ലെന്ന്് ഹാരിസണ്‍സ് നേരത്തേ വാദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് രേഖകള്‍ പത്തനംതിട്ട കോടതിയില്‍ ഫയല്‍ചെയ്ത മറ്റൊരു കേസിന്റെ കൂട്ടത്തില്‍നിന്ന് കണ്ടെത്തി.

ഹാരിസണ്‍സ് കൈവശമുളള ഭൂമിയില്‍ 11,002 ഏക്കര്‍ ഉടന്‍ ഏറ്റെടുക്കണമെന്ന് റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പി കെ ഗുരുദാസന്‍, എസ് ശര്‍മ, എം വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതിയെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ചു. സമിതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍ തീരുമാനം. പത്തനംതിട്ട കുമ്പഴ എസ്റ്റേറ്റില്‍ 1885 ഏക്കര്‍, ളാഹ എസ്റ്റേറ്റില്‍ 2567 ഏക്കര്‍, ഇടുക്കി ചെങ്കരയില്‍ 920 ഏക്കര്‍, ലോക്ക്ഹാര്‍ട്ടില്‍ 2835 ഏക്കര്‍, മുങ്ങലാറില്‍ 2263 ഏക്കര്‍, ഡൈലോക്കില്‍ 1036 ഏക്കര്‍, വാളാടിയില്‍ 1009 ഏക്കര്‍, കോട്ടമലയില്‍ 741 ഏക്കര്‍, ബോയ്സില്‍ 1666 ഏക്കര്‍ എന്നിങ്ങനെ അനധികൃതമായി കൈക്കലാക്കിയതായാണ് പ്രാഥമികറിപ്പോര്‍ട്ട്. കോട്ടയം ചെറുവള്ളി, മുണ്ടക്കയം എന്നിവിടങ്ങളില്‍ 3681ഉം എറണാകുളം ജില്ലയില്‍ 6063ഉം തൃശൂര്‍ ജില്ലയില്‍ മുപ്ളി എസ്റ്റിേല്‍ ഉള്‍പ്പെടെ 5460ഉം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശംവയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വയനാട് ജില്ലയില്‍ 23,608 ഏക്കര്‍ ഭൂമി ഹാരിസണ്‍ കൈവശമുണ്ട്.
കടപ്പാട്-ദേശാഭിമാനി

ഹാരിസണിന്റെ ഭൂമി സര്‍വേയ്ക്കുശേഷം തിരിച്ചെടുക്കും
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കമ്പനി പാട്ടക്കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കൈവശം വച്ചിരിക്കുന്നതും വിറ്റതുമായ ഭൂമി തിരിച്ചെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏഴു ജില്ലകളിലായി പതിനൊന്നായിരത്തോളം ഏക്കര്‍ ഭൂമി രണ്ടു മാസത്തിനകം തിരിച്ചു പിടിക്കാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് കമ്പനിയുടെ കൈവശം ശേഷിക്കുന്ന ഭൂമി ഒരിക്കല്‍കൂടി സര്‍വേ നടത്തിയ ശേഷം തിരിച്ചെടുക്കും. ഇതിനായി കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കും.

ഭൂമി തിരികെ പിടിക്കുമ്പോള്‍ ഉണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജസ്റ്റിസ് എല്‍. മനോഹരന്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് ടി.എല്‍. വിശ്വനാഥ അയ്യരെയും സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അദ്ദേഹം വിസമ്മതം അറിയിച്ചു. നടപടികള്‍ അവലോകനം ചെയ്തു തീരുമാനമെടുക്കാന്‍ മന്ത്രിമാരായ കെ.പി. രാജേന്ദ്രനെയും ബിനോയ് വിശ്വത്തെയും ചുമതലപ്പെടുത്തി.

ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ള ഭൂമി പതിനായിരക്കണക്കിന് ഏക്കര്‍ വരുമെന്നും സര്‍വേ നടത്തി എത്രയുണ്ടെന്നു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭാ യോഗത്തിനുശേഷം അറിയിച്ചു. അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്ന എല്ലാ പാട്ടക്കാര്‍ക്കും ഈ തീരുമാനം ബാധകമായിരിക്കും. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നത് ഉടന്‍ എടുക്കും. അല്ലാത്തതു പിന്നീട് സര്‍വേ നടത്തി ഏറ്റെടുക്കും. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.

റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 76,769.8 ഏക്കര്‍ ഭൂമിയാണു ഹാരിസന്റെ കൈവശമുള്ളത്. ഇതില്‍ 65,767.75 ഏക്കര്‍ പാട്ടത്തിനെടുത്തതും 11002.05 ഏക്കര്‍ പട്ടയഭൂമിയുമാണെന്നു പറയുന്നു. എന്നാല്‍, തങ്ങളുടെ കൈവശമുള്ളത് 59623.5 ഏക്കര്‍ ഭൂമിയാണെന്നും ഇതില്‍ സര്‍ക്കാര്‍ ഭൂമി 6063 ഏക്കര്‍ മാത്രമേയുള്ളൂ എന്നുമാണ് ഹാരിസണ്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഏറ്റെടുക്കല്‍ തീരുമാനത്തിനെതിരെ അവര്‍ കോടതിയെ സമീപിക്കാനാണു സാധ്യത.

നിയമക്കുരുക്ക് അഴിച്ച് ഈ ഭൂമി ഏറ്റെടുക്കാന്‍ ഭഗീരഥശ്രമം വേണ്ടി വരും. തിരുവിതാംകൂര്‍ മേഖലയില്‍ കമ്പനിയുടെ കൈവശമുള്ള 47092.65 ഏക്കറില്‍ 6646.07 ഏക്കറിനേ പട്ടയമുള്ളൂവെന്നും ശേഷിക്കുന്നതു പാട്ടഭൂമിയാണെന്നുമാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിലപാട്. കൊച്ചി മേഖലയിലെ 6068.82 ഏക്കറും പാട്ടഭൂമിയാണ്. മലബാര്‍ മേഖലയില്‍ കൈവശമുള്ള 23608.33 ഏക്കറില്‍ പട്ടയമുള്ള ഭൂമി 4355.98 ഏക്കറേയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കടപ്പാട്- മനോരമ

ഹാരിസണ്‍ പ്ളാന്റേഷന്‍സില്‍നിന്ന് 11,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സ് അനധികൃതമായി കൈവശം വച്ചിട്ടുള്ള 11,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിനെ അറിയിക്കാന്‍ ജസ്റ്റിസ് എല്‍. മനോഹരനെ നിയോഗിച്ചിട്ടുണ്ട്.
മന്ത്രിമാരായ കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവര്‍ തുടര്‍നടപടികളുടെ അവലോകനം സമയാസമയങ്ങളില്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചു. രണ്ടുമാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കണം. അതിനുമുന്‍പ് സര്‍വേ നടപടികള്‍ തീര്‍ക്കാനും തീരുമാനിച്ചു.
ഭൂമി തിരിച്ചെടുക്കുന്ന നടപടികള്‍ സുതാര്യമാക്കുന്നതിനാണ് ഒരിക്കല്‍ക്കൂടി സര്‍വേ നടത്തുന്നതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ഹാരിസണ്‍ പ്ളാന്റേഷന്‍സിന്റെ കൈവശമുള്ള പാട്ടക്കാലാവധി കഴിഞ്ഞതും അവര്‍ മറിച്ചുവിറ്റതുമായ ഭൂമി മുഴുവന്‍ ഗവണ്‍മെന്റ് ഏറ്റെടുക്കും. പാട്ടക്കാലാവധി കഴിഞ്ഞ മറ്റ് തോട്ടമുടമകളില്‍നിന്ന് കൈവശമുള്ള ഭൂമി ഒട്ടും വൈകാതെ തിരിച്ചെടുക്കും. ഈ നടപടി അവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഇങ്ങനെ പല തോട്ടമുടമകളുടെയും കൈവശമുണ്ട്.
മൊത്തം 76769.80 ഏക്കര്‍ ഭൂമി ഹാരിസണ്‍ പ്ളാന്റേഷന്‍സിന്റെ കൈവശമുണ്ട്. ഇതില്‍ 11002.05 ഏക്കര്‍ സ്ഥലം അനധികൃതമാണെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഏതു രീതിയില്‍ നടപ്പാക്കാമെന്ന് നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചെടുക്കുന്നതിനുള്ള കര്‍മ്മ പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കിയത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഹാരിസണ്‍ പ്ളാന്റേഷന്‍സിന്റെ കൈവശം ഭൂമിയുള്ളത്.
കടപ്പാട്- കേരളകൗമുദി

അന്തകവിത്ത് ഇനി കേരളത്തിന്റെ കാര്‍ഷിക മേഖലയിലേക്കും
തിരുവനന്തപുരം: രാജ്യാന്തര അഗ്രി ബിസിനസ് കുത്തകയായ ബേയര്‍ കമ്പനി കേരളത്തിന്റെ കാര്‍ഷിക മേഖലയെ അന്തകവിത്ത് ഉത്പാദിപ്പിക്കാനുള്ള പരീക്ഷണശാലയാക്കുന്നു. ആലപ്പുഴയിലെ കുട്ടനാട്ടിലും തൃശൂരിലെ കോള്‍നിലങ്ങളിലും പാലക്കാടന്‍ പാടശേഖരങ്ങളിലുമാണ് ബേയറിന്റെ അത്യുത്പാദനശേഷിയുള്ള പുതിയ ഇനം അന്തക വിത്ത് പരീക്ഷണാടിസ്ഥാനത്തി ല്‍ ഇക്കുറി കൃഷി ചെയ്യു ന്ന ത്.

‘ബേയര്‍ ഹൈബ്രീഡ് സീഡ്’എന്നാണ് പുതിയ നെല്‍വിത്തിനത്തിന്റെ പേര്. വിതച്ച് 100 മുതല്‍ 110 ദിവസത്തിനകം കൊയ്യാവുന്ന വിത്തിന് ഏക്കറിന് 45 ക്വിന്റല്‍ എന്ന ഭീമന്‍ വിളവാണ് കമ്പനി കര്‍ഷകര്‍ക്കു നല്‍കുന്ന വാഗ്ദാനം.

നെല്‍കര്‍ഷകര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഉത്പാദനശേഷി കൂടിയ വിത്തിനങ്ങളുടെ പരമാവധി വിളവ് ഏക്കറിന് ഇരുപത് ക്വിന്റലാണ്. എന്നുമാത്രമല്ല, സാധാരണ നെല്‍വിത്തുകള്‍ 80 മുതല്‍ 90 കിലോവരെ ഒരേക്കറില്‍ വിതയ്ക്കേണ്ടിവരുമ്പോള്‍ ബേയറിന്റെ അന്തകവിത്ത് ഏക്കറിന് വെറും ആറുകിലോ മാത്രം വിതച്ചാല്‍ മതി.

എന്നാല്‍ സാധാരണ വിത്തുകള്‍ക്ക് ഒരു ക്വിന്റലിന് 1300 രൂപ വരെയാണ് വിലയെങ്കില്‍ (കിലോയ്ക്ക് 13 രൂപ വരെ) ബേയറിന്റെ വിത്തിന് പക്ഷേ കിലോയ്ക്ക് 700 രൂപയാണ് വില. എങ്കിലും ലാഭത്തോത് പരിഗണിക്കുമ്പോള്‍ ബേയര്‍ വിത്താണ് കര്‍ഷകരെ ഇനി കൂടുതല്‍ പ്രലോഭിപ്പിക്കുക.

കാരണം ഒരേക്കറില്‍ നിന്ന് 45 ക്വിന്റല്‍ നെല്ല് കിട്ടിയാല്‍ അതിന്റെ ഇന്നത്തെ വിപണി വില 40500 രൂപ വരും. ഒരേക്കറിലെ കൃഷി ചെലവ് പതിനായിരം രൂപയും ഒരേക്കറിന്റെ പാട്ടം അയ്യായിരം രൂപയുമുള്‍പ്പെടെ 15000 രൂപ കര്‍ഷകന് ചെലവായാലും മിച്ചം 25000 രൂപ കിട്ടും.

അതേസമയം ഇത്രതന്നെ പണം ചെലവ് ചെയ്ത് കിട്ടുന്ന ഇപ്പോഴത്തെ ഇരുപത് ക്വിന്റല്‍ നെല്ല് വിറ്റാല്‍ കിട്ടുന്നത് 18000 രൂപ. ചെലവു കഴിഞ്ഞാല്‍ കര്‍ഷകന്റെ കൈയില്‍ മൂവായിരം രൂപ മാത്രം.

ഇന്നത്തെ ഈ കാര്‍ഷിക സാഹചര്യത്തില്‍ കുറഞ്ഞ മുതല്‍മുടക്കും ഉയര്‍ന്ന ലാഭവും വാഗ്ദാനം ചെയ്താല്‍ നെല്‍കര്‍ഷകര്‍ തങ്ങള്‍ക്കു പിന്നാലെ പാഞ്ഞുവരും എന്നാണ് ബേയര്‍ കമ്പനി കണക്കുകൂട്ടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഇത്തവണത്തെ പരീക്ഷണ കൃഷി.

അടുത്ത സീസണ്‍ മുതല്‍ തങ്ങളുടെ പുതിയ നെല്‍വിത്ത് സംസ്ഥാനമൊട്ടാകെ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യം രൂപപ്പെടുത്താനാണ് കമ്പനിയുടെ തീവ്രശ്രമം.

എന്നാല്‍ അന്തകവിത്തിന്റെ പരീക്ഷണ കൃഷി തീര്‍ത്തും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നെല്ല്, പരുത്തി, കടുക്, സോയാബീന്‍ തുടങ്ങി വിവിധയിനം വിളവുകളുടെ അന്തകവിത്തിനങ്ങള്‍ ഇന്ത്യയിലിപ്പോള്‍ നിരോധിച്ചിരിക്കുകയാണ്.

അത്യുത്പാദനശേഷി ഉണ്െടങ്കിലും അന്തക വിത്തിനങ്ങളില്‍ നിന്ന് പുതിയ വിത്ത് കര്‍ഷകന് ഉല്‍പാദിപ്പിക്കാനാവില്ല. ഒരു വന്ധ്യതാ ജീന്‍ ഉള്‍പ്പെടുത്തിയാണ് ഈ അന്തകവിത്ത് നിര്‍മിച്ചിട്ടുള്ളത് എന്നതുകൊണ്ടാണിത്.

വിത്തിന്റെ കിളിര്‍പ്പ് ശേഷി ഇല്ലാതാക്കി കര്‍ഷകരെ ക്കൊണ്ട് ഓ രോ സീസണിലും വീണ്ടും വീണ്ടും തങ്ങളില്‍ നിന്നുതന്നെ വിത്ത് വാങ്ങാന്‍ നിര്‍ബന്ധിതമാക്കുന്ന വലിയൊരു ചൂഷണരീതി അന്തകവിത്ത് സാങ്കേതിക വിദ്യയില്‍ ഉള്‍ച്ചേര്‍ന്നതുകൊണ്ടാണ് ഇത് നിരോധിക്കപ്പെട്ടത്.

എന്നാല്‍ നിരോധനം മറികടക്കാനുള്ള കുറുക്കുവഴിയായി അന്തകവിത്തിനങ്ങളുടെ പേരുമാറ്റി ജനിതക പരിവര്‍ത്തിത വിള (ജനറ്റിക്കലി മോഡിഫൈഡ് ക്രോപ്സ്) എന്ന പേരിലാണിപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്.

പേരുമാറിയെന്നല്ലാതെ ഘടനയിലോ ഉള്ളടക്കത്തിലോ അന്തകവിത്തില്‍ നിന്ന് യാതൊരു മാറ്റവും ഇവയ്ക്കില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കടപ്പാട്-ദീപിക

ബേപ്പൂരില്‍ വീണ്ടും പാമോയില്‍ കപ്പല്‍; വിപണനം വിലക്കി
ബേപ്പൂര്‍: പ്രതിഷേധങ്ങള്‍ക്കിടെ ഇന്തോനേഷ്യയില്‍നിന്ന് പാമോയിലുമായി ഹോങ്കോംഗ് കപ്പല്‍ ബേപ്പൂരിലെത്തി. കപ്പലിലെ 12,000 ടണ്‍ പാമോയിലില്‍ 6000 ടണ്‍ ബേപ്പൂരില്‍ ഇറക്കും. ബാക്കി മംഗലാപുരത്തും. എന്നാല്‍, പാമോയില്‍ വിതരണവും വില്‍പനയും കലക്ടര്‍ ഡോ. എ. ജയതിലക് താല്‍ക്കാലികമായി നിരോധിച്ചു.

പാമോയില്‍ സാമ്പിള്‍ ശേഖരിച്ച ഡി.എം.ഒ ഡോ. എ. ബാബുരാജിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സംഭരണശാലയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകാനാവൂ.

ഇറക്കുമതിക്കെതിരെ തുറമുഖത്തേക്ക് മാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഭരണിയിലേക്ക് പാമോയില്‍ പമ്പ് ചെയ്യാന്‍ സഹായിക്കുന്ന എയര്‍ കമ്പ്രസര്‍ തല്ലിത്തകര്‍ത്തു. ഇതുകാരണം അല്‍പസമയം പാമോയില്‍ ഇറക്ക് തടസ്സപ്പെട്ടു. വൈകീട്ട് ആറു മണിയോടെയാണ് പാമോയില്‍ ടാങ്കിലേക്ക് മാറ്റാന്‍ തുടങ്ങിയത്. പരിസണ്‍സ് കമ്പനിക്കുള്ള പാമോയിലുമായി ഹോങ്കോംഗ് കപ്പലായ എസ്.സി ടിയാഞ്ചിന്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് പുറംകടലില്‍ നങ്കൂരമിട്ടത്. ഇന്നലെ രാവിലെ ബേപ്പൂരില്‍നിന്ന് ‘കുഞ്ഞിപ്പാര്‍’ എന്ന ബാര്‍ജ് കപ്പലില്‍നിന്ന് 1000 ടണ്‍ ശേഖരിച്ച് വൈകീട്ട് നാലു മണിയോടെ ബേപ്പൂര്‍ തുറമുഖത്തെത്തി. ബേപ്പൂര്‍ തുറമുഖത്തുനിന്ന് ഭൂഗര്‍ഭ കുഴല്‍വഴിയാണ് പാമോയില്‍ പരിസരത്തെ പരിസണ്‍സിന്റെ സംഭരണിയിലേക്ക് എത്തിക്കുന്നത്.

പാമോയില്‍ എത്തിയ വിവരമറിഞ്ഞ് ഉച്ചയോടെ അരഡസന്‍ സംഘടനകള്‍ പ്രതിഷേധവുമായി ബേപ്പൂര്‍ തുറമുഖത്തിനകത്തേക്കും പോര്‍ട്ട്ഓഫീസിലേക്കും പരിസണ്‍സിന്റെ പാമോയില്‍ സംഭരണശാലയിലേക്കും തള്ളിക്കയറാന്‍ ശ്രമിച്ചത് പോലിസ് തടഞ്ഞു. കര്‍ഷക സംഘം, ആള്‍ ഇന്ത്യ കിസാന്‍ സഭ, ഡി.വൈ.എഫ്.ഐ, എ. ഐ.വൈ.എഫ്, യുവജനതദള്‍, ഇന്‍ഫാം എന്നീ സംഘടനകളാണ് പ്രതിഷേധവുമായെത്തിയത്. ഡി.വൈ.എഫ്.ഐക്കാര്‍ മതില്‍ ചാടിക്കടന്നാണ് ബാര്‍ജിനടുത്ത് സ്ഥാപിച്ച എയര്‍ കമ്പ്രസര്‍ തല്ലിത്തകര്‍ത്തത്. ഇവരെ പോലിസ് പിടികൂടി തുറമുഖത്തിന് പുറത്താക്കി. നാലുപേരെ അറസ്റ്റ് ചെയ്തു. എ.ഐ. വൈ.എഫ് പ്രവര്‍ത്തകര്‍ പോര്‍ട്ട് ഓഫീസിലേക്കും പരിസണ്‍സിന്റെ സംഭരണശാലയിലേക്കും തള്ളിക്കയറാന്‍ ശ്രമിച്ചു.

ബേപ്പൂരില്‍ ഇന്ന് ഹര്‍ത്താല്‍
==================================

ബേപ്പൂര്‍: കേരകര്‍ഷകരെ ദുരിതത്തിലാക്കി ബേപ്പൂര്‍ തുറമുഖം വഴി പാമോയില്‍ ഇറക്കുമതി തുടരുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചഒരു മണിവരെ ബേപ്പൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ എല്‍.ഡി.എഫും കര്‍ഷക സംഘടനകളും ആഹ്വാനം ചെയ്തു.
കടപ്പാട്- മാധ്യമം

കര്‍ഷക ഇന്‍ഷുറന്‍സിന് ധനവകുപ്പ് തടയിടുന്നു

തിരുവനന്തപുരം: പത്ത് ലക്ഷം കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് കൃഷിവകുപ്പ് പ്രഖ്യാപിച്ച ‘കിസാന്‍ശ്രീ’ പദ്ധതിക്ക് ധനകാര്യവകുപ്പ് തടയിട്ടു. ഇതു സംബന്ധിച്ച ഫയല്‍ ധനവകുപ്പ് മടക്കിയതാണ് പദ്ധതിയുടെ നിര്‍വഹണം പ്രതിസന്ധിയിലാക്കിയത്.

ഒരു കര്‍ഷകന് 20 രൂപ വീതം സര്‍ക്കാര്‍ പ്രീമിയം അടയ്ക്കുമെന്നും അപകടമോ, അപകട മരണമോ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ ഇന്‍ഷുറന്‍സായി ലഭിക്കുമെന്നുമായിരുന്നു പദ്ധതി. എന്നാല്‍ 20 രൂപ സര്‍ക്കാര്‍ പ്രീമിയം അടയ്ക്കേണ്ടതില്ലെന്നും 10 രൂപ വീതം കര്‍ഷകര്‍ വിഹിതമടച്ച് പദ്ധതിയില്‍ പങ്കാളിത്തം വഹിക്കട്ടേയെന്നുമാണ് ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം. ഈ ശുപാര്‍ശയോടെയാണ് ധനവകുപ്പ് ഫയല്‍ മടക്കിയത്.

ഇതേസമയം കിസാന്‍ശ്രീ പദ്ധതിക്കു വേണ്ടയത്രയും തുക കൃഷിവകുപ്പിന്റെ പക്കലുണ്ടെന്നും അതിന് അനുമതി തേടിയാണ് ഫയല്‍ ധനവകുപ്പിന് അയച്ചതെന്നും കൃഷിവകുപ്പധികൃതര്‍ വ്യക്തമാക്കി.

കിസാന്‍ശ്രീ പദ്ധതി സര്‍ക്കാരിന്റെ നടപ്പുവര്‍ഷത്തെ പ്രധാന വാഗ്ദാനമായി കൃഷിവകുപ്പ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതാണ്. ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 20 രൂപയും പ്രീമിയമായി സര്‍ക്കാര്‍ അടയ്ക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

നിയമസഭയില്‍ പ്രഖ്യാപിക്കുകയും സഭ അംഗീകരിക്കുകയും ചെയ്ത പദ്ധതിക്കെതിരെ ധനവകുപ്പ്തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നതും പദ്ധതി അട്ടിമറിക്കുന്നതും കൃഷിവകുപ്പ് കൈയാളുന്ന സി.പി.ഐയുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ ധനവകുപ്പിന്റെ ഇടപെടല്‍ പദ്ധതികള്‍ നിര്‍വഹിക്കുന്നതിന് തടസമാണെന്ന് പരസ്യമായി വിമര്‍ശിച്ച് സി.പി.ഐ. മന്ത്രി സി. ദിവാകരനും രംഗത്തുവന്നിരുന്നു.

സര്‍ക്കാര്‍ ശ്രമം വിഫലം; സാധനവില ഉയരുന്നു

തിരുവനന്തപുരം: പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിഫലമാക്കിക്കൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. അരി, പച്ചക്കറികള്‍, ചുവന്ന ഉള്ളി എന്നിവയുടെ വിലയാണ് കുതിച്ചു കയറുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള മാവേലി സ്റ്റോറുകളിലും ശബരി, ലാഭം സ്റ്റോറുകളിലും എല്ലാത്തരം അരിയ്ക്കും കിലോയ്ക്ക് ഒരു രൂപ വില കുറച്ചതും ‘അരിക്കട’ ആരംഭിച്ചതുമാണ് അല്പം ആശ്വാസം പകര്‍ന്നിരിക്കുന്നത്.

തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ അരിവിലയില്‍ കിലോയ്ക്ക് മൂന്ന് രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നുമാസം മുമ്പ് 14 രൂപ 50 പൈസയ്ക്ക് ലഭിച്ചിരുന്ന ‘ജയ’ അരിയുടെ വില 17 രൂപ 50 പൈസയായും 14 രൂപയായിരുന്ന ‘സുലേഖ’ അരിയുടെ വില 17 രൂപയായും 14 രൂപയായിരുന്ന പച്ചരിയുടെ വില 16 രൂപയായുമാണ് ഉയര്‍ന്നിരിക്കുന്നത്. 20 രൂപയായിരുന്ന ചുവന്നുള്ളിയ്ക്ക് ഇപ്പോള്‍ 34 രൂപയാണ് ചില്ലറ വില്പനശാലകളിലെ വില. ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. എന്നാല്‍ പഞ്ചസാര, മുളക്, കടല എന്നിവയ്ക്ക് കാര്യമായി വില വര്‍ദ്ധിച്ചിട്ടില്ല. പഞ്ചസാര വിലയില്‍ നേരിയ കുറവുണ്ട്. പൊതുവിപണിയില്‍ വില കയറുന്നുണ്ടെങ്കിലും സപ്ലൈകോയുടെ സ്റ്റോറുകളില്‍ 13 രൂപ 50 പൈസയ്ക്ക് ഒരു കി.ഗ്രാം പച്ചരിയും 14 രൂപയ്ക്ക് മട്ട അരി, സുലേഖ, ജയ അരിയും ലഭ്യമാണ്. ചെറുപയര്‍ (28 രൂപ), ഉഴുന്ന് (31 രൂപ), കടല (27 രൂപ), വന്‍പയര്‍ (26.50 രൂപ), തുവരപ്പരിപ്പ് (29 രൂപ) എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വില്പന ശാലകളിലെ വില. തിരുവനന്തപുരത്ത് പുത്തരിക്കണ്ടത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച അരിക്കടയില്‍ ആദ്യദിവസം എട്ട് ക്വിന്റല്‍ അരിയാണ് വില്പന നടത്തിയത്. പച്ചരിയ്ക്ക് 13 രൂപ 50 പൈസയും മറ്റ് എല്ലാത്തരം അരിയ്ക്കും 14 രൂപയുമാണ് വില. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും കോഴിക്കോട്ടും അരിക്കടകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

കോഴിക്കോട്ട് പൊതുവിപണിയില്‍ പലവ്യഞ്ജനങ്ങളുടെ വില കുതിച്ചു കയറിയിരിക്കുകയാണ്. അരിവിലയില്‍ ആറുമാസത്തിനകം രണ്ട് മുതല്‍ നാലുരൂപയുടെ വരെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഗോതമ്പിന് രണ്ട് രൂപ വിലകയറിയപ്പോള്‍ 45 രൂപയായിരുന്ന വെളിച്ചെണ്ണ വില 52 രൂപയായും തുവരപ്പരിപ്പിന്റെ വില 38 രൂപയില്‍ നിന്നും 48 രൂപയായും ചെറിയ ഉള്ളിയുടെ വില 12 രൂപയില്‍ നിന്നും 30 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. പഞ്ചസാരയുടെ വിലയില്‍ കുറവുണ്ടായി എന്നത് മാത്രമാണ് ആശ്വാസകരം. 20 രൂപ വിലയുണ്ടായിരുന്ന പഞ്ചാസാരയ്ക്ക് 14 രൂപ 50 പൈസയാണ് ഇപ്പോള്‍ വില.

കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ വില വര്‍ദ്ധിച്ചിട്ടില്ല.

കൊച്ചിയില്‍ അരി, സവാള, തേനി ശര്‍ക്കര എന്നിവയ്ക്ക് വിലകയറി. സവാള ക്വിന്റലിന് 50 രൂപയും തേനി ശര്‍ക്കരയ്ക്ക് ക്വിന്റലിന് 700 രൂപയും ഉയര്‍ന്ന വില ഇപ്പോള്‍ കുറയുന്ന ലക്ഷണമുണ്ട്. ഒരുമാസം കൊണ്ട് കിലോയ്ക്ക് മൂന്ന് രൂപ വരെയാണ് ചില്ലറ വിപണിയില്‍ അരിവില ഉയര്‍ന്നിരിക്കുന്നത്. പുറത്തുനിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നും കൊച്ചിയിലെ വ്യാപാരികള്‍ പറയുന്നു.

ഇടുക്കിയില്‍ വെള്ളയരിക്കും പച്ചരിക്കും ക്ഷാമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കുത്തരിക്ക് ക്ഷാമമില്ല. കുത്തരിയുടെ വില കിലോയ്ക്ക് 18 രൂപ 50 പൈസയായി. റേഷനരിക്കും ജില്ലയില്‍ ദൌര്‍ലഭ്യമുണ്ട്. കൊല്ലത്ത് അരിയുടെ ചില്ലറവില്പനവില 18 രൂപ കവിഞ്ഞിട്ടുണ്ട്. ശബരിമല സീസണായതോടെ പച്ചക്കറിക്കും പഴവര്‍ഗ്ഗത്തിനും വിലക്കയറ്റമുണ്ട്.

കണ്ണൂര്‍ വിപണിയില്‍ ഒരു മാസത്തിനിടെ അരിവിലയില്‍ കിലോയ്ക്ക് നാലും അഞ്ചും രൂപയുടെ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ക്വിന്റലിന് ദിനംപ്രതി 30 രൂപ മുതല്‍ 50 രൂപയുടെ വിലവര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നും അരികിട്ടാന്‍ വിഷമം നേരിടുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

കോട്ടയത്തേയ്ക്ക് റെയില്‍മാര്‍ഗ്ഗം അരി വരുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി നിലച്ചത് ദൌര്‍ലഭ്യം ഉണ്ടാക്കിയിട്ടുണ്ട്. സുലേഖ അരിക്ക് 17 രൂപയും ക്രാന്തി അരിക്ക് 19 രൂപയുമാണ് വില.

വയനാട്ടില്‍ ചെറിയ ഒരു കിലോ ഉള്ളിക്ക് 40 രൂപയാണ് വില. വെളിച്ചെണ്ണ വില 55 രൂപയായും കുത്തരിയുടെ വില 19 രൂപ 50 പൈസയായും പൊന്നി അരിവില 17_18 രൂപയായുമാണ് ഉയര്‍ന്നിരിക്കുന്നത്. ആലപ്പുഴയില്‍ പുഞ്ചയരിക്ക് 17 രൂപയാണ് വില. ചുവന്നുള്ളിക്ക് 30 രൂപയാണ് വില.

പാലക്കാട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക്30 ശതമാനത്തോളം വിലക്കയറ്റമുണ്ടായി. അരിക്കും ചെറിയ ഉള്ളിക്കുമാണ് ഏറ്റവും കൂടുതല്‍ വിലവര്‍ദ്ധന.

12.50 രൂപ ഉണ്ടായിരുന്ന വെള്ള പൊന്നി അരിക്ക് 17.50 ആണ് ഇപ്പോഴത്തെ വില. 12 രൂപ ഉണ്ടായിരുന്ന മട്ടയ്ക്ക് 14.60_ഉം 11 രൂപയുണ്ടായിരുന്ന എ.എസ്.പി.ക്ക് 14.80_ഉം ആയി. നെല്ലിന്റെ വിലയില്‍ 40 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. ചെറിയ ഉള്ളിക്കും മുരിങ്ങക്കായ്ക്കും ബീന്‍സ് തുടങ്ങിയവയ്ക്കും വന്‍ വിലവര്‍ധനവുണ്ട്. 16 രൂപ ഉണ്ടായിരുന്ന ഉള്ളിക്ക് 28 രൂപയാണ് വില. 16 രൂപ ഉണ്ടായിരുന്ന മുരിങ്ങക്കായ്ക്ക് വില ഇരട്ടിയിലേറെയായി. മുരിങ്ങക്കായ വില 38 രൂപ ആയപ്പോള്‍ ആറു രൂപ ഉണ്ടായിരുന്ന ബീന്‍സിന് വില 12 ആയി. അതേസമയം മഞ്ഞുവീഴ്ച തുടങ്ങിയതോടെ കാബേജ്, മുള്ളങ്കി, പാവയ്ക്ക, കാരറ്റ്, കോളിഫ്ളവര്‍, വെണ്ട തുടങ്ങിയ ഇനങ്ങള്‍ക്ക് നേരിയ വിലക്കുറവും ഉണ്ട്.
കടപ്പാട്- മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under കേരളം